Thursday, June 27, 2013

സോളാര്‍ തട്ടിപ്പും വൈദ്യുതി രംഗത്തെ പ്രതിസന്ധിയും

കേരളം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തെ മുതലെടുത്തുകൊണ്ട് 10000 കോടി രൂപയുടെ സോളാര്‍ പദ്ധതിക്ക് അനുമതി തരപ്പെടുത്തികൊടുക്കുവാനും അതുവഴി 500 കോടി രൂപയുടെ കമ്മീഷന്‍ നേടിയെടുക്കാനുമാണ് മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഉന്നതരും അദ്ദേഹത്തിന്റെ ഓഫീസും ശ്രമിച്ചത്. സരിത എസ്.നായരും ബിജു രാധാകൃഷ്ണനും നേതൃത്വം കൊടുക്കുന്ന ടീം സോളാര്‍ എന്ന കറക്ക് കമ്പനിക്ക് പണം വാരിക്കൂട്ടാനും ജനങ്ങളെ കൊള്ളയടിക്കാനും മുഖ്യമന്ത്രിയുടെ ഓഫീസ് ഒത്താശ ചെയ്തുകൊടുത്തതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. പ്രത്യാരോപണങ്ങള്‍ നിരത്തി ക്രിമിനലുകളായ "പണമിടപാട്" സംഘങ്ങളുമായുള്ള മുഖ്യന്ത്രിയുടെ അവിശുദ്ധ ബാന്ധവത്തെ മറച്ചുപിടിക്കാനുള്ള വിലകുറഞ്ഞ കളികളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മറ്റും ആരംഭിച്ചിരിക്കുന്നത്. ആഗോളവല്‍ക്കരണ നയങ്ങള്‍ മാഫിയാ മൂലധന ശക്തികള്‍ക്ക് എല്ലാ നിയമങ്ങളെയും നിയന്ത്രണങ്ങളെയും മറികടന്ന് സമ്പദ്ഘടനയുടെ സമസ്ത മണ്ഡലങ്ങളിലും ഇടപെടാനുള്ള സാഹചര്യമാണ് ലോകത്തെല്ലായിടത്തും സൃഷ്ടിച്ചിട്ടുള്ളത്. സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങള്‍ ധന മൂലധനത്തിന്റെ ക്രിമിനല്‍ വൃത്തികള്‍ക്കും വ്യാപനത്തിനുമാവശ്യമായ ഘടനാപരമായ പരിഷ്കാരങ്ങളെ ലക്ഷ്യംവെക്കുന്നതാണല്ലോ. ഈയൊരു സാഹചര്യമാണ് എല്ലാതരത്തിലുമുള്ള സാമൂഹ്യജീര്‍ണതകളെയും ക്രിമിനല്‍ പ്രവൃത്തികളെയും പേറുന്ന ധന പ്രഭുക്കന്‍മാര്‍ക്ക് ഭരണകൂട സംവിധാനങ്ങളെ നിയന്ത്രിക്കാവുന്ന അധികാര ശക്തിയാവാന്‍ അവസരമൊരുക്കുന്നത്.

സാമൂഹ്യ നിയന്ത്രണ തത്വങ്ങളെയും പൊതു മേഖലയെയും തകര്‍ക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ ചുവടുപിടിച്ചാണ് വന്‍കിട അഴിമതിക്കാരും ക്രിമിനല്‍ മൂലധന ശക്തികളും സമ്പദ്ഘടനയിലും ഭരണരംഗത്തും പിടിമുറുക്കുന്നത്. സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയുടെ കടുത്ത സാഹചര്യം ഉപയോഗിച്ചാണ് സരിത എസ്.നായര്‍ക്കും ബിജു രാധാകൃഷ്ണനും സോളാര്‍ പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പുകള്‍ നടത്താനായത്. കടുത്ത വൈദ്യുതി ക്ഷാമത്തിലേക്ക് കേരളത്തെ തള്ളിവിട്ടത് യു.പി.എ-യു.ഡി.എഫ് സര്‍ക്കാര്‍ നയങ്ങളാണ്. സ്വകാര്യവല്‍ക്കരണ - ഉദാരവല്‍ക്കരണ നയങ്ങളാണ് വൈദ്യുതി മേഖലയില്‍ ആസൂത്രണമോ സര്‍ക്കാര്‍ ഇടപെടലോ ഇല്ലാത്ത അവസ്ഥ സൃഷ്ടിച്ചത്. ആഭ്യന്തരമായ വൈദ്യുതി ആവശ്യത്തെ കണക്കിലെടുത്തുകൊണ്ടുള്ള ഉത്പാദന - പ്രസരണ രംഗത്തെ സര്‍ക്കാര്‍ ഇടപെടലുകളുടെ അഭാവമാണ് ടീം സോളാര്‍ പോലുള്ള കറക്ക് കമ്പനികള്‍ക്ക് തട്ടിപ്പ് നടത്തുവാന്‍ അവസരമുണ്ടാക്കിക്കൊടുത്തത്. വൈദ്യുതി രംഗത്തെ ഉദാരവല്‍ക്കരണ - സ്വകാര്യവല്‍ക്കരണ നയങ്ങളില്‍നിന്നും സര്‍ക്കാരിന്റെ അശാസ്ത്രീയമായ സമീപനങ്ങളില്‍നിന്നും അടര്‍ത്തിമാറ്റി, സോളാര്‍തട്ടിപ്പ് ചര്‍ച്ചചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഇടതുപക്ഷ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച എല്ലാ പദ്ധതികളെയും, സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ആസൂത്രണത്തെയും അട്ടിമറിച്ചുകൊണ്ടാണ് തട്ടിപ്പുസംഘങ്ങള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ യു.ഡി.എഫുകാര്‍ കളമൊരുക്കിയത്.

അതായത് യു.ഡി.എഫ് സര്‍ക്കാരിന്റെ നവഉദാരവല്‍ക്കരണ നയത്തിലധിഷ്ഠിതമായ വൈദ്യുതി മേഖലയുടെ സ്വകാര്യവല്‍ക്കരണ സമീപനമാണ് തട്ടിപ്പുസംഘങ്ങള്‍ക്ക് ഈ രംഗത്ത് വിലസാന്‍ അവസരമുണ്ടാക്കികൊടുത്തത്. 2013-14 ല്‍ കേരളത്തിന്റെ വൈദ്യുതി ആവശ്യം 22000 ദശലക്ഷം യൂണിറ്റുവരുമെന്നാണ് കണക്കാക്കിയത്. ഇതില്‍ 7000 - 8000 ദശലക്ഷം യൂണിറ്റുവരെയാണ് നിലവിലുള്ള ജലവൈദ്യുതി പദ്ധതികളില്‍നിന്ന് പരമാവധി ലഭ്യമാവുക. ബാക്കിവരുന്ന 14000 ദശലക്ഷം യൂണിറ്റ് വൈദ്യുതി കേരളത്തിലെതന്നെ മറ്റ് നിലയങ്ങളില്‍നിന്നും, കേന്ദ്രപൂളില്‍നിന്നും കമ്പോളത്തില്‍നിന്നും ലഭ്യമാക്കേണ്ടതാണ്. കേരളത്തിലെ കായംകുളം, ബ്രഹ്മപുരം, കോഴിക്കോട്, കാസര്‍ഗോഡ്, കൊച്ചി താപനിലയങ്ങളില്‍നിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിക്ക് യൂണിറ്റിന് 12 രൂപയോളംവരും. കേന്ദ്രപൂളില്‍നിന്ന് പരമാവധി കിട്ടാവുന്ന വൈദ്യുതി 8600 - 9000 ദശലക്ഷം യൂണിറ്റാണ്. 2000 - 3000 ദശലക്ഷം വൈദ്യുതി കമ്പോളത്തില്‍നിന്ന് വാങ്ങേണ്ടിവരും. ഇതിനാണെങ്കില്‍ പീക്ക്ലോഡ് സമയങ്ങളില്‍ യൂണിറ്റിന് 16 രൂപയോളം വിലവരും. പുറത്തുനിന്ന് ഇവിടേക്ക് വൈദ്യുതി എത്തിക്കാനുള്ള ലൈനുകളുടെ ശേഷിക്കുറവ് ഇങ്ങനെ യഥേഷ്ടം വൈദ്യുതി കൊണ്ടുവരുന്നതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുമുണ്ട്.

കേരളത്തിന്റെ 2016-17ലെ വൈദ്യുതി ആവശ്യം 4419 മെഗാവാട്ടും 2021 - 22 ലേത് 6093 മെഗാവാട്ടും ആയിരിക്കുമെന്നാണ് 18-ാം പവര്‍ സര്‍വ്വേ പറയുന്നത്. ഇത് നിറവേറ്റണമെങ്കില്‍ നമ്മുടെ സ്ഥാപിതശേഷി 2016 - 17 ല്‍ 6500 മെഗാവാട്ടും, 2021 -22 ല്‍ 8500 മെഗാവാട്ടും ആയിരിക്കണം. ഇപ്പോഴുള്ള ആഭ്യന്തരമായ ശേഷി 2873 മെഗാവാട്ടും കേന്ദ്ര പൂളില്‍നിന്ന് ലഭിക്കുന്ന 1273 മെഗാവാട്ടും അടക്കം 4146 മെഗാവാട്ടാണ്. അടുത്തവര്‍ഷംകൊണ്ട് കേന്ദ്ര പൂളില്‍നിന്ന് കൂടുതലായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന 500 മെഗാവാട്ടും പുറത്ത്നിന്ന് വാങ്ങുന്ന 500 മെഗാവാട്ടും കഴിച്ച് ബാക്കി 1354 മെഗാവാട്ട് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിക്കാനുള്ള സംവിധാനമാണ് ഉണ്ടാക്കേണ്ടത്. ഈയൊരു ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറി സ്വകാര്യ സോളാര്‍ കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കുവാന്‍ സൗകര്യം ചെയ്തുകൊടുക്കുകയാണ് ഉമ്മന്‍ചാണ്ടിയും സംഘവും ചെയ്തത്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പള്ളിവാസല്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ പദ്ധതി (40മെഗാവാട്ട്) തുടങ്ങിയവ യാതൊരുവിധ പുരോഗതിയുമില്ലാതെ കിടക്കുകയാണ്. ഇടതുപക്ഷ ഭരണകാലത്ത് പണിതുടങ്ങിയതും ടെന്‍ഡര്‍ ചെയ്തതുമായ പദ്ധതികളില്‍ മണിയാര്‍ ടെയ്ല്‍ റെയസ (4 മെഗാവാട്ട്), പീച്ചി (1.25 മെഗാ വാട്ട്) എന്നിവമാത്രമാണ് ഇതുവരെ പൂര്‍ത്തീകരിച്ചത്. വിലങ്ങാട്, ബാരാപോള്‍ എന്നിവയുടെ പണി കുറച്ചെങ്കിലും പരോഗമിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ക്ക് പുറമെ ഒറീസ്സയിലെ ബൈതരണിയില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 1000 മെഗാവാട്ട് നിലയത്തിനാവശ്യമായ കല്‍ക്കരിപാടം യു.ഡി.എഫ് സര്‍ക്കാരിന്റെ അനാസ്ഥമൂലം നഷ്ടപ്പെട്ടിരിക്കുകയാണ്. ചീമേനി പദ്ധതിയും അനിശ്ചിതത്വത്തിലാണ്. വന്‍തോതില്‍ ആഭ്യന്തരമായി വൈദ്യുതി ഉത്പാദനം ലക്ഷ്യംവെച്ചുകൊണ്ട് ആസൂത്രണംചെയ്ത എല്ലാപദ്ധതികളും ഈ സര്‍ക്കാര്‍ പൊളിച്ചിരിക്കുകയാണ്. കേരളത്തെ കടുത്ത വൈദ്യുതി ക്ഷാമത്തിലേക്കും വികസന പ്രതിസന്ധിയിലേക്കുമാണ് സര്‍ക്കാര്‍ നയങ്ങള്‍ എത്തിച്ചിരിക്കുന്നത്. ആഭ്യന്തരമായി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള എല്ലാപദ്ധതികളെയും വേണ്ടത്ര ശ്രദ്ധിക്കാതെ എല്ലാപ്രശ്നവും സോളാര്‍കൊണ്ട് പരിഹരിക്കുവാന്‍ കഴിയുമെന്ന പുകമറ സൃഷ്ടിച്ചുകൊണ്ടാണ് ടീം സോളാര്‍ പോലുള്ള കറക്ക് കമ്പനികള്‍ക്ക് ജനങ്ങളെകൊള്ളയടിക്കാന്‍ സൗകര്യമൊരുക്കിക്കൊടുത്തിരിക്കുന്നത്. സരിതമാരെയും ശാലുമേനോന്‍മാരെയും രംഗത്തിറക്കി സ്വകാര്യ സൗരോര്‍ജ പദ്ധതിക്കാവശ്യമായ അന്തരീക്ഷമൊരുക്കുകയാണ് മുഖ്യമന്ത്രിയുമായി ബന്ധമുള്ള ഉന്നതന്‍മാരും അദ്ദേഹത്തിന്റെ ഓഫീസും ചെയ്തത്. കൊറിയന്‍ കമ്പനിയുടെ സമ്മര്‍ദം മൂലമാണ് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എമര്‍ജിംഗ്കേരളയില്‍ ടീം സോളാര്‍ പദ്ധതിക്ക് അനുമതി നല്‍കാതിരുന്നത്. സൗരോര്‍ജ രംഗത്തെ സര്‍ക്കാര്‍ സ്ഥാപനമായ അനര്‍ട്ടിനെപ്പോലും അവഗണിച്ചുകൊണ്ടാണ് ടീം സോളാര്‍ പോലുള്ള കറക്ക് കമ്പനികളെ ഉമ്മന്‍ചാണ്ടിയും സംഘവും പ്രോത്സാഹിപ്പിച്ചത്. കേരളത്തിന്റെ വൈദ്യുതി ആവശ്യം പരിഹരിക്കുവാന്‍ സൗരോര്‍ജ പദ്ധതിക്ക് ഇന്ന് എത്രത്തോളം കഴിയുമെന്ന കാര്യംപോലും ശാസ്ത്രീയമായി പഠിക്കാതെയാണ് ക്രിമിനല്‍ സഘങ്ങള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും ജനങ്ങളില്‍നിന്ന് പണം വാരിക്കൂട്ടാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നത്.

ഒരു മെഗാവാട്ട് സോളാര്‍പദ്ധതിയില്‍നിന്ന് 1.6 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഒരു വര്‍ഷം പരമാവധി ലഭിക്കുക. ഇതിനാകട്ടെ 10കോടി രൂപയെങ്കിലും മുതല്‍മുടക്ക് വേണം. സോളാര്‍ വൈദ്യുതി പകല്‍മാത്രമേ ലഭിക്കുകയും ചെയ്യൂ. രാത്രി ലഭിക്കണമെങ്കില്‍ ഇത്രയും വൈദ്യുതി ബാറ്ററിയില്‍ ശേഖരിച്ചുവെക്കാനുള്ള സൗകര്യംവേണം. ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പദ്ധതിയായി വിഭാവനംചെയ്യപ്പെട്ട കാലിഫോര്‍ണിയയിലെ "ഇവാന്‍ സോളാര്‍ ഇലക്ട്രിക്ക് ജനറേറ്റിംഗ് സിസ്റ്റം" ഇനിയും പൂര്‍ത്തിയായിട്ടില്ല. വന്‍തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാനും ശേഖരിച്ചുവെക്കുന്നതിനുമുള്ള സാങ്കേതിക വിദ്യ കാലിഫോര്‍ണിയയില്‍പോലും പരീക്ഷണ ഘട്ടത്തിലാണ്.

വലിയതോതില്‍ വൈദ്യുതി ശേഖരിച്ചുവെയ്ക്കാനുള്ള ബാറ്ററി സംവിധാനം ചെലവ് കൂടിയതാണ്. സൂര്യപ്രകാശത്തില്‍നിന്ന് ലഭിക്കുന്ന വൈദ്യുതിക്ക് സ്ഥിരസ്വഭാവമില്ലാത്തതിനാല്‍ അതിനെ മാത്രം ആശ്രയിച്ച് ഒരു വൈദ്യുതി ശൃംഖലയ്ക്ക് നിലനില്‍പ്പുമില്ല. പരമ്പരാഗത സ്രോതസ്സുകള്‍ ശക്തിപ്പെടുത്തി നിലനിര്‍ത്തിക്കൊണ്ടേ പാരമ്പര്യേതര സ്രോതസ്സുകളെ കാര്യക്ഷമമായി ഉപയോഗിക്കാന്‍പറ്റൂ. സൗരോര്‍ജ പദ്ധതികളും കാറ്റാടി പദ്ധതികളും ഇന്നത്തെ അവസ്ഥയില്‍ പാരമ്പര്യ വൈദ്യുതോല്‍പ്പാദന പദ്ധതികള്‍ക്ക് പകരം വെയ്ക്കാവുന്ന തരത്തില്‍ വികസിച്ചുവന്നിട്ടില്ല. പാരമ്പര്യേതര സ്രോതസ്സുകളെ പാരമ്പര്യ സ്രോതസ്സുകള്‍ക്കൊപ്പം വികസിപ്പിക്കുകയാണ് വേണ്ടത്. മൊത്തം സ്ഥാപിത ശേഷിയുടെ 15%ത്തിലധികം പാരമ്പര്യേതര സ്രോതസ്സില്‍നിന്നുള്ള വൈദ്യുതി ആയാല്‍ അത് വൈദ്യുതി ശൃംഖലയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് വിദഗ്ധന്‍മാരുടെ അഭിപ്രായം. ഇതെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് സോളാര്‍ എല്ലാ പ്രശ്നവും പരിഹരിക്കുമെന്ന പ്രതീതി വന്‍പ്രചാരണങ്ങളിലൂടെ സൃഷ്ടിച്ച് കറക്ക് കമ്പനികള്‍ക്ക് തട്ടിപ്പ് നടത്തുവാന്‍ കളമൊരുക്കിക്കൊടുത്തത്.

*
കെ ടി കുഞ്ഞിക്കണ്ണന്‍ ചിന്ത വാരിക

No comments: