Tuesday, June 4, 2013

മത്സരം കോര്‍പറേറ്റ് പ്രീതിക്കായി

ഒരു പൗരന് അന്തസ്സോടും അര്‍ഥപൂര്‍ണമായും ജീവിക്കുന്നതിന് വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നിവയോടൊപ്പം അയാളുടെ എല്ലാ മൗലികാവകാശങ്ങളും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം നിയമാധിഷ്ഠിതമായ ഒരു സമൂഹക്രമത്തിനും അതിന്റെ രാഷ്ട്രീയ ഭരണകൂടത്തിനുമുണ്ട്. ഭക്ഷണമായാലും വിദ്യാഭ്യാസമായാലും തൊഴിലായാലും അത് സാമൂഹ്യമായും സാമ്പത്തികമായും വരേണ്യവര്‍ഗത്തില്‍പെട്ട കുറച്ചുപേരുടെമാത്രം കുത്തകയല്ല. എത്രതന്നെ പരിമിതവും അപര്യാപ്തവുമായിരുന്നാലും തൊഴിലുറപ്പു പദ്ധതി പോലുള്ളവ പൗരന്റെ ആ നിയമാവകാശത്തിന്റെ സന്തതികളാണ്. ഇന്നിപ്പോള്‍ പൗരന്റെ ഭക്ഷണാവകാശം ഉറപ്പുവരുത്തുന്ന ഭക്ഷ്യസുരക്ഷാ നിയമം പലവിധ എതിര്‍പ്പുകളെയും ഉപജാപങ്ങളെയും അതിജീവിക്കാനുള്ള ശ്രമത്തിലാണ്. നിയമപുസ്തകത്തില്‍ വരുമ്പോള്‍ അതിന്റെ യഥാര്‍ഥരൂപം എന്തായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കുക പ്രയാസമാണ്. കാരണം, ലോകബാങ്ക്- നാണയനിധി വക്താക്കളായ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങും പി ചിദംബരവും അലുവാലിയയുമെല്ലാം ഈ അവകാശാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പരിപാടികള്‍ക്ക് പിന്തുണ നല്‍കുന്നത് ഇഷ്ടപ്പെടുന്നവരല്ല. അവരുടെ കണ്‍കണ്ട ദൈവം മാര്‍ക്കറ്റാണ്. തദ്ദേശീയവും വിദേശീയവുമായ വന്‍മൂലധനത്തിന്റെയും അനിയന്ത്രിതമായ മാര്‍ക്കറ്റിന്റെയും അടിസ്ഥാനത്തിലുള്ള ജിഡിപി വളര്‍ച്ചയാണ് അവരുടെ ഒരേയൊരു മോക്ഷമാര്‍ഗം.

ഇന്ത്യന്‍ ഭരണഘടന അതിന്റെ അന്തഃസത്തയില്‍ ഒരു സോഷ്യലിസ്റ്റ് ഭരണഘടനയാണ്. അതിന്റെ ലക്ഷ്യം നീതിനിഷ്ഠമായ ഒരു ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മിതിയാണ്. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ സ്ഥാപകര്‍ വിഭാവനംചെയ്തത് ഒരു ജനാധിപത്യ, മതേതര, സോഷ്യലിസ്റ്റ് ഫെഡറല്‍ ഇന്ത്യയെയാണ്. ഭരണഘടനയുടെ പീഠികയില്‍ എടുത്തുപറഞ്ഞിട്ടുള്ള സാമൂഹ്യ, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മൂല്യങ്ങളും കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ അന്നത്തെ ഭരണവര്‍ഗം അംഗീകരിച്ച നവലിബറല്‍ നയങ്ങളും തമ്മിലുള്ള അനിവാര്യമായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളുമാണ്് ഇന്ന് ഇന്ത്യന്‍ സമൂഹത്തില്‍ ഉല്‍ക്കണ്ഠാജനകമായ അശാന്തി പരത്തുന്നത്. ഭരണവര്‍ഗവും അവരുടെ പ്രസ്ഥാനങ്ങളും ഇന്ന് സംസാരിക്കുന്നത് കപട ഇരട്ടഭാഷയിലാണ്. തങ്ങള്‍ നടപ്പാക്കുന്ന ഉദാരവല്‍കൃത സാമ്പത്തിക പരിഷ്കാരങ്ങള്‍ സാമാന്യജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുമ്പോള്‍, അതനിവാര്യമാണെന്ന് അറിയാവുന്ന മന്‍മോഹന്‍സിങ്ങും കൂട്ടരും നിലനില്‍പ്പിനുവേണ്ടി അതിനു പരിഹാരമെന്നോണം ചില സുഗന്ധലേപന നടപടികള്‍ കൈക്കൊള്ളും; ആത്മാര്‍ഥതയില്ലാതെ ആം ആദ്മിയുടെ പേരില്‍ മുതലക്കണ്ണീര്‍ ഒഴുക്കും. ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ രംഗങ്ങളില്‍ സാധാരണ ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പണം ചെലവാക്കുന്നത് ശുദ്ധ നവലിബറല്‍ നയത്തിന് ഒരിക്കലും നിരക്കുന്നതല്ലെന്ന് എല്ലാവര്‍ക്കുമറിയാം. നിര്‍ധനരും നിരക്ഷരരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ വന്‍ ജനാവലിയുള്ള ഇന്ത്യയില്‍ നവലിബറല്‍ മാതൃകയിലുള്ള പരിഷ്കാരങ്ങളും വികസനപദ്ധതികളും നടപ്പാക്കുന്നതിനനുസരിച്ച് ജനങ്ങളുടെ ജീവിതദുരിതവും പെരുകും. അപ്പോള്‍ വിമര്‍ശനങ്ങളുയരും പ്രക്ഷോഭം വളരും. ഈ വൈരുധ്യം ആത്മാര്‍ഥമായി ഒഴിവാക്കണമെങ്കില്‍ ലോകബാങ്ക്- നാണയനിധി നിര്‍ദേശിക്കുന്ന സാമ്പത്തിക പരിപാടികള്‍ ഉപേക്ഷിച്ച് ഭരണഘടന യഥാര്‍ഥത്തില്‍ വിഭാവനംചെയ്യുന്ന സോഷ്യലിസ്റ്റ്- ക്ഷേമരാഷ്ട്ര സിദ്ധാന്തത്തിലേക്ക് തിരിച്ചുപോകണം.

രാഷ്ട്രീയ നിലനില്‍പ്പിനുവേണ്ടി ആത്മാര്‍ഥതയില്ലാതെ എഴുതിയുണ്ടാക്കുന്ന ഭക്ഷ്യസുരക്ഷാബില്ലും എല്ലാവര്‍ക്കും പാര്‍പ്പിടവും വിദ്യാഭ്യാസവും തൊഴിലും വാഗ്ദാനം ചെയ്യുന്ന നിയമനിര്‍മാണങ്ങളും അഴിമതിരഹിത ഭരണം ഉറപ്പുനല്‍കുന്ന നിയമങ്ങളുമെല്ലാം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാതെ പലതിലും വെള്ളം ചേര്‍ക്കാന്‍ നിര്‍ബന്ധിതമാകുന്നത് ഈ വൈരുധ്യംകൊണ്ടാണ്. ഒരു ജനാധിപത്യ സംവിധാനത്തില്‍ മൂലക്കല്ലായ ഒന്നാണ് അറിയാനുള്ള അവകാശം. എന്നാല്‍, നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ വിജയത്തിന് ഭരണത്തിലും സമ്പദ്ഘടനയിലും അഴിമതി അനിവാര്യമായിത്തീരുന്നു. നിലവിലുള്ള അറിയാനുള്ള അവകാശനിയമമനുസരിച്ച് അവ കുറെയൊക്കെ പുറത്തുകൊണ്ടുവരാന്‍ കഴിയുന്നുണ്ട്. ഇത് കൂടെക്കൂടെ ഭരണവര്‍ഗത്തെ പ്രതിക്കൂട്ടിലാക്കുന്നു. നവലിബറല്‍ സമ്പദ്ഘടനയും അതിന്റെ ചൂഷണാധിഷ്ഠിതമായ വികസനനയങ്ങളും, അധികാരത്തില്‍ വരുമ്പോള്‍ ആവേശപൂര്‍വം നടപ്പാക്കുകയും അതിന്റെ രാഷ്ട്രീയ സാമ്പത്തിക ഗുണങ്ങള്‍ ആവോളം അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുന്ന ബിജെപി പോലുള്ള പാര്‍ടികള്‍ അധികാരത്തിനു പുറത്താകുമ്പോള്‍ ഒരു മനസാക്ഷിക്കുത്തുമില്ലാതെ സാധാരണജനങ്ങളുടെ പിന്തുണയ്ക്കുവേണ്ടി അതിനെ എതിര്‍ക്കുകയെന്ന അധരവ്യായാമം നടത്തുന്നു. അവരുടെ പുതിയ വിഗ്രഹമായ നരേന്ദ്രമോഡി പ്രധാനമന്ത്രിപദത്തിലെത്തുകയാണെങ്കില്‍, അദ്ദേഹത്തിന്റെ ഗുജറാത്തിലെ "റെക്കോഡ"് വച്ചുനോക്കുമ്പോള്‍ ഇന്ത്യയിലെ സാധാരണ ജനങ്ങളെ പാടേ മറന്ന് കോര്‍പറേറ്റ് ഇന്ത്യയുടെ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഭരണമായിരിക്കുമെന്നത് തീര്‍ച്ചയാണ്.

തെരഞ്ഞെടുപ്പ് അടുക്കുന്തോറും അടുത്തകാലത്ത് തെളിഞ്ഞുവരുന്ന പ്രവണത, സാധാരണ ജനങ്ങളെ പ്രീണിപ്പിക്കാനും വശീകരിക്കാനുമുള്ള ആസൂത്രിത ശ്രമത്തോടൊപ്പം കോര്‍പറേറ്റ് ഇന്ത്യയുടെ അംഗീകാരം നേടിയെടുക്കാനുള്ള അത്ര നിഗൂഢമല്ലാത്ത ശ്രമങ്ങളും നടക്കുന്നുണ്ട് എന്നതാണ്. ഇക്കാര്യത്തില്‍ നരേന്ദ്രമോഡിയാണ് ആദ്യപഥികന്‍. ഗുജറാത്ത് വംശഹത്യയുടെ ആസൂത്രകനും നിര്‍വാഹകനുമെന്ന നിലയില്‍ മോഡിയുടെ രാഷ്ട്രീയ ദുഷ്കീര്‍ത്തി ദേശീയമായ അതിരുകള്‍പോലും ലംഘിച്ചപ്പോള്‍ അത് മറികടക്കാന്‍, സാമ്പത്തികവികസനമാണ് തന്റെ യഥാര്‍ഥ അജന്‍ഡ എന്ന മട്ടില്‍ കോര്‍പറേറ്റ് ഭീമന്മാരെ സംസ്ഥാനത്ത് നിക്ഷേപമിറക്കാന്‍ പരവതാനി വിരിച്ച് ക്ഷണിച്ചുകൊണ്ടുവരികയുണ്ടായി. അങ്ങനെ, സംസ്ഥാനത്തിന്റെ മണ്ണും വെള്ളവും തൊഴില്‍ ശക്തിയുമെല്ലാം നിരുപാധികം കോര്‍പറേറ്റ് ഭീമന്മാര്‍ക്ക് അടയറവച്ചതിന്റെ ഫലമായി ജനങ്ങളുടെ സ്വതവേ മോശമായിരുന്ന ജീവിത നിലവാരം ദയനീയമായി ഇടിഞ്ഞു.

ഇന്നിപ്പോള്‍ വരുന്ന മനുഷ്യവികസന റിപ്പോര്‍ട്ടുകളനുസരിച്ച് പലതിലും ദേശീയ ശരാശരിക്കു വളരെ പിന്നിലാണ് മോഡിയുടെ ഗുജറാത്ത്. ഇന്നത്തെ ഗുജറാത്ത,് മുസ്ലിം ന്യൂനപക്ഷങ്ങളുടെ മാത്രമല്ല, മറ്റ് ദളിത് പിന്നോക്ക വിഭാഗങ്ങളുടെയും സാധാരണ തൊഴിലാളികളുടെയും ജീവരക്തം തര്‍പ്പണംചെയ്ത് കെട്ടിയുറപ്പിച്ച ഒരു വര്‍ഗീയ സ്വേച്ഛാധിപത്യ സംവിധാനമാണ്. പൊതു തെരഞ്ഞെടുപ്പിലേക്ക് അടുക്കുന്തോറും നാം കാണുന്ന ഒരു പ്രതിഭാസം കോര്‍പറേറ്റ് ഇന്ത്യയുടെ പ്രതീകങ്ങളായ സിഐഐ, ഫിക്കി തുടങ്ങിയ സംഘടനകള്‍ രാഷ്ട്രീയ അധികാരകേന്ദ്രങ്ങളായി മാറുന്നതും ബൂര്‍ഷ്വാ പ്രസ്ഥാനങ്ങള്‍ അവയുടെ അംഗീകാരത്തിനും പിന്തുണയ്ക്കും വേണ്ടി ക്യൂനില്‍ക്കുന്നതുമായ കാഴ്ചയാണ്.

*
ഡോ. എന്‍ എ കരീം ദേശാഭിമാനി

No comments: