Wednesday, June 26, 2013

സ്പീക്കറുടെ നടപടി തീരാക്കളങ്കം

കേരള നിയമസഭയുടെ ചരിത്രത്തെയും കീഴ്വഴക്കത്തെയും കാറ്റില്‍പ്പറത്തി തികച്ചും ജനാധിപത്യവിരുദ്ധമായാണ് സ്പീക്കര്‍ ജികാര്‍ത്തികേയന്‍ കഴിഞ്ഞ ദിവസം നിയമസഭാ സമ്മേളനം പിരിച്ചുവിട്ടത്. എന്തെങ്കിലും അസാധാരണ സംഭവങ്ങള്‍ സഭയില്‍ സംജാതമാകുകയോ, സഭാനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്തവിധം പ്രക്ഷുബ്ധരംഗങ്ങള്‍ ഉണ്ടാകുകയോ ചെയ്യുമ്പോള്‍ മാത്രമാണ് സഭാനടപടികള്‍ വെട്ടിച്ചുരുക്കുകയോ അതുമല്ലെങ്കില്‍ നിയമസഭാ നടപടികള്‍ സംബന്ധിച്ച സംജ്ഞയില്‍ പറയുന്ന ഗില്ലറ്റിന്‍ ചെയ്യുകയോ ഒക്കെ ചെയ്യുന്നത്. ഇത്തരം അത്യസാധാരണ സന്ദര്‍ഭങ്ങളില്‍പ്പോലും ഭരണ- പ്രതിപക്ഷകക്ഷി നേതാക്കളുമായി കൂടിയാലോചന നടത്തിയശേഷമായിരിക്കും അങ്ങനെ ചെയ്യുക. എന്നാല്‍,ഇത്തരം നടപടിച്ചട്ടങ്ങളോ കീഴ്വഴക്കങ്ങളോ ഒന്നും കണക്കിലെടുക്കാതെ സ്പീക്കര്‍ ഏകപക്ഷീയമായി സഭ പിരിച്ചുവിട്ട അത്യപൂര്‍വ സംഭവത്തിനാണ് തിങ്കളാഴ്ച നിയമസഭ സാക്ഷ്യം വഹിച്ചത്.

പാര്‍ലമെന്ററി നടപടിക്രമത്തില്‍ പാര്‍ലമെന്റ് സ്പീക്കറായാലും നിയമസഭകളിലെ സ്പീക്കര്‍മാരായാലും അവര്‍, സഭയുടെ അധ്യക്ഷനും സംരക്ഷകനുമാണ്. നിയമ നിര്‍മാണസഭകളെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നാണ് ജവാഹര്‍ലാല്‍ നെഹ്റു വിശേഷിപ്പിച്ചത്. സഭയുടെ അന്തസ്സും പദവിയും പ്രതിനിധാനം ചെയ്യുന്നയാളാണ് സ്പീക്കര്‍. ഒരര്‍ഥത്തില്‍ നിയമനിര്‍മാണസഭ രാഷ്ട്രത്തെ പ്രതിനിധാനം ചെയ്യുന്നതുകൊണ്ട് സ്പീക്കര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ പ്രതിരൂപം കൂടിയാണെന്നും നെഹ്റു പറഞ്ഞിട്ടുണ്ട്. നെഹ്റുവിന്റെ ഈ വചനങ്ങളെപ്പോലും കാറ്റില്‍പ്പറത്തുന്ന അത്യന്തം ജനാധിപത്യവിരുദ്ധവും സ്പീക്കറുടെ പദവിക്ക് കളങ്കമുണ്ടാക്കുന്നതുമായ നടപടിയാണ് ജി കാര്‍ത്തികേയനില്‍ നിന്നുണ്ടായത് എന്ന് പറയാതിരിക്കാന്‍ കഴിയില്ല. സ്വതന്ത്രവും നീതിപൂര്‍വകവുമായ സഭാനടത്തിപ്പ് ഉറപ്പാക്കാന്‍ ഭരണഘടനാപരമായ ബാധ്യതയുള്ള സ്പീക്കര്‍ തനി കോണ്‍ഗ്രസുകാരനായി സഭയില്‍ പെരുമാറുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ചെയ്തികള്‍ തെളിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ജീവനക്കാരന്‍, പരാതി പറയാന്‍ വിളിച്ച ഒരധ്യാപികയെ ലൈംഗികാവശ്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചുവെന്ന പരാതി സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അനുമതി തേടിയ സന്ദര്‍ഭത്തില്‍ അതില്‍ ഇടപെട്ടാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്. നേരത്തെ തന്നെ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആരോപണവിധേയനായ ഗണ്‍മാന്‍ സലിംരാജിനെ പുതിയ ആരോപണങ്ങള്‍ വന്നതിനുശേഷവും മുഖ്യമന്ത്രി വഴിവിട്ടു സഹായിക്കുന്നതിലെ ദുരൂഹത സംബന്ധിച്ചാണ് ഞാന്‍ സംസാരിച്ചു തുടങ്ങിയത്. സലിംരാജിന്റെ ക്രിമിനല്‍ സ്വഭാവത്തിന് ആധാരമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരുമകനായിരുന്ന റിച്ചിമാത്യു കുടുംബകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലെ പ്രസക്തഭാഗങ്ങളാണ് ഞാന്‍ ഉദ്ധരിച്ചുതുടങ്ങിയത്. അത് ഞാന്‍ ഉന്നയിച്ച ആക്ഷേപമായിരുന്നില്ല. എന്നാല്‍, അത്തരമൊരു വ്യാഖ്യാനം നല്‍കി തികച്ചും ജനാധിപത്യ കശാപ്പുനടത്തി പ്രതിപക്ഷനേതാവെന്ന നിലയിലുള്ള എന്റെ അവകാശം ഹനിച്ച് സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയാണുണ്ടായത്. അതിനുശേഷം സ്പീക്കര്‍ മൂന്നുമണിക്കൂറോളം സഭ നിര്‍ത്തിവച്ചു. എന്നിട്ട് ഏകപക്ഷീയമായി ജൂലൈ ഏഴു വരെയുളള സഭാനടപടികള്‍ റദ്ദാക്കുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.

സഭയില്‍ പറയാന്‍ പാടില്ലാത്തതും അസാധാരണവുമായ ചിലതുണ്ടായി എന്നാണ് സഭാനടപടികള്‍ റദ്ദാക്കുന്നതിന് കാരണമായി സ്പീക്കര്‍ പറഞ്ഞത്. എന്നാല്‍, അത്തരത്തില്‍ അസാധാരണമോ, സഭ നടത്തിക്കൊണ്ടുപോകാന്‍ കഴിയാത്ത തരത്തിലുള്ളതോ ആയ ഒരു സംഭവവും സഭയില്‍ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായതായി ആരും റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല. ഞാന്‍ പറഞ്ഞുവന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിക്കും ഭരണപക്ഷത്തിനും സഭയില്‍ അലോസരമുണ്ടാക്കും എന്ന് മനസ്സിലാക്കി സ്പീക്കര്‍ കോണ്‍ഗ്രസ് വക്താവിനെപ്പോലെ പെരുമാറുകയായിരുന്നു. പ്രതിപക്ഷകക്ഷി നേതാക്കളോട് ആലോചിച്ചില്ല എന്നുമാത്രമല്ല, സഭാനടപടികള്‍ റദ്ദാക്കുന്നതിന് ജൂണ്‍ 25, 26, 27, ജൂലൈ ഒന്ന്, രണ്ട് തീയതികളില്‍ നിശ്ചയിച്ച ധനാഭ്യര്‍ഥനകളെക്കുറിച്ചുളള ചര്‍ച്ചയും തുടര്‍ന്നുള്ള സഭാനടപടികളും സംബന്ധിച്ച നോട്ട് ഉണ്ടാക്കുന്നതിന് ഭരണപക്ഷത്തിന് അദ്ദേഹം അവസരം ഒരുക്കുകയും ചെയ്തു. ഇതിനാണ് സ്പീക്കര്‍ മൂന്നു മണിക്കൂറോളം സഭ നിര്‍ത്തിവച്ച് ഭരണകക്ഷി നേതാക്കളുമായി മാത്രം കൂടിയാലോചന നടത്തിയത്. ഇത് സഭയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. സഭയുടെ ചരിത്രത്തെയും കീഴ്വഴക്കങ്ങളെയും അവഹേളിക്കുന്നതുമാണ്.

കേരള നിയമസഭയുടെ സമീപകാല ചരിത്രത്തില്‍ ഇതിനുമുമ്പ് രണ്ട് സന്ദര്‍ഭങ്ങളില്‍ സഭാനടപടികള്‍ റദ്ദാക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. എന്നാല്‍, അന്നൊക്കെ അതിന് യുക്തിസഹമായ കാരണങ്ങള്‍ ഉണ്ടായിരുന്നു. 2000 ജൂണ്‍ 28 നും 2001 ഒക്ടോബര്‍ 31 നുമായിരുന്നു നേരത്തെ സഭാനടപടികള്‍ റദ്ദാക്കിയ ചരിത്രമുളളത്. 2000 ജൂണ്‍ 28ന് സഭയ്ക്കകത്ത് നാലംഗങ്ങള്‍ നിരാഹാര സമരം ആരംഭിക്കുകയാണെന്ന് അന്നത്തെ പ്രതിപക്ഷനേതാവ് പ്രഖ്യാപിക്കുകയും സത്യഗ്രഹം ആരംഭിക്കുകയും ചെയ്തു. അതിന് മുമ്പുതന്നെ തുടര്‍ച്ചയായി എട്ടുദിവസം സഭ തടസ്സപ്പെട്ടിരുന്നു. ഈ സന്ദര്‍ഭത്തില്‍ സ്പീക്കര്‍ ഭരണ- പ്രതിപക്ഷകക്ഷി നേതാക്കളുമായി കൂടിയാലോചന നടത്തി. ഇതിനുശേഷമാണ് മറ്റ് മാര്‍ഗമൊന്നുമില്ലാതെ സഭാനടപടികള്‍ റദ്ദാക്കിയത്. രണ്ടാമത്തെ സന്ദര്‍ഭത്തില്‍ സഭയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് അംഗങ്ങള്‍ സഭാകവാടത്തില്‍ അനിശ്ചിതകാല നിരാഹാരസത്യഗ്രഹം ആരംഭിക്കുകയും നാലുദിവസത്തെ സഭാനടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് ഭരണ-പ്രതിപക്ഷനേതാക്കളുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനുശേഷം അന്ന് ധനാഭ്യര്‍ഥനകള്‍ പാസാക്കി സഭാനടപടികള്‍ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. എന്നാല്‍, തിങ്കളാഴ്ച സമാനസ്വഭാവമുളള ഒരു സംഭവവും സഭയില്‍ ഉണ്ടായിട്ടില്ല. ചോദ്യോത്തരവേള സുഗമമായി നടന്നു. ശൂന്യവേളയില്‍ അടിയന്തരപ്രമേയ അവതരണവും ചര്‍ച്ചയും നടന്നു.

അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചപ്പോള്‍ പ്രതിപക്ഷനേതാവ് എന്ന നിലയില്‍ ഞാന്‍ എഴുന്നേല്‍ക്കുകയും ഏതാനും ചില വാക്കുകള്‍ പറഞ്ഞപ്പോള്‍ തന്നെ മൈക്ക് ഓഫ് ചെയ്യുകയുമായിരുന്നു. മൈക്ക് ഓഫ് ചെയ്യുന്നതിന് നിര്‍ദേശം നല്‍കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ഇരിപ്പിടത്തില്‍ നിന്നും സ്പീക്കറുടെ അടുത്തേക്ക് ഓടിപ്പോയി. പ്രതിപക്ഷനേതാവ് പറഞ്ഞതിന്റെ സാംഗത്യം മനസ്സിലാക്കാതെ അത് മുഴുവന്‍ സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പിന്നീടാണ് മേല്‍ പ്രതിപാദിച്ച വിധത്തില്‍ ഏകപക്ഷീയമായും ജനാധിപത്യവിരുദ്ധമായും സഭാനടപടികള്‍ റദ്ദാക്കിയത്. ഇതിലൂടെ സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചത് കേരള നിയമസഭയില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇത് നമ്മുടെ സഭയുടെ അന്തസ്സിന് വലിയതോതിലുളള കളങ്കം ചാര്‍ത്തിയിരിക്കുകയാണ്.

*
വി എസ് അച്യുതാനന്ദന്‍ ദേശാഭിമാനി

No comments: