Sunday, June 23, 2013

മനുഷ്യനിര്‍മിത ദുരന്തം

പര്‍വത സംസ്ഥാനമായ ഉത്തരാഖണ്ഡ് ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തത്തിലൂടെയാണ് കടന്നു പോകുന്നത്. സംസ്ഥാനത്തിന്റെ പര്‍വത മേഖലകളെ പിടിച്ചുലച്ച വെള്ളപ്പൊക്കത്തില്‍ രുദ്രപ്രയാഗില്‍ മാത്രം അഞ്ഞൂറിലധികം പേര്‍ മരിക്കുകയും (ഔദ്യോഗികമായി 160)ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും കുടിലുകളും നശിക്കുകയും ചെയ്തു. കേദാര്‍നാഥിലേക്കുള്ള 60,000 ത്തിലധികം തീര്‍ഥാടകര്‍ വെള്ളപ്പൊക്കത്തിന്റെ തീവ്രതയില്‍ ഒറ്റപ്പെട്ടു പോയി. അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കാന്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പോലും കഴിയില്ലെന്നതാണ് അവസ്ഥ. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും എത്തിക്കാന്‍ മതിയായ സംവിധാനങ്ങള്‍ ഇല്ലാതെ കുഴങ്ങുകയാണ്. അതിനു പുറമെയാണ് പകര്‍ച്ചവ്യാധികളെപ്പറ്റിയുള്ള ആശങ്ക.

ഉത്തരേന്ത്യയില്‍ പതിവിലും രണ്ടാഴ്ചക്കു മുമ്പു തന്നെ കാലവര്‍ഷം എത്തി. എന്നാല്‍ വിജയ് ബഹുഗുണ ഗവണ്‍മെന്റിന്റെ കുറ്റകരമായ അനാസ്ഥക്ക് അത് ന്യായീകരണമാവുന്നില്ല. പ്രകൃതിയെ കുറ്റപ്പെടുത്തുന്നതല്ലാതെ കേദാര്‍നാഥ് - ബദരീനാഥ് ക്ഷേത്ര മേഖലയില്‍ ഒറ്റപ്പെട്ട തീര്‍ഥാടകരെ രക്ഷിക്കുന്നതിനും അഭൂതപൂര്‍വുമായ മലവെള്ള പാച്ചിലില്‍ എല്ലാം നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനും അവര്‍ക്ക് അഭയം നല്‍കുന്നതിനും യാതൊന്നും ചെയ്യാനാവാതെ മിഴിച്ചു നില്‍ക്കുകയാണ് ഗവണ്‍മെന്റ്.

സംസ്ഥാന രൂപീകരണം മുതല്‍ നാളിതുവരെ ഭരണം കയ്യാളിയിരുന്നവര്‍ ജനവഞ്ചനയിലും പ്രകൃതി നശീകരണത്തിലുമാണ് ഏര്‍പ്പെട്ടിരുന്നതെന്നതാണ് ഉത്തരാഖണ്ഡിന്റെ ദുരന്തം. പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് നടന്ന സമരത്തില്‍ ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും 'ജലത്തേയും യുവത്വത്തേയും' സംരക്ഷിക്കുമെന്ന വാഗ്ദാനമാണ് നല്‍കിയിരുന്നത്. എന്നാല്‍ ഇവ രണ്ടുമാണ് കഴിഞ്ഞ ഒന്നരപതിറ്റാണ്ടിനുള്ളില്‍ ഏറ്റവുമധികം അവഗണിക്കപ്പെട്ടത്. സംസ്ഥാനം ഒട്ടാകെ 'പരിസ്ഥിതി സങ്കീര്‍ണ മേഖല'യായി പ്രഖ്യാപിക്കുമെന്ന് പൊതുധാരണയുണ്ടായിരുന്നെങ്കിലും തുടര്‍ച്ചയായി അധികാരത്തിലേറിയ കോണ്‍ഗ്രസ്,  ബി ജെ പി ഗവണ്‍മെന്റുകള്‍ അത് നടപ്പാക്കുന്നതില്‍ പരാജയപ്പെടുകയായിരുന്നു. വിനോദസഞ്ചാരവും തീര്‍ഥാടനവും പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരില്‍ അനിയന്ത്രിതമായ നഗരവല്‍ക്കരണമാണ് അരങ്ങേറിയത്. നിര്‍മാണ - വിദ്യാഭ്യാസ മാഫിയകള്‍ക്ക് യഥേഷ്ടം ഭൂമി കയ്യേറാനുള്ള അവസരം അവര്‍ ഒരുക്കി നല്‍കി. ഇത് സംസ്ഥാനത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ അപ്പാടെ തകിടം മറിച്ചു.

വെള്ളത്തിന്റെ കാര്യമാകട്ടെ, ഭരണാധികാരികള്‍ക്ക് പണം കുന്നുകൂട്ടാനുള്ള മാര്‍ഗം മാത്രമായി. സംസ്ഥാന തലസ്ഥാനത്തോടു ചേര്‍ന്ന് കൊക്കകോള പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ ഡെറാഡൂണില്‍ പ്രക്ഷോഭം നടന്നു വരികയാണ്. ഈ പ്ലാന്റ് സ്ഥാപിതമായാല്‍ രണ്ട് ജലവൈദ്യുതി പദ്ധതികള്‍ക്ക് വെള്ളം ഇല്ലാതാകുമെന്നു മാത്രമല്ല മേഖലയാകെ കടുത്ത കുടിവെള്ള ക്ഷാമത്തിലേക്കും കാര്‍ഷിക ജലസേചന തകര്‍ച്ചയിലേക്കും തള്ളിവിടപ്പെടും.

കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ഗവണ്‍മെന്റുകള്‍ നിരവധി പുതിയ ജലവൈദ്യുതി പദ്ധതികള്‍ക്ക് അനുമതി നല്‍കുകയുണ്ടായി. അതാവട്ടെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കുക എന്നതിനു പകരം അയല്‍ സംസ്ഥാനങ്ങള്‍ക്ക് അത് വില്‍ക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു. ഗംഗയുടെ പ്രമുഖ സ്രോതസുകളായ അളകനന്ദ, മന്ദാകിനി എന്നീ നദികളില്‍ മാത്രം എഴുപതോളം  പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. ഈ നദികള്‍ ഒന്നുചേരുന്ന രുദ്രപ്രയാഗാണ് ഇപ്പോഴത്തെ ദുരന്തത്തിന്റെ പ്രഭവസ്ഥാനം. ജലവൈദ്യുത പദ്ധതികള്‍ക്കായി ഈ നദികള്‍ തിരിച്ചു വിടുന്നതിന് രണ്ട് 20 കിലോമീറ്റര്‍ വീതം ദൈര്‍ഘ്യമുള്ള തുരങ്കങ്ങളുടെ നിര്‍മാണത്തിനായി നദീതീരത്ത് നടത്തിയ വന്‍ വിസ്‌ഫോടനങ്ങള്‍ പ്രാദേശിക പരിസ്ഥിതിയുടെ മേല്‍ കനത്ത ആഘാതമാണ് ഏല്‍പിച്ചത്. ജലപ്രവാഹത്തെ തടഞ്ഞ് സ്വാംശീകരിക്കുന്ന പര്‍വതങ്ങളിലെ ഹരിതാവരണം അപ്പാടെ തകര്‍ക്കപ്പെട്ടു. ജലവൈദ്യുത പദ്ധതികള്‍ എല്ലാ പാരിസ്ഥിതിക മാനദണ്ഡങ്ങളും അട്ടിമറിച്ചതോടൊപ്പം ഹോട്ടലുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, റോഡുകള്‍ എന്നിവയുടെ വിവേചന രഹിതമായ നിര്‍മ്മാണം പര്യാവരണ തകര്‍ച്ച പൂര്‍ണമാക്കി.

ഇതിനെല്ലാം പുറമെയാണ് കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി എന്നിവിടങ്ങളിലേക്കുള്ള 'യാത്രി'കരെ ലാക്കാക്കി സമീപകാലത്ത് ആരംഭിച്ച ഹെലികോപ്റ്റര്‍ സര്‍വീസ് കമ്പനികള്‍. രുദ്രപ്രയാഗ് മേഖലയില്‍ ഇത്തരം നിരവധി കമ്പനികള്‍ ചുരുങ്ങിയ കാലംകൊണ്ട് സ്ഥാനം പിടിച്ചു കഴിഞ്ഞു. തീര്‍ഥാടകരെ നിഷ്‌കരുണം കൊള്ളയടിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഈ കമ്പനികള്‍ ഹെലിപാഡുകള്‍ക്കും മറ്റുമായി വന്‍തോതില്‍ ഭൂവിനിയോഗ വ്യതിയാനം നടത്തി. ഇതും പാരിസ്ഥിതിക തകര്‍ച്ചക്ക് അതിന്റേതായ സംഭാവന നല്‍കി.

അനധികൃത മണല്‍ ഖനനമാണ് പരിസ്ഥിതി വിനാശത്തിന് മറ്റൊരു കാരണം. ഇപ്പോഴത്തെ കോണ്‍ഗ്രസ് ഭരണകൂടവും അവരുടെ ബി ജെ പി പിന്‍ഗാമികളും ഒരുപോലെ ഈ നിയമവിരുദ്ധ പ്രവൃത്തികള്‍ക്ക് കുടപിടിച്ചു.നിര്‍മ്മാണ ഭൂമാഫിയകളും വിദ്യാഭ്യാസ കച്ചവടക്കാരും സംസ്ഥാനത്തിന് കനത്ത ഭീഷണിയാണ് ഉയര്‍ത്തുന്നത്. അവരാണ് ഭരണം സംബന്ധിച്ച എല്ലാറ്റിന്റെയും അവസാന വാക്ക്.

ഇതര പര്‍വത സംസ്ഥാനങ്ങള്‍ക്കെന്നപോലെ ഭരണഘടനയുടെ 371-ാം വകുപ്പിന്റെയോ മറ്റേതെങ്കിലും സമാന നിബന്ധനകളുടെയോ സംരക്ഷണ ഉത്തരാഖണ്ഡിന് ഇല്ലെന്നതാണ് മറ്റൊരു വിരോധാഭാസം. തദ്ദേശവാസികള്‍ കൂടുതല്‍ കൂടുതലായി പുറത്താക്കപ്പെടുകയും ഉത്തരാഖണ്ഡിനു പുറത്തുള്ളവര്‍ ഭൂമി കയ്യടക്കുകയും ചെയ്യുന്ന സ്ഥിതി വിശേഷമാണ് നിലനില്‍ക്കുന്നത്. പ്രാദേശിക സംസ്‌കാരം, ജീവിതശൈലി, സര്‍വോപരി പര്‍വത പര്യാവരണം എന്നിവ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ കൂടിയേ തീരൂ.

*
ജനയുഗം

No comments: