Thursday, January 31, 2008

എന്റെ തലമുറയ്ക്ക് സംഭവിക്കുന്നത്

അരാഷ്ട്രീയതയുടെ ആലസ്യത്തില്‍ ചാഞ്ഞുമയങ്ങുന്ന വിദ്യാര്‍ഥിസമൂഹത്തെ വിപണിയുടെ മായക്കാഴ്ചകളില്‍നിന്ന് തിരിച്ചറിവിന്റെ വിസ്മയങ്ങളിലേക്ക് കണ്ണുതുറപ്പിക്കുന്ന ഇടതുപക്ഷ ബദല്‍ വിദ്യാഭ്യാസ പരിപ്രേക്ഷ്യങ്ങളാണ് പുതിയ കാലം ആവശ്യപ്പെടുന്നത്. ഇന്ത്യന്‍ പൊതുവിദ്യാഭ്യാസത്തിന്റെ കഴുത്തില്‍ത്തൂങ്ങുന്ന പുത്തന്‍ വലതുപക്ഷ കടല്‍ക്കിഴവന്മാര്‍ക്ക് വിദ്യാദാനത്തിന്റെ അശ്ലീലതകള്‍ക്കപ്പുറം വിദ്യയുടെ ജനാധിപത്യവല്‍ക്കരണത്തെ ഭയപ്പാടോടെ മാത്രമേ കാണാനൊക്കൂ. കൊളോണിയല്‍ ആധുനികത സൃഷ്ടിച്ച, ഇന്ത്യന്‍ മധ്യവര്‍ഗം കൊണ്ടാടുന്ന വിദ്യാഭ്യാസവാര്‍പ്പുമാതൃകകളെ ചവിട്ടിപ്പൊളിച്ചല്ലാതെ നമ്മുടെ ക്ലാസ്‌മുറികളില്‍ വെളിച്ചം വീഴാന്‍ പോകുന്നില്ല. ജനാധിപത്യത്തിലൂന്നിയ മൂല്യവ്യവസ്ഥയാക്കി വിദ്യാഭ്യാസത്തെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. ചോരചിന്തുന്ന പോരാട്ടങ്ങളുടെ നൈരന്തര്യങ്ങളിലൂടെ മാത്രമേ ജനാധിപത്യമൂല്യങ്ങള്‍ സ്വാംശീകരിക്കാനാവൂ എന്ന ചരിത്രത്തിന്റെ ലിഖിതങ്ങള്‍ക്ക് കീഴെയാണ് സ്വന്തം ചോരകൊണ്ട് നാം ഒപ്പുവെക്കേണ്ടത്. 'ഉദയം മുതല്‍ അസ്തമയംവരെ കര്‍ത്താവിന്റെ നാമം വാഴ്ത്തപ്പെടട്ടെ' എന്ന് പറഞ്ഞ് അന്തിമയങ്ങിയാല്‍ എന്ത് പിതൃശൂന്യതയും കാട്ടുന്ന പിതാക്കന്മാര്‍ക്കും 'തോല്‍വിയില്‍ റാങ്കുനേടുന്ന കുബേര സന്തതികള്‍ക്ക് കിഴുക്കാംതൂക്കുവിധികള്‍ പടുത്തുയര്‍ത്തുന്ന' കോടതികള്‍ക്കും മധ്യേ എന്നെപ്പോലെയുള്ള കീഴാളവിദ്യാര്‍ഥികളുടെ കിനാവുകള്‍ വിറങ്ങലിച്ചുപോകുന്നു.

"രണ്ടായിരം രൂപയും ഫ്രീ ക്വാര്‍ടേഴ്സും

ദക്ഷിണവാങ്ങുന്ന ഗുരുവിന് കീഴില്‍

വിദ്യയഭ്യസിച്ചു തീസ്സിസെഴുതുന്ന

ശിഷ്യകുമാരന്‍ പറഞ്ഞു:

അധ്വാനിക്കുന്ന വര്‍ഗമെന്ന് കേട്ടാല്‍

ഗുരുവിന് കലികയറും (ശരിയാണ് !)

പോരാടുന്ന മനുഷ്യരെന്ന് കേട്ടാല്‍

സതീര്‍ഥ്യര്‍ക്ക് പുച്ഛം വരും (ശരിയാണ് ! )

-കുഞ്ഞപ്പ പട്ടാന്നൂര്‍

പൂക്കളെയും പുഴകളെയും കിനാക്കണ്ടിരുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിഷ്കളങ്കതയടക്കം തിരിച്ചറിവുകള്‍ മുഴുവന്‍ ചിതലരിച്ചുപോയ, കമ്പോള മൂല്യബോധം ആഴത്തില്‍ അലിഞ്ഞുചേര്‍ന്ന ഒരാള്‍ക്കൂട്ടത്തെ സൃഷ്ടിക്കാനുള്ള സാമ്രാജ്യത്വത്തിന്റെ ഉപാധിയാണ് ഇന്ന് വിദ്യാഭ്യാസം. പൊതുമണ്ഡലത്തില്‍നിന്ന് വിദ്യാര്‍ഥികളെ അടര്‍ത്തിയെടുത്ത് ഷോകെയ്‌സ് പീസുകളാക്കുക എന്ന ചൂഷകദൌത്യം ഏറ്റെടുത്ത് നടത്താന്‍ മാത്രം അത് അപനിര്‍മിക്കപ്പെട്ടുകഴിഞ്ഞു. ചിന്തയുടെ മരണാനന്തര ചടങ്ങുകളുടെ കുഴലൂത്താണ് അധ്യാപകരുടെ അട്ടഹാസങ്ങള്‍ക്കൊപ്പം ക്ലാസ്‌മുറികളില്‍നിന്ന് ഉയര്‍ന്നുകേള്‍ക്കുന്നത്. അടിപൊളിയിലും സെറ്റപ്പിലും അഭിരമിക്കുന്നത് അരാഷ്ട്രീയവത്കരിക്കപ്പെട്ട എംബഡഡ് (embedded) തലമുറയാണ്. " അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്‍'' എന്നു പാടിയ കുമാരനാശാന്റെ നെഞ്ചില്‍ ചവിട്ടിനിന്നുകൊണ്ടാണ് "ഒരു കിലോ അരിക്കെന്താ വില''യെന്ന് ഇവര്‍ നമ്മോട് ചോദിക്കുന്നത്.

ഇടതുപക്ഷ ബദല്‍ സംവിധാനമെന്തിനാണ്? ഇപ്പോഴുള്ള ഗ്രേഡിങ് സമ്പ്രദായം പരിഷ്കരിച്ചാല്‍പോരെ എന്ന് ചോദിക്കുന്നവരുണ്ട്. സാധ്യമല്ല എന്നാണ് ഉത്തരം. ഗ്രേഡിങ് അതിധീരമായ ചുവട് വെപ്പായിരുന്നു; പക്ഷേ അതിന്റെ സാധ്യതകള്‍ കടലാസുതാളുകളില്‍ മാത്രമായി ഒതുങ്ങിപ്പോയി. അധ്യാപനം കേവലം തൊഴില്‍ മാത്രമാണെന്നും അതിന്റെ ലക്ഷ്യം എടുപ്പിലും നടപ്പിലും പാശ്ചാത്യത സ്വാംശീകരിച്ച വിദ്യാര്‍ഥികളെ സൃഷ്ടിക്കുകയാണെന്നും ധരിച്ചുവശായ ഒരു പറ്റം അരാഷ്ട്രീയ വലതുപക്ഷ അധ്യാപകരുടെ സാന്നിധ്യമാണിതിന് കാരണം. ഇവരുടെ കൈകളില്‍ ഗ്രേഡിങ് ഒരിക്കലും സുരക്ഷിതമാവില്ല. ഗ്രേഡിങ് വിഭാവനചെയ്യുന്ന സാര്‍വത്രികാശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തവിധം ഇവര്‍ ധൈഷണികമായി ശുഷ്കിച്ചുപോയിരിക്കുന്നു. മാസാമാസം എണ്ണിവാങ്ങുന്ന 'ഗാന്ധിത്തല'കളോടുമാത്രം ആത്മാര്‍ഥത കാട്ടുന്ന ആധുനിക അധ്യാപകര്‍ പ്രാചീന ആതന്‍സിലെ സോഫിസ്റ്റുകളെയാണ് അനുസ്മരിപ്പിക്കുന്നത്. വിദ്യാര്‍ഥികളില്‍നിന്നകന്ന് അറിവിന്റെ അധികാരി ചമയുന്ന അധ്യാപകരെക്കുറിച്ച് പൌലൊഫ്രെയര്‍: "നേരെ മറിച്ച് വിദ്യാലയത്തെപ്പോലെതന്നെ പവിത്രതരനായി ദിവ്യനായി സ്വയം കരുതുന്ന അധ്യാപകന്‍ വാച്യമായും ആലങ്കാരികമായും സ്പര്‍ശിക്കാന്‍ കഴിയാത്തവനാണ്.''

ഇക്കഴിഞ്ഞ ശിശുദിനത്തില്‍, ഒരു പ്രമുഖ ദിനപ്പത്രത്തിനുവേണ്ടി വിദ്യാഭ്യാസമന്ത്രിയെ ഇന്റര്‍വ്യു ചെയ്യുന്നതിനിടെ ഈ ലേഖകന്‍ ചോദിച്ചു:

"ഗ്രേഡിങ് കൊണ്ടുദ്ദേശിച്ച ഫലങ്ങളൊന്നും കിട്ടാനിടയില്ലെന്ന നിഗമനത്തില്‍ നമുക്കൊരിടതുപക്ഷ ബദലിനെക്കുറിച്ച് ചിന്തിച്ചുകൂടെ?''

അദ്ദേഹം മറുപടി പറഞ്ഞത് അതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട് എന്നാണ്.

ഒരു ഇടതുപക്ഷ വിദ്യാര്‍ഥി എന്ന നിലയില്‍ എന്റെ ചോദ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. വിപണി മനുഷ്യനെ നിര്‍വചിക്കുന്ന കാലമാണിത്. "ഇനിയാരും അവരവരുടെ പേരില്‍ അറിയപ്പെടില്ല'' എന്നത് ഒരു മൊബൈല്‍ കമ്പനിയുടെ പരസ്യവാചകം മാത്രമല്ല ആഗോളഫിനാന്‍സ് മൂലധനത്തിന്റെ പ്രഖ്യാപിതലക്ഷ്യം കൂടിയാണ്.

ഇന്ന് ഒരു വിദ്യാര്‍ഥി പഠിക്കുന്നത് 'നാളെ'യൊരു കാലത്ത് മറ്റുള്ളവരെക്കാള്‍ സുഖിച്ച് ജീവിക്കാനാണ്. നന്മപൂക്കുന്ന ഒരു നാളെയാണ് മനുഷ്യത്വം നശിക്കാത്തവര്‍ സ്വപ്നംകാണുന്നത്. കിനാവുകളുടെ സമരഭൂമിയായ ഈ നാളെയെയാണ് ആധുനിക വിദ്യാഭ്യാസം കമ്പോള ശക്തികള്‍ക്ക് കൂട്ടിക്കൊടുക്കുന്നത്. അസഹിഷ്ണുത ഒരു പാപമാകുന്ന ഈ കാലത്താണ് മൌനം ഒരു യോഗ്യതയാവുന്നത്.

നിയോ കൊളോണിയല്‍ വിദ്യാഭ്യാസം വാര്‍ത്തെടുക്കുന്ന ഉത്തമ വിദ്യാര്‍ഥിയെക്കുറിച്ച് 'വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം' എന്ന പുസ്തകത്തില്‍ പൌലോഫ്രെയര്‍ എഴുതി:

"പൊതുവെ പറഞ്ഞാല്‍ നല്ല വിദ്യാര്‍ഥി സ്വസ്ഥത ഇല്ലാത്തവനോ ശല്യക്കാരനോ അല്ല. സംശയങ്ങള്‍ പ്രകടിപ്പിക്കുന്നവനോ പൂര്‍വസ്ഥാപിതങ്ങളായ മാതൃകകളില്‍നിന്ന് ഛേദിച്ചുപോരുന്നവനോ വസ്തുതകളുടെ പിന്നിലെ കാരണമറിയാനാഗ്രഹിക്കുന്നവനോ ശേഷി കുറഞ്ഞ ഭരണാധിപന്മാരെ അപലപിക്കുന്നവനോ അല്ല. നേരെമറിച്ച് നല്ല വിദ്യാര്‍ഥി എന്ന് പറയപ്പെടുന്നത് പറഞ്ഞത് ആവര്‍ത്തിക്കുന്നവനും വിമര്‍ശനാത്മകചിന്തയെ ത്യജിക്കുന്നവനും മാതൃകകളോട് ഇണങ്ങുന്നവനും കാണ്ടാമൃഗമാകുന്നതാണ് ഭംഗി എന്ന് കരുതുന്നവനുമാണ്.''

ഓരോ സ്കൂളും ഓരോ സ്പെഷ്യല്‍ എജുക്കേഷന്‍ സോണുകളാവുന്നു; ചിന്താശൂന്യതയുടെയും മനുഷ്യത്വനിരാസത്തിന്റെയും ഫ്രീസോണ്‍ ഏരിയ. ഇവിടെനിന്ന് പഠിച്ചിറങ്ങുന്നവരില്‍ നിന്ന് നാം എന്താണ് പ്രതീക്ഷിക്കേണ്ടത്? മൂന്നാം ലോകരാഷ്ട്രങ്ങളിലെ വിദ്യാഭ്യാസമേഖലയില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സാമ്രാജ്യത്വത്തിന്റെ കാര്യപരിപാടിയിലെ ഒരിനമാണ് 'യൂണിഫോം'. വൈവിധ്യത്തിന്റെ വിധ്വംസകത്വങ്ങള്‍ തിരിച്ചറിയുന്ന ചൂഷകശക്തികള്‍ ഒരേ ചിന്തയും ഒരേ നിറവും ഒരേ മണവുമുള്ള വിദ്യാര്‍ഥികളെ ഉത്പാദിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. ഓരോ വിദ്യാര്‍ഥിയും സ്വന്തം കുപ്പായത്തില്‍ അധീശത്വത്തിന്റെ കൈയൊപ്പുകള്‍ പേറുകയാണ്. പാവപ്പെട്ടവനും പണക്കാരനും പഠിക്കുന്ന വിദ്യാലയത്തില്‍ 'ഇല്ലായ്മ' തിരിച്ചറിയാതിരിക്കാനാണ് യൂണിഫോം എന്നാണ് വാദം. ഇല്ലായ്മകളുടെ ഐഡന്റിറ്റിയില്‍ നിന്നുകൊണ്ടുതന്നെ സ്വന്തം അവകാശങ്ങള്‍ 'ഉള്ളായ്മ'യില്‍നിന്ന് പൊരുതി വാങ്ങുന്നതിന് പകരം ഇല്ലായ്മ മറച്ചുവെക്കാനും വിപണിയുടെ വ്യത്യസ്ത അടരുകളില്‍ തിരോഭവിച്ചുപോകുവാനുമാണ് യൂണിഫോം സഹായിക്കുക.

പുത്തന്‍ മുതലാളിത്തം സൃഷ്ടിച്ച പ്രതിലോമപരതയുടെ കൂറ്റന്‍ ചിലന്തിവലകള്‍ പൊട്ടിച്ച് ഞങ്ങള്‍ ദര്‍വീശിന്റെ കവിതകള്‍ ഉറക്കെപ്പാടുകയാണ്

"ഇത് രേഖപ്പെടുത്തൂ

ഞാന്‍ മനുഷ്യരെ വെറുക്കുന്നില്ല

ആരുടെയും വസ്തുവില്‍ ഞാന്‍

അതിക്രമിച്ച് കടക്കുന്നില്ല

എന്നാല്‍ എനിക്ക് വിശന്നാല്‍

എന്റെ കവര്‍ച്ചക്കാരന്റെ മാംസം

ഞാന്‍ തിന്നും

സൂക്ഷിക്കുക സൂക്ഷിക്കുക എന്റെ വിശപ്പിനെ

എന്റെ കോപത്തെ !''

(തിരിച്ചറിയല്‍ കാര്‍ഡ്)

പെങ്ങളെപ്പോലെ കരുതേണ്ടവളെ റാഗിങ്ങിന്റെ പേരില്‍ ഉടുതുണിയഴിപ്പിക്കുകയും നൃത്തം ചെയ്യിക്കുകയും ചെയ്യുന്ന കിരാതന്മാരെ സൃഷ്ടിക്കുന്നിടത്താണ് വിദ്യാഭ്യാസം വിദ്യാഭാസമാകുന്നത്; വിദ്യാലയങ്ങള്‍ മാംസവില്‍പ്പന ശാലകളാകുന്നത്.

"ഓരോ കുട്ടിയുടെയും ഭാവിജീവിതത്തിനുവേണ്ടി ശിക്ഷണം നല്‍കുന്നത് വിദ്യാലയങ്ങളാണ്. അവിടെവെച്ച് തൊഴില്‍ വൈദഗ്ദ്യം മാത്രമല്ല സവിശേഷമായ പെരുമാറ്റച്ചട്ടങ്ങളും പരിശീലിക്കപ്പെടുന്നു. ആരോട് എങ്ങനെയൊക്കെ പെരുമാറാം എങ്ങനെയൊക്കെ പെരുമാറിക്കൂടാ തുടങ്ങി സ്വഭാവരൂപീകരണം മുതല്‍ മൂല്യബോധം വരെ അവിടെവെച്ച് ഓരോ കുട്ടിയും ആര്‍ജിക്കുന്നു. വര്‍ഗമേധാവിത്വത്തിന് വിധേയരാകുന്ന ഭാവിജീവനക്കാരും ദൃഢപ്പെടുത്തേണ്ട ഭാവിയിലെ ഉദ്യോഗസ്ഥവിഭാഗവും അവിടെവെച്ച് രൂപംകൊള്ളുന്നു. ഉല്പാദനപ്രക്രിയയിലെ വ്യത്യസ്തജോലികള്‍ നിര്‍വഹിക്കാന്‍ ഭാവി തലമുറയെ ഒരുക്കുന്ന വിദ്യാഭ്യാസം അധീശത്വ പ്രത്യയശാസ്ത്രത്തിന്റെ പരിശീലനക്കളരിയാണ്'' (കെ ഇ എന്‍).

സമുഹത്തിലെ ഓരോ ചലനത്തിലും ഉത്സുകരായ, സാമൂഹികാസമത്വങ്ങളില്‍ അസംതൃപ്തികളുള്ള, സമരോത്സുകമായ സര്‍ഗാത്മകത ചോരയിലലിഞ്ഞുചേര്‍ന്ന വിദ്യാര്‍ഥികള്‍ ചരിത്രത്തിന്റെ അനിവാര്യതയാണ്. ഇടതുപക്ഷം ആ വെല്ലുവിളി ഏറ്റെടുത്തേ മതിയാവൂ.

നെരൂദ പറഞ്ഞപോലെ,

നിങ്ങള്‍ക്കീ പൂക്കളെ കശക്കിക്കളയാം, പക്ഷേ ഈ വസന്തപ്രവാഹത്തെ തടഞ്ഞുനിര്‍ത്താനാകില്ല.

-എസ് ആര്‍ നന്ദകുമാര്‍, കടപ്പാട്: ദേശാഭിമാനി

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ..

രാഷ്ട്രീയം തെണ്ടികളുടെ അവസാനത്തെ അഭയസ്ഥാനമാണ്.

ഏറ്റവും കൂടുതല്‍ ആ‍വര്‍ത്തിക്കപ്പെട്ടിട്ടുള്ള ഈ ഉദ്ധരണിയായിരിക്കും നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളെ സംബന്ധിച്ചിടത്തൊളം അവരുടെ സ്വന്തം വാചകം. രാഷ്ട്രീയസ്പര്‍ശമുള്ള എന്തിനേയും ചെളിവാരിയെറിയുന്നത് അവര്‍ക്ക് രസമുള്ള കാര്യമാണല്ലോ ? ഒരു പക്ഷെ അവരുടെ ഏറ്റവും കടുത്ത ആക്രമണത്തിനു വിധേയരാകുന്നത് രാഷ്ട്രീയപാര്‍ട്ടികളും രാഷ്ട്രീയ നേതാക്കളുമായിരിക്കും.

ഇത്തരം ഒരു ആക്രമണത്തിന് ന്യായീകരണമുണ്ടോ? ഇന്ത്യന്‍ രാഷ്ട്രീയപ്രക്രിയ അത്തരമൊരു ആക്രമണത്തെ ന്യായീകരിക്കും വിധമൊരു പതനത്തിലേക്കാണോ നീങ്ങിക്കൊണ്ടിരിക്കുന്നത്? അത് നിലവാരത്തകര്‍ച്ചയുടെ നെല്ലിപ്പടി കണ്ടു കഴിഞ്ഞോ? അതല്ല ഇവയെല്ലാം അധികപ്രസ്താവനകളോ ഊതിപ്പെരുപ്പിച്ചവയോ ആണോ?

ഒരു റിപ്പബ്ലിക് എന്ന നിലയില്‍ ആറു ദശകങ്ങള്‍ പൂര്‍ത്തിയാക്കിയ ഈ അവസരത്തില്‍‍, ഇവയെല്ലാം അര്‍ഹിക്കുന്ന ഗൌരവത്തോടെ പരിശോധിക്കേണ്ട ചോദ്യങ്ങള്‍ തന്നെയാണ്. അറുപതിലെത്തിയ ഇന്ത്യ ഒരു ഗൌരവകരമായ ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

എങ്കിലും അത്തരമൊരു പരിശോധന തുടങ്ങുന്നതിനു മുന്‍പ് ഈ ചോദ്യം അതിന്റെ യഥാര്‍ത്ഥ പരിപ്രേക്ഷ്യത്തില്‍ ഉറപ്പിച്ച് നിര്‍ത്തേണ്ടതുണ്ട്. മറ്റു രാജ്യങ്ങളുമായോ, കുറഞ്ഞപക്ഷം ഇന്ത്യയോടൊപ്പം സ്വതന്ത്രമായ രാജ്യങ്ങളുമായോ, ഏറ്റവും കുറഞ്ഞത് മൂന്നാം ലോക രാജ്യങ്ങളുമായോ താരതമ്യം ചെയ്യുമ്പോള്‍ - മുന്‍പെ തന്നെ സ്വതന്ത്രമായിരുന്നവയും, തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥയെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ജനാധിപത്യസ്ഥാപനങ്ങളായി വികസിപ്പിക്കുന്നതിന് ആവശ്യത്തിനു അവസരം/സമയം ലഭിച്ചതുമായ രാഷ്ട്രങ്ങളെ ഒഴിവാക്കിയാല്‍ - ഇന്ത്യയും ഇന്ത്യന്‍ രാഷ്ട്രീയ രംഗവും അത്രമാത്രം മോശമായാണോ പ്രവര്‍ത്തിക്കുന്നത്?

ഇതിന്റെ ഉത്തരം തീര്‍ച്ചയായും അല്ല എന്നാണ്. ഉത്തര അമേരിക്കയിലേയോ പടിഞ്ഞാറന്‍ യൂറോപ്പിലെയോ വികസിത രാജ്യങ്ങള്‍ക്ക് പുറത്ത്, തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാല്‍ നയിക്കപ്പെട്ട ഒരു ഭരണം ഇക്കാലമത്രയും നമുക്ക് ഉണ്ടായിരുന്നു എന്ന ഒറ്റ കാര്യം തന്നെ ഇന്ത്യയുടെ സ്ഥിതി അത്ര മോശമല്ല എന്നതിന്റെ നിദര്‍ശനമാണ്. സൈനിക സ്വേച്ഛാധിപതികളുടെ ജാക്ക് ബൂട്ടുകളുടെ കാലൊച്ച ഒരിക്കല്‍പ്പോലും ജനാധിപത്യത്തിന്റെ ജീവസ്സുറ്റ മണിമുഴക്കത്തെ ഒരിക്കല്‍ പോലും ഇന്ത്യയില്‍ തടസ്സപ്പെടുത്തിയിട്ടില്ല. മിക്കവാറും വികസ്വര രാഷ്ട്രങ്ങളുമായി, പ്രത്യേകിച്ച് നമ്മുടെ അയല്‍ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ജനാധിപത്യം ഇവിടെ ആഴത്തില്‍ വേരൂന്നിയിട്ടുണ്ട്. എന്നു മാത്രമല്ല തെരഞ്ഞെടുപ്പുകളെ പ്രഹസനമാക്കുന്ന വലിയ തോതിലുള്ള തെരഞ്ഞെടുപ്പ് അഴിമതികള്‍ ഉണ്ടായതായുള്ള ആരോപണങ്ങള്‍ ഒരിക്കല്‍പ്പോലും ഇവിടെ ഉയര്‍ന്നിട്ടുമില്ല.

നമ്മുടെ ജനാധിപത്യം കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചതിനു സവിശേഷമായ കാരണങ്ങള്‍ ഉണ്ട്. ഇന്ത്യന്‍ ഭരണകൂടമെന്ന എടുപ്പ് ലെജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നീ മൂന്നു സ്തംഭങ്ങളിലാണ് നിലകൊള്ളുന്നത്. സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ ഉപോല്‍പ്പന്നമായി, നമ്മുടെ ജനതയുടെ ആശയാഭിലാഷങ്ങളില്‍ നിന്നും പ്രോദ്ഭൂതമായ നമ്മുടെ ഭരണ ഘടന, മുകളില്‍ സൂചിപ്പിച്ച ഓരോ അംഗത്തിനും പ്രവര്‍ത്തനസ്വാതന്ത്ര്യവും അവയവയുടേതായ സവിശേഷ അധികാരങ്ങളും നല്‍കുന്ന തരത്തിലാണ് എഴുതപ്പെട്ടിട്ടുള്ളത്. ഈ അധികാര വിഭജനങ്ങളൊക്കെ എല്ലായ്പ്പോഴും പരമപവിത്രമായി കാത്തുസൂക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നല്ല, പക്ഷെ എപ്പോഴൊക്കെ നടപടിക്രമങ്ങള് ലംഘിക്കപ്പെട്ടിട്ടുണ്ടോ അപ്പോഴൊക്കെ ‍, പരമാധികാരികളായ ജനങ്ങള്‍ തങ്ങളുടെ അധികാരം സ്പഷ്ടമായി പ്രയോഗിക്കുകയും സന്തുലിതാവസ്ഥ തുടര്‍ന്നും നിലനിര്‍ത്തുവാന്‍ സഹായിക്കുകയും ചെയ്തിട്ടുണ്ട്.

അങ്ങിനെയൊരു ഗൌരവകരമായ ലംഘനമായിരുന്നു 70കളുടെ മദ്ധ്യത്തിലെ ആഭ്യന്തര അടിയന്തിരാവസ്ഥ. പ്രതികൂലമായ കോടതി വിധിയില്‍ രോഷം പൂണ്ട ഇന്ദിരാഗാന്ധി, തന്റെ പദവിയില്‍ നിന്നും രാജിവെയ്ക്കുവാന്‍ വിസമ്മതിച്ചു. എന്നുമാത്രമല്ല എക്സിക്യൂട്ടീവ് ജുഡീഷ്യറിയെ നിശബ്ദമാക്കുവാനും ശ്രമിച്ചു. മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍‌ബലത്തില്‍ എക്സിക്യൂട്ടീവിനു അനുകൂലമായി ഭരണഘടന തന്നെ തിരുത്തിയെഴുതപ്പെട്ടു. പക്ഷെ ആ ഭരണഘടനാപരമായ അതിസാഹസികത വിജയം വരിച്ചില്ല. ആ ഭരണം തന്നെ തൂത്തെറിയപ്പെട്ടു.

അതുപോലെത്തന്നെ 80കളുടെ അവസാനത്തില്‍ വര്‍ഗീയശക്തികള്‍ ശക്തി പ്രാപിച്ചത് നമ്മുടെ റിപ്പബ്ലിക്കിന്റെ മതേതര അടിത്തറക്ക് ശരിക്കും ഒരു ഭീഷണിയായിരുന്നു. പക്ഷെ അപ്പോഴേക്കും നമ്മുടെ രാഷ്ടീയരംഗം തിരിച്ചറിയാനാവാത്ത വിധം മാറിക്കഴിഞ്ഞിരുന്നു. ഒരു കക്ഷിക്കും ഒറ്റക്ക് അധികാരം പ്രയോഗിക്കാനാവാത്ത അവസ്ഥ. മതേതരത്വം ഭരണ ഘടനയുടെ അടിസ്ഥാന സ്വഭാവമായി അംഗീകരിക്കപ്പെടുന്നുവെന്ന് നീതിന്യായവ്യവസ്ഥയും ഉറപ്പ് വരുത്തി. ഭരണഘടന പുനഃപരിശോധിക്കാന്‍ ബി.ജെ.പി ഗവര്‍മ്മെണ്ട് നീക്കം നടത്തിയെങ്കിലും അതിനുള്ള ഭേദഗതി പ്രമേയം അവതരിപ്പിക്കാന്‍ പോലുമവര്‍ക്കായില്ല.

ഇന്നിപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയം കൂടുതല്‍ കൂടുതല്‍ ബഹുധ്രുവീയമായിക്കൊണ്ടിരിക്കുകയാണ്. സമീപ ഭാവിയിലൊന്നും ഏകകക്ഷി ഭരണത്തിനുള്ള സാദ്ധ്യത കാണുന്നില്ല. വംശീയതയുടേയും സാമൂഹികമായ അന്തരങ്ങളുടേയും, പ്രാദേശിക വികസനത്തിലെ അസന്തുലിതാവസ്ഥയുടെയും, ഭാഷാപരവും സാംസ്കാരികവുമായ ബഹുസ്വരതയുടേയും ഒക്കെ വൈവിധ്യം പ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യ എന്ന രാഷ്ട്രവും സമൂഹവും ഘടനാപരമായി ഒരു വിശാലസഖ്യമാണല്ലോ? നമ്മുടെ രാ‍ഷ്ട്രീയ പ്രക്രിയയിലും ഇത് ദൃശ്യമാകേണ്ടതാണ്.

അപഭ്രംശങ്ങളില്ല എന്നല്ല. അഴിമതിയുണ്ട്- അഴിമതിക്കാരായ രാഷ്ട്രീയക്കാരും. ഔദ്യോഗികമായ പിടിപ്പുകേടുണ്ട്, ചില സന്ദര്‍ഭങ്ങളില്‍ നിയമനിര്‍മ്മാണതലങ്ങളിലെ കാര്യക്ഷമതാരാഹിത്യവും. എന്തിനേറെ ഈയിടെയായി കോടതികളുടെ ഭാഗത്തുനിന്നുമുള്ള അധിക്രമണപ്രവണത പോലുമുണ്ട്. ഇതൊക്കെ നടപടിക്രമങ്ങളിലും (ഭരണഘടനാ)സ്ഥാപനങ്ങളിലും സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ മുന്‍‌നിരയിലേക്ക് വന്ന രാഷ്ട്രീയ നേതാക്കളുടെ പൊതുസ്വഭാവമായിരുന്ന ആദര്‍ശാത്മകത നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഇത് അസ്വാഭാവികമൊന്നുമല്ല. എങ്കിലും അപഭ്രംശങ്ങള്‍ ഭരണഘടനയാല്‍ നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ള നടപടിക്രമങ്ങളെ കീഴ്പ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ ജനാധിപത്യവും അതിന്റെ രാഷ്ട്രീയ സംവിധാനവും സജീവവും ചലനാത്മകവുമാണ്.

സര്‍വനാശത്തെക്കുറിച്ചുള്ള ഭീതി പൂണ്ട മനോഭാവം ദോഷദര്‍ശനപരവും അമിതവുമാണ് എന്നു പറയാതെ വയ്യ. എന്നാല്‍ അന്താരാഷ്ട്ര ഫൈനാന്‍സ് മൂലധനത്തിന്റെ ആശീര്‍വാദമുള്ള, ആരോടും കണക്കു പറയേണ്ടതില്ലാത്ത, നിയോ ലിബറല്‍ കാഴ്ചപ്പാടിനോടു കൂറുപുലര്‍ത്തുന്ന വിദഗ്ദരേയും മാധ്യമ പ്രഭുക്കളേയും ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ നേതാക്കളുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നതെന്നു നാം കാണാതിരുന്നുകൂടാ.

Wednesday, January 30, 2008

ഭരത് ഗോപിക്ക് യാത്രാമൊഴി

മിനുസവും ശബളവുമായ സൌന്ദര്യബോധത്തിലൂന്നിയ കപടമായ ഒരു പ്രസന്നത നിറഞ്ഞുനിന്ന നടനപ്രതലത്തെയാണ് പത്രഭാഷയില്‍ പറഞ്ഞാല്‍ 'യാഥാര്‍ത്ഥ്യത്തിന്റെ പരുക്കന്‍ കാഴ്ചകളിലേക്ക്' ഗോപി വഴി തിരിച്ചുവിട്ടത്. എഴുപതുകളുടെ തുടക്കത്തോടെ, സംവിധായകരും എഴുത്തുകാരും ഛായാഗ്രാഹകരും നടീനടന്മാരും നിര്‍മാതാക്കളും മറ്റുമായി മലയാള സിനിമയിലൊരു വിഭാഗം പ്രവര്‍ത്തകര്‍ നിര്‍വഹിക്കാന്‍ ആരംഭിച്ച വ്യത്യസ്തതക്കുവേണ്ടിയുള്ള തീവ്രാന്വേഷണത്തിന്റെ അഭേദ്യ ഭാഗമായിത്തന്നയാണ് ഗോപിയുടെ അഭിനയാരംഭത്തെയും അടയാളപ്പെടുത്തേണ്ടത്.

ഹിന്ദി സിനിമയിലെ സമാന്തരപക്ഷം, ഓംപുരി, നസീറുദ്ദീന്‍ ഷാ, സ്മിതാപാട്ടീല്‍, ശബാനാ ആസ്മി എന്നിവരിലൂടെ അടയാളപ്പെട്ടതുപോലെ മലയാള സിനിമയിലെ സമാന്തരപക്ഷത്തെ അടയാളപ്പെടുത്താന്‍ അക്കാലത്ത് ഒരേ ഒരു നടന്‍ - ഗോപി - മാത്രമാണുണ്ടാ യിരുന്നത്. അദ്ദേഹത്തോടൊപ്പം സിനിമയിലെത്തിയ മറ്റു പലരും സമാന്തര സിനിമക്കോടൊപ്പം മധ്യവര്‍ത്തി, മുഖ്യധാരാ സിനിമകളിലും വിവേചനമധികമില്ലാതെ അഭിനയിച്ചുതള്ളിയ കാലത്താണ് ഗോപി ഇത്തരമൊരു കടും പിടുത്തം പിടിച്ചതെന്നാര്‍ക്കണം.

അന്നത്തെക്കാലത്ത് സമാന്തര സിനിമക്കാരല്ലാത്ത മുഖ്യധാരക്കാര്‍, ഗോപിയുടേതു പോലുള്ള ഒരു മുഖവും നടനപ്രകൃതവും തങ്ങളുടെ സിനിമകളുടെ നായകപ്രരൂപത്തിനും അതിന്റെ മുന്‍കൂട്ടി നിശ്ചയിക്കപ്പെടുന്ന പ്രേക്ഷകവൃന്ദത്തിനും അനുയുക്തമാവില്ല എന്നു തീരുമാനപ്പെടുത്തിയിട്ടുമുണ്ടാവും. തന്റെ മറ്റു പല സമകാലികരെയും പോലെ നാടകത്തില്‍ നിന്ന്, അതും കച്ചവട താല്‍പര്യമേതുമില്ലാത്ത അമേച്വര്‍ നാടകത്തിന്റെ തീക്ഷ്ണമായ പരീക്ഷണപ്പാതകളില്‍ നിന്നാണ് ഗോപിയുടെ നടനസമ്പ്രദായം പരുവപ്പെട്ടുവന്നത്. അതില്‍ സ്വാഭാവികതക്കു പകരം നാടകീയതക്കു തന്നയാണ് മുന്‍തൂക്കം. അതു കൊണ്ട് കച്ചവടസിനിമകളില്‍ പതിവുള്ളതു പോലെ നടനും താരത്തിനുമനുസരിച്ചുള്ള കഥാപാത്രസൃഷ്ടിക്കു പകരം ചലച്ചിത്രകാരന്റെ മനസ്സിലുരുവപ്പെട്ടുവരുന്ന കഥാപാത്രത്തെ തന്മയത്വത്തോടെ ആവിഷ്ക്കരിക്കാന്‍ പറ്റിയ കൃത്യതയാര്‍ന്ന നടനവ്യക്തിത്വം ഗോപിയില്‍ അതിനകം സന്നിവേശിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

നിരീക്ഷണം അഥവാ ഒബ്‌സര്‍വേഷനില്‍ നിന്നാണ് അഭിനയം ആരംഭിക്കുന്നതെന്ന സിദ്ധാന്തത്തെ ഗോപി ഖണ്ഡിക്കുന്നു. 'ഒബ്‌സര്‍വേഷന്‍ എന്ന നിബന്ധന ഞാന്‍ സ്വീകരിക്കുന്നില്ല '. (അഭിനയം അനുഭവം - ഭരത് ഗോപി - പേജ് 47) അഭിനേതാവിന്റെ സര്‍ഗാത്മക വ്യക്തിത്വം ഏതു സത്തയെയാണ് ആന്തരീകരിക്കുന്നത് ? നടന്‍ എന്നത് സംവിധായകന്റെ / സ്രഷ്ടാവിന്റെ വെറും ഒരടിമ മാത്രമല്ലേ ? ഈ അടിമപ്പണിയില്‍ നിന്നുപരിയായി ഒരഭിനേതാവ് ചലിക്കുന്നുണ്ടങ്കില്‍ അത് കലാവതരണത്തിന്റെ അച്ചടക്കത്തെ അതിലംഘിക്കലാകില്ലേ ? ഉത്തരങ്ങള്‍ കൃത്യമല്ലാത്ത ഇത്തരം നിരവധി അടിസ്ഥാന പ്രഹേളികകളുടെ വൈരുദ്ധ്യങ്ങളും സങ്കീര്‍ണതകളുമാണ് യഥാര്‍ത്ഥത്തില്‍ കലയുടെ സൌന്ദര്യത്തെ പ്രവചനാതീതമാക്കുന്നത്. ഗോപി ഈ പ്രതിസന്ധിയെ ഇങ്ങനെയാണ് സമീപിക്കുന്നത്. 'നടന്‍ സംവിധായകന്റെ കൈയിലെ ഉപകരണം മാത്രമാണ് എന്ന് സംവിധയകന്‍ പറഞ്ഞാല്‍ അത് സംവിധായകന്റെ അഹന്തയാണ്. എന്നാല്‍ ഒരു നടന്‍ താന്‍ സംവിധായകന്റെ കൈയില്‍ ഉപകരണം പോലെയാണ് എന്നു പറഞ്ഞാല്‍ അതാണ് നടന്റെ ഭവ്യത'(അഭിനയം അനുഭവം - ഭരത് ഗോപി - പേജ് 21).

അസൂയക്കാരന്‍, മന്ദബുദ്ധി, വിഡ്ഢി, കാമാര്‍ത്തന്‍, സ്ത്രീ പീഡകന്‍, ലൈംഗിക ദാരിദ്ര്യമനുഭവിക്കുന്നവന്‍, നീതി പാലകന്‍, ചിത്തഭ്രമക്കാരന്‍, കവി എന്നിങ്ങനെ ആണത്തത്തിന്റെ നിരവധി പീഡാവസ്ഥകളാണ് ഗോപിയിലൂടെ മലയാള സിനിമയിലാവിഷ്ക്കരിക്കപ്പെട്ടത്. അതിലേതെങ്കിലുമൊരു വേഷം, മറ്റേതെങ്കിലുമൊരു നടന്‍ അവതരിപ്പിക്കുന്നതെങ്ങനെ എന്ന് നേരമ്പോക്കിനുവേണ്ടിപ്പോലും ആര്‍ക്കും ഇനിയൊരുകാലത്തും ആലോചിക്കേണ്ട ആവശ്യം പോലുമില്ല . കാരണം അത്രയും അനശ്വരതയോടെയാണ് അദ്ദേഹം അവയിലേക്കൊക്കെയും സ്വയം ഉരുകിയൊലിച്ചു പരുവപ്പെട്ടത്.

ഗോപിയുടെ പരിമിതസമയത്തേക്കുള്ളതെങ്കിലും നിര്‍ണായകവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതുമായ സാന്നിദ്ധ്യമുള്ള, 'സ്വയംവരം' (അടുര്‍ ഗോപാലകൃഷ്ണന്‍- ചിത്രലേഖാ ഫിലിം സൊസൈറ്റി) എന്ന സിനിമ പൂര്‍ത്തിയായത് 1971ലാണെങ്കില്‍ തൊട്ടുമുമ്പത്തെ വര്‍ഷമാണ് പി എന്‍ മേനോന്‍ എം ടി വാസുദേവന്‍ നായര്‍ കൂട്ടുകെട്ടിന്റെ 'ഓളവും തീരവും' എന്ന ചിത്രം ഇറങ്ങിയത്. 'ഓളവും തീരവും' എന്ന ചിത്രത്തില്‍ ഇല്ലാത്ത അല്ലെങ്കില്‍ ആ ചിത്രത്തിന്റെ സ്രഷ്ടാക്കള്‍ വിഭാവനം ചെയ്തിട്ടില്ലാത്ത എന്തൊക്കെ നവീനതകളാണ് 'സ്വയംവര'ത്തോടെ ആരംഭിക്കുന്നത് ? കേരളീയ നവോത്ഥാനം, മലയാള സാഹിത്യം, സ്വാതന്ത്ര്യ സമര / ലബ്ധി കാലത്തുള്ള ദേശീയബോധം എന്നിങ്ങനെയുള്ള യഥാര്‍ത്ഥാനുഭവങ്ങളില്‍ നിന്ന് ഊര്‍ജം ഉള്‍ക്കൊണ്ട് മെല്ലെയാണെങ്കിലും സ്വയം പക്വമാവുന്ന ഒരു മലയാള സിനിമയുടെ വളര്‍ച്ച 'ഓളവും തീരവും' എന്ന ചിത്രത്തില്‍ ദര്‍ശിക്കാമായിരുന്നു. മതമൈത്രി, നാട്ടുഭാഷാ വഴക്കങ്ങള്‍, പ്രണയത്തിന്റെയും ലൈംഗികതയുടെയും നൈസര്‍ഗിക ചോദനകള്‍ എന്നിങ്ങനെ 'ഓളവും തീരവും' ആവിഷ്ക്കരിച്ചു വിജയിപ്പിച്ച ഘടകങ്ങള്‍ അതേ പോലെ അഥവാ അതിന്റെ തുടര്‍ച്ചയായി ഉള്‍ക്കൊള്ളാന്‍ പിന്നീടുള്ള മലയാള സിനിമക്കെന്തുകൊണ്ട് സാധിക്കാതെ പോയി? ഗോപിയിലൂടെ അടയാളപ്പെട്ട പുതിയ മലയാള സിനിമക്ക് ഈ സ്വാഭാവികവും ക്രമാനുഗതവുമായ വളര്‍ച്ചയുടെ മൂല്യങ്ങളെ കൈയൊഴിയേണ്ടിവന്നു എന്ന ദു:ഖ യാഥാര്‍ത്ഥ്യം വ്യക്തമാക്കാതിരിക്കാനുമാവില്ല.

'തമ്പി'(അരവിന്ദന്‍)ലെ സര്‍ക്കസ് മാനേജരായും 'പെരുവഴിയമ്പല'(പത്മരാജന്‍)ത്തിലെ വിശ്വംഭരനായും 'യവനിക'(കെ ജി ജോര്‍ജ്)യിലെ തബലിസ്‌റ്റ് അയ്യപ്പനായും 'ഓര്‍മക്കായി'(ഭരതന്‍)യിലെ നന്ദുവായും 'സന്ധ്യമയങ്ങും നേര'(ഭരതന്‍)ത്തിലെ ജഡ്ജിയായും 'കാറ്റത്തെ കിളിക്കൂടി'(ഭരതന്‍)ലെ ഷേക്സ്പിയര്‍ കൃഷ്ണപിള്ളയായും 'പാളങ്ങളി'(ഭരതന്‍)ലെ റെയില്‍വേ ജീവനക്കാരന്‍ വാസുവേട്ടനായും ചിദംബര'(അരവിന്ദന്‍)ത്തിലെ ശങ്കരനായും 'ഓര്‍മകളുണ്ടായിരിക്കണം'(ടി വി ചന്ദ്രന്‍) എന്ന ചിത്രത്തിലെ വിചിത്രസ്വഭാവക്കാരനായ വാടകക്കെട്ടിടമുടമസ്ഥനായും 'സൂസന്ന'(ടി വി ചന്ദ്രന്‍) യിലെ റിട്ടയര്‍ഡ് ഹൈക്കമ്മീഷണര്‍ കെ പി ഗോവര്‍ദ്ധനന്‍ പിള്ളയായും അഭിനയിക്കുമ്പോള്‍ താന്‍ നിരീക്ഷിച്ച് ഓര്‍മയില്‍ സൂക്ഷിച്ച ഏതെങ്കിലും ഒരു കഥാപാത്രത്തെ പുനരാവിഷ്ക്കരിക്കുകയോ, അതുമല്ലെങ്കില്‍ തന്റെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന ഏതൊക്കെയോ ഭാവത്തെ 'പൊടി തുടച്ച്' പുറത്തെടുക്കുയോ ഒന്നുമല്ല അദ്ദേഹം ചെയ്യുന്നത്.

ഗോപിക്ക് ഭരത് അവാര്‍ഡ് നേടിക്കൊടുത്ത 'കൊടിയേറ്റ'(അടുര്‍ ഗോപാലകൃഷ്ണന്‍)ത്തിലെ പ്രസിദ്ധമായ വേഷം ശങ്കരന്‍കുട്ടിയെ തന്ന എടുക്കുക. യാതൊരു ചുമതലാബോധവുമില്ലാതെ കണ്ടിടം നിരങ്ങി നടന്ന് ആഹാരവും കഴിച്ച് ആര്‍ക്കുവേണ്ടിയും അടിമപ്പണി ചെയ്ത് ഉത്സവങ്ങളെല്ലാം കണ്ടു നടക്കുന്ന ഈ വ്യക്തി മനുഷ്യപ്രകൃതത്തെക്കുറിച്ചുള്ള ഒരധ്യാരോപമാണ്. ഇയാളെപ്പോലെ ഒരാള്‍ അഥവാ അനേകര്‍ എവിടെയോ ജീവിക്കുന്നുണ്ട് / ജീവിക്കുന്നില്ല . അത്തരക്കാരെ സഹതാപത്തോടെ അനുസ്മരിക്കാനുള്ള സിനിമയല്ല 'കൊടിയേറ്റം'. മനുഷ്യവ്യക്തിത്വത്തെക്കുറിച്ച് അഥവാ പൌരുഷത്തെക്കുറിച്ചുള്ള ഒരു നവയാഥാര്‍ത്ഥ്യ കല്‍പനയാണ് അത്. ആ തരത്തില്‍ നോക്കുമ്പോള്‍, കൃത്രിമമായ ഒരാലോചന. കൃത്രിമം എന്ന് നാം സാധാരണ പ്രയോഗിക്കുമ്പോളുള്ള നെഗറ്റീവ് അര്‍ത്ഥത്തിലിതിനെ എടുക്കേണ്ടതില്ല.ഗോപി തന്നെ പുതിയ സിനിമയെക്കുറിച്ച് പറയുന്നതിങ്ങനെയാണ്. 'തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 'ആര്‍ട് ' സിനിമയുടെ ബാനറില്‍ പല ചലച്ചിത്രകാരന്മാരും ശ്രമങ്ങള്‍ നടത്തിനോക്കി. പക്ഷേ, യൂറോപ്യന്‍ സിനിമാസംസ്ക്കാരത്തിന്റെ സ്വാധീനവും യാഥാര്‍ത്ഥ്യബോധത്തോടുള്ള പ്രമാദോന്മുഖമായ സമീപനവും മൂലം അത്തരം സിനിമകള്‍ സഹൃദയഹൃദയാഹ്ലാദകരമല്ലാതായി ഭവിച്ചു'. (അഭിനയം അനുഭവം - ഭരത് ഗോപി - പേജ് 41). 'സ്വയംവര'ത്തിനു ശേഷം അടൂര്‍ പോലും ലളിതവല്‍ക്കരണത്തിന്റെ മാര്‍ഗം സ്വീകരിച്ചു എന്ന് ഗോപി തുടര്‍ന്ന് നിരീക്ഷിക്കുന്നുണ്ടെങ്കിലും യൂറോപ്യന്‍ ഭാവുകത്വത്തിന്റെ ബാധയില്‍ നിന്ന് അത്തരം സിനിമകളും മുക്തമായിരുന്നുവെന്ന് കരുതാന്‍ വയ്യ. അഥവാ അത്തരമൊരു ബാധയൊഴിക്കല്‍, മാറിത്തീര്‍ന്ന ലോക സാഹചര്യത്തിലും ഇന്ത്യന്‍ സാഹചര്യത്തിലും കേരള സാഹചര്യത്തിലും സാധ്യമാവുമോ എന്ന ഗുരുതരമായ പ്രശ്നവും കാണാതിരുന്നുകൂടാ. മലയാളസിനിമയുടെ ഭാവുകത്വ പരിണാമത്തില്‍ നിര്‍ണായകമായ പരിവര്‍ത്തനത്തിന് തുടക്കം കുറിക്കും എന്ന് സംവിധായകനായ കെ പി കുമാരന്‍ അവകാശപ്പെടുന്ന ആകാശഗോപുരത്തിലെ പ്രധാനപ്പെട്ട വേഷത്തിലാണ് ഗോപി അവസാനമായി അഭിനയിച്ചത്.

നാടകസങ്കേതത്തില്‍ ജി ശങ്കരപ്പിള്ള സമാനമെന്നു കരുതാവുന്ന വിധം, യൂറോപ്യന്‍ ആധുനികതയുടെ സ്വാധീനത്തില്‍ സഞ്ചരിച്ചപ്പോള്‍ അതില്‍ വിരക്തി തോന്നി കാവാലം സ്കൂളിന്റെ തനതു - പ്രാദേശിക - കേരളീയ - ഭാരതീയ ശൈലിയിലുറച്ചുനിന്നയാളാണ് താന്‍ എന്ന് ഗോപി തന്നെ അവകാശപ്പെടുന്നുണ്ട്. “മലയാള നാടകവേദിയെക്കുറിച്ചുള്ള സങ്കല്‍പങ്ങളും എന്നില്‍ മുളയിട്ടത് ശങ്കരപ്പിള്ളസാറുമായുള്ള സമ്പര്‍ക്കത്തിലാണ്. പക്ഷേ, ആധുനികനാടക സമ്പ്രദായങ്ങളിലും അതിനു സ്വീകരിക്കുന്ന വിഷയങ്ങളിലും പാശ്ചാത്യസ്വാധീനം സംഭവിച്ചുകണ്ടപ്പോള്‍ എതിര്‍ക്കാതിരിക്കാനായില്ല . എന്റെ സങ്കല്‍പത്തിലെ നാടകവേദി മലയാളമണ്ണില്‍ ഉറച്ചു നില്‍ക്കുന്നതും ഭാരതീയസംസ്കൃതിയെ അടിസ്ഥാനമാക്കുന്നതും ആണെന്നിരിക്കെ, രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികളിലും വ്യവസായവല്‍ക്കരണത്തിലും നിന്നുളവായ ജീവിതനിഷേധത്തില്‍ ശ്രദ്ധ കൊടുക്കുന്ന യൂറോപ്യന്‍ നാടകവേദിയാണ് മലയാള നാടകവേദിയുടെ മാതൃകയാകേണ്ടതെന്ന വാദഗതി അംഗീകരിച്ചുകൊടുക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല . ഇന്നും അതേ അഭിപ്രായം തന്നെ. അതുകൊണ്ടുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ എനിക്കും ശങ്കരപ്പിള്ളസാറിനുമിടക്ക് വിള്ളലുണ്ടാക്കുകയും നാടകപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഇടവരുകയും ചെയ്തു. ശങ്കരപ്പിള്ള സാര്‍ തൃശൂരിലെ സ്ക്കൂള്‍ ഓഫ് ഡ്രാമയിലേക്കും എന്റെ നാടകരംഗം കാവാലം നാരായണപ്പണിക്കരുടെ തിരുവരങ്ങിലേക്കും മാറി ”. (അഭിനയം അനുഭവം - ഭരത് ഗോപി - പേജ് 34).

എന്നാല്‍ സിനിമയില്‍ അത്തരമൊരു തിരിച്ചുനടത്തം അദ്ദേഹത്തിന് എന്തുകൊണ്ട് സാധിക്കാതെ പോയി ? പ്രത്യേകിച്ചും ഇന്ത്യയിലക്കാലത്ത് രൂപപ്പെട്ട സാംസ്ക്കാരിക ദേശീയതയുടെ പ്രഖ്യാപിത വക്താവു തന്നെയാണ് താന്‍ എന്ന് അദ്ദേഹം അവകാശപ്പെട്ടിരിക്കെ. ഒരു പരിധി വരെ കര്‍മ - മോക്ഷ- വിരക്തി - ത്യാഗ സിദ്ധാന്തങ്ങളിലധിഷ്ഠിതമായ ഹൈന്ദവബോധത്തെ ആവാഹിക്കുന്ന കഥാപാത്രത്തെ അദ്ദേഹത്തിന് അവതരിപ്പിക്കാനായത് 'ചിദംബര'ത്തിലാണ്. "ചിദംബരം' എന്റെ മികച്ച ചിത്രങ്ങളിലൊന്നാണെന്നു ഞാന്‍ കരുതുന്നില്ല , എന്തു കൊണ്ടാണീ ചിത്രം ഇത്രയേറെ സ്വീകരിക്കപ്പെട്ടതെന്നും ഞാന്‍ അത്ഭുതപ്പെടുന്നു. അത്രത്തോളം മഹത്വം ഇച്ചിത്രത്തിന് ഏതായാലുമില്ല '.(അരവിന്ദന്‍ ‍/ അരവിന്ദന്റെ കല, പേജ് 137) ഓര്‍മകളാണ് സി വി ശ്രീരാമന്റെ കഥാഖ്യാനത്തിന്റെ എക്കാലത്തെയും ആസക്തി. ഓര്‍മകളാര്‍ക്കാണുള്ളത്; സവര്‍ണര്‍ക്കല്ലാതെ? അതുകൊണ്ട്, ഇടതാഭിമുഖ്യം നിലനിര്‍ത്തിയപ്പോഴും സി വി ശ്രീരാമന്റെ കഥകളുടെ ചായ്‌വ് ഹൈന്ദവതയുടെ വലതുകളിലേക്ക് നീങ്ങാനുള്ള പ്രവണത പ്രകടമായിരുന്നു. ഈ പ്രവണതയുടെ മികച്ച ഉദാഹരണമാണ് 'ചിദംബര'ത്തിനാധാരമായ കഥ. 'ചിദംബരം വിശ്വാസവഞ്ചനയിലേക്ക് നയിക്കുന്ന സ്ത്രീപുരുഷബന്ധത്തിന്റെ സൂക്ഷ്മപരിശോധനയാണ്. വിശ്വാസവഞ്ചന ആത്മഹത്യയിലേക്കും കുറ്റബോധത്തിന്റെ പാപസ്ഥലികളിലേക്കും മനുഷ്യരെ കൊണ്ടെത്തിക്കുന്നു'. (അരവിന്ദന്‍ & ഹിസ് ഫിലിംസ് / ചലച്ചിത്ര ഫിലിം സൊസൈറ്റി, തിരുവനന്തപുരം). ചിദംബരത്തെ ശിവക്ഷേത്രസന്നിധിയില്‍ ആശ്വാസം തേടിയെത്തുന്ന പാപിയായ കഥാനായകന് മൂലകഥയില്‍ പേരില്ലെങ്കില്‍ സിനിമയില്‍ താന്‍ അഭയം പ്രാപിക്കാന്‍ പോകുന്ന ദൈവത്തിന്റെ പേരു തന്നയാണയാള്‍ക്ക് - ശങ്കരന്‍. നടരാജനൃത്തത്തില്‍ ലോകചലനത്തെ ദര്‍ശിക്കാമെന്ന മനോഹരസങ്കല്‍പത്തെ ഉദാത്തീകരിക്കുന്ന ശ്രീരാമന്റെയും അരവിന്ദന്റെയും ആത്മീയവീക്ഷണം അതിന്റെ മതാത്മകതയെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് ആര്‍ക്കും ആസ്വദിക്കാവുന്നതേ ഉള്ളൂ. എന്നാല്‍, ഈ വേഷത്തില്‍ ഗോപി അനുഭവിച്ചിരിക്കാനിടയുള്ള ആത്മനിര്‍വൃതി അദ്ദേഹത്തിന്റെ സംസ്കാര - രാഷ്ട്രീയ- കലാ - ചലച്ചിത്ര വീക്ഷണത്തെ പ്രത്യക്ഷവല്‍ക്കരിക്കുന്നു. "ചിദംബരത്തിന്റെ പ്രമേയം മറ്റൊരു അന്തരീക്ഷമായിരുന്നു. ചിലപ്പോള്‍ പ്രസന്നം, ചിലപ്പോള്‍ ആത്മനിന്ദ, ചിലപ്പോള്‍ ............................................. സങ്കീര്‍ത്തനത്തിന്റെ ഉച്ചസ്ഥായിയില്‍ പശ്ചാത്താപവിവശനായിപ്പോകുന്ന മനുഷ്യന്റെ പാപബോധത്തിന്റെ ഭാരം ചിദംബരത്തില്‍ കനത്തു നില്‍ക്കുന്നു. ഒപ്പം പാപമോചനത്തിന്റെ ശാന്തിയും'. (അഭിനയം അനുഭവം - ഭരത് ഗോപി - പേജ് 26). പാമ്പ് ഉറയൂരുന്നതുപോലെ ഓരോ വേഷവും അഴിച്ച് വീണ്ടും സ്വത്വത്തിലേക്ക് മടങ്ങിപ്പോകുന്ന നടന്റെ ആത്മസംഘര്‍ഷം സ്വത്വ സ്‌മൃതികളെ കൂടുതല്‍ പ്രകടനാത്മകമാക്കാനും ആശ്രയിക്കാനും പ്രേരിപ്പിക്കുന്നുണ്ടാകും.

ഏതു തരത്തിലുള്ള ചരിത്ര സന്ദര്‍ഭമാണ് ഗോപിയെപ്പോലെ ഒരു നടനെ സാധ്യമാക്കിയത് എന്ന ചോദ്യവും ആ ചരിത്ര ഘടനയും ഗോപിയുടെ വ്യക്തിത്വസങ്കീര്‍ണതകളും തമ്മിലുള്ള സംഘര്‍ഷം, വൈജാത്യം, പാരസ്പര്യം, സംലയനം എന്നിങ്ങനെ നിരവധി ഘടകങ്ങളും സ്‌മരണയുടെ അവസരത്തില്‍ ഉയര്‍ന്നു വരുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ പരിമിതമായ വിഭവങ്ങളില്‍ കുടുങ്ങിക്കിടന്ന് ശ്വാസം മുട്ടിയിരുന്ന മലയാള സിനിമ അതിന്റെ ദൃശ്യ - ആഖ്യാന സാധ്യതകളെ തിരിച്ചറിഞ്ഞത് തീര്‍ച്ചയായും എഴുപതുകളിലെ ആധുനികസിനിമയുടെ ആവിര്‍ഭാവത്തോടെയാണ്. സിനിമ ക്യാമറക്കു മുമ്പിലാടുന്ന വെറുമൊരു നാടകമല്ലെന്നും അതിന്റെ ഭാഷയും വ്യാകരണവും ആസ്വാദനരീതിയും വ്യത്യസ്തമാണെന്നുമുള്ള തിരിച്ചറിവ് പ്രബലമാക്കുന്നതില്‍ ഫിലിം സൊസൈറ്റികളും ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ട് സങ്കല്‍പങ്ങളും വഹിച്ച പങ്ക് നിര്‍ണായകമാണ്. എന്നാല്‍ ആ തിരിച്ചറിവിനെ കേവലം സാങ്കേതികം മാത്രമാക്കി ആഘോഷിക്കുകയും അതിന്റെ സാമൂഹ്യ - രാഷ്ട്രീയ വികാസങ്ങളെ അഭിമുഖീകരിക്കാതിരുന്നതുമാണ് മലയാള സിനിമയിലെ ആര്‍ട് സിനിമ ആര്‍ക്കും വേണ്ടാത്ത വിധം അനാഥമായിത്തീര്‍ന്നതിന്റ പ്രധാന കാരണം. ഗോപിയുടേതു പോലെ വ്യത്യസ്തവും ശൈലീവത്കൃതവും അതേ സമയം നാടകചലനങ്ങളില്‍ നിന്ന് അത്ഭുതകരമായി വിടുതല്‍ പ്രാപിച്ചതുമായ അഭിനയശൈലി ഏറ്റവും ജനപ്രിയമായിത്തീരാതിരുന്നതിനും കാരണം മറ്റൊന്നല്ല.

-ജി.പി.രാമചന്ദ്രന്‍

Tuesday, January 29, 2008

മെഡിക്ലെയിം: സാമൂഹ്യസുരക്ഷ പഴങ്കഥ

ആഗോളീകരണവും നവലിബറലിസവും ലാഭം എന്ന മന്ത്രം മാത്രമാണ് ഉരുവിടുന്നത്. സാമൂഹ്യസുരക്ഷ, സബ്‌സിഡി, ക്രോസ് സബ്‌സിഡി, പ്ലാനിംഗ് തുടങ്ങിയ പദങ്ങളൊക്കെ ഈ വ്യവസ്ഥയില്‍ കീഴില്‍ നിഷിദ്ധമാണ്. കാര്യക്ഷമതയുടെ ഏകമാനദണ്ഡം ലാഭമത്രേ. ലാഭമുണ്ടാക്കാനുള്ള ഏകമാര്‍ഗ്ഗം തൊഴിലാളികളെ ചൂഷണം ചെയ്യുക എന്നതാണ്. അതിന്, സാമൂഹ്യ ക്ഷേമം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും കമ്പോളത്തെ ഏല്‍പ്പിക്കുക എന്നതാണ് നവലിബറലിസത്തിന്റെ വഴി. കമ്പോളം നിയന്ത്രിക്കുന്നതാകട്ടെ വന്‍കിട കുത്തകകളും. കമ്പോളമാണ് ദൈവം എന്നൊക്കെ പറയുന്നത് വെറും വാചകമടി മാത്രം. യഥാര്‍ത്ഥ ദൈവം കുത്തകതന്നെ.

ഇന്‍ഷുറന്‍സ്, അടിസ്ഥാനപരമായി, സ്വകാര്യസ്വത്തിന് സംരക്ഷണം നല്‍കുന്ന ഒരു മുതലാളിത്ത ഉല്പന്നമാണെങ്കിലും അതിനെ സാമൂഹ്യസുരക്ഷയ്ക്കുള്ള ശക്തമായ ഒരു ഉപകരണമാക്കി മാറ്റാന്‍ കഴിയും എന്ന് മൂന്നു ദശകംകൊണ്ട് ഇന്ത്യയിലെ പൊതുമേഖലാ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന്, ഈ നവലിബറല്‍ കാലഘട്ടത്തില്‍, നാഴികമണി പുറകോട്ടാണ് തിരിയുന്നത്. അതുകൊണ്ട് ഇന്‍ഷുറന്‍സും പുറകോട്ടുപോകുന്നു - 1971-ന് മുന്‍പുള്ള കാലത്തേയ്ക്ക്. സ്വകാര്യകമ്പനികളെ സഹായിക്കുക എന്നതായിരിക്കുന്നു ഇന്ന് പൊതുമേഖലാ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളുടെ ലക്ഷ്യം. അതിന്റെ ഭാഗമായി അവര്‍ പുതിയ മെഡിക്ലെയിം പോളിസി രംഗത്തിറക്കിയിരിക്കുന്നു. നാലു കമ്പനികള്‍ നാലുതരത്തിലുള്ള പോളിസികളാണ് ഇപ്പോള്‍ വില്‍ക്കുന്നത്. 15000 രൂപയുണ്ടായിരുന്ന ചുരുങ്ങിയ ഇന്‍ഷുറന്‍സ് തുകയുടെ പരിധി അന്‍പതിനായിരവും, ഒരുലക്ഷവുമൊക്കെയായി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. 213 രൂപയുടെ ചുരുങ്ങിയ പ്രീമിയം 600 - ന് മുകളിലും ആയിരത്തിന് മുകളിലുമായിരിക്കുന്നു. കൂടുതല്‍ പണം കൊടുത്ത് സുരക്ഷ വാങ്ങാന്‍ കഴിയുന്നവര്‍ മാത്രം വാങ്ങിയാല്‍ മതി എന്ന് പൊതുമേഖലയും പറഞ്ഞുതുടങ്ങിയിരിക്കുന്നു. സാധാരണക്കാരായ മനുഷ്യരെ ഇന്‍ഷുറന്‍സ് സുരക്ഷയില്‍ നിന്നൊഴിവാക്കാനുള്ള ഗൂഢശ്രമത്തിന്റെ ഫലമാണ് പുതിയ മെഡിക്ലെയിം പോളിസി.

പ്രീമിയം വര്‍ദ്ധിപ്പിച്ചു എന്നതുമാത്രമല്ല പ്രശ്നം. പോളിസി നിബന്ധനകളില്‍ യാതൊരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത, മൌലികാവകാശങ്ങളെപോലും ഹനിക്കുന്ന തരത്തിലുള്ള പുതിയ നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്. പൊതുമേഖലാ കമ്പനികള്‍ ഇന്‍ഷുറന്‍സ് തുകയും പ്രീമിയം കൂട്ടിയതോടുകൂടി സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളും ആ വഴിക്ക് നീങ്ങിയിരിക്കുന്നു. ഇവര്‍ കൊട്ടിഘോഷിക്കുന്ന, കമ്പോളം അനുവദിക്കുന്ന, തെരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ട് സ്വകാര്യകമ്പനികള്‍ക്ക് കൂടുതല്‍ പ്രീമിയം നേടിയെടുക്കാനുള്ള വഴിയൊരുക്കി കൊടുക്കുകയാണ് പൊതുമേഖല.

പുതുക്കിയ മെഡിക്ലെയിം പോളിസിയില്‍ ഏറ്റവും കൂടുതല്‍ മോശമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നത് ന്യൂ ഇന്ത്യയുടെ പോളിസിയിലാണ്. ഏറ്റവും കുറഞ്ഞ ഇന്‍ഷുറന്‍സ് തുക ഒരു ലക്ഷമാണ് എന്നതു മാത്രമല്ല പ്രശ്നം. മുബൈ, ഡല്‍ഹി, മറ്റിടങ്ങള്‍ എന്ന രീതിയില്‍ ഇന്ത്യാ രാജ്യത്തെ മൂന്നു മേഖലകളായി തിരിച്ചിരിക്കുന്നു. മുബൈ-സോണ്‍ I, ഡല്‍ഹി-സോണ്‍ II, മറ്റിടങ്ങള്‍-സോണ്‍ III എന്ന തരത്തില്‍. സോണ്‍ മൂന്നില്‍ പ്രീമിയം അടയ്ക്കുന്ന ഒരാള്‍ക്ക് സോണ്‍ ഒന്നിലോ രണ്ടിലോ പോയി ചികിത്സിച്ചാല്‍ 10-20% തുക ക്ലെയിമില്‍ കുറയും, അതായത്, മുഴുവന്‍ തുകയും ക്ലെയിം കിട്ടാന്‍ കൂടുതല്‍ പ്രീമിയം അടയ്ക്കണം എന്നര്‍ത്ഥം. ഈ രീതി മറ്റു കമ്പനികളിലില്ല. ദന്ത ചികിത്സ ന്യു ഇന്ത്യയുടെ പോളിസി അനുവദിക്കുന്നില്ല. മറ്റു കമ്പനികള്‍ക്ക് അതാവാം. ആയുര്‍വേദ ചികിത്സയ്ക്കാവട്ടെ ന്യൂ ഇന്ത്യയില്‍ 25% മാത്രമേ ലഭിക്കുകയുള്ളു. മറ്റ് മൂന്നു കമ്പനികള്‍ക്കും അത്തരം ഒരു വ്യവസ്ഥയില്ല. ആയുര്‍വേദം എന്നത് ഒരു വൈദ്യശാസ്ത്രമാണ്. സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള ചികിത്സാരീതി. സര്‍ക്കാര്‍ തന്നെ നടത്തുന്ന മെഡിക്കല്‍ കോളേജുകളില്‍ നിന്ന് ബിരുദം നേടിവരുന്ന ഡോക്ടര്‍മാര്‍ നല്‍കുന്ന ചികിത്സയ്ക്ക് 25% മാത്രമേ ക്ലെയിം നല്‍കുകയുള്ളു എന്നു പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? ഒരു പ്രത്യേക ചികിത്സാ രീതി മാത്രം അവലംബിക്കാന്‍ ഉപഭോക്താവില്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ് ഇന്‍ഷുറന്‍സ് കമ്പനി ഇതുവഴി ചെയ്യുന്നത്. ഇത് മൌലികാവകാശ ലംഘനമല്ലാതെ മറ്റെന്താണ്?

പ്ലാറ്റിനം, ഗോള്‍ഡ്, സീനിയര്‍ സിറ്റിസണ്‍സ് തുടങ്ങിയ പേരുകളില്‍ യുണൈറ്റഡ് ഇന്ത്യ പോളിസികള്‍ നല്‍കുന്നു. അപ്പോള്‍ ന്യൂ ഇന്ത്യ, സാധാരണക്കാര്‍ക്ക് വേണ്ടി ഒരു മെഡിക്ലെയിം പോളിസി രൂപപ്പെടുത്തിയിരിക്കുന്നു-ജനതാ മെഡിക്ലെയിം പോളിസി. 50,000; 75,000 എന്നിങ്ങനെ രണ്ട് തുകയ്ക്ക് മാത്രമുള്ള പോളിസിയാണിത്. പേരില്‍ മാത്രമേ 'ജനത' യുള്ളു. ഉള്ളടക്കം മുഴുവനും സാധാരണക്കാരനെതിരാണ്. പ്രീമിയം കൂടുന്നു എന്നു മാത്രമല്ല, വിചിത്രമായ നിബന്ധനകളാണ് പോളിസിയിലുള്ളത്. ആശുപത്രിയിലെ 'ജനറല്‍ വാര്‍ഡി' ലെ ചികിത്സയ്ക്കാണത്രെ ക്ലെയിം നല്‍കുക. ഒരാള്‍ മുറിയെടുത്ത് ചികിത്സ നടത്തിയാല്‍ കാശ് പോയെന്നര്‍ത്ഥം. ഇവിടെയും ആയുര്‍വേദം 25% മാത്രം-അതും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സിച്ചാല്‍ മാത്രം. സര്‍ക്കാര്‍ ആശുപത്രിയില്‍ ജനറല്‍ വാര്‍ഡില്‍ ചികിത്സയ്ക്ക് കാശ് വേണ്ട എന്ന കാര്യം പോളിസി നിര്‍മ്മാതാക്കള്‍ മറന്നുപോയതാണോ? ദന്തചികിത്സ ഇവിടെയും നിഷിദ്ധം. ഡൊമിസിലിയറിയും ഇല്ല. ഒരു വര്‍ഷത്തേയ്ക്ക് ഒഴിവാക്കിയിരുന്ന അസുഖങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുകയും ഒഴിവ് രണ്ടു വര്‍ഷത്തേക്കായി ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു.

ചുരുക്കത്തില്‍, സാധാരണക്കാര്‍ക്ക് ഗുണം ലഭിക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതികള്‍ തയ്യാറാക്കാന്‍ ബാദ്ധ്യതപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍, അവരെ അപ്പാടെ ഒഴിവാക്കുകയാണ്. ഇതാണ് ഗ്ലോബലൈസേഷന്‍. ഇതാണ് മാറിയ കാലം. മാസ് ഇന്‍ഷുറന്‍സില്‍നിന്ന് ക്ലാസ് ഇന്‍ഷുറന്‍സിലേക്ക്. സാധാരണ ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട സര്‍ക്കാര്‍ തന്നെ അവരെ കൈവെടിഞ്ഞാല്‍ എന്താണ് ചെയ്യുക? പ്രൊഫ: എം.എന്‍. വിജയന്‍ പറഞ്ഞതുപോലെ: "നിങ്ങള്‍ ശാന്തിക്കാരന് ദക്ഷിണ കൊടുത്ത ഒരു രൂപയെടുത്ത് അയാള്‍ കള്ളു കുടിച്ചാല്‍ നിങ്ങളെന്താ ചെയ്യുക?''

-സി.ബി. വേണുഗോപാല്‍

Monday, January 28, 2008

തൊഴില്‍ നിയമങ്ങള്‍ തുലയണോ?

ആഗോളവല്‍ക്കരണത്തിന്റെ ആവിര്‍ഭാവത്തോടെ തൊഴില്‍ നിയമങ്ങള്‍ പാലിക്കാതിരിക്കുക, അവ ലംഘിക്കുക എന്നത് നിത്യവും കാണുന്ന കാഴ്ചയായി. ഫാക്ടറീസ് ആക്ട് നഗ്നമായി ലംഘിച്ചുകൊണ്ട് പല സംസ്ഥാനങ്ങളിലും ജോലിസമയം ദിവസത്തില്‍ 12 മണിക്കൂര്‍ ആയി ഉയര്‍ത്തിയിട്ടുണ്ട്. സ്ഥിരം സ്വഭാവമുള്ളതും കൂടുതല്‍ കാലം നീണ്ടുനില്‍ക്കുന്നതുമായ ജോലികള്‍ക്കും ഇന്നിപ്പോള്‍ കോണ്‍‌ട്രാക്ട് തൊഴിലാളികളെ ഏര്‍പ്പെടുത്തുകയാണ്. ഇത് കോണ്‍‌ട്രാക്‍ട് ലേബര്‍ (റെഗുലേഷന്‍ ആന്‍ഡ് അബോളിഷന്‍) ആക്ടിന്റെ നഗ്നമായ ലംഘനമല്ലാതെ മറ്റൊന്നുമല്ല. മിനിമം കൂലി നിഷേധിക്കപ്പെടുന്ന നിരവധി കേസുകള്‍ നിത്യേനെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. സംഘടനാപ്രവര്‍ത്തനത്തിന്റെ പേരിലുള്ള പീഡിപ്പിക്കല്‍ ഒരു നിത്യസഭവം ആയി മാറിയിരിക്കുകയാണ്. പ്രത്യേക സാമ്പത്തിക മേഖലയും (special economic zone) ഐ.ടി. രംഗവും ഉള്‍പ്പെടെ, വനിതകള്‍ രാത്രിഷിഫ്ടില്‍ പണിയെടുക്കുന്ന മേഖലകളില്‍ അവര്‍ക്കെതിരെയുള്ള ലൈംഗികപീഡനം വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്.

കോടതികള്‍ തൊഴിലാളി വര്‍ഗത്തോടും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളോടും ശത്രുതാപരമായ സമീപനം സ്വീകരിക്കുന്നുണ്ട് . തൊഴിലാളികളുടെ സമരം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെടുന്നു. ചില മേഖലകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യിപ്പിക്കുന്നത് നിയമം മൂലം നിരോധിക്കപ്പെട്ടതിനുശേഷം അവിടെ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തുവന്നിരുന്ന തൊഴിലാളിക്ക് സ്ഥിരം നിയമനം ലഭിക്കുന്നതിനുള്ള അവകാശം ഇല്ല എന്ന് വിധിക്കുന്നുണ്ട്. എന്നുമാത്രമല്ല ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ പ്രതിഷേധം എന്ന നിലക്ക് ബന്ദുകള്‍ സംഘടിപ്പിക്കുന്നതിനെ എതിര്‍ക്കുന്നുണ്ട്. ഇതൊക്കെ ആഗോളവല്‍ക്കരണ നയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട കോടതികളുടെ മുതലാളിത്ത പക്ഷപാതപരമായ മനോഭാവത്തിനുള്ള ചില ഉദാ‍ഹരണങ്ങള്‍ മാത്രം.

തൊഴില്‍ നിയമങ്ങള്‍ സ്വയം നടപ്പിലാക്കാനാവുമോ?

ലോകബാങ്കും ഐ.എം.എഫും പറയുന്നത് തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചാല്‍ ശിക്ഷ നല്‍കുന്ന രീതി നന്നല്ല, മറിച്ച് അവ സ്വയം നടപ്പിലാക്കുന്നതിനാണ് (self-compliance) കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് എന്നാണ്. ഈ തിട്ടൂരത്തിന്റെ അടിസ്ഥാനത്തില്‍, ഭാരതസര്‍ക്കാര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിക്കുന്നതിനെതിരായുള്ള ശിക്ഷാനടപടികള്‍ തുലോം കുറച്ചിരിക്കുകയാണ്. ഇന്‍‌സ്പെക്ടര്‍ രാജ് ഇല്ലാതാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തുക വഴി തൊഴിലാളിലകള്‍ക്കനുകൂലമായ യാതൊരു തൊഴില്‍ നിയമവും നടപ്പിലാക്കാതിരിക്കുന്നതിനുള്ള ലൈസന്‍സ് ആണ് തൊഴിലുടമകള്‍ ആവശ്യപ്പെടുന്നത് . ഇപ്പോഴത്തെ പരിശോധനാ സംവിധാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചുനില്‍ക്കുകയാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല, എങ്കിലും അതിനുള്ള പരിഹാരം പരിശോധനകള്‍ ഇല്ലാതാക്കുക എന്നതല്ല മറിച്ച് കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കുക എന്നതാണ്. അതുകൊണ്ടു തന്നെ സ്വയം നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ഇതിനൊരു പരിഹാരമേ അല്ല.

പല വിദേശ രാജ്യങ്ങളുടെയും ഭാരത്തിലെ എംബസികളുടെ വക്താക്കള്‍ തൊഴിലുടമകളുടെ സമ്മേളനങ്ങളില്‍ സ്ഥിരമായി പറയുന്ന ഒരു കാര്യമുണ്ട്, ഇവിടെ നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍ ഭാരതത്തിലേക്ക് വലിയ തോതിലുള്ള വിദേശനിക്ഷേപം വരുന്നതിനു തടസ്സമായി നില്‍ക്കുന്നു എന്നതാണത്. വാസ്തവത്തില്‍ ഇത് നമ്മുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടലാണ്. വ്യവസായികളുടെ സംഘടനകളാവട്ടെ, വിദേശ അംബാസഡര്‍മാരുടെ അഭിപ്രായങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും തൊഴില്‍ നിയമങ്ങള്‍ അയവേറിയതാക്കുന്നതിനുള്ള ഡിമാന്‍ഡ് നിരന്തരം ഉയര്‍ത്തുകയുമാണ്. ഫിക്കി(FICCI), അസോച്ചം(Assocham), കോണ്‍ഫെഡെറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (CII), Indian Chambers of Commerce or Employers Federation of India, PHD Chambers Of Commerce മുതലായവര്‍ ഇപ്പോഴത്തെ തൊഴില്‍ നിയമങ്ങള്‍ അവര്‍ക്കനുകൂലമാ‍യ തരത്തില്‍ ഭേദഗതി ചെയ്യുവാന്‍ സര്‍ക്കാരിനോട് തുടര്‍ച്ചയായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്.

ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉയര്‍ന്ന ശക്തമായ എതിര്‍പ്പ് മൂലം സര്‍ക്കാരിനു തൊഴില്‍ നിയമങ്ങളില്‍ വലിയ ഭേദഗതിയൊന്നും വരുത്തുവാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും സ്ഥിതിഗതികള്‍ അതിവേഗം വഷളായിക്കൊണ്ടിരിക്കുകയാണ്, തൊഴില്‍ നിയമങ്ങള്‍ അപ്രസക്തമാക്കപ്പെടുന്ന രീതിയില്‍. ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതുമൂലം തൊഴില്‍ നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്നു ഉറപ്പുവരുത്താനുള്ള പരിശോധനാ സംവിധാനം ഇപ്പോള്‍ത്തന്നെ വളരെയധികം ദുര്‍ബലമായിരിക്കുകയാണ്.

അസോച്ചം സമര്‍പ്പിച്ച മെമ്മോറാണ്ടം

മേല്‍ സൂചിപ്പിച്ച പ്രകാരം തൊഴിലിടങ്ങളിലെ പരിശോധനകള്‍ വളരെയധികം കുറഞ്ഞിട്ടുണ്ടെങ്കിലും അസോചെം കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ ഇങ്ങനെ പറയുന്നു. “ വിവിധ തൊഴില്‍ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിയമിച്ചിട്ടുള്ള ഇന്‍സ്പെക്ടര്‍മാര്‍ നിയമപരമായ വ്യവസ്ഥകള്‍ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഇടക്കിടെ ഒന്നിനു പിറകെ ഒന്നായി സ്ഥാപനങ്ങളില്‍ കയറിവരുന്നു”. ആ നിവേദനം ഇങ്ങനെ കൂട്ടിച്ചേര്‍ക്കുന്നു “ വ്യവസായങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള നടപടിക്രമങ്ങള്‍ ഇല്ലാതാക്കേണ്ടതുണ്ട്, ഒപ്പം, ഇടക്കിടെയുള്ള പരിശോധനകള്‍ മൂലമുണ്ടാകുന്ന പീഡനവും ഇല്ലാതാക്കേണ്ടതാണ് .”

തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്നതിനുള്ള യാതൊരു വിധ പരിശോധനയും തൊഴിലുടമകള്‍ ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. ഉടമകളുടെ സംഘടനകള്‍ തങ്ങളുടെ അംഗങ്ങളോട് പ്രൊവിഡന്റ് ഫണ്ടിലെ വിഹിതം യഥാസമയം അടക്കണമെന്ന് ആവശ്യപ്പെടുന്നതായി കാണുന്നില്ല, ബാങ്കില്‍ നിന്നുമെടുത്ത ലോണുകള്‍ തിരിച്ചടക്കണം എന്നും പറഞ്ഞു കാണുന്നില്ല, നിയമം അനുശാസിക്കുന്ന മിനിമം കൂലി നല്‍കണം എന്നോ തൊഴില്‍ നിയമങ്ങളിലെ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും പാലിക്കണം എന്നോ അവര്‍ പറയുന്നില്ല. ചുരുക്കത്തില്‍, തൊഴിലാളികള്‍ക്ക് ഗുണകരമായ എല്ലാ വ്യവസ്ഥകളും പിന്‍‌വലിക്കുക വഴി തങ്ങള്‍ക്ക് സര്‍വസ്വതന്ത്രമായി തൊഴിലാളികളെ ക്രൂരമായി ചൂഷണം ചെയ്യുന്നതിനുള്ള ഒരു സംവിധാനത്തിനായാണ് അവര്‍ ശ്രമിക്കുന്നത്.

1947ലെ തൊഴില്‍ തര്‍ക്ക നിയമത്തിലും 1948ലെ ഫാക്ടറീസ് ആക്ടിലും, 1970ലെ Contract Labor (Regulation and Abolition) ആക്ടിലും ബോണസ് ആക്ടിലുമൊക്കെ പൂര്‍ണ്ണമായും ഉടമകള്‍ക്കനുകൂലമാകുന്ന തരത്തില്‍ വലിയ രീതിയിലുള്ള മാറ്റങ്ങള്‍ കൊണ്ടുവരണമെന്ന് അസോചമിന്റെ മെമ്മോറാണ്ടം നിര്‍ദ്ദേശിക്കുന്നു.

“വ്യവസാ‍യം” എന്നതിന്റെ നിര്‍വചനം തന്നെ മാറ്റണം എന്നാണ് അസോചം ആവശ്യപ്പെടുന്നത്. ജസ്റ്റീസ് വി.ആര്‍.കൃഷ്ണയ്യരുടെ ചരിത്രപ്രാധാന്യമുള്ള വിധിയില്‍ വ്യവസായം എന്നതിനു സുപ്രീം കോടതി നല്‍കിയ നിര്‍വചനമനുസരിച്ച് ആശുപത്രികളും വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുമൊക്കെ ഉള്‍പ്പെടുന്ന സേവനങ്ങളും വ്യവസായത്തിന്റെ പരിധിയില്‍ വരും. ഇന്ന് നിരവധി വാണിജ്യ സംഘടനകള്‍ ഈ സേവന മേഖലകളില്‍ ധാരാളം പണം നിക്ഷേപിക്കുകയും കാപിറ്റേഷന്‍ ഫീ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ ലാഭം കൊയ്യുകയും ചെയ്യുന്നുണ്ട്. ജസ്റ്റീസ് കൃഷ്ണയ്യരുടെ യുക്തിസഹമായ ഈ വിധി ന്യായത്തെ പിന്നീട് സുപീം കോടതി തന്നെ നീതിവിരുദ്ധമായി ഭേദഗതി ചെയ്യുകയും, 1982-ല്‍ സര്‍ക്കാര്‍ ആശുപത്രികളേയും വിദ്യാഭ്യാസ സ്ഥാപനങ്ങളേയും വ്യവസായത്തിന്റെ നിര്‍വചനം ഭേദഗതി ചെയ്ത് സെക്ഷന്‍ 2-ജെയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. എന്നാല്‍. ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെ സമ്മര്‍ദ്ദം മൂലം ഈ ഭേദഗതി സര്‍ക്കാര്‍ ഇതു വരെ നോട്ടിഫൈ ചെയ്തിട്ടില്ല. ഇപ്പോള്‍ വ്യവസായത്തിന്റെ തലവന്മാര്‍ ആവശ്യപ്പെടുന്നത് ഈ ഭേദഗതി നോട്ടിഫൈ ചെയ്യണമെന്നാണ്; അങ്ങനെയാവുമ്പോള്‍ മുകളില്‍ പറഞ്ഞ മേഖലകള്‍ക്ക് 1947ലെ തൊഴില്‍ തര്‍ക്കത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാകുവാന്‍ സാധിക്കും.

പിന്തിരിപ്പന്‍ നിര്‍ദേശങ്ങള്‍

“ എയര്‍‌ലൈന്‍സ്, ബാങ്ക്, ഇന്‍ഷുറന്‍സ് തുടങ്ങിയ സംഘടിതമേഖലകളിലെ ഉയര്‍ന്ന ശമ്പളക്കാരായ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുള്ള അമിതമായ പരിരക്ഷ ഈ തൊഴിലാളികളെ സമൂഹത്തോട് പൊതുവായും സ്വന്തം സ്ഥാപനങ്ങളോട് വിശേഷിച്ചും ഉത്തരവാദിത്തമുള്ളവരാക്കുവാന്‍ സഹായച്ചിട്ടില്ല എന്നു മാത്രമല്ല അത് മൊത്തത്തില്‍ അച്ചടക്കം ഇല്ലാതാകുന്ന തരത്തിലേക്ക് മാറുകയും ചെയ്തിട്ടുണ്ട്,” ഉടമകള്‍ വാദിക്കുന്നു. അസോചെമിന്റെ മെമ്മോറാന്‍‌ഡം ആവശ്യപ്പെടുന്നത് “ തൊഴിലിടങ്ങളിലെ അച്ചടക്കം നിലനിര്‍ത്തുന്നതിനായി പതിനായിരം രൂപക്കുമേല്‍ ശമ്പളം വാങ്ങുന്ന ഉയര്‍ന്ന ശമ്പളക്കാരായ സാങ്കേതിക വിദഗ്ദരും, സൂപ്പര്‍വൈസര്‍മാരും ഉള്‍പ്പെടെയുള്ള തൊഴിലാളികളെ, അത് ഏത് മേഖലയിലേയും ആയിക്കൊള്ളട്ടെ, വര്‍ക്ക്‍മാന്‍ എന്ന നിര്‍വചനത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണം”എന്നാണ്.

ഇത് പൊതുമേഖലയിലേയും സ്വകാര്യമേഖലയിലേയും ഒരു വലിയ വിഭാഗം തൊഴിലാളികളെ ഈ നിയമത്തിന്റെ പരിധിക്കുപുറത്താക്കുകയും അവര്‍ക്കുള്ള ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. ശമ്പളം എന്നത്, ഇതിനു മുമ്പൊരിക്കലും, തൊഴില്‍ തര്‍ക്ക നിയമത്തിന്റെ പരിധിക്കു പുറത്താകുന്നതിനുള്ള ഒരു മാനദണ്ഡമായിരുന്നിട്ടില്ല.

തൊഴില്‍ തര്‍ക്ക നിയമത്തിന്റെ 9-എ അനുസരിച്ച് തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുന്നതിനു മുന്‍പ് ഉടമകള്‍സംഘടനകള്‍ക്ക് നോട്ടീസ് കൊടുക്കാന്‍ ബാദ്ധ്യസ്ഥരാണ്. ഉടമകള്‍ ഇപ്പോള്‍ യൂണിയനുകളുടെ ഈ അവകാശം നിഷേധിക്കുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ പറയുന്നു “ തൊഴില്‍ ഇല്ലാതാക്കുന്നതിലേക്ക് നയിക്കാവുന്ന തരത്തിലുള്ള പ്ലാന്റിന്റേയോ സാങ്കേതികവിദ്യയുടേയോ യുക്തിസഹമാക്കല്‍ പ്രക്രിയക്കോ, സ്റ്റാന്‍ഡേര്‍ഡൈസേഷനോ, മെച്ചപ്പെടുത്തലിനോ നോട്ടീസ് നല്‍കേണ്ടതില്ല”.( "Notice should not be required for rationalistion, standardization or improvement of plant or technique which may likely to lead to retrenchment".) . മാറ്റത്തെക്കുറിച്ചുള്ള നോട്ടീസ് നല്‍ക്കുന്നത് മുന്‍‌കൂട്ടി വിവരം നല്‍കുന്നതിനോ തൊഴിലാളികളുമായി ചര്‍ച്ച ചെയ്യുന്നതിനോ ആയിരിക്കണം എന്നാണ് അവരുടെ നിര്‍ദ്ദേശം. തൊഴില്‍ തര്‍ക്കം ഉന്നയിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ കൂടി, നോട്ടീസ് പീരിയഡില്‍ ഉയര്‍ത്തുന്ന തര്‍ക്കങ്ങള്‍ മാനേജ്‌മെന്റിന്റെ നടപടികള്‍ക്കുമേലുള്ള സ്റ്റേ ആകരുത്. നോട്ടീസ് കാലാവധിക്കുശേഷം ഉടമകള്‍ക്ക് ബിസിനസ് ആവശ്യത്തിനനുയോജ്യമായ രീതിയിലുള്ള മാറ്റങ്ങള്‍ വരുത്തുവാന്‍ കഴിയണം.“ ഇതാണ് ഉടമകളുടെ ആവശ്യം. ചുരുക്കത്തില്‍, തൊഴില്‍ സാഹചര്യങ്ങളില്‍ മാറ്റം വരുത്തുന്നതിനുള്ള അനിയന്ത്രിതമായ അവകാശമാണവര്‍ ആഗ്രഹിക്കുന്നത്.

അവശ്യ സര്‍വീസ് എന്നതിന്റെ പരിധി വിപുലമാക്കണമെന്നും കണ്ടിന്യൂവസ് പ്രോസസ് വ്യവസായങ്ങളേയും(continuous process industry) അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന വ്യവസായങ്ങളേയും (hazardous industry) കയറ്റുമതിയുമായി ബന്ധപ്പെട്ട വ്യവസായങ്ങളേയും ഒക്കെ അവശ്യ സര്‍വീസിന്റെ പരിധിയില്‍ കൊണ്ടു വരണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നു. ഉടമകളുടെ ഈ ആവശ്യം ഇപ്പോള്‍ തന്നെ വ്യാപകമായിരിക്കുന്ന ദുരുപയോഗം വര്‍ദ്ധിപ്പിക്കുകയും ഉടമകളെ കൂടുതല്‍ തന്നിഷ്ടക്കാരാക്കുകയുമാവും ചെയ്യുക.

പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ തുടരുന്നു

1957ലെ ഇന്ത്യന്‍ ലേബര്‍ കോണ്‍‌ഫറന്‍സ് തീരുമാനിച്ച “പ്രശ്നപരിഹാരത്തിനായുള്ള സംവിധാനം” നിയമത്തിന്റെ ശരിയായ പിന്‍‌ബലമില്ലാത്തതിനാല്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് ഭാരത സര്‍ക്കാര്‍ തെറ്റായി കണക്കുകൂട്ടി. അങ്ങനെ1982ല്‍ അന്‍പതോ അതിലധികമോ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ “പ്രശ്നപരിഹാരത്തിനുള്ള നിയമപരമായ സംവിധാനം” ഉണ്ടായിരിക്കണം എന്ന തരത്തില്‍ തൊഴില്‍ തര്‍ക്ക നിയമത്തില്‍ (Industrial Disputes' Act ) സര്‍ക്കാര്‍ ഭേദഗതി വരുത്തിയെങ്കിലും, ഈ സംവിധാനം പ്രശ്നപരിഹാരത്തിന് വളരെയേറെ കാലതാമസം വരുത്തുന്നതും നടപ്പിലാക്കാന്‍ പറ്റാത്തതുമാണ് എന്ന്‍ ഒരു ത്രികക്ഷി യോഗത്തില്‍ തീരുമാനമായതിനാല്‍ ഇതു വരെയായും ആ ഭേദഗതി നോട്ടിഫൈ ചെയ്തിട്ടില്ല. ഇപ്പോള്‍ ആ ഭേദഗതി നോട്ടിഫൈ ചെയ്യണം എന്ന് ആവശ്യപ്പെടുന്നതിലൂടെ ഉടമകള്‍ പ്രശ്ന പരിഹാര സംവിധാനം ഉണ്ടാവരുത്, ഉണ്ടെങ്കില്‍ തന്നെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കരുത് എന്നാണ് ആഗ്രഹിക്കുന്നത്.

ക്ലെയിം ഫയല്‍ ചെയ്യുന്നതില്‍ യൂണിയനുകള്‍ കാലതാമസം വരുത്തിയാല്‍ , അവ ന്യായീകരിക്കാവുന്നതാണെങ്കില്‍, ആ വിളംബം മാപ്പാക്കുന്നതിന് ഇന്ന് കോടതികള്‍ക്ക് അധികാരമുണ്ട്. ഉടമകള്‍ ആവശ്യപ്പെടുന്നത് ഈ സമയ പരിധി മൂന്നു വര്‍ഷമായി നിജപ്പെടുത്തണമെന്നും അതിനുശേഷം വരുന്ന ഒരു ക്ലെയിമും കോടതികള്‍ സ്വീകരിക്കരുത് എന്നുമാണ്. അതു പോലെ തന്നെ, പലപ്പോഴും എന്തെങ്കിലും തൊടുന്യായങ്ങള്‍ പറഞ്ഞ് തൊഴിലാളികള്‍ക്ക് ന്യായമായും ലഭിക്കേണ്ട തുക കൊടുക്കുന്നത് ഉടമകള്‍ വച്ചുതാമസിപ്പിക്കാറുണ്ടെങ്കിലും, കമ്പനികളില്‍ നിന്നും ലഭിക്കേണ്ട പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷത്തിനകം ക്ലെയിം സമര്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

തൊഴില്‍ തര്‍ക്കനിയമത്തിലെ സെക്ഷന്‍ 11-എ തൊഴില്‍ കോടതികള്‍ക്കും വ്യവസായ ട്രിബ്യൂണലിനും തൊഴിലാളികള്‍ക്കെതിരെ മാനേജ്‌മെന്റ് എടുക്കുന്ന ശിക്ഷാനടപടികളില്‍ മാറ്റം വരുത്തുവാന്‍ അധികാരം നല്‍കുന്നുണ്ട്. ഡൊമസ്റ്റിക് എന്‍‌ക്വയറി എന്ന പ്രഹസനത്തിലൂടെ മാനേജ്‌മെന്റുകള്‍ ഏകപക്ഷീയമായി തൊഴിലാളികള്‍ക്കുമേല്‍ ശിക്ഷാനടപടികള്‍ കൈക്കൊള്ളാറുണ്ട് എന്നതു കൊണ്ടാണ് ഈ വ്യവസ്ഥ വെച്ചിട്ടുള്ളത്. മാനേജ്‌മെന്റുകള്‍ ഈ വ്യവസ്ഥ ഇല്ലാതാക്കണം എന്നാവശ്യപ്പെടുന്നു.

തൊഴില്‍ തര്‍ക്ക നിയമത്തിലെ സെക്ഷന്‍ 17 ബി അനുസരിച്ച് , ട്രിബ്യൂണലിന്റെയൊ കീഴ്‌കോടതിയുടേയോ അവാര്‍ഡിനെതിരെ ഉടമകള്‍ മേല്‍‌കോടതിയില്‍ അപ്പീലിനു പോകുകയാണെങ്കില്‍, അവസാനം വാങ്ങിയ വേതനം തുടര്‍ന്നും ലഭിക്കുവാന്‍ തൊഴിലാളി അര്‍ഹനാണ്. തൊഴിലാളികള്‍ക്കുള്ള ഈ പരിരക്ഷ ഇല്ലാതാക്കണമെന്നും തുടര്‍ന്ന് അവര്‍ക്ക് വേതനംനിഷേധിക്കാന്‍ അധികാരം വേണമെന്നും തൊഴിലുടമകള്‍ ആവശ്യപ്പെടുന്നു.

മാനേജ്‌മെന്റുകള്‍ തൊഴിലാളികളുടെ ന്യായയുക്തമായ പരാതികള്‍ പരിഹരിക്കാതിരിക്കുകയും അവയില്‍ തീരുമാനമെടുക്കുന്നത് വച്ചുതാമസിപ്പിക്കുകയും തൊഴിലാളികളുടെ ന്യായമായ അവകാശങ്ങള്‍ പോലും നിഷേധിക്കുകയും അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമ്പോഴാണ് “ചട്ടപ്പടി ജോലി “ കൂട്ട കാഷ്വല്‍ ലീവ്” തുടങ്ങിയവയിലൂടെ തൊഴിലാളികള്‍ തങ്ങളുടെ പ്രതിഷേധം വ്യക്തമാക്കാന്‍ ബാദ്ധ്യസ്ഥരാവുന്നത്. ഇതിനെ മെല്ലെപ്പോക്ക് ആയി ചിത്രീകരിച്ചുകൊണ്ട് ഇത്തരം സമരരൂപങ്ങള്‍ എല്ലാം നിരോധിക്കണമെന്നാണ് ഉടമകള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നതിനായി സുപ്രീം കോടതിയെ പോലും അവര്‍ ഉദ്ധരിക്കുന്നു. എന്നാല്‍, ഏകപക്ഷീയമായി ലേ ഓഫ്, ലോക്കൌട്ട് എന്നിവ പ്രഖ്യാപിക്കുന്നതിനും സ്ഥാപനം അടച്ചുപൂട്ടുന്നതിനും ഉള്ള അവകാശം തങ്ങള്‍ക്ക് വേണമെന്ന് വാദിക്കാനവര്‍ക്ക് മടിയില്ല. മറ്റുചിലരാകട്ടെ, വൈദ്യുതി ചാര്‍ജ് അടക്കാതെ തങ്ങളുടെ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു. അസോച്ചം സമര്‍പ്പിച്ച മെമ്മോറാണ്ടം ഇവയെക്കുറിച്ചൊന്നും പരാമര്‍ശിച്ചു കാണുന്നില്ല.

തൊഴില്‍ നിയമങ്ങള്‍ നടപ്പിലാവുന്നില്ല

എക്സ്പോര്‍ട്ട് പ്രോസസിങ്ങ് സോണുകളെയും പ്രത്യേക സാമ്പത്തിക മേഖലയെയും തൊഴില്‍ തര്‍ക്ക നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഉടമകള്‍ ആവശ്യപ്പെടുന്നു. ഇപ്പോള്‍ തന്നെ പല സംസ്ഥാനങ്ങളും പ്രത്യേക സാമ്പത്തിക മേഖലയെ തൊഴില്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. മുഴുവന്‍ കേന്ദ്ര ട്രേഡ് യൂണിയനുകളും ഇതിനെ എതിര്‍ക്കുന്നുണ്ടെങ്കിലും ഭാരതസര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക മേഖലയില്‍ കാടന്‍ നിയമങ്ങള്‍ നടപ്പിലാക്കുന്നത് അനുവദിച്ചിരിക്കുകയാണ്.

ഫാക്ടറീസ് നിയമത്തെക്കുറിച്ച് പറയുകയാണെങ്കില്‍, കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളില്‍ തൊഴില്‍ സമയം വര്‍ദ്ധിപ്പിക്കണം എന്ന് തൊഴിലുടമകള്‍ നിര്‍ദ്ദേശിക്കുന്നു. അസോചം നിവേദനം നിര്‍ദ്ദേശിക്കുന്നത് എല്ലാ വസ്ത്ര നിര്‍മ്മാണ യൂണിറ്റുകളും കയറ്റുമതി അധിഷ്ഠിത യൂണിറ്റുകളും പ്രസ്തുത നിയമത്തിന്റെ സെക്‍ഷന്‍ 51,52,54, 56 എന്നിവയില്‍ നിന്നും ഒഴിവാക്കപ്പെടണം എന്നാണ്. എന്നു വച്ചാല്‍, പ്രവൃത്തി സമയം ആഴ്ചയില്‍ 48 മണിക്കൂറില്‍ നിന്നും 60 ആയി ഉയര്‍ത്തുക ( സെക്‍ഷന്‍ 51), പ്രവൃത്തി സമയം ദിവസേനെ 9 മണിക്കൂറില്‍ നിന്നും 11 ആക്കുക (സെക്‍ഷന്‍ 54) ഓവര്‍ടൈം ലഭിക്കാതെ ജോലി ചെയ്യേണ്ട സമയത്തിന്റെ പരിധി 10.5 മണിക്കൂറില്‍ നിന്ന് 13 ആക്കാന്‍ അനുവദിക്കുക ( സെക്‍ഷന്‍ 56) എന്നതൊക്കെയാണവര്‍ ആവശ്യപ്പെടുന്നത്.

സ്ത്രീകളുടെ സുരക്ഷക്കായുള്ള ക്രമീകരണങ്ങള്‍ ഒരിടത്തും കൃത്യമായി നടപ്പിലാക്കിയിട്ടില്ല എങ്കിലും ഉടമകള്‍ ആവശ്യപ്പെടുന്നത് ഒട്ടുമിക്ക സ്ഥാപനങ്ങളിലും സ്ത്രീകളെ രാത്രി ഷിഫ്ടില്‍ നിയോഗിക്കുന്നതിനു ഉപാധിരഹിത അനുമതി വേണം എന്നതാണ്.

ഇന്നിപ്പോള്‍, സ്ഥാ‍പനങ്ങളെ ചെറിയ ചെറിയ യൂണിറ്റുകളാക്കി വിഭജിച്ച് ഉടമകള്‍ ഫാക്ടറീസ് നിയമത്തിന്റെ നിര്‍ലജ്ജമായ ലംഘനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് , വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണെങ്കില്‍ പത്തും, വൈദ്യുതി ഉപയോഗിക്കാത്ത സ്ഥാപനങ്ങളാണെങ്കില്‍ ഇരുപതും തൊഴിലാളികളുണ്ടെങ്കില്‍ അവ ഈ നിയമത്തിന്റെ പരിധിയില്‍ വരും. തങ്ങള്‍ക്ക് ഫാക്ടറി നിയമം ലംഘിക്കാന്‍ ആവശ്യമായ അവസരങ്ങള്‍ ലഭിക്കുന്ന തരത്തിലും, വലിയൊരു വിഭാഗം തൊഴിലാളികളെ ഈയൊരു നിയമത്തിന്റെ പരിധിക്കു പുറത്താക്കണമെന്ന് ലക്ഷ്യമിട്ടും, ഉടമകള്‍ ഇന്ന് ആവശ്യപ്പെടുന്നത് പത്ത് എന്നത് ഇരുപത്തി അഞ്ചും, 20 എന്നത് അന്‍പതും ആക്കി വര്‍ദ്ധിപ്പിക്കണമെന്നാണ്. പത്തില്‍ കുറവ് തൊഴിലാളികള്‍ മാത്രമേ ഉള്ളൂ എങ്കിലും പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില സ്ഥാപനങ്ങളില്‍ മൊത്തം വര്‍ഷികവിറ്റുവരവ് 100 കോടിക്കു മുകളില്‍ ആകാനിടയുണ്ട്. മാത്രവുമല്ല, കോണ്‍‌ട്രാക്ട് തൊഴിലാളികള്‍ ഫാക്ടറി നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല . ഈ കാരണത്താല്‍ കൂടുതല്‍ കൂടുതല്‍ കരാര്‍ തൊഴിലാളികളെ ജോലിക്കെടുത്ത് ഈ നിയമത്തിന്റെ വ്യവസ്ഥകളില്‍ നിന്നും ഒഴിവാകുവാന്‍ ഉടമകള്‍ ഇപ്പോള്‍ത്തന്നെ ശ്രമിക്കുന്നുമുണ്ട്.

തൊഴില്‍ നിയമങ്ങളുടെ പല്ലും നഖവും നഷ്ടപ്പെടുമ്പോള്‍

Contract Labour (Regulation and Abolition) നിയമത്തിന്റെ കാര്യത്തിലാണെങ്കില്‍ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന വ്യവസ്ഥ ഇല്ലാതാക്കണം എന്നും, മാനേജ്‌മെന്റിനു യാതൊരു വിലക്കുകളുമില്ലാതെ ഇഷ്ടം പോലെ കരാര്‍ തൊഴിലാളികളെ ഏര്‍പ്പെടുത്തുവാന്‍ അധികാരം വേണമെന്നുമാണ് ഉടമകള്‍ ആവശ്യപ്പെടുന്നത്. “ ജോലികള്‍ പുറം കരാര്‍ നല്‍കുന്നതും, കരാര്‍ തൊഴിലാളികളെ നിയമിക്കുന്നതും കച്ചവടവല്‍ക്കരണവും(vendorization)ആണ് ഇന്ന് ലോകമാസകലം കാണാന്‍ കഴിയുന്നത് , ചിലവു കുറഞ്ഞതും അയവേറിയതും തടസ്സങ്ങളേതുമില്ലാത്തതുമായ വ്യാവസായിക അന്തരീക്ഷം ഒരുക്കലാണത്,”അസോചം നിവേദനം പറയുന്നു. (" The worldwide trend is on outsourcing, hiring contract labour and vendorisation with a view to create a hassle free, cost effective and flexible atmosphere for the industry.")

ബോണസ് എന്നത് മാറ്റിവെക്കപ്പെട്ട വേതനം(deferred wage) ആണ് എന്ന അവധാരണ തന്നെ ഇല്ലാതാ‍കണം എന്നതാണ് ബോണസ് ആക്ടിന്റെ കാര്യത്തില്‍ ഉടമകളുടെ നിലപാട്‍. നികുതി നല്‍കാതിരിക്കുന്നതിനായി പല കമ്പനികളും തങ്ങളുടെ ബാലന്‍സ് ഷീറ്റില്‍ കൃത്രിമം നടത്തി നഷ്ടം കാണിക്കുകയാണ് ചെയ്യുന്നത് എന്നത് ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടതാണ്. ഉടമകള്‍ മുന്നോട്ട് വെച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ അത് തൊഴില്‍ നിയമങ്ങളെ തീര്‍ത്തും നിര്‍വീര്യമാക്കുമെന്നതില്‍ തര്‍ക്കമില്ല. യാതൊരു ശിക്ഷാനടപടികളേയും ഭയക്കാതെ ഇന്നു പാലിക്കപ്പെടുന്ന വ്യവസ്ഥകള്‍ പോലും ലംഘിക്കുവാന്‍ ഉടമകളെ അത് അനുവദിക്കും.
കേന്ദ്രസര്‍ക്കാരിനു ഈ നിര്‍ദ്ദേശങ്ങളോട് അനുകൂലമായ നിലപാടാണുള്ളതെങ്കിലും, തൊഴിലാളി പ്രസ്ഥാനങ്ങളുടെ എതിര്‍പ്പ് മാത്രമാണ് ഈ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതില്‍ നിന്നും സര്‍ക്കാരിനെ തടയുന്നത്.

ട്രേഡ് യൂണിയനുകളും തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വേണം എന്നാവശ്യപ്പെടുന്നുണ്ട്. പക്ഷെ അവര്‍ ആവശ്യപ്പെടുന്നത് തൊഴിലാളികള്‍ക്ക് ഗുണകരമായ രീതിയിലുള്ള മാറ്റങ്ങളാണ്; പക്ഷെ സര്‍ക്കാരിനു അങ്ങിനെ ചെയ്യുവാനുള്ള ഉദ്ദേശമുണ്ടെന്നു തോന്നുന്നില്ല.

തികച്ചും ജനവിരുദ്ധമായ, തൊഴിലാളി പ്രസ്ഥാനങ്ങളെ അപ്രസക്തമാക്കുന്ന രീതിയിലുള്ള ഇത്തരം നിര്‍ദ്ദേശങ്ങളോടുള്ള എതിര്‍പ്പ് തൊഴിലാളി സംഘടനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ നിരവധി ത്യാഗപൂര്‍ണമായ സമരങ്ങളിലൂടെ നേടിയെടുത്തിട്ടുള്ള നേട്ടങ്ങളെ ഇല്ലായ്മ ചെയ്യുവാന്‍ മൂലധനനാഥന്മാരെ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ഒരിക്കലും അനുവദിച്ചു കൂടാ.

- എം.കെ. പാന്ഥെ

Sunday, January 27, 2008

ലാറ്റിന്‍ അമേരിക്കയുടെ സ്വന്തം ബാങ്ക്‌

1821 സെപ്റ്റംബര്‍ 7-ന് വെനസ്വേല, കൊളംബിയ, പനാമ, ഇക്വഡോര്‍ എന്നീ ലാറ്റിന്‍ അമേരിക്കന്‍ ഭൂവിഭാഗങ്ങളില്‍ നിന്നും സ്പാനിഷ് സാമ്രാജ്യാധിപതികളെ തുരിത്തിയോടിച്ച് ഗ്രാന്‍ കൊളമ്പിയ എന്ന സ്വതന്ത്ര രാഷ്ട്രത്തിന് രൂപംകൊടുത്ത മഹാനായ വിമോചകന്‍ സൈമണ്‍ ബൊളിവര്‍(Simón Bolívar) സ്വപ്നം കണ്ടത് ലാറ്റിന്‍ അമേരിക്കയെ സുശക്തമായ ഒറ്റരാഷ്ട്രമായി കെട്ടിപ്പടുക്കണമെന്നായിരുന്നു. ആ ലക്ഷ്യത്തോടെ മുന്നേറിയ ബൊളിവര്‍ 1824-ല്‍ പെറുവിനെയും 1825-ല്‍ ബൊളീവിയേയും സ്പാനീഷ് ആധിപത്യത്തില്‍നിന്ന് മോചിപ്പിച്ചു. പക്ഷെ, ബൊളിവറുടെ സ്വപ്നങ്ങള്‍ തകര്‍ത്തുകൊണ്ട്, അദ്ദേഹത്തിന്റെ ജീവിതകാലത്തു തന്നെ പ്രഭുക്കന്മാര്‍ ആ മഹാരാജ്യത്തെ വിവിധ ഭാഗങ്ങളായി തിരിച്ച് താന്താങ്ങളുടെ ആധിപത്യത്തിന്‍ കീഴിലാക്കി. ഈ തക്കത്തിന് മണ്‍റൊ സിദ്ധാന്തത്തിന്റെ മറ പിടിച്ച് വടക്കേ അമേരിക്കയില്‍നിന്ന് മെല്ലെ നുഴഞ്ഞു കയറിയ യാങ്കികള്‍ തങ്ങളുടെ അടുക്കള മുറ്റമാക്കി മാറ്റി ഈ നാടിനെ കൊള്ളയടിച്ചു.

ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ചെ ഗുവേരയും സഖാക്കളും ബൊളിവറിന്റെ വിമോചനദൌത്യം ഏറ്റെടുത്ത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും അവരുടെ ശിങ്കിടികളായ സൈനിക ഭരണാധികാരികളെയും വിറപ്പിച്ചെങ്കിലും ചെയുടെ ജീവിതം അസ്തമിച്ചതോടെ വീണ്ടും ആ വിമോചനദൌത്യം സാക്ഷാത്കരിക്കപ്പെടാത്ത ഒരു സ്വപ്നമായി തന്നെ തുടര്‍ന്നു. ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ആ വിമോചന ദൌത്യത്തിന്റെ പതാക വാഹകനായാണ് വെനിസ്വേലയുടെ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് സാമ്രാജ്യത്വത്തെ വെല്ലുവിളിക്കുന്നത്. സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളുടെ പുത്തന്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ - നവലിബറല്‍ നയങ്ങളുടെ - പരീക്ഷണശാലയായിരുന്നു ലാറ്റിന്‍ അമേരിക്ക. 1970-കളില്‍ അലന്‍ഡെയുടെ ഇടതുപക്ഷ സര്‍ക്കാരിനെ അട്ടിമറിച്ചശേഷം ചിലിയില്‍ തുടക്കം കുറിച്ച ഈ നവലിബറല്‍ പരീക്ഷണം മെക്സിക്കോയിലും ബ്രിസീലിലും അര്‍ജന്റീനയിലും മഹാവിപത്തുകളാണ് വിതച്ചത്. നവലിബറല്‍ നയത്തിന്റെ ഈ പരീക്ഷണശാല ഇന്ന് തിരിഞ്ഞുനിന്ന് സാമ്രാജ്യത്വത്തെ - സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളെ വെല്ലുവിളിക്കാന്‍ കരുത്തുകാട്ടി തുടങ്ങിയിരിക്കുന്നു. ഇത് കേവലം വീരനായകന്മാരുടെ ധീരോദാത്തതയല്ല, ഒരു ജനതയുടെയാകെ പോരാട്ടത്തിന്റെ, ചെറുത്തുനില്പിന്റെ പ്രതിഫലനമാണ്.

2007 ഡിസംബര്‍ 9 ലാറ്റിന്‍ അമേരിക്കയുടെ ചരിത്രത്തില്‍ പുതിയൊരു ഏടിന് തുടക്കം കുറിച്ചിരിക്കുന്നു. ഐഎംഎഫിനും ലോകബാങ്കിനും ഇന്റര്‍ അമേരിക്കന്‍ വികസന ബാങ്കിനും (ഐഎഡിബി) ബദലായി ഒരു പുതിയ ബാങ്ക് - ബാങ്ക് ഓഫ് സൌത്ത് -രൂപീകരിക്കാനുള്ള കരാറില്‍ ഏഴു രാഷ്ട്രങ്ങള്‍ ഒപ്പുവച്ചു. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസില്‍ ചേര്‍ന്ന യോഗത്തില്‍ അര്‍ജന്റീനയുടെ അപ്പോഴത്തെ പ്രസിഡന്റ് നെസ്‌റ്റര്‍ കിര്‍ച്ചിനര്‍ക്കും അടുത്ത ദിവസം പ്രസിഡന്റായി അധികാരമേറ്റ ക്രിസ്‌റ്റീന കിര്‍ച്ചിനര്‍ക്കും പുറമെ വെനിസ്വേലയുടെ ഹ്യൂഗോ ഷാവേസ്, ബ്രസീലിന്റെ ലൂയി ഇനാഷ്വോ ലുല ഡിസില്‍വ, ബൊളീവിയയുടെ ഈവൊ മൊറേല്‍‌സ്, ഇക്വഡോറിലെ റാഫേല്‍ കോറിയ, പരാഗ്വേയുടെ നിക്കനോര്‍ ദുവാര്‍ത്തെ എന്നിവരും ഉറുഗ്വേയുടെ ധനമന്ത്രിയും സന്നിഹിതരായിരുന്നു. ആറു രാഷ്ട്രത്തലവന്മാര്‍ ഒപ്പുവച്ച കരാറില്‍ ഉറുഗ്വേയുടെ പ്രസിഡന്റ് തബാരെ വാസക്വെസും ഒപ്പിടും. നിക്കരാഗ്വയും മറ്റു ചില മധ്യ അമേരിക്കന്‍ - കരീബിയന്‍ രാജ്യങ്ങളും ഈ പുതിയ ബാങ്കുമായി സഹകരിക്കാന്‍ സന്നദ്ധരായി വന്നിട്ടുണ്ട്.

2004-ല്‍ കാരക്കാസില്‍ ചേര്‍ന്ന പന്ത്രണ്ടാമത് ജി-15 ഉച്ചകോടിയില്‍ നടത്തിയ പ്രസംഗത്തില്‍ ഹ്യൂഗോ ഷാവേസാണ് ഇത്തരം ഒരാശയം മുന്നോട്ടുവച്ചത്. അദ്ദേഹം വികസ്വര- അവികസിത രാജ്യങ്ങളുടെ - ദക്ഷിണ ദിക്കിന്റെ - ബാങ്ക് രൂപീകരിക്കണമെന്നായിരുന്നു പറഞ്ഞത്. 2006-ല്‍ ഹവാനയില്‍ ചേര്‍ന്ന ചേരിചേരാ ഉച്ചകോടിയില്‍ ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങളുടേതായ ഒരു ബാങ്ക് രൂപീകരിക്കാന്‍ തീരുമാനിച്ചതായി അദ്ദേഹം പ്രഖ്യാപനം നടത്തി. സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികള്‍ക്കെതിരായി ദക്ഷിണ ദിക്കിന്റെയാകെ ഒരു ബാങ്ക് രൂപീകരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

"നമ്മുടെ ദേശീയ കരുതല്‍ ധനം നിക്ഷേപിക്കാനും നമ്മുടെ വികസനത്തിന് സമ്പത്ത് സ്വരൂപിക്കാനും കരുത്തുള്ള ഒരു ബാങ്ക് നമുക്ക് ഉണ്ടാകണം. ഐഎംഎഫും ലോകബാങ്കും അടിച്ചേല്പിക്കുന്നതു പോലുള്ള വ്യവസ്ഥകള്‍ പ്രകാരമുള്ളതായിരിക്കില്ല അത്. ഐഎംഎഫ് പണത്തിനു പകരമായി ചോദിക്കുന്നത് നമ്മുടെ പരമാധികാരമാണ്, നമ്മുടെ വിശ്വാസപ്രമാണങ്ങളാണ്''.

ഷാവേസിന്റെ നിരന്തരമായ ഇടപെടലും പരിശ്രമവുമാണ് ബാങ്ക് ഓഫ് സൌത്ത് എന്ന പേരില്‍ ഏഴ് ദക്ഷിണ അമേരിക്കന്‍ രാഷ്ട്രങ്ങളുടേതായ ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നത്. ബാങ്കിന്റെ ആസ്ഥാനം വെനിസ്വേലയുടെ തലസ്ഥാനമായ കാരക്കാസ് ആയിരിക്കും. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസിലും ബൊളീവിയയിലെ ലാപാസിലും ഓരോ ബ്രാഞ്ചും പ്രവര്‍ത്തിക്കും. അംഗരാഷ്ട്രങ്ങളുടെ ധനമന്ത്രിമാരായിരിക്കും ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍. തുടക്കത്തില്‍ ബാങ്കിന്റെ അടച്ചുതീര്‍ത്ത മൂലധനം (paid up capital) 700 കോടി ഡോളറായിരിക്കും. ബ്രസീലും വെനിസ്വേലയുമായിരിക്കും ഏറ്റവും അധികം നിക്ഷേപം നടത്തുന്നത്. വെനിസ്വേല 140 കോടി ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു. അര്‍ജന്റീന 30 കോടി ഡോളറോ അവരുടെ കരുതല്‍ ധനത്തിന്റെ പത്തു ശതമാനമോ നിക്ഷേപിക്കും.

2008 മാര്‍ച്ച് 10 നു മുമ്പ് ബാങ്ക് പ്രവര്‍ത്തനം ആരംഭിക്കും. അടുത്ത 60 ദിവസത്തിനകം അംഗരാജ്യങ്ങള്‍ ബാങ്കിന്റെ ഘടനയേയും പ്രവര്‍ത്തന സംവിധാനത്തെയും സംബന്ധിച്ച് ചര്‍ച്ച ചെയ്ത് വിശദമായ രൂപരേഖ തയ്യാറാക്കും. എല്ലാ അംഗരാജ്യങ്ങള്‍ക്കും സാമ്പത്തികമായും രാഷ്ട്രീയമായുമുള്ള കരുത്തോ ഭൂമിശാസ്ത്രപരമായ വലിപ്പമോ നോക്കാതെ തുല്യപരിഗണനയും തുല്യ അധികാരവുമായിരിക്കണം എന്ന ധാരണ ഉണ്ടാക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ അംഗരാജ്യങ്ങള്‍ക്ക് മാത്രമായിരിക്കും വായ്പ. തുടര്‍ന്ന് ലോകത്തെവിടെയുമുള്ള ആവശ്യക്കാര്‍ക്ക് വായ്പ എന്ന നിലയിലേക്ക് ഉയരണമെന്നും തീരുമാനിച്ചിട്ടുണ്ട്. നല്‍കുന്ന വായ്പകള്‍ തിരിച്ചടയ്ക്കും എന്ന് ഉറപ്പുവരുത്താന്‍ വേണ്ട മുന്‍കരുതല്‍ കൈക്കൊള്ളും. എന്നാല്‍ ഐഎംഎഫോ ലോകബാങ്കോ ഏര്‍പ്പെടുത്തുന്നതു പോലെ സര്‍ക്കാര്‍ ചെലവുകള്‍ വെട്ടിക്കുറയ്ക്കല്‍, കമ്പോളം ബഹുരാഷ്ട്ര കുത്തകകള്‍ക്കായി തുറന്നുകൊടുക്കല്‍ തുടങ്ങിയതുപോലുള്ള ഉപാധികളൊന്നും ഉണ്ടാവില്ല. രാഷ്ട്രീയമോ സാമ്പത്തികമോ ആയ ഏതെങ്കിലും നയങ്ങള്‍ വായ്പയുടെ മറവില്‍ അടിച്ചേല്പിക്കില്ല. ചരടുകളും നിയന്ത്രണങ്ങളും ഒന്നും ഉണ്ടാവില്ല എന്നര്‍ത്ഥം. "നിയോ ലിബറലിസത്തിന്റെ സ്തുതിഗീതങ്ങള്‍ ഇനിയും ഈ മണ്ണില്‍നിന്നും ഉയരില്ല'' എന്നാണ് ബാങ്ക് രൂപീകരണ കരാര്‍ ഒപ്പിട്ട ശേഷം ഹ്യൂഗോ ഷാവേസ് പ്രസ്താവിച്ചത്. "നമ്മുടെ ഭൂഖണ്ഡത്തിലെ രാഷ്ട്രങ്ങളുടെ യഥാര്‍ത്ഥ നിയന്ത്രണത്തിലുള്ള ആദ്യത്തെ അന്താരാഷ്ട്ര ബാങ്കായിരിക്കും ഇത്'' എന്നായിരുന്നു ലുല ഡിസില്‍വയുടെ പ്രഖ്യാപനം.

പ്രധാനമായും പശ്ചാത്തല വികസന ആവശ്യങ്ങള്‍ക്കും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സാമൂഹിക നീതിക്കും സാമ്പത്തിക വളര്‍ച്ചക്കും വേണ്ട പദ്ധതികള്‍ നടപ്പാക്കുന്നതിനായിരിക്കും മുഖ്യപരിഗണന. അംഗരാഷ്ട്രങ്ങളുടെ അടവുശിഷ്ട പ്രതിസന്ധി പരിഹരിക്കുന്നതിനാവശ്യമായ സഹായം നല്‍കണമെന്നും ഹ്യൂഗോ ഷാവേസ് നിര്‍ദ്ദേശിക്കുന്നു.

ആദ്യമായി ബാങ്ക് ഏറ്റെടുക്കുന്ന വന്‍പദ്ധതികളിലൊന്ന് വെനിസ്വേല മുതല്‍ അര്‍ജന്റീന വരെ 8000 കിലോമീറ്റര്‍ നീളത്തില്‍ വാതക പൈപ്പ്‌ ലൈന്‍ സ്ഥാപിക്കലാണ്. ഈ പൈപ്പ് ലൈനിലൂടെ വെനിസ്വേലയില്‍ നിന്നും ബൊളീവിയയില്‍ നിന്നും പ്രകൃതിവാതകം ചുരുങ്ങിയ ചെലവില്‍ ദക്ഷിണ അമേരിക്കയിലാകെ എത്തിക്കാനാകും. അതിനും ഉപരിയായി ദക്ഷിണ അമേരിക്കന്‍ ഏകീകരണത്തിന്റെ ഏജന്റായി ഇതു മാറും. ബാങ്ക് ഓഫ് സൌത്തും വാതക പൈപ്പ് ലൈനും യൂറോപ്യന്‍ യൂണിയനെപ്പോലെ "ദക്ഷിണ അമേരിക്കന്‍ കോണ്‍ഫെഡറേഷന്‍'' രൂപീകരിക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പാണ്. യൂറോപ്യന്‍ യൂണിയനേക്കാള്‍ നിര്‍ദ്ദിഷ്ട കോണ്‍ഫെഡറേഷന് രാഷ്ട്രീയമായും സാംസ്കാരികമായും ഭാഷാപരമായും കൂടുതല്‍ ഏകീകൃത സ്വഭാവമുണ്ടായിരിക്കും. പൊതുകമ്പോളവും പൊതു നാണയവുമുള്ള ഈ സംവിധാനം ബൊളിവറിന്റെ സ്വപ്ന സാക്ഷാത്കാരമായിരിക്കും. സാമ്രാജ്യത്വത്തിന് കനത്ത ആഘാതവുമായിരിക്കും.

ഐഎംഎഫിനെയും ലോകബാങ്കിനെയും കുടിയൊഴിപ്പിക്കലായിരിക്കും ബാങ്ക് ഓഫ് സൌത്തിന്റെ മുഖ്യ അജണ്ട. ഇപ്പോള്‍ തന്നെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഈ ബ്രെട്ടന്‍ വുഡ്‌സ് ഇരട്ടകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടിരിക്കുകയാണ്. വെനിസ്വേലയില്‍ ഷാവേസ് 1999-ല്‍ അധികാരത്തില്‍ വന്നതിനെ തുടര്‍ന്ന് വെനിസ്വേലയുടെ കടബാധ്യതകള്‍ അടച്ചുതീര്‍ത്ത് ഐഎംഎഫില്‍നിന്നും ലോകബാങ്കില്‍നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചത് അടുത്ത കാലത്താണ്. ഇക്വഡോറില്‍ റാഫേല്‍ കോറിയ പ്രസിഡന്റായതിനെ തുടര്‍ന്ന് ലോകബാങ്ക് പ്രതിനിധിയെ അവിടെനിന്ന് പുറത്താക്കി. നിക്ഷേപ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ലോകബാങ്കിന്റെ അന്താരാഷ്ട്ര സെന്റര്‍ അടച്ചുപൂട്ടാന്‍ വെനിസ്വേലയും ബൊളീവിയയും നിക്കരാഗ്വയും തീരുമാനിച്ചു. ബഹുരാഷ്ട്ര കുത്തക കമ്പനികളും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന്റെ പേരില്‍ ഇടനിലക്കാരനായി നിന്ന് കുത്തകകളെ സഹായിക്കുന്ന ഈ ലോകബാങ്ക് സംവിധാനത്തോട് വിട പറയുന്നതു തന്നെ മൂലധന ശക്തികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

വായ്പാ വ്യവസ്ഥകളിലൂടെ നവലിബറല്‍ നയങ്ങള്‍ അടിച്ചേല്പിക്കുന്ന സാമ്രാജ്യത്വ സാമ്പത്തിക ഏജന്‍സികളുടെ ശവക്കുഴി തോണ്ടാനുള്ള ചെറിയൊരു തുടക്കമാണിത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനോടുള്ള കനത്ത വെല്ലുവിളിയും.

(കടപ്പാട്: സിഐടിയു സന്ദേശം. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ട്രൈബ്യൂണ്‍ ഇന്ത്യ )

അധിക വായനയ്ക്ക്

A Bank of Their Own: Latin America Casting off Washington's Shackles

Banco del Sur: A reflection of declining IFI relevance in Latin America

Saturday, January 26, 2008

പ്രകൃതി വഴി കാട്ടുമ്പോള്‍

ഈ ശിശിരത്തില്‍ എന്റെ കൊച്ചു കൃഷിഭൂമിയില്‍ ബെറി വള്ളികളെ പരിപാലിക്കെ ഊതിപ്പെരുപ്പിച്ച നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ കുത്തനെയുള്ള പതനം ഞാന്‍ നിരീക്ഷിക്കയായിരുന്നു. വികാസത്തിന്റേയും സങ്കോചത്തിന്റേയും ആയ ഒരു ചാക്രികത പ്രകൃതിക്കും സഹജമാണല്ലോ. ഇപ്പോള്‍ സങ്കോചിച്ചുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ “എപ്പോഴും വളര്‍ന്നു കൊണ്ടേയിരിക്കും“ എന്ന കെട്ടുകഥയുടെ അടിസ്ഥാനത്തിലാണല്ലോ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

ഉത്തര കാലിഫോര്‍ണിയയിലെ കോകോപെല്ലി ജൈവഫാമിലാണ് കഴിഞ്ഞ പതിഞ്ചുവര്‍ഷമായി എന്റെ പ്രധാന പ്രവര്‍ത്തനങ്ങളെല്ലാം. ആപ്പിള്‍ ചെടികളേയും ബെറി വള്ളികളേയും വളര്‍ത്തു കോഴികളേയും പരിപാലിക്കുന്നതിനിടയില്‍ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ അസ്തമയം നോക്കിയിരിക്കെ, ഒരു യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥക്കായി പ്രകൃതി ഒരുക്കിയ മാര്‍ഗങ്ങളും അമേരിക്കയുടെ കൃത്രിമമായ സമ്പദ്‌വ്യവസ്ഥയുടെ മാര്‍ഗങ്ങളും തമ്മിലുള്ള കടുത്ത വ്യത്യാസം എനിക്ക് മനസ്സിലാകുന്നുണ്ട്. ഞാന്‍ അവലംബിക്കുന്ന കൃഷി രീതി പെര്‍മാകള്‍ച്ചര്‍ ആയതുകൊണ്ട് പ്രകൃതിയാണ് എന്റെ കൃഷിക്ക് വഴികാട്ടുന്നത്.

ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ സമ്പദ്‌വ്യവസ്ഥ പ്രകൃതിയുടെ നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയല്ല കെട്ടിപ്പടുത്തിരിക്കുന്നത്. പ്രകൃതിയുടെ താളവുമായി തികച്ചും സംഘര്‍ഷത്തിലാണത്. അതിനുള്ള വില നാമിപ്പോള്‍ കൊടുത്തു കൊണ്ടിരിക്കുകയുമാണ് . കോഴികള്‍ കൂടണയാന്‍ തിരിച്ചുവരികയാണ്; “വളര്‍ച്ച മാത്രം- വിശ്രമമില്ല” എന്ന സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന അതൃപ്തിയുമായി.

2500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രീക്ക് തത്വജ്ഞാനിയായ ഹെരാക്ലിറ്റസ് പറഞ്ഞു “കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു”. അവ മുകളിലേക്ക് പോകുന്നു... താഴേക്ക് വരുന്നു. അമേരിക്കക്ക് അതിന്റെതായ ഉയര്‍ച്ചകള്‍ ഉണ്ടായിട്ടുണ്ട്; ഇപ്പോള്‍ അത് താഴേക്കുള്ള പതനത്തിലാണ്. വലിയ കോര്‍പ്പറേഷനുകളും അവരുടെ മാധ്യമങ്ങളും സര്‍ക്കാരും എല്ലാരും ചേര്‍ന്ന് അതിനെ ഊതി ഊതി വീണ്ടും മുകളിലേക്ക് ഉയര്‍ത്തുവാന്‍ ശ്രമിക്കുകയാണ്. അത് നടക്കുമെന്ന് തോന്നുന്നില്ല. കിണര്‍ വറ്റി വരളുകയാണ്.

മറ്റെല്ലാ രാജ്യങ്ങളുടേയും സൈനിക ബജറ്റ് ചേര്‍ന്നാലുള്ളതിനേക്കാള്‍ വലിയ സൈനിക ബജറ്റുണ്ടായിട്ടുപോലും നമുക്ക് നമ്മുടെ കോട്ടയെ സംരക്ഷിക്കാനാകുന്നില്ല. നമ്മള്‍ ഉപരോധിക്കപ്പെട്ടിരിക്കുന്നു, ഭീകരന്മാരാലോ മറ്റു ബാഹ്യശക്തികളാലോ അല്ല, മറിച്ച് നമ്മുടെത്തന്നെ ഭീഷണമായ നടപടികളാല്‍.

നമ്മുടെ നേതാക്കള്‍ കുറച്ച് കാലത്തേക്ക് കാര്യങ്ങളെ ഒരല്പം ഊര്‍ജ്ജസ്വലമാക്കിയേക്കും. പണം വാരിയെറിഞ്ഞാല്‍ താല്‍കാലികമായ ഫലം ഉണ്ടാകുമായിരിക്കും . എങ്കിലും അതിന് താഴേക്ക് വന്നേ പറ്റൂ, ഗുരുത്വാകര്‍ഷണം ഊര്‍ജ്ജതന്ത്രത്തിലെ ഒരു അടിസ്ഥാന നിയമമാണ്. വസ്തുക്കള്‍ മുകളിലേക്ക് പോകും, അതിനുശേഷം താഴേക്ക് വരും, ഉടനെ അല്ലെങ്കില്‍ ആത്യന്തികമായി. താഴോട്ടുള്ള പതനം അനിവാര്യമാണെന്ന് തിരിച്ചറിയാത്തവര്‍ക്ക് ഇതിനെ ഒരു അപകടമായോ തകര്‍ച്ചയായോ മാത്രമേ കാണാനാവൂ. എല്ലാം തകര്‍ന്ന് ചിന്നിച്ചിതറുകയാണെങ്കില്‍ , ഒരു പക്ഷെ കൂടുതല്‍ പരിഷ്കൃതമായ രൂപത്തില്‍ എല്ലാം വീണ്ടും കൂട്ടിയോജിപ്പിക്കാനാകും.

എല്ലാ കാര്യത്തിനും ഒരു മറുവശമുണ്ട്. ഹെരാക്ലിറ്റസ് പഠിപ്പിച്ചു. മരണം ജീവിതത്തില്‍ അന്തര്‍ലീനമാണ്. മാറ്റങ്ങളും സ്ഥിരതയില്ലായ്‌മയും മോശം കാര്യങ്ങളല്ല. ജനനം / വളര്‍ച്ച / സങ്കോചം / മരണം ഇതൊക്കെ പ്രകൃതിയുടെ രീതികളാണ്. എല്ലാ ജീവജാലങ്ങളും ഈ സ്വാഭാവികമായ ചക്രം പിന്‍‌തുടരുന്നു. ജീവിക്കുന്നവയെല്ലാം നശിക്കുന്നു.

വളര്‍ച്ചയില്‍ അധിഷ്ഠിതമായ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സങ്കോചിക്കുകയാണ്. മാധ്യമ സാമ്പത്തിക വിദഗ്ദര്‍ അസ്വസ്ഥരാണ്; പരിഭ്രാന്തര്‍ പോലുമാണവര്‍. അവര്‍ ഇതിനെ സാമ്പത്തിക തകര്‍ച്ച എന്നു വിളിക്കുകയും ആധിയാല്‍ കൈകള്‍ കൂട്ടിത്തിരുമ്മുകയും ചെയ്യുന്നു. അവര്‍ ഈ തകര്‍ച്ച മുന്‍‌കൂട്ടിക്കാണണമായിരുന്നു. നമുക്കിത് അംഗീകരിച്ചേ മതിയാവൂ. എന്ത് സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാം. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ച ഈ ലോകത്തിന് ഗുണകരമായേക്കും? മലിനീകരണവും ആഗോള കാലാവസ്ഥക്കും പരിസ്ഥിതിക്കും നേരെയുണ്ടാകുന്ന മറ്റു ഭീഷണികളും ഒരു പക്ഷെ കുറഞ്ഞേക്കും?

എന്ത് സംഭവിക്കും എന്നോ എപ്പോള്‍ സംഭവിക്കും എന്നോ കൃത്യമായി പ്രവചിക്കാനാവാത്തവിധം ധാരാളം അസ്ഥിരഘടകങ്ങള്‍ ഇവിടെയുണ്ട്. പക്ഷെ ഞാന്‍ തികച്ചും വ്യത്യസ്തമായ ഒരു ഭാവിക്കുവേണ്ടിയാണ് തയ്യാറെടുക്കുന്നത്. റിച്ചാര്‍ഡ് ഹീന്‍ബെര്‍ഗ് തന്റെ ഒരു പുസ്തകത്തിന്റെ തലക്കെട്ടില്‍ ചേര്‍ത്ത ഒരു വാക്ക് ഉപയോഗിക്കുകയാണെങ്കില്‍ “വിളക്കുകള്‍ അണക്കുവാനുള്ള” (powerdown) നേരമായിരിക്കുന്നു. നാം ചില കുഴപ്പങ്ങള്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ പരാജയപ്പെടുകയാണ്.

തകരുന്ന സമ്പദ്‌വ്യവസ്ഥക്ക് ഊര്‍ജം പകരുവാനായി ഓരോ നികുതിദായകനും 800 ഡോളര്‍ വരെ ലഭിക്കുന്ന തരത്തില്‍ 145 ബില്യണ്‍ ഡോളറിന്റെ മറ്റൊരു പുതിയ വികസന പാക്കേജ് കൂടി പ്രസിഡന്റ് ബുഷ് പ്രഖ്യാപിച്ചിട്ടുണ്ട്. പണം ചിലവാക്കി ഈ ദുരവസ്ഥയില്‍ നിന്നു രക്ഷപ്പെടുക എന്നതാണ് ,കുറെ ഏറെ ഡെമോക്രാറ്റുകളുടെയും പിന്‍‌തുണയുള്ള, ഈ പദ്ധതിയുടെ കാതല്‍. ഷോപ്പിങ്ങ് നടത്തൂ...എന്തൊരു വിചിത്ര കല്പന! കുഴിയില്‍ നിന്നും കരകയറുന്നതിനു പകരം കൂടുതല്‍ ആഴത്തിലേക്ക് പോകുന്ന തരത്തില്‍ പ്രശ്നം വഷളാകുകയായിരിക്കും ഒരു പക്ഷെ സംഭവിക്കുക.

ഗവര്‍മെന്റ് നല്‍കുന്ന ഈ "സാമ്പത്തിക ഉത്തേജനം"(economic stimulus) കൃത്രിമമായ ഒരു സമ്പദ്‌വ്യവസ്ഥയെ വീണ്ടും താങ്ങു കൊടുത്ത് സഹായിക്കുന്ന ഒട്ടും ശരിയല്ലാത്ത പരിഹാരമാര്‍ഗമാണ്. ഇപ്പോള്‍ തന്നെ തങ്ങളുടെ വരവിനേക്കാളുമേറെ ചെലവു ചെയ്തുകൊണ്ടിരിക്കുന്ന ജനതക്ക് ചെലവഴിക്കാനായി കൂടുതല്‍ പണം നല്‍കുന്നത് ഗ്രേറ്റ് ഡിപ്രഷനു ശേഷം നമ്മള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയെ പരിഹരിക്കുവാന്‍ ഒട്ടും തന്നെ ഉതകുകയില്ല.

സാമ്പത്തിക തകര്‍ച്ച ഒഴിവാക്കുവാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമമാണെന്ന് തോന്നുന്നു. തിരിച്ചടികള്‍ സമര്‍ത്ഥമായി നേരിടുകയും ‘ഇനിയില്ല’ എന്നതിനും “ഇതുവരെയും ആയില്ല” എന്നതിനും ഇടയിലുള്ള ഈ അന്തരാളഘട്ടത്തില്‍ എങ്ങനെ മുന്നോട്ട് പോകാം എന്നു കണ്ടെത്തുകയുമായിരിക്കും ഒരു പക്ഷെ കൂടുതല്‍ മെച്ചപ്പെട്ട സമീപനം . അങ്ങനെ ചെയ്യുവാന്‍ കഴിയുന്നവര്‍ക്ക് , മാറിക്കൊണ്ടിരിക്കുന്ന ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കുന്നവര്‍ക്ക് ഇതില്‍ നിന്നും ഗുണമുണ്ടാക്കുവാന്‍ പോലും കഴിഞ്ഞേക്കും.

കഴിഞ്ഞ 7 വര്‍ഷമായി അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ വികസിക്കുകയായിരുന്നു. ഇതിപ്പോള്‍ സങ്കോചിക്കുവാനുള്ള സമയമാണ്, സാമ്പത്തിക വിദഗ്ദര്‍ വിലപിക്കുന്നുണ്ടെങ്കിലും. 2007ലെ അവസാനത്തെ മൂന്നു മാസത്തില്‍ സാമ്പത്തിക വളര്‍ച്ച ഒരു ശതമാനത്തിനടുത്തേക്ക് താണിരുന്നു. അതിനു മുന്‍പുള്ള മൂന്നുമാസത്തെ 4.9% വളര്‍ച്ചയില്‍ നിന്നുമുള്ള ഒരു വലിയ പതനം. ജനുവരി 17 ലെ അസോസിയേറ്റഡ് പ്രസ്സിലെ ലേഖനമനുസരിച്ച് വളര്‍ച്ച ഒരു പക്ഷെ ഇപ്പോള്‍ നെഗറ്റീവ് ആയിട്ടുണ്ടാവും.

മുഖ്യധാരാ സാമ്പത്തിക വിദഗ്ദര്‍ സാമ്പത്തിക മാന്ദ്യം(depression ), തകര്‍ച്ച (collapse) - ഈ സങ്കോചം ഇങ്ങനെ തുടരുകയാണെങ്കില്‍ അത് സംഭവിച്ചേക്കും- എന്നീ വാക്കുകള്‍ പരസ്യമായി ഉച്ചരിക്കുവാന്‍ ഇഷ്ടപ്പെടുന്നില്ല. ഇത് ധാരാളം പേര്‍ക്ക് അസൌകര്യങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിച്ചേക്കാവുന്ന വലിയ മാറ്റങ്ങള്‍ക്കിടയാക്കും. എങ്കിലും അത് മോശം എന്നതിനേക്കാളുപരി അനിവാര്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അമേരിക്ക താഴോട്ട് പോകുമ്പോള്‍ മറ്റുള്ളവര്‍ക്ക് ഇത് മുന്നേറാനുള്ള അവസരമാണ്. മാന്യമായ ഒരു വീഴ്ച കയ്പ്പേറിയതും ശരവേഗത്തിലുള്ളതും പ്രതികൂലവുമായ ഒന്നിനേക്കാള്‍ എന്തുകൊണ്ടും നല്ലതാണ്. മുളംകമ്പിന്റെ മെയ്‌വഴക്കമായിരിക്കും പൊട്ടാനും ചിതറാനുമിടയുള്ള എല്ലിനേക്കാള്‍ ഈ വീഴ്ചയില്‍ നമുക്ക് മാതൃക. അങ്ങനെയാണെങ്കില്‍ നമുക്ക് ഒരു പക്ഷെ തിരിച്ചുയരുവാന്‍ കഴിഞ്ഞേക്കും, വ്യത്യസ്തവും കൂടുതല്‍ പക്വവുമായ ഒരു രീതിയില്‍.

ഹിലൊയിലെ ഹവായ് യൂണിവേഴ്സിറ്റി പ്രൊഫസര്‍ മനു മെയര്‍ അമേരിക്കയെ വിശേഷിപ്പിക്കുന്നത് കൌമാരപ്രായക്കാരന്‍ (adolescent)എന്നാണ്. തിരിച്ചടികള്‍ മിക്കപ്പോഴും ഒരു വ്യക്തിയെ പക്വതയാര്‍ജ്ജിക്കുവാന്‍ സഹായിക്കുന്നതുപോലെ സാമ്പത്തികമായ ഈ പതനവും ഒരു പക്ഷെ അമേരിക്കയുടെ വളര്‍ച്ചയെ സഹായിച്ചേക്കും.

"Reinventing Collapse" എന്നത് ന്യൂസൊസൈറ്റി പബ്ലീഷേര്‍സ് ഏപ്രിലില്‍ പ്രസിദ്ധീകരിക്കാനിരിക്കുന്ന, അമേരിക്കയില്‍ താമസിക്കുന്ന റഷ്യക്കാരനായ ദിമിത്രി ഓര്‍ലോവ് രചിച്ച പുസ്തകത്തിന്റെ പ്രകോപനപരമായ തലക്കെട്ടാണ്. ഇപ്പോള്‍ ഉരുണ്ടുകൂടിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ തകര്‍ച്ചയെ അദ്ദേഹം സോവിയറ്റ് യൂണിയന്റേതുമായി താരതമ്യം ചെയ്യുന്നു. ഈ പുസ്തകത്തിന്റെ ചില ഭാഗങ്ങള്‍ www.energybulletin.net എന്ന സൈറ്റിലും മറ്റു ചിലയിടങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിന്റെ അവസാനത്തെ മൂന്ന് അദ്ധ്യായങ്ങള്‍ "Collapse Mitigation," Adaptation, "Career Opportunities" എന്നിവയാണ്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച കണ്ട തന്റെ അനുഭവജ്ഞാനത്തിലൂടെ, ഒരേയൊരു വന്‍‌ശക്തിയായ അമേരിക്കയില്‍ സംഭവിച്ചേക്കാവുന്ന തകര്‍ച്ചയെ നേരിടുവാന്‍ ജനങ്ങളെ സഹായിക്കുവാന്‍ ശ്രമിക്കുകയാണ് ഓര്‍ലോവ്.

ഇനി ഞാന്‍ എന്റെ വിശകലനത്തിന് തികച്ചും വ്യത്യസ്തമായ രണ്ട് സോഴ്‌സുകളെ ആധാരമാക്കട്ടെ. കൃഷിയെ സംബന്ധിച്ച രചനകള്‍ നടത്തുന്ന വെന്‍ഡല്‍ ബെറിയേയും (Wendell Berry) 1979ലെ "Being There." എന്ന സിനിമയില്‍ പീറ്റര്‍ സെല്ലേഴ്സ് അവതരിപ്പിച്ച തമാശക്കാരനായ തോട്ടക്കാരന്‍ ചാന്‍സി(Chance)നേയും.

ബെറി കഴിഞ്ഞ 50 വര്‍ഷത്തിലേറെക്കാലമായി കൃഷി സംബന്ധിയായ ഉപന്യാസങ്ങളും, കവിതകളും നോവലുകളും പ്രസിദ്ധീകരിക്കുന്നു. 1977ല്‍ സിയറ ക്ലബ് പ്രകാശനം ചെയ്ത അദ്ദേഹത്തിന്റെ "The Unsettling of America," എന്ന പുസ്തകത്തിനു ശേഷം അദ്ദേഹം അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. കൃഷിഭൂമിയില്‍ ഉറച്ചുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങളെല്ലാം തന്നെ പുസ്തക വായനക്കും സംഖ്യകള്‍ കൊണ്ടുള്ള കളികള്‍ക്കും നല്‍കാന്‍ കഴിയുന്നതിനപ്പുറമുള്ള കാര്‍ഷിക വിജ്ഞാനത്തില്‍ അധിഷ്ഠിതമാണ്.

“മനുഷ്യന്റെ ആവാസവ്യവസ്ഥ അല്ലെങ്കില്‍ സമ്പദ്‌വ്യവസ്ഥ പ്രകൃതി ഒരുക്കിയിരിക്കുന്ന ആവാസവ്യവസ്ഥയുമായി നിരന്തരം സംഘര്‍ഷത്തിലാണ്, ബെറി തന്റെ "The Total Economy." എന്ന ഉപന്യാസത്തില്‍ എഴുതുന്നു. “മനുഷ്യന്‍ പ്രകൃതിയെ അസംസ്കൃതവസ്തുക്കളുടെ വെറുമൊരു ദാതാവായാണ് കരുതുന്നത്. അതിന്റെ ഫലം അദ്ദേഹം വിശദീകരിക്കുന്നതുപോലെ “സാമ്പത്തികമായ അതിലളിതവല്‍ക്കരണവും” (economic oversimplification) “മണ്ടന്‍ സമ്പദ്‌വ്യവസ്ഥ”സൃഷ്ടിക്കുന്ന “വിഡ്ഢിത്തങ്ങളും” ആണ്. പാടത്ത് പണിയെടുക്കുന്ന ഏറ്റൊരാള്‍ക്കും തന്റെ കണ്ണുകള്‍ ഉയര്‍ത്തി മുകളിലേക്ക് നോക്കുമ്പോള്‍ ചിലപ്പോള്‍ കാണാന്‍ കഴിയുന്ന ആകാശത്തിന്റെയും മേഘങ്ങളുടേയും അതുപോലെ ഭൂമിക്കും സുന്ദരനീലാകാശത്തിനുമിടക്കുള്ള വിസ്തൃതിയുടെയും ആ വലിയ ചിത്രം കാണുന്നതില്‍ നാം പലപ്പോഴും പരാജയപ്പെടുന്നു.

ആഗോള സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുത്തിരിക്കുന്നത് ചിലവു കുറഞ്ഞ ദീര്‍ഘദൂര ഗതാഗത സൌകര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് ബെറി തറപ്പിച്ചു പറയുന്നു. അത്തരമൊരു സംവിധാനത്തിന്റെ അഭാവത്തില്‍ ചരക്കുകളെ ഏറ്റവും വില കുറഞ്ഞയിടങ്ങളില്‍ നിന്നും ഏറ്റവും കച്ചവടമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കുക എന്നത് സാധ്യമല്ല. ക്രൂഡ് ഓയിലിന്റെ വില ബാരലിന് 100 ഡോളര്‍ എന്ന പരിധി കടന്നതോടുകൂടി, വില കുറഞ്ഞ എണ്ണ എന്നത് ഇല്ലാതാകുന്നു എന്ന വസ്തുതയെക്കുറിച്ചും വ്യാവസായികതയുടെ(industrialism) ഭക്ഷണത്തിനും, പ്ലാസ്റ്റിക്കിനും, ഗതാഗതത്തിനും, യുദ്ധ സന്നാഹങ്ങള്‍ക്കും ആധുനിക ജീവിതത്തിന്റെ മറ്റെല്ലാ കാര്യങ്ങള്‍ക്കും ഉത്തേജനം നല്‍കുന്ന ഈ “കറുത്ത സ്വര്‍ണ്ണ”ത്തിന്റെ വര്‍ദ്ധിക്കുന്ന വിലയെക്കുറിച്ചും നാം കൂടുതല്‍ കൂടുതല്‍ ബോധവാന്മാരായിക്കൊണ്ടിരിക്കുകയാണ്.

ബെറി പറയുന്നതു പോലെ നമുക്കാവശ്യം ഒരു യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയാണ് , അല്ലാതെ നാം ജീവിക്കുന്നതു പോലുള്ള ചീട്ടുകൊട്ടാരങ്ങളല്ല. “പണത്തിനപ്പുറത്തുള്ള കാര്യങ്ങളും സംരക്ഷിക്കുക” എന്നാണ് ബെറി നിര്‍ദ്ദേശിക്കുന്നത്. അതുപോലെത്തന്നെ “അയല്‍ക്കൂട്ടങ്ങളും ഉപജീവനവും” എന്ന ആശയം ആധാരമാക്കിയ പ്രാദേശിക സമ്പദ്‌വ്യവസ്ഥയാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത്.

കളകള്‍ നശിപ്പിക്കുവാനും സൂഷ്മജീവികളുടെ മണ്ണിലെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കാനുമൊക്കെ ലക്ഷ്യമിട്ട്, ബെറി ചെടികളുടെ ചുവട്ടില്‍ കമ്പിളി ചുറ്റുന്നതിനിടയില്‍ ഒരു സഹായി എന്നോട് ചോദിച്ചു ‍"പീറ്റര്‍ സെല്ലേഴ്സിന്റെ ആ പഴയ ചിത്രം “Being There” കണ്ടിട്ടുണ്ടോ?” പാടത്ത് സഹായികളുമൊത്ത് ജോലി ചെയ്യുന്നതിനിടക്ക് ഞാനും ജെഫ് സ്‌നൂക്കും ബാങ്കുകളുടെ സാമ്പത്തികപ്രശ്നങ്ങള്‍, ഹൌസിങ്ങ്, ഡോളര്‍, തൊഴിലില്ലായ്മ, ചെറുകിടവ്യാപാരം, ഉപഭോക്‍തൃ വിശ്വാസം എന്നിവയെപ്പറ്റിയൊക്കെ സംസാരിക്കാറുണ്ട്.

കൃഷിക്കാര്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി തോട്ടത്തില്‍ വച്ചും പുറത്തുവച്ചുമൊക്കെ സംസാരിക്കാറുണ്ട്. 1950ന്റെ ആദ്യപാദങ്ങളില്‍, അമേരിക്കയുടെ മദ്ധ്യ പടിഞ്ഞാറന്‍ ഉള്‍ഗ്രാമങ്ങളില്‍ വൈദ്യുതി എത്തുന്നതിനും മറ്റും മുന്‍പെ, ലോവയില്‍ കൃഷിസ്ഥലത്തിനുടമയായിരുന്ന എന്റെ അമ്മാവന്‍ ഡെയ്‌ല്‍ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യുമായിരുന്നു. വൈദ്യുതിയും ഗ്യാസും ഒന്നും ഇല്ലാതെ ജീവിച്ചു പരിചയമുള്ളതിനാല്‍ ഇനിയും അങ്ങിനെ ജീവിക്കുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കുവാന്‍ എനിക്ക് കഴിയും. ടി.വിക്കു പകരമായി രാത്രിയില്‍ കഥ പറച്ചിലും, പകല്‍ സമയത്തെ വിനോദത്തിന് കൃഷിസ്ഥലത്തിലെ മൃഗങ്ങളുമായിരുന്നു ഞങ്ങള്‍ക്കന്നു കൂട്ടുണ്ടാ‍യിരുന്നത്. ആധുനികമായ പല സൌകര്യങ്ങളും ഇല്ലായിരുന്നെങ്കിലും അതൊരു നല്ല ജീവിതമായിരുന്നു. കുറഞ്ഞ ഊര്‍ജ്ജ ഉപഭോഗത്തിന്റെ ശൈലിയിലേക്ക് മാറുവാനും, “വിളക്കുകള്‍ അണക്കുവാനും” നാം നിര്‍ബന്ധിതരായേക്കാം എന്നതു കൊണ്ട് ആധുനിക സൌകര്യങ്ങളില്‍ ചിലതൊക്കെ നമുക്ക് അനതിവിദൂര ഭാവിയില്‍ ഉപേക്ഷിക്കേണ്ടി വന്നേക്കാം.

ഈയിടെ ഞാനും ജെഫും തോട്ടത്തില്‍ പണിയെടുത്തുകൊണ്ടിരിക്കെ സങ്കോചത്തിന്റെതായ പല ശകുനങ്ങളും ദൃശ്യമായിരുന്നു - ഓക്കുമരങ്ങളില്‍ നിന്നും നിലം പതിക്കുന്ന ഇലകള്‍, ചുരുങ്ങുന്ന ബോയന്‍സ്‌ബെറി വള്ളികള്‍, മുട്ടയിടലിന് വാര്‍ഷിക അവധി പ്രഖ്യാപിച്ച സുന്ദരി കോഴികള്‍.... ഇവയൊക്കെ മുന്‍‌കൂട്ടി കാണാവുന്നതും എല്ലാ വര്‍ഷവും സംഭവിക്കുന്നതുമാണ്. ബുദ്ധിയുള്ള പക്ഷികളും അണ്ണാറക്കണ്ണന്മാരും ചെയ്യുന്നതു പോലെ, ഞാനും ഇതനുസരിച്ചാണ് എന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്.

“Being There എന്ന സിനിമയിലെ ചാന്‍സ് എന്ന കഥാപാത്രം പ്രകൃതിയുടെ കാലചക്രങ്ങളെ നിരീക്ഷിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ലളിതമനസ്കനായ ഒരു തോട്ടക്കാരനാണ്.“ ജെഫ് സൂചിപ്പിച്ചു. “ വസന്തത്തില്‍ ചെടികള്‍ നടണമെന്നും, അവ അതിനുശേഷം വളരുകയും മരിക്കുകയും ചെയ്യും എന്ന പ്രകൃതിയുടെ അടിസ്ഥാന താളം അയാള്‍ക്കറിയാമായിരുന്നു.”

ആ ചിത്രത്തില്‍ ഒരു സാങ്കല്പിക അമേരിക്കന്‍ പ്രസിഡന്റ് സാമ്പത്തിക ഉപദേഷ്ടാവിനെ സന്ദര്‍ശിക്കാന്‍ ചെല്ലുമ്പോള്‍ ചാന്‍സിന്റെ കണ്ടുമുട്ടുന്നുണ്ട്. പ്രസിഡന്റ് സാമ്പത്തിക വളര്‍ച്ചക്കായി ഒരു താല്‍കാലിക പദ്ധതി മുന്നോട്ട് വയ്‌ക്കുന്നു.”വേരുകള്‍ മുറിയാത്തിടത്തോളം കാലം തോട്ടത്തില്‍ എല്ലാം നന്നായിരിക്കും” ചാന്‍സ് മറുപടിയായി പറയുന്നു. ” ചിലതൊക്കെ കൊഴിഞ്ഞുപോകേണ്ടതുണ്ട്” അയാള്‍ കൂട്ടിച്ചേര്‍ക്കുന്നു. ബുദ്ധിമാനായ പ്രസിഡന്റ് ചാന്‍സിന്റെ ലളിതമായ ഉപദേശം സ്വീകരിക്കുന്നു, നമ്മുടെ ഇപ്പോഴത്തെ യഥാര്‍ത്ഥ പ്രസിഡന്റ് ഇത്തരമൊരു കാര്യം ചെയ്യുവാന്‍ യാതൊരു സാദ്ധ്യതയും ഞാന്‍ കാണുന്നില്ല. ബാന്‍ഡ് എയ്‌ഡ് അല്ല മറിച്ച് ഒരു ദീര്‍ഘകാല പ്രശ്നപരിഹാരമാണ് ആവശ്യമെന്ന് മനസ്സിലാക്കിക്കൊണ്ട് സിനിമയിലെ പ്രസിഡന്റ്, ചാന്‍സിന്റെ കാലികവും പ്രകൃത്യാനുസാരിയുമായ ഉപദേശം അംഗീകരിക്കുന്നു.

ശരിക്കു പറഞ്ഞാല്‍, നമ്മുടെ സമ്പദ്‌വ്യവസ്ഥ അതിന്റെ വേരുകളില്‍ നിന്ന്; ഭൂമിയില്‍ നിന്നു തന്നെ, വേര്‍പെടുത്തപ്പെട്ടിരിക്കുന്നു. നികുതിയിളവിലൂടെ ബുഷ് മുന്നോട്ട് വെക്കുന്ന “സാമ്പത്തിക വളര്‍ച്ചാ ഉത്തേജക” പഞ്ചസാരഗുളികയല്ല നമുക്കാവശ്യം മറിച്ച് പ്രായോഗികവും ലളിതവുമായ ഒരു സാമ്പത്തിക സമീപനമാണ്.

നമുക്ക് അടിസ്ഥാന തത്വങ്ങളിലേക്ക് തിരിച്ചുപോകേണ്ടിയിരിക്കുന്നു, അമേരിക്കയില്‍. എപ്പോഴും ഒന്നാമതായിരിക്കണമെന്നും, എല്ലാം നമ്മുടെ നിയന്ത്രണത്തിലാകണമെന്നും, എന്നന്നേക്കും ആധിപത്യമുള്ള ഭരണകര്‍ത്താക്കള്‍ ആയിരിക്കണമെന്നും, അതിനെല്ലാം ഉപരിയായി ഏക വന്‍‌ശക്തി ആകണമെന്നുമുള്ള നമ്മുടെ മോഹങ്ങളെല്ലാം അതിരു കടന്നതായിരുന്നു. പരാജയപ്പെടുന്ന നമ്മുടെ സമ്പദ് വ്യവസ്ഥയെ കൃത്രിമമായി താങ്ങി നിറുത്താന്‍ നമുക്ക് എന്തൊക്കെ അഭ്യാസങ്ങള്‍, എത്രയൊക്കെ യുദ്ധങ്ങള്‍ ചെയ്യേണ്ടതായി വന്നിട്ടുണ്ട്. ഈ യുദ്ധങ്ങളൊക്കെ പരിസ്ഥിതിയേയും മറ്റു മനുഷ്യരേയും പക്ഷിമൃഗാദികളേയും സസ്യജാലങ്ങളേയും എന്നു വേണ്ട ജീവന്‍ നിലനില്‍ക്കാന്‍ അത്യന്താപേക്ഷിത ഘടകങ്ങളായ ശുദ്ധ ജലത്തെയും വായുവിനെയും പോലും നശിപ്പിക്കാതെ നമുക്ക് ജയിക്കാനാവുമോ? ഏതൊരു വളര്‍ച്ചക്കും ഒരതിരുണ്ട് എന്നത് നാം അംഗീകരിച്ചേ മതിയാവൂ..

കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന അമേരിക്കന്‍ പൌരന്മാരുടെ എണ്ണം ജനസംഖ്യയുടെ 2 ശതമാനത്തിലധികം വരില്ല. നമുക്ക് നിലനില്‍ക്കണമെങ്കില്‍ ഈ സംഖ്യ വര്‍ദ്ധിച്ചേ മതിയാവൂ. കൃഷി എന്നത് രസകരവും നമ്മെ ഒത്തിരി കാര്യങ്ങള്‍ പഠിപ്പിക്കുന്നതും, നമ്മുടെ തീന്‍ മേശകളില്‍ ഭക്ഷണസാധനങ്ങള്‍ എത്തിക്കുന്നതും ഒപ്പം സമുദായങ്ങളെ സൃഷ്ടിക്കുന്നതുമാണ് എന്ന് നാം തിരിച്ചറിയണം. കൃഷി എന്നത് ഏതു സംസ്ക്കാരത്തിന്റെയും ആധാരശിലയാണ് (Agri-culture, after all, is a basis of culture). നമ്മുടെ കൃഷിയും സംസ്ക്കാരവും നാള്‍ തോറും അഭിവൃദ്ധിപ്പെടട്ടെ...പക്ഷെ അത് ഇപ്പോള്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന, തെറ്റായ, വിഡ്ഢികളുടെ മരമണ്ടന്‍ സമ്പദ് വ്യവസ്ഥയെ ആധാരമാക്കിയാവരുത് എന്ന് മാത്രം.

മരിച്ചുകൊണ്ടിരിക്കുന്ന ഈ സാമ്പത്തികക്രമത്തിന് ഞാന്‍ നിത്യശാന്തി നേരുന്നു.

നമുക്ക് അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പ്രകൃതിയുടെ സാമ്പത്തികക്രമവുമായി , അതിന്റെ താളവുമായി പുനര്‍സംയോജിപ്പിക്കേണ്ടിയിരിക്കുന്നു.

(Dr. Shepherd Bliss കൌണ്ടര്‍ പഞ്ചില്‍ എഴുതിയ Nature's Way - The False U.S. Economy എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)

Dr. Shepherd Bliss teaches part-time at Sonoma State University, runs Kokopelli Farm, and has contributed to over 20 books, most recently to " Sustainability". He can be reached: sbliss അറ്റ് hawaii ഡോട്ട് edu

Friday, January 25, 2008

ഈ തിരുമേനിക്ക് എന്ത് പറ്റി?

ക്രൈസ്തവരില്‍നിന്ന് ഒരു 'സര്‍സംഘ ചാലക്' ഉണ്ടാവണമെന്ന് ക്രിസ്തുദേവന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടുണ്ടാവില്ല. 'നിന്റെ കുരിശെടുത്ത് എന്റെ പിന്നാലെ വരാനാണ്' ക്രിസ്തു ആഹ്വാനംചെയ്തത്. കുരിശ് പീഡനത്തിന്റെയും സഹനത്തിന്റെയും പ്രതീകമാണ്. ഇത് ഒരു ആര്‍ച്ച്ബിഷപ്പിന് അറിയാത്ത കാര്യമല്ല. എന്നിട്ടും പവ്വത്തില്‍ തിരുമേനി ഗുരുജി ഗോള്‍വാള്‍ക്കറാകാന്‍ ശ്രമിക്കുന്നു.

'സംസ്കാരം' എന്ന വാക്കാണ് തിരുമേനിയും ഉപയോഗിക്കുന്നത്. ചരിത്രത്തില്‍ ഇത്രയേറെ ചവിട്ടിമെതിക്കപ്പെട്ട മറ്റൊരു വാക്കില്ല. വാരിക്കുഴിയിലേക്കുള്ള ക്ഷണപത്രമായി എത്രയോ വട്ടം ഈ വാക്ക് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഏകാധിപതികള്‍ ജനാധിപത്യത്തിന്റെ തലയെടുത്തത് ഈ ഖഡ്‌ഗം വീശിയാണ്. ലോകം ഭരിക്കാന്‍ ആര്യസംസ്കാരമുള്ളവര്‍ വേണം എന്ന ഭീഷണി അവസാനിച്ചത് ഹിരോഷിമയിലെയും നാഗസാക്കിയിലെയും കൂട്ട നിലവിളികള്‍ക്കിടയിലാണ്. മഹാത്മാഗാന്ധിയുടെ ജന്മനാട്ടില്‍ 2000ത്തോളം മുസ്ലീങ്ങള്‍ മരിച്ചുവീണപ്പോള്‍ നരേന്ദ്രമോഡിയുടെ കണ്ണില്‍ തിളങ്ങിയതും ആര്യസംസ്കാരംതന്നെ. ഇറ്റാലിയന്‍ തോക്ക് ഉപയോഗിച്ച് നാഥുറാം ഗോഡ്‌സെ നിറയൊഴിച്ചതും 'ആര്‍ഷ ഭാരത സംസ്കാരം' ഘോഷിക്കാന്‍!

ഒരു മതഗ്രന്ഥത്തിലും 'സംസ്കാരം' എന്ന വാക്കില്ല. എന്നിട്ടും മതതീവ്രവാദം ആയുധം രാകുന്നത് ഇതിന്റെ ഉരകല്ലില്‍. കത്തിത്തീരാത്ത പട്ടടകളില്‍ നോക്കി കരഞ്ഞുതീരാത്തവര്‍ എത്രയോ ലക്ഷം! പ്രാര്‍ഥനയ്ക്കിടയില്‍ പവ്വത്തില്‍ തിരുമേനി ഈ കരച്ചിലുകള്‍ കേട്ടില്ലായിരിക്കാം. 'നിങ്ങള്‍ മക്കളെ സഭയുടെ സ്ഥാപനങ്ങളില്‍ പഠിപ്പിക്കണം' എന്ന് പറഞ്ഞതില്‍ കരുണയില്ല, വിശാലഹൃദയമില്ല, കരണത്തടിച്ചവന്റെ കൈ തടവുന്ന ക്രൈസ്തവ സ്പര്‍ശമില്ല. 'ഞാന്‍ പറയുന്നത് നീ അനുസരിക്കണം' എന്ന സന്ദേശം സംസ്കാരത്തിന്റേതല്ല, അധികാരത്തിന്റേതാണ്. ഉച്ചാരണം എത്ര വിനയപൂര്‍ണമാണെങ്കിലും ഉള്ളടക്കം അതിനിന്ദ്യമാണ്. സഭയുടെ സ്ഥാപനങ്ങളില്‍ കുട്ടികള്‍ കുറഞ്ഞെങ്കില്‍ മാനേജ്‌മെന്റ് തലങ്ങളിലാണ് പരിഹരിക്കേണ്ടത്; വേദപുസ്തകം വായിക്കുന്നവരെ-ഇതിലേ... ഇതിലേ... എന്ന് ആഹ്വാനംചെയ്തുകൊണ്ടല്ല.

വിഭാഗീയ സംസ്കാരങ്ങള്‍ വിതരണംചെയ്യുന്ന റേഷന്‍കടയാണോ പള്ളിക്കൂടങ്ങള്‍? ക്രിസ്ത്യാനി ക്രൈസ്തവ പള്ളിക്കൂടത്തില്‍ പോകണം എന്ന വാചകത്തെ ഒന്നുകൂടി തരംതിരിക്കാം. സിറിയന്‍ സിറിയന്റെ സ്കൂളിലും ലാറ്റിന്‍ ലാറ്റിന്റെ സ്കൂളിലും പോകട്ടെ. മാര്‍ത്തോമ, യാക്കോബായ, ഓര്‍ത്തഡോക്സ്, സിഎസ്ഐ, സിഎംഐ എന്നിവര്‍ അവരവരുടെ പള്ളിക്കൂടങ്ങളില്‍ പോകട്ടെ. പവ്വത്തില്‍ തിരുമേനിയുടെ ആഗ്രഹം സഫലീകരിക്കാന്‍ നായര്‍ നായരുടെയും, ഈഴവര്‍ ഈഴവരുടെയും സ്കൂളില്‍ പോകട്ടെ. അപ്പോള്‍ തിരുമേനി, പാവപ്പെട്ട 'പറയനിത്താപ്പിരി' അവന്റെ സംസ്കാരം ഉള്‍ക്കൊള്ളാന്‍ ഏത് സ്കൂളില്‍ പോകും?

ഗലീലിയായിലെ കല്‍പ്പടവുകളിലിരുന്ന് യേശു സ്വപ്നംകണ്ടത് മനുഷ്യന്റെ മോചനമായിരുന്നു. ഉണ്ണാനില്ലാത്തവരും, ഉടുക്കാനില്ലാത്തവരുമായിരുന്നു അദ്ദേഹത്തിന്റെ കേള്‍വിക്കാര്‍. ദരിദ്രരില്‍ ദരിദ്രന് കൊടുക്കുന്നത് എനിക്ക് തരുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം സ്വര്‍ഗം നീട്ടിയത് ദരിദ്രന്റെ മുന്നിലാണ്. പള്ളിക്കൂടം നടത്തിപ്പിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഇപ്പോള്‍ മുഖ്യ അജന്‍ഡ. അതിനുവേണ്ടി ഒരു രണ്ടാം വിമോചന സമരത്തിനുവരെ തിരുവെഴുത്തുകള്‍ വരുന്നു! ദരിദ്രനും അടിമയ്ക്കും കുറ്റവാളികള്‍ക്കുംവേണ്ടിയാണ് റോമന്‍ സാമ്രാജ്യം കുരിശ് നീക്കിവച്ചത്. അടിമയുടെയും ദരിദ്രന്റെയും കലാപം അവസാനിപ്പിക്കാനുള്ള തൂക്കുമരമായിരുന്നു അത്. തെരുവോരത്ത് പരസ്യമായാണ് കുരിശേറ്റം. ഉത്സവപ്രതീതിയോടെ അധികാരികള്‍ ഇത് ആഘോഷിച്ചു. കുരിശില്‍ പിടയുന്നവന്റെ രോദനത്തില്‍ എതിര്‍പ്പിന്റെ ശബ്ദം അവസാനിക്കുമെന്ന് അവര്‍ കരുതി. കുരിശേറിയവന്റെ കണ്ണുപൊട്ടിക്കാന്‍ കഴുകന്മാര്‍ ആകാശത്ത് വട്ടമിട്ടു. സ്വാതന്ത്ര്യദാഹികളുടെ രക്തമാണ് കുരിശില്‍. അത് ലാഭക്കൊതിക്ക് ഉയര്‍ത്തിപ്പിടിക്കേണ്ട പരസ്യപ്പലകയല്ല.

ക്രിസ്ത്യാനികള്‍ ക്രൈസ്തവ പള്ളിക്കൂടത്തില്‍ പോകണമെന്നത് മതനിരപേക്ഷതയാണത്രേ! ആര്‍എസ്എസ് ശാഖകളില്‍പോലും ഇത്ര നിര്‍വ്യാജമായ വര്‍ഗീയത പറയാറില്ല. അവര്‍ പോലും മൂന്നുവലത്തുവച്ചാണ് മൂക്കില്‍ തൊടുന്നത്. 'ഭാരതസംസ്കാരം' എന്ന അപരനാമം ഉപയോഗിച്ചാണ് അവര്‍ 'ഹിന്ദു സംസ്കാരം' വില്‍ക്കുന്നത്. തിരുമേനി, അങ്ങ് ഉദ്ദേശിക്കുന്ന ഈ ക്രൈസ്തവസംസ്കാരം ഒന്ന് നിര്‍വചിക്കാമോ?

ഇപ്പോള്‍ 'സംസ്കാരം' എന്ന വാക്ക് ഒഴുകുന്നത് ഇന്നലെകളിലെ പ്രശാന്തസുന്ദരമായ സിന്ധുവിന്റെ തീരത്തുകൂടിയല്ല; വിലപിച്ചുതീരാത്ത ഇറാഖി അമ്മമാരുടെ മുറിവുണങ്ങാത്ത മാറിലൂടെയാണ് ! 'ഇനി സംസ്കാരങ്ങളുടെ സംഘട്ടനമാണ് എന്ന സാമുവല്‍ ഹണ്ടിംഗ്‌ടണിന്റെ കണ്ടെത്തലിന്റെ സാക്ഷാല്‍ക്കാരം! അമേരിക്കന്‍ അധിനിവേശത്തിന്റെ സൈദ്ധാന്തിക അടിത്തറ. നിങ്ങള്‍ ഞങ്ങളുടെ കൂടെയല്ലെങ്കില്‍ ഞങ്ങളുടെ ശത്രുവിന്റെ കൂടെയാണെന്ന മുഷ്ക് ! ക്രൈസ്തവ സംസ്കാരവും ഇസ്ലാം സംസ്കാരവും മുഖാമുഖം നില്‍ക്കുകയാണത്രേ. ക്രൈസ്തവ സംസ്കാരം ആധുനികവും, ഉദാത്തവും, വിശാലവും ജനാധിപത്യപരവും. ഇസ്ലാം സംസ്കാരം പ്രാകൃതവും, നീചവും, സങ്കുചിതവും ഏകാധിപത്യപരവും. അതുകൊണ്ട് സദ്ദാംഹുസൈനെ തൂക്കിലെറിഞ്ഞ് അമേരിക്ക ഇറാഖിനെ ജനാധിപത്യം പഠിപ്പിച്ചു. പാകിസ്ഥാന് ആയുധംകൊടുത്ത് അഫ്‌ഗാനിസ്ഥാനെ ജനാധിപത്യം പഠിപ്പിച്ചു. ഇസ്രയേലിന് മിസൈലുകള്‍ നല്‍കി പലസ്തീനെ പഠിപ്പിച്ചു. അധ്യയനം തീര്‍ന്നില്ല; തുടര്‍ വിദ്യാഭ്യാസ പരിപാടിയാണ്. ഇനി ഇറാനെ പഠിപ്പിക്കാന്‍ ഒരുങ്ങുകയാണ്. പെന്റഗണില്‍ യുദ്ധതന്ത്രജ്ഞര്‍ സിലബസ് തയ്യാറാക്കിക്കഴിഞ്ഞു. ..... പവ്വത്തില്‍ തിരുമേനി ഉദ്ദേശിക്കുന്ന 'ക്രൈസ്തവ സംസ്കാരം' എന്താണ്? ആരുടെ രക്തത്തിലാണ് തിരുമേനി കൈകഴുകാന്‍ ഒരുങ്ങുന്നത്? വിശ്വഹിന്ദുപരിഷത്തുകാരും, തൊഗാഡിയമാരും അത്യധ്വാനംചെയ്തിട്ടും കുലുങ്ങാത്ത കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയിലേക്ക് തിരുമേനീ, കുരിശിന്റെ അഗ്രം കൂര്‍പ്പിച്ച് അങ്ങ് കുത്തരുത്!

വേലികെട്ടിത്തിരിച്ച്, ചാവേറുകള്‍ കാവല്‍നിന്ന കോട്ടയ്ക്കകത്തല്ല സംസ്കാരം വളര്‍ന്നത്. ചരിത്രത്തില്‍ സംസ്കാരം നാവാക്ഷരം കുറിച്ചത് നദീതീരത്തെ അതിരുകളില്ലാത്ത മണ്ണില്‍വച്ചാണ്. വരമ്പുകള്‍ ഇടിച്ചുനിരത്തി പ്രകൃതി കാലത്തെ ചുംബിച്ചത് ഈ കളിത്തട്ടില്‍വച്ചായിരുന്നു. ഇതായിരുന്നു സംഗമവേദികള്‍, ഇവിടെയായിരുന്നു സംക്രമണസന്ധ്യകള്‍. കൂടിച്ചേരലുകളില്‍നിന്നാണ് സംസ്കാരം പിച്ചവെച്ചത്, വേര്‍പിരിയലില്‍നിന്നല്ല. തുഞ്ചന്‍ 'പറമ്പാ'ണ് കോട്ടയല്ല. കോട്ട രാജാക്കന്മാര്‍ക്ക് മതി; അക്ഷരങ്ങള്‍ക്ക് വേണ്ട. പേര്‍ഷ്യന്‍ രാജാക്കന്മാര്‍ മദ്രസകളിലേക്കുവരെ ചൈനീസ് പണ്ഡിതന്മാരെ കൊണ്ടുവന്നു. നളന്ദയും തക്ഷശിലയും വാതിലുകള്‍ തുറന്നിട്ട് ജ്ഞാനികളെത്തേടി. നളന്ദയില്‍ യിജിങ് എന്ന ചൈനീസ് വിദ്യാര്‍ഥി 'ആയുര്‍വേദം' പഠിക്കാനെത്തി. ഇന്ത്യക്കാരനായ ഗൌതമസിദ്ധാര്‍ഥ എട്ടാം നൂറ്റാണ്ടില്‍ ചൈനയില്‍ ജ്യോതിശാസ്ത്ര തലവനായി.

സമ്പന്നമായ ഗ്രീക്ക് സംസ്കാരം ദൈവങ്ങളെവരെ കടമെടുത്തു. ഈജിപ്‌ഷ്യന്‍ ദേവത ഐസിസ് ഗ്രീക്കുകാര്‍ക്ക് ദി മെറ്ററായി. ഈജിപ്തിന്റെ ഹോറസ് ഗ്രീസില്‍ അപ്പോളോ ആയി. എല്ലാ ദൈവവും തുല്യരാണെന്ന് ഗ്രീക് ചിന്തകന്‍ തെയില്‍സ് പ്രഖ്യാപിച്ചു. പള്ളിക്കൂടങ്ങളുടെ വാതിലടച്ച്, മതത്തിന്റെ കാര്‍ഡുകള്‍ തൂക്കി, പവ്വത്തില്‍ തിരുമേനി പഠിപ്പിക്കാന്‍പോകുന്ന സംസ്കാരം എന്താണ്? ഇത് നിന്റെ സംസ്കാരം, ഇത് അവന്റെ സംസ്കാരം എന്ന് പഠിപ്പിക്കുന്നത് എന്തിന് ? സംസ്കാരം ചില്ലലമാരയില്‍ തരംതിരിച്ചു വച്ച പലഹാരങ്ങളല്ല. ജീവിതപ്രക്രിയയില്‍ രൂപപ്പെട്ടുവരുന്നതാണ്. അതിന്റെ മീതെ സര്‍വെ ചങ്ങല വയ്ക്കരുത്.

വിഭജനകാലത്തെ ഇന്ത്യയില്‍, ചിനാബ് നദീതീരത്തുനിന്ന് പഞ്ചാബിന്റെ വിളഭൂമികള്‍ നോക്കി ചിലര്‍ പറഞ്ഞു-അത് എന്റെ ഭൂമി; ഇത് നിന്റെ ഭൂമി. അത് ഹിന്ദുവിന്റെയും, മുസ്ലീമിന്റെയും വാസസ്ഥലങ്ങളായിരുന്നു. അന്ന് ഡല്‍ഹിയിലെ തെരുവില്‍നിന്ന് ചിലര്‍ പറഞ്ഞു-ആ കടയില്‍ പോകരുത്, ഈ കടയില്‍ പോകണം. അത് ഹിന്ദുവിന്റെയും മുസ്ലീമിന്റെയും കടകളായിരുന്നു. അന്ന് റെയില്‍വെസ്റ്റേഷനുകളില്‍ 'ഹിന്ദുപാനിയും' 'മുസ്ളിംപാനിയും' വിറ്റു.

അന്ന് അഭയാര്‍ഥിക്യാമ്പിലെത്തിയ ജവാഹര്‍ലാല്‍ നെഹ്റുവിനോട് ഒരു കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു "എന്റെ അമ്മയെ തിരിച്ചു തര്വോ?''

അമ്മയ്ക്ക് ജാതിയും മതവുമില്ല; കുട്ടിക്കുമില്ല. എന്നിട്ടും കുട്ടികളെ എന്തിന് പ്രത്യേകിച്ച് ക്രൈസ്തവ സംസ്കാരം പഠിപ്പിക്കുന്നു തിരുമേനി? അവര്‍ വളര്‍ന്നോട്ടെ-പ്രാര്‍ഥനയും വേദപഠനവുമൊക്കെയായി അവര്‍ വളര്‍ന്നോട്ടെ. പള്ളിയില്‍ പോകുന്നതിനു പോരെ മതം, പള്ളിക്കൂടത്തില്‍ പോകാന്‍ വേണോ? യേശുവിനൊപ്പം ശ്രീകൃഷ്ണന്റെ കഥകളും അവര്‍ കേട്ടോട്ടെ. ക്രിസ്‌മസ് കരോളിനൊപ്പം അവര്‍ ഓണപ്പാട്ടും പാടട്ടെ. നക്ഷത്രങ്ങളും പൂക്കളങ്ങളും ഉണ്ടാകട്ടെ. അള്‍ത്താരയിലെ ദൈവത്തിനൊപ്പം, ആനപ്പുറത്തിരിക്കുന്ന ദൈവത്തെയും അവര്‍ കണ്ടോട്ടെ. ചിരിക്കാനറിയാവുന്ന കുട്ടികളെ എന്തിന് വെറുക്കാന്‍ പഠിപ്പിക്കുന്നു? എന്തിന് 'ഞങ്ങള്‍ക്ക് ഞങ്ങളുടെ ലോകം' സൃഷ്ടിക്കുന്നു? അത് സമ്പന്നന്റെ സ്വാര്‍ഥതയാണ്. മറ്റുള്ളവരെ 'പൂഹോയ്' എന്ന് ആട്ടാന്‍ സവര്‍ണന് കഴിയും. അവര്‍ണന് കഴിയില്ല. സവര്‍ണ മനോഭാവത്തിന്റെ തുരുമ്പിച്ച പൂഞ്ഞല്‍ പവ്വത്തില്‍ തിരുമേനിക്ക് ഇണങ്ങുന്നതല്ല. ക്രിസ്ത്യാനികള്‍ മറ്റൊരു സംസ്കാരവും അറിയേണ്ടേ? ശ്രീബുദ്ധനെ അറിയേണ്ടേ? വിവേകാനന്ദനെ അറിയേണ്ടേ? മഹാഭാരതയുദ്ധം അറിയേണ്ടേ? ഉപനിഷത്തുകളുടെ ജ്ഞാനം അറിയേണ്ടേ? കുത്തബ്‌മീനാറും, താജ്‌മഹലും ആസ്വദിക്കണ്ടേ? കട്ടക്കയത്തെമാത്രം അറിഞ്ഞാല്‍ മതിയോ കാളിദാസനെ അറിയേണ്ടേ? ശ്രീനാരായണഗുരുവും, നവോത്ഥാനനായകരും ഉഴുതുമറിച്ച മണ്ണാണിത്. ഈ മണ്ണിലേക്ക് അന്തകവിത്തുകള്‍ എറിയരുത്!

കേരളത്തിലെ പള്ളികള്‍ക്കുമുണ്ടായിരുന്നു സങ്കുചിതത്വത്തിന്റെ ഭിത്തികള്‍ ഭേദിച്ച കാലം. ചങ്ങനാശേരി കത്തോലിക്കാ പള്ളിയിലെ തിരുനാളിന് പണ്ട് രണ്ട് യോഗങ്ങള്‍ ഉണ്ടായിരുന്നതായി മന്നത്ത് പത്മനാഭന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. രാവിലെയുള്ള യോഗത്തില്‍ കണ്ടങ്കരി കത്തനാരും, വൈകിട്ടുള്ള യോഗത്തില്‍ കൈനിക്കര കുമാരപിള്ളയും അധ്യക്ഷന്മാര്‍. ഒരിക്കല്‍ കൈനിക്കരയെ ക്ഷണിച്ചില്ല. നായര്‍ താലൂക്ക് സമാജം രൂപീകരിക്കാന്‍ ഇത് പ്രേരകമായെന്ന് മന്നം പറയുന്നു. കുടമാളൂര്‍ പള്ളിക്ക് സ്ഥലം കൊടുത്തത് ചെമ്പകശേരി രാജകുടുംബമാണ്. കൊരട്ടി മുത്തിക്ക് ദേവാലയം പണിയാന്‍ സഹായിച്ചത് കൊരട്ടി സ്വരൂപത്തിലെ ഭരണകര്‍ത്താവായ തമ്പുരാട്ടിയാണ്. പെരുന്ന സുബ്രഹ്മണ്യക്ഷേത്രത്തിലെ എണ്ണതൊട്ട് ശുദ്ധിയാക്കാന്‍ ഒരു നസ്രാണി കുടുംബത്തെ പെരുന്നയില്‍ കൊണ്ടുവന്നു. 'തൈലാദി വസ്തുക്കളശുദ്ധമായാല്‍ നസ്രാണി തൊട്ടാല്‍ അത് ശുദ്ധമാകു'മെന്ന ചൊല്ലുതന്നെയുണ്ടായി. തിരുവിതാംകൂര്‍ ദിവാനായിരുന്ന രാജാ കേശവദാസന്‍ ആലപ്പുഴ തുറമുഖത്തിന്റെ ചുമതല ഏല്‍പ്പിച്ചത് മാത്തുതരകനെയായിരുന്നു. മാത്തുതരകന്‍ നിരവധി പള്ളികള്‍ പണികഴിപ്പിച്ചു.

ഐക്യത്തിന്റെ വാരംകോരിയായിരുന്നു ഇതിന്റെ തറക്കല്ലിടല്‍. സാഹോദര്യത്തിന്റെ കല്ലുകളാണ് ഇതിന്റെമീതെ അടുക്കിവച്ചത്. ഇന്നലെകള്‍ മറന്നുകൊണ്ട് നാളെയിലേക്ക് നോക്കാനാവില്ല. ജീവിക്കുന്നത് ഭാവിയിലേക്കാണെങ്കിലും തിരിഞ്ഞുനോക്കിക്കൊണ്ടേ ജീവിക്കാനാവൂ. ഇന്നലെയിലെ യാഥാര്‍ഥ്യങ്ങളാണ് ഭാവിയിലേക്ക് നോക്കാന്‍ പ്രതീക്ഷ നല്‍കുന്നത്. ആ പ്രതീക്ഷയുടെ നാളങ്ങളെ പവ്വത്തില്‍ തിരുമേനി കെടുത്താനൊരുങ്ങരുത്, കര്‍ത്താവുപോലും പൊറുക്കില്ല.

-എം.എം.പൌലോസ്

കടപ്പാട്: ദേശാഭിമാനി

Thursday, January 24, 2008

എസ്.ബി.ടി.യെ രക്ഷിക്കുക

1916 -ല്‍ മഹാനായ ലെനിന്‍ 'സാമ്രാജ്യത്വം മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം' എന്ന കൃതിയില്‍ ഇങ്ങനെ പറയുകയുണ്ടായി.

........'ഇവിടെ വലിയ ബാങ്കുകള്‍ ചെറിയ ബാങ്കുകളെ ഞെക്കി പുറത്താക്കുകയാണ് '.......'ബാങ്കിംഗ് പ്രവര്‍ത്തനം വികസിച്ച് ചുരുക്കം ചില സ്ഥാപനങ്ങളില്‍ കേന്ദ്രീകരിക്കുന്നതോടെ ബാങ്കുകള്‍ എളിയ ഇടനിലക്കാരുടെ നിലവിട്ട് സുശക്തന്മാരായ കുത്തകകളായി വളരുന്നു '.........'എണ്ണത്തില്‍ വളരെപ്പേര്‍ വരുന്ന എളിയ ഇടനിലക്കാര്‍ ഒരുപിടി കുത്തകക്കാരായി ഇങ്ങനെമാറുന്നത്, മുതലാളിത്തം മുതലാളിത്ത സാമ്രാജ്യത്വമായി വളരുന്ന ഗതിക്രമത്തിലെ മൌലികമായ പ്രക്രിയകളിലൊന്നാണ്. അതുകൊണ്ട് ബാങ്കിംഗ് പ്രവര്‍ത്തനത്തിന്റെ കേന്ദ്രീകരണം നമുക്ക് ആദ്യമേതന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു '......

ലെനിന്‍ ദീര്‍ഘദൃഷ്ടിയോടു കൂടി ചൂണ്ടികാട്ടിയപോലെ ആഗോള ബാങ്കിംഗ് രംഗത്ത് ഇന്ന് കേന്ദ്രീകരണം (consolidation) ശക്തിപ്പെട്ടിരിക്കുന്നു. ലോകത്താകമാനം ബാങ്കുകളില്‍ ഊറികിടക്കുന്ന ജനങ്ങളുടെ സമ്പാദ്യം തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ മൂലധന ശക്തികള്‍ കണ്ടെത്തിയിട്ടുളള മാര്‍ഗ്ഗങ്ങളാണ് ബാങ്ക് 'സ്വകാര്യ വല്‍ക്കരണവും ', 'ലയനങ്ങളും പിടിച്ചടക്കലുകളും'( Mergers and acquisitions).

നമ്മുടെ ബാങ്കിംഗ് മേഖല തുറന്നുകൊടുക്കണമെന്ന് സാമ്രാജ്യത്വ ശക്തികള്‍ നാണയനിധി, ലോകബാങ്ക്, ലോകവ്യാപാര സംഘടന എന്നീ സ്ഥാപനങ്ങള്‍വഴി നിരന്തരമായി ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് 2009 ഏപ്രില്‍ മുതല്‍ വിദേശ ബാങ്കുകള്‍ക്ക് യഥേഷ്ടം കടന്നുവരാനും നമ്മുടെ ബാങ്കുകളെ ഏറ്റെടുക്കാനും കഴിയത്തക്ക വിധത്തില്‍ റിസര്‍വ്വ് ബാങ്ക് ബാങ്കിംഗ് പരിഷ്ക്കാരങ്ങളുടെ ഒരു റോഡ് മാപ്പ് പ്രഖ്യാപിച്ചിട്ടുളളത്. ഈ പ്രക്രിയക്ക് മുന്നോടിയായി നമ്മുടെ പൊതുമേഖലാ ബാങ്കുകള്‍ പരസ്പരം ലയിച്ച് നാലഞ്ച് വലിയ ബാങ്കുകളായി മാറണമെന്ന് ധനമന്ത്രി ചിദംബരവും ബാങ്കധികാരികളും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്.

2004 - ല്‍ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാന്‍ ശ്രമം നടന്നതാണ്. ജീവനക്കാരുടേയും ഇടതുപക്ഷപാര്‍ട്ടികളുടേയും ചെറുത്തു നില്‍പ്പിന്റെ ഫലമായി അന്ന് ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ലയനനീക്കങ്ങള്‍ സജീവമായിരിക്കുന്നു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് എസ്.ബി.ടിയടക്കമുളള ഏഴു അസോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന്റെ തുടക്കമായി ഇവയിലെ ചെറിയതും ഗുജറാത്ത് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതുമായ സ്റേറ്റ് ബാങ്ക് ഓഫ് സൌരാഷ്ട്രയെ എസ്.ബി.ഐയില്‍ ലയിപ്പിക്കാന്‍ ഇരു ബാങ്കുകളുടേയും ബോര്‍ഡുകള്‍ തീരുമാനിക്കുകയും യു.പി.എ സര്‍ക്കാര്‍ അതിന് അംഗീകാരം നല്‍കിയിരിക്കുകയുമാണ്. ജീവനക്കാരുടെ എതിര്‍പ്പ് ഉണ്ടാകാതിരിക്കാന്‍ വേണ്ടി എസ്.ബി.ഐയിലെ എല്ലാ ആനുകൂല്യങ്ങളും അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്ക് നല്‍കാമെന്നാണ് ഓഫര്‍. ഈ ഓഫര്‍ തളളിക്കളഞ്ഞുകൊണ്ട് ജീവനക്കാരും ഓഫീസര്‍മാരും സെപ്‌റ്റംബറിലും ഡിസംബറിലുമായി രണ്ടു തവണ പണിമുടക്കുകള്‍ നടത്തുകയുണ്ടായി.

ഇതുവരെ ലയന പ്രക്രിയ അതാത് ബാങ്ക് ബോര്‍ഡുകളുടെ തീരുമാനമാണെന്നും തന്റെ സ്ഥാനം കേവലം പരികര്‍മ്മിയുടേത് മാത്രമാണെന്നും പറഞ്ഞിരുന്ന ധനമന്ത്രി ചിദംബരം ഈയിടെയായി ലയനത്തിനെതിരായ നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് ഭീഷണി പുറപ്പെടുവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ വിഷയം നമ്മുടെ സമൂഹത്തില്‍ ഗൌരവകരമായ ചര്‍ച്ചയ്ക്ക് വിഷയീഭവിക്കേണ്ടതുണ്ട്.

ബാങ്ക് ലയനങ്ങളെ എന്തുകൊണ്ടെതിര്‍ക്കുന്നു?

ലോകത്താകെയുളള സമ്പാദ്യം തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ മൂലധനശക്തികള്‍ കണ്ടെത്തിയിട്ടുളള മാര്‍ഗ്ഗങ്ങളാണ് ബാങ്ക് സ്വകാര്യ വല്‍ക്കരണവും ലയനങ്ങളും Bank for International Settlements നെ കൊണ്ട് ബാങ്കുകള്‍ മൂലധനം വര്‍ദ്ധിപ്പിക്കണമെന്ന് Basle II norms പ്രകാരം ആവശ്യപ്പെടുക എന്ന നടപടിയാണവര്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് ഓരോ രാജ്യത്തിലും പഠനകമ്മിറ്റികളെ നിയോഗിപ്പിച്ചുകൊണ്ട് ആഗോളമായി ബാങ്കിംഗ് മേഖലയെ പൊളിച്ചെഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് നമ്മുടെ രാജ്യത്ത് നരസിംഹം കമ്മിറ്റിയുടേയും ഗുപ്തകമ്മിറ്റിയുടേയും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കപ്പെട്ടത്.

സാധാരണ ഗതിയില്‍ 'ബാങ്ക് ലയനങ്ങള്‍' എന്നല്ല പ്രയോഗിക്കാറ്, 'ബാങ്ക് ലയനങ്ങളും പിടിച്ചടക്കലുകളും' (Bank mergers & Acquisitions) എന്നാണ് പറയാറ്. ഉഭയ സമ്മത പ്രകാരം നടക്കുന്നത് 'ലയനങ്ങള്‍' മറ്റൊരു ബാങ്കിന്റെ ഓഹരികള്‍ വാങ്ങികൂട്ടി അതിനെ നിര്‍ബന്ധിതമായി ലയിപ്പിക്കുന്നത് 'പിടിച്ചടക്കല്‍'. ഈ പ്രക്രിയ വഴി സാമ്രാജ്യത്വശക്തികള്‍ ലോകത്താകെ ബാങ്കുകളെ പിടിച്ചെടുക്കുകയും അവിടത്തെ നിക്ഷേപങ്ങള്‍ തങ്ങളുടെ ഇഷ്ടാനുസരണം വിനിയോഗിക്കുകയുമാണ്.

പൊതുമേഖലാ ബാങ്കുകളുടെ ലയനത്തോടെ ഈ പ്രക്രിയ അവസാനിക്കില്ല. അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനു പിന്നാലെ എസ്.ബി.ഐയുടെ സ്വകാര്യ വല്‍ക്കരണം ഉണ്ടാകും. ഓഹരികള്‍ വിദേശികള്‍ക്കും നല്‍കും. ഒടുവില്‍ ഏതെങ്കിലും ഒരു വിദേശ ബാങ്ക് എസ്.ബി.ഐയെ വിഴുങ്ങും വരെ പരിഷ്ക്കാരങ്ങള്‍ തുടരും. പിന്നെ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും സംഭവിച്ചതുപോലെ ഈ ബാങ്കിലെ നിക്ഷേപം അവരുടെ ഇഷ്ടാനുസരണം ആഗോള ഓഹരി വിപണിയിലേക്കൊഴുകും. ആ രാജ്യങ്ങളില്‍ ബാങ്കുകള്‍ തകര്‍ന്നതും കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടായതും നമ്മളെല്ലാം തൊണ്ണൂറുകളില്‍ കണ്ടതാണ്. നമ്മെ കാത്തിരിക്കുന്നതും ഇതുതന്നെയാണ്.

ബാങ്ക് അധികാരികള്‍ മുന്നോട്ടുവക്കുന്ന വാദങ്ങളും യാഥാര്‍ത്ഥ്യവും

ലയനങ്ങള്‍ വഴി നമ്മുടെ ബാങ്കുകളുടെ മൂലധനവും, ആസ്തിയും, മത്സരശേഷിയും, കാര്യക്ഷമതയുമൊക്കെ വര്‍ദ്ധിക്കുമെന്നാണ് ലയനാനുകൂലികള്‍ പ്രചരിപ്പിക്കുന്നത്. ഈ വാദഗതിയില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ട് എന്ന് നമുക്ക് പരിശോധിക്കാം. ഇന്ത്യയിലെ 27 പൊതുമേഖലാ ബാങ്കുകളെയും ലയിപ്പിച്ച് ഒറ്റ ബാങ്ക് ആക്കി മാറ്റി എന്നു സങ്കല്‍പ്പിക്കുക. ഇതിന്റെ മൂലധനം കേവലം 12400 കോടി രൂപയേ വരൂ. അതായത് 3 ബില്യണ്‍ ഡോളര്‍മാത്രം. എന്നാല്‍ ഇവിടേക്കു കടന്നു വരുന്ന വിദേശഭീമന്‍ ബാങ്കുകളുടെ മൂലധനം എത്രയാണ് ? അമേരിക്കന്‍ ബാങ്ക് ആയ സിറ്റി ബാങ്കിന്റെ മൂലധനം 63 ബില്യണ്‍ ഡോളറാണ്. ബ്രിട്ടീഷ് ബാങ്ക് ആയ HSBC യുടെ മൂലധനം 69 ബില്യണ്‍ ഡോളറാണ്. മറ്റൊരു ബ്രിട്ടീഷ് ബാങ്ക് ആയ Standard Chartered Bank ന്റെ മൂലധനമാകട്ടെ 65 ബില്യണ്‍ ഡോളറാണ്.

ഇനി ഈ ബാങ്കുകളുടെ ആസ്തിയുടെ വലുപ്പം നമുക്കൊന്ന് പരിശോധിക്കാം. ബ്രിട്ടീഷ് ബാങ്ക് ആയ Barclays ന്റെ ആസ്തി 1592 ബില്യണ്‍ ഡോളറാണ്. സ്വിറ്റ്സര്‍ലണ്ട് ബാങ്ക് ആയ UBS ന്റെ ആസ്തി 1568 ബില്യണ്‍ ഡോളര്‍ വരും. ജപ്പാനിലെ Mitsubishi ബാങ്ക് തൊട്ടുപിറകിലായി 1509 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി നില്‍ക്കുന്നു. മൂലധനകാര്യത്തില്‍ നമ്മള്‍ പരാമര്‍ശിച്ച ബ്രിട്ടീഷ് ബാങ്ക് ആയ HSBC യ്ക്ക് 1502 ബില്യണ്‍ ഡോളറും, J.P മോര്‍ഗന്‍ ചേസിന് 1500 ബില്യണ്‍ ഡോളറും, സിറ്റി ബാങ്കിന് 1494 ബില്യണ്‍ ഡോളറും ആസ്തി വരും. നമ്മുടെ 27 പൊതുമേഖലാ ബാങ്കുകളെയും കൂടി ലയിപ്പിച്ചുണ്ടാക്കുന്ന ബാങ്കിന് കേവലം 300 ബില്യണ്‍ ഡോളര്‍ ആസ്തിയേ ഉണ്ടാകൂ. സ്റേറ്റ് ബാങ്ക് ഗ്രൂപ്പിലെ എട്ടുബാങ്കുകളും കൂടി ലയിപ്പിച്ചാലും 175 ബില്യണ്‍ ഡോളര്‍ ആസ്തിയേ വരൂ. ഈ വിശകലനത്തില്‍ നിന്നും നമ്മുടെ ബാങ്കുകള്‍ വിദേശബാങ്കുകളുമായി മൂലധനത്തിന്റെയും ആസ്തിയുടേയും കാര്യത്തില്‍ മത്സരശേഷി കൈവരിക്കുമെന്ന വാദം പൊളളയാണെന്ന് തെളിയുന്നു. യഥാര്‍ത്ഥത്തില്‍ മൂലധനവും ബാങ്കുകളുടെ കാര്യക്ഷമതയും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മൂലധന പര്യാപ്തത ഏറെയുണ്ടായിരുന്ന ബെയറിംഗ്സ് ബാങ്ക്, BCCI തുടങ്ങിയ ബാങ്കുകളുടെ തകര്‍ച്ചകള്‍ ഇത് അടിവരയിട്ട് വ്യക്തമാക്കുന്നു.

ലയനം കാര്യക്ഷമത വര്‍ദ്ധിപ്പിക്കുമെന്നാണ് പിന്നെത്തെ വാദഗതി. ആഗോളതലത്തില്‍ നടന്നിട്ടുളള ബാങ്ക് ലയനങ്ങളെക്കുറിച്ച് പഠിച്ച് KPMG എന്ന ബഹുരാഷ്ട്ര മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി സ്ഥാപനം നടത്തിയിട്ടുളള വിശകലനത്തില്‍ ഈ വാദഗതി അസ്ഥാനത്താണ് എന്നാണ് പറഞ്ഞിട്ടുളളത്. 75% ലയനങ്ങളിലും പിടിച്ചെടുക്കലുകളിലും ഓഹരിയുടമകള്‍ക്ക് മൂല്യവര്‍ദ്ധനയുണ്ടായിട്ടില്ലെന്നവര്‍ ചൂണ്ടിക്കാട്ടുന്നു. എക്കണോമിക് & പൊളിറ്റിക്കല്‍ വീക്കിലിയില്‍ പ്രൊഫ. ടി.ടി. രാം മോഹന്‍ എഴുതിയ ലേഖനത്തിലും സമാനമായ കണ്ടെത്തലുകളാണ് ഉളളത്. മറിച്ച് ലയനങ്ങള്‍ സേവനങ്ങളുടെ നിലവാരം ഇടിച്ചുവെന്നും, വന്‍തോതില്‍ ശാഖകള്‍ അടച്ചുപൂട്ടിയതിന്റെ ഫലമായി സാധാരണക്കാര്‍ക്ക് ബാങ്കിംഗ് സേവനം പ്രാപ്യമല്ലാതായി എന്നും, സര്‍വ്വീസ് ചാര്‍ജുകള്‍ വര്‍ദ്ധിച്ചുവെന്നും, ചെറുകിട വായ്പകള്‍ നിലച്ചു എന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.ഏറ്റവും വലിയ ആഘാതമുണ്ടായത് ജീവനക്കാര്‍ക്കാണ് , ലക്ഷക്കണക്കിന് ജീവനക്കാര്‍ക്കാണ് തൊഴില്‍ നഷ്ടമായത്. 2001 ല്‍ ILO നടത്തിയ ഒരു പഠനത്തില്‍ ബാങ്ക് ലയനങ്ങളുടെ ഫലമായി ആഗോളാടിസ്ഥാനത്തില്‍ ലക്ഷക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടമായിട്ടുണ്ട് എന്നു പറയുന്നുണ്ട്.

മറ്റൊരു വാദഗതി ലയനം വഴി ബാങ്കുകളുടെ ചിലവ് കുറക്കാനാവും എന്നതാണ്. എങ്ങനെയാണിവര്‍ ചിലവ് കുറക്കുന്നത് എന്ന് നമുക്ക് പരിശോധിക്കാം. Administrative Office കളുടെ എണ്ണം കുറയ്ക്കുന്നു, ഒരേ പ്രദേശത്തുളള ഒന്നില്‍കൂടുതല്‍ ശാഖകള്‍ അടച്ചുപൂട്ടുന്നു, അതോടൊപ്പം ലാഭകരമല്ല എന്നുപറഞ്ഞ് ഗ്രാമീണശാഖകള്‍ അടക്കുന്നു, ബാങ്കുജോലികള്‍ പുറംകരാര്‍ നല്‍കുന്നു, ജീവനക്കാരെ കുറക്കുന്നു, സ്ഥിരജീവനക്കാര്‍ക്ക് പകരം താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നു. ചുരുക്കി പറഞ്ഞാല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാകുന്ന സേവനങ്ങള്‍ വെട്ടിച്ചുരുക്കുകയും ജീവനക്കാരെ പറഞ്ഞയച്ചും കൂലി കുറച്ചുമാണിവര്‍ ചിലവ് കുറയ്ക്കാമെന്ന് പറയുന്നത്. യഥാര്‍ത്ഥത്തില്‍ പുറം കരാര്‍ പണി ബാങ്ക് സേവനങ്ങളുടെ നിലവാരമിടിക്കുകയും ബാങ്ക് ഇടപാടുകളുടെ രഹസ്യ സ്വഭാവം നഷ്ടമാക്കുകയുമാണ് ചെയ്യുന്നത്. ഇതെല്ലാം ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ ഉണ്ടാക്കുന്ന ആഘാതം വളരെ വലുതായിരിക്കും.

ഇന്നും ആയിരക്കണക്കിനു ഗ്രാമങ്ങളില്‍ ബാങ്കുസേവനം ലഭ്യമായിട്ടില്ലാത്ത ഇന്ത്യയില്‍ ബാങ്കുശാഖകള്‍ അടച്ചുപൂട്ടുക എന്നുപറഞ്ഞാല്‍ ഗ്രാമീണ ജനതയേയും കര്‍ഷകരേയും വട്ടിപ്പണക്കാര്‍ക്ക് കൊളളയടിക്കാന്‍ വിട്ടുകൊടുക്കലാണ്. അതുകൊണ്ടാണ് പ്രൊഫ. ടി.ടി.രാംമോഹന്‍ 'ഇന്ത്യയില്‍ ബാങ്കുകളുടെ ജൈവവളര്‍ച്ചയ്ക്കുളള (organic growth) സാധ്യതയെ അടിസ്ഥാനപ്പെടുത്തി മാത്രമേ ലയനങ്ങളുടെ ന്യായാന്യായത പരിശോധിക്കാന്‍ കഴിയൂ' എന്ന് അഭിപ്രായപ്പെട്ടിട്ടുളളത്.

എസ്.ബി.ടിയുടെ തിരോധാനമുയര്‍ത്തുന്ന പ്രശ്നങ്ങള്‍

കേരളീയര്‍ നെഞ്ചേറ്റിയ ബാങ്കാണ് എസ്.ബി.ടി. നൂറുകണക്കിനു സ്വകാര്യബാങ്കുകള്‍ തകര്‍ന്നടിഞ്ഞപ്പോഴും എസ്.ബി.ടി വിശ്വസ്തതയുടെ പര്യായം പോലെ സേവനങ്ങള്‍ വിപുലപ്പെടുത്തി നിലനിന്നു. തിരുവിതാംകൂര്‍ രാജകുടുംബം 1946 ജനുവരി 17 നാണ് ഈ ബാങ്ക് സ്ഥാപിച്ചത് . അതിന്റെ പേര് ' ദി ട്രാവന്‍കൂര്‍ ബാങ്ക് 'എന്നായിരുന്നു. 1955 ല്‍ കേന്ദ്രസര്‍ക്കാര്‍ ഇംപീരിയല്‍ ബാങ്കിനെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവരുകയും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പേരുനല്‍കുകയും ചെയ്തു. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സബ്‌സിഡയറി ആക്ട് നിലവില്‍ വന്നതോടുകൂടി 1960 ജനുവരി 1-ആം തീയതി മുതല്‍ ഈ ബാങ്ക് സ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ആയി മാറി. കേരള സര്‍ക്കാരിന് കൂടി ഓഹരി ഉടമസ്ഥതയുളള, കേരളത്തില്‍ ആസ്ഥാനമുളള ഏക പൊതുമേഖലാ ബാങ്കാണിത്. ഇതോടൊപ്പം തന്നെ മറ്റ് ആറ് അസോസിയേറ്റ് ബാങ്കുകള്‍ കൂടി സര്‍ക്കാര്‍ രൂപം നല്‍കി.

അറുപതുകളുടെ തുടക്കത്തില്‍ കേരളത്തില്‍ മുപ്പതുകളിലെ ബാങ്കുതകര്‍ച്ചകളെ അനുസ്മരിപ്പിക്കത്തക്കവിധത്തില്‍ നിരവധി ബാങ്കുകള്‍ തകര്‍ന്നു. ലക്ഷക്കണക്കിന് ഇടപാടുകാരെ കണ്ണീരിലാഴ്ത്തികൊണ്ട് പാലാ സെന്‍ട്രല്‍ ബാങ്ക് തകര്‍ന്നത് 1960 ആഗസ്റ്റ് 8 നാണ്. മാസങ്ങള്‍ക്കുളളില്‍ കേരളത്തിലെ 3 പ്രധാന ബാങ്കുകളില്‍ മോറട്ടോറിയം പ്രഖ്യാപിക്കുകയുണ്ടായി. ദി ട്രാവന്‍കൂര്‍ ഫോര്‍വേര്‍ഡ് ബാങ്ക് ലിമിറ്റഡ്, ദി കോട്ടയം ഓറിയന്റ് ബാങ്ക് ലിമിറ്റഡ്, ദി ബാങ്ക് ഓഫ് ന്യൂ ഇന്ത്യാ ലിമിറ്റഡ് എന്നിവയായിരുന്നു ആ ബാങ്കുകള്‍. ആറുമാസത്തെ മോറട്ടോറിയത്തിന് ശേഷം ഈ 3 ബാങ്കുകളെയും എസ്.ബി.ടിയില്‍ ലയിപ്പിച്ചു. പാലാ സെന്‍ട്രല്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് നിക്ഷേപം നഷ്ടമായപ്പോള്‍ ഈ ബാങ്കുകളിലെ ഇടപാടുകാര്‍ക്ക് നിക്ഷേപം നഷ്ടമായില്ല.

തുടര്‍ന്നുളള കാലയളവില്‍ ആറുബാങ്കുകളെ കൂടി എസ്.ബി.ടിയില്‍ ലയിപ്പിക്കുകയുണ്ടായി. ദി വാസുദേവ വിലാസം ബാങ്ക് ലിമിറ്റഡ്, ദി കൊച്ചിന്‍ നായര്‍ ബാങ്ക് ലിമിറ്റഡ്, ദി ലാറ്റിന്‍ ക്രിസ്‌റ്റ്യന്‍ ബാങ്ക് ലിമിറ്റഡ്, ദി ചമ്പക്കുളം കാത്തലിക് ബാങ്ക് ലിമിറ്റഡ്, ബാങ്ക് ഓഫ് ആലുവ ലിമിറ്റഡ്, ദി കാല്‍ഡിയന്‍ സിറിയന്‍ ബാങ്ക് ലിമിറ്റഡ് എന്നിവയായിരുന്നു ആ ബാങ്കുകള്‍. ഈ ബാങ്കുകളിലെ ജീവനക്കാരെ ഉള്‍പ്പെടെയാണ് എസ്.ബി.ടി ഏറ്റെടുത്തത്. ലക്ഷക്കണക്കിന് ഇടപാടുകാരേയും ആയിരക്കണക്കിന് ജീവനക്കാരേയും കണ്ണീരിലാഴ്ത്താതെ എസ്.ബി.ടി ഒരു രക്ഷകനായി മാറി. ഇതോടെ എസ്.ബി.ടിയുടെ ശാഖകള്‍ കേരളത്തിലാകെ വ്യാപിച്ചു. കേരളീയര്‍ സമൃദ്ധിയിലും ഇല്ലായ്മകളിലും ഈ ബാങ്കില്‍ ഓടിയെത്തി. എസ്.ബി.ടി ആരേയും നിരാശരാക്കിയില്ല. കേരളത്തിലെ പ്രധാന വ്യാപാരികളുടേയും വ്യവസായികളുടേയും കര്‍ഷകരുടേയും കൈത്തൊഴിലുകാരുടേയും സ്വയംതൊഴില്‍ ചെയ്യാന്‍ തയ്യാറായി വന്ന ചെറുപ്പക്കാരുടേയും ജീവിതം കരുപ്പിടിപ്പിക്കുന്നതില്‍ എസ്.ബി.ടി ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ട്.

കേരള സര്‍ക്കാരിന്റെ ബിസിനസ്സും എസ്.ബി.ടി ചെയ്തുകൊടുത്തു. എസ്.ബി.ടി ജീവനക്കാര്‍ മെച്ചപ്പെട്ട സേവനവും പ്രദാനം ചെയ്തു. ഈ ബന്ധത്തില്‍ നിന്നും കരുത്താര്‍ജ്ജിച്ച് എസ്.ബി.ടി വളര്‍ന്നു. മറ്റു സംസ്ഥാനങ്ങളിലേക്കും ഈ ബാങ്കിന്റെ ബിസിനസ്സ് വ്യാപിപ്പിച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി, നാഗര്‍കോവില്‍ ജില്ലകളില്‍ ഇന്നും എസ്.ബി.ടി യാണ് പ്രധാനബാങ്ക്. ഇന്ന് എസ്.ബി.ടി ഇന്ത്യയില്‍ ആകെ 706 ശാഖകളും 32902 കോടി രൂപ നിക്ഷേപവും 27332 കോടി രൂപയുടെ വായ്പയുമുളള ഒരു വലിയ ബാങ്കായി വളര്‍ന്നിരിക്കുന്നു. മിക്ക സ്വകാര്യബാങ്കുകളെക്കാളും ബിസിനസ്സുളള ബാങ്കായി എസ്.ബി.ടി വളര്‍ച്ച പ്രാപിച്ചിരിക്കുന്നു. ബിസിനസ്സ്, മൂലധന പര്യാപ്തത, Business per Employee , Profit per Employee, Net NPA to credit, Return on Assets,തുടങ്ങിയ മാനദണ്ഡങ്ങള്‍ വച്ചുനോക്കിയാല്‍ ഇന്ത്യയില്‍ ഏതൊരുബാങ്കിനോടും കിടപിടിക്കാവുന്ന ബാങ്കായി എസ്.ബി.ടി മാറിയിരിക്കുന്നു.

എസ്.ബി.ടി .യുടെയും സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും കേരളത്തിലെ ബിസിനസ്സിന്റെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ ഇവയുടെ നയ സമീപനം വ്യക്തമാകും. SBI യ്ക്ക് ഒരു ദേശീയ കാഴ്ച്ചപ്പാടാണ് ഉളളത്. എസ്.ബി.ടി യാകട്ടെ കേരളത്തിലെ ജനങ്ങളുടെ ആവശ്യകതയ്ക്കനുസരിച്ച് വായ്പാ പദ്ധതികള്‍ രൂപീകരിക്കുകയും വായ്പ നല്‍കുകയും ചെയ്യുന്നു. മാത്രവുമല്ല കേരള സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും ബോണ്ടുകളും കടപത്രങ്ങളും പുറപ്പെടുവിച്ചപ്പോഴെല്ലാം അവയില്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയിട്ടുളളത് എസ്.ബി.ടി യാണ്. 2007 ഡിസംബര്‍ 24 ന് ചേര്‍ന്ന SLBC ( State Level Bankers' Committee) യോഗത്തില്‍ കഴിഞ്ഞവര്‍ഷം കേരളത്തില്‍ വിതരണം ചെയ്തിട്ടുളള വിദ്യാഭ്യാസ വായ്പയുടെ സിംഹഭാഗവും എസ്.ബി.ടി യാണ് വിതരണം ചെയ്തിട്ടുളളത് എന്ന് വിലയിരുത്തിയിട്ടുണ്ട്.

മുകളില്‍ കൊടുത്തിട്ടുളളത് കേരളത്തിലെ മുന്‍ഗണനാ വായ്പയുടെ വിതരണത്തിന്റെ ചാര്‍ട്ടാണ്. ഏകദേശം ഇരട്ടിയോളം ശാഖകള്‍ ഉളള എസ്.ബി.ടി , വിവിധ വിഭാഗങ്ങള്‍ക്കായി എസ്.ബി.ഐ നല്‍കിയതിന്റെ മൂന്നിരട്ടി മുതല്‍ അഞ്ചിരട്ടി വരെ വായ്പ വിതരണം ചെയ്തിട്ടുളളതായി കാണാന്‍ കഴിയും. ഈ താരതമ്യത്തില്‍ നിന്നു തന്നെ എസ്.ബി.ടിയുടെ തിരോധാനം കേരളത്തിന് എത്രമാത്രം ആഘാതമാകുമെന്നത് വ്യക്തമാകുന്നു.

അസോസിയേറ്റ് ലയനങ്ങളെ ചെറുത്തു തോല്‍പ്പിക്കുക

ഇതേ പ്രത്യഘാതം തന്നെയാണ് ഓരോ അസോസിയേറ്റ് ബാങ്ക് അപ്രത്യക്ഷമാകുമ്പോഴും അതാത് പ്രദേശങ്ങളില്‍ സംഭവിക്കുക. പഞ്ചാബ്, കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലുളള കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍, വ്യാപാരികള്‍, കൈതൊഴിലുകാര്‍, സ്വയം തൊഴില്‍ വായ്പ എടുക്കുന്നവര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറയിലുളളവര്‍ക്കും ഈ ലയനങ്ങള്‍ വലിയ ആഘാതമാണുണ്ടാക്കുക. എഴുപതിനായിരത്തോളം വരുന്ന അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ക്കും ഓഫീസര്‍മാര്‍ക്കും ലയനം ഭാവിയില്‍ ആപത്കരമായി തീരും എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ Business Process Re-engineering എന്ന പേരില്‍ മെക്കന്‍സി ശുപാര്‍ശ പ്രകാരം പരിഷ്കാരങ്ങള്‍ നടപ്പിലാക്കി വരുകയാണ്. ശാഖകളുടെ എണ്ണം കുറയ്ക്കല്‍, ജീവനക്കാരെ കുറയ്ക്കല്‍, ബാങ്ക് ജോലികള്‍ പുറം കരാര്‍ പണി നല്‍കല്‍, പോസ്റ്റ് ഓഫീസുകളെ net work ചെയ്തുകൊണ്ട് ശാഖകളിലെ ജോലികള്‍ ഏല്‍പ്പിക്കല്‍ തുടങ്ങിയ നടപടികള്‍ ഇതിന്റെ ഭാഗമായി കൊണ്ടുവരപ്പെടുകയാണ്. എസ്.ബി.ഐയിലെ ജീവനക്കാരെ വന്‍തോതില്‍ കുറയ്ക്കാനാണ് മെക്കന്‍സി ശുപാര്‍ശ. പിന്നെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ.

ജനവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ ഈ നടപടികള്‍ക്കെതിരെ അസോസിയേറ്റ് ബാങ്കുകളിലെ ജീവനക്കാര്‍ 2 തവണ സമരം നടത്തിക്കഴിഞ്ഞു. ഈ വരുന്ന ജനുവരി 25 നും ഫെബ്രുവരി 25, 26 തിയതികളിലും ബാങ്ക് ജീവനക്കാര്‍ വീണ്ടും ദേശവ്യാപകമായി പണി മുടക്കുകയാണ്.

-സജി വര്‍ഗീസ്