Showing posts with label പ്രഭാവർമ്മ. Show all posts
Showing posts with label പ്രഭാവർമ്മ. Show all posts

Monday, April 7, 2014

കോണ്‍ഗ്രസും ജുഡീഷ്യറിയും

പുഡ്ഡിങ്ങിന്റെ സ്വാദ് തെളിയേണ്ടത് അതേക്കുറിച്ചു പറയുന്ന വാക്കുകളിലൂടെയല്ല, മറിച്ച് അത് രുചിക്കുമ്പോഴുള്ള അനുഭവത്തിലൂടെയാണെന്ന് വ്യക്തമാക്കുന്ന ഒരു ചൊല്ലുണ്ട് ഇംഗ്ലീഷില്‍ `Proof of the pudding is in the eating'! ജുഡീഷ്യറിയോട് തനിക്ക് ബഹുമാനമാണെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ഈ ചൊല്ലിനെയാണ് ഓര്‍മിപ്പിക്കുന്നത്. വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം. മുഖ്യമന്ത്രിയുടെ ചെയ്തികളെ നിശിതമായി വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിനെ കോണ്‍ഗ്രസ് നേതാക്കള്‍ തെരുവില്‍ കടിച്ചുകീറിയപ്പോള്‍, ഈ മുഖ്യമന്ത്രി "അരുത്" എന്നൊരു വാക്ക് പറഞ്ഞില്ല. ജഡ്ജി രാഷ്ട്രീയം കളിക്കുകയാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും താന്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് പിന്നീട് അറിയിക്കുകയും ചെയ്ത കെ സി ജോസഫിനെ തന്റെ മന്ത്രിസഭയില്‍ പരിരക്ഷിച്ച് നിര്‍ത്താന്‍ മടികാട്ടിയില്ല ഈ മുഖ്യമന്ത്രി. രാജ്മോഹന്‍ ഉണ്ണിത്താന്‍മുതല്‍ ടി എന്‍ പ്രതാപന്‍വരെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജഡ്ജിക്കെതിരെ തെരുവില്‍ ആക്രോശിച്ചപ്പോള്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ കെപിസിസി പ്രസിഡന്റിനോട് പറയാമായിരുന്നല്ലോ മുഖ്യമന്ത്രിക്ക്. ജുഡീഷ്യറിയോട് "ബഹുമാനമുള്ള" മുഖ്യമന്ത്രി അതൊന്നും ചെയ്തില്ല.

മുമ്പ് തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയിലെ ജഡ്ജി, പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് നിര്‍ദേശിച്ചപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരിന്റെ ചീഫ് വിപ്പുതന്നെയാണ് ആ ജഡ്ജിയെ തലങ്ങും വിലങ്ങും ആക്രമിച്ചത്. "ജഡ്ജി പാകിസ്ഥാന്‍ ചാരനാണോ" എന്ന് സംശയിക്കണമെന്നുവരെ പറഞ്ഞു. സുപ്രീംകോടതിയിലേക്ക് ജഡ്ജിക്കെതിരെ പരാതി അയച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പാണത് ചെയ്തത് എന്നതുകൊണ്ട് ഗവണ്‍മെന്റിന്റെ ചെയ്തിയായിത്തന്നെയേ അതിനെ കാണാനാവൂ. ഒടുവില്‍ ജഡ്ജി ആ കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറുന്ന അവസ്ഥയുണ്ടാക്കി. നിഷ്പക്ഷമായി ഉത്തരവിടുന്ന ജഡ്ജിമാരെ ഭര്‍ത്സിച്ചും സമൂഹമധ്യത്തില്‍ ആക്ഷേപിച്ചും കേസ് കേള്‍ക്കുന്നതില്‍നിന്ന് പിന്മാറ്റി രക്ഷപ്പെടുക. ഇതാണോ ജുഡീഷ്യറിയോടുള്ള ആദരവിന് തെളിവ്? തെറ്റുചെയ്ത വ്യക്തിക്ക് ആക്ഷേപമുന്നയിച്ച് രക്ഷപ്പെടാമെന്ന അവസ്ഥ ഉണ്ടായിക്കൂടാ. തല്‍പ്പരകക്ഷികള്‍ ആക്ഷേപമുന്നയിച്ചാല്‍ അതിന്റെ പേരില്‍ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ പിന്മാറേണ്ട കാര്യവുമില്ല. പിന്മാറിയാല്‍ തല്‍പ്പരകക്ഷികളുടെ താല്‍പ്പര്യങ്ങളാകും ജയിക്കുക. അതിന് ജുഡീഷ്യറി അവസരം ഒരുക്കിക്കൊടുക്കേണ്ടതില്ല.

സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് താന്‍ കണ്ടതായി കെ സുധാകരന്‍ എംപി പ്രസംഗിച്ചു. തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് സ്വീകരണം നല്‍കുന്ന വേദിയിലായിരുന്നു പ്രസംഗം. എല്ലാ ടിവികളിലും അതിന്റെ ദൃശ്യം വന്നു. പൊലീസിന്റെ കൈയിലും അത് എത്തി. എന്നാല്‍, അങ്ങനെ കെ സുധാകരന്‍ പ്രസംഗിച്ചതിന് തെളിവില്ലെന്നു പറഞ്ഞ് ഉമ്മന്‍ചാണ്ടിയുടെ പൊലീസ് ആ കേസ് തേച്ചുമായ്ച്ചുകളഞ്ഞു. ഏതു ടിവി സ്ഥാപനത്തോട് ചോദിച്ചാലും കിട്ടുമായിരുന്നല്ലോ തെളിവ്. സുപ്രീംകോടതി ജഡ്ജിയെ ആക്ഷേപിച്ചാല്‍ അതിനും പൊലീസ് പരിരക്ഷ? ഇതാണ് ജുഡീഷ്യറിയോടുള്ള ഉമ്മന്‍ചാണ്ടിയുടെ ആദരവിന്റെ യഥാര്‍ഥ സ്വഭാവം.

വിചാരണ പൂര്‍ത്തിയാക്കി കോടതി വിധി പറഞ്ഞുകഴിഞ്ഞ ഒരു കേസിന്റെ അന്വേഷണത്തിനായി സിബിഐക്കുമേല്‍ തീവ്രസമ്മര്‍ദം ചെലുത്തുകയാണ് ഉമ്മന്‍ചാണ്ടി. കോടതിയില്‍ വിശ്വാസമില്ലെന്ന പ്രഖ്യാപനമല്ലേ ഇത്. എങ്കില്‍പ്പിന്നെ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയത് എന്തിനായിരുന്നുവെന്ന് കോടതിതന്നെ ഈ മുഖ്യമന്ത്രിയോട് നാളെ ചോദിച്ചാല്‍ ആരും അത്ഭുതപ്പെടുകയില്ല.

കോടതിയെ വരുതിക്കു നിര്‍ത്തുകയെന്നത് ഉമ്മന്‍ചാണ്ടിയുടെമാത്രമല്ല, കോണ്‍ഗ്രസിന്റെയാകെത്തന്നെ സംസ്കാരമാണ്. ജുഡീഷ്യറിയെ സ്വാധീനിക്കാനും ആ സ്വാധീനിക്കല്‍ശ്രമത്തിന് വഴങ്ങുന്നില്ലെന്ന് വരുമ്പോള്‍ ഭീഷണിപ്പെടുത്താനും ശ്രമിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അലഹബാദ് ഹൈക്കോടതി അസാധുവാക്കിയപ്പോള്‍, അത് നിരുപാധികം സ്റ്റേ ചെയ്യണമെന്ന് കല്‍പ്പിക്കാന്‍ ആ കേസ് കൈകാര്യം ചെയ്തിരുന്ന സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെ അന്ന് നിയമമന്ത്രിയായിരുന്ന എച്ച് ആര്‍ ഗോഖലെ നേരിട്ട് ഫോണില്‍ വിളിച്ച സംഭവം ഇന്ത്യന്‍ ജുഡീഷ്യറിക്ക് മറക്കാവുന്നതല്ല. വക്കീലുണ്ടെങ്കില്‍ അയാള്‍വഴി രജിസ്ട്രാര്‍മുമ്പാകെ അപ്പീലുമായി ചെന്നാല്‍മതി, തന്നെ കാണാന്‍ വരണമെന്നില്ല എന്നു പ്രതികരിച്ചു അന്ന് വി ആര്‍ കൃഷ്ണയ്യര്‍. അന്ന് പക്ഷേ, ആക്ഷേപിച്ച് കേസ് കേള്‍ക്കുന്നതില്‍നിന്ന് ജഡ്ജിയെ പിന്മാറ്റുന്നിടത്തേക്ക് എത്തിയിരുന്നില്ല. കോണ്‍ഗ്രസിനെ അവിടേക്കെത്തിച്ചതിന്റെ ക്രെഡിറ്റ് ഉമ്മന്‍ചാണ്ടിക്കുള്ളതാണ്.

"നേരിടാനാണ് ഭാവമെങ്കില്‍ ജുഡീഷ്യറിക്ക് അത് ഒരു ദുര്‍ദിനമായിരിക്കും" (In case of confrontation, it will be a bad day for the judiciary of this country)  എന്ന് ഭരണഘടനയുടെ 44-ാം ഭേദഗതിബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ട് 1976 ഒക്ടോബര്‍ 28ന് നിയമമന്ത്രിയായിരുന്ന കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഗോഖലെ ജുഡീഷ്യറിയെ ഭീഷണിപ്പെടുത്തിയത് ലോക്സഭാരേഖകളിലുണ്ട്. അടിയന്തരാവസ്ഥയില്‍ ജീവിച്ചിരിക്കാനുള്ള പൗരന്റെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എച്ച് ആര്‍ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് സ്ഥാനം നിഷേധിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കാട്ടിയ കള്ളക്കളികള്‍ ചരിത്രത്തിന്റെ ഭാഗമാണ്.

അടിയന്തരാവസ്ഥയില്‍ വിവിധ സംസ്ഥാനങ്ങളിലായി 18 ജഡ്ജിമാര്‍ ഹേബിയസ് കോര്‍പസ് കേസുകളില്‍ അനുകൂലതീരുമാനമെടുത്തു. ജഡ്ജിമാരുടെ നിയമന- സ്ഥലംമാറ്റ കാര്യങ്ങളില്‍ കൂടിയ റോള്‍ അന്നുണ്ടായിരുന്നു കേന്ദ്രത്തിന്. കോണ്‍ഗ്രസ് കേന്ദ്രഗവണ്‍മെന്റ് ഈ 18 ജഡ്ജിമാരെയും പന്തുതട്ടുംപോലെ തട്ടിയെന്നതും ചരിത്രത്തിന്റെ ഭാഗം. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കുല്‍ദീപ് നയ്യാരുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച ഡെല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് രംഗനാഥനെ അടുത്തദിവസം ഗുവാഹത്തിയിലേക്ക് തട്ടി. രംഗരാജനൊപ്പം ഉണ്ടായിരുന്ന ജഡ്ജി എ എന്‍ അഗര്‍വാളിനെ തരംതാഴ്ത്തിയത് ഇന്ദിരാഗാന്ധി രാഷ്ട്രീയമായി ഇടപെട്ടതുകൊണ്ടാണെന്ന് ഷാ കമീഷന്‍ കണ്ടെത്തിയിരുന്നു.

കോണ്‍ഗ്രസിന്റെ ജുഡീഷ്യറിവേട്ടയുടെ ഈ ചരിത്രം ഉമ്മന്‍ചാണ്ടി ഇന്നു കൂടുതല്‍ ശക്തിയോടെ മുമ്പോട്ടുകൊണ്ടുപോകുന്നു; ജുഡീഷ്യറിയെ ആദരവ് പ്രഖ്യാപിച്ചുകൊണ്ടുതന്നെ അപമാനിക്കുന്നു; അനുയായികള്‍ വഴി. പക്ഷേ, ഉമ്മന്‍ചാണ്ടി ഒരുകാര്യം ഓര്‍മിക്കണം. പുഡ്ഡിങ് കേട്ടല്ലാതെ അനുഭവിച്ച് അറിയുന്നുണ്ട് ഈ നാട്; ഒപ്പം ജുഡീഷ്യറിയും.

*
പ്രഭാവര്‍മ

Wednesday, April 2, 2014

അബദ്ധംകൊണ്ട് പ്രതിരോധം

ഏത് ഉയര്‍ന്ന സ്ഥാനത്ത് ചെന്നിരുന്നാലും ഇരിക്കുന്നയാള്‍ അപക്വമതിയാണെങ്കില്‍ ആ അപക്വത, ആ സ്ഥാനത്തിന് താന്‍ പറ്റിയ ആളല്ല എന്നത് വെളിവാക്കിക്കൊണ്ട് അറിയാതെ പുറത്തുവരും.എ കെ ആന്റണിയുടെ കാര്യത്തില്‍ ഇതിന് ഉദാഹരണം നിരവധിയാണ്. ഇരിക്കുന്നത് പ്രതിരോധമന്ത്രിസ്ഥാനത്താണെങ്കിലും ആ സ്ഥാനത്തിന് നിരക്കുന്നതല്ല അദ്ദേഹം പറയുന്ന കാര്യങ്ങളൊന്നും.ഏതെങ്കിലും ഒരു രാജ്യത്തിന്റെ പ്രതിരോധമന്ത്രി, പ്രതിരോധകാര്യത്തില്‍ രാജ്യം ദുര്‍ബലമാണെന്ന് വിളിച്ചുപറയുമോ? അതുപോലും ചെയ്ത പ്രതിരോധമന്ത്രിയാണ് നമുക്കുള്ളത്.

ഭീകരപ്രവര്‍ത്തകര്‍ മുംബൈ ആക്രമണം നടത്തിയതിന് ചില മാസങ്ങള്‍ക്കുമുമ്പായിരുന്നു പ്രതിരോധമന്ത്രിയുടെ രാജ്യസുരക്ഷാകാര്യങ്ങള്‍ സംബന്ധിച്ച ദൗര്‍ബല്യങ്ങളെക്കുറിച്ചുള്ള വിളംബരം."കരയിലൂടെ ആക്രമണമുണ്ടായാല്‍ അത് നേരിടാന്‍ സജ്ജമാണ് നമ്മുടെ സൈന്യം. ആക്രമണം കടലിലൂടെയാണെങ്കില്‍ അത് നേരിടാന്‍ വേണ്ട പ്രാപ്തി നമുക്കില്ല\'. ഇതായിരുന്നു അന്ന് എ കെ ആന്റണി കൊച്ചിയില്‍ നടത്തിയ പ്രഖ്യാപനം.ഇത് പ്രതിരോധ സേനാധിപന്മാരുടെ രഹസ്യയോഗത്തില്‍ പ്രതിരോധമന്ത്രിക്ക് പറയാം. ഒരു പൊതുവേദിയില്‍ ഇങ്ങനെ രാജ്യസുരക്ഷാ ദൗര്‍ബല്യം പ്രസിദ്ധപ്പെടുത്താമോ ഒരു പ്രതിരോധമന്ത്രി? പാടില്ല എന്ന് അറിയാനുള്ള വിവേകമോ പക്വതയോപോലും നമ്മുടെ പ്രതിരോധമന്ത്രിക്കുണ്ടായില്ല.എ കെ ആന്റണി ഇത് പരസ്യമായിപ്പറഞ്ഞതിന്റെ തൊട്ടടുത്ത ദിവസംതന്നെ പത്രങ്ങള്‍ വലിയ തലക്കെട്ടുകളോടെ ഇത് പ്രസിദ്ധപ്പെടുത്തി. പാകിസ്ഥാനിലെ ഡോണ്‍ എന്ന പത്രം ആന്റണിയുടെ പ്രഖ്യാപനം മുഖ്യതലക്കെട്ടാക്കി. "ആക്രമണം കടലിലൂടെയായാല്‍ ഇന്ത്യക്ക് നേരിടാന്‍ ശേഷിയില്ല: പ്രതിരോധമന്ത്രി\' ഇതായിരുന്നു തലക്കെട്ട്.ഇതുകഴിഞ്ഞ് ചില മാസങ്ങള്‍മാത്രം കഴിഞ്ഞ വേളയിലാണ് കടലിലൂടെതന്നെ ഭീകരര്‍ പാകിസ്ഥാനില്‍നിന്നെത്തി രാജ്യത്തെയാകെ ഞെട്ടിച്ചുകൊണ്ട് മുംബൈ ആക്രമണം നടത്തിയത്.

സത്യത്തില്‍, കടലിലൂടെ വന്നോളാന്‍ പാക് ഭീകരര്‍ക്ക് സന്ദേശം കൊടുക്കുന്നതിന് തുല്യമായിരുന്നില്ലേ ആന്റണിയുടെ പ്രഖ്യാപനം? ആന്റണി മനഃപൂര്‍വം അങ്ങനെ ചെയ്തുവെന്ന് പറയുന്നില്ല. എങ്കിലും, അവിവേകം നിറഞ്ഞ ഇത്തരം പ്രസ്താവനകള്‍ നടത്തിക്കൂടാത്തതാണെന്ന് തിരിച്ചറിയാനുള്ള പക്വതയെങ്കിലുമില്ലാത്ത ഒരാള്‍ പ്രതിരോധമന്ത്രിസ്ഥാനത്ത് ഇരുന്നുകൂടാത്തതാണ് എന്ന സത്യം പറയാതിരിക്കുന്നുമില്ല.മുംബൈ ഭീകരാക്രമണം ഉണ്ടായതിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ശിവരാജ്പാട്ടീല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചു. കടലിലൂടെ വിദേശ ഭീകരര്‍ ആക്രമണം നടത്തുന്നത് തടയേണ്ട ചുമതല കൂടുതലായുള്ളത് ആഭ്യന്തരമന്ത്രിക്കല്ല, രാജ്യത്തിന്റെ പ്രതിരോധമന്ത്രിക്കാണ്. ആദ്യം രാജിവയ്ക്കേണ്ടത് പ്രതിരോധമന്ത്രിയാണ്; കടലിലൂടെ വന്നാല്‍ ഇവിടെ ആരും തടയാനുണ്ടാവില്ലെന്ന് വിവരം കൊടുക്കുകകൂടി ചെയ്തയാളാണ് എന്നതുകൊണ്ട് പ്രത്യേകിച്ചും. എന്നാല്‍, ശിവരാജ്പാട്ടീല്‍ രാജിവച്ചു; ആന്റണി ഇളകിയില്ല.

ഇതേപോലെ മറ്റൊരിക്കല്‍ അതിര്‍ത്തി കടന്നു വന്ന പാക് സൈനികര്‍ അതിര്‍ത്തിക്കിപ്പുറത്തെ ഇന്ത്യന്‍ സേനാംഗങ്ങളുടെ തല വെട്ടിക്കൊണ്ടുപോയി. നമ്മുടെ പ്രതിരോധമന്ത്രി അന്നു പാര്‍ലമെന്റില്‍ പറഞ്ഞത്, അവര്‍ പാക് സൈനികരല്ല, സൈനികവേഷമിട്ട ആള്‍ക്കാര്‍മാത്രമാണ് എന്നാണ്. പാര്‍ലമെന്റില്‍ വലിയ ബഹളമായി. ഒടുവില്‍ പ്രതിരോധവക്താവിനുതന്നെ പ്രതിരോധമന്ത്രിയെ തിരുത്തേണ്ട ഗതികേടുണ്ടായി. ഒരു പ്രതിരോധമന്ത്രിക്കു പറയാന്‍ കൊള്ളുന്ന കാര്യമാണോ താന്‍ പറഞ്ഞത് എന്ന് ആന്റണി സാവകാശം ആലോചിക്കട്ടെ. ഇത്തരമൊരു സ്ഥാനത്ത് ഇരിക്കാന്‍ താന്‍ യോഗ്യനാണോ എന്ന കാര്യവും. അബദ്ധങ്ങള്‍ പറയാന്‍ പ്രതിരോധമന്ത്രിസ്ഥാനം വേണമെന്നൊന്നുമില്ല എ കെ ആന്റണിക്ക്.

ഇടതുപക്ഷ ജനാധിപത്യമുന്നണിയില്‍നിന്നു കാലുമാറി കോണ്‍ഗ്രസിലേക്കുപോയ വേളയില്‍ ആന്റണി പറഞ്ഞത് ആരും മറന്നിട്ടുണ്ടാവില്ല. ""ഇനി നൂറുവര്‍ഷത്തേക്ക് സിപിഐ എം കേരളത്തില്‍ അധികാരത്തില്‍ വരില്ല\'\' എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. മാസങ്ങള്‍ക്കുള്ളില്‍ത്തന്നെ സിപിഐ എം കേരളത്തില്‍ അധികാരത്തില്‍ വരുന്നത് എ കെ ആന്റണിക്ക് കാണേണ്ടിവന്നു. മത്സരം സിപിഐ എം- ബിജെപി കക്ഷികള്‍ തങ്ങളിലാണെങ്കില്‍ താന്‍ സിപിഐ എമ്മിന് വോട്ടുചെയ്യില്ല എന്ന് മറ്റൊരിക്കല്‍ ആന്റണി പറഞ്ഞു. സിപിഐ എമ്മിനെ ആക്ഷേപിക്കാനുള്ള വ്യഗ്രതയില്‍ ബിജെപിക്കു ഗുഡ് സര്‍വീസ് സര്‍ട്ടിഫിക്കറ്റുകൊടുക്കുകയല്ലേ ഫലത്തില്‍ ആന്റണി ചെയ്യുന്നത് എന്ന് കോണ്‍ഗ്രസുകാര്‍ പോലും അന്ധാളിച്ചു.

കോ-ലീ-ബി സഖ്യത്തിലൂടെയടക്കം ബിജെപിയുമായി ബന്ധം സ്ഥാപിച്ച് സിപിഐ എമ്മിനെ ഒറ്റപ്പെടുത്താന്‍ നോക്കിയിട്ടുള്ള പാര്‍ടിയാണ് കോണ്‍ഗ്രസ്. വി പി സിങ്ങിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മതനിരപേക്ഷ സര്‍ക്കാരിനെ ബിജെപിക്കൊപ്പംനിന്നു വോട്ടുചെയ്തു തകര്‍ത്ത പാര്‍ടിയാണ് കോണ്‍ഗ്രസ്. ആ കോണ്‍ഗ്രസിന്റെ നേതാവ് ഇങ്ങനെ പറയുന്നതില്‍ അന്ധാളിക്കാന്‍ ഒന്നുമില്ലെന്നതു മറ്റൊരു കാര്യം!ഇപ്പോഴിതാ, തെരഞ്ഞെടുപ്പ് വന്നപ്പോള്‍ ആന്റണി ഡല്‍ഹിയില്‍നിന്ന് എത്തിയിരിക്കുന്നു. ആദ്യംതന്നെ പറഞ്ഞത് പാര്‍ടി കോടതികള്‍ അനുവദിക്കില്ല എന്നാണ്. എവിടെയാണ് പാര്‍ടി കോടതിയുള്ളത്?

തെരഞ്ഞെടുപ്പുവരുമ്പോള്‍ സിപിഐ എമ്മിനെ അപകീര്‍ത്തിപ്പെടുത്താനായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങളിലല്ലാതെ പാര്‍ടി കോടതി, പാര്‍ടി ഗ്രാമം എന്നൊക്കെയുള്ളവ സങ്കല്‍പ്പമായിപോലും എവിടെയും നിലവിലില്ല. യാഥാര്‍ഥ്യം പറഞ്ഞു ജയിക്കാനാകാതെ വരുമ്പോള്‍ സങ്കല്‍പ്പം പറഞ്ഞു പുകമറയുണ്ടാക്കി രക്ഷപ്പെടുന്ന സ്ഥിരം കോണ്‍ഗ്രസ് രാഷ്ട്രീയ രീതി!കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ പറഞ്ഞത് കണ്ണൂരിലാകെ പാര്‍ടി ഗ്രാമങ്ങളാണെന്നും ആ ഗ്രാമങ്ങള്‍ കോണ്‍ഗ്രസുകാര്‍ക്ക് സ്വതന്ത്രമായി വോട്ടുചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കിയെന്നുമാണ്. അന്ന് ഇങ്ങനെ പറഞ്ഞുനടന്ന ആന്റണിയോട്, അതായിരുന്നു സത്യമെങ്കില്‍ കെ സുധാകരന്‍ ജയിച്ചതെങ്ങനെ എന്ന് ജനങ്ങള്‍ തിരിച്ചുചോദിക്കേണ്ടതുണ്ട്. ആ ചോദ്യം വന്നേക്കാമെന്നതുകൊണ്ടാകണം, ഇത്തവണ ആന്റണി ഇറങ്ങിയത് "പാര്‍ടി കോടതി\' എന്ന സങ്കല്‍പ്പവുമായാണ്!

ആന്റണി രണ്ടാമതു പറഞ്ഞത് സിബിഐ അന്വേഷണത്തെക്കുറിച്ചാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും അതുമായി ബന്ധപ്പെട്ട ഫയലും പഠിച്ചശേഷം സിബിഐ നിശ്ചയിച്ചത് തങ്ങള്‍ അന്വേഷിക്കേണ്ട ഒന്നും ഇതിലില്ല എന്നാണ്. സിബിഐക്ക് അങ്ങനെ നിശ്ചയിക്കാന്‍ സ്വാതന്ത്ര്യവും അധികാരവുമുണ്ട്. എന്നാല്‍, ആ സ്വാതന്ത്ര്യവും അധികാരവും അനുവദിക്കില്ല എന്ന മട്ടിലാണ് ഇപ്പോള്‍ എ കെ ആന്റണി. സിബിഐ അന്വേഷണം ഉണ്ടാകും എന്ന പ്രതീതിപരത്താന്‍ കേന്ദ്രമന്ത്രിസ്ഥാനം ദുരുപയോഗിക്കുകയാണ് അദ്ദേഹം ഇതിലൂടെ ചെയ്യുന്നത്. ഇതു തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നത് ആന്റണി മനസിലാക്കിയ മട്ടില്ല.

സിബിഐ അന്വേഷണം ഉണ്ടാകില്ലെന്നു കരുതിയവര്‍ ആഹ്ലാദിക്കാന്‍ വരട്ടെ, എന്നൊക്കെയാണ് ആന്റണി പറയുന്നത്. തന്റെ അധികാരം ഉപയോഗിച്ച് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കും എന്നു പറയുന്നതിനു തുല്യമാണിത്. തെരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ പാടുള്ള കാര്യമല്ല ഇത്. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തെറിച്ചുപോകാനുള്ളതേയുള്ളൂ ആ മന്ത്രിക്കസേര. അതുപയോഗിച്ചു ഭീഷണി വേണ്ട! ഓരോ തെരഞ്ഞെടുപ്പുവരുമ്പോഴും ഓരോ വിഷയത്തില്‍ ഓരോ സിബിഐ അന്വേഷണം. സിബിഐ കേന്ദ്രസര്‍ക്കാര്‍ പറയുന്നത് ഏറ്റുപാടുന്ന കൂട്ടിലടച്ച തത്തയാണെന്നു സുപ്രീംകോടതി നേരത്തെ പറഞ്ഞിരുന്നു. അത് അങ്ങനെതന്നെയാണെന്ന് സ്ഥിരീകരിക്കാനുള്ള പുറപ്പാടാണോ ആന്റണിയുടേത്?

തെരഞ്ഞെടുപ്പ് പ്രചാരണ മീറ്റ് ദ പ്രസില്‍ സിബിഐ അന്വേഷണം ഉണ്ടാകുമെന്ന് ആന്റണി സൂചിപ്പിക്കുന്നു; കുറച്ചു കഴിയുമ്പോള്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം സിബിഐക്ക് കത്തയക്കുന്നു; അന്വേഷണ സാധ്യത അറിയിക്കാന്‍ ജോയിന്റ് ഡയറക്ടര്‍ക്ക് സിബിഐ ഡയറക്ടര്‍ എഴുതുന്നു. അപ്പോള്‍ അന്വേഷണം വേണ്ടതാണോ വേണ്ടാത്തതാണോ എന്ന് തീരുമാനിക്കുന്നതാരാണ്? സിബിഐയോ അതോ ഭരണരാഷ്ട്രീയമോ?

സിബിഐ അന്വേഷണ കാര്യത്തില്‍ കാണിക്കുന്ന താല്‍പര്യത്തിന്റെ പതിനായിരത്തില്‍ ഒരംശം കേരളത്തിന്റെ വികസന താല്‍പര്യങ്ങളിലോ കസ്തൂരിരംഗന്‍ പോലുള്ള പ്രശ്നങ്ങളിലോ ആന്റണി കാണിച്ചിരുന്നുവെങ്കില്‍ എന്ന് ആരും ചിന്തിച്ചുപോകും.ഏതായാലും ആന്റണിക്കു പറ്റിയ ശിഷ്യനാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അദ്ദേഹവും സിബിഐ അന്വേഷണം ആവശ്യപ്പെടുകയാണ്. തന്റെ ആഭ്യന്തരമന്ത്രിസ്ഥാനത്തിനുകീഴില്‍ നടന്ന അന്വേഷണം ശരിയല്ലായിരുന്നുവെന്നു പുരപ്പുറത്തുനിന്ന് വിളിച്ചുകൂവുന്നതിനു തുല്യമാണിത്. ഇങ്ങനെ സ്വയം അവഹേളിക്കുന്ന മറ്റൊരു മന്ത്രിയെ ലോകം കണ്ടിട്ടുണ്ടാവില്ല. സിബിഐ അന്വേഷണം നടക്കില്ല എന്നറിഞ്ഞ് ആരോ പായസം വച്ചതായൊക്കെ ആന്റണി പറയുന്നുണ്ട്. ആര് പായസംവച്ചു എന്നാണ്? എ കെ ആന്റണിക്കല്ലാതെ രാജ്യത്തിന്റെ പ്രതിരോധമന്ത്രിക്ക് ചേരുന്നതല്ല ഇത്തരം വാക്കുകള്‍!

*
പ്രഭാവര്‍മ ദേശാഭിമാനി

Wednesday, March 26, 2014

ദുരൂഹതയുടെ കോണ്‍ഗ്രസ് വഴികള്‍

രണ്ടാംലോക മഹായുദ്ധകാലത്ത് റഷ്യയില്‍ യുദ്ധത്തടവുകാരനായി പിടിക്കപ്പെട്ട നാസി-ഫാസിസ്റ്റ് സൈന്യാംഗം സ്റ്റിഫാനോ മായ്നോയുടെ മകളായ ഇറ്റലിയിലെ ലുസിയാനക്കാരി അന്റോണിയ എന്ന സോണിയയിലേക്ക് ഇന്ത്യയുടെ ഭരണാധികാരത്തിന്റെ കടിഞ്ഞാണ്‍ എത്തിയതിന്റെ വഴികള്‍ വിചിത്രമാണ്; ഒപ്പം ദുരൂഹത നിറഞ്ഞതും.

ഇന്ദിര ഗാന്ധി കുടുംബത്തിന്റെയും കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ അനന്തരാവകാശിയായി പ്രഖ്യാപിക്കപ്പെട്ടിരുന്നയാള്‍ സഞ്ജയ്ഗാന്ധിയായിരുന്നു. 1980 ജനുവരി 23ന് സഞ്ജയ്ഗാന്ധി സ്വയം പറത്തിയ വിമാനംതകര്‍ന്ന് മരിക്കുന്നു. തകര്‍ന്നുവീണാല്‍ ഇന്ധനടാങ്ക് തകര്‍ന്ന് തീപടര്‍ന്ന് വിമാനം കത്തിയെരിയും. ഇവിടെ അതുണ്ടായില്ല. ഇന്ധനടാങ്കില്‍ ഇന്ധനമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് പറന്നുയര്‍ന്ന ഉടന്‍തന്നെ വിമാനം നിലംപൊത്തിയത്. പറക്കാന്‍ സജ്ജമാക്കി നിര്‍ത്തിയ വിമാനത്തിലെ ഇന്ധനം ആര് ചോര്‍ത്തിക്കളഞ്ഞു? അക്കാര്യത്തെക്കുറിച്ച് അന്വേഷണമേ ഉണ്ടായില്ല. പിന്നീട് സഞ്ജയിന്റെ ഭാര്യ മനേകയ്ക്ക് ആ വീട്ടില്‍നിന്ന് കുടിയിറങ്ങേണ്ടിവന്നു. രാഷ്ട്രീയ അനന്തരാവകാശത്തിന്റെ ആ വഴി അങ്ങനെ അടഞ്ഞു.

1984 ഒക്ടോബര്‍ 31ന് ഇന്ദിര ഗാന്ധി വെടിയേറ്റുവീഴുന്നു. സുസജ്ജമായ ആംബുലന്‍സിലല്ല, ഒരു ജീവന്‍രക്ഷാസംവിധാനവുമില്ലാത്ത കാറിലാണ് അവരെ എടുത്തിട്ടത്. ഉന്നതര്‍ക്കായി പ്രോട്ടോകോള്‍ ചികിത്സാസംവിധാനം ഒരുക്കിവച്ച് 24 മണിക്കൂറും കാത്തിരിക്കുന്ന എഐഐഎംഎസ് അടുത്തുണ്ടായിട്ടും അവരെ അവിടേക്കല്ല, മറിച്ച് അത്രയൊന്നും മികവില്ലാത്ത, ചികിത്സാസജ്ജതയൊന്നുമില്ലാത്ത അകലെയുള്ള റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. ഇന്ദിര ഗാന്ധിക്ക് ഹൃദയത്തിലോ മസ്തിഷ്കത്തിലോ വെടിയേറ്റിരുന്നില്ല. രക്തം വാര്‍ന്നാണ് അവര്‍ മരിച്ചത്. ആദ്യം റാം മനോഹര്‍ ലോഹ്യയിലേക്ക്; പിന്നീട് അവിടെനിന്ന് എഐഐഎംഎസിലേക്ക്. രക്തം വാര്‍ന്നുതീരാന്‍ വേണ്ടത്ര സമയം!

പിന്നീട് രാജീവ്ഗാന്ധി ശ്രീപെരുംപത്തൂരില്‍ കൊലചെയ്യപ്പെടുന്നു. ഈ കൊലപാതകം സിഖ് തീവ്രവാദികള്‍ നടത്തിയതായേ വരൂ എന്നും ഒരിക്കലും എല്‍ടിടിഇയിലേക്ക് ഇതിന്റെ ഉത്തരവാദിത്തം എത്തുകയില്ല എന്നും ഉറപ്പുനല്‍കപ്പെട്ടതിന്റെ രേഖകള്‍ സിബിഐയിലെ ഡി ആര്‍ കാര്‍ത്തികേയന്റെ നേതൃത്വത്തിലുള്ള സ്പെഷല്‍ ഇന്‍വസ്റ്റിഗേറ്റിങ് ടീം പിടിച്ചെടുത്തിരുന്നു. എന്നാല്‍, പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പിന്തുണയോടെ നീങ്ങിയ ടീം എല്‍ടിടിഇയെത്തന്നെ ഉത്തരവാദികളായി കണ്ടെത്തി. രാജീവ്ഗാന്ധിയുടെ വസതിയിലെ നിത്യസന്ദര്‍ശകനും ഇറ്റലിയിലെ സ്റ്റാംപ്രൊജറ്റിയുടെ തലവനുമായ ഒക്ടോവിയോ ക്വട്റോച്ചി എന്ന ആയുധദല്ലാള്‍ക്ക് നിരന്തരബന്ധമുണ്ടായിരുന്ന സംഘമാണ് എല്‍ടിടിഇ. ക്വട്റോച്ചി എല്‍ടിടിഇക്ക് ആയുധമെത്തിച്ചുകൊടുക്കുന്നയാളുകൂടിയായിരുന്നു. എല്‍ടിടിഇ ആകട്ടെ, തങ്ങള്‍ക്കുകൂടി താല്‍പ്പര്യമുള്ളതാണെങ്കില്‍ കൂടുതല്‍ വൈദഗ്ധ്യത്തോടെ ഏതു വധവും നടത്തിക്കൊടുക്കുന്ന സംഘവും. ചന്ദ്രശേഖര്‍ സര്‍ക്കാര്‍ അധികാരം വിടുംമുമ്പ് നിയോഗിച്ച ജസ്റ്റിസ് ജെ എസ് വര്‍മ കമീഷന്‍ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് സമയം ആവശ്യപ്പെട്ടു. എന്നാല്‍, കമീഷന് സമയം നിഷേധിക്കപ്പെട്ടു. പകരം ജയിന്‍ കമീഷന്‍ നിയോഗിക്കപ്പെട്ടു. അവര്‍ എല്‍ടിടിഇയെ കുറ്റവിമുക്തമാക്കുന്ന നിലപാടിലെത്തിക്കൊണ്ടിരുന്നപ്പോഴാണ് വിചാരണക്കോടതി എല്‍ടിടിഇക്കാരെ ശിക്ഷിച്ചതും സുപ്രീംകോടതി അത് ശരിവച്ചതും. ഒരു അന്വേഷണവും ബൊഫോഴ്സ് ദല്ലാള്‍കൂടിയായ ക്വട്റോച്ചിയിലേക്ക് നീണ്ടുപോകാതിരിക്കാന്‍ എല്ലാ ഘട്ടത്തിലും തീവ്രശ്രദ്ധയുണ്ടായി ഏതോ ഭാഗത്ത്. ഇന്ദിര ഗാന്ധിയെ വെടിവച്ചുകൊന്ന സത്വന്ത്സിങ്ങിന് വധശിക്ഷയില്‍നിന്ന് ഇളവുകൊടുക്കണമെന്ന് ആവശ്യപ്പടാതിരുന്ന രാജീവ് കുടുംബം രാജീവ്ഗാന്ധിയുടെ കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിയുണ്ടായപ്പോള്‍ വധശിക്ഷ ഒഴിവാക്കണമെന്ന് രാഷ്ട്രപതിയോട് അഭ്യര്‍ഥിച്ചത് ദുരൂഹമായിരിക്കുന്നു; രാജീവ്ഗാന്ധിയെ വധിച്ചവരെ പ്രകീര്‍ത്തിക്കുന്നതിലേക്കുവരെ എത്തിയ ദ്രാവിഡ രാഷ്ട്രീയഗ്രൂപ്പിനെ പില്‍ക്കാല സഖ്യത്തിലുള്‍പ്പെടുത്താനും അവരുമായി കൂട്ടുചേര്‍ന്ന് ഭരിക്കാനും തയ്യാറായത് വിചിത്രമായിരിക്കുന്നു.

സോണിയ കേംബ്രിഡ്ജ് ടൗണിലായിരിക്കെ രാജീവ്ഗാന്ധിക്ക് ഒപ്പം അവിടെയുണ്ടായിരുന്നയാളാണ് കോണ്‍ഗ്രസ് നേതാവായ മാധവറാവുസിന്ധ്യ. സിന്ധ്യയും സോണിയയുടെ അടുത്ത സുഹൃത്തായിരുന്നു. ഈ സൗഹൃദം നീണ്ടകാലം പിന്നീട് നിലനിന്നു. 1982ലെ ഒരു പുലര്‍ച്ചയ്ക്ക് രണ്ടിന് ഡല്‍ഹി ഐഐടിക്കടുത്ത് സിന്ധ്യയും സോണിയയും യാത്രചെയ്തിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. സോണിയ ചികിത്സ വേണ്ടെന്നു പറഞ്ഞ് വീട്ടിലേക്കുപോയി. സിന്ധ്യ കാര്യമായ പരിക്കുകളോടെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലായി. ഈ സംഭവം അന്ന് പത്രങ്ങളിലൊക്കെ പ്രാധാന്യപൂര്‍വം വന്നിരുന്നു. രാജീവിനോടും ഏറെ അടുപ്പം പുലര്‍ത്തിയിരുന്ന മാധവറാവുസിന്ധ്യ ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും പ്രമുഖ സ്ഥാനത്തേക്കുപോലും യോഗ്യന്‍ എന്ന് പ്രകീര്‍ത്തിക്കപ്പെട്ടയാളാണ്. എന്നാല്‍, ക്വട്റോച്ചിയുടെ ഇടപെടലുകളില്‍ അസ്വസ്ഥനായിരുന്നു ആ ഗ്വാളിയര്‍ രാജാവ്. സോണിയയുമായുള്ള അദ്ദേഹത്തിന്റെ ഗാഢസൗഹൃദം ഇടയ്ക്കെവിടെയോ മുറിഞ്ഞു. ഇരുവരും ശത്രുതയിലായി. ക്വട്റോച്ചി സിന്ധ്യയുടെ പരമശത്രുവുമായി. 2001 ഒക്ടോബര്‍ ഒന്നിന് സിന്ധ്യ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. രാജസ്ഥാനിലേക്ക് മാധ്യമപ്രവര്‍ത്തകരുടെ സംഘത്തെയുംകൂട്ടി യാത്രചെയ്യവെ യുപിയിലെ മെയിന്‍പുരിയില്‍ വിമാനം തകര്‍ന്നുവീണു. സിന്ധ്യയെ കൂടാതെ ഏഴുപേര്‍ മരിച്ചു. ഇന്‍ഡിക്കേറ്റര്‍ പ്രകാരം ഫുള്‍ടാങ്ക് ഇന്ധനമുണ്ടായിരുന്നു. എന്നാല്‍, പറന്നുയര്‍ന്നപ്പോള്‍ ഇന്ധനം തീര്‍ന്നതായി വന്നു. സഞ്ജയ്ഗാന്ധിയുടേതിനു സമാനമായ മരണം!

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് സോണിയഗാന്ധിക്കെതിരെ മത്സരിക്കാന്‍ ഒരാളേ കോണ്‍ഗ്രസില്‍ ധൈര്യപ്പെട്ടിട്ടുള്ളൂ. ജിതേന്ദ്രപ്രസാദ്. 2000ലെ എഐസിസി സമ്മേളനത്തില്‍. ഏതായാലും ജിതേന്ദ്രപ്രസാദ് അധികകാലം തുടര്‍ന്ന് ജീവിച്ചില്ല. ദുരൂഹസാഹചര്യത്തില്‍ ഭക്ഷ്യവിഷബാധയേറ്റ് ജിതേന്ദ്രപ്രസാദ് മരിച്ചു. ഒരു അന്വേഷണവും ഉണ്ടായില്ല! ി കോണ്‍ഗ്രസില്‍ ഒരു പുലര്‍താരംപോലെ കുതിച്ചുയര്‍ന്നയാളാണ് രാജേഷ് പൈലറ്റ്. രാജേഷ്പൈലറ്റ് കോണ്‍ഗ്രസിന്റെ ഒന്നാംസ്ഥാനത്തേക്കുയരുമെന്നുപോലും പലരും കരുതി. അങ്ങനെയിരിക്കെ, പൈലറ്റിന് ഉടന്‍ ഡല്‍ഹിയിലെത്തണമെന്ന അര്‍ജുന്‍സിങ്ങിന്റെ സന്ദേശം ലഭിക്കുന്നു. സ്വയം കാര്‍ ഡ്രൈവ് ചെയ്ത് ജയ്പുരില്‍നിന്ന് തിരിക്കുന്നു. വഴിയില്‍ വാഹനാപകടത്തില്‍ രാജേഷ് പൈലറ്റ് കൊല്ലപ്പെടുകയുംചെയ്യുന്നു.

2002 ഫെബ്രുവരി അഞ്ചിന് ലോക്സഭാ സ്പീക്കറായിരുന്ന ബാലയോഗിക്ക് ജിതേന്ദ്രകുമാറിന്റെ പരാതി ലഭിക്കുന്നു. സോണിയഗാന്ധി തനിക്കുള്ളതായി സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുള്ള വിദ്യാഭ്യാസയോഗ്യത യഥാര്‍ഥത്തില്‍ അവര്‍ക്കില്ല എന്നും അവര്‍ കോളേജിലേ പഠിച്ചിട്ടില്ലെന്നും വ്യാജസത്യവാങ്മൂലത്തിന് അവരുടെ പേരില്‍ നടപടിയെടുക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണെന്നും കാണിച്ചുള്ളതായിരുന്നു പരാതി. സോണിയയോടു താന്‍ വിശദീകരണം ചോദിച്ചെന്ന് സ്പീക്കര്‍ മറുപടി നല്‍കി. രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് സ്പീക്കര്‍ ബാലയോഗി മരിച്ചു- ആ ഹെലികോപ്റ്ററിലും ഇന്ധനമുണ്ടായിരുന്നില്ല!

സോണിയക്കെതിരെ നട്ടെല്ലുനിവര്‍ത്തി നില്‍ക്കാനുള്ള ധൈര്യം കാട്ടണമെന്ന് താന്‍ നരസിംഹറാവുവിനോട് പറഞ്ഞെന്നും "എന്നിട്ട് ഞാന്‍ കൊല്ലപ്പെടണോ?" എന്ന് റാവു തിരിച്ചുചോദിച്ചെന്നും ജിതേന്ദ്രകുമാര്‍ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. 1977ല്‍ ജനതാപാര്‍ടി ഇന്ദിര ഗാന്ധിയെയും കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തിയ വേളയില്‍ സോണിയ ഇറ്റാലിയന്‍ എംബസിയില്‍ അഭയംതേടിയതും "80ല്‍ ഇന്ദിര ഗാന്ധി അധികാരത്തില്‍ തിരിച്ചുവന്നപ്പോള്‍മാത്രമേ അവര്‍ക്ക് ഇന്ത്യയില്‍ ഒരു വോട്ടറാകാന്‍ തോന്നിയുള്ളൂ എന്നതും സത്യം. 1983ലേ ഇന്ത്യന്‍ പൗരത്വം എടുക്കാമെന്നു തോന്നിയുള്ളൂ. പൗരത്വത്തിനുംമുമ്പ് വോട്ടര്‍ഷിപ്!

ക്വട്റോച്ചിയുടെ പ്രതാപകാലത്ത് ഇന്ത്യയിലെ വിഗ്രഹങ്ങളടക്കമുള്ള വിലപ്പെട്ട ഒരുപാട് പുരാവസ്തുക്കള്‍ ഇന്ത്യയില്‍നിന്ന് കടത്തപ്പെട്ടു. ക്വട്റോച്ചിയിലേക്കാണ് സംശയത്തിന്റെ മുന അന്നും നീണ്ടെത്തിയത്. പുരാവസ്തുക്കള്‍ പിന്നീട് ഇറ്റലിയിലെ അലസാന്ദ്ര മായ്നോ വിന്‍സിയുടെ ഷോപ്പില്‍ പ്രദര്‍ശനത്തിനുള്ളതായി കണ്ടെത്തി. ഇറ്റലിക്കാര്‍ക്ക് വിഗ്രഹം കാണാന്‍ എന്ത് കൗതുകം. ലണ്ടനിലെ ലേലത്തിനുള്ളതായിരുന്നു അവ. ആ ലേലത്തിലൂടെ കോടിക്കണക്കിനു ഡോളര്‍ ഒഴുകിയെത്തിയത് കേമാന്‍ ഐലന്റിലെ ബാങ്ക് ഓഫ് അമേരിക്കയിലേക്കാണ്. ഹാര്‍വാര്‍ഡില്‍ പഠിക്കുമ്പോള്‍ രാഹുലിന് പണം എത്തിയിരുന്നത് ഇതേ ബാങ്കില്‍നിന്നാണ് എന്നത് രേഖകള്‍ സഹിതം വെളിപ്പെട്ട കാര്യമാണ്. ഇത്തരം കാര്യങ്ങളൊക്കെ കാണിച്ച് ഡോ. സുബ്രഹ്മണ്യന്‍സ്വാമി ഒരു കേസ് ഒരിക്കല്‍ കൊടുത്തു. ഇതേത്തുടര്‍ന്ന് ബന്ധപ്പെട്ട രേഖകള്‍ ഇന്റര്‍പോള്‍ കണ്ടെത്തി സിബിഐയെ ഏല്‍പ്പിച്ചു. എന്നാല്‍, ഇതേക്കുറിച്ചെല്ലാം കോടതിയില്‍ സിബിഐ കള്ളം പറഞ്ഞു. ആ കള്ളങ്ങള്‍ കോടതി കണ്ടെത്തി. അപ്പോള്‍ അഭിഭാഷകന്‍ കോടതിയില്‍ മാപ്പുപറഞ്ഞു. ആ അഭിഭാഷകന്‍ തുടര്‍ന്ന് ഇന്ത്യയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി മാറി!

ഇനി വിചിത്രമായ മറ്റൊരു കാര്യം. രാജീവ്ഗാന്ധിക്ക് പ്രിയപ്പെട്ടവരായിരുന്നവരൊക്കെ സോണിയഗാന്ധിക്ക് അനഭിമതരായിരിക്കുന്നു; ഒപ്പം രാജീവുമായി ശത്രുതയിലായിരുന്നവരൊക്കെ സോണിയക്ക് അഭിമതരുമായിരിക്കുന്നു. രാജീവിനെ ചോദ്യംചെയ്യുകയും പിന്നീട് കോണ്‍ഗ്രസ് വിടുകയും ചെയ്തയാളാണ് പ്രണബ് മുഖര്‍ജി. ആ പ്രണബ് മുഖര്‍ജിയെ സോണിയയുടെ കോണ്‍ഗ്രസ് രാഷ്ട്രപതിസ്ഥാനത്തേക്കുയര്‍ത്തി. രാജീവിന്റെ നിരന്തര വിമര്‍ശകയായിരുന്നു അംബിക സോണി. ആ അംബിക സോണി സോണിയയുടെ ഏറ്റവും അടുത്ത ഉപദേഷ്ടാവും എഐസിസി സെക്രട്ടറിയുമായി പില്‍ക്കാലത്ത്. രാജീവ്ഗാന്ധിയുടെ അടുപ്പക്കാരുടെ നിലയോ? അമിതാഭ് ബച്ചന്‍, അരുണ്‍നെഹ്റു, അരുണ്‍സിങ്, സതീഷ് ശര്‍മ, എസ് കൃഷ്ണകുമാര്‍, മണിശങ്കര അയ്യര്‍- എല്ലാവരും വഴിയില്‍ ഉപേക്ഷിക്കപ്പെട്ടു. ചിലരൊക്കെ നിശബ്ദരായി കാലത്തിനു കീഴടങ്ങി.

സോണിയയുടെ കൈയിലേക്ക് ഇന്ത്യന്‍ അധികാരത്തിന്റെ കടിഞ്ഞാണ്‍ എത്തിയതുമുതല്‍ ഇന്ത്യയില്‍ എന്തുണ്ടായി എന്നുകൂടി ശ്രദ്ധിക്കുക. എല്ലാ വിദേശക്രിമിനലുകള്‍ക്കും ഇന്ത്യയില്‍നിന്ന് സുരക്ഷിതരായി രക്ഷപ്പെടാമെന്ന നിലവന്നു. ഭോപാല്‍ വാതകദുരന്തക്കേസിലെ പ്രതി വാറന്‍ ആന്‍ഡേഴ്സണ്‍, പുരുളിയയില്‍ ആയുധങ്ങള്‍ വര്‍ഷിച്ച കിം ഡേവി, ബൊഫോഴ്സ് കുംഭകോണത്തിലെ ആയുധദല്ലാള്‍ ഒക്ടോവിയോ ക്വട്റോച്ചി, മുംബൈ ഭീകരാക്രമണ കേസിന്റെ സൂത്രധാരന്‍ ഡേവിഡ് ഹെഡ്ലി, ഇന്ത്യന്‍ കടലില്‍വന്ന് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന സാല്‍വത്തോറെ ജിറോണ്‍, മസിമില്ലാനൊ ലാത്തോറെ... അങ്ങനെ എത്രയോ പേര്‍.

അമേരിക്കന്‍ ആണവ റിയാക്ടര്‍ ഇന്ത്യയില്‍ ആണവദുരന്തമുണ്ടാക്കിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരനബാധ്യതയില്‍നിന്ന് അമേരിക്കയെ വിടുവിച്ചെടുക്കുന്ന ആണവബാധ്യതാനിയമംമുതല്‍ അഗസ്റ്റാവെസ്റ്റ്ലാന്റ് ഇടപാടില്‍ കോടികളുടെ നഷ്ടം ഇന്ത്യക്ക് വരുത്തുന്ന ഇറ്റാലിയന്‍ അധികൃതരുടെ മുമ്പിലെ കീഴടങ്ങല്‍വരെ എത്രയോ നടപടികള്‍... ഭരണം ഇന്ത്യക്കാര്‍ക്കുവേണ്ടിയുള്ളതല്ലായായി; വിദേശത്തിനുവേണ്ടിയുള്ളതായി.

*
പ്രഭാവര്‍മ ദേശാഭിമാനി

Tuesday, March 18, 2014

സോണിയയുടെ സ്വര്‍ണവും മഹാകോടീശ്വരക്ലബ്ബും

തെരഞ്ഞെടുപ്പു കമീഷന് 2009ല്‍ നല്‍കിയ സത്യവാങ്മൂലപ്രകാരം സോണിയ ഗാന്ധി 2518.45 ഗ്രാം സ്വര്‍ണത്തിന്റെ ഉടമയാണ്. ഇതിന് മൊത്തത്തില്‍ 11.08 ലക്ഷം രൂപയേ വിലവരൂ എന്നാണ് അവര്‍ തെരഞ്ഞെടുപ്പു കമീഷനെ ധരിപ്പിച്ചത്. അതായത്, പത്തുഗ്രാം സ്വര്‍ണത്തിന് 4500 രൂപമാത്രം വില! ഈ വിലയ്ക്ക് സ്വര്‍ണം കിട്ടുന്ന കമ്പോളം ഏതാണെന്ന് സോണിയ ഗാന്ധി പറയുന്നില്ല. പത്തുഗ്രാം സ്വര്‍ണം 4500 രൂപയ്ക്ക് തരാന്‍ തയ്യാറുണ്ടോ സോണിയ ഗാന്ധി എന്ന് ആരും അന്വേഷിക്കുകയും വേണ്ട. കമ്പോളത്തില്‍ അന്ന് 15,000 രൂപ വിലയുള്ള സ്വര്‍ണത്തിനാണ് സോണിയ 4500 രൂപ വില കാണിച്ചത്. ഏതായാലും പത്ത് ഗ്രാം സ്വര്‍ണം 4500 രൂപയ്ക്ക് കിട്ടുന്നത് എവിടെയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ ഇതുവരെ സോണിയയോട് അന്വേഷിച്ചതായി കേട്ടിട്ടുമില്ല.

സോണിയ ഗാന്ധിക്ക് ഇന്ത്യയില്‍ സ്വന്തമായി കാറോ വീടോ ഇല്ലെന്നു പറയുന്ന സത്യവാങ്മൂലം ഇറ്റലിയില്‍ അവര്‍ക്ക് വീടുള്ളതായി കാണിച്ചിട്ടുണ്ട്. അതിനാകട്ടെ 18 ലക്ഷം രൂപയേ വിലവരൂ അത്രേ! 18 ലക്ഷം രൂപയ്ക്ക് ഇറ്റലിയില്‍ വീട്! ഇതിന്റെയും യഥാര്‍ഥ വില മറ്റൊന്നായിരിക്കും എന്ന് വ്യക്തം. വില എത്രയായാലെന്ത്? ഇന്ത്യയില്‍ വീടില്ലെങ്കിലെന്ത്? ഒരു അഭയകേന്ദ്രം ഇറ്റലിയില്‍ ഏതായാലും ഉണ്ടല്ലോ! വീടോ വിലയോ അല്ല ഇവിടെ പ്രശ്നം; കോണ്‍ഗ്രസുകാര്‍ "സത്യ"വാങ്മൂലത്തിലൂടെ ആസ്തി പ്രഖ്യാപിക്കുന്ന രീതിയാണ് പ്രശ്നം.

ലോകത്തിലെ പന്ത്രണ്ടാമത്തെ അതിസമ്പന്ന സോണിയ ഗാന്ധിയാണെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍ നയിക്കുന്ന ലോകസമ്പന്നരുടെ ലിസ്റ്റില്‍ എലിസബത്ത് രാജ്ഞി പതിനെട്ടാമതേ വരുന്നുള്ളൂവെന്നും "ഹഫിങ്ടണ്‍പോസ്റ്റ്" മുമ്പൊരിക്കല്‍ വെളിപ്പെടുത്തി. സോണിയ ഗാന്ധി അത് നിഷേധിച്ചു; ഹഫിങ്ടണ്‍പോസ്റ്റിനെക്കൊണ്ട് അത് പിന്‍വലിപ്പിക്കുകയും ചെയ്തു. അതിന്റെ നിജസ്ഥിതി എന്തുമാകട്ടെ, പത്തുഗ്രാം സ്വര്‍ണത്തിന് 4500 രൂപ എന്നുകാണിച്ച വ്യക്തിയാണ് സോണിയ എന്ന കാര്യം ബാക്കിനില്‍ക്കുന്നു. ഏതായാലും സോണിയ ഗാന്ധിയുടെ കാര്‍മികത്വത്തിലുള്ള ഭരണത്തിന്റെ കീഴിലാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ അഴിമതികള്‍ നടന്നത് എന്നത് നിഷേധിക്കാവുന്നതല്ല. 1,76,000 കോടിയുടെ സ്പെക്ട്രം, 1,86,000 കോടിയുടെ കല്‍ക്കരിപ്പാടം... അങ്ങനെ എത്രയോ വന്‍ കുംഭകോണങ്ങള്‍. ഈ തുകയൊക്കെ ആരുടെ നിക്ഷേപത്തിലേക്ക് പോയി എന്നതും ഇതുവരെ വെളിപ്പെട്ടിട്ടില്ല. റിലയന്‍സിന്റെ ഗ്യാസ് പര്യവേക്ഷണത്തിന്റെ വില തര്‍ക്കത്തിലായപ്പോള്‍ എല്ലാ എതിര്‍പ്പുകളെയും മറികടന്ന് റിലയന്‍സിന് അനുകൂലമായി തീരുമാനമെടുത്തത് സോണിയയുടെ ധനമന്ത്രിയാണ്. ലക്ഷക്കണക്കിനുകോടികള്‍ റിലയന്‍സിന് മാസംതോറും കൊയ്യാവുന്ന അവസ്ഥ അങ്ങനെയുണ്ടായി. ഇതിനെ എതിര്‍ത്ത മണിശങ്കര അയ്യരെ പെട്രോളിയംവകുപ്പില്‍നിന്നുതന്നെ നീക്കി, റിലയന്‍സ് നിര്‍ദേശിച്ച മുരളിദേവ്റയെ പെട്രോളിയംമന്ത്രിയാക്കി. സര്‍ക്കാര്‍ ഗ്യാസ് ഏറ്റെടുക്കുന്നതിന്റെ വില ഇരട്ടിയാക്കണമെന്ന നിര്‍ദേശത്തെ ജയ്പാല്‍റെഡ്ഡി എതിര്‍ത്തപ്പോള്‍ അദ്ദേഹത്തെ മാറ്റി റിലയന്‍സിന് സ്വീകാര്യനായ വീരപ്പമൊയ്ലിയെ പെട്രോളിയംമന്ത്രിയാക്കി. എല്ലാം സോണിയയുടെ മായാജാലം!

സോണിയ നിഷേധിച്ചാലും ഇതെല്ലാം വസ്തുതകളായി നിലനില്‍ക്കുന്നു. 83 കോടി ആളുകള്‍ പ്രതിദിനം 20 രൂപയുടെപോലും വരവില്ലാതെ വലയുന്ന ഈ രാജ്യത്ത് പത്തുവര്‍ഷംകൊണ്ട് കോര്‍പറേറ്റ് വമ്പന്മാരുടെ 26 ലക്ഷം കോടിയുടെ ബാധ്യതയാണ് സോണിയ ഗാന്ധിയുടെ കാര്‍മികത്വത്തില്‍ യുപിഎ സര്‍ക്കാര്‍ എഴുതിത്തള്ളിയത്. എല്ലാം ഖജനാവിലേക്കുവരേണ്ട തുക! ധനമന്ത്രാലയത്തിന്റെ വെബ്സൈറ്റുതന്നെ പരസ്യപ്പെടുത്തിയിട്ടുള്ള കണക്കാണ് ഇത് എന്നതിനാല്‍ അവിശ്വസിക്കാന്‍ പഴുതില്ല. വന്‍ കോര്‍പറേറ്റുകള്‍ ഇങ്ങനെ സുഖമനുഭവിക്കുമ്പോള്‍ സോണിയ രൂപപ്പെടുത്തിയ മന്ത്രിസഭയിലെ അംഗങ്ങളോ? അവരും ആസ്തി വര്‍ധിപ്പിക്കലിന്റെ സുഖാനുഭവങ്ങളിലേക്കുതന്നെപോയി. ആസ്തി കഴിയുന്നത്ര കുറച്ച് കാണിക്കുന്നതാണ് രീതിയെങ്കിലും യുപിഎ മന്ത്രിമാരുടെ ആസ്തിവര്‍ധനയുടെ തോത് ഞെട്ടിക്കുന്നതാണ്. രണ്ടായിരത്തിഒമ്പതിലെ തെരഞ്ഞെടുപ്പില്‍ പ്രഫുല്‍പട്ടേല്‍ നല്‍കിയത് തനിക്ക് 79 കോടി രൂപയുടെ ആസ്തിയുണ്ടെന്ന സത്യവാങ്മൂലമാണ്. എന്നാല്‍, 2011ല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസിദ്ധീകരിച്ച കണക്കുപ്രകാരം ഇയാളുടെ ആസ്തി 122 കോടി രൂപയുടേതായിരിക്കുന്നു. 28 മാസങ്ങള്‍ക്കുള്ളിലാണ് ഈ വര്‍ധന! ഓരോ ദിവസവും അഞ്ചുലക്ഷം രൂപവീതം കൂടിയാലേ ഈ വര്‍ധനയുണ്ടാകൂ. മന്ത്രിപ്പണിയല്ലാതെ ഇയാള്‍ വേറെ എന്തെങ്കിലും പണിചെയ്ത് പണമുണ്ടാക്കുന്നതായി അറിവില്ല. അപ്പോള്‍ എവിടെനിന്നുവന്നു ഈ ആസ്തിവര്‍ധന?

കമ്യൂണിക്കേഷന്‍-ഐടി മന്ത്രിസ്ഥാനത്തിരുന്നതുകൊണ്ട് മിലിന്ദ് ദിയോറയുടെ ആസ്തി 2009ലെ 17 കോടിയില്‍നിന്ന് 28 മാസങ്ങളിലായി 33 കോടിയിലേക്കുയര്‍ന്നു. 2004ലെ സത്യവാങ്മൂലപ്രകാരം 8.8 കോടിയായിരുന്നു ആസ്തി. ഏഴുവര്‍ഷങ്ങളില്‍ ദിവസേന ഓരോ ലക്ഷം കൂടിയാലേ ഈ നിലവാരത്തിലെത്തൂ. വിലാസറാവു ദേശ്മുഖ് 2009നെ അപേക്ഷിച്ച് 28 മാസങ്ങള്‍കൊണ്ട് ആസ്തി 1.73 കോടി വര്‍ധിപ്പിച്ചപ്പോള്‍ രാജീവ് ശുക്ല എന്ന മന്ത്രി 22 കോടി വര്‍ധിപ്പിച്ചു. എട്ടുകോടിയില്‍നിന്ന് 30 കോടിയിലേക്ക്. ജെ എം റെഡ്ഡി 2011 ഏപ്രില്‍വരെയുള്ള 24 മാസങ്ങളിലായിത്തന്നെ 72 കോടിയായിരുന്ന ആസ്തി 357 കോടിയാക്കി ഉയര്‍ത്തിയെടുത്തു. ഓരോ ദിവസവും 50 ലക്ഷത്തിന്റെ വര്‍ധന!

കേന്ദ്രമന്ത്രിമാരെ മൊത്തത്തിലെടുത്താല്‍ അവരുടെ ആസ്തി ശരാശരി 7.3 കോടിയായിരുന്നത് 28 മാസങ്ങള്‍കൊണ്ട് 10.6 കോടിയായി ഉയര്‍ന്നുവെന്നുകാണാം. പ്രഫുല്‍പട്ടേല്‍ 53 ശതമാനംകണ്ടാണ് ആസ്തി വര്‍ധിപ്പിച്ചതെങ്കില്‍ ഡോ. എസ് ജഗദ് രക്ഷകന്‍ 28 മാസങ്ങള്‍കൊണ്ട് 1092 ശതമാനം വര്‍ധിപ്പിച്ച് 2009ലെ 5.9 കോടിയെ 70 കോടിയാക്കി ഉയര്‍ത്തിയെടുത്തു. കോണ്‍ഗ്രസും ബിജെപിയും ഒക്കെച്ചേര്‍ന്ന് പാര്‍ലമെന്റിനെ ഒരു "മില്യണയേഴ്സ് ക്ലബ്ബ"ാക്കി മാറ്റിയെടുത്തു. ഒന്നാംനിര കോര്‍പറേറ്റുകളില്‍പ്പെട്ട ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ മേധാവി നവീന്‍ ജിന്‍ഡാല്‍ പത്തുവര്‍ഷമായി കോണ്‍ഗ്രസ് എംപിയാണ്. അനില്‍ അംബാനി രാജ്യസഭാംഗമായി. അങ്ങനെ എത്രയോ പേര്‍! റിലയന്‍സ്, അംബാനി, ബിര്‍ള, ടാറ്റ, ജിന്‍ഡാല്‍, മഹേന്ദ്ര തുടങ്ങിയ എല്ലാ ഗ്രൂപ്പുകള്‍ക്കും പാര്‍ലമെന്റില്‍ സംരക്ഷകരുണ്ട്.

മഹേന്ദ്രപ്രസാദ് എന്ന എംപി 683 കോടിയുടെ ആസ്തിയുള്ളയാളാണ്. ഇയാളാണ് പാര്‍ലമെന്റിലെ അതിസമ്പന്നന്‍. നാമനാഗേശ്വരറാവുവിന്റെ ആസ്തി 174 കോടി. സുബ്ബരാമറെഡ്ഡിയുടേത് 258 കോടി. സത്യനാരായണ റാവുവിന്റേത് 190 കോടി. എംപിമാരുടെ ശരാശരി ആസ്തി 5.33 കോടി! 2004ലെ ആസ്തിയും 2009ലെയും താരതമ്യം ചെയ്താല്‍ വര്‍ധന 289 ശതമാനം. 2014ലെ കണക്കുകള്‍ വന്നിട്ടില്ല. അതുകൊണ്ട് 2009നുശേഷമുള്ള 28 മാസത്തെ കണക്കെടുക്കാനേ നിവര്‍ത്തിയുള്ളൂ. സ്വിസ് ബാങ്ക് അടക്കമുള്ള വിദേശബാങ്കുകളില്‍ ഇന്ത്യക്കാരുടെ 90 ലക്ഷം കോടിയുടെ കള്ളപ്പണം വിദേശനിക്ഷേപമായി കിടക്കുന്നു. ബാങ്കുകള്‍ ലിസ്റ്റ് കേന്ദ്രസര്‍ക്കാരിന് കൈമാറി. എന്നാല്‍, ഒരു നടപടിയുമില്ല. ലിസ്റ്റ് പരസ്യപ്പെടുത്തുകപോലുമില്ല. ലിസ്റ്റ് പുറത്തുവന്നാല്‍ അതില്‍ തങ്ങളുടെ പേരുകളുണ്ടാകുമെന്ന് കോടീശ്വരന്മാരുടെ ക്ലബ്ബിനറിയാം.

പതിനൊന്നുവര്‍ഷംകൊണ്ട് പതിനൊന്നുലക്ഷം കര്‍ഷകര്‍ ആത്മഹത്യചെയ്ത നാടാണിത്. മനുഷ്യവികസന സൂചികയില്‍ 154-ാമത് നില്‍ക്കുന്ന രാജ്യം. ഇവിടെയാണ് ഒരു മന്ത്രി പ്രതിദിനം 50 ലക്ഷം രൂപകണ്ട് ആസ്തി വര്‍ധിപ്പിക്കുന്നത്. ദിവസവും അഞ്ചുമുതല്‍ അമ്പതുവരെ ലക്ഷം ഉണ്ടാക്കുന്ന ഈ മന്ത്രിമാര്‍ക്കു കീഴില്‍ ഉദ്യോഗസ്ഥര്‍ എന്തുചെയ്യും? അഴിമതി തലപ്പത്തേ തുടങ്ങുന്നു!

പാര്‍ലമെന്റില്‍ നാലില്‍ മൂന്നും കോടീശ്വരന്മാര്‍. ശരിക്കും മഹാകോടിപതികളുടെ ക്ലബ്. കോടീശ്വരന്മാര്‍ കോടീശ്വരന്മാരാല്‍ കോടീശരത്വംകൊണ്ട് ഭരിക്കുന്നു. അവിടെ ദുര്‍ബലമായ തോതിലാണെങ്കിലും വേറിട്ട ഒരു രാഷ്ട്രീയ സംസ്കാരവും ശബ്ദവും ഉണ്ടാകുന്നത് ഇടതുപക്ഷത്തുനിന്നാണ്. ആ ഇടതുപക്ഷംകൂടി അവിടെയില്ലെങ്കിലോ? എന്തൊരു ശൂന്യതയാകും അത്. ജനപ്രതിനിധിസഭയില്‍ ജനങ്ങളുടെ പ്രതിനിധികള്‍ ഉണ്ടാകണം. അതിനാണ് ഇടതുപക്ഷവും അതിന്റെ രാഷ്ട്രീയവും. യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ക്ക് കോടീശ്വരന്മാരുടെ ക്ലബ്ബിന് ജയജയ പാടുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. ആ ദൗത്യവുമായി കേരളജനത പ്രതിനിധികളെ ഡല്‍ഹിക്കയക്കണോ? അതാണ് പ്രസക്തമായ ചോദ്യം.
*
പ്രഭാവര്‍മ

Friday, February 14, 2014

മോഡിത്വത്തിന്റെ പൈതൃകം

ക്വിറ്റ് ഇന്ത്യാസമരത്തെ കമ്യൂണിസ്റ്റുകാര്‍ ഒറ്റുകൊടുത്തു എന്നാണ് നരേന്ദ്രമോഡി കഴിഞ്ഞദിവസം തിരുവനന്തപുരത്തു വന്ന് ആക്ഷേപിച്ചത്. ക്വിറ്റ് ഇന്ത്യാസമരവുമായി ബന്ധപ്പെട്ട ചരിത്രത്തെക്കുറിച്ച് സമ്പൂര്‍ണ അജ്ഞതയുണ്ടെങ്കില്‍ മാത്രമേ ഇങ്ങനെ പറയാന്‍ കഴിയൂ. കമ്യൂണിസ്റ്റുകാര്‍ക്ക് ചേരുന്ന തൂവലല്ല മോഡി കൊണ്ടുവരുന്നത്. അതു ചേരുക അദ്ദേഹത്തിന്റെ തന്നെ പ്രസ്ഥാനത്തിനാണ്.

യഥാര്‍ഥത്തില്‍, ഇന്നത്തെ ബിജെപിയുടെ പൂര്‍വരൂപമായിരുന്ന ഹിന്ദുമഹാസഭ അന്ന് എന്താണ് ചെയ്തത്? 1942ല്‍ ആയിരുന്നല്ലോ ക്വിറ്റ് ഇന്ത്യാ സമരം. ആ സെപ്തംബര്‍ ഒന്നിന് അടല്‍ ബിഹാരി വാജ്പേയി ധീരദേശാഭിമാനികളായ രണ്ടു സ്വാതന്ത്ര്യസമരസേനാനികളെ സാമ്രാജ്യത്വത്തിന്റെ കഠിനതടവിനും ഒരു ഗ്രാമത്തെ അപ്പാടെ വലിയ പിഴശിക്ഷയ്ക്കും വിട്ടുകൊടുത്തുകൊണ്ട് സ്വയം മാപ്പെഴുതികൊടുത്തു രക്ഷപ്പെടുകയായിരുന്നു. ജനസംഘത്തിന്റെ സ്ഥാപകനായ ഡോ. ശ്യാമപ്രസാദ് മുഖര്‍ജി അന്ന് ബ്രിട്ടീഷുകാരാല്‍ നോമിനേറ്റ്ചെയ്യപ്പെട്ട മന്ത്രിസഭയില്‍ അംഗമായിരുന്നുകൊണ്ട് ബംഗാളിലെ കോണ്‍ഗ്രസുകാരെയും കമ്യൂണിസ്റ്റുകാരെയും ഒരുപോലെ സാമ്രാജ്യത്വത്തിനുവേണ്ടി വേട്ടയാടിപ്പിടിക്കുകയായിരുന്നു. ഹിന്ദുരാഷ്ട്രസ്ഥാപനത്തിനുള്ള തിസീസ് ആയ "ഹിന്ദുത്വ" രചിച്ച സവര്‍ക്കര്‍ ആകട്ടെ, നേരത്തേതന്നെ ആന്തമാനിലെ ജയിലില്‍നിന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തു രക്ഷപ്പെട്ടുപോയിരുന്നു (ആ സവര്‍ക്കറുടെ ചിത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ഹാളില്‍ അലങ്കരിച്ചു സ്ഥാപിച്ചത്).

ഒറ്റുകൊടുക്കലിന്റെയും വഞ്ചനയുടെയും മാപ്പെഴുതിക്കൊടുക്കലിന്റെയും പൈതൃകമുള്ളത് ബിജെപിക്കാണ്; സിപിഐ എമ്മിനല്ല. നേതാജി സുഭാഷ് ചന്ദ്രബോസിനെ കമ്യൂണിസ്റ്റുകാര്‍ പിന്തുണച്ചില്ല എന്നതാണ് നരേന്ദ്രമോഡിയുടെ മറ്റൊരു ആക്ഷേപം. ശത്രുവിന്റെ ശത്രു മിത്രം എന്ന നിലയ്ക്ക് നാസിസ്റ്റ് ജര്‍മനിയുമായി കൈകോര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഗാന്ധിജിയുടെ പ്രസ്ഥാനത്തില്‍നിന്ന് അകന്ന നേതാജി. ദേശീയ സ്വതന്ത്ര്യത്തില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചെങ്കിലും ഹിറ്റ്ലറുമായും മുസോളിനിയുമായും ചേര്‍ന്ന് സ്വാതന്ത്ര്യം നേടാമെന്ന ചിന്തയിലേക്ക് നേതാജി വ്യതിചലിക്കുകയാണുണ്ടായത്. അതിനോട് കമ്യൂണിസ്റ്റുകാര്‍ക്ക് യോജിപ്പില്ലായിരുന്നു. ഫാസിസത്തിനും നാസിസത്തിനും ഒപ്പം നില്‍ക്കണമായിരുന്നോ കമ്യൂണിസ്റ്റുകാര്‍? നേതാജിയുടെ തീവ്രരാഷ്ട്രീയ ലൈനിനൊപ്പം ജനങ്ങള്‍ പോകുന്നു എന്നതുകണ്ടാണ് അതുവരെ കാര്യമായി ഒന്നുംചെയ്യാതിരുന്ന കോണ്‍ഗ്രസ് അതു തടയാന്‍ പെട്ടെന്ന് 1942ല്‍ ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിച്ചത്. അത് ബ്രിട്ടീഷുകാര്‍ക്കെതിരെ എന്നതിനേക്കാള്‍ നേതാജിക്കെതിരെ ആയിരുന്നു. അതിനപ്പുറത്ത് ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്നതായിരുന്നു ആ സമരത്തിന്റെ ആത്യന്തിക ലക്ഷ്യമെങ്കില്‍ 1943ല്‍, അതായത് തൊട്ടടുത്തവര്‍ഷംതന്നെ എന്തിനാണ് അത് പിന്‍വലിച്ചത്?

ക്വിറ്റ് ഇന്ത്യാ സമരത്തെയും അതിനോടുള്ള നിലപാടിനെയും അന്നത്തെ സാര്‍വദേശീയ രാഷ്ട്രീയ പശ്ചാത്തലത്തിലേ വിലയിരുത്താന്‍ പറ്റൂ. 1939 ആയപ്പോഴേക്കും ലോകത്തു രണ്ടു വിരുദ്ധ സാമ്രാജ്യത്വ ശക്തികേന്ദ്രങ്ങള്‍ രൂപമെടുത്തു. ജര്‍മനിയും ഇറ്റലിയും ജപ്പാനും ഉള്‍പ്പെട്ട അച്ചുതണ്ടുശക്തി കള്‍ ഒരുവശത്ത്. ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യശക്തികള്‍ മറുവശത്ത്. അന്ന് ലോകത്ത് ആകെ ഒരു സോഷ്യലിസ്റ്റ് രാജ്യമേ ഉണ്ടായിരുന്നുള്ളൂ- സോവിയറ്റുയൂണിയന്‍. ലോകത്തെമ്പാടുമായി നിരവധി രാജ്യങ്ങളെ കോളനികളാക്കി വച്ചുകൊണ്ടിരുന്ന ഇരുശക്തികള്‍ക്കും ലോകത്ത് ഏറ്റവുമധികം പ്രകൃതിവിഭവങ്ങളുള്ള സോവിയറ്റുയൂണിയനെ കീഴ്പ്പെടുത്തണമെന്ന തീവ്രമായ ആഗ്രഹമുണ്ടായിരുന്നു. അച്ചുതണ്ടുശക്തികള്‍ സഖ്യശക്തികളെ ആക്രമിച്ചു. അങ്ങനെ 1939ല്‍ രണ്ടാംലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. 1941വരെ യുദ്ധം അച്ചുതണ്ട് - സഖ്യശക്തികള്‍ തമ്മിലായിരുന്നു. സോവിയറ്റുയൂണിയന്‍ ഇരു ക്യാമ്പിലുമുണ്ടായിരുന്നില്ല. എന്നാല്‍, "41ല്‍ ജര്‍മനിയുടെ നേതൃത്വത്തിലുള്ള അച്ചുതണ്ടുശക്തികള്‍ യുദ്ധത്തില്‍ മേല്‍ക്കൈ നേടി. അതോടെ സോവിയറ്റുയൂണിയനുമായി ഉണ്ടായിരുന്ന യുദ്ധവിരുദ്ധകരാര്‍ പൊളിച്ച് അച്ചുതണ്ടുശക്തികള്‍ സോവിയറ്റുയൂണിയനെ ആക്രമിച്ചു. ഇതോടെ ഫലത്തില്‍ സഖ്യശക്തികളും സോവിയറ്റുയൂണിയനും ഒരുപോലെ ഫാസിസ്റ്റ് ആക്രമണം നേരിടുന്ന നിലയായി. ഫാസിസം ലോകത്തെ കീഴടക്കുമെന്ന നില. അതിനെ നേരിട്ടു പരാജയപ്പെടുത്തലാണ് അടിയന്തരമായി ചെയ്യേണ്ടത് എന്ന നില. ഫാസിസവും നാസിസവും ജയിച്ചാല്‍ ലോകത്തിലെ ഏക സോഷ്യലിസ്റ്റ് രാജ്യം തകരും; ലോകമാകെ ജര്‍മനിയുടെ, ഹിറ്റ്ലറുടെ നാസിസത്തിന്റെ കാല്‍ക്കീഴിലാകും എന്ന അവസ്ഥ.

ലോകത്ത് ബോധത്തെളിമയുള്ള ഏവരും നാസിസത്തെയും ഫാസിസത്തെയും തകര്‍ക്കലാണ് അടിയന്തരകടമ എന്നു ചിന്തിച്ച ഘട്ടം. ആ ഘട്ടത്തിന്റെ പൊതുലോകവികാരം ഏറ്റവും നന്നായി പ്രകടിപ്പിച്ചത് മഹാത്മാഗാന്ധിതന്നെയാണ്. അദ്ദേഹം എഴുതി ""ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത് ഇന്ത്യയുടെ മോചനത്തെക്കുറിച്ചല്ല, അതു നടക്കുകതന്നെ ചെയ്യും. ഇന്ത്യ മോചിതമായാല്‍ത്തന്നെയും ഫാസിസത്തിനുമുന്നില്‍ ഇംഗ്ലണ്ടും ഫ്രാന്‍സും വീണുപോയാല്‍ ആ മോചനത്തിന് എന്തര്‍ത്ഥം? എന്റെ അനുഭാവം ഈ ഘട്ടത്തില്‍ ഇംഗ്ലണ്ടിനോടാണ്. ഞാന്‍ അത് ബ്രിട്ടീഷ് വൈസ്രോയി ലെന്‍ലിത് ഗോവിനോട് പറഞ്ഞു."" മഹാത്മാഗാന്ധിയുടെ സമാഹൃതകൃതികളില്‍നിന്ന് ഗാന്ധിജിയുടെ ഈ വാക്കുകള്‍ ആര്‍ക്കും വായിക്കാം. 1943ല്‍ ക്വിറ്റ് ഇന്ത്യ സമരം പിന്‍വലിക്കുന്നതിനു പ്രേരിപ്പിച്ചതുതന്നെ ഈ വികാരമല്ല എന്ന് ആരുകണ്ടു? ഗാന്ധിജിയുടെ ഇതേ കാഴ്ചപ്പാടായിരുന്നു ക്വിറ്റ് ഇന്ത്യാസമരഘട്ടത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കും. എന്നാല്‍, ബ്രിട്ടീഷുകാരോട് അനുഭാവം എന്ന തലത്തിലേക്ക് പോയിരുന്നില്ലതാനും. ബ്രിട്ടനെ ക്ഷീണിപ്പിക്കേണ്ടതാണ്; അവര്‍ക്കെതിരെ സമരംചെയ്യേണ്ടതുമാണ്. പക്ഷേ, ബ്രിട്ടന്‍ സോവിയറ്റുയൂണിയനൊപ്പം നിന്ന് ഫാസിസത്തെ ചെറുക്കുന്ന വേളയിലല്ല അതു ചെയ്യേണ്ടത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഫാസിസം വിജയിച്ചാല്‍ ഇന്ത്യയുടെ സ്വാതന്ത്ര്യം എന്താവും? പൊരുതാന്‍പോലും കഴിയാത്തവിധം ഫാസിസത്തിന്റെ ബൂട്ട്സിനുകീഴില്‍ ഇന്ത്യയടക്കം ലോകമാകെ ഞെരിഞ്ഞമര്‍ന്നുപോകും. പിന്നെ സ്വാതന്ത്ര്യസമരത്തെക്കുറിച്ച് ചിന്തിച്ചിട്ടു കാര്യമില്ല.

ലോകത്ത് ആദ്യമായി ഉണ്ടായ സോഷ്യലിസ്റ്റ് രാഷ്ട്രം ഫാസിസ്റ്റ് ആക്രമണത്തില്‍ ഇല്ലാതായാല്‍ സോഷ്യലിസത്തിന്റെ ഭാവിതന്നെ അപകടത്തിലാകും. അതുകൊണ്ട് ഇന്ത്യയുടെ താല്‍പ്പര്യം സംരക്ഷിക്കപ്പെടണമെങ്കില്‍പ്പോലും സോവിയറ്റുയൂണിയന്റെ രക്ഷയ്ക്കൊപ്പം നില്‍ക്കണം. ഈ ചിന്തയില്‍ അധിഷ്ഠിതമായിരുന്നു ക്വിറ്റ് ഇന്ത്യാ സമരകാലത്തു കമ്യൂണിസ്റ്റുകാരുടെ നിലപാട്. ഗാന്ധിജി ഇത് ശരിയാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാവണമല്ലോ "43 ല്‍ ക്വിറ്റ് ഇന്ത്യാസമരം നിര്‍ത്തിവച്ചത്. കമ്യൂണിസ്റ്റുകാരുടെ ഈ നിലപാടിനെ ബ്രിട്ടീഷുകാരെ തുണയ്ക്കുന്ന നിലപാട് എന്ന് ആക്ഷേപിക്കുന്ന നരേന്ദ്രമോഡി, ബ്രിട്ടീഷ്ഭരണത്തിന്റെ മിക്കവാറും എല്ലാ ഘട്ടത്തിലും കമ്യൂണിസ്റ്റുപാര്‍ടി നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നുവെന്നും, ആ ഘട്ടങ്ങളിലൊക്കെ മോഡിയുടെ പൈതൃക പ്രസ്ഥാനമായ ഹിന്ദുമഹാസഭയ്ക്ക് ബ്രിട്ടീഷുകാര്‍ ഒരു വിലക്കും ഏര്‍പ്പെടുത്തിയിരുന്നില്ലെന്നും ഓര്‍മിക്കണം. അപ്പോള്‍ ആരായിരുന്നു ബ്രിട്ടന്റെ മിത്രം? ആഗ്രയിലെ ബ്രിട്ടീഷ് മജിസ്ട്രേട്ടിനുമുന്നില്‍ മാപ്പ് എഴുതിക്കൊടുത്തു വാജ്പേയി സ്വാതന്ത്ര്യംനേടിയപ്പോഴും ആന്തമാന്‍ ജയിലില്‍നിന്ന് സവര്‍ക്കര്‍ മാപ്പുപറഞ്ഞിറങ്ങിയപ്പോഴും ബംഗാളില്‍ ശ്യാമപ്രസാദ് മുഖര്‍ജി ബ്രീട്ടീഷുകാര്‍ക്കുവേണ്ടി കമ്യൂണിസ്റ്റുകാരെ പിടിച്ചുകൊടുത്തുകൊണ്ടിരുന്നപ്പോഴും കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടന്റെ ജയിലുകളില്‍കിടന്ന് നരകിക്കുകയായിരുന്നു. പെഷവാര്‍- കാണ്‍പൂര്‍- മദ്രാസ്- മീററ്റ്- ലാഹോര്‍ എന്നിങ്ങനെ തുടരെത്തുടരെ ബ്രിട്ടീഷ് ഭരണം ഗൂഢാലോചനക്കേസുകള്‍ കെട്ടിച്ചമച്ച് കമ്യൂണിസ്റ്റുകാരെ വലയ്ക്കുകയായിരുന്നു. ക്വിറ്റ് ഇന്ത്യാ സമരത്തിനു വളരെ മുമ്പുതന്നെ ഹിന്ദുത്വശക്തികളുടെ ബ്രിട്ടീഷ് ചാരപ്പണിയും വിധേയത്വവും ആരംഭിച്ചിരുന്നു. സവര്‍ക്കര്‍ ആന്തമാന്‍ ജയിലില്‍നിന്നു മാപ്പെഴുതിയിറങ്ങുമ്പോള്‍ മാപ്പെഴുതിക്കൊടുക്കാന്‍ വിസമ്മതിച്ചതിന് ബ്രിട്ടീഷുകാര്‍ കുതിരവണ്ടിയില്‍ കെട്ടിവലിച്ചു നരകിപ്പിക്കുകയായിരുന്നു

അതേ ജയിലില്‍ ദേശാഭിമാനികളെ. ചൈനായുദ്ധസമയത്ത് കമ്യൂണിസ്റ്റുകാര്‍ കൈക്കൊണ്ട നിലപാടിനെയും ആക്ഷേപിക്കുന്നുണ്ട് നരേന്ദ്രമോഡി. അന്ന് ഇ എം എസ് ആവശ്യപ്പെട്ടത് യുദ്ധത്തിലൂടെയല്ല, സമാധാനപരമായ മുഖാമുഖചര്‍ച്ചയിലൂടെയാണ് അതിര്‍ത്തിപ്രശ്നം തീര്‍ക്കേണ്ടത് എന്നാണ്. ഇ എം എസ് പറയുന്നിടത്തേക്കുതന്നെ മോഡിയുടെ നേതാവായ വാജ്പേയിവരെ വന്നുവെന്നതാണ് ചരിത്രം. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന വേളയില്‍ ചൈന സന്ദര്‍ശിച്ചു. യുദ്ധം പ്രശ്നത്തിനു പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെയേ അതിര്‍ത്തിപ്രശ്നം തീര്‍ക്കാനാകൂ എന്നും ബെയ്ജിങ്ങില്‍ ചെന്നുനിന്നു പ്രഖ്യാപിച്ചു. പലതലങ്ങളിലുള്ള ചര്‍ച്ചകള്‍ക്ക് അരങ്ങൊരുക്കുകയും അതു തുടര്‍ന്ന് പുരോഗമിക്കുകയുംചെയ്തു. പറയുന്നത് ഇ എം എസ് ആണെങ്കില്‍ കുഴപ്പം; വാജ്പേയിയാണെങ്കില്‍ ഗംഭീരം. ഇതാണോ മോഡിയുടെ നിലപാട്? ഒരു കാര്യംമാത്രം പറയട്ടെ, ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ഒരുങ്ങുന്നതിനുമുമ്പ് ഇന്ത്യയുടെ ചരിത്രം എന്താണ് എന്നത് അറിയാന്‍ ശ്രമിക്കുകയെങ്കിലും വേണം. അത് അറിഞ്ഞിരുന്നെങ്കില്‍ മോഡി കേരളത്തില്‍ വന്ന് ഈ വിധത്തില്‍ പ്രസംഗിക്കുമായിരുന്നില്ല.

*
പ്രഭാവര്‍മ

Sunday, November 17, 2013

മുമ്പേ നടന്ന പി ജി

കാള്‍ മാര്‍ക്സോ ഏംഗല്‍സോ സൗന്ദര്യശാസ്ത്ര വിഷയത്തില്‍ ആദ്യന്തം കേന്ദ്രീകരിച്ച് ഒരു കൃതിയും രചിച്ചിട്ടില്ല. എങ്കിലും മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രം എന്നൊന്ന് ശാസ്ത്രീയ യാഥാര്‍ഥ്യമായി നമ്മുടെ മുമ്പില്‍ നില്‍ക്കുന്നു. മാര്‍ക്സിസ്റ്റ് ആചാര്യന്മാര്‍ പരസ്പരം കൈമാറിയ ആശയങ്ങള്‍, എഴുത്തുകാര്‍ക്ക് നല്‍കിയ ഉപദേശങ്ങള്‍, "മൂലധന"ത്തിലും മറ്റുമുള്ള കലാസാഹിത്യ വിഷയകമായ നിരീക്ഷണങ്ങള്‍, എഴുത്തുകാരുമായി നടത്തിയ സംവാദങ്ങള്‍, ബല്‍സാക്കിനെയും മറ്റും കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ തുടങ്ങി പലതില്‍നിന്നായി ഊറിക്കൂടിയതാണ് സത്യത്തില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ അടിത്തറ.

ആധികാരികമായ ഒരു സൈദ്ധാന്തികഗ്രന്ഥത്തിന്റെ അടിത്തറയിലല്ല രൂപപ്പെട്ടുവന്നത് എന്നതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് സാഹിത്യചിന്തകര്‍ക്കിടയില്‍ വ്യത്യസ്തങ്ങളായ, ഒരുപക്ഷേ വിരുദ്ധങ്ങള്‍പോലുമായ ചിന്താഗതികള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഭാഷ്യങ്ങള്‍ക്കും ഇത് വഴിവച്ചു.

ഇത് അങ്ങനെ നില്‍ക്കെത്തന്നെ ഗ്യോര്‍ക്കി ലുക്കാച്ചിലൂടെ, ബര്‍ത്തോള്‍ഡ് ബ്രഹ്തിലൂടെ, വാള്‍ട്ടര്‍ ബഞ്ചമിനിലൂടെ, ലൂയി അല്‍ത്തൂസറിലൂടെ, അന്റോണിയോ ലാബ്രിയോളയിലൂടെ, ഫ്രാന്‍സ് മെഹ്റിങ്ങിലൂടെ, ഗ്യോര്‍ഹി പ്ലഹനോവിലൂടെ, വില്യംമോറിസിലൂടെ, ലുഷുനിലൂടെ, ക്രിസ്റ്റഫര്‍ കോഡ്വെല്ലിലൂടെ, ആന്റോണിയോ ഗ്രാംഷിയിലൂടെ, എറിക് ഹോബ്സ് ബോമിലൂടെ, ക്രിസ്റ്റഫര്‍ ഹില്ലിലൂടെ, ജോര്‍ജ് തോംപ്സണിലൂടെ, റയ്മണ്ട് വില്യംസിലൂടെ, ഇ പി തോംപ്സണിലൂടെ ഒക്കെയായി മാര്‍ക്സിസ്റ്റ് സൗന്ദര്യശാസ്ത്രം വികസിച്ച് പുഷ്ടിപ്പെട്ട് അനിഷേധ്യസാന്നിധ്യമായി സാര്‍വദേശീയ സാംസ്കാരികരംഗത്തു തെളിഞ്ഞുവന്നു.

ആത്യന്തികമായ ഉരകല്ലായി മാര്‍ക്സോ ഏംഗല്‍സോ സൗന്ദര്യശാസ്ത്ര സംബന്ധിയായി ഒരു ആധികാരിക സൈദ്ധാന്തികകൃതിയും കാലത്തിനു കൈമാറിയില്ല എന്നതുകൊണ്ടുതന്നെ വൈവിധ്യമാര്‍ന്ന ചിന്താധാരകളിലൂടെയാണ് അത് എക്കാലവും വളര്‍ന്നുവന്നത്. ഇത് ഒരേസമയം പരിമിതി എന്ന വാതില്‍ കൊട്ടിയടയ്ക്കലും സാധ്യത എന്ന വാതില്‍ തുറക്കലും ഉള്‍പ്പെട്ട ഒന്നാണ്. പരിമിതി എന്നുപറയുന്നത്, മാര്‍ക്സിലേക്കോ ഏംഗല്‍സിലേക്കോ തിരിച്ചുചെന്ന് ആത്യന്തികമായ ശരി ഇന്നത് എന്നുപറയാന്‍ ആവുന്നില്ല എന്നതാണ്. സാധ്യതയെന്നു പറയുന്നത് വിചിന്തനങ്ങള്‍ക്കുള്ള അനന്തമായ തൃഷ്ണയെ ഒരു ആധികാരിക കൃതിപോലും പരിമിതപ്പെടുത്താനില്ല എന്നതുമാണ്. ഇതിന്റെ രണ്ടിന്റെയും ഇടയിലൂടെയുള്ള സഞ്ചാരം ക്ലേശകരമാണ്. ക്ലേശകരമായ ആ ദൗത്യം സമര്‍ഥമായും വിജയകരമായും ഏറ്റെടുത്തു പി ജി. ആ പ്രക്രിയയില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകളെ കൃത്യമായും മാര്‍ക്സിയന്‍ രാഷ്ട്രീയ-സാമ്പത്തിക ചിന്തകള്‍ക്ക് അനുപൂരകമായിത്തന്നെ അദ്ദേഹം മുന്നോട്ടുകൊണ്ടുപോയി.

കമ്യൂണിസ്റ്റ് പാര്‍ടിയുടെ സംഘടനാ ചട്ടക്കൂടിനു പുറത്തുനിന്നുകൊണ്ട് മാര്‍ക്സിസ്റ്റ് ചിന്തകളില്‍ വ്യാപരിച്ചവരുടേതാണ് ഫ്രാങ്ക് ഫര്‍ട്ട് സ്കൂള്‍. അവരില്‍ പലരും ഉള്‍പ്പെട്ടതാണ് പില്‍ക്കാലത്തെ ന്യൂലെഫ്റ്റ് മൂവ്മെന്റ്. ഇതിനെ രണ്ടിനെയും കമ്യൂണിസ്റ്റ് പാര്‍ടി "വ്യതിയാനവിഭാഗം" ആയാണ് കണക്കാക്കിയത്. അതു ശരിയുമായിരുന്നു. ഫ്രാങ്ക് ഫര്‍ട്ട് സ്കൂളില്‍പ്പെട്ട ചിന്തകരില്‍ നല്ലൊരുവിഭാഗം പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് വിരുദ്ധരായി എന്നതുതന്നെ ഇത് സ്ഥിരീകരിക്കുന്നു. എങ്കിലും, അവര്‍ പറഞ്ഞ ചില കാര്യങ്ങളില്‍ സത്യമില്ലേ? ഈ പരിശോധന പിന്നീട് നടന്നു. അവര്‍ മുന്നോട്ടുവച്ച ചില ചിന്തകള്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര സങ്കല്‍പ്പങ്ങളെ കൂടുതല്‍ കാമ്പും കഴമ്പുമുള്ളതാക്കുന്നുണ്ട് എന്നത് പിന്നീട് അംഗീകരിക്കപ്പെട്ടു. അതിന്റെ അടിസ്ഥാനത്തില്‍ സാഹിത്യകൃതികളെയും കലാസൃഷ്ടികളെയും പരിശോധിക്കാനുള്ള വിശാലമനസ്കത ലോകത്ത് ആദ്യം കാണിച്ചവരുടെ നിരയിലാണ് പി ഗോവിന്ദപ്പിള്ളയുടെ സ്ഥാനം.

കമ്യൂണിസ്റ്റ് പാര്‍ടിക്ക് അംഗീകരിക്കാവുന്ന ഏക സാഹിത്യപ്രസ്ഥാനം സോഷ്യലിസ്റ്റ് റിയലിസമാണ് എന്നതായിരുന്നു ആദ്യ കാഴ്ചപ്പാട്. സോഷ്യലിസ്റ്റ് റിയലിസത്തിനു പുറത്തും സാഹിത്യസൃഷ്ടികളുണ്ടാവാമെന്നും അവ അനുഭൂതിദായകമാവാമെന്നും ആ അനുഭൂതി കമ്യൂണിസ്റ്റുകാര്‍ക്ക് അന്യമാവേണ്ട കാര്യമില്ല എന്നും ഉള്ള ചിന്തയുടെ തെളിച്ചം ആദ്യമായി പടര്‍ന്നത് ന്യൂലെഫ്റ്റ് എന്ന പുത്തന്‍ ഇടതുപക്ഷത്തില്‍നിന്നാണ്. ന്യൂലെഫ്റ്റിനെ സാമ്രാജ്യത്വാനുകൂല വ്യതിചലനമായി കമ്യൂണിസ്റ്റ് പാര്‍ടികള്‍ കണക്കാക്കിയിരുന്ന ഘട്ടത്തില്‍പ്പോലും അത് മുമ്പോട്ടുവച്ച ചില ചിന്തകളെ പി ജി മടികൂടാതെ തന്റെ സാഹിത്യസമീപനങ്ങളില്‍ പകര്‍ത്തി. അതിന്റെ തെളിവാണ് ചങ്ങമ്പുഴയെയും വൈലോപ്പിള്ളിയെയും ഒക്കെ ആദരിക്കുന്ന പി ജിയുടെ ആ ഘട്ടത്തിലെ ആസ്വാദനക്കുറിപ്പുകളും ലേഖനങ്ങളും.

പൂര്‍വസംസ്കൃതിയോടുള്ള സമീപനം എന്താവണമെന്ന കാര്യത്തിലും പുതിയ ചിന്തകളാല്‍ പിജി നയിക്കപ്പെട്ടു. ക്രെംലിന്‍കൊട്ടാരം തകര്‍ക്കാന്‍ നീങ്ങിയ വിപ്ലവകാരികളെ, അത് സാര്‍ ചക്രവര്‍ത്തിയുടേതല്ല, മറിച്ച് നിങ്ങളുടെ അച്ഛനപ്പൂപ്പന്മാരുടെ കണ്ണീരും വിയര്‍പ്പും ചോരയും വീണുറച്ച കൊട്ടാരമാണ് എന്നു പറഞ്ഞു തടഞ്ഞ ലെനിന്റെ നടപടിയിലുള്ള ചരിത്രസമീപനം പി ജിക്ക് സാഹിത്യത്തില്‍ കൈക്കൊള്ളാന്‍ സാധിച്ചത് അതുകൊണ്ടാണ്. ഭഗവദ്ഗീതാപരിഭാഷയ്ക്ക് അവതാരികയെഴുതിയിട്ടുണ്ട് പി ജി. അത് എഴുതുമ്പോഴും ചരിത്രപരവും വൈരുധ്യാധിഷ്ഠിതവുമായ ഭൗതികവാദത്തിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നുതാനും. ഫോക്ലോര്‍ നിരോധിച്ച മുസോളിനിയുടെയോ കലയ്ക്ക് വിലക്കു കല്‍പ്പിച്ച ഹിറ്റ്ലറുടെയോ ഭാഗത്തല്ല, ഫോക്ലോറില്‍ മരിച്ച ഭൂതകാലത്തിന്റെ അവശിഷ്ടംമാത്രമല്ല, അധികാരത്തിന്റെ ലോകബോധ്യത്തെ ചോദ്യംചെയ്യുന്ന കലാപംകൂടിയുണ്ട് എന്ന് തിരിച്ചറിഞ്ഞ ആന്റോണിയോ ഗ്രാംഷിയുടെയും ഹിറ്റ്ലര്‍ നശിപ്പിക്കാന്‍ ആജ്ഞാപിച്ച മാറ്റിസ്സോയുടെയും മേരി ഷാഗലിന്റെയും പെയിന്റിങ്ങുകളെ വധഭീഷണിപോലും കൂസാതെ കാത്തുവച്ച ജനങ്ങളുടെയും ഭാഗത്താണ് കമ്യൂണിസ്റ്റുകാരന്‍ നില്‍ക്കേണ്ടത് എന്ന ബോധ്യമുണ്ടായിരുന്നു പി ജിക്ക്. കവിതയില്‍ വിപ്ലവാഭിനിവേശംമാത്രമല്ല, കവിയുടെ ഏകാന്തദുഃഖങ്ങളോ പ്രണയമോ പ്രണയനൈരാശ്യമോ ഒക്കെ സ്വാഭാവികമായും നിഴലിച്ചുവെന്നുവരാമെന്നും അതുകൊണ്ട് കവി വിപ്ലവവിമുഖനാണെന്ന് വിലയിരുത്തേണ്ടതില്ല എന്നും മലയാള സാഹിത്യ നിരൂപണരംഗത്ത് ആദ്യമായി പറഞ്ഞ കമ്യൂണിസ്റ്റുകാരനാണ് പി ജി. പി ജി അതു പറയുമ്പോള്‍ ന്യൂലെഫ്റ്റ് മൂവ്മെന്റിന്റെ ചിന്തകളില്‍നിന്ന് പ്രസരിച്ച തെളിച്ചം ആ വാക്കുകളിലുണ്ടായി എന്നത് ഒരുപക്ഷേ പില്‍ക്കാലത്ത് വിലയിരുത്തപ്പെട്ടിട്ടുണ്ടാകാം. സാഹിത്യത്തിലെ അടിസ്ഥാന നിലപാടുകളില്‍ പി ജി ഒരുഘട്ടത്തിലും വിട്ടുവീഴ്ച ചെയ്തതുമില്ല. സാഹിത്യത്തിന് രാഷ്ട്രീയബന്ധമുണ്ടായിക്കൂടാ എന്ന വാദത്തെ "ഇസങ്ങള്‍ക്കിപ്പുറം" എന്ന കൃതിയിലൂടെയടക്കം നേര്‍ക്കുനേര്‍ എതിര്‍ത്ത നിരൂപകനാണ് പി ജി. രാഷ്ട്രീയത്തിന് സാഹിത്യത്തിലെന്തുകാര്യം എന്ന ചോദ്യം ഇന്ന് ആരെങ്കിലും ചോദിക്കുമെന്ന് കരുതുകവയ്യ. സാഹിത്യത്തെ വെള്ളം കടക്കാത്ത അറയില്‍നിര്‍ത്തി പരിശോധിക്കുകയല്ല, മറിച്ച് സാഹിത്യം ചരിത്രത്തിന്റെ, രാഷ്ട്രീയത്തിന്റെ, ധനശാസ്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഏത് ധര്‍മമനുഷ്ഠിക്കുന്നു എന്നു പരിശോധിക്കുകയാണ് വേണ്ടത് എന്ന ചിന്തയിലേക്ക് രാഷ്ട്രീയസ്പര്‍ശമില്ലാത്ത അക്കാദമിക് രംഗംപോലും ഉണര്‍ന്നിരിക്കുന്നു. അതാണല്ലോ യൂണിവേഴ്സിറ്റികളിലെ അക്കാദമിക് തലങ്ങളിലെ ഇന്റര്‍ ഡിസിപ്ലിനറി സ്റ്റഡീസ് തെളിയിക്കുന്നത്.

പി ജി അന്നുപറഞ്ഞതാണ് ശരി എന്ന് കാലം തെളിയിച്ചു എന്നര്‍ഥം. വിപ്ലവ പുരോഗമന പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയുണ്ടാവുന്ന സാഹിത്യരചനകള്‍ മാത്രമല്ല, അത്തരമൊരു ലക്ഷ്യം പ്രഖ്യാപിക്കാതിരിക്കുമ്പോഴും മാനവികതയുടെ പക്ഷത്തുനില്‍ക്കുന്ന ഇതര കൃതികള്‍കൂടി ആസ്വദിക്കണമെന്നും പ്രതിജ്ഞാബദ്ധ സാഹിത്യകാരന്മാരെ മാത്രമല്ല, പ്രതിജ്ഞാബദ്ധത പ്രഖ്യാപിക്കുന്നില്ലെങ്കിലും ഒരുപക്ഷേ ബോധപൂര്‍വമല്ലാതെയാണെങ്കില്‍പ്പോലും ജനമനസ്സിനൊപ്പം നില്‍ക്കുന്നവരെക്കൂടി ആദരിക്കണമെന്നുമുള്ള വിശാലബോധം കേരളത്തിന്റെ പുരോഗമന സാഹിത്യചിന്തയിലേക്ക് പ്രസരിപ്പിക്കുന്നതില്‍ പി ജി വഹിച്ച പങ്ക് ചെറുതല്ല. അത്തരം ചിന്തകളുടെ ആവിഷ്കാരംകൂടിയായിരുന്നല്ലോ സാംസ്കാരികരംഗത്തെ വിശാലമുന്നണി എന്ന സങ്കല്‍പ്പവും പെരുമ്പാവൂര്‍രേഖയും. ഇങ്ങനെ നോക്കുമ്പോള്‍, ആചാര്യന്മാരുടെ ആധികാരികവും പ്രാമാണികവുമായ സൈദ്ധാന്തിക ഗ്രന്ഥങ്ങളുടെ അഭാവത്തില്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രരംഗത്ത് ഉയര്‍ന്നുവന്ന മൗനങ്ങള്‍ക്കും അവ്യക്തതകള്‍ക്കും നിരവധി പുതുകാല ചോദ്യങ്ങള്‍ക്കും മാര്‍ക്സിസം- ലെനിനിസത്തിന്റെ നിശിതതീക്ഷ്ണമായ പ്രകാശത്തില്‍ത്തന്നെ പ്രായോഗികമായ ഉത്തരങ്ങള്‍ കണ്ടെത്തി എന്നതാണ് പി ജിയുടെ ആ രംഗത്തെ ഏറ്റവും വലിയ സംഭാവന. ആ സംഭാവന

കേരളത്തിലോ മലയാളത്തിലോ മാത്രമായി പരിമിതപ്പെട്ടുപോകേണ്ടതല്ല; സാര്‍വദേശീയ രംഗത്തുതന്നെ ഉയര്‍ന്നുനില്‍ക്കേണ്ടതാണ്. അങ്ങനെ വന്നാല്‍ മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്ര ചിന്തകള്‍ കൂടുതല്‍ വികസ്വരമാവും, ദീപ്തമാവും. അല്‍ത്തൂസര്‍, റയ്മണ്ട് വില്യംസ്, വില്യം മോറിസ്, ജോര്‍ജ് തോംപ്സണ്‍, ആര്‍നോള്‍ഡ് കെറ്റില്‍, റാള്‍ഫ് ഫോക്സ് തുടങ്ങിയ പേരുകളോട് ലോകം ചേര്‍ത്തുവയ്ക്കും പി ജി എന്ന പേരും.

*
പ്രഭാവര്‍മ ദേശാഭിമാനി വാരാന്തപ്പതിപ്പ് 17 നവംബര്‍ 2013

Saturday, June 22, 2013

സൂചിമുന മുഖ്യമന്ത്രിയിലേക്ക്

തെളിവുകളുടെ പത്മവ്യൂഹം

പേഴ്സണല്‍ സ്റ്റാഫിലെ ആരോപിതരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി തുടരെ കൈക്കൊണ്ടത്. സ്റ്റാഫിനെ ബലിയാടാക്കി ഞാന്‍ രക്ഷപ്പെടില്ലെന്ന് ആദ്യം പറഞ്ഞു. (ഇതു പറയുമ്പോഴും പി സി ജോര്‍ജ് ഇവരുടെ ബന്ധത്തെക്കുറിച്ച് പറഞ്ഞ കാര്യം മുഖ്യമന്ത്രിക്കറിവുള്ളതായിരുന്നു എന്നോര്‍ക്കണം). ഏറ്റവുമൊടുവില്‍ പറയുന്നത് ഫോണ്‍ ചെയ്യുന്നതുകൊണ്ടാരും കുറ്റവാളിയാകില്ല എന്നാണ്. (ഇവരുടെ ഫോണ്‍ വിളികള്‍ സ്ഥിരീകരിക്കുന്ന സെന്‍കുമാര്‍ റിപ്പോര്‍ട്ട് വായിച്ചശേഷമാണിത് എന്നതും ഓര്‍ക്കണം).

ഫോണ്‍ ചെയ്തതുകൊണ്ടാരും കുറ്റവാളിയാകില്ല എന്നാണെങ്കില്‍ ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ കുരുക്കിയിടാന്‍ ഫോണ്‍ വിളിച്ചയാളെ ഫോണ്‍ വിളിച്ചതാര് എന്ന മട്ടില്‍ അന്വേഷിച്ചുപോയതെന്തിന്? അവിടെ ഒരു നീതി. ഇവിടെ മറ്റൊരു നീതി! തെറ്റുചെയ്താല്‍ സാധാരണ പുറത്താക്കുകയാണ് ചെയ്യുക. ഇവിടെ കുറ്റക്കാരായ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റിനിര്‍ത്തലേയുള്ളൂ എന്നതും മുഖ്യമന്ത്രിയുടെ സംരക്ഷണവ്യഗ്രതയ്ക്ക് തെളിവാകുന്നുണ്ട്. ഇവരെല്ലാം പുണ്യവാളന്മാരാണെങ്കില്‍, തന്റെ ഓഫീസിന് വീഴ്ചപറ്റി എന്നും തന്റെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടെന്നും ഇടവേളയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെന്താ അര്‍ഥം? മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടെങ്കില്‍ മുഖ്യമന്ത്രിയല്ലാതെ മറ്റാരാണ് അതിനുത്തരവാദി? അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടത് ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരാണ്? തന്റെ സ്റ്റാഫ് ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറയുന്നു. എങ്കില്‍പ്പിന്നെ അതില്‍ ചിലരെ മാറ്റിനിര്‍ത്തിയതെന്തിനാണ്? സ്റ്റാഫ് തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗിക്കപ്പെട്ടെന്ന് മുഖ്യമന്ത്രിതന്നെ പറയുന്നത് ആരെക്കുറിച്ചാണ്. സ്വന്തം കൃത്യത്തെക്കുറിച്ചുതന്നെയാണോ? മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹം അറിയാതെ പേഴ്സണല്‍ സ്റ്റാഫ് ദുരുപയോഗിക്കുകയായിരുന്നെങ്കില്‍ അവരെ പിടിച്ച് പൊലീസില്‍ ഏല്‍പ്പിക്കേണ്ടതല്ലേ മുഖ്യമന്ത്രി. സരിതയുമായുള്ള ബന്ധം എഡിജിപിയുടെ റിപ്പോര്‍ട്ടുപ്രകാരം സ്ഥിരീകരിക്കപ്പെട്ടിട്ട് നിരവധി ദിവസങ്ങളായി. പൊലീസ് അവരെ ഒന്ന് ചോദ്യം ചെയ്തിട്ടുപോലുമില്ല. ഫോണ്‍ചെയ്യല്‍ കുറ്റമല്ല എന്നുള്ള മുഖ്യമന്ത്രിയുടെ പുതിയ നിലപാട് അന്വേഷണത്തിലടപെടുംവിധം മുഖ്യമന്ത്രി പൊലീസിനു നല്‍കുന്ന സന്ദേശംതന്നെയാണെന്ന് വ്യക്തം. തന്റെ ഓഫീസില്‍നിന്ന് ലറ്റര്‍ഹെഡ്ഡില്‍ ശുപാര്‍ശക്കത്തുപോയിട്ടില്ല എന്ന് കഴിഞ്ഞയാഴ്ചത്തെ ക്യാബിനറ്റ് ബ്രീഫിങ്ങില്‍ പറഞ്ഞ മുഖ്യമന്ത്രി ഈ ആഴ്ചത്തെ ക്യാബിനറ്റ് ബ്രീഫിങ് ആയപ്പോള്‍, എന്റെ കസേരയില്‍വരെ ഒരാള്‍ കയറിയിരുന്നിട്ടില്ലേ എന്ന മുന്‍കൂര്‍ ജാമ്യത്തിലേക്ക് മാറുന്നതാണ് കണ്ടത്.

ഇതിനിടെ സംഭവിച്ചത് ഒരേ ഒരു കാര്യംമാത്രം. മുഖ്യമന്ത്രിയുടെ ലെറ്റര്‍ഹെഡ്ഡില്‍ കൈയൊപ്പോടെയുള്ള ശുപാര്‍ശക്കത്തുകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ബിജുവിന്റെ അഭിഭാഷകന്‍ പറഞ്ഞു. ആ കത്ത് കാണിച്ചാല്‍ മറുപടി പറയാമെന്ന് മുഖ്യമന്ത്രി. പക്ഷേ, കേരളത്തിന്റെ മുഖ്യമന്ത്രിയില്‍നിന്ന് കേരളം പ്രതീക്ഷിക്കുന്നത് ആ മറുപടിയല്ല; മറിച്ച് അങ്ങനെ ഒരു കത്തും താന്‍ കൊടുത്തിട്ടില്ല എന്ന സ്ഥിരീകരണമാണ്. പക്ഷേ, മുഖ്യമന്ത്രിക്ക് അതിന് കഴിയുന്നില്ല. (ഇനി പൊലീസ് റെയ്ഡുകളില്‍ ആ കത്തുകള്‍ ആവിയായിപ്പോയിട്ടുള്ളതായി മുഖ്യമന്ത്രിക്ക് ഉറപ്പുണ്ടോ ആവോ!) ഭരണരാഷ്ട്രീയമുപയോഗിച്ച് "ടീം സോളാര്‍" എന്ന വിവാദകമ്പനി പലരെയും തട്ടിപ്പിനായി സമീപിച്ച അതേഘട്ടത്തില്‍ത്തന്നെ 1500 ചതുരശ്രയടി വിസ്തീര്‍ണമുള്ള എല്ലാ വീടുകളിലും സോളാര്‍ പാനല്‍ നിര്‍ബന്ധിതമാക്കുന്ന ഉത്തരവ് തിരക്കിട്ട് സര്‍ക്കാരില്‍നിന്നിറക്കിയതെങ്ങനെ എന്നതും മുഖ്യമന്ത്രി വിശദീകരിക്കേണ്ട കാര്യമാണ്.

അനര്‍ട്ട് അംഗീകാരം നിഷേധിച്ച തട്ടിപ്പുകമ്പനിയുടെ ലോഗോ സര്‍ക്കാര്‍ മുഖപത്രമായ ജനപഥത്തില്‍ വന്നതെങ്ങനെയെന്നതും വിശദമാക്കേണ്ടതുണ്ട്. സോളാര്‍ തട്ടിപ്പിനെക്കുറിച്ച് ചോദിക്കുമ്പോള്‍ ടോട്ടല്‍ തട്ടിപ്പിനെക്കുറിച്ചാണ് മുഖ്യമന്ത്രി മറുപടി പറയുന്നത്. കേരളത്തില്‍ തട്ടിപ്പുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍, സോളാര്‍ തട്ടിപ്പിലെ പ്രത്യേകത, മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മേല്‍നോട്ടത്തിലും ആസൂത്രണത്തിലുമായിരുന്നു ഇത് എന്നതാണ്. അങ്ങനെയൊന്ന് മുമ്പുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ഇതിന് സമാനത ചരിത്രത്തിലെവിടെയുമില്ല. തന്റെ ഗണ്‍മാനും പേഴ്സണല്‍ സ്റ്റാഫും വിശ്വസ്ത സന്തതസഹചാരിയുമൊക്കെ ഇതില്‍ എങ്ങനെ ഒരുമിച്ചു. ആരാണ് ഈ പല ഘടകങ്ങളെയാകെ ഏകോപിപ്പിച്ചത്!

എന്തിനാണ് തട്ടിപ്പുസംഘത്തലവനുമായി തിരക്കേറിയ മുഖ്യമന്ത്രി ഒരുമണിക്കൂര്‍ ചര്‍ച്ച നടത്തിയത്? മകന്‍ ചാണ്ടി ഉമ്മന്റെ സൗഹൃദത്തിലും തന്റെ സഹചാരിത്വത്തിലുമായ ചുരുങ്ങിയ നാള്‍കൊണ്ട് എങ്ങനെയാണ് കുരുവിള നിസ്വതയില്‍നിന്ന് കോടീശ്വരത്വത്തിലേക്കുയര്‍ന്നത്? ആരുടെ ബിനാമിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിനും ടീം സോളാറിനും ഇടയില്‍ കണ്ണിയായി നിന്ന അയാള്‍? ഈ ചോദ്യങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറയേണ്ടത്. ടീം സോളാര്‍ കമ്പനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുന്നതായി തെറ്റിദ്ധരിപ്പിച്ചുകൂടി ജനങ്ങളെ വഞ്ചിച്ചു. ആ വേളയില്‍ കിട്ടിയത് വണ്ടിച്ചെക്കാണെന്ന് മുഖ്യമന്ത്രി ഒരുപക്ഷേ, അറിഞ്ഞിരിക്കില്ല. എന്നാല്‍, അത് തെളിഞ്ഞുകഴിഞ്ഞശേഷവും വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിന് കമ്പനിക്കെതിരെ നടപടിയെടുക്കാതിരിക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്താണ്? കള്ളക്കമ്പനിക്ക് വിശ്വാസ്യതയുണ്ടാക്കാനുദ്ദേശിക്കപ്പെട്ട കപടനാടകത്തിന് മുഖ്യമന്ത്രി കൂട്ടുനില്‍ക്കുകയായിരുന്നെന്ന് ആരോപണമുണ്ടായാല്‍ മുഖ്യമന്ത്രിക്കെന്ത് മറുപടിയുണ്ടാകും പറയാന്‍?

ഇത്തരം അസൗകര്യകരങ്ങളെങ്കിലും അനിവാര്യങ്ങളായ ചോദ്യങ്ങള്‍ ചോദിക്കാനോ ഉത്തരം തേടാനോ എഡിജിപിക്ക് കഴിയില്ല. അതുകൊണ്ടാണ് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നുപറയുന്നത്. അതറിയുന്നതുകൊണ്ടുതന്നെയാണ് അത് സാധ്യമല്ല എന്നു മുഖ്യമന്ത്രി പറയുന്നതും. താന്‍ സ്വീകരിച്ച ഏതെങ്കിലും നടപടി പ്രതിയെ സഹായിച്ചിട്ടുണ്ടെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വണ്ടിചെക്ക് നാടകത്തിന് നിന്നുകൊടുത്തതടക്കം മുകളില്‍ പറഞ്ഞ ഓരോ നടപടിയും പ്രതിക്കല്ലാതെ മറ്റാര്‍ക്കാണ് സഹായകമായത്? മുഖ്യമന്ത്രി ഇതിന്റെയൊക്കെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ? കെ കരുണാകരന്‍മുതല്‍ പവന്‍കുമാര്‍ ബന്‍സല്‍വരെയുള്ളവര്‍ എന്ത് വിഡ്ഢികള്‍? ചാരക്കേസ് ഉയര്‍ന്നുവന്നപ്പോള്‍ കരുണാകരന്‍ രാജിവച്ചു. മരുമകന്‍ കോഴ വാങ്ങിയതായി വന്നപ്പോള്‍ ബന്‍സല്‍ രാജിവച്ചു. "രാജിയില്ല, ജുഡീഷ്യല്‍ അന്വേഷണവുമില്ല" എന്ന് ഇന്നത്തെ ഉമ്മന്‍ചാണ്ടിയെപ്പോലെ പറഞ്ഞാല്‍ മതിയായിരുന്നല്ലോ അവര്‍ക്കും. അതെ, ഉമ്മന്‍ചാണ്ടിയുടെ അളവുകോല്‍ വച്ച് അളന്നാല്‍ അവര്‍ വിഡ്ഢികള്‍തന്നെയാണ്. (അവസാനിച്ചു)

*
പ്രഭാവര്‍മ ദേശാഭിമാനി

Friday, June 21, 2013

തെളിവുകളുടെ പത്മവ്യൂഹം

എതിരായ തെളിവുകളുടെ പത്മവ്യൂഹത്തില്‍പ്പെട്ട് ഇതുപോലെ നട്ടം തിരിഞ്ഞിട്ടുണ്ടാവില്ല ഇന്ത്യയില്‍ ഒരു കാലത്തും ഒരു മുഖ്യമന്ത്രിയും. അവരൊക്കെ ഈ അവസ്ഥയ്ക്ക് എത്രയോ മുന്നമേതന്നെ രാജിവച്ച് രക്ഷപ്പെട്ടിരിക്കുന്നു! പക്ഷേ, ഇവിടെ തെളിവുകളുടെ കൂരമ്പുകളേറ്റ് തുടരെ പുളയുമ്പോഴും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു, "രാജിയില്ല; ജുഡീഷ്യല്‍ അന്വേഷണവുമില്ല!"

സോളാര്‍ തട്ടിപ്പ് അഴിമതിയുടെ കേന്ദ്ര ഓഫീസുകളായി പ്രവര്‍ത്തിച്ചുപോന്നത് മുഖ്യമന്ത്രിയുടെ ഓഫീസും ഔദ്യോഗിക വസതിയുമായിരുന്നു എന്നത് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഒപ്പോടെ ലെറ്റര്‍പാഡിലുള്ള കത്ത് തട്ടിപ്പിനുപയോഗിക്കപ്പെട്ടു എന്നുവന്നിരിക്കുന്നു. മുഖ്യമന്ത്രി സ്വന്തം തൃപ്തിക്കനുസരിച്ച് തെരഞ്ഞെടുത്ത പേഴ്സണല്‍ സ്റ്റാഫില്‍ ഏറെപ്പേര്‍ക്ക് ഇതിലുള്ള പങ്ക് പുറത്തുവന്നിരിക്കുന്നു. ഗണ്‍മാന്‍ മുതല്‍ സന്തതസഹചാരിയായ വിശ്വസ്തന്‍വരെ അഴിമതിവലയിലെ പ്രധാന കണ്ണികളായിരുന്നുവെന്ന് തെളിഞ്ഞിരിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെയും വീട്ടിലെയും ഫോണുകള്‍ അഴിമതിബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനാണ് ഏറെയും ഉപയോഗിച്ചത് എന്ന് വ്യക്തമായിരിക്കുന്നു. മുഖ്യമന്ത്രിതന്നെ തട്ടിപ്പുസംഘത്തലവനുമായി പുറത്തുപറയാനാവാത്ത ചര്‍ച്ച ഒരു മണിക്കൂറിലേറെ നടത്തിയതായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. സത്യത്തില്‍, ഇതിലേതെങ്കിലും ഒന്നുമാത്രം പോരേ ഒരു മുഖ്യമന്ത്രിക്ക് രാജിവയ്ക്കാന്‍? സോളാര്‍ തട്ടിപ്പ്ക്കേസില്‍ ഇനി അന്വേഷണം നടക്കേണ്ടത് മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ചാണ്. പക്ഷേ, എഡിജിപി തലത്തിനപ്പുറമുള്ള ഒരു അന്വേഷണവുമില്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എഡിജിപി തന്റെ കീഴിലുള്ള വെറും ഒരു ഉദ്യോഗസ്ഥന്‍. താനാകട്ടെ, അദ്ദേഹത്തിന്റെ സര്‍വീസ് റെക്കോഡില്‍ ഒപ്പിടാന്‍ അധികാരമുള്ളയാള്‍. പിന്നെ എന്ത് ഭയക്കാന്‍? മുഖ്യമന്ത്രിയെ ഒന്നുചോദ്യം ചെയ്യാനെങ്കിലുമാവുമോ എഡിജിപിക്ക്? ഇല്ല എന്ന് ഏറ്റവും ഉറപ്പുള്ളത് മുഖ്യമന്ത്രിക്കുതന്നെ! അന്വേഷിക്കേണ്ടത് മുഖ്യമന്ത്രിയെക്കുറിച്ചുതന്നെയാവുന്നതെന്തുകൊണ്ടാണ്? കുറ്റവാളികളുടെ സംരക്ഷണവലയത്തില്‍ കഴിയുന്നയാള്‍ കുറ്റവാളികളുടെ തലവന്‍തന്നെയായിരിക്കാനേ വഴിയുള്ളൂ എന്നതുകൊണ്ടുതന്നെ. ഇത് കേവല നിഗമനമല്ല, നിലപാടുകളിലെയും അഭിപ്രായങ്ങളിലെയും പരസ്പരവൈരുധ്യങ്ങള്‍കൊണ്ടും കുറ്റവാളിയുമായി നടത്തിയ ചര്‍ച്ചകൊണ്ടുമെല്ലാം മുഖ്യമന്ത്രിതന്നെ ഇതിന് തെളിവുകള്‍ വേണ്ടത്ര നല്‍കിയിട്ടുണ്ട്. സോളാര്‍ തട്ടിപ്പ് പുറത്തുവന്നപ്പോള്‍ ഏത് ബിജു രാധാകൃഷ്ണന്‍ എന്ന മട്ടായിരുന്നു മുഖ്യമന്ത്രിക്ക്. ബിജുവിനെ കണ്ടിട്ടില്ല; കേട്ടിട്ടുപോലുമില്ല. അതായിരുന്നു നിലപാട്. ബിജു ഒളിവിലിരുന്നുകൊണ്ട് ഏഷ്യാനെറ്റുമായി സംസാരിക്കുകയും അതില്‍ മുഖ്യമന്ത്രിയുമായുണ്ടായ ഒരു മണിക്കൂര്‍ ചര്‍ച്ചയുടെ കാര്യം പുറത്താക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രിയുടെ നില പരുങ്ങലിലായി. എം ഐ ഷാനവാസ് എന്ന കോണ്‍ഗ്രസ് എംപി അത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകകൂടി ചെയ്തപ്പോള്‍ മറ്റൊരു വഴിയില്ലാതായി. അപ്പോള്‍മാത്രമാണ് ബിജുവുമായി ചര്‍ച്ചചെയ്ത കാര്യം മുഖ്യമന്ത്രി സമ്മതിച്ചത്.

കൊലയാളിയായ ഒരു കൊടുംക്രിമിനലുമായി കേരളത്തിന്റെ മുഖ്യമന്ത്രിക്ക് എന്താണ് ചര്‍ച്ചചെയ്യാനുള്ളത്? അതെന്താണെന്നുപറയാന്‍ മുഖ്യമന്ത്രി ഇതുവരെയും തയ്യാറായിട്ടില്ല. സരിതയുടെ കാര്യത്തിലും ഇതുതന്നെയായിരുന്നു സ്ഥിതി. സരിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് പുറംലോകമറിഞ്ഞത് മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തോമസ് കുരുവിള പറഞ്ഞപ്പോഴാണ്. വൈഷമ്യത്തിലായ മുഖ്യമന്ത്രി, കേരള ഹൗസില്‍വച്ച് പത്രക്കാരോട് താന്‍ സംസാരിച്ച വേളയില്‍ സരിതയും അവിടെയുണ്ടായിരുന്നുവെന്ന് നിലപാടു മാറ്റി. ഇതിനിടെ വിജ്ഞാന്‍ഭവനില്‍വച്ച് സരിതയെ കണ്ട കാര്യം പുറത്തുവന്നു. അവിടെവച്ച് താന്‍ കണ്ടത് ബീനാ മാധവന്‍ എന്ന അഭിഭാഷകയെയാണെന്ന് മുഖ്യമന്ത്രി. ബീനയാകട്ടെ, താന്‍ വിജ്ഞാന്‍ഭവനില്‍ പോയിരുന്നതേയില്ല എന്ന് തെളിവുനല്‍കി. മുഖ്യമന്ത്രി വീണ്ടും പരുങ്ങലിലായി. സരിത ഡല്‍ഹിയില്‍വച്ച് തന്നെ കണ്ടതായി പറയുന്ന ദിവസം താന്‍ കേരളത്തിലായിരുന്നുവെന്ന് ഇതിനിടെ മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, അതേദിവസം മുഖ്യമന്ത്രി ഡല്‍ഹിയില്‍തന്നെയുണ്ടായിരുന്നുവെന്നതിന് അന്നത്തെ മുഖ്യമന്ത്രിയുടെ ഫോട്ടോകള്‍ അടങ്ങുന്ന പിറ്റേന്നത്തെ പത്രങ്ങള്‍ തെളിവുകളായി!

ജൂണ്‍ 3ന് സരിത അറസ്റ്റുചെയ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ ഇന്നയിന്നയാളുകളുമായി സരിതയ്ക്ക് നിരന്തരബന്ധമുണ്ട്, സൂക്ഷിക്കണം എന്ന് പി സി ജോര്‍ജ് മുഖ്യമന്ത്രിയോട് പറയുന്നത് നാലാംതീയതിയാണ്. മുഖ്യമന്ത്രി ഒരു നടപടിയുമെടുക്കാതെ അത് അവിടെ ഉപേക്ഷിച്ചതെന്തുകൊണ്ട്? പൊലീസ് സരിതയുടെ ഫോണ്‍ ചോര്‍ത്തുകയും മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍, പേഴ്സണല്‍ സ്റ്റാഫ് എന്നിവരുമായുള്ള ബന്ധം സ്ഥിരീകരിക്കുകയും ചെയ്തതിന്റെ റിപ്പോര്‍ട്ട് എത്രയോ മുമ്പുതന്നെ ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടി. എന്നാല്‍, പതിനൊന്നാംതീയതി അത് ടെലിവിഷന്‍ സംപ്രേഷണംചെയ്ത് പുറത്താക്കുംവരെ ഇവര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചോ? നിവൃത്തിയില്ലെന്നുവരുന്ന ഘട്ടംവരെ കാത്തിരിക്കാനും അങ്ങനെ അവരെ സംരക്ഷിക്കാനും എന്തായിരുന്നു താല്‍പ്പര്യം? തട്ടിപ്പിലെ പേഴ്സണല്‍ സ്റ്റാഫിന്റെ ബന്ധം സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ച ടി പി സെന്‍കുമാറില്‍നിന്ന് അന്വേഷണച്ചുമതല അതിനു തൊട്ടുപിന്നാലെതന്നെ എടുത്തുമാറ്റിയത് ആരുടെ താല്‍പ്പര്യത്തിലാണ്?

മുഖ്യമന്ത്രി തിരുവനന്തപുരത്തുള്ളപ്പോള്‍ മുഖ്യകുറ്റവാളിയുടെ കൂട്ടുപ്രതി സരിത തിരുവനന്തപുരത്ത്. അദ്ദേഹം ഡല്‍ഹിയിലുള്ളപ്പോള്‍ അവരും ഡല്‍ഹിയില്‍. അദ്ദേഹം ടൂറിലാവുമ്പോള്‍ ഒക്കെ ഒപ്പമുള്ള ഗണ്‍മാന്റെ മൊബൈലില്‍നിന്നും തിരിച്ചും അവരുടെ ഫോണ്‍കോളുകള്‍. മുഖ്യന്ത്രി ക്ലിഫ്ഹൗസിലുള്ള നേരങ്ങളില്‍ ക്ലിഫ്ഹൗസിലേക്കും തിരിച്ചും ഫോണ്‍കോളുകള്‍. അദ്ദേഹം ഓഫീസിലുള്ള സമയം ഓഫീസിലേക്കും തിരിച്ചും ഫോണ്‍കോളുകള്‍.""സ്വന്തമായി മൊബൈല്‍ ഫോണേ ഇല്ലാത്ത"" മുഖ്യമന്ത്രി എന്നിട്ടും പറയുന്നു: ""ഒരു ദുരൂഹതയുമില്ല"". തനിക്ക് സ്വന്തമായി മൊബൈല്‍ ഫോണില്ല എന്ന് മുഖ്യമന്ത്രി ആവര്‍ത്തിക്കുമ്പോഴും മന്ത്രിമാരില്‍വച്ച് ഏറ്റവുമധികം മൊബൈല്‍ ഫോണ്‍ ചാര്‍ജ് അടയ്ക്കുന്നത് മുഖ്യമന്ത്രിയാണെന്ന് നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ട ഔദ്യോഗികരേഖകള്‍ പറയുന്നു. അപ്പോള്‍, അതേത് ഫോണ്‍? അത് ആരുടെ പക്കല്‍? അന്വേഷിക്കേണ്ടതല്ലേ അത്?

മുഖ്യമന്ത്രിക്ക് ഫോണ്‍ ഇല്ല എന്നതിന് ചേരും തനിക്ക് സ്വന്തമായി ഇ-മെയില്‍ ഐഡി ഇല്ല എന്ന സരിതയുടെ നിലപാട്. തെളിവുകള്‍ അവശേഷിപ്പിക്കാതിരിക്കാനുള്ള മുന്‍കൂര്‍ ജാഗ്രത! ഉമ്മന്‍ചാണ്ടിയുടെ അധികാരപ്രാപ്തിയുടെ ഘട്ടത്തില്‍ ദരിദ്രനായിരുന്ന അദ്ദേഹത്തിന്റെ പില്‍ക്കാല സന്തതസഹചാരിയായ കുരുവിള അദ്ദേഹത്തിന്റെ അധികാരനടത്തിപ്പിന്റെ മാസങ്ങളില്‍ മഹാകോടീശ്വരനാവുന്നു. ഈ പ്രക്രിയ നടക്കുന്ന ഇതേ ഘട്ടത്തില്‍ മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മന്റെ രക്ഷകനായും സരിതയ്ക്ക് ഏറ്റവുമധികം ഫോണ്‍ ചെയ്യാന്‍മാത്രം അടുപ്പമുള്ള സുഹൃത്തായും മാറുന്നു. മുഖ്യമന്ത്രിക്ക് എപ്പോഴും കൂടെ കൂട്ടേണ്ട വിശ്വസ്ത സഹചാരിയുമാവുന്നു. അന്വേഷിക്കേണ്ടതല്ലേ ബന്ധത്തിന്റെ ഈ കണ്ണികള്‍? പബ്ലിക് റിലേഷന്‍സ് അഡീഷണല്‍ ഡയറക്ടര്‍ തട്ടിപ്പുകമ്പനിയുടെ കൂട്ടുപ്രതിയാണെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണര്‍ പൊതുഭരണസെക്രട്ടറിക്ക് കൊടുത്ത റിപ്പോര്‍ട്ട് പൂഴ്ത്തിവച്ച് പൊതുവേ ഐഎഎസുകാര്‍ക്കുമാത്രം കൊടുക്കുന്ന ഡയറക്ടര്‍ തസ്തിക ഐഎഎസ് ഇല്ലാത്ത ഇദ്ദേഹത്തിനുതന്നെ കൊടുക്കാനുള്ള വ്യഗ്രതയ്ക്കുപിന്നില്‍ എന്തായിരുന്നു?

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇദ്ദേഹത്തിന് കിട്ടി എന്നുപറയുന്നത് സ്വാഭാവികമായ ഡിപ്പാര്‍ട്മെന്റല്‍ പ്രൊമോഷന്‍ മാത്രമാണ്. അത് സര്‍വീസിന്റെയും സീനിയോറിറ്റിയുടെയും അടിസ്ഥാനത്തിലുള്ളതാണ്. എന്നാല്‍, യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് ഐഎഎസ് പദവിക്കാര്‍ക്കുള്ള രാഷ്ട്രീയ നിയമനമാണ്. പൊലീസ് സ്റ്റേഷനിലുള്ള കേസനുസരിച്ച് നടപടിയെടുക്കാന്‍ പൊലീസ് കമീഷണര്‍ അനുമതി ചോദിച്ചിരിക്കെയാണ് ഈ അസ്വാഭാവിക സ്ഥാനലബ്ധി. ഇത് ശ്രദ്ധയില്‍വന്നശേഷവും എല്‍ഡിഎഫ് സര്‍ക്കാരിനെ പഴിച്ച് ഇദ്ദേഹത്തെ സംരക്ഷിക്കാനാണ് യുഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചത്. ഒടുവില്‍ കൈരളി ടിവി പഴയ പൊലീസ് റിപ്പോര്‍ട്ട് സംപ്രേഷണംചെയ്തപ്പോള്‍ മാത്രമാണ് ഗത്യന്തരമില്ലാതെ സസ്പെന്‍ഷന്‍ ഉത്തരവിറക്കിയത്. എന്തായിരുന്നു തട്ടിപ്പുകമ്പനിയുമായി ചേര്‍ന്നുനിന്നതിന് കേസ് നേരിടുന്നയാളെ ഉന്നതസ്ഥാനത്ത് അവരോധിച്ചതിനുപിന്നിലെ താല്‍പ്പര്യം? അവസാനിക്കുന്നില്ല

*
പ്രഭാവര്‍മ ദേശാഭിമാനി

Sunday, January 13, 2013

ശ്രീ ശ്രീക്ക് സ്നേഹപൂര്‍വം

ആനന്ദം ഉണ്ടാകേണ്ടത് യുക്തിചിന്തയുടെ സ്വാതന്ത്ര്യത്തില്‍നിന്നാണ് എന്നുപറഞ്ഞത് മഹാമനീഷിയായ സോഫോക്ലീസാണ്. യുക്തിചിന്ത ഇല്ലാത്തിടത്ത് ആനന്ദമില്ല. ആനന്ദത്തിന്റെ ആ വഴി ആനന്ദോത്സവത്തിന്റെ പരമാചാര്യനായ ശ്രീ ശ്രീ രവിശങ്കര്‍ മനസ്സിലാക്കാതിരുന്നുകൂടാ. ഇരുട്ടില്‍ ഇല്ലാത്ത കറുത്ത പൂച്ചയെ തിരയുന്ന മട്ടില്‍ യുക്തിയുടെ വാതിലുകള്‍ എല്ലാം അടച്ചുപൂട്ടി ആനന്ദത്തെ തിരയുന്നതില്‍ അര്‍ഥമില്ലല്ലോ.

ശ്രീ ശ്രീ യുക്തിയുടെ വാതിലുകള്‍ അടച്ചുപൂട്ടുന്നു എന്നുപറയേണ്ടിവരുന്നത് അദ്ദേഹത്തിന്റെ തിരുവനന്തപുരം പ്രഭാഷണത്തിലെ ചില പരാമര്‍ശങ്ങള്‍കൊണ്ടാണ്. "കമ്യൂണിസം ഇറക്കുമതിചെയ്ത ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഇവിടുത്തെ പാരമ്പര്യത്തെ എതിര്‍ക്കുന്നു" എന്നാണ് അദ്ദേഹം പറഞ്ഞത്. ഇറക്കുമതിചെയ്യുന്നതൊക്കെ അസ്വീകാര്യമാണെന്നും പാരമ്പര്യത്തെ എതിര്‍ക്കുക എന്നത് മഹാപരാധമാണെന്നുമാണല്ലോ ഇതിന്റെ അര്‍ഥം.

അങ്ങനെ വന്നാല്‍ ജനാധിപത്യം, സോഷ്യലിസം എന്നിവമുതല്‍ ഇന്ത്യന്‍ റിപ്പബ്ലിക് എന്ന വിശേഷണംവരെ അസ്വീകാര്യമാകണം. പാര്‍ലമെന്ററി ജനാധിപത്യംമുതല്‍ പ്രായപൂര്‍ത്തി വോട്ടവകാശംവരെ അസ്വീകാര്യമാകണം. ഇതൊന്നും ഇന്ത്യന്‍ മണ്ണില്‍നിന്ന് കിളിര്‍ത്തുവന്നതല്ലല്ലോ; ഇറക്കുമതിചെയ്തതാണല്ലോ. ഇറക്കുമതിയുടെ പേരില്‍ ഇതിനെയൊക്കെ ഉപേക്ഷിക്കാനാകുമോ? ഇത്തരം സാമൂഹ്യമൂല്യങ്ങളുടെ കാര്യം അവിടെ നില്‍ക്കട്ടെ, ആനന്ദോത്സവത്തില്‍ തെളിഞ്ഞ വൈദ്യുതദീപങ്ങളുടെമുതല്‍ ആ വേദിയിലേക്ക് ശ്രീ ശ്രീയെ എത്തിച്ച വിമാനത്തിന്റെവരെ സാങ്കേതികവിദ്യ ഇറക്കുമതിചെയ്തതാണ്. ഇറക്കുമതിചെയ്തതൊക്കെ മോശമാണെങ്കില്‍ ആനന്ദോത്സവത്തില്‍ മരോട്ടിവിളക്കല്ലാതെ വൈദ്യുതിവിളക്ക് കത്തിക്കാന്‍ പാടുണ്ടോ? വില്ലുവണ്ടിയിലല്ലാതെ വിമാനത്തില്‍ ശ്രീ ശ്രീ വരാന്‍ പാടുണ്ടോ? സ്വാമി കംപ്യൂട്ടര്‍ തുറക്കാന്‍ പാടുണ്ടോ? വല്ല യുക്തിയുമുണ്ടോ സ്വാമീ ഈ മൂന്നാം സഹസ്രാബ്ദത്തില്‍ ഇങ്ങനെയൊക്കെ ചിന്തിക്കുന്നതില്‍? (ഇനി, കമ്യൂണിസത്തിന്റെ കാര്യം; ഇന്ത്യന്‍ കമ്യൂണിസം ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിയര്‍പ്പില്‍നിന്നും ചോരയില്‍നിന്നും ഉരുവംകൊണ്ടതാണെന്നത് തിരിച്ചറിയാന്‍ സ്വാമി ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ടിയുടെ ചരിത്രം വായിക്കുകയേ വേണ്ടൂ) വൈദേശികമായതൊന്നും പാടില്ല എന്ന ശ്രീ ശ്രീയുടെ ഇന്നത്തെ സമീപനമാകട്ടെ, ഇന്ത്യന്‍ പാരമ്പര്യത്തിന്റെ യഥാര്‍ഥ ധാരയ്ക്ക് നിരക്കുന്നതല്ല.

""ആനോ ഭദ്രാഃ ക്രതവോയന്തു വിശ്വതഃ"" എന്ന തത്വത്തിലടങ്ങിയതായിരുന്നു ഒരുകാലത്ത് നമ്മുടെ സംസ്കൃതിയുടെ കാഴ്ചപ്പാട്. "ലോകത്തിന്റെ സകലഭാഗത്തുനിന്നും ശുഭഫലപ്രദങ്ങളായ നല്ല വാക്കുകള്‍ നമ്മിലേക്കുവരട്ടെ!" എന്നതാണിതിനര്‍ഥം. "ലോകത്തിന്റെ സകലഭാഗത്തുനിന്നും" എന്നുപറഞ്ഞിട്ടുള്ളത് ശ്രീ ശ്രീ പ്രത്യേകം ശ്രദ്ധിക്കണം. അത് ശ്രദ്ധിച്ചാല്‍ ഇറക്കുമതിചെയ്ത തത്വശാസ്ത്രം എന്ന് എന്തിനെയെങ്കിലും ആക്ഷേപിക്കാന്‍ കഴിയുമോ? "ലോകാ സമസ്താ സുഖിനോ ഭവന്തു" എന്നതായിരുന്നു വളരെപ്പണ്ടേ ഇന്ത്യയുടെ ആശംസ. സമസ്ത ലോകത്തിനും സുഖമുണ്ടാകട്ടെ എന്നര്‍ഥം. ഇന്ത്യക്കുമാത്രം സുഖമുണ്ടാകട്ടെ എന്നല്ല പറഞ്ഞത്. "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പം ഭൂമിയെയാകെ ഒരു കുടുംബമായി കാണുന്ന തരത്തിലുള്ളതാണ്. മതവും ദൈവവും ഉണ്ടാകുന്നതിനുംമുമ്പാണ് ഈ സങ്കല്‍പ്പങ്ങള്‍ ഉണ്ടായത്. അങ്ങനെയൊരു കാലവും സംസ്കാരവും പണ്ട് ഇവിടെയുണ്ടായിരുന്നു. ആ സംസ്കൃതിയുടെ സത്ത തിരിച്ചറിയുന്ന ഒരാളും ഇറക്കുമതിചെയ്ത തത്വശാസ്ത്രമെന്ന ആക്ഷേപം ഉന്നയിക്കില്ല. ലോകമാകെ ഒരു തറവാട് എന്ന വിശാലമനഃസ്ഥിതിയുണ്ടായാല്‍ പിന്നെ എന്ത് ഇറക്കുമതി? എന്തു കയറ്റുമതി? അങ്ങനെ ചിന്തിക്കുന്ന തലത്തിലേക്ക് ശ്രീ ശ്രീ ഉയരുകയാണ് വേണ്ടത്.

ഇനി രണ്ടാമത്തെ കാര്യം. കമ്യൂണിസ്റ്റുകാര്‍ പാരമ്പര്യത്തെ എതിര്‍ക്കുന്നു എന്നതാണത്. പാരമ്പര്യത്തിലെ "വസുധൈവ കുടുംബകം" എന്ന സങ്കല്‍പ്പത്തെ കമ്യൂണിസ്റ്റുകാരല്ല, ശ്രീ ശ്രീയാണ് എതിര്‍ക്കുന്നത് എന്ന് ഇറക്കുമതി എന്ന വാക്ക് മുന്‍നിര്‍ത്തിയുള്ള അദ്ദേഹത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റുകാരാകട്ടെ കൊള്ളേണ്ടതിനെ കൊള്ളുകയും തള്ളേണ്ടതിനെ തള്ളുകയുമാണ് ചെയ്യുന്നത്. പാരമ്പര്യത്തെ അന്ധമായി അപ്പാടെ സ്വീകരിക്കാന്‍ ആധുനികകാലത്ത് ആര്‍ക്കെങ്കിലും കഴിയുമോ? അങ്ങനെ സ്വീകരിച്ചുകൊള്ളണമെന്നാണ് സ്വാമി പറയുന്നതെങ്കില്‍ നിഷ്ഠുരമായ ജന്തുബലിയില്‍ അധിഷ്ഠിതമായ യജ്ഞസംസ്കാരത്തെയും ബ്രാഹ്മണപൗരോഹിത്യ മേധാവിത്വത്തിലധിഷ്ഠിതമായ ചാതുര്‍വര്‍ണ്യവ്യവസ്ഥയെയും എതിര്‍ക്കരുതെന്നതാണതിനര്‍ഥം. മൃഗബലിമുതല്‍ "പുരുഷമേധം" എന്ന പേരില്‍ മനുഷ്യനെ കുരുതികൊടുക്കുന്ന ഏര്‍പ്പാടുവരെയുണ്ടായിരുന്നു നമ്മുടെ പാരമ്പര്യത്തില്‍. അക്ഷരം പഠിച്ച ശൂദ്രനെ വര്‍ജിക്കണം. ശൂദ്രന് പതിരുകലര്‍ത്തിയേ ധാന്യം അളന്ന് നല്‍കാവൂ. ജീര്‍ണവസ്ത്രമേ ശൂദ്രന് നല്‍കാവൂ. ഏതെങ്കിലും രാജാവ് അയാളുടെ "ബുദ്ധിമോശ"ത്തിന് ഏതെങ്കിലും ശൂദ്രന് അധികാരം നല്‍കിയാല്‍ ആ രാജ്യം മുടിഞ്ഞുപോകും. ഇതൊക്കെയായിരുന്നു വ്യവസ്ഥ. ഇത് ഇന്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാണ്. "തന്മന്ത്രം ബ്രാഹ്മണാധീനം; ബ്രാഹ്മണോ മമ ദൈവതം" എന്നതായിരുന്നു നില. ബ്രാഹ്മണന്‍ ദൈവമാണെന്നര്‍ഥം! ബ്രാഹ്മണനെ ഏറ്റവും തലപ്പത്ത് പ്രതിഷ്ഠിച്ചുകൊണ്ടുള്ള ജീര്‍ണമായ പഴയ വര്‍ണാശ്രമധര്‍മത്തെ, ചാതുര്‍വര്‍ണ്യവ്യവസ്ഥയെ എതിര്‍ക്കരുത് എന്നല്ലേ പാരമ്പര്യത്തെ എതിര്‍ക്കരുത് എന്ന് പറയുമ്പോള്‍ അര്‍ഥം. സ്വാമിയുടെ ശിഷ്യന്മാര്‍ക്കെങ്കിലും അംഗീകരിക്കാന്‍ കഴിയുന്നതാണോ ഇത്? പാരമ്പര്യത്തെ എതിര്‍ക്കുന്നത് അപരാധമാണെന്ന സ്വാമിയുടെ വാദം അംഗീകരിച്ചാല്‍ ശ്രീബുദ്ധന്‍പോലും അപരാധിയാണ്. ബുദ്ധന്‍ ജന്തുബലിയെ എതിര്‍ത്തു. ആത്മാവ് ഉണ്ടെന്ന നിലപാടിനെ അംഗീകരിച്ചില്ല. ദൈവത്തെക്കുറിച്ച് സംസാരിച്ചതുമില്ല!

ആത്മീയതയെ എതിര്‍ക്കുന്നുവെന്നതാണ് കമ്യൂണിസ്റ്റുകാര്‍ക്കെതിരായ ശ്രീ ശ്രീയുടെ മറ്റൊരു ആക്ഷേപം. ഇതുകേള്‍ക്കുമ്പോള്‍ 57ല്‍ ഒരു മലയാളപത്രം എഡിറ്റോറിയലിലൂടെ പറഞ്ഞതാണ് ഓര്‍മ വരുന്നത്. "കമ്യൂണിസ്റ്റുകാരെ അധികാരത്തില്‍ തുടരാനുവദിച്ചാല്‍ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിക്കും" എന്നതായിരുന്നു അത്. കമ്യൂണിസ്റ്റുകാര്‍ പിന്നീട് എത്രതവണ അധികാരത്തില്‍ വന്നു. കേരളത്തിലെ ദേവാലയങ്ങളൊക്കെ പൊതുവല്‍ക്കരിച്ചോ? ഇല്ലെന്നു മാത്രമല്ല, ഒറീസയിലും കര്‍ണാടകത്തിലുമൊക്കെ സംഘപരിവാറിന്റെ ആക്രമണത്തില്‍ ജീവഭയത്തോടെ ഓടിയ ന്യൂനപക്ഷങ്ങള്‍ക്ക് കമ്യൂണിസ്റ്റുകാര്‍ സ്വന്തം പാര്‍ടി ഓഫീസില്‍ അഭയംമാത്രമല്ല, ആരാധനാ സൗകര്യംകൂടി നല്‍കുന്നത് രാജ്യം കണ്ടു. ഇനി ആത്മീയതയെ എതിര്‍ക്കുക എന്നത് അപരാധമാണെങ്കില്‍, ആ അപരാധത്തിന്റെ ധാര വളരെ ശക്തമായിത്തന്നെ ഇന്ത്യന്‍ പാരമ്പര്യത്തിലുണ്ട്.

ഷഡ്ദര്‍ശനങ്ങളില്‍പ്പെട്ട സാംഖ്യദര്‍ശനം ഭൗതികവാദപരമായിരുന്നു. ന്യായദര്‍ശനം പണ്ടേയുണ്ടായ യുക്തിവാദംതന്നെയായിരുന്നു. വൈശേഷികം പദാര്‍ഥമാണ് എല്ലാം എന്നു വാദിക്കുന്നതായിരുന്നു. സാംഖ്യദര്‍ശനത്തെ എട്ടാം നൂറ്റാണ്ടില്‍ ശങ്കരാചാര്യര്‍ അതിനിശിതമായി എതിര്‍ത്തതുതന്നെ അതിന്റെ നിരീശ്വരവാദപരമായ സ്വഭാവംകൊണ്ടായിരുന്നു എന്നത് ഓര്‍മിക്കണം. ചാര്‍വാകദര്‍ശനം എന്ന ലോകായത ദര്‍ശനം നമ്മുടെ പൈതൃകത്തിന്റെ മറ്റൊരു മുഖമാണ്.യജ്ഞസംസ്കാരത്തെ വെല്ലുവിളിച്ചുകൊണ്ട് കടന്നുവന്ന "ലോകായത"ത്തെ നാമാവശേഷമാക്കാന്‍ രാജാധിപത്യവും പൗരോഹിത്യവും കൂട്ടായി നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. പാരമ്പര്യം എന്ന് ശ്രീ ശ്രീ വിശേഷിപ്പിക്കുന്നതില്‍ നിരീശ്വരവാദപരമായ ഇത്തരമൊരു പ്രബലധാരകൂടിയുണ്ട്. പക്ഷേ, ശ്രീ ശ്രീ അതു പരിഗണിക്കുന്നില്ല. പാരമ്പര്യത്തെ കമ്യൂണിസ്റ്റുകാര്‍ എതിര്‍ക്കുന്നുവെന്ന് ആക്ഷേപിക്കുന്ന ശ്രീ ശ്രീ പോലും പാരമ്പര്യത്തിലെ സജീവമായ ഈ ധാരയെ എതിര്‍ക്കുകയല്ലേ ചെയ്യുന്നത്? പാരമ്പര്യത്തിലെ നല്ല അംശങ്ങളെ ഉള്‍ക്കൊള്ളുന്നതും ചീത്തവശങ്ങളെ നിരാകരിക്കുന്നതുമായ ത്യാജ്യഗ്രാഹ്യ വിവേചനബോധത്തോടെയുള്ള സമീപനമാണ് പുരോഗമന പ്രസ്ഥാനങ്ങള്‍ പുലര്‍ത്തുന്നത് എന്ന് ശ്രീ ശ്രീ മനസ്സിലാക്കണം. കമ്യൂണിസം നടപ്പാക്കുന്നതിന്റെ ഭാഗമായി പലയിടത്തും രക്തച്ചൊരിച്ചിലുണ്ടാകുന്നു എന്നുപറയുന്ന സ്വാമി, കമ്യൂണിസത്തെ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ദശലക്ഷക്കണക്കിനാളുകളുടെ ജീവന്‍ ലോകത്ത് ഹോമിക്കപ്പെട്ടിട്ടുള്ളത് എന്ന ചരിത്ര സത്യം മനസ്സിലാക്കണം. ലെനിന്‍ഗ്രാഡിനെ ലക്ഷ്യമാക്കിയുള്ള മുന്നേറ്റത്തിനിടെ രണ്ടുകോടി കമ്യൂണിസ്റ്റുകാരെയാണ് ഹിറ്റ്ലറുടെ നാസിപ്പട കൊന്നൊടുക്കിയത്. അതിനു സമാനമായ കൂട്ടക്കുരുതി ലോകത്തുണ്ടായിട്ടില്ല. ലോകമഹായുദ്ധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അമേരിക്കന്‍ സാമ്രാജ്യത്വം ലോകത്തിന്റെ പല ഭാഗങ്ങളില്‍ കൊന്നൊടുക്കിയവരുടെ എണ്ണം. ഇതും ശ്രീ ശ്രീ കാണുന്നില്ല. രാഷ്ട്രീയത്തിലും രാഷ്ട്രീയനേതാക്കളിലും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടെന്ന് എല്ലാ രാഷ്ട്രീയത്തെയും അടച്ചാക്ഷേപിക്കുന്ന ശ്രീ ശ്രീ, പി കൃഷ്ണപിള്ളയെയും ഇ എം എസിനെയും എ കെ ജിയെയും ഒക്കെ നേരിട്ട് കണ്ടറിഞ്ഞിട്ടുള്ള ഒരു ജനതയോടാണ് താന്‍ സംസാരിക്കുന്നത് എന്ന കാര്യം മറന്നുപോയപോലുണ്ട്.

അരാഷ്ട്രീയവല്‍ക്കരണത്തിനായുള്ള രാഷ്ട്രീയമാണ് അറിയാതെയാണെങ്കില്‍പ്പോലും സ്വാമിയുടെ വാക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതാകട്ടെ, ദൂഷിതമായ ഇന്നത്തെ സാമൂഹ്യവ്യവസ്ഥയെ ഇതേപോലെ മാറ്റമില്ലാതെ നിലനിര്‍ത്താനേ സഹായിക്കൂ; അതിനെ മാറ്റിമറിക്കാനുള്ള ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയേയുള്ളൂ. രാഷ്ട്രീയത്തിന്റെ മനോഭാവത്തിനെതിരെ ആത്മീയനേതാക്കള്‍ ശബ്ദമുയര്‍ത്തണമെന്നു പറയുമ്പോള്‍, ആത്മീയനേതാക്കളുടെ ശബ്ദമുയര്‍ത്തല്‍കൊണ്ട് ലോകത്തിന്റെ പല ഭാഗങ്ങളിലായി ഒഴുകുന്ന മനുഷ്യരക്തത്തിന്റെ ചുവപ്പ് സ്വാമി കാണാതെ പോവുകകൂടിയാണ്. രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എത്രയോ മടങ്ങാണ് വംശീയസംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം.

വംശീയകലാപങ്ങളെല്ലാം രാഷ്ട്രീയാധിഷ്ഠിതമായിരുന്നില്ല; മറിച്ച് മതവിശ്വാസാധിഷ്ഠിതമായിരുന്നു. നാഥുറാം വിനായക ഗോഡ്സെയുടെമുതല്‍ ബിന്‍ലാദന്‍വരെയുള്ളവരുടെ പിന്നില്‍ പ്രവര്‍ത്തിച്ച വ്യാജ ആത്മീയതയ്ക്കെതിരായി ജനങ്ങളെ ഉണര്‍ത്തുകയാണ്, യഥാര്‍ഥ ആത്മീയതയെന്നൊന്നുണ്ടെങ്കില്‍ അതിന്റെ പക്ഷത്ത് നില്‍ക്കുന്നവര്‍ ചെയ്യേണ്ടത്. കമ്യൂണിസ്റ്റുകാര്‍ക്ക് ആത്മീയതയോട് അയിത്തമാണെന്നു പറയുന്ന സ്വാമി കമ്യൂണിസ്റ്റുകാരുടെ അയിത്തം ആത്മീയതയോടല്ല, അതിനെ ഗ്രസിക്കുന്ന വിഷലിപ്തമായ കപട ആത്മീയതയോടാണ് എന്നത് മനസ്സിലാക്കണം. ആ കപട ആത്മീയതയുടെ പ്രതീകങ്ങളാണ് മതവിശ്വാസത്തിന്റെ പേരില്‍ പ്രവര്‍ത്തിച്ച ഗോഡ്സെമുതല്‍ ലാദന്‍വരെയുള്ളവര്‍. അവരെ എതിര്‍ക്കുന്നുവെന്നതിനര്‍ഥം മതവിശ്വാസികളെ എതിര്‍ക്കുന്നുവെന്നല്ല. എന്നു മാത്രമല്ല, മതവിശ്വാസത്തെ ആത്മീയതയുടെ തലത്തില്‍ പരിരക്ഷിച്ചുനിര്‍ത്തണമെങ്കില്‍പ്പോലും വിശ്വാസത്തെ വിഷലിപ്തമാക്കുന്ന വഴിതിരിച്ചുവിടലുകളെ എതിര്‍ക്കേണ്ടതുണ്ടുതാനും.

*
പ്രഭാവര്‍മ ദേശാഭിമാനി 12 ജനുവരി 2013

Friday, August 24, 2012

ചരിത്രവായനയിലെ സ്ഥലജലഭ്രമം

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജൂലൈ അവസാനത്തെ ലക്കവും അവരുടെ സാധാരണ ലക്കങ്ങള്‍പോലെ കമ്യൂണിസ്റ്റുവിരുദ്ധ രാഷ്ട്രീയ ഉള്ളടക്കം മാത്രംകൊണ്ട് അതിസാധാരണമായിപ്പോകുമായിരുന്നു സുനില്‍ പി ഇളയിടത്തിന്റെ "ഇടതുപക്ഷത്തിന് ഒരു ന്യായവാദം; ഇടതു ധാര്‍മ്മികതയ്ക്കും" എന്ന ലേഖനംകൂടി അതില്‍ ഇല്ലായിരുന്നെങ്കില്‍ എന്നുതോന്നി ആദ്യം പേജുകള്‍ മറിച്ചപ്പോള്‍. ഇടതുപക്ഷത്തിനുവേണ്ടിയുള്ള ന്യായവാദം മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിക്കുകയോ എന്ന അമ്പരപ്പായി ആ ലക്കമൊന്ന് ഓടിച്ചുനോക്കിയപ്പോള്‍. ഈ ഇരു തോന്നലുകളും മാറി ആ ലേഖനം സൂക്ഷ്മമായി വായിച്ച് പൂര്‍ത്തിയാക്കിയപ്പോള്‍.

 "ഓരോ പ്രതിസന്ധി സന്ദര്‍ഭവും ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരം കണ്ടെത്തിക്കൊണ്ടോ സോവിയറ്റ് പതനംപോലുള്ള വലിയ സമസ്യകള്‍ക്ക് തൃപ്തികരമായ വിശദീകരണം നല്‍കിക്കൊണ്ടോ അല്ല ഇടതുപക്ഷം ആ സന്ദര്‍ഭങ്ങളെ മറികടന്നുപോന്നത്"എന്ന് സുനില്‍ പി ഇളയിടം പറയുന്നുണ്ട്. ഈ വിലയിരുത്തലിനെ ശരിവയ്ക്കാന്‍ ചരിത്രവസ്തുതകള്‍ അനുവദിക്കുന്നില്ല. എന്തൊക്കെയായിരുന്നു പ്രതിസന്ധികള്‍?

സുനിലിന്റെ അഭിപ്രായത്തില്‍ എടുത്തുപറയേണ്ടവ അഞ്ചെണ്ണമാണ്. ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള സമീപനം, കല്‍ക്കത്താ തീസീസ്, ഇന്ത്യ- ചൈന യുദ്ധം, അടിയന്തരാവസ്ഥ, സോവിയറ്റ് തകര്‍ച്ച എന്നിവ. ഇതില്‍ ഏതിനാണ് തൃപ്തികരമായ വിശദീകരണമില്ലാതെ കമ്യൂണിസ്റ്റ് പാര്‍ടി കടന്നുപോയത്?

ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ കാര്യമെടുക്കുക. ജര്‍മനിയും ഇറ്റലിയും ജപ്പാനും ഉള്‍പ്പെട്ട അച്ചുതണ്ടുശക്തികള്‍ ഒരു ഭാഗത്തും ബ്രിട്ടനും അമേരിക്കയും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യശക്തികള്‍ മറുഭാഗത്തും നിന്ന് പരസ്പരം ഏറ്റുമുട്ടിയ ഘട്ടമാണ് അത്. അന്ന് ആകെ ഒരു സോഷ്യലിസ്റ്റ് മഹാശക്തിയേ ഉണ്ടായിരുന്നുള്ളൂ- സോവിയറ്റ് യൂണിയന്‍. ലോകത്തെ അധീനതയിലാക്കാന്‍ വ്യഗ്രതപ്പെട്ട ഇരുശക്തികളും സാമ്രാജ്യത്വ വികസന താല്‍പ്പര്യങ്ങള്‍ക്കുള്ള ഏകവിഘാതമായി സോവിയറ്റ് യൂണിയനെ കണ്ടിരുന്ന ഘട്ടം. ഹിറ്റ്ലറുടെ ജര്‍മനി നേതൃത്വം നല്‍കിയ അച്ചുതണ്ടുശക്തികള്‍ സഖ്യശക്തികളെ ആക്രമിക്കുന്നതും അങ്ങനെ രണ്ടാംലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നതും 1939 സെപ്തംബറിലാണ്. സോവിയറ്റ് യൂണിയന്‍ യുദ്ധത്തില്‍ കക്ഷിയായിരുന്നില്ല. എന്നാല്‍, 1941ഓടെ സഖ്യശക്തികള്‍ക്കുമേല്‍ അച്ചുതണ്ടുശക്തികള്‍ ആധിപത്യമുറപ്പിക്കുന്ന നിലയായി. സഖ്യശക്തികള്‍ക്കെതിരെ എന്നതിനൊപ്പം സോവിയറ്റ് യൂണിയനെതിരായിക്കൂടി ഹിറ്റ്ലര്‍ നീക്കമാരംഭിച്ചു. 1941 ജൂണില്‍ സോവിയറ്റ് യൂണിയനെ ഹിറ്റ്ലര്‍ ആക്രമിച്ചു. ഇതോടെ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ഉള്‍പ്പെട്ട സഖ്യശക്തികളും സോവിയറ്റ് യൂണിയനും ഹിറ്റ്ലര്‍ക്കെതിരെ ഒരുമിച്ചുനിന്ന് പൊരുതേണ്ട നിലയായി- ശത്രുവിന്റെ ശത്രു മിത്രം എന്നനിലയ്ക്ക്.

ഈ സാര്‍വദേശീയ സാഹചര്യത്തില്‍ ബ്രിട്ടനെതിരായ ഏത് പോര്‍മുഖവും ഹിറ്റ്ലറെ സഹായിക്കലാകുമെന്ന് കരുതിയവര്‍ ഇന്ത്യയില്‍ നിരവധിയാണ്. അതില്‍ ഗാന്ധിജിയും പെടുന്നു. അന്ന് ഗാന്ധിജി പറഞ്ഞു -"ഞാന്‍ ഇപ്പോള്‍ ഇന്ത്യയുടെ മോചനത്തെക്കുറിച്ചല്ല ചിന്തിക്കുന്നത്. ഇംഗ്ലണ്ടും ഫ്രാന്‍സും നാസിസത്തിന് കീഴ്പെട്ടുപോയാല്‍ ഇന്ത്യയടക്കമുള്ള ലോകത്തിന്റെ ഗതി പിന്നീട് എന്താകുമെന്നതാണ് എന്റെ ഉല്‍ക്കണ്ഠ." (മഹാത്മാഗാന്ധിയുടെ സമാഹൃത കൃതികള്‍ വാള്യം 70, പേജ് 162). ഗാന്ധിജിയുടെ ഉല്‍ക്കണ്ഠയേ അന്ന് കമ്യൂണിസ്റ്റുകാര്‍ക്കും ഉണ്ടായുള്ളൂ. "ഞങ്ങളുടെ അനുഭാവം ബ്രിട്ടനോടാണ്" എന്ന് ഗാന്ധിജി ബ്രിട്ടീഷ് വൈസ്രോയി ലിന്‍ലിത് ഗോവിനോട് പറയുകപോലും ചെയ്തു. കമ്യൂണിസ്റ്റുകാര്‍ അത് ചെയ്തില്ല.

1941-42ല്‍ അച്ചുതണ്ടുശക്തികള്‍ സഖ്യശക്തികള്‍ക്കുമേലുള്ള മേല്‍ക്കൈ തുടര്‍ന്നുകൊണ്ടേയിരുന്നു. എന്നാല്‍, അതേസമയം അച്ചുതണ്ടുശക്തികളുമായി ബന്ധം സ്ഥാപിച്ച നേതാജി സുഭാഷ്ചന്ദ്രബോസ് അവരുടെ സഹായത്തോടെ ഇന്ത്യയുടെ മോചനം സാധ്യമാക്കാമെന്ന തെറ്റിദ്ധാരണയില്‍ ഐഎന്‍എയുമായി നീങ്ങുകയും ജനങ്ങളെയാകെ ഇളക്കിമറിക്കുകയുംചെയ്തു. ഇതിന്റെ ഫലമായി ജനങ്ങള്‍ കൈപ്പിടിയില്‍നിന്ന് ചോരുന്നുവെന്ന് മനസിലാക്കിയ കോണ്‍ഗ്രസ് ഗാന്ധിജി നേരത്തെ പ്രഖ്യാപിച്ച നിലപാടിനുവിരുദ്ധമായി ക്വിറ്റ് ഇന്ത്യാ സമരം പ്രഖ്യാപിക്കുകയായിരുന്നു. അത് ബ്രിട്ടീഷ് ഗവണ്‍മെന്റിനെതിരെ എന്നതിനേക്കാള്‍ സ്വന്തം നേതൃത്വത്തെ അണികള്‍ക്ക് സ്വീകാര്യമാക്കാനുള്ള തന്ത്രവുമായിരുന്നു. ബ്രിട്ടന്റെ മനസ്സുമാറട്ടെ എന്ന് പ്രാര്‍ഥിച്ചുകൊണ്ട് നിസ്സംഗമായി നീങ്ങുകയായിരുന്നു സുഭാഷ്ചന്ദ്രബോസിന്റെ ഇടപെടല്‍വരെ കോണ്‍ഗ്രസെന്നതും ഓര്‍മിക്കണം.

ക്വിറ്റ് ഇന്ത്യാ സമരത്തോടുള്ള നിലപാടുകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ടിക്ക് പ്രതിസന്ധിയുണ്ടായി എന്ന സുനില്‍ പി ഇളയിടത്തിന്റെ നിലപാട് സാര്‍വദേശീയ ചരിത്ര പശ്ചാത്തലത്തില്‍ ശരിയല്ല. അത് കോണ്‍ഗ്രസ് നേതാക്കള്‍മുതല്‍ അരുണ്‍ഷൂരിവരെ പല ഘട്ടങ്ങളിലായി നടത്തിയ ദുര്‍വ്യാഖ്യാനങ്ങളാല്‍ സ്വാധീനിക്കപ്പെട്ടതിന്റെമാത്രം ഫലമാണ്. അന്ന് സഖ്യശക്തികളും സോവിയറ്റ് യൂണിയനും ഹിറ്റ്ലര്‍ക്കും നാസിസത്തിനും മുമ്പില്‍ തകര്‍ന്നുപോയിരുന്നുവെന്ന് വയ്ക്കുക. എങ്കില്‍ ഇന്ത്യയുടെ മോചനം സാധ്യമാകുമായിരുന്നോ? ഒരിക്കലും മോചിതമാകാതെ നാസിസത്തിന്റെ ബൂട്ട്സിനുകീഴില്‍ ഞെരിഞ്ഞമരുമായിരുന്നില്ലേ? ചൈനയടക്കമുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഉണ്ടാകുമായിരുന്നോ? ഈ വഴിക്ക് ചിന്തിച്ചിരുന്നുവെങ്കില്‍ ചരിത്രത്തിന്റെ തെറ്റായ വായനയുടെ അടിസ്ഥാനത്തിലുള്ള തെറ്റായ നിഗമനം ഉണ്ടാകുമായിരുന്നില്ല. 1942ല്‍ പ്രഖ്യാപിച്ച ക്വിറ്റ് ഇന്ത്യാ സമരം തൊട്ടടുത്തവര്‍ഷംതന്നെ ഗാന്ധിജിക്ക് പിന്‍വലിക്കേണ്ടിവന്നതെന്തുകൊണ്ടാണ്? ഇക്കാര്യവും സുനില്‍ ആലോചിക്കേണ്ടതാണ്.

പ്രതിസന്ധി കമ്യൂണിസ്റ്റ് പാര്‍ടിക്കാണെന്നു പറയുമ്പോള്‍. ആ ഘട്ടങ്ങളില്‍ ബ്രിട്ടീഷുകാര്‍ കമ്യൂണിസ്റ്റുകാരെ ഇന്ത്യയില്‍ വേട്ടയാടുകയായിരുന്നു എന്നതും ഓര്‍ക്കണം. പെഷവാർ‍, കാണ്‍പുര്‍, മദ്രാസ്, മീറത്, ലാഹോര്‍ ഗൂഢാലോചനക്കേസുകളില്‍ കോണ്‍ഗ്രസ് നേതാക്കളെയല്ല, കമ്യൂണിസ്റ്റ് നേതാക്കളെയാണ് ബ്രിട്ടന്‍ പ്രതിയാക്കിയത്. സോവിയറ്റ് യൂണിയന്‍ ഹിറ്റ്ലറെ തകര്‍ത്തുകളഞ്ഞതുകൊണ്ടാണ് ഇന്ത്യക്ക് സ്വതന്ത്രമാകാന്‍ കഴിഞ്ഞതുപോലും. ഇത്തരം ചരിത്രവസ്തുതകള്‍ പശ്ചാത്തലത്തില്‍ വച്ചുനോക്കിയാല്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് "ക്വിറ്റ് ഇന്ത്യാ" ഒരു പ്രതിസന്ധിയുമുണ്ടാക്കിയില്ലെന്ന് തിരിച്ചറിയാനാകും. വിശദീകരണമില്ലാതെ ആ സന്ദര്‍ഭത്തെ മറികടന്നുപോരുകയല്ല കമ്യൂണിസ്റ്റ് പാര്‍ടി ചെയ്തത്.
കല്‍ക്കത്താ തീസീസിന്റെ കാര്യത്തിലും കമ്യൂണിസ്റ്റ് പാര്‍ടി നയവ്യക്തതയോടെയാണ് മുമ്പോട്ടുപോന്നിട്ടുള്ളത്. ആ തീസീസിനെ തള്ളിക്കളഞ്ഞ് പാര്‍ടി പിന്നീട് നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ സ്വഭാവവും അതിന് ജനങ്ങളില്‍നിന്ന് ലഭിച്ച അംഗീകാരവും അതിനോടുള്ള നിലപാടിന്റെ സ്വീകാര്യതയ്ക്കുള്ള സ്ഥിരീകരണമായിരുന്നിട്ടുണ്ട്. അക്കാര്യത്തില്‍ നയവ്യക്തതയില്ലായിരുന്നെങ്കില്‍, ഇന്നു കാണുന്നതാകുമായിരുന്നില്ലല്ലോ പാര്‍ടിയുടെ പ്രവര്‍ത്തനശൈലി.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച, കിഴക്കന്‍ യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ സോഷ്യലിസ്റ്റ് ശക്തികള്‍ക്കുണ്ടായ തിരിച്ചടി എന്നിവയെ ആദ്യമായി നിര്‍വചിച്ച് നിലപാട് വ്യക്തമാക്കിയ ലോക കമ്യൂണിസ്റ്റ് പാര്‍ടികളിലൊന്ന് സിപിഐ എമ്മാണ്. ചില രാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ടികള്‍ ആ ഘട്ടത്തില്‍ ആശയക്കുഴപ്പത്തില്‍പ്പെടുകയും പേരുപോലും മാറ്റുകയുംചെയ്തു. സിപിഐ എമ്മിന് ഒരു ആശയക്കുഴപ്പവുമുണ്ടായില്ല.

സോവിയറ്റ് യൂണിയനിലുണ്ടായ തകര്‍ച്ച മാര്‍ക്സിസം- ലെനിനിസത്തിന്റെ പരാജയമല്ലെന്നും ശാസ്ത്രീയ സോഷ്യലിസത്തിന്റെ ശരിയെ അത് കെടുത്തിക്കളയുന്നില്ലെന്നും പ്രഖ്യാപിച്ച പാര്‍ടിയാണ് സിപിഐ എം. സോവിയറ്റ് യൂണിയനിലുണ്ടായ തകര്‍ച്ച സോഷ്യലിസത്തിന്റെ തകര്‍ച്ചയല്ല, മറിച്ച് നടപ്പാക്കല്‍ പ്രക്രിയയില്‍ വന്ന പാളിച്ചയാണ് വ്യക്തമാക്കുന്നതെന്ന് സിപിഐ എം അസന്ദിഗ്ധമായി പറഞ്ഞു. പിന്നീട് ലോക കമ്യൂണിസ്റ്റ് പാര്‍ടികളുടെ സമ്മേളനം കൽക്കട്ടയില്‍ ചേര്‍ന്നപ്പോള്‍ പല രാജ്യങ്ങളില്‍നിന്നുള്ള കമ്യൂണിസ്റ്റ് പാര്‍ടികളും ധീരമാംവിധം അത്തരമൊരു നിലപാട് ആദ്യഘട്ടത്തില്‍തന്നെ പ്രഖ്യാപിച്ചതിന് സിപിഐ എമ്മിനെ ശ്ലാഘിച്ചു. പക്ഷേ, സുനില്‍ പി ഇളയിടം പറയുന്നത് സോവിയറ്റ് തകര്‍ച്ചപോലുള്ള വലിയ സമസ്യകള്‍ക്ക് വിശദീകരണം നല്‍കിക്കൊണ്ടല്ല ഇടതുപക്ഷം ആ സമ്മര്‍ദത്തെ മറികടന്നത് എന്നാണ്. വിചിത്രമെന്നേ ഇതിനെ വിശേഷിപ്പിക്കാനാകൂ. സോവിയറ്റ് തകര്‍ച്ചയെത്തുടര്‍ന്നുള്ള ഘട്ടത്തില്‍ പാര്‍ടി അണുവിടപോലും ക്ഷീണിക്കാതിരുന്നത് പാര്‍ടിയുടെ നയവ്യക്തതകൊണ്ടാണെന്നത് സുനില്‍ കാണണം.

ഇന്ത്യ- ചൈന യുദ്ധമാണ് സുനിലിന്റെ അഭിപ്രായത്തില്‍ "തൃപ്തികരമായ വിശദീകരണമില്ലാതെ" ഇടതുപക്ഷത്തിന് കടന്നുപോരേണ്ടിവന്ന മറ്റൊരു ഘട്ടം. ഇന്ത്യ- ചൈന പ്രശ്നത്തില്‍ സിപിഐ എം പറഞ്ഞത് ശരിയായി എന്നു ചരിത്രം തെളിയിച്ചുകഴിഞ്ഞ ഘട്ടത്തിലാണ് സുനില്‍ ഇത്തരമൊരു നിലപാടുമായി രംഗത്തുവരുന്നത്.

ഇന്ത്യക്കും ചൈനയ്ക്കുമിടയിലുള്ള സഹകരണാത്മകമായ ബന്ധത്തിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. എഡി 65ല്‍ കശ്യപമാതംഗ, ധര്‍മരത്ന എന്നീ ഇന്ത്യന്‍ ബുദ്ധസന്യാസികളിലൂടെയാണ് ബുദ്ധമതം ചൈനയിലെത്തിയത്. അഞ്ചുമുതല്‍ 12 വരെ നൂറ്റാണ്ടുകള്‍ ചൈനയില്‍ ബുദ്ധമതത്തിന്റെ പ്രതാപകാലമായിരുന്നു. എഡി അഞ്ചാംനൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലാണ് ഫാഹിയാനും ഹ്യുയാന്‍സാങ്ങും ഇന്ത്യ സന്ദര്‍ശിച്ചത്. അതിനുംമുമ്പുതന്നെ തെക്കുപടിഞ്ഞാറന്‍ ചൈനയില്‍നിന്ന് വടക്കേ ഇന്ത്യയിലേക്ക് സില്‍ക്കിന്റെയും സിന്ദൂരത്തിന്റെയും വ്യാപാരികള്‍ തുടരെ വന്നിരുന്നതായി ചരിത്രം സ്ഥിരീകരിക്കുന്നുണ്ട്. 15-ാംനൂറ്റാണ്ടില്‍ മിങ് വംശത്തില്‍പ്പെട്ട ജനറല്‍ ഷെങ്ഹി കൊച്ചിയിലും കോഴിക്കോട്ടും എത്തിയിരുന്നു. ഇതെല്ലാം കാണിക്കുന്നത്, ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ പലകാലങ്ങളായി സൗഹൃദത്തിന്റെ സുദൃഢബന്ധം നിലനിന്നിരുന്നുവെന്നാണ്. എന്നാല്‍, അറുപതുകളിലുണ്ടായ ചില അലോസരങ്ങളുടെ പേരില്‍ ഈ ചരിത്രത്തെയാകെ തമസ്കരിച്ചുകൊണ്ട് ഇരുരാജ്യങ്ങളെയും ശത്രുപക്ഷങ്ങളിലാക്കി ഉറപ്പിച്ചുനിര്‍ത്താന്‍ സാമ്രാജ്യത്വം ശ്രമിച്ചു. സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ച രാഷ്ട്രീയശക്തികളും മാധ്യമങ്ങളുമാകട്ടെ, ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ ശത്രുത ആളിപ്പടര്‍ത്താന്‍ കഥകളും കള്ളപ്രചാരണങ്ങളും നിരത്തി. ഇന്ത്യയും ചൈനയും ഒരുമിച്ചുനിന്നാല്‍ ഈ മേഖലയില്‍ കടന്നുകയറാനുള്ള അവസരം സാമ്രാജ്യത്വത്തിന് ലഭിക്കില്ല. അതുകൊണ്ടുതന്നെ ഇന്ത്യയില്‍ ചൈനാവിരുദ്ധവികാരം പടര്‍ത്താന്‍ അമേരിക്ക നിരന്തരം ശ്രമിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷംപോലും അരുണാചല്‍പ്രദേശിനെ മുന്‍നിര്‍ത്തി നിരവധി കല്‍പ്പിതകഥകള്‍ മലയാളത്തിലെ ഒരു പ്രമുഖ ദിനപത്രം തുടരെ പ്രസിദ്ധീകരിച്ചുപോരുന്നു.

ചൈനാവിരുദ്ധ വികാരത്തിന്റെ അപസ്മാരം ആളിപ്പടര്‍ത്തി ഇന്ത്യ- ചൈന സൗഹൃദത്തെ തകര്‍ക്കാന്‍ സംഘടിതശ്രമങ്ങളാണ് ഇവിടെയും പുറത്തും നടന്നത് എന്നര്‍ഥം. ഇന്ത്യയിലും ചൈനയിലും ഒരേപോലെയാണ് ദേശീയപ്രസ്ഥാനങ്ങള്‍ വളര്‍ന്നുവന്നത്. ഇത് ഇരുജനതയ്ക്കുമിടയില്‍ വിമോചനബോധത്തിന്റേതായ ഒരു സവിശേഷാന്തരീക്ഷം ഉണര്‍ത്തിയെടുത്തു. അത് ആത്മബന്ധമായി ഇരുജനതകള്‍ക്കുമിടയില്‍ വികസിച്ചുവന്നു. ജനകീയ ജനാധിപത്യ ചൈനീസ് റിപ്പബ്ലിക് രൂപംകൊണ്ടപ്പോള്‍ അതിനെ സോഷ്യലിസ്റ്റ് ലോകസമൂഹത്തിനുപുറത്ത് ആദ്യമായി അംഗീകരിച്ച രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. മൂന്നുനാലുവര്‍ഷങ്ങള്‍ക്കുള്ളില്‍ത്തന്നെ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നയതന്ത്രബന്ധം നിലവില്‍വന്നു. രവീന്ദ്രനാഥടാഗോറിന്റെ ചൈനാസന്ദര്‍ശനം, ജാപ്പ് വിരുദ്ധ യുദ്ധത്തില്‍ മുറിവേറ്റവരെ സഹായിക്കാന്‍ ഇന്ത്യയില്‍നിന്നുപോയ ദ്വാരകാനാഥ് കോട്നിസിന്റെ സേവനം തുടങ്ങിയവയൊക്കെ ചൈനീസ് ജനത ഇന്ത്യന്‍ ജനതയോടുള്ള സ്നേഹവായ്പായി മനസ്സില്‍ സൂക്ഷിക്കുകയുംചെയ്തു. ഇന്ത്യ-ചീനാ ഭായി ഭായി എന്ന മുദ്രാവാക്യംവരെ എത്തി അത്.

ഇങ്ങനെ സുദൃഢമായ ബന്ധത്തിന്റെ ചരിത്രപശ്ചാത്തലത്തിലാണ്, അറുപതുകളുടെ തുടക്കത്തില്‍ "യുദ്ധമല്ല; ചര്‍ച്ചയാണ് വേണ്ടത്" എന്ന് ഇ എം എസ് പറഞ്ഞത്. അന്ന് ഇ എം എസിന്റെ നിലപാടിനെ എതിര്‍ത്തവര്‍പോലും ഇന്ന് ആ നിലപാടിനെ അംഗീകരിക്കുന്നു. യുദ്ധംചെയ്തല്ല, ചര്‍ച്ചചെയ്താണ് അതിര്‍ത്തിപ്രശ്നത്തിന് പരിഹാരം കാണേണ്ടതെന്നു പറഞ്ഞ "കുറ്റ"ത്തിന് ചൈനീസ് ചാരന്മാരെന്ന് ഇ എം എസ് അടക്കമുള്ള കമ്യൂണിസ്റ്റുകാര്‍ ആക്ഷേപിക്കപ്പെട്ടു. അന്ന് ആ നിലപാടിനെ ആക്ഷേപിച്ചവര്‍തന്നെ ഇന്ന് അംഗീകരിക്കുന്നു. അതുകൊണ്ടാണല്ലോ, മൂന്നുവട്ടചര്‍ച്ച നിശ്ചയിച്ചതും ഒന്നാംഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി സഹകരണത്തിന്റേതായ പ്രത്യേക സംവിധാനം രൂപപ്പെടുത്തുന്നതിനുള്ള കരാറില്‍ ഒപ്പിട്ടതും. യുദ്ധത്തിലൂടെ ഒരു പ്രശ്നവും പരിഹരിക്കാനാകില്ലെന്ന തിരിച്ചറിവ് എണ്‍പതുകളുടെ പ്രാരംഭത്തില്‍ത്തന്നെ ഉണ്ടായിത്തുടങ്ങിയിരുന്നു. 1988ല്‍ രാജീവ്ഗാന്ധി, "92ല്‍ നരസിംഹറാവു, "93ല്‍ രാഷ്ട്രപതി ആര്‍ വെങ്കട്ടരാമന്‍, 2000ല്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്‍, 2003ല്‍ വാജ്പേയി എന്നിവര്‍ ചൈന സന്ദര്‍ശിച്ചത് ആ തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യ കാട്ടിയ മനോഭാവത്തോട് ചൈന അതേ ഊഷ്മളതയോടെതന്നെ പ്രതികരിച്ചു.

1981ല്‍ വിദേശമന്ത്രി ഹുയാന്‍ ഹുവ, "91ല്‍ വെന്‍ ജിയാബാവോ എന്നിവര്‍ ഇന്ത്യ സന്ദര്‍ശിച്ചു. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ സൗഹൃദാന്തരീക്ഷം ക്രമേണ രൂപപ്പെട്ടുവരികയായിരുന്നു. ഇരുരാജ്യങ്ങളും യുദ്ധംചെയ്ത് നശിക്കുന്നത് കാണാന്‍ കാത്തിരുന്നവരെ ഇത് നിരാശപ്പെടുത്തും. യുദ്ധംചെയ്ത് നശിക്കുകയല്ല, മറിച്ച് ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് ചര്‍ച്ചചെയ്യുകയാണ് വേണ്ടതെന്ന് അന്ന് ഇ എം എസ് പറഞ്ഞത് അംഗീകരിക്കപ്പെടുന്നതാണ് പില്‍ക്കാലത്ത് കണ്ടത്. കഴിഞ്ഞദിവസം ചൈനീസ് പ്രധാനമന്ത്രി പറഞ്ഞത്, ഇന്ത്യ ശത്രുരാജ്യമല്ല, സഹോദര രാജ്യമാണ് എന്നാണ്. ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ യുദ്ധമുണ്ടായാല്‍ അത് സാമ്രാജ്യത്വത്തിന്റെ താല്‍പ്പര്യങ്ങളെമാത്രമേ സന്തോഷിപ്പിക്കൂ എന്ന സിപിഐ എമ്മിന്റെ നിലപാടാണ് ഇത്തരമൊരു അവസ്ഥയിലേക്ക് നയിച്ചത്. ഇതില്‍ എന്താണ് വിശദീകരിക്കപ്പെടേണ്ടതായുള്ളത്?

ഒഴിവാക്കേണ്ടിയിരുന്ന ആക്രമണം

ജനാധിപത്യ കേന്ദ്രീകരണമെന്ന ലെനിനിസ്റ്റ് സംഘടനാ തത്വത്തെത്തന്നെ സുനില്‍ പി ഇളയിടം വിമര്‍ശിക്കുന്നുണ്ട്. റോസാലക്സംബര്‍ഗും ലെനിനും തമ്മില്‍ ജനാധിപത്യത്തെക്കുറിച്ച് ദീര്‍ഘമായ സംവാദങ്ങള്‍ നടന്നിട്ടുണ്ടെന്നത് ശരിയാണ്. എന്നാല്‍, അതിനര്‍ഥം റോസാലക്സംബര്‍ഗ് ജനാധിപത്യവാദിയും ലെനിന്‍ ജനാധിപത്യവിരുദ്ധവാദിയും എന്നമട്ടില്‍ വേര്‍തിരിവുണ്ടെന്നതല്ല. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് അത് എങ്ങനെ കൂടുതല്‍ അര്‍ഥപൂര്‍ണമാക്കാമെന്ന് അന്വേഷിക്കുകയാണ് ഇരുവരും ചെയ്തത്. "ലെനിന്‍ തുറന്നിട്ട വഴിയിലൂടെയല്ല, റോസാലക്സംബര്‍ഗ് പ്രവചിച്ച സ്വേച്ഛാപ്രവണതയുടെ വഴിയിലൂടെയാണ് ജനാധിപത്യ കേന്ദ്രീകരണം എന്ന സംഘടനാതത്വം പില്‍ക്കാലത്ത് സഞ്ചരിച്ച"തെന്ന സുനിലിന്റെ നിഗമനം, ലെനിന്‍ ജനാധിപത്യവിരുദ്ധനായിരുന്നു എന്ന പ്രതീതിയാണ് ജനിപ്പിക്കുക. സോവിയറ്റ് പാര്‍ടി കോണ്‍ഗ്രസിലേക്ക് സംഘടനാപ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട് എത്താന്‍ കഴിയാതെ പോയ ട്രോട്സ്കിയെ പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുപ്പിച്ച് വീണ്ടും ട്രോട്സ്കിയുടെ വീക്ഷണം എല്ലാ പ്രതിനിധികള്‍ക്കും അറിയാനുള്ള അവസരം ഒരുക്കിക്കൊടുത്തയാളാണ് ലെനിന്‍. അതില്‍ കവിഞ്ഞ ജനാധിപത്യബോധം എവിടെയാണ് കാണാനാവുക? അത് എന്തുകൊണ്ടാണ് സുനില്‍ കാണാതെ പോകുന്നത്?

സിപിഐ എം ഓരോ മൂന്നുവര്‍ഷ കാലയളവിലും ജനാധിപത്യപരമായി സമ്മേളനപ്രക്രിയ പൂര്‍ത്തിയാക്കുന്ന പാര്‍ടിയാണ്. ഇന്ത്യയില്‍ ഇത്രയേറെ ജനാധിപത്യം പാലിക്കപ്പെടുന്ന മറ്റ് ഏത് പാര്‍ടിയുണ്ടെന്ന് സുനില്‍ ആലോചിക്കണം.

അടിയന്തരാവസ്ഥയാണ് മറ്റൊരു ഘട്ടം. പാര്‍ടി നേതാക്കളാകെ ജയിലിലും ഒളിവിലുമായ ആ കാലവും "അടിയന്തരാവസ്ഥ അറബിക്കടലില്‍" എന്ന മുദ്രാവാക്യവുമായി ഇ എം എസ് മൈക്കുപോലുമില്ലാതെ നടന്ന് പ്രസംഗിച്ച കാര്യവും പാര്‍ടി പ്രവര്‍ത്തകര്‍ ലോക്കപ്പുകളില്‍ ക്രൂരമായ ഭേദ്യത്തിനിരയായ കാര്യവും അമിതാധികാര സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരായി വ്യക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് പാര്‍ടി നടത്തിയ പോരാട്ടവും ഒക്കെ അത്ര വിദൂര സംഭവങ്ങളല്ല എന്നതിനാല്‍ ഇക്കാര്യം വിശദീകരണം ആവശ്യപ്പെടുന്നില്ല.

മുഖ്യധാരാ മാര്‍ക്സിസ്റ്റ് പ്രസ്ഥാനങ്ങള്‍ സ്റ്റാലിനിസ്റ്റ് പാരമ്പര്യത്തെ പിന്‍പറ്റിക്കൊണ്ട് ജനാധിപത്യത്തെ ബൂര്‍ഷ്വാസിയുടെ ഭരണകൂട പ്രത്യയശാസ്ത്രമായി ചുരുക്കിക്കണ്ടു എന്ന് സുനില്‍ എഴുതുമ്പോള്‍ സ്റ്റാലിന്‍ മഹാ കൊള്ളരുതാത്തവന്‍ ആയിരുന്നുവെന്ന പ്രതീതിയാണ് ജനിക്കുക. ഇത് സ്റ്റാലിനെ ഹിറ്റ്ലര്‍ക്കുതുല്യനായ ഒരാളായി ചിത്രീകരിക്കാന്‍ വലതുപക്ഷ മാധ്യമങ്ങള്‍ നടത്തിപ്പോരുന്ന ശ്രമങ്ങളുടെ വിജയമാണ്. ഹിറ്റ്ലറെയും ഫാസിസത്തെയും മുട്ടുകുത്തിച്ച് ലോകത്തെ രക്ഷിക്കുന്നതിന് ചെമ്പടയുടെ നടുനായകമായി നിന്ന ഒരാളെ ആ കാലത്തിന്റെ പ്രത്യേകതകൊണ്ടും നവജാത സോഷ്യലിസ്റ്റ് രാജ്യം നശിപ്പിക്കപ്പെടരുതെന്ന ആഗ്രഹംകൊണ്ടും ഒരുപക്ഷേ ഉണ്ടായിപ്പോയിട്ടുണ്ടാകാവുന്ന ഒറ്റപ്പെട്ട ചില നടപടികള്‍മാത്രം മുന്‍നിര്‍ത്തി അതിഘോര രൂപിയായി ചിത്രീകരിക്കാനുള്ള വലതുപക്ഷ മാധ്യമശ്രമങ്ങളില്‍ സുനിലിനെപ്പോലൊരു ഇടതുപക്ഷ ചിന്തകന്‍ ഭ്രമിച്ച് വീണുപോയിക്കൂടാത്തതാണ്.

ടി പി ചന്ദ്രശേഖരന്‍ വധം കേരളത്തില്‍ അതിതീവ്രമായ വലതുപക്ഷ പ്രതിതരംഗത്തിനാണ് വഴിതുറന്നത് എന്ന് ലേഖനകര്‍ത്താവ് പറയുന്നുണ്ട്. ഇടതുപക്ഷത്തുതന്നെയുള്ള ബുദ്ധിജീവിയായ താനും അറിഞ്ഞുകൊണ്ടല്ലെങ്കില്‍പ്പോലും ഫലത്തില്‍ ആ പ്രതിതരംഗത്തിന് ശക്തിയേറ്റുകയല്ലേ ലേഖനത്തിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹം ആലോചിക്കണം.

ചരിത്രത്തിലൊരിക്കലും ഉണ്ടായിട്ടില്ലാത്തിധം, ഇടതുപക്ഷം പൊതുവിലും സിപിഐ എം പ്രത്യേകിച്ചും ആഴമേറിയ വിശ്വാസത്തകര്‍ച്ചയെ നേരിടുന്നു എന്ന് എഴുതുന്നത് സിപിഐ എമ്മിനുവേണ്ടിയുള്ള ന്യായവാദമാണോ? സിപിഐ എമ്മില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം തകര്‍ക്കാന്‍വേണ്ടി എല്ലാ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ ശക്തികളും മാധ്യമങ്ങളും സംയുക്തമായി ശ്രമിക്കുന്നു എന്ന് പറഞ്ഞാല്‍ അത് നേരാണ്. ആ നേര് ലേഖനകര്‍ത്താവ് എന്തുകൊണ്ട് കാണുന്നില്ല? അത് എന്തുകൊണ്ട് സൗകര്യപൂര്‍വം വിസ്മരിക്കുന്നു?

"ഇടത് ധാര്‍മികത"യ്ക്കുവേണ്ടി കൂടിയുള്ളതാണ് ലേഖനകര്‍ത്താവിന്റെ ന്യായവാദം എന്നാണ് ലേഖനം പറയുന്നത്. സിപിഐ എമ്മിന്റെ ധാര്‍മിക അടിത്തറ മുമ്പൊരുകാലത്തുമുണ്ടായിട്ടില്ലാത്തതുപോലെ ദുര്‍ബലപ്പെട്ടു എന്നാക്ഷേപിക്കുന്നത് സിപിഐ എമ്മിനുവേണ്ടിയുള്ള ന്യായവാദമാണോ? ധാര്‍മികമായ അടിത്തറ നഷ്ടപ്പെട്ട പാര്‍ടിയാണിത് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കലാകില്ലേ ഇത്? അധാര്‍മിക പ്രവൃത്തികളില്‍ വ്യാപാരിക്കുന്നവര്‍ക്കെതിരെ നടപടിയെടുത്ത് ധാര്‍മികതയെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണിതെന്ന് ജനങ്ങള്‍ക്കറിയാം. ധാര്‍മികമൂല്യങ്ങള്‍ പരിരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന പ്രസ്ഥാനമാണിതെന്നും ജനങ്ങള്‍ക്കറിയാം. അതുകൊണ്ടുതന്നെയാണ് ലക്ഷക്കണക്കായ ജനങ്ങള്‍ ഈ പ്രസ്ഥാനത്തിനൊപ്പം നില്‍ക്കുന്നത്.

1937ല്‍ കോഴിക്കോട്ട് കല്ലായി തെരുവില്‍ പാര്‍ടിയുടെ ആദ്യഘടകം പി കൃഷ്ണപിള്ളയും ഇ എം എസും കെ ദാമോദരനും എന്‍ സി ശേഖറും ചേര്‍ന്ന് രൂപീകരിച്ചപ്പോള്‍ കേരളത്തിലെ മൊത്തം ജനസംഖ്യ ഒന്നേകാല്‍ കോടിയായിരുന്നു. ആ സംഭവത്തിന്റെ പ്ലാറ്റിനം ജൂബിലിയിലെത്തിയ ഈ ഘട്ടത്തില്‍ നാം കാണുന്നത് ആദ്യഘടക രൂപീകരണത്തിന്റെ ഘട്ടത്തിലെ മൊത്തം കേരള ജനസംഖ്യയുടെ അത്രതന്നെ ജനങ്ങള്‍ പിന്തുണയ്ക്കുന്ന പ്രസ്ഥാനമായി സിപിഐ എം വളര്‍ന്നിരിക്കുന്നു എന്നതാണ്. നിലപാടില്ലായ്മകൊണ്ട് ഉണ്ടായതാണോ ഈ വളര്‍ച്ച? വിശ്വാസത്തകര്‍ച്ചയെയാണോ ഇത് പ്രതിഫലിപ്പിക്കുന്നത്? നിലപാടുകളിലേക്കെടുത്തു ചാടുമ്പോള്‍ സുനില്‍ ഇതൊക്കെ ആലോചിക്കണമായിരുന്നു.

നിയോലിബറല്‍ സാമ്പത്തികനയങ്ങള്‍ ഇടതുപക്ഷ രാഷ്ട്രീയത്തില്‍ സ്വാധീനമുളവാക്കിയെന്നുമുണ്ട് ലേഖനത്തില്‍ ആക്ഷേപം. നിയോലിബറല്‍ നയങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ ഇടതുപക്ഷമല്ലാതെ വേറെ ഏതെങ്കിലും ശക്തി പൊരുതുന്നുണ്ടോ? ആഗോളവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കിയെടുക്കാന്‍ ഇന്ത്യയിലുള്ള ഏക വിഘാതമായി സാമ്രാജ്യത്വം കാണുന്നത് ഇടതുപക്ഷത്തെയാണ്. ആ ഇടതുപക്ഷത്തെ ഒഴിച്ചുനിര്‍ത്തി മറ്റെല്ലാവരും സഹകരിച്ച് കേന്ദ്ര സര്‍ക്കാരുണ്ടാക്കണമെന്ന് അമേരിക്കന്‍ സ്ഥാനപതി പല രാഷ്ട്രീയപാര്‍ടികളെയും കഴിഞ്ഞ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി എംബസിയിലേക്ക് വിളിച്ചുവരുത്തി ആവശ്യപ്പെട്ടത് ലേഖനകര്‍ത്താവ് കണ്ടിട്ടില്ലെന്നുണ്ടോ? സിപിഐ എമ്മിനെ തോല്‍പ്പിച്ചതു മുന്‍നിര്‍ത്തി അടുത്തകാലത്ത് ഹിലാരി ക്ലിന്‍ണ്‍ പശ്ചിമ ബംഗാളില്‍ ചെന്ന് മമത ബാനര്‍ജിയെ അഭിനന്ദിച്ചത് അറിഞ്ഞിട്ടില്ലെന്നുണ്ടോ?

ചില്ലറ വില്‍പ്പനരംഗത്തെയും കൃഷിരംഗത്തെയും വിദേശ കോര്‍പറേറ്റുവല്‍ക്കരണം മുതല്‍ ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുന്ന സൈനിക സഖ്യം വരെയുള്ള കാര്യങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന ഏക ശക്തി ഇടതുപക്ഷമല്ലേ? ആ ഇടതുപക്ഷം നിയോലിബറല്‍ സ്വാധീനത്തിലാണെന്നു പറഞ്ഞാല്‍ ആരുടെ താല്‍പ്പര്യമാണ് നിര്‍വഹിക്കപ്പെടുക? ആദിവാസി- ദളിത്- സ്ത്രീ പ്രശ്നങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കുന്നില്ലെന്നു പറയുന്ന ലേഖകന്‍ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കിസാന്‍സഭയുടെയും മറ്റും നേതൃത്വത്തില്‍ നടന്ന പ്രക്ഷോഭങ്ങളും ആദിവാസി ദേശീയസമ്മേളനവും മധുരയില്‍ സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ ജാതിവിരുദ്ധ ഭിത്തി തകര്‍ത്തതും ഒക്കെ മനസ്സിലാക്കാതെ പോയോ? കേരളത്തിലെ വയനാട്ടിലെ ആദിവാസികളുടെ ഭൂമിക്കുവേണ്ടിയുള്ള സമരം ഇപ്പോള്‍ മുമ്പോട്ടുകൊണ്ടുപോകുന്നത് സിപിഐ എമ്മല്ലാതെ മറ്റൊരു പാര്‍ടിയല്ല. ഇത്ര ശക്തവും വ്യാപകവുമായ മറ്റൊരു ആദിവാസി സമരവും ഇന്ന് നടക്കുന്നുമില്ല. സുനില്‍ ഇതും കാണുന്നില്ല. ഇടതുപക്ഷം കേരളത്തിനു വേണ്ടപ്പെട്ട പ്രസ്ഥാനമാണ്. പക്ഷേ, അതിന് ഉള്ളതില്‍ ഏറിയ പങ്കും ദോഷങ്ങള്‍മാത്രമാണെന്ന ഈ സമീപനം ഈ ഘട്ടത്തില്‍ സുനിലിനെപ്പോലൊരാളില്‍നിന്ന് ആരും പ്രതീക്ഷിക്കുന്നതല്ല.

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം കേരളത്തില്‍ അതിതീവ്രമായ വലതുപക്ഷ പ്രതിതരംഗത്തിനാണ് വഴിതുറന്നതെന്ന് പറയുന്ന സുനില്‍, ഈ പ്രതിതരംഗം വലതുപക്ഷം ബോധപൂര്‍വം രാഷ്ട്രീയമായി സൃഷ്ടിച്ചെടുത്തതാണെന്ന സത്യത്തിലേക്ക് മിഴിതുറക്കുന്നില്ലെന്നത് ഖേദകരമാണ്; വലതുപക്ഷ മാധ്യമ ഗൂഢാലോചനയുടെ ചെലവില്‍ പ്രശ്നങ്ങള്‍ എഴുതിത്തള്ളിക്കൂടാ എന്നു സുനിലിനെപ്പോലൊരാള്‍ പറയുന്നത് അല്‍പ്പം ക്രൂരവുമാണ്. നീതിബോധവും ധാര്‍മികതയും മനുഷ്യവംശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിപ്ലവകരമായ പ്രേരണാശക്തികളാണെന്നും ഈ പ്രേരണകളാല്‍ പ്രചോദിതമാകാത്ത ഒരു സംഘടനയും സംഘാടനവും വിപ്ലവപരമോ പുരോഗമനംപോലുമോ ആകില്ലെന്നും ഒക്കെ എഴുതുന്ന സുനില്‍, ധാര്‍മികതയ്ക്ക് കാവലാളായി ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും നിന്നിട്ടുള്ള പ്രസ്ഥാനം സിപിഐ എം ആണ് എന്നതുകൂടി എടുത്തുപറയേണ്ടതായിരുന്നില്ലേ?

ഇടതുപക്ഷ സാംസ്കാരികതയെ സര്‍ഗാത്മക നിരീക്ഷണങ്ങള്‍കൊണ്ട് സമ്പന്നമാക്കിപ്പോരുന്നവരുടെ നിരയിലാണ് സുനില്‍ പി ഇളയിടം. ഇവിടെ പരാമര്‍ശ വിഷയലേഖനത്തിലും ഇടതുപക്ഷം കേരളത്തിന് എത്രമേല്‍ വിലപ്പെട്ടതാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്.

തീര്‍ത്തും കമ്യൂണിസ്റ്റ്വിരുദ്ധവും അന്ധവുമായ ഇതര മാതൃഭൂമി ലേഖനങ്ങളില്‍നിന്ന് ആ നിലയ്ക്ക് സുനിലിന്റെ ലേഖനം വേറിട്ടുനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെയാണ് ഇതര ലേഖനങ്ങളെ അവഗണിക്കാനാവുമ്പോഴും സുനിലിന്റെ ലേഖനത്തെ അവഗണിക്കാനാവാത്തത്. അത്തരം ഒരു വ്യതിരിക്തത സുനിലിന്റെ ലേഖനത്തിനുണ്ട് എന്നതുകൊണ്ടുതന്നെയാണ് ഒരുപക്ഷെ, അറിഞ്ഞുകൊണ്ടല്ലാതെയാണെങ്കില്‍പോലും സുനിലിന്റെ ലേഖനം പരത്താനിടയുള്ള തെറ്റിദ്ധാരണകള്‍ നീക്കാന്‍ ഈ വിധത്തിലുള്ള ഒരു ഇടപെടല്‍ ആവശ്യമായി വന്നതും.


*****


പ്രഭാവര്‍മ

Wednesday, December 21, 2011

അഗ്നിപരീക്ഷയില്‍ കരിഞ്ഞത് ആരുടെ ചിറകുകള്‍ ?

സൂര്യനില്‍നിന്ന് ഒളിഞ്ഞുനില്‍ക്കാം; എന്നാല്‍ മനഃസാക്ഷിയുടെ സൂര്യനില്‍നിന്ന് എവിടേക്ക് ഒഴിഞ്ഞുമാറും? ഗ്രീക്ക് മിഥോളജിയില്‍നിന്നുള്ള ഈ ചോദ്യം മനഃസാക്ഷിയുള്ളവര്‍ക്കേ ബാധകമാവൂ. എങ്കിലും ലാവ്ലിന്‍ സംബന്ധിച്ച സിബിഐ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ , ആരോപണകര്‍ത്താക്കള്‍ സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ബാക്കിനില്‍ക്കുന്നവര്‍ അക്കൂട്ടത്തിലുണ്ടെങ്കില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാല്‍ ഒരു പൊതുപ്രവര്‍ത്തകനെ ദീര്‍ഘകാലം ക്രൂരമായി വേട്ടയാടിയത് മുന്‍നിര്‍ത്തി ഒരു വാക്ക് സമൂഹത്തോട് പറയേണ്ടതുണ്ട് - ക്ഷമിക്കണം എന്ന വാക്ക്. ക്ഷമിക്കണം എന്നുപറയാന്‍ നിര്‍ബന്ധിക്കുന്ന സാഹചര്യം സിബിഐ റിപ്പോര്‍ട്ടിലൂടെ വന്ന് മുന്നില്‍ നില്‍ക്കുമ്പോഴും പകയുടെ ഭാഷ ഇവരില്‍ പലരില്‍നിന്നും പോവുന്നില്ല. ഇത് വ്യക്തമാക്കുന്നതായിരുന്നു തിങ്കളാഴ്ചത്തെ ഇതുസംബന്ധിച്ച ചില ചാനല്‍ ചര്‍ച്ചകള്‍ . തങ്ങള്‍ സൃഷ്ടിച്ച കള്ളപ്രചാരണങ്ങളുടെ കോട്ട സത്യത്തിന്റെ ഇടിമിന്നലേറ്റ് തകര്‍ന്നുകിടക്കുമ്പോഴും അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ വീണ്ടും അസത്യത്തിന്റെ ചീട്ടുകൊട്ടാരങ്ങള്‍ തീര്‍ക്കാനാവുമോ എന്ന് വൃഥാ നോക്കുകയായിരുന്നു ചിലര്‍ .

സിപിഐ എമ്മിനെ അധിക്ഷേപിക്കാന്‍ ഏതവസരവും ദുരുപയോഗിക്കാറുള്ളവരെ തെരഞ്ഞുപിടിച്ച് "നിഷ്പക്ഷ നിരീക്ഷകര്‍" ആക്കി അവതരിപ്പിക്കുകയാണ് പല ചാനലുകളും ചെയ്തത്. ഇവര്‍ക്ക് പിണറായി വിജയന്‍ എന്ന വ്യക്തിയോട് വിരോധമുണ്ടാകേണ്ട കാര്യമില്ല. വിരോധമുള്ളത് സിപിഐ എമ്മിനോടാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് അതിനെ നയിക്കുന്നുവെന്നതിനാല്‍ ആ വിരോധമെല്ലാം പിണറായി വിജയനില്‍ വന്നുപതിക്കുന്നുവെന്നുമാത്രം. പാര്‍ടിനേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്താല്‍ പാര്‍ടിയുടെ വിശ്വാസ്യത തകര്‍ക്കാമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടിലൂടെപ്പോലും പോറലേല്‍ക്കാതെ പുറത്തുവന്ന പിണറായി വിജയനെ അപകീര്‍ത്തിപ്പെടുത്താന്‍ പഴുതുകള്‍ അന്വേഷിക്കുന്ന നിലയിലായി ചില ചാനല്‍ ചര്‍ച്ചകള്‍ . എല്ലാ അന്വേഷണങ്ങളിലും ഒരുപോലെ കുറ്റവിമുക്തനായി നില്‍ക്കുന്ന ഒരു പൊതുപ്രവര്‍ത്തകനെ ഒരു രേഖയുടെയോ തെളിവിന്റെയോ പിന്‍ബലമില്ലാതെ കല്‍പ്പിത കഥകളുണ്ടാക്കി കുറ്റക്കാരനായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം അസംബന്ധ നാടകങ്ങള്‍ക്ക് നിന്നുകൊടുക്കുന്നത് ഉചിതമോ എന്ന് ചാനലുകള്‍ ചിന്തിക്കട്ടെ. ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതിന് തെളിവുണ്ട് എന്ന് ഇപ്പോഴും പറയാന്‍ ധൈര്യപ്പെടുന്ന ഈ "നിഷ്പക്ഷ" നിരീക്ഷകന്മാരോട്, ആ തെളിവുകള്‍ കൊണ്ടുപോയി സിബിഐക്ക് കൊടുക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക് എന്നെങ്കിലും ചോദിക്കാനുള്ള ധാര്‍മിക ചുമതലയുണ്ടായിരുന്നില്ലേ ഈ ടിവി ആങ്കര്‍മാര്‍ക്ക്?

പല തലങ്ങളില്‍ പല വിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി. ഒന്നില്‍പോലും പിണറായി വിജയനില്‍ കുറ്റത്തിന്റെ ലാഞ്ഛനപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനോടും എല്‍ഡിഎഫിനോടും ഒരു ആനുകൂല്യവുമില്ലാത്ത യുഡിഎഫ് ഭരണം വിജിലന്‍സ് അന്വേഷണം നടത്തിച്ചുനോക്കി. കേന്ദ്രം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെക്കൊണ്ട് കേരളത്തിലും ഇന്ത്യയിലാകെയും ഇന്ത്യക്കുപുറത്തും അന്വേഷിപ്പിച്ചുനോക്കി. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍പോലും പിണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ല. അതേസമയം അടിസ്ഥാനരഹിതമായ കേസുകളുമായി ചെന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് ഈ കേസുമായി നടക്കുന്ന ഒരാളെ മറ്റൊരു കേസില്‍ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു. എല്ലാ അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്നും ചെറുചൂടുപോലുമേല്‍ക്കാതെ പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ഈ അസ്വസ്ഥതയാണ് നിഷ്പക്ഷതാനാട്യവുമായി ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് കൂടുമാറുന്ന അരാജകവാദികളുടെ വാക്കുകളില്‍ മുഴങ്ങുന്നത്.

ഇനി ഏത് അന്വേഷണമുണ്ട് നടത്താന്‍ ബാക്കി എന്ന ചോദ്യം ഒരു ചാനല്‍ ആങ്കറും ഇവരോട് ചോദിച്ചില്ല. ഇല്ലാത്തത് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഒരുവശത്ത് തീവ്രശ്രമം നടത്തുന്ന ഇക്കൂട്ടര്‍ മറുവശത്ത് ഉള്ളത് കാണാന്‍ കൂട്ടാക്കാതിരിക്കുകകൂടി ചെയ്യുന്നുണ്ട്. ലാവ്ലിന്‍ കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യത്തിന്റെ പ്രാഥമികഘട്ടത്തില്‍തന്നെ, ബന്ധപ്പെട്ട എല്ലാ ഫയലുകളും സമഗ്രമായി പഠിച്ചിട്ട് സിബിഐ കോടതിയെ അറിയിച്ചത്, തങ്ങള്‍ അന്വേഷിക്കാന്‍മാത്രം ഗൗരവമുള്ള ഒന്നും ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നതാണ്. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. വിദ്യാര്‍ഥിപ്രക്ഷോഭം, ആദിവാസിപ്രക്ഷോഭം, കോണ്‍ഗ്രസിലെ ഭിന്നത, അവിശ്വാസപ്രമേയം എന്നിങ്ങനെ പലതുകൊണ്ടും യുഡിഎഫ് ആടിയുലഞ്ഞുനിന്ന ഘട്ടത്തിലാണ്, അതില്‍നിന്നൊക്കെ ജനശ്രദ്ധ തിരിച്ചുവിടാനെന്നോണം പൊടുന്നനെ ലാവ്ലിന്‍ കരാറിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചത് എന്നത് കേവലനിരീക്ഷകര്‍ക്കുപോലുമറിയാം. ഇത് ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. യുഡിഎഫ് ഭരണത്തില്‍ നടന്ന ആ വിജിലന്‍സ് അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ കുറ്റക്കാരനല്ലെന്ന് തെളിഞ്ഞു. സ്വന്തം ഭരണത്തിന്‍കീഴില്‍ സ്വന്തം വിജിലന്‍സിനെ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍പ്പോലും പിണറായി വിജയന്‍ തെറ്റ് ചെയ്തിട്ടില്ല എന്നത് സ്ഥിരീകരിക്കപ്പെടുകയും ആ റിപ്പോര്‍ട്ട് ഫലത്തില്‍ യുഡിഎഫ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അംഗീകരിക്കുകയും ചെയ്തതാണ്. ഇതും കണ്ടില്ലെന്ന് നടിക്കുന്നു. പിന്നീട് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ്, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ലാവ്ലിന്‍ കേസ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഇവര്‍ കണ്ടില്ലെന്ന് നടിക്കുന്നു. കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പിന്നീടൊരു ഘട്ടത്തില്‍ പറഞ്ഞത് ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതായി താന്‍ കരുതുന്നില്ലെന്നാണ്. രാഷ്ട്രീയസമ്മര്‍ദം ഏറി വന്നപ്പോള്‍ താന്‍ അതിന് വഴങ്ങി സിബിഐക്ക് വിടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിയില്ലാത്തത് എന്ന് ബോധ്യപ്പെട്ട കേസ് സിബിഐക്ക് വിട്ടതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളേയുള്ളൂവെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുവേണ്ട. ഇതും നിഷ്പക്ഷതാനാട്യക്കാര്‍ കാണാന്‍ കൂട്ടാക്കുന്നില്ല.

ഏറ്റവും ഒടുവിലാകട്ടെ, എല്ലാം സമഗ്രമായി പരിശോധിച്ച സിബിഐ പിണറായി വിജയന്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് കാണാന്‍ നിഷ്പക്ഷ നിരീക്ഷകര്‍ക്ക് കണ്‍കളേ ഇല്ല എന്നായി. കേന്ദ്ര ഏജന്‍സി അന്വേഷിച്ചാലേ സത്യം പുറത്തുവരൂ എന്ന് ഇക്കാലമത്രയും പറഞ്ഞിരുന്നവര്‍ക്ക് കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് തങ്ങളുടെ രാഷ്ട്രീയതാല്‍പ്പര്യത്തിനനുഗുണമല്ല എന്നുവന്നതോടെ, അതും അസ്വീകാര്യമായി. ഒരു "ചാനല്‍ നിഷ്പക്ഷന്‍" കഴിഞ്ഞദിവസം പറഞ്ഞത് പിണറായിയുടെ അക്കൗണ്ട് പരിശോധിച്ച് അഴിമതി തെളിയിക്കാനാവുമെന്നതില്‍ അര്‍ഥമില്ല എന്നാണ്. ആദായനികുതി വകുപ്പുമുതല്‍ കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് അധികൃതര്‍വരെ ഇന്ത്യയിലാകെയും പുറത്തും സമഗ്രമായി അന്വേഷിച്ച് കണ്ടെത്തിയത് പിണറായിക്ക് ഇത്തരം ഒരു പണനിക്ഷേപവും എവിടെയുമില്ല എന്നാണ്. അക്കൗണ്ടുമാത്രം പരിശോധിച്ച് എഴുതുന്നവരല്ല അവര്‍ . എവിടേക്കും കൈയെത്തുന്ന ആ അന്വേഷണ ഏജന്‍സികളുടെ രേഖാമൂലമുള്ള റിപ്പോര്‍ട്ട് ഇതേ വ്യവഹാരി കൊടുത്ത മറ്റൊരു കേസില്‍ ഹൈക്കോടതി മുമ്പാകെ ഇരിക്കുന്നുണ്ട്. മറ്റൊരു ചാനല്‍ നിഷ്പക്ഷന്‍ പറഞ്ഞത് "ടെക്നിക്കാലിയ" കടലാസ് സംഘടനയാണെന്നും പിണറായിയുടെ സൃഷ്ടിയാണത് എന്നുമാണ്. പരിയാരം മെഡിക്കല്‍കോളേജിനുവേണ്ടിയടക്കം പ്രവര്‍ത്തിച്ച സ്ഥാപനമാണത് എന്നും പിണറായി വിജയനല്ല, അദ്ദേഹത്തോട് രാഷ്ട്രീയ ശത്രുത മാത്രമുള്ള എം വി രാഘവനാണ് ടെക്നിക്കാലിയയെ അതിന് ചുമതലപ്പെടുത്തിയതെന്നും ആ "നിഷ്പക്ഷന്‍" അറിയണം!

സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍ , ലാവ്ലിന്‍ കാര്യത്തില്‍ കേസ് ഉണ്ടാക്കപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു; കാര്യമായ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇവര്‍ ലക്ഷങ്ങള്‍ വാരിവിതറുന്നു. ഈ സംഘത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധരുണ്ട്, കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്ന് ദുഷ്ചെയ്തികള്‍മൂലം പുറത്താക്കപ്പെട്ടവരുണ്ട്; അരാജകവാദികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; ബ്ലാക്മെയില്‍ സംഘങ്ങളുണ്ട്- അങ്ങനെ പലരും. ഇവര്‍ക്കാകട്ടെ, രാഷ്ട്രീയ-പത്രാധിപത്യതലങ്ങളില്‍ ചില രക്ഷാകര്‍ത്താക്കളുമുണ്ട്. ഇവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയില്‍ സിഎജി നടത്തിയ ഒരു സ്വാഭാവിക വിശദീകരണം തേടലിനെ ഊതിപ്പെരുപ്പിച്ച് ഇത്രത്തോളമെത്തിച്ചത്. ഏത് പദ്ധതി നടത്തിപ്പിലും കണ്ടെത്താവുന്ന സ്വാഭാവിക കാര്യങ്ങളെ "അഴിമതി"യാക്കി പൊലിപ്പിച്ചെടുത്തത്; മുന്‍ ജഡ്ജിമാരെവരെ ചെന്നുകണ്ട് പിണറായി വിജയനെതിരെ അവരെക്കൊണ്ട് പ്രസ്താവനയിറക്കിക്കാന്‍ വൃഥാ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ വാഴ്ത്തിപ്പാടിയത്. ബോംബെയിലെയും കൊച്ചിയിലെയും ഡല്‍ഹിയിലെയും അധികാരസ്ഥാപനങ്ങളുടെ ഇടനാഴികളിലേക്ക് പിണറായി വിജയനെ ക്രൂശിക്കാന്‍ കോട്ടുംസൂട്ടുമിട്ട ഏജന്റിനെ നിയോഗിച്ചത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് അധികാര ദല്ലാളന്‍മാരെ വിമാനങ്ങളില്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറത്തിവിട്ടത്. ഇവര്‍ക്ക് ആകെ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്നതായിരുന്നു അത്. ഏത് മനുഷ്യനും തളര്‍ന്നുവീണുപോകുന്ന തരത്തിലുള്ള സത്യവിരുദ്ധമായ കള്ളപ്രചാരണപരമ്പരകളുടെ വേലിയേറ്റമായിരുന്നു സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് പോവുകയായിരുന്ന വേളയില്‍ ഇവിടെ. സിപിഐ എം നേതൃത്വം അപ്പാടെ അഴിമതിയുടെ നെടുനായകന്മാരാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍ , അതിലൊന്നും ഇളകാതെ അചഞ്ചലമായ പ്രത്യയശാസ്ത്രനിശ്ചയദാര്‍ഢ്യത്തോടെ പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വ്യാപരിക്കുകയായിരുന്നു ആ ഘട്ടത്തിലൊക്കെ സിപിഐ എമ്മിന്റെ സംഘടനാ നേതൃത്വം.

മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന പഴയ തത്വം നല്‍കിയ ആത്മബലത്തോടെ, അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റിനു ചേര്‍ന്ന കരുത്താര്‍ന്ന അചഞ്ചലതയോടെ, യാതനാപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനപശ്ചാത്തലം നല്‍കിയ ഉരുക്കുറപ്പുള്ള കാല്‍വയ്പുകളോടെ, മനുഷ്യയോഗ്യമായ ജീവിതാവസ്ഥയുണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളെ നയിക്കാന്‍ പാര്‍ടിയെ പ്രാപ്തവും സജ്ജവുമാക്കി നിര്‍ത്തുകയായിരുന്നു ഈ ഘട്ടത്തിലൊക്കെ പാര്‍ടി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ ഒരു പോറലുമേല്‍ക്കാതെ ശക്തിയില്‍നിന്ന് ശക്തിയിലേക്ക് പാര്‍ടി സംഘടന വളര്‍ന്നു. പുതുജനവിഭാഗങ്ങള്‍ക്ക് അത് സ്വീകാര്യമാവുന്ന നില വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും കടമകളെ ഏറ്റെടുക്കാനും ഭാവനാപൂര്‍ണമായി നാടിനെ നയിക്കാനും കരുത്തുള്ള ഒരു നേതൃത്വം ഇതാ എന്ന് കേരളം അംഗീകരിക്കുന്ന നിലവന്നു. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളുംകൊണ്ട് നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്ന് കരുതിയവര്‍ തീരെ പ്രതീക്ഷിച്ചതല്ല ഇത്. എല്ലാ മാധ്യമ പരിഗണനകളുമുണ്ടായിട്ടും ആ ശത്രുപക്ഷം ശിഥിലമായി. ചിലര്‍ പശ്ചാത്തപിച്ച് തെറ്റുതിരുത്തി. മറ്റുചിലര്‍ തുടര്‍ പ്രാക്കുകളുമായി ചിതറിപ്പിരിഞ്ഞുപോയി. മറ്റ് ചിലര്‍ യുഡിഎഫിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്ത് അവരുടെ വാതില്‍പ്പടിക്കല്‍ പോയി നില്‍ക്കുന്നു. എല്ലാ പുകിലുമടങ്ങുമ്പോള്‍ സിപിഐ എം വിജയപതാകയുമായി 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് മുന്നേറുന്നു; ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കാന്‍പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക വലിയ ശക്തി എന്ന നിലയില്‍ .

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ജനകീയ മോചനമൂല്യങ്ങളെയുംകുറിച്ച് കരുതലുള്ള ഒരാള്‍ക്കും ഇതിനെ ശക്തിപ്പെടുത്താനല്ലാതെ ദുര്‍ബലപ്പെടുത്താന്‍ തോന്നില്ല. എന്നാല്‍ , അതിതീവ്ര കമ്യൂണിസ്റ്റുകള്‍ എന്ന നാട്യവുമായി ഇറങ്ങിത്തിരിച്ച അരാജകവാദികള്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരെപ്പോലെ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനമുള്ള സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ. എന്നാല്‍ , സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസിലേക്കെത്തുന്ന വേളയില്‍ ആ ശ്രമങ്ങള്‍ക്ക് തിരിച്ചടിയേല്‍പ്പിക്കുംവിധം സത്യങ്ങള്‍ ജനങ്ങള്‍ക്കു ബോധ്യമാകുന്ന തരത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. സിബിഐ അന്വേഷണറിപ്പോര്‍ട്ടും അതുതന്നെ വ്യക്തമാക്കുന്നു. അതിലുള്ള അസ്വസ്ഥതകളാണ് "ചാനല്‍ നിഷ്പക്ഷ"രുടെ പരിഭ്രാന്തികളില്‍ ഇപ്പോള്‍ പ്രതിഫലിച്ചുകാണുന്നത്. എല്ലാ അന്വേഷണങ്ങളിലും തങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ കള്ളമാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കേരളത്തോട് മാപ്പുപറയേണ്ടതാണ് ഇവര്‍ എന്ന് തുടക്കത്തില്‍ പറഞ്ഞല്ലോ. എന്നാല്‍ അത് മഹത്വമുള്ളവര്‍ക്ക് മാത്രം കഴിയുന്ന കാര്യമാണ്. ആയിരം മാപ്പുപറഞ്ഞാലും പ്രായശ്ചിത്തമാകാത്ത ദുഷ്ചെയ്തികളുമായി നീങ്ങുന്നവരില്‍ നിന്ന് കേരളം അത് പ്രതീക്ഷിക്കുന്നില്ല. ഇവര്‍ ഇങ്ങനെ തന്നെ തുടരട്ടെ. സാര്‍ഥവാഹക സംഘം മുന്നോട്ടേക്കും.

*
പ്രഭാവര്‍മ ദേശാഭിമാനി 21 ഡിസംബര്‍ 2011

Friday, December 9, 2011

ലോകം തിരിയുന്നു മാര്‍ക്സിലേക്ക്

മാര്‍ക്സിസത്തിന്റെ ശാസ്ത്രീയതയും പ്രായോഗികതയും ആവര്‍ത്തിച്ച് സ്ഥിരീകരിക്കപ്പെടുന്ന ഒരു സാര്‍വദേശീയ ചരിത്രഘട്ടത്തിലാണ് സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടി കോണ്‍ഗ്രസ് നടക്കുന്നത് എന്നത് ചരിത്രത്തിന്റെ കേവലമായ ഒരു യാദൃച്ഛികതയല്ല; മറിച്ച് ചരിത്രത്തിന്റെ അനിവാര്യമായ ഒരു ഗതിക്രമമാണ്. "സോഷ്യലിസം മരിച്ചു; ഇനി മുതലാളിത്തം; മുതലാളിത്തംമാത്രം" എന്ന സോവിയറ്റ് തകര്‍ച്ചാഘട്ടത്തിലെ മുദ്രാവാക്യം ആവര്‍ത്തിക്കാന്‍ ഇന്ന് അമേരിക്കയ്ക്കുപോലും ധൈര്യംവരില്ല. ആ വിധത്തില്‍ മുതലാളിത്ത ലോകത്തുതന്നെ വമ്പിച്ച തോതില്‍ മുതലാളിത്തവിരുദ്ധ പ്രക്ഷോഭം ഇരമ്പിക്കയറുന്നു. മറുവശത്ത് ഇടതുപക്ഷത്തേക്കും ഇടതുചായ്വുള്ള കേന്ദ്രപക്ഷത്തേക്കും ലോകത്തിന്റെ പല ഭാഗങ്ങളിലെയും രാജ്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുന്നു.

കമ്യൂണിസ്റ്റ്പാര്‍ടികള്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ടികളാവണമെന്ന് വാദിച്ചവര്‍വരെ സാര്‍വദേശീയ തലത്തിലുണ്ടാവുന്ന ഈ വമ്പിച്ച മാറ്റത്തില്‍ അമ്പരന്നുനില്‍ക്കുന്നു. മുതലാളിത്തലോകത്തെ ഗ്രസിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ക്സിന്റെ "ദാസ് ക്യാപ്പിറ്റല്‍" യൂറോപ്പിലെ "ബെസ്റ്റ് സെല്ലറായി" മാറിയിരിക്കുന്നു. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷന്‍ (ബിബിസി) നടത്തിയ അഭിപ്രായവോട്ടെടുപ്പില്‍ കാള്‍ മാര്‍ക്സ്, രണ്ടാം സഹസ്രാബ്ദഘട്ടത്തിലെ ഏറ്റവും ഉയര്‍ന്ന ചിന്തകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിന്റെ ജന്മനാടായ ജര്‍മനിയില്‍ നിയോലിബറലിസത്തിന്റെ പ്രതിസന്ധി തരണംചെയ്യാനുള്ള വഴികള്‍ തേടി സാമ്പത്തിക വിദഗ്ധര്‍ "മൂലധന"ത്തിന്റെ താളുകള്‍ പരതുന്നു. മാര്‍ക്സിന്റെ ജന്മസ്ഥലമായ ട്രിയര്‍ പതിനായിരങ്ങള്‍ക്ക് തീര്‍ഥാടനസമാനമായ സന്ദര്‍ശനത്തിന്റെ കേന്ദ്രമാവുന്നു. വിഖ്യാതചലച്ചിത്ര സംവിധായകനായ അലക്സാണ്ടര്‍ ക്ലഗ് മാര്‍ക്സിനെക്കുറിച്ച് സിനിമയെടുക്കുന്നു. ഫ്രഞ്ച് പ്രസിഡന്റായ നിക്കോളസ് സര്‍കോസി മാര്‍ക്സിസം പഠിക്കുന്നു. ജര്‍മന്‍ ധനകാര്യമന്ത്രി സ്റ്റെയിന്‍ ബ്രക് "ദാസ് ക്യാപിറ്റലി"നെക്കുറിച്ച് വാഴ്ത്തിപ്പറയുന്നു. കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ്, മാര്‍ക്സ് പറഞ്ഞ വഴിക്കാണ് ചരിത്രം നീങ്ങുന്നതെന്ന് കണ്ടെത്തുന്നു. ഫ്രീമാര്‍ക്കറ്റിന്റെ വക്താക്കളായ "ദ ടൈംസും" "ഡെയ്ലി ടെലിഗ്രാഫും" വായനക്കാരുടെ ആവശ്യം മുന്‍നിര്‍ത്തി മാര്‍ക്സിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി മാര്‍ക്സിന്റെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നു. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി നവമാര്‍ക്സിസ്റ്റ് പഠനപരമ്പരകളിറക്കുന്നു. മരിച്ചോ മാര്‍ക്സിസം? ലോകം മാര്‍ക്സിനെ വീണ്ടും കണ്ടെത്തുകയാണെന്നതാണ് സത്യം. അമ്പരപ്പിക്കുന്ന ഈ മാറ്റം ആശയരംഗത്ത് മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. ചൈനയും വിയത്നാമും ജനാധിപത്യകൊറിയയും ക്യൂബയുമൊക്കെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട് അചഞ്ചലമായി നിലനില്‍ക്കെത്തന്നെ ലാറ്റിനമേരിക്കയില്‍ കൂടുതല്‍ രാഷ്ട്രങ്ങള്‍ ഇടതുപക്ഷത്തേക്കുവരുന്നു. മുമ്പേ ഇടതുപക്ഷത്തുനിന്നിരുന്നവ കൂടുതല്‍ ഉറച്ചുനില്‍ക്കുന്നു. രണ്ടാം സഹസ്രാബ്ദത്തിന്റെ ആദ്യപതിറ്റാണ്ട് ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തുടരെയുണ്ടായ ചുവപ്പന്‍ ജയങ്ങള്‍കൊണ്ട് ശ്രദ്ധേയമായി. 1998ല്‍ വെനസ്വേലയില്‍ ഹ്യൂഗോ ഷാവേസ് തുടങ്ങിവച്ചത് ഒരു തരംഗമായി. തൊട്ടുപിന്നാലെ ബ്രസീലില്‍ ലുലഡിസില്‍വ വിജയമാവര്‍ത്തിച്ചു. 2003ല്‍ അര്‍ജന്റീനയില്‍ കിര്‍ച്നറുടെ വിജയം. 2006ല്‍ ഉറുഗ്വേയില്‍ തബാരെ വാക്വേസിന്റെ വിജയം. 2005ല്‍ ബൊളീവിയയില്‍ ഇവാ മോറേസിന്റെ വിജയം. 2006ല്‍ ഇക്വഡോറില്‍ റാഫേല്‍ കൊറിയയുടെ വിജയം. അതേവര്‍ഷം നിക്കരാഗ്വയില്‍ ഡാനിയല്‍ ഓര്‍ട്ടേഗയുടെ ജയം. 2007ല്‍ പരാഗ്വേയില്‍ ഫെര്‍ണാണ്ടോ ലൂഗോയുടെ വിജയം.

2008ല്‍ എല്‍സാല്‍വദോറില്‍ മൗറികോ ഫ്യൂണ്‍സിന്റെ ജയം. പിന്നീട് പെറുവിലെ വിജയം. ലാറ്റിനമേരിക്കയുടെ മുഖച്ഛായതന്നെ മാറ്റിക്കൊണ്ട് അവിടെ ഒരു ഡസനോളം രാജ്യങ്ങള്‍ ചുവന്നുതുടുത്തുനില്‍ക്കുന്നു. മെക്സിക്കോയിലും കൊളംബിയയിലും ഹോണ്ടുറാസിലും അമേരിക്ക ഉപജാപങ്ങളിലൂടെ സ്ഥാപിച്ച പാവഭരണങ്ങള്‍ക്കെതിരായ ജനമുന്നേറ്റംകൊണ്ടുകൂടി ശ്രദ്ധേയമായി ഈ ഘട്ടം. ലോകത്തെമ്പാടും പ്രകടമാണ് മാറ്റം. 1958ല്‍ അഞ്ചാം റിപ്പബ്ലിക് സ്ഥാപിതമായതിനുശേഷം ഇതാദ്യമായി ഇടതുപക്ഷരാഷ്ട്രീയം ഫ്രാന്‍സിലെ സെനറ്റില്‍ ഭൂരിപക്ഷം നേടി. കമ്യൂണിസ്റ്റ്പാര്‍ടി, സോഷ്യലിസ്റ്റ്പാര്‍ടി, ലഫ്റ്റ് റാഡിക്കല്‍സ്, ഗ്രീന്‍സ് എന്നിവര്‍ വിശാലമുന്നണിയായി നിന്ന് ഉപരിസഭയിലെ 348ല്‍ 175 സീറ്റുകളാണ് പിടിച്ചെടുത്തത്. പരമ്പരാഗത വലതുപക്ഷ കോട്ടകളില്‍ വ്യാപകമായ ഇടിച്ചിലുണ്ടാക്കിക്കൊണ്ടാണ് ഇടതുപക്ഷം ഈ ജയം രണ്ടുമാസങ്ങള്‍ക്കുമുമ്പ് നേടിയത്. നാഷണല്‍ അസംബ്ലിയാണ് ഫ്രാന്‍സിന്റെ അധോസഭ. അതില്‍ മാത്രമായി ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസിയുടെ ഭൂരിപക്ഷം. അടുത്തവര്‍ഷം പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇടതുപക്ഷത്തിന് മുന്‍കൈയുണ്ടായാല്‍ അത്ഭുതപ്പെടാനില്ല എന്നതാണ് അവിടത്തെ അവസ്ഥ. സോവിയറ്റ് യൂണിയന്റെ ഘടകറിപ്പബ്ലിക് ആയിരുന്ന റഷ്യയിലുണ്ടായ മാറ്റം കഴിഞ്ഞയാഴ്ച ലോകം ശ്രദ്ധിച്ചു. പ്രധാനമന്ത്രി വ്ളാഡിമിര്‍ പുടിന്റെ "യുണൈറ്റഡ് റഷ്യ"യ്ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് റഷ്യന്‍ പാര്‍ലമെന്റിന്റെ അധോസഭയായ "ഡ്യൂമ"യില്‍ കമ്യൂണിസ്റ്റ്പാര്‍ടി വമ്പിച്ച മുന്നേറ്റം നടത്തി. നാലുവര്‍ഷം മുമ്പ് 64 ശതമാനം വോട്ടുണ്ടായിരുന്ന യുണൈറ്റഡ് റഷ്യയ്ക്ക് ഇക്കുറി 49.54 ശതമാനത്തിലേക്ക് താഴേണ്ടിവന്നു. 315 സീറ്റുണ്ടായിരുന്നത് 238 ആയി താണു. ഭരണഘടനയില്‍ ഭേദഗതി വരുത്താന്‍ വേണ്ട ഭൂരിപക്ഷമില്ലാത്ത നിലയിലേക്ക് ഒതുങ്ങി. ഇതേസമയം, കമ്യൂണിസ്റ്റ്പാര്‍ടി 12 ശതമാനത്തില്‍നിന്ന് 19 ശതമാനത്തിലേക്ക് വോട്ട് ഉയര്‍ത്തി. പ്രാദേശിക നിയമസഭകളിലും ഭരണകക്ഷിക്ക് ആഘാതമേല്‍പ്പിച്ചുകൊണ്ട് കമ്യൂണിസ്റ്റ്പാര്‍ടി മുന്നേറ്റം നടത്തി. ഭരണകക്ഷി വ്യാപകമായി കൃത്രിമം നടത്തിയതിനുശേഷമാണ് മുഖം രക്ഷിക്കുന്ന കേവലവിജയം നേടിയത് എന്നതും ഓര്‍ക്കണം.

അവഗണിക്കാനാകാത്ത ശക്തിയായി കമ്യൂണിസ്റ്റ്പാര്‍ടി ഉയര്‍ന്നുവരുന്നതിന്റെ ചിത്രമാണ് ഇറ്റലിയില്‍ തെളിയുന്നത്. പശ്ചിമയൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ ഏറ്റവും പ്രബലമായ കമ്യൂണിസ്റ്റ്പാര്‍ടി ഉണ്ടായിരുന്ന രാജ്യമാണ് ഇറ്റലി. മുസോളിനിയുടെ ഫാസിസ്റ്റ് വാഴ്ചയ്ക്കെതിരെ പൊരുതി രക്തസാക്ഷിത്വം വരിച്ച ധീരന്മാരുടെ പാരമ്പര്യമുള്ള അവിടത്തെ "പാര്‍ടി ഓഫ് ഇറ്റാലിയന്‍ കമ്യൂണിസ്റ്റ്സി"ല്‍ അംഗസംഖ്യ തീവ്രവേഗത്തില്‍ വര്‍ധിക്കുന്നു. കത്തോലിക്കാസഭ അടക്കമുള്ള എല്ലാ ശക്തികളും സംയുക്തമായി എതിര്‍ത്തിട്ടും എഴുപതുകളില്‍ മുപ്പത്തഞ്ചുശതമാനം വോട്ടുനേടിയ ആ പാര്‍ടി 91ല്‍ ഒരു പ്രതിസന്ധി നേരിട്ടിരുന്നു. 98ല്‍ ഒരു വിഭാഗം സോഷ്യലിസ്റ്റ്പാര്‍ടിയായി ഭിന്നിച്ചുമാറി. ആ ക്ഷീണത്തെ അതിജീവിച്ച് കമ്യൂണിസ്റ്റ്പാര്‍ടി അവിടെ വന്‍മുന്നേറ്റം നടത്തുകയാണിന്ന്. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുവേളയില്‍ ഇറ്റാലിയന്‍ കമ്യൂണിസ്റ്റ്പാര്‍ടി മുന്‍കൈയെടുത്ത് രൂപീകരിച്ച സഖ്യം സാന്നിധ്യം തെളിയിച്ചു. അത് നിര്‍ണായകശക്തിയായി വളരുകയാണിന്ന്.

ഇതിനെല്ലാമിടയിലാണ് ഇംഗ്ലണ്ടിന്റെ മൂക്കിനുതാഴെ ഇടതുപക്ഷം വിജയം നേടിയത്. ഇടതുപക്ഷക്കാരനായ മിഖായേല്‍ ഡി ഹിഗിന്‍സ് അയര്‍ലണ്ടിലെ ഒമ്പതാമത് പ്രസിഡന്റായി. അയര്‍ലന്‍ഡിലെ മധ്യ ഇടതുപക്ഷപാര്‍ടിയാണ് ലേബര്‍പാര്‍ടി. അതിന്റെ നേതാവാണ് പ്രസിഡന്റായത്. കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ ക്രൊയേഷ്യ, സ്ലൊവേനിയ എന്നിവിടങ്ങളില്‍ നടന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വലതുപക്ഷത്തെ പരാജയപ്പെടുത്തി ഇടതുപക്ഷ-മധ്യ ഇടതുപക്ഷങ്ങള്‍ അധികാരത്തില്‍ വന്നതും അടുത്തിടെയാണ്. ക്രൊയേഷ്യയില്‍ 151 അംഗ പാര്‍ലമെന്റില്‍ ഇടതുപക്ഷസഖ്യത്തിന് 77 സീറ്റുകള്‍ ലഭിച്ചു. സെറോന്‍ മിലാനോവിച്ച് അവിടെ പ്രധാനമന്ത്രിയായി. യാഥാസ്ഥിതിക വലതുപക്ഷ ഭരണകക്ഷിയായ ക്രൊയേഷ്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ 47 സീറ്റില്‍ ഒതുങ്ങി. സ്ലൊവേനിയയിലാകട്ടെ, മധ്യവലതുപക്ഷ സ്ലൊവേനിയന്‍ ഡെമോക്രാറ്റിക് പാര്‍ടിയെ പിന്നിലാക്കിക്കൊണ്ടാണ് "പോസിറ്റീവ് സ്ലോവേനിയ" എന്ന മധ്യ ഇടതുപക്ഷപാര്‍ടി വിജയിച്ചത്. 2008ല്‍ 30 ശതമാനം വോട്ടോടെ അധികാരം പിടിച്ചവരാണ് 26.22 ശതമാനത്തിലേക്ക് താണത്. പോസിറ്റീവ് സ്ലോവേനിയ 28.62 ശതമാനം നേടിയാണ് അധികാരത്തിലെത്തിയത്.

സാമ്പത്തിക നടപടികളിലൂടെ ലോകത്തെയാകെ തങ്ങളുടെ ആധിപത്യത്തിന് കീഴിലാക്കാമെന്ന അമേരിക്കയുടെ ഹുങ്കിനും ഇതിനിടെ ആഘാതമേറ്റു. ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണ്യനിധിയുടെയും ലോകവ്യാപാരസംഘടനയുടെയും തണലില്ലാതെ അന്താരാഷ്ട്ര സാമ്പത്തികസഹകരണം സാധ്യമാക്കാം എന്ന് "ബൊളിവേറിയന്‍ ആള്‍ട്ടര്‍നേറ്റീവ്സ് ഫോര്‍ ദ പീപ്പിള്‍" എന്ന ബദല്‍ സംവിധാനം തെളിയിച്ചു. ആഗോളവല്‍ക്കരണത്തിന്റെ സാമ്പത്തിക മാതൃകകള്‍ക്കുള്ള ബദല്‍ വികസ്വരരാഷ്ട്രങ്ങളുടെ പരസ്പര സഹകരണത്തിലൂടെ സാധ്യമാക്കുന്ന ഒന്നാണ് "അല്‍ബ" എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സംവിധാനം. ലോകബാങ്കിനെ ആശ്രയിക്കാതെ വായ്പകള്‍ ലഭ്യമാക്കുന്ന സംവിധാനമുള്ള "സൗത്ത് ബാങ്ക്" ലാറ്റിനമേരിക്കന്‍ മുന്‍കൈയോടെ സ്ഥാപിതമായി. അമേരിക്കന്‍ സാമ്രാജ്യത്വനയങ്ങളെ നേരിടാനുള്ള രാഷ്ട്രീയ പ്ലാറ്റ്ഫോമായി യൂണിയന്‍ ഓഫ് സൗത്ത് അമേരിക്കന്‍ നേഷന്‍സ് ഉയര്‍ന്നുവരുന്നു.
ഒരുവശത്ത് ഇതൊക്കെ നടക്കുമ്പോള്‍ മറുവശത്ത്, മുതലാളിത്തത്തിനെതിരായ ജനകീയപ്രക്ഷോഭം മുതലാളിത്ത രാജ്യങ്ങളില്‍തന്നെ കത്തിപ്പടരുന്നു. 99 ശതമാനത്തിന്റെ ജീവനോപാധികള്‍ കവര്‍ന്നെടുത്ത് ഒരു ശതമാനത്തെ കൊഴുപ്പിക്കുന്നതിനെതിരെയുള്ള മുദ്രാവാക്യവുമായി തുടങ്ങിയ വാള്‍സ്ട്രീറ്റ് പ്രക്ഷോഭം ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍നിന്ന് ലോസ്ആഞ്ചലസിലേക്കും സാന്‍ഫ്രാന്‍സിസ്കോയിലേക്കും ചിക്കാഗോയിലേക്കും ബോസ്റ്റണിലേക്കും എന്നുവേണ്ട, എല്ലാ യുഎസ് നഗരങ്ങളിലേക്കും പടര്‍ന്നുപിടിക്കുന്നത് ലോകംകണ്ടു. അവിടെനിന്ന് ബ്രിട്ടന്‍ , ഫ്രാന്‍സ്, സ്പെയിന്‍ , ജര്‍മനി, ഇറ്റലി, ഗ്രീസ്, പോര്‍ച്ചുഗല്‍ എന്നിങ്ങനെ 80ല്‍പരം രാജ്യങ്ങളിലേക്കാണ് അത് പടര്‍ന്നുപിടിച്ചത്. മുതലാളിത്തത്തിനെതിരായ ഈ ജനവേലിയേറ്റം പലയിടത്തും ഉയര്‍ത്തിയത് മാര്‍ക്സിസത്തിലേക്ക് തിരിയുക എന്ന പ്ലക്കാര്‍ഡാണ്. പൊതുമേഖലയെ നഖശിഖാന്തം എതിര്‍ത്തുപോരുന്ന അമേരിക്ക തന്നെയും സാമ്പത്തിക മാന്ദ്യം രൂക്ഷമായ ഘട്ടത്തില്‍ ഫെഡറല്‍ റിസര്‍വില്‍ നിന്നുള്ള ധനം പ്രതിസന്ധിയിലായ സ്ഥാപനങ്ങളെ കരകയറ്റാന്‍ വഴിതിരിച്ചുവിടുന്ന വൈരുധ്യവും ഇതിനിടെ പ്രകടമായി.

ഗ്രീസ്, യൂറോപ്യന്‍ യൂണിയന്‍ വിട്ടു പുറത്തുവരണം എന്ന മുദ്രാവാക്യവുമായി തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കുമെതിരെ ഗ്രീസിലുയര്‍ന്ന 48 മണിക്കൂര്‍ പണിമുടക്കും ജനലക്ഷങ്ങളുടെ റാലിയും പാപെന്‍ദ്ര്യൂ സര്‍ക്കാരിനെ കിടിലംകൊള്ളിക്കുന്നത് ലോകം കണ്ടു. ഗ്രീസിലേതുപോലെ ഇറ്റലിയിലും ജനകീയപ്രക്ഷോഭങ്ങള്‍ മുതലാളിത്ത നയത്തിനെതിരായ മുന്നേറ്റങ്ങളായി. ഒക്ടോബര്‍ 15ന് റോമില്‍ നടന്ന പടുകൂറ്റന്‍ റാലിയുടെ രാഷ്ട്രീയ ഉള്ളടക്കം മുതലാളിത്തത്തെ നിരാകരിക്കുക എന്നതായിരുന്നു.

ഇങ്ങനെ മുതലാളിത്ത ലോകമാകെ സാമ്പത്തികത്തകര്‍ച്ചയിലും ജനകീയപ്രക്ഷോഭത്തിലുംപെട്ട് ഉലയുകയും പല രാജ്യങ്ങളും ഇടതുപക്ഷരാഷ്ട്രീയത്തെ പ്രശ്നപരിഹാരത്തിന്റെ പാതയായി കണ്ടെത്തുകയും ചെയ്യുന്ന സാര്‍വദേശീയാന്തരീക്ഷമാണ് 91ലെ സോവിയറ്റ് തകര്‍ച്ചയ്ക്കുശേഷമുള്ള രണ്ടുപതിറ്റാണ്ടുകള്‍ക്കിപ്പുറത്ത് തെളിയുന്നത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മാര്‍ക്സിസം-ലെനിനിസത്തിന്റെ തകര്‍ച്ചയായിരുന്നില്ല എന്ന പാഠം ലോകം വായിച്ചെടുക്കുകയാണിന്ന്. സോഷ്യലിസ്റ്റ് വ്യവസ്ഥകള്‍ക്കേറ്റ പിന്നോട്ടടി മാര്‍ക്സിസം-ലെനിനിസത്തിന്റെ പ്രസക്തി ഇല്ലാതാക്കുന്നുവെന്ന വാദം നിരാകരിച്ചുകൊണ്ട് സിപിഐ എം അതിന്റെ 14-ാം പാര്‍ടി കോണ്‍ഗ്രസിന്റെ പ്രമേയത്തില്‍ വ്യക്തമാക്കിയ കാര്യം - സോഷ്യലിസത്തിന്റെ പരാജയമല്ല, മറിച്ച് അത് നടപ്പാക്കിയ രീതിയിലെ തകരാറുകളാണ് പ്രശ്നത്തിന് കാരണം എന്ന കാര്യം- ഇരുപതാം പാര്‍ടി കോണ്‍ഗ്രസിന്റെ ഘട്ടത്തില്‍ ശരി എന്ന് ലോകം തെളിയിക്കുകയാണ്. സോഷ്യലിസം തകര്‍ന്നു; ഇനി മുതലാളിത്തംമാത്രമാണ് ലോകത്തിന്റെ ആശ്രയം എന്ന മുദ്രാവാക്യം മുതലാളിത്തത്തിന്റെ തലസ്ഥാനമായ അമേരിക്കയില്‍പോലും ആര്‍ക്കും ഉയര്‍ത്താനാവാത്ത സ്ഥിതി വന്നിരിക്കുന്നു. അതുകൊണ്ടുതന്നെയാണ് മാര്‍ക്സിസത്തിലേക്ക് ലോകമിന്ന് വീണ്ടും തിരിയുന്നത്. ശാസ്ത്രീയ സോഷ്യലിസത്തിന്റെ പാഠങ്ങളെ ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെയാണ് 21-ാം നൂറ്റാണ്ടില്‍ ഏറ്റവും പഠിക്കപ്പെടുക മാര്‍ക്സാവും എന്ന് "ന്യൂയോര്‍ക്കര്‍" മാസികയ്ക്ക് എഴുതേണ്ടിവരുന്നത്.

ഐന്‍സ്റ്റീനെയും ന്യൂട്ടനെയും ഡാര്‍വിനെയും പിന്നിലാക്കിക്കൊണ്ട് സഹസ്രാബ്ദഘട്ടത്തിലെ ഏറ്റവും വലിയ ചിന്തകനായി മാര്‍ക്സിനെ ബിബിസി തെരഞ്ഞെടുക്കുന്നത്. "എന്തുകൊണ്ട് മാര്‍ക്സ് ശരി" എന്ന ടെറി ഈഗിള്‍ടന്റെ പുസ്തകങ്ങളുടെ ആയിരക്കണക്കിന് പുതിയ പതിപ്പുകള്‍ ഇറങ്ങുന്നത്. മാര്‍ക്സിന്റെ ജീവിതകഥ നാഷണല്‍ ബുക്ക് അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ സ്ഥാനമുറപ്പിക്കുന്നത്. മുതലാളിത്ത ലോകത്തുപോലും മാര്‍ക്സ് ആരാധ്യനായി ഉയര്‍ന്നുവരുന്ന ഘട്ടത്തിലാണ് ഇന്ത്യയില്‍ സിപിഐ എമ്മിന്റെ ഇരുപതാം പാര്‍ടികോണ്‍ഗ്രസ് എന്നത് ചരിത്രത്തിന്റെ ധന്യത!

*
പ്രഭാവര്‍മ ദേശാഭിമാനി 09 ഡിസംബര്‍ 2011