Monday, June 29, 2009

അരിയുടെ വില, അധികാരത്തിന്റെയും

ഏകദേശം 500 കോടി രൂപയുടെ ആസ്തിക്ക് ഉടമകളായവർ ഉള്‍പ്പെടുന്ന ഒരു മന്ത്രിസഭ അധികാരമേറ്റിരിക്കുകയാണ്. ഒരു മന്ത്രിക്ക് ശരാശരി ഏഴരക്കോടി രൂപ ആസ്തി ഉണ്ടായിരിക്കെ, ഈ മന്ത്രിസഭ എങ്ങിനെ ദരിദ്രരുടേയും, ഭക്ഷണമില്ലാത്തവരുടെയും വികാരങ്ങൾ ഉൾക്കൊള്ളും എന്നത് നിരീക്ഷിക്കുക വൃഥാവ്യായാമമാവുകയില്ല. ഭാരതത്തിലങ്ങോളമിങ്ങോളമായി പ്രവര്‍ത്തിക്കുന്ന 1200 സിവില്‍ സൊസൈറ്റി സംഘടനകള്‍ അടങ്ങിയ “നാഷണല്‍ ഇലക്ഷന്‍ വാച്ച്“ വളരെ ബുദ്ധിമുട്ടി കണക്കു കൂട്ടിയെടുത്ത ആ അഞ്ഞൂറു കോടി രൂപ 79 മന്ത്രിമാരില്‍ 64 പേരുടെ കണക്കില്‍ പെട്ടതാണ്. രാജ്യസഭാംഗങ്ങളായ, ബാക്കിയുള്ള 15 മന്ത്രിമാരുടെ പുതിയ സ്വത്ത് വിവരങ്ങള്‍ ഇനിയും കണക്ക് കൂട്ടിയെടുക്കേണ്ടതുണ്ട്. ഇതിലെ 5 മന്ത്രിമാരുടെ ആസ്തി തന്നെ 200 കോടി വരുമെന്നിരിക്കെ, ഈ സംഖ്യകള്‍ അല്പം അയഥാർത്ഥമാണോ? നാഷണല്‍ ഇലക്ഷന്‍ വാച്ച് പറയുന്നത് മറ്റു മന്ത്രിമാര്‍ ദരിദ്രരൊന്നുമല്ല എന്നാണ്. 64ല്‍ 47 പേര്‍ കോടിപതികളാണ്. മറ്റു 15 പേരുടെ വിവരങ്ങൾ ലഭ്യമാകുമ്പോള്‍ അവയും മേൽ സൂചിപ്പിച്ചിരിക്കുന്ന കണക്കുകളെ വലിയ രീതിയിലൊന്നും ബാധിക്കാൻ പോകുന്നില്ല.

അങ്ങിനെ ഇവരെല്ലാം ചേര്‍ന്ന് 836 ദശലക്ഷം വരുന്ന ഇന്ത്യക്കാരുടെ,( National Commission for Enterprises in the Unorganised Sector ന്റെ ആഗസ്റ്റ് 2007ലെ റിപ്പോര്‍ട്ട് പ്രകാരം ദിവസേന 20 രൂപയില്‍ താഴെ മാത്രം ലഭിക്കുന്ന ഇന്ത്യക്കാരുടെ) ഭാവി എന്തായിരിക്കണം എന്ന് തീരുമാനിക്കാന്‍ പോവുകയാണ്. ശരാശരി 5.1 കോടി ആസ്തിയുള്ള എം.പിമാര്‍ നിറഞ്ഞ ഒരു പാര്‍ലമെന്റില്‍ ഈ വെല്ലുവിളി ഉയരാന്‍ പോവുകയാണ്. 543 എം.പിമാരില്‍ 60-70 പേര്‍ സാമാന്യേന വളരെ കുറഞ്ഞ ആസ്തിയുള്ളവരായതിനാല്‍, മുന്നെ പറഞ്ഞ ശരാശരി ആസ്തിക്കണക്ക് തന്നെ അത്ര കൃത്യമായി യഥാര്‍ഥനില പ്രതിഫലിപ്പിക്കുന്നതുമല്ല. പലരും എം.പി.എന്ന നിലയ്ക്കുള്ള തങ്ങളുടെ ആദ്യ അവസരത്തില്‍ തന്നെ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരുമാണ് എന്നതാണിതിന്റെ മറുവശം.

വളരെ സങ്കീര്‍ണ്ണവും, പല മാനങ്ങളുള്ളതുമായ ഈ ജനവിധിക്കു പിന്നില്‍ അനവധി ഘടകങ്ങളുണ്ടെങ്കിലും അതിലൊരെണ്ണം വളരെ വ്യക്തമാണെന്ന് പറയാം: ജനക്ഷേമ നടപടികള്‍ക്ക് - പ്രത്യേകിച്ച് കുറഞ്ഞ വിലയ്ക്കുള്ള അരിക്കും തൊഴിലിനും- ഊന്നല്‍ നല്‍കിയ സര്‍ക്കാരുകളില്‍ മിക്കവയും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി. ഏത് പാര്‍ട്ടിയാണ് ആ സര്‍ക്കാരുകളെ നയിച്ചിരുന്നത് എന്നത് പ്രസക്തമായിരുന്നില്ല. കോണ്‍ഗ്രസ്, ബി.ജെ.പി, ബി.ജെ.ഡി, ഡി.എം.കെ അല്ലെങ്കില്‍ മറ്റുള്ളവ ഒക്കെ ഇതില്‍ പെടുന്നു. ഈ ജനക്ഷേമ നടപടികളില്‍ ചിലത് തങ്ങളുടെ സര്‍ക്കാരിനു കൂട്ടത്തോടെ ചെന്ന് വോട്ട് ചെയ്യുവാന്‍ വോട്ടര്‍മാരെ പ്രേരിപ്പിച്ചുകാണുകയില്ല. എങ്കിലും, വിശന്നു പൊരിയുന്ന ഒരു രാജ്യത്ത് വോട്ടര്‍മാരില്‍ കാണുന്ന (സര്‍ക്കാരുകളോടുള്ള) ശത്രുതാ മനോഭാവത്തില്‍, ഇവ കുറവു വരുത്തിയിട്ടുണ്ട്. മധുര സ്വാമിനാഥന്‍ സൂചിപ്പിക്കുന്നതുപോലെ “ ലോകത്തില്‍ ഒരു രാജ്യവും സ്ഥിരമായി ദാരിദ്ര്യത്തില്‍ ജീവിക്കുന്നവരുടെ എണ്ണത്തില്‍ ഭാരതത്തിനു അടുത്തെത്തുകയില്ല. എഫ്.എ. ഒയുടെ കണക്കുകള്‍ ഇത് ശരിവെക്കുന്നുമുണ്ട്.

പട്ടിണിക്കാരന്‍ ശരിക്കും ബുദ്ധിമുട്ടിക്കാണണം. ഭക്ഷ്യവസ്തുക്കളുടെ വില അഞ്ച് വര്‍ഷമായി കുത്തനെ ഉയരുകയായിരുന്നു. കഴിഞ്ഞ ദശകങ്ങളിലെ തന്നെ ഏറ്റവും മോശമായ കാലഘട്ടം. 2004നും 2008നും ഇടക്ക് അരിയുടെ വില 45 ശതമാനത്തിലധികവും ഗോതമ്പിന്റെ വില 60 ശതമാനത്തിലധികവും വര്‍ദ്ധിച്ചു. ആട്ട, ഭക്ഷ്യ എണ്ണ, പാല്‍, എന്തിന് ഉപ്പിന്റെ പോലും വിലകളില്‍ 30 മുതല്‍ 40 ശതമാനം വരെ വര്‍ദ്ധനവുണ്ടായി. താഴ്ന്ന അല്ലെങ്കില്‍ പൂജ്യത്തോടടുത്ത പണപ്പെരുപ്പ നിരക്ക് ഭക്ഷ്യവിലകളില്‍ ഒരു കുറവും ഉണ്ടാക്കിയില്ല. പട്ടിണിയും, കുറഞ്ഞ വിലക്കുള്ള ആഹാരവും തെരഞ്ഞെടുപ്പിലെ പ്രധാനവിഷയമായി മാധ്യമങ്ങള്‍ കണ്ടില്ല. ഇത് ഈ വിഷയത്തിലുപരി അവരെത്തന്നെയാണ് തുറന്നു കാട്ടുന്നത്.

സൌജന്യമായി കളര്‍ ടെലിവിഷനുകള്‍ നല്‍കിയ ഡി.എം.കെയുടെ നടപടി - ഇതിനു പരിഹാസ്യമായ രീതിയില്‍ മാധ്യമശ്രദ്ധയും ലഭിച്ചു- 2008 സെപ്തംബര്‍ മുതല്‍ റേഷന്‍ കാര്‍ഡുള്ള എല്ലാവര്‍ക്കും, ദാരിദ്ര്യരേഖക്ക് താഴെയോ മുകളിലോ എന്ന വ്യത്യാസമില്ലാതെ, കിലോവിനു ഒരു രൂപ നിരക്കില്‍ 20 കിലോ അരി നല്‍കിവന്നിരുന്ന നടപടിയെ അപേക്ഷിച്ച് തീര്‍ത്തും അപ്രധാനമായിരുന്നു. കിലോവിനു രണ്ടു രൂപ നിരക്കില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തമിഴ്‌നാട്ടില്‍ അരി വിതരണം നടക്കുന്നുമുണ്ടായിരുന്നു. അതുപോലെത്തന്നെ ദേശീയ തൊഴിലുറപ്പ് പദ്ധതി അവിടെ നല്ല രീതിയില്‍ നടപ്പിലാക്കുകയും ചെയ്തു. ഈ രണ്ട് രീതിയിലും സംസ്ഥാന സര്‍ക്കാര്‍ നേട്ടമുണ്ടാക്കി.

ആന്ധ്രപ്രദേശിലാകട്ടെ, തമിഴ്‌നാട്ടിലേതു പോലെ, വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം എന്ന കക്ഷിയുടെ സാന്നിദ്ധ്യത്തിന്റെ ഗുണം ലഭിച്ചവരാണ്. പ്രജാരാജ്യം കോണ്‍ഗ്രസ് വിരുദ്ധ വോട്ടുകള്‍ നേടുകയും അതുവഴി കോണ്‍ഗ്രസിന്റെ എതിരാളികളായ തെലുഗുദേശത്തെ ക്ഷീണിപ്പിക്കുകയും ചെയ്തു. പക്ഷെ ആറു ലക്ഷത്തോളം ബി പി എൽ റേഷന്‍ കാര്‍ഡുകള്‍ പുനസ്ഥാപിക്കുകയും ധാരാളം പുതിയവ വിതരണം ചെയ്യുകയും ചെയ്ത ഒരു സര്‍ക്കാരായിരുന്നു വൈ.എസ്.ആറിന്റെത്. (ഹിന്ദു സെപ്തംബര്‍ 29, 2005) ചന്ദ്രബാബു നായിഡുവിന്റെ സര്‍ക്കാരാകട്ടെ ഒന്‍പതു വര്‍ഷ കാലയളവില്‍ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വരെ ഒരു കാര്‍ഡ് പോലും വിതരണം ചെയ്തിരുന്നില്ല. അതും, ദാരിദ്ര്യവും വിശപ്പും നഗരങ്ങളില്‍ പോലും ഒരു പ്രധാന വിഷയമായ സംസ്ഥാനത്തില്‍. ചന്ദ്രബാബു നായിഡുവിന്റെ ഭാര്യാപിതാവായ അന്നത്തെ മുഖ്യമന്ത്രി എന്‍.ടി.രാമറാവു രണ്ടു രൂപ നിരക്കില്‍ അരി വിതരണം തുടങ്ങി വെച്ച സംസ്ഥാനമായിരുന്നു ആന്ധപ്രദേശ്. എന്‍.ടി.ആറിന്റെ വ്യക്തിപ്രഭാവത്തിന്റെ കാര്യത്തില്‍ സംശയമൊന്നുമില്ല .എങ്കിലും കിലോക്ക് രണ്ടു രൂപ നിരക്കില്‍ നല്‍കിയ അരി, മറ്റേത് ഘടകങ്ങളേക്കാളും അധികമായി വോട്ടായി മാറി.

ദേശീയ തെരഞ്ഞെടുപ്പിനു ഒരു വര്‍ഷം മുന്‍പ് കിലോക്ക് രണ്ടു രൂപ നിരക്കില്‍ അരി എന്നത് പുനസ്ഥാപിച്ചപ്പോൾ രാജശേഖര റെഡ്ഡി തെലുഗുദേശത്തിന്റെ ഉടയാടകള്‍ തന്നെ കയ്യടക്കുകയായിരുന്നു. ഒരാള്‍ക്ക് നാലുകിലോ അല്ലെങ്കില്‍ അഞ്ചുപേരുള്ള കുടുംബത്തിനു 20 കിലോ എന്ന കണക്കിലായിരുന്നു ഈ നടപടി. മുന്‍ തലമുറയില്‍പ്പെട്ട കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.ടി.ആറിന്റെ നടപടിയെ “പണച്ചിലവുള്ള തരികിട”യായി വിശേഷിപ്പിച്ചിരുന്നു. എങ്കിലും ഡോ. റെഡ്ഡി അല്പം വിവേകപൂര്‍വമായ നിലപാട് സ്വീകരിക്കുകയും അതില്‍ നിന്ന് നേട്ടമുണ്ടാക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ ഒരു മറയുമില്ലാതെ പ്രശംസിച്ച നായിഡുവിന്റെ ഭരണകാലയളവില്‍, ജനങ്ങൾ വെള്ളക്കരം, വൈദ്യുതിചാർജ്ജ്, ഭക്ഷ്യവസ്തുക്കൾ മറ്റു അവശ്യസാധനങ്ങൾ എന്നിവയുടെ വിലയിലുമുണ്ടായ വമ്പന്‍ വര്‍ദ്ധനവിന്റെ ആഘാതം ഏറ്റുവാങ്ങുകയായിരുന്നു. 2009ൽ പോലും മുന്‍‌കാല ചെയ്തികള്‍ തനിക്കുണ്ടാക്കിയ ദോഷം പരിഹരിക്കാനോ വിശ്വാസ്യത വീണ്ടെടുക്കാനോ നായിഡുവിനു കഴിഞ്ഞിട്ടില്ല.

അദ്ദേഹത്തിന്റെ എതിരാളിയാകട്ടെ നല്ല രീതിയില്‍ ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കി. മഹ്ബൂബ് നഗര്‍ എന്ന അവികസിത ജില്ലയിൽ നിന്ന് ദുരിതം മൂലം പാലായനം ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായി. പലര്‍ക്കും തങ്ങളുടെ ചുറ്റുവട്ടത്തിൽ തന്നെ പണികൾ കണ്ടെത്താനായി.( 2008 മെയ് 31 ലെ ഹിന്ദു റിപ്പോർട്ട് കാണുക). അക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ വില കുതിച്ചു കയറുകയായിരുന്നു. പ്രതിമാസം ലഭിക്കുന്ന 200 രൂപായുടെ വാർദ്ധക്യ കാല പെൻഷൻ കൊണ്ട് തങ്ങളുടെ ഭക്ഷ്യാവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ 70 വയസ്സു കഴിഞ്ഞവർ പോലും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ജോലി തേടി എത്തിയിരുന്നു. പെൻഷനുകൾ തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികൾ പരിഷ്ക്കരിക്കുന്ന കാര്യത്തിലും ആന്ധ്ര സർക്കാർ ചില നല്ല കാര്യങ്ങൾ ചെയ്തത് കാണാതിരുന്നു കൂടാ. ആ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഏകദേശം 1.8 ദശലക്ഷം ആളുകള്‍ക്കായിരുന്നു പ്രതിമാസം 75 രൂപ എന്ന നിരക്കിൽ വാർദ്ധക്യ കാല/ വിധവ/ വികലാംഗ പെൻഷനുകൾ ലഭിച്ചു വന്നിരുന്നത്. രാജശേഖര റെഡ്ഡി സർക്കാർ വികലാംഗ പെൻഷൻ പ്രതിമാസം 500 രൂപയായും മറ്റു പെൻഷനുകൾ 200 രൂപയായും വർദ്ധിപ്പിച്ചുവെന്നു മാത്രമല്ല ഏതാണ്ട് 4 ഇരട്ടി ആളുകൾക്ക്, അതായത് 7.2 ദശലക്ഷം ആളുകൾക്ക് അവ നൽകാൻ നടപടിയെടുക്കുകയുമുണ്ടായി.ആന്ധ്ര സർക്കാർ സ്‌ത്രീകൾക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള പെൻഷൻ പദ്ധതികളും മറ്റു സംസ്ഥാനങ്ങൾ നടപ്പിലാക്കിയ പദ്ധതികളേക്കാൾ വളരെ മെച്ചമേറിയവയാണ്.

ഒറീസ്സയിൽ, നവീൻ പട്നായിക്ക് വളരെ സമർത്ഥമായാണ് തന്റെ ഓരോ നീക്കവും നടത്തിയത്. ബി ജെ പി യെ ഒഴിവാക്കുന്നതിലും കോൺഗ്രസ്സിനെ ഒറ്റപ്പെടുത്തന്നതിലും ആ സാമർത്ഥ്യം നാം ദർശിച്ചു. പക്ഷെ അദ്ദേഹവും കുറഞ്ഞ നിരക്കിൽ അരി നൽകുന്നതിലൂടെ വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. കലഹന്ദി-ബൊലാംഗീർ- കോറാപ്പുട്ട് തുടങ്ങിയ “കത്തുന്ന വിശപ്പിന്റെ പ്രദേങ്ങളിൽ” 2008 ന്റെ മദ്ധ്യം മുതൽ തന്നെ കിലോക്ക് 2 രൂപാ എന്ന നിരക്കിൽ ഓരോ കുടുംബത്തിനും 25 കിലോ അരി നൽകി വരുന്നുണ്ട്. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഈ ആനുകൂല്യം ബിപി‌എൽ കുടുബങ്ങൾക്കായി പരിമിതപ്പെടുത്തിയിരുന്നു. കെ ബി കെ ജില്ലകളിലെ ഏറ്റവും ദരിദ്രരായ പട്ടിണിപ്പാവങ്ങൾക്ക്, ഇതു കൂടാതെ 10 കിലോ അരി സൌജന്യമായും സർക്കാർ നൽകിയിരുന്നു. പട്ടിണി മരണങ്ങൾ ഉണ്ടാകാതെ തടയുന്നതിൽ ഇത് വളരെ ഏറെ സഹായിച്ചിട്ടുണ്ട്. കൂടുതൽ കൂടുതൽ ആളുകളെ വിവിധ പെൻഷൻ പദ്ധതികളുടെയും ദരിദ്ര ജനവിഭാഗങ്ങൾക്കായുള്ള ഗൃഹ നിർമ്മാണ പദ്ധതികളുടേയും ഗുണഭോക്താക്കളാക്കുന്നതിലും പട്നായിക്ക് വിജയിച്ചിട്ടുണ്ട്. ( മാത്രമല്ല, ഇലക്ഷനു തൊട്ടുമുമ്പ് ആറാം ശമ്പളക്കമീഷൻ ശുപർശകൾ നടപ്പിലാക്കിയതിലൂടെ മദ്ധ്യവർഗ്ഗക്കാരെ തന്നോടൊപ്പം നിർത്തുന്നതിലും നവീൻ പട്നായിക്ക് വിജയിച്ചു.)

തീർച്ചയായും, ഈ വിഷയങ്ങൾ മാത്രമായിരുന്നില്ല തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ ജനങ്ങൾക്ക് മുമ്പാകെ ഉണ്ടായിരുന്നത്, പക്ഷെ ഇവ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്.( വൈ എസ് രാജശേഖര റെഡ്ഡിയുടേയും നവീൻ പട്നായിക്കിന്റേയും കാര്യത്തിൽ അവരെ സഹായിച്ച ഒരു ഘടകമുണ്ട്. രണ്ടു സംസ്ഥാനങ്ങളിലേയും നേട്ടങ്ങൾ വളരെ പ്രകടവും ദൃശ്യഗോചരവുമായിരുന്നു. എന്നാൽ കോട്ടങ്ങൾ-വലിയ തോതിലുള്ള മാനവ പറിച്ചു നടൽ (human displacement), സ്പെഷ്യൽ എക്കണോമിക് സോണുകൾ, അപായകരമായ ഖനന പദ്ധതികൾ തുടങ്ങി അത്യന്തം സ്ഫോടനാത്മകമായവ) - പൈപ്പ് ലൈനിലായിരുന്നതിനാൽ അത്ര ദൃശ്യഗോചരമല്ലായിരുന്നു. ദുരന്തങ്ങൾ വരാനിരിക്കുന്നതേ ഉള്ളൂ... ഈ നയങ്ങൾ തിരുത്തിയില്ലെങ്കിൽ, അടുത്ത രണ്ടു മൂന്നു കൊല്ലത്തിനകം അവ സംഭവിക്കാം.

ഛത്തീസ്‌ഗഢിലാവട്ടെ, ചില മേഖലകളിലെ സർക്കാർ നയങ്ങൾ വളരെയേറെ പ്രതിലോമകരമാണ് എങ്കിൽ കൂടി, മുഖ്യമന്ത്രി രമൺ സിംഗ് വ്യക്തിപരമായ താൽ‌പ്പര്യമെടുത്ത് ഓരോ കുടുംബത്തിനും കിലോയ്ക്ക് 3 രൂപാ നിരക്കിൽ 35 കിലോഗ്രാം അരി നൽകുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി. എന്നു മാത്രമല്ല, ഏകദേശം 20.8 ദശലക്ഷം മാത്രം ജനസംഖ്യയുള്ള ( 2001 ലെ കാനേഷുമാരി അനുസരിച്ച്) സംസ്ഥാനത്തിലെ 15 ദശലക്ഷം വരുന്ന ജനവിഭാഗം ദാരിദ്ര്യ രേഖയ്ക്ക് കീഴെ വരുന്നവരാണെന്ന് അദ്ദേഹത്തിന്റെ സർക്കാർ ഏകപക്ഷീയമായി പ്രഖ്യാപിച്ചു. അതായത് സംസ്ഥാനത്തെ ഏതാണ്ട് 70 ശതമാനം ജനങ്ങൾ ബി പി എൽ വിഭാഗത്തിൽ വരുമത്രെ. ഇപ്രകാരം ചെയ്തത് 2008 ലെ നിയസഭ തെരെഞ്ഞെടുപ്പിനും വളരെ മാസങ്ങൾക്ക് മുമ്പാണ്. നിയമസഭാ തെരെഞ്ഞെടുപ്പിലും ലോൿസഭാ തെരെഞ്ഞെടുപ്പിലും ഇതു സർക്കാരിനെ വളരെ ഏറെ സഹായിച്ചു.

പശ്ചിമ ബംഗാളിലെ ഇടതു മുന്നണി രണ്ടു കാര്യത്തിലും പരാജയപ്പെട്ടു. കേന്ദ്ര പൂളിൽ നിന്നുള്ള ഭക്ഷ്യധാന്യ വിതരണം വൻ‌തോതിൽ വെട്ടിക്കുറയ്ക്കപ്പെട്ടതിനെത്തുടർന്ന് സംസ്ഥാനത്ത് റേഷൻ ഷോപ്പുകൾ കവർച്ച ചെയ്യുന്ന സ്ഥിതിയുണ്ടായി. ഏറ്റവും കൂടുതൽ അരി ഉൽ‌പ്പാദിപ്പിക്കുന്ന സംസ്ഥാനമായിട്ടുപോലും പശ്ചിമ ബംഗാളിൽ കുറഞ്ഞ വിലയ്ക്കുള്ള അരിവിതരണം ആരംഭിച്ചത് ഈ വർഷമാദ്യം മാത്രമാണ്. അതും വളരെ വൈമനസ്യത്തോടെയും വളരെ ഏറെ താമസിച്ചും. ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്ന കാര്യത്തിലും പശ്ചിമ ബംഗാൾ സർക്കാർ വളരെ പിന്നോക്കം പോയി. ഇടതു മുന്നണിക്കേറ്റ തിരിച്ചടിയിൽ വിശപ്പ് ഒരു വലിയ ഘടകമായിരുന്നു.

ഈ തെരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് ഭരണത്തിലുള്ളവർക്ക് എന്ത് പാഠങ്ങളാണ് ഉൾക്കൊള്ളുവാനുള്ളത്? കൂടുതൽ ഉദാരവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഉയർന്ന വിലകൾക്കും മറ്റു പരിഷ്ക്കാരങ്ങൾക്കുമെല്ലാം ജനങ്ങളുടെ മാൻഡേറ്റ് ലഭിച്ചുവെന്നാണോ അവർ കരുതേണ്ടത്? അതോ അരിയുടെ വിലയാണ് അധികാരത്തിന്റെ വില നിർണ്ണയിക്കുന്നതെന്നോ? ജോലിയും സുരക്ഷിതത്വവും വളരെ പ്രധാനപ്പെട്ടതാണെന്നല്ലേ അവർ മനസ്സിലാക്കേണ്ടത്? ഭക്ഷ്യധാന്യങ്ങളുടെ വിലയും കുറഞ്ഞ വിലയ്ക്കുള്ള അരിയും ഏകമാത്ര ഘടകമല്ലെങ്കിൽ കൂടി വളരെ പ്രധാനമാണ്. ഇതിനകം എടുത്തു കഴിഞ്ഞ നടപടികൾ കൊണ്ട് സർക്കാരുകൾക്ക് എല്ലാക്കാലത്തേക്കും നേട്ടങ്ങൾ കൈവരിക്കാനാകണമെന്നില്ല. എങ്കിലും ഈ പ്രക്രിയ ഒരു മുന്നോട്ടുള്ള പോക്കാണെന്ന് പറയാതെ വയ്യ. അത് ജനാഭിലാത്തെ കൂടുതൽ ഉയരങ്ങളിലേക്കെത്തിച്ചിരിക്കുകയാണ്. ഇതിൽ നിന്നൊരു തിരിച്ചുപോക്ക് ആത്മഹത്യാപരമായിരിക്കും.

*
പി സായ്‌നാഥ് എഴുതിയPrice of rice, price of powerഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ

പൊതുവിദ്യാലയങ്ങള്‍ക്ക് വര്‍ണരാജിയുടെ ധന്യത

കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെ ചരിത്രമെന്നത് നമ്മുടെ നാടിന്റെ സാമൂഹ്യചരിത്രം കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ ഏതെല്ലാം വിധം മാറിയെന്നതിന്റെ ചരിത്രം തന്നെയാണ്. ജീവിതത്തിന്റെ നാനാ മേഖലയിലും നാം പടുത്തുയര്‍ത്തിയ ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും ആരൂഢങ്ങള്‍ക്കൊപ്പമാണ് വിദ്യാഭ്യാസ സംവിധാനങ്ങളും വളര്‍ന്നു വന്നത്.

വളര്‍ച്ചയുടെ പടവുകള്‍

സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വിദ്യാഭ്യാസത്തെ പ്രധാന മുദ്രാവാക്യമാക്കി മാറ്റിയതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ എയ്‌ഡഡ് സ്‌കൂളുകളില്‍ കുട്ടികളെ പ്രവേശിപ്പിക്കാനുമുള്ള ശക്തമായ സമ്മര്‍ദ്ദം ഉയര്‍ന്നുവന്നു. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമുണ്ടായ വ്യവസായ വളര്‍ച്ച സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ നേടിയെടുക്കാന്‍ ആധുനിക വിദ്യാഭ്യാസം അനിവാര്യമാണെന്ന് വന്നു. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനവും തൊഴിലാളികളുടേയും കര്‍ഷകരുടേയും ബഹുജന പ്രസ്ഥാനങ്ങളും വിദ്യാഭ്യാസം വിമോചന മാര്‍ഗ്ഗമാണെന്ന ബോധം വളര്‍ത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ധനസഹായവും പാശ്ചാത്തല സൌകര്യവും നല്‍കാന്‍ സര്‍ക്കാരുകളും തയ്യാറായി. കീഴാള ജനവിഭാഗങ്ങളിലേക്കും സ്ത്രീകളിലേക്കുമെല്ലാം അതിന്റെ സ്വാധീനം വ്യാപിക്കുകയും ചെയ്തു. കേരളത്തിന്റെ സാക്ഷരതാ നിരക്ക് അഭിമാനകരമാം വളര്‍ന്നതിന്റെ പാശ്ചാത്തലമിതാണ്.

ഉപരിവര്‍ഗ്ഗത്തിന്റെ ജാഗരൂകത

മതസാമുദായിക ശക്തികളും സ്വന്തം താല്‍പര്യ സംരക്ഷണത്തിനായി ഇതേ സമയം വിദ്യാഭ്യാസ മേഖലയില്‍ ഇടപെടാനാരംഭിച്ചു. 1945ല്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ സ്വകാര്യ പ്രൈമറി വിദ്യാലയങ്ങള്‍ ഏറ്റെടുക്കാന്‍ നടത്തിയ ശ്രമങ്ങളും തിരുവിതാംകൂര്‍ കൊച്ചിയില്‍ പനമ്പിള്ളി ഗോവിന്ദമേനോന്‍ കൊണ്ടുവന്ന പ്രൈവറ്റ് സെക്കണ്ടറി സ്‌കൂള്‍ നിയമവും സ്‌കൂള്‍ മാനേജര്‍മാരുടെ ശക്തമായ എതിര്‍പ്പ് മൂലം പരാജയപ്പെട്ടു. കേരളപ്പിറവിക്ക് ശേഷം വിദ്യാഭ്യാസ രംഗത്തുണ്ടായ സമഗ്രമായ നിയമ നിര്‍മ്മാണ സന്ദര്‍ഭത്തിലും ഇതേ ശക്തികള്‍ തന്നെ അതിനെ അട്ടിമറിക്കാനായി രംഗത്തുവന്നു. കേരള വിദ്യാഭ്യാസ നിയമത്തിലെ ശക്തമായ എതിര്‍പ്പിന് വിധേയമായത് രണ്ടു വ്യവസ്ഥകളായിരുന്നു. ഒന്ന് : എയ്‌ഡഡ് സ്‌കൂളുകളടക്കം എല്ലാ സ്‌കൂളുകളിലും അദ്ധ്യാപക നിയമനം നടത്തേണ്ടത് പബ്ളിക് സര്‍വ്വീസ് കമ്മീഷനാണ്. രണ്ട് : നിയമത്തിലെ പൊതു മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന മാനേജര്‍മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടായിരിക്കും. ഇതിനെ മറ്റു പ്രശ്നങ്ങളുമായി കൂട്ടിയിണക്കി അവര്‍ നടത്തിയ സമരമാണ് വിമോചന സമരമായി മാറിയതും 1959ലെ മന്ത്രിസഭയുടെ പിരിച്ചു വിടലിന് കാരണമായതും. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ ആദ്യമായി ഒരു പൊതു മാനദണ്ഡത്തിന് കീഴില്‍ കൊണ്ടുവരാനിടയാക്കിയ വിദ്യാഭ്യാസ നിയമം കേരളീയ വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാനമായ കാല്‍വെപ്പായിരുന്നു.

തിന്മയുടെ ശക്തികള്‍ കരുത്താര്‍ജിക്കുന്നു

അറുപതുകളിലെ വിദ്യാഭ്യാസ വ്യാപനം, എഴുപതിലെ ഭൂപരിഷ്കരണം എന്നിവ വിദ്യാഭ്യാസ രംഗത്തെ പിന്നെയും വളര്‍ത്തി. എന്നാല്‍ ഈ രംഗത്ത് ഉന്നതനിലവാരം ഉറപ്പു വരുത്തുന്നതില്‍ ഭരണാധികാരികള്‍ പലപ്പോഴും അനാസ്ഥ കാണിച്ചു. പാഠ്യപദ്ധതി പരിഷ്കരണവും അധ്യാപക പരിശീലനങ്ങളും അവഗണിക്കപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ കച്ചവട താല്‍പര്യക്കാര്‍ ഈ അവസ്ഥ ശരിക്കും മുതലെടുത്തു. ഉയര്‍ന്ന ഫീസ് ഈടാക്കിയും വിജയ ശതമാനം വര്‍ദ്ധിപ്പിക്കാന്‍ ചില കോച്ചിംഗ് തന്ത്രങ്ങള്‍ സ്വീകരിച്ചും അവര്‍ വ്യാപകമായ അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങളാരംഭിച്ചു. മധ്യവര്‍ഗ്ഗ രക്ഷിതാക്കളെ അവ എളുപ്പം ആകര്‍ഷിച്ചു. തൊണ്ണൂറുകളോടെ വിദ്യാഭ്യാസ കച്ചവടം കേരളത്തില്‍ വ്യാപകമായി. അന്താരാഷ്ട്ര തലത്തിലും ദേശീയ തലത്തിലും പുത്തന്‍ സാമ്പത്തിക നയങ്ങളുടെ പിന്‍തുണയോടെ അവ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ഭീഷണിയായി മാറി. വിദ്യാഭ്യാസം സര്‍ക്കാരിന്റെ ബാധ്യതയല്ലെന്ന നിലപാടും ശക്തിപ്പെടാന്‍ തുടങ്ങി. സേവന മേഖലയില്‍ നിന്നുള്ള സര്‍ക്കാര്‍ പിന്മാറ്റം കൂടി ആരംഭിച്ചതോടെ ഈ രംഗത്ത് അരാജകത്വപരമായ സാഹചര്യങ്ങള്‍ വളര്‍ന്നു വന്നു.

സാമൂഹ്യനീതിക്ക് പൊതുവിദ്യാഭ്യാസം

പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും സ്ത്രീകള്‍ക്കുമെല്ലാം പൊതുവിദ്യാഭ്യാസം ഏറെ അവസരങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഉപരിവര്‍ഗം പണംകൊണ്ട് നേടിയെടുക്കുന്ന വിദ്യാഭ്യാസ അവസരങ്ങള്‍ സാധാരണക്കാരന് ലഭ്യമാക്കാന്‍ പൊതുവിദ്യാഭ്യാസത്തിന് കഴിഞ്ഞു. സാമൂഹ്യനീതി ഉറപ്പുവരുത്തിക്കൊണ്ട് അത്തരം സാമൂഹ്യ ബാധ്യത ഏറ്റെടുക്കാനുള്ള ബാധ്യത ഭരണ കൂടങ്ങളെക്കൊണ്ട് നിര്‍വ്വഹിപ്പിക്കാന്‍ കേരളത്തിലെ സാമൂഹ്യ ഇടപെടലുകള്‍ക്ക് സാധ്യമായി. ഇത് പൊതു വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള പോരാട്ടവും അധഃസ്ഥിതരുടെ മോചനത്തിനായുള്ള പോരാട്ടവും രണ്ടല്ല എന്ന നിഗമനത്തില്‍ നമ്മെ എത്തിക്കുന്നു.

'പിടിയരി പ്രസ്ഥാനം' എന്തിനായിരുന്നു?

'വിമോചന' സമരത്തിനും അര നൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. മത സാമുദായിക ശക്തികളുടെ ഏകീകരണം നമ്മുടെ നാട്ടിലെ ഉപരിവര്‍ഗ്ഗം സാധിച്ചെടുത്തത് ഈ സമരാഭാസത്തിലൂടെയാണ്. അതിനവര്‍ക്ക് കരുത്തേകിയത് മൂലധന ശക്തികള്‍ക്ക് മുന്‍തൂക്കമുള്ള കേരളത്തിലെ വിദ്യാഭ്യാസ മേഖലയാണ്. പൊതുവിദ്യാഭ്യാസ മേഖല കരുത്താര്‍ജ്ജിക്കുന്നതിനെ അവര്‍ ഭീതിയോടെയാണ് ദര്‍ശിക്കുന്നത്. പുതിയ പാഠ്യപദ്ധതി നടപ്പില്‍ വരുത്തിയതിനെയടക്കം അവര്‍ അസഹിഷ്ണുതയോടെ ആക്ഷേപിക്കുകയാണ്. വിദ്യാഭ്യാസ സമ്പ്രദായത്തോടുള്ള വിദ്യാര്‍ത്ഥിയുടേയും അധ്യാപകന്റേയും രക്ഷിതാക്കളുടേയും പൊതു സമൂഹത്തിന്റേയും സമീപനത്തില്‍ ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠന സാഹചര്യങ്ങള്‍ ഒരുക്കേണ്ടതാണെന്നും ശാസ്ത്ര സാങ്കേതികവിദ്യയുടെ നേട്ടങ്ങള്‍ ക്ളാസ്സ് മുറികളിലും കടന്നു വരണമെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ആക്ടിവിറ്റി കോര്‍ണറും വായനാ സൌകര്യവും ഇന്റര്‍നെറ്റ് അടക്കമുള്ള വിവര സാങ്കേതികവിദ്യയും സ്‌കൂളുകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയണം. ഇതെല്ലാം എല്ലാ വിദ്യാലയങ്ങള്‍ക്കും ഒരുക്കിക്കൊടുക്കാന്‍ ആര്‍ക്കു കഴിയും? പഞ്ചനക്ഷത്ര അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങള്‍ക്കല്ലാതെ ഇത് സാധ്യമാവുമോ? മുമ്പ് ക്ളാസ്സ് മുറികളില്‍ ബഞ്ചും ഡസ്കും ബ്ളാക്ക് ബോര്‍ഡുമില്ലാത്ത കാലത്ത് 'പിടിയരി' ശേഖരിച്ച് അതെല്ലാം സാധ്യമാക്കിയവരാണ് കേരളത്തിലെ പൊതുസമൂഹം. ഇന്നതെല്ലാം സാധ്യമാവുമെന്നത് ഏതെങ്കിലും 'സ്ളം ഡോഗി'ന്റെ 'മില്യണയര്‍' സ്വപ്നങ്ങളല്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകാം. ഈ 'കോഴിക്കോടന്‍ വീരഗാഥ' അതിനൊരുത്തരമാണ്.

പൊതുവിദ്യാലയങ്ങളില്‍ വസന്തം

വേണമെങ്കില്‍ പൊതുവിദ്യാലയങ്ങള്‍ക്കും നക്ഷത്രത്തിളക്കം നല്‍കാനാവുമെന്ന് പ്രയോഗത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കയാണ് കോഴിക്കോട് ഒന്നാം നിയോജക മണ്ഡലത്തിലെ നിയമസഭാ സാജികനായ എ. പ്രദീപ് കുമാര്‍. 'മാറി നിന്ന് വിമര്‍ശിക്കുക' എന്ന മലയാളിയുടെ പതിവു രീതിക്ക് പകരം 'ഇടപെട്ടു തിരുത്താനാണ്' അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. വായില്‍ വെള്ളമൂറുന്ന വാഗ്ദാനങ്ങള്‍ നല്‍കി സമ്മതിദായകരെ കബളിപ്പിക്കുന്ന രാഷ്ട്രീയക്കാരെ ഏറെ പരിചയമുണ്ട് നമുക്ക്. അത്തരമൊരു വാചക 'വീര'നല്ല ഈ ജനപ്രതിനിധി. കേരളത്തിലെ പല നിയമസഭാ സാമാജികരും ഈ മാതൃകയുടെ ഭിന്ന രൂപങ്ങള്‍ തങ്ങളുടെ മേഖലകളില്‍ നടപ്പിലാക്കുന്നുണ്ടാവാം. ഇത് പക്ഷേ കുറേക്കൂടി സമഗ്രമായ ഒരിടപെടലായി നമുക്ക് കാണാം. അദ്ദേഹത്തിന്റെ പ്രോജക്ടിന്റെ പേരു തന്നെ 'പ്രാദേശിക വികസന ഫണ്ട് വിദ്യാഭ്യാസ ഗുണമേന്മക്ക് ' എന്നാണ്. വിദ്യാഭ്യാസ രംഗത്തെക്കുറിച്ചുള്ള ദിശാബോധം ആമുഖത്തില്‍ തന്നെ വിളംബരം ചെയ്യുന്നു.

"കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റമാണ് സംഭവിച്ചത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക എന്ന പൊതുവായ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് വിദ്യാഭ്യാസ മേഖല''. പ്രാദേശിക കൂട്ടായ്മകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച് വിദ്യാഭ്യാസത്തിന്റെ ബാഹ്യ ഘടനയിലും ആന്തരിക ഘടനയിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിയുന്ന ഈ പ്രോജക്ട് അറിവിന്റെ നിര്‍മ്മിതിക്ക് അനുസൃതമായ പഠന സാഹചര്യങ്ങളും പരിസരവും സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുകയും ചെയ്യുന്നുണ്ട്. ഭൌതിക സാഹചര്യങ്ങള്‍ ഒരുക്കുമ്പോള്‍ പലപ്പോഴും ഇല്ലാതെ പോകുന്ന ശാസ്ത്രീയമായൊരു കാഴ്ചപ്പാട് ഈ പദ്ധതിരേഖ പുലര്‍ത്തുന്നു. 'പാഠ്യപദ്ധതി വിനിമയം ചെയ്യുന്ന ഒരു പഠനാനുഭവകേന്ദ്രം' എന്നതാണ് ഈ രേഖയിലെ വിദ്യാലയ നിര്‍വ്വചനം. 'പെഡഗോജി പാര്‍ക്ക് ' എന്ന ആശയത്തിന്റെ പൂര്‍ണമായ അര്‍ത്ഥവും അതുതന്നെ. ആഴ്ചവട്ടം ഗവണ്‍മെന്റ് എ.എല്‍.പി. സ്‌കൂളിലെ 'പെഡഗോജി പാര്‍ക്കി'ന്റെ ഉദ്ഘാടന വേളയില്‍ വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പുമന്ത്രി ആ വാക്കിനെ അതിമനോഹരമായി മലയാള ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. 'ബോധനോദ്യാനം'! അഞ്ചു വര്‍ഷത്തിനുള്ളില്‍ കോഴിക്കോട് മണ്ഡലത്തിലെ അമ്പത്തിഒമ്പത് വിദ്യാലയങ്ങള്‍ക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

'വിത്തനാഥ'ന്മാരുടെ പഞ്ചനക്ഷത്ര വിദ്യാലയപരസ്യങ്ങളില്‍ കുതിര സവാരിയും നീന്തല്‍ക്കുളങ്ങളും പലപ്പോഴും ഇടം നേടാറുണ്ട്. അതെന്തിനാണെന്ന് ചോദിച്ചാല്‍ പദവി ചിഹ്നം അഥവാ സ്റാറ്റസ് സിംബല്‍ എന്നു മാത്രമായിരിക്കും അവരുടെ മറുപടി. ബോധനോദ്യാനത്തില്‍ ഓരോന്നിനും വിശാലവും സമഗ്രവുമായ ലക്ഷ്യമുണ്ട്. അത് യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞ ആഴ്ചവട്ടം എല്‍. പി. സ്‌കൂളിലെ ക്ളാസ് മുറിയെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ വിവരിച്ചത് ഈ വിധമാണ്. 'കഥകളും കവിതകളും വര്‍ണ ചിത്രങ്ങളുമായി പൂത്തു വിരിഞ്ഞു നില്‍ക്കുന്ന ചുമരുകള്‍, ഊഞ്ഞാലിലും സിസോയിലും ചാടി മറിഞ്ഞു കളിക്കുന്ന കുട്ടികള്‍, ചരിത്ര മുഹൂര്‍ത്തനങ്ങള്‍ തുടിച്ചു നില്‍ക്കുന്ന ദൃശ്യവിന്യാസങ്ങള്‍, മുറ്റത്ത് ആമ്പല്‍പൊയ്ക, ഇരിക്കാന്‍ കുഞ്ഞു ഫൈബര്‍ കസേരകള്‍, പഠിക്കാന്‍ കമ്പ്യൂട്ടര്‍ സംവിധാനമുള്ള സ്മാര്‍ട്ട് ക്ളാസ്സ് റൂം...' ഈ അത്ഭുതലോകം ആലീസിന്റേതല്ല, ഒരു സര്‍ക്കാര്‍ പ്രൈമറി വിദ്യാലയത്തിന്റെ നേര്‍ചിത്രമാണ്. മറ്റു വിദ്യാലയങ്ങളും ഇപ്പോള്‍ ബോധനോദ്യാനമായി അണിഞ്ഞൊരുങ്ങുകയാണ്. എല്‍.പി., യു.പി., ഹൈസ്‌കൂള്‍ വിദ്യാലയങ്ങള്‍ക്കെല്ലാം വ്യത്യസ്ഥമായ കര്‍മ്മ പദ്ധതികളുണ്ട്.
ഹൈസ്‌കൂളുകള്‍ക്ക് സ്മാര്‍ട്ട് ക്ളാസ്സ് റൂം, യു.പി. ക്ക് സയന്‍സ് ലാബ്, എല്‍.പി.ക്ക് ബോധനോദ്യാനം എന്നിങ്ങനെ.

ലോകനിലവാരം തേടുന്ന 'പ്രിസം'

ഇതോടൊപ്പം മൂന്നു ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്കുയര്‍ത്താനുള്ള 'പ്രിസം' എന്ന പേരിലുള്ള 450 ലക്ഷം രൂപയുടെ വികസന പദ്ധതിക്കും ഈ ജനപ്രതിനിധി കേരള സര്‍ക്കാരിന്റെ അംഗീകാരം നേടിയെടുത്തിരിക്കുന്നു. സര്‍ക്കാരിന് പുറമെ കുന്ദമംഗലത്തെ പ്രശസ്തമായ ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, പൊതുമരാമത്ത് വകുപ്പ്, സ്പോര്‍ട്സ് കൌണ്‍സില്‍, കോഴിക്കോട് കോര്‍പറേഷന്‍ എന്നിവ സംയുക്തമായാണ് ഈ സംരഭത്തിന് നേതൃത്വം നല്‍കുന്നത്. ഉദാരമതികളായ സ്വകാര്യ സംരഭകരുടെ സഹായവും ഇതിനായി സ്വീകരിക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംസ്കാര സമ്പന്നമായ ഏതു സമൂഹത്തിന്റെയും പ്രഥമ പരിഗണന 'നല്ലതെല്ലാം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക' എന്നതായിരിക്കണമെന്ന മഹദ്‌വചനം ഇവിടെ യാഥാര്‍ത്ഥ്യമാവുകയാണ്. ഏറെ അഭിമാനിക്കാന്‍ വകയുണ്ട് ഈ ജനപ്രതിനിധിക്ക്, ഒപ്പം ഇത്തരമൊരു പോരാളിയെ പൊതുസമൂഹത്തിന് സമ്മാനിച്ച പുരോഗമന വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തിനും. 'മനുഷ്യന്‍ സ്വപ്നം കാണണമെന്ന' ലെനിന്റെ വാക്കുകള്‍ ഭൌതിക യാഥാര്‍ത്ഥ്യവുമായി ഇവിടെ പൂര്‍ണത തേടുന്നു.

***

വി.ടി. സുരേഷ്, കടപ്പാട് :യുവധാര

Sunday, June 28, 2009

മാവോയിസത്തില്‍ നിന്ന് സാമൂഹ്യ പ്രസ്ഥാനത്തിലേക്ക്

1970കളോടെയാണ് മാവോയിസം രാഷ്‌ട്രീയമായി അപചയം നേരിടുന്നത്. എന്നാല്‍ മാവോചിന്ത പലവിധേനയും തുടര്‍ന്നും നിലനിന്നു. സംഘടിത മാവോയിസവുമായി പല ബുദ്ധിജീവികളും തങ്ങളുടെ ബന്ധം വേര്‍പ്പെടുത്തിയെങ്കിലും ആ ചിന്തയുടെ ഗണങ്ങള്‍ ഉപയോഗിച്ചുതന്നെ, അവര്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുപോന്നു. 1980കളുടെ ആദ്യത്തോടെ, അവരില്‍ ചിലര്‍, പിന്നീട് സാമൂഹ്യ പ്രസ്ഥാനങ്ങള്‍ എന്ന് അറിയപ്പെട്ട പ്രസ്ഥാനങ്ങളില്‍ ചേരുന്നതുകാണാം. മാവോയിസത്തിന്റെ രാഷ്‌ട്രീയം പിന്നോട്ടടിച്ചെങ്കിലും, അതിന്റെ സാമൂഹികവും സാംസ്‌ക്കാരികവുമായ പ്രത്യാഘാതങ്ങള്‍ മധ്യവര്‍ഗ ബുദ്ധിജീവികളുടെ ഇടയില്‍ പല ഭാഷ്യങ്ങളില്‍ നിലനിന്നു.

ബൂര്‍ഷ്വാ രാഷ്‌ട്രീയത്തിന് കൈവന്ന പുതിയ മുന്നേറ്റങ്ങള്‍, ലോകത്തിലാകെ മാർൿസിസവും സോഷ്യലിസവും കമ്യൂണിസവും ചരമഗതിപൂണ്ടു എന്ന പ്രചാരണത്തിന് ഇടയാക്കി. സമകാലീന സാഹിത്യ സിദ്ധാന്തങ്ങളില്‍ ഉയിര്‍കൊണ്ട ഉത്തരാധുനിക / ഉത്തര മാർൿസിസ്റ്റ് ധാരകള്‍, നേരത്തെ തന്നെ മാർൿസിസം ഉല്പാദന രീതിയുടെ പുരോഗമനാത്മക ബൃഹദാഖ്യാനം മാത്രമാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. അതിനാല്‍ തന്നെ മുതലാളിത്തത്തിനു ബദലാകാനോ വിമര്‍ശമാകാനോ മാർൿസിസത്തിനു കഴിയില്ലെന്നും ഉത്തരാധുനികര്‍ പറഞ്ഞു. ബൂര്‍ഷ്വാ സമൂഹത്തിന്റെ നിശ്ചയദാര്‍ഢ്യം നിറഞ്ഞ നിഷേധം എന്ന നിലയില്‍ സോഷ്യലിസത്തെ പരാമര്‍ശിക്കുന്ന പതിവും ഒഴിവാക്കപ്പെട്ടു. പകരം ജനാധിപത്യം, സാമൂഹ്യ പ്രസ്ഥാനങ്ങള്‍, സമരത്തിന്റെ ചിതറിത്തെറിച്ചുനില്‍ക്കുന്ന ഇടങ്ങള്‍ എന്നിങ്ങനെയുള്ള പദാവലികള്‍ ഉപയോഗിക്കാന്‍ തുടങ്ങി.

ഇത്തരത്തില്‍ മറ്റു നിലയിലുള്ള വ്യാഖ്യാനങ്ങളും രംഗത്തെത്തി. അതിലാദ്യത്തേത് സോവിയറ്റ് സാമ്രാജ്യത്വവും അമേരിക്കന്‍ ഐക്യനാടുകളും പങ്കുവെയ്‌ക്കുന്ന സമാനതകളെ സംബന്ധിച്ച വിമര്‍ശനങ്ങള്‍ ആയിരുന്നു. ഈ സഖ്യത്തിനെതിരെ മാവോയിസത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കപ്പെട്ടു. മറ്റൊന്ന് ഇതിന്റെ ഇസ്ളാമിസ്റ്റ് വ്യാഖ്യാനമാണ്. ഇതുപ്രകാരം മഗ്രിബ് പ്രദേശത്തിന്റെ അറ്റ്ലാന്റിക് കര മുതല്‍ മധ്യേഷ്യയും പശ്ചിമേഷ്യയും അടങ്ങുന്ന മേഖലയില്‍, മഹത്തായ ഒരു വിപ്ലവം വീശിയടിക്കുകയാണെന്ന് പറഞ്ഞു. ഈ വിപ്ലവം പടിഞ്ഞാറന്‍ ആഫ്രിക്കയിലും സഹാറയുടെ ഒരു ഭാഗത്തും അലയടിച്ച്, സുഡാനിലേക്കും സോമാലിയയിലേക്കും പടര്‍ന്ന് മുന്‍ സോവിയറ്റ് യൂണിയനിലെ ഏഷ്യന്‍ റിപ്പബ്ലിക്കുകളിലേക്കും ഇറങ്ങിച്ചെല്ലുകയാണെന്നും, ചൈനയുടെ സിന്‍കിയാങ് മേഖലയിലേക്ക് കടക്കുകയാണെന്നും, അത് കാശ്‌മീരിന്റെയും ബംഗ്ളാദേശിന്റെയും ഇരട്ട പ്രദേശങ്ങളെ കീഴടക്കുമെന്നും, പിന്നീട് മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും അങ്ങനെയങ്ങനെ മുന്നേറുമെന്നും അവര്‍ സ്വപ്‌നം കണ്ടു. ഒന്നും രണ്ടും ലോകങ്ങളിലെ സൂപ്പര്‍ ശക്തികളായ ശെയ്ത്താന്‍മാര്‍ക്കെതിരാണ് ഈ വിപ്ലവമെന്നും അവര്‍ പ്രഖ്യാപിച്ചു. ഇടതുപക്ഷത്തിന് പൊതുവെ അറിയുന്ന ത്രിലോക സിദ്ധാന്തം ഏതായാലും ഇതല്ല. ക്രിസ്‌ത്യന്‍ മുതലാളിത്തത്തിന്റെയും ദൈവമില്ലാത്ത കമ്യൂണിസത്തിന്റെയും ശക്തികള്‍ ഇസ്ളാമിക് ഉമ്മ(Umah)ക്കെതിരായി നിലകൊളളുകയാണെന്നും അവര്‍ നിലപാടുതറകള്‍ ചമച്ചു.

*
ഈ രാഷ്‌ട്രീയ പശ്ചാത്തലത്തിനു നടുവിലാണ് പലസ്‌തീന്‍ സ്വദേശിയായ എഡ്വേര്‍ഡ് സെയ്‌ദിന്റെ ഓറിയന്റലിസം എന്ന പുസ്‌തകം പുറത്തിറങ്ങുന്നത്. പുസ്‌തകത്തില്‍, സെയ്‌ദ് ഓറിയന്റലിസം എന്ന ആശയത്തെ ഇങ്ങനെയെല്ലാം നിര്‍വചിക്കുന്നു:

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ഏകദേശം ഒരു തുടക്കമായി എടുത്താല്‍, കിഴക്കിനെ കൈകാര്യം ചെയ്യാനുള്ള ഒരു കോര്‍പറേറ്റ് സ്ഥാപനം എന്ന നിലയില്‍ ഓറിയന്റലിസത്തെ വിശകലനം ചെയ്യാം. കിഴക്കിനുമേല്‍ ആധികാരികത്വം അവകാശപ്പെട്ടുകൊണ്ട്, ആധിപത്യത്തിന്റെയും പുനഃക്രമീകരണത്തിന്റെയും പാശ്ചാത്യ ശൈലിയാണ് ഓറിയന്റലിസം അല്ലെങ്കില്‍ പൌരസ്‌ത്യവാദം കൊണ്ട് അര്‍ഥമാക്കുന്നത്. മറ്റൊരര്‍ഥത്തില്‍, കിഴക്കിനെക്കുറിച്ച് ഗവേഷണം നടത്തുകയോ എഴുതുകയോ അധ്യാപനം നടത്തുകയോ ചെയ്യുന്ന ഒരാള്‍ നരവംശ ശാസ്‌ത്രകാരനാകട്ടെ, സാമൂഹ്യശാസ്‌ത്രജ്ഞനാകട്ടെ, ചരിത്രകാരനാകട്ടെ അയാള്‍ ഒരു ഓറിയന്റലിസ്റ്റ് ആണെന്നു പറയാം. അയാള്‍ ചെയ്യുന്ന പ്രവൃത്തി മൊത്തത്തില്‍ ഓറിയന്റലിസവും.

കിഴക്കിനെയും പടിഞ്ഞാറിനെയും സ്വത്വത്തിന്റെയും ജ്ഞാനത്തിന്റേയും മണ്ഡലങ്ങളില്‍ രണ്ടുതട്ടില്‍ നിര്‍ത്തുന്ന ചിന്താ ശൈലിയാണ് ഓറിയന്റലിസം അല്ലെങ്കില്‍ പൌരസ്‌ത്യവാദം. ഈസ്‌കിലസ്, വിൿടര്‍ ഹ്യൂഗോ, ഡാന്റെ, കാള്‍മാര്‍ക്സ് എന്നിവരെയെല്ലാം ഓറിയന്റലിസ്റ്റുകളായാണ് സെയ്‌ദ് കണക്കാക്കുന്നത്.

മാർൿസിനു പകരം ഫൂക്കോ

പലസ്‌തീന്‍ വിമോചന പോരാട്ടത്തിന്റെയും മറ്റും പശ്ചാത്തലത്തില്‍, സമരമുന്നണിയിലെ മുന്‍പന്തിയിലെ സാംസ്‌ക്കാരിക സിദ്ധാന്തം എന്ന നിലയില്‍ എഡ്വേര്‍ഡ് സെയ്‌ദിന്റെ ഓറിയന്റലിസം എന്ന പുസ്‌തകം വലിയ ഒരു ദിശാമാറ്റത്തെയാണ് കുറിക്കുന്നത്. ഫൂക്കോയുടെ പരികല്‍പനകളെ ഉപയോഗിച്ചുകൊണ്ടാണ്, സെയ്‌ദിന്റെ പുസ്‌തകത്തില്‍ ഓറിയന്റലിസം എന്ന പരികല്പന അദ്ദേഹം മുന്നോട്ടു വെയ്‌ക്കുന്നത്. ഈ പഠനത്തിന്റെ വിഷയമായ ഓറിയന്റലിസം ഒരു വ്യവഹാരം (ഡിസ്‌കോർഴ്സ് ) ആണെന്ന് അത് പ്രഖ്യാപിച്ചു. കിഴക്കിനെ അപകടകാരിയും അപരനുമായാണ് യൂറോപ്പ് സ്വയം നിര്‍വചിക്കുന്നത്.

ഓറിയന്റലിസം രീതിശാസ്ത്രത്തിന്റെ തലത്തില്‍ കൊണ്ടുവന്ന ഈ നവീനതക്ക് രണ്ട് പ്രത്യാഘാതങ്ങളുണ്ടായി. ഒന്ന് മാർൿസില്‍ നിന്നും ഫൂക്കോയിലേക്കുള്ള ദിശാമാറ്റമാണ്. ഇതാകട്ടെ, ഉത്തരാധുനികതയുടെ നിമിഷവുമായി വളരെ വ്യക്തമായും രാജിയാകുന്നതായിരുന്നു. യൂറോപ്യന്‍ സ്വാധീനത്തിനെതിരായ അങ്ങേയറ്റത്തെ പ്രാദേശികവാദികളുടെ പാശ്ചാത്യ വിരുദ്ധതയെ മാറ്റിവെച്ചാല്‍, കൊളോണിയലിസത്തെ സംബന്ധിച്ച സാമൂഹികോന്മുഖവും രാഷ്‌ട്രീയകുതുകിയുമായ വിമര്‍ശം മാർൿസിസവുമായി ചേര്‍ന്നു നില്‍ക്കുന്നതായിരുന്നു. അതല്ലെങ്കില്‍, മാർൿസിസവും കമ്യൂണിസ്റ്റ് പ്രസ്ഥാനവും മുന്നോട്ടു കൊണ്ടുവരാന്‍ സഹായിച്ച സാമ്രാജ്യത്വവിരുദ്ധതയോട്, അവ ചേര്‍ന്നുനിന്നു. ആ രാഷ്‌ട്രീയ പാരമ്പര്യത്തില്‍ നിന്ന് സെയ് ദിന്റെ വിഛേദനം വളരെ സ്വാധീനവത്തായ ഫലങ്ങളാണ് സൃഷ്ടിച്ചത്.

മാർൿസിനെത്തന്നെ ഒരു ഓറിയന്റലിസ്റ്റ് എന്ന നിലയില്‍ പുസ്തകം തള്ളിപ്പറഞ്ഞു. മാർൿസിസത്തെ ചരിത്രവാദത്തിന്റെ ഒരു ശിശുവായി മാറ്റിനിര്‍ത്തി. ആ പാരമ്പര്യത്തില്‍ നിന്ന് യഥാര്‍ഥമായി പ്രസരിച്ച ഉള്‍ക്കാഴ്ച്ചകള്‍ ഫൂക്കോഡിയന്‍ വ്യവഹാരിക സിദ്ധാന്തത്തിന്മേല്‍(ഡിസ്കോഴ്സ് തിയറി) ചാര്‍ത്തി.

കിഴക്കന്‍മാര്‍, ദസ്യുക്കള്‍, ശൂദ്രന്മാര്‍

എന്നാല്‍ അപരത്വം എന്ന കാഴ്ചപ്പാട് യൂറോപ്പ് മാത്രം പങ്കുവെച്ചുപോന്ന ഒന്നായി തെറ്റായി മനസ്സിലാക്കപ്പെടുകയയായിരുന്നു ഇവിടെ. ഇപ്രകാരം സ്വത്വവ്യത്യാസത്തിന്റെ പ്രശ്നം ഇസ്ളാമിസ്റ്റുകളും ക്രിസ്ത്യന്‍ ഫണ്ടമെന്റലിസ്റ്റുകളും ഉയര്‍ത്താറുണ്ട്. ഇസ്ളാമിക ഫണ്ടമെന്റലിസത്തിന്റെ പ്രയോക്താവായിരുന്ന ആയത്തുള്ള ഖൊമേനി തന്നെ ഓറിയന്റലിസ്റ്റ് നിലപാടില്‍ നിന്നുകൊണ്ട്, കിഴക്കും പടിഞ്ഞാറും തമ്മില്‍ ചരിത്രനിരപേക്ഷമായി നിലനില്‍ക്കുന്നു എന്നു പറയപ്പെടുന്ന, വ്യത്യാസത്തെ ഉപയോഗിച്ചാണ് തന്റെ സിദ്ധാന്തങ്ങള്‍ രൂപീകരിച്ചത്.

ഇന്ത്യയിലും വിവിധ വൃത്തങ്ങളില്‍ ഹിന്ദു ആത്മീയതയെ മുസ്ളിം അപരിഷ്കൃതത്വത്തിനെതിരെ എന്ന പോലെ, പടിഞ്ഞാറന്‍ ഭൌതികവാദത്തിന് എതിരെയും പ്രതിഷ്ഠിക്കാറുണ്ട്. ഇതും ഓറിയന്റലിസം മുന്നോട്ടുവെയ്ക്കുന്ന കാഴ്ചപ്പാടിന് യോജിച്ചതു തന്നെ. ദസ്യുക്കളെയും ശൂദ്രന്മാരെയും അപകടകാരികളും കീഴടക്കപ്പെട്ടവരുമായ അപരന്മാരായി ചിത്രീകരിക്കുന്നു എന്ന് മഹാഭാരതത്തെക്കുറിച്ചും ധര്‍മശാസ്ത്രങ്ങളെക്കുറിച്ചും ഓറിയന്റലിസ്റ്റ് ശൈലിയില്‍ പറയാം. വര്‍ഗം, ലിംഗം, വംശീയത, മതം തുടങ്ങിയവയുമായി ബന്ധപ്പെട്ട പരസ്പര ശത്രുതയിലൂന്നിയ നിലനില്‍പ്പിന്റേതായ പ്രക്രിയകള്‍ ചരിത്രത്തില്‍ എമ്പാടും സംഭവിച്ചിട്ടുണ്ട്. ഇത്തരം അപകടവല്‍ക്കരണം നിര്‍ഭാഗ്യകരമെന്നു പറയട്ടെ, യൂറോപ്പിലാകട്ടെ യൂറോപ്പിനു പുറത്തുള്ള സമൂഹത്തിലാകട്ടെ, എല്ലാ സമൂഹങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

ഇത്തരം മുന്‍വിധികളുടെ യൂറോപ്യന്‍ രൂപങ്ങള്‍, ചരിത്രത്തില്‍ പ്രത്യേക ശക്തിയായിത്തീര്‍ന്നതും, അത് കോടിക്കണക്കിന് മനുഷ്യരുടെ യഥാര്‍ഥ ജീവിതത്തിന്മേല്‍ പ്രത്യാഘാതം സൃഷ്ടിച്ചതും, യൂറോ കേന്ദ്രീകൃത വംശീയതയില്‍ ഈ മുന്‍വിധികള്‍ പ്രകാശിക്കപ്പെട്ടതും, എല്ലാ കാലത്തും നിലനിന്ന ഏതെങ്കിലും സ്വത്വപരമായ പിടിവാശിയുടെയോ മിഥ്യാബോധത്തിന്റെയോ ഫലമായല്ല ഉണ്ടായത്. അതല്ലെങ്കില്‍, (ഫൂക്കോ വായനയുടെ തലത്തിലുള്ള) വ്യവഹാരത്തിന്റെ മണ്ഡലത്തില്‍, സവിശേഷമായ ശക്തിയുടെ സമാഹരണവുമല്ല. മറിച്ച്, കൃത്യമായി പറഞ്ഞാല്‍, കൊളോണിയല്‍ മുതലാളിത്തത്തിന്റെ ശക്തിയാണ് മറ്റ് തരത്തിലുള്ള അധികാര രൂപങ്ങള്‍ക്ക് ജന്മം നല്‍കിയത്. സാഹിത്യ-വിമര്‍ശനസിദ്ധാന്തങ്ങളില്‍ വികസിപ്പിക്കപ്പെട്ട സങ്കല്പനങ്ങളെ പ്രതിനിധാനങ്ങള്‍ എന്ന ഉത്തരാധുനികമായ ഊന്നലുകളുമായി വിളക്കിച്ചേര്‍ക്കാനുള്ള ശ്രമമാണ് സെയ്ദിന്റെ രീതിശാസ്ത്രം അവലംബിക്കുന്ന മറ്റൊരു രീതി. ഇതും ഉത്തരാധുനികതയോട് കണ്ണിചേരാനുള്ള ശ്രമമായിരുന്നു.

ഓറിയന്റലിസം: രാഷ്‌ട്രീയ പശ്ചാത്തലം

ഓറിയന്റലിസം എന്ന പുസ്തകം 1978 ലാണ് പ്രത്യക്ഷപ്പെടുന്നത്. ലോകചരിത്രത്തിലെ വളരെ കൃത്യമായ ചിലതിനെ ഈ കാലം അടയാളപ്പെടുത്തുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്‌ട്രീയ സമവാക്യങ്ങളില്‍ കാതലായ മാറ്റം വരുന്നു. അതുപോലെ മെട്രോപൊളിറ്റന്‍ രാജ്യങ്ങളില്‍ പൊതുവെ ബൌദ്ധികോല്‍പ്പാദനത്തിന്റെ മണ്ഡലത്തില്‍ നടന്ന മാറ്റങ്ങള്‍. ഈ വശങ്ങള്‍ ചില പരാമര്‍ശങ്ങള്‍ ആവശ്യപ്പെടുന്നു. കാരണം എങ്ങനെയാണ് ഈ പുസ്തകം വായിക്കപ്പെട്ടത് എന്നറിയാന്‍ ഇതാവശ്യമാണ്. അതുപോലെ എങ്ങനെയാണ് ബൌദ്ധിക ചരിത്രത്തില്‍ പ്രത്യേക രൂപത്തില്‍ അത് ഇടപെട്ടത് എന്നറിയാനും ഇതു സഹായിക്കും.

അത്ര കൃത്യമല്ലെങ്കിലും 1978ഓടെ രണ്ട് മഹത്തായ വിപ്ളവ ദശകങ്ങളുടെ കാലം സമാപിച്ചു. 1954ല്‍ ആരംഭിച്ച അള്‍ജീരിയന്‍ യുദ്ധം തൊട്ട്, 1975ല്‍ സൈഗോണിന്റെ വിമോചനം വരെയുള്ള ഒരു കാലഘട്ടത്തിന്റെ പരിസമാപ്തി. 1973ല്‍ ചിലിയിലാണ് ഈ നിര്‍ണായകമായ മാറ്റത്തിന്റെ തുടക്കം. യൂണിഡാഡ് പോപ്പുലറിന്റെ പരാജയം. അതു നാം അപ്പോള്‍ ശ്രദ്ധിച്ചില്ല. കാരണം ഇന്തോചൈനയിലെയും ആഫ്രിക്കയിലെ പോര്‍ച്ചുഗീസ് കോളനിയിലെയും വിമോചന പ്രസ്ഥാനങ്ങള്‍ അപ്പോഴും കെട്ടടങ്ങിയിരുന്നില്ല; നമ്മുടെ ശ്രദ്ധ അവിടെയായിരുന്നു. 1978-79ല്‍ ഇറാനിലും അഫ്ഗാനിസ്ഥാനിലും നടന്ന രണ്ട് വിപ്ളവങ്ങള്‍ ഈ ഗതിമാറ്റം കുറ്റമറ്റതാക്കിത്തീര്‍ത്തു. ഇറാനില്‍ ഖൊമേനിയന്‍ സംഘം ഭരണകൂടം പിടിച്ചെടുത്തത് അപൂര്‍വമായ ഒരു സന്ധിയായിരുന്നു. ഇവിടെ വിപ്ലവവും പ്രതിവിപ്ലവവും ഒരേ നിമിഷത്തില്‍ തന്നെ ഒന്നിച്ചു. കമ്യൂണിസ്റ്റ് നേതൃത്വത്തിനു കീഴില്‍ അവസാനത്തെ വിപ്ലവം നടന്ന അഫ് ഗാനിസ്ഥാനില്‍, മാർൿസിന്റെ പ്രസിദ്ധമായ വാചകം കടമെടുത്താല്‍, ചരിത്രം ആവര്‍ത്തിച്ചു, ആദ്യത്തേത് ദുരന്തമായി, രണ്ടാമത്തേത് ഹാസ്യാത്മകമായി.

ഇറാനിയന്‍ വിപ്ലവം മധ്യ മേഖലയിലാകെ, ഇടതുപക്ഷത്തിന്റെ പരാജയം പ്രഖ്യാപിച്ചു. ആ മേഖലയിലാകെ ഇസ്ലാമിക മതമൌലിക വാദം മേല്‍ക്കൈ നേടി. സോഷ്യലിസ്റ്റ് രാഷ്ട്ര രൂപങ്ങളുടെ തകര്‍ച്ചക്ക് അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള്‍ അതിന്റെ സംഭാവന ചെയ്തു. ഇത് സോവിയറ്റ് യൂണിയനില്‍ പെരിസ്ട്രോയിക്കക്ക് പാത വിരിച്ചു; പിന്നീട് ആഗോളമായ പെരിസ്ട്രോയിക്കക്കും. ബാഗ്ദാദിനുമേലുള്ള 1991ലെ ആക്രമണം, പതിമൂന്നാം നൂറ്റാണ്ടില്‍ മംഗോളിയര്‍ ആ രാജ്യത്തെ ആക്രമിച്ചതിനുശേഷം ഏറ്റവുംകൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായിരുന്നു. ഇത് ഈ ആഗോള പെരിസ്ട്രോയിക്കക്കു നല്‍കപ്പെട്ട പാരിതോഷികമായിരുന്നു. ഗൊയ്‌ഥെ പരിപാടിയെക്കുറിച്ചുള്ള കത്തിടപാടില്‍, മാര്‍ക്സ് ചൂണ്ടികാണിച്ച പോലെ, മുതലാളിത്തം അവശ്യമായും സോഷ്യലിസത്തിലേക്കു നീങ്ങിക്കൊളളണമെന്നില്ല, അത് കാടത്തത്തിലേക്കും നീങ്ങാം.

വിപ്ലവ ദശകങ്ങള്‍ അവസാനിച്ചത് മെട്രോപൊളിറ്റന്‍ നഗരങ്ങളുടെ രാഷ്‌ട്രീയാവസ്ഥയെ വലതുപക്ഷത്തേക്കു അടുപ്പിച്ചു നിര്‍ത്തിക്കൊണ്ടാണ്. ആംഗ്ളോ സാക്സണ്‍ രാജ്യങ്ങള്‍ ഏറ്റവും പിന്തിരിപ്പനായ ആശയക്കാരെ അധികാരത്തിലെത്തിച്ചു; റീഗണും താച്ചറും. അമേരിക്കന്‍ ഐക്യനാടുകളുടെ വംശീയവിരുദ്ധ സാമൂഹികനീതി പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു. ബ്രിട്ടീഷ് മൈന്‍ തൊഴിലാളികളുടെ സമരം പരാജയപ്പെട്ടു. തൊഴിലാളികളുടെ സമരോത്സുകത ഇതോടെ അവസാനിച്ചു എന്ന തോന്നലുണ്ടാക്കി. ജര്‍മനിയിലും സ്കാന്‍ഡിനേവിയയിലും സോഷ്യല്‍ ഡെമോക്രസി ഉടനെ പരാജയത്തിലേക്ക് നീങ്ങി. ഇറ്റലിയില്‍ അത് ക്രാക്സിയുടെ ഭരണത്തില്‍ പൂര്‍ണമായും കീഴടങ്ങി ക്രിസ്ത്യന്‍ ജനാധിപത്യത്തിലേക്കു നീങ്ങി. ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ടി പിന്നോട്ടടി തുടങ്ങി. ഒടുവില്‍ 1976ല്‍ പാര്‍ടി നിര്‍ണായകമായ നിലയില്‍ ഛിന്നഭിന്നമായി. ഫ്രാന്‍സില്‍ സോഷ്യല്‍ ഡെമോക്രസി അധികാരത്തില്‍ വന്നെങ്കിലും അത് വലതുപക്ഷത്തേക്കു നീങ്ങിക്കൊണ്ടാണ് അതിജീവനം കൊണ്ടത്.

പിന്നോക്കം നില്‍ക്കുന്ന മുതലാളിത്ത രാജ്യങ്ങളില്‍ എന്തുസംഭവിച്ചു എന്ന് വിശദമാക്കാന്‍ വിസ്താരഭയം അനുവദിക്കുന്നില്ല. നമ്മുടെ ഉപഭൂഖണ്ഡത്തില്‍ നടന്നതുമാത്രം പരിശോധിക്കാം. 1977ല്‍ പാക്കിസ്ഥാനില്‍ ബൂട്ടോയുടെ ജനപ്രിയ സോഷ്യല്‍ ഡെമോക്രസി സ്ഥാനഭ്രഷ്ടമാക്കപ്പെട്ടു. പകരം ഒരു ഇസ്ലാമിക പട്ടാള ഭരണകൂടം വന്നു; അദ്ദേഹത്തിന്റെ മകളുടെ കീഴില്‍, ജനാധിപത്യക്രമം വളരെ അപഹാസ്യമായ നിലയില്‍ പിന്നീട് എത്തിനോക്കിയെങ്കിലും. ബംഗ്ലാദേശില്‍, വിമോചന സമരത്തിന്റെ പുരോഗമനപരമായ ഉള്ളടക്കം മാഞ്ഞുപോയി. അവിടെ പാക്കിസ്ഥാന്‍ പട്ടാളത്തിലും പിന്നീട് അമേരിക്കന്‍ ഐക്യനാടുകളിലെ ഫോര്‍ട് ബ്രാഗിലും പരിശീലനം നേടിയ, വലതുപക്ഷ പട്ടാള ഓഫീസര്‍മാരുടെ വാഴ്ച സ്ഥാപിക്കപ്പെട്ടു.

ഇന്ത്യയില്‍ കമ്യൂണിസം ചില പ്രദേശങ്ങളില്‍ മാത്രം ശക്തമായി നിന്നു. മതസഹിഷ്ണുതയില്‍ അധിഷ്ഠിതമായ ഗാന്ധിയന്‍ ആശയങ്ങള്‍ പലപ്പോഴും ഗാന്ധിയുടെ പേരില്‍ തന്നെ വലിയതോതില്‍ ആക്രമിക്കപ്പെട്ടു. നെഹ്റുവിന്റെ നയങ്ങളില്‍പെട്ട പാര്‍ലമെന്റ് ജനാധിപത്യം, സെക്കുലര്‍ രാഷ്‌ട്രീയം, ആസൂത്രിത സമ്പദ് വ്യവസ്ഥ, ചേരിചേരാ നയത്തെ അടിസ്ഥാനമാക്കിയ വിദേശനയം എന്നിവയുടെയെല്ലാം ഉള്ളടക്കം ചോര്‍ന്നു.അടിയന്തരാവസ്ഥക്കു ശേഷം നാം സാക്ഷിയായ എല്ലാതരത്തിലുള്ള ദിശാവ്യതിയാനങ്ങളും 1970കളുടെ മധ്യം മുതല്‍ ആരംഭിച്ചു. ഇവയെല്ലാം ചേര്‍ന്ന് രാജ്യത്തെയും അതിന്റെ എല്ലാ രാഷ്‌ട്രീയവും സാമൂഹികവുമായ വ്യവഹാരത്തെയും മൊത്തത്തിലും നിര്‍ണായകമായും വലതുപക്ഷത്തേക്ക് നയിച്ചു.

പുതിയ ബുദ്ധിജീവി

ആഗോളമായി വലതുപക്ഷത്തിന്റെ ആക്രമണങ്ങള്‍, ഇടതുപക്ഷത്തിന്റെ പിന്‍വാങ്ങല്‍ എന്നിവയാണ് നമ്മുടെ കാലത്തെ എല്ലാ ബൌദ്ധിക പ്രവൃത്തിയുടെയും ഘടനയെയും സ്വീകാര്യതയെയും നിര്‍ണയിച്ചത്. ഈ ചരിത്രസന്ധിക്കുള്ളില്‍ നിന്നുകൊണ്ട്, തികച്ചും പുതിയ തരത്തിലുള്ള ബൌദ്ധിക രൂപീകരണങ്ങള്‍ കടന്നുവന്നു. അവയുടെ മേല്‍ക്കോയ്മയും സാധ്യമായി. തങ്ങളുടെ പുതിയ സംരംഭങ്ങളെ ഇടതുപക്ഷം എന്നു തന്നെ അവര്‍ വിളിച്ചുപോന്നു.

ഈ പുതിയതരം ബുദ്ധിജീവിയുടെ സവിശേഷമായ നിലനില്‍പ്പിന് സാധൂകരണം നേടാന്‍, മൂന്നാംലോകം, ക്യൂബ, ദേശീയ വിമോചനം തുടങ്ങിയ തരത്തിലുള്ള കാര്യങ്ങള്‍ ആവേശത്തോടെ ആവര്‍ത്തിക്കപ്പെട്ടു. അതേസമയം വളരെ തുറന്നതും അധിക്ഷേപം നിറഞ്ഞ സ്വരത്തിലും കമ്യൂണിസ്റ്റ് വിരുദ്ധവുമായിരുന്നു അവ. ക്ലാസിക്കല്‍ മാർൿസിസത്തിന്റെ പാരമ്പര്യത്തിലുള്ള ഒന്നുമായും തങ്ങളുടെ ഐക്യദാര്‍ഢ്യം അവര്‍ പ്രകടിപ്പിച്ചില്ല. സോഷ്യല്‍ ഡെമോക്രസിയുമായിപ്പോലുമോ, ഏതെങ്കിലും തൊഴിലാളി പ്രസ്ഥാനവുമായോ കണ്ണിചേര്‍ന്നില്ല.

അതേസമയം, നീത്ചേയന്‍ പാരമ്പര്യത്തിലുളള പ്രകടമായും പ്രതിലോമപരമായ മാനവിക വിരുദ്ധതാവാദങ്ങള്‍, ബൂര്‍ഷ്വാ വിരുദ്ധതയുടെ പേരില്‍ എടുത്തുപയോഗിക്കുകയും ചെയ്തു. ഈ നിലപാടുകളാണ് ഇപ്പോള്‍ എംപിരിസിസ്റ്റ് വിരുദ്ധത, ചരിത്രവാദ വിരുദ്ധത, ഘടനാവാദം, ഘടനാനന്തരവാദം, എന്ന ലേബലുകളിലെല്ലാം അവതരിപ്പിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍, ലെവി സ്ട്രോസ്, ഫൂക്കോ, ദെറിദ, ഗ്ളൂക്ക്സ്മാന്‍ ക്രിസ്തേവ തുടങ്ങിയ പേരുകള്‍ക്കു കീഴെ പ്രചരിപ്പിക്കപ്പെട്ടത്.

*
ഐജാസ് അഹമ്മദ്

Saturday, June 27, 2009

മാന്ദ്യം മാധ്യമങ്ങള്‍

ഇന്ത്യയെക്കുറിച്ച് എഴുതുന്ന സന്ദര്‍ഭത്തില്‍, 'മാന്ദ്യം' എന്നൊരു വാക്ക് ഉപയോഗിക്കരുതെന്ന്, ഏറ്റവും ചുരുങ്ങിയത് രണ്ട് പ്രമുഖ പത്രങ്ങളെങ്കിലും തങ്ങളുടെ എഡിറ്റോറിയല്‍ ഡെസ്കിന് നിര്‍ദേശം കൊടുത്തുകഴിഞ്ഞിരിക്കുന്നു. മാന്ദ്യം എന്നത്, അമേരിക്കയില്‍ മാത്രം സംഭവിക്കുന്ന ഒന്നാണ്. ഇവിടെ അതില്ല. എഡിറ്റോറിയല്‍ നിഘണ്ടുവില്‍ നിന്ന് ആ വാക്കിനെ ഭ്രഷ്ടാക്കിയിരിക്കുന്നു. ഇനി അഥവാ ഏതെങ്കിലുമൊരു ദുരവസ്ഥ പ്രതിപാദിക്കേണ്ടി വരികയാണെങ്കില്‍ 'മെല്ലെപ്പോക്ക്' എന്നോ 'അധോഗതി' എന്നോ ഉപയോഗിച്ചാല്‍ത്തന്നെ ധാരാളം. അതുതന്നെ ശ്രദ്ധിച്ചുവേണം ഉപയോഗിക്കാന്‍. പക്ഷെ, മാന്ദ്യം എന്നത് ഉപയോഗിക്കുകയേ അരുത്. 'മാന്ദ്യ'ത്തില്‍ നിന്ന് സമ്പദ് രംഗത്തെ പുറത്തുകൊണ്ടുവരാന്‍, മാധ്യമ പ്രേക്ഷകര്‍ക്കിടയില്‍ അത്യന്താപേക്ഷിതമായ ഉപഭോഗ ത്വരയെ അത് തകര്‍ത്തുകളയും.

'ഒന്നും പേടിക്കാനില്ല, സന്തോഷമായിരിക്കൂ' എന്ന മട്ടിലുള്ള ഈ കല്‍പ്പന, ഒരേസമയം ദുഃഖവും ഹാസ്യവുമാണ് ഉളവാക്കുന്നത്. "ദുരിതനാളുകള്‍ അവസാനിച്ചു, തിരിച്ചുവരവ് കണ്ടുതുടങ്ങി' എന്ന മട്ടിലൊക്കെ പത്രങ്ങള്‍ നമ്മളോട് സംസാരിക്കുന്നത് കാണുന്നു. എന്തിന്റെ ദുരിതമായിരുന്നു അത്? മാന്ദ്യത്തിന്റെയോ? എന്തില്‍നിന്നാണ് നമ്മള്‍ തിരിച്ചുവരുന്നത്? ഇത്തരത്തിലുള്ള ഒഴിഞ്ഞുമാറലുകളില്‍ സമര്‍ഥരായിരുന്ന പല ചാനലുകളും പ്രസിദ്ധീകരണങ്ങളും, പത്രപ്രവര്‍ത്തകരെയടക്കം, കൂട്ടത്തോടെ പിരിച്ചുവിട്ടുകൊണ്ടിരിക്കുകയാണ് ഇന്ന്.

ഈ സാധുക്കള്‍ക്ക് (വലിയ നിരക്കിലുള്ള ഭവനവായ്പാ തിരിച്ചടവ് നേരിട്ടുകൊണ്ടിരുന്ന ഇവരില്‍ പലരും, ഇന്നത്തേക്കാളും ഭേദമായ 'അധോഗതി'യുടെ കാലത്തു പോലും തകര്‍ച്ചയുടെ വക്കിലായിരുന്നു), എന്തു കാരണം കൊണ്ടായാലും ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. വായനക്കാരെ ആശ്വസിപ്പിക്കാനും, എല്ലാം ഭദ്രമാണെന്ന് അവരെ ബോധ്യപ്പെടുത്താനും വേണ്ടി എല്ലാം അരിച്ചുപെറുക്കുന്ന അവരില്‍ ഒരാളാണ് നിങ്ങളെന്ന് നിമിഷനേരത്തേക്കെങ്കിലും സങ്കല്‍പ്പിക്കുക. വൈകുന്നേരം, പത്രമാപ്പീസിലിരുന്ന്, മാന്ദ്യത്തിന്റെ ഭൂതത്തെ പത്രവാര്‍ത്തകളില്‍ നിന്നും നിങ്ങള്‍ ഉച്ചാടനം ചെയ്യുന്ന നിങ്ങള്‍ പിറ്റേന്ന് ഉച്ചയ്ക്ക് അതേ ഭൂതത്തിന്റെ ഇരയായി മാറിയെന്ന് തിരിച്ചറിയുകയും ചെയ്യുന്ന ഒരു അവസ്ഥ. യാഥാര്‍ഥ്യമെന്ന് പ്രേക്ഷകരെ വിശ്വസിപ്പിക്കുന്നതിന്റെ നേര്‍വിപരീതം അഭിനയിക്കേണ്ടിവരുന്ന മാധ്യമത്തിന്റെ പ്രഹസനം. ഇതൊരു വ്യാപാരതന്ത്രം കൂടിയാണ്. കാരണം, പൊതുജനത്തെ ഭയപ്പെടുത്തുക എന്നതിന്റെ അര്‍ഥം ഉപഭോഗം കുറയുക, പരസ്യത്തില്‍ കുറവ് വരുക, വരുമാനം കുറയുക എന്നതൊക്കെയാണ്.

ഈ പത്രങ്ങളില്‍ ചിലത്, ഒരിക്കല്‍ മാന്ദ്യത്തെ സൂചിപ്പിച്ചതു തന്നെ, അതിനെ കളിയാക്കാന്‍ വേണ്ടിയായിരുന്നു. "എന്തു മാന്ദ്യം?'' എന്ന മട്ടില്‍. ഒരു പ്രത്യേക വിഭാക്കാര്‍ക്കിടയില്‍ കൂടുതല്‍ കാറുകള്‍ ചിലവാകുന്നു, ഗ്രാമങ്ങള്‍ തിളങ്ങുന്നു ('പുതിയതായി ലഭിച്ച അഭിവൃദ്ധി' എന്നതായിരുന്നു പ്രയോഗം). അങ്ങിനെയങ്ങിനെ. ഉള്ളില്‍ മറ്റെന്തൊക്കെയാണെങ്കിലും, പുറമേക്ക് തിളക്കമുള്ള കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുക. എല്ലാം ഭദ്രമാണെന്ന് (സംശയാസ്പദരായ) വിദഗ്ധര്‍ ഉറപ്പ് പറയുന്നു എന്ന് ടെലിവിഷന്‍ ചാനലുകളും സമര്‍ഥിച്ചു. ഏതു വിദഗ്ധരെന്ന് മാത്രം അവര്‍ ഒരിക്കലും വെളിപ്പെടുത്തിയതുമില്ല. നാണയപ്പെരുപ്പം കുറയുന്നതിനെക്കുറിച്ചും വലിയ തലക്കെട്ടുകള്‍ അവര്‍ നിരത്തി (അടുത്ത കാലത്ത് ചിലര്‍ ഈ മേനി നടിക്കലില്‍ നിന്ന് അല്‍പ്പം പുറകോട്ട് പോയിട്ടുണ്ട് എന്നത് സത്യം). എന്നാല്‍ ഭക്ഷണസാധനങ്ങളുടെ വിലവര്‍ധനവ് എത്ര ഗൌരവമുള്ളതാണെന്നതിനെ കുറിച്ച് അധികമൊന്നും എഴുതിയതുമില്ല. വിശപ്പ് എത്ര വലിയൊരു വിഷയമാണെന്നും അതിന്റെ സൂചന രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോകളില്‍ ഉണ്ട്. 3 രൂപയ്ക്കും 2 രൂപയ്ക്കും എന്തിന് ഒരു രൂപയ്ക്ക് വരെ അരി വാഗ്ദാനം ചെയ്തുകൊണ്ടുള്ള മാനിഫെസ്റോകള്‍ (അതും, അരിയല്ല, കാറുകള്‍ മേടിക്കാന്‍ സന്നദ്ധമായി നില്‍ക്കുന്ന ഒരു ജനത്തിന്), പക്ഷെ, മാനിഫെസ്റ്റോകളെ കുറിച്ച് എന്തായാലും നമുക്ക് നന്നായറിയാം. അതുകൊണ്ട് തെരഞ്ഞെടുത്ത അംഗീകൃത വിദഗ്ധന്മാരോടും വക്താക്കളോടും വിശകലനക്കാരോടും മാധ്യമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഈ തെരഞ്ഞെടുപ്പില്‍ മുഖ്യവിഷയങ്ങളൊന്നുമില്ല. മാധ്യമങ്ങള്‍ സംസാരിക്കാത്ത കാര്യങ്ങള്‍ നിരവധിയാണ്. ഇതുകൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഒരു ആശ്വാസമുണ്ട്. ചുരുളഴിയുന്ന വലിയ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കാന്‍ അതവരെ പ്രാപ്തരാക്കുന്നു. ഉയര്‍ന്നുവരുന്ന പ്രശ്നങ്ങളെ ജനശ്രദ്ധയില്‍ കൊണ്ടുവരാനുള്ള - നിരവധി വോട്ടര്‍മാര്‍ക്ക് ഗുണകരമാകുമായിരുന്ന - അവസരമാണ് അവര്‍ കളഞ്ഞുകുളിച്ചത്. അതിനാല്‍, നമുക്ക് കിട്ടുന്നതാകട്ടെ, ഐപിഎല്ലും ഇലക്ഷനും, വരുണ്‍ ഗാന്ധിയും, ചക്കിയും ചങ്കരനും അതുപോലുള്ള ഒട്ടനവധി അസംബന്ധങ്ങളും മാത്രം. വരുണ്‍ഗാന്ധി പോലുള്ള നിസാരതകളില്‍ നിന്ന് നമ്മെ മോചിപ്പിച്ച് 1984-ലെ തെരഞ്ഞെടുപ്പിന് ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട വിഷയം ഉയര്‍ത്തിയതിന്റെ ക്രെഡിറ്റ് എന്തായാലും ജര്‍ണയില്‍ സിംഗ് എന്ന സൂയിസൈഡ് ബോംബേറിന് മാത്രമുള്ളതാണ്. നഗ്നപാദ പത്രപ്രവര്‍ത്തനത്തിന് പുതിയൊരു അര്‍ഥവ്യാപ്തി കൊടുത്തു അദ്ദേഹം.

അമേരിക്കന്‍ വികസനം എന്ന പേരില്‍ നമ്മള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും, ഇവിടുത്തെ യാഥാര്‍ഥ്യങ്ങള്‍ എന്ന് നമ്മള്‍ ആവര്‍ത്തിച്ചു പറയുന്നതും തമ്മില്‍ ഒരു ബന്ധവുമില്ല. വ്യത്യാസങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. എങ്കിലും അതെങ്ങിനെ സംഭവിച്ചു എന്ന് കണ്ടെത്താന്‍ നമുക്ക് താല്‍പ്പര്യമില്ല. ഒരു പ്രത്യേക തരത്തിലുള്ള ആഗോളവല്‍ക്കരണത്തെയാണ് വര്‍ഷങ്ങളായി നമ്മള്‍ പിന്തുടര്‍ന്നിരുന്നത്. ലോക സമ്പദ് വ്യവസ്ഥയുമായി (എന്നുവെച്ചാല്‍, അമേരിക്കയുടെയും യൂറോപ്പിന്റെയും എന്നു വായിക്കുക) കൂടുതല്‍ ഇഴയടുപ്പം ഉണ്ടായിരുന്ന നമുക്ക് അന്നാടുകളിലെ ഗുണഫലങ്ങള്‍ മുഴുവന്‍ കിട്ടിയെന്നും, എന്നാല്‍ അവരുടെ ദുരിതങ്ങള്‍ നമ്മെ തീരെ ബാധിച്ചില്ലെന്നുമാണ് പുതിയ അവകാശവാദം.

രാഷ്ട്രീയക്കാരും ജനങ്ങളും തമ്മിലുള്ള ദൂരത്തിന്റെ അളവാണ് ഇത് കാണിക്കുന്നത്. രണ്ടാമത്തെ കൂട്ടര്‍ക്ക് സന്തോഷിക്കാന്‍ അധികം കാരണങ്ങളൊന്നുമില്ല. നിരവധി വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ നിങ്ങളോട് സമ്മതിക്കുകയും ചെയ്യും. പക്ഷെ, ഒരു വിഷയം നിലനില്‍ക്കുന്നുണ്ടെന്ന് സമ്മതിക്കുകയെങ്കിലും ചെയ്യാതെ എങ്ങനെയാണ് നിങ്ങളതിനെ അഭിസംബോധന ചെയ്യുക? അതുകൊണ്ട് കാര്‍ഷിക പ്രതിസന്ധിയേയും അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു ദശകത്തില്‍ സംഭവിച്ച പതിനായിരക്കണക്കിന് കര്‍ഷക ആത്മഹത്യകളെയും മറന്നേക്കുക. വിശപ്പും തൊഴിലില്ലായ്മയും പത്രങ്ങളില്‍ എന്നെങ്കിലും വാര്‍ത്തയായിട്ടുണ്ടോ? ഗ്ളോബല്‍ ഹംഗര്‍ ഇന്‍ഡക്സിലെ ഇന്ത്യയുടെ ദയനീയമായ സ്ഥാനത്തെക്കുറിച്ച് മിക്ക പത്രങ്ങളും ഒരക്ഷരം എഴുതിയില്ല. ഇതൊക്കെ വാള്‍ സ്ട്രീറ്റ് തകരുന്നതിനും മുമ്പത്തെ കാര്യങ്ങളല്ലേ എന്നാണ് അവരുടെ ഭാവം. (മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്ന് സംഭവിച്ച ഒന്നായിട്ടാണ് വാള്‍ സ്ട്രീറ്റിന്റെ തകര്‍ച്ചയെത്തന്നെ, പല മാധ്യമങ്ങളും നോക്കിക്കണ്ടത്).

കഴിഞ്ഞ ഒന്നരക്കൊല്ലമായി ഒരിടത്തും കാര്യങ്ങളൊന്നും അത്ര ഭംഗിയായിരുന്നില്ല. വ്യവസായത്തിന്റെ തകര്‍ച്ച, ഉല്‍പ്പാദനത്തിലെ മാന്ദ്യം, ഈ മേഖലകളിലെ തൊഴില്‍നഷ്ടം, ഇതിനെക്കുറിച്ചൊക്കെ ഒഴുക്കന്‍ മട്ടിലുള്ള സൂചനകളേ ഉണ്ടായിട്ടുള്ളു. പക്ഷേ, ഉപരിവര്‍ഗത്തിലെ പത്ത് ശതമാനം ആളുകള്‍ പരിഭ്രാന്തരാകാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് കാര്യങ്ങള്‍ വഷളാകാന്‍ തുടങ്ങിയത്. അവരെ ആശ്വസിപ്പിക്കുകയും കൂടുതല്‍ കൂടുതല്‍ കാറുകള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ചില പ്രത്യേക സന്ദര്‍ഭങ്ങളിലെങ്കിലും അവരെ 'പരിഭ്രാന്തരാക്കാതിരിക്കുക' എന്നതിന്റെ അര്‍ഥം, മതിഭ്രമത്തിന്റെയും, പ്രത്യയശാസ്ത്രത്തിന്റെയും, യാഥാര്‍ഥ്യത്തിന്റെയും, റിപ്പോര്‍ട്ടിംഗിന്റെയും ഇടയ്ക്കുള്ള രേഖകള്‍ അവ്യക്തമാക്കുക എന്നതു തന്നെയാണ്. വലിയ ഭവിഷ്യത്തുകള്‍ക്കുമിടയാക്കും അത്.

മൊബൈല്‍ ഫോണില്‍ ഓഹരി നിലവാരത്തിന്റെ ഫ്ളാഷ് ന്യൂസുകള്‍ കിട്ടാത്ത ബഹുഭൂരിപക്ഷം ജനതയ്ക്കും കാര്യങ്ങള്‍ അത്രയ്ക്ക് ശോഭനമൊന്നുമല്ല. ഏറ്റവും പുരോഗതിയുണ്ടായിട്ടുള്ള വര്‍ഷമായിട്ടാണ് മാധ്യമങ്ങളുടെ താളുകള്‍ 2006 പ്രത്യക്ഷപ്പെട്ടത്. പക്ഷേ അതേ വര്‍ഷത്തെ സ്ഥിതിവിവരങ്ങള്‍ തന്നെയാണ് ഐക്യരാഷ്ട്ര സഭയുടെ മാനവവികസന ഇന്‍ഡക്സില്‍ ഇന്ത്യയെ 132 എന്ന സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നത്. 128 എന്ന നമ്മുടെ പഴയ ദയനീയമായ അവസ്ഥയില്‍ നിന്നും പിന്നെയും താഴെയാണ് ഈ പുതിയ സ്ഥാനം. ഭൂട്ടാനും താഴെ. പോഷകാഹാരത്തിന്റെ കാര്യത്തിലായാലും, കുട്ടികളുടെ ആരോഗ്യത്തിന്റെ കാര്യത്തിലായാലും അത്യാഹിത വിഭാഗത്തിലാണ് ഇന്ത്യയുടെ നില്‍പ്പ്. ഇന്‍ഡക്സില്‍ നമുക്ക് താഴെയുള്ള പല രാജ്യങ്ങളും ഈ രംഗത്ത് നമ്മുടെ മുകളിലാണ്. അത്തരത്തിലുള്ള കുട്ടികള്‍ ഭൂമിയില്‍ ഏറ്റവും അധികമുള്ളത് നമ്മുടെ രാജ്യത്താണ്. എന്നിട്ടും ഇതൊന്നും വിഷയങ്ങളല്ലെന്നോ? മുഖ്യധാരയിലുള്ള രാഷ്ട്രീയ ശക്തികള്‍ ഈ വിഷയങ്ങളെ അവഗണിക്കുന്നതുകൊണ്ട് ഈ വിഷയങ്ങള്‍ ഇല്ലെന്നു വരുന്നില്ല. നമുക്ക് ചുറ്റും ചുരുളഴിഞ്ഞു കൊണ്ടിരിക്കുന്ന ഭീമമായ അവസ്ഥകളെ യുക്തിഭദ്രമായ നിര്‍വചിക്കാന്‍ കഴിയാത്തതിന് പഴിക്കേണ്ടത്, ആ അവസ്ഥകളെയല്ല, മാധ്യമങ്ങളെയാണ്.

ആവശ്യക്കാരുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍, കയറ്റുമതിയെ ആശ്രയിക്കുന്ന മേഖല അപ്പാടെ തകര്‍ന്നു തരിപ്പണമാകുന്നു. ഗുജറാത്തിലും മഹാരാഷ്ട്രയിലും എല്ലാം ഇതാണ് സംഭവിക്കുന്നത്. അപ്പോഴോ? പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്ക്, ഒറീസയിലെയും ജാര്‍ഖണ്ഡിലെയും ബിഹാറിലെയും തങ്ങളുടെ വീടുകളിലേക്ക് തിരിച്ചുപോകേണ്ടി വരുന്നു. എന്തിലേക്കാണ് അവര്‍ തിരിച്ചുപോകുന്നത്? തൊഴില്‍ തീരെ കമ്മിയായ ജില്ലകളിലേക്ക് (അതുകൊണ്ടു തന്നെയാണ് പണ്ട് അവര്‍ അവിടം വിട്ടുപോന്നതും); നഗരങ്ങളിലേക്ക് ആളുകള്‍ കുടിയേറിയപ്പോള്‍ ജനസംഖ്യ തീരെ കുറഞ്ഞ ഗ്രാമങ്ങളെ പോറ്റാന്‍ പോലും അശക്തമായ ഇന്നത്തെ പൊതുവിതരണ സമ്പ്രദായങ്ങളിലേക്ക്; ഈ തിരിച്ചുവരുന്ന അധികപ്പറ്റായവരെക്കൂടി, ഇന്ന് ലഭിക്കുന്ന പരിമിതമായ സാമ്പത്തികസഹായം കൊണ്ട് പോറ്റാന്‍ നിര്‍ബന്ധിതമായിത്തീരുന്ന ക്ഷീണിതമായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതികളിലേക്ക്.

കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ തൊഴില്‍ നഷ്ടം ഓരോ ആഴ്ചയും വര്‍ധിക്കുകയാണ്. വര്‍ഷകാലമാകുമ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ പ്രത്യക്ഷമായിത്തന്നെ സ്ഥിതി ഗുരുതരമായേക്കും. പക്ഷെ തെരഞ്ഞെടുപ്പ് നടക്കുന്നതാകട്ടെ ഇപ്പോള്‍ മാത്രവും. ഏതാനും മാസങ്ങള്‍ കൂടി കഴിഞ്ഞിട്ടാണ് തെരഞ്ഞെടുപ്പ് നടന്നിരുന്നതെങ്കില്‍ പല സംസ്ഥാനങ്ങളിലും ഇന്നുള്ള സ്ഥിതിയല്ല ഉണ്ടാവുക. വരുണും ചക്കിയും ചങ്കരനും അമര്‍സിങിന്റെ അന്തമില്ലാത്ത സാഹസങ്ങളൊന്നും ആകുമായിരുന്നില്ല വിഷയങ്ങള്‍.

വന്‍ മാന്ദ്യത്തിന്റെ കാലത്തിനുശേഷം ഇക്കഴിഞ്ഞ 80 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമാണ് നമ്മളും എന്ന സത്യം ഒരു പത്രവും അവയുടെ പ്രേക്ഷകനെ അറിയിക്കുന്നില്ല. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് വായനക്കാരെയോ, കേള്‍വിക്കാരെയോ, കാഴ്ചക്കാരെയോ ആരും സജ്ജരാക്കുന്നില്ല. വാര്‍ത്തകളിലും (തളര്‍വാതം പിടിപ്പെട്ട പത്രപ്രവര്‍ത്തക പ്രതിഭയിലും) മാത്രമാണ് മെല്ലെപ്പോക്ക്. അധോഗതി, മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിന് മാത്രമാണ്. ഭൂമിയിലെ മറ്റെല്ലാവര്‍ക്കും ഇത് സാമ്പത്തികമാന്ദ്യം തന്നെയാണ്. കൂടുതല്‍ അഭിശപ്തമായ ഒന്നിലേക്ക് മാത്രം നീങ്ങുന്ന ഒന്ന്.

*
പി.സായ്‌നാഥ് എഴുതിയNo Issues: a recession of the intellectഎന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. പരിഭാഷ നിര്‍വഹിച്ചത് രാജീവ് ചേലനാട്ട്.
കടപ്പാട്: സി.ഐ.ടി.യു സന്ദേശം

Friday, June 26, 2009

വിമോചനസമരത്തിന്റെ അരങ്ങേറ്റം

അന്തിമസമരത്തിനുള്ള സന്നാഹങ്ങള്‍ മറനീക്കി പുറത്തുവന്നപ്പോഴും സംസ്ഥാന സര്‍ക്കാരിന് നെഹ്റുവില്‍ കുറച്ചൊക്കെ പ്രതീക്ഷകള്‍ ബാക്കിയുണ്ടായിരുന്നു. പുത്രീവല്‍സലനെങ്കിലും എല്ലാ സീമകളും തകര്‍ക്കുന്ന നിയമലംഘനത്തെയും അരാജകത്വത്തെയും ജനാധിപത്യവാദിയെന്നറിയപ്പെടുന്ന നെഹ്റു പ്രോല്‍സാഹിപ്പിക്കില്ലെന്നു തന്നെ അവര്‍ കരുതി. അതുകൊണ്ടാണ് ഊട്ടിയില്‍ വിശ്രമത്തിനു വന്ന നെഹ്റുവിനെയും ഇന്ദിരയെയും കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ പോയിക്കണ്ടത്. കമ്യൂണിസ്റ്റ് എംപിമാരുടെ സംഘവും നിയമമന്ത്രി കൃഷ്ണയ്യരും വെവ്വേറെ പ്രധാനമന്ത്രിയെ കണ്ടു സംസാരിച്ചു. നിയമലംഘന സമരത്തിന് ഹൈക്കമാന്റ് അനുമതി നല്‍കരുതെന്നഭ്യര്‍ത്ഥിച്ചു. കമ്യൂണിസ്റ്റ് ദൌത്യസംഘം നെഹ്റുവുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നാട്ടില്‍ നെഹ്റുവിന്റെ മൌനാനുവാദത്തോടെയും ഇന്ദിരയുടെ അനുഗ്രഹാശിസ്സുകളോടെയും എല്ലാ ജനാധിപത്യതത്വങ്ങളെയും തകര്‍ക്കുന്ന അക്രമങ്ങള്‍ക്ക് അണിയറയില്‍ കോപ്പു കൂട്ടിത്തുടങ്ങിയിരുന്നു. നെഹ്റുവിനെ മുമ്പേ കണ്ടു മടങ്ങിയ കെപിസിസി നേതൃത്വമാണ്, അനുകൂലിച്ചില്ലെങ്കിലും എതിര്‍ക്കില്ലെന്ന ഉറപ്പുവാങ്ങിയത്. ശങ്കര്‍, ചാക്കോ, പനമ്പിള്ളി, കെ എ ദാമോദരമേനോന്‍, കെ പി മാധവന്‍നായര്‍ തുടങ്ങി പ്രധാനികളെല്ലാം ഊട്ടിയില്‍ പോയിരുന്നു.

നെഹ്റുവിന്റെ എതിര്‍പ്പ് ഒഴിവാക്കാന്‍ കെപിസിസി നിരത്തിയ ന്യായവാദങ്ങള്‍ ഇവയാണ്.

1. മന്നത്തു പത്മനാഭന്റെ നേതൃത്വത്തില്‍ തുടങ്ങിവെച്ചിരിക്കുന്ന സാമുദായിക സംഘടനകളുടെ സമരവുമായി ഇതുവരെ കെപിസിസിക്ക് ഒരു ബന്ധവുമില്ല. ഇനി ബന്ധപ്പെടാനും പോവുന്നില്ല!

2. കേരളത്തില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരമില്ലാത്തത് ഒരു ചെറുന്യൂനപക്ഷത്തിനു മാത്രമാണ്. അതുകൊണ്ട് പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസ് ഭരണത്തിനെതിരെ പ്രത്യക്ഷ സമരം തുടങ്ങിയില്ലെങ്കില്‍ ജനത്തിനുമുന്നില്‍ ഒറ്റപ്പെടും. അതനുവദിക്കരുത്.

3. ഗവണ്‍മെന്റിനെ താഴെയിറക്കണമെങ്കില്‍ അക്രമസമരത്തിന്റെ ആവശ്യമില്ല. സമാധാന സമരത്തിലൂടെ തന്നെ സര്‍ക്കാരിനെ തുന്നം പാടിക്കാം.

4. (അറ്റകൈ പ്രയോഗം) ഇനി ആദ്യ 3 കാരണങ്ങള്‍ കേട്ടിട്ടും സമരത്തിന് അനുവാദം നല്‍കിയില്ലെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ക്ളീനായി പിളരും! കാരണം ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും ഇപ്പോഴത്തെ സമരത്തിനോട് അനുഭാവമുള്ളവരാണ്. ജനാഭിലാഷം ചെവികൊള്ളാതിരിക്കാന്‍ കെപിസിസിക്കാവില്ല. ഇത്രയും കാരണങ്ങള്‍ക്കുപുറമെ ഇന്ദിരാഗാന്ധിയുടെ ശുപാര്‍ശയും കൂടിയായാല്‍ നെഹ്റു എന്തു ചെയ്യും? ജൂണ്‍ 2ന് ഊട്ടിയില്‍നിന്നു മടങ്ങിയ കെപിസിസി പ്രസിഡന്റ് ശങ്കര്‍ ജൂണ്‍ 3ന് കേരളത്തില്‍ വായ തുറന്നത് സര്‍ക്കാരിനെതിരെ പിഎസ്പിയും മുസ്ളീംലീഗുമായി ചേര്‍ന്ന് നടത്താന്‍ പോകുന്ന പ്രക്ഷോഭം പ്രഖ്യാപിക്കാനാണ്.

വിമോചനസമരവും കുറ്റപത്രസമരവും

മന്നവും കൂട്ടരും ആദ്യം മുതല്‍ തന്നെ വിമോചനസമരം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില്‍ കോണ്‍ഗ്രസ് - ലീഗ് - പിഎസ്പിക്കാര്‍ക്കത് കുറ്റപത്രസമരം ആയിരുന്നു. വിമോചന സമരക്കാരോട് ബന്ധമില്ലെന്ന് നെഹ്റുവിനു കൊടുത്ത ഉറപ്പു പാലിക്കാന്‍ അതാവശ്യവുമായിരുന്നു. ഇ എം എസ് സര്‍ക്കാരിന്റെ കുറ്റങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ട് ഒരു കുറ്റപത്രം തയ്യാറാക്കുന്നു, ആ കുറ്റപത്രം രാഷ്ട്രപതിക്കു സമര്‍പ്പിക്കുന്നു. സര്‍ക്കാരിനെ സമാധാനപരമായി താഴെയിറക്കുന്നു. ഇതാണത്രെ കുറ്റപത്ര സമരം.

എന്നാല്‍ കുറ്റപത്ര തിരക്കഥയൊക്കെ പ്രഖ്യാപനത്തോടെ തന്നെ അവസാനിച്ചു. ആദ്യദിനം മുതല്‍ വിമോചന സമരക്കാരുടെ ജാഥകളിലും പിക്കറ്റിംഗുകളിലും വഴിതടയലുകളിലും തുടങ്ങി ചാണകവെള്ളം തളിക്കുന്നതില്‍ വരെ കോണ്‍ഗ്രസിന് പ്രത്യക്ഷ പങ്കാളിത്തമുണ്ടായി. പ്രഖ്യാപിച്ചതല്ലേ ഇരിക്കട്ടെ എന്ന മട്ടില്‍ ഒരു കുറ്റപത്രവും തയ്യാറാക്കി രാഷ്ട്രപതിക്കു കൊടുക്കുമ്പോഴേക്ക് ജൂലായ് മാസമായി. കൊടുക്കുമ്പോള്‍ കുറ്റപത്രത്തിന്റെ പേര് മെമ്മോറാണ്ഡമെന്നായി മാറിയിരുന്നു. അപ്പോഴേക്കും പേരില്‍പോലും കുറ്റപത്രസമരത്തിന് വിമോചനസമരവുമായി വ്യത്യാസമില്ലാതായിക്കഴിഞ്ഞിരുന്നു.

സമരം തുടങ്ങുന്നു

ജൂണ്‍ 12ന്റെ കേരള ഹര്‍ത്താലോടെയാണ് വിമോചനസമരം ഔപചാരികമായി തുടങ്ങുന്നത്. മന്നം - പള്ളി - ജന്മി മുതലാളി പൌരോഹിത്യ കൂട്ടുകെട്ടിനും കോണ്‍ഗ്രസ് - പിഎസ്പി - ലീഗ് ബാന്ധവത്തിനും പുറമെ സാക്ഷാല്‍ ആര്‍എസ്പി ഉള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായാണ് ഹര്‍ത്താലില്‍ അണിനിരന്നത്. ജൂണ്‍ പിറന്ന് ഹര്‍ത്താലിലെത്തുന്നതുവരെയുള്ള ദിവസങ്ങളിലെ പത്രങ്ങളൊക്കെ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും ആഹ്വാനങ്ങളും കൊണ്ടു നിറഞ്ഞു.

വിമോചനദിനമായ ജൂണ്‍ 12 ആചരിക്കേണ്ടതെങ്ങനെയെന്ന് ജൂണ്‍ എട്ടിനിറങ്ങിയ വിമോചന സമരസമിതിയുടെ പ്രത്യേക അറിയിപ്പില്‍ പറയുന്നു. എത്ര മനോഹരവും മനഃശാസ്ത്രപരവുമായാണ് ആ ദിനം സംവിധാനം ചെയ്യപ്പെട്ടതെന്നു നോക്കാം.

1. രാവിലെ 7.30നും 9നും ഇടക്കുള്ള സമയം എല്ലാ ദേവാലയങ്ങളിലും (ഹിന്ദു, ക്രിസ്ത്യന്‍, പറ്റിയാല്‍ മുസ്ളീം) പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും നടത്തി കേരളത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്നു വിമോചിപ്പിക്കാന്‍ ഈശ്വരനോട് അപേക്ഷിക്കുക. ഇവ നടത്തുമ്പോള്‍ ദേവാലയ പരിസരങ്ങളില്‍ കഴിവുള്ളിടത്തോളം നാട്ടുകാരെ വിളിച്ചു കൂട്ടേണ്ടതാണ്.

2. രാവിലെ 7 മണിക്ക് ഓരോ ഗ്രാമപ്രദേശത്തും കഴിയാവുന്നിടത്തോളം പൊതുസ്ഥലങ്ങളിലും കെട്ടിടങ്ങളിലും കരിങ്കൊടികള്‍ ഉയര്‍ത്തുക.

3. എല്ലാ കടകളും ചന്തകളും വ്യാപാരകേന്ദ്രങ്ങളും രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ അടച്ചിടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

4. കര്‍ഷകര്‍, തൊഴിലാളികള്‍, വ്യവസായികള്‍, അഭിഭാഷകര്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ സമ്പൂര്‍ണമായി പണിനിര്‍ത്താന്‍ മുന്‍കൂര്‍ പ്രേരണ നല്‍കുക.

5. വൈകിട്ട് 4 മണിക്ക് അവിടവിടെ കേന്ദ്രീകരിക്കുന്ന വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ബഹുജനങ്ങളുടെ മൌനജാഥ ഓരോ പ്രദേശത്തും നിശ്ചയിക്കപ്പെട്ട ഒരു പോയിന്റു മുതല്‍ മറ്റൊരു പോയിന്റു വരെ നടത്തുക.

6. ഘോഷയാത്രക്കുശേഷം അവിടവിടെ യോഗങ്ങള്‍ കൂടി താഴെ കാണുന്ന പ്രമേയം പാസ്സാക്കുക. ഇന്നു കേരളത്തില്‍ അധികാരത്തിലിരിക്കുന്ന ഗവണ്‍മെന്റിന് ജനപിന്തുണ പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നതിനാലും അവര്‍ ഇനി അധികാരത്തില്‍ തുടരുന്നത് നാടിനു അത്യന്തം ഹാനികരമായതിനാലും ഉടനടി രാജിവെച്ചു പിരിയണമെന്ന് ഈ യോഗം ആവശ്യപ്പെടുന്നു.

7. അന്നത്തെ പരിപാടികളുടെ സംക്ഷിപ്തമായ ഒരു റിപ്പോര്‍ട്ട് എല്ലാ ദിനപത്രങ്ങള്‍ക്കും അയച്ചുകൊടുക്കുക.

ഈ അവസാനത്തെ ഐറ്റം തന്നെയായിരുന്നു ഏറ്റവും പ്രധാനം. നാലാള്‍ കൂടുന്ന വട്ടമേശ യോഗങ്ങളും പ്രമേയം പാസാക്കലും വരെ പത്രങ്ങളില്‍ ഇടം പിടിച്ചു.

അങ്കമാലിക്കല്ലറയില്‍

ഒരു പോലീസ് വെടിവെപ്പില്‍ 7 പട്ടിണിപ്പാവങ്ങള്‍ കൊല്ലപ്പെടുക. അവരെല്ലാവരും ഒരേ സമുദായക്കാരായിരിക്കുക. സ്വന്തം വിശ്വാസം രക്ഷിക്കാനുള്ള രക്തസാക്ഷിത്വങ്ങളായി കൂടി അവ വ്യാഖ്യാനിക്കപ്പെടുക. 2 മാസം മാത്രം നീണ്ടുനിന്ന ഒരു സമരചരിത്രത്തില്‍ എത്ര അതിവൈകാരികതയാവും ഈ സംഭവം ഉണ്ടാക്കിക്കൊടുക്കുക? അതുതന്നെയായിരുന്നു അങ്കമാലിയുടെ നിയോഗം. 2000 പേരുള്ള ജനക്കൂട്ടം ഒരു പോലീസ് സ്റ്റേഷന്‍ അക്രമിക്കുന്നെന്നു വെക്കുക. നാമമാത്രമായ പോലീസുകാര്‍ക്ക് സ്വയരക്ഷക്ക് എന്തുചെയ്യാനാകും? അതുതന്നെയാണ് അങ്കമാലിയില്‍ സംഭവിച്ചത്.

ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുണ്ടായ പ്രധാന മാറ്റങ്ങളിലൊന്നായിരുന്നു സഹകരണസംഘങ്ങളുടെ ഉദയം. പണ്ട് മുതലാളിമാര്‍ കുത്തകയാക്കിയിരുന്ന ഒട്ടനവധി മേഖലകളിലേക്ക് തൊഴിലാളികള്‍ കടന്നുചെന്നു നേതൃത്വമേറ്റെടുത്തു. ചെത്തു തൊഴിലാളി സഹകരണസംഘം കള്ളുഷാപ്പുകള്‍ നടത്തുന്നത് കള്ളു മുതലാളിമാരെ ഒട്ടൊന്നുമല്ല പ്രകോപിപ്പിച്ചത്. അങ്ങനെയിരിക്കെയാണ് അങ്കമാലി സംഭവത്തിനു നിമിത്തമായ പറവൂര്‍ ചെത്തുതൊഴിലാളി സഹകരണസംഘത്തിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിനു മുന്നില്‍ പള്ളീലച്ചന്‍മാരുടെ നേതൃത്വത്തിലുള്ള മദ്യവര്‍ജന കമ്മിറ്റി പിക്കറ്റിങ്ങ് തുടങ്ങിയത്. തൊട്ടടുത്തു സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ഷാപ്പുകള്‍ക്കുമുന്നില്‍ ഒരു സമരവുമില്ലെന്നതായിരുന്നു ഏറെ തമാശ. സഹകരണ ഷാപ്പില്‍ കുടിക്കാന്‍ പോകുന്നവരെ പാട്ടകൊട്ടുക, അടിക്കുക, തെറിവിളിക്കുക, പനങ്കുല വെട്ടി നശിപ്പിക്കുക തുടങ്ങിയവ സ്ഥിരം കലാപരിപാടികളായി. സംഭവദിവസം കള്ളു കുടിക്കാന്‍ ചെന്ന കൊച്ചുകുട്ടനെ പൌലോസും കണ്ടാലറിയുന്ന മറ്റൊരാളും കൂടെ തല്ലി. കൊച്ചുകുട്ടന്‍ നല്‍കിയ പരാതിയനുസരിച്ച് പൌലോസിനെ അറസ്റ്റുചെയ്തു അങ്കമാലി സ്റ്റേഷനിലെത്തിച്ചു. പൌലോസിനെ വാനിലിട്ടും ശേഷം സ്റ്റേഷനില്‍വെച്ചും ക്രൂരമായി മര്‍ദ്ദിച്ചു. പൌലോസിനെ വിട്ടുതരണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡണ്ട് ഗര്‍വാസീസ്, കാലടി, മണ്ഡലം പ്രസിഡണ്ട് എബ്രഹാം, എം എ ആന്റണി എംഎല്‍എ എന്നിവര്‍ സ്റ്റേഷനിലെത്തി. പോലീസ് എംഎല്‍എയോടുള്‍പ്പെടെ മോശമായാണത്രെ പെരുമാറിയത്. അപ്പോഴേക്കും വിവരം കേട്ടറിഞ്ഞ് മറ്റൂരില്‍നിന്നും മറ്റും ധാരാളം ജനങ്ങള്‍ വന്നെത്തി. ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഒരു പ്രതിഷേധ യോഗം ചേരുകയും പോലീസ് സ്റ്റേഷന്‍ വരെ 'വളരെ സമാധാനപരമായി' ഒരു ജാഥ നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. ജാഥ സ്റ്റേഷന്റെ 'അടുത്തെത്തുന്നതിനു മുന്‍പേ' പോലീസ് തടഞ്ഞു. ഒരു 'പ്രകോപനവുമില്ലാതെ' യാതൊരു മുന്നറിയിപ്പുമില്ലാതെ തലങ്ങും വിലങ്ങും വെടിവെച്ചു. 7 പേര്‍ തല്‍ക്ഷണം മരിച്ചു.

ഇന്ന് അങ്കമാലിക്കു പിന്നില്‍ നടന്ന ആസൂത്രണത്തെയും നിര്‍വഹണത്തെയുംകുറിച്ച് ഏതാണ്ടെല്ലാം പുറം ലോകത്തിനറിയാം. ദേശാഭിമാനി അന്നു സംശയിച്ചതിനേക്കാള്‍ വലിയ വിഭവസമാഹരണം ഓരോ പ്ളോട്ടിനു പിറകിലും നടന്നതും വെളിച്ചത്തുവന്നു. വിമോചന സമരത്തിന്റെ മുഖ്യകാര്യദര്‍ശികളില്‍ ഒരാളായിരുന്ന ഫാദര്‍ വടക്കന്റെ 1974ല്‍ പുറത്തുവന്ന ആത്മകഥയില്‍ അങ്കമാലിയെക്കുറിച്ചുള്ള കുമ്പസാരം ഇങ്ങനെ. "കൂട്ടത്തില്‍ ഒരു സത്യം വെട്ടിത്തുറന്നു പറയട്ടെ. കമ്യൂണിസ്റ്റുകാര്‍ പല സ്ഥലത്തും അക്രമം ചെയ്തുവെന്നതു ശരിതന്നെ. പക്ഷേ അങ്കമാലിയില്‍ വെടിവെക്കാന്‍ കാരണമുണ്ടാക്കിയതു വിമോചന സമരക്കാര്‍ ആയിരുന്നുവെന്ന് പിന്നീട് എനിക്കു മനസ്സിലാക്കാന്‍ കഴിഞ്ഞു. മദ്യപിച്ചു ബോധംകെട്ട നൂറുകണക്കിനാളുകള്‍ പോലീസ് സ്റ്റേഷനിലേക്ക് തുരുതുരാ കല്ലേറു നടത്തിയപ്പോള്‍ സഹികെട്ട് പോലീസുകാര്‍ വെടിവെച്ചതാണവിടെ. വെടിയേറ്റ ഒരാള്‍ തൃശ്ശൂര്‍ ആശുപത്രിയില്‍ കിടന്നാണ് മരിച്ചത്. കണ്ണടയ്ക്കും മുമ്പേ ആ ചെറുപ്പക്കാരന്‍ (മാണിക്യമംഗലം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥി കുഞ്ഞവിര പൌലോസ്) ആവേശപൂര്‍വ്വം എന്നോട് പറയുകയാണ്. അച്ചോ ഞാന്‍ മരിച്ചോട്ടെ; എന്നാലും വിമോചനസമരം നമുക്ക് ജയിപ്പിക്കണം...'' ഈ സത്യം വെട്ടിത്തുറന്നു പറയാന്‍ 17 വര്‍ഷമെടുത്തു! വിമോചന പടനായകരില്‍ പ്രമുഖനായ വടക്കനെ സംബന്ധിച്ചിടത്തോളം ഈ കാലതാമസം സ്വാഭാവികം. എന്നാല്‍ പരിക്കേറ്റ 27 പോലീസുകാരെയും, കല്ലേറില്‍ തുളവീണ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തെയും കത്തിനശിച്ച ചെത്തുതൊഴിലാളി സഹകരണസംഘത്തിന്റെ ജീപ്പിനെയുമെല്ലാം മാധ്യമങ്ങള്‍ കാണാതെ പോയതിന് എന്തു ന്യായീകരണമുണ്ട്?

കൂടുതല്‍ വെടിവെയ്പുകള്‍

2 ദിവസം കഴിഞ്ഞില്ല; അതിനുമുമ്പ് തലസ്ഥാനത്ത് രണ്ടിടത്ത് വെടിപൊട്ടി. ആകെ 5 മരണങ്ങള്‍. ജൂണ്‍ 15 ഉച്ചക്ക് നെയ്യാറ്റിന്‍കര താലൂക്കിലെ പുല്ലുവിളയില്‍ 2.45ന് മിഖായേല്‍ യാക്കൂബും യജ്ഞപ്പനും. നഗരാതിര്‍ത്തിയില്‍ വെട്ടുകാട്ട് 3.45ന് മൈക്കല്‍ ഫെര്‍ണാണ്ടസും ജോണ്‍നെറ്റോയും മറിയനും. അങ്കമാലിയില്‍ കള്ളുഷാപ്പാണെങ്കില്‍ വെട്ടുകാട്ടും പുല്ലുവിളയും സ്കൂളായിരുന്നു പ്രശ്നം. തുറന്ന സ്കൂളുകള്‍ അടപ്പിക്കാനുള്ള സമരക്കാരുടെ ശ്രമമാണ് രണ്ടിടത്തും 'രക്തസാക്ഷികളെ' നേടിക്കൊടുത്തത്. പുല്ലുവിളയില്‍ മുഹമ്മദന്‍സ് ഗവ. എല്‍പി സ്കൂള്‍ അടപ്പിക്കാന്‍ സമരക്കാരെത്തിയപ്പോള്‍ ഹെഡ്മാസ്റ്റര്‍ പോലീസിനെ വിളിച്ചു. അക്രമാസക്തരായ 2000ഓളം ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നാമമാത്രരായ നെയ്യാറ്റിന്‍കര എസ്ഐക്കും കൂട്ടര്‍ക്കും വെടിവെയ്പല്ലാതെ മറ്റു വഴിയൊന്നും മുന്നിലില്ലായിരുന്നു.

മാധവപുരം സ്കൂള്‍ പിക്കറ്റിംഗാണ് വെട്ടുകാട് വെടിവെയ്പിലേക്ക് നയിച്ചത്.

സോഷ്യലിസ്റ്റുകളും ലീഗും എത്തുന്നു

ജൂണ്‍ 17 ആയതോടെ ഈ രാജ്യത്തെ ദുര്‍ഭരണത്തിനെതിരായി ഇരമ്പിക്കയറിക്കൊണ്ടിരിക്കുന്ന ബഹുജനമുന്നേറ്റത്തെ കണ്ടില്ലെന്ന് നടിച്ചിരിക്കാന്‍ ആര്‍എസ്പിക്കും സാധ്യമല്ലാതായി. അതിന്റേതായ പങ്കു നിര്‍വഹിക്കാനുള്ള സന്നദ്ധത ആര്‍എസ്പി പ്രഖ്യാപിച്ചത് കൊല്ലം റെയില്‍വെ സ്റ്റേഷന്‍ മൈതാനത്താണ്. "ആര്‍എസ്പിയുടെ അഡ്രസ്സ് കാണുമോ ഇല്ലയോ എന്ന് ചരിത്രം തെളിയിക്കും. എം എന്റെ (എം എന്‍ ഗോവിന്ദന്‍നായര്‍) മേല്‍വിലാസം അന്നുണ്ടാകുമോയെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നത്.'' പ്രഖ്യാപനം നടത്തിയ ടി കെ ദിവാകരന്‍ പറഞ്ഞു. രാജ്യത്തെ കമ്യൂണിസ്റ്റ് ദുര്‍ഭരണത്തില്‍നിന്ന് രക്ഷിക്കാന്‍ ആയിരക്കണക്കിന് ആര്‍എസ്പി പടയാളികള്‍ സന്നദ്ധ ഭടന്മാരായി മുന്നോട്ടുനീങ്ങുമെന്ന് ടി കെ പ്രഖ്യാപിച്ചപ്പോള്‍ സദസ്യര്‍ ഒന്നടങ്കം കരഘോഷം മുഴക്കി അവരുടെ സന്നദ്ധത പ്രകടമാക്കിയെന്നായിരുന്നു പത്ര റിപ്പോര്‍ട്ടുകള്‍. 'ആര്‍എസ്പിയുടെ അഡ്രസ്സ് മാറ്റാന്‍ എം എന്ന് മീശ കുരുത്തിട്ടില്ലാ', "വിരിമാറ് കാട്ടാന്‍ തയ്യാര്‍ തയ്യാര്‍, തോക്കുകളൊക്കെ മിനുക്കിക്കോ, തയ്യാറാവൂ ഗോവിന്ദാ'' തുടങ്ങിയ മുദ്രാവാക്യങ്ങളെക്കുറിച്ചും പത്രങ്ങള്‍ വാചാലമായി. തുടര്‍ന്ന് മത്തായി മാഞ്ഞൂരാന്റെ കെഎസ്പിയും സമരരംഗത്തെത്തി. കമ്യൂണിസ്റ്റുകാര്‍ക്കെതിരെ ചെങ്കൊടിയേന്തിയ ചിലര്‍ കൂടി പോരിനിറങ്ങിയതോടെ വിമോചന സമരക്കാര്‍ ആവേശഭരിതരായി. അതുവരെ പിക്കറ്റിംഗില്‍നിന്നു വിട്ടുനിന്ന മുസ്ളീംലീഗ് ജൂണ്‍ 27 മുതല്‍ പിക്കറ്റിംഗുകളില്‍ പങ്കെടുത്തു തുടങ്ങി. ആദ്യദിനം തന്നെ പിക്കറ്റിംഗില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ചവരില്‍ മുസ്ളീംലീഗ് എംഎല്‍എമാരായ അഹമ്മദ് കുരുക്കള്‍, അവുക്കാദര്‍ കുട്ടി നഹ എന്നിവരും ഉള്‍പ്പെട്ടു.

നെഹ്റുവിന്റെ വരവ്

ഇതിനിടെ സംസ്ഥാനത്തെ സ്ഥിതിഗതികള്‍ നേരിട്ടു കണ്ടു വിലയിരുത്താന്‍ നെഹ്റു എത്തുന്നുവെന്ന വാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടു. ജൂണ്‍ 22നാണ് എത്തുന്നതെന്നും വെളിവായി.

നെഹ്റു കേരളത്തിലെത്തുന്ന വിവരം സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ മുതല്‍ വിമോചനസമരക്കാര്‍ അദ്ദേഹത്തെ അമ്പരപ്പിക്കുന്ന ഒരു പ്രകടനത്തിനു കോപ്പു കൂട്ടി തുടങ്ങി. ഓരോ ജില്ലകളില്‍നിന്നും നെഹ്റുവിനെ കാണാന്‍ പോവുന്നവരുടെ വിവരണങ്ങള്‍ കൊണ്ടു പത്രം നിറഞ്ഞു. ജൂണ്‍ 20ന്റെ മലയാള രാജ്യത്തില്‍ "കോട്ടയം ജില്ലയില്‍നിന്നുമാത്രം 3 ലക്ഷം പേര്‍ പുറപ്പെടുന്നു. അഞ്ചേരില്‍ വര്‍ക്കി ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇവര്‍ നാളെ വൈകിട്ട് തിരുവനന്തപുരത്തേക്ക് നീങ്ങിത്തുടങ്ങും. ട്രാന്‍സ്‌പോര്‍ട്ട് ബസ്സുകള്‍ നിര്‍ത്തിവെച്ചാലും കാറുകള്‍ക്കും ലോറികള്‍ക്കും പെര്‍മിറ്റ് അനുവദിക്കാതിരുന്നാലും നടന്ന് എത്താന്‍ ആളുകള്‍ ദൃഢപ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഛലോ ഛലോ തിരുവനന്തപുരം എന്ന ശബ്ദം ഇന്നു രാത്രി മുതല്‍ പൊതുനിരത്തുകളില്‍ കേള്‍ക്കാമെന്നാണ് വിമോചന സമരസമിതിയുടെ ഒരു വക്താവ് ഇന്ന് ഈ ലേഖകനോട് പറഞ്ഞത്...''.

ഈ പ്രചാരവേലക്കു ഫലമുണ്ടായി. 2.17ന് 'മേഘദൂതി'ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ അദ്ദേഹം രാജ്‌ഭവനിലേക്കു സഞ്ചരിച്ച 4 മൈല്‍ ദൂരവും പ്ളക്കാര്‍ഡുകളേന്തിയ വിമോചനസമരക്കാരാണ് നെഹ്റുവിനെ സ്വീകരിച്ചത്.

നെഹ്റുവിന്റെ കേരളദിനങ്ങളില്‍ സര്‍ക്കാരിനെ പുറത്താക്കണമെന്നാവശ്യപ്പെടുന്ന മുഖപ്രസംഗങ്ങളുടെ ബഹളമായിരുന്നു. നെഹ്റു തര്‍ജമ ചെയ്ത് ബുദ്ധിമുട്ടേണ്ട എന്നു കരുതിയാവണം മനോരമ ഇംഗ്ളീഷില്‍ തന്നെ മുഖപ്രസംഗമെഴുതി. "കേരള അജിറ്റേഷന്‍ ആന്റ് കോണ്‍സ്റ്റിറ്റ്യൂഷന്‍' എന്ന തലക്കെട്ടില്‍ 24നെഴുതിയ മുഖപ്രസംഗം എന്തുകൊണ്ട് സര്‍ക്കാരിനെ പിരിച്ചുവിടണം എന്നതിന് 6 കാരണങ്ങള്‍ എണ്ണി നിരത്തിക്കൊണാണ് അവസാനിച്ചത്.

1. 3 വര്‍ഷം കൂടി കമ്യൂണിസ്റ്റ് ഭരണം തുടര്‍ന്നാല്‍ ജനങ്ങള്‍ അസ്വസ്ഥരാവും.

2. സര്‍ക്കാരിന്റെ എല്ലാ നിര്‍ണായക പദവികളിലും കമ്യൂണിസ്റ്റുകാര്‍ നുഴഞ്ഞുകയറും.

3. നീണ്ട ഭീഷണിമൂലം കമ്യൂണിസം തിരഞ്ഞെടുക്കാന്‍ ജനം നിര്‍ബന്ധിതരാകും. ഭരിക്കുന്ന പാര്‍ടിയില്‍ ചേര്‍ന്നാലുള്ള ഗുണഫലങ്ങളും ജനത്തിനു പ്രേരണയാകും.

4. വോട്ടര്‍പട്ടികയില്‍ കൃത്രിമം കാട്ടി അടുത്ത തിരഞ്ഞെടുപ്പ് പ്രഹസനമാക്കും.

5. ഇന്ത്യയൊട്ടാകെ കമ്യൂണിസ്റ്റ് പ്രചാരണം നടത്താനുള്ള ഫണ്ട് കേരളത്തില്‍നിന്ന് സ്വരൂപിക്കാനാവും.

6. മൂന്നുവര്‍ഷക്കാലം കമ്യൂണിസ്റ്റ് തീവ്രവാദം പരത്തുന്ന ലക്ഷ്യങ്ങള്‍ നടപ്പിലായാല്‍ സന്മാര്‍ഗ മൂല്യങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയാത്തവിധം നഷ്ടപ്പെട്ടുപോകും.

ഒരുദിവസം വൈകി കേരളഭൂഷണവും 'വി അപ്പീല്‍ ടു പണ്ഡിറ്റ് നെഹ്റു' എന്ന തലക്കെട്ടില്‍ ഇംഗ്ളീഷ് മുഖപ്രസംഗമെഴുതി.

ജൂണ്‍ 25ന് രാവിലെ 8.15ന് അദ്ദേഹം തിരുവനന്തപുരത്തുനിന്നു വിമാനം കയറി. വിമാനത്താവളത്തില്‍ അദ്ദേഹം പത്രപ്രതിനിധികളോട് സംസാരിച്ചു.

ചോദ്യോത്തരങ്ങള്‍ ഇങ്ങനെ:-

കേരളത്തില്‍ കേന്ദ്രം ഇപ്പോള്‍ ഇടപെടുമോ?

"ഭാവിയില്‍ എന്ത് നടക്കുമെന്നെനിക്ക് പറയുക സാധ്യമല്ല. ഇപ്പോള്‍ കേന്ദ്രം ഇവിടെ ഇടപെടുകയല്ല ഉദ്ദേശം. ഏത് സംസ്ഥാനത്തായാലും കഴിയുന്നിടത്തോളം കേന്ദ്ര ഗവണ്‍മെന്റിന്റെ ഇടപെടല്‍ ഒഴിവാക്കണമെന്നാണ് എന്റെ അഭിപ്രായം.

കേരളത്തില്‍ ഒരു സാമുദായിക പ്രക്ഷോഭമാണ് നടക്കുന്നതെന്ന് അങ്ങേക്ക് തോന്നുന്നുണ്ടോ? എന്താണങ്ങയുടെ അഭിപ്രായം?

"എന്റെ അഭിപ്രായത്തില്‍ പല ഗതിയിലുള്ള ഒരു പ്രക്ഷോണമാണിത്. അതില്‍ സാമുദായിക ചായ്വും ഉള്‍പ്പെടുന്നുണ്ട്. പക്ഷേ അതിനപ്പുറത്തായി ഒരു ജനകീയ മുന്നേറ്റമാണിതില്‍ കാണുന്നത്. ഇത് സാമുദായികമാണോ അല്ലയോ എന്നൊക്കെ വിധിയെഴുതുന്നതില്‍ കാര്യമൊന്നുമില്ല.

സമരരീതികളെപ്പറ്റി വളരെയധികം ആക്ഷേപമുണ്ട്. അങ്ങയുടെ അഭിപ്രായമെന്താണ്?

പിക്കറ്റിംഗു നടത്തുന്നതിനോട് പ്രത്യേകിച്ചും സ്കൂളുകളും ബസ്സുകളും മറ്റും പിക്കറ്റു ചെയ്യുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. വിദ്യാര്‍ത്ഥികളെയും വിദ്യാര്‍ത്ഥിനികളെയും മറ്റും ഇതില്‍ ഉള്‍പ്പെടുത്തുന്നതും ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ വഴിയില്‍ തടഞ്ഞിടുന്നതും ശരിയല്ല.

ചോദ്യമില്ലാതെ തന്നെ മലയാള പത്രങ്ങളോട് അദ്ദേഹം ഒരു കാര്യം പറഞ്ഞു.

"ഒരു കാര്യം ഞാനിവിടത്തെ പത്രങ്ങളെ സംബന്ധിച്ച് പറയാനാഗ്രഹിക്കുന്നു. മലയാള പത്രങ്ങള്‍ അവയുടെ ശക്തിക്കും വീറിനും അതീതമായ ഒരു ഭാഷ സ്വീകരിച്ചിരിക്കുന്നതായി തോന്നുന്നു. ചില തര്‍ജ്ജമകളാണ് ഞാന്‍ വായിച്ചത്. കുറേക്കൂടി മിതമായ ഭാഷയില്‍ അവയുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കണമെന്ന് ഞാനവയോടഭ്യര്‍ത്ഥിക്കുന്നു''.

വിമോചന സമരം ജനകീയ മുന്നേറ്റമാണെന്ന ഭാഗം പൊലിപ്പിച്ച് 'കേരളത്തിലേത് ബഹുജനമുന്നേറ്റമാണെന്ന് നെഹ്റു പറഞ്ഞെന്ന്' മനോരമയും ദീപികയും മലയാള രാജ്യവും ചന്ദ്രികയും എന്നുവേണ്ട സകല വിരുദ്ധരും എഴുതി. കേരളത്തിലിപ്പോള്‍ ഇടപെടാന്‍ കേന്ദ്രം ഉദ്ദേശിക്കുന്നില്ല എന്നതായിരുന്നു കേരള കൌമുദിയുടെ ലീഡ്. പിക്കറ്റിംഗിനെയും വിരുദ്ധ പത്രങ്ങളുടെ ഭാഷാ ശൈലിയെയുമെല്ലാം നെഹ്റു വിമര്‍ശിച്ചത് കമ്യൂണിസ്റ്റ് പത്രങ്ങളും തലക്കെട്ടാക്കി.

പോകുന്നതിനുമുമ്പ് നെഹ്റു മൂന്ന് നിര്‍ദ്ദേശങ്ങളാണ് ഇ എം എസ് മന്ത്രിസഭക്കു മുന്നില്‍വെച്ചത്.

1. പോലീസ് വെടിവെയ്പുകളെക്കുറിച്ച് അന്വേഷണം നടത്തണം.

2. വിദ്യാഭ്യാസ നിയമത്തിലെ 11-ാം വകുപ്പ് എടുത്തുകളയണം.

3. അശോക്‍മേത്ത പാര്‍ലമെണ്ടില്‍ ഉന്നയിച്ച 32 ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണം. ഇക്കാര്യങ്ങള്‍ 101 ശതമാനവും അംഗീകരിച്ചുകൊണ്ടാണ് ഇ എം എസ് മറുപടി നല്‍കിയത്. വെടിവെയ്പിനെക്കുറിച്ച് അന്വേഷിക്കാം. 11-ാം വകുപ്പ് സസ്പെന്റ് ചെയ്യാം. 32 ആരോപണങ്ങളെക്കുറിച്ച് കേന്ദ്രത്തിനു തന്നെ അന്വേഷണം നടത്താം. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ രാജിവെക്കാനും തയ്യാര്‍.

കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിന്റെ തീരുമാനത്തിനായി ഏവരും ആകാംക്ഷയോടെ കാത്തിരുന്നു. 29ന് കേന്ദ്രത്തിന്റെ മനസ്സിലിരിപ്പ് വ്യക്തമാക്കി തീരുമാനം വന്നു. 'ഗവണ്‍മെന്റ്രാജിവെക്കുക, തിരഞ്ഞെടുപ്പിനെ നേരിടുക'.

സര്‍ക്കാരിനെ തിരുത്തുകയോ പ്രതിപക്ഷ ധര്‍മ്മം നിറവേറ്റുകയോ ആയിരുന്നില്ല വിമോചന സമരത്തിന്റെ ലക്ഷ്യമെന്ന് പകല്‍വെളിച്ചംപോലെ വ്യക്തമാക്കിക്കൊണ്ട് അങ്ങനെ 1959 ജൂണ്‍ അവസാനിച്ചു.

*
എസ് കല കടപ്പാട്: ചിന്ത വാരിക 26 ജൂണ്‍ 2009

Thursday, June 25, 2009

ഹബീബ് തന്‍വീര്‍: ജീവിതത്തിന്റെ ചോരച്ചൂട്

ഹബീബ് തന്‍വീര്‍ ഒരു നവോത്ഥാന വ്യക്തിത്വമാണ്. നാടകം എഴുതാതിരിക്കാനും വിവര്‍ത്തനം ചെയ്യാതിരിക്കാനും വിദേശനാടകങ്ങള്‍ കണ്ടെത്തി അതിനെ അരങ്ങിലേക്ക് പറിച്ചുനടാതിരിക്കാനും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. സംവിധായകരിലെ മാസ്റ്റര്‍, കേമനായ നടന്‍, നല്ല പാട്ടുകാരന്‍, കവി, ഗാനരചയിതാവ്, സംഗീത സംവിധായകന്‍, ഡിസൈനര്‍...എല്ലാമായിരുന്നു ഹബീബ് സാബ്. കൃത്യം അമ്പതുവര്‍ഷം ഭാര്യ മോനിക്കയോടൊപ്പം നയാ തിയറ്ററിനെ നയിച്ചത് അദ്ദേഹമായിരുന്നു, മോനിക്കയുടെ മരണശേഷം ഒറ്റക്കും. ചെറുപ്പക്കാരായ നാടകപ്രവര്‍ത്തകരുടെ തലമുറകള്‍ക്ക് അദ്ദേഹം നിരൂപകനും, സൈദ്ധാന്തികനും ദാര്‍ശനികനും ഗുരുവുമൊക്കെയായിരുന്നു. ആറു പതിറ്റാണ്ടുനീണ്ട ബൃഹത്തും സമൃദ്ധവുമായ നാടക ജീവിതത്തില്‍ ഗാഢമായ സാമൂഹ്യാവബോധവും സാമൂഹ്യ ഇടപെടലും കാത്തുസൂക്ഷിച്ച ജനകീയ ധൈഷണികനായ ഹബീബ് തന്‍വീര്‍ പുരോഗമന, മതനിരപേക്ഷ ആശയങ്ങളുമായി തന്റെ പേര് കൂട്ടിച്ചേര്‍ക്കുന്നതില്‍ ഒട്ടും മടികാണിച്ചില്ല. അതിനുവേണ്ടി എക്കാലവും ശക്തമായി നിലകൊള്ളുകയും ചെയ്തു.

അദ്ദേഹത്തിന്റെ മരണത്തിന് മൂന്നുദിവസങ്ങള്‍ക്കുശേഷമാണ് ഈ വരികള്‍ എഴുതുന്നത്. ആദരാഞ്ജലികളുടെ പ്രവാഹമായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍. അദ്ദേഹം അര്‍ഹിക്കുന്ന തരത്തിലുള്ള ആദരമായിരുന്നു ദൃശ്യമാധ്യമങ്ങള്‍ അടക്കമുള്ള മാധ്യമങ്ങള്‍ നല്‍കിയത്.

എങ്ങനെയാണ് ഹബീബ് തന്‍വീര്‍ ഇത്രയും ശ്രദ്ധേയനായ ഒരു കലാകാരനായത്. 1958ല്‍ ഇംഗ്ളണ്ടില്‍ നിന്നും യൂറോപ്പില്‍ നിന്നും മടങ്ങുമ്പോള്‍ തന്നെ ആവിഷ്കാരത്തിന്റെ ഭാഷാശൈലി എങ്ങനെ രൂപപ്പെടുത്തണമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ഡ്രമാറ്റിക് ആര്‍ടി(റാഡ)ല്‍ നിന്നും ഓള്‍ഡ് വിക്കില്‍ നിന്നും പഠിച്ചതില്‍ നിന്ന് ഭിന്നമാവണം അതെന്നും നിശ്ചയിച്ചുറപ്പിച്ചു. പ്രാചീന സംസ്കൃത നാടകങ്ങളില്‍ പ്രത്യേകിച്ച് അതിന്റെ ലാളിത്യത്തിലും ആവിഷ്കാരക്ഷമതയിലും ആകൃഷ്ടനായിരുന്ന അദ്ദേഹം സ്വന്തം നാടകപരീക്ഷണങ്ങളില്‍ ഇവയുടെ സാധ്യതയും ഉപയോഗിച്ചു. ഒപ്പം ബെര്‍തോള്‍ഡ് ബ്രെഹ്തിന്റെ ബെര്‍ലിനെര്‍ എന്‍സെംബിളും അദ്ദേഹത്തെ സ്വാധീനിച്ചു. തന്‍വീര്‍ ബെര്‍ലിനില്‍ എത്തുമ്പോഴേക്കും ബ്രെഹ്ത് മരിച്ചിരുന്നു. ബ്രെഹ്തിന്റെ ഭാര്യയും വിഖ്യാത നടിയുമായ ഹെലെന്‍ വെയ്ഗലുമായി അദ്ദേഹം സന്ധിച്ചു. അവരുടെ എല്ലാ നാടങ്ങളും അദ്ദേഹം കണ്ടു. അവിടെയും അദ്ദേഹം കണ്ടത് ലാളിത്യവും സംവേദനക്ഷമതയും തന്നെയായിരുന്നു.

പ്രാചീന സംസ്കൃത നാടകങ്ങളെക്കുറിച്ചറിയാനായി പലരും നാട്യശാസ്ത്രത്തിന്റെ വഴിയിലാണ് സഞ്ചരിച്ചത്. പുസ്തകങ്ങള്‍ കാര്‍ന്നു തിന്നുന്ന ഇക്കൂട്ടര്‍ എങ്ങനെയാണ് നാടകങ്ങള്‍ പണ്ടുകാലത്ത് അരങ്ങേറിയത് എന്നതിനെക്കുറിച്ചുള്ള സൂചനകള്‍ തേടി. രാജ്യത്തെ പ്രധാന സംവിധായകരില്‍ ഒരാള്‍ സംവിധാനം ചെയ്ത ശാകുന്തളം ഞാന്‍ കണ്ടിരുന്നു. അഭിനേതാക്കള്‍ സംസ്കൃതമാണ് പറഞ്ഞത്. വേഷവിധാനങ്ങളെല്ലാം നാട്യശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളത്. പഴയകാലത്തേതിനുസമാനമായ ഒരു വേദി പുനഃസൃഷ്ടിച്ചു. അതൊരു അറുബോറന്‍ സൃഷ്ടിയായിരുന്നു. എത്രമാത്രം അധ്വാനം, ശ്രദ്ധാപൂര്‍വമായ തയ്യാറെടുപ്പുകള്‍. ഒരു പാവം നാടകത്തെ കൊലപ്പെടുത്താന്‍ ഇത്രയൊക്കെ വേണമായിരുന്നോ എന്നായിരുന്നു ആ നാടകം കണ്ടപ്പോള്‍ തോന്നിയത്.

ഹബീബ് തന്‍വീറിന് തന്റെ നാട്യശാസ്ത്രം അറിയാമായിരുന്നു. അതില്‍ അദ്ദേഹം ചെറിയ തെറ്റുപോലും വരുത്തിയില്ല. സ്വന്തം തിയറ്ററിന്റെ പണ്ഡിതനും ധൈഷണികനും നരവംശശാസ്ത്രജ്ഞനും കൂടിയായിരുന്നു അദ്ദേഹം. സമയം, ഇടം, പ്രയോഗം (ടൈം, സ്പേസ്, ആക്ഷന്‍) എന്ന ത്രിത്വത്തെയാണ് അരിസ്റ്റോട്ടിലിയന്‍ തത്വങ്ങളെ അടിസ്ഥാനമാക്കുന്ന പാശ്ചാത്യ നാടകങ്ങള്‍ ആവശ്യപ്പെടുന്നത്. സംസ്കൃത നാടകങ്ങളാവട്ടെ ഈ ത്രിത്വത്തെ നിഷേധിക്കുന്നവയാണ്. സംസ്കൃതക്ളാസിക്കുകള്‍ യഥാതഥമായി അരങ്ങേറുമ്പോള്‍ എഴുതപ്പെട്ടതില്‍ ഉണ്ടെന്ന് തോന്നുന്ന വ്യതിയാനങ്ങളെ പരുപരുത്ത ഗ്രാമീണ നാടകസങ്കേതങ്ങള്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ മറികടക്കാന്‍ കഴിയുമെന്ന് അദ്ദേഹത്തിന് മനസ്സിലാവുന്നു. സംസ്കൃതനാടകങ്ങളിലും ബ്രെഹ്തിന്റെ നാടകങ്ങളിലും ഉള്ളതിനെക്കാള്‍ കൂടുതല്‍ ലാളിത്യവും സംവേദനക്ഷമതയും ഛത്തീസ്ഗഡിലെ ഗ്രാമീണ നാടകരൂപമായ 'നാച്ച'യില്‍ അദ്ദേഹം കണ്ടെത്തി. നാട്യശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്ന ഒരു ചെറിയ പ്രയോഗം പോലും യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നില്ലെന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ഗ്രാമീണ നാടകങ്ങളില്‍ പ്രയോഗിക്കുന്ന സങ്കേതങ്ങള്‍ സമാനമാണെന്നും അദ്ദേഹത്തിനുള്ളിലെ നരവംശശാസ്ത്രജ്ഞന്‍ കണ്ടെത്തി.

മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ പ്രാചീന ഇന്ത്യയിലെ ക്ളാസിക്കല്‍ നാടകങ്ങളെയും ആധുനിക ഇന്ത്യയിലെ ഗ്രാമീണനാടക രൂപങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചരടുണ്ട്. ഇതാകട്ടെ വര്‍ത്തുളവും മുറിഞ്ഞതുമായിരുന്നു. ഈ ബന്ധം ഏപ്പോഴും വ്യക്തമായിരുന്നില്ല. എങ്കിലും ഒരു ബന്ധം ഉണ്ടായിരുന്നു. അങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നെങ്കില്‍ ക്ളാസിക്കല്‍, നാടോടി നാടകങ്ങള്‍ തമ്മിലും ഉയര്‍ന്നതും താണതും തമ്മിലും 'മാര്‍ഗി'യും 'ദേശി'യും തമ്മിലും മൌലികമായ വിടവിന് സാധ്യതയുണ്ടാവുകയില്ല. ഇത് ഒരു അസാധാരണമായ ഉള്‍ക്കാഴ്ചയാണ്. ഇങ്ങനെയൊരു ഉള്‍ക്കാഴ്ചയിലെത്തുക എളുപ്പവുമല്ല. നൃത്തത്തിലെയും സംഗീതത്തിലെയും ക്ളാസിക്കല്‍ പാരമ്പര്യം കണ്ടെത്തുകയെന്നത് 'ദേശി'യും 'മാര്‍ഗി'യും തമ്മിലുള്ള അകല്‍ച്ചയെന്ന വൈരുധ്യത്തില്‍ ഊന്നുക കൂടിയാണ്. ഈ നിഗൂഢത ആദ്യം കണ്ടെത്തിയവരില്‍ ഒരാളാണ് ഹബീബ് തന്‍വീര്‍.

ഗ്രാമീണ നാടകസങ്കേതങ്ങള്‍ക്കുവേണ്ടിയല്ല, ഈ നാടകങ്ങളിലെ നടന്മാര്‍ക്കു വേണ്ടി അലഞ്ഞു എന്നതാണ് തന്‍വീറിന്റെ ഉള്‍ക്കാഴ്ചയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. 'നാച്ച' ശില്പശാലകള്‍ സംഘടിപ്പിക്കാന്‍ അദ്ദേഹം അമ്പതുകളുടെ ഒടുവില്‍ പലവട്ടം ഛത്തീസ്ഗഡിലെ ഗ്രാമങ്ങളില്‍ യാത്ര ചെയ്തു. ഖൈരാഗഡില്‍ 2001ല്‍ സംഘടിപ്പിച്ച നാച്ച ശില്പശാലയില്‍ ഞാനും പങ്കെടുത്തിരുന്നു. അത് അത്ഭുതകരമായ അനുഭവമായിരുന്നു. സംസ്ഥാനത്തെങ്ങുമുള്ള നാച്ച ട്രൂപ്പുകള്‍ അവിടെയെത്തിയിരുന്നു. ഓരോ സംഘം ഓരോ ദിവസം പാട്ടും നാടകവും നൃത്തവും അവതരിപ്പിച്ചു. ചുണ്ടത്തുവച്ച പൈപ്പില്‍ നിന്ന് പുകയൂതിക്കൊണ്ട്, കാണുന്ന കലാകാരന്മാരുമായി സംസാരിച്ച് അവര്‍ പറയുന്നതും പാടുന്നതുമെല്ലാം ഹബീബ് സാബ് കുറിച്ചെടുക്കുന്നതു കാണാമായിരുന്നു. നാടകത്തിന്റെ രീതിശാസ്ത്രങ്ങളെയും നാടകപൈതൃകത്തെയും സ്ക്രിപ്റ്റിന്റെ ആശയഉറവിടത്തെയും കുറിച്ച് അദ്ദേഹം നാടകപ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞു. മോനിക്കാദീദിക്ക് ശ്രദ്ധ ഗ്രാമീണ നാടകപ്രവര്‍ത്തകരുടെ വേഷവിധാനത്തിലും മുഖച്ചമയങ്ങളിലും പാഴ്വസ്തുക്കളില്‍നിന്ന് അവര്‍ മെനഞ്ഞെടുത്ത ആഭരണങ്ങളിലുമായിരുന്നു. തന്റെ ട്രൂപ്പിലെ ഗായകരോട് നാച്ച കലാകാരന്മാര്‍ക്കൊപ്പം പാടി പുതിയ പാട്ടുകളും ഈണങ്ങളും പഠിക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചു. ഇതിനിടയില്‍ അവിടെ കൂടിയവരില്‍ നിന്ന് ഒരു നാടകം രൂപപ്പെടുത്തുന്നതിലും അദ്ദേഹം ദത്തശ്രദ്ധനായി. ഒരു കടുവ അഹിംസാവാദിയായി മാറുന്നതിനെക്കുറിച്ചുള്ള 'ചന്ദന്‍വന്‍ കി ബാഘ്' എന്ന നാടകം അങ്ങനെ രൂപപ്പെട്ടതാണ്. മൂന്നാഴ്ച നീണ്ട ഈ ശില്പശാലക്കൊടുവില്‍ അദ്ദേഹത്തിന്റെ സ്വന്തം ട്രൂപ്പായ നയാ തിയറ്ററിലെ പ്രവര്‍ത്തകര്‍ നാച്ചാ കലാകാരന്മാരെ അവരുടെ സംഘത്തിലേക്ക് ക്ഷണിക്കാന്‍ തീരുമാനിച്ചു. ചരണ്‍ദാസ് ചോര്‍ എന്ന വിഖ്യാത നാടകത്തില്‍ ഇപ്പോള്‍ ഗുരുവായി അഭിനയിക്കുന്ന മന്‍ഹരന്‍ എന്ന കലാകാരന്‍ ഈ ശില്പശാലയുടെ കണ്ടെത്തലാണ്.

താന്‍ ഗ്രാമീണനാടകരൂപങ്ങള്‍ തേടിയല്ല, ഗ്രാമീണ കലാകാരന്മാരെ തേടിയാണ് അലയുന്നതെന്ന് അദ്ദേഹം എല്ലാ സംഭാഷണങ്ങളിലും അഭിമുഖങ്ങളിലും നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. ഇങ്ങനെയുള്ള ഊന്നിപ്പറയലുകള്‍ക്ക് കാരണം തേടി കൂടുതല്‍ കഷ്ടപ്പെടേണ്ടതില്ല. 'നാടോടി നാടകവേദിയുടെ സമകാലിക സാധ്യതകള്‍' എന്ന വിഷയത്തില്‍ 1971ല്‍ സംഗീത നാടക അക്കാദമി ഒരു വട്ടമേശ സമ്മേളനം നടത്തിയിരുന്നു. അക്കാദമി സെക്രട്ടറിയായി പ്രവര്‍ത്തിച്ച സുരേഷ് അവസ്തിയും തിയറ്റര്‍ ഓഫ് ദ റൂട്സിന്റെ ആചാര്യന്‍ നെമിചന്ദ്ര ജെയിനും ആയിരുന്നു ഈ സമ്മേളനത്തിന്റെ പ്രേരണാശക്തികള്‍. കണിശക്കാരനായിരുന്നെങ്കിലും നെമിണ്‍ചന്ദ്ര ജെയിനിന് പ്രായോഗിക പരിചയം കുറവായിരുന്നു. തിയറ്റര്‍ ഓഫ് ദ റൂട്സിന്റെ മുദ്രാവാക്യം ഏറ്റെടുക്കാന്‍ ബാദല്‍ സര്‍ക്കാര്‍, ഉത്പല്‍ ദത്ത്, വിജയ് തെണ്ടുല്‍ക്കര്‍, ഗിരീഷ് കര്‍ണാഡ്, ഇബ്രാഹിം അല്‍കാസി തുടങ്ങി വട്ടമേശ സമ്മേളനത്തിലെ അംഗങ്ങള്‍ ഏറെ ശ്രദ്ധകാട്ടി. എണ്‍പതുകളുടെ തുടക്കത്തിലാണ് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന നാടോടി കലാരൂപങ്ങളെ ഡോക്യുമെന്റ് ചെയ്യാന്‍ ഫോഡ് ഫൌണ്ടേഷന്‍ പണം നല്‍കാന്‍ തുടങ്ങിയത്. അതിന് അവര്‍ക്ക് സമകാല നാടകപ്രവര്‍ത്തകരെ ഉപയോഗിക്കേണ്ടതായും വന്നു. 1984ല്‍ നാടോടി നാടകങ്ങളില്‍ നിന്ന് സ്വാംശീകരിച്ച ശൈലീകൃത പാരമ്പര്യം ഉപയോഗിച്ച് നാടകം നിര്‍മിക്കാന്‍ യുവ നാടകപ്രവര്‍ത്തകര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന ഒരു പദ്ധതിക്ക് അക്കാദമി മുന്‍കൈയെടുത്തിരുന്നു. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന സങ്കുചിത പ്രാദേശികവാദത്തെ പ്രതിരോധിക്കാനായി നാടോടി നാടകങ്ങളുടെ പരീക്ഷണങ്ങള്‍ക്കുവേണ്ടി ഒരു ഡസന്‍ തിയറ്റര്‍ ലാബറട്ടറികള്‍ക്ക് പ്രോത്സാഹനം നല്‍കാന്‍ ഫോഡ് മുന്‍കൈയെടുത്തിരുന്നു.

അക്കാദമിയും ഫോഡ് ഫൌണ്ടേഷനും ചേര്‍ന്നുള്ള ഈ ശ്രമങ്ങള്‍ക്ക് രണ്ട് തലങ്ങളുണ്ട്. ഒന്ന്: ഗ്രാമീണ നാടകവേദിയുമായി ബന്ധമില്ലാത്തതും ആധികാരികതക്കുവേണ്ടി ശ്രമിക്കുന്നവരുമായ നഗരങ്ങളിലെ നാടകപ്രവര്‍ത്തകര്‍ക്കുവേണ്ടിയായിരുന്നു ഇതെല്ലാം. രണ്ട്: ആഴത്തില്‍ പ്രത്യയശാസ്ത്രപരമായിരുന്ന ഈ ശ്രമങ്ങള്‍ തിരക്കഥയെ അവഗണിച്ച് പാട്ട്, നൃത്തം തുടങ്ങിയ ഔപചാരികതലങ്ങളില്‍ ഊന്നിയതായിരുന്നു. ഇത് തുറന്ന അരാഷ്ട്രീയതയിലാണ് കലാശിച്ചത്. ഫോഡിന്റെയും അക്കാദമിയുടെയും ശില്പശാലകളില്‍ തുടക്കത്തില്‍ പങ്കെടുത്തുവെങ്കിലും ഇത്തരം ശ്രമങ്ങളെ എക്കാലവും സംശയത്തോടെയാണ് ഹബീബ് തന്‍വീര്‍ നോക്കിക്കണ്ടത്. വിദേശത്തും അദ്ദേഹം നാടകങ്ങള്‍ അവതരിപ്പിച്ചിരുന്നു. 1982ലെ എഡിന്‍ബറോ ഫെസ്റ്റിവലില്‍ ഒന്നാം സമ്മാനം നേടിയെങ്കിലും വിദേശപ്രേക്ഷകര്‍ക്കുവേണ്ടി ഒരിക്കലും അദ്ദേഹം നാടകം ചെയ്തിരുന്നില്ല. തനിക്ക് പറയാനുള്ള കാര്യങ്ങളെപ്പറ്റി പറയുന്നതില്‍ അദ്ദേഹം അദ്വിതീയനായിരുന്നു.

എണ്‍പതുകളുടെ മധ്യം മുതലായിരുന്നു അദ്ദേഹത്തിന്റെ നാടകപരീക്ഷണങ്ങളുടെ മൌലികമായ മാറ്റങ്ങളുടെ രണ്ടാംഘട്ടം. ഒന്നാമത്തേത് അദ്ദേഹം ഇന്ത്യന്‍ പീപ്പിള്‍ തിയറ്റര്‍ അസോസിയേഷനില്‍ ചേര്‍ന്ന കാലമായിരുന്നു. രാജീവ്ഗാന്ധിയും നരസിംഹറാവുവും നവലിബറല്‍ സാമ്പത്തിക നയത്തിന്റെ സ്റ്റീംറോളര്‍ ദരിദ്രരുടെ മേല്‍ ഉരുട്ടിക്കയറ്റുകയും ഹിന്ദുത്വവാദം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനഘടനക്ക് ഭീഷണിയുയര്‍ത്തുകയും ചെയ്ത വര്‍ഷങ്ങളാണ് രണ്ടാം ഘട്ടം. 1985 മുതലുള്ള ഹബീബ് തന്‍വീറിന്റെ നാടകങ്ങള്‍ രാഷ്ട്രീയനാടകങ്ങള്‍ തന്നെയായിരുന്നു. 'ഹിര്‍മ കി അമര്‍ കഹാനി', 'സഡക്' എന്നിവ വികസനത്തെയും ആദിവാസികളെയും കുറിച്ചായിരുന്നു. 'മോട്ടേറാം കി സത്യഗ്രഹ', 'ബാഘ്', 'ജിസ് ലാഹോര്‍ നഹി ദേഖ്യാ വോ ജന്‍മിയ ഹി നഹി' എന്നിവയില്‍ വര്‍ഗീയതയാണ് വിഷയം. മാക്സിം ഗോര്‍ക്കിയുടെ 'എനിമീസി'ന് സഫ്ദര്‍ ഹശ്മി നല്‍കിയ നാടകാഖ്യാനം ഹബീബ് തന്‍വീര്‍ സംവിധാനം ചെയ്തപ്പോള്‍ അത് ശക്തമായ മുതലാളിത്തവിരുദ്ധ സൃഷ്ടിയായി. 'സഹരീലി ഹവ' ഭോപ്പാല്‍ വിഷവാതക ദുരന്തത്തെ പരാമര്‍ശവിഷയമാക്കിയപ്പോള്‍ ഹിംസയും അഹിംസയുാണ് 'രാജ് രക്തി'ന്റെ ഇതിവൃത്തം. സംഘപരിവാറിന്റെ കടന്നാക്രമണത്തിന് വിധേയമായതുകൊണ്ടുതന്നെ 'പോങ്കാ പണ്ഡിറ്റ്' അരങ്ങേറിയ വേദികളുടെ എണ്ണം തിട്ടപ്പെടുത്തുക വയ്യ. സംഘപരിവാറിന്റെ ശാരീരികാക്രമണങ്ങള്‍ക്കു മുന്നില്‍ അടിപതറാതെ നിന്ന അദ്ദേഹം സാമൂഹികപ്രതിബദ്ധതയുടെയും ധീരതയുടെയും പുതിയ പാഠമാണ് നമുക്ക് നല്‍കിയത്.

അറുപത് വയസ് തികഞ്ഞ 1983ലാണ് അദ്ദേഹം സര്‍ഗാത്മകയുടെ ഉത്തുംഗങ്ങളിലെത്തിയത്. സംവിധാനം ചെയ്ത നാടകങ്ങളുമായി ഹബീബ് സാബ് ഇന്ത്യയിലും വിദേശത്തും നാടോടിയെപ്പോലെ അലഞ്ഞു. കൈവന്ന അംഗീകാരങ്ങളുടെ ആലസ്യത്തില്‍ വിശ്രമിക്കാന്‍ എളുപ്പമായിരുന്ന ആ കാലത്ത് അദ്ദേഹം അങ്ങേയറ്റം ഊര്‍ജസ്വലനായി കാണപ്പെട്ടിരുന്നു. നാടകങ്ങള്‍ സംവിധാനം ചെയ്തും നാടകശില്‍പശാലകളിലും നാടകസ്കൂളുകളിലും ക്ളാസെടുത്തും ലോകമെങ്ങും യാത്രചെയ്തും അദ്ദേഹം അലഞ്ഞു. സ്റ്റഫ് ചെയ്ത ഒരു പുലിയെപ്പോലെ നിരുപദ്രവകാരിയാവാനോ ഒരു മ്യൂസിയം വസ്തുപോലെ നിര്‍ഗുണനാവാനോ പഴയ ക്ഷോഭത്തിന്റെ സ്മാരകമാവാനോ അദ്ദേഹം തയ്യാറായിരുന്നില്ല. അവസാനശ്വാസം വരെ ഒരു ദീപസ്തംഭമായി, ഒരു പോരാളിയായി അദ്ദേഹം അരങ്ങു നിറയുകയായിരുന്നു.

സലാം, ഹബീബ് സാബ്, ഞങ്ങള്‍ക്ക് വെളിച്ചവും ഊഷ്മളതയും സമ്മാനിച്ച നിങ്ങളുടെ ചോരച്ചൂടുള്ള ജീവിതത്തിന്.

*
സുധന്‍വ ദേശ്‌പാണ്ഡെ കടപ്പാട്: ദേശാഭിമാനി വാരിക 2009 ജൂണ്‍ 28 ലക്കം

അധിക വായനയ്ക്ക്

ഹബീബ് തന്‍‌വീറിനെക്കുറിച്ചുള്ള വിക്കി പേജ്

Wednesday, June 24, 2009

മാധ്യമങ്ങള്‍ ജനാധിപത്യത്തിന്റെ കാവല്‍ക്കാരോ കൂലിത്തല്ലുകാരോ?

അച്ചടി മാധ്യമങ്ങളും (പത്രങ്ങള്‍, വാരികകള്‍ എന്നിവ) ദൃശ്യമാധ്യമങ്ങളും (ടെലിവിഷന്‍, സിനിമ, ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ) അദൃശ്യവും ദൃശ്യവുമായ വലകള്‍ നെയ്തുകൊണ്ട് വാര്‍ത്തകളുടെയും ഇമേജുകളുടെയും അതിവേഗത്തിലുള്ള വ്യാപനത്തിലൂടെ ആഗോളീകരണ ശക്തികള്‍ക്കും സാമ്രാജ്വത്വത്തിനും ദേശീയ ഫാസിസത്തിനും വേരോട്ടമുണ്ടാക്കാനുള്ള ഒരു സാംസ്കാരിക പരിസരത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ജനാധിപത്യാവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ള പോരാട്ടങ്ങള്‍ക്കനുകൂലമായി ഈ ആധുനിക മാധ്യമങ്ങളെയെല്ലാം ഉപയോഗിക്കാന്‍ സാധ്യതയുള്ളതുപോലെ പ്രതിലോമകരമായ ആശയങ്ങളുടെയും പ്രയോഗങ്ങളുടെയും സ്വതന്ത്ര വ്യാപനത്തിനുവേണ്ടി ആസൂത്രിതമായി ഉപയോഗിക്കാനുമാവുമെന്നുള്ള ചരിത്രപാഠങ്ങളും അനുഭവങ്ങളും നമ്മുടെ കണ്‍മുമ്പിലുണ്ട്. ഇന്ന് ഈ മാധ്യമങ്ങളില്‍ ഭൂരിപക്ഷവും മൂലധനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജനവിരുദ്ധപക്ഷത്ത് നിലയുറപ്പിക്കുകയും സാമ്രാജ്യത്വത്തിന്റെയും വലതുപക്ഷത്തിന്റെയും കൂലിത്തല്ലുകാരായി അധഃപതിക്കുകയും ചെയ്തിട്ടുണ്ട്. പലരുടെയും നിക്ഷ്പക്ഷ നാട്യങ്ങളുടെ തിളങ്ങുന്ന ആടയാഭരണങ്ങള്‍ അഴിഞ്ഞുവീഴുകയും കുടിലതയുടെയും ക്രൌര്യത്തിന്റെയും യഥാര്‍ഥരൂപം പ്രകടമാകുകയും ചെയ്തിട്ടുണ്ട്. കമ്പോളശക്തികളുടെയും ഫാസിസ്റ്റു യുക്തികളുടെയും മുതലെടുപ്പുകള്‍ക്ക് ഈ മാധ്യമങ്ങള്‍ ഉപയോഗിക്കപ്പെടുകയും മാധ്യമപ്രവര്‍ത്തകര്‍ വിലയ്ക്കെടുക്കപ്പെടുകയും ചെയ്യുന്ന ഒരന്തരീക്ഷനിര്‍മ്മിതി അതിവേഗം ശക്തിപ്രാപിക്കുന്നത് നമുക്ക് തൊട്ടറിയാനാവും. ആന്തരികവും ബാഹ്യവുമായ ആചാരാനുഷ്ഠാനങ്ങള്‍, പെരുമാറ്റരീതികള്‍, മൂല്യബോധം, അനുനിമിഷം തകര്‍ക്കപ്പെടുകയും പുനര്‍നിര്‍മ്മിതി നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പൊതുബോധം, എന്നിവയിലൊക്കെ അഴിച്ചുപണികളും പുനക്രമീകരണങ്ങളും നടത്തിക്കൊണ്ട് സാംസ്കാരികമായ അധിനിവേശത്തിലൂടെ സാമ്രാജ്യത്വാനുകൂലമായ ഒരു രാഷ്ട്രീയാന്തരീക്ഷം നിര്‍മ്മിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ അതിന്റെ എല്ലാമറകളും പൊളിച്ചുകളഞ്ഞുകൊണ്ട് ഭീഷണസാന്നിധ്യമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയെ കീഴ്പ്പെടുത്താനും പൂര്‍ണനിയന്ത്രണത്തിലാക്കാനും ഇന്ത്യയിലെ ഇടതുപക്ഷമതേതരശക്തികളെ തകര്‍ക്കണമെന്ന് സാമ്രാജ്യത്വശക്തികള്‍ക്ക് നന്നായറിയാം. സാമ്രാജ്യത്വത്തിന്റെ അധിനിവേശശ്രമങ്ങളെ തടയാന്‍ ആശയപരമായും പ്രായോഗികമായും നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റു ശക്തികളെ തകര്‍ത്തുകൊണ്ടുമാത്രമേ അതിന് മുന്നേറാനാവൂ. പൊതുമേഖലയുടെ സ്വകാര്യവല്‍ക്കരണത്തെ തടസ്സപ്പെടുത്തുകയും ആണവകരാറിനെ എതിര്‍ക്കുകയും, മതന്യൂനപക്ഷങ്ങള്‍ക്കുമേലുള്ള ആക്രമണങ്ങളെ പ്രതിരോധിക്കുകയും ഒക്കെ ചെയ്യുന്ന ഇടതുപക്ഷശക്തികളെ തകര്‍ക്കാന്‍ അതിന് നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റുശക്തികളെ പ്രത്യേകിച്ച് സി പി ഐ (എം) നെ പൂര്‍ണമായും തകര്‍ക്കേണ്ടതുണ്ട് എന്ന് മറ്റാരേക്കാളും സാമ്രാജ്യത്വശക്തികള്‍ക്കറിയാം. അത് ലക്ഷ്യം വെച്ചുകൊണ്ടാണ് കേരളത്തിലും ബംഗാളിലും സി പി ഐ (എം)നെ നാലുവശത്ത് നിന്നും മാധ്യമങ്ങളുടെ പിന്തുണയോടെ ഇവര്‍ ആക്രമിച്ചുകൊണ്ടിരിക്കുന്നത്. സി പി ഐ (എം) നെ തകര്‍ക്കാന്‍ അതിന്റെ സംഘടനാസംവിധാനത്തെയും അതിന്റെ നേതൃത്വത്തെയും തകര്‍ക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ കരുത്തുറ്റ സംഘടനാ സംവിധാനത്തെ തകര്‍ക്കാന്‍ അതിന്റെ കോട്ടകള്‍പൊളിക്കേണ്ടതുണ്ട്.

അതുകൊണ്ടാണ് എല്ലാ മാധ്യമങ്ങളും അതിന്റെ വിലയ്ക്കെടുക്കപ്പെട്ട മാധ്യമപ്രവര്‍ത്തകരും പിണറായി വിജയനെ വളഞ്ഞാക്രമിക്കുന്നതും കണ്ണൂരിലെ ധീരരായ പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കളെയും ശാരീരികമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഫാസിസ്റ്റുകളെയും വര്‍ഗീയ മത തീവ്രവാദസംഘടനകളെയും പിന്തുണയ്ക്കുന്നതും. കണ്ണൂരിലെ പാര്‍ട്ടിയെയും പാര്‍ട്ടിപ്രവര്‍ത്തകരെയും നേതാക്കളെയും തകര്‍ക്കാനായാല്‍ മറ്റുസ്ഥലങ്ങളില്‍ പാര്‍ട്ടിയെ തകര്‍ക്കുക താരതമ്യേന എളുപ്പമാണെന്ന് എതിരാളികള്‍ക്കറിയാം.

സാമ്രാജ്യത്വത്തിന്റെയും അതുമായി പ്രണയാതുരമായ ബന്ധം പുലര്‍ത്തുന്ന വര്‍ഗീയഫാസിസത്തിന്റെയും അജണ്ടകള്‍ പൂര്‍ണമായി നടപ്പിലാക്കുന്നതിനുവേണ്ടി വ്യത്യസ്തതലത്തിലുള്ള സാംസ്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഈ മാധ്യമങ്ങളുടെ നേതൃത്വത്തില്‍ അരാഷ്ട്രീയമായ ഒരു മധ്യവര്‍ഗസമൂഹത്തെ രൂപപ്പെടുത്താനുള്ള ആസൂത്രിതമായ ശ്രമങ്ങള്‍ നടക്കുന്നു. എല്ലാത്തരം കാപട്യങ്ങളെയും സംഘടനാശേഷിയെ നിരാകരിക്കുന്ന അരാഷ്ട്രീയതയെയും, ഇടതു പക്ഷ തീവ്രവാദത്തെയും പ്രകീര്‍ത്തിച്ചുകൊണ്ടാണ് ഈ മധ്യവര്‍ഗചിന്തകളും ജീവിതവും അതിന്റെ ചിറക് വിരിക്കുന്നത്. ദരിദ്രരും നിരാലംബരുമായ മനുഷ്യരെപ്പോലും മധ്യവര്‍ഗകാപട്യങ്ങള്‍ക്കും ചിന്തകള്‍ക്കും ആര്‍ത്തികള്‍ക്കും കീഴ്പ്പെടുത്തിക്കൊണ്ട് ആധിപത്യത്തിന്റെ, അരാഷ്ട്രീയതയുടെ വന്‍തുരുത്തുകള്‍ നിര്‍മ്മിച്ചെടുക്കുന്നതിന് ഈ മാധ്യമങ്ങള്‍ കിണഞ്ഞുശ്രമിക്കുകയാണ്. കര്‍ഷകര്‍, കര്‍ഷകത്തൊഴിലാളികള്‍, സാധാരണദരിദ്രജനവിഭാഗങ്ങള്‍ എന്നിവരുടെയൊക്കെ ജീവിതാവശ്യങ്ങളിലേക്കും വികസനങ്ങളിലേക്കും ശ്രദ്ധപതിപ്പിക്കാതെ സമ്പന്നമധ്യവര്‍ഗ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി ഒരു വികസനസങ്കല്‍പ്പത്തെ വളര്‍ത്തിയെടുക്കുകയും ഈ പാവപ്പെട്ട ജനവിഭാഗങ്ങള്‍പോലും സ്വന്തം താല്‍പ്പര്യങ്ങളെ വിസ്മരിച്ചുകൊണ്ട്, തങ്ങള്‍ക്ക് അന്യമായ വികസന-വിദ്യാഭ്യാസനയങ്ങളെ പിന്തുണയ്ക്കുന്ന ഒരു രാഷ്ട്രീയ സാംസ്കാരികാന്തരീക്ഷം കേരളത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്.

ധനികരുടെയും ഇടത്തരക്കാരുടെ ജീവിതസൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുകയും കമ്പോളത്തിലെത്തുന്ന ആധുനിക ഉപകരണങ്ങളും വസ്തുക്കളും വാഹനങ്ങളും സ്വന്തമാക്കുകയും കൂടുതല്‍ നല്ലതിനുവേണ്ടിയുള്ള അശാന്തമായ ഓട്ടം തുടരുകയും ചെയ്യുമ്പോള്‍ ദരിദ്രജനവിഭാഗങ്ങള്‍വെറും കാഴ്ചക്കാരായി ഞെരുങ്ങുകയും തളര്‍ന്നു വീഴുകയും പിന്തള്ളപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ദാരിദ്ര്യമോ ദരിദ്രരോ തീരെയില്ലായെന്ന അസംബന്ധപ്രചാരണങ്ങള്‍ സമൂഹത്തിന്റെ പൊതുബോധത്തില്‍ നിരന്തരം നിര്‍മ്മിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ദരിദ്രരെ അവഗണിക്കുകയും എല്ലാം മധ്യവര്‍ഗത്തിന്റെയും സമ്പന്നരുടെയും സൌകര്യങ്ങള്‍ക്കു വേണ്ടിയെന്ന് വ്യാഖ്യാനിക്കപ്പെടുകയും നിര്‍വ്വചിക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്നു. മാധ്യമങ്ങളാകട്ടെ രാഷ്ട്രീയവൃത്തങ്ങളിലെ ഗോസിപ്പുകളും പടലപിണക്കങ്ങളും വ്യക്തികേന്ദ്രീകൃതതര്‍ക്കങ്ങളും വിഷയമാക്കി ദിവസവും തുടര്‍ക്കഥകള്‍ മെനയുന്നു. സത്യത്തിന്റെ തരികളുള്ള നുണകളുടെ ഭാവനാവിലാസങ്ങള്‍ അവര്‍ കെട്ടിപ്പൊക്കുന്നു. പൈങ്കിളിവാരികകളിലെ തുടര്‍ക്കഥകളും ടെലിവിഷനിലെ സീരിയലുകളും കാത്തിരിക്കുന്നവരെപ്പോലെ വാര്‍ത്താമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളും ഫീച്ചറുകളും വായിക്കുന്നവരെയും മാറ്റിത്തീര്‍ത്തുകൊണ്ടിരിക്കുന്നു.

കേരളസമൂഹവും ഇന്ത്യന്‍ സമൂഹവും ലോകമാകെത്തന്നെയും നേരിടുന്ന തീവ്രമായ പ്രശ്നങ്ങളും സംഘര്‍ഷങ്ങളും പോംവഴികളും രാഷ്ട്രീയമായിത്തന്നെ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു തെരഞ്ഞെടുപ്പായിരുന്നു ഇപ്പോള്‍ കഴിഞ്ഞത്. വികസനത്തിന്റെ പേരില്‍ ദിവസവും ഉയര്‍ന്നുകൊണ്ടിരുന്ന രമ്യഹര്‍മ്മങ്ങളുടെയും വലിയ കെട്ടിടസമുച്ചയങ്ങളുടെയും റോഡില്‍ ജനങ്ങളെ കൊന്നു വീഴ്ത്തിക്കൊണ്ടോടുന്ന ആര്‍ഭാടവാഹനങ്ങളുടെയും സ്വാശ്രയകച്ചവടസ്ഥാപനങ്ങളുടെ അഹങ്കാരഗര്‍ജ്ജനങ്ങളുടെയും ഷെയര്‍ മാര്‍ക്കറ്റുകളിലെ ചൂതുകളികളുടെയും ഇടയില്‍ തങ്ങളുടെ ചെറിയ ജീവിതങ്ങളുമായി സാധാരണ മനുഷ്യര്‍ അന്തംവിട്ടുനില്‍ക്കുകയായിരുന്നു. അപ്പോഴൊക്കെ നമ്മുടെ മാധ്യമങ്ങള്‍ കോടിക്കണക്കിന് പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നോ അതോ ധനികന്യൂനപക്ഷത്തിന്റെ ആര്‍ഭാടങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പുറകെ പായുകയായിരുന്നോ?

പ്രശസ്തനും വ്യത്യസ്തനുമായ പത്രപ്രവര്‍ത്തകനായ പി സായ്നാഥ് ഒരു ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള ചില വസ്തുതകളുണ്ട്.* ഇന്ത്യയിലെ കര്‍ഷകരുടെ ദുരിതങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വാര്‍ത്തകളില്‍ തീരെ സ്ഥാനം കൊടുക്കാത്തവര്‍ 2005ലെ ലാക്മെ ഇന്ത്യ ഫാഷന്‍ വീക്കിനുവേണ്ടി എത്രമാത്രം പ്രാധാന്യവും സ്ഥലവും സമയവും അനുവദിച്ചു എന്നദ്ദേഹം പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും ദില്ലിയിലെ തെരുവുകളിലൂടെ മാര്‍ച്ച് ചെയ്യുകയും അവരുടെ യൂണിയനുകള്‍ ഒരു പത്രസമ്മേളനം നടത്തുകയും ചെയ്താല്‍ അഞ്ചോ ആറോ പത്രപ്രവര്‍ത്തകരായിരിക്കും പത്ര സമ്മേളനത്തില്‍ പങ്കെടുക്കുകയെന്നും, പത്രങ്ങള്‍ ഒരു ഫോട്ടോയും രണ്ടു കോളം വാര്‍ത്തയും നല്‍കിയായിരിക്കും ഇതിനോട് പ്രതികരിക്കുകയെന്നും സായിനാഥ് പറയുന്നു. എന്നാല്‍ 2004ലെ ലാക്മെ ഇന്ത്യ വീക്കിനെക്കുറിച്ച് പത്രങ്ങളില്‍ നാലുലക്ഷം വാക്കുകള്‍ അച്ചടിച്ചുവന്നു. ടെലിവിഷനുകളില്‍ 1000 മിനിട്ടിലധികം സമയം ലഭിച്ചു. ടി വിക്കുവേണ്ടി 800 മണിക്കൂര്‍ വീഡിയോ ഫുട്ടേജ് ഷൂട്ട് ചെയ്തു. 10000 റോള്‍ ഫിലിം ഫോട്ടോകള്‍ക്കായി ഉപയോഗിച്ചു. ഇത് നമ്മുടെ മാധ്യമങ്ങളുടെ ധാര്‍മ്മികതയെക്കുറിച്ചും ഉത്തരവാദിത്തത്തെക്കുറിച്ചും വാര്‍ത്തകള്‍ക്ക് നല്‍കുന്ന മുന്‍ഗണനകളെക്കുറിച്ചുമുള്ള ഞെട്ടിപ്പിക്കുന്ന അറിവുകള്‍ ആവേണ്ടതാണ്.

രാഷ്ട്രീയപ്രവര്‍ത്തനം വെറുക്കപ്പെടേണ്ടതും അകലം സൂക്ഷിക്കേണ്ടതും ആയ ഒന്നായി അവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ വാര്‍ത്തമാധ്യമങ്ങള്‍ ഏറെ സ്ഥലവും സമയവും വിനിയോഗിക്കുന്നത് രാഷ്ട്രീയത്തിനു വേണ്ടിയാണെന്നുള്ളതാണ് ഒരു വൈരുദ്ധ്യം. രാഷ്ട്രീയ വാര്‍ത്തകള്‍ മാത്രമല്ല, ശാസ്ത്രം, സാംസ്കാരികം, പുസ്തകങ്ങള്‍ എന്നിവയ്ക്കൊക്കെ മതിയായ പ്രാധാന്യം നല്‍കേണ്ടതാണെങ്കിലും ആരും അത് നല്‍കുന്നില്ലല്ലോ. മാധ്യമങ്ങളുടെ വലതുപക്ഷ താല്‍പ്പര്യങ്ങളും സാമ്പത്തിക ബന്ധങ്ങളും ഇടതുപക്ഷാശയങ്ങളെ തകര്‍ക്കാന്‍ പുതിയ തന്ത്രങ്ങളും കൂടുതല്‍ സമയവും കണ്ടെത്താനുള്ള ശ്രമങ്ങളാണിന്ന് നടക്കുന്നത്. വലതുപക്ഷ താല്‍പ്പര്യങ്ങള്‍ക്ക് കീഴ്പ്പെട്ട്, ജീവിക്കേണ്ടി വരുന്ന ഭൂരിപക്ഷ മര്‍ദ്ദിതജനതയുടെ ഏക ആശ്രയവും കരുതല്‍ ധനവും അവര്‍ക്ക് സാധ്യമാവുന്ന സംഘടനാനിര്‍മ്മിതിയാണ്. നിവര്‍ന്നു നില്‍ക്കാനവര്‍ക്ക് കഴിവുണ്ടാക്കിക്കൊടുക്കുന്നത് അവര്‍ തന്നെ പൊരുതിയുണ്ടാക്കിയ സംഘടനകളാണ്. പ്രത്യേകിച്ചും ഇടതുപക്ഷ സംഘടനകളും കമ്യൂണിസ്റ്റ് പാര്‍ട്ടിയും. ഈ സംഘടനകളുടെ ഏകശിലാരൂപത്തിലുള്ള ഘടനയെയും കരുത്തിനെയും നിശ്ചയദാര്‍ഢ്യത്തെയും തകര്‍ത്തുകൊണ്ടു മാത്രമേ അമേരിക്കന്‍ സാമ്രാജ്യത്വത്തിനും നവമുതലാളിത്തത്തിനും മുമ്പോട്ടു സഞ്ചരിക്കാനാവൂ. അതുകൊണ്ടവര്‍ക്ക് സംഘടനയെ തകര്‍ക്കാന്‍ ആധുനികമായ പുതിയ രീതികള്‍ സ്വീകരിക്കേണ്ടതുണ്ട്. സംഘടനയുടെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വം ക്രിമിനലുകളാണെന്നും പുരോഗമനവിരുദ്ധരാണെന്നും മാര്‍ക്സിസ്റ്റ് നയങ്ങളെ കയ്യൊഴിയുന്നവരാണെന്നും പ്രചരിപ്പിക്കുകയും വ്യക്തി പ്രഭാവസിദ്ധാന്തം പ്രായോഗികവല്‍ക്കരിച്ചുകൊണ്ട് സംഘടനതന്നെ അപകടകരമാണെന്നും വ്യക്തികളാണ് പോരാളികളെന്നും മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ടകളിലൂടെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.

തങ്ങളുടെ രാഷ്ട്രീയസാംസ്കാരിക അറിവുകള്‍ രൂപീകരിക്കുന്നതിന് സമൂഹം ഏറെക്കുറെ ആശ്രയിക്കുന്നത് മാധ്യമങ്ങളെയാണ്. കേരളം മറ്റുപല സംസ്ഥാനങ്ങളേക്കാള്‍ വളരെ കൂടുതല്‍ ഒരു മാധ്യമാശ്രിതസമൂഹമായതുകൊണ്ട്. മാധ്യമങ്ങളുടെ ഇടപെടലുകള്‍ കൂടുതല്‍ വലതുപക്ഷാനുകൂലമാക്കിത്തീര്‍ക്കുന്നതിന് ജനവിരുദ്ധശക്തികള്‍ക്ക് സാധ്യമാവുന്നുണ്ട്. സാര്‍വ്വദേശീയവും ദേശീയവുമായ രാഷ്ട്രീയ-സാമ്പത്തിക കാരണങ്ങള്‍ക്കൊണ്ട് ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇടതുപക്ഷത്തേക്കും അതിന്റെ സംഘടനാബലത്തിലേക്കും പ്രതീക്ഷയോടെ ഉറ്റു നോക്കുന്നതുകൊണ്ട്, ഈ മാധ്യമങ്ങള്‍ക്കും അതിന്റെ പിറകിലുള്ള ശക്തികള്‍ക്കും കൂടുതല്‍ ഇടതുപക്ഷവിരുദ്ധമായ ഒരാശയാടിത്തറ പണിതുയര്‍ത്തേണ്ടതുണ്ട്. അവര്‍ക്ക് അതിനായി ഇടതുപക്ഷ ശക്തികളുടെ നേതൃനിരയിലുള്ള സി പി ഐ (എം)ന്റെ സംഘടനാശേഷിയെയും തീരുമാനങ്ങള്‍ക്ക് രൂപംകൊടുക്കുന്ന സംഘടനാസംവിധാനങ്ങളെയും ദുര്‍ബ്ബലപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യേണ്ടതുണ്ട്. അവര്‍ അതിനായിട്ടാണ് ചരിത്രപ്രക്രിയയുടെ ഭാഗമെന്ന നിലയിലുള്ള രാഷ്ട്രീയ പോരാട്ടങ്ങളെ വേര്‍പെടുത്തി തമസ്കരിക്കുകയും പകരം വ്യക്തികളുടെ പൊലിപ്പിച്ചെടുക്കുന്ന അതിശയോക്തി കലര്‍ന്ന സാങ്കല്‍പ്പിക സിദ്ധികളിലേക്ക് എല്ലാ ശ്രദ്ധയും കേന്ദ്രീകരിച്ചുകൊണ്ട് ഒരു യുദ്ധതന്ത്രം മെനയുകയും ചെയ്യുന്നത്. ഒരു സംഘടനയ്ക്കകത്ത് വളര്‍ന്നു വരാവുന്ന നിരവധി പ്രശ്നങ്ങളെ, ആശയവ്യതിയാനങ്ങളെ, പ്രത്യയശാസ്ത്രചര്‍ച്ചകളെ, പുതിയ കുതിപ്പുകളെ, ഒക്കെ നല്ല വ്യക്തികളും ചീത്തവ്യക്തികളും തമ്മിലുള്ള അധികാരപോരാട്ടമായി ചുരുക്കുകയും സംഘടനകളെയും സമൂഹത്തെ തന്നെയും അരാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ക്ക് ആക്കം കൂട്ടുകയും ചെയ്യുന്നു. സംഘടനയെ ദുര്‍ബ്ബലപ്പെടുത്താനും തകര്‍ക്കാനുമായാല്‍ തങ്ങളുടെ സാമ്രാജ്യത്വ അജണ്ടകള്‍ എതിര്‍പ്പുകളില്ലാതെ ശക്തമായി നടപ്പിലാക്കാനാവും എന്നവര്‍ക്കറിയാം. മാധ്യമങ്ങളിലെ 'വിദഗ്ധരെ' കൂട്ടുപിടിച്ചുകൊണ്ട് അവര്‍ സി പി ഐ (എം) നുള്ളില്‍ നടക്കുന്ന ചര്‍ച്ചകളെയും സംവാദങ്ങളെയും തലകീഴായി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. 2006ലെ തെരഞ്ഞെടുപ്പില്‍ സിപി ഐ (എം)ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷജനാധിപത്യ മുന്നണി നേടിയ ഉജ്ജ്വലവിജയത്തില്‍ പാര്‍ട്ടിക്ക് പങ്കില്ല എന്നു വരെ മാധ്യമങ്ങള്‍ എഡിറ്റോറിയലുകളും ഫീച്ചറുകളും എഴുതി. 'വി എസ് നേടിയ വിജയം പിണറായി കൈപ്പിടിയിലൊതുക്കുന്നു' എന്ന തലക്കെട്ട് കൊടുത്തുകൊണ്ട് പാര്‍ട്ടി സംഘടനയെ അപ്രസക്തമാക്കുന്നു.

മന്ത്രിസഭാരൂപീകരണത്തിലും വകുപ്പുവിഭജനത്തിലും സര്‍ക്കാരിന്റെ നയരൂപീകരണത്തിലും ഭരണകാര്യങ്ങളിലും സി പി ഐ (എം)ന് എന്തവകാശം എന്ന അസാധാരണവും അസംബന്ധജഡിലവുമായ ചോദ്യം, മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് സമൂഹത്തിന്റെ പൊതുബോധത്തില്‍ ഇടപെടലുകള്‍ നടത്തുന്നു. ഈ രാജ്യത്തെ ഭരണ സംവിധാനങ്ങള്‍ക്കും ജനജീവിതത്തിനും അതീവഗുരുതരമായ അപകടങ്ങള്‍ സംഭവിക്കുന്നു എന്ന രീതിയില്‍ ഭീതി ജനിപ്പിച്ചുകൊണ്ട് ഭരണം എ കെ ജി സെന്ററില്‍ നിന്നാണെന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. സി പി ഐ (എം) ന്റെ നേതൃത്വത്തിലുള്ള മുന്നണി ജയിച്ചുവന്നാല്‍ എ കെ ജി സെന്ററില്‍ നിന്നു തന്നെയാണ് ഭരണസംവിധാനത്തെയാകെയും മന്ത്രിസഭയെയും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതെന്ന ജനാധിപത്യത്തിന്റെ പ്രാഥമികയാഥാര്‍ഥ്യത്തെ നുണപ്രചരണങ്ങള്‍ക്കൊണ്ട് ഈ മാധ്യമങ്ങള്‍ തമസ്കരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ മുമ്പോട്ട് വെക്കുന്ന നയപരിപാടികളുടെ അടിസ്ഥാനത്തില്‍, അതാത് പാര്‍ട്ടികള്‍ തന്നെ തീരുമാനമെടുത്തു സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുകയും മത്സരരംഗത്തിറക്കി വിജയം നേടുകയുമാണ് ചെയ്യുന്നത്. തെരഞ്ഞെടുപ്പിലെ വിജയത്തോടെ പാര്‍ട്ടി രംഗമൊഴിയുകയും വെറും നോക്കുകുത്തികളായി നില്‍ക്കണമെന്ന് ആഗ്രഹിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന 'മാധ്യമവിദഗ്ധന്മാരുമായി തികച്ചും സുതാര്യവും ജനാധിപത്യപരവുമായ ഒരു സംവാദം കേരളത്തിലുയര്‍ന്നു വരേണ്ടതുണ്ട്.

ജനങ്ങള്‍ ഏതെങ്കിലും കുറെ വ്യക്തികളുടെയോ നേതാക്കന്മാരുടെയോ മേന്മകളെ കണ്ടുകൊണ്ടല്ല വോട്ടു ചെയ്യുന്നതെന്നും തികച്ചും രാഷ്ട്രീയമായ അടിസ്ഥാനത്തിലാണ് വോട്ട് രേഖപ്പെടുത്തുന്നതെന്നും അറിയാത്ത നിഷ്കളങ്കരോ അജ്ഞാനികളോ അല്ല മാധ്യമ ഉടമകളും മാധ്യമപ്രവര്‍ത്തകരും. ജനങ്ങളര്‍പ്പിച്ച വിശ്വാസത്തെ സംരക്ഷിക്കുകയും ജനങ്ങള്‍ ആഗ്രഹിക്കുന്ന ഭരണം നല്‍കുകയും ചെയ്യേണ്ടത് തെരഞ്ഞെടുപ്പില്‍ വിജയിച്ച പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നറിയാത്തവരല്ല നമ്മളുടെ മാധ്യമങ്ങള്‍. സി പി ഐ (എം)ന്റെ ആസ്ഥാനം എ കെ ജി സെന്ററിലാണെന്നുള്ളതുകൊണ്ടു തന്നെ തീര്‍ച്ചയായും ഭരണകാര്യങ്ങളിലുള്ള തീരുമാനങ്ങള്‍ ജനങ്ങള്‍ക്കനുകൂലമായിത്തീരുന്നതിനുവേണ്ടി നിരന്തരമായും സൂക്ഷ്മമായും ഭരണകാര്യങ്ങളെയും നടപടികളെയും അവിടെനിന്ന് നിരീക്ഷിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. മാര്‍ഗനിര്‍ദ്ദേശം നല്‍കേണ്ടതുണ്ട്. ഇന്ന് ഭരണം എ കെ ജി സെന്ററിലാണെന്നും പിണറായി വിജയനാണ് നയിക്കുന്നതെന്നും വിലപിക്കുന്നതിന്റെ പുറകില്‍ നേരത്തെപറഞ്ഞ അജന്‍ഡകളുണ്ട്. സംഘടനകളെയും ഭരണകൂടസമ്പ്രദായങ്ങളെയും സ്ഥാപനങ്ങളെയും തീര്‍ത്തും അവഗണിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ട്, അതൊക്കെ ജനാഭിലാഷങ്ങള്‍ക്കും സാമാന്യനീതിക്കും എതിരാണെന്ന് വരുത്തിതീര്‍ക്കുകയും പകരം ഒറ്റയാള്‍ പോരാട്ടങ്ങളുടെ ആള്‍ദൈവങ്ങളെ പ്രതിഷ്ഠിക്കുകയും ചെയ്തുകൊണ്ട് മാധ്യമങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിലെ ഇടതുപക്ഷാഭിമുഖ്യത്തെയും വിശ്വാസത്തെയും തകര്‍ക്കാനുള്ള വലിയ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നു. കമ്യൂണിസ്റ്റ് വിരുദ്ധര്‍, മുന്‍ കമ്യൂണിസ്റ്റുകാര്‍, രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിച്ച മുന്‍ നക്സലൈറ്റുകള്‍, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍, വര്‍ഗീയവാദികള്‍, സമഗ്രമായ ദൈനംദിന രാഷ്ട്രീയപ്രവര്‍ത്തനങ്ങളെ പരിഹസിക്കുന്ന ചില പ്രത്യേകവിഭാഗത്തില്‍പ്പെട്ട ആക്ടിവിസ്റ്റുകള്‍, എന്നിവരൊക്കെ പുതിയകാലത്തിന്റെ അപ്പസ്തോലന്മാരായും വലിയ വിപ്ലവകാരികളായും പ്രത്യക്ഷപ്പെട്ടുകൊണ്ട് ഒരു പുതിയ മുന്നണി കേരളത്തില്‍ രൂപപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നണി ഫലത്തില്‍ വലതുപക്ഷ ശക്തികളെ പിന്തുണയ്ക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നു.

ഈ മുന്നണിയെ രഹസ്യമായും പരസ്യമായും പിന്തുണച്ചിരുന്ന മാധ്യമങ്ങളില്‍ ഭൂരിപക്ഷവും ഇന്ന് മുന്നണിയുടെ ഘടകകക്ഷികളായി പ്രവര്‍ത്തിക്കുന്ന കാഴ്ച കേരളീയരുടെ മുമ്പിലുണ്ട്. മനോരമ, ദീപിക, ചന്ദ്രിക തുടങ്ങിയ പത്രങ്ങള്‍ പരമ്പരാഗതമായി തന്നെ എക്കാലത്തും ഇടതുപക്ഷവിരുദ്ധമായ നിലപാടുകള്‍ പരസ്യമായി സ്വീകരിക്കുകയും കമ്യൂണിസ്റ്റുപാര്‍ട്ടികള്‍ക്കെതിരെ തുറന്ന യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തവരും ആകയാല്‍ വായനക്കാര്‍ അവരുടെ വാര്‍ത്തകളെയും അഭിപ്രായങ്ങളെയും വിവേചനബുദ്ധിയോടെയും സൂക്ഷ്മതയോടെയും വായിച്ചറിയാന്‍ സ്വയം പരിശീലനം നേടിയുള്ളവരാണ്. എന്നാല്‍ മാതൃഭൂമി ദിനപത്രം ദേശീയസ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന പാരമ്പര്യമുള്ള പത്രമെന്ന നിലയില്‍ ജനങ്ങളുടെ അംഗീകാരവും വിശ്വാസ്യതയും നേടിയതായിരുന്നു. പക്ഷേ കാലക്രമേണ ആ പത്രം ഒരു വ്യവസായ സ്ഥാപനമായി വളരുകയും ദേശീയസമരങ്ങളുടെ ഭാഗമായിരുന്നതിന്റെ പാരമ്പര്യത്തെയും വിശ്വാസ്യതയെയും കച്ചവടതാല്‍പ്പര്യങ്ങള്‍ക്കായും മറ്റ് വലതുപക്ഷ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കുമായി വിനിയോഗിച്ചു ചെയ്തുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുപാര്‍ട്ടിയോട് ആശയപരമായി വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് എതിര്‍ത്തുവന്നിരുന്ന കെ പി കേശവമേനോന്റെയും മറ്റുള്ളവരുടെയും മര്യാദകളും നൈതികബോധവും ധാര്‍മ്മികതയും സാംസ്കാരിക ഔന്നത്യവും പില്‍ക്കാലത്ത് മാതൃഭൂമി പൂര്‍ണമായും കയ്യടക്കിയവര്‍ക്ക് ഇല്ലാതെയായി എന്ന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു സത്യം.

എം പി വീരേന്ദ്രകുമാര്‍ മാതൃഭൂമിയുടെ പൂര്‍ണനിയന്ത്രണം ഏറ്റെടുത്തപ്പോള്‍ കേരളത്തിന്റെ സാമാന്യബോധത്തെ സ്വാധീനിക്കുന്ന ചില ധാരണകള്‍ രൂപപ്പെട്ടു. വീരേന്ദ്രകുമാര്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതാക്കളിലൊരാളായതുകൊണ്ടും അദ്ദേഹം തന്നെ അമേരിക്കന്‍ സ്വാധീനത്താലുള്ള ആഗോളവല്‍ക്കരണ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായും പരിസ്ഥിതി സംരക്ഷണത്തിനനുകൂലമായും മറ്റും സ്വീകരിച്ചിട്ടുള്ള നിലപാടുകള്‍കൊണ്ടും ഈ പത്രം ഇടതുപക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ള ഒന്നാണെന്ന ഒരു ബോധം ഉണ്ടാക്കാനായി എന്നുള്ളതാണ് ഒരു ഘടകം. കുറേക്കാലത്തേക്കെങ്കിലും ഈ പത്രം സാമ്രാജ്യത്വവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ഇടതുപക്ഷാനുകൂല പത്രമാണെന്ന തെറ്റിദ്ധാരണ പരത്താന്‍ വീരേന്ദ്രകുമാറിന്റെ സാന്നിധ്യംകൊണ്ട് കഴിഞ്ഞു. അതുകൊണ്ട് ഈ പത്രം സി പി ഐ (എം) നും അതിന്റെ തെരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തിനുമെതിരെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തിരുത്തലിന്റെയും തെറ്റ് ചൂണ്ടിക്കാട്ടലിന്റെയും ഉദ്ദേശ്യശുദ്ധിയുണ്ടെന്ന് കുറെ വായനക്കാരെയെങ്കിലും തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ ഗൂഢതന്ത്രങ്ങള്‍ക്കായിട്ടുണ്ട്. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ മാതൃഭൂമി മാനേജ്‌മെന്റ് കുറേക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന അഭ്യാസങ്ങള്‍ അതിന്റെ പാരമ്യതയിലും അവസാനഘട്ടത്തിലുമാണ്. മനോരമയെ ഏറെ പുറകിലാക്കുന്ന തരത്തില്‍ തരംതാണ മാര്‍ക്സിസ്റ്റു വിരുദ്ധതയുടെ ഇടയലേഖനമായും ഗസറ്റായും ഈ പത്രം മാറിക്കഴിഞ്ഞു. മാതൃഭൂമിയുടെ എഡിറ്റോറിയല്‍ സ്റ്റാഫും മറ്റ് ജീവനക്കാരും മാത്രമല്ല അതിന്റെ വായനക്കാരില്‍ നല്ലൊരു പങ്കും മാതൃഭൂമിയുടെ മുതലാളി കുറേനാളായി നടത്തിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റുവേട്ടയുടെ ദല്ലാള്‍ പണി തിരിച്ചറിഞ്ഞുകഴിഞ്ഞു. ജനതാദളിന് കോഴിക്കോട്ട് സീറ്റ് ലഭിക്കാതെ ആയതോടെ സമനില നഷ്ടമായ ഭീകരവാദികളെപ്പോലെ വീരേന്ദ്രകുമാര്‍ നേരിട്ട് എഡിറ്ററുടെ ചുമലിലെ എഡിറ്ററായി അമര്‍ന്നിരുന്ന് രണ്ടും കയ്യും കൊണ്ട് ആക്രാന്തത്തോടെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കെതിരെയും യു ഡി എഫിനനുകൂലമായും കഥകളെഴുതിക്കൊണ്ടിരിക്കുകയാണ്. മാതൃഭൂമിയുടെ പുതിയ എഡിറ്ററായി കെ പി കേശവമേനോന്റെ കുടുംബപാരമ്പര്യവും ഹിന്ദുപത്രത്തിന്റെ അന്തസ്സിന്റെയും ധാര്‍മ്മികതയുടെയും പരിശീലനവും കൈമുതലാക്കിയുള്ള ഒരാള്‍ ചുമതലയേറ്റിരുന്നു എന്ന് കേട്ടുവെങ്കിലും അദ്ദേഹത്തെ വീരേന്ദ്രകുമാര്‍ ഇരുട്ടുമുറിയിലടച്ചിട്ടുണ്ടാവും എന്ന് കരുതാനേ ഇപ്പോള്‍ പുറത്തിറങ്ങുന്ന മഞ്ഞപ്പത്രനിലവാരമുള്ള പത്രത്താളുകള്‍ കാണുമ്പോള്‍ തോന്നുകയുള്ളൂ. ക്രൈമും അതിന്റെ ഉടമസ്ഥനുമായുള്ള വീരേന്ദ്രകുമാറിന്റെ ആത്മബന്ധം മാതൃഭൂമി പത്രത്തെയും പൂര്‍ണമായും മഞ്ഞയാക്കിയിരിക്കുന്നു എന്ന് ഖേദത്തോടെ അതിന്റെ വായനക്കാര്‍ മനസ്സിലാക്കുന്നു.

പിണറായി വിജയനെതിരെയും സി പി ഐ (എം)നെതിരെയും നേരത്തെ കൊടുത്ത കള്ളത്തരങ്ങള്‍ തന്നെ വാചകഘടന മാറ്റി പുതിയതെന്നനിലയില്‍ ദിവസവും അച്ചടിച്ചുകൊണ്ടിരിക്കുന്നു. ലാവ്ലിന്‍ ലാവ്ലിന്‍ എന്ന് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്ന മാതൃഭൂമി യു ഡി എഫ്, യു പി എ പുകഴ്ത്തലുകള്‍കൊണ്ട് പത്രത്താളുകള്‍ നിറയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വ വിരുദ്ധസമരപോരാളിയായി സ്വയം അഭിരമിക്കുന്ന വീരേന്ദ്രകുമാറിന്റെ പത്രം 10000 കോടി രൂപയുടെ ഇസ്രായേല്‍ ആയുധക്കച്ചവടത്തെക്കുറിച്ച് മൌനം പാലിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്വഇടപെടലും സമ്മര്‍ദ്ദവും കൊണ്ടുണ്ടായിട്ടുള്ള. ദൂരവ്യാപകഫലങ്ങളുളവാക്കുന്ന ഇസ്രായേല്‍ ആയുധ ഇടപാടിലെ അഴിമതിയും മറ്റ് രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഈ പത്രത്തിനും അതിന്റെ തലവനും ഒരു കോളം വാര്‍ത്തയുടെ പ്രാധാന്യം മാത്രമേയുള്ളൂ.

ഏപ്രില്‍ 9, 10 തീയതികളിലെ മാതൃഭൂമിയിലെ ചില വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഒരു പത്രത്തിന്റെ ധാര്‍മ്മികാധപതനത്തിന്റെയും കൂലിത്തല്ല് ധാര്‍ഷ്ട്യത്തിന്റെയും അവസ്ഥ മനസിലാകും. "9-ലെ പത്രത്തിലെ പ്രധാന വാര്‍ത്ത "ഉച്ചഭക്ഷണപ്പണം കൊണ്ട് ആഡംബരക്കാറുകള്‍ വാങ്ങുന്നു.'' എന്നാണ്. ഉച്ചഭക്ഷണം കഞ്ഞിയും പയറുമായിരുന്നതിനെ ചോറും കറികളുമാക്കി മാറ്റുകയും കൂടുതല്‍ പണമനുവദിക്കുകയും ചെയ്ത ഒരു സര്‍ക്കാരിനെതിരായാണ് ഈ വാര്‍ത്ത എന്നോര്‍ക്കണം. സോണിയാഗാന്ധിയുടെ സന്ദര്‍ശനവും പ്രസംഗവുമായി ബന്ധപ്പെട്ട് ആറു വലിയ വാര്‍ത്തകളും നാലു ചിത്രങ്ങളും ആണ് നല്‍കിയിട്ടുള്ളത്. ഒരു സോണിയ സപ്ലിമെന്റ്. അന്നു തന്നെ മറ്റൊരു ദേശീയ നേതാവ് പ്രകാശ് കാരാട്ട് കേരളത്തില്‍ നിരവധി സ്ഥലങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. ഒരു കോളം വാര്‍ത്തയോ ചിത്രങ്ങളോ നല്‍കിയിട്ടില്ല. 10-ാം തീയതി വീണ്ടും സോണിയ ഗാന്ധി ഗസറ്റ്. തലക്കെട്ട് ഇങ്ങനെ: "ഇന്ദിരയുടെ ശൈലിയില്‍ സോണിയ; ഊര്‍ജ്ജസ്വലമായി യു ഡി എഫ്.'' കോണ്‍ഗ്രസിറക്കുന്ന നോട്ടീസുകളില്‍ പോലും അവര്‍ പ്രയോഗിക്കാന്‍ മടിക്കുന്ന വിശേഷണങ്ങളോടെയുള്ള ഈ വാര്‍ത്തകളും വിശകലനങ്ങളും വായിക്കുമ്പോള്‍ ഇടതുപക്ഷമുന്നണിയെ പാഠം പഠിപ്പിക്കുമെന്ന് വീരവാദം മുഴക്കുന്ന ഒരു വീരേന്ദ്രകുമാര്‍ ഈ വാര്‍ത്തകളില്‍ ഒളിഞ്ഞിരിക്കുന്നത് കാണാം.

സാമ്രാജ്യത്വത്തിന്റെ സൂക്ഷ്മമായ ഇടപെടലുകളും നിയന്ത്രണവും നിരീക്ഷണവും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കും ബാധകമാണെന്ന് ആഗോള മാധ്യമങ്ങളുടെ ചരിത്രവും രാഷ്ട്രീയവും പരിശോധിക്കുന്നവര്‍ക്കറിയാന്‍ കഴിയും. അനന്തവും അജ്ഞാതവുമായ രീതികളിലൂടെ മാധ്യമങ്ങളുടെ നയങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും കൂട്ടാളികളും ഇടപെട്ടുകൊണ്ടേയിരിക്കുന്നുണ്ട്. ചിലത് അവര്‍ നിയന്ത്രിക്കുകയും ചിലത് അവര്‍ നേരിട്ട് വിലയ്ക്കെടുക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മൂലധന താല്‍പ്പര്യങ്ങളുടെ പങ്കുകച്ചവടക്കാരനും ആഗോള മാധ്യമസാമ്രാജ്യത്തിന്റെ തമ്പുരാനുമായ റൂപ്പോര്‍ട്ട് മുര്‍ദോക് കേരളത്തില്‍ ഏഷ്യാനെറ്റ് ചാനല്‍ വിലയ്ക്കുവാങ്ങിക്കൊണ്ട് അതിന്റെ സാമ്രാജ്യത്വ സാന്നിധ്യത്തെ അറിയിച്ചുകഴിഞ്ഞു. ഏഷ്യാനെറ്റ് വാര്‍ത്തകളുടെയും പരിപാടികളുടെയും മാറ്റം പരിശോധിച്ചാല്‍ അത് മനസ്സിലാവും. അവരും മുര്‍ദോക്കിന്റെ നിര്‍ദ്ദേശാനുസരണം മാര്‍ക്സിസത്തെ രക്ഷിക്കാനും സി പി ഐ (എം)നെ നേര്‍വഴിക്ക് നടത്താനുമുള്ള വിപ്ലവപ്രവര്‍ത്തനത്തില്‍ മുഴുകിയിരിക്കുകയാണ്. മുര്‍ദോക്കിന്റെ മാധ്യമ സാമ്രാജ്യത്തില്‍ ഏഷ്യാനെറ്റ് അതിന്റെ വലിപ്പവും കച്ചവടസാധ്യതയും ലാഭവും വെച്ച് കണക്കാക്കുമ്പോള്‍ വളരെ അപ്രസക്തമാണ്. പക്ഷേ ചാനലിന്റെ വരുമാനത്തിനപ്പുറമുള്ള അതിന്റെ രാഷ്ട്രീയലക്ഷ്യങ്ങളാണ് ഈ കച്ചവടത്തിനു പിറകിലുള്ള പ്രേരണയെന്ന് കാണാന്‍ വിഷമമില്ല. അവര്‍ നടത്തുന്ന ചര്‍ച്ചകളും വിശകലനങ്ങളും തെരഞ്ഞെടുപ്പ് സര്‍വ്വേകളും ഒക്കെ വിദേശനിയന്ത്രിത താല്‍പ്പര്യങ്ങളുടെ കാണാമറയത്ത് നിന്ന് പ്രത്യക്ഷ ഇടപെടലിന്റെയും രാഷ്ട്രീയതാല്‍പ്പര്യങ്ങളുടെയും സാന്നിധ്യമായി മാറുന്നത് വേഗം തിരിച്ചറിയാനാകും.

ഇന്ന് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കണ്ടെത്തി ജനങ്ങള്‍ക്കെത്തിക്കുകയും ജനങ്ങളുടെ പീഢിതാവസ്ഥകളില്‍ അവരുടെ നാവായി സംസാരിക്കുകയും ചെയ്യുകയല്ല ചെയ്യുന്നത്. അവര്‍ സ്വന്തം രാഷ്ട്രീയ-മൂലധന താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി വാര്‍ത്തകള്‍ നിര്‍മ്മിക്കുകയും ജനങ്ങളെ ബന്ദിയാക്കി നാവരിഞ്ഞു കൊണ്ട് അധാര്‍മ്മികമായി നിര്‍മ്മിക്കുന്ന വാര്‍ത്തകളുടെ വാറ്റുചാരായം വായിലേക്കൊഴിച്ചുകൊടുത്തു കൊണ്ടിരിക്കുകയുമാണ്. ഈ മാധ്യമമുന്നണിക്ക് ഏത് രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും ചീത്തവിളിക്കാം, അവര്‍ക്കെതിരെ അടിസ്ഥാനരഹിതമായ നുണക്കഥകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കാം, ഏത് വ്യക്തികളുടെയും സ്വകാര്യതകളിലേക്ക് ഇടിച്ചു കയറാം, എന്ത് വേണമെങ്കിലും ചെയ്യാം. അവര്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍, മറുത്തൊരു ന്യായമോ, യാഥാര്‍ഥ്യമോ ചൂണ്ടിക്കാണിക്കുകയോ, എഴുതുകയോ പ്രസംഗിക്കുകയോ ചെയ്താല്‍ മാധ്യമസ്വാതന്ത്ര്യത്തിന്റെ പേരില്‍ ഭൂമി മലയാളത്തെ കീഴ്‌മേല്‍ മറിക്കും. തീര്‍ച്ചയായും ജനാധിപത്യത്തിന്റെ കാവല്‍ക്കാരായി, പടയാളികളായി, അതിരുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യത്തോടെ പത്രങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ സ്വയം ഓര്‍മ്മിപ്പിക്കുന്ന ധാര്‍മ്മികത എപ്പോഴും പേനത്തുമ്പിലും ക്യാമറക്കണ്ണുകളിലും ജാഗ്രതയോടെ ഒരുങ്ങിനില്‍ക്കണം. പത്രങ്ങളുടെ സാമ്രാജ്യത്തിലേക്ക് ടെലിവിഷന്‍ ചാനലുകള്‍ കൂടി എത്തിയതോടെ ജനാധിപത്യത്തിന്റെ കാവല്‍ കൂടുതല്‍ ശക്തമാവേണ്ടതാണ്. പക്ഷേ കാര്യമായ രാഷ്ട്രീയ ബോധമോ, ചരിത്രബോധമോ, മാധ്യമ സംസ്കാരമോ ഇല്ലാത്ത റിപ്പോര്‍ട്ടര്‍മാരും വ്യാഖ്യാതാക്കളും ടെലിവിഷന്റെ ദൃശ്യസാധ്യതയുടെയും അധികാരത്തിന്റെയും പേരില്‍, വിലസുകയാണ്. അവര്‍ എല്ലാ ദിവസവും തല്‍സമയറിപ്പോര്‍ട്ടുകളും വ്യാഖ്യാനങ്ങളും നിഗമനങ്ങളും നല്‍കുകയും ചര്‍ച്ചകളില്‍ പ്രമുഖരോട് ചോദ്യങ്ങള്‍ ചോദിക്കുകയും ഇടപെടുകയും ചെയ്തുകൊണ്ട്, ശക്തമായ അധികാരസാന്നിധ്യമായിത്തീരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരിലും നേതാക്കളിലുംപെട്ട പലര്‍ക്കും ഇവരെ പേടിയോ ആവശ്യത്തില്‍കവിഞ്ഞ ബഹുമാനമോ ആണ്. അവര്‍ പിണങ്ങിയാല്‍ സ്വന്തം രാഷ്ട്രീയ ഭാവി തകരുമോ എന്ന് ഭയക്കുന്നവരാണ് കൂടുതലും.

കുറേ നാളുകളായി മലയാള മാധ്യമ രംഗത്ത് നടക്കുന്ന വേട്ടകളുടെയും ആക്രമണങ്ങളുടെയും പിന്നാമ്പുറക്കഥകള്‍ അന്വേഷിക്കേണ്ടതുണ്ട്. സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അധോലോകനായകന്റെയും വില്ലന്റെയും അഴിമതിക്കാരന്റെയും ഒരു മുഖം നിര്‍മ്മിച്ച് കൊടുത്തിരിക്കുകയാണ് ഈ സംഘം. പിണറായി വിജയന്‍ നേരിട്ടിട്ടുള്ളതു പോലെയുള്ള സംഘടിതമായ ആക്രമണം ഒരുപക്ഷേ കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനു നേരെയും ഉണ്ടായിട്ടുണ്ടാവില്ല. ഈ ആക്രണണങ്ങളുടെയും കള്ളത്തരങ്ങളുടെയും ഫലമായി ഈ മനുഷ്യന്‍ കേരളത്തിന്റെ രാഷ്ട്രീയ ചിത്രത്തില്‍ നിന്ന് സാധാരണഗതിയില്‍ അപ്രത്യക്ഷനാവേണ്ടതാണ്. ഫാരിസ് അബൂബേക്കര്‍, ലാവ്ലിന്‍ അഴിമതി, കമ്യൂണിസത്തെ കയ്യൊഴിഞ്ഞവന്‍, മുതലാളിമാരുടെ കൂട്ടുകാരന്‍, ആഡംബരജീവിതം നയിക്കുന്നവന്‍ എന്നൊക്കെപ്പറഞ്ഞ് കെ എം മാത്യുവിന്റെ മനോരമയും മനോരമവിഷനും വീരേന്ദ്രകുമാറിന്റെ മാതൃഭൂമിയും മുര്‍ദോക്കിന്റെ ഏഷ്യാനെറ്റും മുനീറിന്റെ ഇന്താവിഷനും ഒക്കെ തുടര്‍ച്ചയായ ആക്രമണം ആസൂത്രിതമായി നടത്തിക്കൊണ്ടിരുന്നപ്പോള്‍ ഇവരും ഇവരുടെ മാധ്യമസിന്‍ഡിക്കേറ്റും മറന്നു പോയ ചില ചരിത്രപാഠങ്ങളുണ്ട്. പിണറായി വിജയന്‍ തന്നെ അവര്‍ക്കൊരു പാഠമാകേണ്ടതാണ്. സി പി ഐ (എം) സംഘടനയും അതിന്റെ അംഗങ്ങളും അനുഭാവികളും പിണറായി വിജയനെ വെറുക്കുകയും കയ്യൊഴിയുകയും ചെയ്തു എന്നാണവര്‍ രഹസ്യമായും പരസ്യമായും പറയുകയും എഴുതുകയും ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ പിണറായി വിജയന്‍ ശക്തനായ സംഘാടകനും നേതാവുമായി വര്‍ദ്ധിച്ച ജനപിന്തുണയോടെ പാര്‍ട്ടിയെ നയിക്കുന്നത് നവകേരളമാര്‍ച്ചിലൂടെ ജനങ്ങള്‍ തിരിച്ചറിഞ്ഞു. മാതൃഭൂമിയടക്കമുള്ള പത്രങ്ങള്‍ ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ പഠിക്കുന്നില്ല. പകരം അവരുടെ വീഴ്ചകളും തെറ്റുകളും ചൂണ്ടിക്കാണിക്കുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നവരെ അവര്‍ വൈരാഗ്യബുദ്ധിയോടെ തമസ്കരിക്കുകയും ചെയ്യുന്നു. ഒന്നു രണ്ടുദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാം. മാതൃഭൂമി ലാവ്ലിന്‍ കേസുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളും വ്യാഖ്യാനങ്ങളും നല്‍കിക്കൊണ്ടിരിക്കുകയും മുന്‍ മന്ത്രി ജി കാര്‍ത്തികേയന്റെ അസംബ്ളിയില്‍ നടത്തിയ കുറ്റസമ്മതപ്രസംഗം തമസ്കരിക്കുകയും ചെയ്തപ്പോള്‍ പ്രശസ്ത മനഃശ്ശാസ്ത്രജ്ഞനും കഥാകൃത്തുമായ ഡോ. എന്‍ എം മുഹമ്മദാലി വായനക്കാരന്‍ എന്ന നിലയില്‍ പത്രാധിപര്‍ക്ക് ഒരു കത്തെഴുതിക്കൊണ്ട് പത്രത്തിന്റെ ദേശീയ സ്വാതന്ത്ര്യസമരപാരമ്പര്യവും ധാര്‍മ്മികതയും ഓര്‍മ്മിപ്പിച്ചു. ഡോ. എന്‍. എം. മുഹമ്മദാലിയുടെ അഞ്ചുകഥകള്‍ മുന്‍പ് മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ പ്രസിദ്ധീകരിക്കപ്പെട്ടതായിരുന്നു. പക്ഷേ ഈ കത്തിനു ശേഷം അദ്ദേഹത്തിന്റെ കഥകളുടെ നിലവാരം കുറഞ്ഞുപോവുകയും കഥകള്‍ പ്രസിദ്ധീകരിക്കാതെ തിരിച്ചയക്കുകയും ചെയ്തു. ഡോ. മുഹമ്മദാലിയുടെ അനുഭവം ഉണ്ടാവാതിരിക്കാന്‍ പ്രശസ്തരായ എഴുത്തുകാരൊക്കെ ശ്രദ്ധാലുക്കളാണ്. മറ്റൊന്ന് കഥാകൃത്ത് ആര്‍ ഉണ്ണിയുടെ 'ഞാന്‍ ആര്‍ എസ് എസു കാരനായിരുന്നു' എന്ന കുറ്റ സമ്മതലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അച്ചടിച്ചുവന്നതിനെതിരെ നടന്ന കോലാഹലമാണ്. ഈ ലേഖനം അച്ചടിച്ചതിന്റെ ഉത്തരവാദിയായ ആഴ്ചപ്പതിപ്പ് എഡിറ്റര്‍ കമല്‍റാം സജീവിനെതിരെ സംഘപരിവാറിന്റെ നിര്‍ദ്ദേശാനുസരണം രഹസ്യ ശിക്ഷാ നടപടികള്‍ സ്വീകരിച്ചു എന്നുള്ളത് മാതൃഭൂമിക്കകത്തും പുറത്തും പ്രചരിച്ചിട്ടുള്ള സത്യമാണ്.

മാതൃഭൂമി പത്രത്തിന്റെയും ആഴ്ചപ്പതിപ്പിന്റെയും വായനക്കാരില്‍ ഒരു നല്ല വിഭാഗം സി പി ഐ (എം) ന്റെ അംഗങ്ങളോ അനുഭാവികളോ ഉണ്ടാവും. മാതൃഭൂമിയുടെ എം ഡി വീരേന്ദ്രകുമാറിന്റെ ധാര്‍മ്മികതയില്ലാത്ത നിലപാടിനെ നേരിടാന്‍, പാര്‍ട്ടി തീരുമാനമെടുത്താല്‍ മാതൃഭൂമി വായന ഉപേക്ഷിക്കാന്‍ തയ്യാറുള്ള പതിനായിരക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. പക്ഷേ സി പി ഐ (എം) ഉയര്‍ന്ന ജനാധിപത്യബോധവും സഹിഷ്ണുതയും പുലര്‍ത്തുന്നതുകൊണ്ട് അത്തരം തീരുമാനങ്ങളുണ്ടാകുന്നില്ല.

ഇത്ര പ്രകടമായും നഗ്നമായും വാര്‍ത്താമാധ്യമങ്ങള്‍ (പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍) പക്ഷം പിടിക്കുകയും എല്ലാ മര്യാദകളും പെരുമാറ്റച്ചട്ടങ്ങളും ധാര്‍മ്മികതയും ലംഘിച്ചുകൊണ്ട് ഇടതുപക്ഷത്തിനെതിരെ കളിക്കളത്തിലിറങ്ങുകയും ചെയ്തിട്ടുള്ള ഒരു കാലം കേരളം ദര്‍ശിച്ചിട്ടുണ്ടാവില്ല എന്ന് വളരെ മുതിര്‍ന്ന രാഷ്ട്രീയ നിരൂപകരും മാധ്യമപ്രവര്‍ത്തകരും പറയുന്നു. ടെലിവിഷന്‍ ചാനലുകള്‍ ദിവസവും എവിടെനിന്നെങ്കിലും കെട്ടിയെഴുന്നെള്ളിക്കുന്ന രാഷ്ട്രീയമറിയാത്ത 'രാഷ്ട്രീയനിരീക്ഷകരു'ടെയും ധാര്‍മ്മികതയില്ലാത്ത 'മാധ്യമ വിദഗ്ധ' രുടെയും ജനുസില്‍പ്പെട്ടവരെക്കുറിച്ചല്ല പറയുന്നത്. സി പി ഐ (എം) നോട് കടുത്ത ശത്രുതയുള്ളവരെല്ലാം ഇന്ന് മാധ്യമവിദഗ്ധരും രാഷ്ട്രീയനിരീക്ഷകരുമായി ചാനലുകളിലൂടെ വാഴിക്കപ്പെടുകയാണ്. അപ്പുക്കുട്ടന്‍ വളളിക്കുന്നു മുതല്‍ രാജേശ്വരിയായി അഴിഞ്ഞാടുന്ന അഡ്വ. ജയശങ്കര്‍ വരെയുള്ളവരുടെ അശ്ളീലങ്ങളെ ദിവസവും സഹിക്കേണ്ടിവരുന്ന കേരളത്തിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ എന്തുകൊണ്ട് ആത്മഹത്യ ചെയ്യാതെ ജീവിക്കുന്നു എന്നുള്ളത് ഒരത്ഭുതമാണ്. പീഡനങ്ങള്‍ സഹിക്കാനാവാതെ വരുമ്പോഴാണല്ലോ മനുഷ്യര്‍ ആത്മഹത്യയിലഭയം തേടുന്നത്.

ടെലിവിഷന്‍ ചാനലുകളെല്ലാം തന്നെ കളിക്കളത്തിലിറങ്ങിക്കളിച്ചുകൊണ്ടിരിക്കുകയാണ്. അമ്പയര്‍മാരാവേണ്ടവര്‍ പക്ഷം ചേര്‍ന്നുകൊണ്ട് എതിരാളികളുടെ ഗോള്‍ മുഖത്തേക്ക് പന്തുമായി കുതിക്കുകയാണ്. മലയാളത്തിലെ ചെറുതം വലുതുമായ പത്രങ്ങള്‍, വാരികകള്‍, ടെലിവിഷന്‍ ചാനലുകള്‍ എന്നിവയിലെ ഭൂരിപക്ഷവും സി പി ഐ (എം) നെതിരെയുള്ള മുന്നണിയിലെ സഖ്യകക്ഷികളായി മാറിയിരിക്കുന്നു. എല്ലാവരും പ്രത്യേക പതിപ്പുകളും, വാര്‍ത്തകളും, പരിപാടികളും, വോട്ടുവണ്ടികളും, പടക്കളങ്ങളും, പോര്‍ക്കളങ്ങളുമൊക്കെയായി വേട്ടക്കാരുടെ വന്യമായ ആഹ്ളാദത്തോടെ ഇറങ്ങിയിരിക്കുകയാണ്. ഇവരുടെയൊക്കെ വായനക്കാരോ പ്രേക്ഷകരോ ആണ് കേരളത്തിലെ 95 ശതമാനം ആളുകളും എന്നിരിക്കെ, കമ്യൂണിസ്റ്റു വിരുദ്ധതയുടെ വിഷം കലര്‍ന്ന ഈ സാംസ്കാരിക പരിസ്ഥിതിയില്‍ നിന്ന് ഭൂരിപക്ഷം ആളുകളും സ്വയം രക്ഷപ്പെടുകയും അവര്‍ സ്നേഹിക്കുന്ന ഇടതുപക്ഷശക്തികളെ സംരക്ഷിക്കുകയും ചെയ്യുന്നത് അമേരിക്കന്‍ സാമ്രാജ്യത്വത്തെയും ഫാസിസ്റ്റുശക്തികളെയും വീണ്ടും വിറളിപിടിപ്പിക്കുന്നുണ്ട്: ഇടതുപക്ഷത്തിന്റെ ഗോള്‍ മുഖത്തേക്ക് നുണപ്രചാരണങ്ങളുടെ പന്തുമായി കുതിക്കുന്ന മാധ്യമങ്ങളുടെ (അമ്പയര്‍മാരായി നില്‍ക്കേണ്ട മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തകരും അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കൂലിത്തല്ലുകാരും ദല്ലാളന്മാരുമായി മാറുകയാണ്) ആക്രമണങ്ങളെ ചെറുക്കാന്‍ പ്രേക്ഷകരായിരിക്കുന്ന ജനങ്ങള്‍ ഗ്രൌണ്ടിലിറങ്ങുകയും ഗോള്‍മുഖം സംരക്ഷിക്കുകയും ചെയ്യും എന്ന് എല്ലാവരും ഓര്‍മ്മിക്കുന്നത് നന്ന്.

*
വി കെ ജോസഫ് കടപ്പാട്: യുവധാര 2009 മെയ് ലക്കം