Thursday, February 28, 2008

സ്ത്രീധനഭ്രാന്തിന് പുത്തന്‍ ഔഷധം

ഇപ്പോള്‍ എന്റെ അന്തരംഗം അഭിമാനപൂരിതമാകുന്നത് ഭാരതമെന്ന പേരുകേട്ടിട്ടല്ല; ഞരമ്പുകളില്‍ ചോരതിളയ്ക്കുന്നത് കേരളമെന്നു കേട്ടിട്ടുമല്ല. രണ്ടു സഹോദരിമാരെ ഓര്‍ത്തിട്ടാണ്-ശ്രീകലയെയും ഫ്ലിറ്റിയെയും. ഈ കുറിപ്പിനു പ്രചോദനവും അവര്‍ മാത്രം.

ഏതു ഫെമിനിസ്റ്റിനേക്കാളും ഭംഗിയായി സ്ത്രീത്വത്തിന്റെ പ്രശ്നങ്ങള്‍ ആവിഷ്കരിച്ച എഴുത്തുകാരാണ് കുമാരനാശാനും വൈക്കം മുഹമ്മദ്ബഷീറും ഒളപ്പമണ്ണയുമെല്ലാം. 'ചിന്താവിഷ്ടയായ സീത' യില്‍ രാജാവായ രാമനെ, ഭര്‍ത്താവായ രാമനെ സീത വിചാരണ ചെയ്യുന്നുണ്ട്. ബഷീറിന്റെ 'പ്രേമലേഖന'ത്തിലെ സാറാമ്മ, കേശവന്‍നായരെക്കാള്‍ സ്വത്വബോധവും അഭിമാനബോധവുമുള്ള ഉത്തമസ്ത്രീയാണ്. ഒളപ്പമണ്ണയുടെ 'നങ്ങേമക്കുട്ടി'

"നിങ്ങള്‍ക്കു പുരുഷന്മാരേ
നേരമ്പോക്കാണു ജീവിതം
തീയുകൊണ്ടുള്ളൊരിക്കളി !''

എന്നു പറയുമ്പോള്‍ ഏതു മനുഷ്യമനസ്സാണു പൊള്ളാത്തത്? എന്നിരുന്നാലും രാജലക്ഷ്മി എഴുതുമ്പോള്‍, ബാലാമണിയമ്മ എഴുതുമ്പോള്‍, ലളിതാംബിക അന്തര്‍ജനം എഴുതുമ്പോള്‍, മാധവിക്കുട്ടി എഴുതുമ്പോള്‍ അനുഭവം ഏറെ വ്യത്യസ്തമാകുന്നു.

സ്ത്രീത്വത്തിന്റെ മഹിമ തിരിച്ചറിയാനാകാത്ത, ആത്മാവില്‍ ശൂന്യരായ ചില പുരുഷന്മാരെ തിരുത്താന്‍ ആയിരം നരന്മാര്‍ തോല്‍ക്കുന്നിടത്ത് ഒരു നാരി മതിയാകും.

ശ്രീകലയെയും ഫ്ലിറ്റിയെയും കുറിച്ചു പറയാം. കാലിച്ചന്തകളെ നാണിപ്പിക്കും വിധം, സ്ത്രീധനത്തുക കുറഞ്ഞുപോയതിന്റെ പേരില്‍ വധുവിന്റെ വീട്ടുകാരെ അധിക്ഷേപിച്ച സ്ത്രീധനക്കോന്തനെ ഭര്‍ത്താവായി വേണ്ടെന്നു ദൃഢനിശ്ചയം ചെയ്ത സഹോദരിയാണ് ശ്രീകല. കൊല്ലം കലക്ടറേറ്റിനടുത്ത് തെക്കേകച്ചേരിമുക്കിനടുത്തുള്ള വിഘ്നേഷ് വിഹാര്‍ എന്ന വാടകവീട്ടിലെ, സ്വര്‍ണ്ണപ്പണിക്കാരനായ ഗോപാലകൃഷ്ണനാചാരിയുടെ മകള്‍. കല്യാണം മുടങ്ങിയതില്‍ ശ്രീകലയ്ക്കു ദു:ഖമില്ല. അതിഥികള്‍ക്കായി ഒരുക്കിയ ചോറും കറികളും കുഴിച്ചുമൂടേണ്ടി വന്നതിലുമല്ല ദു:ഖം. ക്ഷണിച്ചുവരുത്തിയ ബന്ധുമിത്രാദികളെ അപമാനിക്കേണ്ടിവന്നതില്‍ മാത്രം. ശ്രീകലയുടെ നിശ്ചയദാര്‍ഢ്യം വായിച്ചറിഞ്ഞ് വനിതാകമ്മീഷന്‍ അധ്യക്ഷ ജസ്റ്റിസ് ഡി ശ്രീദേവി നേരിട്ടെത്തി ശ്രീകലയെ അഭിനന്ദിച്ചു.

നാടിന്റെ നാനാഭാഗത്തുനിന്നും വന്ന പിന്തുണ ശ്രീകലയ്ക്കു കരുത്തേകി. യാതൊരു സ്ത്രീധനവുമില്ലാതെ ശ്രീകലയെ സ്വന്തമാക്കാന്‍ മുറച്ചെറുക്കനെ പ്രേരിപ്പിച്ചതും ഈ നിശ്ചയദാര്‍ഢ്യവും തുടര്‍ന്നുള്ള പ്രതികരണങ്ങളുമാവാം.

സ്ത്രീധനക്കോന്തന്‍ എത്താഞ്ഞതില്‍ സ്വന്തം വിവാഹം മുടങ്ങിപ്പോയതില്‍ ആശ്വസിക്കുന്ന സഹോദരിയാണ് ഫ്ലിറ്റി-ഇരിങ്ങാലക്കുട മാപ്രാണത്തെ പാറോക്കാരന്‍ ജോജോ ആന്റണിയുടെയും എല്‍സയുടെയും മകള്‍. സ്ത്രീധനത്തെച്ചൊല്ലി കലഹിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറിയ വരനെയും ബന്ധുക്കളെയും നിയമത്തിന്റെ മുന്നിലെത്തിക്കാനും ബംഗ്ളൂരില്‍ ശാസ്ത്രജ്ഞയായ ഫ്ലിറ്റിക്കു സാധിച്ചു. "സ്ത്രീധനം ചോദിച്ച് വീട്ടുപടിക്കല്‍ വരാന്‍ ഇനി ഒരുത്തനും ധൈര്യപ്പെടില്ലല്ലോ'' എന്നും ഫ്ലിറ്റി ആശ്വസിക്കുന്നു.

സ്ത്രീധനക്കോമരങ്ങളെ, ജീവിതംകൊണ്ടു പാഠംപഠിപ്പിച്ച ശ്രീകലയും ഫ്ലിറ്റിയുമാണ് ഇപ്പോള്‍ എന്റെ മനസ്സിലെ അഭിമാനചിഹ്നങ്ങള്‍. അവരെപ്പോലെ കരുത്താര്‍ജിക്കാന്‍ എല്ലാ സഹോദരിമാര്‍ക്കും കഴിഞ്ഞാല്‍, 'സ്ത്രീധനം' എന്നുച്ചരിക്കാന്‍ ഒരാളും ധൈര്യപ്പെടില്ല. സ്ത്രീധനഭ്രാന്തിന് സ്ത്രീശക്തിയേക്കാള്‍ മികച്ച ഒരൌഷധവുമില്ല.

-മണമ്പൂര്‍ രാജന്‍ബാബു. കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

ഈ വിഷയത്തില്‍ ഈയിടെ വന്ന പോസ്റ്റുകള്‍

പ്രതിഭാപാട്ടീലിന്റെ ആകാശം - ഭൂമിപുത്രി

ഭൂമിപുത്രിയുടെ ലേഖനം - സി.കെ.ബാബു

പ്രസക്തമായ മറ്റൊരു പോസ്റ്റ്

നയം വ്യക്തമാക്കുന്നു - കൊച്ചുത്രേസ്യ

റെയില്‍വെ ബജറ്റും കേരളവും

റെയില്‍വെ കേരളത്തില്‍ എത്തിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞെങ്കിലും റെയില്‍വെയുമായി ബന്ധപ്പെട്ട ഒരു വ്യവസായശാലയും ഇവിടെ തുടങ്ങിയിട്ടില്ല എന്നത് ഏറ്റവും വലിയ അവഗണനയായി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയില്‍ കേരളത്തിലും റെയില്‍വെ രംഗത്ത് വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. ഉത്തരേന്ത്യയിലേക്ക് കേരളത്തില്‍നിന്നുള്ള ദൂരം ഗണ്യമായി കുറച്ച് കൊങ്കണ്‍ റെയില്‍വെ, ഷൊര്‍ണൂര്‍ - മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ തുടങ്ങി റെയില്‍വെ വികസനത്തില്‍ അടിസ്ഥാനപരമായ മുന്നേറ്റം കുറിച്ച നടപടികളുണ്ടായത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കേന്ദ്രത്തില്‍ കോണ്‍ഗ്രസിതര ഗവണ്‍മെന്റ് നിലവിലിരുന്നപ്പോഴാണ് മേല്‍പ്പറഞ്ഞ രണ്ടു നേട്ടവും കേരളത്തിന് കൈവന്നത്. ആ ഘട്ടത്തിലും റെയില്‍വെയുമായി ബന്ധപ്പെട്ട പ്രധാനമായ ഒരു നിര്‍മാണശാല ഇവിടെ ലഭ്യമാക്കുക എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല. 1984 ല്‍ പാലക്കാട്ട് റെയില്‍വെ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നതാണ്. എന്നാല്‍, അത് വീണ്‍വാക്കാണെന്ന് തെളിയിച്ചുകൊണ്ട്, പാലക്കാട്ട് സ്ഥാപിക്കുമെന്ന് പറഞ്ഞ പദ്ധതി പഞ്ചാബിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. അന്ന് കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് തന്നെയായിരുന്നു ഭരണത്തില്‍.

ഇപ്പോള്‍, ഒന്നരനൂറ്റാണ്ടത്തെ റെയില്‍വെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ പ്രധാനപ്പെട്ട ഒരു നിര്‍മാണശാല, കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച അനുഭാവത്തെ കേരളീയര്‍ നിറഞ്ഞ കൃതജ്ഞതയോടെ ഓര്‍ക്കും. ലോകസഭയിലെ കേരളത്തില്‍ നിന്നുള്ള ഇരുപതില്‍ പത്തൊമ്പതുപേരും കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രതിനിധികളാണെന്നതും അവരുള്‍പ്പെട്ട ഇടതുപക്ഷത്തിന്റെ പിന്തുണയാണ് കേന്ദ്രമന്ത്രിസഭയുടെ നിലനില്‍പ്പില്‍ നിര്‍ണായകമെന്നതും സ്മരണീയമാണ്.

സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കുക എന്ന ഫെഡറല്‍ തത്വവും സന്തുലിത വികസനം എന്ന നീതിബോധവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്റോ എന്‍ഡിഎ ഗവണ്‍മെന്റോ പ്രകടിപ്പിക്കുന്ന പതിവില്ല. അതുകൊണ്ട് പലവിധേനയുള്ള സമ്മര്‍ദങ്ങള്‍, പ്രക്ഷോഭസമാനമായ സമ്മര്‍ദംതന്നെ നടത്താന്‍ കേരളം നിര്‍ബന്ധിതമാണ്. അത്തരത്തില്‍ നാനാ പ്രകാരേണയുള്ള ശ്രമങ്ങളുടെ, സമ്മര്‍ദങ്ങളുടെ ഫലമായാണ് ഇത്തവണത്തെ റെയില്‍വെ ബജറ്റില്‍ നമുക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. സേലം റെയില്‍വെ ഡിവിഷന്‍ രൂപീകരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് റെയില്‍വെ ഡിവിഷന്‍ അശാസ്ത്രീയമായി വെട്ടിമുറിക്കപ്പെട്ടു. ദക്ഷിണ റെയില്‍വെയിലെ ഏറ്റവും പഴക്കം ചെന്ന ഡിവിഷനായ പാലക്കാടിനെ അപ്രസക്തമാക്കാനുള്ള നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് സംസ്ഥാന സര്‍ക്കാരും കേരളത്തില്‍നിന്നുള്ള എംപി മാരും ജനങ്ങളും നടത്തിയത്. പാര്‍ലമെന്റില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ തന്നെയുണ്ടായി. പ്രധാനമന്ത്രിയെയും റെയില്‍മന്ത്രിയെയും ഞാന്‍ തന്നെ പല തവണ സന്ദര്‍ശിച്ച് കേരളത്തിന്റെ വികാരം അറിയിച്ചു. കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തില്‍ അസഹിഷ്ണുത പ്രകടപ്പിച്ച് തികച്ചും സങ്കുചിതമായ നിലപാടിലേക്ക് തമിഴ്‌നാട്ടിലെ ഭരണകക്ഷിയുള്‍പ്പെടെ നീങ്ങി. ഓണക്കാലത്ത് കേരളത്തിലേക്കുള്ള തീവണ്ടി തടയുന്ന സ്ഥിതിവരെയുണ്ടായി. ആ ഘട്ടത്തില്‍ പ്രധാനമന്ത്രി എന്നെ ചര്‍ച്ചയ്ക്ക് വിളിക്കുകയും പ്രധാനമന്ത്രിയുമായും റെയില്‍വെമന്ത്രിയുമായും വിശദമായ ചര്‍ച്ച നടത്തുകയുമുണ്ടായി. കോച്ച് ഫാക്ടറി, കേരളത്തിന്റെ മറ്റ് റെയില്‍വെ വികസനാവശ്യങ്ങള്‍ എന്നിവ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേരളത്തിനായി ഒരു റെയില്‍വെ പാക്കേജ് നടപ്പാക്കുമെന്നും വാഗ്ദത്തമുണ്ടായി.

പാലക്കാട് ഡിവിഷന്‍ വെട്ടിമുറിക്കുന്നതിന് നേരത്തെയുണ്ടാക്കിയ പ്ലാനില്‍ മാറ്റം വരുത്തുകയും പാലക്കാട് ഡിവിഷന് എഴുപത് കിലോമീറ്ററില്‍പ്പരം റെയില്‍ മുന്‍നിശ്ചയിച്ചതിനേക്കാള്‍ ലഭ്യമാക്കുകയുംചെയ്തു. അതേത്തുടര്‍ന്ന് മാത്രമാണ് സേലം ഡിവിഷന്‍ ഔപചാരികമായി ഉദ്ഘാടനംചെയ്തത്. എന്നിട്ടും കേരളത്തിലെ റെയില്‍വെ വികസനകാര്യത്തില്‍ പ്രത്യക്ഷ നടപടി വൈകിയതിനെത്തുടര്‍ന്ന് പലതവണ പ്രധാനമന്ത്രിയെയും റെയില്‍വെമന്ത്രിയെയും കണ്ട് സമ്മര്‍ദംചെലുത്തി. തുടര്‍ന്ന് റെയില്‍വേ ബജറ്റ് അവതരണത്തിന് ആഴ്ചകള്‍ക്കു മുമ്പ് ഞാനും മന്ത്രിമാരും സംസ്ഥാനത്തെ എംപിമാരും ചേര്‍ന്ന് റെയില്‍വെ മന്ത്രിയെ കണ്ട് വിശദമായ നിവേദനം നല്‍കി; ചര്‍ച്ച നടത്തി.

ഫെബ്രുവരി 26 ന് അവതരിപ്പിച്ച റെയില്‍വെ ബജറ്റില്‍ അതിന്റെ ഫലമുണ്ടായിരിക്കുന്നു. തമിഴ്‌നാട്ടിലെ പെരമ്പൂരിലും പഞ്ചാബിലെ കപൂര്‍ത്തലയിലും ഉള്ളതുപോലെ ഒരു അത്യാധുനിക കോച്ച് നിര്‍മാണശാല കേരളത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നു. അയ്യായിരത്തില്‍പ്പരം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുന്നതും ആയിരക്കണക്കിന് ആളുകള്‍ക്ക് അനുബന്ധമായി ജോലി ലഭിക്കുന്നതും നിരവധി അനുബന്ധ വ്യവസായ - വാണിജ്യസംരംഭങ്ങള്‍ക്ക് വഴി തെളിക്കുന്നതുമായ കോച്ച് നിര്‍മാണശാല പാലക്കാട്ടെ കഞ്ചിക്കോട്ട് സ്ഥാപിക്കപ്പെടുന്നു. ആറായിരം കോടിയോളം രൂപ റെയില്‍വെ നേരിട്ട് നിക്ഷേപിക്കുന്ന നിര്‍മാണശാല. അടുത്ത മൂന്നു വര്‍ഷത്തിനകംതന്നെ കോച്ച് ഫാക്ടറി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. കഴിഞ്ഞ വര്‍ഷത്തെ റെയില്‍വെ ബജറ്റില്‍ ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ കോച്ച് നിര്‍മാണശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതാണെങ്കിലും സ്ഥലം ലഭ്യമാകാത്തതിനാല്‍ ഇതേവരെ അവിടെ നിര്‍മാണപ്രവൃത്തി തുടങ്ങിയിട്ടില്ല. അതു മനസ്സിലാക്കി ബജറ്റ് അവതരണത്തിനു മുമ്പുതന്നെ കഞ്ചിക്കോട്ട് ആയിരം ഏക്കര്‍ ഭൂമി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെ മന്ത്രാലയത്തെ നേരിട്ട് അറിയിക്കുകയുണ്ടായി. ബജറ്റ് പ്രസംഗത്തില്‍ ലാലുപ്രസാദ് യാദവ് ഇക്കാര്യം നന്ദിപൂര്‍വം അനുസ്മരിക്കുകയുമുണ്ടായി. സാധാരണ റെയില്‍വെ കോച്ചുകള്‍ക്കു പുറമെ മെട്രോ വണ്ടികള്‍ക്ക് ആവശ്യമായ കോച്ചുകള്‍, വിദേശരാജ്യത്തില്‍നിന്നുള്ള ഓര്‍ഡറുകള്‍ അനുസരിച്ചുള്ള അത്യാധുനിക കോച്ചുകള്‍ എന്നിവ നിര്‍മിക്കുന്ന പ്രധാനപ്പെട്ട ഒരു കോച്ച് ഫാക്ടറിയാവും കഞ്ചിക്കോട്ടേത്.

ഇതോടൊപ്പം, ചേര്‍ത്തലയില്‍ ഓട്ടോകാസ്റ് ലിമിറ്റഡില്‍ ബോഗി നിര്‍മാണയൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനും നടപടികള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ശ്രമഫലമായാണ് ഓട്ടോകാസ്റുമായി ചേര്‍ന്ന് സംയുക്തസംരംഭമായി ബോഗി നിര്‍മാണയൂണിറ്റ് തുടങ്ങാന്‍ റെയില്‍വെ തീരുമാനിച്ചത്. കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ അതിനായി എണ്‍പത്തഞ്ച് കോടി രൂപ വകയിരുത്തുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട ധാരണാപത്രം അടുത്തയാഴ്ച ദില്ലിയില്‍ ഒപ്പിടുകയാണ്. അതിനുള്ള ക്ഷണപത്രം രണ്ടു ദിവസം മുമ്പാണ് എനിക്ക് കിട്ടിയത്. കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി വരുന്ന സാഹചര്യത്തില്‍ ഓട്ടോകാസ്റിലെ ബോഗിനിര്‍മാണയൂണിറ്റ് പ്രതീക്ഷിച്ചതിലും മേലെ വികസിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇതുമാത്രമല്ല, നമ്മുടെ നിരന്തരശ്രമഫലമായി റെയില്‍വെ രംഗത്തുണ്ടായിട്ടുള്ള നേട്ടങ്ങള്‍. കോച്ച് ഫാക്ടറിക്കു പുറമെ 390 കോടി രൂപ കേരളത്തിലെ റെയില്‍വെ വികസനത്തിനായി നീക്കിവയ്ക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 283.97 കോടിയും അതിനുമുമ്പത്തെ വര്‍ഷം 147.73 കോടിയുമായിരുന്നു നീക്കിവച്ചത്.

നമ്മുടെ ദീര്‍ഘകാലാവശ്യമായ നാല് തീവണ്ടികള്‍ ഇത്തവണ അനുവദിക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും നിസാമുദീനിലേക്കുള്ള രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസമെന്നതില്‍നിന്ന് മൂന്നു ദിവസമായി വര്‍ധിപ്പിച്ചതിനും ബാംഗ്ളൂര്‍ - കോയമ്പത്തൂര്‍ എക്സ്പ്രസ് എറണാകുളത്തേക്ക് നീട്ടിയതിനും പുറമെയാണിത്. തിരുവനന്തപുരത്തുള്ള കൊച്ചുവേളി സ്റേഷനിലെ ടെര്‍മിനലുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കുകയും അവിടെ വമ്പിച്ച വികസനം സാധ്യമാക്കുകയും ചെയ്യുമെന്ന് റെയില്‍വെമന്ത്രി കഴിഞ്ഞ വര്‍ഷം ഉറപ്പ് നല്‍കിയിരുന്നു. അതു പാലിക്കുന്നതിന്റെകൂടി സൂചനയായി, മൂന്ന് പുതിയ ട്രെയിനുകള്‍ അവിടെനിന്ന് ആരംഭിക്കുന്നത്. കൊച്ചുവേളിയില്‍ നിന്ന് ഡെറാഡൂണിലേക്കും അമൃത്സറിലേക്കും ബാംഗ്ളൂരിലേക്കുമാണ് പുതിയ വണ്ടികള്‍. ബാംഗ്ളൂരിലേക്ക് ആഴ്ചയില്‍ മൂന്നു ദിവസം ഗരീബ് രഥ് ആണ് ഓടുക. കഴിഞ്ഞ റെയില്‍ബജറ്റിലെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് അനുവദിച്ച ഗരീബ് രഥ് ഒരുമാസം മുമ്പാണ് സര്‍വീസ് തുടങ്ങിയത്. ഇത്തവണ ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്ക് ഒരു പാസഞ്ചര്‍കൂടി അനുവദിക്കപ്പെട്ടു. ഷൊര്‍ണൂര്‍- മംഗലാപുരം പാതയുടെ വൈദ്യുതീകരണത്തിന്റെ സാധ്യതാപഠനം, അങ്ങാടിപ്പുറം - കോഴിക്കോട്, കാഞ്ഞങ്ങാട് - പാണത്തൂര്‍ പാതകളുടെ സര്‍വെ, ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കല്‍ എന്നിവ ത്വരിതപ്പെടുത്താനുള്ള നിര്‍ദേശം എന്നിങ്ങനെ കേരളത്തെ സംബന്ധിച്ച് ഏറെ അനുകൂലമാണ് റെയില്‍വെ ബജറ്റ്.

എന്നാല്‍, ഇതുകൊണ്ട് എല്ലാമായില്ല. നമുക്ക് നിരവധി ആവശ്യങ്ങളുണ്ട്. അതെല്ലാം നാം നിരന്തരമായി ഉന്നയിച്ചുവരുന്നുമുണ്ട്. എല്ലാം ഒറ്റയടിക്ക് ഒരു വാര്‍ഷിക ബജറ്റിന്റെ ഭാഗമായി ലഭിക്കുമെന്ന് വ്യാമോഹമില്ല. കേരളത്തിന്റെ റെയില്‍വെ വികസനം സ്ഥായിയായി നടക്കണമെങ്കില്‍ നമ്മുടെ സംസ്ഥാനം കേന്ദ്രമായി ഒരു റെയില്‍വേ സോണ്‍ കൂടിയേ തീരൂ. വൈകാതെ ആ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അതിനുള്ള സമ്മര്‍ദം ശക്തമായി തുടരേണ്ടതുണ്ട്. കൊല്ലങ്കോട് - തൃശൂര്‍, നിലമ്പൂര്‍ - നഞ്ചന്‍കോട്, തലശേരി - മൈസൂര്‍ തുടങ്ങിയ പുതിയ റെയില്‍വെ ലൈനുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ സംബന്ധിച്ച് ബജറ്റില്‍ പരാമര്‍ശമേയില്ല. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയ ആവശ്യങ്ങള്‍ വേറെയുമുണ്ട്. ഇതടക്കമുള്ള നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍, റെയില്‍വെരംഗത്ത് കേരളത്തിന്റെ സമ്പൂര്‍ണ വികസനം ഉറപ്പാക്കാന്‍ ഇനിയും കൂട്ടായ പ്രവര്‍ത്തനം കാര്യക്ഷമമായി തുടരേണ്ടതുണ്ട്.

സ്വകാര്യവല്‍ക്കരണ ത്വര ഉള്‍പ്പെടെ അനാശാസ്യ പ്രവണതകള്‍ ഏറെയുണ്ടെങ്കിലും കേരളീയരുള്‍പ്പെടെ ഇന്ത്യന്‍ ജനതയ്ക്കാകെ ആശ്വാസം പകരുന്നതാണ് ഇത്തവണത്തെ റെയില്‍വെ ബജറ്റ്. യാത്രക്കൂലി കുറച്ചുകൊണ്ടും പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും റെയില്‍വെയെ അച്ചടക്കത്തോടെ, കാര്യക്ഷമതയോടെ നയിക്കാന്‍ കഴിയുന്നത് ആശ്വാസകരമാണ്. റെയില്‍വെയിലെ പതിനായിരക്കണക്കിന് ജീവനക്കാരുടെ അര്‍പ്പണബോധം കൊണ്ടാണ് ഈ നേട്ടം. ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമെന്ന നിലയില്‍ ഈ നേട്ടം ജനങ്ങള്‍ക്കാകെ അഭിമാനകരമാണ്. എന്നാല്‍, ഒന്നരലക്ഷത്തോളം ജീവനക്കാരുടെ ഒഴിവുകള്‍ നികത്താതെയും നിരവധി മേഖലകളില്‍ സ്വകാര്യവല്‍ക്കരണം കൊണ്ടുവന്നും അതിന്റെ അന്തഃസത്തയെ ക്ഷയിപ്പിക്കാനുള്ള നീക്കവും റെയില്‍വെ ബജറ്റിലുണ്ട്. ആപല്‍ക്കരമായ ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുകയും വേണം.

ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്യുതാനന്ദന്‍

Wednesday, February 27, 2008

ക്ലിക്ക് മീ...

ജരാനരകള്‍ക്കൊപ്പം ഭക്തിയും കൂടിക്കൂടി വരുമത്രെ...! ദേവകി ടീച്ചറുടെ ഭക്തിയും ഈയിടെയായി കലശലായിട്ടുണ്ട്. മുപ്പെട്ട തിങ്കളാഴ്ച മാത്രമല്ല, ഇപ്പോള്‍ എല്ലാ തിങ്കളാഴ്ചയും ശനിയാഴ്ചയും വ്രതത്തിലാണ്. എല്ലാ ഒന്നാംതീയതിയിലെയും ക്ഷേത്രദര്‍ശനമെന്നത് നിത്യേനയെന്നായി. പുലര്‍കാല നിദ്ര എന്നേ ഉപേക്ഷിച്ചു.

ദേവകി ടീച്ചറുടെ കുളിയും ജപവും കഴിഞ്ഞുവരുമ്പോഴും പരമേശ്വരന്‍നായര്‍ എണീറ്റിട്ടുണ്ടാവില്ല. ഭാര്യയുടെ ഭക്തിലഹരിയില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ഭര്‍ത്താവിന് അങ്ങനെയങ്ങു കിടന്നുറങ്ങി രക്ഷപ്പെടാനാവില്ലല്ലോ. അദ്ദേഹവും അല്‍പസ്വല്‍പം ആത്മീയതയുടെ മുഖാവരണമണിഞ്ഞു. അങ്ങനെ അമ്പലകമ്മറ്റിയുടെ പ്രസിഡന്റായി. അടുത്തൂണ്‍കാലത്ത് സമൂഹത്തിലൊരു അംഗീകാരം കിട്ടാന്‍ അതുപകരിച്ചു. സര്‍ക്കാര്‍ സേവനത്തിലൂടെ ഉണ്ടാക്കിവെച്ച ചീത്തപ്പേരും കുറച്ചൊക്കെ പോയിക്കിട്ടി. റവന്യൂ വകുപ്പിലെ ഔദ്യോഗികജീവിതം പഠിപ്പിച്ച കുതന്ത്രങ്ങള്‍ അമ്പലനടത്തിപ്പിനും ഉപകരിച്ചു.

"ഒന്ന് എണീറ്റ് വന്നേ... എനിക്കിന്ന് നേരത്തെ പോവണം''... ദേവകി ടീച്ചര്‍ വേഷം മാറ്റുന്നതിനിടയ്ക്ക് വിളിച്ചുപറഞ്ഞു.

"ഇന്നെന്താ ഇത്ര നേരത്തെ...? പരമേശ്വരന്‍നായര്‍ കിടക്കയില്‍ നിന്നെണീറ്റുകൊണ്ടു ചോദിച്ചു.

"ഇന്ന് നിഷയുടെ മംഗല്യപൂജയാണ്. നേരത്തെ ചെന്ന് ക്യൂ നിന്നാലേ പ്രസാദം കിട്ടൂ...''

പേരമകളുടെ കല്യാണം നടന്നുകാണാനുള്ള ബദ്ധപ്പാടിലാണ്. മകളുടെ മംഗല്യം കഴിയാത്തതിലുള്ള മനോവ്യാധിയിലാണ് മകളും മരുമകനും. ന്യൂയോര്‍ക്കിലിരുന്ന് അവര്‍ വരനുവേണ്ടി ശ്രമിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി. ഏകമകളാണ്. സോഫ്‌ട് വെയര്‍ എഞ്ചിനീയര്‍. ഏതെങ്കിലും അണ്ടനോ അടകോടനോ പിടിച്ചുകൊടുക്കാന്‍ പറ്റില്ല. പ്രഗല്‍ഭ പ്രൊഫഷണലാവണം. സാമ്പത്തികം മോശമാവാന്‍ പറ്റില്ല. കാണാന്‍ നല്ല ഹാന്‍സം. സ്മാര്‍ടായി തിളങ്ങുന്നവന്‍. തറവാടിത്തം നിര്‍ബന്ധം. കിരീയത്തില്‍ നായരുതന്നെ. ജാതകപ്പൊരുത്തം പത്തും വേണം. ഇന്റര്‍നാഷണല്‍ മേട്രിമോണിയല്‍ ഡോട്ട് കോമിലും ഭാരത് മേട്രിമോണിയല്‍ ഡോട്ട് കോമിലും രജിസ്റ്റര്‍ ചെയ്തു. മാരേജ് ബ്യൂറോയില്‍ വിശദവിവരം നല്‍കി. പത്രത്തില്‍ പരസ്യംകൊടുത്തു. 'നായര്‍ സുന്ദരി, ഉയര്‍ന്ന സാമ്പത്തികം. അമേരിക്കയില്‍ സോഫ്‌ട് വെയര്‍ എഞ്ചിനീയര്‍'.

ആലോചനകള്‍ പലതും വന്നു. പലതും പലതുകൊണ്ടും പൊരുത്തപ്പെട്ടില്ല. എല്ലാം ഒത്തുനോക്കി ശരിയായെന്നു കരുതിയതാണ്. 'ഇ' മെയില്‍ ചിത്രത്തില്‍ പെണ്ണിനെ ചെക്കന് നന്നേ ബോധിച്ചു. നേരിട്ടു കണ്ടപ്പോള്‍ മോര്‍ഫിങ്ങിന്റെ അനന്തസാധ്യതകളെക്കുറിച്ചവന്‍ ചിന്തിച്ചുപോയി. അങ്ങനെ അത് അലസിപ്പോയി.

മറ്റൊന്നു വന്നത് എല്ലാംകൊണ്ടും ഉത്തമം. പക്ഷെ ചെറുക്കന്‍ നായരല്ലാതായിപ്പോയി.

വേറൊന്ന് അവസാന മാച്ചിങ്ങില്‍ എത്തിയതാണ്. രക്ഷപ്പെട്ടുവെന്നു കരുതിയപ്പോഴാണ് അറിയുന്നത് വരന് വധുവിനോടല്ല ഇഷ്ടം അമേരിക്കയോടാണെന്ന്. ജാതകക്കുറ്റം പറഞ്ഞ് അതില്‍നിന്ന് രക്ഷപ്പെട്ടു. യോഗമാവുമ്പോള്‍ എല്ലാം ശരിയാവുമെന്ന് സമാധാനിച്ചുകഴിയുമ്പോഴാണ് നല്ലൊരാലോചന വരുന്നത്. എല്ലാ യോഗ്യതയും ചേര്‍ന്ന ബന്ധം. പക്ഷെ ഓലക്കെട്ട് വേണ്ടത്ര യോജിപ്പില്ല. മധ്യമമാണ് മരുമകന്‍ തീര്‍ത്തുപറഞ്ഞു. 'പറ്റില്ല്യച്ഛാ...' പഠിക്കുന്നകാലത്ത് വിപ്ലവം ചീറ്റിയ മരുമകനോട് ചോദിച്ചു.

'എങ്ങനെയെങ്കിലും അഡ്‌ജസ്റ്റ് ചെയ്‌തൂടെ'...?

'നന്ദിനി സമ്മതിക്കില്ല' - പത്നീപ്രീതനായ മരുമകന്റെ ധര്‍മസങ്കടം.

താനും പണ്ട് ഈ പൊടിക്കൈ പരീക്ഷിച്ചതാണല്ലോ. നിസ്സാരകാര്യത്തിനുപോലും ദേവകിയെ കരുവാക്കി. സമരകാലത്ത് പത്രം മാറാന്‍ പറഞ്ഞ സഹപ്രവര്‍ത്തകരെപ്പോലും ഒഴിവാക്കിയത് 'ദേവകിക്ക് ഇഷ്ടല്ല്യാ' എന്നു പറഞ്ഞിട്ടായിരുന്നു. ഇരട്ടമനസ്സുള്ള മലയാളി പുരുഷനെ രക്ഷിക്കുന്നത് ഈ അര്‍ദ്ധനാരീശ്വരവേഷമാണ്.

മലയാളി മാത്രമല്ല ഇന്ത്യക്കാരൊക്കെ ഇരട്ട മനസ്സുള്ളവരാണ്. അതുകൊണ്ടാണല്ലോ ഇന്ത്യയുടെ സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലായത്. ജ്യോതിഷവും യുക്തിചിന്തയും തമ്മിലൊരു സന്ധി.

'ഞാ... പിന്നെ ഇറങ്ങാട്ട്വോ...' കുളിച്ച് കുറിയിട്ട് നേര്യത് ചുറ്റിയ ദേവകി ടീച്ചര്‍ സമ്മതം ചോദിച്ചു.

ഈ വേഷത്തില്‍ ഇവള്‍ സുന്ദരിയായിരിക്കുന്നു. പതിറ്റാണ്ടുകള്‍ പെട്ടെന്ന് പുറകോട്ടുപോയി.

'കലക്കീട്ട് ഉണ്ട് ട്ട്വൊ...' പരസ്യവാചകത്തിലെ ശൃംഗാരം കടമെടുത്ത് അയാള്‍ പറഞ്ഞു.

"ഓ... ഒരു ശൃംഗാരം... പ്രായമായീന്ന ചിന്ത്വോന്നും ല്ല്യ... ങ്ഹാ... പിന്നെ... ഞാന്‍ വരാന്‍ വൈകിയാല്‍ കണ്ണന് പാല് കൊടുക്കണം''.

പേരക്കുട്ടിയുടെ സാന്നിധ്യം അറിയിക്കാനെന്നവണ്ണം അവര്‍ പറഞ്ഞു.

'എവിടെ കണ്ണന്‍?' ചെറിയ ജാള്യതയോടെ പരമേശ്വരന്‍നായര്‍ അന്വേഷിച്ചു.

'അവന്‍ കമ്പ്യൂട്ടറില്‍ കളിക്കുന്നുണ്ടാവും...' മറുപടി പറഞ്ഞുകൊണ്ട് ദേവകി ടീച്ചര്‍ യാത്രയായി.

വയസ്സ് ഒമ്പതായിട്ടേയുള്ളൂവെങ്കിലും കണ്ണന് കൂട്ട് കമ്പ്യൂട്ടറാണ്. അതു കഴിഞ്ഞാല്‍ ക്രിക്കറ്റും. ഇവിടെ പിച്ചും സ്റ്റമ്പും കൂട്ടുകാരെയും എവിടുന്നു കിട്ടാന്‍. അതുകൊണ്ടവന്‍ ടിവിയില്‍ മാച്ച് കണ്ടിരിക്കും.

മകനും മരുമകളും അവധിയാഘോഷിക്കാന്‍ ഏതോ ഒരു ടൂര്‍ പാക്കേജില്‍ പോയപ്പോള്‍ പേരക്കുട്ടിയെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്തുകൊണ്ടുവന്നു നിര്‍ത്തിയതാണ്. വരുമ്പോള്‍തന്നെ അവന്‍ ചോദിച്ചത് - "ഗ്രാന്റ് പപ്പാ, സിസ്റ്റത്തില്‍ റോഡ് ക്രാഷ് ഉണ്ടോ?'' എന്നാണ്.

ദേവകി ടീച്ചര്‍ ഭക്തിമാര്‍ഗത്തിലാറാടിയപ്പോള്‍ തനിക്ക് രസിക്കാനുണ്ടായിരുന്നത് ഈ കമ്പ്യൂട്ടറായിരുന്നു. ടീച്ചര്‍ ദേവീഭജനയിലും രാമായണ പാരായണത്തിലും ആത്മനിര്‍വൃതിയടയുമ്പോള്‍ പരമേശ്വരന്‍നായര്‍ യാഹു ഡോട്ട് കോമിലൂടെ ഗോപികമാരുമായി സല്ലപിച്ചു. പേരമകന്റെ വരവോടുകൂടി അതും നഷ്ടമായി.

മംഗല്യപൂജയുടെ പ്രസാദം വാങ്ങി പ്രസാദൂട്ടും കഴിഞ്ഞ് ദേവകി ടീച്ചര്‍ വരുമ്പോഴേക്കും ഉച്ചകഴിയും. അതുവരെ സ്വാതന്ത്ര്യത്തിന്റെ നാഴികകളാണ്.

പക്ഷെ പേരക്കുട്ടി...?

പരമേശ്വരന്‍നായര്‍ അടുക്കളയിലേക്ക് ചെന്ന് ഫ്ലാസ്കുകളില്‍ സൂക്ഷിച്ച പാലും ചായയും ഗ്ലാസുകളില്‍ പകര്‍ന്നു. താന്‍ ചായ ഉണ്ടാക്കാതിരിക്കാനാണ് ചായ ഫ്ലാസ്കില്‍ തയ്യാറാക്കിവെച്ചിരിക്കുന്നത്. പ്രായം കൂടുന്നതിനനുസരിച്ച് തന്റെ മറവിയും വര്‍ദ്ധിക്കുന്ന കാര്യം ദേവകി മനസ്സിലാക്കിയിരിക്കുന്നു. ചായയുണ്ടാക്കിയാല്‍ ഗ്യാസ് പൂട്ടാന്‍ മറന്നാലോ എന്നവര്‍ കരുതിക്കാണും. ഇല്ലെങ്കിലും പലതും മറക്കുകയാണിപ്പോള്‍.

ചായ കുടിച്ചപ്പോള്‍ ഒരു ഉന്മേഷം തോന്നി. പാലുമായി കണ്ണന്റെ അടുത്തേക്ക് നടന്നു. കാല്‍പെരുമാറ്റം കേട്ടപ്പോള്‍ മൌസ് ചലിച്ചു. കീബോര്‍ഡില്‍ വിരലുകളമര്‍ന്നു. പരമേശ്വരന്‍നായര്‍ കാണുമ്പോള്‍ അവന്‍ റോഡ്ക്രാഷ് കളിക്കുകയായിരുന്നു.

"മോന്‍ പാല് കുടിക്ക്...'' കണ്ണനെ നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചു.

"കണ്ണന്‍ കുട്ടന്‍പോയി ഇനി കുറച്ച് പന്തുകളിച്ചോ... ബോണ്‍വിറ്റ വാങ്ങിയപ്പോള്‍ കിട്ടിയ 'സച്ചിന്റെ' ഒപ്പുള്ള ബാള്‍ അവനു കൊടുത്തു. അവന്‍ മനസ്സില്ലാ മനസ്സോടെ കമ്പ്യൂട്ടര്‍ ഷട്ട്ഡൌണ്‍ ചെയ്തു. പന്തുമായി മുറ്റത്തേയ്ക്ക് ഓടി.

കൊച്ചുകുട്ടിയുടെ ഉല്‍സാഹത്തോടെ പരമേശ്വരന്‍നായര്‍ ചാടി ഇരുന്നു. സിസ്റ്റം ഓണ്‍ ചെയ്തു. മോണിറ്റര്‍ തെളിഞ്ഞു. മൌസിനൊപ്പം കഴ്‌സര്‍ ചലിച്ചു. വിരലുകള്‍ കീബോര്‍ഡില്‍ താളം പിടിച്ചു. ബിഎസ്എന്‍എല്ലിന്റെ ലോഗോ സ്ക്രീനില്‍ തെളിഞ്ഞു. ഡയലോഗ് ബോക്സില്‍ കണക്ട് ചെയ്തു. ടെലിഫോണ്‍ മണി സമ്മതംമൂളി. ആകാശസാഗരത്തില്‍ സാറ്റ്ലൈറ്റുകള്‍ സന്ദേശങ്ങള്‍ കൈമാറി. വെബ് പേജ് തെളിഞ്ഞുവന്നു. ഹോം പേജിലെ ലിങ്കിലൂടെ ക്ലിക്ക് ചെയ്ത് മുന്നേറി. മേഘപാളികളില്‍ പാറിനടന്ന സൈബര്‍ സുന്ദരികളെ ആവാഹിച്ച് കളത്തില്‍ കുടിയിരുത്തി. നീലക്കണ്ണുകളോടെ ചെമ്പന്‍മുടി അഴിച്ചിട്ട ദേവദാസികള്‍ വേദി നിറച്ചു. ആടയാഭരണങ്ങളോടെ ദേവേന്ദ്രന്‍ ദര്‍ശിച്ച അപ്‌സരസ്സുകള്‍ ദിഗംബരികളായി നൃത്തമാടി. ആസ്വാദനത്തിന്റെ അത്യുന്നതിയില്‍ മറ്റൊരു ലിങ്ക് പ്രത്യക്ഷപ്പെട്ടു. 'ക്ലിക്ക് മി' കൂടുതല്‍ ആലോചിച്ചില്ല. ക്ലിക്ക് ചെയ്തു. സ്ക്രീന്‍ മിന്നിത്തെളിഞ്ഞു.

ഇവളാര്...! രംഭയോ... തിലോത്തമയോ... മേനകയോ....?

വീണ്ടും ക്ലിക്ക് മി ലിങ്ക് പ്രത്യക്ഷപ്പെട്ടു - ക്ലിക്ക് ചെയ്തു. ഒരു മാറ്റവുമില്ല.

ഇവളെന്തു യക്ഷി... ഒഴിയാബാധയായി നിന്നിളിക്കുന്നു...!

'ഗ്രാന്റ് പപ്പാ'... കണ്ണന്‍ വിളിക്കുന്നു.

അവന്‍ കളിമതിയാക്കി വരികയാണ്.

'എന്റീശ്വരാ... ചെക്കനിതു കണ്ടാല്‍'...!

ടൈറ്റില്‍ ബാറില്‍ ക്ലോസ് ബട്ടണ്‍ കാണുന്നില്ല... എങ്ങനെ ഷട്ട് ഡൌണ്‍ ചെയ്യും...?

ഉള്ളിലൊരു കാളല്‍... ബുദ്ധി മരവിച്ചു... ഉള്ള ഓര്‍മശക്തിയും നഷ്ടമായി... ഓടിച്ചെന്ന് മെയിന്‍ സ്വിച്ച് ഓഫ് ചെയ്തു. എന്നിട്ടും രക്ഷയില്ല.

അവള്‍ ഇളകി ചിരിക്കുകയാണ്.

കണ്ണന്‍ ഇപ്പോള്‍ വന്നാല്‍...

മറ്റൊന്നും ആലോചിക്കാതെ വാതിലടച്ചു പുറത്തിറങ്ങി.

ഇരുമ്പു ഗെയിറ്റിന്റെ ഞെരുക്കം...

മകനും മരുമകളും പടികടന്നുവരുന്നു... പുറകില്‍ ദേവകിയും.. മുന്നില്‍ കണ്ണനും...

ഭൂമിയുടെ ഭ്രമണം ഭയാനകമായി.

വാതില്‍ തുറന്ന് അയാള്‍ അകത്തേയ്ക്കോടി.

കയ്യില്‍ കിട്ടിയ കസേര വീശിയെറിഞ്ഞു.

ഇളകിയാടിയവള്‍ ഇ-വെയ്‌സ്റ്റായി മോക്ഷം നേടി...!

-മോഹന്‍ ചെറുകര. കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Tuesday, February 26, 2008

വിപ്ലവകാരിക്ക് വിശ്രമമില്ല

സാമ്രാജ്യത്വ വിരുദ്ധപോരാട്ടത്തിന്റെ സാര്‍വദേശീയ പ്രതീകമായിരുന്ന ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോ സ്ഥാനമൊഴിയുന്നത് അമേരിക്കയെ വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ടെന്നാണ് പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. സ്ഥാനത്യാഗം ക്യൂബയുടെ ജനാധിപത്യവല്‍ക്കരണത്തിനു തുടക്കമാകുമെന്ന പ്രതീക്ഷയാണ് ബുഷ് പരസ്യമായി പ്രകടിപ്പിച്ചത്. അമേരിക്ക നിശ്ചയിക്കുന്നതും നിര്‍വചിക്കുന്നതും മാത്രമാണ് ജനാധിപത്യമെന്നാണല്ലോ ഇവര്‍ പ്രചരിപ്പിക്കുന്നത്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും നടപ്പാക്കിയതാണ് അവരെ സംബന്ധിച്ച് ജനാധിപത്യം. ഏറ്റവും ചുരുങ്ങിയ കാലയളവില്‍ ഏറ്റവും കൂടുതല്‍ തവണ ജനങ്ങളുടെ അംഗീകാരം ലോകനിരീക്ഷകരുടെ സാന്നിധ്യത്തില്‍ത്തന്നെ കരസ്ഥമാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് ഷാവോസും ബുഷിന്റെ കണ്ണില്‍ ജനാധിപത്യവാദിയല്ല. കാസ്ട്രോയില്ലാത്ത പ്രഭാതം കാത്ത് കണ്ണിലെണ്ണയൊഴിച്ചിരുന്ന ബുഷിന് അതു നടക്കാത്ത വിഷമവുമുണ്ടാകും. അറുനൂറിലേറെ തവണയാണ് ഫിദലിനെ കൊലപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചത്. ക്യൂബയിലെ ഭരണക്രമത്തെ അട്ടിമറിക്കുന്നതിനായി കോടിക്കണക്കിനു ഡോളറാണ് ഇപ്പോഴും അമേരിക്ക ഒഴുക്കിക്കൊണ്ടിരിക്കുന്നത്. ഇത്തരം ശ്രമങ്ങള്‍ വിജയിക്കില്ലെന്ന് അനുഭവത്തിലൂടെ ബോധ്യപ്പെട്ടവര്‍ ഇപ്പോള്‍ പുതിയ പ്രതീക്ഷ പുലര്‍ത്തുകയാണ്. എന്നാല്‍, തനിക്കുശേഷം പ്രളയം എന്ന മട്ടിലല്ല ക്യൂബയില്‍ വിപ്ലവനിര്‍മാണ പ്രകിയക്ക് കാസ്ട്രോ നേതൃത്വം നല്‍കിയത്. വിപ്ലവത്തെ സംരക്ഷിക്കുന്നതിലും മുന്നോട്ടുകൊണ്ടുപോകുന്നതിലും ക്യൂബന്‍ ജനതയുടെ പങ്ക് കുറച്ചുകാണരുതെന്ന് ഫിദല്‍തന്നെ ലോകത്തോട് വിളിച്ചു പറഞ്ഞിട്ടുണ്ട്.

ഇപ്പോള്‍ പ്രസിഡണ്ടിന്റെ ചുമതല വഹിക്കുന്ന റൌള്‍ കാസ്ട്രോ വിപ്ലവത്തിന്റെ അനുഭവസമ്പത്ത് കൈമുതലായിട്ടുള്ള വ്യക്തിയാണ്. ഹവാന സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ പാര്‍ടി അംഗമായിരുന്നു റൌള്‍. വിപ്ലവാനന്തരമാണ് ഫിദല്‍ കമ്യൂണിസത്തിലേക്കു തിരിയുന്നത്. ഇതില്‍ പ്രധാനപങ്ക് വഹിച്ചത് ചെ ഗുവേരയും റൌള്‍ കാസ്ടോയുമാണെന്ന് ഫിദല്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ചെ ഗുവേരയെ ഫിദലിനു പരിചയപ്പെടുത്തുന്നതും റൌളാണ്. വിപ്ലവാനന്തര ക്യൂബയെ കെട്ടിപ്പെടുക്കുന്നതില്‍ ലോകരാഷ്ട്രങ്ങളുമായി ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്നതും അദ്ദേഹമാണ്. 1953 ലെ ലോക യുവജന വിദ്യാര്‍ഥി സമ്മേളനത്തില്‍ ക്യൂബയെ പ്രതിനിധാനംചെയ്ത നാളുമുതല്‍ തുടങ്ങിയ സാര്‍വദേശീയ ബന്ധങ്ങള്‍ വിപ്ലവത്തിനുശേഷം ശക്തിപ്പെടുത്തി മുന്നോട്ടുകൊണ്ടുപോകുന്നതിനു റൌളിനു കഴിഞ്ഞിരുന്നു. കാസ്ട്രോയുടെ കാലത്തും തീരുമാനങ്ങള്‍ എടുത്തിരുന്നത് ജനാധിപത്യപരമായി ചര്‍ച്ചചെയ്താണ്. ബുഷിനു സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ജനാധിപത്യത്തിന്റെ പ്രയോഗമാണ് അത്. അങ്ങേയറ്റം ജനാധിപത്യപരമായി ചര്‍ച്ചചെയ്ത് എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍നിന്ന് കാസ്ട്രോയെ ഒരു ശക്തിക്കും തടയാനായില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ പലപ്പോഴും സൂചിപ്പിച്ചിട്ടുണ്ട്. പുതുതലമുറയെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതിലും പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്നത് എടുത്തുപറയേണ്ട സംഗതിയാണ്.

എന്നാല്‍, കാസ്ട്രോ അധികാരത്തില്‍നിന്ന് ഒഴിഞ്ഞത്ത് ഒരു കുറവുമുണ്ടാക്കിയിട്ടില്ലെന്ന അന്ധമായ നിഗമനത്തില്‍ ആര്‍ക്കും എത്താന്‍ കഴിയില്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ ഒന്നാമത്തെ സെക്രട്ടറി എന്ന നിലയിലും പാര്‍ടി പത്രത്തിലെ പ്രധാന കോളമിസ്റ്റ് എന്നരീതിയിലും അദ്ദേഹത്തിന്റെ സംഭാവനകള്‍ തുടര്‍ന്നും ലഭിക്കുമെങ്കിലും പടിയിറങ്ങിയത് ചരിത്രമാണെന്നത് മറക്കാനാകില്ല. അര നൂറ്റാണ്ടോളം അദ്ദേഹത്തിന്റെ ഭരണനേതൃത്വം ഈ ചെറുരാജ്യത്തെ ലോകത്തിന്റെ നെറുകയില്‍ സ്ഥാപിച്ചു. അമേരിക്കയുടെ മൂക്കിനു താഴെ എല്ലാ പിന്തുണയോടും ഭരിച്ചിരുന്ന ബാറ്റിസ്റ്റയെ താഴെയിറക്കി വിപ്ലവം വിജയപ്പിക്കാനായതില്‍നിന്ന് അദ്ദേഹത്തിന്റെ നേതൃത്വമികവ് തുടങ്ങുന്നു. അന്നത്തെ വസ്തുനിഷ്ഠ സാഹചര്യത്തെ മൂര്‍ത്തമായി വികശലനംചെയ്യാനും അതിന് അനുസൃതമായ തന്ത്രം ആവിഷ്കരിക്കാനും കഴിഞ്ഞത് പ്രധാനമാണ്. അമേരിക്കന്‍വിരുദ്ധ പോരാട്ടത്തെ അരനൂറ്റാണ്ടായി നയിക്കാന്‍ കഴിഞ്ഞതാണ് രണ്ടാമത്തെ സംഗതി. അമേരിക്കന്‍ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ പ്രതീകമായി ക്യൂബയെ മാറ്റിത്തീര്‍ക്കുന്നതില്‍ കാസ്ട്രോയുടെ നേതൃത്വപരമായ പങ്ക് സമാനതകളില്ലാത്തതാണ്. സോഷ്യലിസ്റ്റ് നിര്‍മാണ പ്രക്രിയ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല. സൌജന്യ വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും നടപ്പാക്കുന്നതില്‍ ക്യൂബ ലോകത്തിനുതന്നെ മാതൃകയായി. വിദേശത്തേക്ക് ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാരെ അയക്കുന്ന രാജ്യം ക്യൂബയായിരിക്കും. ശാസ്ത്ര സാങ്കേതികവിദ്യയിലെ വിപ്ലവകരമായ എല്ലാ മാറ്റത്തെയും ഉള്‍ക്കൊള്ളാനും സമൂഹത്തിന്റെ നന്മയ്ക്കും പുരോഗതിക്കും വേണ്ടി വിനിയോഗിക്കാനും തയ്യാറായി എന്നതും എടുത്തുപറയേണ്ട സംഗതിയാണ്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം പിടിച്ചുനില്‍ക്കുന്നതിനും മുന്നോട്ടുപോകുന്നതിനും ക്യൂബയ്ക്ക് കഴിഞ്ഞത് പ്രത്യേകം ശ്രദ്ധേയമാണ്. സാമ്പത്തികമായ എല്ലാ പ്രതിസന്ധിയെയും അതിജീവിക്കാനും ബദല്‍മാതൃക നടപ്പാക്കാനും കഴിഞ്ഞതില്‍ ഫിദലിന്റെ പങ്ക് ചരിത്രമാണ്. ആഗോളവല്‍ക്കരണത്തിനു ബദലുകളില്ലെന്ന കാഴ്ചപ്പാടിനെ ആധികാരികമായി കാസ്ട്രോ തള്ളിക്കളഞ്ഞു. സോഷ്യലിസമാണ് ബദലെന്ന മുദ്രാവാക്യം അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു. തന്റെ പ്രഭാഷണങ്ങളിലൂടെ ഈ ചിന്ത ശക്തമായി പ്രചരിപ്പിച്ചു. ആശയങ്ങള്‍ ലോകത്തെ മാറ്റിമറിക്കുമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷവും സോഷ്യലിസത്തെ മുറുകെപ്പിടിച്ച് മുന്നേറിയ ക്യൂബ ലാറ്റിനമേരിക്കയുടെ രാഷ്ട്രീയചിത്രം മാറ്റിയെഴുതി. കടുത്ത അമേരിക്കന്‍ വിരുദ്ധതയുടെ ഭൂമികയാക്കി ഈ പ്രദേശത്തെ മാറ്റുന്നതിലും കാസ്ട്രോയുടെ ഭരണകാലം പ്രധാന പങ്ക് വഹിച്ചു. അധികാരത്തില്‍നിന്ന് ഒഴിഞ്ഞെങ്കിലും ഇനിയുള്ള കാലവും ആശയങ്ങളുടെ പോരാട്ടത്തില്‍ ഫിദലില്‍നിന്ന് കൂടുതല്‍ സംഭാവന ലോകം പ്രതീക്ഷിക്കുന്നുണ്ട്. എന്തായാലും അത് ബുഷിന്റെ പ്രതീക്ഷകള്‍ക്ക് അനുസരിച്ചായിരിക്കുകയില്ല. ലോകത്തിന്റെ അഭിപ്രായം മാനിക്കാതെ ഏകപക്ഷീയമായി ക്യൂബയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ ബുഷിന്റെ 'ജനാധിപത്യബോധ'ത്തെ അമേരിക്കതന്നെ തള്ളിക്കളഞ്ഞ കാലമാണ് ഇത്. ബുഷ് പ്രതീക്ഷിക്കുംപോലെ കാസ്ട്രോയുടെ സ്ഥാനത്യാഗമല്ല, അമേരിക്കയുടെ പുതിയ പ്രസിഡന്റ് സ്വീകരിക്കുന്ന സമീപനവും നയവുമായിരിക്കും ആ രാജ്യവുമായുള്ള ക്യൂബയുടെ ബന്ധത്തിന്റെ ഗതി നിര്‍ണയിക്കുക. അനുഭവത്തില്‍നിന്നു പാഠം പഠിക്കാനും ലോകത്തിന്റെ വികാരം ഉള്‍ക്കൊള്ളുന്ന ജനാധിപത്യബോധം പ്രകടിപ്പിക്കാനും തെരഞ്ഞെടുക്കപ്പെടാന്‍ പോകുന്ന അമേരിക്കയുടെ പുതിയ പ്രസിഡന്റിനു കഴിയുമോ എന്നതുതന്നെയാണ് ഉരകല്ല്.

ക്യൂബയില്‍ നിന്നും വരുന്ന വാര്‍ത്തകളും കാസ്ട്രോയുടെ സന്ദേശങ്ങളും സൂചിപ്പിക്കുന്നത് ഫിഡല്‍ സ്ഥാനമൊഴിഞ്ഞെങ്കിലും സാമ്രാജ്യത്വവുമായുള്ള പോരാട്ടത്തില്‍ തോല്‍ക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നു ക്യൂബന്‍ ജനത പ്രഖ്യാപിക്കുന്നതായിത്തന്നെയാണ്. നിശബ്ദനായിരിക്കുവാന്‍ എനിക്ക് അവകാശമില്ല എന്നു പ്രഖ്യാപിക്കുന്ന കാസ്ട്രോയുടെ പുതിയ സന്ദേശത്തിന്റെ പരിഭാഷ ഇവിടെ പോസ്റ്റ് ചെയ്യുന്നതിലൂടെ വിടവാങ്ങിയ ആ അതുല്യ വിപ്ലവകാരിക്ക് വര്‍ക്കേഴ്‌സ് ഫോറം അഭിവാദ്യങ്ങള്‍ നേരുന്നു.

നിശബ്ദനായിരിക്കുവാന്‍ എനിക്ക് അവകാശമില്ല

ആ ചൊവ്വാഴ്ച പുതിയ അന്തര്‍ദേശീയ വാര്‍ത്തകളൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ ഫെബ്രുവരി 18 തിങ്കളാഴ്ച ക്യൂബയിലെ ജനങ്ങള്‍ക്ക് എഴുതിയ എന്റെ ചെറിയ സന്ദേശത്തിന് വ്യാപകമായ പ്രചാരം ലഭിച്ചു. ഇതിന്റെ സൂചനകള്‍ രാവിലെ 11 മണിമുതല്‍ തന്നെ എനിക്ക് ലഭിച്ചുതുടങ്ങിയിരുന്നു. കഴിഞ്ഞ രാത്രി നന്നായി ഞാന്‍ ഉറങ്ങി. എന്റെ മനസ്സ് ശാന്തമായിരുന്നു. ഒരു ഒഴിവുകാലം ഞാന്‍ സ്വയം വാഗ്ദാനം ചെയ്തിരുന്നു. ഫെബ്രുവരി 24 ആകാന്‍ കാത്തിരിക്കുന്നതിന്റെ സമ്മര്‍ദ്ദം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു.

തങ്ങളുടെ വികാരങ്ങള്‍ വിവിധ രീതികളില്‍ പ്രകടിപ്പിച്ച ക്യൂബയിലെയും പുറത്തുമുള്ള എനിക്ക് ഏറ്റവും പ്രിയമുള്ളവരെപ്പറ്റി ഇന്നു ഞാന്‍ ഒന്നും തന്നെ പറയാനുദ്ദേശിക്കുന്നില്ല. എന്നോടുള്ള അഗാധമായ സ്നേഹവും ഐക്യദാര്‍ഢ്യമനോഭാവവും പ്രകടിപ്പിച്ചുകൊണ്ട് തെരുവുകളിലേക്കൊഴുകിയെത്തിയ ജനങ്ങള്‍ തങ്ങളുടെ സഹജമായ രീതിയില്‍ നടത്തിയ ധാരാളം അഭിപ്രായങ്ങള്‍ വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും എനിക്ക് കിട്ടിയിട്ടുണ്ട്. അതിനെക്കുറിച്ച് മറ്റൊരു ദിവസം ഞാന്‍ സംസാരിക്കാം.

ഞാനിപ്പോള്‍ എതിരാളികള്‍ പറയുന്നതെന്താണ് എന്നാണ് ശ്രദ്ധിക്കുന്നത്. ഓരോ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുടേയും അമ്പരപ്പ് ശ്രദ്ധിക്കുക രസകരമായിരുന്നു. അവരിലോരോരുത്തരും ക്യൂബയുടെ അടിയന്തിര ആവശ്യങ്ങളെക്കുറിച്ച് കൃത്യമായ നിലപാടെടുക്കുവാന്‍ നിര്‍ബന്ധിതരായി. അല്ലെങ്കില്‍ ഒരു വോട്ടെങ്കിലും നഷ്ടപ്പെട്ടെങ്കിലോ? ഭാഗ്യ-നിര്‍ഭാഗ്യങ്ങളുടെ യുക്തികള്‍ ഭരിക്കുന്ന ചൂതാട്ടകേന്ദ്രമായ ലാസ് വേഗാസില്‍ നിന്നും സി.എന്‍.എന്നിനു വേണ്ടി, തൊട്ടാല്‍ പൊള്ളുന്ന രാഷ്ട്രീയവിഷയങ്ങളെയും വ്യക്തിപരമായ കാര്യങ്ങളെയും കുറിച്ച്, പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഓരോരുത്തരേയും ഇന്റര്‍വ്യൂ ചെയ്യുന്ന പുലിറ്റ്സര്‍ സമ്മാന വിജയിയായ ഒരു പത്രപ്രവര്‍ത്തകനാണ് ഞാനെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അവരെ കുറ്റം പറയുവാനാകുമായിരുന്നില്ല.

അന്‍പത് വര്‍ഷത്തെ ഉപരോധം കൊണ്ടവര്‍ തൃപ്തരല്ലത്രെ. മാറ്റം ! മാറ്റം ! മാറ്റം! അവര്‍ ഒരുമിച്ച് ആവശ്യപ്പെടുന്നു..

ഞാന്‍ സമ്മതിക്കുന്നു. മാറ്റം വേണം. പക്ഷെ അമേരിക്കയിലാണ് മാറ്റം വരേണ്ടത്. ക്യൂബ വളരെ മുന്‍പ് തന്നെ മാറിക്കഴിഞ്ഞുവെന്നു മാത്രമല്ല, വൈരുദ്ധ്യാത്മകമായ പാതയിലൂടെ മുന്നേറുന്നത് നമ്മള്‍ തുടരുകയും ചെയ്യും.

നമ്മള്‍ ഒരിക്കലും ഭൂതകാലത്തിലേക്ക് തിരിച്ചുപോവുകയില്ല ! നമ്മുടെ ജനത പ്രഖ്യാപിക്കുകയാണ്.

പിടിച്ചടക്കല്‍! പിടിച്ചടക്കല്‍! പിടിച്ചടക്കല്‍! ഇതാണ് എതിരാളിയുടെ പ്രത്യുത്തരം. മാറ്റത്തെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ശരിക്കും അര്‍ത്ഥമാക്കുന്നത് ഇതാണ്.

പതിമൂന്ന് കോളനികളുടേയും വിപ്ലവകരമായ സ്വാതന്ത്ര്യപ്രഖ്യാപനത്തിനും നൂറുവര്‍ഷങ്ങള്‍ക്കിപ്പുറം,ജോസ് മാര്‍ട്ടി എന്ന വിപ്ലവകാരിയും ബുദ്ധിമാനുമായ നേതാവ് തന്റെ നിശ്ശബ്ദ പോരാട്ടത്തിന്റെ രഹസ്യം അനാവരണം ചെയ്തുകൊണ്ട് ഏകദേശം ഒരു നൂറ്റാണ്ട് മുന്‍പ് തന്നെ, സാമാജ്യത്വത്തിന്റെ ആര്‍ത്തിപിടിച്ച വിപുലീകരണത്വര കണ്ടെത്തുകയുംഅതിനെ തള്ളിപ്പറയുകയും ചെയ്തിരുന്നു.

ഒരു ചരിത്രകാലഘട്ടത്തിന്റെ അവസാനവും നിലനിര്‍ത്താനാവാത്ത ഒരു വ്യവസ്ഥയുടെ(unsustainable system) അവസാനത്തിന്റെ ആരംഭവും ഒന്നു പോലെ ആവില്ല, ഒരിക്കലും.

നിലനിര്‍ത്താനാവാത്ത ആ വ്യവസ്ഥയോട് നാഭീനാള ബന്ധമുള്ള യൂറോപ്യന്‍ ശക്തികളും, അവര്‍ ഇപ്പോള്‍ ക്ഷീണിതരാണെങ്കിലും, പൊടുന്നനെയെന്നോണം അതേ ആവശ്യം ഉന്നയിക്കുകയാണ് . Torquemadaയുടെ കാലം മുതല്‍ക്കെ അവര്‍ അറിഞ്ഞിട്ടേയില്ലാത്ത ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഈണത്തിനൊത്ത് നാം നൃത്തം ചവിട്ടേണ്ട സമയമായിരിക്കുന്നു എന്നാണവര്‍ പറയുന്നത് !

തങ്ങള്‍ക്ക് വേണ്ടതായ ഊര്‍ജ്ജവും അസംസ്കൃതസാധനങ്ങളും, വിലകുറഞ്ഞ തൊഴില്‍ശക്തിയും ലഭ്യമാകുന്നതിന് സമസ്ത ഭൂഖണ്ഡങ്ങളുടെയും മേല്‍ അവര്‍ നടത്തുന്ന കോളനിവല്‍ക്കരണവും നവ-കോളനിവല്‍ക്കരണവും വാസ്തവത്തില്‍ അവര്‍ക്കൊരു ധാര്‍മ്മിക അപമാന(moral discredit)മാണ്.

ഒരുകാലത്ത് അടിയുറച്ച സോഷ്യലിസ്റ്റും സാംസ്കാരികവകുപ്പ് മന്ത്രിയുമൊക്കെയായിരുന്ന ഒരു വിശിഷ്ട സ്പാനിഷ് വ്യക്തി കഴിഞ്ഞ കുറച്ച് കാലമായി യുദ്ധത്തിനും ആയുധങ്ങളുടെ ഉപയോഗത്തിനും വേണ്ടിയൊക്കെ വാദിക്കുന്നത് കലര്‍പ്പില്ലാത്ത വങ്കത്തരമല്ലാതെ മറ്റൊന്നുമല്ല. കൊസൊവൊയും അതിന്റെ ഏകപക്ഷീയമായ സ്വാതന്ത്ര്യപ്രഖ്യാപനവും ഒരു ദു:സ്വപ്നം പോലെ അവരെ പിന്തുടരുന്നു.

ഇറാഖിലും അഫ്‌ഗാനിസ്ഥാനിലുമൊക്കെ അമേരിക്കയുടേയും നാറ്റോവിന്റേയും യൂണിഫോം ധരിച്ച രക്തവും മാംസവുമുള്ള മനുഷ്യര്‍ മരിച്ചുവീണുകൊണ്ടിരിക്കുകയാണ്. അഫ്‌ഗാനിസ്ഥാനില്‍ നടത്തിയ മുന്‍‌ചിന്തയില്ലാത്ത ഇടപെടലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചക്ക് കാരണമായി എന്ന വസ്തുത യൂറോപ്യന്‍ രാജ്യങ്ങളെ ഒരു നിഴല്‍ പോലെ പിന്തുടരുകയാണ്.

ബുഷ് സീനിയര്‍ മക് കെയിനെ തന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന സമയത്ത് തന്നെ ജൂനിയര്‍ ബുഷ് ആഫ്രിക്കയിലെ- ഇന്നലെകളില്‍ മനുഷ്യവംശം ഉടലെടുത്തതും ഇന്ന് രക്ഷസാക്ഷിത്വം വഹിക്കുന്നതുമായ ഭൂഖണ്ഡത്തിലെ ‍- ഏതോ രാജ്യത്ത് വെച്ച് - ഇവിടെ അയാള്‍ എന്തുചെയ്യുന്നു എന്ന് ആര്‍ക്കും അറിയില്ല- പ്രഖ്യാപിക്കുകയാണ് എന്റെ കഴിഞ്ഞ ദിവസത്തെ സന്ദേശം ക്യൂബ ജനാധിപത്യത്തിലേക്ക് പോകുന്നതിന്റെ തുടക്കമാണെന്ന്. ആ വാക്കുകളില്‍ പ്രതിഫലിക്കുന്നത് അദ്ദേഹത്തിന്റെ സര്‍ക്കാര്‍ കറുത്ത വലിയ അക്ഷരങ്ങളില്‍ പ്രഖ്യാപിച്ചിട്ടുള്ള പിടിച്ചടക്കല്‍ മോഹം തന്നെയാണ് .

ഒരു ദിവസം മുമ്പ്, ലോകത്തിലെ ടെലിവിഷന്‍ ശൃംഖലകളൊക്കെ അത്യന്താധുനികമായ ബോംബര്‍ വിമാനങ്ങള്‍ തങ്ങളുടെ അത്ഭുതകരമായ മെയ്‌വഴക്കം പ്രദര്‍ശിപ്പിക്കുന്നതും, ഏത് തരത്തിലുള്ള ബോംബ് വേണമെങ്കിലും വര്‍ഷിക്കാവുന്ന ആ വിമാനങ്ങള്‍ റഡാറുകള്‍ക്ക് അപ്രാപ്യമാണെന്ന്‌ നൂറുശതമാനം ഗ്യാരന്റി നല്‍കുന്നതും മറ്റുംകാണിച്ചിരുന്നു. അങ്ങിനെയാവുമ്പോള്‍ ഇതൊന്നും യുദ്ധകുറ്റകൃത്യത്തിന്റെ പരിധിയില്‍ വരില്ലത്രെ.

സൈനിക ആവശ്യങ്ങള്‍ക്കായി തങ്ങള്‍ തന്നെ ഭ്രമണപഥത്തിലെത്തിച്ചിട്ടുള്ള നിരവധി വസ്തുക്കളില്‍ ഒന്നാ‍യ ഒരു ചാര ഉപഗ്രഹം മറ്റൊരു രാജ്യത്തിന്റെ അതിര്‍ത്തിയില്‍ വീഴുന്നതിന്റെ സാദ്ധ്യത ഒഴിവാക്കുന്നു എന്ന ന്യായീകരണത്തിന്റെ മറവില്‍ പുതിയൊരു ആയുധം പരീക്ഷിക്കുന്ന സാമ്രാജ്യത്വ നടപടിയുടെ പശ്ചാത്തലത്തില്‍ ചില പ്രമുഖ രാഷ്ട്രങ്ങള്‍ ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച പ്രതിഷേധത്തെ കാണേണ്ടതുണ്ട്.

പത്തു ദിവസത്തേക്ക് ഓര്‍മ്മക്കുറിപ്പുകള്‍ എഴുതേണ്ട എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്, പക്ഷെ അധികകാലം നിശബ്ദനായിരിക്കുവാന്‍ എനിക്ക് അവകാശമില്ല. അവര്‍ക്കെതിരായ ആശയപരമായ വെടി പൊട്ടിക്കേണ്ടതുണ്ട്.

ഇത് ഞാനെഴുതിയത് ചൊവാഴ്ച ഉച്ചക്ക് ശേഷമാണ്. ഇന്നലെ ഞാന്‍ അത് ഒന്നുകൂടി പരിശോധിച്ചു, ഇന്ന് വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഞാനിത് പ്രസിദ്ധീകരണത്തിനു നല്‍കുന്നതാണ്. എന്റെ ചിന്തകള്‍ ഒരിക്കലും ആദ്യപേജില്‍ പ്രസിദ്ധീകരിക്കരുതെന്നും, രണ്ടാം പേജിലോ മറ്റു ഉള്‍പ്പേജുകളിലോ മാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നും, നീളം കൂടുതലാണെങ്കില്‍ മറ്റു മാദ്ധ്യമങ്ങളില്‍ അതിന്റെ ഒരു സംക്ഷിപ്തരൂപം മാത്രം നല്‍കേണമെന്നും ഞാന്‍ അപേക്ഷിച്ചിരുന്നു.

Monday, February 25, 2008

റാംസെ ക്ലര്‍ക്ക് സംസാരിക്കുന്നു

അമേരിക്കയിലെ മുന്‍ അറ്റോര്‍ണി ജനറല്‍ റാംസെ ക്ലര്‍ക്ക് (Ramsey Clark) ഒരു വിവാദ വ്യക്തിത്വമായാണ് അറിയപ്പെടുന്നത്. ആ രാജ്യത്തെ പൌരാവകാശ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുള്ള അദ്ദേഹം ഇപ്പോള്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിനെ ഇംപീച്ച് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന Vote to Impeach എന്ന സംഘടനയുമായി യോജിച്ചു പ്രവര്‍ത്തിച്ചുവരികയാണ്. 2004ല്‍ Iraqui Special Tribunal -നു മുമ്പാകെ വിചാരണയെ നേരിട്ട സദ്ദാംഹുസൈനുവേണ്ടി വാദിക്കുവാന്‍ സന്നദ്ധരായ നിയമജ്ഞരുടെ പാനലില്‍ അദ്ദേഹവും അംഗമായിരുന്നു. അടുത്തിടെ കൊല്‍ക്കൊത്ത സന്ദര്‍ശിച്ച ക്ലര്‍ക്കുമായി മാര്‍ക്സ്ഡാം നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.

മാര്‍ക്സ്ഡാം: ഇന്നത്തെ രാഷ്ട്രീയ സംവാദങ്ങളില്‍ ഏറെ വാഴ്ത്തപ്പെടുന്ന 'അന്തര്‍ദേശീയ സമൂഹം' എന്ന പ്രയോഗം പുതിയ ലോകക്രമത്തില്‍ സ്വന്തം താത്പര്യങ്ങള്‍ കൂടുതലായി അടിച്ചേല്‍പ്പിക്കുവാന്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ വെള്ളപൂശുവാനായി ഉപയോഗിക്കുന്ന ഒരു മധുരവാക്കു മാത്രമാണെന്ന് ആരെങ്കിലും വാദിച്ചാല്‍ താങ്കളുടെ പ്രതികരണം എങ്ങനെയായിരിക്കും?

റാംസെ ക്ലര്‍ക്ക്: കൂടുതല്‍ ആഗോളീകരണത്തിനും ആധിപത്യത്തിനും വേണ്ടി ശ്രമിക്കുന്നവര്‍ ലോകം മൊത്തം മനഃശാസ്ത്രപരമായി ഒരു സമൂഹമായി കാണമെന്ന് ആഗ്രഹിക്കുന്നത് അവരുടെ പ്രവര്‍ത്തനം എളുപ്പമാക്കുന്നതിനുവേണ്ടിയാണെന്നാണ് ഞാന്‍ കരുതുന്നത്.

മാര്‍ക്സ്ഡാം: അമേരിക്കന്‍ രീതിയിലുള്ള മുതലാളിത്തത്തെ അംഗീകരിക്കുന്ന ഉദാരവത്ക്കരണത്തിന്റെ ശക്തമായ വ്യാപനം ലോകമാകെ പുതിയ അസമത്വങ്ങളെ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെ താങ്കള്‍ എങ്ങിനെയാണ് നോക്കിക്കാണുന്നത്?

റാംസെ ക്ലര്‍ക്ക്: ഇത്തരത്തിലുള്ള ഉദാരവത്ക്കരണം മനുഷ്യവര്‍ഗ്ഗത്തിനും നാഗരികതയ്ക്കും ഭയാനകമായ ഒരു ഭീഷണിയാണ്. രാഷ്ട്രീയമായ ഭീഷണി എന്നതിനോടൊപ്പം ഇത് തീര്‍ച്ചയായും സാമ്പത്തികമായ ഭീഷണി കൂടിയാണ്. എല്ലാവരേയും ഒരേതരത്തിലുള്ള സാങ്കേതികവിദ്യയുടെയും, വിനോദത്തിന്റെയും, ഫാസ്റ്റ്ഫുഡിന്റേയും കീഴില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കുന്ന ആഗോളീകരണം അടിസ്ഥാനപരമായി വ്യത്യസ്തങ്ങളായ സംസ്കാരങ്ങള്‍ക്ക് ഭീഷണിയാണ്. സാമ്പത്തിക അധികാരത്തിന്റെ പിന്‍തുണയോടെ ആഗോളീകരണം ഇന്ന് ലോകമാകെ വ്യാപിക്കുകയാണ്. ഭൌതികതയ്ക്കും ഉപഭോഗസംസ്കാരത്തിനും അവയുടേതായ ശക്തിയുണ്ട്. ഇവയുടെ ഏറ്റവും വലിയ ഇരയായിത്തീര്‍ന്നിരിക്കുന്നതും മനുഷ്യരുടെ ഭാവനയും, വേദനകളും, ദുരിതങ്ങളും, ചരിത്രവും എല്ലാം കൂട്ടിയിണക്കി പടുത്തുയര്‍ത്തപ്പെടുന്ന സംസ്കാരമാണ്.

മാര്‍ക്സ്ഡാം: അമേരിക്ക അതിന്റെ മേധാവിത്വം സ്ഥാപിക്കുവാന്‍ മറയാക്കുന്നതായി ആരോപിയ്ക്കപ്പെടുന്ന തന്ത്രങ്ങള്‍ക്ക് തടയിടാന്‍ മറുതന്ത്രങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്‍ ഉയര്‍ന്നുവരുന്നുണ്ടല്ലോ?

റാംസെ ക്ലര്‍ക്ക്: ആഗോളീകരണം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള അവബോധം വലിയതോതില്‍ വളര്‍ന്നുവരുന്നത് ഞാന്‍ കാണുകയാണ്. ആഗോളീകരണത്തിന്റെ വേഗത കുറയുന്നതും, ഇതിനേക്കാള്‍ പ്രധാനമായി അതിന്റെ യഥാര്‍ത്ഥ ഉദ്ദേശത്തെക്കുറിച്ചും വ്യത്യസ്ത സമൂഹങ്ങളില്‍ അത് എന്താണ് ചെയ്യുന്നത് എന്നതിനെപ്പറ്റിയും ഉള്ള അവബോധം വളരുന്നതും നമുക്ക് കാണുവാന്‍ സാധിക്കും എന്നാണ് ശുഭാപ്തിവിശ്വാസിയായ ഞാന്‍ പ്രതീക്ഷിക്കുന്നത്.

മാര്‍ക്സ്ഡാം: പലപ്പോഴും ആഗോളവത്ക്കരണം നവ-കോളനിവല്‍ക്കരണത്തിന്റെ പ്രതിബിംബമായാണ് കണക്കാക്കപ്പെടുന്നത്. ഇതിനോട് താങ്കള്‍ യോജിക്കുന്നുണ്ടോ?

റാംസെ ക്ലര്‍ക്ക്: പണ്ടത്തെ സാമ്രാജ്യത്വ അധിനിവേശത്തിന്റെയും ഇന്നത്തെ ആഗോളവത്ക്കരണ പ്രക്രിയയുടെയും വ്യത്യാസങ്ങള്‍ ഇന്‍ഡ്യയില്‍ വ്യക്തമായി ദൃശ്യമാണ്. വിദേശ ആധിപത്യത്തിന്റെ ക്രൂരതയുടേയും അത് സൃഷ്ടിച്ച ദാരിദ്ര്യത്തിന്റേയും ദുരിതങ്ങള്‍ ഇന്‍ഡ്യ അനുഭവിച്ചു. എന്നാല്‍ ഉദാരവത്ക്കരണ കാലഘട്ടം വരെയുള്ള ഇന്‍ഡ്യന്‍ സിനിമാ വ്യവസായത്തെ വീക്ഷിക്കുകയാണെങ്കില്‍ അതിന്റെ മുഖഛായ ഭാരതീയമായിത്തന്നെ തുടര്‍ന്നിരുന്നു എന്ന് കാണുവാന്‍ കഴിയും. ഉദാരവത്ക്കരണത്തിന്റെ തീവ്രത ജീവിതത്തിന്റെ എല്ലാ മേഖലകളിലും കടന്നുകയറുന്ന ഇന്ന് ഹാസ്യം, ഹാസ്യ കലാകാരന്മാര്‍, സംഗീതത്തിന്റെ താളം എന്നിവപോലും മാറുവാന്‍ തുടങ്ങിയിരിക്കുന്നു. ഇത് വാസ്തവത്തില്‍ ഭൌതികതയേയും ഉപഭോഗ സംസ്കാരത്തെയും സൈനിക അധിനിവേശത്തേക്കാള്‍ മാരകമാക്കുകയാണ്.

കൊളോണിയല്‍ കാലഘട്ടത്തില്‍ നിങ്ങളുടെ ശത്രു ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നു. പുറകില്‍ കത്തിവന്നു തറക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരായിരുന്നു. ഒരു മെച്ചപ്പെട്ട ജീവിതം നിങ്ങള്‍ക്കു വേണമെങ്കില്‍ അതിനായി എന്താണു ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്കറിയാമായിരുന്നു. എന്നാല്‍ ഇന്നത്തെ ഉപഭോഗ സംസ്കാരത്തിന്റ കീഴില്‍ നിങ്ങള്‍ തടവുകാരും അവബോധം നഷ്ടപ്പെട്ടവരുമാണ്. തടവുകാരന് തന്റെ ചങ്ങലയെപ്പറ്റി ബോധമില്ലെങ്കില്‍ അത് പരിതാപകരമാണ്. ആഗോളവല്‍ക്കരണ കാലഘട്ടത്തില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ഭാവനയുടേയും ആഗ്രഹങ്ങളുടേയും പിടിയിലാണ്. ഇതുതന്നെയാണ് ഏറ്റവും വലിയ അപകടവും.

മാര്‍ക്സ്ഡാം: അമേരിക്കയുമായി സൈനികേതര ആണവക്കരാറില്‍ ഒപ്പുവയ്ക്കുന്നതിനെപ്പറ്റി ഇന്‍ഡ്യയിലിപ്പോള്‍ ചൂടേറിയ സംവാദങ്ങള്‍ നടക്കുകയാണ്. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ രൂപപ്പെട്ടുവരുന്ന ഉയര്‍ന്ന തലത്തിലുള്ള തന്ത്രപരമായ കൂട്ടുകെട്ടില്‍ നിന്ന് വേറിട്ട് ആണവക്കരാറിനെ കാണുന്നത് ബാലിശമാണെന്നാണ് ഇടതുപക്ഷം ചൂണ്ടിക്കാണിക്കുന്നത്. താങ്കളുടെ അഭിപ്രായം?

റാംസെ ക്ലര്‍ക്ക്: ഇന്‍ഡ്യയിലെ ജനങ്ങള്‍ ബുദ്ധിമാന്‍മാരും തങ്ങള്‍ ചെയ്യുന്നതെന്താണെനന് അറിയുന്നവരുമാണ്. ഇന്‍ഡ്യയുടെയും അമേരിക്കയുടെയും ഉദ്ദേശങ്ങള്‍ തീര്‍ത്തും വ്യത്യസ്തമായിരിക്കുമ്പോള്‍തന്നെ പല കാരണങ്ങള്‍കൊണ്ടും ഇരു രാജ്യങ്ങളും തമ്മില്‍ ഒന്നിക്കുന്ന അവസരങ്ങള്‍ ഉണ്ടായേക്കാം. ഉദാരവത്ക്കരണമാകട്ടെ തീര്‍ച്ചയായും ഇത്തരം കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ആണവായുധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ അമേരിക്കയുടെ ഉറച്ച ചങ്ങാതിയാണെങ്കില്‍ നിങ്ങള്‍ പൂര്‍ണ്ണമായും ആഗോളവത്ക്കരണത്തിന്റെയും സാംസ്കാരിക അധപതനത്തിന്റെയും ഭീഷണിയിലായിരിക്കും.

മാര്‍ക്സ്ഡാം: നമ്മള്‍ ഇവിടെ ഒരു ആണവായുധ ഉടമ്പടിയെക്കുറിച്ചല്ല, മറിച്ച് സൈനികേതര ആണവ സഹകരണത്തിനായുള്ള കരാറിനെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്.

റാംസെ ക്ലര്‍ക്ക്: കരാര്‍ ആണവോര്‍ജ്ജത്തിന്റെ സൈനികേതര വിനിയോഗത്തിനുവേണ്ടിയുള്ളതാണെങ്കില്‍ പോലും അതിന്റെ ചട്ടക്കൂട്ടിനുളളില്‍ നിന്നുകൊണ്ടുതന്നെ സാങ്കേതികവിദ്യയെ സമര്‍ത്ഥമായി ഉപയോഗിച്ച് ജനങ്ങളെ മൊത്തത്തില്‍ നശിപ്പിക്കുന്ന ആയുധങ്ങളുടെ (Weapon of Mass Dastruction) നിര്‍മ്മാണം വ്യാപകമായി നടത്തുവാന്‍ സാധിക്കും.

സമാധാനത്തിന്റെ പേരുപറഞ്ഞ് മറ്റൊരു രാജ്യം അണുവായുധം വികസിപ്പിക്കുന്നതിനെതിരായി സംസാരിക്കുമ്പോള്‍ നാം ആരുടെ സമാധാനത്തെക്കുറിച്ചാണ് പരാമര്‍ശിക്കുന്നത്. കൂടുതല്‍ ശക്തരായ രാജ്യങ്ങളുടെ സമാധാനത്തെക്കുറിച്ചോ അഥവാ ലോകസമാധാനത്തെക്കുറിച്ചോ. ഞാന്‍ പറഞ്ഞുവരുന്നത്, അണുവായുധവും അതിനെ എവിടെ വേണമെങ്കിലും പ്രയോഗിക്കുവാനുള്ള കഴിവും ഞാന്‍ മാത്രം കൈവശപ്പെടുത്തി വയ്ക്കുമ്പോള്‍ എനിക്ക് സമാധാനം ലഭിക്കും, മറ്റാര്‍ക്കും അത് ലഭിക്കുകയുമില്ല. ഞാന്‍ നിങ്ങളെ ഉന്മൂലനം ചെയ്യും, നിങ്ങള്‍ എന്നോട് മത്സരിക്കുവാന്‍ ശ്രമിക്കരുത്. ഇത് ഒരിക്കലും അനുവദിക്കാനാവാത്തതും, പ്രയോഗത്തില്‍ വരുത്തിയാല്‍ മാനവരാശിയ്ക്കാകെ വിനാശകരമായിത്തീരുന്നതും ആയ ഒരു വാദഗതിയാണ്.

മാര്‍ക്സ്ഡാം: അമേരിക്ക ഇറാക്കില്‍ നടത്തിയ "ആക്രമണയുദ്ധ''ത്തിനെതിരായുള്ള വിവിധ പ്രചരണങ്ങളുമായി ബന്ധപ്പെട്ട് വളരെക്കാലമായി താങ്കള്‍ പ്രവര്‍ത്തിക്കുന്നു. സദ്ദാംഹുസൈനുവേണ്ടി വാദിക്കുവാന്‍ സന്നദ്ധരായ നിയമജ്ഞരുടെ പാനലില്‍ നിങ്ങള്‍ 2004-ല്‍ ചേരുകയുമുണ്ടായി. ഇറാഖിനോടുള്ള അമേരിക്കയുടെ സമീപനത്തില്‍ ഇക്കഴിഞ്ഞ ഏതാനും മാസങ്ങളില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ?

റാംസെ ക്ലര്‍ക്ക്: ഇറാഖിനുമേല്‍ നടത്തപ്പെട്ട ആക്രമണയുദ്ധം ചെലവില്ലാത്തതായിരുന്നെങ്കില്‍, അതിനെതിരെ ഇറാഖിനുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന പ്രതിരോധം ശക്തിയേറിയതും അമേരിക്കയെ സംബന്ധിച്ചിടത്തോളം മനുഷ്യജീവന്റെ കാര്യത്തിലും ലോകരാജ്യങ്ങള്‍ക്കിടയില്‍ അതിന്റെ സല്‍പ്പേരിന്റെയും ബഹുമാനത്തിന്റെയും കാര്യത്തിലും വലിയ നഷ്ടമായി മാറാതിരുന്നെങ്കില്‍, ആ യുദ്ധം ലോകസമാധാനത്തിന് കൂടുതല്‍ വിനാശകരമായിത്തീര്‍ന്നേനെ. പകരം ഈ യുദ്ധം അമേരിക്കയെ കാര്യമായി തളര്‍ത്തിയിരിക്കുകയാണ്. അമേരിയ്ക്കയുടെ ആക്രമണയുദ്ധം വലിയൊരു അന്താരാഷ്ട്ര അപരാധവും മാനവരാശിയ്ക്കെതിരായി നടത്തപ്പെട്ട കുറ്റകൃത്യവുമായിരുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. ആക്രമണയുദ്ധത്തിന്റെ ഭീഷണി ഉയര്‍ത്തുന്നത് നിയമപരമായി ഒരു രാജ്യത്തെ ആക്രമിച്ച് കീഴ്പ്പെടുത്തുന്നതിന് / തുല്യമാണെന്ന തിരിച്ചറിവ് ഉണ്ടാകേണ്ടത് വളരെ പ്രധാനമാണ്.

അമേരിയ്ക്ക യാതൊരു നിയന്ത്രണവുമില്ലാതെ മറ്റുരാജ്യങ്ങളെ ഭീഷണിപ്പെടുത്തുകയാണ്. നിങ്ങള്‍ ഇറാഖിലെ ജീവിത സാഹചര്യങ്ങള്‍ വീക്ഷിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ഹൃദയം തകര്‍ക്കുവാന്‍ ഇടയാക്കും. അവിടെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഭവിച്ചിരിക്കുന്ന നാശം അസഹനീയമാണ്. അവിടത്തെ മാനുഷിക പ്രശ്നങ്ങള്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഗുരുതരമാണ്. 2.5 ദശലക്ഷത്തോളം ജനങ്ങള്‍ അവരുടെ രാജ്യത്തിനു പുറത്താണ്. ഒരു ദശലക്ഷത്തിലധികം ജനങ്ങള്‍ കൊല്ലപ്പെട്ടുകഴിഞ്ഞു. 75 ശതമാനം ജനങ്ങള്‍ക്ക് വെള്ളവും വിദ്യുച്ഛക്തിയും ലഭിക്കുന്നില്ല.

ഇതിനെല്ലാം ഉപരിയായി അവിടെ മരണഭീതിയും നിലനില്‍ക്കുന്നു. ഏതു നിമിഷവും കൊല്ലപ്പെട്ടേയ്ക്കാം എന്ന ഭീതി നിലനില്‍ക്കുന്ന ഇത്തരം ഒരു സാഹചര്യം മുമ്പൊരിക്കലും ഉണ്ടായിട്ടില്ല. ഇത് ലോകം ശ്രദ്ധിക്കേണ്ടതും ഒറ്റക്കെട്ടായി നിന്ന് തടയേണ്ടതുമായ ഒരു കാര്യമാണ്.

മാര്‍ക്സ്ഡാം: ഭീകരവാദവുമായി തങ്ങള്‍ പോരാട്ടത്തിലാണെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. ഈ ഭീകരവാദം അമേരിക്കയുടെ തന്നെ സൃഷ്ടിയല്ലേ?

റാംസെ ക്ലര്‍ക്ക്: ഭീകരവാദത്തിനെതിരായ യുദ്ധം യഥാര്‍ത്ഥത്തില്‍ ഇസ്ലാമിനെതിരായ യുദ്ധമാണ്. മിക്ക രാഷ്ട്രീയക്കാരും മുസ്ളിം ഭീകരവാദികളെയാണ് എതിര്‍ക്കുന്നത് എന്ന് പറയുന്നുണ്ടെങ്കിലും അവര്‍ വാസ്തവത്തില്‍ എതിര്‍ക്കുന്നത് ഇസ്ലാംമതത്തെ തന്നെയാണ്. അതിനാല്‍ ഇസ്ലാമിനെതിരായ യുദ്ധം എന്ന ആശയം ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത അളവിലുള്ള ഉന്മൂലനാശം വരുത്തുന്നതിനായുള്ള ആശയം തന്നെയാണ്.

മാര്‍ക്സ്ഡാം: എന്തുകൊണ്ടാണ് ഇസ്ലാമിനോട് ഇത്ര ഭയം? വിമര്‍ശകര്‍ വാദിക്കുന്നത് അമേരിക്കന്‍ സര്‍ക്കാരിന് കാരണമില്ലാതെ മറ്റുള്ളവരെ സംശയിക്കാന്‍ ഇടവരുത്തുന്ന ചിത്തഭ്രമം ബാധിച്ചിരിക്കുന്നു എന്നാണ്. ശീതസമരത്തിന്റെ കാലഘട്ടത്തില്‍ കമ്യൂണിസത്തിന്റെ ഭീഷണിയെക്കുറിച്ചായിരുന്നു സംശയം. ഇപ്പോള്‍ സംശയം ഇസ്ലാമിനെയാണെന്ന് താങ്കള്‍ പറയുന്നു.

റാംസെ ക്ലര്‍ക്ക്: മൂല്യങ്ങളോ ആദര്‍ശങ്ങളോ ഇല്ലാത്ത സാമ്പത്തിക അധികാരത്തിന്റേയും, അത്യാര്‍ത്തിയുടേയും ശക്തിയുടേയും മേല്‍ക്കോയ്മ നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍ മനുഷ്യവര്‍ഗ്ഗത്തിന് നല്ല രീതിയില്‍ സേവനം നല്‍കിയ ഒരു വിശ്വാസമാണ് ഇസ്ലാം.

അമേരിക്കയില്‍ തെരുവുകളിലെ അക്രമങ്ങളില്‍പ്പെട്ട് വഴിതെറ്റിപ്പോയ തങ്ങളുടെ ജീവിതത്തെ നേര്‍വഴിയ്ക്ക് കൊണ്ടുവരുവാനായി പാടുപെടുകയായിരുന്ന ആഫ്രോ-അമേരിക്കന്‍ വംശജരായ ജനവിഭാഗങ്ങളുടെ ജീവിതത്തെ ഇസ്ലാം ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി. ഇസ്ലാമില്‍ അവര്‍ ശാന്തിയും അന്തസ്സും തങ്ങള്‍ക്ക് അനുയോജ്യമായ ഒരു വിശ്വാസ പ്രമാണവും കണ്ടെത്തി.

ഇസ്ലാമിനോടുള്ള ഭയം യാഥാര്‍ത്ഥ്യമാണ്. ഉദാരവത്ക്കരണത്തിന്റെ അടിസ്ഥാനമൂല്യം ഭൌതികതയാണ്. അനാവശ്യമായ ആവശ്യങ്ങള്‍ പെരുകിവരുന്ന ഈ കാലഘട്ടത്തില്‍ കൂടുതല്‍ വസ്തുക്കള്‍ സൃഷ്ടിക്കുന്നതിനും, നിര്‍മ്മിക്കുന്നതിനും, വില്‍ക്കുന്നതിനും, കൂടുതല്‍ പണം സമ്പാദിക്കുന്നതിനും ആഗ്രഹിക്കുന്നു. ഇതിന്റെ ഫലമോ, എല്ലാ രാജ്യങ്ങളിലും ഭയാനകമായ രീതിയില്‍ സമ്പന്നന്മാര്‍ കൂടുതല്‍ പുഷ്ടിപ്പെടുകയും പാവപ്പെട്ടവര്‍ കൂടുതല്‍ ദാരിദ്ര്യവത്ക്കരിക്കപ്പെടുകയും ചെയ്യുന്നു. ലോകവ്യാപകമായി ദരിദ്രരുടെ എണ്ണം അതിവേഗം വര്‍ദ്ധിക്കുകയും സമ്പത്തിന്റെ കേന്ദ്രീകരണം കൂടുതല്‍ ശക്തിപ്പെടുകയും ചെയ്യുന്നു. ഇത് ആശാവഹമായ സാഹചര്യമല്ല.

തങ്ങളുടെ ഗൂഢമായ ഉദ്ദേശങ്ങളെ മറച്ചുവയ്ക്കാനും ജനങ്ങളുടെ ദേശസ്നേഹമെന്ന വികാരത്തെ ഇളക്കിവിടാനും വേണ്ടിയാണ് അമേരിക്കയ്ക്ക് ഒരു ശത്രു ആവശ്യമായി വരുന്നതും, അത് പുതിയ ശത്രുക്കളെ തിരയുന്നതും. ഇത് രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനായി പ്രയോഗിക്കപ്പെടുന്ന ഒരു തന്ത്രം കൂടിയാണ്. ദേശസ്നേഹമല്ല, ചൂഷണവും ആധിപത്യവുമാണ് യഥാര്‍ത്ഥ ഉദ്ദേശം. ഇതിനെ ന്യായീകരിക്കുന്നതിനാണ് ഒരു ശത്രുവിനെ അവതരിപ്പിക്കുന്നത്. തുടര്‍ന്ന് ശത്രുവിനെ നേരിടാനെന്നുപറഞ്ഞ് സൈന്യത്തെ കൂടുതല്‍ ശക്തമാക്കാനുള്ള നടപിടകളെടുക്കും. ആയുധങ്ങള്‍ക്കായി ലോകത്തിലെ മറ്റെല്ലാ രാജ്യങ്ങള്‍ക്കും മൊത്തമായി വേണ്ടിവരുന്നതിനേക്കാള്‍ കൂടുതല്‍ തുക അമേരിക്ക ഒറ്റയ്ക്ക് ചിലവാക്കുകയാണ്. അണുവായുധം വികസിപ്പിക്കുന്നതിനായി ശ്രമിക്കുന്ന രാജ്യങ്ങളെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന അമേരിയ്ക്കയാകട്ടെ പുതിയതരം ആണവായുധങ്ങള്‍ നിര്‍മ്മിച്ചുകൂട്ടുകയാണ്. പുതിയ റോക്കറ്റുകള്‍ നിര്‍മ്മിക്കുകയും അത് ഉപയോഗിച്ച് നിമിഷങ്ങള്‍ക്കകം ലോകത്തിന്റെ ഏതു പ്രദേശത്തും ആഘാതം ഏല്‍പ്പിക്കുവാനും അമേരിക്കയ്ക്ക് കഴിയും.

മാര്‍ക്സ്ഡാം: ലോകമേധാവിത്വത്തിനായി അമേരിക്ക മെനയുന്ന തന്ത്രങ്ങള്‍ക്കെതിരെ ലോകത്തിലെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ കൂടുതല്‍ അടുക്കുകയാണല്ലോ.

റാംസെ ക്ലര്‍ക്ക്: ആധിപത്യം സ്ഥാപിക്കുന്നതുതന്നെ ശ്രമകരമായ പ്രവര്‍ത്തിയാണ്. ചൂഷണം നടത്തുന്നതിനുവേണ്ടിയാണ് നിങ്ങള്‍ ആധിപത്യം സ്ഥാപിക്കുന്നത്. ഇങ്ങനെയാണ് നിങ്ങള്‍ക്ക് സമ്പത്ത് ലഭിക്കുന്നത്. കീഴ്പ്പെടുത്തപ്പെട്ടവര്‍ മാറ്റങ്ങളെ കാണാതിരിക്കുവാനും നിങ്ങള്‍ ചെയ്യുന്നതെന്താണെന്ന് അറിയാതിരിക്കുവാനും വേണ്ടി നിങ്ങള്‍ക്ക് മറ്റുള്ളവരുടെ ശ്രദ്ധയെ തിരിച്ചുവിടേണ്ടതായി വരും. ലാറ്റിനമേരിക്കയില്‍ അമ്പരപ്പിക്കുന്ന രീതിയിലാണ് വീണ്ടും സ്വാതന്ത്ര്യം പുലരുന്നത്. അത്ഭുതകരമായി സാഹചര്യങ്ങളെ അതിജീവിച്ച് പഴയ ക്യൂബന്‍ വിപ്ലവം അവിടെ നിലനില്‍ക്കുന്നു. ദശാബ്ദങ്ങളായി ശക്തമായ അമേരിക്കന്‍ ഉപരോധത്തിന്റെ കീഴിലായിരുന്നിട്ടും ക്യൂബയിലെ സ്കൂളുകള്‍ ഗണിതാസ്ത്രത്തിലും വായനാശീലത്തിലും അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും മികച്ച നേട്ടങ്ങളാണ് കൈവരിക്കുന്നത്. വെനിസ്വേല, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലും എന്താണ് സംഭവിക്കുന്നത് എന്ന് നിങ്ങള്‍ ശ്രദ്ധിക്കുക. സ്വേച്ഛാധിപതിയായിരുന്ന പിനോച്ചെ 1974-ല്‍ കൊല്ലപ്പെടുത്തിയ അലന്‍ഡെയുടെ പുത്രിയും തന്റെ പിതാവിന്റെ ഘാതകന്റെ ഭരണകാലത്ത് നിരവധി വര്‍ഷം ജയിലിലടയ്ക്കപ്പെടുകയും ചെയ്ത ഒരു വനിതയാണ് ഇന്ന് ചിലിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ രാജ്യങ്ങളെല്ലാം തങ്ങളുടെ ചങ്ങലകള്‍ പൊട്ടിച്ച് മുന്നോട്ടുവരികയാണ്.

ഇന്‍ഡ്യയും ചൈനയും മുമ്പില്ലാത്തവിധം അവയുടെ ശത്രുവിനെ മനസ്സിലാക്കി വരികയാണെന്നാണ് ഞാന്‍ കരുതുന്നത്. ഇവ രണ്ടും വലിയ രാജ്യങ്ങളായതു കാരണം അമേരിക്കയ്ക്ക് തിരിമറി നടത്താനോ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനോ കഴിയാത്തവിധം ഈ മേഖല ശക്തവുമാണ്. സൈനിക ശക്തിയിലുള്ള അസമത്വം ഉയര്‍ത്തുന്ന വെല്ലുവിളികളെ നാം ശരിക്കും മനസ്സിലാക്കിയില്ലെങ്കില്‍ അത് രക്തരൂക്ഷമായ ഒരു സാഹചര്യത്തിന് വഴിയൊരുക്കുമെന്ന സന്ദേശം നാം വ്യാപകമായി പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.

എല്ലാറ്റിനുമുപരിയായി "എനിക്ക് എല്ലാംവേണം, എനിക്ക് മുന്തിയ ആഹാരം വേണം, വലിയ വീടുംകാറും വേണം, എന്റെ കുട്ടിക്കുവേണ്ടി ഞാന്‍ ലോകത്തിലെ എല്ലാ കളിപ്പാട്ടങ്ങളും വാങ്ങിക്കൂട്ടണം'' എന്ന മനോഭാവം നമ്മളില്‍ സൃഷ്ടിക്കുന്ന ഉപഭോഗ സംസ്കാരത്തില്‍ നിന്ന് ഇതിനേക്കാള്‍ മെച്ചപ്പെട്ട മൂല്യങ്ങളിലേയ്ക്ക് നാം തിരിച്ചുപോകണം.

കടപ്പാട് - ഹിന്ദുദിനപത്രം

Saturday, February 23, 2008

ഒരു സ്ത്രീയും പറയാത്തത്

സാധാരണമായ ഒന്നില്‍ നിന്ന് അസാധാരണമായ ഒന്നിലേക്ക് വളരുകയായിരുന്നു സൌമിനിടീച്ചറുടെ ആ സായാഹ്നം.

അടുപ്പത്തുകിടന്നു വെട്ടിത്തിളക്കുന്ന ഇറച്ചി ധൃതിയില്‍ ഇളക്കി മറിക്കുകയായിരുന്നു, ഏറെ നേരമായി അവര്‍. ഒരുതരം നിര്‍മ്മമമായ കണിശതയോടെ. മനസ്സ് തീര്‍ത്തും പിന്‍വലിച്ച്, എത്തേണ്ടിടത്ത് എത്തി മടങ്ങുന്ന ട്രപ്പീസുകളിക്കാരിയുടെ മെയ്‌വഴക്കത്തോടെ, അങ്ങനെ-

സൌമിനിടീച്ചറുടെ മനസ്സാവട്ടെ എത്ര വലിച്ചടച്ചാലും കൊളുത്തൂരി തുറന്നുപോകുന്ന ഒരു ജനാല പോലെ അന്നത്തെ മധ്യാഹ്നത്തിന്റെ ഓര്‍മയിലേക്കു തുറന്നുകൊണ്ടിരുന്നു.

അടുക്കളയില്‍ പുക മെല്ലെ നിറഞ്ഞുതുടങ്ങിയിരുന്നു. ഒപ്പം വെന്തു തുടങ്ങിയ ഇറച്ചിയുടെ കൊതിയൂറിക്കുന്ന മണവും.

സ്വീകരണമുറിയില്‍ നിന്നും സൌമിനിടീച്ചറുടെ ഭര്‍ത്താവ് ടെലിവിഷന്റെ ബഹളത്തിനു മുകളിലൂടെ വിളിച്ചുപറഞ്ഞു.

"സൌമിനി, ഇവിടെയും ഒന്നു മനസ്സുവെയ്ക്കണേ. വെറും വയറ്റിലാ ഞങ്ങളിവനെ കമിഴ്ത്തുന്നത്....'' അകമ്പടിയായി ഭര്‍ത്താവിന്റെ സുഹൃത്തിന്റെ ഉല്ലാസം പതഞ്ഞ ചിരി. ചില്ലുഗ്ളാസുകളുടെ അടക്കം പറച്ചില്‍. പുതിയ കുപ്പി തുറക്കുന്നതിന്റെ സീല്‍ക്കാരം.....

സൌമിനിടീച്ചര്‍ എല്ലാം കേട്ടു. എന്നിട്ടും കേട്ടില്ല എന്നു നടിച്ചു. അകത്തും പുറത്തും ഒരുപോലെ ശ്വാസംമുട്ടിക്കുന്ന ഒരു പുക. ജനാലയുടെ കൊളുത്ത് ഊര്‍ന്നുവീഴുന്നുവോ? മുഖം അമര്‍ത്തിത്തുടച്ച് സാരിത്തലപ്പ് എടുത്തുകുത്തി സൌമിനിടീച്ചര്‍ വാഷ്‌ബേസിന്റെ മുന്നില്‍ നിന്നു. വെള്ളം വാരിയെറിഞ്ഞു മുഖം ഉയര്‍ത്തിയപ്പോഴാകട്ടെ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായ. ഇറ്റിറ്റുവീഴുന്ന വെള്ളവുമായി അവര്‍ നിശ്ചലയായി അങ്ങനെ നിന്നുപോയി.

അന്നത്തെ മധ്യാഹ്നം. ഉച്ചയ്ക്കുശേഷം അവധിയെടുത്തു സ്കൂളില്‍ നിന്നിറങ്ങുമ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ ഭര്‍ത്താവിന്റെ സുഹൃത്തിനൊരുക്കേണ്ട വിഭവങ്ങള്‍, പലവ്യഞ്ജനങ്ങളുടെ ലിസ്റ്റ്, മകളുടെ പിറ്റേ ദിവസത്തെ പരീക്ഷ, കറന്റ് ബില്ലിന്റെ തുക എന്നിവയായിരുന്നു.

വിജനമായ നിരത്ത്. പൊടിപൊങ്ങുന്ന നിരത്തിലേക്ക് ചെരിഞ്ഞുവീഴുന്ന കമ്പിക്കാലുകളുടെ നിഴലുകള്‍. ഒന്നോ രണ്ടോ വാഹനങ്ങള്‍, മനസ്സിലോരോന്നു കൂട്ടിയും കിഴിച്ചും അങ്ങനെ സാവകാശം ഫുട്പാത്തിലൂടെ നടന്നുവരുമ്പോഴാണ് നിരത്തിന്റെ അറ്റത്ത് ആ മാരുതികാര്‍ പ്രത്യക്ഷപ്പെട്ടത്. സൌമിനിടീച്ചറുടെ അടുത്തെത്തിയപ്പോള്‍ അതു വേഗം കുറച്ചു. തെന്നിനിന്ന കണക്കുകൂട്ടലുകളില്‍നിന്നു തലയുയര്‍ത്തി സൌമിനിടീച്ചറും നിന്നു. കാറോടിച്ചിരുന്ന ചെറുപ്പക്കാരന്‍ തല പുറത്തേക്കിട്ടു. സൌമിനിടീച്ചറോട് അടക്കിയ സ്വരത്തില്‍ ചോദിച്ചു.

കൂടെ വരുന്നോടീ?

കൂടെയുള്ള ചെറുപ്പക്കാരുടെ ആര്‍പ്പുവിളിയിലും ചിരിയിലും ആഭാസകരമായ ഒരു കിതപ്പോടെ കാര്‍ മുന്നോട്ടുകുതിക്കുകയും ചെയ്തു.

ആകെ വിളര്‍ത്തു, പ്രജ്ഞ നശിച്ചവളെപ്പോലെ ടീച്ചര്‍ ഒരുമാത്ര നിന്നുപോയി.

ആ സ്തബ്ധത ഇപ്പോള്‍ കണ്ണാടിയില്‍ സ്വന്തം പ്രതിച്ഛായയെ സൂക്ഷ്മമായി അവലോകനം ചെയ്യവേ മാനം മുട്ടേ വളരുന്നതായി സൌമിനിടീച്ചര്‍ക്കു തോന്നി. പതിയിരുന്നു പറന്നുവന്ന് ആക്രമിക്കുന്ന കാക്കക്കൂട്ടം പോലെ ഒരു നൂറു ചോദ്യങ്ങള്‍ ടീച്ചറുടെ ഹൃദയത്തെ കൊത്തിവലിക്കുകയാണ്.

-ഉവ്വോ.തന്നെ കണ്ടാല്‍ 'അത്തരത്തിലൊരു പെണ്ണാണെന്നു തോന്നുമോ ഈശ്വരാ! ഞാനറിയാതെ തന്റെ നോട്ടത്തിലോ ഭാവത്തിലോ എന്തോ കലരുന്നുണ്ടോ?

മുഖം അമര്‍ത്തിത്തുടച്ച് സൌമിനിടീച്ചര്‍ വീണ്ടും സൂക്ഷിച്ചുനോക്കി.

നാല്‍പ്പതുകളുടെ പടവുകള്‍ കയറുന്ന ശരീരം. ചെവിക്കു മുകളിലായി പടരുന്ന നര. നെറ്റിയില്‍ സിന്ദൂരം. നെഞ്ചില്‍ താലി.

കണ്ണാടിക്കുള്ളിലെ സൌമിനി, സൌമിനിടീച്ചറോട് ചോദിക്കുകയാണ്.

-സന്യാസിയുടെ കാവിക്കും ട്രാഫിക് കോണ്‍സ്റ്റിളിന്റെ യൂണിഫോമിനും കിട്ടുന്ന പരിഗണന പോലും ഇവയ്ക്കൊന്നും ലഭിക്കാതെ പോകുന്നതെന്ത്?

സൌമിനിടീച്ചറുടെ കണ്ണുകള്‍ നിറഞ്ഞുപോയി.

കാറിലെ ചെറുപ്പക്കാരെ പ്രൈമറിക്ളാസുകളില്‍ അക്ഷരം പഠിപ്പിച്ച സൌമിനിടീച്ചര്‍ തന്നെയാകാം. അവര്‍ പരിചയക്കാരുടെ മക്കളോ, മക്കളുടെ മക്കളോ ആയിരിക്കാം. എന്തിന്, സൌമിനിടീച്ചര്‍ക്ക് ഒരു മകനുണ്ടായിരുന്നെങ്കില്‍ ഇതേ പ്രായമായിരുന്നേനെ.......ആ ഞെട്ടിക്കുന്ന ചിന്തയിലൂടെ സന്ദര്‍ഭത്തിന്റെ ബീഭത്സസാധ്യതകള്‍ സൌമിനിടീച്ചര്‍ക്കു മുന്നില്‍ നിവരുകയായിരുന്നു; സൌമിനിടീച്ചര്‍ എരിയുകയായിരുന്നു.

"സൌമിനി, അടുപ്പത്ത് എന്തോ കിടന്നു കരിയുന്നുണ്ടല്ലോ.'' സൌമിനിടീച്ചറുടെ ഭര്‍ത്താവ് അക്ഷമയോടെ വിളിച്ചുപറഞ്ഞു. അടുക്കളയിലേക്കു ചെന്നു പ്ളേറ്റില്‍ ഇറച്ചി പകരുമ്പോള്‍ ക്ലോക്കില്‍ ആറടിക്കുന്നത് അവര്‍ ശ്രദ്ധിച്ചു. സ്വീകരണമുറിയില്‍ ടെലിവിഷനില്‍ ദ്രുതഗതിയിലുള്ള നൃത്തവും ഉച്ചത്തിലുള്ള സംഗീതവും തുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ കേരളത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ചു സംസാരിക്കുയായിരുന്നു ഭര്‍ത്താവിന്റെ സുഹൃത്ത്. റബ്ബര്‍ കൃഷി, ആളോഹരി വരുമാനത്തിലെ വര്‍ധന, ടൂറിസ്റ്റുകളുടെ വരവ്, ഷെയര്‍ മാര്‍ക്കറ്റ്-പുരോഗതിയുടെ നൃത്തം ചവിട്ടി മുന്നേറുന്ന കണക്കുകള്‍.....

സൌമിനിടീച്ചര്‍ക്കു ഇടയ്ക്കുകയറി തടുത്ത് എന്തോ ഉറപ്പിച്ചും രൂക്ഷമായും പറയണമെന്നുണ്ടായിരുന്നു. ഒരു സ്ത്രീ മാത്രം അനുഭവിച്ച് സത്യമായറിയുന്ന ഒന്ന്. ഒരു സ്ത്രീ എല്ലായ്പ്പോഴും പക്ഷെ, പറയാതെ വിട്ടുകളയുന്ന ഒന്ന്-

സൌമിനിടീച്ചറുടെ ഭര്‍ത്താവ് ആവേശത്തോടെ പറയുകയായിരുന്നു."ഞങ്ങടെ ഡിസ്ട്രിക്ടില്‍ വന്നു നോക്ക് ഇഷ്ടാ-ഓരോ വീട്ടിലും മൂന്നും നാലും കാറുകളാ. നാടനൊന്നുമല്ല-അസ്സല്‍ വിദേശി.''

നിലത്തു ചിതറിക്കിടക്കുന്ന സിഗരറ്റിന്റെ ചാരം. ടീപ്പോയില്‍ നിറച്ച ഗ്ളാസിനടിയില്‍ അലക്ഷ്യമായി നിവര്‍ത്തിയിട്ട വര്‍ത്തമാനപ്പത്രത്തില്‍ എണ്‍പതു കഴിഞ്ഞ വൃദ്ധയുടെയും ഏഴുമാസം പോലും പ്രായമാകാത്ത കുഞ്ഞിന്റെയും ബലാത്സംഗവാര്‍ത്തകള്‍.....

സൌമിനിടീച്ചറുടെ ഉള്ളില്‍ കൊളുത്തൂരിയ കുറേ ജനാലകള്‍ കടപട ശബ്ദത്തോടെ തുറന്നടയുകയാണ്. പതിഞ്ഞ ശബ്ദത്തില്‍ അവര്‍ ഭര്‍ത്താവിനെ ഓര്‍മ്മിപ്പിക്കുന്നു-"നേരം ആറരയാകുന്നു, മോള്‍ കോളേജ് വിട്ട് എത്തിയില്ല''.

ഭര്‍ത്താവ് ഉറക്കെ ചിരിക്കുന്നു-"അവള്‍ വന്നോളും എന്റെ സൌമിനീ''-പിന്നെ സുഹൃത്തിനോടായി മുഴുമിപ്പിക്കുന്നത് ഇങ്ങനെയും-"ഇതാ ഇപ്പഴത്തെ സ്ത്രീകളുടെ കുഴപ്പം. സ്വാതന്ത്ര്യം കൊടുത്താലും കൊടുത്തില്ലെങ്കിലും പരാതി.''

ഭര്‍ത്താവിന്റെ സുഹൃത്തിന്റെ കണ്ണുകള്‍ ടെലിവിഷനിലെ സുന്ദരിയുടെ വടിവുകളിലേക്ക് നിറച്ച ഗ്ളാസിന്റെ മറവുപറ്റി ഓടിയോടി ചെല്ലുന്നതു സൌമിനിടീച്ചര്‍ കണ്ടു.

ഓരോ പുരുഷനിലും അവസരം പാര്‍ത്തിരിക്കുന്ന ഒരു തെമ്മാടി വസിക്കുമ്പോള്‍ സ്വാതന്ത്ര്യത്തിന്റെ മരപ്പാലത്തിലൂടെ നടക്കുന്ന ഓരോ സ്ത്രീയുടെയും കാല്‍ക്കീഴില്‍ നിന്നു സുരക്ഷിതത്വത്തിന്റെ മരപ്പലക വലിക്കപ്പെടുന്നുവെന്നു സൌമിനിടീച്ചര്‍ അറിഞ്ഞു.

വിവശമായ മനസ്സോടെ ടീച്ചര്‍ മകളെയും കാത്ത് ഊണ്‍തളത്തിലെ ജനലിനരികിലായി ചെന്നുനിന്നു.

സൂര്യനസ്തമിച്ചതുപോലും അറിയാത്തവിധം ജീവിതം ആഘോഷിക്കുന്ന നഗരം.

കോളേജുവിട്ട് ഇനിയും എത്താത്ത മകള്‍ ഇപ്പോള്‍ സൌമിനിടീച്ചറുടെ മനസ്സില്‍ വല്ലാത്തൊരു വേവലാതിയായി വളരുകയാണ്. നിരത്തിലൊരു പെണ്‍കുട്ടിയെ നിരന്തരം ബെല്ലടിച്ചുകൊണ്ട് സൈക്കിളില്‍ അനുധാവനം ചെയ്യുന്നു-ഒരു ചെറുപ്പക്കാരന്‍. നിസ്സംഗരായി കടന്നുപോകുന്ന ജനം. ആ പെണ്‍കുട്ടി പാതിനടന്നും പാതി ഓടിയും കാഴ്ചക്കപ്പുറത്തു മറയവേ സൌമിനിടീച്ചറുടെ മനസ്സില്‍ ഭീതി ആളിപ്പടരുകയാണ്.

സ്വീകരണമുറിയില്‍ നിലയുറയ്ക്കാതെ തെന്നുന്ന സംഭാഷണശകലങ്ങള്‍, ടെലിവിഷനില്‍ 'കൂടുതല്‍ ശക്തി കൂടുതല്‍ സൌന്ദര്യം', 'കൂടുതല്‍ കൂടുതല്‍' എല്ലാം വാഗ്ദാനം ചെയ്യുന്ന പരസ്യപ്രളയം. പുറത്ത് ആഴം വര്‍ധിക്കുന്ന ഇരുട്ട്‌. അതില്‍ പരിചിതമായ ഓരോ അടയാളവും അപ്രത്യക്ഷമാകുന്നതു സൌമിനിടീച്ചര്‍ കണ്ടു.

ഇരുട്ടു വ്യാപിക്കുകയാണ്. അന്തരീക്ഷം മുഴുവനും ഇറച്ചിയുടെ ഗന്ധം തങ്ങി നില്‍ക്കുന്നതുപോലെ. സര്‍വവും കാമത്താല്‍ മലിനീകരിക്കപ്പെടുന്നതുപോലെ.

വേവലാതിയുടെ ഗേറ്റ് തുറന്ന് സൌമിനിടീച്ചര്‍ ഇപ്പോള്‍ തീര്‍ത്തും വിജനമായ നിരത്തിലേക്കിറങ്ങി. വിജനമായ നിരത്തിന്റെ ഒരറ്റത്തുനിന്ന് അശ്ലീലമായ പാരഡിപോലെ ചുവന്ന ഒരു മാരുതിക്കാര്‍ തെന്നിയൊഴുകി വരുന്നത് അവര്‍ കണ്ടു. അതു കടന്നുപോകവെ, അതില്‍ നിന്നുയരുന്ന പൊട്ടിച്ചിരികള്‍ക്കിടയില്‍ പിന്‍സീറ്റിലെ ചില്ലിലമര്‍ന്ന നിസ്സഹായമായ ഒരു നോട്ടം. -ഒരു മകളുടെ-ഏതോ മകളുടെ, എങ്കിലും ഒരു മകളുടെ -എന്നു തിരിച്ചറിഞ്ഞ ആ അമ്മയില്‍നിന്ന് ആകുലമായ ഒരു നിലവിളി ദിഗന്തങ്ങള്‍ ഭേദിച്ചുയരവേ.....

അടച്ചിട്ട വീടുകള്‍ക്കുള്ളില്‍ ഇരുന്ന്, ഒരു നിരത്തിലെ, ഒരു ദേശത്തിലെ, രാജ്യത്തിലെ, ജനം മുഴുവന്‍ ടെലിവിഷന്‍ കണ്ടുകൊണ്ടിരുന്നു.

(യാത്രക്കിടയിലെ അനുഭവങ്ങള്‍ മാത്രമല്ല, വഴിയിലൂടെ നടന്നുപോകുമ്പോള്‍ മക്കളുടെ പ്രായമുള്ളവരില്‍ നിന്നുപോലും കേള്‍ക്കേണ്ടിവരുന്ന കമന്റുകള്‍, അതുണ്ടാക്കുന്ന മാനസിക വ്യഥ- എന്നിവയെക്കുറിച്ചെല്ലാം പ്രശസ്ത എഴുത്തുകാരി അഷിതയുടെ വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രസിദ്ധീകരിച്ച കഥ ഈയവസരത്തില്‍ പ്രസിദ്ധീകരിക്കുന്നു. കടപ്പാട്: സ്ത്രീ സപ്ലിമെന്റ്)

Friday, February 22, 2008

എന്തുകൊണ്ട് ഗുജറാത്ത് ?

ഗുജറാത്തില്‍ മോഡി ഭരണമേറ്റിട്ടു 50 ദിവസം കഴിഞ്ഞു. തങ്ങള്‍ക്ക് നേരിട്ട കഠിന തോല്‍‌വിക്ക് കാരണം കണ്ടെത്തുന്ന തിരക്കിലാണ് കോണ്‍ഗ്രസ് ഇപ്പോഴും.ഉത്തര ഗുജറാത്തില്‍ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതും, കച്ച് സൌരാഷ്ട്ര പ്രദേശത്ത് ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ സ്വാധീനം, ബി.ജെ.പി. വിമതന്മാരായ നേതാക്കളെ അമിതമായി ആശ്രയിച്ചത് മുതലായവ തോല്‍‌വിയുടെ‍ പ്രധാന കാരണങ്ങളായി കോണ്‍ഗ്രസ് നിരത്തുന്നു. നിശ്ചയമായും ഇതില്‍ അല്പം വാസ്തവം ഉണ്ടാവാം. 2000-ല്‍ താഴെ വോട്ടിനാണ് ഏതാണ്ട് 20 മണ്ഡലങ്ങളില്‍ അവര്‍ പരാജയപ്പെട്ടത്. എന്നാല്‍ മോഡിയുടെ 'വികസനം', 'നല്ല ഭരണം' എന്ന വ്യാജസൂക്തങ്ങളെ കണിശതയോടെ എതിര്‍ത്തും പാവപ്പെട്ടവനെ മുന്നില്‍ക്കണ്ട് ബദല്‍ നയങ്ങള്‍ മുന്നോട്ടുവച്ചും ഏകാഗ്രതയോടെ പൊരുതിയിരുന്നെങ്കില്‍ അല്പംകൂടി മെച്ചപ്പെട്ട പ്രവര്‍ത്തനം കോണ്‍ഗ്രസ്സിന് കാഴ്ചവയ്ക്കാന്‍ കഴിയുമായിരുന്നു. നരേന്ദ്രമോഡിയുടെ വ്യക്തിത്വവും, ഹിന്ദുവര്‍ഗ്ഗീയ പ്രീണനനയവും ഗുജറാത്തിയുടെ ആത്മാഭിമാനം ഉയര്‍ത്തും എന്ന പ്രചരണവും എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ജാതി, മതം, പ്രാദേശികത, വര്‍ഗ്ഗം മുതലായ കണക്കുകൂട്ടലുകളില്‍ ഊന്നി സാധാരണ പോലെയാവും തെരഞ്ഞെടുപ്പ് എന്ന കോണ്‍ഗ്രസ്സിന്റെ കണക്കുകൂട്ടലാണ് തെറ്റിയത്.

നരേന്ദ്രമോഡിയുടെ തീവ്ര അജണ്ടകളെ എതിര്‍ക്കുന്നതിനു പകരം ഒരു മൃദുഹിന്ദുത്വ നിലപാടില്‍ കോണ്‍ഗ്രസ് എത്തി. മുസ്ലീമുകളെ പരസ്യമായി ഒഴിവാക്കുകയും തുടര്‍ച്ചയായി പീഢിപ്പിക്കുകയും ചെയ്യുക എന്ന മോഡിയുടെ തന്ത്രത്തെ അവര്‍ക്ക് തുറന്നുകാട്ടാനായില്ല.

ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ചയ്ക്കിടയിലും ഗുജറാത്തിലെ വികസനത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ വികസനം താഴോട്ടാണെന്ന് സൂചിപ്പിക്കുന്നു. ആരോഗ്യം, സാക്ഷരത, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം എന്നീ മേഖലകളില്‍ കീഴ്പ്പോട്ടുള്ള പോക്ക് 2004-ലെ ഔദ്യോഗിക മാനവശേഷി വികസന റിപ്പോര്‍ട്ട് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 74.3% സ്ത്രീകളും 46.3% കുട്ടികളും അനാരോഗ്യവും വിളര്‍ച്ചയും ഉള്ളവരാണ് എന്നുള്ളത് അസന്തുലിതമായ 'വികസന'ത്തിന്റെ തെളിവാണ്. 1998-99-ല്‍ 53% ത്തില്‍ നിന്നും 2005-06 ല്‍ 45% ത്തിലേയ്ക്ക് രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പിന്റെ നിരക്ക് കുറഞ്ഞു. കുട്ടികളുടെ ആണ്‍-പെണ്‍ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ വളരെ താഴെയാണ്. സാമൂഹ്യ ആവശ്യങ്ങള്‍ക്കായുള്ള ചെലവ് ആകെ ചെലവിന്റെ അനുപാതവുമായി താരതമ്യം ചെയ്യുമ്പോള്‍ 21 സംസ്ഥാനങ്ങളില്‍ ഗുജറാത്ത് 19-ാമതായി നില്‍ക്കുന്നു.
അഹമ്മദാബാദ്-ബറോഡ എക്സ്പ്രസ്സ് ഹൈവേ ഉള്‍പ്പെടെ നിരവധി ഉന്നതനിലവാരം പുലര്‍ത്തുന്ന റോഡുശൃംഖല ഗുജറാത്തിലുണ്ട്. പക്ഷേ ഇവ ഗുജറാത്തി ഗ്രാമങ്ങളെ ഒറ്റപ്പെടുത്തുകയും സ്വാഭാവിക നീരൊഴുക്കിന് തടസ്സം സൃഷ്ടിച്ച് ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കമുണ്ടാക്കുകയും ചെയ്യുന്നു. സാധാരണക്കാരും ഗ്രാമീണരും ആയ ജനവിഭാഗം ഈ എക്സ്പ്രസ്സ് പാതയുടെ ടോള്‍ നല്‍കാനാകാതെ കാളവണ്ടിയിലും ഒട്ടകവണ്ടിയിലും യാത്രചെയ്യേണ്ടിവരുന്നു.

ഗുജറാത്ത് വ്യാപകമായി വ്യവസായവല്‍ക്കരിക്കപ്പെടുന്നു. പക്ഷേ ലോകത്തെതന്നെ ഏറ്റവും അപകടം പിടിച്ച വ്യവസായങ്ങള്‍ ഇവിടെയാണ് (ഡയമണ്ട് കട്ടിങ്ങ്, കപ്പല്‍ പൊളിക്കല്‍ മുതലായവ). തൊഴിലാളി ചൂഷണം വ്യാപകമാണ്. ഗുരുതരമായ അന്തരീക്ഷ മലിനീകരണം, വിഷമയമായ രാസപദാര്‍ത്ഥങ്ങള്‍ ഇവയാല്‍ സാധാരണക്കാരന്റെ ജീവിതം ദുരിതപൂര്‍ണ്ണമാണ്. മിനിമം കൂലി ഏറ്റവും കുറച്ചുനല്‍കുന്ന എട്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍ ഇവ വസ്തുതാപരമായി മനസ്സിലാക്കുന്നതിനോ ജനങ്ങളെ ഉള്‍പ്പെടുത്തിയുള്ള വികസനം എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നതിനോ ദൌര്‍ഭാഗ്യവശാല്‍ കോണ്‍ഗ്രസ്സിനായില്ല.വി.എച്ച്.പി, എ.ബി.വി.പി എന്നീ സംഘടനകള്‍ക്ക് ഗുജറാത്തിലെ എല്ലാ ഗ്രാമങ്ങളിലും ശാഖകളുണ്ട്. വര്‍ഗ്ഗീയതയ്ക്ക് ആഴത്തില്‍ വേരോട്ടമുള്ള സംസ്ഥാനമാണ് ഗുജറാത്ത്. ആധുനിക ഇന്ത്യയിലെ ആദ്യത്തെ വര്‍ഗ്ഗീയ കലാപം 1713 ല്‍ നടന്നതും കുപ്രസിദ്ധമായ 1893 ഹിന്ദു-മുസ്ലീ കലാപം ഇവയൊക്കെ നടന്നത് ഗുജറാത്തിലാണ്. ഗുജറാത്തിനായി ആര്യസമാജം സ്ഥാപകന്‍ ദയാനന്ദസരസ്വതി 19-ാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഗുജറാത്തില്‍ പര്യടനം നടത്തി വേദങ്ങളുടെ മാഹാത്മ്യം ജനങ്ങളില്‍ എത്തിച്ചിരുന്നു. മുസ്ലീങ്ങളെ തിരികെ പരിവര്‍ത്തനം നടത്താനായി ശ്രമിച്ചിരുന്ന സിദ്ധാനന്ത് ഇദ്ദേഹത്തിന്റെ പിന്‍ഗാമിയയായിരുന്നു. സ്വാതന്ത്ര്യസമരകാലത്ത് പോലും ഗുജറാത്തില്‍ ഗുണ്ടേരപൂജ, ഗോമാതാ സംരക്ഷണം മുതലായ ഹിന്ദുത്വ സൂക്തകങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരത്തെ 'ധര്‍മ്മയുദ്ധ'മായും ബ്രിട്ടീഷ് ഭരണത്തെ 'രാവണ രാജ് ' ആയും ചിത്രീകരിച്ചിരുന്നു. ഇരുപതാം നൂറ്റാണ്ടോടെ ഗുജറാത്തില്‍ വര്‍ഗ്ഗീയ സംഘടനകള്‍ വ്യാപകമായി. സ്വാതന്ത്ര്യസമര ഭാഗമായ ദണ്ഡിയാത്ര, ബര്‍ഡോലി സത്യാഗ്രഹം മുതലായവ ഹിന്ദു-മുസ്ലീം സംഘട്ടനത്തിനിടയിലാണ് നടന്നത്. ഗുജറാത്തിയുടെ ബിസിനസ്സ് സമൂഹവും മനസ്സും എന്നും വലതുപക്ഷത്തിന് അനുകൂലമായിരുന്നു. 1930 കളില്‍ ഗാന്ധിജിയുടെ ഗുജറാത്തില്‍ നിന്നുള്ള പോക്കും വല്ലഭായി പട്ടേലിന്റെ ഉയര്‍ച്ചയും ഹിന്ദുത്വവളര്‍ച്ചയ്ക്ക് സഹായകമായി.

വിഭജനകാരണങ്ങള്‍

ഗുജറാത്തിനെ ഇന്നത്തെസ്ഥിതിയിലെത്തിച്ചത് പ്രധാനമായും മൂന്ന് കാരണങ്ങളാണ്. 'പാട്ടിദര്‍' കര്‍ഷകരും 'ബ്രാഹ്മണരും' 'ബനിയ'കളും ചേര്‍ന്ന് നഗരങ്ങളില്‍ പണ്ടേ ഉണ്ടായ ഐക്യം ഗുജറാത്തിനെ 'ഭദ്ര ഗുജറാത്ത്' എന്നും "ആം ഗുജറാത്ത്'' എന്നും രണ്ടായി തിരിച്ചു എന്നാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ പറയുന്നത്.

ഒരു ദളിത്, ഒ.ബി.സി മുന്നേറ്റവും ഉണ്ടാകാത്ത അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത് എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. എന്നാല്‍ 1980 ല്‍ പരീക്ഷണാര്‍ത്ഥം കോണ്‍ഗ്രസ് ഉണ്ടാക്കിയ ക്ഷത്രിയ, ഹരിജന്‍, ആദിവാസി - മുസ്ലിം മുന്നണി അസംബ്ലി തിരഞ്ഞെടുപ്പില്‍ റെക്കര്‍ഡ് 140 സീറ്റുകളോടെ വിജയിച്ചിരുന്നു. ഈ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ജാതി സംഘടനകള്‍ തെരുവിലിറങ്ങുകയും ദളിത് സംവരണത്തിനെതിരെ അക്രമാസക്തമയ പ്രക്ഷോഭം നയിക്കുകയും ചെയ്തു. 1985-86 ല്‍ ഒ.ബി.സി സംവരണത്തിനെതിരെയും ഒരു പ്രക്ഷോഭം നടക്കുകയുണ്ടായി. ഈ സമരങ്ങളുടെ മുന്‍നിര നായകരിലൊരാള്‍ സാക്ഷാല്‍ നരേന്ദ്രമോഡിയായിരുന്നു. ഇതേ ശക്തികള്‍ 2002 ഗോദ്ര സംഭവത്തിനുശേഷം നടന്ന അക്രമങ്ങളിലും പങ്കെടുത്തതായി കാണാം.

രണ്ടാമത്തെ കാരണമായി കാണാവുന്നത് വിദേശ ഇന്ത്യക്കാരുടെ യാഥാസ്ഥിതിക നിലപാടാണ്. വടക്കെ അമേരിക്കയില്‍ ഉയര്‍ന്ന നിലവാരത്തില്‍ ജോലിചെയ്യുന്ന ഇന്ത്യാക്കാരില്‍ ഭൂരിപക്ഷവും ഗുജറാത്തികളാണ്. അകലെനിന്ന് 'ദേശസ്നേഹം' പ്രകടിപ്പിക്കുന്ന ഇവര്‍ യുവതലമുറയെ സ്വാധീനിക്കുന്നു. ഇക്കൂട്ടര്‍ തീര്‍ത്തും യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്നു.

മൂന്നാമത്തെ കാരണം ഗുജറാത്തിന്റെ ദുര്‍ബലമായ ലിബറല്‍ സംസ്കാരമാണ്. പാഴ്സിയും മുസ്ലീമും ഹിന്ദുവും മൈത്രിയോടെ ജീവിച്ചിരുന്ന ഒരിടമായിരുന്നു ഗുജറാത്ത്. ആധുനിക കാലത്ത് മത സഹിഷ്ണുത നഷ്ടപ്പെട്ടിരിക്കുന്നു. ശക്തമായ തൊഴിലാളി പ്രസ്ഥാനങ്ങളുടെ അഭാവം ഇത് വര്‍ദ്ധിപ്പിക്കുന്നു. മുതലാളി പ്രേരിത മസൂര്‍-മഹാജന്‍ ട്രേഡ് യൂണിയനുകളുടെ ആവിര്‍ഭാവം പ്രശ്നങ്ങളെ സങ്കീര്‍ണ്ണമാക്കി. ഇവര്‍ തൊഴിലാളികളുടെ ചൂഷകരായി വ്യവസായികളെ കാണുന്നതിനു പകരം അവരെ 'ട്രസ്റ്റി'കളായി കണ്ടിരുന്ന കാല്പനിക കാഴ്ചപ്പാടുള്ളവരായിരുന്നു. പുത്തന്‍ സംസ്കാരം ഉരുത്തിരിഞ്ഞ് വരേണ്ടത് ജനകീയ പോരാട്ടങ്ങളില്‍ നിന്നാണ്. ഇത്തരം ഒരു സംഭവവും ഗുജറാത്തിലുണ്ടായില്ല. ജനകീയ പോരാട്ടങ്ങളുടെ കുറവും തൊഴിലാളി സംഘടനകളുടെ ദുര്‍ബല ഭാവവും ഗുജറാത്തിലെ വന്‍കിടക്കാര്‍ക്ക് സൌകര്യമായി. മനുഷ്യാവകാശ ലംഘനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടില്ല.

ഇന്ത്യയില്‍ ആദ്യമായി ഹിന്ദുത്വം മാത്രം മഹത് വല്‍ക്കരിച്ചും മറ്റുള്ളവയെല്ലാം മോശമായി ചിത്രീകരിച്ചും പാഠ പുസ്തകങ്ങള്‍ തിരുത്തി എഴുതിയത് ഗുജറാത്തിലാണ്. അഹമ്മദാബാദ് പോലുള്ള നഗരങ്ങളില്‍ ഭൂമിശാസ്ത്രപരമായ വേര്‍തിരിവ് പ്രത്യക്ഷപ്പെട്ടു. ഒരു പ്രദേശം മുസ്ലിം എന്നും മറ്റുള്ളവ ഹിന്ദു എന്നും മാറി. ഇത് മതവിഭാഗങ്ങള്‍ തമ്മിലുള്ള സാമൂഹ്യമായ അകല്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും കാരണമായി. ഒരുപക്ഷേ സാംസ്കാരികമായി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലുള്ള ന്യൂനപക്ഷ സമുദായമായ ഗുജറാത്തി മുസ്ലിങ്ങള്‍ വില്ലന്മാരായി ചിത്രീകരിക്കപ്പെട്ടു. എന്നാല്‍ പരമ്പരാഗതമായി ഗുജറാത്തി മുസ്ലീമുകള്‍ മാന്യമായ തൊഴിലും ജീവിതരീതിയും ആചാരങ്ങളുമുള്ള ഏതാണ്ട് 130 ഓളം വിഭാഗക്കാരുണ്ട്. താരതമ്യേന ഏറ്റവും സമാധാന മാര്‍ഗ്ഗങ്ങളിലൂടെയാണ് ഗുജറാത്തില്‍ ഇസ്ലാം പ്രചരിപ്പിച്ചതും.

പ്രാദേശിക ദേശീയതയുടെ കഠിനവിഷം

ഗുജറാത്തി പ്രാദേശിക ദേശീയതയുടെ തീവ്രവിഷ സ്വഭാവവും നരേന്ദ്രമോഡിയുടെ അസാമാന്യ വ്യക്തിപ്രഭാവവും എങ്ങനെ വിശദീകരിക്കാന്‍ കഴിയും? 1960ലെ പഴയ ബോംബെ സംസ്ഥാനവിഭജനത്തില്‍ ഗുജറാത്ത് വേറിട്ടതിന്റെ വേദന ഇടത്തരക്കാരുടെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. നര്‍മ്മദ ഡാമിന്റെ അനുമതിക്കുണ്ടായ കാലതാമസം ബോധപൂര്‍വ്വം ഗുജറാത്തിനെതിരായ ഗൂഢാലോചനയുടെ ഫലമായുണ്ടായതാണ് എന്നും ശരാശരി ഗുജറാത്തി തെറ്റായി ധരിച്ചിരുന്നു. നര്‍മ്മദ ഡാം ഉണ്ടായാല്‍ ഗുജറാത്ത് അസാമാന്യ പുരോഗതി കൈവരിക്കുമെന്ന് പ്രചരിപ്പിക്കുന്നതില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിച്ചിരുന്നു. മേധാപട്ക്കറിന്റെ 'നര്‍മ്മദ ബച്ചാവോ ആന്തോളന്‍' പ്രക്ഷോഭം ഗുജറാത്തിനെതിരെയാണ് എന്നും അവര്‍ ധരിച്ചിരുന്നു.

വളരെ തന്ത്രപരമായി മോഡി 'ഗുജറാത്തി ദേശീയത'യുടെ കാര്‍ഡ് ഇറക്കിക്കളിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു. തന്റെ ഭരണത്തിലെ തീരുമാനങ്ങളെടുക്കാനുള്ള വേഗതയും കഴിവും, ദൃഢനിശ്ചയം, ആന്തരികമായ കരുത്ത് ഇവയാണ് യഥാര്‍ത്ഥ ശക്തിയെന്നും മറ്റും പ്രചരിപ്പിച്ച് അസാമാന്യ വ്യക്തിപ്രഭാവം കൈവരിച്ചു. ജനാധിപത്യപരമായ പ്രവര്‍ത്തനത്തെക്കാള്‍ മേല്‍ വിവരിച്ചവയാണ് ശക്തമായ ഭരണം എന്ന് പ്രചരിപ്പിച്ചു. ഏകാധിപതി എന്ന ഒരു 'ഇമേജ്' മോഡിക്കുണ്ടായതും അനുകൂലമാകുന്ന വിചിത്ര കാഴ്ച നാം കണ്ടു. ഹിന്ദുത്വത്തിന്റെ പ്രചാരകനായ ഒരു ഹൈന്ദവ ഏകാധിപതിയാണ് ഗുജറാത്തിനാവശ്യം എന്ന് പ്രചരിപ്പിച്ചു. ഇക്കാലയളവില്‍ തന്നെ വികസനത്തിന്റെ പേരില്‍ 'പ്രത്യേക സാമ്പത്തിക' മേഖലകള്‍ ഉണ്ടാക്കുകയും ജനങ്ങളെ നിര്‍ദ്ദാക്ഷിണ്യം ഒഴിപ്പിക്കുകയും ചെയ്തു. മനുഷ്യാവകാശങ്ങള്‍ ചവിട്ടി മെതിച്ചു.

ഈ ഭരണത്തിന്റെ കണ്ണില്‍ച്ചോരയില്ലാത്ത കാഠിന്യവും തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിന്റെ കരുത്തും മോഡിക്ക് ഒരു ഫാസിസ്റ്റ് ഏകാധിപതിയുടെ 'ഇമേജ്' ഉണ്ടാക്കികൊടുത്തു. മദ്ധ്യവര്‍ഗ്ഗം ഇത് ശരിക്കും ആസ്വദിക്കുകയും അവരുടെ സ്വത്വം മറന്ന് മോഡിയുടെ മുഖാവരണം അണിയുകയും ചെയ്തു. ഇടത്തരം ഗുജറാത്തിയുടെ സിംഹഭാഗവും 2002ലെ കലാപത്തിലെന്തു സംഭവിച്ചു എന്ന് ഒരല്പം പോലും കുണ്ഠിതപ്പെടില്ല. ഇതെല്ലാം കാണിക്കുന്നത് ഗുജറാത്ത് സംസ്ഥാനം എത്തിപ്പെട്ടിരിക്കുന്ന ദയനീയമായ സാമൂഹ്യാവസ്ഥയാണ്. സംസ്ഥാനം ഹിന്ദുത്വ പരീക്ഷണശാലയില്‍ നിന്നും പുരോഗമിച്ച് വന്‍കിട ഹിന്ദുത്വ ഫാക്ടറിയായി മാറി. മോഡി ഇനി ഒരു ദേശീയ അവസരത്തിനുവേണ്ടി ശ്രമിക്കും എന്ന് നിശ്ചയം. അധികാരത്തിന്റെ ഭക്തരായ സംഘപരിപാറിനും ഇദ്ദേഹത്തിനെ ഭാവിയില്‍ പൂര്‍ണ്ണമായി നിലയ്ക്ക് നിര്‍ത്താനാകുമോ എന്നു കണ്ടറിയണം.

ഈ അവസ്ഥയെ നേരിടേണ്ടത് സ്വാതന്ത്ര്യത്തിലും മതേതരത്വത്തിലും ഒന്നിച്ചുള്ള വളര്‍ച്ചയിലും വിശ്വസിക്കുന്ന ഓരോരുത്തരുടേയും കടമയാണ്. ഇതില്‍ നിന്നും നമുക്കാര്‍ക്കും വിട്ടുനില്‍ക്കാനാവില്ല.

ലേഖകന്‍: ശ്രീ. പ്രഫുല്‍ ബിദ്വായ്. പരിഭാഷ: ശ്രീ.വി.ബി.പരമേശ്വരന്‍

Thursday, February 21, 2008

പദ്ധതി പാളം തെറ്റുമോ?

ദേശീയ വികസന സമിതി പതിനൊന്നാം പഞ്ചവത്സര പദ്ധതിക്ക് അംഗീകാരം നല്‍കിയതിനുശേഷവും പദ്ധതിയെപ്പറ്റിയും അതിന്റെ നടത്തിപ്പിനെപ്പറ്റിയും നിരവധി തലങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഈ പദ്ധതിക്കാലത്ത് ഓരോവര്‍ഷവും ഒന്‍പതുശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇവിടെ രണ്ട് ചോദ്യങ്ങളാണുയരുന്നത് ? ഒന്ന് പതിനൊന്നാം പദ്ധതിയില്‍ ലക്ഷ്യമിട്ടിരിക്കുന്ന ഒന്‍പതുശതമാനം വളര്‍ച്ച സാധ്യമാകുമോ? രണ്ട് പതിനൊന്നാം പദ്ധതി ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്ന രീതിയില്‍ നടപ്പാക്കി ഒന്‍പതുശതമാനം വളര്‍ച്ച കൈവരിച്ചാല്‍തന്നെ അത് ഇന്ത്യയിലെ സാധാരണക്കാര്‍ക്കും, തൊഴിലാളികള്‍ക്കും എത്രമാത്രം ഗുണം ചെയ്യും?

ധനകാര്യമന്ത്രി ചിദംബരം ഡിസംബറില്‍ ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിയുടെ അര്‍ദ്ധവാര്‍ഷിക അവലോകനം, പാര്‍ലമെന്റില്‍ വയ്ക്കുകയുണ്ടായി. അര്‍ദ്ധവാര്‍ഷിക അവലോകനത്തില്‍ ധനകാര്യമന്ത്രിതന്നെ സാമ്പത്തികരംഗത്തെ ഒന്‍പതുശതമാനം വളര്‍ച്ച നിലനിര്‍ത്തികകൊണ്ടു പോകുന്നതില്‍ നാനാതരം വെല്ലുവിളികള്‍ കാണുന്നുണ്ട്. ഏറ്റവും പ്രധാന വെല്ലുവിളിയായി അദ്ദേഹം കാണുന്നത് ഇന്ത്യയിലേക്കൊഴുകുന്ന വിദേശമൂലധനം തന്നെയാണ്. വിദേശ മൂലധന പ്രവാഹം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ മൂന്നുവര്‍ഷമായി. എന്നാല്‍ ഇപ്പോള്‍ മാത്രമാണ് ധനമന്ത്രി ചിദംബരത്തിന് ഇത് ഗൌരവപൂര്‍വ്വം പരിഗണിയ്ക്കേണ്ട ഒരു വിഷയമാണെന്ന് ബോധ്യമായത്. ഇത് സംബന്ധിച്ച് അര്‍ദ്ധവാര്‍ഷിക അവലോകനത്തില്‍ പറയുന്നത് "മൂലധന പ്രവാഹത്തിന്റെ വേഗതയ്ക്കനുസരിച്ച്, ഒഴുകിയെത്തിയ വിദേശമൂലധനത്തെയാകെ ഉള്‍ക്കൊള്ളത്തക്കവിധം സമ്പദ്ഘടനയുടെ ശേഷി വര്‍ദ്ധിച്ചില്ല'' എന്നാണ്. ഇന്ത്യയിലേക്കു കുത്തിയൊഴുകുന്ന വിദേശ മൂലധനം കൈകാര്യം ചെയ്യുന്നതുവഴി റിസര്‍വ്ബാങ്കിന് വന്‍ സാമ്പത്തികബാധ്യതയാണുണ്ടായിക്കൊണ്ടിരിക്കുന്നത്. സാമ്പത്തികരംഗത്ത് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴത്തെ നയം തുടര്‍ന്നാല്‍ അത് കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സ്ഥിതിയെയാകെ ബാധിക്കുകയും ആത്യന്തികമായി ഒന്‍പതു ശതമാനം വളര്‍ച്ച കൈവരിക്കുക എന്ന ലക്ഷ്യം നേടുക സാധ്യമല്ലാതാവുകയും ചെയ്യും.

ഫിസ്കല്‍ റസ്പോണ്‍സിബിലിറ്റി ആന്റ് ബജറ്റ് മാനേജ്‌മെന്റ് ആക്ട് (FRBM) മുന്നോട്ടുവച്ചിട്ടുള്ള നിബന്ധനകള്‍മൂലം ഇപ്പോള്‍ത്തന്നെ താങ്ങാനാവാത്ത സ്ഥിതിയാണ് പൊതുകടബാധ്യത, പലിശബാധ്യത എന്നീ ഇനങ്ങളിലുള്ളത്. ഒഴകിയെത്തുന്ന വിദേശമൂലധനം കൂടി കൈകാര്യം ചെയ്യേണ്ടിവരുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കിയിരിക്കുകയാണ്. അന്തര്‍ദേശീയ കമ്പോളത്തിലെ വിലവര്‍ദ്ധനവുമൂലം പെട്രോളിയം രാസവള ഭക്ഷ്യ, സബ്‌സിഡികള്‍ വളരെയധികം ഉയര്‍ന്നിരിക്കുകയാണ്. ഈ ബാധ്യതകള്‍ നിറവേറ്റാനുള്ള സാമ്പത്തിക സ്ഥിതി കേന്ദ്രസര്‍ക്കാരിനില്ലാതായിക്കൊണ്ടിരിക്കുകയാണ്.
ലോകസാമ്പത്തികരംഗത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും ഇന്ത്യയിലേക്കു കുത്തിയൊഴുകി വന്നുകൊണ്ടിരിക്കുന്ന വിദേശ മൂലധനപ്രവാഹവും മൂലം രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡോളറിന്റെ വില ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഡോളറിന്റെ വിലയിടിവുമൂലം കയറ്റുമതിയെ ആശ്രയിച്ചുനില്‍ക്കുന്ന ടെക്സറ്റൈല്‍, ലെതര്‍, എന്‍ജിനീയറിംഗ്, കെമിക്കല്‍, സോഫ്റ്റ്വെയര്‍ തുടങ്ങി വിവിധ മേഖലകള്‍ ബുദ്ധിമുട്ടിലോ, പ്രതിസന്ധിയിലോ ആണ്. കയറ്റുമതിയെ ആശ്രയിച്ചുനില്‍ക്കുന്ന വ്യവസായങ്ങളും അവയ്ക്ക് അസംസ്കൃത വസ്തുക്കള്‍ നല്‍കുന്ന വ്യവസായങ്ങളും സ്വാഭാവികമായും പ്രതികൂല കാലാവസ്ഥയെയാണ് അഭിമുഖീകരിക്കുന്നത്.

ഡോളറിന്റെ വിലയിടിവുമൂലം ഇറക്കുമതി കൂടുകയും കയറ്റുമതി കുറയുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 2007-ല്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയില്‍ 22 ശതമാനവും, ഹാന്റിക്രാഫ്റ്റ് കയറ്റുമതിയില്‍ 66 ശതമാനവും, ലെതര്‍ കയറ്റുമതിയില്‍ ഒന്‍പതു ശതമാനവും കുറവു രേഖപ്പെടുത്തി. ഇപ്പോള്‍തന്നെ ഈ മേഖലയില്‍ മുപ്പതു ലക്ഷത്തോളം ആള്‍ക്കാര്‍ക്കു തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു. മാര്‍ച്ച് 2008 ആകുമ്പോള്‍ അത് 80 ലക്ഷമായി ഉയരും എന്നാണ് കണക്കാക്കപ്പെടുന്നത്. വ്യവസായ വളര്‍ച്ചാസൂചിക കഴിഞ്ഞ ഏപ്രില്‍ - സെപ്തംബര്‍ കാലഘട്ടത്തില്‍ 11.1 ശതമാനമായിരുന്നത് 9.2 ശതമാനമായിക്കുറയാന്‍ കാരണമായി. ഇന്ത്യയുടെ വ്യാപാരക്കമ്മി 2007 സെപ്തംബറായപ്പോള്‍ 5 ബില്യന്‍ ഡോളര്‍ ഉയര്‍ന്ന് 16.8 ബില്യന്‍ ഡോളറായിരിക്കുകയാണ്. ഈ സ്ഥിതിഗതികളും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പരുങ്ങലിലാക്കും.

ഉയര്‍ന്നുകൊണ്ടിരിക്കുന്ന സബ്‌സിഡികള്‍ കുറക്കണം എന്ന് പ്രധാനമന്ത്രിതന്നെ വാദിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഒരുവശത്ത് സബ്‌സിഡി ഇനത്തിലുള്ള ചിലവുകള്‍ വര്‍ദ്ധിക്കുന്നതും മറുവശത്ത് അര്‍ഹിക്കുന്നവര്‍ക്ക് സബ്‌സിഡികള്‍ അനുവദിക്കാന്‍ കഴിയില്ല എന്നു വരുന്നതും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികരംഗത്തു തുടര്‍ന്നുവരുന്ന കുത്തക പ്രീണനനയം മൂലമാണ് എന്ന വസ്തുത കാര്യമായി ചര്‍ച്ചചെയ്യപ്പെടുന്നതേയില്ല.

ഓഹരികമ്പോളത്തിലെ നിക്ഷേപങ്ങളില്‍ നിന്നുള്ള ആദായത്തിന് ഏര്‍പ്പെടുത്തിയിരുന്ന നികുതി ഒഴിവാക്കാന്‍ 2004-ല്‍ ധനമന്ത്രി കൈക്കൊണ്ട തീരുമാനം ഇത്തരം നിലപാടിനൊരുദാഹരണമാണ്. ഈ നടപടിയിലൂടെ ഓഹരികമ്പോളത്തിലെ നിക്ഷേപങ്ങള്‍ക്കു ബാധകമായ നികുതി വ്യവസ്ഥയെ മറ്റു രാജ്യങ്ങളില്‍ ഉള്ളതിനേക്കാള്‍ മൂലധന നിക്ഷേപകര്‍ക്ക് അനുകൂലമാക്കുകയുണ്ടായി. തല്‍ഫലമായാണ് ഓഹരിക്കമ്പോളത്തിലേക്ക് വിദേശ സ്ഥാപന മൂലധന നിക്ഷേപകരുടെ അഭൂതപൂര്‍വ്വമായ കടന്നുവരവുണ്ടായതും ഇപ്പോള്‍ അതുകൈകാര്യം ചെയ്യാന്‍ റിസര്‍വ്ബാങ്കും, കേന്ദ്രസര്‍ക്കാരും ബുദ്ധിമുട്ടുന്നതും, ഇതുമൂലമുണ്ടാകുന്ന പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കാന്‍ കഴിയാത്തതും. കുത്തകകള്‍ക്കും ചൂതാട്ടക്കാര്‍ക്കും നികുതിയിനത്തിലും മറ്റും ധാരാളം ആനുകൂല്യങ്ങള്‍ നല്‍കുമ്പോള്‍ നാനാതരം പ്രത്യാഘാതങ്ങളാണ് സംഭവിക്കുന്നത്. ഒന്ന് സര്‍ക്കാരിന്റെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടാകുന്നു. പലപ്പോഴും ഈ നയം വിലക്കയറ്റവും സൃഷ്ടിക്കും. വിലക്കയറ്റം വര്‍ദ്ധിക്കുമ്പോള്‍ സബ്‌സിഡി ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ചിലവുകള്‍ ഉയരും. അങ്ങിനെ ഉയരുന്ന സബ്‌സിഡിയാണ് എല്ലാ പ്രശ്നങ്ങള്‍ക്കും ആധാരമെന്ന് നവലിബറലിസ്റ്റുകള്‍ വാദിക്കും, സബ്‌സിഡി കുറവു ചെയ്യുന്നത് സാധാരണക്കാരെ ദുരിതത്തിലാഴ്ത്തും. സര്‍ക്കാര്‍ വരുമാനം കുറയുകയും ചെലവുകള്‍ കൂടുകയും ചെയ്യുന്നത് സര്‍ക്കാരിന്റെ കാര്‍ഷികമേഖലയുള്‍പ്പെടെയുള്ള നാനാ രംഗങ്ങളിലെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കും. ഇത് ധനമന്ത്രി മുന്നോട്ടുവച്ചിട്ടുള്ള ഒന്‍പതുശതമാനം വളര്‍ച്ച എന്ന ലക്ഷ്യം സാധിതമാക്കാന്‍ പ്രതിബന്ധമായി നില്‍ക്കും.

സമീപഭാവിയില്‍ സാമ്പത്തികവും സാമൂഹികവുമായ സ്ഥിതി വഷളാക്കാന്‍ സാധ്യതയുള്ള ഒരു മുഖ്യഘടകം ലോകമാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും, ദൌര്‍ലഭ്യവുമായിരിക്കും , ഗോതമ്പ്, അരി, ഭക്ഷ്യഎണ്ണകള്‍, പാല്‍, മാംസം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ക്കെല്ലാം റിക്കാര്‍ഡുവിലയാണ് ഇപ്പോള്‍ ലോകമാകെ അനുഭവപ്പെടുന്നത്. സാമ്പത്തികശാസ്ത്രജ്ഞര്‍ പറയുന്നത് വരുംകാലത്ത് ഭക്ഷ്യവില ഇനിയും കുതിച്ചുയരാനാണ് സാധ്യത എന്നാണ്. സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റിന്റെ സിംഹഭാഗവും ഇനി ഭക്ഷണ ചിലവുകള്‍ക്കായി നീക്കിവക്കേണ്ടിവരും എന്നാണ് സൂചനകള്‍ കാണിക്കുന്നത്. ജനസംഖ്യാവര്‍ദ്ധന, ഭക്ഷണരീതിയിലെമാറ്റം തുടങ്ങിയ പല കാരണങ്ങളാല്‍ ഭക്ഷ്യവസ്തുക്കളുടെ ആവശ്യം അനുദിനം വര്‍ദ്ധിക്കുകയാണ്. എന്നാല്‍ ഭക്ഷ്യലഭ്യത കുറയുകയുമാണ്. പെട്രോളിനും ഡീസലിനും പകരം ജൈവ-ഇന്ധനങ്ങള്‍ (bio-fuels) ഉല്പാദിപ്പിക്കാന്‍ ഭക്ഷ്യവസ്തുക്കള്‍ ധാരാളമായി ഉപയോഗിച്ചുവരുന്നു. കൂടാതെ കോടിക്കണക്കിന് ഹെക്ടര്‍ കൃഷിയിടങ്ങള്‍ ജൈവ-ഇന്ധന ഉല്പാദനത്തിനായി മാറ്റുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളും ഭക്ഷ്യഉല്പാദനത്തെ ഇപ്പോള്‍ മുന്‍കാലങ്ങളിലേക്കാള്‍ ബാധിക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് ഈ മാറ്റങ്ങളില്‍ നിന്നും ഒറ്റപ്പെട്ടു നില്‍ക്കാന്‍ കഴിയില്ല. ഇപ്പോള്‍തന്നെ നാനാതരം ഭക്ഷ്യവസ്തുക്കളുടെ വില അഭൂതപൂര്‍വ്വമായി ഇന്ത്യയിലും കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഫുഡ് ആന്റ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (FAO) പറയുന്നത് വികസ്വര രാജ്യങ്ങളിലെ സാധാരണക്കാരുടെ ഭക്ഷ്യലഭ്യത കുത്തനെ ഇടിയും എന്നാണ്. ഭക്ഷ്യവസ്തുക്കളുടെ വില 40% വരെ ഈ വര്‍ഷം ഉയര്‍ന്നുകഴിഞ്ഞു, ഗോതമ്പിന്റെ വില 52% മാണ് ഉയര്‍ന്നത്. ലോകത്തെ ഗോതമ്പിന്റെ കരുതല്‍ശേഖരം 1980 നു ശേഷമുള്ള ഏറ്റവും കുറഞ്ഞ നിലയിലാണ്. ഇന്ത്യയാണെങ്കില്‍ ഒരു ഗോതമ്പിറക്കുമതി രാജ്യമായി മാറിക്കഴിഞ്ഞു. പതിനൊന്നാം പദ്ധതിയില്‍ പ്രഖ്യാപിച്ചിരിക്കുന്ന "സമത്വത്തിലൂന്നിയ വളര്‍ച്ച'' (equity based growth) , "എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ച'' (inclusive growth) തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഈ സാഹചര്യത്തില്‍ പൊള്ളയായി മാറാനാണ് സാധ്യത.

അന്തര്‍ദേശീയ സാമ്പത്തിക രംഗത്തുനിന്നു വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളും അങ്കലാപ്പുളവാക്കുന്നവയാണ്. അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ സബ്-പ്രൈം വായ്പാരംഗത്ത് ഉടലെടുത്ത പ്രശ്നങ്ങളും അതിന്റെ തുടര്‍ സംഭവങ്ങളും മൂലം ഒരു മാന്ദ്യത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഗോള്‍ഡമാന്‍ സാക്സ് ജനുവരി 10, 2008 ലെ ഒരു പഠനത്തില്‍ പറയുന്നത് ലോകത്തെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ജപ്പാന്‍ ഒരു സാമ്പത്തിക മാന്ദ്യത്തിലേക്കു വീഴാന്‍ അമ്പതുശതമാനം സാധ്യതയുണ്ടെന്നാണ്.

തീവ്രമായ ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ ലോക സമ്പദ്‌രംഗമാകെ ഒരു മാന്ദ്യത്തിന്റെ പിടിയിലമരും എന്നാണ് ഐക്യരാഷ്ട്രസംഘടന തന്നെ പറയുന്നത്. ലോകസാമ്പത്തികവളര്‍ച്ച 5.2ല്‍ നിന്ന് 4.7 ശതമാനമായി കുറയും എന്നാണ് ഐ.എം.എഫ് പറയുന്നത്. ഇതോടൊപ്പം പെട്രോളിന്റെ വില അഭൂതപൂര്‍വ്വമായി ഉയര്‍ന്ന് ഒരു ബാരലിന് 100 ഡോളറിലെത്തിയിരിക്കുകയാണ്. ലോകസാമ്പത്തികരംഗത്തുണ്ടാകുന്ന ഈ മാറ്റങ്ങള്‍ ഇന്ത്യയെ സ്പര്‍ശിക്കില്ല എന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല.

ഈയൊരു പശ്ചാത്തലത്തില്‍ പതിനൊന്നാം പദ്ധതിയിലെ ഒന്‍പതുശതമാനം വളര്‍ച്ച എത്രത്തോളം സാധിക്കും എന്നു കണ്ടുതന്നെ അറിയണം. അത് ഏതുവിധേനെയും സാധിച്ചാല്‍തന്നെ സാധാരണ ജനങ്ങളേയും, തൊഴിലാളികളേയും കൂടുതല്‍ ദുരിതത്തിലാക്കിക്കൊണ്ടായിരിക്കും.

- ജോസ് ടി എബ്രഹാം

Wednesday, February 20, 2008

ഏകാധിപതികള്‍ ഉണ്ടാവുന്നത്

ദക്ഷിണപൂര്‍വേഷ്യാഭൂഖണ്ഡത്തിന്റെ തീരപ്രദേശമാണ് ഇന്തോനേഷ്യന്‍ ആര്‍ച്ചിപെലാഗോ (ദ്വീപസമൂഹം). ആകെ 13, 700 ദ്വീപുകളുള്ള ഈ പ്രദേശത്തെ ഏഴായിരത്തോളം ദ്വീപുകളില്‍ ജനവാസമില്ല. രണ്ടു ലക്ഷത്തോളം ചതുരശ്രകിലോ മീറ്ററാണ് വിസ്തീര്‍ണം. 2002ലെ കണക്ക് പ്രകാരം ജനസംഖ്യ 22കോടിയോളം വരും. മുന്നൂറിലധികം വംശീയവിഭാഗങ്ങളുണ്ട് ഇന്തോനേഷ്യയില്‍. അവ പൊതുവില്‍ മൂന്ന് പ്രധാന വിഭാഗങ്ങളില്‍പെടുന്നു. ജാവയിലെ അരിയുല്പാദകരും അയല്‍പ്രദേശങ്ങളിലെ മുസ്ലീങ്ങളും ഉള്‍പ്പെടുന്നതാണ് ഒന്നാമത്തെ വിഭാഗം. തീരദേശമുസ്ലീങ്ങളും സുമാത്രയിലെ മലായക്കാരായ മുസ്ലീങ്ങളുമാണ് രണ്ടാംവിഭാഗത്തിലുള്ളത്. ദായക്കുകളും മറ്റ് വംശീയ വിഭാഗങ്ങളുമാണ് മൂന്നാം ഗ്രൂപ്പിലുള്ളത്. ഭാസാ ഇന്തോനേഷ്യയാണ് ഔദ്യോഗികഭാഷ. വേറെ ഇരുന്നൂറ്റിയമ്പത് ഭാഷകള്‍ കൂടി ഈ ദ്വീപസമൂഹങ്ങളില്‍ പ്രചാരത്തിലുണ്ട്. മതവിശ്വാസികളില്‍ എണ്‍പത് ശതമാനത്തിലധികം മുസ്ലീങ്ങളാണ്.

ഹിന്ദു-ബുദ്ധമതങ്ങളാണ് മറ്റുപ്രധാന മതങ്ങള്‍. മഹാഭൂരിപക്ഷവും മുസ്ലീങ്ങളാണെങ്കിലും ഹിന്ദുമതത്തിന്റെ സ്വാധീനം വ്യാപകമാണ് ഇന്തോനേഷ്യയില്‍. ബാലിദ്വീപിലാണ് ഈ സ്വാധീനം വളരെ സ്പഷ്ടമായി കാണാവുന്നത്. ഇന്തോനേഷ്യന്‍ കറന്‍സി രുപ്യ ആണ്. എല്ലാ ഇന്തോനേഷ്യന്‍ പേരുകളിലും ഇന്ത്യന്‍ സ്വാധീനം സുവ്യക്തമാണ്. സുകാര്‍ണോ എന്നാല്‍ സുകര്‍ണന്‍ എന്നതിന്റെ ഒരു പാഠഭേദമാണ്. പത്മാവതി, ലക്ഷ്മി, മേഘാവതി എന്നൊക്കെ ഇന്തോനേഷ്യന്‍ മുസ്ലീങ്ങള്‍ പേരിടുന്നത് പരിഷ്കാരമായിട്ടല്ല, അവരുടെ സംസ്കൃതിയുടെ ഭാഗമെന്നനിലയിലാണ്. പത്ത് ശതമാനം ഭൂമിമാത്രമാണ് കൃഷിയോഗ്യമായിട്ടുള്ളത്. അരിയാണ് പ്രധാന കാര്‍ഷികോല്പന്നം. ഉഷ്ണമേഖലാ വൃഷ്ടിദേശങ്ങളോ, അഗ്നിപര്‍വതദേശങ്ങളോ ആണ് ദ്വീപുകളില്‍ മിക്കവയും. ചീനയുമായി ഒന്നാം നൂറ്റാണ്ട് മുതല്‍ വാണിജ്യബന്ധമുള്ള പ്രദേശമാണ് ഇത്. ഇന്ത്യയില്‍നിന്ന് ചോളരാജാക്കന്മാരും മറ്റും വളരെ മുമ്പ് തന്നെ സുമാത്ര, ശ്രീവിജയ തുടങ്ങിയ ഇന്തോനേഷ്യന്‍ പ്രദേശങ്ങള്‍ കൈവശപ്പെടുത്തിയതിന് ചരിത്രരേഖകളുണ്ട്. ഇന്ത്യന്‍ കച്ചവടക്കാരിലൂടെയാണത്രേ ഇന്തോനേഷ്യയില്‍ ഇസ്ലാം പ്രചരിച്ചത്. പതിമൂന്നാം നൂറ്റാണ്ടിലാണിതാരംഭിക്കുന്നത്. ക്രമേണ ഇസ്ലാം വ്യപകമായി പ്രചരിക്കുകയും ഇപ്പോള്‍ രാജ്യത്തിന്റെ ഔദ്യോഗികമതമായിത്തീരുകയും ചെയതു. ലോകത്തില്‍ ഏറ്റവുമധികം മുസ്ലീം ജനജനസംഖ്യയുള്ള രാജ്യമാണ് ഇന്തോനേഷ്യ. രണ്ടാംസ്ഥാനം ഇന്ത്യക്കാണ്. പതിനാറാം നൂറ്റാണ്ടിലാണ് യൂറോപ്യന്‍ അധിനിവേശം ആരംഭിക്കുന്നത്. പതിനേഴാം ശതകം മുതല്‍ 1942വരെ ഡച്ച് ആധിപത്യമായിരുന്നു. ആ വര്‍ഷം ജാപ്പനീസ് ആക്രമണമുണ്ടായി. 1945ല്‍ സുകാര്‍ണോ ഇന്തോനേഷ്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.

ഘാതകന്മാരുടെ വാഴ്ച

ചരിത്രത്തില്‍ ഘാതകന്മാരുടെ പട്ടികയിലാണ് സുഹാര്‍തോവിന്റെ സ്ഥാനം. മറ്റെല്ലാ ഘാതകന്മാരെയും പോലെ സങ്കുചിതദേശീയതയായിരുന്നു അയാളുടേയും ആയുധം. സോഷ്യലിസത്തോടും, തൊഴിലാളിവര്‍ഗത്തോടുമുള്ള വിരോധം, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വ്യാജപ്രചാരവേല, പട്ടാളശക്തിയിലുള്ള അമിതമായ വിശ്വാസം, കടുത്ത വര്‍ഗീയത, വംശീയവികാരം ആളിക്കത്തിക്കല്‍ തുടങ്ങി ലോകത്തെങ്ങും ഫാസിസ്റ്റുകള്‍ ഉപയോഗിക്കാറുള്ള എല്ലാ ഹീനതകളും ഘാതകന്മാരില്‍ അധമനായ ഈ ഏകാധിപതിയും ഉപയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകള്‍ കേവലം പ്രഹസനമാക്കി മാറ്റുകയും ഇതുവഴി ജനാധിപത്യമെന്ന മഹനീയമായ ആശയത്തെ വികൃതമാക്കുകയും ചെയ്തു. ഈ ഹീനതകള്‍ക്കെ ല്ലാം അയാള്‍ക്ക് കൂട്ട് നിന്നത്, ജനാധിപത്യത്തിന്റെ പേരില്‍ വാതോരാതെ സംസാരിക്കുകയും, മുതലക്കണ്ണീരൊഴുക്കുകയും ചെയ്യുന്ന അമേരിക്കന്‍ ഐക്യനാടുകളും.

2008 ജനുവരി 27ന് സുഹാര്‍തോ മരിച്ചപ്പോള്‍ ലോകത്തിലെ കുപ്രസിദ്ധരായ ഘാതകന്മാരിലൊരാളാണ് മരിച്ചത്. ആംനസ്‌റ്റി ഇന്റര്‍നാഷണല്‍ മുതല്‍, ലോകത്തിലെ ഏറ്റവും വലിയ സര്‍ച്ച് മെഷീനുകള്‍വരെ ഇയാളെ ഏറ്റവും വലിയ ഘാതകന്മാരുടെ കൂട്ടത്തിലാണ് പെടുത്തിയിരിക്കുന്നത്. ഹിറ്റ്ലറുടെ, മുസ്സോളിനിയുടെ, ഫ്രാങ്കോവിന്റെ, ഈദി അമീന്റെ, ഫെര്‍ഡിനാഡ് മാര്‍ക്കോസിന്റെ, അനേകം അമേരിക്കന്‍ പ്രസിഡണ്ടുമാരുടെ കൂട്ടത്തില്‍ സുഹാര്‍തോവിന് വലിയ സ്ഥാനം നല്കിയിട്ടുണ്ട്. പക്ഷേ, ഇത്, ഏതെങ്കിലും സൃഷ്‌ട്യുന്മുഖമായ പ്രവര്‍ത്തനത്തിന്റെ പേരിലല്ല, ഹീനമായ മനുഷ്യപാതകങ്ങളുടെ പേരിലാണ്. സുഹാര്‍തോ മരിച്ചപ്പോള്‍, അയാളുടെ പേരില്‍ കണ്ണീരൊഴുക്കുകയാണ് അമേരിക്ക ചെയ്തത്. അയാള്‍ ജീവിച്ചിരിക്കുമ്പോഴാവട്ടെ, മരണമടഞ്ഞപ്പോഴാവട്ടെ, ഒരിക്കലെങ്കിലും അയാളുടെ കിരാതപ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ അമേരിക്കന്‍ ഭരണാധികാരികള്‍ ചെറുവിരലനക്കിയിട്ടില്ല.

വാഷിങ്ടണ്‍ ഇന്തോനേഷ്യയില്‍ ഫലപ്രദമായി ഇടപെട്ടത് 1998 ല്‍ മാത്രമാണ്. അന്നാവട്ടെ അമേരിക്കയുടെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ആയിരുന്നു. ക്ലിന്‍ണ്‍ സുഹാര്‍തോവിനോട് ഫോണ്‍ മുഖേന ആവശ്യപ്പെട്ടത് ഐ എം എഫിന്റെ നിബന്ധനകള്‍ പരിപൂര്‍ണമായി നടപ്പാക്കണമെന്നത്രേ. സുഹാര്‍തോ എപ്പോഴും ചെയ്തുകൊണ്ടിരുന്നത് അതായിരുന്നു. സാമ്രാജ്യത്വത്തിന് വഴങ്ങി, സ്വന്തം സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായും സാമ്രാജ്യാനുകൂലവും സ്വകാര്യമൂലധനത്തിന്റെ ദാസ്യവേലചെയ്യുന്നതുമാക്കിത്തീര്‍ക്കുകയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കുകയായിരുന്നു. സുകാര്‍ണോവിന്റെ കാലത്തെ നാമമാത്രമായ സാമൂഹ്യനീതിപോലും അയാള്‍ ഇല്ലായ്മ ചെയ്തു. സുഹാര്‍തോവിന്റെ പതനം ആസന്നമാണെന്ന് യു എസ് ചാരവലയത്തിന് പൂര്‍ണമായ അറിവുണ്ടായിരുന്ന കാലത്തുപോലും, മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കുന്ന നയങ്ങള്‍ തിരുത്തണമെന്ന് ഒരു പാശ്ചാത്യ ശക്തിയും അയാളോട് ആവശ്യപ്പെട്ടില്ല. തനിക്കാവുന്നിടത്തോളം അയാള്‍ ഇന്തോനേഷ്യന്‍ ജനതയെ നശിപ്പിച്ചു. 1965ലെ കൂട്ടക്കൊലകളിലും, 1969ല്‍ പശ്ചിമ പാപുവ പിടിച്ചടക്കുന്നതിലും 1975 ല്‍ കിഴക്കന്‍ തിമോറിനെ ആക്രമിക്കുന്നതിലും 1983-84 ലെ ദുരൂഹകൊലപാതകങ്ങളിലുമെല്ലാം അമേരിക്കന്‍ ഭരണകൂടവും ലോകസാമ്രാജ്യശക്തികളും സുഹാര്‍തോവിനോടൊപ്പം നിന്നു. അപ്പോഴൊക്കെ സ്വാതന്ത്യപ്രഖ്യാപനരേഖയിലൂടെ സ്ഥാപിതമായ അമേരിക്കന്‍ജനാധിപത്യം അയാളുടെ ഇഷ്ടതോഴനും സുഹൃത്തുമായി നിലകൊണ്ടു.

എന്താണ് ഇതിന് കാരണം? ഈ മനുഷ്യാധമന്റെ ഹീനതയുടെ ആഴവും പരപ്പും അറിയുന്നതിന് അയാളുടെ ജീവിതത്തിലൂടെ ഒന്ന് കണ്ണോടിക്കേണ്ടതുണ്ട്. ഏകാധിപതികള്‍ എങ്ങനെ ഉണ്ടാവുന്നുവെന്ന്, സാമ്രാജ്യത്വം അതിനെ എങ്ങനെ സഹായിക്കുന്നുവെന്ന് മനസ്സിലാക്കുന്നതിന് ഇതാവശ്യമാണ്.

യുദ്ധാവസ്ഥയുടെ സൌകര്യം

മധ്യജാവയിലെ ഒരു ഗ്രാമത്തില്‍ 1921 ജൂണ്‍ 8നാണ് സുഹാര്‍തോ ജനിക്കുന്നത്. ജനനം കര്‍ഷകകുടുംബത്തിലായിരുന്നുവെങ്കിലും താരതമ്യേന നല്ല വിദ്യാഭ്യാസമാണ് അയാള്‍ക്ക് ലഭിച്ചത്. എന്നാല്‍ അയാളുടെ കുട്ടിക്കാലം ദുരൂഹവും വൈഷമ്യങ്ങള്‍ നിറഞ്ഞതുമായിരുന്നുവെന്ന് , വിവരണങ്ങള്‍ കാണിക്കുന്നു. അമ്മയുടെ പേര് സുകിരേ, അച്ഛന്‍ കെര്‍തോ സുധീരോ. അവര്‍ പിണങ്ങിപ്പിരിഞ്ഞിരുന്നുവെന്ന് ചിലവിവരണങ്ങള്‍ പറയുമ്പോള്‍ സുകിരോവില്‍ സുധീരോവിനുണ്ടായ അവിഹിതസന്താനമാണ് സുഹാര്‍തോവെന്ന് മറ്റു ചില വിവരണങ്ങള്‍ പറയുന്നു. തന്തയില്ലാത്തവനെന്ന് കാണിക്കാനൊന്നുമായിരുന്നില്ല, അത്. രാഷ്ട്രീയത്തില്‍ ഒട്ടും താല്പര്യമില്ലാതെയാണ് സുഹാര്‍തോ വളര്‍ന്നുവന്നത്. കോളണിവിരുദ്ധസമരത്തിലോ, ദേശീയവിമോചനത്തിലോ തെല്ലും താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല, സുഹാര്‍തോ. സമകാലികനായ സുകാര്‍ണോവാകട്ടേ, ചെറുപ്പത്തിലേ ദേശീയബോധത്താല്‍ ആവേശഭരിതനായിരുന്നു. സുഹാര്‍തോവിന് ഡച്ച് തുടങ്ങിയ കോളണി മേധാവികളുടെ ഭാഷയും അറിയില്ലായിരുന്നു. 1940ല്‍ ഡച്ച് സൈന്യത്തില്‍ (റോയല്‍ നെതര്‍ലാന്‍ഡ്‌സ് ഈസ്റ്റിന്‍ഡീസ് ആര്‍മി) ചേര്‍ന്നതിനെ തുടര്‍ന്ന് സുഹാര്‍തോ ഡച്ച് ഭാഷ പഠിച്ചു. കുറച്ച് കാലം ഒരു ബാങ്കില്‍ ജോലി ചെയ്തതിന് ശേഷമാണ് അയാള്‍ സൈന്യത്തില്‍ ചേര്‍ന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഫലമായി കൂടുതല്‍ സൈനികരെ ആവശ്യമായി വന്ന പശ്ചാത്തലത്തില്‍ സുഹാര്‍തോവിന് സൈന്യത്തില്‍ ഉയരാന്‍ സാധിച്ചു. ഡച്ച് സൈനികവിദ്യാഭ്യാസം നേടാനും നെതര്‍ലാന്‍ഡ്‌സ് അധികാരികളെ പ്രീണിപ്പിക്കാനും അയാള്‍ക്ക് കഴിഞ്ഞു. ഇന്തോനേഷ്യക്കെതിരായി ജാപ്പനീസ് ഭീഷണി നിലനിന്നിരുന്നതിനാല്‍ പരമാവധി ദേശീയയൌവനത്തെ തങ്ങളുടെ സാമ്രാജ്യാജ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ഉപയോഗിക്കുകയെന്ന ഡച്ച് നയത്തിന്റെ ഗുണഫലങ്ങള്‍ അറിയാതെ സുഹാര്‍തോവിനെ വാര്‍ത്തെടുക്കുകയായിരുന്നു.

ക്രമേണ അയാള്‍ സൈന്യത്തിലുയര്‍ന്നു വന്നു. സ്വന്തമായ ഏതെങ്കിലും പ്രതിഭയുടെ ഫലമൊന്നുമായിരുന്നില്ല, യുദ്ധാവസ്ഥയുടെ സൌകര്യം മാത്രമായിരുന്നു സുഹാര്‍തോവിനെ വാര്‍ത്തെടുത്തത്. ഡച്ച് സൈന്യത്തില്‍ സാര്‍ജന്റായിരുന്ന സുഹാര്‍തോ, ഡച്ച് സൈന്യം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ജാപ്പനീസ് പക്ഷത്ത് ചേരുകയും, ജാപ്പ് പൊലീസിന്റെ ഇന്റലിജന്‍സ് വിഭാഗത്തില്‍ ജോലി നേടുകയും ചെയ്തു. പിന്നീടയാള്‍ ജാപ്പനുകൂല മിലിഷ്യയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. ഇന്തോനേഷ്യന്‍ യുവാക്കളില്‍ ഡച്ച് വിരുദ്ധദേശീയവികാരം സൃഷ്ടിക്കുന്നതിനാണ് ഈ മിലിഷ്യ പ്രാധാന്യം നല്കിയിരുന്നത്. ഈ ഡച്ച് വിരുദ്ധദേശീയവികാരം ജാപ്പനുകൂലമായിരിക്കാന്‍ അവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഈ പരിശീലനത്തില്‍നിന്നാണ് ദേശീയസൈനികപ്രത്യയ ശാസ്ത്രം സുഹാര്‍തോവില്‍ രൂപപ്പെടുന്നതെന്ന് അയാളുടെ ജീവചരിത്ര രചയിതാക്കള്‍ അഭിപ്രായപ്പെടുന്നു. കടുത്ത പരിശീലനത്തിലൂടെ വളരെ കടുത്ത സൈനിക മനോഭാവം യുവാക്കളില്‍ വളര്‍ത്തിയെടുക്കാന്‍ ജാപ്പ് പരിശീലകര്‍ക്ക് കഴിഞ്ഞു. സുഹാര്‍തോ അവരുടെ ഒരു വാര്‍പ്പ് മാതൃകയായിരുന്നു. ചിരിച്ചുകൊണ്ട് കൊല്ലുന്ന മാതൃക.

രണ്ടാം ലോകമഹായുദ്ധത്തില്‍ ജപ്പാന്‍ പരാജയപ്പെട്ടു. ഇത് ദേശീയവാദികള്‍ക്ക് അനുകൂലമായ അവസരം പ്രദാനം ചെയ്തു. ദേശീയവിമോചനത്തിന് വേണ്ടി ഡച്ചുകാര്‍ക്കും പിന്നീട് ജാപ്പ് മേധാവിത്വത്തിനും എതിരെ പോരാടിയ സുകാര്‍ണോവിനും മുഹമ്മദ് ഹത്തയ്ക്കും നല്ലൊരവസരമായിരുന്നു ഇത്. അവര്‍ ഇന്തോനേഷ്യയുടെ പൂര്‍ണസ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇന്തോനേഷ്യന്‍ ദേശീയവിപ്ലവം ആരംഭിച്ചതായി അവര്‍ അറിയിച്ചു. സുകാര്‍ണോവിന്റെ പഞ്ചശീലതത്വങ്ങളിലധിഷ്ഠിതമായ ഒരു ഇന്തോനേഷ്യന്‍ റിപബ്ലിക്ക് രൂപീകൃതമായി. ദേശീയ ഐക്യം, സ്വതന്ത്ര പരമാധികാര റിപബ്ലിക്കുകളുടെ സമുച്ചയത്തില്‍ ഒന്ന് എന്ന വിശ്വാസത്തിലധിഷ്ഠിതമായ സാര്‍വദേശീയബോധം, പ്രാതിനിധ്യ ജനാധിപത്യം, സാമൂഹികനീതി (മാര്‍ക്സിസത്തിന്റെ സ്വാധീനമാണിവിടെ കാണുന്നത്), സെക്യൂലറിസത്തിലധിഷ്ഠിതമായ ആസ്തികത എന്നിവയായിരുന്നു പഞ്ചശീലതത്വങ്ങള്‍. പക്ഷേ, സ്വതന്ത്ര ഇന്തോനേഷ്യയെ ലോകം അംഗീകരിക്കുന്നതിന് സൈനിക നടപടി ആവശ്യമായി വന്നു. ഇവിടെയും അവസരം സുഹാര്‍തോവിനെ തേടിയെത്തുകയായിരുന്നു. സൈനിക കുതന്ത്രങ്ങളില്‍ പരിശീലനം നേടിയിരുന്ന സുഹാര്‍തോ ഈ അവസരം ശരിക്കും മുതലാക്കി. ജാപ്പ് സൈന്യത്തെ തുടച്ചു നീക്കുന്നതിനും സംഘര്‍ഷത്തിനിടയില്‍ ദ്വീപസമൂഹത്തിലെ അവശേഷിച്ച സ്വത്ത് കൈവശപ്പെടുത്താനുള്ള ഡച്ച് ശ്രമങ്ങളേ പരാജയപ്പെടുത്തുന്നതിനും ദേശീയപ്രസ്ഥാനത്തിന്റെ സഹായത്തോടെ സൈന്യത്തിന് കഴിഞ്ഞു. ഇതില്‍ പങ്കെടുത്തതിനാല്‍, ഇന്തോനേഷ്യന്‍ വിപ്ലവസൈന്യത്തില്‍ (People's Security Body - BKR) ഉമര്‍സലാമത്തിന്റെ ഡെപ്യൂട്ടിയായി സുഹാര്‍തോവിന് നിയമനം ലഭിച്ചു. ശിഥിലമായ ദേശീയ സൈനികഘടകങ്ങളെ സംയോജിപ്പിക്കുന്നതിന്, ഇതിനകം തനിക്ക് ലഭിച്ച സൈനികാനുഭവങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സുഹാര്‍തോവിന് കഴിഞ്ഞു. ഈ സേവനങ്ങള്‍ പരിഗണിച്ച് അയാളെ പത്താം ബറ്റാലിയന്റെ മേജറായി സ്ഥാനക്കയറ്റം നല്കി നിയമിച്ചു.

എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുണ്ടായ സംഭവങ്ങള്‍ അപ്രതീക്ഷിതമായിരുന്നു. പഴയ സ്ഥിതിഗതികളിലേക്ക് ലോകം തിരിച്ചുപോവണമെന്ന നിശ്ചയം (status quo ante bellum) ഡച്ചുകാര്‍ ദുരുപയോഗപ്പെടുത്താന്‍ശ്രമിച്ചു. ഇന്തോനേഷ്യ വീണ്ടും ഡച്ച് വരുതിയിലാക്കാനുള്ള ശ്രമത്തിനെതിരെ ദേശീയപ്രസ്ഥാനം ശക്തമായ നിലപാടെടുത്തു. ഇത് ഡച്ച് സൈന്യവും ഇന്തോനേഷ്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലെത്തുകയും ഈ ഏറ്റുമുട്ടലില്‍ സുഹാര്‍തോവിന് വലിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. 1946 മെയ് 17ന് നടന്ന വലിയ ഒരു ഡച്ച് മുന്നേറ്റത്തെ തടയാന്‍ സുഹാര്‍തോവിന് കഴിഞ്ഞു; ഇത് വഴി സ്വന്തം സൈന്യാധിപനായ സുനാര്‍തോ കുസുമോദിര്‍ജോവിന്റെ പ്രീതി നേടിയെടുത്തു. സുനാര്‍തോ അയാളെ ദേശീയസൈ നികഘടനയുടെ രൂപരേഖകള്‍ എഴുതിയുണ്ടാക്കാന്‍ ചുമതലപ്പെടുത്തി. അവസരങ്ങള്‍ മുതലെടുക്കാനുള്ള സുഹാര്‍തോവിന്റെ ശ്രമങ്ങള്‍തുടര്‍ന്നു. ഈ ഘട്ടത്തില്‍ അവീന്‍ കള്ളക്കടത്തുകാരുമായി സുഹാര്‍തോ ബന്ധപ്പെട്ടിരുന്നതായി ചില വിവരണങ്ങള്‍ പറയുന്നുണ്ട്.

1947-ല്‍ ഇന്തോനേഷ്യ പിടിച്ചടക്കുന്നതിന് ഡച്ചുകാര്‍ വീണ്ടും ശ്രമിച്ചു.1948-ല്‍ ഇന്തോനേഷ്യന്‍ സൈന്യം സമ്പൂര്‍ണമായി പരാജയപ്പെടുകയും ദേശീയ നേതാക്കളായ സുകാര്‍ണോവും ഹത്തയും മറ്റും ഡച്ചുകാരുടെ തടവിലാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന ഗറില്ലായുദ്ധമുറകള്‍ ഒരളവോളം ഇന്തോനേഷ്യന്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന് സഹായകമായി. ദേശീയ നേതൃത്വത്തിന്റെ നിര്‍ണായകമായ പിന്തുണയില്ലാതെ ഗറില്ലാ സമരം നടക്കുകയില്ലായിരുന്നു. ഇത് ജനങ്ങളില്‍ ഡച്ച് വിരുദ്ധപ്രതിരോധത്തിനുള്ള ആവേശം സൃഷ്ടിച്ചു. ഓരോ നടപടിയും തന്റെ യശസ്സുയര്‍ത്തുവാനുള്ള ഉപാധിയാക്കുന്നതില്‍ സുഹാര്‍തോ വിജയിച്ചു. ഐക്യരാഷ്ട്രസഭ ഇടപെട്ടതിനെ തുടര്‍ന്ന് ഡച്ചുകാര്‍ സംഭാഷണത്തിന് സന്നദ്ധമാവുകയും സംഭാഷണങ്ങല്‍ ആരംഭിക്കുകയും ചെയ്തതോടെ സുഹാര്‍തോ സമാധാനസംഭാഷണങ്ങളില്‍ താല്പര്യമെടുക്കാന്‍ തുടങ്ങി. പക്ഷേ, സുഹാര്‍തോവിന്റെ മനസ്സിലിരിപ്പനുസരിച്ചുള്ള തീരുമാനമല്ല സമാധാന സംഭാഷണത്തിന്റെ ഫലമായുണ്ടായത്.

സ്വതന്ത്ര ഇന്തോനേഷ്യ

ഏതായാലും 1950-മുതല്‍ സുക്കാര്‍ണോവിന്റെ കീഴില്‍ സേവനം നടത്താന്‍ സുഹാര്‍തോ തീരുമാനിച്ചു. സുകാര്‍ണോവിന്റെ ഭരണത്തെ എല്ലാ ഇന്തോനേഷ്യന്‍ ജനവിഭാഗങ്ങളും അംഗീകരിച്ചിരുന്നില്ല. വിവിധ ദേശീയതകളും ജനവിഭാഗങ്ങളും ഇടകലര്‍ന്ന ഇന്തോനേഷ്യയില്‍ ഏതെങ്കിലുമൊരു ദേശീയവിഭാഗത്തില്‍പെട്ട ഒരു നേതാവിന് അംഗീകാരം ലഭിക്കുക എളുപ്പമല്ല. അനേകം കലാപങ്ങളുണ്ടായി. കേണല്‍ ആണ്ടി അസീസ് എന്ന സൈനികന്റെ നേതൃത്വത്തില്‍ നടന്ന കലാപം വളരെ ശക്തമായിരുന്നു. ഈ കലാപം അടിച്ചമര്‍ത്തുന്നതിന് നിയോഗിക്കപെട്ട സുഹാര്‍തോ പിന്നീട് തന്റെ വിശ്വസ്താനുയായിയായി മാറിയ ബി ജെ ഹബീബിയുമായി പരിചയപ്പെട്ടു. ഹബീബി സുഹാര്‍തോവിന്റെ കീഴില്‍ വൈസ് പ്രസിഡന്റും സുഹാര്‍തോവിന്റെ പതനത്തിന് ശേഷം പ്രസിഡന്റുമായിരുന്നിട്ടുണ്ട്. മറ്റുകലാപങ്ങളെ നേരിടാനും സുഹാര്‍തോ നിയോഗിക്കപ്പെട്ടു. 1954നും 1959നും ഇടയില്‍ ബ്രിഗേഡിയര്‍ ജനറല്‍ സുഹാര്‍തോ രാജ്യത്തെ ഏറ്റവും പ്രധാനസൈനികവിഭാഗമായ ദീപോനിഗേറോ കമാന്‍ഡിന്റെ തലവനായി പ്രവര്‍ത്തിച്ചു. മധ്യജാവ, യോഗ്യകര്‍ത്താ പ്രവിശ്യകളുടെ ചുമതലയാണ് ഈ സൈനികവിഭാഗത്തിനുണ്ടായിരുന്നത്. ഈ കാലത്ത് അയാള്‍ മധ്യജാവയിലെ പ്രമുഖ വാണിജ്യകുടുംബങ്ങളായ ലീം സിയോ ലിയോങ്ങ്, ബോവ് ഹസന്‍ തുടങ്ങിയവയുമായി പരിചയം നേടുകയും അനവധി വാണിജ്യസംരംഭങ്ങളില്‍ പങ്കാളിയാവുകയും ചെയ്തു. 1959ല്‍ സുഹാര്‍തോവിന്റെ പേരില്‍ കള്ളക്കടത്തു കുറ്റം ആരോപിക്കപ്പെട്ടു. എന്നാല്‍ ജനറല്‍ സുബ്രതോ എന്ന സര്‍വ സൈന്യാധിപന്‍ സുഹാര്‍തോവിന്റെ രക്ഷയ്ക്കെത്തി. അയാളെ പട്ടാളക്കോടതിയുടെ വിചാരണയ്ക്ക് വിധേയമാക്കുന്നതിന് പകരം പടിഞ്ഞാറന്‍ ജാവയിലെ ബാന്ദൂങ്ങിലുള്ള സൈനികവിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് സ്ഥലം മാറ്റി. എല്ലാ ഏകാധിപതികളെയും പോലെ അയാളും കുറ്റകൃത്യങ്ങളിലേര്‍പ്പെടുകയും ശിക്ഷകളില്‍നിന്ന് രക്ഷപ്പെടുകയുമായിരുന്നു.

1962-ല്‍ ഇയാള്‍ക്ക് മേജര്‍ ജനറലായി സ്ഥാനക്കയറ്റം കിട്ടി. തുടര്‍ന്ന് അയാള്‍ സുപ്രധാനമായ മാന്റലാ കമാന്‍ഡിന്റെ അധിപതിയായി. എല്ലാ സൈനിക വിഭാഗങ്ങളുടെയും സംയുക്തമായ ആസ്ഥാനമായിരുന്നു ഇയാളുടെ വരുതിയിലായത്. ഈ അധികാരത്തോടെ നെതര്‍ലാന്റിന്റെ കൈവശമായിരുന്ന നെതര്‍ലാന്റ്സ് ന്യൂഗിനിയയിലേക്ക് (പാപ്പുവാപ്രദേശം) ഈ സൈനികവിഭാഗം ആക്രമണം സംഘടിപ്പിച്ചു. ഈ പ്രദേശം സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സ്വന്തമായ പതാക പറപ്പിക്കുകയും ചെയ്തതിനുള്ള ശിക്ഷയായിരുന്നു ഇത്. ഇതിന് അമേരിക്കന്‍ സഹായവും ലഭിച്ചു. ഇന്തോനേഷ്യ സോവിയറ്റ് പാളയത്തിലേക്ക് പോവാതിരിക്കുന്നതിനുള്ള മുന്‍ കരുതലെന്ന നിലയിലാണ് അമേരിക്ക ഇന്തോനേഷ്യയെ സഹായിച്ചത്. അമേരിക്കയുടെ നയതന്ത്ര ഇടപെടലുകളുടെ ഫലമായി നെതര്‍ലാന്റ്സ് ന്യൂ ഗിനിയ ഇന്തോനേഷ്യയുമായി ചേര്‍ക്കപെട്ടു. ഈ വിജയത്തോടെ സുഹാര്‍തോ മര്‍മപ്രധാനമായ കോസ്‌ട്രാഡിന്റെ തലവനായി നിയമിതനായി. ജക്കാര്‍ത്ത ആസ്ഥാനമായ ഒരു സൈനികവിഭാഗമായിരുന്നു ഇത്.

സൈന്യത്തിലെ വിള്ളലുകള്‍

ഇതിനിടയില്‍ ഇന്തോനേഷ്യന്‍ സൈന്യത്തില്‍ വിള്ളലുകളുണ്ടായി. സൈന്യം ഇടതുപക്ഷമായും വലതുപക്ഷമായും വേര്‍പിരിഞ്ഞു. സ്വാഭാവികമായും സുഹാര്‍തോ വലതുപക്ഷ ക്യാമ്പിലായിരുന്നു.രാജ്യം കമ്യൂണിസ്‌റ്റുകാരുടെ വരുതിയിലാവുന്നുവെന്ന ആരോപണം വ്യാപകമായി വരികയായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ കാരണം, ദൃഢമായ തീരുമാനങ്ങളെടുക്കാന്‍ സുകാര്‍ണോ പ്രേരിതനായി . മാത്രമല്ല, ഇതിനിടയില്‍ പാശ്ചാത്യ നയതന്ത്രജ്ഞരും മാധ്യമങ്ങളും സുകാര്‍ണോവിനെ ഏകാധിപതിയായി വിശേഷിപ്പിക്കാന്‍ തുടങ്ങിയിരുന്നു. 1962 ജൂലായില്‍ ഇന്തോനേഷ്യന്‍ പാര്‍ലമെന്റായ മജലിസീ രഖ്യാഥ് സുകാര്‍ണോവിനെ ആജീവനാന്ത പ്രസിഡന്റായി പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പിന്തുണയോടെ ഇന്തോനേഷ്യന്‍ താല്പര്യങ്ങള്‍ക്കെതിരായ മലേഷ്യന്‍ ഫെഡറേഷനുണ്ടാക്കാനുള്ള നീക്കത്തെ സുക്കാര്‍ണോ പ്രതിരോധിച്ചു. അമേരിക്കയുള്‍പ്പെടെ പാശ്ചാത്യശക്തികള്‍ തന്റെ പരിഷ്കാര നടപടികള്‍ക്കെതിരായി നീങ്ങുകയാണെന്ന് മനസ്സിലാക്കിയ സുകാര്‍ണോ സ്വാഭാവികമായും ഇടതുപക്ഷ വിഭാഗങ്ങളുടെ പിന്തുണനേടുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. പഞ്ചശീലങ്ങളിലെ സാമൂഹിക നീതി നടപ്പാക്കുന്നതിനുള്ള ചിലനടപടികള്‍ കൈക്കൊള്ളാന്‍ തുടങ്ങി. ഇത് കമ്യൂണിസ്‌റ്റ് പക്ഷപാതമായി ആരോപിക്കപ്പെട്ടു. സാമാന്യം വലിയ ഒരു കമ്യൂണിസ്‌റ്റ് പാര്‍ടിയാണ് ഇന്തോനേഷ്യയിലുണ്ടായിരുന്നത്. ഈ ഘട്ടത്തിലാണ് 1965 സപ്തംബര്‍ 30ന് ആറ് വലതുപക്ഷ സൈനികര്‍ വധിക്കപ്പെട്ടത്. കിഴക്കന്‍ ജക്കാര്‍ത്തയിലെ ലുബാങ് ബുവായ എന്ന പ്രദേശത്താണ് ഈ കൊല നടന്നത്. ഇത് കമ്യൂണിസ്‌റ്റ് ഗൂഢാലോചനയുടെ ഫലമാണെന്നും കമ്യൂണിസ്‌റ്റുകാരെ വെച്ചുപൊറുപ്പിക്കരുതെന്നും ആക്രോശിക്കപ്പെട്ടു.

മനുഷ്യക്കുരുതി

പിന്നീട് സുഹാര്‍തോവിന്റെ ഊഴമായിരുന്നു. അയാള്‍ സൈനികരെ കമ്യൂണിസ്‌റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും എതിരെ വേട്ട നായ്ക്കളെപ്പോലെ അഴിച്ചു വിട്ടു. കമ്യൂണിസ്‌റ്റുകാരെ കൊല്ലാന്‍ തയാറുള്ള എല്ലാ സംഘങ്ങള്‍ക്കും എല്ലാ വിധപ്രോത്സാഹനങ്ങളും സൈന്യത്തിന്റെ ഭാഗത്തുനിന്ന് കിട്ടി. സുമാത്ര, ബാലി, കിഴക്കന്‍ ജാവ എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് കൂട്ടക്കൊലനടന്നത്. കമ്യൂണിസ്‌റ്റുകളെ കശാപ്പ് ചെയ്യാന്‍ മുസ്ലീങ്ങളോടാഹ്വാനം ചെയ്തു. ബാലിയിലെ ഹിന്ദുക്കളെയും അയാള്‍ ആക്രമണോത്സുകരാക്കി. 1966 ആയപ്പോഴേക്ക് അഞ്ച് ലക്ഷം ഇന്തോനേഷ്യക്കാര്‍ കൊലയ്ക്കിരയായെന്ന് കണക്കാക്കപ്പെടുന്നു. അമേരിക്കന്‍ ചാരസംഘടനയും ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്‌റ്റ് വിരുദ്ധപ്രവര്‍ത്തനങ്ങളുടെ ആസൂത്രകരുമായ സി ഐ എ പറയുന്നത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ഹീനമായ മനുഷ്യക്കശാപ്പുകളിലൊന്നാണിതെന്നാണ്. 1990-ല്‍ അമേരിക്കന്‍ നയതന്ത്രജ്ഞര്‍ ഇത്രകൂടി പ്രഖ്യാപിച്ചു, തങ്ങള്‍ അയ്യായിരത്തിലധികം കമ്യൂണിസ്‌റ്റ് പാര്‍ടിപ്രവര്‍ത്തകരുടെ പട്ടിക കമ്യൂണിസ്‌റ്റ് വിരുദ്ധ കലാപകാരികള്‍ക്ക് നല്കിയിരുന്നു. ജക്കാര്‍ത്തയിലെ അമേരിക്കന്‍ എംബസ്സിയില്‍ ഉദ്യോഗസ്ഥനായിരുന്ന റോബര്‍ട് മാര്‍ടിനാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.

അമേരിക്ക തന്നെയായിരുന്നു ഈ ആക്രമണങ്ങള്‍ക്ക് പിറകിലും. 1965ല്‍ അമേരിക്കന്‍ സ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗത്തിലെ ഇന്തോനേഷ്യന്‍ വിഭാഗത്തിന്റെ തലവനായിരുന്ന ഹോവാഡ് ഫെണ്ടെസ്പിയല്‍ പറയുന്നതാണിത്. 'കശാപ്പ് ചെയ്യപ്പെടുന്നത് കമ്യൂണിസ്റ്റുകാരായിരിക്കുവോളം ആരും ഒന്നും ശ്രദ്ധിച്ചില്ല. ആര്‍ക്കും ഒരു വേവലാതിയുമുണ്ടായിരുന്നില്ല.'

സുഹാര്‍തോവാണിത് സംഘടിപ്പിച്ചുകൊടുത്തതെന്ന് വിശ്വസിക്കാനൊരുപാട് കാരണങ്ങളുണ്ടെന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം അമേരിക്കന്‍ നേതാക്കള്‍തന്നെ പറയുന്നു. ഏതായാലും തന്റെ നിലയുറപ്പിക്കുന്നതിനുവേണ്ടി ഈ അവസരം അയാള്‍ പൂര്‍ണമായി ഉപയോഗിച്ചു. 1966 മാര്‍ച്ച് 11-ന് അയാള്‍ നിയമസമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്വം തന്നെ ഏല്പിച്ചുകൊണ്ടുള്ള ഉത്തരവ് കൈക്കലാക്കുന്നു. ഈ ഉത്തരവാദിത്തം ലഭിച്ചതോടെ അയാള്‍ കമ്യൂണിസ്‌റ്റ് പാര്‍ടിക്ക് നിരോധനമേര്‍പ്പെടുത്തി. സുകാര്‍ണോവിനോട് വിശ്വസ്തത പുലര്‍ത്തിയിരുന്ന അനേകം ഉദ്യോഗസ്ഥരെ തടവിലാക്കി. കമ്യൂണിസ്‌റ്റനുഭാവം ആരോപിച്ചായിരുന്നു അറസ്‌റ്റ്. ഇതുവഴി സുകാര്‍ണോവിന്റെ അധികാരങ്ങള്‍ കുറച്ചുകൊണ്ടുവരികയായിരുന്നു സുഹാര്‍തോവിന്റെ ലക്ഷ്യം.

കമ്യൂണിസ്റ്റ് പാര്‍ടിക്കെതിരായ നടപടിയെന്ന പേരില്‍ 1965 - 66 ല്‍ ഇന്തോനേഷ്യയില്‍ നടന്നത്. നിരായുധരും നിസ്സഹായരുമായ ജനങ്ങള്‍ക്കെതിരായ ആകസ്മികമായ കടന്നാക്രമണമായിരുന്നു. സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ അഞ്ചുലക്ഷത്തിലധികം പേരാണ് കൊലചെയ്യപ്പെട്ടത്. ജനങ്ങള്‍ക്ക് സ്വാഭാവികമായ രീതിയില്‍പോലും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. പോള്‍പോട്ടിന്റെ കശാപ്പുകളോ, ഫ്രഞ്ച് ഹ്യൂഗുനോട്ടുകള്‍ ( ഫ്രാന്‍സിലെ പ്രൊട്ടസ്‌റ്റന്റ് ക്രൈസ്തവവിഭാഗക്കാര്‍)ക്കെതിരെ പതിനാറാം നൂറ്റാണ്ടില്‍ നടന്ന കുരുതികളോ ഏതാണ് ഇത്രയും ക്രൂരമായിരുന്നത് എന്നന്വേഷിക്കാന്‍ പോലും കഴിയാത്തവണ്ണം ഹീനമായിരുന്നു അത്. ഹിറ്റ്ലറോ മുസ്സോളിനിയോ സുഹാര്‍തോവോ ആരാണ് കേമന്‍ എന്നേ അന്വേഷിക്കേണ്ടതുള്ളൂ. കമ്യൂണിസ്‌റ്റ് പാര്‍ടിക്കെതിരായ നടപടി പിന്നീട് ചീനക്കാര്‍ക്കും കിഴക്കന്‍തിമോറിലെ ക്രിസ്ത്യാനികള്‍ക്കും ബാലിയിലെ ഹിന്ദുക്കള്‍ക്കും എല്ലാം എതിരായി സുഹാര്‍തോ പ്രയോഗിച്ചു. കൊല്ലാന്‍ തയാറുള്ള എല്ലാവരെയും പ്രോത്സാഹിപ്പിച്ചുവെന്നതാണ് സുഹാര്‍തോവിന്റെ സവിശേഷത. മനുഷ്യക്കുരുതികള്‍ പരിശീലനം സിദ്ധിച്ച കൊലയാളികള്‍ നടത്തിയതായിരിക്കാനേ നിര്‍വാഹമുള്ളൂ.

കുരുതിക്ക് ശേഷം

പിന്നീട് നടന്നതെല്ലാം ചരിത്രത്തിന്റെ ഭാഗമാണ്. 1967 മാര്‍ച്ച്- 12ന് സുകാര്‍ണോവിന്റെ പ്രസിഡന്റ് പദവി എടുത്തുകളഞ്ഞു. 1970-ല്‍ അറുപത്തി ഒമ്പതാമത്തെ വയസ്സില്‍ മരിക്കുന്നതുവരെ സുകാര്‍ണോ വീട്ടുതടങ്കലിലായിരുന്നു.

1969-ല്‍ സുഹാര്‍തോ ഔപചാരികമായി പ്രസിഡന്റ് പദവി ഏറ്റെടുത്തു. 1998 വരെ ഏഴ് തവണ അയാള്‍ പ്രസിഡന്റ് പദവിയില്‍ സ്വയം അവരോധിച്ചു. ഓരോ ദിവസവും അയാള്‍ ജനകീയാവകാശങ്ങള്‍ കവര്‍ന്നെടുത്തുകൊണ്ടുള്ള പുതിയ ഉത്തരവുകളുമായി രംഗത്തു വന്നു. 1970-ല്‍ വിദ്യാര്‍ഥി പ്രസ്ഥാനം നിരോധിക്കപ്പെട്ടു.1971 മുതല്‍ ഇന്തോനേഷ്യയിലെ രാഷ്ട്രീയപാര്‍ടികളെ ചുരുക്കിക്കൊണ്ടുവരാനായി അയാളുടെ ശ്രമം. 1973 ആയപ്പോള്‍ തന്റെ ഗോക്കര്‍ പാര്‍ടി, യുനൈറ്റഡ് ഡവലപ്‌മെന്റ് പാര്‍ടി, ഇന്തോനേഷ്യന്‍ ഡെമോക്രാറ്റിക്ക് പാര്‍ടി എന്നീ മൂന്ന് പാര്‍ടികള്‍ക്ക് മാത്രമായി പ്രവര്‍ത്തനസ്വാതന്ത്ര്യം പരിമിതപ്പെടുത്തി. പാര്‍ലമെന്റംഗങ്ങളില്‍ 20 ശതമാനത്തെ സുഹാര്‍തോ നേരിട്ട് നിയമിക്കുന്ന നിയമമുണ്ടായി. 1975-ല്‍ കിഴക്കന്‍തിമോറില്‍ കൂട്ടക്കൊലനടത്തി. ഭരണം കടുത്ത അഴിമതിയുടെ കൂത്തരങ്ങായി മാറി.

എന്താണ് സുഹാര്‍തോവിന്റെ നേട്ടം? അയാള്‍ പാശ്ചാത്യശക്തികളുടെ പരോക്ഷമായ അടിമത്തം സ്വീകരിച്ചു; ചീനയുമായും സോഷ്യലിസ്‌റ്റ് ശക്തികളുമായുമുള്ള എല്ലാ ബന്ധങ്ങളും വിഛേദിച്ചു. തന്റെ വിദേശകാര്യമന്ത്രിയായ ആദം മാലിക്കിനെ അയാള്‍ അമേരിക്കയിലേക്കും, ഐക്യരാഷ്ട്രസഭയിലേക്കും, മലേഷ്യയിലേക്കും പറഞ്ഞയച്ചുകൊണ്ടിരുന്നു, സോഷ്യലിസ്‌റ്റ് ലോകവുമായി ബന്ധം മുറിച്ചതിന് പ്രതിഫലം ചോദിക്കാനും, ആസിയാന്‍ എന്ന സൈനികസഖ്യമുണ്ടാക്കാനും. ശരാശരിയില്‍ കവിഞ്ഞ കഴിവുകളുള്ള ആദം മാലിക്ക് മനസ്സോടെയാവുമോ ഈ കാര്യങ്ങള്‍ചെയ്തിരിക്കുകയെന്നറിയില്ല.

പതനം

1990കളില്‍ പ്രതിഷേധം വീണ്ടും ഉയരാന്‍തുടങ്ങി. 1991-ല്‍ 271 നിരായുധരായ കിഴക്കന്‍തിമൂറുകാരെ പട്ടാളം അകാരണമായി വെടിവെച്ചുകൊന്നത് ലോകവ്യാപകമായ പ്രതിഷേധത്തിനിടയാക്കി. 1998-ല്‍ കലാപങ്ങല്‍ ആളിപ്പടര്‍ന്നു. 1999-ല്‍ പത്രങ്ങള്‍ സുഹാര്‍തോ കുടുംബത്തിന്റെ സ്വത്ത് 1500 കോടി ഡോളറാണെന്ന വര്‍ത്തമാനം ലോകത്തോട് പറഞ്ഞു. രണ്ടായിരാമാണ്ടില്‍ സുഹാര്‍തോ അഴിമതിക്കുറ്റത്തിന് വീട്ടുതടങ്ങലിലായി. പക്ഷേ, അയാളെ വിചാരണചെയ്യാനായില്ല. അയാളുടെ രക്ഷയ്ക്ക് ഡോക്ടര്‍മാരെത്തി. അയാള്‍ മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുകയാണെന്നും വിചാരണ അസാധ്യമാണെന്നും അവര്‍ വിധിയെഴുതി. ചിലിയന്‍ ഏകാധിപതി പിനോച്ചെയും ഇങ്ങനെയാണ് വിചാരണയില്‍നിന്ന് രക്ഷപ്പെട്ടതെന്നോര്‍ക്കുക. രണ്ടായിരാമാണ്ട് മുതല്‍ സുഹാര്‍തോ എന്ന ഏകാധിപതിയുടെ താഴ്ചയുടെ വര്‍ഷങ്ങളായിരുന്നു. അയാളുടെ കുടുംബാംഗങ്ങളോരോരുത്തരായി അഴിമതിക്കും കവര്‍ച്ചയ്ക്കും തടവിലായി. ഒടുവില്‍ 2008 ജനുവരി 27ന് അയാള്‍ മരണത്തിന് കീഴടങ്ങി. എല്ലാ ഏകാധിപതികളെയുംപോലെ അയാളും ഏറ്റവും അവഹേളിതനായാണ് മരിച്ചത്. അമേരിക്കയൊഴികെ അധികരാജ്യങ്ങളൊന്നും അയാളുടെ ചരമത്തില്‍ ദുഃഖം പ്രകടിപ്പിച്ചില്ല.

ലൂയി പതിനാലാമനെപ്പറ്റി പറയാറുണ്ട്, അയാള്‍ ആരും കണ്ണീര്‍തൂവാനില്ലാതെ, വിലാപഗാനങ്ങളാലപിക്കാനില്ലാതെ മരണമടഞ്ഞുവെന്ന്, അയാളുടെ മരണത്തില്‍ ആഹ്ലാദിച്ച് ജനങ്ങള്‍ തവെര്‍ണകളില്‍ (മദ്യശാല) പോയി കുടിച്ചുകൂത്താടിയെന്ന്. അതാണിവിടെയും സംഭവിക്കുന്നത്. നാം കൂടുതല്‍ പരിഷ്കൃതരായതിനാല്‍ അത് ചെയ്യുന്നില്ലെന്ന് മാത്രം.

-സി.പി.അബൂബക്കര്‍, കടപ്പാട്: ദേശാഭിമാനി വാരിക