റെയില്‍വെ കേരളത്തില്‍ എത്തിയിട്ട് ഒന്നേകാല്‍ നൂറ്റാണ്ടിലേറെ കഴിഞ്ഞെങ്കിലും റെയില്‍വെയുമായി ബന്ധപ്പെട്ട ഒരു വ്യവസായശാലയും ഇവിടെ തുടങ്ങിയിട്ടില്ല എന്നത് ഏറ്റവും വലിയ അവഗണനയായി നില്‍ക്കുകയായിരുന്നു. കഴിഞ്ഞ കാല് നൂറ്റാണ്ടിനിടയില്‍ കേരളത്തിലും റെയില്‍വെ രംഗത്ത് വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. ഉത്തരേന്ത്യയിലേക്ക് കേരളത്തില്‍നിന്നുള്ള ദൂരം ഗണ്യമായി കുറച്ച് കൊങ്കണ്‍ റെയില്‍വെ, ഷൊര്‍ണൂര്‍ - മംഗലാപുരം പാത ഇരട്ടിപ്പിക്കല്‍ തുടങ്ങി റെയില്‍വെ വികസനത്തില്‍ അടിസ്ഥാനപരമായ മുന്നേറ്റം കുറിച്ച നടപടികളുണ്ടായത് കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലാണ്. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ കേന്ദ്രത്തില്‍ കോണ്‍ഗ്രസിതര ഗവണ്മെന്റ് നിലവിലിരുന്നപ്പോഴാണ് മേല്‍പ്പറഞ്ഞ രണ്ടു നേട്ടവും കേരളത്തിന് കൈവന്നത്. ആ ഘട്ടത്തിലും റെയില്‍വെയുമായി ബന്ധപ്പെട്ട പ്രധാനമായ ഒരു നിര്‍മാണശാല ഇവിടെ ലഭ്യമാക്കുക എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞില്ല. 1984 ല്‍ പാലക്കാട്ട് റെയില്‍വെ കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നതാണ്. എന്നാല്‍, അത് വീണ്‍വാക്കാണെന്ന് തെളിയിച്ചുകൊണ്ട്, പാലക്കാട്ട് സ്ഥാപിക്കുമെന്ന് പറഞ്ഞ പദ്ധതി പഞ്ചാബിലേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. അന്ന് കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസ് തന്നെയായിരുന്നു ഭരണത്തില്‍.
ഇപ്പോള്‍, ഒന്നരനൂറ്റാണ്ടത്തെ റെയില്‍വെ ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ പ്രധാനപ്പെട്ട ഒരു നിര്‍മാണശാല, കോച്ച് ഫാക്ടറി സ്ഥാപിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നു. റെയില്‍വെ മന്ത്രി ലാലുപ്രസാദ് യാദവ് ഇക്കാര്യത്തില്‍ പ്രകടിപ്പിച്ച അനുഭാവത്തെ കേരളീയര്‍ നിറഞ്ഞ കൃതജ്ഞതയോടെ ഓര്‍ക്കും. ലോകസഭയിലെ കേരളത്തില്‍ നിന്നുള്ള ഇരുപതില്‍ പത്തൊമ്പതുപേരും കേരളം ഭരിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രതിനിധികളാണെന്നതും അവരുള്‍പ്പെട്ട ഇടതുപക്ഷത്തിന്റെ പിന്തുണയാണ് കേന്ദ്രമന്ത്രിസഭയുടെ നിലനില്പ്പില് നിര്‍ണായകമെന്നതും സ്മരണീയമാണ്.
സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ടത് നല്‍കുക എന്ന ഫെഡറല്‍ തത്വവും സന്തുലിത വികസനം എന്ന നീതിബോധവും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഗവണ്‍മെന്റോ എന്‍ഡിഎ ഗവണ്മെന്റോ പ്രകടിപ്പിക്കുന്ന പതിവില്ല. അതുകൊണ്ട് പലവിധേനയുള്ള സമ്മര്‍ദങ്ങള്‍, പ്രക്ഷോഭസമാനമായ സമ്മര്‍ദംതന്നെ നടത്താന്‍ കേരളം നിര്‍ബന്ധിതമാണ്. അത്തരത്തില്‍ നാനാ പ്രകാരേണയുള്ള ശ്രമങ്ങളുടെ, സമ്മര്‍ദങ്ങളുടെ ഫലമായാണ് ഇത്തവണത്തെ റെയില്‍വെ ബജറ്റില്‍ നമുക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. സേലം റെയില്‍വെ ഡിവിഷന് രൂപീകരിക്കുന്നതിന്റെ ഭാഗമായി പാലക്കാട് റെയില്‍വെ ഡിവിഷന് അശാസ്ത്രീയമായി വെട്ടിമുറിക്കപ്പെട്ടു. ദക്ഷിണ റെയില്‍വെയിലെ ഏറ്റവും പഴക്കം ചെന്ന ഡിവിഷനായ പാലക്കാടിനെ അപ്രസക്തമാക്കാനുള്ള നീക്കത്തിനെതിരെ അതിശക്തമായ പ്രതിഷേധമാണ് സംസ്ഥാന സര്‍ക്കാരും കേരളത്തില്‍നിന്നുള്ള എംപി മാരും ജനങ്ങളും നടത്തിയത്. പാര്‍ലമെന്റില്‍ പ്രക്ഷുബ്ധരംഗങ്ങള്‍ തന്നെയുണ്ടായി. പ്രധാനമന്ത്രിയെയും റെയില്‍മന്ത്രിയെയും ഞാന്‍ തന്നെ പല തവണ സന്ദര്‍ശിച്ച് കേരളത്തിന്റെ വികാരം അറിയിച്ചു. കേരളത്തിന്റെ ശക്തമായ പ്രതിഷേധത്തില്‍ അസഹിഷ്ണുത പ്രകടപ്പിച്ച് തികച്ചും സങ്കുചിതമായ നിലപാടിലേക്ക് തമിഴ്നാട്ടിലെ ഭരണകക്ഷിയുള്‍പ്പെടെ നീങ്ങി. ഓണക്കാലത്ത് കേരളത്തിലേക്കുള്ള തീവണ്ടി തടയുന്ന സ്ഥിതിവരെയുണ്ടായി. ആ ഘട്ടത്തില്‍ പ്രധാനമന്ത്രി എന്നെ ചര്‍ച്ചയ്ക്ക് വിളിക്കുകയും പ്രധാനമന്ത്രിയുമായും റെയില്വെമന്ത്രിയുമായും വിശദമായ ചര്‍ച്ച നടത്തുകയുമുണ്ടായി. കോച്ച് ഫാക്ടറി, കേരളത്തിന്റെ മറ്റ് റെയില്‍വെ വികസനാവശ്യങ്ങള്‍ എന്നിവ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും കേരളത്തിനായി ഒരു റെയില്‍വെ പാക്കേജ് നടപ്പാക്കുമെന്നും വാഗ്ദത്തമുണ്ടായി.
പാലക്കാട് ഡിവിഷന് വെട്ടിമുറിക്കുന്നതിന് നേരത്തെയുണ്ടാക്കിയ പ്ലാനില്‍ മാറ്റം വരുത്തുകയും പാലക്കാട് ഡിവിഷന് എഴുപത് കിലോമീറ്ററില്‍പ്പരം റെയില്‍ മുന്‍നിശ്ചയിച്ചതിനേക്കാള്‍ ലഭ്യമാക്കുകയുംചെയ്തു. അതേത്തുടര്‍ന്ന് മാത്രമാണ് സേലം ഡിവിഷന് ഔപചാരികമായി ഉദ്ഘാടനംചെയ്തത്. എന്നിട്ടും കേരളത്തിലെ റെയില്‍വെ വികസനകാര്യത്തില്‍ പ്രത്യക്ഷ നടപടി വൈകിയതിനെത്തുടര്‍ന്ന് പലതവണ പ്രധാനമന്ത്രിയെയും റെയില്വെമന്ത്രിയെയും കണ്ട് സമ്മര്‍ദംചെലുത്തി. തുടര്‍ന്ന് റെയില്‍വേ ബജറ്റ് അവതരണത്തിന് ആഴ്ചകള്‍ക്കു മുമ്പ് ഞാനും മന്ത്രിമാരും സംസ്ഥാനത്തെ എംപിമാരും ചേര്‍ന്ന് റെയില്‍വെ മന്ത്രിയെ കണ്ട് വിശദമായ നിവേദനം നല്കി; ചര്‍ച്ച നടത്തി.
ഫെബ്രുവരി 26 ന് അവതരിപ്പിച്ച റെയില്‍വെ ബജറ്റില്‍ അതിന്റെ ഫലമുണ്ടായിരിക്കുന്നു. തമിഴ്നാട്ടിലെ പെരമ്പൂരിലും പഞ്ചാബിലെ കപൂര്‍ത്തലയിലും ഉള്ളതുപോലെ ഒരു അത്യാധുനിക കോച്ച് നിര്‍മാണശാല കേരളത്തിന് അനുവദിക്കപ്പെട്ടിരിക്കുന്നു. അയ്യായിരത്തില്‍പ്പരം പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കുന്നതും ആയിരക്കണക്കിന് ആളുകള്‍ക്ക് അനുബന്ധമായി ജോലി ലഭിക്കുന്നതും നിരവധി അനുബന്ധ വ്യവസായ - വാണിജ്യസംരംഭങ്ങള്‍ക്ക് വഴി തെളിക്കുന്നതുമായ കോച്ച് നിര്‍മാണശാല പാലക്കാട്ടെ കഞ്ചിക്കോട്ട് സ്ഥാപിക്കപ്പെടുന്നു. ആറായിരം കോടിയോളം രൂപ റെയില്‍വെ നേരിട്ട് നിക്ഷേപിക്കുന്ന നിര്‍മാണശാല. അടുത്ത മൂന്നു വര്‍ഷത്തിനകംതന്നെ കോച്ച് ഫാക്ടറി പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകും. കഴിഞ്ഞ വര്‍ഷത്തെ റെയില്‍വെ ബജറ്റില്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ കോച്ച് നിര്‍മാണശാല സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതാണെങ്കിലും സ്ഥലം ലഭ്യമാകാത്തതിനാല്‍ ഇതേവരെ അവിടെ നിര്‍മാണപ്രവൃത്തി തുടങ്ങിയിട്ടില്ല. അതു മനസ്സിലാക്കി ബജറ്റ് അവതരണത്തിനു മുമ്പുതന്നെ കഞ്ചിക്കോട്ട് ആയിരം ഏക്കര്‍ ഭൂമി നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ റെയില്‍വെ മന്ത്രാലയത്തെ നേരിട്ട് അറിയിക്കുകയുണ്ടായി. ബജറ്റ് പ്രസംഗത്തില്‍ ലാലുപ്രസാദ് യാദവ് ഇക്കാര്യം നന്ദിപൂര്‍വം അനുസ്മരിക്കുകയുമുണ്ടായി. സാധാരണ റെയില്‍വെ കോച്ചുകള്‍ക്കു പുറമെ മെട്രോ വണ്ടികള്‍ക്ക് ആവശ്യമായ കോച്ചുകള്‍, വിദേശരാജ്യത്തില്നിന്നുള്ള ഓര്‍ഡറുകള്‍ അനുസരിച്ചുള്ള അത്യാധുനിക കോച്ചുകള്‍ എന്നിവ നിര്‍മിക്കുന്ന പ്രധാനപ്പെട്ട ഒരു കോച്ച് ഫാക്ടറിയാവും കഞ്ചിക്കോട്ടേത്.
ഇതോടൊപ്പം, ചേര്‍ത്തലയില്‍ ഓട്ടോകാസ്റ് ലിമിറ്റഡില്‍ ബോഗി നിര്‍മാണയൂണിറ്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനും നടപടികള്‍ ത്വരിതഗതിയില്‍ നീങ്ങുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ നിരന്തര ശ്രമഫലമായാണ് ഓട്ടോകാസ്റുമായി ചേര്‍ന്ന് സംയുക്തസംരംഭമായി ബോഗി നിര്‍മാണയൂണിറ്റ് തുടങ്ങാന്‍ റെയില്‍വെ തീരുമാനിച്ചത്. കഴിഞ്ഞ റെയില്‍വെ ബജറ്റില്‍ അതിനായി എണ്‍പത്തഞ്ച് കോടി രൂപ വകയിരുത്തുകയും ചെയ്തു. അതുമായി ബന്ധപ്പെട്ട ധാരണാപത്രം അടുത്തയാഴ്ച ദില്ലിയില്‍ ഒപ്പിടുകയാണ്. അതിനുള്ള ക്ഷണപത്രം രണ്ടു ദിവസം മുമ്പാണ് എനിക്ക് കിട്ടിയത്. കഞ്ചിക്കോട്ട് കോച്ച് ഫാക്ടറി വരുന്ന സാഹചര്യത്തില്‍ ഓട്ടോകാസ്റിലെ ബോഗിനിര്മാണയൂണിറ്റ് പ്രതീക്ഷിച്ചതിലും മേലെ വികസിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഇതുമാത്രമല്ല, നമ്മുടെ നിരന്തരശ്രമഫലമായി റെയില്‍വെ രംഗത്തുണ്ടായിട്ടുള്ള നേട്ടങ്ങള്‍. കോച്ച് ഫാക്ടറിക്കു പുറമെ 390 കോടി രൂപ കേരളത്തിലെ റെയില്‍വെ വികസനത്തിനായി നീക്കിവയ്ക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 283.97 കോടിയും അതിനുമുമ്പത്തെ വര്‍ഷം 147.73 കോടിയുമായിരുന്നു നീക്കിവച്ചത്.
നമ്മുടെ ദീര്‍ഘകാലാവശ്യമായ നാല് തീവണ്ടികള്‍ ഇത്തവണ അനുവദിക്കപ്പെട്ടു. തിരുവനന്തപുരത്തുനിന്നും നിസാമുദീനിലേക്കുള്ള രാജധാനി എക്സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസമെന്നതില്നിന്ന് മൂന്നു ദിവസമായി വര്‍ധിപ്പിച്ചതിനും ബാംഗ്ളൂര്‍ - കോയമ്പത്തൂര്‍ എക്സ്പ്രസ് എറണാകുളത്തേക്ക് നീട്ടിയതിനും പുറമെയാണിത്. തിരുവനന്തപുരത്തുള്ള കൊച്ചുവേളി സ്റേഷനിലെ ടെര്‍മിനലുകളുടെ എണ്ണം വന്‍തോതില്‍ വര്‍ധിപ്പിക്കുകയും അവിടെ വമ്പിച്ച വികസനം സാധ്യമാക്കുകയും ചെയ്യുമെന്ന് റെയില്‍വെമന്ത്രി കഴിഞ്ഞ വര്‍ഷം ഉറപ്പ് നല്‍കിയിരുന്നു. അതു പാലിക്കുന്നതിന്റെകൂടി സൂചനയായി, മൂന്ന് പുതിയ ട്രെയിനുകള്‍ അവിടെനിന്ന് ആരംഭിക്കുന്നത്. കൊച്ചുവേളിയില്‍ നിന്ന് ഡെറാഡൂണിലേക്കും അമൃത്സറിലേക്കും ബാംഗ്ളൂരിലേക്കുമാണ് പുതിയ വണ്ടികള്‍. ബാംഗ്ളൂരിലേക്ക് ആഴ്ചയില്‍ മൂന്നു ദിവസം ഗരീബ് രഥ് ആണ് ഓടുക. കഴിഞ്ഞ റെയില്‍ബജറ്റിലെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് അനുവദിച്ച ഗരീബ് രഥ് ഒരുമാസം മുമ്പാണ് സര്‍വീസ് തുടങ്ങിയത്. ഇത്തവണ ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്ക് ഒരു പാസഞ്ചര്‍കൂടി അനുവദിക്കപ്പെട്ടു. ഷൊര്‍ണൂര്‍- മംഗലാപുരം പാതയുടെ വൈദ്യുതീകരണത്തിന്റെ സാധ്യതാപഠനം, അങ്ങാടിപ്പുറം - കോഴിക്കോട്, കാഞ്ഞങ്ങാട് - പാണത്തൂര്‍ പാതകളുടെ സര്‍വെ, ഗേജ് മാറ്റം, പാത ഇരട്ടിപ്പിക്കല്‍ എന്നിവ ത്വരിതപ്പെടുത്താനുള്ള നിര്‍ദേശം എന്നിങ്ങനെ കേരളത്തെ സംബന്ധിച്ച് ഏറെ അനുകൂലമാണ് റെയില്‍വെ ബജറ്റ്.
എന്നാല്‍, ഇതുകൊണ്ട് എല്ലാമായില്ല. നമുക്ക് നിരവധി ആവശ്യങ്ങളുണ്ട്. അതെല്ലാം നാം നിരന്തരമായി ഉന്നയിച്ചുവരുന്നുമുണ്ട്. എല്ലാം ഒറ്റയടിക്ക് ഒരു വാര്‍ഷിക ബജറ്റിന്റെ ഭാഗമായി ലഭിക്കുമെന്ന് വ്യാമോഹമില്ല. കേരളത്തിന്റെ റെയില്‍വെ വികസനം സ്ഥായിയായി നടക്കണമെങ്കില്‍ നമ്മുടെ സംസ്ഥാനം കേന്ദ്രമായി ഒരു റെയില്‍വേ സോണ്‍ കൂടിയേ തീരൂ. വൈകാതെ ആ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അതിനുള്ള സമ്മര്‍ദം ശക്തമായി തുടരേണ്ടതുണ്ട്. കൊല്ലങ്കോട് - തൃശൂര്‍, നിലമ്പൂര്‍ - നഞ്ചന്‍കോട്, തലശേരി - മൈസൂര്‍ തുടങ്ങിയ പുതിയ റെയില്‍വെ ലൈനുകള്‍ ആരംഭിക്കുന്നത് ഉള്‍പ്പെടെയുള്ള നിരവധി ആവശ്യങ്ങള്‍ സംബന്ധിച്ച് ബജറ്റില്‍ പരാമര്‍ശമേയില്ല. സബര്‍ബന്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങിയ ആവശ്യങ്ങള്‍ വേറെയുമുണ്ട്. ഇതടക്കമുള്ള നമ്മുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍, റെയില്വെരംഗത്ത് കേരളത്തിന്റെ സമ്പൂര്‍ണ വികസനം ഉറപ്പാക്കാന്‍ ഇനിയും കൂട്ടായ പ്രവര്‍ത്തനം കാര്യക്ഷമമായി തുടരേണ്ടതുണ്ട്.
സ്വകാര്യവല്‍ക്കരണ ത്വര ഉള്‍പ്പെടെ അനാശാസ്യ പ്രവണതകള്‍ ഏറെയുണ്ടെങ്കിലും കേരളീയരുള്‍പ്പെടെ ഇന്ത്യന്‍ ജനതയ്ക്കാകെ ആശ്വാസം പകരുന്നതാണ് ഇത്തവണത്തെ റെയില്‍വെ ബജറ്റ്. യാത്രക്കൂലി കുറച്ചുകൊണ്ടും പോര്‍ട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടും റെയില്‍വെയെ അച്ചടക്കത്തോടെ, കാര്യക്ഷമതയോടെ നയിക്കാന്‍ കഴിയുന്നത് ആശ്വാസകരമാണ്. റെയില്‍വെയിലെ പതിനായിരക്കണക്കിന് ജീവനക്കാരുടെ അര്‍പ്പണബോധം കൊണ്ടാണ് ഈ നേട്ടം. ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമെന്ന നിലയില്‍ ഈ നേട്ടം ജനങ്ങള്‍ക്കാകെ അഭിമാനകരമാണ്. എന്നാല്‍, ഒന്നരലക്ഷത്തോളം ജീവനക്കാരുടെ ഒഴിവുകള്‍ നികത്താതെയും നിരവധി മേഖലകളില്‍ സ്വകാര്യവല്‍ക്കരണം കൊണ്ടുവന്നും അതിന്റെ അന്തഃസത്തയെ ക്ഷയിപ്പിക്കാനുള്ള നീക്കവും റെയില്‍വെ ബജറ്റിലുണ്ട്. ആപല്‍ക്കരമായ ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിക്കുകയും വേണം.
ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്യുതാനന്ദന്
1 comment:
കേരളത്തിന്റെ റെയില്‍വെ വികസനം സ്ഥായിയായി നടക്കണമെങ്കില്‍ നമ്മുടെ സംസ്ഥാനം കേന്ദ്രമായി ഒരു റെയില്‍വേ സോണ്‍ കൂടിയേ തീരൂ. വൈകാതെ ആ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അതിനുള്ള സമ്മര്‍ദം ശക്തമായി തുടരേണ്ടതുണ്ട്.
ഇക്കഴിഞ്ഞ ദിവസം ശ്രീ ലല്ലുപ്രസാദ് യാദവ് അവതരിപ്പിച്ച റെയില്‍വേ ബജറ്റിനെ അധികരിച്ച് ബഹു. കേരള മുഖ്യമന്ത്രി ശ്രീ വി എസ് അച്ചുതാനന്ദന് എഴുതിയ കുറിപ്പ് ചര്‍ച്ചകള്‍ക്കായി പ്രസിദ്ധീകരിക്കുന്നു.
Post a Comment