Tuesday, March 31, 2009

നിര്‍വികാരത ഭഞ്ജിച്ച നെടുവീര്‍പ്പ്

കടമ്മനിട്ട രാമകൃഷ്ണന്റെ കവിതാലാപനത്തിന്റെ ശക്തിയും തീവ്രതയും ആദ്യമായി ഞാനനുഭവിച്ചറിഞ്ഞത് അടിയന്തരാവസ്ഥയിലെ ആ ഇരുണ്ട നാളുകളിലൊന്നിലാണ്. കാലം 1976. ഞാനന്ന് കോഴിക്കോട് സര്‍വകലാശാലാ ക്യാമ്പസില്‍ ഒന്നാംവര്‍ഷ എംഎ വിദ്യാര്‍ഥി. അടിയന്തരാവസ്ഥയുടെ നിര്‍വികാരതയെയും നിശ്ശബ്ദതയെയും ഭേദിക്കാന്‍ ക്യാമ്പസില്‍ സര്‍ഗാത്മകമായി എന്തെങ്കിലു ചെയ്യണമെന്ന് മെന്‍സ് ഹോസ്റ്റലിന്റെ (ന്യൂബ്ളോക്ക്) ടെറസില്‍ ഒരു രാത്രി യോഗത്തില്‍ ഞങ്ങള്‍ ചില അന്തേവാസികള്‍ തീരുമാനിച്ചു. ഇംഗ്ളീഷ് വിഭാഗം ഗവേഷണവിദ്യാര്‍ഥികളായിരുന്ന ടി കെ രാമചന്ദ്രന്‍, പി പി രവീന്ദ്രന്‍, രാമചന്ദ്രന്‍ മൊകേരി, ഹിന്ദി ഗവേഷണവിദ്യാര്‍ഥി പി കെ വേണു, മലയാളവിഭാഗം എം എന്‍ കാരശ്ശേരി, അറബി വിഭാഗം മുഹമ്മദ്, പിന്നെ ഞാനും- ഇത്രയും പേര്‍ ചേര്‍ന്ന് 'നാട്ടുകൂട്ടം' എന്ന പേരില്‍ ഒരു അനൌപചാരിക സാംസ്കാരിക-സാഹിത്യസംഘടന രൂപീകരിച്ചു.

ഒരു 'കവിയരങ്ങ്' നടത്തി അന്നത്തെ ക്യാമ്പസ് സാംസ്‌ക്കാരിക നിശ്ചലതയില്‍ ചെറുതെങ്കിലും ഒരു ചലനം സൃഷ്‌ടിക്കുക എന്നതായിരുന്നു 'നാട്ടുകൂട്ട'ത്തിന്റെ എളിയ ലക്ഷ്യം. കടമ്മനിട്ട രാമകൃഷ്ണന്‍, ആറ്റൂര്‍ രവിവര്‍മ, കെ ജി ശങ്കരപ്പിള്ള, സച്ചിദാനന്ദന്‍, കക്കാട്, കുഞ്ഞുണ്ണിമാഷ് - എന്നീ കവികളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് പോസ്റ്റല്‍ ഓഡിറ്റ് ഓഫീസിലായിരുന്നു അന്ന് കടമ്മനിട്ട. ഞാനും രാമചന്ദ്രന്‍ മൊകേരിയും കൂടിയാണ് കടമ്മനിട്ടയെ ക്ഷണിക്കാന്‍ പോയത്.

തൃശൂരിലെ പി കെ എ റഹീമിന്റെ ബെസ്റ്റ് പ്രിന്റേഴ്‌സില്‍വച്ച് നേരത്തെ കടമ്മനിട്ടയെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട് - 1974ല്‍. തൃശൂരില്‍ നടന്ന 'കേരളകവിത'യുടെ പ്രകാശനച്ചടങ്ങില്‍ കടമ്മനിട്ട പങ്കെടുക്കാന്‍ വന്നപ്പോള്‍. അതിന്റെ ബലത്തില്‍ കോഴിക്കോട് പോസ്റ്റല്‍ ഓഡിറ്റ് ഓഫീസിലേക്ക് ഞാന്‍ കടന്നുചെന്നു. ചിരപരിചിതനെപ്പോലെ കടമ്മനിട്ട എന്നെ സ്വീകരിച്ചിരുത്തി. കുശലങ്ങള്‍ ചോദിച്ചു. 'കവിയരങ്ങി'ന് യൂണിവേഴ്‌സിറ്റിയില്‍ വരാമെന്നു സമ്മതിച്ചു.

1976 ഫെബ്രുവരിയിലെ ഒരു ഞായറാഴ്‌ച. അന്നായിരുന്നു യൂണിവേഴ്‌സിറ്റി ലൈബ്രറി ഹാളില്‍വച്ച് 'നാട്ടുകൂട്ട'ത്തിന്റെ ആഭിമുഖ്യത്തില്‍ കവിയരങ്ങ് നടന്നത്. വിദ്യാര്‍ഥികളും അധ്യാപകരും യൂണിവേഴ്‌സിറ്റി ജീവനക്കാരും തേഞ്ഞിപ്പലത്തെ സഹൃദയരായ നാട്ടുകാരും തിങ്ങിനിറഞ്ഞ വലിയ സദസ്സ്. യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ അത്തരമൊരു കവിസമ്മേളനം ആദ്യമായാണ് നടക്കുന്നത്. ആറ്റൂരും കെ ജി എസും കടമ്മനിട്ടയും സച്ചിദാനന്ദനും കോഴിക്കോട് സര്‍വകലാശാല ക്യാമ്പസില്‍ ആദ്യമായി കവിത വായിക്കുന്നതും അന്നാണ്. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന കവിതാവായനയും കാവ്യചര്‍ച്ചയും. ഇന്നത്തെപ്പോലെ കവികള്‍ക്കു ടിഎ / ഡിഎ ഒന്നുമില്ല. എല്ലാവരും സ്വന്തംചെലവില്‍ വന്നു. ആറ്റൂരും കെ ജി എസും തൃശൂരില്‍നിന്ന് പ്രൈവറ്റ് ബസില്‍ വന്നിറങ്ങി. കടമ്മനിട്ട കോഴിക്കോട്ടുനിന്ന്. കക്കാടും കുഞ്ഞുണ്ണിമാഷും അതേപോലെതന്നെ. മലപ്പുറത്തുനിന്ന് ബി രാജീവന്‍ സാവിത്രി രാജീവനുമൊന്നിച്ച് വന്നതായി ഓര്‍ക്കുന്നു. എം ഗംഗാധരന്‍ പരപ്പനങ്ങാടിയില്‍നിന്നും.

ആറ്റൂരാണ് 'കവിയരങ്ങി'ല്‍ ആദ്യം കവിത വായിച്ചത്. 'സംക്രമണ'വും 'പിറവി'യും ആണെന്നാണോര്‍മ. കെ ജി എസ് ഗൌളിവാലും നിശ്ശബ്‌ദതയും വായിച്ചു. കക്കാട് 'വഴിവെട്ടുന്നവരോട്' വായിച്ചു. തുടര്‍ന്നാണ് കടമ്മനിട്ട 'ശാന്ത' ചൊല്ലിയത്.

ശാന്തേ,
കുളി കഴിഞ്ഞീറന്‍ പകര്‍ന്ന്
വാര്‍കൂന്തല്‍ കോതി വകഞ്ഞു പുറകോട്ടു വാരിയിട്ട്
ആ വളക്കൈയുകള്‍ മെല്ലെയിളക്കി...

എന്നു തുടങ്ങി.

'വിസ്മയംപോലെ ലഭിക്കും നിമിഷത്തി-
നര്‍ഥം കൊടുത്തു പൊലിപ്പിച്ചെടുക്ക നാം'

എന്നവസാനിക്കുന്ന ആദ്യത്തെ പദ്യഖണ്ഡംതന്നെ സദസ്സിനെ അക്ഷരാര്‍ഥത്തില്‍ പിടിച്ചിരുത്തി. 'കാകളി' വൃത്തച്ഛായയില്‍ എഴുതപ്പെട്ട ആദ്യവരികളുടെ മാസ്‌മരികമായ ഈണത്തില്‍ സദസ്സ് മതിമറന്നിരിക്കുമ്പോഴാണ് തുടര്‍ന്നുള്ള പരുക്കന്‍ 'ഗദ്യവരി'കള്‍ കടമ്മനിട്ട ചൊല്ലിയത്.

'നീറിപ്പുകയുന്ന പച്ചവിറകുകള്‍ കത്തിക്കാൻ അടുപ്പിന്നരുകില്‍ മുട്ടുകുത്തിക്കിടന്നൂതിയൂതി' കണ്‍പോളകള്‍ വീര്‍ത്ത ശാന്തയുടെ യഥാര്‍ഥചിത്രം. സങ്കല്‍പ്പം ആവിഷ്‌ക്കരിക്കാന്‍ പദ്യവും യാഥാര്‍ഥ്യം ആവിഷ്‌ക്കരിക്കാന്‍ ഗദ്യവും എത്ര സമര്‍ഥമായാണ് കടമ്മനിട്ട 'ശാന്ത'യില്‍ പരീക്ഷിച്ചിരിക്കുന്നത് എന്ന് അന്നേ കാവ്യാസ്വാദകര്‍ തിരിച്ചറിഞ്ഞു. ഗദ്യ-പദ്യ മിശ്രണത്തിന്റേതായ സ്വാഭാവികതയാര്‍ന്ന ഒരു 'പരീക്ഷണം' മലയാളകവിതയില്‍ അത് ആദ്യമായിരുന്നു.

'ഒരു കറുത്ത തുണിപോലെ നിര്‍വികാരത ഈ ഗ്രാമത്തെ പൊതിഞ്ഞിരിക്കുന്നു' എന്ന വരികളില്‍ അന്നത്തെ ഇന്ത്യന്‍ അവസ്ഥയെ കേള്‍വിക്കാര്‍ തൊട്ടറിഞ്ഞു. 'ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ നിര്‍വികാരത ഭഞ്ജിക്കാന്‍' ചെറുപ്പക്കാര്‍ക്ക് ആ കവിത കരുത്തുപകര്‍ന്നു. മൌനത്തിന്റെ കരിന്തോടുപൊട്ടിച്ചു പുറത്തിറങ്ങാനും നിര്‍വികാരതയെ നിഷേധിക്കാനും ചിലര്‍ക്കെങ്കിലും 'ശാന്ത' പിന്നീട് പ്രചോദനമായിട്ടുണ്ടാകാം. അടിയന്തരാവസ്ഥാനന്തരം പ്രതിഷേധത്തിന്റെയും പ്രക്ഷോഭത്തിന്റേതുമായ പുതിയൊരു കാവ്യശാസ്‌ത്രം മലയാളത്തില്‍ രൂപപ്പെടാന്‍ തുടങ്ങി. അതിന് ഊര്‍ജം പകര്‍ന്ന കവിതകളുടെ കൂട്ടത്തില്‍ തീര്‍ച്ചയായും കടമ്മനിട്ടയുടെ 'ശാന്ത'യ്ക്ക് വലിയൊരു പങ്കുണ്ടെന്ന് ഞാന്‍ കരുതുന്നു.

1975ല്‍ എഴുതി പൂര്‍ത്തിയാക്കിയ 'ശാന്ത' തിരുവനന്തപുരത്തെയും കോഴിക്കോട്ടെയും സ്വകാര്യസദസ്സുകളിലും ലോഡ്‌ജുകളിലും ഗൃഹാങ്കണങ്ങളിലും കടമ്മനിട്ട പാടിപ്പൊലിപ്പിച്ചിട്ടുണ്ടാവാം, ഇതിനുമുമ്പ്. എന്നാല്‍, അടിയന്തരാവസ്ഥ വന്നതോടെ കേരളത്തില്‍ പൊതുവേദികളും പൊതുസദസ്സുകളും ചുരുങ്ങിവരികയായിരുന്നു. അത്തരമൊരു സാംസ്‌ക്കാരിക-രാഷ്‌ട്രീയ സന്ദര്‍ഭത്തിലാണ് ഞങ്ങള്‍ കോഴിക്കോട് സര്‍വകലാശാലയില്‍ സംഘടിപ്പിച്ച 'നാട്ടുകൂട്ടം' കവിയരങ്ങില്‍ 'ശാന്ത' ആലപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കാലത്ത് വലിയൊരു സദസ്സിനു മുന്നില്‍ 'ശാന്ത' ആദ്യമായി അവതരിപ്പിക്കപ്പെട്ടത് അന്നാണെന്നു തോന്നുന്നു. അതിനുശേഷമാണ് 1976 അവസാനം കവിത 'കലാകൌമുദി' വാരികയില്‍ അച്ചടിച്ചുവരുന്നത്. തുടര്‍ന്ന് 'ശാന്ത' മലയാളകവിതാസാഹിത്യചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. 'അറ്റുപോയ തലയ്ക്കു നേരെയിഴയുന്ന ജഡംപോലെ അസ്തമിക്കുന്ന സന്ധ്യ' എന്ന ഒറ്റവരി കാവ്യബിംബംമാത്രം മതി ഈ കവിതയെ അനശ്വരമാക്കാന്‍.

അടിയന്തരാവസ്ഥയില്‍ മലയാളത്തില്‍ എഴുതപ്പെട്ട ഏറ്റവും നല്ല കവിത, ഇന്നു തിരിഞ്ഞുനോക്കുമ്പോള്‍, 'ശാന്ത'തന്നെ തീര്‍ച്ചയായും. ആ ഇരുണ്ട നാളുകളോട് പ്രതിഷേധിക്കാന്‍ വൈലോപ്പിള്ളിയും കക്കാടും സച്ചിദാനന്ദനും അയ്യപ്പപ്പണിക്കരും പുനലൂര്‍ ബാലനും കവിതകളെഴുതിയിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷേ, ആ 'കാലത്ത് ' മാത്രം പ്രസക്തമായ കവിതകളാണവ. എന്നാല്‍, കടമ്മനിട്ടയുടെ 'ശാന്ത' അതിന്റെ അനുഭവാത്മകമായ യാഥാര്‍ഥ്യംകൊണ്ട് ഇന്നും പ്രസക്തമാണ്. ശക്തമാണ്. മറ്റുള്ളവര്‍ ആശയങ്ങള്‍കൊണ്ടാണ് ആ കാലത്തെ ആവിഷ്‌ക്കരിച്ചതെങ്കില്‍ കടമ്മനിട്ട അനുഭവങ്ങള്‍കൊണ്ടാണ് കാലത്തെ കവിതയില്‍ നേരിട്ടത്. നഗരത്തില്‍നിന്നു നാട്ടിലേക്കുവരുന്ന കവിയും കടമ്മനിട്ട എന്ന ഗ്രാമവും അവിടത്തെ വീടും ഭാര്യ ശാന്തയും കുട്ടികളും അടങ്ങുന്ന അനുഭവയാഥാര്‍ഥ്യമാണ് ആ കവിതയെ രൂപപ്പെടുത്തിയത്. ആഗോളീകരണത്തിന്റെ കാണാത്ത ചങ്ങലക്കണ്ണികള്‍ മലയാളിജീവിതത്തെ ഞെരിച്ചമര്‍ത്തുമ്പോള്‍ 'ശാന്ത'യിലെ വരികള്‍ ഓര്‍ത്തുപോകുന്നു - 'ഒരു നെടുവീര്‍പ്പെങ്കിലുമയച്ച് ഈ കാല്‍ച്ചങ്ങല നമുക്ക് പൊട്ടിക്കാം.'***
ഹിരണ്യൻ, കടപ്പാട് : ദേശാഭിമാനി


Monday, March 30, 2009

എന്തുകൊണ്ട് ഇടതുപക്ഷം? പ്രകാശ് കാരാട്ട് സംസാരിക്കുന്നു

യു.പി.എ. സര്‍ക്കാരിനുള്ള ഇടതുപക്ഷപിന്തുണ പിന്‍വലിക്കേണ്ടിവന്ന സാഹചര്യം...

പ്രകാശ് കാരാട്ട് : കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന് പിന്തുണ നല്‍കുന്നതില്‍ ഞങ്ങള്‍ മുന്‍ഗണനനല്‍കിയത് വര്‍ഗ്ഗീയശക്തികളെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തുന്നതിനാണ്. കോണ്‍ഗ്രസ് ഉദാരവല്‍ക്കരണത്തെ വരിച്ച പാര്‍ട്ടിയാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഈ രാജ്യത്തെ നവലിബറല്‍ പാതയിലൂടെ നയിക്കാനാണ് മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ താല്‍പര്യപ്പെട്ടിരുന്നത്. ഇതെല്ലാം ഞങ്ങള്‍ക്കറിയാമായിരുന്നു. എന്നിട്ടും ഈ സര്‍ക്കാരിന് ഞങ്ങള്‍ പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്, ബിജെപിയും വര്‍ഗീയ ശക്തികളും അധികാരത്തില്‍ വരാന്‍ ഞങ്ങള്‍ ആഗ്രഹിക്കാത്തതുകൊണ്ടാണ്. അങ്ങനെയാണ് കഴിഞ്ഞ നാലുവര്‍ഷം ഞങ്ങള്‍ സര്‍ക്കാരിനെപിന്തുണച്ചത്.

ഈ സര്‍ക്കാരിന് പിന്തുണ നല്‍കുമ്പോള്‍ ഞങ്ങള്‍ അവരോട് പറഞ്ഞത്, നിങ്ങള്‍ തന്നെ അംഗീകരിച്ച പൊതുമിനിമം പരിപാടി അനുസരിച്ച് പ്രവര്‍ത്തിക്കണമെന്ന് മാത്രമാണ്. പൊതുമിനിമം പരിപാടിയില്‍ ജനങ്ങള്‍ക്കനുകൂലമായ കുറേ വാഗ്ദാനങ്ങളും നടപടികളുമുണ്ടായിരുന്നു; പരിഷ്‌ക്കാരങ്ങളുടെയും നവ ലിബറല്‍ നയങ്ങളുടെയും പേരില്‍ നടപ്പാക്കാന്‍ അവര്‍ ആഗ്രഹിച്ചതില്‍നിന്ന് വിരുദ്ധമായ നടപടികളാണിവ. സ്വകാര്യവല്‍ക്കരണത്തിനും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പനയ്ക്കും എല്ലാ രംഗങ്ങളിലും വിദേശ നിക്ഷേപവും മൂലധനവും കൊണ്ടുവരുന്നതിനുമാണ് അവര്‍ ശ്രമിച്ചത്. അവയാന്നും അനുവദിക്കാന്‍ ഞങ്ങള്‍ക്ക് ആവില്ലായിരുന്നു. അവയെ ചെറുക്കാന്‍ കഴിഞ്ഞ നാലു വര്‍ഷവും ഞങ്ങള്‍ പരമാവധി പരിശ്രമിച്ചു.

പക്ഷേ, യഥാര്‍ത്ഥ പ്രശ്‌നം മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പൊതുമിനിമം പരിപാടിയെ വഞ്ചിച്ചുവെന്നതാണ്. 2005 ജൂലൈ മാസത്തില്‍ അവര്‍ അമേരിക്കയുമായി തന്ത്രപരമായ ബന്ധമുണ്ടാക്കാന്‍ തീരുമാനിച്ചപ്പോള്‍ മുതല്‍ അതിനെതിരായ ഞങ്ങളുടെ പോരാട്ടവും ആരംഭിച്ചു. വാഷിങ്ടണില്‍ പോയ ഡോ. മന്‍മോഹന്‍സിങ് പ്രസിഡന്റ് ബുഷുമായി ഒപ്പുവെച്ച ഈ കരാറാണ് അമേരിക്കയുമായുള്ള പ്രതിരോധ സഹകരണത്തിന് വഴി തുറന്നത്. അമേരിക്കയുമായി 10 വര്‍ഷത്തേക്കുള്ള സൈനിക സഹകരണ കരാറാണ് ഒപ്പുവെച്ചത്. നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിനുശേഷം നാളിതുവരെ ഒരു രാജ്യവുമായും ഇത്തരത്തില്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടിരുന്നില്ല. സോവിയറ്റ് യൂണിയനുമായ നല്ല ബന്ധം നിലനിന്ന കാലത്ത് അവരുമായിപ്പോലും ഇങ്ങനെയൊരു കരാര്‍ ഉണ്ടാക്കിയിരുന്നില്ല. ഈ സര്‍ക്കാര്‍ ഇപ്പോള്‍ അമേരിക്കയുമായി സൈനിക സഹകരണത്തിന് വഴി തുറന്നു. വാഷിങ്ടണ്‍ സമവായത്തിന്റെ മാതൃകയിലുള്ള സാമ്പത്തിക നയങ്ങള്‍ നടപ്പാക്കാനും അവര്‍ തീരുമാനിച്ചു. തന്ത്രപരമായ സാമ്പത്തിക സഹകരണം എന്നാണ് അതിനെവിളിക്കുന്നത്. മൂന്നാമത്തേതാണ് ആണവക്കരാര്‍. 2005ല്‍ ഇക്കാര്യങ്ങളെല്ലാം ഒന്നിച്ചാണ് അവര്‍ തീരുമാനിച്ചത്. അതിനാല്‍ ഞങ്ങളുടെ പോരാട്ടം കേവലം ആണവക്കരാറിനെതിരായി മാത്രമല്ല. ഇന്ത്യയെ അമേരിക്കയുടെ ജൂനിയര്‍ പങ്കാളിയാക്കുന്നതിനെതിരെയായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ ആണവ കരാറുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചപ്പോള്‍, ഞങ്ങള്‍ അവരോട് പറഞ്ഞത്, ഇടതു പാര്‍ടികളുടെ പിന്തുണയോടെ അധികാരത്തിലിരിക്കുന്ന ഒരു സര്‍ക്കാര്‍ അമേരിക്കയുമായി ഈ വിധത്തിലുള്ള സഖ്യവുമായി മുന്നോട്ടു പോകുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല എന്ന്.

പ്രകാശ് കാരാട്ടും ഡോ.മന്‍മോഹന്‍സിങ്ങും തമ്മിലുള്ള ഏറ്റുമുട്ടലായാണ് ആണവപ്രശ്‌നത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്

പ്രകാശ് കാരാട്ട് : അത് കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെ പണിയാണ്. സിപിഐ എമ്മിനും ഇടതുപാര്‍ടികള്‍ക്കും തത്വാധിഷ്ഠിതമായ ചില അടിസ്ഥാനനിലപാടുകള്‍ ഉണ്ടെന്ന് മനസ്സിലാക്കാനും അംഗീകരിക്കാനും ഈ കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ക്ക് കഴിയില്ല. അമേരിക്കയുമായുള്ള തന്ത്രപരമായ സഖ്യത്തിന് ഞങ്ങള്‍ എതിരാണെന്നതാണ് കാര്യം. നമ്മുടെ വിദേശനയത്തെ അത് പ്രതികൂലമായി ബാധിക്കുമെന്നുള്ളതുകൊണ്ടാണ് ആ സഖ്യത്തെ ഞങ്ങള്‍ എതിര്‍ക്കുന്നത്. അങ്ങനെ ഒരു സഖ്യമുണ്ടാക്കിയാല്‍ നമ്മുടെ സ്വതന്ത്ര വിദേശനയം അസാധ്യമാകും. നമ്മുടെ തന്ത്രപരമായ സ്വയംഭരണത്തെപ്പോലും അത് പ്രതികൂലമായി ബാധിക്കും. ഇത് അടിസ്ഥാനപരമായ ഒരു നിലപാടാണ്. പക്ഷേ, ഇതവര്‍ (മാധ്യമങ്ങള്‍) ഇഷ്ടപ്പെടുന്നില്ല. ഞങ്ങളുടെ പാര്‍ടി കേന്ദ്രക്കമ്മിറ്റിയും പാര്‍ടി കോണ്‍ഗ്രസും കൈക്കൊണ്ട നിലപാടാണ് ഇത്. നാല് ഇടതുപാര്‍ട്ടികളും കൂട്ടായി അംഗീകരിച്ച നിലപാടുമാണ്. ഈ പ്രശ്‌നത്തെ ഞങ്ങളുടെ ഭാഗത്തുള്ള ഒരു വ്യക്തിയും സര്‍ക്കാരിന്റെ ഭാഗത്തുള്ള മറ്റൊരു വ്യക്തിയും തമ്മിലുള്ള ഏറ്റുമുട്ടലായി കരുതുന്നവര്‍ ഇടതുപാര്‍ടികളുടെയാകെ ബുദ്ധിശക്തിയെ അധിക്ഷേപിക്കുകയാണെന്നാണ് ഞാന്‍ കരുതുന്നത്.

ഞാന്‍ കോണ്‍ഗ്രസ് നേതൃത്വം എന്ന വാക്കാണ് ഉപയോഗിച്ചത്. അപ്പോഴും ആളുകള്‍ ചിന്തിക്കുന്നത് അത് ഒരു വ്യക്തി മാത്രമാണ് എന്നാണ്. കോണ്‍ഗ്രസ് പാര്‍ടിയും മറ്റെല്ലാ പാര്‍ടികളും ചില താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ചില വര്‍ഗ്ഗ താല്‍പര്യങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. കേവലം വ്യക്തികള്‍ മാത്രമല്ല. കോണ്‍ഗ്രസ് ഈ രാജ്യത്തെ മുതലാളിമാരുടെയും ഭൂപ്രഭുക്കന്മാരുടെയും താല്‍പര്യങ്ങളാണ് പ്രതിനിധാനം ചെയ്യുന്നതെന്നാണ് ഞങ്ങള്‍ കരുതുന്നത്. കോണ്‍ഗ്രസ് പാര്‍ടിയെ സംബന്ധിച്ച ഞങ്ങളുടെ ധാരണ അതാണ്. അതിനാല്‍, കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് പറയുമ്പോള്‍, അവരെ ഒരു കൂട്ടമായിട്ടാണ് ഞങ്ങള്‍ പരാമര്‍ശിക്കുന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച് പറയുമ്പോള്‍, ശരിയാണ്, അദ്ദേഹമാണ് പ്രധാനമന്ത്രി. തന്റെ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍നിന്നും പ്രധാനമന്ത്രി തന്നെ അകന്നുപോയിരിക്കുന്നു; പ്രസിഡന്റ് ബുഷുമായുള്ള തന്ത്രപരമായ സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയുമാണ്. നിശ്ചയമായും അക്കാര്യത്തില്‍ അദ്ദേഹത്തെ എടുത്തുപറഞ്ഞ് ഞങ്ങള്‍ വിമര്‍ശിക്കും.

ദേശീയ രാഷ്‌ട്രീയരംഗം അങ്ങ് എങ്ങിനെ വിലയിരുത്തുന്നു ?

പ്രകാശ് കാരാട്ട് : രണ്ട് കാര്യങ്ങളുണ്ട്. ഒരു പുതിയ രാഷ്‌ട്രീയ സാഹചര്യം ഉണ്ടായിരിക്കുന്നു. ഈ പുതിയ രാഷ്‌ട്രീയ സാഹചര്യത്തില്‍, ഇടതുപാര്‍ടികള്‍ ഒന്നിച്ച് ചേര്‍ന്ന് ഞങ്ങള്‍ എടുത്തിട്ടുള്ള ധാരണ അഥവാ കരാര്‍ ആണ് ഒന്നാമത്തെ ഘടകം. ഞങ്ങള്‍ സ്വന്തം അസ്തിത്വം നിലനിര്‍ത്തും എന്നും യുപിഎയില്‍ ചേരാന്‍ ഇല്ല എന്നുമാണ് ആ ധാരണ. ഞങ്ങളുടെ പാര്‍ടികള്‍ ഡിഎംകെ, ആര്‍ജെഡി, എന്‍സിപി എന്നിവയെപ്പോലുള്ള പാര്‍ടികളല്ല. അവയെല്ലാം കോണ്‍ഗ്രസ് പാര്‍ടിയോടൊപ്പം, യുപിഎയുടെ ഭാഗമാണ്. കോണ്‍ഗ്രസ് പാര്‍ടിയുമായി എന്തെങ്കിലും ധാരണയോ സഖ്യമോ ഉണ്ടാക്കാന്‍ ഞങ്ങള്‍ക്കാവില്ല. തെരഞ്ഞെടുപ്പിന് മുമ്പായാലും അതിനുശേഷമായാലും അതാണ് സ്ഥിതി. ഒരു വിധത്തിലും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഈ മുന്നണിക്ക് പിന്തുണ നല്‍കേണ്ട ഒരു ബാധ്യതയും ഇനി ഞങ്ങള്‍ക്കില്ല. ഞങ്ങള്‍ എല്ലാ മതേതര കോണ്‍ഗ്രസിതര കക്ഷികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. ഇപ്പോള്‍ കോണ്‍ഗ്രസിനോടോ ബിജെപിയോടോ സഖ്യത്തിലില്ലാത്ത കോണ്‍ഗ്രസിതര മതേതര പാര്‍ടികളെയാണ് ഉദ്ദേശിക്കുന്നത്. അവയില്‍ മിക്കവാറും എല്ലാ പാര്‍ടികളും വിശ്വാസ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ യുപിഎ സര്‍ക്കാരിനും ആണവക്കരാറിനും എതിരെ ഒന്നിച്ച് അണിചേര്‍ന്നിരുന്നു. പിന്നീട് ഞങ്ങള്‍ ഒന്നിച്ച് കൂടിയിരുന്നു; രാജ്യമാകെ ഒരു ക്യാമ്പയ്ന്‍ സംഘടിപ്പിക്കാന്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുന്നു കൂട്ടത്തില്‍ മറ്റെല്ലാ ശക്തികളെയും അണിനിരത്താനും തീരുമാനിച്ചിരിക്കുകയാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒരു മൂന്നാംശക്തിയെ അവതരിപ്പിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. അത് ഒരളവുവരെ വിജയിച്ചിട്ടുമുണ്ട്.

ബിഎസ്‌പിയുടെയും മായാവതിയുടെയും വിശ്വാസ്യതയും അവസരവാദ നയങ്ങളും പാര്‍ട്ടി കാണുന്നില്ലേ. മൂന്നാം ബദലിന് വിജയസാധ്യതയുണ്ടോ?

പ്രകാശ് കാരാട്ട് : മൂന്നാം ബദല്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചിട്ടേയില്ല. തെരഞ്ഞെടുപ്പ് നേരിടുന്നതിനുവേണ്ടിയുള്ള ഒരു കൂട്ടുകെട്ടായിട്ടല്ല മൂന്നാം ബദലിനെസംബന്ധിച്ച ഞങ്ങളുടെ പാര്‍ട്ടിയുടെ ധാരണ. നയങ്ങളുടെയും പരിപാടികളുടെയും അടിസ്ഥാനത്തിലുള്ളതായിരിക്കും മൂന്നാംബദല്‍. ഏപ്രിലില്‍ ചേര്‍ന്ന ഞങ്ങളുടെ പാര്‍ടി കോണ്‍ഗ്രസില്‍ ഞങ്ങള്‍ പറഞ്ഞത് മൂന്നാം ബദല്‍ ആയിട്ടില്ലയെന്നാണ്. സമാജ്‌വാദി പാര്‍ടിയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട യുഎന്‍പിഎയെപ്പോലും ഞങ്ങള്‍ മൂന്നാംബദലായി പരിഗണിച്ചിരുന്നില്ല. ഞങ്ങള്‍ ചിന്തിക്കുന്ന തരത്തിലുള്ള ബദല്‍ ഇതൊന്നുമല്ല. വിലക്കയറ്റം, ആണവക്കരാര്‍ തുടങ്ങിയ വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് സഹകരിക്കാനാവും. ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നാണെങ്കില്‍ അതിനും സാധ്യമാണ്. മൂന്നാംബദല്‍ എന്നാല്‍ ഇതിനെല്ലാം ഉപരിയായ ദൃഢതയുള്ളതെന്നാണ് അര്‍ത്ഥം; വ്യക്തമായ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലുള്ളതെന്നാണ് അര്‍ത്ഥം. രാജ്യം ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഈ സന്ദര്‍ഭത്തില്‍ ഞാന്‍ മൂന്നാംബദലിനെക്കുറിച്ചല്ല സംസാരിക്കുന്നത്. ഇപ്പോള്‍ ഞങ്ങള്‍ പറയുന്നത് ബിജെപി ഇതര, കോണ്‍ഗ്രസിതര ശക്തികളുടെ ഒരു കൂട്ടുകെട്ടിനെക്കുറിച്ചാണ്. അതിന് ഒരു മൂന്നാം തെരഞ്ഞെടുപ്പ് ശക്തിയെന്ന് പറയാം. അതിനുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഈ പ്രാദേശികരാഷ്‌ട്രീയ പാര്‍ടികളുടെയെല്ലാം വിശ്വാസ്യതയെക്കുറിച്ച് എന്താണഭിപ്രായം?

പ്രകാശ് കാരാട്ട് : നമ്മുടെ രാജ്യത്തുള്ള മിക്കവാറും എല്ലാ പ്രാദേശിക പാര്‍ടികളും ഒരിക്കല്‍ അല്ലെങ്കില്‍ മറ്റൊരിക്കല്‍ കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൂട്ടുകൂടിയിട്ടുള്ളവരാണ്. അതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ ഉറപ്പുള്ള ഒരു സഖ്യത്തിലേക്ക് അവരെ കൊണ്ടുവരാനാണ് ഇടതുപക്ഷം ആഗ്രഹിക്കുന്നത്. അതിനുവേണ്ടിയാണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ തന്നെ അത് സംഭവിക്കാന്‍ പോകുകയാണെന്ന് ഞാന്‍ പറയുന്നില്ല. കാരണം, ഒരു മൂന്നാംബദല്‍ രൂപീകരിക്കാന്‍ തെരക്കിട്ട് ഞങ്ങള്‍ ശ്രമിക്കുന്നില്ല. പക്ഷേ, ഒരു മൂന്നാം ബദല്‍ ഇല്ലെങ്കില്‍പ്പോലും പല സംസ്ഥാനങ്ങളിലും ബിജെപിയെയോ ചിലപ്പോള്‍ കോണ്‍ഗ്രസിനെയോ ചെറുക്കാന്‍ മറ്റു കക്ഷികളുമായി ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. ഇത്തവണ ഈ രണ്ടു കൂട്ടരെയും പരാജയപ്പെടുത്താന്‍ ഒരു ധാരണയുടെ അടിസ്ഥാനത്തില്‍ ഈ പാര്‍ടികളെ ഒന്നിച്ചുകൊണ്ടുവരാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്.

ബിഎസ്‌പിക്കെതിരായ പ്രധാനആരോപണം അവര്‍ ജാതി രാഷ്‌ട്രീയം കളിക്കുന്നു എന്നതാണ് സിപിഐഎം വ്യക്തമായും അതിനെതിരുമാണ്...

പ്രകാശ് കാരാട്ട് : കമ്യൂണിസ്‌റ്റ് പാര്‍ടിയൊഴികെ മറ്റേത് പാര്‍ടിയാണ് ജാതിയെ ഉപയോഗിക്കാത്തത്? ബിജെപിയും കോണ്‍ഗ്രസും ജാതിയെ ഉപയോഗിക്കുന്നില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും. ഉത്തരപ്രദേശില്‍ ചെന്ന് നോക്കൂ. ഈ എല്ലാ പാര്‍ട്ടികളും ജാതി സമ്മേളനങ്ങളും ഉപജാതി സമ്മേളനങ്ങളും ചേരാറുണ്ട്; ജാതിയുടെ അടിസ്ഥാനത്തില്‍ ആളുകളെ അണിനിരത്താന്‍ ശ്രമിക്കുന്നുണ്ട്. ഞങ്ങള്‍ക്കതറിയാം. ദളിതരായ ജനവിഭാഗങ്ങളുടെ ആശങ്കകള്‍ക്ക് ജനാധിപത്യപരമായ ഒരു തലം ഉണ്ടെന്ന അഭിപ്രായമാണ് സിപിഐ എമ്മിനുള്ളത്. നിന്ദിതരും പീഡിതരുമായ ജനവിഭാഗമാണ് അവര്‍; നൂറ്റാണ്ടുകളായി ചൂഷണം ചെയ്യപ്പെടുന്ന മര്‍ദ്ദിത ജാതിയാണവര്‍. സാമൂഹികവും സാമ്പത്തികവും രാഷ്‌ട്രീയവുമായ അധികാരത്തില്‍ തങ്ങള്‍ക്ക് അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ അവര്‍ എവിടെയെങ്കിലും ഉറച്ചുനില്‍ക്കുയാണെങ്കില്‍ അതിനെവെറും ജാതി പരിഗണനയുടെ പേരില്‍ തള്ളിക്കളയാനാവില്ല. അത് നിങ്ങള്‍ അംഗീകരിക്കേണ്ടതാണ്. അതേസമയം തന്നെ, സിപിഐ എം, ഒരു കമ്യൂണിസ്‌റ്റ് പാര്‍ടിയെന്ന നിലയില്‍, സങ്കുചിത ജാതി രാഷ്‌ട്രീയത്തെ അംഗീകരിക്കാനോ അതില്‍ ഉള്‍പ്പെടാനോ ജാതി രാഷ്‌ട്രീയം കളിക്കാനോ പാടില്ല. ഇപ്പോള്‍, ഞങ്ങള്‍ മൂന്ന് നാല് പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങളോട് സംസാരിക്കാന്‍ മാത്രമേ തീരുമാനിച്ചിട്ടുള്ളൂ; അക്കാര്യം മാത്രമേ ചര്‍ച്ച ചെയ്തിട്ടുമുള്ളൂ. വിലക്കയറ്റം, ആണവക്കരാര്‍, കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, വര്‍ഗ്ഗീയത, ഭരണസഖ്യത്തിന്റെ അഴിമതി നിറഞ്ഞ നടപടികള്‍.

ഇടതുപാര്‍ടികള്‍ക്ക് മൂന്ന് സംസ്ഥാനങ്ങളില്‍ നിന്ന് പരമാവധി സീറ്റ് ലഭിച്ചിട്ടുണ്ട്. അതായത് 60ല്‍ അധികം. ഈ സ്വാധീനം കൊണ്ടുമാത്രം ഒരു പ്രബല ശക്തിയായി പാര്‍ലമെന്റില്‍ എത്താനാവുമോ?

പ്രകാശ് കാരാട്ട് : ഐക്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന 1996ല്‍ ഇടതുപക്ഷത്തിന് ഇത്രയും അംഗസംഖ്യ ഉണ്ടായിരുന്നില്ല. ഇത് എണ്ണത്തിന്റെ പ്രശ്‌നമല്ല. ഇത് വിശ്വാസ്യതയുടെയും ഇടതുപക്ഷത്തിന്റെ നയങ്ങളുടെയും പ്രശ്‌നമാണ്; അതാണ് ദേശീയതലത്തില്‍ ഇടതുപക്ഷത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുന്നത്. നിങ്ങള്‍ക്ക് എഴുപതോ എണ്‍പതോ എംപിമാര്‍ ഉണ്ടായിരിക്കാം. എന്നാല്‍ സാമ്രാജ്യത്വത്തിന്റെയും വര്‍ഗീയതയുടെയും കാര്യത്തില്‍ നിങ്ങള്‍ക്ക് ഉറച്ച നിലപാടില്ലെങ്കില്‍ ആ എണ്ണംകൊണ്ട് എന്താണ് ഫലം? ഇടതുപക്ഷത്തിന് ഈ രാഷ്‌ട്രീയ വീക്ഷണം, സുവ്യക്തമായ നയവും നിലപാടും ഇല്ലെങ്കിലുള്ള സ്ഥിതി ഒന്നാലോചിച്ചുനോക്കൂ. അതുകൊണ്ട് എത്ര എണ്ണം ഉണ്ടെന്നതല്ല കാര്യം. നാം ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചുള്ള വ്യക്തതയാണ് വേണ്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് യുപിഎ സര്‍ക്കാരുമായുള്ള ഞങ്ങളുടെ ബന്ധം നിര്‍ണ്ണയിച്ചിരുന്നത്. അതുകൊണ്ട് ഞങ്ങള്‍ക്ക് നാല്‍പതോ അമ്പതോ അറുപതോ അംഗങ്ങള്‍ എന്നതല്ല പ്രശ്‌നം.

ഹിന്ദി ഹൃദയഭൂമിയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ച് സിപിഐഎം എപ്പോഴും പറയാറുണ്ട്. തെരെഞ്ഞെടുപ്പ് നേട്ടമായി അത് പ്രതിഫലിക്കുമോ?

പ്രകാശ് കാരാട്ട് : ഞങ്ങള്‍ ചെയ്ത കാര്യങ്ങള്‍ക്ക്, ഞങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിഞ്ഞ പുരോഗതിക്ക്, തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാന്‍ കഴിയും വിധത്തിലുള്ള രാഷ്‌ട്രീയ സ്വാധീനമായി മാറാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിനെക്കുറിച്ച് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഉത്തര്‍പ്രദേശിനെക്കുറിച്ച് ഞാന്‍ പറഞ്ഞതുപോലെ ഒട്ടേറെ കലങ്ങി മറിയലുകള്‍ സംഭവിക്കുന്നുണ്ട്. മാറ്റങ്ങളും മറിച്ചിലുകളും നടന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ കാരണമല്ല അത് നടക്കുന്നത്.

സിപിഐ എം എപ്പോഴും ചൈനക്കാരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യ ആരോപണങ്ങളിലൊന്നാണ്. ഈ വിമര്‍ശനത്തെക്കുറിച്ച് എന്ത് പറയുന്നു. ആണവകരാറിന്റെ കാര്യത്തിലും ഈ വിമര്‍ശനം കേട്ടു...

പ്രകാശ് കാരാട്ട് : വളരെ സൌമ്യമായ ഭാഷയില്‍ പറഞ്ഞാല്‍, നിരക്ഷര കുക്ഷികളായ കുറേ കോണ്‍ഗ്രസുകാരാണ് അങ്ങനെപറയുന്നത്. ഇന്ത്യയിലെ ആണവ പ്രശ്‌നത്തെ സംബന്ധിച്ച് ഞങ്ങളുടെ നിലപാട് ചൈനീസ് സര്‍ക്കാരിന്റെ നിലപാടില്‍നിന്നും വ്യത്യസ്തമാണ്. ഇന്ത്യ ആണവ നിര്‍വ്യാപനകരാറില്‍ (എന്‍പിടി) ചേരണം എന്നാണ് ചൈനയുടെ നിലപാട്. ഇന്ത്യ എന്‍പിടിയില്‍ ചേരുന്നതിന് ഞങ്ങള്‍ എക്കാലവും എതിരാണ്. ചൈന ആണവായുധ രാഷ്‌ട്രമാണ്. ആണവായുധ രാജ്യങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ളത് അഞ്ച് രാജ്യങ്ങളാണ്. ചൈന, അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ ഈ അഞ്ച് രാഷ്‌ട്രങ്ങള്‍ക്കും പ്രത്യേക പദവിയാണ്. എന്‍പിടി പ്രകാരം നമ്മള്‍ ആണവ ആയുധ രഹിത രാജ്യമാണ്. അന്താരാഷ്‌ട്ര സമൂഹം നമ്മെ രണ്ടാംകിട പൌരന്മാരായാണ് പരിഗണിക്കുന്നത്. അതുകൊണ്ട്, തുടക്കം മുതല്‍തന്നെ ഞങ്ങള്‍ പറയുന്നത് ഇത് വിവേചനമാണ് എന്നാണ്... ഇത് ലോകത്തെ ആണവായുധങ്ങള്‍ ഉള്ളവരെന്നും ആണവായുധരഹിതരെന്നും രണ്ടായി തിരിക്കുന്നു.

അമേരിക്കയ്ക്കുള്ള, മുമ്പ് സോവിയറ്റ് യൂണിയന് ഉണ്ടായിരുന്ന സൌകര്യങ്ങള്‍ ചൈനയ്ക്കുമുണ്ട്. അതുകൊണ്ടുതന്നെ ചൈന അമേരിക്കയുമായി ഇടപെടുമ്പോള്‍, അത് സമന്മാര്‍ തമ്മിലുള്ള ഇടപാടാണ്. രണ്ടുകൂട്ടരും ആണവായുധ രാഷ്‌ട്രങ്ങളാണ്. നമുക്കുള്ള നിയന്ത്രണങ്ങളൊന്നും അവര്‍ക്കില്ല. ചൈനക്ക് അവരുടെ ഒരു ആണവ റിയാൿടറിനെ സുരക്ഷാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുത്താം. അടുത്ത ദിവസം തന്നെ അവര്‍ക്കുവേണമെങ്കില്‍ ഇതുപറ്റില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങാം. നമുക്ക് അങ്ങനെചെയ്യാന്‍ കഴിയില്ല. നാം ഒപ്പിടുന്ന സുരക്ഷാ മാനദണ്ഡ കരാറില്‍ പോലും, നാം ഒപ്പിടുന്നത് ശാശ്വതമായാണ്. അതുകൊണ്ട്, അമേരിക്കയും ചൈനയും തമ്മിലുള്ള 123 കരാറിനെയും അമേരിക്കയും ഇന്ത്യയും തമ്മിലുള്ള 123 കരാറിനെയും കുറിച്ച് ഒന്നുപോലെ കാണുന്നത് മണ്ടത്തരമാണ്.

ചൈനയും അമേരിക്കയും ആണവായുധ രാഷ്‌ട്രങ്ങളാണ്. അന്താരാഷ്‌ട്ര ഉടമ്പടികളിലും നിയമങ്ങളിലും അവരെ (ചൈന) വ്യത്യസ്‌ത വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം നമ്മളെ മറ്റൊരു വിഭാഗമായാണ് കാണുന്നത്. അപ്പോള്‍ അമേരിക്കയുമായി നാം ഒരു കരാറില്‍ ഏര്‍പ്പെടുമ്പോള്‍ അതിനെ ചൈനീസ് നിലപാടുമായി എങ്ങനെയാണ് നാം താരതമ്യപ്പെടുത്തുന്നത്? ചൈനയും അമേരിക്കയും ഒരു പ്രത്യേക വിഭാഗത്തിലാണ് പെടുന്നത്. അതുകൊണ്ട് ചൈനയെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് അവരുടേതായ താല്‍പര്യങ്ങളും മുന്‍ഗണനകളും ഉണ്ട്; അതേപോലെ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ സ്വതന്ത്ര നിലപാട് ഉയര്‍ത്തിപ്പിടിക്കണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇതില്‍ എവിടെയാണ് ചൈനയെ അനുകൂലിക്കുന്ന പ്രശ്‌നം വരുന്നത്? ചൈനയും അമേരിക്കയും ചെയ്യുന്നതിനെപിന്തുടരരുത് എന്നാണ് ഞങ്ങള്‍ പറയുന്നത്. അഥവാ എല്ലാ ആണവായുധ രാജ്യങ്ങളും കൂടി സംയുക്തമായി ഇക്കാര്യം പറഞ്ഞാലും അത് അംഗീകരിക്കരുതെന്നാണ് ഞങ്ങള്‍ പറയുന്നത്.

ചൈനയുമായിപ്പോലും കിടപിടിക്കത്തക്ക വിധത്തിലുള്ള ഒരു ശക്തിയായി ഇന്ത്യയെ മാറ്റാന്‍ അമേരിക്ക സഹായിക്കുമെങ്കില്‍ അത് എന്തുകൊണ്ടായിക്കൂടാ എന്നുള്ള ഇടത്തരക്കാരുടെ ചോദ്യത്തെക്കുറിച്ച് ?

പ്രകാശ് കാരാട്ട് : ഏത് ഇടത്തരക്കാരാണ് ഇങ്ങനെപറയുന്നത്? സര്‍വോപരി ഇതേ ഇടത്തരക്കാരാണ് നമ്മുടെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തില്‍ അതിപ്രധാനമായ പങ്ക് വഹിച്ചിട്ടുള്ളത്. അവരാണ് ദേശീയതയുടെ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും സ്വാതന്ത്ര്യസമരത്തെ നയിക്കുകയും ചെയ്തത്. ഇതില്‍ പല വിഭാഗങ്ങളും ദേശീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നുവന്നു. ഇപ്പോള്‍ ഇതേ ഇടത്തരക്കാര്‍ നമ്മുടെ പരമാധികാരം പണയപ്പെടുത്താനോ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്താനോ നാം ജൂനിയര്‍ പങ്കാളികളായി അമേരിക്കയുമായി കരാറുണ്ടാക്കാനോ ആലോചിക്കുമെന്ന് എനിക്ക് വിശ്വസിക്കാന്‍ കഴിയില്ല. ഇതാണ് ഇടത്തരക്കാരുടെ അഭിപ്രായമെന്ന് എനിക്ക് തോന്നുന്നില്ല. അമേരിക്കയുമായും ബഹുരാഷ്‌ട്ര കമ്പനികളുമായും ബന്ധപ്പെടുന്നത് കൊണ്ടുള്ള നേട്ടങ്ങള്‍ നേരിട്ടനുഭവിക്കുന്ന നമ്മുടെ രാജ്യത്തിലെ ഇടത്തരക്കാരിലെ ചെറിയൊരു വിഭാഗം ഇങ്ങനെഉണ്ടാകാം. ശരിയാണ്, അങ്ങനെയൊരു വിഭാഗമുണ്ട്. അവര്‍ സ്വാധീനശക്തിയുള്ള വിഭാഗവുമാണ്. ഇടത്തരക്കാരുടെ പൊതുവായ അഭിപ്രായത്തിന്റെ പ്രതിഫലനമാണ് ഇതെന്ന് ഞാന്‍ കരുതുന്നില്ല. കാരണം ഞങ്ങളും ഇടത്തരക്കാരുമായി ഇടപെടാറുണ്ട്. വിവിധ സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇടത്തരം തലങ്ങളിലുള്ള ജോലികള്‍ ചെയ്യുന്ന ജീവനക്കാരുമായി ഞങ്ങള്‍ നിത്യവും ബന്ധപ്പെടാറുണ്ട്. അവര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം. അവര്‍ ഞങ്ങളോട് സംസാരിക്കാറുണ്ട്. ഇന്ത്യ ഒരു വിധത്തിലും നമ്മുടെ സ്വാതന്ത്ര്യമോ പരമാധികാരമോ പരിമിതപ്പെടുത്താന്‍ പാടില്ലെന്നതാണ് അവരുടെ വികാരം. അമേരിക്ക നമ്മളോട് പറയുന്നത്, കോണ്ടലീസ റൈസ് ഇന്ത്യയില്‍ വന്ന് പറഞ്ഞത്, ഇന്ത്യയെ ഒരു വന്‍ശക്തിയാക്കാന്‍ വേണ്ട സഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചതായാണ്. മറ്റൊരു വന്‍ശക്തിയുടെ സഹായത്തോടുകൂടി ആരും ഇതേവരെ വന്‍ശക്തിയായി മാറിയിട്ടില്ല; കോളനിവല്‍ക്കരിക്കപ്പെടുകയേയുള്ളൂ.

ജനങ്ങളില്‍ ഗണ്യമായ ഒരു വിഭാഗം ചിന്തിക്കുന്നത് അമേരിക്കയുള്ള സഹകരണം വഴി ലഭിക്കുന്ന സൌകര്യങ്ങള്‍, അത് സാങ്കേതിക തലത്തിലുള്ള സഹകരണമല്ലെങ്കില്‍പ്പോലും നല്ലതാണെന്നാണ്....

പ്രകാശ് കാരാട്ട് : കൃത്യമായും ഇതാണ് ആണവക്കരാറുമായുള്ള പ്രശ്‌നം. നമ്മുടെ ആണവ വികസനത്തിന്റെ വിവിധ ഘട്ടങ്ങള്‍ക്കുവേണ്ടിയുള്ള എല്ലാ സാങ്കേതിക വിദ്യയും ഈ ആണവ സഹകരണ കരാറിലൂടെ അമേരിക്ക നമുക്ക് നല്‍കുകയാണെന്നാണ് നമ്മളോട് അവര്‍ പറഞ്ഞത്. പക്ഷേ, ഹൈഡ് ആൿട് പാസാക്കിയതോടെ, ഇപ്പോള്‍ 123 കരാര്‍ ഒപ്പിട്ടതോടെയും അവര്‍ നമുക്ക് പുനഃസംസ്കരണത്തിന്റെയോ സമ്പുഷ്‌ടീകരണത്തിന്റെയോ സമ്പൂര്‍ണ്ണ ആണവ പരിവൃത്തിയുടെയോ സാങ്കേതിക വിദ്യയൊന്നും തരാന്‍ തയ്യാറല്ല. അതേപോലെ ഇരട്ട ഉപയോഗ സാങ്കേതിക വിദ്യയും അവര്‍ നമുക്ക് നിഷേധിക്കുകയാണ്. സൈനികാവശ്യങ്ങള്‍ക്കോ സിവിലിയന്‍ ആണവാവശ്യങ്ങള്‍ക്കോ ഉപയോഗിക്കാവുന്ന ഏത് സാങ്കേതിക വിദ്യയും അവര്‍ നമുക്ക് നിഷേധിക്കുകയാണ്. നമുക്കെതിരെ ഉപരോധങ്ങളും നിലവിലുണ്ട്. ഇവിടെയുള്ള നമ്മുടെ ചില സ്ഥാപനങ്ങള്‍ക്ക് നിയമവിരുദ്ധമായി സാങ്കേതിക വിദ്യ നല്‍കിയതിന് അമേരിക്കയിലെ ജയിലുകളില്‍ ചിലരെ അവര്‍ അടച്ചിരിക്കുകയാണ്. അതുകൊണ്ട് അതിനെക്കുറിച്ചൊന്നും വലിയ വ്യാമോഹം നമുക്ക് വേണ്ട. സാങ്കേതിക വിദ്യ ലഭ്യമാക്കുന്നതിന് നേരെ ചൊവ്വെയുള്ള കരാറായിരുന്നെങ്കില്‍, നമ്മുടെ പരമാധികാരത്തിന്മേലോ നമ്മുടെ വിദേശനയം സംബന്ധിച്ചോ വ്യവസ്ഥകളൊന്നും ഉണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ അതിനെഎതിര്‍ക്കുകയുമില്ലായിരുന്നു.

ഉദാരവല്‍ക്കരണം അഭിവൃദ്ധികൊണ്ടുവന്നു എന്നുള്ള കോണ്‍ഗ്രസ്സ് - ബി.ജെ.പി. വാദത്തെകുറിച്ച് എന്ത് പറയുന്നു ?

പ്രകാശ് കാരാട്ട് : ശരിയാണ്, ഇന്ത്യ 'അഭിവൃദ്ധി'പ്പെടുകയാണ്. നാം 500 ശതകോടീശ്വരന്മാരെ ഇപ്പോള്‍ സൃഷ്‌ടിച്ചിട്ടുണ്ട്. ഇന്ത്യയിലാണ് ശതകോടീശ്വരന്മാരുടെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക്. നാം അഭിമാനം കൊള്ളേണ്ടത് അതാണെങ്കില്‍, പ്രധാനമന്ത്രിക്ക് ഈ തരത്തിലുള്ള വളര്‍ച്ചയെക്കുറിച്ച് അഭിമാനം കൊള്ളാം. ഈ 9% ജിഡിപി വളര്‍ച്ചാ നിരക്ക് ശതകോടീശ്വരന്മാരുടെ അതിവേഗത്തിലുള്ള വളര്‍ച്ചയ്ക്ക് ഇടവരുത്തുന്നതോടൊപ്പം മഹാഭൂരിപക്ഷം വരുന്ന ജനങ്ങൾക്ക് ദാരിദ്ര്യവും ദുരിതവുമാണ് നല്‍കുന്നത്.

ഞങ്ങള്‍ ആ തരത്തിലുള്ള വളര്‍ച്ചയ്ക്കുവേണ്ടിയല്ല നില്‍ക്കുന്നത്. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് വളര്‍ച്ചയെക്കുറിച്ച് സുവ്യക്തമായ ഒരു ബദല്‍ മാതൃകയുണ്ടെന്ന് ഞങ്ങള്‍ പറയുന്നത്. അതുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞത് ഞങ്ങള്‍ക്ക് അംഗീകരിക്കാനാവില്ല. പിന്നെ, സാങ്കേതിക വിദ്യയുടെ കാര്യം. സാങ്കേതിക വിദ്യ ആര്, എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നതാണ് പ്രശ്‌നം. ഞങ്ങളാരും സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. സാങ്കേതിക വിദ്യ ഒരു ചെറിയ ന്യൂനപക്ഷം വരുന്ന ആളുകളെ പരിപോഷിപ്പിക്കാന്‍ വേണ്ടിയുള്ളതാണെങ്കിലാണ്, മഹാഭൂരിപക്ഷം ജനങ്ങള്‍ക്കും ഗുണം ചെയ്യുന്നതല്ലെങ്കിലാണ്, ഞങ്ങള്‍ സാങ്കേതിക വിദ്യയുടെ പ്രയോഗത്തെ വിമര്‍ശിക്കുന്നത് അല്ലാതെ, സാങ്കേതികവിദ്യയെയല്ല. ഞങ്ങള്‍ ആണവ സാങ്കേതിക വിദ്യയ്ക്ക് എതിരല്ല. ഞങ്ങള്‍ പറയുന്നത്, അമേരിക്കയുടെ ഉപരോധമെല്ലാം ഉണ്ടായിരുന്നിട്ടും, 1950കളില്‍ ഡോ. ഹോമി ഭാഭയുടെ കാലത്തുതന്നെ നമ്മുടെ രാജ്യത്ത് ആണവ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു എന്നാണ്. മൂന്നുഘട്ടങ്ങളുള്ള ആണവ വികസനപരിപാടി നമുക്കുണ്ട്; അമേരിക്കയുമായി ഇതുപോലുള്ള ഒരു കരാറുണ്ടാക്കി അതിനെഅപകടപ്പെടുത്തരുതെന്നും നശിപ്പിക്കരുതെന്നുമാണ് ഞങ്ങള്‍ പറയുന്നത്.

കമ്പ്യൂട്ടര്‍ വന്നപ്പോള്‍ കമ്യൂണിസ്റുകാര്‍ അതിനെതിരായിരുന്നു, എന്നാല്‍ അവരും കമ്പ്യുട്ടര്‍ ഉപയോഗിക്കുന്നു. ഈ വിമര്‍ശനത്തെക്കുറിച്ച്...

പ്രകാശ് കാരാട്ട് : ഞങ്ങള്‍ സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞു. സാങ്കേതിക വിദ്യ നടപ്പിലാക്കുമ്പോള്‍, മുതലാളിത്ത വ്യവസ്ഥ ആ സാങ്കേതിക വിദ്യ ഉപയോഗിച്ച് തൊഴില്‍ അവസരങ്ങള്‍ ഇല്ലാതാക്കിയാല്‍ ഞങ്ങള്‍ അതിനെഎതിര്‍ക്കും. സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് സവിശേഷമായ ഉയര്‍ന്ന പദവി സര്‍ക്കാര്‍ നല്‍കുകയാണ്. ടെലികോമില്‍ നിങ്ങള്‍ക്ക് 74% എഫ്‌ഡിഐ അനുവദിക്കാനാവില്ല. ആവശ്യമുള്ള വിഭവങ്ങളുണ്ട്. നമുക്ക് തന്നെ സാങ്കേതിക വിദ്യ വികസിപ്പിക്കാം, സാങ്കേതിക വിദ്യ ലഭിക്കുകപോലും ചെയ്യും, പക്ഷേ, എന്തിനാണ് നാം 74 ശതമാനം നിയന്ത്രണം കൈമാറുന്നത്? അതിന്റെ അര്‍ത്ഥം പരിപൂര്‍ണമായ വിദേശ പങ്കാളിത്തം എന്നാണ്. വോഡഫോണ്‍ ഒരു ഇന്ത്യന്‍ ടെലികോം കമ്പനിയെ പൂര്‍ണ്ണമായി ഏറ്റെടുത്തിരിക്കുകയാണ്. അതിനാല്‍ ഇനി അതിവേഗം ടെലികോം മേഖലയില്‍ ബഹുരാഷ്‌ട്ര കമ്പനികള്‍ പരിപൂര്‍ണ്ണമായ ആധിപത്യം സ്ഥാപിക്കുന്നത് നമുക്ക് കാണാം. ടെലികോം കമ്പനികളുടെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ചായിരുന്നു ഞങ്ങളുടെ വിമര്‍ശനം. ടെലികോം സാങ്കേതിക വിദ്യയിലുള്ള സ്വയംപര്യാപ്തമായ നമ്മുടെ തദ്ദേശീയ വികസനത്തെയും നമ്മുടെ ഇന്ത്യന്‍ കമ്പനികളെയും വിദേശ മൂലധനം വിഴുങ്ങാതിരിക്കാനാണത്.

ഇടതുപക്ഷത്തിന് ഉദാരവല്‍ക്കരണ പ്രക്രിയയെ തടയാനാവില്ല എന്നാണ് ചില സ്വതന്ത്ര നിരീക്ഷകര്‍ പറയുന്നത്...

പ്രകാശ് കാരാട്ട് : ഉദാരവല്‍ക്കരണ നയത്തെ ഏതെങ്കിലും ഒരു സംസ്ഥാനസര്‍ക്കാരിന് തടയാനോ മാറ്റാനോ പറ്റില്ലെന്നത് വസ്‌തുത തന്നെയാണ്. അതില്‍ ചില ഭേദഗതികള്‍ വരുത്താനേഅവയ്ക്കു പറ്റൂ. ആ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് ചില ബദല്‍ നടപടികള്‍ സ്വീകരിക്കാനേപറ്റൂ. ഉദാരവല്‍ക്കരണനയങ്ങള്‍ മാറ്റാന്‍ കേന്ദ്ര സര്‍ക്കാരിനേകഴിയൂ. ഇപ്പോള്‍ അതൊരു ഇടതുപക്ഷ സര്‍ക്കാരല്ല. കേന്ദ്രത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ബദല്‍ നടപടി കൊണ്ടുവരാന്‍ ഞങ്ങള്‍ക്ക് കഴിയും. ഞങ്ങള്‍ ഇതേവരെ അതിനെഅതിജീവിച്ചു. ഉദാരവല്‍ക്കരണാനന്തരം ഏറ്റവും നികൃഷ്‌ടമായ തരത്തിലുള്ള മുതലാളിത്തമാണ് നമ്മുടെ രാജ്യത്ത് പ്രയോഗത്തിലുള്ളത്. പക്ഷേ അത് ഞങ്ങളെ ദുര്‍ബലരാക്കിയില്ല. ഞങ്ങള്‍ അതിനെതിരെ പൊരുതി. അതിനെ ദുർബലമാക്കാൻ ആളുകള്‍, പണം, ജാതി, മതം തുടങ്ങി എല്ലാ സംഗതികളും ഉപയോഗിക്കപ്പെടുന്നുണ്ട്. ഞങ്ങള്‍ അതിനെല്ലാം എതിരെ പൊരുതി ചെറുത്തു നില്‍ക്കുകയായിരുന്നു. ഞങ്ങള്‍ അങ്ങനെതന്നെ ഇനിയും തുടരും. ഞങ്ങള്‍ അതിന് കീഴടങ്ങുകയില്ല.

സിപിഐ എം മുസ്ളിം കാര്‍ഡ് കളിക്കുകയാണെന്നാണ് ലീഗ് ആരോപിക്കുന്നത്. ആണവക്കരാറില്‍ ഒരു മുസ്ളിം ഘടകം കണ്ടുകൊണ്ടാണ് സിപിഐ എം നീങ്ങുന്നതെന്നാണ് ചില മാധ്യമങ്ങള്‍ പറയുന്നു...

പ്രകാശ് കാരാട്ട് :മുസ്ളിംലീഗു മാത്രമല്ല, കോണ്‍ഗ്രസ് പാര്‍ടിയും ഞങ്ങള്‍ക്കെതിരെ ഉന്നയിക്കുന്ന ആരോപണമാണിത്. ഞങ്ങള്‍ ആണവകരാറിനെഎതിര്‍ക്കുന്നത് അത് അമേരിക്കയുമായുള്ള അസമമായ കരാറാണ് എന്ന നിലയിലാണ്.

നേരത്തേ, ഇറാനെതിരായി ഇന്ത്യ വോട്ടു ചെയ്യുന്നതിനെ ഞങ്ങള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ഞങ്ങള്‍ മുസ്ളിം കാര്‍ഡ് കളിക്കുകയാണെന്ന് ചിലരൊക്കെ പറയുന്നുണ്ട്. ഞങ്ങളതിന് മറുപടിയും പറഞ്ഞിട്ടുണ്ട്. ക്രിസ്‌ത്യന്‍ രാജ്യമായ വെനിസ്വേലയെ അമേരിക്ക ആക്രമിക്കുകയാണെങ്കില്‍, ഞങ്ങള്‍ കൂടുതല്‍ ശക്തമായ ഒരു നിലപാട് കൈക്കൊള്ളും. പ്രസിഡന്റ് ഷാവേസിനെ അസ്ഥിരീകരിക്കുവാന്‍ അവര്‍ ശ്രമിക്കുകയാണെങ്കില്‍, മുസ്ളിമെന്നോ ക്രിസ്‌ത്യനെന്നോ ഹിന്ദുവെന്നോ ഞങ്ങള്‍ നോക്കുകയില്ല. രാജ്യങ്ങളെയും പാര്‍ടികളെയും ഗവണ്‍മെന്റുകളെയും ആണ് ഞങ്ങള്‍ നോക്കുന്നത്. സാമ്രാജ്യത്വത്തിനെതിരായി അവ കൈക്കൊള്ളുന്ന നിലപാട് എന്താണെന്ന് നോക്കും. ഇറാനിലെ ഗവണ്‍മെന്റിനോട് ഞങ്ങള്‍ക്ക് യോജിപ്പുണ്ടാവണമെന്നില്ല. എന്നാല്‍ പരമാധികാര രാഷ്‌ട്രമെന്ന നിലയ്ക്കുള്ള തങ്ങളുടെ അവകാശത്തിനുവേണ്ടിയാണ് ഇറാന്‍ സമരം ചെയ്യുന്നതെന്ന് ഞങ്ങള്‍ക്കറിയാം. യുറേനിയം സമ്പുഷ്ടീകരിക്കാനുള്ള അവകാശം അവര്‍ക്കുണ്ട്. ആ അവകാശം അവര്‍ക്ക് നല്‍കപ്പെട്ടതാണ്. ആ അവകാശം അവരില്‍നിന്ന് എടുത്തുകളയാന്‍ അമേരിക്ക നിയമവിരുദ്ധമായി ശ്രമിക്കുകയാണ് ചെയ്യുന്നത്. ഞങ്ങളതിനെ അങ്ങനെയാണ് കാണുന്നത്.

ലോകത്തിലെ ഏറ്റവും ആധുനികമായ മതനിരപേക്ഷ അറബി രാഷ്‌ട്രമായിരുന്നു ഇറാക്ക്. അതിനെയാണ് തന്റെ ഏതാണ്ട് എട്ടുകൊല്ലത്തെ പ്രസിഡന്റ് കാലാവധിക്കുള്ളില്‍ പ്രസിഡന്റ് ബുഷ് ആക്രമിച്ചതും അധിനിവേശം നടത്തിയതും നശിപ്പിച്ചതും. ഇപ്പോള്‍ അമേരിക്ക, ഇറാനെയാണ് ലക്ഷ്യം വെച്ചിരിക്കുന്നത്. ഇറാനെതിരായി സൈനികാക്രമണം നടത്തുമെന്ന് ദിവസംതോറും അമേരിക്കയും ഇസ്രയേലും ഭീഷണി മുഴക്കിക്കൊണ്ടിരിക്കുന്നു. മുസ്ളിങ്ങളെ വെറുക്കുന്ന ഒരു വ്യക്തിയായി ബുഷിനെ ലോകത്തിലെ മുസ്ളിം ജനങ്ങള്‍ വീക്ഷിക്കുകയാണെങ്കില്‍, അതിനുകാരണം ഞങ്ങളല്ല; അതിനു കാരണം പ്രസിഡണ്ട് ബുഷ് തന്നെയാണ്. അറബി ലോകത്തിലുള്ള വീക്ഷണം അതാണ്. മുസ്ളിം ലോകത്തിലും മുസ്ളിം രാജ്യങ്ങളിലും ഉള്ള വീക്ഷണം അതാണ്. അത്തരം ചില അഭിപ്രായങ്ങളോട് ഇന്ത്യയിലെ മുസ്ളിങ്ങള്‍ക്കും യോജിപ്പുണ്ട്.

ബുഷിന് അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്ത് 26 ശതമാനത്തില്‍ കൂടുതല്‍ ആളുകളുടെ അനുകൂലാഭിപ്രായമില്ല. ക്രിസ്ത്യാനികള്‍ക്ക് മഹാഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെ സ്വന്തം രാജ്യത്തുപോലും ജനങ്ങള്‍ അദ്ദേഹത്തെ വലിയ മഹാനെന്ന് കരുതുന്നില്ല. അതുകൊണ്ട് മുസ്ളിമെന്നോ ഹിന്ദുവെന്നോ ക്രിസ്ത്യന്‍ എന്നോ ഉള്ള പ്രശ്‌നം ഉദിക്കുന്നതേയില്ല. പ്രശ്‌നം അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റേതാണ്. ജനങ്ങള്‍ ഞങ്ങളെപ്പറ്റി എന്താണ് പറയുന്നതെന്നു നോക്കാതെ, ഞങ്ങള്‍ അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരായി നിലപാട് കൈക്കൊള്ളും.

അടുത്ത തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍, തിരഞ്ഞെടുപ്പിനുശേഷമുള്ള അവസ്ഥയില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഒന്നിച്ചുവരും എന്ന് ജനങ്ങള്‍ പറയുന്നു...

പ്രകാശ് കാരാട്ട് :2009 എന്നത് 2004ന്റെ ആവര്‍ത്തനമായിരിക്കുകയില്ല. ഒന്നാമത് അന്ന് 6 കൊല്ലക്കാലത്തെ ബിജെപി ഭരണമുണ്ടായിരുന്നു. ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റുക എന്നതായിരുന്നു ഞങ്ങളുടെ പ്രധാനലക്ഷ്യം. ഞങ്ങള്‍ പ്രചരണം നടത്തി; ഒരു മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടാകണം എന്ന് ഞങ്ങള്‍ പ്രസ്‌താവിച്ചു. ഇപ്പോള്‍ അഞ്ചു കൊല്ലക്കാലത്തെ കോണ്‍ഗ്രസിന്റെ ഭരണമാണ് കഴിയാന്‍ പോകുന്നത്. അക്കാര്യം വിസ്‌മരിക്കരുത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് പൊതുമിനിമം പരിപാടിയുടെ കാര്യത്തില്‍ ഇടതുപക്ഷത്തെ വഞ്ചിച്ചു; സാമ്രാജ്യത്വാനുകൂലമായ ഒരു നയം സ്വീകരിച്ചു; ജനങ്ങള്‍ക്ക് എതിരായ നിരവധി സാമ്പത്തികനയങ്ങളും സ്വീകരിച്ചു; ഇന്നു നാം കാണുന്ന വിലക്കയറ്റവും കൃഷിക്കാരുടെ പ്രശ്‌നങ്ങളും സംബന്ധിച്ച നയം അതില്‍ ഒന്നു മാത്രമാണ്. അതുകൊണ്ട്, തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഞങ്ങള്‍ ഇറങ്ങുമ്പോള്‍, ഞാന്‍ പറഞ്ഞപോലെ, ബിജെപിയെ പരാജയപ്പെടുത്തുക, കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തുക എന്നാണ് ഞങ്ങള്‍ പറയാന്‍ പോകുന്നത്. നമുക്കാവശ്യം ഒരു മതനിരപേക്ഷ ഗവണ്‍മെന്റാണ്. അതൊരു കോണ്‍ഗ്രസ് ഗവണ്‍മെന്റ് ആവണമെന്നില്ല.

***

കടപ്പാട് : പി എ ജി ബുള്ളറ്റിൻ

മൂന്നാം മുന്നണി അസാദ്ധ്യമോ?

മാധ്യമങ്ങളാകെ ഈ സംശയം ഉയർത്തുകയാണ്. രാജ്യമാകെ ചിതറികിടക്കുന്ന ചെറുകക്ഷികൾക്ക് അതിന് കഴിയില്ലെന്ന ധാരണ സൃഷ്ടിക്കാൻ ബോധപൂർവമോ അല്ലാത്തതോ ആയ ശ്രമം നടക്കയാണ്. ദേശീയ കക്ഷികളില്ലാത്ത മുന്നണി അസാദ്ധ്യം, അചിന്തനീയം എന്ന ധാരണ നൽകാനാണ് ശ്രമം. ഇതിന് വസ്തുതകളുമായി ബന്ധമുണ്ടോ?

ഇല്ല എന്നാണുത്തരം

2004ൽ പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിൽ കക്ഷികൾ ഒറ്റക്കൊറ്റക്കാണ് മത്സരിച്ചത്. UPA മുന്നണിയുണ്ടായിരുന്നില്ല. കോൺഗ്രസ് ജയിച്ചത് 145 സീറ്റിൽ. പിന്നീടാണ് UPA ഉണ്ടാക്കിയത്. അതിലെ ഘടക കക്ഷികൾക്കുണ്ടായിരുന്നത് 218 സീറ്റ്. ഇടതുപക്ഷത്തിന് 61 സീറ്റ്; ആകെ സീറ്റിന്റെ 15 ശതമാനം. UPA മിനിമം പരിപാടി അംഗീകരിച്ചു. നേതൃത്വം മുഖ്യകക്ഷിക്ക്. അവർ പ്രധാനമന്ത്രിയെ തീരുമാനിച്ചു.

2009 ൽ NDA സഖ്യം 22 കക്ഷികളിൽ നിന്ന് 8 ആയി ചുരുങ്ങിയിരിക്കുന്നു. UPA ആകട്ടെ 12 ൽ നിന്നും 9 ആയി.

UPA ഘടക കക്ഷികൾ തമ്മിൽ മത്സരം ഒഴിവാക്കിയാൽ കോൺഗ്രസിനു മത്സരിക്കാൻ കഴിയുന്നത് പകുതിയിലും താഴെ സീറ്റിൽ. അതിന്റെ സാധ്യത തുലോം വിരളമെന്ന് ഇതിനകം വന്ന വാർത്തകൾ സൂചിപ്പിക്കുന്നു.

തെക്കു കേരളം മുതൽ വടക്ക്, വടക്കു-കിഴക്കുവരെ നിക്ഷ്പക്ഷ മനസ്സോടെ ഒന്നോടിച്ചു നോക്കിയാൽ കൂടുതൽ സീറ്റുകളുള്ള സംസ്ഥാനങ്ങളിലൊന്നും കോൺഗ്രസും ബി.ജെ.പി യും മുഖ്യശക്തിയാകാൻ സാധ്യതയില്ല. മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികൾക്കാണ് മുൻ‌തൂക്കം. നവീൻ പട്നായിക്ക്, സംഗ്‌മ എന്നിവർ മാത്രമല്ല; ശരത് പവാർ പോലും മൂന്നാം മുന്നണിയുടെ സാധ്യത തള്ളിക്കളയുന്നില്ല. ഇപ്പോൾ ലല്ലു പ്രസാദും, രാം വിലസ് പസ്വാനും ആടിക്കളിക്കയാണ്.

14 വർഷം മുൻപ് ഏക കക്ഷി ഭരണത്തിന്റെ കാലം കഴിഞ്ഞെന്ന് പറഞ്ഞപ്പോഴും അധികംപേരും പരിഹസിക്കയാണുണ്ടായത്. ഇന്നത് യാഥാർത്ഥ്യമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു.

B.J.P. യും കോൺഗ്രസും ഇല്ലാത്ത മുന്നണിയെന്നു കേൾക്കുമ്പോഴുള്ള അവിശ്വാസ്യത പഴയ മാനസികാവസ്ഥയുടെ തുടർച്ചയാണ്.

വ്യത്യസ്തമായ ഒരു മൂന്നാം മുന്നണി

ഒരു മിനിമം പരിപാടി

അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ

അതിനൊരു പ്രധാനമന്ത്രി

ഇതെല്ലാം സാധ്യമാണ്, അതു ഒരിന്ത്യൻ യാഥാർത്ഥ്യമാകാൻ പോകയാണ്.

Sunday, March 29, 2009

തലവിധി

ചാക്കാടുംപാറയിലെ അരിക്കച്ചോടക്കാരനാണ് അഹമ്മദുണ്ണി എന്ന അയ്‌മുണ്ണി. മര്യാദക്കാരന്‍ എന്ന് സ്വയം വിശ്വസിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്തിരുന്ന നല്ലവന്‍.

ആര് കടം ചോദിച്ചാലും കൊടുക്കും. പണമെങ്കില്‍ പണം, അരിയെങ്കില്‍ അരി. കന്നിനിലാവ് പോലെ ചിരിച്ചുകൊണ്ടായിരിക്കും കൈ നിറയെ പൊലിക്കുക.

' ഒരു ബെള്ളക്കടലാസിലൊപ്പിട്ട് കൊടുത്താ മതി. എന്തോരം ബേണോങ്കിലും തരും. പാവം.'- ഇതാണ് ചാക്കാടുംപാറയില്‍ അയ്‌മുണ്ണിയെക്കുറിച്ചുള്ള ചൊല്ല്.

മാസം ഒന്ന് തികയുമ്പോ വീട്ടില്‍ വരും. വിനയത്തോടെ കാശ് തിരിച്ച് ചോദിക്കും. നൂറ്റിക്കഞ്ച് പലിശ. കൊടുത്തില്ലെങ്കിലും പരാതിയില്ല. പക്ഷേ തീയതി പറയണം. ചിരിച്ചുകൊണ്ട് തിരിച്ച് പോകും.

ആ തീയതിയില്‍ കൃത്യമായി വരും. അപ്പോഴും കൊടുക്കണമെന്നില്ല. തീയതി പറയണം. അപ്പോഴും ചിരിച്ചുകൊണ്ടു തന്നെ പോകും.

' ഓന്റൊരു ശിരി. യെന്തൊരു മൊഞ്ച്'

പിന്നേം വരും

പിന്നേം വരും.

പിന്നെ കൈയൂക്കുള്ള നാലഞ്ച് പേര് വരും.

അന്ന് രാത്രി അയ്‌മുണ്ണിക്ക് ഉറക്കം വന്നില്ല. കുറെ നേരം മുറ്റത്ത് ഉലാത്തി. പിന്നെ ചാരു കസേരയില്‍ കിടന്നു. അങ്ങാടീല് നിറയെ പോസ്റ്ററും ബാനറും ബോര്‍ഡും. ഓരോ അവമ്മാര് നിരന്ന് നിക്കണ കാണുമ്പോ കൊതിയാവ്ണ്.

എന്തൊര് ആനച്ചന്തം!

അയ്‌മുണ്ണിക്കും അങ്ങനെ നില്‍ക്കാന്‍ കൊതിയായി.

' ഇമ്മക്ക് എന്താ ഒരു പോരായ്‌ക. ബുത്തീല്ലേ..ബോതോല്ലേ..കയ്വില്ലേ..രാസ്‌ട്രീയത്തില് നല്ല പുടിപാടില്ലേ..അരിക്കച്ചോടക്കാരുടെ അയ്‌ലേന്ത്യാ പ്രസിഡന്റല്ലേ..കയ്യീ നാല് കായില്ലേ.. പ്രശംഗിക്കുല്ലെ..ബിളിച്ചാ നാലാള് ബരൂല്ലെ..?'

ചിന്തിച്ച് ചിന്തിച്ച് അയ്‌മുണ്ണി തളര്‍ന്ന് ഉറങ്ങിപ്പോയി. ഉറക്കത്തില്‍ കിടന്ന് അയ്‌മുണ്ണി മുദ്രാവാക്യം വിളിച്ചു.

' അയ്‌മുണ്ണിക്കാ സിന്താബാദ്..'

'അയ്‌മുണ്ണിക്കാ നേതാവേ..

ധീരതയോടെ നയിച്ചോളൂ..ലച്ചം ലച്ചം പിന്നാലെ..'

'ധീരാ വീരാ അയ്‌മുണ്ണീ

വീരപരാക്രമി അയ്‌മുണ്ണി

അയ്‌മുണ്ണിക്കാ പൊന്നിക്കാ

ഭാരത നാടിന്നഭിമാനം'

ഉറച്ച രാഷ്‌ട്രീയ തീരുമാനത്തോടെയാണ് അന്ന് രാവിലെ അയമുണ്ണിക്കാ എഴുന്നേറ്റത്. പുലര്‍ച്ചെ തന്നെ തന്ത്രങ്ങള്‍ മെനഞ്ഞതുകൊണ്ട് അതിന് വേണ്ടി സമയം പാഴാക്കേണ്ടി വന്നില്ല.

അങ്ങാടീച്ചെന്ന് അയ്‌മുണ്ണിക്ക പത്ത് കോഴിയെ വാങ്ങി. രാഷ്‌ട്രീയ പ്രവേശനത്തിന്റെ ആദ്യചുവട്. അതോടെ ഭാവിയില്‍ സൃഷ്ടിക്കാന്‍ പോകുന്ന ആത്മകഥയുടെ ആദ്യ അധ്യായത്തിന്റെ തലക്കെട്ടുമായി...'രാഷ്ട്രീയത്തിന്റെ കോഴിച്ചുവടുകള്‍'.

രാഷ്‌ട്രീയവും കോഴിയും തമ്മിലെന്ത് ബന്ധമെന്ന് ശുദ്ധാത്മക്കള്‍ ചോദിച്ചേക്കാം. പാവങ്ങള്‍! ഒരു കോഴിയുണ്ടെങ്കില്‍ അതിനെക്കൊണ്ട് കൂകി നേരം വെളുപ്പിക്കുന്നതാണ് അധികാരം.

"..അത് പോലത്തെ പത്ത് കോയിയാണ് ഇമ്മട കയ്യില്‍..'' അയ്‌മുണ്ണി ലോകത്തോട് പ്രഖ്യാപിച്ചു.

"ലോകം ഇനി ഇമ്മള് ബെളുപ്പിക്കൂട്ടാ...അയ്‌നൊള്ള കോയി ഇമ്മട കയ്യിലെണ്ട്ടാ...രാഷ്‌ട്രീയത്തില് ബന്നട്ട് ഇമ്മക്ക് കോയീനപ്പിടിക്കണ്ട. കോയീനെം കൊണ്ടാണ് ഇമ്മള് ബര്ണത്. ആരൊണ്ടടാ..തടുക്കാന്‍..''

കോഴിയെ അടുക്കളയിലേക്ക് എറിഞ്ഞിട്ട് അയ്‌മുണ്ണി പ്രഖ്യാപിച്ചു.

"നല്ലൊന്നാന്തരം ബിരിയാണി ബേം ശരിയാക്ക്..ഇതുകൊണ്ട് ഇത്തിരി വെസനസ് ചെയ്യാനൊണ്ട്. നെയ്യും മറ്റൊന്നും ഒട്ടും കൊറയ്ക്കണ്ട. കായ് കിട്ടണങ്കി കായെറിയണം..''

കടേല് കണക്കെഴുതണ പയ്യനെ വിളിച്ച് അയ്‌മുണ്ണി പറഞ്ഞു.

"..ഡാ..പത്രത്തിലെയ്തണോരേം പടം പിടിക്കണോരേം പിടിച്ചോണ്ട് ബാ...മുയുവനും ബേണം. ഒറ്റെണ്ണത്തിനേം ബിട്ടു പോവരുത്. കച്ചെറേണ്ടാക്കും.''

പത്രങ്ങളും പടം പിടിക്കുന്നോരും പറന്നെത്തി ഘ്രാണശക്തി തെളിയിച്ചു. നോസ് ഫോര്‍ ഓസ്.

എല്ലാവരും ലഞ്ചിന് വിസ്തരിച്ചിരുന്നു. എ ബി സി കണക്ക്പ്രകാരം ബിരിയാണി വിളമ്പി.സര്‍ക്കുലേഷന്‍ കണക്കാക്കാതെ തട്ടി. കോഴിക്കാലിന്റെ തല്‍സമയ സംപ്രേഷണദൃശ്യങ്ങള്‍ ബൈറ്റനുസരിച്ച് വയറ്റില്‍ അപ്രത്യക്ഷമായി. തിന്നചോറിന് നന്ദി കാട്ടി ചിലര്‍ ഏമ്പക്കം വിട്ടപ്പോള്‍ അയ്‌മുണ്ണി പറഞ്ഞു.

" തീറ്റേം കയിഞ്ഞ് എല്ലാബരും എയ്റ്റ്പോകരുത്. രാജ്യത്തിനെ ബാധിക്കുന്ന ചില പ്രധാന കാര്യങ്ങള്‍ ഇമ്മക്കറീക്കാന്ണ്ട്. അത് ഇങ്ങ്ള് കേക്കണം. അത് മുയ്‌മന്‍ കേക്കണോര്‍ക്ക് എല്ലാംകയിയുമ്പ ഒരു പൊതീണ്ടാവും. എന്നിട്ട് കയിച്ചലായാ മതി.''

കോഴി മനുഷ്യനെ കൊത്തിയാല്‍ വാര്‍ത്തയാകില്ല പക്ഷെ മനുഷ്യന്‍ കോഴിയെ കൊത്തിയാല്‍ വാര്‍ത്തയാകും എന്ന സിദ്ധാന്ത പ്രകാരം മാധ്യമങ്ങള്‍ സടകുടഞ്ഞ് ഇരുന്നു.

തിന്ന ചോറിനുള്ള നന്ദിയാണ് വാര്‍ത്ത.

അയ്‌മുണ്ണി തുടങ്ങി.

"ങ്ങ്ള് കേട്ടോളീ..ഈ തെരഞ്ഞെടുപ്പില് ഇമ്മള് ചാക്കാടുമ്പാറേന്ന് മല്‍സരിക്കാമ്പോകേണ്.''

മാധ്യമങ്ങള്‍ക്കിത് താങ്ങാനായില്ല. ദഹിച്ച കോഴികള്‍ വയറ്റില്‍ കിടന്ന് കൂകി.

മാധ്യമങ്ങള്‍ കൂട്ടത്തോടെ വാവിട്ടു.

"കാരണം..?''

"കാരണോ..?എന്ത് കാരണം..ങ്ങക്കറിയ്യോ..ഇമ്മക്ക് സോതന്ത്യ്രം കിട്ടീതെന്നാണ്?. ന്റ ഓര്‍മ ശര്യാണെങ്കീ..രാഷ്‌ട്രീയത്തിലിറങ്ങുമ്പോ ഇങ്ങന പറേണോന്ന് കരിതീട്ടാണ്, ന്റ ഓര്‍മക്ക് ഒര് കൊയപ്പോല്ല. നാല്‍പത്തിയേയിലല്ലെ കിട്ടീത്. ഇപ്പ കൊല്ലോത്രെയായി?. നാല്‍പത്തിയേയും മൂന്നും അയ്മ്പത്. അയ്മ്പതും അയ്മ്പതും നൂറ്. നൂറും ഒമ്പതും നൂറ്റിയൊമ്പത്. അപ്പ അയ്മ്പതും മൂന്നും അയ്മ്പത്തിമൂന്നും ഒമ്പതും അറുപത്തിരണ്ടായാ..?ഇബ്‌ട പലരും മാറിമാറി ബരിച്ചല്ലാ..അരിക്കച്ചോടക്കാര്‍ക്ക് എന്ത്...''

പിന്നീട് പറഞ്ഞ വാക്ക് സഭാ നടപടികളില്‍ നിന്ന് നീക്കം ചെയ്തു.

"...കിട്ടി?ഇനി ഈ പണിക്ക് ഇമ്മളെ കിട്ടില്ല.ഇമ്മള് സങ്കടിക്കാന്‍ തീര്മാനിച്ച്. ഈ ചാക്കാടുമ്പാറേല് മാത്രം ഇമ്മള് നാല് അരിക്കച്ചോടക്കാര്ണ്ട്. നാല് ബീട്ടില് നാല് വോട്ട് ബെച്ച് നന്നാല് പയ്‌നാറോട്ടായാ?.പിന്ന ഈ ചാക്കാടുമ്പാറേല് ആള്കള് തിന്നണതെന്താണ്..?ചോറാണാ..?.അതാരാണ് കൊട്ക്കണത്..?ഈ രാഷ്‌ട്രീയക്കാരാ..?.ഇമ്മളല്ലെ?.ചോറ് തന്നണോര് മുയുവന്‍ ഇമ്മക്കല്ലാതെ പിന്നാര്‍ക്ക് കുത്തൂന്ന്?..ഇമ്മട പെട്ടീല് വോട്ട് തോന ബീയും..ങ്ങ്ള് കണ്ടോളീ..''

" രാഷ്‌ട്രീയത്തിലിറങ്ങാനുള്ള കാരണം..''

"..കാരണോ..? ന്റ പുള്ളെ വിട്ട്പിടി.ഇമ്മളെ കച്ചോടം ഇങ്ങ്ള് പടിപ്പിക്കണ്ട.''

"ജയിച്ചാല്‍ എന്തായിരിക്കും നയം..?''

"നയോ..?.ജയിച്ചാലും തോറ്റാലും ഇമ്മക്ക് ഒറ്റ നയോള്ള്. കച്ചോടം.''

"രാജ്യം നേരിടുന്ന ഭീഷണി..?''

" ഭീശണ്യാ..ന്ത് ഭീശണി..?''

"തീവ്രവാദി..?''

"തീമ്രവാദ്യാ..ന്ത് തീമ്രവാദി..!ഇമ്മള് നല്ല നാല് നായിന ബാങ്ങും. അയ്ന്റ കൊര കേട്ടാ ഓടാത്ത ഏത് തീമ്രവാദ്യാണ്..ന്റ പുള്ളേ ഇബ്‌ടെയൊള്ളത്..?''

"ജയിച്ചാല്‍വിദേശബന്ധത്തില്‍ വല്ല മാറ്റവും വരുത്തുമോ..?''

"..ന്റ പുള്ളേ ന്ത് ബന്തം. കായൊണ്ടാ ബന്തോണ്ട്. കായില്ലേ ബന്തോല്ല.''

"ആഗോളസാമ്പത്തിക മാന്ദ്യം നേരിടാന്‍ എന്ത് ചെയ്യും?''

"ജ്ജ് ബെറുതേരി. ഇമ്മളിത് ഇന്നും ഇന്നലേം തൊട്ട് കേക്കാന്തൊടങ്ങണതല്ല..കാലം കൊറെയായി മോനേ ഈ കയിൽ‌ക്കത്ത് തൊടങ്ങീട്ട്. മാന്ന്യോന്നൊക്കെ കേട്ടാ ഇമ്മള് പേടിക്കൂല്ലാ മോനേ. ഇജ്ജ് കണക്ക് പറഞ്ഞ് നാട്ട്കാരെ ബെരട്ട്യാ മതി. ഇമ്മട്ട്ത്ത് ഈ പരിപ്പ് ബേകൂല്ല മോനേ..''

ചാക്കാടുംപാറക്കാര്‍ ഞെട്ടിപ്പോയി.

"അയ്‌മുണ്ണിക്കാക്ക് ന്തൊര് വിവരം! എന്തെല്ലാം കാര്യത്തിലാണ് അറിവ്.!.''

അതോടെ അയ്‌മുണ്ണി വാര്‍ത്തയില്‍ നിറഞ്ഞു.

"വര്‍ഗീയത ആപത്ത്- അയ്‌മുണ്ണി.'', "സത്യം വദ ധര്‍മം ചര- അയ്‌മുണ്ണി''"യുവാക്കളിലാണ് രാജ്യത്തിന്റെ ഭാവി- അയ്‌മുണ്ണി'', ശാസ്ത്ര പുരോഗതി അനിവാര്യം- അയ്‌മുണ്ണി''..ഇങ്ങനെ എന്തെല്ലാം അറിവുകളാണ് അയ്‌മുണ്ണി പകര്‍ന്ന് തന്നത്.

അയ്‌മുണ്ണി രംഗത്തിറങ്ങിയതോടെ നിരവധി സംഘടനകള്‍ പിന്തുണയുമായി എത്തി.

ഓള്‍ കേരള ടാക്സ് വെട്ടിപ്പസോസിയേഷന്‍ പിന്തുണ പ്രഖ്യാപിച്ചു.

" സ്വാതന്ത്യാനന്തര കാലം മുതല്‍ രാജ്യപുരോഗതിക്കായി നികുതിവെട്ടിച്ചുകൊണ്ടിരുന്ന ഞങ്ങളെ മാറിമാറി വന്ന സര്‍ക്കാരുകള്‍ അവഗണിക്കുകയായിരുന്നു.രാത്രികള്‍ പകലുകളാക്കി ഞങ്ങളുണ്ടാക്കിയ കള്ളക്കണക്കുകള്‍ അതെഴുതിയ കടലാസിന്റെ വില പോലും പരിഗണിക്കാതെ തള്ളി. നമ്മളുടെ അധ്വാനത്തിന് പുല്ല് വില പോലും കല്‍പ്പിക്കാത്തതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ അയ്‌മുണ്ണിയുടെ പിന്നില്‍ അണിനിരക്കു''

അഖിലകേരള മായം ചേര്‍ക്കല്‍ ഫെഡറേഷന്‍ രംഗത്തെത്തി.

"ആര്‍ഷഭാരത സംസ്കാരത്തില്‍ പ്രധാനപ്പെട്ട ചിന്താധാരയാണ് മായാവാദം. ആദിശങ്കരന്റെ ചിന്തകളാണ് ഞങ്ങള്‍ മുറുകെ പിടിക്കുന്നത്.എന്നിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ ഞങ്ങളെ അവഗണിച്ചു.കയറില്‍ മായം ചേര്‍ത്ത് പാമ്പാക്കിയ ഈ രാജ്യത്ത് അരിയില്‍ കല്ലുചേര്‍ക്കുന്നതും കളറ് ചേര്‍ക്കുന്നതും മഹാപരാധമായി മാറി.ഈ ജനവിരുദ്ധനയങ്ങള്‍ തിരുത്താന്‍ ഒറ്റക്കെട്ടായി അയ്‌മുണ്ണിക്ക് പിന്നില്‍ അണിനിരക്കുക''

അഖിലേന്ത്യാ ബ്ളേഡ് ഓണേഴ്സ് അസോസിയേഷന്‍, സ്മഗ്ളേഴ്സ് ഗില്‍ഡ്,കുഴല്‍പണശേഖരണ സമിതി എന്നീ ജനകീയ സംഘടനകളും അയ്‌മുണ്ണിയുടെ പിന്നിലെത്തിയതോടെ അതൊരു തരംഗമായി മാറി.

ജനങ്ങള്‍ക്ക് പ്രതീക്ഷയായി.

മാറ്റത്തിന്റെ കാറ്റ് വീശുന്നു.ഇനി ഒന്നും പഴയപോലെ ആയിരിക്കില്ല.

രാജ്യം പ്രതീക്ഷയോടെ ഉറ്റ് നോക്കവെ തുറന്ന ജീപ്പില്‍ വിനയാന്വിതനായി തലകുനിച്ച്, ചിരിച്ച് കൈവീശി അയ്‌മുണ്ണി മന്ദം മന്ദം നീങ്ങി.

***

എം എം പൌലോസ്

നാറുന്നതും മണക്കുന്നതും തിരിച്ചറിയാത്തവർ

“ ഓമനെ, ഒരുവേള പഴക്കമേറിയാൽ ഈ
നാറ്റവും നമുക്ക് സുഗന്ധമായ് വരാം”

എന്ന് കവി പറഞ്ഞപോലെ അമേരിക്കൻ ബാന്ധവം മൂത്തു മൂത്ത് അമേരിക്കക്കാരൻ കാണിക്കുന്ന എന്തു വൃത്തികേടും അതുപോലെ പകർത്തുന്നത് അന്തസായി കരുതുന്ന ഒരു പതനത്തിൽ നാടിന്നെത്തിച്ചേർന്നിരിക്കുന്നു.

സെക്യൂരിറ്റി വേണ്ടുന്ന വൻ‌കിടക്കാരന് സെക്യൂരിറ്റിവച്ചും സെക്യൂരിറ്റിയില്ലാത്ത ചെറുകിടക്കാരന് അതില്ലാതെയും വായ്‌പ നൽകാൻ ഇവിടെ വ്യവസ്ഥയുണ്ടായിരുന്നു. തങ്ങളുടെ സമ്പാദ്യം നിക്ഷേപമായി സർക്കാർ ബാങ്കുകളിൽ നിറഞ്ഞപ്പോൾ ജനങ്ങൾക്ക് പൂർണ സുരക്ഷിതത്വം അനുഭവപ്പെട്ടു. വായ്പ, ആവശ്യക്കാരന് കിട്ടിയിരുന്നു. ചില അപവാദങ്ങളുണ്ടായിരുക്കാം. പക്ഷെ, വൻ തട്ടിപ്പും വെട്ടിപ്പും അഴിമതിയും ഉണ്ടായില്ല. ഇൻഷുറൻസ്, സർക്കാർ കമ്പനികളിൽ ഭദ്രമായിരുന്നു. സർക്കാരിന്റെ കൈകൾ കെടാതെ സൂക്ഷിക്കുന്ന ഭദ്രദീപം വെളിച്ചം പരത്തുന്നതു കണ്ട് ജനങ്ങൾ സം‌പ്രീതരായി. കൃഷി, വ്യവസായം തുടങ്ങി ഉല്പാദനരംഗത്ത് വളർച്ചയും ഉണർവും ഉണ്ടായി.

ഇപ്പോൾ എല്ലാം തകിടം മറിയുകയാണ്. വിദേശിപ്രേമം ഒരു ബാധപോലെ ഭരണധികാരികളെ പിടികൂടിയിരിക്കുന്നു.

സർക്കാർ ബാങ്കുള്ളപ്പോൾ നമുക്കെന്തിനാണ് വിദേശബാങ്ക്, വിദേശ ഇൻഷ്വറൻസ് ? പട്ടാഭി സീതാരാമയ്യയെപ്പോലുള്ള സ്വാ‍തന്ത്ര്യസമരസേനാനികൾ സാമ്രാജ്യത്വ ചൂഷണത്തിന്റെ തിരുക്കുറ്റികളെന്നു വിളിച്ച് ഒരു കാലത്ത് വിദേശ ബാങ്കുകളെ ബഹിഷ്‌ക്കരിക്കാൻ ആഹ്വാനം ചെയ്തത് ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യയിലിന്നുള്ള വൻ‌കിട ബാങ്കുകളിൽ പലതും ആരംഭിച്ചത് വിദേശ ചൂഷണത്തിനെതിരെയായിരുന്നു. ദേശീയ സാമ്പത്തിക സ്വാതന്ത്ര്യമായിരുന്നു ഈ ദേശീയ ബാങ്കുകൾ മുന്നോട്ടു വച്ച മുദ്രാവാക്യം.

വിദേശ ഇൻഷുറൻസ് കമ്പനികൾ ജനങ്ങളിൽ നിന്നും പ്രീമിയം ശേഖരിച്ചു പണം വിദേശത്തേക്ക് കടത്തിയ ശേഷം സ്ഥാപനം പൊളിച്ചപ്പോൾ ഉള്ള സമ്പാദ്യം മുഴുവൻ ചോർന്നുപോയ ഇന്ത്യാക്കാരന്റെ പരിദേവനം കണ്ടാണ് നെഹ്രു സർക്കാർ വിദേശക്കമ്പനികളെ ഇവിടെ നിന്നും കെട്ടുകെട്ടിച്ചത്. പൊതുമേഖലയിൽ ലൈഫ് ഇൻഷുറൻസ് ആരംഭിച്ചത്. സർക്കാർ കമ്പനികൾ ഇൻഷുറൻസ് വ്യവസായം സ്‌തുത്യർഹമായി കൈകാര്യം ചെയ്യുമ്പോൾ ഇപ്പണി ചെയ്യാൻ സായിപ്പിനെ വീണ്ടുമെന്തിനാണിവിടെ ക്ഷണിച്ചുവരുത്തുന്നത് ?

അതെ, പഴയ നാറ്റമെല്ലാം ഇവിടെയിപ്പോൾ സുഗന്ധമായി മാറുകയാണ്.

സായിപ്പിന്റെ ബാങ്ക് ചീട്ടു കൊട്ടാരം പോലെ പൊളിഞ്ഞു.

സായിപ്പിന്റെ ഇൻഷുറൻസ് കമ്പനി പൊട്ടിച്ചിതറി, അതിനെ തൊട്ടവരുടെയെല്ലാം കൈപൊള്ളി.

ഈ നാറ്റം ലോകമാകെ പരക്കയാണ്

സ്ലം ഡോഗ് മില്യണയറിൽ അമിതാഭ് ബച്ചനെ കാണാൻ അമേദ്യത്തിലഭിഷിക്തനായി കക്കൂസ് കുഴിയിൽ നിന്നോടുന്ന ധാരാവിയിലെ കുട്ടിയെപ്പോലെ അവർ സായിപ്പിനു പിറകെ പായുകയാണ്.

Saturday, March 28, 2009

എങ്ങിനെ നീ മറക്കും....

എങ്ങിനെ നീ മറക്കും....

നീലക്കുയിലിലെ സുന്ദരമായ ഈരടിയിൽ പറയുമ്പോലെ, എങ്ങനെയാണ് ആ ദിനങ്ങൾ നമുക്ക് മറക്കാൻ കഴിയുക?

വിദേശ നാണയശേഖരം മുകളിലേക്കങ്ങനെ അടിവച്ചടിവച്ച് കയറിയ നാളുകൾ, ഓഹരി സൂചിക വാണം‌പോലെ കത്തിക്കയറിയ നാളുകൾ, വെയ് രാജാ, വെയ്. ഒന്നു വച്ചാൽ പത്തു, പത്തു വച്ചാൽ നൂറ് എന്ന തോതിൽ വിദേശ മാക് ഡഫുമാർ ഇന്ത്യൻ വിപണിയിൽ പണമെറിഞ്ഞ് പണം കോരിയെടുത്ത നാളുകൾ, കള്ളപ്പണക്കാരനും നികുതിവെട്ടിച്ചവനും, മയക്കുമരുന്നു മാഫിയയും മൌറീഷ്യസ് വഴി പാർട്ടിസിപ്പേറ്ററി നോട്ടിലൂടെ ഓഹരിച്ചന്തയെ തിളപ്പിച്ചു നിർത്തിയ നാളുകൾ, വിദേശനാണയശേഖരമങ്ങനെ കുതിച്ചു കയറുന്നതു കണ്ട് രോമാഞ്ചമണിഞ്ഞ നാളുകൾ. ഈ പണമൊക്കെ അമേരിക്കൻ ട്രഷറിയിൽ നിക്ഷേപിച്ച് കുടവയറും തടവി, ടൈ വലിച്ചു നേരെയിട്ട് ബെൻ ബെർണാങ്കെക്കും, വില്ല്യം ഹാരിസണും, മുൾഫോഡിനുമൊപ്പമെന്ന അഹന്തയിൽ കസേരയിലിരുന്നു കറങ്ങിയ നാളുകൾ.

അക്കാലത്ത്, ഉണ്ടിരിക്കുന്ന നായർക്ക് ഒരുൾവിളി പോലെയാണ് ആ തോന്നൽ കയറിവന്നത്. ഈ ലക്ഷം കോടി ഡോളറുകൾ കൊണ്ട് ഒരാകാശഗോപുരം പണിതുയർത്തിയാലോ? എത്രയെത്ര ചർച്ചകളാണ് ആ ദിവസങ്ങളിൽ മൻ‌മോഹനും, ചിദംബരവും, അലുവാലിയായും, അരവിന്ദ് വീർമണിയും, അൻ‌വറുൽ ഹുദായുമൊക്കെ ചേർന്ന് നടത്തിയത് ? ഒരു സ്പെഷൽ പർപ്പസ് വെഹിക്കിൾ ഉണ്ടാക്കുക. പണം അങ്ങോട്ടു മാറ്റുക, പിന്നെ അതെടുത്ത് പണിയങ്ങു തുടങ്ങുക. 8 വരി ഹൈവേകൾ, വൻ പാലങ്ങൾ, അന്താരാഷ്‌ട്ര വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ. എന്തിനു പറയുന്നു, ഇതാ ഒരു പറുദീസ ഇവിടെ ഉയരാൻ പോകുന്നു. ഒരിന്ത്യൻ പറുദീസ. നമ്മുടെ സ്വർഗമായ അമേരിക്ക പോലെ.

അപ്പോൾ പിന്നെ എന്തിനാണ് ഇന്ത്യൻ ‘ഉലുവ’? വെട്ടിത്തിളങ്ങുന്ന ഡോളർ മതി. ഏതു വിദേശിക്കും ഡോളർ കൊടുത്ത് ഇന്ത്യയിൽ ഭൂമി വാങ്ങാം. റിയൽ എസ്‌റ്റേറ്റ് ബിസിനസ് നടത്താം. നിക്ഷേപിക്കാം, ലാഭം കടത്തിക്കൊണ്ടുപോകാം. ഇൻഷുറൻസും ബാങ്കുമൊക്കെ ഇടപാട് ഡോളറിലാക്കട്ടെ. ഇന്ത്യൻ മുതലാളിക്ക് ഡോളറുമായി ലോകത്തെവിടെയും പോയി എന്തും വാങ്ങാം, വിൽക്കാം, സ്ഥാപനം നടത്താം. അങ്ങനയൊരുനാൾ രണ്ടു കൂട്ടർക്കുമൊന്നിച്ചു ഈ ലോകം കീഴടക്കാം. പുരപ്പുറത്തു കയറിനിന്ന് താരാപ്പോർ ഉച്ചത്തിൽ കൂവി. കൺ‌വർട്ടബിലിറ്റി. അനുചരവൃന്ദം ഏറ്റുപാടി. ഹലേലൂയാ, ഹലേലൂയാ.

പക്ഷെ, അതിനിടയിൽ വന്നു ഒരശ്രീകരം. ഉപഗുപ്തനെപ്പോലെ ഒരാൾ ഉരുവിടുകയാണ്. ‘സമയമായില്ല പോലും..’. മറ്റാരുമല്ല. വേണുഗോപാല റെഡ്ഡി. റിസർവ് ബാങ്ക് ഗവർണർ. വേണുഗാനം കേട്ടു ഉറക്കം ഞെട്ടിയ ചിദംബരം ഉറഞ്ഞുതുള്ളി. ‘ആരവിടെ, അവനെ സമക്ഷത്തിൽ ഹാജരാക്കൂ’.

ഒന്നല്ല, പല പകലുകൾ, രാത്രികൾ, സാമദാനഭേദദണ്ഡങ്ങളാകെ നടത്തിയിട്ടും ടിയാൻ വഴങ്ങുന്നില്ല. സംഗതി അങ്ങാടിപ്പാട്ടായേക്കുമെന്നു തോന്നിയപ്പോൽ തലയ്ക്ക് തട്ടി പറഞ്ഞു വിട്ടു. രോഷം, അടങ്ങാത്ത രോഷം പതഞ്ഞു പൊന്തി. പാർലമെന്റ്റിൽ ഇടതന്മാർ മരം വലിച്ചിട്ട് വഴി തടഞ്ഞിരിക്കുന്നു. വല്ലാതെ കൊത്തിയാൽ പഹയന്മാർ പാലം വലിക്കും. തെരുവിൽ തൊഴിലാളികളുടെ വെല്ലുവിളി. കുറെ സാമ്പത്തിക വിദഗ്ധന്മാരും, ബുദ്ധിജീവികളും അപകടം, അപകടമെന്നു അലമുറയിടുന്നു. നാശം ഒന്നും നടക്കുന്നില്ല.

നാളേറെയായില്ല. അമേരിക്കൻ ബാങ്കുകൾ പൊളിഞ്ഞു. ഖജനാവ് കാലിയായി. വിദേശി അവന്റെ ശേഖരമെല്ലാം വലിച്ചുകൊണ്ടുപോയി. കൺ‌വർട്ടബിലിറ്റി നടപ്പിലായിരുന്നെങ്കിൽ ഇവിടത്തെ ബാങ്ക്, ഇൻഷ്വറൻസ് കമ്പനികളും, സ്‌റ്റോക്ക് മാർക്കറ്റുമെല്ലാം അമേരിക്ക ഒരു ‘ടോട്ടൽ ഫോർ യൂ‘ ആക്കിയേനെ.

പാവം ഇന്ത്യക്കാരൻ ഉള്ള കൂരയും തൊഴിലും പോയി തെരുവിൽ തെണ്ടിനടന്നേനെ. അമേരിക്കയിൽ കഞ്ഞിവീഴ്ത്തുണ്ടെന്നാണ് കേൾവി. ഇവിടെ അതുമില്ലല്ലോ.

എങ്കിലും മൻ‌മോഹൻ, ചിദമ്പരം, അലുവാലിയകൾ നിരാശാ കാമുകൻ‌മാരെപ്പോലെ ഇവിടെ ഇപ്പോഴും പാടി നടക്കുന്നു.

എന്തെന്തു മോഹങ്ങളായിരുന്നു..
എത്ര കിനാവുകളായിരുന്നു...

Friday, March 27, 2009

നമ്മുടെ സ്ഥാപനം ; നമ്മുടെ തൊഴില്‍ ; നമ്മുടെ ജീവിതം ; നമ്മുടെ വോട്ട്

വീണ്ടുമൊരു പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. 2004-ലെ തെരഞ്ഞെടുപ്പില്‍ ബാങ്ക് ജീവനക്കാര്‍ ഒരു നിലപാടെടുത്തിരുന്നു. 1991-ലാരംഭിച്ച ബാങ്കിംഗ് - ധനമേഖലാ പരിഷ്കാരങ്ങളിലെ ആപത്ത് നാം ചൂണ്ടിക്കാട്ടി. പൊതുമേഖലയെ സംരക്ഷിക്കാന്‍ ഇടതുപക്ഷനിര ബലപ്പെടുത്തണമെന്ന് നാം ആഹ്വാനം ചെയ്തു. നമ്മുടെ നിലപാട് തീര്‍ത്തും ശരിയെന്ന് കാലം തെളിയിച്ചു.

തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇടതുപക്ഷ പിന്തുണയോടെ യു.പി.എ. സര്‍ക്കാര്‍ അധികാരത്തിലെത്തി. പക്ഷെ പരിഷ്കാര അജണ്ടയും ദിശയും മാറിയില്ല. പൊതുമിനിമം പരിപാടി മറന്നു. എന്‍.ഡി.എ.സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ തന്നെ യു.പി.എ.യും തുടര്‍ന്നു. തീര്‍ച്ചയായും നമ്മുടെ പ്രക്ഷോഭങ്ങള്‍ക്ക് അവധിയുണ്ടായില്ല. ബാങ്കുകളുടെ ഓഹരി വിറ്റഴിക്കാന്‍ കനത്ത സമ്മര്‍ദ്ദമുണ്ടായി. വിദേശപ്രത്യക്ഷനിക്ഷേപം വര്‍ദ്ധിപ്പിക്കാനും, നിയമനം ഒഴിവാക്കി ഔട്ട്സോഴ്സിംഗ് നടപ്പാക്കാനും സര്‍ക്കാര്‍ കിണഞ്ഞു ശ്രമിച്ചു. റിസര്‍വ്വ് ബാങ്കിന്റെ നിയന്ത്രണാധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താനും പെന്‍ഷന്‍ ഫണ്ടും പ്രൊവിഡണ്ട് ഫണ്ടും ഓഹരി കമ്പോളത്തിലേക്ക് തുറന്നുവിടാനും വാശിപിടിച്ചു. പണിമുടക്കും പ്രചാരണവുമായി നാം തെരുവിലും നമുക്കു പിന്തുണയുമായി 61 എം.പി.മാര്‍ ലോൿസഭയിലും പോരാടിക്കൊണ്ടിരുന്നു. ഇടതുപക്ഷത്തെ മെരുക്കാന്‍ യു.പി.എ. ഏകോപനസമിതി തലങ്ങും വിലങ്ങും യോഗം ചേര്‍ന്നു. ബാങ്കിംഗ് നിയമഭേദഗതി ഇപ്പോഴും പാര്‍ലമെന്റ് മുമ്പാകെയുണ്ട്. വിദേശപ്രത്യക്ഷനിക്ഷേപപരിധി ഉയര്‍ത്താന്‍ ഇടതുപക്ഷം സമ്മതിച്ചില്ല. ഇന്‍ഷുറന്‍സ് ബില്‍ പാസ്സാക്കാന്‍ പ്രതിപക്ഷത്തുള്ള എന്‍.ഡി.എ. കക്ഷികള്‍ സഹായിച്ചു.

ബാങ്ക് യൂണിയനുകളെയും ഇടതുപക്ഷത്തെയും വളഞ്ഞുപിടിച്ചാക്രമിക്കാന്‍ നിരവധി ശക്തികള്‍ സംഘം ചേര്‍ന്നു. കാലത്തിനൊപ്പം മാറാന്‍ കൂട്ടാക്കാത്തവർ, മാറ്റത്തിന്റെ മാറ്റൊലി കേള്‍ക്കാത്തവർ, പഴകിദ്രവിച്ച സമത്വവാദ ദര്‍ശനങ്ങളുടെ തടവുകാര്‍ എന്നൊക്കെ നമ്മെ ആക്ഷേപിച്ചു. പലപ്പോഴും ബാങ്കുമേധാവികള്‍ പോലുമതേറ്റുപാടി. നമ്മുടെ സമരങ്ങള്‍ തോല്‍ക്കുമെന്നും തോറ്റുകഴിഞ്ഞുവെന്നും ജീവനക്കാര്‍ക്കിടയില്‍ പ്രചരിപ്പിച്ചു നോക്കി.അടിപതറാതെ നാം നിലപാടുകളില്‍ ഉറച്ചുനിന്നു പൊരുതി. നാല്പതോളം പണിമുടക്കുകൾ, എണ്ണമറ്റ ധര്‍ണ്ണകൾ, റാലികൾ, പൊതുയോഗങ്ങൾ, പദയാത്രകൾ, ലഘുലേഖകൾ, പത്രകുറിപ്പുകൾ, ശാഖാസന്ദര്‍ശനങ്ങൾ, കുടുംബയോഗങ്ങള്‍ - വിശ്രമരഹിതമായി നാം പോരാടി. നമ്മുടെ വേദികളില്‍ അഭിവാദ്യവുമായി പല നേതാക്കളും എത്തി. ചിലരുടെ പിന്തുണ പ്രസംഗങ്ങളിലൊതുങ്ങി. നിയമഭേദഗതി പാര്‍ലമെന്റിലെത്തിയപ്പോള്‍ അവരുടെ എം.പി.മാര്‍ സര്‍ക്കാരിനെ പിന്താങ്ങി. എതിര്‍ക്കാന്‍ 61 കരങ്ങള്‍ മാത്രം !

2008 ജൂലായ് മാസം ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞു : "ഇപ്പോള്‍ ഞാന്‍ സ്വതന്ത്രനായി. ഇതുവരെ ഇടതുപക്ഷത്തിന്റെ കൈകള്‍ എന്റെ കഴുത്തിലായിരുന്നു. ഇനിയെനിക്ക് ചില നിയമഭേദഗതികള്‍ പാസ്സാക്കാം. അവശേഷിക്കുന്ന പരിഷ്കാര അജണ്ട പൂര്‍ത്തിയാക്കാം''. അദ്ദേഹത്തിന്റെ സ്വപ്‌നടീമംഗങ്ങളായ ശ്രീ പി. ചിദംബരവും മൊണ്ടെക് സിംഗ് അഹ്‌ലുവാലിയയും ആര്‍ത്തുല്ലസിച്ചു.

ഏതാനും എന്‍.ഡി.എ. എം.പി.മാരെ കടമെടുത്ത് ആണവകരാര്‍ പാസ്സാക്കിയെടുത്തു. എന്നാല്‍ അധികം താമസിയാതെ മുതലാളിത്ത കോട്ടകളില്‍ വിള്ളല്‍ വീണു. സ്വതന്ത്രകമ്പോളങ്ങളുടെ പറുദീസയില്‍ സ്വകാര്യചുതാട്ട ബാങ്കുകള്‍ ഒന്നൊന്നായി നിലംപൊത്തി. പടുകൂറ്റന്‍ നിഴല്‍ബാങ്കുകളായ സിറ്റിബാങ്കും ബാങ്ക് ഓഫ് അമേരിക്കയും നക്ഷത്രമെണ്ണുകയാണ് ഇപ്പോൾ. വസന്തകാലത്ത് ലാഭം ഊറ്റിക്കുടിച്ചവരെ ഇപ്പോള്‍ നികുതിപ്പണമിറക്കി സര്‍ക്കാര്‍ താങ്ങിനിര്‍ത്തിയിരിക്കുന്നു. തൊഴിലും വരുമാനവുമില്ലാതെ വീടുപേക്ഷിച്ച അമേരിക്കക്കാര്‍ വിവാഹമോതിരവും സ്വര്‍ണ്ണപ്പല്ലും വില്‍ക്കുന്നു. സ്ത്രീകള്‍ കടലോരത്തു കാറുകളില്‍ അന്തിയുറങ്ങുന്നു. നാല്പത് ഡോളറിനുവേണ്ടി രക്തവും ബീജവും വില്‍ക്കാന്‍ തയ്യാറാവുന്നു. പരമപരിശുദ്ധ കമ്പോളം അവരെ രക്ഷിച്ചില്ല.

നാളിതുവരെ കൊള്ളലാഭം സ്വന്തമാക്കിയ കമ്പനികള്‍ ഇവിടെയും രക്ഷപ്പെട്ടു. ഇരകള്‍ സാധാരണക്കാരും തൊഴിലാളികളും. അവര്‍ക്ക് പണിപോയി. സമ്പാദ്യവും ജീവിതവും പോയി. ആസ്തികള്‍ ഒഴുകിയൊലിച്ചുപോയി. പെന്‍ഷന്‍ ഫണ്ടും പ്രൊവിഡന്റ് പണ്ടും ചുതാട്ടകമ്പോളങ്ങള്‍ വിഴുങ്ങി. പാപ്പരായ വൃദ്ധജനങ്ങള്‍ പീടികത്തൊഴിലാളികളായി മാറി.

നമ്മുടെ ഇന്ത്യയിലും സ്ഥിതി വ്യത്യസ്തമല്ല. വളയമില്ലാതെ ചാടിയ ന്യൂജനറേഷന്‍ ബാങ്കുകള്‍ അലമുറയിട്ട് കരയുകയാണ്. ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കണം. ഓഹരി വില കീഴ്പോട്ടിറങ്ങി. ഗവണ്‍മെന്റും മാധ്യമങ്ങളും മാതൃകാബാങ്കായി പ്രദര്‍ശിപ്പിച്ച ഐ.സി.ഐ.സി.ഐ. ബാങ്കിനാണ് കനത്ത പ്രഹരമേറ്റിട്ടുള്ളത്. സൂപ്പര്‍ചെയര്‍മാന്‍ കെ.വി. കാമത്ത് പടിയിറങ്ങുകയാണ്.

രാഷ്ട്രീയപ്രവര്‍ത്തകരെ അഴിമതിക്കാരെന്ന് വിളിച്ച കോര്‍പ്പറേറ്റ് മേധാവികള്‍ ഇന്ന് പ്രതികൂട്ടിലാണ്. സത്യം കമ്പ്യൂട്ടര്‍ ഉടമ രാമലിംഗം രാജു മോഷ്ടിച്ചത് 7136 കോടിരൂപമാത്രം. ജയിലിലിരുന്ന് സത്യാന്വേഷണ പരീക്ഷയെഴുതുന്ന അദ്ദേഹം ഹൈദരാബാദ് പരിസരത്ത് വാങ്ങിക്കൂട്ടിയത് 1817.87 ഏക്കര്‍ ഭൂമിയാണ്. രണ്ട് വര്‍ഷം കൊണ്ട് സ്വന്തംപേരില്‍ അദ്ദേഹം 325 കമ്പനികള്‍ രജിസ്‌റ്റര്‍ചെയ്തു. പ്രഗത്ഭരായ ഡയറക്ടര്‍മാരും ഓഡിറ്റര്‍മാരും റേറ്റിംഗ് ഏജന്‍സികളും മൂകസാക്ഷികളായിരുന്നു.

നാടു നന്നാക്കാനിറങ്ങിയ കോര്‍പ്പറേറ്റുകള്‍ ലാഭം കുറയുമെന്ന് തോന്നിയനിമിഷം ജോലിക്കാരെ പറഞ്ഞുവിട്ടുതുടങ്ങി. ശമ്പളം വെട്ടിക്കുറച്ചു. പ്രവര്‍ത്തിസമയം കൂട്ടി. ലാഭം കൂട്ടാന്‍ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കണം. തൊഴിലാളി മുണ്ടുമുറുക്കിയുടുക്കണമത്രെ. ജെറ്റ് എയര്‍വെയ്സും ഡണ്‍ലപ്പും അശോക് ലെയ്ലാന്‍ഡും ഇന്‍ഫോസിസും ടാറ്റായും പറയുന്നതതാണ്.

എന്നിട്ടും സര്‍ക്കാര്‍ സഹായധനം ഒഴുക്കുന്നത് അവരുടെ കീശയിലേക്കാണ്. എല്ലാ നികുതിയിളവുകളും സൌജന്യങ്ങളും കയറ്റുമതിക്കാര്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കുമാണ്. അവരാണ് ഭരണപങ്കാളികൾ. അവരുടെ വളര്‍ച്ചയാണത്രെ നാടിന്റെ വളര്‍ച്ച. ജനങ്ങളെ സഹായിക്കാന്‍ ബജറ്റിലും ഖജനാവിലും പണമില്ല. കൃഷിക്കാരെ സഹായിക്കാനും പണമില്ല. പണമുണ്ടാക്കാന്‍ പൊതുമേഖലാ കമ്പനികളെ വില്‍ക്കാതെ തരമില്ല. സര്‍ക്കാര്‍ വാദിക്കുന്നതിങ്ങനെയൊക്കെയാണ്.

കൊട്ടിഘോഷിച്ച വളര്‍ച്ചയും വികസനവും കുമിളകളായിരുന്നു. ബാങ്കുകളിലെ നിക്ഷേപമെടുത്ത് കൂറ്റന്‍ നക്ഷത്രകൊട്ടാരങ്ങള്‍ പണിതു. വിമാനയാത്രകള്‍ നടത്തി. ആഡംബരകാറുകള്‍ വാങ്ങി. മറുവശത്ത് റേഷന്‍വിഹിതം വെട്ടിക്കുറച്ചു. അരിക്കും ഗോതമ്പിനും പെട്രോളിനും ഡീസലിനും പാചകവാതകത്തിനും പലതവണ വിലകൂട്ടി. വിമാനഇന്ധനവില 6 പ്രാവശ്യം കുറച്ചു. ജനങ്ങള്‍ വലയുകയാണ്.

ആപല്‍ഘട്ടങ്ങളില്‍ കൂടെനിന്നത് ആരെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. റേഷനരിക്കും പൊതുവിതരണത്തിനും വേണ്ടി ശബ്ദിച്ചതാരാണ്? പൊതുമേഖലയ്ക്കുവേണ്ടി വാദിച്ചതാരാണ്? ജനങ്ങളുടെ സമ്പാദ്യം കാത്തുപരിപാലിച്ചതാർ? സമ്പദ്ഘടനയെ പ്രതിരോധിച്ചതാർ? ഭരണമില്ലാതെ തന്നെ, ഭരണകൂടത്തെ നേര്‍വഴിക്ക് നയിച്ചതാർ?

ഉത്തരം ഒന്നേയുള്ളു. ട്രേഡ്‌യൂണിയനുകളും ഇടതുപക്ഷവും. അവരുടെ പിന്തുണ തെരുവീഥികളില്‍ നിന്ന് പാര്‍ലമെന്റ് വരെ നീണ്ടുകിടന്നു. ജീവന്മരണപോരാട്ടങ്ങളില്‍ കൈയ്മെയ് മറന്ന് സഹായിച്ചവരെ ബാങ്കുജീവനക്കാര്‍ തിരിച്ചറിയും. ഇടതുപക്ഷനിരയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ നമ്മുടെ സമ്മതിദാനാവകാശം വിവേകപൂര്‍വ്വം ഉപയോഗിക്കുക.

***

കെ വി ജോർജ്
( ബാങ്ക് എം‌പ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ സംസ്ഥാന സെക്രട്ടറിയാണ് ലേഖകൻ)

Thursday, March 26, 2009

പിഡിപി വിവാദവും മാധ്യമ സിൻഡിക്കേറ്റും

അബ്ദുനാസര്‍ മഅ്ദനിയും അദ്ദേഹം നയിക്കുന്ന പിഡിപിയും എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് ദഹിക്കാത്തവര്‍ സങ്കല്‍പ്പിക്കാനാവാത്ത തരത്തിലുള്ള നുണക്കഥകളിലേക്കുപോവുകയാണ്.

'വീഴ്ച എന്നു പറയുമ്പോള്‍ അത് കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോകുന്നതുതന്നെയാണ്.' ശരി. രാഷ്ട്രീയം എന്നാല്‍ ഇന്നലെ ഒരാള്‍ ചെയ്ത കാര്യങ്ങള്‍ നോക്കി മാത്രം തീരുമാനിക്കുന്നതല്ല. ഇന്നലെ നല്ലവനായിരുന്നയാള്‍ ഇന്ന് മോശക്കാരനായാല്‍ അയാളെ അന്തസ്സായി പുറത്താക്കുകയാണ് ശരി. ഇന്നലെ മേശപ്പെട്ട രാഷ്ട്രീയം കൈകാര്യം ചെയ്തയാള്‍ക്ക് ഇന്ന് ശരിയായ വഴിയിലേക്ക് വരാന്‍ വിലക്കുകളില്ല.

എന്തിന്, പിഡിപി വര്‍ഗീയ കക്ഷിയാണെന്ന പല്ലവി തുടര്‍ച്ചയായി ഉരുവിടുന്നു? ആ പാര്‍ട്ടി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയതുകൊണ്ടുമാത്രം അവരുടെ മുഖം എക്കാലത്തും വികൃതമായിത്തന്നെ തുടരണമെന് വാശിപിടിക്കുന്നത് ഏത് ലക്ഷ്യം സാധിക്കാനാണ്? പിഡിപിയെന്നല്ല, ഒരുപാര്‍ട്ടിയുടെയും ജാതകം പരിശോധിച്ച് സര്‍ട്ടിഫിക്കറ്റു നല്‍കുന്ന പണിയല്ല മററുപാര്‍ട്ടികളുടേത്.

പിഡിപിയെ എല്‍ഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തുകയാണെങ്കില്‍ പരിശോധന വേണം; എല്ലാ ഘടകകക്ഷികളുടെയും അംഗീകാരവും വേണം. ഇവിടെ പിഡിപി എല്‍ഡിഎഫിനെ പിന്തുണയ്ക്കുകയാണ്. അങ്ങനെ പിന്തുണയ്ക്കാന്‍ വരുന്നവരോട്, നിങ്ങളെ ഞങ്ങള്‍ നോക്കില്ല, നിങ്ങളോട് മിണ്ടില്ല-വേണമെങ്കില്‍ പിന്തുണതന്ന് പൊയ്ക്കോളൂ എന്ന് സിപിഎം പറയാത്തതാണ് കുറ്റം!

എത്രമാത്രം കാപട്യക്കാരാണ് നമ്മുടെ മാധ്യമങ്ങള്‍. പുട്ടില്‍ തേങ്ങയെന്നതുപോലെ ഇടവിട്ട് പിഡിപിയെ 'വര്‍ഗീയ കക്ഷി' എന്നു വിളിച്ചതുകൊണ്ട് ഇവര്‍ എന്ത് മഹാലക്ഷ്യമാണ് സാധിക്കാന്‍ പോകുന്നത്?മഅ്ദനിയോ അനുയായികളോ കുറ്റക്കാരാണെങ്കില്‍ നിയമത്തിന്റെ വഴിയില്‍ പരിശോധിക്കപ്പെടണം; കുറ്റംതെളിഞ്ഞാല്‍ ശിക്ഷിക്കുകയും വേണം. അതിനാണല്ലോ നാട്ടില്‍ നിയമമുള്ളത്.

വിഎസ് പറഞ്ഞത് ശരിയാണ്. അന്വേഷണം തുടരുകതന്നെ വേണം. അത് മഅ്ദനി സ്വാഗതം ചെയ്തതും ശരി. പിണറായിയും പറഞ്ഞിട്ടുണ്ട്, ഇടതുപക്ഷത്തിന് പിന്തുണ നല്‍കുന്നതുകൊണ്ട് മഅ്ദനിക്കെതിരായ ഒരന്വേഷണവും നിന്നുപോകില്ലെന്ന്. മഅ്ദനിയാണെങ്കില്‍, വര്‍ഗീയത പറയുന്നില്ലെന്നു മാത്രമല്ല, മതനിരപേക്ഷത സംരക്ഷിക്കാന്‍ ഇനിയും ജയിലില്‍ പോകാന്‍ മടിയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. പിന്നെ എവിടെയാണ് തകരാറ്?

വെള്ളാപ്പള്ളി പറഞ്ഞത് പിഡിപി സഖ്യം പരസ്യമായി വേണ്ടിയിരുന്നില്ലെന്നാണ്. അത് അദ്ദേഹത്തിന്റെ സദ്ഭാവന. രഹസ്യമായി സഖ്യമുണ്ടാക്കുന്ന യുഡിഎഫ് കുടിലതയേക്കാള്‍ നല്ലതല്ലേ പിന്തുണ പരസ്യമായിത്തന്നെ സ്വീകരിക്കുന്നത്?

ജനശ്രദ്ധ തിരിക്കാനാണ് പിഡിപി പിന്തുണ എല്‍ഡിഎഫ് സ്വീകരിക്കുന്നതെന്ന് മറ്റൊരു കണ്ടെത്തല്‍ വന്നിട്ടുണ്ട്. വിവാദം കുത്തിപ്പൊക്കുന്നത് എല്‍ഡിഎഫാണോ? സിപിഐ എമ്മാണോ? പൊന്നാനിയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹുസൈന്‍ രണ്ടത്താണിക്ക് പിഡിപി പിന്തുണ പ്രഖ്യാപിക്കുമ്പോള്‍, ആ പിന്തുണ സ്ഥാനാര്‍ത്ഥിയെ വിജയത്തിലേക്കാണ് നയിക്കുക എന്ന യാഥാര്‍ത്ഥ്യം തെളിയുമ്പോള്‍ നുരഞ്ഞുപൊന്തുന്ന അസൂയയും അസഹിഷ്ണുതയും കുശുമ്പുമാണ് വിവാദങ്ങളെ പ്രസവിക്കുന്നത്. മഅ്ദനി ഇഫക്ട് കുറെ വോട്ടുകളുടെ ലാഭം മാത്രമല്ല എല്‍ഡിഎഫിന്. അത് ന്യൂനപക്ഷ ജനവിഭാഗങ്ങളെ വര്‍ഗീയ ആക്രമണങ്ങളില്‍നിന്ന് സംരക്ഷിക്കുന്നത് സിപിഐ എമ്മാണെന്നതിരിച്ചറിവിലേക്കും അതുവഴി ചെങ്കൊടിത്തണലിലേക്കും മുസ്ളിം ജനസാമാന്യത്തെ കൈപിടിച്ചുയര്‍ത്താനുള്ള രാസത്വരകംകൂടിയാണ്.അത് ഇടതുപക്ഷത്തിന്റെ ശത്രുക്കള്‍ തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് അവരുടെ പ്രചാരണത്തില്‍ മഅ്ദനിയുടെ പേര് ആവര്‍ത്തിക്കപ്പെടുന്നത്.

മഅ്ദനിയുടെ പിന്തുണ യുഡിഎഫിനായിരുന്നുവെങ്കില്‍ ആരെങ്കിലും മിണ്ടുമോ? മിണ്ടിയിട്ടുണ്ടോ?പിണറായിയും മഅ്ദനിയും ഒരേവേദിയില്‍ സംഗമിച്ചാണ് മറ്റൊരപരാധം! 'വോട്ടുചെയ്ത് മിണ്ടാതെ പൊയ്ക്കൊള്ളുക' എന്ന ന്യായം കോണ്‍ഗ്രസിന് അംഗീകരിക്കാനാവുമായിരിക്കും. ഇടതുപക്ഷത്തിന്റെ സ്വഭാവത്തില്‍ അത്തരം നെറികേടുകള്‍ക്ക് സ്ഥാനമില്ല. അന്തസ്സിന്റെ രാഷ്ട്രീയവും നാട്ടില്‍ ഉണ്ടല്ലോ.

വിവാദം ഉണ്ടാകുന്നതുംഎണ്ണയൊഴിച്ചുകത്തിക്കുന്നതും എല്‍ഡിഎഎല്‍ഡിഎഫ് അല്ല. സിപിഐ എം അല്ല. രമേശ് ചെന്നിത്തലയ്ക്കാണ് പിഡിപിയും രാമന്‍പിള്ളയുടെ പാര്‍ട്ടിയും എല്‍ഡിഎഫിന് പിന്തുണ നല്‍കുന്നതില്‍ ആശങ്ക. എല്‍ഡിഎഫിലെ ഘടകകക്ഷികളോട് സിപിഐ എമ്മിന്റെ പെരുമാറ്റം തൃപ്‌തിതികരമല്ലെന്ന പല്ലവിയും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എല്ലാറ്റിന്റെയും ലക്ഷ്യം ഒന്നുമാത്രം-പിഡിപിയുടെ എല്‍ഡിഎഫിനുള്ള പിന്തുണ വോട്ടായി മാറരുത്. അതിനായി എന്റെ രണ്ടുകണ്ണുപോയാലും തരക്കേടില്ല, ഇടതുപക്ഷത്തിന്റെ ഒരു കണ്ണെങ്കിലും പോയിക്കാണണം എന്നമനോഭാവം.

എല്ലാ ദിവസവും വിവാദമുണ്ടാക്കുകയാണ്. വാര്‍ത്തയില്‍ പിടിച്ചുനില്‍ക്കാന്‍ വല്ലാതെ കൊതിക്കുന്നവര്‍ ആ വലയില്‍ വീഴാന്‍ എളുപ്പമാണ്. എന്തൊക്കെ വിവാദങ്ങളുണ്ടായിട്ടും ജനങ്ങള്‍ മനോഭാവം മാറ്റുന്നില്ല.വിവാദം സൃഷ്ടിക്കുന്നതിന്റെ അവസാന രൂപമാണ് മുഖ്യമന്ത്രി വിഎസ് അച്യൂതാനന്ദന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തോട് പരാതിപറഞ്ഞു എന്ന വാര്‍ത്ത. ബുധനാഴ്ച രാത്രി മനോരമ ചാനല്‍ പറഞ്ഞ്ത്, മുഖ്യമന്ത്രി പ്രകാശ് കാരാട്ടിന് കത്തയച്ചു എന്നായിരുനു. രാവിലെ മനോരമ പത്രം ഇറങ്ങിയപ്പോള്‍ കത്തയച്ച കാര്യത്തിന് സ്ഥിരീകരണമില്ലെന്നായി! അതേസമയം വെബ് പോര്‍ട്ടലില്‍ രണ്ടും കെട്ട വാര്‍ത്ത തുടര്‍ന്നു.ഈ വിഷയത്തില്‍ ഏതാനും ചില പത്രങ്ങള്‍ ഇന്ന് കൊടുത്ത വാര്‍ത്ത നോക്കാം.

ആദ്യത്തേത് മനോരമ തന്നെയാകട്ടെ. മനോരമ വെബ്സൈറ്റിലെ വാര്‍ത്ത ഇതാണ്.
മംഗളം ഇങ്ങനെഎഴുതുന്നു. മാധ്യമത്തിന് വിവരങ്ങള്‍ കുറച്ചുകൂടി ആധികാരികമാണ്.
മാതൃഭൂമി ആരെക്കാളും പിന്നിലാകരുതല്ലോ.
എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസ് മിണ്ടാതിരുന്നില്ല.

ഇത് എങ്ങനെയെന്ന് വ്യക്തമാകുന്നില്ല.
മുഖ്യമന്ത്രി കത്തയച്ചിട്ടുണ്ടെങ്കിലോ ഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലോ അത് തുറന്ന കത്തോ പൊതുയോഗ പ്രസംഗമോ ആകുന്നില്ലല്ലോ. രണ്ടുപേര്‍ക്കിടയില്‍ നടക്കുന്ന ഒരു ആശയവിനിമയം മാത്രം. അങ്ങനെയൊരു കത്തിന്റെ പ്രശ്‌നമേ സാധാരണ നിലയില്‍ ഉദിക്കുന്നില്ലെന്ന് സിപിഐ എം പ്രവര്‍ത്തകര്‍ക്കറിയാം.

കത്ത് അയച്ചതായി, ബന്ധപ്പെട്ട ഒരാളും ഈ നിമിഷംവരെ പറഞ്ഞിട്ടില്ല. പിന്നെങ്ങനെ ഒരേദിവസം വിവിധ മാധ്യമങ്ങളില്‍ ഒരു ഇല്ലാക്കഥ ഒരേരൂപത്തില്‍ വന്നു ? എവിടെ നിന്നാണ് ഇത്തരം വിവരങ്ങള്‍ മാധ്യമ ആപ്പീസുകളിലേക്ക് ഒഴുകിയത് ? സംഭവിച്ച ഒരു കാര്യമാണെങ്കില്‍ അത് ഒരേതരത്തില്‍ വാര്‍ത്തയാകുന്നതില്‍ അസ്വാഭാവികത ഇല്ല. ഇവിടെ ഇല്ലാത്ത ഒരുകാര്യം; തല്ലിപ്പടച്ച ഒരു പെരുംനുണ എങ്ങനെ ഒരേതരത്തില്‍ വിവിധ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നു? മാധ്യമ സിന്‍ഡിക്കേറ്റ് ഉണ്ടോ ഇല്ലയോ? അത് പ്രവര്‍ത്തിക്കുന്നത് സിപിഐ എമ്മിനെതിരെയോ അല്ലയോ?

***
ശ്രീ പി എം മനോജെഴുതിയ “മുഖ്യമന്ത്രി അങ്ങനെ കത്തെഴുതിയോ? അഥവാ ഫോണ്‍ ചെയ്തോ?നിങ്ങളെങ്ങനെ അറിഞ്ഞു?” എന്ന ലേഖനമാണിവിടെ പുന:പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Wednesday, March 25, 2009

കരിവെള്ളൂര്‍

Photo : Thulasi kakkat

കവിത : കരിവെള്ളൂര്‍ ( full version )
എഴുതി ആലപിച്ചത്‌ : കരിവെള്ളൂര്‍ മുരളീ

Download mp3

ഇതാ രക്ഷകൻ.... തെങ്ങുപോലെ

കേട്ടിട്ടില്ലേ ഡാവോസിനെപ്പറ്റി. അങ്ങ് ആൽ‌പ്‌സ് പർവതനിരകൾക്കപ്പുറം മഞ്ഞണിഞ്ഞ മനോഹരമായ സുഖവാസകേന്ദ്രം. എല്ലാ കൊല്ലവും അവിടെയൊരു കാർണിവലുണ്ട്. മുതലാളിത്തലോകത്തിലെ വൻ പണചാക്കുകളും പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമൊക്കെ അവിടെ ഒത്തുകൂടാറുണ്ടായിരുന്നു. പണ്ടവർ അവിടെ ഇരുന്ന് ആലോചിച്ചിരുന്നത് ഇന്ത്യയെ എങ്ങനെ സഹായിക്കാം എന്നായിരുന്നു. ആഗോളവൽക്കരണം കാറ്റു പിടിച്ചതോടെ അതൊന്നു പരിഷ്‌ക്കരിച്ചു. മുന്നാം‌ലോകരാജ്യങ്ങളിലെ പ്രമാണിമാർക്കും അവിടേക്ക് പ്രവേശനം നൽകി. സാമ്പത്തിക വിദഗ്ധർ എന്നു വിളിക്കപ്പെടുന്ന പണ്ഡിത ശിരോമണികളെയെല്ലാം കൂടെ കൂട്ടി. ശ്രീ ശ്രീ രവിശങ്കറും, മാതാ അമൃതാനന്ദമയിയും പിന്നെ അങ്ങനെ വേണ്ടപ്പെട്ടവർക്കെല്ലാം പോകാം. പേരും പരിഷ്‌ക്കരിച്ചു. ലോക സാമ്പത്തിക ഫോറം സമ്മേളനം. അജണ്ട ലോകവികസനം. സർക്കാർ ചിലവിൽ ഒരാഴ്ച കുളിയും, താമസവും, ഭക്ഷണവും. മഞ്ഞിൽ സ്കേറ്റ് ചെയ്യാം. ഓർമ്മയില്ലേ, നമ്മുടെ മുൻമുഖ്യമന്ത്രി അവിടെ മഞ്ഞിൽ തെറ്റിവീണ് കാലൊടിഞ്ഞ സംഭവം? കേരളത്തിൽ വികസനം കൊണ്ടുവരാൻ വേണ്ടി അതിവേഗം, ബഹുദൂരം അങ്ങോട്ടോടിയ പാവം ഉമ്മൻ ചാണ്ടി തിരിച്ചു മണ്ടിയത് മുടന്തി മുടന്തി. അതുകൊണ്ടു മാത്രമാണ് അന്നു കേരളത്തിന്റെ വികസനവും മുടന്തിപ്പോയത്. അതു പഴയ കഥ.

പക്ഷെ, ഇക്കൊല്ലം സുഖവാസത്തിന് മലമടക്കുകൾ താണ്ടാൻ മുൻ‌വർഷങ്ങളിലെപ്പോലെ തിരക്കില്ലായിരുന്നു. ഇന്ന് വികസനം ലോകമാകെ ഒരു കുണ്ടാമണ്ടിപ്പരുവത്തിലാണല്ലോ. ഫോർബ്‌സ് മാഗസിന്റെ കണക്കു നോക്കി ബില്യണയർ ക്ലബിൽ കയറിക്കൂടിയവരുടെ ലിസ്റ്റ് വായിച്ച് അഭിമാനം കൊള്ളാനും ജി.ഡി.പി വളർച്ച, IIP, FDI, SDR എന്നിങ്ങനെ 26 അക്ഷരം തിരിച്ചും മറിച്ചും ചേർത്തു നെടുനെടുങ്കൻ പ്രസംഗം നടത്താനും പറ്റുന്നില്ല. ആകെ തകർച്ചയാണ്. എന്തായിങ്ങനെയെന്നു ആരെങ്കിലും ചോദിച്ചാൽ മറുപടി പറയാനാവുന്നില്ല. എന്നെങ്കിലും തകർച്ചയിൽ നിന്നു കരകയറുമോയെന്നും പറയാൻ കഴിയുന്നില്ല. എന്തിനു, അമേരിക്കൻ പ്രസിഡന്റ് ഒബാമ പോലും അങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല.

ചിലരൊക്കെ തലയിൽ മുണ്ടിട്ട് പോയി. നീയൊക്കെപ്പറഞ്ഞതുപോലെയെല്ലാം ചെ‌യ്തിട്ട് ഗതി ഇതായല്ലോ, എന്തെങ്കിലും പ്രതിവിധി പറയൂ എന്നായി ഭരണാധികാരികൾ. കുറിച്ചുകൊടുത്ത ഉത്തേജകമൊക്കെ വാങ്ങിക്കൊടുത്തു നോക്കി. ഒന്നും ഏശുന്നില്ല. ചീത്തവിളിക്കവസാനമില്ലെന്നു കണ്ടപ്പോൾ ഇറക്കത്തിനു ഏറ്റമുണ്ട്, ഏറ്റത്തിനിറക്കമുണ്ട് എന്ന് കാവ്യഭാഷയിൽ പറഞ്ഞുനോക്കി. ഫലമില്ല. അതു V പോലെ, ഇനിയും കയറുമെന്നു മറ്റുചിലർ, അതല്ലാ, U പോലെ പതുക്കെ കയറുമെന്ന് വേറെ ചിലർ; മലമുകളിൽ കയറിയതുപോലെ വളഞ്ഞു പുളഞ്ഞെന്നു ഇനിയും ചിലർ. പക്ഷെ അതൊന്നും കേട്ടിട്ടും സർക്കോസിയുടെയും എയ്‌ഞ്ചലാ മെർക്കലിന്റെയും, ഗോർഡൻ ബ്രൌണിന്റെയും ചീഞ്ഞ മുഖത്തിന് ഒരു മാറ്റവുമില്ല. അപ്പോഴാണ് അടുത്ത പണ്ഡിതശിരോമണി എഴുന്നേറ്റുനിന്നത്. അതാ ഇന്ത്യൻ സിംഹം. 1991 ൽ ഇന്ത്യ രാജ്യത്തെ ഉഴുതുമറിക്കാൻ തലയിൽകെട്ടും കെട്ടിയിറങ്ങിയ വലിയ സിംഹത്തിന്റെ അരുമ ശിഷ്യൻ ചെറിയ സിംഹം. മൻ‌മോഹനെപ്പോലെ മൊണ്ടെക്കും ഉലകം മുഴുവൻ ചുറ്റിയ സാമ്പത്തിക പണ്ഡിതനാണ്. IMF, ലോക ബാങ്ക് പരീക്ഷയെല്ലാം പാസായ അളാണ്. ഇപ്പോൾ പീ പീ പീ എന്ന് പിള്ളേരെപ്പോലെ വിളിച്ചുകൂവി നടക്കയാണെന്നൊന്നും കരുതേണ്ട. ഈ കേമൻ അപ്പോത്തിക്കരിയുടെ കുറിപ്പടി എഴുതിയെടുക്കാൻ പേനയും പേപ്പറുമായി എല്ലാവരും തയ്യാറെടുത്തു.

സുഹൃക്കളെ, ഞങ്ങളുടെ നാട്ടിൽ, ഗാന്ധിജിയുടെ ഇന്ത്യയിൽ (ഉദ്ദേശിച്ചത് മറ്റെ ഗാന്ധിയെയാവില്ല), എല്ലാം ഭദ്രമാണ്. ഒരു കുഴപ്പവുമില്ല. പിന്നെ ചെറിയൊരു കുലുക്കമുണ്ട്. വിമാനം എയർപോക്കറ്റിൽ വീഴുന്നതുപോലെ. അത് നിങ്ങൾ കുഴിയിൽ വീഴുമ്പോൾ ഉള്ള ഉലച്ചിൽ കൊണ്ടു വരുന്നതാണ്. കുഴപ്പം വരുന്നത് ഞങ്ങൾ മുൻ‌കൂട്ടികണ്ടു. അവിടെയാണ് ഞങ്ങടെ വലിയ സിംഹത്തിന്റെ കഴിവ്. ഞങ്ങൾ അതുകൊണ്ട് ബാങ്കും ഇൻഷുറൻസും പൊതുമേഖലയിൽ നിലനിർത്തി. കാപ്പിറ്റൽ അക്കൌണ്ട് കൺ‌വർട്ടിബിലിറ്റി ഏർപ്പെടുത്തിയില്ല. അരിയും, പയറും എണ്ണയും ഊഹക്കച്ചവടം നടത്തിയില്ല. മുതലാളിമാർക്ക് സോപ്പ് തേച്ചു കൊടുത്തതേയുള്ളു; കുളിപ്പിച്ചില്ല. അതുകൊണ്ട് അവർക്ക് ഞങ്ങളെ കുളിപ്പിച്ചു കിടത്താൻ കഴിഞ്ഞില്ല. അവരിപ്പോൾ തന്നെ കുളിക്കയാണ്. അവർക്ക് ഞങ്ങളെ വിശ്വാസമാണ്. ഞങ്ങൾക്ക് അവരെ അതിലും പെരുത്ത് വിശ്വാസമാണ്. ഇവിടെ ഞാൻ വിശ്വാസം കാണുന്നില്ല. ഞങ്ങളുടെ നാട്ടിൽ കേരളമെന്നൊരു സംസ്ഥാനമുണ്ട്. അവിടെ കേരം തിങ്ങും കേരള നാട്ടിൽ എന്നൊക്കെ ചിലർ മുഷ്‌ടി ചുരുട്ടി വിളിക്കുന്നത് നിങ്ങൾ ടി.വി. യിൽ കണ്ടിരിക്കും. അതിനെ അവർ തെങ്ങെന്നും വിളിക്കും. ഈ തെങ്ങുണ്ടല്ലോ ഒരു തൈ വച്ചാൽ നേരെ ഒറ്റ വളർച്ചയാണ്. ആകാശം നോക്കിയങ്ങനെ പോകും. ഇവിടെ പറഞ്ഞ U ഇല്ല, V ഇല്ല, വളവുതിരിവില്ല. ശാഖയില്ല, ശിഖരമില്ല. അതുപോലെയാണ് ഈ വിശ്വാസം. നമ്മൾ വളർച്ച 7, 8, 9, 10, 11, 12 എന്നിങ്ങനെ പറഞ്ഞ് കയറ്റിയപ്പോൾ ഈ വിശ്വാസം തെങ്ങുപോലെ കയറിപ്പോയി. പക്ഷെ, തെങ്ങിനു ഒരു കുഴപ്പമുണ്ട്. വീണാൽ അവൻ തലകുത്തി ഒറ്റ വീഴ്ചയാണ്. ഫ്ലാറ്റ്. ഇപ്പോ വീണുകിടക്കയാണ്. പോയത് പോകട്ടെ. ഒറ്റ പ്രതിവിധിയേയുള്ളു. നമുക്ക് വേറെ തെങ്ങ് നടാം. കോട്ടിന്റെ കീശയിൽ നിന്ന് ഉറുമാലെടുത്ത് കണ്ണു തുടച്ച് ഇത്രയും പറഞ്ഞവസാനിപ്പിച്ച് സിംഹം ഉപവിഷ്‌ഠനായി.

ഗംഭീരം കയ്യടി. എല്ലാവരും സിംഹത്തിനു ചുറ്റും കൂടി. ആഹ്ലാദചിത്തരായി നൃത്തം ചവിട്ടി. അവസാനം രക്ഷകനെ കണ്ടെത്തിയിരിക്കുന്നു. ഗാഗുൽത്താമലയിലല്ല. ഹിമാലയ സാനുക്കളിൽ ഉദയം ചെ‌യ്‌ത് ആൽ‌പ്‌സിന്റെ ഗിരിശൃംഗങ്ങളിൽ അവൻ എത്തിയിരിക്കുന്നു. അവനെ വാഴ്ത്തുക. ആമേൻ- എല്ലാവരും ഏറ്റു പറഞ്ഞു.

അനന്തരം അവർ തെങ്ങിൻ തൈകൾ തേടി മലയിറങ്ങി.

*
എ.സിയാവുദീന്‍
(ബെഫി കേന്ദ്രക്കമ്മറ്റി അംഗമാണ് ലേഖകന്‍‍)

Tuesday, March 24, 2009

അവര്‍ രാജ്യം സമ്പന്നര്‍ക്ക് കൈമാറി

1991-92 മുതല്‍ 95-96 വരെ (കോണ്‍ഗ്രസ് ഭരണം)

രൂപയുടെ മൂല്യം കുറച്ച്കൊണ്ട് 5 ബില്യന്‍ ഡോളര്‍ ഐ.എം.എഫ് വായ്പയെടുത്തുകൊണ്ടാണവര്‍ തുടങ്ങിയത്.. വ്യവസായങ്ങളില്‍ 51% വിദേശനിക്ഷേപം അനുവദിച്ചതിനോടൊപ്പം പൊതുമേഖലാ ഓഹരിവില്‍പ്പനയും തുടങ്ങി. പൊതുമേഖലക്കായി സംവരണം ചെയ്ത വ്യവസായങ്ങള്‍ എട്ടായികുറച്ചു വൈദ്യുതി, എണ്ണ ഘനനം, പര്യവേഷണം, ടെലികോം എന്നിവ സ്വകാര്യ മേഖലക്ക് അനുവദിച്ചത് 93 ലാണ്.

എം.ആര്‍.ടി.പി. നിയമം ഭേദഗതിവരുത്തിയതോടൊപ്പം വിദേശനാണയവിനിമയചട്ടങ്ങള്‍ ഉദാരമാക്കി എല്‍.പി.ജി. മണ്ണെണ്ണ എന്നിവയുടെ സര്‍ക്കാര്‍ കുത്തകഒഴിവാക്കി. വിദേശ ഓഹരി നിക്ഷേപകര്‍ക്ക് സ്വാഗതം ഓതി. അവരുടെ നികുതി 30% കണ്ട് വെട്ടിക്കുറച്ചു. വിവാദ എന്‍റോണ്‍ കരാറിലൊപ്പിട്ടതും ഈ കാലഘട്ടത്തില്‍ കോണ്‍ഗ്രസാണ്. എട്ട് വന്‍കിട സ്വകാര്യ വൈദ്യുതി പദ്ധതികള്‍ക്ക് അനുമതി നല്‍കി. ഔഷധ മേഖലയില്‍ 51% വിദേശനിക്ഷേപാനുമതിക്കൊടുത്തു. വ്യോമയാനം, നാഷണല്‍ ഹൈവേ എന്നിവ, സ്വകാര്യമേഖലക്ക് നല്‍കി. ഗാട്ട്കരാറില്‍ ഒപ്പിട്ടതും നരസിംഹറാവുവിന്റെ ഈ സര്‍ക്കാരാണ്. എണ്ണപ്പാടങ്ങള്‍ സ്വകാര്യവല്‍ക്കരിച്ചു.

ടെലികോം മേഖലയില്‍ വമ്പന്‍ കമ്പോളവല്‍ക്കരണത്തിന് തുടക്കമിട്ടുകൊണ്ടാണ് കോണ്‍ഗ്രസ്സ് ഭരണം അവസാനിച്ചത്.

1996-98 കോണ്‍ഗ്രസ് പിന്‍തുണയോടെ ഐക്യമുന്നണി ഭരണം

ഡിസ്ഇന്‍വെസ്റ്റ്‌മെന്റ് കമ്മീഷന്‍ രൂപീകരിച്ചു. തുറമുഖങ്ങള്‍, പാലങ്ങള്‍, ജലവിതരണം എന്നിവ സ്വകാര്യമേഖലക്ക് കൈമാറി. നാല്‍പ്പത്തി ഒന്ന് തരം വ്യവസായങ്ങളില്‍ കൂടി 51% വിദേശ പങ്കാളിത്തം അനുവദിച്ചു. കോര്‍പ്പറേറ്റ് നികുതിനിരക്ക് ആദ്യം 12% വും പിന്നീട് 15% വും വെട്ടിക്കുറച്ചു. 10% സര്‍ചാര്‍ജ്ജ് ഒഴിവാക്കി. എക്സൈസ് കസ്റ്റംസ് നികുതി നിരക്കുകളില്‍ 100% വരെ കുറവ് വരുത്തി.

1998-2004 ബി.ജെ.പി. മുന്നണി

വ്യവസായപാര്‍ക്കുകള്‍ സ്വകാര്യമേഖലക്ക് നല്‍കി. ഇലക്ട്രിസിറ്റി നിയമം ഭേദഗതി വരുത്തി. 50% പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനം.. കോര്‍പ്പറേറ്റ് നികുതി 35% ആയി കുറച്ചു. നഗരഭൂപരിധിഎടുത്തു കളഞ്ഞു. ചെറുകിട വ്യവസായങ്ങള്‍ക്കനുവദിച്ചിരുന്ന ഉല്‍പ്പന്ന സംവരണം എടുത്തു കളഞ്ഞു. 2640 തരം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം ഒഴിവാക്കി. തുറമുഖം, റോഡ്, വൈദ്യുതി രംഗത്ത് 100% വിദേശനിക്ഷേപം അനുവദിച്ചു. ട്രഷറിബില്ലും സര്‍ക്കാര്‍ സെക്യൂരിറ്റിയിലും വിദേശധനനിക്ഷേപകര്‍ക്ക് നിക്ഷേപാനുമതി നല്‍കി. എക്സൈസ് കസ്റംസ് നികുതികള്‍ 3 മുതല്‍ 30% വരെ വെട്ടിക്കുറച്ചു. ഐ.ആര്‍.ഡി.എ. നിയമം പാസാക്കി.. മോഡേണ്‍ ഫുഡ് വിറ്റു. .. MRTP നിയമം റദ്ദാക്കി. 1300 സാധനങ്ങള്‍കൂടി ഇറക്കുമതി നിയന്ത്രണത്തിന് വെളിയില് കൊണ്ടുവന്നു. ടെലികോം ഡിപ്പാര്‍ട്ട്മെന്റ് കോര്‍പ്പറേഷനാക്കി.. ആഭ്യന്തര ടെലികോം സേവനം സ്വകാര്യവല്‍ക്കരിച്ചു. പൊതുമേഖലാ ബാങ്ക് ഓഹരി 33% ആക്കുന്ന നിയമം പാര്‍ലിമെന്റില് കൊണ്ടുവന്നു‍. ഐ.ആര്‍.ഡി.എ. നിയമം പാസാക്കി സ്വകാര്യഇന്‍ഷൂറന്‍സ് കമ്പനികള്‍ 26% വിദേശ പങ്കാളിത്തത്തോടെ പ്രവര്‍ത്തനം തുടങ്ങി. ബാല്‍കോ 551 കോടിക്ക് വിറ്റു തുലച്ചു. 1429 സാധനങ്ങളുടെ ഇറക്കുമതി നിയന്ത്രണം കൂടി എടുത്തുകളഞ്ഞു.

ഔഷധ മേഖല വിദേശിയര്‍ക്ക് പൂര്‍ണ്ണമായി തുറന്നുകൊടുത്തു. പി.എഫ്. പലിശ വീണ്ടും രണ്ടര ശതമാനം കുറച്ചു. ചെറുകിട വ്യവസായങ്ങളുടെ എല്ലാ സംവരണവും പിന്‍വലിച്ചു. സ്വകാര്യ പെന്‍ഷന്‍ ഫണ്ടുകള്‍ക്കനുമതി നല്‍കി. സര്‍ക്കാര്‍ പെന്‍ഷന്‍ പങ്കാളിത്തപെന്‍ഷനാക്കി വിജ്ഞാപനം ചെയ്തു. ഇന്ത്യന്‍കമ്പനികളില്‍ 49% വരെ ഓഹരി നിക്ഷേപിക്കാന്‍ FII കള്‍ക്ക് അനുമതി നല്‍കി. പ്രതിരോധ മേഖലയില്‍ 74% സ്വകാര്യനിക്ഷേപം അനുവദിച്ചു. ഐ.പി.സി.എല്‍., മാരുതി, സി.എം.സി.യും ഹോട്ടല്‍ കോര്‍പ്പറേഷന്റെ 12 വന്‍കിട ഹോട്ടലുകളും വിറ്റു.

കാര്‍ഷിക മേഖലയില്‍ വിദേശ നിക്ഷേപത്തിന് അനുമതി നല്‍കി. വിമാന ഇന്ധനത്തിന്റെ നികുതി നേര്‍പകുതിയാക്കി.. ചുങ്കം 90% ല്‍ നിന്ന് 10% ആക്കി.. പ്രത്യേക സാമ്പത്തിക മേഖലാ നിയമം പാസാക്കി.. 20% നിക്ഷേപം ഓഹരികമ്പോളത്തിന് കൊടുക്കാന്‍ ബാങ്കുകള്‍ക്കനുമതി നല്‍കി.

2005-09 യു.പി.എ (കോണ്‍ഗ്രസ് മുന്നണി)


ടെലികോമില്‍ 74% വിദേശനിക്ഷേപത്തിന് അനുമതി നല്‍കി. റിട്ടയില്‍, ഖനനം, പെന്‍ഷന്‍ ഫണ്ടുകള്‍, നിര്‍മ്മാണമേഖല എന്നിവയില്‍ 100% വിദേശനിക്ഷേപാനുമതി നല്‍കി. വാറ്റ്നടപ്പാക്കി. 7 ഖനവ്യവസായങ്ങള്‍ പൂട്ടി.. വിത്തുബില്ലും തപാല്‍ നിയമഭേദഗതിയും പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. 400 പ്രത്യേക സാമ്പത്തിക മേഖലകള്‍ക്ക് അനുമതി നല്‍കി. ഇന്‍ഷൂറന്‍സില്‍ 49% വിദേശ നിക്ഷേപം അനുവദിക്കുന്ന നിയമം രാജ്യസഭയില്‍ അവതരിപ്പിച്ചു. എല്‍.ഐ.സി നിയമഭേദഗതി നിയമം ലോക്സഭയില്‍ കൊണ്ടുവന്നു. NTPC, IPCL, ONGC എന്നിവയുടെ ഓഹരികള്‍ പബ്ളിക് ഇഷ്യുവഴി കൈമാറി. ഇത്തരത്തില്‍ സര്‍ക്കാര്‍ ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഓഹരിവിറ്റ് 1567 കോടി രൂപയാണ് യു.പി.എ സര്‍ക്കാര്‍ സമാഹരിച്ചത്.. കോര്‍പ്പറേറ്റ് നികുതി 30% ആയികുറച്ചു. ഐ.ടി. കമ്പനികള്‍ക്കും സെസിനും ദീര്‍ഘകാല നികുതിയൊഴിവ് അനുവദിച്ചു. നവരത്നാ കമ്പനികളുടെതടക്കം 44 കമ്പനികളുടെ ഓഹരി വില്‍ക്കാന്‍ തീരുമാനം എടുത്തു. 5 എന്‍.ടി.സി. മില്ലുകള്‍ രണ്ടായിരം കോടിക്ക് ലേലത്തില്‍ വിറ്റു.

*

2009 മദ്ധ്യം മുതല്‍ കാര്യങ്ങള്‍ ഇങ്ങിനെയൊക്കെത്തന്നെ മതിയോ എന്നു തീരുമാനിക്കാനുള്ള അധികാരം വിനിയോഗിക്കുന്നതിനുള്ള അവസരമാണിത്. ആ അധികാരം ശരിയായി വിനിയോഗിക്കുവാന്‍ നമ്മള്‍ ഓരോരുത്തര്‍ക്കും ഒഴിവാക്കാനാകാത്ത ബാദ്ധ്യതയുണ്ട്. നമ്മള്‍ക്കു മാത്രമെ ആ അധികാരം ശരിയായ രീതിയില്‍ വിനിയോഗിക്കാന്‍ ആകുകയും ഉള്ളൂ. ശരിയായ തീരുമാനമെടുത്തുകൊണ്ടല്ലാതെ നമുക്കാ അധികാരം പ്രയോഗിക്കാന്‍ കഴിയുകയും ഇല്ല.

ശരിയായി കാര്യങ്ങള്‍ മനസ്സിലാക്കുക. ശരിയായ തീരുമാനമെടുക്കുക.

*
വിവരങ്ങള്‍ക്ക് കടപ്പാട്: പീപ്പില്‍ എഗൈന്‍സ്റ്റ് ഗ്ലോബലൈസേഷന്‍ പ്രത്യേക പതിപ്പ് “എന്തുകൊണ്ട് ഇടതുപക്ഷം”

Sunday, March 22, 2009

സാംസ്കാരിക കേരളം ഇടതുപക്ഷത്തോടൊപ്പം

പ്രൊഫ. കെ പി ശങ്കരന്‍

നിത്യവും ഞാന്‍ വായിക്കുന്ന പത്രവാര്‍ത്തകള്‍ ഉള്ളില്‍ കിടിലം ഉണ്ടാക്കാറുണ്ട്. മുന്നണിയില്‍ വിള്ളല്‍ വീഴുകയാണോ? വീണാല്‍ അത് തെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കും എന്നതത്രെ എന്റെ വേവലാതി. ഒറ്റയ്ക്കൊറ്റയ്ക്ക് വ്യക്തി എന്നതിനേക്കാള്‍ ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകം ഏതു മുന്നണി വിജയിക്കും എന്നതത്രെ. അവിടെ വികല്‍പ്പത്തിന് ഇടയില്ലതന്നെ. മതേതര ജനാധിപത്യ ബോധമുള്ള ആര്‍ക്കും ഒറ്റ മുന്നണിയെ മാത്രമേ വിശ്വസിക്കാന്‍ പറ്റൂ. അത് ഇടതുമുന്നണിയാണെന്ന കാര്യം എടുത്തുപറയേണ്ടതില്ലല്ലോ?

പ്രിയനന്ദനന്‍

കേരളത്തിലെ മെച്ചപ്പെട്ട സ്ഥിതിസമത്വം ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേട്ടമാണ്. പോരാട്ടത്തിലൂടെ നേടിയെടുത്തതാണ് ഇത്. ഈ സ്ഥിതിയല്ല ഇപ്പോഴും ഇന്ത്യയുടെ ഇതരഭാഗങ്ങളില്‍. അവിടെ ഇടതുപക്ഷസ്വാധീനം വേണ്ടത്രയില്ല എന്നതുതന്നെയാണ് ഇതിനു കാരണം. എന്നാല്‍ മുമ്പില്ലാത്തവിധം ഇടതുപക്ഷപ്രാധാന്യം ഇന്ത്യയില്‍ വര്‍ധിച്ച കാലമാണിത്. ഇടതുപക്ഷത്തിനെതിരെ ഒറ്റക്കെട്ടായി വരുന്ന വിമര്‍ശനം അതുകൊണ്ടാണ്. മാധ്യമങ്ങള്‍ക്കെല്ലാം ഇക്കാര്യത്തില്‍ ഒരേ സ്വരമാണ്. വിപരീതശക്തികള്‍ക്കെതിരെ ഒട്ടും സുഗമമല്ലാത്ത പാതയാണ് ഇടതുപക്ഷത്തിനു താണ്ടാനുള്ളത്. തെരഞ്ഞെടുപ്പുപോരാട്ടം ഇന്ത്യയില്‍ ഇടതുപക്ഷത്തെ മുന്നോട്ടാനയിക്കാനുള്ള അവസരമായി മാറേണ്ടതുണ്ട്. അതിനുള്ള പ്രവര്‍ത്തനത്തില്‍ ഞാനും പങ്കാളിയാണെന്നു പറയാന്‍ അഭിമാനമുണ്ട്.

ലോഹിതദാസ്

മതവിരുദ്ധമായ ഇന്ത്യന്‍ സമൂഹത്തിന് ആശ്വാസകരമായ ഭരണമാണ് ഉണ്ടാവേണ്ടത്. ഈ തെരഞ്ഞെടുപ്പ് അത്തരമൊരു ഭരണനേതൃത്വത്തെ ആനയിക്കാനുള്ള അവസരമാവണം. രാജ്യത്തിന്റെ സമഗ്രഭാവി വിഭാവനം ചെയ്യാന്‍ കഴിയുന്ന ഇടതുപക്ഷസ്വാധീനമുള്ള കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ഏതൊരുസാധാരണക്കാരനെയുംപോലെ ഞാനും ആഗ്രഹിക്കുന്നത്. അധഃസ്ഥിതരുടെയും സ്ത്രീകളുടെയും ഉന്നമനം കണക്കാക്കുന്ന ഇടതുപക്ഷത്തെ ജയിപ്പിക്കാന്‍ കേരളജനതയ്ക്ക് ചുമതലയുണ്ട്.

വി കെ ശ്രീരാമന്‍

ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരെ വര്‍ഗീയ ഫാസിസ്റ്റ് സംഘങ്ങള്‍ ശക്തിപ്രാപിക്കുന്ന ഭീതിദമായ കാഴ്ചയാണ് ഇന്ത്യന്‍ വര്‍ത്തമാനകാല രാഷ്ട്രീയം. കോണ്‍ഗ്രസിനെപ്പോലുള്ള ശക്തികളാകട്ടെ അമേരിക്കന്‍ സര്‍വാധിപത്യത്തിനുമുന്നില്‍ ഓച്ഛാനിച്ചുനില്‍ക്കുന്നു. ഇന്ത്യയില്‍ അടിസ്ഥാനവര്‍ഗതാല്‍പ്പര്യം സംരക്ഷിച്ചുനിര്‍ത്താന്‍ ഇടതുശക്തികള്‍ക്കുമാത്രമേ കഴിയൂ എന്ന് വ്യക്തമായിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മുടെ ഓരോവോട്ടും ഈ പ്രതിസന്ധിക്കുമേലുള്ള നിര്‍ണായകമായ ഇടപെടലാണ്. ഇടതുപക്ഷവിജയത്തെ സുനിശ്ചിതമാക്കാനുള്ള ഇടപെടലുകള്‍.

വൈശാഖന്‍

സാമ്രാജ്യത്വ അധിനിവേശവും താലിബാനിസവും ജാതിമതധ്രുവീകരണവും നമ്മുടെ ജനാധിപത്യത്തെ അപകടത്തിലാക്കിക്കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇടതുപക്ഷനേതൃത്വമോ പങ്കാളിത്തമോ ഉള്ള ഒരുസര്‍ക്കാരാണ് കേന്ദ്രത്തില്‍ രൂപംകൊള്ളേണ്ടത്. ഒരുപക്ഷേ ഇന്ത്യയെ യഥാര്‍ഥ മതേതര രാഷ്ട്രമാക്കാനുള്ള അവസാന അവസരമാകുമോ എന്നും ഭയപ്പെടുന്നുണ്ട്. ഇത് സമ്മതിദായകര്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ഥിക്കുന്നു.

പി വത്സല

ആഗോളവല്‍ക്കരണത്തെ ചെറുത്ത് ഏഷ്യന്‍രാജ്യങ്ങളുടെ നിലനില്‍പ്പ് സുസ്ഥിരമാക്കാന്‍ ശക്തമായ ഇടതുപക്ഷ മുന്നേറ്റം ഇന്നാവശ്യമാണ്. സാമ്പത്തിക രംഗത്ത് മുതലാളിത്തം പരീക്ഷിച്ചുകൊണ്ടിരിക്കുന്ന നയങ്ങള്‍ അമ്പേ പരാജയമാണെന്ന് സമീപകാല അനുഭവങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്നത്തെ പ്രതിസന്ധിയില്‍ നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കുന്നത് രാഷ്ട്രീയമായി ഇടതുപക്ഷത്തിന്റെ നിലപാടുകൊണ്ടാണ്. നാട് അതിന് ഇടതുപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. ബാങ്ക് സ്വകാര്യവല്‍ക്കരണത്തിനും വിദേശവല്‍ക്കരണത്തിനുമെതിരായി ഇടതുപക്ഷമാണ് അടിയുറച്ച് നിലകൊണ്ടത്. വ്യവസായരംഗത്ത് പൊതുമേഖലയുടെ സംരക്ഷണത്തിനുള്ള നയം പൂര്‍ണമായി ഇല്ലാതാകാതെ തടഞ്ഞുനിര്‍ത്തിയതും ഇടതുപക്ഷമാണ്.

ജനശക്തിയെ രാഷ്ട്രീയമായി നവീകരിക്കുകയും ഉല്‍പ്പാദനക്ഷമമാക്കുകയും ചെയ്യുക എന്നതിലാണ് ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പ്രസക്തിയും. ഭക്ഷ്യസുരക്ഷയ്ക്ക് സര്‍വപ്രാധാന്യം നല്‍കുകയുംവേണം. മതനിരപേക്ഷ ജനാധിപത്യസംസ്കാരത്തിന്റെ കരുത്തിനും കര്‍മശേഷിക്കും അടിസ്ഥാനവും ഇടതുപക്ഷത്തിന്റെ ശക്തിയിലാണ്.

യു എ ഖാദര്‍

ജനങ്ങള്‍ പ്രതീക്ഷയും വിശ്വാസവും അര്‍പ്പിക്കന്നത് ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനത്തിലാണ്. ജനങ്ങളുടെ പൂര്‍വാനുഭവങ്ങള്‍ അവരെ പഠിപ്പിക്കുന്നതും ഓര്‍മിപ്പിക്കുന്നതും ഇടതുപക്ഷത്തില്‍ പ്രതീക്ഷയര്‍പ്പിക്കാനാണ്. ആണവകരാറടക്കമുള്ള സാമ്രാജ്യത്വാനുകൂല നിലപാടുകള്‍ വിശദമായി ചര്‍ച്ചചെയ്യപ്പെടുന്ന തെരഞ്ഞെടുപ്പാകുമിത്. നാടിനെയും നാട്ടുകാരെയും പണയംവയ്ക്കുന്ന സമീപനം ഇവിടെ വിലയിരുത്തപ്പെട്ടേ തീരൂ. മതനിരപേക്ഷതയിലൂന്നിയ സാമൂഹ്യവ്യവസ്ഥ കേരളത്തില്‍ മാത്രമല്ല ഇന്ത്യയൊന്നാകെ വികസിതമാകാനുള്ള കാലാവസ്ഥ ഉടലെടുക്കയാണ്. അമേരിക്കയുടെ പാദസേവ നടത്തിയ ഭരണത്തിനെതിരെ ചോരയില്‍ സാമ്രാജ്യത്വവിരുദ്ധത പ്രവഹിക്കുന്ന സാധാരണ ഇന്ത്യക്കാരന് പ്രതികരിക്കാതിരിക്കാനാവില്ല. അത് നാടിന്റെ ഭാവിക്കുള്ള കൈയൊപ്പാണ്. ചരിത്രം നമ്മെ കുറ്റക്കാരനല്ലെന്ന് വിധിക്കാനുള്ള അവസരമാണ് ഇടതുപക്ഷത്തെ തെരഞ്ഞെടുക്കുന്നതിലൂടെ കൈവരുന്നത്.

കാക്കനാടന്‍

ഇത്രയും ദുഷിച്ചുനാറിയ, പുറംലോകത്തിനുമുന്നില്‍ നാടിനെ നാണം കെടുത്തിയ മറ്റൊരു കേന്ദ്ര സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. നിഘണ്ടുവില്‍ കിട്ടില്ല ഇവരെ വിശേഷിപ്പിക്കാന്‍ തരത്തിലൊരു വാക്ക്. ഇപ്പോഴത്തെ യുപിഎ സര്‍ക്കാരിനെ ഏതുവിധേനയും പുറത്താക്കുക എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യമായി ഞാന്‍ കണക്കാക്കുന്നത്. നാടിന്റെ സ്വാതന്ത്യ്രത്തെയും ജനാധിപത്യബോധത്തെയുമാണ് അവര്‍ ചവിട്ടിയരച്ചത്. വിശ്വാസവോട്ടെടുപ്പില്‍ നടന്നത് എന്താണെന്ന് നമ്മള്‍ കണ്ടതാണ്. എന്തും ഏച്ചുകെട്ടാനും വിലകൊടുത്തുവാങ്ങാനും മടിയില്ലാത്തവര്‍. ഒരുപാടുപേര്‍ രക്തംകൊടുത്തു നേടിയ നാടിന്റെ സ്വാതന്ത്യ്രത്തെയാണ് ആണവകരാറിലൂടെ ഇവര്‍ അടിമപ്പെടുത്തിയത്. ലോക ജനാധിപത്യരാജ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ഇതുപോലെ നാണംകെട്ടുനിന്ന സ്ഥിതി ഒരിക്കലുമുണ്ടായിട്ടില്ല. അതുകൊണ്ട് ഏതുവിധത്തിലായാലും യുപിഎ അധികാരമൊഴിയുന്ന സ്ഥിതിയുണ്ടാവണം. ഇടതുപക്ഷപിന്തുണയോടെ പവാറും ലാലുപ്രസാദും പാസ്വാനുമടങ്ങുന്ന ഒരു കൂട്ടുകെട്ടിനെ അധികാരത്തില്‍ ഞാന്‍ സ്വപ്നം കാണുന്നുണ്ട്.

സച്ചിദാനന്ദന്‍

കേരളത്തിന് വിശാലമായ ഇടതുപക്ഷപാരമ്പര്യമുണ്ട്. മതേതരത്വത്തിന് എതിരായ ശക്തികളെയും സാമ്രാജ്യത്വശക്തികളെയും വളരുന്നതില്‍നിന്ന് തടഞ്ഞുവന്നിട്ടുള്ളത് ഈ ഇടതുപക്ഷപാരമ്പര്യമാണ്. പ്രതിരോധത്തിന്റെ പൈതൃകം നിലനിര്‍ത്തുന്നതിന് ഇടതുപക്ഷത്തിന്റെ ശക്തമായ സാന്നിധ്യം ഇന്ത്യയില്‍ പൊതുവായും കേരളത്തില്‍ വിശേഷിച്ചും നിലനിന്നേതീരൂ. ഈ തെരഞ്ഞെടുപ്പ് അതിന്റെ പ്രതിഫലനമാകട്ടെ എന്നാഗ്രഹിക്കുന്നു.

ജയരാജ് വാര്യര്‍

മതേതരത്വം വലിയൊരു പരിധിയോളം കേരളത്തില്‍ നിലനില്‍ക്കുന്നത് ഇടതുപക്ഷത്തിന്റെ സ്വാധീനംകൊണ്ടാണ്. സാമ്രാജ്യത്വസൃഷ്ടിയായ ഭീകരവാദ ഭീഷണിയെ ചെറുത്തുനില്‍ക്കാനും ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പിക്കണം. ജീവിതത്തെ പിറകോട്ടു വലിക്കുന്ന തിന്മയുടെ ശക്തികള്‍ക്കെതിരെ ഇടതുപക്ഷത്തോട് ഐക്യപ്പെടേണ്ടതുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷസ്ഥാനാര്‍ഥികള്‍ വിജയിച്ചുവരണമെന്ന് ഞാനാഗ്രഹിക്കുന്നത് ഇതുകൊണ്ടാണ്.

കലാമണ്ഡലം ക്ഷേമാവതി

സാധാരണക്കാര്‍ക്ക് സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ കഴിയുന്ന അന്തരീക്ഷമാണ് നാട്ടില്‍ ഉണ്ടാവേണ്ടത്. മതത്തിന്റെയും ജാതിയുടെയും പേരില്‍ പരസ്പരം മല്ലടിക്കുന്ന അവസ്ഥ ഇല്ലാതാവണം. അതുകൊണ്ട് മതേതരശക്തികള്‍ക്കൊപ്പമാണ് മനുഷ്യസ്നേഹികളൊക്കെ നില്‍ക്കേണ്ടത് എന്നു തോന്നുന്നു.

കലാമണ്ഡലം ഗോപി

അധ്വാനിക്കുന്ന ജനവിഭാഗത്തിന് ഗുണംകിട്ടണമെങ്കില്‍ ഇടതുപക്ഷം ജയിച്ചേപറ്റൂ. സാധാരണക്കാരുടെയും ബഹുഭൂരിപക്ഷംവരുന്ന പാവപ്പെട്ടവരുടെയും ഏക ആശ്രയം ഇടതുപക്ഷകക്ഷികളാണ്. അതുകൊണ്ട് ഇടതുപക്ഷത്തെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് അതിനുവേണ്ടി ഉത്സാഹിക്കണം.

*
ദേശാഭിമാനി വാരാന്തപ്പതിപ്പ്

Saturday, March 21, 2009

മുസ്ളിംലീഗ് എന്തുകൊണ്ട് വിമര്‍ശിക്കപ്പെടുന്നു?

വിഭജനാനന്തര ഇന്ത്യയിലെ ഏറ്റവും കലുഷിതമായ രാഷ്‌ട്രീയ സാമൂഹികതയിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജന്മം. 1948 മാര്‍ച്ച് 10ന് പഴയ മദിരാശിയിലെ രാജാജി ഹാളില്‍ മുസ്ളിംലീഗ് പുതിയ രൂപത്തിലും ഭാവത്തിലും പിറക്കുമ്പോള്‍ പുതിയൊരു രാഷ്‌ട്രീയ ദൌത്യത്തിന്റെ നയവും നിയോഗവും വെളിപ്പെടുത്തപ്പെട്ടിരുന്നു. 1906ല്‍ ധാക്കയില്‍ നവാബുമാരായ സലീമുല്ലയും വകാറുല്‍മുല്‍ക്കും ആഗാഖാനുമൊക്കെ രൂപം നല്‍കിയ സര്‍വേന്ത്യാ മുസ്ളിംലീഗിന്റെ തുടര്‍ച്ചയല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗെന്ന് ഖമാഇദേ മില്ലത്ത് മുഹമ്മദ് ഇസ്‌മായില്‍ സാഹിബ് തന്റെ തുടക്കപ്രസംഗത്തില്‍ത്തന്നെ തുറന്നു പ്രഖ്യാപിക്കുകയുണ്ടായി.

വിഭജനത്തിന്റെ പാപച്ചുമടും പേറി കോണ്‍ഗ്രസിന്റെ മുന്നില്‍ ഓഛാനിച്ചുനില്‍ക്കുന്ന ഒരു ലീഗായിരുന്നില്ല വിഭാവനം ചെയ്യപ്പെട്ടിരുന്നത്. കോണ്‍ഗ്രസിന്റെയും പങ്കാളിത്തത്തോടെ രൂപകല്‍പ്പന ചെയ്യപ്പെട്ട വിഭജനത്തിന്റെ സംഹാരതാണ്ഡവത്തില്‍ നിലംപരിശായിപ്പോയ പാവപ്പെട്ടൊരു സമുദായത്തിന്റെ രാഷ്‌ട്രീയ ഉയിര്‍ത്തെഴുന്നേല്‍പ്പായിരുന്നു ലീഗിന്റെ ലക്ഷ്യം. ഈ ഉദ്ദേശ്യം, പക്ഷേ, അംഗീകരിച്ചുകൊടുക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒട്ടും തയാറായിരുന്നില്ല. അതുകൊണ്ടുതന്നെ, പുതിയ മുസ്ളിംലീഗിനെ ലക്ഷ്യത്തിലും നിലപാടിലും കോണ്‍ഗ്രസ് നിശിതമായി എതിര്‍ത്തുകൊണ്ടിരുന്നു. മുസ്ളിംലീഗിന്റെ ഏറ്റവും കടുത്ത വിമര്‍ശകരും രാജ്യദ്രോഹമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ലീഗിന്റെ തലയില്‍ കെട്ടിവച്ചുകൊണ്ടിരുന്നവരും കോണ്‍ഗ്രസുകാരായിരുന്നു. മുസ്ളിംലീഗിനെ ചത്ത കുതിരയെന്ന് പണ്ഡിറ്റ് നെഹ്റു പരിഹസിച്ചതും സമാദരണീയനായ നേതാവ് ബാഫഖിതങ്ങളെ കെപിസിസിയുടെ അധ്യക്ഷന്‍ സി കെ ഗോവിന്ദന്‍നായര്‍ പരസ്യമായി അവഹേളിച്ചതും ഈ പശ്ചാത്തലത്തിലാണ്.

വിമോചന സമരാനന്തരം 1960ല്‍ പട്ടം താണുപിള്ളയുടെ മന്ത്രിസഭ വന്നപ്പോള്‍ ലീഗിനെ അകറ്റി നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതും ഇതിന്റെ കൂടെ ചേര്‍ത്ത് വായിക്കേണ്ടതാണ്. ഗത്യന്തരമില്ലാത വന്നപ്പോള്‍ മുസ്ളിംലീഗിന്റെ നേതാവ് കെ എം സീതിസാഹിബിനെ പട്ടം സ്‌പീക്കറായി സ്വീകരിച്ചു. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് 1961ല്‍ സിഎച്ച് മുഹമ്മദ്കോയ സ്‌പീക്കറായി. കോണ്‍ഗ്രസിന്റെ ലീഗ് വിരോധം അണപൊട്ടിയൊഴുകാന്‍ അത് നിമിത്തമാവുകയും ചെയ്‌തു. മുസ്ളിംലീഗിന്റെ പ്രാഥമികാംഗത്വത്തില്‍നിന്ന് സി എച്ച് രാജിവയ്‌ക്കണമെന്നും തൊപ്പിയഴിച്ചുമാറ്റി സി എച്ച് മതേതരത്വം തെളിയിക്കണമെന്നും കെപിസിസിയാണ് ആവശ്യമുന്നയിച്ചത്. അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് പറഞ്ഞ് ബാഫഖിതങ്ങള്‍ സി എച്ചിനോട് രാജിവച്ചിറങ്ങിപ്പോരാന്‍ ആവശ്യപ്പെടുകയും 1961 നവംബര്‍ 10ന് സി എച്ച് സ്‌പീക്കര്‍സ്ഥാനം രാജിവയ്‌ക്കുകയും ചെയ്‌തു.

കോണ്‍ഗ്രസിനാല്‍ നിരന്തരം അവഹേളിക്കപ്പെടുകയും ആട്ടിയകറ്റപ്പെടുകയും ചെയ്‌ത മുസ്ളിംലീഗിനെ ചരിത്രത്തിലാദ്യമായി അധികാരപങ്കാളിത്തത്തിന്റെ മാന്യതയിലേക്ക് കൊണ്ടുവന്നത് കമ്യൂണിസ്റ്റ് സര്‍ക്കാരാണ്. 1967 മാര്‍ച്ച് ആറിന് അധികാരത്തില്‍വന്ന സഖാവ് ഇഎംഎസിന്റെ രണ്ടാം മന്ത്രിസഭയില്‍ ലീഗ് നേതാക്കളായ സി എച്ച് മുഹമ്മദ്കോയയും അഹമ്മദ്കുരിക്കളും മന്ത്രിമാരായിരുന്നു.

സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മുസ്ളിം സമുദായത്തിന്റെ സര്‍വതോമുഖ പുരോഗതിക്കുവേണ്ടി കമ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന ഇഛാശക്തിയുള്ള തീരുമാനങ്ങളിലും പ്രവര്‍ത്തനങ്ങളിലും ഭാഗഭാക്കാവാന്‍ മുസ്ളിംലീഗിന് അവസരമുണ്ടായപ്പോള്‍ മുസ്ളിം സമുദായത്തില്‍ ലീഗിന് സ്വന്തമായിടമുണ്ടായി. മലപ്പുറം ജില്ലയുടെ രൂപീകരണം (1969 ജൂണ്‍ 16) അവയിലേറ്റവും സുപ്രധാനമായിരുന്നു. സ്വതന്ത്ര ഇന്ത്യയില്‍ മറ്റൊരു പാകിസ്ഥാനുണ്ടാക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളും പഴയ ജനസംഘം നേതാക്കളും അന്ന് കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. സഖാവ് ഇഎംഎസിന്റെ നിശ്ചയദാര്‍ഢ്യമാണ് അന്നത്തെ വിമര്‍ശനങ്ങളുടെ മുനയൊടിച്ചത്.

ആദര്‍ശശാലികളായ നേതാക്കളുടെ കാലം കഴിഞ്ഞപ്പോള്‍ ലീഗിന് ഉന്നം പിഴച്ചു. അധികാരം ലക്ഷ്യമാവുകയും ഭരണസൌഭാഗ്യങ്ങള്‍ ദൌര്‍ബല്യമാവുകയും ചെയ്‌തതോടെ ലീഗ് സ്ഥാപിതതാല്‍പ്പര്യങ്ങളുടെ തടവറയിലായി. ബാബരി മസ്‌ജിദ് പൊളിക്കാന്‍ കൂട്ടുനിന്ന നരസിംഹറാവുവിനെ എതിര്‍ത്തതിന്റെ പേരില്‍ സ്ഥാപകനേതാക്കളിലൊരാളും അഖിലേന്ത്യാ പ്രസിഡന്റുമായിരുന്ന സുലൈമാന്‍ സേട്ടിനെ ലീഗ് പുറത്താക്കി. ലീഗിന്റെ അധികാരഭ്രമത്തെ നിശിതമായി എതിര്‍ത്തുപോന്ന സേട്ടുസാഹിബ് ലീഗിലെ സ്ഥാപിതതാല്‍പ്പര്യക്കാരുടെ കണ്ണില്‍ അതിനകംതന്നെ കരടായി മാറിയിട്ടുണ്ടായിരുന്നു. മണ്ഡല്‍കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ധൈര്യം കാണിച്ച വി പി സിങ്ങിനെതിരെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ടിന്റെ അവിശ്വാസം വന്നപ്പോള്‍ സേട്ടുസാഹിബ് വി പി സിങ്ങിനെയാണ് പിന്തുണച്ചിരുന്നത്.

കോണ്‍ഗ്രസിനോടൊട്ടിനിന്ന് ഭരണസുഖം നുണയുകയായിരുന്ന കേരളത്തിലെ ലീഗ് നേതാക്കള്‍ അപ്പോള്‍ തൊട്ടേ സേട്ടിനെതിരായിരുന്നു. വിഭജനകാലഘട്ടത്തെ ഓര്‍മിപ്പിക്കുമാറ് വര്‍ഗീയ കലാപങ്ങള്‍ സംഹാരതാണ്ഡവമാടുകയായിരുന്നു 1992 ഡിസംബര്‍ ആറിലും തുടര്‍ന്നും. രാജ്യം വിറങ്ങലിച്ചുനിന്ന ഈ ദുരന്തനാളുകളില്‍ ഭരണകൂടത്തിന്റെ മുഖത്തുനോക്കി മുസ്ളിങ്ങളുള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്ന് പറയാന്‍പോലും മുസ്ളിംലീഗിനെ കിട്ടുകയുണ്ടായില്ല. പകരം അധികാരസോപാനങ്ങളില്‍ കയറിക്കൂടാന്‍ ഏണിയുമേറ്റി നടക്കുന്ന ലീഗിനെയാണ് സമുദായത്തിന് കാണാനായത്. 'റാവുവിന്റെ ഭരണത്തിൻ കീഴില്‍ ന്യൂനപക്ഷങ്ങള്‍ക്ക് രക്ഷ'യെന്ന് പ്രസ്‌താവനയിറക്കി ഇ അഹമ്മദ് (ചന്ദ്രിക '93 ഒക്ടോബര്‍ 22) ന്യൂയോര്‍ക്കിലേക്ക് വിമാനം കയറുമ്പോള്‍ കുപ്രസിദ്ധമായ ബോംബെ കലാപം കൊന്നുതള്ളിയ ശവങ്ങളുടെ കണക്കെടുപ്പുപോലും പൂര്‍ത്തിയായിരുന്നില്ല.

ബാബരി മസ്‌ജിദ് വിഷയത്തില്‍ രാജ്യത്തെ തൊണ്ണൂറ്റിയൊമ്പത് ശതമാനം മുസ്ളിങ്ങളും കോണ്‍ഗ്രസിനെതിരായിരുന്നു. ദീര്‍ഘകാലം കോണ്‍ഗ്രസിന്റെ കൂടെ നിന്ന ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്പോലും കോണ്‍ഗ്രസിന്നെതിരെ തിരിയുകയുണ്ടായി. പക്ഷേ, കേരളത്തിലെ ലീഗ് മാത്രം കോണ്‍ഗ്രസിനെ പിന്തുണച്ചു. കേരളത്തില്‍ അക്കാലത്തുണ്ടായ തെരഞ്ഞെടുപ്പുകളിലൊക്കെ സാക്ഷാല്‍ കോണ്‍ഗ്രസിനെക്കാളുമാവേശത്തില്‍ ലീഗായിരുന്നു റാവുവിനെ ന്യായീകരിച്ചിരുന്നത്. ഗുരുവായൂര്‍, ഒറ്റപ്പാലം, ഞാറക്കല്‍, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളില്‍ റാവുവിന്റെ കരങ്ങള്‍ക്ക് ശക്തികൂട്ടാനാണ് ലീഗ് വോട്ടുചോദിച്ചിരുന്നത്. എന്നാല്‍ മുസ്ളിം സമുദായമുള്‍പ്പെടെ കേരളത്തിലെ സാമാന്യജനങ്ങള്‍ ലീഗിന്റെ നിലപാടുകളെ തള്ളിക്കളയുകയാണുണ്ടായത്. 1996ലെ പൊതുതെരഞ്ഞെടുപ്പില്‍ നരസിംഹറാവു തോല്‍പ്പിക്കപ്പെടുകയും കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്തെറിയപ്പെടുയും ചെയ്‌തപ്പോള്‍ മാത്രമാണ് ലീഗ് റാവുവിനെതിരെ തിരിഞ്ഞത്. പക്ഷേ, ബാബരി മസ്‌ജിദ് വിഷയത്തില്‍ വീഴ്ച്ചപറ്റിയ കാര്യം സമ്മതിക്കാനോ സ്വന്തം സമുദായത്തോട് മാപ്പു ചോദിക്കാനോ ലീഗ് ഇന്നേവരെ തയാറായിട്ടില്ല.

അടിസ്ഥാന വിഷയങ്ങളില്‍ മുസ്ളിംസമുദായം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളോട് ലീഗ് അനുവര്‍ത്തിക്കുന്ന നിലപാടുകള്‍ പരിശോധിച്ചാലറിയാം, മുസ്ളിംസമുദായത്തോട് ലീഗിനുള്ള 'പ്രതിബദ്ധത'യുടെ പൊള്ളത്തരം. ഏറെ പരാമര്‍ശവിധേയമായ ജസ്റ്റിസ് രജീന്ദര്‍ സച്ചാറിന്റെ റിപ്പോര്‍ട്ടുതന്നെ അതിലേക്ക് ഏറെ വെളിച്ചം വീശുന്നു. മൌലികപ്രാധാന്യമുള്ള അഞ്ച് കാര്യങ്ങളാണ് ഇന്ത്യയില്‍ മുസ്ളിംസമുദായം നേരിടുന്ന കടുത്ത പ്രതിസന്ധികളെന്ന് സച്ചാര്‍ റിപ്പോര്‍ട്ട് താഴെ പറയുംപ്രകാരം ചൂണ്ടിക്കാട്ടുന്നു:

ഒന്ന്: രാജ്യത്ത് ഏറ്റവുമധികം ദാരിദ്ര്യമനുഭവിക്കുന്ന ജനവിഭാഗമായി മുസ്ളിങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു.

രണ്ട്: തൊഴില്‍-ഉദ്യോഗമേഖലകളില്‍ അവര്‍ കടുത്ത വിവേചനത്തിന്നിരയാവുന്നു.

മൂന്ന്: വിദ്യാഭ്യാസപരമായി കടുത്ത പിന്നാക്കാവസ്ഥ നേരിടുന്നു.

നാല്: നിരന്തരമായി കലാപങ്ങള്‍ക്ക് ഇരയാകുന്നത് കാരണം ഒരുതരം ഭയത്തിന്റെ കരിനിഴല്‍ അവരെ പിടികൂടിയിരിക്കുന്നു.

അഞ്ച്: അസ്തിത്വപരമായ ഉല്‍ക്കണ്ഠകള്‍ ഒരുതരം അന്തര്‍മുഖത്വം അവര്‍ക്ക് നല്‍കിയിരിക്കുന്നു.

ഏറെക്കാലം രാജ്യം ഭരിച്ച കോണ്‍ഗ്രസിനെ മുഖ്യമായും പ്രതിക്കൂട്ടിലാക്കുന്ന ഈ നിരീക്ഷണങ്ങള്‍ മുസ്ളിംലീഗിന്റെ ചിന്തയിലോ ചര്‍ച്ചയിലോ കടന്നുവന്നിട്ടുപോലുമില്ല. സച്ചാര്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് മുസ്ളിംലീഗ് നടത്തുന്ന വാചകമേളയിലൊന്നും സമുദായം നേരിടുന്ന ഇത്തരം ഗുരുതരമായ പ്രശ്‌നങ്ങള്‍ വിഷയീഭവിക്കാറേയില്ല.

രാജ്യം നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളിലുമില്ല ലീഗിന് സ്വന്തമായൊരു നിലപാട്. ആഗോളവല്‍ക്കരണംപോലുള്ള വിഷയങ്ങള്‍ അവയ്‌ക്കുദാഹരണമാണ്. രജീന്ദര്‍ സച്ചാര്‍പോലും തന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ച മുറയ്‌ക്ക് ഡല്‍ഹിയില്‍ പത്രമാധ്യമങ്ങളെ മുന്‍നിര്‍ത്തി പറയുകയുണ്ടായി: 'ഇന്ത്യയിലെ മുസ്ളിം ജനവിഭാഗത്തെ പാപ്പരാക്കുന്നതില്‍ ആഗോളവല്‍ക്കരണം വലുതായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്നു'വെന്ന്. പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍ ശിഥിലമായത് മുസ്ളിങ്ങളുള്‍പ്പെടെയുള്ള രാജ്യത്തെ പ്രാന്തവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളാണ്. ഭരണകൂടം പിന്തുടര്‍ന്ന ഉദാരവല്‍ക്കരണ-സ്വകാര്യവല്‍ക്കരണ നിലപാടുകള്‍ അവരുടെ നട്ടെല്ലൊടിക്കുകയുണ്ടായി. ജനങ്ങളോട് പ്രതിബദ്ധതയുള്ള മുഴുവന്‍ പ്രസ്ഥാനങ്ങളും ഇക്കാര്യത്തില്‍ ഗൌരവപ്പെട്ട നിലപാടെടുത്തപ്പോള്‍ മുസ്ളിംലീഗ് മാത്രമാണ് സ്വന്തമായൊരു നിലപാടുപോലും സ്വീകരിക്കാതിരുന്നത്. പാര്‍ടിയുടെ തലപ്പത്തുള്ള വ്യവസായികളും വാണിജ്യപ്രമുഖരും ആഗോളീകരണത്തെ കണ്ണടച്ചനുകൂലിച്ചപ്പോള്‍ ലീഗിന്റെ നിലപാടും അതുതന്നെയാവുകയായിരുന്നു.

ആണവക്കരാറുള്‍പ്പെടെയുള്ള സാമ്രാജ്യത്വാനുകൂല നിലപാടുകളിലെല്ലാം ലീഗ് കേന്ദ്രസര്‍ക്കാരിനോടൊപ്പമാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തെ പ്രീണിപ്പിക്കാനും അമേരിക്കന്‍ ചേരിയില്‍ സീറ്റുറപ്പിക്കുവാനുമാണ് മന്‍മോഹന്‍സിങ് അവിഹിതമാര്‍ഗങ്ങളിലൂടെ കരാറൊപ്പിച്ചെടുത്തത്. സാമ്രാജ്യത്വവിരുദ്ധ നിലപാടുള്ള മുഴുവന്‍ മനുഷ്യസ്‌നേഹികളും കരാറിനെതിരെ അണിനിരന്നപ്പോള്‍ കോണ്‍ഗ്രസിനോടൊപ്പം ലീഗും അതിനെ ന്യായീകരിക്കുകയായിരുന്നു. കരാറിലൊപ്പിടുന്ന മുറക്ക് ഇന്ത്യയുടെ വിദേശനയം അമേരിക്കന്‍ വിദേശനയത്തിന് അനുസൃതമായിരിക്കണമെന്ന ഹൈഡ് ആൿട് വ്യവസ്ഥപോലും ലീഗ് നേതാക്കള്‍ വിസ്‌മരിക്കുകയുണ്ടായി. അന്താരാഷ്‌ട്ര ആണവോര്‍ജ സമിതിയില്‍ ഇറാനെതിരെ ഇന്ത്യ വോട്ടുചെയ്‌തപ്പോഴും, ഇറാനില്‍നിന്നുള്ള പ്രകൃതിവാതക സപ്ളൈകരാര്‍ അമേരിക്കന്‍ സമ്മര്‍ദത്തിന് വിധേയമായി ഇന്ത്യ വച്ചുതാമസിപ്പിക്കുമ്പോഴും ലീഗ് വിമര്‍ശനങ്ങളുരിയാടാതെ സര്‍ക്കാരിനോടൊട്ടി നില്‍ക്കുന്നത് അധികാരത്തോടുള്ള ആര്‍ത്തിയൊന്നുകൊണ്ടുമാത്രമാണ്.

ആയിരക്കണക്കില്‍ പലസ്‌തീന്‍കാരുടെ ഘാതകനായ ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ കേരള മുഖ്യമന്ത്രി എ കെ ആന്റണി, മന്ത്രി കെ വി തോമസിനെ ഒരു സമ്മാനവുമായി ഡല്‍ഹിക്ക് പറഞ്ഞയച്ചിരുന്നു, ഷാരോണിന് കൊടുക്കാനായിട്ട്. ഇത് വിവാദമായപ്പോള്‍ മന്ത്രി തോമസ് പറഞ്ഞത്, കാബിനറ്റിന്റെ കൂട്ടായ തീരുമാനമനുസരിച്ചായിരുന്നു തന്റെ സന്ദര്‍ശനമെന്നാണ്. ലീഗ് മന്ത്രിമാരുള്‍പ്പെട്ട കാബിനറ്റിലാരും അത് നിഷേധിക്കുകയുണ്ടായില്ല. എ കെ ആന്റണിയുടെ ഇസ്രയേല്‍പ്രേമം പിന്നീട് അദ്ദേഹം പ്രതിരോധകാര്യ മന്ത്രിയായതോടെ പുറത്താവുകയും ചെയ്‌തു. രാജ്യത്തിന്റെ പ്രതിരോധ ബജറ്റില്‍ ഇസ്രയേലുമായുള്ള ആയുധ ഇടപാടിന് കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇസ്രയേലുമായി സൈനികവും ആയുധപരവുമായ ഇടപാടുള്ള അഞ്ച് പ്രമുഖ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയിട്ടും ഭരണത്തോടൊട്ടിനില്‍ക്കുന്ന ലീഗിന് അതൊരു പ്രശ്നമേ ആയി തോന്നിയിട്ടില്ല.

ആന്റണി മുഖ്യമന്ത്രിയായിരിക്കെതന്നെ ഡല്‍ഹിയില്‍ ബിജെപിയേതര മുഖ്യമന്ത്രിമാരും വിദ്യാഭ്യാസ മന്ത്രിമാരും ബിജെപിയുടെ കാവിവല്‍ക്കരണത്തിനെതിരെ ഒത്തുചേരുകയുണ്ടായി. ആന്റണിയും ലീഗുകാരനായ വിദ്യാഭ്യാസമന്ത്രിയും അതില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്‌തത്. അതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ആന്റണി മറുപടി പറഞ്ഞത് കാവിവല്‍ക്കരണം എന്ന പ്രയോഗത്തോടുപോലും തനിക്ക് യോജിപ്പില്ലെന്നാണ്. ഭരണക്കേട് വരാതിരിക്കാനാവും ലീഗ് അത് അംഗീകരിക്കുകയും ചെയ്‌തു. ഗുജറാത്തിലെ വംശീയ കലാപത്തെ വിവിധ സംസ്ഥാന നിയമസഭകള്‍ അപലപിച്ചപ്പോഴും കേരളത്തില്‍ യുഡിഎഫ് അതിന് തയാറാകാതിരുന്നതും ഗുജറാത്ത്കലാപത്തെ ആസ്‌പദിച്ച് ആനന്ദ് പട്‌വര്‍ധന്‍ രചിച്ച 'രാം കെ നാം' എന്ന സിനിമ മലപ്പുറം ജില്ലയില്‍മാത്രം യുഡിഎഫ് സര്‍ക്കാര്‍ നിരോധിച്ചതും മുസ്ളിംലീഗിന്റെ മൌനാനുവാദത്തോടെയായിരുന്നു. സ്വന്തം സമുദായത്തോടും പൊതുസമൂഹത്തോടും തെല്ലുപോലും പ്രതിബദ്ധത കാണിക്കാതെ തലയൊളിപ്പിക്കാന്‍ ലീഗിനെ പ്രേരിപ്പിച്ചതാകട്ടെ ഭരണസുഖവും.

വാള്‍മാര്‍ടുള്‍പ്പെടെയുള്ള ബഹുരാഷ്‌ട്രക്കുത്തകകള്‍ ചെറുകിട കച്ചവടക്കാരുടെ നട്ടെല്ലൊടിക്കുമ്പോഴും വിദ്യാഭ്യാസത്തിന്റെ സ്വകാര്യവല്‍ക്കരണവും കച്ചവടവല്‍ക്കരണവും സാധാരണക്കാരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുമ്പോഴും സമുദായത്തിലെ പാവപ്പെട്ടവരെക്കുറിച്ച് വിലപിക്കുന്ന ലീഗ് ചൂഷകരുടെ പക്ഷത്ത് നിലകൊള്ളുകയാണ്. മലപ്പുറം ജില്ലയിലും മലബാറിലും ലീഗ് നടപ്പാക്കിയെന്ന് പറയുന്ന 'വിദ്യാഭ്യാസ വിപ്ളവം' സ്വാശ്രയ-സ്വകാര്യ സ്ഥാപനങ്ങളുടെ പ്രളയക്കൂത്തായിരുന്നു എന്ന യാഥാര്‍ഥ്യം ആര്‍ക്കാണറിഞ്ഞുകൂടാത്തത് ? മെഡിക്കല്‍-എന്‍ജിനിയറിങ് - അപ്ളൈഡ് സയന്‍സ് - മാനേജ്‌മെന്റ് തലത്തില്‍ ഒരൊറ്റ പൊതുസ്ഥാപനംപോലും മലപ്പുറത്ത് കൊണ്ടുവരാന്‍ ലീഗ് ശ്രമിക്കുകയുണ്ടായില്ല. ബിഎഡ് കോളേജുകള്‍പോലും സ്വകാര്യവ്യക്തികള്‍ക്ക് പതിച്ചുനല്‍കി പണത്തോട് പ്രതിബദ്ധത കാട്ടുകയാണ് ലീഗ് ചെയ്‌തത്.

മഹിതമായ ഒരാശയത്തില്‍നിന്ന് തുടക്കംകൊണ്ട ലീഗ്, അങ്ങനെ വ്യവസായ വാണിജ്യ കുത്തകകളുടെ താല്‍പ്പര്യം മാത്രം സംരക്ഷിക്കുന്ന ഒരു സ്വകാര്യകമ്പനിയായി പരിണമിച്ചിരിക്കുന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ തനതായ വ്യക്തിത്വമോ അന്തര്‍ദേശീയ വിഷയങ്ങളില്‍ സ്വന്തമായ കാഴ്‌ചപ്പാടോ പുലര്‍ത്താതെ അധികാരത്തിന്റെ അകത്തളങ്ങളിലേക്ക് കണ്ണുംനട്ട് അടുക്കളപ്പൂച്ചയായി അത് അനുദിനം ചെറുതായിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കലശലായ ഭരണക്കമ്പത്താല്‍ നടത്തുന്ന അധികാരസേവകള്‍ സ്വന്തം സമുദായത്തിലും പൊതുജനമധ്യത്തിലും ലീഗിനെ പരിഹാസ്യമാക്കുകയാണ്. കേന്ദ്രത്തില്‍ ഒരരമന്ത്രിയെ തരപ്പെടുത്താനായെന്നത് നേര്. പക്ഷേ, നാണംകെട്ട ദാസ്യപ്പണികള്‍ക്ക് മുഴുമന്ത്രിപ്പണിതന്നെ പതിച്ചുകിട്ടിയ രാജ്യത്ത് അരമന്ത്രിസ്ഥാനമൊക്കെ ആര്‍ക്കാണ് വലുത് ?

****

എ പി അബ്‌ദുല്‍വഹാബ്, ദേശാഭിമാനി

Friday, March 20, 2009

ന്യൂനപക്ഷ പീഡന വാര്‍ത്തകളുടെ തനിമുഖം

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനില്‍പ്, വളര്‍ച്ച എന്നിവ സംബന്ധിച്ച് എപ്പോഴും വ്യഥിതചിത്തനാണ് റിട്ടയേര്‍ഡ് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പൌവത്തില്‍. ഇന്റര്‍ ചര്‍ച്ച് കൌണ്‍സില്‍ പ്രസിഡന്റ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ വിചാരങ്ങള്‍ക്ക് പ്രസക്തി ഏറെയാണുതാനും. 2009 ഫെബ്രുവരി 20 ന് ദീപിക എഡിറ്റ്പേജില്‍ 'ന്യൂനപക്ഷ പീഡനം കേരള മോഡല്‍' എന്നൊരു ലേഖനം അദ്ദേഹത്തിന്റേതായി കാണാനിടയായി. ചരിത്രാരംഭം മുതല്‍ ഇന്നോളം ക്രിസ്‌ത്യാനികള്‍ അനുഭവിച്ചുപോരുന്ന പീഡനങ്ങളുടെ കേരളീയ മുഖമാണ് പ്രസ്‌തുത ലേഖനത്തില്‍ അനാവരണംചെയ്യുന്നത്. ക്രൈസ്‌തവരെ കുറ്റവാളികളെന്നു മുദ്രകുത്തി കാരാഗൃഹത്തിലടയ്‌ക്കുകയും വധിക്കുകയും ചെയ്‌ത നീറോ, സ്റ്റാലിന്‍മാരുടെ തുടര്‍ച്ചക്കാരാണ് കേരളത്തില്‍ ന്യൂനപക്ഷ സംരക്ഷകരെന്ന് മേനി നടിക്കുന്നവര്‍-ഇടതുപക്ഷക്കാര്‍ എന്നതില്‍ അദ്ദേഹത്തിനു സന്ദേഹമില്ല.

ആകെ ഒരേ ഒരു ആശ്വാസം മത്രം: കേരളം ഇന്ത്യാ മഹാരാജ്യത്തിന്റെ ഭാഗമാണ്. ഇവിടെ ശക്തമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയും ഭരണഘടനയുമുണ്ട്. ക്രൈസ്‌തവരുടെ നിലനില്‍പിന്റെ ആധാരശിലകളായി ആര്‍ച്ച് ബിഷപ്പ് കാണുന്നത് ഈ രണ്ടു ഘടകങ്ങളെയാണ്. തന്റെ സമുദായത്തില്‍ കാനോന്‍ നിയമം അടിച്ചേല്‍പിച്ച് സാമാന്യജനതയുടെ എല്ലാ ജനാധിപത്യാവകാശങ്ങളെയും നിഹനിക്കുന്നതിന് നേതൃത്വംകൊടുത്ത ഒരാള്‍ ജനാധിപത്യത്തെപ്പറ്റി ആകുലചിത്തനാകുന്നത് ചേലുള്ള കാഴ്‌ച തന്നെ. കേരള സര്‍ക്കാരിനെയും കമ്യൂണിസ്റ്റ്പാര്‍ടിയെയുമാണ് ആര്‍ച്ച്ബിഷപ്പ് പ്രതിക്കൂട്ടില്‍നിര്‍ത്തുന്നതെന്ന് വ്യക്തമാണല്ലോ.

സ്വാശ്രയ വിദ്യാഭ്യാസമേഖലയാണ് ന്യൂനപക്ഷ പീഡനത്തിന്റെ ആദ്യരംഗമായി അദ്ദേഹം എടുത്തുകാട്ടുന്നത്. സ്വാശ്രയ വിദ്യാഭ്യാസകച്ചവടം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ടു നിയമം കൊണ്ടുവന്നത് ഗുരുതരമായ തെറ്റായിപ്പോയി. ലോകത്തൊരിടത്തുമില്ലാത്ത 50-50 ശതമാനം വിദ്യാര്‍ത്ഥി പ്രവേശന സംവരണം പീഡനത്തിന്റെ വേറൊരു ഉദാഹരണം. 'സ്വാശ്രയരംഗത്തു വന്നിട്ടുള്ള ക്രൈസ്‌തവ മാനേജ്‌മെന്റുകളെ ഓരോന്നായി വേര്‍തിരിച്ചു പീഡിപ്പിക്കുന്ന രീതി തുടങ്ങിയിരിക്കയാണ്. സെനറ്റും സിന്‍ഡിക്കേറ്റുമെല്ലാം കൈയിലൊതുക്കിയും തങ്ങളുടെ വരുതിക്കു നില്‍ക്കുന്ന കമ്മീഷനെ മേല്‍നോട്ടമേല്‍പിച്ചുമെല്ലാം നിരന്തരമായി വിദ്യാഭ്യാസവകുപ്പ് കലാലയങ്ങളെ ശല്യംചെയ്യുകയാണ് (ഖണ്ഡിക 6).

തൃശൂര്‍ അമല, ജൂബിലി മെഡിക്കല്‍കോളേജുകള്‍ ഇരിങ്ങാലക്കുട എന്‍ജിനീയറിംഗ് കോളേജ് എന്നിവയ്‌ക്കെതിരെ യൂണിവേഴ്‌സിറ്റി കൈക്കൊണ്ട ചില നിലപാടുകളുടെ പശ്ചാത്തലം സൂചിപ്പിച്ചുകൊണ്ടാണ് ആര്‍ച്ച്ബിഷപ്പിന്റെ ഈ ദൃശ സാമാന്യവല്‍ക്കരണ ചിന്തകള്‍ മുന്നേറുന്നത്. കോടതിവിധി മാത്രമാണ് ഇന്ന് ആശ്രയിക്കാവുന്ന ഒരേയൊരു സങ്കേതം. പക്ഷേ അത് നടപ്പാക്കാന്‍ ഇടതനുകൂല ഭരണക്കാര്‍ കൂട്ടാക്കുകയില്ല. "കോടതിയലക്ഷ്യവിധി വന്നാലും തങ്ങള്‍ക്കൊന്നും വരാനില്ല. ഇതുപലതും നമ്മള്‍ കണ്ടതാണ്'' എന്നു ഭരണക്കാര്‍തന്നെ പറഞ്ഞതായാണ് ജനസംസാരം. കോടതി ഞങ്ങള്‍ക്കു പുല്ലാണ് എന്നു പറഞ്ഞ മുദ്രാവാക്യം ഈയവസരത്തില്‍ സ്‌മരണീയമാണ് (ഖണ്ഡിക 7). ഈ സംസാരത്തിനും മുദ്രാവാക്യത്തിനും കാതോര്‍ക്കുന്ന ആത്മീയ പിതാവാണ് ഈ ആര്‍ച്ച്ബിഷപ് എന്നറിയുന്നത് കൌതുകകരമാണ്.

ക്രൈസ്‌തവ കോളേജുകളോടുള്ള അനീതി അദ്ദേഹം ധാരാളമായി അവതരിപ്പിക്കുന്നു. മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി പരിശീലിക്കാന്‍ സമ്മതിക്കില്ല എന്നതുവരെ എത്തുന്നു ആ വിവേചന സമീപനങ്ങള്‍. സ്വാശ്രയ കോളേജുകള്‍ ക്രൈസ്‌തവ ധര്‍മ്മ സംസ്ഥാപനത്തിന്റെ പ്രഥമ വേദികളാകയാലാവാം അവയെപ്പറ്റി ആദ്യം പറഞ്ഞത്. തുടര്‍ന്ന് എയ്‌ഡഡ് കോളേജുകളുടെ ദുരവസ്ഥകളിലേക്കു കടക്കുന്നു. 'ന്യായമായ കാരണങ്ങള്‍കൊണ്ട് അധ്യാപകര്‍ക്കെതിരായി ശിക്ഷണനടപടികള്‍ നടത്തിയാല്‍ കലാലയങ്ങളെ പോര്‍ക്കളമാക്കുന്നു. സെന്റ് ആല്‍ബര്‍ട്സ് കോളേജ് സംഭവം ഇതിനൊരുദാഹരണമാണ്. അതിന്റെപേരില്‍ കോളേജ് പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തല്ലോ' (ഖണ്ഡിക 10).. തുടര്‍ന്നും ഒട്ടേറെ പീഡന ദുരിതങ്ങള്‍ അവതരിപ്പിക്കുന്നുണ്ട് അദ്ദേഹം.

ഇപ്പറഞ്ഞവയിലെല്ലാം സത്യം എത്രയുണ്ട് ? പാവപ്പെട്ട ഒരു സാധാരണ കത്തോലിക്കന് ഇത്തരം പിതൃവചനങ്ങള്‍ വേദപ്രമാണങ്ങള്‍പോലെ പരമപ്രധാനമാണ്. ക്രിസ്‌തുമത ധ്വംസനത്തിനെതിരെ പോര്‍ക്കളത്തിലിറങ്ങാന്‍ അവനു യാതൊരു വിമുഖതയുമുണ്ടാവില്ല. വീണ്ടെടുക്കപ്പെട്ട പത്രത്താളുകളിലെ ഉദീരണങ്ങള്‍ക്ക് രണശോഭയേറുന്നുമുണ്ട്. സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ സംഭവിച്ചതെന്താണെന്ന് നമുക്കൊന്ന് പരിശോധിക്കാം.

2005-06 അധ്യയന വര്‍ഷത്തിലാണ് സെന്റ് ആല്‍ബര്‍ട്സില്‍ പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കോളേജിന്റെ പ്രവര്‍ത്തനസമയം രാവിലെ 8 മുതല്‍ 1.30 വരെയാക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഭാഗത്തുനിന്ന് എതിരഭിപ്രായങ്ങളുണ്ടായി. കോളേജിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തി അന്യസര്‍വകലാശാലകളുടെ കോഴ്‌സുകള്‍ നടത്തുന്നതിനുവേണ്ടിയായിരുന്നു ഈ സമയമാറ്റം. ഇഷ്‌ടം പോലെ ഫീസ് പിരിക്കാനും ലാഭം കൊയ്യാനും പറ്റിയ കോഴ്‌സുകള്‍ എക്കാലത്തും മാനേജ്‌മെന്റുകള്‍ക്ക് ഇഷ്‌ട വിഭവങ്ങളാണല്ലോ. ആല്‍ബര്‍ട്സില്‍ വിദ്യാര്‍ത്ഥി, അധ്യാപക സംഘടനാ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കപ്പെട്ടു. സര്‍വ്വകലാശാലയുടെ വിദ്യാര്‍ത്ഥി പ്രവേശനനിയമത്തിന് വിരുദ്ധമായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രവേശനംനടത്തി. യൂണിവേഴ്‌സിറ്റി/സര്‍ക്കാര്‍ നിയമങ്ങളും ബോധപൂര്‍വം ലംഘിക്കുന്നതിനാണിപ്രകാരം ചെയ്‌തത്. യുജിസി, ഗവണ്‍മെന്റ് സഹായങ്ങള്‍ കാലാകാലങ്ങളില്‍ സ്വീകരിച്ചു പണിത കെട്ടിടങ്ങളില്‍ ചിലത് (ഹോസ്റ്റല്‍) ഷോപ്പിംഗ് കോംപ്ളൿസാക്കി. മുകളിലത്തെ നില ലോഡ്‌ജാക്കി മാറ്റി. ആഡിറ്റോറിയത്തിനു പുതിയ മതില്‍ വന്നു. കോളേജില്‍നിന്നു വേര്‍പെടുത്തപ്പെട്ട് അതൊരു കല്യാണമണ്ഡപമാക്കി മാറ്റി. കനത്ത വാടക ലഭിക്കുന്ന ഒരു സംവിധാനം നിലവില്‍ വന്നു. ന്യൂനപക്ഷാവകാശത്തിന്റെ വിജയവൈജയന്തി വാനില്‍ പറന്നുതുടങ്ങി. സര്‍ക്കാരില്‍നിന്ന് പാട്ടത്തിനേറ്റുണ്ടാക്കിയ കളിസ്ഥലം മറുപാട്ടത്തിന് കൊടുത്തു.

എം വി ജോസ് എന്ന ലൈബ്രേറിയനെ പിരിച്ചുവിട്ടു: ഉച്ചകഴിഞ്ഞുള്ള സമയത്തു പഠിക്കാന്‍ വന്ന ഓഫ് ക്യാമ്പസ് വിദ്യാര്‍ത്ഥികള്‍ക്കു പുസ്‌തകം കൊടുത്തില്ല എന്നതായിരുന്നു കാരണം. മൂന്നുകുട്ടികള്‍ ഇക്കാര്യത്തില്‍ പരാതി പറഞ്ഞുവെന്നു ചൂണ്ടിക്കാട്ടി ജോസിനെ സസ്‌പെന്റ് ചെയ്‌തു. എം വി ബന്നി (മലയാളം വാരിക)യുടെ സഹോദരനായിപ്പോയി ജോസ് എന്നതാണ് പ്രശ്‌നം. ബന്നി പലപ്പോഴും സ്വതന്ത്രമായി പ്രതികരിക്കുകയും എഴുതുകയും ചെയ്യുന്നയാളാണ്. ഫാ. തേലക്കാട്ടും ചക്യാത്തു ബിഷപ്പും മധ്യസ്ഥന്മാരായി. ഒരു ക്ഷമായാചനം എഴുതിതന്നാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാം എന്ന് മാനേജര്‍ ഉറപ്പുകൊടുത്തു. അപ്രകാരമൊരു ക്ഷമായാചനമുണ്ടായി. അതു രേഖയായി കുറ്റവാളിയാക്കി മുദ്രകുത്തി ജോസിനെ പിരിച്ചുവിട്ടു.

സമയമാറ്റത്തിനെതിരെ പ്രകടനം നടത്തിയ 42 വിദ്യാര്‍ത്ഥികളെ കോളേജില്‍നിന്ന് പുറത്താക്കി. എം ആര്‍ റജിമോന്‍ എന്ന വിദ്യാര്‍ത്ഥിയുടെ പീഡനം ഇവയില്‍നിന്നെല്ലാം വ്യത്യസ്‌തമായി നില്‍ക്കുന്നു. ചേര്‍ത്തല എഴുപുന്ന സ്വദേശിയാണ് ദളിത് ക്രിസ്‌ത്യാനിയായ റജിമോന്‍. പത്രവിതരണത്തിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ട് പഠിക്കാന്‍ വന്നു. സമയമാറ്റം അവന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. അവന്റെ ജോലി ഇല്ലാതായി. സമയമാറ്റത്തിനെതിരെ അയാള്‍ കേസുകൊടുത്തു. നടപടിയെടുക്കാന്‍ യൂണിവേഴ്‌സിറ്റിക്കു ഹൈക്കോടതി ഉത്തരവ്. ഏകഛത്രാധിപതിയായ മാനേജര്‍ക്കെതിരെ കേസുകൊടുത്തതിന് റജിമോനെ സസ്‌പെൻഡ് ചെയ്‌തു 5 മാസം. പരീക്ഷയ്‌ക്കു ചേരാന്‍വേണ്ട ഹാജരില്ലാത്തതിനാല്‍ കണ്‍ഡൊണേഷന് അപേക്ഷിച്ചു. അപേക്ഷ കോളേജ് ആഫീസില്‍നിന്ന് പോയില്ല. വീണ്ടും കോടതി ശരണം. പരീക്ഷ എഴുതാന്‍ അനുവാദം ലഭിച്ചു. ഫൈനൽ ഇയര്‍ ഡിഗ്രി ക്ളാസിലേക്ക് പക്ഷേ പ്രവേശനം നിഷേധിച്ചു. കേരളത്തിലെ ഒരു കോളേജിലും കേട്ടുകേഴ്വിപോലുമില്ലാത്ത കാര്യം. മൂന്നാംവട്ടം കോടതിയിലേക്ക്. അങ്ങനെ ആഗസ്റ്റില്‍ പ്രവേശനം. ഇന്റേണല്‍ അസസ്‌മെന്റില്‍ തോല്‍പിച്ച് പരീക്ഷ എഴുതിക്കാതെ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടു ഒരു ദളിത് ക്രിസ്‌ത്യാനി.

ഒരുപക്ഷേ അയാള്‍ രക്ഷപ്പെടുമായിരുന്നു; മലയാളം അധ്യാപകനായ സെബാസ്റ്റ്യന്‍ കാട്ടടിക്കെതിരായി മാനേജ്‌മെന്റ് ആവശ്യപ്പെട്ടപ്രകാരം ചിലത് എഴുതിക്കൊടുത്തിരുന്നെങ്കില്‍. ആരാണീ സെബാസ്‌ത്യന്‍ കാട്ടടി? 1982 മുതല്‍ സെന്റ് ആല്‍ബര്‍ട്സ് കോളേജില്‍ മലയാളം അധ്യാപകന്‍. ചങ്ങനാശ്ശേരി സെന്റ് ബെർൿമാന്‍സ് കോളേജിന്റെ മുഖവാരത്തിനെതിര്‍വശത്താണിയാളുടെ വീട്. വീട്ടുമുറ്റത്തെ കോളേജില്‍ പഠിച്ചു. വലതുപക്ഷ വിദ്യാര്‍ത്ഥി സഖ്യത്തില്‍ മത്സരിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായി. മലയാളം എം എ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് (1980) സെബാസ്‌ത്യന്‍ മധ്യതിരുവിതാംകൂറിലെ കോളേജുകളില്‍ ആദ്യമായി എസ്‌ബിയില്‍ സാഹിത്യ ശില്‍പശാല സംഘടിപ്പിച്ചു. കോരളത്തിലെ ആദ്യത്തെ ക്യാമ്പസ് ഫിലിം ഡയറക്ടര്‍മാരിലൊരാളായി. കോളേജില്‍ വിദ്യാര്‍ഥികളുടെ ഇഷ്ട അധ്യാപകനായി. അഭിപ്രായങ്ങള്‍ നിര്‍ഭയം പറഞ്ഞിരുന്ന സെബാസ്‌ത്യന്‍ 2005 മുതല്‍ മാനേജ്‌മെന്റിന്റെ തലവേദനയായി മാറുക സ്വാഭാവികം മാത്രം. ഇടതുപക്ഷ അധ്യാപക സംഘടനയായ എകെപിസിടിഎ പ്രവര്‍ത്തകന്‍ ജില്ലാ പ്രസിഡണ്ടും സെനറ്റ് മെമ്പറുമൊക്കെയായി വളര്‍ന്നു. ഒരിക്കലും കമ്യൂണിസ്റ്റ്പാര്‍ടിയില്‍ ഒരു കാന്‍ഡിഡേറ്റ് മെമ്പര്‍പോലുമായിരുന്നില്ല കാട്ടടി സാര്‍.

മാനേജ്‌മെന്റിന്റെ തോന്ന്യാസങ്ങളെ തനിക്ക് അര്‍ഹമായ വേദികളില്‍ ജനാധിപത്യരീതിയില്‍ ചോദ്യംചെയ്യുക എന്ന 'തെറ്റാ'ണ് സെബാസ്‌ത്യന്റെ ഭാഗത്തുനിന്നുണ്ടായത്. നാല്‍പത്തിരണ്ടു വിദ്യാര്‍ത്ഥികളെയും ലൈബ്രേറിയനെയും ഹോമിച്ച മാനേജ്‌മെന്റിന്റെ അവസാനത്തെ ഇരയായിരുന്നു കാട്ടടിസാര്‍. 2005 ജൂണ്‍ 14 അദ്ദേഹത്തെ ഒന്നാംവട്ടം സസ്‌പെൻ‌ഡ് ചെയ്‌തു. സമയമാറ്റം സ്റ്റാഫ് കൌണ്‍സിലില്‍ ചോദ്യംചെയ്‌തതാണ് പ്രശ്‌നമായത്. വിദ്യാര്‍ത്ഥികളെ കലാപത്തിന് പ്രേരിപ്പിച്ചു എന്നതായിരുന്നു പ്രധാന കുറ്റമായി ആരോപിക്കപ്പെട്ടത്. എറണാകുളത്തെ സാമൂഹിക സാംസ്‌ക്കാരിക നേതാക്കളില്‍ പലരുടെയും ഇടപെടലിനെതുടര്‍ന്ന് സസ്‌പെന്‍ഷന്‍ പിന്‍വലിക്കപ്പെട്ടു. എകെപിസിടിഎ സംഘടന 22 ദിവസം ധര്‍ണ നടത്തുകയും ചെയ്‌തു.

2008 ഫെബ്രുവരി 8ന് അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ കൃത്രിമംകാട്ടി എന്ന് ആരോപിച്ച് കാട്ടടിസാറിനെ രണ്ടാംവട്ടം
സസ്‌പെൻഡ് ചെയ്‌തു. എം ജി സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍വരെ ഈ നടപടി ശരിയല്ല പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടെങ്കിലും മാനേജ്‌മെന്റ് പുല്ലുവിലപോലും കല്‍പിച്ചില്ല. എകെപിസിടിഎ 99 ദിവസം ധര്‍ണയും സത്യഗ്രഹവും നടത്തി. എല്ലാ മധ്യസ്ഥ ശ്രമങ്ങളെയും തൃണവല്‍ഗണിച്ച് 2009 ജനുവരി 20ന് സെബാസ്‌ത്യന്‍ കെ ആന്റണിയെ കോളേജില്‍നിന്ന് ഡിസ്‌മിസ് ചെയ്‌തു. ഇതില്‍ പ്രതിഷേധിച്ച് പിറ്റേന്ന് ഉച്ചവരെ കോളേജ് ഗേറ്റിനുമുമ്പില്‍ ധര്‍ണ നടന്നു. കേരളത്തിന്റെ നാനാഭാഗങ്ങളില്‍നിന്നെത്തിയ അധ്യാപകരുടെ പ്രതിഷേധം അവിടെ അലയടിച്ചു.

ഉച്ചയ്ക്ക് ഒരു മണിക്ക് ധര്‍ണ അവസാനിച്ചതിനുശേഷം അവിടെ അരങ്ങേറിയ ഒരു നാടകംകൂടി കണ്ടെങ്കിലേ ന്യൂനപക്ഷ മാനേജ്‌മെന്റിന്റെ ക്രൈസ്‌തവധര്‍മ്മ പ്രകടനം പൂര്‍ണമാവൂ. കോളേജ് മതിലിനോടുചേര്‍ന്ന് നടപ്പാതയിലൂടെ വിദ്യാര്‍ത്ഥികളെപ്പോലെ തോന്നിച്ച പത്തുപന്ത്രണ്ടുപേര്‍ സെന്റ് ആല്‍ബര്‍ട്സിന്റെ ജഴ്‌സിയണിഞ്ഞ് ഒരു പഴഞ്ചന്‍ ട്രോഫി പൊക്കിപ്പിടിച്ച് ചെണ്ടകൊട്ടി പടക്കംപൊട്ടിച്ച് അട്ടഹസിച്ച് വിജയ മുദ്രാവാക്യങ്ങളുമായികടന്നുപോയി. ഇതാണ് സെന്റ് ആല്‍ബര്‍ട്സ് മാനേജ്‌മെന്റിന്റെ മനസ്സ്. 2005-2006 അധ്യയനവര്‍ഷംമുതല്‍ നാളിതുവരെ പ്രസ്‌തുത കോളേജിന് ഏതെങ്കിലും തരത്തില്‍ ഒരു ചില്ലിക്കാശിന്റെ നഷ്‌ടം പോലും പ്രതിഷേധക്കാരില്‍നിന്നോ സമരക്കാരില്‍നിന്നോ ഉണ്ടായിട്ടില്ല. അത്തരത്തില്‍ ഒരു വ്യാജ പരാതിപോലും നല്‍കാന്‍ ആല്‍ബര്‍ട്ട്സ് അധികാരികള്‍ക്കു കഴിഞ്ഞിട്ടില്ല. എന്നിട്ടും ആര്‍ച്ച്ബിഷപ് പൌവത്തില്‍ പറയുന്നു കോളേജിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും നാശനഷ്‌ടങ്ങള്‍ വരുത്തുകയും ചെയ്‌തു എന്ന്.

ഇതാണ് സ്ഥിതി. 11-03-09 ന് ദീപിക എഡിറ്റ്പേജില്‍ എൿസ് ആര്‍ച്ച് ബിഷപ്പിന്റെ പുതിയ വെളിപാടുകള്‍ വായിക്കാം. കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ആത്മകഥാപരമായ അഭിമുഖ സംഭാഷണങ്ങളും പൌവത്തില്‍ കണ്ടെത്തലുകളുമായി ചേര്‍ത്തുവെച്ചു വായിക്കണം. അവയ്‌ക്കിടയില്‍ എവിടെയോ ക്രൈസ്‌തവധര്‍മ്മത്തിന്റെ മൃദുലവും സാന്ത്വനസ്‌പര്‍ശിയുമായ ഒരു ജീവിതമുഖം കണ്ടെത്താനാവും. യുഡിഎഫ് നേതാക്കള്‍ക്കുപോലും അപ്രാപ്യമായ പകയുടെയും വിദ്വേഷത്തിന്റെയും അന്ധതലത്തിലാണ് മാര്‍ പൌവത്തില്‍ നിലകൊള്ളുന്നതെന്ന് ബോധപ്പെടുകയും ചെയ്യും.

ക്രിസ്‌ത്യാനികളുടെ മുഖപത്രമെന്ന് സ്വയം ലേബലൊട്ടിച്ച് അച്ചടിച്ചുവരുന്ന ദീപിക കഴിഞ്ഞ അരനൂറ്റാണ്ടായി ഏകപക്ഷീയവും അതിസങ്കുചിതവുമായ രാഷ്‌ട്രീയ നിലപാടുകളാണ് സ്വീകരിച്ചുപോന്നിട്ടുള്ളത്. ആ പത്രസ്ഥാപനത്തിന്റെ ജീര്‍ണതയ്‌ക്കും തകര്‍ച്ചയ്‌ക്കും കാരണമായത് ഉടമസ്ഥന്മാരുടെ കാലാകാലങ്ങളിലുള്ള പക്ഷപാതപരമായ നിലപാടുകളും അസഹിഷ്‌ണുതകളുമാണ്. ചരിത്രത്തിനും പാരമ്പര്യത്തിനും മാറ്റമുണ്ടാകുന്നില്ല എന്ന് അതിന്റെ ദൈനംദിന മുഖങ്ങള്‍ വെളിവാക്കിക്കൊണ്ടിരിക്കുന്നു.

11-03-09 ലെ മലയാള ദിനപത്രങ്ങളിലെല്ലാം മാര്‍ വിതയത്തിലിന്റെ ആശയഗതികള്‍ അച്ചടിച്ചുവന്നിട്ടുണ്ട്. അദ്ദേഹം കമ്യൂണിസ്റ്റ്പാര്‍ടി സമീപനങ്ങളെ ചിലേടങ്ങളില്‍ കുറ്റപ്പെടുത്തുന്നുണ്ടെങ്കിലും പൊതുവില്‍ അനുകൂല നിലപാടാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തം. മനോരമപോലും അങ്ങനെ പറയുന്നു. ഇ എം എസിന്റെ ഭൂപരിഷ്‌ക്കരണ നിയമം ചൂഷണരഹിതമായ സാമൂഹികാവസ്ഥയ്‌ക്ക് സഹായകമായി ഭവിച്ചുവെന്നു പറയുന്ന കര്‍ദ്ദിനാള്‍ മെത്രാന്മാരും സഭാധികാരികളും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും രാഷ്‌ട്രീയത്തിലും നേരിട്ട് ഇടപെടുന്നതു ശരിയല്ല എന്ന് വ്യക്തമാക്കുന്നു. ഇതൊന്നും ദീപിക വാര്‍ത്തയിലില്ല. പൌവത്തില്‍ സിദ്ധാന്താനുസൃതമായി അന്ധമായ കമ്യൂണിസ്റ്റ് വിരോധത്തിന്റെ യൂപത്തിലാണ് വസ്‌തുതകള്‍ കെട്ടപ്പെട്ടിരിക്കുന്നത്. ബിജു ജനതാദള്‍ ബിജെപി സഖ്യം ഉപേക്ഷിച്ചതിനെപ്പറ്റിയുള്ള ദീപിക വാര്‍ത്തകളും ആര്‍ച്ച് ബിഷപ്പ് പൌവത്തില്‍ വക ഉദീരണങ്ങളും ഒരേ ദിശയില്‍ ഉള്ളവതന്നെ. ആര്‍ച്ച് ബിഷപ് ചീനാത്തും കെസിബിസിയും ഒന്നും അവര്‍ക്കു പ്രശ്‌നമല്ല. ക്രിസ്‌തുവിശ്വാസത്തിന്റെ മൊത്ത ചില്ലറ വ്യവഹാരാധിപത്യം ഏറ്റെടുത്തിരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും തിരിച്ചറിയാന്‍ സാമാന്യജനത്തിന് വലിയ ക്ലേശമൊന്നും വേണ്ടിവരില്ല; അതാണ് കേരള ചരിത്രം.

****

മാത്യു ജെ മുട്ടത്ത് , കടപ്പാട് : ചിന്ത