Saturday, March 29, 2008

ഭംഗിവാക്ക്

പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു വായനക്കാരന്‍ ചോദിക്കുന്നു: കപടനാട്യം എന്ന പ്രയോഗംകൊണ്ട് എന്താണുദ്ദേശിക്കുന്നത്? മലയാളികള്‍ കപടനാട്യക്കാരാണ് എന്ന് ഈയിടെ ഒരു പ്രസംഗത്തില്‍ കേട്ടു. ശരിയാണോ?

എല്ലാ മലയാളികളും എല്ലാ അര്‍ഥത്തിലും ഒരുപോലെ കപടനാട്യക്കാരാണ് എന്ന് സിദ്ധാന്തിക്കുന്നത് കടന്നകൈയാവും. എങ്കിലും മലയാളിസംസ്കാരത്തിന്റെ പല തലങ്ങളില്‍ കപടനാട്യം ഉണ്ട് എന്നത് വസ്തുത മാത്രമാണ്.

ഉദാഹരണം: മുംബൈയിലോ കൊല്‍ക്കത്തയിലോ ചെന്നൈയിലോ ബസ്സില്‍ അപരിചിതരായ ആണും പെണ്ണും അടുത്തടുത്ത് ഇരിക്കും. കേരളത്തില്‍ ഈ പതിവില്ല. അങ്ങനെ വല്ലവരും ചെയ്താല്‍ അതൊരു ധര്‍മഭ്രംശമായി ഇവിടെ തോന്നുകയും ചെയ്യും. എന്നാലോ, ബസ്സില്‍ വളരെ ചേര്‍ന്ന് ആണും പെണ്ണും നില്‍ക്കുന്നതിനെപ്പറ്റി ഇവിടെ ആര്‍ക്കും ഒരു പ്രശ്നവും ഇല്ലതാനും.

തീവണ്ടിയിലോ, ടാക്സി ജീപ്പിലോ, ഓട്ടോറിക്ഷയിലോ, ടാക്സി കാറിലോ, കടത്തുതോണിയിലോ, ബോട്ടിലോ അപരിചിതരായ ആണും പെണ്ണം അടുത്തടുത്ത് ഇരിക്കുന്നതിനെപ്പറ്റി മലയാളികള്‍ക്കും ഒരു ബേജാറുമില്ല. ഇതേ മലയാളിയാണ് മേല്‍പ്പറഞ്ഞ തരത്തില്‍ ബസ്സിലെ ഇരിപ്പിടത്തില്‍ ആണ്‍-പെണ്‍ അയിത്തം പാലിച്ചുപോരുന്നത്.

തമാശതന്നെ: ബസ്സില്‍ സ്ത്രീകള്‍ക്ക് ഏറ്റവും മോശമായ പെരുമാറ്റം കിട്ടുന്നത് കേരളത്തിലാണ്!

ഇക്കണ്ടതാണ് കപടനാട്യം, ആത്മവഞ്ചന.

വേറെ മാതൃക: ഒരാള്‍ മരിച്ച സന്ദര്‍ഭത്തില്‍ ആളുകള്‍ അയാളുടെ കുറ്റങ്ങള്‍ എടുത്തുപറയുന്നില്ല എന്നത് നമുക്ക് മനസ്സിലാക്കാം. അയാള്‍ക്ക് ഇല്ലാത്ത ഗുണഗണങ്ങള്‍ ഉണ്ടെന്ന് പറയുന്നത് നമ്മുടെ നാട്ടില്‍ ചടങ്ങാണ്. ഇത് കപടനാട്യമല്ലാതെ മറ്റെന്താണ്? കടമ്മനിട്ട രാമകൃഷ്ണന്റെ 'ചാക്കാല' എന്ന കവിത ഈ നാട്യത്തിന്റെ അനാവരണമാണ്.

അന്യനാടുകളില്‍ സമ്മാനം കൊടുക്കുമ്പോള്‍ അത് തുറന്നുകാണിച്ചാണ് കൊടുക്കുക. നമ്മളത് വര്‍ണക്കടലാസില്‍ മൂടിപ്പൊതിഞ്ഞ് കൊടുക്കും. അങ്ങനെയാണ് കേരളത്തിലെ ഒരു കോളേജ് യൂണിയന് മുഖ്യാതിഥിയായി വന്ന സിനിമാനടന് കെട്ടിപ്പൊതിഞ്ഞ പെട്ടിയില്‍ വിഷസര്‍പ്പം സമ്മാനിക്കാന്‍ സാധിച്ചത്!

സന്തോഷം പ്രകടിപ്പിക്കുന്നതില്‍ നമ്മളെത്രയോ മടിയന്മാരാണ്. സ്നേഹം പ്രകടിപ്പിക്കാന്‍ ഈ നാട്ടിലെ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുടുംബക്കാര്‍ക്കും എന്തൊരു പിശുക്കാണ്! സ്നേഹം ഇല്ലെന്ന് ഭാവിക്കുന്നതാണ് അന്തസ്സ്, തന്റേടം, വിവേകം!

സ്വന്തം കുട്ടികളെ തലോടുകയും അവരോട് മധുരം പറയുകയും ചെയ്യാത്തതിന്റെ ഖേദം കേരളത്തില്‍ മാതാപിതാക്കള്‍ തീര്‍ക്കുന്നത് ഇതൊക്കെ പേരക്കുട്ടികളോട് കാണിച്ചിട്ടാണ്!

ജാതിസ്പര്‍ധ, മതവര്‍ഗീയത, പ്രാദേശികത, രാഷ്ട്രീയപക്ഷപാതം തുടങ്ങി അനേകം കൊള്ളരുതായ്മകള്‍ ഉള്ളില്‍ ഒളിപ്പിച്ച് പുറമേക്ക് 'ഭംഗിയായി' പെരുമാറുന്നവര്‍ നമ്മുടെ നാട്ടില്‍ ആയിരക്കണക്കിനാണ്. ഏതെങ്കിലും സാഹചര്യം വന്നെത്തുമ്പോള്‍ ഈ വെടക്കത്തരം പുറത്തുചാടുന്നത് കാണാം- ആ കൊള്ളരുതാത്ത വികാരമല്ല; അതിന് വിപരീതം പുറമേക്ക് കാണിക്കുന്ന ഈ മിനുസമാണ് കപടനാട്യം.

നമ്മുടെ കൂട്ടത്തില്‍ ഉള്ളുതുറക്കുന്നവരും ഉള്ളത് ഉള്ളതുപോലെ പറയുന്നവരും കുറയും. പലര്‍ക്കും ഉള്ളുതുറക്കണമെങ്കില്‍ മദ്യപിച്ച് ലഹരി കയറണം. വല്ലപ്പോഴുമൊന്ന് ഉള്ള് തുറക്കാന്‍ വേണ്ടിയാണോ നമ്മുടെ കൂട്ടത്തില്‍ പലരും മദ്യപിക്കുന്നത്? കേരളീയരുടെ അമിതമദ്യപാനശീലത്തിന് ഈ ആത്മവഞ്ചനാസ്വഭാവം കൂടി കാരണമായിത്തീര്‍ന്നിട്ടുണ്ടോ? ആലോചിക്കാവുന്നതാണ്.

ഈ കെട്ട ശീലത്തിന് നമ്മള്‍ക്കിടയില്‍ അംഗീകാരം ഉണ്ട് എന്നതിന് ഭാഷയില്‍ നിന്ന് ഞാന്‍ തെളിവ് തരാം:

മലയാളത്തില്‍ 'ഭംഗിവാക്ക്' എന്നൊരു പ്രയോഗമുണ്ട്. ഉദ്ദേശിക്കാത്ത കാര്യം പറയുക എന്ന 'ഭംഗികെട്ട' ശീലത്തിന് കൊടുത്തിരിക്കുന്ന പേരാണത്. സദ്യ നന്നായില്ല എന്ന് അഭിപ്രായമുള്ളപ്പോഴും അത് കേമമായി എന്ന് മുഖസ്തുതി പറയുന്നതിനെ വിശേഷിപ്പിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന പദമാണത്. സ്വന്തം ജീവിതത്തില്‍നിന്ന് മറ്റു ഉദാഹരണങ്ങള്‍ ഓര്‍ത്തുനോക്കുക. നുണ നമ്മളെത്ര ഭംഗിയായി പറയുന്നു, അത് നേരാണ് എന്ന് ഭാവിക്കുന്നതിനെ നമ്മുടെ സംസ്കാരം എങ്ങനെ കൊണ്ടാടുന്നു എന്നതിന്റെ സൂചകം ആണ് 'ഭംഗിവാക്ക്'.

-ശ്രീ.എം എന്‍ കാരശ്ശേരി

എല്‍ ബി ഡബ്ല്യു

എല്ലാ പ്രതീക്ഷകളും വിഫലമാക്കി, ഞങ്ങളെ തീരാക്കണ്ണീരില്‍ ആഴ്ത്തി 99 ല്‍ ഔട്ടായ ഞങ്ങളുടെ പ്രിയപ്പെട്ട പപ്പയുടെ മുന്നില്‍ സ്കോര്‍ബോര്‍ഡായി ഈ ഓര്‍മക്കുറിപ്പ് സമര്‍പ്പിക്കുന്നു.

സ്നേഹപൂര്‍വം
പപ്പയുടെ ധോണി കുലശേഖരമംഗലം

അന്ന്, പപ്പ 99ല്‍ നില്‍ക്കുന്ന കാലം. ഞങ്ങളെല്ലാം ആ ധന്യമുഹൂര്‍ത്തത്തിനുവേണ്ടി ഡ്രെസ്സിങ് റൂമിലിരുന്ന് പ്രാര്‍ഥിക്കുകയാണ്. പപ്പയുടെ സെഞ്ചുറി ഫാമിലിയില്‍ വലിയൊരു ഹിസ്റ്ററി ആയിരിക്കും. ഞങ്ങളുടെ ചെത്തിക്കോട് തറവാട് വലിയൊരു ടീമാണെങ്കിലും ഇന്നുവരെ ആരും സെഞ്ചുറി തികച്ചിട്ടില്ല. അകാലത്തില്‍ ഔട്ടാകാനായിരുന്നു പലരുടെയും വിധി.

80 കടന്നവര്‍ തന്നെ ഇതുവരെ രണ്ടുപേരേ ഉണ്ടായിരുന്നുള്ളൂ. ഗ്രാന്‍ഡ് ഫാദര്‍ 83 ലെത്തി. ഓള്‍റൌണ്ടറായിരുന്നു. നാട്ടുകാര്‍ പലവട്ടം പുറത്താക്കാന്‍ ശ്രമിച്ചിട്ടും ഗ്രാന്‍ഡ് ഫാദര്‍ പുല്ലുപോലെ ബാറ്റുചെയ്തു. ചരിത്രത്തില്‍ ബോഡിലൈന്‍ ബൌളിങ് ആരംഭിച്ചതുതന്നെ ഗ്രാന്‍ഡ് ഫാദറെ പുറത്താക്കാനായിരുന്നു. പുലിപോലെ ക്രീസില്‍ നിന്ന ഗ്രാന്‍ഡ് ഫാദറിന് 83ല്‍ ഒരു പനി പിടിച്ചു. ഈ അവസരം മുതലാക്കി നാട്ടിലെ ഒരു വൈദ്യര് തന്നെയാണ് ഗ്രാന്‍ഡ് ഫാദറെ പുറത്താക്കിയത്. വൈദ്യര് നല്‍കിയ കഷായം കുടിച്ച് ഗ്രാന്‍ഡ് ഫാദര്‍ വൈദ്യര്‍ക്ക് തന്നെ ക്യാച്ച് നല്‍കി ഔട്ടായി.

പിന്നെ പപ്പയുടെ മൂത്ത ബ്രദറാണ് 80 കടന്നത്. 89 വരെയെത്തി. ഗ്രാന്‍ഡ് ഫാദറിന്ശേഷം ഈ പുള്ളിക്കാരനായിരുന്നു ചെത്തിക്കോട് ടീമിന്റെ ക്യാപ്റ്റന്‍. വളരെ സൂക്ഷിച്ചു കളിക്കുന്ന പ്രകൃതമായിരുന്നു. ഒരു സാഹസികതക്കും മുതിരില്ല. എന്നാല്‍ 89ല്‍ നില്‍ക്കുമ്പോള്‍ ഒരു അതിര്‍ത്തിത്തര്‍ക്കത്തിന്റെ പേരില്‍ സിക്സറടിക്കാന്‍ ശ്രമിച്ചത് അതിര്‍ത്തിയില്‍ അയല്‍ക്കാരന്‍ ഡൈവ് ചെയ്തുപിടിച്ചു. ബൌണ്ടറിയില്‍ ക്യാച്ച് നല്‍കി ഔട്ടായ ചെത്തിക്കോട് ടീമിലെ ആദ്യ അംഗമായിരുന്നു ഇദ്ദേഹം.

പിന്നീട് എല്ലാവരുടെയും പ്രതീക്ഷ പപ്പയിലായിരുന്നു. ഇന്റലിജന്റാണ് പപ്പ. കളിക്കേണ്ട പന്ത് ഏതാണെന്ന് പപ്പക്കറിയാം. അതിലേ കളിയുള്ളൂ. കൈവിട്ടൊരു കളിയില്ല.

വൈഡ്‌ബോളില്‍ വെറുതെ ബാറ്റ് വെച്ചുകൊടുക്കുന്നത് മാത്രമായിരുന്നു പപ്പയുടെ ദൌര്‍ബല്യം. അതിനെക്കുറിച്ച് രസകരമായ ഒരു കഥയുണ്ട്.

പപ്പ കോളേജില്‍ പഠിക്കുന്ന കാലം. ഹോസ്റ്റലിലായിരുന്നു താമസം. ചെത്തിക്കോട് ടീമില്‍ വിദ്യാഭ്യാസമുള്ള ഏക കളിക്കാരനും പപ്പയായിരുന്നു. അതുകൊണ്ടാണ് പപ്പയെ ഹോസ്റ്റലില്‍ ആക്കിയത്. മറ്റുള്ളവര്‍ പഠനത്തിനിടയില്‍ ബൌളിങ്ങില്‍ ശ്രദ്ധിച്ചതുകൊണ്ട് വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ല.

വീണ്ടും പപ്പയിലേക്ക് വരട്ടെ. ഒരു ദിവസം വൈകുന്നേരം ഹോസ്റ്റലില്‍നിന്ന് പാര്‍ക്കിലേക്ക് പോയി. അന്ന് അങ്ങനെ യായിരുന്നു. വൈകുന്നേരങ്ങളില്‍ പാര്‍ക്കില്‍ നടക്കാനിറങ്ങും. അങ്ങനെ കൂട്ടുകാരോടൊത്ത് തമാശയൊക്കെ പറഞ്ഞ് നടക്കുമ്പോഴാണ് ഓഫ് സ്റ്റംബിനപ്പുറത്തുകൂടെ ഒരു പന്ത്. പപ്പയല്ലെ ആള്! ബാറ്റുവെച്ചുകൊടുത്തു. പുറകില്‍ വിക്കറ്റ് കീപ്പറുള്ള കാര്യം പപ്പ മറന്നു. പിടിച്ച് അയാള്‍ സ്റ്റംബൂരി.

മമ്മി എപ്പോഴും ഈ കഥ പറഞ്ഞ് ചിരിക്കും. ഇപ്പോഴും ഈ ശൈലി മാറിയിട്ടില്ലെന്നും മമ്മി ഓര്‍മിപ്പിക്കും. ചൊട്ടയിലെ ബാറ്റിങ് ചുടലവരെ എന്നല്ലെ ക്രിക്കറ്റ് ബോര്‍ഡ് പറയുന്നത്!

പപ്പയുടെ കല്യാണം തന്നെ ഒരു ഫുള്‍ടോസ് എക്സ്ട്രാ കവറിലൂടെ ബൌണ്ടറിയടിച്ചുകൊണ്ടായിരുന്നു. മമ്മിയുടെ വീട്ടുകാര്‍ക്ക് കല്യാണത്തോട് വലിയ എതിര്‍പ്പായിരുന്നു. അവര്‍ പ്രശസ്തരായ രണ്ട് ബൌളര്‍മാരെയാണ് കൊണ്ടുവന്നത്. പപ്പ തന്നെയായിരുന്നു ഓപ്പണറായി ഇറങ്ങിയത്. രണ്ടുപേരെയും പപ്പ തലങ്ങും വിലങ്ങും അടിച്ചു. ഇരുവരും ഓവര്‍ പൂര്‍ത്തീകരിക്കാതെ ഓടി. അരിശം തീരാഞ്ഞ് പപ്പ കുരിശുപള്ളിക്കവലയിലെ ഷാപ്പില്‍ കയറി ഒറ്റ ഓവറില്‍ നൂറടിച്ചു എന്നാണ് കേള്‍വി. അതോടെയാണത്രെ ചാരായ നിരോധനം നിലവില്‍ വന്നത്.

വിശ്വസിക്കാവുന്ന കളിക്കാരനായിരുന്നു പപ്പ. ഒരു ക്രൈസിസ് ഉണ്ടാകുമ്പോഴാണ് പപ്പയുടെ വിശ്വരൂപം കാണുക. ഒളിച്ചോടുന്ന പ്രശ്നമേയില്ല. മുന്നില്‍നിന്നുതന്നെ നയിക്കും. ഫാമിലിയില്‍ സ്വത്തു തര്‍ക്കം ഉണ്ടായിരുന്നപ്പോഴാണ് പപ്പയുടെ കളി കാണേണ്ടിയിരുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്. ഓരോ സെന്റിനും വേണ്ടി പപ്പ കളിച്ച ഇന്നിങ്സ് മാര്‍വലസായിരുന്നു. മിഡ്വിക്കറ്റിലേക്ക് വരെ തട്ടിയിട്ട് രണ്ട് സെന്റ് ഈസിയായി പപ്പ ഓടിയെടുക്കുകയായിരുന്നു. സ്ളിപ്പില്‍ നാലുപേരെ നിര്‍ത്തിയിട്ടുവരെ പപ്പയെ കിട്ടിയില്ല. പപ്പ സ്ളിപ്പായി.

അന്ന് ഭയങ്കര ടെന്‍ഷനിലായിരുന്നു കളി. അന്ന് റജിസ്ട്രോഫീസില്‍വെച്ച് സ്കോര്‍ബോര്‍ഡ് എഴുതുമ്പോള്‍ പപ്പ പപ്പയുടെ പപ്പയെ മങ്കി എന്ന് വിളിച്ചത് വലിയ വിവാദമായി. അവസാനം റജിസ്ട്രാര്‍ തന്നെ ഇടപെട്ട് 'ക്രിക്കറ്റ് ഈസ് എ ജെന്റില്‍മാന്‍സ് ഗെയിം' എന്ന് ഓര്‍മിപ്പിച്ചാണ് ആ വിവാദം അവസാനിപ്പിച്ചത്.

പപ്പയുടെ ഏറ്റവും വലിയ പ്രത്യേകത ഫിറ്റ്നസാണ്. എപ്പോഴും ഫിറ്റായിരിക്കും പപ്പ. ഒരോവറില്‍ നാല് പെഗ് കൂളായി അടിക്കും. ബാറില്‍നിന്ന് ബാറിലേക്കോടുന്നതില്‍ വിദഗ്ദനായിരുന്നു പപ്പ. എന്തൊരു സ്പീഡാണ്! കാള്‍ ലൂയിസ് പോലും അടുത്തെങ്ങും എത്തില്ല. ഒറ്റത്തവണപോലും പപ്പ റണ്‍ഔട്ടായിട്ടില്ലെന്നതാണ് മറ്റൊരു പ്രത്യേകത. എത്ര തവണ ഔട്ടായെന്ന് പലരും കരുതി! പക്ഷേ ടെലിവിഷന്‍ റീപ്ളേ വരുമ്പോള്‍ കാണാം, പപ്പാ ദാ ക്രീസില്‍ കിടക്കുന്നു!

അവസാനമായപ്പോള്‍ പപ്പ മിഡില്‍ ഓവറിലാണ് ഇറങ്ങിയത്. ആഴ്ചയിലൊരിക്കല്‍ ഞങ്ങളുടെ ഡോക്ടര്‍ വന്ന് പപ്പയുടെ പിച്ച് പരിശോധിക്കുമായിരുന്നു. ബ്ളഡ്പ്രഷര്‍ നോര്‍മല്‍, ഡയബറ്റിക്സ് കണ്‍ട്രോള്‍ഡ്, നോ കൊളസ്റ്ററോള്‍. എ പെര്‍ഫെക്റ്റലി ഓള്‍ഡ് യങ്മാന്‍. റിട്ടയര്‍മെന്റിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. ട്വൊന്റി-ട്വെന്റി വേണമെങ്കില്‍ ഒഴിവാക്കാം. വണ്‍ഡേയിലും ടെസ്റ്റിലും ഇപ്പോഴും കളിക്കാം. കളിക്കാമെന്നല്ല കളിക്കണം.

കളി പപ്പയുടെ ജീവനായിരുന്നു. കളിക്കപ്പുറത്ത് ഒരു പപ്പയില്ല. തലങ്ങുംവിലങ്ങും പായുന്ന ഷോട്ടുകളായിരുന്നു ആ മനസ്സിലാകെ. മരണക്കിടക്കയില്‍ കിടക്കുമ്പോള്‍പോലും ചാര്‍ജ് ചെയ്യാന്‍ ക്രീസ് വിട്ടിറങ്ങി.

ഒരിക്കല്‍ ഡോക്ടര്‍ പപ്പയോട് പറഞ്ഞു:

"ശ്രദ്ധിക്കണം. ശരീരത്തിനൊരു ബലക്കുറവുണ്ട്. ബാത്ത്റൂമില്‍ പോകുമ്പോള്‍ ഒരാളെ സഹായത്തിന് വിളിക്കണം. തെന്നിവിഴാന്‍ സാധ്യതയുണ്ട്.''

ഉടന്‍ വന്നു പപ്പയുടെ മറുപടി: "ഒരു റണ്ണറെവെച്ച് ബാത്ത് റൂമില്‍പോകാന്‍ എന്നെ കിട്ടില്ല.''

ധീരനായ പപ്പ, സമ്മര്‍ദങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച് സെഞ്ച്വറി തികയ്ക്കുമെന്ന് ഞങ്ങള്‍ ഉറപ്പിച്ചു. ആ നിമിഷം ഷാമ്പെയ്ന്‍ പൊട്ടിച്ച് ആഘോഷിക്കാന്‍ ഞങ്ങള്‍ ചെത്തിക്കോട് ടീം ഒരുങ്ങി.

മമ്മി പത്തു താറാവും പന്ത്രണ്ട് കോഴിയും ബുക്ക് ചെയ്തു. നെയ്മീനും കരിമീനും വേറെ. എല്ലാവരും സന്തോഷത്തോടെ കാത്തിരിക്കുമ്പോഴാണ് ആ ശപ്തനിമിഷം കടന്നുവന്നത്.

മകരമാസത്തിലെ നിലാവുള്ള രാത്രി. അത് പപ്പയുടെ വീക്നെസ്സാണ്. പപ്പ ആരും കാണാതെ ബാറ്റിങ്ങിനിറങ്ങി. പപ്പക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ പപ്പ ഇല്ലാത്ത റണ്‍സിന് ഓടി.

ആ റണ്‍ കിട്ടാത്ത റണ്ണായി. ക്രീസിലെത്തും മുമ്പെ വിധിയുടെ വിരല്‍ ഉയര്‍ന്നു.

"പപ്പ റണ്‍ ഔട്ട്.''

ഒരുപാട് ഓവറുകള്‍ ശേഷിക്കെ ഒരു റണ്‍ ബാക്കിനിര്‍ത്തി പപ്പ കണ്ണടച്ചു.

പപ്പയുടെ വിക്കറ്റിന് മുന്നില്‍ ഞങ്ങള്‍ തേങ്ങിപ്പോയി. ചരിത്രത്തിന് മായ്ക്കാന്‍ കഴിയാതെ ഈ തേങ്ങല്‍ ചെത്തിക്കോട് ടീം ഉള്ള കാലത്തോളം നിലനില്‍ക്കും.

-എം.എം.പൌലോസ്, കടപ്പാട്: ദേശാഭിമാനി

ആത്മവിദ്യാലയമേ....

ഇത് ഹരിശ്ചന്ദ്രന്റെ കഥ. പറഞ്ഞ വാക്കുപാലിക്കാനായി കിരീടവും ചെങ്കോലുമെല്ലാം ഉപേക്ഷിച്ച് ശ്മശാനം കാത്ത രാജാവിന്റെ കഥ. മരവിച്ച ശവശരീരങ്ങള്‍ മാത്രം കണ്ട് വര്‍ഷങ്ങളോളം നരകതുല്യം ജോലി ചെയ്യുന്ന ഹരിശ്ചന്ദ്രന്മാര്‍ ഇന്നും. ഉറ്റവരെ തീരാദു:ഖത്തിലാഴ്ത്തി വിടപറയുന്നവര്‍ക്കും, അനാഥത്വം പേറി മരിക്കുന്നവര്‍ക്കും അവസാനം ഒരുപോലെ കാവലിരിക്കുന്നത് ഇവര്‍ മാത്രം; മരണത്തിനു മുന്നില്‍ വലുപ്പചെറുപ്പമില്ലെന്ന യാഥാര്‍ഥ്യം ബോധ്യപ്പെടുന്നതപ്പോള്‍ മാത്രം.

തിരുവനന്തപുരം ജില്ലയിലെ തൈക്കാട് ശ്മശാനത്തിലേക്കൊന്നു കടന്നുചെല്ലൂ; ശ്മശാനത്തിന്റെ ഭീകരതയും മനംമടുപ്പിക്കുന്ന അന്തരീക്ഷവും വകവെക്കാതെ ജീവിതത്തിന് പുതിയ താളം കണ്ടെത്തുകയാണ് ഒരുപറ്റം സ്ത്രീകള്‍. ഒരു ശവശരീരം ദഹിപ്പിച്ചു കഴിഞ്ഞാല്‍ അതിന്റേതായ ബാക്കിയിരിപ്പുകള്‍ നീക്കം ചെയ്യുന്ന ജോലിയാണ് പ്രധാനമായും ഇവരുടേത്. സംസ്കാരകര്‍മ്മങ്ങള്‍ കഴിഞ്ഞശേഷമുള്ള പൂക്കളും ഉടഞ്ഞ മരക്കഷണങ്ങളുമെല്ലാം തുടച്ചുമാറ്റി അടുത്ത സംസ്കാരത്തിനായി കാത്തുനില്‍ക്കുന്ന ഇവര്‍ക്ക് ഇന്നിതാണ് ജീവിതമാര്‍ഗം.

ശ്മശാനപരിസരം ശുചിയാക്കി വേറിട്ടകാഴ്ചകളാവുകയാണ് തൈക്കാട് ശാന്തികവാടം കുടുംബശ്രീയൂണിറ്റിലെ ആറംഗങ്ങള്‍. കഴിഞ്ഞ ആറുമാസമായി ശാന്തികവാടത്തിലെ ജോലിയുമായി ഇവര്‍ പൊരുത്തപ്പെട്ടുകഴിഞ്ഞു. ദഹിപ്പിക്കാന്‍ കൊണ്ടുവരുന്ന മൃതദേഹങ്ങളില്‍ ദുര്‍ഗന്ധം വമിക്കുന്നവയുണ്ടാകാം; രക്തം ഇറ്റുവീഴുന്നവയുണ്ടാകാം; പക്ഷെ, അതൊന്നും ഇന്നിവര്‍ക്ക് അന്യമല്ല. മരിച്ചയാളുടെ പേര് രജിസ്റ്റര്‍ ചെയ്ത് ബില്‍ നല്‍കുന്നതോടെ ഇവരുടെ ഡ്യൂട്ടി ആരംഭിക്കുകയായി. മരിച്ചയാളിനുവേണ്ടി ബന്ധുക്കള്‍ കര്‍മ്മം ചെയ്തു ബാക്കിയാകുന്ന പൂക്കളും കുടവുമെല്ലാം മാറ്റി പരിസരം ശുചിയാക്കുകയാണ് തുടര്‍ജോലി. വൈദ്യുതിശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാന്‍ വെക്കുമ്പോഴും തൊട്ടരുകില്‍ ഇവരുണ്ടാകും. മൃതദേഹം ചൂളയിലേക്കു കയറ്റുമ്പോഴേക്കും അതിന്റെ അവശിഷ്ടങ്ങള്‍ നീക്കും. പലപ്പോഴും വാര്‍ന്നൊലിച്ച രക്തം തുടച്ചുമാറ്റേണ്ടി വരും. ചൂളയില്‍ നിന്നുയരുന്നതാകട്ടെ അസഹ്യമായ ചൂടും. ഈ ചുറ്റുപാടില്‍ നിന്നുകൊണ്ടാണ് പത്തുപതിനഞ്ചു മിനിറ്റോളം ശ്മശാനപരിസരം വൃത്തിയാക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ ഉടന്‍ തന്നെ അടുത്ത ഊഴവും വന്നു ചേരും.

"ചില മൃതദേഹങ്ങളില്‍ നിന്നും ഒഴുകിയ രക്തം തുടച്ചുനീക്കുമ്പോള്‍ ആദ്യമാദ്യം അറപ്പുതോന്നി; പക്ഷെ ഇന്നതെല്ലാം ജീവിതമാര്‍ഗത്തിന്റെ ഭാഗമായി.'' കുടുംബശ്രീയൂണിറ്റ് സെക്രട്ടറിയായ എസ് വിമലയുടെ വാക്കുകള്‍.

ഒരു തൊഴിലുമില്ലാതെ ജീവിതം വഴിമുട്ടിയ നാളുകളില്‍ കുടുംബശ്രീഅംഗങ്ങളായവരാണ് ഈ സ്ത്രീകള്‍. ചിലര്‍ വീട്ടുവേലക്കും മറ്റും പോയിരുന്നു. ആറ് പേരും ആറ് കുടുംബശ്രീയൂണിറ്റിലെ അംഗങ്ങള്‍. തൈക്കാട് വാര്‍ഡിലെ വിവിധ യൂണിറ്റുകളില്‍ നിന്നും ഓരോ അംഗങ്ങളെ വീതം ചേര്‍ത്ത് ഈ ജോലിക്കായി പുതിയ യൂണിറ്റ് തുടങ്ങി. വിമല, ബിന്ദു, ഷീല, രമണി, ശാന്തിനി, ലതാകുമാരി എന്നിവരാണ് ശ്മശാനജോലിക്കാര്‍. രണ്ട് ഷിഫ്റ്റായാണ് ജോലി. രാവിലെ ഏഴു മണിമുതല്‍ ഒരുമണി വരെ മൂന്നുപേര്‍ ജോലി ചെയ്യും. പകല്‍ ഒന്നുമുതല്‍ 6 വരെ മറ്റു മൂന്നു പേരും.

"കരിനാളുകളില്‍ മരിച്ചാല്‍ ദോഷം തീര്‍ക്കാനായി ചിലര്‍ കോഴികളെ അറുക്കും. മുട്ട പൊട്ടിക്കും. എല്ലാം കഴിഞ്ഞ് അതെല്ലാം വൃത്തിയാക്കുമ്പോഴും ഇന്ന് ഒരു വരുമാനം ലഭിച്ച സംതൃപ്തി മാത്രം''ഷീല പറഞ്ഞു.

ഒരു ശവം സംസ്കരിക്കുന്നതിന് എപിഎല്‍ വിഭാഗം 1,100 രൂപ നല്‍കണം. ബിപിഎല്‍ വിഭാഗം 600 രൂപയും. ഓരോ കുടുംബശ്രീഅംഗത്തിനും 50 രൂപ വീതമാണ് ദിവസക്കൂലി. ഇവര്‍ക്കു പുറമേ നാല് പുരുഷന്മാരാണ് ശവം ദഹിപ്പിക്കുന്നത്. വിറകിന്റെ ചുമതല മറ്റ് ആറ് പേര്‍ക്കും. ജീവിതം കരപിടിക്കുന്ന സന്തോഷത്തിന്റെ നിറവിലാണ് ഇന്ന് ഈ സ്ത്രീകള്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ തൊഴിലും കഴിഞ്ഞ് വീടണയുമ്പോള്‍ ഓരോ അംഗത്തിന്റെയും മനസിലുള്ളത് ആത്മസംതൃപ്തി മാത്രം.

-കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Friday, March 28, 2008

കൈത്തറിയുടെ ഭാവി

രാജ്യത്തിന്റെ സമ്പദ്ഘടനയിലും ഇന്ത്യയുടെ പൈതൃകവും സംസ്ക്കാരവും സംരക്ഷിക്കുന്നതിലും കൈത്തറി വ്യവസായം നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്.

കൃഷി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന മേഖലയാണ് കൈത്തറി. 3 വര്‍ഷങ്ങള്‍ക്കു മുമ്പു ഗവണ്‍മെന്റ് കണക്കുപ്രകാരം 45 ലക്ഷത്തിലധികം തറികളും, 139 ലക്ഷത്തിലധികം ജനങ്ങളുടെ ജീവിത മാര്‍ഗ്ഗവുമായിരുന്നു ഈ വ്യവസായം. ഒരു കാലത്ത് 200 ലക്ഷം ആളുകള്‍ ഈ വ്യവസായത്തില്‍ ഏര്‍പ്പെട്ട് ജീവിതമാര്‍ഗ്ഗം തേടിയിരുന്നു. ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റക്കുറച്ചിലുകളോടുകൂടി ഈ വ്യവസായം പ്രവര്‍ത്തിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ തൊഴിലാളികളുള്ളത് ആന്ധ്രയിലും രണ്ടാമത് തമിഴ്‌നാട്ടിലും ആണ്. കേരളം 7-ാം സ്ഥാനത്താണ്. ഇന്ത്യയില്‍ നിലനില്‍ക്കുന്ന കൈത്തറി മേഖലയിലെ സാഹചര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായ സ്ഥിതിയാണ് കേരളത്തിലെ കൈത്തറി വ്യവസായത്തില്‍ കാണുന്നത്. ഇന്ത്യയില്‍ത്തന്നെ തുണിവ്യവസായം 3 മേഖലകളിലായി പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയിലുള്ള മില്ലുകള്‍ ഉള്‍പ്പെടുന്ന സംഘടതി മേഖല, വികേന്ദ്രീകൃത സ്വഭാവമുള്ള യന്ത്രത്തറിമേഖല, പരമ്പരാഗത കൈത്തറി - ഖാദി മേഖല.

സഹകരണ പ്രസ്ഥാനം എല്ലാ മേഖലകളിലും വളരുന്നതുപോലെ കൈത്തറിയിലും പ്രധാന പങ്ക് വഹിക്കുന്നു. കൈത്തറി സഹകരണ മേഖലയില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വെറും 23% മാത്രമുള്ളപ്പോള്‍ കേരളത്തില്‍ അത് 76% മാണ്. അടുത്ത കാലംവരെ കേരളത്തില്‍ 3 ലക്ഷത്തിലധികം പേര്‍ ഈ മേഖലയില്‍ ജീവിതമാര്‍ഗ്ഗം സ്വീകരിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ വെറും ഒന്നരലക്ഷം തൊഴിലാളികളും കുടുംബവുമാണ് ഉള്ളതെന്ന് കാണാം. പ്രാദേശീകമായ വ്യത്യസ്തത പുലര്‍ത്തിക്കൊണ്ടാണ് കേരളത്തില്‍ കൈത്തറി വ്യവസായം വളര്‍ന്നുവന്നത്.

1833-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് ഈസ്റിന്ത്യാ കമ്പനിയുടെ ചാര്‍ട്ടര്‍ പുതുക്കിയതോടു കൂടിയാണ്. കൈത്തറിയുമായി യൂറോപ്പുകാര്‍ ഇന്ത്യയില്‍ വരാന്‍ തുടങ്ങിയത്. 1844 ലാണ് ആദ്യമായി മംഗലാപുരത്ത് ഫാക്ടറി രീതിയില്‍ നെയ്ത്തുകമ്പനി ആരംഭിച്ചത്.

20-ാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തില്‍, കേരളത്തില്‍ സ്വകാര്യ നെയ്ത്തു ഫാക്ടറികള്‍ നിലവില്‍ വന്നു. ഈ ഘട്ടത്തിലാണ് കോഴിക്കോട് കോമണ്‍വെല്‍ത്ത് കമ്പനിയും, കണ്ണൂര്‍ ആറോണ്‍ കമ്പനിയും വന്നത്. 1952 ല്‍ കണ്ണൂരില്‍ ബാസല്‍മിഷന്‍ നെയ്ത്തു കമ്പനികള്‍ ആരംഭിച്ചതോടുകൂടി കണ്ണൂര്‍ ജില്ലയില്‍ കൂഴത്തറികള്‍ക്ക് പകരം ഫ്രയിം ലൂമുകള്‍ക്ക് പ്രചാരം വന്നു.

എന്നാല്‍ 1946 കാലഘട്ടത്തില്‍തന്നെ കണ്ണൂരില്‍ കൈത്തറി സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. വിദഗ്ദ്ധ തൊഴിലാളികളാല്‍ ഉത്പാദിപ്പിക്കപ്പെട്ട കണ്ണൂര്‍ കൈത്തറി കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലും ലോകമാര്‍ക്കറ്റിലും പ്രിയംകരമാകുകയും ഒരു തള്ളിക്കയറ്റം തന്നെ സൃഷ്ടിക്കുകയും ചെയ്തു.

കൈത്തറി വ്യവസായത്തില്‍ കണ്ണൂര്‍ ജില്ലയിലെ തൊഴിലാളികളുടെ വൈദഗ്ദ്ധ്യവും തുണി ഉല്പാദിപ്പിക്കുന്നതില്‍ കണ്ണൂര്‍ തൊഴിലാളികളുടെ കലാവൈഭവവും ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചത് കൂടിയാണ് കണ്ണൂര്‍ കൈത്തറിക്ക് ലോകമാര്‍ക്കറ്റില്‍ നല്ലനിലയില്‍ പ്രിയം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞത്. വിദേശമാര്‍ക്കറ്റില്‍ ഈ അടുത്ത കാലംവരെ മൊത്തം കൈത്തറി കയറ്റുമതിയില്‍ 35% ഇന്ത്യയില്‍ നിന്നായിരുന്നു. കേരളത്തിന്റെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റിലും ലോകമാര്‍ക്കറ്റിലും ഡിമാന്റ് വര്‍ദ്ധിച്ചു കണ്ണൂര്‍ കൈത്തറി കയറ്റുമതി രംഗത്ത് നിര്‍ണ്ണായകമായ പങ്ക് വഹിച്ചു.

പിന്നീട് കണ്ണൂര്‍ ബ്രാന്‍ഡ് തന്നെ കിട്ടണമെന്ന നിലയില്‍ കാര്യങ്ങള്‍ നീങ്ങി. എന്നാല്‍ മറ്റ് രാജ്യങ്ങളും കൈത്തറിയില്‍ പുതിയ നവീകരണങ്ങള്‍ വരുത്തി. ലോകമാര്‍ക്കറ്റില്‍ മത്സരം അനുഭവപ്പെട്ടു. അതോടൊപ്പം ചരക്കിനു മുമ്പ് കിട്ടിയിരുന്ന വില കിട്ടാതെ വന്നു. അതോടൊപ്പം ഇന്ത്യയില്‍ ഏതാണ്ട് 90 ലക്ഷം ഹെക്ടര്‍ ഭൂമിയാണ് പരുത്തികൃഷിക്ക് ഉപയുക്തമായുള്ളത്. പൂര്‍ണ്ണശേഷി ഉപയോഗപ്പെടുത്തിയാല്‍ ലോകത്തിലെ മൊത്തം പരുത്തി ഉല്‍പ്പാദനത്തിന്റെ 25% നമ്മുടെ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുമെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ കാലോചിതമായ പരിഷ്ക്കരണത്തിന്റെ അഭാവംമൂലം വെറും 15% മാത്രമെ നമുക്ക് ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയുന്നുള്ളൂ. കാര്‍ഷികമേഖലയില്‍ കാണുന്ന മുരടിപ്പ് മാറ്റിയെടുക്കാന്‍ കഴിയണം. പരുത്തികൃഷി മേഖലയിലെങ്കിലും ഒരു കൂട്ടുകൃഷി സമ്പ്രദായം കൊണ്ടുവന്ന് പരമാവധി 25% ഉല്‍പ്പാദിപ്പിക്കുവാന്‍ കഴിയണം. കേരളത്തിന് 30 സ്പിന്നിംഗ് മില്ലുകളുണ്ടെങ്കിലും കൈത്തറി ആവശ്യത്തിന് നൂല്‍ കിട്ടാനില്ല. അതിനാല്‍ മില്ലുകളുടെ നവീകരണത്തിനുവേണ്ടി സഹായിക്കുക, കാലാകാലങ്ങളില്‍ നൂല്‍ വാങ്ങുമ്പോള്‍ കൊടുക്കുന്ന സബ്സിഡി അതേപടി നിലനിര്‍ത്തുക. കൈത്തറിക്കാവശ്യമായ നൂല്‍ ലഭ്യമാക്കുന്നതിന് വേണ്ടത് എല്ലാം ചെയ്യണം.

എന്നാല്‍ അടുത്തകാലത്തായി ലോകമാര്‍ക്കറ്റില്‍ ചൈന, ജപ്പാന്‍, തായ്‌വാന്‍, പാക്കിസ്ഥാന്‍, കൊറിയ എന്നീ രാജ്യങ്ങള്‍ കൈത്തറി കയറ്റുമതിയില്‍ നമ്മെ പിറകിലാക്കി വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കുകയാണ്.

ചൈനയാണെങ്കില്‍ അസൂയാവഹമായ മുന്നേറ്റമാണ് ഈ രംഗത്തുണ്ടാക്കിയത്. ഈ ഒരു സാഹചര്യത്തില്‍ വേണം കണ്ണൂരിലെ കൈത്തറി വ്യവസായത്തിനെ പുനര്‍ജ്ജീവിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഫലപ്രദമായി സഹായിച്ചാല്‍ മാത്രമേ കണ്ണൂര്‍ കൈത്തറിക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയുകയുള്ളൂ.

കൈത്തറി ചരക്കുകളുടെ ഇറക്കുമതി തോത് ഉയര്‍ന്നതിന്റെ ഫലമായി ആഭ്യന്തര മാര്‍ക്കറ്റില്‍ വില കുറയാനും ഇടയാക്കി.ഇതിനുമുമ്പ് ചെറുതും വലുതുമായ കൈത്തറി സഹകരണ സംഘങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി എക്സ്പോര്‍ട്ട് വെറൈറ്റി ഉല്‍പ്പാദിപ്പിക്കാറുണ്ടായിരുന്നു. ആ നിലയില്‍ എക്സ്പോര്‍ട്ടര്‍ ഇന്ന് ഓര്‍ഡര്‍ കൊടുക്കാത്ത നിലയില്‍ മറ്റ് മേഖലയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന സമീപനവും വന്നു. ഈ ഏറ്റക്കുറച്ചിലുകള്‍ എല്ലാമുണ്ടെങ്കിലും കണ്ണൂര്‍ ബ്രാന്റ് കണക്കിലെടുത്ത് കണ്ണൂര്‍ കൈത്തറിയെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ മുമ്പില്‍ ജനപ്രതിനിധികള്‍ വ്യത്യസ്ത ട്രെയിഡ് യൂണിയനുകള്‍ കൂട്ടായി നടത്തിയ പോരാട്ടം, കൈത്തറി ഓണേര്‍സ് അസോസിയേഷന്‍, എക്സ്പോര്‍ട്ട് അസോസിയേഷന്‍, കൈത്തറി സഹകരണരംഗത്ത് പ്രവര്‍ത്തിക്കുന്ന അസോസിയേഷന്‍, പാര്‍ലമെന്റിനകത്ത് എം.പിമാര്‍ കൈക്കൊണ്ട നിലപാട്, പാര്‍ലമെന്റിനു പുറത്ത് തൊഴിലാളികള്‍ നടത്തിയ ശക്തമായ സമരം, അങ്ങിനെ എല്ലാ തുറകളിലും നിന്നുയര്‍ന്ന വികാരം പരിഗണിച്ചാണ് കേന്ദ്രഗവണ്‍മെന്റ് 500 കോടി എക്സ്പോര്‍ട്ട് നടത്തുന്ന പ്രദേശത്തേയും സംസ്ഥാനങ്ങളെയും മാത്രം പരിഗണിക്കുമ്പോള്‍ അവിടങ്ങളിലുള്ളതുപോലെ പശ്ചാത്തല സൌകര്യങ്ങള്‍ ഒന്നും ഇല്ലാത്ത കണ്ണൂര്‍ 300 കോടി രൂപ എക്സ്പോര്‍ട്ട് നടത്തുന്നത് കണക്കിലെടുത്ത് കണ്ണൂര്‍ കയറ്റുമതി കേന്ദ്രമായി കേന്ദ്രഗവണ്‍മെന്റ് ചില പ്രോജക്ടുകള്‍ നമുക്ക് അനുവദിച്ചുതന്നത്.

2002-ല്‍ കേന്ദ്ര-ടെക്സ്റൈല്‍ മന്ത്രാലയം അനുവദിച്ച 40 കോടിയുടെ പദ്ധതി എന്ന നിലയില്‍ ടെക്സ്റൈല്‍ സെന്റര്‍ ഇന്‍ഫ്രാസ്റ്രക്ചര്‍ ഡവലപ്പ്മെന്റ് സ്ക്രീം കണ്ണൂരിന് അനുവദിച്ചതാണ്. 40 കോടി രൂപയും ആദ്യം പറഞ്ഞതുപ്രകാരം 50% (20 കോടി രൂപ) പശ്ചാത്തല സൌകര്യമടക്കം സംസ്ഥാന ഗവണ്‍മെന്റ് യഥാസമയം നിര്‍വ്വഹിച്ചില്ല. ഈ രംഗത്ത് ശക്തമായ പ്രതികരണവും സമരവും വന്നപ്പോള്‍ ഗവണ്‍മെന്റും കൈത്തറി ഡയറക്ടറും കൂടി ഒരു പ്രോജക്റ്റ് തയ്യാറാക്കി അയക്കുകയുണ്ടായി. 26.5 കോടി രൂപയുടേതായിരുന്നു ഈ പ്രോജക്റ്റ്. ഇതു നടപ്പില്‍ വരുത്താന്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥലം കണ്ടെങ്കിലും അവസാനം 2 വര്‍ഷം സമയമെടുത്ത് തളിപ്പറമ്പ് നിയമസഭാമണ്ഡലത്തിലെ കൂവേരി പന്നിയൂര്‍ വില്ലേജുകളില്‍ 126 ഏക്കര്‍ ഭൂമി അനുവദിക്കുവാനാവശ്യമായ നടപടി സ്വീകരിച്ചത്.

പ്രസ്തുത പ്രോജക്ടിന്റെ പ്രവര്‍ത്തനം ത്വരിതഗതിയില്‍ നീക്കുകയാണെങ്കില്‍ കണ്ണൂരിലെ കൈത്തറി മേഖലയില്‍ ഈ പദ്ധതി നടപ്പിലാക്കിയാല്‍ ഏകദേശം 20,000 ല്‍ പരം തൊഴിലാളികള്‍ക്ക് വീവിംഗ്, കോമണ്‍, ഡൈയിംഗ്, പ്രോസസ് യൂണിറ്റ്, ഗാര്‍മെന്റ്സ് എന്നീ കാറ്റഗറികളിലായി തൊഴില്‍ സാദ്ധ്യത സൃഷ്ടിക്കുവാന്‍ കഴിയുന്നതാണ്.

2003 ആഗസ്റില്‍ കണ്ണൂര്‍, മധുര, കരൂര്‍, കേക്കറ (യു.പി) എന്നീ നഗരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 3 സംസ്ഥാനങ്ങളെ ഉള്‍പ്പെടുത്തി കേന്ദ്ര-വാണിജ്യ മന്ത്രാലയം പരമ്പരാഗത വ്യവസായത്തിന് പ്രത്യേകം പരിഗണന നല്‍കി ടൌണ്‍ ഓഫ് എക്സ്പോര്‍ട്ട് എക്സലന്‍സ് (ടി.ഇ.ഇ-കയറ്റുമതി വികസന നഗരം) എന്ന പേരില്‍ 50 കോടി ഇതിനായി വകയിരുത്തിയിരുന്നു. ഇപ്പോഴും അത് നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല.
ടെക്‍സ്റ്റയില്‍ ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുമ്പോള്‍ ചുരുങ്ങിയത് 25% കൈത്തറി വസ്ത്രം തന്നെയാകണമെനന് അനുശാസിക്കുന്ന ഒരു നിയമനിര്‍മ്മാണം ഇന്നത്തെ സാഹചര്യത്തില്‍ ഒഴിച്ചുകൂടാത്തതാണ്.

ഇന്ന് ലോകമാര്‍ക്കറ്റ് കണ്ടെത്തുന്നതും ഓര്‍ഡര്‍ സ്വീകരിക്കുന്നതും മത്സരാധിഷ്ഠിതമായി മാറിയ ലോകമാര്‍ക്കറ്റില്‍ അതാത് ആളുകളുടെ താല്‍പര്യം മാത്രം കണക്കിലെടുത്ത് ഓര്‍ഡര്‍ സ്വീകരിക്കുന്ന നില മാറ്റി ജില്ലയുടെയും സംസ്ഥാനത്തിന്റെയും വികസനവും, തൊഴിലും പൊതുതാല്‍പര്യവും കണക്കിലെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പൊതുസംവിധാനം ഉണ്ടാക്കുകയും അതുവഴി ഇന്നത്തെക്കാളും വിദേശവിപണി നമുക്ക് തരമാക്കാനും കഴിയണം.കേരളത്തിലെ കൈത്തറി രക്ഷപ്പെടണമെങ്കില്‍ കഴിനൂല്‍ പ്രധാനമാണ്. ഈ ഉദ്ദേശ്യം വെച്ച് രണ്ടുതരം നൂല്‍ ഉല്‍പ്പാദിപ്പിക്കുമ്പോള്‍ കൈത്തറിയെ കണക്കിലെടുക്കണമെന്ന വ്യവസ്ഥയില്‍ കേരളത്തില്‍ കണ്ണൂര്‍, കൊല്ലം, ചാത്തന്നൂര്‍ സഹകരണ സ്പിന്നിങ് മില്ലുകള്‍ 50% കഴിനൂല്‍ ഉല്‍പപ്പാദിപ്പിക്കണമെന്ന വ്യവസ്ഥയിലാണ് രൂപീകൃതമായത്. ഈ സംവരണതത്വം നടപ്പിലാക്കാത്ത ഇന്നത്തെ സാഹചര്യത്തില്‍ ഗവണ്‍മെന്റ് ഇടപെടുന്നില്ല എന്നു മാത്രമല്ല ഉത്പാദിപ്പിക്കുന്ന നൂലുകള്‍ ന്യായവിലയ്ക്ക് വില്‍ക്കണമെന്ന വ്യവസ്ഥയും കാറ്റില്‍ പറത്തുന്നു. ഇതില്‍ ഗവണ്‍മെന്റ് ഇടപെടേണ്ടതുണ്ട്. ഇന്ന് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മില്ലുകളില്‍ 80, 100, 120, 2/80, 2/100, 2 / 14, 2 / 17 എന്നീ നേരീയ നൂലുകള്‍ കിട്ടുന്നില്ല. ഇതിനെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ്. ഈ നിലയ്ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കണം.

കൈത്തറി മേഖല പവര്‍ലൂമില്‍ നിന്ന് കടുത്ത മത്സരത്തെയാണ് അഭിമുഖീകരിക്കുന്നത്. യന്ത്രത്തറിയില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന തുണികള്‍ കൈത്തറിത്തുണി മാര്‍ക്കറ്റില്‍ കയറ്റി അയക്കുന്നു. കൈത്തറിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എല്ലാ ഡിസൈനുകളും കടന്നുപോകുന്നതും ഈ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നു. 1985 ടെക്സറ്റയില്‍ പോളിസി പ്രകാരം മില്‍-പവര്‍ ലും മേഖലയുടെ കടന്നുകയറ്റത്തില്‍ നിന്ന് കൈത്തറിയെ രക്ഷിക്കുന്നതിന് 22 ഇനം ഡിസൈനുകള്‍ കൈത്തറിക്കുവേണ്ടി സംവരണം ചെയ്യുകയുണ്ടായി. എന്നാല്‍ പിന്നീട് 11 ആയി ചുരുക്കി പഴയ 22 ഇനം ഡിസൈനുകള്‍ ഭരണഘടനയുടെ 9-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ നിയമനിര്‍മ്മാണം കൊണ്ടുവന്ന് കൈത്തറിയെ രക്ഷിക്കണം.

ഇന്ന് ദേശീയ അടിസ്ഥാനത്തില്‍ ഒരു വേതന നയം ഇല്ല. അതിനാല്‍ കേരളത്തിലെ കൈത്തറിയെ രക്ഷിക്കണമെങ്കില്‍ ഈ വ്യവസായത്തില്‍ ഒരു ദേശീയ വേതന നയം കൂടിയേ കഴിയൂ. കൈത്തറി വ്യവസായത്തിന് യന്ത്രത്തറികള്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം ഗുരുതരമാണ്. ഒരു യന്ത്രത്തറി സ്ഥാപിക്കുമ്പോള്‍ 6 കൈത്തറി നിശ്ചലമാകുമെന്നും ഒരു ഡസന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും കേന്ദ്രഗവണ്‍മെന്റ് നിശ്ചയിച്ച വിദഗ്ദ്ധ കമ്മിറ്റി പ്രഖ്യാപിച്ചതാണ്. അതുകൊണ്ട് യന്ത്രത്തറിയില്‍ നിന്ന് ഉല്‍പ്പാദിപ്പക്കുന്ന തുണികള്‍, കൈത്തറി തുണികള്‍ എന്നിവ പ്രത്യേകം പ്രത്യേകം അയക്കാനുള്ള സംവിധാനവും കൈത്തറി മുദ്രയും നിര്‍ബന്ധമാക്കുക.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും ഏറ്റക്കുറച്ചിലോടുകൂടി യന്ത്രത്തറി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടില്‍ സേലം, കരൂര്‍, ഈറോഡ് എന്നീ കൈത്തറി കേന്ദ്രങ്ങളില്‍ ബഹുഭൂരിപക്ഷവും യന്ത്രത്തറിയിലേക്ക് മാറ്റംവരുത്തി ഇതിന് അനുകൂലമായ നടപടിയാണ് കേന്ദ്രഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും വന്നത്. ഗവണ്‍മെന്റ് ഈ അടുത്തകാലത്ത് രൂപീകരിച്ച ഔദ്യോഗിക കമ്മിറ്റി 2005 ഓടുകൂടി ക്വാട്ടാ സമ്പ്രദായം എടുത്തുകളഞ്ഞതായി കാണാം.

ദേശീയ അടിസ്ഥാനത്തില്‍ നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഒരു വ്യവസായമാണ് കൈത്തറി. ഇന്നും അതിന് ദേശീയ അടിസ്ഥാനത്തില്‍ ഒരു വേതന നയം കൊണ്ടുവന്നിട്ടില്ല. അതിന്റെ ഫലമായി മറ്റ് സംസ്ഥാനങ്ങളില്‍ വേതന നയം വ്യത്യസ്തമാണ്. ഇത് ഇന്ത്യയില്‍ മത്സരം വളര്‍ത്താന്‍ ഇടയാക്കുന്നു. ഇതിന്റെ ഫലമായി വരുന്ന തൊഴിലില്ലായ്മ വഴി തൊഴിലാളികളിലും ജനങ്ങളിലും അരാജകത്വവും മണ്ണിന്‍മക്കള്‍ വാദവും തലപൊക്കും. അതിനാല്‍ കൈത്തറി വ്യവസായത്തില്‍ ഒരു ദേശീയ വേതന നയം ഒഴിച്ചുകൂടാത്തതാണ്. മറ്റൊരു വസ്തുത ആഗോളവല്‍ക്കരണ നയം നടപ്പിലാക്കുന്നതോടുകൂടി കയറ്റുമതി ഗണ്യമായി കൂടുമെന്നും അതുവഴി നല്ല തൊഴില്‍സാധ്യത സൃഷ്ടിക്കുമെന്നും വലിയ പ്രചാരണം വന്നിരുന്നു. സ്ഥിതി പരിശോധിച്ചാല്‍ ആഗോളവല്‍ക്കരണം നടപ്പിലാക്കി ഒന്നര വ്യാഴവട്ടകാലമായിക്കഴിഞ്ഞിട്ടും കയറ്റി അയച്ചത് 2004-05 വര്‍ഷം വെറും 2127 കോടിയുടെ തുണിമാത്രമാണ്. ഇത് ഇതിനു മുമ്പും അയക്കാന്‍ കഴിഞ്ഞതാണ്. കയറ്റുമതി കൂടിയില്ല എന്നതിലുപരി ഈ കാലഘട്ടത്തില്‍ ഇറക്കമതി ഗണ്യമായി വര്‍ദ്ധിച്ച നിലയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. 1993 ആകുമ്പോഴേക്കും ഇറക്കുമതി മറ്റുള്ളതിനേക്കാള്‍ 29% വര്‍ദ്ധിച്ചു. ഈ വസ്തുനിഷ്ഠ സാഹചര്യങ്ങളും നാം കണക്കിലെടുക്കണം. കൈത്തറി തൊഴിലാളികള്‍ ഭൂരിഭാഗവും ഇപ്പോള്‍ ഈ തൊഴില്‍ ഉപേക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

1970 കാലഘട്ടത്തില്‍ ക്രേപ്പ് വന്നപ്പോള്‍ കൈത്തറി ഗ്രാമങ്ങള്‍ മാത്രമല്ല മറ്റ് മേഖലയിലും അഞ്ചും പത്തും ലൂമുകള്‍ കൂടി ലക്ഷക്കണക്കിനു തൊഴിലാളികള്‍ ഈ രംഗത്ത് കടന്നുവന്നിരുന്നു. എന്നാല്‍ നമ്മുടെ പിടിപ്പുകേടുകൊണ്ട് ആ സുവര്‍ണ്ണകാലം നമുക്ക് നഷ്ടമാകുന്ന നിലയാണ് ഉണ്ടായത്. കൈത്തറി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ക്രമാതീതമായി വര്‍ദ്ധിച്ചതും ആഭ്യന്തര വിപണിയില്‍ വില വന്‍തോതില്‍ ഇടിയാന്‍ കാരണണായി. ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മതിയായ ചുങ്കം ചുമത്തുന്നതില്‍ കേന്ദ്രഗവണ്‍മെന്റ് മുന്നോട്ടുവരണം.

റെഡിമെയ്ഡ് ഗാര്‍മെന്റ്സ് നിര്‍മ്മാണ മേഖലയില്‍ 100% വിദേശ നിക്ഷേപത്തിന് അനുവാദം നല്‍കുന്ന കേന്ദ്രഗവണ്‍മെന്റ് തീരുമാനം പുനപരിശോധിച്ച് തിരുത്തണം. തൊഴിലില്ലായ്മയിലേക്കും കയറ്റുമതി വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നതുമായ നടപടിയില്‍ നിന്ന് പിന്‍തിരിയണം.പ്രൈമറി കൈത്തറി സഹകരണ സംഘങ്ങളുടെ അപ്പക്സ് സ്ഥാപനമായ ഹാന്‍ടെക്സിനും ഒറ്റത്തറിയില്‍ തൊഴില്‍ കൊടുക്കുന്ന ഹാന്റ്വീവ് എന്ന സ്ഥാപനത്തിനും തുടര്‍ന്ന് പ്രവര്‍ത്തിക്കാനും 750 ഓളം പ്രൈമറി സഹകരണസംഘങ്ങളില്‍ പൂട്ടിക്കിടക്കുന്ന പകുതിയോളം സ്ഥാപനങ്ങള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും ആവശ്യമായ സാമ്പത്തിക സഹായം അനുവദിക്കുക. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രത്യേക സഹായം നല്‍കുക.

കൈത്തറി വ്യവസായത്തിന് അവശ്യം വേണ്ടുന്ന ചായം, കെമിക്കല്‍സ്, മറ്റ് രാസപദാര്‍ത്ഥങ്ങള്‍ എന്നിവയുടെ വില നിയന്ത്രിക്കണം. കൈത്തറി ആവശ്യത്തിനു വാങ്ങുന്നവര്‍ക്ക് സബ്‌സിഡി അനുവദിക്കണം.

കൈത്തറി തൊഴിലാളികള്‍ക്ക് ഭവന നിര്‍മ്മാണം, തറി കൂട്ടാനുള്ള വര്‍ക്ക് ഷെഡ് എന്നിവയ്ക്ക് സാമ്പത്തിക സഹായം നല്‍കുക.ഈ നിലയില്‍ കേരളത്തിലേയും കണ്ണൂരിലെയും കൈത്തറി വ്യവസായം നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ എല്ലാ മേഖലയില്‍ നിന്നും ഒരുപോലെ ഉയര്‍ന്നുവരണം.

-അരക്കന്‍ ബാലന്‍

അധിക വായനയ്ക്ക്

History of Handlooms

Thursday, March 27, 2008

അമേരിക്കന്‍ പ്രതിസന്ധി

വാഷിംഗ്‌ടണില്‍ നിന്ന് ഈയിടെ പ്രവഹിക്കുന്ന വാര്‍ത്തകള്‍ അശുഭകരമാണ്, അമേരിക്കക്ക് മാത്രമല്ല മുഴുവന്‍ ലോകത്തിനും. അമേരിക്കയ്ക്ക് എന്താണ് പിഴച്ചത് എന്നല്ല, പിഴക്കാതെ എന്തെങ്കിലും ഉണ്ടോ എന്നതാവും ശരിയായ ചോദ്യം.

ജോര്‍ജ്ജ് ഡബ്ളിയു ബുഷിന്റെ രാഷ്ട്രീയ, സാമ്പത്തിക, സമൂഹ്യ, വിദേശനയങ്ങളാകെ അമാനവികമാണ്. ഈ നയങ്ങള്‍ക്കിപ്പോള്‍ അമേരിക്കന്‍ ജനത കനത്ത വില നല്‍കുകയാണ്. അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി വികലമായ സ്വന്തം നയങ്ങളുടെ സഞ്ചിതഫലമാണ്. അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും ബുഷ് ഭരണകൂടം കൈക്കൊണ്ട വിവേകശൂന്യവും കിരാതവുമായ യുദ്ധനടപടികള്‍ അമേരിക്കന്‍ പൌരന്മാരുള്‍പ്പെടെയുള്ള നിരപരാധികളായ ആയിരങ്ങളെ കുരുതി കൊടുത്തു. ഒപ്പം രണ്ട് പരമാധികാര രാഷ്ട്രങ്ങളുടെ സമ്പദ്ഘടനകള്‍ക്കും അതുവഴി അഗോള സാമ്പത്തിക വ്യവസ്ഥക്ക് തന്നെയും വിനാശകരമായ പ്രഹരമേല്‍പ്പിക്കുകയും ചെയ്തു.

സബ് പ്രൈം കുഴപ്പം

ലോകത്തിലെ ഏറ്റവും സമ്പന്നരാഷ്ട്രം ഭവനവായ്പയില്‍ 50 ബില്യണ്‍ ഡോളറിന്റെ കുടിശികയില്‍ തട്ടി, എപ്രകാരം മാരകമായ പതനത്തിലെത്തിയെന്നത് വിചിത്രമായി തോന്നാം. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓഹരിവിപണികളും പേരെടുത്ത കമ്പനികളുമെല്ലാം ഭീമമായ നഷ്ടത്തിന്റെ കണക്കുകളാണ് നിരത്തുന്നത്. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, പുറമേക്ക് ദൃശ്യമാകുന്നത് മഞ്ഞുകട്ടയുടെ മുകളറ്റം മാത്രമാണ്. കൌശലക്കാരായ കമ്പനികളുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള കരുനീക്കങ്ങള്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഉലച്ചുവെന്ന് വാഷിങ്ടണ്‍ ഇപ്പോള്‍ സമ്മതിക്കുന്നു. ഈ തകര്‍ച്ചയെ അമേരിയ്ക്ക് അതിജീവിക്കാന്‍ കഴിയുമെങ്കില്‍ അതൊരു മഹാത്ഭുതമായിരിക്കും.

യുദ്ധക്കളത്തില്‍ ഹോമിച്ച വന്‍ തുകകളെക്കുറിച്ച് വെള്ളക്കൊട്ടാരം ഒരക്ഷരം ഉരിയാടുന്നില്ല. വൈറ്റ് ഹൌസിന്റെയും സെനറ്റിന്റെയും ഒരു സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇറാഖ് - അഫ്‌ഗാന്‍ യുദ്ധങ്ങളുടെ വില നമ്മെ അമ്പരിപ്പിക്കുന്നു 3.5 ട്രില്യണ്‍ ഡോളറിലും (മൂന്നര ലക്ഷം കോടി) കവിയും. അതില്‍ ഏറിയ പങ്കും ഇറാഖ് യുദ്ധത്തിന്റേതാണ്. ബുഷിന്റെ യുദ്ധഭ്രാന്തിന്റെ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ നാനാതുറകളിലും പെട്ട അമേരിക്കന്‍ ജനത യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. മാത്രമല്ല അമേരിക്ക ഇറാഖില്‍ നിന്ന് പിന്തിരിയണമെന്നും അവര്‍ ഏകസ്വരത്തില്‍ ആവശ്യപ്പെടുന്നു.കഴിഞ്ഞ 20 വര്‍ഷങ്ങളായി, വാഷിംഗ്‌ടണ്‍ സ്വന്തം ജനതയെ സമ്പാദ്യശീലം വെടിഞ്ഞ്, വായ്പയെടുത്ത് ഓഹരി വിപണിയിലിറങ്ങി ഊഹക്കച്ചവടത്തിലേര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയായിരുന്നു. ഭവന വായ്പാ മേഖലയില്‍ ഇപ്പോഴുണ്ടായ തിരിച്ചടിക്ക് ഇതും ഒരു കാരണമാണ്.

എന്തെല്ലാം നടപടികള്‍ പ്രഖ്യാപിച്ചിട്ടും ഭവന വായ്പകളുടെയും ഇതരവായ്പകളുടെയും തിരിച്ചടവ് മെച്ചപ്പെടുന്നില്ല. അമേരിക്കയിലെ ഏറ്റവും വലിയ സിറ്റിബാങ്ക് ഗ്രുപ്പിന്റെ ഭൂപണയവായ്പാ നഷ്ടം 10 ബില്യണ്‍ ഡോളര്‍ കവിയുമെന്നാണ് റിപ്പോര്‍ട്ട്. മോര്‍ഗന്‍ സ്‌റ്റാന്‍ലി മ്യൂച്ചല്‍ ഫണ്ടിന്റെ നഷ്ടം 9.4 ബില്യണ്‍ ഡോളര്‍ വരും. ഇവര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചൈനാ ഇന്‍വെസ്‌റ്റ്മെന്റില്‍ നിന്നും 5 ബില്യണ്‍ ഡോളര്‍ ധനസഹായം തേടിയിരിക്കുകയാണ്. തീര്‍ച്ചയായും വാള്‍ സ്ട്രീറ്റില്‍ നിന്നുള്ള വാര്‍ത്തയും ആശങ്കാജനകമാണ്. മുതലാളിത്ത ലോകത്തിന്റെ ഓഹരി കമ്പോളങ്ങളില്‍ കരടികള്‍ പിടിമുറുക്കിയിരിക്കുന്നു. ധനകാര്യ ഏജന്‍സികളാകെ തിരിച്ചടി നേരിടുന്നു. കിട്ടാക്കടം, ഭവനവായ്പകളിലൊതുങ്ങുന്നില്ല. ക്രെഡിറ്റ് കാര്‍ഡുകളിലേക്കും വാണിജ്യ, ഓട്ടോമൊബൈല്‍ മേഖലകളിലേക്കും വ്യാധി പടരുകയാണ്. യു.എസ്. ട്രഷറി ബോണ്ടുകള്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലാദ്യമായി 3%ത്തിലും താഴേയ്ക്കു പോയി. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും പുതിയ വായ്പകള്‍ രണ്ട് മുതല്‍ മൂന്ന് വരെ ട്രില്യണ്‍ ഡോളര്‍ വെട്ടിക്കുറക്കാന്‍ ശ്രമിക്കുകയാണ്. ലോകരാജ്യങ്ങളുടെ മൊത്തം സമ്പാദ്യത്തിന്റെ 70% ആസ്വദിക്കുന്ന അമേരിക്കന്‍ ജനതയുടെ വാങ്ങല്‍ കഴിവിനെയും ജീവിത നിലവാരത്തെയും ഇത് ദോഷകരമായി ബാധിക്കുമെന്നതില്‍ സംശയമില്ല.

ഡോളറിന്റെ പതനം

തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച ഡോളറിനെ ഒരു പീറക്കടലസ്സാക്കി മാറ്റിയിരിക്കുന്നു. ഇത് അമേരിക്കയ്ക്ക് മാത്രമല്ല, സ്വന്തം വിദേശനാണ്യ ശേഖരം ഡോളറില്‍ കരുതി വെക്കുന്ന ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ക്കും ഉറക്കമില്ലാത്ത രാത്രികളാണ് സമ്മാനിക്കുക. ഏറ്റവും ഒടുവില്‍ ലഭ്യമായ വിവരമനുസരിച്ച് ആഗോള വിദേശനാണ്യശേഖരം 3.8 ട്രില്യണ്‍ ഡോളറിലധികം വരും. ഭീമമായ ഈ തുകയുടെ മൂല്യം അനുദിനം ഇടിയുന്നത് സിറ്റി ബാങ്ക്, മെറിള്‍ ലിഞ്ച്, ബിയര്‍ സ്റ്റിയറിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ അടിത്തറ തകര്‍ക്കും.

യുറോപ്യന്‍ യൂണിയന്‍ നാണയമായ യുറോവിനെതിരെ ഡോളറിന്റെ മൂല്യം 41 ശതമാനവും ബ്രിട്ടീഷ് നാണയമായ പൌണ്ടിനെതിരെ 31 ശതമാനവും ഇടിഞ്ഞു. മറ്റു നാണയങ്ങള്‍ക്കെതിരെയും ഡോളര്‍ വില കുറയുകയാണ്. മുങ്ങിത്താഴുന്ന ഡോളര്‍ അമേരിക്കയുടെ കയറ്റുമതി മേഖലയില്‍ ഉണര്‍വ്വുണ്ടാക്കുമെന്ന് ആദ്യമവര്‍ വിശ്വസിച്ചു. എന്നാല്‍ ഈ മോഹം ഒരു ദിവാസ്വപ്നമായി ഒടുങ്ങി. ഡോളര്‍ വിലയിടിവ് പണപ്പെരുപ്പവും തൊഴിലില്ലായ്മയും വിലക്കയറ്റവും സൃഷ്ടിച്ചു. അമേരിക്കയുടെയും പൌരജനങ്ങളുടെയും കടഭാരം പെരുകി.

ആഗോളവത്ക്കരണത്തിന്റെയും സ്വതന്ത്ര കമ്പോളത്തിന്റെയും ലഹരിയില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാഷ്ട്രങ്ങളില്‍ നിന്ന് സമ്പാദ്യങ്ങളും നിക്ഷേപങ്ങളും തട്ടിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. പലിശ നിരക്ക് ഇരുഭാഗത്തും കുറയ്ക്കുക വഴി വെള്ളക്കൊട്ടാരത്തിലെ തമ്പുരാക്കന്മാര്‍ ധനത്തിന്റെ ഒഴുക്ക് നിലനിര്‍ത്തി. തന്മൂലം സ്വന്തമായി മിച്ചം വെക്കാതെ അന്യരുടെ പണമെടുത്ത് ധാരാളിത്തം കാണിക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചു. രണ്ടു പതിറ്റാണ്ടായി നിര്‍ബാധം തുടര്‍ന്ന ഈ പരിപാടിക്ക് 2003 ല്‍ തടസ്സം നേരിട്ടു തുടങ്ങി. അതോടെ സാമ്പത്തികമേഖലയില്‍ അസ്വാസ്ഥ്യങ്ങള്‍ തലപൊക്കി. നിലവാരം കുറഞ്ഞ ഈടിന്മേല്‍ നല്‍കിയ ഭവനവായ്പകള്‍ നഷ്ടത്തിലായി. ഒപ്പം എണ്ണവില വര്‍ദ്ധന, ഡോളര്‍ മൂല്യശോഷണം ഓഹരി വിപണിയിലെ തകര്‍ച്ച എന്നിവ കൂടിയായപ്പോള്‍ അമേരിക്ക ലോകത്തിലെ ഏറ്റവുമധികം കടബാധ്യതയുള്ള രാഷ്ട്രമായി മാറി. 800 ബില്യണ്‍ ഡോളറിന്റെ കറന്റ് അക്കൌണ്ട് കമ്മിയാണ് അമേരിക്കയുടേത്.

വിശ്വാസ്യത ഉലയുന്നു

അമേരിക്കന്‍ ഡോളറിലുള്ള ആഗോള വിശ്വാസം ക്ഷയിച്ചു തുടങ്ങി. അതു കേവലം ഡോളറിന്റെ മാത്ര പ്രശ്നമല്ല, മറിച്ച് അമേരിക്കന്‍ മുതലാളിത്തം ഭീമമായ ധന, വാണിജ്യ കമ്മിയില്‍ കൂപ്പുകുത്തുന്നതിന്റെ പ്രശ്നങ്ങളാണ്. ആഴത്തിലേക്ക് കുതിക്കുന്ന ഈ പ്രതിസന്ധി മൂലം ഡോളറില്‍ വിദേശനാണ്യം സൂക്ഷിക്കുന്ന രാജ്യങ്ങളുടെ ദുര്യോഗം വിവരണാതീതമായി. ചൈനയുടെ ശേഖരം ഒരു ട്രില്യണ്‍ ഡോളറാണെങ്കില്‍, ജാപ്പാന്റേത് 750 ബില്യണും ഒപെക് രാജ്യങ്ങളുടേത് 500 ബില്യണുമാണ്. ഇന്ത്യയുടെ വിദേശനാണ്യശേഖരം 300 ബില്യണ്‍ ഡോളര്‍ വരും. ഇത്രയും കരുതല്‍ ശേഖരത്തിന്റെ മൂല്യമിടിയുന്നത് ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമേല്പിക്കും. 2008 ല്‍ ഇന്ത്യയില്‍ ഡോളര്‍ വില 35 രൂപയാകുമെന്നാണ് പ്രവചനം. യുഎസ്. സമ്പദ് വ്യവ്സഥയിലെ മാന്ദ്യം ഡോളര്‍ വിലയിടിവ് വീണ്ടും മൂര്‍ച്ഛിപ്പിക്കും.

ഭാരം മറ്റുള്ളവര്‍ക്ക്

ഡോളറിന്റെ മൂല്യക്ഷയം ഒപെക് രാജ്യങ്ങളിലേക്ക് നാണയപ്പെരുപ്പവും മറ്റനേകം പ്രശ്നങ്ങളും ഇറക്കുമതി ചെയ്യുമെന്നതിനാല്‍ തങ്ങളുടെ നിക്ഷേപം സാമാന്യേന സ്ഥിരതയും ഭദ്രതയുമുള്ള മറ്റു നാണയങ്ങളിലേക്ക് തിരിച്ചുവിടുന്ന കാര്യം അവരുടെ സജീവ പരിഗണനയിലാണ്. കുവൈറ്റ് സ്വന്തം കറന്‍സിയെ മോചിപ്പിച്ചു കഴിഞ്ഞു. ഇറാന്‍, വെനിസൂല. റഷ്യ തുടങ്ങിയ രാജ്യങ്ങളും കുവൈറ്റിനെ പിന്തുടര്‍ന്നേക്കാം.

ലോകരാഷ്ട്രങ്ങളുടെയെല്ലാം കേന്ദ്ര ബാങ്കുകളുടെ ചിന്ത ഈ വഴിയിലാണ്. അമേരിക്കന്‍ സാംക്രമിക രോഗത്തില്‍ നിന്ന് സ്വന്തം നാടിന്റെ അമൂല്യമായ കരുതല്‍ ശേഖരത്തെയും സമ്പദ്ഘടനയെയും രക്ഷിക്കാന്‍ ഇതാവശ്യമായിരിക്കുന്നുന്നു എന്നവര്‍ തിരിച്ചറിയുന്നു.

വായ്പാ കമ്പോളം

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് 1920 കളിലെ മാന്ദ്യത്തോട് ഒട്ടേറെ സാദൃശ്യമുണ്ട്. 2002 ലെ ഡോട്കോം കുമിളയോടും, ഈ പതനത്തിന് സമാനതകള്‍ കാണാം. പലിശ കുറച്ച്, വായ്പ പ്രോത്സാഹിപ്പിക്കുകയും ഓഹരിവിപണിയില്‍ പണമിറക്കി, പണം കൊയ്ത് ലാഭം കുന്നുകൂട്ടലുമായിരുന്നു അമേരിക്കന്‍ വായ്പാനയത്തിന്റെ കാതല്‍. തിരിച്ചടവ് ശേഷിയെക്കുറിച്ച് ആരും ചിന്തിച്ചില്ല. എല്ലാ സാമ്പത്തിക ഏജന്‍സികളും ഉദാരമായി വായ്പ കൊടുത്തു. അവസാനം, അനിവാര്യമായ കടക്കെണിയിലേക്കും അഗാധമായ പ്രതിസന്ധിയിലേക്കും ജനങ്ങള്‍ നയിക്കപ്പെട്ടു. ഇപ്പോള്‍ സ്ഥാപനങ്ങള്‍ നഷ്ടം നികത്താനും തിരച്ചടവിനും വേണ്ടി നെട്ടോട്ടമോടുമ്പോള്‍ അമേരിക്കയില്‍ അക്ഷരാര്‍ത്ഥത്തില്‍ വായ്പകള്‍ മരവിപ്പിച്ച പ്രതീതിയാണുള്ളത്. തത്ഫലമായി വായ്പ തിരിച്ചടക്കാനെന്നല്ല. നിത്യവൃത്തിക്കുപോലും ജനങ്ങള്‍ ക്ലേശിക്കുകയാണ്. പാര്‍പ്പിടങ്ങളും മറ്റ് ജംഗമവസ്തുക്കളും വിറ്റ് തുലച്ചിട്ടാണെങ്കിലും ജീവിക്കാന്‍ വേണ്ടി അവര്‍ അമ്പരന്നോടുകയാണ്.

ഇന്ത്യയ്ക്കു ഭീഷണി

ഡോളര്‍ വിലയിടിവ് ഇന്ത്യന്‍ കയറ്റുമതി മേഖലയെയും സേവന മേഖലയെ ഭാഗികമായും ബാധിച്ചു തുടങ്ങി. ഇന്ത്യയുടെ കയറ്റുമതിയില്‍ ഇതര രാജ്യങ്ങളെയപേക്ഷിച്ച് അമേരിക്കയുടെ വിഹിതം കുറവാണ്. എങ്കിലും രൂപയുടെ മൂല്യവര്‍ദ്ധനവിനെ ഡോളറിന്റെ ഇടിവ് ഇനിയും ത്വരിതപ്പെടുത്തും. അമേരിക്കന്‍ കമ്പനികളെ ആശ്രയിക്കന്ന ചില മേഖലകളെ അത് കൂടുതല്‍ ദോഷകരമായി ബാധിക്കും. വിദേശബാങ്കുകളെ അന്ധമായി അനുകരിക്കുമ്പോഴുണ്ടാകുന്ന സ്ഥല-ജല വിഭ്രാന്തിക്കിടയിലും റിയല്‍ എസ്റ്റേറ്റ് വായ്പകള്‍ക്കായി ഇന്ത്യന്‍ ധനകാര്യ സ്ഥാപനങ്ങള്‍ വാതില്‍ മലര്‍ക്കെ തുറന്നിരുന്നില്ല. അതുകൊണ്ട് തന്നെ. പകര്‍ച്ചവ്യാധിയെ ഒരളവ് വരെ പിടിച്ചു നിര്‍ത്താനായി. എന്നാല്‍ സോഫ്‌ട് വെയര്‍ കയറ്റുമതി, ബി.പി.ഒ, മറ്റ് സാമ്പത്തിക, വാര്‍ത്താവിനിമയ മേഖലകള്‍ എന്നിവ അമേരിക്കന്‍ കമ്പോളവുമായി ഗാഢമായി ബന്ധപ്പെട്ടിരിക്കുന്നത് ഉത്കണ്ഠയുളവാക്കുന്നു. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അഭ്യന്തര സമ്പാദ്യങ്ങളിലും നിക്ഷേപങ്ങളിലും അധിഷ്ഠിതമായത് തീര്‍ച്ചയായും ആശ്വാസകരമാണ്. അമേരിക്കന്‍ മാതൃക അപ്പാടെ പകര്‍ത്താന്‍ വെമ്പല്‍ കൊള്ളുന്ന നമ്മുടെ ഭരണാധികാരികള്‍ മുതലാളിത്ത പാതയില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ തിരിച്ചറിയുന്നില്ല. അമേരിക്കന്‍ പ്രതിസന്ധി ഇന്ത്യയുള്‍പ്പെടെ എല്ലാവര്‍ക്കും, വേണ്ടത്ര പാഠങ്ങള്‍ നല്‍കുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചാ പ്രതീക്ഷ സഫലമാകണമെങ്കില്‍ സ്വന്തം ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് നിക്ഷേപം നടത്തണം. സമത്വത്തിലും സാമൂഹ്യ നീതിയിലും ഊന്നിയ വളര്‍ച്ച നേടുവാനുള്ള ബദല്‍ പദ്ധതികള്‍ ആസുത്രണം ചെയ്ത് നടപ്പാക്കുകയും വേണം.

-കെ. എസ് മേനോന്‍, ബോംബെ. പരിഭാഷ കെ.എം. രാജറാം

Tuesday, March 25, 2008

അരങ്ങൊഴിഞ്ഞ അതുല്യ പ്രതിഭ

പ്രശസ്ത നാടകകൃത്തും സംവിധായകനും എഴുത്തുകാരനുമായിരുന്ന കെ ടി മുഹമ്മദ് അന്തരിച്ചു. 80 വയസായിരുന്നു. കോഴിക്കോട് പിവിഎസ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം. നാല്‍തോളം നാടകങ്ങളും നിരവധി ചെറുകഥകളും നോവലുകളും ഗാനങ്ങളും കെ ടി രചിച്ചിട്ടുണ്ട്. ഇരുപതോളം സിനിമകള്‍ക്ക് അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.

നാടകം ജീവിതം

1929 നവംബറിലാണ് കെ ടി മുഹമ്മദ് ജനിച്ചത്. ഏറനാട്താലൂക്കിലെ മഞ്ചേരിയില്‍, ഗവര്‍മെണ്ട് ആശുപത്രിക്ക് സമീപം പാറത്തൊടിക വീട്ടില്‍. പിതാവ് മലപ്പുറം മേല്‍മുറിക്കാരന്‍ കളത്തിങ്ങല്‍ തൊടികയില്‍ കുഞ്ഞറമ്മു. മാതാവ് ഫാത്തിമക്കുട്ടി. മലബാര്‍ സ്പെഷ്യല്‍ പൊലീസിലായിരുന്നു കുഞ്ഞറമ്മു. ബ്യൂഗിള്‍ വിളിക്കുന്ന ജോലി. പിന്നീട് റിസര്‍വ് പൊലീസില്‍ കോണ്‍സ്റ്റബിളായി കോഴിക്കോട്ടേക്ക് മാറ്റം കിട്ടി. അതോടെ കുടുംബസമേതം കോഴിക്കോട്ടേക്ക് കുടിയേറുകയായിരുന്നു.

സ്ഥലംമാറ്റമായി പലയിടത്തും ജോലി ചെയ്യേണ്ടിവന്നതിനാല്‍ കുഞ്ഞറമ്മുവിന് മകനെ സമയത്തിന് സ്കൂളില്‍ ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. മൂന്നാംക്ലാസുവരെ പഠിച്ചിരുന്ന കുഞ്ഞറമ്മു താന്‍ പഠിച്ചിരുന്നതത്രയും വീട്ടിലിരുത്തി മകനെ പഠിപ്പിച്ചു. കോഴിക്കോട്ടെ പൊലീസ് ലൈനില്‍ സ്ഥിരതാമസമായെന്നുവന്നതോടെ പുതിയറക്കു സമീപത്തെ ബൈരായിക്കുളം യുപി സ്കൂളില്‍ ചേര്‍ത്തു. അധ്യാപകരുടെ ചോദ്യങ്ങള്‍ക്കെല്ലാം തൃപ്തികരമായ മറുപടി നല്‍കിയ കെ ടി മുഹമ്മദിന് മൂന്നാംക്ലാസിലേക്ക് പ്രവേശനം ലഭിച്ചു. മൂന്നാം ക്ലാസിലെ പരീക്ഷയിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് ഡബിള്‍ പ്രൊമോഷനോടെ അഞ്ചാംതരത്തിലെത്തി.

കുഞ്ഞറമ്മുവിന് എട്ട് മക്കളായിരുന്നു. ആറ് പെണ്ണും രണ്ട് ആണും. അഞ്ചാംതരം ജയിച്ചപ്പോള്‍ കുടുംബത്തിലെ കഷ്ടപ്പാടുകള്‍ കാരണം കെ ടി മുഹമ്മദിന് പഠിപ്പ് നിര്‍ത്തേണ്ടിവന്നു. താമസസ്ഥലത്തിനു സമീപത്തെ ഷാജഹാന്‍ (ഇന്നത്തെ കോറണേഷന്‍) തിയറ്ററിനടുത്ത് സഹോദരീ ഭര്‍ത്താവ് നടത്തിയിരുന്ന പച്ചക്കറിപ്പീടികയില്‍ സഹായിയായി നിന്നു. സമപ്രായക്കാര്‍ സ്കൂളില്‍ പോകുന്നതും നോക്കി സങ്കടം കടിച്ചമര്‍ത്തി രണ്ടുവര്‍ഷം എങ്ങനെയൊക്കെയോ തള്ളിനീക്കി. പഠിപ്പു തുടരാന്‍ വാശിപിടിച്ച് ബാപ്പയുടെ സമ്മതം നേടി ഹിമായത്തുല്‍ ഇസ്ലാം സ്കൂളില്‍ ചേര്‍ന്നു. ആറുമുതല്‍ എട്ടാംതരംവരെ അവിടെ പഠിച്ചു.

പൊലീസ് ലൈനിലെ കൂട്ടുകാരോടൊപ്പം ഷാജഹാന്‍ തിയറ്ററില്‍ നിന്ന് സിനിമയും വല്ലപ്പോഴും അരങ്ങേറിയിരുന്ന തമിഴ്- മലയാളം നാടകങ്ങളും കാണുമായിരുന്നു. അന്നൊരു ദിവസം ഷാജഹാന്‍ ഹാളില്‍ നിന്നു കണ്ട ഒരു നാടകമാണ് കെ ടിയുടെ മനസ്സിനെ നാടകത്തിന്റെ ലോകത്തേക്ക് നയിച്ചത്. 'നമുക്കും ഒരു നാടകം കളിച്ചാലെന്താ' എന്ന ചിന്ത കൂട്ടുകാരുടെ മുമ്പാകെ വെച്ചപ്പോള്‍ നാടകം എഴുതാനുള്ള ഉത്തരവാദിത്തം കെ ടിയുടെചുമലില്‍ തന്നെ വീഴുകയായിരുന്നു. ബാപ്പയുടെ സുഹൃത്തും തന്റെ 'ഗുരു'വും വഴികാട്ടിയുമായ പൊലീസുകാരന്‍ കുഞ്ഞഹമ്മദ്ക്കയുമുണ്ടായിരുന്നു പ്രോല്‍സാഹിപ്പിക്കാന്‍. ബാബുരാജിനായിരുന്നു സംഗീതച്ചുമതല. റിഹേഴ്സലും തുടങ്ങി. നാടകം പക്ഷേ, അരങ്ങിലെത്തിയില്ല. എങ്കിലും തന്റെ ആദ്യനാടകപ്രവര്‍ത്തനമായി എന്നും ആ സംരംഭത്തെ കെ ടി കണ്ടു.

ഹിമായത്തുല്‍ ഇസ്ലാം സ്കൂളില്‍ വിദ്യാര്‍ഥികള്‍ നടത്തിയിരുന്ന 'ഉന്നതി' എന്ന കയ്യെഴുത്തുമാസികയില്‍ കെ ടി ചെറുകഥ എഴുതിയിരുന്നു. കെ സി കോമുക്കുട്ടി മൌലവിയുടെ 'യുവലോകം' മാസികയിലാണ് ആദ്യമായി കഥ അച്ചടിച്ചു വന്നത്. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ കെ ടിയെ ചന്തുക്കുട്ടി എന്ന അധ്യാപകന്‍ തന്റെ 'സാധുസേവ' എന്ന നാടകത്തില്‍ അഭിനയിപ്പിച്ചു. സ്കൂള്‍ വാര്‍ഷികത്തിന് അവതരിപ്പിച്ച ആ നാടകത്തില്‍ 'കഷ്ടകാലമീവിധമോ ലോകനായകാ..' എന്ന ശോകഗാനവും പാടി ഭിക്ഷക്കാരനായഭിനയിച്ച കെ ടി മുഹമ്മദിന് ഏറ്റവും നല്ല നടനുള്ള സമ്മാനവും കാണികളുടെ മുക്തകണ്ഠമായ പ്രശംസയും ലഭിച്ചു.

അടുത്തവര്‍ഷം വിദ്വാന്‍ കെ എസ് രാമന്‍ (ചലച്ചിത്ര സംവിധായകന്‍ കെ ആര്‍ മോഹനന്റെ പിതാവ്) തന്റെ 'പശ്ചാത്താപം' എന്ന നാടകത്തിന് പാട്ടെഴുതാന്‍ ചുമതലപ്പെടുത്തിയതോടെ പുതിയൊരു വിലാസം കൂടി കെടിക്കു കൈവന്നു. 'ഇതു ഭൂമിയാണ്' എന്ന നാടകത്തിലെ 'മുടിനാരേഴായ്‌ചീന്തീട്ട് നേരിയപാലം കെട്ടീട്ട്....', 'കയിലുകള്‍ പിടിക്ക്ണ കൈകളുണ്ടുയര്ണ്' എന്നിവയടക്കമുള്ള വിഖ്യാതഗാനങ്ങളുടെ രചനക്ക് ബലം നല്‍കിയത് ആ ഇളം പ്രായത്തില്‍ ലഭിച്ച അംഗീകാരം കൂടിയാവണം. രാമന്‍മാസ്റ്ററുടെ നാടകത്തില്‍ കെ ടിക്ക് പ്രധാനവേഷം അഭിനയിക്കാനും ലഭിച്ചിരുന്നു. സ്കൂള്‍ വിട്ടശേഷവും ഈ അധ്യാപകരുടെ പ്രോല്‍സാഹനം തുടര്‍ന്നു.

ബാപ്പയുടെ ചെറിയ ശമ്പളംകൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയാതെ വന്നതിനാല്‍ കെ ടി മുഹമ്മദിന് പഠിപ്പുനിര്‍ത്തി ജോലിതേടേണ്ടിവന്നു. മിഠായിതെരുവില്‍ ഒരു കടയില്‍ പതിനെട്ടുരൂപാ ശമ്പളത്തില്‍ വില്‍പനക്കാരനായി ജോലി കിട്ടി. 1945ലായിരുന്നു ഇത്. രാവിലെ ഏഴരമുതല്‍ രാത്രി ഒമ്പതരവരെ ജോലി തന്നെ. ആറുമാസം കടയില്‍ കഴിച്ചുകൂട്ടി. വേറെ ജോലിയാക്കിത്തന്നില്ലെങ്കില്‍ നാടുവിടുമെന്നും പട്ടാളത്തില്‍ ചേരുമെന്നും ഭീഷണിപ്പെടുത്തിയപ്പോള്‍ സുഹൃത്തായ പോസ്റ്റുമാന്‍ സി മൂസയുടെ സഹായത്താല്‍ ബാപ്പ തപാല്‍വകുപ്പില്‍ പാക്കറുടെ ജോലി തരപ്പെടുത്തി. തപാല്‍വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ 1946ല്‍ അഖിലേന്ത്യാതലത്തില്‍ സമരം ആരംഭിച്ചപ്പോള്‍ താല്‍ക്കാലികക്കാരന്‍ മാത്രമായ കെ ടി സജീവമായി അതില്‍ പങ്കെടുത്തു. ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനവുമായി ദൃഢബന്ധമായിരുന്നു. ക്ലാസ് 3 ജീവനക്കാരുടെ സംഘടനയുടെ കോഴിക്കോട് ഡിവിഷന്‍ പ്രസിഡണ്ടായിരിക്കെ 1969ല്‍ ഉദ്യോഗത്തില്‍ നിന്ന്പിരിച്ചുവിടപ്പെട്ടത് 1968ലെ പണിമുടക്കുമായി ബന്ധപ്പെട്ടായിരുന്നു.

കെ ടിയും ബാബുരാജും കോഴിക്കോട് അബ്ദുള്‍ഖാദറുമൊക്കെ പ്രവര്‍ത്തകരായി 1948ല്‍ കോഴിക്കോട്ട് രൂപംകൊണ്ട ബ്രദേഴ്സ് മ്യൂസിക് ക്ളബിന്റെ വാര്‍ഷികത്തിന് 1950ല്‍ അവതരിപ്പിച്ച 'ഊരുംപേരു'മാണ് ആദ്യമായി അരങ്ങുകണ്ട കെടിയുടെ നാടകം. കബീര്‍ദാസ് എന്നപേരിലായിരുന്നു നാടകം എഴുതിയത്. 'വെളിച്ചംവിളക്കന്വേഷിക്കുന്നു' എന്ന പേരില്‍ മാറ്റിയെഴുതിയാണ് പിന്നീടത് അവതരിപ്പിച്ചതും പുസ്തകമാക്കിയതും. തൊട്ടടുത്തവര്‍ഷം 'അവര്‍ തീരുമാനിക്കുന്നു' എന്ന നാടകം എഴുതി. 1952ല്‍ കോഴിക്കോട് ടൌണ്‍‌ഹാളില്‍ അവതരിപ്പിച്ച 'മനുഷ്യന്‍ കാരാഗൃഹത്തിലാണ് ' എന്ന നാടകമാണ് നാടകകൃത്തെന്ന നിലയില്‍ കെടിക്ക് പ്രതിഷ്ഠനേടിക്കൊടുത്തത്. കുട്ടികൃഷ്ണമാരാര്‍ അന്ന് സദസ്സിനുമുമ്പാകെ വെച്ചും പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ നിരൂപണത്തിലും ചൊരിഞ്ഞ പ്രശംസ കെടിയുടെ കലാജീവിതത്തില്‍ വമ്പിച്ച പ്രോല്‍സാഹനമായി.

തപാല്‍വകുപ്പില്‍ പാക്കറായിരിക്കെ 1951ല്‍ കെ ടി എഴുതിയ 'കണ്ണുകള്‍' ലോക ചെറുകഥാ മല്‍സരത്തില്‍ സമ്മാനം നേടി. 'ചെണ്ടയും മതവും', 'രോദനം' എന്നിങ്ങനെ തുടര്‍ന്നും ചില കഥകളെഴുതിയെങ്കിലും നാടകമാണ് തന്റെ മാധ്യമമെന്ന് കെ ടി തിരിച്ചറിഞ്ഞു. 'മനുഷ്യന്‍ കാരാഗൃഹത്തിലാണ്' എന്ന നാടകത്തിനു ലഭിച്ചതുപോലെയുള്ള സ്വീകരണങ്ങള്‍ കൂടിയായപ്പോള്‍ ഈ നാടകകാരന് പിന്നീട് പിന്തിരിഞ്ഞുനോക്കേണ്ടിവന്നില്ല. 1953ല്‍ കെടിയുടെ 'ഇത് ഭൂമിയാണ് ' എന്ന നാടകം അരങ്ങേറിയപ്പോള്‍ വലിയ കോലാഹലമുണ്ടായി. മുസ്ലിം സമുദായത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ ആഞ്ഞടിച്ച നാടകമായിരുന്നു അത്.

അരൂര്‍പാലം വരുന്നതിനുംമുമ്പ് ഈ നാടകവുമായി ചങ്ങാടത്തില്‍ കയറിയെത്തിയ കോഴിക്കോട് ബ്രദേഴ്‌സ് മ്യൂസിക് ക്ലബായിരുന്നു മലബാറില്‍ നിന്ന് ആദ്യമായി തിരുവിതാംകൂറിലെത്തിയ നാടകസംഘം. കറവറ്റപശു, ഞാന്‍ പേടിക്കുന്നു, ഉറങ്ങാന്‍ വൈകിയരാത്രികള്‍, ചുവന്ന ഘടികാരം, പുതിയ വീട്, താക്കോലുകള്‍, രാത്രിവണ്ടികള്‍, ഓപ്പറേഷന്‍ തിയറ്റര്‍, കടല്‍പ്പാലം, കളിത്തോക്ക് എന്നിങ്ങനെ നിരവധി നാടകങ്ങള്‍ എഴുതിയ കെ ടി 1963ല്‍ 'കാഫര്‍' എഴുതിയശേഷം നാടകരംഗത്തു നിന്നു വിട്ടു നിന്നു. ഇക്കാലത്ത് കഥകളും നോവലുകളും എഴുതിയെങ്കിലും അന്വേഷണം കാര്യമായും നാടകത്തിനുവേണ്ടിത്തന്നെയായിരുന്നു. പുതിയൊരു സൃഷ്ടിപരമ്പരയാണ് പിന്നെ മലയാള നാടകവേദി കണ്ടത്.

രംഗഭാഷയുടെ പൊളിച്ചെഴുത്ത്

നീണ്ട ഇടവേളക്കുശേഷം 1969ല്‍ 'സൃഷ്ടി'യുമായി വീണ്ടും കെടി അരങ്ങിലെത്തി. അതൊരു പുനര്‍ജന്മമായിരുന്നു. രംഗഭാഷയുടെ പൊളിച്ചെഴുത്തിന്റെ കാലം. നാടകത്തെ സ്ഥലത്തിന്റെയും കാലത്തിന്റെയും ബന്ധനത്തില്‍നിന്നു മുക്തമാക്കാനുള്ള സര്‍ഗാത്മകഅന്വേഷണത്തിന്റെ ഫലമായി സൃഷ്ടിക്കു പിറകെ സ്ഥിതി, സംഹാരം, സാക്ഷാത്കാരം, സമന്വയം, സനാതനം, സന്നാഹം എന്നിങ്ങനെ 'സ'കാര നാടകങ്ങളുടെ നിര തന്നെ അവതീര്‍ണമായി. സംഗമം എന്നപേരില്‍ സ്ഥാപിച്ച പുതിയ നാടക സമിതിയുടെ ആഭിമുഖ്യത്തിലാണ് ഈ നാടകങ്ങള്‍ അവതരിപ്പിച്ചത്. നാടക പര്യവേഷണത്വരയുടെ നാളുകളില്‍ എക്സ്പെരിമെന്റല്‍ ആര്‍ട്സ് സെന്റര്‍ എന്നൊരു സമിതിയുടെ സ്ഥാപനത്തിനും കെ ടി നേതൃത്വം നല്‍കിയിരുന്നു. ഒടുവില്‍ കലിംഗ തിയറ്റര്‍ രൂപീകരിച്ചാണ് നാല്‍ക്കവല, കൈനാട്ടികള്‍, ദീപസ്തംഭം മഹാശ്ചര്യം, കുചേലവൃത്തം, അസ്തിവാരം, വേഷം പ്രഛന്നം, വെള്ളപ്പൊക്കം തുടങ്ങിയ നാടകങ്ങള്‍ അവതരിപ്പിച്ചത്. കെപിഎസിക്കുവേണ്ടി ജീവപര്യന്തം, സൂത്രധാരന്‍, പെന്‍ഡുലം തുടങ്ങിയ നാടകങ്ങള്‍ എഴുതി.

കൊല്ലം കാളിദാസ കലാകേന്ദ്രത്തിനുവേണ്ടി എഴുതിയതാണ് കടല്‍പാലം, സംഗമം (അഛനും ബാപ്പയും), മുത്തുച്ചിപ്പി, സ്വന്തം ലേഖകന്‍ തുടങ്ങിയ നാടകങ്ങള്‍.രാജ്‌ഭവന്‍, പ്രവാഹം, തുറക്കാത്തവാതില്‍, തീക്കനല്‍, ദൈവശാസ്ത്രം എന്നിവ കെടിയുടെ മറ്റുപ്രമുഖ കൃതികളില്‍പ്പെടുന്നു. ചിരിക്കുന്ന കത്തി, ശബ്ദങ്ങളുടെ ലോകം,കളിയും കാര്യവും എന്നീ കഥാസമാഹാരങ്ങളും മാംസപുഷ്പങ്ങള്‍, കാറ്റ് എന്നീ നോവലുകളുംപ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ ടി യുടെനാടകങ്ങള്‍ മിക്കതും പുസ്തക പത്തില്‍പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ചില നാടകങ്ങള്‍ഇനിയും പുസ്തകമാക്കിയിട്ടില്ല.

കെ ടി യുടെ നാടകങ്ങള്‍ റേഡിയോനാടകങ്ങളെന്ന നിലക്കും ആസ്വാദകശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്. കെ ടിയുടെ 'ടാക്സി'എന്ന റേഡിയോനാടകം കേള്‍ക്കാനിടയായതാണ് 'സ്വയംവര'ത്തിന്റെ പ്രമേയത്തിനുപ്രചോദനമായതെന്ന് കെ പി കുമാരന്‍ അനുസ്മരിച്ചിട്ടുണ്ട്. 'ഇതു ഭൂമിയാണ്' എന്ന നാടകത്തിലേതുള്‍പ്പെടെ കുറെനാടകഗാനങ്ങളും കെടി യുടേതായുണ്ട്. അദ്ദേഹത്തിന്റെ ഗാനങ്ങളടങ്ങിയ ഓഡിയോകാസറ്റ് 'കെ ടി മുഹമ്മദിന്റെ നാടകഗാനങ്ങള്‍ ' എന്നപേരില്‍ പുറത്തിറക്കിയിട്ടുണ്ട്.

1962ല്‍ മുഹമ്മദ് യൂസഫിന്റെ 'കണ്ടം ബെച്ചകോട്ട്' എന്ന നാടകത്തിനു തിരക്കഥ എഴുതിചലച്ചിത്ര രംഗത്തു പ്രവേശിച്ചകെ ടി ഒട്ടേറെചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുംഎഴുതിയിട്ടുണ്ട്. കണ്ണും കരളും, കടല്പാലം,മുത്തുച്ചിപ്പി, അച്ഛനും ബാപ്പയും, തുറക്കാത്ത വാതില്‍, ശരപഞ്ജരം, രാജഹംസം, പ്രവാഹം, മയിലാടും കുന്ന്, അടിമക്കച്ചവടം,അര്‍ച്ചന, ആരാധന എന്നിവ അവയില്‍ചിലതാണ്. 'സൃഷ്ടി' എന്ന സിനിമയുടെസംവിധാനവും കെ ടി നിര്‍വഹിച്ചു.

ലോക ചെറുകഥാമത്സരത്തില്‍ സമ്മാനംനേടി ജനശ്രദ്ധ പിടിച്ചുപറ്റിയ കെ ടിമുഹമ്മദിന് പിന്നീട് ഒട്ടേറെ പുരസ്കാരങ്ങള്‍ലഭിച്ചു. കോഴിക്കോട് കേന്ദ്രകലാസമിതി 1953ഓണക്കാലത്ത് നടത്തിയ നാടകമഹോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയത് ബ്രദേഴ്സ് മ്യൂസിക് ക്ലബ് അവതരിപ്പിച്ച കെടി മുഹമ്മദിന്റെ 'കറവറ്റപശു' ആയിരുന്നു. രണ്ടാം സമ്മാനം തിക്കോടിയന്റെ ജീവിത'വും ചെറുകാടിന്റെ 'സ്വതന്ത്ര'യും പങ്കുവെച്ചു.പിന്നീട് കെ ടി അവാര്‍ഡുകള്‍ വാരിക്കൂട്ടുകയായിരുന്നു. 'കാഫറി'ന് 1964ല്‍ നാടകത്തിനുള്ളകേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. മദിരാശി സാഹിത്യ അക്കാദമിയും കെ ടിയെ അവാര്‍ഡ് നല്‍കി ആദരിച്ചു. 'സൃഷ്ടി' കേരളസംഗീത നാടക അക്കാദമി അവാര്‍ഡ് നേടി.കേരള സംഗീതനാടക അക്കാദമിയുടെയുംകേന്ദ്ര സംഗീത നാടക അക്കാദമിയുടെയും ഫെലോഷിപ്പ് കെ ടിക്ക് ലഭിച്ചിട്ടുണ്ട്. പി ജെആന്റണി ഫൌണ്ടേഷന്‍, അബുദാബി മലയാള സമാജം, പുഷ്പശ്രീ ട്രസ്റ്റ്, പത്മപ്രഭാസ്മാരകട്രസ്റ്റ് എന്നിവയും നാടകരംഗത്തെ സംഭാവനകള്‍ മാനിച്ച് കെ ടിക്ക്പുരസ്ക്കാരങ്ങള്‍ നല്‍കി. 2005ലെ ശങ്കരനാരായണന്‍തമ്പി അവാര്‍ഡും ഫാസ് നാടക പ്രതിഭാപുരസ്ക്കാരവും കെ ടിക്കായിരുന്നു. പാട്യം അവര്‍ഡും (2004) രാമാശ്രമം അവാര്‍ഡും (2005) ലഭിച്ചിട്ടുണ്ട്. അച്ഛനും ബാപ്പയും, തുറക്കാത്ത വാതില്‍ എന്നീചിത്രങ്ങള്‍ ദേശീയോദ്ഗ്രഥനത്തിനുള്ള കേന്ദ്രചലച്ചിത്ര അവാര്‍ഡ് നേടി. പ്രഥമ എസ് എല്‍ പുരം അവാര്‍ഡും(2007) കെടിക്കായിരുന്നു.

തന്റെ കലാജീവിതത്തിന്റെ തുടക്കംമുതല്‍ തന്നെ നാടകാഭിനയത്തില്‍ മികവ് പ്രകടിപ്പിച്ച കെ ടി 'തുറക്കാത്ത വാതില്‍','അന്ന', 'യാഗാശ്വം', 'ഉണരു' തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കെ പി ഉമ്മര്‍, നെല്ലിക്കോട് ഭാസ്കരന്‍, കുതിരവട്ടം പപ്പു, ശാന്താദേവി, വിക്രമന്‍നായര്‍ എന്നിങ്ങനെ നിരവധി കലാകാരന്‍മാരെ കെ ടി രംഗത്ത് കൊണ്ടുവന്നിട്ടുണ്ട്.

കേരള സംസ്ഥാന ചലച്ചിത്ര വികസനകോര്‍പറേഷന്റെയും കേരള സംഗീതനാടകഅക്കാദമിയുടെയും ചെയര്‍മാന്‍, പുരോഗമനകലാസാഹിത്യസംഘം,വൈസ് പ്രസിഡണ്ട്, കേരള സാഹിത്യഅക്കാദമി അംഗം, 'ചിത്രകാര്‍ത്തിക' വാരിക പത്രാധിപര്‍ എന്നീ നിലകളിലും കെ ടി മുഹമ്മദ് പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ സഹയാത്രികനായി നിലക്കൊണ്ടു ഈ നാടക പ്രതിഭ. പ്രശസ്ത നടി സീനത്തിനെ വിവാഹം കഴിച്ചുവെങ്കിലും പിന്നീട് ഇരുവരും വേര്‍ പിരിഞ്ഞു. ഇവര്‍ക്ക് ഒരു മകനുണ്ട് - ജിതിന്‍. പ്രശസ്ത നടനും കലിംഗ തിയറ്റേഴ്സിന്റെ സംഘാടകനുമായ കെ ടി സെയ്ത് ഏക സഹോദരനാണ്. അന്തരിച്ച പ്രശസ്ത നാടകകൃത്ത് പി എം താജ് സഹോദരീപുത്രനാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ നേതാവായിരുന്ന രക്തസാക്ഷി കുഞ്ഞാലി സഹോദരീ ഭര്‍ത്താവാണ്.

അന്തരിച്ച അതുല്യ പ്രതിഭയ്ക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ പ്രണാമം.

-കടപ്പാട്: ദേശാഭിമാനി

ബാഗ്ദാദിലെ എന്റെ സഹോദരിക്ക്

ബൂം ! ബൂം !

ഒരു വലിയ ശബ്ദം എന്റെ ജനാലകളെ വിറപ്പിക്കുന്നു
കയ്യിലെ കപ്പ് കാപ്പിയോടൊപ്പം നിലത്ത് വീണു ചിതറുന്നു..
ഒരു ട്രക്കിന്റെ വെടി തീര്‍ന്നതാണ്,
ദൂരെ അന്തര്‍ സംസ്ഥാന രാജപാതയില്‍.

ബൂം ! ബൂം !

ഒരു സ്ഫോടനം നിന്റെ ജനാലകളെ തകര്‍ക്കുന്നു.
പേടിച്ചലറാതിരിക്കാനായി നീ നിന്റെ കുട്ടികളെ ചേര്‍ത്തണക്കുന്നു.
ഒരു ബോംബ് വീണതാണ്,
നിന്റെ ഗേറ്റിനു തൊട്ടു പുറത്ത്.

ടക് ... ടക്...

കാലൊച്ചകളുടെ ശബ്ദം അടുത്തടുത്ത് വരുന്നു
ഞാന്‍ കമ്പ്യൂട്ടറില്‍ നിന്നും മുഖമുയര്‍ത്തുന്നു, എന്റെ ഏകാഗ്രത നഷ്ടപ്പെടുന്നു.
അത് ഒരു പണിക്കാരനാണ്,
പോര്‍ച്ച് പുതുക്കി മനോഹരമാക്കാന്‍ വരികയാണവന്‍.

ടക് ... ടക്...

ആയിരം കാലൊച്ചകളില്‍ നിന്റെ പ്രാര്‍ത്ഥന മുങ്ങിപ്പോകുന്നു.
തീന്‍ മേശയില്‍ നിന്നും നീ തലയുയര്‍ത്തുന്നു, നിന്റെ ഭക്ഷണം തടസ്സപ്പെടുന്നു.
അത് പട്ടാളക്കാരാണ്,
നഗരത്തിലേക്ക്‌ മാര്‍ച്ച് ചെയ്തു വരികയാണവര്‍.

ക്രീ.... ക്രീ....

എന്റെ വീടിന്റെ മുന്നില്‍ വന്നുനില്‍ക്കാന്‍ വണ്ടിച്ചക്രങ്ങള്‍ നിലവിളിക്കുന്നു.
നീളമുള്ള പാമ്പിനെപ്പോലെ ഒരു ഹോസ് കുളത്തിലേക്ക് നീളുന്നു.
വെള്ളം കൊണ്ടുവന്ന വണ്ടിയാണത്,
എന്റെ സൌന്ദര്യം സംരക്ഷിക്കാന്‍..

ക്രീ.... ക്രീ...

നിന്റെ പടിക്കലൂടെയുള്ള ടാങ്കുകളുടെ പടയോട്ടത്തില്‍ ഇരുട്ട് കീറിമുറിക്കപ്പെടുന്നു.
പ്രിയനെത്തേടി നിന്റെ കൈകള്‍ നീളുന്നു, അവനെ കാണാതെ നീ തളരുന്നു.
ആവേശം മൂത്ത സൈനികരായിരുന്നു അവര്‍,
മനുഷ്യത്വം മറന്നവര്‍.

കുറച്ചാളുകള്‍ സുഖങ്ങളിലും സുരക്ഷയിലും കൂടുകൂട്ടുമ്പോഴും,
ഉറക്കുപാട്ടുകള്‍ക്കായവര്‍ കാതോര്‍ത്തിരിക്കുമ്പോഴും,
കാതുകള്‍ പൊത്തി, നീ വീടിന്റെ മൂലകളില്‍ ചുരുണ്ടിരിക്കുന്നു.
നീ ഉറങ്ങുന്നില്ല .. നിനക്കുറങ്ങാനാവുന്നില്ല.

*

Karen Commings എഴുതിയ To a Woman in Baghdad എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.

മുഖ്യധാരാ കവിതകളില്‍ നിന്നും വ്യത്യസ്തമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന സമകാലീന (അമേരിക്കന്‍) കവികള്‍ക്കായുള്ളതാണ് Pemmican എന്ന വെബ് സൈറ്റ്. സാമ്പ്രദായിക ശൈലികളില്‍ നിന്നു ഘടനയില്‍ നിന്നും ബിംബങ്ങളില്‍ നിന്നുമൊക്കെ ഉള്ള വിടുതലിനു ശ്രമിക്കുന്ന ഈ കവിതകള്‍ രാഷ്ട്രീയം ഒരു മുഖ്യവിഷയമായിത്തന്നെ കൈകാര്യം ചെയ്യുന്നു.

Monday, March 24, 2008

ഇരുപത്തിയഞ്ച് ലോകസിനിമകള്‍

എന്താണ് സിനിമ നമുക്ക് പകര്‍ന്നു തരുന്നത്?

പല തരം കാഴ്ചകള്‍ , വിഭ്രമങ്ങള്‍, ഉദ്വേഗങ്ങള്‍,ആഹ്ലാദങ്ങള്‍, വിസ്‌മയങ്ങള്‍, വേദനകള്‍, ഉത്ക്കണ്ഠകള്‍, അന്വേഷണങ്ങള്‍....

ലോക സിനിമയിലൂടെ സഞ്ചരിച്ചാല്‍ അത് അനുഭവങ്ങളിലൂടെയും സംസ്ക്കാരങ്ങളിലൂടെയും ചരിത്രത്തിലൂടെയും ഭൂപ്രദേശങ്ങളിലൂടെയും ഉള്ള നിതാന്തയാത്രകളായി പരിണമിക്കുന്നു.

സിനിമ കേവലം ഉല്ലസിക്കാനും നേരം പോക്കുന്നതിനുമുള്ള ഒരു ഉപാധി മാത്രമല്ല. മനുഷ്യരുടെ ബന്ധങ്ങളും സംഘര്‍ഷങ്ങളും രേഖപ്പെടുത്തിവച്ച ചലിക്കുന്ന ശിലാലിഖിതങ്ങളാണ് സിനിമ.

തര്‍ക്കോവ്സ്‌ക്കി ശരിയായി നിര്‍വചിച്ച പോലെ, കാലത്തില്‍ കൊത്തിവച്ച ശില്‍പ്പങ്ങള്‍.

ആയിരക്കണക്കിന് സിനിമകളാണ് ലോകത്ത് വിവിധ ഭാഷകളിലുണ്ടായിട്ടുള്ളത്. അവയുടെ ചരിത്രം മുഴുവനായി പഠിക്കുക എന്നത് ഒരായുസ്സു മുഴുവനെടുത്താലും തീരാത്ത കാര്യമാണ്.

ലോകസിനിമയിലുണ്ടായിട്ടുള്ള ഏറ്റവും പ്രധാനപ്പെട്ട ഇരുപത്തിയഞ്ച് സിനിമകളെയും അവയുടെ സംവിധായകരെയും പ്രാഥമികമായി പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വര്‍ക്കേഴ്സ് ഫോറം ഒരു പരമ്പര ആരംഭിക്കുന്നു. ശ്രീ. ജി.പി.രാമചന്ദ്രന്‍ രചിച്ച് ചിന്ത പബ്ലീഷേര്‍സ് പ്രസിദ്ധീകരിച്ച ‘25 ലോക സിനിമകള്‍‘ എന്ന പുസ്തകത്തിലെ തെരഞ്ഞെടുത്ത ചില അദ്ധ്യായങ്ങള്‍ പോസ്റ്റ് ചെയ്യുവാനാണ് ഉദ്ദേശിക്കുന്നത്. ഈ പരമ്പരയില്‍ പരാമര്‍ശിക്കപ്പെടുവാന്‍ പോകുന്ന സിനിമകളും മറ്റു ക്ലാസിക്കുകളും അവസരമുണ്ടാക്കി കാണുകയും അവയെക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ചെയ്യുന്നത് സിനിമ എന്ന കലാരൂപത്തെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാക്കുവാനും അതിന്റെ വ്യാകരണം കൂടുതല്‍ നന്നായി മനസ്സിലാക്കുവാനും സഹായിക്കും എന്ന് ഞങ്ങള്‍ കരുതുന്നു.

ഈ പരമ്പരയിലെ ആദ്യത്തെ പോസ്റ്റായി ഡി ഡബ്ല്യൂ ഗ്രിഫിത്തിന്റെ ദ ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന ചിത്രത്തെക്കുറിച്ചുള്ള കുറിപ്പ് പ്രസിദ്ധീകരിക്കുന്നു.

ദ ബര്‍ത്ത് ഓഫ് എ നാഷന്‍

ചലച്ചിത്ര പഠന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വൈഷമ്യവും സന്ദിഗ്ദ്ധതയും സൃഷ്ടിച്ചിട്ടുള്ള സിനിമകളിലൊന്നാണ് ഡി ഡബ്ല്യൂ ഗ്രിഫിത്തിന്റെ ദ ബര്‍ത്ത് ഓഫ് എ നാഷന്‍ (യു എസ് എ/1915/കറുപ്പും വെളുപ്പും/190 മിനുറ്റ്). ഡീപ്പ് ഫോക്കസ്, ജംപ് കട്ട്, മുഖത്തിന്റെ ക്ലോസപ്പ് തുടങ്ങി ചലച്ചിത്രഭാഷയുടെ അവിഭാജ്യഘടകങ്ങളായി ഇന്ന് കണക്കാക്കുന്ന പല രീതികളും ആദ്യമായി പരീക്ഷിച്ച മുഴുനീള കഥാചിത്രമെന്ന നിലക്ക് ദ ബര്‍ത്ത് ഓഫ് എ നാഷന്റെ പ്രാധാന്യം വലുതാണ്. മാത്രമല്ല, നാല്‍പതു മിനുറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള സിനിമ പ്രേക്ഷകര്‍ സ്വീകരിക്കും എന്നു തെളിയിക്കുകയും പിന്നീട് ദശകങ്ങളോളം തോല്‍പിക്കാന്‍ കഴിയാത്ത വിധത്തിലുള്ള വിപണിവിജയം കൈക്കലാക്കുകയും ചെയ്തതിലൂടെ ഒരു വ്യവസായമെന്ന നിലക്ക് സിനിമയുടെ ഭാവി രൂപീകരിച്ചെടുത്തതും ഈ സിനിമയാണെന്നു പറയാം. അതു തന്നെയാണ് ഏറ്റവും വലിയ വൈരുദ്ധ്യവും.

എന്തായിരുന്നു ദ ബര്‍ത്ത് ഓഫ് എ നാഷന്റെ ജനപ്രിയതയുടെ അടിസ്ഥാനം? വെളുത്ത വര്‍ഗക്കാരന്റെ മേധാവിത്ത മനോഭാവത്തെ അതിരുകടന്ന് ന്യായീകരിക്കുകയും വര്‍ണവെറിയെ അക്രമമാര്‍ഗങ്ങളിലൂടെ വ്യവസ്ഥാവല്‍ക്കരിച്ച കൂ ക്ലക്സ് ക്ലാന്‍ പോലുള്ള ഭീകരസംഘടനക്ക് ഊര്‍ജം പകരുകയും ചെയ്ത സിനിമയായിരുന്നു ദ ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന് ചരിത്രം വിലയിരുത്തി. അത് ഇടിമിന്നല്‍ കൊണ്ട് ചരിത്രം എഴുതും പോലെയാണ്, പക്ഷെ, ഖേദകരമെന്ന് പറയട്ടെ അത് അത്യന്തം വാസ്തവികവുമാണ് എന്ന് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് വൂഡ്രോ വില്‍സണ്‍ അഭിപ്രായപ്പെട്ടു എന്നു പറയപ്പെടുന്നു. ജനാധിപത്യത്തിന്റെ ലോകമാതൃകയായി കൊണ്ടാടപ്പെടുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ ദശകങ്ങളിലൊന്നും ഒരു കറുത്ത വര്‍ഗക്കാരനോ സ്ത്രീയോ പരിഗണിക്കപ്പെട്ടില്ല എന്നതിന് കാരണം അന്വേഷിച്ച് മറ്റെങ്ങും പോവേണ്ടതില്ലെന്നര്‍ത്ഥം. ഇരുപതാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ അമേരിക്കയിലെ വെളുത്ത വര്‍ഗക്കാര്‍ എത്രമാത്രം വര്‍ണവെറി പിടിച്ചവരായിരുന്നു എന്ന ചരിത്രസത്യം കണ്ണാടി പോലെ വെളിപ്പെടുത്തപ്പെടുന്ന സിനിമയാണ് ദ ബര്‍ത്ത് ഓഫ് എ നാഷന്‍. ലെനി റീഫന്‍സ്റ്റാളിന്റെ ട്രയംഫ് ഓഫ് വില്‍ പോലുള്ള സിനിമകളിലും എസ്രാ പൌണ്ടിന്റെ കവിതകളിലും ഉള്ളതുപോലെ പൈശാചികതയെ മഹത്വവല്‍ക്കരിക്കുന്ന സൌന്ദര്യബോധമാണ് ദ ബര്‍ത്ത് ഓഫ് എ നാഷനിലുമുള്ളത്.

തോമസ് ഡിക്സന്റെ ദ ക്ലാന്‍സ് മാന്‍, ദ ലെപ്പേര്‍ഡ്‌സ് സ്പോട്ട് എന്നീ കൃതികളെ ആസ്പദമാക്കിയെടുത്ത ദ ബര്‍ത്ത് ഓഫ് എ നാഷനില്‍ കറുത്ത വര്‍ഗക്കാര്‍ക്ക് അവകാശങ്ങളോ മൂല്യങ്ങളോ ഇല്ലെന്നു കരുതുന്ന തെക്കനമേരിക്കക്കാരനായ ഒരു വെളുത്ത വര്‍ഗക്കാരന്റെ കാഴ്ചപ്പാടുകളാണ് ഉയര്‍ത്തിപ്പിടിക്കുന്നത്. വെളുത്ത നടികളുടെ കൂടെ അഭിനയിക്കേണ്ടതുകൊണ്ട് കറുത്ത വര്‍ഗക്കാരുടെ കഥാപാത്രങ്ങളായി വെളുത്തവരെ തന്നെ കറുപ്പു ചായം മുഖത്തു തേപ്പിച്ച് അവതരിപ്പിക്കുകയായിരുന്നു (വംശീയമിശ്രണവും 'മലിനീകരണ'വും ഒഴിവാക്കാന്‍) ഗ്രിഫിത്ത് ചെയ്തത് എന്നതില്‍ നിന്ന് അദ്ദേഹത്തെ ഗ്രസിച്ചിരുന്ന വര്‍ണവെറിയും എത്രമാത്രം ആഴത്തിലുള്ളതായിരുന്നു എന്നു മനസ്സിലാക്കാം. അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ചിന്തകളില്‍ നിന്നാണ്. കറുത്ത വര്‍ഗക്കാരൊഴിച്ച് എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെട്ടവരായിരുന്നു എന്നാണ് ആ രാഷ്ട്രത്തിന്റെ പിതാക്കളും പ്രപിതാക്കളും വിശ്വസിച്ചതും പ്രചരിപ്പിച്ചതും. ഈ സിനിമയിലെ ഏറ്റവും വിവാദജനകമായ രംഗം കാമാര്‍ത്തി പിടിച്ച കറുത്തവരാല്‍ വളയപ്പെട്ട വെള്ളക്കാരുടെ ഒരു കുടുംബം ഒരു മുറിയില്‍ കുടുങ്ങിയതും അവരെ രക്ഷിച്ചെടുക്കാനായി കൂ ക്ലക്സ് ക്ലാനുകാര്‍ നടത്തുന്ന ശ്രമത്തിന്റെയും ഉദ്വേഗജനകമായ സമാന്തരദൃശ്യങ്ങളാണ്. സിനിമയിറങ്ങിയ കാലത്ത്, മന്ദീഭവിച്ചു കിടന്നിരുന്ന കൂ ക്ലക്സ് ക്ലാനിന്റെ പ്രവര്‍ത്തനത്തിന് പ്രേരകോര്‍ജം പകര്‍ന്നത് ഈ രംഗമായിരുന്നത്രെ.

ഒരു ക്യാമറക്കുമുമ്പില്‍ കളിക്കപ്പെടുന്ന ഒരു നാടകം അല്ലെങ്കില്‍ ഒരു കഥാവതരണം മാത്രമായിരുന്ന സിനിമയെ, ചലച്ചിത്രങ്ങളില്‍ ഇന്ന് സര്‍വസാധാരണമായ ഭാഷയിലേക്ക് പരിവര്‍ത്തനപ്പെടുത്തിയ ആദ്യസംവിധായകരില്‍ പ്രമുഖനായിരുന്നു ഗ്രിഫിത്ത് എന്ന വസ്തുത ഈ പ്രതിലോമതകള്‍ക്കിടയിലും നാം കാണാതിരുന്നുകൂടാ. വൈഡ് ഷോട്ടില്‍ നിന്ന് നേരെ മീഡിയം ഷോട്ടിലേക്കും ക്ലോസപ്പിലേക്കും നീങ്ങാനും തനിക്ക് ഉള്‍പ്പെടുത്തണമെന്നുള്ള വിശദാംശങ്ങള്‍ അപ്പപ്പോള്‍ നിരത്താനും സംവിധായകനുള്ള സൌകര്യം ആദ്യമായി അദ്ദേഹം ഉറപ്പിച്ചെടുത്തു. ഒരേസമയത്ത് രണ്ടിടത്തായി നടക്കുന്ന കാര്യങ്ങളെ മുറിച്ചു മുറിച്ച് പരസ്പരം ഇടകലര്‍ത്തി അവതരിപ്പിക്കുന്നതിലൂടെ കാണിക്ക് ലഭ്യമാവുന്ന ഉദ്വേഗം ദ ബര്‍ത്ത് ഓഫ് എ നാഷനിലാണ് പരീക്ഷിക്കപ്പെട്ടത്. ഗംഭീരമായ ദൃശ്യസൌന്ദര്യവും ആഖ്യാനചൈതന്യവുമുള്ള സിനിമയാണ് ദ ബര്‍ത്ത് ഓഫ് എ നാഷന്‍. അമേരിക്കയിലെ തെക്കു നിന്നും വടക്കു നിന്നുമുള്ള രണ്ടു കുടുംബങ്ങളുടെ ആഭ്യന്തരയുദ്ധാനുഭവങ്ങളുടെയും അവരുടെ സൌഹൃദത്തിന്റെയും പിന്നീട് രാഷ്ട്രരൂപീകരണവേളയില്‍ അവര്‍ വിരുദ്ധ പക്ഷങ്ങളിലാവുന്നതിന്റെയും യുദ്ധരംഗത്ത് രണ്ടു കുടുംബങ്ങളിലെ മക്കളും ഒരേ സമയത്ത് മരിച്ചു വീഴുന്നതിന്റെയും കഥയാണതില്‍ വിവരിക്കുന്നത്. യഥാര്‍ത്ഥ ലൊക്കേഷനുകളില്‍ ദൃശ്യവല്‍ക്കരിച്ച യുദ്ധരംഗങ്ങള്‍ ഇന്നും വിസ്മയകരമായി തുടരുന്നു. അബ്രഹാം ലിങ്കണ്‍ കൊല്ലപ്പെടുന്ന ദൃശ്യം സിനിമയിലുണ്ട്. രാഷ്ട്രത്തിന്റെ പുനര്‍ നിര്‍മാണവേളയില്‍ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരെ അമേരിക്കന്‍ നാഗരികതയുടെ അവിഭാജ്യഭാഗമായി അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന വെളുത്ത നിറമുള്ളവരുടെ വീക്ഷണമാണ് ഗ്രിഫിത്ത് പിന്തുടരുന്നത്. ആദ്യപകുതിയില്‍ കറുത്തവരെ പിന്നണിയിലേക്ക് തള്ളിനീക്കിയ ആഖ്യാനതന്ത്രം രണ്ടാം പകുതിയില്‍ അവരെ വെളുത്ത സ്ത്രീകളെ കാമാര്‍ത്തിയോടെ ആക്രമിക്കുന്ന ഭീകരരായി ചിത്രീകരിക്കുന്നു. അടിമകളെ വിമോചിപ്പിച്ചത് തെറ്റായി എന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്.

ഡി ഡബ്ള്യൂ ഗ്രിഫിത്ത്

1875 ജനുവരി 22ന് കെന്റക്കി സംസ്ഥാനത്തെ ലാ ഗ്രേഞ്ചില്‍ ജനിച്ച ഡി ഡബ്ല്യൂ ഗ്രിഫിത്ത് അച്ഛന്റെ അകാലമരണത്തെത്തുടര്‍ന്ന് കടുത്ത ദാരിദ്ര്യത്തിനിടയിലാണ് ബാല്യം കഴിച്ചുകൂട്ടിയത്. തിരക്കഥാകൃത്തും നടനുമായി സ്വയം പരീക്ഷിച്ച് പരാജയപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സംവിധാനത്തിലേക്കു തിരിഞ്ഞത്. 1908 നും 1913 നുമിടയില്‍ ബയോഗ്രാഫ് കമ്പനിക്കു വേണ്ടി 450 ഹ്രസ്വ ചിത്രങ്ങള്‍ അദ്ദേഹം നിര്‍മിച്ചു. ക്രോസ് കട്ടിംഗ്, ക്യാമറയുടെ ചലനം, ക്ലോസ് അപ്പുകള്‍ എന്നിങ്ങനെയുള്ള സിനിമാ ടെക്നിക്കുകളില്‍ അദ്ദേഹം പരിണതപ്രജ്ഞനായത് അങ്ങനെയാണ്. ഒന്നു രണ്ടു നീളമുള്ള സിനിമകള്‍ അദ്ദേഹം എടുത്തെങ്കിലും അത്തരം സിനിമകള്‍ വിജയിക്കുമെന്നതില്‍ ബയോഗ്രാഫ് കമ്പനിക്ക് സംശയങ്ങളുണ്ടായിരുന്നു. നടന്മാരെയും കൊണ്ട് കമ്പനി വിട്ട ഗ്രിഫിത്ത് സ്വന്തം കമ്പനി രൂപീകരിക്കുകയും ക്ലാന്‍സ്‌മാന്‍ എന്ന ആദ്യ പേരിലും പിന്നീട് ബര്‍ത്ത് ഓഫ് എ നാഷന്‍ എന്ന പേരിലും ഉള്ള ഫീച്ചര്‍ സിനിമ നിര്‍മ്മിക്കുകയും ചെയ്തു. 'ഞങ്ങളുടെയെല്ലാവരുടെയും അദ്ധ്യാപകന്‍' എന്ന് ചാര്‍ളി ചാപ്ലിന്‍ വിശേഷിപ്പിച്ച ഗ്രിഫിത്ത് ആണ് കഥാ സിനിമയുടെ ഭാഷക്കും വ്യാകരണത്തിനും അടിത്തറ പാകിയത്. കടുത്ത വലതുപക്ഷക്കാരനും വര്‍ണവെറിക്കാരനുമായിട്ടും ചരിത്രത്തില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചത് ഈ കാരണത്താലാണ്. പ്രധാന സിനിമകള്‍ : ഇന്‍ ഓള്‍ഡ് കാലിഫോര്‍ണിയ (1910), ബര്‍ത്ത് ഓഫ് എ നാഷന്‍ (1915), ഇന്‍ടോളറന്‍സ് (1916), അമേരിക്ക (1924), അബ്രഹാം ലിങ്കണ്‍ (1930). 1948 ജൂലൈ 23ന് അന്തരിച്ചു.

Sunday, March 23, 2008

ഫ്രീ മാര്‍ക്കറ്റ് സങ്കല്പങ്ങള്‍ക്ക് കാലിടറുമ്പോള്‍....

എവിടെപ്പോയി കളിച്ചാലും അവസാനം സമ്മാനം വാങ്ങാന്‍ ഇവിടെ തന്നെ വരണം എന്നു പറയാറില്ലേ? എത്ര പിണങ്ങിയാലും ശരിക്കും സ്നേഹമുണ്ടെങ്കില്‍ അവസാനം തിരിച്ചുവരും എന്ന്. അല്ലെങ്കില്‍ അപകടത്തില്‍ പെട്ടാല്‍ കൈമെയ് മറന്ന് സഹായിക്കും എന്ന്?

അമേരിക്കയിലും സംഭവിക്കാന്‍ പോകുന്നത് അതാണെന്നാണ് സാമ്പത്തിക രംഗത്തെ ചിലരെങ്കിലും മുന്‍‌കൂട്ടി കാണുന്നത്. ഒ ഹെന്‍‌ട്രിയുടെ കഥകളിലെപ്പോലെ ഒരു ട്വിസ്റ്റ് അമേരിക്കന്‍ സാമ്പത്തിക രംഗത്തിലും സംഭവിക്കുമോ? അത്തരത്തിലുള്ള ഒരു ട്വിസ്റ്റിനു മാത്രമേ അമേരിക്കയെ അത് ഇന്നു പെട്ടിരിക്കുന്ന ഏടാകൂടത്തില്‍ നിന്നും രക്ഷിക്കാന്‍ കഴിയൂ എന്നവര്‍ വിശ്വസിക്കുന്നു...

സസ്പെന്‍സ് നീട്ടുന്നില്ല...കാര്യത്തിലേക്ക് വരാം..

മാര്‍ട്ടിന്‍ വൂള്‍ഫ് (Martin Wolf) പേരു സൂചിപ്പിക്കുന്നതുപോലെ സാമ്പത്തിക വിശകലനരംഗത്തെ ഒരു ചെന്നായ ആണ്. നൌറീല്‍ റൌബിനി (Nouriel Roubini)ആകട്ടെ ന്യൂ‍യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ എക്കണോമിക്സ് പ്രൊഫസറും. ഫൈനാന്‍ഷ്യല്‍ ടൈംസില്‍ അവര്‍ രണ്ടു പേരും ചേര്‍ന്ന് തുടങ്ങിവെച്ചിരിക്കുന്ന ഒരു ചര്‍ച്ചയില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഒരു നിഗമനം കമ്പോളശക്തികള്‍ ലോകത്തെ രക്ഷിക്കും എന്ന് വിശ്വസിക്കുന്ന പലര്‍ക്കും ഒരു പ്രഹരമായിരിക്കും.

2006 ജൂലൈയില്‍ തന്നെ റൌബിനി അമേരിക്ക ഒരു സാമ്പത്തിക മാന്ദ്യത്തിലേക്ക് മുതലക്കൂപ്പ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് പ്രവചിച്ചിരുന്നു. പക്ഷെ മറ്റു പലരെയും പോലെ വൂള്‍ഫും അതത്ര കാര്യമാക്കിയില്ല. പക്ഷെ കഴിഞ്ഞ 20 മാസത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ റൌബിനി പറഞ്ഞത് ശരിയായിരുന്നു എന്നും അദ്ദേഹത്തെ തികച്ചും ഗൌരവമായി എടുക്കേണ്ടിയിരിക്കുന്നു എന്നും മാര്‍ട്ടിന്‍ വൂള്‍ഫ് 2008 ഫെബ്രുവരി 18ന് ഫൈനാന്‍ഷ്യല്‍ ടൈംസിലെ തന്റെ പംക്തിയില്‍ എഴുതുന്നു. ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ദരൊക്കെ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു പംക്തി ആണിത്.

റൌബിനിയുടെ പ്രവചനം ശരിയാണെന്ന് പറയുക മാത്രമല്ല വൂള്‍ഫ് ചെയ്തത്..അമേരിക്കയിലെ സബ് പ്രൈം ഹൌസിങ്ങ് കുഴപ്പങ്ങള്‍ ഒരു ബബിള്‍ അല്ലെന്നും ജലോപരിതലത്തിലെ നുരയും പതയും മാത്രാണവയെന്നും അവകാശപ്പെട്ടിരുന്ന ഫെഡറല്‍ റിസര്‍വ് തലവനായിരുന്ന അലന്‍ ഗ്രീന്‍‌സ്പാനിന്റെ വാദങ്ങള്‍ തെറ്റായിരുന്നു എന്നും വൂള്‍ഫ് എഴുതുന്നു.

2008 ഫെബ്രുവരി 5ന് തന്നെ റൌബിനി അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ഒരു സാമ്പത്തിക മാന്ദ്യത്തിലാണെന്നും വലിയ ഒരു പൊട്ടിത്തെറിയിലേക്ക് അത് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നും അത് ചെന്നവസാനിക്കുക സാമ്പത്തികവും ധനപരവും ആയ അത്യന്തം സ്ഫോടനാത്മകവും വിനാശകരവുമായ ഒരു പരിണാമത്തിലേക്കാ‍യിരിക്കും എന്നും പ്രവചിച്ചിരുന്നു.

തന്റെ പ്രശസ്തമായ കോളത്തില്‍ കുഴപ്പത്തിലേക്കുള്ള മാര്‍ച്ച് താഴെപ്പറയുന്നവയുള്‍പ്പെടെ 12 ഘട്ടങ്ങളിലൂടെ ആയിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.


ഹൌസിങ്ങ് രംഗത്ത് ആനുഭവപ്പെടുന്ന സാമ്പത്തിക മാന്ദ്യത്തിലൂടെ കുടുംബവരുമാനത്തില്‍ 4ട്രില്യണും 6 ട്രില്യണും ഇടക്കുള്ള കുറവ് ഉണ്ടാകുകയും ദശലക്ഷക്കണക്കിന് ആളുകള്‍ വീടുകളുടെ താക്കോല്‍ ബാങ്കുകളെ തിരിച്ചേല്‍പ്പിക്കുകയും ഭവന നിര്‍മ്മാതാക്കള്‍ പാപ്പരാവുകയും ചെയ്യും.

ഹൌസിങ്ങ് ലോണ്‍ നല്‍കിയവകയില്‍ 300 ബില്യണും ക്രെഡിറ്റ് കാര്‍ഡ് കുഴപ്പങ്ങളില്‍ മറ്റൊരു150 ബില്യണും കിട്ടാക്കടമാകുന്നതോടെ മൂലം ധനലഭ്യത ഇല്ലാതാവുകയും വായ്പാദാരിദ്ര്യം(credit crunch) വ്യാപകമായി അനുഭവപ്പെടുകയും ചെയ്യും.

വായ്പകള്‍ ഇന്‍ഷുര്‍ ചെയ്തിരുന്ന ഏജന്‍സികളുടെ ഉന്നത റേറ്റിംഗ് സ്വാഭാവികമായും നഷ്ടപ്പെടുകയും അങ്ങനെ മറ്റൊരു 150 ബില്യണ്‍ നഷ്ടമാവുകയും ചെയ്യും.

വാണിജ്യാവശ്യങ്ങള്‍ക്കായുള്ള ആസ്തികളുടെ കമ്പോളത്തില്‍ (Commercial property market) വന്‍ വിലയിടിവ് അനുഭവപ്പെടും.

ഒരു വലിയ ബാങ്ക് പാപ്പരാവും.
അതിനെ രക്ഷിച്ചെടുക്കാനുള്ള ശ്രമത്തില്‍ നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ കുരുങ്ങിക്കിടക്കും.

കോര്‍പ്പറേറ്റ് ബോണ്ടുകളുടെ മേഖലയില്‍ വരുന്ന defaults മൂലം credit default swap insurers ന് 250 ബില്യണിന്റെ നഷ്ടം ഉണ്ടാവും, തുടര്‍ന്ന് ധാരാളം ആളുകള്‍ പാപ്പരാവും.

കേന്ദ്ര ബാങ്കുകളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഹെഡ്‌ജ് ഫണ്ടുകളുടെ തകര്‍ച്ച മൂലം ഓഹരികളുടേയും സെക്യൂരിറ്റികളുടേയും വിലയില്‍ വന്‍തകര്‍ച്ച ഉണ്ടാവും.

ധനവിപണിയിലൊട്ടാകെ ധനദൌര്‍ലഭ്യം (acute illiquidity) ഒരു വലിയ പ്രശ്നമായി ഉയര്‍ന്നു വരും.

ചുരുക്കത്തില്‍ സാമ്പത്തിക മാന്ദ്യം(recession) വിലയിടിവിനേയും(financial losses) വിലയിടിവ് സാമ്പത്തിക മാന്ദ്യത്തേയ്യും മൂര്‍ച്ഛിപ്പിക്കുന്ന ഒരു വിഷമവൃത്തത്തിലേക്ക് (vicious circle) സമ്പദ്‌വ്യവസ്ഥ പ്രവേശിക്കും.

അന്നദ്ദേഹം കണക്കുകൂട്ടിയ മൊത്തം നഷ്ടം ഒരു ട്രില്യണ്‍ ഡോളര്‍ ആയിരുന്നു. ഇപ്പോഴത്തെ പോക്കനുസരിച്ച് അത് 3 ട്രില്യണ്‍ ആകാം. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ അമേരിക്കക്ക് സാധിക്കുമോ?

ഇല്ല എന്നാണുത്തരം എന്ന് റൌബിനി പറയുന്നു...അതിനൊരു കാരണം ഫെഡറല്‍ റിസര്‍വിന് ധനലഭ്യതയെ(liquidity) മാത്രമെ കൈകാര്യം ചെയ്യാനാവൂ..solvency സംബന്ധിച്ച പ്രശ്നങ്ങള്‍.. അതായത് ഇപ്പോള്‍ ഉള്ള കടം മൂലം ഭാവിയില്‍ ഉണ്ടാകാന്‍ പോകുന്ന ബാദ്ധ്യതകളെ കൈകാര്യം ചെയ്യുവാന്‍ അതിനാവില്ല. മറ്റൊന്ന് ധനോപകരണങ്ങളുടെ വിനിമയത്തില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ തന്നെ ഒരു വന്‍ പ്രതിസന്ധിയിലാണ് എന്നതാണ്. ഈ രണ്ടാമത്തെ കാരണം കൂടുതല്‍ ഗുരുതരവും അല്പം വിശദീകരണം ആവശ്യപ്പെടുന്നതുമാണ്.

ഡെറിവേറ്റീവുകളുടെ മായാലോകം

ലോകസാമ്പത്തികരംഗം എന്നത് ധനോപകരണങ്ങളുടെ കൈമാറ്റത്തില്‍ അധിഷ്ഠിതമായ ഒന്നാണെന്ന് ആദ്യമേ പറഞ്ഞല്ലോ. റൌബിനി പറയുന്നത് ഈ രംഗത്തെ നിയന്ത്രിക്കുന്നത് ഡെറിവേറ്റീവുകള്‍**** ആണെന്നാണ്. എന്താണ് ഈ ഡെറിവേറ്റീവുകള്‍? തല പുകയ്ക്കുന്ന ഒന്നാണിത്. ഡെറിവേറ്റീവുകള്‍ എന്നത് ഒരു ധനോപകരണം ആണെങ്കിലും അതിന്റെ മൂല്യം എത്ര എന്ന് ഒറ്റയടിക്ക് പറയുവാന്‍ സാദ്ധ്യമല്ല. കാരണം അതിന്റെ മൂല്യം മറ്റു പലതില്‍ നിന്നുമാണ് ഉണ്ടാകുന്നത്. ഓരോ ഡെറിവേറ്റീവും എന്തിന്റെ അടിസ്ഥാനത്തിലാണോ ഉണ്ടാക്കിയിരിക്കുന്നത് അവയുടെ മൂല്യത്തില്‍ അല്ലെങ്കില്‍ നിലവാരത്തില്‍ വരുന്ന വ്യത്യാസങ്ങള്‍ ഡെറിവേറ്റീവിന്റെ മൂല്യത്തേയും ബാധിക്കും. ഉദാഹരണമായി ഒരു ഡെറിവേറ്റീവിന്റെ അടിസ്ഥാനം ഏതെങ്കിലും ചരക്ക് ആണെങ്കില്‍ അതിന്റെ വിലയിലെ വ്യത്യാസം ഡെറിവേറ്റീവിന്റെ വിലയിലും മാറ്റം വരുത്തും. സ്റ്റോക്കുകള്‍, ബോണ്ടുകള്‍ എന്നിവയാണടിസ്ഥാനമെങ്കില്‍ അവയുടെ മൂല്യത്തിന്റെ കാര്യത്തിലെ വ്യത്യാസം ഇതേപോലെ ഡെറിവേറ്റീവിന്റെ മൂല്യത്തെയും ബാധിക്കും. തികച്ചും “വട്ടുപിടിച്ചത്” എന്നു പറയാവുന്നതാണ് ഈ ഡെറിവേറ്റീവുകളുടെ ഇപ്പോഴത്തെ അവസ്ഥ. സ്റ്റോക്ക് മാര്‍ക്കറ്റ് സൂചികയും എക്സ്ചേഞ്ച് റേറ്റുകളും, പലിശനിരക്കുകളും എന്തിന് കാലാവസ്ഥാ സൂചിക വരെ അടിസ്ഥാനമായുള്ള ഡെറിവേറ്റീവുകള്‍ ഉണ്ട്. . സാമ്പത്തിക രംഗത്തെ സര്‍വവിനാശകായുധം എന്നാണ് വാറന്‍ ബഫറ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇപ്പോള്‍ ഉറങ്ങിക്കിടക്കുകയാണെങ്കിലും എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിച്ചേക്കാവുന്ന ഒരു അഗ്നിപര്‍വതം.(Derivatives are financial Weapons of Mass Destruction , ‘now latent’ but ‘are potentially lethal’.)

ഒന്നും മനസ്സിലായില്ലേ? വിഷമിക്കേണ്ട. ഇതിനെക്കുറിച്ചുള്ള ശരിയായ അറിവ് ഇല്ലാത്തവരാണ് മിക്കവാറും രാഷ്ട്രീയക്കാരും, എക്സിക്യൂട്ടീവുകളും, പോര്‍ട്ട്ഫോളിയോ മാനേജര്‍മാരുമൊക്കെ!

മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ തകരാറ് , തട്ടിപ്പ് പുറത്ത് വരുന്നതുവരെ വളരെ ‘മാന്യമായ’ കാര്യങ്ങളായി കരുതപ്പെടും ഈ വക ഏര്‍പ്പാടുകളൊക്കെ എന്നതാണ്. ഇവ കൊണ്ടു വരാന്‍ പോകുന്ന സൌഭാഗ്യങ്ങളെക്കുറിച്ച് എഴുതിപിടിപ്പിക്കാന്‍ നിരവധി വിദഗ്ദര്‍ സര്‍വസന്നദ്ധരായി ഉണ്ടാകും. കുമിള പോട്ടുമ്പോള്‍ മുടന്തന്‍ ന്യാ‍യങ്ങളുമായി മുന്നോട്ട് വരാനുള്ള വകുപ്പുകള്‍ അവര്‍ തങ്ങളുടെ വിശകലനത്തിന്റെ വരികള്‍ക്കിടയില്‍ സമര്‍ത്ഥമായി എഴുതിപ്പിടിപ്പിച്ചിട്ടുമുണ്ടാകും.ഉദാഹരണമായി കോലാറ്ററൈസ്‌ഡ് ഡെബ്റ്റ് ഒബ്ലിഗേഷന്‍സ് എന്ന മഹാ തട്ടിപ്പ് സംഭവം വഴിയാണ് അമേരിക്കയിലെ സബ് പ്രൈം ലോണുകളുടെ ബാധ്യത മറ്റു ഭൂഖണ്ഡങ്ങളിലേക്ക് വരെ പകര്‍ന്നു കൊടുത്തിരുന്നത്. ചുരുക്കത്തില്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്ത് നടക്കുന്ന അത്യന്താധുനികമായ ഏര്‍പ്പാടുകളൊക്കെ ഒരു തരം ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈല്‍ പോലാണെന്ന്. കുരു പൊട്ടുന്നത് അമേരിക്കയിലാണെങ്കിലും അന്റാര്‍ട്ടിക്കയിലുള്ളവന്റെ ചിരിയും നില്‍ക്കും. പൊട്ടുമ്പോഴേ മനസ്സിലാവൂ എന്ന് മാത്രം.

ഭാവനാശാലികള്‍ കൂടുതല്‍ കൂടുതല്‍ എക്സോട്ടിക്ക് ആയ ഡെറിവേറ്റീവുകള്‍ കണ്ടുപിടിച്ചുകൊണ്ടിരിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കച്ചവടവും കൈമാറ്റവുമൊക്കെ നടത്തിക്കൊണ്ടിരിക്കുകയുമാണ്. അങ്ങിനെ ഡെറിവേറ്റീവുകളുടേതായ മായാ സമ്പദ് വ്യവസ്ഥ യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയെ അപേക്ഷിച്ച് പല മടങ്ങ് വലുതും തല പെരുപ്പിക്കുന്നതുമായിരിക്കുകയാണ്.

വട്ടിളക്കുന്ന വലിപ്പം

ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റിന്റെ [BIS]കണക്കനുസരിച്ച് ഡെറിവേറ്റീവുകളുടെ മൂല്യം 2002ല്‍ 100 ട്രില്യണ്‍ ആയിരുന്നതില്‍ നിന്ന് 2007ല്‍ 516 ട്രില്യണ്‍ ആയിരിക്കുകയാണ്. 500% വര്‍ദ്ധന...അഞ്ച് വര്‍ഷത്തില്‍.ഇതൊന്നും തന്നെ ബാങ്കുകളുടെയോ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടേയോ ബാലന്‍സ് ഷീറ്റില്‍ വന്നിട്ടില്ല. ഈ സംഖ്യയുടെ വലിപ്പം അറിയണമെങ്കില്‍ നമുക്കറിയാവുന്ന മറ്റു ചില കണക്കുകളുമായി താരതമ്യപ്പെടുത്തിനോക്കണം. മൊത്തം ഡെറിവേറ്റീവുകള്‍ ആഗോള മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ(50 ട്രില്യണ്‍) 10 ഇരട്ടിയാണ്. ആഗോള റിയല്‍ എസ്റ്റേറ്റ് വിലയുടെ (75 ട്രില്യണ്‍) 7 മടങ്ങാണ്. ലോകത്തിലെ മൊത്തം സ്റ്റോക്കുകളുടെ മൂല്യത്തിന്റെ(100 ട്രില്യണ്‍) അഞ്ച് ഇരട്ടിയാണ്. അമേരിക്കയുടെ ഫെഡറല്‍ ബഡ്ജറ്റിന്റെ (3 ട്രില്യണ്‍) 172 ഇരട്ടിയാണ്. അങ്ങിനെ എത്ര വേണേല്‍ പറഞ്ഞുകൊണ്ടിരിക്കാം. ഈ മായാ സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം സ്തംഭിപ്പിക്കുന്നതാണെന്നു മാത്രമല്ല, അത് പൊട്ടുമ്പോള്‍ എന്തിനെയൊക്കെ ഇല്ലാതാക്കും എന്നത് അപ്രവചനീയവുമാണ്.

ഒരു ദശകം മുന്‍പ് Long Term Capital Management [LTCM] എന്ന പേരുള്ള ഹെഡ്ജ് ഫണ്ട് തകര്‍ന്നപ്പോള്‍ നഷ്ടം 5 ബില്യണ്‍ മാത്രമായിരുന്നു. എന്നിട്ടും അത് ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നു കുലുക്കി. അന്ന് വെറും ബില്യണിനു ചെയ്യാന്‍ കഴിഞ്ഞത് ഇന്ന് അതിലുമെത്രയോ വലിയ ട്രില്യണു ചെയ്യാന്‍ കഴിയില്ലെന്നാണോ? ലോകത്തിലെ എല്ലാ സര്‍ക്കാരുകളും കേന്ദ്ര ബാങ്കുകളും ഒരുമിച്ച് ചേര്‍ന്ന് ശ്രമിച്ചാലും നിയന്ത്രിക്കാനാവാത്ത വിധം ഭീമാകാരമാണ് ഈ ഡെറിവേറ്റീവുകളുടെ മായാപ്രപഞ്ചം. സാധാരണ ഗതിയില്‍ യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയുടെ (actual economy)നിയന്ത്രണത്തിലായിരിക്കും അതില്‍ നിന്നും ഉറവെടുക്കുന്നവയെല്ലാം. നേരെ തിരിച്ചായാലോ? ഇവിടെ virtual economy യഥാര്‍ത്ഥ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുകയല്ലേ?

മാര്‍ട്ടിന്‍ വൂള്‍ഫ് പറയുന്നത് “ ഒരു പതനം ആരംഭിക്കുകയാണെങ്കില്‍ ലോകത്തിലെ ഒരു ശക്തിക്കും അതിനെ തടയാനോ ശരിയാക്കാനോ സാധ്യമല്ല എന്നാണ്. മുകളില്‍ പറഞ്ഞ കണക്കുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാവും അത്. വൂള്‍ഫിന്റെ മുന്നറിയിപ്പും വാറന്‍ ബഫറ്റിന്റെ സമ്പദ്‌വ്യവസ്ഥയിലെ സര്‍വവിനാശകായുധങ്ങള്‍ എന്ന പ്രയോഗവും ചേര്‍ത്ത് വായിച്ചാല്‍ ലോക സമ്പദ്‌വ്യവസ്ഥയുടെ ചങ്കിടിപ്പിന്റെ ശബ്ദം കേള്‍ക്കാം.

തപ്പിക്ക വഴിയെന്ന?

തമിഴന്‍ ചോദിക്കുന്നതുപോലെ തപ്പിക്ക വഴിയെന്ന? യേതാവത് വഴിയിരുക്കാ? “പല വഴികള്‍ ഉണ്ട്” എന്ന് വൂള്‍ഫ് പറയുന്നു..സന്തോഷിക്കാന്‍ വരട്ടെ...ചില പ്രശ്നങ്ങളൊക്കെ അതിലുണ്ട്..‍. “ഇതിന്റെയൊക്കെ അവസാനം സര്‍ക്കാരുകള്‍ ഉരുക്കുമുഷ്ടി ഉപയോഗിച്ച് ഈ പ്രതിസന്ധികള്‍ പരിഹരിക്കും. അമേരിക്കയുടെ പൊതുമേഖല രക്ഷകനായി അവതരിക്കും.“എന്നാണ് വൂള്‍ഫിന്റെ ഒരു കണക്ക് കൂട്ടല്‍. പൊതുമേഖലയോ എന്നാണോ ചോദിക്കാന്‍ വരുന്നത്? അതും ലോകത്തിലെ ഏറ്റവും കര്‍മ്മകുശലര്‍ നയിക്കുന്ന ഒരു സാമ്പത്തിക കമ്പോളത്തെ? ലോകത്തിലെ ഏറ്റവും സ്വതന്ത്രമായ ഒരു സമ്പദ് വ്യവസ്ഥയെ? തമാശ പറയല്ലെ സഹോദരാ എന്നാണെങ്കില്‍..വൂള്‍ഫ് വീണ്ടും പറയുന്നു..അതെ സഹോദരാ...അവസാനം ജയിക്കാന്‍ പോകുന്നത് അവരായിരിക്കും. വൂള്‍ഫ് ഇത് പറഞ്ഞത് 2008 ഫെബ്രുവരി 20ന്. സ്വതന്ത്ര കമ്പോളം വരുത്തിവെക്കുന്ന കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഭരണകൂടങ്ങള്‍...ഒന്നാം തരമൊരു മുതലാളിത്ത വാദിയുടെ കുറ്റസമ്മതം പോലെ തോന്നുന്നില്ലേ?

ഓര്‍മ്മയില്ലേ 18 വര്‍ഷം മുന്‍പ് യു.എസ്.എസ്.ആറിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സ്വതന്ത്ര കമ്പോള വ്യവസ്ഥ ഉത്തരമായി ചൂണ്ടിക്കാട്ടിയതും അത് നടപ്പിലാക്കിയതുമൊക്കെ? ഒരു 360 ഡിഗ്രി തിരിഞ്ഞു വന്നപ്പോള്‍ കഥ മൊത്തം മാറി അല്ലേ? രസകരമായി തോന്നുന്നുവെങ്കില്‍ തുടര്‍ന്ന് വായിക്കുക...

നഷ്ടത്തിന്റെ ദേശസാല്‍ക്കരണം?

2008 മാര്‍ച്ച് 11ലെ തന്റെ ലേഖനത്തില്‍ അദ്ദേഹം പറയുന്നു, “ഗവര്‍മ്മെണ്ട് ഒരു രക്ഷാപ്രവര്‍ത്തനം തുടങ്ങേണ്ടിയിരിക്കുന്നു. അതിനേറ്റവും യുക്തിസഹമായ വഴി എല്ലാ നഷ്ടങ്ങളേയും ദേശസാല്‍ക്കരിക്കുക എന്നതാണ്.” ദേശസാല്‍ക്കരണം? നഷ്ടത്തെ മാത്രം? അതും മറ്റെല്ലാവര്‍ക്കും സ്വതന്ത്ര കമ്പോള വ്യവസ്ഥയുടെ, പൊതുമേഖലയുടെയും സര്‍ക്കാരുകളുടേയും സ്വകാര്യവല്‍ക്കരണത്തിന്റെ വേദമന്ത്രം ഓതിക്കൊടുക്കുന്ന അമേരിക്കയില്‍?

പക്ഷെ നഷ്ടത്തെ മാത്രം ദേശസാല്‍ക്കരിക്കുന്നത് എങ്ങനെ ശരിയാകും? മറ്റുള്ളവന്റെ പണം കൊണ്ടു കളഞ്ഞവന്റെ പക്കല്‍ തന്നെ സ്ഥാ‍പനങ്ങളുടെ ഉടമസ്ഥത നിലനിര്‍ത്തിക്കൊണ്ട്? റൌബിനിയും പറയുന്നത് അമേരിക്കന്‍ ബാങ്കിങ്ങ് രംഗത്തിന്റെ ദേശസാല്‍ക്കരണം- ആദ്യം പരോക്ഷമായും പിന്നെ പ്രത്യക്ഷമായും- ആയിരിക്കും ഈ സാമ്പത്തിക തകര്‍ച്ച കഴിഞ്ഞാല്‍ ഉണ്ടാകാന്‍ പോകുന്നതെന്ന് പല നിരീക്ഷകരും പറയുന്നു എന്നാണ്.

എന്തായാലും ഭരണകൂടം വീണുകൊണ്ടിരിക്കുന്ന അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുന്നു. വാള്‍‌സ്ട്രീറ്റിലേക്ക് സര്‍ക്കാരിന്റെ ഒരു വമ്പന്‍ കടന്നുകയറ്റം അനിവാര്യമായിരിക്കുന്നു. അല്ലെങ്കില്‍ അത് തുടങ്ങിക്കഴിഞ്ഞു.

എന്താണിതിന്റെ ഒക്കെ അനന്തരഫലം? മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ തലസ്ഥാനമായ അമേരിക്കന്‍ ബാങ്കിംഗ് രംഗം തന്നെ ദേശസാല്‍ക്കരിച്ചാല്‍ പിന്നെ അമേരിക്കയില്‍ മുതലാളിത്തത്തിനു ബാക്കി എന്തുണ്ടാവും? അമേരിക്കന്‍ മുതലാളിത്തത്തെ ദേശസാല്‍ക്കരിച്ചാല്‍ അത് പിന്നെ മാര്‍ക്കറ്റ് കാപിറ്റലിസം ആയിരിക്കുമോ സ്റ്റേറ്റ് കാപിറ്റലിസം ആയിരിക്കുമോ? അമേരിക്ക അമേരിക്ക ആയിരിക്കുമോ അതോ ഒരു പുത്തന്‍ യു.എസ്.എസ്.ആര്‍ ആകുമോ? ഉത്തരം പറയാന്‍ ഒരു ചിന്തകന്റെ ആവശ്യമൊന്നുമില്ല....എല്ലാം വളരെ വ്യക്തമല്ലേ?

ശ്രീ.എസ്.ഗുരുമൂര്‍ത്തി ബിസിനസ് ലൈനില്‍ എഴുതിയ ലേഖനത്തെ അതിജീവിച്ച് എഴുതിയത്.

പരിഭാഷകന്റെ കുറിപ്പ് :

എങ്കിലും ഒന്നു പറയാതിരിക്കുവാന്‍ വയ്യ. നഷ്ടം ദേശസാല്‍ക്കരിക്കല്‍ എത്രമാത്രം ശരിയാണ് എന്നതിനെപ്പറ്റി. നഷ്ടം ദേശസാല്‍ക്കരിച്ച് രക്ഷപ്പെടാം എന്ന പ്രചരണം ഒരു പക്ഷെ പാപ്പരായ വാള്‍ സ്ട്രീറ്റിലെ സ്ഥാപനങ്ങള്‍ക്ക് ഫെഡറല്‍ റിസര്‍വില്‍ നിന്നും ബില്യണുകള്‍ കൊടുക്കുന്നതിനു പ്രത്യയശാസ്ത്രപരമായ ന്യായീകരണം കണ്ടെത്തുകയാണോ? ഇനിയും ഫെഡറല്‍ റിസര്‍വില്‍ നിന്നും വാള്‍ സ്ട്രീറ്റിലേക്ക് ഒഴുകാന്‍ പോകുന്ന തുകയ്ക്ക് ഇന്നേ ഒരു ന്യായീകരണം ഉണ്ടാക്കിവെക്കുകയാണോ? മുതലാളിത്തത്തിന്റെ രീതികള്‍ അത്തരത്തിലായതു കൊണ്ട് ഒന്നും പറയാന്‍ വയ്യ..കാത്തിരുന്നു കാണുക..എങ്കിലും അവസാനം പൊതുമേഖല തന്നെ സ്വതന്ത്ര കമ്പോളവ്യവസ്ഥയെന്ന ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കാന്‍ വരേണ്ടിവരും എന്നത് അല്പം റൊമാന്റിക് ആയ ഒരു സുന്ദരസ്വപ്നത്തിന്റെ സുഖം നല്‍കുന്നുണ്ട്.

*****Derivative is a financial instrument whose value is not its own, but derived from something else, on some underlying asset or transaction, such as commodities, equities (stocks) bonds, interest rates, exchange rates, stock market indexes, why, even inflation indexes, index of weather!

Friday, March 21, 2008

പൂച്ചകളുടെ വീണവായന...

ഇക്കഴിഞ്ഞ ജനുവരിയില്‍ ജോര്‍ജ്ജ് ബുഷ് ഇറാഖികളും അമേരിക്കയും തമ്മിലുള്ള സഹകരണത്തിനും അവിടെ അമേരിക്ക സൃഷ്ടിച്ച സ്വാതന്ത്ര്യത്തിനും ഉദാഹരണമായി ഇറാഖി ഭാഷയില്‍ സാഹ്വ എന്നറിയപ്പെടുന്ന Awakening Groups നെക്കുറിച്ച് വാചാലനാവുകയുണ്ടായി. ഏതാണ്ട് 80000 പേര്‍ ഇതിലുണ്ടെന്നാണ് കണക്ക്. ഓരോരുത്തര്‍ക്കും മാസം 300 ഡോളര്‍ ആണ് വേതനം. നിബന്ധന ഒന്നു മാത്രം‍‍.. അധിനിവേശ സേനയെ ആക്രമിക്കരുത്. മിലിറ്ററി ഈ ഗ്രൂപ്പിനെ വിശേഷിപ്പിക്കുന്നത് Concerned Local Citizens എന്നാണ്. അമേരിക്കന്‍ തമാശകളില്‍ ഒന്നു കൂടി. ഒരു ദിവസം രാവിലെ എഴുന്നേറ്റ് Concerned ആയി മാറുന്ന കുറേപ്പേരെ നിര്‍മ്മിക്കുന്ന സോദ്ദേശസാഹിത്യത്തെ അങ്ങിനെ അല്ലാതെങ്ങിനെ വിശേഷിപ്പിക്കും?

ദാര്‍ ജമൈല്‍ എന്ന പ്രസിദ്ധ പത്രപ്രവര്‍ത്തകന്‍ പറയുന്നത് സാഹ്വയിലെ അംഗങ്ങളില്‍ ഭൂരിഭാഗവും അമേരിക്കക്കെതിരെ പോരാടുന്ന ഇറാഖിലെ പ്രതിരോധ സേനക്കാര്‍ തന്നെയാണെന്നാണ്. അവര്‍ സൈന്യത്തില്‍ നിന്നും പണവും, ആയുധങ്ങളും വെടിമരുന്നുമൊക്കെ കൈക്കലാക്കി സ്വന്തം ശേഖരത്തില്‍ ചേര്‍ക്കുന്നു. അമേരിക്കന്‍ നേതൃത്വത്തിലുള്ള സഖ്യകക്ഷി സൈന്യത്തിനെതിരെ പിന്നീടൊരുനാള്‍ തിരിച്ചടിക്കാനായി തങ്ങളുടെ സേനയെ ബലപ്പെടുത്താന്‍ ഈ സമയവും ഉപയോഗിക്കുന്നു. ഷിയാകള്‍ക്കെതിരെയും ആക്രമണം സ്വാഹയുടെ ലക്ഷ്യത്തിലുണ്ടെന്ന് ജമൈല്‍ പറയുന്നു...

പിന്നെ ഈ സാഹ്വക്കാരില്‍ അല്‍‌ ക്വയ്‌ദക്കാരാര്‍ ഉണ്ടെന്നതും ഇറാഖിലെ പരസ്യമായ രഹസ്യമാണ്. സാഹ്വ ഉണ്ടാക്കുമ്പോള്‍ അമേരിക്ക പറഞ്ഞിരുന്നത് അല്‍ ക്വയ്‌ദയെ ഓടിക്കാനാണിത് എന്നാണ് !

കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയപോലെ എന്നു പറയാം, നാടന്‍ ഭാഷയില്‍‍. എന്നാലും ഇറാഖിലെ എണ്ണ ഊറ്റിയെടുത്തുണ്ടാക്കുന്ന കാശ് തന്നെയല്ലേ ഇത് എന്നാലോചിച്ചാല്‍ ആരുടെ കാശ്, ഏത് പട്ടി, ആരെക്കടിക്കും എന്നൊക്കെയുള്ളത് ചിന്തനീയം.

വേറൊരു രീതിയില്‍ ആലോചിച്ചാല്‍ അമേരിക്കയുടെ വിഭജിച്ച് ഭരിക്കുക എന്ന സീധാ-സാദാ കൊളോണിയല്‍ തന്ത്രം ഇതിലും ഉണ്ടെന്ന് നിസ്സംശയം പറയാം. ഇറാഖിന്റെ ഐക്യത്തിന്റെ പേരിലാണ് മറ്റു പലതുമെന്നപോലെ സാഹ്വയുടെ രൂപീകരണവും ഉണ്ടായതെങ്കിലും അതിലൂടെയും വിഭജനം തന്നെയാണ് നടക്കുന്നത്. രാഷ്ട്രീയമായി ഷിയാകളേയും സാമ്പത്തികമായി സുന്നികളെയും പിന്‍‌തുണക്കുക എന്ന തന്ത്രം അമേരിക്ക പയറ്റിക്കൊണ്ടിരിക്കുകയാണ്. പിന്നെ അവിടത്തെ ഗോത്രവര്‍ഗ്ഗ നേതാക്കളെ തരം പോലെയും. സ്വാഹയിലും അവരുണ്ട്. ഇറാഖിലെ പാവ സര്‍ക്കാര്‍ എന്തായാലും ഇവരെ സര്‍ക്കാരിന്റെ ഏഴയലത്ത് അടുപ്പിക്കില്ല എന്നു പറഞ്ഞിട്ടുണ്ട്.

അധിനിവേശത്തിനു ശേഷം ഇറാഖില്‍ വംശീയമായ സംഘര്‍ഷവും ഇല്ലാതാക്കലും വളരെ രൂക്ഷമാണ് . ബാഗ്ദാദില്‍ ഇപ്പോള്‍ ഓരോ വിഭാഗക്കാരും അവരവരുടേതായ മേഖലകളില്‍ മാത്രമേ താമസിക്കുന്നുള്ളൂ. വിവിധവിഭാഗങ്ങള്‍ ഒരുമിച്ചു താമസിക്കുന്ന ഇടങ്ങള്‍ തീരെ ഇല്ല എന്നത് ഇല്ലാതാക്കലിന്റെ രൂക്ഷത എത്രയെന്നതിന്റെ ഒന്നാം തരം സൂചനയാണ്.

10 ലക്ഷത്തില്‍പ്പരം പേര്‍ വധിക്കപ്പെടുകയും(12 ലക്ഷം എന്നത് ബ്രിട്ടനിലെ ഒരു സര്‍വെ ഗ്രൂപ്പിന്റെ കണക്ക് ) 40 ലക്ഷം പേര്‍ പാലായനം ചെയ്യുകയും മറ്റൊരു 40 ലക്ഷം പേര്‍ വെള്ളം, ഭക്ഷണം, മരുന്ന് തുടങ്ങിയ പ്രാഥമികമായ ആ‍വശ്യങ്ങള്‍ പോലും നിറവേറ്റാനാകാതെ നരകിക്കുകയുമാണ്.

മറ്റൊരു കണക്കനുസരിച്ച് ഏകദേശം 50,000 ഇറാഖി സ്ത്രീകളും പെണ്‍കുട്ടികളും വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുകയാണ് , ഗതികേടുകൊണ്ട് അവര്‍ എത്തിച്ചേര്‍ന്ന അയല്‍ രാജ്യമായ സിറിയയില്‍. അവിടെത്തെ വാടകയും മറ്റും താങ്ങാനാവാത്തതുകൊണ്ട് അവര്‍ക്ക് ഈ തൊഴിലില്‍ ഏര്‍പ്പെടേണ്ടിവന്നിരിക്കുകയാണ്. പെണ്‍കുട്ടികളില്‍ പലര്‍ക്കും 13 വയസ്സ് മാത്രമേ ഉള്ളൂ എന്നും ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മിഡില്‍ ഈസ്റ്റിലെ സമ്പന്നമായ മറ്റു രാജ്യങ്ങളിലെ ലൈംഗിക വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ട കേന്ദ്രമായിരിക്കുകയാണത്രെ സിറിയ. ഒരല്പം സാഹിത്യം കലര്‍ത്തിയാല്‍ അധിനിവേശാനന്തര ഇറാഖിലെ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടേണ്ടിവന്ന ഹതഭാഗ്യരായ 50000 സ്ത്രീകളും പെണ്‍കുട്ടികളും ബുഷിനെ വലയം ചെയ്തിരിക്കുകയാണ്. ഞങ്ങളോടെന്തിനിത് ചെയ്തു എന്ന ചോദ്യവുമായി. സ്ത്രീകളേയും കുട്ടികളേയും വേശ്യാവൃത്തിയിലേക്ക് തള്ളിവിടുന്നത് Convention on the Rights of the Child, the Convention on the Elimination of All Forms of Discrimination Against Women, and the Protocol to Prevent, Suppress and Punish Trafficking in Persons, especially Women and Children പോലുള്ള മനുഷ്യാവകാശം സംബന്ധിച്ച നിരവധി കരാറുകളുടെ ലംഘനമാണ്.

വിരോധാഭാസമെന്നല്ലാതെ എന്തു പറയാന്‍, ഈ ബുഷ് തന്നെ 2003ല്‍ ഐക്യരാഷ്ട്രസഭയില്‍ ലൈംഗികപ്രവര്‍ത്തികള്‍ക്കായി സ്ത്രീകളേയും കുട്ടികളേയും കള്ളക്കടത്ത് നടത്തുന്നതിനെതിരെ പ്രസംഗിച്ചിട്ടുണ്ട്. പ്രസംഗിക്കാന്‍ വല്ല ബുദ്ധിമുട്ടും ഉണ്ടോ?

ഇറാഖില്‍ ചെയ്ത മിക്കവാറും കാര്യങ്ങളൊക്കെ തിരിച്ചടിക്കുന്ന അനുഭവമാണ് അമേരിക്കന്‍ ഭരണകൂടത്തിന്. ലോകമാസകലം ആ നടപടികള്‍ക്കെതിരായ പൊതുജനാഭിപ്രായത്തിനു അധിനിവേശത്തിന്റെ ഈ ആറാം വര്‍ഷത്തില്‍ ശക്തി കൂടുകയുമാണ്. ഓരോ നുണകളും പൊളിഞ്ഞുകൊണ്ടിരിക്കുകയുമാണ്. ഇറാഖില്‍ നിന്നും പിന്‍‌വാങ്ങുന്നതിനെക്കുറിച്ചുള്ള ഉറപ്പുകള്‍ പലപ്പോഴായി നല്‍കിയിട്ടുണ്ടെങ്കിലും 2008 ജൂലൈയില്‍ സ്ഥിതിഗതികള്‍ പുന:പരിശോധിക്കാം എന്നാണിപ്പോള്‍ പറയുന്നത്.

അധിനിവേശം തുടരാനുള്ള ശ്രമങ്ങള്‍ തന്നെയാണ് അമേരിക്ക തുടരുന്നത്. സൈനികകേന്ദ്രങ്ങളും അമേരിക്കന്‍ എംബസിയും സ്ഥാപിക്കുക, അധിനിവേശത്തിനു നിയമപരമായ പിന്‍‌ബലം ലഭിക്കുന്ന തരത്തിലുള്ള നടപടികള്‍ക്ക് ഇറാഖിലെ തങ്ങളുടെ ആശ്രിതരായ സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുക, ഇറാഖിന്റെ റിസര്‍വ് ഫണ്ട് ഫെഡറല്‍ റിസര്‍വിന്റെ പക്കല്‍ തന്നെ സൂക്ഷിക്കുന്നത് തുടരുക, ഇറാഖിലെ പുനര്‍‌നിര്‍മ്മാണപ്രക്രിയക്ക് ഇറാഖിന്റെ പണം തന്നെ ഉപയോഗിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറ്റുക, ഇറാഖില്‍ നിന്നും പിന്‍‌മാറുവാന്‍ അടുത്ത് വരുന്ന പ്രസിഡന്റിനും സാധ്യമല്ല എന്ന രീതിയിലുള്ള മാധ്യമപ്രചരണങ്ങള്‍ക്ക് ആക്കം കൂട്ടുക എന്നിങ്ങനെയുള്ള പലതരം ‘ചാണക്യ തന്ത്രങ്ങള്‍’ ബുഷും കൂട്ടരും പയറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു പ്ലാന്‍ പൊളിയുമ്പോള്‍ മറ്റൊന്നുമായി മുന്നോട്ട് വരാന്‍ ‘തിങ്ക് ടാങ്കുകള്‍’ സര്‍വ്വസജ്ജരായി അണിയറയിലുമുണ്ട്. ഒന്നാം തരം ഒരു കളിയുടെ രസം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്, അവരെല്ലാം.

ഈ കളികള്‍ക്കിടയില്‍ ഇറാഖികള്‍ക്ക് ജീവനും ജീവിതവും നഷ്ടപ്പെട്ടാല്‍ നമുക്കെന്താണ് ഹേ? അല്ലെങ്കിലും കളിക്കുന്നത് രസിക്കാനല്ലേ? അതല്ലേ കളിയുടെ ഒരു ഇത്...

അധിക വായനക്ക്

ദാര്‍ ജമൈലിന്റെ ബ്ലോഗിലെ ലേഖനം

Uncle Sam in Iraq: the war of narratives

How Many Child Prostitutes Is Bush Responsible for?

ക്രിക്കറ്റിലെ കൂലിവേലക്കാര്‍

ക്രിക്കറ്റ് ഞങ്ങളുടെ മതം, സച്ചിന്‍ ഞങ്ങളുടെ ദൈവം”-മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു മത്സരത്തിനിടയിലുയര്‍ന്ന ബാനറിലെ വരികളാണിത്. ഒരര്‍ത്ഥത്തില്‍ ക്രിക്കറ്റ് കമ്പോളമതമായിത്തീര്‍ന്നിട്ടുണ്ട്. കമ്പോള താല്‍പ്പര്യങ്ങളുടെയും സങ്കുചിത ദേശീയതയുടെയും വീരാരാധനയുടെയും ചേരുവകള്‍ ചേര്‍ത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് ഈ “നവ ലിബറല്‍”മതം. താരങ്ങളാവട്ടെ അതിലെ ഉഗ്രമൂര്‍ത്തികളായ ദൈവങ്ങളാണ്. ആ താരദൈവങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുവേണ്ടി ഈയടുത്ത കാലത്ത് ലേലം ചെയ്യപ്പെട്ടത്. അവരെ ലേലത്തില്‍ പിടിച്ചതാകട്ടെ മുകേഷ് അംബാനി, വിജയ് മല്യ, ഷാരുഖ് ഖാന്‍, പ്രീതി സിന്റ തുടങ്ങിയ കോര്‍പ്പറേറ്റ്, ബോളിവുഡ് ദൈവങ്ങളും. ദൈവങ്ങള്‍ ദൈവങ്ങളെ ലേലം കൊണ്ടപ്പോള്‍ ഒഴുക്കിയ പണത്തിന്റെ വ്യാപ്തിയില്‍ വിസ്‌മരിച്ചിരിക്കുകയാണ് ആരാധകര്‍.

കോടികളുടെ ഈ കുത്തൊഴുക്കിന്റെ രഹസ്യമെന്താണ് ?ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കഴിഞ്ഞ ഒന്നര ദശകത്തിനിടയില്‍ കോര്‍പ്പറേറ്റ് ലാഭം ഊഹിക്കാനാവാത്തത്ര പെരുകിയിട്ടുണ്ട്. അതിന്റെ ഫലമായി വന്‍‌തോതില്‍ മൂലധനം കുമിഞ്ഞുകൂടിയിട്ടുമുണ്ട്. ആ മൂലധനം വീണ്ടും ലാഭം കൊയ്യാനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമ്പോഴാണ് ബിസിസിഐ പ്രീമിയര്‍ ലീഗുമായി വരുന്നത്. കളിയായാലും കാര്യമായാലും മൂലധനത്തിന്റെ ഒരേയൊരു ലക്ഷ്യം ലാഭം മാത്രമാണ്. അതുറപ്പാണേല്‍ എവിടെയുമത് കടന്നു ചെല്ലും. ഈ മൂലധനപ്രവാഹം ക്രിക്കറ്റിലും ഇതര കായികമേഖലയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കടുത്തതായിരിക്കും. അതിനേക്കാള്‍ വലിയ നൈതിക സമസ്യകളേയും സാമൂഹ്യവൈരുദ്ധ്യങ്ങളെയും ഈ പണക്കൊഴുപ്പ് അനാവരണം ചെയ്യുന്നുമുണ്ട്.

ലാഭം മാത്രം ലക്ഷ്യമാക്കുന്ന വിപണിയുടെ യുക്തിരാഹിത്യവും മൂലധന വ്യവസ്ഥയുടെ നീതിരാഹിത്യവും മുഴുവനായി പ്രതിഫലിപ്പിക്കുന്നുണ്ട് ഐപി‌എല്‍ ലേലം. ഇഷാന്ത് ശര്‍മ്മയെന്ന ക്രിക്കറ്റിലെ കൌമാരതാരത്തിന്റെ കാര്യം തന്നെ നോക്കൂ. ഐപി‌എല്ലിലെ 16 മത്സരങ്ങളിലുമായി തന്റെ ക്വാട്ടയനുസരിച്ചുള്ള എല്ലാ ഓവറുകളും ഇഷാന്ത് ബൌള്‍ ചെയ്യുമെന്ന് കണക്കാക്കിയാല്‍ അയാളുടെ ഓരോ പന്തിന്റെയും മൂല്യം ഒരു ലക്ഷം രൂപയായിരിക്കും! ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ചിട്ടുള്ള ഒരു കൌമാരതാരത്തിന് കോടീശ്വരനാകാന്‍ വെറും രണ്ടാഴ്ചമാത്രം മതിയാകും. ഒരായുസ്സ് മുഴുവന്‍ പാടത്ത് ചോര നീരാക്കിയ കര്‍ഷകലക്ഷങ്ങള്‍ക്ക് പ്രതിഫലമായി കിട്ടുന്നതോ മരണവും. കടഭാരം മൂലം ഓരോ അരമണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2007-08 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഐപി‌എല്ലിലെ ഏറ്റവും വിലയേറിയ താരമായ മഹേന്ദ്രസിങ് ധോണിയുടെ പ്രതിഫലം ആറുകോടി രൂപയാണ്. ഓരോ മത്സരത്തിലും ധോണി സ്വന്തമാക്കുന്നത് 37.5 ലക്ഷം രൂപ. ഒരു ടെസ്റ്റ് കളിച്ചാല്‍ കിട്ടുന്നതിന്റെ പത്തിരട്ടി. ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് 35 കൊല്ലം ജോലി ചെയ്താല്‍ കിട്ടുന്നത് 2.2 കോടി രൂപ. ഐപി‌എല്ലിലെ രണ്ടാഴ്ച കൊണ്ട് ധോണി സ്വന്തമാക്കുന്നത് ഇതിന്റെ മൂന്നിരട്ടിയാണ്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതം തച്ചുടയ്ക്കുന്ന ആഗോളീകരണം മറുഭാഗത്ത് ശതകോടീശ്വരന്മാരെയും കോര്‍പ്പറേറ്റ് ഭീമന്മാരെയും മാത്രമല്ല അവരുടെ പണം കായ്ക്കുന്ന മരത്തണലില്‍ കുട്ടിക്കോടീശ്വരന്മാരെയും കണ്ണടച്ചു തുറക്കുമുമ്പ് സൃഷ്ടിക്കുന്ന മായിക ദൃശ്യമാണ് നാമിവിടെ കാണുന്നത്. ഇഷാന്ത് ശര്‍മ്മയും ധോണിയും ശ്രീശാന്തുമെല്ലാം പറ്റുന്ന കോടികള്‍, കോര്‍പ്പറേറ്റ് മുതലാളിത്തം ചവിട്ടിമെതിച്ച മനുഷ്യരുടെ പിടിച്ചുപറിക്കപ്പെട്ട മുതലിന്റെ പങ്കാണ്. അവരുടെ പണക്കിഴികള്‍ക്ക് ചോരയുടെ ഗന്ധമുണ്ടാകാതിരിക്കുമോ?

ലേലം കളിക്കാരെ പൂര്‍ണ്ണമായും ഒരു ചരക്കാക്കി മാറ്റിയിരിക്കുന്നു. കളിമികവും പ്രതിഭയുമല്ല വിപണനത്തിന്റെ സാദ്ധ്യതയാണ് പ്രതിഫലത്തിന്റെ മാനദണ്ഡം. ചരക്കായിത്തീരുന്ന ഒരു കളിക്കാരന്‍ ലേലത്തില്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സ്വന്തം ഉപയോഗമൂല്യത്തില്‍(കളിമികവും പ്രതിഭയും) നിന്ന് അയാള്‍ തീര്‍ത്തും വിച്ഛേദിക്കപ്പെടുന്നു. പരസ്യക്കാരുടെയും സ്പോണ്‍സര്‍മാരുടെയും ആവശ്യങ്ങളെ എത്രമാത്രം തൃപ്തിപ്പെടുത്തുന്നു എന്നതനുസരിച്ചാണ് കളിക്കാരന്റെ പ്രതിഫലം(വില) നിശ്ചയിക്കപ്പെടുന്നത്. വംശീയാധിക്ഷേപവിവാദങ്ങളിലൂടെയും മറ്റും മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സിമണ്ട്സും(5.4 കോടി) പ്രതിയോഗി ഹര്‍ഭജനും (3.4 കോടി) കൂടുതല്‍ പ്രയോജനകരമായ പരസ്യച്ചരക്കുകളായതിനാല്‍ കൂടുതല്‍ പ്രതിഫലവും നേടി. ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനും ലോകോത്തര ലെഗ് സ്പിന്നര്‍മാരായ ഷെയ്ന്‍ വോണിനും അനില്‍ കുംബ്ലേക്കും മുന്നിലാണ് ശ്രീശാന്തിന്റെ പ്രതിഫലം. മികവിനപ്പുറം കളിക്കളത്തിലെ രോഷപ്രകടങ്ങളും “ക്ഷുഭിത യൌവന” മെന്ന മാദ്ധ്യമവിശേഷണങ്ങളുമെല്ലാം ചേര്‍ന്ന ഇമേജിന്റെ വിപണിമൂല്യമാണ് ശ്രീശാന്തിന്റെ പ്രതിഫലത്തിന് നിദാനമായത്. റോബിന്‍ ഉത്തപ്പയെപ്പോലെ ആധികാരികത ഇനിയും തെളിയിക്കാനിരിക്കുന്ന ഒരു ബാറ്റ്സ്‌മാനുപോലും ലോകക്രിക്കറ്റിലെ പ്രതിഭാധനരായ പോണ്ടിങ്ങിനും ഹെയ്‌ഡനും കിട്ടുന്നതിനേക്കള്‍ ഉയര്‍ന്ന വില കിട്ടുന്നതിന്റെ മാനദണ്ഡമെന്തായിരിക്കും? നല്ല മാച്ച് വിന്നര്‍മാരെയല്ല നന്നായി മാര്‍ക്കറ്റ് ചെയ്യാന്‍ ഉതകുന്നവരെയാണ് വിപണിക്കാവശ്യം എന്നത് തന്നെ.

ക്രിക്കറ്റ് കളിക്കുന്നവര്‍ക്കിടയില്‍ അതിസമ്പന്നരായ ഒരു വരേണ്യവര്‍ഗ്ഗം ഉയര്‍ന്നുവരും എന്നതിനപ്പുറം പ്രയോജനമൊന്നും ഇതുകൊണ്ട് ഉണ്ടാവില്ല. ദോഷങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഐപി‌എല്ലില്‍ 78 കളിക്കാര്‍ക്കായി 132 കോടി ചെലവഴിച്ചപ്പോള്‍ ഇതിന്റെ ഏതാണ്ട് പകുതിയും കൈക്കലാക്കിയത് 15 മുന്‍‌നിരക്കാരാണ്. ബാക്കി മാത്രമാണ് മറ്റുള്ള 63 പേര്‍ക്കും കൂടി വീതിച്ചത്. പണക്കൊഴുപ്പിന്റെ ഗുണഭോക്താക്കള്‍ കളിക്കാരിലെ ന്യൂനപക്ഷമാണ് എന്നര്‍ത്ഥം.

ടെസ്റ്റ് , ഏകദിനം , ദേശീയ ടീമുകള്‍ എന്നിവയെല്ലാം അപ്രസക്തമാകുന്ന കാലം വിദൂരമല്ല. കളിയോടുള്ള ഗൌരവ സമീപനവും ഇല്ലാതാകും. പുതിയ ചെറുപ്പക്കാരുടെ ലക്ഷ്യം പണം വാരുന്ന ട്വന്റി-ട്വന്റി ക്കാവശ്യമായ വൈദഗ്ദ്ധ്യം മാത്രമായിരിക്കും. കുറച്ചു കാലം ആളിക്കത്തി എരിഞ്ഞടങ്ങുന്നവരുടെ കാലമായിരിക്കും വരിക. ക്രിക്കറ്റിനെ വിഴുങ്ങുന്ന കമ്പോളം ഒരു ബ്രാഡ്‌മാനേയോ സോബേഴ്സിനേയോ ലാറയേയോ സച്ചിനേയോ സൃഷ്ടിക്കുകയില്ല. പ്രതിഭകള്‍ക്കു പകരം പണം വാരാന്‍ വരുന്ന കുറെ ചാവേറുകള്‍ മാത്രമായിരിക്കും ഭാവിയില്‍ ഉണ്ടാവുക. മൈക്കല്‍ ക്ലാര്‍ക്കിനെയും മിച്ചല്‍ ജോണ്‍സനെയും പോലുള്ള പ്രതിഭാശാലികളായ ഭാവി വാഗ്ദാനങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ ഐപി‌എല്ലിനില്ല എന്ന് വ്യക്തമാക്കിയത് ഒരു അപവാദമാണ്.

പണം വാരാനുള്ള വ്യഗ്രതയില്‍ നേരത്തേ വിരമിച്ച് ഐപി‌എല്ലിലേക്ക് ചാടി വീഴുന്നവരാണ് കൂടുതല്‍. ഗില്‍ക്രിസ്റ്റിന്റെയും സ്റ്റീഫന്‍ ഫ്ലെമിങ്ങിന്റെയും ധൃതി പിടിച്ച വിരമിക്കലിന്റെ പിന്നിലെ ഐപി‌എല്‍ പ്രലോഭനം ഒരു രഹസ്യമല്ല. സിമണ്ട്സിനെയും വെട്ടോറിയെയും പോലുള്ളവരാകട്ടെ സ്വന്തം ദേശീയ ടീമുകള്‍ക്ക് കളിക്കുന്നതിനേക്കാള്‍ മുന്‍‌ഗണന നല്‍കുന്നത് ഐപി‌എല്ലിനാണ്. അവഗണന നേരിടുന്ന ആഭ്യന്തര ക്രിക്കറ്റ് ഇനി തീര്‍ത്തും അനാഥമാകുകയും ചെയ്യും.

അഭൂതപൂര്‍വമായ ഈ വാണിജ്യവല്‍ക്കരണം വാതുവയ്പിനും ഒത്തുകളിക്കും അനന്ത സാദ്ധ്യതകളാണ് തുറന്നു കൊടുക്കുക. പണത്തിന്റെ പ്രളയം ക്രിക്കറ്റിനെ അധോലോകത്തിന്റെ വിഹാരരംഗമാക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെയും ബിസിസിഐയെയും കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കും. കളിക്കാര്‍ക്കായ് കോടികള്‍ വാരിയെറിയുന്നവര്‍ ജയപരാജയങ്ങളെ സ്വാധീനിക്കാനും മടിക്കില്ല. കാരണം, അവര്‍ക്ക് ക്രിക്കറ്റല്ല വാണിജ്യതാല്‍പ്പര്യങ്ങളാണ് മുഖ്യം. “മാന്യന്മാരുടെ കളി” എന്ന അവകാശവാദത്തിന്റെ അവശേഷിക്കുന്ന മുഖം‌മൂടി കൂടി അടര്‍ന്നു വീഴും. പണത്തിനു മീതെ സിക്‍സറും പറക്കില്ല എന്നത് ക്രിക്കറ്റിലെ പുതുചൊല്ലായിത്തീരും.

ഇതര കായിക മേഖലയുടെ നാശമായിരിക്കും വേറൊരു ഫലം. ആവശ്യമായ സമയത്ത് പിന്തുണയും പ്രോത്സാഹനവും കിട്ടാതിരുന്ന ഉഷയുടെയും അഞ്ജുവിന്റെയും ഗതി അവരുടെ പിന്‍‌ഗാമികളെ കൂടുതല്‍ വേട്ടയാടും. ഭാവിയില്‍ കുട്ടികള്‍ ക്രിക്കറ്റല്ലാതെ മറ്റൊന്നും കളിക്കാന്‍ താല്‍പ്പര്യപ്പെടില്ല. കോടികള്‍ സ്വപ്നം കാണുന്ന മാതാപിതാക്കള്‍ മറ്റൊന്നും കളിക്കാന്‍ അനുവദിക്കുകയുമില്ല. ലാഭം വിളയുന്ന ക്രിക്കറ്റ് വിപണിയുടെ വടവൃക്ഷത്തിനു കീഴില്‍ ഇതര കായിക വിനോദങ്ങളൊന്നും തളിര്‍ക്കില്ല. തീര്‍ച്ചയായും ഈ ലേലവും കളിയുടെ കച്ചവടവും ഒറ്റപ്പെട്ട പ്രതിഭാസമല്ല. മൂലധനത്തിന്റെ അക്രമാസക്തമായ കൈയേറ്റങ്ങള്‍ ജീവിതവ്യവഹാരങ്ങളെയാകെ കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒരു മുഖം മാത്രമാണിത്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാക്സും എംഗല്‍‌സും നടത്തിയ ഒരു നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്.

എല്ലാ തൊഴിലിന്റെയും ശ്രേഷ്ഠപരിവേഷത്തെ ബൂര്‍ഷ്വാസി പിച്ചിച്ചീന്തി. കവിയെയും കലാകരനെയും അഭിഭാഷകനെയും അത് സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരാക്കി.”

ശരിയാണ് -ആരാധകക്കൂട്ടങ്ങളുടെ താരദൈവങ്ങള്‍ ബൂര്‍ഷ്വാസിയുടെ വെറും കൂലിവേലക്കാര്‍ മാത്രം!

- ശ്രീ.എം.ബി.രാജേഷ്