Friday, March 21, 2008

ക്രിക്കറ്റിലെ കൂലിവേലക്കാര്‍

ക്രിക്കറ്റ് ഞങ്ങളുടെ മതം, സച്ചിന്‍ ഞങ്ങളുടെ ദൈവം”-മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു മത്സരത്തിനിടയിലുയര്‍ന്ന ബാനറിലെ വരികളാണിത്. ഒരര്‍ത്ഥത്തില്‍ ക്രിക്കറ്റ് കമ്പോളമതമായിത്തീര്‍ന്നിട്ടുണ്ട്. കമ്പോള താല്‍പ്പര്യങ്ങളുടെയും സങ്കുചിത ദേശീയതയുടെയും വീരാരാധനയുടെയും ചേരുവകള്‍ ചേര്‍ത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് ഈ “നവ ലിബറല്‍”മതം. താരങ്ങളാവട്ടെ അതിലെ ഉഗ്രമൂര്‍ത്തികളായ ദൈവങ്ങളാണ്. ആ താരദൈവങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുവേണ്ടി ഈയടുത്ത കാലത്ത് ലേലം ചെയ്യപ്പെട്ടത്. അവരെ ലേലത്തില്‍ പിടിച്ചതാകട്ടെ മുകേഷ് അംബാനി, വിജയ് മല്യ, ഷാരുഖ് ഖാന്‍, പ്രീതി സിന്റ തുടങ്ങിയ കോര്‍പ്പറേറ്റ്, ബോളിവുഡ് ദൈവങ്ങളും. ദൈവങ്ങള്‍ ദൈവങ്ങളെ ലേലം കൊണ്ടപ്പോള്‍ ഒഴുക്കിയ പണത്തിന്റെ വ്യാപ്തിയില്‍ വിസ്‌മരിച്ചിരിക്കുകയാണ് ആരാധകര്‍.

കോടികളുടെ ഈ കുത്തൊഴുക്കിന്റെ രഹസ്യമെന്താണ് ?ആഗോളവല്‍ക്കരണത്തിന്റെ ഫലമായി കഴിഞ്ഞ ഒന്നര ദശകത്തിനിടയില്‍ കോര്‍പ്പറേറ്റ് ലാഭം ഊഹിക്കാനാവാത്തത്ര പെരുകിയിട്ടുണ്ട്. അതിന്റെ ഫലമായി വന്‍‌തോതില്‍ മൂലധനം കുമിഞ്ഞുകൂടിയിട്ടുമുണ്ട്. ആ മൂലധനം വീണ്ടും ലാഭം കൊയ്യാനായി പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുമ്പോഴാണ് ബിസിസിഐ പ്രീമിയര്‍ ലീഗുമായി വരുന്നത്. കളിയായാലും കാര്യമായാലും മൂലധനത്തിന്റെ ഒരേയൊരു ലക്ഷ്യം ലാഭം മാത്രമാണ്. അതുറപ്പാണേല്‍ എവിടെയുമത് കടന്നു ചെല്ലും. ഈ മൂലധനപ്രവാഹം ക്രിക്കറ്റിലും ഇതര കായികമേഖലയിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ കടുത്തതായിരിക്കും. അതിനേക്കാള്‍ വലിയ നൈതിക സമസ്യകളേയും സാമൂഹ്യവൈരുദ്ധ്യങ്ങളെയും ഈ പണക്കൊഴുപ്പ് അനാവരണം ചെയ്യുന്നുമുണ്ട്.

ലാഭം മാത്രം ലക്ഷ്യമാക്കുന്ന വിപണിയുടെ യുക്തിരാഹിത്യവും മൂലധന വ്യവസ്ഥയുടെ നീതിരാഹിത്യവും മുഴുവനായി പ്രതിഫലിപ്പിക്കുന്നുണ്ട് ഐപി‌എല്‍ ലേലം. ഇഷാന്ത് ശര്‍മ്മയെന്ന ക്രിക്കറ്റിലെ കൌമാരതാരത്തിന്റെ കാര്യം തന്നെ നോക്കൂ. ഐപി‌എല്ലിലെ 16 മത്സരങ്ങളിലുമായി തന്റെ ക്വാട്ടയനുസരിച്ചുള്ള എല്ലാ ഓവറുകളും ഇഷാന്ത് ബൌള്‍ ചെയ്യുമെന്ന് കണക്കാക്കിയാല്‍ അയാളുടെ ഓരോ പന്തിന്റെയും മൂല്യം ഒരു ലക്ഷം രൂപയായിരിക്കും! ക്രിക്കറ്റ് കരിയറിന് തുടക്കം കുറിച്ചിട്ടുള്ള ഒരു കൌമാരതാരത്തിന് കോടീശ്വരനാകാന്‍ വെറും രണ്ടാഴ്ചമാത്രം മതിയാകും. ഒരായുസ്സ് മുഴുവന്‍ പാടത്ത് ചോര നീരാക്കിയ കര്‍ഷകലക്ഷങ്ങള്‍ക്ക് പ്രതിഫലമായി കിട്ടുന്നതോ മരണവും. കടഭാരം മൂലം ഓരോ അരമണിക്കൂറിലും ഒരു കര്‍ഷകന്‍ വീതം ആത്മഹത്യ ചെയ്യുന്നു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ 2007-08 ലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഐപി‌എല്ലിലെ ഏറ്റവും വിലയേറിയ താരമായ മഹേന്ദ്രസിങ് ധോണിയുടെ പ്രതിഫലം ആറുകോടി രൂപയാണ്. ഓരോ മത്സരത്തിലും ധോണി സ്വന്തമാക്കുന്നത് 37.5 ലക്ഷം രൂപ. ഒരു ടെസ്റ്റ് കളിച്ചാല്‍ കിട്ടുന്നതിന്റെ പത്തിരട്ടി. ഇന്ത്യയിലെ ഒരു യൂണിവേഴ്സിറ്റി പ്രൊഫസര്‍ക്ക് 35 കൊല്ലം ജോലി ചെയ്താല്‍ കിട്ടുന്നത് 2.2 കോടി രൂപ. ഐപി‌എല്ലിലെ രണ്ടാഴ്ച കൊണ്ട് ധോണി സ്വന്തമാക്കുന്നത് ഇതിന്റെ മൂന്നിരട്ടിയാണ്. ജനങ്ങളില്‍ മഹാഭൂരിപക്ഷത്തിന്റെയും ജീവിതം തച്ചുടയ്ക്കുന്ന ആഗോളീകരണം മറുഭാഗത്ത് ശതകോടീശ്വരന്മാരെയും കോര്‍പ്പറേറ്റ് ഭീമന്മാരെയും മാത്രമല്ല അവരുടെ പണം കായ്ക്കുന്ന മരത്തണലില്‍ കുട്ടിക്കോടീശ്വരന്മാരെയും കണ്ണടച്ചു തുറക്കുമുമ്പ് സൃഷ്ടിക്കുന്ന മായിക ദൃശ്യമാണ് നാമിവിടെ കാണുന്നത്. ഇഷാന്ത് ശര്‍മ്മയും ധോണിയും ശ്രീശാന്തുമെല്ലാം പറ്റുന്ന കോടികള്‍, കോര്‍പ്പറേറ്റ് മുതലാളിത്തം ചവിട്ടിമെതിച്ച മനുഷ്യരുടെ പിടിച്ചുപറിക്കപ്പെട്ട മുതലിന്റെ പങ്കാണ്. അവരുടെ പണക്കിഴികള്‍ക്ക് ചോരയുടെ ഗന്ധമുണ്ടാകാതിരിക്കുമോ?

ലേലം കളിക്കാരെ പൂര്‍ണ്ണമായും ഒരു ചരക്കാക്കി മാറ്റിയിരിക്കുന്നു. കളിമികവും പ്രതിഭയുമല്ല വിപണനത്തിന്റെ സാദ്ധ്യതയാണ് പ്രതിഫലത്തിന്റെ മാനദണ്ഡം. ചരക്കായിത്തീരുന്ന ഒരു കളിക്കാരന്‍ ലേലത്തില്‍ കൈമാറ്റം ചെയ്യപ്പെടുമ്പോള്‍ സ്വന്തം ഉപയോഗമൂല്യത്തില്‍(കളിമികവും പ്രതിഭയും) നിന്ന് അയാള്‍ തീര്‍ത്തും വിച്ഛേദിക്കപ്പെടുന്നു. പരസ്യക്കാരുടെയും സ്പോണ്‍സര്‍മാരുടെയും ആവശ്യങ്ങളെ എത്രമാത്രം തൃപ്തിപ്പെടുത്തുന്നു എന്നതനുസരിച്ചാണ് കളിക്കാരന്റെ പ്രതിഫലം(വില) നിശ്ചയിക്കപ്പെടുന്നത്. വംശീയാധിക്ഷേപവിവാദങ്ങളിലൂടെയും മറ്റും മാദ്ധ്യമങ്ങളില്‍ നിറഞ്ഞുനിന്ന സിമണ്ട്സും(5.4 കോടി) പ്രതിയോഗി ഹര്‍ഭജനും (3.4 കോടി) കൂടുതല്‍ പ്രയോജനകരമായ പരസ്യച്ചരക്കുകളായതിനാല്‍ കൂടുതല്‍ പ്രതിഫലവും നേടി. ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരനും ലോകോത്തര ലെഗ് സ്പിന്നര്‍മാരായ ഷെയ്ന്‍ വോണിനും അനില്‍ കുംബ്ലേക്കും മുന്നിലാണ് ശ്രീശാന്തിന്റെ പ്രതിഫലം. മികവിനപ്പുറം കളിക്കളത്തിലെ രോഷപ്രകടങ്ങളും “ക്ഷുഭിത യൌവന” മെന്ന മാദ്ധ്യമവിശേഷണങ്ങളുമെല്ലാം ചേര്‍ന്ന ഇമേജിന്റെ വിപണിമൂല്യമാണ് ശ്രീശാന്തിന്റെ പ്രതിഫലത്തിന് നിദാനമായത്. റോബിന്‍ ഉത്തപ്പയെപ്പോലെ ആധികാരികത ഇനിയും തെളിയിക്കാനിരിക്കുന്ന ഒരു ബാറ്റ്സ്‌മാനുപോലും ലോകക്രിക്കറ്റിലെ പ്രതിഭാധനരായ പോണ്ടിങ്ങിനും ഹെയ്‌ഡനും കിട്ടുന്നതിനേക്കള്‍ ഉയര്‍ന്ന വില കിട്ടുന്നതിന്റെ മാനദണ്ഡമെന്തായിരിക്കും? നല്ല മാച്ച് വിന്നര്‍മാരെയല്ല നന്നായി മാര്‍ക്കറ്റ് ചെയ്യാന്‍ ഉതകുന്നവരെയാണ് വിപണിക്കാവശ്യം എന്നത് തന്നെ.

ക്രിക്കറ്റ് കളിക്കുന്നവര്‍ക്കിടയില്‍ അതിസമ്പന്നരായ ഒരു വരേണ്യവര്‍ഗ്ഗം ഉയര്‍ന്നുവരും എന്നതിനപ്പുറം പ്രയോജനമൊന്നും ഇതുകൊണ്ട് ഉണ്ടാവില്ല. ദോഷങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ഐപി‌എല്ലില്‍ 78 കളിക്കാര്‍ക്കായി 132 കോടി ചെലവഴിച്ചപ്പോള്‍ ഇതിന്റെ ഏതാണ്ട് പകുതിയും കൈക്കലാക്കിയത് 15 മുന്‍‌നിരക്കാരാണ്. ബാക്കി മാത്രമാണ് മറ്റുള്ള 63 പേര്‍ക്കും കൂടി വീതിച്ചത്. പണക്കൊഴുപ്പിന്റെ ഗുണഭോക്താക്കള്‍ കളിക്കാരിലെ ന്യൂനപക്ഷമാണ് എന്നര്‍ത്ഥം.

ടെസ്റ്റ് , ഏകദിനം , ദേശീയ ടീമുകള്‍ എന്നിവയെല്ലാം അപ്രസക്തമാകുന്ന കാലം വിദൂരമല്ല. കളിയോടുള്ള ഗൌരവ സമീപനവും ഇല്ലാതാകും. പുതിയ ചെറുപ്പക്കാരുടെ ലക്ഷ്യം പണം വാരുന്ന ട്വന്റി-ട്വന്റി ക്കാവശ്യമായ വൈദഗ്ദ്ധ്യം മാത്രമായിരിക്കും. കുറച്ചു കാലം ആളിക്കത്തി എരിഞ്ഞടങ്ങുന്നവരുടെ കാലമായിരിക്കും വരിക. ക്രിക്കറ്റിനെ വിഴുങ്ങുന്ന കമ്പോളം ഒരു ബ്രാഡ്‌മാനേയോ സോബേഴ്സിനേയോ ലാറയേയോ സച്ചിനേയോ സൃഷ്ടിക്കുകയില്ല. പ്രതിഭകള്‍ക്കു പകരം പണം വാരാന്‍ വരുന്ന കുറെ ചാവേറുകള്‍ മാത്രമായിരിക്കും ഭാവിയില്‍ ഉണ്ടാവുക. മൈക്കല്‍ ക്ലാര്‍ക്കിനെയും മിച്ചല്‍ ജോണ്‍സനെയും പോലുള്ള പ്രതിഭാശാലികളായ ഭാവി വാഗ്ദാനങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ ഐപി‌എല്ലിനില്ല എന്ന് വ്യക്തമാക്കിയത് ഒരു അപവാദമാണ്.

പണം വാരാനുള്ള വ്യഗ്രതയില്‍ നേരത്തേ വിരമിച്ച് ഐപി‌എല്ലിലേക്ക് ചാടി വീഴുന്നവരാണ് കൂടുതല്‍. ഗില്‍ക്രിസ്റ്റിന്റെയും സ്റ്റീഫന്‍ ഫ്ലെമിങ്ങിന്റെയും ധൃതി പിടിച്ച വിരമിക്കലിന്റെ പിന്നിലെ ഐപി‌എല്‍ പ്രലോഭനം ഒരു രഹസ്യമല്ല. സിമണ്ട്സിനെയും വെട്ടോറിയെയും പോലുള്ളവരാകട്ടെ സ്വന്തം ദേശീയ ടീമുകള്‍ക്ക് കളിക്കുന്നതിനേക്കാള്‍ മുന്‍‌ഗണന നല്‍കുന്നത് ഐപി‌എല്ലിനാണ്. അവഗണന നേരിടുന്ന ആഭ്യന്തര ക്രിക്കറ്റ് ഇനി തീര്‍ത്തും അനാഥമാകുകയും ചെയ്യും.

അഭൂതപൂര്‍വമായ ഈ വാണിജ്യവല്‍ക്കരണം വാതുവയ്പിനും ഒത്തുകളിക്കും അനന്ത സാദ്ധ്യതകളാണ് തുറന്നു കൊടുക്കുക. പണത്തിന്റെ പ്രളയം ക്രിക്കറ്റിനെ അധോലോകത്തിന്റെ വിഹാരരംഗമാക്കും. ഇന്ത്യന്‍ ക്രിക്കറ്റിനെയും ബിസിസിഐയെയും കോര്‍പ്പറേറ്റുകള്‍ നിയന്ത്രിക്കും. കളിക്കാര്‍ക്കായ് കോടികള്‍ വാരിയെറിയുന്നവര്‍ ജയപരാജയങ്ങളെ സ്വാധീനിക്കാനും മടിക്കില്ല. കാരണം, അവര്‍ക്ക് ക്രിക്കറ്റല്ല വാണിജ്യതാല്‍പ്പര്യങ്ങളാണ് മുഖ്യം. “മാന്യന്മാരുടെ കളി” എന്ന അവകാശവാദത്തിന്റെ അവശേഷിക്കുന്ന മുഖം‌മൂടി കൂടി അടര്‍ന്നു വീഴും. പണത്തിനു മീതെ സിക്‍സറും പറക്കില്ല എന്നത് ക്രിക്കറ്റിലെ പുതുചൊല്ലായിത്തീരും.

ഇതര കായിക മേഖലയുടെ നാശമായിരിക്കും വേറൊരു ഫലം. ആവശ്യമായ സമയത്ത് പിന്തുണയും പ്രോത്സാഹനവും കിട്ടാതിരുന്ന ഉഷയുടെയും അഞ്ജുവിന്റെയും ഗതി അവരുടെ പിന്‍‌ഗാമികളെ കൂടുതല്‍ വേട്ടയാടും. ഭാവിയില്‍ കുട്ടികള്‍ ക്രിക്കറ്റല്ലാതെ മറ്റൊന്നും കളിക്കാന്‍ താല്‍പ്പര്യപ്പെടില്ല. കോടികള്‍ സ്വപ്നം കാണുന്ന മാതാപിതാക്കള്‍ മറ്റൊന്നും കളിക്കാന്‍ അനുവദിക്കുകയുമില്ല. ലാഭം വിളയുന്ന ക്രിക്കറ്റ് വിപണിയുടെ വടവൃക്ഷത്തിനു കീഴില്‍ ഇതര കായിക വിനോദങ്ങളൊന്നും തളിര്‍ക്കില്ല. തീര്‍ച്ചയായും ഈ ലേലവും കളിയുടെ കച്ചവടവും ഒറ്റപ്പെട്ട പ്രതിഭാസമല്ല. മൂലധനത്തിന്റെ അക്രമാസക്തമായ കൈയേറ്റങ്ങള്‍ ജീവിതവ്യവഹാരങ്ങളെയാകെ കീഴ്‌മേല്‍ മറിച്ചുകൊണ്ടിരിക്കുന്നതിന്റെ ഒരു മുഖം മാത്രമാണിത്.

കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ മാക്സും എംഗല്‍‌സും നടത്തിയ ഒരു നിരീക്ഷണം ഇവിടെ ശ്രദ്ധേയമാണ്.

എല്ലാ തൊഴിലിന്റെയും ശ്രേഷ്ഠപരിവേഷത്തെ ബൂര്‍ഷ്വാസി പിച്ചിച്ചീന്തി. കവിയെയും കലാകരനെയും അഭിഭാഷകനെയും അത് സ്വന്തം ശമ്പളം പറ്റുന്ന കൂലിവേലക്കാരാക്കി.”

ശരിയാണ് -ആരാധകക്കൂട്ടങ്ങളുടെ താരദൈവങ്ങള്‍ ബൂര്‍ഷ്വാസിയുടെ വെറും കൂലിവേലക്കാര്‍ മാത്രം!

- ശ്രീ.എം.ബി.രാജേഷ്

6 comments:

വര്‍ക്കേഴ്സ് ഫോറം said...

“ക്രിക്കറ്റ് ഞങ്ങളുടെ മതം, സച്ചിന്‍ ഞങ്ങളുടെ ദൈവം”-മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ ഒരു മത്സരത്തിനിടയിലുയര്‍ന്ന ബാനറിലെ വരികളാണിത്. ഒരര്‍ത്ഥത്തില്‍ ക്രിക്കറ്റ് കമ്പോളമതമായിത്തീര്‍ന്നിട്ടുണ്ട്. കമ്പോള താല്‍പ്പര്യങ്ങളുടെയും സങ്കുചിത ദേശീയതയുടെയും വീരാരാധനയുടെയും ചേരുവകള്‍ ചേര്‍ത്ത് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ് ഈ “നവ ലിബറല്‍”മതം. താരങ്ങളാവട്ടെ അതിലെ ഉഗ്രമൂര്‍ത്തികളായ ദൈവങ്ങളാണ്. ആ താരദൈവങ്ങളാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനുവേണ്ടി ഈയടുത്ത കാലത്ത് ലേലം ചെയ്യപ്പെട്ടത്. അവരെ ലേലത്തില്‍ പിടിച്ചതാകട്ടെ മുകേഷ് അംബാനി, വിജയ് മല്യ, ഷാരുഖ് ഖാന്‍, പ്രീതി സിന്റ തുടങ്ങിയ കോര്‍പ്പറേറ്റ്, ബോളിവുഡ് ദൈവങ്ങളും. ദൈവങ്ങള്‍ ദൈവങ്ങളെ ലേലം കൊണ്ടപ്പോള്‍ ഒഴുക്കിയ പണത്തിന്റെ വ്യാപ്തിയില്‍ വിസ്‌മരിച്ചിരിക്കുകയാണ് ആരാധകര്‍.

ശ്രീ.എം.ബി.രാജേഷ് എഴുതിയ ലേഖനം...

ഭടന്‍ said...

‘അവരുടെ പണക്കിഴികള്‍ക്ക് ചോരയുടെ ഗന്ധമുണ്ടാകാതിരിക്കുമോ?‘

ക്രിക്കറ്റിനെ പറ്റി നന്നായി സംസാരിക്കുന്നവര്‍ക്കും കിട്ടും ഭാവിയില്‍ ഈ കിഴി.

‘ഭാവിയില്‍ കുട്ടികള്‍ ക്രിക്കറ്റല്ലാതെ മറ്റൊന്നും കളിക്കാന്‍ താല്‍പ്പര്യപ്പെടില്ല. കോടികള്‍ സ്വപ്നം കാണുന്ന മാതാപിതാക്കള്‍ മറ്റൊന്നും കളിക്കാന്‍ അനുവദിക്കുകയുമില്ല. ലാഭം വിളയുന്ന ക്രിക്കറ്റ് വിപണിയുടെ വടവൃക്ഷത്തിനു കീഴില്‍ ഇതര കായിക വിനോദങ്ങളൊന്നും തളിര്‍ക്കില്ല.‘

Mr. K# said...

വളരെ ശരി.

Anonymous said...

പോസ്റ്റിലെ മിക്കവാറും അഭിപ്രായങ്ങളോട് യോജിപ്പാണെങ്കിലും 20-20 ക്രിക്കറ്റിനെ നശിപ്പിക്കും എന്നത് എകദിനം വന്നപ്പോള്‍ ക്രിക്കറ്റ് മരിക്കും എന്നു പറഞ്ഞതുപോലെയേ തോന്നുന്നുള്ളൂ..ഒരു വിധത്തില്‍ അത് നല്ലതാണ്. ജനം കുറച്ച് സമയം അല്ലേ ക്രിക്കറ്റിനു വേണ്ടി കളയൂ...കുറച്ച് കഴിഞ്ഞാല്‍ 10-10 ആവും എന്നാണെന്റെ തോന്നല്‍..ആര്‍ക്കുണ്ടപ്പാ മെനക്കെടാന്‍ സമയം. പിന്നെ കൂടുതല്‍ ബെറ്റിങ്ങിനും അവസരം ആയി..ഇന്‍സ്റ്റന്റ് റിസല്‍ട്ടും കിട്ടും..

ബാബുരാജ് ഭഗവതി said...

സത്യത്തില്‍ ക്രിക്കറ്റിലെ വാണിജ്യ വല്‍ക്കരണം കൊള്ളാവുന്ന ഒന്നെന്ന അഭിപ്രായക്കാരനാണ്‌ ഞാന്‍.
മറ്റൊന്നും കൊണ്ടല്ല, ഇന്ത്യന്‍ ദേശീയതയെ മുസ്ളീം വിരുദ്ധമായി രൂപപ്പെടുത്തുന്നതില്‍ ,തീര്‍ച്ചയായും പാക്കിസ്ഥാന്‍ വിരുദ്ധമായും, സൃഷ്ടിച്ചെടുക്കുന്നതില്‍, ക്രിക്കറ്റിനേക്കള്‍ പങ്കുവഹിക്കുന്ന ഒരു കളിയുമില്ല.
ഒരു ചിഹ്നമെന്ന നിലയില്‍ ഹിന്ദു ഭീകരര്‍ ,ഇത്രയേറെ ഉപയോഗപ്പെടുന്ന മറ്റൊന്നുമുണ്ടാവില്ല.
ഓരോ ഇന്ത്യാ പാക്കിസ്ഥാന്‍ മാച്ചും ഇന്ത്യന്‍ സങ്കുചിതവാദത്തിനെ കൂടുതല്‍ ഊതിപെരുപ്പിക്കുന്നു.
കോടികള്‍ ചെലവഴിച്ചുകൊണ്ടുള്ള സൈനികനീക്കത്തിലൂടെ മാത്രം നേടിയെടുക്കാവുന്ന വാര്‍ റ്റൈം ഹിസ്റ്റീരിയയാണ്‌ ഇന്ത്യയിലായാലും പാക്കിസ്ഥാനിലായാലും സര്‍ക്കാരുകള്‍ ഇതിലൂടെ നേടിയെടുക്കുന്നത്‌. ഇരു രാജ്യങ്ങളും തങ്ങളുടെ അഭ്യന്തര പ്രതിസന്ധികള്‍ മറികടക്കാന്‍
അതിര്‍ത്തിയിലേക്ക്‌ സൈനീകനീക്കങ്ങള്‍ നടത്താറുണ്ടെന്നുള്ളത്‌ വലിയ രഹസ്യമൊന്നുമല്ല.

അതേ സമയം ഇന്ത്യന്‍ ജനതയുടെ കൃക്കറ്റിനോടുള്ള സമീപനങ്ങള്‍ വിചിത്രമത്രേ! ഒരര്‍ത്ഥത്തില്‍ ഫ്യൂഡല്‍ എന്നു വിളിക്കാവുന്നതരം മാനസീകാവസ്ഥയാണിതെന്നു വേണം കരുതാന്‍.
എന്നാല്‍ ഉല്‍പാദനശക്തികളുടേയും അതുവഴി ചരിത്രത്തിന്റെയും വികാസത്തെ തടഞ്ഞുനിര്‍ത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലതന്നെ. അത്തരമൊരു വികാസഘട്ടത്തിലൂടെയാണ്‌ ഇപ്പോള്‍ ക്രിക്കറ്റു കടന്നുപോകുന്നത്‌.
ഇന്നലെ വരെ ശത്രുരാജ്യത്തിന്റെ പടനായകരായി കാണപ്പെട്ടിരുന്ന പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാര്‍
ആഭ്യന്തര ക്രിക്കറ്റില്‍ മാറ്റുരക്കുമ്പോള്‍ , ഇന്ത്യന്‍ ജനത സ്വന്തം എന്നു കരുതുന്ന ടീമുകള്‍ക്കുവേണ്ടി കളിക്കുമ്പോള്‍ ഇന്ത്യന്‍ ദേശീയതയുടെ കൃത്രിമമായി പൊലിപ്പിച്ചും നിര്‍മ്മിച്ചും എടുത്ത പാക്കിസ്താനെന്ന അപര രൂപകങ്ങള്‍ വായുവിലലിഞ്ഞുചേരും. ആരാഗ്രഹിച്ചാലും ഇല്ലെങ്കിലും.

ഇന്നലെ വരെ പല്ലുഞെരിച്ചവര്‍ക്കുവേണ്ടി ആര്‍പ്പുവിളിക്കേണ്ടി വരുന്നത്‌ രസകരം തന്നേയല്ലേ?
ഇന്ത്യയിലെ ഹിന്ദു മുസ്ളീം പ്രശ്നം പരിഹരിക്കുന്നതിന്‌ വേണ്ടി ഇന്ത്യാ പാക്കിസ്ഥാന്‍ കൃക്കറ്റു മത്സരം നത്തുകയാണു വേണ്ടതെന്നു ഡെപ്യൂട്ടി പ്രധാന മന്ത്രിയായിരുന്ന അദ്വാനി ഒരിക്കല്‍ അഭിപ്രായപ്പെടുകയുണ്ടായി!

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ബാബുരാജ് ഭഗവതി

വേറിട്ട ഈ വായനക്ക് നന്ദി.

സങ്കുചിത ദേശീയത പോലും മൂലധനതാല്‍പ്പര്യങ്ങള്‍ക്ക് കീഴടങ്ങുന്നു എന്നതും കാണണ്ടേ?

കളിക്കാരന്‍ വെറും കൂലിക്കാരന്‍ മാത്രമായി മാറുന്നതും.