Saturday, March 8, 2008

അമേരിക്കന്‍ സമ്പദ്ഘടന ഒരു ചീട്ടുകൊട്ടാരം

അമേരിക്ക ഇന്ന് നിലവില്‍ ഉള്ള ഏക സാമ്രാജ്യം മാത്രമല്ല, കോര്‍പ്പറേറ്റ് ബിസ്സിനസിന്റെയും, സൈനികാധിപത്യമോഹങ്ങളുടെയും, തങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ശരി, തങ്ങള്‍ ശരി മാത്രമേ ചെയ്യൂ എന്ന വിശ്വാസവുമായി വന്‍പിച്ച തോതിലുള്ള സ്വയം വിപണനത്തിലൂടെയും പലപ്പോഴും മറ്റുള്ളവരെ ചൂഷണം ചെയ്തും (ആവശ്യമെങ്കില്‍ സൈന്യത്തിന്റെ പിന്‍ബലത്തോടുകൂടിപ്പോലും) ഏറ്റവും വലിയതും ശക്തവുമായ രാജ്യമായിത്തീരുവാനുള്ള അടങ്ങാത്ത അഭിനിവേശം നിരന്തരമായി പ്രദര്‍ശിപ്പിക്കുന്ന , ഈ തത്വശാസ്ത്രത്തിനു ചുറ്റും സ്വയം കെട്ടിപ്പടുത്തുകൊണ്ടിരിക്കുന്ന ഒരു ശക്തിയാണ് അത്. അച്ചടി-ദൃശ്യമാധ്യമങ്ങള്‍, കംപ്യൂട്ടര്‍-ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ എന്നിവയിലൂടെ തരംതാഴ്ന്നതും വാസ്തവ വിരുദ്ധവുമായ വാര്‍ത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും അവരെ വിനോദങ്ങളുടെ മായാപ്രപഞ്ചത്തിലേക്ക് കൈപിടിച്ചാനയിക്കാനുമായി അമേരിക്കന്‍ സാമ്രാജ്യം, കോര്‍പ്പറേറ്റ് വ്യവസായത്തിന്റെ തന്നെ മറ്റൊരു ഭാഗമായ Time Warner പോലുള്ള മാധ്യമ കുത്തകകളെയും ഉപയോഗിച്ചു വരുന്നു.

ഒരിക്കലും "പേര് വെളിപ്പെടുത്തുവാന്‍ തയ്യാറാകാത്ത'' തങ്ങളുടെ "വിശ്വസനീയങ്ങളായ ഉറവിടങ്ങളില്‍'' നിന്നും ലഭിക്കുന്ന "വിശ്വസനീയമായ വിവരങ്ങള്‍'' പ്രചരിപ്പിക്കുവാനും ഇത്തരം സത്യവിരുദ്ധമായ വിവരങ്ങള്‍ക്ക് യുക്തിയുടേയും തുടര്‍ന്ന് വിശ്വസ്തതയുടേയും ഇല്ലാത്ത പരിവേഷം നല്‍കുന്നതിനും അമേരിക്കന്‍ സര്‍ക്കാരും സൈന്യവും ഒത്തുകളിക്കുകയാണ്. അമേരിയ്ക്കകത്തും പുറമേയും തെറ്റായ കഥകളും ഭീതിയും ധനവും വിതരണം നടത്തുവാന്‍ CIA സര്‍ക്കാരിതര സന്നദ്ധ സംഘടനകളുമായി (NGOs) കൂട്ടുചേര്‍ന്ന് "ബുദ്ധി ജീവികളേയും'' "സ്ഥാപനങ്ങളേയും'' പോറ്റിവളര്‍ത്തുകയാണ്. തങ്ങളുടെ താത്പര്യങ്ങള്‍ അധികാര കേന്ദ്രങ്ങളില്‍ ശക്തമായി പ്രതിഫലിപ്പിക്കുവാന്‍ കരുത്തുനേടിക്കഴിഞ്ഞ മത വിഭാഗങ്ങളാകട്ടെ ഇപ്പോള്‍ രാഷ്ട്രീയ പ്രക്രിയയില്‍ കൂടുതല്‍ കൂടുതല്‍ പ്രത്യക്ഷമായി പങ്കെടുക്കുകയും പൂര്‍ണ്ണമായും ശരി എന്ന് അവര്‍ കരുതുന്ന തങ്ങളുടെ വിശ്വാസത്തിനനുകൂലമായ ഭരണം വരുമെന്ന് ഉറപ്പുവരുത്തുകയുമാണ്. അമേരിക്കന്‍ സര്‍ക്കാരിന്റെ പകുതി ഭാഗമായ റിപ്പബ്ലിക്കന്‍ കക്ഷി ഇതിനകം തന്നെ മതവിഭാഗങ്ങളുടെ പൂര്‍ണ്ണമായ സ്വാധീനത്തിലാണെങ്കില്‍ മറ്റേ പകുതിയായ ഡെമോക്രാറ്റ് കക്ഷിയാകട്ടെ ലോകത്തെ അടിച്ചുതകര്‍ക്കുക എന്ന അമേരിക്കന്‍ നയം നടപ്പിലാക്കുന്ന കാര്യത്തില്‍, തങ്ങളും ദേശസ്നേഹത്തിന്റെ കാര്യത്തില്‍ ആരെക്കാളും പുറകിലല്ല എന്നു തെളിയിക്കുവാനുള്ള മാനസിക തയ്യാറെടുപ്പിലുമാണ്.

ലോകമെമ്പാടും അമേരിക്കയുടെ പ്രതിച്ഛായ ഇന്നും ശക്തമായി തന്നെ നിലനില്‍ക്കുകയാണ്. ഇതാകട്ടെ അമേരിക്കയുടെ ഏറ്റവും ആകര്‍ഷകങ്ങളായ തിളക്കവും ശോഭയും മാത്രം പ്രദര്‍ശിപ്പിക്കുന്ന കുത്തകകളുടേയും സര്‍ക്കാരിന്റെയും വന്‍ പ്രചരണത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട പ്രതിച്ഛായയാണെന്ന് വളരെ പെട്ടെന്നുതന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. അത്തരത്തിലുള്ള പ്രചരണങ്ങള്‍ ഇല്ലാത്ത - അമേരിക്കന്‍ സ്വാതന്ത്ര്യത്തെയും വാങ്ങല്‍ ശേഷിയേയും, അവിടുത്തെ സുഖകരമായ ജീവിതത്തെയും സുന്ദരികളേയും, ഹോളിവുഡിന്റെ മനോഹാരിതകളേയും Apple-i-Pod കളുടെ സാങ്കേതിക-തിളക്കങ്ങളേയും കുറിച്ച് സ്തുതി പാടാത്ത - ഒരു ലോകത്തെക്കുറിച്ച് വിഭാവന ചെയ്യുന്നത് എത്രയോ മനോഹരമായിരിക്കും? എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അത്തരത്തില്‍ ഉള്ള ഒരു ലോകത്തെക്കുറിച്ച് വിഭാവനം ചെയ്യുന്നത് പ്രയാസകരമാണ്. അമേരിക്കയില്‍ സൃഷ്ടിക്കപ്പെടുന്നതായി നാം കരുതുന്ന സമ്പത്തിന്റെയും, ഉപഭോഗതൃഷ്ണയെ വളരെപ്പെട്ടെന്ന് തൃപ്തിപ്പെടുത്തുന്ന ഒരു സംസ്കാരത്തിന്റെയും പ്രതിച്ഛായകളിലാണ് ലോക സമൂഹംതന്നെ ഇന്ന് വാര്‍ക്കപ്പെട്ടിരിക്കുന്നത് എന്നത് തന്നെയാണ് ഇതിന്റെ കാരണം.

എന്തിനേയും തരണം ചെയ്യാന്‍ ശക്തിയുണ്ടെന്ന് പ്രചരിപ്പിക്കപ്പെടുന്ന വ്യക്തിവാദത്തിന്റെ (സാമൂഹ്യക്ഷേമത്തിന്റെ സ്ഥാനത്ത്), ഡിസ്‌നി ലാന്‍ഡ് പോലെ എല്ലാവരും എപ്പോഴും സന്തുഷ്ടരായിരിക്കുന്ന ഒരു രാജ്യത്തിന്റെ (തങ്ങള്‍ക്ക് ഭീഷണിയായ ഒന്നിനും വഴി നടക്കാനര്‍ഹതയില്ലാത്തയിടങ്ങളിലും, അടഞ്ഞ സമൂഹങ്ങള്‍ക്കുള്ളിലും മാത്രമെ ഇത് കാണാനാവൂ), ഫ്രീ മാര്‍ക്കറ്റിന്റെ (കാര്‍ഷിക സബ്‌സിഡിയും അനധികൃത കുടിയേറ്റവും ഉണ്ടായിരിക്കെത്തന്നെ), ഉല്പാദനക്ഷമതയുടേയും വളര്‍ച്ചയുടേയും (പല OECD രാജ്യങ്ങളിലും ജോലി സമയം അമേരിക്കയിലേതിനേക്കാള്‍ കുറവും എന്നാല്‍ ഉല്പാദനക്ഷമതയും ആനുകൂല്യങ്ങളും കൂടുതലുമാണ്.) ഒരു വര്‍ഗ രഹിത സമൂഹത്തിന്റെ (അവിടത്തെ കുറ്റകൃത്യങ്ങളുടെ കണക്കുകള്‍‍, തടവറയിലാക്കപ്പെടുന്നവരുടെ എണ്ണം, വിദ്യാഭ്യാസ നിലവാരം തുടങ്ങിയ ജനസംഖ്യാസംബന്ധിയായ കണക്കുകള്‍ ഈ കാപട്യത്തെ പൊളിച്ചുകാട്ടുന്നുണ്ട്), നിയമവാഴ്ചയുടേയും സര്‍ക്കാരിന്റെ നടപടികളുടെ സുതാര്യതയുടേയും( സൈനിക കരാറുകള്‍ ടെണ്ടര്‍ വിളിക്കാതെ നല്‍കുന്ന സ്ഥിതിയിലും, ഭരണം കോര്‍പ്പറേറ്റ് ശക്തികേന്ദ്രങ്ങളും തിരഞ്ഞെടുക്കപ്പെട്ടവരുടേതല്ലാത്ത ഉപജാപകസംഘവും ചേര്‍ന്ന് നടത്തുമ്പോഴും‍) ഒക്കെ കെട്ടുകഥകള്‍ തികച്ചും അലസരായ ജനതതി വിശ്വസിക്കുകയും, ലോകം മുഴുവന്‍ ആ കഥകള്‍ക്ക് സമ്മിതി ലഭിക്കുകയും ചെയ്യുന്നു.

സമൂഹത്തിന്റെ മൊത്തം ക്ഷേമം എന്നതിനു പകരം ശക്തരായ ചിലര്‍ക്കുമാത്രം ഗുണം ലഭിക്കുന്ന നയങ്ങളാണ് അമേരിക്ക പിന്‍തുടരുന്നത്. ക്ഷേമസങ്കല്‍പ്പങ്ങള്‍ക്ക് വിരുദ്ധമായി പരുക്കന്‍ വ്യക്തിവാദങ്ങളെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ക്കും വിരൂപമായ എന്തിനെയും വേലി കെട്ടിപുറത്താക്കുന്ന പതിവ് രീതികള്‍ക്ക് വിരുദ്ധമായി എല്ലാവരും സസുഖം വാഴുന്ന Disney Land നെക്കുറിച്ചുള്ള പ്രതിച്ഛായ സൃഷ്ടിക്കുന്നതിന്റെ പിന്നിലും ഇത്തരം നയങ്ങള്‍ തന്നെയാണ്. ഒരു വശത്ത് സ്വതന്ത്ര വിപണിയെ പ്രോത്സാഹിപ്പിക്കുന്ന അമേരിക്ക തൊഴിലിനായി അവിടേയ്ക്കുള്ള കുടിയേറ്റത്തെ തടയുന്നു. ഒപ്പം വികസ്വര രാജ്യങ്ങളോട് കാര്‍ഷിക സബ്സിഡികള്‍ വെട്ടിക്കുറക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പല വികസിത രാജ്യങ്ങളിലും (OECD countries ) ഉയര്‍ന്ന ഉത്പാദനക്ഷമതയും കുറഞ്ഞ തൊഴില്‍ സമയവും തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ആനുകൂല്യങ്ങളും നിലനില്‍ക്കുന്നുവല്ലോ ? ആ മാതൃക പിന്തുടരാനല്ല, ഉയര്‍ന്ന ഉത്പാദനക്ഷമതയും വളര്‍ച്ചാനിരക്കും കൈവരിക്കുന്നതിനായി വികസ്വര രാജ്യങ്ങള്‍ തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ നടപ്പിലാക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെടുന്നത്. അവിടത്തെ കുറ്റകൃത്യങ്ങളുടെ വിവരങ്ങള്‍, തുറങ്കിലാക്കപ്പെടുന്നവരുടെ എണ്ണം, വിദ്യാഭ്യാസ നിലവാരം തുടങ്ങിയവയെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും തങ്ങളുടേത് ഒരു വര്‍ഗ്ഗരഹിത സമൂഹമാണെന്ന അമേരിക്കയുടെ അവകാശവാദം കേട്ട് ചിരിക്കാതിരിക്കാനാവില്ല എന്നതല്ലേ സത്യം?

മറ്റുള്ളവര്‍ക്ക് നിയമവാഴ്ചയുടേയും ഭരണസുതാര്യതയുടേയും ഗുണപാഠങ്ങള്‍ ഉപദേശിക്കുന്ന അമേരിക്കയില്‍ ഒട്ടുമിക്ക ആയുധകരാറുകളും ടെണ്ടര്‍ വിളിക്കാതെയാണ് സ്ഥിരീകരിക്കപ്പെടുന്നത്. ഭരണകൂടമാകട്ടെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടാത്ത കുത്തക സ്ഥാപനങ്ങളുടെ മേധാവികളുടെ നിയന്ത്രണത്തിലുമാണ്. ഇവരെടുക്കുന്ന തെറ്റായ തീരുമാനങ്ങളെ യാതൊരു ചോദ്യം ചെയ്യലും കൂടാതെ അലസമായാണ് അമേരിക്കന്‍ ജനത സ്വീകരിക്കുന്നത്. അതുപോലെതന്നെ വിവിധഭരണകൂടങ്ങളില്‍ സ്വാധീനമുള്ള ഉന്നതരെങ്കിലും ലോകമാസകലം ഇത്തരം നയങ്ങളെ അംഗീകരിക്കുന്നുണ്ട്. രസകരമായ മറ്റൊരു സംഗതി വിവിധ രാജ്യങ്ങളുടെ മേല്‍ ഇത്തരം നയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത്, ജനാധിപത്യ രീതികളോ സുതാര്യതയോ ഒരിക്കലും പാലിച്ച ചരിത്രമില്ലാത്ത W.T.O, I.M.F. Would Bank തുടങ്ങിയ സ്ഥാപനങ്ങളുടെ സാമ്പത്തിക സമ്മര്‍ദ്ദത്തിലൂടെയും സാമാന്യ ജനങ്ങളുടെ പിന്‍തുണയില്ലാത്ത വ്യാപാര കരാറുകളിലൂടെയുമാണ് എന്നതാണ്.

ലോകത്തിലെ മറ്റു രാജ്യങ്ങളെ തരംതാഴ്ത്തി കാണിക്കുന്ന പ്രചരണവും അമേരിക്ക നിരന്തരമായി നടത്തിവരികയണ്. അമേരിക്കയുടെ ദൃഷ്ടിയില്‍ യുറോപ്പ് പഴഞ്ചനും മദ്ധ്യപൌരസ്ത്യ രാജ്യങ്ങള്‍ ആധുനികതയുടെ കാര്യത്തില്‍ വളരെ പിറകിലുമാണ്. ഏഷ്യയും ആഫ്രിക്കയുമാകട്ടെ അഴിമതിയുടെ പര്യായങ്ങളും. ചുരുക്കിപ്പറയുകയാണെങ്കില്‍ ഇതര രാജ്യങ്ങളിലെ ജനങ്ങള്‍ അമേരിക്കയെ സംബന്ധിച്ചിടത്തോളം അവജ്ഞയോടു കൂടി നോക്കിക്കാണേണ്ട "മറ്റുള്ളവര്‍'' ആണ്. തങ്ങളെ അപേക്ഷിച്ച് വര്‍ഗ്ഗപരമായി താഴ്ന്ന നിലയിലുള്ള മനുഷ്യര്‍. വ്യക്തികളുടെ കാര്യത്തിലായാലും സ്ഥാപനങ്ങളുടെ കാര്യത്തിലായാലും അമേരിക്ക കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുടെ നിലവാരത്തിലേയ്ക്ക് ഒരിക്കലും സ്വയം ഉയര്‍ത്തിക്കൊണ്ടു വരുവാനുള്ള കഴിവില്ലാത്ത ജന്മങ്ങള്‍. പക്ഷെ ഒന്നുണ്ട്, ഉപഭോക്താക്കളായും, തൊഴിലാളികളായും, ധനചൂഷണത്തിനായുള്ള ഉപാധികളായും അമേരിക്കയ്ക്ക് ഉപയോഗിക്കാവുന്ന "സൃഷ്ടികള്‍'' ആണവര്‍.

"സോഷ്യലിസം'', "ജനാധിപത്യസമൂഹം'' എന്നീ 'ഭീതി ജനിപ്പിക്കുന്ന' പദങ്ങളെ സ്പര്‍ശിക്കുന്ന, ജീവന്‍ നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതങ്ങളായ ജലമുള്‍പ്പെടെയുള്ള വസ്തുക്കളേയും (ചില വികസിത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഇത്തരം വസ്തുക്കളുടെ പട്ടികയില്‍ ജനിതകമായി രൂപാന്തരം ചെയ്യപ്പെട്ട ആഹാരം വരെ ഉള്‍പ്പെട്ടിരിക്കുന്നു) എന്തിന് മനുഷ്യനുള്‍പ്പെടെയുള്ള തദ്ദേശീയമായ ജീവജാലങ്ങളുടെ അടിസ്ഥാനപരമായ ജനിതക ഘടനയെപ്പോലും വില്‍പ്പനച്ചരക്കാകുന്നതിനെ എതിര്‍ക്കുന്ന, അത്തരം വിഭവങ്ങളുടെ ഉടമസ്ഥാവകാശം വിപണിശക്തികള്‍ക്ക് (Market forces) നിഷേധിക്കുകയും അവയുടെ ആനുകൂല്യം സമ്പത്ത് ഉത്പാദിപ്പിക്കുന്ന തൊഴിലാളികള്‍ക്കും, അതിനെ സംരക്ഷിക്കുന്ന രാജ്യങ്ങള്‍ക്കും ലഭ്യമാക്കണം എന്നു വാദിക്കുന്ന, എല്ലാ ചിന്താധാരകളും ലോകത്തെമ്പാടുമുള്ള അമേരിക്കയുടെ താളത്തിനൊത്തു തുള്ളുന്ന സാമ്പത്തിക ശാസ്തജ്ഞന്മാരെ സംബന്ധിച്ചിടത്തോളം ദൈവനിന്ദയ്ക്ക് തുല്യമാണ്.

ധാര്‍മ്മികതയെപ്പറ്റി തെല്ലും വ്യാകുലപ്പെടാതെ സമൂഹത്തിന്റെ മേല്‍ത്തട്ടിലുള്ളവര്‍ സമ്പത്തിന്റെയും വിഭവങ്ങളുടേയും സിംഹഭാഗവും അനുഭവിക്കുന്നതിനെ ശരിവക്കുന്നതും അവിടെ നിന്നു നേര്‍ത്ത ധാരയായി എപ്പോഴെങ്കിലും ഒഴുകിയെത്തിയേക്കാവുന്ന ആനുകൂല്യങ്ങള്‍കൊണ്ട് (‘trickle down’ effect) മറ്റുള്ളവര്‍ അവരുടെ നില മെച്ചപ്പെടുത്തിക്കൊള്ളണം എന്ന് കല്പിക്കുന്നതുമായ 'നിഷ്പക്ഷ' വിപണിയായിരിക്കണം എല്ലാം നിയന്ത്രിക്കേണ്ടത് എന്ന തത്വശാസ്ത്രമാണല്ലോ അമേരിക്ക നടപ്പിലാക്കുവാന്‍ ശ്രമിക്കുന്നത്. എന്നാല്‍ വിപണിയ്ക്ക് ഒരിയ്ക്കലും നിഷ്പക്ഷമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കുവാനാകില്ലെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നത്. Enron ന്റെയും Arthur Anderson ന്റെയും കേസുകളോടനുബന്ധിച്ചുള്ള കോടതി വിധികളാകട്ടെ വിപണിയെ ഗ്രസിച്ചിരിക്കുന്ന രൂക്ഷമായ അധാര്‍മ്മികതയെ തുറന്നു കാട്ടുകയും ചെയ്യുന്നു. സമ്പന്നന്മാര്‍ അവരുടെ മാത്രം കാര്യം നോക്കുന്നതില്‍ മിടുക്കന്മാരാണ്. ജോര്‍ജ്ജ്ബുഷിന് പങ്കാളിത്തമുള്ള Harken Oil എന്ന സ്ഥാപനം പ്രതിസന്ധിയിലായപ്പോള്‍ അമേരിക്കയിലെ ജനങ്ങളുടെ പണം ഉപയോഗിച്ചാണ് അതിനെ സംരക്ഷിച്ചത്. Wahabhi മതമൌലിക വാദികള്‍ക്ക് സ്വന്തം ഇസ്ലാമിക രാഷ്ട്രത്തില്‍ പിന്തുണ നല്‍കുന്ന സൌദി അറേബ്യയും അവിടത്തെ Bandar രാജകുമാരനും Bank of Credit and Commerce മായുള്ള ഇടപാടുകളില്‍ നിന്നും ശതകോടിക്കണക്കിനു ഡോളറാണ് അവിഹിതമായി സമ്പാദിച്ചത്.

സമ്പന്നന്മാര്‍ ഒരിക്കലും അവരുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നിയമത്തിനു വിധേയമായും സുതാര്യമായും നിഷ്പക്ഷമായും നടത്താറില്ല. എന്നാല്‍, കത്രീന ചുഴലിക്കാറ്റ് ആഞ്ഞുവീശി ദുരിതം വിതച്ച New Orleans ലെ ജനങ്ങള്‍ക്കും, ചികിത്സയ്ക്കായി സര്‍ക്കാരിന്റെ സഹായം ലഭിക്കാതെ രോഗങ്ങളും പേറി വലയുന്ന 40 ദശലക്ഷം അമേരിക്കക്കാര്‍ക്കും, Detroit ഇല്‍ നിന്നും വെള്ളക്കാരുടെ കുടിയേറ്റം മൂലം ഒറ്റപ്പെട്ട കറുത്ത വംശജര്‍ക്കും (white emigration out of Detroit) നന്നായി അറിയാം സാമ്പത്തിക പുരോഗതിയുടെ ഫലങ്ങള്‍ ചെറുതുള്ളികളായി തങ്ങളിലുമെത്തുമെന്നും 'നിഷ്പക്ഷമായ' വിപണികള്‍ തങ്ങളെ ഉദ്ധരിക്കുമെന്നും ഉള്ള ആശ്വാസ വചനങ്ങള്‍ പച്ചക്കള്ളമാണെന്ന് . അമേരിക്കന്‍ ജനതയില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന ഉപഭോഗതൃഷ്ണയില്‍ നിന്നും, ലോകമൊട്ടാകെ സൈനിക നടപടികള്‍ തുടരുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ ചെലവിടുന്ന ധനത്തില്‍ നിന്നും, ധനികര്‍ക്കായി ധനികരാല്‍ നല്‍കപ്പെടുന്ന നികുതി ഇളവുകളില്‍ നിന്നും കൂടുതല്‍ കൂടുതല്‍ ലാഭം സമ്പന്നന്മാര്‍ ആര്‍ത്തിയോടെ ഊറ്റിക്കുടിക്കുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദത്തില്‍ ദരിദ്രര്‍ക്ക് വല്ലപ്പോഴും മാത്രം ചെറുതുള്ളികളായി ഇറ്റുവീഴുന്ന വളര്‍ച്ചയുടെ സദ്ഫലങ്ങള്‍ മുങ്ങിപ്പോകുന്നു.

അമേരിക്ക എന്ന അതിശയിപ്പിക്കുന്ന സാമ്പത്തിക ശക്തികേന്ദ്രം (wonderful financial powerhouse )ധനത്തിന്റെ വിതരണത്തിനും (supply of money) സമ്പദ്ഘടനയുടെ വളര്‍ച്ച നിലനിര്‍ത്തുന്നതിനും ഇപ്പോള്‍ മുമ്പൊരിക്കലുമില്ലാത്തവിധം കടം സൃഷ്ടിക്കുന്നതിനെ (Creation of debt) ആശ്രയിക്കുകയാണ്. ചീട്ടുകൊട്ടാരത്തിനു സമമായ ഒരു സാമ്പത്തിക സ്ഥാപനമാണ് ഇന്നത്തെ അമേരിക്ക. ലോകത്തിലെ ധന വിപണികളിലോ (Finance markets) അല്ലെങ്കില്‍ മറ്റേതെങ്കിലും വിപണികളിലോ ഉണ്ടാകുന്ന അപ്രതീക്ഷിതമായ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഒരു ചെറിയ കാറ്റിനുപോലും ഇതിനെ അസ്ഥിരപ്പെടുത്താനാകും. മറ്റു രാജ്യങ്ങള്‍ അവയുടെ പക്കലുള്ള അമേരിക്കന്‍ കടപ്പത്രങ്ങള്‍ വില്‍ക്കുവാനൊരുങ്ങുന്നു എന്ന ഒരു കിംവദന്തി മതി ഈ ചീട്ടുകൊട്ടാരം തകരുവാനും നിയന്ത്രിക്കുവാന്‍ കഴിയാത്തവിധം ചിതറിപ്പോകുവാനും. ആഗോളവത്ക്കരണത്തിന്റെ കെടുതികള്‍ അതിനെ തന്നെ പ്രതികൂലമായി ബാധിക്കുവാന്‍ തുടങ്ങിയിരിക്കുന്നു എന്നു സാരം.

ലോകത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ സ്ഥിതിവിവരക്കണക്കുകളിലൂടെ എങ്ങനെ മറച്ചുവയ്ക്കുവാനാകും എന്നതിന് ഏറ്റവും വ്യക്തമായ തെളിവാണ് മൊത്തം ആഭ്യന്തര ഉത്പാദനം (GDP) കണക്കാക്കുന്ന രീതി. ലോകബാങ്കിന്റെയും (WB) അന്താരാഷ്ട്ര നാണയനിധിയുടേയും (IMF) ധനസഹായം സ്വീകരിക്കുവാന്‍ നിര്‍ബന്ധിക്കപ്പെട്ട് അവയുടെ കുറിപ്പടി പ്രകാരം സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്ന മിക്ക രാജ്യങ്ങളുടേയും GDPവര്‍ദ്ധിക്കുന്നതായിട്ടാണ് രേഖപ്പെടുത്തപ്പെടുന്നത്. മെക്സിക്കോ എന്ന രാജ്യം ഇതിന് ഒരു ഉദാഹരണമാണ്. എന്നാല്‍ മെക്സിക്കോയില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ദ്ധിച്ചുവരുന്നതോ, സബ്സിഡി നല്‍കി ഉത്പാദിപ്പിക്കപ്പെടുന്ന അമേരിക്കന്‍ ചോളത്തിന്റെ ഇറക്കുമതി കാരണം തങ്ങളുടെ വിപണി നഷ്ടപ്പെട്ട് അവിടത്തെ കര്‍ഷകര്‍ ദരിദ്രരാക്കപ്പെടുന്നതോ നിയമവിരുദ്ധമായി അമേരിക്കയില്‍ കുടിയേറിപ്പാര്‍ക്കുന്ന മെക്സിക്കന്‍ വംശജര്‍ നാട്ടിലേയ്ക്കയക്കുന്ന ശതകോടിക്കണക്കിനു ഡോളര്‍ വരുന്ന ധനത്തെ ആശ്രയിച്ചാണ് മെക്സിക്കന്‍ സമ്പദ്ഘടന നിലനില്ക്കുന്നത് എന്നതോ ഒന്നുംതന്നെ GDP യുടെ വളര്‍ച്ച രേഖപ്പെടുത്തുന്ന കണക്കുകളിലും വിവരങ്ങളിലും പ്രതിഫലിക്കപ്പെടുന്നില്ല. അതേസമയം ഇത്തരം കണക്കുകള്‍ തങ്ങളുടെ തെറ്റായ സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുവാനും, അവ ലോകമൊട്ടാകെ വരുത്തിവയ്ക്കുന്ന വന്‍ ദുരന്തങ്ങളെക്കുറിച്ച് തെല്ലുംതന്നെ പശ്ചാത്തപിക്കാതെ അത്തരം ദുര്‍നയങ്ങള്‍ തുടരുവാനും, IMF നും ലോകബാങ്കിനും അനുമതി നല്‍കുന്ന സാക്ഷിപത്രങ്ങളായിത്തീരുകയും ചെയ്യുന്നു.

സാമ്പത്തിക വിദഗ്ദ്ധരുടെ കടുകട്ടിയായ പദങ്ങള്‍ നിറഞ്ഞ ഭാഷയിലൂടെ അമേരിക്ക നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മനസ്സിലാക്കുന്നത് ദുഷ്ക്കരമാണ്. എന്നാല്‍ പണം വരുന്നതിനേയും പോകുന്നതിനേയും അടിസ്ഥാനമാക്കി വിവേകത്തോടുകൂടി സ്വന്തം കുടുംബബജറ്റ് കൈകാര്യം ചെയ്യുന്ന ഒരു ഗൃഹനാഥന് മനസ്സിലാകുന്ന രീതിയില്‍ ലഭ്യമായ ഏതാനും ഉദാഹരണങ്ങളിലൂടെ അമേരിക്കയുടെ പ്രശ്നങ്ങളെ വിശദീകരിക്കുവാന്‍ സാധിക്കും.

കഴിഞ്ഞ രണ്ടു ദശകങ്ങളായി അമേരിക്കയില്‍ വ്യാവസായിക ഉത്പാദനം ഗണ്യമായി കുറയുകയും സേവനമേഖല വലിയതോതില്‍ വളര്‍ന്ന് സാമ്പത്തികമേഖലയിലെ ഏറ്റവും പ്രബലവും നിര്‍ണ്ണായകവുമായ ശക്തിയായി മാറുകയും ചെയ്തിരിക്കുന്നു എന്നതാണ് അവിടത്തെ പ്രശ്നങ്ങള്‍ക്ക് അടിസ്ഥാനപരമായ ഒരു കാരണം. ഉപഭോഗ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി യാതൊരു നിയന്ത്രണവുമില്ലാതെ വായ്പകള്‍ നല്‍കിക്കൊണ്ടാണ് അമേരിക്കയില്‍ ഇന്ന് സമ്പത്തും വളര്‍ച്ചയും സൃഷ്ടിക്കപ്പെടുന്നത്. സാമ്പത്തിക മേഖലയുടെ ഏറ്റവും വലിയ ചാലകശക്തിയായി കടം മാറിയിരിക്കുന്നു എന്നു ചുരുക്കം. സൈന്യവും എണ്ണ വ്യവസായവും തമ്മിലുള്ള വിനാശകരമായ അവിശുദ്ധ കൂട്ടുകെട്ട്, എല്ലാ ജനാധിപത്യ മര്യാദകളേയും കാറ്റില്‍പ്പറത്തിക്കൊണ്ട് മതത്തെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയം എന്നിവയെപ്പോലെതന്നെ അമേരിക്കയെ തുറിച്ചുനോക്കുന്ന മറ്റൊരു അപകടമായി വായ്പയിലും കടത്തിലും ഉണ്ടായിരിക്കുന്ന ഈ വിസ്ഫോടനം മാറിയിരിക്കുന്നു.

ഉപഭോഗ സംസ്കാരമാണ് അമേരിക്കന്‍ സമ്പദ്ഘടനയുടെ എല്ലാക്കാലത്തെയും ആണിക്കല്ലെന്ന് നിരവധി ചരിത്രസംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അമേരിക്കക്കാര്‍ ഉപഭോഗ ആവശ്യങ്ങള്‍ക്കായി ചിലവാക്കുന്ന മൊത്തം ധനം ആ രാജ്യത്തിന്റെ മൂന്നുലക്ഷം ട്രില്യണ്‍ ഡോളറോളം വരുന്ന സമ്പദ്ഘടനയുടെ ഏതാണ്ട് മൂന്നില്‍രണ്ടു ഭാഗത്തിലധികം വരും.

തുടര്‍ച്ചയായി മുരടിപ്പിനെ നേരിടുന്ന അമേരിക്കന്‍ സമ്പദ്ഘടന ഒരു പൂര്‍ണ്ണമായ മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്തുന്നതിനെ തടയിടുന്ന മറ്റൊരു നിര്‍ണ്ണായക ഘടകമാണ് അമേരിക്ക അതിന്റെ സാമ്രാജ്യത്വ മോഹങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന യുദ്ധങ്ങള്‍. ഇത്തരം യുദ്ധങ്ങളും അമേരിക്കന്‍ ഉപഭോഗ സംസ്കാരത്തിന്റെ ഭാഗം തന്നെയാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അമേരിക്കന്‍ ഉപഭോഗ സ്വഭാവത്തിന് രണ്ട് മുഖങ്ങളുണ്ടെന്ന് സാരം - ഒരു ജനത എന്ന നിലയില്‍ സ്വന്തം ജീവിതസുഖങ്ങള്‍ വര്‍ദ്ധിപ്പിക്കുവാനാവശ്യമായ വസ്തുക്കളും സേവനങ്ങളും വാങ്ങിക്കൂട്ടുന്നതും ഒരു രാഷ്ട്രമെന്ന നിലയില്‍ മറ്റു രാജ്യങ്ങളില്‍ സര്‍വ്വനാശം വരുത്തിവയ്ക്കുന്ന യുദ്ധങ്ങളിലേര്‍പ്പെടുന്നതും. അമേരിക്ക സൈനിക ആവശ്യങ്ങള്‍ക്കായി നേരിട്ട്, ചെലവാക്കുന്ന തുക അതിന്റെ GDP യുടെ 4 ശതമാനമാണ്. എന്നാല്‍ അഫ്‌ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തുന്ന അതിക്രമങ്ങളുടെ ചെലവ് (ഇതിന്റെ നല്ലൊരു ഭാഗവും ആക്രമണത്തിനു വിധേയരാകുന്ന രാജ്യങ്ങള്‍തന്നെ വഹിക്കേണ്ടിവരുന്നു എന്ന വിരോധാഭാസവും നിലനില്‍ക്കുന്നുണ്ട്), അമേരിക്കന്‍ യുദ്ധങ്ങള്‍ വരുത്തിവയ്ക്കുന്ന വന്‍ നാശനഷ്ടങ്ങളുടെ വില, സാമ്രാജ്യത്വ അധിനിവേശത്തില്‍ തങ്ങളുടെ കൂട്ടാളികളായ ഇസ്രായേലിനെ പോലുള്ള രാജ്യങ്ങള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍, CIAയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിവരുന്ന ധനം, എന്നിവ കൂടി കണക്കിലെടുത്താല്‍ GDP യില്‍ സൈനിക ചെലവിന്റെ അനുപാതം ഇനിയും ഏറെ ഉയരും. ഇറാഖ് യുദ്ധത്തിനുവേണ്ടി അമേരിക്ക ഇതുവരെ ചെലവു ചെയ്ത തുക 1.2 ട്രില്യണ്‍ ഡോളറാണത്രെ.

ജോലി നഷ്ടപ്പെടുകയോ, അടിയന്തിരമായി ചികിത്സ നടത്തേണ്ടി വരുകയോ ചെയ്താല്‍ പോലും വരവിനേക്കാള്‍ കൂടുതല്‍ ചെലവ് ചെയ്യുന്ന ഒരു ശരാശരി അമേരിക്കന്‍ പൌരനെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നതിനും അയാളുടെ കുടുംബത്തിന്റെ സര്‍വ്വനാശത്തിന് വഴിയൊരുക്കുന്നതുമായ സാഹചര്യമാണ് അമേരിക്കയില്‍ ഇന്ന് നിലവിലുള്ളത്. പലിശനിരക്ക് ഇനിയും ഉയരുന്ന സ്ഥിതിയുണ്ടായാല്‍ വീടുകള്‍ പണയപ്പെടുത്തിയും ക്രെഡിറ്റ് കാര്‍ഡുകള്‍ നിയന്ത്രണമില്ലാതെ ഉപയോഗിച്ചും അമേരിക്കയിലെ തൊഴിലാളികളും മദ്ധ്യവര്‍ഗ്ഗവും വാങ്ങിക്കൂട്ടിയ കടങ്ങള്‍ അവര്‍ക്ക് കൈകാര്യം ചെയ്യുവാന്‍ പറ്റാത്തവിധം വര്‍ദ്ധിക്കുകയും അവരെ വളരെ പെട്ടെന്ന് ദാരിദ്ര്യവത്ക്കരിക്കുകയും ചെയ്യും, പ്രത്യേകിച്ച് ബാങ്ക് വായ്പയുടെ തിരച്ചടവില്‍ നിന്നും രക്ഷപ്പെടുവാന്‍ യാതൊരു പഴുതും അനുവദിക്കാത്ത കര്‍ശനമായ നിയമങ്ങള്‍ നടപ്പിലാക്കപ്പെടുന്ന ഇന്നത്തെ അവസ്ഥയില്‍. സമ്പദ്ഘടനയെ മുന്നോട്ട് ചലിപ്പിക്കുന്നതിനു വേണ്ടി അശാസ്ത്രീയമായ രീതിയില്‍ ഊതിപ്പെരിപ്പിച്ചു തങ്ങളുടെ വീടുകളുടെ ഉയര്‍ന്നവില പ്രയോജനപ്പെടുത്തി അമേരിക്കക്കാര്‍ ബാങ്കുകളില്‍ നിന്ന് കൈപ്പറ്റിയ വായ്പകളുടെ മൊത്തം തുക 600 ബില്യണ്‍ ഡോളറോളം വരും. ഈ വായ്പകള്‍ ഏതാണ്ട് പൂര്‍ണ്ണമായും തന്നെ ക്രെഡിറ്റ് കാര്‍ഡ് കടങ്ങള്‍ തിരിച്ചടക്കുന്നതിനും വ്യക്തിപരമായ ഉപഭോഗചെലവുകള്‍ നടത്തുന്നതിനും വേണ്ടിയാണ് ഉപയോഗപ്പെടുത്തിയത്. ഹൌസിങ്ങ് കുമിള പൊട്ടി വിപണി നിലംപതിച്ചതോടെ അമേരിക്കന്‍ സമ്പദ്ഘടന കൂടുതല്‍ അസ്ഥിരപ്പെട്ടിരിക്കുകയാണ്. ഈ സംഭവവികാസങ്ങളില്‍ ഉപഭോക്താക്കളെപ്പോലെതന്നെ സ്വന്തം ആവശ്യങ്ങള്‍ക്കായി വലിയതോതില്‍ കടമെടുത്ത അമേരിക്കയിലെ കുത്തകകള്‍ക്കും പങ്കുണ്ട്.

പ്രവചിക്കുവാന്‍ സാധ്യമല്ലാത്ത രീതിയില്‍ ചലനാത്മകമായ ധന-ഓഹരി വിപണികളും, കുത്തകകളുടെ അഴിമതികള്‍ നിറഞ്ഞ സാമ്പത്തിക ഇടപാടുകളും, പുതിയതും വളരെയേറെ സങ്കീര്‍ണ്ണങ്ങളായ പലതരം ധനകാര്യഘടനകള്‍ (Financial structrue) നിലവില്‍ വരുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ സാമ്പത്തിക മേഖലയിലെ നിയന്ത്രണങ്ങള്‍ ഒന്നൊന്നായി എടുത്തുകളയുന്നതും അമേരിക്കന്‍ സമ്പദ്ഘടനയെ ദുര്‍ബലപ്പെടുന്നതിനുള്ള കാരണങ്ങളായിത്തീര്‍ന്നിട്ടുണ്ട്. ഒട്ടും സുതാര്യമല്ലാത്ത Credit Derivates, Credit Derivative Futures തുടങ്ങിയ ധന ഉപകരണങ്ങളില്‍ ((Financial Instruments) അനേകം ട്രില്യണ്‍ ഡോളറാണ് നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. ഈ സാമ്പത്തിക സംവിധാനങ്ങളെല്ലാംതന്നെ അപകട സാധ്യത ഏറെയുള്ള പലതരത്തിലുള്ള വാങ്ങലിനും വില്‍ക്കലിനും വിധേയമാക്കുന്നതിനു പാകമായ രീതിയില്‍ രൂപാന്തരം ചെയ്യപ്പെട്ട മറ്റുള്ളവരുടെ കടബാധ്യതകളാണ്. 17.3 ട്രില്യണ്‍ ഡോളറോളം വരുന്ന കടബാധ്യതകളാണ് ഇത്തരത്തില്‍ വിപണിയില്‍ ഇടപാടുകള്‍ നടത്തുവാന്‍ പറ്റിയ സാമ്പത്തിക ഉപകരണങ്ങളായി മാറ്റപ്പെട്ടിരിക്കുന്നത്. വിപണി തകരുകയാണെങ്കില്‍ സമ്പദ്ഘടനയുടെ പരിപൂര്‍ണ്ണ നാശത്തിനു തന്നെ കാരണമായിത്തീരാവുന്ന അതിഭീമമായ തുകയാണിത്.

ഈ സാമ്പത്തിക സംവിധാനങ്ങള്‍ക്ക് പിന്നിലുള്ള കട ബാധ്യതകള്‍ പരസ്പരം കൂടിച്ചേര്‍ക്കപ്പെട്ടാണ് കിടക്കുന്നത്. വ്യക്തികള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ കടക്കാരാണ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ തമ്മില്‍ തമ്മിലും കൂടാതെ സര്‍ക്കാരില്‍ നിന്നും കടമെടുക്കുന്നു. ഇങ്ങനെ നീണ്ടുപോകുന്ന കടത്തിന്റെ ശൃംഖലയെക്കുറിച്ചും അത് തങ്ങളെ എങ്ങിനെയാണ് ബാധിക്കുന്നത് എന്നതിനെക്കുറിച്ചും ബാങ്കുകള്‍ക്കുപോലും ഇപ്പോള്‍ വ്യക്തമായ ധാരണയില്ല.

ഉപഭോഗത്തിനു വേണ്ടിവരുന്ന ധനം കണ്ടെത്തുന്നതിനായി അമേരിക്ക മറ്റു രാജ്യങ്ങളില്‍ നിന്നും ഭീമമായ തുക കടമെടുക്കുന്നതിനാല്‍ അമേരിക്കയുടെ ദേശീയകടം (National debt) അനുദിനം കൂടിവരുകയാണ്. മറ്റു രാജ്യങ്ങള്‍ അമേരിക്കയ്ക്ക് കടം നല്‍കുന്നത് നിറുത്തിവെയ്ക്കുകയാണെങ്കില്‍, അതായത് അമേരിക്കയുടെ കടപ്പത്രങ്ങളും ഡിബഞ്ചറുകളും വാങ്ങുന്നതില്‍ നിന്നും പിന്മാറുകയാണെങ്കില്‍, ഡോളറിന്റെ കീര്‍ത്തിയും മൂല്യവുമെല്ലാം വളരെ പെട്ടെന്നുതന്നെ ഗണ്യമായി ഇടിയും. ചൈന, ജപ്പാന്‍, ദക്ഷിണകൊറിയ, തായ്‌വാന്‍ എന്നീ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളാണ് അമേരിക്കയുടെ കടപ്പത്രങ്ങളും ഡിബഞ്ചറുകളും ഏറ്റവുമധികം വാങ്ങിയിട്ടുള്ളത്. ഇങ്ങനെ അമേരിക്കന്‍ കടപ്പത്രങ്ങളും ഡിബഞ്ചറുകളും വാങ്ങുന്ന ഇടപാടുകളില്‍ ഈ രാജ്യങ്ങള്‍ക്കും നഷ്ടമാണ് യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ അമേരിക്കയ്ക്ക് കൂടുതല്‍ കടം നല്‍കുന്നത് അവിടത്തെ ഉപഭോഗത്തെ വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നതുകൊണ്ടും, അങ്ങനെ വര്‍ദ്ധിക്കുന്ന ഉപഭോഗത്തെ തൃപ്തിപ്പെടുത്തുവാനാവശ്യമായ വസ്തുക്കള്‍ അമേരിക്കയില്‍ ഉത്പാദിപ്പിക്കപ്പെടുന്നില്ല എന്നതുകൊണ്ടും, അമേരിക്കയ്ക്ക് കടം നല്‍കുന്ന രാജ്യങ്ങള്‍ക്കും അമേരിക്കയിലേക്ക് കൂടുതല്‍ കയറ്റുമതി ചെയ്യുവാന്‍ സാധിക്കുന്നു. ഇത്തരത്തില്‍ അമേരിക്കന്‍ കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുമ്പോഴുണ്ടാകുന്ന നഷ്ടം അമേരിക്കയിലേക്കുളള കയറ്റുമതിയിലൂടെ നികത്തപ്പെടുന്നു. ഈ പ്രതിഭാസമാണ് അമേരിക്കയ്ക്ക് കൂടുതല്‍ കടം നല്‍കുവാന്‍ പല രാജ്യങ്ങളേയും പ്രോത്സാഹിപ്പിക്കുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള അമേരിക്കയുടെ ഇറക്കുമതി ആ രാജ്യങ്ങളിലേയ്ക്കുള്ള അമേരിക്കയുടെ കയറ്റുമതിയേക്കള്‍ വളരെ കൂടുതലായതിനാല്‍ അമേരിക്കയുടെ current account കമ്മിയും ഉയര്‍ന്നതാണ്. മറ്റു രാജ്യങ്ങളുമായുള്ള കച്ചവടത്തിന്റെ കമ്മി നികത്തുന്നതിനായി കൊല്ലംതോറും 900 ബില്യണ്‍ ഡോളറാണ്, അതായത് പ്രതിദിനം 2.5 ബില്യണ്‍ ഡോളര്‍, അമേരിക്ക വിദേശത്തു നിന്നും കടമായി സ്വീകരിക്കുന്നത്.

അമേരിക്കയുടെ കടങ്ങളുടെ മൊത്തം തുക എടുക്കുകയാണെങ്കില്‍ അത് അമ്പരപ്പുളവാക്കുന്നതായിരിക്കും എന്നതിനു പുറമേ ആ രാജ്യം സാധാരണക്കാരായ തൊഴിലാളികള്‍ക്ക് വിവേകത്തോടും അച്ചടക്കത്തോടും കൂടി എങ്ങിനെയാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തേണ്ടത് എന്നതിനെക്കുറിച്ച് നല്‍കുന്ന ഉപദേശങ്ങള്‍ക്ക് നേര്‍ വിപരീതവുമായിരിക്കും എന്നും കാണാം. credit card, പണയം എന്നിവയിലൂടെ സൃഷ്ടിക്കപ്പെട്ട അമേരിക്കന്‍ ജനതയുടെ മാത്രം കടം ഏകദേശം 10 ട്രില്യണ്‍ ഡോളറാണ്. കുത്തകകളുടേയും സര്‍ക്കാരിന്റെയും കടങ്ങള്‍ കൂടി ഉള്‍പ്പെടുത്തുയാല്‍ അമേരിക്കയുടെ കടം 37 ട്രില്യണ്‍ ഡോളറോളം വരും. ഇത് അമേരിക്കയുടെ GDP യുടെ 4 മടങ്ങാണ്.

ഇത്തരത്തില്‍ ഒരു ഭാഗത്ത് ഭീമമായ തുകകള്‍ കടമെടുത്ത് അതിന്റെ അതിരുകളില്ലാത്ത ഉപഭോഗ സ്വഭാവത്തെ യാതൊരു നിയന്ത്രണവുമില്ലാതെ പരിപോഷിപ്പിച്ചും മറ്റൊരുഭാഗത്ത് സ്വന്തം ചൂഷണോപകരണങ്ങളായ ലോകബാങ്ക്, ലോക നാണയനിധി എന്നിവയിലൂടെയും, വിവിധ സ്വതന്ത്ര വ്യാപാരകരാറുകളിലൂടെയും, പല അവസരങ്ങളിലും സൈനികശക്തികൊണ്ടും, മറ്റു രാജ്യങ്ങളിലെ ദശകോടിക്കണക്കിനു ജനങ്ങളുടെ ജീവിതത്തെ തകര്‍ത്തുമാണ് അമേരിക്കന്‍ സമ്പദ്ഘടന എന്ന ചീട്ടുകൊട്ടാരം നിലനില്‍ക്കുന്നത്. എണ്ണ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങള്‍ തങ്ങളുടെ ഇടപാടുകള്‍ നടത്തുന്നതിനായി ഡോളറിനു പകരം യൂറോയെ ഉപയോഗിക്കുവാന്‍ തീരുമാനിക്കുന്നു എന്നിരിക്കട്ടെ. അല്ലെങ്കില്‍ ചൈന അതിന്റെ പക്കലുള്ള അമേരിക്കന്‍ കടപ്പത്രങ്ങള്‍ കൈയ്യൊഴിയാന്‍ നടപടികളെടുക്കുന്നു എന്നു കരുതുക. അതുമല്ലെങ്കില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കുണ്ടാകുന്ന വില വര്‍ദ്ധനവ് അമേരിക്കയില്‍ വിലക്കയറ്റം സൃഷ്ടിക്കുന്നു എന്നു സങ്കല്പിക്കുക. ഇവയിലേതെങ്കിലുമൊന്ന് സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതത്തില്‍ അമേരിക്കന്‍ സമ്പദ്ഘടന നിലംപൊത്തുവാനുള്ള സാദ്ധ്യതകള്‍ ഇന്ന് വളരെയേറെയാണ്. വീടുകള്‍ ഈടായി സ്വീകരിച്ച് ക്രമാതീതമായി വന്‍ തുകകള്‍ വായ്പയായി നല്‍കിയത് ഇതിനകംതന്നെ അമേരിക്കയിലെയും മറ്റു രാജ്യങ്ങളിലെയും ഓഹരിക്കമ്പോളങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

വീടുകള്‍ ഈടായി സ്വീകരിച്ച് നല്‍കിയ വായ്പകളുടെ തിരിച്ചടവില്‍ വന്ന വീഴ്ച ആ മേഖലയെ മാത്രമല്ല മറിച്ച് അമേരിക്കന്‍ സമ്പദ്ഘടനയെ തന്നെ ആകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ഇതില്‍ നിന്ന് രക്ഷപ്പെടുവാനായി എടുത്ത നടപടികളാകട്ടെ പ്രശ്നത്തെ ഇനിയും രൂക്ഷമാക്കുന്ന തരത്തിലുള്ളതാണ്. പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിനായി 150 ബില്യണ്‍ ഡോളര്‍ നികുതിയിളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. അമേരിക്കയുടെ വിദേശകടം അത്രകണ്ട് കൂടുമെന്നര്‍ത്ഥം. നികുതിയിളവിന്റെ ഭാഗമായി തങ്ങളുടെ കൈവശം റിബേറ്റായി വന്നുചേരുന്ന 800 ഡോളറിനെ ഓരോ അമേരിക്കക്കാരനും വിദേശ വസ്തുക്കള്‍ വാങ്ങുവാനായിട്ടായിരിക്കും കൂടുതലായി ഉപയോഗിക്കുക. പ്രത്യേകിച്ചും അമേരിക്കയില്‍ വില്‍ക്കപ്പെടുന്ന ബഹുഭൂരിപക്ഷം വസ്തുക്കളും ഇറക്കുമതി ചെയ്യപ്പെടുന്ന ഇന്നത്തെ അവസ്ഥയില്‍. വാള്‍മാര്‍ട്ടിന്റെ വില്പനച്ചരക്കുകളുടെ 70 ശതമാനത്തിലധികവും ചൈനയിലാണ് നിര്‍മ്മിക്കപ്പെടുന്നത്. 2007ല്‍ മാത്രം അമേരിക്കയിലെ നിര്‍മ്മാണ മേഖലയില്‍ 2,17,000 തൊഴിലുകള്‍ നഷ്ടപ്പെടുകയുണ്ടായി. ഇന്നത്തെ അമേരിക്കന്‍ ജനസംഖ്യയുടെ പകുതിമാത്രമുണ്ടായിരുന്ന 1950 കളിലേതിനേക്കാള്‍ കുറവ് തൊഴിലവസരങ്ങളാണ് ഇന്ന് അമേരിക്കയിലെ നിര്‍മ്മാണ മേഖലയിലുള്ളത്.

സൈനികശക്തിയാണ് അമേരിക്കന്‍ സമ്പദ്ഘടനയെ തകരാതെ പിടിച്ചുനിര്‍ത്തുന്ന പ്രധാന ഘടകമെന്നാണ് പല വിദഗ്ദ്ധന്മാരും അഭിപ്രായപ്പെടുന്നത്. ലോകത്തിലെ ഏക സാമ്രാജ്യത്വശക്തി എന്ന അമേരിക്കയുടെ പദവി ഇല്ലാതാക്കപ്പെടുകയും, ലോകത്താകെയുള്ള രാജ്യങ്ങള്‍ സൈനിക ആവശ്യങ്ങള്‍ക്കായി ചിലവാക്കുന്ന തുകയുടെ 55% വരുന്ന അമേരിക്കയുടെ സൈനിക ബജറ്റ് അതിന്റെ യഥാര്‍ത്ഥ ആവശ്യത്തിനനുസരിച്ച് വെട്ടിക്കുറയ്ക്കപ്പെടുകയും ചെയ്താലേ അമേരിക്കയ്ക്ക് കഷ്ടിച്ചെങ്കിലും രക്ഷപ്പെടാനാകൂ എന്നതാണ് ഈ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അല്ലാത്തപക്ഷം അമേരിക്ക പാപ്പരാകുകയും ഒരു നീണ്ട സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ചെന്നു പെടുകയും ചെയ്യും.

വിവിധ രാജ്യങ്ങളിലെ ഗവണ്‍മെന്റുകള്‍ക്കും കുത്തക കമ്പനികള്‍കള്‍ക്കും കൊടുത്തു തീര്‍ക്കാനുള്ള അമേരിക്കയുടെ വന്‍കടഭാരവും, എണ്ണയുടെ നിയന്ത്രണം കൈപ്പിടിയിലാക്കുവാനായി നടത്തുന്ന വിവേകരഹിതമായ യുദ്ധങ്ങള്‍ക്കായി അമേരിക്ക പാഴാക്കുന്ന പണവും (അത് അമേരിക്കന്‍ നയങ്ങള്‍ക്കെതിരെ ലോക വ്യാപകമായി ഉണ്ടാക്കുന്ന പ്രതികൂലമായ പ്രതികരണങ്ങളും) തകര്‍ച്ചയെ നേരിടുന്ന ലോക ധന കമ്പോളങ്ങളുടെ കാര്യമായ പുനഃസംഘടന നടക്കുന്നതിനെ ദശകങ്ങളോളം താമസിപ്പിച്ചേയ്ക്കും. യഥാര്‍ത്ഥബോധത്തോടെ കാര്യങ്ങളെ സമീപിക്കുന്നവര്‍ കമ്പോളങ്ങള്‍ക്ക് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന തകര്‍ച്ചയെ മുന്‍കൂട്ടിക്കണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ എന്തുവിലകൊടുത്തും സാമ്പത്തിക പരിഷ്ക്കാരങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്നു വാദിക്കുന്ന പണ്ഡിതന്മാര്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത് കമ്പോളം 'പിടിച്ചുനില്‍ക്കും' പ്രതിസന്ധിയെ 'തരണം ചെയ്യും' എന്നുള്ള അവരുടെ കേട്ടുമടുത്തതും പാളിപ്പോയതുമായ പഴയ പല്ലവികള്‍ തന്നെയാണ്.

(ജിം മൈല്‍‌സ് എഴുതിയ U.S. Financial Powerhouse: "House of Cards" എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ.)

പരിഭാഷ നിര്‍വഹിച്ചത് : ശ്രീ. വി. അനന്തകൃഷ്ണന്‍

Jim Miles is a Canadian educator and a regular contributor/columnist of opinion pieces and book reviews for The Palestine Chronicle. His interest in this topic stems originally from an environmental perspective, which encompasses the militarization and economic subjugation of the global community and its commodification by corporate governance and by the American government. Miles’ work is also presented globally through other alternative websites and news publications.

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഒരിക്കലും "പേര് വെളിപ്പെടുത്തുവാന്‍ തയ്യാറാകാത്ത'' തങ്ങളുടെ "വിശ്വസനീയങ്ങളായ ഉറവിടങ്ങളില്‍'' നിന്നും ലഭിക്കുന്ന "വിശ്വസനീയമായ വിവരങ്ങള്‍'' പ്രചരിപ്പിക്കുവാനും ഇത്തരം സത്യവിരുദ്ധമായ വിവരങ്ങള്‍ക്ക് യുക്തിയുടേയും തുടര്‍ന്ന് വിശ്വസ്തതയുടേയും ഇല്ലാത്ത പരിവേഷം നല്‍കുന്നതിനും അമേരിക്കന്‍ സര്‍ക്കാരും സൈന്യവും ഒത്തുകളിക്കുകയാണ്. അമേരിയ്ക്കകത്തും പുറമേയും തെറ്റായ കഥകളും ഭീതിയും ധനവും വിതരണം നടത്തുവാന്‍ CIA സര്‍ക്കാരിതര സന്നദ്ധ സംഘടനകളുമായി (NGOs) കൂട്ടുചേര്‍ന്ന് "ബുദ്ധി ജീവികളേയും'' "സ്ഥാപനങ്ങളേയും'' പോറ്റിവളര്‍ത്തുകയാണ്.

അങ്ങനെ ലോകമെമ്പാടും അമേരിക്കയുടെ പ്രതിച്ഛായ ഇന്നും ശക്തമായി തന്നെ നിലനില്‍ക്കുകയാണ്.ഇതാകട്ടെ അമേരിക്കയുടെ ഏറ്റവും ആകര്‍ഷകങ്ങളായ തിളക്കവും ശോഭയും മാത്രം പ്രദര്‍ശിപ്പിക്കുന്ന കുത്തകകളുടേയും സര്‍ക്കാരിന്റെയും വന്‍ പ്രചരണത്തിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ട പ്രതിച്ഛായയാണെന്ന് വളരെ പെട്ടെന്നുതന്നെ മനസ്സിലാക്കുവാന്‍ സാധിക്കും. അത്തരത്തിലുള്ള പ്രചരണങ്ങള്‍ ഇല്ലാത്ത - അമേരിക്കന്‍ സ്വാതന്ത്ര്യത്തെയും വാങ്ങല്‍ ശേഷിയേയും, അവിടുത്തെ സുഖകരമായ ജീവിതത്തെയും സുന്ദരികളേയും, ഹോളിവുഡിന്റെ മനോഹാരിതകളേയും Apple-i-Pod കളുടെ സാങ്കേതിക-തിളക്കങ്ങളേയും കുറിച്ച് സ്തുതി പാടാത്ത - ഒരു ലോകത്തെക്കുറിച്ച് വിഭാവന ചെയ്യുന്നത് എത്രയോ മനോഹരമായിരിക്കും?

ജിം മൈല്‍‌സ് എഴുതിയ U.S. Financial Powerhouse: "House of Cards" എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ ഇവിടെ പോസ്റ്റ് ചെയ്യുന്നു.

Anonymous said...

എല്ലാ സമ്പത്‌ഘടനയുമ്- ചീട്ട്‌കൊട്ടാരമ്- തന്നെ, താങ്കള്‍ ആയിരം കോടിയുണ്ടാക്കിയെന്ന് പറഞ്ഞാലും അത് തീരാന്‍ അതുണ്ടാക്കിയതിന്റെ കോടിയിലൊരംശം സമയം വേണ്ടാ, താങ്കള്‍ വിമര്ശിക്കുന്ന മുതലാളിത്തവ്യവസ്ഥിതി അതൊക്കെ മനസ്സിലാകിയവരാണ്‍ എന്നാല്‍ സോഷ്യലിസ്റ്റുകള്‍ സ്വപ്നത്തിലും, കൂറെ കാശ് കയ്യിലുണ്ടെങ്കില്‍ പണിയെടുക്കതിരിക്കമെന്ന് വിഡ്ഡിസ്വപ്നം കാണുന്നവരാണ്‍ കമ്മ്യൂനിസ്റ്റുകള്.