Wednesday, April 29, 2009

ദേശീയതയെ കയ്യൊഴിയുമ്പോള്‍

ഇടതുപക്ഷത്തിന്റെയും സെക്കുലര്‍ ബുദ്ധിജീവികളുടെയും ഭാഗത്ത് നിന്ന് ഇത്രയേറെ ഇടപെടലുകള്‍ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ സംഘപരിവാറിന്റെ വളര്‍ച്ചയെ നമുക്കു തടയാനാകാതിരുന്നത്?

എണ്‍പതുകള്‍ക്കുശേഷം ഉണ്ടായ ധൈഷണിക പ്രവര്‍ത്തനങ്ങളില്‍ നല്ലൊരു പങ്കും ഹിന്ദുത്വപ്രതിരോധമായിരുന്നിട്ടും എന്തുകൊണ്ട് 1992ല്‍ ബാബറി സംഭവവും 2002ല്‍ ഗുജറാത്തും 2008ല്‍ ഒറീസയും അരങ്ങേറി? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കാണാനുള്ള ശ്രമമാണ് ജെ രഘുവിന്റെ ഹിന്ദുകൊളോണിയലിസത്തെക്കുറിച്ചുള്ള പഠനങ്ങള്‍ സമാഹരിച്ച പുസ്തകം.

ഹിന്ദുത്വ ബ്രിഗേഡിനെയും അതിന്റെ ചരിത്രവ്യാഖ്യാനത്തെയും നേരിടുന്നതിൽ രാഷ്‌ട്രീയപാര്‍ട്ടികളും ചരിത്രകാരന്മാരും പരികല്‍പനാപരമായ (conceptual) ചില പരിമിതികളില്‍ പെട്ടിരിക്കുന്നുവെന്ന് രഘു ചൂണ്ടിക്കാട്ടുന്നു. പ്രധാനമായും ചരിത്രരീതിശാസ്‌ത്രത്തിന്റെയും വ്യാഖ്യാനത്തിന്റെയും മണ്ഡലത്തിലാണ് ഈ പോരായ്‌മ നിലനില്‍ക്കുന്നത്. കൊളോണിയല്‍ ചരിത്രരചന, അതിനെ എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയ ദേശവാദ ചരിത്രം, ഇതിന്റെ തന്നെ അടിസ്ഥാന പരികല്‍പനകള്‍ പിന്‍പറ്റുന്ന മാർൿസിയന്‍ നിഴലിലുള്ള പില്‍ക്കാല ചരിത്രമെഴുത്ത്, സമകാലീനമായി ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞ ദളിത് വിമര്‍ശം എന്നിവയെല്ലാം പങ്കുവെയ്‌ക്കുന്നത് ഇന്ത്യന്‍ ദേശീയതയെ (Indian nationalism) സംബന്ധിച്ച ചില മൂഢ സങ്കല്‍പ്പമാണെന്ന് രഘു ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യന്‍ ദേശീയത എന്ന സങ്കല്‍പ്പം എപ്രകാരമെല്ലാം ഇന്ത്യന്‍ സവര്‍ണ്ണവിഭാഗങ്ങളുടെ മൂല്യമണ്ഡലത്തിന്മേല്‍ പടുത്തുയര്‍ത്തപ്പെട്ടതാണ് എന്ന അന്വേഷണത്തില്‍ നിന്നാണ് അദ്ദേഹം ആരംഭിക്കുന്നത്. അതിലൂടെ നമ്മുടെ ചരിത്രവിജ്ഞാനത്തിന്റെ അടിത്തറയെ പിടിച്ചുലയ്‌ക്കുന്ന ചില ചോദ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ സംസ്‌ക്കാരികയുക്തി സംഭാവന ചെയ്‌ത, നവോത്ഥാനം എന്നു വിളിക്കപ്പെട്ട ജാതിപരിഷ്‌ക്കരണ പ്രസ്ഥാനങ്ങളെയും ഇവിടെ കയ്യൊഴിയുന്നു. വിവേകാനന്ദനും രാജാറാം മോഹന്‍ റായിയും പ്രതിനിധീകരിച്ച നവോത്ഥാന പ്രസ്ഥാനം യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനതയുടെ സാമൂഹികമായ ഉയിര്‍പ്പിനെയല്ല, ബ്രീട്ടീഷ് കൊളോണിയലിസം എന്ന അപരിചിത യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിച്ച സവര്‍ണ്ണ വിഭാഗങ്ങളുടെ പ്രതികരണങ്ങളെയാണ് സമാഹരിച്ചത് എന്ന് രഘു പറയുന്നു. മാർൿസി‌സ്‌റ്റ് എന്നു വിളിച്ചുപോന്ന ചരിത്രവ്യാഖ്യാനങ്ങളും പിന്‍പറ്റുന്ന നവോത്ഥാനത്തിന്റെ ഈ പരിപ്രേക്ഷ്യത്തെ പ്രശ്നവല്‍ക്കരിക്കുന്നു. 'ജ്ഞാനോദയത്തിന്റെ വൈരുദ്ധ്യാത്മകത' അന്വേഷിച്ച അഡോര്‍ണോയുടേയും ഹോക്കിമറിന്റെയും പഠനങ്ങളുടെ സ്‌മരണ ഉണര്‍ത്തുംവിധം ഊര്‍ജ്ജദായകമാണ് രഘുവിന്റെ ഈ നിരീക്ഷണങ്ങള്‍. ബൂര്‍ഷ്വാ നവോത്ഥാനം തന്നെ നാസിജര്‍മ്മനിയുടെ വിത്തും വഹിച്ചിരുന്നു എന്ന അഡോര്‍ണോയുടെ നിരീക്ഷണങ്ങള്‍ ഇന്ത്യന്‍ ദേശീയതയുടെയും നവോത്ഥാനത്തിന്റെയും കോണ്‍ടക്സ്റ്റില്‍ ഇവിടെ പ്രസക്തമായിത്തീരുന്നു.

'കേരളം ഒരു ഭ്രാന്താലയമാണ് ' എന്ന വിവേകാനന്ദന്റെ പ്രസിദ്ധമായ പ്രസ്‌താവത്തെ രഘു അപനിര്‍മ്മിക്കുന്നുണ്ട്. തന്റെ 'ദേശീയ ഹിന്ദുഭാവന'യുടെ ദേശ രാഷ്‌ട്രാതിര്‍ത്തിക്കുള്ളില്‍ മെരുങ്ങാത്ത പ്രാദേശികരുചികളും നിറങ്ങളും ദഹിക്കാതെ വന്നപ്പോഴാണ്, വിവേകാനന്ദന്‍ ഈ 'ഭ്രാന്താലയ'രൂപകം ഉപയോഗിച്ചത് എന്നദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അങ്ങനെ അധ:സ്ഥിത, അഹിന്ദു, അബ്രാഹ്മണ ചരിത്രത്തെയും, ബൌദ്ധ-ജൈന പാരമ്പര്യത്തെയും ബഹിഷ്‌ക്കരിക്കുന്ന സവര്‍ണ്ണ-ബ്രാഹ്മണ സാംസ്‌ക്കാരികമേല്‍ക്കോയ്‌മയാണ് ഇന്ത്യന്‍ ദേശീയതയായി വികസിപ്പിക്കപ്പെട്ടത് എന്ന് രഘു വാദിക്കുന്നു. ഇതിനുള്ള ആശയങ്ങള്‍ സ്വീകരിച്ചതും ബ്രിട്ടീഷ് കൊളോണിയലിസം പകര്‍ന്നുനല്‍കിയ ചില മൂല്യമണ്ഡലങ്ങളിലാണ്.

'മാനവികത', ജനാധിപത്യം, 'ശാസ്‌ത്രീയത' 'സൈനികത', 'പൌരസങ്കല്‍പം', 'നിയമവാഴ്‌ച', 'ദേശീയത' തുടങ്ങിയ സാര്‍വ്വജനീന സങ്കല്പങ്ങളുടെ വിന്യാസത്തിലൂടെയാണ് കൊളോണിയല്‍ വാഴ്‌ചയെ ബ്രിട്ടീഷുകാര്‍ നൈതികമായി സാധൂകരിച്ചത്. ഈ ലിബറല്‍ മാനവികതയുടെ സങ്കല്പങ്ങളെ ആധാരമാക്കിക്കൊണ്ട് സ്വയം നിര്‍വചിക്കാന്‍ പരമ്പരാഗത സവര്‍ണ്ണാധീശത്വം നടത്തിയ ശ്രമങ്ങളാണ് ഹിന്ദുകൊളോണിയല്‍ വ്യവഹാരങ്ങങ്ങളില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് എന്നു രഘു വിശദീകരിക്കുന്നു. ഹിന്ദുത്വ ആശയത്തിനെയും അതിന്റെ പ്രയോഗരൂപങ്ങളെയും 'ഹിന്ദുകൊളോണിയലിസം' എന്നാണ് രഘു വിളിക്കുന്നത്. ഇന്ത്യന്‍ സാമൂഹ്യജീവിതത്തില്‍ ബ്രാഹ്മണ്യം പ്രയോഗിച്ച ' ആന്തരികമായ ഈ കൊളോണിയലിസം', 'സൂക്ഷ്‌മവും അദൃശ്യവും പ്രതീകാത്മകവുമായ സാങ്കേതികവിദ്യകളിലൂടെയാണ്' പ്രവര്‍ത്തിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പാര്‍ശ്വവല്‍ക്കരണത്തിന്റെ സംസ്‌ക്കാരമാണത്. അമേരിക്കയിലെ കറുത്തവര്‍ഗക്കാര്‍ക്കെതിരായ വംശീയാടിച്ചമര്‍ത്തലിനെക്കുറിച്ച് പഠിച്ച റോബര്‍ട്ട് ബ്ളോണറും; ഐറിഷ്, സ്‌കോട്ടിഷ്, വെല്‍സ് ജനതക്കുമേലുള്ള ബ്രിട്ടീഷ് അധീശത്വത്തെ അപഗ്രഥിച്ച ഹെഷ്റ്റുമാണ് ആഭ്യന്തര കൊളോണിയലിസം എന്ന സങ്കല്പത്തെ സാമൂഹ്യശാസ്ത്രപരമായി വികസിപ്പിച്ചത് എന്ന് രഘു ആമുഖത്തില്‍ പറയുന്നു.

ഇന്ത്യയിലെ അധ:സ്ഥിതഭൂരിപക്ഷം അകപ്പെട്ടുപോയ ഒരു സ്വത്വക്കെണിയായാണ് 'ഹിന്ദു' എന്ന നാമകരണത്തെ രഘു നോക്കിക്കാണുന്നത്. സവര്‍ണ്ണ സ്വത്വത്തെ ദേശീയ സംസ്‌ക്കാരമായി പരിവര്‍ത്തിച്ചതിലൂടെയാണ് ഇതു സാധ്യമായത്. സവര്‍ണ-അധ:സ്ഥിത വൈരുദ്ധ്യത്തെ മറച്ചുവെയ്ക്കാനും അധ:സ്ഥിതരെ ഹിന്ദു സ്വത്വത്തിന്റെ വാഹകരാക്കാനും ഹിന്ദുകൊളോണിയലിസത്തിന് കഴിഞ്ഞു. ബഹിഷ്‌ക്കരണം (exclusion), പ്രാന്തവല്‍ക്കരണം (marginalisation), സ്വാംശീകരണം (appropriation), അപരവത്ക്കരണം (making other) തുടങ്ങിയ സങ്കേതങ്ങളിലൂടെ, സാമൂഹ്യ രാഷ്‌ട്രീയാധിപത്യം നിലനിര്‍ത്തിപ്പോരുന്ന 'ആഭ്യന്തരകൊളോണിയലിസ'ത്തിന്റെ ശക്തികള്‍ സമകാലീനമായി മറ്റൊരു സാങ്കേതികവിദ്യകൂടി തങ്ങളുടെ യുദ്ധക്കോപ്പുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നാസികളില്‍ നിന്ന് കടമെടൂത്ത വംശീയ ശുദ്ധീകരണത്തിന്റെ (ehtnic cleanisng) സിദ്ധാന്തമാണത്. ഗുജറാത്തിലേക്കും ഒറീസയിലേക്കും ഇന്ത്യാ ചരിത്രം വികസിച്ചത് ഈ അടിസ്ഥാനത്തിലാണ്.

കൊളോണിയല്‍ യുക്തിയുടെ മൂടുപടത്തിനുള്ളില്‍ അന്വേഷണം നടത്തുന്ന ചരിത്രവാദങ്ങളെയൊന്നാകെ സധൈര്യം രഘു കയ്യൊഴിയുന്നു. ഇന്ത്യന്‍ സ്വാതന്ത്യസമരത്തെ നിര്‍വ്വചിക്കുന്ന അടിസ്ഥാന ഭൂമിക ദേശീയവാദമാണെന്നും (nationalism) അതിന്റെ അസംഖ്യം കൈവഴികളില്‍ ഒന്നുമാത്രമാണ് അധ:സ്ഥിത ദളിത് പ്രസ്ഥാനങ്ങള്‍ എന്നുമുള്ള വീക്ഷണത്തിന്റെ കാര്യത്തില്‍, ഹിന്ദു കൊളോണിയല്‍ ചരിത്രവ്യാഖ്യാനങ്ങളും മാര്‍ക്സിസത്തിന്റെ നിഴല്‍പറ്റുന്ന ചരിത്രകാരന്മാരും തമ്മില്‍ ഒരു ഭിന്നതയുമില്ലെന്ന് രഘു പറയുന്നു. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പ്രസ്ഥാനമാണെന്ന് ബിപിന്‍ ചന്ദ്ര വിശേഷിപ്പിക്കുന്നു. ഇതാകട്ടെ, മാർൿസിയന്‍-ഗ്രാംഷിയന്‍ പദാവലി ഉപയോഗിച്ചുകൊണ്ടാണെന്നും രഘു പറയുന്നു. ദേശീയപ്രസ്ഥാനത്തില്‍ നിന്ന് അടിസ്ഥാനപരമായി ഭിന്നവും സ്വതന്ത്രവുമായ ഭുമികയിലാണ് അധ:സ്ഥിത പ്രസ്ഥാനങ്ങളുടെ രാഷ്‌ട്രീയം പ്രവര്‍ത്തിച്ചതെന്ന് കണ്ടെത്താന്‍ കീഴാള ചരിത്രവിജ്ഞാനവും പരാജയപ്പെട്ടെന്ന് രഘു നിരീക്ഷിക്കുന്നു. 'ആധുനിക ഇന്ത്യാ ചരിത്രത്തെ വിലയിരുത്താനുള്ള അടിസ്ഥാന മാനദണ്ഡവും നിര്‍വ്വചന തത്വവും ദേശീയതയാണെന്ന കാര്യത്തില്‍ കീഴാള ചരിത്ര വിജ്ഞാനീയം, അതു വിമര്‍ശിക്കുന്ന വരേണ്യ ചരിത്രവുമായി യോജിക്കുന്നു.' 'ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തില്‍ കീഴാളര്‍ക്ക് മാന്യമായ ഒരിടം കണ്ടെത്തുകയാണ് കീഴാള ചരിത്രവിജ്ഞാനീയത്തിന്റെ ലക്ഷ്യം. അതിനാല്‍ ദേശീയതയെ ഉപജീവിച്ച് എഴുന്നള്ളുന്ന സംഘപരിവാര്‍ രാഷ്‌ട്രീയത്തെ ചെറുക്കാന്‍, ദേശീയതയെ അടിസ്ഥാന മാനദണ്ഡമാക്കുന്ന ചരിത്രവ്യാഖ്യാനങ്ങള്‍ക്കൊന്നുമാകുന്നില്ലെന്ന് രഘു വിലയിരുത്തുന്നു. ഇന്ത്യാചരിത്രത്തിന്റെ ഇതുവരെയുള്ള രചനാപദ്ധതികളുടെ പരികല്‍പനാപരമായ പോരായ്‌മകളെ ചൂണ്ടിക്കാണിക്കുക വഴി, രഘു ഒരു പുതിയ ചരിത്രമെഴുത്തിന്റെ ആവശ്യകതയെ അടയാളപ്പെടുത്തുകയാണ്.

ഹിന്ദുകൊളോണിയലിസത്തിരെതിരെയുള്ള ദളിത്ചരിത്രത്തിന്റെയും രാഷ്‌ട്രീയത്തിന്റെയും സാധ്യതകളെ രഘു മുന്നോട്ടുവെയ്ക്കുന്നത് ഈ സാഹചര്യത്തിലാണ്. ഇന്ത്യന്‍ ദേശീയതയുടെ ബൃഹദാഖ്യാനത്തില്‍ നിന്ന് ഭിന്നമായി, വ്യാവഹാരികവും പ്രാദേശികവുമായ സവിശേഷതകളുള്ള, അധ:സ്ഥിത ദളിത് പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള രഘുവിന്റെ പഠനങ്ങള്‍ ഈ വഴിയ്‌ക്കുള്ളതാണ്. ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള തന്റെ ദീര്‍ഘമായൊരു പഠനത്തില്‍ ഇതിനുള്ള വലിയൊരു തുടക്കം അദ്ദേഹം മുമ്പേ നടത്തിയിട്ടുണ്ട്. അപ്രകാരംത്തന്നെ മഹാരാഷ്‌ട്രയിലെ ജ്യോതിബാഫൂലെയുടെ പ്രസ്ഥാനത്തെക്കുറിച്ച് ഈ പുസ്തകത്തില്‍ രഘു വിവരിക്കുന്നു.

അദ്ദേഹത്തിന്റെ നിരീക്ഷണത്തില്‍ 19-ആം നൂറ്റാണ്ടിലെ ഫൂലെയുടെ പ്രസ്ഥാനത്തിലൂടെയാണ് ഹിന്ദുകൊളോണിയലിസം ആദ്യമായി വെല്ലുവിളി നേരിടുന്നത്. 1917 വരെയുള്ള കാലഘട്ടത്തില്‍ മഹാരാഷ്‌ട്രയാകെ, നാഗ്‌പൂര്‍ കേന്ദ്രീകരിച്ചുള്ള ദളിത് പ്രസ്ഥാനങ്ങള്‍ അലയടിച്ചുയര്‍ന്നു. ആദി ധര്‍മ്മ പ്രസ്ഥാനം (പഞ്ചാബ്), ആദി ഹിന്ദു പ്രസ്ഥാനം (ഉത്തര്‍പ്രദേശ്, ഹൈന്ദ്രബാദ്), ആദി ദ്രാവിഡ പ്രസ്ഥാനം (തമിഴ്‌നാട്), നാമശ്രൂദ്രപ്രസ്ഥാനം (ബംഗാള്‍), ശ്രീനാരായണഗുരു അയ്യങ്കാളി പ്രസ്ഥാനങ്ങള്‍ (കേരളം) എന്നിവയും, മഹാരാഷ്‌ട്രയിലെ ദളിത് പ്രസ്ഥാനങ്ങളോടൊപ്പം രംഗത്തുവന്നു. അധ:സ്ഥിത പിന്നോക്ക വിഭാഗങ്ങളുടെ സ്വതന്ത്ര്യസമരം എന്ന് രഘു ഈ പ്രസ്ഥാനങ്ങളെ വിലയിരുത്തുന്നു. അവ ഹിന്ദുകൊളോണിയലിസത്തോട് പ്രതികരിച്ചുകൊണ്ടാണ് കൊളോണിയല്‍ വിരുദ്ധ സമരങ്ങള്‍ രൂപപ്പെടുത്തിയത്. ഈ പ്രസ്ഥാനങ്ങളുടെ ഭീഷണിയെ നേരിടാനെന്നവണ്ണം 1915ലെ കുംഭമേളയോടനുബന്ധിച്ച് അഖിലേന്ത്യാടിസ്ഥാനത്തില്‍ 'അഖിലേന്ത്യാ ഹിന്ദു സഭ' രൂപീകരിച്ചു. "ബുദ്ധിസത്തിന്റെ ജനപ്രീതിമൂലം ദുര്‍ബലമായിത്തീര്‍ന്ന ബ്രാഹ്മണ പൌരോഹിത്യത്തിന്റേയും ചാതുര്‍വണ്യത്തിന്റേയും പുനരുത്ഥാനത്തിനു വേണ്ടി ബ്രാഹ്മണര്‍ ആവിഷ്‌ക്കരിച്ച ഉത്സവപദ്ധതിയാണ് കുംഭമേള. വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള സവര്‍ണ്ണഹിന്ദുക്കള്‍ 12 വര്‍ഷത്തിലൊരിക്കല്‍ ഹരിദ്വാറില്‍ സമ്മേളിക്കുകയും അതുവഴി ബ്രാഹ്മണിസത്തിനു പുനര്‍ജീവന്‍ നല്‍കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഈ സമയവും സ്ഥലവും തന്നെയാണ് 'അഖിലേന്ത്യാ ഹിന്ദുസഭ'യുടെ രൂപീകരണത്തിനും തെരഞ്ഞെടുത്തത് എന്ന കാര്യവും ശ്രദ്ധേയമാണെന്ന് ' രഘു എഴുതുന്നു.

1921 ലെ മലബാര്‍ ലഹളയായിരുന്നു ഹിന്ദുത്വത്തിനെ ഭീതിപ്പെടുത്തിയ മറ്റൊരു അഖിലേന്ത്യാ സംഭവം. സത്യശോധല്‍ സമാജ് പൂനയില്‍ സമാന്തരമായി ഗണപതിമേള നടത്തിയതും സവര്‍ണ്ണരെ ഭീതിക്കൊള്ളിച്ചു. തുടര്‍ന്ന്, 1921 ല്‍ തങ്ങളുടെ സംഘടനയുടെ പേര് 'ഹിന്ദുമഹാസഭ' എന്നാക്കി സംഘടനയെ പുന:ക്രമീകരിച്ചു. 1923ല്‍ സഭയുടെ 'നാഗ്‌പൂര്‍ കമീഷന്‍' മലബാറിലെ നിര്‍ബ്ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. അതില്‍ മലബാര്‍ കലാപത്തെ വര്‍ഗീയലഹളയായി ചിത്രീകരിക്കുകയും ഹിന്ദുക്കളോട് സംഘടിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. നാഗ്‌പൂരിലെ ദളിത് പ്രസ്ഥാനത്തെ സ്വാംശീകരിക്കാനും ദളിതരെ ബ്രാഹ്മണവല്‍ക്കരിക്കാനും ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി നേരിട്ടപ്പോഴാണ് ഹിന്ദു കൊളോണിയലിസം അതിന്റെ അര്‍ധ സൈനിക സംഘടനയായ ആര്‍എസ്എസിനു രൂപംനല്‍കിയത്. അധ:സ്ഥിതരുടെ മുന്നേറ്റത്തിന് വേദിയാവുകയും അംബേദ്കറുടെ പ്രവര്‍ത്തനകേന്ദ്രമാവുകയും ചെയ്ത നാഗ്‌പൂരില്‍ തന്നെ അതിന് തുടക്കമിട്ടു. ആര്‍ എസ് എസ്സിന്റെ കേന്ദ്ര ആസ്ഥാനമായി നാഗ്‌പൂരിനെ സ്വീകരിക്കുകയും ചെയ്തു. മുസ്ലീം അപരത്വത്തെ നിര്‍മ്മിച്ച് അധ:സ്ഥിതരെയും ദളിതരെയും 'ഹിന്ദു' ബോധത്തിലേക്ക് ആകര്‍ഷിച്ച് 'നമ്മള്‍ ബോധം' സൃഷ്‌ടിക്കാന്‍ ശ്രമിച്ചുകൊണ്ടായിരുന്നു ആര്‍ എസ് എസ്സിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോയത്.

ബ്രാഹ്മണാധീശത്വത്തിനെതിരെ, ദളിത്-പിന്നോക്ക ജനതയുടെ പ്രക്ഷോഭപ്രവര്‍ത്തനങ്ങളുടെ അപരത്വത്തില്‍ വികസിച്ച ഹിന്ദുത്വ രാഷ്‌ട്രീയത്തിനെ ചരിത്രപരമായി വിലയിരുത്തുന്നതില്‍ ജെ രഘു തന്റെ കൃതിയില്‍ ഏറെ മുന്നോട്ടുപോകുന്നു. അതുവഴി കൊളോണിയല്‍ വിരുദ്ധ പ്രസ്ഥാനത്തിലെ കീഴാള പ്രസ്ഥാനങ്ങളുടെ വ്യാവഹാരികമായ ഇടവും പ്രസക്തിയും പ്രതിരോധ സാധ്യതയും അടയാളപ്പെടുത്തുകയും ചെയ്യുന്നു. ചരിത്രാഖ്യാനത്തില്‍ നാം പിന്‍പിറ്റുന്ന രീതിശാസ്ത്രങ്ങളിൽ ആധുനികോത്തര പരിസരം മുന്നോട്ടുവെച്ച പരികല്‍പനകളെ ഉപയോഗപ്പെടുത്തുക വഴി, ഇന്ത്യാ ചരിത്ര രചന നേരിടുന്ന പ്രതിസന്ധികളെ മറികടക്കാന്‍ രഘുവിനാകുന്നു. ദേശീയ-ജനകീയത എന്ന ഗ്രാംഷിയന്‍ സങ്കല്‍പനത്തിന് ഇന്ത്യന്‍ കോണ്‍ടൿസ്‌റ്റില്‍ ഇതുവഴി സവിശേഷമായ അര്‍ത്ഥമാനം ലഭിക്കുകയും ചെയ്യുന്നു.

***

പി.പി.ഷാനവാസ്, കടപ്പാട് : യുവധാര

Tuesday, April 28, 2009

ഭ്രഷ്ടകവിതയുടെ കാവുതീണ്ടല്‍

പാബ്ളോ നെരൂദയ്ക്ക് രാഷ്ട്രീയകാരണങ്ങളാല്‍ ഏറെക്കാലം നോബല്‍സമ്മാനം കൊടുത്തില്ലെന്ന് ലോകത്തിനറിയാം. എന്നാല്‍ കവിതയെ തെരുവുകളിലെ ചോരയിലേക്ക് വിളിച്ചിറക്കിയ കവിയെ വളരെ വൈകിയാണെങ്കിലും ആദരിക്കേണ്ടിവന്നു സ്വീഡിഷ് അക്കാദമിക്ക്. 1971 ഡിസംബര്‍ 19ന് സമ്മാനങ്ങളുടെ സമ്മാനം ഏറ്റുവാങ്ങിക്കൊണ്ട് കവികളുടെ കവി സമ്മാനത്തമ്പുരാക്കളോടു പറഞ്ഞു: I never lost hope. It is perhaps because of this that I have reached as far as now have with my poetry and also with my banner. (ഞാന്‍ ഒരിക്കലും ശുഭപ്രതീക്ഷ കൈവിട്ടിട്ടില്ല. ഒരുപക്ഷേ, അതുകൊണ്ടുതന്നെയാകാം, ഇപ്പോള്‍ ഞാനെത്തിച്ചേര്‍ന്ന ഇത്രയും ദൂരെ, എന്റെ കവിതയും, ഒപ്പംതന്നെ എന്റെ കൊടിപ്പടവുമായി, എനിക്കെത്താനായതും).

നാലുപതിറ്റാണ്ടായി ഏഴാച്ചേരി ഇവിടുണ്ട്. മലയാളകവിതയുടെ ഹരിതസ്ഥലികളില്‍. എഴുതിയും പാടിയും പ്രസംഗിച്ചും പ്രവര്‍ത്തിച്ചും. ഒടുവിലിതാ, ഏഴാച്ചേരിക്ക് സാഹിത്യ അക്കാദമി അവാര്‍ഡ്. ഇപ്പോള്‍, ആ പഴയ സ്വീഡിഷ് കഥയും നെരൂദയുടെ ആ വാക്കുകളും ഓര്‍ത്തുപോകുന്നു.

ഏഴാച്ചേരിയെ നമ്മുടെ കാലത്തെ അക്ഷരകുലപതികള്‍ നിര്‍ണയിച്ചത് ഇങ്ങിനെയൊക്കെ:

മനുഷ്യദുഃഖാന്വേഷിയായ കവിതയുടെ പ്രവാഹം- ഒ എന്‍ വി.

ഇന്നലെയുടെ അപ്പുറത്തെ അനശ്വരതയില്‍നിന്നും നാളെയുടെ അകലത്തെ അനന്തതയിലേക്കുള്ള ഒരു പ്രകാശപ്രവാഹമായി കവിതയെ കാണുന്ന കവി- എം ടി

ഇതേപോലെ, ഏഴാച്ചേരിക്കവിതയെ മലയാളകവിതയുടെ ഭൂപടത്തില്‍ തായാട്ടുമുതല്‍ അയ്യപ്പപ്പണിക്കര്‍വരെ അടയാളപ്പെടുത്തിയിട്ടുണ്ട്. നീലിയും കൃഷ്ണാഷ്ടമിയും അറയ്ക്കല്‍ ബീവിയും മലയാളത്തിന്റെ പ്രിയ കവിതകളാണ്. പക്ഷേ, സാമ്പ്രദായിക നിരൂപകരും കവിതാപണ്ഡിറ്റുകളും കുലീന സദസ്സുകളും നക്ഷത്രപ്രസിദ്ധീകരണങ്ങളും ആ കവിതയ്ക്ക് ഭ്രഷ്ടുകല്‍പ്പിച്ചിട്ടേയുള്ളൂ. കെ ഇ എന്‍ വിലയിരുത്തിയതുപോലെ സര്‍വസമ്മത പ്രശസ്തി ആഗ്രഹിക്കാത്ത കവിയായി ഏഴാച്ചേരി കഴിഞ്ഞു.

അപ്പോഴോക്കെയും എതിരാളികള്‍ എഴുന്നള്ളിച്ചുകൊണ്ടുനടന്ന ഏതു കവിമന്യന്റെ പടപ്പുകളെക്കാളും കതിരും കാമ്പുമുള്ളത് ഏഴാച്ചേരിയുടെ കവിതയ്ക്കുതന്നെയായിരുന്നു. വൈലോപ്പിള്ളിയുടെയും ഇടശേരിയുടെയും പിയുടെയും ഉദ്ധരണികള്‍ക്കു പിന്നാലെ, കേരളത്തിന്റെ ചരിത്രത്തിലും ഭൂമിശാസ്ത്രത്തിലും ശൈലിപോലെ മലയാളം എണ്ണേണ്ട വരികള്‍ നീട്ടിനിന്നു ഈ കവി- നിശാഗന്ധി കണ്ണടച്ചാലസ്തമിക്കുമോ ചന്ദ്രിക, തുടരെച്ചവിട്ടേല്‍ക്കും ഊഴിയാണേഴാം സ്വര്‍ഗം, മുഷ്ടിയോളം മുഴുപ്പാര്‍ന്നൊരീ കൊച്ചു ഹൃദയത്തിന്റെ കണ്ണീര്‍ക്കുടുക്ക, ശുദ്ധീകരിക്കാത്ത തേനാണു ജീവിതം ഇപ്പൊഴും ഗ്രാമതടങ്ങളില്‍.

അന്നത്തെയേദന്‍ തോട്ടമ-
ത്രയ്ക്കു മാറിപ്പോയീ
തങ്ങളില്‍ത്തിരിച്ചറി-
യാത്തവരായീ നമ്മള്‍-

എന്നും

ഇപ്പോള്‍ നമുക്കു ഹേമന്തം, മലകളില്‍-
പ്പൊട്ടിച്ചിതറിക്കിരാതകാമങ്ങളില്‍,
പക്ഷിച്ചുടലകളില്‍ക്കിളിര്‍ക്ക നാം, നാഗ-
പുത്രികള്‍ക്കമ്മന്‍ തിരുവിഴാത്തിങ്കളായ്- എന്നും
അറിയുന്നതേറെ ചെറുത്; ഏറെയറിയാവന്‍ മാത്ര-
മിളയ ജന്മത്തിന്‍ അകക്കണ്ണുദാത്തമോ-

എന്നും

വേഗം തിരിച്ചെന്നൊന്നു കൂടി ധ്യാന-
പൂര്‍വം സ്നാനപ്പെടുക കണ്ണീരിനാല്‍-

എന്നും എഴുതുന്ന ഈ കവിയുടെ കവിതയ്ക്ക് പാര്‍ശ്വവല്‍ക്കരവും പ്രാന്തവല്‍ക്കരണവും വിധിക്കപ്പെട്ടത് കക്ഷിരാഷ്ട്രീയംകൊണ്ടാണെന്ന് പരക്കെ പറയാറുണ്ട്. അത് ലളിതവല്‍ക്കരണമാകും. ഏഴാച്ചേരിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ എതിര്‍പ്പുമായി ക്യാമറകള്‍ക്കു മുന്നിലെത്തിയ ഖദറിട്ട നിരൂപകവേഷധാരികള്‍ രാഷ്ട്രീയ യജനമാനപ്രീതിയും ഉദ്ദേശിച്ചിരിക്കാം. എന്നാല്‍, മലയാളനാടിന്റെ സംസ്കാരത്തിന്റെയും ഓര്‍മകളുടെയും ചരിത്രത്തിന്റെയും ഈടുവയ്പായി കവിതയെ ചരിത്രത്തില്‍ എഴുതിയിടുന്ന ഒരു കവിക്കു നേരെയുള്ള ഈ എതിര്‍പ്പിന് വേറെയും തളങ്ങളുണ്ട് എന്നാണ് എനിക്കു തോന്നത്.

ഏഴാച്ചേരിക്കവിതയുടെ ആദ്യന്തസവിശേഷത അതൊരു മലയാളിയുടെ കവിതയാണ് എന്നതാണ്. പോരാ, മലയാളി വായിക്കാന്‍വേണ്ടിത്തന്നെ എഴുതുന്ന കവിത.

മലയാളനാട്ടിലെ സ്ഥലനാമങ്ങളും പഴങ്കഥകളും ശൈലികളും - ചുരുക്കിപ്പറഞ്ഞാല്‍ മലയാളപ്പഴമയും പെരുമയും- അത്രയേറെ കവിതകളില്‍ വാരിവിതറുന്നു ഈ കവി. നമ്മുടെ പഴയ കൃതികളില്‍നിന്ന് സഞ്ചയിച്ച സംസ്കാരം ഇത്ര വിദഗ്ധമായി സ്വന്തം കവിതയില്‍ ഇഴചേര്‍ത്ത മറ്റൊരു കവിയും ഏഴാച്ചേരിയുടെ തലമുറയിലില്ല. എന്നാല്‍, കേവലമായ നാട്ടഭിമാനമോ ഭാഷാഭ്രാന്തോ അല്ല ഏഴാച്ചേരിയില്‍ ഈ പ്രവണത. ബൈബിളും ഖുര്‍ ആനും അടക്കമുള്ള മറുനാടന്‍ പുരാണങ്ങളും ഇലിയഡും ഒഡീസിയുമടക്കമുള്ള മറു സംസ്കാരങ്ങളിലെ ഇതിഹാസങ്ങളും ലോകത്തിന്റെ എല്ലാഭാഗത്തുനിന്നുമുള്ള നവോത്ഥാനകൃതികളും ചരിത്രവും ഓര്‍മയും എന്തിന്, അറിയപ്പെടാത്ത നാടുകളില്‍നിന്നുള്ള കറുത്ത വാര്‍ത്തകള്‍പോലും ഏഴാച്ചേരിക്കവിതയില്‍ ശബ്ദപ്പെടുന്നു. ടോള്‍സ്റ്റോയിമുതല്‍ പോള്‍ റോബ്സണും ബെഞ്ചമിന്‍ മൊളോയ്സും വരെയുള്ള വിശ്വമാനവരുടെ സ്വപ്നസ്ഥലികളിലാണ് ഏഴാച്ചേരി തന്റെ മലയാളകവിതയെ സ്ഥാനപ്പെടുത്തുന്നത്. ഈ കവിയുടെ ഭൂമിക ഭൂമിമലയാളമല്ല, മലയാളികളുടെ ശുഭപ്രതീക്ഷകളുടെ ഭൂമിയാണ്: സ്വപ്നമലയാളംതന്നെയാണ്.

ഉടഞ്ഞ ചരിത്രത്തിന്റെ ചീളുകള്‍കൊണ്ടാണ് ഏഴാച്ചേരി കവിതയെഴുതുന്നതെന്ന് എം എന്‍ വിജയന്‍ നിരീക്ഷിച്ചിട്ടുണ്ട്. ലോകത്തെ കൃത്രിമമായ ഒരാഗോള ഗ്രാമമാക്കാന്‍ കോപ്പിടുന്ന, ഓരോ ജനതയുടെയും സംസ്കാര വൈവിധ്യങ്ങളെയൊക്കെ ഓരേയൊരു അധീശസംസ്കാരത്തില്‍ ഞെരിച്ചു തകര്‍ക്കാന്‍ വെമ്പുന്ന, ചരിത്രം മരിച്ചെന്നു പ്രഖ്യാപിക്കുന്ന ഒരു കെട്ടകാലത്ത് ഇതൊരു ചെറിയ കാര്യമല്ല. സംഭവങ്ങളുടെ, അനുഭവങ്ങളുടെ ദേശപുരാണങ്ങളുടെ, ഐതിഹ്യങ്ങളുടെ കാലപ്രസക്തിയുള്ള ഈ സര്‍ഗാത്മക പുനഃസൃഷ്ടികള്‍ ആരെയൊക്കെയോ പേടിപ്പിക്കുന്നുണ്ട്. ചരിത്രനിരാസത്തിനും സാംസ്കാരിക സ്മൃതിനാശത്തിനും ജനതകളെ ശിക്ഷിച്ച ഭൂമിവിഴുങ്ങികള്‍ക്കെതിരായ അക്ഷരകലാപമായി ഈ കവിതകള്‍ മാറുന്നത് ആരൊക്കെയോ തിരിച്ചറിയുന്നുണ്ട്. കേരളത്തിന്റെ സാംസ്കാരികോത്സവ ശിബിരങ്ങളില്‍ ഏഴാച്ചേരിക്കവിതയ്ക്ക് ഇടമില്ലാത്തതിനെ ഇങ്ങനെ നോക്കിക്കാണണം.

ഏഴാച്ചേരിക്കവിത ബഹിഷ്കരിക്കപ്പെടുമ്പോള്‍ അത്, ആ കലാപത്തിനെതിരായ സാംസ്കാരികമായ അത്യാചാരമാണ്. അതോടൊപ്പം, കേരളത്തിന്റെ ഇന്നലെയും ഇന്നുമില്ലാത്ത, മലയാളികളുടെ ആധികളും ആഗ്രഹങ്ങളുമില്ലാത്ത, ഉക്തിവൈചിത്ര്യങ്ങളും വര്‍ത്തമാനക്കെട്ടുകളും കവിതയായി ആഘോഷിക്കപ്പെടുകകൂടി ചെയ്യുമ്പോള്‍ ഒരു ദൂഷിതവൃത്തം പൂര്‍ത്തിയാകുന്നു.

നിനക്കു നിന്നെക്കാണാ-
നുള്ളൊരീ വാല്‍ക്കണ്ണാടി
തുടയ്ക്കാറില്ലേ ഞാറ്റു-
വേലകള്‍ ചോദിക്കുന്നു-

എന്ന ഏഴാച്ചേരിയുടെ ചോദ്യം ആ ഗൂഢാലോചനയുടെ ഇരകളുടെ മുണ്ഡനം ചെയ്യപ്പെട്ട മസ്തിഷ്കങ്ങള്‍ക്കുമേലാണ് മുഴങ്ങുന്നത്.

ചെറുമച്ചെറുക്കന്റെ
ചാളയില്‍ വാഴച്ചോട്ടില്‍
കഴുകിക്കമഴ്ത്തിയ
കറുത്ത മണ്‍ചട്ടിയായ്
ഉടയാന്‍ ഊഴം കാത്തു
കഴിയാനല്ലോ ജന്മം-

എന്ന വരികള്‍ ഈ കവിയുടെ ആത്മനൊമ്പരംതന്നെയാണ്.

നിന്‍ വിരല്‍തൊട്ട പവിത്രദാഹങ്ങളെ
പെണ്‍ജാതകങ്ങളെ, പ്രേമവടുക്കളെ,
നാദരഹിതമാം ചണ്ഡവാതങ്ങളെ,
നാഭിയില്‍ ഹോമിച്ചൊതുക്കിച്ചിരിച്ചു നീ-

എന്ന് കവി കാണിച്ചുതന്ന കേദാരഗൌരി കവിയുടെ സ്വന്തം കവിതകൂടിയാണ്.

എത്രയാള്‍ത്തിരക്കിന്‍ നടുക്കാകിലും
എപ്പൊഴും നീ തനിച്ചാണു ജൂലിയ-

എന്നു പാടുമ്പോള്‍ ഈ കവി തന്റെ കവിതയെത്തന്നെയാണ് അഭിസംബോധനചെയ്യുന്നത്.

കവിതയുടെ മരയോടുമായൊരാള്‍ കാലനദി താണ്ടി നിന്നരികില്‍ വരും; അറിയുക- എന്ന കവിവാക്യം, നാടും മൂടും തിരിയാത്ത ഈ കാലത്തെ നഷ്ടപ്പെട്ട തലമുറയോടുകൂടിയുള്ളതാണ്.

നിലവറയില്‍ നീ തടവിലാണെന്നറിഞ്ഞു
നീ തന്നെ ഞാനെന്നു തൊട്ടറിഞ്ഞു-

എന്ന് ഈ കവി എഴുതുമ്പോള്‍, ഏതൊക്കെ വിശ്വഭാഷാമദഘോഷങ്ങള്‍ പടയോട്ടം നടത്തിയാലും മലയാളം മരിക്കില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു.

പ്രിയപരിഭവങ്ങള്‍ നമുക്കാദ്യ മക്കള്‍- എന്ന് ഈ കവി വിസ്മയിപ്പിക്കുമ്പോള്‍ കവിത ജീവിക്കുന്നുവെന്നു ഞാന്‍ ഉറപ്പിക്കുന്നു.

ഫാല്‍ഗുനം കഴിയുമ്പോള്‍
മാളവം കടന്നെത്തും
നീര്‍ക്കിളിക്കൂട്ടം പോല്‍ നീ
ചിന്തയില്‍ നിറയുമ്പോള്‍-

എന്ന് ഈ കവി വിപ്രലംഭസ്നേഹത്തില്‍ വീഴുമ്പോള്‍, പ്രഭൂത്വത്തിന്റെ തടവില്‍ക്കഴിയുകയും പ്രിയങ്ങള്‍ വിദൂരത്താവുകയും ചെയ്ത എന്റെ കവിമനസ്സില്‍ ഇതാ, അപാരമായ യക്ഷസങ്കടം നരകത്തിലെ കൂരിരിട്ടുപോലെ കുമിയുന്നു

ഏഴാച്ചേരിക്കുള്ള പുരസ്കാരം, കാലത്തോടു നേരുകാട്ടാന്‍ ശ്രമിച്ച ഒരു പാവംകവിയുടെ കവിതയ്ക്കുള്ള സമ്മാനമായി ഞാന്‍ എണ്ണുന്നു. നോബല്‍സമ്മാനം ഒട്ടുകാലം തരാതിരിക്കുകയും പിന്നെത്തരികയും ചെയ്തവരോട്, കവിതയോടൊപ്പം കൊടിക്കൂറയും കൈയിലേന്തിയാണ് ഞാന്‍ ഈ സമ്മാനം വാങ്ങാന്‍ വന്നുനില്‍ക്കുന്നതെന്ന് വിളിച്ചുപറഞ്ഞ നെരൂദയുടെ വാക്കുകള്‍ പറയാതെ പറഞ്ഞുകൊണ്ട് അക്കാദമിയുടെ അവാര്‍ഡ് ഏഴാച്ചേരി ഏറ്റുവാങ്ങട്ടെ. കൊടുങ്ങല്ലൂരില്‍ കാവുതീണ്ടുന്ന വിമത കവിതകളുടെ വീരപുളകത്തോടെ അക്കാദമിയുടെ സമ്മാനം ഏഴാച്ചേരി ഏറ്റുവാങ്ങട്ടെ.

എല്ലാ ചുരങ്ങളിലൂടെയും ഞാന്‍ വരും
എന്നെയെനിക്കു തിരിയെപ്പിടിക്കുവാന്‍-

എന്ന വാക്കുകള്‍ ഏഴാച്ചേരിയുടെ കവിതയ്ക്ക് മാനിഫെസ്റ്റോവും മാഗ്നാകാര്‍ട്ടയുമായി മാറട്ടെ.

സംസ്കാരത്തെ വീണ്ടെടുക്കാന്‍ പൊരുതുന്ന ഈ കവിക്ക് ഞാന്‍ കൂടുതല്‍ കടുത്ത ഭ്രഷ്ടുകള്‍ നേരുന്നു. ജീവിതത്തെ തിരികെപ്പിടിക്കാന്‍ പൊരുതുന്ന ഈ കവിതയ്ക്ക് ഞാന്‍ ഭ്രഷ്ടുകളെ മറികടക്കാനുള്ള മാന്ത്രികതയും നേരുന്നു.

*
എന്‍ പി ചന്ദ്രശേഖരന്‍

നാട്ടരങ്ങിന്റെ അണിയറക്കാരന്‍ - ജി. ഭാര്‍ഗവന്‍പിള്ള

പ്രശസ്‌ത നാടന്‍കലാ ഗവേഷകനും എഴുത്തുകാരനുമായ ജി. ഭാര്‍ഗവന്‍പിള്ള (76) അന്തരിച്ചു. പന്തളം കുടശ്ശനാട്‌ മുണ്ടയ്‌ക്കല്‍ കുടുംബാംഗമായ ഭാര്‍ഗവന്‍പിള്ള കേരള ഫോക്‌ലോര്‍ അക്കാദമിയുടെ സ്ഥാപക ചെയര്‍മാനാണ്‌. ആകാശവാണിയില്‍ നിന്ന്‌ പ്രൊഡ്യൂസറായി വിരമിച്ച അദ്ദേഹം നാടന്‍കലാ പഠനത്തിന്‌ നല്‍കിയിട്ടുള്ള സംഭാവനകള്‍ നിസ്തുലമാണ്.

സ്വന്തം നാടിനെയും നാടന്‍ കലകളെയുംഏറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു അന്തരിച്ച സാഹിത്യകാരന്‍ കുടശ്ശനാട്‌ ഭാര്‍ഗവന്‍പിള്ള. അദ്ദേഹത്തിന്റെ പത്തിലധികം കൃതികളില്‍ നിറഞ്ഞുനില്‍ക്കുന്നതും നാടിന്റെ തുടിപ്പുകളാണ്‌. അന്യംനിന്നുപോകുന്ന നാടന്‍ കലകള്‍ക്ക്‌ ശക്തി പകരാന്‍വേണ്ടിത്തന്നെ നാല്‌ കൃതികള്‍ അദ്ദേഹം രചിച്ചു. 'പന്തളം കെ.പി. കാവ്യ ജീവിതം' ആണ്‌ അവസാനത്തെ രചന. കാക്കാരിശ്ശി നാടകം, പൊറാട്ടുനാടകം, നാട്ടരങ്ങ്‌-വികാസവും പരിണാമവും, മതിലേരികന്നി, പണിയാലയില്‍ ഇതിഹാസ പുത്രികള്‍ (റേഡിയോ നാടകങ്ങള്‍), ഇ.വി. കൃഷ്‌ണപിള്ളയുടെ ജീവചരിത്രം, മുത്തുമണികള്‍ , നാടോടി നാടകങ്ങള്‍, എന്നിവയാണ്‌ മറ്റു പ്രധാന കൃതികള്‍. അരങ്ങിന്റെ വളര്‍ച്ചയ്ക്ക് നാടോടി നാടകവേദി വഹിച്ച പങ്ക് ഭാര്‍ഗവന്‍പിള്ളയുടെ പ്രിയപ്പെട്ട അന്വേഷണവിഷയമായിരുന്നു. പാണപ്പാട്ടുകളും കാക്കാരിശ്ശി നാടകവും ഗ്രാമീണ കലാകാരന്‍മാരുടെ കൂരകളില്‍ ചെന്നിരുന്ന് കേട്ടും കണ്ടും പഠിച്ചും പുറത്തുവന്ന ഗവേഷണസ്വഭാവം പുലര്‍ത്തുന്ന അദ്ദേഹത്തിന്റെ പ്രബന്ധങ്ങളും പുസ്തകങ്ങളും നാടന്‍ കലാസ്വാദകരും വിദ്യാര്‍ഥികളും കൌതുകത്തോടെയാണ് സ്വീകരിച്ചത്.

1933ല്‍ ആലപ്പുഴ ജില്ലയിലെ കുടശ്ശനാട്ട്‌ ജനിച്ച ഭാര്‍ഗവന്‍പിള്ള കുടശ്ശനാട്‌ ഗവണ്മെന്റ്‌ എല്‍.പി. സ്‌കൂള്‍, പന്തളം എന്‍.എസ്‌.എസ്‌ ഹൈസ്‌കൂള്‍. പന്തളംഎന്‍.എസ്‌.എസ്‌ കോളേജ്‌, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്‌ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം ആദ്യം വിദ്യാഭ്യാസവകുപ്പില്‍ ക്ലര്‍ക്കായിട്ടാണ്‌ നിയമിതനായത്‌. 1966ല്‍ ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ സബ്‌ എഡിറ്ററായി നിയമിതനായതോടെ നാടകരംഗത്തേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ പതിഞ്ഞു. കണ്ടതും കേട്ടതും എന്ന പരിപാടിയുടെ രചയിതാവും റേഡിയോ അമ്മാവനുമായിരുന്നു അദ്ദേഹം. 76-ല്‍ അസിസ്റ്റന്റ്‌ എഡിറ്ററും 83-ല്‍ നാടന്‍ കലാ വിഭാഗത്തിന്റെ കോ- പ്രൊഡ്യൂസറുമായി നിയമിതനായി. 1

അരങ്ങിന്റെ വളര്‍ച്ചയ്ക്ക് നാടോടി നാടകവേദി വഹിച്ച പങ്ക് ഭാര്‍ഗവന്‍പിള്ളയുടെ പ്രിയപ്പെട്ട അന്വേഷണവിഷയമായിരുന്നു. ആകാശവാണി കോഴിക്കോട് നിലയത്തിലെത്തിയതോടെയാണ് ഭാര്‍ഗവന്‍പിള്ളയുടെ നാടന്‍കലാ ഗവേഷണത്തിന്റെ പ്രവര്‍ത്തനമേഖല വിപുലപ്പെടുന്നത്. പടയണിയും പൊറാട്ടും കാക്കാരിശ്ശിയും സമ്മാനിച്ച അനുഭവതലങ്ങളില്‍നിന്ന് തെയ്യത്തിന്റെയും തിറയുടെയും സമ്പന്നമേഖലയിലേക്കാണ് അദ്ദേഹം കടന്നുവന്നത്. പൂരക്കളിയും തോറ്റംപാട്ടും കോല്‍ക്കളിയും മറത്തുകളിയും അരങ്ങുകള്‍ അടക്കിവാണ ഉത്തരകേരളത്തിന്റെ നാട്ടരങ്ങിലേക്ക് ഭാര്‍ഗവന്‍പിള്ള ഇറങ്ങിച്ചെല്ലുകയായിരുന്നു. വള്ളിക്കെട്ടുകള്‍ നിഴല്‍വിരിച്ച കാവുകളിലും അനുഷ്ഠാനങ്ങളും ആചാരങ്ങളും ഉറങ്ങിക്കിടക്കുന്ന തറവാട്ടുമുറ്റങ്ങളിലും കളിയാട്ടങ്ങള്‍ അരങ്ങുതകര്‍ക്കുമ്പോള്‍ ഭാര്‍ഗവന്‍പിള്ള കടന്നുചെന്നു. റേഡിയോ ശ്രോതാക്കള്‍ക്ക് കളിയാട്ടത്തറകളിലെ ആട്ടത്തിന്റെയും പാട്ടിന്റെയും ശബ്ദചിത്രം ആവോളം ആസ്വദിക്കാന്‍ കഴിഞ്ഞു. ശബ്ദത്തിനു പുറത്ത് അവയുടെ ഉള്ളടക്കത്തിലെ പുരാവൃത്തങ്ങളും ഐതിഹ്യങ്ങളും ഭാര്‍ഗവന്‍പിള്ള ചിത്രീകരണ രൂപത്തില്‍ ആകാശവാണി ശ്രോതാക്കളെ കേള്‍പ്പിക്കുകയും ചെയ്തു. ആഴ്ചയില്‍ അരമണിക്കൂര്‍ വൈവിധ്യങ്ങളേറിയ നാടന്‍പാട്ടുകള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കുകയും ചിട്ടപ്പെടുത്തുകയും കേള്‍പ്പിക്കുകയും ചെയ്തു. മാടായിക്കാവില്‍ പുത്തരിയോടനുബന്ധിച്ച് അധഃസ്ഥിതരുടെ നേതൃത്വത്തില്‍ നടക്കുന്ന കതിരുവയ്പു ചടങ്ങുകളുടെ ചരിത്രപരവും അനുഷ്ഠാനപരവുമായ മാനങ്ങള്‍ ഭാര്‍ഗവന്‍പിള്ള ചികഞ്ഞെടുക്കുകയുണ്ടായി. 50 വര്‍ഷത്തിനുശേഷം നടന്ന നീലേശ്വരത്തെയും ചെറുവത്തൂരെയും പെരുങ്കളിയാട്ടത്തിന്റെ അര്‍ഥവും പൊരുളും കേരളീയര്‍ മനസ്സിലാക്കിയത് ഭാര്‍ഗവന്‍പിള്ളയുടെ റേഡിയോ അവതരണത്തിലൂടെയായിരുന്നു.

കേരളസര്‍ക്കാര്‍ നാടന്‍കലകള്‍ക്കായി ഒരു അക്കാദമിക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അതേക്കുറിച്ചു പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള സ്പെഷ്യല്‍ ഓഫീസറായി ഭാര്‍ഗവന്‍പിള്ളയെയാണ് ഉത്തരവാദപ്പെടുത്തിയത്. അക്കാദമി രൂപംകൊണ്ടപ്പോള്‍ ആദ്യത്തെ ചെയര്‍മാനായി അദ്ദേഹം നിയമിതനാകുകയും ചെയ്തു. അക്കാദമിയുടെ ആസ്ഥാനം നാടന്‍കലകളുടെ ഈറ്റില്ലമായ കണ്ണൂരില്‍ത്തന്നെ വേണമെന്ന് ഭാര്‍ഗവന്‍പിള്ള നല്‍കിയ റിപ്പോര്‍ട്ടില്‍ അടിവരയിട്ടു സൂചിപ്പിച്ചിരുന്ന കാര്യം ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതുണ്ട്. എണ്ണമറ്റ നാടന്‍കലകളുടെ സംഗമഭൂമിയില്‍ അങ്ങനെയാണ് ഫോക്ലോര്‍ അക്കാദമി ഉയര്‍ന്നുവന്നത്.

ശ്രീ ഭാര്‍ഗവന്‍ പിള്ളക്ക് നാട്ടരങ്ങിന്റെ വികാസ പരിണാമങ്ങളെപ്പറ്റി ഗവേഷണം നടത്തുന്നതിന്‌ കേന്ദ്ര സര്‍ക്കാരിന്റെ ഫെലോഷിപ്പും മധ്യതിരുവിതാംകൂറിലെ നാടോടിപ്പാട്ടുകളില്‍ പഠനം നടത്തുവാന്‍ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റിന്റെ സ്‌കോളര്‍ഷിപ്പും ലഭിച്ചിട്ടുണ്ട്. 1994ല്‍ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌, 96-ല്‍ രേവതി പട്ടത്താനം എന്നിവയാൽ സമ്മാനിതനായ അദ്ദേഹം സൗത്ത്‌ സോണ്‍ കള്‍ച്ചറല്‍ സെന്റർ അംഗവും, ഫോക്ലോര്‍ ഫെലോസ് ഓഫ് മലബാര്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയുമായിരുന്നു. വെള്ളിനേഴി മനയില്‍ കേരളത്തിലെ കളമെഴുത്തിനെക്കുറിച്ച്‌ ചിത്രപ്രദര്‍ശനം നടത്തിയിട്ടുള്ള അദ്ദേഹം ആദിവാസി കലാരൂപങ്ങള്‍, ഗോത്രവര്‍ഗ സംഗീതം, കാക്കാരിശ്ശി നാടകം എന്നിവയിലും വിപുലമായ ഗവേഷണവും സമ്പാദനവും നടത്തിയിട്ടുണ്ട്‌.

റേഡിയോ സ്റ്റേഷനിലെ ജോലിയുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴൊക്കെ ഭാര്‍ഗവന്‍പിള്ള ആവര്‍ത്തിക്കാറുള്ള ഒരു സംഭവത്തെപ്പറ്റി പറയാതെ ഈ അനുസ്മരണക്കുറിപ്പ് അവസാനിപ്പിക്കാനാവില്ല. തലശേരിയില്‍ വര്‍ഗീയ ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുകയും നരഹത്യ നിത്യസംഭവമാവുകയും ചെയ്ത അവസരത്തില്‍ മുഖ്യമന്ത്രിതലത്തില്‍ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിറ്റേന്ന് തലശേരിയെക്കുറിച്ച് വാര്‍ത്താധിഷ്ഠിത പരിപാടി തയ്യാറാക്കുന്നതിനു വേണ്ടി ഭാര്‍ഗവന്‍പിള്ള തലശേരിയില്‍ ബസ്സിറങ്ങി. അടഞ്ഞു കിടക്കുന്ന കടകള്‍. വഴിയാത്രക്കാരായി ആരെയും കാണുന്നില്ല. തനിയെ റോഡിലൂടെ തോളില്‍ തൂക്കിയിട്ടിരിക്കുന്ന തുണിസഞ്ചിയും തന്റെ ടേപ്പ് റെക്കോഡുമായി അദ്ദേഹം സഞ്ചരിച്ചു. പലരെയും അവരുടെ വീട്ടില്‍ ചെന്നുകണ്ടു സംസാരിച്ചു. തലേന്നു നടന്ന ചര്‍ച്ചയുടെ ഉള്ളടക്കം ധരിപ്പിച്ചു. അഭിപ്രായങ്ങള്‍ റെക്കോഡുചെയ്തു. അന്നു വൈകിട്ട് ദേശീയ വാര്‍ത്തയ്ക്കുശേഷം തലശേരി ശാന്തമാകുന്നു എന്ന വാര്‍ത്താധിഷ്ഠിത പരിപാടി ആകാശവാണി പ്രക്ഷേപണം ചെയ്തു. അഭിനന്ദന കത്തുകള്‍കൊണ്ട് ശ്രോതാക്കള്‍ ആ പരിപാടിയെ മുക്തകണ്ഠം പ്രശംസിച്ചു. ഒരു റേഡിയോ പരിപാടി സമൂഹത്തിലെ അടിയന്തര പ്രശ്നങ്ങളില്‍ എങ്ങനെ ഇടപെടണമെന്ന് ഭാര്‍ഗവന്‍പിള്ള ബോധ്യപ്പെടുത്തുകയായിരുന്നു. 1991ല്‍ അദ്ദേഹം ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്ന് വിരമിച്ചു.

50 വര്‍ഷത്തെ നിരന്തരമായ ഗവേഷണപ്രവര്‍ത്തനങ്ങളിലൂടെയും സാഹിത്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലൂടെയും മലയാളികളുടെ മനസ്സില്‍ ഇടംനേടിയ ഭാര്‍ഗവന്‍പിള്ളയ്ക്ക് നാടന്‍കലകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരുടെ മനസ്സില്‍ എന്നും സ്ഥാനമുണ്ടായിരിക്കും.

അന്തരിച്ച ശ്രീ ഭാര്‍ഗവന്‍ പിള്ളക്ക് വര്‍ക്കേഴ്സ് ഫോറത്തിന്റെ ആദരാഞ്ജലികള്‍

***

കടപ്പാട് : ഡോ. രാമന്തളി രവിയുടെ ലേഖനം, വിവിധ പത്ര വാർത്തകൾ

Monday, April 27, 2009

രാജാവ് നഗ്നനായിരുന്നുപോലും..!

ആരാണ്, ഇങ്ങനെ കമഴ്ന്ന് വീണ് കുമ്പസാരിക്കുന്നതും, മൂക്കുകൊണ്ട് 'ക്ഷ' വരയ്ക്കുന്നതും...! ലോകത്തിന്റെ 'ധനകാര്യമന്ത്രി'യായിട്ടാണ് ഇയാളെ ചിലര്‍ കണക്കാക്കുന്നത്.. അമേരിക്കന്‍ ട്രഷറിയുടെ ഇപ്പോഴത്തെ മേധാവിയാണ് അദ്ദേഹം. വളരെ മുമ്പല്ലാത്ത ഒരു കാലത്ത് (10 വര്‍ഷം മുമ്പ്) ഇതേ സ്ഥാനത്തിരുന്ന ആളുമാണ്.. അന്നദ്ദേഹം ഏഷ്യന്‍ സാമ്പത്തിക തകര്‍ച്ചക്കുള്ള പ്രതിവിധിയായി '10 കല്‍പ്പനകള്‍'പുറപ്പെടുവിച്ചിരുന്നു.. ഭാവിലോകത്തിനുള്ള അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ കര്‍ശനമായ നിര്‍ദ്ദേശങ്ങളായിരുന്നു തിമൂര്‍ത്തി ഗയ്റ്റ്നറുടെ കല്‍പ്പനകള്‍. അതിങ്ങനെ:-

1. കറന്‍സികള്‍ രക്ഷപ്പെടുത്താന്‍ പലിശനിരക്കുകള്‍ ഉയര്‍ത്തണം.
2. ചൂതാട്ടക്കാരെയും ഓഹരിദല്ലാള്‍മാരെയും പരിഹസിക്കരുത്.
3. സര്‍ക്കാര്‍ ചെലവും കടവും വെട്ടിക്കുറക്കണം.
4. വസ്തുവകകളുടെ വിലകുറയുന്നത്, തകര്‍ച്ചയല്ല 'തിരുത്തലാണ്'.
5. തെറ്റായ തീരുമാനങ്ങള്‍ എടുത്തവരെ രക്ഷിക്കരുത്, 'ധാര്‍മ്മികത' മോശമായ കീഴ്വഴക്കമാണ്.
6. കോര്‍പ്പറേറ്റ് മേഖലയില്‍ സുതാര്യത ഉറപ്പുവരുത്തണം.
7. എല്ലാത്തരം സബ്സിഡികളും അപകടകാരികളാണ്.
8. കിട്ടാകടങ്ങള്‍ അപ്പപ്പോള്‍ എഴുതിതള്ളണം.
9. നിങ്ങളുടെ പിശകുകള്‍ക്ക് മാധ്യമങ്ങളെ പഴിക്കരുത്.
10.അമേരിക്കയെ ഐശ്വര്യത്തിലേക്ക് നയിച്ച സ്വതന്ത്രകമ്പോളവ്യവസ്ഥ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം.

ഈ കല്‍പ്പനകള്‍ തന്നെയാണ് എത്രയോകാലമായി ഐ.എം.എഫും., ലോകബാങ്കും, എഡിബിയും അടക്കമുള്ള ഏജന്‍സികള്‍ചേര്‍ന്ന് ലോകത്തിനുമേല്‍ അടിച്ചേല്‍പ്പിച്ചത്. ഇതേ കല്‍പ്പനകള്‍ തന്നെയാണ് ഇന്ത്യയടക്കമുള്ള രാഷ്‌ട്രങ്ങള്‍ രണ്ടുദശാബ്ദമായി അനുസരണയോടെ നടപ്പാക്കികൊണ്ടിരിക്കുന്നത്... ഇനി ലോകമുള്ള കാലത്തോളം ഈ നിയമങ്ങളായിരിക്കും സമൂഹത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്നതെന്ന് കമ്പോളഗുരുക്കന്മാരും, രാഷ്‌ട്രത്തലവന്‍മാരും ഏറ്റുപറഞ്ഞുകൊണ്ടിരുന്നു. വികസനവും, പുരോഗതിയും സ്വതന്ത്രകമ്പോള വ്യവസ്ഥിതിയില്‍ ആകാശം മുട്ടുമെന്നും - മറ്റെല്ലാ വികസന കാഴ്‌ചപ്പാടുകളും ഫലത്തില്‍ അപ്രസക്തമായെന്നും, ഇടതുപക്ഷേതര-രാഷ്‌ട്രീയ സാമൂഹികസംഘടനകളെല്ലാം തലകുലുക്കി സമ്മതിച്ചിരുന്നു. എന്നാല്‍ മൂന്ന് ദശാബ്‌ദമായി ലോകത്ത് നടപ്പാക്കിയ കമ്പോളത്തിന്റെ കല്‍പ്പനകളൊക്കെയും ഇപ്പോള്‍ ചവറുകൂനയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. ലോകമാകെ വീശിയടിച്ചുകൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക സുനാമിയാണ് ഈ കടുംകൈ ചെയ്‌തത്. മുതലാളിത്തത്തിന്റെ ആരാധ്യനായ തിമൂര്‍ത്തി ഗയ്‌റ്റ്‌നര്‍ മൂക്കുകൊണ്ട് 'ക്ഷ' വരക്കുന്നതും, കുമ്പസാരിക്കുന്നതും അതുകൊണ്ടു തന്നെ!

ഈ കഴിഞ്ഞ മാര്‍ച്ച് 27ന് ഗയ്‌റ്റ്‌നര്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയോട് പറഞ്ഞതെന്താണന്ന് കൂടി കേള്‍ക്കുമ്പോള്‍ ചിത്രം കൂടുതല്‍ വ്യക്തമാവും. "നമ്മുടെ ധന-സാമ്പത്തിക സംവിധാനത്തിന്റെ മുഴുവന്‍ വിശ്വാസ്യതയും ഒലിച്ചുപോയിരിക്കുന്നു. വളരെ വലിയൊരുമാറ്റം അനിവാര്യമാണ്.. വെറും പരിഷ്‌ക്കാരങ്ങള്‍ ഫലം ചെയ്യുമെന്ന് ഞാന്‍ കരുതുന്നില്ല.. പുതിയ നിയമങ്ങള്‍ തന്നെയാണ് വേണ്ടത്..'' കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ലോകമേധാവിത്വം പിടിച്ചടക്കിയ ധനമൂലധനവും, അതിനവര്‍ സൃഷ്‌ടിച്ച കപട 'ഉപകരണ'ങ്ങളും, സ്ഥാപനങ്ങളും ഒക്കെ കാപട്യത്തിന്റെ അവതാരങ്ങള്‍ ആയിരുന്നുവെന്നാണ് ഗയ്‌റ്റ്‌നര്‍ പ്രഖ്യാപിക്കുന്നത്. ലോകം കൊണ്ടാടിയ 'പുരോഗതിയുടെ ദര്‍ശനവും പരിപാടിയും' അതിന്റെ ദല്ലാള്‍പ്പടയുടെ ചെയ്‌തികളും വേലികെട്ടി നിയന്ത്രിക്കാതെ തങ്ങള്‍ക്കിനി നിലനില്‍പ്പില്ലെന്നാണ് അയാള്‍ തുറന്നുപറയുന്നത്.. തുടര്‍ന്നദ്ദേഹം സ്വതന്ത്രകമ്പോളത്തെ പിടിച്ചുകെട്ടാനുള്ള ഒരു ആറിനപരിപാടി മുന്നോട്ട് വയ്‌ക്കുന്നു. വ്യവസ്ഥിതിയില്‍ 'സമൂലമാറ്റം' ആവശ്യപ്പെടുന്ന ഗയ്‌റ്റ്‌നറുടെ കല്‍പ്പനകള്‍ ഇങ്ങനെയാണ്:-

1. എല്ലാ ധന-സാമ്പത്തിക സ്ഥാപനങ്ങളും അവയുടെ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നിയന്ത്രണമുള്ള ഒരു പ്രത്യേക സംവിധാനത്തിനു കീഴില്‍ കൊണ്ടുവരണം.
2. സമ്പദ്‌വ്യവസ്ഥയേ കീഴ്‌മേല്‍ മറിക്കാന്‍ തക്ക വൈപുല്യമുള്ള വന്‍കിട ധനകാര്യ സ്ഥാപനങ്ങളുടെ മൂലധനശേഷി, തകര്‍ച്ചകള്‍ നേരിടാന്‍ പ്രാപ്‌തമായ വിധം പുനര്‍നിര്‍ണ്ണയിച്ച് സംരക്ഷിക്കുന്നത് നിയമപരമായ ബാധ്യതയാക്കണം.
3. ഹെഡ്‌ജ് ഫണ്ടുകള്‍ ഫെഡറല്‍ റിസര്‍വ്വില്‍ രജിസ്‌റ്റര്‍ ചെയ്യണം. അവയുടെ ഇടപാടുകളുടെ വിവരങ്ങളും ധനശേഷിയും, സെക്യൂരിറ്റിസ് ആന്റ് എൿസ്‌ചേഞ്ച് ബോര്‍ഡിന് മുമ്പാകെ വെളിപ്പെടുത്തണം.
4. ഡെറിവേറ്റീവ് കമ്പോളം സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കണം. നിയന്ത്രണാതീതമായ 'കടപ്പത്രവ്യാപാരം' നിരോധിക്കണം.
5. ധന-ഓഹരി-സാമ്പത്തിക കമ്പോളം പൊതു സാമൂഹത്തിന്റെ നിശിതമായ പരിശോധനകള്‍ക്ക് വിധേയമായി മാത്രം പ്രവര്‍ത്തിക്കണം.
6. നിക്ഷേപബാങ്കുകളും ഇന്‍ഷൂറന്‍സ് കമ്പനികളും അവയുടെ മാനേജര്‍മാര്‍ക്കും സര്‍ക്കാര്‍ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കേണ്ടത്..

രാജാവിനും, രാജാവിന്റെ അന്തപ്പുരവാസികള്‍ക്കും സേനാ നായകര്‍ക്കും വരെ കുപ്പായമില്ലായിരുന്നുവെന്നാണ് - അവരുടെ നായകരില്‍ ഒരാളായ ഗയ്‌റ്റ്‌നര്‍ ഇപ്പോള്‍ വിളിച്ചുപറഞ്ഞിരിക്കുന്നത്.. ധനമൂലധനത്തിന്റെ പ്രഭാവത്തില്‍ ദേശീയജനസമൂഹങ്ങളെ മുഴുവന്‍ അമ്മാനമാടിയ ഭരണാധികാരികള്‍ ഇനിയെന്തു ചെയ്യണമെന്നുകൂടി ഗയ്‌റ്റ്‌നര്‍ വ്യക്തമാക്കുകയാണ് ചെയ്‌തിരിക്കുന്നത്. ഇനി എല്ലാം നിയന്ത്രിക്കേണ്ടത് ഭരണകൂടമാണ്, കമ്പോളമല്ല'' എന്നാണ് പ്രഖ്യാപനം. അതായത് കമ്പോളത്തോട് ഭരണകൂടത്തിന്റെ കുടക്കീഴില്‍ കുഞ്ഞാടുകളായി ഒട്ടിച്ചേരാനാണ് ഗയ്‌റ്റ്‌നര്‍ ആവശ്യപ്പെടുന്നത്.

കമ്പോള വ്യവസ്ഥയുടെ നഗ്നമേനിയില്‍ ഇങ്ങനെ തുണിവാരിച്ചുറ്റിയാല്‍ ചൂതാട്ടത്തിന് വിലങ്ങുവീഴുമെന്നറിയാത്തവരല്ലല്ലോ അവര്‍. പക്ഷേ ധനമൂലധനസാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീണപ്പോള്‍, കടലെടുത്ത കൊള്ളമുതലിന്റെ വലിപ്പം അവരെ നിസഹായരാക്കുകയാണ്. ചൂതാട്ടത്തിലൂടെ സമാഹരിക്കുന്ന കൊള്ളമുതല്‍ കടുത്ത സാമൂഹികപ്രതിസന്ധി മാത്രമേ സൃഷ്‌ടിക്കുകയുള്ളുവെന്നും അവരില്‍ ചിലരെങ്കിലും മനസ്സിലാക്കുന്നുണ്ട്. തകര്‍ന്നുതരിപ്പണമായ കമ്പോളവും, ബാങ്ക് ഇന്‍ഷൂറന്‍സ് ഭീമന്‍മാരും, ദേശീയ ഖജനാവുകളില്‍നിന്ന് ഇതിനോടകം കുറഞ്ഞത് 10 ട്രില്യന്‍ ഡോളറെങ്കിലും വാങ്ങിയിട്ടാണ് ഇപ്പോള്‍ ജീവന്‍ നിലനിര്‍ത്തുന്നതെന്ന് അവര്‍ ഞെട്ടലോടെ തിരിച്ചറിയുന്നുണ്ട്. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളെന്നാല്‍, കേന്ദ്രീകൃത ആസൂത്രിതസമ്പദ്ഘടനയെന്നാണര്‍ത്ഥം. ആസൂത്രണത്തെ കളിയാക്കിയവരാണ് ഇപ്പോള്‍ അതിന് നിന്നുകൊടുക്കുന്നത്. വ്യവസ്ഥിതിയേ നിലനിര്‍ത്താന്‍ വേറെ മാര്‍ഗ്ഗമില്ലത്തതിനാല്‍ അവര്‍ കീഴടങ്ങുകയാണ്. അതാണ് ഗെയ്റ്റനറുടെ കുമ്പസാരത്തിന്റെ പൊരുള്‍.

ധനമൂലധന ഉടമകളും അവരുടെ രക്ഷാധികാരികളും ചേര്‍ന്ന് സൃഷ്ടിച്ച 'പുത്തന്‍ ഉപകരണങ്ങള്‍' പലതും ചരിത്രത്തിന്റെ പിന്നാമ്പുറത്തേക്ക് വലിച്ചെറിയപ്പെടുമ്പോള്‍, തീര്‍ച്ചയായും ഇവിടെ മരിച്ചുവീഴുന്നത് മാര്‍ക്സിസമോ, സോഷ്യലിസമോ അല്ല.. മരണമില്ലന്ന് കൊട്ടിപ്പാടികടന്നുവന്ന നിയോലിബറലിസമാണ്. കമ്മ്യൂണിസത്തില്‍ 'ഭരണകൂടങ്ങള്‍' കൊഴിഞ്ഞുപോകുമെന്ന് മാർ‌ൿസ് പറഞ്ഞിട്ടുണ്ട്. മാർൿസിനെ കളിയാക്കിക്കൊണ്ട് 20-ാം നൂറ്റാണ്ടില്‍ തന്നെ ഞങ്ങളത് നടപ്പാക്കികാണിച്ചുതരുമെന്നായിരുന്നു മുതലാളിത്തത്തിന്റെ 'പ്രവാചകന്മാര്‍' (1980കളില്‍) പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ 30-ാം വയസ്സില്‍തന്നെ കൊഴിഞ്ഞുപോയത് നിയോലിബറലിസം എന്നറിയപ്പെട്ട സ്വതന്ത്ര വിപണിവ്യവസ്ഥ തന്നെയാണന്നത് കൌതുകകരമായ സത്യമായി അവശേഷിക്കുന്നു. രാജാവ് സമ്പൂര്‍ണ്ണ നഗ്നനാണെന്ന് സാരം...

ഈ രാജാവിന്റെ നഗ്നത ഒന്നര നൂറ്റാണ്ട് മുമ്പ് തന്നെ കാറല്‍മാര്‍ക്സ് പ്രവചിച്ചതാണ്. കമ്പോള സുനാമിയില്‍ നിയോലിബറലിസം ഒലിച്ചുപോകുമ്പോള്‍ അവശേഷിക്കുന്നത് മാർൿസിസമാണ്. കാലത്തെ കൈപിടിച്ച് നടത്താനും മാറ്റിതീര്‍ക്കുവാനുമുള്ള സമരായുധമായി മാർൿസിസം ലോകത്തിന് തിരിച്ചുകിട്ടിയിരിക്കുന്നു. ചരിത്രത്തിന്റെ അന്ത്യം പ്രവചിച്ചവരുടെ അന്ത്യം തീര്‍ച്ചയായും ആഘോഷിക്കേണ്ടതുതന്നെ!

മാനവിക മൂല്യങ്ങള്‍, ശാസ്‌ത്രീയമായി വിളക്കിച്ചേര്‍ത്ത ഒരു ദര്‍ശനത്തെ ചൂഷണവും ലാഭവും ചൂതാട്ടവും കൊണ്ട് കീഴ്പ്പെടുത്താമെന്ന് കരുതിയ മുതലാളിത്തത്തിന്റെ ദയനീയപരാജയത്തിന്റെ വിളംബരമാണ് 'ആഗോള ധനകാര്യമന്ത്രി' യില്‍ നിന്ന് അമേരിക്കന്‍ ജനപ്രതിനിധിസഭയില്‍ ചിതറിവീണിരിക്കുന്നത്...

കമ്പോളപ്പെരുമയില്‍ മാർൿസിസത്തെ സംശയിച്ചവര്‍ വേറെയുമുണ്ട്. അവര്‍ വര്‍ഗ്ഗരാഷ്‌ട്രീയത്തെ 'സ്വത്വരാഷ്‌ട്രീയ' മാക്കി തിരുത്തിയെഴുതിയവരാണ്. മാര്‍ക്സിസത്തേ 'നവമാര്‍ക്സിസമാക്കി മാനിഫെസ്‌റ്റോകള്‍ വരെ രചിച്ചവരുമുണ്ട് അക്കൂട്ടത്തില്‍. സമത്വാധിഷ്‌ഠിത സാമൂഹികപുരോഗതിക്ക് 'സ്വകാര്യമൂലധനനിക്ഷേപ'മെന്ന് പേരുനല്‍കിയവരും ആഗോളവല്‍ക്കരണത്തെ ഉപയോഗിച്ച് വിപ്ലവം നടത്തുമെന്നുപറഞ്ഞുനടന്നവരുമൊക്കെ അടങ്ങുന്ന, നിയോലിബറലിസത്തിന്റെ പ്രഭാപൂരത്തില്‍ സ്വന്തം കാഴ്‌ച നഷ്‌ടപ്പെട്ട ഈ ലിബറല്‍ ഇടതുപക്ഷക്കാരുടെ കണ്ണുകള്‍കൂടി, സാമ്പത്തിക സുനാമിയും മഹാമാന്ദ്യവും കൊണ്ട് തുറന്നു കിട്ടുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.. എങ്കില്‍ മുതലാളിത്തത്തിന്റെ അവസാനത്തിന്റെ ആരംഭം വിളംബരം ചെയ്യുന്ന പുതിയ വര്‍ഗ്ഗസമരങ്ങള്‍ ജ്വലിച്ചുയരുകയും, ലോകം വളരെവേഗം സോഷ്യലിസത്തിലേക്ക് നടന്നുകയറുകയും ചെയ്യും..

***

അജയ്ഘോഷ്, കടപ്പാട് : പി എ ജി ബുള്ളറ്റിൻ

Sunday, April 26, 2009

കെയിനീഷ്യനിസമോ മാർൿസിസമോ?

ഇരുപതാം നൂറ്റാണ്ടിലെ ധനശാസ്‌ത്രചിന്തയെ ആഴത്തില്‍ സ്വാധീനിച്ച പ്രതിഭാശാലിയായിരുന്നു ജോണ്‍ മെയിനാര്‍ഡ് കെയിന്‍സ്. കാൾ മാർ‌ൿസ് മരിച്ച 1883 ല്‍ ജനിച്ചു. അതുകൊണ്ടുതന്നെ ഈ ജനനത്തെ അര്‍ത്ഥവത്തായ ഒരു സംഭവമായി മുതലാളിത്ത ലോകം വാഴ്ത്തി. മാർ‌ൿസ് പ്രവചിച്ച മുതലാളിത്തത്തിന്റെ അനിവാര്യമായ തകര്‍ച്ചയെ പ്രതിരോധിക്കാന്‍ പിറന്ന ഇതിഹാസ പുരുഷനായും കെയിന്‍സിനെ മുതലാളിത്തം ഉയര്‍ത്തിക്കാട്ടി. 1930 കളിലെ സാമ്പത്തിക പ്രതിസന്ധിയുടെ നീര്‍ച്ചുഴിയില്‍ നിന്ന് മുതലാളിത്തത്തെ തല്‍ക്കാലത്തേക്കെങ്കിലും കരകയറ്റാന്‍ കെയിന്‍സിന് കഴിഞ്ഞു. എന്നാല്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മുതലാളിത്ത പ്രതിസന്ധി ഉണ്ടായി. അവ വിശദീകരിക്കുന്നതിലും പ്രതിരോധിക്കുന്നതിലും കെയിനീഷ്യനിസം പരാജയപ്പെടുകയായിരുന്നു.

മുതലാളിത്ത സൈദ്ധാന്തികരുടെ പരിമിതികള്‍ തുറന്നുകാട്ടിയ കെയിന്‍സ് സര്‍ക്കാര്‍ സഹായത്തോടെ പൊതുഇടങ്ങള്‍ കഴിയാവുന്നത്ര വീണ്ടെടുത്ത് മുതലാളിത്തത്തെ കരകയറ്റാനാകുമോ എന്ന പരീക്ഷണത്തിലായിരുന്നു. എന്നാല്‍ മുതലാളിത്തം അതിന്റെ സഹജമായ സ്വഭാവം - അതായത് ഉത്പാദന പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യമായി സംഘടിപ്പിക്കുകയും അതില്‍ നിന്നുള്ള ലാഭം സ്വകാര്യമായി കൈയ്യടക്കുകയും ചെയ്യുന്ന രീതി - തുടരുന്നിടത്തോളം സമ്പത്തിന്റെ അമിത കേന്ദ്രീകരണം അനിവാര്യമായിരിക്കും. നിരന്തരം നടക്കുന്ന ഈ കേന്ദ്രീകരണ പ്രവണത പുതിയ പുതിയ പ്രതിസന്ധികളിലേക്ക് നയിച്ചു കൊണ്ടേയിരിക്കും. ഇതായിരുന്നു മാർൿസിന്റെ നിലപാട്. മാർ‌ൿസ് വ്യക്തമായി പ്രതിപാദിച്ച ഇക്കാര്യം ഉള്‍ക്കൊള്ളാന്‍ കെയിന്‍സ് പക്ഷേ തയ്യാറായിരുന്നില്ല. മാർൿസിസത്തെ കേവലമായൊരു പാഠപുസ്‌തക വിജ്ഞാനം മാത്രമായാണ് കെയിന്‍സ് കണക്കാക്കിയത്. എന്നാല്‍, മാർൿസിന്റെ അപഗ്രഥനമാവട്ടെ ഒരു പ്രവചനം പോലെ അനുദിനം പ്രസക്തമാവുകയായിരുന്നു.

1930കളില്‍ കെയിന്‍സിന്റെ കാലത്തു തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതാണ്. ഇപ്പോള്‍ 21-ാം നൂറ്റാണ്ടിലും പ്രതിസന്ധി പൂര്‍വാധികം ശക്തിപ്പെടുകയാണ്.ക്ലാസിക്കല്‍, നവക്ലാസിക്കല്‍ ധനശാസ്‌ത്രത്തെ നിരാകരിച്ചാണ് കെയിന്‍സ് അദ്ദേഹത്തിന്റെ "ആശ്വാസ നടപടി''കള്‍ ആവിഷ്‌ക്കരിച്ചത്. കെയിനീഷ്യനിസത്തെ നിരാകരിച്ചാണ് പിന്നീട് മില്‍ട്ടണ്‍ ഫ്രീഡ്‌മാനും മറ്റും നവലിബറലിസത്തെ രൂപപ്പെടുത്തിയത്. ഇപ്പോഴിതാ നവലിബറല്‍ ആശയങ്ങളും നിരാകരിക്കപ്പെട്ടിരിക്കുന്നു. നവലിബറലിസം ആശയപരമായി പൊള്ളയായിരുന്നു എന്നത് മാത്രമല്ല മനുഷ്യത്വരഹിതവും മറയിട്ട ചൂഷണത്തിന്റെ മൂര്‍ത്ത രൂപവുമായിരുന്നുവെന്ന് ലോകത്തിന് മുന്നില്‍ ഇന്ന് കൂടുതല്‍ വെളിവാക്കപ്പെട്ടിരിക്കയാണ്.

നവലിബറലിസവുമായി തട്ടിച്ചുനോക്കുമ്പോള്‍ കെയിന്‍സിന്റെ ലിബറല്‍ ആശയങ്ങള്‍ കൂടുതല്‍ മാനുഷികവും പ്രായോഗികവുമായിരുന്നു. ഭരിക്കുന്ന സര്‍ക്കാരിന് സക്രിയമായ പങ്കാളിത്തം കെയിന്‍സ് വിഭാവനം ചെയ്‌തിരുന്നു. എന്നാല്‍ മനുഷ്യമോചനത്തിന്നുള്ള മാര്‍ഗ്ഗം ലിബറല്‍ മുതലാളിത്തത്തിലോ കെയിന്‍സിലോ അല്ല. മറിച്ച് സാഹചര്യങ്ങള്‍ക്കനുസൃതമായി മാർൿസിസത്തെ പുനരാവിഷ്‌ക്കരിക്കുന്നതിലും പ്രയോഗിക്കുന്നതിലുമാണെന്ന കാര്യം ഇന്നത്തെ ലോകം ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുകയാണ്. ഈ നിലപാടില്‍ കെയിന്‍സിനെയും അദ്ദേഹത്തിന്റെ സംഭാവനകളെയും പരിശോധിക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

കെയിന്‍സിന്റെ ജീവിതം

കെയിന്‍സിന്റെ സിദ്ധാന്തങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെ നമുക്കൊന്ന് പരിചയപ്പെടാം. മാർ‌ൿസ് മരിച്ച 1883 ജൂണ്‍ 5 നാണ് കെയിന്‍സ് ജനിച്ചത് ; ഒരു ഉയര്‍ന്ന ഇടത്തരം കുടുംബത്തില്‍. പിതാവായ ജോണ്‍ നെവിന്‍ കെയിന്‍സ് കേംബ്രിഡ്‌ജ് സര്‍വ്വകലാശാലയിലെ ധനശാസ്‌ത്ര അധ്യാപകനായിരുന്നു. ഫ്ളോറിന്‍സ് എന്നായിരുന്നു അമ്മയുടെ പേര്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ഈറ്റണ്‍ പബ്ളിക്ക് സ്‌കൂളിലും കേംബ്രിഡ്‌ജിലെ കിങ്ങ്സ് കോളേജിലുമാണ് ഉപരിപഠനം പൂര്‍ത്തിയാക്കിയത്.

പ്രതിഭാധനനായ ഒരു യുവാവെന്ന നിലയിലാണ് 1902 ല്‍ കെയിന്‍സ് ഉപരിപഠനത്തിനായി കേംബ്രിഡ്‌ജില്‍ എത്തുന്നത്. ധനശാസ്‌ത്രത്തിന് പുറമെ ഗണിതത്തിലും കലാസാഹിത്യത്തിലും അദ്ദേഹം പ്രതിപത്തി കാട്ടി. അക്കാലത്തെ പ്രധാന ധനശാസ്‌ത്രജ്ഞരും നവ ക്ലാസിക്കല്‍ സിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കളുമായിരുന്ന ആല്‍ഫ്രഡ് മാര്‍ഷല്‍ (1842-1924) എ സി പിഗു (1877-1959) എന്നിവരായിരുന്നു അധ്യാപകര്‍; പ്രസിദ്ധ ദാര്‍ശനികനായ ബര്‍ട്രണ്ട് റസ്സല്‍ കൂട്ടുകാരനും.

ബിരുദാനന്തരം 1907 ല്‍ ഇന്ത്യാ ആപ്പീസിലെ ജീവനക്കാരനായി കെയിന്‍സ് ഔദ്യോഗിക ജീവിതമാരംഭിച്ചു. ഗവേഷണത്തോടുള്ള താല്‍പര്യവും പ്രത്യേക മമതയും കാരണം ഇന്ത്യാ ആപ്പീസ്സ് ലൈബ്രറിയെ ഉപയോഗപ്പെടുത്തി "ഇന്ത്യന്‍ കറന്‍സി ആന്റ് ഫൈനാന്‍സ്'' (1913) എന്ന ഗ്രന്ഥം പുറത്തിറക്കി. ആദ്യത്തെ ഗ്രന്ഥമായിരുന്നു. എങ്കിലും ധനശാസ്‌ത്രജ്ഞരുടെയും രാഷ്‌ട്രതന്ത്രജ്ഞരുടെയും ശ്രദ്ധ അതു പിടിച്ചുപറ്റി. തുടര്‍ന്ന് ഇന്ത്യന്‍ നാണയവ്യവസ്ഥയെയും ധനകാര്യത്തെയും പറ്റി പഠിക്കാന്‍ നിയുക്തമായ റോയല്‍ കമ്മീഷനില്‍ കെയിന്‍സ് അംഗമായി.

ആദ്യഗ്രന്ഥം പുറത്തിറങ്ങുന്നതിനു മുമ്പു തന്നെ കെയിന്‍സ്, ഇന്ത്യാ ആപ്പീസിലെ ജോലി ഒഴിവാക്കി കേംബ്രിഡ്‌ജിലേക്ക് തിരിച്ചിരുന്നു. 1909 മുതല്‍ 1915 വരെ അവിടെ അധ്യാപകനായി; ഗവേഷണങ്ങളിലും ഗ്രന്ഥരചനകളിലും കൂടുതല്‍ വ്യാപൃതനായി. ഇതിനിടെ 1911 ല്‍ ഇംഗ്ളണ്ടിലെ ധനശാസ്‌ത്ര പ്രസിദ്ധീകരണമായ 'ഇക്കണോമിക് ജേര്‍ണലി'ന്റെ പത്രാധിപരായി ഏതാണ്ട് ജീവിതാവസാനം വരെ കെയിന്‍സ് ഈ ജോലി തുടര്‍ന്നു. ഒന്നാം ലോകയുദ്ധക്കാലത്ത് അദ്ദേഹം ബ്രിട്ടീഷ് ധനമന്ത്രിയുടെ ഉപദേഷ്‌ടാവായി. കറന്‍സിയുടെ വിദേശവിനിമയ നിയന്ത്രണം സംബന്ധിച്ച കാര്യങ്ങളായിരുന്നു കെയിന്‍സിന് കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരുന്നത്.

യുദ്ധാവസാനത്തോടെ വേഴ്‌സയില്‍സില്‍ ചേര്‍ന്ന ഉടമ്പടി ആലോചനാ യോഗത്തില്‍ കെയിന്‍സ് പങ്കെടുത്തു. യുദ്ധത്തില്‍ പരാജയപ്പെട്ട ജര്‍മനിയോട് പരമാവധി നഷ്‌ടപരിഹാരം വാങ്ങാനുള്ള അമേരിക്കന്‍ - ഫ്രഞ്ച് - ബ്രിട്ടീഷ് നേതാക്കളുടെ നീക്കത്തെ അദ്ദേഹം എതിര്‍ത്തു. കൃത്യമായ ദൂരക്കാഴ്ചയോടെ ജര്‍മ്മനിയുടെ വരവും ചെലവും ബാധ്യതകളുമെല്ലാം കണക്കുകള്‍ നിരത്തിക്കൊണ്ട് അദ്ദേഹം ബോധ്യപ്പെടുത്തി. പക്ഷേ പണക്കൊതിയരും ചൂഷണതല്‍പ്പരരുമായ നേതാക്കള്‍ വിലക്കുകളെ ഗൌനിച്ചില്ല. നിരാശനായ കെയിന്‍സ് ജോലി രാജിവെച്ച് "സമാധാനത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ (The Economic Consequences of Peace) എന്ന വിഖ്യാത ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഞെട്ടിപ്പിക്കുന്നതായിരുന്നു ഈ പുസ്തകം; രോഷാകുലമായിരുന്നു അതിന്റെ പ്രതികരണങ്ങള്‍. സമാധാന ഉടമ്പടിയില്‍ വന്‍ശക്തികള്‍ ആവശ്യപ്പെട്ടതിന്റെ നാലിലൊന്ന് തുകപോലും നല്‍കാന്‍ ജര്‍മ്മനിക്ക് കഴിഞ്ഞില്ല. മാത്രമല്ല, വന്‍ശക്തികളുടെ ചൂഷണത്തിനെതിരെയുള്ള പകപോക്കലായി മറ്റൊരു രണ്ടാം ലോകയുദ്ധത്തിനുള്ള തയ്യാറെടുപ്പില്‍ വരെ ജര്‍മ്മനിയെ കൊണ്ടു ചെന്നെത്തിക്കാനും വേഴ്‌സയില്‍സ് സമാധാന ഉടമ്പടി ഒരളവുവരെ ഇടയാക്കി.

പഠന - ഗവേഷണ കാര്യങ്ങള്‍ മുറപോലെ നടന്നിരുന്നു. ഗണിതത്തില്‍ സംഭാവ്യതയെ (Probability) കുറിച്ചും ധനശാസ്‌ത്രത്തില്‍ നാണയ പരിഷ്‌ക്കരണത്തെ സംബന്ധിച്ചും ഓരോ ഗ്രന്ഥം 1923 ല്‍ പുറത്തുവന്നു. ബൂര്‍ഷ്വാ അര്‍ഥശാസ്ത്രത്തിന് നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ക്ക് പ്രായോഗിക പരിഹാരം കാണാനുള്ള ശ്രമവും തുടര്‍ന്നു. ബ്രിട്ടനില്‍ സ്വര്‍ണമാനം (Gold Standard) പുനഃസ്ഥാപിക്കാനുള്ള അന്നത്തെ ധനകാര്യമന്ത്രി വിൻ‌സ്‌റ്റണ്‍ ചര്‍ച്ചിലിന്റെ നീക്കത്തെ " മിസ്റര്‍ ചര്‍ച്ചിലിനെകൊണ്ടുള്ള സാമ്പത്തിക പ്രത്യാഘാതങ്ങള്‍'' (The Economic Consequences of Mr Churchill-1925) എന്ന ലഘുലേഖയിലൂടെ കെയിന്‍സ് ശക്തിയായി വിമര്‍ശിച്ചു. പണത്തിന്റെ ചോദനവും പ്രദാനവും സംബന്ധിച്ച ഒരു സൈദ്ധാന്തിക ഗ്രന്ഥം- A Treatise on Money 1930 ല്‍ പ്രസിദ്ധീകരിച്ചു.

കെയിനീഷ്യനിസം എന്ന ചിന്താ ശാഖക്ക് തുടക്കമിട്ടതും കെയിന്‍സിന്റെ പ്രധാന സംഭാവനയും "തൊഴില്‍ , പലിശ, പണം എന്നിവ സംബന്ധിച്ച പൊതുസിദ്ധാന്തം'' (The General Theory of Employment, Interest and Money-1936) എന്ന വിഖ്യാത കൃതിയാണ്. മുതലാളിത്തം യാന്ത്രികമായി പ്രവര്‍ത്തിച്ചുകൊള്ളുമെന്ന പഴയ ക്ലാസിക്കല്‍ ബൂര്‍ഷ്വാ സിദ്ധാന്തത്തെ കെയിന്‍സ് നിരാകരിച്ചു. മുതലാളിത്തത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി സര്‍ക്കാരുകള്‍ ഇടപെട്ട് വേണ്ട സൌകര്യങ്ങള്‍ ചെയ്യണമെന്ന് "പൊതു സിദ്ധാന്ത''ത്തില്‍ ആവശ്യപ്പെട്ടു. 1929-33 ലെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രിക്കുകയായിരുന്ന ലോകമുതലാളിത്തത്തിന് കാലഹരണപ്പെട്ടതും അപ്രായോഗികവുമായ ക്ലാസിക്കല്‍, നവക്ലാസിക്കല്‍ സിദ്ധാന്തങ്ങളെ മറികടക്കാനും മുതലാളിത്തത്തിനകത്തെ പ്രതിസന്ധികളില്‍ നിന്ന് താല്‍ക്കാലികമായെങ്കിലും രക്ഷപ്പെടാനുമുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അത്യാവശ്യമായിരുന്നു. അത്തരം നിര്‍ദ്ദേശങ്ങളായിരുന്നു "പൊതുസിദ്ധാന്ത''ത്തിന്റെ ഉള്ളടക്കം. അതുകൊണ്ടുതന്നെ ഇതൊരു 'വേദ' ഗ്രന്ഥമായി മാറി. ഇതേ കാലയളവില്‍, അമേരിക്കയില്‍ പ്രസിഡന്റ് ഫ്രാങ്ക്ളിന്‍ റൂസ്‌വെല്‍റ്റ് നടപ്പാക്കിയ പുത്തന്‍ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ (New Deal Policy) ശില്‍പിയും കെയിന്‍സായിരുന്നു.

രണ്ടാം ലോക യുദ്ധത്തോടെ കെയിന്‍സ് സാമ്പത്തികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധാലുമായി. യുദ്ധാനന്തരം, ബ്രട്ടണ്‍വുഡില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ബ്രിട്ടീഷ് പ്രതിനിധിയായി പങ്കെടുക്കുകയും അന്താരാഷട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും രൂപീകരണത്തില്‍ ഗണനീയ പങ്ക് വഹിക്കുകയും ചെയ്തു.

അക്കാദമീയമായും ഔദ്യോഗികമായും നേടാവുന്നത്ര പ്രശസ്‌തിയും പദവിയും നേടിയ ശേഷം 1946 ല്‍ കെയിന്‍സ് അന്തരിച്ചു. മുതലാളിത്ത ലോകത്തിലെ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിപാടി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞു എന്നതാണ് കെയിന്‍സിന്റെ പ്രത്യേകത. ധനകാര്യത്തെക്കുറിച്ചും യുദ്ധാനന്തര പ്രതിസന്ധികളെപ്പറ്റിയും തൊഴിലില്ലായ്‌മയെ സംബന്ധിച്ചുമെല്ലാം പൊതു നയം രൂപീകരിക്കാന്‍ കെയിന്‍സിന് കഴിഞ്ഞിരുന്നു. അതായത്, പുതിയൊരു കര്‍മ പരിപാടി തന്റേതായി ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞിരുന്നുവെന്നത് മറ്റ് മുതലാളിത്ത അര്‍ഥ ശാസ്‌ത്രജ്ഞരില്‍ നിന്ന് കെയിന്‍സിനെ മാറ്റി നിര്‍ത്തുന്ന പ്രത്യേകതയാണ്.

ലോകസാമ്പത്തികത്തകര്‍ച്ച

1905 മുതല്‍ ശ്രദ്ധേയങ്ങളായ ലേഖനങ്ങളും ഗ്രന്ഥങ്ങളും എഴുതിയിരുന്നെങ്കിലും 1929 -33 കാലത്തെ സാമ്പത്തിക തകര്‍ച്ചയോടെയാണ് കെയിന്‍സിന്റെ ചിന്താ പദ്ധതികള്‍ ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഒന്നാം ലോക യുദ്ധത്തിലെ വിജയത്തില്‍ മതിമറന്ന വികസിത രാജ്യങ്ങള്‍ (പ്രത്യേകിച്ചും അമേരിക്ക) സ്വകാര്യമുതലാളിമാര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കിക്കൊണ്ട് ഉത്പാദനം പരമാവധി വര്‍ധിപ്പിക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെടുകയുണ്ടായി. ബ്രിട്ടണ്‍, ഫ്രാന്‍സ്, ജപ്പാന്‍, കാനഡ തുടങ്ങിയ രാജ്യങ്ങള്‍, എന്തിന് അമേരിക്കന്‍ വായ്‌പയോടെ ജര്‍മനിപോലും ഇതിന്റെ ലഹരിയില്‍ മുങ്ങിപ്പോയി. ഉത്പാദനത്തിന് വ്യക്തമായ ആസൂത്രണമോ നയപരിപാടികളോ ഉണ്ടായിരുന്നില്ല. ലാഭം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമായിരുന്നു ഏക ലക്ഷ്യം.

1920 കളില്‍ അമേരിക്കന്‍ കമ്പനികളുടെ ശരാശരി ലാഭം 62 ശതമാനം കൂടി. എന്നാല്‍, തൊഴിലാളികളുടെ കൂലി വര്‍ദ്ധന വെറും 11 ശതമാനം മാത്രമായിരുന്നു. സമ്പത്തും ലാഭവും ഏതാനും പേരില്‍ കേന്ദ്രീകരിച്ചു. കോടീശ്വരന്‍മാരുടെ ആസ്‌തി പെരുകിയപ്പോള്‍ തൊഴിലാളികളുടെയും മറ്റ് അധ്വാനിക്കുന്ന ജനങ്ങളുടെയും വരുമാനം കൂടിയില്ല. അവരുടെ ക്രയശേഷി വര്‍ധിച്ചില്ല. ഇതോടെ അമിതോത്പാദന ത്വരയുടെ ഫലമായുണ്ടായ ചരക്കുകള്‍ വിറ്റഴിക്കാന്‍ കഴിയാതെ വന്നു. തുടര്‍ന്ന് ലാഭം കുറഞ്ഞു. 1929 ഒൿടോബര്‍ അവസാനത്തോടെ കമ്പനി ഓഹരികളുടെ വില ക്രമാതീതമായി ഇടിഞ്ഞു. ഓഹരിക്കമ്പോളം പ്രവര്‍ത്തനരഹിതമായി. ന്യൂയോര്‍ക്കിലെ പ്രധാന ഓഹരിക്കമ്പോളമായ വാള്‍ സ്‌ട്രീറ്റിന്റെ പ്രവര്‍ത്തനം സ്‌തംഭിച്ചു. ബാങ്കുകള്‍ പാപ്പരായി; കമ്പനികള്‍ അടച്ചു, തൊഴിലില്ലായ്‌മ പെരുകി. ജനങ്ങളില്‍ പൊതുവില്‍ വരുമാനവും അതോടൊപ്പം ക്രയശേഷിയും ഇടിഞ്ഞു. ഇത് കൂടുതല്‍ സാമ്പത്തിക കുഴപ്പങ്ങള്‍ക്കിടയാക്കി.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ ആശ്രയിച്ചിരുന്ന ഇതര മുതലാളിത്ത രാജ്യങ്ങളിലേക്കും പ്രതിസന്ധി എത്തിച്ചേര്‍ന്നു. ഇതോടെ, മുതലാളിത്ത ലോകം ഒന്നടങ്കം തകര്‍ന്നു. എന്നാല്‍ ലോകചരിത്രത്തില്‍ പുതിയൊരധ്യായമെഴുതിയ സോവിയറ്റ് യൂണിയന്‍ എന്ന ഏക സോഷ്യലിസ്‌റ്റ് രാഷ്‌ട്രത്തെ മാത്രം അന്നത്തെ സാമ്പത്തിക കുഴപ്പം ബാധിച്ചില്ല. അവിടെ വിഭവങ്ങളുടെ ആസൂത്രിതമായ ഉപയോഗവും വിനിയോഗവും നടപ്പാക്കിയ രീതി മുതലാളിത്ത ധനശാസ്‌ത്രജ്ഞരെ ഇരുത്തി ചിന്തിപ്പിച്ചു.

മുതലാളിത്തത്തിന്റെ നിലനില്‍പ്പ് അക്ഷരാര്‍ത്ഥത്തില്‍ ചോദ്യംചെയ്യപ്പെട്ടു. ചൂഷണം സ്ഥായിയല്ല എന്ന സത്യം മുതലാളിത്തത്തിന് അങ്കലാപ്പുണ്ടാക്കി. നിലനില്‍പ്പിനുള്ള സഹായമായിരുന്നു അതിന് വേണ്ടിയിരുന്നത്. സോഷ്യലിസത്തിന്റെ മഹത്വം ഉള്‍ക്കൊള്ളാനോ മുതലാളിത്ത പ്രതിസന്ധികള്‍ ആ വ്യവസ്ഥയോടൊപ്പം തന്നെ വളര്‍ന്നുകൊണ്ടിരിക്കുമെന്ന വസ്‌തുത അംഗീകരിക്കാനോ ലോകം തയ്യാറായില്ല. അതിനാല്‍, തകര്‍ന്നെങ്കിലും നിവര്‍ന്നുനില്‍ക്കാനുള്ള ഒരു ഊന്നുവടിയായിരുന്നു മുതലാളിത്തത്തിന് വേണ്ടത്. അത്തരം ഒരു ഊന്നുവടിയുമായാണ് കെയിന്‍സ് 1930 കളില്‍ പ്രത്യക്ഷപ്പെട്ടത്.

മുതലാളിത്തം തുടര്‍ന്നു വന്ന ഒട്ടേറെ കാര്യങ്ങള്‍ കെയിന്‍സിന് തിരുത്തേണ്ടി വന്നു. സര്‍ക്കാരിന്റെ ഇടപെടല്‍ ഇല്ലാതെ തന്നെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ യാന്ത്രികമായി പരിഹരിക്കപ്പെടുമെന്ന ക്ലാസിക്കല്‍ അര്‍ഥശാസ്‌ത്ര ധാരണകളെ അദ്ദേഹം നിരാകരിച്ചു. സാമ്പത്തിക പ്രതിസന്ധി, വെള്ളപ്പൊക്കം, വരള്‍ച്ച എന്നിവയൊന്നും മനുഷ്യനാല്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ക്ലാസിക്കല്‍ ധനശാസ്‌ത്രജ്ഞനായ ജെ. ബി. സെ യെപ്പോലുള്ളവര്‍ വാദിച്ചിരുന്നു. ചരക്കുകളുടെ പൊതുആവശ്യ (ചോദന) മല്ല, മറിച്ച് അതിന്റെ ഉത്പാദന(പ്രദാന)മാണ് ആവശ്യത്തെ തിട്ടപ്പെടുത്തുന്നതെന്ന സെ യുടെ വിപണി നിയമം കാലഹരണപ്പെട്ടതാണെന്ന് മുതലാളിത്ത ധനശാസ്‌ത്രജ്ഞര്‍ പോലും മനസിലാക്കുന്നതും അംഗീകരിക്കുന്നതും കെയിന്‍സിന്റെ "പൊതുസിദ്ധാന്ത''ത്തോടെയാണ്.

മാർൿസും എംഗല്‍സും ക്ലാസിക്കല്‍ (ബൂര്‍ഷ്വാ) ധനശാസ്‌ത്രത്തിലെ പൊള്ളത്തരം നേരത്തേ സൂചിപ്പിച്ചിരുന്നെങ്കിലും പലര്‍ക്കും അത് സ്വീകാര്യമായിരുന്നില്ല. മുതലാളിത്തത്തില്‍ ആഭ്യന്തരവൈരുദ്ധ്യങ്ങളില്ലെന്നും ഓരോ പ്രശ്‌നവും അതാത് അവസരത്തില്‍ തന്നെ യാന്ത്രികമായി പരിഹരിക്കപ്പെടുമെന്നുള്ള സെ യുടെ നിഗമനം തെറ്റാണെന്ന് മാർ‌ൿസ് 1848 ല്‍ സൂചിപ്പിച്ചിരുന്നു. എങ്കിലും മുതലാളിത്ത പ്രചാരകര്‍ക്ക് വെളിപാടുണ്ടാകാന്‍ 1936 വരെ കാത്തുനില്‍ക്കേണ്ടിവന്നു.

കെയിന്‍സിന്റെ ചികിത്സ

മുതലാളിത്തലോകത്തില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങള്‍ വികസിച്ച് ആ വ്യവസ്ഥയെ തന്നെ തകര്‍ത്ത് നവീനമായ മറ്റൊരു വ്യവസ്ഥക്ക് (സോഷ്യലിസം) രൂപം നല്‍കുമെന്ന് മാർ‌ൿസ് ചൂണ്ടിക്കാട്ടി. കെയിന്‍സ് ഇത് അംഗീകരിച്ചില്ല. മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ ചാക്രിക കുഴപ്പം (trade cycle) പണപ്പെരുപ്പം (inflation) തൊഴിലില്ലായ്മ, ചൂഷണം എന്നിവ ചികിത്സിച്ചുമാറ്റാമെന്ന് കെയിന്‍സ് വിധിയെഴുതി. കമ്മി ബജറ്റ്, പുതുതായി നോട്ടടിക്കല്‍, സര്‍ക്കാര്‍ മൂലധന നിക്ഷേപം വര്‍ധിപ്പിക്കല്‍, സര്‍ക്കാരുകള്‍ തന്നെ മുതലാളിത്തത്തെ ആസൂത്രിതമായി നിയന്ത്രിക്കല്‍ തുടങ്ങിയവയായിരുന്നു കെയിന്‍സിന്റെ പ്രധാന ചികിത്സാവിധികള്‍.

കുഴപ്പങ്ങളുടെ ആഴക്കടലില്‍ ഉലയുകയായിരുന്ന മുതലാളിത്തം ഒരു വൈക്കോല്‍ തുരുമ്പെന്ന രീതിയിലാണ് കെയിന്‍സിന്റെ സിദ്ധാന്തത്തെ കണ്ടത്. അദ്ദേഹത്തിന്റെ അളന്നുമുറിച്ച കണക്കുകളും ചികിത്സാരീതികളും രോഗം കുറേയൊക്കെ ഭേദമാക്കി. ഇതോടെ കാര്യങ്ങളെല്ലാം ശരിയായതായി കണക്കാക്കി. കെയിന്‍സിന്റെ സംഭാവനകളെ മുതലാളിത്തം വാനോളം പുകഴ്ത്തി. അതൊരു വിപ്ളവമായിരുന്നു - 'കെയിനീഷ്യന്‍ വിപ്ളവം'(Keynesian Revolution). കാലഹരണപ്പെട്ട മുതലാളിത്തചിന്ത മാറിയ സാഹചര്യത്തില്‍ അപ്രായോഗികമായതോടെ മുതലാളിത്ത യാഥാര്‍ത്ഥ്യങ്ങളുമായിപ്പോലും അവ ഇണങ്ങാതെ വന്നു. ഈ സാഹചര്യത്തില്‍ പഴയതിന് തന്നെ പുതിയ നിറവും മണവും നല്‍കി പുത്തന്‍ രീതിയിലുള്ള അവതരണമായിരുന്നു കെയിന്‍സ് നടത്തിയത്. "ക്ളാസിക്കല്‍ അഥവാ ബൂര്‍ഷ്വാ അര്‍ഥശാസ്‌ത്രത്തിന്റെ താത്വികാടിത്തറ തന്നെ പൊളിച്ചെറിഞ്ഞു എന്ന നിലയില്‍ കെയിന്‍സിന്റേത് ഒരു വിപ്ലവം തന്നെയായിരുന്നു. എന്നാല്‍, യഥാര്‍ത്ഥത്തില്‍ അതൊരു വിപ്ലവമായിരുന്നില്ല. കാരണം ബൂര്‍ഷ്വാ അര്‍ഥശാസ്‌ത്രത്തില്‍ സംരക്ഷിക്കപ്പെടുന്ന മുതലാളിത്ത വ്യവസ്ഥയുടെ അടിസ്ഥാനമായി വര്‍ത്തിക്കുന്ന ഒന്നിനെയും കെയിന്‍സിന്റെ സിദ്ധാന്തം സ്‌പര്‍ശിക്കുക പോലും ചെയ്തിരുന്നില്ല.''

മുതലാളിത്തത്തിന്റെ കൂടപ്പിറപ്പായ വര്‍ഗവിഭജനം, ഉത്പാദന ഉപാധികളുടെ സ്വകാര്യഉടമസ്ഥത, സ്വന്തം അധ്വാനശക്തി വിറ്റ് ഉപജീവനം കഴിക്കുന്ന തൊഴിലാളിവര്‍ഗം, ഭൂരിപക്ഷത്തിന്റെ മേലുള്ള ന്യൂനപക്ഷ ചൂഷണം, ചൂഷണത്തിലൂടെ മിച്ചമൂല്യം തട്ടിയെടുക്കല്‍, മിച്ചമൂല്യം പുനര്‍നിക്ഷേപിച്ച് മൂലധനമാക്കല്‍, ലാഭം കൂട്ടി കോടീശ്വരനാകാനുള്ള മുതലാളിയുടെ മത്സരം ഇതെല്ലാം കെയിന്‍സ് കണ്ടില്ലെന്ന് നടിക്കുന്നു. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ചേരിതിരിവും അനിവാര്യമായ വര്‍ഗസംഘട്ടനവും എന്ന യാഥാര്‍ത്ഥ്യം കാണാതെയുള്ള വിശകലനമായിരുന്നു കെയിന്‍സും കൂട്ടുകാരും മുതലാളിത്തത്തെക്കുറിച്ച് നടത്തിയതെന്ന് കാണുമ്പോള്‍ അവര്‍ കാര്യങ്ങളെ അശാസ്‌ത്രീയമായി വിലിയിരുത്തിയെന്നോ അല്ലെങ്കില്‍ ജീവിത യാഥാര്‍ത്ഥ്യത്തിന് നേരെ മുഖം തിരിഞ്ഞു നിന്നിരുന്നെന്നോ മനസിലാക്കേണ്ടിയിരിക്കുന്നു.

സാമ്പത്തിക കാര്യങ്ങളില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ആവശ്യമാണെന്ന് കെയിന്‍സ് വാദിക്കുമ്പോള്‍ ചൂഷണത്തിലും മത്സരത്തിലും അധിഷ്‌ഠിതമായ പ്രവര്‍ത്തനങ്ങളുടെ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണമല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, മുതലാളിമാര്‍ക്ക് യഥേഷ്‌ടം പ്രവര്‍ത്തിക്കുന്നതിനും ലാഭമുണ്ടാക്കുന്നതിനുമുള്ള സാമ്പത്തിക തടസ്സങ്ങളില്ലാതാക്കുക എന്നതാണ്. ലാഭമുണ്ടാക്കുന്ന കാര്യങ്ങളൊക്കെ മുതലാളിയും അവര്‍ക്ക് ലാഭം ഉണ്ടാവാന്‍ വേണ്ട കാര്യങ്ങളൊക്കെ സര്‍ക്കാരും നടപ്പാക്കിക്കൊണ്ടിരിക്കുക എന്നര്‍ത്ഥം. സര്‍ക്കാരിന്റെ ഇടപെടലാകട്ടെ സ്വകാര്യലാഭം വര്‍ധിപ്പിക്കുന്ന രീതിയിലായിരിക്കണം.

ചുരുക്കത്തില്‍, കുത്തക മുതലാളിത്തത്തെ സംരക്ഷിക്കുന്ന, മുതലാളിമാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഒരു ഭരണകൂടമായിരുന്നു കെയിന്‍സ് വിഭാവനം ചെയ്‌തത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തൊഴിലാളി വര്‍ഗത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന, അതിനായി നിലകൊള്ളുന്ന മാർൿസിസം - ലെനിനിസത്തെ എതിര്‍ക്കുന്നതായിരുന്നു കെയിനീഷ്യന്‍ സിദ്ധാന്തം. മാർൿസിസം വിരസവും അയുക്തികവും മൂലധനം കാലഹരണപ്പെട്ടതും അശാസ്‌ത്രീയവും ആധുനികലോകത്തിന് യോജിക്കാത്തതുമായ ഒരു ടെൿസ്‌റ്റ് ബുക്കാണെന്നും കെയിന്‍സ് അഭിപ്രായപ്പെട്ടു."An obsolete Economic textbook which I know to be not only scientifically erroneous but without interest or application for the modern world.'' 'മൂലധന' ത്തെപ്പറ്റി കെയിന്‍സ് എഴുതി.

ചോദനവും (Demand) ക്രയശേഷിയും വര്‍ധിപ്പിക്കുക എന്നതായിരുന്നു കെയിന്‍സിന്റെ ലക്ഷ്യം. വര്‍ധിച്ച ചോദനം വസ്‌തുക്കള്‍ കെട്ടിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കുമെന്നും കൂടുതല്‍ ഉത്പാദനം സാധ്യമാക്കുമെന്നും അദ്ദേഹം കണ്ടെത്തി. ഉത്പാദനം വര്‍ധിക്കുന്നതിനനുസരിച്ച് മുതല്‍ മുടക്ക്, തൊഴിലവസരങ്ങള്‍, വരുമാനം, ക്രയശേഷി,ലാഭം എന്നിവ വര്‍ധിച്ച് രാജ്യത്തെ സാമ്പത്തികാഭിവൃദ്ധിയിലേക്ക് നയിക്കാന്‍ കഴിയുമെന്നാണ് കെയിന്‍സ് വാദിച്ചത്. ഇവിടെയും മുതലാളിത്തത്തില്‍ അന്തര്‍ലീനമായ ആഭ്യന്തര വൈരുദ്ധ്യങ്ങളോ ചൂഷണമോ കാണാന്‍ അദ്ദേഹം മെനക്കെട്ടില്ല.

മുതലാളിത്തത്തിലെ വര്‍ഗവൈരുദ്ധ്യങ്ങള്‍ അപഗ്രഥിക്കാന്‍ കെയിന്‍സ് ശ്രമിച്ചില്ലെന്ന് നാം കണ്ടല്ലോ. പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും നേരേ മനശ്ശാസ്‌ത്രപരമായ സമീപനമാണ് കെയിന്‍സ് പലപ്പോഴും കൈക്കൊള്ളുന്നത്. ലാഭം ഉണ്ടാക്കുക എന്ന മുതലാളിയുടെ ലക്ഷ്യത്തെ ചൂഷണവുമായി ബന്ധപ്പെടുത്താതെ വ്യക്തികളും സമ്പത്തും വരുമാനവുമായുള്ള മാനസിക ബന്ധം അപഗ്രഥിക്കാനാണ് അദ്ദേഹം പലപ്പോഴും ശ്രമിക്കുന്നത്. പ്രതീക്ഷിക്കുന്ന (Expected) കൂലി, പ്രതീക്ഷിക്കുന്ന ലാഭം, പണത്തിന്റെ വിലയിലും മൂല്യത്തിലുമുണ്ടായേക്കാവുന്ന മാറ്റങ്ങള്‍, മൂലധനത്തിന്റെ സീമാന്തക്ഷമത (Marginal Effciency of Capital) തുടങ്ങിയ അവ്യക്തമായ ഘടകങ്ങള്‍, അവയെ അടിസ്ഥാനമാക്കിയുള്ള ഊഹക്കച്ചവടം, (Speculation) പണത്തിന്റെ കാഷ് രൂപത്തിലുള്ള കരുതല്‍, (Liquidity Preference) ഇവയെ എല്ലാം അടിസ്ഥാനമാക്കിയുള്ള പലിശ, തൊഴില്‍ സാധ്യതകള്‍ എന്നിവയാണ് കെയിനീഷ്യന്‍ സാമ്പത്തിക സിദ്ധാന്തങ്ങളുടെ ഉള്ളടക്കം. ഇവയെല്ലാം യാഥാര്‍ത്ഥ്യലോകവുമായോ ജീവിതപ്രശ്‌നങ്ങളുമായോ നേരിട്ട് ബന്ധമുള്ള സിദ്ധാന്തങ്ങളായിരുന്നില്ല. മുതലാളിമാര്‍ക്ക് ആശ നല്‍കാനുള്ള പ്രവചനങ്ങള്‍ മാത്രമായിരുന്നു.

സോഷ്യലിസത്തെ പരാജയപ്പെടുത്തി പുതിയൊരു അടിത്തറയില്‍ മുതലാളിത്തം കെട്ടിപ്പടുക്കാനുള്ള ശ്രമമായിരുന്നു കെയിന്‍സ് നടത്തിയത്. കുത്തക മുതലാളിത്തത്തിന് (Monopoly Capitalism) പകരം ഭരണകൂടത്താല്‍ സംരക്ഷിക്കപ്പെടുന്ന "സ്റേറ്റ് കാപ്പിറ്റലിസം'' ആയിരുന്നു കെയിന്‍സ് വിഭാവനം ചെയ്‌തത്. സാമ്രാജ്യത്വവും ബഹുരാഷ്‌ട്ര കുത്തകകളും നടത്തുന്ന മനുഷ്യത്വരഹിതമായ ചൂഷണങ്ങള്‍ക്കും അതിന് ഭരണകൂടങ്ങള്‍ നല്‍കുന്ന സംരക്ഷണത്തിനും സൈദ്ധാന്തിക പിന്‍ബലം കണ്ടെത്താന്‍ കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ ഒരു പരിധിവരെ ഉപകരിച്ചേക്കും.

ഇന്ത്യയടക്കമുള്ള ദരിദ്രരാജ്യങ്ങളില്‍ കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ക്ക് വന്‍തോതില്‍ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നമ്മുടെ പഞ്ചവത്സര പദ്ധതികളിലും ബജറ്റുകളിലും കമ്മിയും നോട്ടടിയും ഒരു സ്ഥിരം ഏര്‍പ്പാടായി. ക്രയശേഷി വര്‍ധിപ്പിക്കാനായി ജനങ്ങള്‍ക്കിടയിലെ പണത്തിന്റെ പ്രദാനം കൂട്ടാന്‍ തൊഴിലാളികളെക്കൊണ്ട് വെറുതെ ജോലി ചെയ്യിക്കുക (ഉദാ: ഒരു കിണര്‍ കുഴിക്കുക, അത് തന്നെ നികത്തുക തുടങ്ങി) ഇതിനൊക്കെ കൂലികൊടുക്കുക എന്നത് ഒരുപരിധിവരെ ആകാമെന്ന് കെയിന്‍സ് നിര്‍ദ്ദേശിച്ചിരുന്നു. Pump priming എന്നായിരുന്നു ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ പേര്.

കെയിന്‍സിന് മുമ്പുണ്ടായിരുന്ന ബൂര്‍ഷ്വാ- അര്‍ഥശാസ്‌ത്രജ്ഞന്‍മാര്‍ക്ക് ചെയ്യാനുണ്ടായിരുന്നതിനേക്കാള്‍ ഭാരിച്ച ഒരുത്തരവാദിത്വം കെയിന്‍സിനുണ്ടായിരുന്നു. സോവിയറ്റ് വിപ്ലവത്തിലൂടെ പ്രായോഗികമാണെന്ന് തെളിയിച്ച സോവിയറ്റ് ഭരണസംവിധാനമായിരുന്നു അത്. സോവിയറ്റ്യൂണിയന്റെ ഉദയവും 1929-33 കാലത്തെ ലോക സാമ്പത്തിക കുഴപ്പം മറികടക്കുന്നതില്‍ അവര്‍ നേടിയ വിജയവും മുതലാളിത്തത്തിനു മുന്നില്‍ വലിയൊരു ചോദ്യചിഹ്നമായി ഉയര്‍ന്നു നിന്നു. "കാറല്‍ മാര്‍ക്സും അദ്ദേഹത്തിന്റെ സിദ്ധാന്ത പദ്ധതികളുടെ അന്ത്യവും'' രചിച്ച ബൊഹം ബൊവര്‍ക്കിന് വെറും വാചകക്കസര്‍ത്ത് മാത്രം മതിയായിരുന്നു. എന്നാല്‍, കെയിന്‍സിന് സോഷ്യലിസത്തിന്റെ ഉദയം കാണാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അതിനെക്കുറിച്ചൊരു വിശദീകരണം മുതലാളിത്തത്തിന് കൊടുക്കാന്‍ അദ്ദേഹം ബാധ്യസ്ഥനായിരുന്നു.മുതലാളിത്തം അതിന്റെ ശരിയായ രീതിയില്‍ വളരുമ്പോള്‍ സ്വയം നശിക്കുമെന്നും സോഷ്യലിസം അതിന്റെ ശരിയായ രീതിയില്‍ വളരുമ്പോള്‍ സ്വയം കരുത്താര്‍ജ്ജിക്കുമെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ മുതലാളിമാരുടെ മുന്നിലെങ്കിലും മൂടിവെക്കുക എന്നത് അവരുടെ അപ്പോസ്തലനായ കെയിന്‍സിന്റെ നിലനില്‍പ്പിന്റെ പ്രശ്നമായിരുന്നു. "അഭ്യസ്‌തവിദ്യരായ ബൂര്‍ഷ്വാസിയാണ് എന്റെ വര്‍ഗം'' എന്ന് അദ്ദേഹത്തിന് മുതലാളിത്ത ലോകത്തോട് പറയേണ്ടിവന്നു. ഇത്രയും ഗൌരവമേറിയതും സങ്കീര്‍ണവുമായ ഒരു ചുറ്റുപാടില്‍ നിന്ന് ലോക മുതലാളിത്ത പ്രയത്നം നടത്തിയ വ്യക്തി എന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ കെയിന്‍സ് പ്രതിഭാധനനായിരുന്നു. അതില്‍ അദ്ദേഹം ഒട്ടൊക്കെ വിജയിച്ചിട്ടുമുണ്ട്.

കെയിനീഷ്യനിസത്തിന്റെ തകര്‍ച്ച

കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ ചീട്ടുകൊട്ടാരം പോലെ ഓരോന്നായി തകര്‍ന്നു വീഴുന്ന കാഴ്ചയാണ് 1940 കള്‍ക്ക് ശേഷം കാണുന്നത്. കെയിന്‍സ് മരിക്കുന്നതിന് മുമ്പുതന്നെ പിറകോട്ടടി ആരംഭിച്ചിരുന്നു. ലോക സാമ്പത്തികക്കുഴപ്പത്തില്‍ നശിച്ച മുതലാളിത്തം ഉയിര്‍ത്തെഴുന്നേറ്റത് ഇരട്ടമുഖവുമായിട്ടാണ്. ഒരു ഭാഗത്ത് യുദ്ധം, യുദ്ധോപകരണ- നിര്‍മാണം, കച്ചവടം എന്നിവ വഴി ആധിപത്യം ഉറപ്പാക്കലായിരുന്നു പരിപാടി. മറുഭാഗത്താകട്ടെ മനുഷ്യത്വത്തെ പാടെ നിഹനിച്ചുകൊണ്ടുള്ള ഫാസിസ്‌റ്റ് ശക്തികളുടെ വളര്‍ച്ചയായിരുന്നു. സോഷ്യലിസത്തെ തകര്‍ക്കാന്‍ ഇതുപകരിച്ചേക്കും എന്ന് മുതലാളിത്തം കണക്കുകൂട്ടി. ഫാസിസത്തെ താലോലിച്ച്, അതിന്ന് വളരാന്‍ വേണ്ട മണ്ണ് മുതലാളിത്തം ഒരുക്കി. മനുഷ്യാവകാശത്തിനായി പോരാടിയവരെ ഉന്മൂലനം ചെയ്യുന്നതില്‍ ഇരുകൂട്ടരും ഒന്നിച്ചു. ഏറെത്താമസിച്ചില്ല, കോളണികള്‍ക്കും വിപണികള്‍ക്കുമായുള്ള മത്സരത്തില്‍ ഫാസിസം മുതലാളിത്തത്തിന്നെതിരെ ആഞ്ഞടിച്ചു. അതോടെ, കൂട്ടിതൊടില്ലെന്ന് തീര്‍പ്പു കല്‍പ്പിച്ച സോവിയറ്റ് യൂനിയനുമായി സന്ധി ചെയ്ത് ഫാസിസത്തെ എതിര്‍ക്കാന്‍ മുതലാളിത്തം നിര്‍ബന്ധിതമായി.

രണ്ടാം ലോകയുദ്ധാവസാനത്തോടെ കാണുന്നത് ഒരു സോഷ്യലിസ്‌റ്റ് രാജ്യത്തിന്ന് പകരം ഒട്ടേറെ സോഷ്യലിസ്‌റ്റ് രാജ്യങ്ങള്‍ നിലവില്‍ വന്ന കാഴ്ചയാണ്. സോഷ്യലിസത്തിന്റെ ഈ വളര്‍ച്ച കണ്ടുകൊണ്ടാണ് കെയിന്‍സ് തന്റെ അവസാന നാളുകള്‍ ചെലവഴിച്ചത്.

1960 കളുടെ അവസാനത്തോടെ തകരുന്ന മുതലാളിത്തം നിലനില്‍പിനുള്ള പോരാട്ടത്തില്‍ അടവുകള്‍ മാറ്റിത്തുടങ്ങി. യുദ്ധവും യുദ്ധാന്തരീക്ഷവും ഒരു സ്ഥിരം സംവിധാനമാക്കാനുള്ള ശ്രമമാരംഭിച്ചു. ഉത്പാദന വ്യവസ്ഥ തന്നെ യുദ്ധത്തെ അടിസ്ഥാനമാക്കിയും യുദ്ധത്തെ മുന്നില്‍ കണ്ടുകൊണ്ടും രൂപപ്പെടുത്തി. ശീതയുദ്ധം, വിയറ്റ്നാം, കൊറിയന്‍, അറബ് യുദ്ധങ്ങള്‍ എല്ലാം ഈയൊരന്തരീക്ഷം സൃഷ്‌ടിക്കുന്നതിന് സഹായകമായി. സമകാലീന മുതലാളിത്തം ആയുധവത്കരണം ഒരു തൊഴിലാക്കി മാറ്റി. ആയുധവത്കരണത്തെ സഹായിക്കുന്ന, അതിലൂടെ പരമാവധി ലാഭമുണ്ടാക്കാന്‍ കഴിയുന്ന സിദ്ധാന്തങ്ങളായിരുന്നു മുതലാളിത്തത്തിന് വേണ്ടിയിരുന്നത്. ചുരുക്കത്തില്‍, സമാധാനത്തിന് തുരങ്കം വെക്കുന്ന യുദ്ധഭീഷണികളും ആഭ്യന്തര കലഹങ്ങളും പ്രോത്സാഹിപ്പിക്കുന്ന അപ്പോസ്‌തലന്മാരെ തിരഞ്ഞുകൊണ്ട് കെയിന്‍സിനെയും അദ്ദേഹത്തിന്റെ ലിബറല്‍ സിദ്ധാന്തങ്ങളെയും മുതലാളിത്തം തള്ളിക്കളഞ്ഞു. ഇതേ തുടര്‍ന്ന്, കെയിന്‍സിന്റെ കുറവുകള്‍ പരിഹരിച്ചുകൊണ്ടുള്ള നവകെയിനീഷ്യനിസവും (Neo Keynesianism) കെയിന്‍സിനെ നിരാകരിച്ചുകൊണ്ടുള്ള സിദ്ധാന്തങ്ങളും (Anti-Keynesianism) ആവിഷ്‌ക്കരിക്കപ്പെട്ടു. ആര്‍.എച്ച് ഹാറോഡ്, എസ് ഇ ഹാരീസ്സ്, എല്‍ ആര്‍ ക്ളീന്‍, പി എ സാമൂവല്‍സണ്‍, എ മേയേഴ്സ്, ഡഡ്‌ലി ഡില്ലാര്‍ഡ്, ആര്‍ എഫ് ഖാന്‍, വില്യം ബീവറിസ്, ജുവാന്‍ റോബിന്‍സണ്‍, എ എച്ച് ഹാന്‍സണ്‍ എന്നിവരായിരുന്നു നവ കെയിനീഷ്യനിസത്തിന്റെ പ്രധാന ഉപജ്ഞാതാക്കള്‍. കെയിന്‍സില്‍ കണ്ടെത്താന്‍ കഴിയുന്ന എല്ലാ പുതുമകളെയും എതിര്‍ക്കുന്ന കെയിന്‍സ് വിരുദ്ധന്‍മാരുടെ നേതൃത്വം അമേരിക്കയിലെ ചിക്കാഗോ സര്‍വകലാശാലയിലെ മില്‍ട്ടണ്‍ ഫ്രീഡ്‌മാനായിരുന്നു.

കെയിന്‍സ് എന്ന മനുഷ്യസ്നേഹി

മാർൿസിനോട് അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും തൊഴിലില്ലായ്‌മ മുതലായ മാനുഷിക പ്രശ്‌നങ്ങള്‍ കെയിന്‍സിനെ മഥിച്ചിരുന്നതായി കാണാം. ഇത്തരം സാമൂഹ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനായി തന്റേതായ നിര്‍ദ്ദേശങ്ങളും അദ്ദേഹത്തിന്നുണ്ടായിരുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ക്കായുള്ള കെയിനീഷ്യന്‍ നിര്‍ദ്ദേശങ്ങളുടെ മാനുഷിക വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് നവ കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിച്ചത്. ഇക്കൂട്ടത്തില്‍ പ്രമുഖയായിരുന്നു ബ്രിട്ടണിലെ ജൂവാന്‍ റോബിന്‍സണ്‍. അവരാകട്ടെ പലപ്പോഴും കെയിനീഷ്യന്‍ സിദ്ധാന്തങ്ങളെ മാർൿസിസവുമായി കൂട്ടിയിണക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അവരുടെ 'മാർൿസിയന്‍ അര്‍ഥശാസ്‌ത്രത്തെ സംബന്ധിച്ചൊരു പ്രബന്ധം' (An Essay on Marxian Economics) ഇത്തരം ശ്രമങ്ങള്‍ക്കുള്ള ശ്രദ്ധേയമായ തെളിവുകളാണ്. സോഷ്യലിസ്‌റ്റ് ചേരിയുടെയും ഇടതുപക്ഷ പ്രസ്ഥാനത്തിന്റെയും ലോക സമാധാനത്തിന്റെയും സുഹൃത്തായിരുന്നു ശ്രീമതി ജുവാന്‍ റോബിന്‍സണ്‍. ചൈനയുടെ ഉറ്റ മിത്രമായിരുന്നു അവര്‍. ഒട്ടേറെ തവണ കേരളവും സന്ദര്‍ശിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിയന്ത്രണത്തിന്നും ആസൂത്രണത്തിന്റെ ആവശ്യകതക്കും നവ കെയിനീഷ്യന്‍മാര്‍ ഊന്നല്‍ നല്‍കുന്നു.

മില്‍ട്ടണ്‍ ഫ്രീഡ്‌മാനെപ്പോലുള്ള കെയിന്‍സ് വിരുദ്ധ ബൂര്‍ഷ്വാ ധനശാസ്‌ത്രജ്ഞന്മാര്‍ ഫാസിസ്‌റ്റ് പക്ഷപാതികളായിരുന്നു. സാമ്രാജ്യത്വത്തെയും അതിന്റെ ഏജന്‍സികളായ ബഹുരാഷ്‌ട്ര കമ്പനികളുടെയും രക്ഷിതാവായിരുന്നു ഫ്രീഡ്‌മാന്‍. വിദേശ വിനിമയ നിരക്കിലെ കയറ്റിറക്കങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ശ്രദ്ധ. ചിലിയില്‍ അലന്‍ഡെ, നെരൂദ, കോര്‍വാലന്‍ തുടങ്ങിയ ജനകീയ നേതാക്കളെ കൊല ചെയ്‌തും, ജനകീയ ഭരണകൂടത്തെ അട്ടിമറിച്ചും,തികഞ്ഞ ഫാസിസ്‌റ്റായ ജനറല്‍ പിനോച്ചെയെ അധികാരത്തിലെത്തിക്കുകയും ചെയ്‌ത ചിലിയന്‍ അട്ടിമറികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ധനശാസ്‌ത്ര ബുദ്ധിജീവി നോബല്‍ സമ്മാനിതനായ ഫ്രീഡ്‌മാനായിരുന്നുവത്രെ. ഫ്രീഡ്‌മാന്റെ ശിഷ്യന്മാരായിരുന്നു (ചിക്കാഗോ ബോയ്സ്) പിനോച്ചേയുടെ സാമ്പത്തിക പരിഷ്‌ക്കര്‍ത്താക്കള്‍.

കെയിന്‍സിന്റെ "പൊതുസിദ്ധാന്ത''ത്തെ പുച്ഛിച്ചുതള്ളുന്ന ഫ്രീഡ്‌മാന്‍ പഴയകാല കുത്തക മുതലാളിത്തത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പുതിയ "മോണിറ്ററിസ്റ്'' (നാണയ പ്രശ്‌നങ്ങളിലൂന്നുന്ന) ആളായാണ് അറിയപ്പെട്ടത്. ഇര്‍വിന്‍ ഫിഷര്‍ എന്ന അമേരിക്കന്‍ സാമ്പത്തിക ശാസ്‌ത്രജ്ഞന്റെ പരിമാണാത്മകമായ പണസിദ്ധാന്തം പില്‍കാല ബൂര്‍ഷ്വാ അര്‍ഥശാസ്‌ത്രജ്ഞന്‍മാര്‍ പോലും തള്ളിക്കളഞ്ഞതാണെങ്കിലും അതിനെ പുനരാവിഷ്‌ക്കരിച്ച് ഫ്രീഡ്‌മാന്‍ കൊണ്ടുവന്ന സിദ്ധാന്തം നമ്മുടെ സര്‍വ്വകലാശാലകളിലെ പ്രധാന പാഠ്യവിഷയമാണ്.

1960 കള്‍ക്കുശേഷം കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ക്ക് സംഭവിച്ച മാറ്റമാണ് മുകളില്‍ പറഞ്ഞ ഉദാഹരണങ്ങള്‍ കാണിക്കുന്നത്. സാമൂഹ്യ-സാമ്പത്തിക മേഖലകളിലെ മാറ്റത്തിന്നനുസൃതമായി അവയുടെ സ്വാധീനത്താല്‍ ഉണ്ടാകാവുന്ന ഗുണപരമായ മാറ്റമല്ല കെയ്‌നീഷ്യനിസത്തിന് സംഭവിച്ചത്. കെയിന്‍സ് പോലും എതിര്‍ത്തിരുന്ന രൂപത്തിലേക്ക് അതുമാറി. എന്നിട്ടുപോലും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങള്‍ക്ക് തുടര്‍ച്ചയായി പത്തിരുപത് കൊല്ലമെങ്കിലും പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. ബഹുരാഷ്‌ട്ര കമ്പനികളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും പിന്തുണക്കുന്ന ധനശാസ്‌ത്രമാണ് മുതലാളിത്തത്തിന് പിന്നീട് വേണ്ടി വന്നത്. മാത്രമല്ല, മുതലാളിത്ത രാജ്യങ്ങളിലെ സാമ്പത്തികനയം രൂപീകരിക്കുന്നത് സ്വകാര്യകമ്പനികളായി മാറി.

ഏതൊരു വിഭാഗത്തിന്റെ അപ്പോസ്തലനായിട്ടായിരുന്നോ കെയിന്‍സ് പ്രവര്‍ത്തിച്ചത് ആ മുതലാളി വര്‍ഗം അദ്ദേഹത്തെ എഴുതിത്തള്ളിക്കളഞ്ഞു.

സോഷ്യലിസ്‌റ്റ് പരീക്ഷണങ്ങള്‍ക്കും 1980 കളുടെ അവസാനത്തോടെ തിരിച്ചടി ഉണ്ടായി. സോവിയറ്റ് യൂനിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും രാഷ്‌ട്രവ്യവസ്ഥയുടെ സ്വഭാവംമാറി. ഇതോടെ ലോകം മൊത്തത്തില്‍ വ്യത്യസ്‌തമായൊരു സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി മാറി. അമേരിക്കയുടെ നേതൃത്വത്തില്‍ സാമ്രാജ്യത്വവും, സഹായത്തിന് അന്താരാഷ്‌ട്ര ധനകാര്യ സ്ഥാപനങ്ങളും, ഇവര്‍ക്ക് പിന്‍ബലമായി നവലിബറല്‍ സിദ്ധാന്തങ്ങളും ശക്തിപ്പെട്ടു. വ്യക്തി താല്‍പര്യങ്ങളും കമ്പോളാധിഷ്‌ഠിത മത്സരവുമാണ് എല്ലാറ്റിന്നും പരിഹാരമെന്നാണ് നവലിബറലിസം വിവക്ഷിക്കുന്നത്. ഫ്രീഡ്‌മാന് പുറമെ, ഫ്രഡറിക്ക്ഹയക്, ആന്റണി ബോണ്‍സ് തുടങ്ങിയ നവലിബറല്‍ അപ്പോസ്‌തോലര്‍ എല്ലാതരം സാമൂഹ്യ- രാഷ്‌ട്രീയ നിയന്ത്രണങ്ങള്‍ക്കും അതീതമായ സര്‍വതന്ത്ര സ്വതന്ത്രമായതും ഊഹക്കച്ചവടത്തില്‍ അധിഷ്‌ഠിതവുമായ കച്ചവട വ്യവസ്ഥക്ക് തന്നെ രൂപം നല്‍കിയിരുന്നു.

ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം ലോകം അടക്കി ഭരിച്ച ഈ സിദ്ധാന്തങ്ങള്‍ 2008 ഓടെ ദുര്‍ബലപ്പെടുകയും ലോകം 1930 കളിലേതിന് സമാനമോ അതിനേക്കാള്‍ രൂക്ഷമോ ആയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയുമാണ്. ഇവിടെ കെയിനീഷ്യന്‍ സിദ്ധാന്തങ്ങള്‍ ഒരിക്കല്‍ കൂടി പ്രസക്തമാവാനുള്ള കാരണം അത് നവലിബറലിസത്തേക്കാള്‍ യാഥാര്‍ത്ഥ്യബോധമുള്ളതായതുകൊണ്ടാണ്. അപ്പോഴും ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ച് മുതലാളിത്ത വ്യവസ്ഥ തകരുമെന്ന മാർൿസിയന്‍ സിദ്ധാന്തങ്ങള്‍ കെയിന്‍സിനേക്കാള്‍ പ്രസക്തമാകുന്നു, എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയിലൂടെ മുതലാളിത്തം താനേ തകരുമെന്നല്ല മാർ‌ൿസ് വിഭാവനം ചെയ്തത്. പ്രതിസന്ധികളില്‍ ദുര്‍ബലപ്പെടുന്ന മുതലാളിത്തത്തെ തകര്‍ക്കാന്‍ വേണ്ട ശക്തമായ സമൂഹ്യവിപ്ലവ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെടണമെന്നായിരുന്നു. ഇവിടെ കൂടുതല്‍ പ്രസക്തമായ വലിയൊരു ചോദ്യം ഉയര്‍ന്നുവരുന്നു.

കെയിന്‍സ് വളര്‍ത്തിയ കെയിനീഷ്യനിസത്തിന്റേയും എതിര്‍ത്ത മാർൿസിസത്തിന്റേയും ഇന്നത്തെ അവസ്ഥ എന്താണ് ? മാർ‌ൿസ് മരിച്ച വര്‍ഷത്തിലാണ് കെയിന്‍സ് ജനിച്ചത് (1883). ഒന്നേകാല്‍ നൂറ്റാണ്ട് പൂര്‍ണമായും പിന്നിട്ടുകഴിഞ്ഞു. ഇതിനിടയില്‍ കെയിന്‍സ് ജീവിക്കുകയും എഴുതുകയും പ്രവര്‍ത്തിക്കുകയും മരിക്കുകയും ഒരിക്കല്‍ കെയിനീഷ്യനിസം തന്നെ നിരാകരിക്കപ്പെടുകയും ഇപ്പോള്‍ വീണ്ടും അംഗീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാല്‍ മാർൿസിസമാവട്ടെ കാലോചിതവും ഗുണപരവുമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് കൂടുതല്‍ കരുത്താര്‍ജിക്കുകയും ലോകത്താകമാനം വളര്‍ന്നു വരുന്ന മനുഷ്യമോചന പോരാട്ടത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കുകയും ചെയ്യുന്നു.

സോവിയറ്റ് യൂനിയനിലേയും കിഴക്കന്‍ യൂറോപ്പിലേയും അനുഭവങ്ങള്‍ സോഷ്യലിസ്‌റ്റ് പരീക്ഷണങ്ങള്‍ക്കേറ്റ തിരിച്ചടി തന്നെയാണ്. സോഷ്യലിസ്‌റ്റ് തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണം വ്യാപകമായി ചര്‍ച്ച ചെയ്യുകയും നേട്ടകോട്ടങ്ങള്‍ വിലയിരുത്തുകയും ഉള്‍ക്കൊള്ളുകയും വേണം. അതേസമയം ലോകത്താകെ, പ്രത്യേകിച്ചും ലാറ്റിനമേരിക്കയിലെയും ഇതര രാജ്യങ്ങളിലെയും ജനകീയ മുന്നേറ്റങ്ങള്‍ ഒട്ടേറെ പുതിയ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ പലതും പ്രതീക്ഷക്ക് വകനല്‍കുന്നവയാണ്. കെയിന്‍സിന്റെ സിദ്ധാന്തങ്ങള്‍ ദുര്‍ബലമായിരുന്നതിനാലാണ് ഭരണകൂടങ്ങളുടെ പിന്തുണ ഏറെ ഉണ്ടായിട്ടും പ്രയോഗത്തില്‍ അവ പരാജയപ്പെട്ടത്. 1930 കളിലും 40 കളിലും കെയിനീഷ്യനിസത്തെ അംഗീകരിച്ച ലിബറല്‍ മുതലാളിത്തമല്ല ഇന്നത്തേത് എന്നതും വസ്‌തുതയാണ്. മുതലാളിത്തത്തിലെ ആഭ്യന്തര വൈരുദ്ധ്യങ്ങള്‍ കൂടുതല്‍ മൂര്‍ച്ഛിച്ചിരിക്കുന്നതിനാല്‍ കെയിനീഷ്യന്‍ പ്രതിവിധികള്‍ നടപ്പുകാല പ്രതിസന്ധികളില്‍ അപ്രസക്തമാവുകയാണ്. അതുകൊണ്ടു തന്നെ ആന്തരിക വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന നവലിബറല്‍ മുതലാളിത്തത്തിനെതിരെ കൂടുതല്‍ പ്രായോഗികമായിട്ടുള്ളത് മാർൿസിന്റെ സിദ്ധാന്തങ്ങള്‍ തന്നെയാണ്. അതാകട്ടെ പഴയ സോവിയറ്റ് യൂണിയനിലേക്കും അന്നത്തെ സിദ്ധാന്തങ്ങളിലേക്കും ഉള്ള തിരിച്ചുപോക്കാവരുത്. കാലികമായി പരിഷ്‌ക്കരിക്കുകയും ബോധപൂര്‍വ്വം വികസിപ്പിക്കുകയും ചെയ്യുന്ന മാർൿസിസത്തിന്റെ ജനാധിപത്യത്തിലൂന്നിയ പ്രയോഗത്തിലൂടെ ആയിരിക്കണം.

***
പ്രൊ. ടി . പി. കുഞ്ഞിക്കണ്ണൻ, കടപ്പാട് : ശാസ്‌ത്രഗതി

Saturday, April 25, 2009

മതവൈകാരികതയില്‍ പച്ചകുത്തുമ്പോള്‍

കേരളത്തിലെ സാധാരണക്കാരായ മുസ്ളീം ജനതയുടെ സാമൂഹികാവശതകളേയും സാംസ്‌ക്കാരിക സ്വത്വ പ്രശ്‌നങ്ങളെയും നിരുപാധികം അഭിസംബോധന ചെയ്യുവാനും പരിഹരിക്കാനും മുസ്ളീംലീഗ് എന്ന സാമുദായിക രാഷ്‌ട്രീയ പ്രസ്ഥാനം നാളിതുവരെ ഉറുമ്പുനീക്കം പോലും നടത്തിയതായി ചരിത്രവും വര്‍ത്തമാനവും തെളിവു തരുന്നില്ല. മറിച്ച ഒരു ജനതയുടെ മതപരമായ ആധികളെയും പുതിയകളെയും വൈകാരികമായി ആളിക്കത്തിക്കാനും അനന്തരം അധികാരോഹണത്തിന് ഭാരിച്ച ഇന്ധനമാക്കാനും അഞ്ചുനേരവും ഫര്‍ളായും സുന്നത്തായും ശ്രമിച്ചതിനു ലീഗിനെതിരെ പച്ചയായ തെളിവുകള്‍ കൂടിക്കൊണ്ടേയിരിക്കുന്നു.

അധികാരത്തിന്റെ ലഹരി മൂത്ത് സംസം വെള്ള ഊറ്റിക്കുടിക്കുവാന്‍ സാധാരണക്കാരായ വിശ്വാസികളുടെ സഹജമായ മതവാസസകളെയും ഉത്കണ്ഠകളെയും വശപ്പെടുത്തി പള്ളിയിലും തെരുവിലും സമരങ്ങളുടെ കുത്തിബ് റാത്തുബുകളുമായി മുസ്ളീംലീഗ് പ്രകടിപ്പിക്കുന്ന ജന്മദോഷം പച്ചയായ വര്‍ഗ്ഗീയത തന്നെയാണ്. പഴയകാലത്തെ അറബിഭാഷാലീഗിനെ ഖിയാമത്തു നാളുവരെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ മതേതര കേരളത്തെ പ്രാപ്‌തമാക്കുന്നുണ്ട്.

വിമോചനസമരം, അറബിഭാഷാ പ്രക്ഷോഭം, സല്‍മാന്‍ റുഷ്‌ദി വിവാദം, ശരി അത്തു-ഷബാനുകേസ്. സഹവിദ്യാഭ്യാസത്തിനും സ്‌ത്രീസംവരണ ബില്ലിനുമെതിരായ സമരങ്ങള്‍, നാദാപുരം കലാപം, മാറാട് കൂട്ടക്കൊല, പെണ്‍വാണിഭം, പാഠപുസ്‌തകസമരം. അദ്ധ്യാപക വധം, കരുവാക്കുണ്ട് ഫത്വാ, വഖഫ് ബോര്‍ഡ് ചെയര്‍മാനെതിരായുള്ള വ്യക്തിഹത്യ എന്നിങ്ങനെ മലയാളിയുടെ ജനാധിപത്യ മതേതര പാരമ്പര്യത്തെ എതിർത്തവരാണ് മുസ്ളീംലീഗ് എന്ന കാര്യം നാം മറക്കാതിരിക്കുക. മതവിശ്വാസത്തെ പരിചയാക്കി അധികാര രാഷ്ട്രീയത്തിന്റെ പച്ചപ്പില്‍ സ്ഥിരം വിശ്രമസുഖം അനുഭവിക്കാമെന്ന പൂതി മുസ്ളീംലീഗിന് എന്നന്നേക്കുമായി നഷ്ടപ്പെടുന്നുവെന്നതിന്റെ കൃത്യമായ സൂചനയാണ് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ ലീഗിനേറ്റ പരാജയമെന്നു നേരത്തെ നിരീക്ഷിക്കപ്പെട്ടു കഴിഞ്ഞാണ്.

മുസ്ളീം ജനതയുടെ വിശ്വാസപരമായ വൈകാരികതയെ ചൂഷണം ചെയ്‌തുവാഴുന്ന തങ്ങളുപ്പാപ്പന്‍മാരുടെ കോട്ടയും കൊട്ടാരവും കേരളത്തില്‍ മലപ്പുറം മണ്ണില്‍ തകര്‍ന്നുപോയി എന്നതുപുരോഗമന ശക്തികളുടെ ഇടപെടലിന്റെ ശുഭകരമായ ഫലസൂചന തന്നെയായിരുന്നു. കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നും വാര്‍ത്തകള്‍ ഇല്ലാതാവുന്നത് ഇങ്ങനെയൊക്കെയാണ്. ശിഹാബ് തങ്ങള്‍ ഊതിയ വെള്ളവും അഹമ്മദ് സാഹിബ് അസമയത്ത് കയറി നിസ്‌ക്കരിച്ച മാറാട് പള്ളിയും മാത്രമല്ല മുസ്ളീം ജനത ഏകപക്ഷിയമായി ഉപേക്ഷിച്ചത്. മുസ്ളീംലീഗ് എന്ന സിന്‍ഡികേറ്റ് സാമുദായിക പ്രസ്ഥാനത്തെക്കൂടിയാണെന്ന് വര്‍ത്തമാനകേരളം ഒട്ടും ഗൃഹരാതുരത്വതമില്ലാതെ തിരിച്ചറിയുന്നുണ്ട്. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും മറ്റും എതിരെ മുസ്ളീംലീഗ് നടത്തിയ കുത്തീബ് റാത്തിബ് സമരങ്ങള്‍ കേരള മുസ്ളീം ജനത തന്നെ പരാജയപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരവസ്ഥയാണ് നാം കാണുന്നത്.

നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെയും നാരായണപ്പണിക്കരുടെയും ഇടതുപക്ഷ വിരുദ്ധ തിട്ടൂരങ്ങള്‍ ആ സമുദായം അവഗണിച്ചതുപോലെ. ക്രൈസ്‌തവ പൌരോഹിത്വത്തിന്റെ സംഘടിത ഇടവക പ്രഖ്യാപനങ്ങളും ഇടയലേഖനങ്ങളും ക്രൈസ്‌തവ വിശ്വാസികള്‍ തള്ളിക്കളഞ്ഞതുപോലെ മുസ്ളീംലീഗിന്റെ വരട്ടു വാദങ്ങളും ശിഹാബ് തങ്ങളുടെ ഓത്തുവചനങ്ങലും കേരളീയ മുസ്ളീം ജനതയും തള്ളിക്കളഞ്ഞിരിക്കുന്നു എന്നുതന്നെയാണ് കേരളത്തിലെ സാമുദായിക ധ്രുവീകരണ ശക്തികള്‍ക്ക് ഏറ്റുകൊണ്ടിരിക്കുന്ന പൊതുജീവിതത്തിലെ തിരിച്ചടികള്‍ വ്യക്തമാക്കുന്നത്.

കോട്ടയും കൊട്ടാരവും നഷ്ടപ്പെട്ട പ്രമാണിമാരുടെ അവസാനത്തെ അടവുകളാണ് സിന്‍ഡിക്കേറ്റ് ലീഗ് ചില മതസംഘടനകളെ മുന്‍നിര്‍ത്തി കേരളത്തിലെ പുരോഗമനപ്രസ്ഥാനങ്ങള്‍ക്കെതിരെ നിഴല്‍യുദ്ധം തുടരുവാന്‍ നിര്‍ബന്ധിക്കുന്നതെന്നതാണ് യാഥാര്‍ത്ഥ്യം. മതവൈകാരികതയില്‍ പച്ചകുത്തി രാഷ്‌ട്രീയ നേട്ടമുക്കാന്‍ മുസ്ളീംലീഗ് കൈവിട്ടുകളിച്ചതിന്റെ ജാരഫലമാണ് കേരളത്തില്‍ തിടംവച്ചു വളര്‍ന്ന എന്‍ ഡി എഫ് എന്ന മഹല്ല് പൊലീസ് ഗ്രൂപ്പ് എന്ന വസ്‌തുത ഇതോടൊപ്പം ചേര്‍ത്തുവായിക്കുക. നാദാപുരത്തും മാറാടും മഞ്ചേരിയിലും കത്തിക്കാനും ചോരവീഴ്ത്താനും നിരപരാധികളെ വധിക്കാനും മൃതപ്രായമാക്കാനും എന്‍ ഡി എഫിനു കാവലായതും രക്ഷകനായതും അന്നു ഭരണത്തിലായിരുന്ന മുസ്ളീംലീഗും കുഞ്ഞാലിക്കുട്ടിയുമാണെന്ന കാര്യം പകല്‍പോലെ തെളിഞ്ഞതാണ്. പെണ്‍വാണിഭ കേസില്‍ കുഞ്ഞാലിക്കുട്ടിക്കുചുറ്റും സുരക്ഷിത് വലയം നെയ്‌തതും. ആദ്യന്തം ഒപ്പും നിന്നതും ഈ മിലിട്ടന്റ് മതസംഘടനയാണെന്നു കൂടി ഓര്‍ക്കുക. കാസര്‍ഗോഡ് മുതൽ മലപ്പുറം വരെയുള്ള മുസ്ളീംലീഗിന്റെ മതവൈകാരിക പടപ്പുറപ്പാടിലും പ്രക്ഷോഭങ്ങളിലെയും മുന്നണിപ്പോരാളികളായി വാളുവീശികലിതുള്ളുന്നതും മറ്റാര് ? സാക്ഷാല്‍ ചെര്‍ക്കുളം അബ്‌ദുള്ള മുതല്‍ കുഞ്ഞാലിക്കുട്ടിവരെയുള്ള ലീഗ് നേതാക്കളുടെ വഴിവിട്ട കളിക്കും പ്രതികാരത്തിനും കൂട്ടിരുന്നതും കൂടെപ്പോയതും ഈ ക്വാട്ടേഷന്‍ ടീമല്ലാതെ മറ്റാര് ?

പാഠപുസ്‌തക സമരകാലത്ത് മലപ്പുറത്ത് കൂട്ടത്തോടെ കത്തിച്ചപ്പോഴും അദ്ധ്യാപകനെ അടിച്ചുകൊന്നപ്പോഴും മുസ്ളീംലീഗ് ജിഹാദിഗ്രുപ്പായി പരകായ പ്രവേശം ചെയ്യുന്നത് കേരളീയര്‍ ഞെട്ടലോടെ തിരിച്ചറിഞ്ഞ നേര്‍ക്കാഴ്‌ചയാണ്. ഒരേസമയം തീവ്രവാദത്തിന്റെയും മതയാഥാത്ഥിതികത്തിന്റേയും വിയര്‍പ്പും രക്തവും പേറുന്ന മുസ്ളീംലീഗിന്റെ സൈനിക വിഭാഗമായി എന്‍ ഡി എഫ് മാറുന്നതിങ്ങനെയാണ്. കഴിഞ്ഞ തവണ മുസ്ളീംലീഗ് ഭരണത്തിലേറിയ ആദ്യ സമയം തന്നെ കുഞ്ഞാലിക്കുട്ടിയുടെ സ്വാധീനം മൂലം എന്‍ ഡി എഫുകാര്‍ ക്രിമിനല്‍ കേസുകളില്‍ നിന്നും അനായാസം തടിയൂരി പോലീസ് സ്റേഷനില്‍ നിന്നും തലയുയര്‍ത്തിപ്പിടിച്ചു ഇറങ്ങി വരുന്നതും കൂട്ടിന് കുഞ്ഞാലിക്കുട്ടിയുടെയും സംഘത്തിന്റെയും ഒപ്പന ചിത്രവും ചേര്‍ത്ത് മാതൃഭൂമി പത്രത്തില്‍ ഗോപീകൃഷ്ണന്‍ വരച്ച കാര്‍ട്ടൂണ്‍ നൽകിയ അര്‍ത്ഥവും മുന്നറിയിപ്പും ഇപ്പോഴും ഓരോര്‍മയാണ്.

ഇന്ന് യൂത്ത് ലീഗിന്റെ ആദര്‍ശ താരം കെ എം ഷാജി തീവ്രവാദത്തിവെതിരായ നിലംതൊടാത്ത വെടിവഴിപാടും അധരവ്യായമവും നടത്തി മതേതര ചന്തയില്‍ ആളാവുമ്പോള്‍ ആരാണ് വിഡ്ഢികളാക്കപ്പെടുന്നത് ?ഒരു നല്ല കലാകാരനും ഗായകനുമായ എം കെ മുനീര്‍ ചെമ്പട എന്ന മലയാള ചിത്രത്തില്‍ പാടി അഭിനയിച്ചതിന്റെ പേരില്‍ സമസ്‌ത സുന്നിയും മുജാഹിദ് പൌരോഹിത്യവും വിമര്‍ശനമുന്നയിച്ചതും ഉടനടി പ്രസ്‌തുത ഗാനരംഗം പടത്തില്‍ നിന്നും വെട്ടിമാറ്റിയതും, കലയും സാഹിത്യവും ചര്‍ച്ച ചെയ്യുന്ന ചന്ദ്രിക ആഴ്‌ചപ്പതിപ്പിന്റെ പ്രസിദ്ധീകരണം അവസാനിപ്പിച്ചതും മുസ്ളീംലീഗ് എന്ന സാമുദായിക രാഷ്‌ട്രീയ പ്രസ്ഥാനം എത്രത്തോളം മതയാഥാസ്‌തിതികത്വത്തിനു കീഴടങ്ങിയെന്നതിന്റെ സമീപകാല ഉദാഹരണങ്ങളാണ്.

ബാബറി മസ്‌ജിദ് ധ്വംസനത്തിലും വിദേശനയത്തിലെ അമേരിക്കന്‍ ഇസ്രായേല്‍ വിധേയത്വത്തിലും ആണവക്കരാര്‍ പ്രശ്‌നത്തിലും പലസ്‌തീന്‍, ഗാസ ആക്രമണത്തിലും മുസ്ളീംലീഗ് എടുത്ത പ്രതിലോമപരമായ നിലപാട് ഒരു സാമുദായിക പാര്‍ട്ടിയുടെ അധികാരമോഹവുമായി ബന്ധപ്പെട്ട കറ തീര്‍ന്ന ഇരട്ടത്താപ്പിനെ പച്ചക്ക് വെളിപ്പെടുത്തുന്നുണ്ട്. മുസ്ളീം സമുദായത്തിലെ ക്രീമിലറായ ഒരു പിടി സമ്പന്ന വഹാബുമാരുടെ ഇല്ലീഗലായ ആൿടിവിറ്റീസത്തിനുമാത്രം ബദ്ധശ്രദ്ധരായ ലീഗിന് അതുകൊണ്ടുതന്നെ അധികാര കസേരക്കു ക്ഷതമേല്‍പ്പിക്കുന്ന ഒരു നീക്കത്തിനും രാഷ്‌ട്രീയപരമായി ത്രാണിയില്ല. അഹമ്മദ് സാഹിബിന്റെ മന്ത്രി സ്ഥാനത്തേക്കാള്‍ വലുതല്ല ലീഗിന് ഗാസയും ആണവക്കരാറും. അധികാര പ്രമത്തത അമര്‍ന്നിരിക്കുന്ന മുസ്ളീംലീഗിന്റെ ഇത്തരം ഇരട്ടത്താപ്പു നിലപാടുകളെ സെക്കുലറിസത്തിന്റെ സിറപ്പില്‍ മുക്കി ആദര്‍ശവത്ക്കരിക്കുകയും ശ്ളാഘിക്കുകയും ചെയ്യുന്ന സെക്കുലര്‍ മൌലികവാദികളായ എം എന്‍ കാരശ്ശേരിക്കും ഹമീദ് ചേന്ദമംഗലത്തിനും ശിഹാബ് തങ്ങള്‍ എപ്പോഴാണ് മന്ത്രച്ചരട് കെട്ടിയത്? തീവ്രവാദത്തെ തടയിടുന്നത് മുസ്ളീംലീഗാണെന്ന മട്ടില്‍ മുസ്ളീം വര്‍ഗ്ഗീയതയുടെ ആല്‍മരമായ ലീഗിനെ വെള്ളപൂശുമ്പോള്‍ ഇത്തരം ചാനല്‍ പൈങ്കിളി ബുദ്ധിജിവികള്‍ യാഥാര്‍ത്ഥത്തില്‍ മുസ്ളീം ജനതയുടെ പുരോഗമനത്വരയെ മാത്രമല്ല അവഹേളിക്കുന്നത്, മറിച്ച കേരളത്തിലെ മതേതര ജനാധിപത്യ മൂല്യബോധത്തെ ഒന്നടങ്കമാണെന്ന് പറയാതെവയ്യ.

കേരളീയ മുസ്ളീംങ്ങളുടെ സര്‍ഗ്ഗാത്മകവും ജനാധിപത്യപരവുമായ ആവിഷ്‌ക്കാരങ്ങള്‍ക്കും വിശ്വാസപരമായ സ്വയം നവീകരണത്തിനും മതേതരവത്ക്കരണത്തിനും സംഘടിതമായ തടയിടുന്ന പുനരുത്ഥാനശക്തികളുടെ നേതൃത്വമായി മുസ്ളീംലീഗ് അധ:പതിച്ചു കഴിഞ്ഞു. വര്‍ത്തമാന പരിസരത്തില്‍ ലീഗീനെതിരെ ഏതു നീക്കവും മതേതര പുരോഗമന പ്രസ്ഥാനങ്ങളുടെ മാത്രമല്ല, മതന്യൂനപക്ഷങ്ങളുടെ സര്‍ഗാത്മകമായ രാഷ്‌ട്രീയ വികാസത്തിനുകൂടി ഗുണപരമായിതീരുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല.

**
മഹമ്മൂദ് മൂടാടി, കടപ്പാട് :യുവധാര

ദിവാകരന്‍ വല്യച്ഛന്‍ വരുമ്പോള്‍

രംഗം 1

ശ്രീറാമിന്റെ വീട്- ശരാശരി നഗരവാസിയെപ്പോലെ തിരക്കാണ് ശ്രീറാമിന്റെ ജീവിതമുഖമുദ്ര. ബാങ്ക്, ഐടി, സെക്രട്ടറിയറ്റ്, ബിസിനസ് അങ്ങനെ എവിടെയെങ്കിലും ആകാം ഉദ്യോഗം. (ഇനി ജോലിയേ ഇല്ലെങ്കിലും തിരക്ക് മസ്റ്റാണ്. നാടകത്തിന്റെ ക്ളൈമാക്സ് തിരക്കുമായി ബന്ധപ്പെട്ടതാണ്) ശ്രീറാമിന്റെ ഭാര്യ മീനു. മീനുവും തിരക്കില്‍ത്തന്നെ. തിരക്കിട്ട് കുളിയും കാപ്പികുടിയും കഴിക്കുന്ന ശ്രീറാം. അല്‍പ്പം വികൃതിയായ മകനോട് തിരക്കിനിടയില്‍ "മോനേ നോക്ക് നീ ബഹളമോ വികൃതിയോ മറ്റോ കാണിക്കുകയാണെങ്കില്‍, ആ ജനാലയുടെ വശത്തായി ഒരു കമ്പ് വച്ചിട്ടുണ്ട്. അതെടുത്ത് നാല് തല്ല് സ്വയമങ്ങ് തല്ലിക്കോണം. തിരക്കു കാരണം അച്ഛന് തല്ലാനുള്ള സമയംപ്പോലും ഇല്ലെന്നറിയാമല്ലോ'' അതും പറഞ്ഞ് വീടിന് പുറത്തേക്കിറങ്ങുന്ന ശ്രീറാം. അതാ ഗേറ്റ് കടന്നുവരുന്ന ഒരു 60-65 വയസ്സുകാരന്‍. ആള്‍ ആരാണെന്ന മട്ടില്‍ ശ്രീറാം നോക്കുന്നു. "നിനക്കെന്നെ മനസ്സിലായില്ലേടാ ദിവാകരന്‍ വല്യച്ഛനെ അങ്ങ് മറന്നോടാ മക്കളേ''.

അതും പറഞ്ഞ് വികാര വിജൃംഭിത വീര്യനായി ശ്രീറാമിന്റെ കൈയില്‍ പിടിക്കുന്ന വല്യച്ഛന്‍.

"അയ്യൊ, പെട്ടെന്ന് എനിക്ക് മനസ്സിലായില്ല. വല്യച്ഛന്‍ വരൂ''.

ശ്രീറാം വലിയച്ഛനെയും വിളിച്ച് അകത്തേക്ക്. ആ സമയം ഓഫീസിലേക്ക് തിരക്കിട്ട് പോകാനിറങ്ങിയ മീനു.

"മീനു, ദാ വല്യച്ഛന്‍ വന്നിരിക്കുന്നു''.

മീനു വലിയച്ഛനെ ഒന്നുനോക്കി.

"തിരക്കു കാരണം നീയും വല്യച്ഛനെ മറന്നു അല്ലേ മോളേ''..

"ഏയ്... ഇല്ല.. വല്യച്ഛന്‍ ഇരിക്കൂ''.

വല്യച്ഛന്‍ കസേരയില്‍ ഇരിക്കുനു. "ഇതിലേ പോയപ്പോള്‍, ഇങ്ങോട്ടു കയറിയതായിരിക്കും. അല്ലേ... ഉടനെ ഇറങ്ങുകയായിരിക്കും അല്ലേ?'' ശ്രീറാം ചോദിച്ചു.

ദിവാ: "എന്റെ മക്കളോടൊപ്പം കുറച്ചു ദിവസം താമസിച്ചിട്ടേ ഞാന്‍ തിരികെ പോകുന്നുള്ളൂ. എവിടെ എന്റെ റൂമെവിടെ. ങാ ഉച്ചക്ക് മട്ടണ്‍ മതികേട്ടോ. എനിക്കെന്തോ ചിക്കന്‍ പിടിക്കില്ല. ബാത്റൂമില്‍ ഹീറ്ററുണ്ടോ? ഇല്ലെങ്കില്‍ വെള്ളം ചൂടാക്കാനുള്ള ഏര്‍പ്പാട് ചെയ്യണം. ടൌണിലാകുമ്പോ അടുപ്പും വിറകും ഒന്നും വേണ്ടല്ലോ? ഗ്യാസ് തുറന്നങ്ങുവച്ചാല്‍ പോരേ... ങാ രാത്രിയിലെ ഭക്ഷണത്തിന്റെ മെനു വൈകിട്ട് പറയാം''..

എന്താണ് സംഭവിക്കുന്നതെന്ന് ശ്രീറാമിനും മീനുവിനും വ്യക്തമാവുന്നതിന് മുമ്പുതന്നെ, ദിവാകരന്‍ വല്യച്ഛന്‍ സ്വയം പ്രഖ്യാപിത റൂമില്‍ കയറി കതകടച്ചു.

"ഈശ്വരാ കുറച്ചു ദിവസം നിന്നിട്ടേ പോകുന്നുള്വോ'' ആത്മഗത രൂപത്തില്‍ മീനു കരഞ്ഞു.

"വല്യച്ഛനായിപ്പോയി..'' ശ്രീറാം പല്ലു കടിച്ചു.

രംഗം രണ്ട്

രാത്രി ഭക്ഷണം വെട്ടിയടിക്കുന്ന ദിവാകരന്‍ വല്യച്ഛന്‍

"മീന്‍ പൊള്ളിച്ചത് ശരിയായിട്ടില്ലകേട്ടോ... കുറച്ചുകൂടി മൊരിയാനുണ്ട്. സാരമില്ല. ഇനി ശ്രദ്ധിച്ചാല്‍ മതി''.

ദയനീയമായി ശ്രീമതിയെ നോക്കുന്ന ശ്രീറാം. ഭക്ഷണം കഴിച്ച് കൈ കഴുകി ഏമ്പക്കം വിടുന്ന ദിവാകരന്‍ വല്യച്ഛന്‍. ഏമ്പക്കത്തിന്റെ എഫക്ടില്‍ വീടിന് ഒരു വിറയല്‍. വല്യച്ഛന്‍ മുറിക്കകത്തേക്ക്."മോളേ കമ്പിളി ഉണ്ടെങ്കില്‍ രണ്ടെണ്ണമെടുത്തേ. വിരിക്കാനും പുതയ്ക്കാനും'' എന്ന ശബ്ദം ഓവര്‍ലാപ്പു ചെയ്യുന്നു.

"വല്യച്ഛനെ നാളെത്തന്നെ ഓടിച്ചേ പറ്റുള്ളൂ''.

"അതെ വല്യച്ഛനാണെന്ന് സെന്റിമെന്റ്സ് കാണിച്ചിട്ട് കാര്യമില്ല''

"എനിക്ക് ഒരൈഡിയ കിട്ടി. നീവാ''.

ഐഡിയയുമായി ശ്രീറാമും മീനുവും വല്യച്ഛന്റെ മുറിയിലേക്ക്.

"വല്യച്ഛാ ഞങ്ങളൊരു കാര്യം പറഞ്ഞാല്‍ വല്യച്ഛന്‍ ഞെട്ടരുത്.

"എന്താ, നാളെ കരിമീന്‍ കിട്ടില്ലേ?''

ഇപ്പോള്‍ ദേഷ്യം വന്ന് ഞെട്ടിയത് മിസ്റ്ററും മിസിസുമാണ്.

"വല്യച്ഛാ, കാര്യമെന്താണെന്നുവച്ചാല്‍, വല്യച്ഛന്‍ പേടിക്കരുത്, ഈ വീട്ടില്‍ ബാധോപദ്രവമുണ്ട്. പണ്ട് ഇവിടെ ഒരു തൂങ്ങിമരണം നടന്നു. അന്നു മരിച്ച സ്ത്രീയുടെ ആത്മാവ് യക്ഷിയായി കറങ്ങിനടക്കുകയാണ്''.

ഒന്നു നോക്കിയിരിക്കുന്ന വല്യച്ഛന്‍ അനന്തരം ആഹ്ളാദഘോഷത്തോടെ ചാടിയെണീറ്റു.

"മതി സന്തോഷായി. 'യക്ഷി-ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തില്‍ ഞാന്‍ ഗവേഷണം നടത്തുകയാണ്. ശൊ! എന്തായാലും ഒരു യക്ഷിയെ കണ്ണിന് മുന്നില്‍ കാണിച്ചുതരാന്‍ പോകുന്നല്ലോ... യക്ഷിയെ ഒരു വര്‍ഷം ഒന്നു നിരീക്ഷിച്ച് അതിന്റെ ചലനങ്ങള്‍, സഞ്ചാരരീതികള്‍, യക്ഷിപ്പാട്ട്, വെള്ളവസ്ത്രം മാത്രം സെലക്ട് ചെയ്യുന്നതിന്റെ കാരണം, തലമുടി കെട്ടിവയ്ക്കാത്തതിന്റെ ഗുട്ടന്‍സ് തുടങ്ങിയ സമൂഹത്തിന് പ്രയോജനപ്രദമായ യക്ഷി വിഷയങ്ങളെക്കുറിച്ച് എഴുതണം''.

മീനു ഒന്നുവിറച്ചു. കിളവന്റെ മാറുപിളര്‍ന്ന് ചോര കുടിച്ച് ഒന്നു കുരവയിടാന്‍ തോന്നിപ്പോയി.

രംഗം 3

ശ്രീറാമിന്റെ വീട് അര്‍ദ്ധരാത്രി- വല്യച്ഛന്‍ വന്നിട്ട് അഞ്ചുദിവസം തികഞ്ഞിരിക്കുന്നു. ശ്രീറാമിനും മീനുവിനും ഉറക്കം നഷ്ടപ്പെട്ടിട്ടും.

"ഞാന്‍ തലയ്ക്കടിച്ചുകൊല്ലും.. പക്ഷേ വല്യച്ഛനായിപോയി''

"അതെ അതുകൊണ്ടാ ഞാനും ക്ഷമിക്കുന്നത്''.

"നാളെ രാവിലെ ഞാന്‍ നേരിട്ടുതന്നെ പറയാന്‍ പോവുകാ. നമുക്ക് ബുദ്ധിമുട്ടാണെന്ന്''.

"ചൂടാകണ്ട വല്യച്ഛനോട് ഞാന്‍ തന്ത്രപരമായി കാര്യങ്ങള്‍ അവതരിപ്പിക്കാം''.

രംഗം 4

ശ്രീറാമിന്റെ വീട്, പ്രഭാതം. കരഞ്ഞ് കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ വല്യച്ഛന്റെ മുറിയിലേക്ക് വരുന്ന ശ്രീറാം. മീനു. അവിടെ വല്യച്ഛനില്ല. വീടിന് പുറത്തും മുറ്റത്തുമൊന്നുമില്ല. മുറിയില്‍ വല്യച്ഛന്റെ വസ്ത്രങ്ങളുമില്ല.

"ഭാഗ്യം. നമ്മള്‍ പറയാതെത്തന്നെ സ്ഥലം വിട്ടു''.

"കുറ്റബോധം തോന്നിക്കാണും അതാ നമ്മളോടും പറയാത്തത്''.

"ഏതായാലും ഏട്ടന്റെ വല്യച്ഛന് ഒന്നിനും ഒരു കുറവുണ്ടാക്കീലല്ലോ?''.

"എങ്ങനെ എന്താ പറഞ്ഞത്''..

"ഏട്ടന്റെ വല്യച്ഛന്‍, ദിവാകരന്‍ വല്യച്ഛന്‍.. അദ്ദേഹം ആവശ്യപ്പെട്ടതൊക്കെ കൊടുക്കാന്‍ സാധിച്ചില്ലോ എന്ന്''.

"എന്റെ വല്യച്ഛനോ? അത് നിന്റെ വല്യച്ഛനല്ലേ?''

"ഏയ്.. ഏട്ടന്റെ വല്യച്ഛനാണെന്നു കരുതിയാ ഞാന്‍ ഒക്കെ ക്ഷമിച്ചെ''.

"നിന്റെ വല്യച്ഛനായതുകൊണ്ടാ ഞാന്‍ ക്ഷമിച്ചേ''.

പെട്ടെന്നതാ ഒരു കത്തു കണ്ണില്‍ പെടുന്നു. വല്യച്ഛന്‍ എഴുതിവച്ചിട്ടുപോയത്...

"പ്രിയപ്പെട്ട ശ്രീറാമും മീനുവും അറിയുന്നതിന് ഒരാഴ്ചത്തെ താമസത്തിനുശേഷം ഞാന്‍ പോവുകയാണ്. ഞാന്‍ നിങ്ങളുടെ രണ്ടുപേരുടെയും വല്യച്ഛനല്ലെന്ന് ഇപ്പോള്‍ ഏതാണ്ട് പിടികിട്ടിയിട്ടുണ്ടാകും. കാലത്തിന്റെ വേഗത കാരണം ഇപ്പോള്‍ പലര്‍ക്കും അച്ഛന്‍ അമ്മ സഹോദരങ്ങള്‍ തുടങ്ങി ഫസ്റ്റ് സര്‍ക്കിളില്‍ വരുന്ന ബന്ധുക്കള്‍ ഒഴികെയുള്ള മറ്റു റിലേറ്റീവ്സിനെ അറിയാന്‍ വയ്യ. പണ്ടൊക്കെ, ഇളയച്ഛന്റെ മകളെ വിവാഹം ചെയ്തിരിക്കുന്ന രമേശന്‍ ചേട്ടന്റെ അച്ഛന്റെ... തുടങ്ങി വളഞ്ഞു പുളഞ്ഞുപോകുന്ന ബന്ധങ്ങള്‍വരെ ബൈഹാര്‍ട്ടായിരുന്നു. ബന്ധുവീട് സന്ദര്‍ശനങ്ങള്‍, വീട്ടിലുണ്ടാകുന്ന പ്രത്യേക പലഹാരം ബന്ധുക്കള്‍ക്ക് കൊടുത്തയ്ക്കല്‍ തുടങ്ങി ബന്ധം മുറുക്കാനുള്ള കാര്യങ്ങള്‍ നമ്മളായിട്ടുതന്നെ കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു. ഇന്ന് തിരക്കിന്റെ ലോകത്ത് ബന്ധങ്ങളും അറിഞ്ഞുകൂട. ബന്ധുക്കളെയും അറിഞ്ഞുകൂടാ. മുറപറഞ്ഞ് പരിചയപ്പെടുത്തേണ്ടിവരുമ്പോള്‍ പതറിപോകും. റൂട്ട് നിശ്ചയമില്ല. എന്നെപോലുള്ളവര്‍ക്ക് ഇത് നല്ല അവസരമാണ്. നിങ്ങളുടെ വല്യച്ഛനെന്നോ, അമ്മാവനെന്നോ, അളിയനെന്നോ- വേണമെങ്കില്‍ നേരെ അനിയനെന്നോ ഒക്കെ പറഞ്ഞ് എവിടെയും കയറിചെല്ലാം. കുശാലായി താമസിക്കാം. ഇവിടെയും സംഭവിച്ചത് അതാണ്. ഇവിടുത്തെ താമസം കഴിഞ്ഞ് ഇനി അടുത്ത ജില്ലയില്‍ എവിടെയെങ്കിലും ഒരു രാമകൃഷ്ണന്‍ മുത്തച്ഛനാകാന്‍ പോവുകയാണ്. എന്നെപ്പോലെ മറ്റൊരു വല്യച്ഛന്‍ വരുന്നതിന് മുമ്പ് നിങ്ങള്‍ തിരക്കിനിടയില്‍ സ്വന്തം നാട്ടിലൊക്കെ പോയി ബന്ധുക്കളെയും മറ്റും കാണാന്‍ സമയം കണ്ടെത്തി എല്ലാം ഒന്നറിഞ്ഞുവയ്ക്കുക. നിങ്ങള്‍ക്ക് നന്മ നേരുന്നു.

സ്നേഹത്തോടെ വല്യച്ഛനായിരുന്ന വല്യച്ഛന്‍.

എന്‍ബി: യാത്രാചെലവിനായി, അലമാരിയില്‍നിന്നും മൂവായിരം രൂപ എടുത്തിട്ടുണ്ട്. ഞാന്‍ ഇവിടെ താമസിച്ചാലുണ്ടാകുന്ന നഷ്ടംവെച്ചു നോക്കിയാല്‍ അത് ലാഭമാണ്.

*
കൃഷ്ണ പൂജപ്പുര ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

Thursday, April 23, 2009

കേരളത്തിലെ വിദ്യാഭ്യാസ മേഖല: ഉള്‍ക്കൊള്ളലില്‍ നിന്നും ഒഴിവാക്കലിലേക്ക്

എല്ലാ വിഭാഗക്കാര്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കിയിരുന്ന കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ പല വിഭാഗങ്ങളും ഒഴിവാക്കപ്പെടുന്ന സ്ഥിതിയാണിപ്പോഴെന്നു പഠനം. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്തെ നേട്ടത്തെ തന്നെ പിന്നോട്ടടിക്കും വിധത്തിലുള്ള ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് ഇത് ഇടവരുത്തുമെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

കൊച്ചിയിലെ സെന്റര്‍ ഫോര്‍ സോഷ്യോ എക്കണോമിക് ആന്റ് എണ്‍വയോണ്‍മെന്റല്‍ സ്റ്റഡീസ് ഡയറക്ടര്‍ ഡോ. എന്‍. അജിത് കുമാറും ചെയര്‍മാന്‍ പ്രൊഫ. കെ.കെ ജോര്‍ജും ചേര്‍ന്നു നടത്തിയ പഠനത്തിലാണ് ഈ അപകട സൂചനകള്‍ ചൂണ്ടിക്കാട്ടുന്നത്.

വിദ്യാഭ്യാസ രംഗത്ത് UN സഹസ്രാബ്‌ധലക്ഷ്യങ്ങള്‍ (Millennium Goals) നേരത്തേ കൈവരിച്ച സംസ്ഥാനമെന്ന ഖ്യാതി കേരളത്തിനുണ്ട്. സമ്പൂര്‍ണ്ണ സാക്ഷരത, ഏറെക്കുറെ മുഴുവന്‍ പേരും സ്‌കൂളിലെത്തുന്ന സ്ഥിതി, വിദ്യാര്‍ത്ഥി കൊഴിഞ്ഞുപോക്കിലെ കുറവ് തുടങ്ങി നേട്ടങ്ങളൂടെ പട്ടിക ഏറെയാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലോ സര്‍ക്കാര്‍ സഹായത്തോടെയോ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിലൂടെയാണ് വിദ്യാഭ്യാസം വികസിച്ചുവന്നതെന്ന പ്രത്യേകതയുമുണ്ട്. ഉന്നതവിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും കുറഞ്ഞ ഫീസുള്ള സ്ഥാപനങ്ങള്‍ ഇവിടെയുണ്ടായി. ലിംഗസമത്വത്തിലും കേരളം മുന്നിലെത്തി. പട്ടികജാതി പട്ടികവര്‍ഗ്ഗ ജനസംഖ്യയിലെ സാക്ഷരതയും മികച്ചതാണ്. അവരുടെ സ്‌കൂള്‍ പ്രവേശനവും ഉന്നതവിദ്യാഭ്യാസ രംഗത്തെ സാന്നിധ്യവും ജനസംഖ്യയിലെ അവരുടെ അനുപാതവുമായി പൊരുത്തപ്പെടുന്ന വിധത്തിലാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ ഈ മൊത്ത കണക്കുകളില്‍ കാണുന്നത്ര ആശാവഹമല്ല കാര്യങ്ങളെന്ന് പല സൂക്ഷ്‌മ തല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. മൊത്തം നേട്ടങ്ങളുടെ ഈ ചിത്രത്തില്‍ വിവിധ സാമൂഹ്യ സാമ്പത്തിക വിഭാഗങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന വ്യത്യസ്‌ത അവസ്ഥ മറയ്‌ക്കപ്പെടുന്നു. കൂടുതല്‍ കൂടുതല്‍ വിഭാഗങ്ങള്‍ ഒഴിവാക്കപ്പെടുന്ന അവസ്ഥ തൊണ്ണൂറുകള്‍ മുതല്‍ ശക്തിപ്പെട്ടു വരികയാണെന്ന് പഠനം പറയുന്നു. വിദ്യാഭ്യാസത്തിനുവേണ്ടി വിദ്യാര്‍ത്ഥിയുടെ കുടുംബം വഹിക്കേണ്ടി വരുന്ന ചെലവിലെ വര്‍ധനവ്, വിദ്യാര്‍ത്ഥിയില്‍ നിന്നും ലഭിക്കുന്ന പണം കൊണ്ട് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ വര്‍ധനവ്, കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് തടസ്സമാകുന്ന സാമ്പത്തികേതര കാരണങ്ങള്‍, ദുര്‍ബല വിഭാഗങ്ങളോട് വേണ്ടത്ര പരിഗണനയില്ലായ്‌മ തുടങ്ങിയവ ഇതിനു കാരണമാകുന്നുണ്ട്.

വ്യക്തിഗത വിദ്യാഭ്യാസ ചെലവിലുണ്ടാകുന്ന വര്‍ധനവ് പലപഠനങ്ങളും മുന്‍പ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഫീസ് കുറവാണെങ്കിലും വിദ്യാര്‍ത്ഥിയുടെ മൊത്തം പഠനച്ചെലവ് കേരളത്തില്‍ കൂടുതലാണ്. ഗ്രാമീണ കുടുംബങ്ങളുടെ പ്രതിശീര്‍ഷവിദ്യാഭ്യാസ ച്ചെലവ് ദേശീയ ശരാശരിയുടെ ഇരട്ടിയിലധികമാണ്.

പ്രൊഫഷണല്‍ വിദ്യാഭ്യാസരംഗത്തും ഗവണ്‍മെന്റ് /എയ്‌ഡഡ് സ്ഥാപനങ്ങളില്‍ ട്യൂഷന്‍ ഫീസ് കുറവാണ്. വിദ്യാര്‍ത്ഥിയുടെ കുടുംബം വഹിക്കുന്ന ചെലവിന്റെ മൂന്ന് ശതമാനം മാത്രമാണ് ട്യൂഷന്‍ ഫീസ്. എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോഴ്‌സുകളിലൊക്കെ ഇതാണു സ്ഥിതി. പക്ഷെ, സര്‍ക്കാറിന്റെ സബ്‌സിഡി വിദ്യാര്‍ത്ഥിയുടെ വ്യക്തിഗതചെലവിന്റെ ചെറിയൊരു ഭാഗം മാത്രമെ ആകുന്നുള്ളു. വിദ്യാര്‍ത്ഥിയുടെ കുടുംബത്തിനു ചെലവാകുന്ന ഫീസേതര വിദ്യാഭ്യാസ ചെലവുകള്‍ കൂടി കണക്കിലെടുത്തുള്ള ഒരു സ്‌കോളര്‍ഷിപ്പ് നയം സര്‍ക്കാരിനില്ല. ഇപ്പോഴത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരാകുന്നതിനുള്ള വരുമാന പരിധിയും തീരെ കുറവാണ്.

സ്വാശ്രയ കോഴ്‌സുകളുടെ വര്‍ധനവാണ് വിദ്യാഭ്യാസരംഗത്ത് പലവിഭാഗത്തില്‍പ്പെട്ടവരെയും അകറ്റിനിര്‍ത്താന്‍ ഇടയാക്കുന്ന മറ്റൊരു പ്രധാന ഘടകം. എന്‍ജിനിയറിംഗ്, നഴ്‌സിങ്ങ്, ഫാര്‍മസി കോഴ്‌സുകളില്‍ 80 ശതമാനത്തിലധികം ഇന്ന് സ്വാശ്രയ മേഖലയിലാണ്. മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ അഞ്ചില്‍ മൂന്ന് സ്ഥാപനങ്ങളും സ്വാശ്രയമാണ്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ 45 ശതമാനവും ഇന്ന് സ്വാശ്രയ മേഖലയിലാണ്. തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ സ്വാശ്രയ കോളേജുകളിലോ എയ്‌ഡഡ് കോളേജുകളിലെ സ്വാശ്രയ കോഴ്‌സുകളായോ ആണ് തുടങ്ങുന്നത്. കേരളത്തിലെ സ്‌കൂളുകളില്‍ നാലിലൊന്ന് അണ്‍ എയ്‌ഡഡ് ആണ്.

സാമ്പത്തികേതരമായ തടസ്സ ഘടകങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പ്രവേശന പരീക്ഷകളില്‍ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും മലയാളം മീഡിയത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കും കടന്നുകൂടാനാകാതെ വരുന്നു. ദാരിദ്ര്യരേഖയ്‌ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനം ഇന്നുകുറവാണ്. നഗരഗ്രാമീണ മേഖലകളില്‍ ഇത് ഒരു പോലെ നിലനില്‍ക്കുന്നു. SSLC പരീക്ഷയില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ വിദ്യാര്‍ത്ഥികളുടെ വിജയ ശതമാനവും മറ്റ് വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് കുറവാണ്.

വിദ്യാഭ്യാസരംഗത്തെ ഗുണമേന്മ ഉയര്‍ത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച്ചയും പ്രശ്നമാണ്. സര്‍ക്കാര്‍ പ്രൊഫഷണല്‍ കോഴ്സുകളില്‍ ആവശ്യാനുസൃതമായി സീറ്റുകള്‍ കൂട്ടാത്തതും പലവിഭാഗങ്ങള്‍ക്കും കടന്നുവരാന്‍ തടസ്സമാകുന്നു.

കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച സാവധാനമായിരുന്ന കാലത്തുപോലും കേരളം വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ മുതല്‍ മുടക്കിയിരുന്നതായി കാണാം. പക്ഷേ സമ്പദ് വ്യവസ്ഥ വളര്‍ന്നുതുടങ്ങിയപ്പോള്‍ സംസ്ഥാന ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള വിഹിതം കുറഞ്ഞു തുടങ്ങി. ഇത് വിദ്യാഭ്യാസരംഗത്ത് സൌകര്യങ്ങളുടെ അപര്യാപ്‌തത സൃഷ്ടിച്ചു. ഈ വിടവിലേക്ക് ആണ് ഇന്ന് സ്വാശ്രയ സ്ഥാപനങ്ങള്‍ കടന്നുവരുന്നത്. സര്‍ക്കാര്‍ തന്നെ ഇത്തരം സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ഇതെല്ലാം വിദ്യാര്‍ത്ഥികളുടെ വ്യക്തിഗതചെലവില്‍ വന്‍വര്‍ധനവുണ്ടാക്കുന്നു.

സംസ്ഥാനത്ത് പുതുതായി ഉയര്‍ന്നുവന്ന ഒരു മധ്യവര്‍ഗ്ഗത്തിന്റെ സാന്നിധ്യവും അണ്‍ എയ്‌ഡഡ് /സ്വാശ്രയ സ്ഥാപനങ്ങളുടെ വ്യാപനത്തിന് കാരണമായിട്ടുണ്ട്. ഈ മധ്യവര്‍ഗ്ഗം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉപേക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഈ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ കൂടുതല്‍ പണം മുടക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നില്ല. ഈ വിഭാഗത്തിന്റെ രാഷ്‌ട്രീയ സ്വാധീനം സര്‍ക്കാര്‍ നയങ്ങളെയും സ്വാധീനിക്കുന്നു. മധ്യവര്‍ഗ്ഗത്തിനുവേണ്ടാതായ സാമൂഹ്യസേവനങ്ങളില്‍ പണം മുടക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നു. ഇത്തരത്തിലൊരു വിഷമവൃത്തം രൂപപ്പെടുന്നു. രാഷ്‌ട്രീയസ്വാധീനമുള്ള മതമാനേജുമെന്റുകളുടെ ഇടപെടലുകളും വിദ്യാഭ്യാസരംഗത്ത്åദോഷകരമായ ഫലങ്ങളാണ് സൃഷ്ടിക്കുന്നത്. സ്വകാര്യ വിദ്യാഭ്യാസമേഖലയിലെ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ നിയമന രീതി ദരിദ്ര പശ്ചാത്തലത്തിലുള്ളവര്‍ക്ക് അദ്ധ്യാപകരായി കടന്നുവരാന്‍ തടസ്സങ്ങള്‍ സൃഷ്‌ടിക്കുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യമായും സാമ്പത്തികമായും മുന്നോട്ടുകുതിക്കാനുള്ള അവസരം വിവിധ ജനവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ മുന്‍പ് ലഭിച്ചിരുന്നു. ഇന്ന് വിദ്യാഭ്യാസത്തിന്റെ എല്ലാമേഖലയിലും പിടിമുറുക്കിയ വാണിജ്യവത്കരണം ഇത് ഏറെക്കുറെ അസാധ്യമാക്കുകയാണ്. സര്‍ക്കാര്‍ സബ്‌സിഡിയുള്ള വിദ്യാഭ്യാസത്തിലൂടെ തൊഴിലില്ലായ്‌മയ്‌ക്കുള്ള പാസ്‌പോര്‍ട്ട് എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. എന്നാല്‍ തൊഴിലിനുള്ള പാസ്‌പോര്‍ട്ട് സമൂഹത്തിലെ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവര്‍ക്കായി പരിമിതപ്പെടുന്നു. ഈ അസമമായ വളര്‍ച്ചാ പ്രവണത കേരളത്തിന്റെ ഉയര്‍ന്ന സാമൂഹ്യസ്ഥിരതയേയും സൌഹാര്‍ദ്ദത്തേയും തന്നെ വലിയൊരളവുവരെ ബാധിച്ചേക്കുമെന്ന് പഠനം മുന്നറിയിപ്പുനല്‍കുന്നു.

സ്വാശ്രയ സ്ഥാപനങ്ങള്‍ ഉയര്‍ത്തുന്ന സാമ്പത്തിക അസമത്വ പ്രശ്‌നങ്ങളാണ് പലപ്പോഴും ചര്‍ച്ചയാകുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തിന്റെ നിലവാരവും പഠിച്ചിറങ്ങുന്നവരുടെ മികവും വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ലെന്ന് പഠനം പറയുന്നു. തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനിയറിംഗ് കോളേജിലും കൊല്ലം ടി.കെ.എം എന്‍ജിനിയറിംഗ് കോളേജിലുമായി 2008 -ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ആകെ വിജയശതമാനം 67.3 ആയിരുന്നു. ഇതേ സമയം കേരള സര്‍വ്വകലാശാലയുടെ കീഴിലുള്ള സര്‍ക്കാർ ‍/സ്വകാര്യ മേഖലയിലെ സ്വാശ്രയ കോളേജുകളിലാകെ വിജയ ശതമാനം 35.6 മാത്രമായിരുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ചില സ്വാശ്രയ കോളേജുകളില്‍ ഇത് 10 മുതല്‍ 15 ശതമാനം വരെ മാത്രമാണ്.

സംസ്ഥാനത്തെ 5 മുതല്‍ 10 ശതമാനം കുടുംബങ്ങളില്‍ നിന്നുള്ളവര്‍ മാത്രമാണ് സ്വാശ്രയ സ്ഥാപനങ്ങളില്‍ എത്തിപ്പെടുന്നത്. അതുകൊണ്ടുതന്നെ വ്യത്യസ്‌ത കഴിവും അഭിരുചിയും സര്‍ഗാത്മകതയുള്ള ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ ഈ സ്ഥാപനങ്ങളില്‍ ഉണ്ടാകുന്നില്ലെന്ന് വ്യക്തം. മാനവശേഷിയില്‍ അധിഷ്‌ഠിതമായ ഒരു ലോക സമ്പദ് വ്യവസ്ഥയില്‍ ഇവരുടെ മത്സരക്ഷമത കുറയും. ഇതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി വേണ്ടത്ര ചര്‍ച്ച കേരളത്തില്‍ നടക്കുന്നില്ല.

സ്‌കൂള്‍ തലത്തിലെ പുതിയ പ്രവണതകളും ശ്രദ്ധയര്‍ഹിക്കുന്നതാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. രണ്ടുതരം വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ വളര്‍ന്നുവരികയും അവര്‍ തമ്മില്‍ യാതൊരു ഇടപെടലും ഉണ്ടാകാതിരിക്കുകയും ചെയ്യുന്നു. ഏറെയും മധ്യവര്‍ഗ്ഗത്തില്‍ നിന്നു വരുന്ന പുതിയ വിഭാഗം സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്നവരുടെ ആവശ്യങ്ങള്‍ക്കുവേണ്ടി ഒരിക്കലും നിലകൊള്ളുമെന്ന് കരുതാനാകില്ല. സാമൂഹ്യ ചലനങ്ങളൊന്നും ഇക്കൂട്ടര്‍ ഉണ്ടാക്കുന്നില്ല. ഈ പ്രവണതകള്‍ സംസ്ഥാനത്ത് സൃഷ്‌ടിക്കാനിടയുള്ള ദീര്‍ഘകാല സാമൂഹ്യ പ്രത്യാഘാതങ്ങള്‍ വേണ്ടതുപോലെ മനസ്സിലാക്കപ്പെട്ടിട്ടില്ല. നമ്മുടെ രാഷ്ട്രീയ സംവാദങ്ങളില്‍ അത് വിഷയമാകുന്നുമില്ല- പഠനറിപ്പോര്‍ട്ട് പറയുന്നു

Wednesday, April 22, 2009

ഡീപ്പ് ഫോക്കസിനുള്ളിലെ ശബ്ദഭാവനകള്‍

സിനിമ ഒരു ദൃശ്യകലയാണെന്നാണ് ആസ്ഥാന നിരൂപകരും പണ്ഡിതരും, അത്ഭുതം മറ നീക്കുന്ന വിധത്തിലെന്ന വണ്ണം കുട്ടികളെ പഠിപ്പിച്ചുതുടങ്ങാറുള്ളത്. ദൃശ്യത്തിന്റെ ഈ കലയിലും കളിയിലും ശബ്ദത്തിന് എന്ത് സ്ഥാനമാണുള്ളത് എന്നും ഈ വിധാതാക്കള്‍ ചോദിച്ചുകളയും. ആദ്യമായി ഈ ചോദ്യം ഉന്നയിക്കുകയും സിനിമയില്‍ ശബ്ദം ഉള്‍പ്പെടുത്തുന്നത് അതിന്റെ കലാപരതയെ നശിപ്പിക്കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നത് നിസ്സാരക്കാരാരുമല്ല, മഹാനായ ചാര്‍ളി ചാപ്ളിന്‍ തന്നെയായിരുന്നു. സിനിമയില്‍ ശബ്ദം ഉള്‍പ്പെടുത്തിത്തുടങ്ങി അഥവാ ശബ്ദസിനിമ എന്ന പ്രതിഭാസം ഉരുത്തിരിഞ്ഞു തുടങ്ങിയിട്ടും ഏഴെട്ടു വര്‍ഷം ആ പ്രലോഭനത്തിനടിപ്പെടാതെ ചാപ്ളിന്‍ നിശ്ശബ്ദ സിനിമകള്‍ തന്നെ നിര്‍മ്മിച്ചുകൊണ്ടിരുന്നു. എന്നാല്‍ കാലത്തെ അപ്രകാരം പുറകോട്ടുകൊണ്ടു പോകാനാവില്ല എന്ന തിരിച്ചറിവ് വൈകിയാണെങ്കിലും ആ പ്രതിഭാശാലിക്കും കൈവരുകയും തന്റെ സിനിമകള്‍ സമകാലിക സിനിമകളെ പ്പോലെ ശബ്ദങ്ങളും സംഗീതവും സംഭാഷണങ്ങളും ഉള്‍പ്പെടുത്തി പൂര്‍ണ്ണമാക്കുകയുമാണ് അദ്ദേഹം ചെയ്തത്. അപ്രകാരം അദ്ദേഹം പൂര്‍ത്തീകരിച്ച ആദ്യത്തെ ശബ്ദ സിനിമ ദ ഗ്രേറ്റ് ഡിക്റ്റേറ്ററാ(1940)യിരുന്നു. ലോകസിനിമയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും രാഷ്ട്രീയമായി നിര്‍ണായകമായതുമായ ശബ്ദമുഹൂര്‍ത്തങ്ങളിലൊന്ന് ഈ സിനിമയില്‍ പ്രസിഡണ്ടിനു പകരം ബാര്‍ബര്‍ (രണ്ടും ചാപ്ളിന്റെ ഇരട്ട വേഷങ്ങള്‍) സ്റ്റേജിലെത്തുന്നതും ജനാധിപത്യത്തിന്റെ അനിവാര്യമായ വിജയത്തെക്കുറിച്ച് സംസാരിക്കുന്നതുമായ ഭാഗമാണ്.

പറഞ്ഞു വരുന്നത്, സിനിമ എന്നത് ദൃശ്യത്തിന്റെ മാത്രമല്ല, ശബ്ദത്തിന്റെയും ഒരു കലയും മാധ്യമവുമാണെന്നു തന്നെയാണ്. ഇതു പറയുമ്പോള്‍, സംഭാഷണനിബിഡവും ദൃശ്യങ്ങളെയും ചലനങ്ങളെയും പ്രയോജനപ്പെടുത്താത്തതുമായ തട്ടുപൊളിപ്പന്‍ മലയാള സിനിമകള്‍ എന്നെ പേടിപ്പെടുത്തുന്നുമുണ്ടെന്നത് മറച്ചുവെക്കുന്നില്ല. അതെന്തായാലും, സിനിമ എന്നത് തികച്ചും ആധുനികമായ ഒരു കലാമാധ്യമമാണെന്നതുകൊണ്ട്, ദൃശ്യത്തിനും ചലനത്തിനും വെളിച്ചത്തിനും ഇരുട്ടിനും വര്‍ണത്തിനും ശബ്ദത്തിനും സംഗീതത്തിനും എല്ലാം സാധ്യതയുള്ള ഒരപൂര്‍വ മേഖലയായി അത് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കും എന്നതാണ് സത്യം. ദൃശ്യത്തിനുള്ളിലെയും ശബ്ദത്തിനുള്ളിലെയും മാനിപ്പുലേഷനും സാധാരണമായിത്തീര്‍ന്നിരിക്കുന്നു. അത് കൊടിയ കുറ്റമാണെന്ന നിലപാടും ചില യാഥാസ്ഥിതിക പണ്ഡിതര്‍ സ്വീകരിക്കുന്നതു കാണാം. അപ്പോള്‍, എന്താണ് സിനിമയില്‍ പ്രധാനമായിരിക്കുന്നത് എന്നും എന്തൊക്കെയാണ് അതിനെ സവിശേഷമാക്കുന്നത് എന്നുമുള്ള ചോദ്യത്തിലേക്ക് നാം തിരിച്ചുവരുന്നു. സംശയമില്ല, ഭാവനയും സങ്കല്‍പനവും നിര്‍വഹണത്തിലെ ആത്മാര്‍ത്ഥതയും ഭൌമ/ചരിത്ര/രാഷ്ട്രീയ/സമൂഹ/സംസ്ക്കാര യാഥാര്‍ത്ഥ്യത്തോടുള്ള പരിഗണനയും കൂറുമാണ് ഓരോ സിനിമയെയും ശ്രദ്ധേയമാക്കുന്നത് എന്നതാണ് വസ്തുത. കുറച്ചു കൂടി സൂക്ഷ്മമായി പരിശോധിച്ചാല്‍, മൊത്തത്തില്‍ ഒരു സിനിമക്ക് ഈ ഘടകങ്ങളോട് നീതി പുലര്‍ത്താനായില്ലെങ്കിലും അതിനുള്ളിലെ ചില സവിശേഷ ഘടകങ്ങള്‍ക്ക് അത് സാധിച്ചേക്കും എന്ന സങ്കീര്‍ണമായ യാഥാര്‍ത്ഥ്യം കൂടി തെളിഞ്ഞുവരുന്നതായി കാണാം.

ശബ്ദസംവിധായകനായ റസൂല്‍ പൂക്കുട്ടിയുടെയും അദ്ദേഹത്തെപ്പോലെ തികഞ്ഞ അര്‍പ്പണബോധത്തോടെ പ്രയത്നിക്കുന്ന സാങ്കേതിക വിദഗ്ദ്ധന്മാരായ കലാകാരന്മാരുടെയും തലമുറ സിനിമയുടെ ഭാഗധേയത്തെ പുനര്‍നിര്‍ണയിക്കുന്നതിലൂടെയാണ് ഇത്തരത്തില്‍ ഉള്‍വൈരുദ്ധ്യങ്ങള്‍ ത്രസിക്കുന്ന തരത്തില്‍ സങ്കീര്‍ണമായ ഒരു യാഥാര്‍ത്ഥ്യം ഉരുത്തിരിഞ്ഞുവരുന്നത്. ഗജിനി (2008/ഹിന്ദി/എ ആര്‍ മുരുഗദാസ്) പോലെ, അക്രമത്തെ മഹത്വവത്ക്കരിക്കുന്ന വിധത്തില്‍ അത്യന്തം അപകടകരമായ ഇതിവൃത്തവും ആഖ്യാനവും പിന്തുടരുന്ന ഒരു വന്‍ ബഡ്ജറ്റ് വാണിജ്യ സിനിമയില്‍ പോലും അതിന്റെ ഈ രാഷ്ട്രീയ നിയോഗത്തെക്കുറിച്ച് ഉത്ക്കണ്ഠാകുലനാകാതെ, തന്നെ ഏല്‍പ്പിച്ച ശബ്ദസംവിധാനം എന്ന പ്രവൃത്തി നിഷ്ക്കര്‍ഷയോടെ മാത്രമല്ല, അതിനുള്ളിലും സാധ്യമാവുന്ന സ്വതന്ത്രഭാവനയോടെയും അര്‍പ്പണത്തോടെയും നിര്‍വഹിക്കാന്‍ റസൂലിന് സാധിക്കുന്നു എന്ന അത്ഭുതകരമായ കാര്യത്തെ എങ്ങിനെയാണ് രാഷ്ട്രീയമായി വ്യാഖ്യാനിക്കുക? ഇതേ പ്രശ്നം തന്നെയാണ് ഇതിവൃത്തത്തിലും ആഖ്യാനത്തിലും നിലപാടിലും മറ്റും ശരാശരി മാത്രമായ സ്ളംഡോഗ് മില്ല്യനറിലെ റസൂലിന്റെ സംഭാവനയെ വിലയിരുത്തുമ്പോഴും നാം നേരിടുന്നത്.

സിനിമ ചിത്രീകരിക്കുമ്പോള്‍ തന്നെ ശബ്ദവും (ശബ്ദങ്ങളും) രേഖപ്പെടുത്തുന്ന സിങ്ക്-സൌണ്ട് എന്ന രീതിയുടെ നൂതന മാതൃകകളാണ് റസൂലിനെ പ്പോലുള്ളവര്‍ അവലംബിക്കുന്നത്. ശബ്ദസിനിമയുടെ ആവിര്‍ഭാവം മുതല്‍ക്കു തന്നെ ഹോളിവുഡിലടക്കം നല്ലൊരു പങ്ക് സിനിമകളിലും ഈ രീതി തന്നെയാണ് പിന്തുടര്‍ന്നു പോന്നിരുന്നതെങ്കിലും ഇന്ത്യന്‍ സിനിമയില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ചിത്രീകരണ സമയത്ത് ശബ്ദം റെക്കോഡ് ചെയ്യപ്പെടുമെങ്കിലും ഡബ്ബിംഗിനും മറ്റ് ലാബ് വര്‍ക്കുകള്‍ക്കും അടിസ്ഥാനമായ മാര്‍ഗനിര്‍ദേശക രേഖ എന്ന നിലക്ക് പ്രയോജനപ്പെടുത്തുക മാത്രമാണ് ചെയ്തുപോന്നിരുന്നത്. മലയാള സിനിമയില്‍ ഇപ്പോഴും ഈ പ്രാകൃതമായ സ്ഥിതി തന്നെ തുടര്‍ന്നു പോരുന്നു. 1960കളിലെ സിനിമ-വെരിത്തെ കാലഘട്ടത്തില്‍ യൂറോപ്പിലാകമാനം സ്റുഡിയോകള്‍ ഉപേക്ഷിക്കപ്പെടുകയും പുറം ലോകമാണ് തങ്ങളുടെ പ്രതിപാദനരീതിയെ സത്യസന്ധമാക്കുന്നത് എന്ന കടുത്ത നിലപാട് വലിയൊരു വിഭാഗം ചലച്ചിത്രകാരന്മാര്‍ സ്വീകരിക്കുകയും ചെയ്തു. ഈ നിലപാട് അതേ രൂപത്തില്‍ പില്‍ക്കാലത്ത് നിലനിന്നില്ലെങ്കിലും ചിത്രീകരണ സമയത്തെ ശബ്ദങ്ങളാണ് കഴിയാവുന്നത്ര ആധാരമാക്കേണ്ടത് എന്ന നിലപാട് ലോകസിനിമയില്‍ കൂടുതല്‍ കൂടുതലായി അംഗീകരിക്കപ്പെട്ടുവരുന്നു. ഹാന്റ് ഹെല്‍ഡ് ക്യാമറ പോലെ, നീളമുള്ള വടിയുടെ അറ്റത്ത് കെട്ടി വെച്ച മൈക്രോഫോണും നിര്‍ബന്ധമായ ഒരു ചിത്രീകരണ അടിസ്ഥാനമായി ലോകത്തെമ്പാടും ചലച്ചിത്ര പ്രവര്‍ത്തകര്‍ പരിഗണിച്ചു.

വിം വെന്റേഴ്സിന്റെ ലിസ്ബണ്‍ സ്റോറിയില്‍ (1994/ജര്‍മന്‍, പോര്‍ച്ചുഗീസ്, ഇംഗ്ളീഷ്) മുഖ്യകഥാപാത്രമായ ഫിലിപ്പ് വിന്റര്‍ (റുഡിഗര്‍ വോഗ്ളര്‍ അഭിനയിക്കുന്നു) റസൂലിനെപ്പോലെ ഒരു സൌണ്ട് എഞ്ചിനീയറാണ്. ബ്രയാന്ത് ഫ്രേസര്‍ അദ്ദേഹത്തിന്റെ നിരൂപണത്തില്‍(ഡീപ്പ്-ഫോക്കസ്.കോം) ഈ സിനിമയെപ്പറ്റി ഇപ്രകാരം പറയുന്നു. ശബ്ദമില്ലാത്ത ദൃശ്യസംഘാതമായി നിലനില്‍ക്കുന്ന സിനിമക്ക് ശബ്ദം കൊടുക്കാന്‍ വേണ്ടി ശബ്ദസംവിധായകന്‍ പോര്‍ച്ചുഗലിലേക്ക് പോകുന്നു. സംവിധായകന്‍ അപ്രത്യക്ഷനായതായി കണ്ടെത്തിയ അയാള്‍, മൈക്കും ടേപ്പ് ഡെക്കുമായി തെരുവുകളിലൂടെ (അഥവാ ഉദ്ദേശിക്കപ്പെട്ട സിനിമയുടെ ലൊക്കേഷനുകളിലൂടെ) അലയുകയും കൊതുകിനെ വേട്ടയാടുകയും സംഗീതം ശ്രവിക്കുകയും കുട്ടികളോട് സംസാരിക്കുകയും സിനിമയുടെ ഭാവസ്വരൂപത്തെ പ്രവചിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ റസൂല്‍ പൂക്കുട്ടി ഈ കഥാനായകനെപ്പോലെ സിനിമയെ സ്വന്തം നിലക്ക് ആഖ്യാനം ചെയ്യുന്ന ഒരു പ്രതിഭാശാലിയായ കലാകാരനാണ്. അതുകൊണ്ടാണ്, മുംബൈയിലെ കടല്‍ത്തീരത്ത്, ബിയോണ്ട് ദി സോളി(2002)ന്റെ ചിത്രീകരണം നടക്കുമ്പോള്‍ കടലിന്റെ കാറ്റിനെ തടുക്കാന്‍ സ്ക്രീന്‍ വെക്കണമെന്ന, നിര്‍മാതാവിന് പരിഹാസ്യവും അനാവശ്യവുമായി തോന്നുന്ന ഒരാവശ്യം റസൂല്‍ ഉന്നയിച്ചതായി സംവിധായകന്‍ രാജീവ് അഞ്ചല്‍ ഓര്‍മ്മിച്ചെടുക്കുന്നത്(എച്ച് ഹുസയ്ന്‍/തേജസ് ആഴ്ചവട്ടം/2009 മാര്‍ച്ച് 1). ഓരോ സീനിന്റെയും താളവും ശ്രുതിയും സിനിമയുടെ ഭാവ ഘടനയിലേക്ക് ആവാഹിക്കുക എന്നതാണ് തന്റെ ഉദ്ദേശ്യം എന്ന് റസൂല്‍ പൂക്കുട്ടി പറയുന്നുണ്ട്. ഇത് ഒരേ സമയം സങ്കേതബദ്ധവും സൌന്ദര്യാത്മകവുമാണെന്ന തിരിച്ചറിവാണ് റസൂലിനെപ്പോലെ ഒരു കലാകാരനെ ആവേശഭരിതനാക്കുന്നത്. ഈ ആവേശമാണ് ആത്മാര്‍ത്ഥമായ അര്‍പ്പണബോധമായി പരിവര്‍ത്തനപ്പെടുന്നതും.

1991ല്‍ പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ സൌണ്ട് എഞ്ചിനീയറിംഗ് പഠിക്കാനെത്തിയ റസൂല്‍, അവിടെ വെച്ചാണ് സിങ്ക്-സൌണ്ട് അഥവാ ലൊക്കേഷനില്‍ തന്നെ ലൈവ് റെക്കോഡിംഗ് ചെയ്യുന്ന രീതിയില്‍ ആകൃഷ്ടനാകുകയും വൈദഗ്ദ്ധ്യം നേടുകയും ചെയ്തത്. നസിറുദ്ദീന്‍ ഷാ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച പ്രൈവറ്റ് ഡിറ്റക്ടീവ്: ടുപ്ളസ് ടു വണ്‍(1997/രജത് കപൂര്‍) എന്ന സിനിമയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണദ്ദേഹം ബോളിവുഡില്‍ തന്റെ സാന്നിദ്ധ്യവും സാംഗത്യവും ഉറപ്പാക്കിയത്. പത്തു പന്ത്രണ്ടു വര്‍ഷത്തെ കഠിന പ്രയത്നത്തിലൂടെ ഓസ്കാര്‍ നേടിയെടുക്കാന്‍ തക്ക വിധത്തില്‍ അദ്ദേഹത്തിന് വളര്‍ച്ച പ്രാപിക്കാനായി എന്നത് വിസ്മയാവഹം തന്നെയാണ്. അമു, ലഗാന്‍, സാവരിയ, ബ്ളാക്ക്, ഗാന്ധി മൈ ഫാദര്‍, ട്രാഫിക് സിഗ്നല്‍ തുടങ്ങിയവയാണ് അദ്ദേഹം സൌണ്ട് ഡിസൈന്‍ ചെയ്ത ചില പ്രധാന സിനിമകള്‍. ആരുമറിയാതെ സിനിമയുടെ അകത്തളങ്ങളില്‍ എരിഞ്ഞുതീരുന്നവര്‍ക്കുള്ള അംഗീകാരം എന്ന നിലക്കാണ് പത്ര/ദൃശ്യ മാധ്യമങ്ങള്‍ ഈ അവാര്‍ഡിനെ കൊണ്ടാടിയത്. അതൊരു തികഞ്ഞ വസ്തുത തന്നെയാണെങ്കിലും, പ്രതിലോമകരമായതോ ശരാശരി മാത്രമായതോ ആയ സിനിമകളെപ്പോലും തന്റെ പ്രതിഭ കൊണ്ട് അവിസ്മരണീയമാക്കാന്‍ റസൂലിനെപ്പോലെ ഒരു സൌണ്ട് എഞ്ചിനീയര്‍ക്ക് സാധിക്കുന്നതെങ്ങനെ എന്ന ചോദ്യത്തെ നാം കുറെക്കൂടി സൂക്ഷ്മമായ തലത്തില്‍ അഭിമുഖീകരിക്കേണ്ടതുണ്ട്.

സംവിധായകനാണ് സിനിമയെ സമഗ്രമായി സങ്കല്‍പനം ചെയ്യുകയും പൂര്‍ത്തിയാക്കുകയും ചെയ്യുന്നതെങ്കിലും, ഛായാഗ്രാഹകനും ശബ്ദസംവിധായകനും സംഗീത സംവിധായകനും എന്തിന് അഭിനേതാവു വരെ തങ്ങളുടേതായ വീക്ഷണാടിത്തറയിലും നിലപാടുകളിലും നിന്നുകൊണ്ട് സിനിമയെ ഭാവന ചെയ്തെടുക്കുന്നുണ്ട് എന്ന വസ്തുതയാണ് ഇവിടെ പ്രധാനമായിട്ടുള്ളത്. അത്തരത്തിലുള്ള സൂക്ഷ്മ ഭാവനകളെ അന്വേഷിച്ചുതുടങ്ങുമ്പോള്‍ സമഗ്രതാനാട്യങ്ങള്‍ പലപ്പോഴും ഉടഞ്ഞുതകരുകയും ചെയ്യും. സംവിധായകന്‍ കയ്യടക്കി വെച്ചിരിക്കുന്ന സമഗ്രത എന്ന അധികാരത്തെ വെല്ലുവിളിക്കുന്ന അനവധി സ്വാതന്ത്ര്യ വാഞ്ഛകള്‍ ഓരോ സിനിമയിലും പ്രവര്‍ത്തനക്ഷമമാകുന്നുണ്ടെന്നതാണ് സത്യം. തങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിട്ടുള്ള കള്ളികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് തങ്ങളുടെ മേഖലയെ വികസിപ്പിച്ചെടുക്കുക എന്ന പരിമിതമായ ധര്‍മ്മം മാത്രമല്ല ഇവിടെ നിര്‍വഹിക്കപ്പെടുന്നത്. ഒരു സൌണ്ട് ഡിസൈനര്‍ തന്റെ ഡിസൈനിലൂടെ ഒരു സിനിമയെ തന്നെ ഭാവന ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. തിരക്കഥാകൃത്തിന്റെയും സംഗീത സംവിധായകന്റെയും ഛായാഗ്രാഹകന്റെയും അഭിനേതാവിന്റെയും ഒക്കെ കാര്യത്തില്‍ ഇതിനു സമാനമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇത്തരത്തില്‍, ചിലപ്പോള്‍ വൈരൂപ്യത്തിനുള്ളില്‍ സൌന്ദര്യക്ഷമമായിരിക്കുന്ന; മറ്റു ചിലപ്പോള്‍ സൌന്ദര്യത്തിനുള്ളില്‍ തന്നെ സവിശേഷമായി സൌന്ദര്യ ക്ഷമമായിരിക്കുന്ന ഘടകങ്ങള്‍ സിനിമക്കുള്ളിലും പുറത്തുമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ സൌന്ദര്യ സങ്കീര്‍ണത സംവിധായകനു മുമ്പില്‍ മാത്രമല്ല വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്, മറിച്ച് അനുവാചകനു മുന്നിലുമാണ്. കണ്ണു തുറന്നു വെച്ച് ആഹ്ളാദത്തിനായി കാത്തിരിക്കുന്ന അയാളുടെ കാതുകള്‍ സൌന്ദര്യത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കപ്പെടുന്ന അനുഭവമായിരിക്കും ചിലപ്പോള്‍ സംഭവിക്കുന്നത്.

*
ജി പി രാമചന്ദ്രന്‍

Tuesday, April 21, 2009

മാര്‍ക്സിസം മടങ്ങിയെത്തുന്നു

പ്രസിദ്ധ മാക്സിയൻ ചിന്തകൻ ഡോ. സമീര്‍ അമീൻ സംസാരിക്കുന്നു

ലോകം മാര്‍ക്സില്‍ അവസാനിക്കുകയല്ല, തുടങ്ങുകയാണ് ?

അതേ, ഇപ്പോള്‍ മാര്‍ക്സും മാവോയും തിരിച്ചുവന്നിരിക്കുന്നു. മാര്‍ക്സിസത്തെ മാര്‍ക്സില്‍ നിന്നാരംഭിക്കുന്ന സര്‍ഗാത്മക ചിന്തയായി മനസ്സിലാക്കുമ്പോള്‍ അത് മാര്‍ക്സില്‍ നിന്നു തുടങ്ങുകയാണ്. മാര്‍ക്സില്‍ അവസാനിക്കുകയല്ല. ഏഷ്യനാഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സമൂഹങ്ങളെയും സാമ്രാജ്യത്വത്തെയും വര്‍ത്തമാനസാഹചര്യങ്ങളില്‍ മനസ്സിലാക്കാനുതകും വിധത്തില്‍ മാര്‍ക്സിസത്തെ സമ്പന്നമാക്കിയ മാവോയുടെ സൃഷ്ടിപരമായ സംഭാവനകള്‍ അനല്പമാണ്. അതുകൊണ്ടുതന്നെ സമൂഹത്തെ മനസ്സിലാക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഉപകരണമാണ് മാര്‍ക്സിസവും മാവോയിസവും പ്രദാനം ചെയ്യുന്നത്. ഈ നല്ല ഉപകരണത്തിന്റെ പ്രയോഗം നിങ്ങളെ, ഉപയോഗിക്കുന്ന ആളിനെ, ആശ്രയിച്ചിരിക്കുന്നു. ചൂഷണത്തിലും മര്‍ദ്ദനത്തിലുമധിഷ്ഠിതമായ വര്‍ത്തമാന സാമൂഹ്യവ്യവസ്ഥിതിയെ മനസ്സിലാക്കുന്നതിനുമാത്രമല്ല, അതിന്റെ യുക്തിശാസ്ത്രത്തെ, അതിന്റെ ആന്തരിക വൈരുദ്ധ്യങ്ങളെ, അതിന്റെ ദൌര്‍ബല്യങ്ങളെക്കൂടി കണ്ടെത്തുന്നതിന് അത് നിങ്ങളെ സഹായിക്കുന്നു. അതുകൊണ്ട് ഈ ഉപകരണം സമൂഹത്തെ മനസ്സിലാക്കാന്‍ മാത്രമല്ല അതിനെ മാറ്റിത്തീര്‍ക്കാന്‍ കൂടിയുള്ള ഒന്നായിത്തീരുന്നു. അതായത്, ചൂഷിതജനവിഭാഗങ്ങളുടെ വിമോചനത്തിനുതകുന്ന തന്ത്രങ്ങളും നയങ്ങളും കാര്യക്ഷമമായി രൂപപ്പെടുത്താന്‍ അത് സഹായകമായിത്തീരുന്നു. ഈ ഉപകരണം ഉപയോഗിച്ചുകൊണ്ട് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മാത്രമല്ല വര്‍ത്തമാന മുതലാളിത്തത്തിന്റെയും സാമ്രാജ്യത്ത്വത്തിന്റെയും വ്യവസ്ഥാപരമായ പ്രതിസന്ധിയെക്കൂടി വിശകലനം ചെയ്യാനാണ് എനിക്ക് ഇഷ്ടം.

എണ്ണപ്രതിസന്ധി, ഊര്‍ജ്ജപ്രതിസന്ധി, ഭക്ഷ്യപ്രതിസന്ധി പാരിസ്ഥിതിക പ്രതിസന്ധി, സാമ്പത്തിക പ്രതിസന്ധി... മുതലാളിത്തം മുതലകൂപ്പുകുത്തുകയാണോ... എന്താണ് മാര്‍ക്സിസ്റ്റ് വിശകലനം?

പരമ്പരാഗത സാമ്പത്തിക ശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നാണ്. പക്ഷേ, ഞങ്ങള്‍ മാര്‍ക്സിസ്റ്റ് സാമ്പത്തിക ശാസ്ത്രജ്ഞരില്‍ നല്ലൊരുവിഭാഗമെങ്കിലും പ്രതീക്ഷിച്ച ഒന്നായിരുന്നു ഈ പ്രതിസന്ധി. സാധാരണ രീതിയില്‍ ലളിതമായി പറയാറുള്ളതുപോലെ മുതലാളിത്തം പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കും എന്ന പ്രസ്താവനയിലധിഷ്ഠിതമായിരുന്നില്ല ഇത്. മറിച്ച് വര്‍ത്തമാനകാലയളവിലെ നിയോലിബറല്‍ ആഗോളവത്കരണത്തിന്റെ വിശകലനം, അത് സുസ്ഥിരമല്ല എന്ന അറിവിലേക്ക് നയിച്ചു എന്നതാണ് വസ്തുത. പരമ്പരാഗത ധനശാസ്ത്രജ്ഞരില്‍പ്പെട്ട കേമന്മാര്‍പോലും ഇത് മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു. അതു മനസ്സിലാക്കുന്നതിനുള്ള ധിഷണാപരമായ ഉപകരണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് ആഗോളവത്കരണത്തിന് ബദലുകളില്ല എന്നവര്‍ പറഞ്ഞുകൊണ്ടിരുന്നു. ആഗോളവത്കരണത്തെ സ്വീകരിക്കേണ്ടതിന്റെയും അതിനായി സമര്‍പ്പിക്കേണ്ടതിന്റെയും അതുമായി സമരസപ്പെടേണ്ടതിന്റെയും ആവശ്യത്തെയും ഒടുവില്‍ ആഗോളവത്കരണത്തെ അനുകൂലമായി ഉപയോഗപ്പെടുത്തേണ്ട കാര്യത്തെക്കുറിച്ചുമായിരുന്നു അവരുടെ പറച്ചിലുകള്‍. ഞങ്ങളെപ്പോലുള്ളവര്‍ സാമ്രാജ്യത്വ ആഗോളവത്കരണത്തിനു ബദല്‍ സാധ്യമാണെന്നും അതു സോഷ്യലിസ്റ്റു ബദല്‍ മാത്രമാണെന്നും പറഞ്ഞു. ഈ വ്യവസ്ഥ സുസ്ഥിരമല്ല. ഇപ്പറയുന്നതിനര്‍ത്ഥം രണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ സോഷ്യലിസം സംജാതമാകുമെന്നല്ല, മറിച്ച്, പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്തത്തിനും സാമ്രാജ്യത്ത്വത്തിനും ബദലായി ചൂഷിത-മര്‍ദ്ദിത വിഭാഗങ്ങളുടെ പക്ഷത്തുനിന്ന് സാധ്യമായ പ്രതികരണം സോഷ്യലിസത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളാണ് എന്നാണ്.

ഇപ്പോഴത്തെ സാമ്പത്തികതകര്‍ച്ച സംഭവിച്ചത് ഏതാണ്ട് ആറ് മാസങ്ങള്‍ക്കു മുന്‍പാണ്. എന്നാലിത് കേവലമായ ഒരു സാമ്പത്തിക തകര്‍ച്ച മാത്രമല്ല. ഐസ് കട്ടയുടെ ഉപരിതലം മാത്രം എന്നു പറയാം. ഈ ഐസ് കട്ടയ്ക്കിടയില്‍ വാര്‍ദ്ധക്യം ബാധിച്ച മുതലാളിത്തത്തിന്റെ പ്രതിസന്ധിയാണുള്ളത്. കാലഹരണപ്പെട്ടുകഴിഞ്ഞ മുതലാളിത്തത്തിന്റെ പ്രതിസന്ധി എന്നുതന്നെ പറയാന്‍ എനിക്കു മടിയില്ല. മുതലാളിത്ത വ്യവസ്ഥയുടെ ഈ പ്രതിസന്ധി നിരവധി രൂപങ്ങളില്‍ പ്രകടമായിത്തീരുന്നുണ്ട്. എണ്ണ പ്രതിസന്ധി, ഊര്‍ജ്ജപ്രതിസന്ധി, ഭക്ഷണപ്രതിസന്ധി, പാരിസ്ഥിതിക പ്രതിസന്ധി എന്നിങ്ങനെ നിരവധി രൂപങ്ങളില്‍! പരമ്പരാഗത ധനശാസ്ത്രജ്ഞന്‍മാര്‍ ഈ ഓരോ പ്രതിസന്ധിയേയും പ്രത്യേകം പ്രത്യേകമായി വിശകലനം ചെയ്യുകയാണ് ചെയ്തത്. അവയോരോന്നും തമ്മിലുള്ള പരസ്പരബന്ധം മനസ്സിലാക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. മാര്‍ക്സിസ്റ്റ് വിശകലനരീതി സ്വീകരിച്ച ഞങ്ങളാകട്ടെ പ്രതിസന്ധികളെ അവയുടെ പരസ്പരബന്ധങ്ങളില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നു.

അതായത് മുതലാളിത്തം ആസന്നമരണാവസ്ഥയിലാണ് ?

കഴിഞ്ഞ ഇരുപത്തിയഞ്ചോ മുപ്പതോ വര്‍ഷങ്ങളായി നമ്മുടെ സാമൂഹികവ്യവസ്ഥ വാര്‍ദ്ധക്യദശയിലേക്കും വളരെ പെട്ടെന്നു പൊട്ടിത്തകരുന്ന കുമിളകളുടെ രൂപവത്കരണത്തിലേക്കും വര്‍ധിതമായ സാമ്പത്തികവത്ക്കരണത്തിലേക്കും (Financialisation) എത്തിച്ചേര്‍ന്നിരിക്കുന്നു. ഇക്കാര്യം മനസ്സിലാക്കണമെങ്കില്‍ നമ്മള്‍ നിയോലിബറലിസത്തെക്കുറിച്ചുള്ള വെറും വിവരണങ്ങളില്‍ നിന്ന് മുന്നോട്ടുപോകേണ്ടതുണ്ട്. നിയോലിബറലിസത്തിന്റെ മുഖംമൂടിക്കുപിറകില്‍ അറുപിന്തിരിപ്പനായ, നവയാഥാസ്ഥിതികമായ താത്പര്യങ്ങളും നയങ്ങളുമാണുള്ളത്. ആഗോളവത്ക്കരണം എന്ന പ്രയോഗത്തിലൂടെ അവയെല്ലാം മറച്ചുവെക്കാനുള്ള ശ്രമമാണ് നടന്നത്. യഥാര്‍ത്ഥത്തില്‍ ആഗോളവത്ക്കരണം എന്നത് മാനവചരിത്രത്തില്‍ വളരെ വളരെ വര്‍ഷങ്ങള്‍ക്കുമുന്‍പാരംഭിച്ച പ്രക്രിയയാണ്. മുതലാളിത്തം എന്നും ഒരു ആഗോളവത്ക്കരണ വ്യവസ്ഥയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ കോളനിവത്ക്കരണമെന്നത് ആഗോളവത്ക്കരണത്തിന്റെ ഒരു രൂപം തന്നെയായിരുന്നില്ലേ ? എന്നാല്‍ ഇപ്പോള്‍ ഈ പ്രയോഗം നടത്തപ്പെടുന്നത്, തങ്ങള്‍ പറയുന്ന ആഗോളവത്ക്കരണം സാമ്രാജ്യത്വആഗോളവത്കരണമാണെന്ന അപ്രിയകരമായ സത്യം ഒഴിവാക്കാനാണ്.

ക്രമാനുഗതമായി മുതലാളിത്തത്തില്‍ ദൃശ്യമായ ഗുണപരമായ മാറ്റത്തെക്കുറിച്ചുള്ള താങ്കളുടെ നിരീക്ഷണങ്ങള്‍ എന്താണ് ?

ഒന്ന്, അന്‍പതു വര്‍ഷത്തിനുമുന്‍പുള്ളതുമായി ഒരുവിധത്തിലും താരതമ്യം സാധ്യമല്ലാത്തവിധം മൂലധനത്തിന്റെ ആഗോളവത്കരണം സംഭവിച്ചിരിക്കുന്നു. രണ്ട്, അത്ഭുതപൂര്‍വ്വമായ ഈ ആഗോളവത്കരണത്തിന്റെ ഫലമായി എണ്ണത്തില്‍ അയ്യായിരത്തോളംമാത്രം വരുന്ന പ്രഭുക്കളുടെ കൈയില്‍ എല്ലാം കേന്ദ്രീകരിക്കുന്ന ആഗോള മുതലാളിത്തഘടന നിലവില്‍ വന്നിരിക്കുന്നു. ഈ ഭൂമുഖത്തുള്ള ഏതുരാജ്യത്തിലുമുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയകാര്യങ്ങളെക്കുറിച്ചും നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്നത് ഈ പ്രഭുക്കളും അവരുടെ പിന്നിലുള്ള ശക്തികളുമാണ്. ഇത് പുതിയ കാര്യമാണ്. മുതലാളിത്തത്തിനുകീഴില്‍ സമൂഹം നിരന്തരമാറ്റത്തിനു വിധേയമാണ്. ശാസ്ത്രവികാസവും പുതിയ സാങ്കേതികവിദ്യകളും സംഭവിക്കുന്നുണ്ട്. എന്നാല്‍ ഈ മാറ്റങ്ങള്‍ പഠനവിധേയമാക്കുമ്പോള്‍ മൂലധനത്തിന്റെ ആഗോളവത്കരണം നടക്കുന്ന തലത്തില്‍ എന്തുസംഭവിക്കുന്നുവെന്ന പരിശോധന സുപ്രധാനമാണ്. കാരണം, സമൂഹത്തില്‍ നടക്കുന്ന മാറ്റങ്ങളെല്ലാംതന്നെ മൂലധന സമാഹരണത്തിന്റെ ആവശ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സംഭവിക്കുന്നത്.

മൂലധനവ്യവസ്ഥ എങ്ങനെ പിടിച്ചുനില്‍ക്കുന്നു ?

അമേരിക്കയും യൂറോപ്പും ജപ്പാനുമുള്‍ക്കൊള്ളുന്ന കൂട്ടുസാമ്രാജ്യതത്തിന്റെ വസ്തുനിഷ്ഠമായ അടിത്തറ ഈ കേന്ദ്രീകരണത്തിലൂടെ സൃഷ്ടിക്കപ്പെടുന്നുവെന്നതാണ്. മുന്‍കാലങ്ങളില്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനദശകങ്ങള്‍ മുതല്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി പില്‍ക്കാലത്ത് അമേരിക്ക എന്നിങ്ങനെ വിവിധ സാമ്രാജ്യത്വ രാഷ്ട്രങ്ങളും അവ തമ്മില്‍ യുദ്ധങ്ങളടക്കമുള്ള സംഘര്‍ഷങ്ങളുമാണ് ചരിത്രത്തിലുണ്ടായത്. ഇപ്പോഴാകട്ടെ നമ്മള്‍ അഭിമുഖീകരിക്കുന്നത് അമേരിക്ക-യൂറോപ്പ്-ജപ്പാന്‍ ത്രിമൂര്‍ത്തികളുടെ കൂട്ടുസാമ്രാജ്യത്വത്തെയാണ്. ഇതു വികസിച്ചുവന്നത് രണ്ടാം ലോകമഹായുദ്ധത്തിനുശേഷമാണ്. ആഗോള മുതലാളിത്ത വ്യവസ്ഥയുടെ നടത്തിപ്പിനാവശ്യമായ സാമഗ്രികളെല്ലാം ഈ കൂട്ടുസാമ്രാജ്യത്വം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഐ.എം.എഫ്, ലോകബാങ്ക്, അവയെക്കാള്‍ പ്രധാനമായ ലോക വ്യാപാരസംഘടന എന്നീ സാമ്പത്തിക സാമഗ്രികള്‍, ജി-7 രാജ്യങ്ങള്‍, അമേരിക്കയുടെ സൈനികശക്തി, നാറ്റോ സഖ്യം എന്നിവയുള്‍ക്കൊള്ളുന്ന സൈനിക-രാഷ്ട്രീയ സാമഗ്രികള്‍. ഇത് പുതിയൊരു പ്രതിഭാസമാണ്. സാമ്രാജ്യത്വരാജ്യങ്ങള്‍ തമ്മില്‍ വൈരുദ്ധ്യങ്ങളില്ല എന്നതല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ ആ വൈരുദ്ധ്യങ്ങള്‍ക്ക് ഇന്നത്തെ ലോകത്തില്‍ പ്രഥമ സ്ഥാനമില്ല. അവ ദ്വിതീയമാണ്. മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തന്റെയും അഞ്ചു നൂറ്റാണ്ടുകളില്‍ സംഭവിച്ചതുപോലെ ഈ വൈരുദ്ധ്യങ്ങള്‍ സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര യുദ്ധങ്ങളിലേക്ക് നയിക്കുകയില്ല എന്നര്‍ത്ഥം.

മൂലധന കേന്ദ്രീകരണത്തിന്റെ രണ്ടാമത്തെ പ്രത്യാഘാതം മൂലധനത്തിന്റെ ധനവല്‍ക്കരണമാണ് (Financialisation of capital). കാര്യക്ഷമമായ ഉല്‍പാദനപ്രക്രിയകള്‍ക്ക് സഹായകമായ മേഖലകള്‍ അന്വേഷിച്ചുകൊണ്ടിരിക്കല്‍; തൊഴിലാളികളെ വരുതിയില്‍ കൊണ്ടുവന്നശേഷം അവരെ ചൂഷണം ചെയ്യല്‍. മിച്ചമൂല്യം സമാഹരിക്കല്‍ എന്നിവ മൂലധനത്തിന്റെ അടിസ്ഥാനപരമായ യുക്തിയാണ്. എണ്ണത്തില്‍ ന്യൂനപക്ഷമായ പ്രഭുക്കളുടെ കൈകളില്‍ കേന്ദ്രീകരിക്കപ്പെടുന്ന മുതലാളിത്തമാകട്ടെ, അതിന്റെ വികാസത്തിന് മറ്റൊരുതരം യുക്തിയെയാണാശ്രയിക്കുന്നത്. ഇവിടെ പ്രഭുക്കള്‍ക്കിടയിലുള്ള മത്സരം നാണയ-ധനവിപണികള്‍ക്കു വേണ്ടിയുള്ള മത്സരമായി പരിണമിക്കന്നു. ഈ വിപണികളില്‍ നിന്നുള്ള ലാഭത്തിന്റെ സ്ഥായിയായ വിതരണം മറ്റൊരു സ്വഭാവത്തോടുകൂടിയതാണ്. അത് തൊഴിലാളികളുടെ മേലുള്ള ചൂഷണവുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. വിപണികളെ സംബന്ധിച്ച് പരമ്പരാഗത ധനശാസ്ത്രജ്ഞന്‍മാര്‍ നടത്തുന്ന സാമാന്യവത്ക്കരണങ്ങളെ ഇക്കാരണംകൊണ്ടുതന്നെ അപ്പടി അംഗീകരിക്കാനും സാധ്യമല്ല. വിപണികള്‍ പലവിധത്തിലുണ്ട്. വഴിയരികില്‍ സ്ത്രീകള്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്ന വിപണികളുണ്ട്. അതിനേക്കാള്‍ ഉയര്‍ന്ന നിലവാരത്തിന്‍ ശ്രേണീബന്ധത്തില്‍ മറ്റു വിപണികളുണ്ട്. യഥാര്‍ത്ഥ വിപണികള്‍, പ്രധാന വിപണികള്‍ ലാഭത്തിന്റെ പുനര്‍ വിതരണത്തിനുവേണ്ടി മുതലാളിത്ത പ്രഭുക്കള്‍ മത്സരിക്കുന്ന വിപണികളാണ്.

ഭൂരിപക്ഷം ജനതയും അധികപ്പറ്റായി തീരുന്നതിന്റെ അര്‍ത്ഥം, വ്യവസ്ഥ അപ്രസക്തമായി എന്നല്ലേ?

ഇന്നത്തെ സാമ്പത്തികപ്രതിസന്ധിക്കടിയിലുള്ളത് മുതലാളിത്ത സമ്പ്രദായത്തിന്റെ പ്രതിസന്ധിയാണ്. മുതലാളിത്തത്തിന്റെ ഈ പ്രതിസന്ധിക്ക് വിഭിന്നമായ മാനങ്ങളുണ്ട്. വ്യത്യസ്തമായ രൂപങ്ങളില്‍ അത് പ്രകടമാകുന്നു. പല കാര്യങ്ങളും പുതിയവയാണ്. അവയില്‍ത്തന്നെ നമ്മെ സംബന്ധിച്ചിടത്തോളം അതീവ പ്രാധാന്യമുള്ള കാര്യങ്ങളുമുണ്ട്. വിഭവദൌര്‍ലഭ്യം എന്നത് നമ്മുടെ സാമൂഹികവ്യവസ്ഥയ്ക്ക് വയസ്സായി എന്നും, അത് കാലഹരണപ്പെട്ടു കഴിഞ്ഞു എന്നും നമ്മെ ബോധ്യപ്പെടുത്തുന്ന പ്രധാനപ്പെട്ട ഒരു കാര്യമാണ്. അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ നാടുകളുടെ നേതൃത്വത്തില്‍ ഇന്നത്തെപ്പോലെ ഒരു ചെറു ന്യൂനപക്ഷത്തിന്റെ ഉപഭോഗാസക്തിയും ധൂര്‍ത്തും യഥേഷ്ടം അനുവദിച്ചുകൊണ്ട് ഇനിയും നമ്മുടെ സാമൂഹിക സംവിധാനത്തിന് വികസിക്കാനാകില്ല. അത് സാധ്യമാകണമെങ്കില്‍ ഭൂമിയിലെ പ്രകൃതിവിഭവങ്ങളുടെ പൂര്‍ണ്ണമായ അവകാശം തങ്ങളുടേതാക്കുകയും ഏഷ്യനാഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് അവയുടെ പങ്ക് പൂര്‍ണ്ണമായും നിഷേധിക്കുകയും ചെയ്യുന്ന സമീപനം യു.എസ് - യൂറോപ്പ്-ജപ്പാന്‍ കൂട്ടുസാമ്രാജ്യത്വത്തിന് സ്വീകരിക്കേണ്ടിവരും. വളരെ അടുത്ത കാലംവരെ നമ്മള്‍ കരുതിപ്പോന്നത് പ്രകൃതിവിഭവങ്ങള്‍ എന്നും സമൃദ്ധമായിരിക്കും എന്നാണ്. അതുകൊണ്ടുതന്നെ പുതുതായി അവ തേടിയെത്തുന്ന ആളുകള്‍ക്ക് അത് പിടിച്ചടക്കി വെച്ചിരിക്കുന്നവര്‍ ഭീഷണിയായിരുന്നില്ല. ഇന്ന് സ്ഥിതി അതല്ല. ഈ അവസ്ഥയുടെ സങ്കീര്‍ണ്ണതകള്‍ അറിയുന്നതുകൊണ്ടുതന്നെ ലോകമാകെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതിനാവശ്യമായ ഏതെങ്കിലും സംവിധാനങ്ങള്‍ ആവശ്യമാണെന്ന് കൂട്ടുസാമ്രാജ്യത്വശക്തികള്‍ തിരിച്ചറിയുന്നുണ്ട്. കാരണം, ഇന്നല്ലെങ്കില്‍ നാളെ പ്രകൃതി വിഭവങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഏതെങ്കിലും രാജ്യം തങ്ങളെ തോല്‍പ്പിക്കുകയും വിജയം നേടുകയും ചെയ്തേക്കും. ആഗോളവത്ക്കരണത്തിന്റെ സൈനികവത്കരണം ഒരു യാദൃശ്ചികതയല്ല എന്നര്‍ത്ഥം. അത് ജോർജ് ബുഷ് ജൂനിയറിന്റെയോ ജോർജ് ബുഷ് സീനിയറിന്റെയോ ഭാവനയില്‍ സംഭവിച്ചതല്ല.

സാമ്രാജ്യത്വരാഷ്ട്രങ്ങള്‍ക്ക് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാനൊക്കില്ല എന്ന വസ്തുനിഷ്ഠ യാഥാര്‍ത്ഥ്യത്തിന്റെ പ്രതിഫലനമാണിത്. എന്റെ അഭിപ്രായത്തില്‍ വരും ദശകങ്ങളില്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിനെ സംബന്ധിച്ച് അവരഭിമുഖീകരിക്കുന്ന വെല്ലുവിളി കൂടിയാണിത്. മുതലാളിത്തം ചരിത്രത്തിന്റെ അന്ത്യമല്ലെന്നും ശാശ്വതമായ ഒരു വ്യവസ്ഥയല്ലെന്നും മാനവരാശിയുടെ സുദീര്‍ഘമായ ചരിത്രത്തിലെ ഒരു ഘട്ടം മാത്രമാണെന്നും മാര്‍ക്സ് പറഞ്ഞു. മുതലാളിത്തവ്യവസ്ഥയ്ക്കുള്ളില്‍ത്തന്നെ അതില്‍നിന്ന് മുന്നോട്ടുനീങ്ങാനും പുതിയ സാമൂഹികബന്ധങ്ങളും ഉത്പാദനബന്ധങ്ങളും ജീവിതരീതികളും സൃഷ്ടിക്കാനുള്ള സാഹചര്യങ്ങളും ജന്മം കൊള്ളുന്നുവെന്നും അദ്ദേഹം സിദ്ധാന്തിച്ചു. മാര്‍ക്സിന്റെ നിരീക്ഷണങ്ങളെക്കുറിച്ച് ബോധവാന്മാരല്ലാത്തവര്‍തന്നെ, ഉദാഹരണത്തിന് പരിസ്ഥിതിവാദികള്‍, പ്രകൃതിവിഭവങ്ങളുടെ നീതിപൂര്‍വ്വകമായൊരു നവീന ഉപഭോഗക്രമം ആവശ്യമാണെന്ന് തങ്ങളുടെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കണ്ടെത്തുന്നുണ്ട്. എന്നാല്‍ മുതലാളിത്തത്തിന്റെ മിച്ചമൂല്യസമാഹരണ പ്രക്രിയയുമായി ഇതിനെ അവര്‍ ബന്ധപ്പെടുത്തുന്നില്ല. മുതലാളിത്ത വ്യവസ്ഥയാണ് ഇന്നത്തെ നീതിപൂര്‍വമല്ലാത്ത ഉപഭോഗക്രമത്തിനു കാരണമെന്നും മുതലാളിത്തം കാലഹരണപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്നും അവര്‍ കാണുന്നില്ല. മനുഷ്യരാശിയില്‍ ബഹുഭൂരിപക്ഷത്തിനും പ്രകൃതിവിഭവങ്ങള്‍ അപ്രാപ്യമായിത്തീരുമ്പോള്‍, പ്രകൃതിവിഭവങ്ങള്‍ സ്വായത്തമാക്കിയവരെപ്പോലെ ആയിത്തീരുക എന്ന അവരുടെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടാതെ പോകുമ്പോള്‍ അത്തരമൊരു വ്യവസ്ഥയില്‍ ബഹുഭൂരിപക്ഷം ജനങ്ങളും അധികപ്പറ്റായിത്തീര്‍ന്നു. അപ്പോള്‍ ഞാന്‍ പറയട്ടെ, ബഹുഭൂരിപക്ഷം ജനങ്ങളും അധികപ്പറ്റാകുന്ന അവസ്ഥയിലേക്ക് ഒരു സമൂഹം എത്തിച്ചേര്‍ന്നു കഴിഞ്ഞിട്ടുണ്ടെങ്കില്‍, അത്തരമൊരു വ്യവസ്ഥ അപ്രസക്തമായിക്കഴിഞ്ഞില്ലേ എന്ന്, കാലഹരണപ്പെട്ടില്ലേ എന്ന്, അത് മാറ്റപ്പെടേണ്ടതല്ലേ എന്ന് നമ്മള്‍ സ്വയം ചോദിക്കേണ്ടതുണ്ട്. ഒരു സാമൂഹികവ്യവസ്ഥ, സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആവശ്യങ്ങളോട് പ്രതികരിക്കേണ്ടതുണ്ട്. അല്ലാതെ ഒരു ന്യൂനപക്ഷത്തിന്റെ അഭിലാഷങ്ങളുടെ വാഹകരാവുകയല്ല ചെയ്യേണ്ടത്. ഇത് ഒരു മാര്‍ക്സിസ്റ്റ് വിശകലനമാണെന്ന് ഞാന്‍ കരുതുന്നു.

മാന്ദ്യത്തെ നേരിടാന്‍ വ്യതസ്തമായ നയങ്ങളാണ് വേണ്ടത്, പക്ഷെ ഭരണകൂടങ്ങള്‍ നടപ്പാക്കുന്നതോ?

മുതലാളിത്ത പ്രഭുക്കന്മാരും അവരുടെ വേലക്കാരും അമേരിക്ക, യൂറാപ്പ്, ജപ്പാന്‍ എന്നിവയും മറ്റു ഗവണ്‍മെന്റുകളും എന്താണ് ചെയ്യുന്നത്? ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സെപ്റ്റംബറിലെ തകര്‍ച്ചയ്ക്കു മുന്‍പുള്ള അവസ്ഥ പുനഃസ്ഥാപിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഒരു തരത്തിലുള്ള മാറ്റവും ലക്ഷ്യമാക്കപ്പെടുന്നില്ല. പുനഃസ്ഥാപനം മാറ്റമല്ല. പുനഃസ്ഥാപിക്കുക, ആഗോള നാണയ സാമ്പത്തിക വ്യവസ്ഥയുമായി ഏകീകരിക്കുക, അപക്രമീകരണം നടത്തുക...അങ്ങനെയങ്ങനെ... പ്രഭുക്കളുടേതുമാത്രമായ അധികാരങ്ങള്‍ നിലനിര്‍ത്തുകയും അവരവരുടെ സംരക്ഷണത്തിനുതകുന്ന ആഗോളതന്ത്രങ്ങള്‍ തുടരുകയും ചെയ്യുക. എന്നാല്‍ വരും മാസങ്ങളില്‍ എന്നല്ല വര്‍ഷങ്ങളില്‍ത്തന്നെ വ്യവസ്ഥയെ പുനഃസ്ഥാപിക്കുക എന്നത് സാധ്യമല്ലെന്നു തോന്നുന്നു. ഇതിനു മൂന്നു കാരണങ്ങളുണ്ട്.

ഒന്ന്, സാമ്പത്തിക സ്ഥാപനങ്ങളുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ ആവശ്യമായ പണം വന്‍തോതിലുള്ളതാണ്. ട്രില്യന്‍ ഡോളറുകളില്‍ ഒരുപക്ഷേ, രണ്ടായിരം ട്രില്യന്‍ ഡോളറിനും മീതെ.

രണ്ട്, പ്രതിസന്ധിക്കിരയായിത്തീര്‍ന്നവരുടെ പ്രതിഷേധം. അത് എത്രമാത്രം ശിഥിലവും രാഷ്ട്രീയ ബദല്‍ എന്ന രൂപത്തില്‍ സാംശീകരിക്കുന്നതില്‍ നിന്ന് എത്രമാത്രം ദൂരെയുമാകട്ടെ, അതിന്റേതായ പ്രതികരണങ്ങള്‍ സൃഷ്ടിക്കും.

മൂന്ന്, തെക്കന്‍ നാടുകളിലെ ഗവണ്‍മെന്റുകളില്‍പ്പെട്ട ആളുകള്‍, ആഗോള നാണയ ധന വ്യവസ്ഥയുമായി ഏകീകരിക്കുന്നതിന്റെ, വീണ്ടും ഏകീകരിക്കുന്നതിന്റെ പ്രത്യാഘാതങ്ങള്‍ മനസ്സിലാക്കും, ഈ പുനഃരേകീകരണം ലക്ഷ്യമിടുന്നത് ന്യൂനപക്ഷം വരുന്ന മുതലാളിത്ത പ്രഭുക്കള്‍ക്ക് ഏഷ്യന്‍, ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ പ്രകൃതിവിഭവങ്ങളെ കൊള്ളയടിക്കാനും കുറഞ്ഞ കൂലിക്ക് തൊഴില്‍ശക്തി നേടിയെടുക്കാനും ഉയര്‍ന്ന ലാഭനിരക്ക് നിലനിര്‍ത്താനും ലാഭം പങ്കിട്ടെടുക്കാനുമുള്ള സൌകര്യങ്ങളാണ്. ഈ ശ്രമത്തില്‍ അവര്‍ വിജയിക്കുകയാണെങ്കില്‍ ഏറെ താമസിയാതെ ഈ സാമൂഹികവ്യവസ്ഥ ഗുരുതരമായ പ്രതിസന്ധികളെ വീണ്ടും അഭിമുഖീകരിക്കും.

അപ്പോള്‍ ചോദ്യമിതാണ്, എന്താണ് ബദല്‍? സോഷ്യലിസമല്ലാതെ മറ്റു ബദലുകളില്ല എന്ന് പറഞ്ഞാല്‍ എന്താണര്‍ത്ഥം?

ചരിത്രത്തില്‍ പല തരത്തിലുള്ള സോഷ്യലിസ്റുകള്‍ ഉണ്ടായിട്ടുണ്ട്. വ്യാവസായിക മുതലാളിത്തത്തിന്റെ കാലം മുതല്‍, ഫേബിയന്‍ സോഷ്യലിസ്റ്റുകള്‍, മാര്‍ക്സിസ്റ്റുകള്‍, രണ്ടാം ഇന്റര്‍നാഷണല്‍ മാര്‍ക്സിസ്റ്റുകള്‍, മൂന്നാം ഇന്റര്‍നാഷണല്‍ മാര്‍ക്സിസ്റ്റുകള്‍ എന്നിങ്ങനെ. സമഗ്രമായൊരു വിപ്ളവം; അതേത്തുടര്‍ന്ന് വളരെ ചെറിയൊരു ചരിത്ര കാലയളവിനുള്ളില്‍ ഒരു സോഷ്യലിസ്റ് സമൂഹം-ഇതായിരുന്നു സോഷ്യലിസത്തെക്കുറിച്ചുള്ള സങ്കല്പം. പക്ഷേ, ചരിത്രത്തില്‍ കൂടുതലായി നടന്ന കാര്യം വിപ്ളവങ്ങളെല്ലാം പ്രാന്തപ്രദേശരാജ്യങ്ങളിലാണ് ഉണ്ടായത് എന്നതാണ്. റഷ്യതൊട്ട് ചൈനയും ക്യൂബയും വിയറ്റ്നാമും വരെ. ദേശീയ വിമോചനത്തിനുവേണ്ടി മര്‍ദ്ദിതരാഷ്ട്രങ്ങളുടെ സമൂലമായ വന്‍ മുന്നേറ്റങ്ങള്‍. ഇരുപതാം നൂറ്റാണ്ടിലെ ഈ സമരങ്ങളെ സോഷ്യലിസത്തിന്റെ ഒന്നാം തരംഗം എന്നു ഞാന്‍ വിളിക്കട്ടെ. തൊഴിലാളികളുടെയും മര്‍ദിതജനങ്ങളുടെയും, വിമോചനമായിരുന്നു അതിന്റെ ലക്ഷ്യം. ആ നൂറ്റാണ്ടിലെ വസ്തുനിഷ്ട സാഹചര്യങ്ങള്‍ മാത്രമല്ല, അന്നത്തെ സാമൂഹ്യവ്യവസ്ഥയുടെ ആന്തരിക വൈരുദ്ധ്യങ്ങളും ഇത്തരമൊരു മുന്നേറ്റത്തിനു കാരണമായി. ഇപ്പോള്‍ സോഷ്യലിസത്തിനുവേണ്ടിയുള്ള സമരത്തിലെ തന്ത്രപരമായൊരു പുതിയ ദൌത്യത്തിലേക്ക് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂമുഖത്ത് ഒരു വര്‍ഗരഹിത സമൂഹത്തിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതിനുവേണ്ടി മാത്രമുള്ളതല്ല ഈ നീക്കം. മറിച്ച് ഒരു ദീര്‍ഘകാല പ്രാപഞ്ചിക പരിവര്‍ത്തനപ്രക്രിയയായി ഞാന്‍ മനസ്സിലാക്കുന്ന സോഷ്യലിസ്റ്റ് പാതയില്‍ എങ്ങനെ മുന്നേറാം എന്നതിനെക്കുറിച്ചുള്ള കാര്യക്ഷമമായ ഒരു തന്ത്രവിചാരം കൂടിയാണ് അത് (efficient strategic thinking).ഇത് അഞ്ചോ പത്തോ കൊല്ലം കൊണ്ട്, കുറേ ദേശസാല്‍ക്കരണങ്ങളിലൂടെ ധൃതിപിടിച്ചുണ്ടാക്കാന്‍ കഴിയുന്ന സോഷ്യലിസമല്ല. മറിച്ച് അടുത്ത നൂറ്റാണ്ടിലേക്കും നീളുന്ന ഒരു ദീര്‍ഘമായ പരിവര്‍ത്തനമാണ്.

എന്തൊക്കെയാവും അത്തരമൊരു പരിവര്‍ത്തനത്തിന്റെ മുഖമുദ്രകള്‍?

ആദ്യത്തേത് തെക്കന്‍ നാടുകളിലെ ജനങ്ങളുടെ ദൃഷ്ടിയില്‍ നിന്നുകൊണ്ട് ഇതിനെ ദേശീയ-ജനപ്രിയ-ജനാധിപത്യ ശാക്തികചേരി എന്നു ഞാന്‍ വിളിക്കും. ഇതാകട്ടെ ഇന്നു നിലവിലുള്ള മുതലാളി-ഭൂവുടമ-ധനിക കര്‍ഷക സഖ്യം, അതോടൊപ്പമുള്ള മധ്യവര്‍ഗത്തിലെ ഒരു വിഭാഗം എന്നിവ ചേര്‍ന്നു രൂപപ്പെട്ട അധീശ ശാക്തിക ചേരിയെ പുറന്തള്ളാനുദ്ദേശിച്ചുള്ളതാണ്. ഇന്ത്യയിലേക്കോ മറ്റു ഏഷ്യന്‍ ആഫ്രിക്കന്‍ ലാറ്റിനമേരിക്കന്‍ നാടുകളിലേക്കോ നോക്കുമ്പോള്‍ ബഹുഭൂരിപക്ഷം ജനങ്ങളും ഭൂരഹിതരോ, നിര്‍ദയം ചൂഷണം ചെയ്യപ്പെടുന്ന ദരിദ്ര കര്‍ഷകരോ ആണെന്നു നാം കാണുന്നു. സോഷ്യലിസ്റ്റ് ബദലിന്റെ അടിത്തറയാകേണ്ടവര്‍ ഇവര്‍ തന്നെയാണ്. അവര്‍ക്ക് ഭൂമിയിലുള്ള അവകാശമുറപ്പുവരുത്തുന്ന, ഓരോ രാജ്യത്തെയും പ്രത്യേക സാഹചര്യങ്ങള്‍ക്കൊത്ത സമഗ്രമായ ഭൂപരിഷ്ക്കരണം സോഷ്യലിസ്റ്റ് ബദലിന്റെ അനിവാര്യ ഭാഗമാണ്.

രണ്ടാമത്തേത് തൊഴിലാളികള്‍; താരതമ്യേന നല്ല സേവന വേതന വ്യവസ്ഥകളുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളിയല്ല; മറിച്ച് തീര്‍ത്തും മോശമായ സാഹചര്യങ്ങളില്‍ പണിയെടുക്കേണ്ടിവരുന്ന മഹാഭൂരിപക്ഷം തൊഴിലാളികള്‍. ഈ രണ്ടു വിഭാഗങ്ങളിലും പെട്ട തൊഴിലാളികളെ എങ്ങനെ കൂട്ടിയോജിപ്പിക്കാമെന്നത്, വിവിധ തലങ്ങളിലുള്ള തൊഴിലാളികളുടെ ഏകോപിത സമരങ്ങള്‍ക്ക് തന്ത്രപരമായ പൊതുലക്ഷ്യങ്ങള്‍ എങ്ങനെ കണ്ടെടുക്കാമെന്നത് മറ്റുള്ളവരോടൊപ്പം ട്രേഡ്യൂണിയനുകള്‍ക്ക് മുന്‍പില്‍ വിശേഷിച്ചും ഉയര്‍ന്നുവരുന്ന വെല്ലുവിളിയാണ്. അത്തരം ഏകോപിത സമരവേദികളിലേക്ക്, മുതലാളിത്ത യുക്തിക്ക് പൂര്‍ണ്ണമായും കീഴ്പ്പെട്ടിട്ടില്ലാത്തവരും വ്യവസ്ഥയിലേക്ക് ആഗിരണം ചെയ്യപ്പെട്ടുകഴിഞ്ഞിട്ടില്ലാത്തവരുമായ മധ്യവര്‍ഗത്തിലെ ചില വിഭാഗങ്ങളെങ്കിലും ആകര്‍ഷിക്കപ്പെടുമെന്ന് എനിക്കു തോന്നുന്നു. ഈ വിഭാഗങ്ങളെല്ലാമുള്‍ക്കൊള്ളുന്ന ചരിത്രപരമായും പ്രത്യയശാസ്ത്രപരമായും വൈവിധ്യമാര്‍ന്ന വേരുകളുള്ള ഭൂരിപക്ഷത്തെ സാമൂഹികനിയോജകമണ്ഡലം (social constsiuency) എന്നു ഞാന്‍ വിളിക്കും. സാമൂഹികനിയോജകമണ്ഡലം എന്നത്, ഇടതുപക്ഷത്തെയോ വലതുപക്ഷത്തെയോ ഏതെങ്കിലും പാര്‍ട്ടിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന തിരഞ്ഞെടുപ്പു നിയോജകമണ്ഡലത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. തിരഞ്ഞെടുപ്പ് നിയോജകമണ്ഡലങ്ങള്‍ വളരെ അസ്ഥിരരൂപമുള്ളവയാണ്.

എങ്ങനെയാണ് സാമൂഹിക നിയോജകമണ്ഡലത്തെ ശാക്തികതുലനത്തില്‍ മാറ്റങ്ങള്‍ വരുത്താവുന്ന ഒന്നാക്കി മാറ്റിത്തീര്‍ക്കുക?

ഇതേക്കുറിച്ച് ആക്ടീവിസ്റ്റുകള്‍ക്കിടയില്‍ നിരന്തരം വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊരു പദ്ധതി, സമഗ്രമായ ഭൂപരിഷ്ക്കരണത്തിന്റെ അഭാവത്തില്‍ വിജയപ്രദമാകില്ലെന്നും അതിനാകട്ടെ കര്‍ഷകരില്‍ ഭൂരിപക്ഷവും സമരത്തിന്റെ പാതയില്‍ അണിനിരക്കേണ്ടതുണ്ട് എന്നും ഞാന്‍ പറയും. മാവോയിസം മാര്‍ക്സിസത്തിനു നല്കിയ ക്രിയാത്മകമായ സംഭാവന കര്‍ഷക പ്രശ്നത്തെക്കുറിച്ചുള്ള കാഴ്ചപ്പാടാണ്. അല്ലാതെ അഞ്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ചല്ല. രണ്ടാമത്തെ കാര്യം നമ്മുടെ സമൂഹത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാനുതകുന്ന പ്രത്യയശാസ്ത്രസമരമാണ്. ലോകത്തിലെല്ലായിടത്തും ജനമനസ്സുകളെ വിശേഷിച്ചും യുവമനസ്സുകളെ മലിനമാക്കുന്ന ചിലതെല്ലാം നിലനില്ക്കുന്നുണ്ട്. തങ്ങളുടെ വിദ്യാഭ്യാസയോഗ്യതകള്‍ കാരണം, ജനങ്ങളെ സംഘടിപ്പിച്ച് അണിനിരത്തുന്നതില്‍ യുവാക്കള്‍ക്ക് വഹിക്കാന്‍ കഴിയുന്ന സര്‍ഗ്ഗാത്മകമായ സംഭാവനകള്‍ ഇതുകാരണം ഇല്ലാതാക്കപ്പെടുന്നുണ്ട്. മൂന്നാമത്തെ കാര്യം വളരെ പരമ്പരാഗതമായ ബൂര്‍ഷ്വാ ജനാധിപത്യ സങ്കല്പമാണ്. ഈ സങ്കല്‍പ്പം വെച്ചുപുലര്‍ത്തുന്ന ആളുകള്‍ പറയും. "ഇന്ത്യയില്‍ ഒരു ബഹുകക്ഷി ജനാധിപത്യവ്യവസ്ഥയുണ്ട്, തിരഞ്ഞെടുപ്പുകളുണ്ട്, അമേരിക്കയോട് സദൃശമോ അതിനേക്കാളുയര്‍ന്നതോ ആണ് ജനാധിപത്യത്തിന്റെ നിലവാരം. അതിന് മാന്യതയുണ്ട്. പിന്നെ ഒട്ടനവധി അവകാശങ്ങള്‍ അത് പൌരന്മാര്‍ക്ക് ഉറപ്പു നല്കുന്നുണ്ട്. എന്നാല്‍ ചരിത്രപരമായി, നിലവിലുണ്ടായിരുന്ന സോഷ്യലിസമാകട്ടെ നേര്‍വിപരീതമായിരുന്നു. ജനാധിപത്യമില്ലാത്തതും അവകാശങ്ങളെ നിഷേധിച്ചതും തിരഞ്ഞെടുപ്പുകള്‍ ഇല്ലാത്തതുമായ ഒരു വ്യവസ്ഥ. അതുകൊണ്ട് ഇവിടുത്തെ ജനാധിപത്യമാണ് നിലവിലിരുന്ന സോഷ്യലിസത്തെക്കാള്‍ ഭേദം. ഭാവിയിലേക്കും അതുതന്നെയാണ് അഭികാമ്യം'' എന്ന്.

സാമൂഹികപുരോഗതിയുടെ സങ്കല്പങ്ങളില്‍നിന്ന് പൂര്‍ണമായും അടര്‍ത്തിമാറ്റപ്പെട്ട ജനാധിപത്യസങ്കല്പമാണിത്. സോഷ്യലിസത്തിലെക്കുള്ള സുദീര്‍ഘമായ പാതയില്‍ അനുപേക്ഷണീയമായിരിക്കുന്നത്. സമൂഹത്തിന്റെ നിരന്തരമായ ജനാധിപത്യവത്കരണത്തിനുവേണ്ടിയുള്ള അനുക്രമവും അക്ഷയവുമായ പോരാട്ടമാണ്. ഇതാകട്ടെ കേവലം തിരഞ്ഞെടുപ്പുകള്‍ക്കുവേണ്ടിയുള്ള രൂപരേഖകളില്‍ നിന്ന് അടിസ്ഥാനപരമായിത്തന്നെ വ്യത്യസ്തമാണ്. മാത്രവുമല്ല അതിന് ലിംഗവേവേചനത്തിനും ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സുപ്രധാനമായ ജാതീയ മര്‍ദനത്തിനുമെതിരായവയടക്കം വളരെ വിപൂലമായ മാനങ്ങളുമുണ്ട്.

ഇവയെ സാമൂഹീകപുരോഗതിയുമായി ബന്ധിപ്പിച്ച് കാണാന്‍ ഞാനാഗ്രഹിക്കുന്നു. ഇതാണ് വെല്ലുവിളി. ജനാധിപത്യവത്കരണത്തിന്റെ പുതിയ രൂപങ്ങള്‍ കണ്ടെത്തല്‍. സാമൂഹികമായ അവകാശങ്ങളെപരിഗണനാക്രമങ്ങളില്‍ ഏറ്റവും മുകളില്‍ പ്രതിഷ്ഠിക്കല്‍, ഭക്ഷണത്തിനുള്ള അവകാശം. എല്ലാവര്‍ക്കും വിദ്യാഭ്യാസത്തിനും ആരോഗ്യപരിരക്ഷയ്ക്കുമുള്ള അവകാശം, ഇതോടൊപ്പം സ്വത്തവകാശമടക്കമുള്ള എല്ലാ അവകാശങ്ങളും ജനാധിപത്യയുക്തിയുടെ ആവശ്യങ്ങള്‍ക്കും വികാസത്തിനും കീഴ്പ്പെടുത്തല്‍... ഇവിടെ പങ്കാളിത്ത ജനാധിപത്യം എന്ന പ്രയോഗം ഞാന്‍ ഒഴിവാക്കുകയാണ്. പങ്കാളിത്ത ജനാധിപത്യമെന്ന പേരില്‍ നിരവധി വികൃതസങ്കല്‍പങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നതുകൊണ്ടുതന്നെ, ക്രമാനുഗതമായി വികസിച്ചുവരുന്ന ജനാധിപത്യത്തിന്റെ വിഭിന്ന രൂപങ്ങള്‍ എന്നു പറയാം. ഇത്തരം രൂപങ്ങളെല്ലാം തന്നെ മനുഷ്യാവകാശങ്ങളോട് സംഘടനാ സ്വാതന്ത്ര്യത്തോട് കണിശമായ ആദരവ് പുലര്‍ത്തേണ്ടതുണ്ട് എന്നത് സുപ്രധാനമായ കാര്യമാണ്. എന്നാല്‍ ഇത്തരം അവകാശങ്ങള്‍ സ്ഥായീരൂപത്തില്‍ നിലനിര്‍ത്തണമെങ്കില്‍ ജനങ്ങള്‍ തന്നെ അവ പിടിച്ചെടുക്കേണ്ടതുണ്ട്. ഇത്തരം അവകാശങ്ങള്‍ മുകളില്‍ നിന്നും ഇറക്കിവെക്കാന്‍ അധികാരകേന്ദ്രങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. പഴയ സോഷ്യലിസ്റ്റ് രാജ്യങ്ങളിലും ഇന്ത്യയെപ്പോലെ 'പകുതി മുതലാളിത്തം, പുകുതി സോഷ്യലിസം' പറഞ്ഞ രാജ്യങ്ങളിലും ഇത്തരം ശ്രമങ്ങള്‍ നടന്നു. ഇപ്പോള്‍ നമുക്ക് പറയാനാകുന്നത്, മുകളില്‍ നിന്ന് അടിച്ചേല്പിക്കുന്നതില്‍ നിന്നു വ്യത്യസ്തമായൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ അടിത്തട്ടില്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രിയ സംഘടനകള്‍ക്ക് കഴിയുമെന്നാണ്. യഥാര്‍ത്ഥത്തില്‍ അതാണു ബദല്‍. ഈ ബദലിന് മറ്റു മാനങ്ങളുണ്ടെന്ന് ഞാന്‍ കരുതുന്നു.

വ്യവസ്ഥയെ, തകര്‍ച്ചയ്ക്കുമുമ്പുള്ള അവസ്ഥയില്‍ പുനഃസ്ഥാപിക്കാനാണ് അധികാരകേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് എന്ന് താങ്കള്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണവര്‍ഗങ്ങളും അത്തരമൊരു ശ്രമമാണ് നടത്തുന്നത്. വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതില്‍ എന്താണ് കുഴപ്പം?

തികച്ചും നിഷേധാത്മകമായ ഒരു വികസനമാതൃക ശരിയായില്ല എന്നതാണു പ്രശ്നം. നിങ്ങള്‍ വളരെ ഉയര്‍ന്ന വളര്‍ച്ചാനിരക്കും ഒരു ശതമാനം കോടീശ്വരന്മാരും മധ്യവര്‍ഗങ്ങളിലെ ചില ശ്രേണികളടക്കം ഇരുപതുശതമാനത്തിന്റെ സമ്പല്‍സമൃദ്ധിയും സാക്ഷാത്ക്കരിക്കുമ്പോള്‍ എണ്‍പതുശതമാനത്തെ നിങ്ങളുടെ വികസനത്തിന്റെ പുറത്തു നിര്‍ത്തുകയാണ്. ഇന്ന് അധികാരകേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതും ഈ ബഹിഷ്കൃത ഭൂരിപക്ഷത്തെ സമ്പദ്സമൃദ്ധിയുടെ വൃത്തങ്ങള്‍ക്ക് പുറത്തു നിര്‍ത്തുക തന്നെയാണ്. ഇതിനുള്ള ബദല്‍മാര്‍ഗം ചൂണ്ടിക്കാണിക്കുന്നവര്‍ പറയുന്നത് വളര്‍ച്ച, സാധ്യമെങ്കില്‍ ഉയര്‍ന്ന വളര്‍ച്ച എന്നു തന്നെയാണ്. പക്ഷെ, നൂറുശതമാനത്തിന്റെയും നേട്ടത്തിനുവേണ്ടി, ഏറ്റവും ദരിദ്രരില്‍ നിന്നാരംഭിക്കുന്ന വികസനപ്രക്രിയയാണത്. മുംബൈപോലുള്ള വന്‍ നഗരങ്ങളിലെ ദരിദ്രരും ദളിതരും ഉള്‍ക്കൊള്ളുന്ന ഒന്ന്. ഇവിടെ വെല്ലുവിളിയായിത്തീരുന്ന കാര്യം, വ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയെപ്പോലുള്ള രാഷ്ട്രങ്ങള്‍ വര്‍ദ്ധിച്ച അനുപാതത്തില്‍ വിലകൊടുക്കേണ്ടിവരുമെന്നതാണ്. ഇതൊഴിവാക്കണമെങ്കില്‍, ആഗോളവത്ക്കരണത്തില്‍ നിന്നല്ല, ആഗോളതല ധന-നാണയ ഏകീകരണവ്യവസ്ഥയില്‍ നിന്ന് ഇന്ത്യ പുറത്തു വരേണ്ടതുണ്ട്. രണ്ടാമതായി, ആഗോളവത്കരണത്തില്‍ നിന്നല്ല, 'സ്വതന്ത്രവ്യാപാരത്തില്‍' നിന്ന് പിന്‍വാങ്ങുക. വ്യാപാരമെന്നാല്‍ സ്വതന്ത്രവ്യാപാരം എന്നല്ല അര്‍ത്ഥം. കൂടിയാലോചനകള്‍ നടത്തിയ ശേഷം വ്യാപാരമാകാം. അടിസ്ഥാനജനവിഭാഗങ്ങളുടേതായ ആഭ്യന്തരവിപണിയുടെ താത്പര്യം സംരക്ഷിക്കുന്ന വ്യാപാരം കൂടിയാലോചനകളിലൂടെ രൂപപ്പെടുത്തി പ്രയോഗക്ഷമമാക്കാവുന്നതാണ്. മൂന്നാമത്തെ കാര്യം അതിന് പാകമായ രാഷ്ട്രീയമാണ്.

ആഗോള ഗ്രാമത്തിന്റെ സൈനികനിയന്ത്രണം എന്ന പദ്ധതി കൂട്ടുസാമ്രാജ്യത്വ ശക്തികള്‍ പ്രാവര്‍ത്തികമാക്കിത്തുടങ്ങിയിരിക്കുന്നു.?

സോവിയറ്റു യൂണിയന്റെ തകര്‍ച്ചയ്ക്കു തൊട്ടുപിറകെ 90-91ല്‍ ഇറാഖിനെതിരെ യുദ്ധമുണ്ടായി എന്നത് യാദൃച്ഛിക സംഭവമല്ല. ഭീകരവാദത്തിനെതിരെ എന്ന പേരില്‍ യുദ്ധങ്ങള്‍ നടത്താനുള്ള ബാധ്യത; അമേരിക്ക സ്വയം ഏറ്റെടുത്തിരിക്കുന്നു. ഇത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. തങ്ങള്‍ക്ക് അപകടകാരിയാണെന്നു തോന്നുന്ന ആര്‍ക്കുമെതിരായി ആണവായുധം ആദ്യം പ്രയോഗിക്കാനുള്ള അവകാശം അമേരിക്ക കൈവശം വെക്കുകയാണ്. ഇതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണ്. അഫ്‌ഗാന്‍, ഇറാഖ് അധിനിവേശങ്ങള്‍, മധ്യേഷ്യയടക്കം ലോകത്തിന്റെ വിവിധ മേഖലകളില്‍ നടത്തുന്ന ഇടപെടലുകള്‍, ചൈനയ്ക്കുമേല്‍ പ്രയോഗിക്കുന്നസമ്മര്‍ദ്ദങ്ങള്‍ എന്നിങ്ങനെ അമേരിക്കയുടെ ചെയ്തികള്‍ നീണ്ടുപോകുന്നു. അവരുടേതുപോലുള്ള ഒരു സാമ്രാജ്യത്വത്തിന്റെ നിലനില്പിനാവശ്യമായ വസ്തുനിഷ്ഠമായ ആവശ്യങ്ങളാണ് ഈ ചെയ്തികള്‍. അവരെ പരാജയപ്പെടുത്തേണ്ടതുണ്ട്. രാഷ്ട്രീയമായി ഇപ്പോള്‍ത്തന്നെ അവര്‍ പരാജയപ്പെട്ടുകഴിഞ്ഞിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സ്വന്തം നിലയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ കഴിവുള്ള സംരംഭങ്ങളെപ്പോലും മാറ്റി പ്രതിഷ്ഠിക്കാന്‍ കഴിയാത്ത അവസ്ഥയിലാണവര്‍. എന്നാല്‍ സൈനികമായി അവരിപ്പോഴും പരാജയപ്പെട്ടിട്ടില്ല.

സാങ്കേതികവിദ്യയുടെ രംഗത്ത് കുത്തകകളെ പരാജയപ്പെടുത്താന്‍ ഇപ്പോള്‍ പല രാജ്യങ്ങള്‍ക്കും കഴിയുന്നു. അപ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടോ?

1955ലെ ബന്ദൂങ് സമ്മേളനത്തിന്റെ കാലവും ഇന്നും തമ്മിലുള്ള അന്തരം വളരെ വലുതാണ്. അന്ന് ആ കാലഘട്ടത്തിലെ സാമ്രാജ്യത്ത്വത്തെ നേരിടാന്‍ ബന്ദൂങില്‍ സമ്മേളിച്ച ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങള്‍ നീണ്ടുനിന്ന കൊളോണിയല്‍ രാത്രികള്‍ കഴിഞ്ഞെത്തിയവരായിരുന്നു. അല്ലെങ്കില്‍ ചൈനയെപ്പോലെ സോഷ്യലിസത്തിന്റെ പേരില്‍ സമൃദ്ധമായൊരു വിപ്ളവത്തിനുശേഷം വന്നവരായിരുന്നു. എന്നാല്‍ അവരെല്ലാവരും വ്യവസായത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യത്തില്‍ ഒന്നുപോലെ നിസ്വരായിരുന്നു. അവരുടെ വിദ്യാഭ്യാസനിലവാരം വിശേഷിച്ചും, ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസത്തിന്റെ നിലവാരം വളരെ താഴ്ന്നതായിരുന്നു. അതുകൊണ്ടുതന്നെ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ സമ്രാജ്യത്വാശ്രിതരും. തുടക്കത്തില്‍ സോവിയറ്റ് യൂണിയന്റേത് എന്നപോലെ ചൈനയുടെയും മറ്റു ഏഷ്യനാഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെയും സ്ഥിതി ഇതായിരുന്നു. ഇപ്പോഴാകട്ടെ സ്ഥിതി വളരെ വ്യത്യസ്തമാണ്. ബങൂങ് കാലയളവിലെ വൈരുദ്ധ്യങ്ങളും പരിസ്ഥിതികളും എന്തൊക്കെയായാലും ഈ കാര്യത്തില്‍ അതിന്റെ നേട്ടങ്ങള്‍ നിസ്സീമമാണ്. തെക്കന്‍ നാടുകളില്‍ ഇന്ത്യയെയോ, ചൈനയെയോ പോലുള്ള രാജ്യങ്ങള്‍ മാത്രമല്ല വ്യവസായത്തില്‍ മുന്നേറിയത്. ക്യൂബപോലുള്ള ഒരു ചെറിയ രാജ്യം പോലും ഔഷധവ്യവസായരംഗത്ത് വന്‍കുതിച്ചുചാട്ടങ്ങള്‍ നടത്തിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ രംഗത്ത് കുത്തകകളെ പരാജയപ്പെടുത്താനുള്ള നിലവാരം ഇന്ന് ഇത്തരം രാജ്യങ്ങള്‍ നേടിക്കഴിഞ്ഞിരിക്കുന്നു. നിലവിലുള്ള സാങ്കേതിക വിദ്യകള്‍ ആഗിരണം ചെയ്തുകൊണ്ടല്ല, മറിച്ച് പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചുകൊണ്ടുതന്നെയാണ് ഈ പരാജയപ്പെടുത്തല്‍ നടക്കുന്നത്. നമുക്ക് അതിനു ശേഷിയുമുണ്ട് എന്നു വന്നിരിക്കുന്നു. അതുകൊണ്ടാണ് ലോകവ്യാപാരസംഘടനയിലൂടെയും മറ്റും കുത്തകകളെ സംരക്ഷിക്കുന്നതിനായി വ്യാവസായിക-ബൌദ്ധിക നിയമങ്ങള്‍ അടിച്ചേല്‍പ്പക്കപ്പെടുന്നത്. നമ്മള്‍ ഈ അവസ്ഥയെ വെല്ലുവിളിക്കേണ്ടതുണ്ട്. ചൈന അതു ചെയ്യുമെന്ന് ഞാന്‍ കരുതുന്നു. അത്തരമൊരു ദൌത്യം ഏറ്റെടുക്കാന്‍ കഴിയുന്ന ഇന്ത്യ ഇപ്പോള്‍ത്തന്നെ അതു ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നു. ഇന്ത്യക്കാരുടെ ബൌദ്ധികമായ കഴിവുകളെ ബ്രിട്ടീഷ്, അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളുടെ പ്രയോജനത്തിനായി ഉപയോഗപ്പെടുത്തുന്നതിന് പകരം നമുക്ക് അതിനെ വെല്ലുവിളിക്കാന്‍ കഴിയും. ഇന്ന് നമ്മള്‍ ചര്‍ച്ച ചെയ്യുന്ന ബദല്‍ നയങ്ങളിലെ യുക്തിപൂര്‍വമായൊരിനമാണ് ആഗോളതലത്തില്‍ ഏകീകൃതമായ ധന-നാണയ വ്യവസ്ഥകളില്‍ നിന്നു പുറത്തു വരിക എന്നത്. ഇന്ത്യ ഏകപക്ഷീയമായ തീരൂമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. അതുവഴി സ്വന്തം ആവശ്യത്തിനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാന്‍ ഇന്ത്യക്കു സാധിക്കും. അടിസ്ഥാന ജനവിഭാഗങ്ങളുടേതായ, ആഭ്യന്തര-ജനപ്രിയ വിപണിയുടെ വികാസത്തിന് വഴിയൊരുക്കാനും സാധിക്കും. ഇതോടൊപ്പം ആഗോളതലത്തില്‍ സാമ്രാജ്യത്വത്തെ പരാജയപ്പെടുത്താനായി ഒരു പൊതു സമരവേദി കെട്ടിപ്പടുക്കേണ്ടതുണ്ട്, എന്ന് ഞാന്‍ കരുതുന്നു.

*
കടപ്പാട് : പി എ ജി ബുള്ളറ്റിൻ