Monday, April 6, 2009

കോൺ‌ഗ്രസും ബിജെപിയും ഇല്ലാത്ത സർക്കാർ

കോൺ‌ഗ്രസിനെയും ബിജെപിയെയും ഒഴിച്ചുനിര്‍ത്തി ഒരു രാഷ്‌ട്രീയസംവിധാനം രാജ്യത്ത് അധികാരത്തില്‍ വരാന്‍ ഒരു സാധ്യതയുമില്ലെന്ന് ആധികാരികമെന്ന മട്ടില്‍ ചിലര്‍ പറയുന്നുണ്ട്. കോൺ‌ഗ്രസ് ദുര്‍ബലപ്പെട്ടാല്‍ അതിന്റെ നേട്ടം ബിജെപിക്കായിരിക്കുമെന്നും അതുകൊണ്ട് മൂന്നാംമുന്നണിക്കായി ശ്രമിക്കുന്നവര്‍ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഇന്നത്തെ ഇന്ത്യയിലെ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തവര്‍ക്കുമാത്രമേ ഇത്തരം വിലയിരുത്തല്‍ നടത്താന്‍ കഴിയുകയുള്ളൂ.

കോൺ‌ഗ്രസും ബിജെപിയും പ്രധാനശക്തികളായ ആറു സംസ്ഥാനം മാത്രമേ ഇന്ത്യയിലുള്ളു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. പ്രത്യേക കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയെയും ഇക്കൂട്ടത്തില്‍പ്പെടുത്താം. ഇതെല്ലാം ചേര്‍ന്ന് ആകെ 107 സീറ്റാണുള്ളത്. 543 പാര്‍ലമെന്റ് അംഗങ്ങളുടെ അഞ്ചിലൊന്നില്‍ താഴെ മാത്രംവരുന്ന സീറ്റുകളിലെ മത്സരത്തില്‍മാത്രം പ്രധാനശക്തികളായ പാര്‍ടികള്‍ക്ക് ചുറ്റുമാണ് ദേശീയരാഷ്‌ട്രീയം കറങ്ങുന്നതെന്ന് കരുതാനാവില്ല.

കഴിഞ്ഞ തവണ രണ്ടു പാര്‍ടികള്‍ക്കുംകൂടി ലഭിച്ചത് കേവലം 283 സീറ്റാണ്. ആകെയുള്ള സീറ്റിന്റെ പകുതിയേക്കാളും 11 സീറ്റ് മാത്രം അധികം ലഭിച്ച രണ്ടു പാര്‍ടികളെ കേന്ദ്രീകരിച്ച് ദ്വികക്ഷി സമ്പ്രദായത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് പ്രചരിപ്പിക്കുന്നത് കടന്നകൈയാണ്.

2004ലാണ് രാജ്യത്ത് ആദ്യമായി രണ്ടു പ്രബല കക്ഷികളുടെ നേതൃത്വത്തില്‍ രണ്ടു മുന്നണി മത്സരിക്കുന്നത്. എന്നിട്ടും ആ മുന്നണികള്‍ക്കൊന്നിനും ഭരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം നേടാനായില്ല. പരസ്പരം മത്സരിക്കുകയും തീര്‍ത്തും വിരുദ്ധമായ രാഷ്‌ട്രീയ, സാമ്പത്തിക നിലപാടുകള്‍ സൂക്ഷിക്കുകയുംചെയ്യുന്ന കോൺ‌ഗ്രസും ഇടതുപക്ഷവും ധാരണയിലായതിനെത്തുടർന്ന് മാത്രമാണ് യുപിഎയ്ക്ക് അധികാരത്തില്‍ വരാന്‍കഴിഞ്ഞത്.

വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക കക്ഷികളുമായി ഉണ്ടാക്കിയ ധാരണയുടുകൂടി ഫലമായാണ് കോൺ‌ഗ്രസിന് അധികാരത്തിലേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞത്. 1998ല്‍ 114 സീറ്റുണ്ടായിരുന്ന കോൺ‌ഗ്രസിന് അവര്‍പോലും പ്രതീക്ഷിക്കാത്ത 145 സീറ്റ് ലഭിച്ചു. 182 സീറ്റുണ്ടായിരുന്ന ബിജെപി 2004ല്‍ 138 ലേക്ക് ഒതുങ്ങി.

2004ലെ മുന്നണി സംവിധാനത്തെ അതുപോലെ നിലനിര്‍ത്താന്‍ രണ്ടു കക്ഷിക്കും കഴിഞ്ഞിട്ടില്ല. യുപിഎ പിരിച്ചുവിടപ്പെട്ട സഖ്യമാണ്. ദേശീയതലത്തില്‍ ഒരു പാര്‍ടിയുമായും ധാരണയില്ലെന്ന് കോൺ‌ഗ്രസ് പ്രഖ്യാപിച്ചു. സംസ്ഥാനതല ധാരണകളെല്ലാം പൊളിഞ്ഞ മട്ടിലാണ്. യുപിയിലും ബിഹാറിലും ഒറ്റയ്ക്ക് മത്സരിക്കുന്നതിന് കോൺ‌ഗ്രസ് നിര്‍ബന്ധിതമായി. ഈ രണ്ടു സംസ്ഥാനത്തെയും കോൺ‌ഗ്രസിന്റെ സ്ഥിതി ദയനീയമാണ്. 80 പാര്‍ലമെന്റ് അംഗങ്ങളില്‍ ഒമ്പതെണ്ണത്തിലാണ് കഴിഞ്ഞ തവണ വിജയിച്ചത്. സോണിയഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സീറ്റുകളും ഇതില്‍പ്പെടും. ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കുന്നതുകൊണ്ട് രണ്ടു സീറ്റില്‍മാത്രമേ പ്രതീക്ഷയുള്ളൂ എന്ന സ്ഥിതിയിലാണ് കോൺ‌ഗ്രസ്. 40 സീറ്റുള്ള ബിഹാറിലും ചിത്രം വ്യത്യസ്തമല്ല. കഴിഞ്ഞതവണ മൂന്നു സീറ്റില്‍ മാത്രമാണ് കോൺ‌ഗ്രസ് വിജയിച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്‍ 84 സീറ്റില്‍ മത്സരിച്ച ആ പാര്‍ടി 74 ലും പരാജയപ്പെട്ടു. ഇത്തവണ അവിടെയും ധാരണ പൊളിഞ്ഞു. ഇപ്പോഴും കേന്ദ്രമന്ത്രിസഭയില്‍ തുടരുന്ന ആര്‍ജെഡിയും എല്‍ജെപിയും കോൺ‌ഗ്രസിനെതിരെ മത്സരിക്കുന്നു.

തമിഴ്‌നാട്ടിലും കഴിഞ്ഞതവണത്തെ മുന്നണി തകര്‍ന്നു. ഡിഎംകെ-കോൺ‌ഗ്രസ് മുന്നണിയില്‍നിന്ന് എംഡിഎംകെയും പിഎംകെയും പുറത്തുവന്നു. ഇടതുപക്ഷവും ഇത്തവണ ഡിഎംകെയുമായി ധാരണയിലല്ല. പ്രധാന സംസ്ഥാനങ്ങളില്‍ മഹാരാഷ്‌ട്രയില്‍മാത്രമാണ് സഖ്യമുണ്ടാക്കാന്‍ കോൺ‌ഗ്രസിനു കഴിഞ്ഞിട്ടുള്ളത്. എന്നാല്‍, കേന്ദ്രത്തില്‍ കോൺ‌ഗ്രസിനെ പിന്തുണയ്ക്കുമെന്ന ഉറപ്പ് നല്‍കാന്‍ എന്‍സിപിയും പവാറും തയ്യാറായിട്ടില്ല. 42 സീറ്റുള്ള ആന്ധ്രയില്‍ കോൺ‌ഗ്രസ് അധികാരത്തിലുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ മുന്നണിയില്‍നിന്ന് ടിആര്‍എസ് പുറത്തുവന്നു. മുന്നണിയുണ്ടായിട്ടും ഭൂരിപക്ഷം നേടാന്‍ കഴിയാതിരുന്നവര്‍ ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ എന്തായിരിക്കും സ്ഥിതിയെന്ന് പറയേണ്ടതില്ല.

എന്‍ഡിഎയുടെ സ്ഥിതിയും വ്യത്യസ്തമല്ല. 1999ല്‍ രൂപീകരിച്ച എന്‍ഡിഎ ഒരു കാലത്ത് 24 പാര്‍ടിയെ വരെ അധികാരത്തിന്റെ നൂലില്‍ കോര്‍ത്തിണക്കിയെങ്കില്‍ ഇപ്പോള്‍ വല്ലാത്ത ഒറ്റപ്പെടലിലാണ്. മുന്നണിയില്‍ ചേരാതെ പുറത്തുനിന്ന് പിന്തുണച്ചിരുന്ന ടിഡിപി ഇപ്പോള്‍ മതനിരപേക്ഷസഖ്യത്തിന്റെ പ്രധാന വക്താവാണ്. എഐഎഡിഎംകെയും അതേ വഴി തെരഞ്ഞെടുത്തു. കോൺ‌ഗ്രസ് അല്ലെങ്കില്‍ ബിജെപി എന്ന തെരഞ്ഞെടുക്കലില്‍നിന്ന് വ്യത്യസ്തമായി മൂന്നാമതൊരു വഴി തെരഞ്ഞെടുക്കുന്ന പാര്‍ടികളുടെ എണ്ണം വര്‍ധിക്കുന്നു. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവിലത്തേതാണ് ഒറീസയിലെ ബിജെഡി. 11 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് ബിജു ജനതാദള്‍ മതനിരപേക്ഷതയുടെ വഴിയിലേക്ക് വന്നതോടെ ബിജെപിയുടെ അവശേഷിച്ച അധികാരമോഹവും അവസാനിച്ചു.

ആന്ധ്രയിലും ബംഗാളിലും കേരളത്തിലും തമിഴ്‌നാട്ടിലും തുടങ്ങി അസം ഒഴികെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ബിജെപി ഒരു പ്രധാന ശക്തിയേയല്ല. കോൺ‌ഗ്രസിന്റെ പരാജയം ബിജെപിയെ ശക്തിപ്പെടുത്തിയ ഒരു ഘടകമായിരുന്നു എന്ന സ്ഥിതിയും മാറുകയാണ്. 1984ല്‍ കേവലം രണ്ടു സീറ്റ് മാത്രമുണ്ടായിരുന്ന ബിജെപിയെ 1998ല്‍ 182 സീറ്റിലേക്ക് എത്തിച്ചത് കോൺ‌ഗ്രസിന്റെ നയം തന്നെയായിരുന്നു. 84ല്‍ 404 സീറ്റുണ്ടായിരുന്ന കോൺ‌ഗ്രസ് 98ല്‍ 112 ലേക്ക് മൂക്കുകുത്തി വീണെന്ന ചിത്രം മാത്രംമതി ആരുടെ ചെലവിലാണ് ബിജെപി ശക്തി നേടിയതെന്ന് മനസ്സിലാക്കാന്‍. കോൺ‌ഗ്രസിന്റെ നയങ്ങളോട് അതൃപ്തിയുള്ള ജനങ്ങളാണ് മറ്റൊരു ബദല്‍ ഇല്ലാതിരുന്ന സന്ദര്‍ഭത്തില്‍ ബിജെപിക്കു പുറകെ പോയത്. കോൺ‌ഗ്രസ് സ്വീകരിച്ച മൃദുഹിന്ദുത്വവും അതിനൊരു കാരണമായിരുന്നു. കോൺ‌ഗ്രസിന്റെ ഏറ്റവും വലിയ ശക്തിദുര്‍ഗമായിരുന്ന യുപിയില്‍ 1991ല്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടി. എന്നാല്‍, അപ്പോഴും ബിജെപിക്ക് 40 ശതമാനം വോട്ട് നേടാന്‍ കഴിഞ്ഞില്ല. കോൺ‌ഗ്രസ് തകര്‍ന്നിടങ്ങളില്‍ ബിജെപി ഇതര ശക്തികള്‍ ബദലായി ഉള്ള സംസ്ഥാനങ്ങളില്‍ അവരാണ് അധികാരത്തിലേക്ക് വന്നത്.

ആദ്യമായി കോൺ‌ഗ്രസിന്റെ അധികാരക്കുത്തക തകര്‍ന്ന കേരളത്തില്‍ ഇടതുപക്ഷമാണ് ബദലായി വന്നത്. എഴുപതുകളില്‍ കോൺ‌ഗ്രസ് തകര്‍ന്ന തമിഴ്‌നാട്ടില്‍ ദ്രാവിഡകക്ഷികളാണ് പകരം വന്നത്. 77ല്‍ കോൺ‌ഗ്രസ് തകര്‍ന്ന ബംഗാളില്‍ ഇടതുപക്ഷമാണ് അധികാരത്തില്‍വന്നത്. ഇത്തരം സാധ്യതയില്ലാതിരുന്ന ഘട്ടത്തിലാണ് യുപിയില്‍ ബിജെപി അധികാരത്തില്‍വന്നത്. ഇപ്പോള്‍ അവിടെ ബിജെപി ബിഎസ്‌പിക്കും എസ്‌പിക്കും പുറകില്‍ നാലാംസ്ഥാനത്താണ്. ബിഹാറില്‍ കോൺ‌ഗ്രസ് തകര്‍ന്നപ്പോള്‍ പകരംവന്നത് ബിജെപിയല്ല. അവിടെ ആര്‍ജെഡിയും എല്‍ജെപിയുമാണ്. ഇപ്പോള്‍ ഇടതുപക്ഷശക്തികളും യോജിപ്പോടെ കരുത്തുകാണിക്കാന്‍ ശ്രമിക്കുന്നു. കോൺ‌ഗ്രസിന് ഇടയ്ക്ക് അധികാരം നഷ്ടപ്പെട്ട ആന്ധ്രയിലും പകരം വന്നത് ടിഡിപിയാണ്. അതുകൊണ്ട് കോൺ‌ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്ന ഇടതുപക്ഷനയം ബിജെപിയെ ശക്തിപ്പെടുത്തുന്നുവെന്ന ആരോപണം ഇന്നത്തെ ഇന്ത്യയില്‍ പ്രസക്തമല്ല.

ബിജെപി, ഫാസിസ്റ്റ് പ്രവണതകളുള്ള ആര്‍എസ്എസിനാല്‍ നയിക്കുന്ന പാര്‍ടിയായതുകൊണ്ട് അതിന്റെ അപകടത്തെ ഇടതുപക്ഷം ഗൌരവമായി കാണുന്നു. ഈ അപകടത്തെ നേരിടുന്നതിന് കോൺ‌ഗ്രസിന് കഴിയില്ലെന്നു മാത്രമല്ല അവരെ കൂടെ കൂട്ടുന്നതുപോലും ഈ ലക്ഷ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അതു തിരിച്ചറിയുന്ന പാര്‍ടികളും സംഘടനകളും പൊതുസമൂഹവുമാണ് കോൺ‌ഗ്രസ് ഇതര, ബിജെപി വിരുദ്ധ ശക്തികളെ അധികാരത്തില്‍ കൊണ്ടുവരുന്നതിന് ശ്രമിക്കുന്നത്. കോൺ‌ഗ്രസിനും ബിജെപിക്കും എതിരാണ് ഈ പോരാട്ടം. 2004ലെ ചിത്രത്തില്‍നിന്ന് വ്യത്യസ്തമായിരിക്കും 2009ല്‍ ഉണ്ടാകുന്നത്.

***

പി രാജീവ്

4 comments:

വര്‍ക്കേഴ്സ് ഫോറം said...

കോൺ‌ഗ്രസിനെയും ബിജെപിയെയും ഒഴിച്ചുനിര്‍ത്തി ഒരു രാഷ്‌ട്രീയസംവിധാനം രാജ്യത്ത് അധികാരത്തില്‍ വരാന്‍ ഒരു സാധ്യതയുമില്ലെന്ന് ആധികാരികമെന്ന മട്ടില്‍ ചിലര്‍ പറയുന്നുണ്ട്. കോൺ‌ഗ്രസ് ദുര്‍ബലപ്പെട്ടാല്‍ അതിന്റെ നേട്ടം ബിജെപിക്കായിരിക്കുമെന്നും അതുകൊണ്ട് മൂന്നാംമുന്നണിക്കായി ശ്രമിക്കുന്നവര്‍ ബിജെപിയെ സഹായിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഇന്നത്തെ ഇന്ത്യയിലെ യാഥാര്‍ഥ്യവുമായി ബന്ധമില്ലാത്തവര്‍ക്കുമാത്രമേ ഇത്തരം വിലയിരുത്തല്‍ നടത്താന്‍ കഴിയുകയുള്ളൂ.

കോൺ‌ഗ്രസും ബിജെപിയും പ്രധാനശക്തികളായ ആറു സംസ്ഥാനം മാത്രമേ ഇന്ത്യയിലുള്ളു. മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തരഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. പ്രത്യേക കേന്ദ്രഭരണപ്രദേശമായ ഡല്‍ഹിയെയും ഇക്കൂട്ടത്തില്‍പ്പെടുത്താം. ഇതെല്ലാം ചേര്‍ന്ന് ആകെ 107 സീറ്റാണുള്ളത്. 543 പാര്‍ലമെന്റ് അംഗങ്ങളുടെ അഞ്ചിലൊന്നില്‍ താഴെ മാത്രംവരുന്ന സീറ്റുകളിലെ മത്സരത്തില്‍മാത്രം പ്രധാനശക്തികളായ പാര്‍ടികള്‍ക്ക് ചുറ്റുമാണ് ദേശീയരാഷ്‌ട്രീയം കറങ്ങുന്നതെന്ന് കരുതാനാവില്ല.

കഴിഞ്ഞ തവണ രണ്ടു പാര്‍ടികള്‍ക്കുംകൂടി ലഭിച്ചത് കേവലം 283 സീറ്റാണ്. ആകെയുള്ള സീറ്റിന്റെ പകുതിയേക്കാളും 11 സീറ്റ് മാത്രം അധികം ലഭിച്ച രണ്ടു പാര്‍ടികളെ കേന്ദ്രീകരിച്ച് ദ്വികക്ഷി സമ്പ്രദായത്തിലേക്കാണ് രാജ്യം പോകുന്നതെന്ന് പ്രചരിപ്പിക്കുന്നത് കടന്നകൈയാണ്.

Anonymous said...

DEAR WORKERS FORUM,
COME ON.. THE ARTICLE IS NOT SUPPLEMENTING ANYTHING IN KERALA POLITICS..
WHY U REPRODUCE IN UR BLOG..
SURE A WASTE OF TIME ..
WHO IS THIS P. RAJIVE..?
LET HIM GO TO HELL..
NAYAJA

Anonymous said...

ഹഹഹ എത്ര നടക്കാത്ത മനൊഹരമായ സ്വപ്നം

വര്‍ക്കേഴ്സ് ഫോറം said...

പ്രിയപ്പെട്ട അനോണിമാരെ

വായനയ്ക്കും അഭിപ്രായങ്ങൾക്കും നന്ദി

ഇക്കഴിഞ്ഞ ലോകസഭയിൽ പോലും ഭാരതത്തിലെ ജനതയുടെ പകുതിയോളം കോൺഗ്രസ്സിനും ബിജെപ്പിക്കും വോട്ടു ചെയ്തിട്ടില്ല. അത്തരം കഷികളെ ഒരു പ്രോഗ്രാമിന്റെ അടിസ്ഥാനത്തിൽ യോജിപ്പിക്കാൻ ശ്രമിക്കുകയണ് ഇടതു പക്ഷം. അത് ചിലരുടെ ഒക്കെ ഉറക്കം കെടുത്തുന്നുണ്ട് എന്നത് തന്നെ നല്ല സൂചനയാണ്.

എന്താണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഇടതു പക്ഷത്തിന് മുന്നോട്ട് വയ്ക്കാനുള്ളത്? ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും ചിലരൊക്കെ ഭയപ്പെടുകയാണ്.

നാം കണ്ടു കഴിഞ്ഞു കോൺഗ്രസ്സും ബി ജെ പി യും ഏകധ്രുവ ലോകത്തിനു ഓശാന പാടുന്നത്. ഇതിനു ബദലായി ഇടതു പക്ഷം മുന്നോട്ട് വയ്ക്കുന്നത് സ്വതന്ത്ര വിദേശ നയവും ബഹുധ്രുവ ലോകവുമാണ്.

കോർപ്പറേറ്റുകൾക്ക് കൂടുതൽ കൂടുതൽ നികുതിയിളവുകളും സൌജന്യങ്ങളും അനുവദിച്ച, ശത കോടീശ്വരന്മാരെ സൃഷ്‌ടിച്ച, കർഷക ആത്മഹത്യകൾ നിർബാധം നടന്ന, യു പി എ / ബി ജെ പി ഭരണം നാം കണ്ടതാണ്. ഇതിനു ബദലായി കർഷകരെയും സാധാരണക്കാരനെയും കേന്ദ്ര സ്ഥനത്ത് നിറുത്തുന്ന ഇടതു പക്ഷ നയങ്ങളെ എതിർക്കേണ്ടതിന്റെ ആവശ്യ്യമെന്ത്?

വിദ്യഭ്യാസവും ആരോഗ്യ സംരക്ഷണവും കച്ചവടച്ചരക്കാക്കരുതെന്നും പൊതു മേഖല സംരക്ഷിക്കപ്പെടണമെന്നും ( ഓർമ്മയില്ലേ ഡിസ്‌ഇൻ‌വെസ്റ്റ്മെന്റ് മിനിസ്റ്റർ അരുൺ ഷൂറിയെ?)ഒക്കെപ്പറയുമ്പോൾ ആർക്കാണ് കുറ്റബോധം?

ഇവിടെ എഴുതുന്നതെല്ലാം കേരളാ പൊളിറ്റിൿസിനെ സപ്ലിമെന്റ്റ് ചെയ്യുന്നതാവണമെന്ന് താങ്കൾക്കാഗ്രഹിക്കാം. പക്ഷെ അതിനനുസരിച്ച് ഞങ്ങൾ എഴുതണമെന്ന് ഇല്ലല്ലോ? ഈ ബ്ലോഗീൽ എന്തെഴുതണ്മെന്ന് നിശ്ചയിക്കാനുള്ള അധികാരമെങ്കിലും ഞങ്ങൾക്ക് തരൂ..പ്ലീസ്