Thursday, August 26, 2010

ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും

മലയാള കവിതയുടെ ചരിത്രത്തിലെ തന്നെ ഒരു അല്‍ഭുതപ്രതിഭാസമാണ് ചങ്ങമ്പുഴ. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെത്തന്നെ മാന്ത്രികമായി മാറ്റിയെടുത്ത കവിയാണദ്ദേഹം. മലയാളത്തില്‍ നിലനിന്നുവന്ന കവിതയുടെ രീതിയില്‍ നിന്ന് വഴിമാറിനടന്നുകൊണ്ടാണ് ചങ്ങമ്പുഴ ഇത് സാധ്യമാക്കിയത്. ആ വഴിമാറി നടപ്പ് പക്ഷേ, പാരമ്പര്യത്തില്‍നിന്ന് ഊര്‍ജം കൈക്കൊണ്ടും ലോകകവിതയുടെ ആധുനിക മുഖങ്ങളില്‍നിന്ന് വെളിച്ചം സ്വീകരിച്ചുകൊണ്ടും ആയിരുന്നു. കവിത്രയകാലത്തോടെ മലയാളത്തില്‍ പ്രഭാവമാര്‍ജിച്ച കാല്‍പനികതയ്‌ക്ക് നാട്ടുകവിതാപാരമ്പര്യത്തിന്റെ ഈണങ്ങളും താളങ്ങളും നല്‍കിക്കൊണ്ട് ജനകീയതയുടെ ഉയരങ്ങളിലെത്തിച്ചു ചങ്ങമ്പുഴ. നാടന്‍പാട്ടുകളുടെയും സമൂഹത്തില്‍ പ്രചാരമുണ്ടായിരുന്ന മറ്റുതരം ലളിത കവിതകളുടെയും സംസ്‌ക്കാരമുള്‍ക്കൊണ്ടുകൊണ്ടാണ് ചങ്ങമ്പുഴ തന്റെ കവിതാവഴിയില്‍ മുന്നേറിയത്.

ലാളിത്യവും ഗാനാത്‌മകതയുമാണ് ചങ്ങമ്പുഴക്കവിതയുടെ മൌലിക സവിശേഷതകളില്‍ പ്രധാനം. ഒപ്പം ശക്തമായ വൈകാരികത കൂടിയായപ്പോള്‍ അത് ഏറെ ആകര്‍ഷകമായി. ഗാനാത്‌മകതയുടെ സൌഭഗം ചങ്ങമ്പുഴ ആര്‍ജിച്ചത് നമ്മുടെ നാടന്‍പാട്ടുകളുടെയും മറ്റും പാരമ്പര്യത്തില്‍ നിന്നാണ്. മുഖ്യധാരാ കവികള്‍ അതുവരെ കാര്യമായി ഗണിക്കാതിരുന്ന നാടന്‍ശീലുകളില്‍ കവിത രചിച്ചുകൊണ്ടാണ് ചങ്ങമ്പുഴ ഇത് സാക്ഷാല്‍ക്കരിച്ചത്. തൊട്ടു മുന്‍തലമുറയില്‍ ദ്രാവിഡവൃത്തങ്ങളുടെ പ്രയോഗത്തിലൂടെ വള്ളത്തോള്‍ വരുത്തിയതുപോലെയുള്ള ഒരു മാറ്റമായിരുന്നു ഇത്. ചങ്ങമ്പുഴയുടെ ആദ്യത്തെ കാവ്യസമാഹാരമായ 'ബാഷ്‌പാഞ്‌ജലി' മുതല്‍ തന്നെ ഇത് പ്രകടമായി കാണാം. അതിലെ അമ്പത്തിയൊന്നു കവിതകളില്‍ ഏറെയും പതിനാറു നാടന്‍ശീലുകളിലാണ് രചിച്ചിട്ടുള്ളത്. 'ഓമനക്കുട്ടന്‍', 'മാവേലി', 'തിരുവാതിര', 'കുറത്തി', 'ഗുണമേറും ഭര്‍ത്താവേ', 'കല്യാണി കളവാണി', 'മലര്‍മാതിന്‍ കാന്തന്‍' 'കല്യാണരൂപീ' തുടങ്ങി പ്രചാരമേറിയ പാട്ടുകളുടെ 'മട്ട് ' സ്വീകരിച്ചെഴുതിയവയാണ് അവയിലേറെയും. മറ്റുചിലത് ഉപസര്‍പ്പിണി, പാന തുടങ്ങിയ അധികം പ്രചാരമില്ലാത്ത ദ്രാവിഡവൃത്തങ്ങളില്‍ എഴുതിയിരിക്കുന്നു. ബാക്കി വിരലിലെണ്ണാവുന്ന ചില കവിതകള്‍ മാത്രമേ കേക, കാകളി വൃത്തങ്ങളില്‍ രചിച്ചിട്ടുള്ളൂ. ആ നിലയില്‍ 'ബാഷ്‌പാഞ്‌ജലി'യില്‍ ആരംഭിച്ച നാടന്‍ശീലുകളുടെ ഈണക്രമങ്ങളാണ് വലിയൊരളവോളം ചങ്ങമ്പുഴ തന്റെ കവിതകളില്‍ ഉപയുക്തമാക്കിയിട്ടുള്ളത്. കവിതയുടെ നാട്ടുമൊഴിപാരമ്പര്യത്തില്‍നിന്ന് നേടിയ ഈ തനിമ ചങ്ങമ്പുഴക്കവിതയെ ജീവത്താക്കുന്ന ഒരു പ്രമുഖഘടകമായിത്തീര്‍ന്നു.

ചങ്ങമ്പുഴക്കവിതയുടെ മറ്റൊരു സവിശേഷത അതിന്റെ ഭാഷാസാരള്യമാണ്. കേള്‍ക്കുന്നമാത്രയില്‍ അര്‍ഥപ്രതീതി ലഭിക്കുകയോ അല്ലാത്തപക്ഷം ഭാവസംക്രമണം സാധ്യമാക്കുകയോ ചെയ്യുന്ന തരത്തിലുള്ള സരളമായ ഭാഷയാണ് ചങ്ങമ്പുഴക്കവിതകളിലുള്ളത്. സംസ്‌കൃതപദങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും അതൊരിക്കലും മുഴച്ചുനില്‍ക്കാത്തവിധത്തില്‍ കവിതയുടെ ശയ്യാഗുണത്തെ പോഷിപ്പിക്കുന്ന തരത്തിലുള്ളതാണ്. ഭാഷാസാരള്യവും പ്രസാദഗുണവും ഗാനാത്‌മകയുമെല്ലാം ആ കവിതകളെ നാടോടി പാരമ്പര്യത്തില്‍ വേരോട്ടമുള്ളതാക്കുന്നു. മുഖ്യധാരാപാരമ്പര്യകവിതയുടെ പൊതുവഴിയില്‍നിന്ന് ഭിന്നമായ നാട്ടുവഴികളിലൂടെയുള്ള സഞ്ചാരവും സ്വാംശീകരണവും മാത്രമല്ല ചങ്ങമ്പുഴക്കവിതയ്‌ക്ക് ഊർജം നല്‍കിയിട്ടുള്ളത്. ലോകകവിതയിലെ വിശിഷ്‌ടകൃതികളുടെയും സമകാലിക രചനകളുമായുള്ള വേഴ്‌ചയിലൂടെ സ്വാംശീകരിച്ച ഗുണാംശങ്ങളും അവയ്‌ക്ക് വ്യക്തിത്വം നല്‍കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.

ചങ്ങമ്പുഴ കാവ്യജീവിതം ആരംഭിക്കുമ്പോഴേക്കും പാശ്ചാത്യകവിതയുടെ ആവിഷ്‌ക്കരണ തന്ത്രങ്ങളും രൂപപരമായ സവിശേഷതകളും മലയാളകവിത സ്വായത്തമാക്കിക്കഴിഞ്ഞിരുന്നു. വൈദേശികമെന്നു തോന്നാത്തവിധത്തില്‍ ആ അംശങ്ങള്‍ മലയാളകവിതയുടെ സ്വഭാവമായി നിലവാരപ്പെട്ടുകഴിഞ്ഞിരുന്നു. ഖണ്ഡകാവ്യങ്ങളെയും ആഖ്യാനസന്ദര്‍ഭങ്ങളെ കേന്ദ്രീകരിച്ചുള്ള ലഘുകവിതകളെയുംകാള്‍ ആത്‌മനിഷ്ഠമായ ഭാവഗീതികള്‍ (lyrics) പ്രാധാന്യം നേടിത്തുടങ്ങി. ഇതെല്ലാം പാശ്ചാത്യരീതിയിലുള്ള കാല്‍പനികപ്രസ്ഥാനത്തിന്റെ ചൈതന്യമുള്‍ക്കൊണ്ടുണ്ടായ വികാസമാണ്. നേരിട്ടുള്ള ഇംഗ്ളീഷ് കാവ്യപരിചയമില്ലാതെതന്നെ ഈ നിലയിലുള്ള സാഹിത്യജീവിതം ആരംഭിക്കാന്‍ മലയാളകവികള്‍ക്ക് കഴിയുന്ന സാഹചര്യം അപ്പോഴേക്കും രൂപപ്പെട്ടുകഴിഞ്ഞിരുന്നു.

ചെറുപ്പത്തില്‍ത്തന്നെ നിരന്തരമായ ഇംഗ്ളീഷ് കവിതാപാരായണത്തിലൂടെയും പഠനത്തിലൂടെയും വിവര്‍ത്തനത്തിലൂടെയും പാശ്ചാത്യകവിതയിലെ നൂതന പ്രവണതകളെ ചങ്ങമ്പുഴ സ്വാംശീകരിച്ചുകഴിഞ്ഞിരുന്നു. അത് ഇംഗ്ളീഷ് ഭാഷയിലെ മൌലികരചനകളില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. ആംഗലഭാഷയിലൂടെ ലഭ്യമായിരുന്ന പാശ്ചാത്യകവിതയെ - പ്രധാനമായും കാല്‍പനികകവിതയെ - ആയിരുന്നു അദ്ദേഹം അനുസന്ധാനം ചെയ്‌തിരുന്നത്. അതുവഴി സ്വന്തം കവിതയില്‍ പാശ്ചാത്യകവിതയില്‍നിന്നും സ്വാംശീകരിച്ച സംസ്‌ക്കാരം അലിയിച്ചെടുക്കാനും കഴിഞ്ഞു. അതേക്കുറിച്ച് അയ്യപ്പപ്പണിക്കര്‍ ഇപ്രകാരം നിരീക്ഷിച്ചിട്ടുണ്ട്: "ചങ്ങമ്പുഴകൃഷ്ണപിള്ള മലയാളം ഐച്‌ഛികമായി എം.എ. ബിരുദം നേടിയ ആളാണ്. പാശ്ചാത്യസമ്പ്രദായത്തിലുള്ള ഉന്നതവിദ്യാഭ്യാസം കഠിനപ്രയത്നത്തിന്റെ ഫലമായി സമ്പാദിച്ചയാളാണ്. ഇക്കാര്യത്തില്‍ ഒരുപക്ഷേ വള്ളത്തോളിനോടും കുമാരനാശാനോടും ശങ്കരക്കുറുപ്പിനോടും ഉള്ളതിനെക്കാള്‍ ചങ്ങമ്പുഴയ്‌ക്ക് അടുപ്പം ഉള്ളൂരിനോടാണ്. ഒരു പണ്ഡിതകവിയാകാനുള്ള പരിതസ്ഥിതി ചങ്ങമ്പുഴയ്‌ക്ക് ഉണ്ടായിരുന്നുവെന്നു കാണാം. പക്ഷേ അദ്ദേഹത്തിന്റെ കവിത വായിച്ചാസ്വദിക്കുന്നവരോട് ഇക്കാര്യം പ്രത്യേകം പറഞ്ഞറിയിക്കേണ്ടിയിരിക്കുന്നു. കവിതയില്‍നിന്നുമാത്രം ഇങ്ങനെയൊരു കാര്യം കണ്ടെത്താന്‍ എളുപ്പമല്ല. അതിനുള്ള പ്രധാനകാരണം ചങ്ങമ്പുഴക്കവിതയുടെ സ്വാഛന്ദ്യവും സാരള്യവും മാധുര്യവും പ്രസന്നതയുമാണെന്നു തോന്നുന്നു. മറ്റുഭാഷകളുടെയും സാഹിത്യങ്ങളുടെയും സ്വാധീനതയില്‍ പ്രവര്‍ത്തിക്കുമ്പോഴും പരകീയവും കടമെടുത്തതുമായ അംശങ്ങളെ പൂര്‍ണമായി സ്വാംശീകരിച്ചു തന്റേതു മാത്രമാക്കി - ചങ്ങമ്പുഴീകരിച്ച് - ആണ് അദ്ദേഹം വായനക്കാരന്റെ മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ളത്.''1

മലയാളത്തിന്റെ പ്രിയപ്പെട്ട കവിയായി ചങ്ങമ്പുഴയ്‌ക്ക്അംഗീകാരം ലഭിച്ചത് 'രമണ'ന്റെ പ്രസിദ്ധീകരണത്തോടെയാണ്. ആരണ്യകഗാഥകള്‍ (pastoral poetry) പാശ്ചാത്യ കാല്‍പനികകവിതകളുടെ കൂട്ടത്തില്‍ സഹൃദയപ്രീതി നേടിയ ഒരു വിഭാഗമാണ്. പ്രകൃതിസൌന്ദര്യത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രമായ വികാരാവിഷ്‌ക്കാരം ഗാനാത്‌മകമായി നിര്‍വഹിക്കുന്ന രീതിയാണതിന്റേത്. മുണ്ടശ്ശേരി എഴുതുന്നു: "റിയലിസത്തെ റൊമാന്റിസിസത്തിലൊളിപ്പിച്ച് മധുരസ്വപ്‌നങ്ങളുടെ ഒരു മണ്ഡലത്തില്‍ വിഹരിക്കുന്ന ഒരു തോന്നല്‍ ഉളവാക്കത്തക്കവണ്ണം വര്‍ണിക്കുന്നതാണ് ഈ കലാസമ്പ്രദായം. ഇടയപ്പരിഷകളുടെ ജന്മസ്വത്തായ സംഗീതാത്‌മകത അമ്മാതിരി കൃതികളുടെ ഒരു സാധാരണ ധര്‍മമാണ്. ആ ഗാനകളകളത്തിലൂടെ കറയറ്റവികാരം തടവറ്റൊഴുകിക്കൊണ്ടിരിക്കും. അതിനാല്‍ ഭാവഗീതങ്ങളുടെ സദസ്സില്‍ ആരണ്യകഗാഥകള്‍ ആദ്യത്തെ പന്തിയില്‍ത്തന്നെ വിളിച്ചിരുത്തപ്പെട്ടിട്ടുണ്ട്.''2

ആരണ്യകകാവ്യങ്ങള്‍ വിലാപരൂപത്തിലും നാടകീയരൂപത്തിലും എഴുതാറുണ്ട്. നാടകീയരൂപത്തിലുള്ള ആരണ്യക വിലാപകാവ്യമാണ് എഡ്‌മണ്ട് സ്‌പെന്‍സറുടെ 'ഷെപ്പേര്‍ഡ്‌സ് കലണ്ടര്‍'. ആ കാവ്യത്തിന്റെ മാതൃക സ്വീകരിച്ചെഴുതിയ കൃതിയാണ് ചങ്ങമ്പുഴയുടെ രമണന്‍. എന്നാല്‍ രമണനില്‍ ഒട്ടും വൈദേശികച്ചുവ അനുഭവപ്പെടുകയില്ല. ഗായകസംഘം (chorus) പാശ്ചാത്യനാടകത്തിന്റെ സങ്കേതമാണെങ്കിലും രമണനില്‍ അത് യാതൊരു അസ്വാഭാവികതയും സൃഷ്‌ടിക്കുന്നില്ല. 'മലരണിക്കാടുകള്‍ തിങ്ങിവിങ്ങി' എന്ന തുടക്കംതന്നെ കേരളപ്രകൃതിയുടെ തനിമയെ അവതരിപ്പിച്ചുകൊണ്ടാണ്. അത് ആവിഷ്‌ക്കരിച്ചിട്ടുള്ളതാകട്ടെ, കേരളത്തിന്റെ വാമൊഴിപാരമ്പര്യത്തിന്റെ സഹജമായ ഗാനാത്‌മകതയോടെയാണ്. അങ്ങനെ അത് കേരളത്തിന്റെ പ്രകൃതിഭംഗിയെ ആഴത്തില്‍ അനുഭവിപ്പിക്കുന്നു. ഈണവും ഒഴുക്കുമുള്ള മലയാളകവിതയുടെ തനിമയെ ആവിഷ്‌ക്കരിക്കുന്ന കൃതിയായി മാറി. ചുരുക്കത്തില്‍ രമണനിലെ ആട്ടിടയന്മാരായ കഥാപാത്രങ്ങളും ആരണ്യകവിലാപകാവ്യത്തിന്റെ രചനാസങ്കേതവും മറുനാടന്‍ മാതൃകയിലുള്ളതാണെങ്കിലും അങ്ങനെയൊരു പ്രതീതി വായനക്കാര്‍ക്കുണ്ടാകുകയില്ല. അത്രമാത്രം വിദഗ്ധമായി അവയെ മലയാളത്തനിമയിലേക്ക് സ്വാംശീകരിക്കാന്‍ ചങ്ങമ്പുഴയ്‌ക്ക്കഴിഞ്ഞു. അതിനു കഴിഞ്ഞത് ആ സങ്കേതത്തിനുള്ളിലെ കാവ്യാംശത്തെ സ്വകീയവും മലയാളത്തമുള്ളതും ആക്കിത്തീര്‍ത്തതുകൊണ്ടാണ്.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ കാവ്യങ്ങളിലൊന്നാണത്. ചങ്ങമ്പുഴ എന്നു കേള്‍ക്കുമ്പോഴേ രമണന്‍ എന്ന കാവ്യത്തിന്റെ പേര് മലയാളിയുടെ മനസ്സിലേക്കോടിയെത്തും. അത്രമാത്രം മലയാളം നെഞ്ചേറ്റിയ ഈ കാവ്യത്തില്‍ ചങ്ങമ്പുഴ സാക്ഷാല്‍ക്കരിച്ച പാശ്ചാത്യസാഹിത്യത്തിന്റെ സ്വംശീകരണത്തെക്കുറിച്ച് മുണ്ടശ്ശേരി ഇപ്രകാരം എഴുതിയിട്ടുണ്ട്: "ഗ്രാമീണ സൌന്ദര്യപ്പുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക, അതില്‍ ഗ്രാമീണാനുരാഗകഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ സ്വരൂപിച്ച് യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളെയും കര്‍മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ കോറസ് പോലെയുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ച് കഥയെ സുഘടിതാവയവമാക്കുക ഇത്രയും കാവ്യത്തിലെ നേട്ടങ്ങളാണ്. യൂറോപ്യന്‍ സാഹിത്യത്തില്‍നിന്ന് ആരണ്യകകാവ്യങ്ങളുടെ കമനീയ ശില്‍പത്തെ നമ്മുടെ ഭാഷയിലേക്കൊന്നാമതായവതരിപ്പിച്ചതു രമണന്റെ കര്‍ത്താവാണ്.''3

ഇംഗ്ളീഷിലൂടെ പരിചയപ്പെട്ട പാശ്ചാത്യകവിതയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ച് ചങ്ങമ്പുഴ തന്നെ വിസ്‌തരിച്ച് പ്രതിപാദിച്ചിട്ടുണ്ട്. തന്നെ സ്വാധീനിച്ച പാശ്ചാത്യ കവികളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലോകത്തിലെ വ്യത്യസ്‌ത ഭാഷകളില്‍ ഉണ്ടായിട്ടുള്ള കവിതകള്‍ വിവര്‍ത്തനത്തിലൂടെ മലയാളത്തിലെത്തിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടി വിവര്‍ത്തനങ്ങളുടെ ചില സമാഹാരങ്ങള്‍ പുറത്തുകൊണ്ടുവരാനും പരിപാടിയിട്ടിരുന്നു.
ചങ്ങമ്പുഴ 21-ാം വയസ്സില്‍ ഫിഫ്ത്ത്ഫോം വിദ്യാര്‍ഥിയായിരുന്ന കാലത്ത് (1933) ജി. ശങ്കരക്കുറുപ്പിന്റെ പക്കല്‍നിന്നും കടംവാങ്ങിയ 'ആന്‍ ആന്തോളജി ഓഫ് വേള്‍ഡ് പോയട്രി'യിലെ നൂറ്റിയമ്പതില്‍പ്പരം പദ്യങ്ങള്‍ ഒരുകൊല്ലത്തിനുള്ളില്‍ അനുകരണരൂപത്തില്‍ മലയാളത്തിലേക്കു പകര്‍ത്തി. അതിനുമുന്‍പുതന്നെ ഇംഗ്ളീഷിലുള്ള പല ലഘുകൃതികളും അദ്ദേഹം വിവര്‍ത്തനം ചെയ്‌തിരുന്നു.4

ഈ വിവര്‍ത്തനങ്ങളില്‍ കുറെയെണ്ണം പിന്നീട് സമാഹരിച്ചു. 1940-ല്‍ പ്രസിദ്ധപ്പെടുത്തിയ 'മയൂഖമാല' എന്ന പുസ്‌തകത്തിന്റെ ആമുഖത്തില്‍ താന്‍ അതിനകം ആയിരത്തിലേറെ കവിതകള്‍ ലോകത്തിലെ വിവിധ ഭാഷകളില്‍നിന്നു തര്‍ജമചെയ്‌തു കഴിഞ്ഞതായി ചങ്ങമ്പുഴ പ്രസ്‌താവിക്കുന്നുണ്ട്. ഫിനേ, ഷില്ലര്‍, ഗെയ്ഥേ, ആല്‍ഫ്രഡ് മോംബേര്‍ (ജര്‍മന്‍) യൂറിപ്പിഡീസ്, ലിയോണിഡാസ് (ഗ്രീക്ക്) കാറ്റല്ലസ് (ലാറ്റിന്‍) ഹാഫീസ് (പേര്‍ഷ്യന്‍) ഷെല്ലി, കോളറിഡ്‌ജ്, ഡ്രൈഡന്‍, ജയിംസ് തോംസണ്‍ (ഇംഗ്ളീഷ്) തുടങ്ങിയവരുടെ കവിതകളാണതില്‍ പ്രധാനം. ടാഗോറിന്റെ ചില കവിതകളുടെയും ഏതാനും ജാപ്പനീസ് കവിതകളുടെയും തര്‍ജമകളും അക്കൂട്ടത്തിലുണ്ട്. പില്‍ക്കാലത്ത് പ്രസിദ്ധപ്പെടുത്തിയ 'മഞ്ഞക്കിളികള്‍' എന്ന സമാഹാരത്തിലും വിവര്‍ത്തനങ്ങളാണുള്ളത്. പ്രധാനമായും ചൈനീസ് ജാപ്പനീസ് കവിതകള്‍.

ചങ്ങമ്പുഴയുടെ പല സ്വതന്ത്രകൃതികളിലും അറിഞ്ഞോ അറിയാതെയോ പാശ്ചാത്യകവിതയുടെ സ്വാധീനത പ്രകടമാണ്. അതെക്കുറിച്ച് അദ്ദേഹം തന്നെ ചില സൂചനകള്‍ നല്‍കുന്നുണ്ട്. "ടെന്നിസന്റെ എല്ലാകൃതികളും വായിക്കുകമാത്രമല്ല, അവയില്‍ നന്നെന്നു തോന്നിയിട്ടുള്ള ഏതാനും ലഘുകവിതകള്‍ പരിഭാഷപ്പെടുത്തുക കൂടി ചെയ്‌തിട്ടുണ്ടെങ്കിലും കീറ്റ്സ്, ഷെല്ലി, ബൈറന്‍, ബ്രൌണിങ് തുടങ്ങിയ മറ്റു മഹാകവികളെപ്പോലെ ടെന്നിസണോ വേഡ്‌സ്‌വര്‍ത്തോ എന്റെ ഭാവനയെ ഗാഢമായി സ്പര്‍ശിച്ചിട്ടുണ്ടെന്നു പറയാന്‍ നിവൃത്തിയില്ല.''5 ചങ്ങമ്പുഴയുടെ 'മോഹിനി' എന്ന കാവ്യം ബ്രൌണിങിന്റെ 'പ്രൊഫീറിയാസ് ലവര്‍' എന്ന കൃതിയോട് ആധമര്‍ണ്യമുള്ളതാണ്. ആ കവിത ആനുകാലിക പ്രസിദ്ധീകരണത്തില്‍ വന്ന കാലത്തുതന്നെ ഇക്കാര്യം പറഞ്ഞുള്ള വിമര്‍ശനങ്ങളുണ്ടായി. അങ്ങനെ വിമര്‍ശിച്ചവരോടുള്ള വിശദീരണമെന്ന മട്ടില്‍ പിന്നീട് 'സുധാംഗദ'യുടെ അവതാരികയില്‍ ചങ്ങമ്പുഴ എഴുതി: "ബ്രൌണിങിന്റെ പ്രസ്‌തുത പദ്യം എന്റെ ഹൃദയാന്തരാളത്തില്‍ ഇളക്കിവിട്ട വികാരവീചികളാണ് 'മോഹിനി'യുടെ സൃഷ്‌ടിക്ക് പശ്ചാത്തലമായി നില്‍ക്കുന്നതെന്ന് ഞാന്‍ സമ്മതിക്കുന്നു.''6 എങ്കിലും ആ കൃതി വിശദാംശത്തില്‍ 'പ്രൊഫീറിയാസ് ലവറി'ല്‍ നിന്ന് വ്യത്യസ്‌തമാണെന്നും അതിലെ നായകകഥാപാത്രത്തിന്റെ മാനസികജീവിതത്തിന്റെ സ്വഭാവം ഇംഗ്ളീഷ് കാവ്യത്തിലെ നായകന്റെ മാനസികചലനങ്ങളില്‍നിന്നും വ്യത്യസ്‌തമാണെന്നും ചങ്ങമ്പുഴ വിശദീകരിക്കുന്നുമുണ്ട്.

വ്യാപകമായ വിശ്വസാഹിത്യ പരിചയത്തിലൂടെ കവിതയുടെ നവീനമുഖം കണ്ടെത്താനും പരിഭാഷകളിലൂടെ അവ മലയാളത്തിലെ കാവ്യാസ്വാദകര്‍ക്കു പകര്‍ന്നുനല്‍കാനും ചങ്ങമ്പുഴ തന്റെ കാവ്യജീവിതത്തിലുടനീളം ശ്രമിച്ചുപോന്നു. അത് മറ്റൊരു തലത്തില്‍ ചങ്ങമ്പുഴയുടെ മൌലികരചനകളുടെ സ്വഭാവത്തെയും സ്വാധീനിച്ചു. അതിന്റെ സംസ്‌ക്കാരം ചങ്ങമ്പുഴയുടെ രചനകളില്‍ ഗാഢമായി പ്രതിസ്‌പന്ദിച്ചു. അദ്ദേഹത്തിന്റെ കവിതകളില്‍ അതിന്റെ സാന്ദ്രമായ സാന്നിധ്യം പ്രകടമായി. അങ്ങനെ പരോക്ഷമായിട്ടാണെങ്കിലും പാശ്ചാത്യപ്രഭാവം ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ച മലയാള മഹാകവികളില്‍ ഒരാളായിത്തീര്‍ന്നു ചങ്ങമ്പുഴ. അപ്പോഴും അതിനെ അതിവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ മൌലികത ഉയര്‍ന്നു നിന്നു.

ഇങ്ങനെ ചങ്ങമ്പുഴയുടെ കാവ്യസ്വത്വത്തില്‍ മലയാളകവിതയുടെ നാട്ടുപാരമ്പര്യവും പാശ്ചാത്യകവിതയിലെ കാല്‍പനികസംസ്‌ക്കാരവും ഇഴചേര്‍ന്നു. സ്വന്തം മണ്ണിന്റെ ആഴങ്ങളിലേക്ക് വേരാഴ്ത്തി തനിമയുള്ള ലവണാംശങ്ങള്‍ സ്വാംശീകരിക്കുകയും ലോക കവിതയുടെ വിശാലതലങ്ങളിലേക്ക് ചില്ലകള്‍ വീശി നവീനതയുടെ പ്രസരം ഉള്‍ക്കൊള്ളുകയും ചെയ്‌തു വികസിച്ച കവിയായി ചങ്ങമ്പുഴ സ്വത്വബലം നേടിയത് അപ്രകാരമാണ്.

റഫറൻസ്

1. അയ്യപ്പപ്പണിക്കര്‍.കെ, അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങള്‍ 1950-80 പുറം 130.
2. ജോസഫ് മുണ്ടശ്ശേരി (അവതാരിക) രമണന്‍, ചങ്ങമ്പുഴ കൃതികള്‍ ഭാഗം ഒന്ന് പുറം 94
3. അതില്‍ത്തന്നെ പുറം 108
4. ചങ്ങമ്പുഴ കൃഷ്ണപിള്ള (പ്രസ്‌താവന) മയൂഖമാല, ചങ്ങമ്പുഴകൃതികള്‍ ഭാഗം രണ്ട് പുറം 205
5. ചങ്ങമ്പുഴ കൃഷ്ണപിള്ള (മുഖവുര) സുധാംഗദ, ചങ്ങമ്പുഴകൃതികള്‍ ഭാഗം ഒന്ന് പുറം 193
6. അതില്‍ത്തന്നെ പുറം 201.

*****

ഡോ. കെ.എസ്. രവികുമാര്‍, കടപ്പാട് : ഗ്രന്ഥാലോകം മെയ് 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചെറുപ്പത്തില്‍ത്തന്നെ നിരന്തരമായ ഇംഗ്ളീഷ് കവിതാപാരായണത്തിലൂടെയും പഠനത്തിലൂടെയും വിവര്‍ത്തനത്തിലൂടെയും പാശ്ചാത്യകവിതയിലെ നൂതന പ്രവണതകളെ ചങ്ങമ്പുഴ സ്വാംശീകരിച്ചുകഴിഞ്ഞിരുന്നു. അത് ഇംഗ്ളീഷ് ഭാഷയിലെ മൌലികരചനകളില്‍ മാത്രമായി ഒതുങ്ങിനിന്നില്ല. ആംഗലഭാഷയിലൂടെ ലഭ്യമായിരുന്ന പാശ്ചാത്യകവിതയെ - പ്രധാനമായും കാല്‍പനികകവിതയെ - ആയിരുന്നു അദ്ദേഹം അനുസന്ധാനം ചെയ്‌തിരുന്നത്. അതുവഴി സ്വന്തം കവിതയില്‍ പാശ്ചാത്യകവിതയില്‍നിന്നും സ്വാംശീകരിച്ച സംസ്‌ക്കാരം അലിയിച്ചെടുക്കാനും കഴിഞ്ഞു. അതേക്കുറിച്ച് അയ്യപ്പപ്പണിക്കര്‍ ഇപ്രകാരം നിരീക്ഷിച്ചിട്ടുണ്ട്: "ചങ്ങമ്പുഴകൃഷ്ണപിള്ള മലയാളം ഐച്‌ഛികമായി എം.എ. ബിരുദം നേടിയ ആളാണ്. പാശ്ചാത്യസമ്പ്രദായത്തിലുള്ള ഉന്നതവിദ്യാഭ്യാസം കഠിനപ്രയത്നത്തിന്റെ ഫലമായി സമ്പാദിച്ചയാളാണ്. ഇക്കാര്യത്തില്‍ ഒരുപക്ഷേ വള്ളത്തോളിനോടും കുമാരനാശാനോടും ശങ്കരക്കുറുപ്പിനോടും ഉള്ളതിനെക്കാള്‍ ചങ്ങമ്പുഴയ്‌ക്ക് അടുപ്പം ഉള്ളൂരിനോടാണ്. ഒരു പണ്ഡിതകവിയാകാനുള്ള പരിതസ്ഥിതി ചങ്ങമ്പുഴയ്‌ക്ക് ഉണ്ടായിരുന്നുവെന്നു കാണാം. പക്ഷേ അദ്ദേഹത്തിന്റെ കവിത വായിച്ചാസ്വദിക്കുന്നവരോട് ഇക്കാര്യം പ്രത്യേകം പറഞ്ഞറിയിക്കേണ്ടിയിരിക്കുന്നു. കവിതയില്‍നിന്നുമാത്രം ഇങ്ങനെയൊരു കാര്യം കണ്ടെത്താന്‍ എളുപ്പമല്ല. അതിനുള്ള പ്രധാനകാരണം ചങ്ങമ്പുഴക്കവിതയുടെ സ്വാഛന്ദ്യവും സാരള്യവും മാധുര്യവും പ്രസന്നതയുമാണെന്നു തോന്നുന്നു. മറ്റുഭാഷകളുടെയും സാഹിത്യങ്ങളുടെയും സ്വാധീനതയില്‍ പ്രവര്‍ത്തിക്കുമ്പോഴും പരകീയവും കടമെടുത്തതുമായ അംശങ്ങളെ പൂര്‍ണമായി സ്വാംശീകരിച്ചു തന്റേതു മാത്രമാക്കി - ചങ്ങമ്പുഴീകരിച്ച് - ആണ് അദ്ദേഹം വായനക്കാരന്റെ മുന്‍പില്‍ അവതരിപ്പിച്ചിട്ടുള്ളത്.''