Tuesday, August 3, 2010

പേപിടിച്ച പേചാനല്‍ സംസ്കാരം

മലയാളത്തിലെ ആദ്യസ്വകാര്യചാനലായ ഏഷ്യാനെറ്റിനെ വിദേശ കുത്തകക്കമ്പനിയായ സ്റാര്‍ വിഴുങ്ങിയപ്പോള്‍ പുരോഗമനവാദികള്‍ പ്രതിഷേധിച്ചിരുന്നു. അന്ന് പലരും ഗൌരവമായി കണക്കിലെടുത്തില്ല. ഇപ്പോള്‍ ഏഷ്യാനെറ്റ് പേ ചാനലാകാന്‍ തീരുമാനിച്ചതോടെയാണ് പലരും കേന്ദ്രസര്‍ക്കാരിന്റെ 'വിദേശപ്രേമം' മൂലമുള്ള ആപത്ത് തിരിച്ചറിഞ്ഞത്. പ്രതിരോധമേഖലയെപ്പോലും വിദേശികള്‍ക്ക് തീറെഴുതുന്നവരില്‍നിന്ന് രാജ്യസ്നേഹവും ജനപക്ഷനിലപാടും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. ഏഷ്യാനെറ്റ് പേ ചാനലാക്കിയതിനെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ ഒരു മാസത്തോളം ഏഷ്യാനെറ്റ് ബഹിഷ്കരണ സമരം നടത്തി. തിരുവനന്തപുരത്ത് ജൂലൈ 14ന് സംഘടിപ്പിച്ച 'ദൃശ്യമാധ്യമരംഗത്തെ അധിനിവേശത്തിനെതിരായ' പ്രതിരോധ കണ്‍വന്‍ഷന്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു.

കണ്‍വന്‍ഷനില്‍ പങ്കെടുത്ത കോണ്‍ഗ്രസ്-ബിജെപി നേതാക്കളുടെ പ്രതികരണങ്ങള്‍ അവരുടെതന്നെ ദേശീയ നേതാക്കളെ പരിഹസിക്കുന്നതായിരുന്നു. മാധ്യമരംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചത് കോണ്‍ഗ്രസ്-ബിജെപി സര്‍ക്കാരുകളായിരുന്നുവെന്ന കാര്യം നേതാക്കള്‍ മറന്നാലും ജനങ്ങള്‍ മറന്നിട്ടില്ല. മാറി മാറി വന്ന രണ്ട് സര്‍ക്കാരും വന്‍കിട വിദേശ കുത്തകകള്‍ക്ക് ഇന്ത്യന്‍ മാധ്യമരംഗമാകെ വിഴുങ്ങാന്‍ അവസരമൊരുക്കുകയാണ് ചെയ്തത്. ഒരേ കമ്പനിക്കുതന്നെ ബ്രോഡ്കാസ്റ്റിങ് ഡിടിഎച്ച്, കേബിള്‍ ടിവി, ഐപിടിവി എന്നിങ്ങനെ ഉല്‍പ്പാദന-പ്രസരണ-വിതരണ രംഗങ്ങളിലും ആധിപത്യം സ്ഥാപിക്കാന്‍പോലും കേന്ദ്രനയംമൂലം സാധിച്ചു. സണ്‍, ഏഷ്യാനെറ്റ് എന്നീ ചാനലുകള്‍ പേ ചാനലുകളാക്കുന്നത് പ്രതിസന്ധിയുള്ളതുകൊണ്ടല്ല. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ലാഭംകൊയ്യുന്ന സ്ഥാപനമാണ് സണ്‍ ടി വി. 67 ശതമാനം വാര്‍ഷിക വളര്‍ച്ചയുള്ളതും 30 കോടി രൂപയില്‍നിന്നും 3000 കോടി ആസ്തി വര്‍ധിച്ചതുമായ സ്ഥാപനമാണ് ഏഷ്യാനെറ്റ്. പ്രതിസന്ധിയല്ല കൊള്ളലാഭമോഹമാണ് വിദേശ കമ്പനികള്‍ക്ക് ഓഹരി നല്‍കാനും പേ ചാനലാക്കാനും പ്രേരകമായത്. മലയാളി പ്രേക്ഷകരുടെമേല്‍ 180 കോടിരൂപയുടെ അധികഭാരമാണ് അടിച്ചേല്‍പ്പിക്കുന്നത്. നമ്മുടെ കാണാനുള്ള അവകാശത്തിനുപോലും വില കൊടുക്കേണ്ടിവരുന്നു. അതാവട്ടെ വിദേശ കമ്പനികള്‍ക്ക് കൊള്ളലാഭമുണ്ടാക്കാന്‍വേണ്ടി മലയാളികള്‍ നല്‍കുന്ന ഫീസാണ് താനും.

മാധ്യമങ്ങളുടെ നിയന്ത്രണം വിദേശകമ്പനികള്‍ കൈയടക്കുന്നത് രാജ്യസുരക്ഷയ്ക്കുപോലും ഭീഷണിയാണ്. തങ്ങളുടെ അജന്‍ഡകള്‍ നടപ്പാക്കാനും താല്‍പ്പര്യമില്ലാത്ത മാധ്യമങ്ങളുടെ വളര്‍ച്ച തടയാനും ഭരണകൂടങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനും ഇവര്‍ക്ക് കഴിയുന്നു. ജനങ്ങളുടെ അഭിരുചികളെയും സംസ്കാരത്തെയും സ്വാധീനിക്കുന്ന വിധത്തില്‍ എല്ലാ മാനവിക മൂല്യങ്ങളും അവഗണിച്ച് കേവലമായ കച്ചവടതാല്‍പ്പര്യം മാത്രം പുലര്‍ത്താന്‍ ഇത്തരം ചാനലുകള്‍ മത്സരിക്കുകയാണ്.

അധികാരശക്തികള്‍ക്ക് ആയുധം മാത്രം പോരാ, മാധ്യമങ്ങള്‍ അടക്കമുള്ള ഉപകരണങ്ങള്‍കൂടി അധീനതയില്‍ ഉണ്ടായാല്‍മാത്രമേ ആഗോളവല്‍ക്കരണകാലത്ത് പൊതുസമ്മതി സൃഷ്ടിക്കാനാവൂ. അധികാരക്കസേര ഉറപ്പിക്കാന്‍, വ്യക്തികളെ അനശ്വരരാക്കാന്‍, വ്യക്തികളെ ഇകഴ്ത്താന്‍, സത്യം വളച്ചൊടിക്കാന്‍, ജനകീയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍, വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ അങ്ങനെ എല്ലാറ്റിനും ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റേറ്റായി അറിയപ്പെടുന്ന മാധ്യമങ്ങളാണ് ഇന്ന് ഏറ്റവും നിര്‍ണായകം.

ഇന്ധനവിലക്കയറ്റത്തേക്കാള്‍ വലിയ ജനകീയ പ്രശ്നമായി കണ്ടല്‍ക്കാട് മാറി. പരിസ്ഥിതി സംരക്ഷണം പാര്‍ടി പരിപാടിയില്‍ ലക്ഷ്യമായി അംഗീകരിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സിപിഐ എമ്മിനെ വനനശീകരണ പ്രസ്ഥാനമാക്കി ചിത്രീകരിക്കുന്നു. ഇത്തരത്തില്‍ എത്ര വേണമെങ്കിലും സമീപകാല സംഭവങ്ങളില്‍നിന്ന് ഉദാഹരിക്കാന്‍ കഴിയും. ചില ചാനലുകള്‍ ഇടതുപക്ഷ-പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്ക് മതിയായ സമയം അനുവദിക്കാതെയും മറുപക്ഷ നിലപാടുകള്‍ക്ക് കൂടുതല്‍ സമയവും കൂടുതല്‍ വ്യക്തികളെ പങ്കെടുപ്പിച്ചും നടത്തുന്ന ചര്‍ച്ചകള്‍ എന്ത് നിഷ്പക്ഷതയാണ് പ്രതിനിധാനം ചെയ്യുന്നത്. മാധ്യമങ്ങള്‍ക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയല്ല മറിച്ച് മാധ്യമ മുതലാളിയുടെ വര്‍ഗതാല്‍പ്പര്യത്തെയാണ് ഇക്കൂട്ടര്‍ പ്രതിനിധാനംചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ദൃശ്യമാധ്യമരംഗത്തെ വിദേശ നിക്ഷേപത്തെക്കുറിച്ചോ പേ ചാനല്‍ സംസ്കാരത്തെക്കുറിച്ചോ ഒരു ചാനല്‍ ചര്‍ച്ചയും നടക്കാതെപോയത്.

കേരളത്തില്‍ 20 പത്രം 40 ലക്ഷം കോപ്പി പ്രചരിപ്പിക്കുന്നു. മുമ്പ് റേഡിയോ ആയിരുന്നു വാര്‍ത്തകള്‍ നേരത്തേ അറിയാന്‍ നമ്മെ സഹായിച്ചതെങ്കില്‍ അത് ടെലിവിഷന്‍ കൈയടക്കി. 15 മലയാള ചാനല്‍ നിലവിലുണ്ട്. അടുത്ത മാസങ്ങളില്‍ അര ഡസന്‍ ചാനലുകള്‍കൂടി വരാനുണ്ട്. നാലെണ്ണം വാര്‍ത്താ ചാനലാണ്. 24 മണിക്കൂറും മലയാളി മാധ്യമ സന്ദേശങ്ങള്‍ക്ക് നടുവിലാണ്. ഇതിനുപുറമെയാണ് നാല് ആകാശവാണിനിലയവും 17 എഫ്എം റേഡിയോ ചാനലും. പത്രത്തിനുവേണ്ടി മലയാളികള്‍ ഒരു ദിവസം ഏകദേശം ഒന്നരക്കോടിരൂപ ചെലവഴിക്കുന്നുണ്ടെങ്കില്‍ കേബിള്‍ ടിവിക്കായി ഒന്നേമുക്കാല്‍ കോടി രൂപ ചെലവഴിക്കുന്നു. 50 ലക്ഷം വീടുകളില്‍ ടിവി ഉണ്ട്. മറ്റ് സ്ഥാപനങ്ങളില്‍ വേറെയും. 40 ലക്ഷം കേബിള്‍ കണക്ഷനുണ്ട്. വാര്‍ത്താവിനിമയരംഗത്തെ വിസ്മയകരമായ നേട്ടങ്ങള്‍മൂലം മൊബൈല്‍ഫോണിലൂടെ ചാനല്‍ വാര്‍ത്തകള്‍ അറിയാന്‍ കഴിയുന്നു. മലയാളികളുടെ ഒരു ദിവസത്തെ മൊബൈല്‍ ഫോണ്‍ ചെലവാകട്ടെ അഞ്ചരക്കോടിരൂപയോളമാണ്. ഈ മാധ്യമസ്വാധീനം സ്വാഭാവികമായും മലയാളിയുടെ ചിന്തയെയും വിലയിരുത്തലുകളെയും അഭിപ്രായത്തെയും സ്വാധീനിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മാധ്യമങ്ങള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനം കേരളമാണ്.

മറ്റ് വ്യവസായങ്ങളില്‍നിന്ന് വ്യത്യസ്തമായ ഒന്നാണ് മാധ്യമവ്യവസായമെങ്കിലും ഇവിടെയും ആര്‍ത്തിയോടെ ലാഭമുണ്ടാക്കുക എന്ന മുതലാളിത്ത താല്‍പ്പര്യംതന്നെ ഉയര്‍ന്നുവന്നു. സാമൂഹ്യ പ്രതിബദ്ധതയോ കല-സാംസ്കാരിക- രാഷ്ട്രീയ മേഖലകളിലെ സര്‍ഗാത്മക പ്രവര്‍ത്തനമോ ഇല്ലാത്ത ഒന്നായി മാധ്യമരംഗം മാറി. സ്വന്തം താല്‍പ്പര്യത്തെ പ്രതികൂലമായി ബാധിക്കുമ്പോള്‍ മലയാള മനോരമപോലും എതിര്‍ത്ത് മുഖപ്രസംഗമെഴുതി. അച്ചടി മാധ്യമരംഗത്ത് വിദേശനിക്ഷേപം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചപ്പോഴായിരുന്നു അത്. എന്നാല്‍, മലയാള ദൃശ്യമാധ്യമങ്ങള്‍ ഇക്കാര്യത്തിലും പ്രതിലോമകരമായ നിലപാടാണ് സ്വീകരിച്ചത്. 74 ശതമാനം ഓഹരിയാണ് ചില ദൃശ്യമാധ്യമങ്ങളില്‍ വിദേശസ്ഥാപനങ്ങള്‍ക്കുള്ളത്. ആദ്യം 50 ശതമാനത്തില്‍ താഴെയായിരുന്നു. പ്രസരണ-വിതരണ മേഖലകളില്‍ കുത്തക സ്ഥാപനങ്ങള്‍ക്ക് കയറി നിരങ്ങാന്‍ അനുവാദം കൊടുത്തപ്പോഴെങ്കിലും ചാനല്‍ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുമെന്ന് കരുതിയവര്‍ക്കും തെറ്റുപറ്റി. ഏഷ്യാനെറ്റ് പേ ചാനലാക്കി മാറ്റിയപ്പോള്‍ ശക്തമായ പ്രതികരണവുമായി രംഗത്തുവന്നത് ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംഘടനയായ സിഒഎ (കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍) മാത്രമായിരുന്നു. സംഘടനാ പ്രവര്‍ത്തന അനുഭവങ്ങളോ തീക്ഷ്ണമായ സമരങ്ങള്‍ നടത്തിയ പരിചയസമ്പത്തോ ഇല്ലാതിരുന്നിട്ടും ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സമരം വിജയിക്കുകതന്നെചെയ്തു. അതിനുകാരണം സംഘടന ഉയര്‍ത്തിയ പ്രശ്നം തികച്ചും ശരിയും ന്യായവുമായതിനാലാണ്.

ഏഷ്യാനെറ്റ് ഏറ്റെടുത്ത കുത്തകക്കമ്പനിയായ സ്റ്റാറിന് കീഴടങ്ങിയാല്‍ സൂര്യമുതല്‍ പേ ചാനലാക്കാന്‍ കാത്തിരിക്കുന്ന നിരവധി സ്ഥാപനങ്ങള്‍ക്കും ബഹുരാഷ്ട്ര യജമാനന്മാര്‍ക്ക് കീഴടങ്ങേണ്ടിവരും. സമരത്തെ തകര്‍ക്കാന്‍ ഏഷ്യാനെറ്റ് മാധ്യമങ്ങളിലൂടെതന്നെ തങ്ങളുടെ യജമാനന്മാരുടെ ന്യായവാദങ്ങള്‍ പരസ്യവാചകങ്ങളായി അച്ചടിച്ചുവിട്ടെങ്കിലും കേരളത്തിലെ ജനങ്ങള്‍ കേബിള്‍ടിവി ഓപ്പറേറ്റര്‍മാരെ കൈവെടിഞ്ഞില്ല. അതുകൊണ്ടുകൂടിയാണ് ആദ്യഘട്ടത്തില്‍ ചര്‍ച്ചക്കൊന്നും തയ്യാറാകാതിരുന്നവര്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താന്‍ പിന്നീട് സന്നദ്ധരായത്. ഇനിമുതല്‍ ചാനലുകള്‍ കാണാന്‍ പ്രതിമാസം ഏഷ്യാനെറ്റിന് അധികമായി 15 രൂപ നല്‍കണമെന്നത് പത്തുരൂപയായി കുറയ്ക്കാനും മൂന്നുവര്‍ഷത്തേക്ക് ഒരു വര്‍ധനയും വരുത്തില്ലെന്നും സൂര്യ, കിരണ്‍ എന്നീ ചാനലുകള്‍ പേ ചാനല്‍ നിരക്കായ അധികഫീസ് 20 രൂപയും 35 രൂപയും ഈടാക്കുന്നത് താല്‍ക്കാലികമായി തടയാനും കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സമരത്തിലൂടെ സാധിച്ചിരിക്കുന്നു. പത്തുവര്‍ഷംമുമ്പ് അഞ്ചുരൂപ മാത്രമായിരുന്നു ഇഎസ്പിഎന്‍-സ്റ്റാര്‍ സ്പോര്‍ട്സിന്റെ പേ ചാനല്‍ നിരക്കെങ്കില്‍ ഇപ്പോള്‍ 75 രൂപയാണ്. ഈ സമരം പ്രസക്തമാവുന്നത് ഇത്തരം അനുഭവങ്ങള്‍കൊണ്ടുകൂടിയാണ്.

1990കളുടെ ആരംഭത്തിലാണ് സ്വയം തൊഴില്‍ സംരംഭമെന്ന നിലയില്‍ കേരളത്തില്‍ കേബിള്‍ ടിവി ആരംഭിക്കുന്നത്. തുടക്കത്തില്‍ വലിയ സാങ്കേതികവിദ്യയൊന്നും സ്വയം തൊഴില്‍ സംരംഭകരായ ചെറുപ്പക്കാരുടെ കൈവശമുണ്ടായിരുന്നില്ല. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത പണമാണ് ഭൂരിഭാഗം പേരുടെയും മൂലധനനിക്ഷേപം. മലയാളികള്‍ക്ക് ചാനലുകളിലെ പരിപാടികള്‍ കാണാന്‍ അവസരമുണ്ടാക്കിയത് സാറ്റലൈറ്റില്‍നിന്ന് നേരിട്ട് വീടുകളിലേക്ക് കണക്ഷനുകള്‍ നല്‍കാനുള്ള (ഡിടിഎച്ച്) ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സംവിധാനങ്ങളിലൂടെയാണ്. വിവര സാങ്കേതികവിദ്യ മെച്ചപ്പെട്ടപ്പോള്‍ ചാനലുകള്‍ക്ക് കോടികള്‍ മുടക്കുക മാത്രമല്ല പ്രസരണ-വിതരണ ശൃംഖലകൂടി സ്വന്തം അധീനതയില്‍ കൊണ്ടുവരാന്‍ കുത്തകക്കമ്പനികള്‍ നടപടികളാരംഭിച്ചു. കേരളത്തിലാകെ നൂറോളം പ്രാദേശിക ചാനലുകളും 3500 കേബിള്‍ യൂണിറ്റുമുണ്ട്. അതിലെല്ലാമായി ഉപജീവനം നടത്തുന്നവര്‍ അരലക്ഷത്തിലധികം വരും. സ്വന്തം നാട്ടില്‍ ആരംഭിച്ച ചെറുകിട സംരംഭങ്ങളെ വളര്‍ത്തുകയല്ലാതെ തകര്‍ക്കുകയല്ല സമൂഹത്തിന്റെ കടമ. എല്‍ഡിഎഫ് സര്‍ക്കാര്‍ കേബിള്‍ ടിവിക്ക് ഏര്‍പ്പെടുത്തിയ ആഡംബരനികുതി പിന്‍വലിച്ചത് ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരെയും പ്രാദേശിക ചാനലുകളെയും സംരക്ഷിക്കണമെന്നതുകൊണ്ടുകൂടിയാണ്. വിദേശ മാധ്യമകുത്തകക്കമ്പനികളായ സ്റ്റാര്‍-സണ്‍ കൂട്ടുകെട്ടിന്റെ ചൂഷണത്തിന് വിട്ടുകൊടുക്കാനുള്ളതല്ല മലയാളികളുടെ ദൃശ്യമാധ്യമങ്ങള്‍ കാണാനുള്ള അവകാശം.

ജനപ്രിയ ചാനലുകള്‍ എന്നവകാശപ്പെടുന്നവര്‍ ഏഷ്യാനെറ്റ്-സൂര്യ മാതൃകകളല്ല സ്വീകരിക്കേണ്ടത്. പരസ്യഇനത്തിലും മറ്റും കോടികള്‍ സമാഹരിക്കുകയും 'ജനപ്രിയ ചാനലു'കള്‍ എന്ന പേരില്‍ ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുകയും ചെയ്തതിനുശേഷം ജനങ്ങളെ ചൂഷണംചെയ്യുന്ന പേ ചാനല്‍ സംസ്കാരമല്ല നമുക്കുവേണ്ടത്. സാമൂഹ്യപ്രതിബദ്ധതയുള്ള ചാനല്‍ സംസ്കാരമാണ്. പ്രാദേശിക ചാനലുകള്‍ വാര്‍ത്തകളടക്കം ഇപ്പോള്‍ ഭംഗിയായി കൈകാര്യംചെയ്യുന്നുണ്ട്. സാമൂഹ്യവീക്ഷണവുമുണ്ട്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ അംഗീകരിക്കുന്നുണ്ട്. മാധ്യമ മുതലാളിമാരല്ല, ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ ഉല്‍പ്പന്നമാണിത്. ആഗോളവല്‍ക്കരണത്തിലൂടെ വിദേശികള്‍ക്ക് എല്ലാം അടിയറ വെയ്ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തെ പ്രതിരോധിക്കാന്‍ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാരുടെ ഈ കൂട്ടായ്മക്കും ഒരു മുഷ്ടിചുരുട്ടി മറ്റുള്ളവരോടൊപ്പം ഐക്യദാര്‍ഢ്യം രേഖപ്പെടുത്താന്‍ കഴിയുക തന്നെ ചെയ്യും.

*
എം വി ജയരാജന്‍ കടപ്പാട്: ദേശാഭിമാനി

2 comments:

വര്‍ക്കേഴ്സ് ഫോറം said...

അധികാരശക്തികള്‍ക്ക് ആയുധം മാത്രം പോരാ, മാധ്യമങ്ങള്‍ അടക്കമുള്ള ഉപകരണങ്ങള്‍കൂടി അധീനതയില്‍ ഉണ്ടായാല്‍മാത്രമേ ആഗോളവല്‍ക്കരണകാലത്ത് പൊതുസമ്മതി സൃഷ്ടിക്കാനാവൂ. അധികാരക്കസേര ഉറപ്പിക്കാന്‍, വ്യക്തികളെ അനശ്വരരാക്കാന്‍, വ്യക്തികളെ ഇകഴ്ത്താന്‍, സത്യം വളച്ചൊടിക്കാന്‍, ജനകീയ പ്രശ്നങ്ങളില്‍നിന്ന് ശ്രദ്ധതിരിച്ചുവിടാന്‍, വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ അങ്ങനെ എല്ലാറ്റിനും ജനാധിപത്യത്തിന്റെ ഫോര്‍ത്ത് എസ്റേറ്റായി അറിയപ്പെടുന്ന മാധ്യമങ്ങളാണ് ഇന്ന് ഏറ്റവും നിര്‍ണായകം.

അപ്പി ഹിപ്പി said...
This comment has been removed by the author.