Wednesday, August 4, 2010

വിദ്യാഭ്യാസത്തിലെ പിന്നോക്കാവസ്ഥ

ഇക്കഴിഞ്ഞ ദിവസം എന്റെ പഴയൊരു വിദ്യാര്‍ഥി കാണാന്‍ വന്നു. കൂടെ എട്ടാംതരത്തില്‍ പഠിക്കുന്ന മകളുമുണ്ട്. ഒരു ഇന്ത്യന്‍ ഐ ടി കമ്പനിക്കുവേണ്ടി അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ പണിയെടുക്കുകയാണയാള്‍. മകള്‍ അവിടത്തെ ഒരു സ്‌കൂളില്‍ പഠിക്കുന്നു. സ്വാഭാവികമായും സംസാരം സ്‌കൂള്‍ വിദ്യാഭ്യാസത്തിലേയ്ക്കു കടന്നു. വീടിനടുത്ത്, എന്നു വച്ചാല്‍ രണ്ടു കിലോമീറ്ററിനകത്ത്, ആണു സ്‌കൂള്‍. പൊതുവിദ്യാലയം. കൗണ്ടി, എന്നു വച്ചാല്‍ നമ്മുടെ പഞ്ചായത്ത്, ആണു സ്‌കൂള്‍ നടത്തുന്നത്. വീട്ടിനടുത്തുള്ള പൊതുവിദ്യാലയത്തില്‍ പഠനം സൗജന്യമാണ്. വേണമെങ്കില്‍ സ്വകാര്യ-അണ്‍ എയ്‌ഡഡ്-വിദ്യാലയത്തിലും ചേരാം. പക്ഷേ ഫീസ് വളരെ ഉയര്‍ന്നതാണ്. മാസം ആയിരം ഡോളറോളമാകും. ഇടത്തരക്കാര്‍ക്കൊന്നും താങ്ങാനാവില്ല.

ബഹുഭൂരിപക്ഷം കുട്ടികളും പൊതുവിദ്യാലയങ്ങളിലാണു കുട്ടികളെ അയയ്‌ക്കുന്നത്. അവയുടെ നിലവാരം മെച്ചപ്പെടുത്തുക എന്നതാണ് കൗണ്ടികളുടെ മുഖ്യ വെല്ലുവിളി. വീട്ടുകരമാണ് അതിനായി ഉപയോഗിക്കുക. നല്ല സ്‌കൂളുകളുള്ള കൗണ്ടികളില്‍ വീട്ടുകരവും കൂടുതലായിരിക്കും. സ്ഥല വിലയും ഉയരും. പലരും താമസസ്ഥലം തിരഞ്ഞെടുക്കുന്നതു തന്നെ അവിടത്തെ സ്‌കൂളിന്റെ നിലവാരം അന്വേഷിച്ചറിഞ്ഞിട്ടാണത്രെ. എന്തെന്നാല്‍ അടുത്തുള്ള സ്‌കൂളില്‍ കുട്ടിയെ ചേര്‍ക്കണം എന്നകാര്യത്തില്‍ നിര്‍ബന്ധമാണ്. അല്ലെങ്കില്‍ ചെലവുകൂടിയ സ്വകാര്യ സ്‌കൂളില്‍ അയയ്‌ക്കണം.

ചെലവുകൂടുതല്‍ ആണെന്നതു കൊണ്ട് നിലവാരം കൂടണമെന്നും ഇല്ല. നിലവാരം അളക്കാനും അറിയിക്കാനുമായി ഓരോ സ്‌കൂളിനെയും ''റേറ്റു''ചെയ്യുന്ന ഏര്‍പ്പാടുമുണ്ട്. ദേശീയ തലമാനകപ്പരീക്ഷകളില്‍ ആ സ്‌കൂളിലെ കുട്ടികളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും റേറ്റിംഗ്. ആകപ്പാടെ നോക്കിയാല്‍, വിപണിയുടെ രീതികളും സാമൂഹ്യ നീതിയുടെ തത്വങ്ങളും കൂടിച്ചേര്‍ന്നുള്ള ഒരു സങ്കരവ്യവസ്ഥ. പക്ഷേ സംഗതി സുതാര്യമാണ്. അഴിമതി ഇല്ല. അഡ്‌മിഷനോ അധ്യാപക നിയമനത്തിനോ കോഴ ഇല്ല. കുട്ടിയെ താമസസ്ഥലത്തിനടുത്തുള്ള പൊതുവിദ്യാലയത്തില്‍ ചേര്‍ക്കണം എന്നു നിര്‍ബന്ധം; പക്ഷേ എവിടെയും താമസിക്കാനുള്ള സ്വാതന്ത്ര്യം; കാശും ആഗ്രഹവും ഉണ്ടെങ്കില്‍ അണ്‍ എയ്‌ഡഡ് സ്വകാര്യ സ്‌കൂളിലും ചേര്‍ക്കാം. പക്ഷേ പൊതുവിദ്യാലയങ്ങളുടെ മിനിമം ഗുണനിലവാരം ഉറപ്പാക്കാനുള്ള സംവിധാനം പ്രാദേശിക സ്വയം ഭരണസ്ഥാപനങ്ങളിലൂടെ ഉണ്ടാക്കിയിരിക്കുന്നു.

പല നല്ല വശങ്ങളും ഈ സംവിധാനത്തിലുണ്ട് എന്നു സമ്മതിച്ചേ തീരൂ. ഒരു കുഴപ്പം പറയാവുന്നത്, സാമ്പത്തിക ശേഷികുറഞ്ഞ സമൂഹങ്ങളിലെ സ്‌കൂളുകള്‍ക്ക് വിഭവദാരിദ്ര്യവും തന്മൂലമുള്ള ഗുണമേന്മാ പ്രശ്‌നങ്ങളും ഉണ്ടാകും എന്നതാണ്. ഇവിടെയും സ്‌കൂള്‍ ഭരണം പഞ്ചായത്തുകളെ ഏല്‍പ്പിക്കാനുള്ള നീക്കം വന്നപ്പോള്‍ അതിനെതിരായി ഉയര്‍ന്ന ഒരു ആശങ്ക അതായിരുന്നുവല്ലോ. പക്ഷേ നമ്മുടെ അധികാര വികേന്ദ്രീകരണ വ്യവസ്ഥയില്‍ അത് അസ്ഥാനത്താണ്. എന്തെന്നാല്‍ ഇവിടെ അധികാരം താഴോട്ടു കൊടുക്കുന്നു എങ്കിലും സ്‌കൂള്‍ ഭരണത്തിനുള്ള ചെലവു മുഴുവനും സംസ്ഥാനം തന്നെയാണല്ലൊ വഹിക്കുന്നത്. അതുകൊണ്ട് എല്ലാ സ്‌കൂളുകള്‍ക്കും അത്യാവശ്യം വേണ്ട വിഭവം ലഭ്യമാക്കാനും കെട്ടിടങ്ങളുടെയും മറ്റും കാര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ക്ക് കൂടുതല്‍ ഫണ്ടു ലഭ്യമാക്കാനും സ്റ്റേറ്റിനുകഴിയും.

പക്ഷേ ഗുണമേന്മ ഉറപ്പു വരുത്താന്‍ കെട്ടിടവും കമ്പ്യൂട്ടറും മാത്രം പോരല്ലോ. അധ്യാപകരുടെ യോഗ്യതയും മികവും തീര്‍ച്ചയായും പ്രധാനമാണ്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പി എസ് സി മുഖേനയാണു നിയമനം എന്നുള്ളതുകൊണ്ട് കിട്ടാവുന്ന ഏറ്റവും മികച്ചവരാണ് ടീച്ചര്‍മാരായി വരുന്നത് എന്ന് ന്യായമായും ഉറപ്പിക്കാം. പക്ഷേ എയ്‌ഡഡ് സ്‌കൂളുകളിലോ? മിനിമം വിദ്യാഭ്യാസ യോഗ്യത ഉണ്ടാകും എന്നല്ലാതെ കിട്ടാവുന്ന ഏറ്റവും മികച്ചവരെയാണ് അവര്‍ നിയമിക്കുക എന്നതിന് ഉറപ്പില്ല. അതുറപ്പാക്കാന്‍ സമൂഹത്തിന് ബാധ്യതയും അധികാരവും സാവകാശവും ഇല്ലേ?

ഉന്നത വിദ്യാഭ്യാസത്തിനായി ഡിഗ്രിക്കു പുറമേ, നെറ്റ്, സെറ്റ് മുതലായ പരീക്ഷകള്‍ കൂടി പാസ്സാകണം എന്നു നിര്‍ബന്ധിക്കുന്നതുപോലെ സ്‌കൂള്‍ അധ്യാപകജോലിക്കും ഒരു എലിജിബിലിറ്റി പരീക്ഷ നടത്തുകയും ഓരോ വര്‍ഷത്തെയും ഒഴിവുകളുടെ അടിസ്ഥാനത്തില്‍ ഒരു നിശ്ചിത എണ്ണം പേരെ മാത്രം യോഗ്യരായി പ്രഖ്യാപിക്കുകയും ചെയ്യുന്ന കാര്യം ആലോചിക്കാമോ? ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. പക്ഷേ യോഗ്യത കുറഞ്ഞവരെ കോഴവാങ്ങി നിയമിക്കുന്ന സമ്പ്രദായം എങ്ങനെയെങ്കിലും അവസാനിപ്പിച്ചേ മതിയാകൂ. 'മാനേജര്‍ നിയമിക്കാനും സര്‍ക്കാര്‍ ശമ്പളം കൊടുക്കാനും' എന്നുള്ള അവസ്ഥ അഴിമതിക്കുള്ള വേദിയൊരുക്കല്‍ തന്നെയാണ്.

നെറ്റും സെറ്റും ഒക്കെ ഉണ്ടായിട്ടും ഹയര്‍ സെക്കന്‍ഡറി അധ്യാപക നിയമനത്തിന് വന്‍തോതില്‍ കോഴവാങ്ങുന്നു എന്നാണ് കമ്പോളവര്‍ത്തമാനം. സെറ്റിനെ ജയിപ്പിക്കുന്നതും തോല്‍പ്പിക്കുന്നതുമായ ഒരു പരീക്ഷ എന്നതിനു പകരം ഒഴിവുകളുടെ എണ്ണം അനുസരിച്ച് ഒരു നിശ്ചിത എണ്ണം പേരെ മാത്രം റാങ്കുചെയ്യുന്ന പരീക്ഷ ആക്കി മാറ്റുക എന്നതാണ് ഒരു പോംവഴി. അതിനു നിയമപരമായ പരിരക്ഷയും കൊടുക്കേണ്ടിവരും.

ഇതൊക്കെയാണെങ്കിലും ഗുണമേന്മ ഉറപ്പാകുമോ? ക്ലാസുകള്‍ 'മര്യാദയ്ക്കു' നടക്കണ്ടേ? സെക്കന്‍ഡറി തലത്തില്‍ 220 ദിവസം അധ്യയനം നടക്കണം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം പറയുന്നത്. അധ്യാപകര്‍ ഹാജര്‍ വയ്‌ക്കുന്ന ദിവസം 220 ആയാല്‍ പോരാ, പഠനം നടക്കുന്ന ദിവസങ്ങളാകണം അവ. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനായി പാഠപുസ്‌തക പഠനത്തിനു പുറമേ മറ്റു പല പ്രവര്‍ത്തനങ്ങളും നാം ആവിഷ്‌ക്കരിച്ചിട്ടുണ്ട്; പാഠ്യപദ്ധതിയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. അവയെല്ലാം വേണ്ടതുമാണ്, തര്‍ക്കമില്ല. പക്ഷേ അവയ്‌ക്കുവേണ്ടി, അല്ലെങ്കില്‍ അവയുടെ പേരില്‍, ക്ലാസ് പഠനം മുടങ്ങിയാലോ? അപ്പോള്‍ പാഠ്യപദ്ധതി വിഭാവനം ചെയ്‌ത പഠന-ബോധന പ്രവര്‍ത്തനം വേണ്ട വിധത്തില്‍ നടക്കാതെ പോവില്ലേ?

ഒഴിച്ചു കൂടാനാവാത്ത കാരണങ്ങളാലല്ലാതെ പഠനം മുടങ്ങുന്നില്ല എന്നുറപ്പു വരുത്തുക മാത്രമേ വഴിയുള്ളൂ. സെന്‍സസിനും തിരഞ്ഞെടുപ്പിനുമല്ലാതെ അധ്യാപകരെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു വിളിക്കരുത് എന്നും വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കര്‍ഷിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യമാണിത്. അതുപോലെ, നാനാവിധ മേളകള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റുമായി പൊതുവിദ്യാലയങ്ങള്‍ക്ക് അവധികൊടുക്കുന്നതും ഉയര്‍ന്ന ക്ലാസുകളിലെ പരീക്ഷകള്‍ക്കായി താഴ്ന്ന ക്ലാസുകള്‍ മുടക്കുന്നതും ഒഴിവാക്കിയേ തീരൂ. പിന്നൊന്ന് അധ്യാപകരുടെ അവധിമൂലം ക്ലാസു നഷ്‌ടപ്പെടുന്നതാണ്. പല പഞ്ചായത്തുകളും ഇതിനു പരിഹാരമായി 'ടീച്ചേഴ്‌സ് ബാങ്ക്' നടപ്പാക്കിയിട്ടുണ്ട്. യോഗ്യതയുള്ളവരുടെ ഒരു പാനല്‍ പഞ്ചായത്ത് അംഗീകരിച്ച് മുഖ്യ അധ്യാപികയെ ഏല്‍പ്പിച്ചിരിക്കും. ഏതെങ്കിലും കാരണവശാല്‍ ഒരധ്യാപിക അവധിയിലാകുകയോ പരിശീലനത്തിനു പോകുകയോ ചെയ്‌താല്‍ ഈ പാനലില്‍ നിന്നൊരാളെ പകരം വിളിക്കാം. കുട്ടികളുടെ ക്ലാസുമുടങ്ങില്ല. വരാത്ത അധ്യാപിക ചെയ്യുമായിരുന്ന ജോലി ചെയ്യാന്‍ ഒരു പക്ഷേ കഴിയില്ലെങ്കിലും ആ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമല്ലോ; അത്രയും നന്ന്.

പിന്നീടുള്ളത് അധ്യാപക പരിശീലനവും മേല്‍നോട്ടവും ആണ്. അധ്യാപക പരിശീലനത്തിന് എസ് സി ഇ ആര്‍ ടി യും ഡയറ്റും ചേര്‍ന്ന് വളരെയേറെ സംരംഭങ്ങള്‍ ഒരുക്കുന്നുണ്ട്. അവയുടെ ഫലപ്രാപ്‌തി വിലയിരുത്തി ഇനിയും മെച്ചപ്പെടുത്താനുള്ള പരിഷ്‌ക്കാരങ്ങള്‍ വരുത്താവുന്നതുമാണ്. പക്ഷേ മേല്‍നോട്ടം (supervision) ആണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിനു വന്നുപോയിട്ടുള്ള ഒരു വലിയ വീഴ്‌ചഎന്നു സമ്മതിക്കാതെ തരമില്ല. പണ്ടൊക്കെ എ ഇ ഒ യുടെ ഇന്‍സ്‌പെക്ഷന്‍ എന്നത് അത്യന്തം ഗൗരവമേറിയ ഒരു സംഭവമായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷേ അക്കാലമൊക്കെ പോയി. ഇപ്പോഴത്തെ എ ഇ ഒ മാര്‍ക്ക് അതുപോലുള്ള ആദരവ് ആര്‍ജിക്കാന്‍ കഴിയുന്നില്ല എന്നതു മാത്രമല്ല പ്രശ്‌നം, അവര്‍ക്ക് പതിവ് ഓഫീസു ജോലികള്‍ കഴിഞ്ഞ് സ്‌കൂള്‍ ഇന്‍സ്‌പെക്ഷനു വേണ്ടത്ര സമയം കിട്ടുന്നില്ല എന്ന പരാതിയും ഉണ്ട്. അതിനും പുറമേ, എസ് സി ഇ ആര്‍ ടി, ഡയറ്റ് തുടങ്ങിയ സംവിധാനങ്ങള്‍ വന്നതോടെ അക്കാദമിക മേല്‍നോട്ട ചുമതലയില്‍ നിന്ന് എ ഇ ഒ പുറത്തായോ എന്ന സംശയവുമുണ്ട്. ഏതായാലും ഏതൊരു സംവിധാനവും കുറ്റമറ്റ രീതിയില്‍ നടക്കണമെങ്കില്‍ പരിശോധനയും തിരുത്തലും കൂടിയേ തീരു. ഹെഡ്‌മാസ്റ്റര്‍മാരുടെയും എ ഇ ഒ മാരുടെയും അധികാരത്തിലും ചുമതലയിലും യാതൊരു വിട്ടുവീഴ്‌ചയും പാടില്ല. അതോടൊപ്പം തങ്ങളുടെ സ്‌കൂള്‍ ആ ദേശത്തെ ഏറ്റവും മികച്ച സ്‌കൂളുകളിലൊന്നാക്കാന്‍ ബദ്ധശ്രദ്ധരായ പഞ്ചായത്തുകളും കൂടി ഉണ്ടെങ്കില്‍ നമ്മുടെ സ്‌കൂള്‍ വിദ്യാഭ്യാസം ഒന്നാം തരമാകും എന്നതില്‍ സംശയമില്ല.

ഇത്തരമൊരു പൊതുവിദ്യാഭ്യാസ സംവിധാനം നിലവില്‍ വരുത്തുക എന്നതാണ്, ആയിരിക്കണം, ഭരണത്തിന്റെ ലക്ഷ്യം. ആരുഭരിച്ചാലും ഇതു ബാധകമാണ്. മുതലാളിത്ത - കമ്പോള വ്യവസ്ഥിതിയില്‍പോലും ഇതാണു വ്യവസ്ഥ എന്നു നാം കണ്ടു. പിന്നെന്തിനാണ് വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കാനെന്ന പേരില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പിന്നോക്ക പ്രദേശങ്ങളില്‍ അണ്‍ എയ്‌ഡഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളുകള്‍ അനുവദിക്കുന്നത് ? അവ വന്നാല്‍ പാവപ്പെട്ട പിന്നോക്കക്കാര്‍ തങ്ങളുടെ കുട്ടികളെ കനത്ത ഫീസും കോഴയും കൊടുത്ത് അങ്ങനത്തെ സ്‌കൂളുകളില്‍ അയയ്‌ക്കുമോ? പത്തിലെത്തും മുന്നേ കൊഴിഞ്ഞുപോകുന്നത് ഒഴിവാകുമോ? പെണ്‍കുട്ടികള്‍ പ്രായമായാല്‍ പഠിത്തം നിര്‍ത്തുന്നത് അവസാനിക്കുമോ? എങ്ങനെയെങ്കിലും പത്തു കടന്നു കിട്ടിയാല്‍ മതി; പാസ്‌പോര്‍ട്ടും നേടി അക്കരെ കടക്കാം എന്ന കാഴ്‌ചപ്പാടു മാറുമോ?

*****

ആർ വി ജി മേനോന്‍, കടപ്പാട് : ജനയുഗം

അധിക വായനയ്‌ക്ക് :

വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരവും എയിഡഡ് സ്‌കൂള്‍ അദ്ധ്യാപക നിയമനവും

3 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇതൊക്കെയാണെങ്കിലും ഗുണമേന്മ ഉറപ്പാകുമോ? ക്ലാസുകള്‍ 'മര്യാദയ്ക്കു' നടക്കണ്ടേ? സെക്കന്‍ഡറി തലത്തില്‍ 220 ദിവസം അധ്യയനം നടക്കണം എന്നാണ് വിദ്യാഭ്യാസ അവകാശ നിയമം പറയുന്നത്. അധ്യാപകര്‍ ഹാജര്‍ വയ്‌ക്കുന്ന ദിവസം 220 ആയാല്‍ പോരാ, പഠനം നടക്കുന്ന ദിവസങ്ങളാകണം അവ. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കാനായി പാഠപുസ്‌തക പഠനത്തിനു പുറമേ മറ്റു പല പ്രവര്‍ത്തനങ്ങളും നാം ആവിഷ്‌ക്കരിച്ചിട്ടുണ്ട്; പാഠ്യപദ്ധതിയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. അവയെല്ലാം വേണ്ടതുമാണ്, തര്‍ക്കമില്ല. പക്ഷേ അവയ്‌ക്കുവേണ്ടി, അല്ലെങ്കില്‍ അവയുടെ പേരില്‍, ക്ലാസ് പഠനം മുടങ്ങിയാലോ? അപ്പോള്‍ പാഠ്യപദ്ധതി വിഭാവനം ചെയ്‌ത പഠന-ബോധന പ്രവര്‍ത്തനം വേണ്ട വിധത്തില്‍ നടക്കാതെ പോവില്ലേ?

ഒഴിച്ചു കൂടാനാവാത്ത കാരണങ്ങളാലല്ലാതെ പഠനം മുടങ്ങുന്നില്ല എന്നുറപ്പു വരുത്തുക മാത്രമേ വഴിയുള്ളൂ. സെന്‍സസിനും തിരഞ്ഞെടുപ്പിനുമല്ലാതെ അധ്യാപകരെ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കു വിളിക്കരുത് എന്നും വിദ്യാഭ്യാസ അവകാശ നിയമം നിഷ്‌കര്‍ഷിക്കുന്നു. ശ്രദ്ധിക്കേണ്ട കാര്യമാണിത്. അതുപോലെ, നാനാവിധ മേളകള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റുമായി പൊതുവിദ്യാലയങ്ങള്‍ക്ക് അവധികൊടുക്കുന്നതും ഉയര്‍ന്ന ക്ലാസുകളിലെ പരീക്ഷകള്‍ക്കായി താഴ്ന്ന ക്ലാസുകള്‍ മുടക്കുന്നതും ഒഴിവാക്കിയേ തീരൂ. പിന്നൊന്ന് അധ്യാപകരുടെ അവധിമൂലം ക്ലാസു നഷ്‌ടപ്പെടുന്നതാണ്. പല പഞ്ചായത്തുകളും ഇതിനു പരിഹാരമായി 'ടീച്ചേഴ്‌സ് ബാങ്ക്' നടപ്പാക്കിയിട്ടുണ്ട്. യോഗ്യതയുള്ളവരുടെ ഒരു പാനല്‍ പഞ്ചായത്ത് അംഗീകരിച്ച് മുഖ്യ അധ്യാപികയെ ഏല്‍പ്പിച്ചിരിക്കും. ഏതെങ്കിലും കാരണവശാല്‍ ഒരധ്യാപിക അവധിയിലാകുകയോ പരിശീലനത്തിനു പോകുകയോ ചെയ്‌താല്‍ ഈ പാനലില്‍ നിന്നൊരാളെ പകരം വിളിക്കാം. കുട്ടികളുടെ ക്ലാസുമുടങ്ങില്ല. വരാത്ത അധ്യാപിക ചെയ്യുമായിരുന്ന ജോലി ചെയ്യാന്‍ ഒരു പക്ഷേ കഴിയില്ലെങ്കിലും ആ സമയം ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയുമല്ലോ; അത്രയും നന്ന്.

tharam said...

Similar was my experience when i came to Scandinavian country for my job related travel and stay. I was amazed to see how efficient is the local public governance system in these countries!! 5 star and almost free service from the government in the area of education, health care and other social security and welfare measures. All we have to do is to pay the tax and elect the right representatives. In kerala the vested interested people try to destroy the public service system just to prove to the people that those systems are never going to work and thus increase their own private business opportunities in the area of education, health care etc…
All the nonsense that happen in Kerala will never happen in all these “best to live in “ countries. Because THE PEOPLE there are really empowered. They are not enslaved by religious, community or political leaders or ideologies. In those countries living the life to its fullest potential is the first priority. In kerala that is the last thing in our priority list because we are forced to address other priorities on a day to day basics.

മലമൂട്ടില്‍ മത്തായി said...

People get the education system they want. This can be seen in Kerala where there was tremendous opposition to education reform any time that was tried. Teacher's unions, management are all equally guilty of this. Even the mandatory education bill will not change much. Think about the case of the postman's kid being thrown out of the posh Delhi school when his income went over the 1 lac pa limit. Such a thing will never happen here.

There are changes to the system of tenure for teachers in the USA. During the current crisis, many states are passing legislation enabling the firing of non performing teachers. This trend was started by the state of Colorado.

So in the end, education is the most important thing in which the state has to play its role well. But in India, that does not happen - instead the private parties run amok. The leaders do not care much as their own wards get preferential treatment and quite a lot of them study at the said private institutes or even abroad.