Saturday, August 28, 2010

യു.പി.എ. സര്‍ക്കാരിന്റെ നയങ്ങള്‍ നവ ഉദാരവത്ക്കരണ പ്രക്രിയയെ പരിപോഷിപ്പിക്കുന്നു

രണ്ടാമത് യു.പി.എ. സര്‍ക്കാര്‍ അതിന്റെ ഭരണത്തിന്റെ ഒരു വര്‍ഷം മെയ് 22-ന് പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് വലിയ അവകാശവാദങ്ങളാണ് സര്‍ക്കാരും മുഖ്യധാരാ മാധ്യമങ്ങളും നിരത്തിയത്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ നയങ്ങളേയും രാഷ്‌ട്രീയത്തേയും ഒരു സൂക്‌ഷ്‌മ പരിശോധനയ്‌ക്ക് വിധേയമാക്കുകയാണെങ്കില്‍ പുത്തന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കിക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും ഭരണവര്‍ഗ്ഗവും രാജ്യത്തെ ജനങ്ങളുടെമേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് കാണാം.

ആഗോളവത്ക്കരണ-ഉദാരവത്ക്കരണ നയങ്ങള്‍ ഇന്‍ഡ്യയിലേയ്‌ക്ക് ഇറക്കുമതി ചെയ്യപ്പെട്ട 1991 മുതലാണ് നവ ഉദാരവത്ക്കരണ പദ്ധതി ഇന്ത്യയില്‍ കാര്യമായി നടപ്പിലാക്കുവാനാരംഭിച്ചത്. 2004-ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഭാരതീയ ജനതാപാര്‍ട്ടി പരാജയപ്പെടുകയും ഇടതുകക്ഷികളുടെ പിന്‍തുണയില്ലാതെ ആദ്യത്തെ യു.പി.എ സര്‍ക്കാരിന് ഭരിക്കുവാനാകില്ല എന്ന സ്ഥിതിവിശേഷം സംജാതമാവുകയും ചെയ്‌തപ്പോള്‍ സമ്പന്നരെ സഹായിക്കുന്നതും പാവപ്പെട്ടവരെ ദ്രോഹിക്കുന്നതുമായ നയങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനെ ഒരു പരിധിവരെയെങ്കിലും തടയിടുവാനായി. എന്നാല്‍ ഇടതുപക്ഷികളുടെ പിന്‍തുണയെ ആശ്രയിക്കേണ്ടതില്ലാത്തതിനാല്‍ രണ്ടാമത്തെ യു.പി.എ. സര്‍ക്കാര്‍ യാതൊരു തടസ്സവും നേരിടാതെ നവ-ലിബറല്‍ നയങ്ങള്‍ അതിശക്തമായി നടപ്പിലാക്കുകയാണ്. രണ്ടാമത്തെ യു.പി.എ. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ചരിത്രമെന്നത് ഇന്‍ഡ്യയുടെ ജനങ്ങളുടെ നേര്‍ക്ക് നവ-ഉദാരവത്ക്രണ നയങ്ങളുടെ ആക്രമണം അഴിച്ചുവിട്ടതിന്റെ ചരിത്രമാണ്.

സാമ്പത്തിക നയം

ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് 2009 - ല്‍ യു.പി.എ സര്‍ക്കാര്‍ രണ്ടാമതും അധികാരത്തില്‍ വന്നത്. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഫലമായി ഇന്‍ഡ്യന്‍ സമ്പദ്ഘടനയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു. കയറ്റുമതിയില്‍ ഇടിവുണ്ടായി. ഗണ്യമായ തോതില്‍ നഷ്‌ടവും സംഭവിച്ചു. 2009 -10 കാലയളവില്‍ ഇന്‍ഡ്യയില്‍ 13 ലക്ഷം തൊഴിലാളികള്‍ക്ക് തൊഴിൽ നഷ്‌ടപ്പെടുകയുണ്ടായി എന്നാണ് കണക്കാക്കിയിരിക്കുന്നത്. വളര്‍ച്ചാനിരക്കിലും തൊഴില്‍ മേഖലയിലും തിരിച്ചടികള്‍ നേരിട്ടിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ചെലവ് വര്‍ദ്ധിപ്പിക്കാതെ സമ്പന്നര്‍ക്ക് വന്‍ നികുതിയിളവുകള്‍ നല്‍കിക്കൊണ്ടും സമ്പദ്ഘടനയ്‌ക്ക് പുത്തനുണര്‍വ് നല്‍കുവാനുള്ള സമീപനമാണ് യു.പി.എ സര്‍ക്കാര്‍ കൈക്കൊണ്ടത്. 5,02,299 കോടി രൂപയുടെ നികുതിയിളവുകളാണ് 2009-10 ല്‍ യു.പി.എ സര്‍ക്കാര്‍ അനുവദിച്ചത്. കോര്‍പ്പറേറ്റ് മേഖലയ്‌ക്ക് 79,554 കോടി രൂപയുടെയും ആദായനികുതി ദായകര്‍ക്ക് 40,929 കോടി രൂപയുടെയും ഇളവ് ലഭിച്ചു.

കോര്‍പ്പറേറ്റ് മേഖലയ്‌ക്കും സമ്പന്നര്‍ക്കും ഇത്തരത്തില്‍ വന്‍ നികുതിയിളവുകള്‍ നല്‍കുമ്പോള്‍ സാധാരണ ജനങ്ങള്‍ രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ദുരിതപൂര്‍ണമായ പണപ്പെരുപ്പത്താല്‍ വലയുകയാണ്. 2009 ഡിസംബര്‍ മാസം 20 ശതമാനം വരെ ഉയര്‍ന്ന ഭക്ഷ്യവസ്‌തുക്കളുടെ നാണയപ്പെരുപ്പം 2010 മെയ് മാസം 17 ശതമാനമാണ്. കേന്ദ്രം ഭരിച്ച സര്‍ക്കാരുകള്‍ തുടര്‍ച്ചയായി കാര്‍ഷികമേഖലയെ അവഗണിച്ചതിനാല്‍ സൃഷ്‌ടിക്കപ്പെട്ട ഗുരുതരമായ കാര്‍ഷിക പ്രതിസന്ധിയുടെ ഫലമാണ് ഭക്ഷ്യവസ്‌തുക്കളുടെ കാര്യത്തില്‍ ഇന്നു നാം നേരിടുന്ന ഉയര്‍ന്ന പണപ്പെരുപ്പം. കഴിഞ്ഞവര്‍ഷത്തെ വരള്‍ച്ചകാരണം 2009-10 ലെ കാര്‍ഷിക ഉത്പാദനത്തില്‍ വീണ്ടും 0.2 ശതമാനത്തിന്റെ ഇടിവുണ്ടായിരിക്കുന്നു. ഇങ്ങനെ കാര്‍ഷിക മേഖല നീണ്ടകാലമായി പ്രതിസന്ധിയെ നേരിടുന്ന അവസരത്തിലും ഈ മേഖലയ്‌ക്കുള്ള പൊതുനിക്ഷേപം 2004-05 ലെ 20 ശതമാനത്തില്‍ നിന്ന് 2008-09 ആയപ്പോഴേയ്‌ക്കും 17.6 ശതമാനമായി വെട്ടിക്കുറയ്‌ക്കപ്പെട്ടു. മാത്രവുമല്ല കാര്‍ഷിക ഉത്പാദനത്തില്‍ ഇടിവും അതുകാരണം ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റവും ഉണ്ടായിട്ടുപോലും കൃഷിയെ പുനരുദ്ധീകരിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നുംതന്നെ യുപിഎ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ഇതിന് വിപരീതമായി ഇക്കൊല്ലത്തെ കേന്ദ്രബജറ്റില്‍ ഭക്ഷ്യ സബ്‌സിഡിയില്‍ 400 കോടി രൂപയുടേയും വളങ്ങള്‍ക്കുള്ള സബ്‌സിഡിയില്‍ 3000 കോടി രൂപയുടേയും കുറവു വരുത്തുന്നതിനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.

സമ്പന്നര്‍ക്ക് വന്‍തോതില്‍ നികുതിയിളവുകള്‍ നല്‍കിയാല്‍ സര്‍ക്കാരിന് എങ്ങനെയാണ് വരുമാനമുണ്ടാകുന്നത് എന്ന ചോദ്യം ഇന്ന് വളരെ പ്രസക്തമാകുകയാണ്. എന്നാല്‍ രണ്ട് പിന്തിരിപ്പന്‍ സാമ്പത്തിക പരിപാടികള്‍ നടപ്പിലാക്കിക്കൊണ്ടാണ് സര്‍ക്കാര്‍ ഈ ചോദ്യത്തിന് ഉത്തരം കാണുവാന്‍ ശ്രമിക്കുന്നത്. പരോക്ഷ നികുതികള്‍ വര്‍ദ്ധിപ്പിക്കലാണ് ഇതില്‍ ഒന്നാമത്തേത്. പെട്രോള്‍, ഡീസല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി അവശ്യസാധനങ്ങളുടെ Excise , custom തീരുവകള്‍ സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു. ഇങ്ങനെ വരുമാനത്തിനുവേണ്ടി പരോക്ഷനികുതികളില്‍ വര്‍ദ്ധനവ് വരുത്തുമ്പോള്‍ സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ദരിദ്രരെ പിഴിഞ്ഞ് സ്വന്തം ചിലവിനുള്ള വക കണ്ടെത്തുകയാണ്. അതേയവസരത്തില്‍ സര്‍ക്കാര്‍ സമ്പന്നര്‍ക്ക് നികുതിയിളവുകള്‍ നല്‍കുകയും ചെയ്യുന്നു. ഇപ്പോള്‍തന്നെ ജനങ്ങള്‍ വിലക്കയറ്റത്തെ നേരിടുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ദ്ധിപ്പിക്കുന്നത് വിലക്കയറ്റത്തെ കൂടുതല്‍ രൂക്ഷമാക്കും. ധനതത്വ ശാസ്‌ത്രത്തിന്റെ ഈ അടിസ്ഥാന തത്വം പോലും സര്‍ക്കാര്‍ വിസ്‌മരിക്കക്കുകയാണ്.

വരുമാനത്തിനുള്ള മറ്റൊരു മാര്‍ഗ്ഗമായി സര്‍ക്കാര്‍ കാണുന്നത് പൊതുമേഖലാ സ്ഥാപനങ്ങളുടെ വിറ്റഴിക്കലിനെയാണ്. ഇതുവഴി 40,000 കോടി സ്വരൂപിക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇടതുകക്ഷികളുടെ ശക്തമായ എതിര്‍പ്പുണ്ടായിരുന്നതിനാല്‍ ഒന്നാമത്തെ യുപിഎ സര്‍ക്കാരിന് പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുവാനുള്ള തീരുമാനം ഉദ്ദേശിച്ചതുപോലെ നടപ്പിലാക്കുവാനായില്ല. എന്നാല്‍ കടിഞ്ഞാണിടുന്നതിന് ഇടതുപക്ഷം ഇല്ലാത്തതിനാല്‍ ഇന്നത്തെ യു.പി.എ സര്‍ക്കാര്‍ രാജ്യത്തിന്റെ പൊതു സ്വത്തുക്കളെ സ്വകാര്യവല്‍ക്കരിക്കുന്ന പരിപാടി അതിവേഗം നടപ്പിലാക്കുകയാണ്.

ചുരുക്കിപ്പറയുകയാണെങ്കില്‍ ശക്തര്‍ക്കും സമ്പന്നര്‍ക്കും മാത്രം ഗുണം ചെയ്യുന്നതാണ് ഇപ്പോഴത്തെ യുപിഎ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍, വിലക്കയറ്റത്തിന്റെയും, തൊഴിലില്ലായ്‌മയുടേയും, അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്‌തതയുടേയും ദുരിതങ്ങളാല്‍ ജനങ്ങള്‍ വലയുമ്പോള്‍ സമ്പന്നര്‍ക്ക് നികുതിയിളവുകളും മറ്റാനുകൂല്യങ്ങളും യഥേഷ്‌ടം നല്‍കുകയാണ് സര്‍ക്കാര്‍.

സമ്പന്നര്‍ക്കും ഉന്നതര്‍ക്കും മാത്രം ഗുണകരമായ വലതുപക്ഷ രാഷ്‌ട്രീയത്തിന്റെ തത്വശാസ്‌ത്രത്തിനനുകൂലമായി യുപിഎ സര്‍ക്കാരിന്റെ കാഴ്‌ചപ്പാടിന്റെ ദിശമാറുന്നത് സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നില്ല. ഈ ദിശാമാറ്റത്തിന്റെ നിഴല്‍ മറ്റുമേഖലകളിലേക്കും വ്യാപിക്കുകയാണ്.

നവ ഉദാരവത്ക്കരണത്തിന്റെ മറ്റു മുഖങ്ങള്‍

ഇന്‍ഡ്യയില്‍ നവ-ഉദാരവത്ക്കരണ നയങ്ങള്‍ക്ക് സാമൂഹികവും ബൌദ്ധികവുമായ സാധുതയും പിന്തുണയും ലഭിക്കുന്നതിനായി നമ്മുടെ രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ സംവിധാനത്തെ അടിമുടി മാറ്റേണ്ടതായിട്ടുണ്ട്. അധികാരവര്‍ഗ്ഗത്തിന്റെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്ന വൈവിധ്യങ്ങളായ ആശയങ്ങള്‍ക്ക് ജന്മം നല്‍കി ജനങ്ങളുടെ ബൌദ്ധിക വളര്‍ച്ചയെ പരിപോഷിപ്പിക്കുന്ന ഒരു ഉപാധിയായി വിദ്യാഭ്യാസ രംഗം നിലനില്‍ക്കരുതെന്ന് ഇവര്‍ക്ക് ഉറപ്പുവരുത്തേണ്ടതുണ്ട്. നവ- ഉദാരവത്ക്കരണ നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തുനില്‍പ്പുകളെ ദുര്‍ബലപ്പെടുത്തുന്നതിനായി വിദ്യാഭ്യാസത്തെ കച്ചവടവത്ക്കരിച്ച് ഒരു കേന്ദ്രീകൃത ഏജന്‍സിയുടെ കീഴില്‍ കൊണ്ടുവരിക എന്നതും ഭരണവര്‍ഗ്ഗത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു. ഈ ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്നതിന് സഹായകമായ പരിഷ്‌ക്കാരങ്ങള്‍ തന്നെയാണ് യു.പി.എ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാനുദ്ദേശിക്കുന്നത്.

ഇടതുകക്ഷികളുടെ എതിര്‍പ്പുമൂലം ഒന്നാമത്തെ യു.പി.എ സര്‍ക്കാരിന് നടപ്പിലാക്കുവാന്‍ സാധിക്കാതെ പോയ വിദേശ സര്‍വകലാശാല ബില്‍ ഈ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. വിദേശ സര്‍വകലാശാലകള്‍ക്ക് ഇന്‍ഡ്യയില്‍ തങ്ങളുടെ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് തുറന്ന അവസരം നല്‍കണമെന്ന് ബില്ല് വ്യവസ്ഥ ചെയ്യുന്നു. സാമ്പത്തികവും ഭരണപരവും പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ടവയുമായ കാര്യങ്ങളിലൊന്നുംതന്നെ ഈ സര്‍വ്വകലാശാലകളെ നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടവില്ല. ഉന്നത നിലവാരമുള്ള വിദേശ സര്‍വ്വകലാശാലകള്‍ ഇന്‍ഡ്യയിലേക്ക് വരുന്നതോടെ നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പുരോഗതിയ്‌ക്കായി വിദേശ സര്‍വ്വകലാശാലകളെ ആശ്രയിച്ചിട്ടില്ല. ഇന്‍ഡ്യയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിവലാരമുള്ള വിദ്യാഭ്യാസ പകര്‍ന്നു കൊടുക്കുക എന്ന ഉദ്ദേശത്തോടുകൂടി വിദേശ സര്‍വ്വകലാശാലകള്‍ നമ്മുടെ രാജ്യത്തേയ്‌ക്ക് വരുമെന്ന് എന്നടിസ്ഥാനത്തിലാണ് പ്രതീക്ഷിക്കുവാന്‍ കഴിയുക. വിദേശ സര്‍വ്വകലാശാലകള്‍ ഇന്‍ഡ്യയിലേയ്‌ക്ക് വന്നാല്‍ തന്നെയും ദരിദ്രരും സാധാരണക്കാരുമുള്‍പ്പെടുന്ന നമ്മുടെ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങളുമായി പൊരുത്തപ്പെടുന്ന വിദ്യാഭ്യാസ പദ്ധതിയായിരിക്കില്ല അവരവിടെ നടപ്പിലാക്കുന്നത്. സമ്പന്ന ചുറ്റുപാടുകളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്കായി രണ്ടാംതരമോ മൂന്നാം തരമോ നിലവാരം മാത്രമുള്ള വിദേശ സര്‍വകലാശാലകള്‍ ചില പഠന കേന്ദ്രങ്ങള്‍ തുറക്കുന്നതിലുപരി മറ്റൊന്നും ഇവിടെ സംഭവിക്കുവാന്‍ പോകുന്നില്ല. ഇതുകൊണ്ട് സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമൊന്നുംതന്നെ ഉണ്ടാകില്ല.

ഉന്നത വിദ്യാഭ്യാസ മേഖലയുടെ മേല്‍ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരിക എന്ന ഉദ്ദേശത്തോടുകൂടി ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ടിയുള്ള ഒരു ദേശീയ കമ്മീഷന്‍ (“National Commission for Higher Education and Research”) രൂപീകരിക്കുന്ന കാര്യവും യുപിഎ സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ വന്നുകഴിഞ്ഞാല്‍ NCHER ആയിരിക്കും ഉന്നത വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്ന രാജ്യത്തെ പരമോന്നത സ്ഥാപനം. പാര്‍ലമെന്റിനോടുപോലും ഉത്തരവാദിത്വമില്ലാത്ത രീതിയിലാണ് NCHER രൂപീകരിക്കുവാന്‍ യു.പി.എ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നവ ഉദാരവത്ക്കരണ നയങ്ങള്‍ക്കെതിരെ വിയോജിപ്പിന്റെയും എതിര്‍പ്പിന്റെയും സ്വരങ്ങള്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഉയരുന്നതോടെ എന്തുവിലകൊടുത്തും കടിഞ്ഞാണിടുന്നതിന് NCHER നെപ്പോലെയുള്ള ഒരു സംവിധാനം നിലവില്‍ വരുന്നത് അധികാരികളെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ഒരു ആവശ്യമാണ്.

ജനങ്ങളുടെ താത്പര്യങ്ങളെക്കാളുപരി കുത്തകകള്‍ക്ക് ലാഭം കൊടുക്കുന്നതിന് വഴിയൊരുക്കുന്നതിനാണ് യു.പി.എ സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് എന്നതിന് മറ്റൊരു ഉദാഹരണമാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ട ആണവ ബാധ്യതാ ബില്‍. ഇന്‍ഡ്യാ-അമേരിക്ക ആണവക്കരാറിന്റെ ഭാഗമായ ഈ ബില്ലില്‍ ഒരു ആണവ ദുരന്തം സംഭവിക്കുകയാണെങ്കില്‍ ആണവനിലയങ്ങളുടെ നടത്തിപ്പുകാരായ കുത്തകകള്‍ (ഇവയില്‍ മിക്കവയും അമേരിക്കന്‍ കമ്പനികളായിരിക്കും) നല്‍കേണ്ട നഷ്‌ടപരിഹാരത്തിന് ഒരു പരിധി നിശ്ചയിച്ചിരിക്കുന്നു. 450 ദശലക്ഷം ഡോളറാണ് ബില്ലില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന പരമാവധി നഷ്‌ടപരിഹാര തുക. ഇതില്‍ ആണവകമ്പനികളുടെ ബാധ്യത 60 ദശലക്ഷം ഡോളര്‍ മാത്രമായിരിക്കും. ബാക്കി തുക സര്‍ക്കാരിന്റെ ബാധ്യതയാകും.

ആണവ ബാധ്യതാ ബില്ല് പ്രകാരം നല്‍കേണ്ടി വരുന്ന നഷ്‌ട പരിഹാര തുക ഭോപ്പാല്‍ ദുരന്തരവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിശ്ചയിച്ച തുകയേക്കാള്‍ കുറവാണ് എന്നതാണ് രസകരമായ വസ്‌തുത. വാതക ദുരന്തത്തെ അപേക്ഷിച്ച് ആണവ അത്യാഹിതം പതിന്മടങ്ങ് നാശനഷ്‌ടങ്ങള്‍ വരുത്തിവെയ്‌ക്കുമെന്നിരിയ്‌ക്കെ ആണവ കമ്പനികളുടെ നഷ്‌ടപരിഹാര ബാധ്യത ഭോപ്പാല്‍ ദുരന്തത്തിന് ഇരയായവര്‍ക്ക് നല്‍കാന്‍ വേണ്ടി പ്രഖ്യാപിച്ചു തുകയേക്കാള്‍ കുറവായി നിശ്ചയിച്ചതിലൂടെ ജനങ്ങളെ ദുരിതത്തിലാഴ്ത്തിയും വിദേശ കുത്തകകള്‍ക്ക് ഇളവുകള്‍ നല്‍കുന്നതാണ് ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ സമീപനമെന്ന് വ്യക്തമാക്കുകയാണ്.

ജനങ്ങളുടെ താത്പര്യങ്ങളെ പാടെ അവഗണിച്ച് കുത്തകകളേയും മൂലധനത്തേയും പരിധിവിട്ട് സഹായിക്കുന്ന നയം കേന്ദ്രസര്‍ക്കാര്‍ പിന്‍തുടരുന്നത് വിപണി സംവിധാനം സര്‍വ്വര്‍ക്കും ഗുണം ചെയ്യും എന്ന മിഥ്യാധാരണയുടെ അടിസ്ഥാനത്തിലാണ്. ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് വിപണിയില്‍ നിന്ന് യാതൊരു പ്രയോജനവും ലഭിക്കുന്നില്ല എന്നതാണ് യഥാര്‍ത്ഥം. വിപണി ഗുണം ചെയ്യുന്നത് അഴിമതിക്കാര്‍ക്കു മാത്രമാണ്. എല്ലാ അഴിമതികളുടേയും കൂത്തരങ്ങായി കഴിഞ്ഞ ഒരു കൊല്ലത്തിനിടയില്‍ വിപണി മാറിയിരിക്കുന്നു. ഇത് യുപിഎ സര്‍ക്കാരിന് അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാര്‍ എന്ന പ്രതിച്‌ഛായ നല്‍കിയിരിക്കുന്നു.

അഴിമതികളുടെ പരമ്പര

ഒന്നാമത്തെ യുപിഎ സര്‍ക്കാരിന്റെ 5 വര്‍ഷ ഭരണകാലത്ത് നടന്നതിനേക്കാള്‍ കൂടുതല്‍ അഴിമതികള്‍ രണ്ടാമത്തെ യുപിഎ സര്‍ക്കാര്‍ ഒരു വര്‍ഷംകൊണ്ടുതന്നെ രാജ്യത്തിന് സമ്മാനിച്ചിരിക്കുകയാണ്. ഇന്‍ഡ്യന്‍ കായികരംഗത്തിന്റെ ആഗോള പ്രതിച്‌ഛയായി കൊട്ടിഘോഷിക്കപ്പെട്ട ഇന്ത്യന്‍ പ്രീമയര്‍ ലീഗ് നിഗൂഢമായ ഇടപാടപകളുടേയും, സ്വജനപക്ഷപാതത്തിന്റെയും, കുഴല്‍പണത്തിന്റെയും, കൂത്തരങ്ങാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. കള്ളപ്പണവും ഹവാലപണവും ഇറക്കി ചൂതാടാനുള്ള വേദിയായിപ്പോലും ഐപി‌എൽ ദുരുപയോഗം ചെയ്യപ്പെടുന്നതായി സംശയിക്കപ്പെടുന്നു.
കൊച്ചിയിലേക്ക് ഒരു ഐപി‌എൽ ടീമിനെ കൊണ്ടുവരുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്‌തതിന് കേന്ദ്രമന്ത്രിയായ ശശിതരൂരിന് സ്ഥാനമൊഴിയേണ്ടിവന്നു. ശരത് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നീ കേന്ദ്ര മന്ത്രിമാരുടെ ഐപി‌എൽ ബന്ധങ്ങളും പരിശുദ്ധമല്ല എന്നാണ് സമീപകാലത്തെ വാര്‍ത്തകള്‍ വെളിപ്പെടുത്തുന്നത്.

ഐപി‌എൽ നെക്കുറിച്ച് ഒരു അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഐപി‌എൽ -ല്‍ അധാര്‍മ്മികവും നിയമവവിരുദ്ധവുമായ കാര്യങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്യുകയായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു.

കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയുടെ നിഗൂഢമായ ഇടപാടുകള്‍ കാരണം പൊതു ഖജനാവിന് 60,000 കോടി രൂപയുടെ നഷ്‌ടം വരുത്തിവച്ച രണ്ടാം തലമുറ സ്‌പെക് ‌ട്രം അഴിമതിയുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ കുറ്റകരമായ നിസ്സംഗതയാണ് വച്ചുപുലര്‍ത്തുന്നത്. ഈ അഴിമതിയെക്കുറിച്ച് CBI അന്വേഷണം നടക്കുന്നുണ്ടെങ്കിലും യുപിഎയിലെ ഘടകകക്ഷിയായ DMK യെ പിണക്കാതിരിക്കുന്നതിനായി ടെലികോം മന്ത്രിയെ മാറ്റില്ല എന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

പ്രതിപക്ഷ കക്ഷി നേതാക്കളുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയ സംഭവമാകട്ടെ സര്‍ക്കാരിന്റെ ഉന്നതങ്ങളില്‍ അഴിമതി എത്രത്തോളം വ്യാപിച്ചിരിക്കുന്നു എന്ന് വെളിപ്പെടുത്തുന്നു. തീവ്രവാദികളേയും കുറ്റവാളികളേയും പിടികൂടുവാനായി ഉപയോഗിക്കേണ്ട സജ്ജീകരണങ്ങളെ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ പ്രയോഗിക്കുന്നത് തീരെ തരംതാഴ്ന്ന ഒരേര്‍പ്പാടാണ്.

നിഗൂഢമായ രാഷ്‌ട്രീയ ഇടപാടുകള്‍

സഖ്യകക്ഷികളുടെ അധാര്‍മ്മിക സാമ്പത്തിക ഇടപാടുകളിലും മറ്റും ക്രമക്കേടുകളിലും യുപിഎ സര്‍ക്കാരിന്റെ അഴിമതി ഒതുങ്ങി നില്‍ക്കുന്നില്ല. ഭരണത്തില്‍ ഏതുവിധേനയും തുടരുന്നതിനായി സര്‍ക്കാര്‍ അഴിമതിയെ സ്ഥാപനവത്ക്കരിച്ചിരിക്കുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളന സമയത്ത് പ്രതിപക്ഷം അവതരിപ്പിച്ച ഖണ്ഡനോപക്ഷേപത്തിന്‍മേല്‍ വോട്ടെടുപ്പു നടന്നപ്പോള്‍ ഇത് വ്യക്തമാക്കുകയുണ്ടായി. കുതിച്ചുയരുന്ന വിലക്കയറ്റിന്റെ പ്രശ്‌നത്തില്‍ ജനങ്ങളില്‍ നിന്നും പ്രതിപക്ഷകക്ഷികളില്‍ നിന്നും കടുത്ത സമ്മര്‍ദ്ദത്തെ നേരിടുകയായിരുന്ന സര്‍ക്കാരിന് സ്വന്തം നടപടികളെ ന്യായീകരിക്കുന്നതിനോ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ നിഷേധിക്കാനോ കഴിഞ്ഞില്ല. അതുകൊണ്ട് S.P, R.J.D, B.S.P എന്നീ കക്ഷികളുടെ പിന്തുണ ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍, അവയുമായി നിഗൂഢമായ പല നീക്കുപോക്കുകളും നടത്തി.

പ്രധാനമായും രണ്ടുവിധത്തിലാണ് സര്‍ക്കാര്‍ ഇത് ചെയ്‌തത്. ആദ്യമായി ഈ കക്ഷികളുടെ നേതാക്കള്‍ക്കെതിരെയുള്ള CBI കേസുകളുടെ അന്വേഷണം മെല്ലെയാക്കുമെന്ന് സര്‍ക്കാര്‍ അവര്‍ക്ക് ഉറപ്പ് കൊടുത്തു. രണ്ടാമതായി ഈ കക്ഷികള്‍ നേരത്തേതന്നെ എതിര്‍ത്തിരുന്ന വനിതാ സംവരണബില്‍ ലോകസഭയില്‍ അവതരിപ്പിക്കുന്നതിനുള്ള തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ജനങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനല്ലാ മറിച്ച് ജനങ്ങളുടെ വികാരങ്ങളെ നിസ്സാരമായി പരിഗണിച്ച് അവരുടെമേല്‍ കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കുന്നതിനാണ് യുപിഎ സര്‍ക്കാര്‍ ഇതെല്ലാം ചെയ്‌തത്. നവ ഉദാരവത്ക്കരണ നയങ്ങളോടും അതിനെ പിന്‍താങ്ങുന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാടിനോടും യുപിഎ സര്‍ക്കാര്‍ കാണിക്കുന്ന അതിരുകവിഞ്ഞ പ്രതിബദ്ധതയാണ് ഇതിലെല്ലാം കാണാനാകുന്നത്.

എന്തുവില കൊടുത്തും നവ-ഉദാരവത്ക്കരണ നയങ്ങള്‍ ശക്തമായി നടപ്പിലാക്കുന്നതിനാണ് കഴിഞ്ഞ ഒരു വര്‍ഷമായി യുപിഎ സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്. സാധാരണക്കാരുടെ പാര്‍ട്ടി എന്ന് കോണ്‍ഗ്രസ് ഇതുവരെ മേനി നടിക്കുകയെങ്കിലും ചെയ്‌തുവന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ നാട്യം പോലും ഉപേക്ഷിച്ച് ഉന്നതന്മാര്‍ക്ക് വിടുപണിചെയ്യുന്ന പാര്‍ട്ടിയായി കോണ്‍ഗ്രസ്സ് അധഃപതിച്ചിരിക്കുകയാണ്.

*****

കടപ്പാട് : സിഐടിയു സന്ദേശം

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ണ്ടാമത് യു.പി.എ. സര്‍ക്കാര്‍ അതിന്റെ ഭരണത്തിന്റെ ഒരു വര്‍ഷം മെയ് 22-ന് പൂര്‍ത്തിയാക്കി. സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ഭരണനേട്ടങ്ങളെക്കുറിച്ച് വലിയ അവകാശവാദങ്ങളാണ് സര്‍ക്കാരും മുഖ്യധാരാ മാധ്യമങ്ങളും നിരത്തിയത്. എന്നാല്‍ യു.പി.എ സര്‍ക്കാരിന്റെ നയങ്ങളേയും രാഷ്‌ട്രീയത്തേയും ഒരു സൂക്‌ഷ്‌മ പരിശോധനയ്‌ക്ക് വിധേയമാക്കുകയാണെങ്കില്‍ പുത്തന്‍ സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പിലാക്കിക്കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടിയും ഭരണവര്‍ഗ്ഗവും രാജ്യത്തെ ജനങ്ങളുടെമേല്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്ന് കാണാം.