Thursday, August 26, 2010

വംഗനാടിന്റെ അനുഭവം

ക്രമനമ്പര്‍ ഒന്ന്, തിയ്യതി 2009 മേയ് 9, പേര് മോണ്‍ടാജ് സേഖ്, ജില്ല മൂര്‍ഷിദാബാദ്, സിപിഐ എം അനുഭാവി, കൊലപാതകി കോണ്‍ഗ്രസ്... നീണ്ട പട്ടികയിലെ ആദ്യ പേരുകാരന്‍, രക്തസാക്ഷി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകര്‍ 247, മറ്റ് ഇടതുപക്ഷ പാര്‍ടികളില്‍പ്പെട്ടവര്‍ എട്ട്. അങ്ങനെ ആകെ 255 ഇടതുപക്ഷ പ്രവര്‍ത്തകര്‍ പതിമൂന്നരമാസത്തിനുള്ളില്‍ ബംഗാളില്‍ കൊല്ലപ്പെട്ടു. വിജയവാഡയില്‍ ചേര്‍ന്ന സിപിഐ എമ്മിന്റെ വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗത്തില്‍ രക്തസാക്ഷികളുടെ പേരുവിവരമടങ്ങുന്ന ലിസ്‌റ്റ്വിതരണം ചെയ്‌തിരുന്നു. ഒരു പേരില്‍നിന്നും അടുത്തതിലേക്ക് നീങ്ങാതെ പലപ്പോഴും കണ്ണുകള്‍ നിശ്ചലമാവും. മരണമൊഴിഞ്ഞ ദിവസങ്ങള്‍ അപൂര്‍വം. ചില ദിവസങ്ങളില്‍ ഒന്നിലേറെപ്പേര്‍. 2009 ജൂണ്‍ 14നു ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാന്‍ മിഡ്‌നാപ്പൂരില്‍ മാവോയിസ്‌റ്റുകള്‍ കൊന്നൊടുക്കിയവരില്‍ ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമുണ്ട്. തൊട്ടടുത്ത ദിവസം തൃണമൂല്‍ കൊലപ്പെടുത്തിയത് ബര്‍ദാന്‍ ജില്ലാകമ്മിറ്റി അംഗം ഫാല്‍ഗുനി മുഖര്‍ജിയെ. വീണ്ടും ജൂണ്‍ 16നു പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ കൊല്ലപ്പെട്ടത് വിദ്യാര്‍ഥി നേതാവുള്‍പ്പെടെ മൂന്നുപേര്‍. 17നു നാലുപേരെയാണ് അവിടെ മാവോയിസ്‌റ്റുകള്‍ കൊന്നത്. 2010 ജൂലൈ 10നു പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ മാവോയിസ്‌റ്റുകള്‍ കൊന്ന ബിദ്യാധര്‍ ഘോഷാണ് ലിസ്റ്റിലെ 255-ആം പേരുകാരന്‍.

എത്ര കുടുംബങ്ങളായിരിക്കും അനാഥമായിട്ടുണ്ടാവുക. വരാത്ത അച്‌ഛനോ അമ്മക്കോ വേണ്ടി വഴിക്കണ്ണുമായി കാത്തിരിക്കുന്ന മക്കള്‍... മകന്‍ പാര്‍ടി പ്രവര്‍ത്തകനായതിനാലാണ് ബാങ്കുറയില്‍ 85 കാരിയായ കമലക്ക് ജീവന്‍ നഷ്‌ടമായത്. പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരിലെ പാര്‍ടി പ്രവര്‍ത്തകനായ ശക്തിപാദ മഹാതോയുടെ 75കാരനായ അച്‌ഛന്‍ ലങ്കേശ്വര്‍ മഹാതോയെയാണ് മാവോയിസ്‌റ്റുകള്‍ കൊന്നൊടുക്കിയത്. അഞ്ചാം ക്ളാസില്‍ പഠിക്കുന്ന ലിനാ ഖാട്ടുനിനെ കോണ്‍ഗ്രസുകാര്‍ കൊന്നത് അച്‌ഛന്‍ സിപിഐ എം പ്രവര്‍ത്തകനായതിനാല്‍. പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ഥിയായ ഗൌതമിനെ മാവോയിസ്‌റ്റുകള്‍ കൊന്നതിനും അതേ ന്യായം. കൊല്ലപ്പെട്ടവരില്‍ മഹാഭൂരിപക്ഷവും പാവങ്ങളില്‍ പാവങ്ങള്‍. ആദിവാസികള്‍, കര്‍ഷക തൊഴിലാളികള്‍... ഇങ്ങനെ നീളുന്നു പട്ടിക. സ്‌ത്രീകളും കുട്ടികളുമടക്കം ആരെയും ഒഴിവാക്കിയില്ല നരഭോജികള്‍. അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന ജില്ലകളില്‍ മണ്ണിനു മനുഷ്യന്റെ രക്തത്തിന്റെ മണമാണ്.

കൊലപാതകികളില്‍ മാവോയിസ്‌റ്റുകളുണ്ട്, തൃണമൂലുണ്ട്, കോണ്‍ഗ്രസുമുണ്ട്. സിപിഐ എമ്മിനെ എങ്ങനെയെങ്കിലും അധികാരത്തില്‍നിന്നും താഴെയിറക്കുന്നതിനു എല്ലാ കമ്യൂണിസ്‌റ്റ്വിരുദ്ധശക്തികളും ചേര്‍ന്ന് വിശാല മഴവില്‍ സഖ്യമുണ്ടാക്കിയിരിക്കുന്നു. മമത നയിക്കുന്ന സംഘത്തിനു അരാജകത്വത്തിന്റെ വഴികളാണ് അധികവും പരിചിതം. ഇത്തരം കാടത്തങ്ങളില്‍ സാധാരണ പ്രതികരിക്കുന്നവരില്‍ ഒരു സംഘത്തെയും തങ്ങള്‍ക്ക് അനുകൂലമാക്കി നിര്‍ത്തുന്നതില്‍ ഈ സംഘം വിജയിച്ചു. മൂന്നു പതിറ്റാണ്ടിലധികം ഭരിച്ച സംസ്ഥാനത്ത് എങ്ങനെയാണ് ഇങ്ങനെ പാര്‍ടി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നതെന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ സഖാക്കളെ നഷ്‌ടപ്പെട്ട പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരിലെ ജില്ലാ സെക്രട്ടറി വിജയവാഡയില്‍വെച്ച് പഴയ ചരിത്രം അയവിറക്കി. പിന്നിട്ട മൂന്നുദശകത്തിനുള്ളില്‍ മൂവായിരത്തിയഞ്ഞൂറിലധികം സഖാക്കളെ തങ്ങള്‍ക്ക് നഷ്‌ടപ്പെട്ടെന്നും ഭരണത്തിലിരിക്കുമ്പോഴും സമരം തുടരുകയാണെന്നും അവിടത്തെ സഖാക്കള്‍ പറഞ്ഞു.

ബംഗാളില്‍ അധികാരത്തിലേക്ക് വന്ന വഴിയിലും സമര്‍പ്പണത്തിന്റെ തിളങ്ങുന്ന ചരിത്രമുണ്ട്. സിദ്ധാര്‍ഥശങ്കര്‍റേയുടെ അര്‍ഥഫാസിസ്‌റ്റ് ഭരണത്തില്‍ 1400 ലധികം സഖാക്കള്‍ക്കാണ് ജീവന്‍ നഷ്‌ടപ്പെട്ടത്. കാല്‍ലക്ഷത്തോളം പാര്‍ടി കുടുംബങ്ങള്‍ അഭയാര്‍ഥികളായി. ആ ത്യാഗത്തില്‍നിന്നും അധികാരത്തിലേക്ക് വന്നതോടെ അനുഭവം തലകീഴായി മറിഞ്ഞില്ലെന്നതാണ് യാഥാര്‍ഥ്യം. പലയിടങ്ങളിലും ഇഞ്ചിനിഞ്ച് പോരാട്ടം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇപ്പോള്‍ ശത്രുക്കള്‍ കൂടുതല്‍ യോജിപ്പോടെ ആക്രമണം അഴിച്ചുവിടുന്നു. ആയുധമെടുക്കുന്ന നിയമവിരുദ്ധശക്തികള്‍ക്കാവട്ടെ കേന്ദ്രമന്ത്രി പിന്‍ബലവും.

മൂന്നു പതിറ്റാണ്ടിലധികം നീണ്ട ഭരണാനുഭവത്തിനുശേഷവും എങ്ങനെയാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നും ചിലര്‍ ഉല്‍ക്കണ്ഠയോടെ ചോദിക്കുന്നുണ്ട്. യഥാര്‍ഥത്തില്‍ ചോദ്യം വരേണ്ടത് നേരെ തിരിച്ചാണ്. എങ്ങനെയാണ് ഇവര്‍ക്ക് 33 വര്‍ഷം തുടര്‍ച്ചയായി അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞത്? മുതലാളിത്ത സാമൂഹ്യവ്യവസ്ഥ നിലനില്‍ക്കുന്ന രാജ്യത്ത് ആ ഭരണകൂടഘടനക്കകത്ത് ഒരു സംസ്ഥാനത്ത് ബാലറ്റിലൂടെ കമ്യൂണിസ്‌റ്റ് പാര്‍ടി അധികാരത്തില്‍ വരുന്നത് ദുഷ്‌ക്കരമായ പ്രവര്‍ത്തനമാണ്. അങ്ങനെ ലഭിച്ച അധികാരം നിലനിര്‍ത്തുന്നത് അതിനേക്കാള്‍ ഏറെ പ്രയാസം. ഈ പരിമിതികള്‍ക്കകത്തുനിന്നും ബദല്‍ ആവിഷ്‌ക്കരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നത് സാഹസികം. അങ്ങനെ 33 വര്‍ഷം തുടരുക ചെറിയ കാര്യമല്ല. തുടര്‍ച്ചയായി അധികാരത്തിലിരിക്കാന്‍ കഴിഞ്ഞതുകൊണ്ട് ഇനിയൊരിക്കലും കുഴപ്പമില്ലെന്ന് ചിലരെങ്കിലും കരുതിയിട്ടുണ്ടാകും. അങ്ങനെയുള്ളവര്‍ക്കുള്ള മുന്നറിയിപ്പ് ലെനിന്‍ നേരത്തെ നല്‍കിയിട്ടുണ്ട്. അധികാരം നഷ്‌ടപ്പെട്ട ബൂര്‍ഷ്വാസി നൂറുമടങ്ങ് കരുത്തോടെ തിരിച്ചടിക്കാന്‍ ശ്രമിക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം വിപ്ളവാനന്തര റഷ്യയിലെ കമ്യൂണിസ്‌റ്റ് പാര്‍ടിക്ക് നല്‍കിയത്. തൊഴിലാളിവര്‍ഗ ഭരണകൂടം അധികാരത്തിലിരുന്ന രാജ്യത്താണ് ആ മുന്നറിയിപ്പെങ്കില്‍ ഇവിടത്തെ കാര്യം പറയണോ. മുതലാളിത്തത്തിനകത്ത് ഒരു സംസ്ഥാനത്ത് അധികാരം നഷ്‌ടപ്പെട്ടവര്‍ എല്ലാ ശക്തിയും സംഭരിച്ച് അവസരത്തിനായി കാത്തിരിക്കുകയാണ്. ഭരണമുള്ളപ്പോള്‍ പൊലീസും ഉദ്യോഗസ്ഥസംവിധാനവും സഹായിക്കാനില്ലേയെന്ന സംശയവും ഉന്നയിക്കപ്പെടുന്നു. ഭരണകൂടത്തിന്റെ ഈ ഉപകരണങ്ങളെക്കുറിച്ച് ആരാണ് ഇത്തരം വ്യാമോഹങ്ങള്‍ നല്‍കിയത്. തുടര്‍ച്ചയായി മൂന്നുദശകം ഒരു സംസ്ഥാനത്ത് അധികാരത്തില്‍ ഇരുന്നാലും ഭരണകൂട ഉപകരണങ്ങളുടെ സ്വഭാവത്തില്‍ മൌലികമായ മാറ്റം ഉണ്ടാകില്ല. അവര്‍ പലപ്പോഴും സഹകരണത്തിന്റെ വഴിയില്‍ സൌഹൃദങ്ങള്‍ നല്‍കിയിട്ടുണ്ടാകും. പക്ഷേ, അവരും കാത്തിരിക്കുന്നത് അനുകൂല സന്ദര്‍ഭത്തിനാണ്. ഇപ്പോഴാണെങ്കില്‍ പലര്‍ക്കും ഇടതുപക്ഷം കണ്ണിലെ കരടാണ്. ആഗോള സാമ്പത്തിക നയത്തിനെതിരെയും ആണവകരാറിനെതിരെയും ശക്തമായ നിലപാട് എടുക്കുന്നതുകൊണ്ട് ആഗോള മൂലധനശക്തികള്‍ക്കും ഇന്ത്യന്‍ ഭരണവര്‍ഗത്തിനും സിപിഐ എമ്മിനെ ദുര്‍ബലപ്പെടുത്തണം. അതിനു കഴിയണമെങ്കില്‍ ഏറ്റവും വലിയ ശക്തികേന്ദ്രത്തെതന്നെ ആക്രമിച്ച് തകര്‍ക്കണം. അതുകൊണ്ട് ലക്ഷ്യം ബംഗാളാകുന്നു. അതിനായി അവര്‍ പല രൂപങ്ങളും സ്വീകരിക്കും.

ഇതുവരെ ഭരിച്ചിട്ട് എന്തു ചെയ്‌തെന്ന് ചിലര്‍ ചോദിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പലതിനും ഉത്തരം പറയും. ഇന്ത്യയില്‍ വിതരണംചെയ്‌തഭൂമിയുടെ 22 ശതമാനവും മൊത്തം ഭൂവിസ്‌തൃതിയുടെ മൂന്നരശതമാനം മാത്രമുള്ള ബംഗാളിലാണ്. ഭൂമി പിടിച്ചെടുക്കലിന്റെ കള്ളക്കഥകള്‍ പ്രചരിപ്പിക്കപ്പെട്ട 2007നുശേഷം മാത്രം 16,700 ഏക്കര്‍ ഭൂമി വിതരണംചെയ്‌തു. രാജ്യത്തെ ശിശുമരണനിരക്ക് 57 ആകുമ്പോള്‍ ബംഗാളില്‍ അത് 38 മാത്രം. ബംഗാളില്‍ സ്‌ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 67.2 വയസും പുരുഷന്മാരുടേത് 64.5 വയസുമാണ്. അഖിലേന്ത്യ ശരാശരിയാവട്ടെ യഥാക്രമം 62.5ഉം 61ഉം. ഇങ്ങനെ നീളുന്നു കണക്കുകള്‍. എന്നാല്‍, പൊതുബോധത്തെ ഈ യാഥാര്‍ഥ്യത്തില്‍നിന്നും അകറ്റി നിര്‍ത്തുന്നതില്‍ മാധ്യമപ്രചാരവേല കുറെയൊക്കെ വിജയിച്ചിട്ടുണ്ട്. ഈ നേട്ടങ്ങള്‍ക്കിടയില്‍ കുറവുകളും തെറ്റുകളും സംഭവിച്ചിട്ടുണ്ടാകും. കേരളത്തിലെ ഹ്രസ്വകാലാനുഭവങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മുന്‍മാതൃകകളൊന്നുമില്ലാത്ത പരീക്ഷണത്തിനാണ് ബംഗാളിലെ സിപിഐ എം നേതൃത്വം നല്‍കിയത്. അതിനിടയില്‍ ഉണ്ടാകുന്ന പാളിച്ചകളും കുറവുകളും തിരുത്തിപ്പോവുക മാത്രമാണ് കരണീയം.

ഈ പ്രതിസന്ധിഘട്ടം നിര്‍ണായകമാണ്. അതിനെ അതിജീവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നാണ് കത്തുന്ന അനുഭവങ്ങളിലൂടെ കടന്നുവന്ന ബംഗാളിലെ പ്രതിനിധിസംഘം പ്രഖ്യാപിച്ചത്. ഒരു കമ്യൂണിസ്‌റ്റ് വിലയിരുത്തപ്പെടുന്നത് പ്രതിസന്ധി കാലത്തിലാണെന്ന് ചെഗുവേരയെ കുറിച്ചുള്ള ഓര്‍മകളുടെ വീണ്ടെടുക്കലില്‍ ഫിദല്‍ പറയുന്നു. ഒരു കമ്യൂണിസ്‌റ്റ്പാര്‍ടി മാറ്റുരക്കുന്നതും പ്രതിസന്ധി നിറഞ്ഞ കാലത്താണ്. ജൂലൈ മുപ്പതിന്റെ പേരുമായി രക്തസാക്ഷികളുടെ ലിസ്‌റ്റ്അവസാനിക്കുന്നില്ല. ശത്രു തിരിച്ചുവരുന്നതിനും നഷ്‌ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കുന്നതിനും ആയുധം മൂര്‍ച്ചകൂട്ടിക്കൊണ്ടേയിരിക്കുന്നു. അതിനെ പ്രത്യയശാസ്‌ത്ര തെളിമയും രാഷ്‌ട്രീയ അവബോധവും അനുഭവ കരുത്തുമായി മറികടക്കാന്‍ ഇടതുപക്ഷം പൊരുതുകയാണെന്നും തങ്ങള്‍ അതിജീവിക്കുക തന്നെ ചെയ്യുമെന്നും പ്രഖ്യാപിക്കുന്ന ബംഗാളിലെ സഖാക്കളോട് നമുക്ക് ഐക്യപ്പെടാം.

*****

പി രാജീവ്, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ക്രമനമ്പര്‍ ഒന്ന്, തിയ്യതി 2009 മേയ് 9, പേര് മോണ്‍ടാജ് സേഖ്, ജില്ല മൂര്‍ഷിദാബാദ്, സിപിഐ എം അനുഭാവി, കൊലപാതകി കോണ്‍ഗ്രസ്... നീണ്ട പട്ടികയിലെ ആദ്യ പേരുകാരന്‍, രക്തസാക്ഷി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ബംഗാളില്‍ കൊല്ലപ്പെട്ട സിപിഐ എം പ്രവര്‍ത്തകര്‍ 247, മറ്റ് ഇടതുപക്ഷ പാര്‍ടികളില്‍പ്പെട്ടവര്‍ എട്ട്. അങ്ങനെ ആകെ 255 ഇടതുപക്ഷ പ്രവര്‍ത്തകര്‍ പതിമൂന്നരമാസത്തിനുള്ളില്‍ ബംഗാളില്‍ കൊല്ലപ്പെട്ടു. വിജയവാഡയില്‍ ചേര്‍ന്ന സിപിഐ എമ്മിന്റെ വിപുലീകൃത കേന്ദ്രകമ്മിറ്റി യോഗത്തില്‍ രക്തസാക്ഷികളുടെ പേരുവിവരമടങ്ങുന്ന ലിസ്‌റ്റ്വിതരണം ചെയ്‌തിരുന്നു. ഒരു പേരില്‍നിന്നും അടുത്തതിലേക്ക് നീങ്ങാതെ പലപ്പോഴും കണ്ണുകള്‍ നിശ്ചലമാവും. മരണമൊഴിഞ്ഞ ദിവസങ്ങള്‍ അപൂര്‍വം. ചില ദിവസങ്ങളില്‍ ഒന്നിലേറെപ്പേര്‍. 2009 ജൂണ്‍ 14നു ഒമ്പതുപേരാണ് കൊല്ലപ്പെട്ടത്. പടിഞ്ഞാന്‍ മിഡ്‌നാപ്പൂരില്‍ മാവോയിസ്‌റ്റുകള്‍ കൊന്നൊടുക്കിയവരില്‍ ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമുണ്ട്. തൊട്ടടുത്ത ദിവസം തൃണമൂല്‍ കൊലപ്പെടുത്തിയത് ബര്‍ദാന്‍ ജില്ലാകമ്മിറ്റി അംഗം ഫാല്‍ഗുനി മുഖര്‍ജിയെ. വീണ്ടും ജൂണ്‍ 16നു പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ കൊല്ലപ്പെട്ടത് വിദ്യാര്‍ഥി നേതാവുള്‍പ്പെടെ മൂന്നുപേര്‍. 17നു നാലുപേരെയാണ് അവിടെ മാവോയിസ്‌റ്റുകള്‍ കൊന്നത്. 2010 ജൂലൈ 10നു പടിഞ്ഞാറന്‍ മിഡ്‌നാപ്പൂരില്‍ മാവോയിസ്‌റ്റുകള്‍ കൊന്ന ബിദ്യാധര്‍ ഘോഷാണ് ലിസ്റ്റിലെ 255-ആം പേരുകാരന്‍.