Sunday, August 8, 2010

ഇ എം എസും സ്‌ത്രീസമത്വത്തിന്റെ രാഷ്‌ട്രീയവും

വര്‍ഗവൈരുധ്യത്തിന്റെ അടിവേരുകള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്ന സാമൂഹ്യ ശാസ്‌ത്രമാണ് മാര്‍ക്സിസം. സ്‌ത്രീകളോടുള്ള വിവേചനത്തിന്റെ കാരണം, സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടെ രൂപംകൊണ്ട വര്‍ഗസമൂഹവും വര്‍ഗചൂഷണവുമാണെന്ന് മാര്‍ക്സിസം നിരീക്ഷിക്കുന്നു.

"ചരിത്രത്തിലെ ആദ്യത്തെ വര്‍ഗവൈരുധ്യം ഏകദാമ്പത്യത്തില്‍ സ്‌ത്രീയും പുരുഷനും തമ്മിലുണ്ടാകുന്ന വൈരുധ്യവുമായും വര്‍ഗപരമായ ആദ്യത്തെ മര്‍ദനം സ്‌ത്രീയുടെ മേല്‍ പുരുഷന്‍ നടത്തുന്ന മര്‍ദനവുമായും ഒത്തുപോകുന്നതാണ് '''എന്ന് എംഗല്‍സ് നിരീക്ഷിക്കുന്നുണ്ട് (കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്‍പത്തി). അദ്ദേഹം തുടരുന്നു "ഈ…പുതിയ യുഗത്തില്‍ മുന്നോട്ടുള്ള ഓരോ ചുവടുവയ്‌പും അതുപോലെത്തന്നെ പിന്നോട്ടുമുള്ള ഒരു ചുവടുവയ്‌പായിരിക്കും: ഈ യുഗത്തില്‍ ഒരു വിഭാഗത്തെ ദുരിതത്തിലും മര്‍ദനത്തിലും ആഴ്ത്തിക്കൊണ്ടു മാത്രമേ മറ്റൊരു വിഭാഗത്തിന്റെ ഐശ്വര്യവും വളര്‍ച്ചയും കൈവരിക്കാന്‍ കഴിയൂ എന്നും വരുന്നു.'' ഈ ദുരിതത്തില്‍ നിന്നും മര്‍ദനത്തില്‍ നിന്നുമുള്ള മോചനം പുരുഷാധിപത്യത്തിനും അസമത്വാധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങള്‍ക്കും രൂപംകൊടുത്ത സ്വകാര്യസ്വത്ത് സമ്പ്രദായത്തിനെതിരെയുള്ള സംഘടിത സമരത്തിലൂടെ മാത്രമേ സാധ്യമാവൂ. അടിച്ചമര്‍ത്തപ്പെടുന്നവരെ സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യത മാര്‍ക്സിസം ഊന്നിപ്പറയുന്നു. നിലവിലുള്ള ലിംഗ-വര്‍ഗ-ജാതി ചൂഷണത്തിന്റെ ഇരകളാകുന്ന സ്‌ത്രീകള്‍ പുരുഷാധിപത്യത്തിനും എല്ലാതരം അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സംഘടിക്കേണ്ടതുണ്ടെന്ന മാര്‍ക്സിയന്‍ നിലപാടാണ് ഇ എം എസിന്റെ സ്‌ത്രീ വിമോചന വീക്ഷണത്തിലുള്ളത്. "സ്‌ത്രീ വിമോചന സമരം വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന കമ്യൂണിസ്‌റ്റ് ബോധം പുരുഷാധിപത്യത്തിനെതിരെ ലിംഗതുല്യത നേടുന്നതിനായി സ്‌ത്രീകള്‍ നടത്തുന്ന സമരത്തിന് ഒരിക്കലും തടസ്സമാകരുത്.'' (സമ്പൂര്‍ണ കൃതികള്‍ സഞ്ചിക 4 പുറം 308).

അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്

സാമുദായിക പരിഷ്‌ക്കര്‍ത്താവെന്ന നിലയില്‍ പൊതുപ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍തന്നെ വിവേചനത്തിന്റെ ഭാഗമായി സ്‌ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇ എം എസിനെ അസ്വസ്ഥനാക്കിയിരുന്നു. ഉണ്ണിനമ്പൂതിരി മാസികയുടെയും യോഗക്ഷേമസഭയുടെയും പ്രവര്‍ത്തകനായിരുന്ന കാലത്ത് നമ്പൂതിരി സമുദായത്തിനുള്ളില്‍ സ്‌ത്രീകള്‍ നേരിട്ട വിവേചനം അദ്ദേഹം ശ്രദ്ധിച്ചിരുന്നതായി ആത്മകഥ വ്യക്തമാക്കുന്നു. സ്വന്തം കുടുംബത്തിനുള്ളിലെ സ്‌ത്രീകളുടെ ജീവിതാവസ്ഥ ബാല്യത്തില്‍തന്നെ അദ്ദേഹത്തിലെ പുരോഗമനകാരിയെ അസ്വസ്ഥനാക്കി. ബാലവിവാഹത്തിന്റെയും വിധവാജീവിതത്തിന്റെയും ദുരന്തം പേറിയിരുന്ന സ്‌ത്രീജീവിതങ്ങളെ അടുത്തറിയാന്‍ ഇ എം എസിനു കഴിഞ്ഞു. വിവാഹവും കുടുംബബന്ധങ്ങളും സ്‌ത്രീകളെ പരിഗണിച്ചിരുന്നതേയില്ലെന്നതിന് അനുഭവങ്ങളുടെ സാക്ഷ്യം അദ്ദേഹത്തിനുണ്ട്... ബാല്യത്തില്‍ നേരിട്ട് അനുഭവപ്പെട്ട ഒരു സംഭവം അദ്ദേഹം വിവരിക്കുന്നത് കാണുക. "നിയമപരമായി നോക്കിയാല്‍ സുമംഗലികളാണെങ്കിലും യഥാര്‍ഥത്തില്‍ വിധവകളെപ്പോലെ ജീവിക്കേണ്ടിവരുന്ന സ്‌ത്രീകള്‍ നമ്പൂതിരി സമുദായത്തില്‍ നിരവധിയായിരുന്നു. അതേ സമയത്ത് നിയമപരമായിപ്പോലും സുമംഗലികളാകാന്‍ കഴിയാതെ അവിവാഹിതകളായിത്തന്നെ കഴിയേണ്ടിവരുന്ന സത്രീകളുടെ എണ്ണവും കുറവല്ല. 25ഉം 30ഉം വയസ്സായിട്ടും വിവാഹം നടക്കാതിരിക്കാനുള്ള നിര്‍ഭാഗ്യം വളരെപ്പേര്‍ക്ക് ഉണ്ടായിരുന്നു. ഇതിനുള്ള മുഖ്യകാരണം അന്നത്തെ നിലവാരമനുസരിച്ച് സ്‌ത്രീധനം കൊടുക്കാന്‍ കഴിവില്ലായ്‌മയാണ്.'' (ആത്മകഥ പുറം 31).

നമ്പൂതിരി സമുദായത്തിനുള്ളില്‍ നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന ഉദ്ദേശ്യത്തോടെ യോഗക്ഷേമസഭ പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ സമുദായത്തിനുള്ളിലെ സ്‌ത്രീകളുടെ കാര്യം പരിഗണിച്ചിരുന്നതേയില്ലെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. "ഈ ഘട്ടത്തിലൊന്നും നമ്പൂതിരി സമുദായത്തിലെ പുരുഷന്മാരെയല്ലാതെ സ്‌ത്രീകളെ സാമൂഹിക പരിഷ്‌ക്കരണ പ്രസ്ഥാനം സ്‌പര്‍ശിച്ചിരുന്നില്ല. തലമുറകളായി നിലനിന്നു പോരുന്ന ആചാരമര്യാദകളും പാരമ്പര്യക്രമങ്ങളും തുടര്‍ന്നുപോരുകയല്ലാതെ അതിലെന്തെങ്കിലും മാറ്റം വരുത്താനോ പുതിയ ജീവിതരീതികള്‍ സ്വീകരിക്കാനോ കഴിയുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ ജീവിതക്രമത്തില്‍ മാറ്റം വരുത്തുന്ന കാര്യം സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളായ പുരുഷന്മാരും ആലോചിച്ചിരുന്നില്ല.'' (ആത്മകഥ പുറം 28).

നമ്പൂതിരി സമുദായത്തിനുള്ളിലെ വിവേചനത്തിന്റെ ആഴം വ്യക്തമാക്കാന്‍ ആത്മകഥയില്‍ പല ഭാഗത്തും ഇ എം എസ് ശ്രമിച്ചിട്ടുണ്ട്. ഒരധ്യായം - ഭൂലോകത്തിലെ ദേവസ്‌ത്രീകള്‍ - അതിനായി മാറ്റിവയ്‌ക്കുകയുംചെയ്തു. അദ്ദേഹമെഴുതുന്നു - "യഥാര്‍ഥം പറയുകയാണെങ്കില്‍ ഒരു കുടുംബത്തില്‍ പ്രസവം നടക്കുമ്പോള്‍ കുട്ടി ആണോ പെണ്ണോ എന്നു നോക്കുന്നതുതന്നെ തികച്ചും വിവേചനപരമായാണ്. ആണ്‍കുട്ടി പിറന്നാല്‍ അതിരറ്റ സന്തോഷം, പെണ്ണായാല്‍ മ്ളാനത - ഇതാണ് കുടുംബാന്തരീക്ഷം. ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള ഈ വ്യത്യാസം അവരുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലുമുണ്ട്. ആണ്‍കുട്ടികളുടെ പിറന്നാളും മറ്റടിയന്തിരങ്ങളും വരുമ്പോള്‍ നടക്കുന്ന വലിയ സദ്യകളും ആഘോഷങ്ങളും പെണ്‍കുട്ടികള്‍ക്കില്ല. കുടുംബത്തിലെ രണ്ടാംകിട പൌരത്വമേ തനിക്കുള്ളൂവെന്ന തോന്നലുളവാക്കുന്ന സംസാരവും പെരുമാറ്റവുമാണ് പെണ്‍കുട്ടികള്‍ക്ക് എപ്പോഴും അനുഭവപ്പെടുന്നത്. ''(ആത്മകഥ പുറം 32).

നമ്പൂതിരി സമുദായത്തിലെ സ്‌ത്രീകളുടെ ദുരന്തപര്‍വം ചിത്രീകരിക്കാതെയും ഇ എം എസിന്റെ ആത്മകഥ പൂര്‍ണമാവുമായിരുന്നു. എന്നാല്‍, എല്ലാ വിവേചനവും ഇല്ലാതാകുന്നൊരു വ്യവസ്ഥയെ ലക്ഷ്യമാക്കുന്ന മാര്‍ക്സിസം - ലെനിനിസത്തിലുള്ള വിശ്വാസവും ആത്മാര്‍ഥതയും സ്‌ത്രീ വിവേചനത്തിനു നേരെ കണ്ണടയ്‌ക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. സ്‌ത്രീയെന്ന നിലയില്‍ സ്വന്തം വ്യക്തിത്വത്തെ തിരിച്ചറിയാനുള്ള അവസരംപോലും ഇല്ലാതാവുന്ന നമ്പൂതിരി സ്‌ത്രീകളെ അദ്ദേഹം ആദ്യകാലത്ത് സഹതാപത്തോടെ നോക്കിക്കണ്ടു. "ചുരുക്കത്തില്‍ ഓരോ സ്‌ത്രീയും സ്വാഭാവികമായി കൊതിക്കുന്നതെന്തോ അത് അനുഭവിക്കാന്‍ നമ്പൂതിരി സ്‌ത്രീകളില്‍ വളരെ ചുരുക്കം പേര്‍ക്കേ കഴിയുന്നുള്ളൂ. ഒന്നുകില്‍ അവിവാഹിത, അല്ലെങ്കില്‍ സപത്നി, അതുമല്ലെങ്കില്‍ വിധവ. ഇതിലേതെങ്കിലുമൊരു നിലയില്‍ ദീര്‍ഘകാലം കഴിയാനിടവരുന്നവരാണ് ഭൂരിപക്ഷം.'' (ആത്മകഥ പുറം 32).

ഈ ഭൂരിപക്ഷത്തെ മനുഷ്യരാക്കിമാറ്റാനുള്ള പ്രവര്‍ത്തനം പില്‍ക്കാലത്ത് യോഗക്ഷേമസഭ ഏറ്റെടുത്തതിനു തെളിവാണ് 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് ' എന്ന നാടകം. വ്യക്തമായൊരു പൊതുലക്ഷ്യം മുന്‍നിര്‍ത്തി രചിക്കപ്പെട്ട ആ നാടകത്തിന് രൂപം നല്‍കിയതില്‍ പ്രധാനി വി ടി ഭട്ടതിരിപ്പാടായിരുന്നു. നാടകരചനയ്‌ക്കും അവതരണത്തിനും അനുയോജ്യമായ ചര്‍ച്ചകളില്‍ പങ്കെടുത്തും അഭിപ്രായം പ്രകടിപ്പിച്ചും ഇ എം എസ് ശ്രദ്ധേയമായ പങ്കുവഹിച്ചു. നാടകം അവതരിപ്പിച്ചപ്പോഴുണ്ടായ അനുഭവവും തുടര്‍പ്രതികരണങ്ങളും ഇ എം എസ് ഇങ്ങനെ വിലയിരുത്തുന്നു: "ഇതേവരെ സമ്മേളനങ്ങളില്‍ പങ്കെടുക്കുകയോ പ്രസംഗങ്ങള്‍ കേട്ടു മനസ്സിലാക്കുകയോ ചെയ്‌തിട്ടില്ലാത്ത സ്‌ത്രീകളുടെ ഇടയിലേക്കാണ് നമ്പൂതിരി സ്‌ത്രീകള്‍ അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് വരുന്നതിന്റെ സന്ദേശമെത്തുന്നത്. അവിവാഹിതകളായ പെണ്‍കിടാങ്ങള്‍, ബാലവിധവകള്‍, സുമംഗലികള്‍, വയോധിക സ്‌ത്രീകള്‍ ഇവരെല്ലാം തെക്കിനിയിലും പൂമുഖത്തുമൊക്കെ ഇരുന്ന് നാടകം കാണാന്‍ തുടങ്ങി. ബഹുഭാര്യാത്വം, വൃദ്ധവിവാഹം മുതലായവക്കെതിരായും പ്രേമവിവാഹത്തിന് അനുകൂലമായുമുള്ള ആശയങ്ങള്‍ അവരുടെയിടയില്‍ വ്യാപിക്കാന്‍ തുടങ്ങി. ഒരു ദശാബ്‌ദത്തിലധികം കാലമായി സമ്മേളനങ്ങളിലൂടെയും പുരുഷന്മാര്‍ക്കിടയില്‍ വന്നതിലൊട്ടും കുറയാത്ത മാറ്റം ഈയൊരൊറ്റ നാടകം മുഖേന സ്‌ത്രീകളുടെയിടയില്‍ വരുത്താന്‍ കഴിഞ്ഞു.'' (ആത്മകഥ പുറം 111).

പുരുഷാധിപത്യവും ബ്രാഹ്മണ്യവും ഒരുപോലെ ദുഷിച്ച വ്യവസ്ഥിതിയാണെന്ന തിരിച്ചറിവാണ് നമ്പൂതിരി സമുദായ പരിഷ്‌ക്കരണവാദികളില്‍ ഇ എം എസ്, വി ടി, എം ആര്‍ ബി തുടങ്ങിയവരെ വ്യത്യസ്‌തരാക്കുന്നത്. ബ്രാഹ്മണ്യവും ആത്യന്തികമായി സ്‌ത്രീകളുടെ അടിമത്തത്തിലാണ് എത്തുന്നത്. ബ്രാഹ്മണ്യത്തിന്റെ ഭാഗമായിരുന്ന ആചാരങ്ങളാണ് കുടുംബത്തില്‍ മൂത്തവന്‍ മാത്രം സ്വജാതിയിലും ഇളയവന്‍ അന്യജാതിയിലുമുള്ള സ്‌ത്രീകളെ വിവാഹം ചെയ്യുന്ന രീതി. ഇത് അവസാനിപ്പിക്കണമെന്നും എല്ലാര്‍ക്കും സ്വജാതിയില്‍തന്നെ വിവാഹം ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ടാവണമെന്നും ഇ എം എസ് വാദിച്ചു. ആ വാദത്തിനു പിന്നില്‍ നമ്പൂതിരി സ്‌ത്രീകള്‍ അവിവാഹിതരായി തുടരുന്ന സ്ഥിതിയും ബാലവിവാഹവും അവസാനിപ്പിക്കണമെന്നുള്ള ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നു കാണാം. 1931 ല്‍ 'അപ്‌ഫന്റെ മകള്‍'ക്കെഴുതിയ അവതാരികയില്‍ അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കളായ നമ്പൂതിരിമാര്‍ക്കിടയില്‍ത്തന്നെ ജാതിവ്യവസ്ഥയും അതനുസരിച്ചുള്ള വിവാഹക്രമവും തുടരണമെന്ന് ആഗ്രഹിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. തന്റെ സമീപനം ഇക്കാര്യത്തിലെന്തായിരുന്നുവെന്ന് ഇ എം എസ് ആത്മകഥയില്‍ വ്യക്തമാക്കുന്നു. "നമ്പൂതിരി സ്‌ത്രീകളുടെയിടയില്‍ നവീന വിദ്യാഭ്യാസം സര്‍വസാധാരണമായിത്തീരുക. അവരും പുരുഷന്മാരെപ്പോലെതന്നെ പണിയെടുത്തു ജിവിക്കാന്‍ തുടങ്ങുക, ഇതിന്റെ ഫലമായി തങ്ങള്‍ക്കിഷ്‌ടമുള്ള യുവാക്കന്മാരെ (ഏത് ജാതിയില്‍നിന്നും മതത്തില്‍നിന്നും) സ്വീകരിക്കാന്‍ വേണ്ട കഴിവും സൌകര്യവും അവര്‍ക്കുണ്ടാവുക - ഈ സാഹചര്യമുളവായി കഴിഞ്ഞതില്‍പിന്നെ സ്വജാതീയ വിവാഹത്തിന്റെ ആവശ്യമില്ലാതായിത്തീരും. അതുളവാക്കാന്‍ ശ്രമിക്കുക, അത് വിജയകരമാവുന്നതുവരെ പുരുഷന്മാരുടെ സ്വജാതീയ വിവാഹത്തിന് പ്രോല്‍സാഹനം നല്‍കുക.'' (ആത്മകഥ പുറം 119).

അക്കാലത്തു നടപ്പിലാക്കിയ ഓരോ പരിഷ്‌ക്കരണത്തിലും സ്‌ത്രീകള്‍ എങ്ങനെ പങ്കാളിയായെന്ന് സൂക്ഷ്‌മമായി നിരീക്ഷിക്കാനും അതിനെ വിലയിരുത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പരിഷ്‌ക്കരണ ശ്രമങ്ങളില്‍ പങ്കാളികളാവാനോ സ്വയം പരിഷ്‌ക്കൃതരാവാനോ പുരുഷന്മാരുടേതിനു തുല്യമായ അവസരങ്ങള്‍ ലഭ്യമല്ലാതിരുന്നിട്ടും സ്‌ത്രീകളുടെ ജീവിതത്തിലെ പരമ്പരാഗതവും യാഥാസ്ഥിതികവുമായ രീതികളില്‍ മാറ്റം വരാന്‍ തുടങ്ങിയതും അത് പുരുഷന്മാരുടെ പരിഷ്‌ക്കാര രീതികളേക്കാള്‍ വേഗം വ്യാപകമായതും അദ്ദേഹം എടുത്തു പറയുന്നു. ഉദാഹരണത്തിന് ഘോഷാ ബഹിഷ്‌ക്കരണം. 1929 ല്‍ ഒരു യോഗക്ഷേമസഭാ സമ്മേളനത്തില്‍ മിസിസ് മനഴി ഘോഷ ബഹിഷ്‌ക്കരിച്ചു പങ്കെടുത്തു. പിന്നീട് പാര്‍വതി നെന്മേനി മംഗലം, ആര്യാ പള്ളം തുടങ്ങി നിരവധി സ്‌ത്രീകള്‍ കൂട്ടായി ഘോഷ ബഹിഷ്‌ക്കരിച്ചു. 1931 ല്‍ ഒരു സമ്മേളനത്തില്‍ പാര്‍വതി നെന്മേനിമംഗലം ഘോഷ ബഹിഷ്‌ക്കരിച്ചുകൊണ്ടാണ് അധ്യക്ഷയായിരുന്നത്. ഇ എം എസ് എഴുതുന്നു - "ഈ മാറ്റങ്ങളെല്ലാം അന്ന് നമ്പൂതിരി സ്‌ത്രീകളില്‍ ചെറുന്യുനപക്ഷത്തിനെ മാത്രമേ സ്‌പര്‍ശിച്ചിരുന്നുവെന്നതാണ് നേര്. ബഹുഭൂരിപക്ഷം പര്‍ദയ്‌ക്കുള്ളില്‍ അര്‍ധനഗ്നകളായി കഴിയുകയായിരുന്നു. എന്നാല്‍, അന്ന് കൈവിരലിലെണ്ണാവുന്നത്ര മാത്രം നമ്പൂതിരി സ്‌ത്രീകള്‍ നടത്തിയ ഘോഷ ബഹിഷ്‌ക്കരണം ഞങ്ങളില്‍ ചിലര്‍ ഒരു ദിവസം പ്രകടനപരമായി നടത്തിയ പൂണൂല്‍ പൊട്ടിക്കലിനേക്കാള്‍ ഫലപ്രദമായി കലാശിച്ചു. എന്തുകൊണ്ടെന്നാല്‍, അന്ന് പൂണൂല്‍ പൊട്ടിച്ചവര്‍ പിന്നെയും അതിട്ടു നടന്നു. ഘോഷ ബഹിഷ്‌ക്കരണമാകട്ടെ, പിന്നീടൊരിക്കലും ഘോഷാ സമ്പ്രദായത്തിലേക്കു തിരികെവന്നില്ല. അതു കഴിഞ്ഞ് മൂന്നു വ്യാഴവട്ടത്തിനുശേഷം ഇന്നാകട്ടെ, സ്വന്തം നാട്ടിലിരിക്കുമ്പോള്‍ പൂണൂലിടാത്ത നമ്പൂതിരി കുറവാണ്. ഘോഷയില്ലാതെ നടക്കുന്ന നമ്പൂതിരി സ്‌ത്രീകള്‍ ധാരാളവും.'' (ആത്മകഥ പുറം 123).

പുതിയ ചലനങ്ങള്‍

സാമുദായികപരിഷ്‌ക്കര്‍ത്താവില്‍നിന്ന് സാമൂഹിക നവോത്ഥാന പ്രവര്‍ത്തകനെന്ന നിലയിലേക്കുയരുമ്പോള്‍ എല്ലാത്തിലുമെന്നപോലെ സ്‌ത്രീപ്രശ്‌നങ്ങളെ സമീപിക്കുന്നതിലും ഇ എം എസിന്റെ വീക്ഷണത്തിന്റെ അടിത്തറ കൂടുതല്‍ ബലപ്പെടുന്നതുകാണാം. സ്വന്തം സമുദായത്തിനുള്ളില്‍ കണ്ട സ്‌ത്രീ പുരുഷ വിവേചനത്തിന്റെ ഭീകരത സമൂഹത്തിലാകെ കാണുകയും അതിനു പിന്നിലെ കാരണങ്ങളെ വിലയിരുത്തുകയും ചെയ്തു ഇ എം എസ്. 1944 ല്‍ സ്‌ത്രീ എന്ന തന്റെ കാവ്യസമാഹാരത്തിന് അവതാരികയെഴുതുവാന്‍ ഇ എം എസിനെ നിയോഗിച്ച വള്ളത്തോള്‍ സാഹിത്യത്തിലും സ്‌ത്രീപക്ഷ വീക്ഷണത്തിലുമുള്ള ഇ എം എസിന്റെ സമീപനത്തെയാണ് അംഗീകരിച്ചത്.

"പ്രേമത്തെക്കുറിച്ചും ദാമ്പത്യത്തെക്കുറിച്ചും മറ്റുമുള്ള നീണ്ട നീണ്ട പ്രസംഗങ്ങളൊന്നുംതന്നെ ഇന്നത്തെ സമുദായത്തില്‍ സ്‌ത്രീയെ സഹായിക്കുന്നില്ല. അവളെ ഇഷ്‌ടം പോലെ വെടിയാനും കൈക്കൊള്ളാനും ആഗ്രഹിക്കുന്ന പുരുഷനു മാത്രമാണതുകൊണ്ട് പ്രയോജനമുള്ളത് എന്ന വാസ്‌തവമാണ് '' സ്‌ത്രീയിലെ കവിതകള്‍ വ്യക്തമാക്കുന്നതെന്ന് ഇ എം എസ് അഭിപ്രായപ്പെടുന്നു. ഒടുക്കത്തെക്കുറിപ്പ് എന്ന കവിതയിലെ താഴെപ്പറയുന്ന ഭാഗം ഉദ്ധരിച്ചുകൊണ്ട് ഇ എം എസ് പറയുന്നു.

എന്‍ പ്രിയാവരജ നീ സുഭദ്രേ,

തവകാന്ത-

നെന്റെയീ വയറ്റിലെപ്പൈതലിന്‍

പിതാവത്രേ.

എന്തിതിന്‍ തെറ്റദ്ധീരനംഗനമാരെ

സ്വൈരം ഹന്ത, കൈക്കൊളളാം,

തള്ളാം

സ്വത്രന്ത്രനല്ലോ പുമാന്‍-

"പ്രേമത്തെയും ദാമ്പത്യത്തെയും സംബന്ധിക്കുന്ന ഈ കവിതകള്‍ വായിച്ചു കഴിയുന്ന വായനക്കാര്‍ക്ക്, ഇന്നത്തെ വിവാഹത്തെയും പ്രേമത്തെയും കുറിച്ച് കമ്യൂണിസത്തിന്റെ പ്രണേതാക്കളില്‍ ഒരാളായ ഏംഗല്‍സ് എഴുതിയ ചില വാചകങ്ങള്‍ പ്രയോജനപ്പെടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു പുരുഷനു ഒരു ഭാര്യ മാത്രമേ പാടുള്ളൂ എന്ന നിയമം മനുഷ്യസമുദായത്തിന്റെ ചരിത്രത്തില്‍ വന്നത് പുരുഷനും സ്‌ത്രീയും തമ്മില്‍ യോജിച്ചതിനാലല്ല, സ്‌ത്രീപുരുഷന്മാരുടെ ഐക്യത്തിന്റെ ഉത്കൃഷ്‌ട രൂപമായ ഏകപത്നി നിയമം നടപ്പില്‍ വന്നത്, പുരുഷന്‍ സ്‌ത്രീയെ അടിമയാക്കിവയ്‌ക്കുക എന്നതിന്റെ പ്രത്യക്ഷ രൂപമായാണ്. പുരുഷനും സ്‌ത്രീയും തമ്മില്‍ ഇതേവരെ നടന്നിട്ടില്ലാത്തത്ര വമ്പിച്ച ഒരു സമരത്തെയാണ് ഇത് കുറിക്കുന്നത്. ( സമ്പൂര്‍ണകൃതികള്‍ സഞ്ചിക 4 പുറം 308).

പുരുഷ മേധാവിത്വത്തില്‍നിന്ന് സ്വയം രക്ഷനേടാനുള്ള വഴി നമ്പൂതിരി സ്‌ത്രീയെ മാത്രമല്ല, സ്‌ത്രീ സമൂഹത്തെയാകെ പഠിപ്പിക്കുകയാണ് ബഹിഷ്‌ക്കൃതയായ അന്തര്‍ജനം എന്ന കവിതയിലൂടെ വള്ളത്തോള്‍ ചെയ്യുന്നതെന്ന് ഇ എം എസ് പറയുന്നു. സ്‌ത്രീകളുടെ അടിമത്വം അവസാനിക്കണമെങ്കില്‍ അവരെ സാമ്പത്തികമായി സ്വതന്ത്രരാക്കണമെന്ന വീക്ഷണവും ഈ അവതാരികയിലാണ് അദ്ദേഹം ആദ്യമായി അവതരിപ്പിക്കുന്നത്. "പുരുഷ മേധാവിത്വത്തില്‍നിന്ന് സ്‌ത്രീകളെ രക്ഷിക്കണമെങ്കില്‍ അവരെ സാമ്പത്തികമായ അടിമത്വത്തില്‍നിന്നും വിടുവിക്കണം, സാമൂഹ്യമായും രാഷ്‌ട്രീയമായും സ്‌ത്രീ പുരുഷന്മാര്‍ തമ്മിലുള്ള അസമത്വം നീക്കണമെങ്കില്‍ സാമ്പത്തികമായി അവര്‍ സമത്വം പാലിക്കണം. പുരുഷന്‍ പുറത്തുപോയി പണിയെടുത്ത് പണം സമ്പാദിക്കുകയും സ്‌ത്രീ വീട്ടുകാരിയായിരിക്കുകയും ചെയ്യുന്ന കാലത്തോളം സ്‌ത്രീ പുരുഷന്റെ അടിമയായിരിക്കും. പുരുഷന്‍ ഏര്‍പ്പെടുന്ന പ്രവര്‍ത്തികളിലെല്ലാം സ്‌ത്രീകളും പ്രവേശിക്കാന്‍ ആവുമ്പോള്‍ മാത്രമേ പുരുഷന്റെ മേധാവിത്വം അവസാനിക്കുകയുള്ളൂ, അപ്പോള്‍ മാത്രമേ നിര്‍ബന്ധ വൈധവ്യം, സപത്ന്യം മുതലായ അനാചാരങ്ങളില്‍നിന്നും സ്‌ത്രീകളെ തല്ലുകയും ശകാരിക്കുകയും ചെയ്യുകയെന്ന പുരുഷന്മാരുടെ പതിവില്‍ നിന്നും സ്‌ത്രീകളെ വിദ്യാഭ്യാസം ചെയ്യിക്കാതെ പിന്നണിയില്‍ നിര്‍ത്തുന്ന സാമൂഹ്യ ക്രമത്തില്‍നിന്നും അവര്‍ക്ക് രക്ഷ കിട്ടുകയൂള്ളു.
(സമ്പൂര്‍ണകൃതികള്‍ സഞ്ചിക 4 പുറം 311, 312).

ആധുനികവത്കരണത്തിന്റെ ഇരകള്‍

ഇന്ത്യന്‍ സമൂഹം ആധുനികവത്കരിക്കപ്പെട്ടതിന്റെ ഫലമായി കൂടുതല്‍ സ്‌ത്രീകള്‍ വിദ്യാഭ്യാസം നേടുകയും അവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാവുകയും ചെയ്‌തിട്ടുണ്ട്. എന്നാല്‍ ആധുനികീകരണ പ്രക്രിയ വികസിക്കുന്തോറും പുതിയ രൂപത്തിലുള്ള ചൂഷണത്തിനു സ്‌ത്രീകള്‍ വിധേയരാവുന്നു. അതേ സമയം പരമ്പരാഗതമായ വിലക്കുകള്‍ ഇല്ലാതായിട്ടുമില്ല. അതായത് യാഥാസ്ഥിതികത്വത്തിന്റെ ചങ്ങലകളും ഫ്യൂഡല്‍ പുരുഷാധിപത്യ ചൂഷണങ്ങളും തുടരുമ്പോള്‍തന്നെ മുതലാളിത്തം അടിച്ചേല്‍പ്പിക്കുന്ന ഇരട്ടിഭാരവുമാണ് സ്‌ത്രീകളുടെ വര്‍ത്തമാനകാലാനൂഭവം. മുതലാളിത്തസമൂഹം സ്‌ത്രീയെ എത്രമാത്രം മോശപ്പെട്ട രീതിയിലാണ് സമീപിക്കുന്നതെന്ന് കമ്യൂണിസ്‌റ്റ് മാനിഫെസ്റോയില്‍ മാര്‍ക്സും എംഗല്‍സും വ്യക്തമാക്കുന്നുണ്ട്. വെറും ഉല്‍പാദനോപകരണമായിരിക്കുകയെന്ന സ്‌ത്രീകളുടെ ഇന്നത്തെ നില അവസാനിപ്പിക്കുകയാണ് യഥാര്‍ഥ ലക്ഷ്യമെന്ന് അവര്‍ ഊന്നിപ്പറയുന്നുണ്ട്. ഇ എം എസ് എഴുതുന്നു - "യുഗങ്ങളായി നിലനില്‍ക്കുന്ന ജാതിയെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക സ്ഥാപനങ്ങള്‍ നിലനില്‍ക്കെ പരിഷ്‌ക്കരിക്കപ്പെട്ട പുതിയ മുതലാളിത്തസമൂഹം രൂപംകൊള്ളുന്തോറും ഇന്ത്യയിലെ സ്‌ത്രീകളും അതോടൊപ്പം പുരുഷന്മാരും അടിമത്തത്തിന്റെ പുതിയ ചങ്ങലകളാല്‍ ബന്ധിക്കപ്പെടുന്ന കാഴ്‌ചയാണ് നാം കാണുന്നത്.'' (സ്‌ത്രീകളുടെ പ്രസ്ഥാനത്തെക്കുറിച്ചുള്ള പരിപ്രേഷ്യം).

ഇത് സ്‌ത്രീകളുടെ സമരരംഗത്തുള്ള ഉത്തരവാദിത്തം വര്‍ധിപ്പിക്കുന്നു. പാരമ്പര്യത്തിലെ ചങ്ങലകള്‍ പൊട്ടിക്കുക, മുതലാളിത്തത്തിന്റെ ചൂഷണത്തിനെതിരെ പോരാടുക എന്നിവയൊടോപ്പം പുരുഷാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിവിധ ഘടകങ്ങളെയും മറികടക്കാന്‍ സ്‌ത്രീകള്‍ക്കു കഴിയണം.

ഇടതുപക്ഷ വിപ്ളവവായാടികളും സ്വത്വരാഷ്‌ട്രീയക്കാരും ചേര്‍ന്നു സൃഷ്‌ടിച്ചിരിക്കുന്ന ഒരു സവിശേഷാവസ്ഥ സ്‌ത്രീ വിമോചനം സംബന്ധിച്ച ആശയങ്ങളിലും അവ്യക്തത സൃഷ്‌ടിക്കുന്നുണ്ട്. പുരുഷമേധാവിത്വത്തെത്തന്നെ അനുകൂലിക്കുന്നവരേക്കാള്‍ അപകടകാരികളാണ് ഇക്കൂട്ടര്‍ എന്ന് ഇ എം എസ് വ്യക്തമാക്കി. വര്‍ഗാതീതമായി ഇടതുപക്ഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവര്‍ അപകടകാരികളാണ് എന്നദ്ദേഹം ഓര്‍മിപ്പിച്ചു. തുല്യതയ്‌ക്കു വേണ്ടിയുള്ള സ്‌ത്രീകളുടെ പോരാട്ടം തൊഴിലാളിവര്‍ഗം നടത്തുന്ന വിപ്ളവകരമായ വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന ലെനിന്റെ വീക്ഷണത്തിന് ഇ എം എസ് അടിവരയിട്ടു. അടിമത്തം, ഫ്യൂഡലിസം എന്നീ സാമൂഹ്യവ്യവസ്ഥകളെ അപേക്ഷിച്ച് സ്‌ത്രീ പുരുഷ സമത്വത്തിന്റെ പുരോഗമനപരമായ ചുവടുകള്‍ വയ്‌ക്കാന്‍ മുതലാളിത്തത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അതിനര്‍ഥം മുതലാളിത്തത്തിന് സ്‌ത്രീ പുരുഷ സമത്വം യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്നല്ല. മുതലാളിത്തത്തിന്റേതായ സാമൂഹിക സാമ്പത്തിക ബന്ധങ്ങള്‍ നിലവിലുള്ളിടത്തോളം സ്‌ത്രീകള്‍ കൂടുതല്‍ ചൂഷണത്തിനിരകളായിക്കൊണ്ടിരിക്കും. അതുകൊണ്ട് മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടമായ സാമ്രാജ്യത്വത്തിനും ഫ്യൂഡല്‍ പ്രഭുത്വത്തിനുമെതിരായ ജനകീയ സമരത്തില്‍ പങ്കാളികളാവുകയാണ് സ്‌ത്രീകളുടെ അടിയന്തര കടമയെന്ന് ഇ എം എസ് നിരീക്ഷിക്കുന്നു. തൊഴിലാളിവര്‍ഗത്തില്‍പ്പെട്ട പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെല്ലാം ആ വര്‍ഗത്തില്‍പ്പെട്ട സ്‌ത്രീകള്‍ക്കും ബാധകമാണ്. അതേസമയം സ്‌ത്രീ എന്ന നിലയില്‍ സവിശേഷമായ ചൂഷണങ്ങള്‍ക്ക് അവര്‍ വിധേയരാവേണ്ടി വരുന്നുണ്ട്. സ്‌ത്രീകള്‍ ഇരട്ട ചൂഷണം അനുഭവിക്കേണ്ടിവരുന്നുണ്ട്. ഇത് മാര്‍ക്സിസ്‌റ്റ്-ലെനിനിസ്‌റ്റ് വീക്ഷണത്തിന്റെ അടിസ്ഥാനമാണ്. ഈ വീക്ഷണത്തില്‍ ഇ എം എസ് ഇങ്ങനെ അഭിപ്രായപ്പെട്ടു. "തൊഴിലാളി കര്‍ഷകാദി ബഹുജനങ്ങള്‍ക്ക് തങ്ങള്‍ അനുഭവിക്കുന്ന ചൂഷണത്തില്‍നിന്ന് രക്ഷ കിട്ടുന്നുവെങ്കില്‍ തങ്ങളില്‍ പകുതിയോളം വരുന്ന സ്‌ത്രീകളെ പുരുഷമേധാവിത്വത്തില്‍ നിന്നും മോചിപ്പിക്കണം. അതുപോലെ, സ്‌ത്രീകള്‍ക്ക് പുരുഷമേധാവിത്വത്തില്‍നിന്ന് രക്ഷകിട്ടണമെങ്കില്‍ തൊഴിലാളി-കര്‍ഷകാദി ബഹുജനങ്ങളോടൊപ്പം ചൂഷണവ്യവസ്ഥയില്‍നിന്ന് സമൂഹത്തെയാകെ മോചിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ അവര്‍ സജീവമായി പങ്കെടുക്കണം.'' അതുകൊണ്ടുതന്നെ അദ്ദേഹം അഭിപ്രായപ്പെട്ടു. " സ്‌ത്രീവിമോചനം സ്‌ത്രീകളുടെ മാത്രം കാര്യമല്ല'', ഇത് രണ്ടു കൂട്ടര്‍ക്കുള്ള മറുപടിയാണ്. ഒന്ന്, പുരുഷമേധാവിത്വം മാത്രമാണ് സ്‌ത്രീവിമോചനത്തിനു തടസ്സം നില്‍ക്കുന്നതെന്നു വാദിക്കുന്ന ചില ഫെമിനിസ്‌റ്റ്റുകള്‍ക്ക് . പുരുഷമേധാവിത്വത്തില്‍ നിന്നു വിടുതല്‍ നേടിയാല്‍ സ്‌ത്രീ സ്വതന്ത്രയായി എന്നവര്‍ കരുതുന്നു. സ്‌ത്രീകള്‍ക്കു മാത്രമേ സ്‌ത്രീയുടെ ദുരന്താനുഭവങ്ങള്‍ തിരിച്ചറിയാനാവൂ എന്നും പുരുഷന്മാരുടെ ആധിപത്യം അവസാനിപ്പിക്കാന്‍ ആ തിരിച്ചറിവ് പ്രയോജനപ്പെടുത്തിയാല്‍ സ്‌ത്രീവിമോചനം പൂര്‍ണമാകുമെന്നും അവര്‍ കരുതുന്നു. തികച്ചും അശാസ്‌ത്രീയമായ വാദമാണിതെന്ന് ഇ എം എസ് വ്യക്തമാക്കി. ലിംഗപരമായി പുരുഷനില്‍നിന്നും വ്യത്യസ്‌തയായ സ്‌ത്രീക്ക് പൌരസമൂഹത്തിലെ അംഗമെന്ന നിലയില്‍ പുരുഷനുമായി സമാന താല്‍പര്യമുണ്ടെന്നതാണ് ഇ എം എസിന്റെ നിലപാട്. അതുകൊണ്ട് സ്‌ത്രീ വിമോചനം സ്‌ത്രീകളുടെ മാത്രം കാര്യമാണെന്ന അശാസ്‌ത്രീയ ഫെമിനിസ്‌റ്റ് വാദത്തെ അദ്ദേഹം നിരാകരിക്കുന്നു.

മറ്റൊരു കൂട്ടര്‍, വര്‍ഗസമരത്തില്‍ സ്‌ത്രീകള്‍ പങ്കാളികളായാല്‍ മതിയെന്നും സ്‌ത്രീവിമോചനത്തിനായി പ്രത്യേകം വാദിക്കേണ്ടതില്ലെന്നും പറയുന്നവരാണ്. അവര്‍, ലിംഗപരമായ കാരണങ്ങളാല്‍ അനുഭവിക്കേണ്ടിവരുന്ന വിവേചനത്തെ കാണാതിരിക്കുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നു. ഇക്കാര്യത്തിലും വ്യക്തമായ നിലപാട് ഇ എം എസിനുണ്ടായിരുന്നു. പൌരസമൂഹത്തിനു പൊതുവിലും തൊഴിലാളി കര്‍ഷകാദി ബഹുജനങ്ങള്‍ക്ക് വിശേഷിച്ചും നേരിടാനുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ പുരുഷനോടൊപ്പം നില്‍ക്കേണ്ട സ്‌ത്രീക്ക് അവരുടേതായ സവിശേഷ പ്രശ്‌നങ്ങള്‍കൂടി പരിഗണിക്കേണ്ടതുണ്ട്.

കുടുംബവും ലൈംഗിക സ്വാതന്ത്ര്യവും

സ്‌ത്രീവിമോചനത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്ന ഒരു വാദം സ്‌ത്രീ പുരുഷനേക്കാള്‍ കായികബലത്തില്‍ പിന്നിലാണെന്നും അതുകൊണ്ടുതന്നെ സമത്വത്തിനായുള്ള വാദം അസംബന്ധമാണെന്നുമാണ്. ഈ വികലമായ നിലപാടിനോട് ഇ എം എസ് യുക്തിസഹമായി പ്രതികരിച്ചു. പുരുഷനും സ്‌ത്രീയും തമ്മില്‍ ശാരീരികമായി ചില വ്യത്യാസങ്ങളുണ്ടെന്നത് ഒരു വസ്‌തുതയാണ്. അതുപോലെ സമൂഹത്തിലെ വിവിധ വ്യക്തികള്‍ തമ്മില്‍ പല വ്യത്യാസങ്ങളുമുണ്ടെന്നതും നേരാണ്. എല്ലാര്‍ക്കും ഒരുപോലെ കായികശക്തി, അല്ലെങ്കില്‍ ബുദ്ധിപരമായ കഴിവ്, അതുമല്ലെങ്കില്‍ വിവിധ കലാരംഗങ്ങളില്‍ സഹജവാസന. ഇതെല്ലാം ഉണ്ടെന്നുകരുതുന്നത് അബദ്ധമാണ്. പക്ഷേ, സ്‌ത്രീയുടെ മേല്‍ പുരുഷന് ഇന്നുള്ള മേധാവിത്വം അവര്‍ തമ്മിലുള്ള കായികമായ അന്തരത്തിന്റെ സന്തതിയല്ല. സാമൂഹ്യജീവിതത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെ ഫലമായി ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ സ്‌ത്രീ, പുരുഷന്റെ ഒരനുബന്ധം മാത്രമായിത്തീരുന്നുവെന്നതാണ് സത്യം. (സ്‌ത്രീ പുരുഷ സമത്വം നിലവില്‍ വരുന്നത് വര്‍ഗരഹിത സമൂഹത്തില്‍ മാത്രം). കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്‍പത്തി എന്ന പുസ്‌തകത്തില്‍ എംഗല്‍സ് ഇക്കാര്യം ശാസ്‌ത്രീയമായി തന്നെ വിശദീകരിക്കുന്നുണ്ട്. കുടുംബത്തെ ഇല്ലാതാക്കുന്നതിലൂടെ സ്‌ത്രീ പുരുഷ സമത്വം യാഥാര്‍ഥ്യമാക്കാമെന്ന ചിന്ത അശാസ്‌ത്രീയമാണ്. സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവമാണല്ലോ ഏകദാമ്പത്യത്തിന്റെ അടിസ്ഥാനം. ഏകദാമ്പത്യമാണ് സ്‌ത്രീകളെ രണ്ടാംതരക്കാരാക്കി തീര്‍ത്ത ആദ്യ സംവിധാനം. അതുകൊണ്ടുതന്നെ ആത്യന്തികമായി എതിര്‍ക്കപ്പെടേണ്ടത് സ്വകാര്യസ്വത്തിന്റെ സമ്പ്രദായമാണ്. അത് അവസാനിക്കുന്നതോടെ, വര്‍ഗവൈരുധ്യവും അവസാനിക്കുന്നതോടെ സ്‌ത്രീ-പുരുഷ സമത്വം യാഥാര്‍ഥ്യമാകും.

ഈ നിലപാടിനെ വിമര്‍ശിക്കുന്നവരുടെ വാദം ആ വ്യവസ്ഥയില്‍ സ്‌ത്രീകള്‍ പൊതുസ്വത്തായിരിക്കും എന്നതാണ്. ഈ വാദത്തിന് മാര്‍ക്സും എംഗല്‍സും ഉചിതമായ മറുപടി നല്‍കുന്നുണ്ട്. "സ്‌ത്രീകളുടെ മേല്‍ പൊതുടമ ഏര്‍പ്പെടുത്തേണ്ട യാതൊരാവശ്യവും കമ്യൂണിസ്‌റ്റുകാര്‍ക്കില്ല. ഒട്ടുമുക്കാലും അനാദികാലം മുതല്‍ക്കേ അതു നിലനിന്നുപോന്നിട്ടുണ്ട്. ഇന്നത്തെ ഉല്‍പാദന സമ്പ്രദായം അവസാനിച്ചാല്‍ ആ സമ്പ്രദായത്തിന്റെ സന്തതിയായ, സ്‌ത്രീകളെ പൊതുവായി ഉപയോഗിക്കുന്നതിലും അതായത് രഹസ്യവും പരസ്യവുമായ വ്യഭിചാരവും - അവസാനിക്കുമെന്ന് സ്വയം വ്യക്തമാണ്.'' (കമ്യൂണിസ്‌റ്റ് മാനിഫെസ്‌റ്റോ).

ആധുനികകാലത്ത് സ്‌ത്രീകളുടെ തുല്യതയ്‌ക്കു വേണ്ടി ഒന്നാമതായി ചെയ്യേണ്ടത് കുടുംബത്തെ ഇല്ലാതാക്കലാണ് എന്നു വാദിക്കുന്ന ഫെമിനിസ്‌റ്റുകളോട് ഇ എം എസ് യോജിക്കുന്നില്ല. മനുഷ്യസമൂഹത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി നിലവില്‍ വന്നതും രൂപഭേദം വന്നുകൊണ്ടിരിക്കുന്നതുമായ ഒന്നാണ് കുടുംബം. ഉല്‍പാദന ഉപകരണങ്ങളാകെ സമൂഹത്തിന്റെ പൊതുസ്വത്താകുന്ന ഭാവി സമൂഹത്തില്‍ ഇന്നു നാം കാണുന്ന രീതിയിലുള്ള കുടുംബബന്ധം ഉണ്ടായിരിക്കുകയില്ല. ആ വ്യവസ്ഥയില്‍ കുടുംബബന്ധം എത്തരത്തിലായിരിക്കുമെന്ന് പ്രവചിക്കുക സാധ്യമല്ലെന്ന് എംഗല്‍സ് പറയുന്നുണ്ട്. "തങ്ങളുടെ ജീവിതത്തില്‍ ഒരിക്കലും പണമുപയോഗിച്ചോ സാമൂഹ്യാധികാരത്തിന്റെ മറ്റ് ഏതെങ്കിലും മാര്‍ഗമുപയോഗിച്ചോ സ്‌ത്രീകളുടെ കീഴടങ്ങല്‍ വിലയ്‌ക്കുവാങ്ങാന്‍ ഇടവരാത്ത പുരുഷന്മാരുടെ ഒരു പുതു തലമുറയും യഥാര്‍ഥ പ്രേമത്താല്‍ പ്രേരിതമായല്ലാതെ ഒരു പുരുഷനും കീഴ്പ്പെടേണ്ടിവന്നിട്ടില്ലാത്തവരും സാമ്പത്തികമായ പ്രത്യാഘാതങ്ങളെ ഭയന്ന് തന്റെ പങ്കാളിക്ക് സ്വയം സമര്‍പ്പിക്കാത്തവരുമായ സ്‌ത്രീകളുടെ ഒരു പുതു തലമുറയും'' ഉയര്‍ന്നുവരുമ്പോള്‍ മാത്രമേ അക്കാലത്ത് കുടുംബബന്ധം ഏത് തരത്തിലുള്ളതാകുമെന്ന് പറയാനാകൂ. എംഗല്‍സിന്റെ ഈ നിരീക്ഷണത്തിന് തുടര്‍ച്ചയായി ഇ എം എസ് എഴുതുന്നു - "ഇഷ്‌ടമുള്ള ഇണയെ സംബന്ധിച്ച് പൂര്‍ണ സ്വാതന്ത്ര്യം സ്‌ത്രീ പുരുഷന്മാര്‍ക്കുണ്ടാവണമെങ്കില്‍, സോഷ്യലിസത്തിന്റെതായ സാമ്പത്തികമാറ്റങ്ങള്‍ വന്നുകഴിയണം. അല്ലാതെ, വിവാഹ-കുടുംബ വ്യവസ്ഥയില്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയുകയില്ല. മാറ്റം വരുത്തുന്നതിന്റെ പേരില്‍ എന്തെങ്കിലും ചെയ്‌താല്‍ കുഴപ്പം വര്‍ധിക്കുകയേയുള്ളുതാനും.''

സിദ്ധാന്തത്തെ അനവസരത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്ന വികലമായ നിലപാടുകള്‍ നമ്മുടെ സമൂഹത്തില്‍ വ്യാപകമാണ്. മുസ്ളിം സമുദായത്തിലെ ബഹുഭാര്യാത്വം ഒരു ഉദാഹരണം. എ ഡി ഏഴാം നൂറ്റാണ്ടിന്റെ സാമൂഹ്യ-രാഷ്‌ട്രീയ സാഹചര്യത്തില്‍ മുഹമ്മദ് നബി നിര്‍ദേശിച്ച തത്വങ്ങള്‍ എക്കാലത്തും പ്രായോഗികമാണെന്നു വരുത്തിത്തീര്‍ക്കാനാണ് യാഥാസ്ഥിതികത്വം ശ്രമിക്കുന്നത്. ശരിഅത്തിന്റെ പേരില്‍ സ്‌ത്രീവിരുദ്ധമായ പ്രായോഗികതയാണ് പൌരോഹിത്യം നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നതില്‍ തര്‍ക്കമില്ല. അതിനെ എതിര്‍ത്തതിന്റെ പേരില്‍ ഇ എം എസിന് നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. 'നാലും കെട്ടും എട്ടും കെട്ടും' എന്ന വെല്ലുവിളി ഉയരുകയും വ്യക്തിപരമായി ഇ എം എസിനെ അധിക്ഷേപിക്കുകയും ചെയ്തപ്പോള്‍ സംയമനത്തോടെ അദ്ദേഹം പ്രതികരിച്ചു. ആ പ്രതികരണത്തിലും സ്‌ത്രീ വിവേചനത്തോടുള്ള മാര്‍ക്സിസ്‌റ്റ് ലെനിനിസ്‌റ്റ് വീക്ഷണം പ്രതിഫലിച്ചു. ഇത്തരം കെട്ടുകള്‍ക്ക് നിന്നുകൊടുക്കാന്‍ സ്‌ത്രീകള്‍ തയ്യാറുള്ള കാലം വരെ മാത്രമേ ഇത് നടക്കുകയുള്ളൂ. അതിനു തയ്യാറല്ലാത്ത -ശരിഅത്തിന്റെ പേരില്‍ ചെലുത്തുന്ന സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത - സ്‌ത്രീകളുടെ തലമുറ ഉയര്‍ന്നു വരുന്ന തോതില്‍ വെല്ലുവിളിക്കാരുടെ ഹുങ്കും അവസാനിക്കും. (സ്‌ത്രീ പുരുഷ സമത്വമാണ് കമ്യൂണിസ്‌റ്റുകാര്‍ വിഭാവനം ചെയ്യുന്നത്. 1985 ആഗസ്‌ത് 2).

സ്‌ത്രീ പുരുഷന്മാര്‍ക്ക് ഇഷ്‌ടമുള്ള ഇണയെ തെരഞ്ഞെടുക്കാനും ഇഷ്‌ടമുള്ള കാലത്തോളം ഒരുമിച്ച് ജിവിക്കാനും ഇഷ്‌ടമില്ലാതെ വരുമ്പോള്‍ വേര്‍പെടുത്താനും മറ്റൊരു ഇണയെ തെരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുള്ള കുടുംബജീവിത സമ്പ്രദായത്തെ ഇ എം എസ് അനുകൂലിക്കുന്നു. ആധുനികകാലത്ത് പുരോഗമനവാദികള്‍ പോലും ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന ഒരു കാഴ്‌ചപ്പാടാണിത്. സ്‌ത്രീ വിമോചനത്തെപ്പറ്റി വാചാലമാകുമ്പോഴും നിലവിലുള്ള കുടുംബത്തിന്റെ പരിപാവനതയില്‍ അവര്‍ വേവലാതിപ്പെടുന്നു. കുടുംബത്തിന്റെ ശാശ്വതമായ നിലനില്‍പ്പ് അവര്‍ ആഗ്രഹിക്കുന്നു. അതിനര്‍ഥം സ്‌ത്രീ പുരുഷന്റെ സ്വകാര്യസ്വത്തായി തുടരണമെന്ന് അവര്‍ താത്പര്യപ്പെടുന്നു എന്നാണ്. ഇത് "പുരുഷനെപോലെത്തന്നെ രക്ത-മാംസ-മജ്ജാദികളും വികാര-വിചാരങ്ങളുമുള്ള ഒരു ജീവിയായി സ്‌ത്രീയെ അംഗീകരിക്കാന്‍ തയ്യാറാവാത്ത'' യാഥാസ്ഥിതികത്വമാണെന്ന് ഇ എം എസ് കാണുന്നു. അദ്ദേഹം എഴുതി "ഭര്‍ത്താവടക്കം ഒരു പുരുഷന്റെയും ആസ്വാദ്യവസ്‌തു എന്ന നിലയിലേക്ക് അധഃപതിക്കാതെ സ്വന്തം വ്യക്തിത്വമുള്ള മനുഷ്യജീവിയായി വളരാനും അക്കാര്യത്തില്‍ പുരുഷനോട് പൂര്‍ണമായി സമത്വം അംഗീകരിച്ചുകിട്ടാനും വേണ്ടിയാണ് സ്വാതന്ത്ര്യബോധമുള്ള സ്‌ത്രീ ആഗ്രഹിക്കുന്നത്.''

ദേശാഭിമാനി വാരികയില്‍ പ്രസിദ്ധീകരിച്ച 'കാബറയും പര്‍ദയും' എന്ന ലേഖനത്തെക്കുറിച്ച് പ്രബോധനത്തില്‍ ഉന്നയിച്ച ചോദ്യത്തില്‍ സ്‌ത്രീ ഭര്‍ത്താവിന്റെ ആസ്വാദ്യവസ്‌തുവാണെന്നും അവള്‍ പ്രദര്‍ശന വസ്‌തുവല്ലെന്നും അവള്‍ മറ്റ് പുരുഷന്മാര്‍ക്കു മുമ്പില്‍ അഴിഞ്ഞാടുന്നത് ശരിയല്ലെന്നും പര്‍ദ സമ്പ്രദായം അതുകൊണ്ടുതന്നെ നല്ലതാണെന്നും വാദിച്ചിരുന്നു. പര്‍ദ സമ്പ്രദായം സ്‌ത്രീയുടെ സ്വാതന്ത്ര്യബോധത്തിന് തടസ്സമാകുന്നു എന്നതായിരുന്നു ഇ എം എസിന്റെ നിരിക്ഷണം. ഭര്‍ത്താവിനു മാത്രം 'ആസ്വദിക്കേണ്ട' സ്‌ത്രീ 'പ്രദര്‍ശന വസ്‌തു' ആവാതിരിക്കാനാണ് പര്‍ദ എന്ന വാദത്തെ ഇ എം എസ് എതിര്‍ക്കുന്നത്.

ഹിന്ദു-മുസ്ളിം-ക്രിസ്‌ത്യനാദി വ്യത്യാസമില്ലാതെ സ്‌ത്രീ പുരുഷന്മാരെല്ലാം അവരവര്‍ക്കു പറ്റുന്ന ജോലിയിലും ഉദ്യോഗത്തിലും ഏര്‍പ്പെടുകയും അവര്‍ക്ക് ഇഷ്‌ടമുളള കാലത്തോളം ദാമ്പത്യജീവിതം നയിക്കുക, ദമ്പതിമാരില്‍ ആര്‍ക്കെങ്കിലും ഇഷ്‌ടമില്ലാതെ വന്നാല്‍ വിവാഹമോചനം നടത്തുക, ഇഷ്‌ടമുണ്ടെങ്കില്‍ പുതിയ ഇണയെ കണ്ടെത്തി ദാമ്പത്യത്തില്‍ ഏര്‍പ്പെടുക ഈ സ്ഥിതി കൈവരുത്തുന്നതിനു വേണ്ടിയാണ് ആധുനിക ജനാധിപത്യവും അതിന്റെ ഉയര്‍ന്ന രൂപമായ സോഷ്യലിസവും പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥിതി വന്നാല്‍ പിന്നെ സ്‌ത്രീ ഒരു പുരുഷന്റെ മുന്നിലും അഴിഞ്ഞാടേണ്ടി വരികയില്ല. അതേ അവസരത്തില്‍ സ്‌ത്രീകളും പുരുഷന്മാരും ചേര്‍ന്ന് ആടുകയും പാടുകയും മറ്റെല്ലാതരം കലകളും അഭ്യസിക്കുകയും ചെയ്യും. സ്‌ത്രീകളും പുരുഷന്മാരും ചേര്‍ന്ന സദസ്സുകളില്‍ സ്‌ത്രീ-പുരുഷ വ്യത്യാസമില്ലാതെ കലാകാരന്മാരും കലാകാരികളും 'അഴിഞ്ഞാടും ' എന്നര്‍ഥം.

സംവരണത്തിന്റെ രാഷ്‌ട്രീയം

എല്ലാതരം വിവേചനങ്ങള്‍ക്കും ആധിപത്യ പ്രത്യയശാസ്‌ത്രത്തിനുമെതിരെ സ്‌ത്രീകളെ രാഷ്‌ട്രീയമായി ബോധവല്‍ക്കരിച്ച് സംഘടിപ്പിക്കണമെന്ന് ഇ എം എസ് നിര്‍ദേശിച്ചു. പരിമിതികള്‍ മനസ്സിലാക്കിക്കൊണ്ടുതന്നെ സംഘടനയുടെ നേതൃനിരയിലേക്ക് സ്‌ത്രീകളെ കൊണ്ടുവരേണ്ടതുണ്ടെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. തീരുമാനം എടുക്കുന്ന അധികാരസ്ഥാനങ്ങളില്‍ സംവരണത്തിലൂടെ സ്‌ത്രീകളെ പരിഗണിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാ സംവരണത്തില്‍ പിന്നാക്ക-മതന്യൂനപക്ഷ വാദികള്‍ സ്വീകരിക്കുന്ന അട്ടിമറി നിലപാടിനെ ഇ എം എസ് തുറന്നെതിര്‍ത്തു. സ്‌ത്രീ സംവരണ നിര്‍ദേശം വരുന്നതു വരെ പിന്നാക്ക വിഭാഗക്കാര്‍ക്കും മത ന്യൂനപക്ഷങ്ങള്‍ക്കും ലോകസഭയിലോ നിയമസഭയിലോ സംവരണം വേണമെന്ന് ഇന്ത്യയിലൊരാളും പറഞ്ഞിട്ടില്ല. അതില്‍ നിന്ന് ഈ മുദ്രാവാക്യം ഉയര്‍ത്തിയവരുടെ മനസ്സിലിരിപ്പ് വ്യക്തമാണ്. സ്‌ത്രീ സംവരണ നിര്‍ദേശത്തെ അവര്‍ക്ക് അട്ടിമറിക്കണം. (ദേശാഭിമാനി വാരിക - 1997 ജൂണ്‍ 13).

ഈ സംവരണം എന്തുകൊണ്ട് പാര്‍ടിക്കുള്ളിലായിക്കൂടാ എന്ന ചോദ്യത്തിനും ഇ എം എസ് യുക്തിസഹമായി മറുപടി പറഞ്ഞു "പഞ്ചായത്തു മുതല്‍ പാര്‍ലമെന്റു വരെയുള്ള തെരഞ്ഞെടുക്കപ്പെടുന്ന സഭകള്‍ അധികാര സ്ഥാപനങ്ങളാണ്. പാര്‍ടിയാകട്ടെ, അധികാര സ്ഥാപനമല്ല. ബഹുജനങ്ങളെ ഏകോപിപ്പിക്കുന്ന ഒരു രാഷ്‌ട്രീയ സംഘടനയാണ്. അവിടെ തെരഞ്ഞെടുക്കപ്പെടുന്നതില്‍ അടിസ്ഥാനം സഖാക്കളുടെ കഴിവും കഴിവുകേടുമാണ്. സംവരണത്തിന്റെ പേരില്‍ കഴിവു കുറഞ്ഞവരെയെടുത്താല്‍ തെരഞ്ഞെടുക്കപ്പെടുന്ന പാര്‍ടിഘടകങ്ങള്‍ക്ക് കാര്യക്ഷമമായി അവയുടെ പ്രവര്‍ത്തനം നടത്താന്‍ കഴിയുകയില്ല. ഇതിനര്‍ഥം പാര്‍ടി തെരഞ്ഞെടുപ്പില്‍ സ്‌ത്രീകളെ ബോധപൂര്‍വം ഉള്‍പെടുത്താന്‍ ശ്രമിക്കേണ്ടതില്ലെന്നല്ല. കഴിവു കുറഞ്ഞവര്‍ക്ക് കഴിവുണ്ടാക്കി കൊടുക്കുന്നതിനുതന്നെ അവരെ പാര്‍ടി കമ്മിറ്റിയിലേക്ക് എടുക്കുന്നത് സഹായകമാകും''( ദേശാഭിമാനി വാരിക - 1997 ജൂലൈ 18).

എന്നാല്‍ രാഷ്‌ട്രീയ പാര്‍ടികള്‍ സ്‌ത്രീകളെ മുന്നോട്ടു കൊണ്ടുവരാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നില്ലെന്ന വിമര്‍ശനം ഇ എം എസിനുണ്ടായിരുന്നു. "സിപിഐ എം അടക്കമുള്ള രാഷ്‌ട്രീയ പാര്‍ടികളുടെ ആധികാരിക രേഖകളില്‍ സ്‌ത്രീകളെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുന്നുണ്ടെങ്കിലും അത് മിക്കവാറും കടലാസില്‍ കിടക്കുകയാണ്. ഇതിനുള്ള കാരണം പുരുഷമേധാവിത്വത്തിന്റെതായ കാഴ്‌ചപ്പാട് വര്‍ഗബഹുജന സംഘടനകളുടെയും പുരോഗമന രാഷ്‌ട്രീയ പാര്‍ടികളുടെയും നേതൃതലത്തില്‍ അബോധപൂര്‍വമായെങ്കിലും ശക്തമായി നിലകൊള്ളുന്നുണ്ടു എന്നതാണ്.'' (ദേശാഭിമാനി വാരിക 1995 മാര്‍ച്ച് 5).

മാര്‍ക്സിസം-ലെനിനിസത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് ക്രിയാത്മകമായി വികസിപ്പിക്കുകയും പ്രയോഗവല്‍ക്കരിക്കുകയും ചെയ്‌ത സൈദ്ധാന്തികനായ ഇ എം എസിന്റെ നിലപാടുകള്‍ സ്‌ത്രീ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖയാണ്. ലിംഗനീതിക്കു വേണ്ടിയുള്ള സമരത്തെ വര്‍ഗസമരവുമായി കണ്ണിചേര്‍ക്കുവാനും സ്വന്തം അടിമത്വത്തിനും രണ്ടാം പൌരത്വത്തിനുമെതിരെ സ്‌ത്രീകള്‍ സംഘടിത സമരം നയിക്കേണ്ടതിന്റെ അനിവാര്യതയെ ബോധ്യപ്പെടുത്തുവാനും ഇ എം എസിന്റെ വീക്ഷണങ്ങള്‍ക്കു കഴിഞ്ഞു.

*****

ഡോ. പി എസ് ശ്രീകല, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

വര്‍ഗവൈരുധ്യത്തിന്റെ അടിവേരുകള്‍ ശാസ്‌ത്രീയമായി വിശകലനം ചെയ്യുന്ന സാമൂഹ്യ ശാസ്‌ത്രമാണ് മാര്‍ക്സിസം. സ്‌ത്രീകളോടുള്ള വിവേചനത്തിന്റെ കാരണം, സ്വകാര്യ സ്വത്തിന്റെ ആവിര്‍ഭാവത്തോടെ രൂപംകൊണ്ട വര്‍ഗസമൂഹവും വര്‍ഗചൂഷണവുമാണെന്ന് മാര്‍ക്സിസം നിരീക്ഷിക്കുന്നു.

"ചരിത്രത്തിലെ ആദ്യത്തെ വര്‍ഗവൈരുധ്യം ഏകദാമ്പത്യത്തില്‍ സ്‌ത്രീയും പുരുഷനും തമ്മിലുണ്ടാകുന്ന വൈരുധ്യവുമായും വര്‍ഗപരമായ ആദ്യത്തെ മര്‍ദനം സ്‌ത്രീയുടെ മേല്‍ പുരുഷന്‍ നടത്തുന്ന മര്‍ദനവുമായും ഒത്തുപോകുന്നതാണ് '''എന്ന് എംഗല്‍സ് നിരീക്ഷിക്കുന്നുണ്ട് (കുടുംബം, സ്വകാര്യസ്വത്ത്, ഭരണകൂടം എന്നിവയുടെ ഉല്‍പത്തി). അദ്ദേഹം തുടരുന്നു "ഈ…പുതിയ യുഗത്തില്‍ മുന്നോട്ടുള്ള ഓരോ ചുവടുവയ്‌പും അതുപോലെത്തന്നെ പിന്നോട്ടുമുള്ള ഒരു ചുവടുവയ്‌പായിരിക്കും: ഈ യുഗത്തില്‍ ഒരു വിഭാഗത്തെ ദുരിതത്തിലും മര്‍ദനത്തിലും ആഴ്ത്തിക്കൊണ്ടു മാത്രമേ മറ്റൊരു വിഭാഗത്തിന്റെ ഐശ്വര്യവും വളര്‍ച്ചയും കൈവരിക്കാന്‍ കഴിയൂ എന്നും വരുന്നു.'' ഈ ദുരിതത്തില്‍ നിന്നും മര്‍ദനത്തില്‍ നിന്നുമുള്ള മോചനം പുരുഷാധിപത്യത്തിനും അസമത്വാധിഷ്ഠിതമായ സാമൂഹ്യബന്ധങ്ങള്‍ക്കും രൂപംകൊടുത്ത സ്വകാര്യസ്വത്ത് സമ്പ്രദായത്തിനെതിരെയുള്ള സംഘടിത സമരത്തിലൂടെ മാത്രമേ സാധ്യമാവൂ. അടിച്ചമര്‍ത്തപ്പെടുന്നവരെ സംഘടിപ്പിക്കേണ്ടതിന്റെ അനിവാര്യത മാര്‍ക്സിസം ഊന്നിപ്പറയുന്നു. നിലവിലുള്ള ലിംഗ-വര്‍ഗ-ജാതി ചൂഷണത്തിന്റെ ഇരകളാകുന്ന സ്‌ത്രീകള്‍ പുരുഷാധിപത്യത്തിനും എല്ലാതരം അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ സംഘടിക്കേണ്ടതുണ്ടെന്ന മാര്‍ക്സിയന്‍ നിലപാടാണ് ഇ എം എസിന്റെ സ്‌ത്രീ വിമോചന വീക്ഷണത്തിലുള്ളത്. "സ്‌ത്രീ വിമോചന സമരം വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന കമ്യൂണിസ്‌റ്റ് ബോധം പുരുഷാധിപത്യത്തിനെതിരെ ലിംഗതുല്യത നേടുന്നതിനായി സ്‌ത്രീകള്‍ നടത്തുന്ന സമരത്തിന് ഒരിക്കലും തടസ്സമാകരുത്.'' (സമ്പൂര്‍ണ കൃതികള്‍ സഞ്ചിക 4 പുറം 308).