Sunday, August 15, 2010

ഗോൾഡ്‌മാന്‍ സാൿസിന്റെ പീഡാനുഭവ കഥകള്‍

പാവം ഗോള്‍ഡ്‌മാന്‍ സാൿസ്. ഒബാമയും അമേരിക്കന്‍ സെനറ്റും സെക്യൂരിറ്റീസ് ആന്റ് എൿസ്‌ചേഞ്ച് കമ്മീഷനും (എസ്.ഇ.സി.) ചേര്‍ന്ന് മിടുമിടുക്കന്മാരുടെ ഒരു ബാങ്കിനെ വെറുതെ കുരിശിലേറ്റുന്നു. ഗോള്‍ഡ്‌മാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്‌തില്ല. പിന്നെ, അധാര്‍മ്മികത! ബാങ്കിംഗില്‍ അങ്ങനെയൊന്നുണ്ടോ? ലാഭമുണ്ടാക്കണം, ഓഹരിവില ഉയര്‍ത്തണം. ലാഭവിഹിതം നല്‍കണം. മേധാവികള്‍ക്ക് പ്രതിഫലവും ബോണസ്സും കൊടുക്കണം. ഗോള്‍ഡ്‌മാന്‍ ചെയ്‌തതും അതൊക്കെ തന്നെയാണ്. ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെയും ബിസിനസ് പത്രങ്ങളുടെയും, ഒരു പക്ഷെ, ഗവണ്‍മെണ്ടിന്റെയും അഭിപ്രായം ഏതാണ്ടിപ്രകാരമാണ്. പ്രതിസ്ഥാനത്തു നില്‍ക്കുന്ന ഒരാളോടും ഇത്ര അഗാധമായ പ്രണയവും സഹതാപവും ആരും പ്രകടിപ്പിച്ചുകാണില്ല.

ഗോള്‍ഡ്‌മാന്‍ സാൿസ് ചില്ലറക്കാരല്ല. ലോകത്തിലേക്കു വെച്ച് ഏറ്റവും സമ്പന്നവും ബലിഷ്‌ടവുമായ നിക്ഷേപബാങ്ക്. 2007-ലെ സബ്പ്രൈം ഭവനവായ്‌പാ പ്രതിസന്ധിയില്‍നിന്നും മുറിവേല്‍ക്കാതെ രക്ഷപ്പെട്ട വമ്പന്‍ അമേരിക്കന്‍ ബാങ്ക്. 2010 മാര്‍ച്ചില്‍ 346 കോടി ഡോളര്‍ ലാഭമുണ്ടാക്കി, സര്‍ക്കാരിന്റെ ജാമ്യ പണം തിരിച്ചേല്പിക്കാനൊരുങ്ങി നില്‍ക്കുമ്പോഴാണ് പൊല്ലാപ്പ്. ഏപ്രില്‍ 16ന് എസ്.ഇ.സി. സിവില്‍ സ്യൂട്ട് സമര്‍പ്പിച്ചു. കുറ്റമിതാണ്: വിലപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ചു. നിലവാരമില്ലാത്ത ഉല്പന്നങ്ങള്‍ വിറ്റഴിച്ചു. സ്വന്തം ഇടപാടുകാരെ വഞ്ചിച്ചു. കൊള്ളലാഭമെടുത്തു.

2010 ഏപ്രില്‍ 27ന് അമേരിക്കന്‍ സെനറ്റിന്റെ വക ആദ്യ വിചാരണയായിരുന്നു. പ്രപഞ്ചത്തിന്റെ മുഴുന്‍ യജമാനന്മാര്‍ ഭൂമിയോളം താഴ്ന്നുവെന്നാണ് പത്രറിപ്പോര്‍ട്ട്. സെനറ്റര്‍മാരുടെ സ്ഥിര അന്വേഷണ സമിതി ചെയര്‍മാന്‍ കാറല്‍ ലീവിസിന്റെ ചോദ്യശരങ്ങള്‍ ഗോള്‍ഡ്‌മാന്‍ മേധാവികളുടെ ശരീരത്തില്‍ തുളച്ചുകയറി. ഒരു പക്ഷെ, എല്ലാം ഒരു നാടകമാവാം. ധനമേഖലാ പരിഷ്‌ക്കാരങ്ങളടങ്ങുന്ന ഒരു ബില്‍ സെനറ്റ് മുമ്പാകെയുണ്ട്. ഗോള്‍ഡ്‌മാനെതിരായി ജനരോഷം ഊതിവീര്‍പ്പിച്ച് ബില്ലിന് ജനപിന്തുണ നേടാനുള്ള തന്ത്രമാണിതെന്ന് ആരോപിക്കുന്നവരുണ്ട്. അല്ലെങ്കില്‍, ഗോള്‍ഡമാന്റെ കുംഭകോണവും ക്രമക്കേടുകളും അവഗണിക്കുന്നുവെന്ന പരാതി ഒഴിവാക്കാനുള്ള ഒത്തുകളിയാവാം.

അതാണ് സര്‍, അങ്ങാടി

കാറള്‍ ലീവിസ് മിച്ചിഗണില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്ററാണ്. അദ്ദേഹത്തിന്റെ ചോദ്യം :

"നിങ്ങള്‍ ഇടപാടുകാര്‍ക്ക് വിറ്റതു ചവറല്ലേ? മാലിന്യമല്ലേ? ഒരുവശത്തുകൂടെ നിങ്ങള്‍ വില്‍ക്കുന്ന 'അബാക്കസ്' എന്നുപേരായ ഉല്പന്നത്തിനെതിരെ മറുവശത്ത് നിങ്ങള്‍ വാതുവെച്ചു. വിലയിടിയുമെന്നുറപ്പുണ്ടായിരുന്ന നിങ്ങള്‍ നഷ്‌ടം ഇന്‍ഷുര്‍ ചെയ്‌തു. വിലയിടിഞ്ഞ്, ഇടപാടുകാര്‍ കുത്തുപാളയെടുത്തപ്പോള്‍ നിങ്ങള്‍ മാത്രം 100 കോടി ഡോളര്‍ ലാഭമെടുത്തു. ഇത് വിശ്വാസവഞ്ചനയല്ലേ? അധര്‍മ്മമല്ലേ? നിയമവിരുദ്ധമല്ലേ?

മറുപടി പറയേണ്ടത് ഗോള്‍ഡ്‌മാന്‍ ചീഫ് എൿസിക്യൂട്ടീവ് ലോയ്‌ഡ് ബ്ളാങ്ക ഫെയിന്‍. അദ്ദേഹം കോങ്കണ്ണിട്ട് കാറല്‍ ലീവിസനെ നോക്കി. ഒഴിഞ്ഞുമാറാന്‍ നോക്കി. വിയര്‍ത്തു. ചിലപ്പോള്‍ വിതുമ്പി. കണ്ണുതുടച്ചു. ചിലപ്പോള്‍ ഏറെ നേരം സ്വന്തം മടിയിലേക്കു നോക്കിയിരുന്നു. ഒടുവില്‍, ധൈര്യം സംഭരിച്ചു പറഞ്ഞു.

"ഗോള്‍ഡ്‌മാന്‍ വിപണി നിര്‍മ്മാതാക്കളാണ്. ഇടപാടുകാര്‍ എപ്രകാരം ഇടപാടു നടത്തണമെന്നോ എങ്ങനെ നിക്ഷേപിക്കണമെന്നോ ഉപദേശിക്കേണ്ട ബാധ്യത ഞങ്ങള്‍ക്കില്ല''.

എത്ര ധിക്കാരം?

"ഇടപാടുകാര്‍ ഞങ്ങളുടെ അഭിപ്രായം കേള്‍ക്കാനല്ലല്ലോ വരുന്നത്. കേള്‍ക്കേണ്ട ബാധ്യത അവര്‍ക്കില്ല. കേള്‍ക്കാനും പാടില്ല''.

കാറല്‍ ലീവിസ് ഇടപെടാന്‍ നോക്കി. മറുപടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. നീണ്ട പതിനൊന്നു മണിക്കൂറുകള്‍ ചോദ്യം തുടര്‍ന്നു. അവസാനത്തെ ചോദ്യം:

"പൊട്ട ബ്രേക്കുള്ള ഒരു വയസ്സന്‍ കാര്‍ ഗോള്‍ഡ്‌മാന്‍ സാൿസ് വില്‍ക്കുകയായിരുന്നു. എന്നിട്ട് ഇന്‍ഷുറന്‍സെടുത്തു രക്ഷപ്പെട്ടു''.

ലോയ്‌ഡ് ബ്ളാങ്ക്ഫെയിന്‍ ഉരുളയ്ക്കുപ്പേരിപോലെ തിരിച്ചടിച്ചു.

"അതാണ് സര്‍, അങ്ങാടി. അതു തന്നെയാണങ്ങാടി. വാങ്ങുന്നവനറിയണം, അവനെന്താണ് വാങ്ങുന്നതെന്ന്. എന്താണ് വില്‍ക്കുന്നതെന്ന് വില്പനക്കാരനറിയാമെങ്കില്‍ എന്താണ് വാങ്ങുന്നതെന്ന് വാങ്ങുന്നവനുമറിയണം. അറിഞ്ഞേപറ്റൂ. അതാണ് കമ്പോളം''.

ശരിയല്ലേ? അതു തന്നെയല്ലേ കമ്പോളം? ആര്‍ക്കാണ് തെറ്റിദ്ധാരണ? ബാറക് ഒബാമയ്ക്കും അമേരിക്കന്‍ സെനറ്റര്‍മാര്‍ക്കും ഇക്കാര്യം അറിഞ്ഞുകൂടെന്നുണ്ടോ?

ലോയ്ഡ്സ് പറഞ്ഞത് തീര്‍ത്തും ശരിയാണ്. കമ്പോളം എപ്പോഴും കമ്പോളമാണ്. സ്വതന്ത്രകമ്പോളം, സുതാര്യത, നവീന ഉല്പന്നങ്ങള്‍, കാര്യക്ഷമത - എല്ലാം വെറും മണ്ണാങ്കട്ട.

ബിസിനസ്സും രാഷ്‌ട്രീയവും

ഗോള്‍ഡ്‌മാന്‍ സാൿസിനെപോലെ ചെഞ്ചോര തുടിക്കുന്ന ലാഭക്കൊതിയും മേധാവികളുടെ കൂറ്റന്‍ പ്രതിഫലത്തോട് കൂറുമുള്ള ഒരു കമ്പനി ഈ ഭൂമുഖത്തുണ്ടാവില്ല.

"അമിതമായ ദ്രവ്യാഗ്രഹവും വിജയത്തിനായുള്ള അതിമോഹവും ഗോള്‍ഡ്‌മാന്‍ സാൿസിനെ ഒരു തരം തടവറയിലെത്തിച്ചിരിക്കുന്നു''.

- ദി ഇക്കണോമിസ്‌റ്റ് ദിനപത്രത്തിന്റെ അഭിപ്രായമാണിത്.

ഒബാമ ധനമേഖലാ പരിഷ്‌ക്കാരവുമായി മുന്നോട്ടാഞ്ഞു പറക്കുകയാണ്. പക്ഷെ, അമേരിക്കയില്‍ ഈ പരിപ്പ് അത്രവേഗം വേവുകയില്ല. കാരണം, അവിടെ രാഷ്‌ട്രീയവും ബിസിനസ്സും തമ്മില്‍ അത്രയധികം ഇഴയടുപ്പമാണ്. നിയന്ത്രണത്തോട് അത്രയധികം പ്രത്യയശാസ്‌ത്രപരമായ എതിര്‍പ്പാണ്. റിപ്പബ്ളിക്കന്മാര്‍ ബില്ലിനെ ശക്തമായി എതിര്‍ക്കുന്നു. നൂറംഗങ്ങളുള്ള സെനറ്റില്‍ ബില്‍ അവതരണത്തിന് 60 പേരുടെ പിന്തുണവേണം. ഡെമോക്രാറ്റംഗങ്ങളുടെ കൈവശം 57 വോട്ടേയുള്ളൂ. സെനറ്റ് ബാങ്കിംഗ് സമിതി ചെയര്‍മാനും ഡെമോക്രാറ്റുമായ ക്രിസ്‌റ്റഫര്‍ ഡോഡും റിപ്പബ്ളിക്കന്‍ സെനറ്റര്‍ റിച്ചാര്‍ഡ് ഷെല്‍ബിയും തമ്മിലുള്ള കൂടിക്കാഴ്ചയെ എല്ലാവരും ഉറ്റുനോക്കുകയാണ്.

നിയന്ത്രണം ശക്തമാക്കുന്നതോടൊപ്പം, ഉപഭോക്തൃസംരക്ഷണവും ബില്ലിന്റെ ലക്ഷ്യമാണ്. രണ്ടും റിപ്പബ്ളിക്കന്‍ പാര്‍ട്ടി അഭിലഷിക്കുന്നില്ല. ബില്ലില്‍ വെള്ളം ചേര്‍ക്കുമെന്നുറപ്പാണ്.

വില്ലന്‍ കഥാപാത്രങ്ങള്‍

വാള്‍സ്‌ട്രീറ്റ് എപ്രകാരമാണ് ബിസിനസ് നടത്തുന്നതെന്ന് കൃത്യമായി വിവരിക്കുന്ന ഒരു പുസ്‌തകമുണ്ട് : 'The Big Short' ഗ്രന്ഥകര്‍ത്താവ് മൈക്കിള്‍ ലീവിസ്. അതിലെ വില്ലന്‍ കഥാപാത്രം നിക്ഷേപബാങ്കുകളാണ്. അവര്‍ സുതാര്യമല്ലാത്ത ധനോല്പന്നങ്ങളുടെ ആരാധകരാണ്. സങ്കീര്‍ണ്ണമായ ഡെറിവേറ്റീവുകള്‍; നവീന ജന്തുക്കള്‍. അവര്‍ക്ക് നിയമങ്ങളും ചട്ടങ്ങളുമില്ല. ഒരു നിയമവും ബാധകമല്ല. ഏതുല്പന്നവും ഏതുവിലയ്ക്കും വില്‍ക്കാം. ഗുണമേന്മ പ്രശ്നമല്ല.

ഗോള്‍ഡ്‌മാന്‍ സാൿസിനുള്ളില്‍ നിന്ന് ഒരു മേധാവി പറയുന്നതിപ്രകാരമാണ്:

"ടെലഫോണ്‍ ചോര്‍ത്തല്‍ ഇവിടെ നിത്യസംഭവമാണ് ''.

"ഫോറന്‍സിക് അക്കൌണ്ടന്മാരുടെ ഒരു സമിതി ഗോള്‍ഡ്‌മാന്‍ സാൿസിന്റെ കണക്കു പുസ്തകങ്ങള്‍ പരിശോധിക്കട്ടെ. വസ്‌തുതകള്‍ മറച്ചുവെക്കാനുള്ള അവരുടെ സാമര്‍ത്ഥ്യം കണ്ടമ്പരന്നുപോകും. ഗോള്‍ഡ്‌മാന്റെ നിയമവിരുദ്ധ ഇടപാടുകളുടെ എന്തെങ്കിലും തെളിവ് അവശേഷിച്ചാല്‍ അവ അഗാധതയില്‍, ആഴക്കയങ്ങളില്‍ കുഴിച്ചമൂടപ്പെട്ടിട്ടുണ്ടാവും''.

ഗോള്‍ഡ്‌മാനും വാള്‍സ്ട്രീറ്റും വെറും പ്രതീകങ്ങളാണ്. നാട്ടുകാരില്‍ നിന്ന് ഓഹരി പിരിച്ച് വമ്പന്‍ സാമ്രാജ്യങ്ങള്‍ കെട്ടിപ്പൊക്കി, ചക്രവര്‍ത്തിമാരായി വാഴുന്ന ഒരു പറ്റം വെള്ളക്കോളര്‍ തട്ടിപ്പുകാരുടെ കൂടാരങ്ങള്‍. മുതലാളിത്ത വികസന തന്ത്രത്തിന്റെ നെടുംതൂണുകള്‍ അവരാണ്.

ഓഹരി പിരിക്കാന്‍ വേറെ ന്യായം

1999-ലാണ് ഗോള്‍ഡ്‌മാന്‍ പൊതുജനങ്ങളില്‍നിന്ന് ഓഹരിപിരിച്ചുതുടങ്ങിയത്. അന്നത്തെ അവരുടെ പ്രോസ്‌പെൿടസിലെ ഒരു ഖണ്ഡിക ഇവിടെ ഉദ്ധരിക്കാം:

"ഇടപാടുകാരുടെ താല്പര്യമാണ് ഞങ്ങള്‍ക്കെന്നും പ്രധാനം. ഞങ്ങളുടെ അനുഭവം വ്യക്തമാക്കുന്നത്, ഇടപാടുകാര്‍ക്ക് എപ്പോഴൊക്കെ മികച്ച സേവനം നല്‍കുന്നുവോ, അപ്പോഴൊക്കെ വിജയം ഞങ്ങളെ തേടിയെത്തുന്നുവെന്നാണ്.

ഞങ്ങളുടെ ആസ്‌തി ഞങ്ങളുടെ ജനങ്ങളാണ്; മൂലധനമാണ്; യശസ്സാണ്. ഇവയിലേതെങ്കിലുമൊന്നിന് ഇടിവുതട്ടാം. എന്നാല്‍ യശസ്സിനേല്‍ക്കുന്ന ആഘാതം പുനസ്ഥാപിക്കുക ശ്രമകരമായിരിക്കും''.

പ്രോസ്പെക്ടസിലെ ഈ ഗീര്‍വാണപ്രസംഗങ്ങള്‍ എവിടെ നില്‍ക്കുന്നു? വിചാരണവേളയിലെ ലോയ്‌ഡ് ബ്ളാങ്ക് ഫെയിനിന്റെ ന്യായവാദങ്ങള്‍ എവിടെ കിടക്കുന്നു? ഇടപാടുകാരന്‍ സ്വന്തം കാര്യം നോക്കിക്കൊള്ളണമെന്നാണ് ലോയ്‌ഡ് പറഞ്ഞത്. ഇടപാടുകാരന്റെ ക്ഷേമാന്വേഷണം തങ്ങളുടെ ധര്‍മ്മമല്ലെന്നാണ്. കമ്പോളം കമ്പളമാണെന്നാണ്. അപ്പോള്‍ ഓഹരി പിരിക്കാന്‍ ഒരു ന്യായം. സത്യം മറച്ചുപിടിച്ച് ചവറും മാലിന്യവും വില്‍ക്കാന്‍ മറ്റൊരു ന്യായം. അതാണ് കമ്പോളമത്രെ. അതാണ് ഗോള്‍ഡ്‌മാന്‍ സാക്സും.

പ്രണയലേഖനങ്ങള്‍

വിചാരണയ്‌ക്കുമുമ്പായി ഗോള്‍ഡ്‌മാന്‍ പറഞ്ഞതെല്ലാം ശുദ്ധകളവായിരുന്നു. കമ്പോളത്തിന്റെ ഗതി തങ്ങള്‍ക്കറിയുമായിരുന്നില്ലെന്ന്; ഞങ്ങള്‍ക്കും നഷ്‌ടം നേരിട്ടെന്ന്. ഇടപാടുകാരില്‍നിന്നും ഞങ്ങളൊന്നും മറച്ചുവെച്ചില്ലായെന്ന്. എല്ലാം കല്ലുവെച്ച നുണകള്‍.

പക്ഷെ, ഈ നിഷേധക്കുറിപ്പുകളെല്ലാം പിന്നീട് വിഴുങ്ങേണ്ടിവന്നു. 2006-ലും 2007-ലും ഗോള്‍ഡ്‌മാന്‍ മേധാവികള്‍ അയച്ച നിരവധി ഇ-മെയില്‍ സന്ദേശങ്ങള്‍ സെനറ്റ് കമ്മിറ്റി പുറത്തുവിടുകയുണ്ടായി. അവയില്‍, അന്ന് 28-കാരനായിരുന്ന എൿസിക്യൂട്ടീവ് ഡയറൿടര്‍ ഫാബ്രിസ് ടൌരോ സ്വന്തം കാമുകി മെറിനെ സെരെസിനെഴുതിയ പ്രേമലേഖനങ്ങളും പെടും. പ്രേമഭാജനങ്ങളുടെ സന്ദേശങ്ങളും മറു സന്ദേശങ്ങളും ബിസിനസ് രഹസ്യം കൈമാറുന്നവയായിരുന്നു. 'അബാക്കസ് ' സബ് പ്രൈം ഡെറിവേറ്റീവുകളുടെ ആസന്ന പതനത്തെക്കുറിച്ചും മറുഭാഗത്തുകൂടി ഈ പതനത്തിനുവേണ്ടി വാതുവെച്ച് ലാഭമെടുക്കുന്നതിനെക്കുറിച്ചും സന്ദശേങ്ങളില്‍ വ്യക്തമായ തെളിവുകളുണ്ട്.

വിചാരണയുടെ ഒരു ഘട്ടത്തില്‍ ഗോള്‍ഡ്‌മാന്‍ മേധാവി പറഞ്ഞു:

"ഞങ്ങള്‍ ഈ കാലയളവില്‍ ഏകദേശം രണ്ടു കോടി സന്ദേശങ്ങളയച്ചു കാണും. അതില്‍നിന്നും സെനറ്റര്‍മാര്‍ തുടുത്ത ചെറിപ്പഴങ്ങള്‍ മാത്രം തെരഞ്ഞെടുത്ത് ഞങ്ങളെ ആക്ഷേപിക്കുകയാണ് ''.

കാറല്‍ ലീവിസ് ഉടന്‍ പ്രതികരിച്ചു:

"നിങ്ങളുടെ സന്ദേശങ്ങളില്‍ ചെറിപ്പഴങ്ങളേ ഉള്ളൂ. ആകയാല്‍ ഞങ്ങള്‍ക്ക് തെരഞ്ഞെടുക്കേണ്ടി വന്നതേയില്ല''.

കുറ്റപത്രം

എന്താണ് യഥാര്‍ത്ഥത്തില്‍ ഗോള്‍ഡ്‌മാന്‍ ചെയ്‌ത അപരാധം?

അബാക്കസ് എന്ന പേരില്‍ കാതലില്ലാത്ത, അകം പൊള്ളയായ ഒരു കൃത്രിമ ജന്തുവിനെ സൃഷ്‌ടിച്ചു. വാങ്ങാന്‍ ഇടപാടുകാരെയും നിക്ഷേപ മാനേജര്‍മാരെയും ഇന്‍ഷുറന്‍സ് കമ്പനികളെയും പെന്‍ഷന്‍ ഫണ്ടുകളെയും ക്ഷണിച്ചു. ഉല്പന്നത്തിന് പിന്നില്‍ മേന്മയേറിയ, വാസയോഗ്യമായ ഭവനവായ്‌പകളാണുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ചു. പുകള്‍പെറ്റ ഫണ്ട് മാനേജര്‍മാരെ ഇടനിലക്കാരായി നിര്‍ത്തി. ജോണ്‍ പോള്‍സണ്‍ എന്ന സൂത്രശാലിയായ ഹെഡ്‌ജ് ഫണ്ട് മാനേജര്‍ വിവരം ചോര്‍ത്തിയെടുത്ത്, വാതുവെച്ച് ലാഭം കൊയ്‌തു. ഗോള്‍ഡ്‌മാനും ഈ സത്യം മറച്ചുപിടിച്ചു. ലാഭമെടുത്തു.

ഇപ്പോള്‍ ഗോള്‍ഡ്‌മാന്‍ സമ്മതിക്കുന്നു:

"ഞങ്ങള്‍ക്കും ആദ്യം നഷ്‌ടം സംഭവിച്ചു. പിന്നീട് ഞങ്ങള്‍ നഷ്‌ടം നികത്തി. ലാഭമുണ്ടാക്കി''.

കുറ്റപത്രത്തില്‍ പേരുള്ള ഏക പ്രതി ഫാബിസ് ടൌരോ ആണ്.

ഗോള്‍ഡ്‌മാന്‍ ജയിക്കും?

ഗോള്‍ഡ്‌മാന് പിന്തുണയുമായി വാറന്‍ ബഫറ്റ് രംഗത്തെത്തിക്കഴിഞ്ഞു. ബെര്‍ക്ഷെയര്‍ ഹാത്തവേ മേധാവിയാണദ്ദേഹം. 40,000 പേരടങ്ങുന്ന ഓഹരിയുടമകളുടെ വാര്‍ഷിക യോഗത്തില്‍ വെച്ചാണ് വാറന്‍ ബഫറ്റ് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്. ഗോള്‍ഡ്‌മാനില്‍ തനിക്കുള്ള ഓഹരി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പ്രസ്‌താവിച്ചു. മാത്രമല്ല സിവില്‍ സ്യൂട്ട് ഫയല്‍ ചെയ്യാന്‍ എസ്.ഇ.സി. തീരുമാനിച്ചതുതന്നെ രണ്ടിനെതിരെ മൂന്ന് വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്. ഗോള്‍ഡ്‌മാനെതിരായുള്ള വ്യവഹാരം തനിക്കെതിരെ കൂടിയാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കരുതുന്നു. കൂട്ട നശീകരണായുധങ്ങളെന്ന് (Weapons of mass destruction) വിശേഷിപ്പിച്ച് ഡെറിവേറ്റീവ്സിനെ 2009-ല്‍ തള്ളിപ്പറഞ്ഞയാളാണ് കോടീശ്വരനായ നിക്ഷേപകന്‍ വാറന്‍ ബഫറ്റ്.

ഇന്ത്യന്‍ ബിസിനസ് പത്രങ്ങള്‍ ഭൂരിപക്ഷവും ഗോള്‍ഡ്‌മാന്റെ പക്ഷത്താണ്. എസ്.ഇ.സി.യുടെ നിശ്ചയദാര്‍ഢ്യത്തെ വാഴ്ത്തുന്നവര്‍ വിരളമാണ്. ഗോള്‍ഡ്‌മാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നാണ് അവരുടെ അഭിപ്രായം. കൊള്ളാറ്ററല്‍ ഡെബ്‌റ്റ് ഒബ്ളിഗേഷനെ കുറിച്ച് (CDO) നിയമപുസ്‌തകങ്ങളില്‍ പരാമര്‍ശമില്ലത്രെ. പോള്‍സണ്‍ ആന്റ് കമ്പനിയാണ് കുറ്റം ചെയ്‌തത്. പോള്‍സണാവട്ടെ പ്രതിപ്പട്ടികയിലില്ല. ആകെയുള്ളത് ഫ്രാബിസ് ടൌരോ മാത്രം. ആകയാല്‍ ഗോള്‍ഡ്‌മാന്‍ ജയിക്കും. കേസിന് നിലനില്പില്ല. ബുദ്ധിമാനായ ഒരു ബാങ്കറെ വെറും ധാര്‍മ്മികതയുടെ പേരില്‍ ശിക്ഷിച്ചുകൂടാ. ഇതാണ് വാദം. വാദിച്ച് വാദിച്ച്, അമേരിക്കയിലെ പരിഷ്‌ക്കാര ബില്ലിനെപോലും ഇന്ത്യന്‍ കോര്‍പ്പറേറ്റ് ജിഹ്വകള്‍ തള്ളിപ്പറയുന്നു. അമേരിക്കയ്ക്ക് പ്രത്യയശാസ്‌ത്രം ഉപദേശിച്ചു കൊടുക്കുന്നു.

ഗോള്‍ഡ്‌മാന്‍ മാത്രമല്ല, ജര്‍മ്മനിയിലെ ഡ്യൂഷെ ബാങ്ക്, സ്വിറ്റ്സര്‍ലണ്ടിലെ യു.ബി.എസ്. എന്നിവയും നക്ഷത്രമെണ്ണുകയാണെന്നാണ് വാര്‍ത്ത. മെറിള്‍ ലിന്‍ചിനെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോര്‍ഡണ്‍ ബ്രൌണ്‍ ഗോള്‍ഡ്‌മാന്‍ സാൿസിന്റെ "ധാര്‍മ്മിക പാപ്പരത്ത''ത്തെ രൂക്ഷമായി വിമര്‍ശിക്കുന്നു.

ഇന്ത്യയിലെ 25 കമ്പനികളില്‍ ഗോള്‍ഡ്‌മാന് നിക്ഷേപമുള്ളതായി കണക്കാക്കിയിരിക്കുന്നു. ലക്ഷം കോടി ഡോളറിന്റെ നിക്ഷേപങ്ങളാണവയിലുള്ളത്. മൌറീഷ്യസിലടക്കം വിദേശരാജ്യങ്ങളിലും ഇന്ത്യയിലും രജിസ്‌റ്റര്‍ ചെയ്‌ത സബ്‌സിഡിയറികളിലൂടെയാണ് നിക്ഷേപങ്ങള്‍. എന്നിട്ടും ഗോള്‍ഡ്‌മാന്‍ കുംഭകോണം നിസ്സാരവും ഒറ്റപ്പെട്ടതുമായ ഒരു സംഭവമായി കരുതാനാണ് ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കിഷ്‌ടം. പരിഷ്‌ക്കാര അജണ്ടയ്ക്ക് കോട്ടം തട്ടുന്ന ഒരു സത്യവും അവര്‍ പുറത്തുവിടുകയില്ല. ഓഹരിവില പിടിച്ചുനിര്‍ത്താന്‍ വേണ്ടി എല്ലാവരും ചേര്‍ന്ന് സത്യത്തിനുനേരെ ഒരു മറ പിടിച്ചിരിക്കുന്നു.

എത്രനാള്‍ ഇതു തുടരാന്‍ കഴിയുമെന്നതാണ് പ്രശ്നം.

******

കെ.വി. ജോര്‍ജ്ജ്, കടപ്പാട് : മലയാളം വാരിക

No comments: