Wednesday, August 25, 2010

ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം

"ഞാന്‍ പലപ്പോഴും കവിത എഴുതിയിട്ടുണ്ട്; ചിലപ്പോള്‍ കവിത എഴുതിപ്പോയിട്ടുണ്ട്. ഇവയില്‍ രണ്ടാമത്തേതു സംഭവിച്ചിട്ടുള്ള അവസരങ്ങളില്‍ ഞാന്‍ എന്നെത്തന്നെ മറന്നിരുന്നു. ഞാന്‍ മുന്‍കൂട്ടി ചിന്തിച്ചിട്ടില്ല; വൃത്തനിര്‍ണയം ചെയ്‌തിട്ടില്ല... കവിത താനേയങ്ങനെ എഴുതിപ്പോകുന്ന അവസരത്തില്‍ എന്റെ ഹൃദയം സംഗീതസമ്പൂര്‍ണമായിരുന്നു. ആ സംഗീതംപോലെ മറ്റൊന്നും എന്നെ ആകര്‍ഷിച്ചിട്ടില്ല. ഞാനതില്‍ താണുമുങ്ങി നീന്തിപ്പുളച്ചുപോകും. ആ സംഗീതപ്രവാഹത്തിന്റെ തരംഗമാലകളിലങ്ങനെ തളര്‍ന്നുവീണ് എന്റെ ചേതന ആയിരമായിരം ഗന്ധര്‍വലോകങ്ങളെ പിന്നിട്ടുപിന്നിട്ട് എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകും - വെറും സ്വപ്‌നം !''

'സുധാംഗദ' എന്ന കവിതാസമാഹാരത്തിന്റെ മുഖവുരയില്‍ ചങ്ങമ്പുഴ കുറിച്ചിട്ടുള്ള വാക്കുകളാണ് മുകളില്‍ ഉദ്ധരിച്ചത്. ഇതില്‍ മൂന്നു സംഗതികള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് ഞാന്‍ വിചാരിക്കുന്നു. എഴുതുക, എഴുതിപ്പോവുക എന്നിങ്ങനെ രണ്ടവസ്ഥകള്‍ കവിതാരചനയിലുണ്ടെന്നുള്ളതാണ് ഒന്നാമത്തേത്. എഴുതിപ്പോവുകയെന്നത് അനിയന്ത്രിതമായി സംഭവിക്കുന്നു. ആപേക്ഷികമായ അര്‍ഥം മാത്രമേ 'അനിയന്ത്രിതം' എന്ന പ്രയോഗത്തിലുള്ളുവെന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ. വാഗര്‍ഥങ്ങളിലും രാഗതാളങ്ങളിലും ബോധപൂര്‍വം ശ്രദ്ധിക്കാതെ ആര്‍ക്കാണ് കവിതയെഴുതാന്‍ കഴിയുക? ബോധപൂര്‍വം നിയന്ത്രിച്ചാലേ അതില്‍ വിജയം വരിക്കാനാകൂ. അങ്ങനെ വിജയം വരിച്ചെങ്കിലല്ലാതെ കവിത മികവുറ്റതാകയില്ല. അപ്പോള്‍, എഴുതിപ്പോവുകയെന്നു പറയുന്നതിന്റെ അര്‍ഥം, ധിഷണാശക്തിക്കതീതമായ ഒരംശം രചനയെ നയിക്കുന്നുവെന്നു മാത്രമാണ്; ആത്മാവിഷ്‌ക്കരണത്തിന്റെ സ്വച്‌ഛന്ദത അതിലനുഭവപ്പെടുന്നുവെന്നു മാത്രമാണ്.

'എഴുതുക' എന്ന പ്രയോഗത്തില്‍ കവി ബോധപൂര്‍വം രചനാപ്രക്രിയയില്‍ നിയന്ത്രണം ചെലുത്തുന്ന അവസ്ഥയാണ് സൂചിതമാകുന്നത്. അക്കാരണത്താല്‍ കവിതയുടെ നിലവാരം താഴണമെന്നില്ല. ബോധപൂര്‍വം ശ്രദ്ധിക്കുന്നതുമൂലം കവിതയുടെ മികവ് മെച്ചപ്പെട്ടെന്നും വരാം.

ഈ ആശയം വിശദമാക്കുന്നതിന് ചങ്ങമ്പുഴയുടെ രചനകളെത്തന്നെ ഞാന്‍ ഉദാഹരണമായെടുക്കുന്നു. 'സ്‌പന്ദിക്കുന്ന അസ്ഥിമാടം', 'മനസ്വിനി', 'കാവ്യനര്‍ത്തകി' മുതലായവ അദ്ദേഹം ആത്മവിസ്‌മൃതിയോടെയാണെഴുതിയത്. വികാരതരളമായ അന്തര്‍മണ്ഡലം ആവിഷ്‌ക്കരിക്കാനുള്ള വെമ്പലാല്‍ സ്വന്തം ഹൃദയം 'സംഗീതസമ്പൂര്‍ണമായി' മാറിയതിന്റെ ഫലമായിട്ടാണ് അവ രൂപംപൂണ്ടത്. എന്നാല്‍ 'രമണന്‍', 'വാഴക്കുല' മുതലായവയെക്കുറിച്ച് അങ്ങനെ പറയുക സാധ്യമല്ല. ഒരു വാസ്‌തുശില്‍പിയെപ്പോലെ അദ്ദേഹം തന്റെ രചനാകൌശലം ബോധപൂര്‍വം പ്രയോഗിച്ചതിന്റെ ഫലമാണ് ആ കാവ്യശില്‍പങ്ങള്‍. അക്കാരണത്താല്‍ അവയ്‌ക്ക് അപകര്‍ഷമൊന്നും സംഭവിച്ചിട്ടില്ല. കാവ്യലക്ഷ്യത്തെ സംബന്ധിക്കുന്ന മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ അവ ഏറെ മികച്ചതായിത്തീര്‍ന്നിട്ടുണ്ടെന്നു പറയുന്നതിലും തെറ്റില്ല.

രണ്ടാമതായി ശ്രദ്ധിക്കേണ്ടത്, കവി സംഗീതത്തില്‍ ലയിക്കുന്നു എന്ന വിവരണത്തിലാണ്. "സംഗീതപ്രവാഹത്തിന്റെ തരംഗമാലകളിലങ്ങനെ തളര്‍ന്നു വീണ് '' തന്റെ ചേതന "ആയിരമായിരം ഗന്ധര്‍വലോകങ്ങളെ പിന്നിട്ട് എങ്ങോട്ടെന്നില്ലാതെ ഒഴുകിപ്പോകു''മെന്നു പറയുന്നതില്‍നിന്ന് സംഗീതത്തില്‍ ലയിക്കുന്ന കവിചേതനയെന്നല്ലാതെ മറ്റൊന്നും നമുക്കു മനസ്സിലാക്കാനില്ല. കവിതയും സംഗീതവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന ബോധം ചങ്ങമ്പുഴയുടെ കാവ്യാദര്‍ശനത്തിന്റെ ഭാഗമാണ്.

കവിതയില്‍ സംഗീതം രണ്ടു രീതികളില്‍ കലരുന്നു. ആദ്യത്തേതിന് ആന്തരസംഗീതമെന്നു പറയാം. അതിനാണ് പ്രാധാന്യം. അതു നിര്‍വചനത്തിലൊതുങ്ങുകയില്ല. കവിതാപാരായണവേളയില്‍ സഹൃദയന്റെ അന്തര്‍മണ്ഡലത്തിലനുഭവപ്പെടുന്ന നിശബ്‌ദസംഗീതമാണതെന്നേ പറയാനാകൂ. അങ്ങനെ പറയുന്നത് നിര്‍വചനമാകയിലല്ലോ. കവിതയില്‍ നിലീനമായ ഭാവകേന്ദ്രത്തില്‍നിന്നു നിപുണശ്രോത്രങ്ങളനുഭവിക്കുന്ന സംഗീതമാണതെന്നല്ലാതെ മറ്റെങ്ങനെയാണത് വിവരിക്കുക. ഉദാഹരണമെന്ന നിലയ്‌ക്ക് ചങ്ങമ്പുഴക്കവിതയില്‍ നിന്നുതന്നെ ഏതാനും വരികള്‍ ചുവടെ ഉദ്ധരിക്കുന്നു.

"മായാമധുരിമവീശി, യകലത്തു
പോയിലയിക്കും മണിയൊലിമാതിരി,
കാലത്തു കാടും മലകള്‍ക്കുമപ്പുറം
കാണുന്ന വിണ്ണിന്റെ നീലിമ മാതിരി,
അറ്റം കൊളുത്തിപ്പിടിച്ച നിലാത്തിരി
ചുറ്റും പൊഴിക്കും കുളിരൊളി മാതിരി,
അവ്യക്തമോഹനമാനന്ദ പൂര്‍ണമാ-
നിര്‍വ്യാജരാഗം തുളുമ്പുന്ന യൌവനം!''

വൃത്തവും താളവുമെല്ലാമുണ്ടെങ്കിലും അവയെ അതിവര്‍ത്തിച്ചുകൊണ്ട് ഹൃദയാവര്‍ജകമായി ഈ വരികളിലനുഭവപ്പെടുന്നത് അവ്യക്തമോഹനവും ആനന്ദപൂര്‍ണവും നിര്‍വ്യാജരാഗം തുളുമ്പുന്നതുമായ സംഗീതമാണ്. അതിന്റെ ഉറവിടം വാങ്മയബിംബങ്ങളില്‍ നിന്നൂറിക്കൂടുന്ന അനുഭൂതിരസവുമാണ്.

ആ അനുഭൂതിരസമുളവാക്കുന്നതില്‍ ബാഹ്യസംഗീതത്തിനും പങ്കുണ്ടെന്നുള്ള വസ്‌തുത വിസ്‌മരിക്കാവുന്നതല്ല. വൃത്തവും പ്രാസവും താളവും മറ്റുമായി അത് ബന്ധപ്പെട്ടിരിക്കുന്നു. ഓരോ ഭാഷയ്‌ക്കും അതിന്റേതായ കാവ്യപൈതൃകം ഇക്കാര്യത്തിലുണ്ട്. പ്രഥമകൃതിയായ 'ബാഷ്പാഞ്‌ജലി'യില്‍ ഓരോ കവിതയുടെയും നാടന്‍വൃത്തമെന്തെന്ന് കുറിക്കാന്‍ ചങ്ങമ്പുഴ പ്രത്യേകം ശ്രദ്ധിക്കുന്നത് ഈ പൈതൃകം ഓര്‍മിച്ചുകൊണ്ടാണ്. പ്രാസദീക്ഷയും ആ കവിതയില്‍ നിയമേന കാണാവുന്നതാണ്.

"കതിരുതിരുകിലുമദൃശ്യശരീരികള്‍
കാമദകാനനദേവതകള്‍
കലയുടെ കമ്പികള്‍ മീട്ടും മട്ടില്‍
കളകളമിളകീ കാടുകളില്‍!
മഞ്ഞലമാഞ്ഞിളവെയ്‌ലൊളിയില്‍, ദല
മര്‍മരമൊഴുകീ മരനിരയില്‍'' (മനസ്വിനി)

എന്നതുപോലുള്ള വരികള്‍ ബാഹ്യാഭ്യന്തര സംഗീതങ്ങള്‍ തമ്മില്‍പ്പുണര്‍ന്നൊന്നാകുന്നതു കാണാം.
'അദ്വൈതാമലഭാവസ്‌പന്ദിതവിദ്യുന്മേഖല' എന്ന് അതില്‍ത്തന്നെ വര്‍ണിതമാകുന്ന ഒരവസ്ഥ.

അതെക്കുറിച്ച് തികച്ചും വ്യക്തമായിത്തന്നെ ചങ്ങമ്പുഴ പല കവിതകളിലും പ്രസ്‌താവിക്കുന്നുണ്ട്. 'കാവ്യനര്‍ത്തകി'യിലെ,

"താളം നിരനിരയായ് നുരയിട്ടിട്ടു തങ്ങീ
താമരത്താരുകള്‍പോല്‍ തത്തീ ലയഭംഗി''

എന്നീ വരികളില്‍ 'താളം', 'ലയം' എന്നീ വാക്കുകള്‍ പ്രമുഖമായ സ്ഥാനമാണ് നേടിയിരിക്കുന്നതെന്ന് ശ്രദ്ധിക്കുക.

'വെറും സ്വപ്‌നം' എന്ന പ്രയോഗത്തിലാണ് മൂന്നാമത്തെ കാവ്യഗുണം അടങ്ങിയിരിക്കുന്നത്. കവിതയ്‌ക്ക് സ്വപ്‌നവുമായി അഭേദ്യമായ ബന്ധമുണ്ടെന്നുള്ളത് ചങ്ങമ്പുഴയുടെ മാത്രം സങ്കല്‍പമല്ല. കാവ്യചിന്തയ്‌ക്കു മുതിര്‍ന്നിട്ടുള്ള മനഃശാസ്ത്രജ്ഞന്മാര്‍ പലരും അതെക്കുറിച്ചു പ്രസ്‌താവിച്ചിട്ടുണ്ട്. സാഹിത്യത്തിലെ സര്‍ഗാത്മകത ദിവാസ്വപ്‌നസദൃശമാണെന്ന് ഫ്രോയ്‌ഡ് ആവര്‍ത്തിക്കുന്നു. കവിതയെ സംബന്ധിക്കുന്ന ആ സങ്കല്‍പം ഒരു വിശുദ്ധിയോടെ ഏറ്റെടുത്തവര്‍ സാഹിത്യത്തില്‍ ഒരു പ്രസ്ഥാനത്തിനുതന്നെ രൂപംനല്‍കി. അതാണ് സിംബലിസ്‌റ്റ് പ്രസ്ഥാനം. അതിലെ ഫ്രഞ്ചു സിംബലിസ്‌റ്റുകള്‍ മഴവില്ലിന്റെ മായികകാന്തിയോടെ വേര്‍തിരിഞ്ഞു നില്‍ക്കുന്നു.

പ്രപഞ്ചത്തിലുള്ള സകലതും ഒരു അതീന്ദ്രിയലോകത്തിന്റെ പകര്‍പ്പുകളാണെന്ന് ഫ്രഞ്ച് സിംബലിസ്‌റ്റ് പ്രസ്ഥാനത്തിലെ കവികള്‍ വിശ്വസിച്ചുപോന്നു. ആ വിശ്വാസത്തിന് ആവിഷ്‌ക്കരണം നല്‍കുന്ന ബോദ്‌ലയറിന്റെ ഒരു കവിത (Correspondences) ചങ്ങമ്പുഴ മലയാളത്തില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കോട്ടയം പുരോഗമനസാഹിത്യസമ്മേളനത്തില്‍ ചെയ്‌ത അധ്യക്ഷപ്രസംഗത്തില്‍ ആ പരിഭാഷ നിങ്ങള്‍ക്കു കാണാം. ഇന്ദ്രിയവേദ്യമായ ബാഹ്യലോകത്തെ സിംബലുകളുടെ (പ്രതീകങ്ങളുടെ) കാന്താരമായിട്ടാണ് കവി അതില്‍ ദര്‍ശിക്കുന്നത്. ആ പ്രതീകങ്ങളിലൂടെ അഭിവ്യഞ്‌ജിതമാകുന്നത് ഇന്ദ്രിയാതീതമായ ഒരു ലോകമാണ്. ആ അതീന്ദ്രിയലോകമാണ് സത്യം. ('മിഥ്യാവലയിതസത്യം' എന്ന ചങ്ങമ്പുഴയുടെ പ്രയോഗം ഇവിടെ സ്‌മരണീയം.) ബോധാവസ്ഥയിലല്ല, സ്വപ്‌നാവസ്ഥയിലാണ് ആ ലോകത്തെ സംബന്ധിക്കുന്ന വെളിപാട് കവിക്ക് ലഭിക്കുക. അതിനാല്‍, ബോധതലത്തെ മയക്കിക്കൊണ്ട് വെളിപാടിനാധാരമായ സ്വപ്‌നാവസ്ഥയെ ഉണര്‍ത്തിയെങ്കിലല്ലാതെ കവിക്ക് മിഥ്യാവലയിതമായ അമൂര്‍ത്തസത്യത്തിന്റെ അതീന്ദ്രിയദര്‍ശനം സിദ്ധിക്കയില്ല. ബോധതലത്തെ മയക്കുന്നതിന് സിംബലിസ്‌റ്റുകള്‍ മദ്യവും മയക്കുമരുന്നും ഉപയോഗിച്ചു. അപ്പോള്‍ വെളിപ്പെടുന്ന 'സത്യം' ആവിഷ്‌ക്കരിക്കുന്നതിന് സിംബലുകളുടെ ഭാഷ സൃഷ്‌ടിക്കുകയും ചെയ്‌തു. അക്ഷരങ്ങളുടെയും വാക്കുകളുടെയും ശബ്‌ദവും അര്‍ഥവും ഒരുപോലെ പ്രതീകങ്ങളാക്കി മാറ്റിത്തീര്‍ക്കുന്നതില്‍ അവര്‍ തങ്ങളുടെ ശില്‍പവൈഭവം ഏകാഗ്രമായി പ്രയോഗിക്കുകയും ചെയ്‌തു. അര്‍ഥനിര്‍മുക്തമാക്കിമാറ്റി കവിതയെ സംഗീതത്തോടടുപ്പിക്കാനുള്ള പരീക്ഷണങ്ങള്‍വരെ അവര്‍ നടത്തി. അവരോട് ചങ്ങമ്പുഴയ്‌ക്ക് ഗോത്രബന്ധമുണ്ടായിരുന്നു. അതോര്‍മിച്ചുകൊണ്ട് 'മനസ്വിനി'യിലെ ഈ വരികള്‍ വായിക്കൂ.

"മലരൊളിതിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി
എഴുതാനുഴറീ കല്‍പന ദിവ്യമൊ-
രഴകിനെ - എന്നെ മറന്നൂ ഞാന്‍!
മധുരസ്വപ്‌നശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാന്‍!
അദ്വൈതാമല ഭാവസ്‌പന്ദിത-
വിദ്യുന്മേഖല പൂകീ ഞാന്‍!''

ആ 'വിദ്യുന്മേഖല' ആവിഷ്‌ക്കരിക്കുന്നതിനുപകരിക്കുന്ന രചനാകൌശലം സ്വായത്തമാക്കുന്നതിനുവേണ്ടി ചങ്ങമ്പുഴ അന്ത്യകാലത്ത് പ്രയത്‌നിച്ചിരുന്നുവെന്ന് 'മയക്കത്തില്‍' പോലുള്ള കവിതകളില്‍നിന്നും ഡോ.എസ്.കെ. നായര്‍ രേഖപ്പെടുത്തുന്ന ഓര്‍മക്കുറിപ്പുകളില്‍ നിന്നും മനസ്സിലാക്കാം.

'എഴുതിപ്പോവുക' എന്ന സ്വപ്‌നാത്‌മകമായ സ്ഥിതിക്കു മാത്രമേ മുകളിലെഴുതിയ കാവ്യാദര്‍ശം ബാധമാകുന്നുള്ളൂ. ബോധപൂര്‍വം കാവ്യരചനയിലേര്‍പ്പെട്ട 'വാഴക്കുല' പോലുള്ള കവിതകളെഴുതിയ ചങ്ങമ്പുഴയ്‌ക്ക് മറ്റൊരു സന്ദേശമാണ് സഹോദരകവികള്‍ക്ക് നല്‍കാനുള്ളത്. 'സാഹിത്യചിന്തകള്‍' എന്ന പുരോഗമനസാഹിത്യപ്രസംഗത്തില്‍നിന്ന് ആ ഭാഗം ചുവടെ ഉദ്ധരിക്കുന്നു.

"... പുരോഗമനസാഹിത്യം കമ്യൂണിസ്‌റ്റ് കക്ഷിയുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനുള്ള ഒരു പ്രസ്ഥാനാഭാസമാണെന്ന് പലരും പരിഹാസപൂര്‍വം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിനെ ഈ പ്രസ്ഥാനക്കാരില്‍ ചിലര്‍ ആവേശപൂര്‍വം എതിര്‍ക്കുന്നതും എനിക്കനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ, അവിടെയാണ് ഈ പ്രസ്ഥാനത്തെസംബന്ധിച്ചിടത്തോളം ഒന്നാമത്തെ കുഴപ്പം. കമ്യൂണിസ്‌റ്റ് സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാന്‍ തന്നെയാണ് പുരോഗമനസാഹിത്യമെന്നു വിചാരിക്കുക. അതുകൊണ്ടെന്താണൊരു ദോഷം? എന്താണതിനൊരു കുറവ് ? നിങ്ങള്‍ ഉറച്ച സ്വരത്തില്‍ ഉച്ചത്തില്‍ വിളിച്ചുപറയുക, 'അതെ, പുരോഗമനസാഹിത്യം കമ്യൂണിസ്‌റ്റ് സിദ്ധാന്തങ്ങളുടെ കളരിയാണ് ' എന്ന്. അഭിമാനപൂര്‍വം നിങ്ങള്‍ ആ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുന്ന സാഹിത്യത്തെ ആശ്ളേഷിക്കുക. ആശീര്‍വദിക്കുക.

"... മാനവസമുദായത്തിന്റെ നന്മയ്‌ക്കും ഉല്‍ക്കര്‍ഷത്തിനും നിദാനമായ ഒരു സാമ്പത്തികശാസ്‌ത്രത്തിന്മേല്‍ അധിഷ്‌ഠിതവും വിശ്വസമാധാനത്തിനും വിശ്വസാഹോദര്യത്തിനും വഴിതെളിക്കുന്ന ആരോഗ്യപൂര്‍ണമായ ഒരു നൂതന സാമൂഹ്യഘടനയുടെ വിജയകരമായ സാധ്യതയിലുള്ള വിശ്വാസത്താല്‍ ഉദ്ദീപ്‌തവുമായ ഒരു തത്വസംഹിതയെ അടിസ്ഥാനമാക്കി, അടിയുറച്ച ആത്മാര്‍ഥതയോടും അചഞ്ചലമായ കര്‍മധീരതയോടും അഭികാമ്യമായ ത്യാഗബുദ്ധിയോടും കൂടി വീറോടെ പ്രവര്‍ത്തിക്കുന്ന ഒരു മഹാസംഘടനയാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടി. ആ നിലയില്‍ അതിന്റെ സിദ്ധാന്തങ്ങള്‍ക്ക് പ്രചാരംനല്‍കാനായി പുരോഗമനസാഹിത്യം പരിശ്രമിക്കുന്നെങ്കില്‍ അതിലിത്ര പരിഭ്രമിക്കാനെന്തുണ്ട്, പഴിക്കുവാനും പാതിത്യം കല്‍പിക്കുവാനും എന്തുണ്ട് ?''

മുന്‍പു പരാമര്‍ശിച്ച കാവ്യാദര്‍ശവും, ഈ പ്രസംഗത്തിലെ കാവ്യാദര്‍ശവും എങ്ങനെ പൊരുത്തപ്പെടും? അലൌകികമായ സത്യത്തിന്റെ അതീന്ദ്രിയ ദര്‍ശനവും ലൌകികമായ നഗ്നയാഥാര്‍ഥ്യങ്ങളുടെ നിരീക്ഷണവും പരസ്‌പരവിരുദ്ധമായ സംഗതികളല്ലേ? അവ തമ്മില്‍ എങ്ങനെ പൊരുത്തപ്പെടും? ഈ ചോദ്യത്തിന് പ്രസക്തിയില്ലെന്നുള്ളതാണ് വാസ്‌തവം. വൈരുധ്യങ്ങളെ സമന്വയിപ്പിക്കുന്ന ഒരു ചൈതന്യമാണ് കവിതയുടെ സത്യമെന്ന് ഓര്‍മിച്ചാല്‍ മതി. അതിന് കാവ്യലാവണ്യമെന്ന് ലളിതമായി പറയാം. ആ ഗുണത്തില്‍ വൈരുധ്യങ്ങള്‍ ലയോന്മുഖമായി സമ്മേളിക്കുന്നതിന്റെ ഫലമായിട്ടാണ് വിശിഷ്‌ടകാവ്യങ്ങള്‍ രൂപംപ്രാപിച്ചിട്ടുള്ളത്. മികവുറ്റ വിപ്ളവകവിതകളില്‍പോലും ആഹ്ളാദകരമായ ഈ സമ്മേളനം കാണാവുന്നതാണ്.


*****

പ്രൊഫ: എം.കെ. സാനു, കടപ്പാട് : ഗ്രന്ഥാലോകം , മെയ് 2010

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"... പുരോഗമനസാഹിത്യം കമ്യൂണിസ്‌റ്റ് കക്ഷിയുടെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനുള്ള ഒരു പ്രസ്ഥാനാഭാസമാണെന്ന് പലരും പരിഹാസപൂര്‍വം പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. അതിനെ ഈ പ്രസ്ഥാനക്കാരില്‍ ചിലര്‍ ആവേശപൂര്‍വം എതിര്‍ക്കുന്നതും എനിക്കനുഭവപ്പെട്ടിട്ടുണ്ട്. പക്ഷേ, അവിടെയാണ് ഈ പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഒന്നാമത്തെ കുഴപ്പം. കമ്യൂണിസ്‌റ്റ് സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാന്‍ തന്നെയാണ് പുരോഗമന സാഹിത്യമെന്നു വിചാരിക്കുക. അതുകൊണ്ടെന്താണൊരു ദോഷം? എന്താണതിനൊരു കുറവ് ? നിങ്ങള്‍ ഉറച്ച സ്വരത്തില്‍ ഉച്ചത്തില്‍ വിളിച്ചുപറയുക, 'അതെ, പുരോഗമനസാഹിത്യം കമ്യൂണിസ്‌റ്റ് സിദ്ധാന്തങ്ങളുടെ കളരിയാണ് ' എന്ന്. അഭിമാനപൂര്‍വം നിങ്ങള്‍ ആ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കുന്ന സാഹിത്യത്തെ ആശ്ളേഷിക്കുക. ആശീര്‍വദിക്കുക.

"... മാനവസമുദായത്തിന്റെ നന്മയ്‌ക്കും ഉല്‍ക്കര്‍ഷത്തിനും നിദാനമായ ഒരു സാമ്പത്തികശാസ്‌ത്രത്തിന്മേല്‍ അധിഷ്‌ഠിതവും വിശ്വസമാധാനത്തിനും വിശ്വസാഹോദര്യത്തിനും വഴിതെളിക്കുന്ന ആരോഗ്യപൂര്‍ണമായ ഒരു നൂതന സാമൂഹ്യഘടനയുടെ വിജയകരമായ സാധ്യതയിലുള്ള വിശ്വാസത്താല്‍ ഉദ്ദീപ്‌തവുമായ ഒരു തത്വസംഹിതയെ അടിസ്ഥാനമാക്കി, അടിയുറച്ച ആത്മാര്‍ഥതയോടും അചഞ്ചലമായ കര്‍മധീരതയോടും അഭികാമ്യമായ ത്യാഗബുദ്ധിയോടും കൂടി വീറോടെ പ്രവര്‍ത്തിക്കുന്ന ഒരു മഹാസംഘടനയാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടി. ആ നിലയില്‍ അതിന്റെ സിദ്ധാന്തങ്ങള്‍ക്ക് പ്രചാരംനല്‍കാനായി പുരോഗമനസാഹിത്യം പരിശ്രമിക്കുന്നെങ്കില്‍ അതിലിത്ര പരിഭ്രമിക്കാനെന്തുണ്ട്, പഴിക്കുവാനും പാതിത്യം കല്‍പിക്കുവാനും എന്തുണ്ട് ?''