Tuesday, November 6, 2012

വൈജ്ഞാനികതയും വിമതത്വവും

കെ. ദാമോദരന്റെ ഓര്‍മ

കെ. ദാമോദരന്റെ ജന്മശതാബ്ദി കടന്നുപോകുന്നത് വലിയ ഓര്‍മകളും അനുസ്മരണങ്ങളും ഒന്നുമില്ലാതെയാണ്. ഒരര്‍ഥത്തില്‍ അത് കൌതുകകരമായ ഒരു കാര്യമാണ്. കേരളത്തിലെ കമ്യൂണിസ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായിരുന്നു കെ. ദാമോദരന്‍. ഇ.എം.എസ്. നമ്പൂതിരിപ്പാട്, പി. കൃഷ്ണപിള്ള, എന്‍.സി. ശേഖര്‍ എന്നിവര്‍ക്കൊപ്പം, ദേശീയപ്രസ്ഥാനത്തിന്റെ കാലത്ത് കേരളത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയായും എ.ഐ.സി.സി. അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇങ്ങനെ, ഒരു ഭാഗത്ത് ഉന്നതമായ രാഷ്ട്രീയ ജീവിതത്തിന്റെ പ്രതിനിധിയായിരുന്നപ്പോള്‍, മറുഭാഗത്ത് കേരളത്തിലെ ഏറ്റവും വലിയ ബുദ്ധിജീവികളിലൊരാളുമായിരുന്നു കെ. ദാമോദരന്‍. 'ഇന്ത്യയുടെ ആത്മാവ്', 'ഭാരതീയചിന്ത' തുടങ്ങിയ പ്രൌഢഗ്രന്ഥങ്ങളുടെയും എണ്ണമറ്റ മാര്‍ക്സിസ്റ് പഠനസാമഗ്രികളുടെയും രചയിതാവ്. ഒരു കാലത്ത് കേരളത്തിലുടനീളം വിപ്ളവപരമായ സാമൂഹ്യാവബോധത്തിന്റെ ഊര്‍ജകേന്ദ്രമായി പരിഗണിക്കപ്പെടുകയും നാടെമ്പാടും അവതരിപ്പിക്കപ്പെടുകയും ചെയ്ത 'പാട്ടബാക്കി'യുടെ രചയിതാവ്. കേരളത്തിലെ പുരോഗമനസാഹിത്യത്തിന് മൌലികമായ അടിസ്ഥാനം നല്‍കാന്‍ ശ്രമിച്ച ബുദ്ധിജീവി. മികച്ച വാഗ്മി. വിശേഷണങ്ങള്‍ ഇനിയും ബാക്കിയുണ്ടാവും.
  
ഇങ്ങനെയൊക്കെയായിട്ടും കെ. ദാമോദരന്റെ ജീവിതവും അദ്ദേഹത്തിന്റെ സംഭാവനകളും കാര്യമായി ഓര്‍മിക്കപ്പെടുകയോ ആദരിക്കപ്പെടുകയോ ചെയ്യാതെയാണ് ഈ ജന്മശതാബ്ദിവര്‍ഷം കടന്നുപോകുന്നത്. ദാമോദരനും കൂടി ചേര്‍ന്ന് ജന്മം നല്‍കിയ കമ്യൂണിസ്റ് പ്രസ്ഥാനം പില്‍ക്കാലത്ത് ശാഖകളായി പിരിഞ്ഞെങ്കിലും, കേരളത്തിലെ ഏറ്റവും പ്രബലമായ രാഷ്ട്രീയ സാന്നിധ്യമാണ്. അതുപോലെ ആദ്യകാലത്തെ പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ പില്‍ക്കാലരൂപങ്ങളും കേരളത്തില്‍, വളരെയൊന്നും സജീവവും ചലനാത്മകവുമല്ലെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ആ നിലയ്ക്ക് ദാമോദരന്റെ ശതാബ്ദി പലനിലകളിലുള്ള പുനരാലോചനകളുടെ സന്ദര്‍ഭമാകേണ്ടതാണ്. പ്രത്യേകിച്ചും കമ്യൂണിസ്റ് പാര്‍ടിയുടെ അടിസ്ഥാനസംഘടനാ പ്രകൃതത്തെക്കുറിച്ച് വളരെയേറെ സംശയങ്ങള്‍ ഉന്നയിക്കുകയും അതിന്റെ പേരില്‍ നടപടികള്‍ നേരിടുകയും ഒക്കെ ചെയ്ത ഒരാളായിരുന്നു കെ. ദാമോദരന്‍ എന്നോര്‍ക്കുമ്പോള്‍. സ്റാലിനിസത്തിന്റെയും സോവിയറ്റ് നിലപാടുകളുടെയും വലിയ വിമര്‍ശകനായിരുന്നു അദ്ദേഹം. ആ വിമര്‍ശനങ്ങളില്‍ ഏറിയ പങ്കും പില്‍ക്കാലം ശരിവയ്ക്കുകയും ചെയ്തു. എങ്കിലും ഇക്കാര്യങ്ങളൊന്നും കെ. ദാമോദരന്‍ അനുസ്മരിക്കപ്പെടുന്നതിന് കാരണമായില്ല. പി.ജിയുടെ ജീവചരിത്രഗ്രന്ഥം ഒഴിവാക്കിയാല്‍, മറ്റെന്തെങ്കിലും കെ. ദാമോദരന്റെ ജന്മശതാബ്ദിയുടെ ഭാഗമായി ഇതുവരെ അര്‍ഥപൂര്‍ണമായി സംഭവിച്ചില്ല.മറ്റൊരു നിലയില്‍ ആലോചിച്ചാല്‍, ആഴമേറിയ ധൈഷണികതയ്ക്കും വ്യവസ്ഥാവിരുദ്ധമായ വിമര്‍ശനാവബോധത്തിനും കേരളത്തില്‍ കൊടുക്കേണ്ടിവരുന്ന വിലയാണ് കെ. ദാമോദരന്റെ ജീവിതം എന്നുകൂടി പറയാം. ധൈഷണികതയുടെയും പൊതുവായ രാഷ്ട്രീയാവബോധത്തിന്റെയും വ്യാപനത്തെക്കുറിച്ച് നാം ഏറെ വാചാലമാകാറുണ്ടെങ്കിലും വലിയൊരളവില്‍ സങ്കുചിതവും പരിമിതവുമാണ് അവ എന്നതിന് കേരളത്തിന്റെ ബൌദ്ധികചരിത്രം എത്രയെങ്കിലും തെളിവ് തരും. സാമാന്യാവബോധത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍, കുറയൊക്കെ വിവാദപരമായി, നിലകൊള്ളുമ്പോഴാണ് കേരളത്തിന്റെ ധൈഷണികാന്തരീക്ഷം ഒരാളെ പെട്ടന്ന് സ്വീകരിക്കുക. അല്ലെങ്കില്‍ മഹാപ്രസ്ഥാനങ്ങളുടെ പിന്തുണയോടെയുള്ള വലിയ പടപ്പുറപ്പാടുകളെ. ഇതു രണ്ടിനുമപ്പുറം, സ്വന്തം ജീവിതം വിലയായിക്കൊടുത്ത സൂക്ഷ്മവും അഗാധവുമായ വൈജ്ഞാനികാന്വേഷണങ്ങളെ ആധുനിക കേരളീയ പൊതുസമൂഹം കാര്യമായൊന്നും വകവച്ചുകൊടുത്തിട്ടില്ല എന്നതാണ് വാസ്തവം. കേസരിബാലകൃഷ്ണപിള്ള മുതല്‍ കെ. ദാമോദരന്‍ വരെയുള്ളവരുടെ ജീവിതം അതിന് തെളിവ് തരും. കേസരിയുടെ പില്‍ക്കാലം കുറെയൊക്കെ ഇതിന് പരിഹാരമായെന്ന് പറയാമെങ്കിലും കെ. ദാമോദരന്റെ കാര്യത്തില്‍ അത്തരമൊരു വിലയിരുത്തലും സാധ്യമല്ല. ശതാബ്ദിവര്‍ഷത്തിലും അദ്ദേഹം മൌലികമായി പഠിക്കപ്പെട്ടില്ല; വീണ്ടുവിചാരങ്ങള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ വിധേയനായില്ല.

രണ്ട്


അസാധാരണമായ വിധത്തില്‍ വിപുലമായിരുന്നു കെ. ദാമോദരന്റെ വൈജ്ഞാനികതാല്‍പര്യങ്ങള്‍. ലഘുലേഖകള്‍ മുതല്‍ ബൃഹദ് ഗ്രന്ഥങ്ങള്‍ വരെ അദ്ദേഹം എഴുതി. അവ നാല്‍പതോളം വരും. കേരളത്തിലെ മറ്റേതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇത്രത്തോളം വ്യത്യസ്തമായ മേഖലകളില്‍ താല്‍പര്യം പുലര്‍ത്തുകയും എഴുതുകയും ചെയ്തുവോ എന്ന് സംശയമാണ്. മാര്‍ക്സിസവും തത്ത്വചിന്തയും മുതല്‍ സാമ്പത്തികശാസ്ത്രവും സാഹിത്യവിചാരവും നരവംശവിജ്ഞാനവും വരെ ദാമോദരന്റെ താല്‍പര്യമേഖലകളായിരുന്നു. 'സമഷ്ടിവാദവിജ്ഞാപനം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച കമ്യൂണിസ്റ് മാനിഫെസ്റോവിന്റെ ആദ്യ മലയാളവിവര്‍ത്തനം (1936) മുതല്‍ പല ഗ്രന്ഥങ്ങളുടെ വിവര്‍ത്തകനുമായിരുന്നു കെ. ദാമോദരന്‍. കേരളത്തില്‍ കമ്യൂണിസ്റ് പാര്‍ടിഘടകം രൂപീകരിക്കുന്നതിനും ഒരു വര്‍ഷം മുന്‍പാണ് ദാമോദരന്‍ മാനിഫെസ്റോ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് പ്രസിദ്ധീകരിച്ചത്. (മലബാറിലെ പ്രധാനപ്രസുകളൊന്നും ഈ പുസ്തകം അച്ചടിക്കാന്‍ തയ്യാറാവാതിരുന്നപ്പോള്‍ അബ്ദുറഹ്മാന്‍ സാഹിബാണ് തന്റെ പ്രസില്‍ ഇത് അച്ചടിച്ചുകൊടുത്തത്). രാഷ്ട്രീയ പ്രവര്‍ത്തനത്തെ വൈജ്ഞാനികതയുമായി ഇണക്കി നിര്‍ത്തുന്നതില്‍ കേരളത്തില്‍ പി. ഗോവിന്ദപ്പിള്ളയല്ലാതെ ഇത്രയും വിജയിച്ച മറ്റൊരാള്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല. പി.ജി.യുടെ തന്നെ വാക്കുകളില്‍ പറഞ്ഞാല്‍, "വിവിധ നരവംശസിദ്ധാന്തങ്ങളെയും അവയുടെ ദാര്‍ശനികാര്‍ഥങ്ങളെയും സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ ശ്രമിച്ച ചുരുക്കം ഇന്ത്യന്‍ മാര്‍ക്സിസ്റുകാരില്‍ ഒരാളാണ് ദാമോദരന്‍. കേരളത്തെ സംബന്ധിച്ചിടത്തോളം ഏക മാര്‍ക്സിസ്റുകാരന്‍. മാര്‍ക്സിസ്റുകാരല്ലാത്ത ആരും തന്നെ ഈ വിശാലമേഖലയിലേക്ക് കടന്നിട്ടില്ല എന്നിരിക്കെ, കേരളത്തിലെ ഒന്നാമത്തെ നരവംശശാസ്ത്ര സൈദ്ധാന്തികന്‍ എന്ന് നമുക്ക് സഖാവ് കെ. ദാമോദരനെ വിശേഷിപ്പിക്കാം.'' ഈ വൈജ്ഞാനികാഭിമുഖ്യങ്ങള്‍ക്ക് ദാമോദരന് തന്റെ രാഷ്ട്രീയജീവിതത്തില്‍ വലിയ വില കൊടുക്കേണ്ടിവരുകയും ചെയ്തു (പി.ജിയെപ്പോലെ!).

പത്തൊന്‍പതാം വയസില്‍ എഴുതിയ ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രമാണ് കെ. ദാമോദരന്റെ ആദ്യഗ്രന്ഥം. 1931ലാണ് അത് പുറത്തുവന്നത്. പിന്നാലെ മഹാത്മാഗാന്ധിജിയുടെ ഗ്രന്ഥത്തിന്റെ വിവര്‍ത്തനമായ 'ഏകവഴി'യും (1934). ദേശീയപ്രസ്ഥാനത്തിന്റെ സ്വാധീനങ്ങള്‍ക്കുള്ളില്‍ നിന്നും രൂപപ്പെട്ട രചനാജീവിതം അക്കാലത്ത് എഴുതിത്തുടങ്ങുന്നവരിലെല്ലാം കാണാനാവും. മാര്‍ക്സിന്റെ ജീവചരിത്രം എഴുതുന്നതും 1934ല്‍ ആണ്. സ്വദേശാഭിമാനിയുടെ കൃതിക്കുശേഷം മലയാളത്തിലെഴുതപ്പെടുന്ന മാര്‍ക്സിന്റെ ജീവചരിത്രഗ്രന്ഥം അതായിരിക്കണം. മാനിഫെസ്റോവിന്റെ സമ്പൂര്‍ണവിവര്‍ത്തനം 'സമഷ്ടിവാദവിജ്ഞാപനം' എന്ന പേരില്‍ പ്രസിദ്ധീകരിച്ചത് 1936ല്‍ ആണ്. കമ്യൂണിസ്റ് മാനിഫെസ്റോ എന്ന ശീര്‍ഷകത്തില്‍ അച്ചടിക്കാന്‍ കേരളത്തിലെ ഒരു പ്രസും തയ്യാറായില്ല എന്നതുകൊണ്ടാണ് ഗ്രന്ഥശീര്‍ഷകം ഇങ്ങനെയാക്കിയതെന്ന് ദാമോദരന്‍ അതേക്കുറിച്ച് പില്‍ക്കാലത്ത് അനുസ്മരിക്കുന്നുണ്ട്: "പ്രസുകാര്‍ ഭയപ്പെടാതിരിക്കാന്‍ പരിഭാഷയുടെ കൈയെഴുത്തു പ്രതിയില്‍ കമ്യൂണിസം എന്ന വാക്കുതന്നെ ഞാന്‍ ഒഴിവാക്കിയിരുന്നു. പ്രസില്‍വച്ച് പ്രൂഫ് തിരുത്തുമ്പോള്‍, സമഷ്ടിവാദം എന്നുള്ളിടത്തെല്ലാം തിരുത്തി കമ്യൂണിസം എന്നാക്കി... പക്ഷേ സമഷ്ടിവാദവിജ്ഞാപനം എന്ന പുസ്തകപ്പേര് മാറ്റിയില്ല.'' എന്നാണ് ദാമോദരന്‍ ഈ ഗ്രന്ഥനാമത്തിന്റെ കഥ ഓര്‍മിക്കുന്നത്. 1937ല്‍ ഇ.എം.എസിനോടൊപ്പം ചേര്‍ന്ന് റഷ്യന്‍ വിപ്ളവത്തെക്കുറിച്ച് ഒരു ഗ്രന്ഥവും അദ്ദേഹം രചിച്ചു.
ഒരു നിലയ്ക്ക് കെ. ദാമോദരന്റെ രചനാജീവിതത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുന്നു എന്ന് പറയാം. വ്യക്തിചരിത്രത്തിന്റെ ഭാഗമായി ഓര്‍മിക്കപ്പെടുന്ന രചനകളുടെ കാലമാണിത്. മാനിഫെസ്റോവിന്റെ ആദ്യമലയാളവിവര്‍ത്തനം എന്ന ചരിത്രപരമായ പ്രാധാന്യം 'സമഷ്ടിവാദവിജ്ഞാപന'ത്തിന് ഉണ്ടെങ്കിലും, മലയാളത്തിന്റെ വൈജ്ഞാനിക ചരിത്രത്തില്‍ അതിന് വലിയ സ്വാധീനമൊന്നും ഉളവാക്കാന്‍ കഴിഞ്ഞിട്ടില്ല. മാര്‍ക്സിന്റെ ജീവചരിത്രത്തിന്റെ സ്ഥിതിയും മറ്റൊന്നല്ല. ഇതിനു പിന്നാലെവരുന്ന കാലയളവില്‍ കെ. ദാമോദരന്‍ രചിച്ച ഗ്രന്ഥങ്ങള്‍ ചെലുത്തിയ സ്വാധീനവും അവരുടെ പ്രചാരവും മുന്‍നിര്‍ത്തി ആലോചിച്ചാല്‍, മേല്‍പ്പറഞ്ഞ കാര്യം കൂടുതല്‍ വ്യക്തിമാവും. ആഴമേറിയ രാഷ്ട്രീയ - സാമ്പത്തിക - ദാര്‍ശനിക പഠനങ്ങളുടെ ഒരു വലിയ ലോകമാണ് 1946ലെ 'മനുഷ്യന്‍' മുതലുള്ള ദാമോദരന്റെ രചനാജീവിതം. അതിന്റെ ആമുഖമായി മാത്രമേ 1937 വരെയുള്ള കാലയളവിനെ കാണേണ്ടതുള്ളൂ.ഈ രണ്ടു കാലയളവുകള്‍ക്കിടയില്‍ സര്‍ഗപരമായ ആവിഷ്കാങ്ങുടെ ഒരു അന്തരാളഘട്ടവും വേണമെങ്കില്‍ നമുക്ക് കാണാനാവും. 'പാട്ടബാക്കി' (1937),'രക്തപാനം' (1939) എന്നീ നാടകങ്ങളും 'കണ്ണുനീര്‍' (1936) എന്ന കഥാസമാഹാരവും ഈ കാലയളവിന്റെ ഉല്‍പന്നങ്ങളാണ്. 'ശില്‍പഭംഗിയില്ലാത്ത നെടുനെടുങ്കന്‍ പ്രസംഗങ്ങള്‍' എന്നാണ് സി. അച്യുതമേനോന്‍ കെ. ദാമോദരന്റെ കഥകളെ വിലയിരുത്തിയിട്ടുള്ളതെന്ന് എം. റഷീദ് ദാമോദരന്റെ ജീവചരിത്രഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്. ദാമോദരന്റെ അഭിപ്രായവും ഇതു തന്നെയായതുകൊണ്ടാവണം പില്‍ക്കാലത്ത് അത് പുനഃപ്രസിദ്ധീകരിക്കാന്‍ അദ്ദേഹം തുനിയാതിരുന്നത്. എന്നാല്‍ 'പാട്ടബാക്കി'യുടെ കഥ മറ്റൊന്നാണ്. പൊന്നാനി താലൂക്കിലെ കര്‍ഷകസമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി എഴുതിയ ആ നാടകം മലയാളനാടകവേദിയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായി. സമ്മേളനത്തിന്റെ ഭാഗമായി ഒരു നാടകം ഉണ്ടായാല്‍ നന്നായിരിക്കും എന്ന അഭിപ്രായം ഉയര്‍ന്നപ്പോള്‍ ഇ.എം.എസ്. ആണ് ദാമോദരനോട് നാടകം എഴുതാന്‍ നിര്‍ദേശിച്ചത് എന്ന് അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. മാര്‍ക്സിം ഗോര്‍ക്കിയുടെ 'താണ അടിത്തട്ടുകാര്‍' എന്ന രചനയ്ക്കൊപ്പം നില്‍ ക്കുന്ന ഒന്നായാണ് കേസരി ബാലകൃഷ്ണപിള്ള 'പാട്ടബാക്കി'യെ വിലയിരുത്തിയത്. മലയാളത്തില്‍ ഏറ്റവും വിജയിച്ച രാഷ്ട്രീയനാടകമായി സി.ജെ. തോമസിനെപ്പോലൊരാള്‍ കണ്ടതും 'പാട്ടബാക്കി'യെ ആണ്. പൊന്നാനി താലൂക്ക് കര്‍ഷകസമ്മേളനത്തിലെ പ്രധാന പ്രാസംഗകനുമായിരുന്നു കെ. ദാമോദരന്‍. പ്രസംഗത്തിനുശേഷം പിന്നണിയില്‍ ചെന്ന് വേഷമിട്ട് അദ്ദേഹം നാടകത്തില്‍ അഭിനയിക്കുകയായിരുന്നുവത്രേ! അങ്ങനെ സമ്പൂര്‍ണമായി ആ കര്‍ഷകസമ്മേളനത്തിന്റെ (ദാമോദരന്റെയും) സൃഷ്ടിയായിരുന്നു 'പാട്ടബാക്കി' എന്ന നാടകം. പില്‍ക്കാലത്ത് അത് പല പതിപ്പുകള്‍ അച്ചടിക്കപ്പെടുകയും എണ്ണമറ്റ വേദികളില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്തു. 'രക്തപാനം' എന്ന നാടകം പക്ഷേ, ഈ നിലയില്‍ വിജയിച്ചില്ല. ദാമോദരന്‍ തന്നെ ആ കൃതിയെക്കുറിച്ച് ഓര്‍മിച്ചിരുന്നില്ലെന്നാണ് എം. റഷീദ് പറയുന്നത്.

നാടകങ്ങളുടെയും കഥകളുടെയും ഈ മധ്യഘട്ടം പിന്നിട്ടതിനുശേഷമാണ് കെ. ദാമോദരന്‍ എന്ന വലിയ ചിന്തകനെയും കമ്യൂണിസ്റ് പ്രഷോഭകാരിയെയും അടയാളപ്പെടുത്തുന്ന രചനകള്‍ ഉണ്ടാവുന്നത്. മാര്‍ക്സിസം, ഭാരതീയതത്ത്വചിന്ത, സാമ്പത്തികശാസ്ത്രം, ചരിത്രം, മതം, സാഹിത്യവിമര്‍ശനം എന്നിങ്ങനെ വിവിധ മേഖലകളിലായി കനപ്പെട്ട ഗ്രന്ഥങ്ങളും എണ്ണമറ്റ ലഘുലേഖനങ്ങളും അദ്ദേഹം എഴുതി. അക്കാലത്തെ മിക്കവാറും എല്ലാ സംവാദങ്ങളിലും പങ്കുചേരുകയും പൊതുസമൂഹത്തിലെ അഭിപ്രായരൂപീകരണത്തില്‍ വലിയപങ്ക് വഹിക്കുകയും ചെയ്തു. 1946ല്‍ എഴുതിയ 'മനുഷ്യന്‍' ഒരര്‍ഥത്തില്‍ മനുഷ്യപരിണാമത്തിന്റെ കഥയെ വിശാലമായ മാര്‍ക്സിസ്റ് പരിപ്രേഷ്യത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമമാണ്. വലിയതോതില്‍ പ്രചാരം ലഭിച്ച കൃതിയാണത്. പിന്നീട് 'കമ്യൂണിസം എന്ത്? എന്തിന്?' (1951, 'ചൈനയിലെ വിപ്ളവം' (1952), 'മാര്‍ക്സിസം' (10 ഭാഗങ്ങള്‍ 1953 - 54), 'സോഷ്യലിസവും കമ്യൂണിസവും' (1960) തുടങ്ങിയ ഗ്രന്ഥങ്ങള്‍ മാര്‍ക്സിസ്റ് വിജ്ഞാനത്തെയും ലോകവീഷണത്തെയും ലളിതമായി സംഗ്രഹിക്കാനുള്ള ശ്രമങ്ങളാണ്. മൌലികചിന്തയുടെ ആവിഷ്കാരങ്ങള്‍ എന്നതിലുപരി ബഹുജനവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി എഴുതപ്പെട്ട ഗ്രന്ഥങ്ങളാണവ.
ദാമോദരന്‍ വളരെയേറെ ശ്രദ്ധ ചെലുത്തിയ മറ്റൊരു വിജ്ഞാനമേഖല സാമ്പത്തികശാസ്ത്രമാണ്. 1946ല്‍ എഴുതിയ 'ധനശാസ്ത്രപ്രവേശിക' എന്ന കൃതി മുതല്‍ അദ്ദേഹം ധനതത്ത്വശാസ്ത്രത്തിന്റെയും അതിന്റെ പ്രയോഗത്തിന്റെയും ലോകത്തെ പിന്‍തുടരുന്നുണ്ട്. 1947ലെ 'നാണയപ്രശ്നം', 1958ല്‍ എഴുതിയ 'ധനശാസ്ത്രതത്ത്വങ്ങള്‍', 1959 ലെ 'ഇന്ത്യയുടെ സാമ്പത്തികാഭിവൃദ്ധി', 59ലെ തന്നെ 'ഇന്നത്തെ ഇന്ത്യയിലെ സാമ്പത്തിക സ്ഥിതി', 1962 ലെ 'പണം മുതല്‍ നയാപൈസവരെ' എന്നീ രചനകളാണ് ഈ മേഖലയിലെ ദാമോദരന്റെ പ്രധാനസംഭാവനകള്‍. ഇതില്‍ 1959ലെ രണ്ടു കൃതികളിലും ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തെ വിലയിരുത്തുന്നതിനെക്കുറിച്ച് അന്ന് കമ്യൂണിസ്റ് പാര്‍ടിയില്‍ നടന്നിരുന്ന ആഭ്യന്തര സമരങ്ങളുടെ അലയൊലികളും കാണാം. 'പണം മുതല്‍ നയാപൈസ വരെ' എന്ന രചന പണത്തിന്റെ (money) പരിണാമചരിത്രം വിശദീകരിക്കാനുള്ള ശ്രമമാണ്. ഒരര്‍ഥത്തില്‍ അതിനെ ബഹുജന വിദ്യാഭ്യാസത്തിനുള്ള ഉപാധിയായി കാണാമെങ്കിലും, മറുഭാഗത്ത് മലയാളത്തില്‍ പണത്തിന്റെ ജീവചരിത്രം എന്ന നിലയില്‍ എഴുതപ്പെട്ട ഏറ്റവും പ്രധാനകൃതിയെന്ന നിലയിലും അതിന് പ്രാധാന്യമുണ്ട്.

ചരിത്രപഠനത്തിന്റെ മേഖലയില്‍ ദാമോദരന്റെ സംഭാവനകള്‍ താരതമ്യേന ചെറുതാണ്. നാല് വാള്യങ്ങളായി സമഗ്രമായ ഒരു കേരളചരിത്രം എഴുതാന്‍ അദ്ദേഹം ആലോചിച്ചിരുന്നു എങ്കിലും അതിന്റെ ഒന്നാംഭാഗം മാത്രമേ എഴുതി പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞുള്ളൂ. അതിനുമുന്‍പ് 1957ല്‍ സി. നാരായണപിള്ളയോടൊപ്പം ചേര്‍ന്ന് കേരളത്തിന്റെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ഗ്രന്ഥം അദ്ദേഹം രചിച്ചിരുന്നു. പ്രമുഖചരിത്രകാരനായ പ്രൊഫ. കെ.എന്‍. പണിക്കരോടൊപ്പം ചേര്‍ന്ന് കേരളചരിത്രരചന നടത്താനുള്ള പദ്ധതിയും പ്രയോഗപഥത്തിലെത്തിയില്ല. നരവംശവിജ്ഞാനത്തിന്റെയും മറ്റും ഉള്‍ക്കാഴ്ചകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് പ്രാചീന കേരളചരിത്രരചനയ്ക്ക് മുതിര്‍ന്നതിനാല്‍ എ. അയ്യപ്പനെപ്പോലുള്ള (പ്രമുഖ നരവംശശാസ്ത്രപണ്ഡിതന്‍) ബുദ്ധിജീവികളുടെ ശ്രദ്ധ ദാമോദരന്റെ ചരിത്രഗ്രന്ഥം നേടിയെടുത്തിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിന്റെ തുടര്‍ന്നുള്ള ഭാഗങ്ങള്‍ തയ്യാറാക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി.

കേരളത്തിലെ പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാല സൈദ്ധാന്തികരില്‍ പ്രമുഖനായിരുന്നു കെ. ദാമോദരന്‍. ജീവല്‍സാഹിത്യസംഘം രൂപം കൊണ്ട കാലം മുതല്‍ മൂന്ന് - നാല് പതിറ്റാണ്ടെങ്കിലും മലയാളത്തിലെ സാഹിത്യചിന്തയെയും കലാവിചാരങ്ങളെയും വലിയൊരളവോളം നിര്‍ണയിച്ചത് പുരോഗമനസാഹിത്യപ്രസ്ഥാനം അവതരിപ്പിച്ച കലാ-സാഹിത്യദര്‍ശനവും കുട്ടിക്കൃഷ്ണമാരാരും സഞ്ജയനും മറ്റും അതിനോട് പുലര്‍ത്തിയ എതിര്‍പ്പുകളുമാണ്. ഈ സംവാദത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ദാമോദരന്‍ രണ്ട് ഗ്രന്ഥങ്ങള്‍ രചിക്കുകയുണ്ടായി. 1958ലെ 'എന്താണ് സാഹി ത്യം?' എന്ന കൃതിയും 1962ലെ 'സാഹിത്യനിരൂപണ'വും. സ്റാലിനിസ്റ് യാന്ത്രികതയുടെ പിടിമുറുക്കുങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ദാമോദരന്‍, അന്നത്തെ മറ്റു പല മാര്‍ക്സിസ്റ് വിമര്‍ശകരേയും പോലെ, ഈ കൃതികളില്‍ സംസാരിക്കുന്നത്. പില്‍ക്കാലത്ത് ആധുനികതാവാദകലയെയും സാഹിത്യത്തെയും (Modernist art & Literature) കുറിച്ച് കൂടുതല്‍ ഉദാരവും സൂക്ഷ്മവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായി. മലയാളത്തിലെ സാഹിത്യചിന്തയുടെ ചരിത്രത്തില്‍ ദാമോദരന്റെ മേല്‍പ്പറഞ്ഞ കൃതികള്‍ നിര്‍ണായകമൊന്നുമല്ലെങ്കിലും തീപിടിച്ച ഒരു കാലത്തിന്റെ അടയാളങ്ങള്‍ അതില്‍ പതിഞ്ഞുകിടപ്പുണ്ട്.
കെ. ദാമോദരന്റെ രചനാജീവിതത്തിലെ ഏറ്റവും മികവുറ്റ സംഭവങ്ങള്‍ 'ഇന്ത്യയുടെ ആത്മാവ്', 'ഭാരതീയചിന്ത' എന്നീ ഗ്രന്ഥങ്ങളുടെ രചനയാണ്. രണ്ട് നിലകളില്‍ ഈ സംരംഭം പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. ഒന്നാമത് ഇന്ത്യന്‍ ചിന്താപാരമ്പര്യത്തെ, എത്രയേറെ പരിമിതികളോടെയാണെങ്കിലും, മാര്‍ക്സിസ്റ് വീക്ഷണകോണിലൂടെ നോക്കികാണാനുള്ള അര്‍ഥപൂര്‍ണമായ ശ്രമമായി രുന്നു ആ ഗ്രന്ഥങ്ങള്‍ എന്നതാണ് ആദ്യത്തേത്. ഇന്ത്യയിലെ നാനാതരം ദാര്‍ശനിക പ്രവണതകളെ ഒറ്റയടിക്ക് എഴുതിത്തള്ളാതെ, സമഗ്രമായ വിലയിരുത്തലിനും പുനഃപരിശോധനയ്ക്കും വിധേയമാക്കാന്‍ കെ. ദാമോദരന്‍ ശ്രമിച്ചു. ഇത്തരമൊരു പരിശോധന യാന്ത്രികഭൌതികവാദത്തിന്റെ യുക്തികള്‍ക്ക് കീഴടങ്ങാതെ നിര്‍വഹിക്കുവാന്‍ കഴിയുമോ എന്ന ശ്രമവും ഈ കൃതികളില്‍ കാണാം എന്നതാണ് രണ്ടാമത്തെ കാര്യം. ദേബീപ്രസാദ് ചതോപാധ്യായ അടക്കമുള്ളവരുടെ നിഗമനങ്ങളെ വിമര്‍ശനാത്മകമായി സമീപിച്ചുകൊണ്ടാണ് ദാമോദരന്‍ 'ഭാരതീയചിന്ത'യിലെ വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നത്. ഭാരതീയ ചിന്തയെ സവര്‍ണ - വൈദിക പാരമ്പര്യത്തിലും പ്രാചീനചിന്താപാരമ്പര്യത്തിലും തളച്ചിടുന്ന പ്രവണതയെ പ്രതിരോധിക്കാനും അദ്ദേഹം അവിടെ തയ്യാറായി. ഈ നിലയില്‍ ഇന്ത്യയുടെ ദാര്‍ശനിക പാരമ്പര്യത്തെ സമഗ്രാവലോകനത്തിന് വിധേയമാക്കിയ ഈ കൃതി അക്കാലത്തുതന്നെ വ്യാപകമായ ശ്രദ്ധയും വിമര്‍ശനവും പിടിച്ചുപറ്റുകയും ചെയ്തു. യാന്ത്രികഭൌതികത്തിന്റെ ദ്വന്ദ്വാത്മകയുക്തിക്കപ്പുറത്തേക്ക് മാര്‍ക്സിസ്റ് ദാര്‍ശനിക വിശകലനങ്ങള്‍ക്ക് കടക്കാന്‍ കഴിയും എന്നതിന് മലയാളത്തിലുണ്ടായ മികച്ച മാതൃകകളിലൊന്ന് ഈ ഗ്രന്ഥം തന്നെയാണ്. അതില്‍ തെളിയുന്ന പോരായ്മകളാകെ വകവച്ചുകൊണ്ടുതന്നെ ഇക്കാര്യം നമുക്ക് ഉറപ്പിച്ചു പറയാം.

മതവും മാര്‍ക്സിസവും തമ്മിലുള്ള ബന്ധവും അകലവും വിശകലനം ചെയ്തുകൊണ്ട് ദാമോദരന്‍ രണ്ട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. 'കമ്യൂണിസവും ക്രിസ്തുമതവും' 'യേശുക്രിസ്തുമോസ്കോവില്‍' എന്നിവ. രണ്ടാമത്തേത് വലിയൊരളവോളം താര്‍ക്കികമാണെങ്കില്‍ ആദ്യത്തേത് മതത്തിന്റെ ധാര്‍മികതലവും മാര്‍ക്സിസത്തിന്റെ ധാര്‍മികതയും എങ്ങനെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ വിശകലനമാണ്. മതത്തെ 'മനുഷ്യനെമയക്കുന്ന കറുപ്പ്' എന്ന യാന്ത്രികസമവാക്യത്തില്‍ ചുരുക്കാതെ, അതിന്റെ ധാര്‍മികമായ ഭാവശക്തിയെ മുന്‍നിര്‍ത്തി പരിശോധിക്കാനുള്ള ശ്രമമാണ് ദാമോദരന്‍ നടത്തുന്നത്. പില്‍ക്കാലത്ത് മതത്തോടുള്ള മാര്‍ക്സിസ്റ് സമീപനങ്ങളില്‍ ഉണ്ടായ തെളിച്ചങ്ങളെ വലിയൊരളവോളം പൂര്‍വദര്‍ശനം ചെയ്യുന്ന കൃതിയാണത്.

ദാമോദരന്റെ രചനാജീവിതത്തില്‍ എന്നല്ല, മലയാളത്തിലെയും ഇന്ത്യയിലെയും മാര്‍ക്സിസ്റ് വിജ്ഞാനത്തിലും സമാനതകളില്ലാത്തവിധം വേറിട്ടുനില്‍ക്കുന്ന ഗ്രന്ഥമാണ് 1965ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'ധാര്‍മികമൂല്യങ്ങള്‍'. ധാര്‍മികതയും നൈതികതയും മാര്‍ക്സിസ്റ് ദര്‍ശനത്തിലെ ഇരുണ്ടലോകങ്ങളായാണ് പരിഗണിക്കപ്പെടാറുള്ളത്. ഇതര ദാര്‍ശനികമേഖലകളില്‍ ഉണ്ടായതുപോലെ നീതിശാസ്ത്രത്തിന്റെ (ethics) മേഖലയില്‍ വലിയ സംഭാവനകള്‍ അര്‍പ്പിക്കാന്‍ മാര്‍ക്സിസത്തിന് കഴിഞ്ഞില്ലെന്ന് വേണം പറയാന്‍. ബൂര്‍ഷ്വാ ധാര്‍മികതയ്ക്കെതിരായ മാര്‍ക്സിന്റെയും മറ്റും വിമര്‍ശനങ്ങളെ ധാര്‍മികത എന്ന ആശയത്തിന്റെ തന്നെ നിരാകരണമായി പലരും മാറ്റിയെടുത്തു. ഇതിനെതിരെ മാര്‍ക്സിസ്റ് ചിന്തയില്‍ ധാര്‍മികതയുടെയും നീതിവിചാരത്തിന്റെയും ലോകം പടുത്തുയര്‍ത്താന്‍ യൂജിന്‍കാമെന്‍ക, ലോറന്‍സ് വൈല്‍ഡ്, സ്റീവന്‍ലൂക്സ്, നോര്‍മന്‍ ഗെരാസ് തുടങ്ങിയവരൊക്കെ പലനിലകളില്‍ പണിപ്പെട്ടിട്ടുണ്ട്. എങ്കിലും അവയൊക്കെ ഏറിയപങ്കും പില്‍ക്കാല പരിശ്രമങ്ങളാണ്. ദാമോദരന്‍ ഈ വിഷയത്തെക്കുറിച്ച് പഠിക്കുകയും എഴുതുകയും ചെയ്യുന്ന കാലത്ത് മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം താരതമ്യേന അപ്രധാനമായ ഒന്നായിരുന്നു നീതിദര്‍ശനത്തിന്റെ ലോകം.

ഈ പിന്‍നിലയിലും ഉന്നതമായ ദാര്‍ശനികാന്വേഷണങ്ങള്‍ വികസിപ്പിച്ചെടുക്കാന്‍ ദാമോദരന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് 'ധാര്‍മികമൂല്യങ്ങള്‍' എന്ന കൃതി. ധാര്‍മികതയെന്നത് ഒരു അടവുനയമല്ലെന്നും മനുഷ്യാവസ്ഥയില്‍ നിലീനമായ ഭാവശക്തികളിലൊന്നാണ് അതെന്നും ദാമോദരന്‍ അവിടെ വ്യക്തമാക്കുന്നുണ്ട്. ചൂഷണത്തിനും മര്‍ദനത്തിനുമെതിരായ സമരങ്ങളെ ഉന്നതമായ ധാര്‍മികമൂല്യങ്ങള്‍ക്കായുള്ള സമരവുമായി കൂട്ടിയിണക്കുകയാണ് തൊഴിലാളിവര്‍ഗം ചെയ്യുന്നത്. മനുഷ്യരിലെ ധാര്‍മികമായ ഭാവശക്തിയും അതിന്റെ പ്രേരണാശക്തിയും ചിതറിക്കിടക്കുകയാണെന്നും അതിന് സംഘടിതരൂപം നല്‍കുകയാണ് ധാര്‍മികമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരുടെ കടമ എന്നും തൊഴിലാളിവര്‍ഗപ്രസ്ഥാനം ചെയ്യുന്നത് അതാണ് എന്നുമുള്ള വാദങ്ങളില്‍ പില്‍ക്കാല മാര്‍ക്സിസ്റ് ചിന്തയില്‍ വലിയ പ്രാമുഖ്യം കൈവരിക്കാനിരിക്കുന്ന ആശയങ്ങളുടെ ബീജരൂപം കാണാം. നിര്‍ഭാഗ്യവശാല്‍ അന്നോ ഇന്നോ ഈ ഗ്രന്ഥത്തിന്റെ മൌലികമായ പ്രാധാന്യം കേരളീയ സമൂഹം തിരിച്ചറിഞ്ഞിട്ടില്ല. മൌലികമായ ചിന്തയ്ക്ക് കൊടുക്കേണ്ടിവരുന്ന വലിയ വില അവഗണനയാണ് എന്നത് ചരിത്രം നല്‍കുന്ന വലിയ ദുരന്തപാഠങ്ങളിലൊന്നാണ്. ദാമോദരനും അതിന്റെ ഇരയായിരുന്നു.

മൂന്ന്


കമ്യൂണിസ്റ് പാര്‍ടിയില്‍ അംഗമായ ആദ്യത്തെ കേരളീയനായിരുന്നു കെ. ദാമോദരന്‍. മലയാളിയായ പ്രഥമ കമ്യൂണിസ്റ്. ഇ.എം.എസ്., പി. കൃഷ്ണപിള്ള, എന്‍.സി. ശേഖര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് 1937ല്‍  കേരളത്തിലെ ആദ്യത്തെ കമ്യൂണിസ്റ് ഘടകത്തിന് രൂപം നല്‍കുന്നതിനും മുന്‍പ് തന്നെ ദാമോദരന്‍ കമ്യൂണിസ്റ് പാര്‍ടി അംഗമായിക്കഴിഞ്ഞിരുന്നു. 1935-37 കാലയളവില്‍ കാശിവിദ്യാപീഠത്തിലെ വിദ്യാര്‍ഥിയായിരിക്കെ ഓംപ്രകാശ് ശാസ്ത്രിയുടെയും ആര്‍.ഡി. ഭരദ്വാജിന്റെയും സ്വാധീനമാണ് ദാമോദരനെ കമ്യൂണിസ്റുകാരനാക്കിയത്. 1937ല്‍ പ്രഥമപാര്‍ടിഘടകം രൂപീകരിക്കുമ്പോള്‍ നിലവില്‍ കമ്യൂണിസ്റ് പാര്‍ടി അംഗത്വം ഉള്ള ആള്‍ എന്ന നിലയിലാണ് കെ. ദാമോദരന്‍ അതില്‍ പങ്കാളിയാകുന്നത്. പില്‍ക്കാലത്തെ ചരിത്രത്തില്‍ ഇക്കാര്യം ഏറെയൊന്നും ഓര്‍മിക്കപ്പെടാറില്ല.
ദാമോദരന്റെ ജീവിതത്തിന് ഒരു ദുരന്തകഥയുടെ സ്വഭാവമുണ്ടെന്ന് പി.ജി. തന്റെ ജീവചരിത്രഗ്രന്ഥത്തിന്റെ ആമുഖത്തില്‍ പറയുന്നുണ്ട്. വളരെ ശരിയായ ഒരു പ്രസ്താവനയാണത്. വ്യക്തിപരം എന്നതിനേക്കാള്‍, വൈജ്ഞാനികതയോടുള്ള തുറന്നതും നിര്‍ഭയവുമായ ആഭിമുഖ്യമാണ് ദാമോദരനെ ഒരു ദുരന്തകഥാപാത്രമാക്കിയത് എന്ന് പറയാം. 1976 ജൂണ്‍ 4ന് രാവിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഇടനാഴിയില്‍ ബോധരഹിതനായി കിടക്കുന്ന സമയത്ത് ദാമോദരന്‍ താന്‍ ജന്മം നല്‍കിയ പാര്‍ടിയുടെ ആരുമല്ലായിരുന്നു. ഔപചാരികമായ പാര്‍ടി അംഗത്വം അദ്ദേഹം അക്കാലത്തും നിലനിര്‍ത്തിയിരുന്നുവെങ്കിലും അത് അങ്ങേയറ്റം ഔപചാരികമായിരുന്നു. ദല്‍ഹിയിലെ അദ്ദേഹത്തിന്റെ സംസ്കാരവും അനാര്‍ഭാടമായിരുന്നു. സുഹൃത്തുക്കളും ആരാധകരും ബന്ധുക്കളും ഉള്‍പ്പെടുന്ന ഒരു കൂട്ടമാളുകള്‍. കേരളത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റുകളിലൊരാളും ധൈഷണികരില്‍ ഒരാളുമായ കെ. ദാമോദരന്‍ അങ്ങിനെയാണ് വിടവാങ്ങിയത്.

എന്തുകൊണ്ടാണ് ദാമോദരന്റെ ജീവിതം ഇങ്ങനെ ദുരന്തപൂര്‍ണമായി പര്യവസാനിച്ചത് എന്നാലോചിക്കുമ്പോള്‍ അത് കമ്യൂണിസ്റ് പാര്‍ടികളില്‍ ഇന്നും നിലനില്‍ക്കുന്ന ബൌദ്ധിക പരാധീനതകളുടെയും സ്റാലിനിസ്റ് യാന്ത്രികതയുടെയും ചരിത്രത്തിലേക്ക് കൂടി വെളിച്ചം വീശും. പ്രൊഫ. കെ.എന്‍. പണിക്കര്‍ പല തവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ ആന്തരികവിമര്‍ശകരെ (Critical Insiders) നിലനിര്‍ത്താനോ അവര്‍ക്ക് ഇടം കൊടുക്കാന്‍ പോലുമോ കമ്യൂണിസ്റ് പാര്‍ടികള്‍ തയ്യാറായിട്ടില്ല. അതുകൊണ്ടുതന്നെ ഉന്നതമായ ധൈണികാന്വേഷണങ്ങള്‍ക്ക് പലപ്പോഴും പെട്ടന്നുതന്നെ വാമനത്വം വന്നു ചേരും. യാഥാര്‍ഥ്യം പാര്‍ടി കമ്മറ്റികളിലെ തീരുമാനങ്ങള്‍ക്കൊത്തല്ല രൂപപ്പെടുന്നത് എന്നതിനാല്‍, പലപ്പോഴും യാഥാര്‍ഥ്യവുമായുള്ള ആഴമേറിയ മുഖാമുഖം ഒരാളെ വാമനത്വത്തിലേക്ക് നയിക്കുന്നു. ഈ വാമനത്വത്തെ പറിച്ചുനീക്കിക്കൊണ്ടാണ്, അതിനെക്കൂടി ഉള്‍ക്കൊണ്ടുകൊണ്ടല്ല, ചരിത്രത്തില്‍ കമ്യൂണിസ്റ് പ്രസ്ഥാനങ്ങള്‍ നിലനിന്നത്. ഇരുപതാം നൂറ്റാണ്ടിലെ മാര്‍ക്സിസ്റ് ദാര്‍ശനികവികാസങ്ങളില്‍ ഏറിയപങ്കും അരങ്ങേറിയത് പ്രസ്ഥാനത്തിന്റെ ചട്ടക്കൂടുകള്‍ക്ക് പുറത്താണെന്ന് വന്നതും മറ്റൊന്നുകൊണ്ടല്ല.

സ്റാലിനിസത്തിന്റെ ഇത്തരം പിടിമുറുക്കങ്ങളോടും യാന്ത്രികതയോടും വലിയ തോതില്‍ ഏറ്റുമുട്ടിയ ഒരാളായിരുന്നു കെ. ദാമോദരന്‍. ചെക്കോസ്ളോവാക്യയിലെ സോവിയറ്റ് അധിനിവേശത്തിനെതിരെ നിലപാട് സ്വീകരിച്ചതിനാണ് അദ്ദേഹം പാര്‍ടി നടപടിക്ക് ഇരയായത്. തെറ്റുതിരുത്താന്‍ ദാമോദരന് പതിനഞ്ച് ദിവസം നല്‍കണമെന്ന് കമ്മറ്റിയില്‍ രേണുചക്രവര്‍ത്തി പറഞ്ഞപ്പോള്‍, പതിനഞ്ച് ദിവസമല്ല പതിനഞ്ച് വര്‍ഷം തന്നാലും താന്‍ നിലപാട് മാറ്റില്ല എന്നാണ് ദാമോദരന്‍ പ്രതികരിച്ചത്. ഏതായാലും സോവിയറ്റ് യൂണിയന്റെയും പാര്‍ടിയുടെയും പില്‍ക്കാലചരിത്രം ദാമോദരന്റെ നിലപാടിനെയാണ് ശരിവച്ചത്. സ്റാലിനിസത്തിന്റെ പടയോട്ടങ്ങള്‍കൊണ്ട് രക്ഷിച്ചെടുക്കാവുന്നതല്ല സോഷ്യലിസം എന്ന് ചരിത്രം ഇതിനകം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. ഉന്നതമായ സ്വന്തം ധൈഷണിക - രാഷ്ട്രീയജീവിതം വിലനല്‍കിക്കൊണ്ടാണ് ദാമോദരന്‍ ആ പാഠം പറഞ്ഞുറപ്പിക്കാന്‍ ശ്രമിച്ചത്. ഏറെപ്പേരൊന്നും ചരിത്രത്തോട് ഇങ്ങനെ നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടില്ല.

*****

സുനില്‍ പി. ഇളയിടം, കടപ്പാട് : ഗ്രന്ഥാലോകം മാസിക


അധിക വായനയ്ക്ക്:

പാഠമാക്കേണ്ടത് ദാമോദരന്റെ ശൈലി

പാട്ടബാക്കി - ജീവല്‍സാഹിത്യപ്രസ്ഥാനത്തിന്റെ ആദ്യസന...

പ്രതിബദ്ധത - ദാമോദരന്റെ സങ്കല്‍പം

വൈജ്ഞാനികതയും വിമതത്വവും

ദാമോദരേട്ടന്‍

പാട്ടബാക്കിയില്‍നിന്ന് കമ്യൂണിസ്റാക്കിലേക്ക്

ഓര്‍മകളിലെ ദാമോദരന്‍

കുളിര്‍തെന്നലേറ്റ കുറെക്കാലം

No comments: