Saturday, November 17, 2012

മധ്യവര്‍ഗധാരണയും കോടതിവിധിയും

വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ അക്കാദമിക് സമൂഹത്തിന്റെ പങ്ക് ഇപ്പോള്‍ ആരും ഗൗരവത്തില്‍ എടുക്കാറില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് അഭിപ്രായം പറയുന്നതും നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതും രാഷ്ട്രീയനേതാക്കളും മാനേജ്മെന്റുകളും കോടതികളുമാണ്. അധ്യാപകരും വിദ്യാര്‍ഥികളും ഗവേഷകരുമടങ്ങുന്ന, വിദ്യാഭ്യാസമേഖലയില്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായങ്ങള്‍ വളരെ ചുരുക്കമായിമാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. അക്കാദമിക് സമൂഹമെന്നാല്‍ ആ രംഗത്തുള്ള ജീവനക്കാരുടെ സംഘടനകള്‍മാത്രമാണെന്ന ധാരണ സര്‍ക്കാരിനുമുള്ളതായി കാണാം. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസരംഗത്തു കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ ആ മേഖലയില്‍ പൊതുവില്‍ ചര്‍ച്ച ചെയ്യപ്പെടാതെ ഏതാനും ആളുകള്‍ ചേര്‍ന്നെടുക്കുന്ന തീരുമാനങ്ങള്‍ മാത്രമായി മാറുന്നു. അവയുടെ പ്രത്യാഘാതങ്ങള്‍ പിന്നീടുമാത്രമാണ് അറിയുന്നത്. കൂടാതെ, ജനാധിപത്യപരമായ ചര്‍ച്ചകളില്ലാതെ ഏകപക്ഷീയമായി കൊണ്ടുവരുന്ന നയമാറ്റങ്ങളും ഏതെങ്കിലും വ്യക്തിയുടെയോ മാനേജ്മെന്റിന്റെയോ ഹര്‍ജിയെ പുരസ്കരിച്ചുണ്ടാകുന്ന കോടതി വിധികളും വിദ്യാഭ്യാസരംഗത്തെ താറുമാറാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത്തരം ഇടപെടലുകള്‍ ഇപ്പോള്‍ തുരുതുരെ സംഭവിക്കുന്നു.

സ്കൂള്‍ കരിക്കുലം പൂര്‍ണമായി മാറ്റാനും പുതിയ പാഠപുസ്തകങ്ങള്‍ നിര്‍മിക്കാനുമുള്ള എസ്സിഇആര്‍ടിയുടെ നീക്കം, പുതിയ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കം, സര്‍വകലാശാലകളില്‍ പിപിപിയനുസരിച്ച് പുതിയ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള നീക്കം, കോളേജുകളിലെ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സംവിധാനം പൊളിച്ചെഴുതാനുള്ള ശ്രമം തുടങ്ങിയവ ഉദാഹരണങ്ങളാണ്. ഏതാനും കേന്ദ്രങ്ങളില്‍നിന്നുള്ള സമ്മര്‍ദങ്ങള്‍ക്കു വിധേയമായി വിശദമായ പൊതുചര്‍ച്ചകളോ സമവായങ്ങളോ ഇല്ലാതെ ഏകപക്ഷീയമായാണ് ഇത്തരം പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നത്. ഇത്തരം മാറ്റങ്ങള്‍ക്കു പിന്നിലുള്ള ആശയസംഹിതകളും സംശയാസ്പദമാണ്. പുതിയ മാറ്റങ്ങളുടെ പിന്നിലുള്ള ആശയങ്ങളെ വിളിച്ചറിയിക്കുന്ന ഒന്നാണ്, പുതിയ സിബിഎസ്ഇ സ്കൂളുകള്‍ക്ക് എന്‍ഒസി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച മാനദണ്ഡങ്ങളെ ചോദ്യംചെയ്ത് ഒരു സ്വകാര്യ മാനേജ്മെന്റ് നല്‍കിയ ഹര്‍ജിയിന്മേല്‍ കേരള ഹൈക്കോടതിയില്‍ നിന്നുണ്ടായ കോടതിവിധി. ഈ വിധി

സ്വകാര്യമാനേജ്മെന്റുകളുടെ സിബിഎസ്ഇ സ്കൂളുകള്‍ തുടങ്ങാനുള്ള അവകാശത്തെ ന്യായീകരിക്കുന്നു. വിധിന്യായത്തിലെ ""കണ്ടെത്തലുകളും നിരീക്ഷണങ്ങളും"" മിതമായ ഭാഷയില്‍ പറഞ്ഞാല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് കേരളത്തിലെ നീതിപീഠത്തിലടക്കം വ്യാപിച്ച ഗൗരവമേറിയ മുന്‍ധാരണകളെയാണ് കാണിക്കുന്നത്. രണ്ട് പ്രകടമായ മുന്‍വിധികളെമാത്രം സൂചിപ്പിക്കാം. ഒന്ന്, സിബിഎസ്ഇ/ ഐസിഎസ്ഇ സ്കൂളുകള്‍ സ്റ്റേറ്റ് സ്കൂളുകളേക്കാള്‍ ഉയര്‍ന്ന നിലവാരമുള്ളവയാണ് എന്നതാണ്. ഇന്നത്തെ മലയാളി മധ്യവര്‍ഗത്തിന്റെ സാമാന്യബോധം മാത്രമാണിത്. ഒരു നീതിപീഠം ഇത്തരത്തിലുള്ള നിലപാടെടുക്കുമ്പോള്‍ അതിന് ഉപോല്‍ബലകമായ തെളിവുകളും രേഖകളും ഉദ്ധരിക്കാന്‍ കഴിയണം. അത്തരം രേഖകള്‍ ഹാജരാക്കാനും ആവശ്യമുള്ള വിദഗ്ധരുമായി ആശയവിനിമയം നടത്താനും കോടതിക്ക് സാധ്യമാണ്. അതൊന്നുംചെയ്യാതെ പരാമര്‍ശങ്ങള്‍ നടത്തുന്നത് ബഹുമാന്യരായ ജഡ്ജിമാരുടെ മുന്‍ധാരണകളെമാത്രമാണ് കാണിക്കുന്നത്. മുന്‍ധാരണകള്‍ വിധിന്യായത്തിന്റെ ഭാഗമാകാന്‍ പാടില്ല.

രണ്ടാമത്, ബുദ്ധിയുള്ളവര്‍ സിബിഎസ്ഇ സ്കൂളുകളിലും അത്രയും സാമര്‍ഥ്യമില്ലാത്തവര്‍ സ്റ്റേറ്റ് ബോര്‍ഡ് സ്കൂളിലും പഠിക്കുമെന്നും പറയുന്നു. ഇംഗ്ലീഷ് മീഡിയം- ഭാഷാമീഡിയം സ്കൂളുകളെ സംബന്ധിച്ചും ഇതേ ധാരണതന്നെ നിഴലിക്കുന്നു. ഈ പ്രസ്താവനയ്ക്കും വ്യക്തമായ തെളിവുകളുടെ ആധാരമില്ല. വിദ്യാഭ്യാസചിന്തകരുടെ പഠനങ്ങളും സിദ്ധാന്തങ്ങളും ഇത്തരം കേവലമായ വിഭജനങ്ങളെ അംഗീകരിക്കുന്നുമില്ല. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ മുന്നേറ്റം മുഴുവന്‍ പൊതു വിദ്യാലയങ്ങളെ ആധാരമാക്കിയാണ് വളര്‍ന്നുവന്നതെന്ന് ബഹുമാനപ്പെട്ട ന്യായാധിപന്മാര്‍ക്കുതന്നെ അറിവുള്ളതായിരിക്കും. എന്‍സിഇആര്‍ടി സിലബസടക്കമുള്ള ഏതു പുതിയ പരിഷ്കാരത്തിനും ആവശ്യമായ ഭൗതിക സൗകര്യങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ പൊതു വിദ്യാലയങ്ങള്‍ക്ക് കഴിയും. അവിടെ പഠിക്കുന്ന കുട്ടികളെ സാമര്‍ഥ്യമില്ലാത്തവര്‍ എന്നു വിളിക്കുന്നത് പൊതുവിദ്യാഭ്യാസത്തെയും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെയും അവഹേളിക്കുന്നതിനു തുല്യമാണ്. ഇരിക്കുന്ന കൊമ്പ് വെട്ടുന്നത് ഒരു പഴയ വിനോദമാണല്ലോ.

സിബിഎസ്ഇ സിലബസിനാധാരമായ എന്‍സിഇആര്‍ടിയുടെ പഠനങ്ങള്‍പോലും സമര്‍ഥരും അസമര്‍ഥരെന്നുമുള്ള ഭിന്നതകളെ അംഗീകരിക്കുന്നില്ല. അതായത് സിബിഎസ്ഇ സിലബസിന്റെ ആധാരംപോലും ഈ ഭിന്നതയല്ല. അതും മധ്യവര്‍ഗ ആശയസംഹിതയുടെ മുന്‍ധാരണകളില്‍പ്പെടുന്നു. പക്ഷേ, ഈ മുന്‍ധാരണ രണ്ടു ന്യായാധിപന്മാരുടെ വിധിന്യായത്തിന്റെ ആധാരമാകുമ്പോള്‍ അതിനെ ഗൗരവത്തിലെടുക്കാതെ വയ്യ.

അതിനൊടൊപ്പം ഗൗരവതരമായ മറ്റൊരു പ്രശ്നമുണ്ട്. പൊതു വിദ്യാഭ്യാസത്തെയും സര്‍ക്കാര്‍തന്നെ കൊണ്ടുവരുന്ന നിബന്ധനകളെയും യുക്തിയുക്തമായി സമര്‍ഥിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇതിലെ നിരവധി പരാമര്‍ശങ്ങള്‍ സര്‍ക്കാരിന്റെ കൈകാര്യകര്‍തൃത്വത്തിനെതിരെയാണ്. കേരള വിദ്യാഭ്യാസ നിയമം, എന്‍സിഇആര്‍ടിയുടെ കരിക്കുലം ചട്ടക്കൂടിനുസൃതമായി കേരളത്തില്‍ തയ്യാറാക്കപ്പെട്ട കേരള കരിക്കുലം ചട്ടക്കൂട് (2007), അതിനുസരിച്ചുള്ള സിലബസും പാഠപുസ്തകങ്ങളും, കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ വ്യാപനത്തെ സംബന്ധിച്ച രേഖകള്‍ തുടങ്ങി ഒട്ടനവധി തെളിവുകള്‍ സര്‍ക്കാരിനു നിരത്താന്‍ കഴിയും. കേരളത്തിലെ വിദ്യാഭ്യാസരംഗം ഇന്ത്യയില്‍ത്തന്നെ ഏറ്റവും മികച്ചവയില്‍പ്പെടുന്നു എന്നു സ്ഥാപിക്കുന്ന പഠനങ്ങളും ഇന്നു ലഭ്യമാണ്. ഇതൊന്നും സര്‍ക്കാര്‍ കോടതിയുടെ മുമ്പാകെ അവതരിപ്പിച്ചതായി കാണുന്നില്ല.

കേരളത്തിലെ പൊതു വിദ്യാലയങ്ങള്‍ അടച്ചുപൂട്ടുന്നതിനെ സംബന്ധിച്ച ആകുലത സര്‍ക്കാര്‍ പ്രകടിപ്പിച്ചതായി മാത്രമാണ് വിധിന്യായത്തില്‍ കാണുന്നത്. ഈ ആകുലതയെ പിന്തുണയ്ക്കുന്ന കണക്കുകളും രേഖകളും ലഭ്യമാക്കിയതായി കാണുന്നില്ല. ഇതിന്റെയൊക്കെ ഫലമായാകണം, കോടതി കേരളത്തിലെ വിദ്യാഭ്യാസമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പരിശോധിച്ചിട്ടില്ല എന്നു മാത്രമല്ല, നഗരങ്ങളിലെ പൊതുവിദ്യാലയങ്ങളില്‍കൂടി സിബിഎസ്ഇ ബാച്ചുകള്‍ തുടങ്ങേണ്ടതാണ് എന്നും നിര്‍ദേശിച്ചിരിക്കുന്നു! അതായത്, വിദ്യാലയങ്ങളുടെ പ്രകടനത്തില്‍ നഗരങ്ങളും ഗ്രാമങ്ങളും തമ്മില്‍ കാര്യമായ അന്തരമില്ല എന്നതും കോടതിയ്ക്ക് മനസിലായ മട്ടില്ല. നഗരങ്ങളില്‍ ഏതായാലും പൊതു വിദ്യാഭ്യാസംകൊണ്ട് വലിയ പ്രയോജനമില്ല എന്നും കോടതി കണക്കാക്കിയ മട്ടാണ്. നഗരത്തിലെ മധ്യവര്‍ഗം സ്വയമേവ സാമര്‍ഥ്യമുള്ളവരും ബുദ്ധിശാലികളുമാകണമല്ലോ. പക്ഷേ, ഈ നിലപാടിനോട് കൂറ് വച്ചുപുലര്‍ത്തുകയല്ലേ സര്‍ക്കാരും ചെയ്യുന്നത്?

കേരളത്തെ വളര്‍ത്തിക്കൊണ്ടുവന്ന പൊതു വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന മധ്യവര്‍ഗ നിലപാടിന് നീതിന്യായപരമായ അടിത്തറയാണ് ഈ വിധിന്യായം നല്‍കുന്നത്. സിബിഎസ്ഇയുടെ പേരുപറഞ്ഞ് ഫീസ് വാങ്ങി അംഗീകാരമില്ലാതെ നടത്തുന്ന അണ്‍ എയ്ഡഡ് സ്ഥാപനങ്ങളാണ് എന്‍ഒസിക്ക് ശ്രമിക്കുന്നത്. അതിനാലാണ് നേരത്തെയുള്ള സര്‍ക്കാര്‍ എന്‍ഒസിക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. ഈ മാനദണ്ഡങ്ങള്‍ ആവശ്യമില്ലെന്ന സ്വകാര്യ മാനേജ്മെന്റുകളുടെ വാദം അംഗീകരിക്കുക വഴി വിദ്യാഭ്യാസ അവകാശനിയമത്തില്‍ വെള്ളം ചേര്‍ക്കുകയും വിദ്യാഭ്യാസക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് കോടതി. ഇത്തരം നിലപാടുകളിലും അവയനുസരിച്ച് നിര്‍ദേശിക്കപ്പെടുന്നതും നടപ്പാക്കപ്പെടുന്നതുമായ മാറ്റങ്ങളില്‍ അക്കാദമിക് സമൂഹത്തിന് ഒരു പങ്കുമില്ല.

ഭരണകൂടങ്ങളും നീതിപീഠങ്ങളും അവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതുപോലുമില്ല. തരുന്ന ശമ്പളം പറ്റി പോകേണ്ട തൊഴിലാളികളും പഠിപ്പിക്കുന്നത് പഠിച്ചുപോകേണ്ട ഒരു കൂട്ടമാളുകളുമാണവര്‍. എത്രകാലം ഈയവസ്ഥ തുടരും? വിദ്യാഭ്യാസരംഗത്തെ ലോകമംഗീകരിച്ച പൊതു സമീപനങ്ങളുടെയും വിദഗ്ധാഭിപ്രായങ്ങളുടെയും വെളിച്ചത്തില്‍ ഭരണഘടനാതത്വങ്ങള്‍ പരിരക്ഷിക്കപ്പെടുന്ന ഒരു പൊതു സമവായത്തിന് അരങ്ങൊരുക്കാന്‍ നീതിന്യായ സമൂഹത്തിനു കഴിയേണ്ടതുണ്ട്. വിദ്യാഭ്യാസ-സാമൂഹ്യ രംഗങ്ങളില്‍ ഏറെ പുരോഗമിച്ച കേരളീയ സമൂഹം അതാണ് ഉന്നത നീതിന്യായ കോടതികളില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.


കെ ടി രാധാകൃഷ്ണന്‍
(കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)

No comments: