Tuesday, November 13, 2012

വിശ്വമലയാളമേ... വിജയിപ്പൂതാക

മലയാള ഭാഷയുടെ ഒരുമാതിരി പ്രശ്നങ്ങളൊക്കെ അവസാനിച്ചു. കനപ്പെട്ട സംഭാവനകള്‍ നല്‍കി വിശ്വമലയാളസമ്മേളനം സമാപിച്ചു. ഇതോടെ സാഹിത്യത്തില്‍ കര്‍ക്കടകം കഴിഞ്ഞ് ചിങ്ങം പിറന്നു. അഴുക്കുകളെല്ലാം പോയി. പൊട്ടി പുറത്ത്, ശീവോതി അകത്ത്. വറുതിക്ക് അറുതി. മഴ പോയി, മാനം തെളിഞ്ഞു. ഓണപ്പതിപ്പുകള്‍ വന്നു. മുക്കുറ്റി വിരിഞ്ഞു. സാഹിത്യത്തില്‍ ചിങ്ങനിലാവ് പരന്നു. ഹാവൂ, മലയാളഭാഷ രക്ഷപ്പെട്ടു!

നമ്മുടെ മാതാവ് കൈരളി പണ്ടൊരു പൊന്മണിപ്പൈതലായ് വാണകാലത്തില്‍നിന്ന് മുതിര്‍ന്ന്, എന്‍ട്രന്‍സ് എഴുതി, ആധാര്‍ രേഖ വാങ്ങി, പ്രായപൂര്‍ത്തി വോട്ടവകാശം സ്വന്തമാക്കി വളര്‍ന്ന് പന്തലിച്ചു. മതിമോഹനശുഭനര്‍ത്തനമാടി മലയാളം. എത്രയെത്ര എഴുത്തുകാര്‍! എത്രയെത്ര കവികള്‍! എത്രയെത്ര കനപ്പെട്ട സംഭാവനകള്‍! വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് അപ്രതീക്ഷിതമായി ചില സാഹിത്യകാരന്മാരെ കേരളത്തിന് കിട്ടി. വൈകിവന്ന വസന്തങ്ങള്‍! എഴുത്തുകാര്‍ സൃഷ്ടിക്കപ്പെടുന്ന പതിവ് സാഹചര്യത്തില്‍നിന്നല്ല ഇവരുടെ വരവ്. എഴുത്തുകാരന്‍ രൂപപ്പെടാന്‍ അങ്ങനെ പ്രത്യേക സാഹചര്യമൊന്നും വേണ്ട. ഏതു സമയത്തും എപ്പോഴും വരാം,

സുനാമിപോലെ. വിശ്വമലയാളത്തിന് ഏറ്റവും വലിയ സംഭാവന കിട്ടിയത് വളപട്ടണത്ത് നിന്നായിരുന്നു. ഭാഷയില്‍ ഒരു "വളപട്ടണം ശാഖ"യുടെ ഉത്ഭവം. ഭാഷ ശരിക്കൊന്നു കുലുങ്ങി. വളപട്ടണം പൊലീസ് സ്റ്റേഷനിലായിരുന്നു എഴുത്തിനിരുത്ത്. പണ്ട് എഴുത്ത് നാരായം കൊണ്ട് ഓലയുടെ പുറത്തായിരുന്നു. "വളപട്ടണം ശാഖ" എസ് ഐയെയാണ് എഴുത്തിനിരുത്തിയത്. നാരായംകൊണ്ട് എസ് ഐയുടെ പുറത്താണ് എഴുതിയത്. "ഹരിശ്രീ" എന്നാണോ മറ്റു വല്ലതുമാണോ എന്ന് ഇപ്പോഴും വ്യക്തമല്ല. ചിത്രലിപിയാണെന്നും സൂചനയുണ്ട്. കെ സുധാകരനായിരുന്നു എഴുത്താശാന്‍. പുള്ളി കവിയാണോ നോവലിസ്റ്റാണോ എന്നതാണ് തര്‍ക്കം. എന്തായാലും പഞ്ചാരിയുടെ അഞ്ചാംകാലം കൊട്ടുന്ന മുറുക്കമുണ്ട് ആ മുഖത്തിന്.

വളപട്ടണത്ത് ശരിക്കും കവിയരങ്ങ് തന്നെയാണ് നടന്നത്. കുറച്ചുകാലമായി കവിയരങ്ങിന്റെ കൂമ്പടഞ്ഞിരിക്കുകയായിരുന്നു. അത് മാറി. കാക്കിക്കുള്ളിലെ കലാഹൃദയത്തെ ഞെക്കി പുറത്തെടുക്കുകയായിരുന്നുഅദ്ദേഹം. ജീവിക്കാന്‍വേണ്ടി "മണ്ണു കപ്പു"ന്നവനെ രക്ഷിക്കാന്‍ മണ്ണിന്റെ മണമുള്ള കവിതയുമായാണ് അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ അത് കവിതയല്ല, അദ്ദേഹം എഴുതാന്‍ പോകുന്ന ബൃഹത്തായ നോവലിന്റെ ആദ്യ അധ്യായമാണെന്നും ശക്തമായ അഭിപ്രായമുണ്ട്. രംഗങ്ങള്‍ക്ക് "കവിത ടച്ച"ല്ല, "നോവല്‍ ടച്ചാ"ണെന്ന് നിരൂപകര്‍ അഭിപ്രായപ്പെടുന്നു. രംഗങ്ങള്‍ വിശാലമായ ക്യാന്‍വാസിലാണ് ഒരുക്കിയത്. സാഹിത്യത്തിലെ ഏതു വിഭാഗത്തിലാണ് ഇത് ഉള്‍പ്പെടുത്തേണ്ടത് എന്ന് നിര്‍ണയിക്കാന്‍ പാലോട് രവി ചെയര്‍മാനായി കമ്മിറ്റിയെ നിയമിക്കും. വായനയും പഠനവുമൊക്കെ കോണ്‍ഗ്രസുകാര്‍ അവസാനിപ്പിച്ചെന്ന പ്രൊഫ. എം ജി എസിന്റെ പരിഭവത്തിനും ഇതോടെ അന്ത്യമായി.

രാമായണം വായന, ഖുറാന്‍ പാരായണം എന്നിവപോലെ ആത്മീയ പ്രവൃത്തിയാണ് "വളപട്ടണം വായ"യും. വായന മരിക്കുന്നു എന്ന് വിലപിക്കുന്നവര്‍ക്കുള്ള ചുട്ടമറുപടിയാണ് വളപട്ടണം. വെറും വായന മാത്രമായിരുന്നില്ല അത്, വായില്‍ തോന്നിയതെന്തും പറയാനുള്ള ആവിഷ്കാരസ്വാതന്ത്ര്യം കൂടിയായിരുന്നു. ലക്ഷണമൊത്ത രണ്ടാമത്തെ നോവലാണ് ഇതെന്നും അഭിപ്രായമുണ്ട്. ലക്ഷണമൊത്ത ആദ്യ നോവലെഴുതിയ ചന്തുമേനോന്‍ കോടതിയില്‍ ചെണ്ടകൊട്ടിച്ചെങ്കില്‍ രണ്ടാം ലക്ഷണക്കാരന്‍ പൊലീസ് സ്റ്റേഷനില്‍ കൊട്ടിക്കയറുകതന്നെ ചെയ്തു.

വിശ്വ മലയാളമേ വെല്‍ക..വെല്‍ക... എന്നാല്‍ സാഹിത്യത്തില്‍ "വളപട്ടണം ശാഖ"ക്ക് തെക്ക് നിന്നൊരു ബദലുണ്ടായി- "തിരുവഞ്ചൂര്‍ ശാഖ". കഥകളിക്ക് വടക്കന്‍ചിട്ടയും തെക്കന്‍ചിട്ടയും പോലെ "വളപട്ടണം ചിട്ട"യും "തിരുവഞ്ചൂര്‍ ചിട്ട"യും. "തിരുവഞ്ചൂര്‍ ചിട്ട" യാഥാസ്ഥിതികമാണെന്ന് "വളപട്ടണം ചിട്ട"ക്കാര്‍ ആക്ഷേപിക്കുന്നു. "വളപട്ടണം ചിട്ട" അരാജകത്വമാണെന്ന് "തിരുവഞ്ചൂര്‍ ചിട്ട"ക്കാര്‍ തിരിച്ചടിക്കുന്നു. "തിരുവഞ്ചൂര്‍ ചിട്ട" ഭജന പാടലാണെന്ന് "വളപട്ടണം ചിട്ട"ക്കാര്‍. "വളപട്ടണം ചിട്ട" ഭരണി പാടലാണെന്ന് "തിരുവഞ്ചൂര്‍ ചിട്ട"ക്കാര്‍. "തിരുവഞ്ചൂര്‍" വൃത്തത്തിലെഴുതുന്നവരാണെന്ന് "വളപട്ടണം". വളപട്ടണം വളയമില്ലാതെ ചാടുന്നവരാണെന്ന് "തിരുവഞ്ചൂര്‍". കാലുകുത്തിക്കില്ലെന്ന് "വളപട്ടണം". തലകുത്തിക്കുമെന്ന് "തിരുവഞ്ചൂര്‍". ഇതാണ് സര്‍ഗസംവാദം!

ഈയിടെ മലയാളഭാഷക്ക് സംഭാവന നല്‍കിയവര്‍ ഇനിയുമുണ്ട്. ആര്‍ ബാലകൃഷ്ണപിള്ള, ഗണേഷ് കുമാര്‍ എന്നീ കൊട്ടാരക്കരക്കവികള്‍ കാവ്യദേവതക്ക് നല്‍കിയ സംഭാവനകള്‍ ചില്ലറയാണോ? ആ സൂക്തങ്ങള്‍ മുഴുവന്‍ സൂക്ഷിച്ച് വയ്ക്കാന്‍ സാഹിത്യ അക്കാദമിയിലെ അലമാരകള്‍ പോരാതെ വരും. പ്രത്യേകം പത്തായം തന്നെ പണിയണം. സാഹിത്യത്തിന്റെ മുന്നില്‍ പിതൃ-പുത്രബന്ധങ്ങളൊന്നും പ്രശ്നമല്ല. ആദ്യാക്ഷരപ്രാസം വേണോ, ദ്വിതീയാക്ഷര പ്രാസം വേണോ എന്നതായിരുന്നു ഇരുവരും തമ്മിലുള്ള തര്‍ക്കം.

പിള്ള ആദ്യാക്ഷരപ്രാസത്തിനും പുള്ള ദ്വിതീയാക്ഷരപ്രാസത്തിനും വാദിച്ചു. കേരളാ കോണ്‍ഗ്രസ്(ബി) സ്വാതിതിരുനാളിന്റെ സംഗീതസദസ്സുപോലെയായി. തര്‍ക്കം പടര്‍ന്നുകത്തി. പതുക്കെപ്പതുക്കെ കൂടുതല്‍ പേരില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ഇത് പകര്‍ച്ചവ്യാധിയാണെന്ന് തെളിഞ്ഞു. ആരോഗ്യവകുപ്പ് പഠനം നടത്തി. ഹെപ്പറ്റൈറ്റിസ് ബി പോലെ കേരളാ കോണ്‍ഗ്രസ് (ബി)യും. അത്രയും ആപത്തില്ല. എങ്കിലും വരാതെ സൂക്ഷിക്കുന്നതാണ് നല്ലത്.

വായുവിലൂടെ പരക്കുന്നതായതുകൊണ്ട് പ്രതിരോധമരുന്ന് ഫലിക്കില്ല. തിളപ്പിച്ചാറ്റിയ വെള്ളമേ ഉപയോഗിക്കാവൂ. ശരീരത്തിന് ചൊറിച്ചിലുണ്ടായാല്‍ ഡോക്ടറെ കാണണം. സാക്ഷാല്‍ കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍പോലും ബാലകൃഷ്ണപിള്ളയോളം ഭാഷക്ക് സംഭാവന നല്‍കിയിട്ടില്ല.

ഹിന്ദുക്കള്‍ മാത്രമല്ല ഭാഷക്ക് സംഭാവന നല്‍കിയിട്ടുള്ളതെന്നും സാമുദായിക സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ മതന്യൂനപക്ഷങ്ങളും ആവുന്നത്ര ശ്രമിച്ചിട്ടുണ്ടെന്നും ഈയിടെ രണ്ട് ക്രിസ്ത്യന്‍കവികള്‍ തെളിയിച്ചു. കട്ടക്കയത്തിനും പുത്തന്‍കാവിനും ശേഷം ക്രൈസ്തവസഭക്ക് രണ്ടു കവികളുണ്ടായി- പള്ളത്ത് കുര്യനും, പനച്ചേരില്‍ ചാക്കോയും. ഇവര്‍ വെറും കവികളല്ല, ജനകീയകവികളാണ്- ജനപ്രതിനിധിക്കവികള്‍. പള്ളത്ത് രാമനുമായി ബന്ധമില്ലെങ്കിലും, അത്രത്തോളം കവിത്വമില്ലെങ്കിലും, മോശമല്ല പള്ളത്ത് കുര്യന്‍ എന്ന പി ജെ കുര്യന്‍. യുവതുര്‍ക്കിയായ കാലംമുതലേ കവിതയില്‍ കൈവച്ചവനാണ് പനച്ചേരില്‍ ചാക്കോ എന്ന പി സി ചാക്കോ. മെമ്പര്‍ ഓഫ് പാര്‍ലമെന്റെന്നും മെമ്പര്‍ ഓഫ് പോയെട്രി എന്നും മാറിമാറിപ്പറയാവുന്ന എം പിമാരാണ് രണ്ടുപേരും. കവിത വെറുതെ പാടി നടക്കാനുള്ളതല്ലെന്നും, അതൊരു മുന്നറിയിപ്പാണെന്നും ചാനലില്‍ കവിതയവതരിപ്പിച്ച് ചാക്കോ തെളിയിച്ചു. "കളിയില്‍ അല്‍പം കാര്യം" എന്നാണ് കവിതയുടെ പേര്.

രമേശ് ചെന്നിത്തല ഗ്രൂപ്പു കളിക്കുന്നു എന്നാണ് കവിതയുടെ സാരം. കവിത ശരിക്ക് ഗ്രഹിക്കാഞ്ഞിട്ടാണോ, അഥവാ ശരിക്കും ഗ്രഹിച്ചിട്ടാണോ എന്നറിയില്ല പള്ളത്ത് കുര്യന്‍ മാപ്പിള മറു കവിതയുമായി എത്തി."മുച്ചക്രവാഹനം" എന്നായിരുന്നു കവിത. എല്ലാ ഗ്രൂപ്പിലും തക്കംപോലെ കയറി നടന്നവനാണ് ചാക്കോ എന്നാണ് കവിതയുടെ ഉള്ളടക്കം. "ഭിക്ഷാംദേഹി" എന്നായിരുന്നു കവിതക്ക് ആദ്യമിട്ട പേര്. എന്നാല്‍ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ പാടില്ല എന്ന് ഹൈക്കമാന്റ് ശക്തമായി വിലക്കിയതിനാല്‍ കവിതയുടെ പേര് മാറ്റി. ഇരുവരും തമ്മിലുള്ള പോര് വിശ്വമലയാളത്തിന് ചെറിയ സംഭാവനകള്‍ നല്‍കാതിരുന്നില്ല.

മലയാളഭാഷക്ക് ഏറ്റവും വലിയ സംഭാവന നല്‍കിയ മഹാപ്രസ്ഥാനത്തെ ഈ സന്ദര്‍ഭത്തില്‍ മറക്കുന്നത് നന്ദികേടാവും. സത്യത്തില്‍ എത്രയോ എഴുത്തച്ഛന്‍ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹനാണ് അദ്ദേഹം. ജ്ഞാനപീഠം പോലും ആ തൃപ്പാദങ്ങള്‍ക്ക് മുന്നില്‍ ഒന്നുമല്ല. അത്രക്ക് സര്‍ഗഭാവന, പദശുദ്ധി, പ്രയോഗചാതുരി, ശബ്ദസൗന്ദര്യം. എന്തുകൊണ്ടും മലയാളത്തിന്റെ രണ്ടാം കാളിദാസന്‍ എന്ന് വിളിക്കാവുന്ന പി സി ജോര്‍ജ്. കേരളാ കോണ്‍ഗ്രസ്(ജോര്‍ജ്) എന്ന പ്രസ്ഥാനത്തെ നാലഞ്ചുവര്‍ഷം തനിച്ചുകൊണ്ടുനടന്നു.

എല്ലാ നദികളും കടലില്‍ ചേരും എന്ന് പറഞ്ഞപോലെ ഈ സാഹിത്യപ്രസ്ഥാനവും കേരളത്തിന്റെ കിഴക്കനതിര്‍ത്തിയായ മാണിയുള്‍ക്കടലില്‍ പതിച്ചു. നെല്ലിയാമ്പതി വനപ്രദേശത്തെക്കുറിച്ച് ജോര്‍ജ് അവതരിപ്പിച്ച പുതിയ ചിന്തകള്‍ മലയാള നിരൂപണശാഖയില്‍ പ്രകമ്പനം തന്നെ തീര്‍ത്തു. അതിനെ ചെറുക്കാന്‍ "ഹരിത എം എല്‍എമാര്‍" എന്ന പുതിയവിഭാഗം ഉത്ഭവിച്ചു.

ജോര്‍ജിന്റെ നിരൂപണഗ്രന്ഥത്തെ നേരിടാന്‍ ടി എന്‍ പ്രതാപന്‍ ആത്മകഥ തന്നെ വായിച്ച് വെല്ലുവിളിച്ചു. ജോര്‍ജിന്റെ "പറയന്‍ തുള്ളലിനെ" ഹരിതക്കാര്‍ "ശീതങ്കന്‍ തുള്ളല്‍" കൊണ്ട് നേരിട്ടു. ജോര്‍ജിന്റെ "പിന്നില്‍ നോക്കി പ്രസ്ഥാ"ത്തെ ഹരിതക്കാര്‍ "പരാജയപ്രസ്ഥാനം" കൊണ്ട് നേരിട്ടു. ജോര്‍ജ് "ചുറ്റുംനോക്കി പ്രസ്ഥാനം" തുടങ്ങിയാല്‍ ഹരിതക്കാര്‍ "സ്വപ്നപ്രസ്ഥാനം" കൊണ്ട് തടുക്കും. ഭാഷയുടെ ചാകര. പ്രയോഗങ്ങളുടെ പെയ്ത്ത്. സാഹിത്യം കുളിരുകോരി, കുറിക്ക് കൊള്ളുന്നു. പല്ലിന് പല്ല്. കണ്ണിന് കണ്ണ്. പോടാ പുല്ലേ... യഥാര്‍ഥത്തില്‍ വിശ്വമലയാള സമ്മേളനം നടത്താനുള്ള പ്രചോദനം തന്നെ ഇതില്‍നിന്നാണ്.

ഭാഷയെ വിശ്വചക്രവാളത്തോളം ഉയര്‍ത്തുന്നതിനിടയിലാണ് ഒരു പ്രതിമ മാറിപ്പോയത് വലിയ കാര്യമാക്കുന്നത്. സി വി രാമന്‍പിള്ള സി വി രാമനായിപ്പോയി. സി വി കുഞ്ഞുരാമനായില്ലല്ലോ. സി വി പത്മരാജനുമായില്ല. സിവില്‍ സര്‍വീസുമായില്ല. സി വി രാമനും സി വി രാമന്‍പിള്ളയും തമ്മില്‍ മാറിയതില്‍ വല്ല കുഴപ്പമുണ്ടോ? ബാഹ്യരൂപത്തില്‍ മാത്രമാണ് മാറ്റം. ഉള്ളടക്കത്തില്‍ മാറ്റമില്ല. ശാസ്ത്രവും സാഹിത്യവും രണ്ടല്ല. രണ്ട് വഴിക്ക് സഞ്ചരിക്കുന്ന ഒരേ സര്‍ഗഭാവനയാണ്. ശാസ്ത്രം സ്വപ്നത്തെ പരീക്ഷണശാലയാക്കുന്നു.

സാഹിത്യം സ്വപ്നത്തെ എഴുത്തുമുറിയാക്കുന്നു. അതുകൊണ്ട് ആന്തരികമായി സി വി രാമനും സി വി രാമന്‍പിള്ളയും രണ്ടല്ല. സി വി രാമന്‍പിള്ളയുടെ "മാര്‍ത്താണ്ഡവര്‍മ" പ്രതിപാദിക്കുന്നത് ആള്‍മാറാട്ടം തന്നെയാണ്. "രാമനിഫക്ടും" ഇതു തന്നെയല്ലേ? പ്രകാശരശ്മി ദ്രവ്യമാധ്യമത്തിലൂടെ കടന്നു പോവുമ്പോള്‍ വര്‍ണവ്യത്യാസം സംഭവിക്കുന്നു എന്നല്ലേ സി വി രാമന്‍ പറഞ്ഞത്?. പ്രതിമ മാറിയതില്‍പ്പോലും എന്തൊരു ഉള്‍ക്കാഴ്ച! ഇതോടെ മലയാളത്തിന്റെ കഷ്ടകാലങ്ങളെല്ലാം മാറി. ഇനി ശുക്രനാണെന്ന് കൊട്ടാരം ജ്യോത്സ്യന്‍.

*
എം എം പൗലോസ് ദേശാഭിമാനി വാരിക

2 comments:

വര്‍ക്കേഴ്സ് ഫോറം said...

നമ്മുടെ മാതാവ് കൈരളി പണ്ടൊരു പൊന്മണിപ്പൈതലായ് വാണകാലത്തില്‍നിന്ന് മുതിര്‍ന്ന്, എന്‍ട്രന്‍സ് എഴുതി, ആധാര്‍ രേഖ വാങ്ങി, പ്രായപൂര്‍ത്തി വോട്ടവകാശം സ്വന്തമാക്കി വളര്‍ന്ന് പന്തലിച്ചു. മതിമോഹനശുഭനര്‍ത്തനമാടി മലയാളം. എത്രയെത്ര എഴുത്തുകാര്‍! എത്രയെത്ര കവികള്‍! എത്രയെത്ര കനപ്പെട്ട സംഭാവനകള്‍! വിശ്വമലയാള മഹോത്സവത്തോടനുബന്ധിച്ച് അപ്രതീക്ഷിതമായി ചില സാഹിത്യകാരന്മാരെ കേരളത്തിന് കിട്ടി. വൈകിവന്ന വസന്തങ്ങള്‍! എഴുത്തുകാര്‍ സൃഷ്ടിക്കപ്പെടുന്ന പതിവ് സാഹചര്യത്തില്‍നിന്നല്ല ഇവരുടെ വരവ്. എഴുത്തുകാരന്‍ രൂപപ്പെടാന്‍ അങ്ങനെ പ്രത്യേക സാഹചര്യമൊന്നും വേണ്ട. ഏതു സമയത്തും എപ്പോഴും വരാം,

Teavels of Daniel said...

Download four Malayala Manorama magazines for free, using simple bash script.
Daily Life Tips And Tricks
1. Fast Track
2. Karshaka Sree
3. Sambadyam
4. Vanitha
വനിത, കര്‍ഷക ശ്രീ , ഫാസ്റ്റ് ട്രാക്ക് , സമ്പാദ്യം