Friday, November 2, 2012

ജാതിപ്പിശാചിന്റെ അസ്ഥിപഞ്ജരം

മതനിരപേക്ഷമായ ഭരണഘടന നിലവിലിരിക്കുന്ന ഒരു രാജ്യത്തിലെ ഒരു ചെറിയ സംസ്ഥാനത്തിലെ നിയമസഭ, മതത്തിന്റെയും ഈശ്വരവിശ്വാസത്തിന്റെയും അടിസ്ഥാനത്തില്‍ നിയമനിര്‍മാണ പ്രക്രിയയില്‍ അംഗങ്ങള്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നത് ഭരണഘടനാവിരുദ്ധമാണ്. മതത്തിലും ദൈവത്തിലുമുള്ള വിശ്വാസമാണ് നിയമനിര്‍മാണത്തിനുള്ള മാനദണ്ഡമെങ്കില്‍ ക്രിസ്ത്യാനിയായ മുഖ്യമന്ത്രി അധ്യക്ഷംവഹിച്ച മന്ത്രിസഭയ്ക്ക് ദേവസ്വം ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കാനും ഗവര്‍ണറോട് അംഗീകരിക്കണമെന്ന് ശുപാര്‍ശചെയ്യാനും എന്താണധികാരം? ആ മന്ത്രിസഭയിലെ ക്രിസ്ത്യാനിക്കും മുസ്ലിമിനും എന്താണധികാരം?

എച്ച് ആര്‍ ഭരദ്വാജിന്റെ സ്ഥാനത്ത് ഒരു മുസല്‍മാനായിരുന്നു ഗവര്‍ണറെങ്കില്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാന്‍ അദ്ദേഹത്തിന് എന്താണധികാരം? ഈ ചോദ്യം മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന ആരും ഉന്നയിക്കുകയില്ല. കാരണം ജനാധിപത്യ വ്യവസ്ഥയില്‍ നിയമനിര്‍മാണാധികാരത്തില്‍ മതവിശ്വാസവും ഈശ്വരവിശ്വാസവും പ്രതിബന്ധങ്ങളല്ലായെന്ന ഭരണഘടനാതത്വം അവര്‍ അംഗീകരിക്കുന്നു. വ്യത്യസ്ത രാഷ്ട്രീയ ഭരണഖണ്ഡങ്ങള്‍ക്ക് കീഴിലായിരുന്ന മലയാളികളെ ഏകീകരിച്ച് കേരള സംസ്ഥാനമായി തീര്‍ന്നതിന്റെ 56-ാം വാര്‍ഷികാഘോഷവേളയില്‍ മലയാളികളെ ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും നിരീശ്വരവാദിയുമായി ഛിന്നഭിന്നമാക്കുന്ന ഭരണമാണ് യുഡിഎഫിന്റേത്. ആദ്യം നിയമസഭയിലെ എംഎല്‍എമാര്‍ തമ്മില്‍ ചോദിക്കും- ഹിന്ദുവാണോയെന്ന്, പിന്നെ ചോദിക്കും ഈശ്വരവിശ്വാസിയാണോയെന്ന്. പിന്നീട് സര്‍ക്കാരുദ്യോഗസ്ഥര്‍ ഈ ചോദ്യം ആവര്‍ത്തിക്കും. പിന്നീട് മലയാളികളാകെയും. പിന്നീടിവിടെ കേരളീയരുണ്ടാവില്ല; ക്രിസ്ത്യാനിയും മുസല്‍മാനും ഹിന്ദുവും നായരും ഈഴവനും പുലയനും മറ്റും മാത്രമേ ഉണ്ടാകൂ; കേരളമുണ്ടാകില്ല, ഭ്രാന്താലയമേ ഉണ്ടാകൂ. നവോത്ഥാന നായകന്മാര്‍ കുഴിച്ചുമൂടിയ ജാതിപ്പിശാചിന്റെ അസ്ഥിപഞ്ജരം കുഴിമാടത്തില്‍നിന്ന് തോണ്ടിയെടുത്ത് ആഭിചാരക്രിയയിലൂടെ ജീവന്‍വയ്പിച്ച് കേരളീയന്റെ മാനവികതയുടെ ചോര കുടിക്കാന്‍ അയക്കുകയാണ് യുഡിഎഫ് ഭരണം.

തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ സ്വത്തും പണവും അപഹരിക്കപ്പെടുന്നുവെന്ന വ്യാപകമായ ആക്ഷേപം വന്നപ്പോള്‍, ദിവാനായിരുന്ന ജോണ്‍ മണ്‍റോ 348 ക്ഷേത്രങ്ങള്‍ സര്‍ക്കാരിലേക്ക് ഏറ്റെടുക്കുകയും അവയുടെ സ്വത്ത് കണ്ടുകെട്ടി രാഷ്ട്രത്തിന്റേതാക്കുകയുംചെയ്തു. ക്ഷേത്രങ്ങളുടെ നിത്യനിദാനച്ചെലവിന്റെയും ഭരണത്തിന്റെയും കാര്യങ്ങള്‍ നോക്കുന്നതിന് ദേവസ്വംവകുപ്പും രൂപീകരിച്ചു. ക്ഷേത്രങ്ങളുടെ ഭരണം സര്‍ക്കാരിന്റെ ചുമതലയായി. എന്നാല്‍, പൂജാദി കാര്യങ്ങളിലോ ആചാരാനുഷ്ഠാനങ്ങളിലോ സര്‍ക്കാര്‍ ഇടപെട്ടില്ല. മണ്‍റോ കൊച്ചിയില്‍ ദിവാനായിരുന്നപ്പോള്‍ അവിടെയും 117 ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും സ്വത്ത് സര്‍ക്കാരിന്റേതാക്കുകയുംചെയ്തു. 1936ല്‍ ക്ഷേത്രപ്രവേശന വിളംബരത്തിലൂടെ തിരുവിതാംകൂറില്‍ അവര്‍ണര്‍ക്ക് ആരാധനാസ്വാതന്ത്ര്യം ലഭിച്ചത് മണ്‍റോ ഏറ്റെടുത്ത് സര്‍ക്കാരിന്റേതാക്കിയ ക്ഷേത്രങ്ങളില്‍മാത്രമാണ്. മറ്റു ക്ഷേത്രങ്ങളില്‍ അവര്‍ണര്‍ക്ക് പ്രവേശനാനുമതി ലഭിച്ചില്ല എന്ന കാര്യം ഓര്‍ക്കണം. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണമെടുത്ത് ക്ഷേത്രത്തിന്റെ ചെലവ് നിര്‍വഹിച്ചപ്പോള്‍ ആ ഖജനാവിലേക്ക് നികുതിയിനത്തില്‍ പണം നിറച്ചിരുന്നത് അവര്‍ണനും അവിശ്വാസിയും അഹിന്ദുക്കളുമായ പ്രജകളും കൂടിയായിരുന്നു എന്ന കാര്യവും ഓര്‍ക്കുക. അതായത്, ക്ഷേത്രപ്രവേശനം നിഷിദ്ധമായിരുന്ന അവര്‍ണന്റെയും അഹിന്ദുവിന്റെയും അധ്വാനമിച്ചംകൂടിയെടുത്താണ് വിശ്വാസികളുടെ ക്ഷേത്രങ്ങളെ സര്‍ക്കാര്‍ സംരക്ഷിച്ചത് എന്ന്. സ്വാതന്ത്ര്യലബ്ധിക്കുശേഷം, 1949 ജൂലൈയില്‍ തിരുക്കൊച്ചി സംയുക്ത സംസ്ഥാനം നിലവില്‍വന്നു. രണ്ടു രാജാക്കന്മാരും തമ്മിലുണ്ടാക്കിയ കരാര്‍- കവനന്റ് അനുസരിച്ചാണ് ലയനം പൂര്‍ണമായത്. കരാറില്‍ സാക്ഷിയായി ഒപ്പിട്ടത് ഭാരതസര്‍ക്കാരിന്റെ നാട്ടുരാജ്യവകുപ്പിന്റെ സെക്രട്ടറിയായിരുന്ന വാപ്പാല പങ്കുണ്ണിമേനോന്‍. ഈ കവനന്റ് പ്രകാരമാണ് തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡ് രൂപീകൃതമായത്. തൃപ്പൂണിത്തുറയിലെ പൂര്‍ണത്രയീശക്ഷേത്രവും തിരുവനന്തപുരത്തെ പത്മനാഭ സ്വാമിക്ഷേത്രവും പ്രത്യേക ഭരണസമിതിയുടെ കീഴിലാക്കിയതും ഇതേ കവനന്റ് പ്രകാരമാണ്. രണ്ടു ദേവസ്വം ബോര്‍ഡും 1950ല്‍ നിലവില്‍വന്നു. മലബാറിലെ ക്ഷേത്രങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടില്ലായിരുന്നതിനാല്‍ അവിടെ ദേവസ്വംബോര്‍ഡ് രൂപീകരിക്കേണ്ടതായി വന്നില്ല. ഭഗവാന്റെ സ്വത്ത് ഭരിക്കാനാണ് ദേവസ്വം ബോര്‍ഡ് എന്ന ഭരണ സമിതിയെ ചുമതലപ്പെടുത്തിയത്. അല്ലാതെ ബോര്‍ഡ് അംഗങ്ങള്‍ ശാന്തിക്കാരാവുന്നില്ല. സ്വത്ത് എന്ന ഭൗതികവസ്തുവിന്റെ ഭരണം ഭൗതികമായിട്ടേ നിര്‍വഹിക്കാനാവൂ. അതിനുള്ള അധികാരം ഭരണകൂടത്തിനാണ്. അവിടെ വിശ്വാസവും അവിശ്വാസവും പരിഗണനാ വിഷയങ്ങളാകാന്‍ പാടില്ല. നിയുക്ത ദേവസ്വം നിയമത്തിന്റെ രാഷ്ട്രീയ പശ്ചാത്തലമെന്താണ്? മുസ്ലിം ലീഗും കേരള കോണ്‍ഗ്രസും കൂടി കേരളഭരണത്തെ കൈപ്പിടിയിലൊതുക്കിയിരിക്കുന്നു എന്ന് കോണ്‍ഗ്രസ് നേതൃത്വത്തില്‍നിന്നുതന്നെ ആക്ഷേപമുയര്‍ന്നു. പ്രതിഷേധമെന്നോണം ഭൂരിപക്ഷ ജാതികളായ നായരും ഈഴവരും സംയോജിക്കണമെന്ന ആഹ്വാനമുയരുന്നു. ചിലര്‍, ക്രിസ്ത്യാനിക്കും മുസല്‍മാനുമെതിരെ ഹിന്ദുവിന്റെ ഐക്യം എന്ന സമവാക്യമുയര്‍ത്തുന്നു. ഹിന്ദുക്കള്‍ യുഡിഎഫില്‍നിന്ന് അകലുന്നുവെന്ന തോന്നലുണ്ടായപ്പോള്‍ തിരിച്ചുപിടിക്കാനുള്ള ചൂണ്ടയില്‍ കോര്‍ത്ത ഇരയാണ് ആ അര്‍ഥത്തില്‍ ദേവസ്വംനിയമം.

രാഷ്ട്രീയ സൃഗാലബുദ്ധിയാണ് ഉമ്മന്‍ചാണ്ടി പയറ്റുന്നത്. പ്രതിപക്ഷത്തുള്ളവര്‍ ഇതിനെ എതിര്‍ക്കുമെന്നതുകൊണ്ട് ഹിന്ദുക്കളെ അവര്‍ക്കെതിരായിത്തീര്‍ക്കുകയും ചെയ്യാം. എമര്‍ജിങ് കേരളയുടെ മറവില്‍ കേരളത്തിന്റെ വിഭവങ്ങളെ വിദേശ കോര്‍പറേറ്റുകള്‍ക്ക് വിറ്റ് കമീഷന്‍ വാങ്ങാനുള്ള നീക്കം ദേവസ്വം നിയമത്തിനെതിരെയുള്ള സമരത്തിന്റെ മറവില്‍ ശ്രദ്ധിക്കാതെ പോകുമെന്നും ഭരണനേതൃത്വം കണക്കുകൂട്ടുന്നുണ്ട്. വിശ്വാസ സംരക്ഷണത്തിനായി അരയും തലയും മുറുക്കി മുറവിളി കൂട്ടുമ്പോള്‍ വയലും തണ്ണീര്‍ത്തടങ്ങളും കാവുകളും കുളങ്ങളും ടൂറിസം വികസനത്തിന്റെ മറവില്‍ ഭൂമാഫിയകള്‍ അപഹരിക്കുന്നത് അറിയുകയേ ഇല്ല. മണ്ണും വെള്ളവും വായുവും പോയാലെന്ത്, വിശ്വാസം അതല്ലേ എല്ലാം. ഇവിടെ വിശ്വാസവും അവിശ്വാസവുമല്ല പ്രശ്നം; പട്ടിണിയും വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. ഹിന്ദുവിനും അഹിന്ദുവിനും നാസ്തികനും പട്ടിണി ഒരുപോലെതന്നെയാണ്. പട്ടിണിക്കാരെ വിശ്വാസത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാനാകില്ല.


*****

വി കാര്‍ത്തികേയന്‍നായര്‍, കടപ്പാട് :ദേശാഭിമാനി  

No comments: