Thursday, September 4, 2008

ആണവക്കരാറും ഊര്‍ജസ്വയം പര്യാപ്തതയും

യുറേനിയത്തിന്റെ 40 ഇരട്ടി ഊര്‍ജസംപുഷ്ടമാണ് തോറിയം ആണവ സാങ്കേതിക വിദ്യ

(ഇന്തോ അമേരിക്കന്‍ ആണവക്കരാറിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ‘വെടക്കാക്കി തനിക്കാക്കുന്ന’ അമേരിക്കന്‍ തന്ത്രത്തെക്കുറിച്ച് ഒരന്വേഷണം)

‘വണ്ടി വന്നു, ഇനി വഞ്ചി വേണ്ടാ’ (തോറിയം വന്നു, ഇനി യുറേനിയം വേണ്ടാ) കുരുന്നുകള്‍ മലയാളഭാഷയിലേക്ക് പിച്ച വെക്കുന്ന വണ്ടി വന്നു, വഞ്ചി വേണ്ടാ എന്ന പാഠത്തില്‍ അതിന്റെ കേവലമായ, ഉപരിപ്ലവമായ അര്‍ത്ഥത്തിന് ഉപരി ഒരു സന്ദേശമുണ്ട്. മനുഷ്യന്റെ പുരോഗതിയില്‍ പല പഴയ സാങ്കതിക വിദ്യകളും ജീവിത ശൈലികളും പുതിയതിന് വഴിമാറികൊടുക്കേണ്ടി വരുന്നു എന്നതാണിത്. തീര്‍ച്ചയായും ഇതത്ര സുഗമമായ പ്രക്രിയയല്ല. പാലവും റോഡുമെല്ലാം പണിത് വണ്ടികള്‍ ഓടി തുടങ്ങിയപ്പോള്‍ അതിനു മുന്‍പ് ഉപയോഗത്തിലുണ്ടായിരുന്ന വഞ്ചികളുമായി ബന്ധപ്പെട്ട തൊഴിലാളികളും വഞ്ചി ഉടമസ്ഥരും മാറ്റത്തിന്റെ ഭാരം ഏറേണ്ടി വന്നിട്ടുണ്ട്. തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പുതിയ തൊഴിലുകള്‍ പഠിച്ച് വഴിമാറിപ്പോകാന്‍ സമൂഹത്തിന്റെ ഒരു കൈത്താങ്ങ് കിട്ടിയാല്‍ മതിയാകും. എന്നാല്‍ അനേകം വഞ്ചികളുള്ള ഒരു വഞ്ചിമുതലാളിയുടെ കഥ തുലോം ദയനീയമാണ്. അതുകൊണ്ടുതന്നെ അത്തരക്കാര്‍ വണ്ടി വരുന്നതിനെ തടയാന്‍ എല്ലാ അടവുകളും പ്രയോഗിക്കും.

വന്‍മൂലധനമുടക്കു വേണ്ടിവരുന്ന ആധുനികസാങ്കേതികവിദ്യകളെ സംബന്ധിച്ചിടത്തോളം ഈ എതിര്‍പ്പ് വളരെയധികം രൂക്ഷമാകും. പതിനെട്ടടവും പ്രയോഗിക്കപ്പെടും. വളരെയധികം സ്വകാര്യബസുകള്‍ ലാഭകരമായി സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ സമാന്തരമായി പുതിയ ട്രെയിനുകളും ലോക്കല്‍ ട്രെയിനുകളും വരാതിരിക്കാന്‍ വേണ്ടി ബസ്സുടമകള്‍ പ്രയോഗിക്കുന്ന അടവുകള്‍ ഒരു ഉദാഹരണമാണ്. മൊബൈല്‍ ഫോണുകളുടെ തുടക്കത്തില്‍ മിനിട്ടിന് 16 രൂപയും മറ്റും ചാര്‍ജ് ചെയ്ത് സ്വകാര്യകമ്പനികള്‍ വമ്പിച്ച ലാഭമുണ്ടാക്കിക്കൊണ്ടിരുന്ന ഒരു കാലത്ത് ആ മേഖലയിലേക്ക് ബി.എസ്.എന്‍.എല്‍ പ്രവേശിക്കാതിരിക്കാന്‍ സ്വകാര്യകമ്പനികള്‍ നടത്തിയ ചരടുവലികള്‍ ചിലര്‍ക്കെങ്കിലും ഓര്‍മയുണ്ടാകും. കമ്പോളത്തിലെ ഒരു സ്വാഭാവികപ്രക്രിയയാണ് കുത്തകകളുടെ ഇത്തരം ഇടപെടലുകള്‍. ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതും, വിജയത്തോട് അടുത്ത് എത്താറായതുമായ തോറിയം അധിഷ്ഠിത സാങ്കേതികവിദ്യ ഇന്ന് ലോകത്തിലെ ആണവവൈദ്യുതി രംഗത്ത് ഏതാണ്ട് സമ്പൂര്‍ണ്ണ മേധാവിത്വമുള്ള വിവിധങ്ങളായ യൂറേനിയം, പ്ലൂട്ടോണിയം അധിഷ്ഠിത സാങ്കേതികവിദ്യകളില്‍ മുതല്‍മുടക്കിയിരിക്കുന്നവര്‍ക്ക് എപ്രകാരം ഭീഷണിയാകുന്നു എന്നു മനസ്സിലാക്കിയാല്‍ മാത്രമേ ഇന്തോ-അമേരിക്ക ആണവകരാറിന്റെ പുറകിലുള്ള ശക്തികളെ തിരിച്ചറിയാനാകൂ. ഇതല്‍പ്പം വിശദീകരിക്കേണ്ടതുണ്ട്.

ഒരല്പം ആണവശാസ്ത്രം

“ആണവവൈദ്യുതി ഉല്പാദിപ്പിക്കാനുള്ള പല മാര്‍ഗ്ഗങ്ങളിലൊന്നായ തോറിയം ഇന്ധനചക്രം വാണിജ്യവല്‍ക്കരിക്കുന്നതിനുമുമ്പ് ഇനിയും വളരെയധികം ഗവേഷണപ്രവര്‍ത്തനം ആവശ്യമാണ്. (ആണവവൈദ്യതിയുടെ ഇന്നത്തെ പ്രധാനസ്രോതസായ) യുറേനിയം ആവശ്യത്തിന് ലഭിക്കുന്ന കാലത്തോളം ഈ ഗവേഷണം മുന്നോട്ടുപോകാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ യുറേനിയത്തിന്റെ ആഗോളവ്യാപാരത്തിലേക്ക് ആനയിക്കാനുള്ള ശ്രമങ്ങള്‍ നിര്‍ണ്ണായകമാകുന്നത്. ഇന്ത്യക്ക് വ്യാപാരാടിസ്ഥാനത്തില്‍ യുറേനിയവും, സാമ്പ്രദായിക ഡിസൈനുകളിലുള്ള ആണവറിയാക്ടറുകളും ആവശ്യാനുസരണം ലഭ്യമാവുകയാണെങ്കില്‍ ഇന്ത്യ തോറിയം ഇന്ധനചക്രഗവേഷണത്തിന്റെ പുറകേ പോകില്ല.

എന്നിരുന്നാലും, അതിവേഗ ന്യൂട്രോണ്‍ റിയാക്ടറുകളുടെ സഹായമില്ലാതെ തന്നെ ആണവഇന്ധനം ഉല്പാദിപ്പിക്കാനുള്ള കഴിവു നിമിത്തം തോറിയം ഇന്ധനചക്രം ദീര്‍ഘകാലാടിസ്ഥാനത്തില്‍ വലിയ സാധ്യതകളുള്ള ഒന്നാണ്... ആണവവൈദ്യുതിയുടെ ദീര്‍ഘകാലലഭ്യതക്ക് അത് (തോറിയം ഇന്ധനചക്രം) ഒരു സുപ്രധാന അടിത്തറയാണ്. ”

ഇന്നത്തെ യുറേനിയം അധിഷ്ഠിത ആണവവൈദ്യുതി നിലയങ്ങളുടെ റിയാക്ടറുകളും അനുബന്ധസാമഗ്രികളും നിര്‍മ്മിച്ച് വ്യാപാരം നടത്തുന്ന കമ്പനികളുടെ അഖിലലോകസംഘടനയായ വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്റെ വെബ്‌സൈറ്റില്‍ ഈ കഴിഞ്ഞ ജൂലൈ (2008) അവസാനം പ്രത്യക്ഷപ്പെട്ട തോറിയം എന്ന പ്രബന്ധത്തിലെ പ്രസക്തഭാഗത്തിന്റെ സ്വതന്ത്രതര്‍ജ്ജമയാണ് മുകളില്‍ കൊടുത്തത്. വിഷയം സങ്കീര്‍ണ്ണമാണെങ്കിലും തികച്ചും ലളിതമായ ഇംഗ്ളീഷില്‍ എഴുതിയിട്ടുള്ള ഈ പ്രബന്ധം സാമാന്യവിദ്യാഭ്യാസമുള്ളവര്‍ക്ക് വായിച്ച് മനസ്സിലാക്കാവുന്നതേയുള്ളു. ആണവവൈദ്യുതി മേഖലയില്‍ ഇന്ന് ആധിപത്യം പുലര്‍ത്തുന്നവരുടെ ആശങ്കകളും അഭിലാഷങ്ങളും വരികള്‍ക്കിടയിലൂടെ ഈ പ്രബന്ധത്തില്‍ തെളിഞ്ഞുകാണാം.

സങ്കീര്‍ണ്ണമായ ഈ വിഷയം മനസ്സിലാക്കാന്‍ ഉതകുന്ന, തോറിയവുമായി ബന്ധപ്പെട്ട മറ്റു ചില വിവരങ്ങളും തികച്ചും ആധികാരികമായ ഈ പ്രബന്ധത്തിലുണ്ട്. അവയില്‍ ചിലത് :
1 പ്രകൃതിയില്‍ യുറേനിയത്തേക്കാള്‍ അധികം തോറിയമാണ് ഉള്ളത്.

2 ചവറയിലും മറ്റുമുള്ള കരിമണലില്‍ ഉള്ള മോണസൈറ്റ് തോറിയത്തിന്റെ ഒരു അയിരാണ്. മോണസൈറ്റില്‍ ശരാശരി 6 മുതല്‍ 7% വരെ തൂക്കം തോറിയമുണ്ട്. ലോകത്തില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള മൊത്തം 12 ദശലക്ഷം ടണ്‍ മോണസൈറ്റ് നിക്ഷേപങ്ങളില്‍ മൂന്നില്‍ രണ്ടുഭാഗം ഇന്ത്യയിലാണ്. (അതില്‍തന്നെ ഗണ്യമായ ഭാഗം ചവറയിലും പരിസര പ്രദേശങ്ങളിലുമാണ്).

3 ഗവേഷണ റിയാക്ടറുകള്‍ക്ക് പുറത്ത് ആണവഇന്ധനമെന്ന രീതിയില്‍ ഇതുവരെ തോറിയം ഉപയോഗിച്ചുതുടങ്ങിയിട്ടില്ലെങ്കിലും പെട്രോമാക്സ് വിളക്കുകളുടെ മാന്റില്‍, വെല്‍ഡിംഗ് ഇലക്ട്രോഡുകള്‍, അത്യുന്നത റിഫ്രാക്ടികതയുള്ള ക്യാമറ ലെന്‍സുകള്‍ എന്നിവ ഉണ്ടാക്കാന്‍ തോറിയം സംയുക്തങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്.

4 പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന സ്വാഭാവിക തോറിയം റേഡിയോ ആക്ടീവമല്ല. (അതേസമയം പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന സ്വാഭാവിക യുറേനിയത്തില്‍ കുറച്ചു റേഡിയോ ആക്ടീവതയുണ്ട്. സ്വാഭാവിക യുറേനിയത്തില്‍ ഏതാണ്ട് 0.7 ശതമാനം റേഡിയോ ആക്ടീവമായ യുറേനിയം - 235 ആണ്. സ്വാഭാവിക യുറേനിയത്തെ സെന്‍ട്രി ഫ്യൂഗല്‍ അരിപ്പകളില്‍ കൂടി കടത്തി റേഡിയോ ആക്ടീവമായ യുറേനിയം 235 യുടെ ശതമാനം വര്‍ധിപ്പിക്കുന്ന സങ്കീര്‍ണ്ണമായ, ചെലവേറിയ പ്രകിയയാണ് സമ്പുഷ്ടികരണം.

5 എന്നാല്‍ സ്വാഭാവിക തോറിയത്തെ മിതവേഗമുള്ള ന്യൂട്രോണുകള്‍ ചെന്നിടിച്ചാല്‍ തോറിയം അണുകേന്ദ്രത്തിന് രൂപ പരിണാമം വന്ന് അത് റേഡിയോ ആക്ടീവതയുള്ള യുറേനിയം - 233 ആയി മാറും. ഇതാണ് ഭാവിയിലെ തോറിയം അധിഷ്ഠിത ആണവറിയാക്ടറുകളില്‍ ഇന്ധനമായി ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്.

6 കേള്‍ക്കുമ്പോള്‍ ലളിതമെന്നു തോന്നുമെങ്കിലും ഇത് സഫലമാകാന്‍ സങ്കീര്‍ണ്ണമായ ഒട്ടനവധി സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനുണ്ട്. അവ പരിഹരിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. (ഈ പരിശ്രമങ്ങള്‍ക്ക് അമേരിക്കന്‍ ഉപരോധം വളരെയധികം തടസ്സം സൃഷ്ടിക്കുന്നുണ്ട്. ആണവസാങ്കേതികവിദ്യയുമായി നേരിട്ടു ബന്ധമില്ലാത്തതാണെങ്കിലും ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ പലവിധ ഇലക്ട്രോണിക് മൈക്രോചിപ്പുകളും മറ്റും ലോകകമ്പോളത്തില്‍ നിന്നും വിലകൊടുത്തു വാങ്ങുന്നതില്‍ അമേരിക്കന്‍ ഉപരോധം തടസ്സമാകുന്നുണ്ട്. ചാരപ്പണി നടത്തി ഉപരോധം ബലപ്പെടുത്തുന്നതിന് പുറകിലുള്ളത് അമേരിക്കന്‍ ആണവബിസിനസുകാരാണ്. ഏതായാലും തോറിയം ഗവേഷണത്തില്‍ ഏറ്റവും മുന്‍പിലുള്ളത് ഇന്ത്യയാണ്. അതിനു കാരണമായത് ഒരുപരിധിവരെ അമേരിക്കന്‍ ഉപരോധമാണ്. അമേരിക്ക സൂപ്പര്‍ കമ്പ്യൂട്ടര്‍ നിഷേധിച്ച് രാജ്യത്തിന്റെ അഭിമാനത്തെ വെല്ലുവിളിച്ചപ്പോള്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ വേഗമേറിയ സൂപ്പര്‍ കമ്പ്യൂട്ടറുണ്ടാക്കി. ബഹിരാകാശറോക്കറ്റുകളുടെ കാര്യത്തിലും ഇന്ത്യക്കാര്‍ കടമ്പകള്‍ മറികടന്നു.

7 സ്വാഭാവികയുറേനിയത്തില്‍ ഏതാണ്ട് 0.7% മാത്രമേ ആണവഇന്ധനമായ യുറേനിയം 235 ഉള്ളു. അതായത് ഒരു കിലോ സ്വാഭാവിക യൂറേനിയത്തില്‍ നിന്ന് ശരാശരി 7 ഗ്രാം ആണവഇന്ധനം (യുറേനിയം 235) ലഭിക്കും. ബാക്കി മുഴുവന്‍ നിലവില്‍ ഇന്ധനമായി ഉപയോഗിക്കാന്‍ കഴിയാത്ത യുറേനിയം 238 ആണ്. അതേസമയം ഒരു കിലോഗ്രാം സ്വാഭാവിക തോറിയത്തില്‍ നിന്ന് 300 മുതല്‍ 400 ഗ്രാം വരെ ആണവഇന്ധനം (യുറേനിയം 233) ലഭിക്കാം എന്നാണ് പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനര്‍ത്ഥം ഒരേതൂക്കം സ്വാഭാവിക യുറേനിയവും സ്വാഭാവിക തോറിയവും എടുത്താല്‍ യുറേനിയത്തില്‍ നിന്ന് ലഭിക്കാവുന്നതിന്റെ 40 ഇരട്ടി ഇന്ധനം തോറിയത്തില്‍ നിന്നു ലഭിക്കും എന്നാണ്. ഇന്ന് ഇതുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് മാത്രം കരഗതമായ രഹസ്യമാണ് എന്നുകൂടി സൂചിപ്പിക്കട്ടെ. അന്താരാഷ്ട്രആണവ സംഘടനയുടെ പരിശോധനക്ക് ഇന്ത്യന്‍ ആണവപരീക്ഷണശാലകള്‍ പൂര്‍ണ്ണമായി തുറന്നുകൊടുക്കണമെന്ന നിര്‍ദ്ദേശം ഇതിനോടു ചേര്‍ത്തുവായിക്കുക.

സ്വാഭാവിക തോറിയം നാല്പത് ഇരട്ടി ഇന്ധനക്ഷമമാക്കാമെന്ന പുതിയ കണ്ടെത്തലിനോട് യുറേനിയത്തെ അപേക്ഷിച്ച് തോറിയം സുലഭമാണ് (ചവറകടപ്പുറത്തുനിന്ന് വാരിയെടുക്കാം!) എന്ന വസ്തുതകൂടി ചേര്‍ത്തുവച്ചാല്‍ അമേരിക്കന്‍ ബിസിനസുകാരുടെ ഗൂഢലക്ഷ്യവും പ്രേരണയും വ്യക്തമാകും. ഇന്ത്യ തോറിയം ഇന്ധനചക്രം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ യുറേനിയം, പ്ലൂട്ടോണിയം ഇന്ധനചക്രങ്ങളെ ആശ്രയിക്കുന്ന നിലവിലുള്ള സാങ്കേതികവിദ്യകള്‍ക്ക് കമ്പോളമില്ലാതാകും. ഇക്കാര്യത്തില്‍ ഇതരരാജ്യങ്ങളുടെ ബിസിനസ് താല്പര്യങ്ങളും അമേരിക്കയോടൊപ്പമാണ് എന്നതിന്റെ കാരണം ഇതാണ്.

നിത്യജീവിതത്തിലെ ഒരു ഉപമ എടുത്താല്‍ ബസ്സില്‍ കയറിപ്പറ്റുന്നവര്‍ ഓരോരുത്തരും ഇനിയാരും കയറണ്ട എന്ന നിലപാട് എടുക്കുന്നതിനോട് സമാനമാണ് ഈ മനോഭാവം. കാലചക്രം തിരിയുമ്പോള്‍ ഇത്തരം നിലപാടുകള്‍ പരാജയപ്പെടുമെങ്കിലും കുറേക്കാലം തങ്ങളുടെ ആധിപത്യം നിലനിര്‍ത്താന്‍ സാമ്രാജ്യശക്തികള്‍ ഈ മനോഭാവത്തെ കൂട്ടുപിടിക്കും എന്നതുവ്യക്തമാണ്. ഇന്ത്യയുടെയും ഇറാന്റേയും ബഹിരാകാശഗവേഷണങ്ങളോടും, ആണവഗവേഷണങ്ങളോടും അമേരിക്കന്‍ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ഇതിനുദാഹരണമാണ്. കുറേനാള്‍മുമ്പ് ഔഷധങ്ങളുടെയും വിത്തുകളുടെയും മറ്റും പേറ്റന്റ് സംവിധാനം പരിഷ്ക്കരിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന പോരാട്ടവും, സോഫ്റ്റ്വെയര്‍രംഗത്ത് മൈക്രോസോഫ്റ്റും സ്വതന്ത്രസോഫ്റ്റ്വെയര്‍ പ്രസ്ഥാനവും തമ്മില്‍ ഇന്നും തുടര്‍ന്നു വരുന്ന പോരാട്ടവും ഇതിന് ഉദാഹരണങ്ങള്‍തന്നെ. ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വതന്ത്ര സോഫ്റ്റ്വെയര്‍ കാന്‍സറാണെന്നും കമ്യൂണിസമാണെന്നും പ്രചരിപ്പിച്ച് തടയിടാന്‍ ശ്രമിച്ച മൈക്രോസോഫ്റ്റിന്റെ സ്ഥാപകന്‍ ഇന്ന് പരോപകാരത്തിലേക്കും, ഒരു തരം സന്യാസത്തിലേക്കും തിരിഞ്ഞിരിക്കുന്നത് കാലചക്രം തിരിയുമ്പോള്‍ സാമ്രാജ്യത്വ നിലപാടുകള്‍ പരാജയപ്പെടും എന്നതിന്റെ തെളിവാണ് എന്നുകൂടി പറയാം.

ഇതൊക്കെയാണെങ്കിലും ഊര്‍ജപ്രതിസന്ധി ഒരു യാഥാര്‍ത്ഥ്യമാണ്

ഇതൊക്കെയാണെങ്കിലും കറന്റിന് കറന്റ് വേണ്ടേ എന്ന ചോദ്യം അവശേഷിക്കുന്നു. ആ യാഥാര്‍ത്ഥ്യത്തില്‍ നിന്നും, കലാവതിമാരുമായും, ശശികലമാരുമായും രാഹൂല്‍ഗാന്ധി പങ്കുവെയ്ക്കുന്ന ദുഃഖത്തില്‍ നിന്നും നമുക്ക് ഒഴിഞ്ഞുമാറാനാവില്ല. ഇന്ത്യക്കാരെന്നല്ല, ലോകം തന്നെയും ഇന്ന് വമ്പിച്ച ഊര്‍ജപ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. കാലം കഴിയുമ്പോള്‍ പെട്രോളിയവും, കല്‍ക്കരിയും പ്രകൃതിവാതകവും തീര്‍ന്നുപോകുമെന്നതും, ഇവയുടെ അമിതഉപഭോഗം ആഗോളതാപനത്തിനിടയാക്കുമെന്നതും നിഷേധിക്കാനാവാത്ത ഭൌതികയാഥാര്‍ത്ഥ്യങ്ങളാണ്. അതുകൊണ്ടുതന്നെ ഇന്നല്ലെങ്കില്‍ നാളെ ലോകം ഈ ഫോസില്‍ ഇന്ധനങ്ങളെ ഉപേക്ഷിക്കേണ്ടിവരും.

പക്ഷേ അതിനര്‍ത്ഥം ആണവോര്‍ജ്ജമാണ് ഇന്ധനപ്രതിസന്ധിക്കു പരിഹാരം എന്നല്ല. ബുഷും, മന്‍മോഹന്‍സിംഗും ആഗോളമൂലധനവും നമ്മെ വിശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നത് അതാണ്. എന്നാല്‍ ഇന്ത്യയുടെ തോറിയം ഇന്ധനചക്രഗവേഷണം പൂര്‍ത്തിയായാല്‍പോലും ബുഷിന്റേയും മന്‍മോഹന്റേയും വാദം യഥാര്‍ത്ഥത്തില്‍ നിലനില്‍ക്കില്ല.അതിനുകാരണം ആണവവൈദ്യുതിയുമായി ബന്ധപ്പെട്ട മറ്റുചില യാഥാര്‍ത്ഥ്യങ്ങളാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ ആണവവൈദ്യുതിയുടെ വ്യാപനത്തിനു നേരെ ചോദ്യചിഹ്നങ്ങളുയര്‍ത്തുന്നുണ്ടെങ്കിലും, ആണവഗവേഷണം ഇന്ത്യയും ഇറാനുമെല്ലാം നിര്‍ത്തിവെക്കണമെന്ന ആണവഗവേഷണവിരുദ്ധ ലോബികളുടേയും ചില പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും വാദത്തെ ന്യായീകരിക്കുന്നില്ല എന്നുകൂടി പറയട്ടെ. കാരണം അമേരിക്കയ്ക്കും, റഷ്യയ്ക്കും, ചീനക്കും ബ്രിട്ടനുമെല്ലാം ആണവഗവേഷണവും മിസൈല്‍ ഗവേഷണവും സൂപ്പര്‍ കമ്പ്യൂട്ടര്‍ ഗവേഷണവും നടത്താമെന്നും മറ്റുള്ളവര്‍ നടത്തിയാല്‍ അത് അപകടമാണെന്നും ഉള്ള നിലപാട് മിതമായി പറഞ്ഞാല്‍ സാമ്രാജ്യത്വത്തെ വളഞ്ഞവഴിയില്‍ സഹായിക്കലാണ്. എന്‍.എസ്.ജി. മീറ്റിങ്ങുമായി ബന്ധപ്പെട്ട് നോംചോസ്കി മുതല്‍ പ്രഫുല്‍ ബിദ്വായിവരെ ചേര്‍ന്ന് അടുത്തകാലത്ത് പുറപ്പെടുവിച്ച പ്രസ്താവന ഇതിന് ഉദാഹരണമാണ്. ചിലപ്പോള്‍ ശുദ്ധന്മാരും ദുഷ്ടമാരുടെ ഫലം ചെയ്യുമെന്നാണല്ലോ പഴമൊഴി.

നമുക്ക് വിഷയത്തിലേക്ക് മടങ്ങിവരാം. തോറിയത്തിന്റെ വിലയോ യുറേനിയത്തിന്റെ വിലയോ അല്ല ആണവവൈദ്യുതിയെ അനാകര്‍ഷകമാക്കുന്നത്. ഇന്ന് ആണവറിയാക്ടറുകള്‍ക്ക് അമിതവിലയാണ്. കാലം ചെല്ലുന്തോറും മത്സരംമൂലം ആ വില കുറയുമെന്നാണ് കമ്പോളത്തിന്റെ വക്താവായ മന്‍മോഹന്റെ വാദം. ആ വാദം ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നുമെങ്കിലും സുപ്രധാനമായ ഒരു വസ്തുതയെ അത് അവഗണിക്കുന്നു. ആണവവൈദ്യുതിയും, അണുബോംബും തമ്മിലുള്ള അടുത്തബന്ധം കാരണം ഒരു കാലത്തും ആണവരംഗത്ത് സ്വതന്ത്രമത്സരം അനുവദിക്കാന്‍ സ്വതന്ത്രകമ്പോളത്തിന്റെ വക്താക്കള്‍ക്കുപോലും കഴിയില്ല എന്നതാണത്. അത്തരമൊരു സ്വതന്ത്രമത്സരവും തീവ്രവാദികളുടെ വര്‍ധിക്കുന്ന സ്വാധീനവും ചേര്‍ന്നാല്‍ തികച്ചും അപകടകരമാണ് എന്നതുകൊണ്ടാണിത്. അതുകൊണ്ടാണ് ആണവരാജ്യങ്ങളില്‍ തന്നെ ആണവവ്യാപാരം കര്‍ശനമായ രാഷ്ട്രീയമേല്‍നോട്ടത്തില്‍ നടക്കുന്നത്. മാത്രമല്ല. തങ്ങളല്ലാതെ മറ്റാരും ആണവഗവേഷണവും വ്യാപാരവും നടത്തേണ്ട എന്ന നിലപാടിലാണ് നിലവിലെ പ്രമുഖആണവരാജ്യങ്ങള്‍. അതായത് ആണവരംഗത്ത് ഒരുകാലത്തും തുറന്ന മത്സരമുണ്ടാകില്ല. മറിച്ച് കുത്തകകളായിരിക്കും കമ്പോളം നിയന്ത്രിക്കുക. കുത്തകനിയന്ത്രണത്തില്‍ വിലകള്‍ കുറയാനല്ല ഇനിയും വര്‍ദ്ധിക്കുവാനാണ് പോകുന്നത് എന്നത് വ്യക്തമാണ്.

അതിലുപരി ഇന്നത്തെ ലോകത്ത് സംഭവിച്ചിട്ടുള്ള സുപ്രധാനമായ രണ്ടു മാറ്റങ്ങളും ആണവവൈദ്യുതിയുടെ വ്യാപനത്തെ തടസ്സപ്പെടുത്തും. ഇന്റര്‍നെറ്റിന്റെ വര്‍ധിച്ച സ്വാധീനവും, റിയല്‍ എസ്‌റ്റേറ്റ് വ്യാപനവുമാണവ. ഇതെങ്ങിനെയാണെന്ന് വിശദീകരിക്കാം.

ആണവ റിയാക്ടറെന്നല്ല, മനുഷ്യനിര്‍മിതമായ ഒരു വസ്തുവും നൂറു ശതമാനം സുരക്ഷിതമല്ല. മറ്റൊന്നും ഇല്ലെങ്കിലും ഒരു ഭൂകമ്പം മതിയല്ലോ കുഴപ്പമുണ്ടാക്കാന്‍. ഭൂമിയുടെ ഒരു ഭാഗവും ഇത്തരം അപ്രതീക്ഷിത ആഘാതങ്ങളില്‍ നിന്നു വിമുക്തമല്ല. ഏതെങ്കിലും വിധത്തില്‍ മനുഷ്യരുടെ ശ്രദ്ധക്കുറവുകൊണ്ടോ, ഭൂകമ്പം കൊണ്ടോ ഭീകരാക്രമണം കൊണ്ടോ ന്യൂക്ലിയര്‍ നിലയങ്ങളില്‍ അപകടമുണ്ടായാല്‍ അതിന്റെ പ്രഭാവം നൂറുകണക്കിന് കിലോമീറ്ററുകളോളം വ്യാപിക്കും എന്നത് ഉറപ്പാണ്. നിഷേധിക്കാനാവാത്ത ഈ യാഥാര്‍ത്ഥ്യം റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വമ്പിച്ച പ്രഭാവം ഉണ്ടാക്കും. എവിടെയെങ്കിലും ഒരു ആണവനിലയം സ്ഥാപിച്ചാല്‍ അതിന്റെ നൂറു കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്തുപോലും ഭൂമിവിലയിലും വസ്തുവിലയിലും ഇടിവുണ്ടാകാന്‍ അതു കാരണമാകും. റിയല്‍ എസ്‌റ്റേറ്റിന്റെ പ്രത്യേകസ്വഭാവങ്ങളാണ് ഇതിന് കാരണം. അടുത്തകാലത്തായി റിയല്‍ എസ്‌റ്റേറ്റ് ബും എല്ലായിടത്തേക്കും വ്യാപിക്കുകയാണെന്നും (സഹാറ മരുഭൂമി ചിലപ്പോള്‍ ഒഴിവായേക്കുമെന്നു തോന്നുന്നു) അതിന്റെ സ്വാധീനം ഏറ്റവും കൂടുതല്‍ ചെറുകിട ഭൂസ്വത്തുടമസ്ഥരിലാണെന്നുമുള്ള യാഥാര്‍ത്ഥ്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഇതില്‍ നിന്നുളവാകുന്ന വമ്പിച്ച സാമൂഹ്യശക്തിയുടെ ശക്തി ഊഹിക്കാവുന്നതേയുള്ളു. കേരളത്തില്‍ ഒരു റോഡ് വീതികൂട്ടാനൊരുങ്ങുമ്പോഴുണ്ടാകുന്ന പുകില്‍ എല്ലാവര്‍ക്കുമറിയാം. അതുപോലെ ജനവാസകേന്ദ്രങ്ങള്‍ക്ക് നൂറും ഇരുന്നൂറും കിലോമീറ്റര്‍ അകലെപ്പോലും ആണവറിയാക്ടര്‍ വരുന്നില്ല എന്നു ഉറപ്പാക്കാന്‍ കഴിവുള്ളതാണ് അന്ധമായ ഈ സാമൂഹ്യശക്തി. ഇന്റര്‍നെറ്റിന്റെ വ്യാപനം ഈ സാമൂഹ്യശക്തിക്ക് മുമ്പൊരിക്കലുമില്ലാതിരുന്ന കരുത്തു നല്‍കുന്നു.

അതായത് ആണവകരാര്‍ ഒപ്പുവെച്ചാലും, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തിയാലും തോറിയം വന്നാലും റിയല്‍ എസ്‌റ്റേറ്റ് വിലക്കയറ്റവും ഭൂമി മാഫിയയും യാഥാര്‍ത്ഥ്യമായി തുടരുന്നിടത്തോളം ആണവനിലയ സ്ഥാപനം സംബന്ധിച്ച കാര്യങ്ങള്‍ സുഗമമാവില്ല. ഏതായാലും മുതലാളിത്തം നിലനില്‍ക്കുന്നിടത്തോളം കാലം റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ അരാജകത്വ പ്രവണതകളും വിലക്കയറ്റവും ഒഴിവാക്കാനാവില്ല. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതും എളുപ്പമാവില്ല. പക്ഷേ കറന്റിന് കറന്റ് വേണ്ടേ എന്ന ചോദ്യം അവശേഷിക്കുന്നു.

അതിനുത്തരമാണ് സൌരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജ്ജം, ജലവൈദ്യുതി എന്നിവയെല്ലാം. ആണവോര്‍ജ്ജം തോറിയവും യുറേനിയവും തീരുന്നതുവരെ മാത്രമേ ഉപയുക്തമാകു. സൌരോര്‍ജ്ജം ഒരിക്കലും ഇല്ലാതാകില്ല. അഥവാ ഇല്ലാതാകുന്നതിനു മുമ്പുതന്നെ ജീവന്റെ നിലനില്‍പും ഇല്ലാതാകും. മദമുള്ള സന്തോഷ് മാധവനും മതമില്ലാത്ത ജീവനും കഥാവശേഷമാകും.

സൌരോര്‍ജത്തിന് വിലകൂടുതലല്ലേ എന്നു ചോദ്യം ഉയര്‍ന്നേക്കാം. എന്തായാലും ആണവോര്‍ജ്ജത്തേക്കാള്‍ ഇപ്പോള്‍ തന്നെ ഗണ്യമായി വിലകുറവാണ് എന്നാണുത്തരം. സൌരോര്‍ജ്ജമേഖലയില്‍ കമ്പോള ശക്തികളുടെ പ്രവര്‍ത്തനം കാലചക്രം തിരിയുമ്പോള്‍ അതിനെ കല്‍ക്കരിയില്‍ നിന്നും മറ്റും ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ വിലയ്ക്ക് തുല്യമാക്കും എന്ന് ചില ഗവേഷകര്‍ എങ്കിലും അവകാശപ്പെടുന്നുണ്ട്. എന്തായാലും താരതമ്യം ചെയ്യേണ്ടത് സൌരോര്‍ജ്ജവും ആണവോര്‍ജ്ജവും തമ്മിലല്ലേ? കല്‍ക്കരിയും സൌരോര്‍ജ്ജവും തമ്മില്‍ താരതമ്യം ചെയ്ത് സൌരോര്‍ജ്ജത്തെ തള്ളിപ്പറയുന്നതില്‍ എന്താണ് യുക്തി? കല്‍ക്കരി തീരുമ്പോള്‍ ഇക്കൂട്ടര്‍ എന്തുചെയ്യും? ആഗോള താപനത്തിന്റെ പ്രശ്നവുമുണ്ട്.

സൌരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും ചെറുകിട ജലവൈദ്യുത പദ്ധതികളും പോലുള്ളവയുടെ ഇന്നത്തെ സാങ്കേതിക സാധ്യതകളും പ്രശ്നങ്ങളും ഏതായാലും ഈ ചെറുപ്രബന്ധത്തിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് ചുരുക്കുന്നു. ഈ രംഗങ്ങളില്‍ ഈ അടുത്ത കാലത്ത് വമ്പിച്ച സാങ്കേതിക പുരോഗതി ദൃശ്യമായിട്ടുണ്ട് എന്നു മാത്രം പറയട്ടെ.

അശോകന്‍ ഞാറക്കല്‍.

6 comments:

വര്‍ക്കേഴ്സ് ഫോറം said...

“ആണവകരാര്‍ ഒപ്പുവെച്ചാലും, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തിയാലും തോറിയം വന്നാലും റിയല്‍ എസ്‌റ്റേറ്റ് വിലക്കയറ്റവും ഭൂമി മാഫിയയും യാഥാര്‍ത്ഥ്യമായി തുടരുന്നിടത്തോളം ആണവനിലയ സ്ഥാപനം സംബന്ധിച്ച കാര്യങ്ങള്‍ സുഗമമാവില്ല. ഏതായാലും മുതലാളിത്തം നിലനില്‍ക്കുന്നിടത്തോളം കാലം റിയല്‍ എസ്‌റ്റേറ്റ് രംഗത്തെ അരാജകത്വ പ്രവണതകളും വിലക്കയറ്റവും ഒഴിവാക്കാനാവില്ല. ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതും എളുപ്പമാവില്ല. പക്ഷേ കറന്റിന് കറന്റ് വേണ്ടേ എന്ന ചോദ്യം അവശേഷിക്കുന്നു.

അതിനുത്തരമാണ് സൌരോര്‍ജ്ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജ്ജം, ജലവൈദ്യുതി എന്നിവയെല്ലാം. ആണവോര്‍ജ്ജം തോറിയവും യുറേനിയവും തീരുന്നതുവരെ മാത്രമേ ഉപയുക്തമാകു. സൌരോര്‍ജ്ജം ഒരിക്കലും ഇല്ലാതാകില്ല. അഥവാ ഇല്ലാതാകുന്നതിനു മുമ്പുതന്നെ ജീവന്റെ നിലനില്‍പും ഇല്ലാതാകും. മദമുള്ള സന്തോഷ് മാധവനും മതമില്ലാത്ത ജീവനും കഥാവശേഷമാകും.

സൌരോര്‍ജത്തിന് വിലകൂടുതലല്ലേ എന്നു ചോദ്യം ഉയര്‍ന്നേക്കാം. എന്തായാലും ആണവോര്‍ജ്ജത്തേക്കാള്‍ ഇപ്പോള്‍ തന്നെ ഗണ്യമായി വിലകുറവാണ് എന്നാണുത്തരം. സൌരോര്‍ജ്ജമേഖലയില്‍ കമ്പോള ശക്തികളുടെ പ്രവര്‍ത്തനം കാലചക്രം തിരിയുമ്പോള്‍ അതിനെ കല്‍ക്കരിയില്‍ നിന്നും മറ്റും ലഭിക്കുന്ന ഊര്‍ജ്ജത്തിന്റെ വിലയ്ക്ക് തുല്യമാക്കും എന്ന് ചില ഗവേഷകര്‍ എങ്കിലും അവകാശപ്പെടുന്നുണ്ട്. എന്തായാലും താരതമ്യം ചെയ്യേണ്ടത് സൌരോര്‍ജ്ജവും ആണവോര്‍ജ്ജവും തമ്മിലല്ലേ? കല്‍ക്കരിയും സൌരോര്‍ജ്ജവും തമ്മില്‍ താരതമ്യം ചെയ്ത് സൌരോര്‍ജ്ജത്തെ തള്ളിപ്പറയുന്നതില്‍ എന്താണ് യുക്തി? കല്‍ക്കരി തീരുമ്പോള്‍ ഇക്കൂട്ടര്‍ എന്തുചെയ്യും? ആഗോള താപനത്തിന്റെ പ്രശ്നവുമുണ്ട്.

സൌരോര്‍ജ്ജവും കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജവും ചെറുകിട ജലവൈദ്യുത പദ്ധതികളും പോലുള്ളവയുടെ ഇന്നത്തെ സാങ്കേതിക സാധ്യതകളും പ്രശ്നങ്ങളും ഏതായാലും ഈ ചെറുപ്രബന്ധത്തിന്റെ പരിധിയില്‍ വരുന്നില്ല. അതുകൊണ്ട് ചുരുക്കുന്നു. ഈ രംഗങ്ങളില്‍ ഈ അടുത്ത കാലത്ത് വമ്പിച്ച സാങ്കേതിക പുരോഗതി ദൃശ്യമായിട്ടുണ്ട് എന്നു മാത്രം പറയട്ടെ.”

ശ്രീ അശോകന്‍ ഞാറക്കല്‍ എഴുതിയ ലേഖനം ചര്‍ച്ചകള്‍ക്കായി സമര്‍പ്പിക്കുന്നു.

ഒരു “ദേശാഭിമാനി” said...

സൌരോർജ്ജം, കാറ്റ് എന്നിവയിൽ നിന്നുള്ള ഊർജ്ജോല്പാദനം കൊണ്ട് മറ്റു അനേകം ഗുണങ്ങൾ കൂടി ഉണ്ട്, പ്രധാനമായും, തൊഴിൽ മേഘല പുഷ്ടിപ്പെടും, പരിതസ്ഥിതിക്കു പറയതക്ക യാതൊരു തകരാറും ഇല്ല, വിഷമോ- ആണവ പ്രസരണമോ ഉണ്ടാകാമെന്നുള്ള ഭയം വേണ്ട !

നമുക്കു വേണ്ട ആണവ ഇന്ധനം തരാൻ പോകുന്ന രാജ്യങ്ങൾ എല്ലാം, പ്രക്രുതിദത്തമായ ഊർജ്ജശ്രോതസ്സുകളിൽ നിന്നും ആദായകരമായി എങ്ങനെ ഊർജ്ജോല്പാദനം നടത്താമെന്നതിനെ പറ്റി എത്രയോ പഠനങ്ങൾ നടത്തുന്നു - പ്രവർത്തികമാക്കിതുടങ്ങിയിരിക്കുന്നു! ആണവേർജ്ജമാണു ഒരേ ഒരു പോംവഴി എന്നു പറയുന്ന വർ - ഒന്നു മനസ്സിലാക്കുക, അല്പം കൂടുതൽ ബുദ്ധിമുട്ടിയാലും,സുരക്ഷിതമായ ഒരു മാർഗ്ഗം ആണു നമ്മൾ അവലംബിക്കേണ്ടത് ! അറിവുള്ളവർ ചിന്തിക്കേണ്ടത്, ജനങ്ങൾക്കു തൊഴിൽ, ജീവനു സുരക്ഷിത്വം, ഭക്ഷ്യസാധനങ്ങള്ളുടെ ലഭ്യത, ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം, ഇതെല്ലാം എങ്ങനെ നമ്മുടെ രാജ്യത്തിൽ നിന്നും ലഭിക്കുന്ന വിഭവങ്ങളേയും, സാഹചര്യങ്ങളേയും ആശ്രയിച്ചു സാധ്യമാക്കാമെന്നും,, അതിനുവേണ്ട സാഹചര്യങ്ങൾ എങ്ങനെ ഒരുക്കികൊടുക്കാമെന്നുമാണു ശ്രദ്ധിക്കേണ്ടതു!

simy nazareth said...

പ്രിയപ്പെട്ട അശോകന്‍ ഞാറയ്ക്കല്‍.

വസ്തുതകളെ വളച്ചൊടിക്കലാണ് താങ്കള്‍ നടത്തിയത്.
1) വേള്‍ഡ്-ന്യൂക്ലിയര്‍ . ഓര്‍ഗ് എന്നത് ഒരു സ്വകാര്യ സംഘടനയാണ്. അവരുടെ വെബ് വിലാസത്തിലാണ് ഈ ലേഖനം വന്നത്.
2) തോറിയം ബേസ്ഡ് ഫ്യൂവല്‍ സൈക്കിളിന് യുറേനിയം വേണം.
3) ഇതാ അവരുടെ ലേഖനത്തിന്റെ ലിങ്ക്. എന്നിട്ട് താങ്കള്‍ക്ക് താല്പര്യമുള്ള കാര്യങ്ങള്‍ മാത്രം തര്‍ജ്ജിമ ചെയ്തതിനെ സ്വതന്ത്ര തര്‍ജ്ജിമ എന്ന് വിളിക്കുന്നത് ശരിയാണോ എന്ന് നോക്കൂ.
4) Much development work is still required before the thorium fuel cycle can be commercialised, and the effort required seems unlikely while (or where) abundant uranium is available. In this respect international moves to bring India into the ambit of international trade will be critical. If India has ready access to traded uranium and conventional reactor designs, it may not persist with the thorium cycle.

Nevertheless, the thorium fuel cycle, with its potential for breeding fuel without the need for fast-neutron reactors, holds considerable potential long-term. It is a significant factor in the long-term sustainability of nuclear energy.

ലേഖനത്തിന്റെ അവസാനം കണ്‍ക്ലൂഷന്‍ എന്ന മട്ടില്‍ എഴുതിവിട്ടിരിക്കുന്നതാണ് ഇത്. ഇത് ലേഖനം എഴുതിയ ആള്‍ നടത്തുന്ന ഒരു ഊഹം മാത്രമാണെന്നിരിക്കേ, ഇതിന് എന്ത് സാധുതയാണുള്ളത്?

5) തോറിയം റിയാക്ടറുകള്‍ക്ക് യുറേനിയം ആവശ്യമാണെന്നും അറിയാമല്ലോ.
6) കാറ്റില്‍ നിന്നുള്ള വൈദ്യുതി / സൌര ഊര്‍ജ്ജം - ന്യൂക്ലിയാര്‍ / താപ ഊര്‍ജ്ജ സ്രോതസ്സുകളെക്കാള്‍ വളരെ ചിലവ് കൂടുതലാണ് ഈ മാര്‍ഗ്ഗങ്ങള്‍. കണക്കുകള്‍ വേണമെങ്കില്‍ തരാം.

simy nazareth said...

ഇതാ, സോളാര്‍ എനര്‍ജി, വിന്‍ഡ് എനെര്‍ജി, ന്യൂക്ലിയാര്‍ എനര്‍ജി എന്നിവയെ താരതമ്യം ചെയ്യുന്ന ഒരു ബ്ലോഗ് പോസ്റ്റ്."സൌരോര്‍ജത്തിന് വിലകൂടുതലല്ലേ എന്നു ചോദ്യം ഉയര്‍ന്നേക്കാം. എന്തായാലും ആണവോര്‍ജ്ജത്തേക്കാള്‍ ഇപ്പോള്‍ തന്നെ ഗണ്യമായി വിലകുറവാണ് എന്നാണുത്തരം." - ഇത് എവിടെനിന്നും കിട്ടി? ഇത് ആനമണ്ടത്തരമാണെന്നതിന് ഞാന്‍ എത്ര തെളിവുകള്‍ വേണമെങ്കിലും ഹാജരാക്കാം.

A Cunning Linguist said...

വളരെ നല്ല ലേഖനം, വര്‍ക്കേഴ്സ് ഫോറം...

പല തവണ ആവര്‍ത്തിച്ചതാണ് ഈ ചോദ്യങ്ങള്‍. എന്നിട്ടും എനിക്കൊരിടത്ത് നിന്നും ഉത്തരങ്ങള്‍ കിട്ടിയിട്ടില്ല. ആണവാനുകൂലികളേ, ദയവായി ഇതിനൊരു സമാധാനം പറഞ്ഞാലും.

1) ആണവക്കരാര്‍ ഊര്‍ജ്ജ സുരക്ഷ ഉറപ്പ് വരുത്തുന്നുവോ? വെറും നാല്പത് വര്‍ഷത്തെക്ക് മാത്രമുള്ള കരാറില്‍, ആ നാല്‍പ്പത് വര്‍ഷത്തേക്കുള്ള ഇന്ധനം പോലും ഉറപ്പ് വരുത്തുവാന്‍ ഈ കരാറ് കൊണ്ട് സാഹിക്കുന്നുണ്ടോ?

2) 2 ശതമാനത്തില്‍ ഇപ്പോള്‍ കിടക്കുന്ന ആണവോര്‍ജ്ജം 9 ശതമാനമാകുമ്പോള്‍ എന്ത് മെച്ചമാണ് അത് ഊര്‍ജ്ജമേഖലയില്‍ സൃഷ്ടിക്കുന്നത്?

3) T&D losses - 32%, equipment efficiency - 70% എന്ന രീതിയിലാണ് നമ്മുടെ കാര്യങ്ങള്‍. ഇവയൊക്കെ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പണം‌ ചില്വഴിക്കുന്നതിനേക്കാള്‍ ലാഭകരമോ ആണവോര്‍ജ്ജം?

4) പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ രണ്ടുണ്ട് മെച്ചം - ഇന്ധനോപഭോഗം‌ കുറയ്ക്കുവാന്‍ പറ്റുന്നു, മലിനീകരണം കുറയുന്നു. ഇതിനൊക്കെ എന്ത് (എന്ന്) നടപടി എടുക്കും?

5) മൈക്രോ പവര്‍ പ്രോജക്ടുകളിലൂടെ പവനോര്‍ജ്ജവും സൗരോര്‍ജ്ജവും കുറഞ്ഞ ചിലവില്‍ massive (mass production ആണെങ്കില്‍ ഉപകരണ ചിലവ് കുറയും) ആയി ഉപയോഗിക്കാവുന്നതേ ഉള്ളു.

6) വലിയ മുതല്‍കുടക്കുള്ള വന്‍ വന്‍ ഊര്‍ജ്ജോല്‍പാദനത്തിനേക്കാള്‍, ചെറിയ ചെറിയ localized ആയിട്ടുള്ള സഹകരണാടിസ്ഥാനത്തിലുള്ള ഊര്‍ജ്ജോല്‍പാദനമല്ലേ ഗുണകരവും ചെലവ് കുറവും?

മറ്റൊന്ന് സൂചിപ്പിക്കാനുള്ളത്, ആണവമായാലും എണ്ണ ആയാലും കല്‍ക്കരി ആയാലും റിന്യൂവബിള്‍ ആയാലും .... എല്ലാം തന്നെ ലാഭേച്ഛയുള്ള ലോബികളുടെ പിടിയിലാണ്. ഈ ലോബികളാണ് ഇത്തരം ഉപകരണങ്ങളൊക്കെ നിര്‍മ്മിക്കുന്നത് തന്നെ. ഇത്തരം സാങ്കേതിക വിദ്യകളൊക്കെ ലോബി-വിമുക്തമാക്കാനും നടപടികള്‍ ഉണ്ടാകണം. ലാഭം കുറച്ച് സബ്‌സിഡി കൊടുത്താല്‍ അന്തിമ-ഉപയോക്താവിന്റെ കയ്യില്‍ നിന്നും അധികം പണം ചിലവാകാതെ ഇത്തരം സങ്കേതങ്ങളെല്ലാം വീട്ടീല്‍ ഘടിപ്പിക്കാം.

മനമോഹന സിങ്ങ് ഇതൊന്നും ചെയ്യുമെന്ന് തോന്നുന്നില്ല. കുത്തകമുതലാളിമാര്‍ സ്വന്തം മാതൃരാജ്യം തീറെഴുതി കൊടുക്കുവാന്‍ എന്നും മുന്‍പന്തിയിലായിരുന്നല്ലോ മനമോഹനും ശിങ്കിടികളും. അന്ധമായ പാര്‍ട്ടി സ്നേഹം നിമിത്തമുള്ള ഈ ന്യായീകരണം ഇനിയെങ്കിലും നിര്‍ത്തിക്കൂടേ ആണവാനുകൂലികളെ. സത്യം എന്തെന്ന് നിങ്ങള്‍ക്കറിയാമല്ലോ, അത് തുറന്ന് സമ്മതിച്ചത് കൊണ്ട് നിങ്ങള്‍ക്കൊന്നും നഷ്ടപ്പെടുവാന്‍ പോകുന്നില്ല. ഈ കരാര്‍ മുന്നോട്ട് പോയാല്‍ നഷ്ട്പ്പെടുന്നത് നമ്മുക്കെല്ലാവര്‍ക്കുമാണ്, എല്ലാം തന്നെ....

Anonymous said...

ന്യൂഡല്‍ഹി: ഇന്ത്യ-അമേരിക്ക ആണവകരാറിന് ഡെമോക്രാറ്റിക് പാര്‍ടിയുടെ പിന്തുണ ഉറപ്പാക്കാന്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ളിന്റന്റെ ചാരിറ്റി ഫൌണ്ടേഷന് സമാജ്വാദി പാര്‍ടി നേതാവ് അമര്‍സിങ് കോടിക്കണക്കിന് രൂപ സംഭാവന നല്‍കി. സംഭാവന നല്‍കിയവരുടെ പട്ടിക ക്ളിന്റന്‍ ഫൌണ്ടേഷന്‍ പുറത്തുവിട്ടതില്‍നിന്നാണ് അമര്‍സിങ് ഭീമമായ പണം നല്‍കിയത് പുറത്തായത്. 10 ലക്ഷത്തിനും (4.72 കോടി രൂപ) 50 ലക്ഷത്തിനും(23.67 കോടി രൂപ) ഇടയ്ക്ക് ഡോളര്‍ നല്‍കിയവരുടെ പട്ടികയിലാണ് അമര്‍സിങ്ങിന്റെ പേരുള്ളത്. എന്നാല്‍, എന്നാണ് സംഭാവനകള്‍ നല്‍കിയതെന്ന് വ്യക്തമാക്കിയിട്ടില്ല. ജൂലൈ 22ന് യുപിഎ സര്‍ക്കാര്‍ വിശ്വാസവോട്ട് നേടുന്നതിന് തൊട്ടുമുമ്പ് അമര്‍സിങ് നടത്തിയ അമേരിക്കന്‍യാത്ര വിവാദമായിരുന്നു. വിശ്വാസവോട്ടിന് അനുകൂലമായി സമാജ്വാദി പാര്‍ടി വോട്ടുചെയ്തതിനുപിന്നില്‍ അമര്‍സിങ്ങിന്റെ അമേരിക്കന്‍യാത്ര പ്രധാന കാരണമാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് സെപ്തംബറിലെ സന്ദര്‍ശനത്തിലാണ് അമര്‍സിങ് സംഭാവന നല്‍കിയതെന്ന് അറിയുന്നു. ആണവകരാര്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസാക്കുന്നതിന് ഡെമോക്രാറ്റിക് പാര്‍ടിയുടെ പിന്തുണ ഉറപ്പാക്കാനായിരുന്നു ഇതെന്നാണ് സൂചന. ആണവകരാറിനുവേണ്ടിയുള്ള ഉപജാപങ്ങളുമായി സെപ്തംബറില്‍ വാഷിങ്ടണിലും ന്യൂയോര്‍ക്കിലും സന്ദര്‍ശനം നടത്തിയ അമര്‍സിങ് ക്ളിന്റന്റെ ഭാര്യയും സെനറ്റിലെ പ്രമുഖയുമായ ഹിലാരിയടക്കമുള്ള ഡെമോക്രാറ്റിക് പാര്‍ടി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസില്‍ ആണവകരാറിനെ എതിര്‍ക്കില്ലെന്ന് അവര്‍ ഉറപ്പുനല്‍കിയതായാണ് അമര്‍സിങ് പിന്നീട് വ്യക്തമാക്കിയത്. ഒബാമ അമേരിക്കന്‍ പ്രസിഡന്റാകുമ്പോള്‍ സ്റേറ്റ് സെക്രട്ടറിയാകുന്നത് ഹിലാരിയാണ്. ബില്‍ ക്ളിന്റന്‍ ഫൌണ്ടേഷന് സംഭാവന നല്‍കിയപ്പോള്‍ ഡെമോക്രാറ്റിക് ഭരണത്തിലും കരാറിന്റെ സുഗമമായ നടത്തിപ്പും ആണവവ്യാപാരത്തില്‍ ഇന്ത്യന്‍ വ്യവസായികളുടെ താല്‍പ്പര്യസംരക്ഷണവും അമര്‍സിങ് ലക്ഷ്യമിട്ടിരുന്നതായി വേണം കരുതാന്‍. പത്തുലക്ഷംമുതല്‍ 50 ലക്ഷം ഡോളര്‍വരെ ക്ളിന്റന്‍ ഫൌണ്ടേഷന് നല്‍കിയവരില്‍ സ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ അടക്കമുള്ളവരുണ്ട്. ഇന്ത്യാ വ്യവസായമണ്ഡലം (സിഐഐ) പോലും അമര്‍ സിങ് നല്‍കിയതിലും കുറഞ്ഞ തുകയാണ് ക്ളിന്റന്‍ ഫൌണ്ടേഷന് നല്‍കിയത്. അഞ്ചുലക്ഷത്തിനും 10 ലക്ഷത്തിനുമിടയില്‍ നല്‍കിയവരുടെ പട്ടികയിലാണ് സിഐഐയുള്ളത്. സൌദി ഗവമെന്റ് 4.1 കോടി ഡോളറാണ് നല്‍കിയിരിക്കുന്നത്. മൂന്നുവര്‍ഷംമുമ്പ് ബില്‍ ക്ളിന്റന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അമര്‍സിങ്ങുമായി കൂടിക്കാഴ്ച നടത്തുകയും അമര്‍സിങ്ങിന്റെ ആതിഥ്യം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ അടുപ്പംവച്ച് ഹിലാരിയെ സ്വാധീനിക്കാനും ഇന്ത്യയുമായുള്ള ആണവകരാറിന്റെ തുടര്‍നടപടി സുഗമമാക്കാന്‍ അവരുടെ സഹായം തേടാനും യുപിഎ സര്‍ക്കാര്‍തന്നെ അനൌദ്യോഗിക ഇടനിലക്കാരനായി അമര്‍സിങ്ങിനെ നിയോഗിച്ചിരുന്നെന്നാണ് കരുതുന്നത്. ജൂലൈ 22നു മുമ്പ് നടത്തിയ അമേരിക്കന്‍യാത്രയില്‍ യുപിഎ സര്‍ക്കാരിന് ആണവകരാര്‍ കാര്യത്തില്‍ പിന്തുണ നല്‍കുന്നതിനായി അമേരിക്കന്‍കമ്പനികള്‍ അമര്‍സിങ്ങിന് പണം നല്‍കിയെന്ന് ആരോപണമുണ്ടായിരുന്നു.

ദേശാഭിമാനി 20 12 2008