Friday, September 19, 2008

പണിമുടക്കുകളാര്‍ക്കു വേണ്ടി?

സ്വതന്ത്ര കമ്പോളത്തിന്റെ സ്വര്‍ഗരാജ്യം പകച്ചു നില്‍കുന്ന ദിവസങ്ങളിലൂടെയാണു നാം കടന്നുപൊയ്കൊണ്ടിരിക്കുന്നത്. നോര്‍ത്തേണ്‍ റോക്കും ബെയര്‍ സ്റ്റേണ്‍സും തകര്‍ന്നപ്പോള്‍ അതിനു ഒത്തിരി ഒത്തിരി കാരണങ്ങള്‍ അവര്‍ കണ്ടെത്തി. അതൊക്കെ പറഞ്ഞു വിശ്വസിപ്പിക്കുവാന്‍ കുറെയേറെ വിശദീകരണങ്ങളും നല്‍കി. ഇപ്പോള്‍ ഫ്രെഡിയായി, പിന്നെ ഫാനിയായി . പിറകെ ലീമാന്‍ ആയി . അതിനു പിറകെ മെരില്‍ ലിഞ്ചു വരുന്നു.പിന്നെ എഐജി .മോര്‍ഗന്‍ സ്റ്റാന്‍‌ലി വരിയില്‍ പിറകെ നില്‍ക്കുന്നുവെന്ന് സാമ്പത്തിക വിദഗ്ധന്മാര്‍ പറയുന്നു. സഹസ്ര കോടി ഡോളര്‍ ദിവസവും കമ്പോളത്തിലേക്ക് ഒഴുക്കി വിടുകയാണ്, തകര്‍ന്ന ഭീമന്മരെ രക്ഷിക്കാന്‍. എന്നിട്ടും പിടിച്ചു നില്‍ക്കാന്‍ കഴിയുന്നില്ല. എല്ലാ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളും വിറങ്ങലിച്ചു നില്‍ക്കുന്നു. എല്ലാ വികസിത മുതലാളിത്ത രാജ്യങ്ങളും കമ്പോളത്തിലേക്ക് പണം ഒഴുക്കി വിടുകയാണ്. സഹസ്ര കോടികളുടെ കണക്കാണു നാം വായിക്കുന്നത്.

അമേരിക്കയിലും വന്‍ മുതലാളിത്ത രാജ്യങ്ങളിലും മാത്രമായി ഇതു ഒതുങ്ങാന്‍ പോകുന്നില്ല. ആഗോളവല്‍കരണ കമ്പോളവുമായി തൊട്ടു നില്‍ക്കുന്ന എല്ലാ രാജ്യങ്ങളെയും ഇതു ബാധിക്കാന്‍ പോകുകയാണ്. മെരില്‍ ലിഞ്ചുമായി ബന്ധപ്പെട്ടു ഇന്ത്യയില്‍ ഐസിഐസിഐ മാത്രമല്ല എസ്‌ബിഐയും, ബാങ്ക് ഒഫ് ഇന്ത്യ യും, ബാങ്ക് ഒഫ് ബറോഡയും, പി‌എന്‍ബി യും എച്‌ഡി‌എഫ്‌സിയും ഒക്കെ ഉണ്ടെന്ന വാര്‍ത്ത വന്നിട്ടുണ്ട്. എഐജിയുമായി ചേര്‍ന്ന് ഇന്‍ഷുറന്‍സ് കച്ചവടം നടത്തുന്ന ടാറ്റ എഐജി, അതുപോലെയുള്ള കമ്പനികളും കുഴപ്പത്തിലേക്കു തന്നെയാണു പോകുന്നത്. അതെ വന്ന വാര്‍ത്തകള്‍ ഭീകരമാണ്. വരാനിരിക്കുന്ന വാര്‍ത്തകള്‍ അതിനേക്കാള്‍ ഭീകരമാണ്.

ഇങ്ങനെ നഷ്ടം വന്ന പണമെല്ലാം അവസാനം തട്ടിയെടുക്കപ്പെടുന്നതു നാട്ടുകാരുടെ കയ്യില്‍ നിന്നുമാണ്. തല്‍ക്കാലം കുറെ പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നു കൊടുത്തതും അവസാനം ജനങ്ങള്‍ കൊടുക്കേണ്ടി വരും. അമേരിക്കയിലും ഇംഗ്ലണ്ടിലേയും ജനങ്ങള്‍ മാത്രമല്ല. ലോകത്തിലെ സാധാരണക്കാരെല്ലാം ഇതു സഹിക്കേണ്ടി വരും. എഐജിക്ക് ലോകത്തിലെ മിക്ക രാജ്യങ്ങളിലും ഇന്‍ഷുറന്‍സ് ബിസിനസ്സ് ഉണ്ട് .പെന്‍ഷന്‍ പദ്ധതിയും ഉണ്ട്. സാധരണ ജനങ്ങള്‍ ഇവരെ വിശ്വസിച്ചു എടുത്ത ഇന്‍ഷുറന്‍സ് പോളിസികളും പെന്‍ഷന്‍ നിക്ഷേപങ്ങളും അവര്‍ക്കു നഷ്ടപ്പെടും.

ഓഹരി വില ഇടിഞ്ഞുകൊണ്ടിരിക്കുന്നു. മാര്‍ക്കറ്റുകള്‍ തകര്‍ച്ചയുടെ കഥ പറയുന്നു. അതിന്റെ നഷ്ടവും അവസാനം സാധാരണക്കാ‍രന്റെ ചുമലില്‍ എത്തും.

ഇതു പുതിയ പ്രതിഭാസമല്ല . 1930 നും അതിനു മുന്‍പും അതിനു ശേഷവും മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. അന്നെല്ലം രക്ഷക്ക് ആശ്രയിക്കേണ്ടി വന്നതും ട്രഷറിയെത്തന്നെയാണ്. ആഗോളവല്‍കരണം കയറ്റം കയറാന്‍ തുടങ്ങിയ കാലത്താണ് ലോംഗ് ടേം കാപിറ്റല്‍ മാര്‍ക്കറ്റിന്റെ തകര്‍ച്ചയുണ്ടായത്. റെഗുലേറ്ററി വ്യവസ്ഥകള്‍ കര്‍ശനമാക്കി അതൊക്കെ പരിഹരിച്ചുവെന്നാണ് അപ്പോള്‍ പറഞ്ഞത്. അതിലും എത്രയോ രൂക്ഷമായ തകര്‍ച്ചയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

നിയന്ത്രണങ്ങളില്ലാത്ത കമ്പോളം വളര്‍ച്ചയും വികസനവും കാര്യക്ഷമതയും ഉറപ്പാക്കുമെന്നാണല്ലോ പറഞ്ഞിരുന്നത്. എല്ലാകുഴപ്പത്തിനും കാരണം സ്റ്റേറ്റിന്റെ ഇടപെടലാണെന്നും പറഞ്ഞിരുന്നു. ലൈസന്‍സ് രാജ് എന്നു വിളിച്ച് കളിയാക്കി. ഒരു ചെറിയ നിയന്ത്രണംപോലും അംഗീകരിക്കാനുള്ള സഹിഷ്ണുത കാണിച്ചിരുന്നില്ല. എന്നിട്ടാണ് ഇപ്പോള്‍ മുതലാളിമാര്‍ തകര്‍ത്ത സ്ഥാപനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ പണവും തേടി അവര്‍ കാവല്‍ നില്‍ക്കുന്നത്. എല്ലാം കമ്പോളത്തിനു വിട്ടു കൊടുക്കണമെന്ന് മുറവിളി കൂട്ടുന്ന അമേരിക്കക്ക് ഇങ്ങനെ സംഭവിക്കാമെങ്കില്‍ എന്തായിരിക്കും ഇന്ത്യയുടെ സ്ഥിതി?

ഈ അപകടത്തെപ്പറ്റി നല്ല ധാരണയുള്ളതുകൊണ്ടാണ് തൊഴിലാളി സംഘടനകളും ഇടതുപക്ഷവും ഈ നീക്കങ്ങളെ എന്നും എതിര്‍ത്തു പോന്നിട്ടുള്ളത്. അവരെല്ലാം വികസന വിരുദ്ധരും പിന്തിരിപ്പന്മാരും ആയി ചിത്രീകരിക്കപ്പെട്ടു. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളില്‍ കഴിഞ്ഞ പതിനാറു കൊല്ലങ്ങള്‍ക്കുള്ളില്‍ നടന്ന ഭൂരിപക്ഷം പണിമുടക്കുകളും സര്‍ക്കാര്‍കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഈ നയങ്ങള്‍ക്കെതിരായായിരുന്നു. ശമ്പളം കളഞ്ഞു അവര്‍ പണിമുടക്കിയത് രാജ്യ സ്നേഹം മുന്‍‌നിര്‍ത്തിയായിരുന്നു . തെരുവിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നതു ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു.

പണിമുടക്കിനെതിരെ ആക്രോശിച്ചവര്‍, തൊഴിലാളിയെ പുലഭ്യം പറഞ്ഞവര്‍ ഇപ്പോഴെങ്കിലുമോര്‍ക്കുക. അന്നത് ചെയ്തില്ലായിരുന്നെങ്ങില്‍ ഇന്ത്യയിലെ സാധാരണക്കാരുടെ പെട്ടിയിലെ അവസാന ചില്ലിക്കാശുപോലും ഈ കുത്തൊഴുക്കില്‍ ഒലിച്ചുപോയേനെ. പണിമുടക്കിനെ പുച്ഛിച്ചവര്‍ അറിയുക, ഞങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധമാണ് ഇന്നീ നാടിനെ തകരാതെ നിര്‍ത്തുന്നത്. എതിര്‍ക്കാന്‍ ഇവിടെ ആളില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ എല്ലാ ബാങ്കുകളും ഇന്‍‌ഷുറന്‍സ് സ്ഥാപനങ്ങളും വിദേശ മുതലാളിമാരുടെ കൈകളിലമര്‍ന്നേനെ. ഇന്നാട്ടിലെ സാധാരണക്കാരുടെ പണമിട്ടവര്‍ ഓഹരി ചൂതാട്ട കേന്ദ്രങ്ങളില്‍ അമ്മാനമാടിയേനെ. അമേരിക്കയിലെ സുനാമിയും ഐയ്ക്കും ഇന്ത്യന്‍ തീരങ്ങളെയും കടന്നു ഇവിടുത്തെ ജനങ്ങളെയും സമ്പദ് വ്യവസ്ഥയേയും അറബിക്കടലില്‍ മുക്കിയേനെ.

*
എ. സിയാവുദീന്‍

(BEFI കേന്ദ്രക്കമ്മിറ്റി അംഗമാണ് ലേഖകന്‍)

3 comments:

വര്‍ക്കേഴ്സ് ഫോറം said...

നിയന്ത്രണങ്ങളില്ലാത്ത കമ്പോളം വളര്‍ച്ചയും വികസനവും കാര്യക്ഷമതയും ഉറപ്പാക്കുമെന്നാണല്ലോ പറഞ്ഞിരുന്നത്. എല്ലാകുഴപ്പത്തിനും കാരണം സ്റ്റേറ്റിന്റെ ഇടപെടലാണെന്നും പറഞ്ഞിരുന്നു. ലൈസന്‍സ് രാജ് എന്നു വിളിച്ച് കളിയാക്കി. ഒരു ചെറിയ നിയന്ത്രണംപോലും അംഗീകരിക്കാനുള്ള സഹിഷ്ണുത കാണിച്ചിരുന്നില്ല. എന്നിട്ടാണ് ഇപ്പോള്‍ മുതലാളിമാര്‍ തകര്‍ത്ത സ്ഥാപനങ്ങളെ രക്ഷിക്കാന്‍ സര്‍ക്കാരിന്റെ പണവും തേടി അവര്‍ കാവല്‍ നില്‍ക്കുന്നത്. എല്ലാം കമ്പോളത്തിനു വിട്ടു കൊടുക്കണമെന്ന് മുറവിളി കൂട്ടുന്ന അമേരിക്കക്ക് ഇങ്ങനെ സംഭവിക്കാമെങ്കില്‍ എന്തായിരിക്കും ഇന്ത്യയുടെ സ്ഥിതി?

ഈ അപകടത്തെപ്പറ്റി നല്ല ധാരണയുള്ളതുകൊണ്ടാണ് തൊഴിലാളി സംഘടനകളും ഇടതുപക്ഷവും ഈ നീക്കങ്ങളെ എന്നും എതിര്‍ത്തു പോന്നിട്ടുള്ളത്. അവരെല്ലാം വികസന വിരുദ്ധരും പിന്തിരിപ്പന്മാരും ആയി ചിത്രീകരിക്കപ്പെട്ടു. ബാങ്ക്, ഇന്‍ഷുറന്‍സ് മേഖലകളില്‍ കഴിഞ്ഞ പതിനാറു കൊല്ലങ്ങള്‍ക്കുള്ളില്‍ നടന്ന ഭൂരിപക്ഷം പണിമുടക്കുകളും സര്‍ക്കാര്‍കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഈ നയങ്ങള്‍ക്കെതിരായായിരുന്നു. ശമ്പളം കളഞ്ഞു അവര്‍ പണിമുടക്കിയത് രാജ്യ സ്നേഹം മുന്‍‌നിര്‍ത്തിയായിരുന്നു . തെരുവിലൂടെ മുദ്രാവാക്യം വിളിച്ചു നടന്നതു ജനങ്ങള്‍ക്കു വേണ്ടിയായിരുന്നു.

പണിമുടക്കിനെതിരെ ആക്രോശിച്ചവര്‍, തൊഴിലാളിയെ പുലഭ്യം പറഞ്ഞവര്‍ ഇപ്പോഴെങ്കിലുമോര്‍ക്കുക. അന്നത് ചെയ്തില്ലായിരുന്നെങ്ങില്‍ ഇന്ത്യയിലെ സാധരണക്കാരുടെ പെട്ടിയിലെ അവസാന ചില്ലിക്കാശുപോലും ഈ കുത്തൊഴുക്കില്‍ ഒലിച്ചുപോയേനെ. പണിമുടക്കിനെ പുച്ഛിച്ചവര്‍ അറിയുക, ഞങ്ങള്‍ ഉയര്‍ത്തിയ പ്രതിരോധമാണ് ഇന്നീ നാടിനെ തകരാതെ നിര്‍ത്തുന്നത്. എതിര്‍ക്കാന്‍ ഇവിടെ ആളില്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ എല്ലാ ബാങ്കുകളും ഇന്‍‌ഷുറന്‍സ് സ്ഥാപനങ്ങളും വിദേശ മുതലാളിമാരുടെ കൈകളിലമര്‍ന്നേനെ. ഇന്നാട്ടിലെ സാധാരണക്കാരുടെ പണമിട്ടവര്‍ ഓഹരി ചൂതാട്ട കേന്ദ്രങ്ങളില്‍ അമ്മാനമാടിയേനെ. അമേരിക്കയിലെ സുനാമിയും ഐയ്ക്കും ഇന്ത്യന്‍ തീരങ്ങളെയും കടന്നു ഇവിടുത്തെ ജനങ്ങളെയും സമ്പത്ത് വ്യവസ്ഥയേയും അറബിക്കടലില്‍ മുക്കിയേനെ.

Unknown said...

abhivaadyangal

ജിവി/JiVi said...

ബുദ്ധി ഒരു 25 വര്ഷമെങ്കിലും മുന്നോട്ടുള്ളവര് ഇതൊന്നും കണ്ടിട്ടില്ല.

ഇപ്പൊഴും ഇടത് സംഘടനകള് നടത്തിയ പണിമുടക്കുകള് വഴി എത്ര കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണക്കെടുപ്പ് നടത്തിക്കൊണ്ടിരിക്കയാ ഇപ്പോഴും.

ഉജ്ജ്വലമായ ലേഖനം.