Wednesday, September 3, 2008

നവോത്ഥാനത്തിന്റെ വര്‍ത്തമാനവും ജാതിരഹിത ജാതകരഹിത വിവാഹങ്ങളുടെ പ്രസക്തിയും

ആഗോളമൂലധനശക്തികളും മതഫാസിസത്തിന്റെ വ്യത്യസ്ത രൂപഭാവങ്ങളില്‍ വളര്‍ന്നുവന്നിരിക്കുന്ന പുനരുത്ഥാന ശക്തികളും ചേര്‍ന്ന് അനുനിമിഷം ലോകത്തെ അപമാനവീകരിച്ചുകൊണ്ടിരിക്കുകയാണ്. ചിന്തയുടെയും പ്രയോഗത്തിന്റെയും വികാസപഥങ്ങളില്‍ മനുഷ്യസമൂഹം നൂറ്റാണ്ടുകളിലൂടെ ആര്‍ജ്ജിച്ചെടുത്ത എല്ലാ ദര്‍ശനങ്ങളെയും മാനവീയമൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന ഒരു നവയാഥാസ്ഥിതികധൈഷണികധാര ആഗോളതലത്തില്‍തന്നെ ഭീഷണമായ മാനങ്ങള്‍ കൈവരിച്ചിരിക്കുകയാണ്. സാമൂഹ്യനീതി, സമത്വം, ജ്ഞാനോത്സുകത തുടങ്ങി നവോത്ഥാനപരമായ എല്ലാറ്റിനോടുമുള്ള ആഭിമുഖ്യം ആദര്‍ശതലത്തില്‍പോലും അംഗീകരിച്ചുകൊടുത്തുകൂടായെന്ന് ശഠിക്കുന്ന ഈ നവയാഥാസ്ഥിതികത "സംസ്കാരസംഘര്‍ഷം'' പോലുള്ള സിദ്ധാന്തീകരണങ്ങളിലൂടെ ലോകത്തെ തങ്ങളുടെ ആസുരാധിപത്യത്തിന്‍ കീഴില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സാമ്രാജ്യത്വമൂലധനവ്യവസ്ഥ ലോകമെമ്പാടുമുള്ള തങ്ങളുടെ ഇംഗിതമനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭരണകൂടങ്ങളെയും വര്‍ണ്ണ, വംശവെറിയന്‍ സംഘടനകളെയും ഉപയോഗിച്ച് മത, ജാതി, വര്‍ഗ്ഗീയ കലാപങ്ങള്‍ ഭൂമണ്ഡലത്തിലാകമാനം വളര്‍ത്തുകയാണ്. ജീവിതത്തില്‍നിന്ന് മനുഷ്യത്വവും ഭാഷയില്‍ നിന്ന് സൌഹൃദാര്‍ത്ഥങ്ങളും ചോര്‍ത്തിക്കളയുന്ന നവലിബറല്‍ മൂലധനവ്യവസ്ഥ ക്രൂരതയെ ജീവിതമൂല്യമാക്കി മാറ്റാനാണ് തങ്ങളുടെ നാനാവിധമായ പ്രത്യയശാസ്ത്രപ്രവര്‍ത്തനങ്ങളിലൂടെയും സ്വത്വരാഷ്ട്രീയ നിര്‍മ്മിതിയിലൂടെയും വളരെ ആസൂത്രിതമായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

മതം, ജാതി, വംശം തുടങ്ങി മനുഷ്യര്‍ക്കിടയിലെ വൈജാത്യങ്ങളെ മഹാഭിന്നതകളായി അവതരിപ്പിച്ച് സ്പര്‍ദ്ധയുടെയും വിദ്വേഷത്തിന്റെയും സൈദ്ധാന്തികാവിഷ്കാരങ്ങള്‍ നടത്തുകയാണ് പല ഉത്തരാധുനിക പണ്ഡിതന്മാരും. രക്തശുദ്ധിയുടെയും വംശമാഹാത്മ്യത്തിന്റെയും ഫാസിസ്‌റ്റ് പ്രത്യയശാസ്ത്രവല്‍ക്കരണത്തിലൂടെ നവലിബറല്‍ മൂലധനവ്യവസ്ഥ ആഗ്രഹിക്കുന്ന തരത്തില്‍ ജനസമൂഹങ്ങളില്‍ ഭിന്നതയും സംഘര്‍ഷവും സൃഷ്ടിച്ച് അധിനിവേശവും ചൂഷണവും സുഗമമാക്കുകയാണ്. അമേരിക്കയുടെ അധിനിവേശമോഹങ്ങളെ വിശകലനം ചെയ്തുകൊണ്ട് ചോംസ്ക്കി പ്രസ്താവിച്ചത് മതവും രാഷ്ട്രീയവും വംശീയതയും കൂടി അടഞ്ഞുകിടക്കുന്ന ഒരു "protestant denominationalism''ത്തിന്റെ മൂല്യപ്രമാണങ്ങളാണ് അമേരിക്കന്‍ ബോധത്തെ രൂപപ്പെടുത്തിയിട്ടുള്ളത് എന്നാണ്. മറ്റുള്ള ജനവിഭാഗങ്ങളില്‍ നിന്നെല്ലാം സവിശേഷരും വ്യത്യസ്തരുമാണ് തങ്ങളെന്ന ആംഗ്ളോ സാക്സണ്‍ അധീശത്വബോധമാണ് കറുത്ത പലരോടും ഇതര ജനസമൂഹങ്ങളോടും അമേരിക്ക കാണിക്കുന്ന കടുത്ത വിവേചനത്തിന്റെയും നിഷ്ഠൂരമായ ഹിംസയുടെയും അടിസ്ഥാനമെന്ന് ചോംസ്കി വിശദമാക്കുന്നുണ്ട്.

മനുഷ്യനെ എല്ലാ അതിരുകള്‍ക്കുമപ്പുറത്ത് ഒന്നായി കാണുകയെന്ന ഏറ്റവും സാമാന്യമായ ധാരണകള്‍പോലും ഇന്ന് വെല്ലുവിളിക്കപ്പെടുകയാണ്.

നാമിന്നറിയുന്ന മാനവീയസങ്കല്പങ്ങള്‍ ചരിത്രത്തില്‍ സ്ഥാപിതമായത് മധ്യകാലദൈവനീതിയെയും അന്ധകാരയുഗത്തിന്റെ പാതകങ്ങളെയും ചോദ്യം ചെയ്ത നവോത്ഥാനസമരങ്ങളിലൂടെയാണ്. നവോത്ഥാനപരമായ എല്ലാദര്‍ശനങ്ങളും യുക്തിയുടെയും കാര്യകാരണബന്ധത്തിന്റെയും അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെയും പ്രകാശനമായിരുന്നു. ഏകാന്തവും ദൈവസമാനവുമായ മാനുഷികതയെ അനിവാര്യമായ ഉല്പാദനബന്ധങ്ങളിലൂടെ കൂടുതല്‍ സ്വതന്ത്രവും നീതിബദ്ധവുമായ സാമൂഹ്യനിര്‍മ്മിതിക്കുള്ള ചിന്തയും പ്രയോഗവുമാക്കി പരിവര്‍ത്തനപ്പെടുത്തുകയായിരുന്നു നവോത്ഥാനം. ശാസ്ത്രവും കണ്ടുപിടുത്തങ്ങളും അതിന്റെ ഫലമായ വ്യവസായവിപ്ലവവും കൂടുതല്‍ ഉദാരവും സാര്‍വ്വലൌകികവുമായ മാനവീകതയെക്കുറിച്ചുള്ള സ്വപ്നങ്ങളും വീക്ഷണങ്ങളുമാണ് കാഴ്ചവെച്ചത്. ജ്ഞാനോദയ വിപ്ലവങ്ങളും നവോത്ഥാനവും ജനാധിപത്യവിപ്ലവങ്ങളും മനുഷ്യര്‍ക്കിടയിലെ എല്ലാവിധ ഭിന്നതകളെയും വിവേചനങ്ങളെയും കയ്യൊഴിക്കാന്‍ പഠിപ്പിക്കുന്ന ബോധവും ചിന്താപദ്ധതികളുമാണ് മുന്നോട്ട് വെച്ചത്. സ്വാതന്ത്ര്യം, സമത്വം സാഹോദര്യം, ജനാധിപത്യം, മതേതരത്വം തുടങ്ങിയവ ഉന്നതമായ മാനവിക മൂല്യങ്ങളെ പ്രതിനിധീകരിക്കുന്ന അര്‍ത്ഥസമുച്ചയ സംഹിതകളാണ്. എന്നാല്‍ നൂറ്റാണ്ടുകളിലൂടെ നടത്തിയ മനുഷ്യന്റെ ലോകം സൃഷ്ടിച്ചെടുക്കാനുള്ള എല്ലാ ചരിത്രസംരംഭങ്ങളും ചിന്താപദ്ധതികളും ഇന്ന് ആഗോളമൂലധനത്തിന്റെ വിപണിതാല്‍പര്യങ്ങള്‍ തിരസ്കരിക്കുകയാണ്.

മനുഷ്യാവകാശബോധത്തെ സാര്‍വ്വലൌകികമാക്കുവാനുള്ള നിയോഗം ഏറ്റെടുത്തിട്ടുള്ള ചരിത്രത്തിലെ ഏറ്റവും പുരോഗാമിയായ വര്‍ഗ്ഗമെന്ന നിലയില്‍ തൊഴിലാളി വര്‍ഗത്തിന്റെ ചുമതലയാണിന്ന് ബൂര്‍ഷ്വാസി കയ്യൊഴിഞ്ഞ ജനാധിപത്യമതേതര മൂല്യങ്ങളെ സാമൂഹ്യ ജീവിതത്തില്‍ സാക്ഷാല്‍കരിക്കുകയെന്നത്. ലോകത്തെ മാറ്റിത്തീര്‍ക്കുന്നവര്‍ക്ക് എല്ലാവിധ മനുഷ്യവിവേചനങ്ങളെയും സാമൂഹ്യമര്‍ദ്ദനങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ത്തും സ്വയം മാറിയും മാത്രമെ ചരിത്രമേല്പിച്ച വിപ്ലവകരമായകടമകള്‍ നിര്‍വ്വഹിക്കാനാവൂ. ജീവിതം കൊണ്ട് ചരിത്രം സൃഷ്ടിക്കാത്ത ഒരു ജനതയ്ക്കും വിപ്ലവം സൃഷ്ടിക്കാനാവില്ലെന്ന തിരിച്ചറിവും ചരിത്രദര്‍ശനവും സ്വന്തം പ്രയോഗത്തിന്റെ വഴികാട്ടിയായി സ്വീകരിച്ച സംഘടനകള്‍ക്കും വ്യക്തികള്‍ക്കും മാത്രമേ ആഗോളമൂലധനത്തിന്റെയും മതവര്‍ഗ്ഗീയതയുടെയും ആസുര സ്വാധീനത്തില്‍ നിന്നും സ്വന്തം രാജ്യത്തെയും ലോകത്തെയും വിമോചിപ്പിക്കാന്‍ കഴിയൂ. ചരിത്രത്തെ മനുഷ്യസ്വാതന്ത്ര്യത്തിന്റെ വികാസരേഖയായി കാണുന്നവര്‍ക്ക് ചരിത്രത്തിന്റെ അന്ത്യവും പ്രത്യയശാസ്ത്രങ്ങളുടെ അന്ത്യവും പ്രഖ്യാപിച്ച് ഇനി വ്യവസ്ഥാപരിണാമങ്ങള്‍ സാധ്യമല്ലെന്ന് പറയുന്നവരുടെ ഗുഢലക്ഷ്യങ്ങള്‍ എളുപ്പം മനസ്സിലാവും. വ്യവസ്ഥയുടെ സാധൂകരണവും മൂല്യരഹിതവും പ്രതിലോമകരവുമായൊരു ജീവിതസങ്കല്പവും അടിച്ചേല്പിക്കുകയാണ് ഫുകുയാമമാരും ഹണ്ടിംഗ്ടണ്‍മാരും. വിമോചനത്തെക്കുറിച്ചുള്ള മഹാസ്വപ്നങ്ങളില്‍നിന്നും ജീവിതത്തിന്റെ സാമൂഹ്യാര്‍ത്ഥങ്ങളില്‍നിന്നും പിന്തിരിഞ്ഞ് ചരിത്രം കാലഹരണപ്പെട്ടതെന്ന് വിധിച്ച വ്യവസ്ഥയുടെ ജീര്‍ണ്ണതകളെയും വിചിത്രരീതികളെയും പുല്കികഴിയാനാണ് നവലിബറല്‍ പണ്ഡിതന്മാര്‍ ആഗോള മാധ്യമശൃംഖലകളിലൂടെ പുതിയ തലമുറയെ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഈയൊരു ചരിത്രസന്ദര്‍ഭമാണ് നവോത്ഥാനമൂല്യങ്ങളെ തിരിച്ചുപിടിക്കാനുള്ള ഇടതുപക്ഷ യുവജന സംഘടനകളുടെ പ്രചാരണപ്രക്ഷോഭണ കാമ്പയിനെ പ്രസക്തമാക്കുന്നത്. ജാതിരഹിതവും ജാതകരഹിതവും ആഡംബര രഹിതവുമായ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പരിപാടികള്‍ നമ്മുടെ ജീവിതബന്ധങ്ങളെ നവോത്ഥാനപരമായ മൂല്യങ്ങളാല്‍ സമരോത്സുകമാക്കുന്നതാണ്. സമൂഹത്തെ അനുദിനം അപമാനവീകരിക്കുന്ന മതജാതി വര്‍ഗ്ഗീയതയെയും മൂലധനത്തിന്റെ നവകൊളോണിയല്‍ അധിനിവേശത്തെയും പ്രതിരോധിക്കുന്ന രാഷ്ട്രീയസാമൂഹ്യ ഉദ്യമങ്ങള്‍ക്കേ ഇന്ന് മാനുഷികത സംരക്ഷിക്കാനും വിപ്ലവകരമായ സാമൂഹ്യപരിവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാവാനും സാധിക്കൂ. മതത്തിന്റെ നവോത്ഥാനപരമായ എല്ലാ ദര്‍ശനങ്ങളെയും നിരാകരിക്കുന്ന ബ്രാഹ്മണ മൂല്യങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മനുഷ്യജീവിതത്തിന്റെ സര്‍വ്വവ്യവഹാരങ്ങളെയും നിയന്ത്രിക്കുന്ന അവസ്ഥ കേരളീയ സമൂഹത്തില്‍ പുനരാനയിക്കപ്പെടുകയാണ്. എല്ലാവിധ മാനവീയതയെയും നിരാകരിക്കുന്ന മതജാതിബോധവും ജാതകവിശ്വാസവും ജ്ഞാനത്തിന്റെ മറവില്‍ പുനരുജ്ജീവനം തേടുന്ന യജ്ഞസംസ്കാരവും വിവേകാനന്ദന്‍ പണ്ട് സന്ദേഹിച്ചതുപോലെ കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കുകയാണ്. ഈയൊരു അശ്ളീലവും ജനവിരുദ്ധവുമായ സാമൂഹ്യവ്യവസ്ഥയെ അതിജീവിക്കാന്‍ നവോത്ഥാനത്തിന്റെ മൂല്യങ്ങളെ ജീവിതത്തിന്റെ എല്ലാ വ്യവഹാരങ്ങളിലും യാഥാര്‍ഥ്യമാക്കിക്കൊണ്ടേ മലയാളിക്ക് കഴിയൂ.

വിവാഹം, നവോത്ഥാനം, ജാതിവ്യവസ്ഥ

മനുഷ്യജീവിതത്തിന്റെയും സാമൂഹ്യവികാസത്തിന്റെയും ചരിത്രഗതികളെ നിര്‍ണ്ണയിക്കുന്നത് മനുഷ്യന്റെ ഉല്പാദന പ്രത്യുല്പാദന പ്രവര്‍ത്തനങ്ങളാണ്. മനുഷ്യനാവശ്യമായ വസ്തുക്കള്‍ പ്രകൃതിയെ പുനര്‍നിര്‍മ്മിച്ചുകൊണ്ട് സൃഷ്ടിക്കുന്നതിനെയാണ് ഉല്പാദനപ്രവര്‍ത്തനമെന്ന് വിവക്ഷിക്കുന്നത്. മനുഷ്യന്‍ അവന്റെ വംശത്തിന്റെ തുടര്‍ച്ചയായി നടത്തുന്നതാണ് പ്രത്യുല്പാദനം. ഏതൊരുസമൂഹത്തിലും ഉല്പാദന പ്രത്യുല്പാദനപ്രവര്‍ത്തനങ്ങള്‍ പരസ്പരം സ്വാധീനിച്ചും പ്രതിപ്രവര്‍ത്തിച്ചുമാണ് നിലനില്ക്കുന്നത്. സാമൂഹ്യജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവശാസ്ത്രപരമായ ഒരു ചോദ്യമെന്നതിനപ്പുറം ലൈംഗികതയും സ്ത്രീപുരുഷബന്ധവും സാമൂഹികമായ അര്‍ത്ഥങ്ങളും സംഘടനാ രൂപങ്ങളുമുള്ളതാണ്. വിവാഹവും കുടുംബവുമെല്ലാം മനുഷ്യന്റെ സാമൂഹ്യചരിത്ര വികാസപരിണാമങ്ങള്‍ക്കനുസൃതമായി വ്യത്യസ്തരൂപങ്ങളിലൂടെ വളര്‍ന്നുവന്നിട്ടുള്ളതാണ്. തീര്‍ച്ചയായും വ്യക്തികളുടെ ജീവശാസ്ത്രപ്രേരിതമായ സ്വേച്ഛാ ചെയ്തികളായി മറ്റു ജീവികളെപ്പോലെ മനുഷ്യന്‍ ലൈംഗികതയെ കാണുന്നില്ല. മനുഷ്യന്റെ സാമൂഹ്യചരിത്രത്തില്‍ മതം, ജാതി ഇവയോടെല്ലാം ചേര്‍ന്നുകൊണ്ടാണ് പ്രത്യുല്പാദനബന്ധങ്ങളും രൂപപ്പെട്ടത്.

ഒരു സാമൂഹ്യജീവിയെന്ന നിലയില്‍ ഈ ഭൂമുഖത്ത് മനുഷ്യന്‍ ചുവട് വെച്ചകാലം മുതല്‍ വിവാഹവും ഉണ്ടായി എന്നാണ് കരുതേണ്ടത്. ഉല്പാദനപ്രവര്‍ത്തനംപോലെ വംശവര്‍ദ്ധനവിനുവേണ്ടിയുള്ള പ്രത്യുല്പാദന ബന്ധങ്ങളെയും എല്ലാ പരിഷ്കൃതസമൂഹങ്ങളും വളരെയേറെ പരിഗണനീയമായ, സാമൂഹ്യസംഘടന അനിവാര്യമാക്കുന്ന ഒന്നായിട്ടാണ് കണ്ടുപോന്നത്. മനുഷ്യനും മറ്റുജീവജാലങ്ങളും തമ്മിലുള്ള വ്യത്യാസങ്ങളില്‍ ഒരു പ്രധാന കാര്യവുമിതുതന്നെയാണ്. ബൈബിളിലെ ഉല്പത്തികഥയനുസരിച്ച് ഭൂമിയിലെ ആദ്യദമ്പതികള്‍ ആദവും ഹവ്വയുമാണ്. ആദമിനെ സൃഷ്ടിച്ച ദൈവം അവന്‍ ഏകനായിരിക്കുന്നത് നന്നല്ല എന്നു കണ്ട് അവനൊരു ജീവിത പങ്കാളിയെക്കൂടി സൃഷ്ടിച്ചു നല്കി. ബൈബിളിലെ കുടുംബത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള പരാമര്‍ശമിങ്ങനെയാണ്.

"ഇവള്‍ എന്റെ അസ്ഥിയില്‍ നിന്നുള്ള അസ്ഥിയും മാംസത്തില്‍ നിന്നുള്ള മാംസവും ആകുന്നു. നരനില്‍നിന്നും എടുക്കപ്പെട്ടതിനാല്‍ ഇവള്‍ നാരിയെന്ന് വിളിക്കപ്പെടും. അതിനാല്‍ പുരുഷന്‍ മാതാപിതാക്കളെ വിട്ടു ഭാര്യയോട് പറ്റിച്ചേരും. അവര്‍ ഒരു ശരീരമായിത്തീരും.''

ക്രിസ്തീയ വിശ്വാസമനുസരിച്ച് ഏദന്‍ തോട്ടത്തില്‍ വെച്ച് സ്ഥാപിതമായ ഒരു ദൈവികസ്ഥാപനമാണ് വിവാഹം. ഏറെക്കുറെ എല്ലാ മതങ്ങളും വേദഗ്രന്ഥങ്ങളും വിവാഹത്തെ ദൈവസ്രഷ്ടമായ ഒരു സ്ഥാപനമായിട്ടാണു കാണുന്നത്. മതദര്‍ശനങ്ങളൊന്നും വിവാഹത്തെ വ്യക്തിഗതമായ ഒരു തെരഞ്ഞെടുപ്പിന്റെ പ്രശ്നമായി കണ്ടിരുന്നില്ല. അധീശത്വവ്യവസ്ഥയുടെ ആചാരങ്ങളും മൂല്യസംഹിതകളുമനുസരിച്ച് സ്‌ത്രീയുടെയും പുരുഷന്റെയും രക്ഷാകര്‍ത്താക്കള്‍ തമ്മില്‍ തീരുമാനിച്ചുറപ്പിക്കുന്ന ഒരു ഉടമ്പടിയായിരുന്നു വിവാഹം. ചാതുര്‍വര്‍ണ്യാധിഷ്ഠിതമായ ജാതിവ്യവസ്ഥയാല്‍ ദൃഢീകരിക്കപ്പെട്ട ഇന്ത്യയിലും കേരളത്തിലും വിവാഹമെന്നത് വംശവര്‍ദ്ധനവെന്നതുപോലെ ജാതിവ്യവസ്ഥയുടെ പുനരുല്പാദനം കൂടി സാധിച്ചെടുക്കുന്ന ശുദ്ധാശുദ്ധങ്ങളുടേതായ വരേണ്യമൂല്യങ്ങളെ അരക്കിട്ടുറപ്പിക്കുന്നത് കൂടിയായിരുന്നു. സ്വജാതി, സ്വസമുദായത്തില്‍ നിന്നുതന്നെയുള്ള വിവാഹങ്ങള്‍ ഉറപ്പ് വരുത്തുന്ന ദര്‍ശനമായ വ്യവസ്ഥകളിലും മാമൂലുകളിലും ബന്ധിതമായിരുന്നു. വിവാഹാലോചന മുതല്‍ വിവാഹത്തിന്റെ അനുഷ്ഠാന രീതികള്‍ വരെ മതജാതിപരമായ അത്യാചാരങ്ങളില്‍ നിന്നും മുക്തമാക്കാനും ലളിതമാക്കാനും എല്ലാ നവോത്ഥാന നായകന്മാരും ശ്രമിച്ചിരുന്നു. നമ്മുടെ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ചരിത്രഗതിയില്‍ മനുഷ്യര്‍ക്കിടയില്‍ ജാതീയമായ വേര്‍തിരിവിനെ ഇല്ലാതാക്കാനുള്ള വഴിയായി ജാതിരഹിതമായ വിവാഹങ്ങള്‍ മുന്നോട്ട് വെക്കപ്പെട്ടിരുന്നു.

ജാതിരഹിതവും മതേതരവുമായ ഒരു സാമൂഹ്യനിര്‍മ്മിതിയായി ശാസ്ത്രബോധവും മാനവികതയും പരിഷ്കരണ താല്പര്യവും വികസിപ്പിക്കുകയെന്നത് എല്ലാ ഇന്ത്യന്‍ പൌരന്മാരുടെയും മൌലികകടമകളിലൊന്നായി ഭരണഘടനാപരമായി നിഷ്കര്‍ഷിക്കപ്പെട്ടിട്ടുള്ള രാജ്യമാണ് നമ്മുടേത്. രാജാറാംമോഹന്‍‌റായ് മുതല്‍ ജ്യോതിഫൂലെ, പെരിയോര്‍, നാരായണഗുരു വരെയുള്ള നമ്മുടെ നവോത്ഥാന നായകന്മാരുടെ ജീവിതവീക്ഷണങ്ങളുടെ സഫലീകരണമാണ് ഭരണഘടനയിലെ ഈ ദര്‍ശനം. നവോത്ഥാനത്തിന്റെയും സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളുടെയും സുദീര്‍ഘവും അനുസ്യൂതവുമായ ഇടപെടലുകളുടെ ഫലമായി ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയപ്പെട്ട ഫ്യൂഡല്‍ ജീര്‍ണ്ണതകളും ഭൂതകാലത്തിന്റെ വിചിത്രരീതികളും ഇന്ന് ആഗോളമൂലധനത്തിന്റെ പിന്‍ബലത്തില്‍ സാമൂഹ്യജീവിതത്തിന്റെ സര്‍വ്വരംഗങ്ങളിലും പുനരുഞ്ജീവിക്കപ്പെടുകയാണ്. ഇന്ത്യയിലെ ഇതരപ്രദേശങ്ങളെ അപേക്ഷിച്ച് നവോത്ഥാനപ്രസ്ഥാനങ്ങളിലൂടെയും രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെയും ശ്രദ്ധേയമായ സാമൂഹ്യപുരോഗതി കൈവരിച്ച സംസ്ഥാനമാണല്ലോ കേരളം. ചരിത്രത്തിന്റെ സ്വാഭാവികവും പുരോഗമനോത്സുകവുമായ ഗതിക്ക് തടസ്സം നിന്ന നാടുവാഴിത്തത്തോടും അതിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനമായി വര്‍ത്തിച്ച ജാതിമതയാഥാസ്ഥിതികത്വത്തോടും കലാപം ചെയ്തവരാണ് മലയാളിയുടെ സര്‍വപുരോഗതിക്കും അടിക്കല്ലിട്ടത്.

ബ്രാഹ്മണാധികാരവും അതിന്റെ പ്രത്യയശാസ്ത്രമായ ചാതുര്‍വര്‍ണ്യവുമാണ് മനുഷ്യത്വരഹിതമായ ജാതിവര്‍ഗങ്ങള്‍ക്ക് അടിസ്ഥാനമായത്. കേരളത്തിലും ഇന്ത്യയിലും മുഴുവന്‍ കീഴാളജനതയുടെയും ജീവിതത്തെ ശ്വാസം മുട്ടിച്ച നിഷ്ഠൂരമായ ഈ ജാതിവ്യവസ്ഥയുടെ പൂര്‍വ്വരൂപം ചാതുര്‍വര്‍ണ്യമാണെന്ന് സൂചിപ്പുവല്ലോ. ചാതുര്‍വര്‍ണ്യത്തിന്റെ ആരംഭകാലത്ത് നാല് ജാതികള്‍ക്കേ (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്ര) സ്ഥാനമുണ്ടായിരുന്നുള്ളൂ. ശൂദ്രര്‍ അടിമകളും ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ ജാതികള്‍ ഭരണകര്‍ത്താക്കളും സാമൂഹ്യജീവിതത്തിന്റെ ഉന്നത ശ്രേണികളില്‍ വിരാജിച്ചവരുമായിരുന്നു. വേദകാലങ്ങളില്‍ ക്ഷയിച്ചുതുടങ്ങിയ ഗോത്രജീവിതവ്യവസ്ഥക്കു മുകളിലാണ് സ്വാര്‍ത്ഥ തല്‍പരരായ വൈദികന്മാര്‍ ചാതുര്‍വര്‍ണ്യവ്യവസ്ഥ സ്ഥാപിച്ചെടുക്കുന്നതെന്നും സ്വാമിവിവേകാനന്ദന്‍ നിരീക്ഷിക്കുന്നുണ്ട്. മനുഷ്യരെക്കാള്‍ കൂടുതല്‍ മഹത്വവും ദിവ്യത്വവും പശുവിനും കുരങ്ങിനും കല്പിക്കുന്ന ആര്യാവര്‍ത്തത്തില്‍ ഇപ്പോഴും ജാതിഭ്രാന്ത് ആക്രമണോത്സുകമായൊരു സവര്‍ണ്ണാധികാര പ്രകടനമായി സംഘപരിവാര്‍ കൊണ്ടുനടക്കുന്നുണ്ട്. ശരീരത്തില്‍ തുടങ്ങി വേഷം, ഭക്ഷണം, പാര്‍പ്പിടം, ഭാഷ, ആചാരാനുഷ്ഠാനങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ സമസ്തതലങ്ങളിലും അടുപ്പത്തിനുപകരം അകല്‍ച്ചയുടെ, ശുദ്ധാശുദ്ധങ്ങളുടേതായ ഒരു വ്യവഹാരക്രമം ദൃഢീകരിച്ചു നിര്‍ത്തുകയാണ് ജാതിവ്യവസ്ഥ ചെയ്തത്.

സവര്‍ണ്ണന്റെ ശരീരം തിരുമേനിയായിരുന്നു. സവര്‍ണ്ണശരീരവുമായി സമ്പര്‍ക്കമോ, ഇടപെടലോ. അവര്‍ണ്ണര്‍ക്ക് നിഷിദ്ധമായിരുന്നു. ജാതിയുടെ പേരിലുള്ള അയിത്തം മനുഷ്യത്വത്തിന്റെ എല്ലാ പരിധികളെയും വെല്ലുവിളിക്കുന്നതായിരുന്നു. സാമ്പത്തിക ചൂഷണത്തെക്കാളും അതീവ ക്രൂരമായിരുന്നു സാമൂഹികമായ മര്‍ദ്ദനം. ജാതിയുടെ പേരിലുള്ള അയിത്താചാരം മാനുഷിക മൂല്യങ്ങളെയെല്ലാം ചവിട്ടിമെതിച്ചു. ഈയൊരു ക്രൂരമായൊരു അവസ്ഥയെ ശ്രീ മന്നത്ത് പത്മനാഭന്‍ തന്റെ ആത്മകഥയില്‍ വിവരിക്കുന്നതിങ്ങനെയാണ്;

"അയിത്തമെന്ന് പറഞ്ഞാല്‍ ഏറ്റവും താഴ്ന്നപടിയിലുള്ള ഹരിജനങ്ങള്‍ക്കോ, ഈഴവരാദിയായവര്‍ക്കോ മാത്രമുള്ള ഒരു അപകടമാണെന്ന് ചിലര്‍ ധരിച്ചുവെച്ചിട്ടുണ്ട്. അയിത്തം ഹിന്ദുസമുദായത്തെ ആകമാനം ബാധിച്ച ഒരു മഹാരോഗമാണ്..... പുലയനും പറയനും നീണ്ട തീണ്ടലുണ്ട്. അവര്‍ തമ്മിലും തീണ്ടലുണ്ട്. അതില്‍ കുറഞ്ഞ തീണ്ടല്‍ ഈഴവനുണ്ട്. ആശാരിക്കും മൂശാരിക്കും തീണ്ടലുണ്ട്.''

അവര്‍ണ്ണര്‍ മാത്രമല്ല സവര്‍ണ്ണ വലയത്തിനുള്ളില്‍ വരുന്ന നായര്‍ക്കും തീണ്ടലുണ്ടെന്ന് മന്നത്തു പത്മനാഭന്‍ ഓര്‍മ്മിപ്പിക്കുന്നു. ജാതി അയിത്തത്തിന്റെ ആശ്ളേഷത്തില്‍നിന്ന് ബ്രാഹ്മണനല്ലാതെ മറ്റാരും രക്ഷപ്പെടുന്നില്ലെന്ന് അദ്ദേഹം എഴുതുന്നു.

" പുലയന് 64 അടി, ഈഴവന് 12 അടി, നായര്‍ക്ക് മൂന്നാലടി, രാജാവിന് രണ്ടടി എന്നിങ്ങനെ അടിക്ക് വ്യത്യാസമുണ്ടെന്നല്ലാതെ എല്ലാവര്‍ക്കും തീണ്ടല്‍ ഉണ്ടെന്ന് തന്നെയാണര്‍ത്ഥം. അയിത്തത്തിന്റെ അര്‍ത്ഥവിവരണത്തില്‍ തീണ്ടലും തൊടീലും ഉള്‍പ്പെടുന്നു.''

ജാതിവ്യവസ്ഥയുടെ ഈ നികൃഷ്ടമായ അവസ്ഥയെ ചൂണ്ടിക്കൊണ്ടാണ് മഹാകവി കുമാരനാശാന്‍ ചോദിച്ചത്. “ഭാരതവര്‍ഷത്തില്‍ ജാതി ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുപോലുമായ അത്ര കഠിനമായ ലോകദ്രോഹം ചെയ്തിട്ടുള്ള ഏതെങ്കിലും ഒരു അസുരനെ പതിനെട്ടുപുരാണങ്ങളിലും ഉപപുരാണങ്ങളിലും തിരിച്ചും മറിച്ചും നോക്കിയാല്‍ കാണാന്‍ കഴിയുമോ”?

ജാതി, മതം, വംശം ഇവയ്ക്കെല്ലാമപ്പുറം മനുഷ്യ ബന്ധങ്ങളുടെ ഉദാത്തവും ഉന്നതവുമായ സാമൂഹ്യവ്യവസ്ഥയ്ക്കുവേണ്ടി നിലകൊള്ളുന്നവരെ സംബന്ധിച്ചിടത്തോളം ഉല്പാദനവ്യവസ്ഥയുടെ സാമൂഹ്യവല്‍ക്കരണത്തോടൊപ്പം പ്രത്യുല്പാദന ബന്ധങ്ങളുടെ മാനവീകവും ജനാധിപത്യപരവുമായ പുനഃസംഘാടനത്തിനും തടസ്സം നില്ക്കുന്ന എല്ലാവിധ ഭേദചിന്തകളോടും ആദര്‍ശതലത്തിലും പ്രയോഗതലത്തിലും പോരാടേണ്ടതുണ്ട്. ചരിത്രത്തെ പിറകോട്ട് വലിക്കുന്ന പുനരുത്ഥാനത്തിന്റേതായ എല്ലാ പ്രതിലോമ ചിന്താഗതികള്‍ക്കുമെതിരെ നവോത്ഥാനത്തിന്റെയും ജീവിതനവീകരണത്തിന്റെയും പ്രയോഗപഥങ്ങള്‍ വെട്ടിത്തുറക്കുകയെന്നത് ഏതൊരു പുരോഗമന പ്രസ്ഥാനത്തിന്റെയും കര്‍മ്മപരിപാടിയാവേണ്ട കാലമാണിത്.

ജന്മരാശിപ്പൊരുത്തമെന്ന അസംബന്ധം

ജ്യോതിഷവും അതുപോലുള്ള നിഗൂഢകാര്യങ്ങളും സാധാരണഗതിയില്‍ ദുര്‍ബ്ബലമനസ്സിന്റെ സൂചനകളാണെന്നും അത്തരം കാര്യങ്ങള്‍ നമ്മുടെ മനസ്സില്‍ പ്രാബല്യം നേടുന്നുവെങ്കില്‍ ഉടനെതന്നെ വൈദ്യസഹായം തേടുകയും നല്ലഭക്ഷണം കഴിക്കുകയും വിശ്രമിക്കുകയും ചെയ്യണമെന്നു ഉപദേശിച്ചത് മറ്റാരുമല്ല വിശ്വവിഖ്യാതനായ ഇന്ത്യന്‍ സന്ന്യാസി സ്വാമി വിവേകാനന്ദനാണ്.

കേരളത്തിലിപ്പോള്‍ ജ്യോതിഷവും അതിന്റെ ഭാഗമായ എല്ലാ അന്ധവിശ്വാസങ്ങളും പ്രാബല്യം നേടുകയാണ്. യാതൊരു രാഷ്ട്രീയാടിസ്ഥാനവുമില്ലാത്ത ഒരു "കല്പിതശാസ്ത്ര''ത്തിന്റെ പ്രവചനവിധികള്‍ക്ക് കാതോര്‍ത്തിരിക്കുന്ന ഒരു സമൂഹമായി മലയാളികള്‍ മാറിക്കഴിഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ആകര്‍ഷകമായ ഒരു കൂട്ടം പ്രതീകങ്ങളും നിഗൂഢമായ രാശിചക്രങ്ങളും ദുര്‍ഗ്രാഹ്യമായ ഗണിതക്രിയകളുമൊക്കെയാണ് ജ്യോതിഷത്തിന്റെ ഉപകരണങ്ങള്‍. ഒരാളുടെ ജനനമുഹൂര്‍ത്തത്തില്‍ സൂര്യന്റെയും ചന്ദ്രന്റെയും മറ്റു ഗ്രഹങ്ങളുടെയും സ്ഥാനങ്ങള്‍ ഏതായിരുന്നു എന്ന് മനസ്സിലാക്കുന്നതില്‍ നിന്നും അയാളുടെ സ്വഭാവം, അയാളുടെ വിധി തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതാണല്ലോ ജ്യോതിഷത്തിന്റെ അടിസ്ഥാനതത്വം. അതിനായിട്ടാണല്ലോ ജാതകം തയ്യാറാക്കപ്പെടുന്നത്.

ജ്യോതിഷമെന്ന Fiction science ന്റെ അടിസ്ഥാനമെന്താണ്? ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന അടിസ്ഥാനത്തിലാണ് ജ്യോതിഷം രൂപപ്പെട്ടത്. കോപ്പര്‍നിക്കസ്സിന് മുമ്പുള്ള പ്രപഞ്ചമാതൃക വെച്ചുകൊണ്ടാണ് ജ്യോത്സ്യന്മാര്‍ ഈ ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്നത്. ജ്യോതിഷം ഇപ്പോഴും അതാവിഷ്കരിക്കപ്പെട്ട കാലത്തെ ഭൂമിക്ക് പുറമെയുള്ള അഞ്ച് ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി. നമ്മുടെ സൌരയൂഥത്തില്‍ ആയിരക്കണക്കിന് ലഘുഗ്രഹങ്ങളും നൂറുകണക്കിന് വാല്‍നക്ഷത്രങ്ങളും ഡസന്‍കണക്കിന് ഉപഗ്രഹങ്ങളുമെല്ലാമുണ്ടെന്ന കാര്യം ഇന്നും പല ജോത്സ്യന്മാരും അംഗീകരിക്കുന്നില്ല. അവരുടെ രീതികളിലും ഗണിതക്രിയകളിലും ഈ ഗ്രഹങ്ങള്‍ക്കൊന്നും ഒരു സാംഗത്യവുമില്ല. നമ്മുടെ ക്ഷീരപഥത്തിനു പുറത്ത് സഹസ്രകോടിക്കണക്കായ നക്ഷത്രയൂഥങ്ങളുണ്ടെന്നും നമുക്കറിയാം. ഇതിന് പുറമെ പള്‍സാറുകളും ക്വാസാറ്റുകളും തമോഗര്‍ത്തങ്ങളും പോലുള്ള മറ്റൊട്ടേറെ വിചിത്ര വസ്തുക്കളുമുണ്ട്. വാനമണ്ഡലത്തിലെ ഈ വസ്തുക്കളെയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരു ജാതകം തയ്യാറാക്കാന്‍ ഏത് ജ്യോതിഷിക്കാണ് കഴിയുക?

ഭാരതത്തില്‍ നടപ്പിലുള്ള വൈദിക ജ്യോതിഷത്തിന്റെ സവിശേഷതയാണ് രാശിചക്രത്തിലെ രണ്ട് സാങ്കല്പികഗ്രഹങ്ങള്‍; രാഹുവും കേതുവും. ഈ രാഹുവും കേതുവും അദൃശ്യമായ രണ്ടു തമോഗ്രഹങ്ങളാണെന്നാണ് പല ജ്യോതിഷികളുടേയും വിശദീകരണം. അദൃശ്യമായിരിക്കുമ്പോഴും അവ നമ്മുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നുവെന്നാണ് അവരുടെ ന്യായം. വെറും അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കിയ ഗണനവ്യവസ്ഥ എങ്ങനെ ശരിയാകുമെന്ന സാമാന്യയുക്തിപോലും ജ്യോതിഷികള്‍ക്കും അതിന്റെ വിശ്വാസികള്‍ക്കും നഷ്ടപ്പെട്ടുപോവുന്നു. ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ യാത്രയും വിവാഹവും മറ്റൊരുപാട് ചടങ്ങുകളും രാഹുകാലവും ഗുളികകാലവും നോക്കി ക്രമീകരിക്കുന്നു.

ഒരാളുടെ വ്യക്തിത്വസവിശേഷതകളും ശാരീരിക പ്രത്യേകതകളും അയാളുടെ മാതാപിതാക്കളില്‍നിന്നും പരമ്പരാഗതമായി സിദ്ധിക്കുന്നതാണെന്നും അവ ജനനസമയത്തല്ല ഗര്‍ഭധാരണ സമയത്തുതന്നെ സംഭവിക്കുന്നുണ്ടെന്നും ജനനശേഷം ചുറ്റുപാടുകളുടെ സ്വാധീനഫലമായി ഈ ശാരീരിക വ്യക്തിത്വ സവിശേഷതകള്‍ പരിഷ്കരിക്കപ്പെടാന്‍ ഇടയുണ്ടെന്നുമാണ് ജീവശാസ്ത്രം പഠിപ്പിക്കുന്നത്. പരീക്ഷണ നിരീക്ഷണങ്ങളുടെ സൈദ്ധാന്തിക പിന്‍ബലമുണ്ട് ഈ നിരീക്ഷണത്തിന്. എന്നാല്‍ ജ്യോത്സ്യന്മാര്‍ പറയുന്നത് ശാരീരിക സവിശേഷതകള്‍ക്ക് ഒരാളുടെ ജാതകവുമായിട്ടാണ് ബന്ധം എന്നാണ്. ജാതകത്തിന്റെ അടിസ്ഥാനം ജനനസമയവും. തീര്‍ച്ചയായും അങ്ങനെവരുമ്പോള്‍ ജ്യോതിഷജാതകത്തിനുപകരം ജനിതകജാതകമാണ് (Genetical horoscope) തയ്യാറാക്കേണ്ടത്. വിവാഹത്തിനുമുമ്പ് വധൂവരന്‍മാരുടെ ജനിതകജാതകങ്ങള്‍ തമ്മിലാണ് പൊരുത്തമുണ്ടോയെന്ന് പരിശോധിക്കേണ്ടത്. ജനനസമയം എങ്ങനെയാണ് കണക്കാക്കുന്നത്? ജനനം എന്നു പറയുന്നത് ഒരു നിമിഷംകൊണ്ടുസംഭവിക്കുന്ന പ്രക്രിയയല്ലല്ലോ. സമയത്തെ കൃത്യമായി കണക്കാക്കുന്ന ക്ളോക്കുകള്‍ കണ്ടുപിടിക്കുന്നതിനുമുമ്പ് ജനനസമയം നിര്‍ണ്ണയിക്കാന്‍ ജ്യോത്സ്യന്‍മാര്‍ എന്താണ് ചെയ്തിരുന്നത്. ജ്യോതിശ്ശാസ്ത്രജ്ഞന്മാര്‍ ചെയ്യാറുള്ളതുപോലെ പ്രകാശത്തിന്റെ സാപേക്ഷികത അനുസരിച്ചുള്ള വ്യതിയാനങ്ങള്‍ക്കും ജ്യോത്സ്യന്മാര്‍ ഇടം കണ്ടെത്താറുണ്ടോ? പ്രകാശം ഒരു സെക്കന്റില്‍ മൂന്നുലക്ഷം കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്നുവെന്ന് നമുക്കറിയാം. സൂര്യനില്‍ നിന്ന് പുറപ്പെടുന്ന പ്രകാശം ഭൂമിയിലെത്താന്‍ ഏതാണ്ട് 8 മിനിട്ട് സമയം എടുക്കുന്നതുകൊണ്ട് നാം സൂര്യനെ കാണുമ്പോള്‍ ഏതാണ്ട് 8 മിനിട്ട് മുമ്പുണ്ടായിരുന്ന സ്ഥാനത്താണ് സൂര്യനെ കാണുന്നത്. ശുക്ര ഗ്രഹത്തെകാണുമ്പോള്‍ യാഥാര്‍ത്ഥ ശുക്രസ്ഥാനവും നാം കാണുന്ന ശുക്രന്റെ സ്ഥാനവും തമ്മില്‍ 6 മിനിട്ടിന്റെ വ്യത്യാസമുണ്ട്. ഗ്രഹങ്ങളുടെ രാശി ചക്രത്തില്‍ ഉള്‍പ്പെടുന്ന മറ്റു ഗ്രഹങ്ങളുടെ കാര്യത്തിലും വ്യത്യസ്തതോതില്‍ ഇത് ബാധകമാണ്. ഇതനുസരിച്ച് രാശിചക്രങ്ങളില്‍ ഏതാനും മിനിട്ടുകള്‍മുതല്‍ ദശലക്ഷക്കണക്കിന് വര്‍ഷങ്ങളുടെവരെ സമയത്തിന്റെ കാലഹരണം സംഭവിച്ചിരിക്കുന്നതായി കാണാം.

ദമ്പതികള്‍ തമ്മിലുള്ള പൊരുത്തം മുഖ്യമായും അവരുടെ ജന്മരാശികള്‍ തമ്മിലുള്ള പൊരുത്തമനുസരിച്ചാണെന്നാണല്ലോ ജ്യോതിഷത്തിന്റെ കാഴ്ചപ്പാട്. ഈയൊരു വാദഗതിയെക്കുറിച്ച് ഗൌരവാവഹമായ പഠനങ്ങളും അന്വേഷണങ്ങളും ബെര്‍ണാഡ് സില്‍വര്‍മാന്‍ നടത്തുകയുണ്ടായി. ജന്മരാശിപ്പൊരുത്തമനുസരിച്ച് വിവാഹിതരായ 2978 ദമ്പതിമാരുടെയും ജന്മരാശിരേഖകള്‍ സില്‍വര്‍മാര്‍ പഠന വിധേയമാക്കി. വിവാഹത്തിന്റെയോ വിവാഹമോചനത്തിന്റെയോ കാര്യത്തില്‍ രാശിചിഹ്നങ്ങളുടെ പൊരുത്തം നിര്‍ണ്ണായകമായിരുന്നെങ്കില്‍ വിവാഹിതര്‍ക്കിടയില്‍ രാശിപ്പൊരുത്തം ഉള്ളവര്‍ കൂടുതലും വിവാഹമോചിതരില്‍ രാശിപ്പൊരുത്തമില്ലാത്തവര്‍ കൂടുതലുമാകേണ്ടിയിരുന്നു. സില്‍വര്‍ മാന്റെ പഠനം കാണിച്ചത് അങ്ങനെയല്ല. ദാമ്പത്യത്തിന്റെ പൊരുത്തത്തിലും പൊരുത്തക്കേടിലും ജന്മരാശികള്‍ സ്വാധീനം ചെലുത്തുമെന്നുള്ള വിശ്വാസം അസംബന്ധം മാത്രമാണ്. അസംബന്ധങ്ങള്‍ കാര്യവിവരമുള്ളവരുടെ എതിര്‍പ്പുകളില്ലാതെ അംഗീകരിക്കപ്പെടുന്ന ഭയാനകമായ അവസ്ഥയാണ് കേരളത്തിലുള്ളത്.

*

കെ ടി കുഞ്ഞിക്കണ്ണന്‍, കടപ്പാട്: യുവധാര

7 comments:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലിപ്പോള്‍ ജ്യോതിഷവും അതിന്റെ ഭാഗമായ എല്ലാ അന്ധവിശ്വാസങ്ങളും പ്രാബല്യം നേടുകയാണ്. യാതൊരു രാഷ്ട്രീയാടിസ്ഥാനവുമില്ലാത്ത ഒരു "കല്പിതശാസ്ത്ര''ത്തിന്റെ പ്രവചനവിധികള്‍ക്ക് കാതോര്‍ത്തിരിക്കുന്ന ഒരു സമൂഹമായി മലയാളികള്‍ മാറിക്കഴിഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ആകര്‍ഷകമായ ഒരു കൂട്ടം പ്രതീകങ്ങളും നിഗൂഢമായ രാശിചക്രങ്ങളും ദുര്‍ഗ്രാഹ്യമായ ഗണിതക്രിയകളുമൊക്കെയാണ് ജ്യോതിഷത്തിന്റെ ഉപകരണങ്ങള്‍. ഒരാളുടെ ജനനമുഹൂര്‍ത്തത്തില്‍ സൂര്യന്റെയും ചന്ദ്രന്റെയും മറ്റു ഗ്രഹങ്ങളുടെയും സ്ഥാനങ്ങള്‍ ഏതായിരുന്നു എന്ന് മനസ്സിലാക്കുന്നതില്‍ നിന്നും അയാളുടെ സ്വഭാവം, അയാളുടെ വിധി തുടങ്ങിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതാണല്ലോ ജ്യോതിഷത്തിന്റെ അടിസ്ഥാനതത്വം. അതിനായിട്ടാണല്ലോ ജാതകം തയ്യാറാക്കപ്പെടുന്നത്.

ജ്യോതിഷമെന്ന Fiction science ന്റെ അടിസ്ഥാനമെന്താണ്? ഈ പ്രപഞ്ചത്തിന്റെ കേന്ദ്രം ഭൂമിയാണെന്ന അടിസ്ഥാനത്തിലാണ് ജ്യോതിഷം രൂപപ്പെട്ടത്. കോപ്പര്‍നിക്കസ്സിന് മുമ്പുള്ള പ്രപഞ്ചമാതൃക വെച്ചുകൊണ്ടാണ് ജ്യോത്സ്യന്മാര്‍ ഈ ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്നത്. ജ്യോതിഷം ഇപ്പോഴും അതാവിഷ്കരിക്കപ്പെട്ട കാലത്തെ ഭൂമിക്ക് പുറമെയുള്ള അഞ്ച് ഗ്രഹങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി. നമ്മുടെ സൌരയൂഥത്തില്‍ ആയിരക്കണക്കിന് ലഘുഗ്രഹങ്ങളും നൂറുകണക്കിന് വാല്‍നക്ഷത്രങ്ങളും ഡസന്‍കണക്കിന് ഉപഗ്രഹങ്ങളുമെല്ലാമുണ്ടെന്ന കാര്യം ഇന്നും പല ജോത്സ്യന്മാരും അംഗീകരിക്കുന്നില്ല. അവരുടെ രീതികളിലും ഗണിതക്രിയകളിലും ഈ ഗ്രഹങ്ങള്‍ക്കൊന്നും ഒരു സാംഗത്യവുമില്ല. നമ്മുടെ ക്ഷീരപഥത്തിനു പുറത്ത് സഹസ്രകോടിക്കണക്കായ നക്ഷത്രയൂഥങ്ങളുണ്ടെന്നും നമുക്കറിയാം. ഇതിന് പുറമെ പള്‍സാറുകളും ക്വാസാറ്റുകളും തമോഗര്‍ത്തങ്ങളും പോലുള്ള മറ്റൊട്ടേറെ വിചിത്ര വസ്തുക്കളുമുണ്ട്. വാനമണ്ഡലത്തിലെ ഈ വസ്തുക്കളെയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള ഒരു ജാതകം തയ്യാറാക്കാന്‍ ഏത് ജ്യോതിഷിക്കാണ് കഴിയുക?

ഭാരതത്തില്‍ നടപ്പിലുള്ള വൈദിക ജ്യോതിഷത്തിന്റെ സവിശേഷതയാണ് രാശിചക്രത്തിലെ രണ്ട് സാങ്കല്പികഗ്രഹങ്ങള്‍; രാഹുവും കേതുവും. ഈ രാഹുവും കേതുവും അദൃശ്യമായ രണ്ടു തമോഗ്രഹങ്ങളാണെന്നാണ് പല ജ്യോതിഷികളുടേയും വിശദീകരണം. അദൃശ്യമായിരിക്കുമ്പോഴും അവ നമ്മുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നുവെന്നാണ് അവരുടെ ന്യായം. വെറും അഭ്യൂഹങ്ങളെ അടിസ്ഥാനമാക്കിയ ഗണനവ്യവസ്ഥ എങ്ങനെ ശരിയാകുമെന്ന സാമാന്യയുക്തിപോലും ജ്യോതിഷികള്‍ക്കും അതിന്റെ വിശ്വാസികള്‍ക്കും നഷ്ടപ്പെട്ടുപോവുന്നു. ആയിരക്കണക്കിനാളുകള്‍ തങ്ങളുടെ യാത്രയും വിവാഹവും മറ്റൊരുപാട് ചടങ്ങുകളും രാഹുകാലവും ഗുളികകാലവും നോക്കി ക്രമീകരിക്കുന്നു.

ശ്രീ കെ ടി കുഞ്ഞിക്കണ്ണന്‍ യുവധാരയില്‍ എഴുതിയ പഠനാര്‍ഹമായ ലേഖനം പോസ്റ്റ് ചെയ്യുന്നു.

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല പോസ്റ്റ്.
ഇന്ത്യയെന്തെന്നു പഠിക്കാന്‍ സവര്‍ണ്ണത എന്തെന്നു മനസ്സിലാക്കുക തന്നെ വേണം.സവര്‍ണ്ണജാതീയതയെ തോല്‍പ്പിക്കാനായാല്‍ ഇന്ത്യ രക്ഷപ്പെട്ടു.

ഇത്തരം വിഷയങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ മൌനം ജാതി-മത പിന്തിരപ്പന്‍ സമൂഹ്യ വ്യവസ്ഥിതിക്ക് വളമായിമാറുന്നതില്‍ ഹൃദയ വ്യഥ അനുഭവിക്കുന്ന വലിയൊരു വിഭാഗം കേരളത്തിലുണ്ട്.

മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും,സാമൂഹ്യ വിപ്ലവത്തിനായി സ്വന്തം ജീവിതം തന്നെ മാതൃകയാക്കി സ്വയം സത്യസന്ധത പാലിക്കുകയും ചെയ്ത ഉദ്ബുദ്ധമലയാളിയെ വോട്ടുപെട്ടി രാഷ്ട്രീയത്തിന്റെ തിരക്കിനിടയില്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ മറന്നുപോയതിന്റെ കോട്ടമാണ് ഇപ്പോള്‍ കേരള സമൂഹത്തിനുള്ളത്.

ജാതി-മത വര്‍ഗ്ഗീയ ബന്ധങ്ങളെ സ്വജീവിതത്തില്‍ നിന്നും പറിച്ചെറിയുന്നവരെ മാത്രമേ സ്ഥാനമാനങ്ങളില്‍ അവരോധിക്കു എന്ന ചെറിയൊരു തീരുമാനം സി.പി.എം. എടുക്കുകയും,നടപ്പിലാക്കാന്‍ പാര്‍ട്ടി സെക്രട്ടറി ശുഷ്ക്കാന്തി പുലര്‍ത്തുകയും ചെയ്താല്‍ കേരളത്തിന്റെ നവോദ്ധാനത്തിന്റെ ശുഭാരംഭമായിരിക്കുമത്.

കോണ്‍ഗ്രസ്സ്,മുസ്ലീംപാര്‍ട്ടികള്‍,
കൃസ്ത്യാനികോണ്‍ഗ്രസ്സുകള്‍,ബ്രാഹ്മണ ജനത പാര്‍ട്ടി തുടങ്ങിയ വര്‍ഗ്ഗീയ പിന്തിരിപ്പന്‍ കച്ചവട പാര്‍ട്ടികളെ നന്നാക്കാന്‍ ആര്‍ക്കും കഴിയില്ല.
എന്നാല്‍, ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് സ്വയം നന്നാവാന്‍ കഴിയുന്നതുമാണ്.
പരസ്പ്പരമുള്ള അടിക്കു കാരണമായ (അന്യന്റെ അഭിപ്രായങ്ങള്‍ക്ക് ഇടം നല്‍കിയില്ലെങ്കില്പോലും, ആ വ്യക്തിയെ ബഹുമാനിക്കാനുള്ള) സഹിഷ്ണുതയില്ലായ്മ;അണികളെ കൊലക്കുകൊടുത്ത് നടത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയം; വന്ദ്യ വയോധികരായ നേതാക്കളോട് അഭിപ്രായ വ്യത്യസങ്ങളുടെ പേരില്‍ കാണിക്കുന്ന പക;അക്രമവാസന;അന്യ പാര്‍ട്ടികളിലെ തൊഴിലാളിവര്‍ഗ്ഗത്തെ മനുഷ്യരായി കാണാനാകാത്ത ചിന്തയുടെ ഇടുങ്ങല്; ജാതിയത,ബ്രാഹ്മണ്യം,നാടുവാഴിത്വം,പണം,
രാജകീയത,പാരമ്പര്യം,ആചാരങ്ങള്‍, ആടം‌മ്പരം,ആരാധനാലയങ്ങള്‍ തുടങ്ങിയവയോടുള്ള ആരാധനാ മനോഭാവം;പാര്‍ട്ടി അടിമകളോ മൂടുതാങ്ങികളോ അല്ലാത്തവരായ ആത്മാഭിമാനികളോടു തോന്നുന്ന ശത്രുഭയം;
കൂടെ നില്‍ക്കുന്നവര്‍ക്കിടയി‌ല്‍ പോലും ഒരാള്‍ ആത്മാഭിമാനിയെങ്കില്‍ അയാളെ വര്‍ഗ്ഗശത്രുവായി പ്രഖ്യാപിച്ച് നരകിപ്പിച്ച് നശിപ്പിക്കുന്ന (ആത്മഹത്യാപരമായ) പ്രാകൃത-ജന്മിത്വ അടിമ മാനേജുമെന്റ് രീതി തുടങ്ങിയ സ്വന്തം പോരായ്മകള്‍ പരിഹരിച്ചാല്‍ ഇപ്പോഴത്തെ വട്ടച്ചൊറിയല്ലാതെ,ഇന്ത്യ തന്നെ ഭരിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞേനേ !

വര്‍ക്കേഴ്സ് ഫോറം said...

പ്രിയ ചിത്ര കാരന്‍,

മറ്റാരും അധികം ശ്രദ്ധിക്കാത്ത ഒരു നല്ല ലേഖനം ശ്രദ്ധിച്ചതിനും പൊതു ചര്‍ച്ചയ്ക് വിധേയമാക്കുന്നതിനും താങ്കള്‍ എടുത്ത മുന്‍‌കൈയ്ക്ക് ആദ്യമേ നന്ദി രേഖപ്പെടുത്തട്ടെ.

ശ്രീ. കുഞ്ഞിക്കണ്ണന്‍ ഉയര്‍ത്തുന്നത് സി.പി.എമ്മോ മറ്റേതെങ്കിലും രാഷ്ട്രീയകക്ഷിയുമായോ മാത്രം ബന്ധപ്പെട്ട വിഷയമല്ല എന്നു സൂചിപ്പിക്കട്ടെ. മറിച്ച് നമ്മുടെ സമൂഹത്തില്‍ അപചയം സംഭവിച്ചുകൊണ്ടിരിക്കുന്ന യുക്തിചിന്ത, അതുളവാക്കുന്ന പ്രശ്നങ്ങള്‍ എന്നിവയിലല്ലേ അതിന്റെ ഊന്നല്‍?

സാമൂഹ്യപുരോഗതിക്കായുള്ള പോരാട്ടം കേരളത്തില്‍ നടത്തിയിട്ടുള്ളത് കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല; അവര്‍ക്കൊരു സുപ്രധാന പങ്ക് അതിലുണ്ടെങ്കിലും. അത്തരത്തില്‍ പോരാട്ടം നടത്തിയിട്ടുള്ള പലരെക്കുറിച്ചും ലേഖനത്തില്‍ പരാമര്‍ശമുണ്ടല്ലോ. നാം ഇതുവരെയായി നേടിയ സാമൂഹ്യപുരോഗതിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയത്തെക്കുറിച്ചുള്ള പ്രസക്തമായ ചില ചോദ്യങ്ങള്‍ ലേഖകന്‍ വായനക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ്. ആ അപചയത്തെക്കുറിച്ചുള്ള ചര്‍ച്ച ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കെതിരായ വിമര്‍ശനം മാത്രമായി ഒതുങ്ങിപ്പോകുന്നത് വിഷയത്തിന്റെ ഗൌരവം ഇല്ലാതാക്കും എന്ന് തോന്നുന്നു. ചിത്രകാരനു ഏതൊരു രാഷ്ട്രീയകക്ഷിയെയും വിമര്‍ശിക്കാനുള്ള അവകാശത്തെ 100% അംഗീകരിക്കുന്നു. ചിത്രകാരന്‍ പറയുന്നതിനെ അതിന്റെ സ്പിരിറ്റില്‍ ഉള്‍ക്കൊണ്ടു കൊണ്ടു തന്നെ പറയട്ടെ, ഏതെങ്കിലും ഒരു രാഷ്ടീയ കക്ഷിക്കു പറ്റിയ പാളിച്ചകള്‍ അല്ല നമ്മുടെ സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക മണ്ഡലങ്ങളിലെ നിലവാരത്തകര്‍ച്ചക്കു കാരണം. പാര്‍ട്ടികളും സമൂഹവും അന്യോന്യം സ്വാധീനം ചെലുത്തുകയും ചെലുത്തപ്പെടുകയും ചെയ്യുന്നുണ്ട്. എന്നിരിക്കെ തന്നെ.

നമുക്കിന്നാവശ്യം ബൌദ്ധിക, സാമൂഹിക, മത, രാഷ്ട്രീയ മേഖലകളിലെ ബന്ധപ്പെട്ട എല്ലാവരും യോജിച്ചുകൊണ്ടുള്ള ഒരു ബഹുമുഖ പ്രചരണ/ പ്രവര്‍ത്തന പരിപാടിയാണ്. അതു വഴി മാത്രമേ പുതു തലമുറയെ പോസ്റ്റില്‍ സൂചിപ്പിച്ച പ്രശ്നങ്ങള്‍ക്കു മൂലകാരണമായ വര്‍ഗീയ, സാമ്രാജ്യത്വ, നവലിബറല്‍ ശക്തികളുടെ സ്വാധീനവലയത്തില്‍ അകപ്പെടുന്നതില്‍ നിന്നു തടയുന്നതിനും, ഒരു പുരോഗമന സമൂഹം എന്ന നിലയിലുള്ള നമ്മുടെ അസ്തിത്വം നിലനിര്‍ത്തുന്നതിനും കഴിയൂ.

ജാതീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായ മുന്‍‌കൈയില്ലായ്‌മ ജാതി-മത പിന്തിരപ്പന്‍ സമൂഹ്യ വ്യവസ്ഥിതിക്ക് വളമായിമായി മാറിയിരുന്നു എന്ന വിമര്‍ശനം ഒരു പരിധി വരെ ശരി തന്നെയാണ്. ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് സ്വയം നന്നാവാന്‍ കഴിയുമെന്ന ശുഭ പ്രതീക്ഷയുണ്ട്. ഈ പ്രതീക്ഷ പോലുമില്ലെങ്കിലോ?

Baiju Elikkattoor said...

ചിത്രകാരന്റെ വീക്ഷണം ഇന്നത്തെ ഇടതു പക്ഷത്തിന്റെ ജീര്‍ണതയെ (പ്രത്യകിച്ചും CPM) ശരി വയ്ക്കുന്നതാണ്.....!

Anonymous said...

baiju

couldn't get

intolerence?

Anonymous said...

നില നില്‍ക്കുന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ടുകൊണ്ടല്ലാതെ ജാതീയതയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് ശരിയാവുകയില്ല. പ്രചരണ/പ്രവര്‍ത്തന പരിപാടികളിലൂടെ മാത്രം ജാതീയതയെയും അന്ധവിശ്വാസങ്ങളെയും ഉന്മൂലനം ചെയ്യ്‌വാ‍ന്‍ ആകുമായിരുന്നെങ്കില്‍, യുക്തിവാദികളുടെ പ്രവര്‍ത്തനം പണ്ടേ വിജയിക്കുമായിരുന്നു. അതുണ്ടായിട്ടില്ല എന്നത് ഉറപ്പാന്ണല്ലോ. ഫ്യൂഡല്‍ വ്യവസ്ഥയുടെ ബാക്കി നില്‍ക്കുന്ന അംശത്തെ കാണാതിരുന്നു കൂടാ. ആ അംശങ്ങളെ ഇല്ലാതാക്കുന്നതിനുള്ള രാഷ്ട്രീയ പ്രവര്‍ത്തനം അനിവാര്യമാണ്. അതിലൂടെ മാത്രമേ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ ഇക്കാര്യത്തില്‍ ഒരു വിജയം ഉണ്ടാകൂ.

ഇടതുപക്ഷ സംഘടനകളില്‍ ഉള്ള തെറ്റായ ഏത് സ്വാധീനവും നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഒഴിവാക്കാനാവാത്തതാണ്. അതുണ്ടാവും. തിരുത്തുന്നതിനായുള്ള വിമര്‍ശനവും പ്രസക്തം തന്നെ. സ്വാധീനവും തിരുത്തല്‍ ശ്രമവും തമ്മിലുള്ള ഒരു സംഘര്‍ഷം എപ്പോഴും കാണും. തെറ്റായ സ്വാധീനത്തെക്കുറിച്ചുള്ള വിമര്‍ശനം മൊത്തത്തില്‍ ഇടത് പക്ഷത്തിനു ദോഷകരമാകുന്ന തരത്തില്‍ ആകാതെ ശ്രദ്ധിക്കേണ്ടതുണ്ട്. മാറ്റത്തിനായുള്ള രാഷ്ട്രീയ പോരാട്ടത്തില്‍ നാം ആരുടെ കൂടെ എന്നതാണ് കൂടുതല്‍ പ്രസക്തവും പ്രധാനവുമായ കാര്യം.

Baiju Elikkattoor said...

അടി കണക്കു ഇന്നു നിലവിലില്ലെങ്കിലും ജാതി മിക്ക കേരളിയെന്റെയും മനസ്സിലുണ്ട്. തൊട്ടുകൂടായ്മയും പ്രത്യക്ഷത്തില്‍ ഇല്ലെന്നു മാത്രം. ഉദാഹരണം - ഒരാളെ പരിചയപ്പെടുമ്പോള്‍, പലപ്പോഴും എന്താണ് അയാളുടെ ജാതി/മതം എന്നറിയാനുള്ള വ്യഗ്രത ചോദ്യങ്ങളിലും മറുപടികളിലും സൂക്ഷ്മമായി മറഞ്ഞിരിക്കുന്നത് കാണാം. ഒരു clue കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഉപ വിഭാഗം എങ്ങനെ മാന്തിയെടുക്കം എന്നാണ് ചിന്ത. സാമാന്യമായ ഒരു കാരിയം പറഞ്ഞു എന്ന് മാത്രം.

ജാതി ചിന്ത കേവലം സവര്‍ണ്ണരില്‍ മാത്രമല്ല, അവര്‍ണ്ണ വിഭാഗങ്ങളിലും അത് രൂഢമൂലമാണ് ഇന്നും. അവര്‍ണ്ണരിലെ ഉയര്‍ന്ന ശ്രേണിയിലുള്ളവര്‍ താഴെയുള്ളവരെ മ്ലെഛരായാണിന്നും കാണുന്നത്. താഴെ തട്ടിലേക്ക് പോകുംതോറും താന്‍ അധഃസ്ഥിതനാണെന്ന തോന്നല്‍ ഏറി വരികയും അവരിലെ ഒരു തരം submissive mentality ഇന്നും മാറിയിട്ടില്ല. സ്വതന്ത്ര ഭാരതം 60 സംവല്‍സരങ്ങള്‍ പിന്നിട്ടപ്പോഴുള്ള സ്ഥിതിയാണിത്! അവര്‍ണ്ണരിലെ ഉയര്ന്ന ശ്രേണിയിലുള്ള ഈഴവന്‍, ഗുരു വചനങ്ങള്‍ കേള്‍ക്കുകയും ഉരുവിടുകയും ചെയ്യുമെങ്കിലും, ജാതിയില്‍ താഴെയുള്ളവനെ സമനായി കാണാന്‍ പലപ്പോഴും വൈമുഖ്യന്‍ കാട്ടാറാണു പതിവു. ഗുരു വചനത്തിന്റെ പൊരുള്‍ എവിടെയോ ചോര്‍ന്നു പോകുന്നു! ഭ്രാന്തമായ സാമൂഹിക വ്യവസ്ഥിതിയുടെ കൈപ്പുനീര്‍ തന്റെയും അവന്റെയും പൂര്‍വ്വീകര്‍ കുടിക്കാന്‍ വിധിക്കപ്പെട്ടവരയിരുന്നു എന്ന യാഥാര്‍ത്ഥ്യമല്ല മറിച്ചു സാങ്കല്‍പ്പികമായ അസമത്വത്തിനാണിന്നും പ്രാധാന്യം.

ജാതീയമായ ചിന്തയെ സമൂഹ മനസ്സുകളില്‍ നിന്നറുത്തു മാറ്റേണ്ട ചരിത്രപരമായ കടമയും ദൌതിയവും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ടായിരുന്ന. അവര്‍ അതിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കിയില്ല. ഐക്ക്യ കേരളത്തിന്റെ ഭരണ സാരഥ്യം ആദ്യം കിട്ടിയപ്പോള്‍ തന്നെ ഭൂ/വിദ്യാഭ്യാസ പരിഷ്കരങ്ങടൊപ്പം ഈ വഴിക്കുള്ള ശ്രമങ്ങള്‍ക്ക് വിത്ത് പാകേണ്ടിയിരുന്നു. എന്നാല്‍ അത് നടന്നില്ലെന്ന് മാത്രമല്ല, രണ്ടാമത്തെ മന്ത്രിസഭയില്‍ വര്‍ഗ്ഗീയ കക്ഷിയായ മുസ്ലിം ലീഗിന്റെ കഷണത്തെ കൂട്ടുപിടിച്ച് മത പ്രീണന രാഷ്ട്രീയത്തിന്റെ കാല്‍വയ്പാണ് നടന്നത്! പിന്നിടങ്ങോട്ട് വന്ന മുന്നണികളെല്ലാം ജാതി/മത കൂട്ടുകെട്ടിന്റെ ചെളിക്കുണ്ടില്‍ മുങ്ങിതാഴ്നു കൊണ്ടിരുന്ന സാഹചരിയതില്‍ ഇടതുപക്ഷ പാര്‍ടികള്‍ക്കും ജാതി/മത വോട്ട് ബാങ്കുകളെ തൊട്ടു കൈ പൊള്ളിക്കാന്‍ വയ്യ എന്നായി. ജാതിക്കെതിരെ കരിയമായ പോരാട്ടം ഉണ്ടായില്ല എന്ന് മാത്രമല്ല കമ്മ്യൂണിസ്റ്റ് പര്ടികളിലും ജാതിയുടെ ശ്രേണികള്‍ മെല്ലെ പ്രത്യക്ഷപ്പെട്ടു തുടങ്ങി! അങ്ങനെ കമ്മ്യൂണിസ്റ്റ് (മാര്ക്സിസ്റ്റ്) പാര്‍ട്ടിയിലെ ജാതി വ്യവസ്ഥിതി ഊട്ടി ഉറപ്പിച്ചത് 87 -ലെ തിരഞ്ഞെടുപ്പും തുടര്‍ന്നുള്ള മന്ത്രിസഭാ രൂപീകരണവുമായിരുന്നു. അതിന്റെ രക്തസക്ഷിയല്ലേ ഒരു കാലത്ത് സഖവയിരുന്ന കെ. ആര്‍. ഗൌരിയമ്മ!

ജാതിയത മനസ്സിന്റെ ആഴങ്ങളില്‍ ഫണം മടക്കിയുറങ്ങുന്ന പാമ്പാണെന്ന് ഓ. വി. വിജയന്‍ എഴുതിയിട്ടുണ്ട് ('തലമുറകള്‍' ആണെന്ന് തോന്നുന്നു). എന്നാല്‍, കേരളത്തിന് വെളിയില്‍ അത് ഫണം ഉയര്‍ത്തി ആടുകയാണ്, പലപ്പോഴും അധഃസ്ഥിതര്‍ ദംശനമേറ്റു വീഴുന്നത് ഏതാണ്ട് നിത്യ സംഭവമാണിന്നു. വര്‍ഗ്ഗപരമായ വ്യത്യാസം നിര്‍ണ്ണയിക്കുന്നതില്‍ തൊഴിലാളി തൊഴിലുടമ ബന്ധങ്ങള്‍ മാത്രമല്ല, ഇന്ത്യന്‍ സാഹചരിയതില്‍ ജാതിയും ഒരു പ്രധാന ഘടകം ആണെന്ന് മഹാനായ അംബേദ്‌കര്‍ ചൂടികട്ടിയിട്ടുണ്ട്. അത് നമ്മുടെ ഇടതു പാര്‍ട്ടികള്‍ വേണ്ട വിധം പഠിക്കണോ വിശകലനം ചെയ്യാനോ ശ്രമിച്ചിട്ടില്ല. കേരളം, പശ്ചിമ ബംഗാള്‍ ത്രിപുര ത്രികോണത്തിനു പുറത്തു ഇടതു സ്വാധീനം വളര്‍ത്തുന്നതില്‍ ഉണ്ടായ പരാജയത്തിനു പിന്നിലെ പ്രധാന കാരണങ്ങളില്‍ ഒന്നു തീര്‍ച്ചയായും ഇന്ത്യയിലെ ജാതി വ്യവസ്തയെപ്പറ്റി ശരിയായി പഠിക്കാനോ പ്രധിരോധിക്കാനോ ശ്രമിക്കഞ്ഞതുകൊണ്ടല്ലേ? ജാതീയമായ അസമാത്വത്തിനെതിരെ പോരാടുന്നത് കൊണ്ടാണ് മാവോയിസ്റ്റുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥനങളില്‍ ചെറുതല്ലാത്ത സ്വാധീനം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞതെന്നു തോന്നുന്നു!