Friday, November 30, 2007

പിന്‍‌കോഡ് വേഗതക്കും കൃത്യതക്കും

പോസ്റ്റല്‍ ഇന്‍ഡക്സ് നമ്പറാണ് പിന്‍(PIN). ഇത് ഇന്ത്യയിലെ തപാല്‍ വിതരണമുള്ള എല്ലാ പോസ്റ്റോഫീസുകള്‍ക്കും നല്‍കിയിട്ടുള്ള ആറക്ക നമ്പറാണ്. പിന്‍‌കോഡിന്റെ ആദ്യ മൂന്നക്കങ്ങള്‍ കണ്ടാല്‍ പോസ്റ്റോഫീസ് ഏത് സംസ്ഥാനത്ത് ഏത് ജില്ലയില്‍ ആണെന്ന് പറയാന്‍ കഴിയുന്ന രീതിയില്‍ വളരെ ശാസ്ത്രീയമായാണ് നമ്പറിങ്ങ് നടത്തിയിട്ടുള്ളത്.

പിന്‍‌കോഡിന്റെ ആദ്യത്തെ അക്കം ഇത്യയെ എട്ട് ഭൂവിഭാഗങ്ങളായി തിരിച്ചിട്ടുള്ളതില്‍ ഒന്നിനെ കാണിക്കുന്നു. ‘6’ എന്ന അക്കം കേരളത്തിനും തമിഴ്‌നാടിനുമാണ്. ആദ്യ രണ്ടക്കങ്ങള്‍ കണ്ടാല്‍ സംസ്ഥാനം ഏതാണെന്ന് പറയാം. ‘60’ മുതല്‍ ‘64’ വരെ തമിഴ്‌നാടിനാണ്. ‘67’ മുതല്‍ ‘69’ വരെ കേരളത്തിനും. മൂന്നാമത്തെ അക്കം കൂടി ചേര്‍ത്താല്‍ സോര്‍ട്ടിങ്ങ് ജില്ലയായി. അതായത് കാസര്‍ഗോഡിന് ‘671’, തൃശ്ശൂരിന് ‘680’, തിരുവനന്തപുരത്തിന് ‘695’ എന്നിങ്ങനെ. ഇതിനോട് തുടര്‍ന്നുള്ള മൂന്ന് അക്കങ്ങള്‍ കൂടി ചേര്‍ത്താല്‍ അതാത് ജില്ലയിലെ പോസ്റ്റോഫീസ് നമ്പറുകളായി. ഉദാഹരണമായി ‘680 020’ എന്നത് തൃശ്ശൂര്‍ സിറ്റി പോസ്റ്റോഫീസിന്റെ നമ്പറാണ്.

നഗരപ്രദേശങ്ങളിലേക്ക് കത്തെഴുതുമ്പോള്‍ ടൌണ്‍ ഡെലിവറി നമ്പര്‍ കൃത്യമായി എഴുതാന്‍ ശ്രദ്ധിക്കണം. നാലാമത്തെ അക്കം ‘0’ വരുന്നത് ടൌണ്‍ ഡെലിവറി പോസ്റ്റോഫീസിനെ സൂചിപ്പിക്കുന്നു. തൃശ്ശൂര്‍ ഹെഡ് പോസ്റ്റോഫീസിന്റെ പിന്‍ ‘680 001’ ഉം, പൂങ്കുന്നം പോസ്റ്റോഫീസിന്റെ പിന്‍ ‘680 002’ ഉം ആണ്. ടൌണ്‍ ഡെലിവറി നമ്പറിങ്ങ് അടിസ്ഥാനത്തില്‍ ഇവ തൃശ്ശൂര്‍-1, തൃശ്ശൂര്‍ -2 എന്നീ ക്രമത്തിലാണെങ്കിലും പൂര്‍ണ്ണമായ ആറക്ക നമ്പര്‍ എഴുതാന്‍ ശ്രദ്ധിക്കണം.

കത്തുകള്‍ തരം തിരിക്കുന്നതിനും വിതരണത്തിനുമായി കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നുണ്ട്. പിന്‍‌കോഡില്ലാത്ത കത്തുകള്‍ തരം തിരിക്കാന്‍ കമ്പ്യൂട്ടറിന് കഴിയില്ല. വ്യക്തികളും ബാങ്കിങ്ങ് സ്ഥാപനങ്ങളും സ്വന്തം വിലാസം നല്‍കുമ്പോള്‍ മാത്രമല്ല മറ്റുള്ളവരുടെ വിവരം ശേഖരിക്കുമ്പോഴും പിന്‍‌കോഡ് കൃത്യമായി ചേര്‍ക്കാന്‍ ശ്രദ്ധിക്കണം. അപേക്ഷാ ഫോറങ്ങളിലും കമ്പ്യൂട്ടറില്‍ കസ്റ്റമേഴ്സിന്റെ വിലാസം സ്റ്റോര്‍ ചെയ്യുന്നിടത്തും പിന്‍‌കോഡ് എന്നൊരു ഫീല്‍ഡ് കൂടി നിര്‍ബന്ധമായും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. വിസിറ്റിങ്ങ് കാര്‍ഡുകള്‍, ലെറ്റര്‍ പാഡുകള്‍ തുടങ്ങി എല്ലാ സ്റ്റേഷനറികളിലും പിന്‍‌കോഡ് കൂടി ഉള്‍പ്പെടുത്തുക. റബ്ബര്‍ സ്റ്റാമ്പുകള്‍, രശീതുകള്‍, വൌച്ചറുകള്‍, ചെക്കുകള്‍, ഡ്രാഫ്ടുകള്‍ തുടങ്ങി ഒന്നിനേയും ഇതില്‍ നിന്ന് ഒഴിവാക്കണ്ട. കോര്‍പ്പറേറ്റ് ഇ-മെയിലുകള്‍ക്കൊപ്പമുള്ള സിഗ്നേച്ചര്‍ സെറ്റ് ചെയ്യുമ്പോള്‍ അവിടേയും പിന്‍‌കോഡ് ഉള്‍പ്പെടുത്തുക. ഇവയെല്ലാം ബിസിനസ്സ് കമ്മ്യൂണിക്കേഷനില്‍ വരുത്തുന്ന മാറ്റങ്ങള്‍ വലുതായിരിക്കും.

ഒന്നര ലക്ഷത്തിലേറെ പോസ്റ്റോഫീസുകളുള്ള ഭാരതത്തില്‍ ഒരേ പേരില്‍ ഒന്നിലേറെ പോസ്റ്റോഫീസുകള്‍ ഉണ്ടാവുമെന്നതും പല പ്രാദേശിക ഭാഷകളിലും മേല്‍‌വിലാസം എഴുതുന്നതും കാരണം കൃത്യമായ പോസ്റ്റോഫീസ് കണ്ടെത്താന്‍ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് 1972 ആഗസ്റ്റ് 15ന് പിന്‍‌കോഡ് സമ്പ്രദായം നടപ്പില്‍ വരുത്തിയത്. പിന്‍‌കോഡ് തപാല്‍ വിതരണത്തില്‍ വേഗതയും കൃത്യതയും ഉറപ്പ് വരുത്തുന്നു. ഇനി മുതല്‍ അയക്കുന്ന കത്തുകളിലും നിങ്ങള്‍ വിലാസം നല്‍കുമ്പോഴുമൊക്കെ പിന്‍‌കോഡ് ഉണ്ടെന്ന് ഉറപ്പു വരുത്തുക. അതുപോലെ മറ്റുള്ളവരോടും എല്ലാ കത്തിടപാടുകളിലും പിന്‍‌കോഡ് ഉള്‍പ്പെടുത്തുവാന്‍ ആ‍വശ്യപ്പെടുക.

(തയ്യാറാക്കിയത് : ശ്രീ. കെ.കെ.ഡേവിസ്. കടപ്പാട്: ബാങ്ക് വര്‍ക്കേഴ്സ് ഫോറം നവംബര്‍ ലക്കം)

ഉപകാരപ്രദമായ ലിങ്കുകള്‍

Pin Code Map

Pin Code Search‍

India Post Web Site

Wednesday, November 28, 2007

നാലു പെണ്ണുങ്ങള്‍ പുതിയ ജീവിതവും പഴയ പ്രതിഛായകളും

പതിറ്റാണ്ടുകള്‍ക്കുമുമ്പ് എഴുതപ്പെട്ട തകഴിയുടെ ചെറുകഥകളെ ആസ്പദമാക്കിക്കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ ദൃശ്യവത്ക്കരിക്കുന്ന ഭൂതകാലം വ്യക്തവും കൃത്യവുമായ വിധം വര്‍ത്തമാനകാലത്തെയാണ് വിശദീകരിക്കുന്നത് എന്നതാണ് നാലു പെണ്ണുങ്ങള്‍ എന്ന സിനിമയുടെ വിസ്മയകരമായ വാസ്തവം.

സ്ത്രീത്വത്തെ പുരുഷഭാവന എങ്ങനെയാണ് സങ്കല്‍പ്പിച്ചും വികസിപ്പിച്ചുമെടുക്കുന്നത് എന്നും ആ സങ്കല്‍പ/വികാസത്തിന്റെ അതിരുകള്‍ ഏതു വൈകാരികലോകത്തും സദാചാരഭൂമിയിലുമാണ് ചെന്ന് വഴിമുട്ടി നില്‍ക്കുന്നത് എന്നുമുള്ള അടിസ്ഥാനമാണ് ചെറുകഥകളിലെന്നതു പോലെ സിനിമയിലും ആവിഷ്ക്കരിക്കപ്പെടുന്നത്. വേണ്ടത്ര ശ്രദ്ധിക്കപ്പെടാത്ത ഏതാനും ചെറുകഥകളെയാണ് താന്‍ ആശ്രയിച്ചത് എന്ന അടൂരിന്റെ വിശദീകരണം, എഴുതപ്പെട്ട കാലത്ത് വായിക്കപ്പെടാത്തതിലൂടെ സമൂഹം ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ച ചില പ്രമേയങ്ങള്‍ ആ ചെറുകഥകളിലുണ്ടായിരുന്നു എന്ന വസ്തുതയെയും വെളിപ്പെടുത്തുന്നു. നാടുവാഴിത്തത്തിന്റെ രക്ഷാകര്‍തൃത്വത്തിന്‍ കീഴില്‍ രൂപപ്പെട്ട ലൈംഗികസദാചാരം എന്ന സ്ഥാപനം പെണ്ണിനെയും പെണ്ണത്തത്തെയും എപ്രകാരമാണ് നിര്‍ണയിച്ചത് അഥവാ തടവിലിട്ടത് എന്നതു തന്നെയാണ് സിനിമയിലെ ആഖ്യാനം(ങ്ങള്‍) അന്വേഷിക്കുന്നത്.

പരസ്പരം ബന്ധമില്ലാത്തത് എന്നു തോന്നിപ്പിക്കുന്ന നാല് അധ്യായങ്ങളിലൂടെ ആഖ്യാനം ചെയ്യപ്പെട്ട 1940-50 കളിലെ പല സ്ത്രീ ജീവിതങ്ങള്‍ ചേര്‍ന്നാണ് കാലത്തെയും സ്ഥലത്തെയും സമുദായത്തെയും കുടുംബത്തെയും അഭിവാഞ്ഛയെയും നിരാശയെയും നിര്‍വൃതിയെയും എല്ലാം വിശദീകരിക്കുന്നത്.

ആദ്യത്തെ കഥയുടെ ശീര്‍ഷകം ഒരു നിയമ ലംഘനത്തിന്റെ കഥ എന്നാണ്. തെരുവു വേശ്യയായി ജീവിക്കുന്ന കുഞ്ഞിപ്പെണ്ണി(പത്മപ്രിയ)നോട് ഒപ്പമുള്ളവള്‍(സോനാ നായര്‍) പറയുന്നത് ഈ ചോരയും തെളപ്പുമൊന്നും എന്നും കാണത്തില്ലെന്നും ഭാവിയെക്കുറിച്ച് ആലോചിക്കുന്നത് നല്ലതാണെന്നുമാണ്. സാധാരണ ഇടപാടുകാരില്‍ നിന്ന് വ്യത്യസ്തമായി തുല്യമായ നിലയില്‍ സ്നേഹം പ്രകടിപ്പിക്കുന്ന പപ്പുക്കുട്ടി (ശ്രീജിത്ത് രവി)യോടൊത്ത് വിവാഹജീവിതം നയിക്കാന്‍ അവള്‍ തീരുമാനിക്കുന്നതിന്റെ പ്രേരണയും ഒരു പക്ഷേ ഈ ഉപദേശമായിരിക്കാം. നിരത്തുപണിക്കാരുടെ കൂട്ടത്തില്‍ കല്ലു ചുമക്കാന്‍ പോകുന്ന അവള്‍ക്ക് ഒരു രൂപ ദിവസക്കൂലി ലഭിക്കുന്നു. ചുമട്ടുകാരനായ പപ്പുക്കുട്ടിക്കാകട്ടെ ഒന്നേമുക്കാല്‍ രൂപയാണ് അന്ന് കിട്ടിയത്. ശരീരം വിറ്റു നടന്നിരുന്ന ദിവസങ്ങളില്‍ ഇതിലധികം വരുമാനമുണ്ടായിരുന്നു എന്നു മാത്രമല്ല, അധ്വാനവും കുറവായിരുന്നു. നീയങ്ങു കറുത്തു പോവും എന്ന രീതിയിലുള്ള കരാറുകാരന്റെ പ്രലോഭനങ്ങളെ അവള്‍ സൌമ്യമായി അതിജീവിക്കുന്നു. സ്വന്തമായി മാതാപിതാക്കളോ ബന്ധുക്കളോ വാസസ്ഥലങ്ങളോ ഇല്ലാത്ത അവരുടെ വിവാഹജീവിതത്തെ പക്ഷേ സമൂഹത്തിന് അംഗീകരിക്കാന്‍ നിവൃത്തിയില്ല.

കുടുംബത്തിനകത്തെ ഭാര്യാഭര്‍തൃ ബന്ധം എന്ന സുരക്ഷിതലോകത്തിന്റെ അപരമായി വ്യഭിചാരത്തിന്റെ ഒരു വെളിമ്പ്രദേശം സ്ഥിരമായി പ്രവര്‍ത്തനക്ഷമമായിരിക്കേണ്ടത് നാടുവാഴിത്തത്തിനു മാത്രമല്ല, വ്യക്തിയെയും സ്വാതന്ത്ര്യത്തെയും രൂപീകരിച്ചെടുത്ത മുതലാളിത്ത ആധുനികതക്കും അത്യാവശ്യമാണ്. അങ്ങാടി, കടത്തിണ്ണ, ടാറിടുന്ന നിരത്തുകള്‍, ചുമട്ടുതൊഴില്‍ എന്നിങ്ങനെ ആധുനികതയുടെ ലക്ഷണങ്ങള്‍ ആരംഭിച്ച കാലത്താണ് അഥവാ സംക്രമണത്തിന്റെ കാലത്താണ് വൈവാഹിക ബന്ധത്തിലൂടെ അവരെത്തിപ്പെടാന്‍ ആഗ്രഹിച്ച സുരക്ഷിതത്വത്തെയും പരസ്പരാശ്രിതത്വത്തെയും അതേ ആധുനിക ലോകം തട്ടിപ്പറിച്ചെടുക്കുന്നത്. വിടനും കള്ളുകുടിയനുമാണെങ്കിലും തന്ത, പണം, വീട് എന്നീ മേല്‍വിലാസങ്ങളുള്ള ഒരാളുടെ (മനോജ് കെ ജയന്‍) സത്യവിരുദ്ധമായ സാക്ഷിമൊഴി വിശ്വസിച്ച് കോടതി അവരെ അവിഹിത ബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിന് പതിനഞ്ചു ദിവസത്തേക്ക് വെറും തടവിന് ശിക്ഷിക്കുന്നു. അഛനാര്, വാസസ്ഥലം, പകുതി, മുറി എന്നിങ്ങനെ കുഞ്ഞിപ്പെണ്ണിനും പപ്പുക്കുട്ടിക്കും സമുദായത്തിനകത്തും സദാചാരത്തിനകത്തും സ്ഥാനമൊന്നുമില്ലെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ വക്കീലും അയാളോടൊത്തു ചേര്‍ന്ന് ജഡ്ജി (ശ്രീകുമാര്‍)യും ചേര്‍ന്ന് നടത്തുന്ന വിചാരണയും വിധിപ്രഖ്യാപനവും നിയമവ്യവസ്ഥയുടെ വര്‍ഗ-ലിംഗ പക്ഷപാതിത്വം തുറന്നുകാട്ടുന്നു. വിചാരണവേളയില്‍ അവര്‍ക്കെതിരെ കുറ്റങ്ങള്‍ ആരോപിക്കുമ്പോള്‍ അവര്‍ക്ക് തെളിവായും വാദമുഖമായും ഉയര്‍ത്താന്‍ ഒരേ ഒരു കാര്യമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള് ഭാര്യേം ഭര്‍ത്താവുമാ എന്ന വിശ്വാസവും സത്യവാങ്മൂലവും മാത്രമാണത്. ഞങ്ങളവസരിക്കുവായിരുന്നേല(അഭിസരിക്കുകയായിരുന്നില്ല), ഞങ്ങള് ഭാര്യേം ഭര്‍ത്താവുമാ എന്ന് കുഞ്ഞുപെണ്ണ് നിസ്സഹായതയോടെ എന്നാല്‍ തിളങ്ങുന്ന കണ്ണുകളോടെ നിയമപീഠത്തിനു മുന്നില്‍ തന്റെ ഉള്ള് ഉണര്‍ത്തുമ്പോള്‍; ലൈംഗികജീവിതം, ലൈംഗികാനന്ദം, കുടുംബമായി ജീവിക്കാനുള്ള അടിസ്ഥാന അവകാശം എന്നിവയൊക്കെ നിഷേധിക്കപ്പെടുന്ന അധസ്ഥിതരുടെ മുഴുവന്‍ കരച്ചിലായി അത് പരിണമിക്കുന്നു.

പ്രാകൃതികമായ ലൈംഗിക ചോദനയെ നിയന്ത്രിക്കാനും വരുതിയിലാക്കാനും വേണ്ടി നൂറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെ നിര്‍മിച്ചെടുത്തിട്ടുള്ള കുടുംബം/വിവാഹബന്ധം എന്ന സ്ഥാപനത്തെ അതിന്റെ നിര്‍മാതാക്കളും പ്രയോക്താക്കളും തന്നെ ലംഘിക്കുന്നതെങ്ങനെ എന്നതിന്റെ നിദര്‍ശനമാണ് ഈ അവതരണം. അഥവാ കുടുംബം എന്ന 'സുരക്ഷിത' ലൈംഗിക ബന്ധത്തിനുള്ള ഇടത്തെ ശിഥിലീകരിക്കുന്നത് വലിയ വായില്‍ അതിനെ ന്യായീകരിച്ചെടുക്കുന്ന അധീശത്വ ശക്തികള്‍ തന്നെയാണെന്ന വര്‍ഗ-ലിംഗ പരമായ യാഥാര്‍ഥ്യത്തെ ചലച്ചിത്രകാരന്‍ തുറന്നു കാണിക്കുന്നു. സുരക്ഷിതത്വവും അരാജകത്വവും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ മാത്രം.

രണ്ടാമത്തെ അധ്യായത്തിന്റെ ശീര്‍ഷകം കന്യക എന്നാണ്. കര്‍ഷകത്തൊഴിലാളികുടുംബത്തില്‍ പെട്ട കുമാരി (ഗീതു മോഹന്‍ദാസ്)യുടെ നിത്യാധ്വാനത്തിന് കിട്ടുന്ന കൂലി കൊണ്ടു വേണം രോഗിയായ അഛനും (എം ആര്‍ ഗോപകുമാര്‍) അമ്മയും അടങ്ങുന്ന അവരുടെ കുടുംബത്തിന് ദൈനംദിനച്ചെലവുകള്‍ കഴിയാന്‍. കുടുംബത്തിലെ ഏക ജോലിക്കാരി എന്ന നിലക്ക് അവളെ കല്യാണം കഴിച്ചുകൊടുത്താല്‍ തങ്ങളുടെ വരുമാനമാര്‍ഗം അടയും എന്നതുകൊണ്ട് അവളെ അവിവാഹിതയാക്കി നിലനിര്‍ത്താന്‍ അഛനും അമ്മയും യത്നിക്കും എന്ന ആക്ഷേപത്തെത്തുടര്‍ന്നാണോ എന്നറിയില്ല, ബോട്ടുജെട്ടിയില്‍ കട നടത്തുന്ന നാരായണനു(നന്ദു)മായി അവളുടെ വിവാഹം അതിവേഗം തീരുമാനിക്കപ്പെടുന്നു. കൊട്ടകയില്‍ സിനിമ മാറുന്ന ദിവസം രണ്ടാമത്തെ കളിക്ക് അതു കാണണം എന്ന നിര്‍ബന്ധമൊഴിച്ചാല്‍ മറ്റ് ദുസ്വഭാവങ്ങളൊന്നുമില്ലാത്ത നാരായണന് കൊടുക്കാനുള്ള സ്ത്രീധനവും കല്യാണച്ചെലവും അവള്‍ ഒപ്പിക്കുന്നത് കൂലിയില്‍ നിന്ന് മിച്ചം വെച്ച കാശു കൊടുത്ത് ചേര്‍ന്ന ചിട്ടി പിടിച്ചാണ്. ആഹ്ളാദത്തോടെ നടന്ന വിവാഹച്ചടങ്ങിനു ശേഷം ഭര്‍തൃഗൃഹത്തിലെത്തുന്ന അവള്‍ യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കുമ്പോഴാണ് തന്റെ ജീവിതം ഏതു തരം നിരര്‍ഥകതയിലാണ് ചെന്നകപ്പെട്ടിരിക്കുന്നത് എന്നു തിരിച്ചറിയുന്നത്.

ആദ്യ അധ്യായമായ വേശ്യയുടെ കഥയില്‍ നിയമപ്രകാരം വിവാഹം കഴിക്കാത്തതുകൊണ്ടാണ് നായിക കുഴപ്പത്തിലെത്തിപ്പെടുന്നതെങ്കില്‍ രണ്ടാമധ്യായമായ കന്യകയില്‍ നിയമപരമായ വിവാഹാഘോഷത്തിനു ശേഷമാണ് നായിക വിഫലമായ ജീവിതത്തിലെത്തിപ്പെടുന്നത് എന്നത് ആഖ്യാനത്തില്‍ സൂക്ഷ്മമായി വരുത്തുന്ന ഒരു പരിണാമമാണെന്ന് കാണാം. അടുത്ത രണ്ടധ്യായങ്ങളില്‍ ഈ അവസ്ഥയില്‍ നിന്നുമുള്ള തുടര്‍ച്ചകളും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. അപ്രകാരം, നാലധ്യായമായി ചിതറിയതെന്നോ അകന്നുപോയതെന്നോ തോന്നിപ്പിക്കുന്ന ആഖ്യാനഘടനയെ ഒന്നില്‍ നിന്ന് അടുത്തതിലേക്ക് എന്ന വണ്ണം കോര്‍ത്തിണക്കുന്ന ഘടകം പരോക്ഷമായി പുറകില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമാരിയുടെ ഭര്‍ത്താവ് നാരായണന്‍ ഒരു ഷണ്ഡനാണ്. തീറ്റപ്രാന്തനായ അയാള്‍, തൊട്ടടുത്തു കിടക്കുന്ന ഭാര്യയുടെ വികാരവായ്പോടെയുള്ള സ്പര്‍ശത്തെ വല്ലാതെ ഉഷ്ണിക്കുന്നു എന്ന പറച്ചിലോടെ നിരസിക്കുന്നു. വാരിവലിച്ചു തിന്നാല്‍ അങ്ങനിരിക്കും എന്ന് പുഛത്തോടെ പ്രതികരിച്ച് അവള്‍ തന്റെ ലൈംഗിക നിസ്സഹായതയിലേക്ക് പിന്‍വാങ്ങുന്നു. ഒരു കാരണവുമില്ലാതെ അവളെ അവളുടെ വീട്ടിലാക്കി അയാള്‍ തന്റെ വീട്ടിലേക്കും കച്ചവടത്തിലേക്കും തിരിച്ചു പോകുകയും ചെയ്യുന്നു. അവള്‍ പിഴച്ചവളാണ് എന്ന ദുഷ്പ്രചാരണവും അയാളുടെ ചില ബന്ധുക്കള്‍ നടത്തുന്നുണ്ട്. എങ്കില്‍ പിന്നെ വിവാഹമൊഴിഞ്ഞുകളയാം എന്ന ഘട്ടമെത്തുമ്പോള്‍, കല്യാണച്ചെലവു തന്നില്ലെങ്കിലും വേണ്ടില്ല, തങ്ങള്‍ തന്ന അഞ്ഞൂറു രൂപയുടെ സ്ത്രീധനം തിരിച്ചു കിട്ടണം എന്ന് കുമാരിയുടെ അഛന്‍ പറയുന്നു. ചെക്കനെ അപമാനിച്ചതിന് ആയിരത്തഞ്ഞൂറു രൂപയുടെ നഷ്ടപരിഹാരം തിരിച്ചാണ് കിട്ടേണ്ടതെന്നതാണ് അയാളുടെ വീട്ടുകാരുടെ വാദം എന്നു കേള്‍ക്കുമ്പോള്‍ തന്റേടത്തോടെ പൂമുഖത്തേക്കു വരുന്ന കുമാരി പറയുന്നത് ഈ തര്‍ക്കം നിര്‍ത്തണം; കാരണം ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞിട്ടില്ല എന്നാണ്. എന്താ നീ പറയുന്നത്, പിന്നെ ഇവിടെ ആഘോഷമായിട്ട് നടന്നതെന്താ എന്ന അഛന്റെ ചോദ്യത്തിനും അവളതേ മറുപടി കൊടുക്കുന്നു. ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞിട്ടില്ല.

വളരെ ലളിതമായി തോന്നുന്ന ആ വാചകത്തിന്റെ അര്‍ഥവ്യാപ്തി പലതാണ്. 'ആണുങ്ങള്‍' തമ്മിലുള്ള ഈ വൃത്തികെട്ട വര്‍ത്തമാനം നിര്‍ത്താനുള്ള തറപ്പിച്ച ഒറ്റ മറുപടിയാണ് അത്. അതേ പോലെ തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്ന നിലക്കുള്ള ലൈംഗിക സംയോഗത്തിലേര്‍പ്പെട്ടിട്ടില്ല എന്നര്‍ഥം വരുന്ന വാചകവുമാണത്. കൂടിയിട്ടില്ലാത്ത നിലക്ക് പിരിയുന്നു എന്നതിന് ഒരു സാങ്കേതിക വ്യാഖ്യാനം എന്തിന് എന്ന ആ ചോദ്യം കുറിക്ക് കൊള്ളുന്നതാണ്. ലൈംഗിക ബന്ധത്തിന്റെ ഈ ബലതന്ത്രത്തെയും അതിന്റെ കെട്ടുവാഴ്ചയെയും നിരാകരിക്കുന്ന അവള്‍ തനിക്കു ചേര്‍ന്ന അധ്വാനത്തിലേക്കും കൂലിയിലേക്കും പൂര്‍വാധികം ശക്തിയോടെ മടങ്ങിയെത്തുന്നു. ഒരു മാറ്റം മാത്രം, മിച്ചം വച്ചുള്ള 'ചിട്ടി പിടിത്തം' ഒഴിവാക്കി. കാരണം, സാമ്പത്തികമായി മാത്രം നിലനില്‍ക്കുന്ന ലൈംഗിക സദാചാര വ്യവസ്ഥയായ വിവാഹം എന്ന 'സുരക്ഷിത' സ്ഥാപനത്തിനു വേണ്ടി അവള്‍ക്കിനി രണ്ടാമതൊരു വട്ടം കൂടി ഒരുങ്ങേണ്ടതില്ല എന്നതുകൊണ്ടു തന്നെ.

നിഷേധിക്കപ്പെട്ട വിവാഹവും അലസിപ്പോയ വിവാഹവും കഴിഞ്ഞ് മൂന്നാമത്തെ അധ്യായമെത്തുമ്പോള്‍, സ്നേഹവും സാമൂഹികാംഗീകാരവും പദവിയും കാമവും എല്ലാം ഒത്തുചേര്‍ന്നിട്ടും വിഫലമാവുന്ന വിവാഹവാഴ്ച്ചയെക്കുറിച്ചാണ് സിനിമ വിശദീകരിക്കുന്നത്. ചിന്നു അമ്മ എന്നു പേരുള്ള ആ അധ്യായത്തില്‍, രാമന്‍ പിള്ള(മുരളി)യുടെ ഭാര്യയായ ചിന്നു (മഞ്ജു മുകുന്ദന്‍)വിന്റെ ഗര്‍ഭം ആറു തവണയും അലസിപ്പോവുന്നു. പലതരം ചികിത്സകള്‍, വഴിപാടുകള്‍, മരുന്നുകള്‍, മന്ത്രവാദങ്ങള്‍ എല്ലാം വിഫലമായി. അങ്ങനെയിരിക്കെയാണ് അഞ്ചാം ഫോറത്തില്‍ നാലു തവണ തോറ്റു മുരടിച്ചിരിക്കെ നാടുവിട്ട് പാണ്ടിനാടായ തമിഴകത്തു പോയി അവിടത്തുകാരിയെയും കെട്ടി നാലാണും നാലു പെണ്ണുമായി എട്ടു മക്കളുടെ തന്തയായി സസുഖം വാഴുന്ന നാറാപിള്ള (മുകേഷ്) പന്ത്രണ്ടാമത്തെ വര്‍ഷം പതിവുള്ള നാടു സന്ദര്‍ശനത്തിനെത്തിയത്. അവള്‍ അഞ്ചാം ഫോറത്തിലേക്കു ജയിച്ച കൊല്ലവും അവന്‍ ആ ക്ളാസിലുണ്ടായിരുന്നു, നാലാമത്തെ തോല്‍വിക്കു ശേഷം. കൌമാരകാലത്ത് തോന്നുന്ന മതിഭ്രമത്തിന്റെ രീതിയിലാവാം അന്നവര്‍ തമ്മില്‍ ഒരു ഇഷ്ടം രൂപപ്പെട്ടിരുന്നു. സാമീപ്യത്തിനു ശേഷം ബന്ധപ്പെട്ടേക്കും എന്ന നില വന്നപ്പോള്‍ വേണ്ട ഗര്‍ഭം വരും എന്നു പേടിച്ച് അവള്‍ പിന്മാറുകയും അവനെ പിന്തിരിപ്പിക്കുകയുമായിരുന്നു. ആ നിരാശ കൊണ്ടു കൂടിയാണ് നാറാ പിള്ള നാടുവിട്ടത്.

ഇപ്പോള്‍ പന്തീരാണ്ടു കൂടുമ്പോഴത്തെ കറക്കത്തിനായെത്തുന്ന അയാള്‍ പാണ്ടി നാട്ടിലെ ഒരു ജമീന്ദാറുടെയും ഭാര്യയുടെയും തത്തുല്യമായ അനുഭവം വിവരിച്ച് അവളെ പ്രലോഭിപ്പിക്കുന്നു. മന്ത്ര തന്ത്രങ്ങള്‍ക്കും മരുന്നുകള്‍ക്കും തീര്‍ഥാടനങ്ങള്‍ക്കും ശേഷവും ജമീന്ദാറില്‍ നിന്ന് ഗര്‍ഭം ധരിക്കാത്തതിനെ തുടര്‍ന്ന് രണ്ടു പേരും ചേര്‍ന്ന് തീരുമാനിച്ച് കുതിരക്കാരനെ അവളുടെ കിടപ്പറയിലേക്ക് കയറ്റി കാര്യം സാധിക്കുകയാണ്. നല്ലൊരു ആണ്‍കുളന്തൈ ഇതിനെ തുടര്‍ന്ന് അവര്‍ക്ക് ലഭിച്ചു. ജമീന്ദാറുടെ കണക്കറ്റ സ്വത്ത് അവരുടെ കാലശേഷം സര്‍ക്കാര്‍ കണ്ടു കെട്ടുന്നതും ഇല്ലാതായി. അതേ പോലെ, ചിന്നുവില്‍ കുട്ടിയുണ്ടാക്കുക എന്നത് ഒഴിവായിപ്പോയ കാമുകനും ഇപ്പോള്‍ ജാരനായി തിരിച്ചുവന്നവനുമായ തന്റെ നിയോഗമായിരിക്കും എന്നതാണ് ദൈവ നിശ്ചയം എന്ന് അയാള്‍ വിശദീകരിക്കുമ്പോള്‍ നിരാകരിക്കുന്നതിന് അവള്‍ ഏറെ പ്രയാസപ്പെടുന്നു. ദൈവം പോട്ടെ, എന്നുടെ ആഗ്രഹം എന്ന അവസാനത്തെ തുരുപ്പു ശീട്ടും അയാള്‍ പുറത്തെടുക്കുന്നെങ്കിലും അവള്‍ പാതിവ്രത്യത്തിന്റെ സുരക്ഷിതത്വത്തിലേക്കും അതുവഴി പുത്രരാഹിത്യത്തിന്റെ അരക്ഷിതത്വത്തിലേക്കും സമുദായത്തെ ഭയന്ന് തിരിച്ചൊളിക്കുന്നു.

നാലാമത്തെയും അവസാനത്തെയും അധ്യായമായ നിത്യകന്യകയാണ് ഏറ്റവും ദീര്‍ഘമായ ഭാഗം. പ്രമുഖ നടിയായ നന്ദിതാദാസ് കാമാക്ഷിയുടെ വേഷത്തില്‍ അഭിനയിക്കുന്നു. കാമാക്ഷി എന്ന പുരുഷ കല്‍പിതവും പൌരാണികവുമായ നാമകരണം തന്നെ സവിശേഷമാണ്. കാമപൂര്‍ത്തീകരണത്തിനായി നിര്‍മിക്കപ്പെട്ടവളും ആഗ്രഹിക്കുന്നവളും എന്നാണ് പാര്‍വതിയുടെ ഈ പര്യായത്തെ പുരാണവും പില്‍ക്കാലവും വായിച്ചെടുത്തത്. ഈ ആഖ്യാനത്തിലെ വിരോധാഭാസമാകട്ടെ ഒരിക്കലും സാക്ഷാത്ക്കരിക്കപ്പെടാത്ത ആഗ്രഹമായി ആ പേരു തന്നെ പരിണമിക്കുന്നു എന്നതും. കുട്ടനാട്ടിലെ ഇടത്തരം കര്‍ഷക കുടുംബത്തില്‍ പെട്ട കാമാക്ഷിക്ക് അമ്മയും ഒരു സഹോദരനും രണ്ടു സഹോദരിമാരും ഉണ്ട്. അവളെ പെണ്ണു കാണാനായെത്തുന്ന പരമേശ്വരന്‍ നായര്‍(രവി വള്ളത്തോള്‍), കൂടുതല്‍ സുന്ദരിയും ശരീരമുഴപ്പുള്ളവളുമായ സുഭദ്ര(കാവ്യാ മാധവന്‍)യെയാണ് ഇഷ്ടപ്പെടുന്നത് എന്നു പറയുമ്പോള്‍ അത് നടത്തിക്കൊടുക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരാവുന്നു. പിന്നെ ചെറിയ അനിയത്തി(രമ്യാ നമ്പീശന്‍)യുടെയും അനിയന്റെ (അശോകന്‍)യും വിവാഹങ്ങളും അമ്മ(കെ പി എ സി ലളിത)യുടെ മരണവും എല്ലാം നടക്കുമ്പോഴും അവള്‍ പഴയ ഭാഷയില്‍ പറഞ്ഞാല്‍ 'പുര നിറഞ്ഞ്' ബാക്കി നില്‍ക്കുന്നു. സുഭദ്രയുടെ മൂന്നാമത്തെ പ്രസവത്തിന് അമ്മയുടെ ഭാഗത്തു നിന്ന് ചെയ്യേണ്ട സഹായങ്ങള്‍ നിര്‍വഹിക്കാനായി അവളുടെ വീട്ടിലെത്തി താമസിക്കുന്ന കാമാക്ഷിയും സുഭദ്രയുടെ കുട്ടികളും തമ്മില്‍ തീവ്രമായ സ്നേഹബന്ധം സുദൃഢമാവുന്നുണ്ട്.

മാതൃത്വമാണ് ലോകത്തെ രണ്ടാമത്തെ പഴക്കം ചെന്ന ജോലി എന്ന് എര്‍മ ബോംബെക്ക് പറയുന്നുണ്ടെന്ന് സാറ മാന്‍വല്‍ നാലു പെണ്ണുങ്ങളെക്കുറിച്ച് സിനിമ അട്രാക്ഷനിലെഴുതിയ നിരൂപണത്തില്‍ ഓര്‍മിപ്പിക്കുന്നു. ആ ജോലിയിലെത്താതിരിക്കുമ്പോള്‍ സ്ത്രീത്വം പാഴായി എന്നാണ് പുരുഷനിര്‍മിതമായ പഴയ ലോകവും പുതിയ ലോകവും വിലപിക്കുന്നതും.

പരിമിതമായ സഞ്ചാരസ്വാതന്ത്ര്യവും ചലന നിയമങ്ങളും മാത്രമുണ്ടായിരുന്ന ആയിരത്തി തൊളളായിരത്തി നാല്പതുകളിലെയും അമ്പതുകളിലെയും സദാചാരഭീതികളും സ്ത്രീ ശരീരത്തിന്റെ പരിശുദ്ധിയെക്കുറിച്ചുള്ള ബോധാബോധങ്ങളും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെയും പശ്ചാത്തലമായി പ്രവര്‍ത്തിക്കുന്നുവെന്ന തിരിച്ചറിവാണ് നാലു പെണ്ണുങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ജാതി സമുദായത്തെയും മതപ്രോക്തമായ സംഘാടനത്തെയും പൌരോഹിത്യത്തെയും വര്‍ഗ-സാമ്പത്തിക വ്യവസ്ഥയെയും പുരുഷാധിപത്യത്തെയും ഉറപ്പിച്ചെടുക്കുന്നതിന് സ്ത്രീയെയും സ്ത്രൈണ ലൈംഗികതയെയും വരിഞ്ഞുകെട്ടുന്ന വിധത്തില്‍ വരുതിയിലാക്കുക എന്ന പ്രവൃത്തിയെയാണ് നാം ഭാവശുദ്ധി എന്നും കുടുംബം എന്നും വിളിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരാവുന്ന കുഞ്ഞിപ്പെണ്ണിനെയും പപ്പുക്കുട്ടിയെയും അതിനനുവദിക്കാതിരിക്കുകയും സമുദായം കെട്ടിയുണ്ടാക്കുന്ന വിവാഹബന്ധങ്ങള്‍ അവ എത്രമാത്രം വിരസമായിരിക്കട്ടെ, സ്നേഹരഹിതവും കാമരഹിതവും ആയിരിക്കട്ടെ, വംശവര്‍ധന എന്ന പ്രകൃതിനിയമം പാലിക്കാന്‍ പ്രയോജനപ്പെട്ടതാകാതിരിക്കട്ടെ, പരസ്പരവിശ്വാസവും പൊരുത്തവും ധാരണയും നഷ്ടമായതാകട്ടെ, ആ ഗതി കെട്ട അവസ്ഥ മരണം വരെയും തുടരാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്ന സ്ഥിതി രൂപപ്പെട്ടതെങ്ങനെയെന്നാണ് ചലച്ചിത്രകാരന്‍ സാഹിത്യകൃതിയെ ആസ്പദമാക്കി വിവരിക്കുന്നത്. മലയാള സാഹിത്യം പലപ്പോഴും സധൈര്യം ആവിഷ്ക്കരിച്ചിട്ടുള്ള ഈ ഉത്ക്കണ്ഠ പങ്കിടാനുള്ള സന്നദ്ധത മലയാള സിനിമ അധികം തവണ പ്രകടിപ്പിച്ചിട്ടില്ല. പുരുഷന്റെ തുണ എന്ന അസംബന്ധത്തെ ഉപേക്ഷിക്കാനുള്ള ധൈര്യവും വിവേകവും പ്രകടിപ്പിക്കുന്ന കുമാരിയും കാമാക്ഷിയും പുതിയ കാലത്തെ നേരിടാനുള്ള പ്രേരണകളാണ് മുന്നോട്ടുവെക്കുന്നത്.

ഭക്ഷണത്തിന്റെയും ശാരീരികബന്ധത്തിന്റെയും ദൃശ്യങ്ങള്‍ തുടര്‍ച്ചയായി സിനിമയില്‍ കടന്നുവരുന്നുണ്ട്. മനുഷ്യരുടെ നൈസര്‍ഗികമായ ആവശ്യങ്ങളെ വ്യവസ്ഥ എത്രമാത്രം പ്രകൃതിവിരുദ്ധമായിട്ടാണ് പരിഗണിക്കുന്നത് എന്നു വ്യക്തമാക്കാനാണ് ഈ രണ്ടു പ്രക്രിയകളെയും ദൃശ്യവത്ക്കരിക്കുന്നത്. പുരുഷന്‍ ഭക്ഷണം കഴിക്കുമ്പോള്‍ നോക്കി നില്‍ക്കുകയും കാത്തിരിക്കുകയും ചെയ്യുന്ന സ്ത്രീ, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ശാരീരികമായി ബന്ധപ്പെടുന്നതിനുവേണ്ടി വാതില്‍ ചേര്‍ത്തടക്കുമ്പോള്‍ അമ്പരക്കുകയും അസ്വസ്ഥപ്പെടുകയും ചെയ്യുന്ന കുട്ടി എന്നിങ്ങനെ അവികസിതമായ ജീവിതാവബോധത്തെ മലയാളി എന്തിനാണിനിയും പിന്തുടരുന്നത് എന്ന വേവലാതി ചലച്ചിത്രകാരന്‍ മുന്നോട്ടു വെക്കുന്നു. എപ്പോഴും 'അപഥസഞ്ചാര'ത്തിനുള്ള പ്രലോഭനങ്ങളും സാധ്യതകളും സ്ത്രീ കഥാപാത്രങ്ങള്‍ മറികടക്കുന്നു. അവരപ്രകാരം ചെയ്യുമ്പോള്‍ സ്വന്തം ഇഛയെയും ചോദനകളെയും നിരാകരിക്കുന്നത് എങ്ങനെയാണെന്നും എപ്രകാരമാണെന്നുമുള്ള ഘടകത്തെയാണ് സിനിമ പ്രശ്നവല്‍ക്കരിക്കുന്നത്. കൂടുതല്‍ കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നുണ്ട്, എന്നാല്‍ അതിലും കൂടുതല്‍ കാര്യങ്ങള്‍ മാറാതെ തുടരുന്നുമുണ്ട് എന്ന വസ്തുതയാണ് അടൂര്‍ പുറം തിരിഞ്ഞു നോക്കാതെ ഓടിക്കൊണ്ടിരിക്കുന്ന ലോകത്തെ ഓര്‍മിപ്പിക്കുന്നത്. പുതിയ കാലവും പഴയ നിയമങ്ങളും തമ്മിലുള്ള ഒരു അഭിമുഖീകരണമായി നാലു പെണ്ണുങ്ങള്‍ പ്രസക്തമാകുന്നതും അങ്ങനെയാണ്.

(ലേഖകന്‍: ശ്രീ.ജി.പി.രാമചന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി വാരിക. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

Sunday, November 25, 2007

കാന്‍സറിനെതിരായ യുദ്ധത്തിന്റെ രഹസ്യ ചരിത്രം

കഴിഞ്ഞ മാസമാണ് അമ്പതോടടുക്കുന്ന എന്റെ ഒരു സുഹൃത്തിന് കാന്‍സറാണെന്നറിഞ്ഞത്. കോളന്‍ കാന്‍സര്‍. അനിശ്ചിതമായ ഒരു ഭാവി ജീവിതം നേരിടുകയാണദ്ദേഹം. എങ്കിലും പരിശോധനകള്‍ സൂചിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിതി അത്ര മോശമല്ല എന്നാണ് . തോല്‍ക്കാന്‍ മനസ്സില്ലാത്ത പോരാളിയാണ് അയാള്‍ എന്നതുകൊണ്ടു തന്നെ എനിക്കുറപ്പുണ്ട് കാന്‍സറില്‍ നിന്നും മുക്തി നേടിയവരുടെ ക്ലബ്ബില്‍ എന്നോടൊപ്പം എന്റെ സുഹൃത്തും ചേരുമെന്ന്. അത് 1992ലായിരുന്നു, എനിക്ക് മെലനോമ ആണെന്ന് ഞാനറിഞ്ഞത് .

ഇന്നിപ്പോള്‍, കാന്‍സറിനെക്കുറിച്ച് ആലോചിക്കുമ്പോഴൊക്കെ എന്റെ മനസ്സിലേക്ക് ഓടിയെത്തുക മറ്റൊരു കാന്‍സറിനെ ധീരതയോടെ അഭിമുഖീകരിച്ച ഒരു പോരാളിയുടെ, സാംസ്കാരിക യോദ്ധാവിന്റെ ചിത്രമാണ് . ഡേവ്‌ര ഡേവിസ്. അവരുടെ പുതിയ പുസ്തകമായ "The Secret History of the War on Cancer " പ്രസിഡന്റ് നിക്സന്റെ 1971ലെ 'കാന്‍സറിനെതിരായ യുദ്ധം' എന്ന ആശയത്തെ കോര്‍പ്പറേറ്റുകളുടെ തമസ്കരണവും, സര്‍ക്കാരിന്റെ അനാസ്ഥയും, സമൂഹത്തിന്റെ മറവിയും ഒക്കെച്ചേര്‍ന്ന് എങ്ങനെ പരിഹാസ്യമാക്കി എന്ന് വിശദമായി പ്രതിപാദിക്കുന്ന, നമ്മെ ഒട്ടൊന്നു അലോസരപ്പെടുത്തുന്ന, അതിസുന്ദരമായ ഒരു രചനയാണ്.

“കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാന്‍സര്‍ കേസുകളില്‍ കുറഞ്ഞത് ഒരു കോടി കാന്‍സര്‍ ബാധകള്‍ നമുക്ക് ഒഴിവാക്കാമായിരുന്നു“, ഡേവിസ് വാദിക്കുന്നു.

ഇരുപതുകൊല്ലമായി “സീക്രട്ട് ഹിസ്റ്ററി” പണിപ്പുരയിലാണ്. കാന്‍സര്‍ പ്രതിരോധത്തെക്കുറിച്ച് അറിയാവുന്നതെല്ലാം പ്രതിപാദിക്കുന്ന ഒരു പുസ്തകം രചിക്കുവാന്‍ 1986ല്‍ തന്നെ ഡേവിസിനു വലിയ ഒരു തുക മുന്‍‌കൂര്‍ ആയി വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. ഫെഡറല്‍ ഗവര്‍മ്മെണ്ടിന്റെ ഒരു സഹ സ്ഥാപനമായ National Academy of Sciences ലെ തന്റെ മേലധികാരിയെ അവര്‍ ഇക്കാര്യം അറിയിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഈ പുസ്തകം രചിക്കുകയാണെങ്കില്‍ ഡേവിസിനു തന്റെ ജോലി നഷ്ടപ്പെടും എന്നാണ്. പിറ്റ്സ്‌ബര്‍ഗ് യൂണിവേര്‍സിറ്റിയിലെ പാരിസ്ഥിതിക കാന്‍സര്‍ പഠന കേന്ദ്രത്തിന്റെ (Environmental Oncology) ഡയറക്ടറാണ് 61 കാരിയായ ഡേവിസിപ്പോള്‍. When Smoke Ran Like Water എന്ന കൃതിക്ക 2002ലെ ദേശീയ പുസ്തക സമ്മാനം നേടിയിട്ടുള്ള , സൂക്ഷമായി വിലയിരുത്തപ്പെട്ടിട്ടുള്ള നൂറ്റി എഴുപതോളം പ്രൌഢരചനകളുടെ പിന്‍‌ബലമുള്ള, വിപുലമായ അനുഭവജ്ഞാനമുള്ള, പ്രസിഡന്റിനാല്‍ നിയമിക്കപ്പെട്ട സര്‍ക്കാര്‍ ഗവേഷകയായ, ഡേവിസ് കാന്‍സറിനെക്കുറിച്ചെഴുതുന്നതെന്തും വലിയ ശ്രദ്ധ നേടാറുണ്ട്.

aspartameനെക്കുറിച്ചുള്ള അവരുടെ വിലയിരുത്തല്‍ ശ്രദ്ധിച്ചാലും. മിഠായികളിലും കേക്കുകളിലുമൊക്കെ ഉപയോഗിക്കുന്ന കൃതിമ പഞ്ചസാര(artificial sweetener)യായ aspartame സുരക്ഷിതമല്ലെന്ന് 1970കളില്‍ തന്നെ യു.എസ്. ഫുഡ് & ഡ്രഗ് അഡ്‌മിനിസ്ട്രേഷന്(FDA) വിശദമായ പരിശോധനകള്‍ക്കു ശേഷം വിധിയെഴുതുകയുണ്ടായി. കാന്‍സര്‍ ഉണ്ടാക്കുവാന്‍ സാധ്യതയുള്ള വസ്തുവായി ഇതിനെ സംശയിച്ചിരുന്നു. aspartameന്റെ സുരക്ഷിതത്വത്തെക്കുറിച്ച് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ ബോധപൂര്‍വം പുറപ്പെടുവിച്ചതിന് aspartame ന്റെ മുഖ്യ നിര്‍മ്മാതാവായ Searle കോര്‍പ്പറേഷനെതിരെ നിയമനടപടികളെടുക്കുവാന്‍ 1977ല്‍ FDA അന്നത്തെ അറ്റോര്‍ണി ജനറലിനോട് ഔദ്യോഗികമായിത്തന്നെ ആവശ്യപ്പെടുകയുണ്ടായി. ഇതിനെ മറികടക്കുവാന്‍ Searle കോര്‍പ്പറേഷന്‍ ചെയ്തത് വാഷിംഗ്‌ടനില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ മുന്‍പ് ജോലി ചെയ്തിരുന്ന ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ തങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിക്കുക എന്നതാണ് . 1980ല്‍ FDAയുടെ റിവ്യൂ ബോര്‍ഡ് ഏകകണ്ഠമായി, aspartameനു നല്‍കിയ അംഗീകാരത്തിനെതിരെ തീരുമാനമെടുത്തപ്പോള്‍ aspartame പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് 1981ല്‍ റോണാള്‍‌ഡ് റീഗന്‍ പ്രസിഡന്റായതിനുശേഷം Searle അംഗീകാരത്തിനായി വീണ്ടും അപേക്ഷനല്‍കി. ഒരു വര്‍ഷത്തിനുള്ളില്‍ വിറ്റാമിനുകളിലും ദ്രാവകങ്ങളിലുമൊക്കെ aspartame ഉപയോഗിക്കാന്‍ അനുമതി ലഭിച്ചു. ആരായിരുന്നു ആ സി.ഇ.ഒ എന്നറിയണമെന്നുണ്ടോ?

മറ്റാരുമല്ല ഡൊണാള്‍‌ഡ് റംസ്‌ഫെല്‍‌ഡ്.

കാന്‍സര്‍ പ്രതിരോധത്തിനുള്ള എല്ലാ ശ്രമങ്ങളേയും പരാജയപ്പെടുത്തുവാന്‍ ബുഷും കൂട്ടരും തങ്ങളുടെ സര്‍വ്വകഴിവും ഉപയോഗിക്കുന്നതായി പലപ്പോഴും തോന്നാറുണ്ട്. എനിക്കു വന്ന കാന്‍സറിനെ സംബന്ധിച്ച് ഇത് തികച്ചും ശരിയാണ്. സണ്‍‌സ്‌ക്രീന്‍ മെലനോമക്ക് കാരണമാകുന്നു എന്നത് പൊതുജനങ്ങള്‍ക്ക് അത്ര അറിയാവുന്ന കാര്യമല്ല. അത് UVA (അള്‍ട്രാവയലറ്റ് A) രശ്മികളില്‍ നിന്ന് പൂര്‍ണ്ണ സംരക്ഷണം നല്‍കുന്നില്ല. ഇത്തരം സണ്‍‌സ്‌ക്രീനുകള്‍ പുരട്ടിയോ സ്പ്രേ ചെയ്തോ സൂര്യരശ്മികളേല്‍ക്കുന്നവര്‍ ഒരു വ്യാജ സുരക്ഷയിലാണ്. ഉപഭോക്താക്കളെ ഇക്കാര്യത്തെക്കുറിച്ച് അറിയിക്കുന്നതിനോ ലേബല്‍ മാറ്റുന്നതിനോ FDA ശ്രദ്ധിച്ചിട്ടില്ല. എന്നാല്‍, യൂറോപ്യന്‍ യൂണിയന്‍ ആകട്ടെ സൂര്യ രശ്മികളില്‍ നിന്നുള്ള പൂര്‍ണ്ണ സുരക്ഷ എന്നത് സാധ്യമല്ല എന്ന വാദത്തിന്റെ പിന്‍‌ബലത്തില്‍ 2006ല്‍ ഇതിനു തയ്യാറായിട്ടുണ്ട്‍‍. 1999ല്‍ ലേബലുകളില്‍ ശരിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനുള്ള ശ്രമം FDA തുടങ്ങിയപ്പോള്‍ ഇത്തരം സണ്‍‌സ്ക്രീന്‍ നിര്‍മ്മാണക്കമ്പനികള്‍ അവരുടെ സംഘടനയായ Cosmetics, Toiletries and Fragrance Association മുഖേന അതിശക്തമായ ലോബീയിങ്ങ് നടത്തുകയാണ് ചെയ്തത് . അതിന്റെ അനന്തരഫലമായി ഈ നിയമം പ്രാബല്യത്തില്‍ വരുത്തുവാന്‍ FDAക്ക് കഴിഞ്ഞില്ല. ഈ ലോബീയിങ്ങിനു നേതൃത്വം കൊടുത്തത് ഒരു വൈറ്റ് ഹൌസ് അഭിഭാഷകനായ ജോണ്‍ റോബര്‍ട്ട്സ് ആണ്.

ഇന്നദ്ദേഹം യു.എസ്. സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റീസ് ആണ്.

നോക്കൂ..ഡേവീസ് ഓരോ പ്രാവശ്യവും എന്തു മാത്രം ശക്തിയോടെയാണ് ആഞ്ഞടിച്ചതെന്ന് ? അവരുടെ ഓരോ വെളിപ്പെടുത്തലിനും അദമ്യമായ ശക്തിയാണ് . cervical കാന്‍സറിനുള്ള ജീവരക്ഷാപരിശോധനയായ Pap smears എന്ന ടെസ്റ്റ് ഒരു ദശകത്തോളം തടഞ്ഞുവെച്ചിരുന്നു എന്ന് ഡേവീസ് വെളിപ്പെടുത്തുന്നു...പ്രൈവറ്റ് പ്രാക്ടീസിനെ ബാധിക്കും എന്ന ഭയത്തിന്റെ അടിസ്ഥാനത്തില്‍.

ഒരു പക്ഷെ നിരവധി ദശകങ്ങളോളം ലോകത്തിലെ ഏറ്റവും മികച്ച കാന്‍സര്‍ വിദഗ്ദരില്‍(cancer epidemiologist) ഒരാളായി കരുതപ്പെട്ടിരുന്ന സര്‍. റിച്ചാര്‍ഡ് ഡോള്‍( Oxford University) - കാന്‍സര്‍ ഉണ്ടാക്കുന്നതില്‍ പാരിസ്ഥിതിക കാരണങ്ങളുടെ പ്രസക്തിയെ അദ്ദേഹം എപ്പോഴും കുറച്ചുകണ്ടിരുന്നുവെങ്കിലും - മൊണ്‍‌സാന്റോ പോലുള്ള കെമിക്കല്‍ കമ്പനികളുടെ രഹസ്യ ശമ്പളം പറ്റുന്നയാളായിരുന്നു എന്ന് ഡേവീസ് വെളിപ്പെടുത്തുന്നു.

കാന്‍സറിനെതിരായ ഔദ്യോഗികപോരാട്ടത്തിനു നേതൃത്വം കൊടുക്കുന്ന Armand Hammerനെപ്പോലുള്ള പ്രമുഖരായ പലരും, കാന്‍സര്‍ ഉണ്ടാക്കുന്ന വസ്തുക്കള്‍ ഉണ്ടാക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും വന്നവരായിരുന്നു!! 1980കളില്‍ മുഴുവന്‍ National Cancer Institute ന്റെ ഉപദേശക സമിതിയില്‍ ഈ Armand Hammer ഉണ്ടായിരുന്നു. 100 ബില്യന്‍ ടണ്‍ വിഷ-രാസവസ്തുക്കള്‍ നിര്‍മ്മിക്കുന്ന Occidental Petroleum എന്ന കമ്പനിയുടെ CEO ആയിരുന്നു അദ്ദേഹം.

കാന്‍സറിനെതിരായ പോരാട്ടം” ശാസ്ത്രത്തിനെതിരായ പോരാട്ടമാണെന്ന് വിശാലമായി നിര്‍വചിക്കപ്പെടുന്നു, പലപ്പോഴും. ശാസ്ത്രജ്ഞര്‍ കാന്‍സറിനെക്കുറിച്ചും അതുണ്ടാക്കുന്ന വസ്തുക്കളെക്കുറിച്ചുമുള്ള അസുഖകരമായ സത്യങ്ങള്‍ വെളിപ്പെടുത്തുമ്പോള്‍ പലപ്പോഴും അവര്‍ക്കുള്ള ഫണ്ട് വെട്ടിക്കുറക്കപ്പെടുകയും പലതരത്തിലുള്ള അപഖ്യാതിക്ക് ഇരയാവുകയും ചെയ്യുന്നു. അതിലൂടെ മറ്റുള്ളവര്‍ക്കുള്ള സന്ദേശം ലഭിക്കുകയും ചെയ്യുന്നു. Dow Chemical പോലുള്ള കമ്പനികള്‍ ഇത്തരത്തിലാണ് കാന്‍സര്‍ ഫണ്ട് വെട്ടിക്കുറയ്ക്കുന്നത്. Marvin Legator എന്ന ഗവേഷകന്‍ Dow Chemicalന്റെ ഫണ്ടോടുകൂടി, തൊഴിലാളികളില്‍, ബെന്‍സീന്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി University of Texas( Medical Branch) ല്‍ പഠനം നടത്തിയപ്പോള്‍ കണ്ടെത്തിയത് തൊഴിലാളികളുടെ ക്രോമോസോമിന് ഈ രാസവസ്തു മൂലം ദോഷം സംഭവിക്കുന്നു എന്നാണ്. അദ്ദേഹത്തിനുള്ള ഫണ്ട് വെട്ടിക്കുറക്കപ്പെട്ടു എന്നതാണ് അതിന്റെ അനന്തര ഫലം.

തങ്ങളുടെ പബ്ലിക് റിലേഷന്‍ ശൃംഖല ഉപയോഗിച്ച് ഏതൊരു ശാസ്ത്രജ്ഞന്റെയും വിമര്‍ശനക്കുറിപ്പുകളെയും സംശത്തോടെ വീക്ഷിക്കാന്‍ പൊതുജനങ്ങളെക്കൊണ്ട് പ്രേരിപ്പിക്കുന്ന തരത്തില്‍, കോര്‍പ്പറേറ്റുകള്‍ സംശയത്തിന്റെ പുകമറ സൃഷിക്കുന്ന കലയില്‍ എങ്ങിനെയൊക്കെ വൈദഗ്ദ്യം നേടിയിട്ടുണ്ട് എന്നതിനെപ്പറ്റി ഡേവിസ് കൃത്യമായി വിശദീകരിക്കുന്നുണ്ട്. പുകയിലക്കുവേണ്ടി ദശകങ്ങളോളം ഇത് നടന്നുവന്നു; ഇപ്പോഴും തുടരുന്നു. സത്യം എന്നു കരുതപ്പെടുന്നത് എന്ത് എന്നതിന്റെ (നാം എങ്ങനെ അറിയുന്നു; നാം എന്തറിയുന്നു എന്ന രീതിയിലുള്ള) അടിസ്ഥാനം തന്നെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഉദാഹരണമായി നല്ല ലാഭം ലഭിക്കുന്ന കീമോതെറാപ്പി മരുന്നുകളുടെ ഫലത്തെക്കുറിച്ച് മൃഗങ്ങളില്‍ നടത്തുന്ന പഠനം ശരി, എന്നാല്‍ കാന്‍സറിന്റെ അടിസ്ഥാന കാരണം കണ്ടു പിടിക്കുന്നതിനുള്ള ( ഭാവിയില്‍ ലാഭത്തെ ബാധിക്കാവുന്ന രീതിയിലുള്ള)പരീക്ഷണങ്ങള്‍ തെറ്റ് എന്ന് ഈ മേഖലയിലെ സംഘടനകളെക്കൊണ്ട് സമ്മതിപ്പിക്കുവാന്‍ കോര്‍പ്പറേഷനുകള്‍ക്ക് കഴിഞ്ഞിട്ടുണ്ടത്രെ !

വ്യാപാര രഹസ്യങ്ങളുടെയും ആചാരസംഹിതകളുടെയും പരവതാനികള്‍ക്കടിയില്‍ തങ്ങളുടെ തൊഴിലാളികള്‍ രോഗഗ്രസ്തരാവുന്നതിന്റെയും മരണപ്പെടുന്നതിന്റെയും ഭീതി ഉണര്‍ത്തുന്ന അറിവുകള്‍ ഒളിപ്പിച്ചുവയ്ക്കാന്‍ കോര്‍പ്പറേഷനുകള്‍ക്കാവുന്നുണ്ട്. ആരോഗ്യരംഗത്തെ പ്രശ്നങ്ങളെക്കുറിച്ച് പഠനവും ഗവേഷണവും അപ്രസക്തമാക്കുമാറ് Mossville, Louisiana തുടങ്ങിയ പട്ടണങ്ങളെ തന്നെ ഭാഗികമായോ മുഴുവനായോ വിലപേശി വാങ്ങുന്നതില്‍ കോര്‍പ്പറേഷനുകള്‍ വിജയിച്ചിരിക്കുന്നു.

കാന്‍സര്‍ രോഗത്തിന്റെ അടിസ്ഥാന കാരണം കണ്ടുപിടിക്കുന്നതിനേക്കാള്‍ കൂടുതല്‍ ശ്രദ്ധ `കാന്‍സര്‍ രോഗചികിത്സക്ക് ‘നല്‍കിയതു മൂലം കാന്‍സറിനെതിരായ പോരാട്ടം പ്രയാസകരമായ ഒരു അവസ്ഥയിലോ തടസ്സപ്പെട്ട രീതിയിലോ ആണ് എന്ന് ഡേവീസ് ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ലാഭത്തില്‍ മാത്രം വിശ്വസിക്കുന്ന സൈനിക-വ്യാവസായിക-ചികിത്സാ- വിദ്യാഭ്യാസ സമുച്ചയവും കൂടുതല്‍ കൂടുതല്‍ ലാഭം ഉണ്ടാക്കുക എന്ന അതിന്റെ ദുരയും അതിനായി വ്യാപാരരഹസ്യങ്ങളുടെയും മറ്റും പേരില്‍ സര്‍വ്വവും തങ്ങളുടെ വരുതിയില്‍ നിയന്ത്രിച്ചു നിര്‍ത്താനുമുള്ള ശ്രമങ്ങളും ആണ് ഈ രോഗത്തിനു നിദാനം എന്ന് ചുരുക്കിപ്പറയാം‍, പൊതു ഫണ്ടുകള്‍ ശോഷിച്ചു വരുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ യൂണിവേര്‍സിറ്റികള്‍ പലപ്പോഴും പൌരാവകാശങ്ങളുടെ സംരക്ഷകര്‍ എന്നതിനേക്കാള്‍ കോര്‍പ്പറേഷനുകളെ സേവിക്കുന്ന വിജ്ഞാന ഫാക്ടറികളായി( knowledge factories) മാറുകയാണ്. കോര്‍പ്പറേഷനുകളാകട്ടെ അപകടം വരുത്തുന്ന ഉല്പന്നങ്ങള്‍ക്കും അനുമതി നേടുവാനായി എന്തും ചെയ്യുവാന്‍ തയ്യാറാണ്.

ഈ കഥ വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുകയാണ്. തലച്ചോറിലെ കാന്‍സറിനു കാരണമായേക്കാം എന്നു ചില പഠനങ്ങളില്‍ കണ്ടിട്ടുള്ള സെല്‍ ഫോണുകളെക്കുറിച്ച് ബ്രിട്ടനിലും ജര്‍മ്മനിയിലുമൊക്കെ മുന്നറിയിപ്പുകള്‍ ഉണ്ടെങ്കിലും അമേരിക്കയില്‍ അതൊന്നുമില്ല. കുട്ടികളാണ് പ്രത്യേകിച്ചും അപകടത്തില്‍.

"1, 4-dioxane" എന്ന രാസവസ്തു അടങ്ങിയിട്ടുള്ള ഷാമ്പൂ മൃഗങ്ങളില്‍ കാന്‍സറിനു കാരണമായിട്ടുണ്ട് എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിരോധിക്കപ്പെട്ടിട്ടുണ്ട്. പക്ഷെ FDA ഇക്കാര്യത്തിലും തീര്‍ത്തും നിശബ്ദരാണ്.

പല ഡോക്ടര്‍മാര്‍ക്കും സി.ടി സ്കാനിന്റെ അപകടത്തെക്കുറിച്ച് അറിയാം. ഒരു കുട്ടിയുടെ വയറിന്റെ ഒരു സി.ടി സ്കാന്‍ 600 ചെസ്റ്റ് എക്സ്.റേക്ക് തുല്യമാണത്രെ. സ്വാഭാവികമായും അതിനു വിധേയമാകുന്ന കുട്ടിക്ക് ഭാവിയില്‍ കാന്‍സറുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്.

Secret History of the War on Cancer എന്നത് ഹിപ്പോക്രാറ്റിസില്‍ തുടങ്ങി റമാസിന്നിയിലൂടെ നാസി ജര്‍മ്മനിയിലെത്തുന്ന ഇത്തരം കപടപോരാട്ടങ്ങളുടെ ചരിത്രത്തിന്റെ ഒരു ബഹു-തല നിധിപേടകമാണ്. വൈരുദ്ധ്യമെന്നു പറയട്ടെ നാസി ജര്‍മ്മനിയാണ് ആദ്യമായി പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ച രാജ്യം. കാന്‍സറിനു കാരണമാകുന്ന പാരിസ്ഥിതിക കാരണങ്ങളെക്കുറിച്ച് 1936ല്‍ ബ്രസ്സല്‍‌സില്‍ വെച്ച് നടന്ന ഒരു കോണ്‍‌ഫറന്‍സിന്റെ കണ്ടെത്തലുകള്‍ നടപ്പിലാക്കുകയായിരുന്നു അവര്‍. വാസ്തവത്തില്‍, തൊഴിലിടങ്ങളും പരിസ്ഥിതിയും കാന്‍സറുണ്ടാക്കുന്നതില്‍ പ്രമുഖ പങ്കുവഹിക്കുന്നു എന്ന അറിവ് 1936ല്‍ തന്നെ നമുക്കുണ്ടായിരുന്നുവെങ്കിലും വ്യാവസായിക ലോകം അതെല്ലാം അവഗണിക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞര്‍ പങ്കെടുത്ത International Congress of Scientific and Social Campaign against Cancer എന്ന മുകളില്‍ പറഞ്ഞ ( 1936 ലെ) കോണ്‍‌ഫറന്‍സിനെക്കുറിച്ച് അറിഞ്ഞ ഡേവീസ് ഞെട്ടിപ്പോയത്രെ. അവര്‍ അതിനെ വിളിക്കുന്നത് "a veritable Manhattan Project on cancer." എന്നാണ്.

“കാന്‍സറിന്റെ കാരണങ്ങളെക്കുറിച്ച് 1936ല്‍ തന്നെ തികഞ്ഞ അവഗാധമുണ്ടായിരുന്ന ശാസ്ത്രലോകത്തെ ഈ സ്ത്രീ-പുരുഷന്മാരുടെ അറിവുകള്‍ മുഖ്യധാരാ വൈദ്യശാസ്ത്രത്തിലേക്ക് പകര്‍ത്തപ്പെട്ടിരുന്നുവെങ്കില്‍ നിങ്ങളുടേയും എന്റെയും മരണമടഞ്ഞ പല ബന്ധുക്കളും ഇന്നും നമ്മോടൊപ്പമുണ്ടായിരുന്നേനേ” ഡേവിസ് പറയുന്നു.

കാന്‍സര്‍ അതിന്റെ ഇരകളില്‍ കഠിനമായ ഭീതി ജനിപ്പിക്കുകയും എന്ത് വില കൊടുത്തും ആശ്വാസം ലഭിക്കുന്നതിനായി അവര്‍ ശ്രമിക്കുകയും ചെയ്യുന്നു. മരണത്തെ അഭിമുഖീകരിക്കുന്ന, നിലനില്‍പ്പ് തന്നെ അവതാളത്തിലായ അവസ്ഥയില്‍ നിങ്ങള്‍ നിങ്ങളില്‍ നിന്നും അന്യമായ ലോകത്തില്‍ ഒരു അര്‍ത്ഥം കണ്ടെത്തുന്നതിനായി ശ്രമിക്കുന്നു. ഡോക്ടര്‍മാരും നേഴ്സുമാരും സാമൂഹ്യപ്രവര്‍ത്തകരും നിങ്ങളെ ചിലരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് ഉറപ്പു തരുന്നു. ഏത് തരം കാന്‍സറോ ആകെട്ടെ, അത് തൊലിപ്പുറത്തോ, മാറിലോ, ഗര്‍ഭാശയത്തിലോ, ശ്വാസകോശത്തിലോ ആകട്ടെ...സി.ടി. സ്കാനറുകളുടേയും കീമോതെറാപ്പിയുടെയും ശസ്ത്രക്രിയയുടേതുമായ സഹസ്ര കോടി ബില്യണ്‍ ഡോളറിന്റെതായ ഒരു ശൃംഖല നിങ്ങളെ ആശ്വസിപ്പിക്കാനായി കാത്തിരിക്കുന്നു. എപ്പോഴെങ്കിലും നിങ്ങളുടെ രോഗത്തിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ കാരണങ്ങളെ വൈദ്യസ്ഥാപനങ്ങള്‍ കണക്കിലെടുക്കാറുണ്ടോ?

ദക്ഷിണ ആഫ്രിക്കയിലുള്ള പോലെ അമേരിക്കയിലും Truth and Reconciliation Commission movement ഉണ്ടാവണമെന്ന് ഡേവിസ് ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കില്‍ തൊഴിലാളികളുടെ ആരോഗ്യത്തെയും കാന്‍‌സര്‍ റിസ്ക്കുകളെയും കുറിച്ച് കാലങ്ങളായി കോര്‍പ്പറേഷനുകള്‍ മറച്ചുവച്ചിരിക്കുന്ന ഒട്ടേറെ വിവരങ്ങള്‍ വെളിച്ചം കാണുമെന്ന് അവര്‍ ആത്മാര്‍ത്ഥമായും വിശ്വസിക്കുന്നു. ഇന്ന് കോര്‍പ്പറേഷനുകള്‍ക്ക് “വ്യാപാര രഹസ്യങ്ങള്‍” എന്ന മറയ്ക്കുള്ളില്‍ അവയെ ഒളിപ്പിച്ചുവയ്ക്കാന്‍ നിയമപരമായ പരിരക്ഷയുണ്ട്.

ഡേവിസിന്റെ പുസ്തകം നമ്മുടെ ആരോഗ്യ-വിദ്യാഭ്യാസ, പൊതു-ആരോഗ്യ രംഗങ്ങളിലും സാമൂഹ്യജീവിതത്തിലൊട്ടാകെയും അവശ്യം വരേണ്ട മാറ്റങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.അത് സാമൂഹ്യ വിപത്തുകള്‍ക്കെതിരെ ഒന്നിച്ചണിനിരക്കാനുള്ള ഒരു ആഹ്വാനമാണ്. നമ്മുടെ സംസ്ക്കാരത്തിന്റെ ഇടനെഞ്ചുകളില്‍ ആഘാതങ്ങളേല്‍പ്പിക്കാന്‍ ക്ഷമതയുള്ളതാണ് ഈ പുസ്തകം. പൊതു ഇടപെടലുകളുടെ സഹായത്തോടെ ഈ അവസ്ഥ തീര്‍ച്ചയായും മറികടക്കാന്‍ കഴിയും .. കഴിയണം എന്നു തന്നെ ഡേവിസ് കരുതുന്നു.

(Brian McKenna കൌണ്ടര്‍ പഞ്ചില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ബ്രയന്‍ മക് കെന്ന, ഡേവിസിന്റെ പുസ്തക രചനയുടെ ഓരോ ഘട്ടത്തിലും അവരുമായി സഹകരിച്ചിരുന്നു.)

അധിക വാ‍യനക്ക്

Off Target in the War on Cancer - Devra Davis

Where do you bury the survivors? - Thomas C Greene

സന്ദര്‍ശിക്കാവുന്ന വെബ് സൈറ്റുകള്‍

National Caner Institute

cancer prevention coaltion

Thursday, November 22, 2007

ഭാരതവും ഫുള്‍ കണ്‍‌വര്‍ട്ടിബിലിറ്റിയിലേയ്ക്ക്?

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25 ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ മൂലധന വിനിമയം (capital account covertibility) സംബന്ധിച്ച നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. പൂര്‍ണ്ണമായി മൂലധന വിനിമയ നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയുള്ള നടപടികളുടെ ഭാഗമാണ് സെപ്റ്റംബര്‍ 25-ന് പ്രഖ്യാപിച്ച ഈ ഇളവുകളും.

ഒരു രാജ്യത്തിന്റെ വിദേശനാണയ ഇടപാടുകളിലെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കുന്നത് ആ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും എന്ന് സമീപകാലത്ത് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും നടന്ന സാമ്പത്തിക കുഴപ്പങ്ങളില്‍ നിന്നും നാം കണ്ടതാണ്. പത്തുവര്‍ഷം മുന്‍പാണ് വളര്‍ച്ചയുടെയും പുരോഗതിയുടെയും മാതൃകയായി കണക്കാക്കപ്പെട്ടിരുന്നതും, ഏഷ്യന്‍ കടുവകള്‍ (Asian Tigers) എന്നറിയപ്പെട്ടിരുന്നതുമായ തായ് ലന്റ്, ഫിലിപ്പൈന്‍സ്, മലേഷ്യ തുടങ്ങിയ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സാമ്പത്തികരംഗം ദിവസങ്ങള്‍കൊണ്ട് തകര്‍ന്നടിഞ്ഞത്. റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലും അമേരിക്ക ഉള്‍പ്പെടെയുള്ള പല വികസിത രാജ്യങ്ങളിലും ഇതിന്റെ അലയടികള്‍ എത്തി. എന്നാല്‍ ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ തെക്കുകിഴക്കനേഷ്യന്‍ സാമ്പത്തിക കുഴുപ്പങ്ങളുടെ അലയടികള്‍ എത്താതിരുന്നത് ഇന്ത്യ മൂലധനവിനിമയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും എടുത്തുകളയാതിരുന്നതുമൂലമാണ് എന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്.

ഒരു രാജ്യം അതിന്റെ മൂലധന അക്കൌണ്ടില്‍ (capital account) നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ആ രാജ്യത്തേക്കു വരുകയും പുറത്തേക്കു പോകുകയും ചെയ്യുന്ന മൂലധനത്തെ നിയന്ത്രിക്കാനാണ്. ഓരോ രാജ്യവും അതാതു രാജ്യത്തിന്റെ സാമ്പത്തിക നയങ്ങളുടെയും സാമ്പത്തിക വികസന ആവശ്യങ്ങളുടേയും അടിസ്ഥാനത്തിലാണ് മൂലധന അക്കൌണ്ടിലെ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നത്. ഒന്നാംലോക മഹായുദ്ധത്തിനു ശേഷം 1920-30 കാലയളവില്‍ ഉയര്‍ന്നുവന്ന സാമ്പത്തിക കുഴപ്പങ്ങള്‍ക്കുള്ള ഒരു പരിഹാരം എന്ന നിലയിലാണ് മൂലധനനിയന്ത്രണ നടപടികള്‍ നടപ്പിലാക്കി തുടങ്ങിയത്. രണ്ടാംലോക മഹായുദ്ധത്തിനുശേഷം വിദേശരാജ്യങ്ങളുമായുള്ള മൂലധന ഇടപാടുകളിലുള്ള, പ്രത്യേകിച്ച് വിദേശനാണ്യ ഇടപാടുകളിലുള്ള, നിയന്ത്രണങ്ങള്‍ ലോകവ്യാപകമായിത്തന്നെ സ്വീകാര്യമായ ഒരു നയമായിത്തുടരുന്നു. ജോണ്‍ മെയ്‌നാര്‍സ് കെയിന്‍സ് തന്നെ മൂലധനനിയന്ത്രണങ്ങളുടെ ഒരു വക്താവായിരുന്നു.

1930 കളിലെ വന്‍ സാമ്പത്തികത്തകര്‍ച്ച (The Great Depression) യുടെ അനുഭവങ്ങള്‍മൂലം കെയിന്‍സ് പറയുകയുണ്ടായി "എല്ലാറ്റിനും ഉപരിയായി സമ്പത്ത് ദേശീയമായിരിക്കണം'' (above all let finance be primarily national).എന്നു മാത്രമല്ല, മൂലധന നീക്കത്തിലെ നിയന്ത്രണങ്ങള്‍ അന്തര്‍ദേശീയ കരാറുകളുടെ ഭാഗമായിരിക്കണം എന്നും കെയിന്‍സ് വാദിച്ചു. രണ്ടാംലോക മഹായുദ്ധത്തിനുശേഷം ലോകസാമ്പത്തിക സംവിധാനങ്ങളെക്കുറിച്ച് 1944-ല്‍ ബ്രെട്ടന്‍വുട്സില്‍ വച്ചു നടന്ന ചര്‍ച്ചകളിലും മൂലധനനിയന്ത്രണം ദേശീയ സ്വയംപര്യാപ്തത നിലനിര്‍ത്താനുള്ള ഒരു നടപടിയായി അംഗീകരിക്കപ്പെട്ടു.

1960-കള്‍വരെ മൂലധന വിനിമയ നിയന്ത്രണങ്ങള്‍ ചോദ്യംചെയ്യപ്പെടാത്ത ഒരു നയമായിത്തുടര്‍ന്നു. എന്നാല്‍ 1970 കളുടെ ആദ്യപാദത്തില്‍ ലോക സാമ്പത്തിക രംഗത്തുണ്ടായ ചില സംഭവങ്ങള്‍ മൂലധന വിനിമയ നിയന്ത്രണങ്ങള്‍ നീക്കുന്നതിലേക്കു നയിച്ചു. 1960-കളുടെ അവസാനത്തോടെIMF നുണ്ടായ സാമ്പത്തിക ഞെരുക്കം, ബാങ്കിംഗ് വ്യവസായത്തിന്റെ അന്തര്‍ദേശീയവല്‍ക്കരണം, നാണ്യവിപണിയുടെ വളര്‍ച്ചയും തുടര്‍ന്ന് നാണ്യവിപണിയില്‍ വളര്‍ന്നുവന്ന ചൂതാട്ട പ്രവണതകളും, പെട്രോളിയം ഉല്പന്നങ്ങളുറ്റെ വിലവര്‍ദ്ധനയും ബന്ധപ്പെട്ട പ്രശ്നങ്ങളും തുടങ്ങിയവയെല്ലാം ചേര്‍ന്ന് ബ്രെട്ടന്‍-വുട്സ് സംവിധാനങ്ങളുടേയും നാണയങ്ങളുടെ സ്ഥിര-വിനിയമനിരക്കിന്റെയും തകര്‍ച്ചക്ക് ആക്കം കൂട്ടുകയും തുടര്‍ന്ന് മൂലധന നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതിലേക്കു നയിക്കുകയും ചെയ്തു.

1980 കളിലെ ആഗോളവല്‍ക്കരണ നയങ്ങള്‍ മൂലധന വിനിമയ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കാനുള്ള സമ്മര്‍ദ്ദം കൂടുതല്‍ ശക്തവും വ്യാപകവുമാക്കി. അന്തര്‍ദേശീയ മൂലധനത്തിന്റേയും അതിന്റെ ഉപകരണങ്ങളായി മാറിയ IMF തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടേയും സമ്മര്‍ദ്ദ ഫലമായി അനേകം രാജ്യങ്ങള്‍ അവയുടെ മൂലധന അക്കൌണ്ട് നിയന്ത്രണങ്ങള്‍ നീക്കി. മൂലധന നിയന്ത്രണങ്ങള്‍ നീക്കിയത് അന്തര്‍ദേശീയ കുത്തകകളുടേയും, ലോകസാമ്പത്തിക ഭീമന്മാരേയും സഹായിച്ചപ്പോള്‍ ഒട്ടുമിക്ക രാജ്യങ്ങളുടേയും സാമ്പത്തികരംഗത്ത് അത് വന്‍ പ്രതിസന്ധിയുണ്ടാക്കി. ചിലിയിലെ 1982 ലെ സാമ്പത്തികത്തകര്‍ച്ച, 1997-ല്‍ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളിലെ സാമ്പത്തിക കുഴപ്പങ്ങള്‍, 2002-ല്‍ അര്‍ജന്റീന നേരിട്ട പ്രതിസന്ധി എന്നിവക്കെല്ലാം ഒരു പ്രധാന കാരണം മൂലധനവിപണിയില്‍ വരുത്തിയ ഉദാരവല്‍ക്കരണമാണ്.

മൂലധന വിനിമയ നിയന്ത്രണങ്ങളും അതിനനുസരണമായ ദേശീയസാമ്പത്തിക നയങ്ങളും നാനാതരത്തില്‍ ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ സഹായിക്കും. ഒരു രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ അന്തര്‍ദേശീയ മൂലധനത്തിന്റെ കയറ്റിറക്കങ്ങളിലും അതിന്‍ഫലമായ പ്രശ്നങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ മൂലധന വിനിയമ നിയന്ത്രണങ്ങളിലൂടെ മാത്രമേ കഴിയൂ. മൂലധനത്തിന്റെ കുത്തൊഴുക്കും തിരിച്ചുള്ള ഒലിച്ചുപോകലും ഒരു രാജ്യത്തിന്റെ Balance of payment പ്രശ്നങ്ങള്‍, വില വര്‍ദ്ധന‍, നിക്ഷേപത്തിലെ ഇടിവ് തുടങ്ങി അനേകം പ്രശ്നങ്ങളിലേക്കു നയിക്കും. മൂലധന വിനിമയം നിയന്ത്രിക്കാതെ സ്വതന്ത്രമായ ഒരു നാണ്യനയം (Monetary policy) നടപ്പാക്കാന്‍ കഴിയില്ല. ഉദാഹരണമായി പലിശനിരക്ക് പരിഷ്ക്കരണത്തിന്റെ കാര്യമെടുക്കാം - ഒരു രാജ്യം അവിടെ പരിശ നിരക്കു കുറച്ചാല്‍ മൂലധനം കൂടുതല്‍ പലിശതേടി മറ്റു രാജ്യങ്ങളിലേക്കു പോകും. പലിശ കൂട്ടിയാലോ രാജ്യത്തെ കാര്‍ഷിക വ്യാവസായിക മേഖലയെ അതു പ്രതികൂലമായി ബാധിക്കും.

ദേശീയ സമ്പാദ്യത്തെ രാജ്യത്തിന്റെ പ്രത്യുല്പാദനപരമായ മേഖലകളിലേക്കു തിരിച്ചുവിടണമെങ്കില്‍ മൂലധനവിനിമയത്തിനുമേല്‍ നിയന്ത്രണം അത്യന്താപേക്ഷിതമാണ്. മൂലധനവിനിമയത്തിനുമേല്‍ നിയന്ത്രണമുണ്ടെങ്കിലേ നിക്ഷേപത്തിന്റെയും വായ്പയുടേയും മേലുള്ള നിയന്ത്രണവും സാദ്ധ്യമാകൂ. ഏതൊരു രാജ്യത്തിനും അതിന്റെതന്നെ സ്വകാര്യമൂലധനവുമായും, വിദേശമൂലധനവുമായും, അന്തര്‍ദേശീയ സ്ഥാപനങ്ങളുമായും കാര്യക്ഷമമായി വിലപേശണമെങ്കില്‍ മൂലധനവിനിമയത്തിനുമേല്‍ നിയന്ത്രണം ഉണ്ടെങ്കിലേ കഴിയൂ. മൂലധന വിനിമയത്തിനുമേലുള്ള നിയന്ത്രണം ഇല്ലാതായാല്‍ ഒരു രാജ്യത്തിന് അതിന്റെ സാമ്പത്തിക രംഗത്തുള്ള നിയന്ത്രണങ്ങള്‍ വളരെയധികം പരിമിതമാകും എന്നു ചുരുക്കം.

Capital account convertibility നടപ്പാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ റിസര്‍വ് ബാങ്ക് 1997-ല്‍ ഇന്ത്യാഗവണ്‍മെന്റുമായി ചര്‍ച്ച ചെയ്ത ശേഷം താരാപ്പൂര്‍ കമ്മറ്റിയെ നിയമിച്ചുവെങ്കിലും തെക്കു-കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ ഉയര്‍ന്നുവന്ന കുഴപ്പങ്ങള്‍മൂലം ഇക്കാര്യത്തില്‍ വളരെ ശ്രദ്ധാപൂര്‍വമാണ് റിസര്‍വ് ബാങ്ക് ഓരോ ചുവടും വച്ചത്. എന്നാല്‍ 2006-ല്‍ താരാപ്പൂര്‍ കമ്മിറ്റി II നെ നിയമിച്ചു.ഘട്ടം ഘട്ടമായി മൂലധന നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കാനുള്ള നടപടികളുമായി റിസര്‍വ് ബാങ്ക് ത്വരിതഗതിയില്‍ മുന്നേറുകയാണ്. ഇപ്പോള്‍ റിസര്‍വ് ബാങ്കിന്റെ ഏതു നയപ്രഖ്യാപനത്തിന്റേയും പ്രധാന കാതല്‍ മൂലധന നിയന്ത്രണങ്ങള്‍ നീക്കലാണ്.

ഇന്ത്യയുടെ വിദേശനായണശേഖരം ഇപ്പോള്‍ 245 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുകയാണ്. ഡോളറിന്റെ വിലയിടിവും സാമ്പത്തികരംതത്തുണ്ടായ കുഴപ്പങ്ങളും മറ്റും മൂലം ഇന്ത്യയിലേക്ക് വിദേശധനം കുത്തിയൊഴുകുകയാണ്. റിസര്‍വ് ബാങ്കിന് ഇതിലുള്ള എല്ലാ നിയന്ത്രണവും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലേക്കു വന്നുകൂടുന്ന വിദേശനാണയ സമ്മര്‍ദ്ദം കുറക്കാന്‍ എന്ന കാരണം പറഞ്ഞ് സെപ്റ്റംബര്‍ 25-ന് വിദേശത്തേക്ക് കൊണ്ടുപോകാന്‍ പറ്റുന്ന പണത്തിന്റേയും, വിദേശങ്ങളില്‍ നടത്താന്‍ പറ്റുന്നനിക്ഷേത്തിന്റേയും തോതില്‍ വന്‍ ഇളവുവരുത്തിയിരിക്കുകയാണ് ഇപ്പോള്‍ റിസര്‍വ് ബാങ്ക്.

ഇന്ത്യന്‍ കമ്പനികള്‍ക്ക് അവരുടെ net worth ന്റെ 400% വരെ വിദേശങ്ങളില്‍ സംയുക്തസംരംഭങ്ങളിലും സബ്‌സിഡിയറികളിലും മുടക്കാന്‍ റിസര്‍വ്ബാങ്കിന്റെ അനുവാദം ഇനി ആവശ്യമില്ല. 500 മില്യന്‍ അമേരിക്കന്‍ ഡോളര്‍വരെ വിദേശവായ്പകള്‍ മുന്‍കൂര്‍ തിരിച്ചടക്കാന്‍ റിസര്‍വ് ബാങ്കിന്റെ അനുമതി ആവശ്യമില്ല. മ്യൂച്വല്‍ഫണ്ടുകള്‍ക്ക് വിദേശങ്ങളില്‍ നിക്ഷേപിക്കാമായിരുന്ന തുക 4 ബില്യന്‍ ഡോളറായിരുന്നത് 5 ബില്യനായി ഉയര്‍ത്തി. വ്യക്തികള്‍ക്ക് വിദേശത്ത് നിക്ഷേപിക്കാന്‍ കഴിയുമായിരുന്ന തുക ഒരു ലക്ഷത്തില്‍ നിന്നും രണ്ടുലക്ഷമായി ഉയര്‍ത്തി. ഇത്തരത്തില്‍ ഇന്ത്യയില്‍ നിന്നും വിദേശത്തേക്ക് കടത്താന്‍ കഴിയുന്ന സമ്പത്തിന്റെ അളവില്‍ വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്.ഇന്നത്തെ ഇന്ത്യന്‍ സാമ്പത്തിക സ്ഥിതിക്ക് 1997-ലെ തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളുടെ സ്ഥിതിയുമായി പല സമാനതകളും കാണാന്‍ കഴിയും, അതിനാല്‍തന്നെ മൂലധന അക്കൌണ്ടില്‍ കൂടുതല്‍ കൂടുതല്‍ ഇളവനുവദിക്കുന്നത് ഇന്ത്യന്‍ സാമ്പത്തികരംഗത്ത് ഗുരുതരമായ ഒരു സ്ഥിതി സൃഷ്ടിക്കുന്ന അന്തരീക്ഷം തള്ളിക്കളയാനാവില്ല.

Note:

Capital account convertibility (CAC) -- or a floating exchange rate -- means the freedom to convert local financial assets into foreign financial assets and vice versa at market determined rates of exchange. This means that capital account convertibility allows anyone to freely move from local currency into foreign currency and back.

It refers to the removal of restraints on international flows on a country's capital account, enabling full currency convertibility and opening of the financial system.

A capital account refers to capital transfers and acquisition or disposal of non-produced, non-financial assets, and is one of the two standard components of a nation's balance of payments. The other being the current account, which refers to goods and services, income, and current transfers.

How are capital a/c convertibility and current a/c convertibility different?

Current account convertibility allows free inflows and outflows for all purposes other than for capital purposes such as investments and loans. In other words, it allows residents to make and receive trade-related payments -- receive dollars (or any other foreign currency) for export of goods and services and pay dollars for import of goods and services, make sundry remittances, access foreign currency for travel, studies abroad, medical treatment and gifts, etc.

(ലേഖകന്‍: ശ്രീ. ജോസ് ടി. എബ്രഹാം)

അധിക വായനയ്ക്ക്

Full convertibility, a gradual process

Dangers of full convertibility

Wednesday, November 21, 2007

യുവത്വത്തിന്റെ കണ്ണീരും ചിരിയും

യുവത്വമെന്നാല്‍ ആവേശത്തിന്റെയും ചോരത്തുടിപ്പിന്റെയും നന്മയുടെയും പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും കാലമെന്നാണല്ലോ നാത്തൂനേ വിവരമുള്ളവര്‍ പറയുന്നത്. നല്ല ചിന്തകള്‍ വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന കാലം. തിന്മയ്ക്കെതിരെ മുഷ്ടിചുരുട്ടുന്ന കാലം. സഹജീവികളുടെ കഷ്ടതകള്‍ക്കുമേല്‍ ഒരിറ്റുകണ്ണീര്‍ വീഴ്ത്തുന്ന കാലം. നന്മയുടെയും സ്നേഹത്തിന്റെയും കണ്ണീര്‍.

എന്നാല്‍ നാത്തൂന്‍ ടീവി ശ്രദ്ധിക്കാറുണ്ടോ? അവിടെയും ചില കരച്ചിലും നിരാശയും രോഷവുമൊക്കെയുണ്ട്. അല്ല സീരിയലിലെ കരച്ചിലല്ല. സത്യം പറഞ്ഞാല്‍ മറ്റു പല കരച്ചിലുമായി തട്ടിച്ചുനോക്കിയാല്‍ സീരിയല്‍ കരച്ചില്‍ എത്രയോ ഭേദമെന്നു തോന്നും. ചില പരസ്യങ്ങളിലെ, ചില ഷോകളിലെ കണ്ണീരിനെയും ചിരിയെയുംകുറിച്ചാണ് നാത്തൂനേ പറയുന്നത്. അവിടെ കാണുന്നതരത്തിലാണെങ്കില്‍ കരയുകയും ചിരിക്കുകയും ചെയ്യാനുള്ള കാരണങ്ങള്‍.


വായ്‌നാറ്റം

ഈയിടെ ഹാസ്യസാഹിത്യകാരനായ സുകുമാര്‍ എഴുതിയിരുന്നു നാത്തൂനേ. ആധുനിക തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം വായ്‌നാറ്റമാണെന്നു തോന്നുമത്രെ ടിവി പരസ്യം കണ്ടാല്‍. കോളേജ് കാമ്പസ്. സുന്ദരനായ രമേശ് നടന്നുവരുന്നു. എതിരേ അതാ ജീന്‍സും ടീഷര്‍ട്ടുമൊക്കെയിട്ട് അവള്‍. അവനെ കാണുന്ന അവള്‍ സന്തോഷത്തോടെ അടുത്തേക്ക്. 'ഹായ് ടീനു' അവന്‍ വിളിക്കുന്നു. ഒരു നിമിഷം അയ്യോ! അവളുടെ മുഖത്ത് അതാ വെറുപ്പു നിറയുന്നു. അവള്‍ കൈകൊണ്ട് തനിക്ക് മുന്നിലെ വായുവിനെ തട്ടിമാറ്റുന്നു. വെറുപ്പോടെ നടക്കുന്നു. സുന്ദരനും കാശുകാരനും ചുറുചുറുക്കുള്ളവനുമായ രമേശ് അതാ തോരാനിരാശയുടെ കയത്തില്‍. ജീവിതത്തിന്റെ മീനിങ് തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. എന്താടാ നിനക്കൊരു പ്രയാസമെന്ന് കൂട്ടുകാര്‍. രമേശ് കാര്യം പറയുന്നു. ഉടന്‍ ഒരു കൂട്ടുകാരന്‍ സ്റ്റഡീക്ളാസെടുക്കുന്നു.

"പല്ലിനിടയില്‍ അടിഞ്ഞുകൂടുന്ന അഴുക്ക് പല്ലില്‍ കീടാണുക്കളെ ക്ഷണിച്ചുവരുത്തും. അത് പല്ലിനിടയില്‍ മുട്ടയിടും. ആ മുട്ടവിരിഞ്ഞ് വീണ്ടും അണുക്കള്‍ പുറത്തുവരും. അവ വായ്നാറ്റം ക്ഷണിച്ചുവരുത്തും. വായ്‌നാറ്റം കാരണമാണ് അവള്‍ കൈവീശി നടന്നുപോയത്. ഞങ്ങള്‍ കൈവീശാത്തത്, അതുമായി താദാത്മ്യപ്പെട്ടതുകൊണ്ടാണ്."

"എന്താണ് ഇതിനുള്ള പരിഹാരം''

"പറ്റിയ്ക്കല്‍ പേസ്റ്റ് പല്ലില്‍ പറ്റിച്ചുപിടിപ്പിക്കുക - തേയ്ക്കുക."

അടുത്തരംഗത്തില്‍ അതാ രമേശ്‌കുമാരന്‍ ടവ്വലുമെടുത്തു കുളിമുറിയിലെ കണ്ണാടിയില്‍ നോക്കി പല്ലുതേക്കുന്നു. തേയ്ച്ചുകഴിഞ്ഞ് തന്റെ കൈ വായ്ക്കുമുന്നില്‍വച്ച് ശ്വാസം കയ്യില്‍ തട്ടിച്ച് പ്രാകൃതമായ രീതിയില്‍ പൊല്യൂഷന്‍ ടെസ്റ്റ് നടത്തുന്നു.

"ഫൌണ്ട് കറക്ട് ആന്റ് സാറ്റിസ്ഫൈഡ്.''

അടുത്തരംഗം കോളേജില്‍.

അതാ ഒരുപാട് അവളുമാരുടെ നടുവില്‍ രാജ കുമാരനായി രമേശ്. പൊട്ടിച്ചിരിക്കുന്നു. ആത്മവിശ്വാസത്തോടെ ഉറക്കെ സംസാരിക്കുന്നു. വായ് തുറന്നു ചിരിക്കുന്നു. തലേന്ന് വായുവില്‍ കൈവീശി വെറുപ്പുപ്രകടിപ്പിച്ചവള്‍ നടന്നുവരികയും രമേശന്‍ അവളെ മൈന്‍ഡുചെയ്യാതിരിക്കുകയും അവള്‍ ദുഃഖത്തില്‍ വീഴുകയും ചെയ്യുന്നു. കണ്ടാലറിയാത്തവന്‍ കൊണ്ടാലറിയും എന്നതാണ് നാത്തുനേ ഇതിലെ ഗുണപാഠം.

കൊച്ചിലേ പല്ലുനന്നായി തേയ്ക്കടാ എന്ന് അച്ഛനുമമ്മയുമൊക്കെ പറയുമ്പോള്‍ ശ്രദ്ധിക്കാത്തവരെയും ഒരു പെണ്ണിന്റെ കൈവീശല്‍ കാര്യങ്ങള്‍ പഠിപ്പിക്കുന്നു.

മുഖക്കുരു

യുവത്വം പൊട്ടിക്കരയുന്ന മറ്റൊരു പ്രതിഭാസമാണ് മുഖക്കുരു. പശ്ചാത്തലം കാമ്പസുതന്നെ. ടീനേജ് കുമാരിയായ റിമി കൂട്ടുകാരികളോട് പറയുന്നു.

"ഇന്ന് മഹേഷിന്റെ ബര്‍ത്ഡേ പാര്‍ടിയാ - എനിക്ക് സ്പെഷ്യല്‍ ഇന്‍വിറ്റേഷനുണ്ട്' കൂട്ടുകാരികള്‍ കോറസ്സായി ചിരിക്കുന്നു. “ഈ മുഖക്കുരുവും വച്ചുകൊണ്ടാണോ പാര്‍ടിക്കു പോകുന്നത്'?"

റിമിയുടെ കൈ കവിളിലേക്ക്. മുഖക്കുരുവിലൂടെ വിരല്‍ ഓടുന്നു. പിന്നെ റിമി ഓടുന്നു.

വീട്ടില്‍ ബെഡ്ഡില്‍ വീണുപൊട്ടിക്കരയുന്ന റിമി. എന്തുപറ്റി മോളേ എന്ന് വിലപിച്ച് അടുത്തിരിക്കുന്ന അമ്മ.

"വേണ്ട, എനിക്കിനി ജീവിക്കണ്ട, ക്ളാസില്‍ കൂട്ടുകാരികള്‍ എന്നെ കളിയാക്കുന്നു. ഇല്ല. ഈ മുഖക്കുരു പോവില്ല. എന്റെ ജീവിതം നശിച്ചു. ഈ മുഖക്കുരു മാറില്ല."

പെട്ടെന്ന് അതാ ശബ്ദം.

"അല്ല മോളേ മാറും''

റിമിയുടെ മുത്തശ്ശിയും പ്രായം തൊണ്ണൂറുകഴിഞ്ഞിട്ടും കട്ടിലൊഴിയാത്തതിനെക്കുറിച്ച് ബന്ധുമിത്രാദികള്‍ ആകുലപ്പെട്ടിരിക്കുന്നവരുമായ സ്ത്രീരത്നം വരുന്നു.

"എന്താ അമ്മേ പറയുന്നത് ഈ മുഖക്കുരു മാറുമെന്നോ? ഒരുപാട് ക്രീമുകള്‍ പരീക്ഷിച്ചു നോക്കിയതല്ലേ അമ്മേ"

റിമിയുടെ അമ്മ ചോദിക്കുന്നു.

"മോളേ, പ്രകൃതി ഒരമൂല്യഖനിയാണ് മനുഷ്യനുവേണ്ടി ഒരുക്കിയിട്ടുള്ളത്. മുഖക്കുരുവിനുവേണ്ടി പ്രത്യേകിച്ചും. നമ്മുടെ പൂര്‍വികരായ ഋഷീശ്വരന്മാര്‍, അവരുടെ തപോശക്തികൊണ്ട് മുഖക്കുരുവിനെതിരെ ഒരുപാട് മൂലികകള്‍ കണ്ടുപിടിച്ചിട്ടുണ്ട്. അതിലൊന്നാണ് എമ്പത്തിനാല് മൂലികകള്‍ ചേര്‍ന്ന (എണ്‍പത്തിഅഞ്ച് എന്നുപറഞ്ഞാല്‍ റൌണ്ട് ഫിഗറാകും. റൌണ്ട് ഫിഗറിന് വിശ്വസനീയത കിട്ടില്ല) കുരുക്കുഴമ്പ്. അത് നാലാഴ്ച മുഖക്കുരുവില്‍ തേച്ചുപിടിപ്പിച്ചാല്‍ മുഖകാന്തി കൂടും. മുഖം വെളുക്കും. (അഥവാ മുഖം വെളുത്തില്ലെങ്കിലും റിമിയുടെ പപ്പയുടെ പഴ്സ് വെളുക്കും. ഒരു ബോട്ടിലിന് നൂറ്റിച്ചില്ല്വാനം രൂപയാണ് നാത്തൂനേ വില) എന്റെ മുത്തശ്ശിയുടെ മുത്തശ്ശിക്ക് മുഖക്കുരു ഉണ്ടായപ്പോള്‍ ആ മുത്തശ്ശിയുടെ മുത്തശ്ശിയും ഈ മരുന്നാ ഉപദേശിച്ചത്."

ഇത്രയും പറഞ്ഞ് മുത്തശ്ശി തന്റെ ജീവിതലക്ഷ്യവും അവതാരോദ്ദേശ്യവും സഫലമായതിന്റെ തൃപ്തിയോടെ കയ്യില്‍ കുരുക്കുഴമ്പിന്റെ കുപ്പിയും പിടിച്ചു നില്‍ക്കുന്നു.

അടുത്തരംഗം സ്ഥിരം രംഗം തന്നെ. കുരുവില്ലാത്ത മുഖവുമായി കോളേജില്‍ റിമി. കളിയാക്കിയ കൂട്ടുകാരികള്‍ റിമിയെ വളയുന്നു. അവര്‍ക്കുംവേണം മരുന്ന്.

റിയാലിറ്റി കരച്ചില്‍

മുമ്പൊരിക്കല്‍ ഞാന്‍ നാത്തൂനോട് പറഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോയില്‍ പാട്ടും ഡാന്‍സുമൊക്കെ നടത്തി, ഔട്ടാകുന്ന യുവത്വത്തിന്റെ കരച്ചില്‍. ഈയിടെ ഞാന്‍ അടുക്കളയില്‍നിന്നപ്പോള്‍ മരണവീട്ടിലെന്നപോലെ ഒരു കരച്ചില്‍ കേട്ടു നാത്തൂനേ. തുടര്‍ന്ന് ആരുടെയോ ആശ്വാസവചനങ്ങളും.

"കരയാതെ മോള, പോട്ടെ, എല്ലാം വിധിയെന്നു കരുതൂ കുട്ടി, സഹിക്കൂ മോളേ."

ഞാന്‍ പുറത്തേയ്ക്കോടി. അപ്പോഴാണ് കാണുന്നത് ടിവിയിലെ റിയാലിറ്റിഷോയില്‍ ഔട്ടായ മല്‍സരാര്‍ഥിയെ അവതാരക ആശ്വസിപ്പിക്കുന്ന ആശ്വാസവചനങ്ങളാണ്. കൂട്ടക്കരച്ചിലിന്റെ നിമിഷങ്ങളാണ് ഔട്ടാകല്‍ മുഹൂര്‍ത്തങ്ങള്‍.

ജഡ്ജിമാര്‍ കര്‍ച്ചീഫെടുക്കുന്നു. രക്ഷകര്‍ത്താക്കള്‍ നെഞ്ചത്തടിച്ചു നിലവിളിക്കുന്നു. അവതാരക വിതുമ്പുന്നു...

സ്വന്തം അപ്പനോ അമ്മയോ പരലോകപ്രാപ്തരായപ്പോള്‍പോലും ഒരുതുള്ളി കണ്ണീര്‍ പൊടിയാത്തവരും തങ്ങളുടെ മക്കള്‍ ഔട്ടാകുന്നതുകണ്ട് ഏങ്ങലടിച്ചുകരയും. പ്രേക്ഷകരും കരയും. അവതാരക ഒരു ആത്മീയാചാര്യയുടെ തലത്തിലേക്ക് ഉയരും. ജീവിതത്തിന്റെ വ്യര്‍ത്ഥതകള്‍, ഒന്നും നാമല്ലല്ലോ തീരുമാനിക്കുന്നത്, എസ്എംഎസിന്റെ മുമ്പില്‍ നാമെല്ലാം വെറും പാവകള്‍, മല്‍സരാര്‍ഥി കൊതിക്കുന്നു, എസ്എംഎസ് വിധിക്കുന്നു, തുടങ്ങിയ ഹൃദയസ്പര്‍ശിയായ സാരോപദേശങ്ങളോടെ കുരുക്ഷേത്രഭൂമിയില്‍ പതറിനില്‍ക്കുന്ന പാര്‍ത്ഥനെ പാര്‍ത്ഥസാരഥിയെന്നപോലെ, റിയാലിറ്റിഗീതയിലൂടെ മല്‍സരാര്‍ഥിക്ക് അവതാരകസാരഥി ഉത്തേജിതയാക്കാന്‍ നോക്കും.

ഭഗവത്ഗീത കേട്ട് അര്‍ജ്ജുനന് ആത്മവീര്യമാണ് കിട്ടിയതെങ്കില്‍ റിയാലിറ്റിഗീത കൂടുതല്‍ കരച്ചിലിലേക്കാണ് ശ്രോതാക്കളെയും പ്രേക്ഷകരെയും കൂട്ടിക്കൊണ്ടുപോകുന്നത്. തുടര്‍ന്ന് ഔട്ടാകുന്ന റിയാലിറ്റി കണ്ടസ്റ്റന്റിനെ വീട്ടില്‍ പറഞ്ഞയക്കുന്ന ഹൃദയഭേദകമായ ചടങ്ങും നടക്കും. കൂട്ടക്കരച്ചില്‍ പാരമ്യത്തിലെത്തുന്ന മുഹൂര്‍ത്തങ്ങളാണത്. സര്‍ക്കാര്‍ ഓഫീസില്‍ സെന്റോഫ് കൊടുത്തുവിടുന്ന ചടങ്ങിനെയാണ് അത് അനുസ്മരിപ്പിക്കുന്നത്. സഹപാട്ടുകാരും ഡാന്‍സുകാരും കൂട്ടത്തോടെ വേദിയിലേക്ക് ഇരച്ചുകയറും. പിന്നെ കൂട്ടനിലവിളി.

അപ്പോള്‍ നാത്തൂനേ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍.

യുവത്വത്തിന്റെ കണ്ണീര്‍ വന്നുവീഴുന്നത് തെറ്റായ നിലങ്ങളിലാണ് അല്ലേ. അതോ അങ്ങനെ വീഴ്ത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണോ? അന്യന്റെ ദുഃഖം കഴുകുന്നതായിരിക്കണം നമ്മുടെ കണ്ണീര്‍ അല്ലേ നാത്തൂനേ. കണ്ണീരില്‍ അഴുക്കുപാടില്ല അല്ലേ.

(രചന; ശ്രീ. കൃഷ്ണ പൂജപ്പുര, കടപ്പാട്: ദേശാഭിമാനി, സ്ത്രീ സപ്ലിമെന്റ്)

Monday, November 19, 2007

സൈനിക മരണവും പെന്റഗണ്‍ തമസ്കരണവും

ഇറാഖിലെ യുദ്ധഭൂമിയില്‍ സേവനം അനുഷ്ഠിക്കുന്നവരും അനുഷ്ഠിച്ചിരുന്നവരും ആയ അമേരിക്കന്‍ പട്ടാളക്കാരുടെ ഇടയില്‍ പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിച്ചിരിക്കുന്ന ആത്മഹത്യാപ്രവണതയേയും അത്തരം ആത്മഹത്യകളേയും കുറിച്ചുള്ള യഥാര്‍ത്ഥ ചിത്രം പെന്റഗണ്‍ മറച്ചു പിടിച്ചിരിക്കുകയാണോ? ആണെന്നാണ് സി.ബി.എസ് ടെലിവിഷന്‍ പറയുന്നത് . 45 സംസ്ഥാനങ്ങളില്‍ നിന്നും ഇക്കാര്യത്തില്‍ ശേഖരിച്ച വിപുലമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തല്‍. 2005ല്‍ മാത്രം സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച 6256 പേര്‍ എങ്കിലും ആത്മഹത്യ ചെയ്തുവത്രേ. അതായത് ആഴ്ചയില്‍ 120 പേര്‍ വീതം.

മുകളില്‍ പറഞ്ഞത് ഒരു അച്ചടിപ്പിശകല്ല. റിട്ടയര്‍ ചെയ്തവരും അല്ലാത്തവരും ആയ സൈനികര്‍, അതില്‍ ഭൂരിഭാഗവും 20 വയസ്സിനും 24 വയസ്സിനുമിടയില്‍ പ്രായമുള്ളവര്‍, യുദ്ധമേഖലയില്‍ നിന്നും തിരിച്ചെത്തിയതിനുശേഷം(അമേരിക്കയില്‍ അവര്‍ വാ‍ര്‍ വെറ്ററന്‍സ് എന്നാണ് ആദരപൂര്‍വം അറിയപ്പെടുന്നത്) ജീവനൊടുക്കുകയാണത്രേ. യുദ്ധമേഖലയിലെ മനം മടുപ്പിക്കുന്ന അനുഭവങ്ങള്‍ വലിയൊരു മാനസികാരോഗ്യ പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണെന്ന് വിശ്വസിക്കാമെന്നു തോന്നുന്നു. ഇക്കാര്യത്തെപ്പറ്റി പൊതുജനങ്ങള്‍ ബോധവാന്മാരല്ല എന്നതും പെന്റഗണ്‍ ഇത് പൂര്‍ണ്ണമായും നിഷേധിച്ചു കൊണ്ടിരിക്കുകയാണ് എന്നതുമാണ് ഇതില്‍ എടുത്തുപറയേണ്ട സംഗതി.

ഔദ്യോഗിക കണക്കനുസരിച്ച് യുദ്ധത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 3865 ആണ്. അതോടൊപ്പം മുകളില്‍പ്പറഞ്ഞ പ്രകാരം ആത്മഹത്യ ചെയ്ത 6256 പേരെകൂടി ചേര്‍ക്കുമ്പോള്‍ 2005ല്‍ മാത്രം മരിച്ച സൈനികരുടെ എണ്ണം 10,121 ആകും . 2004ലും 2006ലും മരിച്ചവരുടെ എണ്ണം കൂടി ചേര്‍ത്താല്‍ ഇറാഖില്‍ മരിച്ച യു എസ് സൈനികരുടെ എണ്ണം 15000 കവിയും.

ധാര്‍മ്മികമായോ നിയമപരമായോ യാതൊരു ന്യായീകരണവും അവകാശപ്പെടാന്‍ ഇല്ലാത്ത ഒരു യുദ്ധത്തിലാണ് ഇത്രയും യു എസ് സൈനികരുടെ ജീവന്‍ ഹോമിക്കപ്പെട്ടത് എന്നത് ചിന്തിപ്പിക്കുന്ന ഒന്നാണ്, അത്യന്തം വേദനാജനകവും.

സൈനികരുടെ മാനസികാരോഗ്യ പരിപാലനത്തിന്റെ ചുമതലയുള്ള Department of Veteran Affairsന്റെ തലവന്‍ Dr. Ira Katz മായി സി.ബി.എസ്. ഒരു അഭിമുഖം നടത്തുകയുണ്ടായി. സൈനികര്‍ക്കിടയിലെ ആത്മഹത്യയെ നിസ്സാരവല്‍ക്കരിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അദ്ദേഹം പറഞ്ഞത് “സൈനികര്‍ക്കിടയില്‍ ആത്മഹത്യ ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നിട്ടൊന്നുമില്ല. എങ്കിലും ആത്മഹത്യകള്‍ ഒരു വലിയ പ്രശ്നം തന്നെ“ എന്നാണ്.

Katz പറഞ്ഞത് ശരിയായിരിക്കാം. ആത്മഹത്യകള്‍ പടരുന്ന പ്രവണത ഇല്ലായിരിക്കാം. യുദ്ധരംഗത്തു നിന്നും തിരിച്ചുവരുന്ന പുരുഷ / വനിതാ സൈനികര്‍ അതികഠിനമായ വിഷാദത്തിലേക്ക് ഉള്‍വലിയുന്നതും, യുദ്ധരംഗത്ത് മരണപ്പെടുന്നതിനേക്കാള്‍ ഉയര്‍ന്ന നിരക്കില്‍ തങ്ങളെത്തന്നെ കൊല്ലുന്നതും സ്വാഭാവികമായിരിക്കാം. യുദ്ധരംഗത്തു നിന്നും തിരിച്ചു വരുന്ന സൈനികരെ, പെന്റഗണ്‍ കൈയൊഴിയുന്നത് തികച്ചും സ്വാഭാവികമായിരിക്കാം. അതവരെ ഭ്രാന്തന്‍ ചിന്തകളിലേക്കും, സ്വയം തങ്ങളുടെ തലച്ചോര്‍ ചിതറിക്കുന്നതിലേക്കും, വീടുകളുടെ ബേസ്‌മെന്റില്‍ പൂന്തോട്ടം നനക്കുന്ന ഹോസുകള്‍ക്ക് മറ്റൊരു ഉപയോഗമുണ്ടെന്നു കാട്ടിക്കൊടുക്കുന്നതിലേക്ക് നയിക്കുന്നതും തീര്‍ച്ചയായും സ്വാഭാവികമായിരിക്കാം. ഇത്തരം കൂട്ടക്കുരുതികള്‍ക്ക് ആ‍വശ്യമായ ഫണ്ടുകള്‍ തടസ്സമേതുമില്ലാതെ എത്തുന്നു എന്ന് ഉറപ്പാക്കുന്നതും, തങ്ങളുടെ നട്ടെല്ലില്ലായ്മയും ദുശ്ശാഠ്യങ്ങളും മൂലം ഉണ്ടാകുന്ന മരണങ്ങളെ അവഗണിക്കുന്നതും രാഷ്ട്രീയക്കാരനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം സ്വാഭാവികമായിരിക്കാം. രാജ്യത്തിനു വേണ്ടി സൈന്യത്തില്‍ ചേരുന്ന നൂറുകണക്കിനു യുവാക്കളെ കൊലക്ക് കൊടുക്കുന്ന അധിനിവേശത്തെ ന്യായീകരിക്കുവാനായി കല്ലുവെച്ച നുണകള്‍ കാച്ചുന്നത് പ്രസിഡന്റിനെ സംബന്ധിച്ചിടത്തോളം എത്രയും സ്വാഭാവികമായിരിക്കാം.

എന്നാല്‍ നമുക്കിത് ഇത് ഒട്ടും സ്വാഭാവികമല്ല തന്നെ..

ഇതൊരു തരം പ്ലേഗ് ആണ്. നിരത്തുവക്കിലെ ബോംബുകള്‍ പൊട്ടി സുഹൃത്തുക്കള്‍ കണ്‍‌മുന്നില്‍ ഛിന്നഭിന്നമായിത്തെറിക്കുന്നത് കണ്ടും, സൈനിക ചെക്ക് പോയിന്റുകളില്‍ സംശയത്തിന്റെ പേരില്‍ കുട്ടികളെപ്പോലും തവിടുപൊടിയാക്കുന്നത് കണ്ടും, വികൃതമാക്കപ്പെട്ട ശവശരീരങ്ങള്‍ വഴിയരുകില്‍ ചപ്പുചവറുകള്‍ പോലെ കൂട്ടിയിട്ടിരിക്കുന്നത് കണ്ടുമൊക്കെ സ്വാഭാവികമായും ഉണ്ടാകുന്ന നൈരാശ്യത്തിന്റേതായ ഒരു തരം മാനസിക പകര്‍ച്ചവ്യാധിയാണ്. നിരന്തരഭീതിയില്‍ കഴിയുന്നതിന്റെ സ്വാഭാവിക പരിണാമം.

ഈ ലക്കും ലഗാനുമില്ലാത്ത ആത്മഹത്യകള്‍ ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിന്റെ യുക്തിസഹമായ പരിണിതഫലമല്ലാതെ മറ്റെന്താണ് ?

യുദ്ധരംഗത്തെ അനുഭവങ്ങള്‍ മടങ്ങിവരുന്ന സൈനികരെ നിരന്തരം വേട്ടയാടുകയാണ്. അവര്‍ സ്വയം തങ്ങളെത്തന്നെ ശിക്ഷിക്കുകയാണ്.

ഒരു പക്ഷെ, അധിനിവേശത്തിനു മുന്‍പ് തന്നെ നാം ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടിയിരുന്നു ....

(മൈക് വിറ്റ്നി (Mike Whitney) കൌണ്ടര്‍ പഞ്ചില്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

Saturday, November 17, 2007

ആഘോഷിക്കപ്പെടാത്ത ഒരടിയാന്‍

തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ഥനയിലായിരുന്നു..........

തങ്ങളുടെ പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്‍ എന്ന പി.കെ.കാളന്‍ നെഞ്ചുവേദന വന്ന് ആശുപത്രിയിലാണെന്ന വാര്‍ത്ത വന്ന നിമിഷം മുതല്‍ തൃശ്ശിലേരിക്കാര്‍ ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനയിലായിരുന്നു. നാടിന്റെ ആത്മാവിന്റെ ഭാഗമായ കാളേട്ടന്റെ ജീവനു വേണ്ടി. എങ്കിലും എല്ലാ പ്രാര്‍ത്ഥനകള്‍ക്കും വിരാമമിട്ടുകൊണ്ട് 2007 നവംബര്‍‍11 ഞായറാഴ്ച രാത്രി വൈകി ആ വാര്‍ത്ത എത്തി.

ഗോത്ര കലാരൂപമായ ഗദ്ദികയുടെ കുലപതിയും കേരള നാടന്‍ കലാഅക്കാദമി ചെയര്‍മാനുമായ പി.കെ. കാളന്‍ അന്തരിച്ചു....

അടിയോരുടെ ഉടയോന്‍ വര്‍ഗീസിന്റെ കൂടെ വിമോചന പോരാട്ടത്തില്‍ അണിചേര്‍ന്ന കാളന്‍, അടിച്ചമര്‍ത്തപ്പെട്ട അടിയാന്‍മാരെ സാമൂഹിക തലത്തില്‍ ഉയര്‍ത്തുന്നതിനും അവരുടെ ആചാരങ്ങള്‍ക്കും സമൂഹത്തില്‍ അര്‍ഹമായ ഇടം നേടിക്കൊടുക്കുന്നതിനും മുഖ്യ പങ്കുവഹിച്ച കാളേട്ടന്‍, സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന്‌ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകാനാവാത്ത വിധം മാതൃകപരമായ ജീവിതത്തിനുടമയായിരുന്ന പി.കെ.കാളന്‍...

അങ്ങിനെ പലതുമായിരുന്നു അദ്ദേഹം...

കണ്ണുനീരിന്റെ ഉപ്പായിരുന്നു പി.കെ. കാളന്‍ ജീവിതവഴികളെല്ലാം രുചിച്ചത്. ഒരു മണി വറ്റിന് ജന്മിയുടെ കാരുണ്യം തേടി കാവലുനിന്ന കുട്ടിക്കാലം. പഠിക്കാനുള്ള മോഹം ഉണ്ടായിട്ടും ഉള്ളിലടക്കി വയലിലെ ചെളിയില്‍ രാപ്പകല്‍ വിയര്‍പ്പു ചിന്തിയത്. അടിയാന് കൂലിയായ നെല്ലളന്നു കൊടുക്കുന്ന കൊളഗത്തില്‍ കള്ളത്തരം കാണിക്കുന്ന ജന്മിമാര്‍. അടിയ സമുദായത്തിനു നേരെ കൊടുംക്രൂരതകള്‍ അഴിച്ചുവിട്ടിരുന്ന നാടുവാഴിത്തവും ജന്മിത്വവും....

തന്നോട് നേരു പുലര്‍ത്തുന്ന ഒരാള്‍ക്ക് പ്രതികരിക്കാതിരിക്കാനാവുമായിരുന്നില്ല...

ചുറ്റും നടക്കുന്ന അനീതികളോട് മുഖം തിരിച്ചു നില്‍ക്കാനോ, അതിനോട് സമരസപ്പെടാനോ തയ്യാറായില്ല എന്നതാ‍ണ് കാളനെ കാളനാക്കിയത്. ശ്മശാന സമരവും വല്ലിസമ്പ്രദായത്തിനെതിരെയുള്ള സമരവുമടക്കമുള്ള പോരാട്ടങ്ങളിലൂടെ, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെയുള്ള നിശിതവിമര്‍ശനങ്ങളിലൂടെ, ആദിവാസി ജീവിതത്തിന്റെ പ്രശ്നങ്ങളില്‍ നേരിട്ടിടപെടാനും അവരെ സമരസജ്ജരാക്കാനുമുള്ള സന്നദ്ധതയിലൂടെ, ജനിച്ചുവളര്‍ന്ന ഭൌതികസാഹചര്യങ്ങളെ സാഹസികമായി മുറിച്ചുകടക്കാനും പുരോഗമന രാഷ്ട്രീയപ്രവര്‍ത്തകന്റെയും ആദിവാസി സമൂഹത്തിന്റെ സമുദ്ധാരകന്റെയും കടമകള്‍ സ്വയം ഏറ്റെടുക്കാനും തയ്യാറായതിലൂടെ, ഒരുതുണ്ട് ഭൂമിക്കുവേണ്ടി ആദിവാസി സമൂഹം ഇപ്പോഴും തുടരുന്ന ഭൂസമരത്തിന്റെ മുന്നണിപ്പോരാളിയായതിലൂടെ കാളന്‍ കാളനാവുകയായിരുന്നു. ഈ സമരങ്ങള്‍ക്കെല്ലാം അദ്ദേഹം വിശ്വസിച്ച് പ്രസ്ഥാനം അകമഴിഞ്ഞ പിന്‍‌തുണയും നല്‍കി. മരണം വരെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനായിരുന്നു അദ്ദേഹം. നേതാക്കള്‍ക്കാണ് തെറ്റുപറ്റുക. പാര്‍ട്ടിക്ക് ഒരിക്കലും തകരാറുണ്ടാകില്ലെന്ന പ്രത്യയശാസ്ത്ര പാഠമായിരുന്നു പി.കെ. കാളനു പറയാനുണ്ടായിരുന്നത്.

തൃശ്ശിലേരി കൈതവള്ളി കോളനിയിലെ കൊളുമ്പന്റെയും കറുത്തയുടെയും മകനായിട്ടായിരുന്നു ജനനം. പിറന്നുവീണയുടനെ മരണമടഞ്ഞുപോയ കൂടപ്പിറപ്പുകളെക്കുറിച്ച് അമ്മ മകനു പറഞ്ഞുകൊടുത്തിരുന്നു. സഹോദരങ്ങളെപ്പോലെ പിറന്നു വീണയുടനെ മരണത്തിനു കീഴടങ്ങാത്ത കാളനെ അവര്‍ അതിരറ്റ് സ്നേഹിച്ചു. കാളനു വേണ്ടി ജീവിച്ചു. ഊരിലെ മറ്റു മൂപ്പന്മാരും ഇതേ സ്നേഹം കാളനു നല്‍കി...ജന്മിയുടെ വീട്ടുമുറ്റത്ത് കുട്ടികള്‍ പൂക്കളമൊരുക്കാന്‍ തിരക്കുകൂട്ടുന്ന ഓണക്കാലം കണ്ടുകണ്ട് കാളന്‍ വളര്‍ന്നു..

യുവാവായതോടെ സ്വസമുദായത്തിലെ അനീതികള്‍ക്കെതിരെ കാളന്‍ ശബ്ദമുയര്‍ത്തിത്തുടങ്ങി. ഭ്രഷ്ടും വിലക്കുകളുമടക്കമുള്ള ശിക്ഷാമുറകളുമായി മൂപ്പന്മാര്‍ രംഗത്തെത്തി. എതിര്‍പ്പുകളെ വക വെയ്ക്കാതെ 'ഗദ്ദിക'യുടെ ചിട്ടവട്ടങ്ങളെല്ലാം കാളന്‍ പഠിച്ചെടുത്തു. ഒടുവില്‍ മൂപ്പന്മാര്‍ സന്ധിചെയ്താണ് പി.കെ. കാളന്‍ അരങ്ങില്‍ ഗദ്ദികയെത്തിക്കുന്നത്. ഇതോടെ ഗോത്രത്തിനു പുറത്തേക്കും ഗദ്ദികയെത്തി. ഗദ്ദികയിലൂടെ അടിയരെ ലോകമറിഞ്ഞു. അടിയസമുദായത്തില്‍ മാറ്റത്തിന്റെ വെളിച്ചവുമെത്തി.

ഗദ്ദിക, കൂളിയാട്ട് തുടങ്ങിയ മാന്ത്രികമായ അനുഷ്ഠാനങ്ങള്‍ കാലഹരണപ്പെട്ടുവെന്ന തിരിച്ചറിവ് വയനാട്ടിലെ ആദിവാസി സമൂഹത്തിന് പി കെ കാളന്‍ പകര്‍ന്നുകൊടുത്തു. അടിയാന്റെ ജീവിതവുമായി ഇഴുകിച്ചേര്‍ന്നുകിടക്കുന്ന ഗദ്ദിക എന്ന മാന്ത്രിക കര്‍മത്തിലൂടെ അവരുടെ ജീവിതപ്രശ്നങ്ങളെ വ്യാഖ്യാനിക്കുവാനാണദ്ദേഹം ശ്രമിച്ചത്. ഗദ്ദിക നടത്തിയതുകൊണ്ടുമാത്രം ഗര്‍ഭിണികള്‍ പ്രസവിക്കുകയില്ലെന്നും മരുന്നാണതിനാവശ്യമെന്നും സ്വാനുഭവത്തിലൂടെ അദ്ദേഹം ഗ്രഹിക്കുകയും അത് ജനങ്ങളുടെ മുമ്പില്‍ വിളിച്ചുപറയുകയും ചെയ്തു.

കേവലമൊരു നാടന്‍ അനുഷ്ഠാനമെന്നതിലുപരി അടിയാന്‍സമൂഹത്തിന്റെ സ്വത്വം പ്രകടമാക്കുന്ന ഗദ്ദിക പുതിയ രൂപത്തിലും ഭാവത്തിലും അദ്ദേഹം അവതരിപ്പിക്കുവാന്‍ തുടങ്ങി. അടിയാളരെ അടിച്ചമര്‍ത്തി ചൂഷണം ചെയ്തുവരുന്ന മേലാളന്മാരെ വിറപ്പിക്കുന്ന ശബ്ദമാണ് അദ്ദേഹത്തിന്റെ തുടിയിലൂടെ മുഴങ്ങിയത്. 'ഗദ്ദിക അഥവാ പട്ടിണിമരണം' എന്ന് സ്വന്തം കലാവതരണത്തിന് പേര്‍ നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതിന്റെ പിന്നിലും ഈ വികാരം കാണാം. ഗോത്രസംസ്‌കൃതിയുടെ ഹൃദയതാളം പ്രകടിപ്പിക്കുന്ന തുടിയുടെ പശ്ചാത്തലത്തിലുള്ള മാധുര്യവും പാരുഷ്യവും കലര്‍ന്ന കാളന്റെ ഗദ്ദികപ്പാട്ട് നമ്മെ വിസ്മയിപ്പിക്കും. അതിന്റെ പാരമ്യത്തില്‍ അദ്ദേഹം ഉറഞ്ഞുതുള്ളുകതന്നെ ചെയ്യും.

സ്കൂളില്‍ പോകാനാവാതിരുന്ന പി.കെ. കാളനെ അക്ഷരങ്ങളുടെ ലോകത്തെത്തിച്ചത് സൌഹൃദങ്ങളായിരുന്നു. തൃശ്ശിലേരി സ്കൂളില്‍ പ്രൈമറി അധ്യാപകനായി എത്തിയ നാണുമാസ്റ്ററാണ് അക്ഷരത്തിന്റെ ലോകത്തേക്ക് പി.കെ. കാളനെ കൈപിടിച്ചാനയിക്കുന്നത്. നാടകവും പ്രത്യയശാസ്ത്രവും ചരിത്രവും ശാസ്ത്രവുമെല്ലാം സുഹൃത്തുക്കളില്‍നിന്നുതന്നെ പഠിച്ചെടുത്തു.

ഒട്ടേറെ പടവുകള്‍ ചവിട്ടിക്കയറിയാണ് കേരള ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ എന്ന പദവിയിലേക്ക് പി കെ കാളന്‍ ഉയര്‍ന്നത് . ആ പദവിയിലിരിക്കുമ്പോഴും ആത്മനിന്ദ കലര്‍ന്ന സ്വരത്തില്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ അഭാവത്തെക്കുറിച്ച് പൊതുവേദികളില്‍ അദ്ദേഹം പറയാറുണ്ട്. തന്റെ ആത്മകഥയുടെ ചുരുളുകള്‍ അഴിച്ചുകൊണ്ട് ക്രമാനുഗതമായി വികസിക്കുന്ന ആ പ്രഭാഷണം പെട്ടെന്ന് ഉയര്‍ന്ന നിലവാരത്തിലേക്കുയരുന്നത് കണ്ട് പ്രേക്ഷകര്‍ അത്ഭുതംകൂറും. ബാഹ്യമോടികളോ, ജാടകളോ ഇല്ലാത്ത ജീവിതവും പ്രവര്‍ത്തനശൈലിയുമായിരുന്നു കാളന്റേത്. വ്യവസ്ഥാപിത സംഘടനാരീതികള്‍ അദ്ദേഹത്തിന് അന്യമായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം കാണിക്കുന്ന ആത്മാര്‍ഥതയും അലിഞ്ഞുചേരലുമാണ് താനുമായി ഇടപഴകുന്നവരെ അദ്ദേഹവുമായി അടുപ്പിക്കുന്നത്. അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍ ഗോകുല്‍ദേവും ഡോക്ടര്‍ രവീന്ദ്രനും വരെ സങ്കടം പൂണ്ടുനില്‍ക്കുന്നത് ഈയൊരു ആത്മസൌഹൃദത്തിന്റെ ഇഴയടുപ്പം ഒന്നുകൊണ്ടു മാത്രമാണ്.

കമ്മ്യൂണിസ്റ്റ്കാരന്റെ മതവിശ്വാസത്തെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തില്‍ ഒരു കമ്മ്യൂണിസ്റ്റ്കാരന് എങ്ങനെ തികച്ചും യാഥാസ്ഥിതികമായ ഒരു സമുദായത്തെ നയിക്കുകയും പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യാം എന്ന് ലോകത്തിന് കാണിച്ചുകൊടുക്കുകയായിരുന്നു കാളന്‍...

മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ കാളന്റെ കൈതവള്ളി കോളനിയിലേക്ക് ജനപ്രവാഹം തുടങ്ങി. തൃശ്ശിലേരിയിലെ എല്ലാ വഴികളും പ്രിയ നേതാവിന് സ്നേഹാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയവരെക്കൊണ്ട് നിറഞ്ഞു. പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാനുള്ള പൂക്കള്‍ മാനന്തവാടിയില്‍ നേരത്തെത്തന്നെ തീര്‍ന്നുപോയിരുന്നു. സംസ്കാരച്ചടങ്ങില്‍ പങ്കുകൊള്ളാനായി എത്തിയവര്‍ വന്ന വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു റോഡില്‍. കൈതവള്ളി കോളനിയില്‍ ഇടമുറിയാത്ത വിലാപങ്ങളുടെ പെരുമഴയാണ് ഉയര്‍ന്നത്. പ്രിയപ്പെട്ട മൂപ്പനും നേതാവും എല്ലാമായ കാളേട്ടന്റെ വേര്‍പാടില്‍ അടിയന്മാര്‍ വിങ്ങിപ്പൊട്ടി. കൂടെ തൃശ്ശിലേരിയിലേക്ക് ഒഴുകിയെത്തിയ ജനാവലിയും.

അദ്ദേഹം സമരം ചെയ്ത് നേടിയെടുത്ത ശ്മശാനഭൂമിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും വരെ ജനപ്രവാഹത്തില്‍ ഒരു മാറ്റവുമുണ്ടായിരുന്നില്ല. ഗോത്രാചാരമുള്ള കര്‍മങ്ങള്‍ നടക്കുമ്പോഴും വിലാപങ്ങളുടെ നീണ്ട തുടര്‍ച്ചകളാണ് ഉയര്‍ന്നത്. ഗോത്രാചാരങ്ങള്‍ പൂര്‍ത്തിയാക്കി ശ്മശാനത്തിലേക്ക് കൊണ്ടുപോകും മുമ്പ് പ്രിയ സഖാവിന് ആദിവാസികളും പാര്‍ട്ടി പ്രവര്‍ത്തകരും അന്ത്യയാത്രാമൊഴിയേകി. അടിയ ശ്മശാനവും നിറഞ്ഞു കവിഞ്ഞിരുന്നു. പലര്‍ക്കും ശ്മശാനത്തിന് അകത്തേക്ക് കടക്കാന്‍ പോലുമായില്ല. മരക്കൊമ്പിലും മറ്റും കയറിനിന്നാണ് പലരും ശവസംസ്കാരച്ചടങ്ങുകള്‍ കണ്ടത്. മൂന്നുവട്ടം ആചാരവെടി ഉതിര്‍ത്തപ്പോള്‍ ശ്മശാനം ശ്വാസമടക്കിനിന്നു.

ഇനി ആ ശബ്ദവും സഹജമായ ചിരിയും ഓര്‍മയില്‍ മാത്രം.

(അവലംബം: മലയാളത്തിലെ വിവിധ ദിനപ്പത്രങ്ങളില്‍ വന്ന വാര്‍ത്തകളും, എഡിറ്റോറിയലുകളും. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, ജനയുഗം, മലബാര്‍ഫോട്ടോ.കോം)

നാടന്‍ കലകളെപ്പറ്റിയുള്ള അധിക വായനക്ക് : Surviving Folk Arts and the social Analysis of their Origin and Development എന്ന ലേഖനം.

Friday, November 16, 2007

വീഞ്ഞിന്റെ സ്വാദ് കൂട്ടുന്ന ഘടകം

ചൈനീസ് ജനകീയ റിപ്പബ്ലിക്കിലെ അഞ്ചാം തലമുറ ചലച്ചിത്രകാരന്മാരില്‍ പെട്ടത് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഷാങ് യിമോവിന്റെ ആദ്യ ഫീച്ചറാണ് റെഡ് സോര്‍ഗം(1988/വര്‍ണം/91 മിനുറ്റ്).

ചിത്രത്തില്‍ പ്രത്യക്ഷപ്പെടാത്ത ഒരു ആഖ്യാതാവാണ് കഥ വിവരിക്കുന്നത്. അയാളുടെ മുത്തശ്ശി പാവപ്പെട്ട വീട്ടിലെ ഒരു പെണ്‍കുട്ടിയായിരുന്നു. 1930കളില്‍ കിഴക്കന്‍ ചൈനയില്‍പ്പെട്ട ഷാന്ദോംഗ് പ്രവിശ്യയിലാണ് കഥ നടക്കുന്നത്. അവളുടെ അച്ഛന്‍‍, വയസ്സനായ ഒരു ധനികന് അവളെ നിര്‍ബന്ധപൂര്‍വം കല്യാണം കഴിച്ചു കൊടുക്കുന്നു. വരന് സ്വന്തമായി ഒരു വീഞ്ഞു നിര്‍മാണശാല ഉണ്ട് എന്നതാണ് ശുഭകരമായ കാര്യമെങ്കില്‍ അയാള്‍ കുഷ്ഠരോഗബാധിതനാണ് എന്നതാണ് ഭീതിജനകമായ വസ്തുത.

ചുവന്ന നിറത്തിലുള്ള ചിത്രത്തുണികള്‍ കൊണ്ട് മറച്ച ഒരു പല്ലക്കിലാണ് അവളെ വരന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്. അവള്‍ ബ്ലൌസിനുള്ളില്‍ ഒരു കത്രിക ഒളിപ്പിച്ചുവെച്ചിട്ടുണ്ട്. കുഷ്ഠരോഗിയായ വൃദ്ധഭര്‍ത്താവ് ആക്രമിക്കുകയാണെങ്കില്‍ പ്രതിരോധിക്കാന്‍ വേണ്ടിയാണത്. പല്ലക്കു ചുമക്കുന്നവര്‍ പാട്ടു പാടിയും നൃത്തം വെച്ചും വിരസത അകറ്റുന്നു. കൂട്ടമായി ചുകന്ന കരിമ്പ് കൃഷി ചെയ്യുന്ന ഒരു വലിയ പാടത്തു കൂടി വേണം അവര്‍ക്ക് യാത്ര ചെയ്യാന്‍. ശപിക്കപ്പെട്ട ഒരു സ്ഥലമായിട്ടാണ് ഈ കൃഷിയിടം കണക്കു കൂട്ടപ്പെടുന്നത്. അവിടെ വെച്ച് ഒരു പിടിച്ചുപറിക്കാരന്‍ കൈത്തോക്ക് ചൂണ്ടി അവരെ ആക്രമിക്കുന്നു. ചുമട്ടുകാരില്‍ ഒരാള്‍ പിടിച്ചുപറിക്കാരനെ തന്ത്രത്തില്‍ കീഴ്പ്പെടുത്തുന്നു. അയാളും വധുവും തമ്മില്‍ ചില പരസ്പരാകര്‍ഷണങ്ങള്‍ രൂപപ്പെടുകയും അവര്‍ കരിമ്പിന്‍ തോട്ടത്തിനകത്തു വെച്ച് ഇണ ചേരുകയുമാണ്. ഏതാനും നാളുകള്‍ക്കകം വൃദ്ധഭര്‍ത്താവ് മരണപ്പെടുന്നു. ചൈതന്യവതിയായ ജിയൂവര്‍ വീഞ്ഞുനിര്‍മാണം ആരംഭിക്കാന്‍ ജോലിക്കാരോട് ആവശ്യപ്പെടുന്നു. തങ്ങളില്‍ ഇനി ഉടമ-അടിമ ബന്ധമായിരിക്കില്ല ഉണ്ടാകുക എന്നും എല്ലാവരും കൂടി പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയും ഈ സംരംഭം വിജയിപ്പിക്കണമെന്നും അവള്‍ ആഹ്വാനം ചെയ്യുന്നു.

ഇതിനകം മുഴുക്കുടിയനായി മാറിയിരുന്ന, അവളുമായി ബന്ധപ്പെട്ടിരുന്ന ല്യോഹന്‍ എന്ന തൊഴിലാളി ജിയൂവര്‍ തന്റെ ഭാര്യയാണെന്നും താനവളോടൊപ്പം രാജകീയമായി ശയിക്കാന്‍ പോകുകയാണെന്നും പ്രഖ്യാപിക്കുന്നു. എന്നാല്‍ ഈ പെരുമാറ്റത്തില്‍ സഹികെട്ട അവള്‍ അയാളെ തൊഴിച്ചു പുറത്താക്കുന്നു. തല്ലുകൊണ്ടു തകര്‍ന്ന അയാള്‍ മൂന്നു ദിവസം ഒരു വീഞ്ഞുതൊട്ടിയില്‍ കുടുങ്ങിക്കിടക്കുന്നു. വീണ്ടും എഴുന്നേറ്റു വരുന്ന അയാള്‍ അവിടെക്കണ്ട ഒരു വീഞ്ഞുതൊട്ടിയിലേക്ക് നിര്‍ഭയം മൂത്രമൊഴിക്കുന്നു. അത്ഭുതകരമെന്നു പറയട്ടെ അതുവരെ ആരും അനുഭവിച്ചിട്ടില്ലാത്ത പ്രത്യേകതരം സ്വാദും ലഹരിയും ആ വീഞ്ഞ് പ്രദാനം ചെയ്തു. അതില്‍ പിന്നീട് അതേ പ്രകാരം തയ്യാര്‍ ചെയ്യപ്പെട്ട വീഞ്ഞ് ചുകന്ന ഷിബാലി എന്ന ബ്രാന്റഡ് പേരോടു കൂടി പ്രശസ്തമായിത്തീരുകയും ചെയ്തു! പുതിയതരം വീഞ്ഞിന്റെ കണ്ടുപിടുത്തത്തില്‍ ആഹ്ലാദിക്കുന്നതിനിടെ ല്യോഹന്‍ ജിയൂവറിനെ എടുത്തുകൊണ്ടുപോയി കരിമ്പിന്‍ തോട്ടത്തില്‍ വെച്ച് വീണ്ടും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നുണ്ട്. അതില്‍ ആഖ്യാതാവിന്റെ അഛനായ 'തന്തയില്ലാത്തവന്‍' ജനിച്ചു എന്നും വിവരിക്കപ്പെടുന്നു.

ഇത്തരത്തില്‍ തലമുറ തലമുറ കൈമാറുന്ന ഒരു കുടുംബാഭിമാന കഥയായിരുന്ന ഇതിവൃത്തത്തിലേക്ക് ഈ ഘട്ടത്തില്‍ ചരിത്രവസ്തുതകളും കൂടി കൂട്ടിയിണക്കപ്പെടുന്നു. അന്ന് ചൈനയെ കീഴ്പ്പെടുത്തിയ ജാപ്പനീസ് സൈന്യം ആ ഗ്രാമത്തെയും ആക്രമിക്കുന്നു. അവരുടെ നിഷ്ഠൂരമായ അക്രമങ്ങള്‍ വിശദീകരിക്കുന്നതിനുവേണ്ടി രണ്ടു ചൈനീസ് ഗ്രാമീണരെ ജീവനോടെ തൊലിയുരിക്കുന്നതുപോലുള്ള ദൃശ്യങ്ങളും സിനിമയിലുണ്ട്. ല്യോഹന്റെ നേതൃത്വത്തില്‍ തന്ത്രപരമായി ജാപ്പനീസ് സൈന്യത്തെ ഗ്രാമീണര്‍ പരാജയപ്പെടുത്തുന്നു. യുദ്ധത്തില്‍ മരണപ്പെടുന്ന ല്യോഹന്‍ പീഡനങ്ങള്‍ക്കെതിരെ ചെറുത്തുനിന്ന ഒരു കമ്യൂണിസ്റ്റ് രക്തസാക്ഷിയാണെന്നാണ് ആഖ്യാതാവ് വിവരിക്കുന്നത്. ല്യോഹന്‍ മരണപ്പെട്ടതിനു ശേഷം ജിയൂവറിന്റെ മകനാണ് വീഞ്ഞില്‍ സ്വാദു കൂട്ടാനുള്ള മൂത്രമൊഴിക്കല്‍ നടത്തുന്നത്. ഇതിനകം തിരിച്ചു വന്നിരുന്ന ജാപ്പനീസ് സൈന്യം ജിയൂവറിനെയും വെടിവെച്ചു വീഴ്ത്തുന്നു. ആ മരണയാത്രയെ ഒമ്പതു വയസ്സുകാരനായ മകന്‍ വിവരിക്കുന്നതിപ്രകാരമാണ്.

അമ്മ തെക്കുപടിഞ്ഞാറേക്ക് സഞ്ചരിക്കുകയാണ്, വീതി കൂടിയ ഒരു പാതയില്‍ നീണ്ട മനോഹരമായ ഒരു തോണിയില്‍. അമ്മ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിക്കുകയാണ്, ഒരു വലിയ കുതിരപ്പുറത്ത് വേണ്ടത്ര പണവും കൈയില്‍ കരുതി. അമ്മ തെക്കു പടിഞ്ഞാറേക്ക് സഞ്ചരിക്കുകയാണ്, നല്ല ഒരു സ്ഥലത്ത് സ്ഥിരമായി താമസിക്കാനും മോശപ്പെട്ട സമയങ്ങളില്‍ കൈകള്‍ നീട്ടി ഇരക്കാനുമായി.

ചൈനീസ് കാര്‍ഷിക സംസ്ക്കാരത്തിന്റെ ദേശാഭിമാനം വ്യവസ്ഥാപനം ചെയ്യാനുള്ള ഒരു ഗുണപാഠ കഥയായും സിനിമാ ചരിത്രത്തിന്റെ ആദ്യനാളുകളില്‍ പ്രത്യക്ഷപ്പെടുന്ന തരത്തിലുള്ള ഒരു ബാല്യകാല രചനയായും പാശ്ചാത്യലോകത്തെ ആസ്ഥാന പണ്ഡിതര്‍ റെഡ് സോര്‍ഗത്തെ ചുരുക്കിക്കാണുമ്പോഴും ചിത്രം ബെര്‍ലിനിലെ ഗോള്‍ഡന്‍ ബെയറടക്കം നിരവധി പുരസ്കാരങ്ങള്‍ വാരിക്കൂട്ടി. ശരീര ശുദ്ധിയെ സംബന്ധിച്ച ആധുനിക സിദ്ധാന്ത പ്രകാരം പുറന്തള്ളപ്പെടുന്ന മാലിന്യമായ മൂത്രത്തിലൂടെ പ്രതീകവത്ക്കരിക്കപ്പെടുന്നത് തൊഴിലാളിയുടെ വിയര്‍പ്പ് അഥവാ അധ്വാനം എന്ന ഘടകം തന്നെയാണ്.

ആ നിര്‍ണായക ഘടകമാണല്ലോ ഏത് ഉത്പന്നത്തിന്റെയും മേന്മ കൂട്ടുന്ന രാസത്വരകം.

(ലേഖകന്‍: ശ്രീ. ജി.പി.രാമചന്ദ്രന്‍. കടപ്പാട്: ദേശാഭിമാനി വാരിക, ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)

സര്‍ക്കോസി ഉയര്‍ത്തുന്ന വെല്ലുവിളി

അഞ്ചുലക്ഷത്തോളം വരുന്ന ഫ്രാന്‍സിലെ പൊതുമേഖലാ ജീവനക്കാര്‍ പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസിയുടെ പെന്‍ഷന്‍ പരിഷ്കാരങ്ങള്‍ക്കെതിരെ ഒരു പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. 2007 നവംബര്‍ 13ന് പാരീസ് മെട്രോയിലെ തൊഴിലാളി സമരത്തോടെ ആരംഭിച്ച ഈ പോരാട്ടത്തില്‍ മറ്റു മേഖലകളിലെ തൊഴിലാളികളും, അദ്ധ്യാപകരും, സര്‍ക്കാര്‍ ജീവനക്കാരും, കോടതി ജീവനക്കാരും എല്ലാം അണിചേര്‍ന്നുകൊണ്ടിരിക്കുന്നു.

ഫ്രാന്‍സിലെ തൊഴിലാളികളുടെ സാമൂഹിക ജനാധിപത്യ അവകാശങ്ങളെയും തൊഴില്‍ ജീവിത സാഹചര്യങ്ങളേയും ഏറെ പ്രതികൂലമായി ബാധിക്കുന്ന നയപരിപാടികള്‍ നടപ്പിലാക്കാനുള്ള പ്രസിഡന്റ് നിക്ലോസ് സര്‍ക്കോസി (Nicolas Sarkozy ) യുടെ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് ഈ മുന്നേറ്റം. 2007 സെപ്തംബര്‍ 18, 19 തീയതികളില്‍ നടത്തിയ പ്രസംഗങ്ങളിലൂടെയാണ് സര്‍ക്കോസി തന്റെ തന്റെ പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. ഈ പുത്തന്‍ തൊഴിലാളി വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കപ്പെട്ടാല്‍ അവ പല ദശകങ്ങളിലെ പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളെ ഇല്ലായ്മ ചെയ്യുകയും അവരെ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുണ്ടായിരുന്ന ദുരവസ്ഥയിലേക്ക് തള്ളിവിടുകയും ചെയ്യും. സെപ്തംബര്‍ 18-ന്റെ പ്രസംഗത്തില്‍ സര്‍ക്കോസി താഴെ പറയുന്ന തൊഴിലാളിദ്രോഹ നടപടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളാണ് നടത്തിയത്.

നഗരഗതാഗതം, റയില്‍വേസ്, ഗ്യാസ്, വിദ്യുച്ഛക്തി എന്നീ മേഖലകളില്‍ പണിയെടുക്കുന്ന 1.6 ദശലക്ഷം തൊഴിലാളികള്‍ക്കും ലഭിച്ചുവരുന്ന മെച്ചപ്പെട്ട പെന്‍ഷന്‍ (Special Regime Pension) ആനുകൂല്യങ്ങള്‍ റദ്ദാക്കപ്പെടും. ഇവര്‍ക്കും പൊതുമേഖലയിലെ ഇതര മേഖലയില്‍ പണിയെടുക്കുന്ന 5 ദശലക്ഷത്തോളം വരുന്ന തൊഴിലാളികള്‍ക്ക് ലഭിച്ചുവരുന്നതും 2003-മാണ്ടില്‍ ഗണ്യമായി വെട്ടിക്കുറച്ചതുമായ പെന്‍ഷനേ ഇനിമുതല്‍ ലഭിക്കുകയുള്ളൂ. സര്‍വീസില്‍ നിന്നും റിട്ടയര്‍ ചെയ്യാനുള്ള വയസ്സ് ചില തൊഴിലാളികള്‍ക്ക് ഇപ്പോള്‍ 50-ഉം മറ്റുചിലര്‍ക്ക് 55-ഉം ആണ്. ഇത് എല്ലാ തൊഴിലാളികള്‍ക്കും 60 വര്‍ഷമായി ഉയര്‍ത്തപ്പെടും. കുറഞ്ഞത് 40 വര്‍ഷം ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കേ ഇനിമേല്‍ മുഴുവന്‍ പെന്‍ഷന്‍ ലഭിക്കുകയുള്ളൂ. അവസാനത്തെ ആറുമാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ പെന്‍ഷന്‍ കണക്കാക്കപ്പെടുന്ന നിലവിലുള്ള രീതിക്കുപകരം അവസാനത്തെ 25 വര്‍ഷത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഇനിമേല്‍ പെന്‍ഷന്‍ കണക്കാക്കപ്പെടുന്നത്. ഇത് പെന്‍ഷന്‍ ഇനത്തില്‍ തൊഴിലാളികള്‍ക്ക് ഭീമമായ നഷ്ടം വരുത്തിവയ്ക്കും.

പെന്‍ഷന് അര്‍ഹരാകാന്‍ പൊതുമേഖലയിലെ തൊഴിലാളികള്‍ ഇപ്പോള്‍ 37.5 വര്‍ഷം പണിയെടുക്കണം. ഇത് 41 വര്‍ഷമായി ഉയര്‍ത്തപ്പെടും. 16 വയസ്സിലോ അതിനുമുമ്പോ തൊഴിലെടുക്കുവാന്‍ തുടങ്ങുന്ന തൊഴിലാളികള്‍ക്ക് (ഇവര്‍ Long career workers എന്നാണറിയപ്പെടുന്നത്) പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ അവര്‍ കുറഞ്ഞത് 42 വര്‍ഷമെങ്കിലും പണിയെടുത്തിരിക്കണം. ഇപ്പോള്‍ ഇത് 40 വര്‍ഷം മാത്രമാണ്. ഇത് 4,30,000 ത്തോളം തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുമ്പോള്‍ ഇതിലൂടെ സര്‍ക്കാരിന് 2 ബില്യന്‍ ഡോളറിന്റെ നേട്ടം ഉണ്ടാകും എന്നാണ് സര്‍കോസിയുടെ വാദം.

തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് മറ്റൊരു തൊഴില്‍ ലഭിക്കുന്നതുവരെ തൊഴിലില്ലായ്മ വേതനം നല്‍കുവാന്‍ തൊഴിലുടമകളും തൊഴിലാളി സംഘടനകളും സംയുക്തമായ സഹായനിധികള്‍ ഫ്രാന്‍സില്‍ നടത്തിവരുന്നുണ്ട്. ഈ സഹായനിധികളില്‍ നിന്നും തൊഴിലില്ലായ്മാ വേതനം ലഭിക്കുവാനുള്ള വ്യവസ്ഥകള്‍ വളരെ കര്‍ക്കശമാക്കപ്പെടും.

തൊഴിലാളികളെ 65 വയസ്സുവരെ ജോലിചെയ്യുവാന്‍ നിര്‍ബന്ധിപ്പിക്കുന്നതിനായി ഈ പ്രായത്തിനുമുമ്പേ വിരമിക്കുന്ന തൊഴിലാളികളുടെ മേല്‍ പിഴയായി അധികനികുതി ചുമത്തുവാനുള്ള വ്യവസ്ഥകളും പുതിയ നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ജീവിത ചെലവുമായി പൊരുത്തപ്പെടുന്ന തരത്തിലായിരിക്കുകയില്ല, മറിച്ച് "സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങളെ'' ആശ്രയിച്ച് “, അതായത് ഉടമകള്‍ക്ക് സൌകര്യപ്രദമായ രീതിയില്‍, ആയിരിക്കും ഇനിമേല്‍ മിനിമംകൂലി നിശ്ചയിക്കപ്പെടുന്നത്. ആരോഗ്യസംരക്ഷണത്തിനായും തൊഴിലാളികള്‍ ഭാവിയില്‍ സ്വന്തം കീശയില്‍ നിന്ന് കൂടുതല്‍ തുക മുടക്കേണ്ടിവരും.

സെപ്തംബര്‍ 19-ലെ പ്രസംഗത്തില്‍ താന്‍ എങ്ങനെയാണ് പൊതുമേഖലയിലെ തൊഴിലാളികളുടെ ജോലിസുരക്ഷ ഇല്ലാതാക്കാനും, യോഗ്യത സീനിയോരിറ്റി എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങളേയും സ്ഥാനങ്ങളേയും തകര്‍ത്തെറിയുവാനുമുള്ള നയങ്ങള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് സര്‍കോസി വിശദീകരിച്ചു. ഒരു ട്രില്യന്‍ യുറോയോളം വരുന്ന സര്‍ക്കാര്‍ ചെലവുകളെക്കുറിച്ച് പഠിക്കുവാനും, ഇക്കാര്യത്തില്‍ ആവശ്യമായ പരിഷ്ക്കാരങ്ങള്‍ നിര്‍ദ്ദേശിക്കുവാനുമായി 200- ഓഡിറ്റര്‍മാര്‍ പ്രവര്‍ത്തനം തുടങ്ങിയതായും സര്‍കോസി പറഞ്ഞു. പ്രസംഗത്തില്‍ അദ്ദേഹം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായി പ്രഖ്യാപിച്ച മറ്റുചില നടപടികള്‍ താഴെ വിവരിക്കുന്നു.

പൊതുമേഖലയില്‍ നിന്നും രണ്ടു തൊഴിലാളികള്‍ വിരമിക്കുമ്പോള്‍ പുതുതായി ഒരു നിയമനം മാത്രമേ നടത്തുകയുള്ളൂ. പൊതുമേഖലയില്‍ നിന്നും സ്വകാര്യമേഖലയിലേയ്ക്ക ചേക്കേറുന്ന തൊഴിലാളികള്‍ക്ക് പ്രത്യേക സാമ്പത്തിക പ്രോത്സാഹനം നല്‍കും. സ്വകാര്യമേഖലയില്‍ ഉള്ളതുപോലെ പൊതുമേഖലയിലും കരാര്‍ വ്യവസ്ഥയില്‍ തൊഴിലാളികളെ നിയമിക്കും. ഇവര്‍ക്ക് ജോലി സുരക്ഷയോ സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിച്ചുവരുന്ന മറ്റവകാശങ്ങളോ ലഭിക്കുകയില്ല. തുല്യജോലിക്ക് തുല്യവേതനം എന്ന തത്വം ഉടച്ചുവാര്‍ക്കും. ഉല്പാദനക്ഷമതയും കഴിവും മാനദണ്ഡങ്ങളാക്കിയായിരിക്കും ഇനി തൊഴിലാളികളുടെ വേതനം നിശ്ചയിക്കപ്പെടുന്നത്. വിദ്യാഭ്യാസമേഖലയിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നതിന് സഹായകമായ രീതിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയവും സിലബസ്സുകളും ഉടച്ചുവാര്‍ക്കും.

പൊതുമേഖല, പെന്‍ഷന്‍, വിദ്യാഭ്യാസരംഗം എന്നിവയ്ക്കുനേരെ ഫ്രാന്‍സിലെ പല മുന്‍കാല സര്‍ക്കാരുകളും ഇപ്പോള്‍ സര്‍കോസി പ്രഖ്യാപിച്ചിട്ടുള്ളതുപോലെയുള്ള ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ തൊഴിലാളികളുടെ ശക്തമായ ചെറുത്തുനില്‍പ്പിന്റെ ഫലമായി അധികാരികള്‍ക്ക് അവര്‍ ഉദ്ദേശിച്ച രീതിയില്‍ തൊഴിലാളി വിരുദ്ധനയങ്ങള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടില്ല എന്നാണ് ചരിത്രം തെളിയിക്കുന്നത്. തൊഴിലാളികളുടെ പെന്‍ഷന്‍ പദ്ധതിയില്‍ വന്‍ വെട്ടിക്കുറവു വരുത്തുവാന്‍ 1995-ല്‍ ശ്രമം നടത്തിയ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന Alain Juppe യ്ക്ക് തൊഴിലാളികളുടെ അതിശക്തമായ പ്രതിഷേധത്തിന്റെ ഫലമായി സ്ഥാനമൊഴിയേണ്ടിവന്നു. ക്ഷേമപദ്ധതികള്‍ക്കായി വരുന്ന ചിലവുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാനായി സര്‍ക്കാരിന്റെ ഭാഗത്തുനിന്നും 2003-ലും 2006-ലും ഉണ്ടായ നീക്കങ്ങളും തൊഴിലാളികളുടേയും യുവജനങ്ങളുടേയും യോജിച്ചുള്ള പ്രക്ഷോഭങ്ങള്‍ക്കുമുന്നില്‍ പരാജയപ്പെടുകയാണുണ്ടായത്.

ജനകീയ ചെറുത്തുനില്‍പ്പുകാരണം ക്ഷേമപദ്ധതികള്‍ ഒരു പരിധിവരെയെങ്കിലും നിലനിര്‍ത്തുവാന്‍ നിര്‍ബന്ധിതമായിട്ടുള്ള ഫ്രാന്‍സിന് ഇത്തരം പദ്ധതികള്‍ പൂര്‍ണ്ണമായും നിറുത്തലാക്കിയ ഇംഗ്ളണ്ട്, ജര്‍മ്മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളുമായി മത്സരിക്കുവാന്‍ കഴിയുന്നില്ല എന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ഫ്രാന്‍സിന്റെ വ്യാപാരകമ്മി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. എല്ലാവിധത്തിലുമുള്ള ക്ഷേമപദ്ധതികളും അവസാനിപ്പിക്കാനുള്ള നടപടികള്‍ ഇനിയും വൈകിക്കൂടാ എന്ന നിലപാടാണ് ഇപ്പോള്‍ ഫ്രാന്‍സ് ഭരിക്കുന്ന സമ്പന്നവര്‍ഗ്ഗഭരണകൂടത്തിനുള്ളത്. അനേകവര്‍ഷങ്ങള്‍കൊണ്ട് ജര്‍മ്മനിയില്‍ നടപ്പിലാക്കിയ പരിഷ്ക്കാരങ്ങള്‍ കേവലം ആറുമാസത്തിനുള്ളില്‍ ഫ്രാന്‍സില്‍ നടപ്പിലാക്കുമെന്നാണ് സര്‍കോസി അവകാശപ്പെടുന്നത്.

ത്യാഗോജ്ജ്വലമായ സമരങ്ങളിലൂടെ നേടിയെടുത്ത ന്യായമായ അവകാശങ്ങള്‍ തൊഴിലാളികള്‍ ബലികഴിക്കണമെന്നാണ് സര്‍കോസി ആവശ്യപ്പെടുന്നത്. ഇതിന് പിന്‍ബലമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നത് തൊഴിലാളികള്‍ക്കിടയില്‍തന്നെ വളരെ നാമമാത്രമായ അവകാശങ്ങള്‍ മാത്രം ലഭിച്ചുവരുന്ന വലിയൊരു വിഭാഗം ഉണ്ടെന്ന വിചിത്രവും തീരെ വിലകുറഞ്ഞതുമായ ഒരു വാദഗതിയാണ്. ഫ്രാന്‍സിലെ പൊതുമേഖലയില്‍ പണിയെടുക്കുന്ന ഒരു വിഭാഗം തൊഴിലാളികള്‍ക്ക് 'Special Regime' പദ്ധതിപ്രകാരം ഇതരവിഭാഗം തൊഴിലാളികളെ അപേക്ഷിച്ച് കുറച്ചുകൂടി മെച്ചപ്പെട്ട പെന്‍ഷനാണ് ലഭിച്ചുവരുന്നത് എന്ന് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ വിശദീകരിച്ചുവല്ലോ. ഇത് അസമത്വത്തിന് വഴിയൊരുക്കുന്നുവെന്നും അതുകൊണ്ട് 'Special Regime' പദ്ധതിയുടെ കീഴില്‍ നല്‍കുന്ന മെച്ചപ്പെട്ട പെന്‍ഷന്‍ വെട്ടിക്കുറച്ച് മറ്റു തൊഴിലാളികള്‍ക്കു ലഭിക്കുന്ന കുറഞ്ഞ പെന്‍ഷനു തുല്യമാക്കുവാനുള്ള നടപടികള്‍ എടുക്കുമെന്ന് സര്‍കോസി ആവര്‍ത്തിച്ചു വ്യക്തമാക്കിക്കഴിഞ്ഞു. 'Special Regime' പദ്ധതി നിറുത്തലാക്കുന്നത് മറ്റു പെന്‍ഷന്‍ പദ്ധതികളേയും, ക്രമേണ തൊഴിലാളികളെയും, പ്രതികൂലമായി ബാധിക്കുന്ന പരിഷ്ക്കാരങ്ങള്‍ക്ക് വിധേയമാക്കുവാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുടെ തുടക്കമാണെന്നും അദ്ദേഹം തുടര്‍ന്ന് പ്രഖ്യാപിക്കുകയുണ്ടായി.

തൊഴിലാളികളുടെ ആരോഗ്യസംരക്ഷണ പദ്ധതികളുടെ കാര്യത്തില്‍ സര്‍കോസി യുറോപ്പിലെ വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികളെയാണ് താരതമ്യംചെയ്യുന്നത്. ഹോളണ്ടില്‍ നിലവിലുള്ള വളരെ കര്‍ക്കശമായ നിയന്ത്രണങ്ങളുള്ള ഒരു ആരോഗ്യസംരക്ഷണ പദ്ധതിയാണ് ഫ്രാന്‍സിലെ തൊഴിലാളികള്‍ക്ക് ഇന്ന് ലഭിച്ചുവരുന്ന മികച്ച സൌകര്യങ്ങളുള്ള പദ്ധതികള്‍ക്ക് പകരം കൊണ്ടുവരുവാന്‍ സര്‍കോസി ഉദ്ദേശിക്കുന്നത്. തൊഴിലാളികളുടെ ആരോഗ്യസംരക്ഷണ പദ്ധതികള്‍ക്കായി അവരില്‍ നിന്നും ഒരു വിഹിതം ഈടാക്കുവാനുള്ള പുതിയ നയത്തെയും അദ്ദേഹം ന്യായീകരിക്കുയാണ്. ഇത്തരത്തില്‍ ലഭിക്കുന്ന അധികവരുമാനം Alzheimer, Cancer തുടങ്ങിയ മാരക രോഗങ്ങള്‍ ബാധിച്ചവരെ ശുശ്രൂഷിക്കാന്‍ ഉപയോഗിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ചുരുക്കിപ്പറഞ്ഞാല്‍ കൂടുതല്‍ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനുവേണ്ടി എന്ന് പ്രചരിപ്പിച്ച് തൊഴിലാളികളുടെ നിലവിലുള്ള അവകാശങ്ങള്‍ ഗണ്യമായി വെട്ടിക്കുറക്കുവാനാണ് സര്‍കോസി ഉദ്ദേശിക്കുന്നത്. ഒരു വിഭാഗം തൊഴിലാളികളുടെ പെന്‍ഷന്‍ മെച്ചപ്പെടുത്തുവാനാണെന്ന വ്യാജേന മറ്റൊരു വിഭാഗത്തിന്റെ പെന്‍ഷനില്‍ കുറവുവരുത്തുന്നു. ആരോഗ്യസംരക്ഷണ പദ്ധതി വിപുരലീകരിക്കുന്നത് മറയാക്കി പദ്ധതിയുടെ പ്രയോജനം ലഭിച്ചുവരുന്ന തൊഴിലാളികളുടെ ആനുകൂല്യങ്ങളില്‍ വെള്ളം ചേര്‍ക്കുന്നു.

തന്റെ മുന്‍ഗാമികളായ ഭരണാധികാരികള്‍ വിഭാവന ചെയ്ത രീതിയിലുള്ള തൊഴിലാളി വിരുദ്ധ നയങ്ങള്‍ അവര്‍ക്ക് നപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്ന ചരിത്രസത്യം പൂര്‍ണ്ണമായും മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് സര്‍കോസി തൊഴിലാളികളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ വീണ്ടുമൊരു ശ്രമം ഇപ്പോള്‍ നടത്തുന്നത്. ഇതിനായി ഫ്രാന്‍സിലെ അതിരുകടന്ന ദേശീയബോധമുള്ള തൊഴിലാളി സംഘടനകളെ വറുതിയാക്കാനുള്ള പ്രയത്നത്തിലാണ് സര്‍കോസി ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള മത്സരത്തില്‍ ഫ്രാന്‍സിലെ കമ്പനികള്‍ വിജയിച്ചുകാണുന്നതില്‍ അതീവ തത്പരരാണ് അവിടത്തെ തൊഴിലാളി സംഘടനകള്‍. മുന്‍കാലങ്ങളില്‍ ഫ്രാന്‍സില്‍ നടന്ന വന്‍ പ്രക്ഷോഭങ്ങളെ അവിടത്തെ കുത്തകകളുടെയും സര്‍ക്കാരിന്റെയും ഭാഗത്ത് ചേര്‍ന്നുനിന്ന് പരാജയപ്പെടുത്തിയ പാരമ്പര്യമാണ് അവിടത്തെ തൊഴിലാളി സംഘടനകള്‍ക്കുള്ളത്. ഇപ്പോള്‍ ഫ്രാന്‍സിലെ തൊഴിലാളികളുടെ അവകാശങ്ങളുടേയം ക്ഷേമപദ്ധതികളുടേയും നേരേ നടക്കുന്ന ആക്രമണങ്ങളില്‍ അവിടത്തെ തൊഴിലാളി സംഘടനകള്‍ തങ്ങളുടെ പങ്കാളികളെപ്പോലെ പ്രവര്‍ത്തിക്കണമെന്നാണ് ഫ്രഞ്ച് മുതലാളിത്തം ആഗ്രഹിക്കുന്നത്.

(കടപ്പാട്: സി.ഐ.ടി.യു സന്ദേശം 2007 ഒക്ടോബര്‍ ലക്കം. ചിത്രങ്ങള്‍ക്ക് കടപ്പാട്: ഹിന്ദു, ബി.ബി.സി., വിക്കിപീഡിയ)

അധികവായനക്ക്: Right turn - ജോണ്‍ ചെറിയാന്‍ ഫ്രണ്ട്‌ലൈനില്‍ എഴുതിയ ലേഖനം

Wednesday, November 14, 2007

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ എങ്ങോട്ട്?

ലോകസാമ്പത്തിക രംഗമാകെ വന്‍ ചലനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു കാലഘട്ടമാണിത്. പോള്‍ ക്രേഗ് റോബര്‍ട്ട്സിനെപ്പോലെയുള്ള അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നമ്മുടെ കണ്‍മുന്‍പില്‍തന്നെ സാവധാനം മരണമടഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്.

ആഗോളസമ്പദ്‌വ്യവസ്ഥയെ ആകെ ചലിപ്പിക്കുന്ന എന്‍ജിനായാണ് അമേരിക്ക കണക്കാക്കപ്പെടുന്നത്. ലോകത്തെ ഉപഭോഗത്തിന്റെ 30 ശതമാനവും നടത്തുന്നത് അമേരിക്കക്കാരാണ്. എന്നാല്‍ ഇന്ന് അമേരിക്കയ്ക്ക് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളുമായി വ്യാപാരക്കമ്മിയാണുള്ളത്. അമേരിക്കയുടെ മൊത്തം വ്യാപാരക്കമ്മി 2007-ല്‍ 838 ബില്യന്‍ ഡോളറായിരുന്നു. യൂറോപ്പുമായി 142 ബില്യന്‍ ഡോളറും ഏഷ്യ-പസഫിക് പ്രദേശവുമായി 410 ബില്യന്‍ ഡോളറും ക്യാനഡയുമായി 75 ബില്യന്‍ ഡോളറും, ഗള്‍ഫ് നാടുകളുമായി 37 ബില്യന്‍ ഡോളറും ആഫ്രിക്കയുമായി 62 ബില്യന്‍ ഡോളറുമായിരുന്നു. ഇപ്പോഴത് വീണ്ടും വര്‍ദ്ധിച്ചിട്ടുണ്ട്.

അമേരിക്കയുടെ വ്യാപാരകമ്മി 838 ബില്യന്‍ ഡോളറാണ് എന്ന് പറയുമ്പോള്‍ അത് അര്‍ത്ഥമാക്കുന്നത് അമേരിക്കക്കാരുടെ ആകെ ഉപഭോഗം അവരുടെ ഉല്പാദനത്തെക്കാള്‍ 838 ബില്യന്‍ ഡോളര്‍ കൂടുതലാണെന്നാണ്. അമേരിക്കയുടെ കമ്മിപ്രശ്നം എണ്ണയുടെ കാര്യത്തില്‍‍ മാത്രമല്ല സര്‍വ്വതല സ്പര്‍ശിയാണത്. അമേരിക്കക്കാര്‍ അവരുടെ വ്യാവസായിക ആവശ്യങ്ങള്‍ക്ക്, വാഹനങ്ങള്‍, വസ്ത്രം, കംപ്യൂട്ടര്‍ തുടങ്ങി സര്‍വ്വവിധ വസ്തുക്കള്‍ക്കും സ്വന്തം ഉല്പന്നങ്ങളേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് വിദേശ വസ്തുക്കളെയാണ്. അമേരിക്കയുടെ കറന്റ് അക്കൌണ്ട് കമ്മി 13 ട്രില്യന്‍ ഡോളറോളം വരുന്ന അവരുടെ GDP യുടെ 6.5% വരും. കുതിച്ചുയരുന്ന എണ്ണ വിലയും കുത്തനെ വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഡോളറും ഈ കമ്മി വീണ്ടും ഗണ്യമായി ഉയരാന്‍ കാരണമാകും. ഇപ്പോള്‍തന്നെ എണ്ണവില ബാരലിന് 90 ഡോളറിനു മേലെയായിക്കഴിഞ്ഞു. എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതകളാണ് കമ്പോള നില കാണിക്കുന്നത്.

തൊഴില്‍ ലഭ്യത കുറയാതിരിക്കുകയും സ്വത്തുല്‍പ്പാദനവും വരുമാനവും വര്‍ദ്ധിക്കുകയും ചെയ്താല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നാണ് ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറും മുന്‍ US ട്രഷറി അഡ്വൈസറുമായിരുന്ന നോറിയല്‍ റബഹിനെയെപ്പോലെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത് അമേരിക്കയില്‍ തൊഴിലില്ലായ്മ കഴിഞ്ഞ ആറേഴു മാസമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണൊരു കണക്ക്. അടുത്തയിടെ ഭവനവായ്പാ മേഖലയിലെ പ്രശ്നങ്ങള്‍മൂലം ഭവന-നിര്‍മ്മാണ മേഖല, മോര്‍ട്‌ഗേജ് രംഗവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും പിന്നോട്ടടി നേരിടുകയാണ്. സ്വാഭാവികമായി ഭവനനിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട, സ്റ്റീല്‍, സിമന്റ്, ഫര്‍ണിച്ചര്‍ തുടങ്ങി നാനാ മേഖലകളിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളിലും തൊഴില്‍ നഷ്ടമുണ്ടാകും. ഇത്തരത്തില്‍ തൊഴിലില്‍വരുന്ന ഇടിവ് ഉപഭോഗമേഖലയേയും ഗുരുതരമായി ബാധിക്കും. ഉപഭോഗത്തില്‍ വരുന്ന ഇടിവ് ഉല്പാദനത്തേയും, നിക്ഷേപത്തേയും പ്രതികൂലമായി ബാധിക്കും. ഇങ്ങനെയുള്ള ഒരു വിഷമവൃത്തത്തിലേക്കാണ് അമേരിക്കന്‍ സാമ്പത്തികരംഗം നീങ്ങിക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ വായ്പാമേഖലയിലെ പ്രശ്നങ്ങള്‍ ഭവന-വായ്പയുമായി ബന്ധപ്പെട്ട് മാത്രം അവസാനിക്കുന്ന ഒന്നല്ല എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഭവനമേഖല വായ്പയുമായി ബന്ധപ്പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ സബ്-പ്രൈം (വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു കൊടുക്കുന്ന വായ്പ) വായ്പകള്‍ക്ക് നല്‍കിയത് ഭവനമേഖയില്‍ മാത്രമല്ല, വാഹനങ്ങള്‍ക്ക്, ക്രെഡിറ്റ് കാര്‍ഡിന്, മറ്റ് കണ്‍സ്യൂമര്‍ ഉല്പന്നങ്ങള്‍ക്ക്, ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കും സബ്‌-പ്രൈം വായ്പകള്‍ നല്കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ധനകാര്യമേഖലയില്‍ ലോകമാകെ ഈ പ്രവണത കാണാന്‍ കഴിയും.

ഇത്തരത്തില്‍ ലക്കും ലഗാനുമില്ലാതെ ലാഭം മാത്രം നോക്കി വായ്പ നല്‍കിയതിന്റെ ഫലമായി ലോകമാകെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വന്‍നഷ്ടമുണ്ടായി എന്നു മാത്രമല്ല സാധാരണ വായ്പകള്‍പോലും നല്‍കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വിമുഖത കാണിക്കുകയാണ്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി സമൂഹമാകെ വായ്പയെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഒരവസ്ഥയാണുള്ളത് (Credit run Society) . അതിന് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇത് ഉപഭോഗത്തേയും, ഉല്പാദനത്തേയും, തൊഴിലിനേയും ആകെ രൂക്ഷമായി ബാധിക്കും.

ഈ രൂപത്തില്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്തും ഉപഭോഗരംഗത്തും വരുന്ന പ്രതിസന്ധി ലോകത്തെ മറ്റു രാജ്യങ്ങളേയും ഏറിയും കുറഞ്ഞും ബാധിക്കും. ചൈന, ഇന്ത്യ, ബ്രസീല്‍, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങി മിക്കരാജ്യങ്ങളുടേയും ഒരു പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനം അമേരിക്കയാണ്. അതിനാല്‍ അമേരിക്കന്‍ ഉപഭോഗത്തിനും, അമേരിക്കന്‍ ഡോളറിനും വരുന്ന ഇടിവ് ലോക സമ്പദ്‌വ്യവസ്ഥയെയാകെ പ്രതികൂലമായി ബാധിക്കും. ഈയൊരു സ്ഥിതിയിലാണ് ജൂലൈമാസം അവസാനം അമേരിക്കന്‍ ഭവനവായ്പരംഗത്തും, ഭവന വിലയിലുണ്ടായ ഇടിവും ലോകകമ്പോളത്തെയാകെ ബാധിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരിക്കമ്പോളം ജൂലൈ 2007-ല്‍ വന്‍ തകര്‍ച്ച നേരിട്ടു. എന്നാല്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കില്‍ 0.5%ത്തിന്റെ കുറവു വരുത്തിയപ്പോള്‍ കാര്യങ്ങളാകെ മാറി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഓഹരിക്കമ്പോള സൂചിക അഭൂതപൂര്‍വ്വമായ രീതിയില്‍ കുതിച്ചുയര്‍ന്നു. യഥാര്‍ത്ഥത്തില്‍ ഈയൊരവസ്ഥ കൂടുതല്‍ ആശങ്കയുളവാക്കുന്നതാണ്.

ഇപ്പോള്‍ ലോകസാമ്പത്തികരംഗത്തു നിലനില്‍ക്കുന്ന അവസ്ഥക്ക് 1920-1930 കളിലെ സ്ഥിതിയുമായി നാനാതരത്തില്‍ സമാനതകള്‍ കാണാന്‍ കഴിയും. 1920-കളെ അലറുന്ന ഇരുപതുകള്‍ (roaring twenties) എന്നാണറിയപ്പെട്ടിരുന്നത്. 1929ലെ ഓഹരിക്കമ്പോളത്തിലെ വന്‍തകര്‍ച്ചവരെ ഓഹരിക്കമ്പോള കുതിച്ചുചാട്ടം അന്നു തുടര്‍ന്നു. ലോകസാമ്പത്തിക വിതരണത്തിലുണ്ടായിരുന്ന അസന്തുലിതാവസ്ഥയും 1920-കളില്‍ രൂക്ഷമായിരുന്നു. 1929-ല്‍ ഏറ്റവും ഉന്നതശ്രേണിയിലായിരുന്ന 0.1% അമേരിക്കക്കാരുടെ വരുമാനം ഏറ്റവും താഴെക്കിടയിലായിരുന്ന 42 ശതമാനത്തിന്റെ മൊത്തം വരുമാനത്തിനൊപ്പമായിരുന്നു. 0.1% അമേരിക്കക്കാരുടേയതായിരുന്നു 34% സമ്പാദ്യവും; 80% അമേരിക്കക്കാര്‍ക്ക് യാതൊരു സമ്പാദ്യവും ഉണ്ടായിരുന്നില്ല.

ഇന്നും ലോകത്തെ അസന്തുലിതാവസ്ഥ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വളര്‍ന്നിരിക്കുകയാണ്. ലോകത്തെ ഏകദേശം ഒരു ശതമാനം ആള്‍ക്കാരുടെ സമ്പത്ത് താഴെക്കിടയിലുള്ള 60 ശതമാനക്കാരുടെ മൊത്തം സമ്പത്തിനൊപ്പമാണ്. ലോകത്തെ ചീഫ് എക്സിക്യൂട്ടീവുകളുടെ ശമ്പളവര്‍ദ്ധനവും 70-ഉം 80-ഉം ശതമാനമായിരിക്കുമ്പോള്‍ സാധാരണ തൊഴിലാളികള്‍ക്ക് തൊഴില്‍തന്നെ നഷ്ടപ്പെടുകയോ, വേതനം ക്രമേണ കുറയുയോ ചെയ്തുകൊണ്ടിരിക്കുകയാണ്. 1920-കളില്‍ ഏകദേശം 200 ഓളം വന്‍ കോര്‍പ്പറേഷനുകളാണ് കോര്‍പ്പറേറ്റ് സമ്പത്തിന്റെ 50 ശതമാനവും നിയന്ത്രിച്ചിരുന്നത്. ഇന്ന് സ്ഥിതി അതിലും രൂക്ഷമാണ്. 1920-കളില്‍ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം കാര്‍ഷിക മേഖല അവഗണിക്കപ്പെടുകയും കര്‍ഷകര്‍ ഗുരുതരമായ പ്രതിസന്ധിയിലാവുകയും ചെയ്തു. ഭരണാധികാരികള്‍ വ്യവസായങ്ങള്‍ക്കും, നഗരങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന ഒരു നയമവലംബിച്ചതുമൂലം ലോകമാകെ കാര്‍ഷികമേഖലയും ഗ്രാമങ്ങളും ദുരിതത്തിലായി. ഇന്നും വിവരസാങ്കേതിക വിദ്യയും മറ്റു പുതു വ്യവസായങ്ങളും വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്ന ഭരണക്കാര്‍ കാര്‍ഷികമേഖലയ്ക്ക് കാര്യമായ യാതൊരു സഹായവും ചെയ്യാതെ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന നയമാണ് തടരുന്നത്.

1920-കളിലും വായ്പയെടുത്ത് ഉപഭോഗവസ്തുക്കള്‍ മേടിക്കുന്ന പ്രവണത വളരെ ഉയര്‍ന്നിരുന്നു. 1920-ല്‍ 60 ശതമാനം കാറുകളും 80 ശതമാനം റേഡിയോയും തവണ വായ്പാ വ്യവസ്ഥയില്‍ മേടിച്ചതായിരുന്നു - ഇന്നത്തെ സ്ഥിതിയും സമാനമാണ്.

പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ കെന്നത്ത് ഗാള്‍ബ്രിത്ത് 1929 ലെ വന്‍ സാമ്പത്തിക കുഴപ്പത്തെക്കുറിച്ച് 1954-ല്‍ എഴുതിയ പ്രസിദ്ധമായ ഒരു പുസ്തകത്തില്‍ 1929-ലെ കുഴപ്പങ്ങളുടെ പ്രധാനകാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 1929-ലെ വന്‍തകര്‍ച്ചയ്ക്കു പ്രധാന കാരണം ഓഹരിക്കമ്പോളത്തിലെ ലക്കുംലഗാനുമില്ലാത്ത ഊഹക്കച്ചവടമാണെന്നാണ് അദ്ദേഹം കണ്ടത്. ബാങ്കുകള്‍ നല്കിയ മോശം ലോണുകളും അവ കിട്ടാക്കടങ്ങളായി മാറിയതും ബാങ്കുകള്‍ തകര്‍ന്നതുമാണ് 1929-ലെ തകര്‍ച്ചയ്ക്ക് മറ്റൊരു കാരണം എന്നാണ് ഗാള്‍ബ്രിത്ത് പറഞ്ഞത്. അമേരിക്കയിലെ 25,000 ബാങ്കുകളില്‍ 11,000 വും അക്കാലത്തു തകര്‍ന്നു. ഇപ്പോള്‍ അമേരിക്കന്‍ സബ്-പ്രൈം വായ്പകളുമായി ഇതിനെ താരതമ്യപ്പെടുത്താം.

ഇങ്ങനെ പലവിധത്തിലും പലതലങ്ങളിലും പരിശോധിച്ചാല്‍ ഇന്ന് ലോകസാമ്പത്തിക രംഗം പ്രത്യേകിച്ച് അമേരിക്കയുടേത് ഗുരുതരമായ ഒരു സ്ഥിതിയിലാണെന്നു കാണാം. ഇതിന്റെ പ്രതിധ്വനികള്‍ നാനാതരത്തില്‍ സാമ്പത്തികരംഗത്തും രാഷ്ട്രീയ രംഗത്തും പ്രത്യക്ഷപ്പെടും എന്നത് തര്‍ക്കരഹിതമാണ്.

(ലേഖകന്‍: ശ്രീ. ജോസ് ടി. എബ്രഹാം. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

Tuesday, November 13, 2007

വഴുക്കുന്ന വരമ്പുകള്‍

ജയില്‍കവാടത്തിന് മുന്നില്‍ അവരെല്ലാവരും കാത്തുനില്‍പ്പണ്ടായിരുന്നു-- ജയില്‍ സൂപ്രണ്ട്, ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, മറ്റു പൊലീസുകാര്‍, വെള്ളവസ്ത്രം ധരിച്ച തടവുകാര്‍....

വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ മനസ്സില്‍ വേര്‍തിരിച്ചറിയാനാവാത്ത ഭാവങ്ങളുടെ കൂടിക്കുഴയല്‍!

ആദ്യമായിട്ടാണ് ഇവിടെ...

സൂപ്രണ്ടിന്റെ മുറിയിലിരിക്കുമ്പോള്‍ അവരെത്തി.

എന്തൊരു സന്തോഷവും ഉത്സാഹവുമാണ് അവര്‍ക്കിപ്പോള്‍. ഉത്സവത്തിന്റെ ലഹരിയിലാണവര്‍. അതോ പുതുജീവന്റെ ഉന്മേഷത്തിലോ.... സിനിമയിലല്ലാതെ നേര്‍ക്കുനേരെ അവരെ കാണുന്നത് ആദ്യമാണ്. മധ്യവയസ്കനായ ഗീവര്‍ഗീസിനാണ് കൂടുതല്‍ ഉത്സാഹം.

"സാറേ! ഇന്നലെ രാത്രി ഉറങ്ങാതിരുന്നെഴുതിയ ഇംഗ്ളീഷ് കവിതയാണിത്, വായിക്കട്ടെ?''

അയാളതെന്നെ വായിച്ചു കേള്‍പ്പിച്ചു. കൂട്ടത്തില്‍ മറ്റൊരു മലയാളം കവിതയും. രണ്ടിലും സറ്റയറിന്റെ ചുവയും, ആഴത്തില്‍ നൊമ്പരവും.

കേരള സാഹിത്യ അക്കാദമിയുടെ നവോത്ഥാനസന്ദേശ പ്രചാരണവര്‍ഷ പരിപാടികളുടെ ഭാഗമായി, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വിപുലമായ ഒരു സാംസ്കാരിക പരിപാടി നടത്താനെത്തിയതായിരുന്നു ഞങ്ങള്‍- അക്കാദമി സെക്രട്ടറി ഐ വി ദാസ്‌മാഷും നിര്‍വാഹകസമിതിയംഗങ്ങളായ രാവുണ്ണിയും പ്രഭാവര്‍മയും ഞാനും.

തടവുകാരുമായി ഇടപെടുമ്പോഴും സംസാരിക്കുമ്പോഴും മനസ്സില്‍ വല്ലാത്ത വിങ്ങലും സംഘര്‍ഷവും.

അവര്‍ക്കും നമുക്കുമിടയിലുള്ള അതിര്‍രേഖ ഏതാണ്? ഏതാണ് ജയില്‍- അകത്തുള്ളതോ പുറത്തുള്ളതോ? ആരാണ് കുറ്റവാളികള്‍? അവരോ നമ്മളോ? വാസ്തവികവും ദാര്‍ശനികവുമായ ഒരുപാട് ചോദ്യങ്ങള്‍ മനസ്സില്‍ കലമ്പല്‍ കൂട്ടി.

വിചാരണ ചെയ്യപ്പെടുന്നതും വിധിക്കപ്പെടുന്നതും ശിക്ഷിക്കപ്പെടുന്നതും പലപ്പോഴും അതിനര്‍ഹതയുള്ളവരല്ല എന്നതാണ് സത്യം. ഭീകരന്മാരായ കുറ്റവാളികള്‍ പണത്തിന്റെയും മറ്റുപല സ്വാധീനങ്ങളുടെയും ബലത്തില്‍ അന്തസ്സോടെ, അഹന്തയോടെ പുറത്ത് സ്വതന്ത്രമായി വിലസുമ്പോള്‍ നിരപരാധികളും താരതമ്യേന ചെറിയ കുറ്റങ്ങള്‍ ചെയ്തവരും തടവറക്കുള്ളില്‍ ജീവിതം ഹോമിക്കുന്നു. വിശക്കുന്നവന്റേത് വഴുക്കുന്ന വരമ്പുകളാണെന്ന് അവര്‍ക്കിടയില്‍ നില്‍ക്കുമ്പോള്‍ ഓര്‍മിച്ചു. ആരും കുറ്റവാളികളായി ജനിക്കുന്നില്ലെന്നും സാഹചര്യങ്ങളാണ് പലരെയും അങ്ങനെയാക്കിത്തീര്‍ക്കുന്നതെന്നുമുള്ള സത്യം വീണ്ടും ബോധ്യപ്പെടുകയാണ്.

വേദിക്ക് മുന്നില്‍ വെയിലില്‍, സ്കൂള്‍ കുട്ടികളെപ്പോലെ അച്ചടക്കത്തോടെ നിരന്നിരിക്കുന്ന അവരില്‍ ജീവപര്യന്തത്തടവുകാരുണ്ട്. കൊലപാതകക്കുറ്റം ചെയ്തവരുണ്ട്, വൃദ്ധന്മാരും യുവാക്കളുമുണ്ട്. കാമുകന്മാരും നവവിവാഹിതരുമുണ്ട്.

മന്ത്രിമാരുടെ പ്രസംഗങ്ങളും കേരളത്തിലെ പ്രശസ്തരായ കവികളുടെ കവിതകളും ഹൃദയം കൊണ്ടൊപ്പിയെടുത്ത് മണിക്കൂറുകളോളം അവരങ്ങനെയിരുന്നു.

ഞങ്ങള്‍ക്ക് മുന്നില്‍ ദൂരെ ജയില്‍ ടവറിന് മുകളിലെ ചുറ്റുവരാന്തയില്‍ സ്ത്രീ തടവുകാര്‍.....

വേദിയുടെ ഇടതുവശത്തുള്ള നിരക്കെട്ടിടത്തിന് മുന്നില്‍ നിറയെ പൂത്തുനില്‍ക്കുന്ന റോസാച്ചെടികള്‍...

"മതിലുകളിലെ ബഷീര്‍ നട്ടുവളര്‍ത്തിയ റോസാച്ചെടികളാവുമല്ലേ?'' അടുത്തിരിക്കുന്ന പ്രഭാവര്‍മയോട് ഞാന്‍ പതുക്കെ ചോദിച്ചു.

മതിലിനപ്പുറത്തുനിന്ന് നാരായണിയുടെ സ്വരം കേള്‍ക്കുന്നപോലെ.

തടവുകാര്‍ക്കിടയില്‍നിന്ന് കവികളും ഗായകരും മിമിക്രി ആര്‍ടിസ്റ്റുകളുമെല്ലാം മുഖപടം നീക്കിപ്പുറത്തുവന്നു. അവരുടെ സര്‍ഗവാസനയാല്‍ എല്ലാവരെയും ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു. ഒരു ചെറുപ്പക്കാരന്റെ വാക്കുകള്‍ എന്റെ ഹൃദയത്തെ നോവിച്ചു.

"ഇതെല്ലാം കഴിഞ്ഞ് നിങ്ങളെല്ലാം പോകും. പിന്നെ, ഞങ്ങള്‍ മാത്രമാകും. ഞങ്ങളുടെ മനസ്സ് ആരും കാണുന്നില്ല; ഞങ്ങളുടെ സങ്കടം ആരുമറിയുന്നില്ല. ഒരാള്‍മാത്രം ഞങ്ങളുടെ മനസ്സ് കണ്ടു. ഈയിരിക്കുന്ന സഹോദരി. ആ കവിതയിലെ പാവക്കരടി ഞങ്ങളാണ്.''

ഞാന്‍ ചൊല്ലിയ 'ടെഡ്ഡിബെയര്‍' എന്ന കവിതയെക്കുറിച്ചാണ് അയാള്‍ പറഞ്ഞത്. എന്റെ മനസ്സില്‍ സങ്കടമിരമ്പി. എങ്കിലും കവിയെന്ന നിലയില്‍ എനിക്ക് ലഭിച്ച വലിയ പ്രശംസയും അംഗീകാരവുമാണതെന്നെനിക്ക് തോന്നി.

"നിങ്ങളുടെ നിമിഷങ്ങളില്‍ കുറച്ചെങ്കിലും സന്തോഷവും ആശ്വാസവും നിറയ്ക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ചരിതാര്‍ഥരാണ്''- അവരോട് ഞാന്‍ പറഞ്ഞു.

മടങ്ങുമ്പോള്‍, ഇനിയും വരണേ എന്നവര്‍ അപേക്ഷിച്ചു. വേര്‍പാടിന്റെ നൊമ്പരവും സ്നേഹവും അവരുടെ കണ്ണുകളില്‍ തിളങ്ങുന്നുണ്ടായിരുന്നു.

ഈ തടവറയും ഇവിടെ കഴിയുന്ന നാളുകളും നിങ്ങളെ ശുദ്ധീകരിക്കട്ടെ എന്നാശംസിച്ചുവെങ്കിലും, സൌകര്യങ്ങള്‍ പരിമിതമായ ജയില്‍മുറികളും ശാസ്ത്രീയമല്ലാത്ത നടപടിക്രമങ്ങളും അവരെ ശുദ്ധീകരിക്കുകയാണോ കൂടുതല്‍ കുറ്റവാസനയുള്ളവരാക്കിത്തീര്‍ക്കുകയാണോ ചെയ്യുന്നത് എന്നൊരു സംശയം മനസ്സിനെ ശല്യപ്പെടുത്തി.

നിരവധി തടവുകാര്‍ ശിക്ഷയുടെ കാലാവധി തീര്‍ന്ന് പുറത്തുകടന്ന ജയില്‍ കവാടത്തിലൂടെ വെളിയിലെത്തുമ്പോള്‍ സന്ധ്യമാഞ്ഞുതുടങ്ങിയിരുന്നു. ഒരു തടവുകാരന്‍ പാടിയ പാട്ടിന്റെ ഈരടികള്‍ ഉള്ളില്‍ വിതുമ്പി.

"എന്റെ മണ്‍വീണയില്‍ കൂടണയാനൊരു

മൌനം പറന്നുപറന്നു വന്നു.''...

(ലേഖിക: അമൃത, കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതി അംഗവും, ചേര്‍ത്തല എസ്.എന്‍. കോളേജ് അദ്ധ്യാപികയുമാണ് - 2007 സെപ്തംബര്‍ നാലാം തീയതി കേരള സാഹിത്യ അക്കാദമി തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നടത്തിയ സാംസ്കാരിക പരിപാടിയുടെ ഓര്‍മക്കുറിപ്പ്.)

Sunday, November 11, 2007

ദേവപ്രശ്നവും ചുരിദാറും

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 2007 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ നടന്ന ദേവപ്രശ്നം അസുഖകരമായ പല വിവാദങ്ങള്‍ക്കും ഇടയാക്കിയേക്കും എന്നതിനുള്ള സൂചനകള്‍ ദേവപ്രശ്നത്തില്‍ ‘കണ്ട‘ കാര്യങ്ങളിലും അതിനെത്തുടര്‍ന്നുണ്ടായിട്ടുള്ള പ്രസ്താവനകളിലും അഭിപ്രായങ്ങളിലും പ്രകടമാണ്.

1990ന് ശേഷം നടന്ന ഈ ദേവപ്രശ്നത്തില്‍ ‘കണ്ട’ ഏറ്റവും പ്രധാനപ്പെട്ട കാര്യം “നാലാംഭാവചിന്തയില്‍ ലക്ഷണപ്രകാരം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം ദേവന് തൃപ്തികരമായിക്കാണുന്നില്ല” എന്നതായിരിക്കാമെന്നു തോന്നുന്നു. കുറേയേറെ ചര്‍ച്ചകളുടേയും അഭിപ്രായ സമന്വയങ്ങളുടേയുമൊക്കെ ആവശ്യം ഇനിയും ഇക്കാര്യത്തില്‍ വേണമെന്നുള്ളതുകൊണ്ടു തന്നെ തല്‍ക്കാലം ഇതത്ര ശ്രദ്ധിക്കപ്പെട്ടതായി തോന്നുന്നില്ല. യേശുദാസിനെ ഗുരുവായൂരമ്പലത്തില്‍ പ്രവേശിപ്പിക്കണം എന്ന് കുറച്ചുകാലം മുന്‍പുണ്ടായ ആവശ്യങ്ങള്‍ക്ക് ഒരു മറുപടിയാണോ ഈ കണ്ടെത്തല്‍ എന്ന സംശയവും ഇതുണര്‍ത്താതിരിക്കുന്നില്ല.

ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത് “ക്ഷേത്രത്തില്‍ ചുരിദാര്‍ ധരിച്ച് പ്രവേശിക്കുന്നത് ദേവന് ഹിതകരമല്ലെന്ന് ദേവപ്രശ്നത്തില്‍ തെളിഞ്ഞതാണ്.” ഏതാണ്ട് മൂന്നുമാസംമുമ്പാണ് ദേവസ്വം അധികൃതര്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശനം അനുവദിച്ചത്. അത് ഗുരുവായൂരപ്പന് ഇഷ്ടമല്ല എന്ന് ‘കണ്ടത്’ അനുകൂലമായും പ്രതികൂലമായുള്ള അഭിപ്രായങ്ങള്‍ ഇപ്പോള്‍ത്തന്നെ ഉണ്ടായിട്ടുണ്ട്.

കേരള ബ്രാഹ്മണ സഭ "അപ്പവേ നാന്‍ സൊന്നേന്‍" എന്ന മട്ടില്‍ ചുരിദാറിനെതിരെ അഭിപ്രായവുമായി വന്നിട്ടുണ്ട്. സാമൂഹിക സംഘടനകളുമായുള്ള ചര്‍ച്ചയില്‍ ദേവഹിതം അറിഞ്ഞേ മാറ്റാവൂ എന്ന് തങ്ങള്‍ പറഞ്ഞിരുന്നതായും അത് ഇപ്പോള്‍ ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും അവര്‍ പറയുന്നു. ദേവപ്രശ്നത്തിനിടെ ഗുരുവായൂരില്‍ സദസ്സില്‍ സന്നിഹിതനായിരുന്ന മുന്‍‌മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ ഭഗവാന്റെ ഇഷ്ടമാണ് നടപ്പിലാക്കേണ്ടതെന്ന് പറഞ്ഞതായി മാധ്യമം പറയുന്നു. ചുരിദാര്‍ വേണ്ട എന്ന അഭിപ്രായങ്ങള്‍ കൂടുതലായി വന്നു തുടങ്ങിയിട്ടില്ല എന്നു തോന്നുന്നു. വരുമായിരിക്കും.

ദേവപ്രശ്നത്തിലെ ചുരിദാര്‍ കണ്ടെത്തലിനെതിരെ ആദ്യം ആഞ്ഞടിച്ചത് സുകുമാര്‍ അഴീക്കോടാണ്.

സ്ത്രീകള്‍ ചുരിദാര്‍ ധരിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ദേവന് ഹിതമല്ലെന്ന് അഷ്ടമംഗലപ്രശ്നത്തില്‍ ജ്യോതിഷികളുടെ കല്പന ഭാരതീയ സംസ്കാരത്തിനെതിരായ കൊഞ്ഞനം കുത്തലാണെന്നും, അസംബന്ധത്തിന്റെ കൊടിയേറ്റവും വിഡ്ഢിത്തത്തിന്റെ അരങ്ങേറ്റവുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനസ്സിന് അതീതമാണ് ദൈവം എന്നിരിക്കെ ദൈവത്തിന്റെ മനസ്സ് കവടി നിരത്തി പറയുന്നത് ഏത് ശാസ്ത്രപ്രകാരമാണെന്ന് ഇവര്‍ പറയണം. ഇത്തരം ജ്യോതിഷികളെ അറസ്റ്റുചെയ്ത് നിയമം നടപ്പിലാക്കിയാലേ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവൂ എന്നദ്ദേഹം “പൌരോഹിത്യവും വ്യക്തിസ്വാതന്ത്ര്യവും“ എന്ന വിഷയത്തില്‍ കോഴിക്കോട് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചു നടന്ന സെമിനാറില്‍ തുറന്നടിച്ചു.

സുകുമാര്‍ അഴീക്കോട് പറഞ്ഞതിന്റെ പിറകേയാണ് തികച്ചും ശ്രദ്ധേയമായ ചില അഭിപ്രായങ്ങളുമായി എണ്‍പതിലെത്തിനില്‍ക്കുന്ന ഒരമ്മൂമ്മ രംഗത്ത് വന്നത്.

'അമ്പലത്തില്‍ പരിശുദ്ധിയോടെയും വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിച്ചും വരണമെന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാവും. അതിനുപകരം, അമ്പലത്തിന് മുന്നില്‍ വാടകയ്ക്ക് കിട്ടുന്ന, ആരെല്ലാമോ മാറിയുടുത്ത, എന്നോ അലക്കിയ മുണ്ടുടുത്ത് വരാം; മാന്യമായ ചുരിദാര്‍ ധരിക്കാന്‍ പാടില്ല എന്ന് പറയുന്നതില്‍ എന്തര്‍ഥം?'പഴയതില്‍നിന്ന് മാറില്ലെന്ന ബ്രാഹ്മണ്യത്തിന്റെ കടുംപിടിത്തമാണിത്- ഇതിന് ദൈവത്തെ കൂട്ടുപിടിക്കുകയാണ്. ദൈവകോപം ഇവര്‍ക്കെതിരെയാണുണ്ടാവുക'

മനകളിലെ അകത്തളങ്ങളില്‍ കുളിയും തേവാരവും പൂജകളുമായി കഴിയാന്‍ വിധിക്കപ്പെട്ട അന്തര്‍ജനങ്ങളുടെ കഥ- 'നഷ്ടബോധങ്ങളില്ലാതെ'- കറന്റ് ബുക്സിലൂടെ പുറംലോകത്തെ അറിയിച്ച ദേവകി നിലയങ്ങോടാണ് ഇത് പറഞ്ഞത്.

ബ്രാഹ്മണ്യത്തിന്റെ കനത്ത വേലിക്കെട്ടുകളില്‍ ജീവിച്ച്, ഒടുവില്‍ ഭര്‍ത്താവിന്റെ തണലില്‍ അതെല്ലാം പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകം നിറഞ്ഞ മനസ്സോടെ സ്വീകരിച്ചവരാണിവര്‍. പൊന്നാനിയിലെ പകരാവൂര്‍മനയില്‍ കൃഷ്ണന്‍ സോമയാജിപ്പാടിന്റെയും പാര്‍വതി അന്തര്‍ജനത്തിന്റെയും ആറാമത്തെ മകള്‍.

'ആര്യാ പള്ളം, പാര്‍വതി നെന്മിനിമംഗലം, എന്റെ ഭര്‍ത്താവിന്റെ ജ്യേഷ്ഠന്‍ നീലകണ്ഠന്‍ നമ്പൂതിരിയുടെ ഭാര്യ പാര്‍വതി നിലയങ്ങോട് തുടങ്ങിയവരാണ് മാറ് മറയ്ക്കാനുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 'ഉമ്മച്ചി' എന്ന് വിളിച്ച് പ്രമാണിമാര്‍ അവരെ കളിയാക്കി. മുഖത്തേക്ക് തുപ്പി. ആര്യേടത്തിയേയും ഭര്‍ത്താവിനേയും അപഹസിച്ച് കവിതകള്‍വരെ എഴുതിയുണ്ടാക്കി പ്രചരിപ്പിച്ചു. സ്ത്രീകള്‍ എന്ത് ധരിക്കണമെന്ന് തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു പ്രമാണിമാരുടെ നിലപാട്. അതിന്റെ മറ്റൊരു പതിപ്പാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലും ജ്യോത്സ്യന്മാര്‍ കാണിച്ചത്. ഇതിനെതിരെ വിശ്വാസികളും പെണ്‍കുട്ടികളും മുന്നോട്ട് വരണം'

'സ്ത്രീകള്‍ മാറ് മറയ്ക്കാന്‍ പാടില്ലെന്നായിരുന്നു പണ്ട് നമ്പൂതിരി പ്രമാണിമാരുടെ കല്‍പ്പന. ആര്യാ പള്ളവും പാര്‍വതിയേടത്തിയും മറ്റും അതിനെതിരെ പോരാടിയതിനാലാണ് എനിക്കൊക്കെ മാറ് മറയ്ക്കാന്‍ കഴിഞ്ഞത്. മാറ് മറയ്ക്കാതെയും ഒറ്റമുണ്ട് പുതച്ചും ജാക്കറ്റും സാരിയും ധരിച്ചുമെല്ലാം ഞങ്ങളുടെ തലമുറക്കാര്‍ അമ്പലത്തില്‍ പോയിട്ടുണ്ട്. വസ്ത്രരീതി മാറി എന്നതുകൊണ്ട് ഇതുവരെയും ആര്‍ക്കും ദൈവകോപം ഉണ്ടായിട്ടില്ല. ഇപ്പോള്‍, മാന്യവും സൌകര്യവുമുള്ള ചുരിദാര്‍ ധരിച്ചാല്‍ ദൈവകോപമുണ്ടാകുമെന്നാണ് ചില ജോത്സ്യന്മാരുടെ പ്രവചനം. ഇത് പെണ്ണുങ്ങളെ പേടിപ്പിക്കാനാണ്. പുതിയ തലമുറ ഇതുകേട്ട് പിന്മാറരുത്'.

പഴയകാലം നല്ലവണ്ണം ഓര്‍മ്മയുള്ള, അതിന്റെ നേരിട്ടുള്ള ജീവിതാനുനുഭവങ്ങളുള്ള ഈ അമ്മൂമ്മയുടെ വാക്കുകള്‍ക്ക് ആത്മാര്‍ത്ഥതയുടെ, സത്യസന്ധമായ രോഷത്തിന്റെ സ്പര്‍ശമുണ്ട്. ഇവരുടെ അഭിപ്രായങ്ങളെ അനുകൂലിക്കാം, എതിര്‍ക്കാം, പക്ഷെ അവഗണിക്കുക ബുദ്ധിമുട്ടായിരിക്കും എന്നത് തീര്‍ച്ച.

വ്യാസന്റെ കൃഷ്ണനാണോ സാമൂതിരിയുടെ കൃഷ്ണനാണോ ഗുരുവായൂരിലുള്ളത് എന്ന്‌ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെ ചോദിക്കുന്നു. ചുരിദാര്‍ പ്രശ്നത്തിലൂടെ പുറത്തുവന്നിരിക്കുന്നത് ഭഗവാന്റെ നിലപാടാണോ അതോ മതരംഗത്തേക്കു കാലോചിതമായ പരിഷ്കാരബോധങ്ങളോടെ ജനാധിപത്യശക്തികള്‍ പ്രവേശിക്കുന്നത് തടയുന്നിനുള്ള തല്‍പ്പരകക്ഷികളുടെ നികൃഷ്ട താല്‍പ്പര്യങ്ങളാണോ എന്നത് യഥാര്‍ഥഭക്തന്മാര്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നദ്ദേഹം പറയുമ്പോള്‍ അതിന് തികച്ചും രസകരമായ ചില നിരീക്ഷണങ്ങളുടെ പിന്‍‌ബലമുണ്ട്.

സ്ത്രീകള്‍ മാറുമറയ്ക്കരുതെന്നും നായരില്‍ താഴ്ന്ന ജാതിയില്‍ പിറന്നോര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കരുതെന്നുമായിരുന്നു 75 വര്‍ഷംമുമ്പത്തെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശന സംബന്ധമായ കീഴാചാരം. ഇതിനു കാലോചിതമായ മാറ്റം വന്നപ്പോള്‍ ഉണ്ടാകാത്ത അപ്രിയം ഭഗവാന് ഇപ്പോള്‍ എന്തുകൊണ്ട് പൊടുന്നനെ ഉണ്ടാകുന്നു?“ എന്നദ്ദേഹം ചോദിക്കുമ്പോള്‍ ചിന്തിക്കാതിരിക്കാനാവില്ല.

അദ്ദേഹം വീണ്ടും നിരീക്ഷിക്കുന്നു....

വര്‍ഷങ്ങള്‍ക്കുമുമ്പ് ഭഗവാന്റെ നവരത്നമാല കളവുപോയത് എങ്ങനെ, ആരൊക്കെയാണ് അതിനുപിന്നിലുള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒരു മാര്‍ഗദര്‍ശനവും നല്‍കാന്‍ ഇന്നോളം കഴിഞ്ഞിട്ടില്ലാത്ത ജ്യോതിഷികളും തന്ത്രിമാരും പരിവാരങ്ങളും ഭഗവാന് സ്ത്രീകള്‍ ചുരിദാര്‍ ധരിച്ചു തൊഴാന്‍ വരുന്നതില്‍ തികഞ്ഞ അതൃപ്തിയാണുള്ളതെന്ന് കണിശതയോടെ പറയുന്നതിലെ വൈരുദ്ധ്യം അവഗണിക്കാന്‍ വയ്യ “.

ഇക്കഴിഞ്ഞ ദേവപ്രശ്നത്തില്‍ ഗുരുവായൂരപ്പന്റെ തിരുവാഭരണത്തെക്കുറിച്ച് തെളിഞ്ഞത് “നഷ്ടപ്പെട്ട മൂന്ന് തിരുവാഭരണങ്ങളും വെള്ളി ഉരുളിയും തിരിച്ചുലഭിക്കുവാന്‍ ലക്ഷണം കാണുന്നില്ല“ എന്നാണത്രേ. ‘പോയത് പോട്ടെ’ എന്ന ഗുരുവായൂരപ്പനും ചിന്തിച്ചു തുടങ്ങിയോ? എന്തായാലും ഇപ്പോള്‍ ലോക്കറില്‍ സൂക്ഷിച്ചിട്ടുള്ള ഒരു തിടമ്പ് നഷ്ട്രപ്പെടുവാന്‍ സാധ്യതയുള്ളതായി ദേവപ്രശ്നത്തില്‍ ‘തെളിഞ്ഞിട്ടുണ്ട്’. മറ്റു രണ്ടെണ്ണം ശ്രീകോവിലിനകത്തായതുകൊണ്ട് കുഴപ്പമില്ലെന്നു തോന്നുന്നു. അതിനെക്കുറിച്ചൊന്നും പറയുന്നില്ല.

ഏത് കൃഷ്ണനാണ് ഗുരുവായൂരിലുള്ളത് എന്ന ചോദ്യത്തിന് സ്വാമി ശക്തിബോധി തന്നെ ചില ഉത്തരങ്ങള്‍ പങ്കു വെക്കുന്നുണ്ട്.

ഭഗവാന്‍ കൃഷ്ണനെക്കുറിച്ചു ചിന്തിക്കുന്നവര്‍ക്ക് കീഴ്വഴക്കങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ ഭഗവാന് അതൃപ്തിയുണ്ടെന്ന ജ്യോതിഷികളുടെ കണ്ടെത്തല്‍ അങ്ങേയറ്റത്തെ ഭഗവത് നിന്ദയാണെന്നു പറയാതിരിക്കാനാകില്ല. കാരണം, ഗുരുവായൂരില്‍ ആരാധിക്കപ്പെടുന്നത് ഗീതാഗുരുകൂടിയായ വ്യാസകൃഷ്ണനാണെങ്കില്‍ അദ്ദേഹത്തിനു കീഴ്വഴക്കങ്ങള്‍ ലംഘിക്കുന്നതില്‍ താല്‍പ്പര്യമുണ്ടാകാതിരിക്കാനല്ല മറിച്ച് താല്‍പ്പര്യമുണ്ടാകാനാണ് സാധ്യത. 'ഗുരുഹത്യ അരുത്' എന്ന കീഴ്വഴക്കത്തെ ലംഘിക്കാന്‍ അര്‍ജുനനെ ഭഗവദ്ഗീതയില്‍ ഉപദേശിക്കുന്ന കൃഷ്ണന്‍, ഇന്ദ്രയജ്ഞം എന്ന കീഴ്വഴക്കത്തിനുപകരം ഗോവര്‍ധനത്തെ പൂജിക്കാന്‍ ഗോപന്മാരെ ഉപദേശിക്കുന്ന കൃഷ്ണന്‍, കീഴ്വഴക്കത്തെ അപ്പാടെ നിലനിര്‍ത്തുന്നതിലല്ല മറിച്ച് കാലോചിതമായി മാറ്റുന്നതിലാണ് താല്‍പ്പര്യം കണ്ടെത്തുക എന്ന് തീര്‍ത്തും പറയാം. ഇങ്ങനെയുള്ള വ്യാസകൃഷ്ണനാണ് ഗുരുവായൂരിലെയും ആരാധ്യദേവനെങ്കില്‍ കീഴ്വഴക്കങ്ങള്‍ക്ക് മാറ്റംവരുമ്പോള്‍ ആഹ്ളാദിക്കാനേ ഇടയുള്ളൂ. മാത്രമല്ല, ഭക്തമഹിളകള്‍ക്ക് പ്രിയപ്പെട്ട ഒരു വസ്ത്രവിശേഷത്തെ അപ്രിയമായി കരുതാവുന്നവിധം ഭക്തവാത്സല്യരാഹിത്യം ഭക്തപ്രിയനും ഗോപികാവല്ലഭനുമായ ഭഗവാനുണ്ടാകുമെന്നു പറയുന്നതും ഭഗവത്ദോഷമാണ്. മറ്റൊരു രീതിയില്‍ നോക്കിയാലും ചുരിദാര്‍ വിരോധം ഭഗവാനുണ്ടാകാന്‍ പ്രയാസമാണ്. പാളത്താറുടുത്ത് ക്ഷേത്രത്തിലേക്കു പ്രവേശിക്കുന്നതില്‍ അപ്രിയമില്ലാത്ത ഭഗവാന് പാളത്താറിന്റെ കൂട്ടിത്തുന്നിയ രൂപം മാത്രമായ ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ വരുന്നതില്‍ രോഷംതോന്നുമെന്നു പറയുന്നത് അന്യായമാണ്.“

ഗുരുവായൂരിലുള്ളത് സാമൂതിരി രാജാവിന്റെ കുടുംബദേവത മാത്രമായ കൃഷ്ണനാണെങ്കില്‍ ജാതി-മത-സങ്കുചിതാചാര കാര്‍ക്കശ്യങ്ങള്‍, പഴഞ്ചന്‍ രാജാക്കന്മാര്‍ക്കെന്നപോലെ ആ ദേവതയ്ക്കും ഉണ്ടായിരിക്കും. മറിച്ച് ഗുരുവായൂരിലുള്ളത് ഭഗവദ്ഗീതയിലും 'നാരായണീയ'ത്തിലും ഒക്കെ പറയുന്ന വിധത്തിലുള്ള സര്‍വാന്തര്‍യാമിയായ ബ്രഹ്മചൈതന്യത്തിന്റെ പ്രത്യക്ഷ പുരുഷാകാരമാണെങ്കില്‍ അവിടുത്തേക്ക് ഒന്നും അഹിതമായിരിക്കാനിടയില്ല.“

എത് കൃഷ്ണന്‍ എന്ന ചോദ്യം ദേവപ്രശ്നത്തിന്റെ ഭാഗമല്ലാതിരുന്നതുകൊണ്ട് അതില്‍ നിന്നൊരുത്തരം ഇക്കാര്യത്തില്‍ ലഭിച്ചിട്ടില്ല.

ക്ഷേത്ര നടത്തിപ്പ്, പൂജാക്രമങ്ങള്‍, നിവേദ്യാതി ഉത്സവാഘോഷങ്ങള്‍ എന്നിവക്കൊക്കെ വിധി തന്ത്രസമുച്ചയം പോലുള്ള പ്രാമാണിക ഗ്രന്ഥങ്ങളാണെന്നും അവയിലൊന്നും തന്നെ ഭക്തരുടെ വേഷത്തെക്കുറിച്ച് പറയുന്നില്ലെന്നും ദേവന്റെ ഹിതാഹിതങ്ങളെപ്പറ്റി അന്വേഷിക്കുന്ന ദേവപ്രശ്നാനുഷ്ഠാനഗ്രന്ഥങ്ങളിലൊന്നും വസ്ത്രത്തെക്കുറിച്ചൊന്നും പറയുന്നില്ലെന്നും നവംബര്‍ 11ലെ മാതൃഭൂമിയിലെ വായനക്കാരുടെ കത്തുകളില്‍ മോഹന്‍ കെ. വേദകുമാര്‍ എന്ന വായനക്കാരന്‍ എഴുതുന്നു. പൂര്‍വാചാരങ്ങള്‍ അതേപടി നിലനിര്‍ത്തുകയാണെങ്കില്‍ ശങ്കരാചാര്യരുടെ കാലത്തുള്ള വസ്ത്രം ധരിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

എന്തായാലും “വിശ്വാസത്തെ ജനാധിപത്യവല്‍ക്കരിക്കാന്‍ ബഹുജനങ്ങള്‍ക്കൊപ്പംനിന്നുകൊണ്ട് കാലോചിതമാറ്റങ്ങള്‍ക്ക് ശ്രമിക്കുമ്പോള്‍ അതിനെ ചെറുക്കാന്‍ ജനങ്ങളെ കിട്ടാത്തതുകൊണ്ട് 'ദേവപ്രശ്നം'പോലുള്ള മാമൂല്‍രീതികളെ അവലംബിച്ച് മുന്നോട്ടുവരുന്നത് തികച്ചും ദുരുപദിഷ്ടവും നികൃഷ്ടവുമാണ്“ എന്ന സ്വാമിയുടെ വിലയിരുത്തല്‍ തികച്ചും പ്രസക്തമാണെന്നു തന്നെ പറയാം.

കൂട്ടത്തില്‍ വായിച്ചത്

“പ്രശ്നം നടക്കുന്ന ദിവസങ്ങളില്‍ത്തന്നെ മരണംപോലുള്ള ദുര്‍നിമിത്തങ്ങള്‍ ക്ഷേത്രസന്നിധിയില്‍ ഉണ്ടാകാമെന്ന് ജ്യോതിഷികള്‍ സൂചിപ്പിച്ച് മൂന്നു മണിക്കൂര്‍ പിന്നിട്ടില്ല, മേല്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ഒരു യുവതിയെ വിഷം കഴിച്ച് അവശയായനിലയില്‍ കണ്ടെത്തി. ഇത് ഭക്തരെ അമ്പരപ്പിച്ചു.“

( മാതൃഭൂമി നവംബര്‍ 1)

തിടപ്പള്ളിയില്‍ ഭഗവാന്‍ എത്തുന്നുണ്ടെന്നും അവിടെ വിളക്കുവെക്കണമെന്നും ദേവപ്രശ്നത്തില്‍ കണ്ടതിനെത്തുടര്‍ന്ന് വിളക്ക് വെച്ച് തുടങ്ങി.

(മാതൃഭൂമി നവംബര്‍ 5)

(അവലംബം: മാതൃഭൂമി, ദേശാഭിമാനി,മംഗളം, മാധ്യമം ദിനപ്പത്രങ്ങളിലെ വാര്‍ത്തകള്‍, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധിയുടെ "വ്യാസകൃഷ്ണനോ സാമൂതിരിയുടെ കൃഷ്ണനോ?" എന്ന ലേഖനം. ചിത്രങ്ങള്‍ക്ക് കടപ്പാട്: മാതൃഭൂമി, ഹിന്ദു, പുഴ.കോം)