Friday, November 2, 2007

ചെ - ഇതിഹാസമായ ഒരു ചിത്രവും ഫോട്ടോഗ്രാഫറും

ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് ഇത്രയേറെ പരിചയമുള്ള, കൂടുതല്‍ അടുത്തറിയപ്പെട്ട ഒരു സാര്‍വദേശീയ ചിത്രം വേറെയുണ്ടാവില്ല. ചെ എന്ന ബൊളീവിയന്‍ വിപ്ലവകാരിയുടെ അനിര്‍വചനീയമായ വികാര സമ്പുഷ്ടമായ ഈ “Guerrillero Heroico“(1960) എന്ന ചിത്രം പോലെ.

എത്രയധികം കോപ്പികള്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവും, എത്രയധികം ടീ ഷര്‍ട്ടുകളിലും ബാനറുകളിലും ഇത് അച്ചടിച്ചു വന്നിട്ടുണ്ടാവും എന്നത് കണക്കാക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്. ലോകത്തെ വിപ്ലവമുന്നേറ്റങ്ങള്‍ക്ക്, പുരോഗമന പോരാട്ടങ്ങള്‍ക്ക്, സാമ്രാജ്യത്വ വിരുദ്ധ സമരങ്ങള്‍ക്ക് എല്ലാം ഈ ചിത്രം മേല്‍വിലാസവും അടിക്കുറിപ്പും ആവശ്യമില്ലാത്ത വികാരമായി ഉപയോഗിക്കുകയാണ്. അത് ആ പോരാളിയുടെ ആശയങ്ങളുടെ ഔന്നത്യത്തിന്റെ മാറ്റ് കൂട്ടുകയാണ്; കൂടുതല്‍... കൂടുതല്‍.

ആ ഫോട്ടോയുടെ ചരിത്രവും അതിനു പിന്നിലെ ഫോട്ടോഗ്രാഫറെയും അധികമാരും അറിയുന്നില്ല. ചെ രക്തസാക്ഷിത്വത്തിന്റെ 40 വര്‍ഷം പിന്നിടുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആ ചെറിയ ചരിത്രം ഒന്നു മറിച്ചു നോക്കാം.

ആ ചിത്രം ക്യാമറയില്‍ പകര്‍ത്തിയതിലൂടെ മറ്റൊരു ഇതിഹാസമായി വളര്‍ന്നത് ആ ക്യാമറക്കു പിന്നില്‍ വിരല്‍ ചലിപ്പിച്ച ഫോട്ടോ ഗ്രാഫര്‍ കൂടിയാണ്.

വിപ്ലവാശയങ്ങളുടെ സഹചാരിയും പ്രവര്‍ത്തകനുമായിരുന്ന ക്യൂബന്‍ ന്യൂസ് പേപ്പറിന്റെ ഫോട്ടോഗ്രാഫറും പിന്നീട് വിപ്ലവക്യൂബയുടെ നായകന്‍ കാസ്ട്രോയുടെ സ്വകാര്യ ഫോട്ടോഗ്രാഫറും ആയിരുന്ന ആല്‍ബര്‍ട്ടോ കോര്‍ദ (Alberto Diez Gutierrez - Alberto Korda) ആണ് ആ ചിത്രമെടുത്തത്.

ക്യൂബന്‍ ന്യൂസിനുവേണ്ടി വിപ്ലവക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ വെച്ചാണ് കോര്‍ദ ആ ചിത്രമെടുത്തത്. 2001 ല്‍ തന്റെ എഴുപത്തി രണ്ടാം വയസ്സില്‍ കോര്‍ദ മരണപ്പെടുംവരെ ആ ചിത്രമെടുത്ത ക്യാമറയും നെഗറ്റീവുകളും കോര്‍ദ സൂക്ഷിച്ചിരുന്നു.

1959 ലെ ക്യൂബന്‍ വിപ്ലവത്തിന്റെ പ്രധാനികളില്‍ ഒരാളും കാസ്ട്രോയുടെ സഹചാരിയുമായിരുന്ന ചെ ഗുവേര 1967 ഒക്ടോബറില്‍ ബൊളീവിയല്‍ വെച്ച് പട്ടാളക്കാരുടെ വെടിയേറ്റ് ധീര രക്തസാക്ഷിത്വം വരിച്ചതിനുശേഷം ഇറ്റലിയിലാണ് ഈ ചിത്രം ആദ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.

1960 മാര്‍ച്ച് 5 ന്റെ സായാഹ്നത്തില്‍ ഒരു പ്രസംഗവേദിയിലേക്ക് നടന്നുവന്ന ചെ അനിര്‍വചനീയമായ വികാരങ്ങളോടെ, എന്നാല്‍ വിപ്ലവ ചങ്കൂറ്റത്തോടെ ജനക്കൂട്ടത്തെ വീക്ഷിക്കുന്നതു കണ്ടപ്പോള്‍ കോര്‍ദക്ക് പെട്ടെന്ന് ക്യാമറയില്‍ പകര്‍ത്താന്‍ തോന്നുകയായിരുന്നു. നിമിഷങ്ങള്‍ക്കകം 'രണ്ട് ഷോട്ട്', ഉടന്‍ ചെ മടങ്ങുകയും ചെയ്തു.

ആ ചിത്രം കൂടുതല്‍ പേര്‍ കാണാതെ നീണ്ട ഏഴു വര്‍ഷക്കാലം കോര്‍ദ യുടെ സ്വീകരണമുറിയുടെ ചുവരില്‍ വിശ്രമിച്ചു. കാസ്ട്രോയുടെയും ഫ്രഞ്ച് എഴുത്തുകാരനായ സാര്‍ത്രിന്റെയും സൈമണ്‍ ബൊളീവറുടെയും ഫോട്ടോകള്‍ പ്രചരിക്കുന്ന കാലം. ആരാലും ആവശ്യപ്പെടാതെ ചെയുടെ ആ ഫോട്ടോഗ്രാഫ് ഫോട്ടോഗ്രാഫറുടെ കൈയ്യില്‍ തന്നെ സുരക്ഷിതമായി ഇരുന്നു ഒരു ഇറ്റാലിയന്‍ പത്രപ്രവര്‍ത്തക സുഹൃത്ത് (Giangiacomo Feltrinelli) കാണും വരെ. പടം ആവശ്യപ്പെട്ട സുഹൃത്തിന് കോര്‍ദ സൌജന്യമായി നല്‍കുകയായിരുന്നു.

ചെ യുടെ രക്തസാക്ഷിത്വത്തിനു ശേഷം ഇറ്റലിയിലെ ചുവരുകളില്‍ നിറഞ്ഞ പോസ്ററുകളില്‍, ആ ചിത്രം നിറഞ്ഞു നിന്നു. തുടര്‍ന്ന് വളരെ വേഗം ലോകത്താകമാനം ചിത്രത്തിന് വന്‍ പ്രചാരമാണ് ലഭിച്ചത്. ഒരു പോരാളിക്ക് നല്‍കാന്‍ കഴിയുന്ന വലിയ ആദരവുകളിലൊന്നായി അത് പ്രിന്റുകളില്‍ നിന്നും പ്രിന്റുകളിലേക്കും ചുവരുകളില്‍ നിന്നു ചുവരുകളിലേക്കും പടരുകയായി. അങ്ങനെ ഒരു ഫോട്ടോഗ്രാഫും ഫോട്ടോഗ്രാഫറും ഇതിഹാസമായി വളര്‍ന്നു.

അമേരിക്കയിലെ തന്നെ Mary Land Institute of Arts ഈ ഫോട്ടോഗ്രാഫിനെ (Guerrillero Heroico) വിശേഷിപ്പിച്ചിരിക്കുന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോഗ്രാഫും ഇരുപതാം നൂറ്റാണ്ടിന്റെ അടയാളവുമാണിത് എന്നാണ്.

ആ ചിത്രത്തിന്റെ സാമ്രാജ്യവിരുദ്ധ മുഖവും പോരാട്ടവീര്യവും ഒട്ടും ചോര്‍ന്നു പോകാതെ ലോകത്താകമാനം ഉപയോഗിക്കപ്പെടുന്നതില്‍ കോര്‍ദ സന്തോഷിച്ചിരുന്നു. എന്നാല്‍ ആ സാമ്രാജ്യ വിരുദ്ധ പോരാളിയെ ഒരു കുത്തക കമ്പനി തങ്ങളുടെ മദ്യത്തിന്റെ പരസ്യത്തിന് ഉപയോഗിച്ചതിനെതിരെ നിയമയുദ്ധം നടത്തി മുട്ടുമടക്കിക്കാനും ചെയുടെ പാരമ്പര്യവും ഔന്ന്യത്യവും സംരക്ഷിക്കുവാനും ആ ഫോട്ടോഗ്രാഫര്‍ക്കു കഴിഞ്ഞു. വളരെ ശ്രദ്ധിക്കപ്പെട്ട നിയമയുദ്ധം നടത്തിയാണ് വിശ്വപ്രസിദ്ധമായ ആ ഫോട്ടോഗ്രാഫിന്റെ പകര്‍പ്പവകാശം കോര്‍ദ സ്വന്തമാക്കിയത്.

സാമ്രാജ്യവിരുദ്ധ പോരാട്ടത്തിന്റെ മുന്നണി പടയാളിയായിരുന്ന ചെയുടെ ചിത്രം ബ്രിട്ടനിലെ UK foods and beverage ഉത്പാദിപ്പിക്കുന്ന Smirnoff Vodka എന്ന മദ്യത്തിന്റെ പ്രചരണ പരസ്യത്തിന് ഉപയോഗിച്ചതാണ് നിയമ യുദ്ധത്തിന് കോര്‍ദയെ പ്രേരിപ്പിച്ചത്. തന്റെ എഴുപത്തി ഒന്നാം വയസ്സില്‍ വാദ്ധക്യത്തെ കൂസാതെ അദേഹം നിയമ പോരാട്ടത്തിലൂടെ തന്റെ ഫോട്ടോഗ്രാഫിന്റെ ഔന്നിത്യം സംരക്ഷിക്കുകയായിരുന്നു. ലണ്ടന്‍ കോടതിയില്‍ നടന്ന കേസില്‍ ആ ഫോട്ടോഗ്രാഫിന്റെ ചരിത്രപരവും പുരോഗമനപരവുമായ എല്ലാ പ്രാധാന്യവും സംരക്ഷിക്കാനാണ് കോര്‍ദ ശ്രമിച്ചത്. മദ്യപിക്കാത്ത, മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാത്ത ചെ എന്ന വിപ്ലവകാരിയുടെ പടം ഇത്തരം പരസ്യത്തില്‍ ഉപയോഗിക്കുന്നത് ആ വ്യക്തിയോടു ചെയ്യുന്ന അവമതിപ്പും കടന്നാക്രമണവും ആണെന്ന് കോര്‍ദ വാദിച്ചു. ഒരു സാമ്രാജ്യ വിരുദ്ധ പോരാളിയുടെ പടം ഇത്തരത്തില്‍ ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യം ലോകമനഃസാക്ഷിക്കു മുന്നില്‍ കൊണ്ടുവരാന്‍ കോര്‍ദക്ക് കഴിഞ്ഞു.

നീണ്ട നിയമയുദ്ധത്തിന്റെ പരാജയം മണത്തറിഞ്ഞ ബ്രിട്ടീഷ് പരസ്യ ഏജന്‍സി Lowe Lintas, കോടതിക്കു പുറത്ത് വച്ച് കോര്‍ദയുമായി അനുരജ്ഞനമുണ്ടാക്കി കേസ് അവസാനിപ്പിക്കുകയായിരുന്നു. ഒത്തു തീര്‍പ്പു പ്രകാരം പരസ്യത്തില്‍ നിന്നും ചെയുടെ പടം ഒഴിവാക്കുകയും കോര്‍ദക്ക് 50,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കുകയും ചെയ്തു. നഷ്ടപരിഹാരമായി ലഭിച്ച തുക കോര്‍ദ ക്യൂബയിലെ ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തു.

2001 ല്‍ എഴുപത്തി രണ്ടാം വയസ്സില്‍ പാരീസില്‍ തന്റെ ഫോട്ടോകളുടെ പ്രദര്‍ശന വേദിയില്‍ വച്ച് ഹൃദയാഘാതം മൂലം മരണപ്പെടുംവരെ കോര്‍ദ ക്യൂബന്‍ സാംസ്കാരിക മുന്നേറ്റങ്ങളിലെ നായകനായിരുന്നു. ക്യൂബന്‍ ന്യൂസിലെ ഫോട്ടോഗ്രാഫര്‍ ജോലിക്കു ശേഷം കാസ്ട്രോയുടെ സ്വകാര്യ ഫോട്ടോഗ്രാഫറായും ജോലി നോക്കിയ കോര്‍ദ ക്യൂബന്‍ സംസ്കാരത്തിനും ഫോട്ടോഗ്രാഫിക്കും വലിയ സംഭാവനകള്‍ നല്‍കിയ പാര്‍ട്ടി പ്രവര്‍ത്തകനായിരുന്നു.

തന്റെ ഒറ്റ ‘ഷോട്ടി’ലൂടെ ലോക പ്രശസ്തനാവുക എന്ന അനിതര സാധാരണമായ നേട്ടം കൈവരിച്ച ഒരു ഫോട്ടോഗ്രാഫര്‍ ആയിരുന്നു കോര്‍ദ. ചെ ഏത് ആശയങ്ങള്‍ക്കുവേണ്ടിയാണോ രക്തസാക്ഷിത്വം വരിച്ചത് ആ ആശയങ്ങളുടെ ഭാഗമായി തന്റെ ചിത്രം ആര്‍ക്കും ഉപയോഗിക്കാമെന്നും ആ പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും സ്മരണകള്‍ നിലനിര്‍ത്താന്‍ സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ ചെയുടെ സാന്നിധ്യം കരുത്ത് പകരണമെന്നും ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയ കോര്‍ദ ആഗ്രഹിച്ചിരുന്നു.


ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയില്‍ പ്രസിദ്ധമായ നിരവധി ഫ്രെയിമുകള്‍ കോര്‍ദ തന്റെ ക്യാമറയില്‍ പകര്‍ത്തിയിട്ടുണ്ട് കടല്‍ത്തീരത്തെ വഴിവിളക്കിനു സമീപം ഇരുന്ന് അനുയായികളോട് സംസാരിക്കുന്ന കാസ്ട്രോ, ഏണസ്റോ ഹെമ്മിംഗ്വെയോടും ചെയോടും ഒപ്പം മീന്‍ പിടിക്കുന്ന കാസ്ട്രോയുടെ ചിത്രം, വിജയശ്രീലാളിതരായി മടങ്ങിവരുന്ന ക്യൂബന്‍ വിപ്ലവകാരികളുടെ ചിത്രം എന്നിവ കോര്‍ദയുടെ ക്യാമറകണ്ണുകളില്‍ നിന്ന് ലോകത്തിന് പകര്‍ന്നു കിട്ടിയ മാസ്റര്‍പീസുകളാണ്.

ചെഗുവേരയുടെ രക്തസാക്ഷിത്വത്തിന്റെ നാല്പതാം വാര്‍ഷികത്തില്‍ ലോകം ആ ധീര വിപ്ലവകാരിയെ കാണുന്നത് പ്രധാനമായും ഈ ഫോട്ടോഗ്രാഫറുടെ ഫ്രെയിമിലൂടെയാണ്. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ തനിക്കു നേരെ തോക്കു ചൂണ്ടിയ പട്ടാളക്കാരനോട് ചെ പറഞ്ഞ “Shoot.....coward..you are going to kill a man” എന്ന വാക്കുകളില്‍ നിറഞ്ഞുനിന്ന ധൈര്യവും ലക്ഷ്യബോധവും ആ ചിത്രത്തിലൂടെ നാം അനുഭവിക്കുകയാണ് നാല്‍പത് വര്‍ഷങ്ങളായി ഒരിക്കലും പുതുമ നഷ്ടപ്പെടാതെ...

(ലേഖകന്‍: ശ്രീ ബി.ജയകുമാര്‍. കടപ്പാട്: യുവധാര 2007 ഒക്ടോബര്‍ ലക്കം)

(ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ, ഫ്രണ്ട്‌ലൈന്‍, argentour.com , pix.dk)

(അധിക വായനക്ക് : ഫ്രണ്ട്‌ലൈന്‍ ലേഖനം, artscenecal.com)

6 comments:

വര്‍ക്കേഴ്സ് ഫോറം said...

ലോകത്താകമാനമുള്ള ജനങ്ങള്‍ക്ക് ഇത്രയേറെ പരിചയമുള്ള, കൂടുതല്‍ അടുത്തറിയപ്പെട്ട ഒരു സാര്‍വദേശീയ ചിത്രം വേറെയുണ്ടാവില്ല. ചെ എന്ന ബൊളീവിയന്‍ വിപ്ലവകാരിയുടെ അനിര്‍വചനീയമായ വികാര സമ്പുഷ്ടമായ ഈ “Guerrillero Heroico“(1960) എന്ന ചിത്രം പോലെ.എത്രയധികം കോപ്പികള്‍ പ്രിന്റ് ചെയ്തിട്ടുണ്ടാവും, എത്രയധികം ടീ ഷര്‍ട്ടുകളിലും ബാനറുകളിലും ഇത് അച്ചടിച്ചു വന്നിട്ടുണ്ടാവും എന്നത് കണക്കാക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്.

ആ ഫോട്ടോയുടെ ചരിത്രവും അതിനു പിന്നിലെ ഫോട്ടോഗ്രാഫറെയും അധികമാരും അറിയുന്നില്ല. ചെ രക്തസാക്ഷിത്വത്തിന്റെ 40 വര്‍ഷം പിന്നിടുമ്പോള്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ആ ചെറിയ ചരിത്രം ഇവിടെ പങ്കുവെക്കുന്നു..

Anoop Technologist (അനൂപ് തിരുവല്ല) said...

മഹത്തായ ഒരു ഫോട്ടോഗ്രാഫിന്റെ ചരിത്രം പങ്കുവെച്ചതിന് നന്ദി.

അരവിന്ദ് നീലേശ്വരം said...

പ്രതിഷേധത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും പ്രതീകമായി ലോകജനതയ്ക്ക് മുന്‍പില്‍ തിളങ്ങി നില്‍ക്കുന്ന ആ ധീര വിപ്ലവകാരിയുടെ തേജോമയമായ ചിത്രത്തിന്റെ ചരിത്രം കൌതുകമുണര്‍ത്തുന്നതായിരുന്നു.......
ഇതാരാണെന്ന് അറിയാത്ത യുവാക്കളും‍ ഈ ചിത്രമുള്ള റ്റീ ഷര്‍ട്ടുകള്‍ ധരിച്ചു നടക്കുന്നത് കണ്ടിട്ടുണ്ട്...
ആദ്ദേഹത്തിന്റെ കണ്ണുകളില്‍ നിന്നും സ്ഫുരിക്കുന്ന ഒരു ഊര്‍ജ്ജമാകാം ഈ ചിത്രത്തിന്റെ ആകര്‍ഷണീയത...

കുറുമാന്‍ said...

വളരെ നല്ല ലേഖനം നാരായണേട്ടാ. ഈ ചരിത്രം പങ്കുവച്ചതിന് ഒരു പാട് നന്ദി.

ശ്രീഹരി::Sreehari said...

good one

ദിലീപ് വിശ്വനാഥ് said...

നല്ല ലേഖനം.