Wednesday, November 14, 2007

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ എങ്ങോട്ട്?

ലോകസാമ്പത്തിക രംഗമാകെ വന്‍ ചലനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്ന ഒരു കാലഘട്ടമാണിത്. പോള്‍ ക്രേഗ് റോബര്‍ട്ട്സിനെപ്പോലെയുള്ള അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ തന്നെ പറയുന്നത് അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥ നമ്മുടെ കണ്‍മുന്‍പില്‍തന്നെ സാവധാനം മരണമടഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്.

ആഗോളസമ്പദ്‌വ്യവസ്ഥയെ ആകെ ചലിപ്പിക്കുന്ന എന്‍ജിനായാണ് അമേരിക്ക കണക്കാക്കപ്പെടുന്നത്. ലോകത്തെ ഉപഭോഗത്തിന്റെ 30 ശതമാനവും നടത്തുന്നത് അമേരിക്കക്കാരാണ്. എന്നാല്‍ ഇന്ന് അമേരിക്കയ്ക്ക് ലോകത്തെ മറ്റെല്ലാ രാജ്യങ്ങളുമായി വ്യാപാരക്കമ്മിയാണുള്ളത്. അമേരിക്കയുടെ മൊത്തം വ്യാപാരക്കമ്മി 2007-ല്‍ 838 ബില്യന്‍ ഡോളറായിരുന്നു. യൂറോപ്പുമായി 142 ബില്യന്‍ ഡോളറും ഏഷ്യ-പസഫിക് പ്രദേശവുമായി 410 ബില്യന്‍ ഡോളറും ക്യാനഡയുമായി 75 ബില്യന്‍ ഡോളറും, ഗള്‍ഫ് നാടുകളുമായി 37 ബില്യന്‍ ഡോളറും ആഫ്രിക്കയുമായി 62 ബില്യന്‍ ഡോളറുമായിരുന്നു. ഇപ്പോഴത് വീണ്ടും വര്‍ദ്ധിച്ചിട്ടുണ്ട്.

അമേരിക്കയുടെ വ്യാപാരകമ്മി 838 ബില്യന്‍ ഡോളറാണ് എന്ന് പറയുമ്പോള്‍ അത് അര്‍ത്ഥമാക്കുന്നത് അമേരിക്കക്കാരുടെ ആകെ ഉപഭോഗം അവരുടെ ഉല്പാദനത്തെക്കാള്‍ 838 ബില്യന്‍ ഡോളര്‍ കൂടുതലാണെന്നാണ്. അമേരിക്കയുടെ കമ്മിപ്രശ്നം എണ്ണയുടെ കാര്യത്തില്‍‍ മാത്രമല്ല സര്‍വ്വതല സ്പര്‍ശിയാണത്. അമേരിക്കക്കാര്‍ അവരുടെ വ്യാവസായിക ആവശ്യങ്ങള്‍ക്ക്, വാഹനങ്ങള്‍, വസ്ത്രം, കംപ്യൂട്ടര്‍ തുടങ്ങി സര്‍വ്വവിധ വസ്തുക്കള്‍ക്കും സ്വന്തം ഉല്പന്നങ്ങളേക്കാള്‍ കൂടുതല്‍ ആശ്രയിക്കുന്നത് വിദേശ വസ്തുക്കളെയാണ്. അമേരിക്കയുടെ കറന്റ് അക്കൌണ്ട് കമ്മി 13 ട്രില്യന്‍ ഡോളറോളം വരുന്ന അവരുടെ GDP യുടെ 6.5% വരും. കുതിച്ചുയരുന്ന എണ്ണ വിലയും കുത്തനെ വിലയിടിഞ്ഞുകൊണ്ടിരിക്കുന്ന അമേരിക്കന്‍ ഡോളറും ഈ കമ്മി വീണ്ടും ഗണ്യമായി ഉയരാന്‍ കാരണമാകും. ഇപ്പോള്‍തന്നെ എണ്ണവില ബാരലിന് 90 ഡോളറിനു മേലെയായിക്കഴിഞ്ഞു. എണ്ണവില ഇനിയും ഉയരാനുള്ള സാധ്യതകളാണ് കമ്പോള നില കാണിക്കുന്നത്.

തൊഴില്‍ ലഭ്യത കുറയാതിരിക്കുകയും സ്വത്തുല്‍പ്പാദനവും വരുമാനവും വര്‍ദ്ധിക്കുകയും ചെയ്താല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പിടിച്ചുനില്‍ക്കാന്‍ കഴിയും എന്നാണ് ചില സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത്. എന്നാല്‍ ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി പ്രൊഫസറും മുന്‍ US ട്രഷറി അഡ്വൈസറുമായിരുന്ന നോറിയല്‍ റബഹിനെയെപ്പോലെയുള്ള സാമ്പത്തിക ശാസ്ത്രജ്ഞര്‍ പറയുന്നത് അമേരിക്കയില്‍ തൊഴിലില്ലായ്മ കഴിഞ്ഞ ആറേഴു മാസമായി ഉയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ്. ആഗസ്റ്റ് മാസത്തില്‍ മാത്രം 5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്നാണൊരു കണക്ക്. അടുത്തയിടെ ഭവനവായ്പാ മേഖലയിലെ പ്രശ്നങ്ങള്‍മൂലം ഭവന-നിര്‍മ്മാണ മേഖല, മോര്‍ട്‌ഗേജ് രംഗവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലകളും പിന്നോട്ടടി നേരിടുകയാണ്. സ്വാഭാവികമായി ഭവനനിര്‍മ്മാണ മേഖലയുമായി ബന്ധപ്പെട്ട, സ്റ്റീല്‍, സിമന്റ്, ഫര്‍ണിച്ചര്‍ തുടങ്ങി നാനാ മേഖലകളിലും അതുമായി ബന്ധപ്പെട്ട സാമ്പത്തിക സ്ഥാപനങ്ങളിലും തൊഴില്‍ നഷ്ടമുണ്ടാകും. ഇത്തരത്തില്‍ തൊഴിലില്‍വരുന്ന ഇടിവ് ഉപഭോഗമേഖലയേയും ഗുരുതരമായി ബാധിക്കും. ഉപഭോഗത്തില്‍ വരുന്ന ഇടിവ് ഉല്പാദനത്തേയും, നിക്ഷേപത്തേയും പ്രതികൂലമായി ബാധിക്കും. ഇങ്ങനെയുള്ള ഒരു വിഷമവൃത്തത്തിലേക്കാണ് അമേരിക്കന്‍ സാമ്പത്തികരംഗം നീങ്ങിക്കൊണ്ടിരിക്കുന്നത്.

അമേരിക്കന്‍ വായ്പാമേഖലയിലെ പ്രശ്നങ്ങള്‍ ഭവന-വായ്പയുമായി ബന്ധപ്പെട്ട് മാത്രം അവസാനിക്കുന്ന ഒന്നല്ല എന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഭവനമേഖല വായ്പയുമായി ബന്ധപ്പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന സ്ഥാപനങ്ങള്‍ സബ്-പ്രൈം (വായ്പ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കു കൊടുക്കുന്ന വായ്പ) വായ്പകള്‍ക്ക് നല്‍കിയത് ഭവനമേഖയില്‍ മാത്രമല്ല, വാഹനങ്ങള്‍ക്ക്, ക്രെഡിറ്റ് കാര്‍ഡിന്, മറ്റ് കണ്‍സ്യൂമര്‍ ഉല്പന്നങ്ങള്‍ക്ക്, ഷെയര്‍മാര്‍ക്കറ്റില്‍ നിക്ഷേപിക്കാന്‍ തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്കും സബ്‌-പ്രൈം വായ്പകള്‍ നല്കിയിട്ടുണ്ട്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ധനകാര്യമേഖലയില്‍ ലോകമാകെ ഈ പ്രവണത കാണാന്‍ കഴിയും.

ഇത്തരത്തില്‍ ലക്കും ലഗാനുമില്ലാതെ ലാഭം മാത്രം നോക്കി വായ്പ നല്‍കിയതിന്റെ ഫലമായി ലോകമാകെയുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ക്ക് വന്‍നഷ്ടമുണ്ടായി എന്നു മാത്രമല്ല സാധാരണ വായ്പകള്‍പോലും നല്‍കുന്നതില്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഇപ്പോള്‍ വിമുഖത കാണിക്കുകയാണ്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി സമൂഹമാകെ വായ്പയെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഒരവസ്ഥയാണുള്ളത് (Credit run Society) . അതിന് ഇപ്പോള്‍ തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഇത് ഉപഭോഗത്തേയും, ഉല്പാദനത്തേയും, തൊഴിലിനേയും ആകെ രൂക്ഷമായി ബാധിക്കും.

ഈ രൂപത്തില്‍ അമേരിക്കന്‍ സാമ്പത്തിക രംഗത്തും ഉപഭോഗരംഗത്തും വരുന്ന പ്രതിസന്ധി ലോകത്തെ മറ്റു രാജ്യങ്ങളേയും ഏറിയും കുറഞ്ഞും ബാധിക്കും. ചൈന, ഇന്ത്യ, ബ്രസീല്‍, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങി മിക്കരാജ്യങ്ങളുടേയും ഒരു പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനം അമേരിക്കയാണ്. അതിനാല്‍ അമേരിക്കന്‍ ഉപഭോഗത്തിനും, അമേരിക്കന്‍ ഡോളറിനും വരുന്ന ഇടിവ് ലോക സമ്പദ്‌വ്യവസ്ഥയെയാകെ പ്രതികൂലമായി ബാധിക്കും. ഈയൊരു സ്ഥിതിയിലാണ് ജൂലൈമാസം അവസാനം അമേരിക്കന്‍ ഭവനവായ്പരംഗത്തും, ഭവന വിലയിലുണ്ടായ ഇടിവും ലോകകമ്പോളത്തെയാകെ ബാധിച്ചത്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളിലെ ഓഹരിക്കമ്പോളം ജൂലൈ 2007-ല്‍ വന്‍ തകര്‍ച്ച നേരിട്ടു. എന്നാല്‍ അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്കില്‍ 0.5%ത്തിന്റെ കുറവു വരുത്തിയപ്പോള്‍ കാര്യങ്ങളാകെ മാറി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഓഹരിക്കമ്പോള സൂചിക അഭൂതപൂര്‍വ്വമായ രീതിയില്‍ കുതിച്ചുയര്‍ന്നു. യഥാര്‍ത്ഥത്തില്‍ ഈയൊരവസ്ഥ കൂടുതല്‍ ആശങ്കയുളവാക്കുന്നതാണ്.

ഇപ്പോള്‍ ലോകസാമ്പത്തികരംഗത്തു നിലനില്‍ക്കുന്ന അവസ്ഥക്ക് 1920-1930 കളിലെ സ്ഥിതിയുമായി നാനാതരത്തില്‍ സമാനതകള്‍ കാണാന്‍ കഴിയും. 1920-കളെ അലറുന്ന ഇരുപതുകള്‍ (roaring twenties) എന്നാണറിയപ്പെട്ടിരുന്നത്. 1929ലെ ഓഹരിക്കമ്പോളത്തിലെ വന്‍തകര്‍ച്ചവരെ ഓഹരിക്കമ്പോള കുതിച്ചുചാട്ടം അന്നു തുടര്‍ന്നു. ലോകസാമ്പത്തിക വിതരണത്തിലുണ്ടായിരുന്ന അസന്തുലിതാവസ്ഥയും 1920-കളില്‍ രൂക്ഷമായിരുന്നു. 1929-ല്‍ ഏറ്റവും ഉന്നതശ്രേണിയിലായിരുന്ന 0.1% അമേരിക്കക്കാരുടെ വരുമാനം ഏറ്റവും താഴെക്കിടയിലായിരുന്ന 42 ശതമാനത്തിന്റെ മൊത്തം വരുമാനത്തിനൊപ്പമായിരുന്നു. 0.1% അമേരിക്കക്കാരുടേയതായിരുന്നു 34% സമ്പാദ്യവും; 80% അമേരിക്കക്കാര്‍ക്ക് യാതൊരു സമ്പാദ്യവും ഉണ്ടായിരുന്നില്ല.

ഇന്നും ലോകത്തെ അസന്തുലിതാവസ്ഥ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ വളര്‍ന്നിരിക്കുകയാണ്. ലോകത്തെ ഏകദേശം ഒരു ശതമാനം ആള്‍ക്കാരുടെ സമ്പത്ത് താഴെക്കിടയിലുള്ള 60 ശതമാനക്കാരുടെ മൊത്തം സമ്പത്തിനൊപ്പമാണ്. ലോകത്തെ ചീഫ് എക്സിക്യൂട്ടീവുകളുടെ ശമ്പളവര്‍ദ്ധനവും 70-ഉം 80-ഉം ശതമാനമായിരിക്കുമ്പോള്‍ സാധാരണ തൊഴിലാളികള്‍ക്ക് തൊഴില്‍തന്നെ നഷ്ടപ്പെടുകയോ, വേതനം ക്രമേണ കുറയുയോ ചെയ്തുകൊണ്ടിരിക്കുകയാണ്. 1920-കളില്‍ ഏകദേശം 200 ഓളം വന്‍ കോര്‍പ്പറേഷനുകളാണ് കോര്‍പ്പറേറ്റ് സമ്പത്തിന്റെ 50 ശതമാനവും നിയന്ത്രിച്ചിരുന്നത്. ഇന്ന് സ്ഥിതി അതിലും രൂക്ഷമാണ്. 1920-കളില്‍ ഒന്നാം ലോകമഹായുദ്ധത്തിനുശേഷം കാര്‍ഷിക മേഖല അവഗണിക്കപ്പെടുകയും കര്‍ഷകര്‍ ഗുരുതരമായ പ്രതിസന്ധിയിലാവുകയും ചെയ്തു. ഭരണാധികാരികള്‍ വ്യവസായങ്ങള്‍ക്കും, നഗരങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന ഒരു നയമവലംബിച്ചതുമൂലം ലോകമാകെ കാര്‍ഷികമേഖലയും ഗ്രാമങ്ങളും ദുരിതത്തിലായി. ഇന്നും വിവരസാങ്കേതിക വിദ്യയും മറ്റു പുതു വ്യവസായങ്ങളും വന്‍തോതില്‍ പ്രോത്സാഹിപ്പിക്കുന്ന ഭരണക്കാര്‍ കാര്‍ഷികമേഖലയ്ക്ക് കാര്യമായ യാതൊരു സഹായവും ചെയ്യാതെ കര്‍ഷകരെ ബുദ്ധിമുട്ടിലാക്കുന്ന നയമാണ് തടരുന്നത്.

1920-കളിലും വായ്പയെടുത്ത് ഉപഭോഗവസ്തുക്കള്‍ മേടിക്കുന്ന പ്രവണത വളരെ ഉയര്‍ന്നിരുന്നു. 1920-ല്‍ 60 ശതമാനം കാറുകളും 80 ശതമാനം റേഡിയോയും തവണ വായ്പാ വ്യവസ്ഥയില്‍ മേടിച്ചതായിരുന്നു - ഇന്നത്തെ സ്ഥിതിയും സമാനമാണ്.

പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ കെന്നത്ത് ഗാള്‍ബ്രിത്ത് 1929 ലെ വന്‍ സാമ്പത്തിക കുഴപ്പത്തെക്കുറിച്ച് 1954-ല്‍ എഴുതിയ പ്രസിദ്ധമായ ഒരു പുസ്തകത്തില്‍ 1929-ലെ കുഴപ്പങ്ങളുടെ പ്രധാനകാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 1929-ലെ വന്‍തകര്‍ച്ചയ്ക്കു പ്രധാന കാരണം ഓഹരിക്കമ്പോളത്തിലെ ലക്കുംലഗാനുമില്ലാത്ത ഊഹക്കച്ചവടമാണെന്നാണ് അദ്ദേഹം കണ്ടത്. ബാങ്കുകള്‍ നല്കിയ മോശം ലോണുകളും അവ കിട്ടാക്കടങ്ങളായി മാറിയതും ബാങ്കുകള്‍ തകര്‍ന്നതുമാണ് 1929-ലെ തകര്‍ച്ചയ്ക്ക് മറ്റൊരു കാരണം എന്നാണ് ഗാള്‍ബ്രിത്ത് പറഞ്ഞത്. അമേരിക്കയിലെ 25,000 ബാങ്കുകളില്‍ 11,000 വും അക്കാലത്തു തകര്‍ന്നു. ഇപ്പോള്‍ അമേരിക്കന്‍ സബ്-പ്രൈം വായ്പകളുമായി ഇതിനെ താരതമ്യപ്പെടുത്താം.

ഇങ്ങനെ പലവിധത്തിലും പലതലങ്ങളിലും പരിശോധിച്ചാല്‍ ഇന്ന് ലോകസാമ്പത്തിക രംഗം പ്രത്യേകിച്ച് അമേരിക്കയുടേത് ഗുരുതരമായ ഒരു സ്ഥിതിയിലാണെന്നു കാണാം. ഇതിന്റെ പ്രതിധ്വനികള്‍ നാനാതരത്തില്‍ സാമ്പത്തികരംഗത്തും രാഷ്ട്രീയ രംഗത്തും പ്രത്യക്ഷപ്പെടും എന്നത് തര്‍ക്കരഹിതമാണ്.

(ലേഖകന്‍: ശ്രീ. ജോസ് ടി. എബ്രഹാം. ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കിപീഡിയ)

2 comments:

വര്‍ക്കേഴ്സ് ഫോറം said...

ഇപ്പോള്‍ ലോകസാമ്പത്തികരംഗത്തു നിലനില്‍ക്കുന്ന അവസ്ഥക്ക് 1920-1930 കളിലെ സ്ഥിതിയുമായി നാനാതരത്തില്‍ സമാനതകള്‍ കാണാന്‍ കഴിയും. 1920-കളെ അലറുന്ന ഇരുപതുകള്‍ (roaring twenties) എന്നാണറിയപ്പെട്ടിരുന്നത്. 1929ലെ ഓഹരിക്കമ്പോളത്തിലെ വന്‍തകര്‍ച്ചവരെ ഓഹരിക്കമ്പോള കുതിച്ചുചാട്ടം അന്നു തുടര്‍ന്നു. ലോകസാമ്പത്തിക വിതരണത്തിലുണ്ടായിരുന്ന അസന്തുലിതാവസ്ഥയും 1920-കളില്‍ രൂക്ഷമായിരുന്നു. 1929-ല്‍ ഏറ്റവും ഉന്നതശ്രേണിയിലായിരുന്ന 0.1% അമേരിക്കക്കാരുടെ വരുമാനം ഏറ്റവും താഴെക്കിടയിലായിരുന്ന 42 ശതമാനത്തിന്റെ മൊത്തം വരുമാനത്തിനൊപ്പമായിരുന്നു. 0.1% അമേരിക്കക്കാരുടേയതായിരുന്നു 34% സമ്പാദ്യവും; 80% അമേരിക്കക്കാര്‍ക്ക് യാതൊരു സമ്പാദ്യവും ഉണ്ടായിരുന്നില്ല.

പ്രസിദ്ധ സാമ്പത്തിക ശാസ്ത്രജ്ഞനായ ജോണ്‍ കെന്നത്ത് ഗാള്‍ബ്രിത്ത് 1929 ലെ വന്‍ സാമ്പത്തിക കുഴപ്പത്തെക്കുറിച്ച് 1954-ല്‍ എഴുതിയ പ്രസിദ്ധമായ ഒരു പുസ്തകത്തില്‍ 1929-ലെ കുഴപ്പങ്ങളുടെ പ്രധാനകാരണങ്ങള്‍ വിശദീകരിക്കുന്നുണ്ട്. 1929-ലെ വന്‍തകര്‍ച്ചയ്ക്കു പ്രധാന കാരണം ഓഹരിക്കമ്പോളത്തിലെ ലക്കുംലഗാനുമില്ലാത്ത ഊഹക്കച്ചവടമാണെന്നാണ് അദ്ദേഹം കണ്ടത്. ബാങ്കുകള്‍ നല്കിയ മോശം ലോണുകളും അവ കിട്ടാക്കടങ്ങളായി മാറിയതും ബാങ്കുകള്‍ തകര്‍ന്നതുമാണ് 1929-ലെ തകര്‍ച്ചയ്ക്ക് മറ്റൊരു കാരണം എന്നാണ് ഗാള്‍ബ്രിത്ത് പറഞ്ഞത്. അമേരിക്കയിലെ 25,000 ബാങ്കുകളില്‍ 11,000 വും അക്കാലത്തു തകര്‍ന്നിരുന്നു.
ഇങ്ങനെ നോക്കുമ്പോള്‍ ഇന്ന് ലോകസാമ്പത്തിക രംഗം, പ്രത്യേകിച്ച് അമേരിക്കയുടേത് ഗുരുതരമായ ഒരു സ്ഥിതിയിലാണെന്നു കാണാം.

അമേരിക്കന്‍ സാമ്പത്തിക രംഗത്തും ഉപഭോഗരംഗത്തും വരുന്ന ഏതു പ്രതിസന്ധിയും ലോകത്തെ മറ്റു രാജ്യങ്ങളെ ഏറിയും കുറഞ്ഞും ബാധിക്കും. ചൈന, ഇന്ത്യ, ബ്രസീല്‍, തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങി മിക്കരാജ്യങ്ങളുടേയും ഒരു പ്രധാന കയറ്റുമതി ലക്ഷ്യസ്ഥാനം അമേരിക്കയാണ്. അതിനാല്‍ അമേരിക്കന്‍ ഉപഭോഗത്തിനും, അമേരിക്കന്‍ ഡോളറിനും വരുന്ന ഇടിവ് ലോകസമ്പദ് വ്യവസ്ഥയെയാകെ പ്രതികൂലമായി ബാധിക്കും എന്നതില്‍ തര്‍ക്കമില്ല.

Nachiketh said...

ഈ വിഷയത്തെ സംബന്ധിച്ച് ദി ഇക്കണോമിക്സ് വാരികയില്‍ വന്ന കാര്‍ട്ടൂണ്‍