Sunday, May 31, 2009

കലഹിക്കുന്ന കുട്ടി

കമല സുരയ്യയില്‍ എന്നും ഒരു കലഹിക്കുന്ന കുട്ടി ഉണ്ടായിരുന്നു. നിഷ്കളങ്കതയോടെ സത്യം വിളിച്ചുപറയുന്ന കുട്ടി. ആ വാക്കുകളുടെ ആര്‍ജവവും നിഷ്കളങ്കതയും നമ്മുടെ സാമൂഹ്യസാഹചര്യങ്ങളില്‍ പ്രകോപനകരമായി അനുഭവപ്പെട്ടു. അതാണവരെ കേരളസമൂഹത്തിന്റെ വ്യവസ്ഥാപിതശീലങ്ങള്‍ക്ക് ഇണങ്ങാത്ത ഒരു വിമതസ്വരമാക്കിത്തീര്‍ത്തത്. രാജാവ് നഗ്നനാണ് എന്നു വിളിച്ചുപറയുന്ന കുട്ടിയുടെ ആത്മാവ് അവരുടെ വാക്കുകളിലും കര്‍മങ്ങളിലും ജ്വലിച്ചുനിന്നു. കപടനാട്യങ്ങളെയും സദാചാരപ്രീണനത്തെയും എന്നും എതിര്‍ത്ത എഴുത്തുകാരിയായിരുന്നു കമല സുരയ്യ. എഴുത്തില്‍ അവര്‍ പുലര്‍ത്തുന്ന അടിസ്ഥാന താല്‍പ്പര്യങ്ങളിലൊന്ന്, ഇത്തരം മുഖംമൂടികളെ പൊളിച്ചുകാട്ടുക എന്നതാണ്. കുടുംബം, ദാമ്പത്യം തുടങ്ങിയ ഏറ്റവും പ്രാഥമികതലത്തിലുള്ള സാമൂഹ്യ സ്ഥാപനങ്ങളെ പ്രശ്നവല്‍ക്കരിച്ചുകൊണ്ടാണ് കഥകളില്‍ ഇത് അവര്‍ പ്രായോഗികമാക്കിയത്. അതൊരിക്കലും പ്രകടനാത്മകമോ ബോധപൂര്‍വമോ ആയ ഒരു പരിശ്രമമായിരുന്നില്ല. അവരുടെ രചനാസ്വത്വത്തിന്റെ സ്വാഭാവിക പ്രതികരണമായിരുന്നു. പുരുഷപ്രാമാണ്യമുള്ള ഇന്ത്യന്‍ സമൂഹത്തില്‍ സ്ത്രീയുടെ സ്വത്വം നേരിടേണ്ടിവരുന്ന വിച്ഛിത്തികള്‍ കമല സുരയ്യ എന്ന എഴുത്തുകാരിയുടെ മുമ്പിലെ സജീവപ്രശ്നമായിരുന്നു.

1950 കളുടെ ആദ്യപകുതിയില്‍ മലയാളചെറുകഥയില്‍ സംഭവിച്ചുകൊണ്ടിരുന്ന ഭാവുകത്വപരിണാമത്തിന്റെ ഘട്ടത്തില്‍ ഉയര്‍ന്നുവന്ന എഴുത്തുകാരിയാണ് മാധവിക്കുട്ടി എന്ന തൂലികാനാമത്തില്‍ എഴുതിയിരുന്ന കമല സുരയ്യ. വ്യക്തിമനസ്സിന്റെ ആഴങ്ങളെ ആവിഷ്കരിച്ച അന്നത്തെ ചെറുകഥകളില്‍, സ്ത്രീയുടെ ആന്തരികജീവിതത്തെ വെളിപ്പെടുത്തുന്ന രചനകളിലൂടെ അവര്‍ സ്വന്തം വഴി കണ്ടെത്തി. ആ സ്ത്രീകളില്‍ വരേണ്യരും പ്രാന്തീകൃതരുമുണ്ടായിരുന്നു. ഏത് സാമൂഹ്യഗണത്തില്‍പ്പെട്ടവരായാലും അവരെല്ലാം ഓരോ തരത്തില്‍ ആത്മാവില്‍ മുറിവേറ്റവരായിരുന്നു. സ്നേഹത്തിനുവേണ്ടി അലയുന്ന കാമിനിമാര്‍, നിലനില്‍പ്പിനുവേണ്ടി സ്വത്വനഷ്ടം നേരിടുന്ന കീഴ്ത്തട്ടിലെ സ്ത്രീകള്‍, അവഗണിതരായ അമ്മമാര്‍, നിരാലംബകളായ വൃദ്ധകള്‍- അവരെല്ലാം വേദനയുടെ ലോകങ്ങളിലെ സത്യങ്ങളായിരുന്നു. അത്തരം സ്ത്രീസത്യങ്ങളുടെ വ്യത്യസ്ത മുഖങ്ങള്‍ ഓരോ കഥയിലും അവര്‍ ഫോക്കസ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രകടമല്ലാത്ത ഒരു സാമൂഹ്യവിമര്‍ശനത്തിന്റെ മുന ആ കഥകളില്‍ നിഷ്കളങ്കമായി കൂര്‍ത്തുനിന്നു.

താന്‍ അവന്തി രാജകുമാരിയാണെന്നുവിശ്വസിച്ച് നൃത്തംചെയ്യുന്ന ഭ്രാന്തിയായ വൃദ്ധയാചകി ബലാത്സംഗം ചെയ്യപ്പെടുന്ന വാളിന്റെ മൂര്‍ച്ചയുള്ള കഥ ഇതിന്റെ മികച്ച ഉദാഹരണമാണ്. മക്കളാല്‍ അവഗണിതയായി ഒറ്റയ്ക്ക് കഴിയേണ്ടിവരുന്ന വൃദ്ധമാതാവിനെ അവതരിപ്പിക്കുന്ന 'അമ്മ', കുടുംബത്തിന്റെ ചാലകശക്തിയെങ്കിലും ഒട്ടും പരിഗണിക്കപ്പെടാത്ത സാന്നിധ്യമായ അമ്മയെ ആവിഷ്കരിക്കുന്ന 'കോലാട്', അമ്മയുടെ മരണം എന്ന യാഥാര്‍ഥ്യത്തെ അറിയാത്ത മക്കളുടെ അവസ്ഥയെ അവരുടെ അച്ഛന്റെ കാഴ്ചപ്പാടില്‍ അവതരിപ്പിക്കുന്ന 'നെയ്പായസം' തുടങ്ങിയ കഥകളും ഈ ഗണത്തില്‍പ്പെട്ട അതീവം ഹൃദയോന്മാഥികളായ രചനകളാണ്. അവയിലെല്ലാം സാമൂഹ്യസത്യത്തിന്റെ പ്രകോപനകരമായ വെളിപ്പെടുത്തലുണ്ട്. പക്ഷേ, കലാത്മകത ഹൃദയസ്പര്‍ശിയായ ആന്തരികചൈതന്യം പലപ്പോഴും അതിന് ആവരണമിടാറുണ്ടെന്നുമാത്രം. മാധവിക്കുട്ടിയുടെ രചനകളില്‍ ഏറെ സഹൃദയപ്രീതിനേടിയവയാണ് അവരുടെ ആത്മകഥാപരമായ കൃതികള്‍. 'എന്റെ കഥ' പ്രകോപിപ്പിച്ചത് സദാചാരവാദികളെയാണ്. സ്നേഹാന്വേഷണത്തിന്റെ മുഖങ്ങളായി അതില്‍ എഴുത്തുകാരി അവതരിപ്പിച്ച കാവ്യാത്മകഭാഗങ്ങളുടെ പേരില്‍ ഏറെ അവമതിക്കപ്പെട്ടു, ആ എഴുത്തുകാരി. എന്നാല്‍, എഴുത്ത് എന്ന കര്‍മമാണ് ഒരു വ്യക്തിയുടെ ധീരതയുടെ പരീക്ഷണശാല എന്നറിയാമായിരുന്ന അവര്‍ അത്തരം പ്രതികരണങ്ങളെ അതിജീവിക്കാനുള്ള സര്‍ഗാത്മകമായ കരുത്ത് പ്രകടിപ്പിച്ചു. സര്‍ഗാത്മകതയോടു ബന്ധപ്പെട്ട ഒരുപാട് പ്രശ്നങ്ങളുടെ നിര്‍ധാരണം ആ പുസ്തകത്തിലുണ്ട്. മാധവിക്കുട്ടി എന്ന എഴുത്തുകാരിയുടെ ആഖ്യാനവൈഭവത്തിന്റെ വിളംബരങ്ങളാണ്, 'ബാല്യകാലസ്മരണകള്‍' 'വര്‍ഷങ്ങള്‍ക്കു മുമ്പ്', 'നീര്‍മാതളം പൂത്തകാലം' എന്നീ കൃതികള്‍. അനുഭവക്കുറിപ്പുകളുടെ മേലങ്കിയണിഞ്ഞാണ് അവപുറത്തുവന്നതെങ്കിലും യാഥാര്‍ഥ്യത്തിന്റെയും അനുഭവത്തിന്റെയും ഭാവനയുടെ രസതന്ത്രം അവയില്‍നിന്ന് ചൈതന്യഭരിതമായ ഒരു മാനവികലോകം ഉയര്‍ത്തിയെടുക്കുന്നു. നാലപ്പാട്ടു ഭവനവും കൊല്‍ക്കത്തയിലെ വീടും അവയെചുറ്റിപ്പറ്റിയുള്ള വൈചിത്ര്യമാര്‍ന്ന മനുഷ്യരും സംഭവങ്ങളുമെല്ലാം ജീവചൈതന്യത്തോടെ അതില്‍നിന്ന് ഉയിര്‍ത്തുവരുന്നു. കുലീനത, വരേണ്യത തുടങ്ങിയ സങ്കല്‍പ്പങ്ങളെ നിശിതമായി വിചാരണചെയ്യുന്ന ഒരു സ്വരം ആ രചനകളിലുണ്ട്. കുടുംബാംഗങ്ങളില്‍നിന്നു ലഭിക്കാത്ത സ്നേഹത്തിന്റെയും വൈകാരികസുരക്ഷയുടെയും ഊഷ്മളത വേലക്കാരില്‍നിന്നും കൂട്ടുകാരില്‍നിന്നും മറ്റും കിട്ടുന്ന ബാലികയുടെ പ്രതികരണത്തിന്റെ മുന മറ്റെന്താണ് ചൂണ്ടിക്കാട്ടുന്നത്?

മലയാളത്തിലെ ഏറ്റവും മികച്ച ചെറുകഥാകൃത്തും ഇന്ത്യന്‍ ഇംഗ്ളീഷ് കവിതയിലെ ഒന്നാംനിരക്കാരില്‍ ഒരാളും ആയിരിക്കെത്തന്നെ, സാഹിത്യത്തിലെ അത്തരം ശ്രേണിവല്‍ക്കരണത്തിന്റെ ആടയാഭരണങ്ങളും ആലഭാരങ്ങളും വലിച്ചെറിഞ്ഞ് നിരന്തരം ആത്മാവിന്റെ സ്വരം സ്വന്തം വാക്കുകളിലും പ്രവൃത്തികളിലും കൂടി പ്രകടിപ്പിച്ച എഴുത്തുകാരിയായിരുന്നു കമല സുരയ്യ. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്ന കലഹിക്കുന്ന കുട്ടിയാണ് അവരുടെ തിരോധാനത്തിലൂടെ നമുക്ക് നഷ്ടപ്പെട്ടത്.

*
ഡോ. കെ എസ് രവികുമാര്‍

Saturday, May 30, 2009

പി.എ.ജി. പത്താം വര്‍ഷത്തിലേക്ക്

സുഹൃത്തുക്കളെ,

People Against Globalisation (ആഗോളവല്‍ക്കരണത്തിനെതിരെ ജനങ്ങള്‍) എന്ന പേരില്‍ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന മാസിക പത്താം വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഈയവസരത്തില്‍ പി.എ.ജി പ്രവര്‍ത്തകരുടെ ഒരു അഭ്യര്‍ത്ഥന നിങ്ങളുടെ വിലയേറിയ നിര്‍ദ്ദേശങ്ങള്‍ക്കും സഹായസഹകരണങ്ങള്‍ക്കുമായി ഇവിടെ പ്രസിദ്ധീകരിക്കുന്നു.


പി.എ.ജി. പത്താം വര്‍ഷത്തിലേക്ക്

സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനെതിരെ നെഞ്ചുയര്‍ത്തി പോരാടുന്നവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന സമരായുധങ്ങള്‍ സമാഹരിച്ചുനല്‍കുവാനാണ് പി.എ.ജി.(People Against Globalisation) ശ്രമിക്കുന്നത്. പ്രസിദ്ധീകരണത്തിന്റെ 10ാം വർഷ‍ത്തിലേക്ക് കടക്കുന്ന ഈ സന്ദര്‍ഭത്തില്‍ പി.എ.ജി.യുടെ രൂപീകരണത്തില്‍ അഭ്യൂദയകാംഷികളുടെയും ഒരുനിര പ്രധാന സംഘടനാപ്രവര്‍ത്തകരുടെയും സഹായം അഭ്യര്‍ത്ഥിക്കുകയാണ്.

വളരെ പരിമിതമായ വൃത്തത്തില്‍ നിന്നുകൊണ്ട്, വ്യവസ്ഥാപിതമായ തുടര്‍ച്ചകളില്‍ വീഴ്ച വന്നിട്ടുണ്ടെങ്കിലും, കഴിഞ്ഞ 9 വര്‍ഷമായി തടസ്സമില്ലാതെ പി.എ.ജി പ്രസിദ്ധീകരിക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ട്. കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് പ്രതികരിക്കുന്നതില്‍ പരിമിത വിഭവങ്ങള്‍ തടസ്സമായിട്ടില്ല. ഏതെങ്കിലും ഒരു സുപ്രധാന വിഷയത്തെ അടിസ്ഥാനമാക്കി കുറിപ്പുകള്‍ തയ്യാറാക്കി നല്‍കുന്ന പി.എ.ജി.യുടെ രീതി കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയ-സംഘടനാപ്രവര്‍ത്തകര്‍ അംഗീകരിച്ചുകഴിഞ്ഞിട്ടുളളതായി ഞങ്ങള്‍ മനസ്സിലാക്കുന്നു. ഈ രീതി തുടരുന്നതോടൊപ്പം ഉളളടക്കത്തില്‍ സാരമായ പരിഷ്കാരങ്ങള്‍ വരുത്തണമെന്നുള്ള അഭ്യുദയകാംക്ഷികളുടെ നിര്‍ദ്ദേശം ഞങ്ങള്‍ പരിഗണിക്കുകയാണ്. ഒന്നോ രണ്ടോ പ്രവര്‍ത്തകരുടെ നിരന്തരമായ കഠിനാധ്വാനം എന്ന ഇന്നത്തെ അവസ്ഥയില്‍നിന്ന് ഒരു കൂട്ടായ്മയുടെ ഉല്‍പന്നമായി പി.എ.ജി. വികസിക്കണമെന്നാണ് ഉദ്ദേശിച്ചത്. ലക്കം 68 മുതല്‍ 'ലേഔട്ടില്‍' വരുത്തിയ മാറ്റം പൊതുവേ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇതേ രീതില്‍ കുറഞ്ഞത് 32 പേജുകളോടെ മാസിക തുടര്‍ന്ന് പ്രസിദ്ധീകരിക്കണമെന്നാണ് ആഗ്രഹം. ഒപ്പം ഉളളടക്കത്തില്‍ ചെറിയ 'കംപാര്‍ട്ട്മെന്റലൈസേഷന്‍' വരുത്തികൊണ്ട് കൂടുതല്‍ ലേഖകരുടെ പങ്കാളിത്തം ഉറപ്പുവരുത്തികൊണ്ട് ഓരോ ലക്കവും പ്രസിദ്ധീകരിക്കുവാനുളള ഞങ്ങളുടെ ആഗ്രഹം ഇവിടെ പങ്കുവെയ്ക്കുകയാണ്.

നിര്‍ദ്ദേശിക്കുന്ന പുതിയ പംക്തികള്‍

1) സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തെ പ്രത്യയശാസ്ത്രപരമായി ആക്രമിക്കുന്ന കുറിപ്പുകളും പഠനങ്ങളും ഇന്റര്‍വ്യൂകളും അടങ്ങിയ പംക്തി; 'രാജാവ് നഗ്നനാണ്'
2) പിന്നിട്ടമാസത്തെ കമ്പോളകാഴ്ചകള്‍ ശ്രദ്ധയില്‍കൊണ്ടുവരുന്ന ലഘുവാങ്മയചിത്രങ്ങളുടെ (written sketches) പംക്തി.. 'കമ്പോളവ്യവസ്ഥയുടെ അകത്തളത്തില്‍'
3) മുതലാളിത്തത്തിനെതിരെ ലോകത്താകമാനം നടക്കുന്ന തൊഴിലാളി സമരങ്ങളും പ്രതിരോധങ്ങളും സമാഹരിച്ചുകൊണ്ടുളള പംക്തി.. 'ആയുധശാലകളില്‍ അഗ്നിപടരുന്നു'
4) ദൃശ്യ, ശ്രാവ്യ, വാര്‍ത്താമാധ്യമങ്ങളെ കാണേണ്ടതും, കേള്‍ക്കേണ്ടതും, വായിക്കേണ്ടതും എങ്ങിനെ എന്ന് അന്വേഷിക്കുന്ന മാധ്യമവിചാരണ- പുസ്തക കുറിപ്പുകള്‍ എന്നിവ അടങ്ങിയ പംക്തി 'കാഴ്ചയും വായനയും വര്‍ഗ്ഗസമരമാണ്'
5) ലോകത്ത് ഉയര്‍ന്നുവരുന്ന സോഷ്യലിസ്റ്റ് /കമ്മ്യൂണിസ്റ്റ്/തൊഴിലാളിവര്‍ഗ്ഗ രാഷ്ട്രീയ പ്രസ്ഥാനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തി '21ാം നൂറ്റാണ്ടിലെ തൊഴിലാളിവര്‍ഗ്ഗം'
6) സോഷ്യലിസവും സാമൂഹ്യ വിപ്ളവവും ലക്ഷ്യമിടുന്ന ഇടതുപക്ഷ രാഷട്രീയ പ്രസ്ഥാനങ്ങളും അവരുടെ ഭരണകൂടങ്ങളും മുന്നോട്ടുവെയ്ക്കുന്ന ബദല്‍ വികസന നയങ്ങള്‍ പരിചയപ്പെടുത്തുന്ന പംക്തി.. 'ബദലുകള്‍ ഉണ്ടാകുന്നത്'
7) ബദല്‍ സാംസ്കാരിക വിചാരവും ചരിത്രത്തിലെ മഹത്തായ വര്‍ഗ്ഗസമര മുഹൂര്‍ത്തങ്ങളെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുന്ന പംക്തി.. 'സംസ്കാരവും ചരിത്രവും വര്‍ഗ്ഗ സമരത്തിന്'.

മുകളില്‍ സൂചിപ്പിച്ച വിധത്തില്‍ പി.എ.ജി.യുടെ രൂപീകരണം നടക്കണമെങ്കില്‍ മുഖ്യധാരാ സംഘടനാപ്രവര്‍ത്തകരുടെ നിരന്തരമായ സഹായം അനിവാര്യമാണ്. പി.എ.ജിയുടെ അവതരണരീതിയും, തനിമയും, പേജുകളുടെ എണ്ണവും മനസ്സിലാക്കികൊണ്ട് എല്ലാമാസവും ഒന്നാംതിയ്യതിക്കുമുമ്പ് ലഭിക്കുംവിധം കുറിപ്പുകള്‍ എഴുതിതരുകയോ, മെയില്‍ ചെയ്യുകയോ വേണമെന്ന് വിനയപൂര്‍വ്വം ആവശ്യപ്പെടുകയാണ്. ഈ നിര്‍ദ്ദേശത്തെകുറിച്ചും അതിന്റെ സാദ്ധ്യതകളെകുറിച്ചും അഭിപ്രായങ്ങള്‍ ഞങ്ങള്‍ക്കെഴുതുമല്ലോ.

കേവലം 1300 വാര്‍ഷിക വരിക്കാരും 2000 കോപ്പികളുമാണ് ഇപ്പോള്‍ പി.എ.ജിക്കുളളത്. വാര്‍ഷികവരിക്കാരുടെ എണ്ണം 5000ആയി ഉയര്‍ത്തുവാന്‍ ഒരു തീവ്രയത്നപരിപാടിക്ക് സംഘടന രൂപംനല്‍കിയിട്ടുണ്ട്. അതിനായി ഒരു മുഴുവന്‍ സമയപ്രവര്‍ത്തകനെ ഇപ്പോള്‍ കണ്ടെത്തിയിട്ടുമുണ്ട്. (സഖാവ് അനില്‍ കുമാര്‍, മൊബൈല്‍ നമ്പര്‍ 9497274414) ഗുരുതരമായ സാമ്പത്തികപ്രതിസന്ധിയില്‍ മുന്നോട്ടുപോകുന്ന പി.എ.ജി.യുടെ നിലനില്‍പ്പ് ഭദ്രമാക്കുന്നതിനുളള പ്രവര്‍ത്തനത്തിലും എല്ലാ സഖാക്കളുടെയും വ്യക്തിപരവും, സംഘടനാപരവുമായ മുന്‍കൈ ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.

മുകളില്‍ സൂചിപ്പിച്ച ഏതെങ്കിലും ഒരു പംക്തിയിലേക്കോ - താല്‍പര്യമുളള ഒന്നിലധികം പംക്തികളിലേക്കോ - ഓരോ മാസവും ലഘുകുറിപ്പുകള്‍ അയച്ചുതന്ന് ഞങ്ങളോട് സഹകരിക്കാന്‍ ഒരിക്കല്‍കൂടി അഭ്യര്‍ത്ഥിക്കുന്നു. ഔപചാരികതകളൊന്നുമില്ലാതെ, പി.എ.ജിയുടെ ആത്മാര്‍ത്ഥ സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷികളുടെയും ഒരു കൂടിചേരല്‍ വളരെ വൈകാതെ നടത്തണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. അതിനെക്കുറിച്ചും അഭിപ്രായം അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പി.എ.ജിയുടെ പോസ്റ്റല്‍ വിലാസം

കണ്‍‌വീനര്‍
പി.എ.ജി
നര്‍മ്മദ, കരുവിശ്ശേരി
കോഴിക്കോട് 673 010
0495-2374666

ഇമെയില്‍ വിലാസം : pag.ajayan@gmail.com

Friday, May 29, 2009

പോരാട്ടം ആരംഭിച്ചിട്ടേയുള്ളു

സര്‍ക്കാരുകള്‍ മാറിയിരിക്കാം; പക്ഷേ, നമ്മെ കോളനികളാക്കിമാറ്റാന്‍ അവ ഉപയോഗിച്ച ഉപകരണങ്ങള്‍ ഇപ്പോഴും പഴയതുതന്നെയാണ്.

കഴിഞ്ഞ 28 വര്‍ഷക്കാലത്തിനുള്ളിലെ മൂന്ന് അമേരിക്കന്‍ പ്രസിഡന്റുമാര്‍ വംശഹത്യകള്‍ നടത്തിയവരായിരുന്നു; നാലാമനാകട്ടെ ഉപരോധത്തെ അന്താരാഷ്ട്രവല്‍ക്കരിക്കുകയും ചെയ്തു.

ആ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ അവര്‍ ഉപകരണമാക്കിയത് അമേരിക്കന്‍ രാഷ്ട്ര സംഘടന (ഒഎഎസ്)യെയാണ്. അതിന്റെ വിലപിടിപ്പുള്ള ബ്യൂറോക്രാറ്റിക് ഉപകരണം മാത്രമെ ഐഎസിഎച്ച് ആര്‍ കരാറുകളെ ഗൌരവത്തില്‍ എടുക്കാറുള്ളൂ. നാല് നൂറ്റാണ്ടുകാലത്തെ അധിനിവേശത്തില്‍നിന്ന് ഏറ്റവും ഒടുവില്‍ മോചനം നേടിയ സ്പാനിഷ് കോളനിയാണ് നമ്മുടെ രാജ്യം. ആറുപതിറ്റാണ്ടിലേറെക്കാലത്തെ അമേരിക്കന്‍ ഐക്യനാടുകളുടെ ആധിപത്യത്തില്‍നിന്നും ആദ്യം മോചനം നേടിയതും ഈ നാടുതന്നെ.

"സ്വാതന്ത്ര്യം ലഭിക്കാന്‍ വലിയ വിലകൊടുക്കേണ്ടതായി വരും; ഒന്നുകില്‍ സ്വാതന്ത്ര്യം ഇല്ലാതെ നാം ജീവിക്കണം; അല്ലെങ്കില്‍ അതിന് അതിന്റെ വില കൊടുത്തേപറ്റൂ.'' എന്നാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ നമ്മെ പഠിപ്പിച്ചത്.

ലാറ്റിന്‍ അമേരിക്കയിലെയും കരീബിയന്‍ മേഖലയിലെയും വ്യത്യസ്തമായി ചിന്തിക്കുന്ന സഹോദര രാഷ്ട്രങ്ങളിലെ സര്‍ക്കാരുകളുടെ അഭിപ്രായങ്ങളെ ക്യൂബ ആദരിക്കുന്നു; പക്ഷേ ഈ സ്ഥാപനത്തിന്റെ ഭാഗമാകാന്‍ ക്യൂബ ആഗ്രഹിക്കുന്നില്ല.

പോര്‍ട്ട് ഓഫ് സ്പെയിനില്‍ അത്യുജ്വലവും ഐതിഹാസികവുമായ ഒരു പ്രഭാഷണം നടത്തിയ ഡാനിയല്‍ ഒര്‍ട്ടേഗ, ക്യൂബന്‍ ജനതയോട് വിശദീകരിച്ചത് ആഫ്രിക്കയിലെ സ്വതന്ത്ര രാഷ്ട്രങ്ങള്‍ ആഫ്രിക്കന്‍ ഐക്യത്തിന്റെ ഭാഗമായി യൂറോപ്പിലെ മുന്‍ കോളനിമേധാവികളെ ക്ഷണിക്കില്ല എന്നാണ്. ഗൌരവപൂര്‍വം പരിഗണിക്കപ്പെടേണ്ട ഒരു നിലപാടാണ് ഇത്.

ഒര്‍ടേഗയുടെ ജനങ്ങള്‍ക്കെതിരായ അധാര്‍മ്മികമായ യുദ്ധത്തില്‍നിന്നും റീഗനെ പിന്തിരിപ്പിക്കാന്‍ ഒഎഎസിന് കഴിഞ്ഞില്ല; യുദ്ധത്തിനായുള്ള ആയുധങ്ങള്‍ ശേഖരിക്കാന്‍ മയക്കുമരുന്ന് കള്ളക്കടത്തിനെ ആശ്രയിക്കുന്നതില്‍നിന്ന്, നിക്കരാഗ്വയിലെ തുറമുഖങ്ങളില്‍ മൈനുകള്‍ വിതറി നാശം വിതയ്ക്കുന്നതില്‍നിന്ന്, നിക്കരാഗ്വയെപ്പോലെ ഒരു കൊച്ചുരാജ്യത്തിലെ പതിനായിരക്കണക്കിന് യുവാക്കളെ കൊല്ലുന്നതിനും അംഗഭംഗം വരുത്തുന്നതിനും ഗുരുതരമായ മുറിവേല്‍പ്പിക്കുന്നതിനുംവേണ്ടി പണം നല്‍കുന്നതില്‍നിന്ന് റീഗനെ പിന്തിരിപ്പിക്കാന്‍ ആ സ്ഥാപനത്തിന് കഴിഞ്ഞില്ല.

ആ രാജ്യത്തെ സംരക്ഷിക്കാന്‍ ഒഎഎസ് എന്താണ് ചെയ്തിട്ടുള്ളത്? ഡൊമിനിക്കന്‍ റിപ്പബ്ളിക്കിനുനേരെ നടത്തിയ ആക്രമണത്തെ തടയുന്നതിന്, ഗ്വാട്ടിമാലയിലെ ലക്ഷക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയോ കാണാതാക്കപ്പെടുകയോ ചെയ്തതിനെതിരെ, ആകാശാക്രമണങ്ങള്‍ക്കെതിരെ, പ്രമുഖ മതപുരോഹിതന്മാരുടെ കൊലപാതകങ്ങള്‍ക്കെതിരെ, ജനങ്ങളെ കൂട്ടത്തോടെ അടിച്ചമര്‍ത്തുന്നതിനെതിരെ, ഗ്രനഡയിലെയും പനാമയിലെയും കടന്നാക്രമണത്തിനെതിരെ, ചിലിയിലെ പട്ടാള അട്ടിമറിക്കെതിരെ, ചിലിയിലെയും അര്‍ജന്റീനയിലെയും ഉറുഗ്വേയിലെയും പരാഗ്വേയിലെയും മറ്റു പ്രദേശങ്ങളിലെയും പീഡനങ്ങള്‍ക്കും അപ്രത്യക്ഷമാകലുകള്‍ക്കുമെതിരെ ഒഎഎസ് എന്താണ് ചെയ്തിട്ടുള്ളത്? എപ്പോഴെങ്കിലും ഒരിക്കല്‍ അമേരിക്കന്‍ ഐക്യനാടുകള്‍ക്കുനേരെ കുറ്റപ്പെടുത്തിക്കൊണ്ട് വിരല്‍ചൂണ്ടാന്‍ അത് തയ്യാറായിട്ടുണ്ടോ? ഈ സംഭവങ്ങളെയെല്ലാം കുറിച്ചുള്ള അതിന്റെ ചരിത്രപരമായ വിലയിരുത്തല്‍ എന്താണ്?

മനുഷ്യാവകാശങ്ങള്‍ക്കായുള്ള ഇന്റര്‍ അമേരിക്കന്‍ സമിതിയുടെ (ഐഎസിഎച്ച്ആര്‍) ക്യൂബാ വിരുദ്ധ കരാറിനെക്കുറിച്ച് ഞാന്‍ എഴുതിയിട്ടുള്ളത് "ഗ്രാന്‍മ'' പ്രസിദ്ധീകരിച്ചിരുന്നു. അതിനുശേഷം വെനിസ്വേലയ്ക്കെതിരെ അത് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് കണ്ടെത്താനുള്ള ഒരു ആകാംക്ഷ എനിക്കുണ്ടായി. അതും ക്യൂബയുടെ കാര്യത്തില്‍ എന്നതുപോലെയുള്ള അതേ അസംബന്ധങ്ങള്‍തന്നെ. ബൊളിവേറിയന്‍ വിപ്ലവം അധികാരത്തിലെത്തിയത് ക്യൂബയിലേതില്‍നിന്നും വ്യത്യസ്തമായാണ്. നമ്മുടെ രാജ്യത്ത് 1952 മാര്‍ച്ച് 10ന് അമേരിക്കന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ നടന്ന ആസൂത്രിതമായ സൈനിക അട്ടിമറി ഇവിടത്തെ രാഷ്ട്രീയ പ്രക്രിയയെ ആകസ്മികമായി തകിടംമറിച്ചു; ആ വര്‍ഷം ജൂണ്‍ ഒന്നിന് നടക്കേണ്ടിയിരുന്ന പൊതുതെരഞ്ഞെടുപ്പിന് ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് ആ അട്ടിമറി നടന്നത്. ക്യൂബയിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരിക്കല്‍ക്കൂടി സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിനു വഴിപ്പെടുകയല്ലാതെ മറ്റുമാര്‍ഗമില്ലാതായി. ക്യൂബന്‍ ജനത വീണ്ടും പോരാടി; ഈ ഘട്ടത്തില്‍ ഫലം തികച്ചും വ്യത്യസ്തമായിരുന്നു. ഏറെക്കുറെ ഏഴുവര്‍ഷത്തിനുശേഷം, ചരിത്രത്തില്‍ ആദ്യമായി വിപ്ലവം വിജയശ്രീലാളിതമായി.

ഏറ്റവും കുറച്ച് ആയുധങ്ങള്‍ ഉപയോഗിച്ചും (ആ ആയുധങ്ങളില്‍ 90 ശതമാനത്തിലധികവും 25 മാസത്തെ യുദ്ധത്തിനിടയില്‍ ജനങ്ങളുടെ പിന്തുണയോടെ ശത്രുവില്‍നിന്ന് പിടിച്ചെടുത്തതുമാണ്) വിപ്ലവപരമായ പൊതുപണിമുടക്കിലൂടെ അന്തിമാക്രമണം നടത്തിയുമാണ് വിപ്ലവ പോരാളികള്‍ ഏകാധിപത്യത്തെ നിലംപരിശാക്കുകയും അതിന്റെ സമസ്ത ആയുധങ്ങളുടെയും അധികാരകേന്ദ്രങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തത്. വിജയകരമായ വിപ്ലവം മറ്റേതൊരു ചരിത്രകാലഘട്ടത്തെയുംപോലെ നിയമത്തിന്റെ സ്രോതസായി മാറി.

വെനിസ്വേലയില്‍ ഇതായിരുന്നില്ല നടന്നത്. നമ്മുടെ ഈ അര്‍ദ്ധഗോളത്തിലെ മറ്റേവരെയുംപോലെ ഒരു വിപ്ലവപോരാളിയായ ഷാവേസ് ഫിഫ്ത് റിപ്പബ്ളിക്കന്‍ മൂവ്മെന്റിന്റെ നേതാവെന്ന നിലയില്‍ മറ്റ് ഇടതുപക്ഷ ശക്തികളുമായി കൂട്ടുചേര്‍ന്ന് നിലവിലുള്ള ബൂര്‍ഷ്വാ ഭരണഘടനയുടെ ചട്ടങ്ങള്‍ക്കനുസരിച്ച് അധികാരത്തിലെത്തി. വിപ്ലവവും അതിന്റെ ഉപകരണങ്ങളും ഇനിയും സൃഷ്ടിക്കപ്പെടേണ്ടതായാണിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന സൈനിക വിപ്ലവം വിജയിച്ചിരുന്നെങ്കില്‍ വെനിസ്വേലയിലെ വിപ്ലവം മറ്റൊരു തരത്തിലാകുമായിരുന്നു. എന്നാല്‍, നിലവിലുള്ള നിയമ നടപടികളെ പോരാട്ടത്തിനുള്ള മുഖ്യ മാര്‍ഗമായി അദ്ദേഹം അവലംബിക്കുകയാണ്. ആവശ്യമായി വരുമ്പോഴെല്ലാം ജനഹിതം അറിയാനുള്ള ഒരു ശൈലി അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്.

ഒരു ജനഹിത പരിശോധനയ്ക്കായി പുതിയ ഭരണഘടനയെ അദ്ദേഹം സമര്‍പ്പിച്ചു. കൈവിട്ടുപോയ അധികാരം തിരിച്ചുപിടിക്കാന്‍ സാമ്രാജ്യത്വവും അവരുടെ കൂട്ടുകക്ഷികളായ പ്രഭുക്കന്മാരും സ്വീകരിക്കുന്ന മാര്‍ഗങ്ങളെക്കുറിച്ച് അദ്ദേഹം തിരിച്ചറിഞ്ഞിട്ട് ഏറെക്കാലമായില്ല.

2002 ഏപ്രില്‍ 11ലെ പട്ടാള അട്ടിമറി പ്രതിവിപ്ലവത്തിന്റെ പ്രതികരണമായിരുന്നു. ജനങ്ങള്‍ അതിനെതിരെ പ്രതികരിക്കുകയും വീണ്ടും അദ്ദേഹത്തെ അധികാരത്തിലേക്ക് കൊണ്ടുവരികയും ചെയ്തു. ഏകാന്ത തടവില്‍ ഒറ്റപ്പെടുത്തിയിട്ട് രാജിവെയ്പിക്കാന്‍ ബലപ്രയോഗത്തിലൂടെ വലതുപക്ഷ ശക്തികള്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചുകൊണ്ടിരുന്നപ്പോഴാണ് ജനങ്ങള്‍ അദ്ദേഹത്തിനായി ഇടപെട്ടത്.

അദ്ദേഹം കീഴടങ്ങിയില്ല. വെനിസ്വേലന്‍ സൈനികരെത്തി അദ്ദേഹത്തെ സ്വതന്ത്രനാക്കുകയും എയര്‍ഫോഴ്സ് ഹെലികോപ്റ്ററില്‍ അദ്ദേഹത്തെ മിറാഫ്ളോറെസ് കൊട്ടാരത്തില്‍ എത്തിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹം ചെറുത്തുനിന്നു. കൊട്ടാരം ജനങ്ങള്‍ പിടിച്ചടക്കിയിരുന്നു; അട്ടിമറിക്ക് നേതൃത്വംകൊടുത്ത ഉന്നത പട്ടാളമേധാവികള്‍ക്കെതിരെ തിരിഞ്ഞ സാധാരണ പട്ടാളക്കാര്‍ ട്യൂന കോട്ടയും പിടിച്ചെടുത്തു.

ആ സമയത്ത്, അദ്ദേഹത്തിന്റെ രാഷ്ട്രീയം കൂടുതല്‍ പുരോഗമനപരമായതായി ഞാന്‍ കരുതുന്നു. എന്നാല്‍, സമാധാനത്തെയും ഐക്യത്തെയും സംബന്ധിച്ച ഉത്ക്കണ്ഠകാരണം തനിക്ക് ഏറ്റവും അധികം കരുത്തും പിന്തുണയും ലഭിച്ച സന്ദര്‍ഭത്തിലും അദ്ദേഹം തന്റെ എതിരാളികളോട് ഉദാരമനസ്കത പ്രകടിപ്പിക്കുകയും അവരുടെ സഹകരണം അഭ്യര്‍ത്ഥിച്ച് അവരോട് സംസാരിക്കുകയും ചെയ്തു.

ആ സമീപനത്തോടുള്ള സാമ്രാജ്യത്വത്തിന്റെയും അതിന്റെ കൂട്ടാളികളുടെയും പ്രതികരണമായിരുന്നു എണ്ണ വ്യവസായത്തിലെ അട്ടിമറി. ഒരുപക്ഷേ ആ ഘട്ടത്തില്‍ അദ്ദേഹം നടത്തിയ ഏറ്റവും വലിയ പോരാട്ടം വെനിസ്വേലയിലെ ജനങ്ങള്‍ക്ക് ഇന്ധനം എത്തിച്ചുകൊടുക്കുന്നതിനുള്ളതായിരുന്നു.

1994ല്‍ അദ്ദേഹം ക്യൂബ സന്ദര്‍ശിക്കുകയും ഹവാന സര്‍വകലാശാലയില്‍ സംസാരിക്കുകയും ചെയ്തശേഷം ഞങ്ങള്‍ പല പ്രാവശ്യം സംസാരിച്ചിട്ടുണ്ട്.

അദ്ദേഹം അല്‍പംപോലും കലര്‍പ്പില്ലാത്ത ഒരു വിപ്ലവകാരിയാണ്. എന്നാല്‍ വെനിസ്വേലന്‍ സമൂഹത്തില്‍ നിലനിന്നിരുന്ന അനിയന്ത്രിതമായ അനീതിയെക്കുറിച്ച് ബോധവാനായപ്പോള്‍ അദ്ദേഹത്തിന്റെ ചിന്താഗതിക്ക് കൂടുതല്‍ വ്യക്തത കൈവന്നു; സമൂലവും സമഗ്രവുമായ മാറ്റമല്ലാതെ വെനിസ്വേലയുടെ മുന്നില്‍ മറ്റൊരു പോംവഴിയുമില്ലെന്ന ദൃഢവിശ്വാസത്തില്‍ അങ്ങനെ അദ്ദേഹം എത്തിച്ചേര്‍ന്നു.

അദ്ദേഹം അത്യഗാധമായി ആരാധിക്കുന്ന വിമോചകന്റെ (സൈമണ്‍ ബൊളിവര്‍) ആശയങ്ങളുടെ ഏറ്റവും ചെറിയ വിശദാംശങ്ങള്‍പോലും അദ്ദേഹത്തിന് നന്നായി അറിയാം.

ഒരു നിമിഷംപോലും വിശ്രമമില്ലാത്ത ഒരു മനുഷ്യന്റെ ദൃഢനിശ്ചയത്തിനുമുന്നില്‍ വിജയംവരിക്കുക അനായാസമല്ലെന്ന് അദ്ദേഹത്തിന്റെ എതിരാളികള്‍ക്കുമറിയാം. അദ്ദേഹത്തിന്റെ ജീവന്‍തന്നെ അവര്‍ക്ക് എടുക്കേണ്ടതായി വരും. എന്നാല്‍ സ്വദേശത്തും വിദേശത്തുമുള്ള അദ്ദേഹത്തിന്റെ ശത്രുക്കള്‍ക്ക് തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ എന്തുവേണമെന്നും അറിയാം. യുക്തിഹീനരായ തന്‍ കാര്യംനോക്കികളും കിറുക്കന്മാരും ഉണ്ടായിരിക്കാം; നേതാക്കന്മാരും ജനങ്ങളും മാനവരാശിയാകെയും അത്തരം അപകടങ്ങളില്‍നിന്നും വിമുക്തമല്ല.

വസ്തുനിഷ്ഠമായി ചിന്തിച്ചാല്‍, ഇന്ന് മുതലാളിത്ത ഉല്‍പാദന സമ്പ്രദായത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും അപ്രതിരോധ്യനായ എതിരാളിയാണ് ഷാവേസ്. മനുഷ്യസമൂഹം നേരിടുന്ന നിരവധി അടിസ്ഥാനപ്രശ്നങ്ങള്‍ സംബന്ധിച്ച് ശരിക്കും ഒരു വിദഗ്ധനായി അദ്ദേഹം മാറിക്കഴിഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി അദ്ദേഹം ഡസന്‍കണക്കിന് ആരോഗ്യരക്ഷാ സംവിധാനങ്ങള്‍ പുതുതായി ആരംഭിക്കുന്നതാണ് ഞാന്‍ കാണുന്നത്. അദ്ദേഹം ആരെയും ഹഠാദാകര്‍ഷിക്കുന്നയാളാണ്. ഹീമോഡയാലിസിസ് പോലെയുള്ള ജീവരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ സേവനങ്ങളില്‍ എന്താണ് സംഭവിക്കുന്നതെന്നതിനെക്കുറിച്ച് അദ്ദേഹം നിശിതമായി വിമര്‍ശിക്കും. ഇത്തരം സേവനങ്ങള്‍ സ്വകാര്യ കേന്ദ്രങ്ങളിലാണ് ഇപ്പോള്‍ അകപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ അതിന് പണം മുടക്കുകയുമാണ്. കൈവശം ആവശ്യത്തിന് പണമില്ലാത്ത ദരിദ്രര്‍ മരിക്കാന്‍ വിധിക്കപ്പെട്ടവരായിരിക്കുന്നു. പല സേവനങ്ങളുടെയും കാര്യത്തില്‍ ഇതാണ് സംഭവിക്കുന്നത്. ഇപ്പോള്‍ പുതിയ സംവിധാനത്തില്‍ ഇതെല്ലാം ലഭ്യമാണ്; അത്യാധുനികമായ ഉപകരണങ്ങളെല്ലാം സര്‍ക്കാര്‍തന്നെ അവിടെ ഒരുക്കിയിരിക്കുന്നു.

ദേശീയ ഉല്‍പാദനത്തിന്റെയും സാമൂഹിക സേവനത്തിന്റെയും ഏറ്റവും നിസ്സാരമായ വിശദാംശങ്ങള്‍പോലും അദ്ദേഹം അതിവിദഗ്ധമായി കൈകാര്യംചെയ്യുന്നു. രാജ്യത്തിന്റെ ആവശ്യമായ സോഷ്യലിസത്തിന്റെ സിദ്ധാന്തത്തിലും പ്രയോഗത്തിലും അദ്ദേഹം മേധാവിത്വം വഹിക്കുന്നു. തന്റെ ദൃഢവിശ്വാസങ്ങള്‍ പ്രയോഗത്തിലാക്കാന്‍ അദ്ദേഹം കിണഞ്ഞ് പണിയെടുക്കുന്നു. മുതലാളിത്തത്തെ അതിന്റെ തനിസ്വരൂപത്തില്‍ അദ്ദേഹം നിര്‍വചിക്കുന്നു. അദ്ദേഹം ഹാസ്യചിത്രീകരണം നടത്താറില്ല. ആ വ്യവസ്ഥിതിയുടെ എക്സ്റേകളും പ്രതിബിംബങ്ങളുമാണ് അദ്ദേഹം എടുത്തുകാണിക്കുന്നത്.

മനുഷ്യാധ്വാനത്തിന്റെ നാനാ രൂപങ്ങളുടെ സവിശേഷവും ജുഗുപ്സാവഹവുമായ ആകെത്തുകയാണത്-അന്യായവും അസമവും ഏകപക്ഷീയവുമാണത്. തൊഴിലാളികളെക്കുറിച്ച് ചുമ്മാ സംസാരിക്കുക മാത്രമല്ല അദ്ദേഹം ചെയ്യുന്നത്. അവരുടെതന്നെ കരങ്ങളാല്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ടെലിവിഷന്‍ അദ്ദേഹം അവരെ കാണിക്കുന്നു; അവശ്യവസ്തുക്കളോ സേവനങ്ങളോ ഉല്‍പാദിപ്പിക്കുന്നതില്‍ അവരുടെ ഊര്‍ജ്ജത്തെയും അവരുടെ അറിവിനെയും അവരുടെ ബുദ്ധിശക്തിയെയും കുറിച്ച് അവരെ ബോധ്യപ്പെടുത്തുന്നു. അവരുടെ കുട്ടികളെക്കുറിച്ച്, കുടുംബത്തെക്കുറിച്ച്, ഭാര്യയെയോ ഭര്‍ത്താവിനെയോ കുറിച്ച്, അടുത്ത മറ്റു ബന്ധുക്കളെക്കുറിച്ച്, അവര്‍ താമസിക്കുന്നത് എവിടെയെന്നതിനെക്കുറിച്ച്, അവര്‍ എന്താണ് പഠിക്കുന്നത് എന്നതിനെ സംബന്ധിച്ച്, സ്വയം അഭിവൃദ്ധിപ്പെടാന്‍ അവര്‍ എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ച് അവരുടെ വയസ്, കൂലി റിട്ടയര്‍മെന്റിനുശേഷമുള്ള ഭാവി കാര്യങ്ങളെക്കുറിച്ച് എല്ലാം അദ്ദേഹം അവരോട് ചോദിക്കുന്നു. സാമ്രാജ്യത്വവും മുതലാളിത്തവും പ്രചരിപ്പിക്കുന്ന പെരും നുണകളെക്കുറിച്ച് അദ്ദേഹം അവരോട് സംസാരിക്കുന്നു. ആശുപത്രികളും വിദ്യാലയങ്ങളും ഫാക്ടറികളുമെല്ലാം അദ്ദേഹം അവരെ കാണിക്കുന്നു. വെനിസ്വേലയില്‍ കെട്ടിപ്പടുക്കാന്‍ ഉദ്ദേശിക്കുന്ന ഫാക്ടറികളുടെ വിശദാംശങ്ങള്‍ അദ്ദേഹം അവര്‍ക്ക് വിശദീകരിച്ചുകൊടുക്കുന്നു. അവയുടെ യന്ത്രസംവിധാനങ്ങള്‍, പ്രവര്‍ത്തനരീതികള്‍, തൊഴിലവസര വളര്‍ച്ചയെക്കുറിച്ചുള്ള കണക്കുകള്‍, പ്രകൃതിവിഭവങ്ങള്‍, ഡിസൈനുകള്‍, ഭൂപടങ്ങള്‍, ഏറ്റവും ഒടുവില്‍ കണ്ടെത്തിയ പ്രകൃതിവാതകത്തെ സംബന്ധിച്ച വാര്‍ത്തകള്‍ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം അവരോട് സംസാരിക്കുന്നു. വെനിസ്വേലയിലെ പാര്‍ലമെന്റ് ഏറ്റവും അടുത്തകാലത്തായി സ്വീകരിച്ച നടപടികള്‍; സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനിയായ പിഡിവിഎസ്എയിലേക്ക് ഓരോ വര്‍ഷവും തങ്ങളുടെ സേവനം വിട്ടുകൊടുക്കേണ്ട 60 പ്രധാന കമ്പനികള്‍ ദേശസാല്‍ക്കരിക്കുന്നതിനുള്ള നിയമം; 800 കോടി ഡോളറിലധികം തുക അതില്‍നിന്ന് ലഭിക്കും. അവയൊന്നും സ്വകാര്യ സ്വത്തായിരുന്നില്ല. പിഡിവിഎസ്എക്ക് അവകാശപ്പെട്ട വിഭവങ്ങള്‍ ഉപയോഗിച്ച് വെനിസ്വേലയിലെ നവലിബറല്‍ സര്‍ക്കാരുകള്‍ സൃഷ്ടിച്ച സ്വത്തായിരുന്നു അവ.

പ്രതിബിംബങ്ങളായി ഇത്രയും വ്യക്തമായി പരിവര്‍ത്തനംചെയ്യപ്പെട്ടതും ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെട്ടതുമായ ഒരാശയം ഞാന്‍ ഇതേവരെ ഒരിക്കലും കണ്ടിട്ടില്ല. പ്രക്രിയകളുടെ അന്തഃസത്ത നന്നായി ഉള്‍ക്കൊള്ളാനും അത് മറ്റുള്ളവര്‍ക്കായി പകര്‍ന്നുകൊടുക്കാനും കഴിവുള്ള പ്രതിഭാധനന്‍ മാത്രമല്ല ഷാവേസ്, സവിശേഷമായ ജാഗ്രതയോടെ അദ്ദേഹം അവയെ പിന്തുടരുകയും ചെയ്യും. ഒരു വാക്കോ ഒരു വാക്യശകലമോ ഒരു കവിതയോ സംഗീതത്തിന്റെ ഒരു രാഗമോപോലും അദ്ദേഹത്തിന് മറക്കാന്‍ ബുദ്ധിമുട്ടാണ്. പുതിയ ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന വാക്കുകളെ അദ്ദേഹം കൂട്ടി യോജിപ്പിക്കുന്നു. നീതിയും സമത്വവും തേടുന്ന സോഷ്യലിസത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. "ജനങ്ങളുടെ മനസ്സില്‍ സാംസ്കാരിക കൊളോണിയലിസം തുടരുന്നിടത്തോളം, പഴയത് ഒരിക്കലും നശിക്കില്ല, പുതിയതൊട്ട് പിറക്കുകയുമില്ല.'' ലേഖനങ്ങളിലും കത്തുകളിലും അദ്ദേഹം വശ്യവചസ്സായ വാക്യശകലങ്ങളും കവിതകളിലെ വരികളും യഥോചിതം കോര്‍ത്തിണക്കുന്നു. സര്‍വോപരി, തന്റെ അനുയായികളിലേക്ക് നിരന്തരം വിപ്ലവാശയങ്ങള്‍ സന്നിവേശിപ്പിക്കാനും അവരെ രാഷ്ട്രീയമായി വിദ്യാഭ്യാസംചെയ്യിക്കാനും ഒരു പാര്‍ടി സൃഷ്ടിക്കാനും കെല്‍പുള്ള വെനിസ്വേലയിലെ രാഷ്ട്രീയ നേതാവാണ് താനെന്ന് അദ്ദേഹം തെളിയിരിച്ചിരിക്കുകയാണ്.

അതിനുംപുറമെ, ദേശസാല്‍ക്കരിക്കപ്പെട്ട കമ്പനികളിലെ കപ്പലുകളുടെ കപ്പിത്താന്‍മാരുടെയും അവയിലെ മറ്റ് അംഗങ്ങളുടെയുമെല്ലാം മുഖങ്ങള്‍ ഞാന്‍ നിരീക്ഷിച്ചിട്ടുണ്ട്. അവരുടെ വാക്കുകളില്‍ ഒരു ആന്തരിക അഭിമാനബോധം പ്രതിഫലിക്കുന്നുണ്ട്; ഭാവിയെക്കുറിച്ചുള്ള സുരക്ഷിതത്വബോധവും അംഗീകരിക്കപ്പെട്ടതിലുള്ള നന്ദിയും അവരുടെ വാക്കുകളിലുണ്ട്. തങ്ങളുടെ സര്‍വകലാശാലാ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന നിമിഷത്തില്‍ അദ്ദേഹത്തെ തങ്ങളുടെ "ഉയര്‍ച്ചയുടെ തലതൊട്ടപ്പന്‍'' എന്ന് വിശേഷിപ്പിക്കുന്ന സന്തുഷ്ടരായ യുവ സാമ്പത്തിക ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്; അവരില്‍ 400ല്‍ ഏറെപ്പേര്‍ അര്‍ജന്റീനയിലേക്ക് പോകണമെന്ന് അദ്ദേഹം പറയുമ്പേപാള്‍ ആ രാജ്യവുമായി കരാര്‍ ഉറപ്പിച്ചിട്ടുള്ള പരിപാടിപ്രകാരമുള്ള പുതിയ 200 ഫാക്ടറികളുടെ മാനേജ്മെന്റില്‍ പണിയെടുക്കാന്‍ സന്നദ്ധരായിട്ടുള്ള അവരുടെ ആവേശം തുടിക്കുന്ന മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പഠനം പൂര്‍ത്തിയായാലുടന്‍ ഉല്‍പാദനപ്രക്രിയയില്‍ പരിശീലനം നേടുന്നതിന് അവിടേക്കാണ് അവരെ അയക്കുന്നത്.

അദ്ദേഹത്തിനൊപ്പം രാമോനെററുമുണ്ട്; ഷാവേസിന്റെ പ്രവര്‍ത്തനത്തില്‍ അയാള്‍ ആവേശംകൊണ്ടിരിക്കുകയാണ്. ഏകദേശം എട്ടുവര്‍ഷം മുമ്പ് വെനിസ്വേലയുമായുള്ള നമ്മുടെ വിപ്ലവ സഹകരണത്തിന് നാം തുടക്കമിട്ടപ്പോള്‍ നൂറുനൂറു ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ട് അയാള്‍ വിപ്ലവത്തിന്റെ കൊട്ടാരത്തിലുണ്ടായിരുന്നു. ഈ എഴുത്തുകാരന് പ്രശ്നത്തെ സംബന്ധിച്ച് അറിയാമായിരുന്നു; മുതലാളിത്ത ഉല്‍പാദന വ്യവസ്ഥയ്ക്കുപകരം എന്താണ് ഉണ്ടാവുക എന്ന് ചിന്തിച്ച് അയാള്‍ തല പുകയ്ക്കുകയായിരുന്നു. നിശ്ചയമായും വെനിസ്വേലയിലെ അനുഭവം അയാളെ അത്ഭുതപരതന്ത്രനാക്കും. ആ ദിശയിലേക്കുള്ള അനുപമമായ ഒരു പരിശ്രമത്തിന് ഞാന്‍ സാക്ഷ്യം വഹിക്കുകയാണ്.

മാനവരാശിക്ക് ഒന്നുംതന്നെ സംഭാവനചെയ്യാനില്ലാത്ത ശത്രു മുമ്പേതന്നെ തോല്‍വി സമ്മതിച്ച ആശയങ്ങളുടെ യുദ്ധമാണിത്.

ജനാധിപത്യത്തിന്റെയും അഭിപ്രായപ്രകടന സ്വാതന്ത്യ്രത്തിന്റെയും ശത്രുവായി അദ്ദേഹത്തെ ചിത്രീകരിക്കാന്‍ ഒഎഎസ് കാപട്യത്തോടെ ശ്രമിക്കുന്നതില്‍ അത്ഭുതപ്പെടേണ്ടതില്ല. ഏകദേശം അരനൂറ്റാണ്ടിനുമുമ്പ് ക്യൂബന്‍ ജനതയുടെ നിശ്ചയദാര്‍ഢ്യത്തിനെതിരെ ആ ചെത്തിമിനുക്കിയ കപട ആയുധം പ്രയോഗിച്ചതായിരുന്നു. ഇന്ന്, വെനിസ്വേല ഒറ്റയ്ക്കല്ല, 200 വര്‍ഷത്തെ അത്യപൂര്‍വമായ ദേശാഭിമാന ചരിത്രത്തിന്റെ അനുഭവം അതിനൊപ്പമുണ്ട്.

നമ്മുടെ ഈ അര്‍ദ്ധഗോളത്തില്‍ കഷ്ടിച്ച് തുടക്കംകുറിച്ചിട്ടുള്ള ഒരു പോരാട്ടമാണിത്.

*
ഫിദെല്‍ കാസ്ട്രോ കടപ്പാട്: ഗ്രാന്മ ഇന്റര്‍നാഷണല്‍, 2009 മെയ് 10, ചിന്ത വാരിക

Thursday, May 28, 2009

ഒറ്റുകാരുടെ ഏകോപനം

ചിരിക്കുന്നവര്‍ ഭയാനകമായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേ ഉള്ളൂ. - ബെര്‍തോള്‍ത് ബ്രെഹ്ത്ത്

ഇന്ത്യന്‍ ഇടതുപക്ഷത്തിന്റെ അടിസ്ഥാന ശക്തികേന്ദ്രങ്ങളായ പടിഞ്ഞാറന്‍ ബംഗാളിലും കേരളത്തിലും ഉണ്ടായ തെരഞ്ഞെടുപ്പു തിരിച്ചടികളുടെ കക്ഷിരാഷ്‌ട്രീയപരവും സംഘടനാപരവുമായ കാരണങ്ങള്‍ പരിശോധിക്കുന്നതിനു പകരം; പൊതു മാധ്യമങ്ങളും വലതുപക്ഷവും ഇടതു തീവ്രവാദനാട്യക്കാരും അരാഷ്‌ട്രീയ/അരാജക വാദികളും മത-ജാതി സാമുദായിക സമ്മര്‍ദ്ദ സംഘങ്ങളും ഏകോപിച്ചുകൊണ്ട് ഇടതുപക്ഷത്തെ ഒറ്റപ്പെടുത്തി അപകീര്‍ത്തിപ്പെടുത്താനും അതുവഴി പരാജയപ്പെടുത്താനും നടത്തിയ നീക്കങ്ങളെന്തൊക്കെ എന്നന്വേഷിച്ചു തുടങ്ങുന്നതിനാണ് ഈ കുറിപ്പ് എഴുതുന്നത്.

2004ലെ ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം ഉരുത്തിരിഞ്ഞു വന്ന പ്രത്യേക സാഹചര്യത്തില്‍; പത്രഭാഷയില്‍ പറഞ്ഞാല്‍ 'പരമ്പരാഗതവൈരികളാ'യ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട ഐക്യ പുരോഗമന സഖ്യത്തിന് (യു പി എ), പൊതു മിനിമം പരിപാടി നടപ്പാക്കുന്നതിനു വേണ്ടി തുറന്ന പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു ഇടതു പക്ഷം ചെയ്തത്. ഇക്കാര്യത്തില്‍ ഒളിമറകളൊന്നും തന്നെയുണ്ടായിരുന്നില്ല. സ്പീക്കര്‍ സ്ഥാനമൊഴിച്ചുള്ള അധികാരസ്ഥാനങ്ങളൊന്നും സ്വീകരിക്കാത്തതുകൊണ്ട് അധികാരലബ്ധിക്കുവേണ്ടിയുള്ള കേവല അവസരവാദമായി ഈ നിലപാടിനെ ചിത്രീകരിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. 1992 ഡിസംബര്‍ ആറിന് ബാബരിപ്പള്ളി പൊളിക്കുകയും അതിരൂക്ഷമായ വര്‍ഗീയകലാപം രാജ്യവ്യാപകമായി അഴിച്ചുവിടുകയും ചെയ്ത സംഘപരിവാര്‍, 2002 ഫെബ്രുവരി/മാര്‍ച്ചില്‍ നടത്തിയ അതിനിഷ്ഠൂരമായ ഗുജറാത്ത് മുസ്ളിം വംശഹത്യയിലൂടെ ഇന്ത്യക്കു മാത്രമല്ല, മുഴുവന്‍ ഭൂലോകത്തിനും മാനവികതക്കും വന്‍ ഭീഷണിയായി തീരുന്ന ഒരു ശക്തിയാണെന്ന് ലോകത്തെമ്പാടുമുള്ള ജനാധിപത്യ വാദികള്‍ തിരിച്ചറിഞ്ഞു. സംഘപരിവാറിന്റെ ഈ ഫാസിസ്റ്റ് ജൈത്രയാത്ര തടയുന്നതിനു വേണ്ടിയുള്ള അനിവാര്യവും രാഷ്‌ട്രീയമായി പക്വവും ജാഗ്രത്താര്‍ന്നതുമായ നടപടിയാണ് യുപിഎ മന്ത്രിസഭയെ അധികാരത്തിലെത്തിക്കുക വഴി ഇടതുപക്ഷം ചെയ്തത്. സ്വാതന്ത്ര്യാനന്തര ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും രാജ്യസ്നേഹപരമായ പ്രവര്‍ത്തനങ്ങളിലൊന്നായി ഇത് ജനാധിപത്യ വാദികള്‍ തിരിച്ചറിയുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുമുണ്ട്.

പിന്തുണ എന്ന ഈ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലൂടെ, വലതുപക്ഷ-മുതലാളിത്താനുകൂല-സാമ്രാജ്യത്വ പ്രീണന നയങ്ങള്‍ക്കിടയിലും ചില ജനപക്ഷ നടപടികളെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ നിര്‍ബന്ധിക്കാനും ഇടതുപക്ഷം നിതാന്ത ജാഗ്രത പുലര്‍ത്തി. ഇതിനെ തുടര്‍ന്നാണ് ലോകത്തിനു തന്നെ മാതൃകയായ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി, കാര്‍ഷിക കടാശ്വാസം, വനാവകാശ നിയമം, വിവരാകാശ നിയമം, അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാ നിയമം, സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളുടെ വികസനത്തിനും സാമ്പത്തിക സഹായത്തിനുമുളള ദേശീയ കോര്‍പ്പറേഷന്‍ (National Minorities Development and Finance Corporation) രൂപീകരണം, ഉന്നത വിശേഷ പഠന മേഖലയിലെ ഒ ബി സി സംവരണം എന്നിവ നടപ്പിലാക്കാന്‍ (ചിലതൊക്കെ പാസാക്കിയിട്ട ഉള്ളൂ) മന്‍മോഹന്‍ സര്‍ക്കാര്‍ തുനിഞ്ഞത്. 2009ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന്, യു പി എയുടെ സുരക്ഷാവലയ നയവും ഗ്രാമീണ മേഖലയിലേക്കുള്ള സാമ്പത്തിക വിതരണം ഒരു പരിധി വരെ പുനസ്ഥാപിച്ചതും അടക്കമുള്ള ഈ ജനപ്രിയ നടപടികളാണ് പ്രേരകമായത് എന്ന് നിരവധി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു കഴിഞ്ഞു.

അതോടൊപ്പം പ്രധാനമാണ് പൊതുമേഖലയെ സംരക്ഷിക്കുക എന്ന സ്ഥിരം മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് പാര്‍ലമെന്റിനകത്തും പുറത്തും ഇടതുപക്ഷം നടത്തിയ ഇടപെടലുകളും. കഴിഞ്ഞ വര്‍ഷം ലോകത്തെ പിടിച്ചു കുലുക്കിയ സാമ്പത്തിക പ്രതിസന്ധിയുടെ കനത്ത ആഘാതത്തില്‍ നിന്ന് ഇന്ത്യക്ക് വലിയൊരളവുവരെ രക്ഷപ്പെടാനായത് ഇടതുപക്ഷം കാവല്‍ നിന്ന് സംരക്ഷിച്ചെടുത്ത പൊതുമേഖലയുടെ അടിസ്ഥാന ബലം കൊണ്ടാണെന്ന കാര്യവും വ്യാപകമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു സംവിധാനം തുടര്‍ന്നു പോകുന്നതില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ആഗോള കോര്‍പ്പറേറ്റ് മുതലാളിത്തവും എല്ലാ തരത്തിലും അസ്വസ്ഥരായിരുന്നു. ഈ അസ്വസ്ഥതയെ തുടര്‍ന്നാണ് തിടുക്കത്തിലുള്ള ആണവക്കരാര്‍ ഒപ്പിടലിലൂടെ ഇടതുപക്ഷത്തെ യു പി എ സൌഹൃദസംഘത്തില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള നടപടി അവര്‍ പ്രയോഗിച്ചതും വിജയം കണ്ടതും.

ഇതിന്റെ തുടര്‍ച്ചയാണ് ഇടതുപക്ഷത്തിന്റെ പിന്തുണ അല്ലെങ്കില്‍ നേതൃത്വം, അതുമല്ലെങ്കില്‍ പങ്കാളിത്തം തുടങ്ങിയ 'ശല്യ'ങ്ങളില്ലാത്ത ഒരു സമ്പൂര്‍ണ വലതുപക്ഷ സര്‍ക്കാര്‍ ഇന്ത്യയില്‍ സ്ഥാപിച്ചെടുക്കുക എന്ന അജണ്ടയിലേക്ക് സാമ്രാജ്യത്വം നീങ്ങുന്നതും അവരക്കാര്യത്തില്‍ വിജയം കണ്ടതും. ഈ അജണ്ടയുടെ ഫലമായാണ് ഇടതുപക്ഷത്തിന്റെ അംഗസംഖ്യ, 2004ല്‍ ലഭിച്ചതിന്റെ നേര്‍പകുതി സീറ്റിലേക്ക് പരിമിതപ്പെടുന്ന തരത്തില്‍ തെരഞ്ഞെടുപ്പജണ്ടയെ സങ്കീര്‍ണമായ തരത്തില്‍ കുഴച്ചു മറിച്ചത് എന്നതാണ് യാഥാര്‍ത്ഥ്യം.

സാമ്രാജ്യത്വത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ഇടപെടലുകളിലൂടെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ നടത്തിയ ബഹുമുഖ പരിശ്രമങ്ങള്‍ ഇന്ത്യയുടെ സ്വതന്ത്ര പരമാധികാരത്തിനും പാര്‍ലമെന്ററി ജനാധിപത്യത്തിനും വന്‍ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. കൊക്കക്കോളയും സിയോണിസ്റ്റ് ലോബികളും അമേരിക്കയില്‍ വെച്ച് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് കെട്ടിയിറക്കിയ ശശി തരൂരിനെപ്പോലുള്ള വരേണ്യ ബുദ്ധിജീവികള്‍ പുഷ്പം പോലെ വിജയിച്ചുകയറുന്നതും ഈ പ്രവണതയുടെ വിജയമാണെന്നു കാണാം. നൂറ്റാണ്ടുകളായി സാമ്രാജ്യത്വ വിരുദ്ധ നിലപാടെടുത്തിട്ടുള്ള മുസ്ളിം സമൂഹവുമായുള്ള ഇടതുപക്ഷത്തിന്റെ സൌഹൃദത്തെ വിസ്‌ഫോടനകരമാം വണ്ണം പ്രശ്‌നവത്ക്കരിക്കുകയും, അതു വഴി പൊതുബോധത്തെ മൃദു/തീവ്ര ഹിന്ദുത്വ കാഴ്ചപ്പാടാക്കി മാറ്റിയെടുക്കുകയും ആധുനിക കേരള സമൂഹത്തെ വര്‍ഗീയമായി വെട്ടിമുറിക്കുന്ന പ്രവണതക്ക് ആക്കം കൂട്ടുകയും ചെയ്തു. പത്തു വര്‍ഷം ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞിട്ടും ആരോപിക്കപ്പെട്ട ഒരു കുറ്റവും തെളിയാതെ പുറത്തു വന്ന മഅ്ദനിയെയും ഭാര്യ സൂഫിയയെയും ക്രൂരമായി വേട്ടയാടാന്‍ പത്രങ്ങളും ചാനലുകളും മത്സരിക്കുകയായിരുന്നു. സക്കറിയ വിശേഷിപ്പിച്ചതു പോലെ ഇത്തരക്കാര്‍ പത്ര പ്രവര്‍ത്തകരോ അതോ ആരാച്ചാരന്മാരോ എന്നുവരെ ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷമാണ് സംജാതമായത്.

പരമ്പരാഗതമായി ഇടതുപക്ഷത്തിന് വോട്ടു ചെയ്യുന്ന ഒരു വിഭാഗം ആളുകള്‍ ഇതിനെ തുടര്‍ന്ന് കൈപ്പത്തിക്ക് വോട്ടു ചെയ്തു എന്നാണ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വിദഗ്ദ്ധര്‍ പ്രഖ്യാപിക്കുന്നത്. ഇത് ശരിയാണോ അല്ലയോ എന്ന തര്‍ക്കത്തിലേക്കു പോകുന്നതിനു പകരം അക്കൂട്ടരുടെ 'വൈദഗ്ദ്ധ്യം' അംഗീകരിച്ചുകൊണ്ട് അങ്ങിനെ സംഭവിച്ചു എന്നു തന്നെ കരുതുക. അപ്പോള്‍ വിശദീകരിക്കപ്പെടേണ്ട പ്രധാനപ്പെട്ട ഒരു യാഥാര്‍ത്ഥ്യം തെളിഞ്ഞുവരുന്നതായി കാണാം. അത്, ഇത്തരത്തിലുള്ള പരമ്പരാഗത ഇടതുപക്ഷ വോട്ടര്‍മാര്‍ എല്ലാം ഹിന്ദു ബോധത്തിന് മാത്രം കീഴ്പ്പെട്ടവരാണ് എന്നാണോ ഇവര്‍ അര്‍ത്ഥമാക്കുന്നത്?. ഈ വിദഗ്ദ്ധരെ ഇക്കാര്യം കൂടി വിശദമായി വിലയിരുത്താതെ പോകാന്‍ അനുവദിച്ചു കൂടാ. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു തോല്‍വി എന്ന ഘടകത്തെ തങ്ങളുടെ ഹിന്ദുത്വാനുകൂല പൊതുബോധ നിര്‍മ്മിതിക്കുള്ള ആനുകൂല്യമാക്കി മാറ്റാനുള്ള ഒളിയജണ്ടയും ഇതിനു പിന്നിലുണ്ട് എന്നതാണ് വാസ്തവം.

ഇതോടു കൂട്ടി വായിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട വസ്തുത, ഇടതു തീവ്രവാദനാട്യക്കാരടക്കമുള്ളവരുടെ വാചാടോപങ്ങളാണ്. 2600 മുതല്‍ 25000 വരെ വോട്ട് പല മണ്ഡലങ്ങളില്‍ നിന്നായി നേടിയെടുത്ത് അപരന്മാരോടും (പഴയ കാലത്താണെങ്കില്‍ അസാധുവിനോടും) മത്സരിച്ച് കെട്ടി വെച്ച കാശ് പൊതു ഖജനാവിന് മുതല്‍ക്കൂട്ടാക്കുന്ന ഇക്കൂട്ടര്‍ പറയുന്നത്, തങ്ങള്‍ക്ക് ഇനിയും പതിനായിരങ്ങള്‍ വോട്ടായി ലഭിക്കുമായിരുന്നുവെന്നും അത് കൈപ്പത്തിക്ക് പോയി എന്നുമാണ്. യഥാര്‍ത്ഥത്തില്‍ സാധുക്കളായ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ച് വലതുപക്ഷത്തിന്റെ ദല്ലാള്‍ പണിയെടുക്കുന്ന ഒറ്റുകാരാണ് ഇവര്‍ എന്നതിന് ഇതില്‍ പരം എന്ത് തെളിവാണ് വേണ്ടത്?

ഇന്ത്യന്‍ ഇടതുപക്ഷത്തെ ചൂഴ്ന്നു നില്‍ക്കുന്ന പ്രത്യയശാസ്ത്രപരിസരത്തെ പലതരത്തില്‍ സങ്കീര്‍ണമാക്കി ആശയക്കുഴപ്പം വര്‍ദ്ധിപ്പിക്കുക എന്നതും പ്രത്യക്ഷത്തില്‍ ഇടതുപക്ഷമുഖം പ്രകടിപ്പിക്കുകയും സത്യത്തില്‍ സാമ്രാജ്യത്വാനുകൂലികളായിരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളും മാധ്യമങ്ങളും ചെയ്തുകൊണ്ടിരിക്കുന്നതിന്റെ കെണിയിലും സാധാരണക്കാര്‍ പെട്ടുപോകുന്നുണ്ട്. വികസനത്തിന്റെ പരിപ്രേക്ഷ്യം, മതനിരപേക്ഷ സമൂഹ രൂപവത്ക്കരണം എന്നിവയെ സംബന്ധിക്കുന്ന ഇടതുപക്ഷ നിലപാടുകളെ ഇത്തരത്തില്‍ വിസ്‌ഫോടനകരമാം വണ്ണം കുഴച്ചുമറിച്ചുകൊണ്ടാണ് ഇക്കൂട്ടര്‍ ജനങ്ങളുടെ ഇഛയെയും കാഴ്ചപ്പാടുകളെയും അട്ടിമറിക്കുന്നത്.

'ഞാന്‍ രൂപീകരിക്കാന്‍ പോകുന്ന ഗവണ്‍മെന്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തില്‍ പറഞ്ഞിട്ടുള്ള അടിയന്തരപരിപാടി നടപ്പില്‍ വരുത്തുന്ന ഒരു ഗവണ്മെന്റായിരിക്കും; അല്ലാതെ ഒരു കമ്യൂണിസ്റ്റ് സമുദായം കെട്ടിപ്പടുക്കുന്ന ഒരു ഗവണ്മെന്റായിരിക്കില്ല. ഞാന്‍ ശ്വസിക്കുന്നതുപോലും കമ്യൂണിസം സ്ഥാപിക്കുന്നതിലേക്കുള്ള ആദ്യത്തെ നടപടിയായിരിക്കും. എന്നാല്‍ ഈ ഗവണ്മെന്റ് അത്തരത്തിലുള്ള ഒരു സമുദായം സ്ഥാപിക്കാന്‍ ശ്രമിക്കുകയില്ല'

എന്നാണ് ഇ എം എസ് 1957 മാര്‍ച്ച് 30ന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറവെ അസന്നിഗ്ദ്ധമായി പ്രഖ്യാപിച്ചത്. തുടര്‍ന്നുള്ള ഇടതുപക്ഷ സര്‍ക്കാരുകളുടെയും നയം ഇതു തന്നെയായിരിക്കെ, അതിവിപ്ളവകാരികളുടെ വാചാടോപങ്ങള്‍ വലതുപക്ഷത്തെ പരോക്ഷമായി സഹായിക്കാനല്ലാതെ മറ്റെന്തിനാണുതകുക?

കാര്‍ഷികരംഗത്തെ അജണ്ടകള്‍ പൂര്‍ത്തീകരിച്ച ബംഗാളിലെ ഇടതു പക്ഷ സര്‍ക്കാര്‍ വ്യവസായവല്‍ക്കരണത്തെ സംബന്ധിച്ച ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിനുള്ള പിന്തുണ തേടിക്കൊണ്ടാണ് 2007ല്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ആ മുദ്രാവാക്യത്തിനുള്ള അംഗീകാരമെന്നോണം വമ്പിച്ച ഭൂരിപക്ഷമാണ് ബുദ്ധദേബ് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള മുന്നണിക്ക് ലഭിച്ചത്. അതനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോഴാണ്, ബി ജെ പി മുതല്‍ മുസ്ളിം മതമൌലികവാദികള്‍ വരെയും കോണ്‍ഗ്രസ് മുതല്‍ മാവോയിസ്റ്റുകള്‍ വരെയും മഹാശ്വേതാ ദേവിയും മേധാപട്ക്കറും വരെയും മമതയുടെ നേതൃത്വത്തില്‍ അണിനിരന്ന് സര്‍ക്കാരിനു മുമ്പില്‍ തടസ്സങ്ങള്‍ സൃഷ്ടിച്ചതും ഇടതു സര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരാണെന്ന് വരുത്തിത്തീര്‍ത്തതും. ഒരു കാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആസ്ഥാനമായിരുന്ന കൊല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവും അധികം വ്യവസായവത്ക്കരിക്കപ്പെട്ട നഗരമായിരുന്നു. മുപ്പതു വര്‍ഷം മുമ്പ് ഇടതുപക്ഷം ബംഗാളില്‍ അധികാരമേറ്റെടുത്തതോടെ, കടുത്ത പകപോക്കലും അവഗണനയുമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിച്ചത്. ഈ വികസനമുരടിപ്പിനെ മറികടക്കാനാണ്, സ്വകാര്യ കുത്തകകളടക്കമുള്ളവരുടെ സഹായത്തോടെ ബംഗാളിന്റെ വ്യവസായവത്ക്കരണം എന്ന അജണ്ട പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമങ്ങളാരംഭിച്ചത്. ഒരു ടണ്‍ മുളക്ക് ഒരു രൂപ മാത്രം വിലയിട്ട് ഇന്ത്യയിലെ ഏറ്റവും വലിയ കുത്തകകളിലൊന്നായ ബിര്‍ളയെ ക്ഷണിച്ചുകൊണ്ടുവന്ന് മാവൂരില്‍ ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി സ്ഥാപിക്കുന്നതിന് മുന്‍കൈയെടുത്ത 1957ലെ ഇ എം എസ് സര്‍ക്കാരിന്റെ നയം തന്നെയാണിവിടെയും സ്വീകരിച്ചതെന്ന് തുറന്ന മനസ്സോടെ കാര്യങ്ങള്‍ പരിശോധിച്ചാല്‍ ബോധ്യപ്പെടാവുന്നതേ ഉള്ളൂ. എന്നാലതിനു മിനക്കെടാതെ, കമ്യൂണിസ്റ്റ് പാര്‍ടിയുടെ സൈദ്ധാന്തികവും പ്രയോഗപരവുമായ പ്രത്യയശാസ്‌ത്രത്തെ തങ്ങള്‍ വ്യാഖ്യാനിക്കാം എന്ന വിരുദ്ധരുടെ വാഗ്ദാനത്തില്‍ പൊതുബോധം കീഴ്പ്പെടുന്ന കാഴ്‌ചയാണ് പല തവണയുമെന്നതു പോലെ ഇത്തവണയും നാം കണ്ടത്. പരിപ്പുവട/കട്ടന്‍ ചായ വിവാദത്തിന്റെ കാര്യത്തിലും ഇതേ കുഴപ്പത്തില്‍ പൊതുബോധത്തെ കൊണ്ട് കുടുക്കിയിടാന്‍ ഇടതുവിരുദ്ധരുടെ ഇടതു നാട്യങ്ങള്‍ക്കു സാധിച്ചിരുന്നു. ഇടതുപക്ഷത്തെ രക്ഷിക്കാനും ഇടതുപക്ഷത്തിന്റെ വിപ്ളവാത്മകത സുരക്ഷിതമാക്കി നിലനിര്‍ത്താനും വലതുപക്ഷം പരിശ്രമിക്കുന്ന വിചിത്രമായ കാഴ്‌ചയാണിതെന്ന് പലപ്പോഴും നാം മറന്നു പോയി.

മതനിരപേക്ഷത, ന്യൂനപക്ഷാവകാശങ്ങള്‍ നേടിയെടുക്കലും സംരക്ഷിക്കലും, ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ പ്രതിരോധിക്കല്‍, സവര്‍ണ ഹൈന്ദവ വാദികളുടെ ഫാസിസ്റ്റ് ജൈത്രയാത്രയെ നേര്‍ക്കു നേര്‍ നിന്ന് ചെറുത്തു തോല്‍പ്പിക്കല്‍ എന്നീ മേഖലകളിലും ഇടതുപക്ഷത്തെ സമാനമായ പ്രത്യയശാസ്‌ത്രക്കെണിയില്‍ കുടുക്കിയിടാനുള്ള നീക്കം തുടര്‍ച്ചയായി നടക്കുന്നതു കാണാം. ഹമീദ് ചേന്ദമംഗല്ലൂരും എം എന്‍ കാരശ്ശേരിയും മുതല്‍ രാജേശ്വരി/ജയശങ്കര്‍ വരെയുള്ള സവര്‍ണാനുകൂല 'മതനിരപേക്ഷ' നാട്യക്കാര്‍ ടിവിയിലും ആര്‍ എസ് എസ്സിന്റേതടക്കമുള്ള അച്ചടി മാധ്യമങ്ങളിലും നിരന്നിരുന്ന് ഇടതുപക്ഷത്തിന്റെ വര്‍ഗീയതയോടുള്ള സമീപനമെന്തായിരിക്കണം എന്ന് നിരന്തരമായി വ്യാഖ്യാനിക്കുന്നതും മറ്റും ഈ കെണിയെ കൂടുതല്‍ മുറുക്കുന്നതിന്റെ പ്രത്യക്ഷമാണ്. ഇന്ത്യയില്‍ ഏപ്പോഴും അധികാരത്തില്‍ വരാന്‍ സാധ്യതയുള്ളത് എന്ന നിലക്കും പൊതുബോധത്തിലേക്ക് മിക്കപ്പോഴും ഒളിച്ചുകടക്കാന്‍ പാകമായത് എന്ന നിലക്കും, ഏറ്റവും കൂടുതല്‍ അപകടമുള്ളത് ഭൂരിപക്ഷ വര്‍ഗീയതയാണെന്ന കൃത്യവും വ്യക്തവുമായ കാഴ്ചപ്പാടോടെ മുന്നോട്ടുപോകുന്ന ഇടതുപക്ഷത്തിന്റെ സ്വാഭാവിക സഖ്യ ശക്തികള്‍ എന്ന നിലക്ക് ന്യൂനപക്ഷ സമുദായങ്ങള്‍ സംഘടനകളിലൂടെയും അല്ലാതെയും അണിനിരന്നുകൊണ്ടിരിക്കുകയാണ്. ഈ അണി നിരക്കലിനെ ന്യൂനപക്ഷ പ്രീണനം, വോട്ടുബാങ്ക് രാഷ്‌ട്രീയം എന്നീ ഉമ്മാക്കികളാക്കി ചുരുക്കിക്കൊണ്ട് ഇടതുപക്ഷത്തെ വിരട്ടി നിര്‍ത്താം എന്ന അജണ്ടയാണ് ഇത്തരം കേവല യുക്തിവാദപരവും സാങ്കേതികമായി മാത്രം ശരിയെന്ന് തോന്നിപ്പിക്കുന്നതുമായ വാദങ്ങളിലൂടെ നിര്‍വഹിക്കപ്പെടുന്നത്.

പോപ്പുലര്‍ ഫ്രണ്ടു പോലുള്ള തീവ്രവാദി ഗ്രൂപ്പുകളുടെ പിന്തുണ ഒരു മടിയും കൂടാതെ സ്വീകരിക്കുന്ന വലതുപക്ഷമാണ്, പി ഡി പിയുടെ പിന്തുണ ഇടതുപക്ഷത്തിനായതാണ് ഏറ്റവും വലിയ കുഴപ്പം എന്ന നിലക്കുള്ള പ്രചാരണങ്ങള്‍ അഴിച്ചുവിട്ടത്. മുസ്ളിംലീഗും പി എഫ് ഐയും ഒ അബ്ദുള്ളയെപ്പോലുള്ള ചില നിരാശാവാദികളും ചേര്‍ന്ന് മുസ്ളിം ജനവിഭാഗത്തെ ഇടതുപക്ഷത്തിനെതിരാക്കുക എന്ന തന്ത്രവും ഈ തെരഞ്ഞെടുപ്പില്‍ പയറ്റിനോക്കി, ഒരു പരിധി വരെ വിജയം കാണുകയും ചെയ്തു. ബംഗാളിനെ സംബന്ധിച്ച സച്ചാര്‍ കമ്മീഷന്റെ ചില കണ്ടെത്തലുകളെ ഊതി വീര്‍പ്പിച്ച്, അതിനെ നന്ദിഗ്രാം/സിംഗൂരുമായി കൂട്ടിക്കെട്ടി, ബംഗാളിലുള്ളത് ഗുജറാത്തിലെ മോഡി സര്‍ക്കാരിന് തുല്യമായ ഭരണകൂടമാണെന്നു വരെ ഇക്കൂട്ടര്‍ വാദിച്ചു കളഞ്ഞു. നാടുനീളെ ഈ വാദമുയര്‍ത്തിയ ഫ്ളെക്സുകളും ഉയര്‍ത്തി വെച്ചിരുന്നു.

ഇതുകൊണ്ട് എന്താണ് ഫലത്തില്‍ സംഭവിക്കുന്നത്? ബുദ്ധദേബിനോട് സമാനനാക്കുക വഴി നരേന്ദ്രമോഡിയെ രക്ഷിച്ചെടുക്കുകയാണിക്കൂട്ടര്‍ ചെയ്യുന്നത്. ഇന്ത്യയിലെ കോടതികളോ ദേശീയ മാധ്യമങ്ങളോ മതനിരപേക്ഷ-പുരോഗമന-ജനാധിപത്യ സമൂഹമോ മാപ്പു കൊടുക്കാത്ത കൊടും കുറ്റവാളിയായ നരേന്ദ്രമോഡിയെ രക്ഷിച്ചെടുക്കാന്‍ ബെസ്റ്റ് ബേക്കറി കേസില്‍ സഹീറാ ഷെയ്ക്കെന്നതു പോലെ ഇക്കൂട്ടരും കൈക്കൂലി മേടിച്ചിട്ടുണ്ടെന്നു കരുതുന്നവരെ കുറ്റപ്പെടുത്താനാവുമോ? ഇത്തരത്തില്‍ ബംഗാളിലെ ഇടതുപക്ഷ സര്‍ക്കാര്‍ മുസ്ളിം വിരുദ്ധമാണെന്ന തെറ്റും തെറ്റിദ്ധാരണാജനകവുമായ വാദം ഉയര്‍ത്തിയതിനു ശേഷം, കേരളത്തെ ബംഗാളാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി, മുസ്ളിംലീഗിനെ തോല്‍പ്പിക്കാന്‍ വിവിധ സമുദായഗ്രൂപ്പുകളെ കൂട്ടു പിടിച്ചിരിക്കുന്നതെന്ന ദുരുപദിഷ്ടമായ ആരോപണവും ഇവര്‍ ഉയര്‍ത്തി. എന്നാലെന്താണ് വാസ്തവം? സ്വന്തം അനുഭവങ്ങളുടെ പശ്ചാത്തലത്തിലും രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തിയും സമുദായ താല്‍പര്യത്തിന് ഹിതകരമെന്ന് കണ്ടെത്തിയും ഇടതുപക്ഷത്തെ സ്വമേധയാ പിന്തുണക്കാന്‍ തീരുമാനിച്ച നിരവധി സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ തുറന്ന മനസ്സോടെ പ്രോത്സാഹിപ്പിക്കുക മാത്രമേ ഇടതുപക്ഷം ചെയ്തുള്ളൂ. ഇതെല്ലാ കാലത്തും തുടര്‍ന്നു വന്നിരുന്ന ഒരു നയമാണെന്നും കാണാം.

നെഹ്റു ചത്ത കുതിരയെന്നു വിശേഷിപ്പിച്ച മുസ്ളിം ലീഗിന്റെ സമുന്നതനായ നേതാവ് സി എച്ച് സാഹിബിനെ തൊപ്പി ഊരിപ്പിച്ചാണ് സ്പീക്കര്‍ പദവി കൊടുത്ത് കേരളത്തിലെ കോണ്‍ഗ്രസ് ആദ്യം മടിച്ചു മടിച്ച് കൂടെ കൂട്ടിയത്. എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയാകട്ടെ മാന്യമായ പരിഗണനയോടെയാണ് 1967ല്‍ ആദ്യമായി മുന്നണി ബന്ധമുണ്ടാക്കിയപ്പോള്‍ ലീഗിനെ പൊതുധാരയിലേക്ക് ആനയിച്ചത്. പിന്നീട് ലീഗിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അന്ന് കമ്യൂണിസ്റുകാര്‍ അത്തരത്തില്‍ മാന്യമായ സ്ഥാനം ലീഗിന് കൊടുത്തിട്ടില്ലായിരുന്നുവെങ്കില്‍ ഇപ്പോഴും അവരുടെ സ്ഥാനം പടിക്കു പുറത്താവുമായിരുന്നു. ഇപ്പോള്‍ പി ഡി പിയെ പടിക്കു പുറത്തോ അല്ലെങ്കില്‍ സ്റ്റേജിന്റെ അടിയിലോ അതുമല്ലെങ്കില്‍ നടുറോട്ടിലോ നിര്‍ത്തി അവരുടെ പിന്തുണ സ്വീകരിച്ചാല്‍ പോരായിരുന്നോ എന്തിന് വലിച്ച് വേദിയില്‍ കയറ്റി എന്നു സംശയിക്കുന്നവരുടെ ഹിന്ദു വര്‍ഗീയാഭിമുഖ്യം രൂക്ഷമായി തുറന്നു കാട്ടപ്പെടേണ്ടതുണ്ട്.

ഒരു ഭാഗത്ത് ഇടതുപക്ഷം ന്യൂനപക്ഷപ്രീണനം നടത്തുകയും അവര്‍ ന്യൂനപക്ഷത്തിന്റെ തടവറയിലാണെന്നും കള്ളപ്രചാരണം നടത്തി പൊതുബോധത്തിലെ മൃദുഹിന്ദുത്വ ഘടകങ്ങളെ ഊതിവീര്‍പ്പിക്കുകയും, മറുവശത്ത് ഇടതുപക്ഷം ന്യൂനപക്ഷവിരുദ്ധമാണെന്ന കള്ളപ്രചാരവേല നടത്തി മുസ്ളിങ്ങളെ അകറ്റുകയുമാണ് കമ്യൂണിസ്റ്റ് വിരുദ്ധ മഹാസഖ്യക്കാര്‍ നടത്തിയത് എന്നതാണ് യാഥാര്‍ത്ഥ്യം. കൃസ്ത്യന്‍ ജനവിഭാഗങ്ങളുടെ കാര്യത്തിലും സമാനമായ രീതിയവലംബിക്കുകയാണവര്‍ ചെയ്തത്. സാമ്രാജ്യത്വത്തിന്റെ പിണിയാളുകളായി നിന്നുകൊണ്ട് അതാതു കാലത്ത് രൂപീകരിക്കപ്പെടുകയും ഐക്യപ്പെടുകയും ചെയ്യുന്ന ഒറ്റുകാരുടെ മഹാസഖ്യം, ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ തകര്‍ക്കപ്പെടുന്നത് ഇന്ത്യാ മഹാരാജ്യത്തിന്റെ സ്വതന്ത്ര പരമാധികാരവും ഉള്ളുറപ്പുള്ള ആഭ്യന്തര/വിദേശ നയങ്ങളും നമ്മുടെ മഹത്തായ ജനാധിപത്യ-മതനിരപേക്ഷ സംസ്ക്കാരവുമാണ് എന്ന കാര്യം തിരിച്ചറിയാതെ പോകുന്നത് ആത്മഹത്യാപരമായിരിക്കും.

*
ജി. പി. രാമചന്ദ്രന്‍

Wednesday, May 27, 2009

മന്ത്രി സുധാകരന്‍ ഫയല്‍മാന്‍മാരോട് പറയുന്നത്

ദുഷ്പ്രവണതകളോട് ഒരിക്കലും രാജിയാവാനാവില്ല ഈ മനുഷ്യന്. അഴിമതിയായാലും അരാഷ്‌ട്രീയതയായാലും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമായാലും മന്ത്രി ജി സുധാകരന്‍ കണ്ണടച്ച് പ്രതികരിക്കും. 'തൂമ്പയെ തൂമ്പയെന്ന് വിളിക്കുക' എന്ന ഇംഗ്ളീഷ് പ്രയോഗം അന്വര്‍ഥമാകുംവിധമുള്ള അദ്ദേഹത്തിന്റെ പ്രയോഗങ്ങള്‍ വലതുപക്ഷ-പ്രതിലോമ ആശയങ്ങള്‍ക്ക് സാംസ്‌ക്കാരിക മേല്‍ക്കോയ്‌മയുള്ള കേരളത്തിന്റെ പൊതുമനസ്സിനെ സദാ തൊട്ടുണര്‍ത്തുകയാണ്.

ദുഷിച്ച കാലത്ത് ഇങ്ങനെയൊക്കെ പ്രതികരിക്കാതിരിക്കുന്നതെങ്ങനെയെന്ന് നിരന്തരം ചോദിക്കുന്ന അദ്ദേഹത്തിന് അതിനു നല്‍കേണ്ടി വരുന്ന വില കുറച്ചൊന്നുമല്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുതല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് വരെയുള്ള രാഷ്‌ട്രീയക്കാരുടെയും കപടബുദ്ധിജീവികളുടെയും കൂവിയാര്‍ക്കലുകള്‍. വ്യക്തിപരമായ കടന്നാക്രമണങ്ങള്‍. വലതുപക്ഷ-കോര്‍പറേറ്റ് മാധ്യമങ്ങളുടെ ഔദ്ധത്യത്തോടെയുള്ള വ്യക്തിഹത്യ. കൂടുതല്‍ കൂടുതല്‍ ആക്രമിക്കപ്പെടുമ്പോഴും വര്‍ധിതവീര്യത്തോടെ പ്രത്യാക്രമണം നടത്തുന്ന ഇച്ഛാശക്തിയാണ് ഈ കമ്യൂണിസ്റ്റുകാരന്റെ കൈമുതല്‍. കരിങ്കല്ലില്‍ കടിച്ച് പല്ലുകളയേണ്ടെന്നാണ് ഇവര്‍ക്കു നല്‍കുന്ന മുന്നറിയിപ്പ്. പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുമ്പോള്‍, "പറയുന്നതില്‍ തെറ്റില്ല, എങ്കിലും ഒരു മന്ത്രി ഇങ്ങനെയൊക്കെ പറയാമോ?'' എന്നും മറ്റുമുള്ള അലസവും അരാഷ്‌ട്രീയവുമായ ചോദ്യങ്ങളെ ഈ മന്ത്രി പുഛിച്ചു തള്ളും. ജനങ്ങള്‍ക്കു ലഭിക്കേണ്ട ഏത് ആനുകൂല്യവും അവകാശവും തടയാന്‍ പഴുതു കണ്ടെത്തുകയെന്ന ബ്യൂറോക്രസിയിലെ അലിഖിതനിയമം തച്ചുടയ്ക്കുകയാണ് ദൌത്യമെന്ന് അദ്ദേഹം ഉറക്കെപ്പറയും. സഹകരണവകുപ്പിനെ വളര്‍ച്ചയുടെ ഉയരങ്ങളിലേക്ക് നയിക്കുന്ന, ദേവസ്വം വകുപ്പ് എന്ന ഈജിയന്‍ തൊഴുത്ത് വെടിപ്പാക്കുന്നത് ചരിത്രദൌത്യമായി ഏറ്റെടുത്ത ജി സുധാകരന്‍, ഇത്തരം വിമര്‍ശനങ്ങളില്‍ കുലുങ്ങിപ്പോയാല്‍ താന്‍ കമ്യൂണിസ്റ്റ് അല്ലാതെയാവുമെന്ന് വിശ്വസിക്കുന്നു. എസ്എഫ്ഐ നേതാവായിരുന്ന കാലം മുതല്‍ ആര്‍ജിച്ച സമരാനുഭവങ്ങളാണ് ഈ നല്ലവനായ 'ധിക്കാരിയുടെ കാതല്‍.'

വികസനത്തിന്റെ വഴിമുടക്കുന്ന ചുവപ്പുനാടയുടെ കുരുക്കഴിക്കണമെന്നും സര്‍ക്കാരിന്റെ നയങ്ങള്‍ അട്ടിമറിക്കുന്ന ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന് മൂക്കുകയറിടണമെന്നുമുള്ള മന്ത്രിയുടെ സദുദ്ദേശ്യപരമായ പ്രതികരണം കൊള്ളേണ്ടിടത്തുകൊണ്ടുവെന്നതിന് ദിവസങ്ങള്‍ക്കുമുമ്പ് സെക്രട്ടറിയേറ്റിലെ സംഭവങ്ങള്‍ തെളിവ്. വാങ്ങുന്ന ശമ്പളത്തിന് പണിയെടുക്കാതിരിക്കുകയും ജനങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന ഒരു വിഭാഗത്തിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് അനുകൂല സംഘടനയില്‍പ്പെട്ടവര്‍ മന്ത്രിയുടെ ഓഫീസ് കൈയേറിയത് വാര്‍ത്താപ്രാധാന്യം നേടി. മനുഷ്യത്വമില്ലാത്ത ബ്യൂറോക്രസിയെയും സിവില്‍ സര്‍വീസിനെയും തിരുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പരിശ്രമങ്ങളുടെ ഒരുഘട്ടമാണ് ഈ സംഭവം. ഇതേക്കുറിച്ച് മന്ത്രി സംസാരിക്കുന്നു:

സെക്രട്ടറിയേറ്റിലെ ജീവനക്കാര്‍ക്കെതിരെ നടത്തിയ പരമാര്‍ശങ്ങളും അതേത്തുടര്‍ന്ന് ചില ജീവനക്കാര്‍ ഓഫീസ് കൈയേറിയതും വാര്‍ത്തയില്‍ ഇടംനേടിയിരിക്കയാണ്. ഇത്തരം പ്രസ്താവനകള്‍ നടത്താനിടയായ സാഹചര്യം എന്തായിരുന്നു?

ജീവനക്കാരെ മൊത്തത്തില്‍ ഞാനൊന്നും പറഞ്ഞിട്ടില്ല. ഇത് വലതുപക്ഷ മാധ്യമങ്ങള്‍ പൊതുവെ സ്വീകരിക്കുന്ന ഒരു തന്ത്രമാണ്. എൿസപ്‌ഷൻ പറഞ്ഞാല്‍ അത് ജനറലായി പറഞ്ഞതാണെന്ന് വരുത്തും. ഇടതുപക്ഷ-കമ്യൂണിസ്റ്റ് നേതാക്കള്‍ക്കെതിരെ, പ്രത്യേകിച്ച് സിപിഐ എം നേതാക്കള്‍ക്കെതിരെ, അവര്‍ കളിക്കുന്ന കളിയാണത്. എനിക്കെതിരെ ഈ കളി അല്‍പ്പം കൂടിയ തരത്തിലും. നമ്മളെന്താണോ പറയുന്നത് അതിന്റെ സന്ദേശം ഭാഗികമായി മാത്രമേ മാധ്യമങ്ങള്‍ വഴി താഴേക്ക് പോകുന്നുള്ളൂ. മാത്രവുമല്ല, തെറ്റായ മെസേജ് ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വലതുപക്ഷ പത്രങ്ങളിലെ എല്ലാ ലേഖകരുമല്ല, വലതുപക്ഷ രാഷ്‌ട്രീയമുള്ള നല്ലൊരു വിഭാഗം ലേഖകരാണ് എല്ലാം വളച്ചൊടിക്കുന്നത്. ഇക്കാര്യത്തിലും അതാണ്. എല്ലാ ജീവനക്കാരെയും അങ്ങനെ പറയാന്‍ പറ്റില്ല. എന്റെ ഓഫീസിലും വകുപ്പിലും തന്നെ എത്രയോ നല്ല ജീവനക്കാരുണ്ട്. ഞാനത് ഇടക്കിടെ പറഞ്ഞിട്ടുണ്ട്. നല്ല ഐഎഎസ്സുകാരുടെ ലിസ്റ്റ് ഞാന്‍ കൊടുത്തിട്ടുണ്ട്. ഗണ്യമായൊരു വിഭാഗം, ടോപ് ടു ബോട്ടം, താഴെ അറ്റത്ത് ക്ളാസ് ഫോര്‍ ജീവനക്കാര്‍ മുതല്‍ മുകളറ്റത്ത് ഗവണ്‍മെന്റ് സെക്രട്ടറി വരെയുള്ള നല്ലൊരു വിഭാഗം ജോലി ചെയ്യാത്തവരാണ്. ഒന്ന്: ഓഫീസില്‍ വരാതിരിക്കുക, രണ്ട്: വന്നാലും ജോലി ചെയ്യാതിരിക്കുക, മൂന്ന്: തെറ്റായ തരത്തില്‍ ഫയല്‍ കൈകാര്യം ചെയ്യുക, നാല്: ഗുണഭോക്താവിന് ഗുണമുണ്ടാവാതിരിക്കാന്‍ ഫയലുകളില്‍ കാലതാമസമുണ്ടാക്കുക. തരംപോലെ ആഴ്‌ചകളോ മാസങ്ങളോ വര്‍ഷങ്ങളോ ചിലപ്പോള്‍ പതിറ്റാണ്ടുകളോ നീട്ടും. മുപ്പതും നാല്‍പ്പതും വര്‍ഷം പഴക്കമുള്ള ഫയലുകളുണ്ട് സെക്രട്ടറിയേറ്റില്‍. അതൊക്കെ തീര്‍പ്പാവുമ്പോഴേക്കും അപേക്ഷകന്‍ മരിച്ചിട്ടുണ്ടാവും.

ഇതൊക്കെ തുറന്നു കാണിക്കാതെയും ആശയപരമായി ആക്രമിക്കാതെയും എതിര്‍ക്കാതെയും ഒരു ഇടതുപക്ഷ കമ്യൂണിസ്റ്റ് ഭരണാധകാരിക്ക്-അത് മന്ത്രിയാവട്ടെ പഞ്ചായത്ത് മെമ്പറാവട്ടെ, ജനങ്ങളോടും പ്രസ്ഥാനത്തോടും നീതികാട്ടാനാവില്ല. എല്ലാവരും അങ്ങനെ ചെയ്യുന്നുണ്ടാവും. കമ്യൂണിസ്റ്റുകാര്‍ക്ക് ഇതൊന്നും പറയാതിരിക്കാനാവില്ല. എല്ലാവരും ചെയ്യുന്നത് പറയാറില്ല. ഞാന്‍ കുറച്ച് പറയുന്നുവെന്നത് യാഥാര്‍ഥ്യം. ഈ പറച്ചില്‍ നിര്‍ത്തുന്നതിന് എനിക്ക് പ്രയാസമൊന്നും ഉണ്ടായിട്ടല്ല. പക്ഷേ, എന്തിന് നിര്‍ത്തണമെന്ന് ജനങ്ങള്‍ ചോദിക്കുന്നു. ജനങ്ങളോട് പറയേണ്ടേ. ബ്യൂറോക്രസിയുടെ സ്വഭാവദൂഷ്യം ജനങ്ങളോടല്ലാതെ പിന്നെ ആരോടാണ് പറയുക. അങ്ങനെ പറഞ്ഞില്ലെങ്കില്‍ ബ്യൂറോക്രസിയെ നമ്മള്‍ സംരക്ഷിക്കുകയാണെന്ന തോന്നലുണ്ടാവും. പ്രത്യയശാസ്‌ത്രപരമായും പ്രായോഗിക രാഷ്‌ട്രീയം അടിസ്ഥാനമാക്കിയും മാത്രമാണ് ഞാന്‍ പ്രതികരിക്കുന്നത്. വിമര്‍ശിക്കപ്പെടുന്നവരുടെ എതിര്‍പ്പുണ്ടാവുമെന്നതുകൊണ്ടുതന്നെ ഇതില്‍ എനിക്ക് യാതൊരു സന്തോഷവുമില്ല. പിന്നെ ഇത്തരക്കാരെ സംരക്ഷിക്കുന്ന യാഥാസ്ഥിതിക വലതുപക്ഷക്കാരും എതിര്‍ക്കും. സഖാവ് സുധാകരന്‍ എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് കരുതുന്ന അപൂര്‍വം ചില ഇടതുപക്ഷക്കാരുമുണ്ട്. അത് കാര്യം മനസ്സിലാക്കാതെയുള്ള തെറ്റിദ്ധാരണ മാത്രം. കാര്യം പറഞ്ഞു മനസ്സിലാക്കിക്കുക തന്നെ വേണം. ഇങ്ങനെയൊക്കെ പറയാതിരിക്കുന്നതാണ് വ്യക്തിപരമായ സുഖം. പക്ഷേ വ്യക്തിപരമായ സുഖത്തിന്റെ പ്രശ്‌നമില്ല.

സെക്രട്ടറിയേറ്റിലെ ആലസ്യത്തെക്കുറിച്ച് മുമ്പും പല ഭരണാധികാരികളും പറഞ്ഞിട്ടുണ്ട്

ഇക്കാര്യം ഏറ്റവും കൂടുതല്‍ പറഞ്ഞത് സഖാവ് ഇഎംഎസ്സാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ഭാഷയിലാണ് പറഞ്ഞതെന്ന് മാത്രം. സെക്രട്ടറിയേറ്റില്‍ ബോംബിടണമെന്നാണ് നായനാര്‍ പറഞ്ഞത്. ആലപ്പുഴയില്‍ പൊതുയോഗങ്ങളില്‍ നായനാര്‍ ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞതിനര്‍ഥം സെക്രട്ടറിയേറ്റ് ബോംബിട്ട് തകര്‍ക്കണമെന്നല്ലല്ലോ. സെക്രട്ടറിയേറ്റ് ഇടിച്ചുനിരത്തണമെന്ന് ഞാന്‍ പറഞ്ഞതിന്റെ അര്‍ഥം പുനഃസംഘടിപ്പിച്ച് പൂര്‍ണമായും ഉടച്ചുവാര്‍ക്കണമെന്നാണ്. ഇടതുപക്ഷത്തിന്റെ നയങ്ങളെ അട്ടിമറിക്കുന്നവരുമുണ്ട്. ഉദ്യോഗസ്ഥ ആലസ്യത്തിന്റെ മറവില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നയങ്ങള്‍ അട്ടിമറിക്കാന്‍ ഫയല്‍ താമസിപ്പിക്കുന്നവരുണ്ട്.

വൈവിധ്യമാര്‍ന്ന ഭരണ-രാഷ്‌ട്രീയ പ്രശ്‌നങ്ങളും ഉദ്യോഗസ്ഥസംവിധാനത്തിന്റെ പ്രവര്‍ത്തനപരമായ പ്രശ്‌നങ്ങളും ഉള്‍ക്കൊള്ളുന്ന വിഷയമാണിത്. ആത്യന്തികമായി ജനങ്ങളോട് നീതി ചെയ്യുന്നതിനും സാമൂഹ്യനീതി ഉറപ്പാക്കുന്നതിനും ഭരണഘടനാപരമായ സേവനം ഉറപ്പാക്കുന്നതിനും ബ്യൂറോക്രസിയെ സമ്പൂര്‍ണമായി മാറ്റിത്തീര്‍ക്കേണ്ടതുണ്ട്.

ബൂര്‍ഷ്വാസംവിധാനത്തിന് ഇങ്ങനെയൊരു ഭരണസംവിധാനമാണ് വേണ്ടത്. കാര്യങ്ങള്‍ വേഗത്തില്‍ നടക്കാത്തതും വാഗ്ദാനങ്ങള്‍ കൊടുത്തിട്ട് അത് പാലിക്കാത്തതുമായ സംവിധാനമാണ് ബൂര്‍ഷ്വാസിക്ക് പാര്‍ലമെന്ററി ജനാധിപത്യത്തില്‍ വേണ്ടത്. ജനങ്ങളെ കബളിപ്പിച്ച് വോട്ടുവാങ്ങാന്‍ അവര്‍ പല കാര്യവും പറയും. അതൊന്നും നടപ്പാക്കാനല്ല. അത് പരസ്യമായി പറയാന്‍ പറ്റാത്തതുകൊണ്ട് ഈ ഭരണസംവിധാനമുപയോഗിച്ച് ചരിത്രപരമായി ചെയ്‌തുകൊണ്ടിരിക്കുന്നു. കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലെത്തുമ്പോള്‍ ഇതേ സംവിധാനത്തില്‍ ബൂര്‍ഷ്വാഭരണകൂടം ചെയ്‌തതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് കാണിക്കലാണ് കമ്യൂണിസ്റ്റുകാരുടെ ജോലി. അതാണ് ഇഎംഎസ് ബൂര്‍ഷ്വാപാര്‍ലമെന്ററി ജനാധിപത്യത്തെക്കുറിച്ച് പറഞ്ഞത്. 57-ലെയും 67-ലെയും 80-ലെയും 87-ലെയും 96-ലെയും സര്‍ക്കാരുകള്‍ ചെയ്‌തതും ഈ സര്‍ക്കാരും ബംഗാളിലെയും ത്രിപുരയിലെയുംസര്‍ക്കാരുകളും ചെയ്‌തുകൊണ്ടിരിക്കുന്നതും അതുതന്നെയാണ്. ഭരണഘടനക്കകത്തുനിന്നുകൊണ്ട് ഈ സര്‍ക്കാരുകള്‍ ചെയ്‌തതൊക്കെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കും ചെയ്യാമായിരുന്നു. ഇന്ത്യയിലെ ബൂര്‍ഷ്വാജനാധിപത്യ ഭരണഘടനക്ക് എതിരായി കമ്യൂണിസ്റ്റുകാര്‍ക്ക് ഒന്നും ചെയ്യാനാവില്ല. നമ്മള്‍ ചെയ്യുന്നതെല്ലാം ഭരണഘടനാപരമായി എന്നും ചെയ്യാന്‍ കഴിയുന്നതായിരുന്നു. അത് കോണ്‍ഗ്രസും ബിജെപിയും ചെയ്യില്ല. നമുക്ക് ചെയ്യാന്‍ കഴിയുമെന്നാണ് ഇഎംഎസ് പറഞ്ഞത്.

ഉദാഹരണത്തിന് ഓണം, ക്രിസ്‌മസ്, റംസാന്‍, വിഷു തുടങ്ങിയ പുണ്യദിനങ്ങളിലെല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ സഹകരണമേഖലയില്‍ നിത്യോപയോഗ സാധനങ്ങള്‍ വിലകുറച്ച് വില്‍ക്കുന്ന മുപ്പതിനായിരത്തോളം കേന്ദ്രങ്ങള്‍ നടത്തി. അരിക്ക് പൊതുവിപണിയില്‍ ഇരുപത്തിരണ്ട് രൂപയുള്ളപ്പോള്‍ പതിനാലു രൂപക്ക് നല്‍കാന്‍ കഴിഞ്ഞു. മറ്റ് മുപ്പത്തിരണ്ട് നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയ്ക്ക് നല്‍കി. ഇതേ സഹകരണസംഘങ്ങളും സഹകരണവകുപ്പും സര്‍ക്കാരും മന്ത്രിയും സെക്രട്ടറിയുമൊക്കെയുണ്ടായിട്ടും എന്തുകൊണ്ട് യുഡിഎഫ് ഇതൊന്നും ചെയ്‌തില്ല. അതേ സംവിധാനത്തിലാണ് എല്‍ഡിഎഫ് പ്രവര്‍ത്തിക്കുന്നത്. ഇത് എല്ലാക്കാലവും നടത്താം. ഖജനാവില്‍നിന്ന് ഇരുനൂറു കോടിയെങ്കിലും കിട്ടിയാല്‍ സ്ഥിരമായി പതിനായിരം ഔട്ട്‌ലെറ്റുകള്‍ വഴി ഇങ്ങനെ വിലകുറച്ച് സാധനങ്ങള്‍ വിറ്റ് വിലക്കയറ്റം പിടിച്ചു നിര്‍ത്താനാവും.

നിഷ്‌ക്രിയത്വത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ മന്ത്രിയുടെ ഓഫീസ് ചിലര്‍ കൈയേറ്റം ചെയ്യുന്നതിലേക്ക് നയിച്ച സാഹചര്യമെന്താണ്?

സെക്രട്ടറിയേറ്റില്‍ ഫയല്‍ മുക്കുന്നവര്‍, അഴിമതി കാട്ടുന്നവര്‍, ജോലി ചെയ്യാത്തവര്‍, തന്നിഷ്ടപ്രകാരം ഇറങ്ങിയും കയറിയും നടക്കുന്നവര്‍, ജോലിസമയത്ത് വീട്ടില്‍പോകുന്നവര്‍ ഇങ്ങനെയുള്ളവരുടെ അരിശമാണ് ഈ വിഭാഗം മുതലെടുത്തത്. ഇതിന് രാഷ്‌ട്രീയമുന നല്‍കിയത് യുഡിഎഫ് ആണ്. യുഡിഎഫുമായി ബന്ധമുള്ള രണ്ട് ഉദ്യോഗസ്ഥരാണ് ഒരു മാസത്തിനുള്ളില്‍ നടപടിക്ക് വിധേയരായവര്‍. സെക്രട്ടറിയേറ്റില്‍ സഹകരണസെക്രട്ടറിക്ക് കീഴിലുള്ള ഒരു അണ്ടര്‍ സെക്രട്ടറിയും ഒരു അഡീഷണല്‍ സെക്രട്ടറിയും. രണ്ടു മൂന്നു ഫയലുകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരായി എഴുതുകയും കാലതാമസം വരുത്തുകയും ചെയ്‌തു. നാഷണല്‍ കോ -ഓപ്പറേറ്റീവ് ഡവലപ്‌മെന്റ് കൌണ്‍സിലില്‍നിന്ന് അമ്പത്തിനാല് കോടി രൂപ സര്‍ക്കാര്‍ വഴി റബ്‌കോയുടെ പ്രൊജക്ടിന് അനുവദിച്ചു കൊടുത്തിരുന്നു. റബ്‌കോക്ക് പ്രവര്‍ത്തന മൂലധനം നല്‍കാനുള്ള ഈ തുകയ്ക്കായുള്ള ഫയല്‍ സെക്രട്ടറിയേറ്റില്‍ നിന്ന് ആറു മാസം വൈകിച്ചു. ആദ്യം ഫൈനാന്‍സിലിട്ട് വൈകിച്ചു. റബ്‌കോക്ക് പ്രധാന പ്രശ്‌നം വര്‍ക്കിങ് കാപ്പിറ്റല്‍ ഇല്ലാത്തതാണ്. സാധനങ്ങള്‍ ഉണ്ടാക്കിയാല്‍ അപ്പോള്‍ തീരുന്ന സ്ഥിതിയാണ്. ആവശ്യക്കാര്‍ക്ക് സാധനം നല്‍കാന്‍ കൂടുതല്‍ പ്രവര്‍ത്തനമൂലധനമില്ലാത്ത സ്ഥിതിയാണ്. ആറുമാസം കഴിഞ്ഞിട്ടും ഒന്നും ചെയ്‌തില്ല. എന്താണ് ചെയ്യാത്തതെന്ന് ചോദിച്ചപ്പോള്‍ 54 കോടിക്ക് ഇതിനാവശ്യമായ ജാമ്യമില്ലെന്നായിരുന്നു മറുപടി. നിലവിലുള്ള സ്ഥാപനമായതുകൊണ്ട് ഇതിന് ജാമ്യം ആവശ്യമില്ല. സര്‍ക്കാര്‍ തന്നെയാണ് ജാമ്യം നില്‍ക്കുക. അവസാനം ധനവകുപ്പില്‍നിന്ന് പാസാക്കി. ഫൈനാന്‍സ് ആരോടും തടസ്സം പറയും. അത് ധനവകുപ്പിന്റെ സ്വഭാവമാണ്. തോമസ് ഐസക് ആയാലും വേറെയാളായാലും അത് സ്വാഭാവികമാണ്. ഐസക്കിനോട് പറയുമ്പോള്‍ അദ്ദേഹം ആ കുരുക്കഴിച്ചു തരും. ഐസക് ധനമന്ത്രിയായതിന്റെ ഒരു ഗുണം ധനവകുപ്പിന്റെ പരമ്പരാഗതമായ തടസ്സങ്ങള്‍ക്ക് അദ്ദേഹം ഒരു പരിധി വരെ തടയിടും എന്നതാണ്. അങ്ങനെ ഐസക് സഹായിച്ചാണ് അത് ക്ളിയര്‍ ചെയ്‌തു കിട്ടിയത്. എന്നിട്ട് സഹകരണ വകുപ്പിലെത്തിയപ്പോള്‍ വീണ്ടും തടസ്സം. ജാമ്യമില്ലെന്നായിരുന്നു വീണ്ടും എഴുതിയത്. ധനവകുപ്പ് നല്‍കിയ അംഗീകാരം വേണ്ടെന്ന് പറയുകയല്ലല്ലോ സഹകരണവകുപ്പിന്റെ പണി.

ഇതിനു പിന്നാലെ റബ്‌കോക്ക് എതിരായി പത്രവാര്‍ത്ത വന്നു. ഈ ഫയല്‍ ഉദ്ധരിച്ചായിരുന്നു വാര്‍ത്ത. അതും യുഡിഎഫ് സംഘടനാംഗമായ അണ്ടര്‍ സെക്രട്ടറിയാണ് ചെയ്‌തത്. ഇവരെയൊന്നും എനിക്കറിയില്ല. ഏത് യൂണിയനെന്ന് ഞാന്‍ നോക്കാറില്ല. യൂണിയന്‍ അടിസ്ഥാനത്തിലല്ല വിമര്‍ശിക്കുന്നതും. അവസാനം കോണ്‍ഗ്രസ് യൂണിയന്‍കാര്‍ പൊളിറ്റിക്കല്‍ ഫൈറ്റിന് വന്നപ്പോഴാണ് ഞാനീക്കാര്യം തുറന്നു പറഞ്ഞത്. ഇടതുപക്ഷ യൂണിയനില്‍പ്പെട്ട മുഴുവന്‍ ആളുകളും കൃത്യമായി ജോലി ചെയ്യുന്നവരാണെന്നും ഞാന്‍ പറയില്ല. ഇടതുപക്ഷ നേതാക്കളുടെ നിലപാട് ശരിയാണ്. പ്രശ്‌നം രൂക്ഷമായപ്പോള്‍ രജിസ്‌ട്രാറെയും ഗവണ്‍മെന്റ് സെക്രട്ടറിയെയും, ബന്ധപ്പെട്ട അഡീഷണല്‍ സെക്രട്ടറിയേയും വിളിച്ചു. റജിസ്‌ട്രാര്‍ മുന്‍കൈയെടുത്ത് പരിശോധിച്ച് തീര്‍പ്പാക്കി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ രജിസ്‌ട്രാര്‍ക്കെതിരെ ഊമക്കത്ത്. മാര്‍ക്സിസ്റ്റ് പാര്‍ടിയുടെയും സഹകരണമന്ത്രിയുടെയും സമ്മര്‍ദത്തിന് റജിസ്‌ട്രാര്‍ വഴങ്ങിയെന്നായിരുന്നു മുഖ്യമന്ത്രിക്കുള്ള ഊമക്കത്ത്. ഈ കത്തിനുമേല്‍ ജിഎഡിയിലെ സെക്രട്ടറി മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം അന്വേഷണം നടത്തണമെന്ന് നിര്‍ദേശിച്ചു. വാസ്തവത്തില്‍ മുഖ്യമന്ത്രി അങ്ങനെയൊന്ന് പറഞ്ഞിട്ടേയില്ല. ഒപ്പുപോലുമിട്ടിട്ടില്ല. ഞങ്ങള്‍ സാധാരണ വരയ്ക്കാറുണ്ട്. അതുപോലും അദ്ദേഹം ചെയ്‌തിട്ടില്ല. 'മുഖ്യമന്ത്രിയുടെ ആഗ്രഹപ്രകാരം' അന്വേഷണം നടത്തണമെന്ന് ഇവര്‍ എഴുതിയത് തോന്ന്യാസമല്ലേ. അങ്ങനെ ചെയ്യാന്‍ പാടുണ്ടോ. ഈ ഫയല്‍ എനിക്ക് അയക്കുന്നതിനു പകരം സഹകരണ സെക്രട്ടറിയുടെ ഓഫീസിലേക്ക് ആണ് അയച്ചത്. അന്നത്തെ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ നീല ഗംഗാധരന്‍ (ഇപ്പോള്‍ ആഭ്യന്തരസെക്രട്ടറി) പറഞ്ഞു ഒരു അന്വേഷണവും ആവശ്യമില്ലെന്ന്. റജിസ്‌ട്രാര്‍ അയാളുടെ ജോലിയാണ് നിര്‍വഹിച്ചതെന്നും, ഊമക്കത്തിനുമേല്‍ അന്വേഷണം ആവശ്യമില്ലെന്ന് സെക്രട്ടറിയേറ്റ് മാന്വലില്‍ പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു. റബ്‌കോ വിരോധത്തിന് എന്റെ വകുപ്പിനെ ഉപയോഗിക്കുകയായിരുന്നു ഇവര്‍. ഇതെങ്ങനെ അംഗീകരിക്കും? എന്റെ വകുപ്പിലെ ഏറ്റവും പ്രസ്റ്റീജ്യസ് ആയ സ്ഥാപനമാണ്. രാഷ്‌ട്രീയമായും താല്‍പ്പര്യമുള്ള സ്ഥാപനമാണ് റബ്‌കോ. റബ്‌കോക്ക് വേണ്ടി ഞാന്‍ പറഞ്ഞാല്‍ എനിക്കെതിരെ, റജിസ്‌ട്രാര്‍ പറഞ്ഞാല്‍ റജിസ്‌ട്രാര്‍ക്കെതിരെ എന്നതായിരുന്നു ഉദ്യോഗസ്ഥ പ്രമാണിമാരുടെ നയം.

ഇതുമാത്രമായിരുന്നോ പ്രശ്‌നം?

രണ്ടാമത്തെ പ്രശ്‌നം കാര്‍ഷിക വികസന ബാങ്കിന്റെ എം ഡി സുരേഷ് കുമാറുമായി ബന്ധപ്പെട്ടതായിരുന്നു. അപക്സ് ബോഡികളില്‍ എംഡിയെ നിയമിക്കാനുള്ള അധികാരം മന്ത്രിക്കാണ്. ഇടുക്കിയില്‍നിന്ന് ഇയാള്‍ തിരിച്ചെത്തിയപ്പോള്‍ ആര്‍ക്കും അയാളെ വേണ്ട. മുഖ്യമന്ത്രിപോലും സ്വന്തം വകുപ്പില്‍ അയാളെ വച്ചില്ല. ഞാന്‍ തന്നെയാണ് അയാളെ എംഡിയാക്കിയത്. ഞാന്‍ നന്മയാണ് അയാള്‍ക്കുവേണ്ടി ചെയ്‌തത്. എനിക്ക് അയാളോട് യാതൊരു വിരോധവുമില്ല. എന്റെ കീഴിലാവുമ്പോള്‍ നന്നായി വര്‍ക്ക് ചെയ്യുമെന്ന് കരുതി. സാധാരണ ഇത്തരം നിയമനം ലഭിക്കും മുമ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തുന്ന പതിവുണ്ട്. അയാള്‍ അതൊന്നും ചെയ്‌തില്ല. പോട്ടെ, എനിക്ക് അതില്‍ പ്രശ്‌നവുമില്ല, താല്‍പര്യവുമില്ല. മൂന്നു നാലു മാസം കഴിഞ്ഞപ്പോള്‍ അയാള്‍ എന്നെ കാണാന്‍ വന്നു. ചെവിയില്‍ ഒരു പാട്ടുപെട്ടിയുമൊക്കെ വച്ച്, നിറമുള്ള രണ്ടു മൂന്നാലു ഉടുപ്പുമൊക്കെയിട്ട്. പിന്നീടൊരു ട്രാൻ‌സ്‌ഫറുമായി ബന്ധപ്പെട്ട് വീണ്ടും വന്നു. ഇങ്ങനെ രണ്ടുതവണ മാത്രമാണ് അയാള്‍ എന്നെ കണ്ടത്. ഒരു വര്‍ഷത്തിലേറെ ആ സ്ഥാനത്തു തുടര്‍ന്നു. അതിനിടെ ബാങ്ക് ചെയര്‍മാന്‍ ശിവദാസന്‍നായര്‍ എം എല്‍ എ എനിക്ക് പരാതി തന്നു. ഇയാളെ സഹിക്കാന്‍ പറ്റില്ലെന്ന് കാണിച്ചായിരുന്നു. അതു ഞാന്‍ മുഖ്യമന്ത്രിക്ക് കൈമാറി. സഹകരണ റജിസ്‌ട്രാര്‍ക്കും നല്‍കി. ഫയല്‍ കറങ്ങിത്തിരിഞ്ഞ് വന്നു. ഒരു മാസം മുമ്പ് അഡീഷണല്‍ റജിസ്‌ട്രാര്‍ അന്വേഷിച്ച റിപ്പോര്‍ട് വന്നു.

പ്രമാദങ്ങളായ രണ്ടുമൂന്നു പിശകുകള്‍ റിപ്പോര്‍ട് ചൂണ്ടിക്കാട്ടി. പതിമൂന്നു ബോർഡ് യോഗങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് സുരേഷ്‌കുമാര്‍ പങ്കെടുത്തത്. അജന്‍ഡ നല്‍കേണ്ടത് എംഡിയാണ്. പങ്കെടുക്കാതിരിക്കുന്നതിന് എന്റെ അനുവാദം വാങ്ങണം. അതും ചെയ്‌തില്ല. എവിടെയെങ്കിലും അവധി പോകുമ്പോള്‍ മന്ത്രി അനുവദിക്കണം എന്നും ചട്ടമുണ്ട്. രാജ്യത്ത് മുഴുവന്‍ പോയി. ഡല്‍ഹിയിലും പലതവണ പോയി. ഡല്‍ഹിയില്‍ പോയപ്പോള്‍ വിവാദമായ പല ഇടപെടലുകളും നടത്തിയതായി ആരോപണവുമുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ബില്‍ മാത്രം ഒന്നൊന്നര ലക്ഷം രൂപയായി. ബാങ്കിലെ ഭരണത്തെ സഹായിച്ചതേയില്ല. റജിസ്‌ട്രാര്‍ പറയുന്ന സകല ചട്ടങ്ങളും ലംഘിച്ചുകൊണ്ട് ട്രാൻ‌സ്‌ഫറും പോസ്റ്റിങ്ങും നടത്തി. ഡെലിറിക്ഷന്‍ ഓഫ് ഡ്യൂട്ടി, അപ്രോപ്രിയേറ്റ് അല്ലാത്ത സാമ്പത്തിക വിനിയോഗം, പിന്നെ നിയമനങ്ങളിലെയും ട്രാൻ‌സ്‌ഫറിലെയും വ്യവസ്ഥകളിലെ ലംഘനം എന്നിവ ഈ ഉദ്യോഗസ്ഥന്‍ നടത്തിയെന്നാണ് ആരോപണം. ഉദ്യോഗസ്ഥന്‍ ഉന്നതനായതുകൊണ്ടുതന്നെ ഉന്നതതല അന്വേഷണം നടന്നു. ഇതിന്റെ റിപ്പോര്‍ട് എനിക്ക് അയക്കുന്നതിന് പകരം നേരെ സെക്രട്ടറിക്കാണ് അയച്ചത്. എന്റെ അഭിപ്രായം വന്നിട്ട് സെക്രട്ടറിക്ക് അയച്ചുകൊടുക്കുകയാണ് വേണ്ടത്.

റിപ്പോര്‍ടില്‍ ഒറ്റവരി മാത്രമേയുള്ളൂ. 'അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഇയാള്‍ക്കെതിരെ കേസുള്ളതുകൊണ്ട് യാതൊരു അന്വേഷണവും ആവശ്യമില്ല' എന്നായിരുന്നു ഒറ്റവരി. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയിലും ഈ വിഡ്ഢിത്തം ആവര്‍ത്തിച്ചിട്ടുണ്ട്. ട്രിബ്യൂണലില്‍ കേസുള്ളത് വേറെ കാര്യത്തിനാണ്. എന്നാല്‍, ഇത് ബാങ്കിലെ ജോലി ചെയ്യാത്തതിന്റെ പേരിലാണ്. മറ്റേത് സര്‍ക്കാരിനെതിരെ പ്രസ്താവന നടത്തിയതിനും. ഐഎഎസ്സുകാര്‍ക്ക് പ്രസ്താവന നടത്താന്‍ അധികാരമില്ല. അതേക്കുറിച്ച് അന്നത്തെ വകുപ്പ് സെക്രട്ടറിയാണ് അന്വേഷിച്ചത്. അത് തെറ്റാണെന്ന് കണ്ട് സുരേഷ്‌കുമാറിനെ കാബിനറ്റ് സസ്പെന്‍ഡ് ചെയ്യുകയും ചെയ്‌തു. അതിനുമുമ്പ് സുരേഷ്‌കുമാറിനോട് സെക്രട്ടറി നീല ഗംഗാധരന്‍ സ്വന്തം നിലയ്ക്ക് മറ്റൊരു വിശദീകരണം ചോദിച്ചിരുന്നു. അവര്‍ വിളിച്ച ഒരു യോഗത്തില്‍ പങ്കെടുത്തില്ല. ആശുപത്രിയില്‍ കിടക്കുകയായിരുന്നു എന്നായിരുന്നു കാരണം പറഞ്ഞത്. അത് കളവായിരുന്നു. അത് ഈ പ്രസ്താവനക്ക് മുമ്പായിരുന്നു. അതില്‍ നടപടിയൊന്നുമുണ്ടായിരുന്നില്ല. സുരേഷ്‌കുമാറിന് ഐഎഎസ് കിട്ടുമ്പോള്‍ നീല ഗംഗാധരന്റെ ജൂനിയറായിരുന്നു സുരേഷ്‌കുമാര്‍. അന്നൊക്കെ ഇയാള്‍ മിടുക്കനായിരുന്നുവെന്ന് അവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഇങ്ങനെയിരിക്കെയാണ് പ്രസ്താവനയെച്ചൊല്ലി വിശദീകരണം ചോദിച്ചതും കാബിനറ്റ് സസ്പെന്‍ഡ് ചെയ്‌തതും. പെരുമാറ്റച്ചട്ടം ലംഘിച്ച സാഹചര്യത്തിലായിരുന്നു സസ്പെന്‍ഷന്‍. അതാണ് ട്രിബ്യൂണലില്‍ പോയത്. ഇത് ജോലിക്കു നിന്ന സ്ഥലത്തെ ഇന്റേണല്‍ ആയ ആക്ഷേപമാണ്. ഇതേക്കുറിച്ച് അന്വേഷിക്കേണ്ടെന്നായിരുന്നു റിപ്പോര്‍ട്. ഒരു കേസിലെ പ്രതി വേറെ കുറ്റം ചെയ്‌താല്‍ അത് അന്വേഷിക്കാന്‍ പാടില്ലെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. സര്‍ക്കാരിനെ ഉപദേശിക്കേണ്ടവര്‍ സര്‍ക്കാരിനെ വഴി തെറ്റിക്കുകയാണ്.

അതിനിടക്ക് നീല ഗംഗാധരന്‍ ആഭ്യന്തര സെക്രട്ടറിയായി പോയ ശേഷം വന്ന രാമമൂര്‍ത്തി എന്നെ കണ്ടു. അഡീഷണല്‍ രജിസ്‌ട്രാറുടെ റിപ്പോര്‍ടിനുമേല്‍ കയറിപ്പിടിക്കാര്‍ ഇവര്‍ക്കെന്താ അവകാശം. രജിസ്‌ട്രാര്‍ക്കു കീഴിലുള്ള ആദ്യ പദവിയാണ്. അല്ലെങ്കില്‍ അവര്‍ക്ക് ഫയലുമായി എന്റെ അടുത്തു വരാം. അഡീഷണല്‍ രജിസ്‌ട്രാര്‍ പറഞ്ഞതു പ്രകാരമുള്ള അന്വേഷണത്തിന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട ഉടന്‍ വലിയ പത്രവാര്‍ത്ത വന്നു.

സഹകരണവകുപ്പിലെ സ്ഥാപനങ്ങള്‍ക്കുള്ള ബജറ്റ് വിഹിതം വളരെ കുറവാണ്. ഏഴായിരം കോടിയുടെ ബജറ്റില്‍ ഞങ്ങള്‍ക്കുള്ളത് 102 കോടി മാത്രമാണ്. ഈ കുറവ് പരിഹരിക്കാന്‍ സഹകരണ നവരത്നം ലോട്ടറി തുടങ്ങി. ഹരിജന്‍സംഘം, സ്‌ത്രീസംഘം, വിദ്യാഭ്യാസസംഘം, എസ്‌പിസിഎസ് തുടങ്ങിയവയെ സഹായിക്കാനും കഷ്‌ടപ്പെടുന്ന സഹകാരികളെ രക്ഷിക്കാന്‍ വേണ്ടിയുമായിരുന്നു ഈ ലോട്ടറി. ലോട്ടറികളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ ലോട്ടറിയായിരുന്നു ഇത്. 32 കോടി രൂപയാണ് കിട്ടിയത്. സാന്ത്വനം ലോട്ടറിക്ക് അഞ്ചു കോടിയും ഭവനനിര്‍മാണ വകുപ്പിന്റെ ലോട്ടറിക്ക് ആറുകോടിയും സ്പോര്‍ട്സിന്റേതിന് ഏഴു കോടിയും രൂപയാണ് കിട്ടിയത്. കിട്ടിയ 32 കോടിയില്‍ ധനവകുപ്പ് പതിനേഴ് കോടി നികുതിയെടുത്തു. ബാക്കി തിരിച്ചു നല്‍കി. രജിസ്‌ട്രാറുടെ പേരില്‍ ട്രഷറിയിലിട്ടു. അത് സംഘങ്ങള്‍ക്ക് വീതിച്ചു കൊടുക്കാന്‍ തുടങ്ങി. അതിനുള്ള നടപടി തുടങ്ങിയപ്പോള്‍ പത്രവാര്‍ത്ത. ധനവകുപ്പ് അറിയാതെ ട്രഷറിയില്‍നിന്ന് സഹകരണമന്ത്രി പണമെടുത്ത് ചെലവഴിക്കാന്‍ ഉത്തരവിട്ടു എന്നാണ് വാര്‍ത്ത. വീണ്ടും ധനകാര്യവകുപ്പിന് അയച്ചുകൊടുക്കണമെന്ന് എന്റെ ഉത്തരവിനുമേല്‍ എഴുതിവച്ചു. ഞാനത് റദ്ദാക്കി വീണ്ടും ഉത്തരവിറക്കി. ഫയല്‍ ഐസക്കിന് കൊടുത്തു. ഞാനിക്കാര്യം വിശദീകരിച്ചതോടെ മനോരമയും മാതൃഭൂമിയും എഴുത്തുനിര്‍ത്തി. കുറേക്കഴിഞ്ഞ് നടപടി വന്നപ്പോള്‍ വീണ്ടും പത്രങ്ങള്‍ പറഞ്ഞു, സഹകരണവകുപ്പ് അനധികൃതമായി പണം എടുത്തുവെന്ന്. ഇതാണ് അവരുടെ രാഷ്‌ട്രീയം.

പൊടുന്നനെ അക്രമത്തിലേക്ക് എത്തിയത് എങ്ങനെയാണ്?

ഉദ്യോഗസ്ഥരുടെ ഇത്തരം നടപടികള്‍ സൂചിപ്പിച്ചാണ് ഞാന്‍ ക്യാമ്പയിന്‍ നടത്തിയത്. അക്രമത്തില്‍ അറസ്റ്റുചെയ്യപ്പെട്ട എട്ടുപേരില്‍ ഒരാള്‍ ഉന്നത ഉദ്യോഗസ്ഥനാണ്. ഇയാള്‍ മുണ്ട് മടക്കിക്കുത്തി പ്രസംഗിക്കുകയാണ്. സുധാകരനെ കടപ്പുറത്തേക്കയച്ച് മറ്റേത് കാണിച്ചുകൊടുക്കണമെന്ന്. മറ്റേത് കാണിച്ചാല്‍ അടിയുറപ്പാണെന്ന് ഞാന്‍ പറഞ്ഞതായി മനോരമ എഴുതിയില്ലേ. പിന്നെ മനോരമ വീണ്ടുമെഴുതി. മറ്റേത് കാണിച്ചാല്‍ അടി കിട്ടുമെന്ന് മന്ത്രി പറഞ്ഞു, അവിടെച്ചെന്ന് അടി വാങ്ങിക്കുകയും ചെയ്‌തുവെന്നാണ് മനോരമ ചിത്രസഹിതം വാര്‍ത്ത നല്‍കിയത്. നമ്മള്‍ ആരെയും അടിക്കാന്‍ പോയില്ല. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിന്റെ അടുത്ത് എന്തിനാണ് പോയത്. അവിടെ വാതിലില്‍ ചവിട്ടി ശബ്ദമുണ്ടാക്കി. എല്ലാം ചാനലുകളെ മുന്‍കൂട്ടി അറിയിച്ചുകൊണ്ടായിരുന്നു. സ്വന്തം മൈക്ക് ചാനല്‍ മൈക്കുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചായിരുന്നു പ്രസംഗം. കേട്ടാലറയ്ക്കുന്ന തെറിയായിരുന്നു. ഭരണനയങ്ങളെ പരാജയപ്പെടുത്തുമെന്ന ധാര്‍ഷ്ട്യം. നിയമം ലംഘിക്കുമെന്ന ധിക്കാരം. മന്ത്രിയെ ഭരിക്കാന്‍ അനുവദിക്കില്ല, മന്ത്രിയെ കൊല്ലുമെന്നാണ് ഭീഷണി. ഈ സംഭവത്തെപ്പറ്റി ഏറ്റവും മൂര്‍ച്ചയുള്ള എഡിറ്റോറിയല്‍ വന്നത് കേരളകൌമുദിയിലാണ്. ദേശാഭിമാനി സ്വാഭാവികമായും അക്രമത്തെ എതിര്‍ത്തു. മംഗളം പത്രം പോലും ഞാന്‍ പറഞ്ഞത് ശരിവച്ചു. വീക്ഷണത്തില്‍ വന്ന സുജാതന്റെ ലേഖനം ദേശാഭിമാനി പുനഃപ്രസിദ്ധീകരിച്ചു. മനോരമ ഇതിന്റെ ഒരു ഭാഗം പരാമര്‍ശിക്കുകയും ചെയ്‌തു. പിന്നെ അദ്ദേഹത്തെക്കൊണ്ട് വീണ്ടും ലേഖനമെഴുതിക്കാന്‍ സമ്മര്‍ദമുണ്ടായെങ്കിലും ആദ്യ നിലപാടില്‍നിന്ന് മാറിയില്ല. മാറേണ്ട കാര്യമില്ല. സെക്രട്ടറിയേറ്റില്‍ നടക്കുന്ന കൊള്ളരുതായ്‌മകളൊന്നും ഏറ്റെടുക്കേണ്ട കാര്യം കോണ്‍ഗ്രസുകാര്‍ക്കില്ല. ഉമ്മന്‍ചാണ്ടി മാത്രമാണ് ഇത് ഏറ്റെടുത്തത്. പിറ്റേന്ന് രമേശ് ചെന്നിത്തല ഇടപെട്ടെങ്കിലും കാര്യമായി ഒന്നും പറഞ്ഞില്ല. യുഡിഎഫില്‍ ഒരു കക്ഷിയുടെയും പിന്തുണ ഉമ്മന്‍ചാണ്ടിക്ക് കിട്ടിയില്ല. ലീഗും കേരള കോണ്‍ഗ്രസും ജേക്കബും ഗൌരിയമ്മയും മിണ്ടിയില്ല. ബിജെപി പോലും എന്റെ നിലപാടിനെ എതിര്‍ത്തില്ല. ഉമ്മന്‍ചാണ്ടി മാത്രമാണ് പ്രശ്‌നമുണ്ടാക്കിയത്. ഇങ്ങനെ വന്നാല്‍ പൊലീസിനെ ആക്രമിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞതായി വാര്‍ത്ത വന്നു.

ബ്യൂറോക്രസിയുടെ സമഗ്രമായ അഴിച്ചുപണിക്കായി സര്‍ക്കാര്‍ തലത്തില്‍ എന്ത് നടപടികളാണ് ലക്ഷ്യംവയ്ക്കുന്നത്?

സിപിഐ എമ്മിന് അടിസ്ഥാനപരമായി ഇക്കാര്യത്തില്‍ ചില കാഴ്ചപ്പാടുകളുണ്ട്. സെക്രട്ടറിയേറ്റ് നവീകരണം വേണമെന്ന് ഇഎംഎസിന്റെ കാലത്തു തന്നെ പാര്‍ടി ആവശ്യപ്പെട്ടിട്ടുണ്ട്. സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിക്കണം. അവിടെ ആവശ്യമുള്ളവരെ മാത്രമേ അവിടെ നിര്‍ത്തേണ്ടതുള്ളൂ. വളരെക്കുറച്ചു പേര്‍ മാത്രം മതി അവിടെ. ബാക്കിയുള്ളവരെയെല്ലാം കലക്ടറേറ്റ്, താലൂക്ക് ഓഫീസ്, പഞ്ചായത്ത് ഓഫീസ്, വിദ്യാഭ്യാസ ഓഫീസ് എന്നിവിടങ്ങളിലേക്ക് മാറ്റണം. ആരെയും പിരിച്ചുവിടാതെയും ശമ്പളമോ ആനുകൂല്യമോ കുറയ്ക്കാതെയും ആയിരിക്കണം ഈ പുനര്‍വിന്യാസം. നാട്ടില്‍ വേണമെന്ന് പറഞ്ഞാല്‍ അവിടെ നിയമനം നല്‍കണം. അത് ചെയ്യാതിരുന്നതാണ് തെറ്റ്.

ഒരു ഗുണഭോക്താവിന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ തടയുന്നയാളാണ് നല്ല ഓഫീസര്‍ എന്ന ഒരു ധാരണയുണ്ട്. ഈ പ്രവണത ശക്തിപ്പെടാനുള്ള ചരിത്രപരമായ കാരണമെന്താണ്?

ശരിയാണ്. സെക്രട്ടറിയേറ്റില്‍ പ്രത്യേകിച്ചും. ഇത്രമാത്രം ഫയല്‍ കാലതാമസം വരുന്ന സ്ഥലം വേറെയില്ല. ഏതു ഫയലായാലും അത് നിയമവകുപ്പിലോ ഫൈനാന്‍സിലോ അയക്കും. ഇതു രണ്ടും ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്ന സ്ഥലമാണെന്നാണ് ധാരണ. ഐസക് വന്ന ശേഷം ധനവകുപ്പില്‍ ചില മാറ്റങ്ങള്‍ വന്നു. ഞാന്‍ സഹകരണവകുപ്പില്‍ ചെയ്യുന്നതുപോലെ. മുമ്പ് ശിവദാസമേനോനും കുറെ ശ്രമിച്ചതാണ്.

ഫയലുകള്‍ വൈകിക്കുന്ന പ്രവണതയുടെ ചരിത്രപരമായ വശം പരിശോധിക്കാം. ഇന്ത്യയില്‍ പഞ്ചവത്സര പദ്ധതിയുടെ പകുതിപോലും ചെലവഴിക്കില്ല. ചെലവഴിക്കുന്നതിന്റെ പകുതിപോലും സാധാരണക്കാരില്‍ എത്തുന്നില്ല. ഒരു ലക്ഷത്തി പതിനായിരം കോടി രൂപയുടെ അടങ്കലാണ് ഉള്ളതെന്ന് കരുതുക. ഇതില്‍ 25000 കോടി രൂപപോലും താഴെത്തട്ടിലെത്തുന്നില്ല. നടപ്പാക്കുന്നതിന്റെ പകുതി അഴിമതിയായിപ്പോകും. ബ്യൂറോക്രസി, അഴിമതിക്കാരായ രാഷ്‌ട്രീയക്കാര്‍, കരാറുകാര്‍ എന്നിവരുടെ കൈയിലേക്കാണ് ഈ പണം പോകുന്നത്. കേരളത്തില്‍ ചെറിയ മാറ്റം ഉണ്ടെന്ന് മാത്രം. ഈ വ്യവസ്ഥക്കകത്താണെന്നതിനാല്‍ അത് നമ്മെക്കൂടി ആഗിരണം ചെയ്‌തിരിക്കയാണ്. നമ്മള്‍ അതില്‍ ചില വാതായനങ്ങള്‍ തുറന്നിടുകയാണ്. അതിലൂടെ കുറച്ച് കാറ്റ് അകത്തുവരും. ജനങ്ങളോട് അങ്ങനെ സംവദിക്കാനുമാവും.

മാര്‍ക്സിസ്റ്റ് വിദ്യാഭ്യാസവും രാഷ്‌ട്രീയ അനുഭവവും ജനങ്ങളുമായുള്ള ബന്ധവും പാര്‍ടിയുടെ പൊതുലൈനും മുന്‍നിര്‍ത്തിയാണ് ഞാന്‍ ഈ നിലപാട് സ്വീകരിക്കുന്നത്. അതില്‍ ചിലപ്പോള്‍ പരുഷവും രൂക്ഷവുമായ വാക്കുകള്‍ വന്നിട്ടുണ്ടാവാം. അതെന്റെ സ്വന്തമാണ്. പാര്‍ടിയുടേതല്ല. അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളോട് പറയാതിരിക്കേണ്ട കാര്യമില്ല. ചെയ്യാന്‍ കഴിയുന്നതാണെങ്കില്‍ കൃത്യമായി ചെയ്യുമെന്ന് ഞാന്‍ ഉറപ്പുനല്‍കും. അത് ചെയ്‌തിരിക്കും. മനോരമ വിപരീതാര്‍ഥത്തില്‍ പറഞ്ഞതാണെങ്കിലും ഞാന്‍ പറഞ്ഞാല്‍ പറഞ്ഞപോലെ ചെയ്യുന്നയാളാണെന്ന ബോധ്യം അവര്‍ക്കുണ്ട്. എന്നാല്‍ സെക്രട്ടറിയേറ്റിലെ ചില ഉദ്യോഗസ്ഥര്‍ തങ്ങള്‍ യുഡിഎഫുകാരാണ്, ഉമ്മന്‍ചാണ്ടി പറയുന്നതേ കേള്‍ക്കൂ എന്ന രാഷ്‌ട്രീയം പരസ്യമായി എടുത്തിരിക്കയാണ്. പ്രശ്‌നം തീര്‍ന്നിട്ടില്ല. പ്രശ്‌നം തീര്‍ക്കേണ്ടത് അവരുടെ ചുമതലയാണ്. എന്റെ സമീപനത്തില്‍ മാറ്റമുണ്ടാവില്ല. രണ്ട് ഉദ്യോഗസ്ഥര്‍ ക്ഷമ പറഞ്ഞാല്‍ നടപടി പിന്‍വലിക്കാമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അതിനും തയ്യാറല്ല. അവര്‍ ഉദ്യോസ്ഥരുടെ റോളിലല്ല, കോണ്‍ഗ്രസുകാരുടെ പ്രതിപക്ഷ റോളിലാണ്. കാബിനറ്റില്‍ നിന്ന് എനിക്ക് ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഘടകകക്ഷി മന്ത്രിമാരെല്ലാം ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

സെക്രട്ടറിയേറ്റിലെ അഴിമിതിയെല്ലാം സത്യം. ഒരു വിഭാഗം ജീവനക്കാര്‍ വിമര്‍ശിക്കപ്പെടേണ്ടവര്‍ തന്നെ. വിമര്‍ശനങ്ങളെല്ലാം ശരിയുമാണ്. പക്ഷേ മന്ത്രിയെന്ന നിലയ്ക്ക് അങ്ങനെ ചെയ്യാന്‍ പാടില്ലാത്തതായിരുന്നു എന്നാണ് ഒരു വിമര്‍ശനം?

അതൊരു ഫ്യൂഡല്‍ സങ്കല്‍പ്പമാണ്. മന്ത്രിയെക്കുറിച്ച് ചിലര്‍ക്ക് ഇവിടെയുള്ള സങ്കല്‍പ്പം വേറെയാണ്. ഫ്യൂഡല്‍ തറവാട്ടു കാരണവര്‍ തനിക്ക് കീഴിലുള്ള പ്രശ്‌നങ്ങളെല്ലാം പൊതിഞ്ഞ് മൂടിവച്ച് നീചമായ എല്ലാ കാര്യങ്ങളും സംരക്ഷിക്കുന്നതുപോലെയാവണം എന്നതാണ് സങ്കല്‍പ്പം. മന്ത്രിയാവുക എന്നു പറഞ്ഞാല്‍ ജീവിതത്തിലെ ഏറ്റവും വലിയ മഹാകാര്യമാണെന്ന മട്ടാണ് ചിലര്‍ക്ക്. അതുകൊണ്ടാണല്ലോ പാര്‍ടികള്‍ പലതും പിളരുന്നത്. ഇതൊന്നും ശരിയായ രീതിയല്ല. ഇഎംഎസ് ഇതിന് ശരിയായ മാതൃക സൃഷ്ടിച്ചിട്ടുണ്ട്.

ഞാന്‍ ഭരണഘടനക്ക് എതിരായി ഒന്നും പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി പറയുന്നതിനെതിരായി വല്ലതും പറഞ്ഞ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ലംഘിച്ചിട്ടില്ല. ഞാന്‍ പറയുന്നത് എന്റെ മുന്നില്‍ വരുന്ന കാര്യമാണ്. പാര്‍ടി നയം ഞാന്‍ ലംഘിച്ചിട്ടില്ല. ജനങ്ങള്‍ക്ക് താല്‍പ്പര്യമുള്ള കാര്യമാണ് ഞാന്‍ പറയുന്നത്. അങ്ങനെത്തന്നെ പറയണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നുമുണ്ട്. വ്യത്യസ്തമായ രീതിയിലാണ് ഞാന്‍ പറയുന്നത്. വ്യത്യസ്തതയാണല്ലോ സമൂഹത്തിന് ഒരു ക്രിയേറ്റിവിറ്റി നല്‍കുന്നത്. എല്ലാവരും ഒരു അച്ചില്‍ വാര്‍ത്തപോലെ, ഒരുപോലെ പറഞ്ഞാലെങ്ങനെയാണ്. മനുഷ്യന് സാമൂഹ്യവ്യക്തിത്വവും വൈയക്തിക നിലനില്‍പ്പുമുണ്ട്. വൈയക്തികമായ നിലനില്‍പ്പ് സാമൂഹ്യവ്യക്തിത്വത്തെ മറികടക്കാന്‍ പാടില്ല. സാമൂഹ്യവ്യക്തിത്വമുണ്ടെന്ന് പറഞ്ഞ് വ്യക്തിയെ അംഗീകരിക്കാതിരിക്കാനും പാടില്ല എന്നതാണല്ലോ മാര്‍ക്സിസത്തില്‍ പറയുന്നത്.

ചിലപ്പോള്‍ ചില കാര്യം വേണ്ടിയിരുന്നില്ല എന്നു തോന്നുമ്പോള്‍ അപ്പോള്‍ത്തന്നെ പാര്‍ടി സെക്രട്ടറി എന്നെ വിളിക്കാറുണ്ട്. അതങ്ങനെ വേണ്ടായിരുന്നു എന്നു പറയും. ശ്രദ്ധിക്കുന്നുണ്ട് എല്ലാവരും. ഇന്ററാക്ട് ചെയ്യുമ്പോള്‍ എല്ലാം വ്യക്തമാവും. പത്രക്കാരുണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് കൂടുതലും.

ഒരു വ്യവസ്ഥിതിക്കെതിരെ താങ്കള്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ പലതും വ്യക്തികള്‍ക്കെതിരെയുള്ളതായി തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്. പലരും വ്യക്തിപരമായാണ് ഇതിനെ കാണുന്നത്.

എല്ലാവരുമല്ല, വലതുപക്ഷ ബുദ്ധിജീവികളും വലതുപക്ഷ എഴുത്തുകാരും രാഷ്‌ട്രീയക്കാരും. ഈ വലതുപക്ഷ ബുദ്ധിജീവികളുടെ കൂട്ടത്തില്‍ പുതിയൊരു വിഭാഗം ചേര്‍ന്നിട്ടുണ്ട്. ഇടതുപക്ഷ ചിന്തകര്‍ എന്ന് പേരുകൊടുക്കും; യഥാര്‍ഥത്തില്‍ ഏറ്റവും മോശപ്പെട്ട വലതുപക്ഷതീവ്രവാദവും യാഥാസ്ഥിതികത്വവുമാണത്. ഇടതുപക്ഷത്തിനൊപ്പം നിന്നു നേടിയ ഇടതുപക്ഷ ബോധം ഞങ്ങള്‍ക്കില്ലെന്ന് യജമാനന്മാരെ കാണിക്കാന്‍ വേണ്ടി ഏറ്റവും മോശമായി പെരുമാറുന്നവര്‍. ഏറ്റവും മുരച്ചു മൂത്ത അഭിനവ വലതുപക്ഷപാദദാസന്മാര്‍. അവരാണ് ഏറ്റവും വലിയ പ്രശ്‌നമുണ്ടാക്കുന്നത്. സിപിഐ എമ്മിനെയും പിണറായിയെയും ചീത്തവിളിക്കുന്നതു മാത്രമാണ് പണി. മുമ്പൊക്കെ ഇത്തരക്കാരുടെ ലേഖനങ്ങള്‍ വായിച്ചിരുന്നു. ഒന്നുമില്ലെന്ന് ബോധ്യപ്പെട്ടതുകൊണ്ട് വായന നിര്‍ത്തി. കെ ഇ എന്നിനെ ആക്ഷേപിക്കലാണ് ഇവരുടെ മറ്റൊരു തൊഴില്‍. സെക്രട്ടറിയേറ്റില്‍ പ്രശ്‌നമുണ്ടായപ്പോള്‍, ചാനല്‍ ചര്‍ച്ചയില്‍ എന്നെ ചീത്തവിളിക്കുന്നതു കണ്ടു. എങ്ങനെ സാധിക്കും സെക്രട്ടറിയേറ്റിലെ ചില കൊള്ളരുതായ്‌മകളെ അനുകൂലിക്കാന്‍. ആസാദ് ഒരു ബുദ്ധിജീവിയാണെങ്കില്‍ ഇത്തരം കാര്യങ്ങളിലെങ്കിലും എന്നോട് യോജിച്ചുകൂടേ. വീക്ഷണത്തിലെ സുജാതന് യോജിക്കാമെങ്കില്‍ എന്തുകൊണ്ട് ആസാദിന് യോജിച്ചുകൂട. മാര്‍ക്സിസ്റ്റ് വിരോധം, വ്യക്തിവിരോധം, പാര്‍ടിനേതൃത്വത്തോടുള്ള വിരോധം എന്നിവ വച്ചുകൊണ്ട് ബുദ്ധിജീവി ചമയുന്ന സെറ്റുകളാണിവര്‍ പലരും. ജനങ്ങള്‍ക്കിടയില്‍ എന്റെ നടപടികളോട് മതിപ്പു വര്‍ധിക്കുന്നതായാണ് കാണുന്നത്- മന്ത്രി പറയുന്ന കാര്യം ചെയ്യുന്നയാളാണ്. . കക്ഷി രാഷ്‌ട്രീയമില്ലാതെ പ്രോത്സാഹനം ലഭിക്കുന്നു. എല്ലാ ദിവസവും എഴുന്നേറ്റ് ഇങ്ങനെയൊക്കെ പറയണമെന്നല്ല, നന്നായി ഭരിക്കാന്‍ തന്നെയാണ് ശ്രമിച്ചത്. അതിനൊപ്പം പ്രസ്ഥാനത്തിനും നേതൃത്വത്തിനുമെതിരെ ഉയര്‍ന്നുവരുന്ന വലതുപക്ഷ പ്രതിലോമ നീക്കങ്ങളെ തടയിടാനുമുള്ള ഉത്തരവാദിത്വവും നിര്‍വഹിക്കുന്നു. ഇതില്‍ വല്ല ഭേദഗതിയും വേണമെന്ന് നിര്‍ദേശിച്ചാല്‍ അതും സ്വീകരിക്കാം. ഇക്കാര്യത്തില്‍ ആരുംഭേദഗതി നിര്‍ദേശിച്ചിട്ടില്ല.

യൂണിയനുകളുടെ സമീപനമെന്താണ്?

ഇടതുപക്ഷ യൂണിയനുകള്‍ ശക്തമായ പിന്തുണയാണ് നല്‍കുന്നത്. വൃത്തികേടു കാണിക്കുന്നവരെ സംരക്ഷിക്കുന്ന യുഡിഎഫ് നിലപാടാണ് പ്രതിഷേധാര്‍ഹം. സംഘര്‍ഷമുണ്ടാക്കിയത് ശരിയല്ല എന്നാണ് ഉമ്മന്‍ചാണ്ടി പറയേണ്ടിയിരുന്നത്. എന്റെ ഓഫീസില്‍ വന്ന് തല്ലുണ്ടാക്കിയതിന് ഞാന്‍ മാപ്പുപറയണമെന്നാണ് അദ്ദേഹം പറയുന്നത്. ഈ രാഷ്‌ട്രീയം ശരിയല്ല. ഇത് വിജയിക്കാന്‍ പോവുന്നില്ല. പാര്‍ലമെന്റില്‍ കുറച്ച് സീറ്റുകിട്ടിയതുകൊണ്ട് ഇതു ശരിയാണെന്ന് വരില്ല. യുഡിഎഫിന് മൊത്തത്തില്‍ നാണക്കേടുണ്ടാക്കി. എന്നെ ക്വട്ടേഷന്‍ തലവന്‍ എന്നാണ് പറഞ്ഞത്. എന്റെ ഓഫീസില്‍ വന്ന് തല്ലുണ്ടാക്കിയവര്‍ നല്ലവരും. മാര്‍ക്സിസ്റ്റ് വിരോധമല്ലാതെ മറ്റൊന്നും അവര്‍ക്ക് കാര്യമല്ല. ഭരണഘടനാ സ്ഥാപനങ്ങളെ ഉമ്മന്‍ചാണ്ടി ആക്രമിക്കുകയാണ്. മുഖ്യമന്ത്രി പാര്‍ടിയെ അംഗീകരിക്കാന്‍ പാടില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. എജിയെ ആക്രമിക്കാന്‍ ശ്രമിച്ചവരെയും അനുകൂലിച്ചു. ഗവര്‍ണറെ ഭീഷണിപ്പെടുത്തി. ഭരണഘടനാലംഘനം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നയാളായി ഉമ്മന്‍ചാണ്ടി മാറിയിരിക്കയാണ്. ഇത് മുമ്പെങ്ങുമില്ലാത്തതാണ്. നവഫാസിസ്റ്റ് സംസ്‌ക്കാരമാണത്; നെഹ്റുവിയന്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരമല്ല. മമതാബാനര്‍ജിയാണ് ഇവരുടെ മാതൃക. കോണ്‍ഗ്രസിന് ലക്ഷക്കണക്കിന് വോട്ടുമറിച്ച ബിജെപി പോലും ഈ പ്രശ്‌നത്തില്‍ അവരെ പിന്തുണക്കുന്നില്ല. അരാജകത്വ പ്രവണത പുതിയ തലമുറയെ ക്രിമനലൈസ് ചെയ്യും. ഇതിന്റെ രാഷ്‌ട്രീയവശം മാത്രമല്ല, സാംസ്‌ക്കാരിക വശവും പരിശോധിക്കണം. സാംസ്‌ക്കാരിക രംഗം ഈ പ്രശ്‌നം കാണണം.

കേരളത്തിലെ സാംസ്‌ക്കാരിക ലോകത്തിന്റെ വലിയ പിന്തുണയാണ് കിട്ടുന്നത്. പ്രത്യയശാസ്‌ത്രഭേദമില്ലാതെ സാഹിത്യകാരന്മാരില്‍ ബഹുഭൂരിപക്ഷവും സാഹിത്യപ്രവര്‍ത്തക സഹകരണസംഘം സമുദ്ധാരണത്തെ അനുകൂലിച്ചു. അത് പുതിയ അനുഭവമായി, ആവേശമായി. സാംസ്‌ക്കാരിക മന്ത്രി എം എ ബേബിയുടെ പിന്തുണയും ഇതിനു ലഭിച്ചു.

ദേവാലയങ്ങളിലെ പഴഞ്ചന്‍ ഫ്യൂഡല്‍ അഴിമതിക്കെതിരെ നീങ്ങിയപ്പോഴും സഹകരണസ്ഥാപനങ്ങള്‍ ഗ്രന്ഥാലയങ്ങള്‍ തുടങ്ങിയപ്പോഴും എസ്‌പിസിഎസിനെ സമുദ്ധരിച്ചപ്പോഴും സഹകരണമേഖല ന്യായവിലകേന്ദ്രങ്ങള്‍ തുടങ്ങിയപ്പോഴും കാര്‍ഷികവായ്പ നിര്‍ബന്ധിതമാക്കിയപ്പോഴും വിമര്‍ശിക്കപ്പെട്ടത് മൂല്യശോഷണം വന്ന വലതുപക്ഷ രാഷ്‌ട്രീയനേതൃത്വത്തിന്റെ അസഹിഷ്ണുത കാരണമാണ്. അത് മറികടക്കുകതന്നെ വേണം.

*
മന്ത്രി ജി സുധാകരനുമായി എന്‍ എസ് സജിത് നടത്തിയ അഭിമുഖം. കടപ്പാട് ദേശാഭിമാനി വാരിക

മരിച്ചവര്‍ക്ക് മുന്‍ഗണന

ടോഡി ഷാപ്പ് നമ്പ്ര 32ല്‍ നാണുക്കുട്ടന്‍ ദുഃഖിതനായിരുന്നു. തന്റെ പ്രജകളില്‍ ഒരാള്‍ വിഷമം അനുഭവിക്കുന്നത് കൊണ്ടേരന് സഹിക്കാനായില്ല. പ്രത്യേകിച്ച് കച്ചോടം തീരുന്ന രാത്രി പത്തിന്.

അവസാനത്തെ നുരയും വറ്റിച്ച് അത്യാഹ്ളാദവാനായി സ്വഭവനത്തിങ്കലേക്ക് ഗമിക്കേണ്ട സന്ദര്‍ഭത്തില്‍ ആകുലചിത്തനായി കാണുപ്പെടുന്നുവോ?

എന്താവാം കാരണം? കൊണ്ടേരന്‍ സംസ്കൃത നാടകത്തിലെ കാമുകഹൃദയം പോലെ വേപഥു പൂണ്ടു. തരളിത ഹൃദയനായി കരളിന്റെ വീണയില്‍ തന്തുമുറുക്കിക്കൊണ്ട് കൊണ്ടേരന്‍ ചോദിച്ചു.

'എന്തുപറ്റി?'

നാണുക്കുട്ടന്‍ വിഷാദ കാവ്യം തുടര്‍ന്നു.

വിഷാദം വീണ്ടും വില്‍പ്പനക്ക് വെച്ചതില്‍ കൊണ്ടേരന് കലശലായ ദേഷ്യം വന്നു. വിഷാദം ഒരു ക്ളിയറന്‍സ് സെയിലാണ്.ഒറ്റ ട്രിപ്പിന് തീരണം. വീണ്ടും വീണ്ടും വിറ്റാല്‍ ചെലവാകില്ല.

'നിന്റെ വിഷാദം മാറ്റിയില്ലെങ്കില്‍ എനിക്ക് നിഷാദനാവേണ്ടി വരും' എന്ന ഡയലോഗ് വന്നതാണ്. എന്നാല്‍ പ്രാസഭംഗി ഭയന്ന് പ്രയോഗിച്ചില്ല.

കൊണ്ടേരന്‍ നിര്‍ബന്ധിച്ചു.

'നാണുക്കുട്ടാ, ദുഃഖം നിന്റെ സ്വകാര്യ സ്വത്തല്ല. അത് ഈ സമൂഹം നിനക്ക് തന്നതാണ്. ആ കണ്ണീര്‍ തുടയ്ക്കാന്‍ അതേ സമൂഹം സാംസ്കാരികമായി ഉദ്ധരിച്ച് നില്‍ക്കുകയാണ്.ധൈര്യമായി പറയൂ, നാണുക്കുട്ടാ..ചിന്തിക്കാത്ത മനുഷ്യര്‍ ഒറ്റക്കല്ല.'

ഗുരുവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി റിബണ്‍ മുറിച്ച് നാണുക്കുട്ടന്‍ വായ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് കൊണ്ടേരന്‍ അവസാന കോപ്പയും കാലിയാക്കി.

'ഗുരോ ഈ കച്ചോടം പ്രതിസന്ധിയിലാണ്.'

'ഇതിന്റെ ലക്ഷക്കണക്കിന് ആരാധകര്‍...?'

'തിന്ന ചോറിന് നന്ദിയില്ലാത്തവരായി ഇതിനെ തള്ളിപ്പറയുന്നു. നന്ദിയില്ലാത്തവരെ നോക്കി കല്‍പ്പവൃക്ഷം ചുരത്താതായി.'

'കവിത എനിക്കിഷ്ടപ്പെട്ടു. ഉല്‍പ്പാദനവും വിതരണവും തമ്മില്‍ ഒരു ബന്ധവുമില്ലെന്നാണല്ലൊ പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. ടോഡി അബ്‌കാരിയോസ് തന്റെ പുതിയ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത്. അകൃത്രിമമായ കൃത്രിമത്വത്തിലൂടെ മദ്യം പുനഃസൃഷ്ടിക്കുകയല്ലേ പതിവ്..? അങ്ങനെയല്ലെ ഇതിന്റെ വായനക്കാരെ നമ്മള്‍പിടിച്ച് നിര്‍ത്തുന്നത്.'

'ശരി തന്നെ. പക്ഷേ കൃത്രമത്വം തിരിച്ചറിഞ്ഞ ജനങ്ങള്‍ കൂടുതല്‍ നല്ല കൃത്രിമത്വത്തിലേക്ക് വഴിമാറുന്ന പ്രവണതയാണ് രൂപപ്പെടുന്നത്.'

'സ്വാഭാവികം. യാഥാര്‍ഥ്യമല്ല, സൃഷ്ടിക്കപ്പെടുന്ന യാഥാര്‍ഥ്യമാണ് കൂടുതല്‍ വിശ്വസനീയം. നാണുക്കുട്ടാ, അതിജീവനത്തിന് അഥവാ ഉപജീവനത്തിന് നിന്റെ മുന്നില്‍ തെളിയുന്ന മാര്‍ഗം?'

'ഒരു വഴി തെളിയുന്നു. ടെണ്ടറാകാറായി.'

'ഏതു വഴി? കവിത..?'

' അല്ല.'

' എന്തുകൊണ്ട്?'

' എനിക്കതിന് കഴിയില്ല ഗുരോ..'

'നിനക്കേ കഴിയൂ. നിന്റെ അനുഭവങ്ങള്‍ മറ്റാര്‍ക്കുണ്ട്? നിനക്കാണെങ്കില്‍ രുചിക്കനുസരിച്ച് വിളമ്പാനും ട്രെന്‍ഡനുസരിച്ച് നില്‍ക്കാനുമറിയാം. നിന്നേക്കാള്‍ പരിചയക്കുറവുള്ളവര്‍ എത്ര ഭംഗിയായി ഈ ജോലി നിര്‍വഹിച്ച് സായൂജ്യമടയുന്നു.' ഷാപ്പിലെ പട്ടി' എന്ന പേരില്‍ നിനക്കൊരു ഉജ്വല കൃതി രചിക്കാം. വരികള്‍ പറഞ്ഞു തരാം. കുറിച്ചോളൂ.

എറിയാന്‍ കല്ലെടുത്തപ്പോള്‍
പട്ടി ചോദിച്ചു.
' എന്നെയാണോ ഉന്നം.?'
'അതെ.'

പട്ടി പറഞ്ഞു.
' നിങ്ങളില്‍ കുരയ്ക്കാത്തവര്‍
എന്നെ കല്ലെറിയട്ടെ.'

ഇത് പോരെങ്കില്‍ ലൈന്‍ മാറ്റാം.

ഷാപ്പിലെ മാനേജര്‍
ചവിട്ടിയപ്പോള്‍
പട്ടി പറഞ്ഞു.
'ബൌ..ബൌ..ബൌ..'

വിളമ്പുകാരന്‍
അടിക്കാനോങ്ങിയപ്പോള്‍
പട്ടി പറഞ്ഞു.
'ബൌ..ബൌ..ബൌ.'

കുടിയന്‍ എറിഞ്ഞപ്പോള്‍
പട്ടി പറഞ്ഞു.
'ബൌ..ബൌ..ബൌ.'

ഇത് കേട്ട് നായക്കുട്ടി ചോദിച്ചു.
'എന്താമ്മേ..ഈ ബൌബൌ ?'
തള്ളപ്പട്ടി പറഞ്ഞു
'പോടാ പട്ടീ'ന്ന്

നാണുക്കുട്ടന്‍ പറഞ്ഞു.

'എനിക്ക് ഇതുപോലെ വിരചിക്കാന്‍ കഴിയില്ല..ഗുരോ..'

'എന്നാല്‍ കഥ..?'

'ഇല്ല. സാങ്കേതികജ്ഞാനം കുറവ്. മിനിമം ഐ ടി സിക്കെങ്കിലും പോയിരുന്നെങ്കില്‍ അത് വെച്ച് പൂശാമായിരുന്നു.'

'നിരൂപണം?'

'ഗതികെട്ടിട്ടില്ലെന്ന് അറിയിക്കാന്‍ പുലികള്‍ എന്ന് കരുതുന്നവര്‍ തിന്നുന്ന പുല്ലല്ലെ ഗുരോ അത്?'

'തീര്‍ത്തും എളുപ്പമാണ് നിരൂപണം. എസ് എം എസ് അയക്കുന്ന പോലെ സ്പേയ്സിട്ട് എഴുതിയാല്‍ മതി.'

'എങ്ങനെ?'

'ഓരോ ഖണ്ഡികയിലും സ്പേയ്സിടുക. ചിന്താ പദ്ധതികള്‍ക്കുള്ള സ്പേയ്സ്, ആശയധാരകള്‍ക്കുള്ള സ്പേയ്സ് എന്നിങ്ങനെ. ബ്രാക്കറ്റില്‍ ഇടം എന്നു കൂടി എഴുതിയാല്‍ മലയാളത്തിലും പണ്ഡിതനാണെന്ന് വരുത്തിത്തീര്‍ക്കാം.'

'വയ്യ ഗുരോ.'

'എന്നാല്‍ രാഷ്ട്രീയ വിമര്‍ശനം ?'

'അവിടെ പൂരപ്പറമ്പു പോലെയാണ്.'

'വിട്ടു കളയണ്ട. ശ്രമിക്കൂ. ഇടികൊണ്ട് ചത്താലും വിഷമിക്കണ്ട. അങ്ങനെയുള്ള ചില ഡെഡ്‌ബോഡീസിന് ചാനലുകളില്‍ നല്ല ഡിമാന്‍ഡുണ്ട്.'

'ഇതൊന്നുമല്ല ഗുരോ എന്റെ വഴി.'

' പറയൂ.'

' ക്ഷമിക്കണം. അതൊരു ബിസിനസ് സീക്രറ്റാണ്.അതുകൊണ്ട് ഗുരുവിനോടും ഞാന്‍ അത് വെളിപ്പെടുത്തുന്നില്ല. നാളെ വരൂ, നേരില്‍ കാണൂ, അനുഗ്രഹിക്കൂ.'

രാവിലെ കൊണ്ടേരന്‍ കവലയിലെത്തി. ഒരു ബോര്‍ഡ് വായിച്ചു.

'വര്‍ഗീയ ലാബ്. രക്തം, മലം, മൂത്രം, കഫം എന്നിവ പരിശോധിക്കും.അത്യല്‍ഭുതകരമായ രോഗ നിര്‍ണയം. മരിച്ചവര്‍ക്ക് മാത്രം.

പ്രൊപ്രൈറ്റര്‍
നാണുക്കുട്ടന്‍'

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൊണ്ടേരന് അമ്പരക്കാതിരിക്കാന്‍ കഴിഞ്ഞില്ല.

'നാണുക്കട്ടാ..നീ..'

വിസ്താരഭയം കൊണ്ടല്ല, വികാരഭാരം കൊണ്ട് വാചകം പൂര്‍ത്തീകരിക്കാന്‍ കൊണ്ടേരന് കഴിഞ്ഞില്ല.

'ഗുരോ, ഇതൊരു പന്ഥാവാണ്. വര്‍ഗീയത കണ്ടെത്താന്‍ കേരളത്തില്‍ ഇന്നൊരു സംവിധാനം ഇല്ല.ജീവിച്ചിരിക്കുന്നവരില്‍ ഇത് എങ്ങനെയെങ്കിലും കണ്ടെത്താം. മരിച്ചവരുടെ കാര്യമാണ് കഷ്ടം. അതെങ്ങനെ കണ്ടെത്തും?.പ്രബുദ്ധകേരളം ലജ്ജിക്കരുതെന്ന് കരുതിയാണ് ഗുരോ ഈ സംരംഭം. ഇത് മരിച്ചവര്‍ക്കുവേണ്ടിയുള്ള ലാബാണ്. ഒണ്‍ലി ഫോര്‍ ഡെഡ് ബോഡീസ്.'

'മരിച്ചവരെ നീ എങ്ങനെ പരിശോധിക്കും നാണു?'

'മരിച്ചവരെ പരിശോധിക്കുന്നതാണ് ഗുരോ എളുപ്പം. രോഗി ഒരു തരത്തിലും പ്രതിഷേധിക്കില്ല. രോഗി രോഗത്തിന് വഴങ്ങിത്തരും. ജീവിച്ചിരിക്കുന്നവര്‍ ഇങ്ങനെയല്ല. അവര്‍ക്ക് പ്രതിഷേധിക്കാനാണ് വാസന.'

'മരിച്ചവരുടെ രക്തവും മൂത്രവും നീ എങ്ങനെ പരിശോധിക്കും,നാണു?'

'അത് എളുപ്പമാണ് ഗുരോ. അതിനുള്ള വഴി ഒരാള്‍ പറഞ്ഞുതന്നിട്ടുണ്ട്.'

'ആരാണ്..?'

'കറിയാച്ചന്‍.'

'ഏത് കറിയാച്ചന്‍?'

'ഉരുളികുന്നം കറിയാച്ചന്‍.'

'ഞാന്‍ കേട്ടിട്ടില്ലല്ലോ നാണു.'

'അയ്യോ കഷ്ടം. ആ നാമം കേട്ടിട്ടില്ലായോ..എങ്കില്‍ അങ്ങേക്കും അങ്ങയുടെ അനന്തര തലമുറക്കും സംഭവിക്കാനിരിക്കുന്ന ദുരന്തത്തെയോര്‍ത്ത് ഞാന്‍ വിലപിക്കട്ടെ!'

'നീ വിലപിച്ചോളൂ. ഉരുളികുന്നം തിയറിയനുസരിച്ച് നീ എന്തൊക്കെ കണ്ടെത്തി?'

'ഇന്ത്യയിലെ ഒന്നാമത്തെ വര്‍ഗീയ വാദിയെ ഞാന്‍ കണ്ടെത്തി. സാക്ഷാല്‍ ശ്രീബുദ്ധന്‍.'

'പ്രഭാഷിക്കൂ'

'കപിലവസ്തുദേശത്ത് ലുംബിനിക്കരയില്‍ ഗൌതമവീട്ടില്‍ ശുദ്ധോദനന്റെ മകനായി ജനിച്ചവനാണ് സിദ്ധാര്‍ഥന്‍. ശരിക്കും പറഞ്ഞാല്‍ ജി എസ് സിദ്ധാര്‍ഥന്‍.. പിന്നീട് അദ്ദേഹം ആ പേര് മാറ്റി ബുദ്ധന്‍ എന്നാക്കി.അഹന്ത.അദ്ദേഹത്തിന് പേര് മാറ്റാന്‍ എന്തുകൊണ്ട് തോന്നി? സ്വയം പേര് തീരുമാനിക്കുന്നത് സ്വന്തം ശരീരം എന്റേത് മാത്രമാണെന്ന അവകാശ പ്രഖ്യാപനമാണ്. അത് മൌലികവാദമാണ്. വര്‍ഗീയമാണ്.'

'നാണുക്കുട്ടന്‍ എന്റെ വിജ്ഞാനം വര്‍ധിക്കുന്നു. തുടരൂ.'

'അശോക ചക്രവര്‍ത്തിയാണ് അടുത്ത വര്‍ഗീയവാദി. ദേവനാംപിയ പിയദശി എന്ന പേര് സ്വികരിച്ചു.ദേവനാംപിയ എന്നു പറഞ്ഞാല്‍ ദേവനാഗരിയില്‍ ദൈവങ്ങള്‍ക്ക് പ്രിയപ്പെട്ടവന്‍ എന്നാണ്. വര്‍ഗീയവാദം. ശാസനങ്ങള്‍ കൊത്തിയത് കല്ലില്‍. മതിലില്‍ എഴുതിയാല്‍ പോരായിരുന്നോ?..കല്ല് ശിവലിംഗമാണ്, പ്രതിഷ്ഠയാണ്. കടുത്ത വര്‍ഗീയത. നരേന്ദ്രന്‍ വിവേകാനന്ദനായി. വര്‍ഗീയത. ഗുരൂവോ രാമനും കൃഷ്ണനും ചേര്‍ന്ന ശ്രീരാമകൃഷ്ണ പരമഹംസര്‍. പരമഹംസര്‍ മാറോട് ചേര്‍ത്തപ്പോള്‍ ആനന്ദമുണ്ടായി. കടുത്ത വര്‍ഗീയത.'

' തീര്‍ന്നോ..?'

'ഇല്ല. പത്മശ്രീ, പത്മവിഭൂഷണ്‍ സ്വീകരിച്ചവരെല്ലാം വര്‍ഗീയവാദികള്‍. പത്മം എന്നാല്‍ എന്താണ് ഗുരോ?. താമര. ഇനി പറയണോ..'

' നാണൂ, ഷാപ്പാണോ..ലാബാണോ ലാഭം?'

'സംശയമെന്ത് ഗുരോ, ലാബ് തന്നെ. മരിച്ചവരെക്കൊണ്ട് ഇവിടെ ഇരിക്കപ്പൊറുതിയില്ല. ഉരുളികുന്നം കറിയാച്ചന്‍ ഇതിത്തിരി നേരത്തെ പറഞ്ഞിരുന്നെങ്കില്‍..!'

'അത് പറ്റില്ലല്ലോ നാണു. കുഴിച്ചിട്ടാലല്ലെ കുഴിമാന്താന്‍ പറ്റൂ. ഈയിടെ ഒരു കോളേജ് മാഷും കുഴി തുരന്നു.ആനവാരി രാമന്‍ നായര്‍, പൊന്‍കുരിശു തോമ, മണ്ടന്‍ മുത്തപ, ഒറ്റക്കണ്ണന്‍ പോക്കര്‍ എന്നിവര്‍ മഹാസാഹിത്യകാരന്മാരല്ലന്ന് ഈ ഫോറെന്‍സിക് മാഷ് തെളിയിച്ചു.'

'എന്തിനാ ഗുരോ ഇതൊക്കെ?'

'ഒരെല്ലിനുവേണ്ടി'

'ഇവര്‍ക്കെന്തിനാ ഗുരോ എല്ല്?'

'പല്ല് പോയെങ്കിലും വല്ലവന്റെയും എല്ല് കടിച്ച് പുലിയാണെന്നു കാണിക്കാന്‍.'

കൊണ്ടേരന്‍ നാണുക്കുട്ടനെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചു.

'നാണൂ നിനക്ക് ഭാവിയുണ്ട്.നീ മഹാനാകും'

*
എം എം പൌലോസ്

Tuesday, May 26, 2009

കമ്പോളവ്യവസ്ഥയ്ക്ക് എതിരായ വോട്ട് കമ്പോള വക്താക്കള്‍ വാങ്ങി വെച്ചപ്പോള്‍!

സ്വതന്ത്രവിപണിവ്യവസ്ഥയുടെ ദയനീയ പരാജയത്തിന്റെ നടുവില്‍ നിന്നുകൊണ്ടാണ് നമ്മുടെ ദേശീയ തെരഞ്ഞെടുപ്പ് നടന്നത്. ഉദാരവല്‍ക്കരണത്തിന് നാന്ദി കുറിച്ചവരും ഘട്ടംഘട്ടമായി അത് ഏറ്റെടുത്തവരുമാണ് കൂടുതല്‍ കരുത്തോടെ അധികാരത്തില്‍ എത്തിയത്. കമ്പോളനയങ്ങള്‍ ഉദ്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം ഇന്ത്യയില്‍ ഏകകക്ഷിഭരണം ഇതുവരെ സാദ്ധ്യമായിട്ടില്ല. ആഗോളവല്‍ക്കരണനയങ്ങള്‍ക്കെതിരെയുള്ള, അതിന്റെ കടുത്ത ചൂഷണത്തിനെതിരെയുള്ള പ്രതിഷേധമാണ് ഇതിന് പിറകിലെന്ന് നമ്മളില്‍ പലരും മനസ്സിലാക്കുന്നില്ല. ഇത്തവണയും ജനവിധി വ്യത്യസ്ഥമായില്ല.

87 ശതമാനം വരുന്ന സാധാരണക്കാരും ദരിദ്രരുമായ ഇന്ത്യാക്കാരുടെ നെഞ്ചില്‍ നിരന്തരം തീ കോരിയിടുകയാണ് ഉദാരവല്‍ക്കരണം ചെയ്തുകൊണ്ടിരിക്കുന്നത്. ഈ നയങ്ങള്‍ ഏറ്റെടുക്കുന്ന കോണ്‍ഗ്രസ്സ് - ബി.ജെ.പി. സംഘടനകളെ മാറിമാറി പരീക്ഷിക്കുക എന്നതിനപ്പുറം ഇന്ത്യന്‍ ജനതയ്ക്ക് മുന്നില്‍ പോംവഴികള്‍ ഇല്ലായിരുന്നുവെന്നത് സത്യം. അത്തരം അസന്നിഗ്ധതയുടെ നടുവിലേക്കാണ് ബദല്‍ നയങ്ങളും പരിപാടികളുമായി ഇടതുപക്ഷം ഉയര്‍ന്നുവന്നത്. ഇടതുപക്ഷപിന്തുണയില്ലാതെ ദേശീയാധികാരം സാദ്ധ്യമല്ലാത്ത അവസ്ഥയിലേക്ക് രാജ്യം 2004ല്‍ നടന്നുകയറുകയും ചെയ്തു.

എന്നാല്‍ നാലര വര്‍ഷം കോണ്‍ഗ്രസ് മുന്നണിയെ പാര്‍ലമെന്റില്‍ താങ്ങിനിര്‍ത്തിയ ഇടതുപക്ഷം തെരഞ്ഞെടുപ്പില്‍ ദയനീയമായി പിന്തള്ളപ്പെട്ടു. ലോകം തന്നെ സ്വതന്ത്രവിപണി വ്യവസ്ഥയുടെ ചൂതാട്ടങ്ങളുടെ പിഴയടക്കുന്ന സന്ദര്‍ഭം.. കമ്പോള വ്യവസ്ഥയ്ക്ക് ബദല്‍ അന്വേഷിക്കുന്ന കാലം.. എന്നിട്ടും ഇടതുപക്ഷം അപ്രസക്തമാകുന്നു. ലാറ്റിനമേരിക്കയിലും യൂറോപ്പിലും എന്തിന് അമേരിക്കയിലും ജപ്പാനിലും വരെ കമ്പോളവ്യവസ്ഥക്ക് എതിരെ പടയൊരുക്കം തീവ്രമായിട്ടും എന്തുകൊണ്ട് ഇന്ത്യയിലെ ഇടതുപക്ഷം പരാജയപ്പെട്ടു. ഈ അന്വേഷണം പ്രസക്തവും പ്രധാനവുമാണ്. എന്നാല്‍ ദേശീയ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേടിയ വിജയം, കമ്പോള വ്യവസ്ഥക്കുള്ള ജനകീയ അംഗീകാരമാണെന്ന് വിശകലനങ്ങള്‍ വരുന്നതിനാല്‍ അതിന് പിറകിലെ നേരന്വേഷിക്കേണ്ടത് അതിലും പ്രധാനമാണ്.

എങ്ങനെ കോണ്‍ഗ്രസ് വിജയിച്ചു

പാര്‍ലിമെന്ററി ജനാധിപത്യത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ജനവിധി അംഗീകരിക്കുക തന്നെ വേണം. എന്നാല്‍ ഇടതുപക്ഷം മുന്നോട്ടു വെച്ച കമ്പോളവിരുദ്ധനയങ്ങള്‍ വോട്ടിനിട്ടു തള്ളുകയായിരുന്നുവെന്ന വാദം വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. കോണ്‍ഗ്രസും അവരുടെ യജമാനന്‍മാരും സമ്പന്ന മാധ്യമരാജാക്കന്മാരുമാണ് ഇങ്ങനെ ഉദ്ഘോഷിക്കുന്നത്. വസ്തുതാപരമോ ദാര്‍ശനികമോ ആയി നിലനില്‍കാത്ത ഈ കപടജല്‍പ്പനത്തിന് അവരുടെ തന്നെ കൂട്ടത്തില്‍ നിന്ന് മറുപടിയും വന്നിട്ടുണ്ട്.

നോക്കൂ മെയ് 18ന്റെ പ്രമുഖമായൊരു സാമ്പത്തിക മാധ്യമത്തിന്റെ എഡിറ്റോറിയല്‍:

"ഈ വിജയം ദേശീയ ഖജനാവിന്റെ ചിലവില്‍ സംഘടിപ്പിക്കപ്പെട്ടതാണ്... ആറ് വ്യത്യസ്ഥ വഴികളിലൂടെ ഖജനാവില്‍ നിന്ന് ധനമൊഴുക്കിയതിന്റെ പ്രതിഫലം... അതിലാദ്യത്തേത് 1,96000 കോടി രൂപയുടെ രാസവളസബ്സിഡിയാണ്. ദേശീയ തൊഴിലുറപ്പ് പദ്ധതിക്കായി ചിലവഴിക്കപ്പെട്ട 22,000 കോടി രൂപയാണ് രണ്ടാമത്തേത്. പാചകവാതക മണ്ണെണ്ണ സബ്സിഡി ഇനത്തില്‍ കഴിഞ്ഞ 5 വര്‍ഷം ഖജനാവ് നല്‍കിയത് 1,52,000 കോടി രൂപയാണ്. നാലാമതായി ഭക്ഷ്യധാന്യങ്ങളുടെ അടിസ്ഥാനതാങ്ങുവില വര്‍ദ്ധിപ്പിച്ച വകയില്‍ 87,000 കോടി രൂപ സര്‍ക്കാര്‍ ചിലവഴിച്ചു... കാര്‍ഷികകടം എഴുതിതള്ളിയ വകയില്‍ 65,000 കോടി രൂപ. അവസാനമായി ഭക്ഷ്യസബ്സിഡിക്ക് സര്‍ക്കാര്‍ ചെലവാക്കിയത് 16,000 കോടി രൂപ. സര്‍ക്കാറിന്റെ ധനകമ്മി 12 ശതമാനം വരെ ഉയര്‍ത്തിയ ഈ ധൂര്‍ത്തിന്റെ ചിലവിലാണ് കോണ്‍ഗ്രസ് അധികാരം നേടിയിരിക്കുന്നത്. ഈ ധനചോര്‍ച്ച തടയാന്‍ കോണ്‍ഗ്രസിനാവുമോ? അതില്ലാതെ സാമ്പത്തിക പരിഷ്കാരങ്ങള്‍ മുന്നോട്ട് പോകുമോ?''

ഏതാണ്ട് സമാനസ്വഭാവമുള്ള അഭിപ്രായങ്ങളാണ് ഒട്ടുമിക്ക ധനകാര്യപത്രങ്ങളും പ്രകടിപ്പിച്ചത്. ഇടതുപക്ഷ ചരടുകളില്ലാതെ സ്വതന്ത്രമായ ഭരണം സാദ്ധ്യമായെന്ന് കൊട്ടിപാടുന്ന വാര്‍ത്തകള്‍ അതിലെല്ലാം നിറയുകയാണ്. 100 ദിവസത്തേക്കും 5 വര്‍ഷത്തേക്കുമുള്ള അജണ്ടകള്‍ സമ്പന്നവ്യവസായസംഘടനകളുടെ പേരില്‍ വന്നുകൊണ്ടിരിക്കുകയാണ്.

ഇടതുപക്ഷം പിടിച്ചുവാങ്ങി നല്‍കിയ വിജയം

142 സീറ്റുകളാണ് 2004ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായിരുന്നത്. ദേശീയ തൊഴിലുറപ്പ് പദ്ധതിയോ കാര്‍ഷിക കടാശ്വാസമോ അവരുടെ പ്രകടനപത്രികയില്‍ ഉണ്ടായിരുന്നില്ല. മറിച്ച് ഉദാരവല്‍ക്കരണത്തില്‍ അഭിമാനിക്കുകയും 'തിളങ്ങുന്ന ഇന്ത്യ'യുടെ അവകാശം കോണ്‍ഗ്രസ്സിനാണെന്ന് അവരതില്‍ എഴുതിവെക്കുകയും ചെയ്തിരുന്നു. പൊതുമേഖലും സര്‍ക്കാര്‍ ബാങ്കുകളും ഇന്‍ഷൂറന്‍സും പെന്‍ഷനുമൊക്കെ വിദേശികള്‍ക്ക് വീതിക്കുമെന്നും അതിലുണ്ടായിരുന്നു. സബ്സിഡികള്‍ വികസനത്തിനെതിരാണെന്നും പൊതുവിതരണം ദരിദ്രര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും 2004ലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അധികാരത്തിന് ഇടതുപക്ഷപിന്തുണ അനിവാര്യമായതിനാല്‍ അവരുടെ നിര്‍ദ്ദേശങ്ങളടങ്ങിയ ഒരു പൊതുമിനിമം പരിപാടി ഉണ്ടായി. സബ്സിഡികള്‍ നിലനിന്നതും ഒരിക്കലും ദഹിക്കാത്ത തൊഴിലുറപ്പ് പദ്ധതി മൂന്നാം വര്‍ഷം ഭാഗികമായി നടപ്പാക്കപ്പെട്ടതും ഇടതുപക്ഷത്തിന്റെ ചെലവിലാണന്നര്‍ത്ഥം. ധനകമ്മി 3 ശതമാനമായി ചുരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കോണ്‍ഗ്രസ്സ് മന്ത്രിസഭ അത് 12 ശതമാനം വരെ ഉയര്‍ത്തി ചിലവഴിച്ചത് ഇടതുപക്ഷത്തിന്റെ ഉത്തരവാദിത്വപൂര്‍ണ്ണമായ ഇടപെടലുകള്‍ കൊണ്ടാണെന്ന് ചുരുക്കം. ഇവിടെ ഉദ്ധരിച്ച മുഖപ്രസംഗത്തില്‍ പറഞ്ഞതനുസരിച്ചുള്ള കോണ്‍ഗ്രസ് വിജയം ഖജനാവിന്റെ ചിലവിലായത് എങ്ങിനെയെന്ന് വ്യക്തമായല്ലോ. വേറൊരര്‍ത്ഥത്തില്‍ കമ്പോളവല്‍ക്കരണത്തില്‍ വെന്തുരുകിയ കര്‍ഷകരടക്കമുള്ള ദരിദ്രരുടെ ഇന്ത്യയ്ക്ക് തങ്ങളുടെ പരിമിത പാര്‍ലമെന്റ് അംഗങ്ങളുടെ സംഖ്യയയും ഇച്ഛാശക്തിയുമുപയോഗിച്ച് ഇടതുപക്ഷം പിടിച്ചുവാങ്ങി നല്‍കിയ സംഭാവനയാണ് യു.പി.എ. സര്‍ക്കാരിലൂടെ ജനങ്ങളിലെത്തിയത്, ഒപ്പം ഇപ്പോഴത്തെ വിജയവും.

വിജയത്തിന് കാരണമായ മറ്റ് വിഷയങ്ങള്‍

ഭരണ സ്ഥിരതയും വര്‍ഗ്ഗീയ വിരുദ്ധ സമീപനങ്ങളും ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഒലിച്ചുപോകാതെ ഇന്ത്യ നിലനിന്നതും കോണ്‍ഗ്രസ് വിജയത്തിന്റെ കാരണമായി മാധ്യമങ്ങള്‍ ചൂണ്ടികാണിക്കുന്നു. അധികാരത്തിന്റെ അപ്പം വീതിച്ചെടുക്കുന്നതിന് തുനിയാതെ നാലര വര്‍ഷം ജനോപകാരപ്രദമായ പരിപാടികള്‍ നടപ്പിലാക്കുവാന്‍ നിര്‍ബന്ധിച്ച ഇടതുപക്ഷം സംഭാവനചെയ്തതാണ് ഇതെല്ലാം. സര്‍ക്കാരിന്റെ പ്രതിച്ഛായ ഉയരുക മാത്രമാണ് ഇടതുപക്ഷ സമ്മര്‍ദ്ദങ്ങള്‍കൊണ്ടുണ്ടായത്. ഹിന്ദു തീവ്രവാദപരമായ സ്വാധീനം വിദ്യാഭ്യാസ സാംസ്കാരിക മേഖലകളില്‍ കടന്നുകയറാതെ കാവല്‍ നിന്നതും ഇടതുപക്ഷമാണ്. ഇതിന്റെയെല്ലാം പേരിലുള്ള വിജയം എങ്ങനെ കോണ്‍ഗ്രസ്സിന് അവകാശപ്പെട്ടതാവും?

ആഗോള സാമ്പത്തിക തകര്‍ച്ചയില്‍ ഇന്ത്യ പിടിച്ചുനിന്നതിന് പിന്നില്‍ കോണ്‍ഗ്രസ്സോ സംഖ്യകക്ഷികളോ ഉണ്ടോ?”കമ്പോളസുനാമിയില്‍ ഒലിച്ചുപോവാതെ അപൂര്‍വ്വം ചില കൊടുങ്കാറ്റുകളില്‍ ഒതുങ്ങി ഇന്ത്യ നിലനിന്നതിന് ആരോടാണ് രാജ്യം കടപ്പെട്ടിരിക്കുന്നത്? സമ്പദ്ഘടന ശക്തമായ സര്‍ക്കാര്‍ നിയന്ത്രണത്തിലും ഉടമസ്ഥതയിലും തുടരുന്നു എന്നതുകൊണ്ടാണ് നാം തകരാതിരുന്നതെന്ന് മന്‍മോഹന്‍സിങ്ങുതന്നെ പറഞ്ഞിട്ടുണ്ട്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എല്ലാ മേഖലകളിലേയും വിദേശനിക്ഷേപപരിധി എടുത്തുകളയുമെന്നും Capital Account Convertability 100 ശതമാനമാക്കുമെന്നും ഇന്ത്യന്‍ പൊതുമഖലയും ധനമേഖലയും സ്വകാര്യവല്‍ക്കരിക്കുമെന്നും എഴുതിവെച്ച തെരഞ്ഞെടുപ്പ് മാനിഫെസ്റോ ആണ് 2004ല്‍ കോണ്‍സിന്റേത്. അധികാരത്തിന്റെ ആദ്യനാളുകളില്‍ തന്നെ ഇതിനെല്ലാമുള്ള ബില്ലുകളുമായി അവര്‍ പാര്‍ലമെന്റില്‍ എത്തിയതാണ്. പാര്‍ലമെന്റിലും പുറത്തും പ്രതിബദ്ധതയോടെയുള്ള ചെറുത്ത് നില്‍പ്പ് നടത്തി കടുത്ത സാമ്പത്തിക പരിഷ്കാരങ്ങള്‍ക്ക് തടയിട്ടത് ഇടതുപക്ഷമാണ്. അപ്പോള്‍ മഹാമാന്ദ്യവും ബാങ്കിംഗ് തകര്‍ച്ചയും കടുത്ത അരക്ഷിതാവസ്ഥയുമായി ഇന്ത്യയിലെത്താതിരുന്നതുകൊണ്ട് ഉണ്ടായ തെരഞ്ഞെടുപ്പ് വിജയം എങ്ങനെ കോണ്‍ഗ്രസ്സിന്റെ 'നന്മ'യുടെ പേരില്‍ നാം എഴുതിവെക്കും? നാലര വര്‍ഷം കഴിഞ്ഞ് ഇടതുപക്ഷം പിന്തുണ പിന്‍വലിച്ചതിന് ശേഷം പണം കൊടുത്തുവാങ്ങിയ ഭൂരിപക്ഷത്തിന്റെ ചിലവില്‍ ഇന്‍ഷൂറന്‍സ്/പെന്‍ഷന്‍ ബില്ലുകള്‍ തിരക്കിട്ട് പാര്‍ലമെന്റില്‍ അവതരിപ്പിച്ചവരുടെ താല്‍പര്യം കറതീര്‍ന്ന കമ്പോളദര്‍ശനത്തില്‍ കുടികൊള്ളുന്നുവെന്നതിന് തെളിവെന്തിന്?

അപ്പോള്‍ ജനവിധിയുടെ പൊരുളെന്താണ്?

മൂക്കുകുത്തിവീണ സ്വതന്ത്രവിപണിവ്യവസ്ഥയുടെ കറതീര്‍ന്ന ആരാധകര്‍ ഈ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറിത്, അവരുടെ കാഴ്ചപാടുകള്‍ക്കെതിരെ അവരുടെ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതമായതുകൊണ്ടാണ്. അതായത് സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ എല്ലാം കമ്പോളത്തെ ഏല്‍പ്പിക്കുമെന്ന് ആണയിട്ടവരുടെ പിന്നിലല്ല ജനങ്ങള്‍ അണിചേര്‍ന്നത്. ഉദാരവല്‍ക്കരണ നയങ്ങളില്‍ നിന്ന് വഴിമാറിനടന്നതിന്റെ ചിലവില്‍ 60 സീറ്റ് അധികം നേടാന്‍ കോണ്‍ഗ്രസ്സിന് ത്രാണിയുണ്ടായി. ഈ വിജയം ഇടതുപക്ഷം കോണ്‍ഗ്രസ്സിന് സമ്മാനിച്ചതാണെന്നത് പോലെ, ആഗോളവല്‍ക്കരണ നയങ്ങള്‍ക്കെതിരായുള്ള ജനങ്ങളുടെ വിധിയെഴുത്ത്കൂടിയാവുന്നത് അതുകൊണ്ടാണ്. കമ്പോളസുനാമിയില്‍ ലോകമൊട്ടാകെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ക്ക് വേണ്ടി മുറവിളികൂട്ടുമ്പോഴാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. അമേരിക്കയടക്കമുള്ള സമ്പന്നരാജ്യങ്ങള്‍ ദേശീയ ഖജനാവുകള്‍ മലര്‍ക്കെ തുറന്നുവെച്ച് കമ്പോളത്തെ ഊട്ടുമ്പോഴാണ് നാം വോട്ടുചെയ്തത്. ദേശസാല്‍ക്കരണത്തിനും ആസൂത്രണത്തിനും, നിയന്ത്രണങ്ങള്‍ക്കും കീഴടങ്ങുകയാണ് മുതലാളിത്തം. ഈ ചരിത്രഘട്ടത്തില്‍ ഇന്ത്യന്‍ വോട്ടര്‍മാരുടെ മുമ്പില്‍ കോണ്‍ഗ്രസ് വെച്ച മാനിഫെസ്റോയില്‍ കമ്പോളമുദ്രാവാക്യങ്ങളെല്ലാം ആവര്‍ത്തിക്കപ്പെട്ടിരുന്നുവെന്ന് ഓര്‍ക്കുക. ഇടതുപക്ഷം കാരണം നടപ്പാകാതെപോയതെല്ലാം നടത്തിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരായി വോട്ടു ചോദിച്ചവര്‍ നടപ്പാക്കാതിരുന്ന നിയോലിബറല്‍ അജണ്ടയുടെ പേരില്‍ വിജയം നേടിയിരിക്കുന്നു! തങ്ങള്‍ക്കെതിരായ ജനവിധിയില്‍ 'ജയിച്ചു കയറുകയെന്ന' ഗതികേടില്‍ വീണിരിക്കുന്ന കോണ്‍ഗ്രസ് യഥാര്‍ത്ഥത്തില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് വേണ്ടത്.

ജനവിധിയുടെ ശരിയായ പൊരുള്‍ തിരിച്ചറിഞ്ഞ്, കമ്പോള വ്യവസ്ഥയുടെ കാലഹരണപ്പെട്ട നയങ്ങളും പരിപാടികളും വലിച്ചെറിയാന്‍ കോണ്‍ഗ്രസും കൂട്ടുകാരും തയ്യാറാവുന്നില്ലെങ്കില്‍ സാങ്കേതികമായ അര്‍ത്ഥത്തില്‍പോലും ഈ വിജയത്തിന് നിലനില്‍പ്പുണ്ടാവില്ലെന്ന് ഉറപ്പാണ്.

*
അജയ്ഘോഷ് പി.എ.ജി ബുള്ളറ്റിന്‍ 71

Monday, May 25, 2009

റീത്ത 100 പിന്നിടുമ്പോള്‍

വംശീയവിദ്വേഷത്തെ രാഷ്ട്രീയായുധമാക്കി മൂര്‍ച്ച കൂട്ടുന്നതില്‍ അഡോള്‍ഫ് ഹിറ്റ്ലറെയോ ബെനിറ്റോ മുസോളിനിയെയോ കവച്ചുവയ്ക്കാന്‍ ഇന്നുവരെ മറ്റൊരാളുണ്ടായിട്ടില്ല. ജൂതരക്തം കലര്‍ന്നതുകൊണ്ടാണ് ആര്യന്‍ ജനത അധഃപതിച്ചതെന്ന സങ്കുചിത സമവാക്യം നിരത്താന്‍ ഇരുവരും ഏറെ ശ്രദ്ധിച്ചു. ഹിറ്റ്ലറുടെ ആത്മകഥയും ഫാസിസ്റ്റുകളുടെ പ്രായോഗിക നിഘണ്ടുവുമായ 'മെയ്ന്‍കാഫ്' ജൂതന്മാര്‍ക്കുനേരെ ഓരോ അക്ഷരത്തിലൂടെയും വിഷം വമിപ്പിക്കുകയും ചെയ്തു. അതിലെ ഓരോ വാക്കും പതിനായിരങ്ങള്‍ക്കാണ് മരണശിക്ഷ വിധിച്ചത്.

ജൂതന്മാരുടെ കടകള്‍ക്കുമുന്നില്‍ നാസികള്‍ സംഘടിച്ചുനിന്ന് ഉപഭോക്താക്കളെ തുരത്തുകപോലുമുണ്ടായി. ആ വിഭാഗത്തില്‍പ്പെട്ട ഭിഷഗ്വരന്മാരില്‍നിന്ന് രോഗികളെയും അഭിഭാഷകരില്‍നിന്ന് കക്ഷികളെയും ആട്ടിയോടിക്കാനും ശ്രമിച്ചു. ജൂതന്മാരുടെ കാളകളില്‍നിന്ന് പശുക്കളെ ബീജസങ്കലനം നടത്തിക്കൂടെന്ന സര്‍ക്കുലര്‍ വ്യാപകമായി പുറത്തിറക്കി. പുസ്തകവില്‍പ്പനശാലകളും ലൈബ്രറികളും തീയിട്ടും ശാസ്ത്രപരീക്ഷണകേന്ദ്രങ്ങള്‍ കയ്യേറിയും ഹിറ്റ്ലറും മുസ്സോളിനിയും ആര്‍ത്തുചിരിച്ചു. ജൂതപ്രതിഭകളുടെ സംഗീതംപോലും നിരോധനത്തിന്റെ കത്രികപ്പൂട്ടിനുള്ളിലാക്കി അവര്‍ രസിച്ചു.

ഫാസിസ്റ്റുകളുടെ കൊലമുറികള്‍ക്കുള്ളില്‍ വീര്‍പ്പുമുട്ടിയപ്പോഴും ചിലര്‍ അപകടകരമായി ജീവിക്കുകയും ആപല്‍ക്കരമായി ചിന്തിക്കുകയും ചെയ്തു. അതിലെ ഏറ്റവും തിളങ്ങുന്ന പേരുകളിലൊന്നാണ് റീത്താ ലെവി മൊണ്ടാല്‍സിനി. സ്ത്രീസ്വാതന്ത്ര്യദാഹത്തിന്റെയും ശാസ്ത്രാന്വേഷണത്തിന്റെയും സാഹസികപ്രവര്‍ത്തനത്തിന്റെയും ചുരുക്കംതന്നെയായ അവരിതാ ജീവിതത്തിന്റെ ഒരു ശതാബ്ദം പൂര്‍ത്തിയാക്കിയിരിക്കുന്നു. ഭാഗികമായ കേള്‍വി പ്രശ്നവും പൂര്‍ണാന്ധതയും അലട്ടുമ്പോഴും രാഷ്ട്രീയകാര്യങ്ങളോട് കാതും ഹൃദയവും ചേര്‍ത്തുവയ്ക്കുകയാണ്.

ലോകപ്രശസ്തമായ ഇറ്റാലിയന്‍ നഗരം ടൂറിനില്‍ 1909 ഏപ്രില്‍ 22ന് ഗണിതശാസ്ത്രജ്ഞനായ അഡിമോ ലെവിയുടെയും ചിത്രകാരി അഡെലെ മൊണ്ടാല്‍സിനിയുടെയും ഇരട്ടമക്കളില്‍ ഒരാളായിട്ടായിരുന്നു റീത്തയുടെ ജനനം. അവള്‍ക്കൊപ്പം ജനിച്ച പൌല പില്‍ക്കാലത്ത് പ്രശസ്ത ചിത്രകാരിയായി പേരുനേടി. മൂത്ത സഹോദരന്‍ ജിനോ വാസ്തുശില്‍പ്പിയെന്നനിലയില്‍ ശ്രദ്ധേയങ്ങളായ പരീക്ഷണങ്ങള്‍ക്ക് തുടക്കമിട്ടയാളായിരുന്നു. ഇളയ സഹോദരി അന്നയാവട്ടെ നോബല്‍ പുരസ്കാരജേതാവ് സെല്‍മാ ലാഗെര്‍ലോഫിന്റെ കടുത്ത ആരാധികയും. സംസ്കാരവും കലയും വര്‍ണരാജി പടര്‍ത്തിയ കുടുംബപശ്ചാത്തലംതന്നെ.

സ്ത്രീകളെ ബഹുമാനപുരസ്സരം പരിഗണിച്ച അച്ഛന്‍ അഡിമോ പക്ഷെ, വിക്ടോറിയന്‍ സദാചാരരീതികളുടെ തടവറയിലായിരുന്നു. പ്രൊഫഷണല്‍ വിദ്യാഭ്യാസം ഇറക്കിവയ്ക്കുന്ന ചുമതലകളും ബാധ്യതകളും അമ്മയെന്ന നിലയിലും ഭാര്യയെന്ന തരത്തിലുമുള്ള ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് തടസ്സമാവുമെന്ന് അദ്ദേഹം ധരിച്ചു. അതുകൊണ്ടുതന്നെ പെണ്‍മക്കളെ സര്‍വകലാശാലാപഠനത്തിനയച്ചില്ല.

സ്നേഹം കവിഞ്ഞൊഴുകിയ കുടുംബാന്തരീക്ഷത്തിലും അച്ഛന്റെ സ്ത്രീനിര്‍വചനം റീത്തയെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു. ഇരുപതാം വയസ്സില്‍ അവള്‍ അക്കാര്യം അദ്ദേഹത്തിനുമുന്നില്‍ തുറന്നുവച്ചു. സംഘര്‍ഷരഹിതമായ സമരത്തിനൊടുവില്‍ എട്ടുമാസംകൊണ്ട് റീത്ത പഠനവിടവുകള്‍ നിറച്ചു. തുടര്‍ന്ന് ടൂറിനിലെ വൈദ്യശാസ്ത്ര സര്‍വകലാശാലയില്‍ ചേര്‍ന്നു. 1936ല്‍ ബിരുദം നേടി. ന്യൂറോളജിയിലും സൈക്യാട്രിയിലും ഉപരിപഠനത്തിനായിരുന്നു ആഗ്രഹം. എന്നാല്‍ അക്കൊല്ലം മുസോളിനി പുറപ്പെടുവിച്ച ഉത്തരവ് വിനയായിത്തീരുകയായിരുന്നു. ആര്യന്മാരല്ലാത്തവരെ അക്കാദമിക്-പ്രൊഫഷണല്‍ രംഗങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്നതായിരുന്നു അതിന്റെ ഊന്നല്‍. അങ്ങനെ റീത്തയുടെ ജൂത പശ്ചാത്തലം ഉപരിപഠനത്തിന് തടസ്സമായി.

1934ല്‍ വിക്ടര്‍ ഹാംബര്‍ഗെര്‍ എഴുതിയ ഒരു പഠനം അവരില്‍ നിലയ്ക്കാത്ത പ്രേരണയുണ്ടാക്കി. അതൊരു പ്രചോദനമായി വളര്‍ന്ന ഘട്ടത്തില്‍ വീട്ടില്‍ത്തന്നെ ചെറിയ ലബോറട്ടറിയുണ്ടാക്കി പരീക്ഷണങ്ങള്‍ തുടര്‍ന്നു. 1941ലെ സംഹാരാത്മകമായ ബോംബ് വര്‍ഷം എല്ലാം തകിടം മറിച്ചു. രണ്ടുവര്‍ഷത്തിനകം ഫ്ളോറന്‍സിലേക്ക് നീങ്ങി. യുദ്ധാന്ത്യംവരെ രഹസ്യജീവിതത്തിലൊളിച്ചാണ് ശാസ്ത്രാന്വേഷണങ്ങള്‍ തുടര്‍ന്നത്.

സാഹസികപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങള്‍ തീര്‍ത്ത യുദ്ധം ചില യാഥാര്‍ഥ്യങ്ങളും പഠിപ്പിച്ചു. അഭയാര്‍ഥികളുടെ നിലയ്ക്കാത്ത പ്രവാഹം. പകര്‍ച്ചവ്യാധികള്‍ കാര്‍ന്നുതിന്നുന്ന ക്യാമ്പുകള്‍. മുറിവേറ്റവരെ ശുശ്രൂഷിക്കാന്‍ റിത്ത കുറേനാള്‍ വിശ്രമരഹിതയായി പ്രവര്‍ത്തിച്ചു. യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുതീര്‍ന്നപ്പോള്‍ ഗവേഷണങ്ങള്‍ പുനരാരംഭിച്ചു. 1986ല്‍ സ്റ്റാന്‍ലി കോഹനൊപ്പം നോബല്‍സമ്മാനം നേടുകയും ചെയ്തു. യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസിന്റെ നേതൃത്വത്തിലേക്ക് തെരഞ്ഞെടുത്തതുമുതല്‍ പല അന്താരാഷ്ട്ര പദവികളിലേക്കുമെത്തി. മിക്കയിടത്തും ആദ്യസ്ത്രീയെന്ന നിലയിലായത് മറ്റൊരു നേട്ടം.

മുസ്സോളിനിയുടെ വംശീയവിദ്വേഷംപോലെ പിന്നീടും റീത്തക്കുനേരെ അവഹേളനങ്ങള്‍ ഉയര്‍ന്നു. ഇറ്റാലിയന്‍ സെനറ്റിലേക്ക് ആജീവനാന്ത അംഗത്വം നേടിയ 2001 ആഗസ്തില്‍പ്പോലും അങ്ങനെയുണ്ടായി. 92-ാം വയസ്സില്‍ പ്രസിഡന്റ് കാര്‍ലോ അസെഗ്ളിയോ സിയാംപി നല്‍കിയ അംഗീകാരം കടുത്ത വലതുപക്ഷക്കാരെ പ്രകോപിപ്പിച്ചു. ജൂത പശ്ചാത്തലവും വാര്‍ധക്യവും ചൂണ്ടി അവര്‍ പരിഹാസങ്ങളും അവഹേളനങ്ങളും തുടര്‍ന്നു. പൊതുസ്ഥലങ്ങളിലെ ശകാരങ്ങളില്‍ മാത്രം അത് ഒതുങ്ങിയില്ല. ഫ്രാന്‍സെസ്കോ സ്റ്റൊറൈസിനെപ്പോലുള്ളവര്‍ കരുണയുടെ ഒരിറ്റുപോലും ചുരത്താത്ത വാക്കുകളുമായാണ് നേരിട്ടത്. 2006 മുതല്‍ ബ്ളോഗുകളിലും അപഹാസ്യവര്‍ഷങ്ങളായിരുന്നു. നോബല്‍ സമ്മാനം നേടിയ ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിതാ പ്രതിഭയോടാണ് ഈ ക്രൂരതയെന്നോര്‍ക്കണം.

ചരിത്രം രോമാഞ്ചത്തോടെമാത്രം നോക്കിനില്‍ക്കുന്ന നിശ്ചയദാര്‍ഢ്യത്തിന്റെ സ്ത്രീപ്രതീകമായ റീത്താ ലെവി മൊണ്ടാല്‍സിനിയുടെ നൂറുവയസ്സിന്റെ ദീര്‍ഘജീവിതം സമാനതകളില്ലാത്തതാണ്. ഫാസിസത്തിന്റെ പഴയ വംശവെറിയും അതിന്റെ പുതിയ രൂപഭേദങ്ങളും ഏറെ സഹിച്ചിട്ടും അവര്‍ പതറുകയോ പിന്‍വാങ്ങുകയോ ചെയ്തില്ല. മുസ്സോളിനിയുടെ തിട്ടൂരങ്ങളാണ് റീത്തയുടെ കരളുറപ്പിന് മൂര്‍ത്തരൂപം നല്‍കിയത്. അതവര്‍ മറച്ചുവച്ചില്ല. "നന്ദി, മുസോളിനി, താങ്കള്‍ക്ക് ആയിരം നന്ദി'' എന്ന പ്രഖ്യാപനം ജനവിരുദ്ധമായ ഒരു ആശയത്തിനെതിരായ വിമര്‍ശനംകൂടിയായാണ് ഇന്ന് മനസ്സിലാക്കേണ്ടത്. അയാളുടെ തടസ്സങ്ങളില്ലെങ്കില്‍ താന്‍ മറ്റെന്തൊക്കെയോ ആയി മാറുമായിരുന്നുവെന്നും റീത്ത കൂട്ടിച്ചേര്‍ത്തു.

*
എ വി അനില്‍കുമാര്‍ കടപ്പാട്: ദേശാഭിമാനി സ്ത്രീ സപ്ലിമെന്റ്

കര്‍ഷകര്‍ക്കും മുസ്ളിങ്ങള്‍ക്കും വിശ്വാസം നഷ്ടപ്പെട്ടു

2009 ലെ പൊതുതെരഞ്ഞടുപ്പ് ഫലം ഇടതുപക്ഷത്തിന് ഒരു കനത്ത ആഘാതമാണെന്നതില്‍ സംശയമില്ല. കഴിഞ്ഞ ലോക്സഭയില്‍ നേടിയ 61 എന്ന ചരിത്രപരമായ ഉയര്‍ന്ന എണ്ണം അവര്‍ക്ക് നിലനിര്‍ത്താനാവില്ല എന്നതുറപ്പായിരുന്നു. അതില്‍ ബഹുഭൂരിപക്ഷവും രണ്ട് സംസ്ഥാനങ്ങളിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ നേടിയതായിരുന്നു എന്നിരിക്കേ വിശേഷിച്ചും. എന്നാല്‍ ഇക്കുറി പകുതിയ്ക്കും താഴേയ്ക്ക് എത്തിയ വീഴ്ചയാകട്ടെ ഞെട്ടിക്കുന്നതാണ്.

ഇടതുകോട്ടകളായ പശ്ചിമബംഗാളിലെയും കേരളത്തിലെയും പ്രകടനം തന്നെയാണ് എല്ലാവരെയും ഏറെ അസ്വസ്ഥരാക്കുന്നത്. ഈ വന്‍വീഴ്ചയെ എങ്ങനെ വിശദീകരിക്കാം?

ഈ ചോദ്യം വളരെ പ്രസക്തമാണ്. കാരണം, ഇടതുപക്ഷം ഈ ആഘാതത്തെ മറികടന്ന് വീണ്ടും വളരുകയും രാജ്യമെങ്ങും അതിന്റെ സന്ദേശം വ്യാപിപ്പിക്കുകയും വേണമെങ്കില്‍ ഈ തോല്‍വിയില്‍ നിന്ന് പാഠം പഠിച്ച് തന്ത്രങ്ങള്‍ മാറ്റിയേ തീരൂ.

രണ്ടിടത്തെയും പാഠങ്ങള്‍ വ്യത്യസ്തമാവാം. കേരളത്തിലെ ഇടതുമുന്നണിസര്‍ക്കാര്‍ സാമാന്യം ജനപ്രിയമാണെന്നും മുഖ്യമന്ത്രി വി. എസ്. അച്ചുതാനന്ദന്‍ ഉയര്‍ന്ന അളവില്‍ ഇപ്പോഴും സ്വീകാര്യനാണെന്നും എല്ലാവരും സമ്മതിക്കുന്നു. പക്ഷേ, കേരളത്തില്‍ എന്നും തെരഞ്ഞെടുപ്പുകളില്‍ വിജയവും പരാജയവും തമ്മിലുള്ള അന്തരം താരതമ്യേന കുറവായിരുന്നു. ഒപ്പം, എക്കാലവും കേരളത്തിലെ തെരഞ്ഞെടുപ്പുഫലത്തിലെ ആനുകൂല്യം ഇരുമുന്നണികള്‍ക്കും മാറിമാറിയാണ് ലഭിച്ചുപോന്നതും. അതായത്, ലഭിച്ച വോട്ടുകളുടെ ശതമാനത്തിലെ നേരിയ വ്യത്യാസം പോലും വലിയ പങ്ക് സീറ്റുകള്‍ ലഭിക്കാനോ നഷ്ടപ്പെടാനോ ഇടയാക്കും. ഇതാവാം ഈ തെരഞ്ഞെടുപ്പില്‍ സംഭവിച്ചത്. ഒപ്പം, ഇടതുമുന്നണിയിലെ മുഖ്യകക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യാ(മാര്‍ക്സിസ്റ്റ്)ലെ വിഭാഗീയതയെ സംബന്ധിച്ച വ്യാപകമായ പൊതുധാരണ ജനങ്ങളിലുണ്ടാക്കിയ അസ്വസ്ഥത മുന്നണിയെ തെരഞ്ഞെടുപ്പില്‍ ദോഷകരമായി ബാധിച്ചു.

ഈ തെരഞ്ഞെടുപ്പിന് മുമ്പായി ചില ചെറുപാര്‍ട്ടികളുമായി ഉണ്ടാക്കിയ സഖ്യത്തോട് സൃഷ്ടിക്കപ്പെട്ട കടുത്ത എതിര്‍പ്പും മുന്നണിക്ക് ദോഷകരമായി.

പശ്ചിമബംഗാളിലെ ചിത്രം കുറച്ചുകൂടി അസ്വാസ്ഥ്യജനകമാണ്. ഭരണത്തിലിരിക്കുന്ന മുന്നണിക്കെതിരായി വന്‍തോതില്‍ വോട്ടുകള്‍ മറിഞ്ഞു എന്നത് വ്യക്തമാണ്. ഈ സന്ദേശം അഭിമുഖീകരിച്ചേ തീരൂ. ഇടതുമുന്നണി കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലേറെയായി സംസ്ഥാനം ഭരിക്കുകയാണ്. ഭരണസ്ഥിരത മാത്രമല്ല, സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ സുപ്രധാനമായ പല കാര്യങ്ങളും നടപ്പിലാക്കാന്‍ ഈ ഭരണത്തിനായി. ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാക്കിയ ഭൂപരിഷ്കരണവും കൂടാതെ, അധികാരവികേന്ദ്രീകരണത്തിലേയ്ക്കുള്ള ഉറച്ച കാല്‍വെപ്പുകളും തദ്ദേശഭരണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്കിയതും ഇവയില്‍ ഏറെ പ്രധാനമാണ്.

എന്നാല്‍, കഴിഞ്ഞ കുറച്ചുവര്‍ഷത്തില്‍ ബംഗാള്‍ സര്‍ക്കാര്‍ സ്വന്തം പ്രവര്‍ത്തികളിലൂടെയോ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനുള്ള കഴിവില്ലായ്മ കൊണ്ടോ ജനങ്ങള്‍ക്കിടയില്‍ സല്‍പ്പേര് കളഞ്ഞുകുളിച്ചു. തിരിച്ചറിഞ്ഞ് നേരിടേണ്ട മൂന്ന് ഘടകങ്ങള്‍ ഇതില്‍ പങ്ക് വഹിച്ചിട്ടുണ്ട്. അവ താഴെപറയുന്നു.

സിംഗൂരിലെയും നന്ദിഗ്രാമിലെയും സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരിലും കുടിയാന്‍മാരിലും പടര്‍ന്ന അന്യവല്‍ക്കരണഭീതി. തങ്ങളുടെ നിലപാട് ജനങ്ങള്‍ക്കിടയില്‍ വിശദീകരിക്കാനോ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന ഭൂമിവിതരണത്തിനും മറ്റും വേണ്ട പ്രചരണം നല്‍കാനോ സര്‍ക്കാരിനായില്ല.

മുസ്ളിം സമുദായത്തില്‍, വിശേഷിച്ചും അവരില്‍ നീണ്ടകാലം ഇടതുപക്ഷത്തോടൊപ്പം നിന്ന വിഭാഗത്തില്‍ പോലും വ്യാപിച്ച, തങ്ങള്‍ വിവേചനം അനുഭവിക്കുന്നു എന്ന ധാരണ.

സോഷ്യലിസത്തിനും ഇടതുപക്ഷാശയങ്ങള്‍ക്കും വേണ്ടി ജീവന്‍ സമര്‍പ്പിച്ച, അങ്ങേയറ്റം ആത്മാര്‍ത്ഥരായ യഥാര്‍ഥപ്രവര്‍ത്തകരുടെ വികാരങ്ങളേക്കാള്‍ പാര്‍ട്ടിയില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നത് ബ്യൂറോക്രസി ആണ് എന്ന തോന്നല്‍.

ഈ എതിര്‍ഘടകങ്ങളോടൊപ്പം, ചില നയപരിപാടികള്‍, പര്യാപ്തമായി ഇടപെട്ട് വികസിപ്പിക്കുന്നതില്‍ വന്ന വീഴ്ചകളും കൂട്ടിച്ചേര്‍ക്കണം. ഇവയില്‍ ഏറ്റവും പ്രധാനം, ദേശീയതലത്തില്‍ ഇടതുപക്ഷം നടത്തിയ നിരന്തരമായ സമ്മര്‍ദ്ദത്തിന്റെ ഫലമായി യു. പി. എ. സര്‍ക്കാര്‍ നടപ്പിലാക്കിയ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതിയാണ്.

ഭരണത്തിലിരിക്കുന്ന പാര്‍ട്ടികള്‍ ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളാണ് ആന്ധ്രപ്രദേശ്, തമിഴ്നാട്, രാജസ്ഥാന്‍, ഒറീസ മുതലായവ. ഇവിടങ്ങളിലെല്ലാം അതത് സംസ്ഥാനസര്‍ക്കാരുകള്‍ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതി വ്യാപകമായും ഊര്‍ജ്ജസ്വലമായും നടപ്പിലാക്കുന്നതില്‍ ശുഷ്കാന്തി കാണിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്.

പശ്ചിമബംഗാളില്‍ ദേശീയഗ്രാമീണതൊഴിലുറപ്പുപദ്ധതിയുടെ നടത്തിപ്പില്‍ താരതമ്യേന കുറഞ്ഞ വിജയമാണുണ്ടായത്. ഇത് ഇടതുപക്ഷസര്‍ക്കാര്‍ മുന്തിയ പരിഗണനയോടെ അടിയന്തിരമായി ശ്രദ്ധിക്കേണ്ടതാണ്. അടിയന്തിരശ്രദ്ധ അര്‍ഹിക്കുന്നതും ജനങ്ങളുമായി ബന്ധപ്പെടുന്നതുമായ മറ്റൊരു മേഖല ഭക്ഷ്യപൊതുവിതരണശൃംഖലയാണ്. ഇത് നവീകരിച്ച് വ്യാപിപ്പിച്ച് ശക്തിപ്പെടുത്തേണ്ടതുണ്ട്.

തെരഞ്ഞെടുപ്പ് ഫലത്തിലെ ഈ വലിയ പിന്നോട്ടടിയെ, ഈ രണ്ട് സംസ്ഥാനങ്ങളില്‍ മാത്രമല്ല രാജ്യത്തെങ്ങും ഇടതുപക്ഷത്തിന്റെ ഉയിര്‍പ്പിനും വികാസത്തിനുമുള്ള ഒരവസരമായി മാറ്റാവുന്നതാണ്.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് ഫലം അത്ര ശ്രദ്ധിക്കപ്പെട്ടിട്ടില്ല. എന്നാല്‍, അത് ഇടതുപക്ഷസര്‍ക്കാരിന്റെ ജനപ്രീതിയ്ക്കും സുസ്ഥിരമായ ജനപിന്തുണയ്ക്കും വ്യക്തമായ സൂചനയാണ്.

മറ്റ് സംസ്ഥാനങ്ങളിലെ ഇടതുപക്ഷത്തിന് ലഭിച്ച സീറ്റുകളുടെയോ വോട്ടിന്റെയോ നേട്ടം, അതാതിടങ്ങളിലെ പ്രാദേശിക കേഡര്‍മാര്‍ ഭൂമി, ജീവസന്ധാരണം, ജീവിതനിലവാരത്തിലെ ഉയര്‍ച്ച, സാമൂഹ്യസമത്വം തുടങ്ങിയ അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കുവേണ്ടി നടത്തിയ നീണ്ടതും പ്രതിബദ്ധവുമായ സമരങ്ങളുടെ വ്യക്തമായ ഫലമാണ്. ഇത് ശക്തിപ്പെടുത്തുകയാണെങ്കില്‍, ഈ ആപത്സന്ധിയെ സ്വയം നവീകരണത്തിനും ഇടതുപക്ഷത്തിന്റെ ഭാവിയിലെ വികാസത്തിനുമുള്ള ഉത്തേജകമായിത്തന്നെ മാറ്റാനാവും.

*

ജയതി ഘോഷ് എഴുതിയ Farmers, Muslims had no faith left എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. പരിഭാഷ നിര്‍വഹിച്ചത് റെജി

Sunday, May 24, 2009

തെരഞ്ഞെടുപ്പ് ഫലവും പ്രചാരവേലയും

ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണങ്ങള്‍ കണ്ടെത്തേണ്ടതും അതില്‍നിന്ന് പാഠം ഉള്‍ക്കൊണ്ട് ആവശ്യമായ മാറ്റങ്ങള്‍ വരുത്തേണ്ടതും ഇടതുപക്ഷത്തിന് ഭാവിയില്‍ മുന്നേറുന്നതിന് ആവശ്യമാണ്. രാജ്യത്താകെയുണ്ടായ പരാജയത്തിന്റെ പ്രാഥമിക വിലയിരുത്തലാണ് കഴിഞ്ഞ ദിവസം പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എഴുതിയ ലേഖനത്തിലുള്ളത്. പാര്‍ടിയാകെ നടത്തുന്ന പരിശോധനയെയും തീരുമാനങ്ങളെയും പ്രാധാന്യത്തോടെയാണ് ആളുകള്‍ കാണുന്നത്. സിപിഐ എം ശക്തിപ്പെടണമെന്ന ആഗ്രഹമാണ് മതനിരപേക്ഷ ശക്തികള്‍ക്കും സാമ്രാജ്യത്വ വിരുദ്ധശക്തികള്‍ക്കുമുള്ളത്.

കേരളത്തിലെ പരാജയവും കനത്തതാണ്. അപ്രതീക്ഷിതമായ വിധിയെഴുത്തുകള്‍ നടത്തുന്ന പ്രവണതയുള്ള ജനസമൂഹമാണ് കേരളത്തിലുള്ളത്. 1977ലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ചരിത്രത്തില്‍ പ്രാധാന്യമുള്ളതായിരുന്നു. കോണ്‍ഗ്രസിന്റെ അധികാരക്കുത്തക കേന്ദ്രത്തില്‍ തകര്‍ന്ന തെരഞ്ഞെടുപ്പില്‍ കേരളം ഒറ്റക്കെട്ടായി കോണ്‍ഗ്രസിന്റെയൊപ്പം അണിനിരക്കുകയാണ് ചെയ്തത്. മരുന്നിനുപോലും ഒരാളെ വിജയിപ്പിക്കാന്‍ അന്ന് ഇടതുപക്ഷത്തിനായില്ല. ജനാധിപത്യക്കുരുതിയുടെ ഭീകരാനുഭവങ്ങളേക്കാളും മാധ്യമങ്ങള്‍ വിളമ്പി നല്‍കിയ വിശേഷങ്ങളാണ് ജനങ്ങളുടെ വിശ്വാസ്യത പിടിച്ചുപറ്റിയത്. രാജ്യത്തുതന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ് ആ വിധിയെഴുത്ത്. നമ്മുടെ ജനാധിപത്യ സമ്പ്രദായത്തിന്റെ പരിമിതികള്‍ പുറത്തുകൊണ്ടുവന്ന മറ്റൊരു സന്ദര്‍ഭമായിരുന്നു വിമോചനസമരത്തിനുശേഷം നടന്ന തെരഞ്ഞെടുപ്പ്. കമ്യൂണിസ്റ്റ് പാര്‍ടിയുടെ വോട്ടും വോട്ടിങ് ശതമാനവും വര്‍ധിച്ചിട്ടും വലതുപക്ഷ ശക്തികള്‍ വിജയിച്ചു. കേരളത്തിന്റെ ദിശയെ മാറ്റുംവിധമുള്ള പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ച 57ലെ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയബലാബലത്തില്‍ ദീര്‍ഘകാലത്തേക്ക് സൃഷ്ടിക്കാന്‍ ഇടയുള്ള ഗുണപരമായ മാറ്റം മുന്‍കൂട്ടിക്കണ്ട് വലതുപക്ഷശക്തികള്‍ നടത്തിയ വിമോചനസമരം സൃഷ്ടിച്ച സാമുദായിക ധ്രുവീകരണം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു. ഇടതുപക്ഷത്തിനുള്ള വോട്ട് വര്‍ധിച്ചാലും ശത്രുക്കള്‍ ഒന്നിച്ചുനിന്നാല്‍ വിജയിക്കാന്‍ കഴിയില്ലെന്ന പാഠം ആദ്യമായി നല്‍കിയത് ആ തെരഞ്ഞെടുപ്പായിരുന്നു. 2001ലെ നിയമസഭാതെരഞ്ഞെടുപ്പിലും സ്ഥിതി സമാനമായിരുന്നു. ജാതിമത സാമുദായികശക്തികള്‍ ഒരു കുടക്കീഴില്‍ അണിനിരന്നത് ഇടതുപക്ഷത്തിന്റെ കനത്ത പരാജയത്തിലേക്ക് നയിച്ചു. ചരിത്രത്തിലെതന്നെ ഏറ്റവും ഉയര്‍ന്ന അംഗബലത്തിലൊന്നാണ് യുഡിഎഫിന് ആ തെരഞ്ഞെടുപ്പിലുണ്ടായത്.
ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞാണ് ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്താന്‍ കഴിയുംവിധം പുതിയ സമീപനം സ്വീകരിക്കണമെന്ന് പാര്‍ടി നിശ്ചയിച്ചത്. അടിസ്ഥാന നിലപാടുകളില്‍ വെള്ളം ചേര്‍ക്കാതെ തന്നെ മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങളുടെ വിശ്വാസം ആര്‍ജിക്കാന്‍ സഹായകമായ സമീപനം സ്വീകരിക്കാനും ശ്രമിച്ചു. എറണാകുളം ഉപതെരഞ്ഞെടുപ്പില്‍ ആരംഭിച്ച മാറ്റത്തിന്റെ കാറ്റ് പതിനാലാം ലോക്സഭാതെരഞ്ഞെടുപ്പിലും കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിലും വര്‍ധമാനമായ തോതില്‍ പ്രകടമായി. കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിലുണ്ടായ വിജയം എല്ലാ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്തായിരുന്നു.

അതില്‍നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ സ്ഥിതിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഒരു യഥാര്‍ഥ കമ്യൂണിസ്റ്റിനും ആഹ്ളാദിക്കാന്‍ കഴിയുന്നതല്ല ഇന്നത്തെ സാഹചര്യം. ഇടതുപക്ഷത്തിന്റെ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞാലും വിജയിക്കാന്‍ കഴിയുന്നതല്ല കേരളത്തിലെ സാഹചര്യം. എണ്‍പതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വോട്ട് നേടിയ പൊന്നാനിയില്‍ ഇത്തവണ കനത്ത തോല്‍വി ഏറ്റുവാങ്ങിയത് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിനു വോട്ടുചെയ്തവരില്‍ നല്ലൊരു പങ്കും നേരെ തിരിച്ച് വോട്ടുചെയ്തതുകൊണ്ടല്ല പരാജയം നേരിടേണ്ടിവന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കുറെ വോട്ടുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ വോട്ട് നേരെ പകുതിയായി കുറഞ്ഞിരിക്കുന്നു. ഇത് സ്വാഭാവികമായും യുഡിഎഫിനായിരിക്കും ചെന്നിട്ടുണ്ടാവുക. കമ്യൂണിസ്റ്റുകാര്‍ ഒഴികെ ആരുമായും കൂട്ടുകൂടുന്നതിനു മടിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വം പരസ്യമായി പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പാണ്. യുഡിഎഫിനോടുള്ള ശക്തമായ എതിര്‍പ്പുകാരണം കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ വരാതിരുന്ന ഒരു വിഭാഗം വര്‍ധിത വീര്യത്തോടെ പോളിങ് ബൂത്തിലെത്തിയിരുന്നു. സാധാരണഗതിയില്‍ ഇടതുപക്ഷത്തിനൊപ്പം അണിനിരക്കുമെന്ന് കരുതിയ മതന്യൂനപക്ഷങ്ങളില്‍ ഒരു വിഭാഗവും ഇത്തവണ യുഡിഎഫിന് അനുകൂലമായാണ് നിലയുറപ്പിച്ചത്. ചിലര്‍ കരുതുന്നത് ഇത് പിഡിപി എല്‍ഡിഎഫിനെ പിന്തുണച്ചതുകൊണ്ടാണെന്നാണ്. പിഡിപിയുടെ പിന്തുണ എത്രമാത്രം സഹായകരമായിയെന്നത് വിശദമായി പരിശോധിച്ച് മനസിലാക്കേണ്ട കാര്യമാണ്.

എന്നാല്‍, ഭീകരതക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ചെന്ന മട്ടില്‍ മഅ്ദനിചരിതം തെരഞ്ഞെടുപ്പ് സന്ദര്‍ഭത്തില്‍ വിളമ്പിയ മാധ്യമങ്ങള്‍ ഇപ്പോള്‍ എവിടെ പോയെന്ന ചോദ്യം പ്രസക്തമാണ്. അതോ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഭീകരതക്കെതിരായ യുദ്ധം അവസാനിച്ചോ? തെരഞ്ഞെടുപ്പിന് മുമ്പ് മഅ്ദനിയെ കാണാതിരുന്ന മാധ്യമങ്ങള്‍ പെട്ടെന്ന് ഉള്‍വിളിയുണ്ടായതുപോലെ മഅ്ദനി ഫോബിയ അഴിച്ചുവിട്ടത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചെന്നതാണ് പരിശോധിക്കേണ്ട ഭാഗം. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്ന് ആഭ്യന്തരമന്ത്രിയും സര്‍ക്കാരും പറഞ്ഞത് അവഗണിക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മഅ്ദനിയെ പൊലീസ് ചോദ്യംചെയ്ത കാര്യംപോലും അന്നത്തെ വാര്‍ത്തയില്‍ ഒതുക്കുകയാണ് മാധ്യമങ്ങള്‍ ചെയ്തത്.

പിഡിപി ഇടതുപക്ഷത്തിന് പിന്തുണ നല്‍കിയത് സാമുദായിക രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് വര്‍ഗീയ ശക്തികള്‍ ഭയന്നിരുന്നു. മുസ്ളിം സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ സഹായമില്ലാതെ ആ മേഖലയില്‍ സ്വാധീനം ഉറപ്പിക്കുന്നതിനാണ് സിപിഐ എം ശ്രമിക്കുന്നതെന്നായിരുന്നു ഇക്കൂട്ടരുടെ പ്രചാരം. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. മുസ്ളിം ന്യൂനപക്ഷം പൊതുവെ യുഡിഎഫിന് അനുകൂലമായത് ദേശീയ രാഷ്ട്രീയത്തിലെ സാഹചര്യത്തിന് അനുസരിച്ചാണ്. കേന്ദ്രത്തില്‍ ബിജെപി വരുമെന്ന ഭീതി അവസാനഘട്ടത്തില്‍ ശക്തിപ്പെട്ടിരുന്നു. തൂക്കു പാര്‍ലമെന്റില്‍ ഇടതുപക്ഷം കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്നാംമുന്നണിയുടെ ഭാഗമായി നില്‍ക്കുന്ന പാര്‍ടികള്‍ സ്വീകരിക്കുന്ന നിലപാടാണ് എല്ലാവരും നോക്കിയിരുന്നത്. അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള ഒരു സംവിധാനമാണ് അതെന്ന കാര്യം സാമാന്യജനം കണക്കിലെടുത്തിരുന്നില്ല. തെലുങ്കുദേശം, എഐഎഡിഎംകെ, ബിഎസ്പി എന്നിങ്ങനെയുള്ള പാര്‍ടികള്‍ ബിജെപിക്ക് ഒപ്പംപോയ ചരിത്രമുള്ളവയാണ്. ബിജെപി അധികാരത്തില്‍ വരാതിരിക്കുന്നതിനു കോണ്‍ഗ്രസ് ശക്തിപ്പെടണമെന്ന ചിന്തയിലേക്കാണ് ഇതു നയിച്ചത്. വാജ്പേയി നയിച്ചിരുന്ന ബിജെപിയെ വര്‍ഗീയമായി വിലയിരുത്തുന്നതിനു മടിച്ചിരുന്നവര്‍പോലും അദ്വാനിയുടെ വരവിനെ ഭയത്തോടെ കണ്ടു. ലിബറല്‍ മുഖംമൂടി ധരിപ്പിച്ച് മറച്ചുവയ്ക്കുന്നതിനു കഴിയാത്തവിധം തിരിച്ചറിയപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ബാബറി പള്ളി പൊളിക്കുന്നതിനു നേതൃത്വം നല്‍കിയയാള്‍ പ്രധാനമന്ത്രിയാകുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍പോലും പലര്‍ക്കുമായില്ല. ഈ സാഹചര്യത്തിലാണ് സാധ്യതയുള്ള പ്രധാനമന്ത്രി സ്ഥാനാര്‍ഥിപ്പട്ടികയിലേക്ക് നരേന്ദ്രമോഡി കൂടി വരുന്നത്. ഗുജറാത്ത് വംശഹത്യയുടെ നടുക്കുന്ന ഓര്‍മകളുടെ വീണ്ടെടുക്കലിന് ഇതു സഹായകരമായി. വരുണ്‍ ഗാന്ധിയുടെ വിവാദ പ്രസംഗം കത്തുന്ന തീയിലേക്ക് എണ്ണ ഒഴിച്ചതുപോലെയായി. ഇത്രയുമായപ്പോഴേക്കും ഒരു പരീക്ഷണത്തിനു തയ്യാറാകാത്ത മാനസികാവസ്ഥയിലേക്ക് മതനിരപേക്ഷ സമൂഹം എത്തി. ഇതാണ് കോണ്‍ഗ്രസിനു പിന്തുണ വര്‍ധിപ്പിച്ച പ്രധാന ഘടകം.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒമ്പതു സീറ്റില്‍മാത്രം വിജയിച്ച യുപിയില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിനു മികച്ച വിജയം നല്‍കിയ പ്രധാന ഘടകം ഇതാണ്. മറ്റു വഴികളൊന്നുമില്ലാത്ത ഗതികേടില്‍നിന്നാണ് ഒറ്റയ്ക്കു മത്സരിക്കുകയെന്ന സാഹസത്തിന് കോണ്‍ഗ്രസ് തുനിഞ്ഞത്. ബിഹാറില്‍ വോട്ട് വര്‍ധിച്ചതിലും ഇത് കാണാന്‍ കഴിയും. കേരളത്തിലെയും ബംഗാളിലെയും വിധിനിര്‍ണയത്തിലും ഇത് ഒരു പ്രധാന ഘടകമാണ്. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരുന്നതും കാരണമായി ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിന് അനുവദിക്കാത്തവിധം വിവാദങ്ങള്‍ ബോധപൂര്‍വം കെട്ടഴിച്ചുവിട്ടിരുന്നു. ഒപ്പം നിന്നവരില്‍പോലും ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ സഹായിച്ച ഘടകങ്ങള്‍ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അത്തരം തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിന് അത് സഹായകരമായിരിക്കും. എന്നാല്‍, ചിലരുടെ കണ്ടുപിടിത്തം പിണറായി വിജയന്‍ സെക്രട്ടറിയായതാണ് തോല്‍വിക്ക് കാരണമെന്നാണ്. രാജ്യത്തെ സിപിഐ എം തോല്‍വിക്ക് കാരണമായി പ്രകാശ് കാരാട്ടിനെയും ഇക്കൂട്ടര്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുണ്ട്. പ്രകാശ് കാരാട്ട് രാജിവയ്ക്കണമോ എന്ന ചോദ്യം ഉയര്‍ത്തി വോട്ടെടുപ്പുതന്നെ സംഘടിപ്പിച്ച ദേശീയമാധ്യമങ്ങളും ഉണ്ട്.
വ്യക്തികളാണ് ജയാപജയങ്ങള്‍ നിര്‍ണയിക്കുന്നതെന്ന വാദം നേരത്തെയും ചിലര്‍ ഉന്നയിച്ചിരുന്നു. വിജയിച്ചാല്‍ അത് ഒരാളുടെ നേട്ടവും തോറ്റാല്‍ മറ്റൊരാളുടെ കോട്ടവും എന്ന സമവാക്യം കേരളത്തില്‍ പ്രചരിപ്പിച്ചു തുടങ്ങിയിട്ട് കുറച്ചുകാലമായി. വൈദ്യുതി മന്ത്രിസ്ഥാനം ഒഴിഞ്ഞ് പിണറായി പാര്‍ടി സെക്രട്ടറിയായതിനുശേഷമാണ് 2001ലെ നിയമസഭാതെരഞ്ഞെടുപ്പ് നടന്നത്. കനത്ത തോല്‍വിയാണ് എല്‍ഡിഎഫ് ഏറ്റുവാങ്ങിയത്. അന്ന് ആരും സെക്രട്ടറിയാണ് കുഴപ്പക്കാരന്‍ എന്നു പറഞ്ഞില്ല. പിന്നീട് തുടര്‍ച്ചയായ വിജയങ്ങളിലേക്ക് പാര്‍ടിയെയും മുന്നണിയെയും നയിച്ചത് പിണറായി ആയിരുന്നെന്ന കാര്യവും ഇപ്പോള്‍ പലരും ഓര്‍ക്കുന്നില്ല. ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭാ, നിയമസഭാതെരഞ്ഞെടുപ്പുകളിലും മുന്നണിക്കുണ്ടായ വിജയം പിണറായിയെന്ന വ്യക്തിയുടെ മികവിന്റെ മാത്രം ഉല്‍പ്പന്നമാണെന്ന് ആരും തെറ്റിദ്ധരിക്കുന്നില്ല. ആ വിലയിരുത്തല്‍ ഇപ്പോഴും ബാധകമാണ്.

2004ലെ നിയമസഭാതെരഞ്ഞെടുപ്പിലാണ് ലാവ്ലിന്‍ പ്രധാന വിഷയമാക്കുന്നത്. തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുന്നതിനു തെരഞ്ഞെടുപ്പ് കമീഷന്റെ പത്രസമ്മേളനം നടക്കുന്ന അതേ ദിവസംതന്നെയാണ് ലാവ്ലിന്‍ കേസില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അത് പ്രധാന പ്രചാരണായുധമാക്കി യുഡിഎഫ് മാറ്റി. പക്ഷേ, കേരളം അതു തള്ളിക്കളഞ്ഞു. അന്നും മാധ്യമങ്ങള്‍ക്ക് ഇത് ചര്‍ച്ചാവിഷയമായിരുന്നു. ഇപ്പോള്‍ ലോക്സഭാതെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ സിബിഐ കുറ്റപത്രം നല്‍കിയതിന്റെ രാഷ്ട്രീയവും ജനങ്ങള്‍ക്ക് മനസിലായിരുന്നു. അന്നത്തെ സാഹചര്യത്തില്‍നിന്ന് വ്യത്യസ്തമായി മാധ്യമ പ്രചാരവേലയ്ക്ക് സഹായകരമായ സമീപനം എവിടെനിന്നെങ്കിലും ഉണ്ടായോ എന്നതു പരിശോധിക്കാവുന്നതാണ്. വ്യക്തിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതും ഒറ്റ തിരിച്ച് മഹത്വവല്‍ക്കരിക്കുന്നതും തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇതെല്ലാം മാത്രമാണ് പരാജയത്തിന്റെ കാരണം എന്നു വിലയിരുത്തുന്നതും അബദ്ധമായിരിക്കും.

പാര്‍ടിയുടെയും മുന്നണിയുടെയും പ്രവര്‍ത്തനങ്ങളില്‍ പോരായ്മകള്‍ പറ്റിയിട്ടുണ്ടോയെന്ന പരിശോധന നടത്തി ആവശ്യമായ തിരുത്തല്‍ നടത്തുമെന്ന് പാര്‍ടിനേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കുന്നതിന് എല്ലാ ശ്രമവും നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതു പ്രധാനമാണ്. പരാജയങ്ങളില്‍ വീണു തകര്‍ന്നു കിടക്കുന്നവരല്ല കമ്യൂണിസ്റ്റുകാര്‍. പുതിയ സാഹചര്യത്തില്‍ കുറെക്കൂടി ശക്തമായ ഇടതുപക്ഷത്തെയാണ് രാജ്യം ആവശ്യപ്പെടുന്നത്. ഈ തിരിച്ചടിയില്‍നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കാനും പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പാര്‍ടിക്ക് കഴിയുമെന്ന് ഉറപ്പ്. ഇപ്പോഴത്തെ തോല്‍വിയില്‍ നിരാശപ്പെട്ട് തകരാതെ ഉയര്‍ത്തെഴുന്നേല്‍പ്പിനായുള്ള ഊര്‍ജം നേടുന്ന പ്രക്രിയകളാണ് പാര്‍ടി നടത്തുന്ന പരിശോധനകളും തിരുത്തല്‍ പ്രക്രിയകളും.
*

പി രാജീവ് ദേശാഭിമാനി