Thursday, May 7, 2009

ഉന്നതങ്ങളിലെ അത്യുന്നതന്‍

പത്രപ്രവര്‍ത്തനം തപസ്യയായി കരുതുന്ന ഒരുവന്‍ തന്റെ അന്വേഷണയാത്രകള്‍ക്കിടയില്‍, താന്‍ മനസ്സില്‍ നിഗൂഢമായി സൂക്ഷിക്കുന്ന ഒന്നോരണ്ടോ ജീവിക്കുന്ന വിഗ്രഹങ്ങളെ കണ്ടെത്തിയെന്നുവരും. എന്റെ പ്രായം അനുവദിക്കുമായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും അവരില്‍ മുന്‍പന്തിയില്‍ തന്നെ നിന്നേനെ.

ഞാന്‍ നടത്തിയ അഭിമുഖങ്ങളില്‍ ഏറ്റവും വിലപ്പെട്ടതെന്ന് ഞാന്‍ കരുതുന്നത് നെല്‍സന്‍മണ്ടേലയുമായും ഫിഡല്‍കാസ്‌ട്രോയും ആയും ഉള്ളതാണ്. ഒരു വര്‍ഷത്തിനിടയിലാണ് ഈ രണ്ടുപേരെയും ഞാന്‍ കണ്ടത്. കഴിഞ്ഞ ഫെബ്രുവരി 19 ന് ഏകദേശം 50 വര്‍ഷത്തെ അചഞ്ചലനേതൃത്വ പരിവേഷം ഉപേക്ഷിക്കുന്നത് ഗൃഹാതുരത്വത്തോടെയേ ഓര്‍ക്കാന്‍ സാധിക്കുകയുള്ളൂ.

ഒരു അഭിമുഖത്തിനായുള്ള എന്റെ അപേക്ഷ സ്വീകരിക്കപ്പെട്ട ഉടന്‍തന്നെ ഞാനും എന്റെ ടി വി പ്രവര്‍ത്തകരും ഹവാനായിലെത്തി. വിമാനത്താവളത്തിലെ സ്വീകരണം ഹ്രസ്വമായിരുന്നു. ഞങ്ങളുടെ സമയം റമിറേസ് മുന്‍കൂട്ടി ക്ലിപ്‌തപ്പെടുത്തിയിരുന്നു. എല്ലാ സോഷ്യലിസ്‌റ്റ് രാജ്യങ്ങളിലും വളരെ ഋജുവായ രീതിയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അസമയങ്ങളിലും, സന്ദര്‍ശകരായ മാധ്യമപ്രവര്‍ത്തകരെ വിശ്രമിക്കാന്‍ അനുവദിക്കും. അപ്രതീക്ഷിതമായി, മിക്കവാറും അര്‍ദ്ധരാത്രികഴിയുമ്പോള്‍ സുരക്ഷാഉദ്യോഗസ്ഥര്‍ വിളിച്ചുണര്‍ത്തി, എവിടേക്കാണെന്ന് അറിയാത്ത രീതിയില്‍ കൂട്ടിക്കൊണ്ടുപോകും! ഇവിടെ, കാസ്‌ട്രോവിന്റെ കാര്യത്തില്‍ നിഗൂഢതയും അനിശ്ചിതത്വവും വളരെയേറെയായിരുന്നു.

മണ്ടേലയുടെ കാര്യത്തില്‍ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. അദ്ദേഹം കാരാഗൃഹത്തില്‍ നിന്ന് പുറത്തിറങ്ങിയശേഷം ആര്‍ച്ച്ബിഷപ്പ് ഡെസ്‌മണ്ട് ടുടുവിന്റെ വീട്ടില്‍ തന്റെ ആദ്യസ്വതന്ത്രരാത്രി ചെലവിടാന്‍ പോയപ്പോള്‍ വളരെകുറച്ച് ആഫ്രിക്കന്‍ നാഷണല്‍കോണ്‍ഗ്രസ്സിന്റെ സന്നദ്ധ പ്രവര്‍ത്തകരേ കൂടെയുണ്ടായിരുന്നുള്ളൂ.

ചരിത്രത്തിലെ സമയക്ലിപ്‌തതയുടെ ശരിയായ ബന്ധം കണ്ടെത്തലാണ് മാധ്യമ പ്രവര്‍ത്തകന്റെ ഏറ്റവും പ്രധാനപ്പെട്ട കഴിവ്: ദക്ഷിണാഫ്രിക്കന്‍ സമരമുഖങ്ങള്‍ തുറന്നത് ഗാന്ധിജിയാണ്. പിന്നീട്, മണ്ടേല തന്റെ ഗുരു എന്ന് കരുതുന്ന യൂസഫ് സാസു കടന്നുവന്നു. ഉര്‍ദുകാവ്യങ്ങളെ സ്നേഹിച്ചിരുന്ന (എന്നെ അദ്ദേഹത്തോട് ആകര്‍ഷിച്ചതും) യൂസഫ് കചാലിയ മണ്ടേലയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. (ഇദ്ദേഹത്തിന്റെ പിതാവ് മുഹമ്മദ് കചാലിയ ഡര്‍ബാനില്‍ ഗാന്ധിജിയുടെ ചങ്ങാതിയായിരുന്നു) ഈ യൂസഫ് കചാലിയയുടെ ശ്രമഫലമായാണ് യാതൊരു നിബന്ധനയുമില്ലാതെ മറ്റാരെക്കാളും മുമ്പെ എനിക്ക് മണ്ടേലയുമായി അഭിമുഖം നടത്താന്‍ സാധിച്ചത്. ചോറും കറിയും - അദ്ദേഹത്തിന്റെ ജയില്‍ വാസത്തിനുപുറത്തുള്ള ആദ്യത്തെ ആഹാരം - കഴിച്ചതിനുശേഷം വളരെ ഹൃദ്യമായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റവും മുഖഭാവവും.

മണ്ടേലയെ ഞാന്‍ കാണുന്നത് പ്രവാചക തുല്യനായിട്ടാണ്. കാരണം, 27 വര്‍ഷം തന്നെ കാരാഗ്രഹത്തില്‍ അടച്ചിട്ട വെള്ളക്കാരോട് അദ്ദേഹത്തിന് അല്പംപോലും വിദ്വേഷമോ, സ്‌പര്‍ദ്ധയോ ഉണ്ടായിരുന്നില്ല. എന്നാല്‍ മണ്ടേലക്കും കാസ്‌ട്രോവിനോട് അതീവ ബഹുമാനമായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ അംഗോളയിലെ വനങ്ങളില്‍ നിന്ന് വര്‍ണ്ണവിവേചനത്തിനെതിരായി പോരാടിയത് കാസ്‌ട്രോ ആണെന്ന് അദ്ദേഹം വിശ്വസിച്ചു. എത്യോപ്യയിലെ മെന്‍ജിസ്റും ഹെയിലിമിറിയും നല്ല ഒരു ഭരണാധികാരിയല്ലായിരുന്നിരിക്കാം എങ്കിലും റീഗന്റെ നഖങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കാസ്‌ട്രോ അദ്ദേഹത്തെ സഹായിച്ചു. ആള്‍ സഹായം കൊണ്ടോ ധനസഹായംകൊണ്ടോ പരിശീലനസഹായം കൊണ്ടോ കാസ്‌ട്രോ ഇടപെടാത്ത ഒരു സ്വാതന്ത്ര്യസമരവും ഉണ്ടായിട്ടില്ല. മണ്ടേലക്ക് കാസ്‌ട്രോവിനോടുള്ള ബഹുമാനത്തിന്റെ ആധാരം ഇതുധാരാളമായിരുന്നു.

ശരിയാണ്, രണ്ടുപേരുടേയും പ്രവര്‍ത്തനശൈലി വ്യത്യസ്തമായിരുന്നു. മണ്ടേലയുടെ സംസാരം വ്യക്തവും കാര്യമാത്രപ്രസക്തവുമായിരുന്നു.

എന്നാല്‍ കാസ്‌ട്രോയുമായിട്ടുള്ള അഭിമുഖം ഒരു ചരിത്രസംഭവമായാണ് ഓര്‍മ്മയില്‍ നില്‍ക്കുന്നത്. ആദ്യമായി സ്വാഭാവിക, യാന്ത്രികമായ സ്വീകരണം, പിന്നീട് നീണ്ടകാത്തിരിപ്പ്, ഇതിനിടയില്‍ ക്യൂബയുടെ ആരോഗ്യസാമ്പത്തികരംഗങ്ങളിലെ കുതിച്ചുചാട്ടത്തിന്റെ അനുഭവപാഠങ്ങള്‍ എന്നിങ്ങനെ. ഇതെല്ലാം അമേരിക്കന്‍ ഉപരോധത്തെ മറികടന്നും. ക്യൂബയിലെ ആരോഗ്യപരിപാലനം അമേരിക്കയുടേതിനേക്കാള്‍ വളരെ മെച്ചപ്പെട്ടതാണെന്ന് എല്ലാവരും അംഗീകരിച്ചിരിക്കുന്നതുമാണ്.

മണ്ടേലയുടെ വ്യക്തിപ്രഭാവം അദ്ദേഹം സ്വാതന്ത്ര്യത്തിനുവേണ്ടി അനുഭവിച്ചത്യാഗത്തിലാണ്, എന്നാല്‍ കാസ്‌ട്രോയുടേത് ഭാവീദുംഗോലിയാത്തും കഥയാണ്.

രാക്ഷസതുല്യനായഗോലിയാത്തിനെപ്പോലെയുള്ള അമേരിക്കയെ എതിര്‍ത്ത് തോല്പിച്ചുകൊണ്ട് ക്യൂബയില്‍ ഒരു സോഷ്യലിസ്‌റ്റ് സമൂഹം കെട്ടിപ്പടുക്കുവാന്‍ കഴിഞ്ഞു എന്നുള്ളതാണ് കാസ്‌ട്രോയുടെ പ്രഭാവം.

അദ്ദേഹത്തെ വധിക്കുവാന്‍ വേണ്ടി ഏറ്റവും നീചമായ ശ്രമങ്ങള്‍ വരെ നടന്നു. വളരെ ദൂരെ നിന്ന് സ്പ്രേ പ്രയോഗിച്ച് അദ്ദേഹത്തിന്റെ മുടിയും താടിയും കൊഴിക്കാനുള്ള ഉദ്യമങ്ങള്‍ വേറെ. ഒരുപക്ഷെ പഴയ സാംസണിന്റെ ഐതീഹ്യം ഓര്‍മ്മവന്നതുകൊണ്ടാവാമിത്, സംസണിന്റെ കരുത്ത് തലമുടിയിലായിരുന്നല്ലോ. അതുപോലെ, ഒരുപക്ഷെ കാസ്‌ട്രോയുടേത് അദ്ദേഹത്തിന്റെ മുടിയിലും താടിയിലുമായെങ്കിലോ!

ഒരാഴ്ചത്തെ കാത്തിരിപ്പിനുശേഷം ഞങ്ങള്‍ക്ക് അഭിമുഖത്തിനുള്ള സമയം ലഭിച്ചു. 9 മണിയോടെ ഞങ്ങളെ ഇഷ്‌ടികമതിലിനുള്ളിലുള്ള ഒരു പുറം തോട്ടത്തിലെത്തിച്ചു ഏകദേശം രണ്ടുമണിക്കൂറിനുശേഷം ദൂരെ അദ്ദേഹം, അദ്ദേഹത്തിന്റേതുമാത്രമായ അമാനുഷിക പ്രഭാവത്തില്‍ പ്രത്യക്ഷപ്പെട്ടു. എല്ലാരീതികളിലും അദ്ദേഹം അമാനുഷികന്‍ തന്നെയായിരുന്നു.

എന്റെ തോളില്‍ കൈയിട്ട് അദ്ദേഹം അടുത്തുള്ള ഇരിപ്പിടങ്ങളിലേക്ക് നയിച്ചു. എന്നിട്ട് അദ്ദേഹം രണ്ടുഗ്ളാസുകളില്‍ ബ്രാന്‍ഡി പകര്‍ന്നു. "ബ്രാന്‍ഡിയുടെ കൂടെ ക്യൂബന്‍ സിഗാറുകൂടിയായാല്‍ നന്നായിരുന്നു'' ഞാന്‍ അഭിപ്രായപ്പെട്ടു. ഫിഡല്‍ പുകവലിനിര്‍ത്തിയിരിക്കുകയാണെന്ന് അദ്ദേഹത്തിന്റെ ദ്വിഭാഷി മറുപടി നല്‍കി. എനിക്കിത് അത്ഭുതമായിരുന്നു. കാരണം 1960 മുതല്‍ ഞാന്‍ കാണുന്ന ചിത്രങ്ങള്‍ പൈപ്പ് വലിച്ചുകൊണ്ടുനില്‍ക്കുന്ന ചെഗുവേരയേയും ചുരുട്ടുവലിച്ചുകൊണ്ടുനില്‍ക്കുന്ന കാസ്‌ട്രോയേയുമാണ്.

ഈ അനൌദ്യോഗിക സംഭാഷണം ഏകദേശം രണ്ടുമണിക്കുറോളം നീണ്ടു. ഇതിനിടക്കെവിടെയോ ചുരുട്ടുകള്‍ വീണ്ടും സംഭാഷണവിഷയമായി. എൿസ്‌പോര്‍ട്ട് ക്വാളിറ്റിയല്ലാത്ത, സാധാരണ ചുരുട്ടുവാങ്ങാന്‍ സാധിക്കാത്ത വിഷമത ഞാന്‍ അവതരിപ്പിച്ചു. ഞാന്‍ പറഞ്ഞതെന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. ഈ ചുരുട്ടുകഥ അഭിമുഖത്തിന്റെ അവസാനത്തില്‍ വിശദമായി ചര്‍ച്ചചെയ്യണമെന്ന് അദ്ദേഹം നിര്‍ബ്ബന്ധിച്ചു.

ഇപ്പോള്‍ കാസ്‌ട്രോ തന്റെ നാലാമത്തെ ബ്രാന്‍ഡിയും കഴിച്ചിരുന്നു. ആദ്യത്തെ ഉപചാരങ്ങള്‍ക്കുശേഷം അദ്ദേഹം രാജീവ്ഗാന്ധിയെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. "അദ്ദേഹത്തിന്റെ അമ്മ എന്റെ സുഹൃത്തായിരുന്നു.'' വെളുപ്പിന് ഏകദേശം 2 മണിയോടെ ഔദ്യോഗിക അഭിമുഖ സംഭാഷണത്തിന് തുടക്കമായി. 1983 ല്‍ ഡല്‍ഹിയില്‍ നടന്ന ചേരി ചേരാ രാഷ്‌ട്രസമ്മേളനം അദ്ദേഹം ഓര്‍മ്മിച്ചു. അതിന്റെ അദ്ധ്യക്ഷപദം കൈമാറുന്ന വേളയില്‍ ഇന്ദിരാഗാന്ധിയെ ആലിംഗനം ചെയ്‌തപ്പോള്‍ മാധ്യമങ്ങള്‍ സൃഷ്‌ടിച്ചകോലാഹലങ്ങള്‍ ഓര്‍ത്തുകൊണ്ട് പറഞ്ഞു. "അവര്‍ക്ക് അല്പം ലജ്ജയുണ്ടായി; സംസ്കാരങ്ങളുടെ വ്യത്യാസമുണ്ടല്ലോ'' ഒരു നിമിഷത്തിനുശേഷം കൂട്ടിച്ചേര്‍ത്തു, "മാധ്യമങ്ങളാണ് അതില്‍നിന്ന് കഥകള്‍ മെനഞ്ഞെടുത്തത്. അവര്‍ വളരെ സാധാരണ നിലയില്‍തന്നെയായിരുന്നു.''

സോവിയറ്റ് യൂണിയന്റെ സ്വയം ഇല്ലാതാക്കല്‍ എന്ന ഉത്കണ്ഠയായിരുന്നു സംസാരത്തിലുടനീളം അദ്ദേഹത്തിന്റെ ചിന്ത. സോവിയറ്റ് യൂണിയന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ സാമ്രാജ്യത്വത്തിനെതിരെ അങ്കോളയിലും എത്യോപ്യയിലും ക്യൂബ നടത്തിയ പോരാട്ടങ്ങള്‍ ഒരു ഗതകാലസ്‌മരണ മാത്രമാകുമായിരുന്നുവെന്ന് അദ്ദേഹം കരുതുന്നു. "സ്വാതന്ത്ര്യം എന്നത് ഒരു പാതിമൊരിഞ്ഞ റൊട്ടിയായേനേ.''

അമേരിക്കക്ക് എന്നും കാസ്‌ട്രോ ഒരു ശല്യം ചെയ്യുന്ന മുള്ളായിരുന്നു. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് അമേരിക്ക ക്യൂബയെ ആക്രമിച്ച് കീഴടക്കി കാസ്‌ട്രോ ഭരണകൂടത്തെ ഇല്ലായ്മചെയ്‌തില്ല? ഞാന്‍ ചോദിച്ചു. "നിങ്ങള്‍ അത് CIA യോട് ചോദിക്കണം, " മറുപടി. ഞാന്‍ പൊതുവായി പറയപ്പെടുന്ന അഭിപ്രായം പറഞ്ഞു'' ക്യൂബന്‍ മിസ്സൈല്‍ പ്രശ്നം കൊണ്ടാകാം നിങ്ങള്‍ സുരക്ഷിതരായത്'' പെട്ടെന്നൊരുപ്രതികരണവും ഉണ്ടായില്ല. ചെറിയ ഒരു തമാശകേട്ടതുപോലെ മുഖമൊന്നുതിളങ്ങി. എന്നിട്ടും ഒന്നും മിണ്ടിയില്ല. വീണ്ടും പഴയതുതന്നെ ആവര്‍ത്തിച്ചു. "സോവിയറ്റ് യൂണിയനെപ്പോലെയുള്ള ഒരു സോഷ്യലിസ്‌റ്റ് ശക്തിയുടെ പിന്‍ബലമില്ലെങ്കില്‍ സാമ്രാജ്യത്വവിമുക്തരായ പുതിയ രാജ്യങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാവുകയില്ല.

നിരവധി പ്രശസ്‌ത കവികളും എഴുത്തുകാരും കാസ്‌ട്രോ തങ്ങളുടെ സ്നേഹിതനാണ് എന്ന് പറയുന്നതില്‍ അദ്ദേഹം അഭിമാനം കൊണ്ടു. ഞാന്‍ ഒരു മുതലാളിത്തരാജ്യത്തലവനായിരുന്നെങ്കില്‍ സാധനങ്ങള്‍ വാങ്ങുന്നതിന്റേയും വിൽ‌ക്കുന്നതിന്റേയും ലാഭനഷ്‌ട കണക്കുനോക്കി മരിച്ചേനേ'' അദ്ദേഹം പറഞ്ഞു. തന്റെ സുഹുത്തുക്കളുടെ കൂട്ടത്തില്‍ ഗബ്രിയേല്‍ ഗാര്‍ഷ്യാമാര്‍ക്വിസിന്റെ പേര്‍ പറഞ്ഞപ്പോള്‍ ആ മുഖത്ത് ഒരു പ്രത്യേകപ്രകാശം പരന്നിരുന്നു.

അദ്ദേഹത്തിന്റെ നാവിനോടൊപ്പം കൈകളും സംസാരിച്ചിരുന്നു. "ഞങ്ങള്‍ ഒരു കൊച്ചുരാഷ്‌ട്രമാണ്. എന്നാല്‍ എവിടെയെല്ലാം സ്വാതന്ത്ര്യസമരങ്ങള്‍ നടന്നുവോ, അവിടെയെല്ലാം സഹായവുമായി എത്താന്‍ ഞങ്ങള്‍ മടിച്ചില്ല'' ഇന്ത്യ ഒരു ചേരിചേരാ രാഷ്‌ട്രമെന്നനിലയില്‍ ഒരു നേതൃചുമതല ഏറ്റെടുത്ത് ചെയ്യേണ്ട കര്‍ത്തവ്യം ചെയ്‌തെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ'' ഒരു നിമിഷത്തിനുശേഷം സ്വയം മറുപടി പറഞ്ഞു "ഇല്ല.''

ഇനിപഴയചുരുട്ടുകഥ. എൿസ്‌പോര്‍ട്ട് ക്വാളിറ്റി ചുരുട്ടുകള്‍ ഡ്യൂട്ടി ഫ്രീഷോപ്പുകളിലേ ലഭിക്കുകയുള്ളൂ. അതുമാത്രമേ രാജ്യത്തിനുവെളിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂ. ഇന്ത്യന്‍ എംബസിയിലുള്ള സുഹൃത്തുക്കളോട് 200 ലോക്കല്‍ ചുരുട്ടുകള്‍ വാങ്ങിത്തരാന്‍ ഞാന്‍ ആവശ്യപ്പെട്ടു. പക്ഷെ അവ രാജ്യത്തിനുവെളിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് റമിറേസ് അറിയിച്ചു. ഇതാണ് ഞാന്‍ കാസ്‌ട്രോയോട് പറഞ്ഞത്. അദ്ദേഹം ഒന്നുംമിണ്ടിയില്ല. എന്നാല്‍ ഞാന്‍ യാത്ര തിരിക്കുന്ന സമയത്ത് "ഫിദലിന്റെ "വക'' എന്ന് പറഞ്ഞ് 500 ചുരുട്ടിന്റെ ഒരു കെട്ട് എനിക്ക് ലഭിച്ചു. കാസ്‌ട്രോയുടെ പക്കല്‍ നിന്ന് ആ സമ്മാനം വിദഗ്ധമായി ഞാന്‍ തട്ടിയെടുത്തതല്ലേയെന്ന ചിന്ത ഇപ്പോഴും എന്നെ പിന്തുടരുന്നു.

***

(പ്രമുഖ പത്രപ്രവര്‍ത്തകനായ സയ്‌ദ് നഖ്വി കാസ്‌ട്രോയുമായി നടത്തിയ അഭിമുഖം - പരിഭാഷ കെ രാമമൂര്‍ത്തി)

കടപ്പാട് : യുവധാര

3 comments:

വര്‍ക്കേഴ്സ് ഫോറം said...

പത്രപ്രവര്‍ത്തനം തപസ്യയായി കരുതുന്ന ഒരുവന്‍ തന്റെ അന്വേഷണയാത്രകള്‍ക്കിടയില്‍, താന്‍ മനസ്സില്‍ നിഗൂഢമായി സൂക്ഷിക്കുന്ന ഒന്നോരണ്ടോ ജീവിക്കുന്ന വിഗ്രഹങ്ങളെ കണ്ടെത്തിയെന്നുവരും. എന്റെ പ്രായം അനുവദിക്കുമായിരുന്നെങ്കില്‍ മഹാത്മാഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും അവരില്‍ മുന്‍പന്തിയില്‍ തന്നെ നിന്നേനെ.

ഞാന്‍ നടത്തിയ അഭിമുഖങ്ങളില്‍ ഏറ്റവും വിലപ്പെട്ടതെന്ന് ഞാന്‍ കരുതുന്നത് നെല്‍സന്‍മണ്ടേലയുമായും ഫിഡല്‍കാസ്‌ട്രോയും ആയും ഉള്ളതാണ്. ഒരു വര്‍ഷത്തിനിടയിലാണ് ഈ രണ്ടുപേരെയും ഞാന്‍ കണ്ടത്.

പ്രമുഖ പത്രപ്രവര്‍ത്തകനായ സയ്‌ദ് നഖ്വി കാസ്‌ട്രോയുമായി നടത്തിയ അഭിമുഖത്തെക്കുറിച്ച് എഴുതുന്നു

Aarushi said...

എന്നു നടത്തിയ അഭിമുഖം ? വറ്‍ഷങ്ങള്‍ ക്കു മുന്‍പ്‌ കേട്ടതായി തോന്നുന്നു, പുതിയ ടോപ്പിക്ക്‌ ഒന്നും ഇല്ലേ? എന്നാല്‍ ജയരാജണ്റ്റെ മകണ്റ്റെ കയ്യിണ്റ്റെ വിരല്‍ പോയതെങ്ങിനെ ? കണ്ണൂരില്‍ ഉമ്മന്‍ ചാണ്ടി ഗുണ്ടകളെ കൊണ്ടു വന്നത്‌ ചെറുക്കാന്‍ നടത്തിയ തയാറെടുപ്പിണ്റ്റെ പരിണത ഫലമോ? കരുണാകരനു ആരോഗ്യം പോയതും പറയുന്നത്‌ ജനത്തിനു മനസ്സിലാക്കാന്‍ കഴിയാത്തതും കൊണ്ടു മാത്റമല്ലേ എല്‍ ഡീ എഫ്‌ രക്ഷപെട്ടു നില്‍ക്കുന്നത്‌

K.V Manikantan said...

ആരഡേ ഈ ആരൂഷി?