Saturday, August 23, 2008

മഹമൂദ് ദാര്‍വീഷിന്റെ കവിതകള്‍

1. ഐഡന്റിറ്റി കാര്‍ഡ്

രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
എന്റെ കാര്‍ഡ് നമ്പര്‍ അമ്പതിനായിരം
എനിക്ക് എട്ടു മക്കള്‍
ഒമ്പതാമത്തേത് വരും, വേനല്‍ കഴിഞ്ഞ്.
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
കല്ലുവെട്ടാംകുഴിയില്‍ അധ്വാനിക്കുന്ന
സഖാക്കള്‍ക്കൊപ്പം പണി.
എനിക്ക് എട്ടു മക്കള്‍
അവര്‍ക്കായി ഞാന്‍ പാറക്കല്ലില്‍നിന്ന്
അപ്പക്കഷണം പിടിച്ചെടുക്കുന്നു,
ഉടുപ്പുകളും നോട്ടുബുക്കുകളും.
നിങ്ങളുടെ വാതില്‍ക്കല്‍ വന്ന്
ഞാന്‍ പിച്ച തെണ്ടുന്നില്ല.
നിങ്ങളുടെ വാതിലോളം തരം താഴുന്നില്ല.
കോപിക്കാനെന്തിരിക്കുന്നു?

രേഖപ്പെടുത്തൂ:
ഞാന്‍ അറബി
ഞാന്‍ ബഹുമതികളൊന്നുമില്ലാത്ത വെറും പേര്
എല്ലാം കോപച്ചുഴിയില്‍ കഴിയുന്ന
ഒരു നാട്ടില്‍ ക്ഷമയോടെ കഴിയുന്നവന്‍
എന്റെ വേരുകളുറച്ചു
കാലത്തിന്റെ പിറവിക്കും മുമ്പ്,
യുഗങ്ങള്‍ പൊന്തിവരും മുമ്പ്,
ദേവതാരുവിനും ഒലീവു മരങ്ങള്‍ക്കും മുമ്പ്,
കളകളുടെ പെരുക്കത്തിനും മുമ്പ്.
എന്റെ ഉപ്പ നുകത്തിന്റെ കുടുംബത്തില്‍നിന്ന്
ഊറ്റം കൂടിയ തറവാടുകളില്‍നിന്നല്ല
എന്റെ ഉപ്പൂപ്പാ കൃഷിക്കാരനായിരുന്നു
കുലവും വംശാവലിയുമില്ലാത്തവന്‍
എന്റെ വീട് കാവല്‍ക്കാരന്റെ കൂര,
കമ്പും മുളയുംകൊണ്ട് കൂട്ടിയത്.
എന്റെ പദവികൊണ്ട് തൃപ്തിയായോ ആവോ?
വീട്ടുപേരില്ലാത്ത വെറും പേരാണു ഞാന്‍
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.

മുടിയുടെ നിറം: മഷിക്കറുപ്പ്
മണ്ണിന്റെ നിറം: തവിട്ടുനിറം
തിരിച്ചറിയാനുള്ള അടയാളങ്ങള്‍:
എന്റെ തലയില്‍ക്കെട്ടിനു മീതേ ചരടുകള്‍,
തൊടുന്നവനെ മാന്തുന്നവ.
എന്റെ വിലാസം:
ഞാന്‍ നാട്ടിന്‍പുറത്തുനിന്നാണ്.
അകലെ, മറക്കപ്പെട്ട ഒന്ന്
അതിന്റെ തെരുവുകള്‍ക്ക് പേരില്ല
ആളുകളൊക്കെ വയലിലും മടയിലും
കോപിക്കാനെന്തിരിക്കുന്നു?
രേഖപ്പെടുത്തൂ:
ഞാന്‍ അറബി.
നിങ്ങളെന്റെ മുത്തുപ്പാമാരുടെ
മുന്തിരിത്തോപ്പുകള്‍ തട്ടിപ്പറിച്ചു,
ഞാന്‍ ഉഴാറുള്ള കണ്ടങ്ങള്‍,
ഞാനും എന്റെ മക്കളും
എനിക്കും പേരക്കിടാങ്ങള്‍ക്കും
നിങ്ങള്‍ ബാക്കിയിട്ടത് ഈ പാറകള്‍ മാത്രം
കേള്‍ക്കും പോലെ അവയും
നിങ്ങളുടെ സര്‍ക്കാര്‍
എടുത്തുകൊണ്ടുപോകുമോ?
അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍തന്നെ
രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!

*

2. നടത്തം

ഞങ്ങള്‍ നടക്കുന്നു,
ഞങ്ങളുടെ മാംസമല്ലാത്ത ഒരു നാട്ടിലേക്ക്
അത്തിമരങ്ങള്‍ ഞങ്ങളുടെ അസ്ഥിയല്ലാത്തിടത്തേക്ക്
അതിന്റെ കല്ലുകള്‍ സോളമന്റെ ഗീതത്തിലെ
ചുരുള്‍രോമമുള്ള ചെമ്മരിയാടുകളെപ്പോലെ.
ഞങ്ങള്‍ നടക്കുന്നു
ഞങ്ങക്കായി വിശേഷിച്ചൊരു സൂര്യനെയും
ഞാത്തിയിടാത്ത ഒരു നാട്ടിലേക്ക്:
പുരാണങ്ങളിലെ സ്ത്രീകള്‍ കൈകൊട്ടുന്നു:
ഞങ്ങള്‍ക്കു ചുറ്റും ഒരു കടല്‍.
ഞങ്ങള്‍ക്കു മീതേ ഒരു കടല്‍.
ഗോതമ്പും വെള്ളവും അങ്ങോട്ടെത്തുന്നില്ലെങ്കില്‍
ഞങ്ങളുടെ സ്നേഹം ഭക്ഷിക്കൂ, ഞങ്ങളുടെ കണ്ണീര്‍ കുടിക്കൂ.
കവികള്‍ക്ക് ദുഃഖാചരണത്തിന്റെ കറുത്ത മുഖപടങ്ങള്‍
നിങ്ങള്‍ക്ക് നിങ്ങളുടെ വിജയങ്ങള്‍
ഞങ്ങള്‍ക്ക് ഞങ്ങളുടേത്
കണാനാകാത്തതു മാത്രം കാണുന്ന
ഒരു നാടുണ്ട് ഞങ്ങള്‍ക്ക്.

*

3. ആഗ്രഹങ്ങളെക്കുറിച്ച്

പറയരുതേ:
ഞാന്‍ അല്‍ജിയേഴ്സില്‍ ഒരു റൊട്ടിക്കാരനായിരുന്നെങ്കില്‍
ഒരു കലാപകാരിയോടൊപ്പം ഞാനപ്പോള്‍ പാടിയേനെ
പറയരുതേ:
ഞാന്‍ യെമനിലൊരു ഇടയനായിരുന്നെങ്കില്‍
എങ്കില്‍ ഞാന്‍ കാലത്തിന്റെ
വിറയ്ക്കൊപ്പം പാടിയേനെ
പറയരുതേ:
ഞാന്‍ ഹവാനയിലെ ചായക്കടയില്‍
വെയിറ്ററായിരുന്നെങ്കില്‍
കരയുന്ന സ്ത്രീകളുടെ വിജയത്തിനായി ഞാനപ്പോള്‍
പാടിയേനെ.

പറയരുതേ:
ആസ്വാനില്‍ ഞാനൊരു യുവതൊഴിലാളിയായിരുന്നെങ്കില്‍
എങ്കില്‍ ഞാന്‍ പാറകളോട് പാടിയേനെ
എന്റെ സുഹൃത്തേ.
നൈല്‍ നദി വോള്‍ഗയിലേക്കൊഴുകുകയില്ല.
കോംഗോ നദിയും ജോര്‍ദാന്‍ നദിയും
യൂഫ്രട്ടീസിലേക്കുമൊഴുകുകയില്ല
ഓരോ നദിക്കുമുണ്ട് അതിന്റെ ഉറവിടം,
അതിന്റെ വഴി, അതിന്റെ ജീവിതം.
എന്റെ സുഹൃത്തേ, നമ്മുടെ നാട് വന്ധ്യമല്ല
ഓരോ നാടിനും ജനിക്കാനൊരു മുഹൂര്‍ത്തമുണ്ട്.
ഓരോ പുലരിക്കും കലാപകാരിയുമായി
ഒരു കൂടിക്കാഴ്ചയുണ്ട്.

*

4. ഇര, നമ്പര്‍ 48

അവരവന്റെ മാറില്‍ കണ്ടു
പനിനീര്‍പ്പൂക്കളുടെ ഒരു വിളക്ക്, ഒരു ചന്ദ്രനും.
അവന്‍ കല്ലുകള്‍ക്കു മീതേ
കൊല്ലപ്പെട്ടുകിടന്നു.
അവരവന്റെ കീശയില്‍ കണ്ടു
അല്പം ചില്ലറ, ഒരു തീപ്പെട്ടി,
യാത്രക്കുള്ള ഒരു പാസ്, അവന്റെ
ചെറുപ്പം മുറ്റിയ കൈയില്‍ പച്ചകുത്തിയ പാട്.

അവന്റെ അമ്മ അവനെയോര്‍ത്തു തേങ്ങി,
ആണ്ടോടാണ്ട് അവനായി വിലപിച്ചു
അവന്റെ മിഴികളില്‍ തൊട്ടാവാടി മുളച്ചു
ഇരുട്ട് തഴച്ചുമുറ്റി.
അവന്റെ അനുജന്‍ വളര്‍ന്നു
നഗരച്ചന്തയില്‍ പണി തേടിപ്പോയപ്പോള്‍
അവരവനെ ജയിലിലടച്ചു:
അവന്റെ കൈയില്‍ യാത്രക്കുള്ള പാസില്ലായിരുന്നു
തെരുവിലവന്‍ വഹിച്ചത്
ഒരു പെട്ടി ചവറുമാത്രം,
പിന്നെ മറ്റു പെട്ടികളും

അതെ, എന്റെ നാട്ടിലെ കുഞ്ഞുങ്ങളേ,
അങ്ങനെയാണ് ചന്ദ്രന്‍ മരിച്ചത്.

*

5. വാക്കുകള്‍

എന്റെ വാക്കുകള്‍ ഗോതമ്പുമണികളായിരുന്നപ്പോള്‍
ഞാന്‍ ഭൂമിയായിരുന്നു
എന്റെ വാക്കുകള്‍ അമര്‍ഷമായിരുന്നപ്പോള്‍
ഞാന്‍ കൊടുങ്കാറ്റായിരുന്നു
എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാന്‍ പുഴയായിരുന്നു
എന്റെ വാക്കുകള്‍ തേനായി മാറിയപ്പോള്‍
ഈച്ചകള്‍ എന്റെ ചുണ്ടു പൊതിഞ്ഞു.

*

6 എന്റെ അമ്മ

എന്റെ അമ്മയുടെ അപ്പത്തിനു ഞാന്‍ കൊതിക്കുന്നു
എന്റെ അമ്മയുടെ കാപ്പിക്ക്
അവരുടെ സ്പര്‍ശത്തിന്
നാള്‍തോറും ബാല്യകാലസ്മരണകള്‍
എന്നില്‍ വളര്‍ന്നുവരുന്നു
മരിക്കുമ്പോള്‍ എന്റെ ജീവിതത്തിന്
ഞാന്‍ അര്‍ഹത നേടിയിരിക്കണം
എന്റെ അമ്മയുടെ കണ്ണീരിന്നും.

ഒരു നാള്‍ ഞാന്‍ തിരിച്ചുവന്നാല്‍
എന്റെ ഒരു മൂടുപടം പോലെ
നിന്റെ കണ്ണിമകളിലേക്കുയര്‍ത്തുക
നിന്റെ കാലടികളാല്‍ അനുഗൃഹീതമായ
പുല്ലുകൊണ്ട് എന്റെ അസ്ഥികള്‍ മൂടുക
നിന്റെ ഹൃദയത്തിന്റെ ഒരു നാരുകൊണ്ട്
നമ്മെ ഒന്നിച്ചു കൂട്ടിക്കെട്ടുക.
നിന്റെ ഉടുപ്പിന് പിറകില്‍ തൂങ്ങുന്ന ഒരിഴകൊണ്ട്.
നിന്റെ ഹൃദയത്തിന്റെ ആഴങ്ങള്‍ സ്പര്‍ശിച്ചാല്‍
ഞാന്‍ അനശ്വരനായേക്കും,
ഒരു ദൈവമായേക്കും.

ഞാന്‍ തിരിച്ചുവന്നാല്‍ എന്നെ
നിനക്ക് തീക്കൂട്ടാനൊരു വിറകുകൊള്ളിയാക്കുക
നിന്റെ മേല്‍ക്കൂരയിലൊരു അയയാക്കുക
നിന്റെ അനുഗ്രഹമില്ലാതെ
എനിക്ക് നിവര്‍ന്നു നില്‍ക്കാനേ ആവില്ല
എനിക്ക് വയസ്സായി
കുട്ടിക്കാലത്തെ നക്ഷത്രഭൂപടങ്ങളെനിക്ക്
തിരിച്ചു തരിക.
കുരുവികള്‍ക്കൊപ്പം ഞാന്‍
നിന്റെ കാത്തിരിക്കുന്ന കൂട്ടിലേക്കുള്ള
വഴി കണ്ടെത്തട്ടെ.

*

7.ശിരസ്സും അമര്‍ഷവും

എന്റെ ജന്മനാടേ!
ഈ മരയഴികളിലൂടെ
തീക്കൊക്കുകള്‍ എന്റെ മിഴിയിലാഴ്ത്തി
തണുപ്പിക്കുന്ന ഗരുഡന്‍ നാടേ!
എനിക്ക് മരണത്തിന് മുന്നിലുള്ളത്
ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.

എന്റെ മരണപത്രത്തില്‍
ഞാനപേക്ഷിച്ചിട്ടുണ്ട്
എന്റെ ഹൃദയം ഒരു
വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,
എന്റെ നെറ്റി
ഒരു വാനമ്പാടിക്കു വീടായും.
ഹേ, ഗരുഡന്‍, നിന്റെ ചിറകുകള്‍
ഞാനര്‍ഹിക്കുന്നില്ല.
എനിക്കിഷ്ടം ജ്വാലയുടെ കിരീടം.

എന്റെ ജന്മനാടേ!
ഞങ്ങള്‍ ജനിച്ചു വളര്‍ന്നത് നിന്റെ മുറിവുകളില്‍,
ഞങ്ങള്‍ ഓക്കുമരത്തിന്റെ കായ്കള്‍ തിന്നതും;
എല്ലാം നീ ചിറകടിച്ചുയരുന്നത് കാണാന്‍.
ഒരു യുക്തിയുമില്ലാതെ ചങ്ങലകളില്‍
പിടയുന്ന ഹേ ഗരുഡാ,
ഞങ്ങളെ കൊതിപ്പിക്കാറുള്ള
ഇതിഹാസങ്ങളിലെ വീരമൃത്യു
നിന്റെ ചുവന്ന കൊക്ക്
അഗ്നിഖഡ്ഗം പോലെ
എന്റെ കണ്ണുകളിലിപ്പോഴുമുണ്ട്
നിന്റെ ചിറകുകള്‍ ഞാനര്‍ഹിക്കുന്നില്ല.
മരണത്തിന് മുന്നില്‍ എനിക്കുള്ളത്
ഒരു ശിരസ്സും ഒരമര്‍ഷവും മാത്രം.

*
വിവര്‍ത്തനം: സച്ചിദാനന്ദന്‍

സച്ചിദാനന്ദന്‍ എഴുതിയ ഞാന്‍ എന്റേതല്ല എന്ന ദാര്‍വിഷ് അനുസ്മരണം ഇവിടെ

7 comments:

വര്‍ക്കേഴ്സ് ഫോറം said...

അപ്പോള്‍
ഒന്നാം പേജിന്നു മുകളില്‍തന്നെ
രേഖപ്പെടുത്തൂ:
എനിക്ക് ജനങ്ങളോടു വെറുപ്പില്ല
ഞാനാരുടെയും സ്വത്ത് കൈയേറുന്നുമില്ല
എങ്കിലും എനിക്ക് വിശന്നാല്‍
അതിക്രമിയുടെ ഇറച്ചി ഞാന്‍ തിന്നും
സൂക്ഷിച്ചിരുന്നോളൂ, എന്റെ വിശപ്പിനെ സൂക്ഷിക്കൂ,
എന്റെ കോപത്തെയും!

*
എന്റെ മരണപത്രത്തില്‍
ഞാനപേക്ഷിച്ചിട്ടുണ്ട്
എന്റെ ഹൃദയം ഒരു
വൃക്ഷമായി വെച്ചുപിടിപ്പിക്കണമെന്ന്,
എന്റെ നെറ്റി
ഒരു വാനമ്പാടിക്കു വീടായും.

സച്ചിദാനന്ദന്‍ വിവര്‍ത്തനം ചെയ്ത ദാര്‍വിഷ് കവിതകള്‍..

t.k. formerly known as thomman said...

കൊള്ളാം ! മഹ്‌മൂദ് ദര്‍വീഷിന്റെ ഒരു ചെറിയ കവിത ഞാന്‍ പരിഭാഷപ്പെടുത്തി ഇവിടെ കൊടുത്തിട്ടുണ്ട്.

Anonymous said...

Sachindanandan in Leftist in Kerala and BJP in Delhi for getting positions and placements. This man is one of the most intellectual frauds of Kerala, he is neither animal nor bird like in old story, please dont give much importance to that fellow .

Anonymous said...

ലോകം കേള്‍ക്കാതെ പോകുന്ന നിലവിളി

'പരിഷ്കൃത' യുറോപ്യന്മാര്‍ വംശഹത്യയിലൂടെ ആട്ടിപ്പായിച്ച ജൂതന്മാര്‍ക്കായി അറബ് മണ്ണില്‍ സ്ഥാപിച്ച ഇസ്രയേല്‍ അറുപതാം പിറന്നാള്‍ ആഘോഷിച്ചത് ഈയാണ്ടിലാണ്. ഇസ്രയേല്‍ സ്ഥാപനത്തോടെ ജന്മനാട്ടില്‍ നിന്ന് കുടിയിറക്കപ്പെട്ട പലസ്തീന്‍ ജനതയുടെ മഹാദുരന്തത്തിന്റെ അറുപതാം വര്‍ഷവുമാണിത്.

ലോകത്തിന്റെ സഹാനുഭൂതി നേടി പിറന്ന ജൂതരാഷ്ട്രം അന്നുമുതല്‍ പലസ്തീന്‍ ജനതക്കെതിരെ നടത്തുന്ന വംശഹത്യ രാക്ഷസീയ രൂപമാര്‍ജിച്ച ദിനങ്ങളിലാണ് ഈ വര്‍ഷാന്ത്യം എന്നത് യാദൃശ്ചികമല്ല. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ ഇസ്രയേല്‍ ഗാസയില്‍ ആരംഭിച്ച നിഷ്ഠുരമായ വ്യോമാക്രമണത്തില്‍ മരിച്ച പലസ്തീന്‍കാരുടെ എണ്ണം നാല് ദിവസം കൊണ്ട് നാന്നൂറോളമായി. ഇസ്രയേലില്‍ ആറാഴ്യ്ക്കകം നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണ് യഥാര്‍ത്ഥത്തില്‍ ഗാസയിലെ ആക്രമണത്തിന് കാരണമെന്ന് ലോകം തിരിച്ചറിയുന്നു. അഭിപ്രായ സര്‍വേകളില്‍ പിന്നിലുള്ള 'മിതവാദ' ഭരണസഖ്യത്തിന് തുറുപ്പുചീട്ടാണ് ഈ ആക്രമണം.

ഇന്ത്യക്കുള്ളതിലധികം അണുവായുധങ്ങളള്ള ഇസ്രയേല്‍ സ്വന്തമായി സൈന്യം പോലുമില്ലാത്ത പലസ്തീന്‍ ജനതയെ അക്ഷരാര്‍ത്ഥത്തില്‍ വേട്ടയാടുകയാണ്. എന്നിട്ടും പലസ്തീന്‍ ജനതയുടെ നിലവിളി അവഗണിക്കുകയാണ് ലോകമനസാക്ഷിയുടെ കാവലാളാകേണ്ട ഐക്യരാഷ്ട്രസഭ. അധിനിവേശ ക്രൂരതകളാല്‍ ലോകമെങ്ങും വെറുക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് തന്റെ വികൃതമുഖം മിനുക്കാന്‍ 2008ല്‍ തന്നെ ഇസ്രയേല്‍-പലസ്തീന്‍ സമാധാനത്തിന് ആഹ്വാനം ചെയ്തിരുന്നു. ഇതിന് തുടക്കമായി ഒരുവര്‍ഷം മുമ്പ് മിന്നെപോളീസില്‍ അന്താരാഷ്ട്ര സമ്മേളനവും വിളിച്ചുകൂട്ടി. എന്നാല്‍ മുമ്പുണ്ടായ എല്ലാ ചര്‍ച്ച പ്രഹസനങ്ങളെയും പോലെ ഇതും നാടകമായി കലാശിച്ചു.

മൂന്നുവര്‍ഷം മുമ്പ് പലസ്തീന്‍ പാര്‍ലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഹമാസ് നേടിയ വിജയം അംഗീകരിക്കാതെ പാശ്ചാത്യ രാഷ്ട്രങ്ങള്‍ ഇസ്രയേലിനൊപ്പം ചേര്‍ന്ന് അവരെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രശ്നപരിഹാരത്തിനുള്ള നേരിയ സാധ്യതകളെ പോലും ഇല്ലാതാക്കിയത്. പലസ്തീന്‍ ഭരണകക്ഷിയാവുന്നതിന് ഒരു വര്‍ഷം മുമ്പ് തന്നെ ഇസ്രയേലില്‍ ചാവേര്‍ ആക്രമണങ്ങള്‍ നടത്തുന്നത് നിര്‍ത്തിവച്ച ഹമാസിന്റെ നീക്കം സമാധാനതിന് വഴിതുറക്കുമായിരുന്നു. ഇപ്പോള്‍ വെടിനിര്‍ത്തല്‍ അവസാനിച്ചതിന് പിന്നാലെ ഇസ്രയേല്‍ ക്രുരമായ ആക്രമണം ആരംഭിച്ചത് വീണ്ടും ചാവേര്‍ ആക്രമണങ്ങളുടെ വഴിതേടാന്‍ ഹമാസിനെ പ്രേരിപ്പിച്ചിരിക്കുകയാണ്.

15 വര്‍ഷം മുമ്പ് ഓസ്ളോ ചതിയില്‍ പലസ്തീന്‍ ജനതയെ കുടുക്കിയ അമേരിക്കയെ പൂര്‍ണമായും വിശ്വസിച്ചാണ് ഇപ്പോഴും മഹ്മൂദ് അബ്ബാസിനെ പോലുള്ള പലസ്തീന്‍ നേതാക്കളുടെ നടപടികള്‍. അമേരിക്കന്‍ താളത്തിന് തുള്ളി ഇവര്‍ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്ക് വഴങ്ങുമ്പോഴും പലസ്തീന്‍കാര്‍ക്ക് അവശേഷിക്കുന്ന മണ്ണ് പോലും നഷ്ടപ്പെടുന്നതാണ് ഹമാസിനെ വളര്‍ത്തിയത്. യഥാര്‍ത്ഥത്തില്‍ പലസ്തീന്‍ രാഷ്ട്രം നിലവില്‍ വരുന്നത് ആഗ്രഹിക്കുന്നില്ലെന്നാണ് എക്കാലത്തും ഇസ്രയേല്‍ തെളിയിചിട്ടുള്ളത്. യാസര്‍ അറഫാത്തിനയും അദ്ദേഹം നയിച്ച ഫത്തായേയും തകര്‍ക്കാന്‍ ഹമാസിനെ വളര്‍ത്തിയ ഇസ്രയേല്‍ ഇപ്പോള്‍ ഹമാസിനെതിരെ ഫത്തായെ പ്രോത്സാഹിപ്പിക്കുന്നത് മറ്റൊന്നും കൊണ്ടല്ല.

അമേരിക്കയില്‍ ബറാക് ഒബാമയുടെ സര്‍ക്കാര്‍ വന്നാലും പലസ്തീന്‍ ജനതയ്ക്ക് നീതി പ്രതീഷിക്കാനാവില്ല. തര്‍ക്കത്തിലുള്ള ജെറുസലേം ഇസ്രയേലിന്റെ തലസ്ഥാനമാക്കണമെന്നാണ് ജൂതലോബിയുടെ തടവുകാരനായ ഒബാമയുടെ അഭിപ്രായം. ബുഷ് പോലും പറയാന്‍ ശെധര്യപ്പെട്ടിട്ടില്ലാത്തതാണിത്. ഒബാമയുടെ കറുത്ത ഉടലിനുള്ളില്‍ വെള്ളക്കാരന്‍ സാമ്രാജ്യവാദിയുടെ മനസാണെങ്കില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ പലസ്തീന്‍ പ്രശ്നപരിഹാരം സാധ്യമാവില്ല. എന്നാല്‍ ഇവിടെ മധ്യസ്ഥത അമേരിക്കയ്ക്ക് വിട്ടുകൊടുത്ത് കൈകഴുകാനാണ് യുഎന്‍ ശ്രമം. അമേരിക്ക തുടങ്ങിവച്ച 'സമാധാനശ്രമം' മുന്നോട്ടുകൊണ്ടുപോവണമെന്നാണ് യുഎന്‍ രക്ഷാസമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.

പടന്നക്കാരൻ said...

നന്ദി സുഹൃത്തേ...കവിതകളെ പരിചയപ്പെടുത്തിയതിനു!!

Haseeb valapuram said...

👍👍👍

Haseeb valapuram said...

👍👍👍