പ്രശസ്‌ത ജര്‍മന്‍ നാടകകൃത്തും കവിയും കലാചിന്തകനുമായിരുന്ന ബ്രശ്‌റ്റ് (Brecht), ലുക്കാച് (Lukacs)മായുള്ള പ്രസിദ്ധമായ സംവാദത്തിനിടയില്‍ സാഹിത്യത്തിലെ റിയലിസം സംബന്ധിച്ച സ്വകീയമായ സിദ്ധാന്തം മുന്നോട്ടുവയ്‌ക്കുന്നുണ്ട്. 'റിയലിസം' സവിശേഷമായ ഒരു സാഹിത്യശൈലിയോ, ശാഖയോ (Genre) കേവലമായ രൂപ (Form)ത്തിന്റെ പ്രശ്‌നമോ അല്ല. സാമൂഹ്യപ്രതിസന്ധികള്‍ക്ക് സമഗ്ര പരിഹാരം നിര്‍ദേശിക്കുന്ന വര്‍ഗത്തിന്റെ - തൊഴിലാളിവര്‍ഗത്തിന്റെ - നിലപാടില്‍ നിന്നുകൊണ്ടുള്ള ലോകവീക്ഷണവും ആവിഷ്‌കാരവുമാണത്. ബ്രശ്‌റ്റിന്റെ ഈ സങ്കല്‍പവുമായി ഒത്തുപോകുന്ന കാഴ്‌ചയും രചനാരീതിയുമാണ് വൈലോപ്പിള്ളിയുടേതെന്നതിനാല്‍ മലയാളത്തിലെ മഹാനായ 'റിയലിസ്‌റ്റ് ' കവി എന്നദ്ദേഹത്തെ നിസ്സംശയം വിളിക്കാവുന്നതാണ്.
വൈലോപ്പിള്ളിയുടെ 'കണ്ണീര്‍പ്പാടം' ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രചനയാണ്. കവിയുടെ ജീവചരിത്രം കൂടി മനസ്സില്‍ വച്ചുകൊണ്ട്, ദാമ്പത്യജീവിതത്തിലെ പ്രണയവും കലഹവും ഊടും പാവുമിട്ട ഒരു സംരചനയായി വായിച്ചുപോന്ന കൃതിയാണത്. കാര്‍മൂടിയ ആകാശവും കണ്ണീര്‍പ്പാടവും വെള്ളത്തില്‍ മുങ്ങി വഴി കാണാത്ത വഴുക്കുന്ന വരമ്പിലൂടെ തെന്നിനീങ്ങുന്ന ദമ്പതിമാരുടെ യാത്രയുമെല്ലാം അത്തരമൊരു പ്രതീതിയാണ് സ്വാഭാവികമായും പകര്‍ന്നുതരുന്നത്. കണ്ണീര്‍പ്പാടവും അതിലൂടെയുള്ളയാത്രയും കവിതയിലെ പ്രധാനപ്പെട്ട രൂപകങ്ങളാണ്. "ബസ്സ് വന്നു, പോയ്...'' ഇങ്ങനെയാണ് കവിത ആരംഭിക്കുന്നത്. തുടങ്ങും മുന്‍പേ തന്നെ യാത്ര മുടങ്ങുമോ എന്ന ആശങ്കയാണ് ആദ്യമേ ഉണ്ടാവുന്നത്. ഇനി രണ്ടോ മൂന്നോ നാഴിക താണ്ടി സ്‌റ്റാന്റിലെത്തിയാലേ ബസ്സ് കിട്ടാനിടയുള്ളൂ. പാടം മുറിച്ചു കടന്നാല്‍ വഴി ലാഭിക്കാമെന്ന് ഭാര്യ പറയുന്നു. ഭര്‍ത്താവ് അര്‍ധസമ്മതം മൂളുന്നു. 'കാറു മൂടിയ കണ്ണീര്‍പാടത്ത് കാലിടറി നീങ്ങുക, ആ വഴിയിലൂടെ മന്ദം മുന്നോട്ട് നീങ്ങുക, പോയി നാം വീണ്ടും നേര്‍ത്ത വരമ്പിലൂടെ, നെടുതാംവരമ്പെത്തി മുന്നേറുക, പൂവിരിനടക്കാവു വിട്ട് ചളിക്കുഴമ്പുവരമ്പുകള്‍ വരിക്കുക, പാടത്തിന്റെ തീരം ദൂരെ ദുഷ്പ്രാപമായ് നിലകൊള്ളുക',
- ഇങ്ങനെ 'യാത്ര' എന്ന ആശയത്തെ ക്ളേശം നിറഞ്ഞ അനുഭവമായി, അനുഭൂതിയായി പരാവര്‍ത്തനം ചെയ്‌തിരിക്കുന്നു. ഇത്, ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയും തകര്‍ന്നും നീങ്ങുന്ന വെറുമൊരു ദാമ്പത്യജീവിതയാത്ര മാത്രമാണോ? അറ്റം കാണാത്ത ആ കണ്ണീര്‍പ്പാടവും ആരും പെട്ടെന്ന് തെന്നിവീഴുന്ന ചളിവരമ്പുകളും കാല്‍വച്ചാല്‍ ചുറ്റിപ്പിടിച്ച് മറിച്ചിടുന്ന നൂറുനൂറിഴകൂട്ടിപ്പിരിച്ച കയര്‍പോലുള്ള തോട്ടിലെ നീരൊഴുക്കും എല്ലാം മനുഷ്യചരിത്രത്തെയും, അതിലൂടെയുള്ള സങ്കീര്‍ണവും ദുര്‍ഗമവുമായ സമൂഹസഞ്ചാരപഥങ്ങളെയും സൂചിപ്പിക്കുന്നില്ലേ? ചരിത്രത്തെ കാവ്യവല്‍ക്കരിക്കാനും കവിതയെ ചരിത്രവല്‍ക്കരിക്കാനും ഈ കവി സദാ ഉല്‍സുകനായിരുന്നു എന്നും ഇവിടെ ഓര്‍ക്കാവുന്നതാണ്.
മുക്കിയും മൂളിയും പരസ്‌പരം മുരണ്ടും ഇഴഞ്ഞു നീങ്ങുന്ന ഇടത്തരക്കാരായ ആ ജായാപതിമാര്‍ ഒടുവില്‍,
"നിര്‍ദയലോകത്തില്‍നാ-
മിരുപേരൊറ്റപ്പെട്ടോര്‍
അത്രയുമല്ല,തമ്മില്‍
തമ്മിലുമൊറ്റപ്പെട്ടോര്‍
പിറക്കാതിരുന്നെങ്കില്‍
പ്പാരില്‍, നാം സ്‌നേഹിക്കുവാന്‍
വെറുക്കാന്‍, തമ്മില്‍ക്കണ്ടു-
മുട്ടാതെയിരുന്നെങ്കില്‍''
എന്ന് ഈ ലോകത്തെ പഴിച്ചും സ്വയം ശപിച്ചും, ലക്ഷ്യത്തിലെത്താനാവാത്ത നിരാശയുടെ നെറുകയില്‍ ചെന്നുനില്‍ക്കുകയാണ്. മലയാളവിമര്‍ശനം ഇവിടെ അറിഞ്ഞോ അറിയാതെയോ അവഗണിച്ച സുപ്രധാനമായൊരു വഴിത്തിരിവിലേക്ക് കവിത പ്രവേശിക്കുകയാണ്. അന്നേരത്ത് രണ്ടാളുകള്‍, സാധാരണ ഗ്രാമീണമിഥുനങ്ങള്‍, കിഴക്കുനിന്നെത്തുന്നത് കാണുന്നു. പ്രായമായെങ്കിലും പ്രയത്നദാര്‍ഢ്യം കാട്ടുന്ന നടത്തമുള്ള അവര്‍ ക്ഷണത്തില്‍ അടുത്തെത്തി. കവിതയിലെ നായകനെ മറിച്ചിട്ട കൈത്തോടിന്റെ കുപ്പിക്കഴുത്ത് അനായാസം ചാടിക്കടന്ന് അവര്‍ മറുകരയിലെത്തി. ആ പുമാന്‍ ആദ്യം ചാടിക്കടക്കുകയും പിന്നെ പെണ്ണാളുടെ പാണി പിടിച്ച് അവളെ തോട് ചാടാന്‍ സഹായിക്കുകയും ചെയ്യുന്നു.
"അസ്‌തശങ്കമായ്, സ്വാഭാവികമായ്, സസ്‌നേഹമായ്
അത്രയുമനാര്‍ഭാടമായ് അവരതുചെയ്‌തു
മഗ്നമാം വരമ്പൂടെ കാല്‍പതിച്ചഥപോയാര്‍
സത്വരം ജലോപരി നടക്കുന്നതുപോലെ''
എന്ന് അവര്‍ക്ക് അത് എത്ര അനായാസമനോഹരമായിരുന്നുവോ, കാണുന്ന അപരര്‍ക്ക് അത്രയ്‌ക്ക് അസാധ്യവും 'ജലോപരി നടക്കുംപോലെ' അല്‍ഭുതകരവും ആയിരുന്നു. പുറമേ, കവിതയിലെ ഇടത്തരക്കാരായ ദമ്പതിമാര്‍ക്ക് മുടങ്ങിയതോ സ്വയം മുടക്കിയതോ ആയ സ്വന്തം യാത്ര തുടരാന്‍ അധ്വാനശീലരായ ആ ഗ്രാമീണ മിഥുനങ്ങളുടെ പ്രവൃത്തി അളവറ്റ തോതില്‍ പ്രചോദനമേകുകയും ചെയ്‌തു. അവരും തോടുചാടി മറുകരയെത്തുന്നു. "കണ്ണീരാണ്ട ജീവിതത്തിന്റെ വിഷമപദപ്രശ്‌നം'' അവര്‍ക്ക് എളുപ്പമാവുന്നു. അതോടെ "കരിംകാര്‍ മുടിചിന്നി കുന്നിന്‍ചോലക്കുരുതി കുടിച്ചുനിന്നലറിയാടുന്ന'' വനദുര്‍ഗയും "പച്ചക്കൊള്ളിപ്പട്ടടപോലെ പുകയുന്ന'' കുന്നുകളും, കറുത്തമാനവും മനവും എല്ലാം മാറുകയും തെളിയുകയും ചെയ്യുന്നു. കാര്‍മേഘത്തിന്റെ 'ഇമ്പാച്ചിമുഖം' മഴയായി, ചിരിയായി രൂപാന്തരപ്പെടുന്നു. മടുപ്പും വെറുപ്പും മുറ്റിയ ചേതസ്സില്‍ നീറ്റിന്‍ കളഗാനം ഒലിയിട്ടെത്തുന്നു. കുളിര്‍തെന്നലില്‍ കൈതപ്പൂം പരിമളം പാറുന്നു.
ഇങ്ങനെ ഭിന്നവര്‍ഗത്തില്‍പ്പെട്ട സ്‌ത്രീപുരുഷന്മാരുടെ ജീവിതയാത്രകളെ സമാന്തരമായി വിന്യസിച്ച്, കീഴാളവര്‍ഗവും അവരുടെ മാര്‍ഗവും സമൂഹത്തെ അതിന്റെ പ്രതിസന്ധികളില്‍നിന്ന് മോചിപ്പിക്കാന്‍ പോന്നതായി ചിത്രീകരിച്ചിരിക്കുന്നു. അധ്വാനവര്‍ഗത്തിന്റെ പ്രതിനിധികളായ ഗ്രാമീണ മിഥുനങ്ങളുടെ രംഗപ്രവേശം കവിതയുടെ ആഖ്യാനഗതിയെത്തന്നെ ഗുണപരമായി സ്വാധീനിക്കുന്നു. തൊഴിലാളിവര്‍ഗം ഇടപെടുമ്പോള്‍ ചരിത്രമെന്ന മഹാഖ്യാനത്തിന്റെ ഗതിയും മാറിപ്പോകുന്നു. ചരിത്രപരിണാമങ്ങളെ അതിന്റെ സമഗ്രതയില്‍ സൈദ്ധാന്തികമായി തിരിച്ചറിഞ്ഞ ചില ഉപരിവര്‍ഗബുദ്ധിജീവികള്‍ തൊഴിലാളിവര്‍ഗവുമായി ഐക്യപ്പെടുമെന്ന് മാര്‍ക്‌സ് ഒരിടത്ത് നിരീക്ഷിക്കുന്നുണ്ട്. മലയാളകവികളില്‍ മുന്തിയ ചരിത്രാവബോധമുള്ള വൈലോപ്പിള്ളി, നമ്മുടെ കാലഘട്ടത്തിലെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ നേതാവും മാര്‍ഗദര്‍ശിയും തൊഴിലാളിവര്‍ഗമാണെന്ന് തിരിച്ചറിഞ്ഞതിന്റെ തിരിവെളിച്ചമാണ് ഈ കവിത ചുറ്റും വിതറുന്നത്.
'കണ്ണീര്‍പാട'ത്ത് ആഖ്യാനഗതിയെ സ്വാധീനിച്ച ഈ 'രണ്ടുപേര്‍' - 'സാധാരണഗ്രാമീണ മിഥുനങ്ങള്‍' - "പാതിരാക്കോഴി വിളിപ്പതും കേള്‍ക്കാതെ പാടത്ത് പുഞ്ചയ്‌ക്ക് തേവുന്ന രണ്ടുപേരാ''യി 'പടയാളി' കളില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ രംഗപ്രവേശം ചെയ്‌തിട്ടുണ്ട്. "മാലോകര്‍ തുഷ്‌ടിയാം തൊട്ടിലില്‍ നിദ്രതന്‍ താലോലമേറ്റ് മയങ്ങിക്കിടക്കുമ്പോള്‍'', അന്ധവും മൂകവുമായ പ്രകൃതിയുടെ ക്രൂരതയോട് സ്വന്തം ജീവരക്തമൊഴുക്കി അവര്‍ അങ്കം വെട്ടുകയാണ്. ആ 'തന്വംഗി', പാലാട്ടുകോമനെ വാഴ്ത്തുന്ന പാട്ടുകള്‍പാടി കൂട്ടുകാരന്റെ തണുപ്പും തളര്‍ച്ചയും കെടുത്തുന്നു. "ആരാണ് വീറോട് പോരാടുമീ രണ്ട് പോരാളിമാര്‍കളെ പാടിപ്പുകഴ്ത്തുവാന്‍'' എന്ന ചോദ്യമുയര്‍ത്തി കവിത പരിസമാപിക്കുന്നു. വാഴ്ത്തേണ്ടതും വാഴിക്കേണ്ടതും ഐക്യപ്പെടേണ്ടതും പിന്‍തുടരേണ്ടതും തൊഴിലാളിവര്‍ഗത്തെത്തന്നെ എന്ന അഭിദര്‍ശനമാണ് ഇവിടെയും കുറേക്കൂടി പ്രത്യക്ഷമായി പ്രകാശിപ്പിക്കുന്നത്.
'പടയാളിക'ളിലെ ഈ പടപ്പാട്ട്, പാടങ്ങള്‍ കോള്‍മയിര്‍ക്കൊള്‍കെ, തെങ്ങ് ഉറുമിവാള്‍ ഉച്ചലിപ്പിക്കുമ്പോള്‍ 'കന്നിക്കൊയ്‌ത്ത് ' പാടത്തും കേള്‍ക്കുന്നുണ്ട്. അവിടെ കാലത്തിന്റെ ക്രൂരതയോടാണ് ധീരതയോടെ മര്‍ത്യമാനസം ഏറ്റുമുട്ടുന്നത്. വിജിഗീഷുവായ മൃത്യുസന്നിധിയില്‍പ്പോലും ജീവിതത്തിന്റെ കൊടിപ്പടം ഉയരുകയാണ്. 'കത്തുന്ന വിരലുകള്‍കൊണ്ട് മര്‍ത്യപുരോഗതിമാര്‍ഗം ചൂണ്ടിക്കാട്ടുന്ന, മൃഗീയതയുടെ കാടുകളെ കരിക്കുന്ന' പ്രസിദ്ധമായ 'പന്തങ്ങളി'ലും എരിയുന്നത് ഈ അധ്വാനവര്‍ഗസമരവീര്യം തന്നെയാണ്.
അന്ധവും മൂകവുമായ പ്രകൃതിക്ക് പ്രതിനായകത്വവും, അധ്വാനത്തിലൂടെ അതിനോടേറ്റ് അതിനെ മാറ്റുന്ന മനുഷ്യന് നായകത്വവും നല്‍കിവരുന്ന കാവ്യഘടനയുടെ പേരില്‍ വേണ്ടത്ര പാരിസ്ഥിതികവിവേകം പ്രകടിപ്പിക്കാത്ത കവിയാണ് വൈലോപ്പിള്ളി എന്ന് വിമര്‍ശിയ്‌ക്കപ്പെട്ടിട്ടുണ്ട്. 'സര്‍പ്പക്കാട് ' മുതല്‍ 'ജലസേചനം' വരെയുള്ള രചനകളെ ഈ വാദം സാധൂകരിക്കാന്‍ സാക്ഷികളായിനിരത്തി വിസ്‌തരിക്കാനും ചിലര്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ കാവ്യശില്‍പത്തില്‍ സമര്‍ഥമായി സന്നിവേശിപ്പിച്ച അര്‍ഥാന്തരങ്ങളിലേയ്‌ക്ക് വികസിക്കാത്ത, കവിതയുടെ പ്രത്യക്ഷവും പ്രാഥമികവുമായ തലത്തില്‍വച്ച് വിരമിക്കുന്ന വായനാരീതികളുടെ പരിമിതികളെ മാത്രമാണ് ഇത്തരം വ്യാഖ്യാനങ്ങളും നിരീക്ഷണങ്ങളും വെളിപ്പെടുത്തുന്നത്.
ഈ കവിയുടെ 'സര്‍പ്പക്കാട് ' അന്ധവിശ്വാസങ്ങളെ അരിഞ്ഞുവീഴ്ത്തുന്ന യുക്തിബോധത്തിന്റെ കവിതയായും, വികസനത്തിന്റെ ചെലവില്‍ നടക്കുന്ന വനനശീകരണപരിപാടിയെ ന്യായീകരിക്കുന്ന രചനയായും വിധിയെഴുതാന്‍ വലിയ വ്യാഖ്യാനവൈഭവമൊന്നും വേണ്ട''
"പണ്ടൊരു സര്‍പ്പക്കാവെന്‍ വീട്ടിന്‍
പിന്നില്‍ പകലുമിരുട്ടിന്‍ വീടായ്
കണ്ടു ഭയാല്‍ഭുതഭക്ത്യാഹ്ളാദപു-
രസ്സരമെന്നുടെ ബാല്യപ്രായം
നാടിന്‍ മണ്ണില്‍ തെങ്ങ് കവുങ്ങാല്‍
നെടിയ ജയക്കൊടിനാട്ടിയ നാളും
കാടില്‍ പൂര്‍വസ്വപ്‌നം പോറ്റിയ
കുടുമവളര്‍ത്തിയ കാരണവന്മാര്‍''
- എന്ന തുടക്കം തന്നെ ശ്രദ്ധേയമാണ്. ബാല്യകുതൂഹലം, വീട്ടിന്‍പിന്നില്‍ ഇരുട്ട് പാര്‍ക്കുന്ന ആലയം, കുടുമ വളര്‍ത്തിയ കാരണവന്മാര്‍ പോറ്റുന്ന പൂര്‍വകാനനസ്‌പന്ദനങ്ങള്‍ തുടങ്ങിയ പ്രയോഗവിശേഷങ്ങളും കല്‍പനകളും 'സര്‍പ്പക്കാട് ' കേവലമായ പരിസ്ഥിതിസൌഹൃദത്തിന്റെ പ്രതീകമല്ലെന്ന് സൂചിപ്പിക്കുന്നുണ്ട്. കാവുകളില്‍ സര്‍പ്പങ്ങള്‍ തറവാടുകള്‍ക്ക് കാവലിരിക്കുന്ന അനുഗ്രഹമൂര്‍ത്തികളാണ്. മാണിക്യകിരീടമണിഞ്ഞവരും നിധി കാക്കുന്നവരും ഭൂമിയെ താങ്ങുന്നവരുമാണ്. ആഭിജാത്യത്തിന്റെ, സമ്പത്തിന്റെ, അധികാരത്തിന്റെ അവതാരങ്ങളാണ് കവിതയുടെ ഈ സര്‍പ്പക്കാവില്‍ ഫണം വിടര്‍ത്തിയാടുന്നത്. കേവലം അന്ധവിശ്വാസങ്ങളെയോ പ്രകൃതിസൌഭാഗ്യങ്ങളെയോ അല്ല, നിലവിലുള്ള അധികാരഘടനയില്‍ത്തന്നെയാണ് കവിത 'അഗ്നികൊളുത്തുന്ന'ത്. 'സര്‍പ്പക്കാടി'ന്റെ നിര്‍വഹണസന്ധിയില്‍ ഈ ആശയം കൂടുതല്‍ സ്‌പഷ്‌ടമാവുന്നുണ്ട് - പണ്ട് 'സര്‍പ്പക്കാട്' കുട്ടികള്‍ക്ക് ഭയവും ഭക്തിയും അല്‍ഭുതവും ഉണ്ടാക്കിയിരുന്നു. എന്നാല്‍ മോദിച്ചാര്‍ക്കുന്ന പുതിയ ശൈശവത്തോട് കവി "ഒട്ടും പേടിക്കേണ്ടെന്‍ മകനേ'' എന്നും
"മണ്ണറപൂകിയ ഞാഞ്ഞൂലുകള്‍ തന്‍പുറ്റുക
ളാണിവയല്ലോ പുതിയയുഗത്തിന്‍ നാഗത്താന്മാര്‍''
എന്നും പറയുന്നു. മണ്ണിന്റെ ഉര്‍വരത വര്‍ധിപ്പിക്കുന്ന ഞാഞ്ഞൂലുകള്‍ കര്‍ഷകബന്ധുക്കളാണല്ലോ.
കമ്യൂണിസ്‌റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്ന് 'കര്‍ഷകബന്ധനിയമം' പാസ്സാക്കുന്നതിന് അഞ്ചുകൊല്ലം മുന്‍പാണ്, 'നവയുഗനാഗത്താന്മാര്‍ ഞാഞ്ഞൂലുകളാണെ'ന്ന്, കര്‍ഷകബന്ധുവായ തൊഴിലാളിയാണ് പുതിയ കാലത്തിന്റെ പഥപ്രദര്‍ശകനെന്ന് വൈലോപ്പിള്ളി എഴുതിയത്. പാതിരാവില്‍ പുഞ്ചയ്‌ക്കു തേവുന്ന അടിയാളരെ വീരഭടരായി ഈ കവി പാടിപ്പുകഴ്ത്തിയത് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ കേരളഘടകം നിലവില്‍ വരുന്നതിനും ഒരു വര്‍ഷം മുന്‍പാണ്. ബ്രശ്‌റ്റിന്റെ ഭാഷയില്‍ വൈലോപ്പിള്ളി ഒരു 'റിയലിസ്‌റ്റിക് ' കവിയാണ്. എന്നാല്‍ വൈലോപ്പിള്ളിയുടെ 'റിയലിസം' കാലത്തിന്റെ അതിരുകളെ അക്ഷമയോടെ ഉല്ലംഘിച്ച് ചരിത്രപ്രക്രിയ ഭാവിയില്‍ കൊണ്ടുവരാന്‍ പോകുന്ന മാറ്റങ്ങളെ ഇപ്പോള്‍ത്തന്നെ അനുഭവിപ്പിക്കുന്ന, അനുഭൂതിവല്‍ക്കരിയ്‌ക്കുന്ന 'പ്രോലിപ്‌റ്റിക് റിയലിസ' (Proleptic)മാണെന്നും പറയേണ്ടിവരും.
*****
എം.എം. നാരായണന്‍, കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010
അധിക വായനയ്‌ക്ക് :
1. മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക
7. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
8. പ്രകൃതിപാഠങ്ങള്‍
9. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'
Subscribe to:
Post Comments (Atom)
No comments:
Post a Comment