Wednesday, September 29, 2010

സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള ഭാഷയും

സാങ്കേതിക വിദ്യയിലെ മാറ്റങ്ങള്‍ ഭാഷയെയും ബാധിക്കുമോ? വണ്ടി വന്നു, ഇനി വഞ്ചി വേണ്ട എന്ന പാഠത്തിനെ അനുസ്‌മരിപ്പിക്കും വിധം, നമ്മുടെയെല്ലാം ഇച്‌ഛകള്‍ക്കുമപ്പുറം കംപ്യൂട്ടറും, മൊബൈല്‍ ഫോണും, എസ്.എം.എസ്സും, ഫേസ്‌ബുക്കും, ബ്ളോഗും എല്ലാം ഭാഷയെയും സംസ്‌കാരത്തെയും അഗാധമായി സ്വാധീനിച്ചുതുടങ്ങിയിരിക്കുന്നു.

നമ്മില്‍ പലരെയും ഭയപ്പെടുത്തുകയും ആശങ്കാകുലരാക്കുകയും ചെയ്യുന്ന ഈ വസ്‌തുതയോടുള്ള പ്രതികരണമെന്ന നിലയിയില്‍ 'സാങ്കേതിക വിദ്യയോടു പിണക്കം', 'കമ്പ്യൂട്ടറും, മൊബൈല്‍ഫോണും, ഇന്റര്‍നെറ്റും, ഫേസ്‌ബുക്കും അറബിക്കടലിൽ‍' എന്ന മുദ്രാവാക്യം ഇന്ന് തികച്ചും അപ്രായോഗികമാണ്. അതേസമയം സാങ്കേതിക വിദ്യയോട് മറുചോദ്യങ്ങളില്ലാത്ത വണക്കം, അഗാധമായ കീഴടങ്ങല്‍ , അതും ആശാസ്യമല്ല. അതു മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും അപചയത്തിലേക്കേ നയിക്കൂ.

പിണക്കത്തിനും വണക്കത്തിനും ഇടയില്‍ സാങ്കേതിക വിദ്യകൾ- കംപ്യൂട്ടറും, മൊബൈല്‍ ഫോണും എസ്.എം.എസും എല്ലാം-നമുക്കിനി ഒഴിവാക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ് എന്ന സത്യം അംഗീകരിച്ചുകൊണ്ട്, ഇത്തരം സാങ്കേതിക വിദ്യകളെ നമ്മുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഇണക്കാനുള്ള പരിശ്രമമാണ് ഇന്നാവശ്യം. കുത്തക സോഫ്റ്റ്​വെയറുകള്‍ ഇത്തരം പ്രാദേശിക ഇടപെടലുകള്‍ക്ക് പഴുത് നല്‍കുന്നില്ല. കുത്തകയോട് അപേക്ഷിക്കല്‍ മാത്രമേ സാധ്യമായിരുന്നുള്ളൂ. എന്നാല്‍ അടുത്ത കാലത്തായി സ്വതന്ത്ര സോഫ്റ്റ്​വെയറുകള്‍ പ്രചാരത്തിലായതോടെ ഇത്തരം ഇടപെടലുകള്‍ സുസാധ്യമായിരിക്കുകയാണ്.

ഈ ലക്ഷ്യം നേടാന്‍ എന്ത് ചെയ്യാന്‍ കഴിയും? "സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാളഭാഷയും" എന്ന ശീര്‍ഷകത്തില്‍ സെപ്റ്റംബര്‍ ഇരുപത്തിയെട്ടാം തിയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മഹാരാജാസ് കോളേജിന്റെ സെമിനാര്‍ ഹാളില്‍ നടന്ന സെമിനാറിന്റെ വിഷയം ഇതായിരുന്നു. കേരള സര്‍വ്വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി.ഇക് ബാൽ ആയിരുന്നു വിഷയം അവതരിച്ചത്. പ്രാദേശിക ഭാഷാവികസനത്തിനായി പ്രാദേശിക സമൂഹത്തിന്റെ ഇടപെടലിന് സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപയോഗത്തിലൂടെ മാത്രമേ കഴിയൂ എന്ന് ഡോ. ഇക് ബാൽ പറഞ്ഞു.

വിജ്ഞാന സ്വാതന്ത്ര്യത്തിനുള്ള ജനാധിപത്യകൂട്ടായ്‌മ ( ഡി എ കെ എഫ്) അംഗവും സോഫ്റ്റ്​വെയര്‍ വിദഗ്ധനുമായ ശ്രീ. കെ.വി.അനില്‍കുമാർ സ്വതന്ത്ര മലയാളം കം‌പ്യൂട്ടിങ്ങ്‌ പ്രസ്ഥാനത്തിന്‍റെ സംഭാവനകളെ പറ്റി പ്രബന്ധം അവതരിപ്പിച്ചു. ബഹുമാന്യനായ പ്രിന്‍സിപ്പാള്‍ പ്രൊഫ: എം.എസ്.വിശ്വംഭരൻ അധ്യക്ഷത വഹിച്ച സെമിനാറിൽ വൈസ് പ്രിന്‍സിപ്പാള്‍ ഡോ:മേരി മെറ്റില്‍ഡ, മലയാളം വകുപ്പുമേധാവി പ്രൊഫ:മാര്‍ഗരറ്റ് ജോർജ്, ഡി എ കെ എഫ് കൺ‌വീനർ ജോസഫ്‌ തോമസ്, അശോകൻ ഞാറയ്‌ക്കൽ എന്നിവർ സംസാരിച്ചു.

എറണാകുളം മഹാരാജാസ് കോളേജ് മലയാളം വിഭാഗവും സ്വാതന്ത്ര്യ വിജ്ഞാന ജനാധിപത്യ സഖ്യവും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ മലയാളം പി ജി / ബിരുദ വിദ്യാർത്ഥികളെക്കൂടാതെ അധ്യാപകരും പങ്കെടുത്തു. ഭാഷാ കംപ്യൂട്ടിങ്ങിനും സ്വതന്ത്ര സോഫ്റ്റ്‌ വെയര്‍ വ്യാപനത്തിനുമായി കോളേജില്‍ കൂട്ടായ്‌മ രൂപീകരിക്കാൻ തീരുമാനിച്ചു.

മലയാളം പിജി കോഴ്‌സുള്ള മറ്റു കോളേജുകളിലും ഇതേ രീതിയില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുക വഴി ഭാഷാ വിദ്യാർത്ഥികളേയും അധ്യാപകരേയും സാങ്കേതികവിദ്യാ വിദഗ്ദരേയും ഒരുമിപ്പിച്ച് കൊണ്ടുവന്ന് മലയാളം ഭാഷയെ ഭാവി സമൂഹത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി രൂപപ്പെടുത്തനാണ് ഡി എ കെ എഫ് ലക്ഷ്യമിടുന്നത്.

4 comments:

വര്‍ക്കേഴ്സ് ഫോറം said...

Akbar said...

:)

ഇളനീര്‍മഴ said...

കൊള്ളം പക്ഷേ എത്രത്തോളം പോകും എന്ന് കാണണം .. പോയാല്‍ നല്ലത്.. പോകണം...

Jomy said...

മാറ്റങ്ങളിലേക്ക് കുതിക്കുന്ന ഈ ലോകത്ത് നമുക്കു സായിപ്പിന്റെ ഭാഷ കൂടിയേ തീരൂ .മലയാളിയെ മലയാളി ആക്കുന്നത് മലയാളനാടും, മലയാള ഭാഷയുമാണ്... ഇംഗ്ലീഷ് പഠിക്കേണ്ട എന്നല്ല.. അതിനോട് കൂടെ മലയാളത്തിനും അതിന്റേതായ സ്ഥാനം കൊടുക്കണം.