Tuesday, September 7, 2010

ചങ്ങമ്പുഴയും കളിയരങ്ങും

മലയാള കവിതയിലെ നിത്യവസന്തമായ ചങ്ങമ്പുഴയുടെ നൂറാം പിറന്നാളിന് ഏതാനും മാസങ്ങള്‍കൂടിയേയുള്ളൂ. ഏതാണ്ട് 36 വര്‍ഷക്കാലത്തെ ജീവിതം. നൂറുകണക്കിന് മധുനിഷ്യന്ദികളായ കവിതകള്‍. തര്‍ജമകളടക്കം നാടകം, നോവല്‍, ചെറുകഥ തുടങ്ങി വിവിധ സാഹിത്യശാഖകളിലായി അന്‍പതിലധികം കൃതികള്‍. ഓരോന്നും ഓരോ അര്‍ഥത്തില്‍ പുതുമയുള്ളവ. നമ്മുടെ കാവ്യരംഗത്ത് പുതിയൊരു സംവേദനത്തിനും സംസ്‌കാരത്തിനും അടിത്തറയിട്ട ആ അനശ്വര പ്രതിഭാശാലിയുടെ സമഗ്രമായ ഒരു വിലയിരുത്തലിന് ഏറ്റവും ഉചിതമായ ഘട്ടം ഇതുതന്നെയാണ്. അതിരില്ലാത്ത ആരാധനയ്‌ക്കും അന്ധമായ എതിര്‍പ്പിനും ഏകസമയത്ത് വിധേയനായ ആ കാവ്യഗന്ധര്‍വന്‍ അദ്ദേഹത്തിന്റെ എല്ലാ ദൌര്‍ബല്യങ്ങളോടെ, മലയാള കാല്‍പനികതയുടെ പൂക്കാലമായി എക്കാലത്തും നമ്മോടൊപ്പമുണ്ടാവും. പ്രണയവും സംഗീതവും യൌവനവും നഷ്‌ടപ്പെടാത്ത സുമനസ്സുകളില്‍ നിത്യവസന്തസുഗന്ധിയായി അതു തലമുറകളില്‍നിന്ന് തലമുറകളിലേയ്‌ക്ക് പ്രവഹിക്കും.

ചങ്ങമ്പുഴയിലെ നാടകക്കാരനെയും അരങ്ങിലെ ചങ്ങമ്പുഴയെയും സഹൃദയര്‍ക്കു പരിചയപ്പെടുത്താനാണ് ഇവിടെ എന്റെ എളിയശ്രമം. ഒരര്‍ഥത്തില്‍ ചങ്ങമ്പുഴയുടെ ജീവിതംതന്നെ നാനാരസാകുലമായ ഒരു ദുരന്തനാടകമായിരുന്നു. ചങ്ങമ്പുഴയോട് ഏറ്റവും അടുപ്പമുള്ള മലയാളത്തിലെ മഹാരഥന്മാരായ ചില സാഹിത്യകാരന്മാരില്‍ നിന്ന് - ഭാഗ്യവശാല്‍ അവരില്‍ പലരും എന്റെ ഗുരുനാഥന്മാരായിരുന്നു - ഞാന്‍ മനസ്സിലാക്കിയ വസ്‌തുതകള്‍ വച്ചു നോക്കുമ്പോള്‍, ആരെയും കബളിപ്പിക്കാനല്ലാതെ, ചില്ലറ മധുരപ്രതികാരങ്ങള്‍ക്കുപോലും അദ്ദേഹം ജീവിതത്തില്‍ തന്നെ പല വേഷങ്ങളും കെട്ടിയിരുന്നു. ചില സംഭവങ്ങള്‍ സൂചിപ്പിച്ചുകൊണ്ട് വിഷയത്തിലേയ്‌ക്കു കടക്കാം.

ചങ്ങമ്പുഴ തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളെജില്‍ മലയാളം എം.എ.യ്‌ക്ക് പഠിക്കുന്ന കാലം (1939-41). അദ്ദേഹത്തിന്റെ ഗുരുനാഥനായ ഡോ. ഗോദവര്‍മ 'വാസവദത്ത' എന്നൊരു നാടകമെഴുതി. അതില്‍ ഉപഗുപ്‌തന്റെ വേഷം ചെയ്യാന്‍ തെരെഞ്ഞെടുക്കപ്പെട്ടത് ചങ്ങമ്പുഴയായിരുന്നു. ചങ്ങമ്പുഴ അതു സമ്മതിച്ചു. നാടകപരിശീലനത്തിന് ചങ്ങമ്പുഴ സഹകരിക്കുകയും ചെയ്‌തു. എന്നാല്‍ നാടകത്തിനു മുന്‍പുള്ള പരീക്ഷണ അവതരണത്തിന് അദ്ദേഹം എത്തിയില്ല. നാടകാവതരണത്തിനും ഉണ്ടായില്ല. പിന്നെ ആ വേഷം ഡോ. ഗോദവര്‍മയുടെ നിര്‍ദേശപ്രകാരം ഗുപ്‌തന്‍നായര്‍ സാര്‍ (അന്നദ്ദേഹവും അവിടെ വിദ്യാര്‍ഥിയായിരുന്നു) ആണ് ചെയ്‌തത്. അതേത്തുടര്‍ന്ന് ഗോദവര്‍മയും ചങ്ങമ്പുഴയും തമ്മിലുണ്ടായ അകല്‍ച്ചയും ചങ്ങമ്പുഴയ്‌ക്ക് എം.എ.യ്‌ക്ക് തേര്‍ഡ് ക്ളാസ് കിട്ടിയതും. ആ മനഃപ്രയാസം തീര്‍ക്കാന്‍ ചങ്ങമ്പുഴ ഗോദവര്‍മയ്‌ക്ക് എഴുതിയകത്തും,

"ചാവുന്ന ഫൈലോളജി ക്ളാസുകള്‍,
ബാര്‍ബര്‍സലൂണ്‍ ഷേവുകള്‍,
ഹാര്‍മോണിയപ്പാട്ടുകള്‍, പേപ്പട്ടികള്‍
പിംഗള - ഗൊണേറിയ, ബജ്രയെന്നിവയേക്കാള്‍
മംഗളപത്രങ്ങളേ നിങ്ങളെ പേടിപ്പൂ ഞാന്‍''

എന്ന കവിതയും സാഹിത്യവിദ്യാര്‍ഥികള്‍ വിസ്‌മരിക്കാനിടയാവില്ല. ചങ്ങമ്പുഴയെ എം.എ.യ്‌ക്ക് ഫിലോളജി പഠിപ്പിച്ചത് ഡോ. ഗോദവര്‍മയായിരുന്നുവെന്നും മലയാളം ബോര്‍ഡിലെ പരീക്ഷകരില്‍ ഒരാളായിരുന്ന മഹാകവി ഉള്ളൂരിന്റെ ഖണ്ഡകാവ്യമാണ് 'പിംഗള' യെന്നും കൂടി ഓര്‍ക്കുക. ഇത്രയും വിശദമായിപ്പറഞ്ഞത് നാടകാഭിനയത്തിലും നാടകങ്ങളിലും വിദ്യാര്‍ഥിയായിരുന്ന കാലത്തേ ചങ്ങമ്പുഴയ്‌ക്കുണ്ടായിരുന്ന താല്‍പര്യം വ്യക്തമാക്കാനാണ്.

മറ്റൊരു സംഭവം. സ്വന്തം നാടായ ഇടപ്പള്ളി മിഡില്‍ സ്‌ക്കൂളിലെ സാഹിത്യസമാജത്തില്‍ ഒന്നര മണിക്കൂറോളം ഇംഗ്ളീഷില്‍ നടത്തിയ പ്രസംഗമാണ്. സ്വര്‍ണക്കസവുള്ള മുണ്ടും സില്‍ക്കുജൂബയും തോളില്‍ നേര്യതും അഞ്ചുവിരലിലും സ്വര്‍ണമോതിരവും സ്വര്‍ണഫ്രെയിമുള്ള കണ്ണടയും ധരിച്ച് തമിഴ് നാടകത്തിലെ രാജാപ്പാര്‍ട്ട് പോലെ ഇടപ്പള്ളിയില്‍ ചെന്നിറങ്ങിയതും, മലയാളത്തില്‍ ഒരുവാക്കുപോലും പറയാതെ ഇംഗ്ളീഷില്‍ അനര്‍ഗളമായി നടത്തിയ 'പേച്ചും' സഹപ്രസംഗകനായി അന്ന് കൂടെയുണ്ടായിരുന്ന പ്രൊഫ.എന്‍. കൃഷ്ണപിള്ള സാര്‍ പില്‍ക്കാലത്ത് എഴുതുകയും പലയോഗങ്ങളിലും പ്രസംഗിക്കുകയും ചെയ്‌തത് ഞാനോര്‍മിക്കുന്നു. പ്രശസ്‌തനായ ഒരു കവിയായിരുന്നിട്ടും ദരിദ്രനായ തന്നെ അംഗീകരിക്കാത്ത സ്വന്തം നാട്ടുകാരെ 'ഒന്നു ഞെട്ടിക്കാന്‍' വേണ്ടിയുള്ള ചങ്ങമ്പുഴയുടെ 'വേഷം കെട്ടലായിരുന്നു' ഈ പരിപാടിയെന്നും കൃഷ്ണപിള്ള സാര്‍ അനുസ്‌മരിച്ചിട്ടുണ്ട്.

ഇനിയൊരു സംഭവം. ഇ.എം. കോവൂരും ചങ്ങമ്പുഴയും കൂടി വടക്കന്‍ പറവൂരില്‍ കേസരി ബാലകൃഷ്‌ണപിള്ളയെ കാണാന്‍ പോയതാണ്. ഇടപ്പള്ളിയില്‍ നിന്ന് ഒരു പ്രൈവറ്റ് ബസില്‍ കേറി, പറവൂരേയ്‌ക്ക് പോവുകയാണ്. ബസില്‍ സാമാന്യം തിരക്കുണ്ട്. കോവൂരും ചങ്ങമ്പുഴയും കമ്പിയില്‍ തൂങ്ങിപ്പിടിച്ചു നില്‍പാണ്. തൊട്ടുമുന്‍പിലെ മൂന്നുപേര്‍ക്കിരിക്കാവുന്ന സീറ്റില്‍ ഒരു പൊണ്ണത്തടിയന്‍ - കഴുത്തില്‍ സ്വര്‍ണചെയിനും പോക്കറ്റില്‍ നിന്നു പുറംതള്ളിനില്‍ക്കുന്ന പേഴ്‌സും സ്വര്‍ണം കെട്ടിയ പല്ലുമുള്ള ഒരു പ്രമാണി - ആരെയും കൂസാതെ കാലും വിതര്‍ത്ത് തുടയും തുള്ളിച്ചിരിക്കുകയാണ്. ഇത് ചങ്ങമ്പുഴയ്‌ക്ക് അശേഷം രുചിച്ചില്ല. കോവൂരിന്റെ കാതില്‍ ചങ്ങമ്പുഴയെന്തോ പറഞ്ഞു. അല്‍പം കഴിഞ്ഞ് ചങ്ങമ്പുഴ ചില അപശബ്‌ദങ്ങള്‍ പുറപ്പെടുവിക്കുകയും, കണ്ണും മിഴിച്ച് ഗോഷ്‌ടികള്‍ കാണിക്കുകയും ചെയ്‌തു. പ്രമാണി തിരിഞ്ഞുനോക്കിയപ്പോള്‍ ചങ്ങമ്പുഴ കൈയും ചുരുട്ടി അലറിക്കൊണ്ടെന്തോ പറഞ്ഞു. പ്രമാണി യഥാര്‍ഥത്തില്‍ ഭയന്നു. കോവൂരിനോടു കാര്യമെന്താണെന്നന്വേഷിച്ചു. "തന്റെ അനുജനാണ്. നല്ല സുഖമില്ല. ഭ്രാന്തിന്റെ ലക്ഷണമാണ്. വടക്കന്‍ പറവൂരിലെ വലിയ വൈദ്യന്റെ അടുത്തു ചികില്‍സയ്‌ക്ക് കൊണ്ടുപോവുകയാണ്'' ഇത്രയും പറഞ്ഞ ഉടനെ പ്രമാണി എഴുന്നേറ്റ് അവര്‍ക്കു സീറ്റു കൊടുത്തു. പ്രമാണി എഴുന്നേല്‍ക്കാത്ത താമസം ചങ്ങമ്പുഴയും കോവൂരും സീറ്റിലിരുന്നു.

ഇരുപ്പ് കിട്ടിയതോടെ ചങ്ങമ്പുഴ സാഹിത്യചര്‍ച്ച ആരംഭിച്ചു. കമ്പിയില്‍ തൂങ്ങിനിന്ന പ്രമാണിക്ക് അപ്പോഴാണ് ആള് മനസ്സിലായത്. വളരെ വിനയത്തോടെ പ്രമാണി പറഞ്ഞത്രേ "നിങ്ങള്‍ ആരാണെന്നു പറഞ്ഞാല്‍ മതിയായിരുന്നു, ഞാന്‍ സീറ്റൊഴിഞ്ഞു തന്നേനെ. വെറുതെ നാടകം കളിക്കേണ്ടിയിരുന്നില്ല.'' കരയാനും ചിരിക്കാനും കഴിയാത്തമട്ടില്‍ കോവൂരും ഒന്നും അറിയാത്തമട്ടില്‍ ചങ്ങമ്പുഴയും ഇരുന്നു. അങ്ങനെ ആ രംഗത്തിനു തിരശ്ശീലയിട്ടു എന്നാണ് കോവൂര്‍ എഴുതിയിട്ടുള്ളത്. ഇത്തരത്തില്‍ ഒരു നൂറു വേഷംകെട്ടലുകള്‍ ചങ്ങമ്പുഴ നടത്തിയിട്ടുണ്ട്.

രമണന്‍

വിശ്വനാടകവേദിയോടും നാടകസാഹിത്യത്തോടും ചങ്ങമ്പുഴയ്‌ക്കുള്ള അടുപ്പമാണ് മലയാളത്തിലെ ആദ്യത്തെ ആരണ്യക പ്രേമനാടകമായ 'രമണ'ന്റെ രചനയ്‌ക്ക് പ്രേരിപ്പിച്ചത്. മലയാളിയുടെ ഗ്രാമീണപ്രണയത്തെ വിശ്വസാഹിത്യത്തിലെ ഒരു നാടകീയ സങ്കേതത്തിലൂടെ മലയാളിക്കു പരിചയപ്പെടുത്തിയതും ചങ്ങമ്പുഴയാണ്. ചങ്ങമ്പുഴയെ ചങ്ങമ്പുഴയാക്കിയത് അദ്ദേഹത്തിന്റെ ഇരുപത്തിയഞ്ചാം വയസ്സിലെ 'രമണന് ‍' എന്ന കാവ്യനാടകമാണ്.

സുഹൃദ്കവിയായിരുന്ന ഇടപ്പള്ളിയുടെ പ്രണയനൈരാശ്യവും അതിന്റെ പരിണിതഫലമായ ആത്മഹത്യയുമാണ് രമണന്റെ രചനയ്‌ക്കുള്ള ആത്യന്തിക പ്രചോദനം. ചങ്ങമ്പുഴയും ഇടപ്പള്ളിയും തമ്മില്‍ അത്രയ്‌ക്ക് അടുപ്പമൊന്നും ഉണ്ടായിരുന്നില്ലെന്നും, ഇടപ്പള്ളിയുടെ ആത്മഹത്യ ചങ്ങമ്പുഴയില്‍ പറയത്തക്ക പ്രതികരണമൊന്നും ഉളവാക്കാന്‍ ഇടയില്ലെന്നും, ഒരു സാഹിത്യപരീക്ഷണത്തിനുവേണ്ടിയായിരുന്നു ചങ്ങമ്പുഴ രമണന്‍ എഴുതിയതെന്നും പില്‍ക്കാലത്ത് എഴുതി സ്വയം സാഫല്യമടഞ്ഞ പ്രൊഫസറന്മാരും നിഷ്‌പക്ഷ സാഹിത്യപണ്ഡിറ്റുകളും സഹൃദയരെ വഴിതെറ്റിക്കാന്‍ ബോധപൂര്‍വം നടത്തിയിട്ടുള്ള ശ്രമങ്ങളും വിസ്‌മരിക്കാനാവില്ല.

എന്നാല്‍ ചങ്ങമ്പുഴ രമണനെഴുതിയ 'സ്‌മാരകമുദ്ര' വസ്‌തുതകള്‍ വ്യക്തമാക്കുന്നു. "ശ്രീമാന്‍ ഇടപ്പള്ളി രാഘവന്‍പിള്ള - ഒരു ഗദ്ഗദസ്വരത്തിലല്ലാതെ കൈരളിക്ക് ഒരിക്കലും ഉച്ചരിക്കുവാന്‍ സാധിക്കാത്ത ഒന്നാണ് ആ നാമധേയം. അസഹനീയമായ അസ്വതന്ത്രതയുടെയും നീറിപ്പിടിക്കുന്ന നിരാശതയുടെയും നടുവില്‍പെട്ട് ഞെങ്ങിഞെരിഞ്ഞു വിങ്ങിവിങ്ങിക്കരയുന്ന ആത്മാഭിമാനത്തിന്റെ ഒരു പര്യായമായിരുന്നു അത്.

ആയിരത്തി ഒരുനൂറ്റിപ്പതിനൊന്നാമാണ്ട് മിഥുനമാസം ഇരുപത്തിയൊന്നാം തീയതി ശനിയാഴ്ച രാത്രി കേവലം ആകസ്‌മികമായ ആ 'മണിനാദം' ദയനീയമാംവിധം അവസാനിച്ചു.

അന്ധമായ സമുദായം - നിഷ്‌ഠൂരമായ സമുദായം - അദ്ദേഹത്തിന്റെ ചിതാഭസ്‌മത്തെപ്പോലും ഇതാ ഇപ്പോഴും അലട്ടിക്കൊണ്ടിരിക്കുന്നു. പക്ഷേ ആ പ്രണയഗായകന്റെ ആത്മാവ് ഏതു ഭൌതികാക്രമങ്ങള്‍ക്കും അതീതമായ നിത്യശാന്തിയെ പ്രാപിച്ചു കഴിഞ്ഞു.

ആ ഓമനച്ചങ്ങാതിയുടെ പാവനസ്‌മരണയ്‌ക്കായി അദ്ദേഹത്തിന്റെ ശവകുടീരത്തിനുമുന്‍പില്‍ ഈ സൌഹൃദോപഹാരം ഞാനിതാ കണ്ണീരോടു കൂടി സമര്‍പ്പിച്ചുകൊള്ളുന്നു.''

രമണനെക്കുറിച്ച് ആധികാരിക പഠനം നടത്തിയ പ്രൊഫ. മുണ്ടശ്ശേരി രമണന്റെ സവിശേഷതകളെക്കുറിച്ച് ഇങ്ങനെ പറയുന്നു: "ഗ്രാമീണ സൌന്ദര്യപുളപ്പിന്റെ ഒരു പശ്ചാത്തലമൊരുക്കുക, അതില്‍ ഗ്രാമീണാനുരാഗ കഥയുടെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ സ്വരൂപിച്ച് യഥാസ്ഥാനം വിനിവേശിപ്പിക്കുക, പാത്രങ്ങളെയും കര്‍മഭാവങ്ങളെയും അത്യപായകരമായി ഔചിത്യക്ഷതി പറ്റാത്തവിധം ഇണക്കിക്കൊള്ളിക്കുക, യവനനാടകങ്ങളിലെ 'കോറസ് ' പോലുള്ള ഗായകസംഘങ്ങളെക്കൊണ്ടിടക്കൊളുത്തിടുവിച്ച് കഥയെ സുഘടിതാവയവമാക്കുക -ഇത്രയും ഈ കാവ്യത്തിലെ നേട്ടങ്ങളാണ്. യൂറോപ്യന്‍ സാഹിത്യത്തില്‍നിന്ന് ആരണ്യകകാവ്യങ്ങളുടെ കമനീയ ശില്‍പത്തെ നമ്മുടെ ഭാഷയിലേയ്‌ക്കൊന്നാമതായി അവതരിപ്പിച്ചതും രമണന്റെ കര്‍ത്താവാണ്.''

ആടു മേയ്‌ക്കുന്ന ആരണ്യകങ്ങളും ആട്ടിടയന്മാരും നമുക്കന്യമാണ്. എന്നാല്‍ രമണനിലെ മലരണിക്കാടുകളും കളകളം പെയ്‌തൊഴുകുന്ന അരുവികളും ഇളകിപ്പറക്കുന്ന പറവകളും മലയാളിക്കന്യമല്ല. ഉച്ചവെയിലില്‍ മരച്ചുവട്ടിലിരുന്നു പുല്ലാംകുഴലൂതുന്ന രമണന്‍ എന്ന ഇടയനെ ഒരു ഗ്രാമീണകാമുകനായി ക്കാണാന്‍ നമുക്കു യാതൊരു വൈമനസ്യവും ഉണ്ടാവുകയില്ല. സുന്ദരിയും കന്യകയുമായ ചന്ദ്രികയുടെ മുഗ്ധപ്രണയവും അതിനു നിറംപകരുന്ന ഭാനുമതിയെന്ന കൂട്ടുകാരിയും നമ്മുടെ ഗ്രാമങ്ങള്‍ക്കു സ്വന്തം. ഉല്‍ക്കടപ്രണയവും മനസ്സിലൊളിപ്പിച്ച് കൌമാരത്തില്‍നിന്ന് യൌവനത്തിലേക്കുകടക്കുന്ന മലയാള ഗ്രാമീണതയുടെ തീക്ഷ്‌ണവികാരമായി രമണന്‍ ഇന്നും നമുക്കൊരു നൊസ്‌റ്റാള്‍ജിയയാണ്. പടിഞ്ഞാറുനിന്നു കടന്നുവന്ന ഒരുകാവ്യസങ്കേതമായല്ല, അവ്യക്തമധുരമായ, ഒരു പ്രണയാനുഭവമായിട്ടാണ് രമണന്‍ നമ്മുടെ മനസ്സുകളില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഒരു കാവ്യനാടകമെന്ന നിലയ്‌ക്ക് അതിലെ യാത്രാവിഷ്‌ക്കാരത്തെയോ അങ്കരംഗവിഭജനത്തെയോ, പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അകൃത്രിമ ലയത്തെയോ സ്ഥലപരിമിതിയാല്‍ ഈ ലേഖനത്തില്‍ പരിശോധനാവിധേയമാക്കുന്നില്ല.

ജനസംസ്‌കൃതിയുടെ 'രമണന്‍'

ചങ്ങമ്പുഴയുടെ നൂറാം ജന്മവര്‍ഷത്തില്‍ ഹൃദയംകൊണ്ട് അദ്ദേഹത്തോടടുപ്പമുള്ള ഒരു നാടകപ്രവര്‍ത്തകനും ആരാധകനും സഹൃദയനും എന്ന നിലയില്‍, പുതിയ കാലത്തിന്റെ സംവേദനക്ഷമത കൂടി കണക്കിലെടുത്ത് ചങ്ങമ്പുഴയുടെ 'മാസ്‌റ്റര്‍പീസ് ' പുതിയ നാടകസങ്കേതങ്ങള്‍ ഉപയോഗിച്ച് രംഗശില്‍പമാക്കി ആ സ്‌മരണയ്‌ക്കു മുന്‍പില്‍ സമര്‍പ്പിക്കാനാണ് എന്റെ പുതിയ ശ്രമം. ഗ്രാമീണപശ്ചാത്തലത്തില്‍ പൊട്ടിമുളയ്‌ക്കയും വീര്‍പ്പുമുട്ടുകയും ചെയ്യുന്ന പവിത്രപ്രണയബന്ധങ്ങളും, നിഷ്‌ക്കളങ്കതയും പ്രണയനൈരാശ്യങ്ങളും കൊണ്ട് ദുരന്തപൂര്‍ണമാക്കിയ ഇടപ്പള്ളിയുടെ ജീവിതപശ്ചാത്തലത്തില്‍ 'രമണ'ന് പുതിയ ഒരു നാടകരൂപം നല്‍കുകയാണ്. മലയാളിക്കു നഷ്‌ടപ്പെട്ട അരൂപമധുരമായ ആ ഗ്രാമീണപ്രണയം 'രമണ'നിലൂടെ വീണ്ടെടുക്കാനാണ് ജനസംസ്‌കൃതിയുടെ മോഹം (എന്റെയും).

രമണന്‍പോലെ ബോധപൂര്‍വമല്ലെങ്കിലും, നാടകസങ്കേതങ്ങള്‍ ഉപയോഗിച്ച് ഒന്നിലേറെ കാവ്യനാടകങ്ങള്‍ ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് 'വസന്തോല്‍സവം'.

കൃഷ്‌ണനും കാമുകിയായ രാധയും ഭാര്യമാരായ സത്യഭാമയും രുഗ്‌മിണിയും തമ്മിലുള്ള സൌന്ദര്യപ്പിണക്കമാണ് നാലുരംഗങ്ങള്‍ മാത്രമുള്ള ഈ അപൂര്‍ണകൃതി. സ്വന്തം ജീവിതത്തിലെ ഒരു സൌന്ദര്യപ്പിണക്കം - തന്റെ ആരാധികയുടെ കത്ത് ഭാര്യ പൊട്ടിച്ചുവായിച്ചതിനെത്തുടര്‍ന്നുള്ള സംഭവങ്ങളും അതിന്റെ പേരിലുണ്ടായ പിണക്കങ്ങളും - അതേത്തുടര്‍ന്ന് ഒറ്റരാത്രികൊണ്ട് എഴുതിയ കാവ്യനാടകമാണ് 'വസന്തോല്‍സവം.'

നാടകീയരൂപത്തില്‍ എഴുതിയ മറ്റൊരുകൃതിയാണ്. 'ദേവയാനി'. പുരാണപ്രസിദ്ധമായ 'കചദേവയാനി' പ്രണയമാണ് വിഷയം. ചങ്ങമ്പുഴയുടെ ഖണ്ഡകാവ്യങ്ങളില്‍ പലതും നാടകീയമായ ആഖ്യാനത്തിന് വഴങ്ങുന്നവയാണ്. വല്‍സല, ദേവത, മോഹിനി, ആരാധകന്‍, പാടുന്ന പിശാച് തുടങ്ങി എത്രയെണ്ണം. അദ്ദേഹത്തിന്റെ പല കവിതകളും നാടകാവിഷ്‌ക്കാരത്തിന് ഏറെ അനുയോജ്യമാണ്. നീറുന്ന തീച്ചൂളയിലെ 'പാടാനും പാടില്ലേ'. രക്തപുഷ്‌പങ്ങളിലെ 'വാഴക്കുല', 'മാഞ്ചുവട്ടില്‍'; 'സ്വരരാഗസുധ'യിലെ 'രാക്കിളികള്‍', 'മയക്ക'ത്തില്‍, 'കാവ്യനര്‍ത്തകി'; ഉദ്യാനലക്‌ഷ്‌മിയിലെ 'ഉദ്യാനലക്‌ഷ്‌മി' അപരാധികളിലെ 'വേതാളകേളി' തുടങ്ങി എത്ര കവിതകള്‍.

വിശ്വനാടകസാഹിത്യവുമായി അദ്ദേഹത്തിനുണ്ടായിരുന്ന അടുപ്പം പലവിശിഷ്‌ട നാടകങ്ങളും വിവര്‍ത്തനം ചെയ്യുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചിട്ടുണ്ട്. അവയില്‍ പലതും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജില്‍ പഠിക്കുന്ന കാലത്ത് പബ്ളിക് ലൈബ്രറിയിലെ ഒരു സ്ഥിരം സന്ദര്‍ശകനായിരുന്ന ചങ്ങമ്പുഴ, അവിടെയുണ്ടായിരുന്ന ഒട്ടുമിക്ക ഇംഗ്ളീഷ് കവിതകളും നാടകങ്ങളും വായിക്കുകയും, വായിച്ചുകഴിഞ്ഞാല്‍ അതിനടിയില്‍ ഒപ്പിടുകയും അതില്‍ തര്‍ജമചെയ്‌ത കൃതികള്‍ക്ക് താഴെ 'ട്രാന്‍സിലേറ്റഡ് ബൈ സി.കെ.പി.' എന്ന് എഴുതുകയും ചെയ്യുമായിരുന്നു എന്നു കേട്ടിട്ടുണ്ട്.

പലപ്പോഴും ചില ആനുകാലികങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് വിശ്വസാഹിത്യത്തിലെ പ്രസിദ്ധങ്ങളായ ചില ലഘുനാടകങ്ങള്‍ തര്‍ജമചെയ്‌ത് അയയ്‌ക്കുക ചങ്ങമ്പുഴയുടെ പതിവായിരുന്നു.

പ്രശസ്‌ത ബെല്‍ജിയന്‍ നാടകകൃത്തായ മോറീസ് മേറ്റര്‍ലിങ്കിന്റെ 'പെല്ലീസും മെലിസാന്റയും' വിവര്‍ത്തനം ചെയ്‌ത് 1940-ല്‍ തിരുവനന്തപുരത്തുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'നവജീവന്‍' വാരികയില്‍ പ്രസിദ്ധീകരിച്ചു. ആന്റണ്‍ ചെക്കോവിന്റെ 'കരടി' എന്ന ലഘുനാടകവും 'വിവാഹാലോചന' എന്ന നാടകവും വിവര്‍ത്തനം ചെയ്‌ത് മാതൃഭൂമിക്ക് പ്രസിദ്ധീകരണത്തിനു നല്‍കിയിരുന്നു. ഈ മൂന്നു കൃതികളും പില്‍ക്കാലത്ത് മംഗളോദയം പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മാര്‍ക് ആൺസ്‌റ്റീന്റെ നാടകമായ 'അനശ്വരഗാനം', ജപ്പാന്‍കവി താകിയോ ആരിഷിമയുടെ 'മൃതി' എന്നീ നാടകങ്ങളും തര്‍ജമചെയ്‌തു പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്തെ പല ആനുകാലികങ്ങളിലായി ഇനിയും ചങ്ങമ്പുഴ വിവര്‍ത്തനം ചെയ്‌ത ഒട്ടേറെ നാടകങ്ങളുണ്ട്. അവ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള പരിശ്രമം ഇനി തുടരേണ്ടിയിരിക്കുന്നു.

സ്നേഹിച്ചുതീരാത്ത ഗന്ധര്‍വന്‍

ഞാനിതേവരെ സൂചിപ്പിച്ചത് ചങ്ങമ്പുഴയെന്ന നാടകകൃത്തിനെക്കുറിച്ചായിരുന്നല്ലോ. എന്നാല്‍ ചങ്ങമ്പുഴയെയും ചങ്ങമ്പുഴയുടെ കുടുംബജീവിതത്തെയും ചങ്ങമ്പുഴ ജീവിച്ചിരുന്ന കാലത്തെ സാമൂഹ്യ സാംസ്‌ക്കാരിക അവസ്ഥകളെയും ആവിഷ്‌ക്കരിച്ചുകൊണ്ട് 1991 ജൂലൈ മാസത്തില്‍ ഞാനൊരു നാടകമെഴുതി. 'സ്നേഹിച്ചുതീരാത്ത ഗന്ധര്‍വന്‍' എന്നായിരുന്നു നാടകത്തിന്റെ പേര്. തിരുവനന്തപുരത്ത് എന്റെ നേതൃത്വത്തിലുണ്ടായിരുന്ന 'സംഘചേതന' എന്ന നാടകസംഘം അത് കേരളത്തിലുടനീളം അവതരിപ്പിക്കുകയും ചെയ്‌തു. കവിയുടെ എണ്‍പതാം ജന്മവാര്‍ഷികവുമായി ബന്ധപ്പെട്ടാണ് ചങ്ങമ്പുഴയുടെ ജീവിതം മലയാളത്തിലാദ്യമായി ഒരു നാടകമായി അവതരിപ്പിച്ചത്.

എടുത്തുപറയേണ്ട ഒരു കാര്യം, നാടകത്തിന്റെ ഉള്ളടക്കം ചങ്ങമ്പുഴയുടെ ജീവിതമായിരുന്നെങ്കിലും നേരിട്ട് ചങ്ങമ്പുഴയെ കഥാപാത്രമാക്കാതെ, മറ്റൊരു പേരിലാണ് ആ ജീവിതം ഞാനാവിഷ്‌ക്കരിച്ചത്.

'സ്നേഹിച്ചുതീരാത്ത ഗന്ധര്‍വന്‍' ചങ്ങമ്പുഴയല്ലാതെ മറ്റൊരുമല്ലെന്ന് നാടകം വായിക്കുകയും കാണുകയും ചെയ്‌ത ആര്‍ക്കും മനസ്സിലാകും. ചങ്ങമ്പുഴയുമായി ബന്ധപ്പെട്ട് ജീവിച്ചിരിക്കുന്ന പലര്‍ക്കും മനഃപ്രയാസം ഉണ്ടാക്കേണ്ടെന്നു കരുതിയാണ് ചങ്ങമ്പുഴയടക്കം ജീവിച്ചിരുന്ന പല വ്യക്തികളെയും മറ്റു പേരുകള്‍ നല്‍കി നാടകത്തിനു രൂപംനല്‍കിയത്. നാടകത്തിന്റെ ആമുഖത്തില്‍ ഞാനിങ്ങിനെ കുറിച്ചു: "ഗന്ധര്‍വനെപ്പോലെ പാടിയിട്ടും പിശാചിന്റെ അനുഭവങ്ങളിലേയ്‌ക്ക് വലിച്ചെറിയപ്പെട്ട അപൂര്‍വ ജീനിയസായ ഒരു കവിയുടെ സംഘര്‍ഷബഹുലമായ ജീവിതം മലയാള സാഹിത്യത്തിന്റെയും സംസ്‌ക്കാരത്തിന്റെയും പശ്ചാത്തലത്തില്‍ ഇതള്‍വിടര്‍ത്തുന്നതാണ് ഈ നാടകത്തിലെ ഇതിവൃത്തം. യഥാതഥവും ഭ്രമകല്‍പനാപരവുമായ രംഗങ്ങള്‍ കോര്‍ത്തിണക്കി മുഖ്യകഥാപാത്രങ്ങളുടെ ബോധമനസ്സും ഉപബോധമനസ്സും രംഗത്താവിഷ്‌ക്കരിക്കുന്നു.

നമ്മുടെ സാഹിത്യരംഗത്തെ അനശ്വരരില്‍ പലരുടെയും മുഖഛായകള്‍ ഇതിലെ കഥാപാത്രങ്ങള്‍ നിങ്ങളുടെ മനസ്സില്‍ കൊണ്ടുവന്നേക്കാം. മണ്‍മറഞ്ഞവരോ ജീവിച്ചിരിക്കുന്നവരോ ആയ ഒരു സാഹിത്യകാരന്റെയും തനിപ്പകര്‍പ്പല്ല ഇതിലെ ഒരു കഥാപാത്രവും എന്ന് വിനയപുരസ്സരം ഓര്‍മിപ്പിക്കട്ടെ!

മലയാളകവിതയുടെ നിത്യവസന്തമായ ചങ്ങമ്പുഴയുടെ എണ്‍പതാം ജന്മവാര്‍ഷികസ്‌മരണയ്‌ക്കു മുന്നില്‍ തിരുവനന്തപുരം സംഘചേതനയ്‌ക്കുവേണ്ടി ഞാനീ നാടകശില്‍പം സാദരം സമര്‍പ്പിക്കുന്നു.''

'ജയദേവന്‍' എന്ന പേരിലാണ് ചങ്ങമ്പുഴയെ ഞാന്‍ നാടകത്തില്‍ അവതരിപ്പിച്ചത്. ഗീതഗോവിന്ദത്തിന്റെ കര്‍ത്താവും ചങ്ങമ്പുഴയെപ്പോലെ സംഗീതസുന്ദരമായ കാവ്യസംസ്‌ക്കാരത്തിനുടമയുമായ 'ജയദേവന്‍' ചങ്ങമ്പുഴയ്‌ക്കും ഇഷ്‌ടപ്പെട്ട പേരായിരുന്നല്ലോ. അമ്മയായ പാറുക്കുട്ടി അമ്മയ്‌ക്ക്, ലക്ഷ്മിക്കുട്ടിയെന്നും ഭാര്യയായ ശ്രീദേവിക്ക് അമ്മുക്കുട്ടിയെന്നും പേരിട്ടാണ് ഞാനവതരിപ്പിച്ചത്.

ചങ്ങമ്പുഴയുടെ ബാല്യകാലസഖിയായ കൊച്ചമ്മു നാടകത്തില്‍ കൊച്ചമ്മിണിയായി. സാഹിത്യത്തിന്റെയും അധികാരത്തിന്റെയും വരേണ്യവര്‍ഗ പ്രതിനിധിയായാണ് ദിവാന്‍പേഷ്‌ക്കാര്‍ സൂര്യനാരായണയ്യര്‍ എന്ന കല്‍പിതകഥാപാത്രത്തെ പ്രയോജനപ്പെടുത്തിയത്. ചങ്ങമ്പുഴയെ പലരൂപത്തില്‍ സഹായിച്ച ടി.എന്‍. ഗോപിനാഥന്‍നായര്‍, ഇ.വി. കൃഷ്‌ണപിള്ള എന്നീ രണ്ടു വ്യക്തിത്വങ്ങളെ അഡ്വ. ശങ്കരദാസന്‍ തമ്പിയിലൊതുക്കി. ചങ്ങമ്പുഴയുടെ അലൌകികവും അസാധാരണവുമായ ആദര്‍ശപ്രണയത്തിനു പാത്രമായ ദേവിയെയും അവരുടെ ഭര്‍ത്താവിനെയും ഡോ. സുകുമാര മേനോന്‍, പാര്‍വതീദേവി തങ്കച്ചി എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ചു. ബെല്‍ഹെവനിലെ ഉദാരമതിയായ ക്യാപ്റ്റന്‍ വി.പി. തമ്പിയെ പാര്‍വതീദേവിയുടെ പിതാവും സാഹിത്യരസികനുമായ ആദിനാരായണന്‍ തമ്പിയായി ചിത്രീകരിച്ചു. അന്നത്തെ പ്രതിലോമസാഹിത്യനായകന്മാരെയും സാഹിത്യപഞ്ചാനന്‍ അടക്കമുള്ള വലതുപക്ഷസാഹിത്യനായകരെയും സാഹിത്യവ്യാഘ്രം സനാതന്‍പിള്ള എന്ന ഒറ്റ കഥാപാത്രത്തിലൂടെ നാടകത്തിലെ ക്രിയാംശങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ജീവന്‍ നല്‍കാന്‍ ഉപയോഗിച്ചു.

കേസരി ബാലകൃഷ്‌ണപിള്ള, പൊന്‍കുന്നംവര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍ എന്നിവരുമായി ചങ്ങമ്പുഴയ്‌ക്കുള്ള അടുപ്പവും അന്നത്തെ പുരോഗമനസാഹിത്യത്തിന്റെ ഗതിവിഗതികളും രാജ്യാഭിമാനി ഗോവിന്ദപ്പിള്ള, തോമസ് വര്‍ക്കി, അബ്‌ദുല്‍ ഖാദര്‍ എന്നീ കഥാപാത്രങ്ങളിലൂടെ ആവിഷ്‌ക്കരിച്ചു. കേസരിയും കമ്യൂണിസ്റുകാരും തമ്മിലുള്ള ബന്ധം ശങ്കരപ്പിള്ള എന്ന കഥാപാത്രത്തിലൂടെ നാടകത്തില്‍ ഉറപ്പുവരുത്തി. യഥാര്‍ഥത്തില്‍ ഈ ശങ്കരപ്പിള്ള, സഖാവ് പി. കൃഷ്‌ണപിള്ളയാണെന്ന് അന്നത്തെ കാലവും ചരിത്രവും അറിയാവുന്നവര്‍ക്ക് മനസ്സിലാകും. ഇങ്ങനെ വേഷംമാറ്റിയ രൂപത്തിലാണ് ചങ്ങമ്പുഴയുടെ സംഭവബഹുലമായ ജീവിതം 'സ്നേഹിച്ചുതീരാത്ത ഗന്ധര്‍വനില്‍' ഞാനവതരിപ്പിച്ചത്.

'സ്നേഹിച്ചുതീരാത്ത ഗന്ധര്‍വന്‍' എന്ന നാടകം ഉല്‍ഘാടനം ചെയ്‌തുകൊണ്ട് പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ തുടക്കക്കാരന്‍ കൂടിയായ സഖാവ് ഇ.എം.എസ് നടത്തിയ പ്രസംഗം ഈ നാടകത്തിന്റെ ഉള്ളറകളിലേയ്‌ക്ക് കൂടുതല്‍ വെളിച്ചംവീശും. ഇ.എം.എസ് പറഞ്ഞു: "ഈ നാടകം ഞാന്‍ അഭിനയിച്ചുകണ്ടിട്ടില്ല. എഴുതിയത് ഞാന്‍ വായിച്ചു. അതു വായിച്ചതില്‍നിന്ന് എനിക്കു തോന്നിയ അഭിപ്രായം ഇവിടെപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒരു അരനൂറ്റാണ്ടിനുമുന്‍പ് ഈ കേരളത്തിന്റെ സാംസ്‌ക്കാരികജീവിതത്തില്‍ വന്ന ഒരു പ്രധാന സംഭവം. അതായത് സാഹിത്യമെന്നു പറഞ്ഞാല്‍ സമൂഹത്തിന്റെ ഉപരിതലത്തിലിരിക്കുന്ന ഏതാനും ആളുകളുടെ വ്യാപാരമല്ല. സാഹിത്യത്തില്‍ ഈ രാജ്യത്തെ തൊഴിലാളികളും കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും മറ്റുമായ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട് എന്നു പറഞ്ഞുകൊണ്ടുള്ള ഒരു പ്രസ്ഥാനം അരനൂറ്റാണ്ടിനുമുന്‍പ് ഇവിടെ ഉടലെടുക്കുകയുണ്ടായി. അതിന്റെ ആദ്യത്തെ പേര് ജീവല്‍സാഹിത്യം എന്നായിരുന്നു. പിന്നീടു പുരോഗമനസാഹിത്യം എന്നായിത്തീര്‍ന്നു. ആ പ്രസ്ഥാനം എങ്ങനെ രൂപപ്പെട്ടു വളര്‍ന്നുവന്നു എന്നതിന്റെ പൊതുചിത്രീകരണമാണ് ഇവിടെ കലാപരമായി അവതരിപ്പിക്കുന്നത്. അതിലെ നായികാനായകന്മാരില്‍ ചിലര്‍ യഥാര്‍ഥത്തില്‍ ജീവിച്ചിട്ടുള്ളവരാണ്. ചിലര്‍ കല്‍പിതകഥാപാത്രങ്ങളാണ്. അതില്‍ത്തന്നെ ചിലര് ഞാന്‍ മനസ്സിലാക്കുന്നത്, ഒന്നിലധികം ജീവിച്ചിരുന്ന വ്യക്തികളെ എടുത്തു യോജിപ്പിച്ച് ഒരു പുതിയ കഥാപാത്രത്തെ സൃഷ്‌ടിച്ചിട്ടുമുണ്ട്. ഈ നിലയ്‌ക്ക് യഥാര്‍ഥ ജീവിതത്തെ ആസ്‌പദമാക്കിക്കൊണ്ടാണെങ്കിലും യഥാര്‍ഥ ജീവിതത്തെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന കലാമൂല്യമുള്ള ഒരു കൃതിയായി ഈ നാടകം രചിക്കാനാണ് മുരളി ശ്രമിച്ചിട്ടുള്ളത്. അത് അഭിനയിച്ചു കാണുമ്പോഴല്ലാതെ ആധികാരികമായി പറയാന്‍ കഴിയില്ലെങ്കിലും, വായിച്ചുനോക്കിയപ്പോള്‍ എനിക്കു തോന്നുന്നത് ഒരു നല്ല കൃതിയായിട്ടുണ്ടെന്നാണ്. അത് അഭിനയിച്ചുകാണുമ്പോള്‍ നിങ്ങള്‍ ഇഷ്‌ടപ്പെടുമെന്നാണ് എന്റെ വിശ്വാസം.''

സഖാവ് ഇ.എം.എസിന്റെ അനുഗ്രഹംപോലെ വിജയകരമായിത്തന്നെ 'സ്നേഹിച്ചു തീരാത്ത ഗന്ധര്‍വന്‍' കേരളത്തിലെ നിരവധി വേദികളില്‍ അരങ്ങേറി.

ചങ്ങമ്പുഴയുടെ ജീവിതവും കവിതയും തമ്മിലുള്ള ബന്ധം സ്വയം വെളിപ്പെടുത്തുന്നവയാണ് നാടകത്തിലെ രംഗങ്ങള്‍. ചില ഉദാഹരണങ്ങള്‍:

ചങ്ങമ്പുഴയുടെ ബാഷ്‌പാഞ്ജലി പ്രസിദ്ധീകരിച്ച കാലം. അതിലെ പല കവിതകളും അദ്ദേഹത്തിന്റെ നിത്യജീവിതത്തിലെ ഊഷ്‌മളമായ അനുഭവങ്ങളുടെ ആവിഷ്‌ക്കരണങ്ങളായിരുന്നു. ചങ്ങമ്പുഴ തന്റെ കളിക്കൂട്ടുകാരി കൊച്ചമ്മുവിനെഴുതിയ പ്രേമലേഖനത്തില്‍ സൂചിപ്പിച്ചിട്ടുള്ള സംഭവങ്ങള്‍ അതിനു സാക്ഷ്യംവഹിക്കുന്നു. നാടകത്തില്‍ ജയദേവന്റെ പുതിയ കൃതിയായ 'വസന്തകാകളി'യെക്കുറിച്ച് കൊച്ചമ്മണി ജയദേവനോടു പറയുന്നു.

കൊച്ചമ്മിണി: ഞാനേ, കഴിഞ്ഞ രാത്രിയില്‍ ആ വസന്തകാകളി മുഴുവന്‍ ഒറ്റയിരിപ്പിനു വായിച്ചുതീര്‍ത്തു. ദേവേട്ടന്‍ അതില്‍ എന്തൊക്കെയാണ് എഴുതിവച്ചിരിക്കുന്നത്. അന്നൊരിക്കല്‍ ഒരു രാത്രി അച്ഛനറിയാതെ, ഉരല്‍പ്പുരയിലെ ഉരലിന്മേല്‍ ദേവേട്ടന്‍ ഇരുന്നതും ഞാനിറങ്ങി വന്നതും എന്നെപ്പിടിച്ച് മടിയിലിരുത്തിയതും... അയ്യേ.... ബാക്കി പറയാന്‍തന്നെ എനിക്കു നാണമാവുന്നു. അസത്ത്. അതൊക്കെ അപ്പടി എഴുതിവച്ചിരിക്കുകയല്ലേ? അതെല്ലാവരും വായിക്കുകയില്ലേ.

ജയദേവന്‍: (പൊട്ടിച്ചിരിച്ചുകൊണ്ട്) എടീ പൊട്ടിപ്പെണ്ണേ, ആ വൃന്ദാവനത്തിലെ വള്ളിക്കുടിലില്‍ വസന്തപൌര്‍ണമിയില്‍ ഒരു നീലശിലാതലത്തില്‍ കൃഷ്‌ണന്റെ മടിയിലിരുന്നു പ്രേമഗാനങ്ങള്‍ മൂളിയ രാധയെക്കുറിച്ചു പാടിയാല്‍ നിന്റെ ഉരല്‍പ്പുരയും ഉരലുമാണെന്നും, ഉരലില്‍ ഞാനും എന്റെ മടിയില്‍ കൊച്ചമ്മണിയുമാണെന്ന് ആരറിയാനാ പൊന്നുമോളെ. പെണ്ണല്ലേ, പറഞ്ഞിട്ടെന്തു കാര്യം. തലയ്‌ക്കകം നിറയെ നിലാവല്ലേ?

മറ്റൊരു സന്ദര്‍ഭം:

ജയദേവനു പഠിക്കാന്‍ സഹായംതേടി ശങ്കര ദാസന്‍ തമ്പി ജയദേവനെയുംകൂട്ടി ആദിനാരായണന്‍ തമ്പിയുടെ അടുത്തേയ്‌ക്ക് പോകുന്നു. ശങ്കരദാസന്‍ തമ്പിയുടെ നിര്‍ബന്ധപ്രകാരം ജയദേവന്‍ ആദിനാരായണന്‍ തമ്പിയുടെ ഔദാര്യത്തെക്കുറിച്ച് എഴുതിയ കവിതയാണെന്ന പേരില്‍ ഹിമാലയത്തെക്കുറിച്ചെഴുതിയ ഒരു കവിത ആദിനാരായണന്‍ തമ്പിക്ക് സമര്‍പ്പിക്കുന്നു.

യഥാര്‍ഥ ജീവിതത്തില്‍ ചങ്ങമ്പുഴയ്‌ക്ക് ഉപരിപഠനസഹായം അഭ്യര്‍ഥിച്ച് ക്യാപ്റ്റന്‍ വി.പി. തമ്പിയുടെ അടുത്തേയ്‌ക്ക് ചങ്ങമ്പുഴയെകൂട്ടി പോയത് ടി.എന്‍. ഗോപിനാഥന്‍നായരാണ്. മറ്റൊരുസന്ദര്‍ഭത്തില്‍ സാമ്പത്തികബുദ്ധിമുട്ടില്‍നിന്ന് രക്ഷനേടാന്‍ ചങ്ങമ്പുഴയെയും കൊണ്ട് മനോരമ പത്രാധിപര്‍ മാമ്മന്‍ മാപ്പിളയെ കാണാന്‍പോയത് ഇ.വി. കൃഷ്‌ണപിള്ളയും. ഈവിയുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് ചങ്ങമ്പുഴ 'ഹിമാലയം' എന്ന കവിത മാമ്മന്‍മാപ്പിളയെക്കുറിച്ച് പ്രതീകാത്മകമായി എഴുതിയതാണെന്ന് പറഞ്ഞു സമര്‍പ്പിച്ചത്.

ചങ്ങമ്പുഴയുടെ കുടുംബജീവിതത്തെയും സാമൂഹ്യപ്രശസ്‌തിയെയും തകര്‍ത്ത ഒരു അസാധാരണ ബന്ധമാണ് ഭര്‍ത്തൃമതിയായ 'ദേവി'യുമായി ചങ്ങമ്പുഴയ്‌ക്കുണ്ടായിരുന്നത്. ഒരു ശാരീരികബന്ധവും പുലര്‍ത്താതെ അന്യന്റെ ഭാര്യയെ പ്രണയിക്കുന്നതിനും സാമൂഹ്യവ്യാകരണത്തില്‍ സദാചാരഭ്രംശം എന്നാണ് രേഖപ്പെടുത്തുക. ഇതിനെ വിശകലനം ചെയ്‌തുകൊണ്ട് ഈ നാടകത്തില്‍ പുതിയ ഒരു തിയേറ്റര്‍ ഡിവൈസ് ഉപയോഗിച്ചു. മനസ്സാക്ഷിയുടെ ഒരു കോടതിമുറിയും വിസ്‌താരവും ഞാന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമൂഹത്തിന് ജഡ്‌ജിയുടെയും സദാചാരത്തിന് മത പുരോഹിതന്റെയും അധികാരത്തിന് പോലീസിന്റെയും രൂപമാണ് നല്‍കിയിട്ടുള്ളത്. പ്രതിക്കൂട്ടില്‍ ജയദേവനും സാക്ഷിക്കൂട്ടില്‍ ദേവിയും. വിസ്‌താരത്തിനിടയില്‍ സാക്ഷിയായ ദേവി സമൂഹമെന്ന കോടതിയോട് ഒരു ചോദ്യം ചോദിക്കുന്നു.

ഇന്ദ്രിയസുഖദാഹിയായ ഒരു ഭര്‍ത്താവ് ഒരു അന്യസ്‌ത്രീയെ സ്വപ്‌നം കാണുന്നതും സ്വപ്‌നത്തില്‍ കിടക്കപങ്കിടുന്നതും കലാജന്യമായ ഒരനുഭൂതിയാല്‍ ഭര്‍ത്തൃമതിയായ ഒരു സ്‌ത്രീ ഗന്ധര്‍വതുല്യനായ ഒരു കലാകാരനെ ആരാധിക്കുന്നതും ഒരേ ഗൌരവത്തിലാണോ ഈ കോടതി കാണുന്നത്. ഇതില്‍ എവിടെയാണു സദാചാരലംഘനം. എന്റെ സ്‌ത്രീത്വത്തിന്റെ പവിത്രത മുഴുവന്‍ ത്രസിക്കുന്ന വാക്കുകളില്‍ ഞാനീകോടതിയോടാവശ്യപ്പെടുന്നു. ഇതിനുത്തരം പറയണം. കപടസദാചാരത്തിന്റെ തുറിച്ച കണ്ണുകളുമായി ഞങ്ങളെ നോക്കാന്‍ ആരെയും അനുവദിക്കരുത്. ദയവായി ജയദേവനെന്ന നിരപരാധിയെ വെറുതെ വിടണം.

ഉല്‍ക്കടപ്രണയത്തിന്റെ അഗ്നിയാല്‍ സ്‌നാനം ചെയ്‌ത ദേവിയെ കോടതി വെറുതെ വിടുന്നതോടെ നാടകത്തിലെ ഫാന്റസി അവസാനിക്കുന്നു. ഇത്തരത്തില്‍ കാമുകഹൃദയങ്ങളുടെ ബോധോപബോധമനസ്സുകളെ വിശകലനം ചെയ്‌തുകൊണ്ടാണ് 'സ്നേഹിച്ചു തീരാത്ത ഗന്ധര്‍വന്‍' എന്ന നാടകം ആ ഗന്ധര്‍വകവിയുടെ ഹൃദയംപൊട്ടിയുള്ള മരണത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് അവസാനിപ്പിക്കുന്നത്. ചങ്ങമ്പുഴയുടെ അതിമനോഹരമായ കാവ്യജീവിതവും വ്യക്തിപരമായ ദുരന്തസംഭവങ്ങളും കോര്‍ത്തുകൊണ്ടുള്ള ഒരു നാടകശില്‍പമാണ് 'സ്നേഹിച്ചു തീരാത്ത ഗന്ധര്‍വന്‍'.

മലയപ്പുലയനും ഇ.എം.എസും

ചങ്ങമ്പുഴയുടെ രക്തപുഷ്‌പങ്ങളിലെ പ്രശസ്‌തമായ 'വാഴക്കുല' എന്ന കഥാകവിതയിലെ മലയപ്പുലയനെയും അയാളുടെ ചങ്ങാതിമാരെയും മുന്‍നിറുത്തികേരളത്തിലെ കറുത്ത മനുഷ്യര്‍ നടത്തിയ മണ്ണിനുവേണ്ടിയുള്ള പോരാട്ടങ്ങളും അതിന്റെ ആത്യന്തികഫലമായ 1957ലെ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്യൂണിസ്‌റ്റു ഗവണ്‍മെന്റിന്റെ വരവും ആവിഷ്‌ക്കരിക്കുന്ന നാടകമാണ് 'മലയപ്പുലനും ഇ.എം.എസും'.

ഇതില്‍ ഒരു ഘട്ടത്തില്‍, നിസ്സഹായനായ മലയന്‍, താന്‍ നട്ട വാഴക്കുലയ്‌ക്ക് താനല്ല അവകാശി എന്ന നിസ്സഹായത മനസ്സിലാക്കുമ്പോള്‍, അവനെ ഉത്തേജിപ്പിക്കാന്‍ ചങ്ങമ്പുഴതന്നെ രംഗത്തുവരുന്നു എന്നതാണ് നാടകത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്.

"ഇതിനൊക്കെ പ്രതികാരം ചെയ്യാതടങ്ങുമോ
പതിതരേ നിങ്ങള്‍ തന്‍ പിന്മുറക്കാര്‍?''

എന്ന് യാഥാര്‍ഥ്യബോധത്തോടെ കടന്നുവരുന്ന ചങ്ങമ്പുഴ ചോദിക്കുന്നു.

കവി: ഇതെന്ത് അനീതിയാണ് ? വാഴനട്ടവനല്ലേ, അതിന്റെ കുലയുടെ അവകാശി. അതുപറയാനും പാടില്ലപോലും.

എതിരേ കടന്നുവരുന്ന യാഥാസ്ഥിതികനായ സാഹിത്യകുശലന്‍ ഭീഷണിയുടെ സ്വരത്തില്‍ കവിയോടു കയര്‍ക്കുന്നു.

സാഹിത്യകുശലന്‍: ഹേ കവേ, താനതിരുകടക്കുന്നു. നിങ്ങടെ ആ വാഴക്കുലയുണ്ടല്ലോ, അതു സാഹിത്യത്തിനുപറ്റിയ വിഷയമല്ല. തനിക്ക് ഒരു മലയന്റെ കഥ പറയണമെങ്കില്‍ പറഞ്ഞുകൊള്ളൂ; പക്ഷേ അതും പോരാഞ്ഞ് അയാളെ നിയമനിഷേധത്തിനു പ്രേരിപ്പിക്കുന്ന പ്രസംഗവും വേണോ? യഥാര്‍ഥത്തില്‍ നിങ്ങള്‍ കവിയല്ല.

കവി: ഞാന്‍ കവിയാണോ അല്ലയോ എന്നു നിശ്ചയിക്കേണ്ടത് നിങ്ങളല്ല, കാലമാണ്. കവിയാകാന്‍ എനിക്ക് നിങ്ങളുടെ കൈയൊപ്പു വേണ്ട.

തുടര്‍ന്ന് ചങ്ങമ്പുഴയുടെ കഥാപാത്രങ്ങളായ മലയനും ഭാര്യ അഴകിയും മക്കളും പുതിയ സാമൂഹ്യമാറ്റത്തിനുവേണ്ടി സംഘടിക്കുകയും, സാമൂഹ്യമാറ്റം സൃഷ്‌ടിക്കുയും ചെയ്യുന്ന ആവേശകരമായ ഒരന്തരീക്ഷത്തില്‍ അധ്വാനിക്കുന്നവരുടെ പ്രതിനിധിയായ മലയനെ അവരുടെ നേതാവ് ഇ.എം.എസ്. കേരളത്തിന്റെ ആദ്യത്തെ കമ്യൂണിസ്‌റ്റു മുഖ്യമന്ത്രിയായി സ്വീകരിക്കാനെത്തുന്നതോടെയാണ് ഈ നാടകം അവസാനിക്കുന്നത്.

ഈ നാടകം ഉല്‍ഘാടനം ചെയ്‌തത് കേരളരാഷ്‌ട്രീയ ചരിത്രത്തില്‍ തൊഴിലാളിയായ ആദ്യത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു എന്നതും ഒരുപക്ഷേ യാദൃച്ഛികമാകാം.

ഈ ജന്മശതാബ്‌ദിവര്‍ഷത്തില്‍ രംഗവേദിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തി ചങ്ങമ്പുഴയുടെ രമണനിലൂടെ കേരള ഗ്രാമസൌകുമാര്യവും നിഷ്‌ക്കളങ്ക പ്രണയവും വീണ്ടെടുക്കാനാവും എന്റെ അടുത്ത ഉദ്യമം. അതിന് സൌഹൃദയരുടെ സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ആ ഗന്ധര്‍വകവിയുടെ സ്‌മരണയ്‌ക്കുമുന്‍പില്‍ ഞാനെന്റെ ശിരസ്സു കുനിക്കുന്നു.

*****

പിരപ്പന്‍കോട് മുരളി, കടപ്പാട് : ഗ്രന്ഥാലോകം മെയ് 2010

അധിക വായനയ്‌ക്ക് :
1.ചങ്ങമ്പുഴയുടെ ഭൂമിയും ആകാശവും
2.ചങ്ങമ്പുഴയുടെ കാവ്യാദര്‍ശം
3.രണ്ട് കത്തുകള്‍
4.ചങ്ങമ്പുഴയുടെ പ്രത്യയശാസ്‌ത്രം
5.ചങ്ങമ്പുഴക്കവിതയിലെ വൃത്തമഞ്‌ജരികള്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ചങ്ങമ്പുഴയുടെ കുടുംബജീവിതത്തെയും സാമൂഹ്യപ്രശസ്‌തിയെയും തകര്‍ത്ത ഒരു അസാധാരണ ബന്ധമാണ് ഭര്‍ത്തൃമതിയായ 'ദേവി'യുമായി ചങ്ങമ്പുഴയ്‌ക്കുണ്ടായിരുന്നത്. ഒരു ശാരീരികബന്ധവും പുലര്‍ത്താതെ അന്യന്റെ ഭാര്യയെ പ്രണയിക്കുന്നതിനും സാമൂഹ്യവ്യാകരണത്തില്‍ സദാചാരഭ്രംശം എന്നാണ് രേഖപ്പെടുത്തുക. ഇതിനെ വിശകലനം ചെയ്‌തുകൊണ്ട് ഈ നാടകത്തില്‍ പുതിയ ഒരു തിയേറ്റര്‍ ഡിവൈസ് ഉപയോഗിച്ചു. മനസ്സാക്ഷിയുടെ ഒരു കോടതിമുറിയും വിസ്‌താരവും ഞാന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സമൂഹത്തിന് ജഡ്‌ജിയുടെയും സദാചാരത്തിന് മത പുരോഹിതന്റെയും അധികാരത്തിന് പോലീസിന്റെയും രൂപമാണ് നല്‍കിയിട്ടുള്ളത്. പ്രതിക്കൂട്ടില്‍ ജയദേവനും സാക്ഷിക്കൂട്ടില്‍ ദേവിയും. വിസ്‌താരത്തിനിടയില്‍ സാക്ഷിയായ ദേവി സമൂഹമെന്ന കോടതിയോട് ഒരു ചോദ്യം ചോദിക്കുന്നു.

ഇന്ദ്രിയസുഖദാഹിയായ ഒരു ഭര്‍ത്താവ് ഒരു അന്യസ്‌ത്രീയെ സ്വപ്‌നം കാണുന്നതും സ്വപ്‌നത്തില്‍ കിടക്കപങ്കിടുന്നതും കലാജന്യമായ ഒരനുഭൂതിയാല്‍ ഭര്‍ത്തൃമതിയായ ഒരു സ്‌ത്രീ ഗന്ധര്‍വതുല്യനായ ഒരു കലാകാരനെ ആരാധിക്കുന്നതും ഒരേ ഗൌരവത്തിലാണോ ഈ കോടതി കാണുന്നത്. ഇതില്‍ എവിടെയാണു സദാചാരലംഘനം. എന്റെ സ്‌ത്രീത്വത്തിന്റെ പവിത്രത മുഴുവന്‍ ത്രസിക്കുന്ന വാക്കുകളില്‍ ഞാനീകോടതിയോടാവശ്യപ്പെടുന്നു. ഇതിനുത്തരം പറയണം. കപടസദാചാരത്തിന്റെ തുറിച്ച കണ്ണുകളുമായി ഞങ്ങളെ നോക്കാന്‍ ആരെയും അനുവദിക്കരുത്. ദയവായി ജയദേവനെന്ന നിരപരാധിയെ വെറുതെ വിടണം.

ഉല്‍ക്കടപ്രണയത്തിന്റെ അഗ്നിയാല്‍ സ്‌നാനം ചെയ്‌ത ദേവിയെ കോടതി വെറുതെ വിടുന്നതോടെ നാടകത്തിലെ ഫാന്റസി അവസാനിക്കുന്നു. ഇത്തരത്തില്‍ കാമുകഹൃദയങ്ങളുടെ ബോധോപബോധമനസ്സുകളെ വിശകലനം ചെയ്‌തുകൊണ്ടാണ് 'സ്നേഹിച്ചു തീരാത്ത ഗന്ധര്‍വന്‍' എന്ന നാടകം ആ ഗന്ധര്‍വകവിയുടെ ഹൃദയംപൊട്ടിയുള്ള മരണത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട് അവസാനിപ്പിക്കുന്നത്. ചങ്ങമ്പുഴയുടെ അതിമനോഹരമായ കാവ്യജീവിതവും വ്യക്തിപരമായ ദുരന്തസംഭവങ്ങളും കോര്‍ത്തുകൊണ്ടുള്ള ഒരു നാടകശില്‍പമാണ് 'സ്നേഹിച്ചു തീരാത്ത ഗന്ധര്‍വന്‍'.