Monday, September 27, 2010

സംവാദം ഒരു വടംവലി അഥവാ നിങ്ങളുടെ അഭിപ്രായം വ്യക്തമാണ്

'സമ്പന്ന മാധ്യമം, ദരിദ്ര ജനാധിപത്യം' എന്ന സങ്കല്‍പ്പം നമ്മുടെ മാധ്യമവ്യവസ്ഥയെയാകെ തൊലിയുരിച്ചു കാണിക്കുന്നതാണ്. കൊട്ടിഘോഷിക്കപ്പെടുന്ന അവകാശവാദങ്ങള്‍ക്കിടയിലും അത് തീര്‍ത്തും ജനവിരുദ്ധമായിട്ടുണ്ടെന്ന് പറയാതെവയ്യാ. ആധുനികമായ എല്ലാ വ്യാപനങ്ങളും സ്വായത്തമാക്കുന്ന മാധ്യമങ്ങള്‍, എന്നാല്‍, സാധാരണമനുഷ്യരോടുള്ള പരിഗണനയുടെ കാര്യത്തില്‍ ഏറെക്കുറെ തികഞ്ഞ ആന്ധ്യമാണ് പുലര്‍ത്തുന്നത്.

എല്ലാറ്റിനെക്കുറിച്ചും സ്വതന്ത്ര സംവാദങ്ങള്‍ നടത്തുന്നുവെന്ന ടെലിവിഷനുകളുടെയും പത്രങ്ങളുടെയും മേനിനടിപ്പുതന്നെ ശുദ്ധ അസംബന്ധമാണ്. തെരഞ്ഞെടുത്ത മേഖലകളില്‍ പ്രസരിപ്പിക്കുന്ന കുറ്റകരമായ മൌനം അപകടകരമായിത്തീര്‍ന്നിട്ടുമുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക ചാനലുകളുടെയും വിവിധ ശീര്‍ഷകങ്ങളിലറിയപ്പെടുന്ന ചര്‍ച്ചകളും സംവാദങ്ങളും പ്രശ്‌നങ്ങളുടെ യഥാര്‍ഥ രാഷ്‌ട്രീയം ഒളിപ്പിക്കാനാണ് ഏറെയും വ്യഗ്രതപ്പെടുന്നത്. സ്ഥപനമുടമയ്‌കും അവതാരകനും ഇഷ്‌ടമില്ലാത്ത ഫോണ്‍ പ്രതികരണങ്ങള്‍ ഉടന്‍ തല്ലിത്തീര്‍ത്തുകളയും. പിന്നെ സൌമ്യമായ കൂട്ടിച്ചേര്‍ക്കലും. നിങ്ങളുടെ അഭിപ്രായം വ്യക്തമാണ്. എന്നാല്‍ തങ്ങളാഗ്രഹിക്കുന്ന വാചാടോപങ്ങള്‍ക്ക് അവതാരകര്‍ അനുബന്ധങ്ങളുടെ പൊടിപ്പും തൊങ്ങലും ചാര്‍ത്തിക്കൊടുത്ത് കൊഴുപ്പിക്കും.

ലോട്ടറിയിലെ 'നിഷ്‌പക്ഷത'

ലോട്ടറിവിഷയത്തില്‍ ധനമന്ത്രി തോമസ് ഐസക്കും കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍ എംഎല്‍എയും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടത്തിയ സംവാദത്തെ ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, മനോരമ തുടങ്ങിയ 'നിഷ്‌പക്ഷ' ചാനലുകള്‍ കൈകാര്യംചെയ്‌ത രീതി ജനാധിപത്യസമൂഹത്തില്‍ പൊറുപ്പിച്ചുകൂടാത്തതാണ്. വടംവലിമത്സരംപോലെ വിജയിയെ വോട്ടെടുപ്പിലൂടെ പ്രഖ്യാപിക്കുന്ന സാഹസംപോലും കാട്ടുകയായിരുന്നു ഏഷ്യാനെറ്റ്. ഇതേ രീതിയിലാണ് മലയാള മനോരമ പത്രം അടുത്തദിവസം വാര്‍ത്തയ്‌ക്ക് വടം നല്‍കിയത്.

വമ്പന്‍ ജനാധിപത്യം

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് സോണിയഗാന്ധി തെരഞ്ഞെടുക്കപ്പെട്ടതിന്റെ വാര്‍ത്തയില്‍ ജനാധിപത്യത്തിന്റെ എന്തെല്ലാം പുളകംകൊള്ളലുകളായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്നു സമര്‍പ്പിച്ച പത്രികകളുടെ ആധിക്യത്തെക്കുറിച്ചും പുകഴ്ത്തലുകളുണ്ടായി. കേരളനേതാക്കളും മൂന്നു സെറ്റ് നാമനിര്‍ദേശങ്ങള്‍ നല്‍കിയത്രേ! ജനാധിപത്യത്തിന്റെ മാനദണ്ഡങ്ങള്‍ പോയിട്ട് സാമാന്യമര്യാദപോലുമില്ലാത്ത വാഴിക്കലിനെയാണ് മാധ്യമപൈങ്കിളികള്‍ മഹത്തായ വിജയമാക്കിയത്. 'ഞങ്ങള്‍ സോണിയയെ നിയമിച്ചു; അവര്‍ ഇനി ഞങ്ങളെയും' എന്ന അര്‍ഥത്തില്‍ വരച്ച കാര്‍ട്ടൂണാണ് ഓര്‍മയിലെത്തുന്നത്. വിമാനം ഓടിച്ച് നേരെ എഐസിസി ആസ്ഥാനത്ത് ഇറങ്ങിയ ആളായിരുന്നല്ലോ പഴയ ജനാധിപത്യസംരക്ഷകന്‍. ഉദ്യോഗാര്‍ഥികളെ നിയമിക്കുംമട്ടിലുള്ള കുറേ ഒപ്പിക്കലുകളെയാണ് ജനാഭിപ്രായങ്ങളായി മാധ്യമവ്യാകരണക്കാര്‍ എഴുതിവയ്‌ക്കുന്നത്.

തെരഞ്ഞെടുപ്പു വരുന്നു, നുണപ്രളയവും

കഴിഞ്ഞ കുറേനാളായി ത്വരിതഗതിയിലായ ഇടതുപക്ഷവിരുദ്ധത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ അക്രമാസക്തമായിരിക്കുന്നു. തലക്കെട്ടുകളും കാര്‍ട്ടൂണുകളുംവരെ വിഷത്തില്‍മുക്കി വരയ്‌ക്കുന്നവര്‍ സംസ്ഥാനത്തെ ചെറിയ സാമൂഹ്യസംഘര്‍ഷങ്ങള്‍പോലും വെണ്ടക്കയാക്കി ഒന്നാംപുറത്ത് നിക്ഷേപിക്കുകയാണ്. സ്വാഭാവികമായും നടക്കുന്ന തെരുവുവഴക്കുകള്‍ക്കു പിന്നില്‍പ്പോലും 'ഇടതുപക്ഷ ഗൂഢാലോചന' ആരോപിക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പു വരുന്നു, ഇതാ നുണപ്രളയം തയ്യാര്‍.

കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിന് വമ്പന്‍ മുന്നേറ്റമായിരുന്നത്രേ. എട്ടുകോളത്തില്‍ പ്രസവിച്ചുകിടക്കുന്ന ആ മനോരമ, മാതൃഭൂമി വാര്‍ത്തകളുടെ പതിപ്പ് 2009ല്‍ മലയാളികള്‍ കണ്ടതാണ്. കനത്ത തിരിച്ചടിയേറ്റ യുഡിഎഫിനാണ് മേല്‍ക്കൈ എന്ന മട്ടിലായിരുന്നു അവ. തെരഞ്ഞെടുപ്പുകാലത്ത് പൊട്ടിമുളയ്‌ക്കുന്ന ചില ഖദര്‍വേഷങ്ങളെ ജനനേതാക്കളായി അടയാളപ്പെടുത്താനും ഇക്കൂട്ടര്‍ മറക്കാറില്ല. അഴിമതി, അക്രമം, വിഷക്കള്ള്, മാഫിയ പ്രവര്‍ത്തനങ്ങളൊന്നും യുഡിഎഫിനെ മലിനമാക്കിയിട്ടില്ലെന്ന് ആണയിടുന്നുമുണ്ട്.

ജാതി-മത രാഷ്‌ട്രീയത്തിന്റെ ഉച്ചഭാഷിണി

ജാതി-മത ശക്തികളുടെ കൊലവിളികള്‍ക്ക് ഉച്ചഭാഷിണികളാവുകയെന്ന തരത്തിലും പ്രവര്‍ത്തിക്കുകയാണ് മാധ്യമങ്ങള്‍. യുഡിഎഫ് എന്ന വര്‍ഗീയ കോണ്‍ഫെഡറേഷനെ ഐക്യത്തിന്റെയും ജനാധിപത്യത്തിന്റെയും പൂര്‍ണരൂപത്തിലേ അവ വിലയിരുത്താറുള്ളു. ഘടകകക്ഷികളെപ്പറ്റി പറയുമ്പോള്‍ ജനാധിപത്യപാര്‍ടികള്‍ എന്ന വിശേഷണം എല്ലായ്‌പ്പോഴും പുറത്തെടുക്കാന്‍ മടിയുമില്ലാതായിരിക്കുന്നു. തെരഞ്ഞെടുപ്പുരംഗം സജീവമാകുമ്പോഴിതാ മതനിരപേക്ഷതയ്‌ക്കുനേരെ തികഞ്ഞ അസഹിഷ്‌ണുത തന്നെ പ്രകടിപ്പിക്കുകയുമാണ്. ബ്രിട്ടനില്‍ പര്യടനംനടത്തിയ പോപ്പ് ബെനഡിക്‌ട് പതിനാറാമനെ ആക്രമിക്കാന്‍ പദ്ധതിയിട്ട കേസില്‍ അഞ്ചുപേരെ സ്‌കോ‌ലൻഡ്‌യാര്‍ഡ് പോലീസ് അറസ്‌റ്റ് ചെയ്‌ത വാര്‍ത്ത (2010 സെപ്‌തംബര്‍ 18)യില്‍ മലയാള മനോരമ ഊന്നാന്‍ ശ്രമിച്ച കാര്യം വിനാശകരമായ ഫലമുളവാക്കുന്നതാണ്. മതനിരപേക്ഷതയെക്കുറിച്ചുള്ള ആനുഷംഗിക പരാമര്‍ശത്തെ മുഖ്യസംഭവമാക്കുകയായിരുന്നു ആ പത്രം. പോപ്പിനെതിരായ അക്രമശ്രമ വാര്‍ത്ത പ്രാധാന്യമുള്ളതുതന്നെ. എന്നാല്‍, ദൈവവിശ്വാസികള്‍ മുഴുവന്‍ യുഡിഎഫിനൊപ്പം വരിനില്‍ക്കണമെന്ന ശാഠ്യം അതിരുകടക്കുകയാണ്. കേരളത്തില്‍ പല കലഹങ്ങള്‍ക്കു പിറകിലും വിശ്വാസികള്‍തന്നെയായിരുന്നല്ലോ.

പള്ളിയില്‍പോയി മടങ്ങുകയായിരുന്ന പ്രൊഫ. ടി ജെ ജോസഫിന്റെ കൈപ്പത്തി അറുത്തുമാറ്റിയത് അവിശ്വാസികളോ ദൈവനിഷേധികളോ ആണെന്ന് മനോരമയുടെ കര്‍ത്താവിന് പറയാനാവുമോ. കന്ദമലില്‍ രണ്ടു കന്യാസ്‌ത്രീകളെ സംഘപരിവാര്‍ ചുട്ടുകൊന്നപ്പോള്‍ അവരുടെ തലക്കെട്ട് വെന്തുമരിച്ചു എന്നായിരുന്നത് മറക്കാന്‍ പാടില്ലാത്തതാണ്.

തിരുവിതാംകൂര്‍ഭരണം സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ നാടുകടത്തിയതിനോടുള്ള പഴയ പത്രതമ്പുരാന്റെ പ്രതികരണമെന്തായിരുന്നു. ചിതാഭസ്‌മം കൊണ്ടുപോയപ്പോള്‍ അനുധാവനംചെയ്‌തതുകൊണ്ട് കുറ്റബോധമെങ്കിലും ഇല്ലാതായിക്കാണും. സ്വദേശാഭിമാനിയുടെ സ്‌മരണ തുടിക്കുമ്പോള്‍, ജനാഭിപ്രായത്തെയാകെ നാടുകടത്തി രസിക്കുന്ന വഷളന്‍രീതികളെങ്കിലും തുറന്നുകാട്ടേണ്ടിയിരിക്കുന്നു.

*****

അനില്‍കുമാര്‍ എ വി, കടപ്പാട് : ദേശാഭിമാനി വാരാന്തപ്പതിപ്പ്

2 comments:

വര്‍ക്കേഴ്സ് ഫോറം said...

തിരുവിതാംകൂര്‍ഭരണം സ്വദേശാഭിമാനി രാമകൃഷ്‌ണപിള്ളയെ നാടുകടത്തിയതിനോടുള്ള പഴയ പത്രതമ്പുരാന്റെ പ്രതികരണമെന്തായിരുന്നു. ചിതാഭസ്‌മം കൊണ്ടുപോയപ്പോള്‍ അനുധാവനംചെയ്‌തതുകൊണ്ട് കുറ്റബോധമെങ്കിലും ഇല്ലാതായിക്കാണും. സ്വദേശാഭിമാനിയുടെ സ്‌മരണ തുടിക്കുമ്പോള്‍, ജനാഭിപ്രായത്തെയാകെ നാടുകടത്തി രസിക്കുന്ന വഷളന്‍രീതികളെങ്കിലും തുറന്നുകാട്ടേണ്ടിയിരിക്കുന്നു.

മഞ്ഞു തോട്ടക്കാരന്‍ said...

അരി തിന്നതും പോരാ.. ......... പിന്നെയും............മുറുമുറുപ്പ്. ഹാ ഹാ.