Thursday, September 23, 2010

വനിതാ സംവരണം: ആശങ്കകളും യാഥാര്‍ഥ്യങ്ങളും

പ്രാദേശിക സര്‍ക്കാരുകളുടെ തെരഞ്ഞെടുക്കപ്പെടുന്ന സീറ്റുകളിലേക്കുള്ള വനിതാ സംവരണം 33 ശതമാനത്തില്‍നിന്ന് 50 ശതമാനമാക്കി ഉയര്‍ത്തുക എന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിപ്ളവകരമായ തീരുമാനം തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ നടപ്പാവാന്‍ പോവുകയാണ്. കേവലം സീറ്റുകളിലേക്ക് എന്നതിനേക്കാള്‍ ഉപരി സ്ഥാപനങ്ങളില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളിലേക്കുകൂടി ഈ സംവരണം ബാധകമാക്കാന്‍ തീരുമാനിച്ചു എന്നത് ഇതിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു. പ്രഡിഡന്റുമാര്‍ വനിതകള്‍ അല്ലാത്തിടങ്ങളില്‍ വൈസ് പ്രസിഡന്റ് പദവി വനിതകള്‍ക്കാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ചുമതലകളിലും സംവരണം ബാധകം. കേവലം അംഗങ്ങളായി ഒതുങ്ങുക എന്നതിനുമപ്പുറം അധികാരസ്ഥാനങ്ങളില്‍ ഇരുന്നുകൊണ്ട് അവയുടെ സാധ്യത ഉപയോഗിക്കാന്‍ വനിതകളെ ഇത് പ്രാപ്‌തരാക്കുന്നു. ദേശീയ തലത്തിലും ഇത്തരം ഒരു നീക്കം നടക്കുന്നുണ്ട്. നിരവധി കാര്യങ്ങളില്‍ രാജ്യത്തിന് മാതൃകയായ കേരളത്തില്‍ നിന്നാണിതിന്റെ തുടക്കം എന്നതും അഭിമാനകരം.

ഈ തീരുമാനം പ്രഖ്യാപിച്ചതിനുശേഷം കേരളത്തിന്റെ പൊതുസമൂഹത്തിലും ഇതൊരു സജീവ ചര്‍ച്ചാവിഷയമായി മാറി. സ്‌ത്രീകളോടുള്ള നിലപാടുകളില്‍ പരമ്പരാഗത സ്വഭാവം പുലര്‍ത്തുന്ന കേരളത്തിന്റെ മനസ്സാണ് മാധ്യമ ചര്‍ച്ചകളില്‍പ്രതിഫലിച്ചത്. ഇത്രയും സ്‌ത്രീകള്‍ ഒരുമിച്ച് പഞ്ചായത്തില്‍ വന്നാല്‍ അത് പഞ്ചായത്തുകളുടെ ഭരണത്തെ ദോഷകരമായി ബാധിക്കില്ലേ? ഒറ്റയടിക്ക് ഇത്രയും വേണമായിരുന്നോ? അംഗങ്ങളില്‍ പകുതിയും സ്‌ത്രീകളാവുമ്പോള്‍ അവശേഷിക്കുന്ന പുരുഷന്‍മാരുടെ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കില്ലേ? കേരളത്തിലെ സ്‌ത്രീകള്‍ക്ക് അതിനുള്ള ശേഷിയുണ്ടോ? ഇത് കേരളത്തിലെ പഞ്ചായത്തുകളുടെ പ്രവര്‍ത്തന മികവിനെ തകര്‍ക്കില്ലേ? തുടങ്ങിയ ചോദ്യങ്ങള്‍ വിവിധ കോണുകളില്‍നിന്ന് ഉയരാന്‍ തുടങ്ങി. ഇതോടൊപ്പം ഇത്രയും സീറ്റുകളിലേക്ക് എങ്ങനെ സ്‌ത്രീകളെ കണ്ടുപിടിക്കും? നമ്മള്‍ ഇനി എവിടെ മത്സരിക്കും? തുടങ്ങിയ ആശങ്കകളും പൊതുപ്രവര്‍ത്തകരുടെയിടയില്‍ ഉയര്‍ന്നു. ഇത്തരം ആശങ്കകള്‍ വസ്‌തുതാപരമാണോ? ആശങ്കപ്പെടുന്ന തരത്തിലുള്ള എന്തെങ്കിലും പരിമിതികള്‍ യഥാര്‍ഥത്തില്‍ ഉണ്ടോ? അഥവാ എന്തെങ്കിലും ഘടകങ്ങള്‍ പരിമിതികളായി വന്നാല്‍ അവയെ മറികടക്കാന്‍ എന്തു ചെയ്യണം? അവ വനിതാജനപ്രതിനിധികള്‍ക്ക് മാത്രമുള്ള പരിമിതികളാണോ? തുടങ്ങിയ ഗൌരവമാര്‍ന്ന വസ്‌തുതാപരമായ ചര്‍ച്ചകള്‍ കേരളത്തില്‍ വേണ്ടത്ര നടന്നിട്ടില്ല.

ജനസംഖ്യാനുപാതവും രാഷ്‌ട്രീയ പ്രാതിനിധ്യവും

കേരളത്തിലെ ജനസംഖ്യാ അനുപാതം വിശകലനം ചെയ്യുമ്പോള്‍ കാണാനാകുന്ന പ്രധാന വസ്‌തുത ഉയര്‍ന്ന സ്‌ത്രീ-പുരുഷ അനുപാതമാണ്. 1000 പുരുഷന്മാര്‍ക്ക് 1058 സ്‌ത്രീകള്‍ എന്നാണ് 2001 ലെ കാനേഷുമാരി കണക്കുകള്‍ കാണിക്കുന്നത്. ഇത് അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഏറെ മുകളിലാണ്. അടുത്ത കാലത്ത് ആറു വയസ്സിന് താഴെയുള്ള കുട്ടികളുടെ ലിംഗാനുപാതത്തില്‍ പെണ്‍കുട്ടികളുടെ അനുപാതം പ്രതികൂലമാണ് എന്ന വസ്‌തുത നിലനില്‍ക്കുന്നുണ്ടെങ്കിലും ഉയര്‍ന്ന സ്‌ത്രീ-പുരുഷ അനുപാതം കേരളത്തിലെ സ്‌ത്രീ ശാക്തീകരണത്തിന്റെ സൂചകങ്ങളില്‍ ഒന്നാണ്. കേരളത്തിലെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന സ്‌ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യം ചരിത്രപരമായിത്തന്നെ അവഗണിക്കപ്പെടുകയായിരുന്നു. നിയമസഭയില്‍ എക്കാലത്തും സ്‌ത്രീസാന്നിധ്യം പത്തുശതമാനത്തില്‍ താഴെയായിരുന്നു. സമൂഹത്തില്‍ 50 ശതമാനത്തിന് മുകളില്‍ വരുന്ന ഒരു വിഭാഗത്തിന് സംസ്ഥാനത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന നിയമനിര്‍മാണ സഭയില്‍ നാമമാത്രമായ പ്രാതിനിധ്യം നല്‍കാന്‍ മാത്രമേ നമുക്ക് കഴിഞ്ഞിട്ടുള്ളൂ. ഏത് സമൂഹത്തിനും അവരുടെ ആവശ്യങ്ങളെ ശരിയായ തോതില്‍ ജനാധിപത്യവേദികളില്‍ എത്തിക്കണമെങ്കില്‍ മതിയായ പ്രാതിനിധ്യം മുന്നുപാധിയാവണം. ഈ അടിസ്ഥാനത്തില്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ ഭരണ സംവിധാനത്തിനുള്ളില്‍ സ്‌ത്രീപക്ഷസമീപനം കൊണ്ടുവരുന്നതിന് നിയമസഭകളിലെ അവരുടെ പ്രാതിനിധ്യക്കുറവ് പ്രധാനപ്പെട്ട ഘടകമായിരുന്നു. ഈ പരിമിതി പാര്‍ലമെന്റിന്റെ കാര്യത്തിലും നിലനില്‍ക്കുന്നു. ഇതിനെ മറികടക്കാന്‍വേണ്ടിയാണ് പാര്‍ലമെന്റിലും നിയമസഭകളിലും വനിതാസംവരണത്തിന്വേണ്ടിയുള്ള മുന്നേറ്റങ്ങള്‍ ദേശീയതലത്തില്‍തന്നെ പുരോഗമന പ്രസ്ഥാനങ്ങളില്‍നിന്ന് ഉണ്ടാകുന്നത്.

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഓരോ സമൂഹത്തിലേയും വിവിധ വിഭാഗങ്ങള്‍ക്ക് ജനാധിപത്യവേദികളില്‍ ഉണ്ടാകുക എന്നത് അടിസ്ഥാനപരമായി അതിജീവനത്തിനുള്ള അവരുടെ അവകാശം കൂടിയാണ്. തങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ ജനാധിപത്യവേദികളിലൂടെ പരിഹരിക്കുന്നതിനുള്ള മാര്‍ഗമാണ് അതവര്‍ക്ക് സാധ്യമാക്കുക. സ്‌ത്രീകള്‍ക്ക് ചരിത്രപരമായി നിഷേധിക്കപ്പെട്ട ഈ അവസരം ആദ്യമായി ലഭ്യമായത് 73, 74 ഭരണഘടനാ ഭേദഗതിയില്‍ പഞ്ചായത്ത് രാജ് സ്ഥാപനങ്ങളിലേക്ക് 33 ശതമാനം സ്‌ത്രീ സംവരണം ഉറപ്പുവരുത്തിയതിലൂടെയാണ്. എന്നാല്‍ ഇതും ജനസംഖ്യാനുപാതികമായി നോക്കുമ്പോള്‍ പരിമിതമായിരുന്നു എന്ന തിരിച്ചറവില്‍നിന്നാണ് 50 ശതമാനം വനിതാ സംവരണം എന്ന നിലപാടിലേക്ക് നാം എത്തുന്നത്.

ശേഷിയുടെ മാനദണ്ഡങ്ങള്‍ എന്ത് ?

എന്തിനെയെല്ലാമാണ് നാം ഭരണശേഷിയുടെ മാനദണ്ഡങ്ങളായി കാണുന്നത് ? ഏതുതരത്തിലുള്ള ഭരണപ്രവര്‍ത്തനത്തിനും അടിസ്ഥാനഘടകമായി എടുക്കാവുന്നത് വിദ്യാഭ്യാസയോഗ്യതകളാണ്. ഇത് ഔപചാരിക വിദ്യാഭ്യാസത്തിലൂടെയും അനൌപചാരികവിദ്യാഭ്യാസത്തിലൂടെയും നേടിയവ ആകാം. എന്നാല്‍ ഔപചാരിക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ത്തന്നെ കേരളത്തിലെ സ്‌ത്രീകള്‍ ഏറെ മുന്നിലാണ് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. 2001 ലെ കാനേഷുമാരി കണക്കു പ്രകാരം കേരളത്തിലെ സ്‌ത്രീസാക്ഷരത 87.66 ശതമാനം ആണ്.അതായത് അഖിലേന്ത്യാ ശരാശരിയേക്കാള്‍ ഇരട്ടി. കേവല സാക്ഷരതക്ക് അപ്പുറം പ്രാഥമിക വിദ്യാഭ്യാസം, സെക്കന്‍ഡറി വിദ്യാഭ്യാസം, ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസം എന്നീ എല്ലാ മാനദണ്ഡങ്ങളുടെ കാര്യത്തിലും കേരളത്തില്‍ സ്‌ത്രീകളുടെ സ്ഥാനം പുരുഷന്മാര്‍ക്ക് മുകളിലാണ്. ഇത്തരത്തില്‍ പുരുഷന്മാരേക്കാള്‍ താരതമ്യേന ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യത നേടിയ സ്‌ത്രീകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണപ്രവര്‍ത്തനങ്ങള്‍ വഴങ്ങില്ല എന്ന ധാരണ ചരിത്രപരമായി രൂപപ്പെട്ട സ്‌ത്രീവിരുദ്ധ ബോധത്തില്‍നിന്നും ഉണ്ടാകുന്നതാണ്. കേരളത്തിലെ വിദ്യാലയങ്ങളിലെ പ്രാധാനാധ്യാപകരില്‍ ഭൂരിഭാഗവും സ്‌ത്രീകളാണ്. ഇത് സ്ഥാപനങ്ങളുടെ മികവിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ല എന്നാണ് അനുഭവപാഠം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് കേരളത്തിലെ സ്‌ത്രീകള്‍ക്ക് വ്യാപകമായി ഭരണ അവസരം ലഭിക്കുന്നത് 1995ലെ തെരഞ്ഞെടുപ്പില്‍ ആദ്യമായി മുപ്പത്തിമൂന്ന് ശതമാനം സംവരണം നടപ്പാക്കപ്പെട്ടതോടെയാണ്. ഇതിന് മുമ്പുള്ള ജില്ലാ കൌണ്‍സില്‍ സംവിധാനത്തിലൂടെ ജനപ്രതിനിധിയായിവന്ന രാഷ്‌ട്രീയ പ്രവര്‍ത്തകയാണ് കേരളത്തിലെ ഇന്നത്തെ ആരോഗ്യമന്ത്രി. അതുപോലെ 1995 ലെ തെരഞ്ഞെടുപ്പിലൂടെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ അമരക്കാരായി വന്ന നിരവധി പേര്‍ ഇന്ന് കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിന്റെ അവിഭാജ്യ ഘടകമാണ്. ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്തുകളുടെ അധ്യക്ഷമാര്‍ എന്നനിലയിലും ജനപ്രതിനിധികള്‍ എന്ന നിലയിലും മികവ് തെളിയിച്ച വലിയൊരു സംഘം പൊതുപ്രവര്‍ത്തകര്‍ സ്‌ത്രീകളില്‍നിന്നും 15 വര്‍ഷത്തിനുള്ളില്‍ ഉണ്ടായിട്ടുണ്ട്. ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തില്‍ ആദ്യം നടപ്പാക്കപ്പെട്ട ഒമ്പതാം പദ്ധതി കാലഘട്ടത്തില്‍തന്നെ ഏറ്റവും മികച്ച തദ്ദേശ സയ്വംഭരണ സ്ഥാപനങ്ങളായി ഉയര്‍ന്നുവന്നവയില്‍ വലിയൊരു വിഭാഗം സ്‌ത്രീകള്‍ നേതൃത്വം നല്‍കിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആയിരുന്നു. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന ഈ വനിതാ നേതൃതല പ്രവര്‍ത്തകര്‍ തങ്ങളുടെ അനുഭവങ്ങള്‍ 1999ല്‍ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തില്‍ പ്രബന്ധാവതരണങ്ങളിലൂടെ പങ്കിടുകയും 2000 മെയ് മാസത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അത് പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തിട്ടുണ്ട്.

അതിന് ശേഷമുള്ള രണ്ട് ഘട്ടത്തിലും മികച്ച വനിതാ ഭരണാധികാരികളുടെ സാന്നിധ്യം കേരളത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ നമ്മള്‍ കണ്ടു. പഞ്ചായത്ത് മഹിളാ ശക്തി അഭിയാന്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ വനിതാ ജനപ്രതിനിധികളുടെ ഒരു കൂട്ടായ്‌മ തൃശൂരിലെ 'കില'യില്‍ നടന്നിരുന്നു. അന്ന് വനിതാ ജനപ്രതിനിധികള്‍ ആവേശപൂര്‍വമാണ് അനുഭവങ്ങള്‍ പങ്കുവെച്ചത്. തങ്ങളുടെ പ്രസ്ഥാനങ്ങള്‍ അനുവദിക്കുകയാണെങ്കില്‍ ഇനിയും ജനപ്രതിനിധിയായി പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തല്പരരാണ് എന്നാണ് ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. വനിതാ സംവരണ സീറ്റുകള്‍ പൊതുസീറ്റുകള്‍ ആകുമ്പോള്‍ തങ്ങളുടെ സാധ്യതകള്‍ തഴയപ്പെടും എന്ന ഖേദവും അവര്‍ പൊതുവെ പങ്കിട്ടു. വനിതകളെ പൊതുസീറ്റില്‍ മത്സരിപ്പിക്കാനും, അവരെ പൊതുസമൂഹത്തിന്റെ ഭാഗമായി കാണാനുമുള്ള മാനസികാവസ്ഥയിലേക്കും നാം ഇനിയും എത്തിയിട്ടില്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

മാറേണ്ടതെന്ത് ?

അവസരവും പിന്തുണയും ലഭിച്ചാല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ വനിതകള്‍ക്ക് കഴിയുമെന്നാണ് കഴിഞ്ഞ 15 വര്‍ഷം നമ്മെ പഠിപ്പിച്ചത്. എല്ലാവരും മാതൃകാപരമായി പ്രവര്‍ത്തിച്ചു എന്നല്ല ഇതിനര്‍ഥം. ഇതിനെ വിലയിരുത്തേണ്ടത് വനിതകളുടെ മാത്രംപ്രശ്‌നം എന്ന നിലയിലല്ല. പുരുഷ ജനപ്രതിനിധികളുടെ കണക്കെടുത്താലും അതില്‍ നല്ലൊരു ഭാഗം മിക്കപ്പോഴും ശരാശരിയോ, അതിന് താഴെയോ പ്രവര്‍ത്തനം മാത്രം കാഴ്‌ചവെക്കുന്നവരാണ് എന്ന് കാണാം. സ്‌ത്രീകളുടെ കാര്യം പരിശോധിക്കുമ്പോള്‍ തികച്ചും വ്യത്യസ്‌തമായ സാമൂഹ്യ അന്തരീക്ഷമാണ് അവര്‍ക്ക് ചുറ്റും ഉള്ളത്. ജനപ്രതിനിധി എന്ന നിലയിലേക്ക് സ്‌ത്രീ വരുമ്പോള്‍തന്നെ, കുടുംബത്തിനകത്തെ ഉത്തരവാദിത്തങ്ങള്‍ അതേപടി മാറ്റമില്ലാതെ നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരായി മാറുന്നു. സ്‌ത്രീകള്‍ക്ക് പരമ്പരാഗതമായി നാം നിശ്ചയിച്ച സഞ്ചാരസമയങ്ങള്‍ക്ക് അപ്പുറത്താണ് മിക്കപ്പോഴും പ്രസ്ഥാനങ്ങളുടെ യോഗങ്ങളും തീരുമാനങ്ങളും ഉണ്ടാകുക. കുടുംബപരമായ ഉത്തരവാദിത്തങ്ങളും പൊതു ഇടങ്ങളിലെ അരക്ഷിതാവസ്ഥയും പലപ്പോഴും ഇത്തരം യോഗങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നു. ഇതിനാല്‍ത്തന്നെ ഫലത്തില്‍ പുരുഷന്മാര്‍ക്ക് ലഭിക്കുന്ന രാഷ്‌ട്രീയ വിദ്യാഭ്യാസ അവസരങ്ങളും സംവാദസാധ്യതകളും സ്‌ത്രീകള്‍ക്ക് നഷ്‌ടമാകുന്നു. ഇത് സ്വാഭാവികമായും അവരുടെ ശേഷിയെ ബാധിക്കുന്നു. ഇതിനാല്‍തന്നെ സ്‌ത്രീകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാവുന്ന ഒരു പൊതു ഇടം കേരളത്തില്‍ വളര്‍ന്നുവരിക എന്നത് പൊതുപ്രവര്‍ത്തകര്‍ എന്ന നിലയിലുളള അവരുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. സ്‌ത്രീയെ വീട്ടുജോലികള്‍ യന്ത്രംപോലെ നിര്‍വഹിക്കാനുള്ള ഉപകരണമായി കാണുന്ന പരമ്പരാഗത കുടുംബങ്ങളിലും മാറ്റം അനിവാര്യമാണ്. വര്‍ത്തമാനപത്രങ്ങളും, ആനുകാലികങ്ങളും വായിക്കാനും സര്‍ക്കാര്‍ ഉത്തരവുകള്‍ വിശദമായി വായിച്ച് മനസ്സിലാക്കാനും നിയമങ്ങള്‍ വായിച്ചറിയാനും പരിശീലനങ്ങളില്‍ പൂര്‍ണസമയം പങ്കെടുക്കാനുമൊക്കെ സ്‌ത്രീകള്‍ക്ക് കഴിയുമ്പോള്‍ മാത്രമാണ് ഭരണാധികാരി/ജനപ്രതിനിധി എന്ന നിലയിലുള്ള അവരുടെ ശേഷിയും പ്രയോഗസാധ്യതകളും വികസിക്കുക. ഇതിനാകട്ടെ വീടിനകത്തെ യന്ത്രസമാനമായ ജോലികളില്‍നിന്ന് മാറി അവര്‍ക്ക് വിശ്രമസമയങ്ങള്‍ അനിവാര്യമാണ്. ഇതിനാല്‍ ജനപ്രതിനിധികളായി വരുന്ന വനിതകളുടെ കുടുംബാന്തരീക്ഷത്തില്‍ മാറ്റം വരുത്തുന്നതിനുള്ള ശ്രമങ്ങള്‍ ഉണ്ടായേ തീരൂ. വര്‍ത്തമാനപത്രങ്ങളും ആനുകാലികങ്ങളും വായിക്കാനും പൊതുചര്‍ച്ചകളില്‍ പങ്കാളികളാകാനും അഭിപ്രായം പറയാനുമൊക്കെ ചരിത്രപരമായി ലഭിച്ച അവസരങ്ങളില്‍നിന്നാണ് പുരുഷന്മാരിലെ പൊതുപ്രവര്‍ത്തകര്‍ രൂപംകൊണ്ടത് എന്ന വസ്‌തുത നാം വിസ്‌മരിച്ചുകൂട. ഇതേ അവസരങ്ങള്‍ സ്‌ത്രീകള്‍ക്ക് നല്‍കുന്ന സാമൂഹ്യ സംസ്‌കാരമാണ് കേരളത്തില്‍ വളര്‍ന്നുവരേണ്ടത്.

ജനപ്രതിനിധികള്‍ക്ക് ലഭിക്കുന്ന പരിശീലനം നിര്‍ണായകമാണ്. ഈ പരിശീലനം ഔദ്യോഗികമായും അനൌദ്യോഗികമായും നടക്കേണ്ടതുണ്ട്. ഔദ്യോഗികമായി നടക്കുന്ന പരിശീലനം വികേന്ദ്രീകരിച്ച് അത് നിരന്തരമായി നടത്തുന്നതിനും ശ്രമങ്ങള്‍ ഉണ്ടാകണം. ജനപ്രതിനിധികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ടുളള നിരന്തര പരിശീലനങ്ങള്‍ ഉണ്ടാകണം. ഇന്ന് നടക്കുന്ന കേന്ദ്രീകൃതവും ഒറ്റ ഘട്ടത്തിലുള്ളതുമായ പരിശീലനരീതി മാറേണ്ടതുണ്ട്. ഇതോടൊപ്പംതന്നെ രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്ന് തങ്ങളുടെ പ്രസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധികളുടെ പ്രവര്‍ത്തനം മികവുറ്റതാക്കാനും, അവരെ പരിശീലിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണം സംഘടിതമായ ഒരു രാഷ്‌ട്രീയ ഉത്തരവാദിത്തമായി മാറണം. പ്രസ്ഥാനങ്ങള്‍ക്കകത്ത് മുന്നനുഭവമുള്ള ജനപ്രതിനിധികളുടെ ഭരണാനുഭവങ്ങള്‍ പുതിയ ജനപ്രതിനിധികളിലേക്ക് കൈമാറാനുള്ള അവസരങ്ങള്‍ ഉണ്ടാകണം. പ്രായോഗിക ഭരണശേഷി കൈവരിക്കുന്നതിന് ഇത്തരം അനുഭവങ്ങള്‍ അവരെ ഏറെ സഹായിക്കും.

കുടുംബശ്രീയുടെ പാഠം

1998ല്‍ മലപ്പുറത്ത് ആരംഭിച്ച കുടുംബശ്രീ പ്രസ്ഥാനം ഇന്ന് രാജ്യത്തെതന്നെ ഏറ്റവും വലിയ സ്‌ത്രീ കൂട്ടായ്‌മയായി മാറിക്കഴിഞ്ഞു. രണ്ടുലക്ഷത്തോളം അയല്‍ക്കൂട്ടങ്ങളിലായി മുപ്പത്തിയേഴുലക്ഷത്തോളം കുടുംബങ്ങള്‍ ഇന്ന് കുടുംബശ്രീയിലുണ്ട്. അയല്‍ക്കൂട്ടതലത്തിലും വാര്‍ഡ്‌തലത്തിലും പഞ്ചായത്ത്തലത്തിലും ഉള്ള പ്രവര്‍ത്തനങ്ങളിലൂടെ സന്നദ്ധപ്രവര്‍ത്തകരുടെ ഒരു വലിയ നിരതന്നെ സംസ്ഥാനത്താകെ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്. 2005 ലെ തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പില്‍തന്നെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥികള്‍ എന്ന നിലയില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു. കുടുംബശ്രീ പ്രവര്‍ത്തനത്തിന്റെ വ്യാപനംമൂലം രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ ഭാഗമായ വനിതാപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും ശക്തമായിട്ടുണ്ട്. കഴിവുതെളിയിച്ച വനിതകളെ കണ്ടെത്തുക എന്നത് രാഷ്‌ട്രീയപ്രസ്ഥാനങ്ങളെ സംബന്ധിച്ച് പ്രത്യേകിച്ചും പുരോഗമനപ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഇന്ന് ദുഷ്‌ക്കരമല്ല. പ്രവര്‍ത്തനാനുഭവമുള്ളവരെ തദ്ദേശസ്വയംഭരണ പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരാനുള്ള സാധ്യതയായി കുടുംബശ്രീ മാറിയിട്ടുണ്ട്.

കേരളത്തിലെ 16,100ഓളം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 2000ലധികം ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും, 1750-ഓളം മുനിസിപ്പല്‍ വാര്‍ഡുകളിലും, 3100ലധികം കോര്‍പറേഷന്‍ വാര്‍ഡുകളിലും 330 ലേറെ ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലുമായി പരന്നുകിടക്കുന്ന നിയോജകമണ്ഡലങ്ങളില്‍നിന്ന് 50 ശതമാനത്തില്‍ വനിതാ പങ്കാളിത്തം വരുന്നതോടെ വലിയ ഒരു വിപ്ളവമാണ് നടക്കാനിരിക്കുന്നത്. പതിനായിരത്തിലധികം വനിതകള്‍ അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ജനപ്രതിനിധികളായി മാറുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ അധികാരസ്ഥാനങ്ങളിലുള്ള വനിതകളുടെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തമായിരിക്കും ഇത്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിലെ വികസന പ്രക്രിയയെ സംബന്ധിച്ചും ജനാധിപത്യപ്രക്രിയയെ സംബന്ധിച്ചും തീരുമാനമെടുക്കാനുള്ള വേദികളില്‍നിന്ന് പുറന്തള്ളപ്പെട്ടവരാണ് കേരളത്തിലെ സ്‌ത്രീകള്‍. അധികാരസ്ഥാനങ്ങളിലേക്ക് കടന്നുവരാന്‍ പഞ്ചായത്തീരാജ് നിയമത്തിലൂടെ അവര്‍ക്ക് ലഭ്യമായ അവസരം കുറേക്കൂടെ വിപുലപ്പെട്ടിരിക്കയാണിപ്പോള്‍. സ്‌ത്രീകളുടെ ഭരണശേഷി സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്, സ്‌ത്രീക്ക് സമൂഹത്തില്‍ തുല്യമായി ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നിഷേധിച്ചുകൊണ്ട് പുരുഷനൊപ്പം സാമൂഹിക വികസന പ്രക്രിയയിലും, രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും പങ്കാളികളാകാനുള്ള അവരുടെ അവകാശം നിഷേധിച്ചത് നമ്മുടെ സമൂഹംതന്നെയാണ് എന്ന വസ്‌തുത. അവസരം ലഭ്യമാകുമ്പോള്‍ മാത്രമാണ് ഏതു വിഭാഗത്തിനും ശേഷിതെളിയിക്കാനാവുക. അധികാരം കൈയാളി പരിചിതരല്ലാത്തവര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പ്രാഥമികമായ ബുദ്ധിമുട്ടുകള്‍ ആരെയുംപോലെ വനിതാ ജനപ്രതിനിധികള്‍ക്കും ഉണ്ടാകാം. കുടുംബഭാരത്തിനൊപ്പം പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങളും പേറേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടഭാരം അവരുടെ പ്രവര്‍ത്തന സാധ്യതകളെ പരിമിതപ്പെടുത്തുന്നുണ്ടാകാം. എന്നാല്‍ ഈ പരിമിതികളെ മറികടക്കുക എന്നത് അവര്‍ക്ക് മാത്രം കഴിയുന്ന ഒന്നല്ല. വനിതാ ജനപ്രതിനിധികളുടെ പൊതുപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന കുടുംബാന്തരീക്ഷവും, സാമൂഹ്യാന്തരീക്ഷവും സൃഷ്‌ടിക്കുക എന്നതാണ് ഈ പരിമിതികളെ മറികടക്കാനുള്ള വഴി. ഭരണരംഗത്ത് മുന്നനുഭവമുള്ളവരുടെ അനുഭവസമ്പത്ത് കൈമാറിയും നിരന്തരമായ പരിശീലനങ്ങളിലൂടെയും അവരുടെ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഔദ്യോഗികമായും രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. വനിതകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പംതന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനും ഉള്ള അന്തരീക്ഷമാണ് ആവശ്യം. ജനപ്രതിനിധികളായി വരുന്ന വനിതകളെ പ്രോത്സാഹിപ്പിച്ച് പൊതുപ്രവര്‍ത്തകരുടെ ഒരു പുതിയ നിരയെ വാര്‍ത്തെടുക്കുക എന്ന ഉത്തരവാദിത്തമാണ് കേരള സമൂഹത്തില്‍ ഇപ്പോഴുള്ളത്. പൊതു ഇടങ്ങള്‍ സ്‌ത്രീകള്‍ക്ക് കൂടി ഉള്ളതാണ് എന്ന ബോധമാണ് വളരേണ്ടത്.


*****

കെ രാജേഷ്, കടപ്പാട് : ദേശാഭിമാനി വാരിക

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കേരളത്തിലെ 16,100ഓളം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും 2000ലധികം ബ്ളോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും, 1750-ഓളം മുനിസിപ്പല്‍ വാര്‍ഡുകളിലും, 3100ലധികം കോര്‍പറേഷന്‍ വാര്‍ഡുകളിലും 330 ലേറെ ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലുമായി പരന്നുകിടക്കുന്ന നിയോജകമണ്ഡലങ്ങളില്‍നിന്ന് 50 ശതമാനത്തില്‍ വനിതാ പങ്കാളിത്തം വരുന്നതോടെ വലിയ ഒരു വിപ്ളവമാണ് നടക്കാനിരിക്കുന്നത്. പതിനായിരത്തിലധികം വനിതകള്‍ അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ജനപ്രതിനിധികളായി മാറുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ അധികാരസ്ഥാനങ്ങളിലുള്ള വനിതകളുടെ ഏറ്റവും ഉയര്‍ന്ന പങ്കാളിത്തമായിരിക്കും ഇത്. ചരിത്രപരമായ കാരണങ്ങളാല്‍ സമൂഹത്തിലെ വികസന പ്രക്രിയയെ സംബന്ധിച്ചും ജനാധിപത്യപ്രക്രിയയെ സംബന്ധിച്ചും തീരുമാനമെടുക്കാനുള്ള വേദികളില്‍നിന്ന് പുറന്തള്ളപ്പെട്ടവരാണ് കേരളത്തിലെ സ്‌ത്രീകള്‍. അധികാരസ്ഥാനങ്ങളിലേക്ക് കടന്നുവരാന്‍ പഞ്ചായത്തീരാജ് നിയമത്തിലൂടെ അവര്‍ക്ക് ലഭ്യമായ അവസരം കുറേക്കൂടെ വിപുലപ്പെട്ടിരിക്കയാണിപ്പോള്‍. സ്‌ത്രീകളുടെ ഭരണശേഷി സംബന്ധിച്ച സംശയങ്ങള്‍ ഉന്നയിക്കുന്നവര്‍ തിരിച്ചറിയേണ്ട ഒരു കാര്യമുണ്ട്, സ്‌ത്രീക്ക് സമൂഹത്തില്‍ തുല്യമായി ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നിഷേധിച്ചുകൊണ്ട് പുരുഷനൊപ്പം സാമൂഹിക വികസന പ്രക്രിയയിലും, രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും പങ്കാളികളാകാനുള്ള അവരുടെ അവകാശം നിഷേധിച്ചത് നമ്മുടെ സമൂഹംതന്നെയാണ് എന്ന വസ്‌തുത. അവസരം ലഭ്യമാകുമ്പോള്‍ മാത്രമാണ് ഏതു വിഭാഗത്തിനും ശേഷിതെളിയിക്കാനാവുക. അധികാരം കൈയാളി പരിചിതരല്ലാത്തവര്‍ അധികാരത്തില്‍ വരുമ്പോള്‍ ഉണ്ടാവുന്ന പ്രാഥമികമായ ബുദ്ധിമുട്ടുകള്‍ ആരെയുംപോലെ വനിതാ ജനപ്രതിനിധികള്‍ക്കും ഉണ്ടാകാം. കുടുംബഭാരത്തിനൊപ്പം പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തരവാദിത്തങ്ങളും പേറേണ്ടിവരുമ്പോള്‍ ഉണ്ടാകുന്ന ഇരട്ടഭാരം അവരുടെ പ്രവര്‍ത്തന സാധ്യതകളെ പരിമിതപ്പെടുത്തുന്നുണ്ടാകാം. എന്നാല്‍ ഈ പരിമിതികളെ മറികടക്കുക എന്നത് അവര്‍ക്ക് മാത്രം കഴിയുന്ന ഒന്നല്ല. വനിതാ ജനപ്രതിനിധികളുടെ പൊതുപ്രവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന കുടുംബാന്തരീക്ഷവും, സാമൂഹ്യാന്തരീക്ഷവും സൃഷ്‌ടിക്കുക എന്നതാണ് ഈ പരിമിതികളെ മറികടക്കാനുള്ള വഴി. ഭരണരംഗത്ത് മുന്നനുഭവമുള്ളവരുടെ അനുഭവസമ്പത്ത് കൈമാറിയും നിരന്തരമായ പരിശീലനങ്ങളിലൂടെയും അവരുടെ ശേഷി വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഔദ്യോഗികമായും രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്. വനിതകള്‍ക്ക് പുരുഷന്മാര്‍ക്കൊപ്പംതന്നെ സാമൂഹ്യ പ്രവര്‍ത്തനത്തിനും പൊതുപ്രവര്‍ത്തനത്തിനും ഉള്ള അന്തരീക്ഷമാണ് ആവശ്യം. ജനപ്രതിനിധികളായി വരുന്ന വനിതകളെ പ്രോത്സാഹിപ്പിച്ച് പൊതുപ്രവര്‍ത്തകരുടെ ഒരു പുതിയ നിരയെ വാര്‍ത്തെടുക്കുക എന്ന ഉത്തരവാദിത്തമാണ് കേരള സമൂഹത്തില്‍ ഇപ്പോഴുള്ളത്. പൊതു ഇടങ്ങള്‍ സ്‌ത്രീകള്‍ക്ക് കൂടി ഉള്ളതാണ് എന്ന ബോധമാണ് വളരേണ്ടത്.