Sunday, September 12, 2010

വൈലോപ്പിള്ളിക്കവിതയുടെ സാമൂഹിക ഭൂമിക

പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന സമ്മേളനം (ആലപ്പുഴ - 1983) ഉല്‍ഘാടനം ചെയ്‌തു പ്രസംഗിക്കവേ ഇ.എം.എസ്. എഴുത്തുകാരോട് ചോദിച്ചു: "മനുഷ്യരാശിയുടെ പൂര്‍ണനാശത്തില്‍ കലാശിക്കാനിടയുള്ള അണ്വായുധ ഭീഷണിയോട് നിങ്ങള്‍ എന്തുകൊണ്ടു പ്രതികരിക്കുന്നില്ല?''

ഉത്തരം പറഞ്ഞത് വൈലോപ്പിള്ളി : ഇ.എം.എസിനെപ്പോലെ യുദ്ധഭീഷണിയെപ്പറ്റി സദാ ചിന്തിക്കാന്‍ വേണ്ട അനുഭൂതി എനിക്കുണ്ടായിട്ടില്ല. സ്വന്തം അനുഭൂതിയുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമേ ഞാന്‍ എഴുതൂ.

ഈ ആശയം സൃഷ്‌ടിച്ചേക്കാവുന്ന വിവാദം വൈലോപ്പിള്ളിയുടെ സാഹിത്യവീക്ഷണത്തെക്കുറിച്ച് തെറ്റായ ധാരണകളില്‍ എത്തിയേക്കാമെന്ന് ഇ.എം.എസ്. സംശയിച്ചു. അദ്ദേഹം എഴുതുന്നു: "ദന്തഗോപുരവാസികളായ പല നിരൂപകരെയും സാഹിത്യകാരന്മാരെയും പോലെ ചുറ്റും നടക്കുന്ന സംഭവങ്ങളില്‍നിന്ന് അകന്നൊതുങ്ങി ആത്‌മസംതൃപ്‌തിക്കുവേണ്ടി മാത്രം കവിതകള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരാളാണ് വൈലോപ്പിള്ളി എന്ന് അവര്‍ ധരിച്ചേക്കാം.'' തുടര്‍ന്നദ്ദേഹം അതിശക്തമായ ഒരു വാക്യം കുറിക്കുന്നു "എനിക്ക് അന്നും ആ സംശയം ഉണ്ടായിരുന്നില്ല.'' പ്രാദേശികവും ദേശീയവും രാഷ്‌ട്രാന്തരീയവുമായ സമകാലിക സംഭവങ്ങളോട് പ്രതികരിക്കുന്ന വൈലോപ്പിള്ളിയുടെ ചില കവിതകള്‍ ഉദ്ധരിച്ച് കവിയിലുള്ള തന്റെ വിശ്വാസം ഇ.എം.എസ്. ഉറപ്പിക്കുന്നുണ്ട്.

ഈ 'അനുഭൂതി'യും 'ഞാനൊരു വെറും സൌന്ദര്യാത്‌മക കവി മാത്രം' എന്ന കവിവാക്യവും അവയുടെ വാച്യാര്‍ഥത്തില്‍ വിലയിരുത്തനാവില്ല. അനുഭൂതിക്ക് പല അര്‍ഥതലങ്ങളുണ്ട്. കേവലമായ അനുഭവമോ ആസ്വാദനമോ മാനസികോത്തേജനമോ അല്ലിത്. അനുഭൂതി ചതുഷ്‌ടയം എന്ന് കാവ്യമീമാംസകര്‍ വിശദീകരിച്ചിട്ടുണ്ട്. പ്രത്യക്ഷം, അനുമിതി, ഉപമിതി, ശബ്‌ദം എന്നിങ്ങനെ. ഇന്ദ്രിയങ്ങള്‍ വഴിയുള്ള പ്രത്യക്ഷജ്ഞാനം പ്രത്യക്ഷം. അനുമിതി, തോന്നല്‍ അഥവാ ഊഹം. ഉപമിതി സാദൃശ്യമാണ്. ഇവയിലൂടെ ലഭിക്കുന്ന ഉള്ളുണര്‍വായി അനുഭൂതിക്ക് സാമാന്യമായ അര്‍ഥകല്‍പന നല്‍കാം. സൌന്ദര്യാത്‌മകതയ്‌ക്ക് പല മാനങ്ങളുണ്ട്. ബാഹ്യസൌന്ദര്യവും ആന്തരികസൌന്ദര്യവുമുണ്ട്. ബാഹ്യസൌന്ദര്യം പ്രകൃതി പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ടതാണ്. കവിതയുടെ രൂപപ്പൊലിമയായും കരുതാം. ആഭ്യന്തരസൌന്ദര്യമാകട്ടെ, കവിതയുടെ അന്തഃചൈതന്യമാകുന്നു - ഭാവപരമായ സവിശേഷത. വൈരൂപ്യത്തിലും സൌന്ദര്യം ദര്‍ശിക്കുന്ന കവി പ്രപഞ്ചത്തിന്റെ വ്യാഖ്യാതാവാകുന്നത് ഈ അവസരത്തിലാണ്. പൂവില്‍ കാണുന്ന വര്‍ണശബളിമയല്ല വൈലോപ്പിള്ളിയുടെ കാവ്യസൌന്ദര്യം. അത് ജീവിതം തന്നെയാണ്.

ഈ ആശയങ്ങള്‍ ഉരുത്തിരിയാന്‍ പ്രേരകമായ സാഹചര്യങ്ങള്‍ കവി വിവരിക്കുന്നു: “ഞാന്‍ കേരളത്തിലൊരു നാട്ടിന്‍പുറത്ത് ജനിച്ചു വളര്‍ന്നതാണ് എന്റെ കവിതയുടെ ഏറ്റവും വലിയ ഭാഗ്യം എന്നു തോന്നുന്നു. (എന്റെ ഗ്രാമം - വിത്തും കൈക്കോട്ടും - 1956) പക്ഷേ അന്ന്, ഇളംപ്രായത്തില്‍, ഞാന്‍ കണ്ട നാട്ടിന്‍പുറം നാള്‍തോറും നിറങ്ങളുടെയും നാദങ്ങളുടെയും ഗന്ധങ്ങളുടെയും നവം നവങ്ങളായ അല്‍ഭുതങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്ന, അമ്മയെപ്പോലെ സ്‌നേഹം നിറഞ്ഞ, ഒരു കൊച്ചു ലോകമായിരുന്നു. ഇന്നും അതിന്റെ മധുരസ്‌മരണകളാണ് എന്റെ കവിതയുടെ ഈടുറ്റ കൈമുതല്‍. ഗ്രാമപ്രകൃതിയോടു കൂറുറ്റ അകൃത്രിമ രചനകള്‍ നമ്മുടെ ഭാഷയില്‍ നന്നേ കുറവാണെന്നാണ് എന്റെ എപ്പോഴുമുള്ള പരാതി.”
കാല്‍ നൂറ്റാണ്ടിനുശേഷം മകരക്കൊയ്‌ത്തിന്റെ ആമുഖത്തില്‍ കവി കുറിക്കുന്നു: “വ്യക്തിഗതങ്ങളായ അനുഭൂതികളെയാണ് കവിതയെഴുത്തിന്റെ ആരംഭഘട്ടങ്ങളില്‍ ഞാന്‍ ആശ്രയിച്ചിരുന്നത് 'മാമ്പഴം' ഉദാഹരണം. എന്നാല്‍ അന്നും പാവങ്ങളുടെ ക്ളേശങ്ങളെപ്പറ്റി എഴുതുക എന്റെ മനസ്സിന്റെ മറ്റൊരു സവിശേഷപ്രവണതയായിരുന്നു. പുരോഗമനസാഹിത്യത്തിന്റെ കാറ്റടിക്കുന്നതിനുമുന്‍പു തന്നെ ഇതാരംഭിച്ചിരുന്നു. പിന്നീട് ഈ ചായ്‌വ് ഒരുതരം സാമൂഹിക പ്രതിബദ്ധതയുടെ രൂപംകൊണ്ടു. ദേശീയ സ്വാതന്ത്ര്യസമരം രണ്ടാം ലോകയുദ്ധം, കമ്യൂണിസത്തിന്റെ വൈദ്യുതി നിറഞ്ഞ അന്തരീക്ഷം മുതലായവ പ്രേരകങ്ങളായിരിക്കാം.” അതായത് ഗ്രാമാന്തരീക്ഷത്തില്‍ കാവ്യജീവിതം മുളപ്പിച്ചെടുത്ത്, വ്യഷ്‌ടിയില്‍ നിന്ന് സമഷ്‌ടിയിലേക്കുള്ള വളര്‍ച്ച. വൈലോപ്പിള്ളിയുടെ കാവ്യജീവിതത്തിന്റെ പൊരുള്‍ ഇവിടെ കണ്ടെത്താം.

ഏതെങ്കിലും പ്രത്യശാസ്‌ത്രത്തിന്റെ പിന്‍ബലത്തോടെയല്ല വൈലോപ്പിള്ളി കവിത എഴുതിത്തുടങ്ങിയത്. വ്യക്തിപരമായ അനുഭവങ്ങളാണ് അതിനു പ്രേരകമെങ്കിലും ഗ്രാമാന്തരീക്ഷമാണ് പശ്ചാത്തലം. മണ്ണും മനുഷ്യനും കാര്‍ഷികാധ്വാനവും എന്നും കവിയുടെ കാവ്യമനസ്സിന് വിഷയമായിരുന്നു. കവിയുടെ വാക്കുകള്‍: “കവിതയില്‍ എന്നെ മുലപ്പാലൂട്ടിയത് വടക്കന്‍പാട്ടാണ്. അന്നെനിക്ക് നാലഞ്ചു വയസ്സുകാണും. നിശബ്‌ദയാമത്തില്‍ ഒരമ്മൂമ്മയുടെ മധുരകണ്ഠത്തില്‍നിന്നുവാര്‍ന്നുവീഴുന്ന ആ പാട്ടുകളുടെ ചന്തവും ചുണയുമുള്ള ഈണത്തിലലിഞ്ഞ്, പരമാനന്ദമനുഭവിച്ച് പാതിരാവുവരെ ഞാന്‍ ഉറങ്ങാതെ കിടക്കാറുണ്ട്. ഇന്നും പുതുമഴക്കാലത്ത് പാടത്തുനിന്ന് അതേ പാട്ടുകള്‍ പാടിക്കേള്‍ക്കുമ്പോള്‍, ഞാന്‍ വീരാഹ്ളാദഭരിതനായി വഴിയരികില്‍ നിന്നു പോകാറുണ്ട്.” വടക്കന്‍പാട്ടിലെ തെളി മലയാളമാണ് തനിക്കിഷ്‌ടപ്പെട്ട ഭാഷാരീതിയെന്ന് കവി രേഖപ്പെടുത്തുന്നു. 'പടയാളികള്‍' എന്ന കൃഷിപ്പണിക്കാരുടെ പാട്ടിലെ

"പാടുകയാണിവള്‍ പാലാട്ടുകോമന്റെ
നീടുറ്റ വാളിന്‍ നിണപ്പുഴക്കേളികള്‍''

എന്ന വരികള്‍ ഈ ആശയം അന്വര്‍ഥമാക്കുന്നു. കൃഷി ഭൂമിയോട്, അവിടെ വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന തൊഴിലാളികളോട്, അവരുടെ അധ്വാനത്തിന്റെ ഫലമായി മുളച്ചുവളരുന്ന കാര്‍ഷികവിളകളോട് കവി ചേതന എത്രയേറെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാന്‍ വൈലോപ്പിള്ളിക്കൃതികളുടെ ശീര്‍ഷകങ്ങള്‍ നോക്കിയാല്‍ മതി. കന്നിക്കൊയ്‌ത്ത്, വിത്തും കൈക്കോട്ടും, ഓണപ്പാട്ടുകാര്‍, കുടിയൊഴിക്കല്‍, കുന്നിമണികള്‍, കയ്‌പവല്ലരി, മകരക്കൊയ്‌ത്ത് എന്നിങ്ങനെയാണ് കൃതികളുടെ പേരുകള്‍. കൃഷിപ്പാടവും അവിടത്തെ പണിയാളരും കവിയുടെ സര്‍ഗാത്‌മക ജീവിതത്തിന്റെ ഭാഗമാണ്. അധ്വാനം കൈമുതലായുള്ള കീഴാളവര്‍ഗത്തിന്റെ ആത്‌മശുദ്ധിയും അവരുടെ വിയര്‍പ്പിന്റെ വിലയും കവിമനസ്സിന് എക്കാലവും പ്രചോദനമായിരുന്നു.

"പൊന്നുഷസ്സിന്റെ കൊയ്‌ത്തില്‍ നിന്നൂരി-
ച്ചിന്നിയ കതിര്‍ ചുറ്റും കിടക്കെ
മേവി കൊയ്‌ത്തുകാര്‍ പുഞ്ചയില്‍, ഗ്രാമ
ജീവിതകഥാനാടക ഭൂവില്‍''

'കന്നിക്കൊയ്‌ത്തി'ലെ ഈ ആദ്യ വരികളില്‍ ആരംഭിക്കുന്ന കാര്‍ഷികമഹത്വം വൈലോപ്പിക്കവിതയിലെ ജീവചൈതന്യമായി വളരുന്നു; വര്‍ത്തിക്കുന്നു. തൊഴിലാളികളോടുള്ള കവിയുടെ ഹൃദയബന്ധം അനുഭവകേന്ദ്രിതവും സ്വാഭാവികവുമാണ്. ഭൂമിയോട് പടവെട്ടുന്ന പടയാളികളായി കവി അവരെ കരുതുന്നു.

"പാതിരാക്കോഴിവിളിപ്പതും കേള്‍ക്കാതെ
പാടത്തു പുഞ്ചയ്‌ക്കു തേവുന്നു രണ്ടുപേര്‍
ഒന്നൊരു വേട്ടവന്‍, മറ്റേതവന്‍ വേട്ട
പെണ്ണിവര്‍ പാരിന്റെ പാദം പണിയുവോര്‍
.........................
പഞ്ചഭൂതങ്ങളോടങ്കമാടീടുമീ-
പ്പഞ്ചമരത്രേ പെരും പടയാളികള്‍''

അധഃസ്ഥിതരായ പഞ്ചമരാണ് പാരിന്റെ പാദം പണിയുന്നവര്‍ എന്ന കവിവാക്യത്തില്‍ തൊഴിലാളിവര്‍ഗ
പ്രത്യയശാസ്‌ത്രമാണ് പ്രകാശോജ്വലമാകുന്നത്.

"പാട്ടുകള്‍ പാടിക്കെടുത്തുന്നു തന്വംഗി
കൂട്ടുകാരന്റെ തണുപ്പും തളര്‍ച്ചയും.''

എന്ന വരികളില്‍ കലയും അധ്വാനവും തമ്മിലുള്ള ബന്ധവും സ്‌ത്രീയുടെ ഊര്‍ജസ്വലമായ വ്യക്തിത്വവും എടുത്തു കാണിക്കുന്നു.

"ആരാണു വീറോടെ പോരാടുമീരണ്ടു
പോരാളിമാര്‍കളെപ്പാടിപ്പുകഴ്ത്തുവാന്‍''

കവിയുടെ ഈ ചോദ്യം അധ്വാനത്തെ പ്രകീര്‍ത്തിക്കാത്ത, അതിന്റെ സാമൂഹിക പ്രാധാന്യം മനസ്സിലാകാത്ത ശുദ്ധ കലാസാഹിത്യവാദികളോടാണ്. 'ആസാംപണിക്കാര്‍' എന്ന കവിതയില്‍ ജീവിതമാര്‍ഗം തേടി നാടുവിടുന്ന തൊഴിലാളികളുടെ ആത്‌മസ്‌പന്ദനങ്ങള്‍ കവി ആവിഷ്‌ക്കരിക്കുന്നു.

"ഇവിടെ ഞങ്ങള്‍ക്കീപ്പഴയ മണ്ണില്‍ത്താ-
നിനിയും ജീവിതം പടര്‍ത്തുകില്‍ പോരും
ഉദരത്തിന്‍ പശി കെടുത്താന്‍ പോയ് ഞങ്ങള്‍;
ഹൃദയത്തിന്‍ വിശപ്പടക്കുവാന്‍ പോന്നു
നിറഞ്ഞിരിക്കിലും ദരിദ്രമീരാജ്യം,
നിറത്തിരിക്കിലും വികൃത,മെങ്കിലും
ഇവിടെ സ്‌നേഹിപ്പാ,നിവിടെ യാശിപ്പാ-
നിവിടെ ദുഃഖിപ്പാന്‍ കഴിവതേ സുഖം''

വിശപ്പടക്കാന്‍ തൊഴില്‍തേടി പുറംനാട്ടില്‍ പോയ തൊഴിലാളികള്‍ ഹൃദയത്തിന്റെ വിശപ്പടക്കാന്‍ തിരികെ നാട്ടിലെത്തുന്നു. എന്തെങ്കിലും ജീവിതവേദനകള്‍ അനുഭവിക്കേണ്ടി വന്നാലും സ്‌നേഹിക്കാനും ആശിക്കാനും ദുഃഖിക്കാനും സ്വന്തം നാടുതന്നെ വേണം. പിറന്ന മണ്ണിനോടുള്ള ഈ കൂറ് തൊഴിലാളിവര്‍ഗബോധത്തിന്റെയും സംസ്‌ക്കാരത്തനിമയുടെയും തെളിവാണെന്ന് കവി സമര്‍ഥിക്കുന്നു. ഇത് കവിയുടെ അഗാധമായ ദേശസ്‌നേഹത്തിന്റെ പ്രത്യക്ഷീകരണം കൂടിയാകുന്നു. അശരണരോട്, ചുഷിതരോട്, കീഴാള ജനതയോട്, ദരിദ്രരോട് വൈലോപ്പിള്ളിക്ക് എപ്പോഴും സഹതാപമുണ്ട്. 1941-ല്‍ എഴുതിയ 'അരിയില്ലാഞ്ഞിട്ട് ' എന്ന കവിത ഉദാഹരണം. പാവപ്പെട്ട ഒരാള്‍ മരിക്കുന്നു. ശവദാഹത്തിന് കരക്കാര്‍ തയ്യാറാകുന്നു. അന്ത്യകര്‍മത്തിന്റെ ഭാഗമായി ശവശരീരത്തിനു ചുറ്റും തൂവാന്‍ അല്‍പം ഉണക്കലരി വേണം. ഈ ആവശ്യം ദുഃഖാര്‍ത്തമായ കുടംബിനിയെ അറിയിച്ചപ്പോള്‍ അവരുടെ മറുപടി:

"അരിയുണ്ടെന്നാലങ്ങോ-
രന്തരിക്കുകില്ലല്ലോ''

ദാരിദ്ര്യം ചവച്ചുതുപ്പി ചണ്ടിയാക്കിയ ഒരു കുടുംബത്തിന്റെ അതിദയനീയമായ ചിത്രീകരണത്തിലൂടെ അന്നത്തെ സാമൂഹികാവസ്ഥ കവി അവതരിപ്പിക്കുന്നു.

വൈലോപ്പിള്ളിയുടെ കാവ്യദര്‍ശനം അദ്ദേഹത്തിന്റെ സാമൂഹികവീക്ഷണത്തിന്റെ സര്‍ഗാത്‌മക ഉല്‍പന്നമാണ്. എഴുത്തുകാരന്റെ ലക്ഷ്യബോധത്തെക്കുറിച്ച് കവിക്കു സംശയമില്ല. വ്യക്തിയില്‍നിന്ന് സമൂഹത്തിലേക്കു വളരുന്ന ജീവിതോല്‍ക്കര്‍ഷമാണിത്. ചരിത്രപരമായ ഒരു പരിണാമപ്രക്രിയ. 'പന്തങ്ങള്‍' ഇതിനു നിദര്‍ശനം. 'കുടിയൊഴിക്കലി'ല്‍ സ്വാഭിമാനപ്രേരിതനായ കവി ആദ്യം 'ഞാന്‍' മാത്രമായിരുന്നു തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതശക്തിയുടെ വീറ് നേരിട്ട് മനസ്സിലാക്കിയ ഇടത്തരം ബുദ്ധിജീവിയായ കവി 'ഞങ്ങള്‍' എന്ന സംഘടിതബോധത്തിന്റെയും മനുഷ്യക്കൂട്ടായ്‌മയുടെ സംജ്ഞ ഉച്ചരിക്കാന്‍ പ്രാപ്‌തനായി. സത്യവും സൌന്ദര്യവും ഒരേ അര്‍ഥത്തില്‍ കവി പരിഗണിക്കുന്നു. ജീവിതസത്യങ്ങള്‍ കവിയുടെ ഉള്ളുണര്‍ത്തുന്നു. ഉള്ളുണര്‍ത്തല്‍ അനുഭൂതിസാന്ദ്രമായ മാനസികവ്യാപാരമായി മാറുന്നു. ഇതത്രേ പ്രതിഭ. വിചാരവികാരങ്ങള്‍ ഇവിടെ സമന്വയിക്കുന്നു. വിചാരം സാമൂഹികപ്രശ്‌നങ്ങളിലേക്ക് വേരോടുകയും വികാരം ആവിഷ്‌ക്കാരത്തിന്റെ ഭാവതീവ്രതയിലേക്ക് ഇതള്‍ വിരിയുകയും ചെയ്‌തു എന്നിടത്താണ് വൈലോപ്പിള്ളിക്കവിതയുടെ സ്വത്വം വെളിവാകുന്നത്.

ചങ്ങമ്പുഴയുടെ നേതൃത്വത്തില്‍ കാല്‍പനിക പ്രവണത നിറഞ്ഞൊഴുകുന്ന കാലം. ചങ്ങമ്പുഴക്കവിതകളില്‍ അഭിരമിച്ചു ഹൃദയാഹ്ളാദത്തിന്റെ ആഴവും പരപ്പും വര്‍ധിപ്പിച്ച സഹൃദയര്‍. യുവകവികള്‍ ചങ്ങമ്പുഴ തുറന്ന പാതയിലൂടെ സഞ്ചരിക്കുന്നു. നവഭാവുകത്വത്തിന്റെ വര്‍ണപ്പൊലിമയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കവേ വൈലോപ്പിള്ളി ആശാന്റെയും വള്ളത്തോളിന്റെയും ഉള്ളൂരിന്റെയും പിന്‍മുറക്കാരനായി തനതായ കാവ്യമാര്‍ഗം കണ്ടെത്തി, കരളുറപ്പോടെ സഞ്ചരിക്കുകയായിരുന്നു. ആശാന്റെ വിപ്ളവകരമായ സാമൂഹികപരിവര്‍ത്തനബോധവും വള്ളത്തോളിന്റെ സ്വാതന്ത്ര്യസമര പങ്കാളിത്തവും ഭാരതീയ സാംസ്‌ക്കാരിക പൈതൃകത്തോടുള്ള ഉള്ളൂരിന്റെ ഉല്‍ക്കടമായ ആഭിമുഖ്യവും വൈലോപ്പിള്ളിയെ സ്വാധീനിക്കുകയുണ്ടായി. സ്വാധീനം അനുകരണത്തിലേക്ക് വഴുതി മാറാതിരുന്നതാണ് അദ്ദേഹത്തിന്റെ കാവ്യസ്വത്വബോധത്തെ പ്രോജ്വലമാക്കിയത്.

കവിത്രയത്തിനുശേഷം മലയാളകവിത സമൂഹനിഷ്‌ഠവും തൊഴിലാളിവര്‍ഗപ്രേരിതവും ആയ ജീവിതബോധത്തിന്റെ മൌലികശബ്‌ദം ശക്തമായി കേട്ടത് ഇടശ്ശേരിയില്‍ നിന്നും വൈലോപ്പിള്ളിയില്‍ നിന്നുമാണ്. വിപ്ളവകരമായ ഈ ജനകീയാശയത്തിന്റെ മൂര്‍ത്തതകൊണ്ടും അന്തഃസ്‌പര്‍ശിയായ പോരാട്ടവീര്യംകൊണ്ടും ചടുലവും സമുജ്വലവുമാണ് ഇടശ്ശേരിക്കവിത. ഇതിനാധാരമായ പ്രത്യയശാസ്‌ത്രം ഇടശ്ശേരിയുടെ തൂലികയ്‌ക്ക് മൂര്‍ച്ചകൂട്ടി. വൈലോപ്പിള്ളിയാകട്ടെ ഇത്തരമൊരു പ്രത്യയശാസ്‌ത്രത്തിന്റെ സാന്നിധ്യത്തെക്കുറിച്ച് മൌനം ദീക്ഷിച്ചു. പരോക്ഷമായി അതദ്ദേഹത്തിന്റെ കാവ്യസപര്യയെ കാമ്പോടു കാമ്പ് സ്‌പര്‍ശിച്ചു നില്‍ക്കുകയും ചെയ്‌തു. അതിന്റെ ഉള്‍ക്കനവും സാര്‍വജനീനത്വവുമാണ് വൈലോപ്പിള്ളിക്കവിതയെ ശക്തവും സമ്പന്നവും കാലത്തിന്റെ സ്‌പന്ദനവും ആക്കിയത്.

പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ പരോക്ഷമായ സ്വാധീനം അധ്വാനശീലരായ തൊഴിലാളികളുടെയും നിസ്വജനങ്ങളുടെയും ജീവിതയാതനകള്‍ ഒപ്പിയെടുക്കാന്‍ തന്നെ പ്രാപ്‌തനാക്കിയെന്ന് നിറഞ്ഞ മനസ്സോടെ കവി പറയുന്നുണ്ട്. പില്‍ക്കാലത്ത് പുരോഗമനസാഹിത്യസംഘടനയുടെ തുടര്‍ച്ചയായ ദേശാഭിമാനി സ്‌റ്റഡിസര്‍ക്കിളിന്റെയും പുരോഗമനകലാസാഹിത്യ സംഘത്തിന്റെയും അധ്യക്ഷനായിരുന്ന് തന്റെ കാവ്യസംസ്‌ക്കാരദൌത്യം നിറവേറ്റിയത് ചരിത്രപരമായ മറ്റൊരു നിയോഗം.

സമൂഹത്തിനുവേണ്ടി വിയര്‍പ്പും രക്തവും തര്‍പ്പണം ചെയ്യുന്ന അധ്വാനികളായ മണ്ണിന്റെ മക്കള്‍ ഇടശ്ശേരിയിലെന്നപോലെ വൈലോപ്പിള്ളിയുടെയും മനസ്സിന്റെ അകത്തളങ്ങളില്‍ ഇടം കണ്ടെത്തിയിരുന്നു. ആധുനിക മലയാള കവികളില്‍ പ്രാമാണികരായ പലരും തള്ളിക്കളഞ്ഞ ജീവിതപ്രപഞ്ചമാണിതെന്നും അറിയുക. കാല്‍പനികതയുടെ ശബളാഭമായ രസനീയാംശങ്ങളില്‍ കാവ്യചേതനയെ മേയാന്‍ വിടാതെ ജീവിത യാഥാര്‍ഥ്യങ്ങളുടെ പരുപരുത്ത പച്ചക്കുന്നുകളിലേക്ക് കയറിചെല്ലാനാണ് വൈലോപ്പിള്ളി തയ്യാറായത്. കവിത്രയത്തിനുശേഷം കവിതയില്‍ പൌരുഷത്തിന്റെ മൂപ്പും മുഴക്കവുമുള്ള ശബ്‌ദം കേള്‍ക്കുന്നത് വൈലോപ്പിള്ളിക്കവിതയിലാണ്. മുഖാവരണം എടുത്തണിയാതെ, മനസ്സിന്റെ ഉള്ളറകള്‍ തുറന്നുകാണിക്കുന്ന വൈലോപ്പിള്ളി മലയാളകവിതയ്‌ക്ക് പുതിയ മാനങ്ങള്‍ പണിതുയര്‍ത്തി. ഇടപ്പള്ളിക്കവികളുടെ കവിതകളിലെ അതിഭാവുകത്വവും അതിരുകടന്ന സ്വപ്‌നസങ്കല്‍പങ്ങളും പരാജയബോധവും ഭര്‍ത്സനവും ജീവിത്തോടും മരണത്തോടും മാറിമാറിയുള്ള അനുരാഗനിവേദനങ്ങളും വള്ളത്തോള്‍ക്കവിതയുടെ സ്വാധീനത്തില്‍പ്പെട്ട് തങ്ങളില്‍ ചിലരെ വേണ്ടത്ര ആകര്‍ഷിച്ചില്ലെന്ന് വൈലോപ്പിള്ളി എഴുതുന്നു. അന്ന് ഭാരതീയജനത ഒന്നാകെ സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയില്‍ വെന്തുരുകുകയായിരുന്നു. ഗുരുസ്ഥാനീയനായ വള്ളത്തോള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിത്തീരുകയും ചെയ്‌തു. എന്നാല്‍ സ്വാതന്ത്ര്യപ്രേമിയും ഉല്‍പതിഷ്‌ണുവുമായ വൈലോപ്പിള്ളി എന്തേ സ്വാതന്ത്ര്യസമരത്തിന്റെ കണ്ണിയായില്ല? പ്രസക്തമായ ചോദ്യം. കവിയുടെ വ്യക്തിത്വം അപഗ്രഥിച്ചാലേ ഉത്തരം ലഭിക്കയുള്ളൂ. സ്വതേ അന്തര്‍മുഖനാണ് കവി. ആള്‍ക്കൂട്ടത്തില്‍ അദ്ദേഹത്തെ കാണുകയില്ല. പ്രഗല്‍ഭരായ മിക്ക സാഹിത്യകാരന്മാരും പുരോഗമനസാഹിത്യപ്രസ്ഥാനത്തില്‍ അണിനിരന്നപ്പോള്‍ അരങ്ങില്‍ വൈലോപ്പിള്ളിയെ കാണുകയുണ്ടായില്ല. പ്രസ്ഥാനത്തിന് അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചില്ല. അതേസമയം രണ്ടാം ലോകയുദ്ധത്തിന്റെ കെടുതികള്‍ കവിമനസ്സിനെ മഥിക്കുകയും ചെയ്‌തു. രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രങ്ങളുമായി കവി മനസ്സ് പൊരുത്തപ്പെടുന്നില്ലേ? രാഷ്‌ട്രീയം, സാഹിത്യത്തില്‍നിന്ന് അന്യമെന്ന് കവി കരുതുന്നുണ്ടോ? ഇല്ലെന്ന് അദ്ദേഹത്തിന്റെ കാവ്യപ്രപഞ്ചം വ്യക്തമാക്കുന്നു.

ജനമനസ്സുകളില്‍ പൊടിച്ചുവളര്‍ന്ന പുരോഗമന രാഷ്‌ട്രീയ പ്രസ്ഥാനം കവിമനസ്സിന്റെ അന്തര്‍മണ്ഡലങ്ങളില്‍ പ്രകാശം ചൊരിഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍നിന്ന് മൌനമായി ആര്‍ജിച്ച ദേശീയപ്രബുദ്ധത പല കവിതകളില്‍ പ്രതിധ്വനിക്കുകയുണ്ടായി. ഗാന്ധിയന്‍ ദര്‍ശനത്തിന്റെ സ്‌പന്ദനം ചില കവിതകളില്‍ കാണാമെങ്കിലും തന്റെ ഗുരുനാഥനായി വള്ളത്തോള്‍ മഹാത്‌മാഗാന്ധിയെ മനസ്സില്‍ പ്രതിഷ്‌ഠിച്ചെങ്കിലും അത്തരം സമീപനം വൈലോപ്പിള്ളിയില്‍ കാണാനായില്ല. ബാഹ്യപ്രകടനത്തിലല്ല ആന്തരികചോദനയിലാണ് കവിമനസ്സ് മുഴുകി നിന്നത്. ഇതിനര്‍ഥം വ്യക്തി ജീവിതത്തിലും കാവ്യജീവിതത്തിലും അത്യസാധാരണമായ വ്യക്തിത്വം വൈലോപ്പിള്ളി കാത്തുസൂക്ഷിച്ചിരുന്നു എന്നത്രേ..

കവിത പ്രസ്‌പഷ്‌ടമായ രാഷ്‌ട്രീയ പ്രചാരണായുധമാക്കുന്നില്ലെങ്കിലും വൈലോപ്പിള്ളിയുടെ മുഖ്യകവിതകളില്‍ പലതിന്റെയും അന്തര്‍ധാര രാഷ്‌ട്രീയദര്‍ശനമാണ്. പുരോഗമനസാഹിത്യസംഘടനയുടെ നേതൃത്വം വഹിക്കുന്നതിനുമുന്‍പു തന്നെ ഈ കവിതകള്‍ രചിച്ചിരുന്നു. അത്യന്തം മാനവികമായ ഈ കവിതകളില്‍ ത്രസിച്ചുനില്‍ക്കുന്നത് പുരോഗമനരാഷ്‌ട്രീയത്തിന്റെ പ്രത്യയശാസ്‌ത്രമാണ്. അവയുടെ ഭാവരൂപാത്‌മകമായ സൌന്ദര്യഘടന പ്രത്യേകം ശ്രദ്ധേയമാകുന്നു. തന്റെ ചുറ്റുപാടുകളില്‍ തുടിക്കുന്ന ജീവിതസ്‌പന്ദനങ്ങളുടെ സജീവസാന്നിധ്യം വൈലോപ്പിള്ളിക്കവിതയില്‍ കാണാം.

കവിയില്‍ തഴച്ചുനില്‍ക്കുന്ന ശാസ്‌ത്രബോധം പ്രകൃതിയുടെ വൈവിധ്യസ്വരൂപങ്ങളുമായി പൊരുത്തപ്പെടുത്താന്‍ കവി ശ്രമിക്കുന്നു. കവിയുടെ ഭൌതികേച്‌ഛയുടെ പ്രകടിതഭാവമാണിത്. കവി മറ്റൊരു മാനസികാവസ്ഥ കൂടി സൂചിപ്പിക്കുന്നു. "ആധ്യാത്‌മികം എന്നു പറയുന്ന മേഖലയില്‍ ഏറെക്കുറെ എന്റെ കവിതകള്‍ ഒഴിഞ്ഞുനില്‍ക്കുന്നു. നമുക്ക് തികച്ചും പിടികിട്ടാത്ത ഈശ്വരചൈതന്യം പ്രപഞ്ചത്തെയാകെ അണുപ്രാണിതമാക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈശ്വരസാക്ഷാല്‍ക്കാരത്തെക്കുറിച്ച് ഞാന്‍ ഉല്‍ക്കണ്ഠപ്പെടാറില്ല. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം മോക്ഷമാണെന്നും എനിക്കു തോന്നിയിട്ടില്ല. ആധ്യാത്‌മികതലത്തില്‍പെടുത്തിക്കാണാറുള്ള മറ്റുപലതും - പ്രാര്‍ഥന, യോഗം, ധ്യാനം, സാധന, ദേവാലയദര്‍ശനം എന്നിവ തൊട്ട് സദാചാരം വരെ എല്ലാം ഞാന്‍ ആദരിക്കുന്നു. മനുഷ്യജീവിതത്തെ വിമലവും സ്വസ്ഥവും ഉല്‍കൃഷ്‌ടവുമാക്കാന്‍ ഇവയില്‍ ഏതെല്ലാം ഉതകുമോ, അവയെ ഞാന്‍ വിലമതിക്കുന്നു. അവയെ ഭൌതികതലത്തില്‍പെടുത്തുകയും ചെയ്യുന്നു. സ്വര്‍ഗനരകങ്ങളെക്കുറിച്ചോ ജന്മജന്മാന്തരങ്ങളെക്കുറിച്ചോ ചിന്തിച്ച് ഞാന്‍ വ്യാകുലപ്പെടാറില്ല. എന്റെ ജീവിതം മരണത്തോടുകൂടി, കെട്ടതിരിയിലെ നാളംപോലെ നശിക്കുന്നു എന്നു ദൃഢമായ ഒരു തോന്നല്‍മാത്രമുണ്ട്. അത്രത്തോളം ഈ കൈയില്‍ കിട്ടിയ ജീവിതത്തെക്കുറിച്ചുള്ള എന്റെ ഉത്തരവാദിത്തം ഏറുന്നതായും തോന്നുന്നു'' (മകരക്കൊയ്‌ത്ത്). ഇത്രയും മതി വൈലോപ്പിള്ളിയുടെ ജീവിതവീക്ഷണം വ്യക്തമാകാന്‍.

നിസ്വവര്‍ഗത്തോടുള്ള സഹാനുഭൂതി, ശുഭാപ്‌തി വിശ്വാസം, സഹജീവികളോടുള്ള സ്‌നേഹവും സഹതാപവും വിശ്വാസവും - വൈലോപ്പിള്ളിക്കവിതയുടെ ഇതര മഹത്വങ്ങളാണിവ. നെഞ്ചുകീറി 'നേരിനെ ക്കാട്ടാന്‍' വെമ്പല്‍ക്കൊള്ളുന്ന കവി വിശ്വമാനവികതയുടെ പ്രയോക്താവും പ്രചാരകനുമാണ്. ഈ മാനവികതയുടെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന മൂല്യബോധമാണ് അദ്ദേഹത്തിന്റെ കവിതകളെ ദീപ്‌തിമത്താക്കുന്നത്. മനുഷ്യജീവി, മധ്യവര്‍ഗത്തില്‍പെട്ട ബുദ്ധിജീവി എന്നീ നിലകളില്‍ വൈലോപ്പിള്ളിയില്‍ എരിയുന്ന അന്തഃസംഘര്‍ഷങ്ങളുടെ ആഴം 'കുടിയൊഴിക്കലി'ല്‍ (1952) നാം വായിച്ചെടുക്കുന്നു. ഈ ദാര്‍ശനിക കാവ്യത്തില്‍ ജീവിതസത്യവും കാവ്യസത്യവും സമന്വയിക്കുന്ന കാലഘട്ടത്തിന്റെ 'ട്രാജഡി' എന്ന് എന്‍.വി. കൃഷ്ണവാരിയര്‍ വിശേഷിപ്പിച്ച 'കുടിയൊഴിക്കല്‍' ഇടത്തരക്കാരന്റെ ധര്‍മസങ്കടങ്ങള്‍ ആവിഷ്‌ക്കരിക്കുന്നു. എന്നാല്‍ കാവ്യം അവസാനിക്കുന്നത് തൊഴിലാളിവര്‍ഗത്തിന്റെ സംഘടിതശക്തിയുടെ വിജയത്തിലാണ്.
മെയ്യനങ്ങാതെ ജീവിക്കുന്ന കവിയുടെ ഹൃദയത്തില്‍ കടന്നിരിക്കുന്ന യുവതിയായ തൊഴിലാളിസ്‌ത്രീയെയും തന്റെ പുരയിടത്തില്‍ കുടില്‍ കെട്ടിപ്പാര്‍ക്കുന്ന തൊഴിലാളിയെയും അതാതിടങ്ങളില്‍നിന്ന് ഇറക്കിവിടുന്ന കവി അനുഭവിക്കുന്ന ആന്തരികവും ബാഹ്യവുമായ സംഘര്‍ഷങ്ങള്‍ ഒരു കാലഘട്ടത്തിന്റെ സാമൂഹികപ്രശ്‌നമായി മാറുന്നു.

"ഒരു മഹാകവിപോലും ഒരു മഹാകവിപോലും
പെരുമ ഭാവിച്ചു ചൊരിഞ്ഞിരിപ്പൂ
കനിവിന്റെ കണ്ണുനീര്‍ കലരാത്ത കരളിന്റെ
കവിതയിതൊക്കെയും കപടമല്ലേ?
പോക പോകെടോ നീ കവിയല്ലാ-
പ്രാകൃതനാണ് സാഹിത്യകാരന്‍''

കുടിയനെങ്കിലും വര്‍ഗബോധമുള്ള തൊഴിലാളി കവിയെ പുച്‌ഛിക്കുമ്പോള്‍ കവിയുടെ അഹംബോധത്തിന്റെ വേരിളകുകയാണ്. തൊഴിലാളിയുടെ വര്‍ഗബോധത്തിന്റെ മാറ്ററിഞ്ഞ കവി, ആ തൊഴിലാളികളില്‍ നാളെയും പ്രകാശം കാണുകയാണ്. തന്റെ ഹൃദയത്തില്‍ കുടിയേറി, തന്റേതായിത്തീര്‍ന്ന തൊഴിലാളി സ്‌ത്രീയെ അവിടെനിന്നു പുറത്താക്കുമ്പോള്‍ കവി മനസ്സ് മന്ത്രിക്കുന്നു.

'മറ്റു പൂച്ചെടി ചെന്നു തിന്നാനെന്‍
കൊറ്റനാടിനുണ്ടിപ്പൊഴേ മോഹം'

മധ്യവര്‍ഗത്തിന്റെ സദാചാരബോധത്തെയാണ് കവി ചോദ്യം ചെയ്യുന്നത്.

വൈലോപ്പിള്ളിയുടെ രാഷ്‌ട്രീയപ്രബുദ്ധതയും ദേശീയബോധവും അതിന്റെ തെളിവിലും മിഴിവിലും ശക്തിയിലും പ്രത്യക്ഷപ്പെട്ടത് അടിയന്തിരാവസ്ഥക്കവിതകളിലാണ്. അടിയന്തരാവസ്ഥ നാട്ടില്‍ കൃത്രിമമായ അച്ചടക്കം സൃഷ്‌ടിച്ചപ്പോള്‍ കവിക്ക് സന്തോഷമായി. പതുക്കെപ്പതുക്കെ ഏകാധിപത്യത്തിന്റെ കഠാര ഉയര്‍ന്നപ്പോള്‍ മാനവസ്‌നേഹിയായ കവി അസ്വസ്ഥനായി. കവിയില്‍ പ്രതിഷേധം ആളിപ്പടര്‍ന്നു. സര്‍ക്കാര്‍ സെന്‍സറിങ്ങിനെ അതിജീവിച്ച് വൈലോപ്പിള്ളിയുടെ അടിയന്തരക്കവിതകളും കാര്‍ട്ടൂണ്‍ കവിതകളും വെളിച്ചും കണ്ടു. അതിന് ദേശാഭിമാനിവാരികയുടെ പത്രാധിപരായിരുന്ന എം.എന്‍. കുറുപ്പിനോട് നന്ദി പറയണം. ശ്രീവല്‍സം, കുരങ്ങുമാമന്‍, മാവേലി നാടുവാണീടും കാലം, പശു, മിണ്ടുക മഹാമുനേ, പുലിയമ്മ തുടങ്ങിയ പതിനൊന്നു കവിതകള്‍. ഇന്ദിരാഗാന്ധി വിളംബരം ചെയ്‌ത അടിയന്തരാവസ്ഥയുടെ രാക്ഷസീയഭാവം ഇക്കവിതകളില്‍ ദര്‍ശിക്കാം. മനുഷ്യചേതനയുടെ വികാരഭാവത്തെ ശക്തമാക്കി, സമകാല സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാന്‍, സംവേദനത്തിന്റെ നവീന പാത തുറക്കാന്‍ വൈലോപ്പിള്ളിക്കവിതകള്‍ പ്രേരകമാകുന്നു.

"വിശ്വസംസ്‌ക്കാര പാലകരാകും
വിജ്ഞരേ, യുഗം വെല്ലുവിളിപ്പൂ
ആകുമോ ഭവാന്മാര്‍ക്കുനികത്താന്‍
ലോകസാമൂഹ്യദുര്‍നിയമങ്ങള്‍
സ്‌നേഹസുന്ദര പാതയിലൂടെ
വേഗമാകട്ടെ, വേഗമാകട്ടെ.''

സഹകവികളോടുള്ള വൈലോപ്പിള്ളിയുടെ ഈ ആഹ്വാനം വര്‍ത്തമാനകാല സാമൂഹിക ദശാസന്ധിയില്‍ ഏറെ പ്രസക്തം.

*****

എരുമേലി പരമേശ്വരന്‍ പിള്ള, കടപ്പാട് : ഗ്രന്ഥാലോകം ജൂണ്‍ 2010

അധിക വായനയ്‌ക്ക് :

1.
മൃതസഞ്ജീവനി
2. എല്ലാം സ്വന്തം കാവ്യജീവിതത്തിനുവേണ്ടി
3. ചരിത്രം - കവിതയ്‌ക്ക് ചൈതന്യത്തിന്റെ ഒരു സ്രോതസ്സ്
4. വൈലോപ്പിള്ളിക്കവിതയിലെ അന്തഃസംഘര്‍ഷങ്ങള്‍
5. വൈലോപ്പിള്ളിയുടെ സ്‌ത്രീസങ്കല്പം
6. `കവിതക്കാര'ന്റെ ഓര്‍മകളിലൂടെ
7. വൈലോപ്പിള്ളി - മലയാളത്തിലെ 'റിയലിസ്‌റ്റ് ' മഹാകവി
8. പ്രകൃതിപാഠങ്ങള്‍
9. 'എന്നുടെയൊച്ച കേട്ടുവോ വേറിട്ട് ?'

No comments: