Monday, September 6, 2010

പോസ്‌റ്റ് മാർക്‌സിസം...2

മാര്‍ക്‌സിസ്‌റ്റ് വര്‍ഗ്ഗവിശകലനത്തെ പല കോണുകളില്‍നിന്നും പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വിമര്‍ശിക്കുന്നുണ്ട്. ഒരു വശത്ത് അവര്‍ വാദിക്കുന്നത് ലിംഗപദവി, വംശീയത തുടങ്ങിയവ വര്‍ഗ്ഗത്തോടൊപ്പം പ്രാധാന്യമര്‍ഹിക്കുന്ന പരികല്പനകളാണെന്നാണ് ?

വര്‍ഗ്ഗവിശകലനം സാമ്പത്തികമായ ന്യൂനീകരണമാണെന്നും വര്‍ഗ്ഗങ്ങള്‍ക്കുള്ളിലെ ലിംഗപദവിയെയും വംശീയവ്യത്യാസങ്ങളെയുമൊക്കെ കണക്കിലെടുക്കുന്നതില്‍ മാര്‍ക്‌സിസം പരാജയപ്പെടുന്നുവെന്ന് അവര്‍ വാദിക്കുന്നുണ്ട്. ഒരു പടികൂടി കടന്ന് ഈ വ്യത്യാസങ്ങളാണ് സമകാലരാഷ്‌ട്രീയത്തിന്റെ സ്വഭാവം നിര്‍വ്വചിക്കുന്നതെന്നും അവര്‍ അവകാശപ്പെടുന്നു. വേറൊരു കോണില്‍നിന്നുള്ള ആക്രമണം ഇങ്ങനെയാണ്, വര്‍ഗ്ഗമെന്നത് ബുദ്ധിപരമായ നിര്‍മ്മിതിയായതിനാല്‍ അനിവാര്യമായും ആത്മനിഷ്‌ഠമായ പ്രതിഭാസവും സാംസ്‌ക്കാരികമായി നിര്‍ണ്ണയിക്കപ്പെടുന്നതുമാണ്. ഇക്കാരണത്താല്‍ വസ്‌തുനിഷ്‌ഠമായ വര്‍ഗ്ഗതാത്പര്യങ്ങള്‍ എന്നൊന്നില്ല. സമൂഹത്തെ വിഭജിക്കുന്ന വര്‍ഗ്ഗതാത്പര്യങ്ങളില്ലാത്തത് അതെല്ലാം സാംസ്‌ക്കാരികമായി നിര്‍വ്വചിക്കപ്പെടുകയും വ്യക്തിപരമായ മുന്‍ഗണനകള്‍ അവയില്‍ ആധിപത്യം നേടുകയും ചെയ്യുന്നതിനാലാണ്, ഇതാണ് അവരുടെ വാദഗതി. മൂന്നാമത്തെ വാദം സമ്പദ്ഘടനയിലും സമൂഹത്തിലും വമ്പിച്ച പരിവര്‍ത്തനങ്ങളുള്ളതിനാല്‍ പഴയ വര്‍ഗ്ഗസങ്കല്പങ്ങളെല്ലാം തകര്‍ന്നിരിക്കുന്നു എന്നതാണ്. വ്യവസായാനന്തരസമൂഹത്തില്‍ അധികാരസ്രോതസ്സ് പുതിയ വിവരസാങ്കേതിക വിദ്യയിലാണുള്ളത്. ഇത് കൈകാര്യം ചെയ്യുന്നവരും നിയന്ത്രിക്കുന്നവരുമാണ് അധികാരസ്രോതസ്സുകള്‍. സാമൂഹ്യമായി വ്യവസായ തൊഴിലാളികള്‍ അപ്രത്യക്ഷമാകുന്ന പുതിയ സമൂഹമാണ് രൂപപ്പെടുന്നത്. വ്യവസായ തൊഴിലാളികള്‍ രണ്ടു ദിശയിലാണ് അപ്രത്യക്ഷമാകുന്നത്. ഉന്നത സാങ്കേതിക പരിജ്ഞാനമുള്ള ഒരു പുതിയ മധ്യവര്‍ഗ്ഗമായി മേലോട്ടും ചെറിയ സാങ്കേതിക വിദ്യകള്‍ മാത്രമറിയുന്ന സാധാരണ വര്‍ഗ്ഗമായി കീഴ്ത്തട്ടിലേയ്‌ക്കും അവര്‍ മാറുന്നു എന്നാണ് വാദം.

സ്വത്വം, സ്വത്വബോധം തുടങ്ങിയ സാംസ്‌ക്കാരിക യാഥാര്‍ത്ഥ്യങ്ങളെ മാര്‍ക്‌സിസം നിരാകരിക്കുകയാണെന്ന വിമര്‍ശനമാണുയര്‍ത്തുന്നത്...

മാര്‍ക്‌സിസ്‌റ്റുകാര്‍ വംശം, ലിംഗപദവി, വര്‍ഗ്ഗങ്ങള്‍ക്കിടയിലെ വംശീയ വിഭജനങ്ങള്‍ തുടങ്ങിയവയെ ഒരിക്കലും നിരാകരിച്ചിട്ടില്ല. പക്ഷേ, മാര്‍ക്‌സിസ്‌റ്റുകാര്‍ ഊന്നല്‍ നല്‍കിയത്, വിശാലമായ സാമൂഹ്യവ്യവസ്ഥയാണ് ഈ വിഭജനങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നതിനാല്‍ എല്ലാ രംഗത്തുമുള്ള അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതിന് വര്‍ഗ്ഗശക്തികള്‍ യോജിക്കണമെന്ന കാര്യത്തിലാണ്. തൊഴില്‍, അയല്‍പക്കം, കുടുംബം തുടങ്ങി എല്ലായിടത്തും ഇതാവശ്യമാണ്. മിക്ക മാര്‍ക്‌സിസ്‌റ്റുകളും എതിര്‍ക്കുന്നത് ലിംഗപദവി, വംശം തുടങ്ങിയവയിലെ അസമത്വങ്ങള്‍ വര്‍ഗ്ഗഘടനക്കുപുറത്തുവെച്ച് വിശകലനം ചെയ്യാനും പരിഹരിക്കാനുമുള്ള ശ്രമങ്ങളെയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശമുള്ള, വേലക്കാരികള്‍ സ്വന്തമായുള്ള ധനികസ്‌ത്രീക്കും പട്ടിണിക്കൂലി ലഭിക്കുന്ന ദരിദ്രകര്‍ഷകസ്‌ത്രീക്കും സവിശേഷമായ പൊതുസ്വത്വമുണ്ട് എന്ന വാദത്തെയാണ് നാം എതിര്‍ക്കുന്നത്. ലാറ്റിനമേരിക്കയിലെ നിയോലിബറല്‍ ഗവണ്‍മെന്റുകളിലെ ബ്യൂറോക്രാറ്റുകള്‍ക്കും സ്വതന്ത്രകമ്പോളനയങ്ങളാല്‍ ഭൂമിയില്‍നിന്ന് ആട്ടിപ്പായിക്കപ്പെടുന്ന റെഡ് ഇന്ത്യക്കാര്‍ക്കും പൊതുസ്വത്വമുണ്ട് എന്ന വാദത്തെ മാര്‍ക്‌സിസ്‌റ്റുകാര്‍ക്ക് സ്വീകരിക്കാനാവില്ല. പ്രത്യേക തരത്തിലുള്ള അടിച്ചമര്‍ത്തലിനെക്കുറിച്ച് ബോധ്യമുള്ള സവിശേഷവിഭാഗം എന്ന അര്‍ത്ഥത്തില്‍ സ്വത്വരാഷ്‌ട്രീയ്‌ത്തെ വേര്‍തിരിക്കാനാവും. ഈ തിരിച്ചറിവ് 'സ്വത്വത്തിന്റെ തടവറ'യാകുന്നത് (വംശമോ ലിംഗപദവിയോ) ചൂഷണവിധേയരാവുന്ന മറ്റ് സാമൂഹ്യവിഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെടുന്നതിലേക്കെത്തിക്കും. അടിച്ചമര്‍ത്തലിന്റെ കാരണങ്ങളെ മറികടക്കാനും സാമൂഹ്യവ്യവസ്ഥയുമായി ഏറ്റുമുട്ടാനും ഇവയ്‌ക്കു കഴിയുന്നില്ലെങ്കില്‍ ഇങ്ങനെ സംഭവിക്കും. സ്വത്വവാദത്തിന്റെ അന്തഃസത്ത ഇത്തരം ഗ്രൂപ്പുകളെ അവരോട് മത്സരിക്കുന്ന വിഭാഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തി രാഷ്‌ട്രീയസാമ്പത്തിക പ്രപഞ്ചത്തില്‍ ദരിദ്രര്‍, തൊഴിലാളികള്‍, കര്‍ഷകര്‍, ജീവനക്കാര്‍ തുടങ്ങിയ അറകളിലൊതുക്കുകയാണ്.

വര്‍ഗ്ഗബോധവും, സ്വത്വബോധവും എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?

സ്വത്വരാഷ്‌ട്രീയത്തെ നേരിടേണ്ടത് വര്‍ഗ്ഗരാഷ്‌ട്രീയത്തിന്റെ മണ്ഡലത്തിലാണ്.വര്‍ഗ്ഗങ്ങളെയും അസമത്വങ്ങളെയും നിലനിര്‍ത്തുന്ന സ്ഥാപനങ്ങളെ പരിവര്‍ത്തിപ്പിക്കുകയാണ് ആവശ്യം. വ്യക്തിനിഷ്‌ഠമായ ഘടകങ്ങളല്ല വര്‍ഗ്ഗങ്ങളെ നിര്‍മ്മിക്കുന്നത്. മിച്ചമൂല്യത്താല്‍ നയിക്കപ്പെടുന്ന മുതലാളിവര്‍ഗ്ഗമാണ് ഇവയെ സംഘടിപ്പിക്കുന്നത്. അതിനാല്‍ത്തന്നെ വര്‍ഗ്ഗമെന്നത് ആത്മനിഷ്‌ഠ പരികല്പനയാണ് എന്നും, അത് കാലം, സ്ഥലം, സങ്കല്പം തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നുവെന്നുമുള്ള വാദം, വര്‍ഗ്ഗം, വര്‍ഗ്ഗബോധം തുടങ്ങിയവയെക്കുറിച്ചുള്ള ആശയക്കുഴപ്പത്തില്‍നിന്നാണ് രൂപപ്പെടുന്നത്. വര്‍ഗ്ഗത്തിന് വസ്‌തുനിഷ്‌ഠമായ പദവിയുണ്ടെങ്കില്‍ വര്‍ഗ്ഗബോധം സാമൂഹ്യവും സാംസ്‌ക്കാരികവുമായ ഘടകങ്ങളാല്‍ ചിട്ടപ്പെടുത്തപ്പെടുന്നതാണ്. വര്‍ഗ്ഗബോധം സാമൂഹ്യനിര്‍മ്മിതിയാണ്. എങ്കിലും ഇക്കാരണത്താല്‍ അത് അയഥാര്‍ത്ഥമോ ചരിത്രപ്രാധാന്യം കുറഞ്ഞതോ ആവുന്നില്ല. വര്‍ഗ്ഗബോധത്തിന്റെ സാമൂഹ്യരൂപങ്ങളും വെളിപ്പെടുത്തലുകളും വ്യത്യസ്‌തമാണെങ്കിലും ലോകത്തെങ്ങും ചരിത്രത്തില്‍ ആവര്‍ത്തിച്ചുവരുന്ന പ്രതിഭാസമാണത്. വിവിധഘട്ടങ്ങളില്‍ മറ്റുതരം ബോധ്യങ്ങള്‍ (വംശം, ലിംഗപദവി, ദേശീയത) തുടങ്ങിയതിനുമേല്‍ നിഴല്‍ വീഴ്ത്താറുണ്ട്. ചിലപ്പോള്‍ ഇവയെല്ലാമായി ഒത്തുചേര്‍ന്നും (ദേശീയതയും വര്‍ഗ്ഗബോധവും) അവ പ്രത്യക്ഷപ്പെടാം.

വര്‍ഗ്ഗഘടനയില്‍ ശക്തമായ മാറ്റങ്ങള്‍ പുതിയ കാലത്ത് പ്രകടമാണ്. അതുകൊണ്ട് വര്‍ഗ്ഗം തന്നെ അപ്രസക്തമായാണ് വാദിക്കപ്പെടുന്നു. എന്താണ് മാര്‍ക്‌സിസ്‌റ്റ് കാഴ്‌ചപ്പാട് ?

വര്‍ഗ്ഗഘടനയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട് എന്നതില്‍ തര്‍ക്കമില്ല. എന്നാലിത് പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ വാദിക്കുന്നത് പോലെയല്ല. വര്‍ഗ്ഗവ്യത്യാസങ്ങളെയും വര്‍ഗ്ഗചൂഷണത്തെയും കടുപ്പമുളളതാക്കി മാറ്റി എന്നതാണ് സവിശേഷത. ചൂഷണം ചെയ്യുന്നവരുടെയും ചെയ്യപ്പെടുന്നവരുടെയും സ്വഭാവവും പരിതസ്ഥിതികളും മാറിയിട്ടുണ്ട്. മുന്‍കാലത്തുള്ളതിനേക്കാള്‍ താല്‍ക്കാലിക തൊഴിലാളികള്‍ ഇപ്പോഴുണ്ട്. അസംഘടിത മേഖലയിലെ തൊഴില്‍ക്കമ്പോളത്തില്‍ മുമ്പത്തേക്കാള്‍ തൊഴിലാളികള്‍ ഇപ്പോഴുണ്ട്. അസംഘടിതമേഖലയിലെ ചൂഷണം മുന്‍കാല മുതലാളിത്തത്തെ മറികടക്കുന്ന ഒന്നല്ല. അത് പത്തൊമ്പതാം നൂറ്റാണ്ടിലെ തൊഴില്‍ചൂഷണത്തിന്റെ തിരിച്ചുവരവാണ്.

പുതിയ വിശകലനം ആവശ്യമായിവരുന്നത് ക്ഷേമരാഷ്‌ട്രമുതലാളിത്തം തകര്‍ന്നു എന്ന കാര്യത്തിലാണ്. ഇതിനര്‍ഥം രാഷ്‌ട്രത്തിന്റെയും രാഷ്‌ട്രീയപാര്‍ട്ടികളുടെയും റോളില്‍ മാറ്റംവന്നുവെന്നാണ്. മൂലധനത്തിനും തൊഴിലിനും ഇടയില്‍ മധ്യസ്ഥരായി നിലകൊണ്ടിരുന്ന ഇവര്‍ക്കുപകരം ഭരണകൂടസ്ഥാപനങ്ങള്‍, പുനഃസ്ഥാപിക്കപ്പെട്ടു. നിയോലിബറലിസം മധ്യസ്ഥരില്ലാത്ത രാഷ്‌ട്രഭരണവര്‍ഗ്ഗാധികാരമാണ്. രാഷ്‌ട്രത്തിന്റെയും ഭരണത്തിന്റെയും വ്യത്യസ്‌ത നിര്‍ണ്ണയനങ്ങള്‍ സമീപഭൂതകാലത്തില്‍ എന്തായിരുന്നാലും ഇപ്പോഴത്തെ നിയോലിബറല്‍ മാതൃകയുടെ മൂലധനസംഭരണം നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത് കേന്ദ്രീകൃതമായ രാഷ്‌ട്രനിയന്ത്രണത്തിലാണ്. അന്താരാഷ്‌ട്രബാങ്കുകള്‍ക്ക് വിദേശനാണയം നേടുന്ന കയറ്റുമതി മേഖലയിലും കടം തിരിച്ചടക്കല്‍ നടപടിയിലുമൊക്കെ ഇടപെടാനുള്ള ശേഷിയുമായി ഇവ നേരിട്ടു ബന്ധപ്പെടുന്നു. പൌരനെ ഇരയാക്കുന്ന അടിച്ചമര്‍ത്തല്‍ശേഷിയുള്ള ഭരണകൂട ഉപകരണങ്ങളും സാമൂഹ്യസംഘര്‍ഷങ്ങളെ നിരായുധീകരിക്കുന്ന സന്നദ്ധസംഘടനകളും പരസ്‌പരബന്ധം പുലര്‍ത്തുന്നു. ക്ഷേമരാഷ്‌ട്രത്തിന്റെ പൊളിച്ചെഴുത്ത് സൂചിപ്പിക്കുന്നത് സാമൂഹ്യസംഘടന കൂടുതല്‍ ധ്രുവീകരിക്കപ്പെട്ടുവെന്നാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നീമേഖലകളില്‍ കുറഞ്ഞവേതനമുള്ളവരും തൊഴില്‍ രഹിതരും ഒരു വശത്തും ഭാരിച്ച ശമ്പളം വാങ്ങുന്ന പ്രൊഫഷണലുകളും ബഹുരാഷ്‌ട്രകുത്തകകളുമായി ബന്ധമുള്ളവരും എന്‍.ജി.ഒ.കളും ലോകകമ്പോളവുമായും രാഷ്‌ട്രീയകേന്ദ്രങ്ങളുമായും ബന്ധമുള്ളവരും പുറമെനിന്നു പണം ലഭിക്കുന്നവരുമായ സമ്പന്നര്‍ മറുഭാഗത്തുമായുള്ള വേര്‍തിരിവാണ് സംഭവിക്കുന്നത്.

ഇന്നത്തെ സമരം ഫാക്ടറികളിലെ വര്‍ഗ്ഗങ്ങള്‍ തമ്മില്‍ മാത്രമല്ല, ഗവര്‍മ്മെണ്ടും വേരുപിഴുതെടുക്കപ്പെട്ട് തെരുവുകളില്‍ കഴിയുന്നവരും തമ്മിലും, കമ്പോളത്തില്‍ സ്ഥിരം തൊഴിലില്‍ നിന്ന് പുറത്താക്കപ്പെട്ട് സാമൂഹ്യപുനരുല്‍പാദനത്തിന്റെ ഭാരം പേറാനും ഉല്പന്നങ്ങള്‍ കുറഞ്ഞനിരക്കില്‍ വില്‍ക്കാനും നിര്‍ബന്ധിതരായവരും തമ്മിലുമൊക്കെയാണ്. ലോകമാര്‍ക്കറ്റില്‍ കുലീനരായ കയറ്റുമതിക്കാരും ചെറുകിട മധ്യവിഭാഗക്കാരായ ദല്ലാള്‍മാരും തമ്മിലുള്ള (ഇലൿട്രോണിക് ഉല്പന്നങ്ങളുടെ ഇറക്കുമതിക്കാര്‍, ടൂറിസ്‌റ്റ് മേഖലയിലെ മള്‍ട്ടിനാഷണല്‍ ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും നടത്തിപ്പുകാര്‍ തുടങ്ങിയവര്‍) സംയോജനത്തിന്റെ പ്രത്യാഘാതം പ്രാദേശികസമ്പദ്ഘടനകളുടെ തകര്‍ച്ചയാണ്. പ്രാദേശികവ്യവസായം, ചെറുകിട കൃഷിയിടങ്ങള്‍ എന്നിവയുടെ തകര്‍ച്ചക്ക് ഇതിടയാക്കുന്നുണ്ട്. ഉന്നതമധ്യവര്‍ഗ്ഗത്തിന്റെ ആഡംബരവസ്‌തുക്കളുടെ ഇറക്കുമതി അടിസ്ഥാനമാക്കുന്നതിന് ദരിദ്രതൊഴിലാളികളുടെ കയററുമതിചെയ്യപ്പെട്ട അധ്വാനത്തെയാണ്.ചൂഷണശൃംഖല തുടങ്ങുന്നത് പ്രാദേശിക കര്‍ഷകരുടെ പാപ്പരീകരണത്തില്‍ നിന്നാണ്. ഇവര്‍ നഗരങ്ങളിലേക്കും വിദൂരരാജ്യങ്ങളിലേക്കും കുടിയേറുന്നു.

കുടിയേറ്റത്തൊഴിലാളികളുടെ വരുമാനമാണ് ഇറക്കുമതിക്കും നിയോലിബറല്‍ പശ്ചാത്തല സൌകര്യങ്ങള്‍ക്കുള്ള പദ്ധതികള്‍ക്കും അടിസ്ഥാനമാക്കുന്നത്. ആഭ്യന്തര കയറ്റുമതി, ടൂറിസം വ്യവസായം എന്നിവയ്‌ക്കടിസ്ഥാനവും മറ്റൊന്നല്ല. ചൂഷണത്തിന്റെ ചങ്ങല കുറേക്കൂടി അയവുള്ളതാണ്. പക്ഷേ അന്തിമമായി അതു നിലനില്‍ക്കുന്നത് മൂലധന തൊഴില്‍ ബന്ധങ്ങളിലാണ്. നിയോലിബറലിസത്തിന്റെ കാലത്ത് രാഷ്‌ട്രത്തെ പുനഃസൃഷ്‌ടിക്കാനുള്ള ശ്രമങ്ങള്‍, ദേശീയകമ്പോളം, ദേശീയോല്‍പാദനവും വിനിമയവും ഒക്കെ ഒരിക്കല്‍ക്കൂടി അടിസ്ഥാനപരവും ചരിത്രപരവുമായ ആവശ്യമായിരിക്കുന്നു. അസംഘടിതസ്വഭാവമുള്ള (അനൌപചാരിക) തൊഴില്‍ വികസനത്തെ തുടര്‍ന്നാണിത്. ശക്തമായ പൊതുമൂലധനനിക്ഷേപവും സംഘടിതവും ഔപചാരികവുമായ തൊഴില്‍മേഖലയും ജീവിക്കാന്‍ തക്കവണ്ണമുള്ള സാമൂഹ്യചുറ്റുപാടുകളും ഇതിനാവശ്യമാണ്. ചുരുക്കത്തില്‍ വര്‍ഗ്ഗവിശകലനം പുതിയ പരിതഃസ്ഥിതിക്ക് അനുയോജ്യമാകേണ്ടിയിരിക്കുന്നു. ഇപ്പോഴത്തെ മധ്യസ്ഥരില്ലാത്ത മൂലധനവാഴ്‌ചയും അനിയന്ത്രിതമായ തൊഴില്‍ കമ്പോളവും (അന്താരാഷ്‌ട്ര ബന്ധങ്ങളുള്ളതാണിത് ) മുന്‍കാലത്തെ പരിഷ്കരണപരവും പുനര്‍വിതരണസ്വഭാവമുള്ളതുമായ രാഷ്‌ട്രീയവും സമൂഹത്തിന്റെ മുകള്‍തട്ടില്‍ മൂലധനം കേന്ദ്രീകരിക്കപ്പെടുന്ന നിയോലിബറല്‍ നയങ്ങളാല്‍ പകരംവെക്കപ്പെട്ടിരിക്കുന്നു. മുന്‍കാലത്തെ ഏകതാനവും താഴെ തട്ടില്‍ ചലനാത്മകതയുള്ളതുമായിരുന്ന തൊഴിലാളികളും കര്‍ഷകരും സംഘടിതമായിരുന്ന തൊഴില്‍കമ്പോളത്തില്‍ യോജിച്ച വിപ്ളവപ്രസ്ഥാനത്തിനുള്ള വസ്‌തുനിഷ്‌ഠമായ കരുത്തുള്ള ഘടകമായിരുന്നു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദരിദ്രരുടെ സമരങ്ങള്‍ സംഘടിപ്പിക്കുന്നതിനുള്ള തലത്തില്‍ പൊതുവായ വര്‍ഗ്ഗവ്യക്തിത്വം ഉണ്ടായിരുന്നു. പോസ്‌റ്റ്മാര്‍ക്‌സിസ്‌റ്റുകള്‍ വാദിക്കുന്നതിന് വിപരീതമായി മുതലാളിത്തരൂപപരിണാമം വര്‍ഗ്ഗവിശകലനത്തെ മുമ്പത്തേക്കാള്‍ വ്യക്തമാക്കിയിരിക്കയാണ്. സാങ്കേതിക വിദ്യാവികാസം വര്‍ഗ്ഗവൈരുദ്ധ്യങ്ങളെ മായ്ച്ചുകളയുന്നതിനുപകരം കൂടുതല്‍ വെളിപ്പെടുത്തിയിരിക്കുന്നു. മൈക്രോചിപ്പ് വ്യവസായങ്ങളിലെ തൊഴിലാളികളും ആ ചിപ്പുകള്‍ സംയോജിപ്പിക്കപ്പെട്ടിരിക്കുന്ന വ്യവസായങ്ങളും തൊഴിലാളിവര്‍ഗ്ഗത്തെ ഇല്ലാതാക്കിയിട്ടില്ല. മറിച്ച് പ്രവര്‍ത്തനമേഖലയില്‍ മാറ്റം വരുത്തുകയും തുടരുന്ന ഉല്പാദനരീതിയും ചൂഷണപ്രക്രിയയും മറ്റുവിധത്തില്‍ രൂപപ്പെടുത്തുകയുമാണുണ്ടായത്.

ചൂഷണത്തെ ആധുനികവല്‍ക്കരിക്കുന്നു എന്നതിനര്‍ത്ഥം, അത് കൂടുതല്‍ തീവ്രവും കഠിനവുമായി തീരുന്നുവെന്നല്ലേ?

പുതിയ വര്‍ഗ്ഗഘടന ദൃശ്യമാക്കുന്നത് പുതിയ സാങ്കേതികവിദ്യകളെയും ചൂഷണത്തെയും കൂടുതല്‍ നിയന്ത്രണമുള്ളതാക്കി മാറ്റുന്നുവെന്നതാണ്. ചില മേഖലകളിലെ യന്ത്രവല്‍ക്കരണം കീഴ്ത്തട്ടിലെ തൊഴിലിനെ വികസിപ്പിക്കുന്നു. ടെലിവിഷന്‍ക്യാമറകള്‍ തൊഴിലാളികളെ നിരീക്ഷിക്കുന്നത് സാധ്യമാക്കുന്നു. ഇതിലൂടെ മേല്‍നോട്ടച്ചുമതലയുളള ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാം. 'ഗുണമേന്‍മയുള്ള തൊഴില്‍വൃത്തങ്ങള്‍' എന്ന പേരില്‍ തൊഴിലാളികളെ സമ്മര്‍ദ്ദത്തിലാക്കാന്‍ തൊഴിലാളികളെ തന്നെ ഉപയോഗപ്പെടുത്തുന്നു. ശമ്പളമോ അധികാരമോ വര്‍ധിപ്പിക്കാതെതന്നെ സ്വയം ചൂഷണം വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. സാങ്കേതിക വിപ്ളവം അന്തിമമായി രൂപപ്പെടുത്തിയ വര്‍ഗ്ഗഘടന നിയോലിബറല്‍ പ്രതിവിപ്ളവത്തിന്റേതാണ്. കമ്പ്യൂട്ടറുകള്‍ അഗ്രിബിസ്സിനസ്സിലെ ചെലവുകളും കീടനാശിനിയുടെ വ്യാപ്‌തിയും നിയന്ത്രിക്കാന്‍ സഹായിക്കുന്നു. എന്നാല്‍ തുച്‌ഛമായ കൂലിമാത്രം കിട്ടുന്നതൊഴിലാളികളാണ് കീടനാശിനികള്‍ തളിക്കുന്നതും വിഷബാധക്ക് വിധേയരാകുന്നതും! വിവരവിനിമയ ശൃംഖലകള്‍ നെയ്‌ത്തുശാലകളിലെയോ വീടുകളിലെയോ (അനൌപചാരികസമ്പദ്ഘടന)ഷൂ നിര്‍മ്മാണകമ്പനികളിലെയോ ഒക്കെ തൊഴിലാളിപ്രവര്‍ത്തനവുമായി ബന്ധിപ്പിക്കപ്പെടുന്നു. ഈ പ്രവണതകളെയും സംയോജിതവും അസമവുമായ സാങ്കേതികവികാസത്തെ തൊഴിലുമായി ബന്ധപ്പെടുത്തുന്നതിനെയും, വംശവും ലിംഗപദവിയുമായി ബന്ധിപ്പിക്കുന്നതിനെയും മനസ്സിലാക്കാന്‍ സഹായിക്കുന്നതും വര്‍ഗ്ഗവിശകലനം തന്നെയാണ്.

ഭരണകൂടവും, അധികാരവും ജനാധിപത്യവിരുദ്ധമാണെന്നും, ബദല്‍ 'പൌരസമൂഹം ' ആണെന്നുമുള്ള വാദങ്ങളെക്കുറിച്ച്... (നവലിബറലിസം ഇതേ വാദമാണല്ലോ ഉയര്‍ത്തിയത് )

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വരച്ചിടുന്നത് ഭരണകൂടത്തിന്റെ ഏകമുഖമായ ചിത്രമാണ്. ഭരണകൂടത്തെ ചിത്രീകരിക്കുന്നത് ഭീമാകാരവും കാര്യക്ഷമതയില്ലാത്തതുമായ ഉദ്യോഗസ്ഥ സംവിധാനമായാണ്. പൊതുഖജനാവിലെ പണം നഷ്‌ടപ്പെടുത്തുന്നതും ജനങ്ങളെ ദരിദ്രരാക്കുന്നതും സമ്പദ്ഘടനയെ പാപ്പരാക്കുന്നതുമായ ഒന്നായാണ് ഭരണകൂടം വിവരിക്കപ്പെടുന്നത്. പകരം 'പൌരസമൂഹമാണ് ' സ്വതന്ത്ര്യത്തിന്റെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും പൌരാവകാശങ്ങളുടെയും സ്രോതസ്സ് എന്നാണ്. സജീവമായ പൌരസമൂഹത്തില്‍നിന്നാണ് നീതിപൂര്‍വ്വവും ഊര്‍ജ്ജസ്വലവുമായ സമ്പദ് വ്യവസ്ഥ രൂപപ്പെടുകയെന്നും അവര്‍ വാദിക്കുന്നു.

ഈ പ്രത്യയശാസ്‌ത്രത്തിന്റെ വിചിത്രമായ സവിശേഷത കഴിഞ്ഞ അമ്പതുവര്‍ഷത്തെ ചരിത്രത്തെ കാണാതിരിക്കാനുള്ള പ്രവണതയാണ്. പൊതുമേഖല വ്യാവസായികവല്‍ക്കരണം ഉത്തേജിപ്പിക്കാനുള്ള അനിവാര്യമായ ഉപകരണമാണെന്നും സ്വകാര്യമൂലധനത്തിന്റെ അഭാവത്തില്‍ ഈ ഘടകത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും 1930കളിലും ലോകയുദ്ധത്തിന്റെയും ഘട്ടത്തില്‍ തെളിയിക്കപ്പെട്ടതാണ്. സാക്ഷരതയും പൊതുജനാരോഗ്യവും എല്ലാം വികസിതമായത് പൊതുമേഖലയുടെ മുന്‍കൈയിലാണ്. സ്വതന്ത്രസംരംഭകത്വത്തിന്റെ ഒന്നര നൂറ്റാണ്ടിനിടയില്‍, പതിനെട്ടാം നൂറ്റാണ്ടു മുതല്‍ 1930 വരെയുള്ള കാലത്തിനിടയില്‍ ലാറ്റിനമേരിക്ക ബൈബിളിലെ ഏഴു ദുരന്തങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്. കമ്പോളത്തിന്റെ അദൃശ്യകരങ്ങള്‍, കൂട്ടക്കൊലകള്‍, ക്ഷാമം, രോഗം, ഭീകരവാഴ്‌ച, ആശ്രിതത്വം, അഭയാര്‍ത്ഥികളാകല്‍, ചൂഷണം എന്നിവയെല്ലാം ലോകത്തെ വേട്ടയാടി. പൊതുമേഖല വികസിച്ചത് മേല്‍പ്പറഞ്ഞവയോടുള്ള പ്രതികരണമായാണ്. എന്നാല്‍ പൊതുമേഖല വ്യതിയാനത്തിനു വിധേയമാക്കപ്പെട്ടു. പൊതുജനങ്ങള്‍ക്ക് സേവനം നല്‍കേണ്ടതിനു പകരം വാണിജ്യപ്രമാണിമാരുടെയും ഉന്നത രാഷ്‌ട്രീയനേതൃത്വത്തിന്റെയും സ്വകാര്യതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിലേക്ക് വ്യതിചലിച്ചു. ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്‌മ വ്യാപാര താല്പര്യങ്ങളുടെയും രാഷ്‌ട്രീയപ്രവര്‍ത്തകര്‍ക്കു തൊഴില്‍ നല്‍കുന്നതിന്റേയും ഒക്കെ സ്വകാര്യതാല്പര്യസംരക്ഷണവുമായി ബന്ധപ്പെട്ടതാണ്. ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്‌മ സ്വകാര്യതാല്പര്യങ്ങള്‍ക്ക് വഴങ്ങുന്നതാണ്.

ഭരണകൂടം നടപ്പാക്കുന്ന ആരോഗ്യ, വിദ്യാഭ്യാസ പദ്ധതികള്‍ക്ക് പകരം വെക്കാന്‍ സ്വകാര്യ സമ്പദ് വ്യവസ്ഥക്കോ പള്ളിക്കോ സന്നദ്ധസംഘടനകള്‍ക്കോ യാതൊന്നും ഉണ്ടായിരുന്നില്ല. സ്വകാര്യമേഖലയും പള്ളിയുടെ ധനസഹായമുള്ള സ്വകാര്യ ക്ളിനിക്കുകളും വിദ്യാഭ്യാസസ്ഥാപനങ്ങളും ധനിക ന്യൂനപക്ഷത്തെയാണ് സഹായിച്ചത്. സന്നദ്ധസംഘടനകളാകട്ടെ ഹ്രസ്വകാലത്തെ സേവനമേ നല്‍കിയുള്ളു. അതും പ്രാദേശികമായി ചെറുസംഘങ്ങള്‍ക്കേ ലഭിച്ചുള്ളൂ. വിദേശത്തുനിന്നു ലഭിച്ച ഫണ്ടിനെ അടിസ്ഥാനമാക്കി അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചായിരുന്നു സേവനം നല്‍കപ്പെട്ടത്. വസ്‌തുനിഷ്‌ഠമായ താരതമ്യം വെളിപ്പെടുത്തുന്നതുപോലെ പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ ചരിത്രപാഠങ്ങളെ തെറ്റായാണ് വായിച്ചത്. പൊതുമേഖലയും സ്വകാര്യമേഖലയും താരതമ്യം ചെയ്‌താല്‍ ഭരണകൂടവിരുദ്ധ വായ്‌ത്താരി അവര്‍ക്ക് കൈയൊഴിക്കേണ്ടി വരും. കാരണം സ്വകാര്യമേഖലയുമായി താരതമ്യപ്പെടുത്തിയാല്‍ സ്വകാര്യമേഖലയേക്കാള്‍ മീതെയാണ് പൊതുമേഖലയുടെ നേട്ടങ്ങള്‍.

ഭരണകൂടം അമിധികാരത്തിന്റെ സ്രോതസ്സാണെന്ന നിലപാടാണ് അവരുടേത് ?

അത് ഒരേ സമയം ശരിയും തെറ്റുമാണ്. സ്വേച്‌ഛാധികാരഭരണകൂടങ്ങള്‍ രൂപംകൊള്ളുന്നുണ്ട്. പക്ഷേ അവയില്‍ പലതിനും പൊതു ഉടമസ്ഥാവകാശത്തിനുവേണ്ടി ഒന്നും ചെയ്യാനില്ല. വിദേശവ്യാപാരം ശക്തിപ്പെടുത്താനാണ് അവ ലക്ഷ്യമിടുന്നതെങ്കില്‍ ഇക്കാര്യം സത്യം തന്നെ. മിക്കവാറും ഏകാധിപത്യഭരണകൂടങ്ങള്‍ രാഷ്‌ട്രത്തിനെതിരും സ്വതന്ത്രകമ്പോളത്തിന് അനുകൂലവുമാണ്. വര്‍ത്തമാനകാലത്തുമാത്രമല്ല ഭൂതകാലത്തിലും ഭാവിയിലും ഇതങ്ങനെതന്നെയാണ്. മാത്രവുമല്ല, ഭരണകൂടം പൌരാവകാശങ്ങളുടെ ശക്തമായ പിന്തുണക്കാരായി നിലനില്‍ക്കുന്നുമുണ്ട്. ചൂഷണവിധേയരാവുന്ന ജനവിഭാഗങ്ങളെ പൊതുധാരയില്‍ എത്തിക്കുന്നതിനുള്ള സംയോജിത ശക്തിയായും തൊഴിലാളികളുടെയും കറുത്തവരുടെയും സ്‌ത്രീകളുടെയും മറ്റു വിഭാഗക്കാരുടെയും അംഗീകൃത അവകാശങ്ങളുടെ സംരക്ഷകരായും ഭരണകൂടം നിലനില്‍ക്കുന്നു. ഭരണകൂടങ്ങള്‍ ഭൂമിയുടെ പുനര്‍വിതരണം, ദരിദ്രര്‍ക്കനുകൂലമായ വരുമാനവിതരണമടക്കമുള്ള ബജറ്റ് നടപടികള്‍ തുടങ്ങിയവയിലൂടെ സാമൂഹ്യനീതി കൈവരിക്കാനുള്ള അടിത്തറ സൃഷ്‌ടിക്കാനും ശ്രമിക്കുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഭരണകൂടാനുകൂല/ഭരണകൂടവിരുദ്ധ വാചകമടിക്കപ്പുറം ഭരണകൂടത്തിന്റെ വര്‍ഗ്ഗസ്വഭാവം നിര്‍വചിക്കുകയും അതിന്റെ അടിസ്ഥാനമാവുന്ന രാഷ്‌ട്രീയ പ്രാതിനിധ്യത്തിന്റെ അംഗീകൃതസ്വഭാവം എന്താണെന്നു കണ്ടെത്തുകയും വേണം. ചരിത്രരഹിതവും സാമൂഹ്യരഹിതവുമായ വിധത്തില്‍ ഭരണകൂടത്തെ പൊതുവില്‍ ആക്രമണവിധേയമാക്കുന്നത് അനാവശ്യമാണ്. ഇത്തരം ആക്രമണങ്ങള്‍ സ്വതന്ത്ര കമ്പോളത്തില്‍ നിന്നു സ്വാതന്ത്ര്യം നേടാനും അതിനെതിരെ ഫലപ്രദവും യുക്തിപരവുമായ ബദല്‍ സൃഷ്‌ടിക്കാനുമുള്ള പൌരന്മാരുടെ ശ്രമങ്ങളെ / തടയാനുള്ള സര്‍ഗ്ഗാത്മകശേഷിയെ തടയുകയാണ് ചെയ്യുക.

'പൌരസമൂഹ'മാണ് പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് ചിന്തകളില്‍ നിറയുന്ന പുതിയ അവതാരം... സംഘര്‍ഷരഹിതലോകമാണത്രെ അവിടെയുള്ളത് ?

പൌരസമൂഹത്തിനെതിരായി നില്‍ക്കുന്ന ഒന്നായി ഭരണകൂടത്തെ അവതരിപ്പിക്കുന്നതിലും തെറ്റായ സമീപനമാണുള്ളത്. പൌരസമൂഹത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ വിസ്‌മരിക്കുന്നത് പൌരസമൂഹത്തെ വിഭജിക്കുന്ന അടിസ്ഥാപരമായ സാമൂഹ്യവൈരുധ്യങ്ങളെയാണ്. പൌരസമൂഹം, കുറേക്കൂടി വ്യക്തമായി പറഞ്ഞാല്‍ പൌരസമൂഹത്തിലെ നേതൃസ്ഥാനത്തുള്ള വര്‍ഗ്ഗങ്ങള്‍ ദരിദ്രര്‍ക്കനുകൂലമായ ഭരണകൂടസ്വഭാവത്തെ വിമര്‍ശിക്കുമ്പോള്‍തന്നെ ധനകാര്യ, സൈനിക വകുപ്പുകളുമായി തങ്ങളുടെ ബന്ധങ്ങള്‍ ഉറപ്പിക്കുകയും അതിലൂടെ തങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക പതിവാണ്. ഇതുപോലെ പൌരസമൂഹത്തിലെ ജനകീയ ഘടകങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍ ആഗ്രഹിക്കുന്നത് ഭരണവര്‍ഗ്ഗത്തിന് ഭരണകൂടത്തിലുള്ള മേധാവിത്വം തകര്‍ക്കാനാണ്. ദരിദ്രര്‍ എപ്പോഴും ശ്രമിക്കുന്നത് രാഷ്‌ട്രത്തിന്റെ വിഭവങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ സാമുഹ്യ-സാമ്പത്തിക നില മെച്ചപ്പെടുത്താനാണ്. പ്രശ്‌നം എപ്പോഴും ഭരണകൂടത്തോടുള്ള വര്‍ഗ്ഗങ്ങളുടെ സമീപനമാണ്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് സൈദ്ധാന്തികര്‍, നിയോലിബറലുകളുടെ ഉയര്‍ച്ചയോടെ ഭരണകൂടത്തില്‍നിന്ന് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാണ്. അവര്‍ക്ക് മുമ്പുള്ള പ്രാധാന്യം നഷ്‌ടമായി. മേല്‍ത്തട്ടില്‍ നിന്ന് താഴേക്ക് പ്രസരിക്കുന്ന ഭരണകൂടവിരുദ്ധ നിലപാട് വിമര്‍ശനരഹിതമായി സ്വീകരിക്കേണ്ടതില്ല. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ ശ്രമിക്കുന്നത് അവരുടെ സംഘടനാപരമായ വാഹനങ്ങളെ (സന്നദ്ധസംഘടനകള്‍) മേല്‍ത്തട്ടില്‍ കൂടുതല്‍ ചലനാത്മകമാക്കാനാണ്. ഇതിനായി അവര്‍ ഉയര്‍ത്തുന്ന വാദഗതി അവര്‍ ഭരണകൂടത്തിനുപുറത്തുനിന്ന് പ്രവര്‍ത്തിക്കുന്നു എന്നും പൌരസമൂഹത്തിലാണ് തങ്ങളുടെ മേഖല എന്നുമൊക്കെയാണ്. ആഭ്യന്തരസര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ വിദേശ സര്‍ക്കാരുകള്‍ തങ്ങള്‍ക്കു ഫണ്ടു നല്‍കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യംപോലും അവര്‍ മറന്നുപോകുന്നു. പൌരസമൂഹമെന്നത് മുതലാളിത്തം സൃഷ്‌ടിച്ചിട്ടുള്ളതും നിയോലിബറലിസം ആഴമേറിയതാക്കിയതുമായ സാമൂഹ്യ വിഭജനത്തെ മറച്ചുവെക്കാനുള്ള ഊടുവഴികളാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്.

വര്‍ഗ്ഗ സംഘട്ടനങ്ങളില്ലാത്ത, തിരമാലകളോ തിരകളോ ഇല്ലാത്ത, വോള്‍ഗാനദിയായിട്ടാണോ 'പൌരസമൂഹം' ഒഴുകുന്നത്?

പൌരസമൂഹവും ഭരണകൂടവും തമ്മിലുള്ളതിനേക്കാള്‍ അഗാധമായ സംഘര്‍ഷങ്ങള്‍ പൌരസമൂഹത്തിനുളളിലെ വര്‍ഗ്ഗങ്ങള്‍ തമ്മിലുണ്ട്. അപൂര്‍വ്വം അവസരങ്ങളിലെ ഇതിനു വിരുദ്ധമായ പരിതഃസ്ഥിതിയുള്ളൂ. ഫാസിസ്‌റ്റ് ഭരണകൂടങ്ങളിലോ സ്വേച്‌ഛാധികാരവാഴ്‌ചയിലോ മര്‍ദ്ദകസംവിധാനങ്ങള്‍ ഉപയോഗിക്കപ്പെടുന്ന ഘട്ടങ്ങളില്‍ സാമൂഹ്യവിഭാഗങ്ങള്‍ സമ്പൂര്‍ണ്ണമായും ഭരണകൂടത്തില്‍നിന്ന് അകല്‍ച്ച പ്രകടിപ്പിക്കാനിടയുണ്ട്. ഈ ഘട്ടങ്ങളില്‍ പൌരസമൂഹവും ഭരണകൂടവും പൂര്‍ണമായും വേറിട്ടുനില്‍ക്കുന്നതിനിടയുണ്ട്. പൌരസമൂഹത്തെക്കുറിച്ച് പറയുമ്പോഴും എഴുതുമ്പോഴും നിയമപരമായ വിഭജനം തന്നെയാണ് രാഷ്‌ട്രീയത്തെ സംഘടിപ്പിക്കുന്ന രാഷ്‌ട്രീയ ഘടകങ്ങള്‍ക്കിടയില്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഇതിലൂടെ ('ഭരണകൂടത്തിനെതിരെ' 'പൌരനെ' സ്ഥാപിക്കുമ്പോള്‍) വര്‍ഗ്ഗവൈരുധ്യങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ അസംബന്ധമാണെന്നും ഭരണവര്‍ഗ്ഗമേധാവിത്വം വെല്ലുവിളിക്കപ്പെടില്ലെന്നും തീര്‍പ്പുകല്പിക്കപ്പെടുന്നു. വിദഗ്ധരായ, കുലീനരും ഉന്നതമധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരും ഒക്കെ ഭരണകൂടവുമായി തങ്ങള്‍ക്കുള്ള സവിശേഷബന്ധം ഉപയോഗപ്പെടുത്തി ഭരണകൂടുമായി പൌരന്മാരുടെ ബന്ധം നിശ്ചയിക്കുന്നു. ഭൂരിപക്ഷം പൌരന്മാരുടെയും (തൊഴിലാളികള്‍, തൊഴില്‍ രഹിതര്‍, കര്‍ഷകര്‍ മുതലായവര്‍) പ്രാഥമികമായ സാമൂഹ്യാവകാശങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള അവകാശം നിഷേധിക്കപ്പെടുന്നു.

ഭരണകൂടവുമായി ബന്ധമുള്ള കുലീനര്‍ക്ക് പൌരാവകാശങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെങ്കിലും ഭൂരിപക്ഷത്തിനും പൌരാവകാശമെന്നത് പൊതുവായ 'പദം'മാത്രമാവും. പൌരന്മാരെ അടിമകളാക്കുന്നതിലേക്കാണ് ഇതു നയിക്കുക.ഭരണകൂടത്തെക്കുറിച്ചുള്ള ചര്‍ച്ചപോലെ പൌരസമൂഹത്തെക്കുറിച്ചുള്ള ചര്‍ച്ചയിലും സാമൂഹ്യവിഭാഗങ്ങളുടെ സാമൂഹ്യമായ അതിരുകള്‍ സംബന്ധിച്ചും സവിശേഷാധികാരങ്ങളുള്ള വിഭാഗങ്ങള്‍ സൃഷ്‌ടിച്ചിട്ടുള്ള അതിര്‍ത്തി രേഖ സംബന്ധിച്ചും ചിന്തിക്കേണ്ടതുണ്ട്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ ചെയ്യുന്നതുപോലെ വിമര്‍ശനരഹിതമായോ, വ്യതിരക്തതകള്‍ കാണാതെയോ ഈ പദങ്ങളെ ഉപയോഗിക്കാനാവില്ല. അങ്ങിനെ ചെയ്യുന്നത് സാമൂഹ്യമാറ്റത്തിന്റെ ചലനാത്മകതയെ വെളുപ്പെടുത്താനല്ല ഒളിപ്പിക്കാനാണ് സഹായിക്കുക.

കേന്ദ്രീകൃത ആസൂത്രണത്തിനെതിരെയുള്ള പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റ് വിമര്‍ശനം അത് ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും സ്വേഛാധികാരവും നടത്താനുള്ള ഭരണകൂട ആയുധമാണെന്നാണ്...

മുന്‍ കമ്യൂണിസ്‌റ്റ് രാജ്യങ്ങളിലെ കേന്ദ്രീകൃത ആസൂത്രണം ഉദ്യോഗസ്ഥമേധാവിത്വത്തിന്റെ നിയന്ത്രണത്തിലായിരുന്നു എന്നതില്‍ ആര്‍ക്കും സംശയം തോന്നാനിടയില്ല. സങ്കല്പനത്തില്‍ സ്വേച്‌ഛാധിപത്യപരവും നടത്തിപ്പില്‍ കേന്ദ്രീകൃതവുമായിരുന്നു അത്. അനുഭവപരമായ നിരീക്ഷണത്തില്‍നിന്നും പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വാദിക്കുന്നത് ഏതുതരം ആസൂത്രണവും (കേന്ദ്രത്തിലുള്ളതോ അല്ലാത്തതോ) ആധുനികകാലത്തെ സങ്കീര്‍ണ്ണമായ സമ്പദ് വ്യവസ്ഥക്ക് ചേരാത്തതാണെന്നാണ്. വര്‍ധിച്ച ചോദനവും ദശലക്ഷക്കണക്കായ ഉപഭോക്താക്കളും വിവര വിജ്ഞാനത്തിന്റെ വമ്പിച്ച ഒഴുക്കും നിലനില്‍ക്കുന്നതായാണ് അവര്‍ ചൂണ്ടിക്കാണിക്കുന്നത്. കമ്പോളത്തിനു മാത്രമേ ഇതിനുള്ള പരിഹാരം കാണാനാകൂ. ജനാധിപത്യവും കമ്പോളവും യോജിച്ചു പോകും.

ഈ സങ്കല്‍പനത്തിന്റെ ഏറ്റവും വലിയ പരിമിതി മുതലാളിത്ത സമൂഹത്തിലെ പ്രധാന സ്ഥാപനങ്ങളൊക്കെ കേന്ദ്രീകൃതാസൂത്രണത്തെ ആശ്രയിക്കുന്നു എന്ന അടിസ്ഥാന സത്യം കാണുന്നില്ലെന്നതാണ്. ജനറല്‍ മോട്ടോഴ്‌സ്, വാള്‍മാര്‍ട്ട്, മൈക്രോസോഫ്‌റ്റ്തുടങ്ങിയവയ്‌ക്കെല്ലാം കേന്ദ്രീകൃത പദ്ധതിയുണ്ട്. നേരിട്ടുള്ള നിക്ഷേപത്തെ സംബന്ധിച്ച് പദ്ധതിയുണ്ട്. കൂടുതല്‍ ഉല്പാദിപ്പിക്കാനുള്ള ചെലവിനെ സംബന്ധിച്ചും വില്‍പ്പനയെക്കുറിച്ചും ഒക്കെ വിശദമായ ധാരണയുണ്ട്. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ അവരുടെ വിമര്‍ശനാത്മകമായ ശ്രദ്ധ ഈ സ്ഥാപനങ്ങള്‍ക്കുമേല്‍ പതിപ്പിക്കേണ്ടതുണ്ട്. ബഹുരാഷ്‌ട്ര കുത്തക കമ്പനികളുടെ കേന്ദ്രീകൃതാസൂത്രണത്തിന്റെ കാര്യക്ഷമതയും മുതലാളിത്തത്തിന്റെ മത്സരാധിഷ്‌ഠിത രാഷ്‌ട്രീയ ഘടനയിലെ ജനാധിപത്യസംവിധാനങ്ങളും പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ വിമര്‍ശനത്തിനിരയാവുന്നില്ല. പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകളുടെ ആശയക്കുഴപ്പം കേന്ദ്രീകൃതാസൂത്രണത്തെയും അതിന്റെ ഒരു പ്രത്യേകഘട്ടത്തിലെ സവിശേഷ രൂപത്തെയും കൂട്ടിക്കുഴച്ചുകാണുന്നതാണ്.

ആസൂത്രണസംവിധാനം വ്യത്യസ്‌തമായ രാഷ്‌ട്രീയ ഘടനകളില്‍ (സ്വേച്‌ഛാപരമോ ജനാധിപത്യപരമോ ആയ സമ്പ്രദായങ്ങളില്‍) സാധ്യമാവാമെന്ന് തീരുമാനിച്ചാല്‍ അവയുടെ യുക്തിയും വിശ്വാസ്യതയും പ്രതികരണശേഷിയും ആസൂത്രണവ്യവസ്ഥക്കനുസരിച്ച് വ്യത്യസ്‌തമാവുമെന്ന് അംഗീകരിക്കാം. ഇന്നത്തെ മുതലാളിത്ത സമൂഹത്തിന്റെ സൈനിക ബജറ്റ് ഭരണകൂടത്തിന്റെ ആസൂത്രണത്തിന്റെ ഭാഗമാണ്. ഉല്പാദകരുടെ ഉത്തരവുകള്‍ക്കനുസരിച്ചാണ് (മൂലധനത്തിന്റെ ഉടമകളുടേയും) ചെലവുകള്‍ തീരുമാനിക്കപ്പെടുന്നത്. അമ്പതു വര്‍ഷത്തിലേറെയായി ഉല്പാദിപ്പിക്കുകയും ചെലവഴിക്കുകയും ചെയ്യുന്ന കാര്യക്ഷമതയില്ലാത്ത മാര്‍ഗ്ഗങ്ങളില്‍തന്നെയാണ് ഇപ്പോഴും ഇവ ചലിക്കുന്നത്. ഇക്കാര്യത്തില്‍ യാതൊരു ആസൂത്രണമാതൃകയുമില്ലാതിരിക്കെ, കേന്ദ്രീകൃത ആസൂത്രണമെന്നത് കമ്യൂണിസ്‌റ്റ് വ്യവസ്ഥക്കുള്ളില്‍ മാത്രമുള്ള പ്രതിഭാസമല്ല എന്നറിയണം.

ഇതിന്റെ ദോഷങ്ങള്‍ പൊതുവായതാണ്. മുതലാളിത്ത സമ്പദ് വ്യവസ്ഥയിലും അതുണ്ട്. രണ്ടുദാഹരണങ്ങളിലെയും (പെന്റഗണിലേയും കമ്യൂണിസത്തിലേയും) പ്രശ്‌നം ജനാധിപത്യപരമായ ബാധ്യതയില്ലായ്‌മയാണ്. സൈനികവ്യവസായ കോംപ്ളക്സുകളില്‍ ഏതാനും ഉന്നതര്‍ ഉല്പാദന ലക്ഷ്യവും ചെലവും ആവശ്യകതയും ചോദനവും ഒക്കെ നിശ്ചയിക്കുന്നു. പ്രാദേശിക വിഭവങ്ങള്‍ക്കുമേല്‍ കേന്ദ്ര ഇടപെടല്‍ ഇത്തരം രാജ്യങ്ങളില്‍ അനിവാര്യമാണ്. കാരണം പലേടത്തും വിഭവങ്ങളുടെ അപര്യാപ്‌തതയുണ്ട്. കുടിയേറ്റം, ഉല്പാദന ക്ഷമത, ഉല്പന്നങ്ങള്‍ക്കുള്ള ചോദനം തുടങ്ങിയവക്ക് ചരിത്രപരമായ നിരവധി കാരണങ്ങളുണ്ടാകാം. ഇതെല്ലാം കമ്പോളത്തിന് വിട്ടുകൊടുത്താല്‍ ചരിത്രപരമായിതന്നെ കരുത്തുള്ള വിഭാഗങ്ങളോട് പ്രത്യേക ചായ്‌വ് പ്രദര്‍ശിപ്പിക്കുകയും പ്രാദേശികമായി വികസനത്തിന്റെ ധ്രുവീകരണമുണ്ടാവുകയും വര്‍ഗ്ഗചൂഷണത്തിനും വംശീയ ഏറ്റുമുട്ടലുകള്‍ക്കും അത് വഴിയൊരുക്കുകയും ചെയ്യും.

കേന്ദ്രീകൃത ആസൂത്രണത്തിന്റെ പരിമിതികള്‍ മറികടന്നല്ലേ പറ്റൂ...?

ആസൂത്രണത്തിന്റെ അടിസ്ഥാനപ്രശ്‌നം ആസൂത്രണ പ്രക്രിയയെ നിശ്ചയിക്കുന്ന രാഷ്‌ട്രീയ ഘടനയാണ്. ആസൂത്രണ ചുമതലയുള്ളവര്‍ തെരഞ്ഞെടുക്കപ്പെടുന്നത് സംഘടിത സമൂഹങ്ങളില്‍നിന്നും സാമൂഹ്യവിഭാഗങ്ങളില്‍നിന്നുമാവും. (ഉല്പാദകര്‍, യുവാക്കള്‍, സ്‌ത്രീകള്‍, വംശീയ ന്യൂനപക്ഷങ്ങള്‍ തുടങ്ങിയവയെ പ്രതിനിധീകരിക്കുന്നവരാകും). ഇവര്‍ ഉല്പാദനം, ഉപഭോഗം, മൂലധനത്തിന്റെ നിക്ഷേപം തുടങ്ങിയ കാര്യങ്ങളില്‍ സൈനിക വ്യവസായ കോംപ്ളക്സുകളുമായി ബന്ധമുള്ള കുലീനര്‍ക്ക് കീഴടങ്ങാത്തവരാകണം.

രണ്ടാമതായി ആസൂത്രണം വിശദാംശങ്ങളുടെ അവതരണമെന്ന നിലയിലല്ല കാണേണ്ടത്. സാമൂഹ്യ ബജറ്റിന്റെ വലുപ്പം ദേശീയമായി നിശ്ചയിക്കണം. തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പ്രാദേശിക മുന്‍ഗണനകളെ അടിസ്ഥാനമാക്കി വോട്ടു ചെയ്യാനുള്ള അവസരം നല്‍കപ്പെടണം. ബ്രസീലിലെ പോര്‍ട്ടോ അലഗ്രെ നഗരത്തില്‍ മുന്‍സിപ്പല്‍ ഭരണത്തില്‍ ഏതാനും വര്‍ഷങ്ങളായി വര്‍ക്കേഴ്സ് പാര്‍ട്ടി ഈ രീതി പ്രയോഗത്തില്‍ വരുത്തിയിട്ടുണ്ട്. പൊതു ആസൂത്രണവും പ്രാദേശിക ആസൂത്രണവും തമ്മിലുള്ള വ്യത്യാസം കരിങ്കല്ലില്‍ എഴുതപ്പെടേണ്ട ഒന്നല്ല. മൂലധന നിക്ഷേപമോ ചെലവുകളോ സംബന്ധിച്ച വിശദാംശങ്ങള്‍ ഉന്നതതലങ്ങളില്‍ നിശ്ചയിക്കപ്പെടേണ്ടതല്ല.

രാജ്യത്തിനെയാകെ ബാധിക്കുന്ന പ്രതിരോധച്ചെലവുകള്‍, പശ്ചാത്തല സൌകര്യനിര്‍മ്മിതി, ഉന്നത സാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങിയവ പ്രാദേശിക തലത്തിലെ സ്കൂളുകള്‍ക്കും ആതുരാലയങ്ങള്‍ക്കും സാംസ്‌ക്കാരിക കേന്ദ്രങ്ങള്‍ക്കും സബ്‌സിഡി നല്‍കല്‍ തുടങ്ങിയവ സംബന്ധിച്ച തീരുമാനങ്ങളാല്‍ പോഷിപ്പിക്കപ്പെടണം. ആസൂത്രണം ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥയിലും പ്രധാന ഉപകരണമാണ്. സോഷ്യലിസ്‌റ്റ് ആസൂത്രണത്തെ തള്ളിപ്പറയുക എന്നതിനര്‍ത്ഥം സാമൂഹ്യമാറ്റത്തിനുള്ള സുപ്രധാനമായ ഒരു ഉപകരണത്തെ ഉപേക്ഷിക്കുകയെന്നാണ്.

ഭീമാകാരമായ അസമത്വങ്ങളെയും സ്വത്തിന്റെ കേന്ദ്രീകരണത്തെയും നീതിപൂര്‍വ്വമല്ലാത്ത ബജറ്റ് നിര്‍ദ്ദേശങ്ങളെയും ഒഴിവാക്കാന്‍ നടപ്പാക്കുന്നതിനുള്ള ശേഷിയും ജനാധിപത്യാവകാശങ്ങളുള്ള വിശാലമായ പൊതുപദ്ധതി ആവശ്യമാണ്. പൊതുസ്ഥാപനങ്ങള്‍ക്കും സ്വാശ്രയമാനേജ്‌മെന്റ് കൌണ്‍സിലുകള്‍ക്കും (ഉല്പാദകരുടെയും ഉപഭോക്താക്കളുടെയും) ഒപ്പമുള്ള മൂന്നാമത്തെ തൂണാണ് കേന്ദ്രീകൃത ആസൂത്രണം. ജനാധിപത്യപരിവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ്. കേന്ദ്ര ആസൂത്രണം പ്രാദേശിക ഉല്പാദന-സേവന സംവിധാനങ്ങളുമായി പൊരുത്തപ്പെടാത്തതുമല്ല. റസ്‌റ്റാറന്റുകള്‍, കഫേകള്‍, റിപ്പയര്‍ ഷോപ്പുകള്‍, കൃഷിയിടങ്ങള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളും ഇതിന്റെ ഭാഗമാണ്. സമൂഹത്തിന്റെ വിശാലഘടനയെ നിയന്ത്രിക്കാനുള്ള ചുമതല ഭരണാധികാരികള്‍ക്കുണ്ട്. സങ്കീര്‍ണ്ണമായ തീരുമാനങ്ങളെടുക്കലും വിജ്ഞാനത്തിന്റെ ഒഴുക്കുനിയന്ത്രിക്കലുമൊക്കെ മുന്‍കാലത്തേക്കാള്‍ ഇപ്പോള്‍ എളുപ്പവുമാണ്. വര്‍ധിച്ച ശേഷിയുള്ള കമ്പ്യൂട്ടറുകള്‍ ഇക്കാര്യത്തില്‍ സഹായകമാണ്. ഇതുസംബന്ധിച്ച ഫോര്‍മുല ഇങ്ങനെയാണ്. ജനാധിപത്യപ്രാതിനിധ്യം+ കംപ്യൂട്ടറുകള്‍+കേന്ദ്ര ആസൂത്രണം= കാര്യക്ഷമവും സാമൂഹ്യമായി നീതിയുള്ളതുമായ ഉല്പാദനവും വിതരണവും . സോഷ്യലിസ്‌റ്റുകള്‍ക്ക് മുമ്പില്‍ ഈ വഴിയാണുള്ളത് എന്ന് ഞാന്‍ കരുതുന്നു.

ഭരണകൂടം ജനവിരുദ്ധമാണെന്നുള്ള വാദമാണ് പോസ്‌റ്റ് മാർക്‌സിസ്‌റ്റ് മതം. ഭരണാധികാരത്തിനുവേണ്ടിയുള്ള ഇടതുപക്ഷ പോരാട്ടങ്ങള്‍ ജനവിരുദ്ധതക്കുവേണ്ടിയുള്ള യുദ്ധമാണെന്ന് അവര്‍ പ്രചരിപ്പിക്കുന്നു. എന്താണ് മാർക്‌സിയന്‍ മറുപടി?

ചരിത്രത്തിലുടനീളം അധികാരം പിടിച്ചെടുക്കുന്നവര്‍ ഏകാധിപതികളായി മാറുന്നത് സംശയരഹിതമായ സംഗതിയാണ്. ഇതോടൊപ്പംതന്നെ പ്രധാനമാണ് സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന വ്യക്തികള്‍ അധികാരത്തിലെത്തുമ്പോള്‍ ജനങ്ങള്‍ക്ക് ഉയിര്‍ത്തെണീക്കാനുള്ള അവസരം സൃഷ്‌ടിക്കപ്പെടുന്നു എന്നതും. അടിമത്തം നിര്‍മ്മാര്‍ജ്ജനം ചെയ്‌തതും സമ്പൂര്‍ണ്ണമായ രാജവാഴ്‌ച്ച തൂത്തെറിയപ്പെട്ടതുമൊക്കെ ദൃഷ്‌ടാന്തമാണ്. അതിനാല്‍ 'അധികാരം' എന്നതിന് രണ്ടര്‍ത്ഥമുണ്ട്. സന്ദര്‍ഭമനുസരിച്ച് ഇവയ്‌ക്ക് മാറ്റം വരും.

ഇതേപോലെ പ്രാദേശികസമൂഹത്തിന് ജനങ്ങളെ സംഘടിപ്പിക്കുന്നതില്‍ വിജയം നേടാനും അടിയന്തിര സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനും സാധിക്കും. ചില ഘട്ടങ്ങളില്‍ വലിയ വിജയം നേടാന്‍പോലും കഴിഞ്ഞേക്കാം. സ്ഥൂല രാഷ്‌ട്രീയ സാമ്പത്തിക തീരുമാനങ്ങള്‍ പ്രാദേശിക ശ്രമങ്ങളെ വിലകുറച്ചു കണ്ടെന്നുവരാം. സമീപകാലത്ത് ഉദാരവല്‍ക്കരണ നയങ്ങള്‍ ദേശീയമായും സാര്‍വ്വദേശീയമായും ദാരിദ്ര്യവും തൊഴിലില്ലായ്‌മയും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക വിഭവങ്ങളെ കൊള്ളയടിക്കുന്നുണ്ട്. പ്രാദേശികജനതയെ കുടിയേറ്റത്തിനു പ്രേരിപ്പിക്കുകയോ ക്രിമിനലുകളാക്കുകയോ ചെയ്യുന്നുണ്ട്. ഭരണകൂടാധികാരവും പ്രാദേശികാധികാരവും തമ്മില്‍ വൈരുധ്യാത്മകമായാണ് ബന്ധപ്പെടുന്നത്. പ്രാദേശിക മുന്‍കൈകളെ കുറച്ചുകാണാനോ ശക്തിപ്പെടുത്താനോ, മാറ്റംവരുത്താനോ ഉള്ള ശ്രമങ്ങള്‍ ആശ്രയിക്കുന്നത് ഇരുമണ്ഡലങ്ങളിലുമുള്ള വര്‍ഗ്ഗാധികാരത്തെയാണ്.

പുരോഗമനസ്വഭാവമുള്ള നിരവധി മുന്‍സിപ്പല്‍ ഗവണ്‍മെന്റുകള്‍ക്ക് പ്രതിലോമസ്വഭാവമുള്ള ദേശീയ സര്‍ക്കാരുകള്‍ ഫണ്ടു നിഷേധിച്ചതിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്ന അനുഭവങ്ങളുണ്ട്. മറുവശത്താകട്ടെ പുരോഗമനസ്വഭാവമുള്ള മുന്‍സിപ്പല്‍ ഗവണ്‍മെന്റുകള്‍ക്ക് അയല്‍കൂട്ടമടക്കമുള്ള പ്രാദേശികസംഘടനാ രൂപങ്ങളെ സഹായിക്കുന്നതില്‍ മെച്ചപ്പെട്ട പങ്കാളിത്തം വഹിക്കാനും സാധിക്കും. ഉറുഗ്വെയിലെ മോണ്ടെവിഡിയോയിലെ സോഷ്യലിസ്‌റ്റ് മേയറും ബ്രസീലിലെ പോര്‍ട്ടോഅലെഗ്രോയിലെ ഇടതുപക്ഷ മേയറുമൊക്കെ ഇതിനുദാഹരണമാണ്.

പ്രാദേശികാധികാരത്തെ ഭരണകൂടാധികാരത്തിനെതിരെ നിര്‍ത്തുന്ന പോസ്‌റ്റ് മാർക്‌സിസ്‌റ്റുകള്‍ ചരിത്രാനുഭവങ്ങളെ ആശ്രയിച്ചല്ല അവരുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. പ്രാദേശികസംഘടനകള്‍ക്കും പ്രാദേശിക കമ്പോളങ്ങള്‍ക്കും നിയോലിബറല്‍ വിദേശ ധനദാതാക്കള്‍ക്കും ഇടയില്‍ സന്നദ്ധസംഘടനകള്‍ നിര്‍വ്വഹിക്കുന്ന പങ്കാളിത്തത്തെ ന്യായീകരിക്കുന്നതാണ് ഈ വൈപരീത്യത്തിനു കാരണം (ലോകബാങ്ക്, യൂറോപ്പിലും അമേരിക്കയിലുമുള്ള സാമ്പത്തികസ്ഥാപനങ്ങള്‍ തുടങ്ങിയവയാണ് ഇത്തരം ധനദാതാക്കള്‍).
തങ്ങളുടെ സ്ഥാനത്തിന് നിയമസാധുത്വം നല്‍കാന്‍ പോസ്റമാർക്‌സിസ്‌റ്റ് എന്‍.ജി.ഒ പ്രൊഫഷണലുകള്‍ അടിത്തട്ടിലെ ജനാധിപത്യത്തിന്റെ ഏജന്റുമാരെന്ന നിലക്ക് ഇടതുപക്ഷം ഭരണകൂടാധികാരം നേടുന്നതിനെ നിരുത്സാഹപ്പെടുത്തുന്നു. ഈ പ്രക്രിയക്കിടയില്‍ നിയോലിബറലുകള്‍ക്ക് ഗുണകരമായി പെരുമാറുന്നതിനും പ്രാദേശിക സമരങ്ങളും സംഘടനകളും ദേശീയ/സാര്‍വ്വദേശീയ രാഷ്‌ട്രീയപ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം നിലനിര്‍ത്തുന്നതിനും ഇവര്‍ക്കു സാധിക്കുന്നു.

'പ്രാദേശിക പ്രവര്‍ത്തനങ്ങ'ളിലുള്ള ഊന്നല്‍ സേവിക്കുന്നത് നിയോലിബറല്‍ ഭരണകൂടങ്ങളെയാണ്. വിദേശത്തും ആഭ്യന്തരരംഗത്തും നിലനില്‍ക്കുന്ന മുതലാളിത്ത പക്ഷപാതികളെ സമൂല-സാമൂഹ്യ രാഷ്‌ട്രീയ സാമ്പത്തിക നയങ്ങളില്‍ സ്വാധീനം ചെലുത്താനും രാജ്യത്തിന്റെ വിഭവങ്ങളിലേറെയും കയറ്റുമതിക്കായി നീക്കിവെക്കാനും പ്രേരിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും.

പോസ്‌റ്റ് മാർക്‌സിസ്‌റ്റുകള്‍ സന്നദ്ധസംഘടനകളുടെ മാനേജര്‍മാരെന്ന നിലയ്‌ക്ക് പ്രോജക്ടുകള്‍ രൂപകല്പന ചെയ്യാനും പുതിയ 'സ്വത്വ'ത്തിന്റെയും 'ആഗോളത്വ'ത്തിന്റെയും ജാര്‍ഗണുകള്‍ ജനകീയപ്രസ്ഥാനങ്ങളിലേക്ക് എത്തിക്കാനും വൈദഗ്ധ്യം നേടിയവരാണ്. അവരുടെ എഴുത്തും പ്രസംഗവുമൊക്കെ നിയോലിബറലുകളുമായുള്ള ആശയപരമായ അടിമത്തം സൃഷ്‌ടിക്കുന്നു. വിദേശധനസഹായദാതാക്കളും അവരുടെ നിയോലിബറല്‍ സാമൂഹ്യ സാമ്പത്തിക അജണ്ടയുമായി ഇത് ഒത്തുപോകുന്നു.

അത്ഭുതകരമായ സംഗതി ഒരു ദശകക്കാലത്തെ സന്നദ്ധസംഘടനാപ്രവര്‍ത്തനത്തിന്റെ ഫലമായി പോസ്‌റ്റ് മാർക്‌സിസ്‌റ്റ് പ്രൊഫഷണലുകള്‍ സാമൂഹ്യജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളും അരാഷ്‌ട്രീയവല്‍ക്കരിക്കുകയും പുരോഗമനവിരുദ്ധമാക്കുകയും ചെയ്‌തുവെന്നതാണ്. സ്‌ത്രീകള്‍, അയല്‍ക്കൂട്ടങ്ങള്‍, യുവജനസംഘടനകള്‍ എന്നിവയെല്ലാം ഈ മാറ്റത്തിനു വിധേയമായി. പെറുവിന്റെയും ചിലിയുടെയും അനുഭവങ്ങളാണ് മികച്ച മാതൃക. സന്നദ്ധസംഘടനകള്‍ ശക്തമായി സ്വാധീനമുറപ്പിച്ചിടത്ത് പുരോഗമന സാമൂഹ്യപ്രസ്ഥാനങ്ങള്‍ക്കുള്ള ഉള്ളടക്കമായി. എന്നാല്‍ ഇവയുടെ ദിശയും ചലനാത്മകതയും സംബന്ധിച്ചുള്ള നിര്‍ണായക ചോദ്യം ഉയരില്ല.
സാമൂഹ്യവ്യവസ്ഥയുടെ വിശാലപ്രശ്‌നങ്ങള്‍ അവ ഉന്നയിക്കുമോ എന്നും മറ്റു പ്രാദേശികശക്തികളുമായി ചേര്‍ന്ന് ഭരണകൂടാധികാരവും അതിനെ പിന്തുണക്കുന്ന സാമ്രാജ്യത്വവുമായി ഏറ്റുമുട്ടുമോ എന്നതുമായിരുന്നു പ്രധാന പ്രശ്‌നം. അവ പ്രാദേശിക കാര്യങ്ങളില്‍ കേന്ദ്രീകരിക്കുകയും വിദേശധനസഹായ ഏജന്‍സികളിലേക്ക് കണ്ണയച്ച് ആഭ്യന്തര സബ്‌സിഡികള്‍ക്കു മത്സരിക്കുന്ന നിരവധി ചെറുഘടകങ്ങളായി നുറുങ്ങുകയും ചെയ്‌തു. പോസ്‌റ്റ്മാർക്‌സിസ്‌റ്റുകളുടെ പ്രത്യയശാസ്‌ത്ര ദൌത്യം ഇതാണ്.

(തുടരുന്നു....)

*****

മുഖാമുഖം : ഡോ. ജെയിംസ് പെട്രാസ്

കടപ്പാട് : പി എ ജി ബുള്ളറ്റിന്‍

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പോസ്‌റ്റ് മാര്‍ക്‌സിസ്‌റ്റുകള്‍ വരച്ചിടുന്നത് ഭരണകൂടത്തിന്റെ ഏകമുഖമായ ചിത്രമാണ്. ഭരണകൂടത്തെ ചിത്രീകരിക്കുന്നത് ഭീമാകാരവും കാര്യക്ഷമതയില്ലാത്തതുമായ ഉദ്യോഗസ്ഥ സംവിധാനമായാണ്. പൊതുഖജനാവിലെ പണം നഷ്‌ടപ്പെടുത്തുന്നതും ജനങ്ങളെ ദരിദ്രരാക്കുന്നതും സമ്പദ്ഘടനയെ പാപ്പരാക്കുന്നതുമായ ഒന്നായാണ് ഭരണകൂടം വിവരിക്കപ്പെടുന്നത്. പകരം 'പൌരസമൂഹമാണ് ' സ്വതന്ത്ര്യത്തിന്റെയും സാമൂഹ്യപ്രസ്ഥാനങ്ങളുടെയും പൌരാവകാശങ്ങളുടെയും സ്രോതസ്സ് എന്നാണ്. സജീവമായ പൌരസമൂഹത്തില്‍നിന്നാണ് നീതിപൂര്‍വ്വവും ഊര്‍ജ്ജസ്വലവുമായ സമ്പദ് വ്യവസ്ഥ രൂപപ്പെടുകയെന്നും അവര്‍ വാദിക്കുന്നു.