Friday, August 31, 2012

നമുക്ക് ജാതിയില്ല

തൊണ്ണൂറ്റാറ് സംവത്സരങ്ങള്‍ക്ക് (1916-ല്‍) മുന്‍പ് ആലുവ അദൈ്വതാശ്രമത്തില്‍ സുപ്രധാനമായ ഒരു പ്രഖ്യാപനമുണ്ടായി അത് ഇങ്ങനെയാണ്:

ഒരു വിളംബരം
ആലുവ (1091 ഇടവം 15)

നാം ജാതിമതഭേദമായിട്ട് ഇപ്പോള്‍ ഏതാനും സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നിട്ടും ചില പ്രത്യേക വര്‍ഗ്ഗക്കാര്‍ നമ്മെ അവരുടെ വര്‍ഗ്ഗത്തില്‍പ്പെട്ടതായി വിചാരിച്ചും പ്രവര്‍ത്തിച്ചും വരുന്നതായും അത് ഹേതുവാല്‍ പലര്‍ക്കും നമ്മുടെ വാസ്തവത്തിനുവിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു.
നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. വിശേഷിച്ചും നമ്മുടെ ശിഷ്യവര്‍ഗ്ഗത്തില്‍ നിന്നും മേല്‍പ്രകാരമുള്ളവരെ മാത്രമേ നമ്മുടെ പിന്‍ഗാമികളായി വരത്തക്കവിധം ആലുവാ അദൈ്വതാശ്രമത്തില്‍ ശിഷ്യസംഘത്തില്‍ ചേര്‍ത്തിട്ടുള്ളൂ  എന്നും മേലും ചേര്‍ക്കുകയുള്ളൂ എന്നും വ്യവസ്ഥപ്പെടുത്തിയിരിക്കുന്നതുമാകുന്നു. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു.

എന്ന്
ശ്രീനാരായണഗുരു

96 - വര്‍ഷം മുന്‍പ് ശ്രീനാരായണഗുരു ഇത് ലോകത്തോടു വിളംബരം ചെയ്തു. ഈ വിളംബരത്തിന്റെ സത്ത ഉള്‍ക്കൊള്ളാന്‍ നമുക്ക് എത്രത്തോളം കഴിഞ്ഞിട്ടുണ്ട് എന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. മഹാത്മാക്കളുടെ കാര്യത്തില്‍ രണ്ട് ദിവസം ഔദാര്യപൂര്‍വ്വം നാം നീക്കിവയ്ക്കുന്നു. ഒന്ന് അവരുടെ ജന്മദിനവും മറ്റൊന്ന് അവരുടെ ചരമദിനവും. ഗുരുവിന്റെ കാര്യത്തിലാവുമ്പോള്‍ അത് സമാധിദിനമാവുന്നു.

ഈയിടെയായി ശിവഗിരിയുടെ പ്രാധാന്യം കുറയുന്നുവെന്നും ഗുരുവിനെപ്പറ്റി വസ്തുതാപരമല്ലാത്ത പ്രചരണങ്ങള്‍ നടക്കുന്നുവെന്നും പലരും പരാതിപ്പെടുന്നുണ്ട്. 'ഇന്ത്യ ഗാന്ധിജിക്ക് ശേഷം' എന്ന രാമചന്ദ്രഗുഹയുടെ കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌ക്കാരം നേടിയ ഗ്രന്ഥത്തില്‍ ശ്രീനാരായണനെ ഒരു പ്രത്യേക വിഭാഗക്കാരുടെ നേതാവായി മാത്രം ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ആക്ഷേപം. കേരള സാഹിത്യഅക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് കിട്ടിയതും  ശ്രീനാരായണനെ കേന്ദ്രബിന്ദുവാക്കി എഴുതിയതെന്നും അവകാശപ്പെടുന്ന നോവലില്‍ അദ്ദേഹത്തിന്റെ അവസാനകാലം അയഥാര്‍ഥമായി ചിത്രീകരിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പരാതി.

പ്രസിദ്ധ അധ്യാപകനും ഗ്രന്ഥകാരനും ചരിത്രഗവേഷകനും കോളമിസ്റ്റുമൊക്കെയായ രാമചന്ദ്രഗുഹ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തെ കേരളത്തെപ്പറ്റി വിവരിക്കുമ്പോഴാണ് ശ്രീനാരായണഗുരുവിനെപ്പറ്റി ഒരു തെറ്റായ പരാമര്‍ശം ഉണ്ടെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. സമുദായ സംഘടനകള്‍ ആ കാലഘട്ടത്തില്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചതിനെ ഇങ്ങനെ എഴുതുന്നു. ''കേരളത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിച്ച മിഷനറിമാരെ വെല്ലുവിളിച്ചുകൊണ്ട് സമകാലീനരായ മറ്റ് നാടുവാഴികളേക്കാള്‍ പുരോഗമനവാദികളായ ഇവിടുത്തെ രാജാക്കന്മാര്‍ വിദ്യാലയങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. നായര്‍ സര്‍വ്വീസ് സൊസൈറ്റിയെപ്പോലെ ഊര്‍ജ്ജസ്വലമായ ജാതിസംഘടനകളാണ് സ്‌കൂള്‍ തുടങ്ങാന്‍ മുന്നോട്ടുവന്നത്. എന്‍എസ്എസ് പ്രതിനിധാനം ചെയ്തത് ഭൂ ഉടമകളെയായിരുന്നു. ................ആചാരപരമായ ശ്രേണിയില്‍ താഴ്ന്നതായി ഗണിക്കപ്പെട്ടിട്ടുള്ള ഈഴവരുടെ കുലത്തൊഴില്‍ കള്ളുചെത്തായിരുന്നു. ഈഴവരുടെ ഇതിഹാസനായകനായ ശ്രീനാരായണഗുരുവിന്റെ പേരിലുള്ള  ശ്രീ ധര്‍മ്മപരിപാലന സംഘവും അതില്‍ ഉള്‍പ്പെടുന്നു. അവരും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. ക്ഷേമത്തിനും കാരുണ്യപ്രവര്‍ത്തനത്തിനുമായി സൊസൈറ്റികള്‍ രൂപീകരിച്ചിരുന്നു.'' ഇത്രയുമാണ് രാമചന്ദ്രഗുഹ തന്റെ ബൃഹദ്ഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ( പേജ് 375)

ശ്രീനാരായണനെ ഇതിഹാസ നായകനായിട്ടാണ് രാമചന്ദ്രഗുഹ ഇതില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈഴവരുടെ കുലത്തൊഴില്‍ കള്ളുചെത്തായിരുന്നുവെന്ന് എങ്ങനെയോ അദ്ദേഹം ധരിച്ചിരിക്കുന്നു. അതുകൊണ്ട് കള്ളുചെത്തുകാരുടെ നേതാവാണ് ശ്രീനാരായണനെന്ന് ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചിരിക്കാനിടയില്ല. ധാരാളം വിവരങ്ങള്‍ ശേഖരിച്ച അദ്ദേഹം ഈഴവരെപ്പറ്റിയുള്ള യഥാര്‍ഥ വിവരം അറിയാന്‍ ശ്രമിച്ചിട്ടില്ല എന്നത് ദുഖകരമാണ്. കള്ളുചെത്തുന്നവരില്‍ ഇന്നും ഈഴവ സമുദായത്തില്‍പ്പെട്ടവര്‍ ഉണ്ടായിരിക്കാം.
നല്ല കൃഷിക്കാരായിട്ടാണ് ചില ചരിത്രകാരന്മാര്‍  ഈഴവരെ ചിത്രീകരിച്ചിരിക്കുന്നത്. ഈ വിശദാംശങ്ങളിലേക്കൊന്നും അദ്ദേഹം ആഴ്ന്നിറങ്ങിയില്ല എന്നത് സത്യം. ഗ്രന്ഥത്തിലെ ഈ പരാമര്‍ശം കൊണ്ടും ശ്രീനാരായണഗുരുവിന്റെ മഹത്വവും  ഇതിഹാസ സമാനമായ അദ്ദേഹത്തിന്റെ  ജീവിതവും ആരും തെറ്റിദ്ധരിക്കപ്പെടാന്‍ ഇടയില്ല. മനുഷ്യനെ കേന്ദ്രീകരിച്ചുകൊണ്ട് തന്റെ ദര്‍ശനം രൂപപ്പെടുത്തിയ ഗുരു ഇതിനെല്ലാം എത്രയോ ഉയരെയാണ്.

നമുക്ക് ധാരാളം ഋഷീശ്വരന്മാരും ഗുരുക്കന്മാരുമൊക്കെയുണ്ട്. അവരാരും തന്നെ മനുഷ്യന് ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമേ ഉള്ളുവെന്ന് ഇത്ര ശക്തമായി പറഞ്ഞിട്ടില്ല. അഞ്ച് ഭൂഖണ്ഡങ്ങളിലുമുള്ള  നിറത്തിലും ഭാഷയിലും വൈജാത്യമുള്ള എല്ലാ ജനങ്ങള്‍ക്കും സ്വീകാര്യമായ തത്വമാണ് ശ്രീനാരായണഗുരു ലോകത്തിന് നല്‍കിയത്.

നിര്‍ഭാഗ്യവശാല്‍ ജാതിയുടെ വേലിക്കെട്ടിനുള്ളിലൊതുക്കാന്‍ നടക്കുന്നവരുടെ ശ്രമമാണ് അപലപിക്കപ്പെടേണ്ടത്. ഗുരുവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും പറ്റി പുറം ലോകത്തിനെ അറിയിക്കാന്‍ എന്തൊക്കെയാണ് ഗുരുവിന്റെ പേരില്‍ ചെയ്തിട്ടുള്ളത്. ശിവഗിരി ഒരു ഇംഗ്ലീഷ് മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. അതുകൊണ്ടുമായില്ല. ഗുരുവിനെയും അദ്ദേഹത്തിന്റെ ദര്‍ശനങ്ങളെയും പറ്റി ആഴത്തിലുള്ള പഠനങ്ങള്‍ കുറഞ്ഞത് ഇന്ത്യയിലെ വിവിധ ഭാഷകളിലേക്കെങ്കിലും പ്രസിദ്ധീകരിക്കേണ്ടതാണ്. അങ്ങനെയായിരുന്നുവെങ്കില്‍ രാമചന്ദ്രഗുഹയെപ്പോലുള്ളവര്‍ക്ക് കുറേക്കൂടി കാര്യങ്ങള്‍ മനസിലാക്കാന്‍ കഴിയുമായിരുന്നു.

ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ചുള്ള ഒരു സമ്മേളനത്തില്‍ പ്രസംഗിക്കാനെത്തിയപ്പോള്‍ ഞാന്‍ ഒരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കുകയുണ്ടായി. ശിവഗിരിയിലെ സ്വാമിമാര്‍ തമ്മില്‍ കലഹിക്കാതെ അവരില്‍ കഴിവുള്ളവര്‍  ഉത്തരേന്ത്യയിലേക്ക് പോകണമെന്നാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് ആലേഖനം ചെയ്ത പോസ്റ്ററുകളും ഗുരുവിന്റെ ദര്‍ശനത്തിന്റെയും കുമാരനാശാന്‍ രചിച്ച ദുരവസ്ഥയുടെയുമൊക്കെ പരിഭാഷകള്‍  ഹിന്ദിയിലും മറ്റും വിവര്‍ത്തനം ചെയ്ത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലെ സാധാരണക്കാരുടെ കൈകളിലേക്ക് സ്വാമിമാര്‍ എത്തിക്കണം. ബ്രഹ്മവിദ്യാലയത്തില്‍ നിന്ന് സംസ്‌കൃതം പഠിച്ചിട്ടുള്ളവരാണ് സ്വാമിമാര്‍ എല്ലാവരും എന്ന് കരുതാം. സംസ്‌കൃതവും ഹിന്ദി ലിപികളും തമ്മില്‍ സാമ്യമുണ്ടായതിനാല്‍ ഹിന്ദി പഠിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല. ഉത്തരേന്ത്യയിലെ സ്വാമിമാരോട് ഇവിടുത്തേക്കാളേറെ ആദരവുണ്ടാവാനാണിട. യുപിയിലും ബിഹാറിലും മധ്യപ്രദേശിലുമൊക്കെ ആശ്രമം സ്ഥാപിക്കാനും സ്ഥലം കിട്ടാനും ബുദ്ധിമുട്ടുണ്ടാവുകയില്ല.

മുന്‍ ലോക്‌സഭാസ്പീക്കറായ സോമനാഥ് ചാറ്റര്‍ജി കൊല്ലത്ത് വന്നപ്പോള്‍ ശ്രീനാരായണഗുരുവിന്റെ ഒരു പ്രതിമ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ സ്ഥാപിക്കണമെന്ന് അദ്ദേഹത്തോട് നേരിട്ട് അഭ്യര്‍ഥിക്കുകയും അത് സംബന്ധിച്ച്  അപേക്ഷസമര്‍പ്പിക്കുകയും ചെയ്തു. അത് ആലോചിക്കാമെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചതുമാണ്. പിന്നീട് ഈ ആവശ്യവുമായി മുന്നോട്ടുപോകാന്‍ മറ്റാരും തയ്യാറായിട്ടില്ല. അരുവിപ്പുറത്ത് ഗുരു സ്ഥാപിച്ച ക്ഷേത്രനടയില്‍ എഴുതിവച്ച വരികള്‍ ഈ പ്രതിമയ്ക്ക് അടിയില്‍ കൊടുത്തിരുന്നുവെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേനവാഴുന്ന മാതൃകാഗേഹമാണിവിടം' എന്ന വരികള്‍ ഇന്ത്യപ്പോലെ ഒരു രാജ്യത്ത് എത്രയോ പ്രസക്തമാണ്. ഗുരുവിനെപ്പറ്റി ലോകത്തെ അറിയിക്കാനുള്ള ബാധ്യത സന്യാസിമാര്‍ക്കുണ്ട് എന്ന് പലതവണ അവരുടെ സമ്മേളനത്തില്‍ പങ്കെടുത്തിട്ടുള്ള ഞാന്‍ എന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണോ എന്തോ ഇപ്പോള്‍ സമ്മേളനങ്ങള്‍ക്ക് ക്ഷണിക്കാത്തത്.

സമ്മേളനത്തില്‍ മന്ത്രിമാരെയും പ്രാസംഗികരെയും ക്ഷണിക്കുന്നതില്‍ ജാതീയത കടത്തിവിടുന്നതായിട്ടാണ് കാണുന്നത്. ശ്രീനാരായണീയനു പകരം ശ്രീനാരായണീയനും ശിവഗിരിക്കുപകരം ശിവഗിരിയും മാത്രമേ ഉള്ളൂ. ആരൊക്കെ ദുഷ്പ്രചരണം നടത്തിയാലും അതിനെയെല്ലാം അസ്ഥപ്രജ്ഞമാക്കാന്‍ കഴിയുന്ന ഗുരുവിന്റെ ദര്‍ശനങ്ങള്‍ മനുഷ്യരുടെ, വിശേഷിച്ചും അടിച്ചമര്‍ത്തപ്പെട്ടവരുടെ മനസ്സില്‍  സൂര്യതേജസ്സായി തന്നെ വര്‍ത്തിക്കുമെന്നതില്‍ സംശയമില്ല. നമുക്ക് കൂടുതല്‍ വിശാലമായ വീക്ഷണത്തോടെ ഗുരുവിനെ കാണാനും അദ്ദേഹം നമുക്ക് നല്‍കിയ അമൂല്യമായ ദര്‍ശനങ്ങള്‍ സ്വായത്തമാക്കാനും കേരളീയരായ നമ്മള്‍പോലും ശ്രമിക്കുന്നില്ല എന്നത് ഒരു ദുഖസത്യമാണ്.

ലോകത്തെ ഇന്നത്തെ ഏറ്റവും പ്രധാന പ്രശ്‌നം പരിസ്ഥിതി സംരക്ഷണമാണ്. ഗുരുവിനെപ്പോലെ പ്രകൃതിയുമായി ഇത്രയും താദാത്മ്യം പ്രാപിച്ച അധികം വ്യക്തികളുണ്ടാവില്ല. തന്റെ അവസാന നാളുകളില്‍ ശിവഗിരി തന്നെ അദ്ദേഹം താമസിക്കാന്‍ തിരഞ്ഞെടുത്തത് അവിടുത്തെ അതിമനോഹരമായ പ്രകൃതിയുടെ വശ്യതയായിരുന്നു. ഇന്ന് അതൊക്കെ നഷ്ടപ്പെട്ടിരിക്കുന്നു. സമാധി മന്ദിരം ഉയരുന്നതിന് മുമ്പ് ഗുരു അന്ത്യവിശ്രമം കൊണ്ട കുന്നില്‍ പലപ്പോഴും പോകാന്‍ സമയം കണ്ടെത്തിയിട്ടുള്ള ആളാണ് ഞാന്‍. പ്രകൃതിയുടെ സൗകുമാര്യതയില്‍ അലിഞ്ഞുചേരുന്നതായി നമുക്ക് സ്വയം തോന്നിപ്പോകും. ആ ഭംഗിയൊക്കെ ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നു. അത് വീണ്ടെടുക്കാന്‍ ഇന്നത്തെ പരിമിതിയില്‍ എന്ത് ചെയ്യാമെന്നാണ് ശിവഗിരിയെ സ്‌നേഹിക്കുന്നവര്‍കൂട്ടായി ആലോചിക്കേണ്ടത്. മനസ്സില്‍ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവര്‍ ജാതി മത വംശ ചിന്തകള്‍ക്കതീതമായി ഒത്തുചേരാന്‍ കഴിയുന്ന ഇടമാണ് ഇപ്പോഴും ശിവഗിരി. ശിവഗിരിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറിനിന്ന് അതിന്റെ അഭിവൃദ്ധിക്കുവേണ്ടി ഒരുമയോടെ  പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. ശിവഗിരിയെയും കോടിക്കണക്കിന് വിലവരുന്ന അതിന്റെ സ്വത്തുക്കളെയും കൈപ്പിടിയില്‍ ഒതുക്കാന്‍ ആര് ശ്രമിച്ചാലും അത് നടക്കാന്‍ അനുവദിച്ചുകൂട. 158-ാമത് ജയന്തിദിനത്തില്‍ ചില ചിതറിയ ചിന്തകള്‍ അവതരിപ്പിച്ചു എന്നുമാത്രം.

*
തെങ്ങമം ബാലകൃഷ്ണന്‍  ജനയുഗം 31 ആഗസ്റ്റ്2012

ഉസ്താദും ഉസ്താദ് ഹോട്ടലും

ഇതിവൃത്തത്തിന്‍റെ മുക്കുമൂലകളിലും അതിരുകളിലും കേന്ദ്രസ്ഥാനങ്ങളിലും ഉള്ള ഭൂരിഭാഗം കഥാപാത്രങ്ങളെയും മുസ്ലിം സമുദായത്തില്‍ നിന്ന് സ്വീകരിച്ചുകൊണ്ട് ആവിഷ്ക്കരിച്ചിട്ടുള്ള ഉസ്താദ് ഹോട്ടല്‍, ബോക്സാപ്പീസിലും മികച്ച വിജയം നേടാന്‍ സാധ്യത തെളിഞ്ഞിരിക്കുന്നു. നിരവധി ദശകങ്ങള്‍ക്കു ശേഷമാണ് മലയാളത്തിലെ മുഖ്യധാരാസിനിമയില്‍ ഇത്തരമൊരു പ്രതിനിധാന അട്ടിമറി നടക്കുന്നത്. അത് സാധ്യമാക്കിയതിന്‍റെ പേരില്‍ തിരക്കഥാകൃത്തായ അഞ്ജലി മേനോനും സംവിധായകനായ അന്‍വര്‍ റശീദും അഭിനന്ദനം അര്‍ഹിക്കുന്നു. മികച്ച പാക്കേജിങും പാട്ടുകളുടെ പിന്തുണയും പരസ്യങ്ങളുടെ നൂതനത്വവും ട്വിറ്ററും ഫേസ്ബുക്കും അടക്കമുള്ള സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങിലൂടെയുള്ള ‘മൌത്ത് പബ്ളിസിറ്റി’യും മറ്റുമാണ് ചിത്രത്തെ എടുത്തുയര്‍ത്തിയത്. തിരക്കഥാരചന സ്ത്രീ നിര്‍വഹിച്ചതിനാലായിരിക്കണം, അശ്ളീലാത്മകവും ആഭാസകരവും അറപ്പുളവാക്കുന്നതുമായ ദ്വയാര്‍ത്ഥപ്രയോഗങ്ങളും ഗോഷ്ടികളും വേണ്ടെന്നു വെക്കപ്പെട്ടിരിക്കുന്നു. (സ്ത്രീകള്‍ക്ക് എല്ലാം എളുപ്പമാണ് എന്ന അശ്ളീലച്ചുവ കലര്‍ന്ന സ്ത്രീവിരുദ്ധ സംഭാഷണം സ്ത്രീ കഥാപാത്രത്തെക്കൊണ്ടു തന്നെ പറയിപ്പിച്ചത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്). അശ്ളീലവും ആഭാസത്തരവുമില്ലാതെ തന്ന, ഹാളിനകത്ത് ആര്‍പ്പുവിളികളും കൈയടികളും നേടാനായി എന്നതും നിസ്സാരമല്ല.

1999ലിറങ്ങിയ ഉസ്താദ് (രഞ്ജിത്/സിബി മലയില്‍) എന്ന തട്ടുപൊളിപ്പന്‍ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന നായകവേഷത്തിന് ഇരട്ടവ്യക്തിത്വമാണുണ്ടൊയിരുന്നത്. കോഴിക്കോട്ടെത്തുമ്പോള്‍, സഹോദരിയെ അളവറ്റു സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാവത്താനായ പരമേശ്വരന്‍ എന്ന ഹിന്ദു നാമധാരി; പുറത്തു കടക്കുമ്പോള്‍, എതിരാളികളെ തകര്‍ത്തില്ലാതാക്കുന്ന അധോലോക നായകനാകുന്നു. അപ്പോള്‍ അയാള്‍, മുസ്ലിങ്ങളായ ഗുരുസ്ഥാനീയര്‍ സ്വീകരിക്കുന്ന ഉസ്താദ് എന്ന വിശേഷണം എടുത്തണിയുന്നു. മറ്റൊരു രീതിയില്‍ വ്യാഖ്യാനിച്ചാല്‍, 1990കളിലെ തീവ്ര-വലതുപക്ഷ-ഹിന്ദുത്വാക്രമണോത്സുകമായ മലയാള സിനിമ; കോഴിക്കോട്ടു നിന്ന് പുറത്താക്കുകയും അധോലോകം സമം മുസ്ലിം എന്ന സൂത്രവാക്യത്തിലേക്ക് തിരുകിക്കയറ്റുകയും ചെയ്തിരുന്ന ഉസ്താദ് എന്ന സ്ഥാനപ്പേര്, പരമശുദ്ധനും പാചകകലയിലെ കൈപ്പുണ്യം കൊണ്ട് ഭക്ഷണപ്രിയര്‍ക്ക് ദൈവതുല്യനുമായിക്കഴിഞ്ഞ കരീം (തിലകന്‍) എന്ന കോഴിക്കോട്ടുകാരന് ലഭിക്കുകയും അദ്ദേഹം ആ സ്വന്തം പേരില്‍ തന്ന ഹോട്ടല്‍ തുടങ്ങി സാധാരണക്കാരെയും പണക്കാരെയും ഒരേ സമയം സംതൃപ്തപ്പെടുത്തുകയും ചെയ്യുന്നു. 1999ലെ ഉസ്താദില്‍ നിന്ന് 2012ലെ ഉസ്താദ് ഹോട്ടലിലേക്ക് സഞ്ചരിക്കുമ്പോള്‍, അവമതിപ്പ്, അവഹേളനം, വെറുപ്പ്, വംശഹത്യ തുടങ്ങിയ കീഴ്പ്പെടുത്തലില്‍ നിന്ന് ഒരളവു വരെ മലയാള സിനിമ വിമോചിപ്പിക്കപ്പെട്ടുവെന്നത് പ്രസ്താവ്യമാണ്.

ചിത്രത്തിന്‍റെ ഇതിവൃത്തത്തില്‍ കാര്യമായ പുതുമയൊന്നും അവകാശപ്പെടാനില്ല. തിന്മക്കും ദുരാഗ്രഹങ്ങള്‍ക്കും മേല്‍ നന്മയുടെ വിജയം ഘോഷിക്കുന്ന മറ്റൊരു ഗുണപാഠ സിനിമ മാത്രമാണിത്. അപ്രകാരം ഒരു ഗുണപാഠം കാശുവാരിക്കൂട്ടുന്നതില്‍ ആരും അസ്വസ്ഥരാകേണ്ട കാര്യവുമില്ല. എന്നാല്‍, ജനപ്രിയത രൂപീകരിക്കുന്നതിനു വേണ്ടി മുസ്ലിം സമുദായത്തിന്‍റെ പ്രതിനിധാന ലക്ഷണങ്ങളായി എടുത്തുകാട്ടുന്ന ഘടകങ്ങളെന്തൊക്കെ എന്ന് പരിശോധിക്കാതിരിക്കാനുമാവില്ല. കാമം, ഭക്ഷണം എന്നീ രണ്ടു അടിസ്ഥാന മാനുഷികാവശ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരും ചുറ്റിക്കറങ്ങുന്നവരുമാണ് മലയാള സിനിമയിലെ മുസ്ലിങ്ങളെപ്പോഴും. വെപ്പുകാരന്‍ കരീമിന്‍റെ മകന്‍ എന്ന അവമതിപ്പില്‍ നിന്ന് പുറത്തുകടക്കാന്‍ ഗള്‍ഫിലും നാട്ടിലും മറ്റുമായി ബിസിനസ് സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുന്ന അബ്ദുറസ്സാക്കിന്(സിദ്ദീഖ്) നാലു പെണ്‍മക്കളും ഒരാണ്‍കുട്ടിയുമാണുള്ളത്. മുസ്ലിങ്ങള്‍ പെറ്റു പെരുകിക്കൊണ്ടേയിരിക്കും എന്നും അവര്‍ക്ക് കാര്യമായ പണി പ്രത്യുല്‍പാദനം തന്നയാണെന്നും ബോധിപ്പിക്കുന്നതിനു വേണ്ടി അബ്ദുറസ്സാക്കിന്‍റെ കുടുംബത്തിനു പുറമെ, മറ്റ് പരാമര്‍ശങ്ങളും സിനിമയിലുണ്ട്. ഉസ്താദ് ഹോട്ടലില്‍ നിന്ന് ബിരിയാണി ഓര്‍ഡര്‍ എത്തിക്കുന്നതിനിടെ ഒരു വീട്ടുകാരനോട് ഫൈസി(ദുല്‍ക്കര്‍ സല്‍മാന്‍) ചോദിക്കുന്നുണ്ട്: കൂട്ടുകുടുംബമാണല്ല! ഗൃഹനാഥന്‍റെ മറുപടി: അല്ല ഒക്കെ ഞമ്മളുടേത് തന്നെ. ഹാളില്‍ പ്രകമ്പനം കൊള്ളിക്കുന്ന പൊട്ടിച്ചിരിയാണ്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും മാറി മാറി പ്രചാരണം നടത്തി ജനങ്ങളെ ഉദ്ബുദ്ധരാക്കിയ കുടുംബാസൂത്രണ/കുടുംബക്ഷേമ പദ്ധതിയുടെ ഗുണഫലമായിട്ടു മാത്രമാണ് ഈ കൂട്ടച്ചിരിയും ആര്‍പ്പുവിളിയും എന്നു വിശ്വസിക്കാനാവില്ല. മുസ്ലിങ്ങള്‍ക്കെതിരായ പരാമര്‍ശമാണെന്നതുകൊണ്ടു തന്നയാണ് മൃദുഹിന്ദുത്വത്തില്‍ കിടന്നു പുളക്കുന്ന കേരളീയ പ്രേക്ഷകര്‍ അര്‍മാദിക്കുന്നത്. ഫൈസിയുടെയും ഇത്താത്തമാരുടെയും ഉമ്മ മരിച്ചതിനെ തുടര്‍ന്ന് അബ്ദുറസ്സാക്ക് രണ്ടാമതു പെണ്ണു കെട്ടിക്കൊണ്ടുവരുന്ന സീനിലും ഇതേ അര്‍മാദം തിയറ്ററിനെ ഇളക്കിമറിക്കുന്നുണ്ടായിരുന്നു. അതിന്‍റെ പുറകിലെ അസുഖവും മറ്റൊന്നല്ലല്ലാ!

പരമ്പരാഗതത്വത്തിനും ആധുനികതക്കുമിടയില്‍ ഗതിയില്ലാതെ അലയുന്ന സമുദായമായിട്ടാണ് മലബാറിലെ മുസ്ലിമിങ്ങളെ മറ്റു സമകാലിക പ്രതിനിധാനങ്ങളിലെന്നതുപോലെ ഉസ്താദ് ഹോട്ടലും പരിചരിക്കുന്നത്. ഷഹാന(നിത്യ മേനോന്‍)യെ പെണ്ണു കാണാനായി ഫൈസി എത്തുന്ന സീന്‍ ശ്രദ്ധിക്കുക. ആര്‍ഭാടം ജനിപ്പിക്കുന്നതും അത്യന്താധുനികവുമായ രീതിയില്‍ കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ള വീടാണ് അവളുടേത്. എന്നാല്‍, അവിടെ താമസിക്കുന്നവര്‍ സാമുദായികത വിളിച്ചോതുന്ന രീതിയിലുള്ള വേഷവിധാനങ്ങളാണ് ധരിച്ചിരിക്കുന്നത്. മാത്രമല്ല, നാടന്‍ പലഹാരങ്ങളാണ് പൂമുഖത്തെ ടീപ്പോയില്‍ നിരത്തുന്നത്. വിദേശത്ത് ജീവിതം സുഖകരം തന്ന; പക്ഷെ നാട്ടിലെ പലഹാരം അവിടെയില്ല എന്ന ഫൈസിയുടെ വെള്ളമൂറുന്ന പ്രതികരണം ഈ നാട്ടുപലഹാരം നിരത്തലിനെ ഉറപ്പിച്ചെടുക്കുകയും ചെയ്യുന്നു. പിന്നീട്, പുതുക്കക്കാരുടെ പരിഷ്ക്കാരങ്ങളെ അംഗീകരിക്കുന്നുവെന്നതിന്‍റെ പേരില്‍, ഫൈസിയെയും ഷഹാനയെയും ഒറ്റക്ക് സംസാരിക്കാനായി മുതിര്‍ന്നവര്‍ അനുവദിക്കുന്നുണ്ടങ്കിലും അവരെ വീടിന്‍റെ ഒത്ത മധ്യത്തില്‍ നടുമുറ്റം പോലെ നിര്‍മിച്ചിട്ടുള്ള സ്ഥലത്താണിരുത്തുന്നത്. ഈ വീടിന്‍റെ എല്ലാ മൂലകളില്‍ നിന്നും കാണാവുന്നതും നിരീക്ഷിക്കാവുന്നതുമായ സ്ഥലമാണിതെന്നും എല്ലായിടത്തും പാരകള്‍ ഒളിനോട്ടവും തുറിച്ചു നോട്ടവുമായി നില്‍ക്കുകയാണെന്നും അവള്‍ തുറന്നുകാട്ടിക്കൊടുക്കുന്നുമുണ്ട്. പാരമ്പര്യത്തിനും ആധുനികതക്കുമിടയിലുള്ള ഗതികേടിന്‍റെ ഈ നൂല്‍പ്പാലം, മുസ്ലിം സമുദായത്തെ ചൂഴ്ന്നു നില്‍ക്കുന്നുണ്ടന്ന നിരീക്ഷണ/വിമര്‍ശനമാണ് ഉന്നയിക്കപ്പെടുന്നത്.

ഏറ്റവും സംഘര്‍ഷഭരിതമായ കാര്യം, ഈ ഗതികേടിനെയും അതിന്‍റെ രണ്ടു ധ്രുവങ്ങളെയും അപനിര്‍മിക്കുമ്പോള്‍ വെളിപ്പെട്ടുവരും. കുടുംബത്തെയും അതിന്‍റെ കെട്ടുറപ്പ്, സ്നേഹസാമീപ്യം തുടങ്ങിയ ഘടകങ്ങളെയും ഉപേക്ഷിക്കാനും വയ്യ എന്നാല്‍ പുതുമകളില്‍ വിലസുകയും വേണം എന്ന കൌമാര-യൌവന കാലഘട്ടത്തിന്‍റെ സ്വാഭാവിക പ്രതിസന്ധി തന്നയാണ് വിവരിക്കപ്പെടുന്നതെങ്കിലും അതിന് കൈവരുന്ന സാമുദായികഛായകളാണ് സൂക്ഷ്മ വിശകലനം ആവശ്യപ്പെടുന്നത്. നാട്ടു തനിമയും സാമുദായിക മൌലികതയും മാറി മാറി പാരമ്പര്യത്തിന്‍റെയും യാഥാസ്ഥിതികതയുടെയും ലക്ഷണങ്ങളായി പ്രത്യക്ഷീകരിക്കുന്നുണ്ട്. ഭക്ഷണരീതിയാണ് നാട്ടുതനിമയുടെ പ്രത്യക്ഷങ്ങളെങ്കില്‍; വേഷവിധാനവും സ്ത്രീപുരുഷ ബന്ധത്തിന്‍റെ നിര്‍ബന്ധങ്ങളുമാണ് സാമുദായിക പ്രത്യക്ഷങ്ങളായി വരുന്നത്. ഇവയെല്ലാം കൂട്ടിക്കലര്‍ത്തി അവതരിപ്പിക്കപ്പെടുന്നതിനാല്‍, മൃദുഹിന്ദുത്വ പരിഹാസങ്ങള്‍ക്ക് എല്ലാം ഒരു പോലെ പാത്രീഭൂതമാകുകയും ചെയ്യുന്നു. ഉസ്താദ് ഹോട്ടലില്‍ തമ്പടിച്ചിട്ടുള്ള കല്ലുമ്മക്കായ എന്ന പേരുള്ള മല്ലുപോപ്പ് ഗായക സംഘം, ഫൈസിയെ തങ്ങളുടെ അവതരണഹാളിലേക്ക് ക്ഷണിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ ഈ സംഘര്‍ഷം വിശദീകരിക്കപ്പെടും. ഉസ്താദ് ഹോട്ടലിന്‍റെ തന്നെ പരസ്യ ആല്‍ബമായി ചാനലുകളിലും യുട്യൂബിലും ഒരു പോലെ പ്രചരിപ്പിക്കപ്പെടുന്ന, അപ്പങ്ങളെല്ലാം ചുട്ടമ്മായി എന്ന പാട്ടാണ് ആലപിക്കപ്പെടുന്നത്. ഏറെ ജനപ്രിയമായ മാപ്പിളപ്പാട്ടിനെ പോപ്പിലേക്ക് ലയിപ്പിക്കുന്ന ഹരമാണ് നിര്‍വഹിക്കപ്പെട്ടിരിക്കുന്നത്. മാപ്പിളപ്പാട്ട്; അതിന്‍റെ തന്നെ വിഷയമായ ഭക്ഷണ വിവരണം; ആ ഭക്ഷണവിവരണത്തിനു തന്നെ നിദാനമായ അമ്മായി(അമ്മായിയമ്മ), മരുമകന്‍ അഥവാ പുതിയാപ്ള അഥവാ മകളുടെ ഭര്‍ത്താവ് എന്ന പാരസ്പര്യം എന്നിവ പലതരം ഗൂഢലീലകളിലേക്ക് വിനിമയം ചെയ്യപ്പെടുന്നു. മുസ്ലിം സമുദായത്തില്‍ വയസ്സിളപ്പത്തില്‍ തന്നെ പെണ്‍കുട്ടികള്‍ വിവാഹിതരാകുന്നതിനാല്‍ അവരുടെ പെണ്‍കുട്ടികളും പെട്ടെന്ന് പ്രായപൂര്‍ത്തിയാകുകയും വിവാഹിതരാകുകയും ചെയ്യുന്നുണ്ടന്നാണ് വിവക്ഷിതം. ഈ കുട്ടികളുടെ വിവാഹവും ചെറുപ്രായത്തില്‍ നടക്കുമ്പോള്‍, അമ്മായിയമ്മയും മരുമകനും തമ്മിലുള്ള ബന്ധം അമ്മ/മകന്‍ എന്നതിനു പകരം ലൈംഗികകമിതാക്കള്‍ എന്ന വിധത്തിലേക്ക് വഴി തെറ്റിപ്പോകാറുണ്ടന്നാണ് സദാചാരപ്പോലിസിന്‍റെ ഭാഷ്യം. ഈ ഭാഷ്യത്തെ പരോക്ഷമായി സാധൂകരിക്കുന്നതിനു വേണ്ടിയായിരിക്കാം, അപ്പത്തരം, അമ്മായി, മരുമകന്‍ തുടങ്ങിയ പദങ്ങളെ നിഷ്ക്കളങ്കമായി പരിചരിച്ചിരുന്ന പഴയ മാപ്പിളപ്പാട്ടിനെ പുതിയ ഈണങ്ങളിലേക്കും പുതിയ ഊന്നലുകളിലേക്കും പുതിയ മുഴക്കങ്ങളിലേക്കും അതുവഴി പുതിയ കേള്‍വികളിലേക്കും പുതിയ വ്യാഖ്യാനങ്ങളിലേക്കും വിന്യസിപ്പിച്ചിരിക്കുന്നത്.

(അപ്പങ്ങളെമ്മാടും എന്ന പാട്ട് ഈ യൂട്യൂബ് ലിങ്കില്‍ കാണുക.)

ഉസ്താദ് ഹോട്ടലില്‍ തമ്പടിച്ചിരിക്കുന്ന ആണ്‍ ഗായകരുടെ ക്ഷണം സ്വീകരിച്ചാണ് ഫൈസി ഹാളിലെത്തുന്നത്. എന്നാലവനെ വിസ്മയിപ്പിച്ചുകൊണ്ട്, താന്‍ പെണ്ണു കാണാന്‍ പോയി അവിടെ തന്നെ ഉപേക്ഷിച്ചു പോന്ന ഷഹാന ആ ഗായകസംഘത്തിലെ മുഖ്യഗായികയായി പാട്ടു പാടി തിമിര്‍ക്കുന്നതിന് അവന്‍ സാക്ഷ്യം വഹിക്കുന്നു. തിരക്കഥയിലെ ഏറ്റവും ദുര്‍ബലമായ കണ്ണികളാണ് ഈ ദൃശ്യവും തുടര്‍ന്നുള്ള ദൃശ്യങ്ങളും എന്നതിരിക്കട്ടെ. പണവും സ്വാധീനവും ബന്ധുബലവും ഉള്ള വീട്ടില്‍ നിന്ന് ഒളിച്ചുകടന്ന് നൂറു കണക്കിന് ആളുകള്‍ ആടിത്തിമിര്‍ക്കുന്ന സംഗീതപരിപാടിയില്‍ മുഖ്യഗായികയായി പ്രത്യക്ഷപ്പെട്ട് യാതൊരു പരുക്കും പറ്റാതെ അവള്‍ മതില്‍ ചാടി വീട്ടില്‍ തിരിച്ചെത്തുന്ന സീന്‍ കണ്ടിരിക്കാന്‍ രസമാണെങ്കിലും ഒട്ടും തന്നെ വിശ്വാസയോഗ്യമല്ല. കണ്ട ഉടനെയുള്ള വിസ്മയം മാറി, ഫൈസിയും ഹാളിനകത്തെ ആട്ടത്തില്‍ പങ്കാളിയാകുകയും പിന്നീട് ഗായകസംഘത്തിന്‍റെ റിലാക്സിംഗില്‍ ഒത്തു ചേരുകയും ചെയ്യുന്നു. അവിടെ പരസ്പരം മിണ്ടാനാകാതെ ഫൈസിയും ഷഹാനയും തരിച്ചിരിക്കുകയാണ് ചെയ്യുന്നത്. സമയം അതിക്രമിക്കവെ, അവള്‍ക്ക് വീട്ടില്‍ തിരിച്ചെത്തുകയും വേണം; എന്നാല്‍ മറ്റു ഗായക സംഘാംഗങ്ങളൊക്കെയും ബീറടിച്ച് സ്വിമ്മിംഗ് പൂളിന്‍റെ കരയിലും വെള്ളത്തിനടിയിലും ഒക്കെയായി പൂസായിരിക്കുകയുമാണ്. നിങ്ങളെന്നാട് ഈ ചതി എപ്പോഴുമെന്തിനാണ് ചെയ്യുന്നത് എന്നു പറഞ്ഞ് പരിഭവിക്കുന്ന ഷഹാനയെ വീട്ടില്‍ കൊണ്ടു ചെന്നത്തിക്കുന്ന ഉത്തരവാദിത്തം ഫൈസി ഏറ്റെടുക്കുന്നു. പ്രേക്ഷകരും പ്രതീക്ഷിക്കുന്നത് അതു തന്ന. അതിനായി കഥ കൊണ്ടു ചെന്നത്തിക്കുന്നതിനു സഹായിക്കുന്ന ബീര്‍ (ആ ബീറിന്‍റെ വില ഫൈസലില്‍ നിന്നീടാക്കാം), മദ്യപാനം ആരോഗ്യത്തിനു ദോഷകരം എന്ന പതിവ് ഗുണപാഠ സബ്ടൈറ്റിലിംഗിനോടൊപ്പം നാം സ്വീകരിച്ചിരിക്കുന്നു! മാത്രമോ, വിദേശത്ത് പഠിക്കുകയും മദാമ്മയെ പ്രേമിക്കുകയും ചെയ്തിട്ടും മദ്യവും പുകയും കൈകൊണ്ട് തൊടാത്ത നന്മ നിറഞ്ഞ നായകനെയും, 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ്സ കെ ഏബ്രഹാമിന്‍റേതു പോലെ ദുശ്ശീലങ്ങളൊന്നും പഠിക്കാത്ത നായികയെയും പഴയ നസീര്‍/ഷീല സിനിമകളില്‍ നിന്ന് നമുക്ക് തിരിച്ചു കിട്ടുകയും ചെയ്തിരിക്കുന്നു. അതുമല്ല, ഉസ്താദ് ഹോട്ടല്‍ പിടിച്ചെടുക്കാന്‍ വേണ്ടി പ്ലാന്‍ വരയ്ക്കുക എന്ന ഭീകരകൃത്യം ചെയ്യുന്ന പഞ്ചനക്ഷത്ര മുതലാളിയെ തുറുപ്പഗുലാനില്‍ നിന്ന് കടമെടുക്കാന്‍, രാജമാണിക്യം/ഛോട്ടാ മുംബൈ/അണ്ണന്‍തമ്പി കാലത്തേക്ക് അന്‍വര്‍ റശീദ് കുറച്ചൊന്ന് തിരിഞ്ഞു നടക്കുകയും ചെയ്തിരിക്കുന്നു.

തന്‍റെ ഭാവിയെക്കുറിച്ച് സ്വന്തമായി ഒരു സ്വപ്നമുണ്ടായിരിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിച്ചുവരികയും ചെയ്തിരുന്ന ഫൈസല്‍; ഇതേ ഫൈസലിന്‍റെ മേല്‍ വന്‍ സാമ്പത്തിക പ്രതീക്ഷ വെച്ചു പുലര്‍ത്തുകയും അതിനനുസരിച്ച് കരുക്കള്‍ നീക്കുകയും ചെയ്യുന്ന അവന്‍റെ ബാപ്പ അബ്ദുറസാക്ക്; റസാക്കിന്‍റെ പിതാവ്, തന്‍റെ കൊച്ചു ലോകത്ത് കുറേക്കൂടി സന്തോഷവും സമാധാനവും ആഗ്രഹിക്കുകയും ചെയ്യുന്ന കരീം എന്നിവര്‍ ചേര്‍ന്ന രക്തബന്ധ സംഖ്യാരേഖയിലെ കണ്ണികളുടെ ശൈഥില്യവും പാരസ്പര്യവുമാണ് ഉസ്താദ് ഹോട്ടലിന്‍റെ പ്രതിപാദ്യാടിസ്ഥാനം. ഇവര്‍ മൂന്നാളുടെയും കഥാപാത്രവത്ക്കരണം നടത്തിയിരിക്കുന്നത്; നമുക്കിടയില്‍, നമുക്ക് തൊട്ടടുത്ത് സാധാരണ നാം കാണാറുള്ളവരില്‍ നിന്നാണെന്നാണ് തിരക്കഥാകൃത്തിന്‍റെയും സംവിധായകന്‍റെയും നാട്യം. വിദേശത്തു പോയി അവസരങ്ങള്‍ വെട്ടിപ്പിടിക്കേണ്ടതില്ല; നാട്ടിലുള്ള സാധ്യതകള്‍ തന്ന സര്‍ഗാത്മകമായും നീതിപൂര്‍വമായും ഉപയോഗപ്പെടുത്തുകയേ വേണ്ടൂ എന്ന ലളിതസമവാക്യവും ചിത്രത്തില്‍ ഉദ്ഘോഷിക്കപ്പെടുന്നു. എന്നാല്‍, നല്ല ഭക്ഷണം ഉണ്ടാക്കുന്നതെങ്ങനെ എന്നു പഠിപ്പിക്കാനേ ഉപ്പാപ്പയായ കരീമിക്കയ്ക്ക് കഴിയുന്നുള്ളൂ. അതെന്തിനാണങ്ങനെ ഉണ്ടാക്കുന്നത് (എപ്പടി സമക്കറത് എന്നല്ല, എത്ക്ക് സമക്കറത്) എന്നു പഠിക്കാന്‍, ഫൈസിയെ മധുരൈയിലേക്ക് ബസുകയറ്റി നാരായണകൃഷ്ണന്‍ (ജയപ്രകാശ്) എന്നയാളുടെയടുത്തേക്കയക്കുന്നുമുണ്ട്. ഈ പറഞ്ഞയക്കല്‍ അത്ര നിഷ്ക്കളങ്കമല്ല. സഞ്ജീവ് സ്വാമിനാഥന്‍ എഴുതുന്നു (നാലാമിടം ഡോട്ട് കോം): ‘വെജ് നോണ്‍ വെജ് സംവാദം- രുചിക്കൂട്ടുകള്‍ക്ക് മതപരമായ ചുറ്റുപാടുകളുമായുള്ള ബന്ധം നിഷേധിക്കാനാവില്ല. ബിരിയാണി ഇന്ന് എല്ലാവരുടെയും രുചിയാണെങ്കിലും അത് കടന്നു വന്ന പശ്ചാത്തലം എല്ലാവര്‍ക്കും അറിയാം. ബിരിയാണി വെച്ച് തഴമ്പു വീണ കരീം, കത്തും കൊടുത്ത് പേരക്കുട്ടിയെ അയക്കുന്നത് സാമ്പാറും പുളിശേരിയും ഇഡലിയും വടയുമൊക്കെ ഉണ്ടാക്കുന്ന വെജിറ്റേറിയന്‍ സുഹൃത്തിന്‍റെ അടുത്തേക്കാണ്. വെജിറ്റേറിയന്‍ നോണ്‍വെജിറ്റേറിയന്‍ ടേബിളിന്‍റെ ഇരുപുറവുമിരുന്ന് മതത്തിന്‍റെയും ജാതിയുടെയും സംവാദം പെരുപ്പിക്കുന്ന തലകളെ ഉള്ളി അരിയും പോലെ അരിഞ്ഞു വീഴ്ത്തുകയാണ് തിരക്കഥാകൃത്ത് അഞ്ജലി മേനോനും സംവിധായകന്‍ അന്‍വര്‍ റശീദും കൂടി ഇവിടെ. ‘ കോഴിക്കോട്ടുകാരുടെ മുഴുവനും നാവില്‍ വെള്ളമൂറുകയും അവരുടെ രുചികളെയും വയറിനെയും സംതൃപ്തപ്പെടുത്തുകയും ചെയ്തു പോരുന്നതില്‍ വന്‍ വിജയം തന്ന കൈവരിച്ചിട്ടുള്ള കരീം മുസ്ലിമായതു കൊണ്ടും അയാളുണ്ടാക്കുന്ന ഭക്ഷണം മാംസത്തില്‍ നിന്നായതു കൊണ്ടും, ഉദ്ബോധനം നടത്താനുള്ള അര്‍ഹതയില്ലാത്തയാളാണെന്ന ധ്വനിയാണ് കടന്നു വന്നിരിക്കുന്നത്. കാളനാവാമെങ്കില്‍ കാളയുമാവാമെന്ന കെ ഇ എന്നിന്‍റെ നിലപാട് ശരിയാവില്ല എന്നാണ് അഞ്ജലി മേനോന്‍ അന്‍വര്‍ റശീദിനെക്കൊണ്ട് പറയിപ്പിക്കുന്നതെന്നു സാരം.

മലയാള സിനിമയിലെ നടീനടന്മാരുടെ കുത്തക സംഘടനയായ അമ്മയുടെ വിലക്കുകളെയും അതിര്‍ത്തികളെയും ശബ്ദായമാനമായ ആര്‍ജ്ജവത്തോടെയും സ്വപ്രത്യയസ്ഥൈര്യത്തോടെയും മുറിച്ചു കടന്ന അതികായനായ അഭിനേതാവ് തിലകന്‍റെ ത്രസിപ്പിക്കുന്നതും മനസ്സലിയിക്കുന്നതുമായ പ്രകടനം കൊണ്ടും; ന്യൂ ജനറേഷന്‍/മള്‍ട്ടിപ്ളെക്സ് സിനിമകള്‍ എന്ന വിശേഷണത്തോടെ, മലയാള സിനിമ മാറിത്തീര്‍ന്നിരിക്കുന്നു എന്ന വ്യാജപ്രതീതി ഉണ്ടാക്കിയ ചില ചിത്രങ്ങളുടെ രീതിയെ സധൈര്യം വേണ്ടന്നു വെച്ചതു കൊണ്ടും ഉസ്താദ് ഹോട്ടല്‍ പ്രസരിപ്പിക്കുന്ന നവചൈതന്യം ഇപ്പറഞ്ഞതിനൊക്കെ ശേഷവും നഷ്ടമാകുന്നുമില്ല.

*
ജി പി രാമചന്ദ്രന്‍

ഗുരുവിന്റെ ജീവിതവും സന്ദേശവും

ആധുനിക കേരളത്തിന്റെ സമൂഹഘടനയില്‍ അതിപ്രധാനമായ മാറ്റത്തിന് നേതൃത്വം നല്‍കുന്നതില്‍ മഹത്തായ പങ്കുവഹിച്ച ശ്രീനാരായണഗുരുവിന്റെ 158-ാം ജന്മദിനമാണ് ഇന്ന്. ജാതിരഹിത- മതനിരപേക്ഷ കേരളം മനസ്സില്‍ കണ്ട സാമൂഹ്യ പരിഷ്കര്‍ത്താവായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ശ്രീനാരായണഗുരു കേരളീയന്റെ മനസ്സില്‍ എന്നും നിറഞ്ഞുനില്‍ക്കും എന്നതില്‍ സംശയമില്ല.

1856ല്‍ തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി ഗ്രാമത്തിലാണ് ജനം. കുട്ടിക്കാലത്തുതന്നെ ആത്മീയതയിലും ഭക്തിയിലും തല്‍പ്പരനായിരുന്ന അദ്ദേഹം അന്ത്യംവരെയും യഥാര്‍ഥ സന്യാസജീവിതം നയിച്ചു. സംസ്കൃതഭാഷയിലും ഹൈന്ദവദര്‍ശനത്തിലും പാണ്ഡിത്യം നേടിയ ഗുരു ഈഴവരുടെയും മറ്റു പിന്നോക്കവിഭാഗക്കാരുടെയും സാമൂഹ്യമായ പിന്നോക്കാവസ്ഥ അവസാനിപ്പിക്കുന്നതിനായി ജീവിതം ഉഴിഞ്ഞുവച്ചു. സവര്‍ണ മേധാവിത്വത്തിനെതിരായി പ്രത്യേകിച്ചും, ബ്രാഹ്മണാധിപത്യത്തിനെതിരായി അതിശക്തമായ പോരാട്ടമാണ് ശ്രീനാരായണഗുരു നടത്തിയത്. 1888ല്‍ അരുവിപ്പുറത്ത് ശിവക്ഷേത്രം സ്ഥാപിക്കുകയും ശിവനെ സ്വയം പ്രതിഷ്ഠിക്കുകയും ചെയ്തു. ശിവപ്രതിഷ്ഠ നടത്താനുള്ള അവകാശം ബ്രാഹ്മണര്‍ക്ക് മാത്രമാണെന്നു കരുതിയ അന്നത്തെ സാമൂഹ്യഘടനയില്‍ സുപ്രധാനമായ മാറ്റത്തിന് തിരികൊളുത്തിയ സംഭവമായിരുന്നു ഇത്. ഇതിനെതിരെയുള്ള വിമര്‍ശങ്ങള്‍ക്ക് അദ്ദേഹം ചുട്ട മറുപടി നല്‍കി. താന്‍ ബ്രാഹ്മണശിവനെയല്ല ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന് വിമര്‍ശകരോട് അദ്ദേഹം തിരിച്ചടിച്ചു. അരുവിപ്പുറം പ്രതിഷ്ഠയിലൂടെ കേരളത്തിലെ ജാതിവ്യവസ്ഥയ്ക്കുതന്നെ കടുത്ത പ്രഹരമേല്‍പ്പിക്കുകയാണ് ചെയ്തത്്. 1904ല്‍ ശിവഗിരി ക്ഷേത്രവും 1913ല്‍ ആലുവയില്‍ അദൈ്വതാശ്രമവും ആരംഭിച്ചു. 1924ല്‍ ആലുവയില്‍ സര്‍വമത സമ്മേളനവും വിളിച്ചുചേര്‍ത്തു. കേരളത്തിന്റെ പലഭാഗത്തും ക്ഷേത്രങ്ങള്‍ സ്ഥാപിച്ച് ശാന്തിക്കാരായി ഈഴവരെ നിശ്ചയിച്ചു. ക്ഷേത്രത്തോടനുബന്ധിച്ച് വിദ്യാലയങ്ങളും വായനശാലകളും സ്ഥാപിച്ചു. വിദ്യാഭ്യാസം സ്വാതന്ത്ര്യത്തിന് വഴിതെളിക്കുമെന്ന് അദ്ദേഹം കരുതി. 1928 സെപ്തംബര്‍ 20നു വര്‍ക്കലയില്‍ ശ്രീനാരായണഗുരു അന്തരിച്ചു.

ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന മഹത്തായ സന്ദേശം അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തിലേക്ക് വെളിച്ചം വീശുന്നതാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ഗുരു സന്ദേശം ഇന്ന് വളരെ പ്രസക്തവുമാണ്. പ്രത്യേകിച്ച് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും കണ്ടുകൂടായ്മയും കൊടികുത്തിവാണ, ഭ്രാന്താലയം എന്ന പേരു കേള്‍പ്പിച്ച കേരളത്തില്‍. കേരളത്തിനു പുറത്ത് ഇന്ത്യയുടെ മിക്കഭാഗത്തും ജാതിവ്യവസ്ഥയും ജാതിസ്പര്‍ധയും അനാചാരവും അന്ധവിശ്വാസവും നിലനില്‍ക്കുകയാണെന്ന വസ്തുതയും ഇതോടൊപ്പം ഓര്‍ക്കേണ്ടതാണ്. ഇതൊക്കെ നിലനിര്‍ത്തുന്നതിലാണ് ഭരണവര്‍ഗത്തിന് താല്‍പ്പര്യം. ജനങ്ങളുടെ യോജിപ്പല്ല, ഭിന്നിപ്പാണ് അവര്‍ക്കാവശ്യം. ജാതി ചോദിക്കരുത്, വിചാരിക്കരുത്, പറയരുത് എന്ന ശ്രീനാരായണഗുരുവിന്റെ മഹത്തായ സന്ദേശം ബോധപൂര്‍വം നിരാകരിച്ച് ജാതി ഉച്ചത്തില്‍ പറയണം എന്നുപോലും ആഹ്വാനംചെയ്യാന്‍ അദ്ദേഹത്തിന്റെ അനുയായികള്‍ എന്ന് പറയുന്നവര്‍ക്ക് മടിയില്ല എന്നത് ഖേദകരം തന്നെ.

ശ്രീനാരായണഗുരുവിനെ ഇപ്പോഴും സ്മരിക്കുന്നുവെങ്കിലും, അദ്ദേഹത്തിന്റെ ജന്മദിനവും ചരമദിനവും അവധിദിനമായി പ്രഖ്യാപിക്കപ്പെട്ടു എങ്കിലും അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം പ്രാവര്‍ത്തികമാക്കുന്നതില്‍ കേരളീയര്‍ പരാജയപ്പെടുകയാണ്. ഇക്കാര്യത്തില്‍ കേരളീയര്‍ വിജയിച്ചോ, പരാജയപ്പെട്ടോ എന്നതിനെപ്പറ്റി ആത്മപരിശോധന ആവശ്യമായ ഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ജാതിവ്യവസ്ഥ അരക്കിട്ടുറപ്പിക്കാന്‍ ശ്രമം നടക്കുന്നു. ജാതിവ്യത്യാസം നിലനിര്‍ത്താന്‍ മാത്രമല്ല, വര്‍ഗീയവികാരം ശക്തിപ്പെടുത്താനും അങ്ങിങ്ങായി ആലോചനകള്‍ നടക്കുന്നു. ഹിന്ദുരാഷ്ട്രവാദവും ഹിന്ദുവര്‍ഗീയതയും സംഘപരിവാറിന്റെ അടിസ്ഥാന മുദ്രാവക്യമാണ്. എന്നാല്‍, മുസ്ലിംലീഗിനു പകരം ഹിന്ദുലീഗ് രൂപീകരിക്കണമെന്ന ചിന്ത ആരെ സഹായിക്കാനാണെന്ന് ഇതിന്റെ വക്താക്കള്‍ വിശദീകരിക്കേണ്ടതുണ്ട്. ശ്രീനാരായണഗുരുവോ ചട്ടമ്പിസ്വാമികളോ ഇത്തരത്തില്‍ ഒരു ചിന്ത വച്ചുപുലര്‍ത്തിയതായി കേട്ടിട്ടില്ല. അവര്‍ എല്ലാത്തരം വര്‍ഗീയതകള്‍ക്കും എതിരായിരുന്നു എന്നതാണ് വാസ്തവം. എല്ലാ മുസ്ലിങ്ങളും യോജിക്കണമെന്നാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ആവശ്യപ്പെടുന്നത്. മതന്യൂനപക്ഷത്തിന്റെ പേരില്‍ കടുത്ത വിലപേശലിലൂടെ അഞ്ചാം മന്ത്രിസ്ഥാനം പിടിച്ചുവാങ്ങി. അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയില്‍ മുസ്ലിംലീഗിന്റെ മുമ്പില്‍ പഞ്ചപുച്ഛമടക്കി കീഴടങ്ങിയ കോണ്‍ഗ്രസിനെ രക്ഷിക്കാനാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഹിന്ദുലീഗിന്റെ വക്താക്കള്‍ ശ്രമിക്കുന്നത്. സമുദായത്തിന്റെ പേരില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വിലപേശി വാങ്ങി വിദ്യാഭ്യാസം കച്ചവടച്ചരക്കാക്കി മാറ്റുന്ന പ്രക്രിയയിലാണ് പലരും ഏര്‍പ്പെട്ടിരിക്കുന്നത്. വിദ്യ നേടി സ്വതന്ത്രരാകാനാണ് ശ്രീനാരായണഗുരു ഉപദേശിച്ചതെങ്കില്‍ വിദ്യയോടൊപ്പം അടിമത്തം വിലയ്ക്കു വാങ്ങാനാണ് ചില മതനേതാക്കളും സമുദായനേതാക്കളും ആവശ്യപ്പെടുന്നത്.

ഈ പ്രത്യേക സാഹചര്യത്തില്‍ ശ്രീനാരായണഗുരുവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന്റെ മഹത്തായ സന്ദേശം മുറുകെ പിടിക്കാനും പ്രാവര്‍ത്തികമാക്കാനുമാണ് കേരളീയര്‍ ശ്രമിക്കേണ്ടത്. ഗുരുവിനെ ഓര്‍ക്കുന്നതോടൊപ്പം അദ്ദേഹത്തിന്റെ സന്ദേശം നിരാകരിക്കുകയല്ല, സ്വാംശീകരിക്കുകയാണ് വേണ്ടത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ ജനങ്ങള്‍ സഹോദരതുല്യം ജീവിക്കുന്ന കേരളമാണ് ഗുരു സങ്കല്‍പ്പിച്ചത്. അതിനു ഭംഗം വരുത്തുന്ന ഒന്നുംതന്നെ ഗുരുവിനെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരില്‍നിന്ന് ഉണ്ടാകാന്‍ പാടില്ല തന്നെ.

*
വി വി ദക്ഷിണാമൂര്‍ത്തി ദേശാഭിമാനി 31 ആഗസ്റ്റ് 2012

കെ പങ്കജാക്ഷന്‍

ഇന്ത്യന്‍ ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ഇടതുപക്ഷ ഐക്യത്തിന്റെ പ്രസക്തി എത്രയേറെയാണെന്ന് തിരിച്ചറിയുകയും അതിനുസൃതമായ നയനിലപാടുകളിലൂടെ ആ ഐക്യത്തെ കരുത്തുറ്റതാക്കി മുമ്പോട്ടുകൊണ്ടുപോകാന്‍ ആത്മാര്‍ഥമായി ശ്രമിക്കുകയുംചെയ്ത നേതാവാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍സെക്രട്ടറിയായിരുന്ന കെ പങ്കജാക്ഷന്‍. ആത്മീയഛായയുള്ള ജീവിതസാഹചര്യത്തില്‍നിന്ന് തീപാറുന്ന പോരാട്ടങ്ങളുടെ രാഷ്ട്രീയസാഹചര്യങ്ങളിലേക്ക് കടന്നുവന്നയാളാണ് അദ്ദേഹം. ത്യാഗോജ്വലവും സമരനിര്‍ഭരവുമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സംഭവബഹുലമായ ആ രാഷ്ട്രീയജീവിതത്തിനിടയില്‍ നിയമനിര്‍മാണ സഭാംഗം എന്ന നിലയ്ക്കും സംസ്ഥാനമന്ത്രി എന്ന നിലയ്ക്കും പ്രവര്‍ത്തിച്ചു. ആ ഘട്ടങ്ങള്‍ അദ്ദേഹത്തിലെ പക്വമതിയായ രാഷ്ട്രീയനേതാവിനെയും ഭരണതന്ത്രജ്ഞനെയും കാട്ടിത്തന്നു. പ്രശ്നങ്ങള്‍ പഠിച്ച് അപഗ്രഥിച്ച് സ്വന്തം രാഷ്ട്രീയവീക്ഷണകോണിലൂടെ അവതരിപ്പിക്കാന്‍ നിയമസഭയില്‍ അദ്ദേഹം കാട്ടിയ പ്രാഗത്ഭ്യം മാതൃകാപരമായിരുന്നു. തൊഴില്‍മന്ത്രി എന്ന നിലയ്ക്ക് തൊഴില്‍പ്രശ്നങ്ങളില്‍ അദ്ദേഹം കൈക്കൊണ്ട നിലപാടുകള്‍ തൊഴിലാളിക്ഷേമത്തില്‍ ഊന്നിനില്‍ക്കുന്നവയായിരുന്നു.

വിദ്യാര്‍ഥി ജീവിതഘട്ടത്തില്‍തന്നെ ദിവാന്‍ഭരണത്തിനെതിരായ പോരാട്ടങ്ങളുടെ ചൂടാര്‍ന്ന പശ്ചാത്തലത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന കെ പങ്കജാക്ഷന്റെ ജീവിതം ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയുമായി ബന്ധിപ്പിച്ച കരുത്തുറ്റ ഒരു കണ്ണിയായിരുന്നു. ത്യാഗോജ്വലവും യാതനാനിര്‍ഭരവും അര്‍ഥപൂര്‍ണവുമായ ഒരു ജീവിതത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്; പ്രത്യേകിച്ച് ഇടതുപക്ഷ രാഷ്ട്രീയത്തിന് അപരിഹാര്യമായ നഷ്ടമാണിത്. ആ സ്മരണയ്ക്കുമുന്നില്‍ ഞങ്ങള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു.

*
ദേശാഭിമാനി മുഖപ്രസംഗം 31 ആഗസ്റ്റ് 2012

Thursday, August 30, 2012

ചെമ്മീനിലെ സംഘര്‍ഷങ്ങള്‍


""എന്റെ അച്ചേ വള്ളോം വലേം മേടിക്കാനെക്കൊണ്ടു പോവ്വാണേല്ലോ"".
""കറത്തമ്മേടെ ഭാഗ്യം!""
കറത്തമ്മയ്ക്ക് ഉത്തരം മുട്ടിപ്പോയി. പെട്ടെന്നുതന്നെ അവള്‍ ആ ഘട്ടം കടന്നുകൂടി. അവള്‍ പറഞ്ഞു. ""പഷ്ഷേല് രൂപ തെകായാത്തീല്ല. ഞങ്ങക്ക് കുറെ രൂപ തരാവോ?""
""എന്റെ കൈയിലെവടന്നാ രൂപാ?"" പരീക്കുട്ടി കൈ മലര്‍ത്തിക്കാണിച്ചു.
കറത്തമ്മ ചിരിച്ചു. ""പിന്നെന്തീനാ വല്യ കൊച്ചു മൊതാലാളി ആന്നും പറഞ്ഞു നടാക്കുന്നെ?""
""എന്നെ എന്തിനാ കൊച്ചു മുതലാളീന്നു കറത്തമ്മ വിളിക്കുന്നെ?"".
""പിന്നെന്നാ വിളിക്കണം?"",
""പരീക്കുട്ടീന്നു വിളിക്കണം"".
കറത്തമ്മ "പരീ" എന്നോളം ശബ്ദിച്ചു. എന്നിട്ടു പൊട്ടിച്ചിരിച്ചു. ആ വിളി മുഴുവനാക്കാന്‍ പരീക്കുട്ടി ആവശ്യപ്പെട്ടു. കറത്തമ്മ ചിരി അടക്കിയിട്ട് ഗൗരവം ഭാവിച്ച്, "ഇല്ല" എന്നു തലകുലുക്കി എന്നിട്ടവള്‍ പറഞ്ഞു:
""ഞാന് വിളിക്കാത്തീല"".
""എന്നാല്‍ ഞാന്‍ കറത്തമ്മേന്നും വിളിക്കത്തില്ല"".
""പിന്നെന്താ എന്നേം വിളീക്കാമ്പോണേ?""
""ഞാന്‍ വല്യ മരക്കാത്തീന്നു വിളിക്കും"".

കറത്തമ്മ പൊട്ടിച്ചിരിച്ചു. പരീക്കുട്ടിയും പൊട്ടിച്ചിരിച്ചു. നീണ്ടുനീണ്ട ചിരി. എങ്ങനെ എന്തിനായി അവര്‍ അങ്ങനെ ചിരിച്ചു? എന്തോ! അടക്കാന്‍ വയ്യാതെ അവര്‍ ചിരിക്കുകയാണ്! (ചെമ്മീന്‍).

വിസ്മയത്തിരകള്‍ അടിച്ചുകയറും വിധമുള്ളൊരു ചിരിയിലാണ് "ചെമ്മീന്‍" തുടങ്ങുന്നത്. സാധാരണവും അതേസമയം അസാധാരണവുമായ ഒരു "മാനം" തുടക്കത്തില്‍ത്തന്നെ ആ ചിരിക്ക് കൈവരുന്നുണ്ട്. നിത്യജീവിതത്തിലെ "മര്‍ദകമായ സത്യ"ങ്ങളില്‍നിന്നും മാദകമായ ഏതോ സ്വപ്നങ്ങളിലേക്ക് പരീക്കുട്ടിയും കറത്തമ്മയും ആ ചിരിയുടെ ചിറകില്‍ പറക്കുകയാണ്. മതവും ജാതിയും അധികാരപദവികളും അപ്രസക്തമാകും വിധമുള്ള ഒരു ചിരിയുടെ ഇരമ്പിമറിയുന്ന കടലില്‍നിന്നാണ് തകഴി പ്രണയത്തിന്റെ ചെമ്മീന്‍ പിടിച്ചെടുത്തത്. അടക്കിയിട്ടും അടക്കാന്‍ വയ്യാത്ത ആ ചിരി തന്നെ സ്വയം സംവദിക്കുന്നൊരു തുറന്ന ഭാഷയാണ്. മറ്റൊന്നിനും വേണ്ടിയല്ലാതെ, അതിനുമാത്രം വേണ്ടിയുള്ള ഒരാവിഷ്കാരമാണ് ആ ചിരിയില്‍നിന്ന് സഹസ്രശോഭയാര്‍ന്ന്; നൂല് പൊട്ടി നിലത്തുവീണ പളുങ്കുമണികള്‍ കണക്ക് ചിതറുന്നത്. വേറെ വേറെ നില്‍ക്കുന്നവരുടെ പരസ്പരം ഒന്നിക്കാനുള്ള തീവ്രത്വരയുടെ തിരയാണ് ആ ചിരിയില്‍നിന്ന് കുളിര്‍മ പകരുന്നത്. ""എന്തുപറഞ്ഞാലും മനുഷ്യര്‍ക്ക് പൊട്ടിച്ചിരിക്കാനൊക്കുമോ?"" എന്ന ചെമ്മീനിലെ പ്രത്യക്ഷത്തില്‍ ഒരുത്തരമില്ലെന്ന് തോന്നുന്ന ചോദ്യം പ്രണയത്തിനുള്ള ഒരുന്മത്ത ഉത്തരമാണ്. അവരുടെ മരിച്ചിട്ടും മരിക്കാത്ത പ്രണയത്തെ തഴുകി ആ ചിരിയുടെ തിരകള്‍ വന്നും പോയുമിരിക്കുന്നത് ഒരു ചോദ്യോത്തരവും പൂരിപ്പിക്കാനല്ല. അവരുടെ മരണം പോലും "മരണമില്ലാത്തൊരു" പ്രണയത്തിന്റെ ജീവിതം തന്നെയായി വളരുകയാണ്.

പരീക്കുട്ടിയും കറത്തമ്മയും കൊച്ചുനാള്‍ മുതലേ കളിക്കൂട്ടുകാരായിരുന്നു. "ശരായിയും മഞ്ഞക്കുപ്പായവുമിട്ട് പട്ടുറുമാലും കഴുത്തില്‍ കെട്ടി തൊങ്ങലുള്ള തൊപ്പിയും വച്ച് വാപ്പായുടെ കൈയില്‍ തൂങ്ങി" കടപ്പുറത്ത് ആദ്യം പരീക്കുട്ടി വന്നത്, കറത്തമ്മക്ക് നല്ല ഓര്‍മയാണ്. പ്രണയത്തിന് സ്വപ്നങ്ങളിലെന്നപോലെ, സ്മരണകളിലും സജീവമായി ജീവിക്കാന്‍ കഴിയും. അത് സ്മരണയുടെ തിരകള്‍കൊണ്ട് വസന്ത സാഗരങ്ങള്‍ തന്നെ സൃഷ്ടിക്കും. സ്വപ്നത്തിന്റെ ഒരൊറ്റ "ചീരയില" കൊണ്ട് അത് പ്രണയ "സദ്യ"കള്‍ക്ക് നറുനിലാവിന്റെ രുചി പകരും. ഒരര്‍ഥത്തില്‍ ചെമ്മീനില്‍ കടലും മുക്കുവരും മത്സ്യവും വള്ളവും വലയും കിണ്ടിയുമില്ല. അതിലുള്ളത്, "അനാദി" (?)യായ പ്രണയത്തിന്റെ "കസവാ"ണ്. ചെമ്മീന്‍ പ്രണയ ചോദനകളുടെയും വേദനകളുടെയും ഇതിഹാസമാണ്. അശാന്തിയുടെ സൂചിമുനയില്‍ പിടിച്ചുനിര്‍ത്തിയും അസ്വസ്ഥതയുടെ ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞും ആ "പളനി" ഇന്നും "നമ്മെ" പൊള്ളിക്കുന്നു. കാലമേറെ കഴിഞ്ഞിട്ടും, ഇന്നുമെന്റെ മനസ്സില്‍, കീഴടങ്ങാനറിയാത്ത കരുത്തായി, "പച്ചച്ച്" നില്‍ക്കുന്നത് പരീക്കുട്ടിയും കറത്തമ്മയും ചെമ്പന്‍കുഞ്ഞുമല്ല, മറിച്ച് കുതറുന്നൊരിഛാശക്തിയുടെ ഇതിഹാസമായ ആ പളനിയാണ്.

ചെമ്മീനിലൊരു കടലുണ്ടെങ്കില്‍, ആ "കടല്‍" പളനിയുടേതാണ്. മറ്റെല്ലാവരും "ജീവിതവും" കൊണ്ട് കരയില്‍ വന്നപ്പോള്‍, സ്വന്തം ജീവിതം പോലും കടലിന് കൊടുത്തുകൊണ്ടാണ്, ആവിഷ്കരിക്കപ്പെടാതെപോയ ആ സംഘര്‍ഷജീവിതം, അവസാനിച്ചുപോയത്. "അവന് മനുഷനാ, കടലിലെ ജോലിക്കാരനാ" എന്ന ചെമ്പന്‍കുഞ്ഞിന്റെ വിവരണത്തില്‍ പളനിയുടെ മേല്‍വിലാസം പൂര്‍ണമാവുന്നു. "ആരുമോരും വീടും കുടിയുമില്ലാത്തോനാണേങ്കിലും ഞാനും കടലീന്‍ മൊകാനാ" എന്നൊരൊറ്റ വാക്യത്തില്‍ സന്തപ്തമെങ്കിലും ശിരസ്സു കുനിക്കാത്ത പളനിയുടെ "സ്വത്വബോധ"മാണ് വിജൃംഭിക്കുന്നത്. ആരുമില്ലാത്തവനായാണ് പളനി ആദ്യം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ പിന്നീട് അരയജീവിതത്തിന്റെ കടല്‍ ഇളകിമറിയുന്നത്, പൂര്‍ണാര്‍ഥത്തില്‍ പളനിയിലാണ്. ശരിക്കും പളനിയാണ്, പളനി മാത്രമാണ്, ""ചെമ്മീനില്‍"" കടല്‍ പെറ്റ ഏക മനുഷ്യന്‍! ഓരോ മുറിവിലും മരണത്തിലും പളനിക്ക് കൂട്ടായി എന്നുമൊരു കടലുണ്ടായിരുന്നു. കടലില്‍നിന്ന് വിട്ട് തനിക്കൊരു ജീവിതമില്ലെന്ന്; ചെമ്മീനിലെ ഏക കടല്‍ ഞാനാണെന്ന് പളനി മാത്രമാണ് നമ്മെ അനുഭൂതിസാന്ദ്രമാംവിധം അനുഭവിപ്പിക്കുന്നത്. കറത്തമ്മ പിഴച്ചവളാണെന്ന ശങ്കയുടെ പേരില്‍ ഭ്രഷ്ടനാക്കപ്പെട്ട് തന്നെ പണിക്ക് കൂട്ടാതെ അകന്നുപോകുന്ന "വള്ളം" നോക്കി, "ഞാനും വരുന്നേ എന്ന് പറയാതെ പറഞ്ഞ്" പളനി "കൂവി" വിളിച്ചപ്പോഴാവണം കടല് പോലും പേടിച്ചുപോയത്. സ്വന്തം മകന് ഇത്ര ശബ്ദമോ എന്നോര്‍ത്ത് അന്ന് ആ കടലും അന്ധാളിച്ചുപോയിരിക്കണം.

""പളനി വെളുപ്പിനെ ഉണര്‍ന്ന് കടപ്പുറത്തെത്തി. അപ്പോഴേക്കും വള്ളം അങ്ങ് പോയ്ക്കഴിഞ്ഞു. പളനി അത്യുച്ചത്തില്‍ കൂകി വിളിച്ചു. അതൊരലര്‍ച്ചയായി മാറി. അത്രയും വലിയൊരു ശബ്ദം കടപ്പുറത്ത് അന്നോളം കേട്ടിട്ടില്ലെന്ന് ""ചെമ്മീനില്‍ തകഴി ഹൃദ്യമായി സാക്ഷ്യപ്പെടുത്തുന്നു. പിന്നെ കാണുന്നത് അകന്നുപോയ വള്ളം പിടിക്കാനായി കരയില്‍നിന്ന് കടലിലേക്ക് എടുത്തുചാടുന്ന പളനിയെയാണ്. അപ്പോഴും വാശി പിടിക്കുന്ന കുട്ടിയെ ശാസിക്കുന്ന അമ്മയെപ്പോലെ കടല്‍തിരകളവനെ കരയിലേക്ക് വലിച്ചിട്ടു. എന്നിട്ടും തോറ്റിട്ടും തോല്‍ക്കാത്തൊരു ചോദ്യമായി പളനി ജ്വലിച്ചു: "അവന്‍ എഴുന്നേറ്റു. കുഞ്ഞന്‍ വലക്കാരന്റെ വീട്ടിലേക്കോടി. ""എന്നെ കടല്‍ജോലിക്ക് കൊള്ളത്തില്ലേ. കുഞ്ഞന്‍ വലക്കാരന്‍ ഉത്തരമില്ലാതെ പരുങ്ങി: "എടാ അത്...". "അത് കള്ളമാ. പച്ച നൊണ. അവളു പെഴച്ചോളല്ല. എനിക്കറിയാം"". "എന്നാലും എല്ലാവരും പറേണല്ലോടാ"". നിറഞ്ഞ അമര്‍ഷത്തോടെ പളനി പറഞ്ഞു: ""പറേണു"". അയാള്‍ തിരിച്ചുനടന്നു. ഞാന്‍ കണ്ട "ചെമ്മീനിലെ" ഇടിമുഴങ്ങുന്ന ഒരേയൊരു "കിടിലന്‍ ചുവടുവെപ്പ്" അത് മാത്രമാണ്. "ഇനീം നമ്മള് എങ്ങനെ കഴിയും". കറത്തമ്മയുടെ ചോദ്യം. "ഞാന്‍ മരക്കാനാടീ. മരക്കാനായി കഴിയും. മരക്കാനായി ചാകും. കടലിലൊള്ളതെല്ലാം എന്റെ വകയാ. അല്ലെന്നു പറയാനാര്‍ക്കാ അധികാരം".

കടലിന്റെ മക്കളുടെ "വര്‍ഗബോധം", വയലിന്റെ മക്കളുടെ "വര്‍ഗബോധ"ത്തില്‍ നിന്ന് വ്യത്യസ്തമാണ്. "ഞങ്ങള് കൊയ്യും വയലെല്ലാം ഞങ്ങളുടേതാണെന്ന്" സംഘടനയിലൂടെ വര്‍ഗബോധമാര്‍ജിക്കുന്ന "കുട്ടനാട്ടെ" ഒരു തൊഴിലാളിക്ക് പറയാന്‍ കഴിയും. എന്നാല്‍ സ്വന്തം "മാത്രമായ" കടലിന്നു മുമ്പില്‍നിന്ന് "സംഘട"ക്ക് മുമ്പുതന്നെ ഇതെന്റെ സ്വന്തമെന്നു പറയാന്‍ ഒരു മത്സ്യത്തൊഴിലാളിക്ക് സ്വന്തം ജീവിതം ശക്തി നല്‍കും. "രണ്ടിടങ്ങഴിയില്‍"നിന്ന് വ്യത്യസ്തമായി, "ചെമ്മീനില്‍ "ആ സ്വത്വബോധത്തിന്റെ ശക്തിയാണ്, അധികാരത്തിന്റെ ഭിത്തികളില്‍ ചെന്ന് മുട്ടുന്നത്. പളനിയോട് ഒരു ഘട്ടത്തില്‍ "സംഘട"യുടെ അനിവാര്യതയെക്കുറിച്ച് കറത്തമ്മ പറയുന്നുണ്ട്. എന്നാല്‍ ചെമ്മീന്റെ പുറംതൊലിയില്‍പോലും ആഴത്തിലൊന്ന് സ്പര്‍ശിക്കാനാവാതെ, അതൊക്കെയും സ്വയം നിസ്സഹായമാവുകയാണ്. അതൊന്നും നോവലിലൊരിടത്തും തീ പടര്‍ത്തുന്നില്ല.

രണ്ട്

ആത്മബലിയോളമെത്തുന്ന പരസ്പരമുള്ള "കരുതലില്‍"നിന്നും സമര്‍പ്പണത്തില്‍നിന്നുമാണ്, ഏതൊരു പ്രണയവും കരുത്താര്‍ജിക്കുന്നത്. എല്ലാം "നിനക്കുവേണ്ടി" എന്ന പറയപ്പെടാത്ത ഒരൊറ്റ വാക്യത്തില്‍ വച്ചത്, നിര്‍വൃതിയുടെ പൂങ്കാവനങ്ങള്‍ നിര്‍മിക്കും. അയാള്‍ ആണയിട്ട് പറഞ്ഞു, അയാളുടെ ഏറ്റവും വലിയ ആശ അവളുടെ സുഖമാണെന്ന്. അയാള്‍ പറഞ്ഞു: ""ഞാനിവിടിരുന്നുപാടും, ഒറച്ചുപാടും"" അവള്‍ പ്രതിവചിച്ചു: ""ഞാനീപ്പാട്ട് തൃക്കുന്നപ്പുഴ കടപ്പുറത്തിരുന്നു കേക്കും"". അങ്ങനെ പാടിപ്പാടി തൊണ്ടു പൊട്ടി ഞാനങ്ങു ചാകും"". ""നെഞ്ചു പൊട്ടി ഞാനും ചാകും"". അപ്പം ഈ കടപ്പുറത്ത് രണ്ടാത്മാക്കള് ഈ നിലാവത്തു പറന്നു നടക്കും"". ""അതെ"" എന്ന് പരീക്കുട്ടി പറഞ്ഞു. പിന്നെ ആരുമാരും ഒന്നും മിണ്ടിയില്ല. അവള്‍ ഒന്നും മിണ്ടാതെ സാവധാനം കിഴക്കോട്ടു നടന്നു. അതായിരുന്നു അവളുടെ യാത്ര പറച്ചില്‍. അവളെത്തന്നെ അയാള്‍ നോക്കിക്കൊണ്ടിരുന്നു. അതായിരുന്നു അയാളുടെ വിട നല്‍കല്‍. അങ്ങനെ അവര്‍ അകന്നു"" (ചെമ്മീന്‍). വേര്‍പിരിയാനാവാത്തവിധമുള്ള ഒരടുപ്പത്തിന്റെ ആമുഖമാകുംവിധം ആ അകല്‍ച്ച മാറുകയും "ചെമ്മീന്‍" അതോടെ ഹൃദ്യമായ ഒരു "പ്രണയകഥ"യായി വളരുകയും ചെയ്തു.

"രണ്ടിടങ്ങഴി"യില്‍ നിന്നും, "തോട്ടിയുടെ മകനി"ല്‍നിന്നും വ്യത്യസ്തമായി "ചെമ്മീന്‍" സര്‍വത്ര ആഘോഷിക്കപ്പെട്ടു. പ്രശസ്തിയും പുരസ്കാരങ്ങളും സമ്പത്തുംകൊണ്ട് തകഴി ശ്വാസം മുട്ടുക തന്നെ ചെയ്തു. താന്‍ "പേടിച്ച" പ്രത്യയശാസ്ത്രങ്ങളുടെ പിടിയില്‍നിന്ന് കുതറി രക്ഷപ്പെടാന്‍ കഴിഞ്ഞതിലുള്ള ഹര്‍ഷോന്മാദം പങ്കുവെക്കുംവിധം, ആത്മകഥയില്‍, തകഴി എഴുതി: "ചെമ്മീന്‍ എഴുതിത്തുടങ്ങി. പിന്നെ ഉടക്കിട്ടു പിടിക്കാന്‍ യാതൊന്നുമുണ്ടായിരുന്നില്ല. പ്രത്യയശാസ്ത്രവും ട്രേഡ് യൂനിയന്‍ സാധ്യതകളും സാമ്പത്തിക പരിണാമത്തിന്റെ ശാസ്ത്രവും ഭൗതികവാദവും എല്ലാം അങ്ങ് ദൂരെ മാറിനിന്നു. എന്റെ ആവേശംകൊണ്ട് അവയ്ക്കൊന്നും അടുത്തുവരാന്‍ വയ്യായിരുന്നു. ശുദ്ധമായ ഒരു മനുഷ്യകഥ ഞാനെഴുതി. വിശദാംശങ്ങള്‍ നിറഞ്ഞ പച്ച ജീവിതം. ""എഴുത്തുകൊണ്ട് ലോകം നന്നാക്കാന്‍ കഴിയുമെന്ന മോഹം, തകഴി സ്വയം ഏറ്റുപറഞ്ഞപോലെ അദ്ദേഹം അപ്പോഴേക്കും ഉപേക്ഷിച്ച് കഴിഞ്ഞിരുന്നു. എങ്കിലും അദ്ദേഹം പ്രതീക്ഷിച്ചതുപോലെ "പ്രത്യയശാസ്ത്രങ്ങളൊന്നും" ചെമ്മീനില്‍നിന്ന് പുറത്തുപോവുകയുണ്ടായില്ല. സ്വപ്നം കണ്ടതുപോലെ അതൊരു "ശുദ്ധ മനുഷ്യകഥ"യായിത്തീരുകയോ, കടാപ്പുറത്തിന്റെ ഇതിഹാസമായി വളരുകയോ ചെയ്തില്ല. "കടല്‍പ്പുറത്തിന്റെ മണല്‍പ്പരപ്പിലേക്ക് പറിച്ചുനട്ട നല്ലൊരു പ്രേമകഥയാണ് ചെമ്മീന്‍. തകഴി കടല്‍ കാണുന്നില്ല. ഇവിടെ പടര്‍ത്തിവച്ച പ്രേമകഥയെടുത്ത് കിഴക്കന്‍മലയില്‍ കൊണ്ടുപോയി പടര്‍ത്തിവച്ചാലും വിശേഷിച്ചെന്തെങ്കിലും അരോചകമായി വന്നു ഭവിക്കാന്‍ വഴിയില്ല. തീവ്രമായ റൊമാന്റിക് കഥയുടെ പിന്നാമ്പുറത്ത് വെറുതെ കിടക്കുകയാണ് ഒരു മഹാസാഗരം" (ജി എന്‍ പിള്ള)

"അരയന്മാരുടെ ഒരു ദുരന്ത പ്രേമകഥ അവരുടെ സാമൂഹ്യജീവിതത്തിന്റെയും ആചാരക്രമങ്ങളുടെയും രൂഢമൂലമായ ചില അന്ധവിശ്വാസങ്ങളുടെതന്നെയും പശ്ചാത്തലത്തില്‍ തകഴി ആവിഷ്കരിച്ചിട്ടുള്ളത് വളരെ ഉചിതമായിട്ടുണ്ട്. കാരണം അത്തരം ചുറ്റുപാടുകളില്‍ മാത്രമേ ഇത്തരമൊരു കഥയ്ക്കും ഈദൃശമായ ഒരു വികാസവും പരിണാമവും ഉണ്ടാവുകയുള്ളു. പക്ഷേ അന്ധവിശ്വാസങ്ങളെ ചിത്രീകരിക്കുന്ന തിരക്കില്‍ അവയെ കഥയുടെ ഗതിക്രമം കൊണ്ട് യുക്തിപൂര്‍വം സാധൂകരിക്കാന്‍ ഒരു പുരോഗമന സാഹിത്യകാരന്‍ യത്നിക്കണമോ? അതാണ് നിര്‍ഭാഗ്യവശാല്‍ തകഴി ഈ ഗ്രന്ഥത്തില്‍ ചെയ്തിരിക്കുന്നത്. (എം എസ് ദേവദാസ്)

"ഭാരതീയ സംസ്കാരത്തിന്റെ മൗലിക ഘടകങ്ങളിലൊന്നായ പ്രിമിറ്റീവിസത്തിന്റെ ആവിഷ്കാരം ചെമ്മീനിന് അസാധാരണമായ ശക്തി പകരുന്നു. ചെമ്മീനിനെ ലോകപ്രശസ്തമാക്കാന്‍ സഹായിച്ച മുഖ്യഘടകങ്ങളിലൊന്നാണ് അതില്‍ ആവിഷ്കരിച്ചിരിക്കുന്ന പാതി വ്രത്യസങ്കല്‍പം. (കെ എം തരകന്‍).

തകഴിയുടെ ചെമ്മീനിന്റെ വ്യത്യസ്ത തലങ്ങള്‍ക്കാണ് മുകളില്‍ പരാമര്‍ശിച്ച മൂന്ന് വിമര്‍ശകരും പ്രാധാന്യം നല്‍കിയിരിക്കുന്നത്. പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ആവേശമായ എം എസ് ദേവദാസ് കൃതിയുടെ ശില്‍പസൗന്ദര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ അതിന്റെ "പ്രത്യയശാസ്ത്ര സമീപനങ്ങളെ" വിമര്‍ശിക്കുന്ന നിലപാടാണ് പൊതുവില്‍ സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍, അരയസമൂഹം ചെമ്മീനില്‍ എങ്ങനെയാണ് "പ്രതിനിധീകരിക്ക"പ്പെട്ടിരിക്കുന്നത് എന്ന പ്രശ്നം പരിശോധിക്കാന്‍ അദ്ദേഹം ശ്രമിച്ചതായി കാണുന്നില്ല. എന്നാല്‍ ഈ കൃതി പുറത്തുവന്ന കാലത്തുതന്നെ മുണ്ടശ്ശേരി, അവ്യക്തമായിട്ടാണെങ്കിലും അത്തരം പ്രശ്നങ്ങള്‍ കൂടി സ്പര്‍ശിക്കാന്‍ ശ്രമിച്ചതായി കാണാം.

"".... ഒരരയന്റെ പേന തകഴിക്കുണ്ടായിരുന്നെങ്കില്‍ ഉണ്ടാകുമായിരുന്നത്ര യാഥാര്‍ഥ്യം കഥാപാത്രങ്ങളുടെ സംഭാഷണത്തിലും ജീവിതശൈലിയിലും കാണുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ കുണ്ഠിതപ്പെടുന്നില്ല. പക്ഷേ, തകഴിക്ക് സമാധാനിക്കാം, തനിക്കുള്ള അടുപ്പം പോലുമില്ലാത്തവരാകും ഇന്നത്തെ ഭൂരിപക്ഷം വായനക്കാരുമെന്ന്..."" ഭാഷയുള്ളവര്‍ക്ക് അനുഭവമില്ലാതിരിക്കുന്നതിലെയും അനുഭവമുള്ളവര്‍ക്ക് ഭാഷയില്ലാതിരിക്കുന്നതിലെയും വൈപരീത്യത്തെക്കുറിച്ച് എം എന്‍ വിജയന്‍മാഷും പറയുന്നുണ്ട്. പ്രതിനിധാനങ്ങളിലെ "ചുഴി"കളിലേക്കും ചെമ്മീന്‍ വായനക്കിടയില്‍ മുണ്ടശ്ശേരി ഒന്നെത്തിനോക്കുന്നുണ്ട്. ""ഒരുപക്ഷേ ഒരാലിംഗനത്തിലായപ്പോഴേയ്ക്കും കെട്ടുപോയ ആ പ്രണയത്തിന് പ്രാകൃതനിലവാരത്തിലുള്ള ഒരു ജനസമുദായത്തില്‍, അത്രയേ പരിണതി ഉണ്ടാവൂ എന്ന് തകഴി കരുതിയിരിക്കുമോ? കരുതിയിട്ടുണ്ടെങ്കില്‍ അതിന്റെ ഔചിത്യത്തെ"ക്കുറിച്ച് പറയേണ്ടത് ആ ജനസമുദായത്തില്‍ ജീവിക്കുന്നവരാണ്. അതെന്തെങ്കിലുമാവട്ടെ". മുണ്ടശ്ശേരി, "അതെന്തെങ്കിലുമാവട്ടെ" എന്നുപറഞ്ഞ് ഒഴിയുകയാണ്. "കാളിദാസനും കാലത്തിന്റെ ദാസന്‍ എന്ന് സാക്ഷ്യപ്പെടുത്തിയ മുണ്ടശ്ശേരി, പ്രതിനിധാന സങ്കീര്‍ണതകള്‍ക്കുമുമ്പില്‍ സ്തംഭിച്ചങ്ങനെ നില്‍ക്കുകയാണ്. പ്രതിനിധാനത്തിന്റെ പ്രശ്നം തിരിച്ചറിയുമ്പോഴും, അതിനെ ഒരു മുഖ്യപ്രശ്നമായി കാണാന്‍ മുണ്ടശ്ശേരിക്ക് കഴിയാതെ പോയത്; പഴയ സാമൂഹ്യ ശാസ്ത്രത്തിന്റെ പരിമിതിയെത്തന്നെയാണ് നിസ്സംശയം പുറത്തുകൊണ്ടുവരുന്നത്.

എന്നാല്‍ മുണ്ടശ്ശേരിയില്‍നിന്ന് വ്യത്യസ്തമായി, പ്രതിനിധാനം സംബന്ധിച്ചുള്ള സമീപനങ്ങളെ നിസ്സാരവല്‍ക്കരിക്കുകയും ആ പ്രശ്നം ധീരമായി ഉയര്‍ത്തിയ ചെമ്മീന്റെ ആദ്യവിമര്‍ശകനായ ഡോ. വി വി വേലുക്കുട്ടി അരയന്റെ നിലപാടുകളെ സമ്പൂര്‍ണമായി തള്ളിക്കളയുകയുമാണ് തകഴി ചെയ്തത്. അദ്ദേഹം ""ഓര്‍മയുടെ തീരങ്ങളില്‍" എന്ന ആത്മകഥയില്‍ എഴുതി: ""ഞാനൊരു എഴുത്തുകാരനാണ്. എനിക്ക് സമൂഹത്തോടല്ലാതെ പ്രത്യയശാസ്ത്രത്തോടും സംഘടനകളോടും ഒന്നുംതന്നെ ബാധ്യതയില്ല. കരയില്‍ കഴിയുന്ന അരയത്തിയുടെ ചാരിത്ര്യശുദ്ധി കൊണ്ടാണ് കടലില്‍പോയ അരയന്‍ അപകടം കൂടാതെ കരയില്‍ തിരിച്ചെത്തുന്നത്. എന്തൊരു മനോഹരമായ ആശയം"".

ആര്‍ക്കാണ് തകഴി അവകാശപ്പെടുംവിധം ഈയൊരാശയം മനോഹരമായിരിക്കുന്നത്? എന്തായാലും അതൊരു സ്ത്രീക്കാവാന്‍ സാധ്യതയില്ല. കടലില്‍പോയ പുരുഷന്‍ അപകടത്തില്‍ പെടുന്നതിന്റെ ഉത്തരവാദിത്തം കരയിലിരിക്കുന്ന സ്ത്രീ ഏറ്റുകൊള്ളണമെന്ന ആശയം, ആത്മബോധമുള്ള മുഴുവന്‍ മനുഷ്യരുടെയും അസ്തിത്വത്തെ തന്നെയാണ് അപകടപ്പെടുത്തുന്നത്. അതിനെയാണ് ചെമ്മീനില്‍ തകഴി "കസവ്" പുതപ്പിച്ച് മനോഹരമാക്കിയിരിക്കുന്നത്. അതിനെതിരെയുള്ള രൂക്ഷവിമര്‍ശമാണ്, "ചെമ്മീന്‍ നിരൂപണ"ത്തില്‍ ഡോക്ടര്‍ വി വി വേലുക്കുട്ടി അരയന്‍ നിര്‍വഹിച്ചത്. അദ്ദേഹം എഴുതുന്നു.

"ഒരു പുരോഗമനസാഹിത്യകാരനായ തകഴിയുടെ "ചെമ്മീന്‍ അരയന്മാരുടെ ഇടയില്‍ ഉണ്ടെന്ന് പറയുന്ന അന്ധവിശ്വാസവും ഐതിഹ്യവും യാഥാര്‍ഥീകരിക്കയാണ്, അതിനെ ഇന്നത്തെ പുതുതലമുറയുടെ തലയിലും അടിച്ചേല്‍പ്പിക്കുകയാണ്, അവരില്‍ ഒരു കറത്തമ്മയും ചെമ്പന്‍കുഞ്ഞും ഉണ്ടാകാന്‍ പാടില്ലെന്ന് സ്ഥാപിക്കുകയാണ് ചെയ്യുന്നത്..""

ഒരു കൃതിയില്‍ അന്ധവിശ്വാസം കഥാതന്തുവായി മാറുന്നതിനെയല്ല, മറിച്ച് ഒരന്ധവിശ്വാസം, ഒരു കൃതിയെയാകെ സ്വന്തം കൊക്കിലൊതുക്കുന്നതിനെയാണ് അരയന്‍ വിമര്‍ശിക്കുന്നത്. ഒരന്ധവിശ്വാസത്തിനുപോലും അധികാരത്തെയും ആധിപത്യത്തേയും കടന്നാക്രമിക്കുന്ന ആയുധമാകാനാവും. കവിയൂര്‍ മുരളിയുടെ, ""അയ്യങ്കാളിപട"" എന്ന നോവലില്‍നിന്നുള്ള ഒരു ഭാഗം മാത്രം കാണുക: ""തെക്ക് തേനാതിമടക്ക് മാകാളി/വിളിപ്പൊറത്തെത്തുന്ന കൊടുങ്ങല്ലൂരുമ്മേ/ഇന്നലമരെഞങ്ങടക്കൂടൊണ്ടാരുന്ന തള്ള-/അവര് മരിച്ചു/നൂറ്റാണ്ടുകാലം ജീവിച്ചിട്ടും/അവ്ര്ക്ക് നരകമാര്ന്ന്/ഇനിയേലും അവര് അലഞ്ഞ് നടക്കാതെ/അമ്മേടെ തണല് കൊടുക്കണേ"". "ഞങ്ങളെപ്പെറ്റതള്ളേ, നിങ്ങളൊണ്ടാക്കിയ മണ്ണാണിത്. ഈ മണ്ണിക്കുടിയിരുന്നോണം കരഞ്ഞുവിളിച്ചു നടക്കല്ല്. ഞങ്ങള്‍ക്ക് താനം ഇവിടല്ല്യാരിക്കും. എന്നാലും പൊന്നമ്മച്ചി ഇവിടെ നിക്കണം. എളകരുത്. ഞങ്ങളെ പാറ്റ്ണോരെ നിങ്ങളും പാറ്റിക്കോണം. തന്തതിക്കുഞ്ഞുങ്ങക്കു അമ്മേടെ തൊണ എന്നു മൊണ്ടായിരിക്കണം. ഞങ്ങള് പിരിഞ്ഞുപോകാണ്. എല്ലാരും യാത്ര ചോയിക്കാണ്. തെറ്റുകുറ്റങ്ങള് എല്ലാം ചെമിക്കണം. കോവിരത്താന്റെ കൈയിലിരുന്ന മണ്ണ് ശവപ്പെട്ടിമേല്‍ വീണു. പിറുപിറാ ശബ്ദം. അമ്മയുടെ മറുപടിപോലെ. മത്തിമല കറുമ്പനും തേവനും കുഞ്ഞാലുമെല്ലാം ഓരോ പിടിമണ്ണ് ആ നല്ല അമ്മയ്ക്ക് അര്‍പ്പിച്ചു; ഒരു പിടി മണ്ണുപോലും സ്വന്തമായില്ലാത്ത ആ അമ്മയ്ക്ക്"".

കീഴാള ജീവിതത്തിന്റെ നിസ്സഹായതയും കരുത്തും ഒരു മരണാനന്തര ചടങ്ങില്‍ നിന്നുപോലും ചങ്ങലകള്‍ പൊട്ടിക്കുന്നതാണ് നാമിവിടെ അനുഭവിക്കുന്നത്. ഒരന്ധവിശ്വാസം പോലും അധീശത്വാധികാരത്തിനെതിരെയുള്ള മൂര്‍ച്ചയുള്ള ആയുധമായി മാറുന്ന ഭാവുകത്വവിപ്ലവമാണ്, കവിയൂര്‍ മുരളിയുടെ "അയ്യങ്കാളിപ്പട"യില്‍ സംഭവിക്കുന്നതെങ്കില്‍, "കടലമ്മ"യുടെ കഥ വഴി, "ചെമ്മീന്‍" അരയന്‍ നിരീക്ഷിക്കുന്നതുപോലെ "മരയ്ക്കാത്തിമാരുടെ ചാരിത്ര്യം സൂക്ഷിക്കുന്ന ഒരു വേദപുസ്തകമായി"" ചുരുങ്ങുകയാണുണ്ടായത്. അരയനെ തമസ്കരിച്ചുകൊണ്ടാണെങ്കിലും അരയവിമര്‍ശനത്തെ നേരിടാന്‍ തകഴി നിര്‍ബന്ധിതനാകുന്നതാണ്, ആത്മകഥയില്‍ കാണുന്നത്. തകഴി എഴുതി: "പിന്നെയൊരു നിരൂപണം വന്നത് അന്ധവിശ്വാസത്തെ ഞാന്‍ അരക്കിട്ടുറപ്പിക്കുകയാണെന്നായിരുന്നു. ഒരു നല്ല ഗുണത്തിന് അന്ധവിശ്വാസം കൊണ്ട് ചിരപ്രതിഷ്ഠ സിദ്ധിക്കുമെങ്കില്‍ എന്താണ് തകരാറ്? പക്ഷേ ആ ചോദ്യം ആര് ചോദിക്കാന്‍?"". ചെമ്മീന്‍ വിമര്‍ശനത്തില്‍ തകഴി നല്ലതെന്ന് വാഴ്ത്തുന്ന ആ ഗുണം നല്ലതല്ലെന്നാണ് അരയന്‍ വ്യക്തമാക്കിയത്! ഒരരയന്‍ കടലില്‍ പോകുമ്പോള്‍തന്നെ കരയ്ക്കുള്ളവര്‍ക്കൊക്കെ അവര്‍ തിരിച്ചുവരുന്നത് വരെ ഒരസ്വസ്ഥതയുണ്ടാവും. അതിന്റെകൂടെ അവരുടെ ശിരസ്സില്‍ ഒരന്ധവിശ്വാസത്തിന്റെ ഭാരം കൂടി ഇറക്കിവെക്കേണ്ടതുണ്ടോ എന്ന ചോദ്യതില്‍നിന്നാണ് പലരും ഒഴിഞ്ഞുമാറുന്നത്.

ചെമ്മീനില്‍ ഒരല്‍പം ജാതിക്കാര്യമുണ്ടെന്ന് സമ്മതിച്ചുകൊണ്ട് എസ് ഗുപ്തന്‍നായര്‍ എഴുതി: "ചെമ്മീനെ സമുദായ വീക്ഷണത്തിലൂടെ മാത്രം കാണുന്ന ഒരു ലഘുലേഖ അരയസമുദായത്തില്‍പെട്ട ഒരാള്‍ എഴുതി അച്ചടിച്ചു. അവരുടെ ഭാഷയും ആചാര വിശേഷങ്ങളും തകഴി ശരിക്കു മനസിലാക്കാതെ എന്തോ കാട്ടിക്കൂട്ടി കളഞ്ഞു എന്നായിരുന്നു മുഖ്യമായ ആരോപണം. പക്ഷേ ആ ആരോപണങ്ങളൊക്കെ ആളുകള്‍ വിസ്മരിച്ചു. ചെമ്മീന്‍ ജീവിക്കുകയും ചെയ്തു... ""ചെമ്മീന്‍ ജീവിക്കുന്നു എന്ന ഗുപ്തന്‍നായര്‍ മാഷിന്റെ നിലപാട് ശരിയാണ്. എന്നാല്‍ ചെമ്മീനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും അതോടൊപ്പം ജീവിക്കുക തന്നെയാണ്. ചെമ്മീനെ പ്രതിരോധിക്കുകവഴി, പ്രതിനിധാന സംബന്ധമായ വിമര്‍ശനങ്ങളെയാകെ നിര്‍വീര്യമാക്കാനുള്ള ശ്രമവും ഗുപ്തന്‍നായരുടെ "സാഹിത്യവും അല്‍പം ജാതിക്കാര്യവും"" എന്ന പ്രബന്ധം നിര്‍വഹിക്കുന്നുണ്ട്. അദ്ദേഹം എഴുതുന്നു. "അന്തര്‍ദര്‍ശന ചതുരനായ എഴുത്തുകാരന്‍ അപ്രിയമായ ഒരു സത്യം പറയുമ്പോള്‍, അത് ജാതിക്കാകെ ആക്ഷേപകരമാണെന്ന് വിചാരിക്കുന്ന സങ്കുചിത ബുദ്ധി ജുഗുപ്സാവഹമാണ്. "ദുരവസ്ഥ" എഴുതിയ ആശാനേയും "നായര്‍ സ്ത്രീയും മുഹമ്മദീയനും" എഴുതിയ വള്ളത്തോളിനേയും ആക്ഷേപിച്ചവരാണ് നാം..."" അപഗ്രഥനം ഒരിക്കലും ഒരാക്ഷേപമല്ലെന്ന് തിരിച്ചറിയുന്നതില്‍ ഗുപ്തന്‍നായര്‍ക്ക് വീഴ്ച സംഭവിച്ചിരിക്കുന്നു.

അസാധാരണമാംവിധം ജനപ്രീതി ആര്‍ജിച്ച ചെമ്മീനെ സൂക്ഷ്മവിമര്‍ശനത്തിന് വിധേയമാക്കിയ ഡോ. വി വി വേലുക്കുട്ടി അരയന്റെ ""ചെമ്മീന്‍ ഒരു നിരൂപണം"" എന്ന കൃതിയുടെ ആമുഖത്തില്‍ സൂക്ഷ്മചിന്തയുടെ "നിത്യഹരിത" ചുവപ്പന്‍ സാന്നിധ്യമായ പി ജി എഴുതി: "ചെമ്മീന് കിട്ടിയ ഈ അനിതരസാധാരണമായ ജനപ്രീതിയുടെ കൂലംകുത്തി പാച്ചിലിനെതിരെ തുഴഞ്ഞുകയറാന്‍ മറ്റുപലരും ധൈര്യപ്പെടാതെ മാറിനിന്നപ്പോള്‍ ഡോക്ടര്‍ വേലുക്കുട്ടി അരയന്‍ മാത്രമാണ് സത്യത്തിന്റെയും കലയുടെയും വെളിച്ചവുമായി മുന്നോട്ട് വന്നത്. ഡോ. അരയന്‍ ഈ പുസ്തകം പുറത്തുവന്ന 1956ല്‍ത്തന്നെ അതിലെ യാഥാര്‍ഥ്യത്തിന് നിരക്കാത്ത സംഭവങ്ങളെയും ഘടനകളേയും സര്‍വോപരി അരയസമുദായം ഉള്‍പ്പെടെ അതിനകം തന്നെ തിരസ്കരിച്ചു കഴിഞ്ഞിരുന്ന അന്ധവിശ്വാസങ്ങളെ പുനരുജ്ജീവിപ്പിക്കാനുള്ള കഥാകൃത്തിന്റെ ശ്രമത്തെയും മുന്‍നിര്‍ത്തി നടത്തിയ നിശിതമായ വിമര്‍ശനത്തിനെതിരെ മറുപടി പറയാന്‍ പോലും തകഴിക്കോ ആരാധകര്‍ക്കോ കഴിഞ്ഞില്ല".

മൂന്ന്

ചെമ്മീന്റെ ജനപ്രിയതയെ പ്രതിരോധിക്കുംവിധം "പുതിയ വായന", നിര്‍വഹിച്ചത്, ഒരമ്പത്തിയാറ് കൊല്ലം മുമ്പ് വേലുക്കുട്ടി അരയനാണ്. ഡോ. വി വി വേലുക്കുട്ടി എന്ന എക്കാലത്തെയും കേരളത്തിന്റെ അഭിമാനമായ ആ മഹാനായ നവോത്ഥാനപ്രതിഭ, സ്വന്തം പേരിനൊപ്പം "അരയന്‍" "വാല്‍" ചേര്‍ത്തത് അലങ്കാരത്തിനോ ആഭിജാത്യപ്രദര്‍ശനത്തിനോ വേണ്ടിയായിരുന്നില്ല. ഓരങ്ങളിലേക്ക് ഉന്തിവീഴ്ത്തപ്പെട്ട കീഴാളമനുഷ്യരുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനായിരുന്നു. "അരയന്‍" എന്ന ജാതിപ്പേരിനെ കീഴാളസമൂഹങ്ങള്‍ നിര്‍വഹിച്ച ജനാധിപത്യപ്രതിരോധത്തിന്റെ ഉജ്വല പ്രതീകമെന്ന നിലയില്‍ ഇന്ന് നമുക്ക് തിരിച്ചറിയാന്‍ കഴിയും. അതൊരു മേല്‍ജാതി വാല്പോലുള്ള മേല്‍ക്കോയ്മയല്ല, മറിച്ച് ആ മേല്‍ക്കോയ്മയെ മറിച്ചിടാനുള്ള സാംസ്കാരിക സമരത്തിന്റെ ഭാഗമാണ്. ആധിപത്യ സന്തുലിതാവസ്ഥ തകര്‍ത്ത്, പുതിയ സ്വാതന്ത്ര്യത്തിന്റെ ലോകം സൃഷ്ടിക്കുകയെന്ന സാംസ്കാരിക ദൗത്യമാണ് ഡോ. വി വി വേലുക്കുട്ടി "ജാതിവാല്‍" ചേര്‍ത്തുകൊണ്ട് നിര്‍വഹിച്ചത്. സ്വന്തം പേരിനൊപ്പം ജാതിവാല്‍ വയ്ക്കുന്ന "സവര്‍ണാഭിമാനപതിവുകളെ ഒരു ഹാസ്യാനുകരണം വഴി അട്ടിമറിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. വിപ്ലവം "ആത്മാഭിമാനം" ഉയര്‍ത്തിപ്പിടിക്കാനുള്ള എല്ലാ വ്യത്യസ്ത സാമൂഹ്യവിഭാഗങ്ങളുടെയും അവകാശത്തിന്റെ കൂടി പ്രശ്നമാണ്. അകറ്റിനിര്‍ത്തിയും പുഛിച്ചും പരിഹസിച്ചും പീഡിപ്പിക്കപ്പെട്ട കീഴാളജനവിഭാഗങ്ങളുടെ മോചനത്തെ സംബന്ധിച്ചിടത്തോളം സാമ്പത്തികസമത്വത്തോടൊപ്പം, സാംസ്കാരിക സമത്വവും അനിവാര്യമാണ്. സാമ്പത്തിക സമത്വം സാക്ഷാല്‍ക്കരിക്കപ്പെടുന്നതോടെ, സാംസ്കാരിക സമത്വം അതിനുപിറകെ വന്നുകെള്ളുമെന്ന "അലസവാദങ്ങളെ" പ്രയോഗവും സിദ്ധാന്തവും തിരസ്കരിച്ചുകഴിഞ്ഞ ഒരു കാലത്താണ് ഇന്ന് നാം ജീവിക്കുന്നത്. ലണ്ടനില്‍പ്പോലും "ജാതിനിഴല്‍" ഇരുള്‍പരത്തിത്തുടങ്ങിയതിനെക്കുറിച്ച് "എരുമദേശീയത"യില്‍ കാഞ്ച ഇളയ്യ പറയുന്നതും "ബ്രാഹ്മണബീജങ്ങള്‍ക്ക് വര്‍ധിച്ച ആവശ്യം" എന്ന 2012ലെ പത്രവാര്‍ത്തയും മരിച്ചാല്‍ ശവമടക്കാന്‍ പോലും സൗകര്യമില്ലാത്ത ദളിത് ജീവിതങ്ങളുടെ ദൈന്യതയും സ്വസ്ഥജീവിതങ്ങളിലും വായനയിലും സംഘര്‍ഷങ്ങളില്‍ ഉണ്ടാക്കുന്നില്ലെങ്കില്‍, നമുക്ക് ശരണ്‍കുമാര്‍ ലിംബാളയുടെ ദളിത് സൗന്ദര്യശാസ്ത്രം പരിചയപ്പെടുത്തുന്ന "കലാപം" എന്ന പത്താമത്തെ ആധുനിക രസത്തെ മനസ്സിലാക്കാന്‍ എങ്ങനെ കഴിയും? എന്നാല്‍ വേലുക്കുട്ടി അരയന്‍ ജീവിച്ച കാലം അവ്വിധമുള്ളൊരു തിരിച്ചറിവിലേക്ക് വളര്‍ന്നിരുന്നില്ലെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ "ഇടപെടലുകളുടെ" വിപ്ലവ സ്വഭാവം പുതിയ കാലത്തെപ്പോലും പ്രകോപനംകൊള്ളിക്കുന്നത്.

ചെമ്മീന്‍ ഒരേ സമയം ലോകപ്രശസ്തിയും സാമ്പത്തികാഭിവൃദ്ധിയും തകഴിക്ക് നേടിക്കൊടുത്ത കൃതിയാണ്. കാലഗണനവച്ച് നോക്കുമ്പോള്‍ "രണ്ടിടങ്ങഴി"ക്കുശേഷമെഴുതിയ കൃതിയാണ് ചെമ്മീനെങ്കിലും അത് പങ്കുവെക്കുന്ന കാഴ്ചപ്പാട് രണ്ടിടങ്ങഴിക്കുമുമ്പുള്ളതാണ്. "രണ്ടിടങ്ങഴി 1950നുശേഷമുള്ള കഥയായി കണക്കാക്കാമെങ്കില്‍, ചെമ്മീന്‍ 1900ത്തിനുമുമ്പത്തേതായി കണക്കാക്കേണ്ടിവരും" (മുണ്ടശ്ശേരി). നവോത്ഥാനവും കര്‍ഷകസമരങ്ങളും സാമ്രാജ്യത്വവിരുദ്ധ സമരങ്ങളും തൊഴിലാളിവര്‍ഗ മുന്നേറ്റവും പുരോഗമന സാഹിത്യവും ഉഴുതുമറിച്ച മണ്ണില്‍നിന്നാണ് "രണ്ടിടങ്ങഴി" ഉയര്‍ന്നുവന്നതെങ്കില്‍ "ചെമ്മീന്‍ കാല്പനികതയുടെ കടലില്‍നിന്നും പൊങ്ങിവന്നതാണ്. "രണ്ടിടങ്ങഴി" എഴുതുമ്പോള്‍ പോലും കീഴാളനവോത്ഥാനത്തിന്റെ കനലുകള്‍ തകഴിയുടെ പ്രതിഭയെ പൊള്ളിച്ചതായി തോന്നുന്നില്ല. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ രണ്ടിടങ്ങഴിയിലെ കോരനെക്കുറിച്ചുള്ള വിമര്‍ശനങ്ങളെ നേരിടാന്‍ പറയനെന്താ സന്മാര്‍ഗമായിക്കൂടെ" എന്ന് തകഴി ഒരിക്കലും ചോദിക്കുമായിരുന്നില്ല.

രണ്ട് മൗലികപരിമിതികളാണ് തകഴിക്ക് സംഭവിച്ചത്. സവര്‍ണസന്മാര്‍ഗ സങ്കല്പങ്ങളില്‍നിന്ന് വ്യത്യസ്തമായതും ഒരര്‍ഥത്തില്‍ അതിനേക്കാളെത്രയോ വികസിച്ചതുമായ ഒരു ജനാധിപത്യസംസ്കാരം കീഴാളര്‍ക്കുണ്ട് എന്ന് ശരിയായി തിരിച്ചറിയുന്നതിലാണ് തകഴിക്ക് വീഴ്ച സംഭവിച്ചത്. 1944ലെ ചരിത്രപ്രസിദ്ധമായ "നമ്പൂതിരിയെ മനുഷ്യനാക്കാന്‍" എന്ന ഓങ്ങല്ലൂര്‍ പ്രഭാഷണത്തില്‍ ഇക്കാര്യം തന്നെയാണ് ഇ എം എസ് മറ്റൊരു വിധത്തില്‍ ഊന്നിപ്പറഞ്ഞത്. സ്ത്രീ-പുരുഷ ബന്ധത്തിന്റെ തലത്തില്‍ മേലാളസമൂഹങ്ങള്‍ക്ക് സംഭവിക്കാനാവാത്തവിധമുള്ള ഔന്നത്യം കീഴാള സമൂഹങ്ങള്‍ പുലര്‍ത്തിയിരുന്നു എന്നുള്ളതിന് ചരിത്രം സാക്ഷിയാണ്. അതുകൊണ്ടാണ് "കീഴാളജീവിതങ്ങളെ" മാതൃകയാക്കാന്‍ മേലാളസമൂഹങ്ങളോട് ഇ എം എസ് ആവശ്യപ്പെട്ടത്. പ്രതിനിധാനത്തിലെ "നിശ്ചലസ്ഥാന"ങ്ങളെ ആദര്‍ശവല്‍ക്കരിക്കുമ്പോള്‍ സംഭവിച്ച പരിമിതികളാണ് തകഴിക്ക് നേരിട്ട രണ്ടാമത്തെ പ്രശ്നം. "കറുത്തവനാണെങ്കിലും കള്ളനല്ല", കമ്യൂണിസ്റ്റാണെങ്കിലും നല്ലവനാണ്", പെണ്ണാണെങ്കിലും വിവരമുണ്ട്", മുസ്ലിമാണെങ്കിലും ഭീകരനല്ല", "കാപ്പിരിയാണെങ്കിലും ഭംഗിയുണ്ട്", "പറയനാണെങ്കിലും സന്മാര്‍ഗിയാണ്" എന്നിങ്ങനെയുള്ള നിരുപദ്രവകരമെന്ന തോന്നല്‍ സൃഷ്ടിക്കുന്ന, എന്നാല്‍ ആഴത്തില്‍ കറുത്തവരെയും സ്ത്രീകളെയും "കമ്യൂണിസ്റ്റുകാരെയും" മുസ്ലിങ്ങളെയും ദളിതരെയും ഒരു കുറ്റവും ചെയ്യാതെ തന്നെ ചുമ്മാ "കുറ്റവിമുക്തനാക്കുന്" ആഖ്യാനം ബാഹ്യാഭ്യന്തര അധിനിവേശശക്തികളുടെ ആയുധമാണ്. കുറ്റം ചെയ്യാത്തവരെ "കുറ്റവിമുക്തരാക്കുന്ന "അധിനിവേശങ്ങളുടെ" "ഔദാര്യവിദ്യ" "കീഴാള ആഖ്യാനങ്ങള്‍" കരുത്താര്‍ജിച്ചുതുടങ്ങുന്ന മുറക്ക് ചോദ്യവിധേയമാക്കപ്പെടും. "ദേശീയ മുസ്ലിം" എന്ന സംവര്‍ഗം നിലനില്‍ക്കുകയും എന്നാല്‍ സമാനമായ "ദേശീയ ഹിന്ദു" ഇല്ലാതിരിക്കുകയും ചെയ്യുന്നതിലെ പൊരുത്തക്കേട് ഗ്യാനേന്ദ്ര പാണ്ഡെയെപ്പോലുള്ളവര്‍ മുമ്പേ വ്യക്തമാക്കിയതാണ്. മതരഹിതരിലും കീഴാളരിലും മേലാളരിലും "നല്ല"വരും അല്ലാത്തവരുമുണ്ടാകും. എന്നാല്‍ "ആധിപത്യ വ്യവഹാരങ്ങളിലൊരിക്കലും, "കറുത്തവനാണെങ്കിലും കള്ളനല്ല എന്നതിന് സമാനമായി "വെളുത്തവരാണെങ്കിലും കള്ളനല്ല" എന്നൊരു പ്രയോഗം നമുക്ക് കാണാന്‍ കഴിയുന്നില്ല. വിശാലമെന്ന് നടിക്കുന്ന ഒരബോധകുടില വിഭാഗീയതയാണ്, ഭാഷണവും എഴുത്തുമടക്കമുള്ള വ്യവഹാരങ്ങളെ വെട്ടിലാക്കുന്നത്.

ഡോക്ടര്‍ വി വി വേലുക്കുട്ടി അരയന്റെ ചെമ്മീന്‍ നിരൂപണം ഇത്തരമൊരു പശ്ചാത്തലത്തിലാണ് സൂക്ഷ്മശ്രദ്ധ ആവശ്യപ്പെടുന്നത്. ചെമ്മീന്‍ എന്ന കൃതി "ആസ്വദിച്ച" ശേഷമാണ് സാമൂഹ്യബോധത്തെ നിസ്സഹായമാക്കുന്ന മൂന്നുതരം പ്രശ്നങ്ങളെ അരയന്‍ അതില്‍നിന്നും കണ്ടെടുക്കുന്നത്. വസ്തുതാപരം, വീക്ഷണപണം, പ്രതിനിധാനപരം എന്നിങ്ങനെ അവയെ വിഭജിക്കാവുന്നതാണ്. ചെമ്മീന്‍ ഒരു കാല്പനികകൃതിയായതുകൊണ്ട്, വസ്തുതാപരമായ കൃത്യതക്ക് പ്രസക്തിയില്ലെന്നൊരു കാഴ്ചപ്പാട് നിലവിലുണ്ട്. എന്നാല്‍, ഏത് രചനയായാലും വസ്തുതകള്‍ വസ്തുതകള്‍ തന്നെയായിരിക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് റിയലിസ്റ്റിക് രചനയില്‍ 1947 ആഗസ്ത് പതിനഞ്ചും, കാല്പനിക രചനയില്‍ അത് 1932 ഒക്ടോബര്‍ പന്ത്രണ്ടുമാകുന്നതില്‍ അനൗചിത്യമുണ്ട്. "ആനുധികകാലത്തിന്റെ ഇതിഹാസ"മെന്ന് റാല്‍ഫോക്സ് വിശേഷിപ്പിച്ച നോവല്‍, പീഡിപ്പിക്കുന്ന ഗൃഹപാഠം എഴുത്തുകാരില്‍നിന്നും ആവശ്യപ്പെടുന്നുണ്ട്.

അമ്പലപ്പുഴയില്‍ വിദ്യാര്‍ഥിയായിരിക്കുമ്പോഴും പിന്നീട് വക്കീലായി പ്രവര്‍ത്തിക്കുമ്പോഴും അരയസമൂഹവുമായി ആത്മബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച് തകഴി ആത്മകഥയില്‍ വിശദമാക്കുന്നുണ്ട്. "നിനക്കീ അരയന്മാരേ കൂട്ടുകാരായിട്ടൂള്ളോടാ മോനേ" എന്ന് അച്ഛന്‍ ചോദിച്ചതും "കഴിഞ്ഞ ജന്മം ഒരുപക്ഷേ നീയൊരു അരയനായിരിന്നിരിക്കാം" എന്നദ്ദേഹം പറഞ്ഞതും തകഴി ഓര്‍മിക്കുന്നു. അരയരുമായി "മുജ്ജന്മബന്ധ"മുണ്ടായിട്ടുപോലും (!) ചെമ്മീനില്‍ തകഴിക്ക് വസ്തുതാപരമായ നിരവധി തെറ്റുകള്‍ പറ്റിയെന്നുള്ളത്, സാമൂഹ്യവിമര്‍ശനത്തെ സംബന്ധിച്ചിടത്തോളം ഗൗരവമായി പരിഗണിക്കേണ്ട വിഷയമാണ്.

ജനാധിപത്യത്തിന്റെ വളര്‍ച്ച എല്ലാവര്‍ക്കും എല്ലാവരെയും മനസ്സിലാക്കാനുള്ള പ്രാഥമിക സൗകര്യം ഒരുക്കും എന്നുള്ളത് ശരിയാണ്. എന്നാല്‍ അതുകൊണ്ടുമാത്രം എല്ലാവര്‍ക്കും എല്ലാവരെയും സൂക്ഷ്മവും സമഗ്രവുമായി എഴുപ്പം അറിയാന്‍ കഴിയും എന്നുറപ്പില്ല. പ്രത്യക്ഷ അനുഭവവും പരോക്ഷ അനുഭവവും തമ്മിലുള്ള അന്തരം ഏതെങ്കിലും ലഘൂകരണ വിദ്യകള്‍കൊണ്ട് എളുപ്പം മായ്ച്ചുകളയാനാവില്ല. സ്വത്വമെന്നത് സവിശേഷമായ അനുഭവങ്ങളുടെ കൂടി സംഗ്രഹമാണ്. ആണിനും പെണ്ണിനും മുമ്പത്തേക്കാള്‍ നന്നായി ഇപ്പോള്‍ പരസ്പരം മനസ്സിലാക്കാന്‍ കഴിയുന്നത് സ്വയം "എഴുത്ത്"മാത്രമായി നടിച്ച "ആണെഴുത്തിനെ" ആക്രമിച്ചുകൊണ്ട് "പെണ്ണെഴുത്ത് സ്വയം ആവിഷ്കരിച്ചപ്പോഴാണ്. "ആണ്‍കാഴ്ച"യിലെ പെണ്ണ് മാത്രമുള്ള ലോകത്തിലേക്ക് "പെണ്‍കാഴ്ച"യിലെ പെണ്ണ് കൂടി ഉള്‍പ്പെടുന്ന വേറൊരു ലോകം ഇടിച്ചുകയറുന്നമുറയ്ക്കാണ് ജനാധിപത്യകാഴ്ചകള്‍ സാധ്യമാകുന്നത്. ഓരോ വിഭാഗവും "സവിശേഷ"മായും എല്ലാവരും സാമാന്യമായും തുടര്‍ച്ചയായി നിര്‍വഹിക്കുന്ന ജനാധിപത്യ ഇടപെടലുകള്‍ വര്‍ധിക്കുന്ന മുറക്ക് മാത്രമാണ്, കാഴ്ചയെ ക്ലേശകരമാക്കുന്ന മുന്‍വിധികള്‍ മറിഞ്ഞുവീഴുന്നത്. ക്രൂരമായ ഒരാണ്‍കാഴ്ചയുടെ മുറിഞ്ഞ "പകുതി"യാണ് ചെമ്മീനെന്ന് ഇന്ന് സ്വന്തം നഗ്നദൃഷ്ടികള്‍ കൊണ്ട് ആര്‍ക്കും കാണാന്‍ കഴിയും. കടലിലെ പ്രതികൂല സാഹചര്യത്തില്‍നിന്നും "ആദിമുക്കുവന്‍" രക്ഷപ്പെട്ടത്, കരയിലിരിക്കുന്ന സ്വന്തം പെണ്ണിന്റെ പാതിവ്രത്യം കൊണ്ടാണെന്ന കഥ തിരിച്ചിട്ടാല്‍; അതേ പെണ്ണ് കൊലക്കുറ്റത്തിന് പ്രതിയാവും. കടല്‍ അപകടത്തില്‍ മനുഷ്യര്‍ മരിക്കുന്നത് പാതിവ്രത്യം നഷ്ടപ്പെട്ട "സ്വന്തം" സ്ത്രീ നിമിത്തമാണെന്ന് പറഞ്ഞുപരത്തുന്നത്, ഏതൊരാത്മബന്ധത്തിന്റെ പേരിലായാലും ശിക്ഷാര്‍ഹമാണെന്ന് ഇന്ന് നമുക്ക് തിരിച്ചറിയാനാവും. എന്നിട്ടും ചെമ്മീനിലൊരു തത്വചിന്തയുണ്ടെങ്കില്‍, അത്, കാലഹരണം വന്നൊരു മിത്തിന്റെ മാനിഫെസ്റ്റോയാണ്. "ശുത്തമാമൊകാളെ വലുത്. ശുത്തം. മരക്കാന്റെ സൊത്തുമരക്കാത്തീന്റെ ശുത്തമാ"" എന്നതാണ് ആ മാനിഫെസ്റ്റോവിലെ "താക്കോല്‍വാക്യം!". ആദ്യത്തെ മുക്കുവനെക്കുറിച്ചുള്ള ആകര്‍ഷകമായ മിത്തില്‍ മറഞ്ഞിരിക്കുന്നത്, സ്ത്രീപീഡനത്തിന്റെ ഗുപ്തസൗന്ദര്യ ഭാഷ്യമാണ്. പ്രസ്തുത "മിത്ത്" ഒരേസമയം വസ്തുതാപരവും വീക്ഷണപരവുമായ ഇരട്ടപരിമിതികളാണ് നേരിടുന്നത്. മത്സ്യത്തൊഴിലാളിയെ, "മുക്കുവര്‍" എന്ന "ജാതി"യാക്കി മാറ്റിയതും, മറ്റുള്ളവരെ അവരില്‍നിന്ന് അകറ്റിയതും സവര്‍ണ പ്രത്യയശാസ്ത്രമാണ്. "ആദിമുക്കുവന്‍" ഒരുവിധേനയും" മുക്കുവജാതിയാവാനാവാത്ത മത്സ്യത്തൊഴിലാളി മാത്രമാണ്.

""തിരകള്‍ക്കും ഒഴുക്കിനും എതിരായി മല്ലടിച്ച് ഒരു തടിക്കഷ്ണത്തില്‍ ചക്രവാളത്തിന്നപ്പുറത്തേക്ക് പോയ ആദ്യത്തെ മുക്കുവന്റെ ഭാര്യ വ്രതനിഷ്ഠയോടെ കടപ്പുറത്ത് പടിഞ്ഞാറേക്ക് നോക്കിനിന്ന് തപസ്സ് ചെയ്യുകയായിരുന്നു. കടലില്‍ കോളിളകി. തിമിംഗലങ്ങള്‍ വായ്പൊളിച്ചു കൊണ്ടടുത്തു. സ്രാവുകള്‍ വാലുകൊണ്ടു വള്ളത്തിലടിച്ചു. ഒഴുക്ക് വള്ളത്തെ ഒരു വലിയ ചുഴിയിലേക്ക് വലിച്ചുകൊണ്ടുപോയി. എല്ലാ അപകടത്തില്‍നിന്നും അയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നല്ല, ഒരു വലിയ മീനുമായി അയാള്‍ കരയ്ക്കു വന്നു. എങ്ങനെ ആ കൊടുങ്കാറ്റില്‍ നിന്ന്അയാള്‍ രക്ഷപ്പെട്ടു? എന്തുകൊണ്ട് തിമിംഗലം വിഴുങ്ങിയില്ല? സ്രാവിന്റടി ഏറ്റിട് വള്ളത്തിന് ഒരു കേടും സംഭവിച്ചില്ല. ചുഴി ഒഴിഞ്ഞു വള്ളം പോയി. എങ്ങനെ എല്ലാം സംഭവിച്ചു? ആ പതിവ്രത കടപ്പുറത്തു തപസ്സു ചെയ്യുകയായിരുന്നു"" (ചെമ്മീന്‍).

കരയോടടുത്ത "തിരക്കുഴിയില്‍" തന്നെ മത്സ്യം സമൃദ്ധമായുണ്ടായിരുന്ന കാലത്ത്, "ആദിമുക്കുവന്‍" എന്ന് തകഴി തെറ്റായി മുദ്ര ചാര്‍ത്തിയ മത്സ്യത്തൊഴിലാളി എന്തിന് ഒരു കാര്യവുമില്ലാതെ ആഴക്കടലിലേക്ക് മീന്‍പിടിക്കാന്‍, അതും വെറും "മരക്കഷ്ണ"ത്തില്‍ സാഹസികമായി പോകണം എന്ന അരയന്റെ ചോദ്യം അവഗണിക്കാനാവില്ല. അതോടൊപ്പം തന്നെ കടലിനെ കായലാക്കാനും അതിന്റെ പരുക്കനവസ്ഥയെ മിനുസപ്പെടുത്താനും അതുവഴി അപകടത്തില്‍ നിന്നൊരാളെ രക്ഷിക്കാനും കരയിലിരുന്നൊരരയത്തി വിചാരിച്ചാല്‍ എങ്ങനെ കഴിയും എന്ന ചോദ്യവും കുടഞ്ഞുകളയാന്‍ കഴിയില്ല.

"കഥയില്‍" ചോദ്യമില്ലെന്നുള്ളത്" ഒന്നുകില്‍ കൊച്ചുകുട്ടികളെ ഉറക്കാനുള്ള കിങ്ങിണി വര്‍ത്തമാനമാണ് അല്ലെങ്കില്‍ യുക്തിബോധത്തെ മരവിപ്പിക്കുന്ന വിമര്‍ശനസംഹാരതന്ത്രമാണ്. അതെന്തായാലും അതിനൊരിക്കലും സാഹിത്യവിമര്‍ശനത്തിന് പകരം നില്‍ക്കാനാവില്ല. പളനിയുടെ അപമൃത്യുവിന് ശേഷവും ആ കറത്തമ്മയെങ്ങാന്‍ ജീവിച്ചിരുന്നെങ്കില്‍, തകഴിയുടെ മിത്തനുസരിച്ച്, പ്രസ്തുത മരണത്തിന് ഉത്തരം പറയേണ്ട ബാധ്യത കറത്തമ്മ ഏറ്റെടുക്കേണ്ടി വരുമായിരുന്നു.

കഥാന്ത്യത്തില്‍ മൂന്നുപേരും മരിച്ചതുകൊണ്ട് ആ വിധ പൊല്ലാപ്പുകളൊന്നുമില്ലാതെ സര്‍വവും ശുഭമായി പര്യവസാനിച്ചു എന്നാശ്വാസിക്കാം. അപ്പോഴും അരയന്‍ ഉന്നയിച്ച ചെമ്മീനെതിരെയുള്ള വീക്ഷണസംബന്ധവും വസ്തുതാപരവുമായ വിമര്‍ശനങ്ങളോട് കൃത്യമായി പ്രതികരിക്കാനാവാതെ തകഴി കുഴയുകയാണ്. ഇതൊരു "ചരിത്രപരമായ കുഴച്ചില്‍" തന്നെ ആയതുകൊണ്ടാവണം, തകഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നവരും കുഴഞ്ഞ് വീഴുന്നത്. ഒരന്ധവിശ്വാസം ഒരു നന്മ സൃഷ്ടിക്കുമെങ്കില്‍, അതിനെ നാം സ്വാഗതം ചെയ്യേണ്ടതല്ലേ എന്ന ചില സന്ദര്‍ഭങ്ങളില്‍ ശരിയാകാവുന്ന ചോാദ്യം; "ചെമ്മീന്‍" എന്ന നോവലിന്റെ സൂക്ഷ്മസന്ദര്‍ഭത്തിനുള്ളില്‍ വച്ച് തെറ്റായിത്തീരുന്നത് എപ്രകാരമെന്ന് വിശദമാക്കുകയാണ്, "ചെമ്മീന്‍ നിരൂപണത്തില്‍" അരയന്‍ ചെയ്തത്. അന്ധവിശ്വാസം കൃതിയില്‍ അവതരിപ്പിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് ആ അന്ധവിശ്വാസം ആ കൃതിയെയാകെ അടിച്ചുതകര്‍ക്കും വിധം വിധ്വംസകമായ ഒരാധിപത്യശക്തിയായി മാറുന്നതിനെതിരെയാണ് അരയന്‍ താക്കീത് നല്‍കിയത്. തോട്ടികളിലും കര്‍ഷകത്തൊഴിലാളികളിലുമെന്നപോലെ, "കടലിന്റെ മക്കളായ" മത്സ്യത്തൊഴിലാളികളിലും ഉണ്ടായിവന്ന ജനാധിപത്യ ഉണര്‍വിനെ "കടലമ്മ" കഥകൊണ്ട് കലക്കികളയുന്നതിനെതിരെയാണ് അരയന്‍ കലഹിച്ചത്.

അരയരുടെ ജീവിതം സാഹിത്യവിഷയമാക്കാന്‍ ധീരത പുലര്‍ത്തിയ ഒരു പ്രതിഭാശാലിയുടെ പ്രകാശം വീഴാത്ത പ്രതിഭയുടെ ഇരുണ്ട മറുപുറം വായനസമൂഹത്തിനുമുമ്പില്‍ തുറന്നു വയ്ക്കുകയാണ് അരയന്‍ ചെയ്തത്. മാമൂലുകളോട് ഏറ്റുമുട്ടി മുന്നേറുന്ന മനുഷ്യരെ, ആ മാമൂല്‍ രാക്ഷസന്റെ ഇരകള്‍ മാത്രമായി ചുരുക്കിയ ക്രൂരതയെയാണ് അരയന്‍ അതിനിശിതമായി ചോദ്യം ചെയ്തത്. ചെമ്പന്‍കുഞ്ഞും കറത്തമ്മയും പരീക്കുട്ടിയും പളനിയും വ്യത്യസ്ത വിധങ്ങളില്‍ മാമൂല്‍ലംഘനം നിര്‍വഹിച്ചവരാണ്. പക്ഷേ അവരെ മുഴുവന്‍ കീഴ്പ്പെടുത്തുന്നത്, ചെമ്മീനിന് ഏറെ ആകര്‍ഷണീയത പകര്‍ന്നു നല്‍കിയ ഒരന്ധവിശ്വാസമാണ്. പര്‍വതാകാരം പൂണ്ട പ്രസ്തുത അന്ധവിശ്വാസത്തിന്റെ പാറക്കെട്ടില്‍ വച്ചാണ്, അത്യുദാത്തമാകാന്‍ സാധ്യതയുണ്ടായിരുന്ന ചെമ്മീനിലെ പ്രണയംപോലും തകര്‍ന്നുപോയത്. "പരീ...." "കൊച്ചുമുതലാളി", പാവം, കൊച്ചന്‍, കുഞ്ഞ്, മേത്തന്‍, മേത്തക്കൊച്ചന്‍, നാലാം വേദക്കാരന്‍, മഹാപാപി, പിശാശ് എന്നിങ്ങനെ ചെമ്മീനില്‍ വ്യത്യസ്ത വിളികളില്‍ അടയാളപ്പെടുത്തപ്പെട്ട, പരീക്കുട്ടിയുടെ പ്രതിനിധാനത്തിനു പിറകില്‍ ഒരു "മതസൗഹാര്‍ദയുക്തി കൂടി മറഞ്ഞുനില്‍ക്കുന്നുണ്ട്. അത്രത്തോളം തകഴിയുടെ പ്രതിഭ നവോത്ഥാനത്തെ പിന്തുടരുകതന്നെ ചെയ്തു. എന്നാല്‍ ചാത്തന്‍ പുലയനും സാവിത്രി അന്തര്‍ജനവും തമ്മിലുള്ള ബന്ധംപോലെ സ്ഫോടനാത്മകമായ മാനമാര്‍ജിക്കാന്‍ കറത്തമ്മ-പരീക്കുട്ടി പ്രണയത്തിന്നൊരിക്കലും കഴിയില്ല. സവര്‍ണ പ്രത്യയശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം കറത്തമ്മ-പരീക്കുട്ടിപ്രണയം തങ്ങളെ നേരിട്ട് ബാധിക്കാത്ത പ്രാന്തവല്‍കൃത ലോകത്തിലെ വിഷയമാണ്.

"എനിക്ക് മരയ്ക്കാന്റെ "മരക്കാത്തിയാവണ്ട", "മനുഷ്യന്റെ മനുഷ്യാത്തിയായാമതി" എന്നൊരു ധീരമായ നവോത്ഥാനാശയം, കറത്തമ്മയുടെ കാര്‍മേഘാവൃതമായ മനസ്സില്‍ മിന്നല്‍പോലെ കടന്നുപോകുന്നുണ്ട്. ഒരു സംഘര്‍ഷ സന്ദര്‍ഭത്തില്‍, "ഞങ്ങളങ്ങ് നാലാം വേദത്തില്‍ കൂടും, അപ്പോള്‍ തുറയിലരചന്‍ എന്തു ചെയ്യുമെന്ന് ചക്കി പൊട്ടിത്തെറിക്കുന്നുണ്ട്. "മാനം പോവണ്ടെങ്കില്‍ അനങ്ങാതിരുന്നോ എന്ന് തുറയിലരയനെതിരെ ചെമ്പന്‍കുഞ്ഞ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇങ്ങനെ ചെമ്മീനില്‍ സജീവമാകുന്ന, സര്‍വനവോത്ഥാന ചെറുത്തുനില്‍പ്പുകളും ഒടുവില്‍ ഒരു പ്രണയദുരന്തത്തോടെ, അന്ത്യശ്വാസം വലിക്കുകയാണ്. വ്യവസ്ഥക്ക് വെല്ലുവിളിയാകാനിടയുണ്ടായിരുന്ന ആ പ്രണയമരണങ്ങള്‍ പോലും, കടലമ്മക്കഥയില്‍ കലങ്ങിപ്പോവുകയാണുണ്ടായത്. വ്യവസ്ഥാസംരക്ഷണത്തിന്റെ അനുഭൂതി സാക്ഷ്യമായി അങ്ങനെയാണ് വ്യവസ്ഥാവിരുദ്ധതയുടെ ആത്മഭാഗമാവാന്‍ സാധ്യതയുണ്ടായിരുന്ന ചെമ്മീന്‍ ചുരുങ്ങിപ്പോയത്.

അരയനുയര്‍ത്തിയ ചെമ്മീന്‍ വിമര്‍ശനങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച തകഴി മുതല്‍, എസ് ഗുപ്തന്‍നായര്‍ വരെയുള്ളവര്‍, അദ്ദേഹത്തിന്റെ പേര് പോലും ഒരിടത്തും പരാമര്‍ശിക്കാതിരിക്കാന്‍ കാണിച്ച "സാമര്‍ഥ്യം" ഇന്നും ആലോചനാശീലരെ മുഴുവന്‍ അമ്പരപ്പിക്കും. ഡോ. വി വി വേലുക്കുട്ടി അരയനോട് ആര്‍ക്കും യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ തങ്ങള്‍ വിയോജിക്കുന്ന ആശയങ്ങള്‍ ആവിഷ്ക്കരിച്ചൊരു പ്രതിഭാശാലിയുടെ പേര് അടിക്കുറിപ്പില്‍പോലും പരാമര്‍ശിക്കാതെ തമസ്രിച്ചത് ന്യായീകരിക്കാനാവുകയില്ല. മുണ്ടശ്ശേരിയുടെ ചെമ്മീന്‍ നിരൂപണത്തില്‍ അരയനുന്നയിച്ച ചില ആശയങ്ങളുടെ നിഴലാട്ടം കാണാമെങ്കിലും അദ്ദേഹത്തിന്റെ പേരില്ല. പ്രൊഫസര്‍ കെ എം തരകന്റെ "മലയാള നോവല്‍ സാഹിത്യചരിത്രം, ജി എന്‍ പിള്ളയുടെ "കാളിയുടെ നാവ്" എന്ന പുസ്തകത്തിലെ, "ചെമ്മീന്‍ ഒരു ഹാങ്ങ് ഓവര്‍" ഡോ. ജോര്‍ജ് ഇരുമ്പയത്തിന്റെ "നോവല്‍ - സി വി മുതല്‍ ബഷീര്‍ വരെ" എന്ന ഗ്രന്ഥത്തിലെ, "തകഴിയും മലയാള നോവലും, എം എസ് ദേവദാസിന്റെ, "പുരോഗമന സാഹിത്യത്തിലെ പരിപ്രേക്ഷ്യം" എന്ന ഗ്രന്ഥത്തിലെ "തകഴിയുടെ ചെമ്മീന്‍", "പവനന്റെ തെരഞ്ഞെടുത്ത പ്രബന്ധങ്ങളിലെ, "തകഴിയുടെ സാഹിത്യവ്യക്തിത്വവും വ്യക്തിത്വവും, വി ആര്‍ സുധീഷിന്റെ "നോവല്‍ വെളിച്ചങ്ങള്‍" എന്ന ഗ്രന്ഥത്തിലെ ചെമ്മീന്‍ പഠനം തുടങ്ങി ഒരൊറ്റ പ്രബന്ധത്തിലും, തകഴി ചെമ്മീന്‍ പ്രസിദ്ധീകരിച്ച ഉടന്‍തന്നെ അതിനോട് ശക്തമായി പ്രതികരിച്ച ഡോ. വി വി വേലുക്കുട്ടി അരയന്റെ, ചെമ്മീന്‍ നിരൂപണമുണ്ടാക്കിയ കോളിളക്കത്തിന്റെ നേര്‍ത്ത അലകള്‍പോലും കാണാനില്ല. എന്നാല്‍ ഈയൊരു വിമര്‍ശനം നിമിത്തമാണ് ചെമ്മീന്റെ ഇംഗ്ലീഷിലുണ്ടാവേണ്ടിയിരുന്ന ആദ്യ വിവര്‍ത്തനം നിര്‍വഹിക്കപ്പെടാതെ പോയതെന്ന് മനസിലാക്കാന്‍ "ചെമ്മീന്‍ ഒരു നിരൂപണം" എന്ന ഡോക്ടര്‍ വി വി വേലുക്കുട്ടി അരയന്റെ കൃതിതന്നെ വായിക്കണം.

പ്രസ്തുത കൃതി അവസാനിക്കുന്നത് ഇങ്ങനെ: ""ഈ നിരൂപണം വായിച്ചതിനുശേഷം, സര്‍ദാര്‍ കെ എം പണിക്കര്‍ ചെമ്മീനിന്റെ ഭാഷാന്തരീകരണത്തിന് ഉദ്യമിക്കട്ടെ, ഉദ്യമിക്കാതിരിക്കട്ടെ". (ചെമ്മീനിന്റെ ഇംഗ്ലീഷ് വിവര്‍ത്തനം സര്‍ദാര്‍ കെ എം പണിക്കര്‍ നിര്‍വഹിച്ചില്ല). എന്നാല്‍ നടക്കാതെപോയ സര്‍ദാര്‍ കെ എം പണിക്കരുടെ വിവര്‍ത്തനത്തെക്കുറിച്ച് ആത്മകഥയില്‍ തകഴിയും പരാമര്‍ശിക്കുന്നുണ്ട്. അതിങ്ങനെയാണ്. ""ഇംഗ്ലീഷിലേക്ക് തര്‍ജ്ജമ ചെയ്യാന്‍ യുനെസ്കോ ആദ്യം സമീപിച്ചത് കെ എം പണിക്കരെയാണ്. അദ്ദേഹം അതില്‍ നിന്നൊഴിഞ്ഞു. എന്തിനൊഴിഞ്ഞുവെന്നതിനെക്കുറിച്ച് തകഴി പാലിച്ച മൗനം സ്വയം സംസാരിക്കും. എന്നാല്‍ ഇപ്പോഴുള്ള കാലത്തിനും ഇനി വരുംകാലത്തിനും അരയനെ അപ്പുറം നിര്‍ത്തി തകഴിയുടെ ചെമ്മീന്‍ മാത്രമായി വായിക്കുക പ്രയാസമാവും.

അധികാരപ്രയോഗങ്ങള്‍ എന്ന നാട്ടുനടപ്പ്

നാല്

കടലിനെ കൂസാത്ത പളനി "നാട്ടുനടപ്പു"കള്‍ക്ക് മുമ്പിലാണ് നിസ്സഹായമാവുന്നത്. പ്രണയത്തിനെന്ത് ജാതിയും മതവുമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിച്ച കറത്തമ്മയ്ക്കും പരീക്കുട്ടിക്കും സ്വയമത് ജീവിച്ച് അനുഭവിക്കാനാവാതെ പോയത് "നാട്ടുനടപ്പി"നു മുമ്പില്‍ അവര്‍ക്ക് മുട്ടുകുത്തേണ്ടി വന്നതുകൊണ്ടാണ്. ""അവളെ ഒരരയന് കൊടുക്കാണ്. മോനൊരു ഉമ്മാനെ കെട്ട്"" എന്ന് ഒരു ചക്കിക്ക് തീര്‍പ്പുകല്‍പ്പിക്കേണ്ടി വരുന്നത് അവര്‍ക്ക് സ്വന്തം മകളുടെ സ്നേഹം മനസ്സിലാവാഞ്ഞിട്ടല്ല. മറിച്ചവര്‍, "നാട്ടുനടപ്പി"ന്റെ ശാസനകള്‍ക്ക് വിധേയപ്പെടാന്‍ നിര്‍ബന്ധിതമാവുന്നതുകൊണ്ടാണ്. കേരളത്തിലിന്നും, മുതലാളിത്ത മൂല്യങ്ങളുടെ "സ്വാഭാവികവല്‍ക്കരണം" എന്ന അര്‍ഥത്തില്‍ ഒരു മുതലാളിത്ത "നാട്ടുനടപ്പ്" സമഗ്രമായ അര്‍ഥത്തില്‍ നിലവില്‍ വന്നിട്ടില്ല. ഇന്നും പ്രചാരമാര്‍ജിച്ച് നാടുവാഴുന്ന നാട്ടുനടപ്പ് നാടുവാഴിത്ത മൂല്യങ്ങളുടെ ചുരുക്കെഴുത്താണ്.

വിവാഹം, സൗഹൃദം തുടങ്ങിയ ബന്ധമാതൃകകളില്‍ മാത്രമല്ല ഭൂമിവില്‍പന, വീട് വാടകയ്ക്കുകൊടുക്കല്‍ തുടങ്ങിയ ക്രയവിക്രയങ്ങളില്‍പ്പോലും തറവാടിത്ത പരിഗണന പ്രധാനമാണ്. നാടുവാഴിത്ത മൂല്യങ്ങളെ ഇടിച്ചു നിരത്തുന്നതില്‍ നേതൃത്വം നല്‍കി "പരുന്തിന് മുകളില്‍ പറന്ന പണംപോലും" ഇവിടെ തറവാടിത്തത്തിന് താഴെ പതുങ്ങി നില്‍ക്കുകയാണ്. പുതുപ്പണക്കാര്‍ക്ക് നാടുവാഴിക്കമ്പോളത്തില്‍ രണ്ടാംസ്ഥാനമാണുള്ളത്. "ഗള്‍ഫ്പണം" സാമ്പത്തിക ആവശ്യത്തിന് "ഒന്നാംതരം പണ"മായി പരിഗണിക്കുന്നവരില്‍ ചിലര്‍തന്നെ, "സാംസ്കാരിക പരിഗണനയില്‍" അതിന് ഒന്നാംസ്ഥാനം നല്‍കുകയില്ല. ഇത്തരമൊരു കീഴ്മേല്‍ മറിഞ്ഞ അവസ്ഥ "ചെമ്മീനി"ലും കാണാം. "അരയന്റെ പണം ചീത്തയാണെന്ന്" ചെമ്മീനിലെ ഏറ്റവും മികച്ച അരയന്‍ എന്ന് തൊഴില്‍പ്പരമായി നിസ്സംശയം സാക്ഷ്യപ്പെടുത്താവുന്ന, പളനിതന്നെ സ്വയം വിശ്വസിക്കുന്നിടത്തോളം "നാട്ടുനടപ്പ്" ശക്തമാണ്. വിധേയരില്‍ "അപകര്‍ഷതാബോധമാണെന്ന്" തിരിച്ചറിയപ്പെടാത്ത ഒരപകര്‍ഷതാബോധം സൃഷ്ടിക്കാന്‍ കഴിയുമ്പോഴാണ് ഒരസ്വാരസ്യവുമില്ലാതെ, "മേല്‍ക്കോയ്മാ പ്രത്യയശാസ്ത്ര"ത്തിന് സുഖമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നത്! അരയന്റെ പണം മീന്‍നാറുന്നതാണെന്ന "മറഞ്ഞുനില്‍ക്കുന്" മേല്‍ക്കോയ്മാ ബോധമാണ്, "കരുത്തനായ" പളനിയെപ്പോലും നയിക്കുന്നത്. മത്സ്യബന്ധനം ഒരു ചെറുകിട കൊലപാതകമാണെന്ന അധീശത്വ കാഴ്ചകള്‍ കുഴിച്ചുചെന്നാല്‍, സവര്‍ണ പ്രത്യയശാസ്ത്രത്തിന്റെ പഴയ കോട്ടകളുടെ അസ്ഥികള്‍ കണ്ടെടുക്കപ്പെടും. അരയന്‍ കാശുണ്ടാക്കുന്നത് ലക്ഷോപലക്ഷം മീനുകള്‍ക്ക് ജീവഹാനി വരുത്തിയാണത്രേ.

""വെള്ളത്തില്‍ സര്‍വസ്വാതന്ത്ര്യമായി പാഞ്ഞുനടക്കുന്ന പരശ്ശതത്തെ ചതിച്ചു പിടിച്ചു കാശുണ്ടാക്കുന്നു. ആ കോടാനുകോടികള്‍ കണ്ണുമിഴിച്ചു ശ്വാസംമുട്ടി പിടയ്ക്കുന്നത് കാണുമ്പോള്‍-നിത്യം കാണുന്നവര്‍ക്ക് അതൊരു കാര്യമല്ല. അങ്ങനെ ജീവനാംശം ചെയ്തുണ്ടാക്കുന്ന പണം സമ്പാദിക്കാനൊക്കുകയില്ല. പറ്റുകയില്ല"" (ചെമ്മീന്‍).

വിപ്ലവകരമെന്ന തോന്നല്‍ സൃഷ്ടിക്കുന്ന "യുക്തിവിരുദ്ധത" മുമ്പ് വിശദമാക്കിയ നാട്ടുനടപ്പിനെ ആദര്‍ശവല്‍ക്കരിക്കുക മാത്രമാണ് ചെയ്യുന്നത്. "നാട്ടുനടപ്പ്" എന്ന് പറയുന്നത്, വലിയ പരിധിവരെ "അധികാരപ്രയോഗങ്ങളുടെ" ആകെത്തുകയാണ്. അടിച്ചേല്‍പ്പിക്കലിന് സ്വയംവിധേയപ്പെടുകയാണെന്ന തോന്നല്‍ "വിധേയര്‍ക്കും" ഒരു പ്രത്യേക അധികാരവും ഞങ്ങള്‍ ആരുടെമേലും അടിച്ചേല്‍പ്പിക്കുന്നില്ലെന്ന തോന്നല്‍ അധിപര്‍ക്കും പകര്‍ന്നു നല്‍കുന്ന നാട്ടുനടപ്പ്, സ്വയമൊരു "മേല്‍ക്കോയ്മ"യെന്ന് മറന്നുപോയ മേല്‍ക്കോയ്മയാണ്. "ആശയ ഐക്യത്തിന്" നല്‍കുന്ന ഏകപക്ഷീയ ഊന്നല്‍ ആധിപത്യം വഹിക്കുന്ന അധികാരത്തിന് ലഭിക്കുന്ന വിശിഷ്ടമായ അംഗീകാരത്തിന്റെ ദൃഢപ്പെടുത്തലാണ്. വ്യത്യസ്തമായ അന്വേഷണങ്ങളെ അസാധ്യമാക്കുംവിധം, കൃതികളില്‍ കടന്നുപ്രവര്‍ത്തിക്കുന്ന അധികാരങ്ങളെ, സാധൂകരിക്കുന്ന "വ്യവസ്ഥാനുകൂല വായന"യെ പ്രോത്സാഹിപ്പിക്കുകയാണത് ചെയ്യുന്നത്. എഴുത്തുകാരുടെ "രചനാപരമായ കഴിവുകള്‍ക്കു മുമ്പില്‍" വായനക്കാരുടെ "വായനപരമായകഴിവുകളെ" കുരുതികൊടുക്കുന്ന പ്രത്യയശാസ്ത്രബലിയാണ് അത്തരം വായനയില്‍ "അനുഷ്ഠാ"പദവിയിലേക്കുയരുന്നത്. "ആശയവിനിമയം" "ആശയഐക്യ"ത്തിലേക്കും, അതേ ആശയഐക്യം വീണ്ടും വികസിച്ച് വിമര്‍ശനാത്മകമായ ആശയവിനിമയത്തിലേക്കും നിരന്തരം വളരുമ്പോഴാണ് സംവാദങ്ങള്‍ സാധ്യമാവുന്നത്. "ആശയഐക്യ"ത്തില്‍ മാത്രമായി പരിമിതപ്പെടുന്ന വായനക്ക്, സ്വയമൊരു "ഉല്‍പാദനപ്രവര്‍ത്തനമായി" ഉയരാന്‍ കഴിയില്ല. ഉപഭോഗമാത്രവായന സാധ്യമാക്കുന്ന, "വായനവിധേയത്വ"ത്തെ വെല്ലുവിളിക്കാതെ, കൃതിയിലെ വൈരുധ്യങ്ങളെയും, മൗനങ്ങളെയും, അഭാവങ്ങളെയും, സാധൂകരണങ്ങളെയും സ്വാഭാവികവല്‍ക്കരണങ്ങളെയും കണ്ടെടുക്കാന്‍ കഴിയില്ല. "ചെമ്മീന്‍ വായന" ഒരു പരിധിവരെ ആ കൃതിയുടെ രചനാശില്‍പം സാധ്യമാക്കിയ വൈകാരികതയ്ക്ക്, വിധേയപ്പെട്ടാണ് രൂപംകൊണ്ടത്. അതിനെ സമഗ്രമാംവിധം വെല്ലുവിളിച്ച ഒരേയൊരു വായന എന്തൊക്കെ പരിമിതകള്‍ ഉണ്ടാകാമെങ്കിലും, വികസിപ്പിച്ചത് ഡോ. വി വി വേലുക്കുട്ടി അരയന്‍ മാത്രമാണ്. ചെമ്മീന്‍ എന്ന നോവലുല്‍പ്പാദിപ്പിക്കുന്ന "വൈകാരികവേലിയേറ്റത്തെ" യുക്തികൊണ്ട് പ്രതിരോധിച്ചുകൊണ്ടുള്ള, ഒരു എതിര്‍വായനയുടെ മികച്ച മാതൃകയാണ് അരയന്റെ ചെമ്മീന്‍ നിരൂപണം.

"വികാരങ്ങള്‍ സ്വകാര്യവും പരിമിതവുമാണ്. മറിച്ച് യുക്തിയെ നമുക്കാശ്രയിക്കാം. അത് ഏറെക്കുറെ സമഗ്രമാണ്"(ബ്രെഹ്ത്).

ചില തൊഴിലുകള്‍ മികച്ചതും ചില തൊഴിലുകള്‍ മ്ലേച്ഛവുമാണെന്ന കാഴ്ചപ്പാട് ഇന്നും ഇന്ത്യന്‍ അബോധത്തില്‍ ശക്തമാണ്. അരയര്‍ മത്സ്യം പിടിക്കുന്നവരാകയാല്‍ ക്ഷേത്രപ്രവേശനം അനുവദിക്കാന്‍ പാടില്ലെന്ന യാഥാസ്ഥിതിക നിലപാടിനെ പ്രതിരോധിക്കാന്‍ 1935ല്‍ ആലപ്പുഴയില്‍ ഡോ. വി വി വേലക്കുട്ടി അരയന്‍ നിര്‍വഹിച്ച പ്രസംഗം കേരളീയ നവോത്ഥാന ചരിത്രത്തിലെ സുപ്രധാന സംഭവമാണ്.

"ശംഖചക്ര ഗദാധര കേശവാ" എന്നു പുകഴ്ത്തി ആ വിഷ്ണുവിനെ സ്വന്തം കീശയിലാക്കുവാന്‍ ദിവസവും കണ്ണും കൈയും ആകാശത്തില്‍ പൊക്കിനിര്‍ത്തുന്ന മത്സ്യവിരോധികളായ വൈഷ്ണവന്മാര്‍ ശംഖ് ഒരുതരം ഓട്ടിമീന്‍ ആണെന്നും വിഷ്ണുവിനോടൊന്നിച്ച് ആ മീനും തങ്ങളുടെ കീശയില്‍ വീണ് തങ്ങള്‍ അശുദ്ധരായിപ്പോയേക്കുമെന്നും ഓര്‍ത്ത് വ്യസനിക്കുന്നുണ്ടായിരിക്കണം. എന്നിട്ടും ഇങ്ങനെയുള്ള വിഷ്ണുവിനെ മാതളപ്പൂ കര്‍ണഭൂഷണനും, കേരധരനും, വഴുതിനിങ്ങാധരനും ആക്കാന്‍ ശ്രമിക്കുന്നില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ സന്തോഷിക്കുകയാണ്."(അരയന്‍: മോഹന്‍ദാസ് വള്ളിക്കാവ്)

ഓരോ കാലത്തെയും "നാട്ടുനടപ്പ്" അതാത് കാലത്തെ സാമൂഹ്യമുന്നേറ്റങ്ങള്‍ക്കു മുമ്പില്‍ സ്വയം "അന്ധമാവുമായിരുന്നുവെന്നതിന്" നിരവധി മാതൃകകള്‍ മുമ്പും ഇന്നും കണ്ടെടുക്കാന്‍ കഴിയും. മഹാത്മാഗാന്ധിയെ അക്കാലത്തെ നാട്ടുനടപ്പ് കണ്ടത് കലിയുടെ അവതാരമായിട്ടാണ്. വൈക്കം സമരത്തെ അവര്‍ കലിയുടെ വിളയാട്ടമെന്നും വിളിച്ചു. മന്നത്ത് പത്മനാഭനെ തറവാട് മുടിച്ച ധൂമകേതുവായിട്ടുമാണ് മുമ്പ് നാട്ടുനടപ്പ് കൊണ്ടാടിയത്. നാട്ടുനടപ്പുകള്‍ കീഴ്മേല്‍മറിയുന്നതുകണ്ട് തകഴി ആത്മകഥയില്‍ പരിചയപ്പെടുത്തിയ മുട്ടാശ്ശേരി മാവിന്‍ചുവട്ടിലെ സദസ്സില്‍നിന്ന് കുഞ്ഞാണ്ടമ്മാവന്‍ ചോദിച്ചു: ""ഈ ലോകം എങ്ങോട്ടാ പോണത് ശങ്കരക്കുറുപ്പേ?"". "പുരാണപരിചയമുള്ള അച്ഛന് ഉത്തരമില്ലായിരുന്നു." ആദിമമൂലധനസഞ്ചയത്തെ സാധ്യമാക്കിയ ചൂഷണത്തെക്കുറിച്ച് പറയുമ്പോഴാണ് ഒരു കവിളില്‍ ചോരയും മറുകവിളില്‍ ചലവുമായി പ്രത്യക്ഷപ്പെട്ട പണത്തെക്കുറിച്ച് മാര്‍ക്സ് പറയുന്നത്. എന്നാലിവിടെ, വിയര്‍പ്പിന്റെ ഉപ്പും സ്വപ്നത്തിന്റെ ചുവപ്പും കലര്‍ന്ന മത്സ്യതൊഴിലാളിയുടെ അധ്വാനമാണ്, അതിന്റെ ഭാഗമായി കിട്ടുന്ന മത്സ്യവും അവരുടെ പണവുമാണ് "നാട്ടുനടപ്പ്" വിശ്വാസങ്ങളുടെ പേരില്‍ നിന്ദിതമാകുന്നത്!

അയിത്തം എപ്രകാരമാണ് അടിമത്തത്തേക്കാള്‍ ഭയാനകമായിത്തീരുന്നതെന്നതിന്റെ ബലതന്ത്രമാണ് ഇവിടെ തിരിച്ചറിയപ്പെടുന്നത്. "സാമൂഹികപരിഷ്കാരത്തിലേക്കുള്ള പാത, സ്വര്‍ഗത്തിലേക്കുള്ള പാത എന്തായാലും നമ്മുടെ ഇന്ത്യാരാജ്യത്ത്, അനേകമനേകം ദുരിതങ്ങള്‍ നിറഞ്ഞതാണ്. നിങ്ങളുടെ വഴി തടയുന്ന രാക്ഷസന്‍ ജാതിയാണ്. ഈ രാക്ഷസനെ വധിക്കാതെ, നിങ്ങള്‍ക്ക് സാമൂഹികപരിഷ്കാരവും സാമ്പത്തിക പരിഷ്കാരവും സാധ്യമല്ല" (അംബേദ്ക്കര്‍). ശങ്കരാചാര്യര്‍ക്കു ചുറ്റും ശയനപ്രദക്ഷിണം നിര്‍വഹിച്ചും, മഹാത്മാഗാന്ധിയുടെ സവര്‍ണ സാംസ്കാരിക നിലപാടുകള്‍ക്കുമുമ്പില്‍ സാഷ്ടാംഗം പ്രണമിച്ചും ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഔദ്യോഗിക പ്രത്യയശാസ്ത്രമായി മാറിക്കഴിഞ്ഞ സവര്‍ണതയെ "സ്വാഭാവിക"മെന്ന രീതിയില്‍ സ്വാംശീകരിച്ചും ഒരു സാംസ്കാരികസമരം വികസിപ്പിക്കാന്‍ കഴിയില്ല. "മഹാത്മാ" ബുദ്ധന്‍, "മഹാത്മാ" ജ്യോതിഫൂലെ, "മഹാത്മാ" അംബേദ്ക്കര്‍ തുടങ്ങിയവരുമായുള്ള വിമര്‍ശനാത്മക സംവാദത്തിലൂടെ മേല്‍ക്കോയ്മയെ മറിച്ചിടുന്ന ബദല്‍ സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍നിന്നാണ് ഇന്ത്യന്‍ പശ്ചാത്തലത്തിലെ പുതിയ വായന പ്രചോദനം കൊള്ളേണ്ടത്.

അഞ്ച്

ചെമ്മീനിലെ ചെമ്പന്‍കുഞ്ഞിനെ കടല്‍ കാണാതെ മത്സ്യം മാത്രം കാണുന്ന ഒരാര്‍ത്തിപണ്ടാരമായും, കറത്തമ്മയെ സ്നേഹാര്‍ദ്രതയുടെ കടലായും വിവര്‍ത്തനം ചെയ്യുന്ന സൗന്ദര്യഭാഷകള്‍ ചൂഷിതര്‍, ചൂഷകര്‍ എന്ന വര്‍ഗവിഭജനത്തെയും ആണ്‍-പെണ്‍- മൂന്നാം ലിംഗം എന്നിങ്ങനെയുള്ള ലിംഗവിഭജനത്തെയും, കറുപ്പ്/വെളുപ്പ് എന്ന വര്‍ണവ്യത്യാസങ്ങളെയും, സവര്‍ണത/അവര്‍ണത എന്ന വേര്‍തിരിവുകളെയും ആത്മനിഷ്ഠതയുടെ മാത്രം ചെലവില്‍ എഴുതി തള്ളുകയാണ്. കൃതിയിലെ ചരിത്രസന്ദര്‍ഭങ്ങളെയും കൃതിക്ക് പുറത്തുള്ള ചരിത്രസന്ദര്‍ഭങ്ങളെയും അവ തമ്മിലുള്ള പരസ്പര പ്രവര്‍ത്തനങ്ങളെയും ചവിട്ടിപ്പുറത്താക്കുകയാണ് ശുദ്ധസൗന്ദര്യാസ്വാദനങ്ങള്‍ സത്യത്തില്‍ ചെയ്യുന്നത്. സര്‍വ കെട്ടുപാടുകളില്‍നിന്നും സാങ്കല്‍പികമായി കൃതിയെ വിമുക്തമാക്കുന്ന ഇത്തരം കേവല സൗന്ദര്യാസ്വാദനം, സൗന്ദര്യാസ്വാദനം തന്നെയാണ്. അതിനപ്പുറം സ്വയം ഒരപഗ്രഥനമാവാന്‍ അതിന് കഴിയാതെ പോകുന്നതിനെക്കുറിച്ചല്ല, അപഗ്രഥനങ്ങളെയാകെ നിരാകരിക്കുന്ന അതിന്റെ കാഴ്ചപ്പാടിനെയാണ് ഇവിടെ വിമര്‍ശവിധേയമാക്കുന്നത്. സാഹിത്യവിമര്‍ശം സൗന്ദര്യവിമാനങ്ങളില്‍ കയറി ഔന്നത്യങ്ങളിലെത്തുമ്പോള്‍, കൃതിയിലെ ഭൂബന്ധങ്ങളൊക്കെയും അപ്രത്യക്ഷമാവും. അതോടെ എന്തും ഏതും കൃതിയുടെ മേല്‍ ആര്‍ക്കും എടുത്തു വയ്ക്കാന്‍ കഴിയും. "ശുദ്ധസൗന്ദര്യശാസ്ത്രം" ചരിത്രബാഹ്യവും, പ്രത്യയശാസ്ത്രബാഹ്യവുമായ ആത്മനിഷ്ഠസാഹസികതയുടെ സംഗ്രഹമായിരിക്കാനാണ് സ്വയം ശ്രമിക്കുന്നത്. മറ്റാര്‍ക്കുംവേണ്ടിയല്ലാതെ, "സ്വന്തത്തിനുവേണ്ടി" പ്രവര്‍ത്തിക്കുന്നുവെന്ന "വ്യാജസംതൃപ്തി"യാണതിലേര്‍പ്പെടുന്നവരെ ലഹരി പിടിപ്പിക്കുന്നത്. എന്നാല്‍ അവരുടെ "സ്വന്തം" അവരുടെമാത്രം "സ്വകാര്യസ്വന്തമല്ലെന്നതിന്" അവരറിയാതെതന്നെ അവരുടെ "വിശകലനങ്ങള്‍" സാക്ഷ്യം വഹിക്കും. ഇറ്റാലിയന്‍ ചിന്തകനായ ക്രോച്ചേയുടെ "ശുദ്ധശാസ്ത്രം" എപ്രകാരമാണ് ചില ഗ്രൂപ്പുകളുടെ ഉപകരണമാവുന്നതെന്ന് ഗ്രാംഷി ചൂണ്ടിക്കാട്ടിയത് ഇവിടെയും പ്രസക്തമാണ്. "ക്രോച്ചേ ശുദ്ധശാസ്ത്രം, ശുദ്ധചരിത്രം, ശുദ്ധതത്വചിന്ത എന്നെല്ലാം കരുതുന്നത് വാസ്തവത്തില്‍ പ്രത്യയശാസ്ത്രമാണ്. ചില പ്രത്യേകരാഷ്ട്രീയഗ്രൂപ്പുകള്‍ക്ക് പ്രായോഗികപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ നല്‍കുകയാണദ്ദേഹം" (ഗ്രാംഷി).

ഒരു കൃതിയുടെ "ആസ്വാദനവും" അതിന്റെ അപഗ്രഥനവും പരസ്പര വിരുദ്ധകാര്യങ്ങളാണെന്ന ധാരണ ദൃഢപ്പെടുത്തുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്, ആകര്‍ഷകമെങ്കിലും അപകടകാരിയായ ചില "ശുദ്ധ"ആശയവാദ പ്രത്യയശാസ്ത്രങ്ങളാണ്. "ആശയവിനിമയ" പ്രക്രിയകളിലൂടെ രൂപംകൊള്ളേണ്ട "ആശയഐക്യ"ത്തെ പ്രസ്തുത പ്രക്രിയയില്‍നിന്നും അടര്‍ത്തിമാറ്റി ആദര്‍ശവല്‍ക്കരിച്ചുകൊണ്ടാണ് പരസ്പരാശ്രിതമായ ആശയവിനിമയ-ആശയഐക്യബന്ധത്തെ കൃത്രിമമായി "ആശയവാദം" വിച്ഛേദിക്കുന്നത്. അങ്ങനെ അതില്‍ ഒന്നിനെ, മറ്റൊന്നിന്റെ താഴെയോ മുകളിലോ ആക്കി മാറ്റുന്നു. അതുവഴി അവ തമ്മിലുള്ളതും, അനിവാര്യമായും ഉണ്ടാകേണ്ടതുമായ പാരസ്പര്യത്തെ നെറുകെ പിളര്‍ക്കുന്നു. മനസ്സിലാക്കലിനെ, വിമര്‍ശനത്തിന്റെ കളങ്കത്തില്‍നിന്ന് മോചിപ്പിക്കാനുള്ള ഇത്തരമൊരു കാഴ്ചപ്പാട്, ഓഷോവിനെപ്പോലുള്ള ആശയവാദ ചിന്തകരുടെ വാക്കുകള്‍ക്ക് മാന്ത്രികവശ്യത പകരുന്നു. ഒരൊറ്റവായനയില്‍ ചിലരെയെങ്കിലും വിഭ്രമിപ്പിക്കാന്‍ കഴിയുംവിധമുള്ള വശ്യത തന്നെയാണ്, ഇത്തരം "വെട്ടിമുറിക്ക"ലുകള്‍ക്ക് വിശ്വാസ്യത നല്‍കുന്നത്. "ആശയഐക്യം ഹൃദയവും ഹൃദയവും തമ്മിലുള്ള ബന്ധമാണ്. അത് ഒരു പ്രണയബന്ധംപോലെ സുരഭിലമാണ്. എന്നാല്‍ ആശയവിനിമയം ശിരസ്സും ശിരസ്സും തമ്മിലുള്ള ഒരേറ്റുമുട്ടലാണ്. ഇത് വാക്കുകള്‍കൊണ്ടുള്ള കസര്‍ത്താണ്. ആശയഐക്യം ഒരു വികാരമാണ്. എന്നാല്‍ ആശയവിനിമയം ഒരു വിജ്ഞാന പ്രകടനമാണ്..." തുടങ്ങിയ ആശയങ്ങളില്‍ ഓഷോവിനെപ്പോലുള്ളവര്‍ പിന്‍പറ്റുന്നത് "ചിന്തിക്കുന്നത് അപകടകരമാണെന്ന ഒരുതരം കാല്പനിക ചിന്ത"യാണ്. ഹൃദയത്തെയും തലച്ചോറിനെയും പരസ്പരം ശത്രുക്കളാക്കി തീര്‍ത്തുകൊണ്ട്, ചോദ്യംചെയ്യലിനെയും വിമര്‍ശനത്തെയും പടിക്കുപുറത്ത് നിര്‍ത്തിക്കൊണ്ടാണ് ഇപ്രകാരമുള്ള "ലളിതകാല്പനികത കൊഴുക്കുന്നത്. യുക്തിവിരുദ്ധതയുടെ ഈവിധമുള്ള ആഘോഷപ്പെരുമഴയില്‍, കെട്ടുപോവുന്നത് തിരിച്ചറിവിന്റെ തീനാളങ്ങളാണ്.

ഒരു പ്രണയദുരന്തത്തിന്റെ തീവ്രവൈകാരികതകള്‍ക്കിടയില്‍ വീണുപോയ "ചെമ്മീന്‍ വായ"യെ അതിന്റെ ജനപ്രിയതയെ പ്രതിരോധിച്ചുകൊണ്ട് മലയാളത്തില്‍ ആദ്യം വീണ്ടെടുത്തതിനുള്ള ബഹുമതി ഡോ. വി വി വേലുക്കുട്ടി അരയന് മാത്രമര്‍ഹതപ്പെട്ടതാണ്. ചെമ്മീനുല്‍പ്പാദിപ്പിച്ച വൈകാരികാനുഭൂതിയില്‍നിന്ന്, ചിന്തയുടെ വൈദ്യുതി ഉല്‍പ്പാദിപ്പിച്ച അരയന്റെ ചെമ്മീന്‍ നിരൂപണത്തിലെ ഒരു പക്ഷേ ഇന്ന് ഏറ്റവും പ്രസക്തമായ ഭാഗം, പ്രതിനിധാനം സംബന്ധിച്ച് അദ്ദേഹം അരനൂറ്റാണ്ടിനുമുമ്പുതന്നെ അവതരിപ്പിച്ച ആധുനിക ആശയങ്ങളാണ്. ആത്മകഥയില്‍ "അരയസമൂഹത്തെ" ഹൃദയസ്പര്‍ശിയായി പ്രശംസിക്കുന്ന തകഴിയെയാണ് നാം കാണുന്നത്. എന്നാല്‍ ചെമ്മീനില്‍ ആവിഷ്കരിക്കപ്പെട്ട "അരയസമൂഹത്തിന്റെ" പ്രതിനിധാനം "നാട്ടുനടപ്പു"കളുടെ അപ്പുറത്തേക്ക് കണ്ണ് തുറക്കാനാവാത്തവിധം സ്വയം നിസ്സഹായമാകുന്നതാണ് നാം അനുഭവിക്കുന്നത്. അരയനെക്കുറിച്ചും, അരയത്തിയെക്കുറിച്ചും ചെമ്മീനിലുള്ള സര്‍വ നന്മകളെയും നിഷ്പ്രഭമാക്കുംവിധമുള്ള ആ കൃതിയിലെ രണ്ടു വാക്യങ്ങള്‍ തുടര്‍ന്നും പ്രതിനിധാനം സംബന്ധിച്ച വിശകലനങ്ങളെ സഹായിക്കുന്ന അസംസ്കൃതപദാര്‍ഥമായിത്തന്നെ നിലകൊള്ളും. "മീന്‍ കാണുമ്പോള്‍ ഇതരയന്റെ സ്വഭാവമാണ്" എന്ന നിഷ്കളങ്കമെന്ന് തോന്നാവുന്ന ആ കൊച്ചുവാക്യം അരയവിരുദ്ധം മാത്രമല്ല, മനുഷ്യാധ്വാനത്തെതന്നെ ആഴത്തില്‍ അവമതിക്കുന്നതാണ്.

വേലുക്കുട്ടി അരയന്‍ ഒരരയനായതുകൊണ്ടാണ് "ഇങ്ങനെയൊക്കെ" തോന്നുന്നതെന്ന് പറഞ്ഞ് രോഷാകുലരാകുന്നവര്‍, ജാതിക്കപ്പുറം അധ്വാനമഹത്വവുമായി ബന്ധപ്പെട്ട ഒരു കാര്യംകൂടി ഇതിലുണ്ടായിട്ടും അതിന്നെതിരെപ്പോലും പ്രതികരിക്കാന്‍ കഴിയാത്തതോര്‍ത്ത് സ്വയം ലജ്ജിക്കുകയാണ് വേണ്ടത്. ലജ്ജ ഉള്ളിലേക്ക് വലിഞ്ഞ രോഷമാണെന്നും അതൊരു വിപ്ലവവികാരമാണെന്നും മാര്‍ക്സ്. ജീവന്‍ പണയം വച്ചുള്ള സാഹസികമായ പണിയില്‍ ഏര്‍പ്പെടുന്ന അരയര്‍ക്ക് മാത്രമല്ല, സാധാരണതൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്കുപോലും തന്റെ അധ്വാനഫലത്തെ അവഗണിക്കുംവിധമുള്ള "അലസമായ" അഭിപ്രായങ്ങളെ - മറ്റുള്ളവരുടെ ഏകപക്ഷീയമായ വില നിര്‍ണയിക്കലുകളെ - സ്വയം പ്രതിരോധിക്കാതിരിക്കാനാവില്ല.

മറ്റ് തൊഴിലില്‍നിന്ന്, അരയരുടെ തൊഴിലിന്, ആ തൊഴിലിന്റെ ആദ്യഘട്ടത്തിലെങ്കിലും, ദുര്‍ബലമായൊരു സ്വയം നിര്‍ണയാവകാശമുണ്ട്. എന്തൊക്കെ പറഞ്ഞാലും "കടല്‍" പൂര്‍ണമായും വില്‍പ്പനക്ക് വയ്ക്കപ്പെട്ടിട്ടില്ല. പറഞ്ഞുവരുന്നത് പാടുപെട്ട് പിടിച്ച മീനിന്, ചെലവഴിച്ച അധ്വാനം പരിഗണിക്കാതെ വിലപറയുന്ന വ്യാപാരി സമൂഹത്തെ, സ്വന്തം അധ്വാനത്തെ ഉയര്‍ത്തിപ്പിടിച്ച് പ്രതിരോധിക്കാതെ, ഒരരയനും, ഒരു തൊഴിലാളിക്കും നിലനില്‍ക്കാനാവില്ലെന്ന പ്രാഥമിക സത്യമാണ്. "മീന്‍" അവന്റെ ആത്മാഭിമാനത്തിന്റെകൂടി ഭാഗമാണ്. അതിനെ നിസ്സാരമാക്കുംവിധം വായില്‍തോന്നിയ വിലപറയുന്ന "വ്യാപാരിവിഭാഗത്തെ" സ്വന്തം നാവിന്റെ ശക്തികൊണ്ട് സ്വയം നേരിടാനവര്‍ തൊഴില്‍പരമായിത്തന്നെ നിര്‍ബന്ധിതരാണ്. ആ അര്‍ഥത്തില്‍കൂടി "രണ്ടിടങ്ങഴി" എഴുതിയ തകഴി അതിനെ തിരിച്ചറിയേണ്ടിയിരുന്നു.

"തൊഴില്‍പ്രശ്"ത്തെ ജാതിപ്രശ്നമാക്കുന്നതിലെ സങ്കുചിതത്വം തിരിച്ചറിയുന്നതിന്നു പകരം, അത് ചൂണ്ടിക്കാട്ടിയ വേലുക്കുട്ടി അരയനില്‍ "സ്വത്വസങ്കുചിതത്വം" കണ്ടെത്താനാണ് ഗുപ്തന്‍നായര്‍ ശ്രമിച്ചത്. അവരുടെ നാവിന്റെ നീളം കുറഞ്ഞാല്‍, അവരുടെ "സ്വഭാവം" വ്യാപാരികളാഗ്രഹിക്കുംവിധം "സൗമ്യ"മായാല്‍ മീന്‍ വാങ്ങുന്നവര്‍ക്കത് സൗകര്യപ്രദമാകും. പക്ഷേ മീന്‍ വാങ്ങുന്നവരുടെ ആ സൗകര്യം മീന്‍ വില്‍ക്കുന്ന അരയരുടെ അസ്തിത്വത്തെതന്നെ അപകടപ്പെടുത്തും. "ഭാഗ്യം, ഭാഗ്യം" എന്നുപറഞ്ഞ് "മനുഷ്യരെ ബോറടിപ്പിക്കല്ലേ" എന്ന് ജീവിതദുരന്തത്തിന്റെ നടുവില്‍ നില്‍ക്കുന്നൊരു മനുഷ്യന്‍ ഭാഗ്യക്കുറി ടിക്കറ്റ് വില്‍ക്കുന്നവരെനോക്കി പറയുന്നത് നമുക്ക് മനസ്സിലാക്കാനാവും. എന്നാല്‍ "ഭാഗ്യം, ഭാഗ്യം" എന്നാവര്‍ത്തിച്ച് ഒരാള്‍ ഭാഗ്യക്കുറിടിക്കറ്റ് വില്‍ക്കുന്നത്, "സ്വന്തം ദുരിതത്തില്‍"നിന്നും രക്ഷപ്പെടാനാണെന്നുകൂടി, അതയാളുടെ തൊഴില്‍ ആവശ്യപ്പെടുന്ന ഒരാവര്‍ത്തനമാണെന്നുകൂടി അത്തരക്കാര്‍ മനസ്സിലാക്കാതെ പോകുമ്പോഴാണ്, സമഗ്രമാവേണ്ട സമീപനങ്ങള്‍, ഭാഗികമാവുന്നത്. ബ്രെഹ്ത് തമാശയായി പറഞ്ഞപോലെ, വില്‍ക്കുന്നവനെപ്പോഴും നല്ല വിലകിട്ടാന്‍ സ്വന്തം "കഴുത"യെ "കുതിര"യെന്ന് വിളിക്കും. വാങ്ങുന്നവര്‍ പരമാവധി കുറഞ്ഞ വിലയില്‍ കിട്ടാന്‍ "കുതിര"യെ കഴുതയെന്നും വിളിക്കും! സ്വന്തം ചരക്കിന് കൂടുതല്‍ വിലകിട്ടണമെന്ന് വില്‍ക്കുന്നവരും, തനിക്കത് കുറഞ്ഞവിലക്ക് കിട്ടണമെന്ന് വാങ്ങുന്നവരും ആഗ്രഹിക്കുന്നിടത്തോളം കാലം "വില്‍പന" സംഘര്‍ഷങ്ങള്‍ക്ക് ചുറ്റും കറങ്ങും. വന്‍കിട വ്യാപാരങ്ങളില്‍ വ്യാപൃതമാവുന്ന മൂലധനത്തിന് അപാരമായ പരസ്യസാധ്യതകള്‍കൊണ്ട് വില്‍പനയിലനിവാര്യമായ സംഘര്‍ഷത്തെ, മോഹിപ്പിക്കുന്ന പ്രലോഭനവും ആസക്തിയും അന്ധഭക്തിയുമായി രൂപപ്പെടുത്താന്‍ കഴിയും. എന്നാല്‍ ദരിദ്രനായൊരു തൊഴിലാളിയെ സംബന്ധിച്ചിടത്തോളം സ്വന്തം നാവിന്റെ നീളത്തെ മാത്രമാശ്രയിച്ചുള്ള പരസ്യസാധ്യത, പ്രത്യക്ഷ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കും. അതിനെ അവരുടെ പ്രകൃതമെന്നതിനെക്കാള്‍, ഒരു സവിശേഷ ചൂഷണസാമൂഹ്യാവസ്ഥയോടുള്ള തത്സമയ പ്രതികരണം മാത്രമായി തിരിച്ചറിയാന്‍ നമുക്ക് ഇന്നു കഴിയും.

അരയത്തികളുടെ ചെമ്മീനിലെ പ്രതിനിധാനവും ഇവ്വിധംതന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. "നീണ്ടനാവും അസ്ഥാനത്തിലുള്ള നീട്ടിയ ഉച്ചാരണവും ആത്മബലവും എന്തുവന്നാലും കുലുക്കമില്ലാത്ത മനഃസ്ഥിതിയും ഉള്ള അരയത്തികളാകുന്ന "ഭദ്രകാളികള്‍" എന്ന ചെമ്മീനിലെ; അരയസ്ത്രീകളെ മുഴുവന്‍ "ഭദ്രകാളികളായി" അവതരിപ്പിച്ചതിന്റെ അനൗചിത്യം മാത്രമാണ് "അരയന്‍" എടുത്തുപറയുന്നതെങ്കിലും, പൊതുവെ ഇതിഹാസ പുരാണങ്ങള്‍ മുതലുള്ള കീഴാളപ്രതിനിധാനം ഏറെക്കുറെ ഇങ്ങനെയൊക്കെതന്നെയാണെന്ന് ഇന്ന് നമുക്കറിയാം. സേവകപദവിയില്‍നിന്ന് നായികാ/നായകപദവിയിലേക്കവര്‍ വളരുന്ന അപൂര്‍വം സന്ദര്‍ഭങ്ങളിലാവട്ടെ, ഇതുപോലുള്ള സ്വത്വ-സംഘര്‍ഷങ്ങളും പ്രത്യക്ഷപ്പെടും! സവര്‍ണ പുനര്‍വായനയില്‍ ആ "നീണ്ടനാവ്" മുതല്‍ "ഭദ്രകാളി" എന്ന സംബോധനക്ക് വരെ മഹത്തായ സ്ഥാനക്കയറ്റം കിട്ടുമായിരിക്കും!

അരയരുടെ "മലയാള"ത്തിനെതിരെയുള്ള ആക്ഷേപങ്ങളെ അരയരുടെ "മലയാളം മികച്ചതാണ്" എന്ന് വാദിച്ചുകൊണ്ടല്ല മറിച്ച്; മലയാളം സ്വന്തം രീതിയില്‍ ആവിഷ്കരിക്കാനുള്ള ഓരോ മലയാളി സമൂഹത്തിന്റെയും സ്വാതന്ത്ര്യം ഉയര്‍ത്തിപിടിച്ചും ഓരോ സവിശേഷ സംഭാഷണ രീതിയുടെയും "ചരിത്രപരത" തിരിച്ചറിഞ്ഞുമാണ് പ്രതിരോധിക്കേണ്ടത്. ഭാഷാവൈവിധ്യങ്ങളുടെ പ്രശ്നത്തെ വിശാലമായൊരു ജനാധിപത്യപശ്ചാത്തലത്തിലാണ് സമീപിക്കേണ്ടത്. "യൂറോ-കേന്ദ്രിത" കാഴ്ചപ്പാടില്‍, സര്‍വവും, "യൂറോപ്പിന്" വിധേയപ്പെടുന്നതുപോലെ, സവര്‍ണ കേന്ദ്രിത കാഴ്ചപ്പാട്, സര്‍വതിനെയും അതിന് അധീനപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ വ്യാകരണത്തെതന്നെ വെല്ലുവിളിക്കുകയാണ് വേണ്ടത്. ഓരോ വാക്കും എത്രവരെ നീട്ടാം, കുറുക്കാം, കനപ്പിക്കാം എന്നൊക്കെ നിര്‍ദേശിക്കുന്ന "ആഭ്യന്തര അധിനിവേശ കുറിപ്പടി" കടപ്പുറത്ത് മാത്രമല്ല, ക്ലാസ് മുറികളിലും ഇന്ന് നിലനില്‍ക്കുകയില്ല.

പ്രതിനിധാനങ്ങളില്‍ വരുന്ന ഗുരുതരമായ വീഴ്ചയെക്കുറിച്ച് ഗുപ്തന്‍ നായരെപ്പോലുള്ളവര്‍ പറയുന്നതില്‍നിന്നും വിഭിന്നമായി വള്ളത്തോളും കുമാരനാശാനും സ്വയം വിമര്‍ശനം നിര്‍വഹിച്ചിരുന്നു എന്നും നമ്മള്‍ തിരിച്ചറിയണം. "ഭള്ളാര്‍ന്ന ദുഷ്ടമുഹമ്മദന്മാര്‍, ദുഷ്ടമുഹമ്മദ രാക്ഷസന്മാര്‍, ചത്തുവീണോരെ ചവിട്ടുന്ന ഉദ്ധതന്മാര്‍, ശുദ്ധിയില്ലാത്ത മലയാളഭാഷയില്‍ അസഭ്യം ചൊല്ലുന്നവര്‍, മൂര്‍ഖന്മാര്‍, ജന്തുക്കള്‍, കൊള്ളക്കാര്‍" തുടങ്ങി ദുരവസ്ഥയിലെ മാപ്പിള പ്രതിനിധാനം, 1921ലെ "പ്രത്യേക സന്ദര്‍ഭം" പരിഗണിച്ചാല്‍പ്പോലും ജനാധിപത്യ അഭിരുചിക്ക് സ്വീകാര്യമാവില്ല. കൗതുകകരമായ കാര്യം ചെമ്മീനിലെ അരയപ്രതിനിധാനത്തിലെ "അസ്ഥാനത്തുള്ള നീട്ടിയ ഉച്ചാരണം" എന്ന പ്രയോഗവും, ദുരവസ്ഥയിലെ "ശുദ്ധിയില്ലാത്ത മലയാളഭാഷയില്‍ അസഭ്യം ചൊല്ലുന്നവര്‍" എന്ന പ്രയോഗവും തമ്മിലുള്ള "ഗുപ്ത"ബന്ധമാണ്. "ബംഗാളിയില്‍നിന്ന് മലയാളത്തിലേക്കുവന്ന "കുട്ടികളുടെ മഹാഭാരതം" എന്ന പരിഭാഷാകൃതിയില്‍ നരഭോജികളായ രാക്ഷസന്മാര്‍ "നീചഭാഷ"യില്‍ സംസാരിക്കുന്നു. ആ നീചഭാഷ ഏതാണെന്നോ? മലബാറിലെ മുസ്ലിങ്ങളുടെ വാമൊഴി..""ന്താടാ, ജ്ജ് യ്ക്ക് കൊണ്ടന്ന ചോറാ കഴ്ച്ച്ണ്. ന്നാപ്പോ ഞാന്‍ ന്റാനെ പിടിച്ച് പള്ളേലാക്കിക്കാളും"" (ബകന്‍ ഭീമനോട്). എടുത്തു പറഞ്ഞിട്ടില്ലെങ്കിലും ശൂര്‍പ്പണഖ ചെറുമിയാണെന്നും ഹിഡിംബനും ബകനും കിര്‍മീരനും മുസ്ലിങ്ങളാണെന്നും ഉള്ള ബോധമാണ് ഈ സവിശേഷമായ മൊഴിഭേദപ്രയോഗം സൃഷ്ടിക്കുന്നത്. മ്ലേച്ഛന്‍ എന്ന പദത്തിന്റെ ഒരര്‍ഥം, "ശുദ്ധമായി ഉച്ചരിക്കാത്തവന്‍" എന്നാണ്. അതൊരു പ്രത്യേക ലോകവീക്ഷണമാകുന്നു. ("കുളിച്ചല്ലേന്ന് പറഞ്ഞാലെന്താ?": എം എന്‍ കാരശ്ശേരി)". ഇംഗ്ലീഷ്"കൊണ്ട് മാത്രമല്ല, മലയാളംകൊണ്ടും മലയാളിയെ മസ്തിഷ്കപ്രക്ഷാളനം ചെയ്യാന്‍ കഴിയുമെന്നത്രെ ഇതെല്ലാം തെളിയിക്കുന്നത്. സവിശേഷ അധികാരക്രമങ്ങള്‍ക്കകത്ത് വച്ച് സംഭവിച്ച ഭാഷയുടെ "സാമാന്യ മാതൃക"യെ ഒരു പരിധിക്കപ്പുറം ആദര്‍ശവല്‍ക്കരിക്കുന്നത് അപകടം ചെയ്യും!

"മാപ്പിള പ്രതിനിധാനങ്ങളില്‍ വന്ന പിഴവുകളെ ദുരവസ്ഥയുടെ രണ്ടാമത്തെ പതിപ്പില്‍നിന്നും ഒഴിവാക്കാമെന്ന് ആശാന്‍ സമ്മതിച്ചിരുന്നു. അതിനുമുമ്പ് അദ്ദേഹം മരിച്ചു" (ആശാന്റെ ശില്‍പ്പശാല. നിരൂപണം, എം സത്യപ്രകാശം). "പാഴ്മൊട്ടത്തലയല്ല വേണ്ടൂ, ഭാരതക്ഷോണീ കിരീടത്തിന്" എന്ന വരികള്‍ ഉള്‍ക്കൊള്ളുന്ന "കാട്ടെലിയുടെ കത്ത്" എന്ന കവിതയെക്കുറിച്ച് മാത്രമല്ല, "നായര്‍ സ്ത്രീയും മുഹമ്മദീയനും" എന്ന തന്റെ കവിതയെക്കുറിച്ചും, വള്ളത്തോള്‍ പില്‍ക്കാലത്ത് സ്വയം വിമര്‍ശനം നിര്‍വഹിച്ചിട്ടുണ്ട്. "ഹൈന്ദവമായ വീക്ഷണത്തിന്റെ അതിപ്രസരം ആ കവിതയിലെ ചിലഭാഗങ്ങളെ സങ്കുചിതത്വത്തിലേക്ക് പിടിച്ചുതാഴ്ത്തിക്കളഞ്ഞിട്ടുണ്ട്. ഗാന്ധിയുഗത്തിന് മുമ്പുള്ള മതസമീപനമാണ് അതില്‍ കാണുക."

എം എസ് ദേവദാസ് തന്റെ "ജീവിതത്തിന്റെ താളുകള്‍" എന്ന ആത്മകഥയില്‍ പറയുന്നു: "വള്ളത്തോളിന്റെ "കാട്ടെലിയുടെ കത്ത്" എന്ന കവിതയിലെ ശ്ലോകങ്ങള്‍ അസ്സലായിട്ടുണ്ടെന്ന് ഞാന്‍ മുക്തകണ്ഠം പ്രശംസിച്ചു. വള്ളത്തോള്‍ ഉലാത്തുന്നതിന്നിടയില്‍ ചിന്താമഗ്നനായി എന്റെ അടുത്തുവന്നുനിന്ന് ഏതാണ്ടിങ്ങനെ പറഞ്ഞു. ആ കവിതയിലെ ശ്ലോകങ്ങള്‍ നന്നായിട്ടുണ്ടെന്ന് പലരും പറയാറുണ്ട്. ശാര്‍ദൂല വിക്രീഡിതത്തിലാണ് ഞാനെഴുതിയത്. അത് വീരരസപ്രധാനമാണ്. പക്ഷേ അതില്‍ മുഹമ്മദീയര്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനിടയുള്ള ഭാഗങ്ങളുണ്ട്. അത് ഹിന്ദു-മുസ്ലിം ഐക്യം വളര്‍ത്താന്‍ സഹായിക്കില്ല. ഇതേമട്ടില്‍ നിസ്വാര്‍ഥവും വസ്തുനിഷ്ഠവുമായ ഒരു ആത്മപരിശോധനയും സ്വയം വിമര്‍ശനവും "നായര്‍സ്ത്രീയും മുഹമ്മദീയനും" എന്ന തന്റെ പഴയ കൃതിയെക്കുറിച്ച് അദ്ദേഹം പുറപ്പെടുവിച്ചു. കവിത നന്നായിട്ടുണ്ടോ, രചന കൊള്ളാമോ ശ്ലോകത്തിന് ഭംഗിയുണ്ടോ എന്ന് മാത്രം നോക്കിയാല്‍ പോര. നേരെമറിച്ച് നമ്മള്‍ എഴുതുന്നത് രാജ്യത്തിനും ജനങ്ങള്‍ക്കും ഗുണമാണോ അതോ ദോഷം ചെയ്യുമോ എന്നുംകൂടി നോക്കണം".

ആറ്

ഒരു സാമൂഹ്യവിഭാഗം സാംസ്കാരികമായി വിവേചനങ്ങള്‍ക്ക് വിധേയമാകുമ്പോള്‍, അവരുടെ ദൃഷ്ടിയില്‍ "വിവേചനം" പതിയുമ്പോള്‍, അവരുടെ സാഹിത്യമടക്കമുള്ള ആവിഷ്കാരങ്ങള്‍ അനിവാര്യമായും "പ്രതിനിധാനീതി"ക്കുവേണ്ടിയുള്ള സാംസ്കാരികപ്രക്ഷോഭമായി മാറും. "സ്ത്രീ സാഹിത്യം", "ദളിത് സഹിത്യം" തുടങ്ങിയ "പരികല്‍പനകള്‍" "പ്രതിനിധാനവക്രത"കള്‍ക്കെതിരെയുള്ള വെല്ലുവിളിയായിട്ടാണുയര്‍ന്നു വന്നത്. അധികാരത്തിന്റെ പ്രത്യക്ഷമുദ്രചാര്‍ത്തലുകളെ മാത്രമല്ല, ഭാഷയില്‍ അലിഞ്ഞുചേര്‍ന്ന തിരിച്ചറിയുക പ്രയാസമായ, "മനുഷ്യത്വവിരുദ്ധത"കളെയും വിചാരണ ചെയ്യാനാവുംവിധം "കീഴാളസാന്നിധ്യം" ഇന്ന് സാഹിത്യത്തിലും സജീവസാന്നിധ്യമായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ""എഴുതിയെടുത്തോ, ഞാനൊരറബി, കുട്ടികള്‍ എട്ട്....ഒന്‍പതാമത്തെയും പുറപ്പെടാറായി. എന്താ ചൂടാകുന്നോ?.."" എന്നൊരു മെഹ്മൂദ് ദാര്‍വിഷ് എഴുതുമ്പോള്‍ തീര്‍ച്ചയായും അത് സാമ്രാജ്യത്വ-സിയോണിസ്റ്റ് "വ്യവഹാരങ്ങളില്‍" വികലമാക്കപ്പെട്ട ഒരു ജനതയുടെ പ്രതിനിധാന നീതിക്കായുള്ള സാംസ്കാരികസമരം തന്നെയാണ്.

ശരിയായ രീതിയില്‍ പ്രതിനിധീകരിക്കപ്പെടാനുള്ള ഓരോ സമൂഹത്തിന്റെയും അവകാശം ജനാധിപത്യത്തിന്റെ അവിഭാജ്യ ഭാഗമാണ്. കാപ്പിരികള്‍, അറബികള്‍, ആദിവാസികള്‍, ദളിതര്‍, വ്യത്യസ്തതരം ന്യൂനപക്ഷങ്ങള്‍, രോഗികള്‍, സ്ത്രീകള്‍, മൂന്നാംലിംഗവിഭാഗക്കാര്‍ തുടങ്ങി സാമൂഹ്യവിഭാഗങ്ങള്‍ക്കിടയില്‍, മറ്റ് സാമൂഹ്യവിഭാഗങ്ങള്‍ക്കിടയിലെന്നപോലുള്ള ഒരുപാട് പരിമിതികളും ജീര്‍ണതകളും ക്രൂരതകളും കണ്ടെത്താനാവും. എന്നാലത് ചില പ്രത്യേകവിഭാഗങ്ങളുടെ സഹജസ്വഭാവമാണെന്ന് സാക്ഷ്യപ്പെടുത്തുംവിധമുള്ള ആവിഷ്കാരം, ആ സമൂഹങ്ങളുടെയൊട്ടാകെ പ്രതിച്ഛായ മലിനമാക്കുന്നതിലേക്കുവരെ വളരാനിടവരുത്തും. വംശഹത്യക്കനുകൂലമായ "ഒരനുഭൂതിനിക്ഷേപമായി" പിഴച്ച പ്രതിനിധാനങ്ങളെ പിന്തുടരുന്ന ആശയാവിഷ്കാരങ്ങള്‍ സങ്കോചിക്കുന്നത്, ഏത് സ്വാതന്ത്ര്യത്തിന്റെ പേരിലായാലും സ്വാഗതാര്‍ഹമല്ല. കൊളോണിയലിസവും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ സാംസ്കാരിക മേല്‍ക്കോയ്മയായി മാറിക്കഴിഞ്ഞ സവര്‍ണ പ്രത്യയശാസ്ത്രാധിഷ്ഠിതമായ "അഭ്യന്തരകൊളോണിയലിസവും" കീഴാളജീവിതങ്ങള്‍ക്കെതിരെ നിര്‍വഹിക്കുന്ന "സാംസ്കാരികാക്രമണത്തിന്റെ" ഭാഗമായിട്ടാണ് ഫലത്തില്‍ "പ്രതിനിധാനവക്രതകള്‍" വളരുന്നത്. അത്തരമൊരു വക്രതക്കെതിരെ പാമുക്കിന്റെ ചെകുത്താന്‍ നിര്‍വഹിക്കുന്ന അഭ്യര്‍ഥന, ആരെയും ചിന്താര്‍ഹരാക്കും!

നിരന്തര "പ്രതിനിധാനവക്രത"ക്ക് വിധേയമാകുന്ന സ്ഥിരം സാന്നിധ്യമെന്ന നിലയില്‍ "ചെകുത്താന്‍" സ്വന്തം പ്രതിനിധാനീതിക്ക് വേണ്ടി, തന്നെയെന്നും വികലമായി അവതരിപ്പിക്കുന്ന "ചിത്രകാരന്മാരോട്" അഭ്യര്‍ഥിക്കുന്നത് ഓര്‍ഹന്‍ പാമുക്, ""ചുവപ്പാണെന്റെ പേര്"" എന്ന നോവലില്‍ ഇങ്ങനെയാണ് പ്രതിപാദിച്ചിരിക്കുന്നത്.

"മഹത്തായ ഖുര്‍ആനില്‍ 52 തവണ പ്രത്യക്ഷപ്പെടുന്ന എന്റെ നാമമാണ് ഏറ്റവും കൂടുതല്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ളതെന്നും നിങ്ങള്‍ക്കറിയാം. വിശുദ്ധ ഖുര്‍ആനില്‍ എന്നെ ചെറുതാക്കിയാണ് കാണിച്ചിരിക്കുന്നത് എന്നതില്‍ എനിക്കെപ്പോഴും വേദനയുണ്ട്. എന്നാല്‍ ഈ വേദന എന്റെ ജീവിതരീതിയാണ്. അത് അങ്ങനെയാണ്.... ഏതുരൂപം വേണമെങ്കിലും എനിക്ക് സ്വീകരിക്കാന്‍ കഴിയുമെങ്കിലും സുന്ദരിയായൊരു കാമസ്വരൂപിണിയുടെ വേഷത്തില്‍ വിശ്വാസികളെ ഞാന്‍ പ്രലോഭിപ്പിച്ചതായി പതിനായിരക്കണക്കിന് തവണ ഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ടെങ്കിലും എന്തുകൊണ്ടാണ് എന്നെ ഇങ്ങനെ കൊമ്പുള്ള, നീണ്ടവാലുള്ള, മുഖം നിറയെ വികൃതമായ മറുകുകളുള്ള, വൃത്തികെട്ട ജന്തുവായി ചിത്രീകരിക്കുന്നതെന്ന് ഇന്ന് രാത്രി എന്റെ മുമ്പിലുള്ള ചിത്രകാര സഹോദരന്മാര്‍ ദയവുചെയ്ത് വിശദീകരിച്ച് തരാമോ?"

ഇതേപോലൊരു ചോദ്യം ആഫ്രിക്കയിലെ "കാപ്പിരികള്‍" മലയാളത്തിന്റെ പ്രിയ എസ്കെയോടും ചോദിച്ചിരുന്നെങ്കിലോ? ""നമ്മള്‍ അറിഞ്ഞും അനുഭവിച്ചും പോരുന്ന സ്നേഹം, നന്ദി, വിശ്വാസം തുടങ്ങിയ മനോഭാവങ്ങള്‍ അവന് മനസ്സിലാവുകയില്ല. സ്വാര്‍ഥവും ഭയവുമാണ് അവനെ ഭരിക്കുന്നത്. നാളെയെപ്പറ്റി അവനൊരു ചിന്തയുമില്ല. അതുകൊണ്ടാണ് എന്തു കടുംകൈക്കും അവന്‍ മടിക്കാത്തത്. അവസരം കിട്ടിയാല്‍ അവന്‍ മോഷ്ടിക്കാതിരിക്കയില്ല. കൊല്ലണമെന്ന് തോന്നിയാല്‍ അപ്പോള്‍ പരമാധികാരിയായ വെള്ളക്കാരന്‍ ഡിസ്ട്രിക്ട് കമ്മീഷണറെപ്പോലും അവന്‍ ശരിപ്പെടുത്തിക്കളയും. കുറച്ചുമാസങ്ങള്‍ക്കപ്പുറം മൊമ്പാസയിലെ ഒരു കാപ്പിരി, തന്റെ അഞ്ചുവയസ്സ് ചെന്ന മകനെ ഉരലിലിട്ട് ഇടിച്ചുകൊന്ന് ചമ്മന്തിയാക്കിക്കളഞ്ഞു. വെള്ളംകൊണ്ടുവരാന്‍പോയ തള്ളയുടെകൂടെ പുറപ്പെടാന്‍ ശാഠ്യം പിടിച്ച് കരഞ്ഞപ്പോള്‍, വെയിലുകാഞ്ഞ് മുറ്റത്ത് കുത്തിയിരുന്ന തന്ത അവനോട് അടങ്ങിയിരിക്കാന്‍ പറഞ്ഞു. ചെക്കന്‍ പിന്നെയും കരഞ്ഞു. കാപ്പിരിക്ക് കലി കയറി. അവന്‍ ചെക്കനെ പിടിച്ച് ഉരലിലിട്ട് അടുത്തുകിടന്നിരുന്ന ഉലക്കയെടുത്ത് ഇടിച്ച് അവന്റെ കരച്ചില്‍മാറ്റി. അതാണ് ശരിയായ കാപ്പിരിസ്വഭാവം...."" കാപ്പിരികളുള്‍പ്പെടെയുള്ള കീഴാളരില്‍ നന്മകണ്ട എഴുത്തുകാരനാണ് എസ് കെ. എന്നിട്ടും "കാപ്പിരികളുടെ നാട്ടില്‍" എന്ന യാത്രാവിവരണകൃതിയിലെ, "കാപ്പിരിവിവരണം" അധിനിവേശ കാഴ്ചപ്പാടിന് കപ്പംകൊടുക്കുംവിധം സങ്കുചിതമായിത്തീരുകയാണുണ്ടായത്. അതെഴുതുമ്പോള്‍ എസ് കെയുടെ കൈയില്‍നിന്ന് കറുത്തവരെ മൃഗതുല്യരായിമാത്രം ചിത്രീകരിച്ച "വെള്ളഭീകരത" പേന തട്ടിയെടുത്തിരിക്കണം. അല്ലെങ്കില്‍ ആ ഖണ്ഡിക എഴുതിയത് കൊളോണിയലിസം തന്നെയാവണം. സ്നേഹം, നന്ദി, വിശ്വാസം തുടങ്ങിയ മൂല്യങ്ങളൊക്കെയും യൂറോപ്യന്‍ നിര്‍മിതിയാണെന്ന കൊളോണിയല്‍ കാഴ്ചപ്പാടാണ് മേല്‍ചൊന്ന ആഖ്യാനത്തില്‍നിന്ന് മസില്‍ പ്രദര്‍ശനം നിര്‍വഹിക്കുന്നത്!

ഒരധികാരവ്യവസ്ഥയെന്ന നിലയില്‍, സത്യത്തില്‍, കൊളോണിയലിസമാണ് നന്ദി, വിശ്വാസം, സ്നേഹം തുടങ്ങിയ മൂല്യങ്ങളെ തകര്‍ത്തത്. അവരാണ് "അടിമ ആഫ്രിക്ക" സൃഷ്ടിച്ചത്. തങ്ങളുടെ അധികാരത്തിന് പൂര്‍ണമായി മെരുക്കാന്‍ കഴിയാത്ത ആത്മബോധമുള്ള അടിമകളെയാണ് കൊളോണിയല്‍ ശക്തികള്‍ നന്ദികെട്ടവര്‍, ഭീകരര്‍ എന്നൊക്കെ വിളിച്ചത്. എസ് കെയുടെ ആഖ്യാനത്തിലെ "നമ്മള്‍" ആ അര്‍ഥത്തില്‍, "നമ്മളല്ല"! കൊളോണിയല്‍ അധികാരശക്തികള്‍ക്ക് കീഴ്പ്പെട്ടവരുടെ "നമ്മളാണ്"! ആഖ്യാനത്തിലെ "അവന്‍" കാപ്പിരി മാത്രമല്ല, മറിച്ച്, കര്‍തൃപദവിയിലേക്കുയരാന്‍ കഴിയാത്ത മുഴുവന്‍ കീഴാളമനുഷ്യരുമാണ്. ഒരു യുക്തിയുമില്ലാത്ത, ഒരു നന്മയുമില്ലാത്ത, ഒട്ടും സത്യസന്ധതയില്ലാത്ത പ്രാകൃതരും അപരിഷ്കൃതരും ദുഷ്ടരുമായ ഒരു ജനതയെ വളരെ കഷ്ടപ്പെട്ട് സംസ്കാരസമ്പന്നരാക്കുകയാണ് തങ്ങള്‍ ചെയ്തതെന്ന "വെള്ളക്കാരന്റെ ഭാരം" എന്ന ആശയമാണ് അബോധപൂര്‍വമായിട്ടാണെങ്കിലും ആഖ്യാനത്തിലുടനീളം ആഘോഷിക്കപ്പെടുന്നത്. മോഷ്ടിക്കുകയും കൊല്ലുകയും ചെയ്യുന്ന കൊടുംഭീകരരായിട്ടാണ് ആഖ്യാനത്തില്‍ കാപ്പിരി അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യഹൃദയത്തിന്റെ ആഴം കണ്ട എസ് കെയെപ്പോലുള്ള ഒരാള്‍തന്നെയോ ഇങ്ങനെയൊക്കെ എഴുതിയതെന്ന് ഈയൊരുഭാഗം മാത്രം വായിക്കുമ്പോള്‍ ഏത് മനുഷ്യസ്നേഹിയും അന്ധാളിച്ചുപോകും.

രണ്ടുതരം കൊലകളെക്കുറിച്ചുകൂടി പ്രസ്തുത ആഖ്യാനം പറയുന്നുണ്ട്. ഒന്ന് സാങ്കല്‍പ്പികവും രണ്ടാമത്തേത് യഥാര്‍ഥവും. കാപ്പിരികളോട് അക്കാലത്ത് ഒരുകാരണവശാലും ജനാധിപത്യപരമായി പെരുമാറാനിടയില്ലാത്ത ഒരു വെള്ളക്കാരന്‍ ഡിസ്ട്രിക്ട് കമ്മീഷണറുടെ, "സാങ്കല്‍പിക വധ"മാണ് ആദ്യം ആഖ്യാനത്തില്‍ കടന്നുവരുന്നത്. അദ്ദേഹത്തെപ്പോലും കാപ്പിരി ശരിയാക്കികളയും എന്നാണ്, "ആഖ്യാനം" പറയുന്നത്! അദ്ദേഹത്തെ അവതരിപ്പിച്ചിരിക്കുന്നത് ഒരു ഭരണാധികാരി എന്ന നിലയിലാണ്. പക്ഷേ ഉപയോഗിച്ച വിശേഷണം വെറും ഡിസ്ട്രിക്ട് കമ്മീഷണര്‍ എന്നല്ല, മറിച്ച് പരമാധികാരിയായ വെള്ളക്കാരന്‍ ഡിസ്ട്രിക്ട് കമ്മീഷണര്‍ എന്നാണ്. മറ്റൊരര്‍ഥത്തില്‍ പരമാധികാരമുള്ള വെളുപ്പാണ് ഇവിടെ ആഖ്യാനത്തെയാകെ നിയന്ത്രിക്കുന്നത്. വെറും ഒരു നിറമെന്ന നിലയിലല്ല, മറിച്ച് അധിനിവേശത്തിന്റെ സാംസ്കാരിക ന്യൂക്ലിയസ് എന്ന നിലയിലാണത് നിവര്‍ന്നു നില്‍ക്കുന്നത്. വെള്ളക്കാരോട് മാത്രമല്ല സ്വന്തം മക്കളോടുപോലും കൊടുംക്രൂരതപുലര്‍ത്തുന്ന ഒരു "തന്തകാപ്പിരി" നടത്തിയ ഒരു യഥാര്‍ഥകൊലയെക്കുറിച്ചാണ് പിന്നീട് അതേ "ആഖ്യാനം" ആവേശഭരിതമാകുന്നത്. അഞ്ചുവയസ്സുകാരനായ മകന്റെ കരച്ചില്‍ മാറ്റാന്‍, കലികയറിയ കാപ്പിരി ഉരലിലിട്ട് അവനെ ഇടിച്ച് ചമ്മന്തിയാക്കി എന്നു തന്നെയാണ് എസ് കെ സാക്ഷ്യപ്പെടുത്തുന്നത്. സംഭവം നേരില്‍ക്കണ്ടു എന്ന് പറയുന്നില്ല. കുറച്ചുമാസങ്ങള്‍ക്കപ്പുറം നടന്ന ഒരു കാര്യം എന്ന് ആഖ്യാനത്തില്‍ വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും കണ്ട അതേ തീവ്രതയില്‍തന്നെയാണ് എഴുതിയിരിക്കുന്നത്. അഞ്ചുവയസ്സുള്ള ഒരു കുട്ടിയെ ആഖ്യാനത്തില്‍ പറയുംവിധം ഒരു പ്രയാസവുമില്ലാതെ ഇടിച്ച് ചമ്മന്തിയാക്കാന്‍ പാകത്തിലുള്ള ഉരലുകള്‍ അന്ന് ആഫ്രിക്കയിലുണ്ടായിരുന്നോ? ഇനി ഇതൊക്കെ അങ്ങനെത്തന്നെ ആവട്ടെ എന്ന് വിചാരിച്ചാലും, ആഖ്യാനത്തിലെ അവസാനത്തെ വാക്യം മനുഷ്യരാശിക്കാകെ മാനക്കേടുണ്ടാക്കുംവിധം അത്യന്തം കുടുസ്സാര്‍ന്നതാണെന്ന് നാം തിരിച്ചറിയേണ്ടിവരും. "അതാണ് ശരിയായ കാപ്പിരി സ്വഭാവം" എന്ന ആഖ്യാനത്തിലെ ഉപസംഹാരം മാപ്പര്‍ഹിക്കുന്നില്ല. ഇന്നലത്തെ കാപ്പിരിയേയും ഇന്നത്തെ കാപ്പിരിയേയും മാത്രമല്ല, നാളെ പിറക്കാന്‍ പോകുന്ന കാപ്പിരിയേയും കൂടിയാണ് ഈയൊരു വാക്യം വെട്ടിവീഴ്ത്തുന്നത്. "അവറ്റ ഗുണം പിടിക്കില്ലെന്" ജനാധിപത്യവിരുദ്ധ ആക്രോശമാണ്, ഏതൊക്കെയോ വിധത്തില്‍, ഈയൊരു വാക്കില്‍നിന്ന് ചോരവീഴ്ത്തുന്നത്. ഇതെഴുതിയത് കൊളോണിയലിസം തന്നെയായിരിക്കണം. മക്കളെ ഉരലിലിട്ട് ഇടിച്ച് ചമ്മന്തിയാക്കുംവിധമുള്ള ക്രൂരതയാണ് "ശരിയായ കാപ്പിരിസ്വഭാവം" എന്ന് മറ്റാര്‍ക്കും എഴുതാന്‍ കഴിയില്ല (കെ ഇ എന്‍: "സംസ്കാരത്തിലെ സംഘര്‍ഷങ്ങള്‍").

ഏഴ്

സിനിമ, സാഹിത്യം, വാര്‍ത്തകള്‍, എന്നിങ്ങനെയുള്ള മാധ്യമങ്ങളിലൂടെ വികസിക്കുന്ന വാര്‍പ്പുമാതൃകാ പ്രതിനിധാനങ്ങളും അതിനോടൊത്തുപോകുന്ന അരാഷ്ട്രീയ പദാവലികളും മതനിരപേക്ഷ സംസ്കാരത്തിന് ഏല്‍പ്പിക്കുന്ന പരിക്ക് ഇന്ന് മാരകമാനമാര്‍ജിച്ചു കഴിഞ്ഞിട്ടുണ്ട്. എന്‍ എസ് മാധവന്റെ പ്രശസ്തമായ ആ "തിരുത്ത്" മാത്രം തല്‍ക്കാലം ഓര്‍മിക്കാം. ഇന്ത്യയുടെ മതനിരപേക്ഷചരിത്രത്തില്‍ ചോരവീഴ്ത്തി ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ ബാബറിമസ്ജിദ് തകര്‍ത്ത പശ്ചാത്തലത്തിലാണ് യുവപത്രപ്രവര്‍ത്തക സുഹറ "തര്‍ക്കമന്ദിരം തകര്‍ത്തു" എന്നെഴുതി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ ചുല്യാറ്റ് ആ റിപ്പോര്‍ട്ട് ആകെയൊന്ന് നോക്കി. ഏറെ അസ്വസ്ഥനായി. പിന്നെ "തര്‍ക്കമന്ദിരം തകര്‍ത്തു" എന്നതിലെ ആദ്യത്തെ വാക്ക് ഉളിപോലെ പേന മുറുക്കിപ്പിടിച്ച് പലതവണ വെട്ടി. എന്നിട്ട് വിറയ്ക്കുന്ന കൈകളോടെ വെട്ടിയ വാക്കിന്റെ മുകളില്‍ എഴുതി. "ബാബറി മസ്ജിദ്". ചുല്യാറ്റ് തിരുത്തിയത് ഒരു വാക്കല്ല, ഒരു ജീവിതവീക്ഷണമാണ്: "പ്രതിനിധാനത്തിലെ വക്രത"യെയാണയാള്‍ ഒരൊറ്റ വെട്ടിലൂടെ വീഴ്ത്തിയത്. മത ജാതി മുന്‍വിധികള്‍ വ്യവഹാരങ്ങളുടെയാകെ വഴി മുടക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നൊരു കാലത്ത് ഓരോ എഴുത്തുകാരനുമുള്ളില്‍ ശരിയല്ലാത്തത് വെട്ടാന്‍ പേനകൂര്‍പ്പിച്ച് ജാഗ്രതയോടെ നില്‍ക്കുന്ന ഓരോ "ചുല്യാറ്റും" ഉണ്ടായിരിക്കണം. ഏത് കൃതിയെക്കുറിച്ചും "വ്യത്യസ്തവായനകള്‍" ആസ്വാദനങ്ങളില്‍ സാധ്യമാണ്. എന്നാല്‍ ഒരു കൃതിയില്‍ രൂപംകൊള്ളുന്ന വസ്തുനിഷ്ഠാവസ്ഥയെ, അതിലെ സവിശേഷബന്ധങ്ങളെ, അതില്‍ പ്രവര്‍ത്തിക്കുന്ന അധികാരത്തിന്റെ ബലതന്ത്രങ്ങളെ, എന്തിന് പദാവലികളില്‍പ്പോലും സ്വയം സന്നിഹിതമാകുന്ന "പ്രത്യയശാസ്ത്രങ്ങളെ" കഥാപാത്രങ്ങളുടെ പ്രതികരണരീതികളെ, ഇങ്ങനെയൊക്കെയുള്ള പ്രസ്തുതകൃതിയിലെ സാന്നിധ്യങ്ങളെന്നപോലെ, അതിലെ അസാന്നിധ്യങ്ങളെയും, അവ തമ്മിലുള്ള വ്യത്യസ്തബന്ധങ്ങളെയും ഒരുവിധേനയും പരിഗണിക്കാത്ത, "ആത്മനിഷ്ഠ" വായനകള്‍ക്ക് പരമാവധി "സൗന്ദര്യാസ്വാദനങ്ങള്‍" ആവാനല്ലാതെ, സാംസ്കാരികവിമര്‍ശനങ്ങള്‍ ആയി വികസിക്കുക പ്രയാസമാവും.

എരിവും പുളിയും എണ്ണയുമെല്ലാം അധികമുള്ള ഭക്ഷണം കഴിച്ച്, സ്വന്തം രുചിയെ സാക്ഷ്യപ്പെടുത്താന്‍ ആളുകള്‍ "ശ്" "ഹൗ" എന്നിങ്ങനെ പലതരം ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നത് കേള്‍ക്കാറുണ്ട്. അതവരുടെ ഭക്ഷണതൃപ്തിയുടെ സത്യമാണ്. എന്നാലൊരപഗ്രഥനത്തില്‍, അവരുടെ രുചിയെ തൃപ്തിപ്പെടുത്തിയ ആ ഭക്ഷണം അവരുടെതന്നെ ആരോഗ്യത്തിന് അപകടമാണെന്ന വസ്തുതയെ വെറും രുചിബോധത്തിന്റെ അടിസ്ഥാനത്തില്‍ വെല്ലുവിളിക്കാന്‍ പുറപ്പെടുന്നത് സ്വന്തം നിലനില്‍പ്പിനു തന്നെ എതിരായി തീരുകയോ, അല്ലെങ്കില്‍ മറ്റാരുടെയൊക്കെയോ നിലനില്‍പ്പിന്ന് അനുകൂലമായിത്തീരുകയോ ചെയ്യും. ഒരു മനുഷ്യന് രണ്ടും നാലും ഒന്‍പതാക്കാന്‍ കഴിഞ്ഞാല്‍ അത് ഗണിതത്തില്‍ ഒരു ദിവ്യാത്ഭുതമായിരിക്കും. ഒരു മനുഷ്യന് ഹൈഡ്രജനും ഓക്സിജനും നൈട്രജനും ചേര്‍ത്ത് ശുദ്ധമായ സ്വര്‍ണം നിര്‍മിക്കാന്‍ കഴിഞ്ഞാല്‍ അത് രസതന്ത്രത്തില്‍ ദിവ്യാത്ഭുതമായിരിക്കും. ഒരു വൈദികന് അദ്ദേഹത്തിന്റെ വിശ്വാസപ്രമാണം തെളിയിക്കാന്‍ കഴിഞ്ഞാല്‍ അത് ദൈവശാസ്ത്രത്തില്‍ ദിവ്യത്ഭുതമായിരിക്കും..." (ഇംഗര്‍സോള്‍- "അന്ധവിശ്വാസം"). അതുപോലെ "ജാതിവ്യവസ്ഥ" തകര്‍ക്കാതെ വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ സൂക്ഷ്മാര്‍ഥത്തിലുള്ള സൗഹൃദവും സ്നേഹവും സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ അത് സാമൂഹ്യശാസ്ത്രത്തില്‍ മറ്റൊരു ദിവ്യാത്ഭുതമായിരിക്കും!

"അടിയന്‍ വലയും ചൂണ്ടലുമായി മീന്‍പിടിച്ചിട്ടാണ് വീട് പുലര്‍ത്തുന്നത്" എന്ന മുക്കുവന്റെ ജീവിത സത്യത്തോട് ശാകുന്തളം നാടകത്തിലെ നഗരാധികാരി പ്രതികരിച്ചത് "പരിശുദ്ധമായ ഉപജീവനം" എന്ന നിന്ദാസ്തുതികലര്‍ന്ന പരിഹാസത്തോടെയാണ്. അപ്പോള്‍ സ്വന്തം തൊഴിലിനെ പ്രതിരോധിച്ചുകൊണ്ട് ശാകുന്തളത്തിലെ മുക്കുവന്‍ പറഞ്ഞു: "ജന്മനാ ഉള്ള തൊഴില്‍ മോശമായാലും അത് കൈയൊഴിക്കാവതല്ലല്ലോ; പയ്യിനെ അറത്ത് കടുപ്പം കാണിക്കുന്ന ചോമാതിരിയും കനിവുള്ള ആളായിരിക്കും.

"" വളരെ ബലഹീനമായ പ്രസ്തുത പ്രതിരോധം സൂക്ഷ്മാര്‍ഥത്തില്‍ സവര്‍ണ മൂല്യവ്യവസ്ഥക്ക് മുമ്പിലുള്ള വിനീതമായ ഒരു സാഷ്ടാംഗ പ്രണാമം മാത്രമാണ്. ബലിമൃഗത്തെ ശ്വാസംമുട്ടിച്ച് കൊല്ലുന്ന വൈദികനും, "ജീവന്‍ നിലനിര്‍ത്താന്‍" മത്സ്യബന്ധന തൊഴിലിലേര്‍പ്പെടുന്ന ഒരു ജനതയും തമ്മിലെന്തുതരം താരതമ്യമാണ് സാധിക്കുക. "മത്സ്യവേധകരോട് കാളിദാസന് വലിയ പ്രതിപത്തിയൊന്നുമില്ല. ഇക്കാര്യം വിക്രമോര്‍വശീയത്തില്‍ വിദൂഷകനെക്കൊണ്ട് അദ്ദേഹം പറയിപ്പിക്കുന്നു. മത്സ്യം കൈയില്‍നിന്ന് കുതറിച്ചാടിപ്പോയി. അപ്പോള്‍ മുക്കുവന്‍ പറയുകയാണ്:- ""ശരി: പോനാല്‍ പോവട്ടും; എനിക്ക് പുണ്യമുണ്ടാവുമല്ലോ എന്ന്."" (ഛത്രവും ചാമരവും: എം പി ശങ്കുണ്ണിനായര്‍) "സവര്‍ണപൂജ"ക്കെതിരെ ശക്തമായ സമരങ്ങള്‍ സംഘടിപ്പിച്ചുകൊണ്ട് മാത്രമേ സൗന്ദര്യശാസ്ത്രത്തിന്റെ "സുരക്ഷിത താവളങ്ങളില്‍" പതിയിരിക്കുന്ന വര്‍ണവെറിയുടെ തത്വശാസ്ത്രത്തെ കീഴ്പ്പെടുത്താനാവുകയുള്ളൂ.

പരിമിതികളോടെയാണെങ്കിലും ഇത്തരമൊരു "സാംസ്കാരിക ദൗത്യം" നിര്‍വഹിക്കാന്‍ തകഴിയുടെ "ചെമ്മീന്" കഴിഞ്ഞു. അഭിജ്ഞാനശാകുന്തളത്തില്‍ ഊരും പേരുമില്ലാതിരുന്ന മുക്കുവര്‍ക്ക് "ചെമ്മീനി"ലെത്തുമ്പോഴേക്കും "മേല്‍വിലാസ"മുണ്ടായി. അവര്‍ സ്വന്തം ലോകം സൃഷ്ടിച്ചു. ഇന്നലെവരെ മറ്റാരുടെയോ നിഴലുകളായിരുന്ന അവര്‍, അന്നുമുതല്‍ സ്വന്തം നിഴലുകളും കണ്ടുതുടങ്ങി. ഇത് വ്യത്യസ്തകാലങ്ങളില്‍ രചിക്കപ്പെട്ട രണ്ട് കൃതികളുടെ സ്വകാര്യ പ്രശ്നം എന്ന നിലയിലല്ല, കൃതികളെ സാധ്യമാക്കുന്ന സാംസ്കാരിക സന്ദര്‍ഭങ്ങളുടെ സൂക്ഷ്മതലങ്ങളെ കണ്ടെത്തുമ്പോള്‍ ഉയര്‍ന്ന് വരുന്ന അവഗണിക്കാനാവാത്ത ഒരു സൗന്ദര്യശാസ്ത്രപ്രശ്നം എന്ന നിലയിലാണ് ഉന്നയിക്കുന്നത്. കാളിദാസനില്‍നിന്ന് ഷേക്സ്പിയറിലേക്കുള്ളതിലധികം അകലം ഭാരതീയനായ കാളിദാസനില്‍നിന്നും കേരളീയനായ തകഴിയിലേക്കുണ്ട്. ഒരര്‍ഥത്തില്‍ അഭിജ്ഞാനശാകുന്തളത്തിലെ അശരണനായ മുക്കുവന്‍ ശക്തമായ ഒരു ജനസമൂഹമായി മാറുന്നത് തകഴിയുടെ ചെമ്മീനിലാണ്. ചെമ്മീനില്‍ വ്യവസ്ഥാവിരുദ്ധതയുടെ സാന്നിദ്ധ്യമായ "വളരാതെപോയ" വേലായുധന്‍, അരയസമൂഹത്തിന്റെ ആ മുന്നേറ്റത്തെയാണ് പ്രതിനിധീകരിക്കുന്നത്. ആ അര്‍ഥത്തില്‍, ജാതി വ്യവസ്ഥയോട് മലയാള ഭാവന ഏറ്റുമുട്ടിയപ്പോഴാണ് കേരളീയന് ഒരു ചെമ്മീനുണ്ടായത്. ചെമ്മീനെഴുതുമ്പോള്‍ തകഴിയും "മീന്‍നാറ്റ"മോര്‍ത്ത് മൂക്കുപൊത്തിയിരിക്കണം. അങ്ങനെ അഭ്യൂഹിക്കാന്‍ വായനക്കാരെ നിര്‍ബന്ധിക്കുന്നത് "എന്റെ ചെമ്മീന്റെ കഥ" എന്ന തകഴിയുടെ ആമുഖക്കുറിപ്പിലെ ഒരു സംഭവമാണ്. ഒരു മത്തായിയുടെ ഹോട്ടലിനെക്കുറിച്ച് പറയുന്നതാണ് സന്ദര്‍ഭം. തകഴി എഴുതുന്നു: "മി. മത്തായി, കിഴക്ക് റോഡരുകില്‍ ഒരു കണിശമായ സസ്യാഹാരഭക്ഷണശാലയും നടത്തിയിരുന്നു. അവിടത്തെ ആഹാരം ശരിക്ക് വീറും വൃത്തിയുമുള്ളതായിരുന്നു. ക്ഷമിക്കണം, കോട്ടയംകാര്‍ മി. മത്തായിക്കു കൊടുത്തിരുന്ന പേര്‍ മത്തായിപോറ്റി എന്നാണ്""(ചെമ്മീന്‍). ഈ പ്രബന്ധത്തിന്റെ തുടക്കം മുതല്‍ വിവരിക്കുന്ന "സംസ്കൃതവല്‍ക്കരണ ബാധ" തകഴിയുടെ അബോധത്തിലും കൊടി പറത്തിയിരുന്നു. "മത്തായിപോറ്റി" എന്ന മതസൗഹാര്‍ദ നാമത്തിലല്ല! മറിച്ച് അവിടത്തെ ആഹാരം ശരിക്ക് വീറും വൃത്തിയുമുള്ളതായിരുന്നു എന്ന സ്പെഷല്‍ സന്ദര്‍ഭത്തിലാണത് നുരച്ചു പൊങ്ങിയത്.

വൃത്തിയും ശുദ്ധിയും സവര്‍ണവ്യവസ്ഥയുടെ "അടുക്കളകാര്യ"മല്ലെന്ന അടിസ്ഥാന വസ്തുതയാണ് സവര്‍ണമൂല്യവ്യവസ്ഥയുടെ സൂക്ഷിപ്പുകാരും പ്രചാരകരും നിരന്തരം വിസ്മരിക്കുന്നത്. സ്വന്തം കര്‍തൃത്വത്തിലേക്ക് സാഹസികമായി കുതിക്കുന്ന അതുവഴി സ്വയം നിര്‍ണയിക്കുന്ന മനുഷ്യരുടെ ആധുനിക ഉട്ടോപ്യയായി മാറുന്ന "ജീവിതത്തിന്റെ പുസ്തക"ത്തിലെ "അരിയന്നൂര്‍" കടപ്പുറത്തുനിന്നും പ്രതിനിധാനങ്ങളുടെ ചങ്ങല മുറിയുന്ന ശബ്ദം കേള്‍ക്കാന്‍ കഴിയും.

ചെമ്മീനിലുള്ള അരയപ്രതിനിധാനം സ്വത്വപ്രതിസന്ധിക്ക് നിമിത്തമാകുമ്പോള്‍, ചെമ്മീനുമായി ഏറെ അകലം പാലിക്കുന്ന പ്രശസ്ത നോവലിസ്റ്റായ കെ പി രാമനുണ്ണിയുടെ "ജീവിതത്തിന്റെ പുസ്തക"ത്തിലുള്ള അരയപ്രതിനിധാനം സ്വയം നിര്‍ണയത്തിന്റെയും സ്വത്വസാക്ഷാല്‍ക്കാരത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഗീതമായിത്തീരുന്നു. "ആക്കിത്തീര്‍ക്കുന്നതില്‍"നിന്ന്, "ആവാമായിരുന്നതിലേക്കുള്ള" കുതിപ്പിന് ശക്തിനല്‍കുകയാണ് "ജീവിതത്തിന്റെ പുസ്തക"ത്തിലെ അരിയന്നൂര്‍ കടപ്പുറം. "മനുഷ്യരോടെന്നപോലെ ദൈവങ്ങളോടും ഇടപഴകുന്ന ശാരദാമുക്കുവത്തി" അവരുടേതായ സത്യത്തില്‍തന്നെ ജീവിതത്തിന്റെ പുസ്തകത്തില്‍ ആവിഷ്കരിക്കപ്പെട്ടിരിക്കുന്നു. ആധിപത്യവിധേയത്വങ്ങള്‍ക്കപ്പുറം സ്വത്വംതന്നെ അവിടെ സ്വയം സ്വാതന്ത്ര്യമായി മാറുന്നു. അതുവഴി പ്രാന്തങ്ങളും കേന്ദ്രങ്ങളും ഇല്ലാതാകുന്ന ഒരു പുതിയ ലോകത്തെയാണ് ജീവിതത്തിന്റെ പുസ്തകം സ്വപ്നം കാണുന്നത്.

ഹൃദ്യമായൊരു പ്രണയകഥയെന്ന നിലയിലും പഴയലോകത്തിന്റെ പ്രതിനിധാനപ്രതിസന്ധിയുടെ പാഠപുസ്തകമെന്ന നിലയിലും ഇനിയും നമ്മള്‍ മലയാള ഭാവനയെ ദീപ്തമാക്കിയ തകഴിയുടെ ചെമ്മീന്‍ വായിക്കും. പക്ഷേ അപ്പോഴൊക്കെയും, അതിനൊപ്പം ഡോ. വി വി വേലുക്കുട്ടി അരയന്റെ, "ചെമ്മീന്‍ ഒരു നിരൂപണവും" നടക്കുന്നുണ്ടാവും! ചിലപ്പോഴൊരു നിഴലായി പിറകില്‍, മറ്റുചിലപ്പോള്‍ വഴികാട്ടുന്നൊരു വെളിച്ചമായി മുന്നിലും... മലയാള സാഹിത്യത്തിന്റെ മുഖച്ഛായ മാറ്റുംവിധം "ഭാവുകത്വവിപ്ലവത്തിന്" നേതൃത്വംകൊടുത്ത്, മലയാളിജീവിതത്തെ പ്രകാശനിര്‍ഭരമാക്കിയ എഴുത്തുകാര്‍ക്കിടയില്‍ തകഴിയുടെ സ്ഥാനം മുമ്പെന്നപോലെ ഇന്നും മുന്നിലാണ്. പക്ഷേ അതുകൊണ്ടുമാത്രം മഹാന്മാരായ പ്രതിഭാശാലികളുടെ കൃതികള്‍ സ്തോത്രമാല"കളായി സങ്കോചിപ്പിക്കപ്പെടാനിടയാവരുത്. തകഴിതന്നെ വികസിപ്പിച്ച സ്വയം ആവാമായിരുന്ന അവസ്ഥയില്‍നിന്ന് ആക്കിത്തീര്‍ക്കുന്ന കര്‍തൃനിരാസത്തിന്റെ ഒരവസ്ഥയിലേക്ക് ചെമ്മീന്‍ എന്തുകൊണ്ട് ചുരുങ്ങി എന്നതിന് സ്വന്തം നിലയില്‍ തകഴിയും; സൂക്ഷ്മതലത്തില്‍ ഡോ. വി വി വേലുക്കുട്ടി അരയനും നല്‍കുന്ന വിശദീകരണങ്ങള്‍, നവ ചെമ്മീന്‍ വായനകളെ തുടര്‍ന്നും സജീവമാക്കും.

*
കെ ഇ എന്‍ ദേശാഭിമാനി വാരിക 12-19 ആഗസ്റ്റ് 2012