Tuesday, August 7, 2012

വര്‍ഗീയതക്കെതിരെ വിശ്രമമില്ലാതെ

ഹോട്ടലില്‍ ചെന്നുകാണുമ്പോള്‍ ടീസ്റ്റ മുംബൈയിലെ തന്റെ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്ന തിരക്കിലായിരുന്നു, അസമില്‍ ബോഡോ മേഖലയിലെ കലാപത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചറിയുന്നു. അവിടെ നടത്തേണ്ട ഇടപെടലുകളെ കുറിച്ച് ചര്‍ച്ചചെയ്യുന്നു. അതിനിടയില്‍ ടീസ്റ്റ തന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 20 വര്‍ഷത്തിനിടയുണ്ടായ ജയപരാജയങ്ങള്‍. വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ച് മുതലെടുക്കുന്നവര്‍ക്കെതിരെ അമര്‍ഷം കൊണ്ടു. ജനാധിപത്യത്തെ ദുര്‍ബലമാക്കുന്ന ഭരണകൂട തന്ത്രങ്ങളില്‍ അവര്‍ പ്രതിഷേധിച്ചു.

ഗുജറാത്ത് കൂട്ടനരഹത്യാക്കേസില്‍ ഒടുവില്‍ നീതി ലഭ്യമാകുമെന്ന പ്രതീക്ഷയുണ്ടോ?

""ഞങ്ങളുടെ പോരാട്ടത്തിന് അതിന്റേതായ മൂല്യം ഉണ്ടെന്നുമാത്രമേ എനിക്കിപ്പോള്‍ പറയാനാകൂ. അമിതമായ ശുഭാപ്തിവിശ്വാസമില്ല. പക്ഷേ, അസാധ്യമെന്ന് കരുതുന്ന പലതും നേടിയെടുത്തു. നിര്‍ഭാഗ്യവശാല്‍ ഗുജറാത്ത് ഭരിക്കുന്ന നരേന്ദ്രമോഡിക്കും സംഘത്തിനും സ്വാഭാവികമായും അന്വേഷണത്തെയും നീതിനിര്‍വഹണ വ്യവസ്ഥയെ തന്നെയും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാന്‍ കഴിയും. എങ്കിലും മോഡിയുടെ തനിനിറം തുറന്നുകാണിക്കാനായി. തന്റെ കൈയിലെ രക്തക്കറ കഴുകിക്കളയാന്‍ വികസനമെന്ന വ്യാജപ്രചാരണം നടത്തുകയാണ് മോഡി. പക്ഷേ, അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞില്ല. കോര്‍പറേറ്റുകള്‍ നടത്തുന്ന ബഹുജന സമ്പര്‍ക്കപരിപാടി മാത്രമാണ് വികസനമെന്ന പ്രചാരണം. യഥാര്‍ഥത്തില്‍ ഗുജറാത്തില്‍ ഒന്നും നടക്കുന്നില്ല എന്നതിന്റെ സ്ഥിതിവിവരക്കണക്കുകള്‍ ലഭ്യമാണ്. മാത്രമല്ല, കൂട്ടക്കൊലകളും വര്‍ഗീയകലാപങ്ങളും വികസനത്തിന് എതിരുമാണ്. കൂട്ടനരഹത്യക്കെതിരെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും ഒരേപോലെ പുലര്‍ത്തുന്ന നിസ്സംഗതയാണ് ഏറെ അസ്വാസ്ഥ്യകരം. കൂട്ടക്കൊലയ്ക്കു ശേഷം തെരഞ്ഞെടുപ്പില്‍ വിജയിച്ചത് നരേന്ദ്രമോഡി മാത്രമല്ല, 1984ലും 92-93ലും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചവര്‍ പലരും കലാപങ്ങള്‍ക്ക് ഉത്തരവാദികളായവര്‍ ആയിരുന്നില്ലേ?

ഇത് എന്റെയോ എന്റെ സംഘടനയുടെയോ ഗുജറാത്ത് കലാപത്തിന്റെ ഇരകളായവരുടെയോ മാത്രം പ്രശ്നമായി ചുരുക്കി കാണരുത്. ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയാണ്. ഒരു വര്‍ഗീയ കലാപത്തോടെ സംഭവിക്കുന്നത് ഭൂരിപക്ഷ സമുദായങ്ങളുടെ ധ്രുവീകരണമാണ്. അങ്ങനെ ജനാധിപത്യത്തിന് അനിവാര്യമായ തെരഞ്ഞെടുപ്പില്‍ വിജയം അവര്‍ക്കാകുന്നു. ഇതൊരു കുഴപ്പം പിടിച്ച അവസ്ഥയാണ്. ഇതിന് പൊട്ടെന്നൊരു പരിഹാരം പറയാനാകില്ല. എങ്കിലും വര്‍ഗീയകലാപം നടന്ന ഉടന്‍ ആ പ്രദേശത്ത് തെരഞ്ഞെടുപ്പു വേണ്ടെന്നുവയ്ക്കണം. അവിടെയുള്ള ജനങ്ങള്‍ ശാന്തരായി, യുക്തിഭദ്രമായി കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സമയം നല്‍കണം. മറ്റൊരു പ്രധാന പ്രശ്നം നീതിലഭ്യമാക്കുന്നതിനുള്ള കാലതാമസമാണ്. ഉന്നത നീതിന്യായ കോടതികള്‍ ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ തിരിച്ചറിയേണ്ടതുണ്ട്. മൗലികാവകാശങ്ങളുടെ സംരക്ഷണം കോടതിയില്‍ ഉറപ്പാക്കണം. അവരുടെ പ്രാഥമിക ഉത്തരവാദിത്തം ആയിരിക്കണമത്. മൗലികാവകാശ സംരക്ഷണമെന്നു പറയുമ്പോള്‍ അത് തെരുവില്‍ നടക്കുന്ന അക്രമമാകാം അല്ലെങ്കില്‍ ബംഗളൂരുവിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ അവകാശം നിഷേധിക്കപ്പെടുന്നതാകാം. സുപ്രീകോടതി ഇത്തരം കാര്യങ്ങളില്‍ ഇടപെടണം. നമ്മുടെ കോടതിയലക്ഷ്യനിയമം അതിപുരാതനമാണ്. കോടതിയെ ക്രിയാത്മകമായി വിമര്‍ശിക്കുന്നത് നീതിന്യായവ്യവസ്ഥ ശക്തമാക്കുന്നതിനാണ്, അല്ലാതെ തകര്‍ക്കുന്നതിനല്ല. സമയബന്ധിതമായി നീതി ലഭ്യമാക്കണം.""

മുന്നോട്ടു പോകുന്നതിനുള്ള പ്രചോദത്തെ കുറിച്ച് പറയുമ്പോള്‍ ടീസ്റ്റ ആവേശഭരിതയായി. ""ഗുജറാത്ത് കൂട്ടക്കൊലക്കേസിലെ സാക്ഷികളുടെയും ഇരകളുടെയും നിശ്ചയദാര്‍ഢ്യവും അവരുടെ ഉറച്ചനിലപാടുമാണ് പ്രധാന പ്രചോദനം. ആയിരത്തില്‍ ഒന്നോരണ്ടോ പേര്‍മാത്രമാണ് മറുപക്ഷം ചാടിയതും കൂറുമാറിയതുമെല്ലാം. ബാക്കിയുള്ളവരെല്ലാം ഉറച്ചുനില്‍ക്കുന്നു. അവരെനിക്ക് സ്വന്തം കുടുംബം പോലെയാണ്. സക്കിയബെന്‍ ജാഫ്രി, രുക്സാന, ഇക്ബാല്‍, ബഷീറാബീ... തുടങ്ങി നൂറുകണക്കിന് ആളുകള്‍. ഇവരാണ് പോരാട്ടത്തിന്റെ മുഖം. ഞങ്ങള്‍ പിന്നില്‍ നിന്നവര്‍ക്ക് പിന്തുണ നല്‍കുന്നുയെന്നു മാത്രം. ഇത്തരമൊരു പിന്തുണയില്ലാതെ അവര്‍ക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. ഞങ്ങളുടെ ആവശ്യപ്രകാരം ഇവര്‍ക്ക് കഴിഞ്ഞ 8 വര്‍ഷമായി സുപ്രീംകോടതി മേല്‍നോട്ടത്തില്‍ സിഐഎസ്എഫ് സംരക്ഷണം നല്‍കിവരുന്നു. ചരിത്രത്തില്‍ ആദ്യസംഭവമാണിത്. ഈ സംരക്ഷണം ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അവരില്‍ പലരുടെയും ജീവന്‍ അപകടത്തിലാകുമായിരുന്നു. കാരണം വിവേചനാത്മകമായ നീതിന്യായസംവിധാനമാണ് നിലനില്‍ക്കുന്നത്. ഇതുപറയാന്‍ കാരണം ഗോധ്രസംഭവത്തിന്റെ പ്രതികള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടപ്പോള്‍ ഗോദ്രയ്ക്കുശേഷം നടന്ന വര്‍ഗീയാക്രമണങ്ങള്‍ക്കു കാരണക്കാരായവര്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്നതു കൊണ്ടുതന്നെയാണ്. തങ്ങള്‍ ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങളുടെ ചരിത്രപരവും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പ്രാധാന്യത്തെക്കുറിച്ച് ടീസ്റ്റ തികച്ചും ബോധവതിയാണ്. അതുകൊണ്ടാണ് അവര്‍ തങ്ങള്‍ ഏറ്റെടുത്തിരിക്കുന്ന പ്രവര്‍ത്തനത്തെ ഇങ്ങനെ വിശദീകരിക്കുന്നത്: ""ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ഒരു സ്ത്രീവാദി എന്ന നിലയില്‍ സ്ത്രീകളുടെയും പ്രശ്നങ്ങള്‍ കണക്കിലെടുക്കുന്നത് യഥാര്‍ഥത്തില്‍ ഇന്ത്യയുടെ മതേതരപാരമ്പര്യം നിലനിര്‍ത്താനാണ്. ഇന്ത്യ എന്നു പറയുമ്പോള്‍ ഒരൊറ്റ ഇന്ത്യ അല്ല പാകിസ്ഥാന്‍ ഇന്ത്യ, ബംഗ്ലാദേശ് ഇന്ത്യ, ശ്രീലങ്ക ഇന്ത്യ- എല്ലാം പരിഗണിക്കണം. കാരണം എങ്ങനെയാണീ വിഭജനങ്ങളുണ്ടായതെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. അതുകൊണ്ടാണ് ജനാധിപത്യം ശക്തിപ്പെടുത്താനും നിയമം നടപ്പാക്കാനും രാജ്യത്ത് ശാന്തിയും സമാധാനവും നിലനില്‍ക്കണമെന്നു പറയുന്നത്.

ഇവിടെ വിവിധ മതവിഭാഗങ്ങള്‍ ആയിരക്കണക്കിന് വര്‍ഷമായി സഹവര്‍ത്തിത്വത്തോടെ കഴിഞ്ഞിരുന്നതാണ്. ഹിന്ദു-മുസ്ലിം സംഘര്‍ഷങ്ങള്‍ അത്യപൂര്‍വമായിരുന്നു. വ്യത്യസ്ത ആരാധനാരീതികളും ഭക്ഷണവും ജീവിതശൈലിയും. ഇവര്‍ സഹിഷ്ണുതയോടെ ഇവിടെ ജീവിച്ചുപോന്നു. അമ്പലങ്ങള്‍ കാത്തുസൂക്ഷിക്കുന്ന മുസ്ലിങ്ങളും പള്ളികള്‍ക്ക് കാവല്‍ നിന്ന ഹിന്ദുക്കളും ഉണ്ടായിരുന്നു. കേരളത്തിലെ ശബരിമലയില്‍ എത്തണമെങ്കില്‍ വാവരുസ്വാമിയെ ആദ്യം കാണണമെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഈ അവസ്ഥ തകര്‍ക്കാനാണ് ചില ശക്തികള്‍ ശ്രമിക്കുന്നത്. 1992നു മുമ്പ് എത്ര വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ സ്ഥിതി. ജമ്മു കശ്മീരില്‍ ഒഴികെ മുസ്ലിങ്ങള്‍ അക്രമം നടത്തിയ സംഭവങ്ങളുണ്ടായിട്ടുണ്ടോ? ജനാധിപത്യത്തിലോ വിശ്വാസമില്ലാത്ത രാഷ്ട്രീയശക്തികളും കക്ഷികളുമാണ് ഈ അവസ്ഥയ്ക്കിടയാക്കിയത്. അതുകൊണ്ടാണ് ഞാന്‍ ബിജെപിയെ ആര്‍എസ്എസിന്റെ പാര്‍ലമെന്ററി വിഭാഗമെന്നു വിളിക്കാന്‍ ആഗ്രഹിക്കുന്നത്"". സ്ത്രീവാദിയാണെന്ന് അഭിമാനിക്കുന്ന ടീസ്റ്റ പറയുന്നു വര്‍ഗീയത ഇന്ത്യന്‍ സ്ത്രീസമൂഹത്തെ ഛിന്നഭിന്നമാക്കിയെന്ന് ""1992-93ലെ അയോധ്യാ സംഭവത്തിനുശേഷം സ്ത്രീകള്‍ അക്രമം നടത്തുന്നതു ഞാനാദ്യമായി കണ്ടു. ഹിന്ദുസ്ത്രീകള്‍ ന്യൂനപക്ഷസ്ത്രീകളെ ആക്രമിച്ചു. ന്യൂനപക്ഷ സ്ത്രീകളെ ബലാത്സംഗം ചെയ്യാന്‍ ഒരു വനിതാമന്ത്രി പ്രേരിപ്പിക്കുക വരെ ചെയ്തു. ഗുജറാത്തിലെ കലാപവേളയില്‍ നൂറുകണക്കിനു സ്ത്രീകള്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു. ഇടതുപക്ഷ വനിതാ സംഘടനകള്‍ ഇത്തരം പ്രശ്നങ്ങളില്‍ കൂടുതല്‍ സജീവമായി ഇടപെടേണ്ടതുണ്ട്.

ആഗോളവല്‍ക്കണവും വര്‍ഗീയതയും പരസ്പരം കണ്ണിചേര്‍ക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തില്‍ ഇടതുപക്ഷത്തിനാണ് ഏറ്റവുമധികം പ്രസക്തി ഞാന്‍ കാണുന്നത്. പക്ഷേ, ആ ഉത്തരവാദിത്തം അവര്‍ പൂര്‍ണമായി ഏറ്റെടുക്കുന്നില്ലെന്ന വിമര്‍ശം എനിക്കുണ്ട്. ചില സന്നദ്ധസംഘടനകളെ പോലെ രാഷ്ട്രീയത്തെ അകറ്റിനിര്‍ത്തുന്ന നിലപാട് എനിക്കില്ല. രാഷ്ട്രീയമായി തന്നെയാണ് പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്."" കൂട്ടക്കൊലകള്‍ക്കും വര്‍ഗീയ ആക്രമണങ്ങള്‍ക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് ടീസ്റ്റയുടെ തീരുമാനം. ഇന്ത്യയിലെ ആദ്യത്തെ അറ്റോര്‍ണി ജനറലായ എം എസ് സെതല്‍വാദിന്റെ കൊച്ചുമകള്‍ കൂടിയായ ടീസ്റ്റ തന്റെ സമയത്തിന്റെ 60 ശതമാനം നിയമസംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. ഇപ്പോള്‍ ഗുജറാത്തില്‍ കേന്ദ്രീകരിച്ചിരിക്കുന്ന പ്രവര്‍ത്തനം മറ്റു സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുക എന്നതാണ് ടീസ്റ്റയുടെ ലക്ഷ്യം. മതേതരത്വത്തില്‍ അധിഷ്ഠിതമായ പാഠ്യപദ്ധതി എന്നതും ടീസ്റ്റയുടെയും സംഘത്തിന്റെയും മുഖ്യപ്രവര്‍ത്തനമേഖലയാണ്. ഖോങ് എന്നപേരില്‍ ഗുജറാത്തിലെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ചരിത്രത്തിനൊപ്പം അനുബന്ധപാഠമായി മതേതര ആശയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുന്ന പരിപാടിയാണിത്. കനത്ത തിരിച്ചടികളും അപ്രതീക്ഷിത നേട്ടങ്ങളും ഒരേപോലെ ഏറ്റെടുത്തുകൊണ്ട് ടീസ്റ്റ മുന്നേറുകയാണ്. ജീവിതസഖാവായ ജാവേദ് ആനന്ദും ഉണ്ട് ഒപ്പം. ഗുജറാത്ത് കലാപബാധിതര്‍ക്ക് നീതിലഭ്യമാക്കുക; ആക്രമണകാരികള്‍ക്ക് ശിക്ഷയും-ഇതാണ് ടീസ്റ്റയുടെ മുന്നിലുള്ള ഏറ്റവും അടിയന്തരലക്ഷ്യം. ഇതിനിടയില്‍ തന്റെ ഗുജറാത്ത് അനുഭവങ്ങളും പാഠങ്ങളും വിശദമാക്കുന്ന പുസ്തകത്തിന്റെ രചനയും ടീസ്റ്റ പൂര്‍ത്തിയാക്കി. ഓറിയന്റ് ബ്ലാക്ക് സ്വാനാണ് പ്രസാധകര്‍. ഹിംസയ്ക്കും രക്തച്ചൊരിച്ചിലിനും കലാപങ്ങള്‍ക്കും എതിരെ സമാധാനത്തിന്റെ പതാകയും ഏന്തി ഉറച്ച കാല്‍വയ്പോടെ മുന്നോട്ടുനീങ്ങുമ്പോള്‍ ടീസ്റ്റ പ്രതീക്ഷിക്കുന്നുണ്ട്, മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന കുറെയേറെപ്പേര്‍ തന്റെയൊപ്പം ഉണ്ടാകുമെന്ന്.

*
ആര്‍ പാര്‍വതീദേവി ദേശാഭിമാനി

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഹോട്ടലില്‍ ചെന്നുകാണുമ്പോള്‍ ടീസ്റ്റ മുംബൈയിലെ തന്റെ സഹപ്രവര്‍ത്തകരുമായി സംസാരിക്കുന്ന തിരക്കിലായിരുന്നു, അസമില്‍ ബോഡോ മേഖലയിലെ കലാപത്തിന്റെ വിവരങ്ങള്‍ അന്വേഷിച്ചറിയുന്നു. അവിടെ നടത്തേണ്ട ഇടപെടലുകളെ കുറിച്ച് ചര്‍ച്ചചെയ്യുന്നു. അതിനിടയില്‍ ടീസ്റ്റ തന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. 20 വര്‍ഷത്തിനിടയുണ്ടായ ജയപരാജയങ്ങള്‍. വര്‍ഗീയ ചേരിതിരിവുകള്‍ സൃഷ്ടിച്ച് മുതലെടുക്കുന്നവര്‍ക്കെതിരെ അമര്‍ഷം കൊണ്ടു. ജനാധിപത്യത്തെ ദുര്‍ബലമാക്കുന്ന ഭരണകൂട തന്ത്രങ്ങളില്‍ അവര്‍ പ്രതിഷേധിച്ചു.