Monday, August 6, 2012

നിയമത്തിന്റെ ഉമ്മന്‍ വഴികള്‍

"നിയമം നിയമത്തിന്റെ വഴിക്കു പോകും" - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പതിവ് പല്ലവിയാണിത്. ടി.വി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ കണ്ടിട്ടുള്ളവരെല്ലാം ഒരിക്കലെങ്കിലും ഈ വാക്കുകള്‍ കേട്ടിട്ടുണ്ടാകും. നിയമത്തോടുള്ള മുഖ്യമന്ത്രിയുടെ ആദരവും വിധേയത്വവുമാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ചിലരെങ്കിലും ധരിച്ചേക്കാം. എങ്കില്‍, അവര്‍ക്ക് തെറ്റുപറ്റുകയാവും ഫലം. കാരണം, "നിയമം നിയമത്തിന്റെ പാട്ടിനു പോകട്ടെ, എനിക്കു തോന്നിയതുപോലെ ഞാന്‍ ഭരിക്കും" എന്നാണദ്ദേഹം യഥാര്‍ത്ഥത്തില്‍ പറയുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തെ അദ്ദേഹത്തിന്റെ നിലപാടുകളും ഭരണനടപടികളും ഈ നിഗമനം സാധൂകരിക്കുന്നു. ഉദാഹരണങ്ങള്‍ അനവധിയാണ്.

വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിക്ക് ഒരിക്കലും കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയെന്ന ഭരണഘടനാദത്തമായ പദവിയില്‍ കരിപുരട്ടുന്നതായിരുന്നു അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളും. മതേതര ജനാധിപത്യത്തിന്റെ വിശാലവീഥിയിലൂടെ നിയമത്തിന്റെ തേര്‍തെളിക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമില്ല. സ്വാര്‍ത്ഥാധികാര രാഷ്ട്രീയത്തിന്റെ ""കുഞ്ഞുകുഞ്ഞ്"" ഇടവഴികളിലൂടെ നിയമത്തെ വലിച്ചിഴയ്ക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തുപോരുന്നത്. കേരളത്തിലെ ഒരു മുന്‍മുഖ്യമന്ത്രിയും അധികാരത്തിനുവേണ്ടി ഇത്രയും ചെറുതായിട്ടില്ല. ഭരണഘടനയനുസരിച്ച് സത്യപ്രതിജ്ഞയെടുത്തവര്‍ മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ പൗരജനങ്ങളും മതേതരത്വം സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണ്. സാധാരണജനങ്ങള്‍ക്കുള്ളതിനേക്കാള്‍ അതിനുള്ള ഉത്തരവാദിത്വം അധികാരസ്ഥാനത്തിരിക്കുന്നവര്‍ക്കുണ്ട്. എന്നാല്‍, ജാതിചിന്തയും സാമുദായിക മനോഭാവവും ആവശ്യമാണെന്നാണ് കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

ഒറ്റയ്ക്കു നില്‍ക്കാനാവതില്ലാത്ത ജാതിമത സംഘടനകളെയെല്ലാം ചുറ്റിനും നിര്‍ത്തി സ്വന്തം പേടി മാറ്റിയാണ് കോണ്‍ഗ്രസ്സ് 2011 ലും തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. അതിനുള്ള കളമൊരുക്കിയതിന്റെ കാര്‍മ്മികരാരായിരുന്നാലും, അതിന്റെ ഗുണഭോക്താവായി അധികാരത്തിലേറാന്‍ ഉമ്മന്‍ചാണ്ടിക്ക് അവസരം ലഭിച്ചു. എന്നാല്‍, മുഖ്യമന്ത്രിയെ മൂലയ്ക്കിരുത്തി സ്വന്തം നോമിനികളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ സാമുദായിക സംഘടനകള്‍ക്കു കഴിഞ്ഞു. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനം പ്രഖ്യാപിച്ചത് പാണക്കാട്ടെ തങ്ങള്‍ ആയിരുന്നല്ലോ. ആത്മാഭിമാനം ലവലേശമില്ലാതെ ലീഗിന്റെ ഭീഷണിയ്ക്കു മുമ്പില്‍ ഉമ്മന്‍ചാണ്ടി മുട്ടുമടക്കി. ജാതീയമോ, സാമുദായികമോ ആയിട്ടല്ലാതെ ചിന്തിക്കാന്‍ സാധിക്കാത്ത ഒരു മാനസികാവസ്ഥയിലേക്ക് കേരളത്തിന്റെ മുഖ്യമന്ത്രി അധഃപതിച്ചിരിക്കുന്നു. സ്വന്തം അണികളെയും അങ്ങനെ ചിന്തിക്കാന്‍ അദ്ദേഹം പ്രേരിപ്പിക്കുന്നു. അതിന്റെ ലക്ഷണമാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്ന കോണ്‍ഗ്രസ്സുകാരന്, അദ്ദേഹത്തിലൂടെ നായര്‍ സമുദായത്തെ തൃപ്തിപ്പെടുത്താമെന്ന പരിഗണനവെച്ച്, ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് നല്‍കിയത്. ഇത്രയും ദയനീയവും പരിഹാസ്യവുമായ ഒരു രാഷ്ട്രീയ പെരുമാറ്റം മുഖ്യമന്ത്രിസ്ഥാനമലങ്കരിക്കുന്ന വ്യക്തിയില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു.

കോണ്‍ഗ്രസ്സുകാരുടെയും കേരള സമൂഹത്തിന്റെയും മേലുള്ള ദുഷിച്ച സ്വാധീനമാണ് ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വ്യക്തിത്വം. ജാതിമത സംഘടനകളുടെ മുമ്പില്‍ ഓച്ഛാനിച്ചുനിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമേ, കോണ്‍ഗ്രസ്സിലെ അകാല ബൗദ്ധികവാര്‍ദ്ധക്യം ബാധിച്ച യൂത്ത് കോണ്‍ഗ്രസ്സ്കാര്‍ക്കും അറിയുകയുള്ളൂവെന്നതുകൊണ്ട് മാത്രമാണ് അദ്ദേഹത്തിന് അധികാരക്കസേരയില്‍ തുടരാന്‍ കഴിയുന്നത്. നിഗൂഢവും തന്ത്രപരവുമായ ഇടപെടലുകളിലൂടെയാണ് ഉമ്മന്‍ചാണ്ടി നിയമത്തിന്റെ വഴികളെ "ഉമ്മന്‍ വഴികളാ"ക്കുന്നത്. പാമോലിന്‍ അഴിമതിക്കേസില്‍ നിന്നും സ്വയം രക്ഷപ്പെടാന്‍ അദ്ദേഹം നടത്തിയ നിശ്ശബ്ദമായ കരുനീക്കങ്ങള്‍ കേരളസമൂഹം മറന്നിട്ടില്ല. ഉമ്മന്‍ചാണ്ടിക്ക് അസൗകര്യമുണ്ടാക്കുന്ന വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ അദ്ദേഹത്തിന്റെ മുന്നണിയുടെ നിയമസഭാ ചീഫ് വിപ്പ് നടത്തിയ ആക്രോശങ്ങള്‍ എന്തിനുവേണ്ടിയായിരുന്നു? പി.സി. ജോര്‍ജ്ജിനെ നിലയ്ക്കു നിര്‍ത്താന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് ബാധ്യതയില്ലായിരുന്നോ? പൂച്ച പാല്‍ കുടിക്കുന്നതുപോലെ അദ്ദേഹം എല്ലാം കണ്ണും കാതുമടച്ച് ആസ്വദിക്കുകയായിരുന്നു. നിയമത്തിന്റെ "ഉമ്മന്‍ വഴി"യില്‍ കേരളാ മുഖ്യമന്ത്രിയെ പിന്നീട് കാണുന്നത് കൊട്ടാരക്കരയിലാണ്. ആര്‍. ബാലകൃഷ്ണപിള്ളയെ വീട്ടില്‍പോയി അദ്ദേഹം സന്ദര്‍ശിച്ചു. കേരളാകോണ്‍ഗ്രസ് നേതാവായ ആര്‍. ബാലകൃഷ്ണപിള്ളയായിരുന്നില്ല അത്, അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച് ജയിലിലടയ്ക്കപ്പെട്ട് കഴിയവേ പരോളിലിറങ്ങിയ തടവുപുള്ളിയായ ആര്‍. ബാലകൃഷ്ണപിള്ളയായിരുന്നു. ഏതെങ്കിലും രാഷ്ട്രീയ സമരത്തിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതായിരുന്നില്ല അദ്ദേഹം. അഴിമതിക്കേസിലായിരുന്നു ശിക്ഷ. തടവുകാരനും കാവല്‍ക്കാരനുമായിരുന്നു ബാലകൃഷ്ണപിള്ളയും ഉമ്മന്‍ചാണ്ടിയും. തടവുകാരന്റെ വിരുന്നുണ്ണാന്‍ കാവല്‍ക്കാരന്‍ പോകരുതായിരുന്നു.

സുപ്രീം കോടതി കുറ്റവാളിയെന്നു കണ്ടെത്തിയ വ്യക്തിയെ ശിക്ഷാകാലാവധി പൂര്‍ത്തിയാക്കുന്നതിനു മുമ്പേ കേരളത്തിന്റെ മുഖ്യമന്ത്രി സന്ദര്‍ശിച്ചതിന് എന്ത് ന്യായീകരണമാണുള്ളത് ? ആര്‍. ബാലകൃഷ്ണപിള്ളയും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള വ്യക്തിപരമായ സൗഹൃദത്തിന് ശിക്ഷാകാലയളവില്‍ യാതൊരു സ്ഥാനവുമില്ല. സുപ്രീം കോടതിയുടെ ഉത്തരവുപ്രകാരം ബാലകൃഷ്ണപിള്ളയെ തടവില്‍ സൂക്ഷിക്കുന്നതിന് അധികാരം ലഭിച്ച മുഖ്യമന്ത്രി, തടവുപുള്ളിയുടെ വീട്ടില്‍ ആതിഥ്യം സ്വീകരിച്ചത് സുപ്രീം കോടതിയെ കൊഞ്ഞനം കാട്ടുന്നതിന് തുല്യമായിരുന്നു. തടവുശിക്ഷയില്‍ നിന്നും പിള്ളയെ രക്ഷിക്കുന്നതിനുള്ള ഗൂഢാലോചനയ്ക്കായി സ്വന്തം മുഖ്യമന്ത്രി പദം ഉമ്മന്‍ചാണ്ടി ദുരുപയോഗം ചെയ്തു. ഇതിന്റെ ഫലമായാണ് ആര്‍. ബാലകൃഷ്ണപിള്ളയെ ആശുപത്രിയിലേക്ക് മാറ്റിയതും അതിവേഗം ജയില്‍മോചിതനാക്കിയതും. നിയമത്തെ സാങ്കേതികമായി നിഷ്പ്രഭവവും നിസ്സാരവുമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് തെല്ലും മടിയുണ്ടായില്ല. ബാലകൃഷ്ണപിള്ളയുമായി ബന്ധപ്പെട്ട കുപ്രസിദ്ധമായ വാളകം സംഭവത്തിലും നിയമത്തെ അതിന്റെ വഴിക്കുവിടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. ആര്‍ ബാലകൃഷണപിള്ളയുടെ സ്കൂളിലെ അധ്യാപകന്‍ അതിനികൃഷ്ടമായാണ് ആക്രമിക്കപ്പെട്ടത്. എന്നാല്‍ കുറ്റാന്വേഷണത്തില്‍ പ്രതികളുടെ ഒരു തുമ്പും കണ്ടെത്താന്‍ കേരളാപോലീസിനു കഴിഞ്ഞില്ല. ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭയിലെ ഒരംഗമായ ഗണേഷ്കുമാറിന്റെ പിതാവായ ബാലകൃഷ്ണപിള്ള ഉള്‍പ്പെട്ട കേസില്‍, നിഷ്പക്ഷമായ അന്വേഷണം നടക്കുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ചുമതല മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുണ്ടായിരുന്നു.

ആഭ്യന്തര വകുപ്പിന്റെ ഭരണവും അന്ന് അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നല്ലോ. എന്നാല്‍, ഒന്നും സംഭവിച്ചില്ല. ഒന്നും സംഭവിക്കാതിരുന്നതിന്റെ കാരണം ഭരണപരമായ ഇടപെടലായിരുന്നു. എല്ലാ തെളിവുകളും നശിപ്പിക്കാന്‍ പ്രതികള്‍ക്ക് ആവശ്യത്തിന് സമയവും സാവകാശവും നല്‍കിയശേഷം കേസ് സി.ബി.ഐ യ്ക്ക് വിടുകയാണ് അദ്ദേഹം ചെയ്തത്. സി.ബി.ഐ യെയും "ഉമ്മന്‍വഴി"യെ നടത്താനാകുമെന്ന് അദ്ദേഹത്തിനറിയാത്തതല്ലല്ലോ! മുസ്ലീംലീഗിന്റെ താല്‍പര്യങ്ങളുടെ അഴുക്കുചാലിലൂടെയാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തെയും ഇന്ത്യന്‍ നിയമത്തേയും ഉമ്മന്‍ചാണ്ടി വലിച്ചിഴച്ചുകൊണ്ടുപോകുന്നത്. ഐസ്ക്രീം പാര്‍ലര്‍ കേസില്‍ ഖലനായകസ്ഥാനത്തു നില്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയെ സംബന്ധിച്ചുയരുന്ന ആരോപണങ്ങള്‍ കേള്‍ക്കാതെ പൊട്ടന്‍ കളിച്ചു നടക്കുകയാണ് മുഖ്യമന്ത്രി. മാത്രമല്ല, മുസ്ലീം ലീഗുനേതാക്കള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ നിന്നും അവരെ അദ്ദേഹം രക്ഷപ്പെടുത്തിക്കൊടുക്കുകയും ചെയ്യുന്നു.

"മതമില്ലാത്ത ജീവന്‍" എന്ന പുസ്തകത്തിനെതിരെ സമരം ചെയ്ത മുസ്ലീംലീഗുകാര്‍ ഒരു അധ്യാപകനെ തൊഴിച്ചു കൊന്നിരുന്നല്ലോ. ആ കേസില്‍ സാക്ഷിപറയുന്നവരെ അരുംകെല ചെയ്യുമെന്ന് മൈക്കിലൂടെ ഭീഷണിപ്പെടുത്തിയ ലീഗ് നേതാവ് പി.കെ ബഷീറിനെതിരെ ചാര്‍ജ്ജു ചെയ്ത കേസ് ഉമ്മന്‍ചാണ്ടി പിന്‍വലിച്ചു. എന്തൊരു നീതിബോധം! ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ വക്രബുദ്ധിയും നിയമപരിപാലനത്തിലുള്ള വ്യഗ്രതയും ഏകമനസ്സോടെ പ്രവര്‍ത്തിച്ചതിന്റെ ഏറ്റവും നല്ല ഉദാഹരണം ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരന്‍ കൊല ചെയ്യപ്പെട്ട സംഭവമാണ്. നെയ്യാറ്റിന്‍കരയിലെ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ചന്ദ്രശേഖരന്റെ കൊലപാതകത്തെ സൃഗാലബുദ്ധിയോടെ അദ്ദേഹം ഉപയോഗിച്ചു. സംഭവം നടന്ന് മിനിട്ടുകള്‍ക്കകം, കൊലപാതകിയാരെന്നതുസംബന്ധിച്ച് ആധികാരികമായ വിവരം ലഭിക്കുന്നതിനും മുമ്പേ, സി.പി.ഐ (എം) കാരാണ് കൊന്നതെന്ന് ഭരണത്തലവനായ മുഖ്യമന്ത്രി ആരോപിച്ചു. കേസന്വേഷണം എങ്ങനെ വേണമെന്നതുസംബന്ധിച്ച് നിയമപാലകര്‍ക്ക് സൂചന നല്‍കുന്നതിനായിരുന്നു ഇത്. ഉമ്മന്‍ചാണ്ടിയുടേയും തിരുവഞ്ചൂരിന്റേയും മുല്ലപ്പള്ളിയുടേയും രമേശ് ചെന്നിത്തലയുടേയും തിരക്കഥയ്ക്കനുസരിച്ചുള്ള സീനുകളാണ് അന്വേഷണ സംഘം ഷൂട്ട് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നാളിതുവരെയുള്ള അമ്പേഷണം തെളിയിക്കുന്നു. കുനിയില്‍ കൊലപാതകക്കേസിലാണ് ഉമ്മന്‍ചാണ്ടിയുടെ നിയമപരിപാലനത്തിലുള്ള കേമത്തം ഏറ്റവുമധികം വ്യക്തമായത്. മുസ്ലീം ലീഗുകാര്‍ രണ്ടുപേരെ കൊലപ്പെടുത്തിയ കേസില്‍ പി. കെ ബഷീര്‍ എം. എല്‍. എ ആറാംപ്രതിയാണ്, എഫ്. ഐ. ആര്‍ പ്രകാരം. എന്നാല്‍, പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. നിയസഭയില്‍ അദ്ദേഹത്തിനുവേണ്ടി ഉമ്മന്‍ചാണ്ടി പ്രതിരോധം തീര്‍ക്കുകയും ചെയ്തു. അധ്യാപകനെ കൊന്ന കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തിയതിന്റെ പേരിലുണ്ടായ കേസില്‍ നിന്നും ബഷീറിനെ രക്ഷിച്ച മുഖ്യമന്ത്രി നിയമത്തെ ഇവിടെയും അതിന്റെ "പാട്ടിനുവിടുക" യാണ് ചെയ്തത്.

ഉമ്മന്‍ചാണ്ടി ഭരിക്കുന്നതും നിയമപരിപാലനം നടത്തുന്നുവെന്ന് അവകാശപ്പെടുന്നതും വനം കയ്യേറ്റക്കാര്‍ക്കും അനധികൃതമായി ഭൂമി കൈവശപ്പെടുത്തി വെച്ചിരിക്കുന്നവര്‍ക്കും വേണ്ടിയാണ്. "പാവപ്പെട്ട കര്‍ഷക"രെന്നു വിളിച്ച് വനം കയ്യേറ്റക്കാരെ സംരക്ഷിക്കാനാണ് അദ്ദേഹവും പി.സി. ജോര്‍ജ്ജും കൂടി ശ്രമിക്കുന്നത്. പാട്ടഭൂമിയില്‍ നിന്നും കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുപോകാത്തവര്‍ക്കെതിരെ നടക്കുന്ന കേസുകളില്‍ സര്‍ക്കാര്‍ നിര്‍ലജ്ജം തോറ്റുകൊടുക്കുന്നുവെന്ന വസ്തുത ഉമ്മന്‍ചാണ്ടിക്കറിയാത്ത കാര്യമല്ലല്ലോ. ഉമ്മന്‍ചാണ്ടിയുടെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്ന കാര്യമാണ് ആദിവാസി ഭൂസമരത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം. കാട് വീടായ ആദിവാസികള്‍ ഭൂമിക്കുവേണ്ടി സമരം ചെയ്യുമ്പോള്‍ അവരെ കാരാഗൃഹത്തിലടച്ച് പീഡിപ്പിക്കുന്നു. എന്നാല്‍ വനം കയ്യേറ്റക്കാര്‍ക്ക് എല്ലാ ആനുകൂല്യങ്ങളും അദ്ദേഹം ചെയ്തു കൊടുക്കുന്നു. ശ്രേയാംസ് കുമാര്‍ എം. എല്‍. എ. യും കുടുംബവും അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ കാര്യത്തിലായാലും, മറ്റനധികൃത ഭൂമി കയ്യേറ്റങ്ങളുടെ കാര്യത്തിലായാലും ഉമ്മന്‍ചാണ്ടി നിയമം നടപ്പിലാക്കുന്നത് എപ്പോഴും സമ്പന്നര്‍ക്കുവേണ്ടിയാണ്. ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് ലാത്തിയും തോക്കും തടവറയും നല്‍കുന്ന അദ്ദേഹം പാലായിലെ "പാവപ്പെട്ട" കര്‍ഷകര്‍ക്ക് സഹ്യപര്‍വ്വതം ഒന്നായി പതിച്ചു കൊടുക്കും. പി. സി. ജോര്‍ജ്ജ് ചെയര്‍മാനായി യു.ഡി.എഫ്. ഉപസമിതി രൂപീകരിക്കും. കൂടാതെ, കിടപ്പാടം പണിയുന്നതിനായി അഞ്ചോ ആറോ സെന്റ് നിലം നികത്തിയതിന് അംഗീകാരം നല്‍കണമെന്ന് "ജനസമ്പര്‍ക്ക പരിപാടി" യില്‍ കുറെ പാവങ്ങള്‍ അപേക്ഷിച്ചതിന്റെ മറവില്‍, യാതൊരു പരിശോധനയും കൂടാതെ 2005 വരെയുള്ള എല്ലാ നിലം നികത്തലുകള്‍ക്കും അംഗീകാരം നല്‍കും. ഭൂവിനിയോഗം, തണ്ണീര്‍തടസംരക്ഷണം, നെല്‍വയല്‍ സംരക്ഷണം തുടങ്ങിയവയെ സംബന്ധിച്ച എല്ലാ നിയമങ്ങളും അനായാസം അദ്ദേഹം മണ്ണിട്ടുമൂടും!

റിയല്‍ എസ്റ്റേറ്റു രംഗത്തെ എല്ലാ വമ്പന്‍ സ്രാവുകളെയും നിയമത്തിന്റെ വലയില്‍ നിന്നും അദ്ദേഹം ഒറ്റയടിക്ക് രക്ഷിക്കും. ഇതൊക്കെയാണ് ഉമ്മന്‍ചാണ്ടിയുടെ നിയമത്തിന്റെ വഴികള്‍. പുസ്തകത്തിലെഴുതിവച്ച ഒരു നിയമവും സ്വയം ഒന്നും ചെയ്യുന്നില്ല. നിയമം സജീവമാകുന്നത് അത് നടപ്പിലാക്കുമ്പോഴാണ്. അധികാരത്തിലിരിക്കുന്ന നീതിബോധമുള്ള രാഷ്ട്രീയ മനസ്സാണ് അത് ചെയ്യേണ്ടത്. എന്നാല്‍, ഉമ്മന്‍ചാണ്ടിക്കതില്ല. ഭീതിയോ പ്രീതിയോ കൂടാതെ നിയമം നടപ്പിലാക്കുമെന്നും, ഭരണഘടനാനുസാരം പ്രവര്‍ത്തിക്കുമെന്നും പ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി, അധികാരത്തില്‍ തുടരുന്നതിനുവേണ്ടി നിയമത്തിന്റെ ദുര്‍വ്യാഖ്യാനങ്ങളും പാഠഭേദങ്ങളുമാണ് രചിച്ചു കൊണ്ടിരിക്കുന്നത്.

അധികാരത്തിന്റെ കനി തുടര്‍ന്നും ആസ്വദിക്കുന്നതിന് ഏതു ചെകുത്താനെയും അദ്ദേഹം സംരക്ഷിക്കും. ജാതീയവും മതപരവുമായ വിഭാഗീയതയ്ക്ക് വളവും വെള്ളവും നല്‍കിയ ശേഷം, അത് ഓരോ സമുദായത്തിന്റെയും ജനാധിപത്യാവകാശം സംരക്ഷിക്കലായി അദ്ദേഹം ഊറ്റം കൊള്ളും. ഇതെല്ലാം ചെയ്തതിനുശേഷം ""ഗാന്ധിജിയെ നമ്മള്‍ മറന്നതാണ്. ഇന്നത്തെ ഇന്ത്യയിലെ പ്രശ്നങ്ങള്‍ക്കെല്ലാം കാരണ""മെന്ന് അദ്ദേഹം പ്രസംഗിക്കുകയും ചെയ്യും! ഉമ്മന്‍ചാണ്ടിയുടെ മൊഴിയും അദ്ദേഹം നടപ്പിലാക്കുന്ന നിയമത്തിന്റെ വഴിയും ഒരിക്കലും പൊരുത്തപ്പെടുന്നില്ല. പൊരുത്തപ്പെടണമെന്ന് അദ്ദേഹത്തിന് തരിമ്പും നിര്‍ബന്ധവുമില്ല.

*
ഡോ. കെ. പി. കൃഷ്ണന്‍കുട്ടി ചിന്ത 11 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

"നിയമം നിയമത്തിന്റെ വഴിക്കു പോകും" - മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പതിവ് പല്ലവിയാണിത്. ടി.വി ചാനലുകളില്‍ സംപ്രേക്ഷണം ചെയ്യുന്ന അദ്ദേഹത്തിന്റെ പൊതുപരിപാടികള്‍ കണ്ടിട്ടുള്ളവരെല്ലാം ഒരിക്കലെങ്കിലും ഈ വാക്കുകള്‍ കേട്ടിട്ടുണ്ടാകും. നിയമത്തോടുള്ള മുഖ്യമന്ത്രിയുടെ ആദരവും വിധേയത്വവുമാണ് ഈ വാക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ചിലരെങ്കിലും ധരിച്ചേക്കാം. എങ്കില്‍, അവര്‍ക്ക് തെറ്റുപറ്റുകയാവും ഫലം. കാരണം, "നിയമം നിയമത്തിന്റെ പാട്ടിനു പോകട്ടെ, എനിക്കു തോന്നിയതുപോലെ ഞാന്‍ ഭരിക്കും" എന്നാണദ്ദേഹം യഥാര്‍ത്ഥത്തില്‍ പറയുന്നത്. കഴിഞ്ഞ ഒന്നരവര്‍ഷത്തെ അദ്ദേഹത്തിന്റെ നിലപാടുകളും ഭരണനടപടികളും ഈ നിഗമനം സാധൂകരിക്കുന്നു. ഉദാഹരണങ്ങള്‍ അനവധിയാണ്.