Wednesday, August 29, 2012

20-ാം പാര്‍ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ-അടവ് നയത്തെപ്പറ്റി

കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ 20-ാം പാര്‍ടി കോണ്‍ഗ്രസ് 2012 ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോട്ട് നടന്നു. രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ സംഭവിച്ച നാലുവര്‍ഷങ്ങള്‍ക്കുശേഷമാണ് പാര്‍ടി കോണ്‍ഗ്രസ് നടന്നത്. യുപിഎ സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് വളര്‍ന്നുവന്നുകൊണ്ടിരിക്കുകയായിരുന്നെങ്കിലും 19-ാം പാര്‍ടി കോണ്‍ഗ്രസ് നടന്ന കാലഘട്ടത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ തുടരുകയായിരുന്നു. പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് മൂന്നുമാസത്തിനകം പാര്‍ടി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അതിനുശേഷം ബിജെപിക്കെതിരെയുള്ള പോരാട്ടം തുടരുന്നതോടൊപ്പം കോണ്‍ഗ്രസിനെ എതിര്‍ക്കാനും യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്താനുമുള്ള അടവുനയത്തിന് കേന്ദ്രകമ്മിറ്റി രൂപംനല്‍കി.

2009 മേയില്‍ നടന്ന ലോൿസഭ തെരഞ്ഞെടുപ്പിനുശേഷം രണ്ടാം യുപിഎ സര്‍ക്കാര്‍ രൂപംകൊണ്ടു. രണ്ടാം യുപിഎ സര്‍ക്കാര്‍ നവഉദാരവല്‍ക്കരണ അജന്‍ഡയുമായി മുന്നോട്ടുപോകുന്നതാണ് മൂന്നു വര്‍ഷങ്ങളില്‍ കണ്ടത്. ഭക്ഷ്യവസ്തുക്കളുടെ അഭൂതപൂര്‍വമായ വിലക്കയറ്റം, ഞെട്ടിപ്പിക്കുന്ന വന്‍ അഴിമതികള്‍, അമേരിക്കന്‍ അനുകൂല വിദേശനയം, തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും അധ്വാനിക്കുന്ന മറ്റ് ജനവിഭാഗങ്ങളെയും കൂടുതല്‍ വര്‍ധിച്ച തോതില്‍ ചൂഷണംചെയ്യല്‍ എന്നിവയ്ക്കാണ് ഈ മൂന്ന് വര്‍ഷങ്ങള്‍ സാക്ഷ്യംവഹിച്ചത്. ഇക്കാലയളവില്‍, ലോൿസഭ തെരഞ്ഞെടുപ്പിലും ബംഗാള്‍നിയമസഭ തെരഞ്ഞെടുപ്പിലും സിപിഐ എമ്മിനും ഇതര ഇടതുപക്ഷ പാര്‍ടികള്‍ക്കും കനത്ത തിരിച്ചടിയേറ്റു; കേരളനിയമസഭ തെരഞ്ഞെടുപ്പിലും അത്ര വലിയ തോതിലല്ലെങ്കിലും പരാജയം നേരിട്ടു. പാര്‍ടിയെ ഒറ്റപ്പെടുത്തുകയും ദുര്‍ബലപ്പെടുത്തുകയുംചെയ്യുകയെന്ന ലക്ഷ്യത്തോടെ ബംഗാളില്‍ സിപിഐ എമ്മിനെതിരെ അതിശക്തമായ കടന്നാക്രമണം നടക്കുകയാണ്.

യുപിഎ സര്‍ക്കാരിനെതിരെ ജനങ്ങളില്‍ വ്യാപകമായ അതൃപ്തി വളര്‍ന്നുവരുന്നുണ്ട്. രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ യോജിച്ച പോരാട്ടം എന്ന നിലയില്‍, എല്ലാ കേന്ദ്രട്രേഡ് യൂണിയനുകളുടെയും സംയുക്ത ആഹ്വാനപ്രകാരം 2012 ഫെബ്രുവരി 28ന് നടന്ന പൊതുപണിമുടക്ക് നവ ഉദാരനയങ്ങള്‍ക്കെതിരായ പ്രധാന ചുവടുവയ്പായി. ഈ സാഹചര്യത്തിലാണ് പാര്‍ടി കോണ്‍ഗ്രസ് രാഷ്ട്രീയവും അടവുപരവുമായ നിലപാടിന് രൂപംനല്‍കിയത്. സമകാല രാഷ്ട്രീയ സാഹചര്യവും ശാക്തികബന്ധങ്ങളും ഭരണവര്‍ഗങ്ങളുടെയും സര്‍ക്കാരിന്റെയും സ്ഥിതിയും വിവിധ രാഷ്ട്രീയപാര്‍ടികളുടെ പങ്കും തൊഴിലാളിവര്‍ഗപ്രസ്ഥാനത്തിന്റെയും ഇതര ബഹുജനപ്രസ്ഥാനങ്ങളുടെയും അവസ്ഥയും വിലയിരുത്തിയാണ് രാഷ്ട്രീയവും അടവുപരവുമായ നിലപാട് രൂപീകരിച്ചത്. ബൂര്‍ഷ്വ-ഭൂപ്രഭു വാഴ്ചയ്ക്കു പകരം ജനകീയ ജനാധിപത്യം സ്ഥാപിക്കാന്‍ ശേഷിയുള്ള ജനകീയ ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുകയെന്ന തന്ത്രപരമായ ലക്ഷ്യം മനസ്സില്‍ കണ്ടുവേണം അടവുപരമായ നിലപാട് ആവിഷ്കരിക്കേണ്ടത്.


രാഷ്ട്രീയ നിലപാട്

പിന്തുടരേണ്ട രാഷ്ട്രീയനിലപാട് പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെയും ബിജെപിയെയും നേരിടുകയെന്ന ആഹ്വാനത്തില്‍ പാര്‍ടി ഉറച്ചുനില്‍ക്കുന്നു. അവരുടെ വര്‍ഗസ്വഭാവം നോക്കിയാല്‍ ഇരുപാര്‍ടികളും വന്‍കിട ബൂര്‍ഷ്വാകളെയും ഭൂപ്രഭുക്കളെയുമാണ് പ്രതിനിധാനംചെയ്യുന്നത്. നവഉദാരനയങ്ങളുടെ മുഖ്യവക്താക്കളാണ് ഇരുപാര്‍ടികളും. ഇരുകൂട്ടരുടെയും സാമ്പത്തികനയത്തില്‍ ഒരു വ്യത്യാസവുമില്ല. അമേരിക്കന്‍ സാമ്രാജ്യത്വത്തോടുള്ള സമീപനത്തിന്റെ കാര്യത്തിലും കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ നിലപാടാണ്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ആറ് വര്‍ഷത്തെ ഭരണത്തിലും യുപിഎ സര്‍ക്കാരിന്റെ എട്ട് വര്‍ഷക്കാലത്തും അമേരിക്കയുമായുള്ള തന്ത്രപരമായ ബന്ധത്തിന് രൂപംനല്‍കുകയായിരുന്നു. അഴിമതി, ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ യുപിഎ സര്‍ക്കാര്‍ സൃഷ്ടിച്ച റെക്കോഡ് കാണുമ്പോള്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുകയും യുപിഎ സര്‍ക്കാരിനെ അധികാരത്തില്‍നിന്ന് പുറത്താക്കുകയുംചെയ്യേണ്ടത് അത്യാവശ്യമാണ്. എന്നാല്‍, കൂടുതല്‍ വലതുപക്ഷത്തുള്ള ബദലിനെയാണ് ബിജെപി പ്രതിനിധാനംചെയ്യുന്നത്. മാത്രമല്ല, അത് ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ അധിഷ്ഠിതവുമാണ്. അതുകൊണ്ട് അവര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്നത് തടയുകയെന്ന ലക്ഷ്യത്തോടെ അവരെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തണം.

വന്‍കിട ബൂര്‍ഷ്വാസിയുടെയും ഭൂപ്രഭുവര്‍ഗങ്ങളുടെയും താല്‍പ്പര്യങ്ങള്‍ പ്രതിനിധാനംചെയ്യുന്ന കോണ്‍ഗ്രസും ബിജെപിയും മുന്നോട്ടുവയ്ക്കുന്ന നയങ്ങളെ എങ്ങനെ നേരിടാമെന്നതാണ് പ്രധാന ചോദ്യം. നവഉദാര നയങ്ങള്‍ക്ക് ഇരകളാകുന്ന വര്‍ഗങ്ങളെയും സാമൂഹികവിഭാഗങ്ങളെയും അണിനിരത്തിയും ബദല്‍നയങ്ങള്‍ക്കുവേണ്ടി പൊരുതാന്‍ പ്രതിബദ്ധത കാട്ടുന്ന രാഷ്ട്രീയശക്തികളെ യോജിപ്പിച്ചും മാത്രമേ ഇത് നിര്‍വഹിക്കാന്‍ സാധിക്കൂ. സിപിഐ എമ്മും ഇതര ഇടതുപക്ഷ കക്ഷികളും നവഉദാരനയങ്ങളുടെയും ബൂര്‍ഷ്വ-ഭൂപ്രഭു വാഴ്ചയുടെയും സുസ്ഥിര എതിരാളികളാണ്. എന്നാല്‍, ഇപ്പോള്‍ ഇടതുപക്ഷത്തിന്റെ ശക്തിയും സ്വാധീനവും പരിമിതമാണ്. ബദല്‍സഖ്യം കെട്ടിപ്പടുക്കാനായി വര്‍ഗങ്ങളെയും രാഷ്ട്രീയശക്തികളെയും എങ്ങനെ അണിനിരത്താമെന്നതാണ് ചോദ്യം.

മൂന്നാം ബദലിനെക്കുറിച്ച്

മൂന്നാം ബദല്‍ കെട്ടിപ്പടുക്കാന്‍ നടത്തിയ ശ്രമങ്ങളും കോണ്‍ഗ്രസിനും ബിജെപിക്കും എതിരായി കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ അണിനിരത്തിയതിന്റെ അനുഭവങ്ങളും ഇരുപതാം കോണ്‍ഗ്രസ് വിലയിരുത്തി. ഐക്യമുന്നണി സര്‍ക്കാരിന്റെ പതനത്തിനുശേഷം, പതിനാറാം കോണ്‍ഗ്രസ് മുതല്‍ മൂന്നാം ബദല്‍ രൂപീകരണത്തിനായി പാര്‍ടി ആഹ്വാനംചെയ്തുവന്നു. ഇത്തരമൊരു ബദല്‍, പരിപാടികളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം, തെരഞ്ഞെടുപ്പ് സഖ്യം മാത്രമാകരുത് എന്ന് തുടര്‍ന്നുള്ള പാര്‍ടി കോണ്‍ഗ്രസുകളില്‍ വ്യക്തമാക്കുകയുംചെയ്തിട്ടുണ്ട്. പ്രാദേശിക പാര്‍ടികളുടെ പങ്കും സ്വഭാവവും പരിഗണിക്കുമ്പോള്‍, യോജിച്ച പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും വഴി മാത്രമേ ഇത്തരം കക്ഷികളുടെ നിലപാടുകളെ സ്വാധീനിക്കാനും പൊതുപരിപാടിയിലേക്ക് കൊണ്ടുവരാനും കഴിയൂ എന്നും വിശദീകരിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് രൂപം നല്‍കുന്നതുവരെയുള്ള കാലയളവിലെ താല്‍ക്കാലിക മുന്നണി എന്ന നിലയിലാണ് മൂന്നാം മുന്നണി എന്ന മുദ്രാവാക്യത്തെ പാര്‍ടി കണ്ടത്.

ഒരു ദശകത്തിലേറെ കാലത്തിനുശേഷം, മൂന്നാം ബദല്‍ രൂപീകരണത്തിന്റെ അനുഭവങ്ങള്‍ പാര്‍ടി കോണ്‍ഗ്രസ് വിലയിരുത്തി. കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളില്‍ ഭൂരിപക്ഷവും പ്രാദേശിക പാര്‍ടികളാണ്. അവരുടെ പങ്കും സ്വഭാവവും മാറിയിരിക്കുന്നു. പ്രാഥമികമായി, പ്രാദേശിക ബൂര്‍ഷ്വകളെയും സമ്പന്നഗ്രാമീണരെയും പ്രതിനിധാനംചെയ്യുന്ന ഇത്തരം പാര്‍ടികള്‍ നവഉദാര നയങ്ങളെ നിരന്തരം എതിര്‍ക്കാന്‍ തയ്യാറല്ല. ഇവര്‍ക്ക് സംസ്ഥാനങ്ങളില്‍ അധികാരം ലഭിക്കുമ്പോള്‍ കേന്ദ്രത്തിന്റെ അതേ നവഉദാര നയങ്ങള്‍തന്നെ നടപ്പാക്കുന്നു. കേന്ദ്രത്തില്‍ മുന്നണി സര്‍ക്കാര്‍ സംവിധാനം നിലവില്‍വന്നതോടെ പ്രാദേശിക കക്ഷികള്‍ക്ക് കേന്ദ്രഭരണത്തില്‍ പങ്കാളികളാകാനുള്ള സാധ്യതയുമേറി. ഇത് ഓരോ കാലത്തും അവര്‍ അവസരവാദപരമായ രാഷ്ട്രീയനിലപാട് സ്വീകരിക്കുന്നതിന് കാരണമായി. മിക്ക പ്രാദേശിക കക്ഷികളും കോണ്‍ഗ്രസുമായോ ബിജെപിയുമായോ കൈ കോര്‍ത്ത് കേന്ദ്രഭരണത്തില്‍ പങ്കാളികളായി. യോജിച്ച പോരാട്ടങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മിക്കപ്പോഴും ഇത്തരം കക്ഷികള്‍ തയ്യാറാകുന്നുമില്ല. മാത്രമല്ല, ഇടതുപക്ഷത്തിന്റെ കരുത്ത് വര്‍ധിക്കാത്ത സാഹചര്യത്തില്‍ ഇത്തരം കക്ഷികളെ സ്വാധീനിക്കാനും അവരെ സുസ്ഥിരമായ സഖ്യത്തിലേക്ക് കൊണ്ടുവരാനും കഴിയുന്നില്ല. ഇതെല്ലാം നോക്കുമ്പോള്‍, ഈ പാര്‍ടികളുമായി ചേര്‍ന്ന് പരിപാടിയുടെ അടിസ്ഥാനത്തില്‍ മൂന്നാം ബദലിന് രൂപംനല്‍കുന്നത് പ്രായോഗികമല്ല.

കേന്ദ്ര- സംസ്ഥാനബന്ധങ്ങള്‍പോലുള്ള വിഷയങ്ങളില്‍ പ്രാദേശിക പാര്‍ടികളും വന്‍കിട ബൂര്‍ഷ്വാസികളുടെ അഖിലേന്ത്യാ പാര്‍ടികളും തമ്മില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ഭിന്നതകളും വൈരുധ്യങ്ങളും നാം പ്രയോജനപ്പെടുത്തണം. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിലക്കയറ്റംപോലുള്ള പ്രശ്നങ്ങള്‍, മതനിരപേക്ഷതയും ഫെഡറലിസവും സംരക്ഷിക്കല്‍ എന്നീ വിഷയങ്ങളില്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ഇത്തരം പാര്‍ടികളുമായി ചേര്‍ന്ന് യോജിച്ച പോരാട്ടങ്ങളാണ് പാര്‍ടിയുടെ രാഷ്ട്രീയനിലപാട് വിഭാവന ചെയ്യുന്നത്. സിപിഐ എമ്മിനെയും ഇടതുപക്ഷത്തെയും ഒറ്റപ്പെടുത്താനും ദുര്‍ബലമാക്കാനും ആസൂത്രിത ശ്രമം നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷ കക്ഷികളുമായി ബന്ധം കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍, ആവശ്യമെങ്കില്‍ ഇവയില്‍ ചില കക്ഷികളുമായി തെരഞ്ഞെടുപ്പ് ധാരണകളാകാം. ചില കോണ്‍ഗ്രസിതര, ബിജെപിയിതര കക്ഷികളെ അണിനിരത്തുന്നതിന് തെരഞ്ഞെടുപ്പ് അടവുകള്‍ വേണ്ടിവരും. എന്നാല്‍, ഇതിനെ മൂന്നാംബദല്‍ എന്ന നിലയില്‍ അവതരിപ്പിക്കുകയോ ഉയര്‍ത്തിക്കാട്ടുകയോ ചെയ്യരുത്.

ഇടതുപക്ഷ-ജനാധിപത്യ മുന്നണിയുടെ പ്രാധാന്യം

നവഉദാരനയങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം, വര്‍ഗീയതയെയും സാമ്രാജ്യത്വശക്തികളുടെ കടന്നാക്രമണങ്ങളെയും ചെറുക്കല്‍ എന്നിങ്ങനെ രാഷ്ട്രീയ പ്രമേയത്തില്‍ പ്രതിപാദിച്ചിട്ടുള്ള പ്രധാന കടമകളിലേക്ക് കടന്നാല്‍ അത്യാവശ്യം വേണ്ടത് ഇടതുപക്ഷ-ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കലാണ്. തൊഴിലാളിവര്‍ഗത്തിന്റെയും അധ്വാനിക്കുന്ന ഇതര ജനവിഭാഗങ്ങളുടെയും ബദല്‍ നയങ്ങളും ആവശ്യങ്ങളും ഉള്‍ക്കൊള്ളുന്ന ഇടതുപക്ഷ-ജനാധിപത്യ പരിപാടിയാണ് ബൂര്‍ഷ്വ-ഭൂപ്രഭു നയങ്ങളുടെ യഥാര്‍ഥ ബദല്‍. വ്യത്യസ്ത മേഖലകളിലുള്ള അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ യോജിച്ച പ്രസ്ഥാനങ്ങളും പോരാട്ടങ്ങളും വഴി ഇടതുപക്ഷ- ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാന്‍ കഴിയും. ഇതിനായി ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുകയും എല്ലാ ജനാധിപത്യ ശക്തികളെയും ഇടതുപക്ഷ-ജനാധിപത്യ പരിപാടിയില്‍ കേന്ദ്രീകരിച്ച് അണിനിരത്തുകയും ചെയ്യണം.

പാര്‍ടിയുടെ പത്താം കോണ്‍ഗ്രസ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പങ്ക് വ്യക്തമായി വിശദീകരിച്ചിട്ടുണ്ട്: "രണ്ട് ബൂര്‍ഷ്വ- ഭൂപ്രഭു പാര്‍ടികളില്‍ ഏതെങ്കിലും ഒന്നിനെ തെരഞ്ഞെടുക്കാന്‍മാത്രം അവസരം ലഭിക്കുകയും അതുവഴി ജനങ്ങള്‍ ഇന്നത്തെ അവസ്ഥയുടെ തടവറയില്‍ കുടുങ്ങിക്കിടക്കുകയും ചെയ്യുന്ന സാഹചര്യത്തിന് അന്ത്യംകുറിക്കാന്‍ വര്‍ഗബന്ധങ്ങളില്‍ മാറ്റം വരുത്തുകയെന്ന നമ്മുടെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ മുന്നണി കെട്ടിപ്പടുക്കാനുള്ള പ്രയത്നം. കൂടുതല്‍ മുന്നേറ്റത്തിനായി എല്ലാ ഇടതുപക്ഷ- ജനാധിപത്യ ശക്തികളെയും ഒന്നിച്ച് അണിനിരത്തുന്നതിലൂടെ പാര്‍ടി തുടക്കം കുറിക്കുന്നത്, ഭാവിയില്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വത്തില്‍ രൂപംകൊള്ളുന്ന ജനകീയ ജനാധിപത്യ മുന്നണിയില്‍ പങ്കാളികളാകുന്ന എല്ലാ ശക്തികളെയും ഏകോപിപ്പിക്കുന്ന പ്രവര്‍ത്തനത്തിനാണ്. തെരഞ്ഞെടുപ്പില്‍ ജയിക്കാനോ മന്ത്രിസഭ രൂപീകരിക്കാനോ വേണ്ടിയുള്ള ഒരു സഖ്യം എന്ന നിലയില്‍ മാത്രമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയെ കാണരുത്; സമ്പദ്ഘടനയെ അവരുടെ കൈപ്പിടിയില്‍ ഒതുക്കിയിരിക്കുന്ന പിന്തിരിപ്പന്‍ ശക്തികളെ ഒറ്റപ്പെടുത്താനും സാമ്പത്തിക-രാഷ്ട്രീയ മേഖലകളില്‍ അടിയന്തര മുന്നേറ്റത്തിനുവേണ്ടിയും പൊരുതുന്ന ശക്തികളുടെ സഖ്യവുമാണിത്."

ദീര്‍ഘകാല കാഴ്ചപ്പാടിലുള്ള മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍മാത്രം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ കാണരുത്. നവഉദാര നയങ്ങള്‍ക്കെതിരായ പോരാട്ടം, ജനങ്ങളുടെ അവകാശസംരക്ഷണം എന്നിങ്ങനെ അടിയന്തരവിഷയങ്ങളുമായും ഇതിന് ബന്ധമുണ്ട്. ഇടതുപക്ഷ-ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുന്നതിന് പ്രാമുഖ്യം നല്‍കണം. ഇത്തരം ശക്തികളെ അണിനിരത്തുന്നതിന്റെ അടിസ്ഥാനം എന്ന നിലയില്‍ രൂപം നല്‍കേണ്ട ഇടതുപക്ഷ- ജനാധിപത്യ വേദിയെക്കുറിച്ച് രാഷ്ട്രീയ പ്രമേയത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

ബഹുജന അടിത്തറ വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇടതുപക്ഷ ജനാധിപത്യ സഖ്യം കെട്ടിപ്പടുക്കാനുള്ള ഈ കടമ ഏറ്റെടുക്കുമ്പോള്‍ ഇത്തരം വിഷയങ്ങളില്‍ കോണ്‍ഗ്രസിതര മതനിരപേക്ഷകക്ഷികളുമായി ചേര്‍ന്ന് സംയുക്ത പ്രക്ഷോഭങ്ങള്‍ക്ക് നാം തയ്യാറാകണം. ഇത്തരം വേദികള്‍ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ സഖ്യം കെട്ടിപ്പടുക്കാനുള്ള പ്രക്രിയയെ സഹായിക്കും. വിവിധ രാഷ്ട്രീയകക്ഷികള്‍ ഉള്‍പ്പെട്ട തെരഞ്ഞെടുപ്പ് സഖ്യം മാത്രമായി ഇതിനെ കാണരുത്. താല്‍ക്കാലിക തെരഞ്ഞെടുപ്പ് സഖ്യങ്ങളെ ഒരു പരിപാടിയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയസഖ്യമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യരുത്്. ഇടതുപക്ഷ ഐക്യം ഇടതുപക്ഷ-ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കാന്‍ ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്. സിപിഐ എമ്മും സിപിഐയും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കണം. ഇതോടൊപ്പം, നാല് ഇടതുപക്ഷ കക്ഷികള്‍ തമ്മിലുള്ള ഏകോപനവും ഉയര്‍ന്നതോതിലാകണം. ഈ നാല് പാര്‍ടികള്‍ക്ക് പുറത്തുള്ള ഇടതുപക്ഷ ഗ്രൂപ്പുകളെയും വ്യക്തികളെയും സംയുക്ത വേദികളില്‍ അണിനിരത്താന്‍ ശ്രമം ഉണ്ടാകണം.

പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക്

രാഷ്ട്രീയവും അടവുപരവുമായ നിലപാടിലെ പ്രധാനകണ്ണി പാര്‍ടിയുടെ സ്വതന്ത്രമായ പങ്ക് ശക്തിപ്പെടുത്തുകയും വിപുലപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്യുകയെന്നതാണ്. പാര്‍ടി, തെരഞ്ഞെടുപ്പ് തിരിച്ചടികള്‍ നേരിട്ടിരിക്കുകയും ഏറ്റവും വലിയ ശക്തികേന്ദ്രമായ പശ്ചിമബംഗാളില്‍ കടന്നാക്രമണം നടക്കുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ പശ്ചിമബംഗാള്‍- കേരളം- ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറത്ത് പാര്‍ടിയുടെ സ്വാധീനവും അടിത്തറയും വിപുലപ്പെടുത്തേണ്ടത് നിര്‍ണായക പ്രാധാന്യമുള്ള കാര്യമാണ്. പാര്‍ടിയുടെ സ്വതന്ത്രമായ പ്രവര്‍ത്തനം രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക വിഷയങ്ങളില്‍ വ്യാപരിക്കണം. പാര്‍ടിയുടെ രാഷ്ട്രീയവും ആശയപരവുമായ പ്രവര്‍ത്തനം വര്‍ഗപരമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കണം. സ്വതന്ത്രമായ രാഷ്ട്രീയ പ്രചാരണപരിപാടികളും പാര്‍ടിയുടെ രാഷ്ട്രീയവേദി കേന്ദ്രീകരിച്ചുള്ള ബഹുജന മുന്നേറ്റങ്ങളും കൂടുതലായി ഉണ്ടാകണം, ബൂര്‍ഷ്വാ പാര്‍ടികളുടെ ആശയങ്ങളെയും രാഷ്ട്രീയത്തെയും നേരിടാന്‍ ഇത് സഹായകമാകും. അടിസ്ഥാനവര്‍ഗങ്ങള്‍ക്കിടയില്‍ പാര്‍ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വര്‍ഗ, ബഹുജനപോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ കര്‍ഷകജനസാമാന്യത്തിനും ദരിദ്രഗ്രാമീണര്‍ക്കും ഇടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിലനില്‍ക്കുന്ന മാന്ദ്യം മറികടക്കണം. ദളിതര്‍, ഗോത്രവംശജര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ തനതായ പ്രശ്നങ്ങള്‍ പാര്‍ടി തുടര്‍ച്ചയായി ഏറ്റെടുക്കണം. ബഹുജനസംഘടനകള്‍ ജനങ്ങളെ അണിനിരത്തുന്നതിനായി വിശാലമായ വേദികളായി മാറുകയും ഇപ്പോള്‍ അവയുടെ കുടക്കീഴില്‍ അണിനിരന്നിട്ടില്ലാത്ത ജനവിഭാഗങ്ങളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ യോജിച്ച പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യണം.

പോരാട്ടങ്ങളും പ്രസ്ഥാനങ്ങളും വളര്‍ത്തിക്കൊണ്ടുവരുന്നതിന്, നവഉദാരവല്‍ക്കരണ നയങ്ങള്‍ വിവിധ വര്‍ഗങ്ങളിലും ജനവിഭാഗങ്ങളിലും സൃഷ്ടിച്ച ആഘാതം വ്യക്തമായി പഠിക്കേണ്ടതുണ്ട്. നവഉദാരവാഴ്ച ഏറ്റവുമധികം വിനാശം വിതച്ച ജനങ്ങളുടെ പ്രശ്നങ്ങള്‍ നാംഏറ്റെടുക്കണം. തൊഴിലാളിവര്‍ഗത്തില്‍, അസംഘടിതമേഖലയില്‍ വര്‍ധിച്ചുവരുന്ന തൊഴിലാളികളാണ് ഏറ്റവുമധികം ചൂഷണത്തിനിരയാകുന്നത്. സംഘടിത-അസംഘടിത മേഖലകളില്‍ കരാര്‍ ജീവനക്കാര്‍ പണിയെടുക്കുന്നു, സ്ഥിരം ജോലിക്കും സാമൂഹികക്ഷേമ ആനുകൂല്യങ്ങള്‍ക്കും വേണ്ടി ഇവര്‍ നടത്തുന്ന പോരാട്ടങ്ങളെ ഗൗരവമായി എടുക്കണം. കാര്‍ഷികമേഖലയിലെ പ്രതിസന്ധി ഏറ്റവും ഗുരുതരമായി ബാധിച്ചത് ദരിദ്രകര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും ഗ്രാമീണ തൊഴിലാളികളെയുമാണ്. ഭൂപ്രഭുക്കളും സമ്പന്നഗ്രാമീണരും പ്രതിസന്ധിയുടെ ഭാരം ദരിദ്രജനവിഭാഗങ്ങളിലേക്ക് തള്ളിവിടുന്നു. ചെറുകിട പാട്ടകര്‍ഷകര്‍ കടുത്ത ചൂഷണത്തിനിരയാകുന്നു. ഭൂമിക്കു വേണ്ടി നടത്തുന്ന പോരാട്ടങ്ങള്‍ക്കൊപ്പം ചൂഷണത്തിന്റെ മറ്റ് വിഷയങ്ങളും ഏറ്റെടുക്കണം. ജനങ്ങളുടെ വിവിധങ്ങളായ പ്രാദേശിക പ്രശ്നങ്ങളും ഏറ്റെടുക്കുകയും തുടര്‍ച്ചയായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്താലേ നവഉദാര നയങ്ങള്‍ക്കെതിരായ പോരാട്ടങ്ങള്‍ക്ക് മുന്നേറാന്‍ കഴിയൂ.

ജീവിതവൃത്തി, ഭൂമി, തൊഴില്‍സുരക്ഷ, ന്യായമായ കൂലി, വിദ്യാഭ്യാസം, അടിസ്ഥാനസേവനങ്ങള്‍ എന്നീ വിഷയങ്ങളെയെല്ലാം നവഉദാരനയങ്ങള്‍ ബാധിച്ചിട്ടുണ്ട്. പ്രാദേശികമായി നിരന്തരപോരാട്ടങ്ങള്‍ സംഘടിപ്പിക്കാന്‍ ഈ പ്രശ്നങ്ങള്‍ ഏറ്റെടുക്കണം. അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ പാര്‍ടിയുടെ സ്വാധീനവും അടിത്തറയും വളരുന്നത് ഇത്തരം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് വിജയകരമായി എങ്ങനെയാണ് നാം തുടര്‍ച്ചയായ പോരാട്ടങ്ങള്‍ സംഘടിപ്പിക്കുകയും അവരെ ഏകോപിപ്പിക്കുകയുംചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും.

നഗരമേഖലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പാര്‍ടി പ്രത്യേകശ്രദ്ധ പതിപ്പിക്കണം; ചേരികളിലും ദരിദ്രജനവിഭാഗങ്ങള്‍ക്കിടയിലും പ്രത്യേകിച്ചും. വളര്‍ന്നുവരുന്ന നഗരവല്‍ക്കരണവും തൊഴിലാളിവര്‍ഗത്തില്‍ ഗണ്യമായ വിഭാഗത്തിനും പാര്‍പ്പിടം ഉള്‍പ്പടെയുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ലഭിക്കാത്തതും അടിയന്തരശ്രദ്ധ ആവശ്യപ്പെടുന്നു. പരിസ്ഥിതി തകര്‍ച്ചയും മലിനീകരണവും ജനങ്ങളെ ബാധിക്കുന്നു. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ മുതലാളിമാരും ബ്യൂറോക്രസിയും ചേര്‍ന്ന അവിഹിതകൂട്ടുകെട്ടിന്റെ സൃഷ്ടികളാണ്. പരിസ്ഥിതിപ്രശ്നങ്ങള്‍ പാര്‍ടി ഗൗരവത്തോടെ ഏറ്റെടുക്കുകയും ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയുംചെയ്യണം.

വര്‍ഗീയതയ്ക്കെതിരെ

2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ച്ചയായി രണ്ടാമത്തെ പരാജയം നേരിട്ടു. എന്നാല്‍, ഈ തെരഞ്ഞെടുപ്പ് തോല്‍വി വര്‍ഗീയശക്തികളുടെ സ്വാധീനം കുറച്ചുകാണുന്നതിലേക്ക് വഴിതെളിക്കരുത്. പാര്‍ടി കോണ്‍ഗ്രസില്‍ അംഗീകരിച്ച രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: "വര്‍ഗീയശക്തികളുടെ പ്രവര്‍ത്തനം രാഷ്ട്രീയമണ്ഡലത്തില്‍മാത്രമായി ഒതുങ്ങിനില്‍ക്കുന്നതല്ല. സാമൂഹികവും സാംസ്കാരികവും മതപരവുമായ സ്ഥാപനങ്ങള്‍ വഴിയും ജനങ്ങള്‍ ഒത്തുചേരുന്ന ഉത്സവങ്ങള്‍പോലുള്ള അവസരങ്ങള്‍ ഉപയോഗിച്ചും ജനങ്ങളെ വര്‍ഗീയ ആശയങ്ങള്‍വഴി സ്വാധീനിക്കുന്നത് അവര്‍ തുടരുന്നു. സ്കൂളുകളുടെയും ഇതര വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും വിപുലമായ ശൃംഖല ആര്‍എസ്എസ് നടത്തുന്നു. മുസ്ലിം വര്‍ഗീയസംഘടനകളും ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നു. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ വികസിച്ചുവരുന്ന വര്‍ഗീയബോധമാണ് ബിജെപി- ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ വര്‍ഗീയരാഷ്ട്രീയത്തിന് വളമാകുന്നത്. വര്‍ഗീയതയ്ക്കെതിരായ നമ്മുടെ പ്രചാരണം മുഖ്യമായും രാഷ്ട്രീയ അജന്‍ഡയില്‍ കേന്ദ്രീകരിച്ചുള്ളതാണ്, വര്‍ഗീയസംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന അവസരങ്ങളില്‍മാത്രമാണ് പ്രധാനമായും നാം ഇടപെടുന്നതും. സാമൂഹിക, സാംസ്കാരിക മേഖലകളില്‍ വര്‍ഗീയ സംഘടനകള്‍ നിരന്തരം നടത്തുന്ന പ്രവര്‍ത്തനങ്ങളും നാം നേരിടേണ്ട വിഷയമാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ നാം വഴി കണ്ടെത്തണം, ഈ മേഖലകളില്‍ നമ്മുടെ പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യണം. വരുംകാലങ്ങളില്‍ വര്‍ഗീയശക്തികളെ രാഷ്ട്രീയ, പ്രത്യയശാസ്ത്ര, സാംസ്കാരിക മണ്ഡലങ്ങളില്‍ നേരിടാന്‍ നാം തയ്യാറെടുക്കണം".

സാമൂഹിക പ്രശ്നങ്ങളിലെ ഇടപെടല്‍

പതിനെട്ടാം കോണ്‍ഗ്രസ് മുതല്‍, സാമൂഹികപ്രശ്നങ്ങളില്‍ പാര്‍ടി നേരിട്ട് ഇടപെടണമെന്ന് നാം ശക്തമായി പറയുന്നു. നമ്മുടെ സമൂഹത്തില്‍ വര്‍ഗചൂഷണംമാത്രമല്ല നടക്കുന്നത്, വിവിധ രൂപത്തിലുള്ള സാമൂഹിക അടിച്ചമര്‍ത്തലുകളും അനുഭവിക്കുന്ന പല വിഭാഗങ്ങളും സമുദായങ്ങളുമുണ്ട്. മുതലാളിത്ത, അര്‍ധ-നാടുവാഴിത്ത ചൂഷണംവഴി മിച്ചമൂല്യം ഊറ്റിയെടുക്കുമ്പോള്‍തന്നെ ഇവരുടെ ആധിപത്യം നിലനിര്‍ത്താനായി വിവിധതരം സാമൂഹിക അടിച്ചമര്‍ത്തലുകളും ഉപയോഗിക്കുന്നു. അതുകൊണ്ടാണ് വര്‍ഗസമരത്തോടൊപ്പം സാമൂഹിക അടിച്ചമര്‍ത്തലിനെതിരായ പോരാട്ടവും ഏറ്റെടുക്കേണ്ടത് അത്യാവശ്യമായി വരുന്നത്.

കര്‍ഷകത്തൊഴിലാളികള്‍ എന്ന നിലയിലും അടിമതുല്യമായ മറ്റു തൊഴിലുകള്‍ ചെയ്യുന്നവര്‍ എന്ന നിലയിലും മൃഗീയചൂഷണത്തിന് വിധേയരാകുന്ന ദളിതര്‍ നേരിടുന്ന ജാതീയമായ അടിച്ചമര്‍ത്തല്‍ ഇത്തരം പ്രശ്നങ്ങളുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ്, ആദിവാസികളുടെ ആവാസവ്യവസ്ഥയും സംസ്കാരവും നശിപ്പിച്ചശേഷം അവരെ അത്യാര്‍ത്തിയോടെ ചൂഷണംചെയ്യുന്നു; നവഉദാരവാഴ്ച സ്ത്രീത്തൊഴിലാളികളെ കൂടുതല്‍ തീവ്രമായി ചൂഷണംചെയ്യുമ്പോള്‍ തന്നെ നാടുവാഴിത്ത-പുരുഷാധിപത്യ മൂല്യബോധം സ്ത്രീകള്‍ക്കെതിരായ വിവേചനത്തെയും അടിച്ചമര്‍ത്തലുകളെയും ശാശ്വതമായി നിലനിര്‍ത്തുന്നു.

തമിഴ്നാട്ടില്‍ നിലനില്‍ക്കുന്ന തൊട്ടുകൂടായ്മയ്ക്കും ദളിതര്‍ക്കുനേരെയുള്ള വിവിധ രീതിയിലുള്ള അടിച്ചമര്‍ത്തലുകള്‍ക്കും എതിരായി കഴിഞ്ഞ വര്‍ഷങ്ങളില്‍ പാര്‍ടി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു; ആന്ധ്രപ്രദേശിലെ ജാതിവിവേചനത്തിനെതിരെ പാര്‍ടി പൊരുതി; ഹരിയാനയില്‍ സ്ത്രീകള്‍ക്കെതിരായി നിലകൊള്ളുന്ന ജാതിപഞ്ചായത്തുകളെ പാര്‍ടി എതിര്‍ക്കുന്നു, കര്‍ണാടകത്തിലും ഒഡിഷയിലും ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി പാര്‍ടി നിലകൊള്ളുകയാണ്. ഇത്തരം പ്രശ്നങ്ങള്‍ ഏറ്റെടുത്ത് രാജ്യമാകെ, പ്രത്യേകിച്ച് ഹിന്ദിമേഖലയില്‍ മുന്നോട്ടുപോകാന്‍ ഇരുപതാം കോണ്‍ഗ്രസ് ആഹ്വാനംചെയ്തു. ഇത്തരം പ്രക്ഷോഭം ഇടതുപക്ഷ- ജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി മാറണം. ഭിന്നിപ്പിന് കാരണമാകുന്ന സ്വത്വരാഷ്ട്രീയത്തിന്റെ വളര്‍ച്ച പാര്‍ടിക്കും ഇടതുപക്ഷ പ്രസ്ഥാനത്തിനും ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്.

ജാതി, മതം, ഗോത്രം, വംശപരമായ സ്വത്വം

ജാതി, മതം, ഗോത്രം, വംശപരമായ സ്വത്വം എന്നിവയില്‍ അധിഷ്ഠിതമായ രാഷ്ട്രീയം ജനങ്ങളെ പലതട്ടിലാക്കുന്നു. ഭരണവര്‍ഗങ്ങള്‍ക്കും ചൂഷണാധിഷ്ഠിതമായ ക്രമത്തിനും എതിരായ പോരാട്ടത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാന്‍ ശേഷിയുള്ള ആയുധമായി സ്വത്വരാഷ്ട്രീയം മാറിയിരിക്കുന്നു. അതുകൊണ്ട്, ഇത്തരം വിഭാഗങ്ങളും സമുദായങ്ങളും നേരിടുന്ന സാമൂഹിക അടിച്ചമര്‍ത്തലുകളുടെയും വിവേചനത്തിന്റെയും വിഷയങ്ങള്‍ പാര്‍ടി ഏറ്റെടുക്കുകയും അവരെ പൊതുപ്രസ്ഥാനത്തിന്റെ ധാരയിലേക്ക് കൊണ്ടുവരികയും ചെയ്യേണ്ടത് അനിവാര്യമായ സംഗതിയാണ്.

പശ്ചിമബംഗാളില്‍ പാര്‍ടിയെ സംരക്ഷിക്കല്‍

2009 മേയില്‍ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിനുശേഷം പശ്ചിമബംഗാളില്‍ സിപിഐ എമ്മിനും ഇടതുപക്ഷപ്രസ്ഥാനത്തിനും നേരെ ആസൂത്രിതവും നിരന്തരവുമായ ആക്രമണം നടക്കുന്നു. സിപിഐ എം അംഗങ്ങളും അനുഭാവികളുമായ നാനൂറ്റമ്പതോളം പേര്‍ 2009 മെയ് മാസത്തിനുശേഷം ഇതുവരെ കൊല്ലപ്പെട്ടു. പാര്‍ടിയുടെയും ട്രേഡ്‌യൂണിയന്റെയും ബഹുജനപ്രസ്ഥാനങ്ങളുടെയും നൂറുകണക്കിന് ഓഫീസുകള്‍ പിടിച്ചെടുക്കുകയോ നശിപ്പിക്കുകയോ ചെയ്തു. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നു, ജനപ്രതിനിധികളെ ഭീഷണിപ്പെടുത്തുന്നു. എന്നാല്‍, എതിരാളികള്‍ തുടര്‍ച്ചയായി സംഘര്‍ഷത്തിന്റെയുംഭീകരതയുടെയും തന്ത്രങ്ങള്‍ പയറ്റിയിട്ടും ഇടതുമുന്നണിക്ക് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ട് ലഭിച്ചു. പാര്‍ടിയെ ഒറ്റപ്പെടുത്തുകയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ആക്രമണങ്ങള്‍ തുടരുകയാണ്. ജനങ്ങളെ അവര്‍ നേരിടുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലും തൃണമൂല്‍ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായും അണിനിരത്തുകയെന്നതാണ്, നഷ്ടമായ ജനപിന്തുണ തിരിച്ചുപിടിക്കാനും അതുവഴി സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ശക്തി വര്‍ധിപ്പിക്കാനും മുഖ്യമായി ചെയ്യേണ്ടത്.

പശ്ചിമബംഗാളില്‍ നടക്കുന്ന ആക്രമണം സിപിഐ എമ്മിനുനേരെ മാത്രമായി ഒതുങ്ങുന്നതല്ല. അത് ജനാധിപത്യത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും നേരെയുള്ള പൊതുവായ കടന്നാക്രമണമായി വളര്‍ന്നിരിക്കുന്നു. അതുകൊണ്ട് ഇത്തരം കടന്നാക്രമണങ്ങളെ തുറന്നുകാട്ടാനും അപലപിക്കാനും അതിനെതിരെ പൊതുജനാഭിപ്രായം ഉയര്‍ത്തിക്കൊണ്ടുവരാനും പശ്ചിമബംഗാളിലെ പാര്‍ടിക്കും ഇടതുപക്ഷത്തിനും പിന്തുണ നല്‍കാനും പാര്‍ടിയൊന്നാകെ രംഗത്തിറങ്ങേണ്ടത് അടിയന്തര കടമയായി മാറിയിരിക്കുന്നു.
ഇടതുപക്ഷ തീവ്രവാദത്തെ നേരിടല്‍

പശ്ചിമബംഗാളില്‍, ജാര്‍ഖണ്ഡ് അതിര്‍ത്തിയോട് ചേര്‍ന്നുകിടക്കുന്ന മൂന്ന് ജില്ലകളിലെ സിപിഐ എം കേഡര്‍മാരെ ആക്രമിക്കാനും വധിക്കാനും ആരംഭിച്ചതോടെയാണ് മാവോയിസ്റ്റുകളുടെ വിനാശകരമായ അതിക്രമവും തന്ത്രവും പൊതുശ്രദ്ധയില്‍ വന്നത്. ഈ കൊലപാതക പേക്കൂത്തിനെ തൃണമൂല്‍ കോണ്‍ഗ്രസ് ആയുധമണിയിച്ച് പ്രോത്സാഹിപ്പിച്ചു. ലോൿസഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള രണ്ടു വര്‍ഷം മാവോയിസ്റ്റുകളുടെയും തൃണമൂല്‍ കോണ്‍ഗ്രസിന്റെയും പരസ്യസഖ്യം ദൃശ്യമായി. സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തകരോ അനുഭാവികളോ ആയ ഇരുനൂറില്‍പരം പേരെ മാവോയിസ്റ്റുകള്‍ വധിച്ചു. ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, ബിഹാര്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കുന്ന ഗോത്രമേഖലകളിലും മറ്റ് വിദൂരപ്രദേശങ്ങളിലും, ഇവരുടെ വിവേചനരഹിതമായ അതിക്രമങ്ങളും ഭീകരതന്ത്രങ്ങളും ഒരുവശത്തും ഭരണാധികാരികളുടെ അടിച്ചമര്‍ത്തലുകള്‍ മറുവശത്തും നിലനില്‍ക്കുന്നു. അതിനാല്‍ ജനകീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുകയും അടിച്ചമര്‍ത്തലിന് വിധേയമാവുകയുംചെയ്യുന്നു.

മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ആശയപരമായും നേരിടണം. അവരുടെ അരാജക-ഭീകര രീതികളെ ഇടതുപക്ഷത്തിന് വിനാശകരവും അന്യവുമാണെന്ന് തുറന്നുകാട്ടണം. ഈ പ്രചാരണം പ്രത്യേകിച്ചും വിദ്യാര്‍ഥികളെയും ബുദ്ധിജീവികളെയും പോലെ, തീവ്ര ഇടതുപക്ഷത്തിന്റെ ആകര്‍ഷണത്തില്‍പ്പെടാന്‍ സാധ്യതയുള്ള വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് നടത്തേണ്ടത്.

മുഖ്യകടമകള്‍ 

വരുംകാലത്ത് ഏറ്റെടുക്കേണ്ട ഏഴ് മുഖ്യകടമകള്‍ക്കാണ് രാഷ്ട്രീയവും തന്ത്രപരവുമായ നിലപാടിന്റെ ഭാഗമായി രൂപംനല്‍കിയിട്ടുള്ളത്. അവ ഇതാണ്:

(1) തൊഴിലാളിവര്‍ഗത്തെയും കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും അസംഘടിതമേഖലയിലെ തൊഴിലാളികളെയും കൈവേലക്കാരെയും അധ്വാനിക്കുന്ന ഇതരജനവിഭാഗങ്ങളെയും ബാധിക്കുന്ന പ്രശ്നങ്ങള്‍ ഏറ്റെടുത്ത് നവഉദാരനയങ്ങള്‍ക്കെതിരെ സന്ധിയില്ലാസമരം.

(2). ബിജെപി-ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ വര്‍ഗീയ അജന്‍ഡയ്ക്കെതിരെ തുടര്‍ച്ചയായ പോരാട്ടവും ഹിന്ദുത്വ ആശയങ്ങളെ സാമൂഹിക, സാംസ്കാരിക, ബൗദ്ധിക മണ്ഡലങ്ങളിലും നേരിടലും. ഇതോടൊപ്പം തന്നെ ന്യൂനപക്ഷ വര്‍ഗീയതയെയും തീവ്രവാദത്തെയും പാര്‍ടി ചെറുക്കണം.

(3). ഇന്ത്യ-അമേരിക്ക തന്ത്രപരമായ സഖ്യത്തിനെതിരായും നമ്മുടെ ആഭ്യന്തരനയങ്ങളില്‍ അവരുടെ സ്വാധീനം വര്‍ധിക്കുന്നതിനെതിരായും ദേശാഭിമാന-ജനാധിപത്യ ബോധമുള്ള ജനവിഭാഗങ്ങളെ അണിനിരത്തണം. ഇതിനായി സ്വതന്ത്രമായ വിദേശനയം പിന്തുടരേണ്ടതുണ്ട്.

(4). ദളിതര്‍, ഗോത്രവംശജര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സാമൂഹിക അടിച്ചമര്‍ത്തലിനെതിരായി പൊരുതണം.

(5). പശ്ചിമബംഗാളില്‍ സിപിഐ എമ്മിനുനേരെ നടക്കുന്ന അതിക്രമങ്ങള്‍ ചെറുക്കാനും അവിടെ ജനാധിപത്യവും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാനും ജനങ്ങളെയും ജനാധിപത്യശക്തികളെയും അണിനിരത്തണം.

(6). ഇടതുപക്ഷഐക്യം ശക്തിപ്പെടുത്തലും ജനങ്ങളുടെ അവകാശങ്ങളും ജീവിതവൃത്തിയും സംരക്ഷിക്കാന്‍ ജനാധിപത്യശക്തികളെ വിശാലാടിസ്ഥാനത്തില്‍ യോജിപ്പിക്കലും. മാവോയിസ്റ്റുകളുടെ വിനാശകരമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടം.

(7). തൊഴിലാളിവര്‍ഗത്തെയും അധ്വാനിക്കുന്ന ഇതര ജനവിഭാഗങ്ങളെയും ഇടതുപക്ഷ, ജനാധിപത്യ മുദ്രാവാക്യങ്ങളുടെ അടിസ്ഥാനത്തില്‍ അണിനിരത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കല്‍.

രാജ്യാന്തരതലത്തിലാകട്ടെ, നീണ്ടുനില്‍ക്കുന്ന ആഗോള മുതലാളിത്ത പ്രതിസന്ധി, വികസിത മുതലാളിത്ത രാജ്യങ്ങളില്‍ തൊഴിലാളിവര്‍ഗത്തിന്റെ വളര്‍ന്നുവരുന്ന പ്രക്ഷോഭങ്ങളും ചെറുത്തുനില്‍പ്പുകളും, ലാറ്റിനമേരിക്കയില്‍ ഇടതുപക്ഷശക്തികളുടെ മുന്നേറ്റം, ബഹുധ്രുവലോകം എന്നതിലേക്ക് നീങ്ങുന്ന പ്രവണത- ഇതില്‍ ചൈനയുടെ വളര്‍ന്നുവരുന്ന സാമ്പത്തികശക്തി പ്രധാന ഘടകമാണ്-ഇവയെല്ലാം ചേര്‍ന്ന് നവ ഉദാരവല്‍ക്കരണത്തിനും സാമ്രാജ്യത്വ ആഗോളവല്‍ക്കരണത്തിനും എതിരായ പോരാട്ടത്തിന് കൂടുതല്‍ അനുകൂലമായ സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ സാമ്പത്തികമാന്ദ്യവും യുപിഎ സര്‍ക്കാരിലെ ഭിന്നതയും അവര്‍ പിന്തുടരുന്ന നവഉദാരപാതയുടെയും സാമ്രാജ്യത്വ ധനമൂലധനവുമായുള്ള അവരുടെ സഹകരണത്തിന്റെയും പാപ്പരത്തത്തിന്റെ പ്രതിഫലനമാണ്. പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയവും തന്ത്രപരവുമായ നിലപാട് നടപ്പാക്കുന്നത് രാജ്യത്ത് ഇടതുപക്ഷ, ജനാധിപത്യശക്തികളുടെ മുന്നേറ്റത്തിന് വഴിതെളിക്കും.


*****

പ്രകാശ് കാരാട്ട്

1 comment:

വര്‍ക്കേഴ്സ് ഫോറം said...

കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്)യുടെ 20-ാം പാര്‍ടി കോണ്‍ഗ്രസ് 2012 ഏപ്രില്‍ 4 മുതല്‍ 9 വരെ കോഴിക്കോട്ട് നടന്നു. രാഷ്ട്രീയ സാഹചര്യത്തില്‍ വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ സംഭവിച്ച നാലുവര്‍ഷങ്ങള്‍ക്കുശേഷമാണ് പാര്‍ടി കോണ്‍ഗ്രസ് നടന്നത്. യുപിഎ സര്‍ക്കാരിന്റെ നയപരിപാടികള്‍ക്കെതിരെ ശക്തമായ എതിര്‍പ്പ് വളര്‍ന്നുവന്നുകൊണ്ടിരിക്കുകയായിരുന്നെങ്കിലും 19-ാം പാര്‍ടി കോണ്‍ഗ്രസ് നടന്ന കാലഘട്ടത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ യുപിഎ സര്‍ക്കാരിനുള്ള പിന്തുണ തുടരുകയായിരുന്നു. പാര്‍ടി കോണ്‍ഗ്രസ് കഴിഞ്ഞ് മൂന്നുമാസത്തിനകം പാര്‍ടി യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. അതിനുശേഷം ബിജെപിക്കെതിരെയുള്ള പോരാട്ടം തുടരുന്നതോടൊപ്പം കോണ്‍ഗ്രസിനെ എതിര്‍ക്കാനും യുപിഎ സര്‍ക്കാരിനെ പരാജയപ്പെടുത്താനുമുള്ള അടവുനയത്തിന് കേന്ദ്രകമ്മിറ്റി രൂപംനല്‍കി.