Wednesday, August 1, 2012

ഒന്നാംപ്രതി ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി താരതമ്യമില്ലാത്ത നേതാവാണ്- കുത്സിതവൃത്തിയുടെയും ഉപജാപത്തിന്റെയും കാപട്യത്തിന്റെയും കാര്യത്തില്‍. സ്വന്തം പാര്‍ടിനേതാവായ കെ കരുണാകരനെ രാജ്യദ്രോഹക്കേസില്‍ പെടുത്തി ചാരനെന്നാക്ഷേപിച്ച് നാണംകെടുത്തി ഇറക്കിവിടാന്‍ കഴിഞ്ഞുവെങ്കില്‍, രാഷ്ട്രീയ എതിരാളികളെ വകവരുത്താന്‍ എത്ര നീചത്വം പ്രയോഗിക്കാനും ഉമ്മന്‍ചാണ്ടിക്ക് മടിയുണ്ടാകുമെന്ന് കരുതാനാകില്ല. ആ നീചത്വമാണ് കണ്ണൂരില്‍ പ്രയോഗിക്കപ്പെട്ടത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ആഭ്യന്തര മന്ത്രിസ്ഥാനമുണ്ടെന്നേയുള്ളൂ. ഉമ്മന്‍ചാണ്ടിയുടെ ചെല്ലംചുമട്ടുകാരനെന്നതിനപ്പുറം അധികാരമില്ല.

പി ജയരാജനെ ഏതെങ്കിലും ഒരു കേസില്‍ ഉള്‍പ്പെടുത്തണമെന്നത് ഉമ്മന്‍ചാണ്ടിയുടെ അജന്‍ഡയാണ്. ചന്ദ്രശേഖരന്‍കേസില്‍ അറസ്റ്റിലായ പലരെയും കഠിനമായി മര്‍ദിച്ചത്, പി ജയരാജന്റെ പേര് പറയിക്കാനായിരുന്നു. ജയരാജന്‍ ഉപയോഗിക്കുന്ന എല്ലാ ഫോണുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതില്‍ വന്നതും പോയതുമായ എല്ലാ കോളുകളും ആവര്‍ത്തിച്ച് പരിശോധിച്ചിട്ടും ഏതെങ്കിലും ബന്ധം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. പക്ഷേ, മാധ്യമങ്ങളില്‍ ജയരാജനെ ബന്ധിപ്പിച്ച് തുടര്‍ച്ചയായി വാര്‍ത്ത കൊടുപ്പിച്ചു. കണ്ണൂരിലെ മുഖ്യനേതാവ്, മുന്‍ എംഎല്‍എയായ നേതാവ് എന്നിങ്ങനെ സൂചനകളിലൂടെയും നേരിട്ട് പേരു പറഞ്ഞും ജയരാജന്‍ പ്രതിയാകുമെന്ന് വാര്‍ത്തകള്‍ വന്നു. കേസുമായി ഒരു ബന്ധവുമില്ല എന്ന് ഉറപ്പുണ്ടായിട്ടും പ്രതിചേര്‍ക്കാനുള്ള ശ്രമം അവസാനിപ്പിച്ചില്ല.

അതിനിടയിലാണ്, അരിയില്‍ ഷുക്കൂര്‍ കേസിന് പുതിയ മാനം നല്‍കി അവതരിപ്പിക്കപ്പെട്ടതിന്റെ സാധ്യത ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് പ്രയോജനപ്പെടുത്തിയത്. അവിടെനിന്നുള്ള പ്രത്യേക നിര്‍ദേശമനുസരിച്ചാണ് കണ്ണൂരിലെ പൊലീസ് പ്രവര്‍ത്തിച്ചത്. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ പ്രത്യേക കഴിവോ കാര്യപ്രാപ്തിയോ ഉള്ള ഉദ്യോഗസ്ഥനല്ല. ഭരണരാഷ്ട്രീയ നേതൃത്വത്തിന്റെ ആജ്ഞ ഡിവൈഎസ്പിമാരിലൂടെ നടപ്പാക്കുന്നത് കണ്ടുനില്‍ക്കാനും അടിയൊപ്പു ചാര്‍ത്താനുമുള്ള ചുമതലയേ പൊലീസ് മേധാവിക്കുള്ളൂ. ""എനിക്കെതിരെ തെളിവില്ല എന്ന് നിങ്ങള്‍ക്ക് ബോധ്യപ്പെട്ട നിലയ്ക്ക് നിങ്ങള്‍ മനഃസാക്ഷിയോട് നീതിപുലര്‍ത്തും എന്നാണ് പ്രതീക്ഷ"" എന്ന് പി ജയരാജന്‍ ആ എസ്പിയോട് പറഞ്ഞതാണ്. അല്‍പ്പം ആത്മാഭിമാനമുള്ള ഉദ്യോഗസ്ഥര്‍, പിന്നെ കള്ളപ്പണിക്ക് നില്‍ക്കില്ല. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ പക്ഷേ, രാഹുല്‍നായര്‍ അത് ചെയ്തു. ഇതാണ് ഉമ്മന്‍ചാണ്ടി പൊലീസിനെ ഉപയോഗിക്കുന്ന രീതി.

മലപ്പുറത്തെ അരീക്കോട് ഇരട്ടക്കൊലപാതകത്തിലേക്ക് നയിച്ചത് മുസ്ലിംലീഗ് എംഎല്‍എ പി കെ ബഷീറിന്റെ പ്രസംഗമാണ്. അരീക്കോട് കുനിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ഹത്തീഖ് റഹ്മാന്റെ കുടുംബത്തിന് സഹായധനം നല്‍കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സാക്ഷിനിര്‍ത്തിയാണ് ആരെയും വെറുതെ വിടില്ലെന്ന് ബഷീര്‍ പ്രഖ്യാപിച്ചത്.

""ഇതു നടത്തിയത് കൊലയും ഗുണ്ടാവിളയാട്ടവും തൊഴിലാക്കിയ കുടുംബത്തില്‍നിന്നുള്ളവരാണ്. ആരെയും വെറുതെ വിടില്ല. ഇനി ഒരു കൊല ഇവരുടെ ഭാഗത്തുനിന്നുണ്ടാകാന്‍ സമ്മതിക്കില്ല.... കുറ്റകൃത്യംചെയ്തവര്‍ നാലുഭാഗവും നടക്കുന്നുണ്ട്. ഞങ്ങളുടെ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയോ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തടസ്സംവരുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയോ ചെയ്താല്‍ കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ബഹുമാന്യനായ തങ്ങള്‍ ഉള്ളതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല.""

ഇങ്ങനെയാണ് പ്രസംഗം മുന്നേറിയത്. കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ കൊലപാതകം നടന്നു- ബഷീര്‍ ഭീഷണിപ്പെടുത്തിയ അതേ കുടുംബത്തിലെ രണ്ടുപേരെ പരസ്യമായി വെട്ടിക്കൊന്നു. എഫ്ഐആറില്‍ പേരുള്ള പ്രതിയാണ് ബഷീര്‍. ആ ബഷീറിനെ ഇപ്പോള്‍ കേസില്‍നിന്ന് ഒഴിവാക്കുന്നു. പി ജയരാജന്‍ അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന കുറ്റമാണ്, "നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍" (ഉമ്മന്‍ചാണ്ടിയുടെ വ്യാഖ്യാനം) പൊലീസ് ചുമത്തിയത്. ആ ന്യായം അംഗീകരിച്ചാല്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്കെതിരെ കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തില്‍തന്നെ കേസെടുക്കാം.

കുനിയില്‍ ഇരട്ടക്കൊലയ്ക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കി ബഷീര്‍ നടത്തിയ കൊലവിളി പ്രസംഗം തങ്ങളുടെ സാന്നിധ്യത്തിലായിരുന്നു എന്ന് തെളിയിക്കാന്‍ ഒരന്വേഷണവും വേണ്ടതില്ല; ഒരു ഫോണും ചോര്‍ത്തേണ്ടതില്ല- അതിന്റെ ഓഡിയോ, വീഡിയോ പകര്‍പ്പുകള്‍ നാട്ടിലെമ്പാടും ലഭ്യമാണ്. പൊലീസ് പക്ഷപാതപരമായി പെരുമാറുന്നില്ല എന്ന് ആണയിടുന്ന ഉമ്മന്‍ചാണ്ടിക്ക് അതിനുള്ള തണ്ടെല്ലുറപ്പുണ്ടോ? കാക്കിയിട്ട ഏതെങ്കിലുമൊരു വീരശൂരപരാക്രമിക്ക് അതിനുള്ള ചങ്കൂറ്റമുണ്ടോ?

കാക്കിയിട്ടവരില്‍ എല്ലാവരും യുഡിഎഫിന്റെ ചുമടുതാങ്ങികളായ ഏഴാംകൂലികളല്ല. പാദസേവയ്ക്ക് നിന്നുകൊടുക്കാത്തവരെ തെരഞ്ഞുപിടിച്ച് ഷണ്ഡീകരിക്കാനുള്ള ദൗത്യമാണ് തിരുവഞ്ചൂര്‍ ഭംഗിയായി നിറവേറ്റിക്കൊണ്ടിരിക്കുന്നത്. കെ സുധാകരന്‍ കോണ്‍ഗ്രസിന്റെ എംപിയാണ്. ഒന്നാംതരം ക്രിമിനലും. ആ നേതാവിന്റെ ക്രിമിനല്‍പ്രവൃത്തിയെക്കുറിച്ച് പലവട്ടം പറഞ്ഞത് ഡിസിസി പ്രസിഡന്റായിരുന്ന പി രാമകൃഷ്ണനാണ്; കോണ്‍ഗ്രസില്‍ സുധാകരനോടൊപ്പം പ്രവര്‍ത്തിച്ചതും പ്രവര്‍ത്തിക്കുന്നവരുമായ പലരുമാണ്. കേസുകളുടെ കാര്യത്തില്‍ ഒരു രാഷ്ട്രീയ വേര്‍തിരിവുമുണ്ടാകില്ല എന്ന് പറയുന്ന ഉമ്മന്‍ചാണ്ടി കാപട്യക്കാരനല്ലെങ്കില്‍ എന്തുകൊണ്ട് സുധാകരനെ വിലങ്ങുവയ്ക്കുന്നില്ല? പി ജയരാജനെ അറസ്റ്റ് ചെയ്യുക, ജയിലടയ്ക്കുക എന്നതുമാത്രമായിരുന്നില്ല യുഡിഎഫിന്റെ ഉദ്ദേശ്യം എന്ന് പൊലീസിന്റെ അസാധാരണമായ നടപടിക്രമങ്ങളില്‍ തെളിയുന്നുണ്ട്. ആഘോഷപൂര്‍വമാണ് മൂന്നുവട്ടവും വിളിച്ചുവരുത്തിയത്. മാധ്യമങ്ങളില്‍ വാര്‍ത്ത നിറഞ്ഞുനില്‍ക്കണം എന്ന് പൊലീസിന് നിര്‍ബന്ധമുണ്ടായിരുന്നു. അതല്ലെങ്കില്‍ എന്തിന് ചോദ്യംചെയ്യാനെന്ന വ്യാജേന വിളിച്ചുകൊണ്ടുപോയി അറസ്റ്റ് നടത്തണം എന്ന ചോദ്യം ഉയരുന്നു.

രണ്ടാംവട്ട ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്താന്‍ തീരുമാനിച്ചതാണ്. ജയരാജനെതിരെ ഒരു തെളിവും ചൂണ്ടിക്കാണിക്കാനില്ലാതെ പൊലീസ് മേധാവി അന്തിച്ചു നിന്നതുകൊണ്ടാണ് അന്ന് അതിന് കഴിയാതെ വന്നത്. പിന്നീട് അറസ്റ്റ് ചെയ്തേ മതിയാകൂ എന്ന് മുഖ്യമന്ത്രി നേരിട്ട് ശാഠ്യം പിടിക്കുകയാണുണ്ടായത്. കല്‍പ്പാന്തകാലത്തോളം യുഡിഎഫ് ഭരണം തുടരുമെന്ന് കരുതിയോ, അപ്പോള്‍ കാണുന്നവരെ പുത്രതുല്യം സ്നേഹിക്കുന്ന സ്വഭാവംകൊണ്ടോ പൊലീസ് വിഡ്ഢിവേഷംകെട്ടുകയാണ്. ഇതേ രീതിയില്‍ എല്ലാകാലത്തും പൊലീസിനെ ഉപയോഗിച്ചാല്‍, ഭരണം മാറിവരുമ്പോള്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനടക്കമുള്ളവര്‍ ജയിലില്‍ പോകേണ്ടിവരാനുള്ള സാധ്യത അവര്‍ മറന്നുപോകുന്നു. സിബിഐയെ ഉപയോഗിച്ച് ഫസല്‍വധക്കേസില്‍ സിപിഐ എം നേതാക്കളെ ഉള്‍പ്പെടുത്തിയവര്‍ അതേ രീതിയില്‍ ഷുക്കൂര്‍ കേസുപയോഗിച്ച് പരീക്ഷണം ആവര്‍ത്തിച്ചു നോക്കിയതാണ്. പി ജയരാജനും ടി വി രാജേഷും ഫോണ്‍സംഭാഷണം കേട്ടുവെന്നതാണ് ജയിലിലടയ്ക്കാനുള്ള കുറ്റമായി ആരോപിച്ചത്. അതിന് ആരാണ് സാക്ഷി? എന്താണ് തെളിവ്? പൊലീസിന് ഉത്തരമില്ല. ഒരുതരം മസ്തിഷ്ക അടിമത്തമാണ് പൊലീസിന് വന്നുപെട്ടിരിക്കുന്നത്. അതുകൊണ്ടാണ് വീണ്ടുവിചാരമില്ലാതെ സിപിഐ എമ്മിന്റെ ഉന്നതനായ നേതാവിനെ തുറുങ്കിലടയ്ക്കുക എന്ന സാഹസത്തിന് അവര്‍ ഒരുങ്ങിപ്പുറപ്പെട്ടത്. നിമിഷനേരംകൊണ്ട് ജനസഹസ്രങ്ങളാണ് പ്രതിഷേധമുയര്‍ത്തി രംഗത്തിറങ്ങിയത്.

ആരെയും അമ്പരപ്പിക്കുന്ന ജനരോഷമാണുയര്‍ന്നത്. ആ രോഷം എളുപ്പം അടക്കിനിര്‍ത്താവുന്നതല്ല. കാരണം, തങ്ങളുടെ പ്രിയ നേതാവിനെ; പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നികൃഷ്ടമായ പദ്ധതിയുടെ ഭാഗമാണ് അതെന്ന് അവര്‍ നിസ്സംശയം തിരിച്ചറിഞ്ഞിട്ടുണ്ട്. ആ രോഷത്തെ അടിച്ചമര്‍ത്താനാണ് പൊലീസിന് ആയുധങ്ങളും ആജ്ഞയും നല്‍കി തെരുവിലിറക്കിയത്. ജനങ്ങളെയും പൊലീസുകാരെയും തമ്മിലടിപ്പിക്കുകയാണ്; സംഘര്‍ഷമുണ്ടാക്കുകയാണ് ഉമ്മന്‍ചാണ്ടി. മാപ്പര്‍ഹിക്കാത്ത കുറ്റവാളിയായി ഒരു മുഖ്യമന്ത്രിതന്നെ മാറിയിരിക്കുന്നു. അധികാരമത്ത് തലയ്ക്കുപിടിച്ച, കസേര നിലനിര്‍ത്താന്‍ ആര്‍ത്തിപൂണ്ട ആ മനുഷ്യന്റെ കുടില ബുദ്ധിയാണ് കേരളത്തെ പൊലീസിന്റെ ക്രിമിനല്‍വല്‍ക്കരണത്തിലേക്കും അമ്പരപ്പിക്കുന്ന നിയമലംഘനത്തിലേക്കും ജനകീയ പ്രതിഷേധത്തിലേക്കും ഹര്‍ത്താലിലേക്കും സംഘര്‍ഷങ്ങളിലേക്കും തള്ളിവിടുന്നത്. കൊടിയ അനീതിയാണ് അരങ്ങേറുന്നത്. ഇത് പൊറുക്കപ്പെട്ടുകൂടാ. കോണ്‍ഗ്രസിന്റെ ഗതികെട്ട കാലമാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണകാലമെന്ന് കോണ്‍ഗ്രസുകാര്‍തന്നെ തിരിച്ചറിയേണ്ടതുണ്ട്.

ക്രിമിനല്‍നേതാവായ ഒരാള്‍ മുഖ്യമന്ത്രിസ്ഥാനത്തിരുന്ന് രാഷ്ട്രീയ ഉപജാപം നടത്തുന്നതുമൂലമുണ്ടാകുന്ന കുഴപ്പങ്ങള്‍ക്ക് കേരളം വലിയ വില നല്‍കേണ്ടിവരികയാണ്. പി ജയരാജനെ അറസ്റ്റ് ചെയ്തവര്‍, സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയറ്റംഗം എന്‍ ചന്ദ്രന്റെ തല തല്ലിപ്പൊളിച്ചു. മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ ലാത്തിച്ചാര്‍ജ് നടത്തി. നാടാകെ സംഘര്‍ഷഭരിതമാണ്. എന്തിന്? ഉമ്മന്‍ചാണ്ടിയുടെ കുടിലത വിജയിപ്പിക്കാന്‍. അഹന്ത തലയില്‍ കയറിയ മ്ലേച്ഛനായ ഒരു ഭരണാധികാരി ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ കേരളത്തെ രക്തപങ്കിലമാക്കുകയാണ്. ഈ അധമത്വത്തെ അധികാരത്തില്‍നിന്ന് ഇറക്കിവിട്ട് കുറ്റവിചാരണ ചെയ്യാനുള്ള ബഹുജനമുന്നേറ്റമാണ് ഉയര്‍ന്നുവരേണ്ടത്. അതുമാത്രമാണ് കേരളത്തെ രക്ഷിക്കാനുള്ള മാര്‍ഗം.

*
പി എം മനോജ് ദേശാഭിമാനി 02 ആഗസ്റ്റ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

പി ജയരാജനെ ഏതെങ്കിലും ഒരു കേസില്‍ ഉള്‍പ്പെടുത്തണമെന്നത് ഉമ്മന്‍ചാണ്ടിയുടെ അജന്‍ഡയാണ്. ചന്ദ്രശേഖരന്‍കേസില്‍ അറസ്റ്റിലായ പലരെയും കഠിനമായി മര്‍ദിച്ചത്, പി ജയരാജന്റെ പേര് പറയിക്കാനായിരുന്നു. ജയരാജന്‍ ഉപയോഗിക്കുന്ന എല്ലാ ഫോണുകളും പൊലീസിന്റെ നിരീക്ഷണത്തിലാണ്. അതില്‍ വന്നതും പോയതുമായ എല്ലാ കോളുകളും ആവര്‍ത്തിച്ച് പരിശോധിച്ചിട്ടും ഏതെങ്കിലും ബന്ധം കണ്ടെത്താന്‍ പൊലീസിനു കഴിഞ്ഞില്ല. പക്ഷേ, മാധ്യമങ്ങളില്‍ ജയരാജനെ ബന്ധിപ്പിച്ച് തുടര്‍ച്ചയായി വാര്‍ത്ത കൊടുപ്പിച്ചു. കണ്ണൂരിലെ മുഖ്യനേതാവ്, മുന്‍ എംഎല്‍എയായ നേതാവ് എന്നിങ്ങനെ സൂചനകളിലൂടെയും നേരിട്ട് പേരു പറഞ്ഞും ജയരാജന്‍ പ്രതിയാകുമെന്ന് വാര്‍ത്തകള്‍ വന്നു. കേസുമായി ഒരു ബന്ധവുമില്ല എന്ന് ഉറപ്പുണ്ടായിട്ടും പ്രതിചേര്‍ക്കാനുള്ള ശ്രമം അവസാനിപ്പിച്ചില്ല.