Wednesday, August 15, 2012

സ്വത്വബോധം വര്‍ഗരാഷ്ട്രീയത്തില്‍

ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ താന്‍ ആരാണെന്ന ചോദ്യം അഭിമുഖീകരിക്കാത്ത ഒരു വ്യക്തിയുമുണ്ടാകുകയില്ല. ഈ ചോദ്യത്തിന്റെ ഉത്തരം ഓരോ വ്യക്തിയും കണ്ടെത്തുന്നതില്‍ ജീവിതാനുഭവങ്ങളും സാമൂഹ്യബന്ധങ്ങളും വളരെ വലിയ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെയും സ്വയം തിരിച്ചറിവ് ഏതെങ്കിലുമൊരു യാഥാര്‍ത്ഥ്യവുമായി മാത്രം ബന്ധപ്പെട്ടതല്ല. പലതരം തിരിച്ചറിവുകളുടെ, അനുഭവങ്ങളുടെ ആകത്തുകയാണ് സാമൂഹ്യമനുഷ്യന്‍. വ്യത്യസ്തമായ, പലപ്പോഴും വൈരുദ്ധ്യാത്മകമായ, അവബോധമാണ് സാമൂഹ്യമനുഷ്യനില്‍ കുടികൊള്ളുന്നത്. പക്ഷേ, ഈ സങ്കീര്‍ണ്ണതയെ ജനസാമാന്യം വിരളമായേ ഉള്‍ക്കൊള്ളുന്നുള്ളൂ, അല്ലെങ്കില്‍ തിരിച്ചറിയുന്നുള്ളൂ. എങ്കിലും ഈ സങ്കീര്‍ണ്ണതയെ പൂര്‍ണ്ണമായും നിഷേധിക്കാനോ, നിരാകരിക്കാനോ ഒരു വ്യക്തിക്കും കഴിയുകയുമില്ല. തല്‍ഫലമായി ഈ സങ്കീര്‍ണ്ണത സാമൂഹ്യജീവിതത്തേയും രാഷ്ട്ര രൂപീകരണത്തേയും, എന്തിന് എല്ലാ ജീവിതമണ്ഡലങ്ങളേയും സ്വാധീനിക്കുന്നു.

ആധുനിക ഇന്ത്യയുടെ ചരിത്രത്തിലുണ്ടായ രണ്ടു പ്രധാനപ്പെട്ട സംഭവവികാസങ്ങള്‍ ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ രൂപീകരണവും അതില്‍ ഉള്ളടങ്ങിയിട്ടുള്ള ദേശീയതകളുടെ വളര്‍ച്ചയുമാണ്. അന്യോന്യബന്ധിതമാണെങ്കിലും ഈ രണ്ടു സംഭവവികാസങ്ങള്‍ക്കും അവയുടെതായ വ്യക്തിത്വവും വ്യത്യസ്തമായ പാതകളുമുണ്ട്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ഇന്ത്യന്‍ പൗരത്വം, താത്വികമായാണെങ്കിലും, യാഥാര്‍ത്ഥ്യമാകുകയും ചെയ്തപ്പോള്‍ ഒരു രാഷ്ട്രീയ സ്വത്വബോധത്തിന്റെ ചട്ടക്കൂട് വ്യവസ്ഥാപിക്കപ്പെട്ടു. ജനാധിപത്യപ്രക്രിയയിലും ഭരണസംവിധാനത്തിലും സാമ്പത്തിക വിതരണത്തിലുമൊക്കെ ""ഇന്ത്യ എന്ന ആശയം"" സ്വീകരിക്കപ്പെട്ടു. എങ്കിലും ഇന്ത്യ ഒരു അവബോധ യാഥാര്‍ത്ഥ്യമായി മാറിയില്ല. ഇന്ത്യക്കാരന്‍ നിലവില്‍ വന്നുമില്ല. അതിനുപകരം പരമ്പരാഗതമായ പ്രാദേശികബോധം സുശക്തമാകുകയും അതിന്റെ വേരുകള്‍ കൂടുതല്‍ കൂടുതല്‍ ആഴത്തിലിറങ്ങുകയും ചെയ്തു. തല്‍ഫലമായി രാഷ്ട്രവും പ്രദേശവും തമ്മിലുള്ള ബന്ധം വക്രീകൃതമാകുകയാണുണ്ടായത്.

ദേശീയതയും പ്രാദേശികതയും തമ്മില്‍ മഹാകവി വിഭാവനം ചെയ്ത ആരോഗ്യകരമായ പാരസ്പര്യം സാക്ഷാല്‍കരിക്കാതെപോയി. മാത്രമല്ല, പ്രാദേശികത ദേശീയതയെ പ്രാന്തവല്‍ക്കരിക്കുകയും ചെയ്തു. ഇന്ത്യക്കാര്‍ ഇല്ലാതായി. ഗുജറാത്തികളും ബംഗാളികളും കേരളീയരും അരങ്ങേറി. എല്ലാ ഉപദേശീയതകളും അവരവരുടെ വ്യക്തിത്വം അന്വേഷിച്ചിറങ്ങി. ഗുജറാത്തികള്‍ അവരുടെ "അസ്മിത" (അഭിമാനം)യേയും ബംഗാളികള്‍ സംസ്കാരത്തേയും, മലയാളികള്‍ ദൈവത്തെ തന്നെയും അവരുടെ മുഖമുദ്രയാക്കി മാറ്റി.

രാഷ്ട്രത്തിന്റെ ഈ അപനിര്‍മ്മാണത്തെ ന്യായീകരിക്കാന്‍ ഫെഡറലിസം ഉപയോഗപ്രദമാകുകയും ചെയ്തു. ഇന്ത്യന്‍ ദേശീയ രാഷ്ട്രീയം പ്രാദേശിക താല്‍പര്യങ്ങളുടെ കളിയരങ്ങായി മാറി. അതിര്‍ത്തിത്തര്‍ക്കങ്ങളും ഭാഷാപ്രശ്നങ്ങളും നദീജലം പങ്കുവെയ്ക്കലുമൊക്കെ വാസ്തവത്തില്‍ രാഷ്ട്ര - പ്രദേശ താല്‍പര്യങ്ങള്‍ തമ്മിലുള്ള വൈരുദ്ധ്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രാദേശികബോധം വളരെ വികലമായ രീതിയില്‍ വളര്‍ന്നുവന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. "പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും അന്യമാം" രാജ്യങ്ങളിലെത്തിയ മലയാളിയുടെ സമീപനം കേരളത്തിന്റെ അതിരുകളില്‍ അടങ്ങിനില്‍ക്കുന്നു. കേരളത്തിന് പുറത്തുള്ള ലോകം മാധ്യമങ്ങള്‍ക്ക് അന്യമാണ്. കേരള മാഹാത്മ്യം തേടല്‍ മലയാളിയുടെ നിതാന്ത വിനോദമായി മാറിയിരിക്കുന്നു. മലയാളത്തിന് ക്ലാസിക്കല്‍ പദവി നേടാനുള്ള ശ്രമത്തിനുപിന്നില്‍ ജാതി - മത കക്ഷിഭേദമെന്യേ കേരളം അണിനിരന്നിരിക്കുന്നത് ഇതിന് നല്ലൊരു ഉദാഹരണമാണ്.

"കേരള വീരഗാഥ" രചിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെങ്കിലും കേരളം ഒരു സാമൂഹ്യയാഥാര്‍ത്ഥ്യമല്ല. മലയാളി എന്ന സ്വത്വബോധം വര്‍ഷംതോറും ആചരിക്കുന്ന ആചാരങ്ങളിലും ആഘോഷങ്ങളിലും അടങ്ങിനില്‍ക്കുന്നു. ഈ സന്ദര്‍ഭങ്ങള്‍ക്കുപോലും ഇപ്പോള്‍ വിള്ളല്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. വസ്ത്രധാരണത്തിലും ഭക്ഷണത്തിലും വ്യതിരേകതയ്ക്ക് ഊന്നല്‍ സിദ്ധിച്ചുകൊണ്ടിരിക്കുന്നു. വസ്ത്രവും ഭക്ഷണവും മതവ്യത്യാസത്തിന്റെ സാമൂഹ്യചിഹ്നങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. മുസ്ലീം സ്ത്രീകള്‍ ബുര്‍ഖയും പുരുഷന്മാര്‍ മടതൊപ്പിയും ധരിക്കുന്നത് മതസ്വത്വവുമായി ബന്ധപ്പെടുത്തിക്കൊണ്ടാണ്. ഹിന്ദുക്കളുടെ ചന്ദനക്കുറിയും തഥൈവ. ഭക്ഷണരീതിയിലും മതാധിഷ്ഠിതമായ വേര്‍തിരിവു സൃഷ്ടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പശുമാംസം ജാതിമത വ്യത്യാസമില്ലാതെ ഭക്ഷിക്കുന്ന ഒരു സമൂഹത്തില്‍ കാള മുസ്ലീമുകളുടെയും കാളന്‍ ഹിന്ദുക്കളുടെയുമായി വേര്‍തിരിക്കുന്നത് മതസ്വത്വ നിര്‍മ്മിതിയുടെ ഭാഗമാണ്.

മലയാളിയുടെ സാംസ്കാരിക സ്വത്വം ദ്രുതഗതിയില്‍ മതസ്വത്വമായി മാറിക്കൊണ്ടിരിക്കുന്നു. ഇത് അഖിലേന്ത്യാതലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ്. ഇതിന്റെ ആരംഭം മദ്ധ്യകാലഘട്ടത്തിലാണെന്നിരുന്നാലും ഈ തിരിച്ചറിവിെന്‍റ ശക്തമായ ധ്രുവീകരണം സംഭവിച്ചത് കൊളോണിയല്‍ ഭരണകാലത്തായിരുന്നു. സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ ഐക്യത്തെയല്ല, ഭിന്നതയെയാണ് ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത്. അതുകൊണ്ട് ഇന്ത്യന്‍ ജനതയെ ഹിന്ദുക്കളും മുസ്ലീമുകളും ബ്രാഹ്മണരും ക്ഷത്രിയരുമൊക്കെയായി വിഭജിച്ചുനിര്‍ത്തി. ഈ വിഭജനത്തിന് രാഷ്ട്രീയ - സാമൂഹ്യ മാന്യത നല്‍കാനും അവര്‍ മറന്നില്ല. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും സാമൂഹ്യബന്ധങ്ങളുടെ സ്വഭാവം നിര്‍ണ്ണയിച്ചത് ജാതിമത വ്യതിരേകതകള്‍ തന്നെ. നിത്യജീവിതത്തില്‍ ജാതി, മതത്തേക്കാള്‍ കൂടുതല്‍ സ്വാധീനം ചെലുത്തി. ആധുനിക ജീവിതത്തിന്റെ സ്വാധീനം വര്‍ദ്ധിക്കുമ്പോള്‍ ജാതിയുടെ നീരാളിപ്പിടുത്തത്തില്‍നിന്ന് സമൂഹത്തിന് മുക്തിനേടാന്‍ കഴിയുമെന്നായിരുന്നു പൊതുവിശ്വാസം. പക്ഷേ സംഭവിച്ചത് നേരെമറിച്ചാണ്. ആധുനികത സൃഷ്ടിച്ച പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടാന്‍ യാഥാസ്ഥിതികതയെ കൂടുതല്‍ ശക്തിപ്പെടുത്തുകയാണുണ്ടായത്. അതിന്റെ ഭാഗമായി ജാതിസമ്പ്രദായം കരുത്തും സ്വീകാര്യതയും ആര്‍ജ്ജിച്ചു. ആധുനികതയും യാഥാസ്ഥിതികത്വവും തമ്മിലുള്ള വടംവലിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് "അഭിമാന കൊലപാതകങ്ങള്‍". വടക്കേ ഇന്ത്യയിലെ ഗ്രാമങ്ങളിലെ അഭ്യസ്തവിദ്യരായ യുവതീയുവാക്കള്‍ ജാതി മറികടന്നുകൊണ്ട് പ്രേമവിവാഹം കഴിക്കാനാഗ്രഹിക്കുന്നു. പക്ഷേ ജാതിപ്പഞ്ചായത്തുകള്‍ അതിന് അനുമതി നല്‍കുന്നില്ല. അതനുസരിക്കാത്തവരെ കൊല ചെയ്യുന്നത് ഹരിയാണയിലും രാജസ്ഥാനിലുമൊക്കെ നിത്യസംഭവങ്ങളായിരിക്കുന്നു. കേരളത്തില്‍തന്നെ ജാതി തിരിച്ചാണ് ഇപ്പോള്‍ വിവാഹപരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. ജാതിയെ മറികടന്നുകൊണ്ട് വിവാഹം കഴിക്കാനുള്ള സാദ്ധ്യത ദൈനംദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജാതിയിലധിഷ്ഠിതമായ സ്വത്വബോധം വ്യാപകമായി വളര്‍ന്നുവന്ന ഒരു പ്രദേശമാണ് കേരളം. ജാതിയുമായി ബന്ധപ്പെട്ട ചൂഷണത്തേയും അവകാശ നിഷേധത്തേയും എതിര്‍ത്ത പ്രസ്ഥാനങ്ങളാണ് ഇതിന് വഴിയൊരുക്കിയത് എന്നത് ഒരു വിരോധാഭാസമാണ്. ഇങ്ങിനെ സംഭവിച്ചത് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങള്‍ ഓരോ ജാതിയും നേരിട്ട പരാധീനതകളെ അഭിസംബോധന ചെയ്യാന്‍ മാത്രമാണ് ശ്രമിച്ചത് എന്നതുകൊണ്ടായിരുന്നു, അവയുടെ ധൈഷണികവും ദാര്‍ശനികവുമായ സമീപനങ്ങള്‍ സാര്‍വലൗകികമായിരുന്നെങ്കില്‍ കൂടി. ശ്രീനാരായണ പ്രസ്ഥാനം ഈഴവരുടെയും പ്രത്യക്ഷദൈവസഭ ദളിതരുടെയും യോഗക്ഷേമസഭ നമ്പൂതിരിമാരുടെയും മക്തിതങ്ങള്‍ മുസ്ലീമുകളുടെയും പ്രശ്നങ്ങളെയായിരുന്നു അഭിസംബോധന ചെയ്തത്. അതുകൊണ്ട് ഈ പ്രസ്ഥാനങ്ങളെല്ലാം അവരവരുടെ സമുദായത്തെ കെട്ടുറപ്പുള്ളതാക്കി മാറ്റുന്നതില്‍ വിജയിച്ചു. പില്‍ക്കാലത്ത് അരങ്ങേറിയ നേതാക്കള്‍ സമുദായ താല്‍പര്യങ്ങളുടെ വക്താക്കളായി സമുദായ നേതൃത്വം കയ്യടക്കുകയും ചെയ്തു. ഇന്ന് കേരളം ജാതി സ്വത്വബോധത്തിന്റെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിട്ടുള്ളതിന്റെ കാരണം ഈ പ്രക്രിയയുടെ സ്വാധീനമാണ്. സ്വത്വബോധ വൈവിദ്ധ്യം എല്ലാ സമൂഹങ്ങളിലും നിലനില്‍ക്കുന്ന ഒരു അവസ്ഥാവിശേഷമാണ്. പക്ഷേ, സ്വത്വബോധങ്ങളെല്ലാം പരിവര്‍ത്തനവിധേയമാണ്. സാമൂഹ്യപരിവര്‍ത്തനങ്ങള്‍ സ്വത്വബോധത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. അങ്ങിനെയാണെങ്കില്‍ വര്‍ഗബോധവും സ്വത്വബോധവും തമ്മിലുള്ള ബന്ധമെന്താണ്? അവ തമ്മിലുള്ള വ്യത്യാസമെന്താണ്?

സ്വത്വരാഷ്ട്രീയത്തെക്കുറിച്ചുള്ള പരിഗണനയില്‍ ഈ രണ്ടു ചോദ്യങ്ങളും വളരെ പ്രസക്തമാണ്. മത-ജാതി ലിംഗ വ്യത്യാസങ്ങളില്‍ അധിഷ്ഠിതമായ സ്വത്വബോധങ്ങള്‍ എല്ലാ സമൂഹങ്ങളിലും വ്യത്യസ്തമായ തോതിലും രീതിയിലും നിലനില്‍ക്കുന്നതായി കാണാം. സ്വത്വബോധത്തില്‍ വര്‍ഗബോധത്തിന്റെയും മറിച്ചുമുള്ള സ്വാധീനവും സ്വാഭാവികമാണ്. ഏതു ഘടകത്തിനാണ് മേല്‍ക്കോയ്മ സിദ്ധിക്കുന്നത് എന്ന പ്രശ്നം സാമൂഹ്യപരിവര്‍ത്തന പ്രക്രിയയുമായും, രാഷ്ട്രീയ - സാംസ്കാരിക ഇടപെടലുകളുമായും കെട്ടുപിണഞ്ഞുകിടക്കുന്നു. പക്ഷേ സ്വത്വബോധരാഷ്ട്രീയം ഏതെങ്കിലും ഒരു സമുദായത്തിന്റെ താല്‍പര്യങ്ങളെ പൂര്‍ണ്ണമായും അഭിസംബോധന ചെയ്യുന്നതല്ല. സാമൂഹ്യ - രാഷ്ട്രീയ സ്വാധീനമുള്ള ഒരു വിഭാഗത്തിന്റെ മാത്രം വക്താവായാണ് സ്വത്വരാഷ്ട്രീയം പ്രവര്‍ത്തിക്കുന്നത്.

സമുദായം എന്ന പരികല്‍പനയുടെ പരിമിതിയും അതുതന്നെ. സ്വത്വരാഷ്ട്രീയം മറച്ചുവെയ്ക്കാന്‍ ശ്രമിക്കുന്നതും ഈ പരിമിതിയെയാണ്. ഈ പരിമിതിയെ മറികടക്കാന്‍ കഴിയുന്നത് വര്‍ഗബോധരാഷ്ട്രീയത്തിന്നായിരിക്കും. പക്ഷേ പരിപൂര്‍ണ്ണ വര്‍ഗബോധം യാഥാര്‍ത്ഥ്യമാകുന്നത് മിക്കവാറും അസാദ്ധ്യമാണ്. കാരണം വര്‍ഗബോധത്തില്‍ മറ്റു പല പ്രത്യയശാസ്ത്രങ്ങളുടെയും സ്വാധീനം നിരന്തരമായി ഇടപെട്ടുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് ജാതി - മത ജീവിതത്തിലുള്ള സാമ്പത്തികശ്രേണികള്‍ ആശയതലത്തില്‍ മൂടിപ്പോകുന്ന സ്ഥിതിവിശേഷം. അതുപോലെതന്നെയാണ് സ്ത്രീവിമോചനപ്രസ്ഥാനങ്ങളില്‍ സാമൂഹ്യവ്യതിരേകതയേയും പ്രത്യയശാസ്ത്ര സങ്കീര്‍ണ്ണതയേയും തിരിച്ചറിയാതിരിക്കുന്നത്.

കഴിഞ്ഞ ഒന്നു രണ്ടു ദശകങ്ങളായി കേരളത്തില്‍ സ്വത്വരാഷ്ട്രീയത്തിന് സ്വീകാര്യത വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഗുണപാഠം വര്‍ഗരാഷ്ട്രീയം ഉള്‍ക്കൊള്ളേണ്ടതാണ്. ഈ പ്രവണതയുടെ ഒരു പ്രധാനപ്പെട്ട വശം സ്ത്രീകളുടെയും ദളിതരുടെയും ആദിവാസികളുടെയും മറ്റ് പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹ്യഘടകങ്ങളുടെയും പ്രശ്നങ്ങള്‍ പരിഗണിക്കാന്‍ സമൂഹമനസ്സ് നിര്‍ബന്ധിതമായിരിക്കുന്നു എന്നതാണ്. കേരളത്തിലെ പുരോഗമന പാരമ്പര്യമുള്ള വര്‍ഗരാഷ്ട്രീയം സ്വത്വബോധ പ്രശ്നങ്ങളെ എങ്ങനെയാണ് അതില്‍ ക്രിയാത്മകമായി കണ്ണി ചേര്‍ക്കുക എന്നതിനെക്കുറിച്ച് കൂടുതല്‍ ഗൗരവപൂര്‍വ്വം ചിന്തിക്കുകയും കര്‍മ്മപരിപാടികള്‍ ആവിഷ്കരിക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.

*
കെ എന്‍ പണിക്കര്‍ ചിന്ത ജന്മദിന പതിപ്പ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ താന്‍ ആരാണെന്ന ചോദ്യം അഭിമുഖീകരിക്കാത്ത ഒരു വ്യക്തിയുമുണ്ടാകുകയില്ല. ഈ ചോദ്യത്തിന്റെ ഉത്തരം ഓരോ വ്യക്തിയും കണ്ടെത്തുന്നതില്‍ ജീവിതാനുഭവങ്ങളും സാമൂഹ്യബന്ധങ്ങളും വളരെ വലിയ സ്വാധീനം ചെലുത്തുന്നു. അതുകൊണ്ടുതന്നെ ഒരു വ്യക്തിയുടെയും സ്വയം തിരിച്ചറിവ് ഏതെങ്കിലുമൊരു യാഥാര്‍ത്ഥ്യവുമായി മാത്രം ബന്ധപ്പെട്ടതല്ല. പലതരം തിരിച്ചറിവുകളുടെ, അനുഭവങ്ങളുടെ ആകത്തുകയാണ് സാമൂഹ്യമനുഷ്യന്‍. വ്യത്യസ്തമായ, പലപ്പോഴും വൈരുദ്ധ്യാത്മകമായ, അവബോധമാണ് സാമൂഹ്യമനുഷ്യനില്‍ കുടികൊള്ളുന്നത്. പക്ഷേ, ഈ സങ്കീര്‍ണ്ണതയെ ജനസാമാന്യം വിരളമായേ ഉള്‍ക്കൊള്ളുന്നുള്ളൂ, അല്ലെങ്കില്‍ തിരിച്ചറിയുന്നുള്ളൂ. എങ്കിലും ഈ സങ്കീര്‍ണ്ണതയെ പൂര്‍ണ്ണമായും നിഷേധിക്കാനോ, നിരാകരിക്കാനോ ഒരു വ്യക്തിക്കും കഴിയുകയുമില്ല. തല്‍ഫലമായി ഈ സങ്കീര്‍ണ്ണത സാമൂഹ്യജീവിതത്തേയും രാഷ്ട്ര രൂപീകരണത്തേയും, എന്തിന് എല്ലാ ജീവിതമണ്ഡലങ്ങളേയും സ്വാധീനിക്കുന്നു.