Thursday, August 16, 2012

ഉത്തരാധുനികതയും മാര്‍ക്സിസവും

ഒന്ന്

ഉത്തരാധുനികതയുടെ സൈദ്ധാന്തികാകര്‍ഷകത്വം വലിയൊരളവില്‍ കെട്ടടങ്ങിക്കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ വിവിധ വിജ്ഞാന മേഖലകളില്‍ പല നിലകളില്‍ സ്വാധീനം ചെലുത്താന്‍ അതിന് കഴിഞ്ഞിരുന്നു. കേരളീയ സമൂഹത്തിന്റെ ബൗദ്ധിക ജീവിതത്തിലും 1990 -കള്‍ മുതല്‍ക്കുള്ള രണ്ട് പതിറ്റാണ്ടുകളിലെ പ്രബല സ്വാധീനം ഉത്തരാധുനികതയുടേതായിരുന്നു. സിദ്ധാന്ത വിചാരത്തിന്റേതായ പുതിയ ഒരു ഭാഷയ്ക്കും അതിന്റെ പദകോശത്തിനും ഉത്തരാധുനികത ജന്മംനല്‍കി. ഒട്ടനവധി സൈദ്ധാന്തികരും അവര്‍ രൂപപ്പെടുത്തിയ ചിന്താ പദ്ധതികളും നമ്മുടെ സംവാദമണ്ഡലങ്ങളില്‍ സ്ഥിര സാന്നിധ്യങ്ങളായി. ലോകത്തെയും യാഥാര്‍ഥ്യത്തെയും വിശദീകരിക്കാന്‍ നാം ആശ്രയിച്ചുപോന്ന സൈദ്ധാന്തിക സാമഗ്രികള്‍ വലിയൊരളവില്‍ പുതുക്കിപ്പണിയപ്പെട്ടു. ഇപ്പോഴവ ഏറെക്കുറെ നമ്മുടെ ചിന്തയുടെ സ്വാഭാവിക പരിസരങ്ങളായിത്തീര്‍ന്നിരിക്കുന്നു. ഇങ്ങനെ, രണ്ടു പതിറ്റാണ്ടുകൊണ്ട് കേരളീയ ധൈഷണിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചതിനുശേഷമാണ് ഉത്തരാധുനിക പ്രവണതകള്‍ ഇപ്പോള്‍ പിന്‍വാങ്ങിത്തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത് ഏകമുഖമായ ഒരു കൊഴിഞ്ഞുപോക്കല്ല.

പേരുകളും പരികല്‍പനകളും നിരന്തരം ആവര്‍ത്തിക്കപ്പെടുന്നത് കുറഞ്ഞാലും, അതിന്റെ ആശയലോകം അന്തരീക്ഷത്തിലുണ്ട്. ആ ആശയവ്യവസ്ഥയുടെ മാധ്യസ്ഥത്തിന് വിധേയമായിട്ടാണ് സമകാലിക ധൈഷണികാലോചനകള്‍ അരങ്ങേറുന്നത്. ചരിത്രത്തെ ആഗ്രഹിച്ച് ഇല്ലാതാക്കാന്‍ കഴിയാത്തതുപോലെ, ചിന്തയുടെ ചരിത്രത്തേയും നമുക്ക് തേച്ചുമാച്ചുകളയാന്‍ കഴിയില്ല എന്നതാണ് വാസ്തവം. മഹാപ്രമാണങ്ങള്‍ക്ക് എതിരായ പടപ്പുറപ്പാടായാണ് ഉത്തരാധുനികത പൊതുവെ വിശദീകരിക്കപ്പെട്ടത്. എങ്കിലും അതിനുമൊരു മഹാപ്രമാണം ഉണ്ടായിരുന്നു; "മഹാഖ്യാനങ്ങളുടെ മരണം" എന്ന ആശയം. സാര്‍വ്വത്രിക സിദ്ധാന്തങ്ങളുടെ അസ്വീകാര്യത ഊന്നിപ്പറയാന്‍ ഉത്തരാധുനിക ചിന്ത എപ്പോഴും ശ്രദ്ധ ചെലുത്തി. എല്ലാത്തിനേയും വിശദീകരിക്കാന്‍ കഴിയുന്ന പൊതു തത്വങ്ങള്‍ സമഗ്രാധിപത്യത്തിന്റെ പ്രച്ഛന്ന രൂപങ്ങളാണെന്ന നിലപാടാണ് ഉത്തരാധുനിക ചിന്തയുടെ മുഖ്യധാരയില്‍ ഉയര്‍ന്നുകേട്ടത്. അതുകൊണ്ടുതന്നെ, ഉത്തരാധുനികത മാര്‍ക്സിസത്തിന് എതിരായ യുദ്ധപ്രഖ്യാപനം കൂടിയായാണ് രംഗത്തുവന്നത്. അധ്വാനത്തിലും വര്‍ഗ്ഗബന്ധങ്ങളിലും യാഥാര്‍ത്ഥ്യത്തെ സത്താപരമായി സംഗ്രഹിക്കുകയാണ് മാര്‍ക്സിസം ചെയ്യുന്നത് എന്ന ആരോപണമുന്നയിച്ചുകൊണ്ട്, മാര്‍ക്സിസത്തെ സമഗ്രാധിപത്യപരമായ ജ്ഞാനവ്യവസ്ഥയും സാമൂഹ്യ സിദ്ധാന്തവുമായി അത് നിരാകരിച്ചു.

ഉത്തരാധുനികതയുടെ ചിന്താമണ്ഡലവുമായി മാര്‍ക്സിസത്തിനുള്ള ബന്ധമെന്താണ്? രണ്ട് തലങ്ങളില്‍ ഇതിന് വിശദീകരണം നല്‍കാം. ഒരുഭാഗത്ത് ഉത്തരാധുനികതയെ അതിന്റെ ശത്രുതാപരവും ഏകമുഖമായ മാര്‍ക്സിസ്റ്റ് നിരാകരണത്തെ മുന്‍നിര്‍ത്തി മാര്‍ക്സിസ്റ്റുകാര്‍ തള്ളിക്കളയുന്നു. പില്‍ക്കാല മുതലാളിത്തത്തിന്റെ സാംസ്കാരികയുക്തി എന്നത് ഉത്തരാധുനികതയെക്കുറിച്ചുള്ള മാര്‍ക്സിസ്റ്റ് ധാരണകളുടെ സംഗ്രഹമായി പലപ്പോഴും അവതരിപ്പിച്ചു വരാറുണ്ട്. പില്‍ക്കാല മുതലാളിത്തം (late capitalism) എന്ന ഏണസ്റ്റ് മാന്‍ഡലിന്റെ സങ്കല്‍പനത്തെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ഫ്രെഡറിക് ജയിംസണ്‍ ഇങ്ങനെയൊരു ആശയം അവതരിപ്പിക്കുന്നത്. മൂലധനത്തിന്റെ പുതിയ രൂപവും പ്രകൃതവും ജന്മം നല്‍കിയ പുതിയ സാമൂഹ്യ സന്ദര്‍ഭങ്ങളെയും ഭൗതിക യാഥാര്‍ത്ഥ്യങ്ങളെയുമാണ് ഉത്തരാധുനികത ആവിഷ്കരിക്കുന്നത് എന്നദ്ദേഹം പറയുന്നു. മുതലാളിത്ത മൂലധനത്തിന്റെ പില്‍ക്കാല സ്വരൂപത്തിന് സാംസ്കാരികമായ സാധൂകരണവും വിശദീകരണവും നല്‍കലാണ് ഉത്തരാധുനികത ചെയ്യുന്നത് എന്ന നിലപാടാണ് അദ്ദേഹത്തിന്റേത്. ഇങ്ങനെയൊരു വിശദീകരണ പദ്ധതിയെ ആശ്രയിക്കാതെ, മുതലാളിത്തത്തിന്റെയും പുത്തന്‍ മൂലധന പ്രവണതകളുടെയും പ്രത്യയശാസ്ത്ര സംഗ്രഹം എന്ന നിലയില്‍ ഉത്തരാധുനിക സമീപനങ്ങളെ നിരാകരിക്കുന്ന മാര്‍ക്സിസ്റ്റ് ചിന്തകരുമുണ്ട്. ടെറി ഈഗിള്‍ട്ടനും മറ്റും പുലര്‍ത്തുന്ന നിലപാട് അത്തരമൊന്നാണ്. ഫ്രെഡറിക് ജയിംസണ്‍ അതിനെ ഒരു ഭൗതികാവസ്ഥയോട് ചേര്‍ത്തുവയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ ഈഗിള്‍ട്ടനും മറ്റും പ്രത്യയശാസ്ത്രപരമായ കപടധാരണയെന്ന നിലയിലാണ് ഉത്തരാധുനികതയെ സമീപിക്കുന്നത്. മിക്കവാറും ഏകമുഖമായ തിരസ്കാരത്തിന്റെ യുക്തിയാണ് അവര്‍ ഇതിനോട് പുലര്‍ത്തുന്നതും.

ഇതിന്റെയെല്ലാം മറുപുറത്ത് ഉത്തരാധുനിക സമീപനങ്ങളെ സ്വാഗതംചെയ്യുന്ന സ്വയം പ്രഖ്യാപിത മാര്‍ക്സിസ്റ്റുകളും ഉണ്ട്. പോസ്റ്റ്-മാര്‍ക്സിസ്റ്റുകള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു വിഭാഗം ചിന്തകര്‍. മാര്‍ക്സിസത്തിന്റെ ധൈഷണിക/വിമോചന പാരമ്പര്യത്തെ ഉള്‍ക്കൊണ്ടുകൊണ്ട് ഉത്തരാധുനികധാരണകളുമായി തങ്ങള്‍ സംവാദാത്മക ബന്ധം സ്ഥാപിക്കുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. സൂക്ഷിച്ചുനോക്കിയാല്‍ ഇവരുടെ നിലപാട് വലിയൊരളവോളം യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നില്ലെന്ന് വ്യക്തമാവും. സാര്‍വ്വത്രികമായ മൂലധനാധിപത്യത്തേയും സാമ്രാജ്യത്വ അധിനിവേശങ്ങളെയും പരിഗണിക്കാന്‍ സന്നദ്ധമല്ലാത്ത സമീക്ഷയാണ് പോസ്റ്റ് മാര്‍ക്സിസ്റ്റുകള്‍ അവതരിപ്പിക്കുന്നത്. വര്‍ഗ്ഗബന്ധങ്ങളും വര്‍ഗ്ഗ സംഘര്‍ഷങ്ങളും പൊതുവില്‍ അവരുടെ പരിഗണനാമണ്ഡലത്തിന് പുറത്താണ്. ബഹുസ്വരവും ശകലിതവുമായ യാഥാര്‍ത്ഥ്യം എന്ന അനുഭവതലത്തിന് ഏറിയ പ്രാധാന്യം നല്‍കുന്നത് വഴി, അഗാധമായ സാമൂഹ്യ പ്രവണതകളെയും അതിനാസ്പദമായ ഉല്‍പാദന-വിതരണ ക്രമങ്ങളെയും കയ്യൊഴിയാന്‍ അവര്‍ പ്രേരിപ്പിക്കപ്പെടുന്നു. മാര്‍ക്സിസത്തെച്ചൊല്ലിയുള്ള എല്ലാത്തരം അവകാശവാദങ്ങള്‍ക്കുശേഷവും പോസ്റ്റ്-മാര്‍ക്സിസം, മാര്‍ക്സിസവുമായി ഒത്തുപോകാത്തത് ഇതുകൊണ്ടാണ്.

ഇങ്ങനെ ബഹുരൂപിയായ സംവാദ വിനിമയ ബന്ധങ്ങളാണ് മാര്‍ക്സിസവും ഉത്തരാധുനികതയുടെ ധൈഷണിക മണ്ഡലവും തമ്മില്‍ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലം നിലനിന്നു പോന്നത്. സൂക്ഷ്മതലത്തില്‍ ഒട്ടനവധി വ്യത്യാസങ്ങള്‍ പറയാനാവുമെങ്കിലും ഉത്തരാധുനികതയെ ഒരു മൂലധന പ്രത്യയശാസ്ത്രം എന്ന നിലയില്‍ വിലയിരുത്താന്‍തന്നെയാണ് മാര്‍ക്സിസ്റ്റുകാര്‍ (പോസ്റ്റ്-മാര്‍ക്സിസ്റ്റുകളെ ഇതിലുള്‍പ്പെടുത്തുന്നില്ല) ശ്രമിച്ചത്. ചെറുതുകള്‍ക്കും സൂക്ഷ്മ യാഥാര്‍ത്ഥ്യങ്ങള്‍ക്കും വേണ്ടിയുള്ള ന്യായ വാദങ്ങള്‍ എന്ന് അവകാശപ്പെട്ടപ്പോഴും ആഗോള മൂലധനത്തിന്റെയും സാമ്രാജ്യാധിനിവേശത്തിന്റെയും പ്രത്യക്ഷ പ്രമേയങ്ങളെ അഭിസംബോധനചെയ്യാന്‍ ഉത്തരാധുനിക നിലപാടുകള്‍ക്ക് കഴിഞ്ഞില്ല എന്ന വിമര്‍ശനം മാര്‍ക്സിസ്റ്റുകാര്‍ നിരന്തരം ഉന്നയിച്ചു. ആഘോഷപൂര്‍ണ്ണമായ അരങ്ങേറ്റത്തിനും പ്രതാപപൂര്‍ണ്ണമായ വാഴ്ചകള്‍ക്കുംശേഷം ഒട്ടൊക്കെ കെട്ടടങ്ങിയ ഒരു ധൈഷണിക പ്രവണതയായി അത് പരിഗണിക്കപ്പെട്ടു തുടങ്ങുമ്പോള്‍, മേല്‍പറഞ്ഞ വിമര്‍ശനങ്ങള്‍ വലിയൊരളവോളം ശരിവെയ്ക്കപ്പെടുകകൂടിയാണ് ചെയ്യുന്നത്.

രണ്ട്

ഉത്തരാധുനികം എന്ന പരികല്‍പന പല നിലകളില്‍ വിശദീകരിക്കപ്പെട്ടുവരുന്നുണ്ട്. ഭൗതിക സന്ദര്‍ഭം എന്ന നിലയിലും ചിന്താ പദ്ധതി എന്ന നിലയിലും കലാസാഹിത്യ പ്രവണത എന്ന നിലയിലുമെല്ലാം ഇതിന് വിശദീകരണം ലഭിച്ചിട്ടുണ്ട്. ഈ വിശദീകരണ പദ്ധതികള്‍ ഒന്നിനൊന്നു വ്യത്യസ്തമായി, തീര്‍ത്തും വ്യതിരിക്തമായ നിലയില്‍ തുടരുന്നു എന്ന് ഇതിനര്‍ത്ഥമില്ല. ഊന്നലുകളിലും പ്രയോഗസ്ഥാനങ്ങളിലുമുള്ള വ്യത്യാസമാണ്, വലിയൊരളവോളം, ഈ വ്യത്യസ്ത വിശദീകരണങ്ങളെ സാധുവാക്കുന്നത് എന്നു പറയാം. ഒന്നാമത്തേത് ഒരു ഭൗതിക-സാമൂഹിക യാഥാര്‍ത്ഥ്യം എന്ന നിലയിലുള്ള വിശദീകരണമാണ്. വിവര സാങ്കേതിക വിപ്ലവവും സമ്പദ്വ്യവസ്ഥയിലുണ്ടായ നിര്‍ണ്ണായകമായ പരിവര്‍ത്തനങ്ങളും ചേര്‍ന്ന് ജന്മം നല്‍കിയ പുതിയ ഭൗതികപരിതോവസ്ഥയെ ഉത്തരാധുനികം എന്ന് വിശേഷിപ്പിച്ചുവരുന്നുണ്ട്. അമേരിക്കന്‍ സാമൂഹ്യ ചിന്തകനായ ഡാനിയല്‍ ബെല്ലിന്റെ വ്യവസായാനന്തര സമൂഹം (post industrial society) എന്ന സങ്കല്‍പനത്തിന് ഇവിടെ വലിയ പ്രാധാന്യമുണ്ട്. ആധുനികപൂര്‍വ്വം, ആധുനികം, ആധുനികാനന്തരം എന്നിങ്ങനെയുള്ള ഒരു തരംതിരിവിന് ഉപയുക്തമാവുന്നമട്ടില്‍ സാമ്പത്തിക വിനിമയങ്ങളുടെ ഒരു തരംതിരിക്കല്‍ ഡാനിയല്‍ബെല്‍ നടത്തുന്നുണ്ട്. ഒരു സമൂഹത്തിലെ സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം കൃഷിയാണെങ്കില്‍ അത് ആധുനികപൂര്‍വ്വവും വ്യവസായമാണെങ്കില്‍ ആധുനികവുമാണ്. സമ്പദ്വ്യവസ്ഥയുടെ കേന്ദ്രം വ്യവസായത്തില്‍നിന്നും സേവനത്തുറകളിലേക്ക് നീങ്ങുമ്പോഴാണ് വ്യവസായാനന്തര സമൂഹം പിറവിയെടുക്കുക.

വിനോദവ്യവസായം, വിവര സാങ്കേതികത, ആരോഗ്യം, വിദ്യാഭ്യാസം, ഇന്‍ഷുറന്‍സ് തുടങ്ങിയവയെല്ലാം ഉള്‍പ്പെടുന്ന സേവനത്തുറകള്‍ സമ്പദ്വ്യവസ്ഥയുടെയും സാമ്പത്തിക വിനിമയങ്ങളുടെയും കേന്ദ്രമായിത്തീരുന്നതോടെ വ്യവസായാനന്തര സമൂഹം രൂപമെടുക്കുന്നു. പുതിയൊരു ലോക സന്ദര്‍ഭവും അതിന്റെ ജീവിതവീക്ഷണവും ഇതോടെ രംഗത്തെത്തുന്നു എന്നു പറയാം. ഉത്തരാധുനികത ഇത്തരമൊരു ഭൗതികാവസ്ഥയുടെയും അത് ജന്മം നല്‍കിയ ലോകാവബോധത്തിന്റെയും ആകെത്തുകയെന്ന നിലയിലാണ് വിശദീകരിക്കപ്പെടാറുള്ളത്. വാര്‍ത്താവിനിമയമേഖലയുടെ അതിഭീമമായ വളര്‍ച്ചയും ദൃശ്യ സംസ്കാരത്തിന് കൈവരുന്ന വലിയ മേല്‍കയ്യുമെല്ലാം ഇവിടെ കാണാം.

ആഴത്തെ അസാധുവും അസാധ്യവും ആക്കുന്ന ഒരു പ്രതല ജീവിതം ഉയര്‍ന്നുവരുന്നു എന്ന് ഈ പുതിയ സന്ദര്‍ഭത്തിന്റെ സ്വഭാവം വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഒഴുകുന്ന ബിംബ പരമ്പരകളുടേതായി യാഥാര്‍ത്ഥ്യം മാറിത്തീരുന്നു. പണം ഉള്‍പ്പെടെ സര്‍വ്വതും പ്രതല സ്വഭാവമുള്ളതായിത്തീരുന്നു. യാഥാര്‍ത്ഥ്യം ഭൗതികാസ്പദങ്ങളെ വിട്ട് ഒഴുകിനീങ്ങുന്ന മായിതയുടെ സ്വഭാവം കൈവരിക്കുന്നു. ഉത്തരാധുനികതയെക്കുറിച്ചുള്ള മുഖ്യധാരാ സങ്കല്‍പം അടിസ്ഥാനപരമായി ഇത്തരമൊന്നാണ്. മൂലധനത്തിന്റെ പുതിയ സന്ദര്‍ഭം ജന്മം നല്‍കിയ ഭൗതിക പരിതോവസ്ഥയെ വിശദീകരിക്കാനുള്ള ശ്രമം എന്നതാണ് ഈ സമീപനത്തിന്റെ വക്താക്കള്‍ അവകാശപ്പെടുക. മുഖ്യമായും മാധ്യമ കേന്ദ്രിതമായ, അമേരിക്കന്‍ മാധ്യമ പഠിതാക്കളും മറ്റും വികസിപ്പിച്ചെടുക്കുകയും പറഞ്ഞുറപ്പിക്കുകയും ചെയ്ത വീക്ഷണമാണിത്.

ഇതില്‍നിന്ന് ഭിന്നമായി കൂടുതല്‍ ഗഹനമായ നിലയില്‍ ഇതേ പ്രമേയത്തെ വിശദീകരിക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്. ഫ്രഞ്ച് ചിന്തകനായ ലോന്യാറിന്റെ ഉത്തരാധുനികാവസ്ഥയെക്കുറിച്ചുള്ള (post modern condition) വിശദീകരണങ്ങള്‍ അങ്ങനെയുള്ളതാണ്. ആധുനികത ബൃഹദാഖ്യാനങ്ങളുടെ ആധിപത്യകാലമാണെന്ന് അദ്ദേഹം കരുതുന്നു. അതിസൂക്ഷ്മയാഥാര്‍ത്ഥ്യം മുതല്‍ മഹാസ്ഥൂലംവരെ സര്‍വ്വതിനേയും വിശദീകരിക്കാന്‍ കഴിയും എന്ന് അവകാശപ്പെട്ട, അത്തരം വിശദീകരണങ്ങളിലൂടെ ലോകത്തെ വ്യവസ്ഥപ്പെടുത്തിയ മഹാപ്രമാണങ്ങളുടെ കാലം അവസാനിച്ചതായി ലോന്യാര്‍ കരുതി. പുതിയ സന്ദര്‍ഭം മഹാഖ്യാനങ്ങളിലുള്ള അവിശ്വാസത്തിന്റേതാണ് (incredibiltiy towards meta narratives ‍). ഏതെങ്കിലുമൊരു സാര്‍വ്വത്രിക പ്രമാണത്തെയോ സങ്കല്‍പനത്തെയോ മുന്‍നിര്‍ത്തി യാഥാര്‍ത്ഥ്യത്തെ വിശദീകരിക്കാവുന്ന കാലം കഴിഞ്ഞിരിക്കുന്നു. ഓരോ യാഥാര്‍ത്ഥ്യവും അതില്‍തന്നെ സവിശേഷമാണ്. അതിനാല്‍ ഓരോന്നിനും അതാതിന്റേതായ വ്യാഖ്യാന-വിശദീകരണ പദ്ധതികളാണ് വേണ്ടത്. ലഘു ആഖ്യാനങ്ങള്‍ (little narratives) എന്ന സങ്കല്‍പനത്തെ മുന്‍നിര്‍ത്തുന്ന ഈ വിശദീകരണത്തിന് ഉത്തരാധുനികതയുടെ ആശയ പ്രപഞ്ചത്തില്‍ വലിയ സ്വാധീനമാണ് ലഭിച്ചത്. ഒരര്‍ത്ഥത്തില്‍ ഉത്തരാധുനിക വിചാരങ്ങളുടെ കേന്ദ്രപ്രമേയംതന്നെ ഇതാണെന്ന് പറയാം. മാര്‍ക്സിസത്തിനെതിരായ ഉത്തരാധുനികതയുടെ പടനീക്കത്തിന്റെ കേന്ദ്രമായിത്തീര്‍ന്നതും ഇതുതന്നെ. ഈ പ്രമേയത്തെ ദൃഢീകരിക്കാന്‍ കഴിയുന്നവിധത്തില്‍ ഘടനാവാദാനന്തര ചിന്തയുടെ മേഖലയില്‍നിന്ന് വന്‍തോതില്‍ ആശയാവലികളും സംവര്‍ഗ്ഗങ്ങളുമെല്ലാം അത് സ്വാംശീകരിക്കുകയും ചെയ്തു.

ഘടനാ വാദാനന്തര സിദ്ധാന്തങ്ങള്‍ (post strutcural theories) പൊതുവെ രണ്ട് കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുകയുണ്ടായി. യാഥാര്‍ത്ഥ്യത്തെ സത്താപരമായി വിശദീകരിക്കാനുള്ള എല്ലാത്തരം പരിശ്രമങ്ങളെയും അത് ഒരു നിലയില്‍ അല്ലെങ്കില്‍ മറ്റൊരു നിലയില്‍ നിരസിച്ചു. മനുഷ്യാവസ്ഥ മുതല്‍ സാമൂഹ്യ പ്രതിഭാസങ്ങള്‍വരെയുള്ളവയെ കേവലസത്തയായി സങ്കല്‍പിക്കാനോ അതുവഴിയുള്ള വിശദീകരണങ്ങള്‍ നല്‍കാനോ ഉള്ള എല്ലാ ശ്രമങ്ങളെയും കാലഹരണപ്പെട്ടതാക്കി മാറ്റാന്‍ ഘടനാവാദാനന്തര ചിന്തയ്ക്ക് കഴിഞ്ഞു എന്നു പറയാം. ഇതിന്റെ ഭാഗമായി കര്‍ത്താവിന്റെ അപകേന്ദ്രീകരണം (decentering of the subject) എന്നത് ഘടനാവാദാനന്തര ചിന്തയുടെ കേന്ദ്ര താല്‍പര്യമായിത്തീരുകയും ചെയ്തു. എല്ലാത്തരത്തിലുള്ള കേന്ദ്രീകരണങ്ങളെയും നിരാകരിക്കുന്ന ഉത്തരാധുനിക സമീപനത്തിന് ഏറ്റവും സ്വീകാര്യമയ സമീപനമായി ഇത് മാറിത്തീര്‍ന്നതില്‍ അത്ഭുതമൊന്നുമില്ല. അങ്ങനെ അപനിര്‍മ്മാണത്തിന്റെയും നവ മനോവിശ്ലേഷണത്തിന്റെയും വ്യവഹാര വിശകലനത്തിന്റേയും മറ്റും ആശയാവലികള്‍ ഉത്തരാധുനിക ധൈഷണികതയുടെ സ്വാഭാവിക ഭാഗങ്ങളായി. ഇവ തമ്മില്‍ കലര്‍ന്നു നില്‍ക്കുന്ന വിപുലമായ ഒരു വ്യവഹാരമേഖലയായി ഉത്തരാധുനിക ലോകം മാറിത്തീര്‍ന്നിരിക്കുന്നു.

മൂന്ന്

ഈ സ്ഥിതിവിശേഷത്തോടും ആശയലോകത്തോടും മാര്‍ക്സിസത്തിനുള്ള ബന്ധമെന്താണ്? ഇക്കാര്യത്തില്‍ ഒരു വ്യക്തത വരണമെങ്കില്‍ മാര്‍ക്സിസവും ആധുനികതയും തമ്മിലുള്ള ബന്ധമെന്താണ് എന്നാലോചിക്കേണ്ടതുണ്ട്. മുതലാളിത്തം, കോളനീകരണം, ദേശ-രാഷ്ട്രങ്ങള്‍, വ്യവസായവത്കരണം, അച്ചടി തുടങ്ങിയ ഭൗതികാസ്പദങ്ങളും യുക്തി, ആധുനിക ശാസ്ത്രം, മനുഷ്യ കേന്ദ്രിതത്വം, മതനിരപേക്ഷത തുടങ്ങിയ ആശയക്രമങ്ങളും ഇടകലര്‍ന്ന് ജന്മംനല്‍കിയ വിപുലമായ ഒരു സാമൂഹ്യവ്യവസ്ഥയെയാണ് ആധുനികത എന്ന് നാം വിളിച്ചുപോരുന്നത്. ഒരു ഭാഗത്ത് മുതലാളിത്ത ചൂഷണവും കൊളോണിയല്‍ കൊള്ളയും ഉള്ളപ്പോള്‍തന്നെ, മറുഭാഗത്ത് സ്വാതന്ത്ര്യത്തേയും പുരോഗതിയേയും മനുഷ്യ മഹത്വത്തേയും കുറിച്ചുള്ള ആശയങ്ങളും അവയുടെ സാക്ഷാത്കാരത്തിനായുള്ള നാനാവിധ പരിശ്രമങ്ങളും ആധുനികതയില്‍ ഉണ്ടായിരുന്നു. ഇവയില്‍ ഏതെങ്കിലും ഒരു ഘടകത്തെയോ ചില ഘടകങ്ങളെ മാത്രമോ മുന്‍നിര്‍ത്തി ആധുനികതയെ വിശദീകരിക്കാനുള്ള എല്ലാ ശ്രമങ്ങളും അതിന്റെ ചരിത്രയാഥാര്‍ത്ഥ്യത്തെ നിരസിക്കുന്നതുമായിരിക്കും.

ആധുനികലോകത്തിന്റെ ഈ വൈരുദ്ധ്യാത്മക പ്രകൃതത്തെ മാര്‍ക്സ് ആദ്യംമുതല്‍ക്കുതന്നെ തിരിച്ചറിഞ്ഞിരുന്നു. ബൂര്‍ഷ്വാസി സ്വന്തം മാതൃകയിലാണ് ലോകം നിര്‍മ്മിക്കുകയെന്ന മാനിഫെസ്റ്റോയിലെ പ്രസിദ്ധമായ വിശദീകരണത്തിന്റെ ഒരു താല്‍പര്യം അതാണ്. ബൂര്‍ഷ്വാ മനുഷ്യനെ കേവല മനുഷ്യ മാതൃകതന്നെയാക്കിക്കൊണ്ടും ബൂര്‍ഷ്വാ ആധുനികതയെ ആധുനികതയായി ഉറപ്പിച്ചുകൊണ്ടുമാണ് ബൂര്‍ഷ്വാസി മുന്നോട്ടുവന്നത്. അതുകൊണ്ടുതന്നെ ആധുനികതയുടെ പ്രഖ്യാതമായ ആദര്‍ശസ്ഥാനങ്ങള്‍ക്കെല്ലാം ചില മറുപുറങ്ങള്‍ ഉണ്ടെന്ന് കാണാം. വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും പൗരത്വത്തെക്കുറിച്ചുമുള്ള ആധുനിക സങ്കല്‍പങ്ങള്‍ മുതലാളിത്ത കമ്പോളത്തിന്റെ താല്‍പര്യങ്ങളുമായി ബന്ധപ്പെട്ടവകൂടിയാണ്. സാര്‍വ്വദേശീയതയെക്കുറിച്ചുള്ള ആധുനിക വീക്ഷണങ്ങള്‍ വന്‍ വിപണികള്‍ക്കുവേണ്ടിയുള്ള മുതലാളിത്ത വാദങ്ങളെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട്. മുതലാളിത്തമാണ് ലോകത്തെ ഒരു ഏക വ്യവസ്ഥയിലേക്ക് ആദ്യമായി ആനയിച്ചതെങ്കിലും, ആ ഉദ്ഗ്രഥനത്തിന്റെ കാതല്‍ കോളനീകരണമായിരുന്നു. ആധുനികശാസ്ത്രം വിജ്ഞാനത്തിന്റെ വസ്തുനിഷ്ഠതയേയും യുക്തിപരതയേയുംഉറപ്പിച്ചെടുത്തപ്പോള്‍തന്നെ, അത്യന്തം വിനാശകരമായ പ്രകൃതി-വിഭവ ചൂഷണങ്ങളിലൂടെയാണ് അത് വളര്‍ന്നുവന്നത് എന്നതും കാണാതിരുന്നുകൂട. ഇങ്ങനെ ഏതെല്ലാം വിതാനങ്ങളില്‍ ആധുനികലോകം പുരോഗമനപരവും വിപ്ലവാത്മകവുമായി നിലകൊണ്ടുവോ, അതിന്റെയെല്ലാം മറുപുറങ്ങളില്‍ അത് മൂലധനാധിപത്യത്തിന്റെയും മുതലാളിത്ത ചൂഷണത്തിന്റെയും പ്രയുക്തസ്ഥാനമായും നിലനിന്നു. ഈ ഇരട്ട ജീവിതമാണ് ആധുനികലോകത്തെ വൈരുധ്യനിര്‍ഭരമാക്കുന്നത്. ആധുനികതയെ മുതലാളിത്ത ആധുനികത എന്ന് കൃത്യമായി വിശേഷിപ്പിക്കാന്‍ പല സമീപകാല ചിന്തകരും മാര്‍ക്സിസ്റ്റുകളും തുനിയുന്നതിന്റെ കാരണവും മറ്റൊന്നല്ല.

ആധുനികലോകത്തെ ഇങ്ങനെ വൈരുദ്ധാത്മകമായി തിരിച്ചറിയുന്നതിലുള്ള പോരായ്മകള്‍ പരസ്പരവിരുദ്ധമായ രണ്ട് നിലപാടുകള്‍ക്ക് ജന്മം നല്‍കും. ഒരു ഭാഗത്ത് അത് ആധുനികലോകത്തെ സാര്‍വ്വത്രികമായ പുരോഗതിയുടെയും സ്വാതന്ത്ര്യോന്മുഖമായ മാനുഷിക പ്രയാണത്തിന്റെയും സ്ഥാനമായി ഉറപ്പിക്കും. ലിബറല്‍ വ്യക്തിവാദവും ശാസ്ത്രവാദവും മുതല്‍ വിവിധതരം ദേശീയതാവാദങ്ങള്‍വരെ ഈ നിലപാടിന്റെ പലതരം ആവിഷ്കാരങ്ങളാണ്. മറുപുറത്ത് ഉത്തരാധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിന്താ പദ്ധതികള്‍ ആധുനികതയുടെ വ്യത്യസ്ത സ്വഭാവങ്ങളിലുള്ള അധിനിവേശ സ്വരൂപത്തെ മുന്‍നിര്‍ത്തുന്ന സിദ്ധാന്ത വിചാരങ്ങള്‍ക്കാണ് ജന്മം നല്‍കിയിട്ടുള്ളത്. ആധുനികതയെ മുതലാളിത്ത ആധുനികതയായി പരിഗണിക്കുന്നതിന് അവ പൊതുവെ സന്നദ്ധമല്ല. അത്തരമൊരു പരിഗണന യാഥാര്‍ത്ഥ്യത്തെ കേന്ദ്രവാദപരമായ - ഏതെങ്കിലുമൊരു പൂര്‍വ്വ നിശ്ചിതകേന്ദ്രത്തിലേക്ക് യാഥാര്‍ത്ഥ്യത്തെയാകെ സംഗ്രഹിക്കുന്ന സമീപനം- ഒന്നായിത്തീരുമെന്ന നിലപാടാണ് ഉത്തരാധുനിക സമീപനങ്ങള്‍ വച്ചുപുലര്‍ത്തുന്നത്. അതുകൊണ്ട് ആധുനികതയുടെ വ്യത്യസ്തങ്ങളായ ആവിഷ്കാരപ്രകാരങ്ങളെ (objectifications) വേറിട്ട് കാണുകയും വിമര്‍ശന വിധേയമാക്കുകയുമാണ് അവ ചെയ്യുന്നത്. മുതലാളിത്തവും മൂലധനാധിനിവേശവും ചര്‍ച്ചയില്‍നിന്ന് അപ്പാടെ ഒഴിച്ചുനിര്‍ത്തപ്പെടുന്നു എന്നതാണ് ഇതിന്റെ അന്തിമ ഫലം. മുതലാളിത്ത ആധുനികതയില്‍നിന്നും മുതലാളിത്തത്തെയും മൂലധനാധിനിവേശത്തിന്റെ പ്രശ്നങ്ങളെയും ഒഴിച്ചുനിര്‍ത്തുന്ന വിമര്‍ശനവിചാരങ്ങളാണ് ഉത്തരാധുനികതയുടെ സൈദ്ധാന്തിക ഭൂമികയായി തെളിഞ്ഞുവരുന്നത്. പ്രകൃതിചൂഷണവും ലിംഗപദവിഭേദവും ന്യൂനപക്ഷാത്മകതയുടെ പ്രശ്നങ്ങളും മുതല്‍ കൊളോണിയലിസത്തിന്റെ സാംസ്കാരിക വിവക്ഷകള്‍വരെ ആഴമേറിയ പരിശോധനകള്‍ക്കും വിമര്‍ശനത്തിനും വിധേയമാവുന്നുണ്ടെങ്കിലും ഉത്തരാധുനികചിന്തയില്‍ മൂലധനാധിപത്യം ഒരു നിര്‍ണ്ണായക പ്രമേയമായി വളര്‍ന്നുവരാതിരുന്നത് ഇതുകൊണ്ടാണ്. ആധുനികതയെയും ആധുനികലോകത്തെയും സാര്‍വ്വലൗകിക മാനവിക-പുരോഗമന വീക്ഷണമായി അവതരിപ്പിക്കാനാണ് ലിബറല്‍ സമീപനങ്ങളും മറ്റും ശ്രമിച്ചതെങ്കില്‍ ഇവിടെയുള്ളത് അതിന്റെ മറുപുറമാണ്. മുതലാളിത്ത ഉല്‍പാദനവ്യവസ്ഥയും അത് ജന്മം നല്‍കിയ മൂലധനാധിനിവേശവും ഇരു സമീപനങ്ങളിലും ഒരു കേന്ദ്രപ്രശ്നമായി വരുന്നില്ല എന്നര്‍ത്ഥം.

മേല്‍പറഞ്ഞ നിലപാടുകളില്‍ ഏതെങ്കിലും ഒന്നിനോട് ഏകമുഖമായി ഐക്യപ്പെടുവാന്‍ മാര്‍ക്സിസത്തിന് കഴിയില്ല. സൂക്ഷ്മമായൊരര്‍ത്ഥത്തില്‍ ആധുനികതയ്ക്കകമേ വികസിച്ചുവന്ന ആധുനികതാ വിമര്‍ശനത്തിന്റെ സ്ഥാനമാണ് മാര്‍ക്സിസം. ആധുനികത ജന്മംനല്‍കിയ സ്വാതന്ത്ര്യം, പുരോഗതി, സാര്‍വ്വദേശീയത തുടങ്ങിയ മൂല്യങ്ങളെ പിന്‍പറ്റുമ്പോള്‍തന്നെ, അവയുടെ വര്‍ഗ്ഗപരമായ ഉള്ളടക്കത്തേയും പ്രത്യയശാസ്ത്ര താല്‍പര്യങ്ങളേയും മാര്‍ക്സിസം കാണാതിരിക്കുന്നില്ല. അതുകൊണ്ടുതന്നെ ആധുനികതയുമായുള്ള - മുതലാളിത്ത ആധുനികതയുമായുള്ള - കേവലമായ ഏകീകരണം മാര്‍ക്സിസത്തിന് സാധ്യമല്ല. മറുഭാഗത്ത്, ഉത്തരാധുനികതയുടെ സമീപനം മൂലധനാധിപത്യത്തേയും സാമ്രാജ്യത്വത്തേയും പരിഗണിക്കുന്നതില്‍ പരാജയപ്പെട്ട ഒന്നാണെന്ന തിരിച്ചറിവ് മാര്‍ക്സിസത്തിനുണ്ട്. വിശാലാര്‍ത്ഥത്തില്‍ മൂലധന പ്രത്യയശാസ്ത്രത്തിന്റെ ആവിഷ്കാരപ്രകാരങ്ങളായി അവ പലപ്പോഴും മാറിത്തീരുന്നു എന്ന കാര്യം പ്രധാനമാണ്.

ഗായത്രി ചക്രവര്‍ത്തി സ്പിവാക്ക് ഒരു സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ, "എല്ലാ മഹാഖ്യാനങ്ങളും മരിച്ചുകഴിഞ്ഞിട്ടും ചൂഷണം എന്ന മഹാഖ്യാനം തുടരുകതന്നെയാണെന്ന്" കാണാന്‍ ഉത്തരാധുനികര്‍ പൊതുവെ സന്നദ്ധരാകാറില്ല. അതുകൊണ്ട് ആധുനികതയുടെ മര്‍ദ്ദകവും വംശീയവും പുരുഷാധിപത്യപരവും പ്രകൃതിചൂഷകവും മറ്റുമായ സ്വഭാവങ്ങള്‍ക്കും ആഭ്യന്തര പ്രകൃതത്തിനും എതിരായ ഉത്തരാധുനിക വിമര്‍ശനങ്ങളെ അംഗീകരിക്കുമ്പോള്‍തന്നെ ഉത്തരാധുനികതയുടെ ലീലാപരതയോടും മൂലധനാധിപത്യത്തെ പരിഗണിക്കാത്ത കേവല ബഹുസ്വരതയോടും മറ്റും വിമര്‍ശനാത്മക നിലപാടുകള്‍ സ്വീകരിക്കാനും മാര്‍ക്സിസം ശ്രമിക്കുന്നുണ്ട്. ആധുനികതയെയോ, ഉത്തരാധുനികതയെയോ ചരിത്ര നിരപേക്ഷവും കേവലവുമായി വിലയിരുത്തുന്നത് മാര്‍ക്സിസത്തിന് നിരക്കുന്നതല്ല എന്നര്‍ത്ഥം. മറിച്ച് ഇവയെ മൂര്‍ത്തമായ ചരിത്രാനുഭവങ്ങളായി മനസ്സിലാക്കുകയും ആ ചരിത്രാനുഭവങ്ങളെ നിര്‍ണ്ണയിക്കുന്ന രാഷ്ട്രീയ സാമ്പത്തിക പ്രേരണകളെ വൈരുദ്ധ്യാത്മകമായി വിശകലനംചെയ്യുകയുമാണ് മാര്‍ക്സിസം ചെയ്യുന്നത്. ചരിത്രവത്കരിക്കുക! എപ്പോഴും ചരിത്രവത്കരിക്കുക എന്നത് മാര്‍ക്സിസത്തെ സംബന്ധിച്ചിടത്തോളം ഒഴിച്ചുനിര്‍ത്താനാവാത്ത പ്രമാണവാക്യമാണ്.

*
സുനില്‍ പി ഇളയിടം ചിന്ത ജന്മദിന പതിപ്പ് 2012

1 comment:

വര്‍ക്കേഴ്സ് ഫോറം said...

ഉത്തരാധുനികതയുടെ സൈദ്ധാന്തികാകര്‍ഷകത്വം വലിയൊരളവില്‍ കെട്ടടങ്ങിക്കഴിഞ്ഞു. ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ വിവിധ വിജ്ഞാന മേഖലകളില്‍ പല നിലകളില്‍ സ്വാധീനം ചെലുത്താന്‍ അതിന് കഴിഞ്ഞിരുന്നു. കേരളീയ സമൂഹത്തിന്റെ ബൗദ്ധിക ജീവിതത്തിലും 1990 -കള്‍ മുതല്‍ക്കുള്ള രണ്ട് പതിറ്റാണ്ടുകളിലെ പ്രബല സ്വാധീനം ഉത്തരാധുനികതയുടേതായിരുന്നു. സിദ്ധാന്ത വിചാരത്തിന്റേതായ പുതിയ ഒരു ഭാഷയ്ക്കും അതിന്റെ പദകോശത്തിനും ഉത്തരാധുനികത ജന്മംനല്‍കി. ഒട്ടനവധി സൈദ്ധാന്തികരും അവര്‍ രൂപപ്പെടുത്തിയ ചിന്താ പദ്ധതികളും നമ്മുടെ സംവാദമണ്ഡലങ്ങളില്‍ സ്ഥിര സാന്നിധ്യങ്ങളായി. ലോകത്തെയും യാഥാര്‍ഥ്യത്തെയും വിശദീകരിക്കാന്‍ നാം ആശ്രയിച്ചുപോന്ന സൈദ്ധാന്തിക സാമഗ്രികള്‍ വലിയൊരളവില്‍ പുതുക്കിപ്പണിയപ്പെട്ടു. ഇപ്പോഴവ ഏറെക്കുറെ നമ്മുടെ ചിന്തയുടെ സ്വാഭാവിക പരിസരങ്ങളായിത്തീര്‍ന്നിരിക്കുന്നു. ഇങ്ങനെ, രണ്ടു പതിറ്റാണ്ടുകൊണ്ട് കേരളീയ ധൈഷണിക ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചതിനുശേഷമാണ് ഉത്തരാധുനിക പ്രവണതകള്‍ ഇപ്പോള്‍ പിന്‍വാങ്ങിത്തുടങ്ങുന്നത്. അതുകൊണ്ടുതന്നെ ഇത് ഏകമുഖമായ ഒരു കൊഴിഞ്ഞുപോക്കല്ല.